ഭാര്യയ്ക്ക് അന്യായം നേരിടുന്ന സാഹചര്യത്തിൽ ത്വലാഖ് പറയാനോ ഖുൽഅ ചെയ്യാനോ തയ്യാറാകാത്ത ഭർത്താവുമായുള്ള വിവാഹ ബന്ധം ഫസ്ഖ് ചെയ്യാവുന്നതാണ്. ഫസ്ഖിനു വേണ്ടി ചെയ്യേണ്ടത് മഹല്ല് കമ്മിറ്റിയെ സമീപിക്കുക. ഫസ്ഖിനു വേണ്ടി കാരണം കാണിച്ച് അപേക്ഷ നൽകുക. പരാതി ഷറഇന്റെ നോട്ടത്തിൽ ന്യായമാണെങ്കിൽ ഫസ്ഖ് ലഭിക്കുന്നതാണ്.
മഹല്ല് കമ്മിറ്റി ചെയ്യേണ്ടത്
നമ്മുടെ രാജ്യമായ ഇന്ത്യയിൽ ഇസ്‌ലാമിക ഭരണസംവിധാനം നിലവിലില്ല. അതിനാൽ ഇവിടെ ഔദ്യോഗികമായ ഒരു ഇസ്‌ലാമിക ഖാളിയും (ശരീഅത്ത് ജഡ്ജിയും) ഇല്ല.
ഇന്നത്തെ സാഹചര്യത്തിൽ ശരീഅത്ത് പ്രകാരം ഒരു ശറഈ കമ്മിറ്റി രൂപീകരിക്കുക. ഖാദിയുടെ പകരക്കാരനായി ശറഈ കമ്മിറ്റിക്ക് പ്രവർത്തിക്കാം. സാധാരണയായി ഇത്തരം കമ്മിറ്റിയിൽ ദീൻ ഉള്ളവരും വിശ്വസ്തരുമായ സാമൂഹിക-നിയമകാര്യങ്ങളിൽ പരിചയസമ്പന്നരായ വ്യക്തികളും അഭിഭാഷകരും കൂടാതെ ഏതാനും ഉലമാക്കളും ഉൾപ്പെട്ടിരിക്കണം.
ഫസ്ഖിനുള്ള നടപടി ക്രമങ്ങൾ
- ശരീഅത്ത് അംഗീകരിക്കുന്ന സാക്ഷികളിലൂടെ നിക്കാഹ് നടന്നതായി തെളിയിക്കണം.
- തുടർന്ന് ഭർത്താവ് നല്കുന്നില്ല എന്നതും ശരീഅത്ത് സാക്ഷ്യങ്ങളിലൂടെ തെളിയിക്കണം.
- ഷറഈ കമ്മിറ്റി ഈ വിഷയത്തിൽ സമഗ്രമായി നീതിയുക്തമായ നിഷ്പക്ഷമായ അന്വേഷണം നടത്തണം.
- ഭർത്താവിന് കഴിവുണ്ടായിട്ടും അവകാശങ്ങൾ നൽകുന്നില്ലെന്ന് തെളിഞ്ഞാൽ ഷറഈ കമ്മിറ്റി അദ്ദേഹത്തെ ഹാജരാകാൻ നോട്ടീസ് അയക്കണം.
- ഭർത്താവ് ഹാജരായി അവകാശങ്ങൾ നൽകാൻ തയ്യാറായാൽ പ്രശ്നം പരിഹരിക്കാം.
- ഹാജരാകാതിരിക്കുകയോ ഹാജരായിട്ടും അവകാശങ്ങൾ നൽകാൻ വിസമ്മതിക്കുകയോ ചെയ്താൽ ഷറഈ കമ്മിറ്റിക്ക് നിക്കാഹ് ഫസ്ഖ് (റദ്ദ്) ചെയ്ത് വിവാഹബന്ധം വേർപെടുത്താൻ കഴിയുന്നതാണ്.
- ഫസ്ഖിന് ശേഷം ഭാര്യ ഇദ്ദ പൂർത്തിയാക്കി മറ്റൊരു വിവാഹം കഴിക്കാവുന്നതാണ്.
മഹല്ലിൽ ഫസ്ഖ് കൈകാര്യം ചെയ്യുമ്പോൾപിന്നീട് ജനങ്ങൾക്കിടയിൽ ഫിത്ന ഉടലെടുക്കാതിരിക്കാൻ നടപടിക്രമങ്ങൾ ഓരോന്നും മഹലിന്റെ ഔദ്യോഗിക നോട്ടീസ് ബോർഡിൽ അറിയിക്കുന്നത് നല്ലതാണ്.
ഭാര്യയ്ക്ക് ചിലവ് ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ വിവാഹം റദ്ദാക്കാനുള്ള അവകാശം നൽകുന്ന വിധി മാലികി മദ്ഹബിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്. ഈ നിബന്ധനകൾ നിറവേറ്റിയാൽ മാലികി മദ്ഹബിലെ അഭിപ്രായപ്രകാരം നടപടി സ്വീകരിക്കൽ അനുവദനീയമാണ്. മാലികി മദ്ഹബിന്റെ ഏകകണ്ഠമായ നിലപാട് അനുസരിച്ച് ചിലവ് നൽകാത്തതിന്റെ പേരിൽ ഫസ്ഖ് നടത്താൻ പ്രത്യേക കാലപരിധിയോ കാത്തിരിപ്പോ ആവശ്യമില്ല.പെട്ടെന്ന് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.
എല്ലാ കാരണങ്ങൾക്കും ഫസ്ഖ് ലഭിക്കുന്നതല്ല. അതിനെ ശറഇയ്യായ നിയമങ്ങളിലൂടേയും നിബന്ധനകളുടെയും സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ട്. കാരണങ്ങൾ വ്യത്യസ്തമാക്കുന്നത് അനുസരിച്ച് നടപടിക്രമങ്ങളിലും വ്യത്യാസങ്ങൾ വരുന്നതാണ്.ഷറഇൽ അവഗാഹമുള്ള ഉലമാക്കളുടെ മേൽനോട്ടത്തിൽ തന്നെ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുക.
(അവലംബം : ഫതവാ ഉസ്മാനി 2/664 അൽ ഹീലതുൻ നാജിസ, ഫതാവ ദാറുൽ ഉലൂം)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment