Sunday 28 March 2021

മനഃപൂർവ്വം മുന്തൽ ശരിയും മറന്നാൽ തെറ്റും?

 

ഒരാൾ മനഃപ്പൂർവ്വം ഇമാമിനു മുമ്പായി റുകൂഅ്, സുജൂദ് എന്നിവ ചെയ്താൽ ഇമാമിലേക്കു മടങ്ങൽ സുന്നത്താണ്. വാജിബില്ല. മറന്നിട്ടാണെങ്കിൽ മടങ്ങൽ വാജിബാണ്. മന:പ്പൂർവ്വം ചെയ്തയാൾക്ക് ഖസ്ദുൻ സ്വഹീഹ് ഉണ്ട് എന്നാണല്ലോ ഇതിന് കാരണം. ഖസ്ദുൻ സ്വഹീഹിനെ സംബന്ധിച്ച് ഒരു വിശദീകരണം?


ഇമാമിന് മുമ്പ് ഒരു മഅ്മൂം മനഃപൂർവ്വം റുകൂഅ്, സുജൂദ് എന്നിവയിലേക്കു പോയാൽ ഇമാമിനോട് പിൻപറ്റൽ നിർബന്ധമായ ഒരു കർമ്മത്തിൽ നിന്ന്(ഖിയാം) അതുപോലെ നിർബന്ധമായ മറ്റൊന്നിലേക്കാണ്(റുകൂഅ്) അയാൾ നീങ്ങിയത്. ഇത് അവിചാരിതമായോ മറന്നു കൊണ്ടോ ഉണ്ടായതല്ല. ശരിയായ ഉദ്ദേശപൂർവ്വം നടത്തിയതാണ്. അതു കൊണ്ട് അവന്റെ പ്രവൃത്തി-റുകൂഇലേക്കോ സുജൂദിലേക്കോ പോകൽ-ഒരു പ്രവൃത്തിയായി പരിഗണിക്കപ്പെട്ടു. തൻമൂലം അവൻ അതിൽ നിന്ന് മടങ്ങി നിറുത്തത്തിൽ ഇമാമിനോടൊപ്പം ചേരൽ നിർബന്ധമില്ല. ബോധപൂർവ്വമല്ലാതെ ഇമാമിനേക്കാൾ മുൻകടക്കുമ്പോൾ അതവന്റെ പ്രവൃത്തിയായി കണക്കിലെടുക്കുന്നില്ല. അപ്പോൾ അവൻ ഇമാമിനോടു ചേരുന്നതിന്നായി ഇമാമിന്റെ പ്രവൃത്തിയിലേക്കു മടങ്ങിവരൽ നിർബന്ധമാണ്. ഇതാണ് പ്രശ്നത്തിലെ വിഷയവുമായി ബന്ധപ്പെട്ട് ഫുഖഹാഅ് പറഞ്ഞതിന്റെ ചുരുക്കം. ഇതിൽ ഇമാമിന്റെ മുമ്പ് മന:പ്പൂർവ്വം റുകൂഇലേക്കോ സുജൂദിലേക്കോ പോയവൻ നല്ല ബോധത്തോടെയും ഉദ്ദേശത്തോടെയും ആണ് അങ്ങനെ ചെയ്തതെന്ന വസ്തുത കുറിക്കാനാണ് 'ലി അന്ന ലഹു ഖസ്ദൻ സ്വഹീഹൻ ബിൻതിഖാലിഹീ...' എന്ന് തുഹ്ഫയിലും മറ്റും പറഞ്ഞത്. തുഹ്ഫ: 2-180

എന്നാൽ ഇങ്ങനെ ശരിയായ ഉദ്ദേശപൂർവ്വം ഇമാമിനുമുമ്പ് റുകൂഇലേക്കോ മറ്റോ പോയയാൾ ആ ഫർള് കൊണ്ട് പൂർണമായും ഇമാമിനേക്കാൾ മുന്തിയാൽ അത് ഹറാമും അതേ ഫർളിൽതന്നെ ഇമാമിനെ പ്രതീക്ഷിച്ച് ഇമാമിനൊപ്പം അത് നിർവ്വഹിക്കുകയും ഇമാമിനേക്കാൾ മുമ്പ് തുടങ്ങുക എന്നതിൽ മാത്രം മുന്തുകയും ചെയ്താൽ അതു കറാഹത്തുമാണ്. തുഹ്ഫ: ശർവാനി സഹിതം 2-345, മന:പൂർവ്വമല്ലാതെ റുകൂഇലേക്കോ മറ്റോ ഇമാമിനു മുമ്പു പോയയാൾക്ക് ഈ ഹറാമോ കറാഹത്തോ വരുന്നതല്ല.


മൗലാനാ നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 3/34

No comments:

Post a Comment