Thursday 18 March 2021

സഅദ് ബ്നു മുആദ് (റ)

 

അരോഗദ്യഢഗാത്രനും സുന്ദരനും പ്രസന്നവദനനുമായ സഅദ് (റ) തന്റെ മുപ്പത്തൊന്നാമത്തെ വയസ്സിൽ ഇസ്ലാംമതമാശ്ലേഷിച്ചു. മുപ്പത്തിഏഴാം വയസ്സിൽ രക്തസാക്ഷിയാവുകയും ചെയ്തു. ഹ്രസ്വമായ കാലയളവിനുള്ളിൽ അദ്ദേഹം അല്ലാഹു ﷻ വിന്റെ മാർഗത്തിൽ ചെയ്ത സേവനങ്ങൾ മഹത്തായിരുന്നു.

ഒരിക്കൽ കയ്യിൽ ചാട്ടുളിയുമായി, ക്രോധം സ്ഫുരിക്കുന്ന മുഖഭാവത്തോടെ മദീനയിലെ ആ ജനനേതാവ്. തന്റെ പിതൃസഹോദരിയുടെ പുത്രനായ അസ്അദുബ്നുസുറാറയുടെ ഭവനത്തിലേക്ക് കയറിച്ചെന്നു.

നബിﷺയുടെ ദൂതനായ മിസ്അബ് (റ) മദീനയിലെ മുസ്ലിംകൾക്ക് ദീൻ പഠിപ്പിച്ചുകൊണ്ട് അവിടെയാണ് ഉണ്ടായിരുന്നത്.

മദീനാ നിവാസികളെ അവരുടെ പൂർവ്വിക വിശ്വാസാചാരങ്ങളിൽ നിന്ന് വ്യതിചലിപ്പിച്ച് ഒരു പുത്തൻ പ്രസ്ഥാനത്തിൽ അണിനിരത്താൻവന്ന നവാഗതനെ പിരടിക്ക് പിടിച്ച് പുറംതള്ളാനും അങ്ങനെ പൂർവ്വിക വിശ്വാസാചാരങ്ങളെ സംരക്ഷിക്കാനുമായിരുന്നു അദ്ദേഹത്തിന്റെ പരിപാടി.

മിസ്അബ് (റ) വിനോട് അദ്ദേഹം തട്ടിക്കയറി.

സുന്ദരനായ മിസ്അബ് (റ) സഅദ് (റ)വിനോട് ഒരു നിമിഷം ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം സംസാരിക്കാൻ തുടങ്ങി.

തൗഹീദിന്റെ മാസ്മരശക്തി സഅദ് (റ) വിന്റെ സിരകളെ ശീതളമാക്കിത്തീർത്തു. അദ്ദേഹം തന്റെ കയ്യിലുണ്ടായിരുന്ന ആയുധം ദൂരെയെറിഞ്ഞു. മിസ്അബ് (റ) വിന്റെ കൈപിടിച്ചാശ്ലേഷിച്ചു. ഇസ്ലാം സ്വീകരിച്ചു.

സഅദ് (റ)വിന്റെ മതപരിവർത്തനം മദീനയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു. വളരെയധികം പേർ അദ്ദേഹത്തെ പിന്തുടർന്നു.

നബിﷺയും അനുയായികളും മദീനയിൽ അഭയം തേടിയശേഷം സഅദ്(റ)വിന്റെ ഗോത്രമായ ബനുഅബ്ദിൽ അശ്ഹൽ മുഹാജിറുകൾക്ക് കയ്യും കണക്കുമില്ലാത്ത സാമ്പത്തിക സഹായം നൽകി. അവരുടെ സമ്പത്ത് മുഴുവനും ഇസ്ലാമിന്ന് വേണ്ടി നിർലോഭം ചിലവഴിച്ചു.

ബദർ യുദ്ധം സമാഗതമായപ്പോൾ നബി ﷺ തന്റെ അനുയായികളെ വിളിച്ച് അഭിപ്രായമാരാഞ്ഞു. അൻസാരികളോട് നബി ﷺ ചോദിച്ചു: “പറയുക, നിങ്ങളുടെ അഭിപ്രായം കേൾക്കട്ടെ?”

സഅദ് (റ) എഴുന്നേറ്റുനിന്ന് പറഞ്ഞു: “നബിയേ, ഞങ്ങൾ അങ്ങിൽ വിശ്വാസമർപ്പിച്ചു. അങ്ങ് ഞങ്ങൾക്ക് സമർപ്പിച്ചത് പരിപൂർണ്ണ സത്യമാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. അതിന്ന്

വേണ്ടി സർവ്വസ്വവും അർപ്പണം ചെയ്യാനുള്ള ഉറപ്പും ഞങ്ങൾ അങ്ങയ്ക്ക് തന്നുകഴിഞ്ഞു. അതുകൊണ്ട് ഉദ്ദേശിച്ചിടത്തേക്ക് അങ്ങ് ഞങ്ങളെ നയിക്കുക. ഞങ്ങൾ കൂടെയുണ്ടാവും! അഗാതമായ ഒരു പാരാവാരത്തിലേക്കാണ് ഞങ്ങളെ നയിക്കുന്നതെങ്കിൽ ഞങ്ങൾ അങ്ങയുടെ കൂടെ നിസ്സങ്കോചം അതിന്റെ ആഴങ്ങളിലേക്ക് ഊളിയിടും! ശത്രുക്കളെ നേരിടുന്നതിൽ ഞങ്ങൾ ഒട്ടും ഭീരുക്കളല്ല. യുദ്ധക്കളത്തിൽ ക്ഷമാശീലരായിരിക്കും! ദൈവഹിതമുണ്ടെങ്കിൽ സമരമുഖത്ത് ഞങ്ങളെ അങ്ങ് കാണുന്ന പക്ഷം അങ്ങയുടെ കൺകുളിർക്കാൻ അത് ഇടയായി തീർന്നേക്കാം. അതുകൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ ഞങ്ങളെ നയിച്ചാലും!”

സഅദ് (റ)ന്റെ പ്രഖ്യാപനം കേട്ട് നബി ﷺ സന്തുഷ്ടനായി. നബി ﷺ പറഞ്ഞു: “മുന്നേറുക, വിജയം സുനിശ്ചിതമാകുന്നു. അല്ലാഹു ﷻ രണ്ടിലൊരു വിഭാഗത്തെ എനിക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നു. ഖുറൈശി പ്രമുഖരുടെ പതനം ഞാനിതാ നോക്കിക്കാണുന്നു.”


ഉഹ്ദ് രണാങ്കണത്തിൽ ശത്രുസൈന്യം പിന്നിലുടെ ആഞ്ഞടിക്കുകയും മുസ്ലിംകൾ അണിചിതറുകയും ചെയ്ത നിർണ്ണായക ഘട്ടത്തിൽ സഅദ് (റ)തന്റെ പാദങ്ങൾ നബിﷺയുടെ സന്നിധിയിൽ ആണിയടിച്ചപോലെ ഉറപ്പിച്ചുനിർത്തി നബിﷺയെ സഹായിച്ചുകൊണ്ടിരുന്നു.

ഖന്തഖ് യുദ്ധത്തിന് ശത്രുക്കൾ വട്ടംകൂട്ടി. പ്രസ്തുത സമരം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കയ്പേറിയ ഒരനുഭവമായിരുന്നു. ഉഹ്ദ് യുദ്ധത്തിന്നു ശേഷം പ്രശാന്തമായ ഒരന്തരീക്ഷത്തിൽ നബിﷺയും അനുചരൻമാരും മദീനയിൽ കഴിയുകയായിരുന്നു. തദ്ദേശിയരായ ജൂതൻമാർ രഹസ്യമായി മക്കയിലെത്തി, ഖുറൈശി പ്രമുഖരെ സമീപിച്ചു. ഒരു പുതിയ സമരത്തിന്ന് അവരെ പ്രേരിപ്പിച്ചു.

മദീനയിലെ ജൂതഗോത്രമായ ബനുഖുറൈളയും നബിﷺയും തമ്മിൽ ഒരു സമാധാന കരാർ അന്ന് നിലവിലുണ്ടായിരുന്നു. പ്രസ്തുത കരാറിന്റെ ലംഘനമായിരുന്നു അത്. ഖുറൈശികൾ സർവ്വസന്നാഹങ്ങളോടും കൂടി മദീനയെ പുറത്തുനിന്ന് അക്രമിക്കാനും, തക്കംനോക്കി ജൂതൻമാർ മദീനയിൽ ആഭ്യന്തരകലാപം സൃഷ്ടിക്കാനുമായിരുന്നു പ്ലാൻ. തീരുമാനമനുസരിച്ച് ഖുറൈശികൾ യുദ്ധത്തിന്ന് പുറപ്പെട്ടു. വഴിമദ്ധ്യേ മറ്റൊരു ഗോത്രമായ ഗത്ഫാൻ ഖുറൈശികളെ അനുഗമിച്ചു.

ശത്രുസൈന്യത്തിന്റെ പടപ്പുറപ്പാടറിഞ്ഞ നബി ﷺ അനുയായികളെ വിളിച്ചു. കൂടിയാലോചന നടത്തുകയും പ്രതിരോധത്തിന്ന് വട്ടം കൂട്ടുകയും ചെയ്തു.

ബനൂഖുറൈളയുടെ നിലപാട് സൂക്ഷമമായി അിറഞ്ഞുവരാൻ സഅദ്ബ്നു മുആദ് (റ) സഅദ്ബ്നുഉബാദ (റ)യെയും ഗോത്രനേതാവായ കഅബുബ്നു അസദിന്റെ അടുത്തേക്കയച്ചു. നബിﷺയുടെ ദൂതൻമാരെ കണ്ടമാത്രയിൽ കഅബ് അവരോടിങ്ങനെ പറഞ്ഞു: “ഞങ്ങളും മുഹമ്മദും (ﷺ) തമ്മിൽ ഒരു കരാറും നിലവിലില്ല.''

അനിവാര്യമായ ഒരു യുദ്ധത്തിൽ നിന്ന് മദീനയെ സംരക്ഷിക്കാൻ നബി ﷺ ആലോചിച്ചു. ശത്രുസൈന്യത്തിലെ ഒരു പ്രധാന ഘടകമായ ഗത്ഫാൻ ഗോത്രനേതാക്കളെ വിളിച്ചുവരുത്തി അവരോട് യുദ്ധത്തിൽനിന്ന് പിന്തിരിയാൻ നബി ﷺ ആവശ്യപ്പെട്ടു. ശത്രുസൈന്യത്തിലെ വലിയ ഒരു ശക്തിയായ അവർ പിന്തിരിഞ്ഞുകഴിഞ്ഞാൽ ഖുറൈശികളെ അത് സാരമായി ബാധിക്കുകയും അങ്ങനെ മദീനയെ നിഷ്പ്രയാസം രക്ഷിക്കാൻ കഴിയുകയും ചെയ്യുമെന്നായിരുന്നു നബിﷺയുടെ കണക്കുകൂട്ടൽ. 

അതിന്നായി അവർക്ക് മദീനയുടെ ഭക്ഷ്യ വിളവിൽ നിന്ന് ഒരു വലിയ വിഹിതം പ്രതിഫലമായി നൽകാമെന്ന് നബി ﷺ അറിയിച്ചു. അവർ അത് സമ്മതിച്ചു പിന്തിരിയാൻ തയ്യാറായി. ഗത്ഫാൻ നേതാക്കളുമായി നടന്ന സംഭാഷണം വിശദീകരിച്ചുകൊണ്ടിങ്ങനെ പറഞ്ഞു:

“ഈ തീരുമാനം കൊണ്ട് ഞാനുദ്ദേശിക്കുന്നത് ഘോരമായ ശത്രുസൈന്യത്തിന്റെ കടന്നാക്രമണത്തിൽ നിന്ന് മദീനയെ സംരക്ഷിക്കുക എന്നതാണ്.”

ഇത് കേട്ട സഅദ് (റ) നബിﷺയോട് ചോദിച്ചു: നബിയേ, ഇത് അങ്ങയുടെ സ്വന്തം തീരുമാനമാണോ അതല്ല അല്ലാഹു ﷻ വിന്റെ കൽപ്പനയാണോ..?”

നബി ﷺ പറഞ്ഞു: " അല്ല. അറബികൾ ഒന്നടങ്കം നിങ്ങൾക്കെതിരെ ഒരേ ഞാണിൽനിന്നുള്ള അമ്പുകൾ പോലെ ഏകലക്ഷ്യത്തോടുകൂടി പുറപ്പെട്ടിരിക്കുന്നു. അവരുടെ പ്രതാപം നശിപ്പിക്കാൻ വേണ്ടി എന്റെ സ്വാഭിപ്രായമനുസരിച്ച് എടുത്ത തീരുമാനമാകുന്നു ഇത്”

സഅദ് (റ) പറഞ്ഞു: “നബിയേ, ഞങ്ങളും അവരും ബിംബാരാധകരും ബഹുദൈവവിശ്വാസികളുമായിരുന്നു. ഞങ്ങൾ അല്ലാഹു ﷻ വിനെ അറിയുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല. അക്കാലത്ത് പോലും മദീനയിലെ ഒരീത്തപ്പഴം ഞങ്ങളുടെ അതിഥികളെന്ന നിലക്കല്ലാതെ അവർ ഭക്ഷിച്ചിട്ടില്ല. ഇന്ന് അല്ലാഹു ﷻ ഞങ്ങളെ ഇസ്ലാംകൊണ്ട് ആദരിക്കുകയും സൻമാർഗ്ഗത്തിലാക്കുകയും അങ്ങയെകൊണ്ട് ഉന്നതനിലവാരത്തിലെത്തിക്കുകയും ചെയ്തശേഷം ഞങ്ങളുടെ വിഭവങ്ങൾ അവർ അനുഭവിക്കുകയോ? അല്ലാഹു ﷻ വാണ് സത്യം, അതിന്ന് യാതൊരനിവാര്യതയും ഞങ്ങൾ കാണുന്നില്ല. അവർക്ക് ഈ വാൾ അല്ലാതെ മറ്റൊന്നും ഞങ്ങളുടെ പക്കലില്ല. അല്ലാഹു ﷻ ഞങ്ങൾക്കിടയിൽ വിധിച്ചത് പോലെ വരട്ടെ.”

നബി ﷺ തന്റെ അഭിപ്രായത്തിൽ നിന്ന് പിന്തിരിയുകയും ഈ ഗത്ഫാൻ നേതാക്കളെ അറിയിക്കുകയും ചെയ്തു.


ദിവസങ്ങൾക്കുശേഷം മദീന വളയപ്പെട്ടു. മുസ്ലിംകൾ യുദ്ധത്തിന്ന് തയ്യാറായി. സഅദ്ബ്നു മുആദ് (റ) തന്റെ വാളും കുന്തവുമെടുത്തു പുറപ്പെട്ടു യുദ്ധക്കളത്തിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. അതിന്നിടയിൽ ശത്രുപക്ഷത്തു നിന്ന് ഒരു ശരം അദ്ദേഹത്തിന്റെ കയ്യിൽ പതിച്ചു. രക്തം വാർന്നുകൊണ്ടിരുന്നു. വിവശനായ അദ്ദേഹത്തെ നബിﷺയുടെ ആജ്ഞയനുസരിച്ച് പള്ളിയുടെ സമീപത്ത് ഒരു പ്രത്യേകസ്ഥലത്ത് ശുശ്രൂഷാർത്ഥം താമസിപ്പിച്ചു. 

രോഗശയ്യയിൽ കിടക്കുന്ന സഅദ് (റ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു: “നാഥാ, ഖുറൈശികളോടുള്ള ഈ സമരത്തിൽ നീ വല്ലവരേയും അവശേഷിപ്പിക്കുന്നുവെങ്കിൽ എന്നെ അവശേഷിപ്പിക്കേണമേ. നിന്റെ പ്രവാചകനെ (ﷺ) ഉപദ്രവിക്കുകയും സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്ത ഈ ജനതയോട് യുദ്ധം ചെയ്യുന്നതിനേക്കാൾ സന്തോഷകരമായ കാര്യം മറ്റൊന്നുമില്ല. അവരും ഞങ്ങളും തമ്മിലുള്ള സമരം ഇതോടുകൂടി അവസാനിക്കുന്നുവെങ്കിൽ എനിക്ക് സംഭവിച്ചത് എന്റെ രക്തസാക്ഷിത്വത്തിനുള്ള കാരണമാക്കേണമേ! ബനുഖുറൈളയുടെ വഞ്ചനക്കുള്ള പ്രതികാരം കൺകുളിർക്കെ നോക്കിക്കാണുന്നതിനു മുമ്പ് എന്നെ നീ മരിപ്പിക്കരുതേ...''

രോഗശയ്യയിൽ അദ്ദേഹം ചെയ്തു പ്രാർത്ഥന അല്ലാഹു ﷻ സ്വീകരിച്ചു. ഒരു മാസത്തിനു ശേഷം അദ്ദേഹം രക്തസാക്ഷിയായി. മരണത്തിന് മുമ്പ് തന്നെ ബനുഖുറൈള അനുഭവിച്ച ശിക്ഷ കൺകുളിർക്കെ അദ്ദേഹം കാണുകയും ചെയ്തു.

ഖൻതഖ് യുദ്ധത്തിൽ ശത്രുസൈന്യം പരാജയപ്പെട്ടു. ഖുറൈശികൾ നിരാശരായി മക്കയിലേക്ക് മടങ്ങി. ബനുഖുറൈള ആത്മഹത്യാപരമായ കടുത്ത വഞ്ചനയായിരുന്നു ചെയ്തിരുന്നത്.

അവരെ മദീനയിൽ അവശേഷിപ്പിക്കുന്നത് ഇസ്ലാമിന്ന് ദോഷമാണെന്ന് ബോദ്ധ്യമായ നബി ﷺ തന്റെ അനുയായികളിൽ ഒരു വിഭാഗത്തെ ബനുഖുറൈളയുടെ അടുത്തേക്കയച്ചു. ഇരുപത്തഞ്ചു ദിവസം മുസ്ലിംകൾ അവരെ വളഞ്ഞു. രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ വന്നപ്പോൾ അവർ മുസ്ലിംകളോട് സന്ധിക്ക് ഒരുങ്ങി. 

മരണശയ്യയിൽ കിടക്കുന്ന സഅദ് (റ) വിന്റെ വിധി തങ്ങൾക്ക് സ്വീകാര്യമാണെന്നവർ അറിയിച്ചു. വിധി നൽകാൻ സഅദ് (റ) ജീവിച്ചിരിക്കുകയില്ലെന്ന് കരുതിയുള്ള കുത്സിതമായ നീക്കമായിരുന്നു ജൂതൻമാരുടെ കീഴടങ്ങാനുള്ള ഈ നിബന്ധന.

ജാഹിലിയ്യാ കാലത്ത് അവരുമായി സന്ധിയിലായിരുന്ന സഅദ് (റ)വിന്റെ തീരുമാനത്തിന് നബി ﷺ വിട്ടുകൊടുത്തു.

നബിﷺയുടെ ആജ്ഞയനുസരിച്ച് രോഗശയ്യയിൽ അവശനായി കിടക്കുന്ന സഅദ് (റ) ആനയിക്കപ്പെട്ടു.

മദീനാ നിവാസികളെ ആകമാനം അപകടത്തിൽ അകപ്പെടുത്തുമായിരുന്ന ബനുഖുറൈളയുടെ വഞ്ചനകൾ സഅദ് (റ) ഓരോന്നായി എണ്ണാൻ തുടങ്ങി. അനന്തരം അദ്ദേഹം ബനുഖറൈളയിലെ എല്ലാ യോദ്ധാക്കളെയും കൊന്നുകളയാനും സ്ത്രീകളെ തടവുകാരാക്കാനും വിധി കൽപ്പിച്ചു.

സഅദ്(റ)വിന്റെ മുറിവ് കുടെകൂടെ മാരകമായിത്തീർന്നു. ഒരു ദിവസം നബി ﷺ അദ്ദേഹത്തെ സന്ദർശിച്ചു. സഅദ് (റ) അന്ത്യനിമിഷം തള്ളിനീക്കുകയായിരുന്നു. നബി ﷺ പ്രിയങ്കരനായ തന്റെ അനുയായിയുടെ ശിരസ്സ് മടിയിൽ വെച്ച് അല്ലാഹു ﷻ വിനോട് പ്രാർത്ഥിച്ചു:

“നാഥാ, സഅദ് നിന്റെ മാർഗ്ഗത്തിൽ സമരം ചെയ്തു. നിന്റെ പ്രവാചകനെ അംഗീകരിച്ചു, തന്റെ ബാദ്ധ്യത നിർവ്വഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മാവിനെ നീ നന്മയോടുകുടി സ്വീകരിക്കേണമേ...''

വിടർന്ന പുഞ്ചിരിയോടെ ആ കണ്ണുകൾ അവസാനമായി നബിﷺയെ  മിഴിച്ചുനോക്കിക്കൊണ്ട് പറഞ്ഞു:

“അസ്സലാമു അലൈക്കയാ റസൂലുല്ലാഹ്, അങ്ങ് അല്ലാഹുﷻവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യംവഹിക്കുന്നു.''

നബി ﷺ പ്രതിവചിച്ചു: “സഅദേ, താങ്കൾക്കു നൻമവരട്ടെ!''

അനന്തരം നബി (ﷺ)യുടെ മടിയിൽ കിടക്കവെ അദ്ദേഹത്തിന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു.



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment