Tuesday 25 December 2018

ഹനഫി നിസ്‌കാര ക്രമം






ഇസ്ലാം മതത്തില്‍ സുപ്രധാനമായ ആരാധനകര്‍മ്മമാണ് നിസ്കാരം. ഇസ്ലാം നിലനില്‍ക്കുന്ന പഞ്ച സ്തംഭങ്ങളില്‍ രണ്ടാമത്തേതാണ് നിസ്കാരം. പ്രത്യേക രൂപത്തോടെ പ്രത്യേക സമയത്ത് നിര്‍വ്വഹിക്കപ്പെടുന്ന നിസ്കാരം പക്ഷേ, ഒരു മുസ്ലിമിന്റെയും അമുസ്ലിമിന്റെയും ഇടയിലുള്ള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാണെന്ന് മുഹമ്മദുന്നബി(സ).

                നിസ്കാരം നിലനിര്‍ത്തപ്പെട്ടാല്‍ അത് തിന്മകളും മോശമായ കാര്യങ്ങളും ഉപേക്ഷിക്കുന്നതിന്നു വരെ കാരണമാകുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിമായ ഒരുവന്ന് ഒരിക്കലും നിസ്കാരമെന്ന നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. നിന്ന് നിസ്കരിക്കാന്‍ കഴിവില്ലാത്തവന്‍ ഇരുന്നും അതിന്ന് കഴിവില്ലാത്തവന്‍ വലതുവശം ചെരിഞ്ഞു കിടന്നും അതിന് കഴിയാത്തവന്‍ മലര്‍ന്നു കിടന്നും അതിന്നും കഴിയാത്തവന്‍ ഇടതു വശം ചെരിഞ്ഞുകിടന്നും അതിനും കഴിയാത്തവന്‍ ആംഗ്യം കാണിച്ചും അതിനും കഴിയാത്തവന്‍ ഒടുവില്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് നിസ്കരിക്കണമെന്നുമാണ് വിധി.

                മുസ്ലിമായ ബുദ്ധിയുള്ള പ്രായപൂര്‍ത്തിയെത്തിയ ശുദ്ധിയുള്ള എല്ലവര്‍ക്കും നിസ്കാരം നിര്‍ബന്ധമാണ്. കുട്ടികള്‍ 7-ാം വയസ്സില്‍ നിസ്കാരം കൊണ്ടു കല്‍പിക്കപ്പെടുകയും 10-ാം വയസ്സില്‍ അതു നിര്‍വ്വഹിച്ചില്ലെങ്കില്‍ അവനെ അടിക്കണമെന്ന് മതകീയ ശാസന. ഇസ്ലാം മത്തതിന്റെ മുഖ്യ പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ മുമ്പുണ്ടായിരുന്ന പല പ്രവാചകന്മാര്‍ക്കും നിയമമാക്കപ്പെട്ടതില്‍ നിന്നും ഭിന്നമായി പ്രത്യേക രൂപത്തിലും പ്രത്യേക സമയത്തുമാണ് നിസ്കരിക്കാന്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ഇസ്ലാം മതം പ്രാപല്യത്തില്‍ വന്നതിന് ശേഷം 10 വര്‍ഷം കഴിഞ്ഞാണ് നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടത്. മുഹമ്മദ് നബി(സ)യുടെ 50-ാം വയസ്സില്‍ സംഭവിച്ച രാപ്രയാണത്തിലാണ് അല്ലാഹു ഇത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അല്ലാഹുവിന്റെ പ്രത്യേക മാലാഖ വന്ന് ഒരു പ്രത്യേക വാഹനത്തില്‍ മുഹമ്മദ് നബി(സ)യെ വാനലോകത്തേക്കും അവിടുന്ന് അല്ലാഹുവിന്റെയടുത്തേക്കും ഒറ്റ രാത്രികൊണ്ട് പോയി. ഈ കൂടിക്കാഴ്ചയില്‍ തന്റെ ദൂതന് സമ്മാനമായി നല്‍കിയത് നമസ്കാരം. ആദ്യം അത് 50 സമയത്തായിട്ടാണ് നിര്‍ബന്ധമാക്കപ്പെട്ടത്. പിന്നീട് പ്രാവാചകനായ മൂസാ നബി(അ)യെ വഴിയില്‍ വെച്ച് കാണുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം 50 റക്അതുള്ള നിസ്കാരം കുറച്ച്തരാന്‍ ആവശ്യപ്പെടുകയും തത്ഫലമായി ആദ്യം 45 ആയും പിന്നീട് 9 തവണകളായി കുറച്ച് അവസാനം അഞ്ച് റക്അത്തായി നിശ്ചയിക്കപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടത്. പിന്നീട് മാലാഖ വന്ന് നിസ്കാരം മുഹമ്മദ് നബി(സ)യെയും അനുയായികളെയും പഠിപ്പിക്കുകയും ചെയ്തു. അത് തലമുറകളായി പിന്തുടരപ്പെടുകയും ചെയ്യുന്നു.

നിസ്‌കരിക്കാൻ തുടങ്ങുന്നവർ അശുദ്ധികളിൽ നിന്ന് ശുദ്ധമായതിനുശേഷം ശുദ്ധി ഉള്ള സ്ഥലത്തോ പള്ളിയിലോ ഖിബിലക്ക് അഭിമുഖമായി ഭയ ഭക്തിയോടെ നിൽക്കണം.

നിൽക്കുമ്പോൾ കാൽ പാദങ്ങളുടെ 'ഇട' നാലുവിരൽ അകലം ഉണ്ടായിരിക്കണം.

സ്ത്രീകൾ കാലുകൾ ചേർത്തു വെക്കേണ്ടതാണ്. ഐഹികമായ എല്ലാ വികാര വിചാരങ്ങളെയും വർജ്ജിച്ചു അല്ലാഹുവിനെ പറ്റിയുള്ള ചിന്തയിലും ഭക്തിയിലും അവന്റെ സന്നിധിയിലാണ് നിൽക്കുന്നതെന്ന ബോധത്തോടും കൂടി നിൽക്കുകയും ചെയ്യണം .

ഫർള് നിസ്‌ക്കാരങ്ങളും സമയങ്ങളും

നിർബന്ധമായും ഓരോ ദിവസവും അഞ്ചു പ്രാവശ്യം നാം നിസ്‌ക്കരിക്കേണ്ടതുണ്ട്. 


അവ :

1 . ഫജ്ർ (സുബ്ഹി)
2 . ളുഹർ 
3 . അസർ 
4 . മഗ്‌രിബ് 
5 . ഇശാ , എന്നിങ്ങനെ അഞ്ചെണ്ണമാണ് .


രണ്ടു റക്ക'അത്തായി നിസ്കരിക്കുന്ന (സുബ്ഹി) നിസ്‌കാരത്തിന്റെ സമയം കിഴക്കൻ ചക്രവാളത്തിൽ വെള്ള ശോഭ കണ്ടത് മുതൽ സൂര്യോദയം വരെയാണ് .

ളുഹ്‌റിന്റെ സമയം - പകൽ സൂര്യൻ ആകാശ മധ്യത്തിൽ നിന്നും നീങ്ങിയത് മുതൽ ഒരു സാധനത്തിന്റെ നിഴൽ ആ സാധനത്തിന്റെ രണ്ടിരട്ടി വലിപ്പം ആകുന്നതു വരെയാണ് .

അസ്ർ നിസ്‌കാരത്തിന്റെ സമയം - ഒരു വസ്തുവിന്റെ നിഴൽ അതിന്റെ രണ്ടിരട്ടി ആയതു മുതൽ സൂര്യാസ്തമയം വരെയാണ് . (ളുഹറിന്റെ സമയം കഴിഞ്ഞത് മുതൽ സൂര്യൻ അസ്തമിക്കുന്നതു വരെ )

മഗ്‌രിബ് നിസ്‌കാരത്തിന്റെ സമയം - സൂര്യൻ അസ്തമിച്ചതു മുതൽ ആകാശത്തു ചുവന്ന നിറം പരന്നതിനു ശേഷമുണ്ടാകുന്ന വെളുത്ത ശോഭ മറയുന്നതു വരെയാണ് .

ഇശാഇന്റെ സമയം - മഗ്‌രിബിന്‌ ശേഷം ആകാശത്തിലെ ചുവപ്പു മറഞ്ഞത് മുതൽ പ്രഭാത പ്രഭ പ്രത്യക്ഷമാകുന്നത് വരെയാണ് .



നിസ്‌കാരത്തിന്റെ ഫർളുകൾ : ആറ് എണ്ണമാകുന്നു 



1 . തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലൽ (അല്ലാഹു അക്ബർ എന്ന മഹത്തായ വചനം) - ഇത് നിന്ന് കൊണ്ട് നിയ്യത്തോട് യോജിച്ച നിലയിൽ അറബി ഭാഷയിൽ നിർവ്വഹിക്കേണ്ടതാണ്.



2 . ഫർളായ നിസ്കാരങ്ങൾക്കു കഴിവുള്ളവൻ നിൽക്കൽ 


3 . ഖുർആനിൽ നിന്നും ഒരു ആയത്തെങ്കിലും ഓതൽ - ഒറ്റയ്ക്ക് നിസ്‌ക്കരിക്കുന്നവൻ ഫർള് നിസ്‌കാരത്തിന്റെ ആദ്യ രണ്ടു റക്ക'അത്തുകളിലും , സുന്നത്, വിത്തിർ എന്നീ നിസ്‌ക്കാരമാണെങ്കിൽ അവയുടെ എല്ലാ റക്ക'അത്തുകളിലും ഓതൽ നിർബന്ധമാണ്. 

എന്നാൽ ഇമാമിന്റെ പിറകിൽ തുടരുന്ന മ'അമൂം ആണെങ്കിൽ ഇമാമിന്റെ പിന്നിൽ നിന്നും ഓതേണ്ട ആവശ്യമില്ല 

4 . റുക്കൂ ചെയ്യൽ - മുതുക് , തല എന്നിവ കൊണ്ട് കുനിയുക 

5 . രണ്ടു സുജൂദ് ചെയ്യൽ - രണ്ടു മുട്ടുകാൽ, ഉള്ളം കൈ , രണ്ടു കാൽ വിരലുകളുടെ ഉള്ള്, നെറ്റി എന്നിവ ഭൂമിയിൽ ചേർത്ത് വെക്കുന്ന പ്രവൃത്തി ആണ് സുജൂദ് 

6 . അവസാനത്തെ ഇരുത്തം - അത്തഹിയ്യാത് ഓതാൻ മതിയായ സമയം ഇരിക്കുക .


നിസ്‌കാരത്തിന്റെ ശർത്തുകൾ : ആറെണ്ണമാകുന്നു (ഇവയിൽ ഏതെങ്കിലും ഒന്നിൽ ഭംഗം വന്നാൽ നിസ്ക്കാരം ശെരിയാകുന്നതല്ല)

1 . അശുദ്ധികളിൽ നിന്നും ശുദ്ധി ആയിരിക്കുക - അശുദ്ധി രണ്ടു വിധമാകുന്നു .

ചെറിയ അശുദ്ധി, വലിയ അശുദ്ധി  

വുളൂ ഇല്ലാത്ത അവസ്ഥയ്ക്ക് ചെറിയ അശുദ്ധി എന്ന് പറയപ്പെടുന്നു . കുളി നിർബന്ധമായ അവസ്ഥയാണ് വലിയ അശുദ്ധി . അപ്പോൾ വുളൂ ചെയ്‌താൽ ചെറിയ അശുദ്ധി  നീങ്ങും , നിയ്യത്തോട് കൂടി കുളിച്ചാൽ വലിയ അശുദ്ധിയും നീങ്ങും  

2 . ശരീരവും , വസ്ത്രവും , നിസ്‌ക്കരിക്കുന്ന സ്ഥലവും നജസിൽ നിന്നും ശുദ്ധിയായിരിക്കുക .

നജസ് രണ്ടു വിധമാണ് .

മുഖല്ലദ് (കാഠിന്യമായത്) , മുഖഫഫ് (ലഘുവായത്)

മദ്യം, ഒഴുകുന്ന രക്തം , ശവം , തിന്നാൻ പാടില്ലാത്ത ജീവികളുടെ മൂത്രം , പട്ടി , കോഴി , താറാവ് തുടങ്ങിയവയുടെ കാഷ്ടം എന്നിവ കാഠിന്യമായ നജസിൽ പെട്ടതാണ് .

കുതിര മൂത്രം , തിന്നപ്പെടുന്ന ജീവികളുടെ മൂത്രം , പക്ഷിയുടെ കാഷ്ടം മുതലായവ ലഘുവായ നജസിൽ പെട്ടതാണ് .

കാഠിന്യമായ നജസിൽ നിന്നും ഒരു ദിർഹമിന്റെ അളവ് ശരീരത്തിലോ , വസ്ത്രത്തിലോ ഉണ്ടായാൽ നിസ്ക്കാരം ശെരിയാകുകയില്ല . എന്നാൽ ശരീരം വസ്ത്രം എന്നിവയുടെ നാലിലൊന്നിൽ കുറച്ചു ഭാഗത്തു ലഘുവായ നജസ് ഉണ്ടായാൽ നിസ്ക്കാരം ശരിയാകും 

3 . സമയം ആയെന്നുറപ്പാകുക 

4 . അവ് റത്തു മറക്കൽ  - പുരുഷന്മാരുടെ അവ് റത്ത് മുട്ട് പൊക്കിളിന്റെ ഇടയിലുള്ള സ്ഥലം മറയ്ക്കൽ ആകുന്നു .

സ്ത്രീകളുടെ അവ് റത്ത് മുഖവും , മുൻകൈയും , രണ്ടു കാൽ പാദങ്ങളും ഒഴിച്ച് ശരീരം മുഴുവനും മറയ്ക്കൽ ആകുന്നു .

5 . ഖിബിലയെ അഭിമുഖീകരിക്കൽ - പരിശുദ്ധ മക്കയിലുള്ള പുണ്യ ക'അബയാണ് നമ്മുടെ ഖിബില . അത് നമ്മുടെ നേരെ പടിഞ്ഞാറ് നിന്നും അല്പം വടക്കോട്ടു തെറ്റിയാണ് സ്ഥിതി ചെയ്യുന്നത് .

6 . നിയ്യത്തു ചെയ്യൽ - ഇന്ന നിസ്ക്കാരം ഞാൻ നിസ്‌ക്കരിക്കുന്നു എന്ന് കരുതണം .

*******************************************************************************

നിസ്‌കാരത്തിന്റെ വാജിബുകൾ : - 


1 . ഫാത്തിഹ ഓതൽ 

2 . ഫർള് നമസ്‌കാരത്തിന്റെ ആദ്യ രണ്ട് റക്ക'അത്തുകളിലും വിത്ർ ,സുന്നത്ത് എന്നീ നിസ്‌ക്കാരങ്ങളുടെ എല്ലാ റക്ക അത്തുകളിലും ഒരു സൂറത്തോ,അല്ലെങ്കിൽ  മൂന്ന് ആയത്തോ ഓതൽ .

3 . ഓതൽ ആദ്യത്തെ രണ്ട് റക അത്തുകളിൽ ആയിരിക്കൽ 

4 . സൂറത്തിനേക്കാൾ ഫാതിഹയെ മുന്തിക്കൽ.

5 . സുജൂദിൽ നെറ്റിയോടൊപ്പം മൂക്കും വെക്കൽ. 

6 . ഫർളുകളിൽ അടങ്ങി താമസിക്കുക 

7 . ആദ്യത്തെ അത്തഹിയ്യാത്തിന് വേണ്ടി ഇരിക്കൽ 

8 .  ആ ഇരുത്തത്തിൽ അത്തഹിയ്യാത് ഓതൽ 

ഒടുവിലത്തെ ഇരുത്തത്തിൽ അത്തഹിയ്യാത് ഓതൽ ,ആദ്യത്തെ അത്തഹിയ്യാത്തിൽ അബ്‌ദുഹു വ റസൂലുഹു എന്നത് വരെ ഓതി
മൂന്നാം റക്ക'അത്തിന്  വേണ്ടി ഉടനെ എഴുന്നേൽക്കൽ. 

ഒടുവിൽ രണ്ട് ഭാഗത്തേക്കും തിരിഞ്ഞു അസ്സലാമു അലൈക്കും എന്ന് സലാം ചൊല്ലൽ .

സുബഹി, മഗ്‌രിബ്, ഇശാ എന്നീ ഫർള് നിസ്‌ക്കാരങ്ങളുടെ ആദ്യ രണ്ട് റക്കഅത്തുകളിലും , ജുമാ, തറാവീഹ്, റമളാനിലെ വിത്ർ എന്നീ നിസ്‌ക്കാരങ്ങളിലും ഫാതിഹയും സൂറത്തും ഉറക്കെ ഓതൽ . 

///////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////

നിസ്‌കാരത്തിന്റെ സുന്നത്തുകൾ : -

1 . നിൽക്കുമ്പോൾ രണ്ടു കാൽ പാദങ്ങൾ തമ്മിലുള്ള അകലം നാല് വിരലുകളുടെ അളവുണ്ടായിരിക്കുക .

2 . തക്ബീറത്തുൽ ഇഹ്‌റാമിൽ പുരുഷന്മാർ രണ്ടു കൈകൾ രണ്ടു ചെവിയുടെ നേരെയും , സ്ത്രീകൾ തോളിനു നേരെയും ഉയർത്തുക .

3 . കൈ ഉയർത്തുമ്പോൾ മിതമായ നിലയിൽ വിരലുകൾ വിടർത്തുക 

4 . മ'അമൂമിന്റെ തക്ബീറത്തുൽ ഇഹ്‌റാം ഇമാമിന്റെ തക്ബീറിനോട് യോജിക്കുക .

5 . പുരുഷന്മാർ വലത്തേ കൈ ഇടത്തെ കയ്യിന്റെ മുകളിലായി പൊക്കിളിന്റെ താഴെ വെക്കുക 

6 . സ്ത്രീകൾ കൈകൾ നെഞ്ചിനു മേൽ വെക്കുക 

7 . സനാ ഓതുക 

തക്ബീറത്തുൽ ഇഹ്‌റാമിൽ തല താഴ്ത്താതെ ഇരിക്കൽ , ആദ്യ റക്ക'അത്തിൽ ഫാതിഹായ്ക്കു മുൻപ് അ'ഊദ് ഓതൽ .

എല്ലാ റക്ക'അത്തിലും ഫാതിഹായുടെ മുൻപ് ബിസ്മി പതുക്കെ ഓതൽ .

ഫാതിഹായ്ക്കു ശേഷം ആമീൻ പറയൽ 

സുബ്ഹി , ളുഹർ എന്നീ നിസ്‌ക്കാരങ്ങളിൽ വലിയ സൂറത്തും , അസർ , ഇശാ എന്നിവയിൽ ഇടത്തരം സൂറത്തുകളും  , മഗ്‌രിബ് നിസ്‌കാരത്തിൽ ചെറിയ സൂറത്തും ഓതൽ .

സുബിയുടെ ആദ്യ റക്ക'അത്തിൽ നീട്ടി ഓതൽ .

റുകൂ'ഇൽ രണ്ടു മുൻ കൈകളും വിരലുകളെ വിടർത്തി കാൽ മുട്ടിന്മേൽ വെക്കൽ . കൂടാതെ തലയും , പൃഷ്ട ഭാഗവും , പിരടിയും സമമാക്കി കാലുകൾ നാട്ടി നിർത്തിയും ചെയ്യൽ .

സുജൂദിൽ പോകുമ്പോഴും , ഉയരുമ്പോഴും തക്ബീർ ചൊല്ലൽ 

സുജൂദിൽ ആദ്യം കാൽ മുട്ടുകളും , പിന്നെ രണ്ടുള്ളൻ കയ്യും, പതുക്കെ നെറ്റിയും നിലത്തു വെക്കൽ .

രണ്ടാം സുജൂദിൽ ആദ്യം ഉള്ളം കൈയും പിന്നെ കാൽ മുട്ടുകളും, ശേഷം നെറ്റിയും വെക്കൽ .

ഒടുവിലത്തെ അത്തഹിയാത്തിനു ശേഷം നബി (സ) യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ .

നിസ്‌കാരത്തിൽ നിന്നും വിരമിക്കുമ്പോൾ രണ്ടു ഭാഗത്തേക്കും തിരിഞ്ഞു സലാം വീട്ടൽ 

വിരമിക്കുന്ന സലാം വീട്ടുമ്പോൾ ഹഫലത്തിന്റെ മലക്കുകളെ ഖൽബിൽ വിചാരിക്കൽ

ആദ്യ സലാം ഉറക്കെയും , രണ്ടാമത്തെ സലാം പതുക്കെയും ആയിരിക്കൽ .

ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo


നിസ്‌കാരത്തിന്റെ കറാഹത്തുകൾ:-


നിസ്‌കാരത്തിന്റെ വാജിബിനെയോ, സുന്നത്തിനെയോ ഒഴിവാക്കൽ

നിസ്‌കാര കർമ്മങ്ങളിൽ പെടാത്തത് ചെയ്യൽ

നിസ്‌ക്കാരത്തിനിടയിൽ പേൻ, കൊതുക് മുതലായവയെ പിടിക്കൽ

നിസ്‌കാരത്തിന്റെ ആയത്തുകളെ എണ്ണുക

സുന്നത്തു നിസ്‌കാരത്തിന്റെ ആദ്യ റക്ക'അത്തിൽ നീട്ടി ഓതൽ

ഫർള് നിസ്‌കാരത്തിന്റെ റക്ക'അത്തിൽ സൂറത്തുകളെ മടക്കി ഓതൽ

ക്രമപ്രകാരമുള്ള സൂറത്തുകളുടെ ഇടയിൽ മറ്റൊന്നിനെ ഓതൽ

ആദ്യ റക്ക'അത്തിൽ ഓതിയ സൂറത്തിന്റെ മുകളിലത്തെ സൂറത്തു അടുത്ത റക്ക'അത്തിൽ ഓതൽ

ട്രൗസർ പോലെയുള്ള അടിവസ്ത്രം മാത്രം ധരിച്ചു നിസ്‌ക്കരിക്കൽ

ജീവ ജന്തുക്കളുടെ വസ്ത്രങ്ങൾ ധരിച്ചു നിസ്‌ക്കരിക്കൽ

തലയുടെ മധ്യ ഭാഗം തുറന്നിടാൻ

തല മറയ്ക്കാതിരിക്കൽ

രണ്ടു ഭാഗത്തേക്കും തലയെ തിരിക്കൽ

ആംഗ്യം കൊണ്ട് സലാം മടക്കൽ

രണ്ടു കണ്ണും മുകളോട്ട് ഉയർത്തലും , കണ്ണുകൾ ചിമ്മലും

സുജൂദിൽ മൂക്ക് നിലത്തു തൊടാതിരിക്കൽ

വിശക്കുമ്പോഴും , ദാഹിക്കുമ്പോഴും നിസ്‌ക്കരിക്കൽ

ഉറങ്ങുന്നയാളിന്റെ പിന്നിൽ നിന്ന് നിസ്‌ക്കരിക്കൽ -- മുതലായ കാര്യങ്ങൾ വർജ്ജിക്കേണ്ടതാണ്

*******************************************************************************

നിസ്ക്കാരം മുറിയുന്ന കാര്യങ്ങൾ :-

ഒരു വചനം ഉച്ചരിക്കുക

മറ്റൊരാൾക്ക് സലാം പറയുക

സലാം മടക്കുക

നിസ്‌കാരത്തിൽ അല്ലെന്ന് തോന്നിക്കും വിധം അധിക പ്രവർത്തികൾ ചെയ്യുക

നെഞ്ച് ഖിബിലെയും വിട്ടു തിരിക്കുക

തിന്നുകയോ, കുടിക്കുകയോ ചെയ്യുക

തക്കതായ കാരണം കൂടാതെ ഒച്ച അനക്കുക (തൊണ്ട കൊണ്ട് ശബ്ദം പുറപ്പെടുവിക്കൽ)

സുബ്ഹി നിസ്‌ക്കരിച്ചു കൊണ്ടിരിക്കുമ്പോൾ സൂര്യൻ ഉദിക്കുക

മനപ്പൂർവം അശുദ്ധി ഉണ്ടാക്കുക

ഭ്രാന്ത് ഉണ്ടാകുക , ബോധക്കേട് ഉണ്ടാകുക

തയമ്മം ചെയ്തു നിസ്‌ക്കരിക്കുന്നവൻ വെള്ളം കാണൽ

ഐഹിക വിഷയങ്ങളെ ഓർത്തു നിസ്‌കാരത്തിൽ കരയൽ

പൊട്ടിച്ചിരിക്കൽ

നിസ്‌കാരത്തിൽ തെറ്റ് പറ്റിയവന് തിരുത്തി കൊടുക്കൽ (ഇമാമിന് തെറ്റ് പറ്റിയാൽ തിരുത്താം)

അർത്ഥത്തിന് വ്യത്യാസം വരുന്ന രീതിയിൽ ഖുർആൻ ഓതൽ

സുജൂദിൽ നെറ്റി തറയിൽ പതിയുന്നതിനെ വിലങ്ങുന്ന വല്ലതും നെറ്റിയിൽ ഉണ്ടാകൽ

ഫർള് , വാജിബ് ഇവകൾ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കൽ -- തുടങ്ങിയ കാര്യങ്ങൾ നിസ്‌കാരത്തിൽ സംഭവിച്ചാൽ ആ നിസ്ക്കാരം ബാത്തിലായിപ്പോകും (നഷ്ടപ്പെടും)

-----------------------------------------------------------------------------------------------------------------------

മുകളിൽ പ്രതിപാദിച്ച വിഷയങ്ങൾ നിസ്‌ക്കരിക്കുന്ന ഒരു മനുഷ്യൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടുന്ന മസ്' അലകളാണ് .


ഇനി എങ്ങനെയാണ് നിസ്‌ക്കരിക്കേണ്ടത് എന്നത് വിശദീകരിക്കാം 



സുബ്ഹി ആണ് നിസ്‌ക്കരിക്കുന്നതെങ്കിൽ അതിന്റെ നിയ്യത്തു പറഞ്ഞു കൈ കെട്ടുക .

സുബ്ഹിയുടെ രണ്ടു റക്കഅത്ത് ഫർള് നിസ്ക്കാരം അല്ലാഹു തആലായ്ക്കു വേണ്ടി ഖിബിലയെ അഭിമുഖീകരിച്ചു കൊണ്ട് ഞാൻ നിസ്‌ക്കരിക്കുന്നു എന്ന് പറഞ്ഞു കൈ കെട്ടലാകുന്നു . (ഇമാമിനോടൊപ്പം ആണ് നിസ്‌ക്കരിക്കുന്നതെങ്കിൽ ഇമാമിനോപ്പം നിസ്‌ക്കരിക്കുന്നു എന്ന് കൂടി നിയ്യത്തിൽ കരുതണം)

കൈ കേട്ടേണ്ടുന്ന രീതി :- രണ്ടു കൈകളുടെയും  പെരു വിരലുകളെ ചെവിയുടെ അറ്റത്തു തൊടത്തക്ക നിലയിൽ കൈകൾ ഉയർത്തി ഉള്ളം കൈ ഖിബിലയുടെ നേരെ ആക്കിയും "അല്ലാഹു അക്ബർ" എന്ന തക്ബീർ ചൊല്ലിയും വലത്തേ ഉള്ളം കൈ ഇടത്തെ കയ്യുടെ മണി കണ്ഠത്തിന്മേൽ വെക്കുകയും വലതു കയ്യുടെ പെരുവിരലും ചൂണ്ടു വിരലും കൊണ്ട് ഇടതു കയ്യുടെ മണികണ്ഠത്തിൽ പിടിക്കുകയും മറ്റു മൂന്നു വിരലുകളെയും ഇടതു കയ്യുടെ മേൽ നീട്ടി വെക്കുകയും ചെയ്തു പൊക്കിളിന്റെ താഴെ കൈ കെട്ടണം . 

സ്ത്രീകൾ കൈകൾ തോൾ വരെ ഉയർത്തിയാൽ മതിയാകും .


ഇമാമിനെ തുടർന്ന് നിസ്‌ക്കരിക്കുന്നവൻ ഇമാമിന്റെ തക്ബീറിനു ശേഷമേ തക്ബീർ ചൊല്ലാവു .

തക്ബീർ ചൊല്ലി കൈ കെട്ടിയ ശേഷം സനാ'അ ഓതുക 

سبحانك اللهم وبحمدك وتبارك اسمك وتعالى جدك ولا إله غيرك

"സുബ്ഹാനക്കല്ലാഹുമ്മ വബി ഹംദിക്ക വത്ത ബാറക്കസ്മുക്ക വത്ത ആലാ ജെദ്ധുക്ക വലാ ഇലാഹ ഖൈറുക്ക" . 

അർഥം : അല്ലാഹുവെ നിന്നെ സ്തുതിക്കുന്നതിനോടൊപ്പം നിന്നെ ഞാൻ പരിശുദ്ധനാക്കുന്നു.  നിന്റെ നാമത്തിലാണ് ഞാൻ ശുഭ ലക്ഷണം കാണുന്നത് . ആദരണീയനും ഉന്നതനും നീയാണ് . നിന്നെക്കൂടാതെ ആദരിക്കപ്പെടുവാൻ അർഹതയുള്ള ഒരു ആരാധ്യനും , ഇലാഹും ഇല തന്നെ . 


അതിനു ശേഷം ഫാത്തിഹ സൂറത്തു ഓതണം 


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7

ബിസ്മില്ലാഹി റഹ്മാനി റഹീം
അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ
അറ്‌റഹ്മാനി റഹീം
മാലികി യൌമുദ്ദീൻ
ഇയ്യാക്കനൌബുദു വ ഇയ്യാക്കനസ്ഥഈം
ഇഹ്ദിന സിറാത്തൽ മുസ്ഥഖീം
സിറാത്തല്ലതീന അൻ അംത അലൈഹിം ഗൈരിൽ മഗ്‌ളൂബി അലൈഹിം വലള്ളാല്ലീൻ


(ഖുർആൻ മലയാളത്തിൽ എഴുതാൻ പാടില്ലാത്തതാണ് . ഖുർആൻ തീരെ ഓതാൻ അറിയാത്തവർക്ക്‌ വേണ്ടി ഇതിൽ ചേർത്തതാണ് . അറിയാത്തവർ അറബി അക്ഷരം പഠിച്ചു തന്നെ ഖുർആൻ ഓതാൻ പഠിക്കണം . മലയാളത്തിൽ എഴുതുമ്പോൾ അക്ഷരങ്ങൾ മാറുകയും , അർത്ഥ വ്യത്യാസം ഉണ്ടാകുകയും ചെയ്യുന്നു . )


1. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ 

2. സ്തുതി (മുഴുവന്‍) ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. 

3. പരമകാരുണികനും കരുണാ നിധിയുമായുള്ളവന്‍; 

4. പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍ 

5. നിന്നെമാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു. 

6. ചൊവ്വായ പാതയില്‍ നീ ഞങ്ങളെ വഴി ചേര്‍ക്കേണമേ! 

7. (അതായത്) യാതൊരു കൂട്ടരുടെ മേല്‍ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയില്‍, (അതെ,) കോപവിധേയരല്ലാത്തവരും, വഴിപിഴച്ചവരല്ലാ ത്തവരുമായ(വരുടെ പാതയില്‍).

ഫാത്തിഹാ സൂറത്തു ഓതിയതിനു ശേഷം ഒരു സൂറത്തു കൂടി ഓതണം . അത് മൂന്നു ആയത്തോ , അതിനു തുല്യമായ സൂറത്തോ ഓതിയാൽ മതിയാകുന്നതാണ് . ഇനി വലിയ സൂറത്തുകൾ അറിയാവുന്നവർക്ക് അതും ഓതാം .

(ഏറ്റവും ചുരുങ്ങിയത് ഒരു പത്ത് സൂറത്തെങ്കിലും ഓർമ്മയിൽ പഠിച്ചു വെക്കൽ ഒരു മുസ്ലിം എന്ന നിലയിൽ നമുക്ക് അത്യന്താപേക്ഷിതമാണ് . )

ഇനി പ്രെത്യേകം ശ്രെദ്ധിക്കേണ്ടുന്ന ഒരു വിഷയം ഹനഫി മദ്ഹബുകാരൻ ഇമാമിനോടൊപ്പമാണ് തുടരുന്നതെങ്കിൽ തക്ബീറത്തുൽ ഇഹ്‌റാം പറഞ്ഞു കൈ കെട്ടിയ ശേഷം സനാ ഓതുക . അതിനു ശേഷം ഇമാം ഫാത്തിഹ സൂറത്തുകൾ ഓതുമ്പോൾ (സുബ്ഹി , മഗ്‌രിബ് , ഇശാ നിസ്‌ക്കാരങ്ങളിൽ) പിറകിൽ നിൽക്കുന്ന മഅമൂമായ നമ്മൾ ഫാത്തിഹ ഓതേണ്ടുന്ന ആവശ്യം ഇല്ല . നമ്മൾ ഇമാമിന്റെ ഓതലിനെ കേട്ട് നിന്ന ശേഷം ഫാത്തിഹ തീരുമ്പോൾ ആമീൻ മാത്രം പറഞ്ഞാൽ മതിയാകും . 

ഇനി ളുഹർ , അസർ നിസ്‌ക്കാരങ്ങളിൽ ഇമാമിനെ തുടരുന്നവർ തക്ബീറത്തുൽ ഇഹ്‌റാം പറഞ്ഞു കൈ കെട്ടി സനാ ഓതിയ ശേഷം അടക്കം ഒതുങ്ങി മിണ്ടാതെ നിന്നാൽ മതിയാകും . റുകൂഇലും , അതിൽ നിന്നും ഉയരുമ്പോളും, സുജൂദിലും പിന്നീട് വരുന്ന അത്തഹിയ്യാത്തും മാത്രം ഓതിയാൽ മതി . 

പക്ഷെ നിസ്‌ക്കരിക്കുന്നവൻ ഇമാമിനെ തുടരാതെ ഒറ്റയ്ക്കാണെങ്കിൽ എല്ലാം ഓതി തന്നെ നിസ്‌ക്കരിച്ചാൽ മാത്രമേ ആ നിസ്ക്കാരം സ്വീകരിക്കുകയുള്ളൂ .

ഹനഫി മദ്ഹബുകാരിൽ ചിലർ ളുഹർ , അസർ നിസ്‌ക്കാരങ്ങളിൽ ഇമാമിനെ തുടരുമ്പോൾ ഫാതിഹയും , സൂറത്തുമൊക്കെ ഓതുന്നത് കേൾക്കാം . അങ്ങനെ ഓതേണ്ടുന്ന ആവശ്യം ഇല്ല . അനക്കം അടങ്ങി നിന്നാൽ മതിയാകും . 

********************************************************************************

ഫാതിഹയും സൂറത്തും ഓതി കഴിഞ്ഞാൽ അടുത്ത പ്രവർത്തി 'റുക്കൂ' ചെയ്യലാണ്  . അത് അല്ലാഹു അക്ബർ എന്ന് ചൊല്ലിക്കൊണ്ട് രണ്ടു ഉള്ളം കൈകളും കാലിന്റെ മുട്ടിൽ വെച്ച് കുനിയലാണ് .

ആ സമയം നമ്മുടെ നോട്ടം നമ്മുടെ രണ്ടു കാൽ പാദത്തിനിടയിലോ അല്ലെങ്കിൽ നമ്മൾ സുജൂദ് ചെയ്യുന്ന ഭാഗത്തേക്കോ ആയിരിക്കൽ നല്ലതാണ് .

റുകൂഇൽ "സുബ്ഹാന റബ്ബിയൽ അളീം" എന്ന് ചൊല്ലണം  


سبحان ربي العظيم

മഹാനായ എന്റെ നാഥന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.

എന്ന് മൂന്നു പ്രാവശ്യമോ , അല്ലെങ്കിൽ അഞ്ചു പ്രാവശ്യമോ ചൊല്ലലാണ് . തസ്ബീഹുകൾ ചൊല്ലുമ്പോൾ ഒറ്റ സംഖ്യ ആയിരിക്കൽ സുന്നത്തുണ്ട് .

ശേഷം "സമി അല്ലാഹു ലിമൻ ഹമിദ" എന്ന തസ്ബീഹ് പറഞ്ഞു ഉയരുക 

سمع الله لمن حمده

സ്തുതുതിക്കുന്നവന്റെ സ്തുതി കേട്ട് അല്ലാഹു സ്വീകരിക്കട്ടെ .


എന്ന് ചൊല്ലി നിവർന്നു നിൽക്കണം . ഈ നിർത്തത്തിനു "ഇഅത്തിദാൽ" എന്ന് പറയും .
ആ നിർത്തത്തിൽ "അല്ലാഹുമ്മ റബ്ബനാ ലക്കൽ ഹംദ്" എന്ന ദിക്കിർ ഉച്ചരിക്കണം 





اللهم ربنا لك الحمد 



ഞങ്ങളുടെ നാഥാ സർവ്വ സ്തുതിയും നിനക്ക് മാത്രമാകുന്നു .

------------------------------------------------------------------------------------------------------------------------

തുടർന്ന് സുജൂദിലേക്കു നമ്മൾ കടക്കണം .രണ്ടു കാലുകളുടെയും വിരലുകളെ നിലത്തമർത്തി , മടമ്പും കാൽ പൊക്കി നിർത്തി രണ്ടു കാൽ മുട്ടുകളും , കൈ വിരലുകൾ വിടർത്താതെ വിരലുകളുടെ പള്ള ഭാഗവും നെറ്റിയും മൂക്കിന്റെ അഗ്ര ഭാഗവും നിലർത്തു അമർത്തി സുജൂദ് ചെയ്യണം.  കയ്യിന്റെ പെര് വിരൽ കാതുകളുടെ നേരെ ഉയരത്തക്ക രൂപത്തിലും കൈമുട്ടുകൾ രണ്ടു വശത്തേക്കും ചേർന്നിരിക്കാതെ അകലത്തിലാക്കിയും വെക്കണം . മൂക്കിന് നേർക്കാണ് ദൃഷ്ടി പതിയേണ്ടുന്നത് . മുതുക് വളയ്ക്കാതെ പൃഷ്ടഭാഗം ഉയർന്നിരിക്കുകയും ചെയ്യണം .
സുജൂദ് ചെയ്യുമ്പോൾ ആദ്യം നമ്മുടെ കാൽ മുട്ടുകളാണ് തറയിൽ വെക്കേണ്ടുന്നത് .

സുജൂദിൽ ഇങ്ങനെ പറയുക " സുബ്ഹാന റബ്ബിയൽ അ'അലാ 

سبحان ربي الاعلي

ഏറ്റവും ഉന്നതനായ എന്റെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു .

സുജൂദിലും തസ്ബീഹുകൾ മൂന്നു പ്രാവശ്യമോ , അല്ലെങ്കിൽ അഞ്ചു പ്രാവശ്യമോ ചൊല്ലണം .

ഒരു റക്കഅത്തിൽ രണ്ടു സുജൂദുകളാണ് ഉള്ളത് .ഒന്നാമത്തെ സുജൂദിന് ശേഷം അല്ലാഹു അക്ബർ എന്ന ദിക്‌ർ ഉച്ചരിച്ചു അൽപ സമയം നിവർന്നിരിക്കണം . ആ ഇരുത്തത്തിൽ വലത്തേ കാലിന്റെ വിരലുകളെ കുത്തി നിർത്തി ഇടതു കാൽ ചരിച്ചു അതിന്മേൽ ഇരിക്കണം . അപ്പോൾ രണ്ടു തുടയുടെ മേൽ കൈ വിരലുകൾ കൂട്ടിപ്പരത്തി വെച്ച് മടിയിലേക്കു നോക്കുകയും ചെയ്യണം . എന്നിട്ടാണ് രണ്ടാമത്തെ സുജൂദിലേക്കു പോകേണ്ടത് .

രണ്ടു സുജൂദും നിർവഹിച്ച ശേഷം അല്ലാഹു അക്ബർ എന്ന് ചൊല്ലിക്കൊണ്ട് കൈകൾ കാൽ മുട്ടുകളുടെ മേൽ വെച്ച് കാലിൽ ശക്തി ഉപയോഗിച്ച് രണ്ടാം റക്കഅത്തിലേക്കു  നിവർന്നു നിൽക്കണം .

രണ്ടാം റക്കഅത്തിൽ ഫാത്തിഹയും , സൂറത്തും ഓതിയ ശേഷം റുക്കൂഉം , സുജൂദും ക്രമ പ്രകാരം നിർവ്വഹിച്ചു ആദ്യ അത്തഹിയ്യാത്തിലേക്കു കടക്കുക.

രണ്ടാം റക്കഅത്തിൽ രണ്ടു സുജൂദും നിർവഹിച്ച ശേഷം അടുത്ത റക്കഅത്തിൽ കടക്കാതെ അവിടെ തന്നെ ഇരുന്നു ഹദീസിൽ വന്ന അത്തഹിയ്യാത് എന്ന തസ്ബീഹ് ഓതലാണ് .


അതിന്റെ രൂപം :- 


التحياتُ لله والصلوات والطيبات، السلام عليك أيها النبي ورحمة الله وبركاته، السلام علينا وعلى عباد الله الصالحين، أشهد أن لا إله إلا الله وأشهد أن محمداً عبده ورسوله


"അത്തഹിയ്യാത്തു ലില്ലാഹി വസ്സ്വലവാത്തു വത്ത്വയ്യിബാത്തു അസ്സലാമു അലൈക അയ്യുഹന്നബിയ്യു വ റഹ്മത്തുല്ലാഹി വ ബറകാതുഹു അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്സ്വാലിഹീന്‍. അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല ല്ലാഹു. വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്‌ദുഹു വ റസൂലുഹു"


അർഥം : (എല്ലാ തിരുമുല്‍ കാഴ്ചകളും ബറകത്തുകളും നമസ്‌കാരങ്ങളും മറ്റുസല്‍കര്‍മങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയേ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകള്‍ക്കും അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. തീര്‍ച്ചയായും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)

Friday 16 November 2018

മുടിക്ക് നിറം കൊടുക്കലും , കറുപ്പാക്കുന്നതും, ഹെയർ ഫിക്സിങ്ങും ഇസ്‌ലാമിക വിധി




അള്ളാഹു നൽകിയ മഹത്തായ മറ്റൊരനുഗ്രഹമാണ് നമുക്ക്  തലമുടി നൽകി എന്നുള്ളത് . മുടി ഒരു മനുഷ്യന്റെ സൗന്ദര്യ സങ്കല്പവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം . പൊതുവെ മുടി കൊഴിഞ്ഞു പോകുന്നവർ ചെറുതായെങ്കിലും മാനസിക സംഘർഷം അനുഭവിച്ചിട്ടുള്ളവരാണ് . പിന്നീട് ആ സാഹചര്യവുമായി പൊരുത്തപ്പെട്ടു ഇണങ്ങി ചേരുന്നു .

മുടി തീരെ ഇല്ലാത്ത ധാരാളം സുന്ദരന്മാരെയും നമുക്ക് ചുറ്റിനും കാണാൻ സാധിക്കും . എങ്കിലും മുടി ഉള്ളത് ഒരു അനുഗ്രഹം തന്നെ എന്ന് വേണമെങ്കിൽ കരുതാം .

നമുക്ക് അള്ളാഹു നൽകിയ ഓരോ അവയവത്തിനും അതിന്റേതായ മഹത്വവും പൊരുളും അടങ്ങിയിട്ടുണ്ട് .

അഞ്ചു നേരം പള്ളിയിൽ വന്നു ജമാ'അത്ത് ആയി നിസ്‌ക്കരിക്കുന്ന പല പുരുഷന്മാരും അവരുടെ തലമുടി യഥാർത്ഥ കളറിൽ നിന്നും രൂപ മാറ്റം വരുത്തിയവരാണ് . അല്ലെങ്കിൽ നരച്ചു തുടങ്ങിയ മുടി കറുപ്പിച്ചു വരുന്നവരാണ്. ഇനി എന്താണ് ഇതിന്റെ ഇസ്‌ലാമിക മാനദണ്ഡം എന്ന് പരിശോധിക്കാം .


മുടി കറുപ്പിക്കുന്നതിന്റെ വിധി എന്ത് ? ഇങ്ങനെ ചെയ്യുന്ന ആളിനെ നിസ്കാരത്തില്‍ തുടരാമോ?

മുടിക്ക് കറുത്ത ചായം കൊടുക്കല്‍ ഹറാമാണ്. യുദ്ധമുഖത്തുള്ള സൈനികര്‍ക്ക് ശത്രുസൈന്യത്തില്‍ ഭയം ജനിപ്പിക്കാന്‍ സഹായിക്കുമെങ്കില്‍ അത് അനുവദനീയമാണെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. അല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം അത് നിഷിദ്ധം തന്നെ.

അത് നിത്യമായി ചെയ്യുന്നവനാണെങ്കില്‍, അതേക്കാള്‍ കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്ത പക്ഷം ഫാസിഖ് എന്ന ഗണത്തില്‍ പെടുന്നതാണ്. ഫാസിഖിനോട് തുടരല്‍ കറാഹതാണ്, തുടര്‍ച്ച ശരിയാവും. മറ്റുജമാഅതൊന്നും കിട്ടാത്ത പക്ഷം, ഫാസിഖിനോട് തുടരുന്നതിനേക്കാള്‍ ഉത്തമം ഒറ്റക്ക് നിസ്കരിക്കലാണെന്നാണ് പണ്ഡിതാഭിപ്രായം.

വന്‍ദോഷങ്ങളുടെ ഇനത്തില്‍ പെട്ട ഏതു തെറ്റു ചെയ്യുന്നവരും ഫാസിഖാണ്. ചെറുദോഷങ്ങള്‍ പതിവാക്കുകയും അവന്‍റെ സല്‍കര്‍മ്മങ്ങള്‍ ചെറുദോഷങ്ങളേക്കാള്‍ കൂടുതലാവുന്നില്ലെങ്കിലും ഫാസിഖ് തന്നെ. (ഫത്ഹുല്‍ മുഈന്‍ 405)
*******************************

മുടിക്ക് കറുപ്പ് ചായം കൊടുക്കല്‍ ഹറാം ആണെന്നാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. നരയെ ബഹുമാനിച്ച് കൊണ്ട് ചുവപ്പ് പോലോത്ത ചായം നല്‍കാമെന്നതിനാലാണ് മൈലാഞ്ചി അനുവദനീയവും സുന്നത്തുമാവുന്നത്.

എന്നാല്‍ അതേ സമയം, അത്തരത്തില്‍ നല്‍കുന്ന ചായം ഉള്ളിലേക്ക് വെള്ളമെത്തുന്നതിനെ തടയുന്നതാവരുത്. അങ്ങനെ വരുന്ന പക്ഷം, നിര്‍ബന്ധകുളി ശരിയാവുകയില്ല.


നരച്ച തലമുടിയിലും താടിയിലും മഞ്ഞയോ ചുവപ്പോ ചായം കൊടുക്കല്‍ സുന്നത്താകുന്നു. ‘ജൂതന്‍മാരും ക്രിസ്ത്യാനികളും ചായം കൊടുക്കാറില്ല. നിങ്ങള്‍ അവരോട് എതിരാവുക’ എന്ന് നബി(സ)യില്‍ നിന്ന് അബൂ ഹുറയ്‌റ(റ) ഉദ്ധരിച്ച ഹദീസ് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്.


അബൂബക്കര്‍ (റ)വിന്റെ പിതാവ് അബൂഖുഹാഫ(റ) മക്കം ഫാത്ഹിനാണ് മുസ്‌ലിമായത്. അദ്ദേഹത്തെ നബി(സ)യുടെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ തലയും താടിയും നരച്ച് വെളുവെളുത്തിരിക്കുന്നു. ഇത് കണ്ടപ്പോള്‍ നബി(സ) പറഞ്ഞു: ‘ഇത് നിങ്ങള്‍ പകര്‍ച്ചയാക്കുക, കറുപ്പ് ഉപേക്ഷിക്കുകയും ചെയ്യുക.’ 

നബി(സ)യില്‍ നിന്നും ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: പ്രാവിനെ പോലെ കറുപ്പ് കൊണ്ട് ചായം കൊടുക്കുന്ന ഒരു വിഭാഗം അവസാന കാലത്ത് വരാനുണ്ട്. സ്വര്‍ഗത്തിന്റെ മണം അവര്‍ ആസ്വദിക്കുകയില്ല. (അബൂദാവൂദ്, നസാഈ)

ഇബ്നു അബ്ബാസ് രേഘപെടുതുന്നു. "പ്രവാചകന് പറഞ്ഞു "അന്ത്യ നാളുകളിലേക്ക് അടുക്കുമ്പോള് കിളികള് ചവച്ചു വെച്ച ദാന്യം പോലെ മുടിക്ക് കറുത്ത ചായം നല്കിയ ജനങ്ങള് ഉണ്ടാകും ,അവർക്കു സ്വർഗ്ഗത്തിന്റെ വാസന പോലും നല്കപെടുകയില്ല "

കറുത്ത ചായം കൊടുക്കല്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഹറാമാണെന്നാണ് പ്രബലാഭിപ്രായം.

യുദ്ധാവശ്യത്തിനു വേണ്ടി മുടി കറുപ്പിക്കുന്നതിന് വിരോധമില്ല. ഭര്‍ത്താവിന് ഭംഗിയാവാന്‍ സ്ത്രീകള്‍ക്ക് അനുവദനീയമാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. (ശര്‍ഹുല്‍ മുഹദ്ദബ് 1/294) 

മുടിയില്‍ ഒട്ടിപ്പിടിക്കുന്ന വെള്ളം ചേരുന്നതിനെ തടയുന്ന വസ്തു കൊണ്ടാണ് ചായം കൊടുത്തതെങ്കില്‍ അതു വുളൂഇനെയും കുളിയെയും ബാധിക്കും. വെറും കളര്‍ മാത്രമെയുള്ളൂവെങ്കില്‍ പ്രശ്‌നമില്ല.


ഹെയർ ഫിക്സിങ് 

ഫൈബര്‍, സിന്തറ്റിക് തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കപ്പെട്ട മുടിനാരുകള്‍ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട തൊപ്പി പോലോത്തത് ക്ലിപ് ഉപയോഗിച്ച് തലയില്‍പിടിപ്പിക്കുന്നതിനെയാണ് ഹെയര്‍ ഫിക്സിംഗ് എന്ന് പറയുന്നത്. ഇത് തത്വത്തില്‍ ചെയ്യാവുന്നതാണ്.

എന്നാല്‍ താഴെ പറയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഫിക്സ് ചെയ്യുന്ന മുടി ഇതരമനുഷ്യരുടേതോ നജസോ ഹറാമോ അവയാല്‍ ഉണ്ടക്കാപ്പെട്ടതോ ആവാതിരിക്കണം. ഉള്ളിലേക്ക് വെള്ളം എത്തുന്നു എന്ന് ഉറപ്പ് വരുത്താനായി, നിര്‍ബന്ധമായ കുളിയുടെയും വുദുവിന്റെയും അവസരത്തില്‍ ആവശ്യമായ വിധം മാറ്റിവെക്കല്‍ നിര്‍ബന്ധമാണ്. അത് കൊണ്ട് തന്നെ , മാറ്റിവെക്കാന്‍ പറ്റാത്ത വിധം ഫിക്സ് ചെയ്യല്‍ ഹറാമുമാണ്.

മുടിവെക്കുന്നതിന്റെ മറ്റൊരു രീതി ട്രാന്‍സ്പ്ലാന്റേഷനാണ്. തലയിലെ മുടിയുള്ള ഭാഗത്ത് നിന്ന് എടുത്ത് ഇല്ലാത്ത ഭാഗത്ത് നട്ടുപിടിപ്പിക്കുന്നതാണ് ഇത്. മരണം ഭയക്കുന്നതോ തയമ്മും അനുവദനീയമാവുന്നതോ ആയവിധമുള്ള അത്യപകടഘട്ടങ്ങളിലല്ലാതെ സ്വശരീരത്തിന്റെ ഭാഗം മുറിച്ചുകളയുന്നത് അനുവദനീയമല്ല. അത് കൊണ്ട് തന്നെ, കഷണ്ടി പരിഹരിക്കാനായി ഈ മാര്‍ഗ്ഗം ഒരിക്കലും അനുവദനീയമല്ല.

Thursday 15 November 2018

തിരുശേഷിപ്പുകളും ബർക്കത്തെടുക്കലും








പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന് നമുക്ക് ബർക്കത്തെടുക്കാമോ . അങ്ങനെ ചെയ്‌താൽ അത് അല്ലാഹുവിനോട്  പങ്ക് ചേർക്കുന്നതിനോട് തുല്യമല്ലെ ? . എങ്കിൽ നമ്മുടെ സ്ഥിരവാസം നരകം ആകില്ലേ ?. ഇതൊക്കെ സാധാരണക്കാർക്കുള്ള സംശയങ്ങളാണ് . ഇതിനു തെളിവായി നാഴികയ്ക്ക് നാൽപ്പതു വട്ടം ആശയങ്ങൾ മാറ്റിപ്പറയുന്ന മുറി മൗലവിമാരുടെ വസ്‌വാസ് ഉണ്ടാക്കുന്ന പ്രസംഗകളും ലഖു ലേഖയും കൂടി  ആകുമ്പോൾ ഖുർആൻ പോലും ശെരിക്കു അക്ഷരത്തെറ്റില്ലാതെ വായിക്കാൻ പാടുപെടുന്ന നമ്മുടെ അവസ്ഥ വിവരിക്കേണ്ടതില്ലല്ലോ .

ഇനി ഇതിന്റെ വസ്തുതകൾ ഇസ്‌ലാം എന്ത് പറയുന്നു എന്ന് പരിശോധിക്കാം . ഹദീസ് ഗ്രന്ഥങ്ങളും , ഏതു വിഭാഗവും അംഗീകരിക്കുന്ന മുൻകാല സലഫുകളായ പണ്ഡിത ഇമാമുമാരുടെയും ഫത്വവകൾ നമുക്കൊന്ന് പരിശോധിക്കാം .

🔷ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു..

ഉമ്മു അത്വിയ്യ (റ) യിൽ നിന്നും നിവേദനം :അവർ പറയുന്നു. നബി(സ) യുടെ പുത്രി വഫാത്തായപ്പോൾ നബി(സ) ഞങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. " അവരെ നിങ്ങൾ മൂന്നോ അഞ്ചോ നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലധികമോ പ്രാവശ്യം താളി ഉപയോഗിച്ച്  കുളിപ്പിക്കുക. അവസാനത്തെ കഴുകലിൽ  കർപ്പൂരവും ഉപയോഗിക്കണം. കുളിപ്പിക്കൽ കഴിഞ്ഞാൽ എന്നെ നിങ്ങൾ വിവരം അറിയിക്കുകയും  വേണം.".  കുളിപ്പിക്കൽ കഴിഞ്ഞപ്പോൾ  ഞങ്ങൾ നബി(സ)യെ വിവരം അറിയിച്ചു. അപ്പോൾ നബി(സ) അവിടത്തെ വസ്ത്രം ഞങ്ങളെ ഏല്പിച് അത് അവരുടെ ശരീരത്തെ സ്പര്ശിക്കുന്ന അടിവസ്ത്രം ആക്കാൻ ഞങ്ങളെ നിർദ്ദേശിച്ചു.അരയുടുപ്പ് എന്നാണ് മഹതി ഉദ്ദേശിക്കുന്നത് .(ബുഖാരി 1175)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:

സദ് വ്രതരുടെ ആസാറുകൾ  കൊണ്ട്  ബറക്കത്തെടുക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ്‌ പ്രസ്തുത ഹദീസ്.(ഫത് ഹുൽ ബാരി 4/270).

ഇമാം നവവി (റ) എഴുതുന്നു:നബി(സ) യുടെ വസ്ത്രം മകളുടെ ശരീരത്തെ സ്പർശിക്കുന്ന വസ്ത്രമാക്കുന്നതിലുള്ള തത്വം അതുകൊണ്ട്  മകൾക്ക് ബറക്കത്ത് ലഭ്യമാക്കലാണ്. അതിനാല്  സദ് വ്രതരുടെ ആസാറുകൾ കൊണ്ടും അവരുടെ വസ്ത്രങ്ങളെ കൊണ്ടും ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ശർഹുമുസ്ലിം 3/353). 

നബി(സ) യിൽ നിന്ന് നേരിട്ട് ദീൻ മനസ്സിലാക്കിയ സ്വഹാബത് (റ) മരിച്ചാൽ കഫൻ ചെയ്യുന്നതിനായി നബി(സ) യുടെ വസ്ത്രം ചോദിച്ചു വാങ്ങിയിരുന്നതായും  ഹദീസിൽ വന്നിട്ടുണ്ട്.

🔵ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ മറെറാരു സംഭവം കാണുക.

സഹ്ൽ(റ) വിൽ നിന്നു നിവേദനം: "ഒരു പുതിയ വസ്ത്രവുമായി ഒരു സ്ത്രീ നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.: " നബിയേ, അങ്ങേക്ക് ധരിപ്പിക്കാനായി ഞാനെന്റെ കൈ  കൊണ്ട് നെയ്ത് ഉണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും". അപ്പോൾ നബി(സ) അതിലേക്ക് ആവശ്യമുള്ള നിലയിൽ തന്നെ ആ വസ്ത്രം സ്വീകരിച്ചു. തുടർന്ന് ആ വസ്ത്രം ധരിച്ച് നബി (സ) ഞങ്ങളിലേക്ക് വന്നപ്പോൾ ഒരാൾക്ക്‌ ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബി(സ) യോട്  പറഞ്ഞു.  "എത്ര നല്ല വസ്ത്രം! അതെനിക്ക് നല്കിയാലും". ഇത് കേട്ട് സ്വഹാബാകിറാം (റ) ഇപ്രകാരം പ്രതികരിച്ചു.: " നബി(സ) തനിക്ക് ആവശ്യമുണ്ടായിട്ടാണല്ലോ ആ വസ്ത്രം ധരിച്ചത്. ചോദിച്ചാൽ നബി(സ) മടക്കുകയില്ലെന്നു മനസ്സിലാക്കി താങ്കൾ ആ വസ്ത്രം ആവശ്യപ്പെടുകയാണോ?" . അപ്പോൾ അദ്ദേഹം വിശദീകരിച്ചു " നബി(സ) യോട് ഞാനാ വസ്ത്രം ആവശ്യപെട്ടത്‌ എനിക്കു ധരിക്കാനല്ല. മറിച്ച് ഞാൻ മരിച്ചാൽ എന്നെ അതിൽ കഫൻ ചെയ്യാനാണ്. സഹ്ൽ (റ) പറയുന്നു. ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻ തുണിയായി മാറി". (ബുഖാരി 1198)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ഫത് ഹുൽ ബാരി : 4/318)

🔶അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മാഅ് (റ) വില്‍ നിന്നും ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:

“ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു. 
ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു. 
അവര്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു. 
ഞങ്ങള്‍ ഇത് കഴുകിയവെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട്” (മുസ്ലിം 14/43).

➰ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു.

“സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).

🔵നബി (സ്വ) വെള്ളം വായിലെടുത്തു. 
ഒരു പാത്രത്തിലേക്ക്   തുപ്പിയ ശേഷം ആ വെള്ളംകുടിക്കാന്‍ അബൂമൂസാ (റ) നോടും ബിലാല്‍ (റ) നോടും ആവശ്യപ്പെട്ട സംഭവം വിവരിക്കുന്ന ഹദീസ് പ്രസ്തുത അധ്യായത്തില്‍ തന്നെ ഉദ്ധരി ച്ചിട്ടുണ്ട്. 
ഈ ഹദീസിനു വ്യാഖ്യാനമായി ഇബ്നുഹജര്‍ (റ) എഴുതുന്നു:

“വായില്‍ വെള്ളം എടുത്ത് നബി (സ്വ) പാത്രത്തിലേക്ക് തുപ്പി. 

നബി (സ്വ) യുടെ തുപ്പുനീരുകൊണ്ട് പാത്രത്തിലുള്ള വെള്ളത്തിന് പുണ്യമുണ്ടാക്കലായിരുന്നു അതുകൊണ്ടുദ്ദേശ്യം” (ഫത്ഹുല്‍ ബാരി 1/395).

🔴 ഇബ്നുകസീര്‍ (റ) എഴുതുന്നു: “ഒന്നിലധികം റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം.

മുആവിയഃ (റ) മകനോട് താന്‍ മരണപ്പെട്ടാല്‍ നബി (സ്വ) തന്നെ ധരിപ്പിച്ച വസ്ത്രത്തില്‍ ജനാസഃ കഫന്‍ ചെയ്യാന്‍ വസ്വിയ്യത് ചെയ്തു.

ആ വസ്ത്രം അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു.
കഫന്‍ ചെയ്യുമ്പോള്‍ തന്റെ അടുക്കലുള്ള, നബി (സ്വ) യുടെ മുടിയും നഖങ്ങളും വായിലും മൂക്കിലും രണ്ടു കണ്ണുകളിലും ചെവികളിലും വെക്കാനും മുആവിയഃ (റ) മകനോട് നിര്‍ദ്ദേശിച്ചിരുന്നു” (അല്‍ബിദായതുവന്നിഹായ, 8/179).

⚫അല്‍ഖമതുബ്നു അബീഅല്‍ഖമഃ (റ) തന്റെ മാതാവില്‍ നിന് നിവേദനം ചെയ്യുന്നു:

മുആവിയഃ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശഃ (റ) യുടെ അടുക്കലേക്ക് ഒരാളെ അയച്ചു.

നബി (സ്വ) ധരിച്ചിരുന്ന പുതപ്പും നബി (സ്വ) യുടെ മുടിയും കൊടുത്തയക്കാന്‍ ആവശ്യപ്പെട്ടു.
ആ വസ്തുക്കളുമായി ആഇശഃ (റ) എന്നെ മുആവിയഃ (റ) വിന്റെ അടുത്തേക്കയച്ചു.

ഞാന്‍ അതുമായി മുആവിയഃ (റ) വിന്റെ അരികിലെത്തിയപ്പോള്‍ അദ്ദേഹം ആ പുതപ്പെടുത്തു ധരിച്ചു.

പിന്നെ വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു.
ആ മുടി വെള്ളത്തില്‍ മുക്കിയശേഷം വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു” (അല്‍ബിദായത്തു വന്നിഹായ, 8/165).

🔘തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമായി ഉമര്‍ ബ്നു അബ്ദില്‍ അസീസ്‌ (റ) വിനു പ്രതേക റൂം ഉണ്ടായിരുന്നു.

- കിതാബ് സുഹ്ദ്; ഹദീസ് നമ്പര്‍ 27, പേജ് 6
ഇമാം അഹമ്മദ് ബ്നു ഹമ്പല്‍ (റ)
- സല'വതുല്‍ ക'ഈബ് ; പേജ്: 31
ഇമാം ഹാഫിള് ബ്നു നാസിരുദ്ധീന്‍ അദ്ധി'മശ്കി (റ)

☑ നബി (സ) യുടെ തിരു കേശമോ, അവിടുത്തെ വടിയോ ചാട്ടവാരോ ഒരു ദോഷിയുടെ കബരിന്മേല്‍ വെച്ചാല്‍ അമൂല്യമായ ഈ തിരു ശേഷിപ്പുകളുടെ ബര്‍ക്കത്ത് കൊണ്ട് അവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. ഇവകള്‍ ഒരാളുടെ വീടിലോ ഒരു നാട്ടിലോ ഉണ്ടായാല്‍ അവിടെയുള്ള താമസക്കാര്‍ക്ക് ഒരു ആപത്തും സംഭവിക്കില്ല.

قالوا لو وضع شعر رسول الله صلى الله عليه وسلم أو عصاه أو سوطه على قبر عاص لنجا ذلك العاصي ببركات تلك الذخيرة من العذاب وإن كانت في دار إنسان أو بلدة لا يصيب سكانها بلاء ببركاتها
روح البيان: 3/478, 3/251
إسماعيل حقي بن مصطفى الإستانبولي الحنفي الخلوتي

റൂഹുല്‍ ബയാന്‍: 3/478, 3/251
ഇമാം ഇസ്മാഹീല്‍ ഹിക്കി. (റ)


നബി(സ)തങ്ങളുടെ വഫാത്ത് വാര്‍ത്തയറിഞ്ഞ് സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ സ്വഹാബി വര്യനെ പ്രേരിപ്പിച്ചത് നബി തങ്ങളോടുള്ള അതിരറ്റ സ്‌നേഹമായിരുന്നു. നബിതങ്ങള്‍ ചെയ്ത ഓരോ കാര്യങ്ങളും അണു വിടാതെ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് പ്രചോദനമേകിയതും അവിടത്തോടുള്ള പ്രേമമായിരുന്നു. നബി(സ) തങ്ങളുടെ കരം ഗ്രഹിക്കാനും തിരു ദര്‍ശനത്തിനും അവര്‍ മത്സരിച്ചതും സ്‌നേഹം കൊണ്ടായിരുന്നു. ഇതില്‍ ഏതെങ്കിലുമൊന്ന് മാത്രമാണ് പ്രവാചക സ്‌നേഹമെന്ന് മുന്‍ഗാമികളാരും നമ്മോട് പറഞ്ഞിട്ടില്ല. കണ്ണ് പൊട്ടിച്ച സ്വഹാ ബിയെ ആരും പ്രവാചക വിരോധിയായി ചിത്രീകരിച്ചിട്ടില്ല. സ്വന്തത്തെ തന്നെ സമര്‍പിച്ചവര്‍ സമ്പത്ത് മാത്രം നല്‍കിയവരെ അവഹേളിച്ചിട്ടില്ല. സുന്നത്തിനെ മുഴുവന്‍ പിന്‍പറ്റിയവരെ ആരും ഭ്രാന്തനാക്കിയിട്ടില്ല. പ്രവാചക സ്‌നേ ഹത്തിന് മാനദണ്ഡമോ അതിര്‍ വരമ്പുകളോ നിശ്ചയിച്ച് പരിമിത പ്പെടുത്താന്‍ മുന്‍ഗാമികളാരും തയ്യാറായിട്ടില്ലെന്നതാണ് വാസ്ത വം. സ്വഹാബികളും താബിഉകളും നബി(സ) തങ്ങളെ സ്‌നേഹിച്ചു എന്നത് പോലെ മറ്റു രീതിയിലും നബി(സ) തങ്ങളോടുള്ള അതിരറ്റ സ്‌നേഹവും ബഹുമാനവും അവര്‍ പ്രകടിപ്പിച്ചതായി ഇസ്‌ലാമിക ഗ്രന്ഥ ങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.

അനസ്ബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്: നബി തങ്ങള്‍ ജംറയെ എറിഞ്ഞതിന് ശേഷം ബലിയറുത്തു. പിന്നെ വലതുഭാഗത്തെ മുടികളയാന്‍ സൗകര്യം ചെയ്തു. മുടികളഞ്ഞു. എന്നിട്ട് അത് അബൂത്വല്‍ഹ(റ) വിനെ ഏല്‍പിച്ചു. പിന്നെ ഇടത്തെ ഭാഗവും കളഞ്ഞു. നബി(സ) തങ്ങള്‍ പറഞ്ഞു. മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. (മുസ്‌ലിം, നസാഈ) നബി(സ) തങ്ങള്‍ ഹജ്ജ് ചെയ്ത ശേഷം മുടി കളയുക യും, തിരുകേശം അവിടെ സന്നിഹിതരായ സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അബൂത്വല്‍ഹതുല്‍ അന്‍സ്വാരി(റ) വിനെ ഏല്‍പ്പിക്കുകയും ചെയ്ത സംഭവമാണ് ഹദീസില്‍ നാം മനസ്സിലാക്കിയത്. തിരുകേശത്തിന്റെ മഹത്വം മനുഷ്യരാശിയെ ബോധ്യപ്പെടുത്തുകയാണ് തിരുനബി(സ) തങ്ങള്‍ ചെയ്തത്. കാലാകാലങ്ങളില്‍ കടന്ന് വരുന്ന പുതിയ തലമുറകള്‍ക്ക് നബി(സ) തങ്ങളോടുള്ള സ്‌നേഹപ്രകടനത്തിന് ഒരു മാര്‍ഗ്ഗം വരച്ചിടുകയായിരുന്നു നബി(സ) തങ്ങള്‍. മുസ്‌ലിം ലോകം നബി(സ) തങ്ങളുടെ കേശത്തിന് നല്‍കിയ സ്ഥാനം ഈയാഥാര്‍ ത്ഥ്യമാണ് വിളിച്ചോതുന്നത്. തിരുകേശം സൂക്ഷിക്കുന്നതും അതില്‍ മഹത്വം കാണുന്ന തും അന്ധവിശ്വാസവും അനാചാരവുമാണെന്ന് ജല്പനം നടത്തുന്നവര്‍ തിരുനബി(സ) തങ്ങളുടെ കൊടിയ ശത്രുക്കളാ ണെന്നതില്‍ തര്‍ക്കമില്ലെന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.... 

നബി(സ) തങ്ങളുടെ നിര്‍ദേശപ്രകാരം വിതരണം ചെയ്ത തിരുകേശം നിരവധി സ്വഹാബികള്‍ സൂക്ഷിച്ചു വെക്കുകയും, തലമുറകളിലേക്ക് കൈമാറുകയും ചെയ്തു. വളരെ പവിത്രതയോ ടെയാണ് മുസ്‌ലിം ലോകം തിരുശേഷിപ്പുകളെ കണ്ടിരുന്നതെന്ന് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. നബി(സ) തങ്ങള്‍ തിരുകേശം വിതരണം ചെയ്യാന്‍ നിര്‍ദേ ശം നല്‍കിയ മേല്‍ ഹദീസ് കണ്ടപ്പോള്‍ താബിഉകളില്‍ പ്രധാനി യായ അബീദതു സല്‍മാനി(റ) പറഞ്ഞത് ഇപ്രകാരമാണ്. ''ലോകത്തുള്ള സര്‍വ്വ വസ്തുക്ക ളേക്കാളും അതില്‍ നിന്നൊരു കേശം എനിക്ക് ലഭിക്കുന്നതിനെ യാണ് ഞാനേറ്റവും ഇഷ്ടപ്പെടു ന്നത്.'' 

ഇസ്‌ലാമിക ലോകത്തെ വീരയോദ്ധാവും, പടനായകനുമാണ് മഹാനായ ഖാലിദ്ബുനു വലീദ് (റ) ഖിസ്‌റാ ഖൈസറിന്റെ ആധിപത്യ ങ്ങള്‍ക്ക് അന്ത്യം കുറിച്ച് വിശാല ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സൃഷ്ടി പ്പിന് നേതൃത്വം നല്‍കിയ വീരകേ സരിയാണ് മഹാനവര്‍കള്‍. മഹാന്റെ നേതൃത്വത്തില്‍ നടന്ന ചരിത്ര പ്രസിദ്ധമായ യര്‍മൂഖ് യുദ്ധവേള യിലെ ഒരു സംഭവം ചരിത്ര ഗ്രന്ഥ ങ്ങള്‍ ഇപ്രകാരം ഉദ്ദരിക്കുന്നു. ഖാലിദ്ബ്‌നു വലീദ്(റ) വിന്റെ പടത്തൊപ്പി യര്‍മൂഖ് യുദ്ധവേളയില്‍ നഷ്ടപ്പെട്ടു. അത് തിരഞ്ഞ് പിടിക്കാ ന്‍ അദ്ദേഹം ഞങ്ങളോട് ആജ്ഞാ പിച്ചു. പക്ഷേ അത് കിട്ടിയില്ല. വീണ്ടും തിരയാന്‍ അദ്ദേഹം കല്‍പി ച്ചു. അപ്പോള്‍ ആ പടത്തൊപ്പി ഞങ്ങള്‍ക്ക് കിട്ടി. നോക്കുമ്പോള്‍ അതൊരു ദ്രവിച്ച തൊപ്പിയായിരു ന്നു. ഖാലിദ്(റ) പറഞ്ഞു: 'നബി (സ) തങ്ങള്‍ ഉംറ നിര്‍വഹിച്ച ശേഷം തലമുടി കളഞ്ഞു. തിരു കേശത്തിനായി ജനങ്ങള്‍ ഓടിയെ ത്തി. തങ്ങളുടെ മൂര്‍ദ്ദാവി ലെ തിരുകേശത്തിനായി ഞാനവരെമുന്‍കടന്നു. ഞാനതിനെ ഈ തൊപ്പിയില്‍ ചേര്‍ത്തുവെച്ചു. തിരുകേശം എന്നോടൊപ്പം ഉള്ള സമയങ്ങളിലൊക്കെ എനിക്ക് യുദ്ധത്തില്‍ വിജയം വരിക്കാനായി.' ഇസ്‌ലാമിക ലോകത്ത് വിജയത്തിന്റെ വെന്നിക്കൊടി പറത്തിയ ഖാലിദ്ബ്‌നുല്‍ വലീദ് (റ) തന്റെ വിജയങ്ങളുടെ യൊക്കെ പിന്നിലുള്ള രഹസ്യം തിരുമേനി(സ) യുടെ തിരുകേശ ത്തിന്റെ സാന്നിധ്യമാണെന്ന് വിളംബരം ചെയ്യുന്നതാണ് നാം കണ്ടത് . 

അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസ് നോക്കൂ: നബി(സ) തങ്ങളുടെ തലമുടി കളയുന്നതായി ഞാന്‍ കണ്ടു. സ്വഹാബികള്‍ നബിക്ക് ചുറ്റും കൂടിയിരിക്കുന്നു. വീഴുന്ന ഓരോ തിരുകേശവും അവരിലൊരാളുടെ കൈകളിലാവുന്നതിനായി അവര്‍ ആഗ്രഹിക്കുന്നു. സ്വഹാബികള്‍ തിരുകേശത്തിനായി മത്സരിച്ചിരുന്നു എന്നാണ് ഈ സംഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്. തിരുകേശം സൂക്ഷിക്കുകയും അത്‌കൊണ്ട് ബര്‍ക്കത്ത് എടുക്കുകയും ചെയ്തവരാണ് മുസ്‌ലിം ലോകത്തെ മുന്‍ഗാമികള്‍. താബിഉകളില്‍ പ്രധാനിയും രണ്ടാം ഉമര്‍ എന്നറയപ്പെടു കയും ചെയ്യുന്ന ഇസ്‌ലാമിന്റെ നവോത്ഥാന നായകനായ ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) വിനെ സംബന്ധച്ച് ഒരു കാ ര്യം ഗ്രന്ഥങ്ങളില്‍ ഉദ്ദരിക്കുന്നത് ഇപ്രകാരമാണ്

'ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) വഫാത്ത് സമയത്ത് നബി(സ) തങ്ങളുടെ തിരുകേശവും തിരുനഖവും കൊണ്ട് വന്ന് ഇപ്രകാരം വസ്വിയത്ത് ചെയ്തു. ഞാന്‍ മരിച്ചാല്‍ ഇവ രണ്ടും എന്റെ കഫന്‍ പുടയില്‍ വെക്കണം. ആളുകള്‍ അപ്രകാരം ചെയ്തു.' നബി(സ) തങ്ങളുടെ തിരുകേശവും തിരുനഖവും ഉള്‍ പ്പെടുന്ന തിരുശേഷിപ്പുകള്‍ ഉമറുബ് നു അബ്ദുല്‍ അസീസ്(റ) സൂക്ഷി ക്കുകയും അതിന്റെ മഹത്വം തന്റെ മരണ ശേഷവും ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ആഖി റത്തിലെ വിജയത്തിനുളള സൂത്രവാ ക്യമാണെന്ന് മഹാന്‍ മനസ്സിലാക്കി. നിരവധി സ്വഹാബികളും താബിഉകളും തിരുകേശം സൂക്ഷി ച്ചു വെച്ചിരുന്നതായി ഹദീസ് ഗ്രന്ഥ ങ്ങളില്‍ സൂചിപ്പിക്കുന്നു. 

ഉസ്മാനുബ്‌നു അബ്ദില്ല(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ ഉമ്മുസലമ(റ)ബീവിയുടെ വീട്ടില്‍ ചെന്നു. അപ്പോള്‍ മഹതി ഒരു പെട്ടി പുറത്തെടുത്തു. അതില്‍ നിന്നും നബി തങ്ങളുടെ മൈലാഞ്ചി പൂശിയ തിരുകേശം പുറത്തെടു ത്തു ഇപ്രകാരം പറഞ്ഞു. 'ഇത് നബി തങ്ങളുടെ തിരു കേശമാണ്.' (മജ്മഉല്‍ കബീര്‍) . 



1) നബി(സ) തങ്ങളുടെ മഖാമിലെ അടിച്ചെടുത്ത പൊടി സൂക്ഷിക്കപെട്ട കാചപാത്രം 2)മഖാമില്‍ സംസം പാനീയം സ്റ്റോര്‍ ചെയ്തിരുന്ന കാചപാത്രം 3) മഖാമിലെ പുണ്യ മണ്ണ് സൂക്ഷിച്ചിട്ടുള്ള ചെപ്പ്.


ഇസ്‌ലാമിക ലോകത്തെ സൂര്യ തേജസ്സായ അഹ്മദുബ്‌നു ഹന്‍ബല്‍(റ) വിനെ സംബന്ധിച്ച് അവിടുത്തെ മകന്‍ അബ്ദുല്ല(റ) ഉദ്ദരിക്കുന്നത് നോക്കൂ: എന്റെ പിതാ വ് നബി(സ) തങ്ങളുടെ തിരുകേശം എടുത്തതായി ഞാന്‍ കണ്ടു. അത് അദ്ദഹം ചുംബിക്കുകയും കണ്ണില്‍ വെക്കുകയും ചയ്തു. പിന്നെവെളളത്തില്‍ മുക്കി ആവെളളം കുടിച്ചു. അത് കൊണ്ട് രോഗശ മനം നേടുകയും ചെയ്തു. അപ്രകാരം നബി(സ) തങ്ങളുടെ ഒരു കുപ്പായം എടുക്കുകയും അത് വെളളത്തില്‍ മുക്കി ആ വെളളം കുടിക്കുകയും ചെയ്തു. (ഹില്‍യത്തുല്‍ ഔലിയാഅ്) അഹ്മദുബ്‌നു ഹന്‍ബല്‍(റ) തിരുകേശം സൂക്ഷിക്കുകയും അത് കൊണ്ട് ബര്‍ക്കത്ത് എടുക്കുകയും ചെയ്തു. കൂടാതെ നബി തങ്ങളുടെ വസ്ത്രം അദ്ദേഹം സൂക്ഷിച്ചിരുന്നു. അതു കഴുകിയ വെള്ളവും അമൂല്യമായി അദ്ദേഹം കാണുകയും രോഗശമനത്തിനായി ഉപയോഗിക്കു കയും ചെയ്തുവെന്ന് മേല്‍ സംഭവങ്ങളില്‍ നിന്ന് വ്യക്താമാവുന്നു. തിരുകേശം ഉള്‍പ്പെടുന്ന തിരുശേഷിപ്പുകളെ വികൃതമായി ചിത്രീകരിക്കുന്ന ആധുനിക ഉല്‍പതിഷ്ണു ക്കള്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്കളാണെന്ന തിരിച്ചറി വാണ് നമുക്ക് വേണ്ടത്. താന്‍ മരണപ്പെട്ടാല്‍ നബി തങ്ങളുടെ തിരുകേശം തന്റെ വായില്‍ വെക്കണമെന്ന് അനസ്(റ) വസ്വിയത്ത് ചെയ്തതായി കിതാബുകളില്‍ ഉദ്ദരിക്കുന്നുണ്ട്. 

തിരുകേശത്തെപോലെ തിരുശേഷിപ്പുകളെ മുഴുവന്‍ സ്വഹാബികള്‍ അമൂല്യ നിധിയായി കണ്ടിരുന്നു. അവ ശേഖരിക്കാന്‍ അവര്‍ മത്സരിച്ചിരുന്നു. ഒരു ഉദ്ദരണി ഇപ്രകാരമാണ്: നബി(സ) തങ്ങള്‍ തുപ്പുമ്പോഴക്കെ തിരുതുപ്പുനീര്‍ ഒരുസ്വഹാബിയുടെ കൈയിലല്ലാതെ വീണിട്ടില്ല. അത് ലഭിച്ചവര്‍ മുഖത്തും ശരീരം മുഴുവനും അത് പുരട്ടും. നബി തങ്ങള്‍ വുളു വെടുത്ത വെള്ളത്തിനായി സ്വഹാബികള്‍ മത്സരിച്ച് യുദ്ധത്തിന്റെ പ്രതീതിയുണ്ടാകുമായിരുന്നു. (മുസ്‌നദ്) 

ഉമ്മുഐമന്‍ (റ) പറഞ്ഞു: നബി തങ്ങള്‍ ഒരു രാത്രിയില്‍ എഴുന്നേറ്റ് റൂമിലുണ്ടായിരുന്ന ഒരു മണ്‍ പാത്രത്തില്‍ മൂത്രമൊഴിച്ചു. രാത്രി ഞാന്‍ ദാഹിച്ച് എഴുന്നേറ്റപ്പോള്‍ ആ പാത്രത്തിലുണ്ടായിരുന്നത് ഞാന്‍ കുടിച്ചു. അതിലെന്താണെന്നത് എനിക്കറിയില്ലായിരുന്നു. രാവിലെ നബി(സ) തങ്ങള്‍ എഴുന്നേറ്റപ്പോള്‍ എന്നെ വിളിക്കുകയും ആ പാത്ര ത്തിലുള്ളത് ഒഴിച്ചുകളയാന്‍ കല്‍പി ക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അത് കുടിച്ചു എന്ന് പറ ഞ്ഞു. ആസമയത്ത് അണപ്പല്ലുകള്‍ കാണും വിധം നബി(സ) തങ്ങള്‍ ചിരിച്ചു. പിന്നെ ഇപ്രകാരം പറ ഞ്ഞു: ''നിന്റെ വയറൊരിക്കലും ഇനി വിശപ്പറിയുകയില്ല '' നോക്കൂ, നബി(സ) തങ്ങളുടെ മുത്രം കുടിച്ച ഉമ്മുഐമന്‍ ബീവി യെ നബി(സ) തങ്ങള്‍ ശകാരിക്കു കയോ പരിഹസിക്കുകയോ അല്ല ചെയ്തത്. മറിച്ച് മഹതി ചെയ്ത കാര്യം മഹത്തരമാണെന്ന് ബോധ്യ പ്പെടുത്തുകയാണുണ്ടായത്.

നബി(സ) തങ്ങളുടെ പരിശുദ്ധ ശരീരത്തിലെ രക്തം സ്വഹാബത്ത് കുടിച്ചതായും നബി(സ) തങ്ങള്‍ അത് അംഗീകരിച്ചതായും ഹദിസുകളില്‍ കാണാം. നബി(സ) തങ്ങള്‍ കൊമ്പ് വെച്ച രക്തം അബ്ദില്ലാഹിബ്‌നു സുബൈര്‍(റ) കുടിക്കുകയും അതറിഞ്ഞ നബി(സ) തങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല നിന്റെ ശരീരം ഒരിക്കലും നരകം തൊടില്ലെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അലി(റ)വും നബി(സ) തങ്ങളുടെ രക്തം കുടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നബി തങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന വിയര്‍പ്പ് സ്വഹാബികള്‍ ഉത്തമ സുഗന്ധമായി കാണുകയും അത് ശേഖരിച്ച് വെക്കുകയും ചെയ്തിരുന്നു. കസ്തൂരിയേക്കാള്‍ സുഗന്ധമാണ് നബി തങ്ങളുടെ വിയര്‍പ്പിനെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍, തിരുകേശം ഉള്‍പ്പെടെയുള്ള തിരുശേഷി പ്പുകളെ മുഴുവന്‍ നാളിതുവരെയുള്ള മുസ്‌ലിം ലോകം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ആശാ കേന്ദ്രമായി അവരിതിനെ ഗണിച്ചിട്ടുണ്ട്. തിരുശേഷിപ്പുകളെ ഉല്‍കൃഷ്ടമായി കണ്ട സ്വഹാബി വര്യന്‍മാരെ നബി(സ) തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. 

തിരു ശേഷിപ്പുകള്‍ക്ക് ഒരു പ്രധാന്യവും ഇല്ലന്നും കാലപ്പഴക്കം കാരണം തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടു പോകുമെന്നുമുള്ള  വാദഗതികള്‍ അര്‍ത്ഥശുന്യമാണ്. കാലമെത്ര കഴിഞ്ഞാലും തിരുശേഷിപ്പുകളില്‍ ഒരു മുടിനാരിഴ പോലും നഷ്ടപ്പെട്ടു പോകാതെ സുരക്ഷിതമായിരിക്കും, കാരണം പ്രവാചക ശിഷ്യന്മാരും പിന്‍ഗാമികളും തുടര്‍ന്നു വന്ന ഇസ്ലാമിക സമൂഹവും അത്രയേറെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമാണ് ആസാറുകള്‍ സംരക്ഷിച്ചു പോന്നത്. തിരുശേഷിപ്പുകളില്‍ നിന്ന് വല്ലതും ലഭിക്കുന്നതും അതിന്‍റെ സംരക്ഷകരാകാന്‍ സൗഭാഗ്യം ലഭിക്കുന്നതും ഈ ലോകവും അതിലെ സര്‍വസ്വവും ലഭിക്കുന്നതിലും മഹാത്തരമയിട്ടാണ് അവര്‍ കരുതിയിരുന്നത്.  ആ തിരുമേനിയുടെ ഉമിനീരിന് തിക്കും തിരക്കും കൂട്ടി ദേഹത്തും മുഖത്തും പുരട്ടിയവര്‍ ….. അവിടെത്തെ പുണ്യപൂമേനിയില്‍ നിന്ന് വിട്ട് പിരിഞ്ഞ ശഅറ്, നഖങ്ങളെ തന്റെ കഫന്‍ വസ്തങ്ങളില്‍ വെക്കാന്‍ വസിയത്ത് ചെയ്തവര്‍ ….. രോഗം വരുമ്പോള്‍ അവകളെ മുക്കിയ വെള്ളം കൊണ്ട് ശിഫനേടിയവര്‍ ……. തിരുനബിയുടെ വിയര്‍പ്പ് തുള്ളികളെ കസ്തൂരിയായി ഉപയോഗിച്ചവര്‍ അതെ  ആ തിരുശേഷിപ്പുകളെ  കാണുന്നതില്‍ നിന്നും  ബര്‍കത്തെടുക്കുന്നതില്‍ നിന്നും എങ്ങനെ  ഒരു വിശ്വാസിക്ക് മാറി നില്ക്കാന്‍  കഴിയും….?


തിരുനബി(സ) തങ്ങളുടെ 1) പാനപാത്രം. 2)ചെരുപ്പ്. 3) വുളു ചെയ്തിരുന്ന പാത്രം. 4) സുറുമ കോല്‍


തിരുശേഷിപ്പുകളുടെ പ്രധാന്യത്തെ കുറിച്ച് വിശുദ്ദ ഖുര്‍ആനും ഹദീസ്‌ ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും നമുക്ക്   പറഞ്ഞുതരുന്നുണ്ട്. മുസ്‌ലിം ലോകം ഏകോപിതമായി അംഗീകരിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലേയും സ്വഹീഹ് മുസ്‌ലിമിലേയും ഇത്തരം ഹദീസുകളെ തള്ളിക്കളഞ്ഞുകൊണ്ട് യുക്തികൊണ്ട് മാത്രം ഇസ്‌ലാം ദീനിനെ വ്യാഖ്യാനിക്കാനൊരുങ്ങുന്നവര്‍ വിശുദ്ധ ഖുര്‍‌ആനിലെ അല്‍‌ബഖറ സൂറത്തിലെ ഈ ആയത്തിനെകുറിച്ച് എന്ത്  പറയുന്നു.  “അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു. 


നിശ്ചയം അല്ലാഹു അദ്ദേഹത്തെ രാജാവാക്കിയതിനുള്ള അടയാളം: നിങ്ങള്‍ക്ക് ഒരു പെട്ടി വരലാണ്. ആ പെട്ടിയില്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സമാധാനം ഉണ്ട്. കൂടാതെ മൂസാ നബി (അ) യുടെയും ഹാറൂണ്‍ നബിയുടെയും (അ) തിരുശേഷിപ്പുകളുണ്ട്. മലക്കുകളാണ് ആ പെട്ടി വഹിക്കുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ക്കത് ഒരു വലിയ അടയാളമാണ്“ (അല്‍ ബഖറ 248)

പ്രവാചകന്റെ തിരുശേഷിപ്പുകളെ സ്വഹാബികളും താബിഉകളും നമ്മുടെ മുന്‍ഗാമികളും എത്രമാത്രം ആദരവും മഹത്വവും കല്‍പ്പിചിരുന്നുവെന്നു ചരിത്രത്തില്‍  ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമായി ഉമര്‍ ബ്നു അബ്ദില്‍ അസീസ്‌ (റ) വിനു പ്രതേക റൂം ഉണ്ടായിരുന്നു.(കിതാബ് സുഹ്ദ്; ഹദീസ് നമ്പര്‍ 27, പേജ് 6)


1)യൂസഫ്‌ നബി (അ) ന്റെ തലപ്പാവ്‌.. 2) ഇബ്രാഹിം നബി (അ) ന്റെ പാത്രങ്ങള്‍ . 3) ഫാത്വിമ ബീവി (റ) യുടെ പെട്ടി. 4) മൂസാ നബി(അ) ന്റെ വടി.


മഹാനായ കഅ്ബ് ബ്നു സുഹൈര്‍ (റ) നബി(സ്വ)യെ പുകഴ്ത്തി കവിതയാലപിച്ചപ്പോള്‍ നബി തിരുമേനി അദ്ദേഹത്തിന് ഒരു പുതപ്പ് സമ്മാനമായി നല്കകയുണ്ടായി. ഈ പുതപ്പ് മഹാനായ കഅ്ബ് (റ) ഒരു അമൂല്യ നിധിപോലെ സൂക്ഷിക്കുകയുണ്ടായി. മുആവിയ(റ) തന്റെ ഭരണകാലത്ത് ഈ പുതപ്പ് തനിക്ക് നല്കാന്‍ കഅ്ബ് (റ)നോട് ആവശ്യപെട്ടപ്പോള്‍ പുതപ്പിന് മഹത്വം മനസ്സിലാക്കിയ അദ്ദേഹം അത് നല്കാന്‍ വിസമ്മിതിക്കുകയാണുണ്ടായത്.

കഅ്ബ്(റ)ന്റെ വിയോഗാനന്തരം അനന്തരാവകാശികളില്‍ നിന്ന് പുതപ്പ് സ്വന്തമാക്കിയ മുആവിയ(റ) അത് രാജധാനിയില്‍ സൂക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന് ശേഷം വന്ന രാജാക്കന്മാര്‍ ആ പുതപ്പ് തങ്ങളുടെ പ്രൌഢിയുടെ ഭാഗമായി കാണുകയും അത് സൂക്ഷിച്ചുപോരുകയും ചെയ്തു. ശേഷം അബ്ബാസികള്‍ ഭരണത്തില്‍ വന്നപ്പോള്‍ പുതപ്പ് അവര്‍ കൈപ്പറ്റുകയുണ്ടായി. താര്‍ത്താരികള്‍ അബ്ബാസി സാമ്രാജ്യം ആക്രമിച്ചപോള്‍ അവര്‍ ആ പുതപ്പ് തങ്ങളുടെ കൂടെ കൊണ്ടുപോവുകയാണുണ്ടായത്. പ്രവാചകരുടെ തിരുസ്പര്‍ശമേറ്റ  വസ്തുക്കളോട് പൂര്‍വ്വികര്‍ എത്രമാത്രം ആദരവു കല്പിച്ചിരുന്നു എന്ന് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം.



1) അലി (റ) വിന്‍റെ ദുല്‍ഫുഖാര്‍ എന്ന വാള്‍ 2) തിരുനബി (സ) യുടെ അള്‍3)ദ് എന്ന വാള്‍ 3) ഫാത്തിമ ബീവി (റ) യുടെ വസ്ത്രം. 4)ഹസന്‍ ഹുസൈന്‍ (റ) വിന്‍റെ വസ്ത്ര കഷ്ണങ്ങള്‍ 5) ഹുസൈന്‍ (റ) വിന്‍റെ ഖമീസ്‌

തിരുശേഷിപ്പുകളുടെ പ്രാധാന്യവും മഹത്വവും മനസിലാക്കിയാണല്ലോ വിശ്വാസികള്‍ തലമുറകളായി കൈമാറി അത് ഒരു അമൂല്യ നിധിയായി ഇന്നും ലോകത്തിന്റെ വിവിധ ഭാകങ്ങളില്‍ സംരക്ഷിച്ച് ചരിത്ര താളുകളില്‍ പ്രശോഭിച്ചുനില്‍ക്കുന്നത്. ചിലര്‍ ധരിച്ചിരിക്കുന്നത്‌  പോലെ  തുര്‍ക്കിയിലും ഈജിപ്തിലും ഇന്ത്യയിലും തുടങ്ങി എണ്ണപ്പെട്ട ചില കേന്ദ്രങ്ങളിലേ തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നുള്ളൂ എന്ന ധാരണ ചരിത്രപരമായ അബദ്ധമാണ്. തിരു നബിക്ക് ശേഷം പ്രബോധനാര്‍ത്ഥം അനുചരന്മാര്‍ പുണ്യ മദീനയോട്  വിടപറഞ്ഞ്,  കാടും മേടും മരുഭൂമിയും താണ്ടി അവര്‍ ഭൂഘണ്ഡങ്ങള്‍ മറികടന്നു ലോകത്താകമാനം വ്യാപിക്കുകയും, തങ്ങള്‍ക്കു ലഭിച്ച തിരു ശേഷിപ്പുകള്‍ ഈ യാത്രയില്‍ നിധി പോലെ അവര്‍ കൊണ്ടുനടന്നു. ആസാറുകളുടെ ആഗോള സാന്നിധ്യം ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ്. അന്നുമുതല് സ്വഹാബാക്കളില് നിന്ന് തലമുറകളായി കൈമാറപ്പെട്ടുവന്ന തിരുശേഷിപ്പുകള്‍  ലോകത്തിന്റെ പലഭാഗങ്ങളിലും ഈജിപ്ത്, തുര്ക്കി, സഊദി അറേബ്യ,  അമേരിക്ക, ബ്രിട്ടന്‍, സുഡാന്‍, സിറിയ, ഇന്ത്യ, പാക്കിസ്ഥാന്‍ …. ഉള്‍പെടെ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്. 




1)പ്രവാചകര്‍ തയമ്മുമിനായി ഉപയോഗിച്ച തയമ്മുംകല്ല്. 2) ഈജിപ്റ്റിലെ മുഖൗഖിസ് രാജാവിന് എഴുതിയ കത്ത്. 3) المشي في سبيل الله خير من الدنيا وما فيها എന്ന ഹദീസ്‌ മുദ്രണത്തോടെയുള്ള സീല്‍



ഇന്ത്യയില്‍ പലയിടങ്ങളിലും തിരുശേഷിപ്പുകളുടെ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹീതമാണ്. കാശ്മീര്‍, ഡല്‍ഹി, മുംബൈ, തമിഴ്നാട്, കേരള….. തുടങ്ങീ സ്ഥലങ്ങളില്‍ വിശ്വാസികള്‍ക്ക് ആശ്വാസവും ആവേശവുമായി തിരുശേഷിപുകള്‍ സവിശേഷ പ്രാധാന്യത്തോടുകൂടി പരിപാലിക്കപെടുന്നു.

ഇന്ന് ലോകത്ത് തിരുശേഷിപ്പുകളുടെ ശേഖരണങ്ങളില്‍ മുഖ്യ സ്ഥാനവും സൗഭാഗ്യവും അവകാശപെടാന്‍ എന്തുകൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്നത് തുര്‍ക്കിയിലെ ടോപ്പ്കാപ്പിക്കാണ്. അതെ കാലത്തിനു തോല്‍പ്പിക്കാനാവാത്ത ഐതിഹാസിക മുദ്രകളുമായി…നൂറ്റാണ്ടുകളുടെ വ്യതിയാനത്തില്‍ ഒരു വന്‍ സാമ്രാജ്യത്തിന്റെ ഉത്ഥാനപതനങ്ങള്‍ക്ക് സാക്ഷ്യം നിന്ന വല്ലാത്തൊരു മനസ്സാക്ഷിയുടെ കരുത്തുമായാണ് ഈ കൊട്ടാരത്തിന്റ നില്‍പ്പ്. ഇതിന്റെയോരോ മൂലയിലും കുന്നുകൂടിക്കിടക്കുന്ന മഹദ്സ്മാരകങ്ങള്‍ ഇസ്ലാമിന്റെ സുവര്‍ണകാലത്തിന് വെളിച്ചം പകര്‍ന്നവയാണ്. സന്ദര്‍ശകരുടെ തിരക്കുപിടിച്ച ആരവങ്ങള്‍ക്ക് നടുവില്‍ ഇന്നും അവയെല്ലാം തലയുയര്‍ത്തി ജീവിക്കുന്നുണ്ട്. 





ഉഹ്ദ് യുദ്ധത്തില്‍ പൊട്ടിപ്പോയ തിരുദന്തത്തിന്റെ ഒരു കഷ്ണം, അവരോഹണ സമയത്ത് പ്രവാചകര്‍ കയറിനിന്ന് പാദമുദ്ര പതിഞ്ഞ ഒരു കല്ല്, (നകസി കദമേ ശരീഫ് എന്നാണ് തുര്‍ക്കിയില്‍ വിളിക്കുന്നത്), കറുത്ത വിശുദ്ധപതാക, കഅ്ബയിലെ വെള്ളമൊഴുക്കാന്‍ വേണ്ടി നിര്‍മിച്ച മഴച്ചാലുകള്‍, ബാഗ്ദാദില്‍ കണ്ടെത്തി ഇസ്തംബൂളിലേക്ക് കൊണ്ടുവന്ന പ്രവാചകരുടെ മുദ്ര, പ്രവാചകര്‍ തയമ്മുമിനായി ഉപയോഗിച്ച തയമ്മുംകല്ല്, ഇറാന്‍, ഈജിപ്ത്, ബൈസന്റയിന്‍ സാമ്രാജ്യങ്ങളുടെ മേല്‍വിലാസത്തില്‍ ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകരയച്ച കത്തുകള്‍, മെസ്ഹഫേ ശരീഫ് എന്ന് വിളിക്കപ്പെടുന്ന ഖുര്‍ആന്‍ കയ്യെഴുത്തു പ്രതികള്‍ , സുയൂഫേ-മുബാറക് എന്നറിയപ്പെടുന്ന എട്ടു വാളുകള്‍  ഇങ്ങനെ തിരുശേഷിപ്പുകളുടെ ഇസ്ലാമിക ചരിത്രത്തിന്റെ മഹാകലവറ കൂടിയാണ് ടോപ്പ്കോപ്പി കൊട്ടാരം. 



1) നബി (സ) തങ്ങളുടെ തിരുദന്തം സുക്ഷിക്കപെട്ട സ്വര്‍ണ്ണത്തിനാലുള്ള പെട്ടി. 2) ഉഹ്ദ്‌ യുദ്ദത്തില്‍ വേര്‍പെട്ട തിരുദന്തം സുക്ഷിക്കപെട്ട പെട്ടി. 3) വിവിധ സ്ഥലങ്ങളില്‍ സുക്ഷിക്കപെട്ടിട്ടുള്ള തിരുകേശങ്ങള്‍



നബി(സ്വ)യുടെ തിരുകേശങ്ങള്  വിശ്വാസികള്‍ക്ക് അനുഗ്രഹമായി ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദരവോടു കൂടി സൂക്ഷിച്ചുപോരുന്ന തിരുശേഷിപ്പുകളാണ്. നബിതിരുമേനി (സ)  മുടിവെട്ടുമ്പോള്‍ ഒരിക്കലും അത് കളയാറില്ലായിരുന്നു. മറിച്ച് സ്വഹാബാക്കള്‍ക്ക് ബറകത് ആവശ്യാര്ത്ഥം അത് വിതരണം ചെയ്യാറായിരുന്നു പതിവ്. ഹജ്ജതുല്‍ വിദാഇന്റെ സമയം നബിതങ്ങള്‍ മുടി കളഞ്ഞപ്പോള്‍ മഹാനായ അബൂത്വല്ഹ (റ)നെയാണ് കേശങ്ങള്‍ വിതരണം ചെയ്യാന്‍ ഏല്പിച്ചിരുന്നതെന്ന് ഹദീസുകളില്‍ കാണാം. അന്നുമുതല് സ്വഹാബാക്കളില് നിന്ന് തലമുറകളായി കൈമാറപ്പെട്ടുവന്ന തിരുകേശങ്ങള് ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും നിലവിലുണ്ട്. 


1) & 3) തിരുശേഷിപ്പുകള്‍ സുക്ഷിച്ചിട്ടുള്ള തോപ്കാപ്പി മ്യൂസിയത്തിലെ ഉള്ളിലെ കാഴ്ചകള്‍ 2) തുര്‍ക്കി, ഹിബ്രൂന്‍ (ഫലസ്തീന്‍ ) ദല്‍ഹി ജുമാ മസ്ജിദ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ സുക്ഷിച്ചിട്ടുള്ള തിരുനബി(സ) യുടെ കല്ലില്‍ പതിഞ്ഞ വിശുദ്ധ പാദമുദ്രകള്‍



“നബി (സ) യുടെ തിരു കേശമോ, അവിടുത്തെ വടിയോ ചാട്ടവാരോ ഒരു ദോഷിയുടെ കബറിന്മേല്‍ വെച്ചാല്‍ അമൂല്യമായ ഈ തിരു ശേഷിപ്പുകളുടെ ബര്‍ക്കത്ത് കൊണ്ട് അവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. ഇവകള്‍ ഒരാളുടെ വീട്ടിലോ ഒരു നാട്ടിലോ ഉണ്ടായാല്‍ അവിടെയുള്ള താമസക്കാര്‍ക്ക് ഒരു ആപത്തും സംഭവിക്കില്ല”.(റൂഹുല്‍ ബയാന്‍: 3/478, 3/251 ഇമാം ഇസ്മാഹീല്‍ ഹിക്കി(റ))


സ്വഹാബി വര്യന്‍ മു’ആവിയ (റ) വിന്റെ പക്കല്‍ നബി (സ) തങ്ങളുടെ അല്‍പ്പം തിരു കേശങ്ങളും ശ്രേഷ്ടമാക്കപെട്ട അവിടുത്തെ നഖ കഷ്ണങ്ങളും ഉണ്ടായിരുന്നു. ഇവകള്‍- മഹാനവര്കളുടെ മരണ ശേഷം- അവിടുത്തെ വായയിലും ഇരു കണ്ണുകളിലും വെക്കണമെന്ന് അവിടുന്ന് വസിയ്യത്ത്‌ ചെയ്തു. (തരീഖുല്‍ ഖുലഫ: പേജു 198-199 ഇമാം സുയൂതി (റ))



1) നബി(സ) തങ്ങളുടെ പ്രിയ പത്നി ആയിഷ ബീവി (റ) യുടെ സ്കാഫ്‌ 2) ഉവൈസ്‌ അല്‍ ഖര്‍നി (റ) യുടെ തൊപ്പി 3)ഫാത്തിമ ബീവി (റ) യുടെ മഖാമിന്റെ മരത്തിനാലുള്ള പഴയ താക്കോല്‍ 4),5) നബി(സ) തങ്ങളുടെ മഖാം പുതച്ചിരുന്ന ഖുര്‍ആന്‍ ആയത്തുകള്‍ അലേഖനത്തോടെയുള്ള പഴയ വിരിപ്പ് 6)ഉസ്മാന്‍ (റ) വിന്‍റെ മുസ്ഹഫ്.


ചുരുക്കത്തില്‍ തിരുശേഷിപ്പുകളെ ആദരിക്കലും ബറകത്തെടുക്കലും വിശ്വാസിയുടെ കര്‍ത്തവ്യമാണ്. തിരുശേഷിപ്പുകള്‍ക്കെതിരെ  പരിഹാസങ്ങളും വിമര്‍ശനങ്ങളും അഴിച്ചുവിട്ടു വിശ്വാസികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാമെന്നു വ്യാമോഹിക്കുന്നവര്‍ നിങ്ങളുടെ ഈ വിമര്‍ശനങ്ങള്‍ക്കോ എതിര്‍പ്പുകള്‍ക്കോ വശംവദനാകുന്നവരല്ല  പ്രവാചക സ്നേഹികള്‍ . മറിച്ച്  വിമര്‍ശിക്കപെടുന്തോറും  ഒരു വിശ്വാസി അതിനോടുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുകയും അതുകൊണ്ട്  ബറക്കെത്തെടുക്കുവാനും പുണ്യം നേടാനും  വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. കൂടാതെ സാധാരണക്കാര്‍ക്ക് അതിനെ കുറിച്ച് പഠിക്കാന്‍ അവസരം സ്രിഷ്ടിക്കപെടുകയും, അതിന്റെ മഹത്വം മനസിലാക്കി അതിനെ നേരില്‍ ദര്‍ശിക്കാനും പുണ്യം നേടാനും തിടുക്കം കൂട്ടുകയും ചെയ്യുന്നു.’



1)കഅബയുടെ വളരെ പഴയ വാതില്‍ 2) കഅബയുടെ പഴയ താക്കോലുകള്‍ 3) കഅബയുടെ പുണ്യ മണ്ണ് സൂക്ഷിക്കപെട്ട ചെപ്പ്‌


ഹജ്ജത്തുല്‍ വാദാഇല്‍ റസൂലുള്ളാഹി (സ) തലമുടി കളഞ്ഞപ്പോള്‍ ഖാലിദ്‌ ഇബ്നു വലീദ് (റ) അതില്‍ നിന്ന് കുറച്ച് ശേഖരിക്കുകയും പിന്നീട് ആ തിരു കേശം തൊപ്പിയില്‍ ചേര്‍ത്ത് വെച്ച് അത് ധരിച്ച്  ശത്രുക്കളുമായി പോരാടുകയും ആ തിരുകേശത്തിന്റെ ബറക്കത്തു കൊണ്ട് ശത്രു സംഘങ്ങളെ എല്ലാം പിന്തിരിഞ്ഞു ഓടുന്നവരായിട്ടു മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്” എന്ന ചരിത്രം അറിയാത്തവരായി നമ്മളിലാരും ഉണ്ടാകാനിടയില്ല.



നബി(സ)യുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ട സകല വസ്‌തുക്കളെയും ആദരിക്കല്‍ നബിയോടുള്ള സ്‌നേഹത്തിന്റെ ഭാഗമായിട്ടായിരുന്നു.  നബി(സ)യുമായുള്ള ഒരു ചെറിയ ബന്ധംപോലും ആ സ്‌നേഹ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്‌തമായതായിരുന്നു. റസൂല്‍(സ) അന്ത്യവിശ്രമം കൊളളുന്ന മദീന, നബി(സ)യുടെ കുടുംബക്കാര്‍, തിരുമേനിയുടെ ഖബറിടം, പള്ളി, മിമ്പര്‍, ശരീരസ്‌പര്‍ശനമേറ്റ ജലം, വസ്‌ത്രം, സ്‌പര്‍ശിച്ച കരങ്ങള്‍, ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായ കണ്ണുകള്‍, തിരുശരീരത്തിലെ രോമങ്ങള്‍, വിയര്‍പ്പ്‌ കണങ്ങള്‍, രക്തം, മോതിരം, തലപ്പാവ്‌, മുണ്ട്‌, മേല്‍തട്ടം, വടി, വിരിപ്പ്‌, ജുബ്ബ, വായ സ്‌പര്‍ശിച്ച പാനപാത്രങ്ങള്‍ ഇങ്ങനെ പോകുന്നു ആ വിശുദ്ധ സ്‌നേഹത്തിന്റെ അതിരില്ലാ പ്രചോദനങ്ങള്‍ . നബി(സ)യെ അളവറ്റു സ്‌നേഹിച്ചിരുന്ന അവിടുത്തെ അനുചരന്മാര്‍, അവരെ പിന്തുടര്‍ന്ന് വന്ന നമ്മുടെ മുന്‍ഗാമികള്‍ ,   ആ വഴിയെ നമുക്കും ഒഴുകാം….  അവിടെത്തെ സ്നേഹപൂന്തോപ്പിലെ  തിരുശേഷിപ്പുകളുടെ  പരിമളം ആസ്വദിക്കാന്‍ ബര്‍കത്തെടുക്കുവാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ (ആമീന്‍ )

Wednesday 14 November 2018

ആർത്തവ സമയത്തു മുട്ട് പൊക്കിളിനിടയിൽ സംയോഗം ഒഴിച്ച ചുംബിക്കുകയോ മറ്റോ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?



ആർത്തവ സമയത്ത് സംയോഗം പോലെത്തന്നെ മുട്ടു പൊക്കിളിനിടയിൽ മറയില്ലാതെ നേരിട്ട് ചുംബിക്കുക തുടങ്ങിയ മറ്റു സുഖാസ്വാദനങ്ങൾ നടത്തൽ  (വികാരത്തോടെയാണെങ്കിലും അല്ലെങ്കിലും) ഹറാമാണ്. 

മറയോട് കൂടെയാണെങ്കിൽ സംയോഗമല്ലാത്ത മറ്റു സുഖാസ്വാദനങ്ങൾ അനുവദനീയമാണ്. എന്നാൽ അങ്ങനെ ചെയ്യുന്ന പക്ഷം വികാരം നിയന്ത്രിക്കാൻ കഴിയാതെ ലൈംഗിക ബന്ധത്തിലേക്ക് അത് നയിക്കുമെങ്കിൽ അത്തരക്കാർക്ക് അതും ഹറാമാണ്.  (തുഹ്ഫ, നിഹായ, കുർദി)

Tuesday 13 November 2018

ഹൈള്കാരിയായ സ്ത്രീ കൾക്ക് ഖുർആൻ കാണാതെ ഓതാൻ കഴിയുന്നത് ഓതാമോ.അത്പോലെ എന്തൊക്കെചൊല്ലാം എന്തൊക്കെ ചൊല്ലിക്കൂടാ.വിശദീകരിക്കാമോ?



ഹൈളുകാരി വിശുദ്ധ ഖുർആൻ ഓതൽ (കൂടുതലാണെങ്കിലും കുറച്ചാണെങ്കിലും ഒരു ആയത്ത് മാത്രമാണെങ്കിൽപ്പോലും ഓതൽ) ഹറാമാണ് (ശറഹുൽ മുഹദ്ദബ്). 

എന്നാൽ ഖുർആൻ എന്ന കരുത്തില്ലാതെ (ദിക്റ്, ദുആ തുടങ്ങിയ കരുത്തിൽ) ഓതാം. കാരണം ഖുർആൻ ഓതുകയെന്ന കരുത്ത് കൊണ്ടും നിയ്യത്ത് കൊണ്ടും മാത്രമേ ഖുർആൻ ഓത്ത് എന്ന രീതിയിൽ പരിഗണിക്കപ്പെടുകയുള്ളു (ഇആനത്ത്).

പിതാവ് ജീവിച്ചിരിപ്പുണ്ട് , പക്ഷെ എവിടെയെന്നറിയില്ല , അദ്ദേഹത്തിന്റെ മകളുടെ വിവാഹം എങ്ങനെ നടത്തും



നികാഹ് ചെയ്ത് നല്‍കേണ്ട വലിയ്യ് രണ്ട് മര്‍ഹല (132 km) ക്കപ്പുറത്താവുകയും നാട്ടില്‍ വകീല്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍  ഖാളിയാണ് വലിയ്യ്. എന്നത് പോലെ വലിയ്യ് ജീവിച്ചിരിപ്പുണ്ട് പക്ഷെ എവിടെയെന്നറിയില്ല എന്നസ്ഥിതി വന്നാലും ഖാളി തന്നെയാണ് വിവാഹം ചെയ്ത് കൊടുക്കേണ്ടത്. 

സ്വപ്നത്തിലെ സംവാദം



അര്‍ധരാത്രി കഴിഞ്ഞിരുന്നു. അബ്ദുല്‍ മുത്തലിബ് വീണ്ടും കിടന്നു. ഏറെ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല. അദ്ദേഹം എഴുന്നേറ്റ് മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പഴുത്ത ഈത്തപ്പഴത്തിന്‍റെ മണമുള്ള കാറ്റ് പുറത്ത് വീശുന്നു.

കഴിഞ്ഞ മൂന്നു നാളുകളായി തുടരെ കാണുന്ന സ്വപ്നം അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഉറക്കം മുറുകുമ്പോഴെല്ലാം സ്വപ്നത്തിലെ അശരീരി കേള്‍ക്കുന്നതുപോലെ.

ത്വൈബ, ബര്‍റ, മള്നൂന, സംസം.

മൂന്നു നാളായി പാതിരാത്രിയില്‍ സ്വപ്നത്തില്‍ അബ്ദുല്‍ മുത്തലിബിനെ ഒരാള്‍ സമീപിക്കുന്നു. സൂര്യപ്രകാശം പൊഴിക്കുന്ന വട്ടമുഖം. നക്ഷത്രങ്ങളെ മയക്കുന്ന കണ്ണുകള്‍.

‘നീ ത്വൈബ കുഴിക്കുക’

ഗംഭീര നിര്‍ദേശം. അബ്ദുല്‍ മുത്തലിബ് യാചനയോടെ ആഗതനെ നോക്കി. ചുണ്ടുകള്‍ വിറയലോടെ ചലിച്ചു:

‘മനസ്സിലായില്ല, എന്താണീ ത്വൈബ?’

മറുപടിയില്ല. ആഗതന്‍ മിന്നല്‍പിണര്‍ പോലെ മറഞ്ഞു.

രണ്ടും മൂന്നും രാത്രികളിലും ഇതാവര്‍ത്തിച്ചു. ബര്‍റ തുറക്കുക, മള്നൂന തുറക്കുക. വജ്രത്തേക്കാള്‍ കാഠിന്യമായിരുന്നു ആ ശബ്ദത്തിന്. അബ്ദുല്‍ മുത്തലിബിന്‍റെ ശേഷിച്ച സ്വസ്ഥത കൂടി അതോടെ നശിച്ചു.

നാലാം ദിവസവും സ്വപ്നം ആവര്‍ത്തിച്ചു. അന്നു പക്ഷേ അവ്യക്തതയുടെ മൂടുപടം നീക്കിയിരുന്നു.



‘നീ സംസം കിണര്‍ തുറക്കുക, ഒരു കാലത്തും വറ്റാത്ത നീരുറവ! ഹാജിമാര്‍ക്ക് നീ അതു പാനം നടത്തുക.’

‘സംസം എവിടെയാണുള്ളത്. നാലഞ്ച് തലമുറകള്‍ക്ക് മുമ്പ് മണ്ണടിഞ്ഞുപോയ സംസം?’

മറുപടിക്കായി കാത് കൂര്‍പ്പിച്ചു അദ്ദേഹം.

‘രക്തക്കുടലും ആമാശയവും പുരളുന്നിടത്ത്, ചിറകില്‍ വെള്ളപാണ്ടുള്ള കാക്ക കൊത്തിപരത്തുന്ന സ്ഥലത്ത്, ഉറുമ്പിന്‍ പുറ്റുള്ള സ്ഥലമാണത്.’

മൂന്നടയാളങ്ങള്‍ വിവരിച്ച് ആഗതന്‍ മറഞ്ഞു.

ഉറക്കുണര്‍ന്ന അബ്ദുല്‍ മുത്തലിബില്‍ ബോധത്തിന്‍റെ കണിക തെളിഞ്ഞു. ശുഭ സ്വപ്നത്തിന്‍റെ സൂചനകള്‍ ഓര്‍മിച്ചെടുത്തു. സത്യമാണീ കിനാവ്. സംസം കിണര്‍ തുറക്കുവാന്‍ തനിക്കല്ലാഹുവിന്‍റെ കല്‍പന വന്നിരിക്കുന്നു.

ഖുറൈശികളുടെ ഇന്നത്തെ കാരണവരും വിഗ്രാഹാരാധന നടത്താത്ത നേതാവും താനായതു കൊണ്ടാകാം ഈ കല്‍പന. ഇത് നിറവേറ്റണം. പ്രശസ്തിയും പെരുമയും കൈവരുന്നത് ഈ നാടിനാണ്, ഖുറൈശി കുടുംബത്തിനാണ്. എല്ലാം അല്ലാഹുവിന്‍റെ ഹിതം, അബ്ദുല്‍ മുത്തലിബ് ആത്മഗതം ചെയ്തു.

ഇളംകാറ്റില്‍ ഉലയുന്ന പനയോലയില്‍ കണ്ണും നട്ട് അദ്ദേഹം കിടന്നു. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം പ്രവാചകരുടെ പിതാവായ ഇബ്റാഹിം നബി(അ)യും അറബികളുടെ പിതാവായ ഇസ്മാഈല്‍ നബി(അ)യും മക്കയിലെ കഅ്ബാ ചാരത്ത് വന്ന് പാര്‍ത്ത കാലം. കുട്ടിയായ ഇസ്മാഈല്‍ കാലിട്ടടിച്ചപ്പോള്‍ ഉറവു പൊട്ടിയ സംസം പാനീയം, ഭൂഗര്‍ഭത്തിലെ അമൃത്. അത് പരന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍ ഹാജര്‍ ബീവി തടുത്തു നിര്‍ത്തി; ‘സമീ, സമീ നില്‍ക്കൂ, നില്‍ക്കൂ.’

ഭൂമിയിലെ തുല്യതയില്ലാത്ത കിണറാണിത്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും നിത്യസ്മാരകം. ആ നീരുറവ കേന്ദ്രമാക്കി കഅ്ബയുടെ ചാരത്ത് പുരാതന അറബികള്‍ കൂര കെട്ടി പാര്‍ത്തു. ജലനിബിഡമല്ലാതിരുന്ന മക്കയിലെ മാമലകള്‍ക്കിടയില്‍ ജനവാസം പെരുകി. ജുര്‍ഹൂമികളായ അറബികളാണ് ആദ്യത്തെ കുടിയേറ്റക്കാര്‍. തുടര്‍ന്ന് യമനില്‍ പാര്‍ത്തിരുന്ന ഖുസാഅത്ത് ഗോത്രവും മക്കയില്‍ കുടിയേറി. ആമിറിന്‍റെ മകന്‍ അംറിന്‍റെ സന്താന പരമ്പരയിലെ ഒരു വിഭാഗമാണ് ഖുസാഅത്ത്.

യമനിലെ അതിപുരാതനമായ മആരിബ് അണക്കെട്ട് തകര്‍ന്നപ്പോള്‍ യമനി അറബികള്‍ ജീവനും കൊണ്ടോടി. നാനാ പ്രദേശങ്ങളില്‍ അവരെത്തി. ശാമിലേക്ക് പലായനം ചെയ്ത ഒരു സംഘം പരിശുദ്ധ മക്കയുടെ ചാരത്തെത്തിയപ്പോള്‍ അവിടെ വിശ്രമിക്കാനായി പിന്തിനിന്നു. അവരാണ് ‘പിന്തിപ്പോയവര്‍’ എന്നര്‍ത്ഥത്തില്‍ ഖുസാഅത്തായി മാറിയത്.

അബ്ദുല്‍ മുത്തലിബ് ഓര്‍മയുടെ നിലവറകളില്‍ ചിക്കിച്ചികഞ്ഞ് ചരിത്രം സ്മരിക്കുകയായിരുന്നു.

കഅ്ബയുടെയും സംസമിന്‍റെയും സംരക്ഷണവും പരിപാലനവും മക്കയുടെ ഭരണവും ഇസ്മാഈല്‍ നബിയും സന്താനങ്ങളും തുടര്‍ന്ന് ജുര്‍ഹൂമികളും ശേഷം ഖുസാഅത്ത് ഗോത്രക്കാരും കൈകാര്യം ചെയ്തുവന്നു.

അധികാരത്തിന്‍റെ പൂമെത്ത കൈവശപ്പെടുത്താനായി ഖുസാഅത്ത് ജുര്‍ഹൂമികളോട് കനത്ത സമരം നയിച്ചു. ഒടുവില്‍ ജുര്‍ഹൂമികളുടെ അന്നത്തെ തലവന്‍ അംറുബ്നു ഹാരിസ കഅ്ബാ മന്ദിരത്തിനകത്തുണ്ടായിരുന്ന നിധികളും അമൂല്യ വസ്തുക്കളും സംസം കിണറിലിട്ട് മൂടി നാടുവിട്ടു. യമനിലേക്കാണവര്‍ കടന്നത്.

സംസം മണ്ണില്‍ പുതഞ്ഞുകിടന്നു. സ്വദേശികളോ വിദേശികളോ ആയ ആര്‍ക്കും പിന്നീട് സംസം പാനീയം ലഭിക്കുകയോ അതിന്‍റെ സ്ഥാനം അറിയുകയോ ചെയ്തിരുന്നില്ല. ചരിത്രത്തിലെ കേട്ടുകേള്‍വി മാത്രമായി അത് നിലനിന്നു. ഇസ്മാഈല്‍ നബിയുടെ പരമ്പരയില്‍ വരുന്നത് ഖുറൈശികളാണല്ലോ. അവരുടെ ഇന്നത്തെ നേതാവായ തനിക്കാണ് സ്വപ്നത്തില്‍ ആ വെളിപാടുണ്ടായത്. ചാരിതാര്‍ത്ഥ്യത്തോടെ അബ്ദുല്‍ മുത്തലബ് ഓര്‍ത്തു.

തന്‍റെ പതിനൊന്നാമത്തെ പിതാമഹന്‍ നള്ര്‍ ആണ് ഖുറൈശ് എന്ന അപര നാമത്തിലറിയപ്പെട്ടത്. ദുര്‍ബലരും അവശരുമായ സാധുജനങ്ങളെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ പരിഹരിച്ചു കൊടുക്കുന്ന സേവകനായത് കൊണ്ട് ‘പരിശോധകന്‍’ എന്ന അര്‍ത്ഥത്തില്‍ ഖുറൈശ് എന്ന് ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചു. ആ പരമ്പരയില്‍ പെട്ടവരും പില്‍ക്കാലത്ത് ഖുറൈശികള്‍ എന്നു വിളിക്കപ്പെട്ടു.

പതിനൊന്ന് തറവാടുകള്‍ ഈ പേരില്‍ അറിയപ്പെടുന്നു. അവരില്‍ ഏറ്റവും പ്രശസ്തര്‍ നാലു കുടുംബങ്ങളാണ്. അതില്‍ ഏറ്റവും ശ്രേഷ്ഠം ഹാശിം വംശവും. ആ കുടുംബത്തിലാണ് തന്‍റെ ജനനം. ജനനം കൊണ്ടും ജീവിതം കൊണ്ടും അനുഗ്രഹിക്കപ്പെട്ടത് തന്‍റെ ഭാഗ്യം. പിതാമഹന്മാരുടെ പാരമ്പര്യം താന്‍ കാത്തുസൂക്ഷിക്കും. സാധുസംരക്ഷണം, അഗതികള്‍ക്കും ജന്തുക്കള്‍ക്കും പറവകള്‍ക്കും ഭക്ഷണം കൊടുക്കല്‍ ഇതൊക്കെ പൂര്‍വോപരി സജീവമാക്കണം.

* * * *

പ്രഭാതവെയിലിന് ചൂടുകൂടി വരുന്നു. മഞ്ഞിന്‍റെ കോട ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. ഓര്‍മച്ചെപ്പ് പൂട്ടിവെച്ച് കനത്ത ശബ്ദത്തില്‍ അബ്ദുല്‍ മുത്തലിബ് നീട്ടിവിളിച്ചു:

‘ഹാരിസ്’

തന്‍റെ ഒരേയൊരു മകനാണ് അവന്‍. മറ്റാരും ഇപ്പോള്‍ ജനിച്ചിട്ടില്ല. തനിക്ക് തുണയായിട്ടുള്ള ഏക ആണ്‍ സന്തതി.

‘എന്താണുപ്പാ’

ഹാരിസ് താഴ്മയോടെ ഉപ്പയുടെ മുന്നില്‍ വന്നുനിന്നു.

അല്‍പനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി.

‘നാലു ദിവസമായി ഞാന്‍ നിരന്തരം ഒരു സ്വപ്നം കാണുന്നു. വിവിധ ശൈലിയില്‍ ഒരേ കാര്യം എന്നോട് കല്‍പിച്ചുകൊണ്ടിരിക്കുന്നു.’

എന്താണത്? ഹാരിസ് ജിജ്ഞാസപ്പെട്ടു.

‘സംസം കിണര്‍ തുറക്കണമെന്നാണ് കല്‍പന’

‘ങും’ ഹാരിസ് മൂളി.

‘മൂന്നടയാളങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്.’

കഅ്ബാ മന്ദിരത്തിന്‍റെ കിഴക്കുഭാഗം, മുശ്രിക്കുള്‍ ദേവപ്രീതിക്കായി ബലിദാനം നടത്തുന്ന സ്ഥലം. അവിടെയാണ് ഉപ്പയും മകനും എത്തിച്ചേര്‍ന്നത്. അടയാളങ്ങള്‍ക്കായി അബ്ദുല്‍ മുത്തലിബിന്‍റെ ദൃഷ്ടികള്‍ പരതി നടന്നു.

ആ സമയത്ത്, എങ്ങുനിന്നോ ഒരു പാണ്ടന്‍ കാക്ക പറന്നെത്തി. നിശ്ചിത സ്ഥലത്ത് വന്നിരുന്നു. ഒന്നാമത്തെ അടയാളം പുലര്‍ന്നിരിക്കുന്നു. അബ്ദുല്‍ മുത്തലിബിന്‍റെ മനം കുളിര്‍ത്തു. കാല്‍വിരല്‍ കൊണ്ട് അവിടെ പരതി നോക്കി. അപ്പോഴതാ അവിടെ ചിതല്‍പുറ്റ്. രണ്ടാമത്തെ അടയാളം.


ഇനി മൂന്നാമത്തെ ലക്ഷണം കൂടി കണ്ടാല്‍ കുഴിക്കാന്‍ തുടങ്ങാം. നിമിഷങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെ ഒരു അറവ്മാട് ഓടിവരുന്നു. പിന്നാലെ കശാപ്പുകാരനും. എങ്ങനെയോ വിവരമറിഞ്ഞു നാട്ടുകാരില്‍ പലരും വട്ടംകൂടി.

എല്ലാവരുടെയും ശ്രദ്ധ ആ ഉരുവിലേക്കായി. ഓടിത്തളര്‍ന്ന ആ ബലിമൃഗം വന്നുവീണത് അതേ സ്ഥലത്തുതന്നെ. കശാപ്പുകാരന്‍റെ കഠാരി മൃഗത്തില്‍ ആഴ്ന്നിറങ്ങി. രക്തവും കുടല്‍പെട്ടിയും അവിടെ പുരണ്ടതോടെ മൂന്നാം ലക്ഷണവും തികഞ്ഞു.

ഇനിയും കാത്തിരിക്കേണ്ടതില്ല. അബ്ദുല്‍ മുത്തലിബ് പിക്കാസെടുത്ത് ആഞ്ഞ് കിളച്ചു. ആഴം കൂടിക്കൂടി വന്നപ്പോള്‍ കിണറിന്‍റെ ലക്ഷണങ്ങള്‍ ദൃശ്യമായി.

‘അല്ലാഹു അക്ബര്‍… അല്ലാഹു അക്ബര്‍’

അദ്ദേഹം കണ്ഠം പൊട്ടുമാറ് ശബ്ദത്തില്‍ തക്ബീര്‍ ചൊല്ലി. ഹാരിസ് ഏറ്റുപറഞ്ഞു.

അബ്ദുല്‍ മുത്തലിബ് ലക്ഷ്യം നേടിയെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ ഓടിവന്നു.

‘തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണീ കിണര്‍!’ അവര്‍ അവകാശമുന്നയിച്ചു. പണി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

അബ്ദുല്‍ മുത്തലിബ് കേട്ട ഭാവം നടിച്ചില്ല. എതിര്‍പ്പുകളെ നേരിടാന്‍ ഹാരിസിനെ ചുമതലപ്പെടുത്തി പണി തുടര്‍ന്നു.

സംസമിന്‍റെ നീരുറവ കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ സന്തോഷത്തിനതിരില്ലാതായി. ജലം മാത്രമല്ല, പണ്ട് ജുര്‍ഹമൂമികള്‍ കുഴിച്ചുമൂടിയ രണ്ട് സ്വര്‍ണമാന്‍, വാളുകള്‍ എന്നിവയും കണ്ടെത്തി. ഇതുകൂടിയായപ്പോള്‍ ഖുറൈശികളുടെ നിയന്ത്രണമറ്റു. അവകാശവാദം മൂത്തു. അവസാനം ഉടമസ്ഥാവകാശം ആര്‍ക്കെന്ന് നറുക്കിട്ട് തീരുമാനിക്കാമെന്ന് വ്യവസ്ഥ ചെയ്തു.

സ്വര്‍ണമാനിന് വേണ്ടിയെടുത്ത നറുക്ക് കഅ്ബക്ക് ലഭിച്ചു. വാളിനുവേണ്ടിയെടുത്ത നറുക്ക് അബ്ദുല്‍ മുത്തലിബിനും. ഖുറൈശികള്‍ വെറുംകൈയോടെ മടങ്ങി. അബ്ദുല്‍ മുത്തലിബിനു ആത്മനിര്‍വൃതിയുടെ പുഞ്ചിരി.


കഅ്ബാലയത്തിനു ലഭിച്ച സ്വര്‍ണമാന്‍ അടിച്ചുപരത്തി തകിടാക്കി കഅ്ബയുടെ വാതില്‍ അലങ്കരിച്ചു. വിശുദ്ധ ഭവനം ആദ്യമായി സ്വര്‍ണം പൂശിയ ഖ്യാതിയും അബ്ദുല്‍ മുത്തലിബ് നേടി.

നിരാശ മൂത്ത ചില ഖുറൈശികള്‍ അക്രമത്തിനൊരുങ്ങി. പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് താങ്ങും തണലുമായി നില്‍ക്കാന്‍ ഹാരിസല്ലാതെ മറ്റാരുമില്ലല്ലോ എന്നായി അദ്ദേഹത്തിന്‍റെ വേപഥു. അബ്ദുല്‍ മുത്തലിബിന്‍റെ മനസ്സ് നീറി. വ്രണിത ഹൃദയത്തിന്‍റെ ഭാഷ ഒരു നേര്‍ച്ചയുടെ സ്വരമായി.

‘നാഥാ, എനിക്ക് പത്ത് ആണ്‍മക്കള്‍ പിറക്കുകയും അവര്‍ വളര്‍ന്ന് വലുതായി പ്രതിസന്ധികളില്‍ എന്നെ സഹായിക്കുന്നവരായി തീരുകയും ചെയ്താല്‍ അവരില്‍ ഒരാളെ നിന്‍റെ പ്രീതിക്കായി ബലിദാനം ചെയ്യാന്‍ നേര്‍ച്ചയാക്കുന്നു.’

കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗ്രഹം പൂവണിഞ്ഞു. പതിമൂന്ന് ആണ്‍മക്കള്‍ ജനിച്ചു. നേര്‍ച്ചക്കടം അദ്ദേഹത്തിന്‍റെ ജീവിതത്തിലെ മറ്റൊരു കഥയായി.

പിഎസ്കെ മൊയ്തു ബാഖവി മാടവന