Sunday 7 March 2021

ജഞാനിയായ ചിതൽ

 

ഭൂലോക ചക്രവർത്തിയായ സുലൈമാൻ നബി(അ)ന്റെ തൊഴിലാളികളിൽ മനുഷ്യർക്കു പുറമെ ജിന്നുകളും മൃഗങ്ങളും പക്ഷികളുമെല്ലാം ഉൾപ്പെട്ടിരുന്നു.

മൊത്തം ജോലി വിഭജിച്ച് ഓരോ വിഭാഗത്തിനും പ്രത്യേക ജോലി നീക്കിവെക്കുകയായിരുന്നു നബിയുടെ പതിവ്. ഓരോ വർഷവും ഓരോ പദ്ധതികളാണ് നബി തന്റെ തൊഴിലാളികളെ ഏല്പിച്ചിരുന്നത്. 

ആ വർഷം ജറുസലേം നഗര നിർമാണ പ്രവർത്തനങ്ങളിലായിരുന്നു അവർക്ക് ഏർപ്പെടേണ്ടിയിരുന്നത്. മനുഷ്യരും,ജിന്നുകളും ഉത്സാഹത്തോടെ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരുന്നു.

ജിന്നുകൾ കൂറ്റൻ പാറകളും , വൻ മരത്തടികളും പറിച്ചുകൊണ്ടുവന്നു. കലാപരമായ പ്രവർത്തനങ്ങളിലായിരുന്നു മനുഷ്യരുടെ മുഖ്യശ്രദ്ധ. മൃഗങ്ങളും പക്ഷികളും തങ്ങളാലായത് ചെയ്തുപോന്നു. എല്ലാ കാര്യങ്ങൾക്കും നബിതന്നെ നേരിട്ടു മേൽനോട്ടം വഹിച്ചു.

നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കേ സുലൈമാൻ നബി (അ) വഫാത്തായി. ഒരു നിമിഷം പോലും വൈകാതെ നിശ്ചിത സമയത്തുതന്നെ അല്ലാഹു ﷻ അദ്ദേഹത്തെ തിരികെ വിളിച്ചു.

പക്ഷേ മനുഷ്യരോ ജിന്നുകളോ ഈ മഹാചക്രവർത്തിയുടെ മരണവാർത്ത അറിഞ്ഞില്ല. 

സുലൈമാൻ നബി(അ)ന്റെ അന്ത്യം മിഹ്റാബിനുള്ളിൽ സ്വർണക്കസേരയിൽ താടിമേൽ വടികുത്തിപ്പിടിച്ച് ഇരിക്കുന്ന നിലയിലായിരുന്നു. നബി (അ) മിഹ്റാബിനുള്ളിൽ ഉള്ളപ്പോൾ അതിനുള്ളിലേയ്ക്ക് പ്രവേശിക്കാൻ ആരും ധൈര്യപ്പെടാറില്ലായിരുന്നു. മിഹ്റാബിനു വെളിയിൽ അദ്ദേഹത്തിന്റെ ഭൂതഗണങ്ങൾ തങ്ങളെ ഏല്പിച്ച ജോലിയിൽ വ്യാപൃതരായിരിക്കയായിരുന്നു.


സുലൈമാൻ നബി(അ)ന്റെ മിഹ്റാബിൽ അതിക്രമിച്ചുകടക്കാൻ ധൈര്യപ്പെട്ട ഒരേയൊരു ജീവിയായിരുന്നു ചിതൽ. നബി (അ) മരിച്ചതായി ആദ്യം മനസിലാക്കിയത് ആ ചിതലായിരുന്നു. മിഹ്റാബിൽ മറ്റൊന്നും ഭക്ഷിക്കാനില്ലാതിരുന്നതുകൊണ്ട് ചിതൽ നബിയുടെ (അ) വടിയുടെ നേരെനീങ്ങി. നല്ല വിശപ്പുണ്ടായിരുന്ന ചിതൽ വടി കാർന്നുതിന്നാൻ തുടങ്ങി. ചിതൽ വടിയുടെ ഒരു വശം കാർന്നുതിന്നതോടെ ആ ശരീരത്തിന്റെ സന്തുലിതത്വം നഷ്ടപ്പെട്ടു. നബി (അ) പെട്ടെന്ന് നിലംപതിച്ചു. അപ്പോഴേക്കും ദിവസങ്ങൾ പിന്നിട്ടിരുന്നു.

മിഹ്റാബിനരികിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന ജിന്നുകൾ സുലൈമാൻ നബി (അ) നിലത്തുകിടക്കുന്നതു കണ്ടു. വാർത്ത പരന്നു. മരണവാർത്തയറിഞ്ഞപ്പോൾ ജിന്നുകൾ ജോലി നിർത്തി. എന്നാൽ നബി (അ) ഏല്പിച്ച് പണികൾ അപ്പോഴേക്കും പൂർത്തിയായിക്കഴിഞ്ഞിരുന്നു. 

ചിതൽ തിന്ന വടി കണ്ടപ്പോഴാണ് നബി (അ) മരിച്ചിട്ട് കാലമേറെയായെന്ന് ജനത്തിന് മനസിലായത്. നബിയുടെ മരണം ജിന്നുകൾക്ക് അറിയാൻ കഴിയാത്ത ഒരു അദൃശ്യജ്ഞാനമായിരുന്നു. ജിന്നുകൾക്ക് അദൃശ്യജ്ഞാനമുണ്ടെന്ന മിഥ്യ ഒരു കൊച്ചുജീവിയായ ചിതൽ തകർത്തു. ചിതലുകൾക്കു മുന്നിൽ ജിന്നുകളും ജനങ്ങളും ലജ്ജിച്ചുപോയി.


ഗുണപാഠം :സർവജ്ഞാനിയെന്ന് അഭിമാനിക്കുന്ന മനുഷ്യർക്കും അദൃശ്യജ്ഞാനമുണ്ടെന്ന് അഹങ്കരിക്കുന്ന ജിന്നുകൾക്കുമില്ലാത്ത ഒരു കഴിവ് ഒരു ക്ഷദകീടമായ ചിതലിനുണ്ടെന്ന് നാം കണ്ടുവല്ലോ. ലോക ചക്രവർത്തി കൂടിയായ സുലൈമാൻ നബി(അ)ന്റെ മരണത്തെക്കുറിച്ച് ആദ്യമായി അറിയാൻ കഴിഞ്ഞതും ചിതലിനുതന്നെ. ഈ ചിതലുകൾക്കു മുന്നിൽ മനുഷ്യരും ജിന്നുകളും എത്രയോ നിസാരന്മാരാണെന്ന് ഈ കഥ വ്യക്തമാക്കുന്നു.

No comments:

Post a Comment