Wednesday, 3 June 2026

ഇന്ന് പല മഹല്ലുകളിലും നിശ്ചിത തുക അംഗങ്ങളിൽ നിന്നും പിരിച്ച് തമിഴ്നാട്ടിലും മറ്റും പോയി വ്യത്യസ്ത വിലയുള്ള ഇത്ര ഉള്ഹിയ്യ മൃഗങ്ങളെ ഒരു വിലക്ക് വാങ്ങിക്കൊണ്ടു വരുന്നു.


  • ചില മൃഗങ്ങളുടെ വില നോക്കുമ്പോൾ ഏഴിൽ കൂടുതൽ ആളുകളുടെ പൈസ വേണ്ടി വരുന്നു.
  • അതുപോലെ ഒരാളുടെ ഷെയർ പല മൃഗങ്ങളിലായിവരികയും ചെയ്യുന്നു. 
  • എന്നാൽ മൃഗങ്ങളുടെ എണ്ണവും ആളുകളുടെ ഷെയറും മൊത്തത്തിൽ നോക്കുമ്പോൾ ഓരോ മൃഗത്തിലും ഏഴ് പേരിൽ കൂടുതൽ വരുന്നുമില്ല. ഈ രീതി ശരിയാണോ 


വലിയ മൃഗങ്ങളിൽ (മാട്, പോത്ത്, ഒട്ടകം എന്നിവയിൽ) ഏഴുപേർ വരെ പങ്കുചേർന്ന് ഉളുഹിയ്യ അറുക്കാവുന്നതാണ്. എന്നാൽ ഒരു മൃഗത്തിൽ ഏഴുപേരേക്കാൾ കൂടാൻ പാടില്ല. ഏഴ് പേരാണെങ്കിൽ എല്ലാവരുടെയും ഷെയർ തുല്യമായിരിക്കണം. ഏഴുപേരെക്കാൾ കുറവാണെങ്കിൽ തുല്യ ഷെയർ വേണമെന്ന് നിർബന്ധമില്ല . ഇവിടെ ആരുടെയും ഷെയർ ആ മൃഗത്തിന്റെ വിലയുടെ ഏഴിൽ ഒന്നിനേക്കാൾ കുറയാതിക്കൽ നിർബന്ധമാണ്.

ഉദാഹരണം :

70000 രൂപ വിലയുള്ള മൃഗത്തിൽ 6 പേര് ഷെയർ കൂടി. രണ്ട് പേർ 10000, മറ്റൊരാൾ 11000, മറ്റൊരാൾ 12000, മറ്റൊരാൾ 13000, മറ്റൊരാൾ 14000, രൂപയും വിതം മുടക്കി. 

ഈ രൂപത്തിൽ ബലികർമ്മം ശരിയാകുന്നതാണ്. കാരണം എല്ലാവർക്കും ഏഴിലോന്നിൽ കുറയാത്ത ഷെയർ (10000 രൂപ) ഉണ്ട്. എന്നാൽ ആർക്കെങ്കിലും 10000 രൂപയേക്കാൾ  ഷെയർ കുറഞ്ഞാൽ ആരുടെയും ഉള്ഹിയ്യ ശരിയാവുകയില്ല. ഇനി തുക കുറഞ്ഞു പോയാലും എല്ലാവരും തൃപ്തിപ്പെട്ട് തുകയിലെ കുറവ് നികത്തി ഏഴിലോന്നിൽ കുറയാത്ത ഓഹരി (മാംസം) തുക കുറഞ്ഞ വ്യക്തിക്ക് കൊടുത്താലും മതിയാകുന്നതാണ്.

മറ്റൊരു ഉദാഹരണം :

70 വ്യക്തികളിൽ നിന്നും10,000 രൂപ വീതം ഷെയർ തീരുമാനിച്ച് 10 മൃഗങ്ങളെ 7 ലക്ഷം രൂപക്ക് വാങ്ങി. എല്ലാ മൃഗങ്ങളുടെയും വില ഒരു പോലെയല്ല  വ്യത്യസ്തമാണ്. 50000,60000  മുതൽ 90000 വരെ വില ഈ മൃഗങ്ങൾക്കുണ്ട്.

ഇവിടെ മൊത്തം 10 മൃഗങ്ങൾ. ഒരു മൃഗത്തിൽ  7 ഓഹരികൾ വീതം 70 വ്യക്തികൾക്ക് വരെ ഇതിൽ പങ്കാളികളാകാം. 70 ൽ കൂടാതിരുന്നാൽ മതിയാകും. ഇവിടെ മൃഗങ്ങളുടെ വില വ്യത്യസ്തമാകുന്നുണ്ടെങ്കിലും 10 മൃഗങ്ങളുടെ ഇറച്ചി ഒരുമിച്ച് കൂട്ടി ഭാഗിക്കുമ്പോൾ ഒരു മൃഗത്തിന്റെ ഏഴിലൊന്നിൽ കുറയാതെ എല്ലാവർക്കും ലഭിക്കുന്നതാണ്.ഹനഫി കർമ്മ ശാസ്ത്രത്തിലെ "ഇസ്തിഹ്സാൻ" എന്ന ഉസൂലിന്റെ അടിസ്ഥാനത്തിലാണ് പറയപ്പെട്ട മസ്അല.

اشْتَرَى سَبْعَةُ نَفَرٍ سَبْعَ شِيَاهٍ بَيْنَهُمْ وَلَمْ يُسَمِّ لِكُلِّ وَاحِدٍ مِنْهُمْ شَاةٌ بِعَيْنِهَا فَضَحَّوْا بِهَا كَذَلِكَ فَالْقِيَاسُ أَنْ لَا يَجُوزَ، وَفِي الِاسْتِحْسَانِ يَجُوزُ، فَقَوْلُهُ اشْتَرَى سَبْعَةُ نَفَرٍ سَبْعَ شِيَاهٍ بَيْنَهُمْ يَحْتَمِلُ شِرَاءَ كُلِّ شَاةٍ بَيْنَهُمْ وَيَحْتَمِلُ شِرَاءَ شِيَاهٍ عَلَى أَنْ يَكُونَ لِكُلِّ وَاحِدٍ شَاةً وَلَكِنْ لَا بِعَيْنِهَا، فَإِنْ كَانَ الْمُرَادُ هُوَ الثَّانِي فَمَا ذُكِرَ فِي الْجَوَابِ بِاتِّفَاقِ الرِّوَايَاتِ؛ لِأَنَّ كُلَّ وَاحِدٍ مِنْهُمْ يَصِيرُ مُضَحِّيًا شَاةً كَامِلَةً، وَإِنْ كَانَ الْمُرَادُ هُوَ الْأَوَّلُ فَمَا ذُكِرَ مِنْ الْجَوَابِ عَلَى إحْدَى الرِّوَايَتَيْنِ، فَإِنَّ الْغَنَمَ إذَا كَانَتْ بَيْنَ رَجُلَيْنِ ضَحَّيَا بِهَا ذُكِرَ فِي بَعْضِ الْمَوَاضِعِ أَنَّهُ لَا يَجُوزُ، كَذَا فِي الْمُحِيطِ

[مجموعة من المؤلفين، الفتاوى الهندية، ٣٠٦/٥]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment