Monday 8 March 2021

ഇബ്ലീസിന്റെ പതനം

 

അല്ലാഹു ﷻ മനുഷ്യരെ ഭൂമിയിൽ സൃഷ്ടിക്കുന്നതിന് എത്രയോ യുഗങ്ങൾക്കുമുമ്പ് മറ്റൊരു വർഗത്തെ ഭൂമിയിൽ സൃഷ്ടിച്ചിരുന്നു.അവരായിരുന്നു ജിന്നുകൾ, ജിന്നുകളോട് നന്മ പ്രവർത്തിക്കാനും ഭൂമിയിൽ നന്മ പരിപോഷിപ്പിക്കാനും അല്ലാഹു ﷻ കല്പിച്ചു. 

എന്നാൽ അവർ അതിന് കടകവിരുദ്ധമായാണ് പ്രവർത്തിച്ചത്. അവർ പരസ്പരം കലഹവും രക്തചൊരിച്ചിലുമുണ്ടാക്കി. ഭൂമി രക്തക്കളമാക്കിമാറ്റി.

ഈ നിലയിൽ അനേകം വർഷങ്ങൾ തുടർന്നുപോയപ്പോൾ ഭൂമിയിൽ സമാധാനം സ്ഥാപിക്കണമെന്ന് അല്ലാഹു ﷻ തീരുമാനിച്ചു. അതിനാൽ ജിന്നുകളെ ഈ ഭൂമിയിൽനിന്നു തുടച്ചു നീക്കാൻ അല്ലാഹു ﷻ ആഗ്രഹിച്ചു. അല്ലാഹു ﷻ വിന്റെ മറ്റൊരു വിഭാഗം സൃഷ്ടികളായ മലക്കുകളോട് (മാലാഖമാരോട്) അല്ലാഹു ﷻ ആജ്ഞാപിച്ചു:

“ഭൂമിയിൽ രക്തം ചിന്തുന്ന ആ വർഗത്തെ ആകമാനം നിങ്ങൾ നശിപ്പിക്കുക. ഭൂമിയിൽ മേലിൽ രക്തം ചിന്താൻ ഇടയാവാതിരിക്കാനാണിത്. എന്നാൽ ഒരു പിഞ്ചുകുഞ്ഞിനെ നിങ്ങൾ നാശത്തിൽ നിന്നൊഴിവാക്കണം.”

അനുസരണയുടെ പ്രതീകമായ മലക്കുകൾ ആജ്ഞ ലഭിച്ചയുടൻ ഭൂമിയിലേക്കിറങ്ങി. അസാസീൽ എന്നു പേരുള്ള പിഞ്ചുകുഞ്ഞിനെയൊഴികെ ആ വർഗത്തിൽപെട്ട എല്ലാവരെയും മലക്കുകൾ സംഹരിച്ചു.

അസാസീലിനോട് അല്ലാഹു ﷻ വളരെയധികം കാരുണ്യം കാണിച്ചു. അവനെ വളർത്തി മലക്കുകളുടെ തലവനാക്കി മാറ്റി. അല്ലാഹു ﷻ വിന്റെ കല്പനകൾ അനുസരിച്ച് അസാസീൽ മലക്കുകളുടെ കൂടെ ജീവിച്ചു.

യുഗങ്ങൾ കടന്നുപോയി. അല്ലാഹു ﷻ വീണ്ടും മറ്റൊരു വർഗത്തെ സൃഷ്ടിക്കാൻ ആഗ്രഹിച്ചു. അവൻ ഈ വിവരം മലക്കുകളെ അറിയിച്ചു: “ഞാൻ ഭൂമിയിൽ ഒരു പ്രതിനിധിയെ സൃഷ്ടിക്കാൻ പോവുകയാണ്.”

മലക്കുകൾ ഈ തീരുമാനത്തെ എതിർത്തുകൊണ്ടു ചോദിച്ചു:

“ഭൂമിയിൽ അക്രമങ്ങളും രക്തച്ചൊരിച്ചിലുമുണ്ടാക്കുന്നവരെ യാണോ നീ സൃഷ്ടിക്കുന്നത്..?”

മലക്കുകളുടെ അവകാശ വാദം അല്ലാഹു ﷻ അംഗീകരിച്ചില്ല.

അല്ലാഹു ﷻ പ്രഖ്യാപിച്ചു: ”തീർച്ചയായും നിങ്ങൾക്ക് അജ്ഞാതമായ കാര്യങ്ങൾ എനിക്കറിയാം”

അതുകേട്ടപ്പോൾ നന്മയുടെ പര്യായമായ മലക്കുകൾ മൗനമവലംബിച്ചു. അനന്തരം അല്ലാഹു ﷻ മലക്കുകളുടെ പ്രതികരണം വകവെക്കാതെ ആദിമ മനുഷ്യനെ സൃഷ്ടിച്ചു. അതായിരുന്നു അതി സുന്ദരരൂപമായ ആദം നബി (അ). 

അതിനുശേഷം ആദം നബി(അ)ന് അല്ലാഹു ﷻ പദാർത്ഥ വിജ്ഞാനവും ആത്മസംസ്കരണത്തിനുള്ള മാർഗങ്ങളും അറിയിച്ചുകൊടുത്തു. മലക്കുകളുടെ എതിരഭിപ്രായത്തെ ഖണ്ഡിക്കുന്നതിനുവേണ്ടിയാണ് അല്ലാഹു ﷻ ഇപ്രകാരം ചെയ്തത്. ഇച്ഛാസ്വാതന്ത്യ മില്ലാത്ത മാലാഖമാർക്ക് ജിജ്ഞാസയോ അന്വേഷണാസക്തിയോ ഇല്ല. അവർ അല്ലാഹു ﷻ വിന്റെ ആജ്ഞകളെ ശിരസാവഹിക്കുക മാത്രമാണ് ചെയ്യുന്നത്. 

നേരെ മറിച്ച് മനുഷ്യർ കലഹപ്രിയരും,രക്തം ചിന്തുന്നവരും ആണെങ്കിൽ കൂടിയും മനുഷ്യർക്ക് അസാധാരണമായ ചില കഴിവുകളുണ്ടെന്ന് മാലാഖമാരെ ബോധ്യപ്പെടുത്തുകയായിരുന്നു അല്ലാഹു ﷻ വിന്റെ ഉദ്ദേശ്യം.


ഒരു ദിവസം അല്ലാഹു ﷻ നിരവധി വസ്തുക്കൾ നിരത്തിവെച്ച് മലക്കുകളേയും ആദമിനേയും (അ) വിളിച്ചുവരുത്തി. മലക്കുകളുടെ തലവനായ അസാസീലിനെയും വിളിച്ചു. ആദമിനുമുന്നിൽ (അ) നിരത്തിയിരുന്ന സാധനങ്ങളുടെയെല്ലാം പേരുപറയാൻ അല്ലാഹു ﷻ അസാസീലിനോടു കല്പിച്ചു. എന്നാൽ മലക്കുകൾക്കുള്ള അറിവുമുഴുവൻ ഉണ്ടായിരുന്ന അസാസീലിന് സാധനങ്ങളുടെ പേരുകൾ അറിയില്ലായിരുന്നു.

തുടർന്ന് ആദമിനോട് (അ) ആ സാധനങ്ങളുടെ പേരുകൾ മാലാഖമാർക്കു പറഞ്ഞുകൊടുക്കാൻ അല്ലാഹു ﷻ കല്പിച്ചു. ആദം എല്ലാ വസ്തുക്കളുടെയും പേരുകൾ പറഞ്ഞു. ഇതുകേട്ടപ്പോൾ മാലാഖമാർ വിസ്മയഭരിതരായി. അവർ അല്ലാഹു ﷻ വിനെ സ്തുതിച്ചു. ഇത്തരമൊരു അത്ഭുത സൃഷ്ടിയുടെ സൃഷ്ടാവിന് അവർ നന്ദി അറിയിക്കുകയും ചെയ്തു.

തങ്ങൾ മുമ്പു പറഞ്ഞ എതിരഭിപ്രായത്തിൽ മാലാഖമാർ അല്ലാഹു ﷻ വിനോടു മാപ്പ് ചോദിച്ചു. എന്നാൽ ഇതിനു പശ്ചാത്താപമായി ആദമിനെ അഭിമുഖീകരിച്ച് അല്ലാഹു ﷻ വിന് സാഷ്ടാംഗം ചെയ്യാനാണ് അല്ലാഹു ﷻ അവരോട് കല്പിച്ചത്.

മലക്കുകളെല്ലാം ഈ ആജ്ഞ കേട്ടപാടെ അനുസരിച്ചു. എന്നാൽ അസാസീൽ മാത്രം ഈ ആജ്ഞ അനുസരിച്ചില്ല. ധിക്കാരിയായ അവനോട് അല്ലാഹു ﷻ കാരണം തിരക്കി.

“എന്നെയും മലക്കുകളെയും അല്ലാഹു ﷻ തീ കൊണ്ടാണ് സൃഷ്ടിച്ചത്. ആദമിനെ മണ്ണുകൊണ്ടും. തീ മണ്ണിനേക്കാൾ ഉയർന്നതിനാൽ ഞാൻ അവനേക്കാൾ മെച്ചമാണ്. അതിനാലാണ് ഞാൻ ആദമിനെ സാഷ്ടാംഗം ചെയ്യാത്തത്.” അസാസീൽ പറഞ്ഞു.


കോപിഷ്ഠനായ അല്ലാഹു ﷻ അസാസീലിനെ ശപിച്ചു: “ഹേ ധിക്കാരീ, ഇനി നിന്റെ പേർ ഇബ്ലീസ്  എന്നായിരിക്കും.” 

ഇതോടെ അല്ലാഹു ﷻ വിൽ നിന്ന് അവനു ലഭിച്ചിരുന്ന പദവികളെല്ലാം നഷ്ടപ്പെട്ടു. അവൻ ദുർമാർഗത്തിന്റെയും ധിക്കാരത്തിന്റെയും, പ്രതീകമായിത്തീർന്നു. അല്ലാഹു ﷻ ഇബ്ലീസിനെ തൽക്ഷണം തന്റെ ഭക്തവൃന്ദത്തിൽനിന്നു ബഹിഷ്കരിച്ചു.

“ഞാൻ ഇക്കാലമത്രയും ചെയ്ത പുണ്യകൃത്യങ്ങൾക്കുള്ള പ്രതിഫലം എനിക്കു നൽകണം. എനിക്ക് അന്ത്യദിനത്തോളം ആയുസ് വേണം.” ഭഗ്നാശനായ ഇബ്ലീസ് ആവശ്യപ്പെട്ടു.

ഇബ്ലീസിന്റെ പൂർവകാല സൽപ്രവൃത്തികളുടെ അടിസ്ഥാനത്തിൽ നീതിമാനായ അല്ലാഹു ﷻ അയാളുടെ ആവശ്യം അംഗീകരിച്ചു. സന്തുഷ്ടനായ ഇബ്ലീസ് അപ്പോൾ അല്ലാഹുﷻവിന്റെ സാന്നിധ്യത്തിൽവെച്ച് പ്രതിജ്ഞചെയ്തു: “നിന്റെ യശസുകൊണ്ട് ഞാൻ സത്യം ചെയ്യുന്നു. മനുഷ്യ സമൂഹത്തെ നിശ്ചയമായും ഞാൻ ദുർമാർഗികളാക്കും, നിഷ്കളങ്കരായ നിന്റെ ദാസരെയൊഴിച്ച്.”

ആദംനബി (അ) മൂലമാണ് അല്ലാഹു ﷻ വിൽ നിന്നു തനിക്കു ലഭിച്ച ഉന്നതപദവി നഷ്ടപ്പെട്ടതെന്നു മനസിലാക്കിയ ഇബ്ലീസ്, ആദം നബി(അ)നേയും അദ്ദേഹത്തിന്റെ സന്തതികളേയും ദുർമാർഗത്തിലേക്കു നയിക്കാൻ അവിടെനിന്ന് ഒരുമ്പെട്ടിറങ്ങി. ആ ശ്രമം അവനും അവന്റെ അനുചരന്മാരും ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.


ഗുണപാഠം :മാലാഖമാർ നന്മയുടെ പ്രതീകമാണെങ്കിലും അവർക്ക് ഇച്ഛാ സ്വാതന്ത്യമോ അന്വേഷണാസക്തിയോ ഇല്ല. മനുഷ്യർ കലഹ പ്രിയരാണെങ്കിലും മാലാഖമാർക്കില്ലാത്ത ചില കഴിവുകൾ മനുഷ്യർക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതിൽ അസൂയപൂണ്ട ഇബ്ലീസ് മനുഷ്യർക്കെതിരെ തിരിഞ്ഞത്. എത്ര ഉന്നതനായാലും ദൈവഹിതം അനുസരിക്കാത്തവന് ദൈവത്തിന്റെ മനസിൽ സ്ഥാനമുണ്ടായിരിക്കില്ലെന്ന് ഇക്കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

No comments:

Post a Comment