Saturday 21 July 2018

യൂശഅ് നബി (അ)

 



കൂട്ടുകാർ വിളികേട്ടു

ഈജിപ്തുകാർ സന്തോഷപൂർവ്വം ഓർമ്മിക്കുന്ന ഒരു നബിയുണ്ട് വിപൽ ഘട്ടത്തിൽ ഈജിപ്തിനെ രക്ഷപ്പെടുത്തിയ വിമോചകൻ 

യൂസുഫ് നബി(അ) 

നൈൽ നദിയുടെ തീരത്ത് കൂടി നടന്നു പോവുമ്പോൾ അവർ ഓർക്കും ഈ മണൽത്തരികളിൽ യൂസുഫ് (അ)ന്റെ പാദങ്ങൾ പതിഞ്ഞിട്ടുണ്ട് 

യൂസുഫ് (അ) വഫത്തായിട്ട് കാലമെത്രയായി 

കാലമെത്ര കടന്നുപോയാലും മിസ്വിറിന്റെ മനസ്സിൽ യൂസുഫ് (അ) ജീവിച്ചിരിക്കും 

യൂസുഫ് (അ) ന്റെ പുത്രനും വഫാത്തായി പുത്രന്റെ പുത്രനാണ് നൂൻ 

മിസ്വിറിന്റെ ഇന്നത്തെ നായകൻ  

സൽഗുണ സമ്പന്നനാണ് നൂൻ സമൂഹത്തിൽ സമുന്നതൻ യൂസുഫ് (അ)ന്റെ പുത്രനെന്ന നിലയിൽ എല്ലാവരും ആദരിക്കുന്ന ചെറുപ്പക്കാരൻ  

ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ് ജീവിത പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു  

പ്രതിശ്രുത വധുവിന്റെ പേര് മർയം  

മർയം ഉന്നതഗോത്രത്തിലാണ് ജനിച്ചത്  മർയം ശിശുവായിരുന്നപ്പോൾ ഒരു സ്ത്രീയുടെ മുലപ്പാൽ കുടിച്ചു ആ സ്ത്രീയിൽ നിന്ന് മൂസാ (അ) മുലപ്പാൽ കുടിച്ചിട്ടുണ്ട് ആ സ്ത്രീ മൂസാ(അ)ന്റെ ഉമ്മ തന്നെയാവാം  

നമുക്കിങ്ങനെ പറയാം: മുലകുടിബന്ധത്തിൽ മർയം എന്നവർ മൂസാ(അ)ന്റെ സഹോദരിയാകുന്നു 

കുട്ടിക്കാലം മുതൽ നത് നെ അവർ തമ്മിലറിയും  സഹോദരി -സഹോദരന്മാരായിത്തന്നെ കഴിഞ്ഞു  

മർയമിന്ന് വിവാഹം വരുന്നു എന്നറിഞ്ഞ് മൂസാ(അ) സന്തോഷിച്ചു വരനായിട്ട് വരുന്നത് പ്രസിദ്ധനായ നൂൻ അത് കൂടുതൽ സന്തോഷം നൽകിയ വാർത്ത   

വിവാഹത്തിന് തിയ്യതി നിശ്ചയിച്ചു വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു  വലിയ പന്തൽ കെട്ടി വിഭവ സമൃദ്ധമായ സദ്യയൊരുക്കി ക്ഷണിക്കപ്പെട്ടവരെല്ലാം വന്നു ചേർന്നു  

അന്നത്തെ ചിട്ടയനുസരിച്ച് വിവാഹം നടന്നു പ്രാർത്ഥന നടത്തി സദ്യ കഴിച്ചു പാനീയങ്ങൾ പാനം ചെയ്തു   

വധൂവരന്മാരെ ആശീർവദിച്ചു വന്നവരെല്ലാം പിരിഞ്ഞുപോയി നൂനും മർയമും നവദമ്പതികളായി ജീവിക്കാൻ തുടങ്ങി   

സൽക്കാരങ്ങളുടെ തിരക്കുപിടിച്ച ദിവസങ്ങൾ കുടുംബ വീടുകളിൽ പോയി സ്നേഹം നിറഞ്ഞ സ്വീകരണങ്ങൾ മനം കുളിർപ്പിക്കുന്ന സൽക്കാരങ്ങൾ പലതരം പാരിതോഷികങ്ങൾ   

മേത്തരം ഉടുപ്പുകളും ആഭരണങ്ങളുമണിഞ്ഞപ്പോൾ മർയം കൂടുതൽ സുന്ദരിയായി  

അല്ലലും അലട്ടുമില്ലാത്ത ദിനരാത്രികൾ 

ഈ ദമ്പതികൾക്ക് മക്കളുണ്ടായി അവരിൽ ഒരു പുത്രൻ വളരെ പ്രസിദ്ധനായിത്തീർന്നു യൂശഅ്(അ)  

യൂശഅ്(അ), ഖബീലയുടെ ഓമനപുത്രൻ എല്ലാവർക്കും പ്രിയങ്കരൻ അഴകും, ആരോഗ്യവും, ബുദ്ധിശക്തിയും ഒത്തിണങ്ങിയ ചെറുപ്പക്കാരനായി വളർന്നു വന്നു  

വിദ്യനേടാൻ എന്തെന്നില്ലാത്ത താല്പര്യം  പണ്ഡിതന്മാരിൽ നിന്ന് ധാരാളം അറിവ് നേടി കൗമാരപ്രായം സാഹസപ്രവർത്തനങ്ങൾക്ക് പ്രിയം കൂടുന്ന പ്രായം ഒരു കളിക്കൂട്ടുകാരനുണ്ട് പേര് കാലബ്  

കാലബ്, യൂശഅ് 

അവരെ ഒന്നിച്ചു കാണുമ്പോൾ എല്ലാവർക്കും സന്തോഷമാണ് കൂട്ടുകാരായാൽ ഇങ്ങനെ വേണം 

നിർമ്മല സ്നേഹത്തിന്റെ പാശത്താൽ ബന്ധിക്കപ്പെട്ടവർ പാടിപ്പറന്നു നടക്കുന്ന പ്രായം ആ പ്രായത്തിൽ അവർ അല്ലാഹുവിന്റെ വിളികേട്ടു തൗഹീദിലേക്കു ക്ഷണം കിട്ടി ലോകനാഥനായ റബ്ബിന്റെ വിളികേട്ടു 

ലാഇലാഹ ഇല്ലല്ലാഹ് 

മൂസാ കലീമുല്ലാഹ് 

ഏറെയൊന്നും ചിന്തിച്ചു നിന്നില്ല അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചു  

യൂശഉം കാലബും സ്ഥിതിഗതികൾ വിലയിരുത്തി  

ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങൾ മൂത്തത് ഹാറൂൻ നബി (അ), പിന്നെ സഹോദരി കുൽസൂം അത് കഴിഞ്ഞ് മൂസാ (അ)   

അവരോടൊപ്പം നിൽക്കാൻ കുറഞ്ഞ ആളുകൾ  

മറുവശത്തോ? മിസ്വ് റ് ഭരിക്കുന്ന ക്രൂരനായ ഫിർഔൻ അയാളുടെ മന്ത്രി ഹാമാൻ ധനാഢ്യനായ ഖാറൂൻ അവർക്കു പിന്നിൽ ശക്തരായ ഖിബ്ത്വികൾ 

അടിമകളാക്കപ്പെട്ട ഇസ്രാഈലി സമൂഹം  ഇസ്രാഈലി വംശത്തിലാണ് യൂശഉം കാലബും ജനിച്ചത്  

മൂസാ(അ)ന്റെ വിളി കേൾക്കണോ?  

വിളികേട്ടാൽ അല്ലാഹുവിനെ കിട്ടും പരലോകം കിട്ടും 

വിളികേൾക്കാതിരുന്നാലോ?  

ഫിർഔനെ കിട്ടും ദുനിയാവ് കിട്ടും

ഏത് തിരഞ്ഞെടുക്കണം? മൂസാ(അ) യുടെ വിളികേട്ടാൽ ഫിർഔൻ വെറുതെ വിടില്ല  

ഫിർഔൻ കൊടും ക്രൂരനാണ്  

എണ്ണയിലിട്ട് വറുത്തുകൊല്ലാൻ മടിക്കില്ല ജ്വലിക്കുന്ന അഗ്നിയിലെറിയും വാൾകൊണ്ട് വധിക്കും  മരണം സ്വീകരിക്കാൻ തയ്യാറാണെങ്കിൽ മൂസാ(അ)ൽ വിശ്വസിക്കാം നബിയുടെ സഹായിയായി കഴിയാം  

ഐഹിക ജീവിതത്തിന്റെ ആഢംബരങ്ങൾ വേണോ എങ്കിൽ ഫിർഔനിൽ വിശ്വസിക്കാം  

അല്ലാഹു മതി അവന്റെ തൃപ്തി മതി കൊല്ലുന്നെങ്കിൽ കൊല്ലട്ടെ മരണം ഒരിക്കലല്ലേയുള്ളൂ അത് അല്ലാഹുവിന്റെ മാർഗ്ഗത്തിലാവട്ടെ  

യൂശഅ് കൂട്ടുകാരനോട് പറഞ്ഞു: 'ഞാൻ ഉറച്ച തീരുമാനമെടുത്തു നീയോ?' 

'എന്താ നിന്റെ തീരുമാനം?' 

ആരാധനക്കർഹനായ ഇലാഹ് അല്ലാഹുമാത്രമാണെന്നും മൂസാ (അ) അവന്റെ ദൂതനാണെന്നും ഞാൻ വിശ്വസിക്കുന്നു യൂശഅ് പ്രഖ്യാപിച്ചു 

കാലബും അത് തന്നെ പ്രഖ്യാപിച്ചു  

മൂസാ(അ) ന്നെതിരെ കൊലവിളി ഉയർന്നിരിക്കുന്നു മൂസാ(അ) ന്റെ സേവകന്മാരായി കാലബും യൂശഉം രംഗത്തെത്തി അതോടെ അവർക്കെതിരെ ഭീഷണി മുഴങ്ങി കൊലവിളിയായി  

ചെറുപ്പക്കാർ മുട്ടുമടക്കാൻ തയ്യാറില്ല നിഷ്കളങ്കരായ സേവകന്മാരാണവർ പിന്നീട് ഈജിപ്തിൽ നടന്ന എല്ലാ സംഭവങ്ങൾക്കും അവർ സാക്ഷികളാണ്  

ഒടുവിൽ ഇസ്രാഈലികൾക്ക് കല്പന കിട്ടി ഈജിപ്ത് വിട്ട് പോവുക  

ആ ബാലവൃദ്ധം ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു എല്ലാ സ്വത്തു വകകളും കെട്ടിപ്പെറുക്കി അവർ നീങ്ങുകയാണ് കൂരിരുട്ടിലൂടെ  മുമ്പിൽ കടലിളകുന്നു മുമ്പോട്ട് നീങ്ങാനാവുന്നില്ല ഫിർഔനും സംഘവും വിവരമറിഞ്ഞു അവൻ സൈന്യത്തോടൊപ്പം കുതിച്ചു വരുന്നു  

യൂശഉം കാലബും ഉത്ക്കണ്ഠയോടെ നോക്കി  

മുമ്പിൽ കടൽ പിന്നിൽ ഫിർഔനും സൈന്യവും 

ഇനിയെന്ത്? 

പലരും മൂസാ (അ)നോട് തട്ടിക്കയറുന്നുണ്ട് ഞങ്ങളെ എന്തിന്ന് കൊണ്ട് വന്നു  

അല്ലാഹുവിന്റെ കല്പന വന്നു കടലിൽ അടിക്കുക എല്ലാം ചെറുപ്പക്കാർ കാണുന്നു അറിയുന്നു  

മൂസാ(അ) കടലിൽ വടികൊണ്ടടിച്ചു  വെള്ളം മാറിനിന്നു കടലിൽ വഴിതെളിഞ്ഞു മൂസാ(അ) അനുയായികളോടൊപ്പം കടൽ കടന്നു ഫിർഔനും കൂട്ടരും ഓടിക്കിതച്ച് വരികയാണ് കടലിൽ വഴി കണ്ടു എല്ലാവരും ആ വഴിയിലൂടെ മുന്നേറി പെട്ടെന്ന് വെള്ളം കൂടിച്ചേർന്നു അലയിളകുന്നു കടൽ ആ കടലിൽ മുങ്ങി ധിക്കാരികൾ ചത്തൊടുങ്ങി 

എത്രയെത്ര ക്രൂരപീഢനങ്ങൾ നടത്തിയ ക്രൂരന്മാരാണവർ എത്ര നിന്ദ്യമായ മരണമാണവർക്ക് ലഭിച്ചത്  

യൂശഉം കാലബും ചിന്തിച്ചു അവർ അതേക്കുറിച്ചു സംസാരിച്ചു 

കടൽ കടന്നുവന്ന ശേഷം എന്തെല്ലാം സംഭവങ്ങൾ എല്ലാറ്റിനും തങ്ങൾ സാക്ഷിയാണ് 

കടൽ കടന്നു അല്ലാഹു കടത്തിത്തന്നു വേറെ പല അനുഗ്രഹങ്ങൾ നൽകി എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ വലിയൊരനുഗ്രഹം ലഭിക്കാനുണ്ട് 

ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ഫലസ്തീൻ യുദ്ധം ചെയ്തു പിടിച്ചെടുക്കണം അവിടെ സുഖമായി ജീവിക്കണം.


മരുഭൂമിയിൽ അലയേണ്ടി വന്നവർ 

വിശാലമായ സീനാ മരുഭൂമി  

വെയിൽ കത്തിപ്പടരുമ്പോൾ ചുട്ടുപൊള്ളുന്ന മരുഭൂമി കടൽ കടന്നു വന്നവർ ഇപ്പോൾ അവിടെയാണ് തമ്പടിച്ചിരിക്കുന്നത് അല്ലാഹുവിന്റെ കല്പന വന്നു  

സമ്പൽസമൃദ്ധമായ ഫലസ്തീൻ പ്രദേശം അമാലിക്കത്ത് വർഗ്ഗക്കാർ അക്രമമായി കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ് അവരെ ബലം പ്രയോഗിച്ചു പുറത്താക്കുക ആ രാജ്യം കൈവശപ്പെടുത്തുക 

അല്ലാഹുവിന്റെ കല്പനയാണ് അതനുസരിക്കണം സത്യവിശ്വാസികളുടെ ബാധ്യതയാണ്  

അല്ലാഹുവിന്റെ കല്പനയനുസരിച്ച് മുന്നേറിയാൽ വിജയം ഉറപ്പാണ് അവൻ സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്  

കല്പന വന്നപ്പോൾ കൂടുതൽ സന്തോഷിച്ചത് യൂശഉം കാലബും ആയിരുന്നു   

ഫലസ്തീനിൽ പ്രവേശിക്കാൻ അവർക്ക് ധൃതിയായി യുദ്ധം വേണ്ടി വരും ആയുധ പരിശീലനം നന്നായി നടക്കണം അച്ചടക്കത്തോടെ മുന്നേറുന്ന സൈന്യം വേണം  

യൂശഉം കാലബും അത് തന്നെ സംസാരിക്കുന്നു  

നാലുപേർ ഗൗരവമായ ചർച്ച തുടങ്ങി മൂസാ (അ), ഹാറൂൻ (അ), യൂശഅ് (അ), കാലബ്(അ)  

കാലബ് നബിയായിരുന്നോ? 

അതോ തൊട്ട് താഴെയുള്ള പദവിയിലായിരുന്നോ?  പ്രവാചകന്മാരുടെ സന്തത സഹചാരിയായിരുന്നു സമുന്ന പദവിയിലുള്ള ആളായിരുന്നു  

കാലബിനെക്കുറിച്ചുള്ള വിവരണങ്ങളിൽ ഇങ്ങനെയൊക്കെയാണ് കാണുന്നത് നബിയാണെന്നും അല്ലെന്നും ധരിച്ചവരുണ്ട് 

ജനങ്ങളെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ട് നന്നായി സംസാരിക്കുന്നുണ്ട്  

യൂശഉം കാലബും ചില രഹസ്യാന്വേഷണങ്ങളൊക്കെ നടത്തിയിട്ടുണ്ട്  

ഫലസ്തീന്റെ സ്ഥിതിഗതികൾ മനസ്സിലാക്കി  രാജാക്കന്മാരുടെ അവസ്ഥകൾ അറിഞ്ഞു സൈന്യത്തിന്റെ ബലം മനസ്സിലാക്കി സാമ്പത്തിക സ്ഥിതിയും നന്നായറിഞ്ഞു എല്ലാം മനസ്സിലാക്കിക്കൊണ്ടവർ ജനങ്ങളോട് സംസാരിച്ചു  

പ്രിയ സഹോദരങ്ങളേ? 

അല്ലാഹു നമുക്കൊരു സുവർണ്ണാവസരം നൽകിയിരിക്കുകയാണ് ഐശ്വര്യപൂർണ്ണമായൊരു രാജ്യം നമുക്കുനേരെ വെച്ചു നീട്ടിത്തന്നിരിക്കുകയാണ് വിലപിടിച്ചൊരു സമ്മാനം  

നാം അത് തട്ടിക്കളയരുത് സ്വീകരിക്കണം ഫലസ്തീന്റെ കവാടം കണ്ടില്ലേ? നാമതിലൂടെ ധീരമായി കടന്നുചെല്ലണം എല്ലാവരും ആയുധമെടുക്കണം അമാലിക്കത്ത് വർഗ്ഗക്കാർ ശക്തന്മാരാണ് യുദ്ധനിപുണരാണ് ധാരാളം ആയുധമുള്ളവരാണ് അവർ നമ്മെ തടയാൻ വരും ഒരാൾ പോലും പിന്നോട്ട് മാറരുത് നിന്നേടത്തു നിൽക്കണം എന്നിട്ട് പൊരുതി മുന്നേറണം അമാലിക്കത്ത് വർഗ്ഗക്കാരുടെ ശക്തി നമുക്ക് പ്രശ്നമല്ല  അല്ലാഹു നമ്മോടപ്പമാണ് അവന്റെ സഹായം നമുക്കുണ്ടാവും , നാം വിജയിക്കും രാജ്യം നമുക്ക് തരാമന്ന് അല്ലാഹുവല്ലേ വാഗ്ദാനം ചെയ്തത്  

സഹോദരങ്ങളേ മുന്നേറുക ധൈര്യം വേണം ധീരതയാണ് നമുക്ക് വേണ്ടത് ഭീരുത്വം പാടില്ല  എല്ലാം അല്ലാഹുവിൽ സമർപ്പിക്കുക മുന്നേറുക യുദ്ധത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ അവർക്ക് രക്തസാക്ഷികളുടെ പദവിയല്ലേ ലഭിക്കുന്നത്  ഓർത്തുനോക്കൂ അതിനെക്കാൾ വലിയ സൗഭാഗ്യമുണ്ടോ?  

കാലബും യൂശഉം മാറിമാറി സംസാരിച്ചു  

തങ്ങളുടെ പ്രസംഗം കേട്ട് ശ്രോതാക്കൾ ആവേശഭരിതരാവുമെന്നാണവർ കരുതിയത് ഒരു രാജ്യം സ്വന്തമായി ലഭിക്കാൻ പോവുന്നു എന്ന് പറഞ്ഞിട്ടും കാര്യമായ പ്രതികരണമൊന്നുമില്ല  

മ്ലാനമായ വദനങ്ങൾ

അലസമായ ഇരിപ്പ് 

തങ്ങൾക്കിതൊന്നും കേൾക്കണ്ടായെന്ന ഭാവം 

യൂശഅ് (അ) അവരെ ആവേശം കൊള്ളിക്കാൻ പിന്നെയും പിന്നെയും ശ്രമിച്ചുകൊണ്ടിരുന്നു 

സഹോദരങ്ങളേ  

നാം ഇപ്പോൾ സീനാ മരുഭൂമിയിലാണുള്ളത് ഇത് മരുഭൂമിയാണ് ചൂട് പറക്കുന്ന മണൽക്കാട് ഇവിടെ കൃഷിയുണ്ടോ? പഴങ്ങളുണ്ടോ? വെള്ളമുണ്ടോ? വരൂ നമുക്ക് ഫലസ്തീനിലേക്കുപോവാം വരൂ എഴുന്നേൽക്കൂ ഈ ദുരിതം നിറഞ്ഞ ജീവിതം അവസാനിപ്പിക്കാം രാജ്യം കീഴടക്കി നമുക്ക് രാജാക്കന്മാരായി ജീവിക്കാം  

എത്ര പറഞ്ഞിട്ടും അനക്കമില്ല മുഖത്ത് തെളിച്ചമില്ല കേട്ട് കേട്ട് മടുത്തപ്പോൾ അവർ പറയാൻ തുടങ്ങി  

' അമാലിക്കത്ത് വർഗ്ഗക്കാരുമായി യുദ്ധം ചെയ്യാൻ ഞങ്ങളില്ല മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല ശത്രുക്കൾ രാജ്യം വിട്ടുപോയാൽ ഞങ്ങളവിടെ പ്രവേശിക്കാം അത് വരെ ഞങ്ങളിവിടെയിരിക്കും'

അലസമായ മറുപടി നിരാശാജനകം  

എന്തൊരവസ്ഥയാണിത്? ഒരു ജനത ഇത്രയും നാണം കെട്ട രീതിയിൽ പ്രതികരിക്കുമോ? 

യൂശഅ്(അ) പലരോടും സംസാരിച്ചു നോക്കി ആർക്കും ഒന്നും കേൾക്കേണ്ട  

വിശുദ്ധ ഖുർആൻ ഈ രംഗം നമുക്കു കാണിച്ചു തരുന്നുണ്ട് നോക്കൂ.... സൂറത്ത് മാഇദയിലെ വചനം 

'മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഓർക്കുക എന്റെ ജനങ്ങളേ നിങ്ങൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങൾ ഓർക്കുവീൻ നിങ്ങളിൽ അവൻ പല നബിമാരെ ഏർപ്പെടുത്തുകയും നിങ്ങളെ അവൻ രാജാക്കന്മാരാക്കുകയും ചെയ്തിട്ടുണ്ട് ലോകരിൽ നിന്ന് മറ്റാർക്കും ലഭിക്കാത്തത്ര അനുഗ്രഹങ്ങൾ നിങ്ങൾക്ക് അവൻ നൽകുകയും ചെയ്തിട്ടുണ്ട് '(5:22) 

ഇസ്രാഈലി സമൂഹത്തിൽ ധാരാളം നബിമാരും രാജാക്കന്മാരും കടന്നുപോയിട്ടുണ്ട് അല്ലാഹു അവർക്കു ചെയ്ത അനുഗ്രഹമാണത്  മൂസാ (അ) ഇക്കാര്യം അവരെ ഓർമ്മപ്പെടുത്തി  മനുഷ്യവർഗ്ഗത്തിൽ മറ്റാർക്കും കിട്ടാത്ത അനുഗ്രഹം അത് കൊണ്ട് നിങ്ങൾ അല്ലാഹുവിനെ അനുസരിക്കണം ധിക്കരിക്കരുത് ഫലസ്തീനിലേക്കു കടക്കാൻ നിങ്ങളോട് അല്ലാഹു കല്പിക്കുന്നു നിങ്ങളതിൽ പ്രവേശിക്കുക നിങ്ങൾ പിന്നോക്കം മടങ്ങരുത് മടങ്ങിയാൽ നിങ്ങൾ നഷ്ടക്കാരായിരിക്കും വിശുദ്ധ ഖുർആൻ പറയുന്നു: 

'എന്റെ ജനങ്ങളേ അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചു തന്നതായ പരിശുദ്ധ ഭൂമിയിൽ നിങ്ങൾ പ്രവേശിക്കുവീൻ നിങ്ങൾ പിന്നോക്കം മടങ്ങിപ്പോവുകയും ചെയ്യരുത് എന്നാൽ നിങ്ങൾ നഷ്ടക്കാരായി മാറുന്നതാണ്'(5:23) 

ഇതിന്ന് അവർ നൽകിയ മറുപടി എന്തായിരുന്നു? 

മൂസാ..... പരാക്രശാലികളായ ഒരു ജനത അവിടെയുണ്ട് അത് കൊണ്ട് ഞങ്ങളിവിടെ പ്രവേശിക്കുകയില്ല അവർ അവിടെ നിന്ന് പുറത്ത് പോയാൽ ഞങ്ങൾ അവിടെ പ്രവേശിച്ചുകൊള്ളാം  

ലജ്ജയില്ലാത്ത വർത്തമാനം അല്ലാഹുവിനും അവന്റെ ദൂതന്മാർക്കും അവർ മനസ്സിൽ എന്ത് സ്ഥാനമാണ് നൽകിയത്? 

യുദ്ധം ഒരു പരീക്ഷണമാണ് ആ പരീക്ഷണത്തിൽ ഇക്കൂട്ടർ അമ്പെ പരാജയപ്പെട്ടുപോയി യുദ്ധം പൊട്ടും മുമ്പ് തന്നെ   

വിശുദ്ധ ഖുർആൻ അവരുടെ വാക്കുകൾ ഉദ്ധരിക്കുന്നു 

അവർ പറഞ്ഞു: 'മൂസാ..... നിശ്ചയമായും സ്വേച്ഛാധികാരികളായ ഒരു ജനത അവിടെയുണ്ട് അവരവിടെ നിന്ന് പുറത്ത് പോകുന്നവരേക്കും ഞങ്ങളവിടെ പ്രവേശിക്കുകയില്ല അവർ അവിടെ നിന്ന് പുറത്ത് പോകുകയാണെങ്കിൽ അങ്ങളവിടെ പ്രവേശിക്കുന്നവരാകുന്നു' (5:24)

ഹൃദയ ശൂന്യൻ നന്ദികെട്ടവർ അഹങ്കാരികൾ അങ്ങനെയൊക്കെ അവരെപ്പറ്റി പറയാൻ നമുക്കു തോന്നിപ്പോവും അതൊന്നും അവർക്കു പോര  

ഈ ഘട്ടത്തിലാണ് യൂശഅ് (അ) കാലഅ് എന്നിവർ ഇടപാടുന്നത് അവർ പറഞ്ഞു: 

'ഹേ.... ജനങ്ങളേ അല്ലാഹുവിന്റെ ദൂതനാണ് നിങ്ങളോട് സംസാരിച്ചത് അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങൾ തള്ളിക്കളയരുത് നിങ്ങൾ പരാജയപ്പെട്ടുപോവും   

അക്കാലത്ത് യൂശഅ് നബിയായിട്ടില്ല സേവകനാണ്  

മൂസാ(അ)ന്റെ വാക്കുകൾ ഈ സമൂഹം തള്ളിക്കളയുകയാണ് അതിന്റെ ഗൗരവം ഇവർക്കറിയില്ല ദൂതനെ തള്ളിക്കളഞ്ഞാൽ ശിക്ഷവരും അതോർത്തപ്പോൾ യൂശഅ് ഭയന്നുപോയി വിവരംകെട്ട ജനത അതോർക്കുന്നില്ല വിവരമുള്ളവർ ഭയപ്പെടുന്നു   

കാലബിന്നും നല്ല ഭയമുണ്ട് ഭയത്തോടെ സംസാരിച്ചു നോക്കി ഒരു ഫലമില്ല  

മാഇദ സൂറത്തിൽ  ഈ രംഗം നമുക്കു കാണാം 

'ഭയപ്പെടുന്നവരിൽ പെട്ട രണ്ടു പുരുഷന്മാർ-അല്ലാഹു അവരുടെ മേൽ അനുഗ്രഹം ചെയ്തിരിക്കുന്നു-അല്ലാഹു പറഞ്ഞു:  

'നിങ്ങൾ ആ വാതിൽക്കൽ കടന്നു അവരുടെ നേരെ ചെല്ലുക അങ്ങനെ നിങ്ങൾ കടന്നുചെന്നാൽ നിശ്ചയമായും നിങ്ങൾ അവരെ ജയിക്കുന്നവരായിരിക്കും'(5:25) 

ധീരമായിട്ട് വാതിൽ കടന്നു ചെല്ലണം ആ വരവ് കണ്ടാൽ തന്നെ അവർ തളർന്നു പോവും തളർന്നവരെ തോൽപ്പിക്കാൻ ഒരു പ്രയാസവും കാണില്ല  

ഭയപ്പെടുന്നവരിൽ പെട്ട രണ്ടാളുകൾ ആരൊക്കെയാണ്? നൂനിന്റെ മകൻ യൂശഅ്  

യഫൂന്നായുടെ മകൻ കാലബ് 

എല്ലാം അല്ലാഹുവിൽ ഭരമേല്പിക്കുന്നവൻ യൂശഅ്(അ) അവരോടാവശ്യപ്പെട്ടു അതും ഖുർആനിലുണ്ട്   

'അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുകയും ചെയ്യുവീൻ നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ '(5:26) 

ഇതിന്നവർ നൽകിയ മറുപടി കൂടുതൽ നിരാശയുണ്ടാക്കുന്നതായിരുന്നു അവർ പറഞ്ഞതിങ്ങനെ: 

അവരവിടെ ഉള്ള കാലത്തോളം ഞങ്ങളവിടെ പ്രവേശിക്കുകയില്ല മൂസാ..... നീയും നിന്റെ റബ്ബും കൂടി അവരോട് യുദ്ധം ചെയ്യുക ഞങ്ങളിവിടെയിരിക്കാം 

എന്തൊരു ധിക്കാരം പരിഹാസം 

വിശുദ്ധ ഖുർആനിൽ ഇത് കാണാം ഇങ്ങനെ: 

'അവർ പറഞ്ഞു: മൂസാ.... നിശ്ചയമായും അവരവിടെ ഉള്ളപ്പോൾ ഞങ്ങൾ ഒരിക്കലും അവിടെ പ്രവേശിക്കുകയില്ല  നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തു കൊള്ളുക ഞങ്ങളിവിടെ ഇരിക്കാം (5:27) 

ഈ മറുപടികേട്ട് മൂസാ(അ) നിരാശനായി ഈ ജനതയെ യുദ്ധ മുഖത്തേക്ക് നയിക്കാൻ കഴിയില്ല  

എന്റെയും എന്റെ സഹോദരന്റയും കാര്യമല്ലാതെ മറ്റൊന്നും ഏറ്റെടുക്കാൻ എന്നെക്കൊണ്ടാവില്ല 

വിശുദ്ധ ഖുർആൻ വചനം കാണുക: 

'മൂസാ(അ) പറഞ്ഞു: എന്റെ റബ്ബേ.... നിശ്ചയമായും ഞാൻ എന്റെ സ്വന്തത്തെയും എന്റെ സഹോദരനെയുമല്ലാതെ അധീനമാക്കുന്നില്ല അതിനാൽ ഞങ്ങളെയും ഈ ധിക്കാരികളായ ജനതയെയും നീ വേർപ്പെടുത്തിത്തരേണമേ'(5:28) 

അല്ലാഹുവിന്റെ വിധി വന്നു അനുസരണക്കേടിന്റെ ശിക്ഷ സിനാ മരുഭൂമിയിൽ അലഞ്ഞു തിരിയട്ടെ അന്തം വിട്ട് നടക്കട്ടെ എത്രക്കാലം? നാല്പത് കൊല്ലം 

നാല്പത് കൊല്ലക്കാലത്തേക്ക് വിശുദ്ധ ഫലസ്തീനിലേക്കു പ്രവേശനമില്ല മരുഭൂമിയിൽ ചുറ്റിത്തിരിയാം കടുത്ത ദാഹവും വിശപ്പും സഹിച്ചു കഴിയാം 

വിശുദ്ധ ഖുർആൻ പറയുന്നു: 

'അല്ലാഹു പറഞ്ഞു: നിശ്ചയമായും ആ രാജ്യം അവരുടെ മേൽ നാല്പത് കൊല്ലത്തേക്ക് നിഷിദ്ധമായിരിക്കും അവർ ഭൂമിയിൽ പരിഭ്രമിച്ച് അലഞ്ഞു നടക്കും 

അത്കൊണ്ട് ആ ധിക്കാരികളായ ജനങ്ങളുടെ പേരിൽ നീ വ്യസനിക്കരുത്'(5:29)

മൂസാ(അ) കഴിവിന്റെ പരമാവധി പരിശ്രമിച്ചു കഴിഞ്ഞു ആ ജനതയുടെ മനസ്സിൽ ഒരു മാറ്റവും ഉണ്ടായില്ല  

മൂസാ നബി (അ)നെ അല്ലാഹു ആശ്വസിപ്പിച്ചു  ജനങ്ങൾ ധിക്കാരികളാണ് അവരുടെ പേരിൽ നിങ്ങൾ പ്രയാസപ്പെടരുത് വ്യസനിക്കരുത് 

യൂശഅ് (അ) ഈ രംഗങ്ങൾക്കെല്ലാം സാക്ഷിയാണ് വല്ലാതെ സങ്കടപ്പെട്ടു കാലബ് സങ്കടം കൊണ്ട് പുളഞ്ഞുപോയി എന്തൊരു ജനതയാണിത് കഷ്ടം.


വിടവാങ്ങൽ

നാല്പത് വർഷങ്ങൾ 

സംഭവബഹുലമായ നാല്പത് വർഷങ്ങൾ യൂശഅ് (അ)ന്റെ ശരീരത്തിൽ നാല്പത് വർഷങ്ങൾ കൊണ്ട് കാലം വരുത്തിയ മാറ്റങ്ങൾ മരുഭൂമിയിൽ അലിഞ്ഞുചേർന്ന സംവത്സരങ്ങൾ എന്തുമാത്രം സംഭവങ്ങളാണ് നടന്നത് ഓർത്താൽ അതിശയം തോന്നും  ഏത് പ്രതിസന്ധി ഘട്ടത്തിലും കാലബ് കൂട്ടിനുണ്ടായിരുന്നു ആശ്വാസം  

കടൽ കടന്നുവന്ന ആ വലിയ സമൂഹം പ്രവാചകനോട് നന്ദികേട് കാണിച്ചവൻ സീനാ മരുഭൂമിയിലെ കഷ്ടപ്പാടുകൾ സഹിച്ചു സഹിച്ചു ഓരോരുത്തരായി മരണപ്പെട്ടു  മരിച്ചു പിരിഞ്ഞവർ ആയിരക്കണക്കിൽ വരും വിവാഹങ്ങളും പ്രസവങ്ങളും ധാരാളം നടന്നു ഈജിപ്ത് കാണാത്ത പുതിയ തലമുറകൾ സീനാ മരുഭൂമിയിലെത്തി ഇരുപത് വർഷങ്ങൾ കടന്നുപോയി അപ്പോഴാണ് ആ ദുഃഖ സംഭവം നടന്നത്  ഹാറൂൻ(അ) ന്റെ വഫാത്ത്  

അല്ലാഹുവിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ നിയുക്തനായ പ്രവാചകൻ  ഒരുപാട് കഷ്ടപ്പെട്ടു ധാരാളം ക്ഷമിച്ചു 

യൂശഅ് (അ) നെയും കാലബിനെയും വല്ലാതെ ദുഃഖിപ്പിച്ച സംഭവം ഹാറൂൻ (അ) വഫാത്തായതോടെ അത്താണി നഷ്ടപ്പെട്ടത് പോലെയുള്ള തോന്നൽ പുതിയ തലമുറക്ക് ഇസ്ലാമിക സന്ദേശം നൽകുകയാണ് യൂശഅ് (അ) അവരെ തൗറാത്ത് പഠിപ്പിക്കുന്നു  

സീനാ മരുഭൂമിയിലെത്തിയ ശേഷം ജനിച്ചവർ ധീരന്മാരായി വളർന്നുവരികയാണ് അവരുടെ മനസ്സ് പാകപ്പെടുത്തിയെടുക്കുകയാണ് യൂശഅ്(അ) ഒപ്പം തന്നെ കാലബും ഉണ്ട്  

പുതിയ തലമുറ മൂസാ(അ)നെ കാണുന്നു വാർദ്ധക്യത്തിലേക്കു നീങ്ങിയ മൂസാ(അ) 

അവർ തൂരിസീനാ മലയെക്കുറിച്ചു കേട്ടു അത് അവരെ ആവേശം കൊള്ളിച്ചു അവർ തൗറാത്ത് വായിച്ചു യൂശഅ് (അ)ന്റെ  വിശദീകരണം കേട്ടു അതിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കാൻ തുടങ്ങി സമ്പൽ സമൃദ്ധമായ ഫലസ്തീൻ സമീപത്തുണ്ട് പ്രസിദ്ധമായ അരീഹാപട്ടണം (The city Of the moon (JERICHO) ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന പ്രസിദ്ധമായ പട്ടണം  സംവത്സരങ്ങൾക്കുമുമ്പുതന്നെ അത് തങ്ങൾക്കു കീഴടങ്ങേണ്ടതായിരുന്നു പഴയ തലമുറ അങ്ങോട്ടു പ്രവേശിക്കാൻ ധൈര്യം കാണിച്ചില്ല ഭീരുക്കുൾ 

പുതിയ തലമുറക്ക് അവരുടെ നിലപാട് ശരിയായില്ലെന്ന് തോന്നി അവരതിനെ വിമർശിച്ചു പഴയ തലമുറ ഖിബ്ത്തികളുടെ അടിമകളായിരുന്നു പുതിയ തലമുറ സ്വതന്ത്രരാണ് അടിമകളല്ല അരീഹപട്ടങ്ങളിലേക്കുള്ള പ്രവേശനം നാല്പത് കൊല്ലത്തേക്ക് അല്ലാഹു തടഞ്ഞിരിക്കുന്നു നാല്പത് കൊല്ലം കഴിയണം എന്നാലേ അങ്ങോട്ട് കടക്കാനാവുകയുള്ളൂ കാത്തിരിക്കാം പുതിയ തലമുറ കുതിര സവാരി പഠിക്കുന്നു ആയുധ പരിശീലനം നടത്തുന്നു അവർ ആരോഗ്യവാന്മാരാണ് തൗറാത്ത് പഠിച്ചവരാണ് അവർ യൂശഅ്(അ) പറയുന്നത് വിശ്വസിക്കുന്നു അദ്ദേഹത്തെ അനുസരിക്കുന്നു ആ ശിക്ഷണത്തിൽ വളർന്നു വരുന്നു  

സീനാ മരുഭൂമിയിൽ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട് മുപ്പത്തിമൂന്ന് വർഷങ്ങൾ കടന്നുപോയിരിക്കുന്നു  

മൂസാ(അ)ന്ന് ഒരു കാര്യം ബോധ്യമായി  യൂശഅ്(അ) യോഗ്യനായ നേതാവാണ് പുതിയ തലമുറയെ ശരിയായ ദിശയിൽ നയിക്കും 

ഏഴ് കൊല്ലങ്ങൾ കൂടി കഴിയണം അപ്പോൾ പുണ്യഭൂമിയിൽ പ്രവേശിക്കാൻ സമയമാകും  

അന്ന് താനുണ്ടാവില്ല യൂശഅ്(അ) അത് നിർവ്വഹിക്കട്ടെ പുണ്യഭൂമിയിലേക്ക് ഇസ്രാഈലി സമൂഹത്തെ നയിക്കാനുള്ള സൗഭാഗ്യം യൂശഇന്നാണ്  അല്ലാഹു കണക്കാക്കിയത് അതങ്ങനെ തന്നെ നടക്കട്ടെ 

തന്റെ കാലം തീരുകയാണ് ഇനിയേറെ സമയമില്ല പുണ്യഭൂമിയിൽ പ്രവേശിക്കാൻ വലിയ മോഹമായിരുന്നു തന്റെ സമുദായം സഹകരിച്ചില്ല അതിനാൽ ആ മോഹം നടന്നില്ല  

പ്രിയ സഹോദരൻ ഹാറൂൻ  പുണ്യഭൂമിയിൽ പ്രവേശിക്കാൻ എന്തൊരു മോഹമായിരുന്നു മോഹം പൂവണിയാതെയാണ് വഫാത്തായത് എല്ലാ ആപൽഘട്ടങ്ങളിലും തന്നോടൊപ്പം നിന്ന പ്രിയ സഹോദരൻ അങ്ങേ ലോകത്തേക്ക് പോയി തനിക്കിനി ഏറെ നാളുകളില്ല എല്ലാ കാര്യങ്ങളും യൂശഇനെ ഏല്പിക്കാം തന്റെ പിൻഗാമിയായി യൂശഇനെ നിയോഗിക്കാം 

പുതിയ തലമുറ നല്ലവരാണ് അനുസരണശീലമുള്ളവരാണ് അവർ ശ്രദ്ധാപൂർവ്വം തൗറാത്ത് പഠിക്കുന്നു യൂശഇന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നു  

അല്ലാഹുവിന്റെ അനുഗ്രഹത്തോടെ അവർ പുണ്യഭൂമിയിൽ പ്രവേശിക്കും അവർക്ക് സ്വന്താമായൊരു രാജ്യമുണ്ടാകും അവരുടെ രാജാക്കന്മാരുണ്ടാവും ഈ സമൂഹത്തിൽ ഇനിയും നബിമാരുണ്ടാവും  

മൂസാ(അ) ഇസ്രാഈലി സമൂഹത്തെ വിളിച്ചു കൂട്ടി അവസാന ഉപദേശങ്ങൾ നൽകി  

അല്ലാഹു ഇസ്രാഈലി സമൂഹത്തിന്നു നൽകിയ മഹത്തായ അനുഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞു കടൽ കടന്നു വന്നത് പറഞ്ഞു ഖിബ്ത്വികളുടെ പീഢനങ്ങളുടെ ചരിത്രം വിവരിച്ചു  

അല്ലാഹുവിന്റെ അനുഗ്രഹങ്ങളെല്ലാം ആസ്വദിച്ചു അല്ലാഹുവിനോട് നന്ദികേട് കാണിച്ചു 

നിങ്ങളങ്ങനെയാവരുത് നിങ്ങൾ റബ്ബിനോട് നന്ദിയുള്ളവരായിരിക്കണം  

യൂശഇന്റെയും കാലബിന്റെയും സേവനം വളരെ വിലപ്പെട്ടതാണ് അവർ നിങ്ങളെ നല്ല നിലയിൽ നയിക്കും അവരെ അനുസരിക്കണം 

തൗറാത്ത് അല്ലാഹു ഇറക്കിയ വേദഗ്രന്ഥമാണ് അത് നന്നായി പഠിക്കണം പാരായണം ചെയ്യണം അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ചു ജീവിക്കണം നേതൃത്വത്തെ ധിക്കരിക്കരുത് അനുസരണക്കേട് പാടില്ല  

അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ  

മൂസാ(അ) ന്റെ ശബ്ദം നേർത്തു വന്നു കണ്ണീരോടെ പ്രാർത്ഥന നടത്തി തിങ്ങിക്കൂടിയവർ ഗദ്ഗദത്തോടെ ആമീൻ പറഞ്ഞുകൊണ്ടിരുന്നു വേർപാടിന്റെ വേദന മുറ്റിനിൽക്കുന്നു മഹാനായ പ്രവാചകൻ പിൻമാറുകയാണോ? 

മൂസാ(അ)ന്റെ ചരിത്രം  ഓരോ മനുഷ്യമനസ്സിലും അത് തെളിഞ്ഞുനിൽക്കുന്നു മൂസാ (അ)ന്റെ ജനനം തടയാൻ നോക്കിയ ഫിർഔൻ 

ഇസ്രാഈലി കുടുംബങ്ങളിൽ പിറന്ന ആൺകുഞ്ഞുങ്ങളെയെല്ലാം വധിച്ചു കളഞ്ഞു വർഷങ്ങളോളം ആ നില തുടർന്നു അനേകായിരം പുത്രന്മാരാണ് വധിക്കപ്പെട്ടത് എന്തൊരു ക്രൂരത ഈ ക്രൂരതക്ക് ചരിത്രത്തിൽ തുല്യതയുണ്ടോ? 

എന്നിട്ടും മൂസാ (അ) പിറന്നു പെട്ടിയിലാക്കി നദിയിലൊഴുക്കി നദിയിലൂടെ ഒഴുകിയ പെട്ടി ഫിർഔനിന്റെ കൊട്ടാരത്തിലെത്തി കുട്ടി അവിടെ വളർന്നു 

യൗവ്വനാരംഭത്തിൽ ഹിജ്റ പോയി മദ് യൻ എന്ന നാട്ടിലേക്ക് ശുഐബ്(അ) ന്റെ മകളെ വിവാഹം ചെയ്തു അങ്ങനെ കുടുംബജീവിതമുണ്ടായി കുടുംബമായി കൂട്ടുകുടുംബമായി തലമുറകളായി മഹാനദിപോലെ കുതിച്ചൊഴുകുന്ന ജീവിതം ആ ജീവിതത്തിന്ന് വിരാമം വീഴാൻ പോവുന്നു ചരിത്രം സാക്ഷി സർവ്വ ലോകങ്ങളും സാക്ഷി വാർദ്ധക്യം നൽകിയ ക്ഷീണം അത് വകവെക്കാതെ നടന്നു കൂടെ യൂശഅ്(അ) കാലബ് മറ്റു ചിലരും നേരെ നടക്കുകയാണ് ചെറിയ സംഘം കൂടെയുണ്ട് അബാരീംമല സീനാ മരുഭൂമിയിലെ നാല്പത് വർഷക്കാലത്തെ കഠിനമായ കഷ്ടപ്പാടുകൾ കണ്ട് സാക്ഷിയായ അബാരീം അതിന്റെ മുകളിലെത്തി മൂസാ(അ) അകലേക്ക് നോക്കി പുണ്യഭൂമി അവ്യക്തമായി കാണാം  കുറച്ചുകൂടി വ്യക്തമായിക്കാണുന്നു എന്തുവഴി? 

അബാരീമിനോട് തൊട്ടുകിടക്കുന്ന നെബോ മല(Mount Nebo) അതിന് ഉയരം കൂടുതലുണ്ട് അതിന് മുകളിൽ കയറി ആകാംക്ഷമുറ്റിയ നയനങ്ങൾ അകലേക്ക് നീണ്ടു  നമുക്ക് വാഗ്ദത്തം നൽകപ്പെട്ട പുണ്യഭൂമി നാല്പത് വർഷത്തേക്ക് പ്രവേശനം നിരോധിക്കപ്പെട്ട രാജ്യം അത് കൺകുളിർക്കെ കണ്ടു  

അൽഹംദുലില്ലാഹ് അല്ലാഹുവേ 

നിനക്കാണ് സ്തുതി അല്ലാഹുവേ നിനക്കാണ് പുകഴ്ച 

ഇനി മടങ്ങാം നിറഞ്ഞ നയനങ്ങളുമായി ആ സംഘം മലയിറങ്ങി വന്നു  

പിന്നെയും ഉപദേശങ്ങൾ നൽകി  

യൂശഅ് ശ്രദ്ധിച്ചു കേട്ടോളൂ 

നീയാണ് എന്റെ പിൻഗാമി ഒരു സമുദായത്തെ നിന്റെ കൈകളിൽ ഏല്പിച്ചാണ് ഞാൻ പോവുന്നത് ഇസ്രാഈലി സമൂഹത്തെ ഏറ്റെടുത്തുകൊള്ളുക അവരെ സന്മാർഗത്തിലേക്ക് നയിക്കുക   

സമയമാകുമ്പോൾ പുണ്യഭൂമിയിൽ പ്രവേശിച്ചു കൊള്ളുക ശത്രുക്കളെ പടപൊരുതി പരാജയപ്പെടുത്തുക അല്ലാഹു നിനക്കു വിജയം നൽകിയി അനുഗ്രഹിക്കട്ടെ ആമീൻ  

നിയന്ത്രണം വിട്ടുപോവുന്ന നിമിഷങ്ങൾ പലർക്കും തേങ്ങലടക്കാനാവുന്നില്ല നല്ല കയ്യക്ഷരവും പാണ്ഡിത്യവുമുള്ള കുറെയാളുകളെ തൗറാത്ത് പകർത്തിയെഴുതാൻ ഏല്പിച്ചിരുന്നു അവരത് എഴുതിക്കൊണ്ട് വന്നിട്ടുണ്ട് പന്ത്രണ്ട് കോപ്പികൾ അവയെല്ലാം വായിച്ചു നോക്കി തെറ്റില്ലെന്ന് ഉറപ്പ് വരുത്തി ഓരോ കോപ്പി ഓരോ ഗോത്രക്കാർക്ക് നൽകി പന്ത്രണ്ട് ഗോത്രക്കാർക്കും തൗറാത്തിന്റെ കോപ്പി കിട്ടി  എല്ലാവരും തൗറാത്ത് പഠിക്കണം അതിൽ കല്പിച്ചതെല്ലാം എടുക്കണം അതിൽ നിരോധിച്ചതെല്ലാം ഒഴിവാക്കണം അന്ത്യോപദേശങ്ങൾ നൽകിക്കഴിഞ്ഞു  അസ്റാഈൽ(അ) എത്തി കൂടെ റഹ്മത്തിന്റെ മലക്കുകൾ അനുഗ്രഹീതമായ അന്തരീക്ഷം 

മൂസാ(അ) വഫാത്തായി സംഭവ ബഹുലമായ ജീവിതത്തിനന്ത്യമായി അനുയായികൾ ആദരവോടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു 

എല്ലാ കർമ്മങ്ങളും യൂശഅ് (അ) നേതൃത്വം നൽകി ഓരോ കർമ്മം നിർവ്വഹിക്കുമ്പോഴും ദുഃഖം കടിച്ചമർത്തുകയായിരുന്നു

ഹാറൂൻ (അ) ഇല്ലാത്ത ലോകം 

മൂസാ(അ) ഇല്ലാത്ത ലോകം 

ആ ലോകത്താണ് ഇനിയുള്ള ജീവിതം ജീവിതമെന്ന യാത്ര അത് ഇനിയും തുടരുക തന്റെ ആയുസ്സിന്റെ അറുതിയിലെത്തും വരെ.


ഗുരുവും ശിഷ്യനും

യൂശഅ്(അ) നബിയാണ് മൂസാ നബി (അ)ന്റെ വഫാത്തിന്ന് ശേഷം ഏഴാം വർഷം പ്രവാചകത്വം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത് 

യൂശഇന്റെ നേതൃത്വം ഇസ്രാഈലികളെ കർമ്മ പ്രബുദ്ധരാക്കി പ്രസംഗങ്ങൾ അവരെ ആവേശം കൊള്ളിച്ചു പ്രസംഗത്തിന്നിടയിൽ മൂസാ നബി (അ) ന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വിവരിക്കാറുണ്ട് 

ഖിള്റ്(അ) 

ജനങ്ങൾ ആവേശപൂർവ്വം ഓർമ്മിക്കുന്ന പേരാണ് അപൂർവ്വ വിജ്ഞാനങ്ങളുടെ ഉടമ ഖിള്റ്(അ)നെ കണ്ട ആളാണ് യൂശഅ് (അ) അദ്ദേഹത്തിൽ നിന്ന് തന്നെ അത് ജനങ്ങൾ കേട്ടിരിക്കുന്നു ആ സംഭലത്തിലൂടെ യൂശഅ്(അ) ചരിത്രത്തിൽ വാഴ്ത്തപ്പെട്ടിരിക്കുന്നു  

മൂസാ(അ) യാത്ര തിരിച്ചപ്പോൾ സേവകനായി കൂടെപ്പോയത് യൂശഅ്(അ) ആയിരുന്നു ജീവനില്ലാത്ത ഒരു മത്സ്യം അവരുടെ കൈവശമുണ്ടായിരുന്നു അല്ലെങ്കിൽ ചുട്ട മത്സ്യം അത് യൂശഅ്(അ) ന്റെ കൈവമായിരുന്നു  

ഈ സംഭവം ചില റിപ്പോർട്ടുകളിൽ കാണുന്നത് പോലെ ഇവിടെ ഉദ്ധരിക്കാം 

ഫിർഔൻ കടലിൽ മുങ്ങി നശിച്ചു മൂസാ(അ)തന്റെ ജനതയോടൊപ്പം കടൽ കടന്നുപോയി  

കുറെ കാലത്തിനു ശേഷം മൂസാ(അ) അനുയായികളോടൊപ്പം ഈജിപ്തിൽ വന്നു അവിടെ വെച്ച് ഒരു ഉജ്ജ്വല പ്രസംഗം നടത്തി ശ്രോതാക്കളുടെ മനസ്സ് ഇളകി മറിഞ്ഞു നയനങ്ങൾ നിറഞ്ഞൊഴുകി സദസ്സ് പ്രകമ്പനം കൊണ്ടു  

പ്രസംഗത്തിനുശേഷം ഒരാൾ ചോദിച്ചു 

'അങ്ങെയാക്കാൾ വിവരമുള്ള ആരെങ്കിലും ഭൂമിയിൽ ഉണ്ടോ?' 

'ഇല്ല' നബിയുടെ മറുപടി 

നബിയുടെ പ്രസംഗത്തിൽ വളരെയേറെ വിജ്ഞാനം ഉൾക്കൊണ്ടിരുന്നു മുമ്പും വളരെയേറെ വിദ്യകൾ പറഞ്ഞ് കൊടുത്തിട്ടുണ്ട് തൗറാത്ത് ലഭിച്ച ആളാണ് അല്ലാഹുവിന്റെ സംസാരം കേട്ടിട്ടുണ്ട് ആ നിലക്കെല്ലാം നോക്കുമ്പോൾ നബിക്കാണ് ഏറ്റവുമധികം വിവരം 

അങ്ങനെയൊക്കെ തോന്നിയത് കൊണ്ടാണ് അയാൾ ആ ചോദ്യം ചോദിച്ചത് 

നബിയുടെ മഹത്തായ പദവിക്ക് ചേർന്ന വിധമായില്ല മറുപടി അല്ലാഹു അഅ്ലം (അല്ലാഹു ഏറ്റവും നന്നായി അറിയും) എന്നായിരുന്നു മറുപടി വേണ്ടത്  

അക്കാരണത്താൽ അല്ലാഹു നബിയെ ഇങ്ങനെ അറിയിച്ചു 'രണ്ടു സമുദ്രങ്ങൾ സന്ധിക്കുന്ന സ്ഥലത്ത് നമുക്ക് ഒരടിമയുണ്ട് അദ്ദേഹം താങ്കളെക്കാൾ അറിവുള്ളവനാകുന്നു' 

മജ്മഉൽ ബഹ്റൈനി 

രണ്ടു സമുദ്രങ്ങൾ ചേരുന്ന സ്ഥലം 

അതെവിടെയാണ്? 

റോമൻ കടലും പേർഷ്യൻ കടലും ചേരുന്ന സ്ഥലമായ ത്വൻജ ആണെന്ന് ഒരഭിപ്രായം 

അഖബ ഉൾക്കടലും സൂയസ് ഉൾക്കടലും ചേരുന്ന 'ഐല' ആണെന്ന് മറ്റൊരഭിപ്രായം 

അവിടെ പോകണം കൂടെ പോകാൻ യൂശഇനെയും വിളിച്ചു മത്സ്യത്തെ പിടിച്ചു പാകപ്പെടുത്തി കൂട്ടയിലിട്ടു അതുമായി യാത്ര തിരിച്ചു 

മത്സ്യം ജീവൻ വെച്ച് വെള്ളത്തിൽ ചാടി രക്ഷപ്പെടും എവിടെ വെച്ചാണോ അങ്ങനെ സംഭവിക്കുന്നത് ആ സ്ഥലത്ത് ആ അടിമയെ കണ്ടെത്താം 

യാത്ര പുറപ്പെടുമ്പോൾ തന്റെ സന്തത സഹചാരിയായ യൂശഇനോട് മൂസാ (അ) പറഞ്ഞു: 

'യൂശഅ് മത്സ്യത്തെ നീ നന്നായി സൂക്ഷിച്ചു കൊള്ളണം വഴിയിൽ വെച്ച് അതിന്ന് ജീവൻ കിട്ടും വെള്ളത്തിൽ ചാടി രക്ഷപ്പെടും ഉടനെ നീ ആ വിവരം എന്നെ അറിയിക്കണം അക്കാര്യം ഞാൻ നിന്നെ ഏല്പിച്ചിരിക്കുകയാണ് മറ്റൊന്നും ഞാൻ ശാസിക്കുന്നില്ല' 

യൂശഅ് ഇങ്ങനെ മറുപടി നൽകി 

'ഇതത്ര പ്രയാസമുള്ള കാര്യമമൊന്നും അല്ലല്ലോ' 

യാത്ര തുടങ്ങി യൂശഇന്റെ ശ്രദ്ധമുഴുവൻ മത്സ്യത്തിലാണ് ഇടക്കിടെ കൂട്ട തുറന്നു നോക്കും മത്സ്യം അതിൽ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തും 

യാത്ര തുടരുകയാണ് സന്ധ്യയായി ഇനിയൊന്നു വിശ്രമിക്കണം ക്ഷീണം തീർക്കണം 

യാത്രയാകുമ്പോൾ ആഹാരസാധനങ്ങൾ കരുതുക സാധാരണമാണ് വഴിയിൽ വാങ്ങിക്കഴിക്കാൻ സൗകര്യം കിട്ടിക്കൊള്ളണമെന്നില്ല 

കൈയിൽ കരുതിയ ഭക്ഷണത്തിൽ നിന്ന് യൂശഅ്(അ) അത്താഴം നൽകിയിരിക്കണം ഇരുവരും അത്താഴം കഴിച്ച് ഉറങ്ങിയിരിക്കാം രണ്ടു സമുദ്രങ്ങൾ ചേരുന്ന സ്ഥലം അത് തന്നെയായിരുന്നു പക്ഷെ അവർക്കു മനസ്സിലായില്ല 

മൂസാ(അ) നല്ല ഉറക്കത്തിലാണ് 

യൂശഅ്(അ) മത്സ്യത്തിന്റെ കാര്യം ശ്രദ്ധിക്കുന്നുണ്ട് മത്സ്യത്തിന് ജീവൻ വെച്ചു കൂട്ടയിൽ തുള്ളിക്കളിച്ചു യൂശഅ് ശബ്ദം കേട്ടു നോക്കിയതാവാം ഒരു പാറപ്പുറത്താണ് അവരുള്ളത് പാറയുടെ താഴെ സമുദ്രം 

നോക്കിനിൽക്കെ മത്സ്യം തുള്ളി കൂട്ടയിൽ നിന്ന് പുറത്തേക്ക്, നേരെ വെള്ളത്തിലേക്ക്  

യൂശഅ് നോക്കി വെള്ളത്തിൽ മത്സ്യം പോയ വഴിയിലേക്ക് വഴി തെളിഞ്ഞു കാണാം ഗുഹപോലെ വെള്ളം ചേരാതെ ദ്വാരം പോലെ നിൽക്കുന്നു 

അതിശയകരമായ കാഴ്ച മൂസാ നബി (അ) നെ വിളിച്ച് ആ അതിശയം കാണിക്കണമെന്നുണ്ട് 

പക്ഷെ ഉറക്കമല്ലേ? വിളിച്ചുണർത്തുന്നത് മര്യാദകേടായിപ്പോകുമോ? 

പ്രഭാതമായി യാത്ര തുടർന്നു ഉണർന്ന ഉടനെ വിവരം പറയാൻ മറന്നുപോയി 

കുറെ ദൂരം നടന്നു ഒരു സ്ഥലത്തിരുന്നു മൂസാ(അ) പറഞ്ഞു: 

'നമുക്ക് വിശക്കുന്നുണ്ട് പ്രാതൽ കൊണ്ട് വരൂ...' 

പെട്ടെന്ന് മത്സ്യത്തിന്റെ കാര്യം ഓർമ്മവന്നു 

'ഒരു കാര്യം പറായാൻ മറന്നുപോയി നാം ഉറങ്ങിയ സ്ഥലത്ത് വെച്ചു മത്സ്യം നഷ്ടപ്പെട്ടു അതിന്ന് ജീവൻ വെച്ചു കടലിൽ ചാടിപ്പോയി ' 

'നീ എന്ത്കൊണ്ട് അപ്പോൾ പറഞ്ഞില്ല' 

'അങ്ങ് ഉറക്കിലായിരുന്നു പിന്നെ ഞാൻ മറന്നുപോയി ഇപ്പോൾ ഓർമ്മവന്നു' 

'നമുക്കങ്ങോട്ടു പോവാം' 

മനസ്സിൽ അവരുടെ പാദങ്ങൾ പതിഞ്ഞ അടയാളം ഉണ്ടായിരുന്നു അത് നോക്കി നടന്നു 

സമുദ്രങ്ങൾ ചേരുന്ന സ്ഥലത്തെത്തി അവിടെ വെച്ച് അല്ലാഹുവിന്റെ ബഹുമാന്യനായ അടിമയെ കണ്ടുമുട്ടി 

അത് ഖിള്റ് (അ) ആയിരുന്നു  

മൂസാ(അ) കൂടെപ്പോവാൻ സമ്മതം ചോദിച്ചു അല്പനേരത്തെ സംഭാഷണം 'ഇടക്കിടെ ചോദ്യങ്ങൾ ചോദിക്കരുത് അങ്ങോട്ട് പറയുമ്പോൾ കേട്ടാൽ മതി '-ഖിള്റ് (അ) പറഞ്ഞു 

മൂസാ(അ) സമ്മതിച്ചു ഒരു കപ്പലിൽ യാത്ര ചെയ്തു 

യൂശഅ്(അ) തന്റെ ജനതയോട് സംഭവം വിവരിച്ചു പറഞ്ഞു 

കപ്പലിൽ യാത്ര പോയപ്പോൾ യൂശഅ് കൂടെ പോയിരുന്നോ? അതോ അവരെ യാത്ര അയച്ചു മടങ്ങിപ്പോന്നോ? 

യൂശഅ് (അ) ആ ചോദ്യത്തിന്ന് അന്ന് വ്യക്തമായി മറുപടി പറഞ്ഞു കൊടുത്തിരിക്കും നമുക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ല രണ്ടിന്നും സാധ്യതയുണ്ട് 

ഖിള്റ്(അ)നെയും പരിചയപ്പെടുത്തിക്കൊടുത്തു 

പേര് ഖിള്റ്, മൂന്ന് വിധത്തിൽ പറയാം ഖള്റ്,ഖിള്റ്,ഖളിർ 

വിളിപ്പേര് ബൽയാ 

പിതാവിന്റെ പേര് മൽക്കാൻ ബൽയബ്നുമൽക്കാൻ ഓമനപ്പേര് അബുൽ അബ്ബാസ് 

അദൃശ്യകാര്യങ്ങളെക്കുറിച്ച് ദിവ്യവിജ്ഞാനം ലഭിച്ച മഹാനാണ് അദ്ദേഹത്തിന്ന് അല്ലാഹു നൽകിയത നുബുവ്വത്താണെന്നും വിലായത്താണെന്നും അഭിപ്രായമുണ്ട് അന്ത്യകാലം വരെ ജീവിക്കും 

വിശുദ്ധ ഖുർആൻ വചനങ്ങൾ നോക്കുക 

മൂസാ തന്റെ സേവകനോട് പറഞ്ഞ സന്ദർഭം ഓർക്കുക: രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലത്ത് ഞാൻ എത്തുകയോ, അല്ലെങ്കിൽ ദീർഘകാലം തരണം ചെയ്യുകയോ ചെയ്യുന്നത് വരെ ഞാൻ യാത്ര ചെയ്തുകൊണ്ടിരിക്കും'(18:60) 

'രണ്ട് സമുദ്രങ്ങൾ  സന്ധിക്കുന്ന സ്ഥലത്ത് അവർ എത്തിയപ്പോൾ അവർ തങ്ങളുടെ മത്സ്യത്തെ മറന്നുപോയി അങ്ങനെ അത് സമുദ്രത്തിൽ തന്റെ മാർഗം ഒരുമാളം പോലെ ആക്കി (18:61) 

'എന്നിട്ട് അവർ രണ്ട് പേരും ആ സ്ഥലം വിട്ടുകടന്നപ്പോൾ മൂസാ തന്റെ സേവകനോട് പറഞ്ഞു: നമ്മുടെ പ്രാതൽ കൊണ്ട് വരൂ ഈ യാത്രാമൂലം നാം വളരെ ക്ഷീണിതരാവുക തന്നെ ചെയ്തിരിക്കുന്നു '(18:62)  

'സേവകൻ(യൂശഅ്) പറഞ്ഞു: അങ്ങ് ശ്രദ്ധിക്കുക നാം ആ പാറക്കല്ലിലേക്ക് ചെന്ന് ചേർന്നപ്പോൾ തീർച്ചയായും ഞാൻ മത്സ്യത്തിന്റെ കാര്യം മറന്നുപോയി അത് അങ്ങയോട് പറയുന്നതിൽ നിന്ന് എന്നെ മറപ്പിച്ചത് പിശാച് തന്നെയാണ് ' 

'ആ മത്സ്യം സമുദ്രത്തിൽ തന്റെ മാർഗ്ഗം അത്ഭുതകരമാക്കി'18:63) 

അദ്ദേഹം പറഞ്ഞു: 'അത് തന്നെയാണ് നാം അന്വേഷിക്കുന്നത് അങ്ങനെ അവർ രണ്ട് പേരും തങ്ങളുടെ കാൽപ്പാടുകൾ നോക്കി പിന്നോട്ട് മടങ്ങി '(18:64) 

'അപ്പോൾ നമ്മുടെ ദാസന്മാരിൽ ഒരാളെ അവർ കണ്ടു അദ്ദേഹത്തിന്ന് നമ്മുടെ പക്കൽ നിന്ന് തന്നെയുള്ള ഒരു പ്രത്യേക ജ്ഞാനം നാം പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്'(18:65) 

സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലത്തെത്തിയപ്പോൾ മൂസാ(അ) ഉറങ്ങിപ്പോയി യൂശഅ്(അ) വുളു എടുത്തു വുളു എടുത്തപ്പോൾ ഒരു തുള്ളി വെള്ളം മത്സ്യത്തിന്റെ മേൽ വീണു വെള്ളം തട്ടിയപ്പോൾ മത്സ്യത്തിനു ജീവനുണ്ടായി അത് വെള്ളത്തിൽ ചാടിപ്പോയി അത് പോയ വഴി വെള്ളത്തിൽ കാണാമായിരുന്നു  

മത്സ്യത്തിന്റെ കാര്യം പറയാൻ യൂശഅ്(അ) മറന്നുപോയി പിശാച് തന്നെ മറപ്പിച്ചു കളഞ്ഞു എന്നാണ് യൂശഅ്(അ) പറഞ്ഞത് 

പൊരിച്ച മത്സ്യം കൂട്ടയിലിട്ടുകൊണ്ടുപോയി എന്ന് രേഖയിലുണ്ട് 

ഗുരുശിഷ്യബന്ധത്തെപ്പറ്റി ഈ സംഭവത്തിൽ നിന്ന് പഠിക്കാം ശിഷ്യരിൽ നിന്നുണ്ടാവുന്ന മൂന്ന് അബദ്ധങ്ങൾ വരെ ക്ഷമിച്ചു കൊടുക്കാം പിന്നെ ഒഴിവാക്കുകയോ നിലനിർത്തുകയോ ചെയ്യാം ജ്ഞാന സമ്പാദനത്തിന് യാത്ര ചെയ്യണം ക്ലേശകരമായ യാത്ര ദീർഘയാത്ര വിദ്യ നേടാൻ ക്ഷമവേണം ഇങ്ങനെ നിരവധി പാഠങ്ങൾ ഇതിൽനിന്ന് പഠിക്കാനുണ്ട്.


വിജയങ്ങൾക്കുമേൽ വിജയം 

ഏറെ നാളത്തെ പഠനവും പരിശീലനവും കഴിഞ്ഞു ശത്രുക്കളുമായി ഏറ്റുമുട്ടാൻ പോവുകയാണ് യുദ്ധതന്ത്രങ്ങൾ പഠിച്ചു വെച്ചിട്ടുണ്ട് ഇനി പ്രയോഗിച്ചാൽ മതി ആവശ്യത്തിനുള്ള ആയുധങ്ങൾ ശേഖരിച്ചിട്ടുണ്ട് യുദ്ധസാമഗ്രികളെല്ലാം വേണ്ടത്ര കരുതിയിട്ടുണ്ട്  

ഒന്നുകിൽ വിജയം..... അല്ലെങ്കിൽ വീരചരമം ശഹീദാവുക പൂർവ്വികർക്കു പറ്റിയ അബദ്ധം തിരുത്തുകയാണ് 

ഇത് അല്ലാഹുവിനുവേണ്ടിയുള്ള യുദ്ധം ധർമ്മയുദ്ധം സഹായം അല്ലാഹുവിൽ നിന്നാണ് അത് ലഭിക്കും  

സൈന്യം നീങ്ങിത്തുടങ്ങി എല്ലാം അല്ലാഹുവിൽ സമർപ്പിച്ചു കൊണ്ട് സൈന്യം നീങ്ങി 

മുഖീൽ കുതിരപ്പുറത്ത് നീങ്ങുന്നത് യൂശഅ്(അ)   

നഗരകവാടം കടന്നു മുമ്പോട്ടു നീങ്ങി ചെറുത്തു നിൽപ്പു തുടങ്ങി മുമ്പോട്ട് നീങ്ങാനാവുന്നില്ല മുമ്പോട്ടു നീങ്ങിയേ പറ്റൂ രാജ്യം പിടിച്ചെടുക്കണം  ഉന്തും തള്ളുമായി കൈകൾ വാളുകളേന്തി കൈവീശി വാളുകൾ വായുവിൽ ചലിച്ചു വാൾത്തലകൾ സൂര്യകിരണങ്ങളേറ്റി മിന്നി വാൾ വീശികൊണ്ട് മുന്നേറ്റം 

ലാ ഇലാഹ ഇല്ലല്ലാഹ് 

മൂസാ കലീമുല്ലാഹ് 

മൂസാ(അ) ന്റെ നാമം കേട്ടതോടെ സൈന്യം ആവേശഭരിതമായി വാൾത്തലകൾക്ക് ചലനവേഗത കൂടി പിന്നെയവ മിന്നൽ പിണറുകൾ പോലെയായി വെട്ടേറ്റു വീഴുന്ന ശരീരങ്ങൾ  മണൽത്തരികൾ ചെഞ്ചായമണിഞ്ഞു ശത്രുസൈന്യം പെട്ടെന്ന് പിന്മാറി കോട്ടയിൽ അഭയം തേടി കോട്ടവാതിലുകളടഞ്ഞു  

കോട്ടയുടെ ചുറ്റും ഇസ്രാഈലി സൈന്യം ഉപരോധം ഏർപ്പെടുത്തി ദിവസങ്ങളോളം ആ നില തുടരുകയാണ് 

സൈന്യം കോട്ട ആക്രമിക്കുന്നുണ്ട് ഫലമില്ല 

ചരിത്ര പ്രസിദ്ധമായ അരീഹാ പട്ടണം അതിനെ വലയം ചെയ്തു നിൽക്കുന്ന കോട്ട അതിന്നകത്ത് കടക്കാൻ ഒരു വഴിയും കാണുന്നില്ല 

ആറ് ദിവസങ്ങൾ കടന്നുപോയി ഒരു പുരോഗതിയും കൈവന്നില്ല ഏഴാം ദിവസം പുലർന്നു  

യൂശഅ്(അ) ഇസ്രാഈലി നേതാക്കളെ വിളിച്ചുകൂട്ടി ചർച്ച നടത്തി പിന്നെയവർ പ്രാർത്ഥന നടത്തി  

കണ്ണീരിൽ കുതിർന്ന പ്രാർത്ഥന സഹായം തേടുന്നവാക്കുകൾ കുറെ നേരം പറയുകയും കണ്ണീരൊഴുക്കുകയും ചെയ്തതോടെ മനസ്സിന്നാശ്വാസമായി നവോന്മേഷം കൈവന്നു 

കോട്ടയ്ക്കുനേരെ അതിശക്തമായ ആക്രമണമാണ് പിന്നെ നടന്നത് കോട്ടയുടെ ഒരു ഭാഗം പൊളിഞ്ഞു വീണു  

ആവേശ പൂർവ്വം സൈന്യം കോട്ടക്കകത്തേക്കു പാഞ്ഞു ജീവന്മരണ പോരാട്ടം 

യൂശഅ്(അ) കാലബ്(അ) എന്നിവർ സാധാരണ പട്ടാളക്കാർക്കൊപ്പം യുദ്ധം ചെയ്യുന്നു  

ശത്രുക്കളുടെ ആത്മവീര്യം ചോർന്നുപോയി ഇസ്രാഈല്യർ ആവേശപൂർവ്വം മുന്നേറുന്നു 

അല്ലാഹു അക്ബർ  

ശത്രുക്കൾ പിന്നോക്കം മാറി പിന്നെ കൂട്ടത്തോടെ പിന്തിരിഞ്ഞോടി  

അൽഹംദുലില്ലാഹ്  

അല്ലാഹുവിന്ന് സ്തുതി 

അരീഹാപട്ടണം കീഴടങ്ങി  

നാല്പത് വർഷങ്ങൾക്കു മുമ്പ് നടക്കേണ്ടത് ഇപ്പോൾ നടന്നു നല്ല പോരാട്ടം വേണ്ടി വന്നു  

വെട്ടേറ്റു വീണവരെ എടുത്തുകിടത്തുക വേണ്ട ശുശ്രൂഷകൾ നടത്തുക യൂശഅ്(അ) ഉത്തരവിട്ടു 

ശുഹദാക്കളെ ബഹുമാനപൂർവ്വം ഖബറടക്കുക ശത്രുക്കളുടെ മയ്യിത്തുകൾ സംസ്കരിക്കുക അവരുടെ ഭാഗത്ത് മുറിവേറ്റ് വീണവർക്ക് മരുന്നുവെച്ച് കെട്ടിക്കൊടുക്കണം 

പടവാളുകൾ പിൻവാങ്ങി 

രക്തം തുടച്ചു കഴുകിയുണക്കി 

പടക്കുതിരകൾക്ക് വിശ്രമം നൽകി 

ചരിത്ര വിജയം നേടി യൂശഅ്(അ) ചുമതല നിർവ്വഹിച്ചു മൂസാ(അ), ഹാറൂൻ(അ) തുടങ്ങിയവരെ ആദരവോടെ അനുസ്മരിച്ചു 

ഒരു ഗ്രാമത്തിൽ വിഗ്രഹാരാധന നടക്കുന്ന വിവരമറിഞ്ഞു യൂശഅ്(അ) ഒരു വിഭാഗം പട്ടാളക്കാരുമായി അവിടെയെത്തി തൗഹീദിലേക്കു ക്ഷണിച്ചു 

അവർ ചെറുത്തുനിൽക്കാൻ നോക്കി ചെറിയ ബലപ്രയോഗം വേണ്ടിവന്നു കുറെപേർ മരണപ്പെട്ടു ബാക്കിയുള്ളവർ കീഴടങ്ങി നേർമാർഗം സ്വീകരിച്ചു  

രണ്ട് പർവ്വതങ്ങളുടെ മധ്യത്തിലുള്ള പ്രദേശം അവിടെ ആയിരക്കണക്കിനാളുകൾ താമസിക്കുന്നു  

യൂശഅ്(അ) അവിടെയെത്തി ജനങ്ങളൾ പെട്ടെന്ന് സമരസന്നദ്ധരായി ഏറ്റുമുട്ടി പരാജയപ്പെട്ടു  

അവരെയും തൗഹീദിന്റെ മാർഗ്ഗത്തിൽ കൊണ്ടുവന്നു ശാമിലുടനീളം സന്മാർഗത്തീന്റെ കാറ്റ് വീശുകയാണ് ആർക്കും തടുക്കാനാവുന്നില്ല  

ശാമിന്റെ പടിഞ്ഞാറുവശം  

സമ്പൽ സമൃദ്ധമായ അഞ്ചു പട്ടണങ്ങൾ അവയിലെ രാജാക്കന്മാർ ഐക്യമുന്നണിയായി സംയുക്ത സൈന്യത്തെ നേരിടാൻ യൂശഅ്(അ) അവിടെയെത്തി  

ഉഗ്രപോരാട്ടം നടന്നു അല്ലാഹു അവന്റെ പ്രവാചകന്ന് വിജയം നൽകി അഞ്ചു പട്ടണങ്ങൾ കീഴടങ്ങി ശത്രു സൈന്യത്തിന്റെ മേൽ ആകാശത്ത് നിന്ന് മഞ്ഞ് കട്ടകൾ വീണതായി ചില രേഖകളിൽ കാണാം  

ശാമിൽ അവശേഷിച്ച പ്രദേശങ്ങളും പ്രവാചകൻ കീഴടക്കി ധൈര്യം കാണിച്ച ഇസ്രാഈല്യരെ അല്ലാഹു അനുഗ്രഹിച്ചു ശാമിന്റെ പരമാധികാരിയാണ് ഇന്ന് യൂശഅ്(അ)  ശാന്തിയും സമാധാനവും നിലവിൽ വന്നു  എല്ലാ വിഭാഗം ജനങ്ങൾക്കും പരിഗണന കിട്ടി കൃഷി വികസനത്തിന്ന് പദ്ധതികൾ ആവിഷ്കരിച്ചു യുദ്ധത്തിന്റെ കഷ്ടപ്പാടുകൾ തീർക്കണം ഐശ്വര്യം നിറഞ്ഞ ഭരണം വരണം അക്രമം നടക്കില്ല ആരെയും ദ്രോഹിക്കാനാവില്ല തൗറാത്ത് പാരായണം വ്യാപകമായി അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കി സമര മുഖത്ത് കഴിഞ്ഞ് പോയ ഏഴു വർഷങ്ങൾ ഏഴു വർഷത്തെ ധർമ്മ സമരത്തിന്നു ശേഷം കൈവന്ന സമാധാനാന്തരീക്ഷം  

പിന്നെ ഇരുപത് വർഷത്തെ ക്ഷേമ പ്രവർത്തനങ്ങൾ അല്ലാഹു കണക്കില്ലാതെ അനുഗ്രഹങ്ങൾ വർഷിച്ച കാലഘട്ടം കൃഷി നന്നായി വികസിച്ചു പലതരം ഭക്ഷ്യവിഭവങ്ങൾ ധാന്യ ശേഖരങ്ങൾ ധാന്യവിതരണത്തിന്ന് വ്യാപകമായ ക്രമീകരണങ്ങൾ പഴവർഗങ്ങൾ നിരവധിയാണ് മുന്തിരി, അത്തിപ്പഴം, ആണിപ്പഴം ഇവ ഉണക്കി സൂക്ഷിക്കുന്നു 

സാമൂഹിക വിരുദ്ധർക്ക് കഠിനമായ ശിക്ഷ കിട്ടി അത്കൊണ്ട് അക്രമ സ്വഭാവമുള്ളവർ അടങ്ങിയൊതുങ്ങിക്കഴിഞ്ഞു 

യൂശഅ്(അ) ന്ന് വയസ്സ് നൂറ്റി ഇരപത്തെട്ടായി ഇനിയാത്രയാണ് ഹാറൂൻ(അ), മൂസാ(അ) , എന്നിവർ പോയ വഴിയേ പോവുകയാണ് 

കാലബിനെ പിൻഗാമിയായി നിയോഗിച്ചു  വേണ്ട ഉപദേശങ്ങളെല്ലാം നൽകി അദ്ദേഹത്തോട് സഹകരിക്കാൻ ജനങ്ങളെ ഉപദേശിച്ചു  

യൂശഅ്(അ) വഫാത്തായി ശാം തേങ്ങിക്കരഞ്ഞുപോയി മനസ്സറിഞ്ഞ് സ്നേഹിച്ച നേതാവിന്റെ വിയോഗം 

കാലബ് ഭരണാധികാരം ഏറ്റെടുത്തു  അദ്ദേഹം നബിയായിരുന്നുവെന്ന് ചിലർ പറയുന്നു വിലായത്തിന്റെ പദവിയിലായിരുന്നുവെന്ന് പറഞ്ഞവരുമുണ്ട് ശാമിന്റെ പ്രഗൽഭനായ ഭരണാധികാരിയായിരുന്നു ഇദ്ദേഹത്തിന്റെ കാലത്ത് കൂടുതൽ പ്രദേശങ്ങളിൽ തൗഹീദ് പ്രചരിച്ചു 

ഈജിപ്ത് ഇദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലായിരുന്നു സമാധാനവും സംതൃപ്തിയും നിറഞ്ഞു നിന്ന കാലം തൗറാത്ത് അനുസരിച്ചായിരുന്നു ജനങ്ങളുടെ ജീവിതം ദൗത്യം നിർവ്വഹിച്ചു മടങ്ങാൻ സമയമായി 

പുത്രൻ ലൂശാക്കൂസിനെ പിൻഗാമിയായി നിയോഗിച്ചു കാലബ്(അ) വഫാത്തായി മണ്ണിലേക്കു മടങ്ങി.


അലി അഷ്ക്കർ - 📱 9526765555

Friday 6 July 2018

കുട്ടികൾക്ക് പേരിടൽ ഇസ്‌ലാമിൽ




പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്‌ലിങ്ങള്‍ വലിയ അളവില്‍ നുകര്‍ന്നതായി കാണാം. പേരിന്റെ മോടി മാത്രം പരിഗണിച്ച് കുട്ടികള്‍ക്കും മറ്റും പേരിടുമ്പോള്‍ പ്രവാചകന്‍(സ) നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളും പ്രോല്‍സാഹിപ്പിച്ച ശൈലികളും നമ്മുടെ പരിഗണനയിലുണ്ടാവേണ്ടതുണ്ട്. ഇസ്‌ലാമിക നാഗരികതകളില്‍ പ്രവാചകനും ഭരണാധികാരികളും പെരുമയുള്ള പേരുകളും സ്ഥല നാമങ്ങളും സ്വീകരിച്ചിരുന്നതായി കാണാം.

കുട്ടിപിറന്ന് ഏഴാം ദിവസം ചെയ്യേണ്ട ഒന്നാമത്തെ കാര്യമാണ് നാമകരണം. ഏഴിനുമുമ്പ് കുട്ടി മരണപ്പെട്ടാലും പേരിടല്‍ സുന്നത്തുണ്ട്. എന്നല്ല ജീവനില്ലാതെ ജനിച്ച കുട്ടിക്കുപോലും പേരിടല്‍ സുന്നത്തുണ്ട് (തുഹ്ഫ).

പേരിടല്‍ പിതാവിന്റെ അവകാശമാണ്. പിതാവില്ലെങ്കില്‍ വലിയുപ്പയാണ് പേരിടേണ്ടത് (ശര്‍വാനി).

നല്ല പേരിടല്‍ സുന്നത്താണ് (തുഹ്ഫ).

ഇന്ന് പേരിടല്‍ ശ്രമകരമായ ഒന്നായി മാറിയിരിക്കുകയാണ്. പാശ്ചാത്യ പേരുകളും ക്രിക്കറ്റ് താരങ്ങളുടെയും മറ്റും പേരുകളും തേടുകയാണ് പലരും.

മാതാപിതാക്കളുടെ പേരുകളുടെ അക്ഷരങ്ങള്‍ ചേര്‍ത്ത് പുതിയ പേരുകള്‍ രൂപപ്പെടുത്തുന്നവരും വിരളമല്ല. പേരിന്റെ പുണ്യമോ അര്‍ത്ഥമോ ഇത്തരക്കാര്‍ ശ്രദ്ധിക്കാറില്ല. സന്താനങ്ങളുടെ സദ്‌സ്വഭാവത്തിനും വിജയത്തിനും പേരുകള്‍ സ്വാധീനിക്കുമെന്നതാണ് തിരുനബി ദര്‍ശനം. പേരിടുന്നതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

കുഞ്ഞ്  ജനിച്ചാല്‍ പേരിടണം. കുഞ്ഞുങ്ങള്‍ക്ക്‌ നല്ല പേരിടണം   എന്നാണ് പ്രവാചകാധ്യാപനം. അബ്ദുള്ളയും, അബ്ദുറഹ്മാനുമാണ്  നല്ല നാമങ്ങള്‍. പിന്നെ അല്ലാഹുവിന്റെ നാമത്തോടൊപ്പം ‘അബ്ദു’ കൂട്ടിയ  എല്ലാ പേരുകളും നല്ലത് തന്നെ. തിരുനബിയുടെ പേരും ഉത്തമ നാമങ്ങളില്‍ പെടുന്നു.  മഹാന്മാരുടെ പേരുകളും ഉചിതം തന്നെ. റഹ്മത്ത് , ബര്‍കത്  തുടങ്ങിയ പേരുകള്‍ അനുചിതമാണ്, റഹ്മത്  വീട്ടിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍  പലപ്പോഴും ഇല്ല എന്ന് പറയേണ്ടി  വരില്ലേ എന്നതായിരിക്കും കാരണം.

ഹാകീമുല്‍ ഹുകാം, ഖാളീ  ഖുളാത് , മലികുല്‍ മുലൂക്  തുടങ്ങിയ പരമാധികാരത്തെ സൂചിപ്പിക്കുന്ന പേരുകള്‍ നാമകരണം ചെയ്യല്‍ ഹറാമാണ്. നികൃഷ്ട നാമങ്ങള്‍ (ശൈത്വാന്‍ , ഗുറാബ് , ആസി(ദോഷി) എന്നീ പേരുകളൊന്നും പാടില്ല. അബ്ദുന്നബി, ജാറുള്ള തുടങ്ങിയ നാമങ്ങളും ഹറാമാണ്.

അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്നു: ”നബി(സ്വ) പറഞ്ഞു: നിങ്ങളുടെയും പിതാക്കളുടെയും പേരുകള്‍ ചേര്‍ത്താണ് നിങ്ങള്‍ അന്ത്യനാളില്‍ വിളിക്കപ്പെടുക. അതുകൊണ്ട് പേര് നന്നാക്കുക” (അബൂദാവൂദ് 5/236).

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം: നിങ്ങളുടെ പേരുകളില്‍ നിന്നും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (മുസ്‌ലിം 2132).

നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അമ്പിയാക്കളുടെ പേരുകള്‍ ഇടുക. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (അബൂദാവൂദ് 5/237).

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഖുര്‍തുബി ഉദ്ധരിക്കുന്നു: ”സത്യവിശ്വാസികളെ നരകത്തില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തും. ആദ്യം രക്ഷപ്പെടുത്തുക അമ്പിയാക്കളുടെ പേരുള്ളവരെയായിരിക്കും. പിന്നെ അല്ലാഹു പറയും: നിങ്ങള്‍ മുസ്‌ലിമീനും മുഅ്മിനീനും ആണല്ലോ. എന്റെ വിശേഷണമാവട്ടെ മുഅ്മിന്‍, മുസ്‌ലിം എന്നുമാണ്. അതുകൊണ്ട് ഈ രണ്ടു പേരിന്റെ ബറകത്ത് കൊണ്ട് അവരെ ഞാന്‍ നരകത്തില്‍നിന്ന് മോചിപ്പിക്കും” (മുഗ്‌നി 4/295).

ഇസ്‌ലാം സ്വീകരിച്ചവരുടെ നാമങ്ങള്‍ വളരെ സുന്ദരമാവണമെന്ന് പ്രവാചകന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ പ്രവാചകന്‍ പലര്‍ക്കും പെരുമയുള്ള പേരുകള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ആസിയ(ധിക്കരിച്ചവള്‍) യുടെ പേര് പ്രവാചകന്‍ മാറ്റുകയുണ്ടായി. നബി(സ) അവളോട് പറഞ്ഞു: 'നീ ജമീല(സുന്ദരി)യാണ്' (മുസ്‌ലിം)


സഹമ് ബിന്‍ മഅ്ബദ് അസ്സദൂസിയുടെ പേര് ബഷീര്‍ എന്നാക്കി മാറ്റി. അലി(റ) തന്റെ പുത്രന്മാര്‍ക്ക് പേരിട്ടത് ഹര്‍ബ്, ഹിര്‍ബ് എന്നായിരുന്നു. പ്രവാചകന്‍ അത് തിരുത്തി ഹസന്‍, ഹുസൈന്‍ എന്നാക്കി മാറ്റുകയുണ്ടായി. (അഹ്മദ്).

അസ്‌റം (ദര്‍അ), അബില്‍ ഹകം (അബീ ശുറൈഹ്), ആസ് (അസീസ്), ഉത്‌ല-ശൈതാന്‍-ഹകം-ഉറാബ്-ഹുബാബ്-ശിഹാബ് (ഹിശാം), ഹര്‍ബ് (സില്‍മ്), മുല്‍തജിഅ് (മുന്‍ബഇസ്) എന്നിങ്ങനെ പേരുകള്‍ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. വരണ്ട ഭൂമി എന്നര്‍ഥം വരുന്ന അര്‍ദുന്‍ ഗഫിറ എന്നതിനെ പച്ചപ്പ് എന്നാശയമുള്ള ഗളിറ എന്ന് നാമകരണം ചെയ്യുകയുണ്ടായി. വഴികേടിന്റെ താഴ്‌വര (ശിഅ്ബുദ്ദലാല) എന്നതിനെ സന്മാര്‍ഗത്തിന്റെ താഴ്‌വര (ശിഅ്ബുല്‍ ഹുദ) എന്നാക്കി പ്രവാചകന്‍. ബനൂസ്സനിയ, ബനൂ മഅ്‌വിയ എന്ന നീചമായ നാമങ്ങളെ പ്രവാചകന്‍(സ) ബനീറുശ്ദ (സന്മാര്‍ഗത്തിന്റെ സന്തതികള്‍) എന്നാക്കി മാറ്റിവിളിച്ചു.

സഈദു ബിന്‍ മുസയ്യബ് നിവേദനം ചെയ്യുന്നു. അദ്ദേഹത്തിന്റ ഗുസ്‌ന് എന്നു പേരുള്ള പിതാമഹന്‍ പ്രവാചകന്റെ അടുത്ത് പോയി. താങ്കളുടെ പേരെന്താണെന്ന് പ്രവാചകന്‍ ചോദിച്ചു. 'ഗുസന്‍' അദ്ദേഹം മറുപടി പറഞ്ഞു. നബി(സ) പറഞ്ഞു. ഇനി മുതല്‍ താങ്കള്‍ ' സഹല്‍'  ആണ്. തന്റെ പിതാവ് നല്‍കിയ പേര് തിരുത്താന്‍ ഞാന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം അറിയിച്ചു. ഇബ്‌നു മുസ്അദ് പറഞ്ഞു. അതിന് ശേഷം ഞങ്ങളില്‍ നിന്നും ദുഖം നീങ്ങിയിട്ടില്ല. (ബുഖാരി)

പേരിടുന്ന വിഷയത്തില്‍ പ്രവാചകന്‍(സ) ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി കാണാം. ' അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ നാമങ്ങള്‍ അബദുല്ല, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവയാണ്.  ഹാരിസ്, ഹമാം എന്നിവ നല്ല പേരുകളാണ്. ഏറ്റവും നീചമായ നാമങ്ങളാണ് ഹര്‍ബ്, മുര്‍റ തുടങ്ങിയവ(അബൂദാവൂദ്).

പ്രവാചകന്‍ ഇപ്രകാരം ചില നാമങ്ങളടെ പേരുകള്‍ പരിഷ്‌കരിച്ചതായി കാണാം. മദീനയിലേക്ക് പലായനം ചെയ്ത സന്ദര്‍ഭത്തില്‍ യസ്‌രിബ് എന്ന പേര് മാറ്റി മദീന എന്നു നാമകരണം ചെയ്യുകയുണ്ടായി. അരോചകമായ സ്ഥലനാമങ്ങളെ അദ്ദേഹം വെറുത്തിരുന്നു. ഒരു യുദ്ധ സന്ദര്‍ഭത്തില്‍ രണ്ട് പര്‍വതങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചപ്പോള്‍ ഈ മലയുടെ പേരെന്താണെന്ന് പ്രവാചകന്‍(സ) ചോദിച്ചു. ഫാളിഹ്, മഹ്ദിന്‍ എന്നാണവയുടെ പേര് എന്നറിയിച്ചപ്പോള്‍ പ്രവാചകന്‍(സ) അവിടെ നിന്നും മാറി നടന്നു. ആ പാത ഉപേക്ഷിക്കുകയും ചെയ്തു(സാദുല്‍ മആദ്). തന്റെയടുത്തേക്ക് ആരെങ്കിലും ദൂതന്മാരെ അയക്കുകയാണെങ്കില്‍ നല്ല പേരും മുഖ പ്രസന്നതയുള്ള ആളെ അയക്കുക എന്ന് പ്രവാചകന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. (ത്വബ്‌റാനി).

ഇസ്‌ലാമിക രാഷ്ട്രത്തിലെ ഖലീഫമാരുടെയും സുല്‍ത്താന്‍മാരുടെയും ഭരണാധികാരികളുടെയും നാമങ്ങള്‍ സുന്ദരവും പ്രൗഢിയുമുള്ളതായിരുന്നതായി കാണാം. സേഛ്വാധിപത്യത്തിന്റെയും അധികാരത്തിന്റെയും ബലം പ്രകടമാക്കുന്ന പേരുകളായിരുന്നു ഇസ്‌ലാമിന് മുമ്പുള്ള ഭരണാധികാരികള്‍ സ്വീകരിച്ചിരുന്നത്. അത്തരത്തലുള്ള പേരുകള്‍ വിളിക്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കി.  'രാജാധിരാജന്‍' എന്ന് ഒരുവനെ അഭിസംബോധന ചെയ്യുന്നതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീചമായത് ' (മുസ്‌ലിം).

ഭരണാധികാരികളും സുല്‍ത്താന്‍മാരും തങ്ങളുടെ പേരുകള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തു വിളിച്ചത് ഇക്കാരണത്താലാണ്. അബ്ബാസികളില്‍ എട്ടാമനായ മുഅ്തസിം ബില്ലാഹിയാണ് ഈ ചര്യക്ക് തുടക്കം കുറിച്ചത്. മുതവക്കില്‍ അലല്ലാഹ്, മുസ്തഈന്‍ ബില്ലാഹ്, മുന്‍തസിര്‍ ബില്ലാഹ്, മുഖ്തദിര്‍ ബില്ലാഹ്, മുസ്തന്‍സിര്‍ ബില്ലാഹ്, മുസ്തഅ്‌സിം ബില്ലാഹ്, മുസ്തളീഅ് ബിനൂരില്ലാഹ്, അന്നാസിര്‍ ലിദീനില്ലാഹ്...എന്നിങ്ങനെ തുടര്‍ന്ന് വന്ന ഭരണാധികള്‍ ആ ചര്യ നിലനിര്‍ത്തുകയുണ്ടായി.

മന്ത്രിമാരിലും നേതാക്കളിലും പണ്ഡിതന്മാരിലുംപെട്ടവര്‍ ദീനുമായി ബന്ധപ്പെട്ട നാമങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിച്ചതായി കാണാം. അതില്‍പെട്ടതാണ് നൂറുദ്ധീന്‍, നജ്മുദ്ദീന്‍, ശംസുദ്ദീന്‍, ളിയാഉദ്ദീന്‍, ശിഹാബുദ്ദീന്‍, ബദറുദ്ദീന്‍, സൈഫുദ്ദീന്‍, സ്വലാഹുദ്ദീന്‍, ഖല്‍ബുദ്ദീന്‍, ഹുസാമുദ്ദീന്‍, സദ്‌റുദ്ദീന്‍, ഫഖ്‌റുദ്ദീന്‍, ഇസുദ്ദീന്‍, റുക്‌നുദ്ദീന്‍ തുടങ്ങിയ നാമങ്ങള്‍.

ബാപ്പാന്റെയും, ഉമ്മാന്റെയും പേരിന്റെ അക്ഷരങ്ങള്‍ കൂട്ടി മകന് ‘ബാസുര്‍’ (മൂലക്കുരു ) എന്ന് പേര്‍ വെച്ച കഥയും കേട്ടിട്ടുണ്ട്. മകള്‍ക്ക് സൗജത് (ഭാര്യ)  എന്ന് നാമകരണം   പലേടങ്ങളിലും സര്‍വ്വസാധാരണമത്രെ. ഉച്ചരിക്കുമ്പോള്‍ രസത്തിനു വേണ്ടി സാനിയ(വേശ്യ) ഖിന്‍സീര്‍ (പന്നി) എന്നിങ്ങിനെ  പേരിട്ടവരുമുണ്ടത്രെ. സ്ത്രീയോ പുരുഷനോ എന്നറിയാത്ത, മുസ്ലിമോ അമുസ്ലിമോ എന്ന് തിരിയാത്ത അര്‍ത്ഥമില്ലാത്ത ചില കൊച്ചു കൊച്ചു നാമങ്ങള്‍ ഇന്ന്  പ്രചാരത്തിലിരിക്കുന്ന പേരുകള്‍ ഇവയല്ലാം പ്രവാചകാധ്യാപനത്തിനു വിരുദ്ധമാണ്.

തിരു നബി(സ) പറഞ്ഞു:”ഖിയാമത്ത്  നാളില്‍ നിങ്ങളെ നിങ്ങളുടെയും നിങ്ങളുടെ പിതാക്കളുടെയും നാമം കൊണ്ട് വിളിക്കപെടും, അതുകൊണ്ട് നിങ്ങളുടെ പേരുകള്‍ നന്നാക്കുവിന്‍ . “(അഹ്മദ്, അബുദാവൂദ്)

ഹറാമായ പേരുകള്‍

ഏതു പേരും സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ചില പേരുകള്‍ ഹറാമും മറ്റുചിലത് കറാഹത്തുമായി പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്ത വസ്തുക്കളിലേക്ക് അബ്ദ് (അടിമ) ചേര്‍ത്തുകൊണ്ടുള്ള പേരിടല്‍ ഹറാമാണ്. അബ്ദുല്‍ഉസ്സഃ, അബ്ദുല്‍ കഅ്ബ തുടങ്ങിയവ ഉദാഹരണങ്ങള്‍.

ഒരു നിവേദകസംഘം നബി(സ്വ)യെ സന്ദര്‍ശിച്ചു. അവരിലൊരാളെ അബ്ദുല്‍ ഹജര്‍ എന്നു വിളിക്കുന്നതായി നബി(സ്വ) കേട്ടു. അവിടുന്ന് ചോദിച്ചു: നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍). നബി(സ്വ) പറഞ്ഞു: അല്ല, നീ അല്ലാഹുവിന്റെ അടിമയാണ് (ഇബ്‌നു അബീശൈബ 8/665).

അപ്പോള്‍ ഒരു സംശയമുണ്ടാകും. നബി(സ്വ)യുടെ പിതാമഹന്റെ പേര് അബ്ദുല്‍ മുത്വലിബ് എന്നാണല്ലോ. ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ മകനാണെന്ന് അവിടുന്ന് അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുമുണ്ട്. ഇത് നിഷിദ്ധമല്ലേ? നബി(സ്വ) അങ്ങനെ നാമകരണം ചെയ്തിട്ടില്ല. പരിചയപ്പെടുത്താന്‍ ആ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അത് ഹറാമല്ല.

അബ്ദുന്നബി, അബ്ദുറസൂല്‍ എന്ന് പ്രയോഗിക്കല്‍ അനുവദനീയമാണോ അല്ലേ എന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം റംലി(റ) പറഞ്ഞു: അധിക പണ്ഡിതന്മാരും പറഞ്ഞതനുസരിച്ച് ഹറാമാണ്. എങ്കിലും കറാഹത്തോടെ അനുവദനീയമാണെന്നാണ് ന്യായം. നബിയിലേക്ക് ചേര്‍ത്തുപറയല്‍ ഉദ്ദേശിക്കുമ്പോള്‍ പ്രത്യേകിച്ചും (നിഹായ-ശര്‍വാനി 9/373).

മാലികുല്‍ മുലൂക്, സുല്‍ത്വാനുസ്സലാത്വീന്‍ (രാജാധിരാജന്‍) തുടങ്ങിയ അല്ലാഹുവിനെക്കുറിച്ച് മാത്രം പറയാവുന്ന പേരുകള്‍ നല്‍കല്‍ ഹറാമാണ്.

അബൂഹുറൈറ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം: ”അല്ലാഹുവിന് ഏറ്റവും കോപമുള്ള പേര് മലികുല്‍ അംലാക് എന്നാണ്” (ബുഖാരി 10/588). സയ്യിദുന്നാസ്, സയ്യിദുല്‍ കുല്ല്, സയ്യിദു വുല്‍ദി ആദം തുടങ്ങിയ നബി(സ്വ) തങ്ങള്‍ക്ക് മാത്രം പറയാനാവുന്ന പേരുകളും നല്‍കല്‍ ഹറാം തന്നെയാണ്.

കറാഹത്തുള്ള പേരുകള്‍

ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നിഷേധിക്കുമ്പോള്‍ ദുശ്ശകുനം തോന്നിക്കുന്ന പേരുകള്‍ കറാഹത്താണ്. യസാര്‍, നാഫിഅ്, ബറകത്ത്, മുബാറക് എന്നിവ ഉദാഹരണം (തുഹ്ഫ 9/373).

ഇത്തരം പേരുകള്‍ മാറ്റല്‍ സുന്നത്താണ് (ശര്‍വാനി). സമുറതുബ്‌നു ജുന്‍ദുബ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ”നീ നിന്റെ സന്താനങ്ങള്‍ക്ക് യസാറ് (ഐശ്വര്യം), റബാഹ് (ലാഭം), നജാഹ് (രക്ഷ), അഫ്‌ലഹ് (വിജയി) തുടങ്ങിയ പേരുകള്‍ നല്‍കരുത്. കാരണം നീ ചോദിക്കും, അവന്‍ അവിടെയുണ്ടോ? അപ്പോള്‍ അവിടെയില്ലെങ്കില്‍ ‘ഇല്ല’ എന്നായിരിക്കും മറുപടി ലഭിക്കുക” (മുസ്‌ലിം 2137).

ഈ മറുപടി മേല്‍ ഗുണങ്ങളുടെ നിഷേധമാണ് തോന്നിക്കുക. അതൊരു ദുശ്ശകുനമായി ഭവിക്കും.

നാഫിഅ്, അഫ്‌ലഹ്, റബാഹ്, യസാര്‍ എന്നീ പേര് നല്‍കുന്നത് നബി(സ്വ) വിരോധിച്ചിരുന്നു (മുസ്‌ലിം). മുഫ്‌ലിഹ്, മുബാറക്, ഖൈറ്, സുറൂര്‍, നിഅ്മത് തുടങ്ങിയ പേരുകളും ഈ ഗണത്തില്‍ പെട്ടതാണ്. മേല്‍പറഞ്ഞ ന്യായം ഈ പേരുകളിലുമുണ്ട്.

ബര്‍റത്ത് (നന്മയുള്ളവള്‍) എന്നു പേരിടുന്നത് നബി(സ്വ) വിരോധിച്ചു എന്നു ഹദീസിലുണ്ട്. താന്‍ നല്ലവനാണെന്ന പൊങ്ങച്ചം വരാന്‍ ഈ പേരുകള്‍ ഇടയാക്കും. ഇതും ഇത്തരം പേരുകള്‍ വിലക്കാനുള്ള കാരണമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: ”ബര്‍റത്ത് എന്നു പേരിടുന്നതിനെ നബി(സ്വ) വിരോധിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ സ്വയം പൊങ്ങച്ചം പറയരുത്. നിങ്ങളില്‍ ഗുണവാന്‍ ആരാണെന്ന് അല്ലാഹുവിന്നറിയാം”

(അബൂദബലികഅമ്മംഖന്‍സബ്, വലഹാന്‍, അഅ്മര്‍, അജ്ദഅ് എന്നിവ പിശാചുക്കളുടെ പേരുകളാണ്. ഇത്തരം പൈശാചിക പേരുകളും ഫിര്‍ഔന്‍, ഹാമാന്‍, വലീദ് തുടങ്ങിയ അഹങ്കാരികളുടെ പേരുകളും കറാഹത്തായ പേരുകളില്‍ പെട്ടതാണ് (ഫത്ഹുല്‍ബാരി 10/580).
പേരില്‍ എന്തിരിക്കുന്നു?

ഹൃദയങ്ങള്‍ വെറുക്കുന്ന അര്‍ത്ഥങ്ങളുള്ള പേരുകളും കറാഹത്താണ് (തുഹ്ഫ). ഹര്‍ബ് (യുദ്ധം), മുര്‍റത് (കൈപ്പ്), കല്‍ബ് (നായ), ഹയ്യത്ത് (പാമ്പ്) തുടങ്ങിയവ ഉദാഹരണം.

മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഒരവസരത്തില്‍ നബി(സ്വ) കൂടെയുള്ളവരോട് ചോദിച്ചു: ആരാണീ ആടിനെ കറക്കുക? ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ഞാന്‍. നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: മുര്‍റത്ത്. നബി(സ്വ) പറഞ്ഞു: ഇരിക്കൂ! ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍. നിന്റെ പേര്? എന്റെ പേര് ഹര്‍ബ്. പ്രവാചകര്‍(സ്വ) ചോദ്യം ആവര്‍ത്തിച്ചു. മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി(സ്വ) പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു (ജീവിക്കും). നബി(സ്വ) പറഞ്ഞു: എന്നാല്‍ നീ ആടിനെ കറക്കുക”(മുഅത്വ 2/973).

മോശമായ അര്‍ത്ഥമുള്ള പേരുള്ള ആള്‍ ഒരു പ്രവൃര്‍ത്തിയുമായി ബന്ധപ്പെടുന്നത് പ്രവാചകര്‍(സ്വ) വെറുക്കുന്നതായിട്ടാണ് ഈ സംഭവത്തില്‍ നാം കാണുന്നത്. വ്യക്തി, നാട്, ഗോത്രങ്ങള്‍ക്കെല്ലാം ഇത്തരം മോശമായ പേരുകള്‍ നബി(സ്വ) വെറുത്തിരുന്നു.

നബി(സ്വ) ഒരു യാത്രയില്‍ രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കൂടെയുള്ളവരോട് ചോദിച്ചു: ഈ പര്‍വ്വതങ്ങളുടെ പേരെന്താണ്? ഒരാള്‍ പറഞ്ഞു: ഫാളിഹ്, മുഖ്‌സി (വഷളായത്, നിന്ദ്യമാക്കുന്നത്). ഈ മറുപടി കേട്ടപ്പോള്‍ നബി(സ്വ) തങ്ങള്‍ ആ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും തെറ്റി നടന്നു (സീറ ഇബ്‌നുഹിശാം 2/304).

ഹുദൈബിയ്യ സന്ധിയുടെ ദിവസം നബി(സ്വ)യുമായി സംസാരിക്കാന്‍ സുഹൈലുബ്‌നു അംറ് എന്നയാള്‍ വന്നപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങളുടെ കാര്യം എളുപ്പമായെന്ന് (ബുഖാരി 2/542). സുഹൈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം എളുപ്പം എന്നാണല്ലോ.

സഈദുബ്‌നുല്‍ മുസയ്യബ്(റ) പിതാമഹനില്‍ നിന്ന് ഉദ്ധരിക്കുന്നു: ”അദ്ദേഹം ഒരിക്കല്‍ നബി(സ്വ)യെ സമീപിച്ചു. നബി(സ്വ) ചോദിച്ചു: നിങ്ങളുടെ പേരെന്താണ്? അദ്ദേഹം പറഞ്ഞു: ഹുസുന്‍ (പരുഷം). നബി(സ്വ) പറഞ്ഞു: നിങ്ങളുടെ പേര് സഹ്ല്‍ എന്നാവട്ടെ. അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് ഇട്ട പേര് ഞാന്‍ മാറ്റുകയില്ല. സഈദുബ്‌നുല്‍ മുസയ്യബ്(റ) പറയുന്നു: ഹുസുന്‍ എന്ന പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്ന പരുഷ സ്വഭാവം ഞങ്ങളുടെ തലമുറയില്‍ നിലനിന്നു കൊണ്ടേയിരുന്നു” (ബുഖാരി 10/574).

നല്ലത് ആഗ്രഹിക്കാന്‍ നബി(സ്വ) കല്‍പിച്ചിട്ടുണ്ട്. ഒരാളുടെ ആഗ്രഹം അയാള്‍ കൊതിക്കുന്ന കാര്യങ്ങള്‍ സാധിക്കാന്‍ കാരണമാകും. പേരിന്റെ അര്‍ത്ഥം നന്നാകുമ്പോള്‍ അതില്‍നിന്ന് ശുഭസൂചനകള്‍ ലഭിക്കുകയും അതവന്റെ സ്വഭാവവും സംസ്‌കാരവും നന്നാവാനും ശുഭകരമാക്കാനും കാരണമാവുകയും ചെയ്യും. ദുശ്ശകുനങ്ങളാണ് പേരില്‍ നിന്നും മനസ്സിലാകുന്നതെങ്കില്‍ തിരിച്ചുമായിരിക്കുമുണ്ടാവുക എന്നാണ് മേല്‍വചനങ്ങള്‍ പഠിപ്പിക്കുന്നത്.

അബൂബക്ര്‍ സിദ്ദീഖ്(റ) പറഞ്ഞു: ‘നിന്റെ നാവിനെ നീ സൂക്ഷിക്കണം. പരീക്ഷണം നാവുമായി ബന്ധപ്പെട്ടതാണ്.’

നബി(സ്വ)ക്ക് പിതാമഹന്‍ ഇട്ട പേര് മുഹമ്മദ് (സ്തുതിക്കപ്പെട്ടവന്‍) എന്നാണല്ലോ. അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഭൂമിയിലുള്ളവര്‍ എന്റെ കുട്ടിയെ സ്തുതിക്കണമെന്ന് ഞാനാഗ്രഹിക്കുന്നുവെന്നാണ്. അത് എത്രമാത്രം പുലര്‍ന്നു.

നബി(സ്വ) തന്റെ ഒരു കുട്ടിക്ക് ഇബ്‌റാഹിം എന്നാണ് പേരിട്ടത്. തന്റെ പിതാമഹന്റെ പേര് പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത് (തുഹ്ഫ).

മുഹമ്മദ് നാമത്തിന്റെ മഹത്വം

ഇബ്‌നുഅബ്ബാസ്(റ)യില്‍ നിന്ന് നിവേദനം: അന്ത്യനാളില്‍ ഒരാള്‍ വിളിച്ചുപറയും; മുഹമ്മദ് എന്ന് പേരുള്ളവര്‍ എഴുന്നേറ്റ് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) യുടെ ബഹുമാനം കൊണ്ടാണിത് (മുഗ്‌നി 6/141).

പേരുമാത്രം പോരാ. അത് സാധൂകരിക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണെന്ന് വ്യക്തമാണല്ലോ. നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ടാവുകയും അവരിലൊരാള്‍ക്കും ‘മുഹമ്മദ്’ എന്ന് നാമകരണം ചെയ്യാതിരിക്കുകയും ചെയ്താല്‍ അവന്‍ അജ്ഞത പ്രവര്‍ത്തിച്ചു(ത്വബ് റാനി 11/71, മജ്മഉസ്സവാഇദ് 3/5).

ഇമാം മാലിക്(റ) പറഞ്ഞു: ‘മദീനക്കാര്‍ പറയുന്നതായി ഞാന്‍ കേട്ടു: ഒരു വീട്ടില്‍ മുഹമ്മദ് എന്ന് പേരുള്ള കുട്ടി ഉണ്ടായാല്‍ ആ വീട്ടുകാര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാതിരിക്കില്ല.

’ജാബിര്‍(റ)ല്‍ നിന്ന് നിവേദനം നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അകാരണമായി അവനെ അടിക്കുകയോ നല്ല കാര്യങ്ങളില്‍ നിന്ന് തടയുകയോ ചെയ്യരുത്(ദൈലമി മിര്‍ഖാത്ത് 4/599).

മറ്റൊരു തിരുവചനമിങ്ങനെ നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അവനെ നിങ്ങള്‍ ആദരിക്കുകയും സദസ്സില്‍ അവന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുക. അവനോട് നിങ്ങള്‍ മുഖം വക്രീകരിച്ചു കാമിക്കരുത്(മിര്‍ഖാത്ത് 4/597).

തിരുനബി(സ്വ)ക്ക് നിരവധി നാമങ്ങളുളളതായി പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. ആയിരവും രണ്ടായിരവും പേരുകള്‍ കണ്ടെത്തി ക്രോഡീകരിച്ച പണ്ഡിതരുണ്ട്. ഇമാം ദിഹ്‌യ(റ)യുടെ അല്‍ മുസ്തഫാ ഫീ അസ്മാ ഇല്‍ മുസ്തഫാ, ഇമാം സുയൂഥി(റ)യുടെ അര്‍രിയാഉല്‍ അനീഖ, ഇമാം നബഹാനിയുടെ മിനനുല്‍ അസ്മാ തുടങ്ങിയവ ഉദാഹരണം.

കുട്ടികള്‍ക്ക് പ്രവാചക പേരുകള്‍ നല്‍കുന്നതും അല്ലാഹുവിന്റെ മഹത്തായ നാമങ്ങള്‍ ‘അബ്ദു’ എന്നു ചേര്‍ത്തിടുന്നതും ചെറുപ്രായത്തിലേ കുട്ടി അല്ലാഹുവിനെയും റസൂലിനെയും അറിയാനും മഹബ്ബത്ത് വളരാനും നിമിത്തമാകുമെന്നതില്‍ സന്ദേഹമില്ല. ചെകുത്താന്റെ നാമങ്ങള്‍ അവനോടുള്ള ബന്ധമാണുണര്‍ത്തുക. ഇത് രക്ഷിതാക്കള്‍ സഗൗരവം പരിഗണിക്കേണ്ട കാര്യമാണ്.

ഓമനപ്പേര്

ഓമനപ്പേര് നല്‍കല്‍ സുന്നത്താണ്. സന്താനങ്ങളുടെ പേരിന്റെ കൂടെ ‘അബ്’ ചേര്‍ത്ത് പുരുഷനും ‘ഉമ്മ്’ ചേര്‍ത്ത് സ്ത്രീക്കും നല്‍കുന്ന പേരിനാണ് കുന്‍യത്ത് (ഓമനപ്പേര്) എന്നു പറയുന്നത്. അബൂ അബ്ദില്ലാഹ്, ഉമ്മു അബ്ദില്ലാഹ് എന്നിവപോലെ. നബി(സ്വ)യുടെ ഓമനപ്പേര് അബുല്‍ഖാസിം എന്നാണല്ലോ. നബി(സ്വ)യുടെ പേരിടല്‍ പുണ്യമുള്ളതാണെങ്കിലും അവിടുത്തെ ഓമനപ്പേര് മറ്റുള്ളവര്‍ക്ക് നല്‍കല്‍ ഹറാമാണ് (തുഹ്ഫ 9/374).

എന്റെ പേര് നിങ്ങള്‍ സ്വീകരിക്കുക. എന്റെ ഓമനപ്പേര് നല്‍കരുതെന്ന ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട് (10/571).

മുതിര്‍ന്ന സന്താനത്തിന്റെ പേര് ചേര്‍ത്ത ഓമനപ്പേര് നല്‍കലാണ് ഏറ്റവും ഉത്തമം. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും വിരോധമില്ല. തീരെ മക്കളില്ലാത്തവര്‍ക്കും ഓമനപ്പേര് നല്‍കാം. ആഇശാ(റ)ക്ക് ഉമ്മു അബ്ദില്ലാ എന്ന് ഓമനപ്പേരുണ്ട്. തന്റെ സഹോദരി അസ്മാഅ്(റ)യുടെ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ പേരിനോട് ചേര്‍ത്താണ് ഇത്‌നല്‍കപ്പെട്ടത്.

സത്യനിഷേധിക്കും തെമ്മാടിക്കും പുത്തനാശയക്കാരനും ഓമനപ്പേര് നല്‍കരുതെന്ന് ഇമാം നവവി(റ) റൗളയില്‍ പറഞ്ഞിട്ടുണ്ട്. കാരണം ഈ ഓമനപ്പേര് ബഹുമാന സൂചകമാണ്. ഇപ്പറഞ്ഞവര്‍ ബഹുമാനത്തിനര്‍ഹരല്ല. മറിച്ച് അവരോട് ഗൗരവത്തില്‍ വര്‍ത്തിക്കാനാണ് നമ്മോട് കല്‍പിക്കപ്പെട്ടത് (ശര്‍വാനി 9/374).

മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും പേരുകള്‍ എഴുത്തിലോ വാക്കിലോ സന്താനങ്ങളും ശിഷ്യന്മാരും ഉപയോഗിക്കാതിരിക്കല്‍ സുന്നത്താണ്. ഒരു വ്യക്തി അവന്റെ ഓമനപ്പേര് എഴുത്തിലോ മറ്റോ ഉപയോഗിക്കാതിരിക്കലാണ് മര്യാദ. അവനാ പേരിലല്ലാതെ അറിയപ്പെടാതിരിക്കുകയോ അത് പ്രസിദ്ധമാവുകയോ ചെയ്താല്‍ വിരോധമില്ലതാനും (മുഗ്‌നി).




Wednesday 4 July 2018

സ്വലാഹുദ്ദീന്‍ അയ്യൂബി (റ)



താഴെപോസ്റ്റ് ചെയ്തിരിക്കുന്ന സ്വലാഹുദ്ദീന്‍ അയ്യൂബി (റ) എന്ന ചരിത്രം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .

*********************************************************************************

ചരിത്രം അറിയാത്തവനെ ചരിത്രം പാഠം പഠിപ്പിക്കുക തന്നെ ചെയ്യും, ഇന്നല്ലെങ്കിൽ നാളെ; ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകളോട് മുഖം തിരിച്ചും നൈമിഷികാസ്വാദനങ്ങൾക്കു പരവതാനി വിരിച്ചും ആത്മാഭിമാനം വച്ചു കീഴടങ്ങിയ നമ്മെ ചരിത്രം ഇന്നു പാഠം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. നാം പാഠമുൾക്കൊള്ളുന്നില്ലെന്നു മാത്രം. പരശ്ശതം പുണ്യപ്രവാചകൻമാർ അന്തിയുറങ്ങുന്നതും ഐതിഹാസികമായ അനൽപം മഹാചരിത്രങ്ങളുടെ സംഗമ കേന്ദ്രവുമായ ബൈതുൽ മുഖദ്ദസിന്റെ പുണ്യഭൂമി ഇന്ന് ജൂത നിന്ദ്യതയുടെ കൂർത്ത മിസൈൽ മുനകൾക്കടിയിൽപ്പെട്ട് വേപഥുകൊള്ളുന്നുണ്ടാവും. ലോകത്ത് നിയോഗിതരായ മുഴുവൻ പ്രവാചകൻമാരുടെയും വിശിഷ്യാ അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്വ) യുടെയും പാദസ്പർശനം കൊണ്ടും സാഷ്ടാംഗം കൊണ്ടും അനുഗൃഹീതയായ മസ്ജിദുൽ അഖ്സയും വേദനയോടെ ഒഴുക്കുന്നുണ്ടാവും സഹതാപത്തിന്റെ കണ്ണുനീർ.

ഈ അനാഥത്വത്തിന്റെ, അവഹേളനയുടെ കയ്പു പുരണ്ട സമകാലിക സാഹചര്യത്തിൽ കാലങ്ങളോളം ക്രിസ്ത്യാനികളുടെ അധീനതയിലായിരുന്ന ബൈതുൽ മുഖദ്ദസിനെ ഈമാൻ എന്ന വജ്രായുധം കൊണ്ട് ജീവാർപ്പണം നടത്തി കീഴടക്കുക വഴി ലോക മുസ്ലിം ഉമ്മത്തിന് യശസ്സും അന്തസ്സും തിരികെ തന്ന സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി(റ) വെന്ന ധീരയോദ്ധാവിനെ സ്മരിക്കൽ അവസരോചിതമാവും. 


ജനനം 

ഹിജ്റ 532ന് (ക്രിസ്താബ്ദം 1137) ഇറാഖിലെ തിക്രീത് കോട്ടയിലായിരുന്നു സ്വലാഹുദ്ദീൻ (റ) വിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവായിരുന്നു ഈ കോട്ടയുടെ അധിപൻ. ഇമാം അബൂ ഹാമിദുൽ ഗസ്സാലി(റ) യുടെ നെടുനായകത്വത്തിൽ ജന്മമെടുത്ത മതപരിഷ്കരണ പ്രസ്ഥാനത്തിന്റെ തണലിൽ വളർന്നുവന്ന അനേകം ചരിത്ര പുരുഷൻമാരിൽ ഒരാളായിരുന്നു സ്വലാഹുദ്ദീൻ അയ്യൂബി. അദ്ദേഹം വിശ്വാസ പ്രമാണങ്ങളിൽ നല്ല ശ്രദ്ധ പുലർത്തിയിരുന്നു. ജമാഅത്ത് നിസ്കാരം നിർവഹിക്കുകയും ഖുർആൻ കേൾക്കാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ശത്രുക്കളോട് പോലും കരുണ കാണിക്കുന്ന ലോലഹൃദയനായിരുന്നു.

സാത്വികനും ഭക്തനുമായിരുന്ന അയ്യൂബ് ബ്നു ശാദിയാണ് പിതാവ്. ദുവൈനില്‍നിന്നും തിക്രിതിലേക്ക് താമസം മാറിയ കുര്‍ദ് വംശജനായിരുന്നു അദ്ദേഹം. അബ്ബാസിയാ ഖിലാഫത്തിന്റെ പ്രവിശ്യാ ഗവര്‍ണറായിരുന്നു അയ്യൂബ്. പിന്നീട് വടക്കന്‍ഇറാഖിലെ മൗസിലിലേക്ക് (മൊസൂള്‍) താമസം മാറ്റി. സഹോദരനായ അസദുദ്ദീന്‍ശീര്‍കൂഹും കൂടെയുണ്ടായിരുന്നു. നജ്മുദ്ദീന്‍എന്ന അപരനാമത്തിലും അദ്ദേഹമറിയപ്പെട്ടു. മതത്തോടുള്ള പ്രതിപത്തിയുടെ പേരില്‍നല്‍കപ്പെട്ടതായിരുന്നു അത്.


വിദ്യാഭ്യാസം 

മൊസൂളില്‍അധിക കാലം താമസിച്ചില്ല. സിറിയ ഭരണാധികാരിയായിരുന്ന ഇമാദുദ്ദീന്‍സങ്കിയുടെ ഗവര്‍ണറായി ബഅ്ലബക്കില്‍നിയമിതനായപ്പോള്‍അങ്ങോട്ടുപോയി. ഈ കാലയളവിലാണ് സ്വലാഹുദ്ദീന്‍പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. ഔപചാരികമായ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭരണപാഠങ്ങളും നേടാന്‍ആ സാഹചര്യം അനുകൂലമായിരുന്നു. അന്നത്തെ സാമൂഹിക സാഹചര്യത്തിന്റെ സ്വാധീനമേല്‍ക്കാതിരിക്കാന്‍പിതാവും പിതൃവ്യനും ഗുരുനാഥന്മാരും വേണ്ട പരിചരണം നല്‍കി. പിതാവിന്റെ ഔദ്യോഗിക പദവിമൂലം സുല്‍ത്താന്‍ഇമാദുദ്ദീന്‍സങ്കിയുമായി സഹവാസം നേടാനായി. പില്‍ക്കാല ജൈത്രയാത്രയില്‍ഇത് ഏറെ ഉപകാരപ്രദമായി.

ഇമാദുദ്ദീന്‍സങ്കി ഹിജ്റ 541ല്‍വഫാത്തായപ്പോള്‍മകന്‍നൂറുദ്ദീന്‍സങ്കി ഭരണമേറ്റെടുത്തു. സ്വലാഹുദ്ദീന് ചെറുപ്രായത്തില്‍തന്നെ സങ്കിയോട് സഹവാസമുണ്ടായിരുന്നത് ഭരണതലത്തിലും അദ്ദേഹത്തിന് ഉപകാരപ്പെട്ടു. മതകാര്യങ്ങളില്‍തല്‍പരനായ നൂറുദ്ദീന്‍സ്വലാഹുദ്ദീനെ ഒരു ശിഷ്യനെപ്പോലെ പരിചരിച്ചു. അതിനാല്‍ചെറുപ്രായത്തില്‍തന്നെ ഭരണ ജീവിത സൗകര്യങ്ങള്‍ക്ക് നടുവിലും മതചിട്ടയിലും ആത്മീയ കാര്യങ്ങളിലും ഇടപഴകാനും ജീവിതം ക്രമീകരിക്കാനുമായി.

പിതാവിനെപ്പോലെ അദ്ദേഹവും സ്വലാഹുദ്ദീന്‍കുടുംബത്തെ പരിഗണിച്ചു. ഏതു ദൗത്യവും വിശ്വസിച്ചേല്‍പ്പിക്കാന്‍കൊള്ളുന്നവരെന്ന തിരിച്ചറിവാണ് ഹേതുകം. സ്വലാഹുദ്ദീന്റെ പിതാവായ അയ്യൂബിനെ വൈകാതെ ഡമസ്കസിലെ സൈനികച്ചുമതലയേല്‍പ്പിച്ചു. പിതൃവ്യനായ അസദുദ്ദീനെ എലപ്പോയിലും സൈനിക മേധാവിയാക്കി. ഇമാദുദ്ദീന്‍സങ്കിയുടെ കാലത്ത് ഇംഗ്ലീഷുകാരില്‍നിന്നും തിരിച്ചുപിടിച്ചിരുന്ന നഗരമാണ് എലപ്പോ.


പുതിയ സൗഹൃദം

പിതാക്കള്‍തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് നൂറുദ്ദീനും സ്വലാഹുദ്ദീനും അടുത്തത്. പിന്നീട് അവര്‍ഉറ്റ സഹകാരികളായി. അങ്ങനെ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രതീക്ഷക്കും മേഖലയുടെ താല്‍പര്യത്തിനും അനുസൃതമായി ഒന്നിച്ചു പ്രവര്‍ത്തിക്കുകയും മുന്നേറ്റം നടത്തുന്നതുമാണ് ലോകം കാണുന്നത്. നൂറുദ്ദീന് തന്നേക്കാള്‍വയസ്സ് കൂടുതലായിരുന്നതിനാല്‍ഒരു ഗുരുവിനെപ്പോലെ അദ്ദേഹത്തെ മാതൃകയാകാക്കാന്‍സ്വലാഹുദ്ദീന് സാധിച്ചു. 

സ്വലാഹുദ്ദീനെ നന്മയും ഊര്‍ജ്ജസ്വലതയും നൂറുദ്ദീനെയും ആകര്‍ഷിച്ചു. ഇരുവരും നിര്‍വഹിച്ച ദൗത്യങ്ങള്‍മുസ്‌ലിം യശസ്സിന്റെ വീണ്ടെടുപ്പിന് നിദാനവുമായി. ഒരു നൂറ്റാണ്ടു കാലത്തോളം പിടിച്ചുനിന്ന അധിനിവേശ ശക്തികളായ യൂറോപ്യരെ മേഖലയില്‍നിന്ന് തുരത്താനവര്‍ക്കു സാധിച്ചു. സ്വതന്ത്രമായി നീങ്ങിയിരുന്ന മുസ്‌ലിം പ്രവിശ്യകളെ ഏകീകരിക്കാനും സ്വാര്‍ത്ഥ താല്‍പര്യക്കാരെയും സമൂഹത്തിനും സംസ്കാരത്തിനും ഭീഷണിയായവരെയും അകറ്റിനിര്‍ത്താനും അവര്‍ക്കായി. അങ്ങനെ വിശാലമായ സിറിയയിലും ഫലസ്തീനിലും നഷ്ടപ്രതാപം അവര്‍പുനഃസ്ഥാപിച്ചു.

സല്‍ജൂഖികളുടെ തുടര്‍ച്ചക്കാരന്‍എന്ന പരിമിതിയില്‍നിന്ന് പുറത്തുകടന്നെങ്കിലേ ദൗത്യങ്ങള്‍പൂര്‍ണമായി വിജയിപ്പിച്ചെടുക്കാനാവൂ എന്ന് തിരിച്ചറിഞ്ഞ നൂറുദ്ദീന്‍തന്റെ പിതാവ് യൂറോപ്യരില്‍നിന്നും തിരിച്ചുപിടിച്ച എലപ്പോ തലസ്ഥാനമാക്കി ഭരണകൂടം സ്ഥാപിച്ചു. ഭരണരംഗത്ത് ധാരാളം പരിഷ്കാരങ്ങള്‍വരുത്തി. സമര്‍ത്ഥരും യോഗ്യരുമായ സേനാനികളെ കണ്ടെത്തി ചുമതലകളേല്‍പ്പിച്ചു. ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ഇസ്‌ലാമിനു കീഴില്‍വരുകിയും അടുത്തകാലത്തായി യൂറോപ്യര്‍ആധിപത്യം ഉറപ്പിക്കുകയും ചെയ്ത പ്രദേശങ്ങള്‍പലതും ആ സൈന്യം തിരിച്ചുപിടിച്ചു. കിഴക്കന്‍സിറിയ മുഴുവനായും പടിഞ്ഞാറന്‍സിറിയ ഭാഗികമായും മൗസ്വില്‍, അല്‍ജസീറ, ദിയാര്‍ബക്ര്‍, ഈജിപ്ത്, മൊറോക്കൊയുടെയും യമനിന്റെയും ചില പ്രവിശ്യകള്‍തുടങ്ങിയവ അദ്ദേഹത്തിന്റെ അധീനത്തിലായി. അതിലധികം പട്ടണങ്ങള്‍യൂറോപ്യരില്‍നിന്ന് പിന്നെയും തിരിച്ചുപിടിച്ചു.


സൈനിക സേവനത്തില്‍

സ്വലാഹുദ്ദീന്റെ പിതാവും പിതൃവ്യനും നൂറുദ്ദീന്‍സങ്കിയുടെ അടുത്ത സൈനിക മേധാവികളായി പരിഗണിക്കപ്പെട്ടു. ഈജിപ്തിലെ വിജയം പൂര്‍ത്തീകരിക്കുന്നതിനും അവിടത്തെ ചില മന്ത്രിമാരുടെ വഞ്ചനാപരമായ നിലപാടിനും സ്വാര്‍ത്ഥതക്കുമെതിരെയും അസദുദ്ദീന്റെ നേതൃത്വത്തില്‍ദൗത്യസംഘത്തെ അങ്ങോട്ടയക്കുകയുണ്ടായി. ഫാത്വിമി ഭരണത്തിന്റെ അവസാനത്തെ കണ്ണിയായ ആളിദ് അബ്ദുല്ലയുടെ മന്ത്രിയായ ശാവറിനെതിരെ കലാപം നയിച്ചവരെ തുരത്തി സമാധാനം സ്ഥാപിക്കാനും ദൗത്യസംഘത്തെ അയച്ചു. ശാവര്‍സഹായം തേടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പിന്നീട് ശാവര്‍ തന്റെ രാഷ്ട്രീയ താല്‍പര്യത്തിനായി യൂറോപ്യന്‍കുരിശു സൈനികരുമായി വലിയ വില കൊടുത്ത് സന്ധിയിലും സഖ്യത്തിലുമായി. അപ്പോള്‍അവരെ തുരത്താന്‍അസദുദ്ദീന്റെ നേതൃത്വത്തില്‍ഈജിപ്തിലേക്ക് നിയോഗിച്ച സംഘത്തിലും സ്വലാഹുദ്ദീന്‍പങ്കെടുത്തു. ശാവര്‍പ്രതീക്ഷിച്ചപോലെ ഇംഗ്ലീഷുകാര്‍സഹായിച്ചില്ല. അവര്‍ഈജിപ്ത് വിട്ടു. അപ്പോള്‍ അസദുദ്ദീനുമായി സന്ധിക്കാനദ്ദേഹം ശ്രമിച്ചു. പക്ഷേ, ആളിദ് അബ്ദുല്ലയുടെ നിര്‍ദേശാനുസരണം അയാള്‍വധിക്കപ്പെടുകയുണ്ടായി. തന്ത്രപ്രധാനമായ ഒരു പ്രദേശത്ത് കുരിശു ശക്തികള്‍ക്ക് താവളവും സഹായവും നല്‍കുന്ന രീതി പൊറുപ്പിക്കാവതായിരുന്നില്ല.


ഈജിപ്ത് ഭരണത്തില്‍

അസദുദ്ദീനും സംഘവും നടത്തിയ ദൗത്യനിര്‍വഹണത്തില്‍സന്തുഷ്ടനായ ആളിദ് അബ്ദുല്ല അസദുദ്ദീനെ ഈജിപ്തിന്റെ ഭരണച്ചുമതലയേല്‍പ്പിച്ചു. പക്ഷേ, അധികകാലം പദവിയല്‍തുടരാന്‍അദ്ദേഹത്തിന് സാധിച്ചില്ല. രണ്ടു മാസവും അഞ്ചു ദിവസവും മാത്രമാണ് പിന്നീട് അദ്ദേഹം ജീവിച്ചത്. ശേഷം തങ്ങള്‍ക്കൊരു നേതാവിനെ നിയോഗിക്കണമെന്ന ഈജിപ്ത് പ്രവിശ്യാ ഗവര്‍ണര്‍മാരുടെ ആവശ്യമനുസരിച്ച് നൂറുദ്ദീന്‍സ്വലാഹുദ്ദീനെ തല്‍സ്ഥാനത്ത് നിയമിച്ചു. അല്‍മലികുന്നാസ്വിര്‍എന്ന് അപരനാമവും നല്‍കി. ഫലത്തില്‍മിസ്റിലെ റാഫിളീ ഭരണത്തിന്റെ അന്ത്യവും അയ്യൂബീ ഖിലാഫത്തിന്റെ ആരംഭവുമായി ഇത്. പക്ഷേ, സ്വലാഹുദ്ദീന്‍, നൂറുദ്ദീന്‍സങ്കിയുടെ നേതൃത്വം അംഗീകരിച്ചു തന്നെയാണ് കഴിഞ്ഞത്. ഈജിപ്തിന്റെ പൂര്‍ണമായ അധികാരം അദ്ദേഹം നേടുന്നത് പിന്നീടാണ്.

ഈ വിജയ സന്തോഷ സാഹചര്യത്തില്‍പിതാവുകൂടി തന്നോടൊപ്പം ഉണ്ടാവണമെന്നഭിലഷിച്ച സ്വലാഹുദ്ദീന്‍, അയ്യൂബിനെ ഈജിപ്തിലെത്തിക്കാന്‍നൂറുദ്ദീനെഴുതി. അതുപ്രകാരം പിതാവും കുടുംബവും ഈജിപ്തിലെത്തി. ഭരണകാര്യങ്ങള്‍മുഴുവനായി ഏറ്റെടുക്കാന്‍പിതാവിനോടാവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനാല്‍ഖജനാവിന്റെ മേല്‍നോട്ടമേല്‍പ്പിച്ചു.

തുടര്‍ന്ന് കുരിശു പടയാളികള്‍ക്കെതിരെ ശാമിന്റെയും ഫലസ്തീന്റെയും വിവിധ ഭാഗങ്ങളില്‍സഞ്ചരിച്ചു സ്വലാഹുദ്ദീന്‍വിജയം വരിച്ചുകൊണ്ടിരുന്നു. നൂറുദ്ദീന്റെ കാലത്ത് സാധിച്ച വിജയങ്ങളില്‍പലതും നേടിയത് സ്വലാഹുദ്ദീന്റെ നേതൃത്വത്തിലായിരുന്നു. നൂറുദ്ദീനും സ്വലാഹുദ്ദീനും നടത്തിയ മുന്നേറ്റത്തില്‍അടിപതറി കുരിശു സൈന്യങ്ങള്‍ഓരോ പ്രദേശത്തുനിന്നും പിന്തിരിഞ്ഞുകൊണ്ടിരുന്നു.


സുന്നിസത്തിന്റെ പുനസ്ഥാപനം

പടയോട്ടങ്ങള്‍ക്ക് ഇടവേള നല്‍കി ഹിജ്റ 566ല്‍ഈജിപ്തില്‍തിരിച്ചെത്തിയ അദ്ദേഹം തന്റെയും നൂറുദ്ദീന്റെയും അഭിലാഷമായിരുന്ന ഈജിപ്തിന്റെ ആദര്‍ശ ശുദ്ധീകരണ കാര്യങ്ങളില്‍ശ്രദ്ധിച്ചു. റാഫിളികളും ശിയാക്കളുമായിരുന്ന ഫാത്തിമീ നോമിനികളായ ഖാളിമാരെ പിരിച്ചുവിട്ടു. പകരം ശാഫിഈ മദ്ഹബുകാരായ അഹ്ലുസ്സുന്നയുടെ ഖാളിമാരെ നിയമിച്ചു. ഹിജ്റ 560 ജമാദുല്‍ആഖിറിലായിരുന്നു ഇത്. അടുത്ത വര്‍ഷം മുതല്‍ഫാത്വിമീ ഖുതുബകളവസാനിപ്പിച്ച് അബ്ബാസീ ഖുതുബകള്‍(ഖുതുബയിലെ പ്രാര്‍ത്ഥനയില്‍അബ്ബാസീ ഖലീഫമാരെ ഉള്‍പ്പെടുത്തിയുള്ള) നടപ്പിലാക്കി. അങ്ങനെ 270 വര്‍ഷക്കാലം ഈജിപ്തില്‍നിലനിന്ന ഫാത്വിമീ ഭരണം ആളിദ് അബ്ദുല്ലയുടെ അന്ത്യത്തോടെ അവസാനിപ്പിക്കുകയും അയ്യൂബി ഭരണത്തിന് അസ്ഥിവാരമിടുകയും ചെയ്തു. ഈജിപ്തില്‍പാരര്യ ഇസ്‌ലാമിക കിരണങ്ങള്‍വീണ്ടും ഉയര്‍ന്നുതുടങ്ങി.

ഫാത്വിമി ഭരണാധികാരികളിലെ അവസാന പ്രതിനിധി അന്തരിച്ചതോടെ എല്ലാ അര്‍ത്ഥത്തിലും റാഫിളീ ശീഈ സാന്നിധ്യം തുടച്ചുനീക്കപ്പെട്ടു. പക്ഷേ, ആളിദിന്റെ കുടുംബത്തെ സ്വലാഹുദ്ദീന്‍മാന്യമായി സംരക്ഷിച്ചു. അവര്‍ക്കാവശ്യമായ ജീവിത സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും കൊട്ടാരത്തിലെ സാദ്യങ്ങള്‍പൊതുഖജനാവിന്റെ ഭാഗമാക്കുകയും ചെയ്തു. ഫാത്വിമികള്‍നടപ്പാക്കിയ അത്യാചാരങ്ങള്‍നിര്‍ത്തലാക്കി. സുന്നി ആദര്‍ശാടിസ്ഥാനത്തില്‍വിദ്യാഭ്യാസ സംവിധാനങ്ങള്‍പുനഃക്രമീകരിച്ചു. ജാമിഉല്‍അസ്ഹറിനെ വിശ്വോത്തര വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റുന്നതിനാവശ്യമായ പരിഷ്കാരങ്ങള്‍വരുത്തി. അബ്ബാസി ഖിലാഫത്തിന്റെ ഭാഗമായി 270 വര്‍ഷങ്ങള്‍ക്കു ശേഷം ഈജിപ്ത് അടിമുടി മാറി. ഇത് ബഗ്ദാദിലും വലിയ ചലനങ്ങളുണ്ടാക്കി. ഖുദ്സിന്റെ മോചനം അപ്പോഴും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അത് സാധ്യമാക്കുന്നതിന് തന്ത്രപ്രധാനമായ ഒരു പ്രദേശത്തിന്റെ ആധിപത്യം നേടേണ്ടതുണ്ടായിരുന്നു. ഖുദ്സും മസ്ജിദുല്‍അഖ്സയും മോചിപ്പിക്കുന്നതിന് അത് കടയായി ശേഷിച്ചു.

മേഖലയില്‍പരാജയത്തിന്റെ കൈപുനീര്‍കുടിച്ച് കൊണ്ടിരുന്ന യൂറോപ്യന്‍സൈന്യം നടത്തിയ എല്ലാ സൈനിക സജ്ജീകരണങ്ങള്‍ക്കെതിരെയും മുസ്‌ലിംകള്‍നിലകൊണ്ടു. മറ്റു പ്രദേശങ്ങളില്‍നിന്നുകൂടി അവരെ കുടിയൊഴിപ്പിക്കാന്‍അതീവ ജാഗ്രതയോടെ ഇടപെട്ടു അദ്ദേഹം. ആദ്യമായി, പരസ്പരം കലഹിച്ചിരുന്ന മുസ്‌ലിം നാട്ടുരാജാക്കന്മാരെ സന്ധിയിലും രജ്ഞിപ്പിലുമെത്തിച്ച് മേഖല സമാധാനപൂര്‍ണമാക്കുന്നതിന് പ്രാമുഖ്യം നല്‍കി. ഫലസ്തീന്റെ മോചനം സൂര്‍ണമായി സാധിക്കുന്നതിന് ആഭ്യന്തര രംഗത്ത് അസ്വസ്ഥതകള്‍ഉണ്ടായിക്കൂടാ എന്നതിനാലായിരുന്നു ഈ നീക്കങ്ങള്‍.


ഫലസ്തീന്റെ വിജയം

നൂറുദ്ദീന്റെ ജീവിതാഭിലാഷമായിരുന്നു ഖുദ്സിന്റെ സൂര്‍ണ വിമോചനം. അതുപക്ഷേ, നടന്നുകാണാന്‍അദ്ദേഹത്തിനു വിധിയുണ്ടായില്ല. ഹിജ്റ 569ല്‍അദ്ദേഹം ദിവംഗതനായി. അതോടെ സ്വലാഹുദ്ദീന്റെ കരങ്ങളിലായി അധികാരച്ചെങ്കോല്‍. സിറിയയും ഈജിപ്തും സ്വസ്ഥത കൈവരിച്ചുവെങ്കിലും കുരിശുസേനയുടെ സാന്നിധ്യം മേഖലയില്‍അസ്ഥിരത സൃഷ്ടിച്ചു. അവര്‍ക്കെതിരെ തന്ത്രപ്രധാനമായ നീക്കം തന്നെ നടത്തേണ്ടതുണ്ട്. കൃത്യമായ കരുതലോടും ആസൂത്രണത്തോടെയുമാണ് സ്വലാഹുദ്ദീന്‍മുന്നേറിക്കൊണ്ടിരുന്നത്.

ഈജിപ്ത്സിറിയ മേധാവിത്വത്തിനു ശേഷം ഫലസ്തീനിലേക്കുള്ള പ്രവേശനത്തെക്കുറിച്ചായി ആലോചന. ഇതിനിടെ മറജുല്‍ഉയൂനിലും ബാഹിയാസിലും വിജയക്കൊടി പറത്താനായത് നിര്‍ണായകമായ കാല്‍വെപ്പായി. തുടര്‍ന്ന് വിജയങ്ങളുടെ ഘോഷയാത്ര തന്നെ നടന്നു. യൂറോപ്യരുടെ ഓരോ കോട്ടകളും കോളനികളും പിടിച്ചടക്കിക്കൊണ്ടായിരുന്നു ജൈത്രയാത്ര. ജോര്‍ദാനില്‍പെട്ട കറക് പ്രവിശ്യയിലെ കുരിശുമേധാവിയായ അര്‍ബാത്ത് വളരെ ദുഷ്ടനായിരുന്നു. നബി(സ്വ)യെ വൃത്തികെട്ട ഭാഷയില്‍അധിക്ഷേപിക്കുകയും ഹാജിമാരെ തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിനോടും നബി(സ്വ)യോടുമുള്ള വിരോധം വളര്‍ന്ന അയാള്‍ഒരു കപ്പലില്‍മുന്നൂറിലധികം സൈനികരെ മദീനയിലേക്കയച്ചു. നബി(സ്വ)യുടെ പുണ്യശരീരം കുഴിച്ചെടുത്ത് കൊണ്ടുവരികയും അങ്ങനെ മുസ്‌ലിംകളുടെ സിയാറത്ത് തടയുകയുമാണ് ലക്ഷ്യം. 

മുസ്‌ലിംകള്‍സിയാറത്ത് മുഖേന ആര്‍ജിക്കുന്ന ആത്മീയപോഷണവും ആത്മധൈര്യവും ഇതുമൂലം നശിപ്പിക്കാമെന്നവന്‍കണക്കുകൂട്ടി. കപ്പല്‍ചെങ്കടലിലൂടെ നീങ്ങുന്നതറിഞ്ഞ സ്വലാഹുദ്ദീന്‍ഈജിപ്തിലെ തന്റെ ഗവര്‍ണര്‍സൈഫുദ്ദൗലയെ വിവരമറിയിച്ചു. അദ്ദേഹം ഹുസാമുദ്ദീന്‍എന്ന സേനാമേധാവിയുടെ നേതൃത്വത്തില്‍ഒരു സൈന്യത്തെ തയ്യാറാക്കി അതിവേഗത്തില്‍അവരെ പിന്തുടര്‍ന്നു. മദീനയില്‍നിന്ന് ഏറെ അകലമില്ലാത്തിടത്തു വെച്ചാണവര്‍ക്ക് ശത്രുക്കളെ കണ്ടുമുട്ടാനായത്. മദീനയിലേക്ക് ഒരു ദിവസത്തെ അകലം മാത്രം. ശത്രുക്കളുടെ വരവറിഞ്ഞ് അറബികളിലെ മുര്‍തദ്ദുകളും അവര്‍ക്കൊപ്പം ചേര്‍ന്നു. നബി(സ്വ)യുടെ പുണ്യശരീരം പുറത്തെടുക്കാനാവുമെന്ന് വ്യാമോഹിച്ചാണവര്‍കൂട്ടത്തില്‍ചേര്‍ന്നത്. എന്നാല്‍ഹുസാമുദ്ദീന്റെ സംഘം പിടികൂടുമെന്നുറപ്പായപ്പോള്‍മുര്‍തദ്ദുകള്‍ഉള്‍വലിഞ്ഞു. ഇതുകണ്ട് ശത്രുസംഘം ഒരു മലയിലേക്കോടിയെങ്കിലും മിക്കവരെയും ബന്ധികളാക്കി കൈറോയിലേക്ക് കൊണ്ടുവന്ന് ശിക്ഷിച്ചു.

 ഇതിന് കോപ്പുകൂട്ടിയ അര്‍ബാത്വിനെ താന്‍തന്നെ വധിക്കുമെന്ന് സ്വലാഹുദ്ദീന്‍ശപഥം ചെയ്തിരുന്നു. ഹിത്വീന്‍പോരാട്ടത്തില്‍അവനെ പിടികൂടി സ്വലാഹുദ്ദീന്‍ആ പ്രതിജ്ഞ നിറവേറ്റി. തുടര്‍ച്ചയായ വിജയങ്ങളില്‍അഹങ്കരിക്കാതെയും ലഭിക്കുന്ന തിരിച്ചടികളില്‍നിരാശനാവാതെയും സ്വലാഹുദ്ദീന്‍ദൗത്യപൂര്‍ത്തീകരണത്തോടടുത്തു.


സ്വഭാവ മഹിമ

ഖുർആൻ പാരായണം ചെയ്യുന്നതു കേട്ടാൽ അദ്ദേഹത്തിന്റെ നയനങ്ങൾ നിറഞ്ഞൊഴുകും. അപ്രകാരം തന്നെ ഹദീസ് ശ്രവണത്തിലും അതീവ തൽപരനായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ ചിഹ്നങ്ങളെ അത്യധികം ആദരിക്കുകയും തന്റെ സർവവും അവനിലർപ്പിച്ചും സ്വലാഹുദ്ദീൻ അയ്യൂബി (റ) ജീവിതം നയിച്ചു. തന്റെ ഭരണകാലത്ത് രാജഗുണങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്ന നീതിയും പ്രജാവാത്സല്യവും തന്റെ ഭരണത്തിന്റെ അടിത്തറയാക്കിയ അദ്ദേഹം സമൂഹ സമുദ്ധാരണത്തിനായി തന്റെ സമയങ്ങൾ മാറ്റിവച്ചു. 

അദ്ദേഹത്തിന്റെ സ്വഭാവമഹിമയെ ഫലസ്തീൻ ചരിത്രകാരനായ ഡോ. താരിഖ് സുവൈദാൻ വർണിക്കുന്നത് കാണുക: "സുന്ദരമായ സ്വഭാവത്തിന്റെയും സുഗന്ധവാഹിയായ സംസാരത്തിന്റെയും ഉടമ. തന്റെ മുമ്പിൽ ആരെപ്പറ്റിയും മോശമായ സംസാരം അനുവദിച്ചിരുന്നില്ല. പരദൂഷണവും ഏഷണിയും നിരാകരിച്ചു. നല്ലതു മാത്രം ശ്രവിച്ചു; നല്ലതു മാത്രം പറഞ്ഞു; നല്ലതു മാത്രം എഴുതി.

1099-ല്‍ യൂറോപ്യന്‍ സൈന്യം ജറൂസലം കീഴടക്കിയ സന്ദര്‍ഭം. കൂട്ടകശാപ്പിലൂടെ രണ്ടുദിവസംകൊണ്ട് ഏകദേശം 40,000 അറബികളെ യൂറോപ്യര്‍ കൊന്നുതള്ളി. കാത്തലിക് അല്ലാത്ത ക്രിസ്തുമത വിശ്വാസികളും യഹൂദരും പാശ്ചാത്യരുടെ വാളിന്നിരയായി.

എന്നാല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ജറൂസലം കൂഴടക്കിയപ്പോള്‍ യൂറോപ്യരെ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാന്‍ അനുവദിച്ചു. എതിരാളികളോട് പ്രതികാര നടപടിയൊന്നും സ്വീകരിച്ചില്ല. നിര്‍ധനരായ യുദ്ധകുറ്റവാളികളിലെ പലരുടെയും പിഴ സ്വലാഹുദ്ദീനും സഹോദരനും അടച്ചു. ശത്രുചേരിയിലുള്ള ബോള്‍ഡീന്‍ നാലാമനും കിംഗ് റിച്ചാര്‍ഡും രോഗികളായപ്പോള്‍ ശുശ്രൂഷക്കായി വൈദ്യന്മാരെ അയക്കുകയും കഴിക്കാനായി പഴങ്ങള്‍ നല്‍കുകയും ചെയ്തു. യുദ്ധത്തിന്നിടയില്‍ കുതിരയെ നഷ്ടപ്പെട്ട റിച്ചാര്‍ഡിന് യുദ്ധം നിര്‍ത്തി പകരം രണ്ട് കുതിരകളെ നല്‍കിയ ശേഷമാണ് യുദ്ധം പുനരാരംഭിച്ചത്.


ഉയർന്ന മനക്കരുത്തിന്റെ ഉടമ

കരുണയുടെയും ഉദാരതയുടെയും നിത്യ പ്രതീകമായിരിക്കെ തന്നെ ധീരനും കരുത്തനുമായ പോരാളിയായിരുന്നു അദ്ദേഹം. അതുല്യമായ ഈ മനക്കരുത്തും ഉദാത്തമായ ലക്ഷ്യബോധവുമാണ് സ്വന്തം നാടും വീടും കുടുംബവും ഉപേക്ഷിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ നീതിക്കുവേണ്ടി പോരാടുന്നതിൽ ജീവിതം ഉഴിഞ്ഞുവയ്ക്കാൻ അദ്ദേഹത്തെ സന്നദ്ധമാക്കിയത്. സർവ സുഖങ്ങളും ആസ്വദിച്ച് കൊട്ടാരമെത്തയിൽ കഴിച്ചുകൂട്ടേണ്ട ജീവിതത്തിന്റെ സിംഹഭാഗവും തമ്പുകളിലായിരുന്നു സ്വലാഹുദ്ദീൻ (റ) കഴിഞ്ഞതെന്ന് പഠിക്കുമ്പോൾ ആ ജീവിതത്തിന്റെ മഹത്വം നമുക്ക് എളുപ്പം ഗ്രാഹ്യമാകും. 

ദുർബലരോടുള്ള അദ്ദേഹത്തിന്റെ കനിവ് വിഖ്യാതമാണ്. പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും വൃദ്ധരോടും. ഒരു പട്ടണം ജയിച്ചടക്കി കഴിഞ്ഞാൽ അദ്ദേഹം അതിന്റെ പ്രവേശന കവാടത്തിൽ ചെന്നു നിൽക്കും. ഭയന്നോടിപ്പോകുന്ന ശത്രുക്കളുടെ കൂട്ടത്തിൽ ദരിദ്രരോ വൃദ്ധരോ സ്ത്രീകളോ കുട്ടികളോ ഉണ്ടെങ്കിൽ അവരെ സഹായിക്കുകയും അവരോട് ദയയോടും സഹിഷ്ണുതയോടും കൂടി പെരുമാറുകയും ചെയ്യും.


വിരക്തനായ രാജാവ്

ധൂർത്തും ആഢംബരവും ഭരണാധികാരിയുടെ നിർബന്ധബാധ്യതയെന്നോണം അങ്ങേയറ്റം പ്രാപിച്ച ഒരു കാലത്ത് വിരക്തിയുടെയും ലാളിത്യത്തിന്റെയും ജീവിതമായിരുന്നു സ്വലാഹുദ്ദീൻ (റ) നയിച്ചത്. രാജാക്കൻമാരുടെ അനാവശ്യ പ്രൗഢിയും ഗാംഭീര്യവും വെടിഞ്ഞ അദ്ദേഹം യഥാർത്ഥ ജനസേവകനായി ഭരണം നടത്തി. ഇങ്ങോട്ട് യുദ്ധം ചെയ്തവരോടല്ലാതെ വിശ്വാസത്തിന്റെ പേരിൽ ആരോടും അദ്ദേഹം അതിക്രമം കാണിച്ചില്ല. അഥവാ, അഭിമാനകരമായി നിലനിൽക്കാൻ വേണ്ടി മാത്രം ചെറുത്തുനിന്നു. ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിൽ കൈക്കടത്തിയില്ല. അതിൽ ബലാൽക്കാരമോ സമ്മർദ്ദമോ നടത്തിയില്ല. കൊലയും രക്തച്ചൊരിച്ചിലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. വിജയം നേടിയാൽ പിന്നെ കരുണയും ദയയും കാണിക്കും. ബന്ധനസ്ഥരെ വിട്ടയക്കും. അവരോട് വിട്ടുവീഴ്ച കാണിക്കും. ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവങ്ങൾ. മറിച്ച് യൂറോപ്പിൽ പ്രചരിപ്പിക്കപ്പെടുന്നതു പോലെ കഠിന മർദ്ദകനും രക്തദാഹിയുമായിരുന്നില്ല അദ്ദേഹം.


ഹിത്വീൻ യുദ്ധം

ആധുനിക ഇസ്ലാമിക ചരിത്രത്തിൽ ഹിത്വീൻ യുദ്ധത്തിന് വലിയ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകൾ കൊണ്ട് മുസ്ലിംകൾക്ക് സാധിക്കാതെ പോയ ഖുദ്സ് വിമോചനം സ്വലാഹുദ്ദീൻ (റ) വിന്റെ നേതൃത്വത്തിൽ സാധ്യമാക്കിയത് ഈ യുദ്ധത്തിലൂടെയായിരുന്നു. പന്ത്രണ്ടായിരം പടയാളികൾ മാത്രമേ ആ ദിവസം സ്വലാഹുദ്ദീൻ അയ്യൂബി (റ) വിന്റെ കൂടെയുണ്ടായിരുന്നുള്ളൂ. ശ്രത്രുപക്ഷത്താവട്ടെ 63,000 കുരിശ് പോരാളികളും. എങ്കിലും നിർണായകമായ സംഘട്ടനത്തിൽ അവരെ നേരിടുന്നതിൽ നിന്ന് സ്വലാഹുദ്ദീൻ (റ) വിനെ ഇത് പിന്തിരിപ്പിക്കുകയുണ്ടായില്ല. രാത്രിയായിരുന്നു ഇരു സൈന്യങ്ങളും ഹിത്വീനിൽ സന്ധിച്ചത്. അതിനാൽ അടുത്ത ദിവസം പ്രഭാതത്തിൽ യുദ്ധം തുടങ്ങി. 

ഹിജ്റ 583 റബീഉൽ അവ്വൽ 24 വെള്ളിയാഴ്ച (ക്രിസ്താബ്ദം 1187 ജൂലൈ) യായിരുന്നു അത്. രണ്ടു ദിവസം ഘോരമായ യുദ്ധം തുടർന്നു. സ്വലാഹുദ്ദീൻ അയ്യൂബി(റ) വിന്റെ യുദ്ധ തന്ത്രങ്ങളും മുസ്ലിം പോരാളികളുടെ ശക്തമായ പോരാട്ട വീര്യവും ശത്രുക്കളുടെ മനോവീര്യം പാടെ തകർത്തിരുന്നു. അവർക്ക് ചുറ്റും മുസ്ലിം സൈന്യം ഏർപ്പെടുത്തിയ ഉപരോധവും അവരെ തളർത്തി. യുദ്ധാവസാനം ക്രിസ്ത്യൻ രാജാവിന്റെ തമ്പും അതിനു സംരക്ഷണമൊരുക്കി ജീവന്മരണ പോരാട്ടത്തിലേർപ്പെട്ടിരുന്ന കുറച്ച് സൈനികരും മാത്രമേ ശത്രുപക്ഷത്തുണ്ടായിരുന്നുള്ളൂ. 

മുസ്ലിം സൈന്യം തന്ത്രപരമായി കൂടാരം തകർത്തതോടു കൂടി കുരിശ് പോരാളികളുടെ നിശ്ചയദാർഢ്യം പാടെ തകർന്നു. കൂടാരം തകരുന്നതു കണ്ടപ്പോൾ സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് സ്വലാഹുദ്ദീൻ (റ) അല്ലാഹുവിന്റെ മുമ്പിൽ സാഷ്ടാംഗം ചെയ്തു. മഹത്തായ ഈ വിജയത്തിനു ശേഷം ഹിത്വീനിൽ സ്വലാഹുദ്ദീൻ ഒരു കൂടാരം നിർമിക്കുകയും അല്ലാഹുവിനു നന്ദി കാണിച്ചുകൊണ്ട് രാത്രി മുഴുവൻ നിസ്കരിച്ചും പ്രാർത്ഥിച്ചും അതിൽ കഴിച്ചുകൂട്ടി. 

പിന്നീട് അദ്ദേഹം സൈന്യത്തോടൊപ്പം അസ്ഖലാനിലേക്കു പോവുകയും അവിടെ യുദ്ധം നിയന്ത്രിക്കുകയും ചെയ്തു. രണ്ടു മാസത്തിനുള്ളിൽ അക്കായും നാസിറയും ഹൈഫായും നാബുൾസും യാഫയും ബൈറൂത്തും ബത് ലഹേമും ‌റംലയും മറ്റുപല നഗരങ്ങളും മുസ്ലിംകൾ കീഴടക്കി. പന്ത്രണ്ടായിരത്തിൽ കവിയാത്ത ഒരു ചെറു സംഘം സൈനികർക്ക് എങ്ങനെയാണ് സർവായുധ വിഭൂഷിതരായ ൬൩൦൦൦ ത്തോളം വരുന്ന വൻ സൈന്യത്തെ ജയിച്ചടക്കാൻ കഴിഞ്ഞതെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തി.


ഖുദ് സ് വിമോചനം

ഈ സമയവും ക്രിസ്ത്യാനികൾ ബൈതുൽ മുഖദ്ദസിൽ ധാരാളമുണ്ടായിരുന്നു. അവർക്ക് യൂറോപ്പിൽ നിന്ന് സഹായങ്ങൾ എത്തിക്കൊണ്ടിരുന്നു. അതിനാൽ ബൈതുൽ മുഖദ്ദസ് പിടിച്ചെടുക്കാൻ സ്വലാഹുദ്ദീൻ (റ) വൻ ഒരുക്കങ്ങൾ തുടങ്ങി. ബൈതുൽ മുഖദ്ദസിന്റെ ഒരു ഭാഗം കുതിരപ്പടയാളികൾക്കുള്ള താമസസ്ഥലവും മറ്റൊരു ഭാഗം സമ്പാദ്യങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവും മൂന്നാം ഭാഗം കുതിരപ്പന്തിയുമാക്കി മാറ്റി ആ പുണ്യഭൂമിയുടെ വിശുദ്ധി അവർ കളങ്കപ്പെടുത്തിയിരുന്നു. 

സ്വലാഹുദ്ദീൻ (റ) ആദ്യമായി ചെയ്തത് ബൈതുൽ മുഖദ്ദസിലെ ക്രൈസ്തവ ഭരണകൂടത്തിനു പുറമെ നിന്ന് എത്തുന്ന സഹായങ്ങൾ തടയാൻ വേണ്ടി സൈന്യത്തെ പറഞ്ഞയക്കുകയായിരുന്നു. അതിനു ശേഷം ഒരു സംഘം സൈന്യവുമായി അദ്ദേഹം ബൈതുൽ മുഖദ്ദസിലേക്കു നീങ്ങി. വിവരമറിഞ്ഞ് 60,000 ത്തോളം കുരിശ് പോരാളികൾ ബൈതുൽ മുഖദ്ദസിൽ പട്ടണഭിത്തികളുടെ സുരക്ഷാ കാവലിൽ ഒത്തുകൂടി. 

ക്രിസ്താബ്ദം 1187 സപ്തംബർ 20 (ഹിജ്റ 583 റജബ്) മധ്യത്തിൽ സ്വലാഹുദ്ദീൻ (റ) ബൈതുൽ മുഖദ്ദസിലെത്തി പട്ടണത്തിനു ചുറ്റും ശക്തമായ ഉപരോധം ഏർപ്പെടുത്തി. പിന്നീട് പട്ടണഭിത്തി മിഞ്ചനീഖ് (കല്ലുകൾ തൊടുത്തു വിട്ട് ഭിത്തികൾ തകർക്കുകയോ തീയുണ്ടകൾ പായിച്ച് പട്ടണത്തിനു തീ കൊളുത്തുകയോ ഒക്കെ ചെയ്യാനുപയോഗിക്കുന്ന ഒരു തരം വലിയ കവണയാണ് മിഞ്ചനീഖ്) ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചു. ഖുദ്സിന്റെ ഭിത്തികൾക്കു മുകളിൽ തലയുയർത്താൻ കുരിശ് സൈനികരെ അനുവദിക്കാത്തവിധം അമ്പെയ്ത്തു നിപുണന്മാർ അസ്ത്രങ്ങളെയ്തുകൊണ്ടിരുന്നു. തുടർന്ന് മുസ്ലിം സൈന്യം പട്ടണഭിത്തിയിലേക്ക് നുഴഞ്ഞുകയറി.

ഭിത്തികളിൽ തുളയുണ്ടാക്കിയ ശേഷം അതിനകത്ത് മരത്തടികൾ വച്ച് തീ കൊടുത്തു. ഭിത്തി അതോടെ ദുർബലമാവുകയും ചെയ്തു. പട്ടണഭിത്തി തകരാൻ തുടങ്ങിയപ്പോൾ കുരിശ് പോരാളികൾക്ക് അടിയിളകാൻ തുടങ്ങി. അവരുടെ മനോവീര്യം തകർന്നുകൊണ്ടിരുന്നു. പട്ടണം ഉടൻ തന്നെ കീഴടക്കപ്പെടുമെന്ന് അവർക്കു തോന്നി. ഈ സമയം ഖുദ്സിലെ കുരിശ് പടനായകൻ സ്വലാഹുദ്ദീൻ (റ)വിന്റെ അടുക്കലേക്ക് രണ്ടു തവണ ദൂതൻമാരുടെ ഒരു സംഘത്തെ അയച്ചു. പിടിച്ചടക്കലിൽ നിന്ന് സുരക്ഷിതരായി സന്ധിയിലൂടെ രക്ഷപ്പെടലായിരുന്നു അവരുടെ ലക്ഷ്യം. 

ചില കടുത്ത ഭീഷണികൾ സ്വലാഹുദ്ദീൻ (റ)വിനെ സന്ധിക്ക് നിർബന്ധിതനാക്കി. അങ്ങനെ സന്ധി ചർച്ചകൾ ആരംഭിച്ചു. "ബൈതുൽ മുഖദ്ദസ് ക്രിസ്ത്യാനികൾ മുസ്ലിംകൾക്ക് ഏൽപ്പിച്ചുകൊടുക്കും. പകരം അവർക്ക് ആയുധങ്ങളെടുക്കാതെ ഖുദ്സ് വിട്ടുപോകാം. പോകുന്നതിനു മുമ്പായി ഓരോരുത്തരും ഒരു ദീനാർ വീതം മുസ്ലിംകൾക്ക് കൊടുക്കണം. അല്ലെങ്കിൽ മുസ്ലിംകളുടെ തടവുകാരായി കഴിയേണ്ടിവരും. ഈ സന്ധി വ്യവസ്ഥ ഇരുപക്ഷവും അംഗീകരിച്ചു. അവർ ഖുദ്സ് വിട്ടുപോകാൻ തുടങ്ങി.

ചില വൃദ്ധൻമാരും വൃദ്ധകളും സ്വലാഹുദ്ദീൻ അയ്യൂബി(റ)വിനെ സമീപിച്ചിട്ടു പറഞ്ഞു: "ഞങ്ങളുടെ കൈവശം ഒറ്റ നാണയത്തുട്ടുപോലുമില്ല". സ്വലാഹുദ്ദീൻ (റ) അവരോട് പറഞ്ഞു:നിങ്ങൾ നിർഭയരായി പൊയ്ക്കൊള്ളുക. ഇതാണ് മഹാനായ അയ്യൂബി കാണിച്ച സഹിഷ്ണുത. 

കുരിശ് പടയാളികൾ ബൈതുൽ മുഖദ്ദസ് കീഴടക്കിയപ്പോൾ മുസ്ലിംകളോട് ചെയ്ത മൃഗീയ ക്രൂരതകളുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. അന്ന് ഖുദ്സിൽ പ്രവേശിച്ച കുരിശുപട ജനങ്ങളെ മൃഗീയമായി കൂട്ടക്കൊല ചെയ്തു. കുട്ടികളെന്നോ വൃദ്ധരെന്നോ ദുർബലരെന്നോ ബലവാൻമാരെന്നോ സ്ത്രീകളെന്നോ യാതൊരു വിവേചനവുമില്ലാതെ സകലരെയും തെരുവുകളിൽ കൂട്ടക്കശാപ്പിനിരയാക്കി. 

ഖുദ്സിന്റെ പുണ്യഭൂമിയിൽ നിരവധിപേർ കൊല്ലപ്പെട്ടു. അനവധി പേർ ഓടിപ്പോയി. സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരുമടക്കം ഒരു ലക്ഷത്തോളം പേർ മസ്ജിദുൽ അഖ്സയിൽ അഭയം തേടി. അവർ ഭയവെപ്രാളത്തോടെ തങ്ങളുടെ വിധി കാത്തിരുന്നു. അവരെ കണ്ട ക്രിസ്ത്യൻ സ്ഥാനപതി മറ്റൊന്നും ആലോചിച്ചില്ല. ആ ജനക്കൂട്ടത്തെ കൂട്ടക്കൊല ചെയ്യാൻ അയാൾ ഉത്തരവു നൽകി. അതോടെ കൂട്ടക്കശാപ്പ് ആരംഭിക്കുകയും ചെയ്തു. നേരിയൊരു ചെറുത്തുനിൽപ്പ് പോലും നിരപരാധികളായ ആ ജനക്കൂട്ടത്തിൽ നിന്ന് ഉണ്ടായില്ല. 

കൂട്ടക്കൊലയുടെ ദൃക്സാക്ഷിയെ ഉദ്ധരിച്ചുകൊണ്ട് റെയ്മോൺ പാതിരി രേഖപ്പെടുത്തുന്നു: വളരെ ക്ലേശിച്ചു കൊണ്ടല്ലാതെ ശവങ്ങൾക്കിടയിലൂടെ കടന്നുപോകാൻ എനിക്കു കഴിഞ്ഞില്ല.

രക്തം മുട്ടോളം എത്തിയിരുന്നു. ഇത് യൂറോപ്യൻ എഴുതിയ ഇന്നും നിലവിലുള്ള വിശ്വസിക്കാവുന്ന ചരിത്രരേഖയായി ബാക്കിയുണ്ട്. 

സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ സഹോദരനും മറ്റു നിരവധി മുസ്ലിം പ്രഭുക്കൻമാരും മുന്നോട്ടുവന്ന് പണം നൽകാനാവാത്ത ഒട്ടേറെ പേരെ ഏറ്റെടുത്തു. എണ്ണമറ്റ ആളുകൾ ഇങ്ങനെ രക്ഷപ്പെട്ടു. എന്നിട്ടും അവശേഷിച്ചു നിരവധിയാളുകൾ. ദരിദ്രരായ ഇവരെ സഹായിക്കാൻ സമ്പന്നരായ ക്രിസ്ത്യാനികൾ തയ്യാറായിരുന്നില്ല. 

പക്ഷേ, ഇവരെയെല്ലാം സ്വലാഹുദ്ദീൻ അയ്യൂബി(റ) വെറുതെവിട്ടു. അങ്ങനെ ഹിജ്റ 583 റജബ് 27ന് അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ മസ്ജിദുൽ അഖ്സയിലേക്കുള്ള രാപ്രയാണവും ആകാശാരോഹണവും നടന്ന അതേ ദിവസം മുസ്ലിംകൾ ഖുദ്സിൽ പ്രവേശിച്ചു. 

മസ്ജിദുൽ അഖ്സയിൽ ദീർഘകാലത്തിനു ശേഷം വീണ്ടും തൗഹീദിന്റെ മന്ത്രങ്ങൾ ഉയർന്നു. മുസ്ലിംകൾ ആഹ്ലാദഭരിതരായി. തക്ബീറും തഹ്ലീലും അന്തരീക്ഷത്തിൽ അലയടിച്ചു. അവ ഖുദ്സിന്റെ ഭീത്തികളിൽ പ്രതിധ്വനിച്ചു. തുടർന്ന് മസ്ജിദുൽ അഖ്സയും ഖുബ്ബതുസഖ്റയും പുനരുദ്ധരിച്ചു. വിജയവാർത്ത മുസ്ലിം ലോകത്തിന്റെ സർവ ദിക്കിലുമെത്തി. എങ്ങും ആഹ്ലാദം പടർന്നു. ഇസ്ലാമിക ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം അഖ്സയുടെ വിമോചനം ആഹ്ലാദപൂർവം കൊണ്ടാടപ്പെട്ടു. ഒരു മാസക്കാലം നീണ്ടുനിന്നു ഈ ആഹ്ലാദ പ്രകടനങ്ങൾ. 

മൂന്നാമതും റിച്ചാർഡ് എന്ന നായകന്റെ നേതൃത്വത്തിൽ കുരിശുപോരാളികൾ ഖുദ്സിനു നേരെ വന്നെങ്കിലും സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെയും മുസ്ലിം സൈന്യത്തിന്റെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ തലകുനിച്ച് സന്ധിയുമായി പിൻവലിയേണ്ടിവന്നു അവർക്ക്.

കുരിശു പടയാളികള്‍ ബൈത്തുല്‍മുഖദ്ദസ് കീഴടക്കിയപ്പോള്‍ മുസ്‌ലിംകളോട് തുല്യതയില്ലാത്ത ക്രൂരതയും കിരാത വാഴ്ചയും നടപ്പിലാക്കി. മൃഗീയമായി കൂട്ടക്കൊല നടത്തുകയായിരുന്നു. എന്നാല്‍ പ്രതികാരത്തിന് അവസരമുണ്ടായിട്ടും സ്വലാഹുദ്ദീന്‍ അയ്യൂബി അക്രമികളായവരെപ്പോലും വെറുതെവിട്ടു. ശത്രുക്കളോട് സഹിഷ്ണുതാപരമായ സമീപനം കാണിച്ചുകൊണ്ട് മാതൃക കാഴ്ചവെക്കുകയും ചെയ്തു. ഹിജ്‌റ 583 ശഅ്ബാന്‍ 4ന് സ്വലാഹുദ്ദീനും സംഘവും ബൈത്തുല്‍ മുഖദ്ദസില്‍ ജുമുഅ നമസ്‌കരിച്ചു. ദമസ്‌കസിലെ ഖാസി മുഹ്‌യുദ്ദീന്‍ ഇബ്‌നുസക്കി ആയിരുന്നു ഖുതുബ നിര്‍വഹിച്ചത്.


സ്വലാഹുദ്ദീൻ അയ്യൂബി (റ)വിന്റെ വിയോഗം

ഹിജ്റ 589 ൽ (ക്രിസ്താബ്ദം 1193) സ്വലാഹുദ്ദീൻ അയ്യൂബി (റ) വിന് കടുത്ത ക്ഷീണം അനുഭവപ്പെട്ടു. പനിയും ശക്തിയായ തലവേദനയും ഉണ്ടായി. 12 ദിവസം അയ്യൂബി(റ) രോഗിയായി കിടന്നു. തുടർന്ന് അതേ വർഷം തന്നെ മഹാൻ ഈ ലോകത്തോടു വിടപറഞ്ഞു. (നാഥൻ പരലോക പദവി ഉയർത്തിക്കൊടുക്കട്ടെ.) 

ഖബറടക്ക വേളയിൽ സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ ഖബ്റിലേക്കിറങ്ങിയ ഖാളി അദ്ദേഹം ഉപയോഗിച്ചിരുന്ന ഖഡ്ഗം ഖബറിൽ അദ്ദേഹത്തിന്റെ ഒരു ഭാഗത്ത് വച്ചുകൊണ്ട് പറഞ്ഞു: "സ്വർഗത്തിൽ ഈ ഖഡ്ഗം അദ്ദേഹം ഊന്നി നടക്കും". 16 കൊല്ലം അല്ലാഹുവിന്റെ മാർഗത്തിൽ നടത്തിയ ജിഹാദിനും കുരിശു സൈന്യത്തിനെതിരേ നേടിയ മഹത്തായ വിജയങ്ങൾക്കും ഈ ഖഡ്ഗം സാക്ഷി നിൽക്കും.മുസ്ലിം നാടുകളെ സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ വിയോഗം തെല്ലൊന്നുമായിരുന്നില്ല വേദനിപ്പിച്ചത്.

കാലക്രമത്തിൽ തങ്ങൾക്കു നഷ്ടപ്പെട്ടുപോയ സാംസ്കാരിക അസ്തിത്വവും അന്തസ്സും ദൃഢവിശ്വാസവുമെല്ലാം തീർത്തും അപ്രതീക്ഷിതമായ ഘട്ടത്തിൽ പൂർവോപരി ശക്തിയോടെ തിരികെ തരികയും ബൈതുൽ മുഖദ്ദസിന്റെ പുണ്യഭൂമി മുസ്ലിംകൾക്ക് നേടിത്തരികയും ചെയ്ത ആ മഹാമനീഷിയുടെ വിയോഗത്തിൽ വേദനിച്ചു കണ്ണീരൊലിപ്പിച്ചുകൊണ്ടിരുന്നു ലോക മുസ്ലിംകളും മുസ്ലിം നാടുകളും. 

മരണ വാർത്ത യൂറോപ്പിലെത്തിയപ്പോൾ ക്രിസ്ത്യാനികൾ വരെ ദുഃഖം പ്രകടിപ്പിച്ചു. അവർ പറഞ്ഞു:"ഞങ്ങളുമായി യുദ്ധത്തിലേർപ്പെട്ട മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ സ്വലാഹുദ്ദീനെ പോലെ സൽസ്വഭാവിയായ മറ്റൊരാളെ ഞങ്ങൾ കണ്ടിട്ടില്ല". ക്രൈസ്തവർ ദുഃഖിക്കുക മാത്രമല്ല അദ്ദേഹത്തെ കുറിച്ച് ഗ്രന്ഥങ്ങൾ രചിക്കുക പോലും ചെയ്തു. അദ്ദേഹത്തിന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും വാഴ്ത്തുന്ന ആ ഗ്രന്ഥങ്ങൾ ഇന്നും ലഭ്യമാണ്.


മഹാനായ അയ്യൂബി (റ) വിന്റെ ഉപദേശം

സ്വലാഹുദ്ദീൻ (റ) തന്റെ മകൻ മലികുൽ അഫ്ളലിനു നൽകിയ മഹത്തായ ഉപദേശത്തിൽ അദ്ദേഹം പറയുന്നു: 

അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. അതാകുന്നു സകല കാര്യങ്ങളുടെയും മുഖ്യമായ അംശം. രക്തം ചിന്തുന്നതും രക്തത്തിൽ പുരളുന്നതും സൂക്ഷിക്കണം. സംശയത്തിന്റെ പേരിൽ ആരെയും വധിക്കരുത്. കാരണം കൂടാതെയും ആവശ്യമില്ലാതെയും വധിക്കരുത്. കാരണം, രക്തം ഉറങ്ങുന്നില്ല. പ്രജകളുടെ ഹൃദയങ്ങൾക്കു രക്ഷ നൽകണം. അവരുടെ അവസ്ഥകൾ നിരീക്ഷിക്കണം. അവരുടെ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധ വേണം. അവരുടെ മേലുള്ള അല്ലാഹുവിന്റെയും എന്റെയും കാര്യസ്ഥനാണു നീ. എനിക്കുണ്ടായ എല്ലാ നേട്ടങ്ങളും ജനങ്ങളോടുള്ള സഹവാസത്തിലൂടെ കൈവന്നതാണ്. ആരോടും പക വയ്ക്കരുത്. മരണം ആരെയും വിട്ടുകളയില്ല. ജനങ്ങൾക്കും നിനക്കുമിടയിലുള്ള അവകാശ-ബാധ്യതകൾ സൂക്ഷിക്കുക. ജനങ്ങളുടെ തൃപ്തിയില്ലാതെ അല്ലാഹു പൊറുത്തു തരികയില്ല. ആരോടും അക്രമം പ്രവർത്തിക്കരുത്. അക്രമിക്കപ്പെട്ടവർ പൊറുത്തു തന്നാലല്ലാതെ അല്ലാഹു പൊറുത്തുതരികയില്ല. എന്നാൽ നിനക്കും അല്ലാഹുവിനുമിടയിലുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം അല്ലാഹു വിശാലമായി പൊറുക്കുന്നവനാകുന്നു. പശ്ചാത്തപിക്കുന്നവരെ നിന്ദിക്കാത്ത തമ്പുരാനാണവൻ. 

ചരിത്രം ഗുരുവാണ്. അതിന്റെ അധ്യാപനങ്ങൾ വർത്തമാനത്തിൽ പ്രതിഫലിക്കണം. അപ്പോഴേ ഭാവി ഭാസുരമാവുകയുള്ളൂ. ഇന്ന് മുസ്ലിംകളിൽ നിന്ന് ബൈത്തുൽ മുഖദ്ദസിന്റെ മോചനത്തെക്കുറിച്ചുള്ള സകല പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുന്നു. സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ മുമ്പുണ്ടായിരുന്ന അവസ്ഥയിലാണ് അവരിന്ന് അകപ്പെട്ടിരിക്കുന്നത്. ആ മഹാൻ വിലകുറഞ്ഞ ഒത്തുതീർപ്പു വ്യവസ്ഥകൾ അംഗീകരിക്കാൻ സന്നദ്ധനായിരുന്നില്ല. 

ഖുദ്സിന്റെ ഒരു ഭാഗവും വിട്ടുകൊടുക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മറിച്ച്, വിജയം കൊണ്ട് അല്ലാഹു അനുഗ്രഹിക്കുന്നതു വരെ സ്ഥൈര്യത്തോടെ പോരാട്ടം തുടരുകയാണ് മഹാനായ അയ്യൂബി (റ) ചെയ്തത്. 91 കൊല്ലം കുരിശ് മേലാളൻമാരുടെ കൈകളിലായിരുന്നു ഖുദ്സ്. എന്നിട്ടും അത് വീണ്ടെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷ സ്വലാഹുദ്ദീൻ (റ) വിനും അദ്ദേഹത്തിന്റെ സഹപോരാളികൾക്കും നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഇന്നത്തെ മുസ്ലിംകളും നിരാശപ്പെടേണ്ടതില്ല. കാലമെത്ര നീണ്ടുപോയാലും ഒരുനാൾ ഖുദ്സ് വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ ഒരിക്കലും കൈയൊഴിക്കരുത്. തങ്ങളുടെ ഓരോ തരി മണ്ണും തിരിച്ചുപിടിക്കുമെന്ന ഉറച്ച തീരുമാനവും മനക്കരുത്തും നിരന്തരം ദൃഢീകരിക്കുകയാണു ചെയ്യേണ്ടത്. 1920 ൽ ഡമസ്കസ് കീഴടക്കിയ ജനറൽ ഗോറോ അമവി മസ്ജിദിന്റെ ചാരത്തുറങ്ങുന്ന സ്വലാഹുദ്ദീൻ അയ്യൂബി (റ) വിനെ വാളുകൊണ്ട് തട്ടി ചോദിച്ചത് ലോകം ഇങ്ങനെ കേട്ടു: സ്വലാഹുദ്ദീൻ, നോക്കൂ... ഞാൻ കുരിശു പടയാളികളുടെ പൗത്രനാണ്; എവിടെ നിന്റെ പൗത്രൻമാർ... ?

ലോകമെമ്പാടും ഇന്നും സ്മരിക്കപ്പെടുന്ന ഖുദ്സ് വിമോചകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബ്(റ)യെ ക്രൈസ്തവര്‍ മുദ്ര കുത്തിയത് വെറും അക്രമകാരി മാത്രമായിട്ടാണെങ്കില്‍ അതേ ക്രൈസ്തവര്‍ക്കു തന്നെ പലതവണ മാപ്പു നല്‍കുകയും സന്ധിയിലേര്‍പ്പെടുകയും ചെയ്തതും സ്വലാഹുദ്ദീന്‍ അയ്യൂബി (റ) തന്നെയായിരുന്നു. 


വേറിട്ട വ്യക്തിത്വം

അദ്ദേഹത്തിന്റെ ആത്മീയ ജീവിതം ഏറെ പരാമര്‍ശമര്‍ഹിക്കുന്നു. ജീവിതത്തിലും പോരാട്ടത്തിലും ഇസ്‌ലാമിന്റെ സാമൂഹിക ധാര്‍മിക പാഠങ്ങളെ അദ്ദേഹം എങ്ങനെ സമീപിച്ചു എന്ന് മനസ്സിലാക്കാന്‍ഇതെല്ലാം മതി. ഇസ്‌ലാമിനെ സ്വജീവിതത്തില്‍അക്ഷരാര്‍ത്ഥത്തില്‍പ്രയോഗവത്കരിക്കാനും പൈതൃകത്തെ സംരക്ഷിക്കാനും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും അദ്ദേഹം തയ്യാറായി. ഒരു ഭരണാധികാരിക്ക് ഇത്രമാത്രം ധര്‍മനിഷ്ഠയും ആത്മീയമായ പാകപ്പെടലും സാധ്യമാണോ എന്ന് ആശ്ചര്യപ്പെടും വിധം ത്യാഗോജ്ജ്വലമാണ് ആ ധന്യജീവിതം.


സലാഹുദ്ദീന്‍ അയ്യൂബിയോട് (റ) എന്താണിത്ര വിരോധം

ഖുദ്‌സിന്റെയും മസ്ജിദുല്‍ അഖ്‌സയുടെയും ഫലസ്തീന്‍ പ്രശ്‌നത്തിന്റെ നാള്‍വഴികളിലൂടെ നമ്മുടെ മനസ്സുകളില്‍ ഇടം നേടിയിട്ടുള്ള മുന്നണി പോരാളിയാണ് സലാഹുദ്ദീന്‍ അയ്യൂബി. മുസ്‌ലിം സമൂഹം കടുത്ത ശിഥിലതയും ദൗര്‍ബല്യവും നേരിട്ടിരുന്ന സന്ദര്‍ഭത്തില്‍ ശാക്തിക സന്തുലനത്തിന് മാറ്റം വരുത്താനും ലോകഭൂപടം മാറ്റി വരക്കാനും അല്ലാഹു അദ്ദേഹത്തെ തുണച്ചു. എത്രയോ പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന സമുദായത്തിന്റെ നിന്ദ്യതക്കും ദൗര്‍ബല്യത്തിനും അദ്ദേഹം അറുതിവരുത്തി. ഒരു നൂറ്റാണ്ടിനടുത്ത് നീണ്ടു നിന്ന കുരിശുയുദ്ധക്കാരുടെ അധിനിവേശത്തിന് ശേഷം ബൈത്തുല്‍ മഖ്ദിസ് മുസ്‌ലിംകളുടെ സംരക്ഷത്തിലേക്ക് അദ്ദേഹം വീണ്ടെടുത്തു. എത്രത്തോളമെന്നാല്‍ കുരിശുപടയുടെ അന്തകനും മുസ്‌ലിംകളുടെ ഒന്നാം ഖിബ്‌ലയായ ബൈത്തുല്‍ മഖ്ദിസിന്റെ വിമോചകനുമായി അദ്ദേഹം അറിയപ്പെട്ടു. സമുദായത്തിന്റെ അന്തസ്സും അഭിമാനവും വീണ്ടെടുക്കുന്നതിന് വരും തലമുറകളെ അദ്ദേഹം വരച്ചുകാണിച്ച പാതയില്‍ വളര്‍ത്തിയെടുക്കുമ്പോള്‍, അദ്ദേഹത്തെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ശോഭനമായ അദ്ദേഹത്തിന്റെ ചരിത്രം മായ്ച്ചുകളയാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ നമുക്കെതിരെ തിരിയുകയാണ്.

എന്തുകൊണ്ടാണ് സലാഹുദ്ദീനോട് ഇത്രയധികം വിരോധം ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ജീവിതത്തെയും പോരാട്ടത്തെയും സംബന്ധിച്ച് സംക്ഷിപ്തമായിട്ടെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.

സലാഹുദ്ദീന്‍ ഇസ്‌ലാമിന് അര്‍പിച്ചിട്ടുള്ള സംഭാവനകളെ നിഷേധിക്കാന്‍ വിവരമുള്ളവര്‍ക്ക് സാധിക്കില്ല, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കഠിന വിരോധികളായിരിക്കണം അവര്‍. അക്കാലത്ത് സമുദായം അഭിമുഖീകരിച്ച ഏറ്റവും വലിയ രണ്ട് അപകടങ്ങളെ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നത് തന്നെ അതിന് മതിയായ ന്യായമാണ്.

ഉബൈദിയ്യ രാഷ്ട്രത്തിന്റെ കഥകഴിച്ചു എന്നതാണ് അതില്‍ ഒന്നാമത്തേത്. ഹിജ്‌റ പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഫാതിമികളെന്ന വ്യാജേനെ ഈജിപ്ത്, ഹിജാസ്, ശാം എന്നീ പ്രദേശങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ശിയാക്കളുടെ ഉബൈദിയ്യ രാഷ്ട്രം ബലപ്രയോഗത്തിലൂടെ തങ്ങളുടെ ആദര്‍ശം പ്രചരിപ്പിക്കാന്‍ തുടങ്ങി. സലാഹുദ്ദീന്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം അതിനെ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബാങ്കുവിളിയില്‍ ശിയാക്കള്‍ കൂട്ടിചേര്‍ത്ത ഹയ്യ അലാ ഖൈരില്‍ അമല്‍ (ഉത്തമമായ കര്‍മത്തിലേക്ക് വരൂ) എന്ന വാചകം നീക്കം ചെയ്ത അദ്ദേഹം ശിയാ മസ്ജിദുകള്‍ അടക്കുകയും ചെയ്തു. മിമ്പറുകളില്‍ വെച്ച് സച്ചരിതരായ ഖലീഫമാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം കല്‍പിച്ചു. 

ഈജിപ്തിലെയും ശാമിലെയും ഹിജാസിലെയും സുന്നികള്‍ക്ക് മേല്‍ ശീഇസം അടിച്ചേല്‍പിക്കാനുള്ള 209 വര്‍ഷത്തെ ശ്രമങ്ങള്‍ക്ക് ശേഷം ആ നാടുകളെ അദ്ദേഹം സുന്നീ കരങ്ങളില്‍ തിരിച്ചേല്‍പിച്ചു. സലാഹുദ്ദീന്‍ ഇല്ലായിരുന്നുവെങ്കില്‍ ഈജിപ്തും ശാമും ഹിജാസും ശിയാ രാജ്യങ്ങളാകുമായിരുന്നു എന്ന് പറയാന്‍ പ്രമുഖ ശിയാ പണ്ഡിതനായ മുഹമ്മദ് ജവാദ് മുഗ്നിയയെ പ്രേരിപ്പിച്ചത് അതാണ്.

കുരിശുയുദ്ധക്കാരുടെ ഭീഷണി ഇല്ലാതാക്കി എന്നതാണ് രണ്ടാമത്തെ കാര്യം. നൂറുദ്ദീന്‍ മഹ്മൂദിന്റെ വിയോഗ ശേഷം സുപ്രധാനമായ ഉത്തരവാദിത്വമാണ് സലാഹുദ്ദീന്‍ ഏല്‍പിക്കപ്പെട്ടത്. മുസ്‌ലിം നാടുകള്‍ കൈയ്യടക്കുകയും മുസ്‌ലിംകളെ കൊന്നൊടുക്കുകയും അവര്‍ പവിത്രമായി കാണുന്നവയെ അഗ്നിക്കിരയാക്കുകയും അവരുടെ അഭിമാനം പിച്ചിചീന്തുകയും ചെയ്ത കുരിശുയുദ്ധക്കാര്‍ ഉയര്‍ത്തിയ ഭീഷണിയില്‍ നിന്നും മുസ്‌ലിം നാടുകളെ മോചിപ്പിക്കുക എന്നതായിരുന്നു പ്രസ്തുത ദൗത്യം.

കുരിശുയുദ്ധക്കാരുമായി ഏറ്റുമുട്ടുന്നതിന് തന്റെ സൈന്യത്തെ അദ്ദേഹം സജ്ജമാക്കി. മഹത്തായ യുദ്ധങ്ങളിലൊന്നായിരുന്നു ഹിജ്‌റ 583ല്‍ നടന്ന ഹിത്വീന്‍ യുദ്ധം. അതില്‍ നിഷേധികളുടെയും കുരിശിന്റെ ശക്തികളുടെയും സംഘങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ അണിനിരന്നു. മുസ്‌ലിംകളുടെയും കുരിശുയുദ്ധക്കാരുടെയും സൈന്യത്തിന്റെ എണ്ണത്തില്‍ വലിയ അന്തരമുണ്ടായിരുന്നെങ്കിലും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താലും മുസ്‌ലിം സൈനികരുടെ ആത്മാര്‍ത്ഥതയും ഉയര്‍ന്ന നിശ്ചയദാര്‍ഢ്യവും കാരണം സലാഹുദ്ദീന് ക്രിസ്ത്യന്‍ സൈന്യങ്ങളെ തകര്‍ത്തെറിയാന്‍ സാധിച്ചു. അവരെ അതിജയിച്ച് തലയുയര്‍ത്തിപ്പിടിച്ച് ബൈത്തുല്‍ മഖ്ദിസില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

അദ്ദേഹം നിര്‍വഹിച്ച സുപ്രധാനമായ രണ്ട് സംഭവങ്ങള്‍ മാത്രമാണിത്. അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ച് വിശദമായി വിവരിക്കാന്‍ ഈ സമയവും സന്ദര്‍ഭവും മതിയാവില്ല. ഇനി നമ്മുടെ ചോദ്യത്തിലേക്ക് കടക്കാം. എന്തുകൊണ്ട് സലാഹുദ്ദീനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടപ്പെടുന്നു?

ഡോ. മുഹമ്മദ് റജബ് ബയ്യൂമി തന്റെ സലാഹുദ്ദീന്‍ ഖാഹിറു സ്സ്വലീബിയ്യീന്‍ (കുരിശുയുദ്ധക്കാരെ തറപറ്റിച്ച സലാഹുദ്ദീന്‍) എന്ന പുസ്തകത്തില്‍ പറയുന്നു: ശത്രുക്കളെ അവരുടെ കാല്‍ചുവട്ടില്‍ പൊട്ടിപിളരാനിരിക്കുന്ന ഗര്‍ത്തത്തെ കുറിച്ച് താക്കീത് നല്‍കി അവരെ തകര്‍ച്ചയുടെ വക്കിലെത്തിച്ച മഹാഗര്‍ജനത്തിന്റെ കാവല്‍ഭടനായിരുന്നു സലാഹുദ്ദീന്‍. ശത്രുക്കളുടെ പ്രതീക്ഷകളും മോഹങ്ങളും തകര്‍ത്തെറിഞ്ഞ് അവരുടെ മനസ്സില്‍ ചേക്കേറിയ പേടിസ്വപ്‌നമായിരുന്നു അദ്ദേഹം. കുരിശുയുദ്ധക്കാരും ശിയാക്കളും സെക്യുലറിസ്റ്റുകളും ഒരുപോലെ അദ്ദേഹത്തോട് ശത്രുതവെച്ചു പുര്‍ത്തി.

കുരിശുയുദ്ധക്കാരുടെ സാമ്രാജ്യത്വ സ്വപ്‌നങ്ങളും വ്യാപന പദ്ധതികളും സലാഹുദ്ദീന്‍ എന്ന ഉറച്ച പാറക്കല്ലില്‍ തട്ടിതകരുകയായിരുന്നു. അതുകൊണ്ടു തന്നെ മറ്റാരോടുമില്ലാത്തത്ര പക അവര്‍ക്ക് അദ്ദേഹത്തോടുണ്ട്. 1920ലെ മൈസലൂന്‍ യുദ്ധത്തിന് ശേഷം ഫ്രഞ്ചുകാര്‍ സിറിയയില്‍ പ്രവേശിച്ചപ്പോള്‍ അത് പ്രകടമായിട്ടുള്ളതാണ്. ഹേ.. സലാഹുദ്ദീന്‍, ഞങ്ങളിതാ മടങ്ങിയെത്തിയിരിക്കുന്നു  എന്നാണ് ഫ്രഞ്ച് ജനറല്‍ ഹെന്റി ഗോറോ സലാഹുദ്ദീന്റെ ഖബറില്‍ ചവിട്ടി കൊണ്ട് അന്ന് പറഞ്ഞത്.

അബ്ബാസി ഖിലാഫത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ ശിയാ ഭരണകൂടം കെട്ടിപ്പെടുക്കുകയെന്ന ശിയാ മോഹങ്ങളെ തച്ചുടച്ചതിനാല്‍ ശിയാക്കള്‍ക്കും അദ്ദേഹത്തോട് വിരോധമാണ്.


സെക്യുലറിസ്റ്റുകളുടെ വിരോധം

സെക്യുലറിസ്റ്റുകള്‍ക്ക് സലാഹുദ്ദീനോടുള്ള വിരോധം ഒരു വ്യക്തിയെന്ന നിലയില്‍ ഒതുങ്ങുന്നതല്ല. മറിച്ച് ഇസ്‌ലാമിക ചരിത്രത്തോടും അതിലെ നായകരോടുമുള്ള വിദ്വേഷമാണ്. അദ്ദേഹത്തെ കുറിച്ച യൂസുഫ് സൈദാന്റെ (Youssef Ziedan) വാക്കുകള്‍ പുതുമയുള്ള ഒന്നല്ല. ചീഞ്ഞളിഞ്ഞ പൈതൃകമാണ് ഇസ്‌ലാമിന്റേതും ഖുത്വുസും ബൈബറസും സലാഹുദ്ദീനുമെല്ലാം രക്തദാഹികളാണെന്നും നേരത്തെ പ്രസ്താവിച്ചിട്ടുള്ള ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പുതിയ ആരോപണവും കള്ളവും തെറ്റിധരിപ്പിക്കലുമല്ലാതെ മറ്റൊന്നുമല്ല.

അമ്പതുകള്‍ക്ക് ശേഷം ചരിത്രഗ്രന്ഥങ്ങളിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ട കള്ളക്കഥകളാണ് സലാഹുദ്ദീന്റെ ധീരമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരണങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. പച്ചക്കള്ളമാണ് ഈ ആരോപണം. ഇബ്‌നുകഥീറിനെയും ഇബ്‌നുല്‍ അഥീറിനെയും ഇബ്‌നു ഖലികാനെയും പോലുള്ള പ്രമുഖ ചരിത്രകാരന്‍മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സ്ഥിരീകരിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍. അവര്‍ പറയുന്ന പോലെ കൂട്ടിചേര്‍ക്കപ്പെട്ട കള്ളകഥകളല്ല.

ഈജിപ്തില്‍ ശിയാ മദ്ഹബിന്റെ കഥകഴിക്കുകയും ഉബൈദികളുടെ അടിവേരറുക്കുകയും ചെയ്തു എന്നതാണ് സലാഹുദ്ദീന് മേലുള്ള അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. ശിയാ ചരിത്രകാരനായ ഹസന്‍ അമീന്‍ മുമ്പ് ആരോപിച്ചിട്ടുള്ളതാണ് ഇക്കാര്യം. ഈ ആരോപണം സലാഹുദ്ദീനെ അവഹേളിക്കുകയല്ല, മറിച്ച് അദ്ദേഹത്തിന്റെ അഭിമാനം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ശിയാക്കളുടെ ഭാഗത്തു നിന്നുള്ള വലിയൊരു അപകടത്തില്‍ നിന്നും സമുദായത്തെ രക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. കുരിശുയുദ്ധക്കാരുമായി കൈകോര്‍ത്ത് അഹ്‌ലുസ്സുന്നത്തിന് വലിയ ദ്രോഹമേല്‍പിച്ചവരാണവര്‍. നിരവധി ആളുകള്‍ക്ക് മേല്‍ ശിയാ മദ്ഹബ് അടിച്ചേല്‍പിച്ച അവര്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യെയും മറ്റ് പല പ്രമുഖ സഹാബിമാരെയും ആക്ഷേപിക്കുകയും ചെയ്തു. ജീവനോടെ അവര്‍ തൊലിയുരിഞ്ഞെടുത്ത അബൂബകര്‍ നാബുലുസി അടക്കമുള്ള ആയിരക്കണക്കിന് സുന്നീ പണ്ഡിതന്‍മാരെ കൊലപ്പെടുത്തി.


എന്നാല്‍ സൈദാന്‍ പറയുന്നത് പോലെ സലാഹുദ്ദീന്‍ ശിയാ മദ്ഹബിന്റെ കഥ കഴിച്ചു എന്നോ അവരിലെ നിരായുധരായ പുരുഷന്‍മാരെയും സ്ത്രീകളെയും കൊന്ന് രക്തപ്പുഴ ഒഴുക്കിയെന്നോ ഇതിന്നര്‍ത്ഥമില്ല. അവരിലെ വഞ്ചകരോടും കലാപകാരികളോടും മാത്രമാണ് അദ്ദേഹം യുദ്ധം ചെയ്തത്. മഖ്‌രിസി വിവരിക്കുന്നത് പോലെ അവശേഷിക്കുന്ന ആളുകളെ ഈജിപ്തില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കുകയാണദ്ദേഹം ചെയ്തത്. ഫാത്വിമി ഖലീഫ അല്‍ആള്വിദിനോട് വളരെ കാരുണ്യപൂര്‍വമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. മരിക്കുന്നത് വരെ അദ്ദേഹം സ്വതന്ത്രനായിരുന്നു.

കൊട്ടാരം ലൈബ്രറി കത്തിച്ചതാണ് അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന മറ്റൊരു വിഷയം. ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത കളവാണത്. എ.ഡി. 1086ല്‍ സുഡാന്‍ സൈനികര്‍ക്കും തുര്‍ക്കികള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടായപ്പോഴാണത് തകര്‍ക്കപ്പെട്ടത്. AD1036-1094  കാലയളവില്‍ ഈജിപ്തിനെ ബാധിച്ച കൊടും പട്ടിണിയുടെ സന്ദര്‍ഭത്തിലായിരുന്നു ഇത്. അന്നത്തെ ഖലീഫക്ക് സൈനികര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിച്ചില്ല. ലൈബ്രറി അക്രമിക്കുന്നതിനും അതിലുള്ള ഗ്രന്ഥങ്ങളടക്കം നശിപ്പിക്കുന്നതിനും സൈനികരെ അത് പ്രേരിപ്പിച്ചു.

പ്രമുഖ അമേരിക്കന്‍ തത്വചിന്തകനും ചരിത്രകാരനുമായ വില്‍ ഡ്യൂറന്റ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ The Story of Civilization ല്‍ പറയുന്ന ഒരു കാര്യം കൂടി ഉദ്ധരിച്ചു കൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്. അദ്ദേഹം പറയുന്നു: പൊതുവെ ദുര്‍ബലരോട് അനുകമ്പയുള്ളവനും പീഡിതരോട് കാരുണ്യമുള്ളവനുമായിരുന്നു സലാഹുദ്ദീന്‍. എതിരാളികളോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഉയര്‍ന്നു നിന്ന അദ്ദേഹത്തെ കണ്ട് ഇത്രത്തോളം മഹത്വമുള്ള ഒരാളെ സൃഷ്ടിക്കാന്‍ ഇസ്‌ലാമിന് (അവര്‍ മനസ്സിലാക്കിയ ഇസ്‌ലാം ഇത്തരത്തിലുള്ള ഒന്നായിരുന്നില്ല) എങ്ങനെയാണ് സാധിക്കുന്നതെന്ന് ക്രിസ്ത്യന്‍ ചരിത്രകാരന്‍മാര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. തന്റെ സേവകരോട് വളരെ നൈര്‍മല്യത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് ചെവികൊടുത്തു. സമ്പത്തിന് മണ്ണിനേക്കാള്‍ വലിയ വിലയൊന്നും അദ്ദേഹം കല്‍പിച്ചിരുന്നില്ല. മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യമായി ഒരു ദീനാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.


കടപ്പാട് : 

കെ കെ സിദ്ധീക്ക് പൂവ്വാട്ടുപറമ്പ് (https://islamonweb.net/ml/muslim-world-on-web/islamic-rules/03-June-2017-27)

അലവിക്കുട്ടി ഫൈസി എടക്കര

മുഹമ്മദ് അബ്ദുൽ അളീം : (വിവർത്തനം: നസീഫ്) -  (Islamonlive.in)