തമത്തു ഹജ്ജ് ചെയ്യുന്ന ഒരാൾ ഉംറ നിർവഹിച്ചതിന് ശേഷം മക്കയിൽ തന്നെയുണ്ടെങ്കിൽ ആ സാഹചര്യത്തിൽ ഹജ്ജിന്റെ ഇഹ്‌റാം കെട്ടേണ്ട സ്ഥലം ഹറമാണ്. അതായത് ഹറമിന്റെ പരിധിക്കുള്ളിലെ ഏത് സ്ഥലത്തുനിന്നും ഹജ്ജിന് വേണ്ടി ഇഹ്‌റാം കെട്ടാം. മസ്‍ജിദുൽ ഹറാമിൽ നിന്ന് തന്നെ ഇഹ്‌റാം കെട്ടുന്നതാണ് ഏറ്റവും ഉത്തമം.
കാരണം ഉംറ കഴിഞ്ഞ് ഹറമിന് പുറത്ത് പോകാതെ അവിടെ തമത്തു ഹജ്ജ് ചെയ്യുന്നയാൾ മക്കാവാസിയുടെ നിലയിൽ ആയിത്തീരുന്നു. അതായത് യഥാർത്ഥത്തിൽ മക്കയിലെ താമസക്കാരനല്ലെങ്കിലും മക്കയിൽ പ്രവേശിച്ചിരി ക്കുന്നതിനാൽ മക്കക്കാരുടെ വിധിയിൽ ഉൾപ്പെടുന്നു. മക്കാവാസിക്കോ മക്കാവാസിയുടെ ഹുക്മിലുള്ളവർക്കോ ഹജ്ജിന്റെ ഇഹ്‌റാം ഹറമിനകത്ത് നിന്നു തന്നെ കെട്ടേണ്ടതാണ്.
അതിനാൽ എല്ലായ്പ്പോഴും മീഖാത്തിൽ നിന്നുതന്നെ ഇഹ്‌റാം കെട്ടണം എന്നില്ല. മറിച്ച് മീഖാത്തിന് പുറത്തുനിന്ന് മക്കയിൽ പ്രവേശിക്കുന്ന ഒരാൾക്ക് മാത്രമാണ് ഹജ്ജോ ഉംറയോ ഏതെങ്കിലും ഒന്നിന്റെ ഇഹ്‌റാം മീഖാത്തിൽ നിന്നു കെട്ടൽ നിർബന്ധമാകുന്നത്.
കൂടാതെ തമത്തു ഹജ്ജ് ചെയ്യാനുള്ള “നിയ്യത്ത്” വേറെയും ഇഹ്‌റാം കെട്ടുന്ന സമയത്ത് “ഹജ്ജിന്റെ നിയ്യത്ത്” ചെയ്യുന്നത് വേറെയും ആണെന്ന കാര്യവും ശ്രദ്ധിക്കണം.
തമത്തു ഹജ്ജിൽ ആദ്യം ഉംറയുടെ ഇഹ്‌റാമിനാണ് നിയ്യത്ത് ചെയ്യുന്നത്. ഉംറ നിർവഹിച്ചതിന് ശേഷം ഇഹ്‌റാം ഒഴിവാക്കപ്പെടും. പിന്നീട് ദുൽഹജ്ജ് 8-ാം തീയതി ഹജ്ജിനായി പുതിയ ഇഹ്‌റാം കെട്ടും. അപ്പോൾ ഇഹ്‌റാം കെട്ടുമ്പോൾ ഹജ്ജിന്റെ നിയ്യത്ത് മാത്രമേ ചെയ്യുകയുള്ളു.
مَنْ كَانَ مَنْزِلُهُ فِي الْحَرَمِ كَسُكَّانِ مَكَّةَ وَمِنًى فَوَقْتُهُ الْحَرَمُ لِلْحَجِّ وَمِنَ الْمَسْجِدِ أَفْضَلُ وَكَذٰلِكَ أَيْ مِثْلُ حُكْمِ أَهْلِ الْحَرَمِ كُلُّ مَنْ دَخَلَ الْحَرَمَ مِنْ غَيْرِ أَهْلِهِ وَإِنْ لَمْ يَنْوِ الْإِقَامَةَ بِهِ كَالْمُفْرِدِ بِالْعُمْرَةِ وَالْمُتَمَتِّعِ أَيْ مِنْ أَهْلِ الْآفَاقِ
(لباب المناسك مع شرحه باب المواقيت فصل في الصنف الثاني صفحة 117)
وَحُكْمُهَا وُجُوبُ الْإِحْرَامِ مِنْهَا لِأَحَدِ النُّسُكَيْنِ لِمَنْ أَرَادَ دُخُولَ مَكَّةَ أَوِ الْحَرَمِ
(لباب المناسك فصل في المواقيت الصنف الأول صفحة 88)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment