ശരീഅത്ത്
അല്ലാഹു ﷻ മനുഷ്യ വിജയത്തിന് സംവിധാനിച്ച മാർഗമാണ് പരി ശുദ്ധ ഇസ്ലാം. ഇസ്ലാമിക സന്ദേശം ലോകത്താകമാനം എത്തിക്കു വാനാണ് മുഹമ്മദ്ﷺയെ അയച്ചത്. റസൂൽﷺ പ്രചരിപ്പിച്ച ഇസ്ലാം ശരീഅത്തും ത്വരീഖത്തും ഹഖീഖത്തും ഉൾക്കൊള്ളുന്നതാണ്. ശരീ അത്തിൽ ത്വരീഖത്തും ത്വരീഖത്തിൽ ശരീഅത്തും ഉണ്ട്. അതുകൊണ്ടുതന്നെ ശരീഅത്തില്ലാത്ത ത്വരീഖത്തില്ല,
കൽപിക്കപ്പെട്ടത് പ്രവർത്തിക്കലും വിരോധിക്കപ്പെട്ടത് ഒഴിവാക്കലുമാണ് ശരീഅത്ത്. (കർമപരമായ വിധികൾ-കൽപനയും വിരോ ധനയും). അഥവാ വാജിബും ഹറാമും ചർച്ച ചെയ്യുന്ന പ്രധാന വിജ്ഞാന ശാഖയാണ് ഫിഖ്ഹ്. ഫിഖ്ഹില്ലാത്ത ശരീഅത്തില്ല, ത്വരീ ഖത്തില്ല. ഫിഖ്ഹ് അനുസരിച്ചുള്ള ഇബാദത്തുകൾ സ്വീകാര്യമാവണ മെങ്കിൽ വിശ്വാസം (അഖീദഃ) ശരിയായ വിധം ആയിരിക്കണം. പ്രത്യേ കിച്ചും ത്വരീഖത്തിൽ പ്രവേശിക്കുന്നവർ അവരുടെ വിശ്വാസത്തിൽ ഒരൽപ്പം പോലും ബിദ്അത്ത് കലരാതിരിക്കാൻ ശ്രദ്ധിക്കണം. ത്വരീഖത്തിലൂടെ ലക്ഷ്യമിടുന്നത് ഉന്നത വിലായത്താണ്. അഥവാ അല്ലാ ഹുവിലേക്ക് അങ്ങേയറ്റം അടുക്കൽ. വിശ്വാസത്തിൽ ബിദ്അത്ത് കല രൽ ഒരു വലിയ്യിനും യോജിച്ചതല്ല. അതു തെറ്റാണ്. വലിയ്യ് പാപസു രക്ഷിതൻ (മഅ് സൂം) അല്ലെങ്കിലും തെറ്റുകളിൽ നിന്ന് കാക്കപ്പെട്ട വൻ (മഹ്ഫൂള്) ആയിരിക്കണം. ഇമാം നവവി(റ) എഴുതുന്നു: ഇമാം ഖുശൈരി(റ) പറഞ്ഞു: വലിയ്യ് പാപസുരക്ഷിതനാണോ അല്ലയോ എന്ന് ചോദിക്കപ്പെട്ടാൽ നമ്മൾ പറയും, അമ്പിയാക്കളെപ്പോലെ പാപ സുരക്ഷിതനാവൽ നിർബന്ധമില്ല. തെറ്റുകളിൽ നിന്ന് കാക്കപ്പെട്ടവ നായിരിക്കണം. അതുകൊണ്ടുതന്നെ തെറ്റുകൾ ചെയ്തുകൊണ്ടേയി രിക്കുന്നവനാവുകയില്ല വലിയ്യ് (ബുസ്താനുൽ ആരിഫീൻ: 66).
നബിﷺയും സ്വഹാബത്തും പഠിപ്പിച്ച വിശ്വാസമാണ് യഥാർത്ഥ വിശ്വാസമെന്ന് എല്ലാവർക്കുമറിയാം. അതാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത്. അതുകൊണ്ടുതന്നെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തി ലല്ലാതെ അല്ലാഹുവിന് ഒരു വലിയ്യും ശൈഖും മുരീദും ത്വരീഖത്തു മുണ്ടാവുകയില്ല. ശൈഖ് അഹ്മദ് ബ്ൻ മുബാറക് അൽഫാസി(റ) എഴുതുന്നു: ശൈഖ് അബ്ദുൽ അസീസിദ്ദബ്ബാഗ്(റ) പറഞ്ഞു: അഹ്ലു സ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിലുള്ള അടിമക്കേ അല്ലാഹു ആത്മീയ വിജയം നൽകുകയുള്ളൂ. ഈ വിശ്വാസത്തിലല്ലാത്ത ഒരു വലിയ്യും അല്ലാഹുവിനില്ല. ശൈഖവർകൾ അഹ്ലുസ്സുന്നയെ മദ്ഹു ചെയ്യുമായിരുന്നു. എന്നിട്ടു പറയും, ഞാനവരെ അങ്ങേയറ്റം പ്രിയം വെക്കുന്നു. അവരുടെ വിശ്വാസത്തിൽ വഫാതാവാൻ അല്ലാഹുവി നോടു തേടുന്നു (അൽ ഇബ്‌രീസ്: 14).
ശൈഖ് അബ്ദുൽ അസീസിദ്ദബ്ബാഗ്(റ) സൂഫി ലോകത്ത് എണ്ണപ്പെട്ട പണ്ഡിതനാണ്. മൊറോക്കക്കാരനായ ശൈഖിൻ്റെ വാചകങ്ങൾക്ക് സൂഫിയാക്കൾ വലിയ സ്ഥാനം കൽപിക്കാറുണ്ട്. വിശ്വാസവും കർമവും ശരിയാവുമ്പോൾ മാത്രമേ ശരീഅത്തിലധിഷ്ഠമായ ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. ശരിയായ മാർഗം അഹ്ലുസ്സുന്നത്തി വൽ ജമാഅത്താണെന്നറിഞ്ഞതിനാൽ എന്താണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തെന്ന് നാം അറിഞ്ഞിരിക്കൽ നിർബന്ധമാണ്.
അഹ്ലുസ്സുന്നത്തി വൽ ജമാഅഃ
മഹ്ശറയിൽ ചില ആളുകളുടെ മുഖം വെളുക്കുകയും ചിലരുടെത് കറുത്തുപോവുകയും ചെയ്യും എന്നർത്ഥമുള്ള ആലുഇംറാൻ സൂറ ത്തിലെ 106-ാമത്തെ ആയത്തിൻ്റെ വിശദീകരണത്തിൽ ഹാഫിള് ബനികസീർ എഴുതുന്നു: ഇബ്നു അബ്ബാസ്(റ) പറഞ്ഞിരിക്കുന്നു: അന്ത്യദിനത്തിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തുകാരുടെ മുഖം വെളുക്കുകയും ബിദ്അത്തുകാരുടെ മുഖം കറുത്തുപോവുകയും ചെയ്യും (തഫ്‌സീറു ബ്‌നി കസീർ: 1/347).
ഇമാം ഗസാലി(റ)യും ഇമാം മുഹമ്മദ് ബ്‌നി അബ്‌ദുൽ കരീം ശഹർസ്ഥാനി(റ)യും രേഖപ്പെടുത്തുന്നു: നബി(സ) പറഞ്ഞു: എന്റെ സമുദായം 73 വിഭാഗമായി വേർപിരിയും. രക്ഷപ്പെടുന്നത് ഒരു വിഭാഗം. ബാക്കിയുള്ളവരെല്ലാം നാശകാരികൾ. ചോദിക്കപ്പെട്ടു. ഏതാണ് രക്ഷ പ്പെട്ട വിഭാഗം? നബി(സ) പറഞ്ഞു: അഹ്ലുസ്സുന്നത്തി വൽ ജമാഅഃ. ചോദിക്കപ്പെട്ടു: എന്താണ് സുന്നത്ത് ജമാഅത്ത്? നബി(സ) പറഞ്ഞു: എന്റെയും സ്വഹാബത്തിന്റെയും മാർഗം (ഇഹ‌്യാ ഉലൂമുദ്ദീൻ: 3/230, അൽ മിലലു വന്നഹ്ൽ: 1/20).
ഹാഫിള് ഇബ്നു കസീർ എഴുതുന്നു: ഖുർആൻ, നബി(സ)യുടെ സുന്നത്ത്, സ്വഹാബത്ത്, താബിഉകൾ, ഇമാമുകൾ തുടങ്ങിയവരുടെ മാർഗത്തിൽ നിലകൊള്ളുന്നവരാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ ത്തുകാർ (തഫ്‌സീറു ബ്‌നികസീർ: 3/434).
ഇബ്നു തൈമിയ്യ എഴുതുന്നു: ഈ ഉമ്മത്തിലെ സലഫുസ്വാലി ഹീങ്ങളും ഇമാമുകളും അവരെ പിൻപറ്റിയവരുമാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തുകാർ (മജ്‌മൂഉൽ ഫതാവ: 24/191).
ഖുതുബുൽ അഖ്ത്വാബ് ശൈഖ് സയ്യിദ് ഗൗസുൽ അഅ്ളം മുഹ്‌യിദ്ദീൻ അബ്ദിൽ ഖാദിർ ജീലാനി(റ) എഴുതുന്നു: മുഅ്മിനായവന് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെ പിൻപറ്റൽ നിർബന്ധമാണ്. ബിദ് അത്തുകാരോട് സലാം പറയരുത്, അവരുടെ സദസ്സിൽ ഇരിക്ക രുത്, സന്തോഷവേളകളിലും പെരുന്നാളുകളിലും അവരോട് സന്തോഷം പങ്കിടരുത്, അവർ മരിച്ചാൽ നിസ്‌കരിക്കരുത്, അവരെ പറയപ്പെട്ടാൽ റഹ്‌മത്ത് പറയരുത് (അൽ ഗുൻയതു ലി ത്വാലിബീ : 1/80).
ശാഫിഈ മദ്ഹബിൽ ഫക്ക് അവലംബിക്കുന്ന ഗ്രന്ഥങ്ങളി ലൊന്നിൽ ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: നബി(സ), സ്വഹാബത്ത്, ശേഷക്കാരായ മഹത്തുക്കൾ തുടങ്ങിയവർ നിലകൊണ്ട് വിശ്വാസ സരണിയാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത്. പിൽക്കാ ലത്ത് ഇമാം അബുൽ ഹസൻ അശ്അരി(റ), ഇമാം അബൂ മൻസൂ റിൽ മാതുരീദി(റ) അവരെ പിൻപറ്റിയവർക്കുമാണ് ഈ പേര് പറയാ റുള്ളത് (തുഹ്ഫ: 10/235).
വിശ്വാസപരമായി അശ്അരിയ്യ, മാതുരീദിയ്യ മദ്ഹബിൽ ഏതെങ്കിലും ഒരു മദ്ഹബ് അനുസരിച്ച് വിശ്വാസപരമായി നാം ജീവിക്ക ണം. ഇമാം അബുൽ ഹസൻ അശ്അരി(റ)യുടെ അശ്അരിയ്യ സര ണിയാണ് വിശ്വാസപരമായി നാം പിൻപറ്റുന്നത്. കേരളത്തിലെ സുന്നി കൾ വിശ്വാസപരമായി അശ്അരിയ്യ മദ്ഹബാണ്. ഇമാം സഅ്ദുദ്ദീൻ തഫ്താസാനി(റ)യുടെ ശർഹുൽ അഖാഇദ്, ശർഹുൽ മഖാസ്വിദ് തുട ങ്ങിയ ദർസുകളിൽ ഓതിപ്പഠിക്കുന്ന ഗ്രന്ഥങ്ങളിൽ ശരിയായ വിശ്വാസ സരണി വിശദീകരിക്കുന്നുണ്ട്.
ചുരുക്കത്തിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെതിരിൽ സംസാരിക്കുന്ന ഒരു ത്വരീഖത്തും സത്യമല്ല. അതെല്ലാം പിഴച്ച മാർഗ ങ്ങളാണ്. അല്ലാഹുവിലേക്ക് മനുഷ്യരെ എത്തിക്കുന്ന വഴിയല്ലത്. അത്ത രക്കാരെ നാം സൂക്ഷിക്കണം. വിശ്വാസം ശരിയായാൽ മാത്രം പോര അതോടൊപ്പം കർമവും ശരിയായിരിക്കണം. കർമങ്ങൾ ശരിയാവാൻ ഫിഖ്ഹ് അറിഞ്ഞിരിക്കണം. ശരീഅത്തിൻ്റെയും ത്വരീഖത്തിന്റെയും വിജ്ഞാനങ്ങളിൽ പെട്ടതാണ് ഫിഖ്ഹ്. യഥാർത്ഥ സൂഫി ഫഖീഹു മായിരിക്കും. ഇമാം ശഅ്റാനി(റ) എഴുതുന്നു: എല്ലാ സൂഫിയും കർമ ശാസ്ത്ര പണ്ഡിതനായിരിക്കും. എല്ലാ കർമശാസ്ത്ര പണ്ഡിതനും സൂഫിയായിരിക്കില്ല (ത്വബഖാത്തുൽ കുബ്‌റാ: 1/4).
ഫിഖ്ഹിന്റെ മഹത്വം
ഫിഖ്ഹിന്റെ മഹത്വം മനസ്സിലാക്കിയവരും പ്രചാരകരുമാണ് ത്വരീ ഖത്തുകാർ, സൂഫിവര്യന്മാരും ഖുതുബുകളും അബ്‌ദാലുകളും ഔതാ ദുകളുമാണ് ഫിഖ്ഹിന് വെള്ളവും വെളിച്ചവും നൽകിയവർ. ഫിഖ്ഹിനെ എതിർക്കുന്നവരും നിസാരപ്പെടുത്തുന്നവരും പ്രോൽസാ ഹനം നൽകാത്തവരും വ്യാജന്മാരാണ്. അത്തരക്കാർ ഹഖായ ഒരു ത്വരീഖത്തുകളിലും ഇല്ല.
ഫിഖ്ഹ് പഠനത്തെ നിരുൽസാഹപ്പെടുത്തുവാൻ വ്യാജന്മാർ പറ യാറും എഴുതിവിടാറുമുണ്ട്. ഇമാം ഗസ്സാലി(റ) തന്റെ ആയുസ് ഫിഖ്ഹിൽ ചിലവഴിച്ചതിൽ ഖേദിച്ചിട്ടുണ്ടെന്ന്. ഈ വാചകത്തെ സംബന്ധിച്ച് ശാഫിഈ മദ്ഹബുകാരനും ശഅ്റാനിയ്യാ ത്വരീഖത്തിന്റെ ശൈഖും ഔലിയാക്കളുടെ നേതാവുമായ ഇമാം ശഅ്റാനി(റ) എഴു തുന്നു: അങ്ങനെ പറഞ്ഞതിൽ നിന്ന് ഇമാം ഗസ്സാലി(റ) മടങ്ങിയിട്ടു ണ്ട്. ഇമാം ഗസ്സാലി(റ) പറഞ്ഞു: ഇൽമ് പഠിക്കുന്നതിലും പഠിപ്പിക്കു ന്നതിലും ഇഖ്ലാസ് ഇല്ലാത്തവനാണ് ഇൽമ് ഒരു മറയാവുക. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനി(റ)ക്ക് തൻ്റെ ഹാൽ പൂർണമായതിന് ശേഷം ഫിഖ്ഹ്, ഉസ്വൂൽ, നഹ്‌വ് (അറബി ഗ്രാമർ) തുടങ്ങിയവ വഫാത് വരെ ദർസ് നടത്തിയിരുന്നു (അൽ മിനനുൽ കുബ്റ: 87).
ഒരു മഹാൻ ഒരിക്കൽ ഒന്നു പറയുകയും പിന്നീടതിൽ നിന്ന് മടങ്ങുകയും ചെയ്‌താൽ ആ അഭിപ്രായം ആ മഹാനിലേക്ക് ചേർത്ത് പറയാൻ പാടില്ലെന്ന പൊതുനിയമം പോലും അറിയാത്തവർ ത്വരീഖത്ത് പറയാനേ പാടില്ല. ചുരുക്കത്തിൽ ഇമാം ഗസ്സാലി(റ) അങ്ങിനെ പറഞ്ഞില്ലെന്നു വന്നു. പിന്നെയും ഇമാമിൻ്റെ പേരിൽ ഈ വാചകം ഉദ്ധരിക്കുന്നത് വിവരമുള്ളവരുടെ അടുക്കൽ താൻ വ്യാജനാണെന്ന് വിളിച്ചുപറയലാണ്. ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാ ഉലൂമുദ്ദീനിൽ പോലും ധാരാളം ഫിഖ്ഹീ മസ്അലകൾ ഉണ്ട്.
സ്വഹാബത്തിനു ശേഷം വന്ന മുഴുവൻ ഔലിയാക്കളുടെ നേതാ വായി ഇമാം യാഫിഈ(റ) പറഞ്ഞ ശൈഖ് അബ്‌ദുൽ ഖാദിർ ജീലാ നി(റ)യുടെ അടുത്തുവെച്ചാണ് ഇമാം ഇബ്‌നു ഖുദാമഃ(റ) കിതാബുൽ ഖറഖി എന്ന ഹമ്പലീ മദ്ഹബിലെ ഫിഖ്ഹിൻ്റെ കിതാബോതിയത്. പ്രസ്തുത ഗ്രന്ഥത്തിന് ഇമാം എഴുതിയ വ്യാഖ്യാനമാണ് ഹമ്പലീ മദ്ഹബിലെ പ്രധാന ഫിഖ്ഹ് ഗ്രന്ഥമായ മുഗ്‌നി.
ഇമാം നവവി(റ) ഔലിയാക്കളുടെ നേതാവാണ്. ഖിള്ർ നബി( അ)യുമായി ആത്മീയ ബന്ധമുള്ള മഹാനാണ്. ധാരാളം കറാമത്തു കൾ ഇമാമിൽ നിന്നുദ്ധരിച്ചിട്ടുണ്ട്. എഴുപതിലധികം ഗ്രന്ഥങ്ങൾ ഇമാം നവവി(റ) രചിച്ചിട്ടുണ്ട്. സൂഫീ ലോകത്തെ ഉന്നതനായ ഇമാം ഫിഖ്ഹിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഫിഖ്ഹ് പഠനത്തെ പ്രോൽസാഹിപ്പിക്കുകയും സമർത്ഥിക്കുകയും ചെയ്‌ത മഹാൻ "രണ്ടാം ശാഫിഈ' എന്ന പേരിൽ വ്യാഖ്യാതനായി. മിൻഹാജുത്വാലിബീൻ, റൗളഃ, ശർഹുൽ മുഹദ്ദബ്, തഹ്ഖീഖ് തുടങ്ങിയവ ഇമാം നവവി(റ) യുടെ ചില ഫിഖ്ഹ് ഗ്രന്ഥങ്ങളാണ്.
ഇമാം ശഅ്റാനി(റ) സൂഫിയാക്കളുടെ നേതാവാണ്. തസ്വവ്വഫിൽ ധാരാളം ഗ്രന്ഥങ്ങൾ രചിച്ച മഹാനവർകൾ ഫിഖ്ഹിലും ഗ്രന്ഥ ങ്ങൾ രചിച്ചിട്ടുണ്ട്. അൽ മീസാനുൽ കുബ്റ അതിൽ പ്രസിദ്ധമാണ്. ശാഫിഈ മദ്ഹബുകാരനായ മഹാൻ മാലികീ മദ്ഹബിലെ ഫിഖ്ഹ് ഗ്രന്ഥമായ അൽ മുദവ്വനഃ സംഗ്രഹിച്ച് മുഖ്‌തസ്വറുൽ മുദവ്വനഃ എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ ഉസ്വൂലുൽ ഫിഖ്ഹിലെ ഒരു പ്രധാന ഗ്രന്ഥമായ ഇമാം സുബ്കി(റ)യുടെ ജംഉൽ ജവാമിഇന് വ്യാഖ്യാനവും ഇമാം ശഅ്റാനി(റ) എഴുതിയിട്ടുണ്ട്. അറബി ഗ്രാമറിൽ (നഹ്വ്) പ്രസിദ്ധമായ ഇമാം ഇബ്‌നു മാലികി(റ)ൻ അൽഫി യക്കും ഇമാം വ്യാഖ്യാനമെഴുതിയിട്ടുണ്ട്.
ചുരുക്കത്തിൽ ഫിഖ്ഹിനെതിരിൽ ശബ്ദിക്കുകയും ഫിഖ്ഹ് പഠനത്തെ നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നത് തസ്വവുഫിലുള്ള അജ്ഞത കൊണ്ടു മാത്രമാണ്. സൂഫി ഫഖീഹുമായിരിക്കണം എന്ന് ഇമാം ശഅ്റാനി(റ) പറഞ്ഞത് മുകളിൽ നാം വായിച്ചല്ലോ. ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ഇമാം ശാഫിഈ(റ) 'ഔതാദ്' എന്ന പദവി അലങ്കരിച്ചവരായിരുന്നു. വഫാതിനു മുമ്പ് അല്ലാഹു ഇമാ മിനെ ഖുതുബിൻ്റെ (ഔലിയാക്കളുടെ നേതാവ്) പദവിയിലേക്കു യർത്തി ആദരിച്ചു (അൽ ഫതാവൽ ഹദീസിയ്യ: 232),
ഫിഖ്ഹിന്റെ മഹത്വം അറിയിക്കുന്ന ചില ഹദീസുകളും മഹത് വചനങ്ങളും കാണുക. ഇമാം നവവി(റ) എഴുതുന്നു: നബി(സ) പറഞ്ഞു: ആയിരം ആബിദിനേക്കാൾ ശൈത്വാന് വിഷമം ഒരു കർമശാസ്ത്ര പണ്ഡിതനാണ്. ഇബ്‌നു ഉമർ(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരു ഫിഖ്ഹിൻ്റെ സദസ്സ് അറുപത് വർഷത്തെ ഇബാദത്തി നേക്കാൾ ഉത്തമമാണ്. അബ്‌ദുർറഹ്‌മാനുബ്‌നി ഔഫ്(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ധാരാളം ഇബാദത്തിനേക്കാൾ ഉത്തമം കുറഞ്ഞ ഫിഖ്ഹ് ആകുന്നു.
അബുദ്ദർദാഅ്(റ) പറഞ്ഞു: കർമശാസ്ത്ര പണ്ഡിതരുടെ (ഫുഖഹാക്കളുടെ) വാക്കുകളില്ലാതിരുന്നുവെങ്കിൽ ഞങ്ങളൊന്നുമല്ലായിരുന്നു (ശർഹുൽ മഹദ്ദബ്: 1/37, 38).
എന്നാൽ കേവലം ഫിഖ്ഹു മാത്രം പഠിച്ച് പഠിപ്പിച്ചുകൊണ്ട് ഒരാൾക്ക് ആത്മീയമായി ഉയരാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ഫിഖ്ഹോടൊപ്പം തസ്വവുഫും വേണം. ഫിഖ്ഹുമായി മാത്രം കഴി യുമ്പോൾ ഹൃദയ കാഠിന്യമുണ്ടായേക്കാം. മഹാന്മാരായി ലോകത്തറിയപ്പെട്ടവരെല്ലാം ഫിഖ്ഹും തസ്വവുഫും കൈകാര്യം ചെയ്തവരാ ണ്. ഇമാം അഹ്‌മദ് സറൂഖ്(റ) പറഞ്ഞു: ഇമാം മാലിക്(റ) പറഞ്ഞു: ഒരാൾ ഫിഖ്ഹ് പഠിച്ചു, തസ്വവുഫ് പഠിച്ചില്ല. നിശ്ചയം അവൻ ഫാസി ഖായി. ഒരാൾ തസ്വവുഫ് പഠിച്ചു, ഫിഖ്ഹ് പഠിച്ചില്ല.അവൻ വ്യതിച ലിച്ചു. ഒരാൾ ഇതുരണ്ടും കരസ്ഥമാക്കിയാൽ നിശ്ചയം അവൻ ദൃഢ ജ്ഞാനിയായി (ഖവാഇദുത്തസ്വവുഫ്: 22).
തസ്വവുഫ്
തസ്വവുഫ് അഥവാ സൂഫീമാർഗം ഒരു പ്രത്യേക വിജ്ഞാന ശാഖ യാണ്. തസ്വവുഫ് ഗ്രന്ഥങ്ങൾ പാരായണം ചെയ്‌താൽ മാത്രമേ ആത്മീയ ലോകമെന്തന്നറിയുകയുള്ളൂ. സുന്നികൾ മാത്രമേ തസ്വവുഫ് സംരക്ഷകരുള്ളൂ. ബിദഇകൾ എന്നോ പുറംതിരിഞ്ഞവരാണ്. സൂഫീ ചമഞ്ഞ് നടക്കുന്ന വ്യാജന്മാർക്ക് ഫിഖ്ഹും തസ്വവുഫും എന്താണെ ന്നറിയുക പോലുമില്ല. ഫിഖ്ഹ് ഗ്രന്ഥങ്ങൾ പഠനം നടത്തുന്നതുപോ ലെയുള്ള ഒരു പഠനം തസ്വവുഫിൽ ഇല്ലാത്തതിനാലാണ് വ്യാജന്മാർ ഈ മേഖലയിൽ പെരുകിയതും തസ്വവുഫ് ത്വരീഖത്തുകളിൽ അബദ്ധം പറഞ്ഞവരുടെ അബദ്ധങ്ങൾ ഏറ്റുപിടിക്കുവാൻ ആളുകളുണ്ടായതും.
ഫിഖ്ഹ് ഗ്രന്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ തസ്വ ഫ് ഗ്രന്ഥങ്ങൾ കൈകാര്യം ചെയ്‌തുകൂടാ. തസ്വവുഫ് വേറെയൊരു വിജ്ഞാന ശാഖയായതുകൊണ്ട് തന്നെ അതിൻറെ സ്വഭാവത്തോടു കൂടിത്തന്നെ ഗ്രന്ഥപാരായണം അത്യാവശ്യമാണ്. ഫഖീഹ് അഥവാ കർമശാസ്ത്ര പണ്ഡിതനിൽ നിന്നാണ് ഫിഖ്ഹ് പഠിക്കേണ്ടത്. സൂഫി യിൽ നിന്നാണ് തസ്വവുഫ് പഠിക്കേണ്ടത്. ഒരാൾ ഫഖീഹും സൂഫി യുമായാൽ ഇതു രണ്ടും ഒരാളിൽ നിന്നു പഠിക്കാം.
തസ്വവുഫ് അനുസരിച്ച് ഇബാദത്തു ചെയ്യുന്നവനാണ് സൂഫി. തസ്വവുഫിന് മുമ്പേ ഫിഖ്ഹ് പഠിച്ചിരിക്കണം. ഫിഖ്ഹ് ഇല്ലാത്ത തസ്വ വ്വഫ് ഇല്ല. ഇമാം നവവി(റ) എഴുതുന്നു: തസ്വവുഫിന്റെ അടിസ്ഥാന മാർഗം അഞ്ചെണ്ണമാണ്.
- രഹസ്യവും പരസ്യവുമായി അല്ലാഹുവിനെ ﷻ സൂക്ഷിക്കുക.
- വാക്കിലും പ്രവർത്തനത്തിലും സുന്നത്തിനെ പിൻപറ്റുക.
- സൃഷ്ടികളെ തൊട്ട് തിരിഞ്ഞുകളയൽ
- കുറഞ്ഞതിലും കൂടിയതിലും അല്ലാഹുവിനെ തൃപ്തിപ്പെടുക.
- സന്തോഷത്തിലും ദുഃഖത്തിലും അല്ലാഹുവിലേക്ക് ﷻ മടങ്ങൽ. (അൽ മഖാസ്വിദ്: 20).
ഇബ്നു ഖൽദൂൻ(റ) എഴുതുന്നു: തസ്വവുഫിൻ്റെ അടിസ്ഥാനം ഇബാദത്തിലായി കഴിയലും അല്ലാഹുവിലേക്ക് പൂർണമായി തിരി യലും ദുൻയാവിൻ്റെ ഭംഗിയിൽ നിന്ന് തിരിഞ്ഞുകളയലും ഭൗതിക വിരക്തതയും ഇബാദത്തിന് വേണ്ടി സ്വന്തത്തിൽ സൃഷ്ടികളുമായി വേർപിരിയലുമാണ്. സ്വഹാബത്തും പൂർവസൂരികളും ഇങ്ങനെയായിരുന്നു (മുഖദ്ദിമതുബ്‌നി ഖൽദൂൻ: 328).
ഇമാം താജുദ്ദീനുസ്സുബ്കി(റ) എഴുതുന്നു: സൂഫികൾ ദുൻയാ വിനെ തൊട്ട് തിരിഞ്ഞുകളഞ്ഞവരാണ്. അധിക സമയങ്ങളിലും ഇബാ ദത്തിലായി കഴിയുന്നവരുമാണ്. അവർ അല്ലാഹുവിൻ്റെ പ്രത്യേകക്കാരാ ണ്. അവരെ പറയൽകൊണ്ട് അനുഗ്രഹം പ്രതീക്ഷിക്കാം. അവരുടെ ദുആകൊണ്ട് സഹായം ലഭിക്കും (മുഈദുന്നിഅം: 119).
ഇമാം സുയൂത്വി(റ) എഴുതുന്നു: തസ്വവുഫ് ശ്രേഷ്‌ഠമായ ഇൽമാകുന്നു. സുന്നത്തിനെ പിൻപറ്റലും ബിദ്അത്തുകളെ വെടിയലും ശരീ രേഛകളിൽ നിന്ന് ആത്മാവിനെ സംരക്ഷിക്കലുമാണ് തസ്വവുഫിന്റെ കാതൽ. സൂഫികളിൽപെടാത്ത പലരും തസ്വവുഫിൽ പ്രവേശിച്ചതാണ് മൊത്തത്തിൽ അവരെ പറ്റി തെറ്റായ ധാരണ ഉണ്ടാക്കാനിടയായത്. മതപരമായ നിയമങ്ങൾക്കെതിരിൽ സംസാരിക്കുന്ന ഒരൊറ്റ സൂഫിയെയും ഞാൻ കണ്ടിട്ടില്ല. സൂഫികളെന്ന് വാദിക്കുന്ന ബിദഇകളാണങ്ങനെ വാദിക്കുന്നത് (തഅ‌്യീദുൽ ഹഖീഖത്തിൽ അലിയ്യ: 57).
ചുരുക്കത്തിൽ തസ്വവുഫ് എന്നാൽ ഖുർആനും സുന്നത്തും മുറുകെ പിടിച്ച് ജീവിക്കലാണ്. ഇതിനെതിരിലുള്ള എല്ലാ കാര്യങ്ങളും ബാത്വിലാണ്. നിസ്ക്കരിക്കാതെയും നോമ്പനുഷ്‌ഠിക്കാതെയും അന്യസ്ത്രീദർശന സ്പർശനവുമായി സൂഫി, വലിയ്യ് ചമഞ്ഞ് നടക്കുന്നവരെ നാം ശ്രദ്ധിക്കണം. അങ്ങനെയൊന്നും ശരീഅത്തിലില്ലാത്തതിനാൽ തസ്വവുഫിലും ത്വരീഖത്തിലും ഇല്ല.
ജനങ്ങളിൽ തസ്വവുഫ് വാദിക്കുന്ന കപടന്മാരുണ്ട്. അവർ ശരീ അത്തിന്റെ നിയമങ്ങളെ തകിടംമറിച്ചു തോന്നിയപോലെ ജീവിച്ചു അവർ പറഞ്ഞു: ഖൽബ് ശുദ്ധീകരിച്ചാൽ മതിയെന്ന്. അവർ പറയും, ഞങ്ങൾ ബാത്വിനിൻ്റെ അഹ്‌ലുകാരാണ്. അവർ ളാഹിറിന്റെ അഹ്ലു കാരുമാണ്. ഈ വിഭാഗം വഴിപിഴച്ചവരാണ്. ഈ കൂട്ടരുടെ പ്രവർത്ത നങ്ങളൊന്നും മഹത്തുക്കളായ സൂഫിയാക്കൾക്കെതിരിൽ ഒരു തെളി വായി നാം എടുക്കൽ അനുവദനീയമല്ല.
ത്വരീഖത്ത്
തസ്വവുഫ് അഥവാ സൂഫീസരണി ത്വരീഖത്തുകളുമായി ബന്ധ പ്പെട്ടതാണ്. സൂഫികൾക്ക് ഏതെങ്കിലും ത്വരീഖത്തുകളുമായി ബന്ധമുണ്ടായിരിക്കും. ആത്മീയ മേഖലയിൽ കൂടി സഞ്ചരിക്കുന്നവർക്കും ശൈഖും ത്വരീഖത്തും കൂടിയേ തീരൂ. നിപുണനായ ഒരു ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ച് മുന്നേറുമ്പോഴാണ് ത്വരീഖത്തിൻ്റെ ആവശ്യകത വരുന്നത്. ശൈഖ് നിർദേശിക്കുന്ന ആത്മീയ വഴിയാണ് ത്വരീഖത്ത്. യഥാർത്ഥ സൂഫികൾ ഫിഖ്ഹും തസ്വവുഫും സമ്മേളിച്ച ഇബാദത്തുകൾ നിറഞ്ഞവരായിരിക്കും. പരിശുദ്ധ ദീനിനെതിരിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ഒരിക്കലും അവർ ചെയ്യില്ല. അവർ അങ്ങനെ ചെയ്യുമെന്ന് വിചാരിക്കാനേ പാടില്ല. അവരുമായി ആത്മീയ ബന്ധം പുലർത്തുന്നവരും സഹവസിക്കുന്നവരും പൂർണമായ അദബോടുകൂടിയേ അവരോട് പെരുമാറാവൂ. ഇമാം ശഅ്റാനി(റ) എഴുതുന്നു: അവരോടുള്ള കുറഞ്ഞ അദബ് അവർ പറയുന്നതിനെ അംഗീ കരിക്കലും ഉയർന്ന അദബ് അതിനെ ഉറച്ച് വിശ്വസിക്കലുമാണ് (അൽ കിബ്‌രീതുൽ അഹർ: 1/5).
അതിനാൽ ഒരിക്കലും ത്വരീഖത്തിൻ്റെ അഹ്‌ലുകാരായ സൂഫികളെ വിമർശിക്കരുത്. എന്നാൽ ഈ മേഖലയിൽ വ്യാജന്മാരുടെ വിളയാട്ടം പലനാടുകളിലും കൂടിവരികയും പാമരന്മാരെ ത്വരീഖത്തിന്റെ പേർപറഞ്ഞ് ചൂഷണം ചെയ്യുകയും ചെയ്‌തപ്പോൾ ത്വരീഖത്തെന്നാൽ പിഴച്ചതാണെന്ന് വരെ പലരും തെറ്റിദ്ധരിച്ചു. എന്നാൽ ലോകമുസ്‌ലിംകൾ നെഞ്ചിലേറ്റി ബഹുമാനാദരപൂർവം സ്‌മരിക്കുന്ന മഹാരഥന്മാരെല്ലാം പല ത്വരീഖത്തുകളുടെയും സ്ഥാപകന്മാരും പ്രചാരകരുമായിരുന്നു. അതെല്ലാം സത്യമായ ത്വരീഖത്തുകളായിരുന്നു. ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) ഖാദിരിയ്യ ത്വരീഖത്തിൻ്റെ ശൈഖാണ്. ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ) രിഫാഇയ്യ ത്വരീഖത്തിന്റെ ശൈഖാണ്. ശൈഖ് അബുൽ ഹസൻ ശാദുലി(റ) ശാദുലിയ്യാ ത്വരീ ഖത്തിന്റെ ശൈഖാണ്. ശൈഖ് ഗരീബു നവാസ് ഖ്വാജാ മുഈനുദ്ദീ നിൽ ചിശ്‌തി അജ്‌മീരി(റ) ചിശ്‌തിയ്യ ത്വരീഖത്തിൻ്റെ പ്രചാരകരാണ്. ഈ പട്ടിക വളരെ നീണ്ടതാണ്. (ഇ.അ). നൂറോളം സത്യമായ ത്വരീഖത്തുകളുടെ പേരുകൾ ശേഷം വരുന്നുണ്ട്.
അല്ലാഹുവിലേക്ക് അടുക്കുവാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന മാർഗമാണല്ലോ ത്വരീഖത്ത്. വിശാലവും വളരെയധികം ശ്രദ്ധിക്കേണ്ടതുമായ മാർഗമാണിത്. ആത്മീയ മാർഗമവലംബിക്കുന്നവർക്ക് വഴികാട്ടിയായ ശൈഖ് നിർദേശിക്കുന്ന വഴിയായ ത്വരീഖത്തിലേക്ക് പ്രവേശിക്കുന്നവനാണ് മുരീദ്. മുരീദ് യഥാർത്ഥ മുരീദാവാനും ശൈഖ് തർബിയ്യത്തിന് യോഗ്യത കൈവരിച്ച ശൈഖാവാനും നിബന്ധനകൾ ധാരാളമാണ്. ഈ നിബന്ധനകൾ സമ്മേളിക്കുമ്പോഴേ ശൈഖും മുരീദും ഉണ്ടാവുകയുള്ളൂ. ഹിജ്റ 973-ൽ വഫാതായ ഇമാം ശഅ്റാനി( റ) എഴുതുന്നു: ഈ കാലത്ത് നമ്മളിൽ നിന്ന് ഒരാൾ ഒരു മുരീദിൻ്റെ സ്ഥാനത്തേക്കെത്തുക വളരെ വിദൂരമാണ് (അൽ അൻവാറുൽ ഖുദ്‌സിയ്യ ഫീ മഅരിഫതി ഖവാഇദിസ്സൂഫിയ്യ: 10).
ത്വരീഖത്തിൽ പ്രവേശിച്ചാലുള്ള നേട്ടങ്ങൾ കരസ്ഥമാക്കണമെങ്കിൽ കടമ്പകൾ ഏറെ കടക്കുവാനുണ്ട്. അറ്റമില്ലാത്തൊരു ലോകമാണത്. ആർക്കും എപ്പോഴും എളുപ്പത്തിൽ കയറിച്ചെല്ലാൻ പറ്റിയ മേഖലയല്ലത്. കഠിനമായ പരിശീലനങ്ങളും ഉറച്ചനിയ്യത്തും ഏത് സാഹ ചര്യത്തേയും നേരിടാനുള്ള മനക്കരുത്തും ഈ യാത്രക്കാരന് അത്യാവശ്യമാണ്. ശരീഅത്തിൻ്റെ നിയമങ്ങൾ ബാധകമല്ലാത്ത ശൈഖ്, മുരീദ്, ത്വരീഖത്ത് അല്ലാഹുവിനല്ലെന്ന് നാം മനസ്സിലാക്കണം.
ത്വരീഖത്ത് എന്നാൽ എന്ത് ഇമാം ഇബ്നു ഇബ്ബാദ്(റ) എഴുതുന്നു: തഖ്വയെയും അല്ലാഹുവിലേക്ക് നിന്നെ അടുപ്പിക്കുന്നതിനെയു നീ മുറുകെപിടിക്കലാണ് ത്വരീഖത്ത് (മഫാഖിറുൽ അലിയ്യ: 164).. മനുഷ്യനെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മാർഗങ്ങളായ ത്വരീഖത്തുകാർ നിരവധിയാണ്. ഖാദിരിയ്യ, രിഫാഇയ്യ, ശാദുലിയ്യ അവയിൽ ചിലതുമാത്രം. ത്വരീഖത്തിൽ പ്രവേശിക്കുന്നത് തന്നെ ഇഖ്‌ലാസ്വോടെ അമൽ ചെയ്യാനാണ്. അതുകൊണ്ടുതന്നെ ശരീഅത്തിനെതിരിൽ ത്വരീഖത്തിൽ ഉണ്ടാവുകയില്ല. ഇമാം സ്വാവി(റ) എഴുതുന്നു: നിശ്ചയം ത്വരീഖത്ത് എന്നാൽ ആന്തരികത്തെ ആവശ്യമില്ലാത്തതിൽ നിന്നെല്ലാം ശുദ്ധീകരിക്കലാണ് (സ്വാവി: 2/180).
ത്വരീഖത്തിന്റെ ആവശ്യകത
ത്വരീഖത്തിന്റെ നിർവചനത്തിൽ നിന്നുതന്നെ ത്വരീഖത്തിന്റെ ആവശ്യകത മനസ്സിലാക്കാം. അല്ലാഹുവിലേക്ക് അടുക്കുവാൻ ഇഖ്‌ലാസ്വോടെ അമൽ ചെയ്യുകയാണ് ത്വരീഖത്തിന്റെ ഉദ്ദേശ്യം. ആത്മീയ ലോകത്തെ പദവികളായ ഗൗസ്, ഖുത്തുബ്, ഔതാദ്, അബ്ദാൽ, നുഖ ബാഅ്, രിജാലുൽ ഗൈബ് തുടങ്ങിയ അനേകം പദവികളിൽ എത്തിച്ചേരണമെങ്കിൽ അങ്ങേയറ്റത്തെ ഇഖ്‌ലാസ്വോടെ അമലുകൾ നിർവഹിക്കണം. ആത്മീയ ലോകത്തേക്കെത്തണമെങ്കിൽ തന്നെ വഴികാട്ടിയാവശ്യമാണ്.
വഴികാട്ടിയാണ് ആത്മീയ ഗുരു അഥവാ ശൈഖ്. ശൈഖിലൂടെയേ ത്വരീഖത്തിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ. ത്വരീഖത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് യഥാർത്ഥത്തിൽ ശൈഖിനെയാണ്. ശൈഖ് മുരീദിനെ പ്രവേശിപ്പിക്കുന്ന ആത്മീയ സരണിയാണ് ത്വരീഖത്ത്. ഈ സരണി ചിലപ്പോൾ ഖാദിരിയ്യാ ത്വരീഖത്ത്, രിഫാഇയ്യ ത്വരീഖത്ത്, ശാദുലിയ്യാ ത്വരീഖത്ത് തുടങ്ങിയ അനേകം ത്വരീഖത്തുകളിൽ ഏതെങ്കിലുമായിരിക്കും.
മുൻകഴിഞ്ഞുപോയ മഹത്തുക്കളുടെ ജീവിതമെല്ലാം ത്വരീഖത്തുകളിലൂടെയായിരുന്നു. അവർക്കെല്ലാം ശൈഖും ത്വരീഖത്തുമുണ്ടായിരുന്നു. ഖാദിരിയ്യ ത്വരീഖത്തിൻ്റെ ശൈഖായ സയ്യിദ് അബ്‌ദുൽ ഖാദിർജീലാനി(റ)യുടെ ശൈഖാണ് ശൈഖ് അബൂസഈദുൽ മുബാറക് അൽ മഖ്സൂമി(റ). ശാദുലിയ്യാ ത്വരീഖത്തിൻ്റെ ശൈഖായ സയ്യിദ് അബൂൽ ഹസൻ ശാദുലി(റ)യുടെ ശൈഖാണ് സയ്യിദ് അബ്‌ദുസ്സലാമുബ്‌ന് മശീ ശ്(റ). ഇമാം താജുദ്ദീനുബ്നി അത്വാഉല്ലാഹിസ്സിക്കൻന്ദരി(റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി(റ)യോട് നിങ്ങളുടെ ശൈഖാരാണെന്ന് ചോദിച്ചാൽ പറയുമായിരുന്നു, അശൈഖ് അബ്ദുസ്സലാമ്ബ്ന് മശീശ്(റ) (ലത്വാഇഫുൽ മിനൻ: 54).
ഇമാം സുയൂത്വി(റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുടെ ത്വരീഖത്ത് ശൈഖ് അബ്‌ദുസ്സലാമ്‌ബ്‌ന് മശീശ്(റ) വഴി ഹസന്ബ്ൻ അലി(റ)യിൽ ചെന്നുചേരുന്നു (തഅ്‌യീദുൽ ഹഖീഖ ത്തിൽ അലിയ്യ: 91).
"സുൽത്താനുൽ ഉലമാ' എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ട ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതരിൽ ഒരാളായ ഇമാം ഇബ്നുദ്ദീന്ബ്ൻ അബ്ദിസ്സലാം(റ)മിൻ്റെ ശൈഖാണ് ശൈഖ് അബുൽ ഹസൻ ശാദുലി(റ). ഇമാം ശാദുലീ ത്വരീഖത്തുകാരനാണ്.
സൂഫിയാക്കളെ സംബന്ധിച്ച് വേണ്ടത്ര വിജ്ഞാനം ലഭിക്കാത്ത കാലത്ത് ഖുർആനും സുന്നത്തുമല്ലാത്ത മറ്റൊരു വഴി നമുക്കെന്തിനാണെന്ന് പറഞ്ഞ് ഇമാം ഇസ്സുദ്ദീൻബ്നി അബ്‌ദിസ്സലാം(റ) സൂഫിയാക്കളെ എതിർക്കുമായിരുന്നു (അന്നുസ്‌റത്തുന്നബവിയ്യ: 62).
എന്നാൽ പിന്നീട് ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുമായി ഇമാം ആത്മീയ ബന്ധം സ്ഥാപിക്കുകയും ശൈഖ് ശാദുലി(റ)യുടെ മുരീദാവുകയും ചെയ്‌തു (ജാമിഉ കറാമാതിൽ ഔലിയാഅ്: 2/172).
'ഹുജ്ജത്തുൽ ഇസ്ലലാം' എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ട ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതരിൽപെട്ട ഒരാളാണ് ഇമാം ഗസ്സാലി(റ). ഫിഖ്ഹ്, തസ്വവുഫിലായി ഉപകാരമുള്ള നിരവധി ഗ്രന്ഥങ്ങൾ ഇമാം രചിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ)യുടെ ശൈഖാണ് ശൈഖ് മുഹമ്മദുൽ ബാദിഗാനി(റ).
ഇമാം ശഅ്റാനി(റ) എഴുതുന്നു: 'ഹുജ്ജ ത്തുൽ ഇസ്ലാം' ആയതോടുകൂടെത്തന്നെ ഇമാം ഗസ്സാലി(റ) ശൈഖിനെ തേടി. അപ്രകാരം തന്നെ 'സുൽത്താനുൽ ഉലമാ' എന്ന സ്ഥാനപ്പേരോടുകൂടി ഇമാം ഇസ്സുദ്ദീനുബ്‌നി അബ്ദിസ്സലാം(റ) ശൈഖിനെ തേടി. ഇമാം ഗസ്സാലി(റ)യുടെ ശൈഖാണ് ശൈഖ് മുഹമ്മദുൽ ബാദിഗാനി(റ). ഇമാം ഇസ്സുദ്ദീൻ(റ)ൻ്റെ ശൈഖാണ് ശൈഖ് അബുൽ ഹസൻ ശാദുലിറ). ഈ രണ്ടുപേർക്കും ശരീഅത്തിൽ അഗാധ ജ്ഞാനമുള്ളതോടുകൂടി അവർക്ക് ശൈഖ് ആവശ്യമായി വന്നു. ഇമാം ഇസ്സുദ്ദീൻ(റ) പറഞ്ഞു: പൂർണമായി ഇസ്‌ലാമിനെ ഞാൻ മനസ്സിലാക്കിയത് ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുമായുള്ള ബന്ധത്തിനു ശേഷമാണ്. ഇവർക്ക് രണ്ടുപേർക്കും ശൈഖ് ആവശ്യ മായി വന്നെങ്കിൽ നമ്മളെ പോലുള്ളവർക്ക് അതിനേക്കാളും ആവശ്യമാണ് (അൽ മിനനുൽ കുബ്റ: 84).
ഇമാം നവവി(റ)യുടെ ശൈഖ്
ശാഫിഈ മദ്ഹബിലെ 'മുജ്‌തഹിദുൽ ഫത്വ' എന്ന സ്ഥാനത്തെത്തിയ മഹാപണ്ഡിതനാണ് ഇമാം നവവി(റ). 'രണ്ടാം ശാഫിഈ' എന്ന് മഹാനെ വിളിക്കാറുണ്ട്. ഇമാം മുഹമ്മദുബ്ൻ ഹസനില്ലഖ്‌മി(റ) എഴുതുന്നു: ഇമാം നവവി(റ) ശാഫിഈ ഫിഖ്ഹിൽ അഗ്രഗണ്യനായിരുന്നു. ഇമാമിനെ പോലോത്ത ഒരു പണ്ഡിതൻ ആ കാലത്ത് മുസ്ലിം നാടുകളിൽ ഇല്ലായിരുന്നു (തർജുമതുല്ലഖ്‌മി: 6).
ഇമാം യാഫിഈ(റ) എഴുതുന്നു: ഇമാം നവവി(റ)യുടെ കാലത്തും അതിനു ശേഷവും അതുപോലോത്ത ഒരാളെപ്പറ്റി നമുക്ക് വിവരം ലഭിച്ചിട്ടില്ല (മിർആത്തുൽ ജിനാൻ: 4/182).
ഇമാം സുബ്കി(റ) പറയുന്നു: ഇമാം നവവി(റ)യിൽ സമ്മേളിച്ച ഗുണങ്ങളുള്ള ഒരാൾ താബിഈങ്ങൾക്ക് ശേഷം ഉണ്ടായിട്ടില്ല (അൽ മൻഹലൂൽ അദബ്: 34).
ഇബ്‌നു കസീർ(റ) പറയുന്നു: ഇമാം നവവി(റ) മദ്ഹബിന്റെ ശൈഖും ആ കാലത്തെ കർമശാസ്ത്ര പണ്ഡിതന്മാരുടെ നേതാവുമായിരുന്നു (അൽ മൻഹലുൽ അദബ്: 61).
ഫിഖ്ഹിലും ഹദീസിലും സമുദ്രസമാനമായി അറിവുള്ള ഇമാം നവവി(റ)ക്കും ശൈഖ് ഉണ്ടായിരുന്നു.
ഇമാം സുബ്കി(റ) എഴുതുന്നു:-ത്വരീഖത്തിൽ ഇമാം നവവി(റ)യുടെ ശൈഖ് യാസീൻബ്നു യൂസുഫുസ്സർക്കശി(റ) ആയിരുന്നു (ത്വബഖാത്തുശ്ശാഫിഇയ്യ: 8/396).
ഇമാം നവവി(റ)യെ ചെറുപ്രായത്തിൽ കണ്ടമാത്രയിൽ ഇമാമിന്റെ ഭാവി മനസ്സിലാക്കുകയും അത് ഇമാമിൻ്റെ ഉസ്‌താദിനോട് പറയുകയും ചെയ്‌ത ശൈഖ് യാസീൻ സർക്കശി(റ) ഇമാമിനെ ആത്മീയ സോപാനത്തിലേക്ക് കൈപിടിച്ചുയർത്തി. ജാബിയാ കവാടത്തിന് വെളിയിൽ ശൈഖ് യാസീൻ(റ)ന് കച്ചവടമുണ്ടായിരുന്നു. നിരവധി കറാമത്തുകൾ മഹാനിൽനിന്ന് ഉണ്ടായിട്ടുണ്ട്. എൺപത് വയസ്സ് വരെ ജീവിച്ച ശൈഖവർകൾ ഇരുപതിലധികം തവണ ഹജ്ജ് നിർവഹിച്ചിട്ടുണ്ട്. ഇമാം നവവി(റ) ശൈഖിനെ സന്ദർശിക്കുകയും വിഷയങ്ങൾ ചർച്ചചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. ഹിജ്റ 687 റബീഉൽ അവ്വൽ മൂന്നിന് ശൈഖ് വഫാത്തായി. ബാബു ശർഖീ ഖബർസ്ഥാനിൽ മറമാടി (ശദറാത്തുദ്ദഹബ്: 5/403).
ഇമാം ശഅ്റാനി(റ) എഴുതുന്നു: ഇമാം നവവി(റ) ഡമസ്‌കസിന്റെ പുറത്തേക്ക് തന്റെ ശൈഖ് മറാക്കിശി(റ)യെ സന്ദർശിക്കാൻ പോവാറുണ്ടായിരുന്നു. ചില മസ്‌അലകൾ ഇമാം ശൈഖിന് മുമ്പിലവതരിപ്പിക്കുകയും അതിന് ശൈഖ് നൽകുന്ന മറുപടി ശ്രദ്ധാപൂർവം ശ്രവിക്കുകയും ചെയ്യുമായിരുന്നു. സൂഫിയാക്കൾക്ക് ശരീഅത്തിന്റെ രഹസ്യങ്ങൾ അറിയില്ലായിരുന്നുവെങ്കിൽ ഉന്നത പാണ്ഡിത്യമുള്ള ഇമാം നവവി(റ)യൊന്നും തൻ്റെ ശൈഖിനോട് മതവിധികൾ തേടില്ലായിരുന്നു (അൽ അൻവാറുൽ ഖുദ്സിയ്യ ഫീബയാനി ആദാബിൽ ഉബൂദിയ്യ:50).
ഇമാം സഖാവി(റ) എഴുതുന്നു: ലോകപ്രശസ്‌ത പണ്ഡിതനും ഹദീസ് വിശാരദനുമായ ഇമാം സുബ്കി(റ) തൻ്റെ കോവർ കഴുതപ്പുറത്തേറി യാത്ര ചെയ്യുകയാണ്. യാത്രയിൽ അപരിചിതനായ ഒരു വൃദ്ധനെ കണ്ടുമുട്ടി. അവർ തമ്മിൽ സംസാരത്തിലേർപ്പെട്ടു. സംസാര ത്തിനിടയിൽ ഞാൻ ഇമാം നവവി(റ)യെ കണ്ടിരുന്നുവെന്ന് ആ വൃദ്ധൻ പറഞ്ഞു. കേട്ടമാത്രയിൽ ഇമാം സുബ്കി(റ) കഴുതപ്പുറത്ത് നിന്ന് ഇറങ്ങി പാമരനായ ആ വൃദ്ധൻ്റെ കൈ ചുംബിച്ചുകൊണ്ട് തനിക്കു വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെട്ടു. പണ്ഡിതനായ ഇമാം സുബ്കി (റ)ക്ക് വേണ്ടി ആ വൃദ്ധൻ ദുആ ചെയ്‌തു. ശേഷം ഇമാം സുബ്കി(റ) പറഞ്ഞു: ഇമാം നവവി(റ)യെ കണ്ട താങ്കൾ നടക്കുമ്പോൾ ഞാൻ കഴുതപ്പുറത്തേറി യാത്ര ചെയ്യുകയില്ല(അൽ മൻഹലുൽ അദബ്)
മേൽപറഞ്ഞ ഉദ്ധരണികളിൽ നിന്നെല്ലാം ശൈഖിൻ്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. സമുദ്രസമാനമായ അറിവും തഖ്‌വയുമുള്ള ഇത്തരം മഹാമനീഷികൾ ശൈഖിനെ തേടുകയും കണ്ടെത്തിക്കുകയും ഉപദേശ നിർദേശങ്ങൾ തേടുകയും ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾ അവരേക്കാൾ ആവശ്യക്കാരാണെന്നാണ് ഇമാം ശഅ്റാനി(റ) എഴുതിയത്.
ത്വരീഖത്തുകൾ
മഹാന്മാരായ മശാഇഖുമാരുടെ ത്വരീഖത്തുകൾ നിരവധിയാണ് എണ്ണിത്തീർക്കാൻ പറ്റുന്നതിലും കൂടുതലാണ് ത്വരീഖത്തുകളുടെ എണ്ണം. ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖ് മുഹമ്മദുബ്നു മുഹമ്മദുൽ ഫാസി മഗ്‌രിബി(റ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിലേക്ക് എത്തിക്കുന്ന ത്വരീഖത്തുകൾ സൃഷ്ടികളുടെ ശ്വാസത്തിന്റെ എണ്ണ ത്തിനേക്കാളുമുണ്ട് (ലവാഖിഉൽ അൻവാറിൽ ഖുദ്സിയ്യ: 155).
ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: അല്ലാഹുവിലേക്കുള്ള ത്വരീഖത്തുകളുടെ എണ്ണം സൃഷ്ടികളുടെ ശ്വാസോഛാസത്തിന്റെയത്രയുണ്ട്. ത്വരീഖത്ത് നൽകുന്ന രീതിയിൽ ശൈഖുമാർക്ക് വ്യത്യസ്‌ത രീതികളാണുള്ളത്. അവരിൽ ചിലർ ദിക്ർ കൽപിക്കും. ചിലർ ഖിർഖഃ ധരിപ്പിക്കും. ചിലർ അവരുടെ ത്വരീഖത്തിന്റെ സ്വഭാവമനുസരിച്ച് ഇതല്ലാത്തത് നിർദ്ദേശിക്കും. രീതികൾ അനേകമുണ്ട്. ശൈഖിനെ നല്ലപോലെ അറിഞ്ഞിട്ടേ ത്വരീഖത്തിൽ കടക്കാവൂ. കള്ളന്മാരും കബളിപ്പിക്കുന്നവരും അധികരിച്ചതിനാലാണിത്. അവരൊന്നും ത്വരീഖത്തുകളിലല്ല. അവരുടെ പ്രവർത്തനങ്ങൾ ചീത്തയായതിനാലും വാക്കുകളും അവസ്ഥകളും നാശമായതിനാലും അവർ നരകത്തിലേക്കുള്ള പ്രയാണക്കാരാണ്.
അവർ നശ്വരമായ ദുൻയാവിനെ നേടാനാഗ്രഹിക്കുന്നു. എന്നെന്നും ശേഷിക്കുന്ന പാരത്രിക ലോകത്തെ ത്യജിക്കുന്നു. ഉന്നതമായ ത്വരീഖത്ത് വാദിക്കൽ കൊണ്ട് അവർ ഉദ്ദേശിക്കുന്നത് ഐഹിക സുഖമാണ്. ഇത്തരക്കാരെ പിൻപറ്റൽ ജീവിത നാശമാണ് (ഫതാവൽ ഹദീസിയ്യ: 77).
ശൈഖ് മുഹമ്മദുബ്ൻ ഹസൻ രിഫാഈ അസ്വിയാദി(റ) എഴുതുന്നു: ശൈഖ് അഹ്‌മദുർറിഫാഈ(റ)പറഞ്ഞു: സൃഷ്‌ടികളുടെ ശ്വാസോഛാസത്തിൻ്റെയത്ര എണ്ണം ത്വരീഖത്തുകൾ അല്ലാഹുവിലേക്കുള്ളത് ഉണ്ട് (ഖിലാദത്തുൽ ജവാഹിർ ഫീ ദിക്‌രി ഗൗസിർറിഫാഈ: 89).
ഇമാം മുഹമ്മദ് അഹ്‌മദ് അൽ ബൂസീരി(റ) എഴുതുന്നു: കർമ ശാസ്ത്ര പണ്ഡിത സമൂഹമേ നിങ്ങൾ പ്രത്യേകക്കാരായ തൗഹീദിന്റെ വക്താക്കളെ (സൂഫികൾ) എതിർക്കുന്നതിനെ സൂക്ഷിച്ചോ! നിശ്ചയമായും അവരുടെ സന്തോഷവും കരച്ചിലും അട്ടഹാസവും ആട്ടവും അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന 'കഫ്‌ഫ്' മുഖേനയാണ്. ദൃഢജ്ഞാനികളുടെ അല്ലാഹുവിലേക്കുള്ള ത്വരീഖത്തുകൾ സൃഷ്ടികളുടെ ശ്വാസോഛാസത്തിന്റെയത്ര എണ്ണമുണ്ട് (അൽ ആദാബുൽ മർളിയ്യ:149).
ചുരുക്കത്തിൽ ത്വരീഖത്തുകളുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്തുവാൻ സാധ്യമല്ലെന്നാണ് മഹാന്മാരായ ശൈഖുമാർ വ്യക്തമാക്കിയത്. 100 ത്വരീഖത്തുകളുടെയും ശൈഖുമാരുടെയും പേരുകൾ താഴെ കൊടുക്കുന്നു.
- അലവിയ്യാ ത്വരീഖത്ത് -ശൈഖ് അൽ ഫഖീഹുൽ മുഖദ്ദം സയ്യിദ് മുഹമ്മദ് ബ്ൻ അലീ ബാഅലവി(റ)
- ഖാദിരിയ്യ ത്വരീഖത്ത് - ഖുതുബുൽ അഖ്താബ് ഗൗസുൽ അഅ്ളം സയ്യിദ് അബ്ദുൽ ഖാദിർ ജീലാനി(റ)
- രിഫാഇയ്യ ത്വരീഖത്ത് - അൽ ഗൗസ് സയ്യിദ് അഹ്മദ് രിഫാഈ (റ)
- ബദവിയ്യ ത്വരീഖത്ത്- ശൈഖ് അഹ്മദുൽ ബദവി(റ)
- ദസൂഖിയ്യ ത്വരീഖത്ത്- ശൈഖ് ഇബ്റാഹീം ദസൂഖി(റ)
- ശാദിലിയ്യ ത്വരീഖത്ത് - ശൈഖ് അബുൽ ഹസൻ ശാദുലി (റ)
- അമൂദിയ്യ ത്വരീഖത്ത് - ശൈഖ് സഈദ് ബ്ൻ ഈസാ (റ)
- അബ്ബാദിയ്യ ത്വരീഖത്ത് - ശൈഖ് അബ്‌ദുല്ലാ ബാഅബ്ബാദി(റ)
- സുഹറവർദിയ്യ ത്വരീഖത്ത് - ശൈഖ് ഉമറുബ്ൻ മുഹമ്മദ് സുഹ റവർദി(റ)
- കാസ്‌റൂനിയ്യ ത്വരീഖത്ത് -ശൈഖ് ഇബ്റാഹീമുബ്ൻ ശഹ്റബാർ അൽ കാസ്‌റൂനി(റ)
- മദനിയ്യ ത്വരീഖത്ത് - ശൈഖ് അബൂ മദ്‌യൻ(റ)
- ഉവൈസിയ്യ ത്വരീഖത്ത് - ശൈഖ് ഉവൈസുൽ ഖറനി(റ)
- ഖ്റവിയ്യ ത്വരീഖത്ത് - സയ്യിദുൽ ഖൗം ഖിള്ർ(അ)
- ഖുശൈരിയ്യ ത്വരീഖത്ത് - ശൈഖ് അബ്ദുൽ കരീമുബ്ൻ ഹൗസാൻ(റ) രിസാലത്തുൽ ഖുശൈരിയുടെ രചയിതാവ്
- ഫിർദൗസിയത്തുൽ കുബ്റാ ത്വരീഖത്ത് - ശൈഖ് നജ്‌മുദ്ദീനുൽ കുബ്റാ(റ)
- ശത്വാരിയ്യ ത്വരീഖത്ത് - ശൈഖ് അബ്ദുല്ല ശത്താരി(റ)
- ചിശ്‌തിയ്യ ത്വരീഖത്ത് - ശൈഖ് അബൂ ഇസ്ഹാഖൽ ചിശ്‌തി(റ)
- തൈഫൂരിയ്യ ത്വരീഖത്ത് - ശൈഖ് തൈഫൂരിശ്ശാമി(റ)
- ഹമദാനിയ്യ ത്വരീഖത്ത് - ശൈഖ് അലിയ്യുൽ ഹമദാനി(റ)
- നഖ്ശബന്ധിയ്യ ത്വരീഖത്ത് -ശൈഖ് ബഹാഉദ്ദീൻ നഖ്ശബന്ധി(റ)
- ഖൽവത്തിയ്യ ത്വരീഖത്ത്
- ആദിലിയ്യ ത്വരീഖത്ത്ഗൗ
- സിയ്യ ത്വരീഖത്ത്
- ശഅ്റാനിയ്യ ത്വരീഖത്ത്
- ഇദ്രീസിയ്യ ത്വരീഖത്ത്
- അദ്ഹമിയ്യ ത്വരീഖത്ത് - ശൈഖ് ഇബ്റാഹീം ഖൽവതി(റ) - ശൈഖ് ബദ്റുദ്ദീൻ അൽ ആദി (റ)-ശൈഖ് മുഹമ്മദുൽ ഗൗസ്(റ) - ശൈഖ് അബ്ദുൽ വഹ്ഹാബുശ്ശഅ്റാനി(റ) -ശൈഖ് അഹ്മദ് ബ്ൻ ഇദ്‌രീസ്(റ) - ശൈഖ് ഇബ്റാഹീമുബ്ൻ അദ്ഹം (റ)
- അക്ബരിയ്യ ത്വരീഖത്ത്
- അമ്പാബിയ്യ ത്വരീഖത്ത്
- അൻബാബിയ്യ ത്വരീഖത്ത് - ശൈഖ് അബ്ദുസ്സലാം ഇബ്റാഹീം -അലി(റ)
- ബറാഖിയ്യ ത്വരീഖത്ത് - ശൈഖ് ബറാഖ് ബാബാ തുർകി(റ)
- തിജാനിയ്യ ത്വരീഖത്ത് ശൈഖ് അഹ്മദുബ്ൻ മുഹമ്മദുത്തിജാനി(റ)
- ബർഹാമിയ്യത്തുൽ ആമ്മഃ ശൈഖ് മുഹമ്മദ് അലീ മുഹമ്മദുൽ ബർഹാമി(റ)
- ബിസ്ത്വാമിയ്യ ത്വരീഖത്ത് ശൈഖ് അബീയസീദിൽ ബിസ്ത്വാ
- ബക്രിയ്യ ത്വരീഖത്ത് - ശൈഖ് അഹ്‌മദ് മുറാദുൽ ബകരി(റ)
- ബൈറാമിയ്യ ത്വരീഖത്ത് ശൈഖ് ഖ്വാജാ ബൈറാം(റ)
- തഫ്താസാനിയ്യ ത്വരീഖത്ത് - ശൈഖ് അബുൽ വഫാ മുഹമ്മദുൽ ഗനീമിത്തഫ്താസാനിയ(റ)
- തക്താശിയ്യ ത്വരീഖത്ത് ശൈഖ് മുഹമ്മദ് ബ്ൻ ഇബ്റാഹീം ആത്താ(റ)
- ജബീബിയ്യ ത്വരീഖത്ത്
- ജലാലിയത്തുന്നജ്ജാരിയ്യ
- ജുനൈദിയ്യ ത്വരീഖത്ത്
- ജുനൈദിയതുൽ ജബറൂതിയ്യ
- ജൗഹരിയ്യ ത്വരീഖത്ത്
- ഹാമിദിയ്യ ത്വരീഖത്ത്
- ഹരീരിയ്യ ത്വരീഖത്ത് -ശൈഖ് മുഹമ്മദ് അബ്‌ദുൽ ബാഖി -ശൈഖ് മഖ്ദൂം ജഹാനിയാൻ(റ) -ശൈഖ് ജുനൈദുൽ ബഗ്ദാദി(റ) - ശൈഖ് മുഹമ്മദ് ജുനൈദുൽ അജീ (റ) - ശൈഖ് രിഫ് അൽ ജൗഹരി(റ) - ശൈഖ് ഇബ്റാഹീം സലാമതുർറാളി(റ) - ശൈഖ് അലിയ്യുബ്ൻ അബുൽ ഹസൻ ഹരീരി(റ)
- ഹകീമിയ്യ ത്വരീഖത്ത്
- ഹലാജിയ്യ ത്വരീഖത്ത്
- ഹലബിയ്യ ത്വരീഖത്ത്
- ഹമൂദിയ്യ ത്വരീഖത്ത്
- ഹൻസൂസിയ്യ ത്വരീഖത്ത്
- ഹൻഫീഫിയ്യ ത്വരീഖത്ത്
- ഖറാസിയ്യ ത്വരീഖത്ത്
- ഖഫീഫിയ്യ ത്വരീഖത്ത്
- ഖൽവതിയ്യ ത്വരീഖത്ത്
- ദംറദാശിയ്യ ത്വരീഖത്ത്
- രിഫാഇയ്യത്തുൽ ആമ്മഃ
- സറൂഖിയ്യ ത്വരീഖത്ത്
- സവാവിയ്യ ത്വരീഖത്ത്
- സാലിമിയ്യ ത്വരീഖത്ത്
- സബ്ഈനിയ്യ ത്വരീഖത്ത്
- സഹിയ്യ ത്വരീഖത്ത്
- സഅ്ദിയ്യ ത്വരീഖത്ത്
- സഅദിയ്യത്തുൽ ആമ്മഃ
- സലാമിയ്യ ത്വരീഖത്ത്
- സമ്മാനിയ്യ ത്വരീഖത്ത് -ശൈഖ് ഹകീം തുർമുദി(റ) -ശൈഖ് ഹുസൈൻബ്ൻ മൻസൂർ അൽ ഹലാജി(റ) -ശൈഖ് മുഹമ്മദ് ശഫീഖുൽ ജുനൈദി(റ) -ശൈഖ് ഇബ്റാഹീം മഗ്‌രിബി(റ) -ശൈഖ് മുഹമ്മദ് ഹറാസിം(റ) -ശൈഖ് ഖഫീഫുശ്ശീറാസി(റ) -ശൈഖ് അഹ്മദ് ബ്ൻ ഈസ അൽ ഖറാസ്(റ) -ശൈഖ് ഇബ്നു ഖഫീഫ്(റ) -ശൈഖ് മുഹമ്മദുൽ ഖൽവതി(റ) -ശൈഖ് അബ്ദുർറഹീം മുസ്‌തഫ (റ) -ശൈഖ് മുഹമ്മദ് കാമിൽ യാസീൻ രിഫാഈ(റ) -ശൈഖ് അഹ്മദ് സറൂഖ്(റ) -ശൈഖ് മജ്‌ദുദ്ദീൻ സ്വാലിഹ് ബൻ മുഹമ്മദ് അൽ ഹസനി അസ്സാവാവി മക്കി(റ) -ശൈഖ് ത്വാഹാ മുഹമ്മദ് മശീന(റ) -ശൈഖ് ഇബ്നു സബ്ഈൻ(റ) -ശൈഖ് മുഹമ്മദ് മഹ്‌മൂദ് ബഹ്ബ (റ) -ശൈഖ് സഅ്ദുദ്ദീൻ (റ) -ശൈഖ് ഹമൂദഃ അലിയ്യുൽ ഖളീ (റ) -ശൈഖ് മുഹമ്മദ് മുസ്‌തഫ സ്വഫ (റ) -ശൈഖ് അഹ്മദ് ത്വയ്യിബ് സമ്മാ(റ)
- സനൂസിയ്യ ത്വരീഖത്ത്
- സഹ്ലിയ്യ ത്വരീഖത്ത് -ശൈഖ് സഹബ്ൻ അബ്ദില്ലാഹി തസത്തുരി(റ)
- സയ്യാരിയ്യ ത്വരീഖത്ത് - ശൈഖ് അബുൽ അബ്ബാസ് സയ്യാ (റ)
- ശർനൂബിയ്യ ത്വരീഖത്ത് - ശൈഖ് അഹ്മദ് ബ്ൻ അറബ്(റ)
- ശന്നാവിയ്യ ത്വരീഖത്ത് - ശൈഖ് ഹസൻ സഈദ് ശാവി(റ)
- ശൻബക്കിയതുൽ വഫാഇയ്യ - ശൈഖ് അബുൽ വഫാ(റ)
- ശഹാവിയ്യ ത്വരീഖത്ത് -ശൈഖ് മുഹമ്മദ് ശഹാവി(റ)
- ശൈബാനിയ്യ ത്വരീഖത്ത് - ശൈഖ് മുഹമ്മദ് ജമാലുദ്ദീൻ ശറ (റ)
- സ്വാവിയ്യ ത്വരീഖത്ത് -ശൈഖ് അഹ്‌മദ് സ്വാവി(റ)
- സ്വിയാദിയ്യ ത്വരീഖത്ത് -ശൈഖ് അഹ്‌മദ് സ്വിയാദ്(റ)
- ആശൂരിയ്യ ത്വരീഖത്ത് -ശൈഖ് സ്വാലിഹ്ബ്ൻ ആശൂർ മഗ്‌രിബി(റ)
- അസാസിയ്യ ത്വരീഖത്ത് -ശൈഖ് മുഹമ്മദ് ഇബ്റാഹീം അസാസി(റ) - ശൈഖ് അഹ്‌മദ് മാളി(റ)
- അസ്മിയ്യ ത്വരീഖത്ത്
- അത്വാസിയ്യ ത്വരീഖത്ത് -ശൈഖ് അബ്‌ദുല്ലാഹിബ്ൻ അലവി ബ്ൻ ഹുസൈൻ അത്വാസ്(റ)
- അഫീഫിയ്യ ത്വരീഖത്ത് -ശൈഖ് അബ്ദുൽ ബായി രിള്വാനൂൽ അഫീഫി(റ)
- ഉൽവിയ്യ ത്വരീഖത്ത് -ശൈഖ് മുഹമ്മദുബ്ൻ അലി ബ്ൻ മുഹമ്മദ്(റ)
- അലാമത്തിയ്യ ത്വരീഖത്ത്
- അലവാനിയ്യ ത്വരീഖത്ത്
- ഐദറുസിയ്യ ത്വരീഖത്ത് - ശൈഖ് ഹംദാൻ അൽഖിസ്വാർ(റ) -ശൈഖ് അഹ്‌മദ്ബ്ൻ അലവാൻ(റ) -ശൈഖ് അബ്‌ദുല്ലാഹിൽ ഐദറൂ സി(റ)
- ഗസാലിയ്യ ത്വരീഖത്ത് -ശൈഖ് ഇമാം ഗസ്സാലി(റ)
- ഫർഗലിയ്യ ത്വരീഖത്ത്
- ഫൈളിയ്യ ത്വരീഖത്ത്
- ഖിസ്വാരിയ്യ ത്വരീഖത്ത്
- മത്ബൂലിയ്യ ത്വരീഖത്ത്
- മഹാസിബഃ ത്വരീഖത്ത്
- മുഹമ്മദിയ്യ ത്വരീഖത്ത്
- മറാസിഖഃ ത്വരീഖത്ത്
- മർദാനിയ്യ ത്വരീഖത്ത്
- മശീശിയ്യ ത്വരീഖത്ത്
- മഫാസിയ്യ ത്വരീഖത്ത്
- മൗലവിയ്യ ത്വരീഖതത്
- നൂരിയ്യ ത്വരീഖത്ത്
- ഹാശിമിയ്യ ത്വരീഖത്ത്
- നൂർബഖ്ശിയ്യ ത്വരീഖത്ത്
- യാഫിഇയ്യ ത്വരീഖത്ത്
- യസൂവിയ്യ ത്വരീഖത്ത്
- ജസൂലിയ്യ ത്വരീഖത്ത് - ശൈഖ് മുഹമ്മദ് ഫർഗലി(റ) -ശൈഖ് മുഹമ്മദ് ളിയാഉദ്ദീൻ(റ) -ശൈഖ് ഹംദൂൻ ഖിസ്വാർ(റ) -ശൈഖ് ഇബ്റാഹീം മത്ബൂലി(റ) -ശൈഖ് ഹാരിസ് മഹാസിബി(റ) -ശൈഖ് അലിയ്യുൽ ഖവ്വാസ്(റ) -ശൈഖ് മുഹമ്മദ് ഹസൻ ശംസു(റ) -ശൈഖ് മുഹമ്മദ് യൂസുഫ് മർദാൻ(റ) - ശൈഖ് അബ്‌ദുസ്സലാമ്ബ്ൻ മശീ(റ) -ശൈഖ് മുഹമ്മദ് അലിയൽ ഗാസി(റ) -ശൈഖ് ജലാലുദ്ദീൻ റൂമി(റ) -ശൈഖ് അബുൽ ഹുസൈൻ നൂരി(റ) -ശൈഖ് ത്വാഹിർ മുഹമ്മദുൽ ഹാശി(റ) -ശൈഖ് നൂർ ബഖ്ള്(റ) -ശൈഖ് അബ്‌ദുല്ലാഹിൽ യാഫി(റ) -ശൈഖ് യൂസുഫ് ഹംദാനി(റ) -ശൈഖ് മുഹമ്മദ് ബ്ൻ സുലൈമാൻ ജസൂലി(റ)
തസവുഫ് ഗ്രന്ഥങ്ങൾ പരതിയാൽ ആയിരക്കണക്കിന് ത്വരീഖത്തുകളെ നമുക്ക് കണ്ടെത്താനാവും. അറിവില്ലായ്‌മ കാരണം സൂഫികളെയും ത്വരീഖത്തുകളെയും വിമർശിക്കരുത്.
ശൈഖിനെ തേടൽ നിർബന്ധമാണോ?
ഇമാം ശഅ്റാനി(റ) എഴുതുന്നു: ത്വരീഖത്തിൻ്റെ അഹ്ലുകാർ ഏകോപിച്ചിരിക്കുന്നു. നിസ്കാരത്തിൻ്റെ സ്വീകാര്യതക്ക് വേണ്ടി അല്ലാഹുവിന്റെ ഹള്റത്തിലേക്ക് ഹൃദയസാന്നിധ്യംകൊണ്ട് പ്രവേശിക്കുവാൻ തടസ്സമാകുന്ന സ്വഭാവങ്ങൾ നീക്കം ചെയ്യുന്ന ഒരു ശൈഖ് മനുഷ്യനുണ്ടാവൽ നിർബന്ധമാകുന്നു. ആന്തരിക രോഗങ്ങളായ ഐഹിക സ്നേഹം, കിബ്റ്, അസൂയ, വലിയവനെന്ന ധാരണ, പൊങ്ങച്ചം, കാപട്യം പോലോത്തവയെല്ലാം ചികിത്സിക്കൽ സംശയമന്യേ നിർബന്ധമാണ്. ഇതെല്ലാം നിഷിദ്ധമാണെന്നും ശിക്ഷയുണ്ടെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.
അതിനാൽ ഈ വിശേഷണങ്ങൾ നീക്കം ചെയ്യാനുതകുന്ന ശൈഖില്ലാതിരിക്കുന്നവനെല്ലാം അല്ലാഹുവിനോടും റസൂൽ(സ) യോടും എതിർ ചെയ്തവനാകുന്നു. അവൻ ഇൽമിൽ ആയിരം ഗ്രന്ഥങ്ങൾ മനഃപാഠമാക്കിയവനാണെങ്കിലും ശൈഖില്ലാതെ ചികിത്സിക്കാനാവില്ല (ലവാഖിഉൽ അൻവാരിൽ ഖുദ്‌സിയ്യ: 10).
ഇമാം ശഅ്റാനി(റ) തന്നെ എഴുതുന്നു: ആത്മാവിന്റെ കേടുപാടുകൾ നീങ്ങുവാനും ശർഇയ്യായ കൽപനക്ക് ആത്മാവ് വിധേയമാവാനും ഒരു ശൈഖ് മുഖാന്തരം ആത്മാവിനെ കടഞ്ഞെടുക്കൽ നിർബന്ധമാണെന്ന് ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും പണ്ഡിതർ ഏകോപിച്ചതാണ്. പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്കെല്ലാം പൈശാചിക വിശേഷണങ്ങളിൽ നിന്നെല്ലാം ആന്തരികത്തെ ശുദ്ധീകരിക്കൽ നിർബന്ധമാണ് (അൽ അഖ്‌ലാഖുൽ മത്ബൂലിയ്യ: 1/119).
മേൽ ഉദ്ധരണികളിൽ നിന്ന് ശൈഖുണ്ടായിരിക്കൽ വാജിബാണെന്ന് വന്നു. എന്നാൽ ഈ വാജിബ് ചെയ്‌തില്ലെങ്കിൽ കുറ്റക്കാരനാവുമെന്ന ശർഇയ്യായ നിലക്കുള്ള വാജിബല്ലെന്ന് ജവാഹിറുൽ മആനിയിൽ കാണാം.
ആന്തരിക രോഗങ്ങൾ അഥവാ അംറാളുൽ ഖുലൂബ് ഉള്ളവരെല്ലാം അത് നീക്കം ചെയ്യൽ നിർബന്ധമാണ്. അത്തരം രോഗങ്ങളാണെങ്കിൽ പൊതുവെ സ്വയം നീക്കുവാൻ സാധ്യവുമല്ല. അതിന് ഒരു ശൈഖ് ഉണ്ടായേ തീരൂ.
ഇമാം ശഅ്റാനി(റ) തന്നെ എഴുതുന്നു: ശൈഖ് ഇബ്റാഹീം ദസൂഖി(റ) പറയുമായിരുന്നു: കർമശാസ്ത്ര പണ്ഡിതൻ ശർഇയ്യായ കൽപനകളും ഇബാദത്തുകളും യാതൊരുവിധ ആന്തരിക രോഗങ്ങളുമില്ലാതെ ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന് ശൈഖിന്റെ ആവ ശ്യമില്ല. ആന്തരിക രോഗങ്ങളുമായി ഇബാദത്തുകൾ നിർവഹിക്കുകയാണെങ്കിൽ ശിഫായാകുന്നതുവരെ ചികിത്സിക്കുന്ന ഒരു വൈദ്യൻ ആവശ്യമായിവരും (അൽ യവാഖീതു വൽ ജവാഹിർ: 2/93).
ഇമാം ഗസ്സാലി(റ) എഴുതുന്നു: ആത്മീയ സരണിയിലേക്കെത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നവന് മുർശിദും മുറബ്ബിയുമായ ശൈഖ് അനിവാര്യമാണ്. ചീത്ത സ്വഭാവങ്ങൾ നീക്കം ചെയ്ത് തൽസ്ഥാനത്ത് നല്ല സ്വഭാവം ഉണ്ടാക്കാനാണിത് (അയ്യുഹൽ വലദ്: 129).
ഹൃദയ രോഗങ്ങൾ നീക്കം ചെയ്യുവാൻ ഒരു ശൈഖ് ആവശ്യമാണെന്നാണല്ലോ ഇമാം ഗസ്സാലി(റ)യും ഇമാം ശഅ്റാനി(റ)യും പറഞ്ഞത്. അതിന് ശൈഖ് എവിടെയാണുള്ളത്? ഈ കാലത്തും മുറബ്ബിയും മുർശിദുമായ ശൈഖുമാർ ഉണ്ടാവുമോ? നമുക്ക് ചർച്ച ചെയ്യാം.
മുറബ്ബിയായ ശൈഖുമാർ ലോകവസാനം വരെ ഉണ്ടാകും
അല്ലാഹുവിന്റെ അടിമകളെ തർബിയത്ത് ചെയ്തത് ആത്മീയതയുടെ കഴിയുന്ന മുറബ്ബികളായ ശൈഖുമാർ ലോകവസാനം വരെ ഉണ്ടാവുമെന്നാണ് സൂഫിപണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിലെഴുതിവെച്ചത്. ഖുതുബുൽ അഖ്ത്വാബ് ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) എഴുതുന്നു: ലോകവസാനം വരെ ഭൂമിയിൽ ശൈഖും മുരീദും ഉണ്ടാവും (അൽ ഗുൻയ 2/165).
ശൈഖ് മുസ്തഫൽ മദനി(റ) എഴുതുന്നു: ശാദുലി ത്വരീഖത്തിൽ ലോകാവസാനം വരെ തർബിയത്തിൻ്റെ ശൈഖ് മുറിയുകയില്ല.
ശൈഖ് അബുൽ ഹസൻ ശാദുലി(റ) പറഞ്ഞു: ഞാൻ അല്ലാഹുവിനോടു ചോദിച്ചു: അൽ 'ഖുതുബുൽ ഗൗസ്' എൻ്റെ ത്വരീഖത്തിൽ നിന്ന് ലോകാവസാനം വരെ ഉണ്ടാവണമെന്ന്. അപ്പോൾ ഞാൻ കേട്ടു അലീ നിൻ്റെ ദുആക്ക് ഉത്തരം നൽകിയിരിക്കുന്നു.
ശൈഖ് അബ്ദുസ്സലാമുബ്ൻ മശീശ്(റ)ക്ക് നബി(സ) ജാമ്യം നിന്നതാണ് തർബിയത്തിൻ്റെ ശൈഖ് ലോകാവസാനം വരെ മഹാന്റെ ത്വരീ ഖത്തിലുണ്ടാവുമെന്ന് (അന്നുസ്‌റത്തുന്നബവിയ്യ: 2013).
ഇമാം ശഅ്റാനി(റ) എഴുതുന്നു: ചുരുക്കത്തിൽ ഈ ഗ്രന്ഥത്തിൽ പറയുന്ന മുഴുവൻ സ്വഭാവങ്ങളിലേക്കും എത്തുവാൻ രണ്ടാലൊരു മാർഗമാണുള്ളത്. ഒന്നുകിൽ ഇലാഹിയ്യായ ജദ്ബ്. അതുമല്ലെങ്കിൽ സത്യവാനായ ശൈഖിൻ്റെ കരങ്ങളിലൂടെയുള്ള സുലൂകുകൊണ്ട്. ഈ രണ്ടാലൊരു വഴിയിലൂടെ പ്രവേശിക്കാത്തവന് ഈ സ്വഭാവങ്ങളിലെത്തിച്ചേരൽ അസംഭവ്യമാണ് (അൽ മിനനുൽ കുബ്റ: 41).
മേൽ ഉദ്ധരണികളിൽ നിന്നെല്ലാം മുറബ്ബിയായ ശൈഖ് ലോകാ വസാനം വരെ ഉണ്ടാവുമെന്ന് മനസ്സിലായി.
സയ്യിദുൽ ഖൗം ഖളർ(അ)
ലോകാവസാനം വരെ മുറബ്ബിയായ ശൈഖ് ഉണ്ടാവുമെന്നതിനുള്ള മറ്റൊരു തെളിവാണ് സയ്യിദുൽ ഖൗം ഖള്ർ(അ).
മഹാനായ ശിഹാബുദ്ദീൻ ശാലിയാത്തി(റ) എഴുതുന്നു: ഖള് വിയ്യ ത്വരീഖത്തിൻ്റെ ശൈഖാണ് ഖള്ർ(അ) (ഫതാവൽ അസ്ഹരിയ്യ: 39).
സയ്യിദുൽ ഖൗം ഖള്ർ(അ) ലോകാവസാനം വരെ ജീവിച്ചിരിക്കുമെന്നു തന്നെയാണ് സൂഫിയാക്കളെല്ലാം പറഞ്ഞത്. ഇമാം നവവി (റ) എഴുതുന്നു: ഭൂരിപക്ഷം പണ്ഡിതരും പറഞ്ഞത് ഖള്ർ(അ) നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ടെന്നാണ്. സൂഫിയാക്കൾ ഇതിൽ ഏകോപിച്ചിരിക്കുന്നു. അവർ ഖള്ർ(അ)നെ കണ്ടതും ഒരുമിച്ച് കൂടിയതും ത്വരീ ഖത്ത് സ്വീകരിച്ചതും സംശയ നിവാരണം നടത്തിയതും കണക്കാക്കാൻ പറ്റുന്നതിനേക്കാളും കൂടുതലാണ്. ഖുർആൻ ഉയർത്തപ്പെടുന്ന അവസാന കാലഘട്ടത്തിലാണ് ഖള്ർ(അ) വഫാതാവുക (ശർഹു മുസ്ലിം : 15/133).
ഇമാം നവവി(റ) തന്നെ എഴുതുന്നു: നിശ്ചയം ഖള്ർ(അ) ജീവിച്ചിരിക്കുന്നു. ധാരാളം പണ്ഡിതരുടെ അഭിപ്രായം ഇതാണ് (ശർഹുൽ മുഹദബ് : 5/305).
ഇമാം സഖാവി(റ) എഴുതുന്നു: ഇമാം നവവി(റ) ഖള്ർ(അ)മായി കണ്ടുമുട്ടിയിട്ടുണ്ടെന്നത് പ്രസിദ്ധമാണ് (അൽ മൻഹലുൽ അദബുർറ വിയ്യ് ഫീ തർജിമതി ഖുതുബിൽ ഔലിയാഇന്നവവി: 40).
ഇമാം ഇബ്നു ഹജർ ഹൈതമി(റ)യോടൊരു ചോദ്യം ഖളർ(അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ഉത്തരം: ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് (ഫതാവൽ ഹദീസിയ്യ: 180).
ഖുതുബുൽ അഖ്ത്വാബ് സയ്യിദ് അബ്ദുൽ ഖാദിർ ജീലാനി(റ) എഴുതുന്നു: ഖള്ർ(അ), ഇൽയാസ്(അ) എല്ലാ വർഷത്തിലും മക്കയിൽ ഒരുമിച്ചുകൂടും (അൽ ഗുൻയ: 2/39).
ചുരുക്കത്തിൽ സയ്യിദുൽ ഖൗം ഖള്ർ(അ) ഖള്റവിയ്യ ത്വരീഖത്തിന്റെ ശൈഖാണ്. മുറബ്ബിയും മുർശിദും കാമിലും സ്വാഹിബുൽ വിലായതിൽ കുബ്‌റയുമാണ്. ലോകാവസാനം വരെ ജീവിച്ചിരിക്കുമെന്നാണ് ഇമാം നവവി(റ), ഇമാം ഇബ്നു ഹജർ ഹൈതമി(റ) പോലോത്തവർ പറഞ്ഞത്. അപ്പോൾ ലോകാവസാനം വരെ തർബിയത്തും ശൈഖും ത്വരീഖത്തും മുരീദും ഉണ്ടാവുക തന്നെ ചെയ്യും.
എന്നാൽ ചില തസ്വവുഫ് ഗ്രന്ഥങ്ങളിൽ ഹിജ്റ 824 മുതൽ ഇസ്ത്വിലാഹു കൊണ്ടുള്ള തർബിയത്ത് മുറിഞ്ഞുവെന്ന് കാണുന്നുണ്ടല്ലോ? എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? നമുക്ക് ചർച്ച ചെയ്യാം.
ഹിജ്റ 824 മുതൽ മുറബ്ബികൾ അവസാനിച്ചിട്ടില്ല
തസ്വവുഫ് ഗ്രന്ഥങ്ങൾ ശരിയായ നിലയിൽ മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ ഹിജ്റ 824-ൽ എന്നല്ല ഹിജ്റ 465 മുതൽ മുറബ്ബി യായ ശൈഖുമാർ ലോകത്തുനിന്ന് ഇല്ലാതായിരിക്കുന്നുവെന്ന് പറയേണ്ടിവരും. ഇമാം ഖുശൈരി(റ) എഴുതുന്നു: അറിയുവിൻ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. സൂഫിയാക്കളിലെ ദൃഢജ്ഞാനികളിൽ അധികപേരും ഇല്ലാതായിരിക്കുന്നു. നമ്മുടെ ഈ കാലഘട്ടത്തിൽ അവരുടെ അടയാളങ്ങളേ ഉള്ളൂ. സൂഫീ ത്വരീഖത്തുകൾ നിലച്ചിരിക്കുന്നു. എന്നല്ല, യഥാർത്ഥത്തിൽ അതെല്ലാം തേഞ്ഞുമാഞ്ഞ് പോയിരിക്കുന്നു. പിൻപറ്റാനുതകുന്ന ശൈഖുമാരെല്ലാം കഴിഞ്ഞുപോയിരിക്കുന്നു (രിസാലത്തുൽ ഖുശൈരി: 12).
ഹിജ്റ 376-ൽ ജനിച്ച് ഹിജ്റ 465 റബീഉൽ ആഖിർ 16-നാണ് ഇമാം ഖുശൈരി(റ) വഫാതാവുന്നത്. അൽ അഖ്‌താബുൽ അർബ അഃയിൽപെട്ട ഔലിയാക്കളായ ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനി (റ), ശൈഖ് അഹ്‌മദ് രിഫാഈ(റ), ശൈഖ് അഹ്മദുൽ ബദവി(റ), ശൈഖ് ഇബ്റാഹീം ദസൂഖി(റ), ശൈഖ് അബുൽ ഹസൻ ശാദുലി( റ) തുടങ്ങിയവരെല്ലാം ജനിക്കുന്നതുതന്നെ ഹിജ്റ 465-ന് ശേഷമാണ്. ഇവരെല്ലാം പിൻതുടരാൻ പറ്റിയ ശൈഖുമാരല്ലെന്നും ഇവർക്കൊന്നും ത്വരീഖത്തില്ലെന്നും മേൽ ഉദ്ധരണി ഉയർത്തിക്കാട്ടി ആരെങ്കിലും പ്രസംഗിക്കുകയോ എഴുതുകയോ പറയുകയോ മനസ്സിൽ വിചാരിക്കുകയോ ചെയ്യുമോ? ഒരിക്കലുമില്ല. മാത്രമല്ല, ഇമാം ഖുശൈ രി(റ) തന്നെ ഖുശൈരിയ്യ ത്വരീഖത്തിൻ്റെ ശൈഖാണെന്ന് ശാലിയാത്തിയുടെ ഫതാവൽ അസ്‌ഹരിയ്യയിലുണ്ട്.
അതുപോലെത്തന്നെയാണ് ഹിജ്റ 824 മുതൽ ഇസ്ത്വിലാഹു കൊണ്ടുള്ള തർബിയ്യത്ത് അവസാനിച്ചുവെന്ന് ശൈഖ് അഹ്‌മദ് സറൂ ഖ്(റ) ഉദ്ധരിച്ചതും. ശൈഖ് സറൂഖ്(റ) ഉദ്ധരിച്ചതിനെ പൊക്കിപ്പിടിച്ച് സൂഫിയാക്കളാരുംതന്നെ തർബിയത്ത് അവസാനിച്ചുവെന്ന് പറഞ്ഞിട്ടില്ല. മാത്രവുമല്ല, ശൈഖ് അഹ്മദ് സറൂഖ്(റ) തന്നെ സറൂഖിയ്യ ത്വരീഖത്തിന്റെ ശൈഖാണ്.
എന്താണ് ശൈഖ് അഹ്മദ് സറൂഖ്(റ) ഉദ്ധരിച്ചതും അതിന് സൂഫീ പണ്ഡിതന്മാർ മറുപടി കൊടുത്തതെന്നും നമുക്ക് വായിക്കാം. ശൈഖ് അഹ്മദ് സറൂഖ്(റ) തൻ്റെ ഖവാഇദിൽ ശൈഖ് ഹള്റമി(റ)യെ തൊട്ട് ഉദ്ധരിച്ചിരിക്കുന്നു: “ഹിജ്റ 824 മുതൽ ഇസ്‌തിലാഹു കൊണ്ടുള്ള തർബിയത്ത് മുറിഞ്ഞിരിക്കുന്നു.” ഇതിനു മഹാന്മാർ നൽകിയ മറുപടികൾ കാണുക.
ഇമാം ദർഖാവി(റ) എഴുതുന്നു: ഈ കാലത്ത് ശൈഖില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവന് പിഴച്ചിരിക്കുന്നു. അവൻ സത്യം എത്തിച്ചിട്ടില്ല. തർബിയത്തിന്റെ ശൈഖുമാർ നിലച്ചെന്ന് ശൈഖ് അഹ്‌മദ് സറുഖ്(റ) പറഞ്ഞത് മഹാന് മഅരിഫത്തും ഫത്ഹും ലഭിക്കുന്നതിന് മുമ്പാ ണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഫത്ഹിന് ശേഷം കുറഞ്ഞ കാലമേ മഹാൻ ജീവിച്ചിട്ടുള്ളൂ (മജ്‌മൂഉർറസാഇൽ: 203).
അതുകൊണ്ടുതന്നെ ആരെങ്കിലും ഈ കാലത്ത് മുറബ്ബിയായ ശൈഖില്ലെന്ന് പറഞ്ഞാൽ അവന് മഅ്രിഫത്തും ഫത്ഹുമില്ലെന്നതിന്റെ പ്രത്യക്ഷ അടയാളമാണിത്. അത്തരക്കാരെ ദീനീ വിഷയത്തിൽ പിൻപറ്റുന്നത് നാശത്തിലേക്കുള്ള വഴിയായിരിക്കും. അവർക്ക് അല്ലാഹുവിന്റെ അടുക്കൽ ആത്മീയ സ്ഥാനമാനങ്ങളില്ല. അതുകൊണ്ടുതന്നെ ഈ വാദക്കാരെ നാം എന്തിന് അനുഗമിക്കണം.
അൽ ആരിഫു ബില്ലാഹി ഇമാം മഹ്‌മൂദ് ബ്‌നു അഫീഫുദ്ദീൻ ശാദിലി അൽ ഫാസി(റ) എഴുതുന്നു: നമ്മുടെ ചില ശൈഖുമാർ പറഞ്ഞിരിക്കുന്നു, ഇസ്‌ത്വിലാഹു കൊണ്ടുള്ള തർബിയത്ത് ഹിജ്റ 824 -ൽ ഉയർന്നിരിക്കുന്നുവെന്ന്. നിശ്ചയം, ശാദിലീ ത്വരീഖത്തിൽ തർബിയത്തിന്റെ ശൈഖ് ലോകാവസാനം വരെ മുറിയുകയില്ല. ഈ പ്രകാശങ്ങൾ ജീവിച്ചിരിക്കുന്ന ഖുതുബുകളിൽ നിന്ന് ജീവിച്ചിരിക്കുന്ന ഖുതുബുകളിലേക്ക് ഇമാം മഹ്ദി വരുന്നതുവരെ നീങ്ങിക്കൊണ്ടിരിക്കും.
ഇമാം അഹ്‌മദ് സറൂഖ്(റ) ശാദിലിയ്യ ത്വരീഖത്തുകാരനാണ്. ശാദിലീ ത്വരീഖത്തിന്റെ പ്രത്യേകതകളിൽ പെട്ട ഒന്നാണ് മുറബ്ബിയായ ശൈഖ് ലോകാവസാനം വരെ അവരുടെ ത്വരീഖത്തിലുണ്ടാവുമെന്ന് ശാദിലീക്കാർക്ക് പോലും ശൈഖ് സറൂഖ്(റ)ൻ്റെ ഈ വാചകം മുഖ വിലക്കെടുക്കാൻ പാടില്ല. കാരണം, അത് ശാദിലീ ത്വരീഖത്തിന്റെ ഉസ്വൂലിന് എതിരാണ്. അവസാന കാലത്ത് വരുന്ന ഇമാം മഹ്ദി ഖുതുബും ഗൗസും മുറബ്ബിയായ ശൈഖുമാണ്. പിന്നെങ്ങനെയാണ് മുറബ്ബിയായ ശൈഖുമാർ അവസാനിച്ചുവെന്ന് പറയുക.
പള്ളിദർസുകളിൽ ഓതിക്കൊടുക്കുന്ന ഇമാം ഇബ്നു അത്വാഉല്ലാഹിസ്സിക്കൻന്ദരി(റ)യുടെ അൽ ഹികമിന്റെ വ്യാഖ്യാനത്തിൽ ഇമാം അഹ്‌മദ് ബ്നു അജീബഃ(റ) എഴുതുന്നു: ഹിജ്റ 824 മുതൽ തർബിയത്ത് നിലച്ചെന്ന് ശൈഖ് ഹള്റമി(റ) പറഞ്ഞതുകൊണ്ട് തർബിയത്ത് പാടെ മുറിഞ്ഞെന്ന് ഉദ്ദേശിച്ചിട്ടില്ല. ഇനി അവർ തർബിയത്ത് പാടെ മുറിഞ്ഞെന്നാണ് പറഞ്ഞതെന്ന് സങ്കൽപിച്ചാൽ തന്നെ അവർ രണ്ടു പേരും പാപസുരക്ഷിതരല്ലല്ലോ. ഹള്റമിക്ക് ശേഷം കണക്കാക്കാൻ പറ്റാവുന്നതിലധികം തർബിയത്തിൻ്റെ മഹാന്മാരുണ്ടായിട്ടുണ്ട്. ഈ കാലത്തും അവരുണ്ട്. അവരുടെ കരങ്ങളിലൂടെ ധാരാളമാളുകൾക്ക് അല്ലാഹു സന്മാർഗം നൽകിയിട്ടുണ്ട്. എണ്ണമറ്റ ഔലിയാക്കൾ അവരിലൂടെ പുറത്തുവന്നിട്ടുണ്ട് (ഈഖാളുൽ ഹിമം: 413).
ശൈഖ് ഉമർ ശബ്റാവി(റ) എഴുതുന്നു: ഉൾക്കാഴ്‌ച നഷ്ടപ്പെട്ട ചിലർ തെറ്റിദ്ധരിച്ചതുപോലെ തർബിയത്ത് പാടെ മുറിഞ്ഞുപോയെന്നല്ല. അങ്ങനെയാണെങ്കിൽ അനുഭവംകൊണ്ട് ശൈഖ് അഹ്‌മദ് സറുഖ്(റ) പറഞ്ഞതിനെ തള്ളിക്കളയേണ്ടിവരും. 9-ാം നൂറ്റാണ്ടിന് ശേഷം (ഹിജ്റ 824-ന് ശേഷം) തർബിയത്ത് പദവി എത്തിച്ച ശൈഖുമാരുടെ കരങ്ങളാൽ ധാരാളമാളുകൾ ത്വരീഖത്തിൽ പ്രവേശിച്ചിട്ടുണ്ട്. 10-ാം നൂറ്റാണ്ടുകാരനായ ശൈഖ് അബ്‌ദു വഹ്ഹാബുശ്ശഅ്റാനി(റ), ശൈഖ് അബ്ദുൽ ഗനിയ്യിന്നാബൽസി(റ), ശൈഖ് മുസ്‌തഫാ ബക്രി(റ), ശൈഖ് മുഹമ്മദ് ഹനഫി(റ), ശൈഖ് കുർദി(റ) തുടങ്ങിയ മഹാരഥന്മാരും നമ്മുടെ കാലക്കാരായ മറ്റു ചിലരും ഇതിനുദാഹരണമാണ് (മിഫ്ത്‌താഹുൽ അസ്‌റാർ: 8).
ചുരുക്കത്തിൽ ഹിജ്റ 824 മുതൽ തർബിയത്ത് അവസാനിച്ചുവെന്ന് പറയൽ വിവരമില്ലാത്തവൻ്റെയും പരാജിതന്റെയും സംസാരമാണെന്നാണ് പണ്ഡിതർ പറഞ്ഞത്. അതുകൊണ്ട് ഈ വാദം സൂഫിയാക്കളെ വിമർശിക്കലും താഴ്ത്തിക്കാണലുമാണ്. തസ്വവുഫ് പറയേണ്ടത് തസ്വവുഫ് ഗ്രന്ഥങ്ങൾ നോക്കിയാണ്. ഫിഖ്ഹ് ഗ്രന്ഥങ്ങൾ നോക്കി തസ്വവുഫ് നിയമങ്ങൾ മഹാന്മാരായ ഇമാമുകൾ പറയാറില്ല
ഇമാം ദർഖാവി(റ) എഴുതുന്നു: നാം ഗ്രഹിച്ചത് പോലെയല്ലാതെ ശൈഖ് അഹ്മദ് സറൂഖ്(റ)ന്റെ വാചകം ആരെങ്കിലും മനസ്സിലാക്കിയാൽ അവൻ വിവരമില്ലാത്തവനും പരാജിതനും നശിച്ചവനുമാണ് (മജ്‌മൂഉർറസാഇൽ: 395).
ഇമാം ശഅ്റാനി(റ) എഴുതുന്നു: വലിയ്യിനേ വലിയ്യിനെ കുറിച്ചറിയാനാവൂ. പിന്നെ എങ്ങനെയാണ് വലിയല്ലാത്തവൻ വിലായത്തിനെ നിഷേധിക്കുക. അവൻ്റെ നിഷേധം തികഞ്ഞ പക്ഷപാതിത്വമാണ്.
ഇമാം ശഅ്റാനി(റ) തന്നെ എഴുതുന്നു: മുരീദിനെ തർബിയ്യത്ത് ചെയ്യുന്ന ശൈഖ് വലിയ്യായിരിക്കൽ ശൈഖിൻ്റെ നിബന്ധനയാണ് (റദ്ഉൽ ഫുഖറാ അൻ ദഅ്വൽ വിലായതിൽ കുബ്റാ: 208).
തബർറുകിന്റെ ത്വരീഖത്ത്, തർബിയത്തിൻ്റെ ത്വരീഖത്ത് എന്നിങ്ങനെ രണ്ടിനങ്ങളിലായി ത്വരീഖത്തിനെ പറയാറുണ്ട്. തബർറുകിന് വേണ്ടിയും തർബിയത്തിനു വേണ്ടിയും ത്വരീഖത്ത് സ്വീകരിക്കാറുണ്ട്. തബർറുകിന് വേണ്ടി ത്വരീഖത്ത് സ്വീകരിക്കുമ്പോൾ തബർറു കിന്റെ ശൈഖിന് തർബിയത്തിൻ്റെ ശൈഖിന് പറഞ്ഞ യോഗ്യതകൾ നിബന്ധനയില്ല. തബർറുകിൻ്റെ ശൈഖ് വലിയ്യ് തന്നെ ആയിക്കൊള്ളണമെന്നില്ല. പ്രസ്തുത ത്വരീഖത്തിലെ ഔറാദുകൾ ചൊല്ലാൻ ഇജാസത്ത് നൽകലാണ് തബർറുക്. തബർറുകിൻ്റെ ശൈഖിൽ നിന്ന് ഇജാസത്ത് സ്വീകരിക്കുന്നത് ആത്മീയ ഉയർച്ച ഉണ്ടാവാൻ വേണ്ടിയാണ്. ഇജാസത്തോടെ ദിക്റുകൾ ചൊല്ലുന്നതിന് പ്രത്യേകതയുണ്ടെന്ന് ഇമാം സ്വാവി(റ) എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നമുക്കിടയിലുള്ള പല പണ്ഡിതന്മാർക്കും സാധാരണക്കാർക്കും പല ത്വരീഖത്തുകളിലേയും ഔറാദുകൾ ചൊല്ലാൻ മഹാന്മാരിൽ നിന്ന് ഇജാസത്ത് വാങ്ങിയിട്ടുണ്ട്. ആ നിലക്ക് ഞാൻ ഖാദിരിയാണ്, രിഫാഇയാണ്, ശാദുലിയാണ് എന്നൊക്കെ പറയാറുണ്ട്.
തബർറുകിന്റെ ശൈഖിനും അതിന്റേതായ യോഗ്യതകൾ വേണം. വിശ്വാസവും കർമവും ശരിയായിരിക്കണം. ദിക്റുകൾ ഇജാസത്ത് കൊടുക്കുവാൻ മറ്റൊരു ശൈഖിൽ നിന്ന് സമ്മതമുണ്ടായിരിക്കണം. ശൈഖ് സ്വാലിഹായ മനുഷ്യനാവൽ ഇതിനെല്ലാം ഉപകരിക്കും. ഇൽമും ഇബാദത്തും കൂടുതലുള്ള മഹാന്മാരിൽ നിന്ന് ഇജാസത്ത് സ്വീകരിക്കലാണ് നല്ലത്. ഏറ്റവും ചുരുങ്ങിയത് ത്വരീഖത്തുകളിലെ തബർറുകിന്റെ ഇജാസത്തെങ്കിലും നമുക്കുണ്ടായിരിക്കണം.
ത്വരീഖത്ത് എന്നല്ല; നാം ചൊല്ലുന്ന ഹദ്ദാദ് റാത്തിബ്, അസ്മാ ഉൽ ഹുസ്‌ന, ഖാദിരിയ്യ, രിഫാഇയ്യ, ശാദുലിയ്യ റാത്തീബുകൾ, തഹ്ലീൽ, സ്വലാത്ത്, ദലാഇലുൽ ഖൈറാത്ത് തുടങ്ങിയവയൊക്കെ ഇജാസത്തോടുകൂടി ചൊല്ലൽ അതിൻ്റേതായ ഫലമുണ്ടാവാൻ വളരെ നല്ലതാണ്. നമ്മുടെയൊക്കെ ഉസ്‌താദുമാരുടെ കൈവശം ഇതിന്റെയൊക്കെ ഇജാസത്തുകൾ കാണും. അദബോടെ അതൊക്കെ ചോദിച്ചു വാങ്ങുന്നത് ആത്മീയ ഉയർച്ചക്ക് നല്ലതാണ്. എന്നാൽ തർബിയത്തിന്റെ ശൈഖ് ഇതിൽ നിന്നൊക്കെ വ്യത്യസ്തനാണ്.
തർബിയത്തിന്റെ ശൈഖിന് യോഗ്യതകളേറെയാണ്. ഇമാം ശഅ്റാനി(റ) എഴുതുന്നു: എൻ്റെ ശൈഖ് അലിയ്യുൽ ഖവ്വാസ്(റ) പറ യുന്നത് ഞാൻ കേട്ടു. ശരീഅത്തിലും അനുബന്ധ ഇൽമിലും സമുദ്രസമാനമായ അറിവുണ്ടായതിന് ശേഷമേ മുരീദിനെ തർബിയത്ത് ചെയ്യൽ അനുവദനീയമാവുകയുള്ളൂവെന്ന് ത്വരീഖത്തിന്റെ ശൈഖുമാർ ഏകോപിച്ചിട്ടുണ്ട്. ശാദുലിയ്യ ത്വരീഖത്തുകാരെപോലെ. ശൈഖ് അബുൽ ഹസൻ ശാദുലി(റ), ശൈഖ് അബുൽ അബ്ബാസിൽ മർസി( റ), ശൈഖ് യാഖൂതുൽ അർശ്(റ), ശൈഖ് താജുദ്ദീനുബ്നി അത്വാഉ ല്ലാഹി(റ) തുടങ്ങിയവർ ശരീഅത്തിൽ സമുദ്രസമാനമായ അറിവുള്ള വരെ ത്വരീഖത്തിൽ പ്രവേശിപ്പിക്കാറുള്ളൂ. പണ്ഡിതന്മാരോടുള്ള സംവാദ സദസ്സിൽ തെളിവുകൾ നിരത്തി അവരെ നേരിടാനാവണം. സമുദ്ര മാനമായ അറിവില്ലെങ്കിൽ അവർ ത്വരീഖത്ത് നൽകാറില്ല (അൽ മിനനുൽ കുബ്റാ: 43).
ത്വരീഖത്തിന്റെ ശൈഖുമാരുടെ യോഗ്യതകൾ തസ്വവുഫിന്റെ ധാരാളം ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. അതൊന്നുമറിയാതെ മഹാന്മാരായ ശൈഖുമാരെ വിമർശിക്കരുത്. ഇമാം ഗസ്സാലി(റ) എഴുതുന്നു: സൂഫിയെ വിമർശിക്കുന്നവന്റെ ഏറ്റവും ചെറിയ ശിക്ഷ ആത്മീയമായി ഒന്നും രുചിക്കാൻ കഴിയില്ലെന്നാണ് (ഇഹ്‌യാ ഉലൂമുദ്ദീൻ: 1/26).
സ്വലാത്ത് ശൈഖിന്റെ സ്ഥാനത്ത്
സുലൂകിലേക്ക് എത്തിക്കുന്ന ശൈഖിൻ്റെ സ്ഥാനത്ത് നബി(സ) യുടെ മേൽ ചൊല്ലുന്ന സ്വലാത്ത് നിൽക്കുമെന്ന് സൂഫി പണ്ഡിതന്മാർ പറഞ്ഞതായി തസ്വവുഫിൻ്റെ ഗ്രന്ഥങ്ങളിൽ കാണാം. ആത്മീയ മായി ഉയരാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണിത്. നബി(സ)യെ സ്വപ്നത്തിലും ഉണർവിലും ദർശിക്കാൻ ഏറ്റവും എളുപ്പവും സ്വലാത്താണ്. അതുകൊണ്ടുതന്നെ തസ്വവുഫ് ലോകത്തെ കുറിച്ച് കൂടുതലൊന്നും അറിവില്ലാത്തവർക്ക് ആത്മീയ മേഖലയിൽ എത്തിച്ചേരാൻ കൂടുതൽ സ്വലാത്ത് ചൊല്ലലായിരിക്കും അഭികാമ്യം. സ്വലാത്ത് ചൊല്ലുന്നവനെ നബി(സ) തർബിയത്ത് ചെയ്യും.
ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖ് അബുൽ മവാഹിബു ശ്ശാദുലി(റ) പറഞ്ഞു: അല്ലാഹുവിൻ്റെ ചില അടിമകളുടെ തർബിയത്ത് യാതൊരുവിധ മാധ്യമവും കൂടാതെ നബി(സ) നേരിട്ടേറ്റെടുക്കും. നബി( സ)യുടെ മേൽ അവർ ചൊല്ലുന്ന സ്വലാത്തിൻ്റെ ആധിക്യം കൊണ്ടാണിത് (ത്വബഖാത്തുൽ കുബ്റ: 2/72).
ഇമാം ഇബ്നുൽ ഇബ്ബാദ്(റ) എഴുതുന്നു: ചില ശൈഖുമാർ പറ ഞ്ഞിരിക്കുന്നു:
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَنَبِيِّكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّم
ഈ സ്വലാത്തിനെ എല്ലാ ദിവസവും അഞ്ഞൂറ് പ്രാവശ്യം ചൊല്ലിയാൽ സുലൂക്കിലേക്ക് ചേർക്കുന്ന ശൈഖിൻ്റെ സ്ഥാനത്ത് ഈ സ്വലാത്ത് നിൽക്കും (അൽ മഫാഖിറുൽ അലിയ്യ: 140).
ആയിരക്കണക്കിന് സ്വലാത്തുകൾ ഉണ്ട്. അതിലേതും എപ്പോഴും ചൊല്ലാം. സ്വലാത്തു ഹൽഖകളും മജ്ലിസുകളും നാം ധാരാളമായി സംഘടിപ്പിക്കണം. ജീവിതത്തിൽ ധാരാളം സ്വലാത്തുകൾ ചൊല്ലി ത്തീർക്കണം. ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖ് അഹമദ് സവാ വി(റ) എല്ലാ ദിവസവും രാവും പകലുമായി ഒരു വർഷം അൻപതിനായിരം സ്വലാത്ത് ചൊല്ലി നബി(സ)യെ ഉണർവിൽ ദർശിച്ചു. ശൈഖ് നൂറുദ്ദീൻ ശൂനി(റ) ഒരു വർഷം എല്ലാ ദിവസവും മുപ്പതിനായിരം സ്വലാത്ത് ചൊല്ലി നബി(സ)യെ ഉണർവിൽ ദർശിച്ചു. നബി(സ) പറഞ്ഞു: എന്നെ ആരെങ്കിലും സ്വപ്‌നത്തിൽ ദർശിച്ചാൽ പിന്നീടവൻ എന്നെ ഉണർവ്വിൽ ദർശിക്കും.
ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: നബി(സ)യുടെ മേൽ സ്വലാത്ത് അധികരിപ്പിക്കൽ അഹ്ലുസ്സുന്നഃയുടെ അടയാളത്തിൽ പെട്ടതാണ് (അദുർറുൽ മൻളൂദ്: 68).
ഇമാം ശഅ്റാനി(റ) എഴുതുന്നു: ദിക്റും സ്വലാത്തുമായി കഴിഞ്ഞുകൂടിയാൽ അല്ലാഹുവിൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് ഇരുവീട്ടിലും വിജയിക്കുന്നതാണ്. മധ്യവർത്തികളിൽ നബി(സ)യേക്കാൾ ഏറ്റവും ശ്രേഷ്‌ഠതയുള്ള ഒരാളും അല്ലാഹുവിൻ്റെ അടുക്കൽ ഇല്ല (അൽ മിനനുൽ കുബ്റ: 566).
സ്വലാത്തിൻ്റെ മഹത്വം
ഇമാം നവവി(റ) കിതാബുസ്സ്വലാത്തി അലാ റസൂലില്ലാഹി(സ) എന്ന അധ്യായത്തിൽ സ്വലാത്തിൻ്റെ മഹത്വങ്ങൾ എഴുതുന്നു. അല്ലാഹുപറഞ്ഞു: നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങൾ സ്വലാത്തും സലാമും ചൊല്ലുക.
അബ്ദുല്ലാഹിബ്നു അംറ് ബ്‌നിൽ ആസ്വി(റ)യിൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: എൻ്റെ മേൽ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാൽ ആ സ്വലാത്ത് കാരണമായി അല്ലാഹു അവന്റെ മേൽ പത്ത് സ്വലാത്ത് ചൊല്ലും. ഈ ഹദീസ് ഇമാം മുസ്‌ലിം ഉദ്ധരിച്ചതാണ്.
അബ്‌ദുല്ലാഹിബ്നു മസ്ഊദ്(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഖിയാമത്ത് നാളിൽ ജനങ്ങളിൽ വെച്ച് എന്നോട് ഏറ്റവും അടുത്തവൻ അവരിൽ നിന്ന് എൻ്റെ മേൽ ഏറ്റവുംകൂടുതൽ സ്വലാത്ത് ചൊല്ലുന്നവനാണ്. ഈ ഹദീസ് ഇമാം തുർമുദി(റ) ഉദ്ധരിച്ച് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്.
ഔസ് ബ്ൻ ഔസ്(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: നിങ്ങളുടെ ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്‌ഠത വെള്ളിയാഴ്‌ച ദിവസത്തിനാണ്. അതിനാൽ അന്നേദിവസം നിങ്ങൾ എന്റെമേൽ സ്വലാത്ത് അധികരിപ്പിക്കുക. നിങ്ങളുടെ സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടും. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ ﷺ, ഞങ്ങളുടെ സ്വലാത്ത് എങ്ങനെയാണ് നിങ്ങളുടെ മേൽ വെളിവാക്കപ്പെടുക. നിങ്ങൾ മണ്ണായിപ്പോവുകയില്ലേ? നബിﷺപറഞ്ഞു: നിശ്ചയം, അല്ലാഹു ഭൂമിക്ക് മേൽ അമ്പിയാക്കളുടെ ശരീരം നിഷിദ്ധമാക്കിയിരിക്കുന്നു. സ്വഹീഹായ സനദോടുകൂടി ഈ ഹദീസ് ഇമാം അബൂ ദാവൂദ്(റ) ഉദ്ധരിച്ചിരിക്കുന്നു (രിയാളുസ്വാലിഹീൻ: 529).
വ്യാജന്മാരുടെ വലയിൽപെട്ടുപോവാതിരിക്കാൻ തസ്വവുഫിൽ നല്ലപോലെ അറിവില്ലാത്തവർക്കും സാധാരണക്കാർക്കും ഏറ്റവും നല്ലത് സ്വലാത്തുമായി മുന്നോട്ടുപോവലാണ്. സ്വലാത്തും അതിന്റേതായ അദബിലും ചിട്ടയിലും ചൊല്ലണം. നബി(സ)ക്കുള്ള ഖിദ്മത്താണ് സ്വലാത്തെന്ന് ഇമാം ശഅ്റാനി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. സ്വലാത്തിനെപ്പറ്റി മാത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾവരെ ഇമാമുകൾ രചിച്ചിട്ടുണ്ട്.
അൽ ഖൗം
തസ്വവുഫ് ഗ്രന്ഥങ്ങളിൽ അധികമായും നിരുപാധികം അൽഖൗം എന്ന് പറയുന്നത് ഔലിയാക്കൾ, സൂഫിയാക്കൾ എന്നിവരെ സംബന്ധിച്ചാണ്. സൂഫിയാക്കൾ അൽ ഖൗം എന്ന് ചില പ്രത്യേക വിഭാഗക്കാർക്കും ഉപയോഗിക്കാറുണ്ട്. ഇമാം ശഅ്റാനി(റ) എഴുതുന്നു: അൽ ലൗമിന്റെ ത്വരീഖത്ത് ഖുർആൻ, സുന്നത്തിന്റെ മേൽ ശക്തിപ്പെടുത്തപ്പെട്ടതാണ്. അത് അമ്പിയാക്കൾ, സൂഫിയാക്കൾ തുടങ്ങിയവരുടെ സ്വഭാവങ്ങളിന്മേൽ പണിതതാണ്. ഖുർആൻ, സുന്നത്ത്, ഇജ്മാഅ് ഇവയോട് വ്യക്തമായി എതിരായാലേ സൂഫീമാർഗം ആക്ഷേപിക്കപ്പെടുകയുള്ളൂ. ഈ നിലക്കല്ലാതെ സൂഫികളെ വിമർശിക്കാൻ അവരെ സംബന്ധിച്ചുള്ള തെറ്റായ ധാരണയും വലിയവനാവാനുള്ള മോഹവുമാണ്. ഇത് ശർഇൽ അനുവദനീയമല്ല. ഇമാം ഖുശൈരി(റ) പറഞ്ഞു: ഇസ്‌ലാമിൽ എല്ലാ കാലത്തും അൽ ഖൗമിൽ ശൈഖും പണ്ഡിതരിൽ പിൻതുടരാൻ പറ്റിയവരും ഉണ്ടായിട്ടുണ്ട്. ആ പണ്ഡിതരെല്ലാം പ്രസ്തുത ശൈഖിനെ അംഗീകരിക്കുകയും താഴ്‌മ കാണിക്കുകയും ബറകത്തെടുക്കുകയും ചെയ്തിട്ടുണ്ട്. അൽ ഖൗമിന് പ്രത്യേകത ഇല്ലെങ്കിൽ കാര്യം ഇതിനെതിരിലാണല്ലോ ഉണ്ടാവുക (ത്വബഖാത്തുൽ ณัว: 1/4).
ശൈഖ് അമീനുൽ കുർദി(റ) എഴുതുന്നു: ഇമാം അഹ്മദ് ബൻ ഹമ്പൽ(റ) സൂഫിയാക്കളുമായി സഹവാസമില്ലാത്ത കാലത്ത് തന്റെ മകനോട് പറയുമായിരുന്നു. മകനേ, നീ ഹദീസ് മുറുകെ പിടിക്കുക. സൂഫികളുമായി സദസ്സ് പങ്കിടുന്നത് നീ സൂക്ഷിക്കണം. ദീനിയായ് മതവിധികൾ അറിയാത്തവരും അവരിലുണ്ടാകും. എന്നാൽ സൂഫിയായ ശൈഖ് അബു ഹംസത്തുൽ ബഗ്ദാദി(റ)യുമായി ഇമാം അഹ്മദ്(റ) സഹവസിച്ചപ്പോൾ അൽ ഖൗമിൻ്റെ അവസ്ഥകൾ ഇമാം മനസ്സിലാക്കി തൻ്റെ മകനോട് പറഞ്ഞു: മകനേ, നീ അൽ ഖൗമിൻ്റെ സദസ്സ് പങ്കിടുക. അവർ നമ്മേക്കാൾ ഇൽമും മുറാഖബയും ഭക്തിയും ഭൗതിക വിരക്തതയും ഉയർന്ന മനക്കരുത്തും ഉള്ളവരാണ്.
ഇമാം റാസി(റ) എഴുതുന്നു: സൂഫികളുടെ വാക്കിന്റെ ആകെ തുക അല്ലാഹുവിനെ അറിയാനുള്ള മാർഗവും ആത്മശുദ്ധീകരണവും ശാരീരിക ബന്ധനങ്ങളിൽ നിന്ന് രക്ഷ നേടലുമാണ്. ഇത് നല്ല വഴി യാണ്. സൂഫികൾ ശാരീരിക ബന്ധനങ്ങളിൽ നിന്ന് ആത്മാവിനെ രക്ഷപ്പെടുത്തുന്നവരും ആത്മീയ ചിന്തയിൽ കഴിയുന്നവരുമാണ്. പരിശ്രമശാലികളാണവർ. അവരുടെ എല്ലാ പ്രവർത്തനങ്ങളിലും അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയുണ്ട്. പൂർണമായി അദബുള്ള അവർ മനുഷ്യരിൽ ഉത്തമരാണ് (ഇഅ്തിഖാദാത്: 72, 73).
ശൈഖ് മുഅ്മിൻ ശിബിലൻജി(റ) എഴുതുന്നു: സുൽത്താനുൽ ഉലമ ഇസ്സുബ്നി അബ്ദിസ്സലാം(റ), ഇമാം അഹ്‌മദ് ബ്‌നു ഹാജിബ്(റ), ഇമാം ഇബ്നു ദഖീഖിൽ ഈദ്(റ), ഇമാം അബ്‌ദുൽ അളീമിൽ മുൻന്ദി രി(റ), ഇമാം ഇബ്‌നു സ്വലാഹ്(റ), ഇമാം ഇബ്‌നു ഉസ്‌ർ(റ) തുട ങ്ങിയവർ ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുടെ മദ്റസത്തുൽ കാമിലിയ്യയിലെ മജ്ലിസിൽ പങ്കെടുക്കാറുണ്ടായിരുന്നു (നൂറുൽ അബ്സ്വാർ: 269).
ഇമാം സുയൂത്വി(റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുടെ മജ്ലിസിൽ സുൽത്താനുൽ ഉലമാ ഇസ്സുബി അബ്ദി സ്സലാം(റ), ഇമാം ഇബ്നു ദഖീഖിൽ ഈദ്(റ) തുടങ്ങിയവർ പങ്കെടുക്കുമായിരുന്നു (തഅ്‌യീദുൽ ഹഖീഖത്തിൽ അലിയ്യ വതശ്‌യീദുത്ത്വ രീഖത്തിശ്ശാദുലിയ്യ: 110).
അൽ ഖൗമിൻ്റെ മഹത്വവും പ്രത്യേകതയും മനസ്സിലാക്കാത്തവരും മനസ്സിലാക്കാൻ ഇഷ്‌ടമില്ലാത്തവരുമാണ് ശൈഖുൽ അക്ബർ മുഹ്‌യി ദ്ദീൻബ്നുൽ അറബി(റ)യെ പോലോത്ത ഉന്നതരായ ഔലിയാക്കളെ ആക്ഷേപിക്കുകയും അവരുടെ ഗ്രന്ഥങ്ങളെ തള്ളിപ്പറയുകയും ചെയ്‌തവർ.
ശൈഖുൽ അക്ബർ ശൈഖ് മുഹ്യിദ്ദീനിബിൽ അറബി(റ)
സുൽത്താനുൽ ആരിഫീൻ ശൈഖുൽ അക്ബർ മുഹ്യിദ്ദീനി ബിൽ അറബി(റ) സൂഫി സാമ്രാജ്യത്തിലെ ഉന്നതനും നിരവധിഗ്രന്ഥങ്ങളുടെ കർത്താവുമാണ്. മഹാൻ്റെ പേര് 'മുഹമ്മദ്' എന്നാണ്. പൂർണമായി മുഹമ്മദ് ബ്ൻ അലിയ്യുബ്ൻ മുഹമ്മദ് ബ്ൻ അറബി അബൂബക്കർ അൽ അറബി അന്വാഈ അൽ ഉൻസുലിസി എന്നാണ്. ഹിജ്റ് 1638-ൽ വഫാതായി. മർസിയ്യയിൽ ജനിച്ച ശൈഖ് അവിടെനിന്ന് ഇബിലിയയിലേക്ക് മാറി. നാനൂറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അൽ ഫുതൂ ഹാത്തുൽ മക്കിയ്യ, ദിവാനുശ്ശിഅ്ർ, ഫുസ്വൂൽ ഹികം, അൽ ഹഖ് എന്നിവ അതിൽപെട്ടതാണ് (അൽ അഅ്ലാം: 6/281, മീസാനുൽ 38: 3/108, 3: 5/190).
തസ്വവുഫിനെ സംബന്ധിച്ച് അറിവില്ലാത്ത അർപ്പജ്ഞാനികൾ ശൈഖിനെയും മഹാൻ്റെ ഗ്രന്ഥങ്ങളെയും വിമർശിച്ചിരുന്നു.
ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖുൽ ആരിഫുൽ കാമിൽ മുഹഖിഖുൽ മുദഖിഖ് സയ്യിദീ മുഹ്‌യിദ്ദീൻബിൽ അറബി(റ) ഉന്നതരായ ആരിഫീങ്ങളിൽ ഒരാളാണ്. ദൃഢജ്ഞാനികൾ ഏകോപിച്ചതാണ് ശൈഖ് അഗാധ പാണ്ഡിത്യമുള്ള മഹാനാണെന്ന്. ഇതിന് ശൈഖിന്റെ ഗ്രന്ഥങ്ങൾ സാക്ഷിയാണ്. ശൈഖിനെ എതിർത്തവരെല്ലാം മഹാന്റെ വാക്കുകളുടെ ഉൾസാരം അറിയാത്തവരാണ്. ശൈഖിന്റെ വാക്കുകളുടെ പൊരുൾ അറിയാത്തവർ മഹാന്റെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിനെ പണ്ഡിതന്മാർ വിമർശിച്ചിട്ടുണ്ട്. യഥാർത്ഥ ഉദ്ദേശ്യത്തിൽ നിന്ന് അവർ വ്യതിചലിക്കുമെന്ന് ഭയപ്പെട്ടതിനു വേണ്ടിയാണിത്.
സുൽത്താനുൽ ആരിഫീൻ എന്ന ചെല്ലപ്പേര് ശൈഖിന് നൽകി യത് ശൈഖ് അബൂമദ്‌യൻ(റ) ആകുന്നു. ശൈഖിൻ്റെ ഗ്രന്ഥങ്ങളെല്ലാം പ്രസിദ്ധമാണ്, പ്രത്യേകിച്ചും റോമിൽ.
ശൈഖ് അഹ്‌മദുൽ ഹലബി(റ) പറഞ്ഞു: ശൈഖിൻ്റെ ഖബ്റിന്മേലുള്ള താബൂത് കത്തിച്ചുകളയാൻ തീയുമായി ശൈഖിനെ എതിർക്കുന്ന ഒരാൾ ഇശാഅ് നിസ്‌കാരശേഷം ഖബ്റിന്നടുത്തു വന്നു. ഉടനെത്തന്നെ ഏഴോളം മുഴം താഴോട്ട് ഭൂമിയിലേക്ക് അയാളെ താഴ്ത്തപ്പെട്ടു. ഞാനിത് നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഉടനെത്തന്നെ അയാളുടെ കുടുംബക്കാരെ വിവരം ധരിപ്പിച്ചു. അവർ വന്നു ഭൂമി കുഴിച്ചു. കുഴിച്ചപ്പോൾ അയാളുടെ തല കണ്ടു. എന്നാൽ കുഴിക്കുന്നതിനനുസരിച്ച് അയാൾ താഴോട്ട് പോകുകയായിരുന്നു. അയാൾ ഭൂമിയിൽ മറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബക്കാർ കുഴി മണ്ണിട്ടു മൂടി.
മിസ്വർ, ശാം, ഹിജാസ്, റൂം എന്നിവടങ്ങളിലെല്ലാം ശൈഖ് സഞ്ച രിച്ചിട്ടുണ്ട്. പോയ നാടുകളിൽ വെച്ചെല്ലാം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇമാം ഇസ്സുദ്ദീനുബ്ൻ അബ്‌ദിസ്സലാം(റ) ആദ്യകാലത്ത് ശൈഖിനെ അത്ര കാര്യമായി കണ്ടിരുന്നില്ല. എന്നാൽ ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുമായി ആത്മീയ ബന്ധം സ്ഥാപിച്ചതിനുശേഷം ശൈഖ് ഇബ്‌നുൽ അറബി(റ) ഖുതുബാണെന്നദ്ദേഹം വിശ്വസിച്ചു. ഹിജ്റ 638-ൽ വഫാത്തായി (ത്വബഖാത്തുൽ കുബ്റ: 1/188).
ശൈഖ് യസുഫുന്നബ്ഹാനി(റ) എഴുതുന്നു: മുഹമ്മദ് ബ്ൻ അലി യ്യുബ്ൻ മുഹമ്മദ് ഹാതിമി ശൈഖുൽ അക്‌ബർ സുൽത്താനുൽ ആരി ഫീൻ സയ്യിദീ മുഹ്‌യിദ്ദീനുബ്‌നുൽ അറബി(റ)യെ നാലു മദ്ഹബുക ളിൽ പെട്ട ഇമാമുകളും സൂഫിയാക്കളും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഇമാം ശഅ്റാനി(റ) അൽ യവാഖീതു വൽ ജവാഹിറിൽ ശൈഖിനെ ദീർഘ മായി പുകഴ്ത്തിയിട്ടുണ്ട്. ശൈഖ് അബ്ദുൽ ഗനിയ്യിന്നാബൽസി(റ), സയ്യിദ് മുസ്‌തഫാ ബക്രി(റ), ശൈഖ് അബൂമദ്‌യൻ(റ), ശൈഖ് ശിഹാ ബുദ്ദീൻ സുഹറവർദി(റ), ഇമാം ഇബ്നു അബ്‌ദിസ്സലാം(റ), ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി(റ), ഇമാം ഇബ്നു ഹജർ ഹൈത മി(റ), ഇമാം സുയൂത്വി(റ), സയ്യിദ് അബ്ദുൽ ഖാദിർ ഹൈദറൂസി(റ), ഖാമൂസ് രചയിതാവ് ശൈഖ് മജ്‌ദുദ്ദീൻ ഫൈറൂസാബാദി(റ) തുടങ്ങി യവർ ശൈഖിനെ പുകഴ്ത്തിയവരാണ്.
ശൈഖിന്റെ കറാമത്തുകൾ ക്ലിപ്‌തപ്പെടുത്താൻ പറ്റുന്നതിലും അപ്പുറമാണ്. ഡമസ്കസിലെ ഇമാം ഗസ്സാലി(റ)യുടെ സാവിയയിൽ ശൈഖ് ധാരാളം ഇരിക്കുമായിരുന്നു. ഒരിക്കൽ അവിടുത്തെ മുദർരിസ് എങ്ങോ പോയി. അവിടെയുള്ള കർമശാസ്ത്ര പണ്ഡിതർ ശൈഖിനോട് പറഞ്ഞു: നിങ്ങൾ ഞങ്ങൾക്ക് ദർസ് എടുത്തുതരണം. ശൈഖ് പറഞ്ഞു:
ഞാൻ മാലികീ മദ്ഹബുകാരനാണ്. എങ്കിലും നിങ്ങളുടെ ഇന്നലത്തെ ദർസ് ഏതായിരുന്നു? അവർ ശൈഖിന് ഇമാം ഗസ്സാലി(റ)യുടെ ഫിഖ്ഹ് ഗ്രന്ഥമായ അൽ വസീത്വിൽ നിന്ന് എടുക്കേണ്ട ഭാഗം കാട്ടി ക്കൊടുത്തു. ശൈഖ് ദർസ് എടുത്തു. അവർ പറഞ്ഞു: ഇതുപോലോ ത്തൊരു സംസാരം ഞങ്ങൾ കേട്ടിട്ടില്ല.ശൈഖ് മക്കയിൽ വെച്ചാണ് തന്റെ 'അൽ ഫുതൂഹാതുൽ മക്കിയ്യ' രചിച്ചത്. പിന്നീട് ഇറാഖിലേക്ക് പോയി. അവർ ആ ഗ്രന്ഥം ആവശ്യ പ്പെട്ടു. ശൈഖ് പറഞ്ഞു: അതു മക്കയിലാണുള്ളത്. അവർ പറഞ്ഞു: ഞങ്ങൾക്കത് കിട്ടിയേപറ്റൂ. ശൈഖ് തൻ്റെ ഓർമയിൽ നിന്നവർക്ക് അൽ ഫുതൂഹാത് പറഞ്ഞുകൊടുത്തു. പിന്നീട് അതിന്റെ കോപ്പി കിട്ടി. എന്നാൽ ശൈഖ് പറഞ്ഞതും കോപ്പിയിലുള്ളതും ഒരുപോലെയായിരുന്നു.
ഇമാം മനാവി(റ) പറഞ്ഞു: ശൈഖിന്റെ ശിഷ്യൻ സ്വദ്റുദ്ദീൻ ഖൗനൂനി അൽ റൂമി(റ) പറയുന്നു: എൻ്റെ ശൈഖ് ഇബ്‌നുൽ അറബി (റ) ഉദ്ദേശിച്ചാൽ കഴിഞ്ഞുപോയ അമ്പിയാ ഔലിയാക്കളുമായി റൂഹിയായി ഒരുമിച്ചുകൂടുമായിരുന്നു (ജാമിഉ കറാമാത്തിൽ ഔലിയാഅ്: 1/98).
ഇമാം ശഅ്റാനി(റ) എഴുതുന്നു: ഇമാം ഇബ്നുൽ അറബി(റ) ഭൂമിയിലൂടെ ആത്മീയ യാത്രയിലായിരുന്നു. ഓരോ നാട്ടിലും താമ സിക്കാനുള്ള സമ്മതമനുസരിച്ച് താമസിച്ചു. ഓരോ നാട്ടിൽ വെച്ചും രചിച്ച കിതാബുകൾ അവിടെത്തന്നെ വെച്ചു. അവസാനം താമസിച്ചത് ശാമിലായിരുന്നു. അവിടെവെച്ചാണ് ഹിജ്റ 638-ൽ വഫാത്താവുന്നത്.
ഖുർആൻ സുന്നത്ത് മുറുകെ പിടിച്ച ശൈഖ് പറഞ്ഞു: ശരീഅത്തിന്റെ തുലാസ് കയ്യിൽ നിന്ന് ഒഴിവാക്കിയാൽ അവൻ നശിച്ചു. ശൈഖ് ഇബ്നു അറബി(റ)യുടെ വാക്കുകളിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലാവാത്തതെല്ലാം ശൈഖ് ഉയർന്ന സ്ഥാനത്തിലായതിനാലാ ണ്. ശൈഖിന്റെ വാക്കുകളിൽ ശരീഅത്തിൻ്റെ പ്രത്യക്ഷ നിയമത്തോടും ഭൂരിപക്ഷം പണ്ഡിതർക്കും എതിരായതെല്ലാം ശൈഖിന്റെ പേരിൽ കടത്തിക്കൂട്ടിയതാണെന്ന് ശൈഖ് അബൂത്വാഹിറുൽ മദനി(റ) പറഞ്ഞി രിക്കുന്നു. പിന്നീട് ഖുനിയയിൽ വെച്ച് ശൈഖിന്റെ തന്നെ അൽ ഫുതൂ ഹാതിന്റെ കൈയ്യെഴുത്ത് കോപ്പി ലഭിച്ചു. അതിൽ തെറ്റായ ഒരു പരാമർശവും കണ്ടിട്ടില്ല.
ഇമാം അഹ്മദുബ്ൻ ഹമ്പൽ(റ)ൻ്റെ മരണരോഗ ശയ്യയിൽ പിഴച്ച വിശ്വാസം എഴുതിയ വാറോല ഇസ്‌ലാമിക ശത്രുക്കൾ ഇമാമിന്റെ തലയണക്കടിയിൽ വെച്ചിരുന്നു. ഇമാമിൻ്റെ ശരിയായ വിശ്വാസം അനുയായികൾ അറിഞ്ഞില്ലായിരുന്നുവെങ്കിൽ തലയിണക്കടിയിൽ നിന്നും ലഭിച്ച വാറോല കാരണം അവർ നാശത്തിൽ അകപ്പെടുമായിരുന്നു. ഖാമൂസിന്റെ രചയിതാവ് ശൈഖ് മജ്‌ദുദ്ദീൻ ഫൈറൂസാബാദി(റ)യുടെ പേരിൽ ശത്രുക്കൾ ഇമാം അബൂഹനീഫ(റ)യെ എതിർക്കുകയും കാഫിറാക്കുകയും ചെയ്യുന്ന ഒരു വ്യാജഗ്രന്ഥം രചിച്ച് ശൈഖ് അബൂ ബക്കറുൽ ഖിയാത്വി(റ)ക്കെത്തിച്ചുകൊടുത്തു. ശൈഖ് മജ്‌ദുദ്ദീനെ ആക്ഷേപിച്ച് അദ്ദേഹം ആളെ പറഞ്ഞുവിട്ടു. ശൈഖ് മജ്‌ദുദ്ദീൻ (റ) തിരികെ ഒരു കത്തെഴുതി. നിങ്ങൾ ഗ്രന്ഥം കരിച്ചുകളയുക. അത് ശത്രുക്കളെഴുതിയ അസത്യങ്ങളാണ്. ഞാൻ ഇമാം അബൂഹനീഫ(റ) യിൽ വലിയ വിശ്വാസമുള്ളവനും ഇമാമിൻ്റെ ചരിത്ര ദർശനം രചിച്ചയാളുമാണ്.
ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാ ഉലൂമുദ്ദീനിലും ശത്രുക്കൾ വ്യാജം കടത്തി. വിവരമറിഞ്ഞ ഇമാം ഖാളി ഇയാള്(റ) അവ കരിച്ചുകളയാൻ കൽപിച്ചു. എൻ്റെ ഗ്രന്ഥമായ അൽ ബഹ്റുൽ മൗറൂദിലും ശത്രുക്കൾ പിഴച്ച വിശ്വാസം കടത്തിക്കൂട്ടിയിരുന്നു. മിസ്‌റിലും മക്കയിലും മൂന്നു വർഷത്തോളം ശത്രുക്കളത് പ്രചരിപ്പിച്ചു. അത്തരം വിശ്വാസങ്ങളിൽ നിന്ന് ഞാൻ സുരക്ഷിതനാണ്, അതെല്ലാം തിരുത്തി. പ്രസ്തുത ഗ്രന്ഥത്തിൻ്റെ ആമുഖത്തിൽ ഞാനത് വ്യക്തമാക്കിയിട്ടുണ്ട്.
ശൈഖ് മുഹ്‌യിദ്ദീനുബ്ൻ അറബി(റ)യെയും ഗ്രന്ഥങ്ങളെയും പുകഴ്ത്തിയ ഒരാളായ ഭാഷാഗ്രന്ഥമായ ഖാമൂസിൻ്റെ രചയിതാവ് ശൈഖ് മജ്‌ദുദ്ദീൻ ഫൈറൂസാബാദി(റ) പറഞ്ഞു: ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും അറിവിൽ ശൈഖ് മുഹ്‌യിദ്ദീനുബ്‌നിൽ അറബി(റ) എത്തിയതുപോലെ ഔലിയാക്കളിൽ നിന്ന് ഒരാളെ സംബന്ധിച്ചും നമുക്ക് വിവരം ലഭിച്ചില്ല. ശൈഖിൽ അങ്ങേയറ്റത്തെ വിശ്വാസം വെച്ചുപുലർത്തിയ ഫൈറൂസാബാദി(റ) ശൈഖിൻ്റെ വിമർശകരെ എതിർക്കുമായിരുന്നു.
ജമാലുദ്ദീനുബ്ൻ ഖിയത് എന്ന് പേരുള്ള ഒരു യമനി ശൈഖിന്റെ പേരിലാണെന്ന് പറഞ്ഞ് കുറെ ആശയങ്ങൾ ഇസ്‌ലാമിക രാജ്യങ്ങളിലെ പണ്ഡിതർക്ക് അയച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞു: ഇത് ശൈഖ് മുഹ്‌യിദ്ദീനുബ്ൻ അറബി(റ)യുടെ വിശ്വാസമാണ്. ഇതിൽ പിഴച്ചതും മുസ്ലിമീങ്ങളുടെ വിശ്വാസങ്ങൾക്കെതിരിലുള്ളതുമാണ്. ചോദ്യങ്ങൾക്ക് മറുപടി നൽകിയ പണ്ഡിതർ ഈ വിശ്വാസമുള്ളവരെവിമർശിച്ചു. ശൈഖവർകൾ ഈ തെറ്റായ വിശ്വാസങ്ങളിൽ നിന്നെല്ലാം മുക്തനായിരുന്നു. ശൈഖ് ഫൈറൂസാബാദി(റ) പറഞ്ഞു: ഇബ്നുൽ ഖിയാത്വിന് ഈ ആശയങ്ങളെല്ലാം ശൈഖിന്റെ പേരിൽ കടത്തിക്കൂട്ടിയ ഗ്രന്ഥത്തിൽ നിന്നാണോ ലഭിച്ചത് അതല്ല ശൈഖിന്റെ വാക്കുകളെ അദ്ദേഹം തെറ്റായി മനസ്സിലാക്കിയതാണോ എന്നെനിക്കറിയില്ല (അൽ യവാഖീതു വൽ ജവാഹിർ: 1/6,7,8).
ചുരുക്കത്തിൽ ശൈഖ് മുഹ്‌യിദ്ദീനുബ്‌നിൽ അറബി(റ) ഔലിയാക്കളിലെ ഖുതുബും ഉപകാരപ്രദമായ ഗ്രന്ഥങ്ങളുടെ രചിയിതാവുമാണ്. പണ്ഡിത സമൂഹം ശൈഖിനെ പുകഴ്ത്തിയവരാണ്. വിമർശകർ മഹാന്മാരെ വെറുതെ വിടാറില്ലല്ലോ. പ്രത്യേകിച്ചും ഉന്നതരായ ഔലിയാക്കളെ.
ശൈഖ് ഹുസൈൻ ബ്ൻ മൻസൂർ അൽ ഹല്ലാജ്(റ)
'ഹല്ലാജെ കൊല്ലും നാൾ അന്ന് ഞാനുണ്ടെങ്കിൽ അവർ കൈ പിടിച്ചെനും യെന്ന് ഫറഞ്ഞോവർ' മുഹ്‌യിദ്ദീൻ മാലയിലെ ഈ വരികൾ പാടാത്തവരോ കേൾക്കാത്തവരോ ഉണ്ടാകില്ല. സൂഫിയും ഗ്രന്ഥ കാരനുമായ ശൈഖ് ഹല്ലാജ്(റ)നെ ഭരണാധികാരി വധിക്കുകയായി രുന്നു.
ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖ് അബൂമുഗീസ് ഹുസൈനുബ്ൻ മൻസൂർ അൽ ഹല്ലാജ്(റ) സൂഫിയാക്കളിൽ പെട്ട മഹാനാണ്. ശൈഖ് ജുനൈദുൽ ബഗ്ദാദി(റ), ശൈഖ് നൂരി(റ), ശൈഖ് അംറുബ്ൻ ഉസ്‌മാൻ(റ), ശൈഖ് ഹൂത്വി(റ) തുടങ്ങിയവരോടൊപ്പം സഹവസിച്ചിട്ടുണ്ട്. മഹാന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലർ എതിർത്തു. ചിലർ അംഗീകരിച്ചു. ശൈഖ് അബുൽ അബ്ബാസ് ബ്ൻ അത്വാഅ്(റ), ശൈഖ് മുഹമ്മദ് ബ്ൻ ഹുനൈഫ്(റ), ശൈഖ് അബുൽ ഖാസിം നസ്റാബാദ്(റ) തുടങ്ങിയവർ മഹാനെ അംഗീകരിച്ചവരും പുകഴ്ത്തിയവരുമായിരുന്നു. ബഗ്ദാദിൽ വെച്ച് ഹിജ്റ 309 -ൽ ദുൽഖഅ്ദഃ മാസത്തിൽ മഹാനെ വധിച്ചു. ഇബ്‌നു ഖല്ലികാൻ(റ) തന്റെ താരീഖിൽ പറഞ്ഞതായി ഞാൻ കണ്ടു. ഹല്ലാജിനെ വധിക്കൽ നിർബന്ധമായ ഒന്നും ഖുശൈരി(റ) കിതാബിൽ ഹല്ലാജ്(റ)ന്റെ് വിശ്വാസം ശരിയാണെന്ന് പറഞ്ഞിട്ടുണ്ട് (ത്വബഖാത്തുൽ കുബ്റ: 1/107).
ഇമാം ബകരി(റ) എഴുതുന്നു: ഭരണാധികാരി മുഖ്‌തദിർ ചാട്ടവാ റുകൊണ്ട് ആയിരം അടി ഹല്ലാജിനെ അടിക്കാൻ കൽപിച്ചു. മരിച്ചിട്ടില്ലെങ്കിൽ പിന്നെയും ആയിരം അടിക്കാൻ കൽപിച്ചു. അതുകൊണ്ടും മരിച്ചിട്ടില്ലെങ്കിൽ രണ്ട് കൈയ്യും രണ്ട് കാലും വെട്ടിമാറ്റി തല വെട്ടി ക്കളയുക. അങ്ങിനെ ഹല്ലാജ്(റ)നെ അവർ വധിച്ചു.
ശൈഖ് ഫർഹാരി(റ) എഴുതുന്നു: ചില കശ്‌ഫിൻ്റെ അഹ്ലുകാർ ഹല്ലാജിനെ കുരിശിൽ തറച്ചതിന് ശേഷം വെള്ളത്തിന് മുകളിലൂടെ നടക്കുന്നതായി കണ്ടു. അപ്പോൾ ചോദിച്ചു: ഇന്നേ ദിവസം നിങ്ങളെ ക്രൂശിക്കപ്പെട്ടതല്ലേ? മഹാൻ പറഞ്ഞു: അവർ വധിച്ചിട്ടില്ല. ക്രൂശിച്ചില്ല. അവർക്കങ്ങനെ അനുഭവപ്പെട്ടു (നിബ്റാസ്: 52).
ശൈഖ് യൂസുഫുന്നബ്ഹാനി(റ) എഴുതുന്നു: ശൈഖ് ഹല്ലാജ്( റ) ശൈത്യകാലത്ത് ഉഷ്ണകാലത്ത് ലഭിക്കുന്ന പഴങ്ങളും ഉഷ്ണ കാലത്ത് ലഭിക്കുന്ന പഴങ്ങളും ജനങ്ങൾക്ക് കൊടുക്കു മായിരുന്നു. മഹാൻ അന്തരീക്ഷത്തിലേക്ക് കൈ നീട്ടും. കൈ മടക്കുമ്പോൾ ഖുൽഹുവല്ലാഹു അഹദ് എന്നെഴുതിയ ദിർഹമുകൾ. അതിന് ഖുദ്റത്തിന്റെ ദിർഹമുകളെന്ന് മഹാൻ പേരിട്ടു. ജനങ്ങൾ ഭക്ഷിച്ചതും അവർ അവരുടെ വീടുകളിൽ വെച്ച് ചെയ്‌തതും ഹൃദയങ്ങളിലുള്ളതും ശൈഖ് അവർക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു (ജാമിഉ കറാമാത്തിൽ ഔലിയാഅ്: 2/44).
ശൈഖ് ഹല്ലാജ്(റ) ഔലിയാക്കളിലെ പ്രമുഖനും ഗ്രന്ഥകർത്താവും കവിയും നിരവധി കറാമത്തുകളുടെ നിറഞ്ഞ സാന്നിധ്യ വുമായിരുന്നു. അജ്ഞത കാരണം സൂഫികളെ വിമർശിക്കുന്നതിൽ നിന്ന് നാം മടങ്ങണം.
കടപ്പാട് : ifshaussunna