Sunday 7 March 2021

ഉയിർത്തെഴുന്നേറ്റ ഉസൈർ നബി (അ)


പലസ്തീനിലെ ജനതയിലേക്ക് അയക്കപ്പെട്ട പ്രവാചകനായിരുന്നു ഉസൈർ നബി(അ). അദ്ദേഹത്തിന് ഒരു വെള്ളക്കഴുതയുണ്ടായിരുന്നു. 

ആ കഴുതയോടു വളരെ സ്നേഹത്തോടെയാണ് ഉസൈർ നബി (അ) പെരുമാറിയത്. അദ്ദേഹം  കഴുതയുടെ പുറത്തേറി ഗ്രാമത്തിലൂടെ സഞ്ചരിച്ചു കൊണ്ട് ജനങ്ങളോട് പത്തു കല്പനകൾ പിൻപറ്റാനുള്ള ഉപദേശം നൽകുമായിരുന്നു.

വിവാഹിതനായ ഉസൈർ നബി(അ)ന് മൂന്നു മക്കളും ഹാനം എന്നൊരു പരിചാരികയുമുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു തോപ്പുണ്ടായിരുന്നു. അതിനെ ആശ്രയിച്ചായിരുന്നു അദ്ദേഹവും കുടുംബവും ജീവിച്ചിരുന്നത്.

ഒരു ദിവസം അദ്ദേഹം കഴുതയുമായി തന്റെ തോട്ടത്തിലേക്കു പഴം പറിക്കാൻ പോയി. രണ്ടു കുട്ടകളിൽ പഴം നിറച്ച് അതു കഴുതപ്പുറത്തുവെച്ചു. ശേഷം വീട്ടിലേക്ക് മടക്കയാത്ര ആരംഭിച്ചു. 

കഠിനമായ വെയിലുണ്ടായിരുന്നതിനാൽ ഉഷ്ണം സഹിക്കവയ്യാതെ കഴുതയും യജമാനനും ക്ഷീണിച്ചു. വഴിയിലെ ശ്മശാനഭൂമിയിൽ അല്പം വിശ്രമിച്ചശേഷം ഇനിയാത്ര തുടർന്നാൽ മതി എന്ന് ഉസൈർ നബി (അ) തീരുമാനിച്ചു. 

അങ്ങനെ നബി തന്റെ കഴുതയെയും കൂട്ടി ശ്മശാനത്തിൽ പ്രവേശിച്ചു. കഴുതപ്പുറത്തുനിന്നും അത്തിക്കുട്ടയും മുന്തിരിക്കുട്ടയും ഇറക്കിവെച്ചശേഷം അദ്ദേഹം ഒരു മരച്ചുവട്ടിലിരുന്നു. ഉണക്കറൊട്ടി മുന്തിരിച്ചാറിൽ മുക്കി പതംവരുത്തി കഴിച്ചുകൊണ്ട് അദ്ദേഹം തന്റെ വിശപ്പടക്കി.

അവിടെ വിശ്രമിച്ചു കൊണ്ടിരിക്കെ ഉസൈർ നബി (അ) പ്രപഞ്ച നാഥനായ അല്ലാഹുﷻവിനെയും അവന്റെ കഴിവിനെയും അനുഗ്രഹങ്ങളെയും കുറിച്ച് ചിന്താധീനനായി. അദ്ദേഹത്തിന്റെ കണ്ണുകൾ ചുറ്റുഭാഗത്തെ ദ്രവിച്ച എല്ലുകളിലും അവശിഷ്ടങ്ങളിലും ഉടക്കി. പിന്നെ അല്ലാഹുﷻവിന്റെ  ശക്തിമാഹാത്മ്യത്തിൽ വിസ്മയഭരിതനായെന്നവണ്ണം സ്വയം പറഞ്ഞു: “മരണാനന്തരം എങ്ങനെയാണ് അല്ലാഹു ﷻ ഇവ പുനരുജ്ജീവിപ്പിക്കുന്നത്!”

ഉസൈർ നബി (അ) ഈ വാക്യം പറഞ്ഞുതീർന്നതും അദ്ദേഹത്തെയും കഴുതയെയും ഗാഢമായ ഉറക്കം ആശ്ലേഷിച്ചു. മുമ്പൊരിക്കലും ഇല്ലാതിരുന്നത്ര ഗാഢനിദ്രയായിരുന്നു അത്. ഉറക്കിലായിരുന്ന നബി നൂറു വർഷം കടന്ന് പോയതറിഞ്ഞില്ല.

അല്ലാഹു ﷻ ഉസൈർ നബിയെ ഉണർത്തിക്കൊണ്ടു പറഞ്ഞു: “നൂറു വർഷമാണ് താങ്കൾ ഉറങ്ങിയത്. ഇനി, മരിച്ചുകിടക്കുന്ന താങ്കളുടെ കഴുതയെ നോക്കൂ, ഉസൈർ. അതെങ്ങനെ മണ്ണായിത്തീർന്നിരിക്കുന്നുവെന്നു കാണൂ.. ദ്രവിച്ചു മണ്ണായിക്കൊണ്ടിരിക്കുന്ന എല്ലിന്റെ അവശിഷ്ടങ്ങൾ സൂക്ഷിച്ചുനോക്കൂ.. മരണാനന്തരം എങ്ങനെയാണ് നിങ്ങളുടെ റബ്ബ്  മരിച്ചവനെ പുനരുജ്ജീവിപ്പിക്കുന്നത് എന്നു ശ്രദ്ധിക്കൂ..."

“മരിച്ചുകിടക്കുന്ന കഴുതേ, എഴുന്നേൽക്കുക." അല്ലാഹുﷻവിന്റെ ആജ്ഞ കേട്ടയുടൻ കഴുത ഉറക്കത്തിൽനിന്ന് ഉണർന്നു തലയുയർത്തി. 

അവരുടെ അരികിലുണ്ടായിരുന്ന മുന്തിരിച്ചാറിന് ഒരു കുഴപ്പവും പറ്റിയിരുന്നില്ല. ഉഷ്ണകാലത്ത് മണിക്കൂറുകൾക്കകം കേടുവരുന്ന മുന്തിരിച്ചാർ നൂറുകൊല്ലം കഴിഞ്ഞിട്ടും അതേപടി തന്നെ!

ഉസൈർ നബി (അ) അല്ലാഹുﷻവിനെ  സ്തുതിച്ചു കൊണ്ട് ഗാഢമായ പ്രാർത്ഥനയിൽ മുഴുകി. ശേഷം  അദ്ദേഹം തന്റെ കഴുതയെയും കൂട്ടി  ഗ്രാമത്തിലേക്കു യാത്ര തിരിച്ചു. പക്ഷേ അവരുടെ പഴയ ഗ്രാമം ആകെ മാറിപ്പോയിരുന്നു. 

താൻ മടങ്ങിവന്നിരിക്കയാണെന്ന് ഉസൈർ നബി (അ) ഗ്രാമീണരെ അറിയിച്ചു. പക്ഷേ ജനം അദ്ദേഹത്തെ പരിഹസിച്ചു: “ഉസൈർ നബി പുറപ്പെട്ടുപോയിട്ട് നൂറുവർഷം കഴിഞ്ഞു. അദ്ദേഹം പിന്നീട് തിരിച്ചുവന്നതേയില്ല. തീർച്ചയായും ഉസൈർ നബി മരിച്ച് മണ്ണോടു ചേർന്നുകഴിഞ്ഞിട്ടുണ്ടാവും.”

“ഞാൻ അല്ലാഹുﷻവിന്റെ പ്രവാചകൻ ഉസൈർ തന്നെയാണ്. മരിച്ചു നൂറുവർഷത്തിനുശേഷം

അല്ലാഹു ﷻ എന്നെ പുനരുജ്ജീവിപ്പിച്ചിരിക്കയാണ്. എനിക്കെന്റെ പേരക്കുട്ടികളെ കാണണം. എവിടെ അവർ?" അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

ഗ്രാമീണർ ഉസൈർ നബി (അ) ന്റെ പേരക്കുട്ടികളെ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അവരിൽ ഏറ്റവും പ്രായം കുറഞ്ഞവന് അറുപതു വയസായിരുന്നു. ഉസൈർ നബിക്കാണെങ്കിൽ അമ്പത് വയസും! അമ്പതുവയസുള്ള മുത്തച്ഛനും അറുപതുവയസുള്ള പേരക്കുട്ടിയും!

ഉസൈർ നബി (അ) ആ ഗ്രാമം വിട്ടുപോയ ശേഷം നബിയോട് ബന്ധപ്പെട്ട ഒരു സ്ത്രീ മാത്രമേ അന്ന് അവിടെ അവശേഷിച്ചിരുന്നുള്ളൂ. നബിയുടെ കൊച്ചു പരിചാരികയായിരുന്ന ഹാനം ആയിരുന്നു അത്. അവളുടെ ഇരുപതാമത്തെ വയസിലാണ് ഉസൈർ നബി (അ) ഗ്രാമത്തിൽനിന്നു പോയത്. ഇപ്പോൾ അവൾക്ക് 120 വയസായി.

ഉസൈർ നബി (അ) നെപ്പറ്റി കേൾക്കാനിടയായ പരിചാരിക അവശതയാർന്ന തന്റെ ശരീരവും വലിച്ചിഴച്ച് വടിയും കുത്തി അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ പ്രായാധിക്യം മൂലം അവരുടെ കാഴ്ച ശക്തി നശിച്ചിരുന്നു. കരച്ചിലിനിടയിൽ ആ വൃദ്ധ തനിക്ക് കാഴ്ച കിട്ടാനായി ഉസൈർ നബിയോടു പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു. ഉസൈർ നബി (അ) അവർക്കു വേണ്ടി പ്രാർത്ഥിച്ചു. അവർക്ക് അങ്ങനെ കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു.

ഹാനം എന്ന ആ വൃദ്ധ ഉസൈർ നബി (അ) നെ തിരിച്ചറിഞ്ഞു. അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീണു കണ്ണീരൊഴുക്കി.

പക്ഷേ ഉസൈർ നബി(അ)ന്റെ പേരക്കുട്ടികൾക്ക് സംശയം തീർന്നിരുന്നില്ല. അവർ നബിയോട് പറഞ്ഞു: “ഞങ്ങളുടെ മുത്തച്ഛൻ ഉസൈർ നബി (അ) ന്റെ കൈവശം വിശുദ്ധ തോറയുടെ ഒരു പ്രതിയുണ്ടായിരുന്നു. അദ്ദേഹം പുറപ്പെട്ടുപോയശേഷം ഞങ്ങളതു പലയിടത്തും തിരഞ്ഞുവെങ്കിലും കിട്ടിയില്ല. അങ്ങ് യഥാർത്ഥത്തിൽ ഉസൈർ നബി (അ) ആണെങ്കിൽ വിശുദ്ധ തോറ എവിടെയാണെന്ന് പറയൂ."

“പുരാതനമായ ഒരു വൃക്ഷത്തിന്റെ തടിയിൽ ഞാൻ അതിന്റെയൊരു പകർപ്പ് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വരൂ, അവിടെച്ചെന്ന് നമുക്കത് കണ്ടെടുക്കാം.”

പഴയ ഒരു വൃക്ഷത്തിനടുത്തേക്ക് അദ്ദേഹം തന്റെ പേരക്കുട്ടികളെ നയിച്ചു. അതിന്റെ തടിയിലൊരിടത്തുനിന്ന് തോറയുടെ താളുകൾ അദ്ദേഹം പുറത്തെടുത്തു. കാലപ്പഴക്കത്താൽ അതിൽ മിക്ക താളുകളും നശിച്ചു പോയിരുന്നു.

ജനം അത്ഭുതസ്തബ്ധരായി മിഴിച്ചുനിന്നു. ഇത് തങ്ങളുടെ ഗ്രാമത്തിലെ പഴയ ഉസൈർ നബി (അ) ആണെന്ന് അവർക്ക് ബോധ്യമായി. മരണാനന്തരം എങ്ങനെയാണ് അല്ലാഹു ﷻ മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്നത് എന്നും ജനത്തിന് മനസിലായി.


ഗുണപാഠം :സർവശക്തനും സർവജ്ഞാനിയുമായ അല്ലാഹുﷻവിന്റെ കഴിവുകൾ അപാരമാണ്. ജീവികളെ നൂറ്റാണ്ടുകൾ ഉറക്കിക്കിടത്താനും മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനും കാരുണ്യവാനായ അല്ലാഹുﷻവിന് നിഷ്പ്രയാസം കഴിയുമെന്നതിന് നല്ലൊരു ദൃഷ്ടാന്തമാണ് ഈ കഥ.

No comments:

Post a Comment