Wednesday 28 February 2018

സൂര്യന്‍ അസ്തമിക്കുന്നതിന്റെ അഞ്ചു മിനുട്ട് മുമ്പാണ് ഒരു സ്ത്രീ ആര്‍ത്തവ രക്തത്തില്‍ നിന്നും ശുദ്ധിയായത്. എങ്കില്‍ അവള്‍ അസ്ര്‍ നിസ്‌കാരം ഖളാഉ് വീട്ടേണ്ടതുണ്ടോ? കുളിച്ച് അദാആയി നിസ്‌കരിക്കാന്‍ സമയമില്ലല്ലോ?



ആര്‍ത്തവം നിലച്ച ശേഷം കുളിച്ച് ശുദ്ധിയാവാന്‍ വേണ്ട സമയം ലഭിക്കണമെന്നില്ല. ഒരു തക്ബീര്‍ ചൊല്ലാന്‍ ആവശ്യമായ സമയം ലഭിച്ചാല്‍ മതി. സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് ആര്‍ത്തവം നിലക്കുകയും ഒരു തക്ബീറിന് വേണ്ട സമയം ലഭിക്കുകയും ചെയ്താല്‍ അവള്‍ ആ ദിവസത്തെ അസ്വര്‍ നിസ്‌കാരത്തിന് പുറമെ ളുഹ്ര്‍ കൂടി ഖളാ വീട്ടേണ്ടതുണ്ട്.

അതുപോലെ ഫജ്‌റിനു മുമ്പ് ശുദ്ധിയായി തക്ബീറിനുള്ള സമയം ലഭിച്ചാല്‍ മഗ്‌രിബും ഇശാഉം നിസ്‌കരിക്കണം. ഉദ്ര്‍ ഉള്ളവര്‍ക്ക് രണ്ടാമത്തെ നിസ്‌കാര സമയം ഒന്നാമത്തേതിന്റെയും സമയമാണല്ലോ. ആര്‍ത്തവം നിലക്കല്‍ മാത്രമല്ല, ഭ്രാന്ത് മാറുക, ഇസ്‌ലാമിലേക്ക് വരുക, പ്രായപൂര്‍ത്തി എത്തുക മുതലായവ സൂര്യാസ്തമയത്തിനു സംഭവിക്കുകയും അസ്തമയത്തിനു മുമ്പായി ഒരു തക്ബീറിനു വേണ്ട സമയം ലഭിക്കുകയും ചെയ്താലും അന്നത്തെ ളുഹ്‌റും അസ്വറും ഖളാ വീട്ടേണ്ടതാണ്... (തുഹ്ഫ 1/454, 455)

ജനാബത്ത് കുളിക്കുന്ന അവസരത്തില്‍ പലപ്പോഴും നിയ്യത്ത് മറന്നു പോവാറുണ്ട്. ഇതിന് പരിഹാരമായി കുളിക്കുമ്പോഴെല്ലാം നിയ്യത്ത് വെക്കാറാണ് പതിവ്. ഇതിന് വല്ല കുഴപ്പവുമുണ്ടോ?. ജനാബത്തില്ലാതെ ജനാബത്ത് കുളി കുളിക്കാമോ ?



എല്ലാ കുളികളിലും ജനാബതിന്റെ നിയ്യത് വെക്കാവുന്നതാണ്. ജനാബത് ഇല്ലാത്ത സാഹചര്യത്തില്‍ ആ നിയ്യത് വെറുതെ ആകുമെന്ന് മാത്രമേയുള്ളൂ. എന്നാല്‍ നിയ്യതില്‍ സംശയമുണ്ടാവുകയോ ജനാബത് ഉണ്ടെങ്കില്‍ അതിന് വേണ്ടി കുളിക്കുന്നു എന്നോ കരുതാവുന്നതല്ല. അങ്ങനെ കരുതിയാല്‍ നിയ്യത് ശരിയാവുകയുമില്ല ...

കുളി നിര്‍ബന്ധമുള്ള സമയത്ത്, പ്രത്യേകം നിയ്യത് ചെയ്യാതെ, ഫര്‍ള് കുളി ഉണ്ടല്ലോ എന്ന ഉദ്ദേശത്തോടെ കുളിച്ചാല്‍ മതിയാവുമോ?



നിയ്യത് നിര്‍ബന്ധമായ കര്‍മ്മങ്ങളില്‍ പെട്ടതാണ് നിര്‍ബന്ധമായ കുളി. കുളിയുടെ നിയ്യത് ആദ്യമായി വെള്ളം സ്പര്‍ശിക്കുന്നതിനോട് ചേര്‍ന്ന് വേണം ഉണ്ടാവാന്‍ എന്നതാണ് കര്‍മ്മശാസ്ത്ര നിയമം. വലിയ അശുദ്ധിയെ ഉയര്‍ത്തുന്നവെന്നോ നിസ്കാരത്തെ ഹലാലാക്കുന്നുവെന്നോ നിര്‍ബന്ധമായ കുളി നിര്‍വ്വഹിക്കുന്നു എന്നോ ഒക്കെ വേണം നിയ്യത് ചെയ്യാന്‍.. കുളി നിര്‍ബന്ധമുണ്ടല്ലോ എന്ന ചിന്ത കൊണ്ട് മാത്രം നിര്‍ബന്ധമായ കുളി വീടുകയില്ല...

ഫര്‍ള് കുളിയില്‍ മൂന്നുപ്രാവശ്യം കഴുകല്‍ നിര്‍ബന്ധമോ ?



നിര്‍ബന്ധമായ കുളി നിര്‍വ്വഹിക്കുന്നു എന്നോ നിസ്കാരത്തെ ഹലാലാക്കാന്‍ കുളിക്കുന്നു എന്നോ നിയ്യത് ചെയ്ത് ശരീരത്തില്‍ മുഴുവനും വെള്ളമാക്കലാണ് നിര്‍ബന്ധമായ കുളിയുടെ ഏറ്റവും ചുരുങ്ങിയ രൂപം. ഇത് പുരുഷനും സ്ത്രീക്കും ഇതുതന്നെയാണ്. മൂന്ന് പ്രാവശ്യം ആക്കല്‍ സുന്നത്താണ് എന്ന് മാത്രം....

ജനാബത്തുകാരന്‍, കുളിക്കുന്നതിന് മുമ്പ് നഖം മുറിക്കല്‍, മുടി നീക്കം ചെയ്യല്‍ എന്നിവ ചെയ്യുന്നതിന്‍റെ വിധി എന്താണ്?



ആര്‍ത്തവം പോലോത്ത എല്ലാ വലിയ അശുദ്ധി സമയങ്ങളിലും ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വലിയ അശുദ്ധി സമയങ്ങളില്‍ അവ നീക്കം ചെയ്യാതിരിക്കല് സുന്നത്താണ്. എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല. വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി (റ) പറഞ്ഞിട്ടുണ്ട്..

ജനാബത് കുളിക്കുമ്പോള്‍ ദേഹത്ത് നിന്നു വെള്ളം ബക്കറ്റിലേക്ക് തെറിച്ചാല്‍ ബക്കറ്റിലുള്ള മുഴുവന്‍ വെള്ളവും നജസാവുമോ ?



ഒരിക്കല്‍ ശറഇയ്യായ നിര്‍ബന്ധ ശുദ്ധീകരണത്തില്‍ ഉപയോഗിച്ച വെള്ളത്തിനു മുസ്തഅ്മിലായ വെള്ളം എന്നാണു പറയുക. നജസ് കലര്‍ന്നിട്ടില്ലാത്ത മുസ്തഅ്മിലായ വെള്ളം ഥാഹിറാണ് (സ്വയം ശുദ്ധിയുള്ളതാണ്) പക്ഷെ ഥഹൂര്‍ (സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാനുതകുന്നതും) അല്ല.

ജനാബതു കുളിക്കുമ്പോള്‍ ദേഹത്തു നിന്നു വേര്‍പെട്ട വെള്ളം രണ്ടു കുല്ലത്തില്‍ കുറവാണെങ്കില്‍ മുസ്തഅ്മിലാണ്. അത് ഥാഹിറാണ് പക്ഷേ, ഥഹൂറല്ല. അത് നജസോ മുതനജ്ജിസോ ആവണമെന്നില്ല...

അതു പോലെ ഥഹൂറായ വെള്ളത്തിന്‍റെ മറ്റൊരു നിബന്ധനയാണ് അതിന്‍റെ നിറം, മണം, രുചി എന്നിവയിലൊന്നും പകര്‍ച്ചയാകാതിരിക്കുക. ഇവിടെ മുസ്തഅ്മിലായ വെള്ളം രണ്ടു ഖുല്ലത്തില്‍ കുറവു വെള്ളമുള്ള ബകറ്റിലേക്കായാല്‍ അവിടെ പകര്‍ച്ചയാകാന്‍ സാധ്യതയുള്ള ഒരു ഇടത്തരം വസ്തു ഇതേ അളവില്‍ ആ വെള്ളത്തില്‍ കലര്‍ന്നാല്‍ പകര്‍ച്ച വരുമെങ്കില്‍ ബക്കറ്റിലെ വെള്ളം ഥഹൂറല്ല. അതു ശുദ്ധീകരണത്തില്‍ ഉപയോഗിക്കാന്‍ പറ്റുകയില്ല. (ഥഹൂറല്ല എന്നാല്‍ അത് നജസാണ് എന്നര്‍ത്ഥമില്ല) പകര്‍ച്ചയുണ്ടാവില്ലെങ്കില്‍ ഒരു പ്രശ്നവും ഇല്ല. അഥവാ ചെറിയ വല്ല തുള്ളിയും ബകറ്റിലേക്ക് തെറിച്ചാല്‍ അതിന്‍റെ ശുദ്ധീകരണ യോഗ്യതയെ അത് ബാധിക്കുകയില്ല. കൂടുതല്‍ തെറിച്ചിട്ടുണ്ടെങ്കില്‍ അത് പകര്‍ച്ചയുള്ളതായി കണക്കാക്കപ്പെടും. പകര്‍ച്ചയായോ ഇല്ലയോ എന്നു സംശയിച്ചാല്‍ പകര്‍ച്ചയായിട്ടില്ലെന്നു വെക്കണം ...

മുടി വെട്ടി കുളിക്കുന്നതിന്റെ മുമ്പ് നമസ്ക്കരിക്കുന്നതിന്റെ വിധി എന്ത്?



മുടി വെട്ടുക, മീശ വെട്ടുക, കക്ഷം വൃത്തിയാക്കുക തുടങ്ങിയവക്കു ശേഷം കുളിക്കല്‍ സുന്നത്താണ്. പക്ഷേ, മുടി വെട്ടിയിട്ട് കുളിക്കുന്നതിനു മുമ്പ് നിസ്കരിക്കുന്നതില്‍ ഒരു വിരോധവും ഇല്ല. അതു അനുവദനീയവും അങ്ങനെയുള്ള നിസ്കാരം സ്വീകാര്യവുമാണ്...

ഇഷാ മഗ്‍രിബിനിടയില്‍ കുളിക്കല്‍ കറാഹത്താണോ?



ഹമാം പോലോത്ത പിശാചിന്റെ വിഹാര കേന്ദ്രങ്ങളില്‍ പിശാചിന്റെ വിഹാര സമയമായ മഗ്‍രിബിനു തൊട്ടു മുമ്പും ഇശാ മഗ്‍രിബിന്റെ ഇടയിലും പ്രവേശിക്കല്‍ കറാഹത്താണ് എന്ന് കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്...
എന്നാല്‍ ഇശാമഗ്‍രിബിനിടയില്‍ കുളി കറാഹതല്ല. പ്രത്യേകിച്ച് റമളാനില്‍ ഈ സമയത്ത് നബിതങ്ങള്‍ കുളിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം...

സ്വപ്നസ്ഖലനം സംഭവിച്ചോ എന്ന് സംശയിച്ചാല്‍ കുളിക്കണോ ? കുളി ശരിയായില്ല എന്ന് സംശയിച്ചാല്‍ രണ്ടാമത് കുളിക്കണോ ? ശുദ്ധിയില്ലാതെ നിസ്കരിച്ചാല്‍ കാഫിറാകുമോ ? ഇത്തരം വസ്‍വാസ് ഉണ്ടായാല്‍ എന്ത് ചെയ്യണം?



സ്വപ്ന സ്ഖലനമുണ്ടായോ എന്നു സംശയിക്കുകയും അതിനു ഉപോല്‍ബലകമായി അതിന്‍റെ അടയാളങ്ങള്‍ കാണുകയും അത് മറ്റൊരാളുടേതാവാനുള്ള സാധാരണ നിലക്കു സാധ്യതയില്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ അശുദ്ധിയുള്ളവനായി ഗണിക്കണം. അതിനാല്‍ അവന്‍ കുളിച്ചു ശുദ്ധിയാകുകയും ശുദ്ധിയാകുന്നതിനു മുമ്പ് നിസ്കരിച്ചവ ഖളാഅ് വീട്ടുകയും വേണം. എന്നാല്‍ കേവലം സംശയത്തിനു സ്ഥാനമില്ല...

കുളി കഴിഞ്ഞതിന് ശേഷം കുളി ശരിയായില്ലേ എന്ന് സംശയിച്ചാല്‍ രണ്ടാമത് കുളിക്കേണ്ടതില്ല. നിയ്യതിലാണ് സംശയമെങ്കിലും രണ്ടാമത് കുളിക്കേണ്ടതില്ല... (ഫത്ഹുല്‍ മുഈന്‍).

ശുദ്ധിയില്ലാതെ നിസ്കരിക്കുന്നവന്‍ കാഫിറാവുകയില്ല. മറിച്ച് മനപൂര്‍വ്വം അങ്ങനെ ചെയ്യുന്നവന്‍ വന്‍കുറ്റം ചെയ്തവനാണ്. അറിയാതെ ചെയ്യുന്നവന്‍ കുറ്റക്കാരനല്ലെങ്കിലും അള്ളാഹുവിന്റെ അടുത്ത് അവന്റെ നിസ്കാരം നിസ്കാരമായി എഴുതപ്പെടില്ല. നിസ്കാരം സ്വഹീഹുമില്ല. പിന്നീട് അറിഞ്ഞാല്‍ മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്...

ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആലോചിച്ച് വസവാസ് ആകേണ്ടതില്ല. അത് പിശാചിന്റെ പ്രവര്‍ത്തനഫലമാണെന്ന് മനസ്സിലാക്കി മനസ്സുറപ്പോടെ നിസ്കാരം നിര്‍വ്വഹിക്കുക. പിശാചിന്റെ അത്തരം ബോധനങ്ങള്‍ക്കും സംശയം ജനിപ്പിക്കലുകള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ അത് നമ്മുടെ ആരാധനാകര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോവാനേ പലപ്പോഴും സഹായിക്കുകയുള്ളൂ. അതാണല്ലോ പിശാചിന്റെ പരമമായ ലക്ഷ്യവും...

വലിയ അശുദ്ധി കുളിച്ച് കഴിഞ്ഞതിനു ശേഷം നനയാത്ത ഭാഗം കണ്ടാല്‍ എന്ത് ചെയ്യണം?



വലിയ അശുദ്ധി കുളിച്ച് കഴിഞ്ഞതിനു ശേഷം നനയാത്ത ഭാഗം കണ്ടാല്‍ ആ ഭാഗം കഴുകണം. രണ്ടാമത് കുളിക്കേണ്ടതില്ല. കാരണം കുളിയിലും വുദൂഇലും മുവാലാത് (വഴിക്ക് വഴിയായി ചെയ്യല്‍) നിര്‍ബന്ധമില്ല. സുന്നതാണ്...

ശഹീദായി മരിച്ച ആളെ കുളിപ്പിക്കുകയോ അദ്ദേഹത്തിന്റെ പേരില്‍ നിസ്കരിക്കുകയോ അരുതെന്ന് പറയാന്‍ കാരണമെന്ത്?*



ശഹീദായി മരിച്ച ആളെ കുളിപ്പിക്കുകയോ അദ്ദേഹത്തിന്റെ പേരില്‍ നിസ്കരിക്കുകയോ അരുതെന്നാണ് ശരീഅതിന്റെ നിയമം. ഉഹ്ദില്‍ ശഹീദായവരെ കുളിപ്പിക്കാതെയും നിസ്കരിക്കാതെയും മറമാടാന്‍ നബി (സ) കല്‍പിച്ചുവെന്ന് ഹദീസില്‍ കാണാം. രക്തസാക്ഷിത്വത്തിന്റ അടയാളം മായ്‍ക്കപ്പെടാതെ നില നില്‍ക്കാനും മറ്റുള്ളവരുടെ പ്രാര്‍ത്ഥന ആവശ്യമില്ലാത്ത വിധം അവര്‍ ബഹുമാനിക്കപ്പെട്ടതു കൊണ്ടുമാണത്. രക്തം ഒലിക്കുന്നവരായാണ് അവര്‍ പുനര്‍ജന്മം ചെയ്യപ്പെടുകയെന്ന് ഹദീസില്‍ കാണാം...

മുങ്ങിക്കുളിച്ച് വുളൂഅ് ചെയ്യുന്നവന്റെ നിയ്യത്തിന്റെ രൂപം എങ്ങനെ?



വുളുവില്‍ നിയ്യത് വെക്കുമ്പോള്‍ നിസ്കാരത്തെ ഹലാലാക്കുവാന്‍ എന്നോ വുളുവിന്‍റെ ഫര്‍ളിനെ വീട്ടുന്നുവെന്നോ ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നുവെന്നോ വുളു നിര്‍ബന്ധമായ ഏതെങ്കിലും ഒരു കാര്യം പറഞ്ഞ് അതിനെ ഹലാലാക്കുന്നു എന്നോ ഒക്കെ കരുതാവുന്നതാണ്. മുങ്ങിക്കുളിച്ച് വുളൂഅ് ചെയ്യുമ്പോഴും ഇതേ നിയ്യത് തന്നെയാണ് ചെയ്യേണ്ടത്...

എപ്പോഴാണ് കുളി നിര്‍ബന്ധമാവുന്നത്?



ഇന്ദ്രിയം പുറപ്പെടല്‍, ഗുഹ്യസ്ഥാനത്ത് ഹശ്ഫ പ്രവേശിക്കല്‍, ഹൈള് രക്തം മുറിയല്‍, നിഫാസ് രക്തം മുറിയല്‍, പ്രസവം എന്നിവയാണ് കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍.. രക്തസാക്ഷിത്വമല്ലാത്ത മരണവും കുളി നിര്‍ബന്ധമാവുന്ന കാരണമാണ്.

കൈ മുഴുവന്‍ പ്ലാസ്റ്റര്‍ ഇട്ട സമയത്ത്‌ ജനാബത്ത്‌ ഉണ്ടായാല്‍ എങ്ങനെയാണ്‌ കുളിക്കുക ? എങ്ങനെ തയമ്മും ചെയ്യാം ?



ബാന്‍ഡേജ് ഇട്ട ഭാഗമല്ലാത്തത് കഴുകുകയും ബാന്‍ഡേജിനു മുകളില്‍ തടവുകയും ചെയ്യുക. ശേഷം തയമ്മും ചെയ്യുക. കൈയ്യിലാണ് ബാന്‍റേജ് എങ്കില്‍ തയമ്മുമില്‍ ബാന്‍റേജ് ഇല്ലാത്ത ഭാഗത്തും മുഖത്തുമാണ് മണ്ണ് കൊണ്ട് തടവേണ്ടത്. ബാന്‍റേജിന് മുകളിലൂടെ മണ്ണ് കൊണ്ട് കൈ നടത്തല്‍ സുന്നതാണ്...
ബാന്‍ഡേജ് തയമ്മുമിന്‍റെ അവയവത്തിലാവുമ്പോള്‍ ബാന്‍ഡേജ് ഇടുന്ന സമയത്ത് ശുദ്ധി ഉണ്ടെങ്കില്‍ പോലും പിന്നീട് ആ നിസ്കാരങ്ങളെല്ലാം മടക്കി നിസ്കരിക്കേണ്ടതാണ് എന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം ...

നിര്‍ബന്ധമായ കുളി കുളിക്കുമ്പോള്‍ ലിംഗത്തില്‍ സ്പര്‍ശിക്കുന്നതിന്‍റെ വിധി പറയാമോ?*



വലത് കൈ കൊണ്ട് ലിംഗത്തില്‍ സ്പര്‍ശിക്കുന്നത് കറാഹതാണ്. വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇടത് കൈ ആണ് ഉപയോഗിക്കേണ്ടത്. നിര്‍ബന്ധമായ കുളിയോട് കൂടെ രണ്ട് അശുദ്ധിയില്‍ നിന്നും ശുദ്ധിയുള്ളവനായി. പിന്നീട് വുദൂ ചെയ്യേണ്ടതില്ല. പക്ഷെ കുളിക്കിടെ വുദൂ മുറിയുന്ന കാര്യങ്ങളുണ്ടായാല്‍ വുദൂ മുറിയുന്നതാണ്...

ശുക്ലം ശരീരത്തിലുണ്ടായിരിക്കെ നിസ്കാരം ശരിയാവുമോ?



ശുക്ളം നജസല്ല. മദ്‍യുമായി കലരാത്ത ശുക്ലം ശരീരത്തിലുണ്ടായിരിക്കേ നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവും. എന്നാല്‍ അത് കഴുകിക്കളയലാണുത്തമം. മദ്‍യുമായി കലര്‍ന്ന ബീജമാണെങ്കില്‍ അത് നജസാണ് ...

വസ്ത്രത്തിൽ മനിയ്യിന്‍റെ അടയാളങ്ങൾ കാണുന്നു. ആ വസ്ത്രം രണ്ട് ദിവസമായി ധരിക്കുന്നു. എന്നാണ് എപ്പോളാണ് വലിയ അശുദ്ധി ഉണ്ടായതെന്ന് അറിയില്ല. എങ്കിൽ ഏത് മുതലുള്ള നിസ്കാരമാണ് മടക്കി നിർവ്വഹിക്കേണ്ടത് ?



നാം മാത്രം ധരിക്കുന്ന വസ്ത്രം, അതു പോലെ നാമല്ലാതെ മറ്റാരും ഉപയോഗിക്കാത്ത വിരിപ്പ് എന്നിവയില്‍ ഇന്ദ്രിയം കണ്ടാല്‍ കുളി നിര്‍ബന്ധമാണ്. ഇന്ദ്രിയം പുറത്ത് വന്ന കൃത്യ സമയം ഓര്‍ക്കുന്നില്ലെങ്കില്‍ സാധ്യമായ സമയം കണക്കാക്കി ആ കാലയളവിലെ നിസ്കാരങ്ങള്‍ മടക്കി നിസ്കരിക്കണം ...

ജനാബത്തുണ്ടാവുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കഴുകാതെ ഫര്‍ള് കുളി കുളിച്ച ശേഷം ആ വസ്ത്രം ധരിച്ച് നിസ്കരിക്കാമോ ?



മനുഷ്യന്‍റെ ഇന്ദ്രിയം നജസ് അല്ലെന്നാണ് ശാഫീ മദ്ഹബിലെ പണ്ഡിതരുടെ പക്ഷം. മനിയ്യ് ആയ വസ്ത്രം ഉടുത്ത് നിസ്കരിക്കാവുന്നതാണ്. പ്രവാചകര്‍ (സ) യുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഇന്ദ്രിയം താന്‍ ചുരണ്ടിക്കൊടുക്കാറുണ്ടായിരുന്നെന്നും പ്രവാചകര്‍ അത് ഉടുത്ത് നിസ്കരിക്കാറുണ്ടായിരുന്നുവെന്നും ആഇശ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാവുന്നതാണ്. മറ്റുചില നിവേദനങ്ങളില്‍, ഉണങ്ങിയതാണെങ്കില്‍ ചുരണ്ടുകയും ഉണങ്ങിയിട്ടില്ലെങ്കില്‍ കഴുകുകയും ചെയ്യാറുണ്ടായിരുന്നു എന്നും കാണാവുന്നതാണ്.

മേല്‍പറഞ്ഞതും സമാനവുമായ ഹദീസുകളുടെ വെളിച്ചത്തില്‍, ശാഫീ മദ്ഹബിലെയും ഹമ്പലീ മദ്ഹബിലെയും പണ്ഡിതര്‍ മനിയ്യ് നജസ് അല്ലെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഹനഫീ മദ്ഹബിന്‍റെയും മാലികീ മദ്ഹബിന്‍റെയും അഭിപ്രായം മനിയ്യ് നജസാണെന്നാണ്. പക്ഷെ, ഉണങ്ങിയതാണെങ്കില്‍ അത് കഴുകേണ്ടതില്ലെന്നും ചുരണ്ടിക്കളഞ്ഞാല്‍ മതിയെന്നുമാണ് ഹനഫീ മദ്ഹബിന്‍റെ അഭിപ്രായം ...

ജനാബത്ത് കുളിച്ചു കഴിഞ്ഞ് രണ്ടാമതും മനിയ്യ് കണ്ടാൽ വീണ്ടും കുളിക്കണോ .?



ജനാബത്തുകാരൻ കുളിക്കുന്നതിന് മുമ്പ് മൂത്രം ഒഴിച്ചാലും മൂത്രം ഒഴിച്ചില്ലെങ്കിലും കുളിച്ചതിന് ശേഷം മനിയ്യ് വീണ്ടും പുറത്തു വന്നാൽ വീണ്ടും കുളിക്കൽ നിർബ്ബന്ധമാണ്... (ശറഹുൽ മുഹദ്ദബ്, തുഹ്ഫ, നിഹായ).

ജനബത്തുകാരൻ കുളിക്കുന്നതിന് മുമ്പ് മുത്രം ഒഴിക്കൽ സുന്നത്താണ്. കാരണം മനിയ്യ് വല്ലതും വഴിയിൽ തങ്ങിയിട്ടുണ്ടെങ്കിൽ അതു കൂടി പുറത്തു വരാൻ മൂത്രം ഒഴിക്കുന്നതിലൂടെ സാധിക്കും. എന്നാൽ അവശേഷിച്ച മനിയ്യ് കുളിച്ചതിന് ശേഷം പുറത്തു വന്നാൽ വീണ്ടും കുളിക്കൽ നിർബ്ബന്ധമാണ്... (ഇആനത്ത്)

ചുരുക്കത്തിൽ ജനാബത്തുകാരൻ കുളിക്കുന്നതിന് മുമ്പ് മൂത്രം ഒഴിച്ചാൽ സാധാരണ ഗതിയിൽ വഴിയിൽ തങ്ങിയ മനിയ്യ് കൂടി പുറത്തേക്ക് വരും. അതിനാൽ മുത്രം ഒഴിക്കൽ സുന്നത്താണ്. എന്നാൽ വഴിൽ അവശേഷിച്ച മനിയ്യ് കുളിച്ചതിന് ശേഷം വീണ്ടും പുറത്തു വന്നാൽ കുളിക്ക് മുമ്പ് മൂത്രം ഒഴിച്ചാലും ഇല്ലെങ്കിലും വീണ്ടും കുളിക്കൽ നിർബ്ബന്ധമാണ്. ഇതാണ് മദ്ഹബ് .

മനിയ്യ്, മദിയ്യ് എന്നിവ എന്ത്, ഇവ എങ്ങിനെ തിരിച്ചറിയാം?



ലൈംഗിക മൂര്‍ദ്ധന്യതയില്‍ ലിംഗത്തിലൂടെ സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് മനിയ്യ്. സ്രവിക്കുന്ന സമയത്ത് സുഖം അനുഭവപ്പെടുക, തെറിച്ചു തെറിച്ചു പുറപ്പെടുക, ദ്രാവകാവസ്ഥയില്‍ അതിനു ഗോതമ്പു മാവിന്‍റെ മണമുണ്ടാവുക, ഉണങ്ങിയ അവസ്ഥയില്‍ കോഴിമുട്ടയുടെ വെള്ളയുടെ മണമുണ്ടാവുക എന്നീ പ്രത്യേകതകളില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മനിയ്യായി കണക്കാക്കാം. അപ്പോള്‍ കുളി നിര്‍ബന്ധവുമാണ്...

ലൈംഗിക വികാരം ശക്തി പ്രാപിച്ചു വരുമ്പോള്‍ ലിംഗത്തിലൂടെ സ്രവിക്കുന്ന വെളുത്തതോ മഞ്ഞയോ ആയ നേരിയ ദ്രാവകമാണ് മദ്‍യ്. ഇതു സ്രവിച്ചതു കാരണം കുളി നിര്‍ബന്ധമാവുകയില്ല. പക്ഷേ, മദ്‍യ് നജ്‍സ് ആണ്. അതു കഴുകി ശുദ്ധിയാക്കണം .

ഭാര്യയോടുള്ള സംസാരം, സ്പര്‍ശനം എന്നിവയിലൂടെ ലിംഗത്തിലൂടെ വെളുത്ത ദ്രാവകം വന്നാല്‍ കുളി നിര്‍ബന്ധം ആണോ ?



മനിയ്യല്ലാത്ത ദ്രാവകങ്ങള്‍ വരുന്നത് കൊണ്ട് കുളി നിര്‍ബന്ധമാവില്ല. പക്ഷെ അവകള്‍ നജസാണ് കഴുകിക്കളയല്‍ നിര്‍ബന്ധമാണ്.

ലൈംഗിക മൂര്‍ധന്യതിയില്‍ ലിംഗത്തിലൂടെ സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് മനിയ്യ്. സ്രവിക്കുന്ന സമയത്ത് സുഖം അനുഭവപ്പെടുക, തെറിച്ചു തെറിച്ചു പുറപ്പെടുക, ദ്രാവകാവസ്ഥയില്‍ അതിനു ഗോതമ്പു മാവിന്‍റെ മണമുണ്ടാവുക, ഉണങ്ങിയ അവസ്ഥയില്‍ കോഴിമുട്ടയുടെ വെള്ളയുടെ മണമുണ്ടാവുക എന്നീ പ്രത്യേകതകളില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മനിയ്യായി കണക്കാക്കാം. ചോദ്യത്തില്‍ പറയപ്പെട്ട രണ്ട് സമയങ്ങളില്‍ മാത്രമേ അതുണ്ടാവൂ എന്ന് പറയാവതല്ല.

ലൈംഗിക വികാരം ശക്തി പ്രാപിച്ചു വരുമ്പോള്‍ ലിംഗത്തിലൂടെ സ്രവിക്കുന്ന വെളുത്തതോ മഞ്ഞയോ ആയ നേരിയ ദ്രാവകമാണ് മദ്‍യ്.

യൂറിക്കാസിഡിനും , സന്ധിവേദനയ്ക്കുമുള്ള ഉത്തമ ഔഷധം




Tuesday 27 February 2018

ഇബ്രാഹീമിബ്നു അദ്ഹം (റ)







സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ അള്ളാഹുവിലർപ്പിച്ചു കൊണ്ട്  ചരിത്രം തുടങ്ങുന്നു .

ഐഹിക ജീവിതം വെറും നൈമിഷികമാണ്. ഇവിടെ കാണുന്ന സൗഭാഗ്യങ്ങൾ നശ്വരമാണ്. പാരത്രിക ജീവിതത്തിലേക്കുള്ള സദ്ഫലങ്ങൾ സമാഹരിക്കാൻ വേണ്ടി മാത്രമാണ് ഹൃസ്വമായ ജീവിതം ഉപയോഗപ്പെടുത്തേണ്ടത്. ഈ സത്യം മനസ്സിലാക്കി ജീവിക്കുന്നവർ വളരെ കുറവാണ്. ഭൗതിക സുഖങ്ങളുടെ പിറകെപ്പോയി ജീവിതം തുലക്കുകയാണ് ബഹുഭൂരിഭാഗവും ചെയ്യുന്നത്...

പ്രപഞ്ചത്തിലെ നശ്വരമായ സുഖങ്ങൾക്കടിമപ്പെടാതെ പരലോക ജീവിതവും അല്ലാഹുവിന്റെ തൃപ്തിയും മാത്രം കാംക്ഷിച്ച് ജീവിക്കുകയും ഏകാഗ്രചിത്തരായി അല്ലാഹുവിന്‌ ഇബാദത്ത് ചെയ്യുന്നതിൽ മാത്രം മുഴുകുകയും ചെയ്യുന്ന വളരെ ചുരുക്കം ചില ആളുകൾ. അവരിൽ നിന്ന് ത്യാഗത്തിന്റെ ഉന്നതങ്ങളിലേറുന്ന പ്രപഞ്ച പരിത്യാഗികളായ ചിലർ ...

"അവരത്രെ അല്ലാഹുവിന്റെ ഔലിയാക്കൾ ..."

ഇബ്റാഹീമിബ്നു അദ്ഹം ത്യാഗത്തിന്റെ പ്രതീകമാണ്.
ബൽഖായിലെ ചക്രവർത്തി സ്ഥാനത്തിരുന്നു കൊണ്ട് എല്ലാവിധ ഭൗതിക സുഖാഢംബരങ്ങളും അനുഭവിക്കുന്നതിനിടയിലാണ്, അല്ലാഹുവിനോടുള്ള മുഹബ്ബത്ത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ അലയടിച്ചുയരാൻ തുടങ്ങിയത്. പിന്നെ ആ മഹാൻ എല്ലാ സുഖങ്ങളെയും വലിച്ചെറിഞ്ഞുകൊണ്ട് ഒരു പരുക്കൻ കരിമ്പടവും ചുറ്റി ഏകാന്തവാസത്തിനിറങ്ങി ...

സ്വന്തം ശരീരം അത്രയുംകാലം സുഖഭോഗങ്ങളിൽ ഏർപ്പെട്ടതിന് പകരമായി അതിനെ കഠിനമായി പീഡിപ്പിക്കുകയും, വിശപ്പുകൊണ്ടും ദാഹം കൊണ്ടും ശരീരത്തെ ശക്തമായി ബുദ്ധിമുട്ടിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം ആത്മീയമായ ഒരു പരിവേഷം തന്നെ സൃഷ്ടിച്ചു ...

ആ സമുന്നത ത്യാഗീവര്യന്റെ ജീവ ചരിത്രത്തിലേക്ക് ചെറിയൊരത്തിനോട്ടമാണ് ഈ കൃതി ...

പ്രിയപ്പെട്ട വായനക്കാർക്ക് എന്റെ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഇബ്റാഹീമിബ്നു അദ്ഹമിന്റെ ചരിത്രം നിങ്ങൾക്കുമുമ്പിൽ കാഴ്ച്ച വെക്കുന്നു ... എന്ന്,

ഒറ്റമാളിയേക്കൽ മുത്തുക്കോയ തങ്ങൾ(ലേഖകൻ)

ഇബ്റാഹീമിബ്നു അദ്ഹം (റ) ചരിത്രം വിവിധ ഭാഗങ്ങളായി ചുരുങ്ങിയ വാക്കുകളെ കൊണ്ട് കോർത്തിണക്കി, സോഷ്യൽ മീഡിയകളിലൂടെയും മറ്റും പോസ്റ്റ് ചെയ്യാൻ ഉതകും വിധം എഴുതി ക്രോഡീകരിച്ചത് :


മാറ്റത്തിന്റെ കാരണം


ഇബ്റാഹീമിബ്നു അദ്ഹമിന്റെ ഹൃദയത്തിൽ ഒരായിരം ചിന്താശകലങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ബൽഖാ രാജ്യത്തിലെ ചക്രവർത്തി പദം തന്റെ ചുമലിൽ വീണതുമുതലുള്ള ഓരോ സംഭവ വികാസങ്ങളും അദ്ദേഹം അയവിറക്കി ...

വയ്യ..., തനിക്കിനി ഈ മുൾക്കിരീടം കൊണ്ട് നടക്കാൻ ഒട്ടും വയ്യ... രാജ്യഭാരം അതിനോടനുബന്ധിച്ച് വരുന്ന സുഖലോലുപതയും ഒരു ഹരമായി തോന്നിയ കാലമുണ്ടായിയുന്നു...

അന്ന് മതിയാവിയോളം സുഖിച്ചു...

വിഭവസമൃദ്ധമായ ഭക്ഷണ പദാർത്ഥങ്ങൾ, ഓർമിച്ചാൽ പോലും മധുരിക്കുന്ന പലഹാരങ്ങൾ ...

കൈ ഞൊടിക്കുമ്പോഴേക്ക് ഓടിയെത്തുന്ന അജ്ഞാനുവർത്ഥികൾ...

ലൈംഗികാസക്തി തീർക്കാൻ യുവകന്യകകൾ ...വെഞ്ചാമരം വീശി പാഥങ്ങളുഴിഞ്ഞു ചുറ്റി നിൽക്കുന്ന ലലനാമണികൾ. അങ്ങിനെ എന്തെല്ലാം...

ഞാനെത്ര ഭാഗ്യവനാണ്...

സുഖത്തിന്റെ പറുദീസയിലാണ്... ഞാൻ അജയ്യനാണ്. ഇവിടെ സ്വർഗ്ഗമാണ് എന്നെല്ലാം തോന്നിപ്പോയ നിമിഷങ്ങൾ. പക്ഷെ, അവയെല്ലാം ഇപ്പോൾ വെറും മരീചികകളായി മാറിയിരിക്കുന്നു.

കേവലം അക്കരപ്പച്ചകൾ ...

യഥാർത്ഥ സത്യം ഇതൊന്നുമല്ല. യഥാർത്ഥ സൗഖ്യം ഇവിടെയില്ല. ഈ ഒരു ചിന്ത ഇബ്റാഹീമിബ്നു അദ്ഹം തങ്ങളെ നീറ്റിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ...

യൗവ്വനം സിരകളിൽ കത്തിനിന്ന കാലത്താണ് ഇബ്‌റാഹിം ബൽഖയിലെ രാജാവായി സ്ഥാനമേറ്റത് ...

കേവലം 27 വയസ്സ് മാത്രമുള്ളപ്പോൾ യഥാർത്ഥത്തിൽ രാജാവാകാനുള്ള അവകാശം ഇബ്റാഹീമിബ്നുണ്ടായിരുന്നില്ല... ബൽഖയിലെ ചക്രവർത്തിക്ക് ആണ്മക്കൾ ഇല്ലാത്തതുകൊണ്ട് തന്റെ മകളുടെ മകനും മന്ത്രികുമാരനുമായ ഇബ്റാഹീമിബ്ന്ന് ഭരണഭാരം ഏല്പിച്ചുകൊടുത്തു കൊണ്ടാണ് അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞത് ...
തികച്ചും ഏകഛത്രാധിപനായ ഒരു രാജാവിനെ പോലെതന്നെ ഇബ്‌റാഹിം തന്റെ നീക്കങ്ങൾ ആരംഭിച്ചു ...

കിരാതവും, രക്തപങ്കിലവുമായ നിരവധി പടയോട്ടങ്ങൾ നടത്തി...
അയൽ രാജ്യങ്ങൾ എല്ലാം വെട്ടിപ്പിടിച്ച്, തന്റെ നേട്ടങ്ങൾ സാമ്രാജ്യത്തിന്റെ വികാസം കൂട്ടുന്നതിൽ രാജാവ് ശ്രദ്ധ കേന്ദ്രീകരിച്ചു ...

അധിക കാലം വേണ്ടിവന്നില്ല. ചക്രവർത്തിയുടെ പേരും ശൗര്യവും നാടായ നാടെല്ലാം അറിയപ്പെട്ടുതുടങ്ങി. മാത്രമല്ല, സകല രാജാക്കന്മാർക്കും അദ്ദേഹം ഒരു പേടിസ്വപ്നമായി മാറി. ഘോരസമരങ്ങൾ നടത്തി സാമ്രാജ്യം വീതി കൂട്ടുന്നതിൽ മാത്രം രാജാവ് ശ്രദ്ധ കേന്ദ്രീകരിച്ചു ...

ഒരുപാട് രാജ്യങ്ങൾ തന്റെ അധീനതയിൽ വന്നപ്പോൾ രാജാവ് അഹംഭാവത്തിന്റെ കൊടുമുടിയിലെത്തി...

തന്നിലും വലിയവർ മറ്റാരുമില്ലെന്ന ഒരു അഹങ്കാരം രാജാവിനെ പിടികൂടി ...

എല്ലാം സൃഷ്ടിച്ച് സംരക്ഷിച്ചുപോരുന്ന എല്ലാറ്റിലും വലിയ ഒരുവൻ ഉണ്ടെന്ന വിചാരംതന്നെ ഇബ്റാഹീമിന്നില്ലാതായി ...

ഐഹിക ജീവിതം സുഖലോലുപതയുടെ പര്യായമാക്കി ആ ചക്രവർത്തി ജീവിച്ചു ...

ഇവിടെ എന്തും എന്റെ കാൽക്കീഴിലാണ്. തന്റെ ആജ്ഞാനുവർത്തികളാണ് സകലരും. വലിയ വലിയ കൊല കൊമ്പന്മാരായ രാജാക്കന്മാർപോലും തന്നെ ഭയപ്പെടുന്നു. തന്നെ പേടിച്ച് യുദ്ധത്തിന് വരാതെ പലരും കീഴടങ്ങുന്നു ... കപ്പം തരുന്നു, നിരവധി മാണി മാളികകൾ, കൊട്ടാരങ്ങൾ, സ്വർണ്ണ നാണയങ്ങൾ, രത്നങ്ങൾ, സുന്ദരികൾ ങ്ങനെയെല്ലാമെല്ലാം ...

അങ്ങനെ അഹന്തയിൽ മുഴുകിയ രാജാവിന്ന് ഈ സുഖസൗകര്യങ്ങൾ എല്ലാം കേവലം നശ്വരമാണെന്നുള്ള ചിന്ത അല്പം പോലുമുണ്ടായില്ല. അങ്ങനെ, മദോന്മത്തനായി വർഷങ്ങൾ എത്രയാണ് നീക്കിയതെന്നറിയില്ല ...

ചുറ്റുവട്ടത്തുള്ള രാജ്യങ്ങൾ എല്ലാം പിടിച്ചടക്കി.

തന്റെ മേൽക്കോയ്മ അംഗീകരിക്കാത്തവരെ അടിച്ചമർത്തി. സ്വന്തം സുഖലോലുപതയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇബ്റാഹീമിബ്നു അദ്ഹം ജീവിച്ചു...

എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് ശിഥിലമായിരിക്കുകയാണ്. ഈ സുഖലോലുപതയിൽ വൈരസ്യം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൂർവ്വകാല ചിന്തകൾ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്...

രാജാവിന്റെ ഈ മാനസാന്തരത്തിന് കാരണമെന്തായിരിക്കും ...???

തിരുമേനിക്കെന്തുപറ്റി

ഈ ഭൂമുഖത്ത് കാണുന്ന സുഖാഢംബരങ്ങളെല്ലാം നശ്വരമാണ്. ഈ കാണുന്ന ആർഭാടവും അധികാരവും കേവലം നൗമിഷികങ്ങളാണ്. സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ച് ശാശ്വത സ്വർഗ്ഗം കൈവരിക്കാൻ സാധിക്കുന്നവനത്രെ അന്ത്യവിജയി...

ഈ ഒരു പരമാർത്ഥം ഇബ്റാഹീമിബ്നു അദ്ഹമിന്റെ ഹൃദയത്തിൽ അലയടിക്കാൻ തുടങ്ങി. രാജകൊട്ടാരത്തിലാണെങ്കിലും അല്ലാഹുവിന്റെ സ്മരണയിൽ മാത്രമാണ് അദ്ദേഹം ഇപ്പോൾ ജീവിക്കുന്നത്...

ഇപ്പോൾ ഇബ്റാഹീമിബ്നു അദ്ഹം പഴയ ആ ഗർവ്വിഷ്ടനായ രാജാവല്ല. അഹങ്കാരത്തിന്റെ പ്രതീകമായ സ്വേച്ഛാധിപതിയല്ല. രാജ്യഭാര ചുമതലയുണ്ടെന്നതൊഴിച്ചാൽ കേവലം അല്ലാഹുവിനെ ആരാധിച്ച്‌ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഇരുപത്തിനാല് മണിക്കൂറും ആ സ്മരണയിൽ മാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ ...

എത്ര വേഗമാണീ വ്യതിയാനം സംഭവിച്ചതെന്നോ ...? 

മുമ്പ് കൊട്ടാരത്തിനകത്തു നിന്ന്‌ ശ്രുതിമധുരമായ സംഗീതങ്ങൾ എങ്ങും അലയടിക്കുമായിരുന്നു. സംഗീത നാദബ്രഹ്മം കൊണ്ട് രാജാവിന്റെ കാതും കരളും കുളിരണിയിപ്പിക്കുവാൻ വിദഗ്ധരായ സംഗീത വിദ്വാന്മാരെ രാജകൊട്ടാരത്തിൽ ധാരാളം വേതനം കൊടുത്ത് നിയമിച്ചിരുന്നു. എന്നാൽ ഇന്ന് കൊട്ടാരത്തിൽ നിന്ന് സംഗീതത്തിന്റെ മായികനാദം ഉയരുന്നില്ല. ആ സ്ഥാനത്ത് പരിശുദ്ധ ഖുർആന്റെ മന്ത്രമധുര നാഥമാണ് കേൾക്കാൻ കഴിയുന്നത്. ഗായകന്മാരുടെയെല്ലാം സേവനം രാജാവ് അവസാനിപ്പിച്ചിരിക്കയാണ്...

സംഗീത സാഗരത്തിൽ മുങ്ങിപ്പൊങ്ങി ദിനരാത്രങ്ങൾ കഴിച്ചിരുന്ന രാജാവിന്ന് ഇപ്പോൾ സംഗീതം കേൾക്കുന്നത് തന്നെ കർണ്ണകഠോരമായിത്തോന്നുകയാണ്. വാദ്യോപകരണങ്ങൾ കാണുന്നത് തന്നെ വെറുപ്പായിരിക്കുകയാണ്. വിശുദ്ധ വേദ ഗ്രന്ഥത്തിലെ അനശ്വരവും അമാനുഷികവുമായ വാക് ശകലങ്ങൾ മാത്രം അദ്ദേഹത്തിന്റെ കാതിൽ കുളിർമഴ പെയ്യിക്കുന്നു ...

കൊട്ടാരത്തിൽ എത്രയെത്ര നർത്തകികൾ ആയിരുന്നു. രാജാവിന്റെ കണ്ണിന്‌ ഇമ്പമേകാൻ അവർ അതിവിദഗ്ധമായി ചുവടുകൾ വെച്ചുകൊണ്ട് നർത്തനമാടി. ശരീരത്തിന്റെ മാംസളമായ ഭാഗങ്ങൾ ചലിപ്പിച്ചുകൊണ്ട്, കാണുന്നവന്റെ വികാരങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് യുവകന്യകമാർ മതിമറന്നാടി. പക്ഷെ, ഇപ്പോൾ നമ്മുടെ രാജാവിന്ന് അതൊന്നും കണ്ടുകൂടാ ... അദ്ദേഹത്തിന് അവയെല്ലാം അലർജിയായി മാറിയിരിക്കുകയാണ്. നൃത്തങ്ങൾക്ക് പകരം ഇബാദത്തിനെയാണിന്ന്‌ രാജാവ് ഇഷ്ടപ്പെടുന്നത് ... നിരന്തരമായ സുജൂദും റൂകൂഉം അതിലാണിന്ന് രാജാവ് സായൂജ്യമടയുന്നത്...

അങ്ങിനെ കൊട്ടാരത്തിലെ നർത്തകികളെയെല്ലാം രാജാവ് പറഞ്ഞുവിട്ടു. ഒട്ടധികം ദാസിമാരുടെ സേവനം നിർത്തിവെച്ചു. കണ്ടവർക്കും കേട്ടവർക്കുമെല്ലാം അത്ഭുതം ... അവർ മൂക്കത്ത് വിരൽ വെച്ചു ... നമ്മുടെ തിരുമേനിക്കെന്തുപറ്റി ...? അവർ പരസ്പരം ചോദിച്ചു. പക്ഷെ അവരുടെ സന്ദേഹങ്ങളെ ഊതിവീർപ്പിച്ചുകൊണ്ട് രാജാവ് പിന്നെയും തന്നിലേക്ക് തന്നെ ചുരുങ്ങിക്കൊണ്ടിരുന്നു ...

രാജാവിന്ന് ഇബാദത്തുകൾ ചെയ്തിട്ടും ചെയ്തിട്ടും മതിയാവുന്നില്ല. പ്രപഞ്ചനാഥനെ കുറിച്ചുള്ള സ്മരണ അദ്ദേഹത്തിന്റെ കരളിൽ പടർന്നു പന്തലിച്ചുകൊണ്ടിരുന്നു. ഭൗതിക സുഖഭോഗങ്ങളിൽ അദ്ദേഹത്തിന് ഒട്ടുംതന്നെ താൽപര്യമില്ലാതായി. കൊട്ടാരത്തിനകത്ത് നിന്ന് പരിശുദ്ധ ഖുർആന്റെ മധുരിതമന്ത്രമല്ലാതെ മറ്റൊന്നും മുഴങ്ങിക്കേൾക്കരുതെന്ന് രാജാവ് പ്രത്യേകം നിഷ്കർഷിച്ചു ...

യൗവ്വനത്തിന്റെ ചോരത്തിളപ്പ് സിരകളെ വിഭ്രജിപ്പിച്ചപ്പോൾ അഹങ്കാര പ്രവണതയിൽ മുഴുകി, കണ്ണിൽകണ്ട സാമ്രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ച് രക്തച്ചൊരിച്ചിൽ നടത്തി, അതിൽ സായൂജ്യമടഞ്ഞ ഒരു സ്വേച്ഛാധിപതിക്ക് ഇത്ര പെട്ടെന്നുണ്ടായ ഈ വ്യതിയാനം ഒരു യുഗപ്രഭാവന്റെ ആവിർഭാവത്തിന്റെ തുടക്കമായിരുന്നു ...

വിചിത്രമായ ചോദ്യം

സ്വന്തം രാജ്യം വികസിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ജീവിച്ച ചക്രവര്‍ത്തിക്ക് ഇപ്പോള്‍ താന്‍ നേടിയെടുത്ത സാമ്രാജ്യങ്ങളുടെ കാര്യത്തില്‍ ഒരു ചിന്തയുമില്ല. ഭരണകാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. അല്ലാഹു എന്ന ഒറ്റ വിചാരവുമായി കഴിഞ്ഞുകൂടുകയാണ് അദ്ദേഹം. രാവും പകലും ഇബാദത്തുകളില്‍ മുഴുകി നാളുകള്‍ തള്ളി നീക്കുകയാണ് രാജാവ് ...

ഒരിക്കല്‍ വിശുദ്ധ ഖുർആനിലെ വചനങ്ങളുടെ വശ്യതയില്‍ മുഴുകിയിരിക്കുന്ന രാജാവ് കൊട്ടാരാത്തിനകത്തുനിന്നു ഒരു ശബ്ദ കോലാഹലം കേട്ടു. തന്‍റെ ഏകാന്തതയെ ആലോസരപ്പെടുത്തിയ കാര്യമെന്താണെന്നു തെല്ലു നീരസത്തോടെ അദ്ദേഹം ശ്രദ്ധിച്ചു... ഏതോ ഒരുത്തനുമായി കൊട്ടാരത്തിലെ പരിചാരകന്‍ ശണ്ഠ കൂടുകയാണ്. അയാള്‍ എന്തോ ആവശ്യപ്പെടുന്നുമുണ്ട്. അതിനനുവദിക്കാതെ പരിചാരകന്‍ അയാളെ കഴുത്തിനു പിടിച്ചു തള്ളി പുറത്താക്കാനുള്ള ശ്രമത്തിലാണ് ...

വളരെ വിചിത്രമായ ഒരാവശ്യം കൊണ്ടാണ് കൊട്ടാരത്തില്‍ അദ്ദേഹം വന്നത്. അയാള്‍ എങ്ങനെയാണ് കൊട്ടാരത്തിനകത്ത് എത്തിയത് എന്ന് പോലും പരിചാരകര്‍ക്ക് അറിയില്ല. രാജകൊട്ടാരമാണ് എത്രയധികം പടയാളികള്‍, പാറാവുകാര്‍ പുറത്ത് കാവൽ നിൽകുന്നു . കാവൽക്കാരറിയാതെ ഒരീച്ചക്ക് പോലും അതിനകത്ത് കയറിപ്പറ്റാനാവില്ല. പക്ഷേ അത്ഭുതം സംഭവിക്കുകതന്നെ ചെയ്തിരിക്കുന്നു. വിചിത്രമായൊരു ചോദ്യം കേട്ടാണ് കൊട്ടരത്തിനുള്ളിലുള്ളവര്‍ ശ്രദ്ധിച്ചത് ...

എന്‍റെ ഒട്ടകത്തെ ഇവിടെയെങ്ങാനും കണ്ടോ...?
വല്ലാത്തൊരു ചോദ്യം ....!!!

രാജകൊട്ടാരത്തിനകത്തു ഒട്ടകത്തെ തിരയുകയോ...?

ഇത് ചോദിക്കുന്നവന്‍ ഒരുപക്ഷെ ഭ്രാന്തനോ ചിത്തഭ്രമം സംഭവിച്ചവനോ ആയിരിക്കും... ആരായാലും ശരി ആളെ കണ്ടുകിട്ടിയിട്ടുവേണ്ടേ സത്യാവസ്ഥ മനസ്സിലാക്കാന്‍. എന്നാല്‍ കൊട്ടാരത്തിനകത്ത് മുഴുവന്‍ തിരഞ്ഞിട്ടും ചോദ്യകർത്താവിനെതന്നെ കണ്ടുകിട്ടിയില്ല. രാജഭടന്മാര്‍ക്ക് അത്ഭുദം തോന്നി ...
ഇതെന്താണ് വല്ല അശരീരിയുമായിരിക്കുമോ...?

അവര്‍ പിന്നെയും പരതി ...

ഒടുവില്‍ ആ പരിചാരകന്മാര്‍ ആ ചോദ്യകര്‍ത്താവിനെ കണ്ടുപിടിക്കുക തന്നെ ചെയ്തു. അയാള്‍ നിൽകുന്നത് എവിടെയാണെന്നോ ...?

ആ ഉത്തുംഗ സൗധത്തിന്‍റെ മുകളിലെ തട്ടില്‍ ഏതോ ഒരു പരിചാരകനാണ് ആ ചോദ്യ കര്‍ത്താവിനെ ആദ്യം കണ്ടുമുട്ടിയത്‌ ...
ഇതാ ആള്‍ ഇവിടെ ഉണ്ട് ...

ആ പരിചാരകന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ...

അതുകേട്ടു ഭൃത്യന്മാരെല്ലാം അങ്ങോട്ടോടി. എല്ലാവരും ചോദ്യകര്‍ത്താവിനെ കണ്ടു. മാത്രമല്ല ആ വിചിത്രമായ ചോദ്യം അവരെല്ലാവരും കാതില്‍ കേള്‍ക്കുകയും ചെയ്തു ...
“ ഇവിടെയെങ്ങാനും എന്‍റെ ഒട്ടകത്തെ കണ്ടോ ...?”

രാജ കിങ്കരന്മാര്‍ക്ക് അത്ഭുതവും ഭയവും കോപവും എല്ലാം ഒന്നിച്ചു വന്നു. ഇത്രയധികം കാവല്‍ക്കാരും സജ്ജീകരണങ്ങളും ഉള്ള ഒരു കൊട്ടാരത്തിനകത്ത് ഈ വിചിത്ര ചോദ്യകര്‍ത്താവ് എങ്ങനെ കയറിക്കൂടി ....

അതായിരുന്നു പരിചാരകന്മാരുടെ അദ്‌ഭുതത്തിനു കാരണം. കാവൽകാരുടെ കണ്ണുവെട്ടിച്ചു ഇങ്ങനെ ഒരാള്‍ കൊട്ടാരത്തിനകത്ത് കയറിവന്നത് ചക്രവർത്തിയെങ്ങാനും അറിയാനിടയായാല്‍
തങ്ങളുടെ കഴിവുകേടാണെന്നു പറയുകില്ലേ ...?

ഞങ്ങളെ ആക്ഷേപിക്കുകയില്ലേ...?

ഒരുവേള ജോലിയില്‍ നിന്നുതന്നെ പിരിച്ചുവിടുകയില്ലേ ...
ഇതെല്ലാമായിരുന്നു അവരുടെ ഭയത്തിനു കാരണം ...

തങ്ങളെ എല്ലാവരെയും വിഡ്ഢികളാക്കി. കൊട്ടാരത്തിന്റെ ശക്തമായ വാതിലുകള്‍ തള്ളിത്തുറന്നു. കാവൽകാരെ കബളിപ്പിച്ച് ഇയാള്‍ കൊട്ടാരത്തിനകത്ത് കയരിക്കൂടിയില്ലേ ഇതെല്ലാമോർത്തുകൊണ്ട് അവര്‍ കോപാകുലരായത് ...

കഠിനമായ കോപത്തോടുകൂടി അവര്‍ മനുഷ്യനെ പിടികൂടി. പലരും മര്‍ദ്ദനത്തിനു വേണ്ടി അയാളുടെ ദേഹത്തില്‍ കൈ വെക്കനാഞ്ഞു. പക്ഷേ കൂട്ടത്തില്‍ നിന്നും കരുത്തനും ആജ്ഞാനുശക്തിയുള്ളവനുമായ ഒരുത്തന്‍ ആ ഉദ്യമത്തില്‍ നിന്നും അവനെ തടഞ്ഞു ...

നിങ്ങളെന്താണീ കാണിക്കുന്നത് ഇയാളുടെ മട്ടും ഭാവവും സംസാരവുമെല്ലാം കേട്ടിട്ട് തികച്ചും ഒരു ഭ്രാന്തനെ പോലെയാണിരിക്കുന്നത്.ബുദ്ധിക്കു സ്ഥിരതയില്ലാത്തവനെ ഉപദ്രവിക്കുന്നത് ശരിയല്ല ...

ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ ആഗതന്‍റെ സമീപം വന്നു ഇപ്രകാരം ചോതിച്ചു ...

ഹേ മനുഷ്യാ നിങ്ങളെങ്ങിനെ ഈ കൊട്ടാരത്തില്‍ കയറിപ്പറ്റി...
ഉരുക്കുകൊണ്ടുണ്ടാക്കിയ കവാടങ്ങളല്ലേ പോരാത്തതിന് ശക്തരും ആയുധ ധാരികളായ പാറാവുകാരും. അവരുടെയെല്ലാം കണ്ണുവെട്ടിച്ചു നിങ്ങളെങ്ങിനെ ഇതിനകത്ത് കയറി ...

ഞാന്‍ എന്‍റെ ഒട്ടകത്തിനെ കാണാതായിട്ട് പല സ്ഥലത്തും തിരഞ്ഞു നടന്നു. എവിടെയും കണ്ടെത്തിയില്ല. കൂട്ടത്തില്‍ ഇവിടെയും തിരയാമെന്നുവച്ചു ...
“ എന്‍റെ ഒട്ടകത്തെ ഇവിടെയെങ്ങാനും കണ്ടോ ...??? ”

വീണ്ടും അതെ പല്ലവി തന്നെ. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ മറ്റുള്ളവരെ കൈ വയ്ക്കുന്നതില്‍ നിന്നും തടഞ്ഞ ആ പരിചാരകനും ദേഷ്യവും കോപവും വന്നു തുടങ്ങിയിരിക്കുന്നു...

അയാള്‍ ചോദിച്ചു ,,,,, ഹേ മനുഷ്യാ.....

നിങ്ങൾക്കു ഭ്രാന്തുണ്ടോ...?

ഈ സ്ഥലം എതാണെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത് ... ?
ഇത് രാജകൊട്ടാരമാണ് ...!!!

രാജകൊട്ടാരത്തിലാണോ ഒട്ടകത്തെ തിരയുന്നത്...??

അതൊന്നും ആഗതന്‍ ശ്രദ്ധിക്കുന്നില്ല... അയാള്‍ വീണ്ടും തന്‍റെ ശ്രമം തുടരാനുള്ള ഭാവമാണ്. എന്നെ വിടൂ

ഞാന്‍ ഇവിടം മുഴുവനും ഒന്ന് കയറിയിറങ്ങട്ടെ
ഇവിടെയെങ്ങാനും ആരുടെയെങ്ങാനും ശ്രദ്ധയില്‍ പെടാതെ എന്‍റെ ഒട്ടകം നില്പുണ്ടെങ്കിലോ ...?

അയാള്‍ കുതറി. ഭടന്മാര്‍ ശക്തിപൂര്‍വ്വം പിടിച്ചു നിര്‍ത്തി ...
ഇയാള്‍ തികച്ചും ഒരു ഭ്രാന്തന്‍ തന്നെ...
അവര്‍ തീരുമാനിച്ചു ...

ഈ ശബ്ദ കോലാഹലങ്ങളാണ് രാജാവിന്‍റെ ചെവിയിലെത്തിയത് ...

മൂഢസ്വർഗ്ഗത്തിന് താഴെ 

ആരവിടെ ...

ചക്രവർത്തിയുടെ സ്വരം കേട്ട് ഒരു ഭടൻ ഇങ്ങോട്ടോടിവന്നു ...
എന്താണ് ഇവിടെയൊരു ബഹളം...?

അത് ഒരപരിചിതൻ കൊട്ടാരത്തിൽ കയറിയിരിക്കുന്നു ... അയാളെ പിടിച്ച് പുറത്താക്കുന്നതിന്റെ ബഹളമാണ്...

അയാളുടെ ആവശ്യമെന്താണ് ... ?

ഒരാവശ്യവുമില്ല... വർത്തമാനം കേട്ടിട്ട് അയാളൊരു ഭ്രാന്തനാണെന്നാണ് തോന്നുന്നത്...

ങും അതെന്താ ...

അയാളുടെ ഓരോട്ടകം കാണാതായിരിക്കുന്നുവത്രെ... അത് തിരയാനാണ് കൊട്ടാരത്തിനകത്ത് കയറിയതെന്നാണ്...

രാജാവിന് ആ വാർത്ത കേട്ട് അത്ഭുതം തോന്നി... ഒട്ടകം തിരയുന്നത് രാജകൊട്ടാരത്തിലോ ...? വിചിത്രം തന്നെ ... ആട്ടെ അയാളെ ഉടൻ നമ്മുടെ സന്നിധിയിൽ ഹാജരാക്കൂ ...

രാജാവ് കല്പിച്ച നിമിഷങ്ങൾക്കകം രാജകീയാജ്ഞ നിറവേറ്റപ്പെട്ടു ...
ആഗതൻ ചക്രവർത്തിയുടെ മുന്നിലെത്തി...

താങ്കൾ ആരാണ് ...? എങ്ങനെ ഈ കൊട്ടാരത്തിനകത്തെത്തി ... ചക്രവർത്തി ചോദിച്ചു ...

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാനിവിടെ എത്തിച്ചേർന്നു ... അവന്റെ കഴിവിന്നതീതമായി വല്ലതുമുണ്ടോ ... ആഗതൻ പ്രതിവചിച്ചു ...

ആട്ടെ, നിങ്ങൾ ഇത്രയും പാടുപെട്ട് ഇവിടെ വന്നതെന്തിനാണ്...

എന്റെ ഒരൊട്ടകം കാണാതായിരിക്കുന്നു ... അത് ഇവിടെയെങ്ങാനും വന്നുപെട്ടിട്ടുണ്ടോ എന്നന്വേഷിച്ചു വന്നതാണ്...

താങ്കൾക്ക് ചിത്തഭ്രമം പിടിപെട്ടോ... ? രാജകൊട്ടാരത്തിനകത്ത് ആരെങ്കിലും ഒട്ടകത്തെ തിരഞ്ഞു വരുമോ ...?

രാജാവിന്റെ ചോദ്യം കേട്ട് ആഗതൻ പൊട്ടിച്ചി രിച്ചു ...

എന്താ ഹേ നിങ്ങൾ ചിരിക്കുന്നത് ... രാജാവ് കോപാകുലനായി ചോദിച്ചു ...
ഒന്നുമില്ല. രാജകൊട്ടാരത്തിൽ വന്ന് ഒട്ടകത്തെ അന്വേഷിക്കുന്ന എനിക്ക് ഭ്രാന്താണെന്ന് അങ്ങയും പരിചാരകന്മാരും ഒന്നടങ്കം പറയുന്നു. ശരി സമ്മതിച്ചിരിക്കുന്നു എനിക്ക് ഭ്രാന്ത് തന്നെ. എന്നാൽ എന്നെക്കാൾ വലിയ ഭ്രാന്തൻ ചക്രവർത്തിയാണെന്നു ഞാൻ പറയുന്നു ..
.
ഹെന്ത് നമുക്ക് ഭ്രാന്താണെന്നോ ...?

അതേ തിരുമേനി. അങ്ങ് സുകലോലുപനായി ഈ കൊട്ടാരത്തിൽ ജീവിക്കുന്നു. വെഞ്ചാമരം വീശാൻ കന്യകമാർ, ആജ്ഞാനുവർത്തികളായ പരിചാരകന്മാർ, രാസ സമ്പൂർണ്ണമായ ഭക്ഷ്യ വിഭവങ്ങൾ, എല്ലാമെല്ലാം കൈപ്പിടിയിൽ അമർന്നുനിൽക്കുന്നു. അങ്ങ് ഭൗതിക സുഖത്തിന്റെ ഏറ്റവും വലിയ പറുദീസയിലാണ് വാഴുന്നത്. ഇങ്ങനെ സുഖസമൃദ്ധിയിൽ വാഴുന്നതോടൊപ്പമാണ് അങ്ങ് അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുന്നു. പാരത്രിക വിജയം കൊതിക്കുന്നു... സർവ്വലോക രക്ഷിതാവിന്റെ പ്രീതി കാംക്ഷിക്കുന്ന ഭൗതിക സുഖത്തിന്റെ പരിലാണനമേറ്റുകൊണ്ട് ആഖിറത്തിന്ന് വേണ്ടി ആഗ്രഹിക്കുന്നത് രാജകൊട്ടാരത്തിൽ ഒട്ടകത്തെ തിരയുന്നതിനെക്കാൾ എത്രയോ മടങ്ങ് അബദ്ധമാണ്...

ഇബ്റാഹീമിബ്നു അദ്ഹം എന്ന മഹാരാജാവ് ആ മനുഷ്യന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചുപോയി ... ഇത്രയും കാലം മൂഢസ്വർഗ്ഗത്തിലായിരുന്നു താൻ എന്ന ഉത്തമ വിശ്വാസം അദ്ദേഹത്തിനുണ്ടായി ... ചക്രവർത്തിയുടെ ഹൃദയത്തിൽ ആയിരമായിരം ചിന്താശകലങ്ങൾ മുള പൊട്ടുവാൻ തുടങ്ങി. അദ്ദേഹം എന്തോ സംശയം തീർക്കുവാൻ വേണ്ടി ആഗതന്റെ മുഖത്തേക്ക് ഒന്നുകൂടി തലയുയർത്തി നോക്കി. അത്ഭുതം അയാളെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല... തന്റെ അടുക്കൽ വന്നത് വെറും ഒരു സാധാരണ മനുഷ്യനല്ലെന്നു രാജാവിന് ബോധ്യമായി. പശ്ചാത്താപം കൊണ്ട് ആ ഹൃദയം നീറിപ്പുകഞ്ഞു ... രാജാവിന്റെ ഇരു നയങ്ങളിൽ നിന്നും കണ്ണുനീർ കണങ്ങൾ ധാരധാരയായി ഒഴുകാൻ തുടങ്ങി...

യാ റബ്ബീ ... എന്തൊരു ജീവിതമാണ് ഞാൻ ഇതുവരെ നയിച്ചത്. വെറും നശ്വരമായ ഐഹിക ജീവിതത്തിലെ സുഖഭോഗങ്ങൾക്കു വേണ്ടി ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ എത്രയാണ് തുലച്ചത്. ചിന്തിക്കുന്തോറും എന്തോ ഒരു ഭീതി അദ്ദേഹത്തിന്റെ ഹൃദയത്തിൽ അടിഞ്ഞുകൂടി ...

ഭൗതിക സുഖങ്ങൾ വെട്ടിപ്പിടിക്കാൻ വേണ്ടി യത്നിച്ചതല്ലാതെ പാരത്രിക ജീവിതത്തിന്റെ നന്മക്കു നിതാനമായ ഒരു പ്രവർത്തനവും തന്നിൽ നിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല, ഇപ്പോൾ അങ്ങനെ ഒരു ചിന്ത ഉണ്ടായതോ, സുഖസമൃദ്ധിയുടെ ചുമലിലേറിയിരുന്നു കൊണ്ടും കുടം കമിഴ്ത്തി വെള്ളമൊഴിക്കുന്നതിന് തുല്യമല്ലേ ഇപ്പണി ... ഇത് തനിക്ക് തീരെ ബാധമുണ്ടായില്ല. എന്റെ മനസ്സിനെ നേർ വഴിയിലേക്കു തിരിക്കാനായി വന്ന ആ അജ്ഞാനതനായ അതിഥി ആരായിരിക്കും ...? അയാൾ പറഞ്ഞതത്ര ശരി... രാജകൊട്ടാരത്തിൽ ഒട്ടകത്തെ തിരയുന്നു ...

സുഖസൗഭാഗ്യങ്ങളുടെ മുകളിൽ ഇരുന്നുകൊണ്ട് പാരത്രിക മോക്ഷം കൊതിക്കുന്നു. ഇല്ല ... ഒരിക്കലും ഞാനിനി ഈ സിംഹാസനത്തിൽ ഇരിക്കില്ല ...

മറ്റൊരിക്കൽ  നായാട്ടിനു പോയിട്ട് വന്നപ്പോൾ , തന്റെ പട്ടു മെത്തയിൽ മുറി വൃത്തി ആക്കുന്ന സ്ത്രീ കിടന്നുറങ്ങുന്നു .

ദേഷ്യം പൂണ്ട രാജാവ് ആ സ്ത്രീയെ അടിക്കുകയുണ്ടായി .

അടികൊണ്ടു ആ സ്ത്രീ ആദ്യം ചിരിക്കുകയും പിന്നീട് കരയുകയും ചെയ്തു .

എനിക്കൊരടി അങ്ങേക്കോ...

രാജാവ് അതിന്റെ വിശദീകരം ആരാഞ്ഞു ..

അല്ലയോ മഹാരാജാവേ എനിക്കൊരബദ്ധം പിണഞ്ഞു തൊട്ടുമുന്നില്‍ സുഖം കണ്ടപ്പോള്‍ അതൊന്നാസ്വദിക്കണമെന്നുതോന്നി.

അങ്ങ് മലര്‍വാടിയില്‍ ഉല്ലസിക്കാന്‍ പോയ സന്ദര്‍ഭത്തിലാണ് ഈ മുറി തൂത്തു വാരാന്‍ ഞാനെത്തിയത്. എന്‍റെ അവിവേകമല്ലാതെന്തുപറയാന്‍ ... അങ്ങയുടെ സപ്രമഞ്ചത്തിന്റെ മനോഹാരിതയും മൃതുത്വവും എന്നെ വല്ലാതെ ആകര്‍ഷിച്ചു ...

എനിക്കതൊന്നു തൊട്ടു നോക്കാനാണ് ആദ്യം തോന്നിയത്. തൊട്ടപ്പോള്‍ ഒരുതരം വിഭ്രമാവസ്ഥ എന്നെ പിടികൂടി. ആ മൃദു മെത്തയില്‍ ഒന്ന് ശയിക്കണം അതായി എന്‍റെ ഒടുങ്ങാത്ത അഭിലാഷം. അങ്ങയുടെ ഭീമമായ ശിക്ഷകളെ കുറിച്ചൊന്നും ഞാനോര്‍ത്തില്ല. അതില്‍ കേറിക്കിടന്നങ്ങനെ ഉറങ്ങിപ്പോയി. അതാണ്‌ സംഭവിച്ചത്...

ദാസിയുടെ വിശദീകരണം കേട്ട് രാജാവ് പറഞ്ഞു, ഈ കഥയെല്ലാം നിന്‍റെ
മുഖഭാവത്തില്‍നിന്നു തന്നെ എനിക്ക് മനസ്സിലായി. നീ അടികൊണ്ടയുടനെ ചിരിച്ചതെന്തിനാണെന്നാണ് എനിക്ക് മനസ്സിലാകാത്തത് ...?

അതെ... ഞാനീ ചെയ്ത അപരാതത്തിനു അങ്ങയില്‍ നിന്ന് കിട്ടുന്ന ശിക്ഷ
അതികഠിനമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഈ പ്രഹരം
കൊണ്ട് അതവസാനിച്ചു. ആ സന്തോഷം കൊണ്ടാണ് ഞാന്‍ ചിരിച്ചത് ...
‘’പിന്നെ നീ പോട്ടിക്കരഞ്ഞതെന്തിനാണ്...? ‘’
അത്.......അത് തിരുമേനീ....

ഞാൻ ഒരൊറ്റക്കാര്യം ഓർത്തുകൊണ്ടാണ്... അങ്ങയുടെ പരിതാപകരമായ അവസ്ഥ എനിക്ക് അങ്ങയില്‍നിന്നു കിട്ടിയ പ്രഹരത്തിനു ഒരു പരാതിയുമില്ല. നേരെമറിച്ച് സന്തോഷമേയുള്ളൂ....

കേവലം നിമിഷങ്ങൾ മാത്രം ഈ മൃതുല മെത്തയില്‍ വിശ്രമിച്ചതിനു
എന്‍റെ യജമാനനായ അങ്ങയില്‍ നിന്നെനിക്കു ലഭിച്ചത് ഈ പ്രഹരമാണ്. 
എന്നാല്‍ സ്ഥിരമായി ഈ മൃതുലമെത്തയില്‍ ശയിക്കുകയും സകലവിധ സുഖാഢംബരങ്ങളും ആസ്വദിക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക്, അങ്ങയുടെയും എന്‍റെയും യജമാനനില്‍നിന്നും ലഭിക്കുന്ന ശിക്ഷ
എന്തായിരിക്കും...

ഈ ഒരു കര്യമോര്‍ത്തുകൊണ്ടാണ് ഞാന്‍ പൊട്ടിക്കരഞ്ഞുപോയത് ...

ഒരുനിമിഷം രാജാവ് പ്രതിമയെപോലെ നിശ്ചലനായി നിന്നുപോയി ...
ഒരിക്കലും പിറകോട്ടു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ലാത്ത അദ്ദേഹത്തിനെ തന്‍റെ പൂര്‍വകാല ജീവിതത്തെ കുറിച്ചുള്ള സ്മരണകള്‍ വേട്ടയാടാന്‍ തുടങ്ങി... 

വെറും നശ്വരമായ  ഐഹിക സുഖാഢംബരഭരങ്ങളെ വാരിപ്പുണര്‍ന്നുകൊണ്ട്, തന്‍റെ
കീര്‍ത്തിക്കുവേണ്ടി രക്തച്ചൊരിച്ചില്‍ നടത്തികൊണ്ട് ഇത്രയുംകാലം ജീവിതം
നയിച്ചു. ഇതുവരെ എല്ലാമൊരു ഹരമായിരുന്നു. ആസ്വാദകരമായ ജീവിതത്തെ വാരിപ്പുണരുന്നതിനിടയില്‍ പാരത്രീക ജീവിതത്തെക്കുറിച്ച് ഒട്ടും
തന്നെ ചിന്തിച്ചില്ല. തന്‍റെയും ലോകത്തിന്റെയും യജമാനനായ
അള്ളാഹു സുബുഹാനഹു വതാലയെകുറിച്ചു അല്പം പോലും ഓര്‍ത്തില്ല. 

ഇപ്പോള്‍ ഇതാ ഈ അടിമപ്പെണ്ണു തന്‍റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു. അവള്‍
വലിയൊരു പാഠം തന്നെ  പഠിപ്പിച്ചിരിക്കുന്നു...

ഒരു നിമിഷ നേരം അവള്‍ ഈ മെത്തയില്‍ കിടന്നതിനു അവളുടെ യജമാനനില്‍
നിന്ന് പ്രഹരം കിട്ടി തനിക്കോ...?

ജീവിതത്തില്‍ ഇതേ വരെ സ്വന്തം സുഖം മാത്രമേ നോക്കിയിട്ടുള്ളൂ... 

അതിന് വേണ്ടി എന്ത് ത്യാഗവും സഹിച്ചു.
മറ്റുള്ളവരുടെ രക്തത്തിലും കണ്ണുനീരിലും തന്‍റെ സുഖ മാളിക പടുത്തുയർത്തുന്നതില്‍ ഒട്ടും തന്നെ കുറ്റബോധം തോന്നിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അവയെല്ലാം തന്‍റെ ഹൃദയത്തില്‍ വന്നടിക്കുകയാണ് ...
പൂര്‍വകാല ജീവിതത്തിലെ പാപപങ്കിലമായ നാളുകള്‍ ഇന്ന്
തന്നെ വേട്ടയാടുകയാണ്...
രാജാവ് പിന്നെ ഒരക്ഷരം ഉരിയാടിയില്ല ...
അടിമപ്പെണ്ണിന്‍റെ വാക്കുകള്‍ വിഷലിപ്തമായ ശരങ്ങള്‍ പോലെ രാജാവിന്റെ ഹൃദയത്തെ നീറ്റിച്ചു. ഊണിലും ഉറക്കത്തിലും അദ്ദേഹത്തിന് താൽപര്യമില്ലാതായി. 

തന്‍റെ പാപങ്ങൾക്ക് എങ്ങിനെ പ്രായശ്ചിത്തം ചെയ്യണമെന്നറിയാതെ അദ്ദേഹം കുഴഞ്ഞു ...

ഇത്രയും കാലം ഭൗതീക ജീവിതത്തിന്റെ മായിക ലഹരിയില്‍ ഉന്മത്തനായി
നടക്കുകയായിരുന്ന രാജാവ് ... 

എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പാശ്ചാത്താപത്തിന്റെ കൊച്ചോളങ്ങള്‍ അലയടിച്ചു തുടങ്ങി ...

അല്ലാഹുവിന്‍റെ ഹിദായത്തിന് ഭാഗ്യം സിദ്ദിച്ചവര്‍ അവര്‍ എത്രതന്നെ
ദുര്‍വൃത്തരാണെങ്കിലും ശരി, ഒരു ചെറിയ സംഭവം മതി മഹത്തായ വഴിത്തിരിവ് സൃഷ്ടിക്കാന്‍ എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവിടെ കണ്ടത് ...

ഈ സംഭവത്തിനു ശേഷം ഒരിക്കലും തന്നെ രാജാവിനു മതിമറന്നു ഭൗതീക
സുഖലോലുപതയില്‍ ലയിക്കാന്‍ കഴിഞ്ഞിട്ടില്ല ... 
പുതിയ സാമ്രാജ്യങ്ങള്‍ വെട്ടിപിടിക്കണമെന്നുള്ള ആഗ്രഹംതന്നെ ഇല്ലാതായി... 
ആഢംബരങ്ങളില്‍ നിന്ന്‍ അകലാന്‍ തന്നെ ദാഹമുണ്ടായി. എങ്കിലും 
ഐഹീകമായ കേടുപാടുകളില്‍ നിന്ന് പെട്ടന്നങ്ങ് വിട്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചില്ല ...

ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനല്ലേ പെട്ടെന്നങ്ങ് പ്രജകളെ  അനാധമാക്കുവാന്‍ പറ്റുമോ...?

ഈയൊരു ചിന്ത കൊണ്ടുമാത്രം അദ്ദേഹം ഭരണത്തില്‍ തുടര്‍ന്നു.

രാജാവായി പ്രജകളുടെ ക്ഷേമങ്ങള്‍ നോക്കി ജീവിക്കുന്നതും പുണ്യമല്ലേ ...
ആ നിലക്കായി പിന്നെ അദ്ദേഹത്തിന്‍റെ 

ചിന്ത. തന്‍റെ പ്രജകളെ അകമഴിഞ്ഞ് സ്നേഹിക്കുകയും, അവരുടെ കണ്ണുനീരൊപ്പുകയും, വിഷമതകള്‍ പരിഹരിക്കുകയും ചെയ്തുകൊണ്ട് മഹാരാജാവ് നാളുകള്‍ നീക്കി ...

തിരക്കിട്ട രാജ്യകാര്യങ്ങൾക്കിടയില്‍നിന്നും നമസ്കരിക്കാനും, ഖുര്‍ആന്‍ പാരായണം ചെയ്യാനും മറ്റു ഇബാദത്ത്കള്‍ക്കും
അദ്ദേഹം സമയം കണ്ടെത്തി ...

വെറുമൊരു മനുഷ്യനുവേണ്ടി 

ഭൗതിക ലഹരിയിൽ നിന്നും തീർത്തും വിമുക്തിയില്ലെങ്കിലും അധ്യാത്മീക കാര്യങ്ങളിലുള്ള പ്രതിപത്തി രാജാവിന്ന് നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരുന്നു ...

അല്ലാഹുവിനെക്കുറിച്ചും ആഖിറത്തേക്കുറിച്ചും കൂടുതൽ കൂടുതൽ കേൾക്കുവാനും അറിയുവാനുമുള്ള ത്വര അദ്ദേഹത്തിന്റെ ഹൃദയത്തിൽ വളർന്നുവന്നു. മതപ്രഭാഷണവും മറ്റു ദീനിയായ സഹായങ്ങളും നടക്കുന്നിടത്തെല്ലാം രാജാവ് എത്തിച്ചേർന്നു. ഉന്നതന്മാരായ പണ്ഡിതന്മാരുടെയും സൂഫിവാര്യന്മാരുടെയും ആഗമന വാർത്ത അറിഞ്ഞാലുടൻ അവരുടെ അടുത്ത് ഓടിയെത്തുകയും അവരിൽനിന്ന് വിജ്ഞാനം നുകരുകയും ചെയ്യുന്ന പതിവ് രാജാവ് തുടർന്നുകൊണ്ടിരുന്നു ...

തിരുമേനി, നമ്മുടെ രാജ്യത്ത് മഹാനായ ഒരു സൂഫിവര്യൻ എത്തിച്ചേർന്നിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ നാടിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ എത്തിച്ചേരുന്നു ...

അന്നൊരിക്കൽ ഒരു ഭടൻ വന്ന്‌ രാജാവിനെ ഉണർത്തിച്ചതാണ് ഈ വിവരം...

സൂഫിവാര്യനോ ... എങ്കിൽ അദ്ദേഹത്തിന്റെ പ്രഭാഷണം നമുക്കൊന്ന് കേൾക്കണം ...

അന്നുതന്നെ പ്രഭാഷണം കേൾക്കാൻ രാജാവ് പോവാൻ സന്നദ്ധനായി ...

സാധാരണക്കാരുടെ യാത്രപോലെ അല്ലല്ലോ, മഹാരാജാവല്ലേ ... എങ്ങോട്ട് പുറപ്പെടുകയാണെങ്കിലും കൂടെ കുറെ സൈന്യങ്ങളും പരിവാരങ്ങളും ഉണ്ടാകും...

ഉപദേശം കേൾക്കാൻ പോവുകയാണെന്ന് വെച്ച് അതില്ലാതാക്കാൻ പറ്റുമോ ...?

അങ്ങിനെ പരിവാരങ്ങളോടുകൂടിത്തന്നെയാണ് രാജാവ് പ്രഭാഷണ സ്ഥലത്തേക്ക് പുറപ്പെട്ടത്.

മഹാനായ സൂഫിവാര്യൻ കേവലം കുമിളപോലെയുള്ള നശ്വരമായ ഐഹിക സുഖഭോഗങ്ങളുടെ പുറകെ പോകുന്നതിലുള്ള ബുദ്ധിശൂന്യതയെ കുറിച്ച് വളരെ സമർത്ഥമായി പ്രതിപാതിക്കുകയായിരുന്നു ... ജനങ്ങളെല്ലാം സൂഫിവാര്യന്റെ പ്രഭാഷണത്തിൽ മുഴുകി ഇരിക്കുകയാണ്... ചിലരുടെ കവിളുകളിലൂടെ കണ്ണുനീർ തന്നെ ചാലിട്ടൊഴുകുന്നുണ്ട്...

പെട്ടെന്നാണ് അധികം അകലെ നിന്നല്ലാതെ ഒരാരവം കേട്ടത്... കുതിരക്കുളമ്പടി ശബ്ദം, പൊടിപടലങ്ങൾ ആകാശം മുട്ടെ ഉയരുന്നു...

ജനങ്ങളിൽ ബഹുഭൂരിഭാഗവും അങ്ങോട്ടുതിരിഞ്ഞു നോക്കി. 

നിമിഷങ്ങൾക്കകം ആ സംഘം അവിടെയെത്തി... രാജാവും പരിവാരങ്ങളുമായിരുന്നു അത്...

രാജാവിന്റെ ആഗമന വാർത്തയറിഞ്ഞപ്പോൾ ജനങ്ങളെല്ലാം ചിതറി ... തങ്ങൾ മഹത്തായ ദീനിന്റെ മജ്‌ലിസിൽ ആണെന്നുള്ള വാർത്തപോലും അവരിൽ നിന്നുചോർന്നുപോയി ... അവരെല്ലാം രാജസന്നിതത്തിലേക്കോടി... ആ കാൽ തൊട്ടുവന്ദിച്ചു ...രാജാവിന്ന് വരവേൽപ്പ് നൽകി...

കേവലം സർവ്വ സാധാരണമായ ഈ ആചാരം, പ്രജകളെ അടക്കി ഭരിക്കുന്ന രാജാവ് ഭയത്തിൽ നിന്നുടലെടുത്ത ആദരവ് പ്രകടിപ്പിക്കുന്ന ജനങ്ങൾ. ഐഹിക പരിത്യാഗിയായ ആ സൂഫിവര്യനു ജനങ്ങളുടെ ഈ പരാക്രമങ്ങൾ കണ്ട് കലിയിളകി ...

സാധാരണ ഗതിയിൽ കോപം എന്ന വികാരത്തിന് അടിമപ്പെടുന്നവരല്ല സൂഫിവാര്യന്മാർ... എന്നാൽ ദീനിന്റെ കാര്യത്തിൽ അവർക്ക് കോപം വരും. ഇവിടെയതാണ് സംഭവിച്ചത്...

അല്ലാഹുവിനെ കുറിച്ചും അവന്റെ ദീനിനെ കുറിച്ചും വിശദീകരിക്കുന്ന, മഹത്തായൊരു സദസ്സിനെ അവഗണിച്ചുകൊണ്ട് കേവലം ഒരു മനുഷ്യന്റെ ആഗമനത്തിന് വരവേൽക്കുക...

മനുഷ്യൻ മനുഷ്യനെ വന്ദിക്കുക... അതും ആവശ്യത്തിലധികം... അതിന്ന് ദീൻകാര്യം പോലും വിസ്മരിക്കുക ...പിന്നെയെങ്ങിനെ സൂഫിവര്യന് കോപം വരാതിരിക്കും ...

ജനങ്ങളെല്ലാം തെല്ല് ശാന്തമായപ്പോൾ ആ മഹാൻ ഇപ്രകാശം ആക്രോശിച്ചു ...
കേവലം ഒരു മനുഷ്യനായ ഇബ്രാഹിമിനെ നിങ്ങൾ എന്തിനാണ് ഇത്രയധികം ബഹിമാനിക്കുന്നത് ... അതിനുവേണ്ടി ദീനിന്റെ സദസ്സ്‌പോലും നിങ്ങൾ അവഗണിച്ചു ...

ഇത് ഒരിക്കലും നല്ലതല്ല. നിങ്ങൾ എന്താണ് വിചാരിക്കുന്നത്. ഇബ്‌റാഹിം ഭൗതിക രാഷ്ട്രത്തിലെ ഒരു ചക്രവർത്തി തന്നെ സമ്മതിച്ചു ... പക്ഷെ, ചക്രവർത്തികളുടെ ചക്രവർത്തിയായ രാജാധിരാജനായ അള്ളാഹുവിനെ നിങ്ങളൊരിക്കലും മറന്നുപോകരുത് ...

അവന്റെയടുക്കൽ രാജാവായ ഇബ്രാഹിമും പ്രജകളായ നിങ്ങളും സമന്മാരാണ്. ഒരുപക്ഷേ, ഇബ്രാഹിമിനേക്കാൾ അല്ലാഹുവിന് പ്രിയങ്കരൻ നിങ്ങളായിരിക്കാം... അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ കല്പനകൾക്കനുസൃതമായി ജീവിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ പാരത്രിക വിജയം കൈവരിക്കാനാകുകയുള്ളൂ ...

എന്നാൽ ഇബ്രാഹിം അവന്റെ നാഥനെ തൊട്ട്സ്മരിക്കുന്നില്ല. അല്ലാഹുവിന്റെ ആജ്ഞകൾ വിവരിക്കുന്നില്ല. ഭൗതിക സുഖഭോഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ് ഇബ്രാഹിമിന്റെ ജീവിതം. എത്ര നിരപരാധികളുടെ രക്തം ചിന്തിയാണ് രാജാവ് ഈ സാമ്രാജ്യം പടുത്തുയർത്തിയത്..
.
അല്ലാഹുവിനെ വിസ്മരിച്ചുകൊണ്ട്, അവന്റെ കല്പനകളെ ധിക്കരിച്ചുകൊണ്ട് എന്തെല്ലാം കൊള്ളാരുതായ്മകളാണ് ഇബ്രാഹിം കാണിച്ചത്... നാളെ പരലോകത്ത് വെച്ചു ഇതെല്ലാം കയ്യും കെട്ടി നോക്കിനിന്നുകൊണ്ട് സമാധാനം പറയേണ്ടി വരുമെന്നുള്ള കാര്യം നിങ്ങളുടെ രാജാവ് ഓർക്കുന്നുണ്ടോ ... ഇല്ല ...ഒരിക്കലുമില്ല ... ഭൗതികത്വത്തിന്റെ മായികലഹരിയിൽ അയാൾ അത്രകണ്ട് മതിമറന്നിരിക്കുകയാണ് ...

സൂഫിവര്യന്റെ പ്രസംഗം തുടരുകയാണ്. ജനങ്ങൾ മിഴിച്ചുനോക്കുന്നു ...
ഇതെന്തു കഥ ... ഈ പണ്ഡിതന്റെ ശിരസ്സ് മുറിഞ്ഞുവീഴാറായി ... അവരെല്ലാം അനുമാനിച്ചു...

പുളകം വിരിയിച്ച പ്രാർത്ഥന 

ജനങ്ങൾ പറഞ്ഞതുപോലെ ഒന്നും സംഭവിച്ചില്ല. സൂഫിവര്യൻ തന്റെ പ്രസംഗം തുടർന്നു...

ഇബ്റാഹീമിബ്നു അദ്ഹം സാധാരണ പ്രജകളുടെ കൂട്ടത്തിലിരുന്ന് ആ പ്രഭാഷണം മുഴുവനും ശ്രദ്ധിച്ചുകേട്ടു...

രാജാവിന് അല്പം പോലും കോപമുണ്ടായില്ല. ഇദ്ദേഹം പറയുന്നത് പരമാർത്ഥം... രാജാവ് ചിന്തിച്ചു...

താനിന്നുവരെ പരലോകത്തെ കുറിച്ച് കാര്യമായി ചിന്തിച്ചിട്ടില്ല. മറ്റുള്ളവരുടെ ഗുണത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം അത്യധ്വാനം ചെയ്തു...

സൂഫിയുടെ വചനങ്ങൾ കേട്ട് അദ്ദേത്തിന്റെ ഇരു നയങ്ങളിൽ നിന്നും അശ്റുകണങ്ങൾ ഒഴുകിക്കൊണ്ടിരിക്കുന്നു...

പ്രഭാഷണം അവസാനിച്ചു. ജനങ്ങൾ അവരവരുടെ വഴിനോക്കി പിരിഞ്ഞുപോയി. എന്നാൽ രാജാവിന്ന് തിരിച്ചുപോകാൻ കഴിഞ്ഞില്ല... 

അദ്ദേഹം കുറേനേരം അവിടെത്തന്നെ ഇരുന്നു. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചുള്ള നടുക്കുന്ന ഓർമകൾ അദ്ദേഹത്തെ വലയം ചെയ്തു. പിന്നെ ഒട്ടും താമസിച്ചില്ല. ഘനഗംഭീകരനെങ്കിലും സുസ്മേര വധനയായിരിക്കുന്ന ആ സൂഫിവര്യന്റെ സന്നിധിയിലേക്ക് രാജാവ് പരിചാരകന്മാരെ വിട്ട് ഏകനായി നടന്നുചെന്നു ...

ങും നിങ്ങളിവിടെയെന്തിന് വന്നു ...? ഇത് രാജകൊട്ടാരമല്ല. പർണ്ണശാലയാണ്. ഇവിടെ പട്ടുമെത്തയില്ല. മറ്റു സുഖസൗകര്യങ്ങൾ ഒന്നുംതന്നെയില്ല. പിന്നെ എന്തിന് ഇങ്ങോട്ട് കയറിവന്നു മഹരാജാവേ ...

സൂഫിവര്യന്റെ വാക്കുകൾ അദ്ദേഹത്തെ കുത്തിനോവിച്ചു. വിനയാന്വിതനായിക്കൊണ്ട് രാജാവ് പറഞ്ഞു ...

ഭൗതികലോകത്തോടുള്ള സകല കെട്ടുപാടുകളും വിട്ട് അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ച മഹാനുഭാവാ എന്നോട് ക്ഷമിച്ചാലും ... അങ്ങയെക്കുറിച്ചു പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്. ഞാനിതുവരെ ഒരുതരം മായിക വിഭ്രാന്തിയിലായിരുന്നു. ഭൗതികസുഖം നുകരുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച എനിക്ക്, ശാശ്വതമായ പരലോക ജീവിതത്തെക്കുറിച്ച് അല്പം പോലും ബോധമുണ്ടായിരുന്നില്ല...

യൗവ്വനത്തിന്റെ കരുത്തും ഊർജ്ജവും സിരകളിൽ പടർന്നുകയറിയപ്പോൾ എല്ലാവിധ അഹന്തയും അടക്കിഭരിച്ചു... എന്റെ സാമ്രാജ്യം ശക്തിപ്പെടുന്നതിന് വേണ്ടി ഒരുപാട് പാവങ്ങളെ ഞാൻ ബലിയാടാക്കി. അങ്ങയുടെ ഉപദേശം എന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു ...അങ്ങെന്നോട് ക്ഷമിക്കണം. ദയവുചെയ്ത് അങ്ങയുടെ ആയിരക്കണക്കിൽ ശിഷ്യന്മാരിൽ ഒരാളായി എന്നെ പരിഗണിക്കണം. അങ്ങയുടെ വിലയേറിയ ഉപദേശങ്ങൾ ഇനിയുമെനിക്ക് കേൾക്കണം. അങ്ങെയുടെ സാമീപ്യം കൊണ്ട് എനിക്ക് പുളകിതനാകണം. എന്റെ പശ്ചാത്താപം സ്വീകരിക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം...

രാജാവിന്റെ ഇരു നയനങ്ങളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി ...പശ്ചാതാപവിവശനായി മഹാരാജാവിനെ കണ്ട് ആ സൂഫിവര്യന്റെ ഹൃദയത്തിൽ വത്സല്യമുദിച്ചു...

ആ വന്ധ്യവയോധികൻ മഹാരാജാവിനെ മറോടണച്ച്പിടിച്ചുകൊണ്ട് ചുമലിൽ തലോടി...

മഹരാജാവേ അങ്ങൊട്ടും വ്യാകുലപ്പെടേണ്ട. തീർച്ചയായും പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അള്ളാഹു സ്വീകരിക്കുക തന്നെ ചെയ്യും. പാപം ഉഹ്‌ദ്‌ മലയോളമുണ്ടെങ്കിലും ആത്മാർത്ഥമായ പശ്ചാത്താപം അതിന് പ്രതിവിധിയാണ്. അങ്ങയുടെ പശ്ചാത്താപം ആത്മാർത്ഥമാണെന്നു ഞാൻ മനസ്സിലാക്കുന്നു ... അതുകൊണ്ട് സന്തുഷ്ടചിത്തനായി തിരിച്ചുപോവുക ... അള്ളാഹു (സു) അനുഗ്രഹിക്കട്ടെ ... (ആമീൻ)

സൂഫിവര്യന്റെ പ്രാർത്ഥന കേട്ട് പുളകിതനായി മഹാരാജാവ് തിരിച്ചുപോന്നു. അദ്ദേഹത്തിന് ഭൗതിക സുഖങ്ങളോട് വിരക്തി തോന്നാൻ തുടങ്ങിയിരുന്നു. തന്റെ സമയങ്ങളിൽ അധികപങ്കും രാജാവ് ആരാധനകൾക്കു വേണ്ടി ചിലവഴിച്ചു...

ഭരണകാര്യങ്ങളിൽ തന്നെ അദ്ദേഹത്തിന് താൽപര്യമില്ലാതായി. എങ്കിലും രാജഭരണവും തന്നിൽ അർപ്പിതമായ ഉത്തരവാദിത്വമാണല്ലോ എന്ന ചിന്തയോടുകൂടി പ്രജകളിൽ കൂടുതൽ വാത്സല്യം ചൊരിഞ്ഞും, അവർക്ക് ധാരാളമായി സമ്പത്തും ജീവിത സൗകര്യങ്ങളും നൽകിയും രാജാവ് ഭരണചക്രം തിരിച്ചുകൊണ്ടിരുന്നു ...

സത്രത്തിൽ ഒരു രാത്രി 

ഭൗതികസുഖങ്ങളിൽ രാജാവിന്ന് തെല്ലെങ്കിലും താൽപര്യമുണ്ടെങ്കിൽ അതുംകൂടി നശിപ്പിക്കുന്ന വിധത്തിലായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ ...

പശ്ചാതാപവിവശനായ ആ മഹാനുഭാവനെ കൂടുതൽ ഉന്നതിയിൽ എത്തിക്കാനാവണം, കൂടുതൽ പരീക്ഷണങ്ങൾക്ക് അള്ളാഹു സുബ്ഹാനഹുവതാല വിധേയനാക്കി ...

പ്രഭാതം പൊട്ടിവിടർന്നു ... പറവകൾ കളകളാരവം മുഴക്കി അന്നും നാലുപാടും പറന്നു ... അല്ലാഹുവിന്റെ പരിശുദ്ധമായ അടിമകൾ അല്ലാഹുവിന്ന് വേണ്ടി നിസ്കരിച്ചും, മറ്റു ഇബാദത്തുകളിലും വ്യാപൃതരായി... അധികം വീടുകളിൽ നിന്നും ഖുർആൻ പാരായണത്തിന്റെ മന്ത്രമധുരസ്വരം ഉയർന്നുകൊണ്ടിരുന്നു...

സമയം പിന്നെയും മുന്നോട്ട് നീങ്ങി. ജനങ്ങൾ തങ്ങളുടെ ജോലികളിൽ പ്രവേശിച്ചുതുടങ്ങി. സൂര്യൻ കൂടുതൽ ജ്വലിച്ചു. മധ്യാഹ്നമായി, സായാഹ്നവും ... ജോലിക്കാരെല്ലാം തളർന്ന് വീട്പിടിക്കാൻ തുടങ്ങി ...

കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന്റെ അരികിലേക്ക് അതാ ഒരു വഴിപോക്കൻ നടന്നടുക്കുന്നു. യാതൊരു കൂസലും കൂടാതെ അങ്ങോട്ട് നടന്നടുക്കുന്നത് ആരാണ് ...?

പാറാവുകരൻ ആഗതനെ സൂക്ഷിച്ചു നോക്കി. എന്നിട്ടും അയാൾക്കൊരു കുലുക്കവുമില്ല...

" ങും ... എന്തുവേണം..., തിരുമേനിയെ കാണാനും സങ്കടമുണർത്താനുമാണെങ്കിൽ നാളെ കാലത്ത് വരൂ ... ഇപ്പോൾ അദ്ദേഹം ആരെയും കാണാൻ ഇഷ്ടപ്പെടുന്നില്ല..." പാറാവുകാരൻ പറഞ്ഞു ...

പാറാവുകാരന്റെ ചോദ്യം കേട്ട് ആഗതൻ ഒന്നുചിരിച്ചു ... തെല്ല് കൂസൽ കൂടാതെ അയാൾ ഇപ്രകാരം പറഞ്ഞു ...

" ഞാൻ പാവപ്പെട്ട ഒരു വഴിയാത്രക്കാരനാണ്. ഈ യാത്ര ഇങ്ങനെ തുടർന്നുകൊണ്ടിരുന്നു. ഒരു ദിവസം ഒരിടത്ത് തങ്ങും. മറ്റൊരു ദിവസം മറ്റൊരിടത്ത് ... ഇന്ന് ഈ സത്രത്തിൽ തങ്ങാമെന്നാണ് ഉദ്ദേശിക്കുന്നത്. നിന്റെ യജമാനനോട് പോയി സമ്മതം വാങ്ങിവരൂ ..."

" സത്രമോ ... ഏതു സത്രം...?"
" ഇതാ ... ഈ കാണുന്ന സത്രം തന്നെ ..."

" ഹേ മനുഷ്യാ നിങ്ങൾക്ക് തനി കിറുക്ക് തന്നെ. ഇത് ഇബ്റാഹീംമിബ്നു അദ്ഹം എന്ന വിശ്വവിഖ്യാതനായ മഹാരാജാവിന്റെ കൊട്ടാരമാണ്. ഇതിനെ സത്രമാക്കിയ നിങ്ങൾ ഒരിക്കലും സ്വയബുദ്ധിയുള്ള ആളല്ല. ഇതെങ്ങാനും മഹാരാജാവ് കേൾക്കാനിടയായാൽ നിങ്ങളുടെ അന്ത്യം ഇവിടെവെച്ചുതന്നെ ആയിരിക്കും. അതുകൊണ്ട് വേഗം ഇവിടെനിന്ന് സ്ഥലം വിടുന്നതാണ് നല്ലത് ..."

ആഗതൻ പാറാവുകാരന്റെ വാക്കുകൾ കേട്ട് ഒട്ടുംതന്നെ ഭയത്തിന്നടിമയായില്ല. തന്നെയുമല്ല അയാൾ തന്റെ ആവശ്യം പിന്നെയും ഉന്നയിച്ചു ...

" ഈ സത്രത്തിൽ ഇന്ന് താമസിക്കാൻ എനിക്ക് സമ്മതം തരുമോ ...? "

ഇതെന്തുകഥ ...!  യഥാർത്ഥ വസ്തുത ഇയാളെ പലവട്ടം അറിയിച്ചിട്ടും പിന്തിരിയാനുള്ള ഒരുക്കമില്ല. പിന്നെയും ഒരേ പലവിതന്നെ ആവർത്തിക്കുന്നു ... പാറാവുകാരന് കലികയറാൻ പിന്നെ അധിക താമസമുണ്ടായില്ല. അയാൾ അവസാനമെന്നോണം പറഞ്ഞു ... 

" എടോ ... മനുഷ്യാ തനിക്ക് വേഗം ഇവിടെനിന്ന് രക്ഷപ്പെടുന്നതാണ് നല്ലത്. അല്ലെങ്കിൽ എനിക്ക് ബലം പ്രയോഗിക്കേണ്ടിവരും ..."

" ഈ പാവപ്പെട്ട വഴിപോക്കനോടാണോ നിങ്ങളുടെ പരാക്രമം ... ഹേ കാവൽക്കാരാ എനിക്ക് നിങ്ങളുടെ അനുവാദമല്ല വേണ്ടത്. നിങ്ങളുടെ യജമാനന്റെ സമ്മതമാണ്. ഞാൻ ഇന്ന് ഈ സത്രത്തിൽ തങ്ങുന്നത് അദ്ദേഹത്തിന് സമ്മതമാണോ ...? അതാണെനിക്ക് അറിയേണ്ടത് ..."

പിന്നെ പാറാവുകാരൻ അയാളോട് വേദാന്തമോതാൻ നിന്നില്ല. അയാളെ ബലം പ്രയോഗിച്ച്  പുറമെ തള്ളുക എന്ന ഉദ്ദേശത്തോടുകൂടി ആ ഭടൻ വഴിപോക്കന്റെ നേരെ ചീറിയടുത്തു... അവിടെ ഉന്തും, പിടിയും, ബഹളവുമായി. എത്ര തന്നെ ബലം പ്രയോഗിച്ചിട്ടും ആ ആഗതനെ പുറന്തള്ളാൻ പാറാവുകാരന് കഴിഞ്ഞില്ല. ഒടുവിൽ ഈ ബഹളവും കോലാഹലവുമെല്ലാം രാജാവിന്റെ ചെവിയിലുമെത്തി ...

" എന്താണവിടെ ഒരു ബഹളം ...? " രാജാവ് ചോദിച്ചു ...
പാറാവുകാരൻ രാജാവിനോട് ഇപ്രകാരം ഉണർത്തി...

" തിരുമനസ്സേ ..., ഇവിടെയിതാ ഒരുത്തൻ വന്ന് ബഹളമുണ്ടാക്കുന്നു..."

" എന്താണവന്റെ ആവശ്യം ...? "

"അത് വളരെ വിചിത്രമാണ്. വർത്തമാനം കേട്ടിട്ട് അയാൾക്ക് ഭ്രാന്താണെന്നാണ് തോന്നുന്നത് ..."

" അതെന്താ അങ്ങിനെ തോന്നാൻ ...? "

" അയാൾക്ക്‌ ഈ സത്രത്തിൽ ഇന്ന് താമസിക്കാൻ സൗകര്യം ചെയ്തുകൊടുക്കണമെന്ന്. ഇത് സത്രമല്ല രാജകൊട്ടാരമാണെന്ന് പലവുരു പറഞ്ഞുനോക്കി. പക്ഷെ, അയാൾ സമ്മതിക്കണ്ടേ..., പിടിച്ച് പുറത്താക്കിയിട്ടും അയാൾ പോകുന്നില്ല ..."

" ആട്ടെ, അയാളെ നമ്മുടെ സന്നിധിയിലേക്കയക്കൂ ... നാമൊന്ന് ചോദിച്ച് നോക്കട്ടെ ..."

രാജകല്പന പ്രകാരം ആ വഴിപോക്കനെ തിരുമനസ്സിന്റെ മുമ്പിൽ ഹാജരാക്കി. രാജാവ് അയാളെ ആകപ്പാടെ ഒന്നുനോക്കി. എന്നിട്ട് ചോദിച്ചു ...

" ഹേ മനുഷ്യാ ... ഇത് രാജകൊട്ടാരമാണെന്ന് നിങ്ങൾക്കറിഞ്ഞുകൂടെ, പിന്നെയെന്തിനാണ് ഇങ്ങിനെ വിചിത്രമായൊരു ചോദ്യമുന്നയിച്ചുകൊണ്ട് വന്നിരിക്കുന്നത് ...? "

" രാജകൊട്ടാരമോ ...? ഇത് സത്രമാണ്. വെറും വഴിയമ്പലം. ഓരോരുത്തർ വരുന്നു പോകുന്നു. അത്രതന്നെ ... "

" എന്റെ പാറാവുകാരൻ പറഞ്ഞതുപോലെതന്നെ നിങ്ങൾക്ക് ഭ്രാന്താണെന്ന് തോന്നുന്നു. മഹാനായ ഇബ്റാഹീമിബ്നു അദ്ഹം എന്ന ചക്രവർത്തിയെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിഞ്ഞുകൂടെന്നോ ...? അദ്ദേഹത്തിന്റെ കൊട്ടാരമാണിത്. ഞാനാണാ ചക്രവർത്തി മനസ്സിലായോ ...? "

" മഹാനായ ചക്രവർത്തിയോ ...? നിങ്ങൾക്കുമുമ്പ് അങ്ങനെ എത്രയെത്ര മഹാന്മാർ കഴിഞ്ഞുപോയിട്ടുണ്ട്. ഞാനൊന്ന് ചോദിക്കട്ടെ, അതിന്ന് ശരിയായ ഉത്തരം താങ്കൾ പറയുമോ ...?"

" പറയാമല്ലോ ..."

" എങ്കിൽ, ഈ കൊട്ടാരത്തിൽ താങ്കൾക്കുമുമ്പ് ആരായിരുന്നു താമസിച്ചിരുന്നത് ...?" 

" എനിക്ക് മുമ്പോ ... അത് എന്റെ പിതാമഹാൻ "

" അദ്ദേഹത്തിന് മുമ്പോ ...? "

" അദ്ദേഹത്തിന്റെ പിതാവായിരിക്കും..."

" അദ്ദേഹത്തിന് മുമ്പോ ...? "

" ഇതെന്തു ചോദ്യമാണ്. ആ  പിതാമഹന്റെ പിതാവ്. അതിലെന്താണിത്ര സംശയം ..."

" എനിക്കുശേഷം സംശയമില്ല. നേരെമറിച്ച് വളരെ ഉറപ്പാണ്. എന്റെ വാദത്തിന് തെളിവുദ്ധരിക്കാൻ വേണ്ടിയാണ് ഞാനീ ചോദ്യങ്ങൾ ചോദിച്ചത്. രാജാവ് തന്നെ ഒന്നു ചിന്തിച്ചുനോക്കൂ ... ആരും ഈ കൊട്ടാരത്തിൽ സ്ഥിരമായി പാർക്കുന്നില്ല. ഒരാൾ കുറച്ചുകാലം താമസിക്കുന്നു. പിന്നെ അയാളുടെ മകൻ, പിന്നെ അയാളുടെ മകൻ... അങ്ങനെ ഓരോരുത്തർ വരുകയും, വന്നപോലെതന്നെ തിരിച്ചുപോകുകയും ചെയ്യുന്നു ... അതുകൊണ്ടുതന്നെയാണ് ഞാനിതൊരു സത്രമാണെന്നു പറഞ്ഞത് ..."

രാജാവ് അത്ഭുതത്തോടെ അയാളുടെ വാക്കുകൾ കേട്ടുകൊണ്ട്, ആ മുഖത്തുനിന്ന് കണ്ണെടുക്കാതെ നോക്കുന്നതിനിടയിൽ പെട്ടെന്ന് ആഗതൻ അപ്രത്യക്ഷനായി 
പ്രജകൾക്ക് വേണ്ടി മാത്രം ...

രാജാവിന്റെ അത്ഭുതത്തിന് അളവുണ്ടായിരുന്നില്ല. എന്ത് ? തന്റെ മുമ്പിൽ വന്നതാരാണ് ? എന്താണയാൾ പറഞ്ഞത് ? ഇതെല്ലാം തനിക്ക് അല്ലാഹുവിൽ നിന്നുള്ള പരീക്ഷണങ്ങളല്ലേ ...? 

ശരിയാണ്...താൻ രാജകൊട്ടാരമായി അവകാശം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഈ മണിമന്ദിരം വെറുമൊരു സത്രമാണോ ? തനിക്ക് മുമ്പ് എത്രയോ പേർ ഈ കൊട്ടാരത്തിൽ ജീവിച്ചു. അവരെല്ലാം ഇന്നെവിടെ ...? വരുന്നു പോകുന്നു വഴിപോക്കർ. വെറും വഴിയമ്പലമാണീ ജീവിതം. എത്ര ശരിയാണത്. തനിക്ക് മുമ്പുള്ളവരെല്ലാം മൃതിയുടെ ഹസ്തങ്ങളിലമർന്നുപോയി. ഇനി താനും ആ കരങ്ങളിൽ തന്നെ ചെന്നുപതിക്കും... 

മരണം അത് മാത്രമാണ് സത്യം. ജീവിതമെന്നത് വെറും മിഥ്യയാണ് ... അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഒരുപാട് ചിന്തകൾ ഉടലെടുത്തു...

ഇന്നുവരെയും ഐഹിക സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രയത്നങ്ങൾ മാത്രമായിരുന്നു താൻ ചെയ്തിരുന്നത്. അതിന്റെ ഭവിഷ്യത്തുകളാണ് ഈ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ...

നാഥാ ഞാൻ അപരാധിയാണ്. ഏതൊരപരാധവും പൊറുക്കുന്ന കോടതിയല്ലേ നിന്റേത് ...എന്റെ പശ്ചാത്താപം സ്വീകരിക്കേണമേ ... എനിക്ക് മാപ്പരുളേണമേ... രാജാവ് ഹൃദയം നൊന്ത്  പ്രയത്നിച്ചു ...

അവിടുന്നങ്ങോട്ട് അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ ഭക്തിസാന്ദ്രമായി മാറിക്കൊണ്ടിരുന്നു ...

തന്റെ ജീവിതത്തിലെ പുഴുക്കുത്തുകളെല്ലാം നീക്കി കളയുന്നതിൽ അദ്ദേഹം വ്യാപൃതനായി...

താൻ ഇതുവരെ ഉറങ്ങുകയായിരുന്നു. അറ്റമില്ലാത്ത ഉറക്കം...

ആ വഴിപോക്കൻ തന്നെ തട്ടിയുണർത്തിയിരുക്കുന്നു ...

താൻ താമസിക്കുന്നത് വെറുമൊരു വഴിയമ്പലത്തിലാണ്. ഇവിടെനിന്ന് യാത്ര പുറപ്പെടാൻ സമയം ഇനി അധികമില്ല... രാജാവിന്ന് ഭരണ കാര്യങ്ങളിൽ ഒട്ടും തന്നെ താൽപര്യമില്ലാതായി... ഭൗതിക സുഖസൗകര്യങ്ങളിൽ അദ്ദേഹത്തിന് വിരക്തി തോന്നി. ഇബാദത്തുകൾ എത്ര തന്നെ ചെയ്തിട്ടും മതിവരുന്നുമില്ല...

പകൽ മുഴുവനും വൃതമനുഷ്ഠിച്ചു. രാത്രി മുഴുവനും നിസ്കാരം കൊണ്ട് സജീവമാക്കി. അങ്ങിനെ എത്രയെത്ര ദിനരാത്രങ്ങൾ ...

ഇങ്ങനെ ഭക്തി പാരവശ്യത്താൽ ജീവിച്ചിട്ടും രാജാവിന്റെ ഹൃദയം നീറുകയായിരുന്നു. താൻ ഇതുവരെ ചെയ്ത അപരാധങ്ങളെ കുറിച്ചോർത്തു രാജാവ് മനസ്സ് പുണ്ണാക്കുകയായിരുന്നു... എന്തുകൊണ്ട് ഇങ്ങനെ ഒരു മാനസാന്തരം തനിക്ക് വളരെ മുമ്പ് ഉണ്ടായില്ല? അദ്ദേഹത്തിന്റെ കരളിനെ നോവിച്ചു ...

തന്റെ ജനങ്ങളുടെ സംതൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ടാണ് രാജാവ് പിന്നീട് ഭരണം നടത്തിയത് ... അവരുടെ വിഷമതകൾ കണ്ടറിഞ്ഞ് സഹായിക്കുന്നത്തിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായി. അഗതികളെയും അനാഥരെയും വത്സല്യപൂർവം സംരക്ഷിച്ചു. കൈകുമ്പിളുമായി വരുന്നവർക്ക് അകമഴിഞ്ഞ് ദാനധർമ്മങ്ങൾ നടത്തി. അങ്ങനെ തന്റെ പൂർവ്വകാല ജീവിതത്തിനുള്ള പ്രായശ്ചിത്തം രാജാവ് തുടർന്നുകൊണ്ടിരുന്നു...

താൻ കെട്ടിപ്പടുത്ത് കൊണ്ടുവന്ന ആകാശക്കോട്ടകൾക്ക് വെറും നൈമിഷികമായ ആയുസ്സേ ഉള്ളൂ എന്ന പരമാർത്ഥം ഓർമിക്കുന്നതും രാജാവിന്റെ മനസ്സിൽ ഭീതിയുടെ കരിനിഴൽ പടർന്നുകൊണ്ടിരുന്നു. പിടയുന്ന കരളുമായി നോവുന്ന മനസ്സുമായി ആ സാമ്രാജ്യാധിപതി നാളുകൾ തള്ളി നീക്കി ...

കാലം പിന്നെയും അതിന്റെ അനുസൃതപ്രവാഹം തുടർന്നുകൊണ്ടേയിരുന്നു. അള്ളാഹു (സു) അവന്റെ ഹിദായത്തിലാണ് മാർഗ്ഗം തെളിയിച്ചത്. അന്തതയുടെയും അഹന്തതയുടെയും ഗർത്തത്തിലാണെങ്കിൽ പോലും നിമിഷനേരം കൊണ്ട് കരകയറി സന്മാർഗ്ഗത്തിന്റെ പാതയിൽ അടിയുറക്കുന്നതാണ്...

നേരെ മറിച്ച് അല്ലാഹുവിന്റെ ഹിദായത്ത് എത്താത്തവർക്ക് എത്രതന്നെ ഉപദേശം നൽകിയിട്ടും കാര്യമില്ല. എത്രതന്നെ പരീക്ഷണങ്ങൾക്ക് വിധേയമാവേണ്ടി വന്നാലും അത്തരക്കാർക്ക് ഒരു ഇളക്കവുമുണ്ടാവുകയില്ല. തന്നേയുമല്ല, തങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ദുർവൃത്തത പിൻതുടർന്ന് കൊണ്ടേയിരിക്കുകയും ചെയ്യും... 

അല്ലാഹു (സു) നമ്മെയേവരെയും അവന്റെ ഹിദായത്തിൽ ആകട്ടെ ...
ആമീൻ യാ റബ്ബൽ ആലമീന്‍☝🏼
  മരത്തണലിലൊരു വഴിപോക്കൻ ...

ഇബ്‌റാഹീമിബ്നു അദ്ഹം അല്ലാഹുവിങ്കലേക്കു കൂടുതൽ അടുക്കുകയായിരുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാവിധ സീനത്തുകളും അലങ്കാരങ്ങളും മനുഷ്യനെ പ്രലോഭിപ്പിക്കുവാനുള്ളതാണ്. അവയുടെ വശ്യതയിൽ മുഴുകി പരലോക ചിന്തകളിൽ നിന്നകന്നു കൂടാ .... എന്ന സത്യം എല്ലായ്പ്പോഴും അദ്ദേഹം ഓർമ്മിച്ചുകൊണ്ടിരുന്നു ...

വഞ്ചകിയായ ദുനിയാവിന്റെ മാസ്മരികയിൽ നിന്ന് രാജാവ് അകന്നു നിന്നു ... കൊട്ടാരത്തിൽ ആണെങ്കിൽ മുഴുവൻ സമയവും തന്റെ തെറ്റുകളെ കുറിച്ചോർത്ത്  പശ്ചാത്തപിച്ചു കൊണ്ടാണ് അദ്ദേഹം കഴിച്ചുകൂട്ടിയത് ...

മനോഹരമായ കെട്ടിടത്തിന്റെ മുകളിലെ തട്ടിലാണ് രാജാവിന്റെ മുറി. ഒരു ദിവസം പതിവുപോലെ ഖുർആൻ ഒത്തിക്കൊണ്ടിരിക്കെ അദ്ദേഹം തന്റെ റൂമിൽ  ഇരിക്കുകയായിരുന്നു. തുറന്നിട്ട ജനലഴികൾക്കിടയിലൂടെ നോക്കിയാൽ രാജപാതയും അതിനരികിലെ തണൽ വൃക്ഷങ്ങളുമെല്ലാം ശരിക്കും കാണാം. സഞ്ചാരികളെയും മരത്തണലിൽ വിശ്രമിക്കുന്നവരെയും അവിടെയിരുന്നാൽ കാണാം. കൊട്ടാരത്തിന് മുമ്പിലുള്ള തണൽ വൃക്ഷങ്ങളിൽ ഒന്നിന്റെ ചുവട്ടിൽ ഒരാൾ ഇരുന്ന് വിശ്രമിക്കുന്നത് രാജാവിന്റെ ദൃഷ്ടിയിൽ പെട്ടു. ആരാണെന്നറിയാണുള്ള ജിജ്ഞാസയോടുകൂടി രാജാവ് സൂക്ഷിച്ചുനോക്കി. അവിടെ ഇരിക്കുന്നത് ഒരു പാവപ്പെട്ട വഴിപോക്കനായിരുന്നു. ജരാനരകൾ ബാധിച്ച ഒരു സാധുമനുഷ്യൻ. അയാളുടെ വസ്ത്രങ്ങൾ മുഷിഞ്ഞതും അവിടവിടെ പിഞ്ഞിത്തുടങ്ങിയതും ആയിരുന്നു... 

ശരിക്ക് നോക്കിയപ്പോഴാണ് ആ മനുഷ്യന്റെ  ദയനീയാവസ്ഥ മനസിലായത്. ഓജസ്സും തേജസ്സും ആകെ ചോർന്നുപോയ ഒരു പേക്കോലം. കവിളുകൾ ഒട്ടിയിരിക്കുന്നു. കണ്ണുകൾ കുഴിയിലേക്ക് ആണ്ടുപോയിരിക്കുന്നു. ദേഹം മലിഞ്ഞിരിക്കുന്നു. കൈകാലുകൾ ശോഷിച്ചിരിക്കുന്നു. കണ്ടാൽ തന്നെ ദയനീയത തോന്നിക്കുന്നതായിരുന്നു ആ രൂപം ...

ആ വഴിപോക്കൻ തന്റെ തോളിൽ കിടന്നിരുന്ന മാറാപ്പഴിച്ച്  താഴെവെച്ചു ... അയാൾ എന്തിനുള്ള ഭാവമാണ്...! രാജാവ് അതറിയാനുള്ള ഉത്കണ്ഠയോടുകൂടി ഇമവെട്ടാതെ അങ്ങോട്ടുതന്നെ നോക്കിയിരിക്കുകയാണ്...

ആ മനുഷ്യൻ തൊട്ടരികിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നീർച്ചോലയിൽ നിന്നും അംഗസ്നാനം ചെയ്തു, മരത്തണലിൽ നിന്ന് നിസ്കാരം നിർവ്വഹിച്ചു. പിന്നീട് ആ പാവം തന്റെ മാറാപ്പ് അഴിക്കുന്നതാണ് രാജാവിന്റെ ദൃഷ്ടിയിൽ പെട്ടത് ...

അയാൾ മാറാപ്പഴിച്ചു. അതിൽ നിന്നും ഒരു ഉണക്കറൊട്ടിയാണ് പുറത്തെടുത്തത്. രസകരമായ മധുരപലഹാരം കഴിക്കുന്ന സംതൃപ്തിയോടുകൂടി അയാൾ ആ ഉണക്കറൊട്ടി ചവച്ചരച്ചുതിന്നു ...അനന്തരം അല്പം ശുദ്ധജലം കുടിച്ച് വയറുനിറഞ്ഞ സംതൃപ്തിയോടുകൂടി ഒരു ഏമ്പക്കവും വിട്ട് ആ മരത്തണലിൽ വെറും മണ്ണിൽ അയാൾ മലർന്നുകിടന്നു ...മന്ദമാരുതന്റെ തലോടലേറ്റ് ആ വഴിപോക്കൻ നിമിഷങ്ങൾക്കകം ഉറങ്ങിപ്പോയി ... ഉറങ്ങിക്കിടക്കുമ്പോഴും അയാളുടെ മുഖത്ത് സംതൃപ്തിയുടെ നിഴലാട്ടം ഉണ്ടായിരുന്നു. ചുണ്ടിൽ നേരിയൊരു പുഞ്ചിരി തത്തിക്കളിച്ചുകൊണ്ടിരുന്നു ...

ആ വഴിപോക്കന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചുകൊണ്ടിരുന്ന രാജാവിന്റെ ഹൃദയത്തിൽ പലവിധ ചിന്തകളും മിന്നിമറഞ്ഞു ... ആ വഴിപോക്കനും താനും തമ്മിലുള്ള വ്യത്യാസം എന്താണ് ...? താൻ മഹാരാജാവ്, വലിയൊരു സാമ്രാജ്യത്തിന്നുടമ. മണിമാളികയിൽ ഉല്ലസിക്കുന്നവൻ, ഏറ്റവും വിശിഷ്ടമായ ഭോജ്യങ്ങൾ കഴിക്കുന്നവൻ, പട്ടുമെത്തയിൽ കിടന്നാലല്ലാതെ ഉറക്കം വരാത്തവൻ, ആജ്ഞാനുവർത്തികളും ദാസികളും എമ്പാടുമുള്ളവൻ...

എന്നാൽ ആ വഴിപോക്കനോ ...?

വെറും പാവപ്പെട്ടവൻ... ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവൻ, തല ചായ്ക്കാൻ ഇടമില്ലാത്തവൻ, വലിയ മോഹങ്ങളൊന്നുമില്ലാത്തവൻ ... എന്നിട്ടും അയാൾ സംതൃപ്തനാണ്. എന്നേക്കാൾ പതിന്മടങ്ങ് ... സംതൃപ്തമായ കെട്ടുപാടുള്ളവർക്ക് ഒരിക്കലും മനഃസംതൃപ്തി ഉണ്ടാവുകയില്ലെന്നതിന്റെ ഉത്തമ ഉദാഹരണമല്ലേ ഈ സംശയം ...

ഇങ്ങിനെ ഓരോന്നാലോചിച്ചുകൊണ്ട് രാജാവ് തന്റെ ഭടന്മാരിൽ നിന്നൊരാളെ വിളിച്ച് ഇപ്രകാരം കല്പിച്ചു ...

കൊട്ടാരത്തിന് മുമ്പിലുള്ള രാജപാതക്കരികത്ത് തണൽ വൃക്ഷത്തിന് കീഴിലായി ഒരു വഴിപോക്കൻ കിടന്നുറങ്ങുന്നുണ്ട്. അയാളെ ഉടൻതന്നെ നമ്മുടെ മുമ്പിൽ ഹാജരാക്കണം ...

രാജകല്പനയല്ലേ ... വെട്ടൊന്ന് മുറി രണ്ട്‌ എന്ന പരുവത്തിൽ നടപ്പിലാക്കിയേ തീരൂ ... ഭടൻ ഉടൻ തന്നെ തെരുവിലേക്കോടി ...

സംഭവമൊന്നുമറിയാതെ സുഖസംതൃപ്തിയിൽ ലയിച്ചുറങ്ങുകയാണ് വഴിപോക്കൻ. രാജകിങ്കരൻ അയാളെ തട്ടിവിളിച്ചു ...

"എഴുന്നേൽക്കെടാ  ... " അയാൾ ഉച്ചത്തിൽ ആക്രോശിച്ചു ...

വഴിപോക്കൻ ഞെട്ടിയുണർന്നു ...
രാജഭടന്റെ പെരുമാറ്റം അയാൾക്ക് തീരെ രസിച്ചില്ല .

പുഴു തിന്നേണ്ട മേനി


ഇതെന്തുകഥ, ഇതെവിടുത്തെ രീതിയാണ് പാവപ്പെട്ടവർക്ക് തെരുവിലും രക്ഷയില്ലെന്നോ ...?

ഇതെന്തിനാണ് എന്നെയിങ്ങനെ അലസേരപ്പെടുത്തുന്നത്. താങ്കൾ പാട്ടിനു പോകണം ഹേ ...

വഴിപോക്കന്റെ വാക്കുകൾ കേട്ട് കലിയിളകി ...

എടോ താനെന്താണീ പറയുന്നത്. ഈ രാജ്യം വാഴുന്ന രാജാവിന്റെ കൽപ്പനയാണ്. നിന്നെ അദ്ദേഹത്തിന്റെ മുന്നിൽ ഹാജരാക്കാൻ ... അത് നടപ്പാക്കാനാണ് ഞാൻ വന്നത്. ഉടൻ എഴുന്നേൽക്ക്, വിസമ്മതിച്ചാൽ എനിക്ക് ബലം പ്രയോഗിക്കേണ്ടിവരും ...

ഒരു കുറ്റവാളിയെ പോലെ എന്നെ വലിച്ചിഴക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്, ഞാൻ പാവം ഒരു വഴിപോക്കൻ. ഈ മരത്തണലിൽ അൽപനേരം വിശ്രമിക്കാൻ വേണ്ടി ഇരുന്നതെന്നു മാത്രം. അത് നിങ്ങളുടെ രാജാവിന് ഇഷ്ടമായില്ലെങ്കിൽ ഇതാ ഈ നിമിഷം ഞാനിവിടെനിന്ന് പോയേക്കാം ...

എടോ തനിക്കെന്താണ് അങ്ങോട്ട് പറയുന്നത് മനസ്സിലാകാത്തത്. നിന്നെ ഞാൻ എങ്ങിനെയാണ് പോവാനനുവദിക്കുക. നിന്നെ രാജാവിന്റെ മുമ്പിൽ ഹാജറാക്കിയില്ലെങ്കിൽ എന്റെ തലകാണില്ല...

അതേതായാലും നഷ്ടപ്പെടേണ്ട. നടക്ക് എങ്ങിനെങ്കിലുമാവട്ടെ. എനിക്കെന്താ... അയാൾ രാജകിങ്കരനോടൊപ്പം നടന്നു...

വഴിപോക്കൻ മുന്നിലെത്തിയപ്പോൾ രാജാവ് അയാളോട് ചോദിച്ചു..

ഹേ മനുഷ്യാ നിങ്ങൾ വളരെക്കുറച്ച് ഭക്ഷണമല്ലേ കഴിച്ചത് വെറും ഒരു ഉണക്കറൊട്ടി അതുകൊണ്ടെങ്ങിനെയാണ് നിങ്ങൾക്ക് വിശപ്പ് മാറുന്നത്.

രാജാവ് തന്റെ മരത്തണലിലിരുന്നുള്ള ഭക്ഷണം കഴിക്കലല്ലാം കണ്ടിരിക്കും അതായിരിക്കും ഈ ചോദ്യത്തിന് കാരണം. എന്നതുമാനിച്ചു കൊണ്ട് ആ വഴിപോക്കൻ പറഞ്ഞു.

തിരുമേനി ഈ ശരീരം വെറും മണ്ണായിത്തീരേണ്ടതാണ്. അമിതമായ ഭക്ഷണം കൊണ്ട് എന്തിനാണ് കൊഴുപ്പ് കൂട്ടുന്നത്. പുഴുക്കൾക്ക് തീറ്റയാകേണ്ട ഈ ശരീരത്തിനെക്കുറിച്ച് ഞാനെന്തിന് വേവലാതിപ്പെടണം ...?

ഈ ശരീരം എനിക്ക് വഴങ്ങുന്നതാകണമെന്നാണ് എന്റെ ആഗ്രഹം. അമിതമായ അന്നപാനം ശരീരം നമുക്ക് വഴങ്ങുന്നതല്ലാതാക്കിത്തീർക്കുന്നു. അത് ശരീരത്തിന് വൈകാരികമായ ആസക്തിയുണ്ടാക്കുന്നു. തന്നെയുമല്ല ഒരിക്കൽ അങ്ങിനെ ഭക്ഷിച്ചാൽ പിന്നെ എല്ലായ്പ്പോഴും അമിതമായി തിന്നാനുള്ള അഭിനവേശം ഉടലെടുക്കുകയും ചെയ്യും ...

വെറുതെയെന്തിനാണ് ഈ വയ്യാവേലകൾക്കെല്ലാം ഒരുങ്ങുന്നത്.
ഇതൊക്കെ പൊറുക്കാം പക്ഷേ നല്ലതും ചീത്തയും കൂടിക്കലർന്ന കാലമാണിത്. ഹറാമും ഹലാലും എതെന്ന് തിരിച്ചറിയാൻ കൂടി പ്രയാസം. ഞാൻ ഭക്ഷിക്കുന്നത് ഹറാമോ ഹലാലോ എന്ന് എനിക്ക് തന്നെ സൂക്ഷ്മമായി അറിയില്ല. അതുകൊണ്ട് അത്രയും കുറച്ച് തിന്നുന്നത്. വെറും നശ്വരമായ ഈ ഭൗതികജഡത്തിനെ തിന്നുകൊഴുപ്പിച്ചിട്ട് എതായാലും ആഖിറത്തിലേക്ക് ഒന്നുംതന്നെ നേടാനില്ല ...

ഇത്രയും നിസ്സാരമായ ജീവിതം നിങ്ങളെന്തിനു തിരഞ്ഞൊടുത്തു, ഈ വെറും മണലിൽ എങ്ങിനെയാണ് നിങ്ങൾക്ക് സുഖകരമായി ഉറങ്ങാൻ കഴിഞ്ഞത് ...?

എവിടേക്കിടക്കാനും, എങ്ങിനെ ജീവിക്കാനും ഞാനെന്റെ ശരീരത്തിന് പരിശീലനം നൽകിയിരിക്കുന്നു. മണ്ണടിയേണ്ട എന്റെ ശരീരത്തിന്ന് ഞാൻ വെറും മണ്ണിന്റെ വിലയെ കൽപ്പിക്കുന്നുള്ളൂ. അതിനെ സുഖകരമായ പട്ടുമെത്തയിലിട്ട് സുഖിപ്പിച്ചിട്ടെന്തു ഫലം. ഇതിനെ ദുനിയാവിൽ നാമെത്ര ഉയരങ്ങളിൽ വിലസിയാലും അതെല്ലാം മരണംവരെമാത്രമേയുള്ളൂ. ഇയാെരുബോധം എനിക്കുള്ളതുകൊണ്ടാണ് ഞാൻ വെറും മണലിൽ കിടക്കുന്നതുകൊണ്ട് സംതൃപ്തനാകുന്നത്...

ആ പാവപ്പെട്ട വഴിപോക്കന്റെ വാക്കുകൾ രാജാവിന്റെ ഹൃദയത്തിൽ ഒന്നു കൂടി ചലനങ്ങൾ സൃഷ്ടിച്ചു. അല്ലാഹു മനുഷ്യന്റെ ബാഹ്യ സൗന്ദര്യത്തിലേക്കല്ല നോക്കുന്നത് അവന്റെ ഹൃദയത്തിലേക്കാണ്. നിഷ്കളങ്കമായ ഒരു ഹൃദയമുണ്ടെങ്കിൽ അതു തന്നെയാണ് വിജയത്തിന്നു നിദാനം . താനും വഴിപോക്കനും തമ്മിലുള്ള അന്തരവും അതുതന്നെ ...

വേണ്ടാ ... തനിക്കിനി ഭൗതിക സുഖങ്ങളൊന്നും വേണ്ട. ഇനി ഇവിടന്നങ്ങോട്ടുള്ള ജീവിതം പരലോകവിജയത്തിന്നു വേണ്ടി മാത്രമാണ്. ഇപ്രകാരം ചിന്തിച്ചുകൊണ്ട് രാജാവ് ആ വഴിപോക്കനെ നോക്കി ഇപ്രകാരം പറഞ്ഞു...

പ്രിയപ്പെട്ട സഹോദരാ അങ്ങേക്ക് എന്നൊടൊപ്പം ജീവിക്കാം. അങ്ങയുടെ ഏതാവശ്യവും ഞാൻ നിറവേറ്റിത്തരാം. പരിശുദ്ധ ഒരു ഹൃദയത്തിന്റെ ഉടമയായ അങ്ങയുടെ സാന്നിദ്ധ്യം കൊണ്ട് ഈ കൊട്ടാരം ധന്യമാകട്ടെ...

രാജാവിന്റെ ആവശ്യത്തിന് ആഗതൻ വഴങ്ങിയില്ല. ഭൗതികമായ സുഖദായക വസ്തുക്കളിലൊന്നും തന്നെ അദ്ദേഹത്തിന് തെല്ലുതാൽപര്യമുണ്ടായിരുന്നില്ല. അയാൾ കൊട്ടാരത്തിൽ നിന്ന് യാത്ര പറഞ്ഞിറങ്ങി പോകാൻ നേരത്ത് രാജാവ് നൽകിയ പാരിതോഷികങ്ങളും സ്വീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല...

പ്രപഞ്ചപരിത്യാഗിയായ ഒരു യോഗിവര്യന് കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണനാണയങ്ങളും മുത്ത് രത്നക്കല്ലുകളും എന്തിന് ...

കൊട്ടാരത്തിലെ അടിച്ചുതളിക്കാരിയും, മതപ്രഭാഷണത്തിനുവന്ന സൂഫിവര്യനും, സത്രത്തിൽ ഒരു രാവ് പൊറുക്കാൻ അനുമതി തേടിവന്ന വഴിപോക്കനും, മരത്തണലിൽ ശയ്യ തീർത്ത സാധുമനുഷ്യനും, എല്ലാതന്നെ രാജാവിന്റെ ഹൃദയത്തിൽ ചിന്താശകലങ്ങൾ ഉതിർത്തുകൊണ്ടാണ് കടന്ന് പോയത് ... ഓരോരുത്തരും രാജാവിന്ന് ഒരുപാട് ചിന്തിക്കാനുള്ള വക നൽകി. അവസാനമായാണ് കൊട്ടാരത്തിൽ ഒട്ടകത്തെയന്വേഷിച്ചു വന്ന വഴിപോക്കൻ ഹൃദത്തിൽ അഘാധമേൽപിക്കുന്ന സംഭാഷണശകലങ്ങളുണ്ടായത്...

അതുകേട്ടപ്പോൾ രാജാവിന്ന് മനസ്സിലായി. ഈ കൊട്ടാരത്തിലിരുന്നുകൊണ്ട് തന്റെ ഉദ്യമം ഫലിക്കുകയില്ല. പാരത്രികമോക്ഷം കൈവരിക്കാനൊക്കുകയില്ല...

രാജാവ് എന്തെക്കൊയോ തീരുമാനിച്ചുറച്ചു ...

ഒരു പ്രഖ്യാപനം 

ചക്രവർത്തിക്ക്‌ സുപ്രധാനമായ എന്തോ കാര്യം പ്രജകളെ അറിയിക്കാനുണ്ട്.
അതുകൊണ്ട് എല്ലാവരും ഇന്ന് കൃത്യസമയത്ത് രാജ്യസഭയിലെത്തണം.രാജഭടന്മാർ ഈ വിവരം എല്ലായിടത്തും പെരുമ്പറ കൊട്ടി അറിയിച്ചു ...

നിശ്ചിതസമയം അടുത്തുകൊണ്ടിരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങൾ കൊട്ടാരത്തിലേക്കൊഴുകിത്തുടങ്ങി. എല്ലാവരുടെയും മുഖത്ത് അത്ഭുതവും ആകാംക്ഷയും നിറഞ്ഞുനിന്നിരുന്നു ... എന്തിനായിരിക്കും തിരുമേനി ഇത്രപെട്ടെന്ന് ഇങ്ങനെ ഒരു വിളംബരം ചെയ്യിച്ചത്. അതറിയാനുള്ള ജിജ്ഞാസയായിരുന്നു എല്ലാവരുടെയും മുഖത്ത് നിഴലിച്ചിരുന്നത്...

ജനങ്ങളെല്ലാം സദസ്സിൽ നിരനിരയായി ഇരുന്നു. മന്ത്രി പ്രമുഖന്മാരും മറ്റും മാറ്റ് ഉന്നതന്മാരുമെല്ലാം യാഥാസ്ഥാനങ്ങളിൽ ഉപവിഷ്ടരായി. രാജാവും പത്നിയും പുത്രന്മാരുമെല്ലാം അവരുടെ സ്ഥാനങ്ങളിൽ ഇരുന്നു. അവർക്കാർക്കും തന്നെ ഇത്രപെട്ടെന്ന് രാജാവ് സഭ കൂടിയതിന്റെ കാരണം അറിവുണ്ടായിരുന്നില്ല...

സമയമായി ... രാജാവ് എല്ലാവരുടെയും ആകാംക്ഷയുടെ അടിവേരറുത്തുകൊണ്ട്‌ സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു ...

" എന്റെ പ്രിയപ്പെട്ട ജനങ്ങളെ, ഞാൻ ഒരു പ്രധാന തീരുമാനം എടുത്തിരിക്കുന്നു...

അത് നിങ്ങളേവരെയും അറിയിക്കാൻ വേണ്ടിയാണ് ഇത്രപെട്ടെന്ന് എല്ലാവരെയും വിളിച്ചുവരുത്തിയത് ... അള്ളാഹു (സു)യുടെ അനുഗ്രഹത്താൽ എനിക്ക് രാജപദവി സിദ്ധിച്ചു. ആ പദവി പ്രജകളുടെ ക്ഷേമാ-ഐശ്വര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിന് പകരം എന്റെ സ്വന്തം സുഖത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് ഞാൻ ചെയ്തത്. എന്റെ സാമ്രാജ്യം വിപുലീകരിക്കുന്നതിന്ന് വേണ്ടി ഒരുപാട് നിരപരാധികളുടെ രക്തം ചിന്തിയിട്ടുണ്ട്. ഭൗതിക സുഖത്തിന്റെ പറുദീസയിൽ സകലതും മറന്ന് ഞാൻ വിഹരിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ ഇത്രയും കാലം അന്ധനായിരുന്നു. ഈ അന്ധതയിൽ നിന്ന്‌ ഇപ്പോൾ ഞാൻ കണ്ണുതുറന്നിരിക്കയാണ്. ഞാൻ ചെയ്‌ത അപരാധത്തിന് പ്രായശ്ചിത്തം ചെയ്യാൻ ഞാൻ ഒരുങ്ങുകയാണ്. ഇതുവരെയും മാന്യമായി കരുതിയിരുന്ന ഈ സിംഹാസനം ഞാൻ വലിച്ചെറിയുകയാണ്. എനിക്കിനി ഈ സ്ഥാനമാനങ്ങൾ വേണ്ട. ഏകാന്തവാസത്തിന് പോവുകയാണ്. അതുകൊണ്ട് നിങ്ങളെല്ലാവരും വളരെ സന്തോഷത്തോടു കൂടി എനിക്ക് യാത്രാനുമതി നൽകണം ..."

രാജാവിന്റെ വാക്കുകൾ കേട്ട് എന്തുപറയണമെന്നറിയാതെ ഒരുനിമിഷം എല്ലാവരും പകച്ചുനിന്നു ... പിന്നെ തടസ്സം പറയലും കരച്ചിലും പിഴിച്ചിലും കൊണ്ട് ആ സഭ ശബ്ദമുഖരിതമായി...

ഇത്രയും കാലം തന്റെ ജീവന്റെ ജീവനായി തന്നെ പരിരക്ഷിച്ചുപോന്ന എന്റെ പ്രിയതമൻ എല്ലാമുപേക്ഷിച്ച് പോവുകയാണെന്നറിഞ്ഞ് രാജപത്നി വാവിട്ടുകരഞ്ഞു ... ഉമ്മയോടൊപ്പം മക്കളും വ്യസനം പറഞ്ഞ് കണ്ണുനീരൊഴുക്കി. മന്ത്രിമാരും മറ്റു പൗരപ്രമാണികളുമെല്ലാം എല്ലാ വിധേനയും തന്റെ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി ...

പക്ഷെ, കരച്ചിലും പിഴിച്ചിലും കൊണ്ടൊന്നും പിന്തിരിയാൻ രാജാവ് ഒരുക്കമായിരുന്നില്ല.

റഹ്‌മാനായ റബ്ബിനോടുള്ള മുഹബ്ബത്ത് അത്രകണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തിൽ രൂഢമൂലമായികിടന്നിരുന്നു ...

" അല്ലാഹുവേ എന്റെ ഹൃദയത്തിന് നീ ശക്തി തരേണമേ ... ഈ കണ്ണുനീരിൽ അലിഞ്ഞ് ഈ മഹത്തായ ഉദ്യമത്തിൽ നിന്ന് പിന്തിരിയാനിടവരുത്തരുതേ ..."

ഇബ്റാഹീമിബ്നു അദ്ഹം മനംനൊന്ത് പ്രാർത്ഥിച്ചു ... അനന്തരം അദ്ദേഹം തന്റെ കുടുംബത്തോടും, മന്ത്രിമാരോടും, പ്രജകളോടും ഒന്നടങ്കം വിട ചോദിച്ചു പുറപ്പെടാനൊരുങ്ങി ...

അദ്ദേഹത്തിന്റെ പ്രിയതമക്ക് ഒട്ടും സഹിക്കാനായില്ല. അവർ വാവിട്ടുകരഞ്ഞ് കരഞ്ഞ് മോഹാലാസ്യപ്പെട്ട് തറയിൽ വീണു. മാതാവിന്റെ അവസ്ഥകണ്ട് മക്കളും അലറിവിളിച്ചു ...

കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞുപോയി ...

കരിമ്പടം പുതച്ച ഫക്കീർ 

എന്റെ നാഥാ നിന്റെ കനിവ് മാത്രം ആഗ്രഹിച്ച് പുറപ്പെടുന്ന വെറുമൊരു ഫഖീറാണ് ഞാൻ. അഹന്തയുടെ തിമിരംബാധിച്ച് ഇന്നുവരെ ഞാൻ മൂഢസ്വർഗ്ഗത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു. ഇന്ന് ഞാൻ ബൽഖയിലെ ചക്രവർത്തിയല്ല. എന്റെ ചുറ്റും പരിവാരങ്ങളില്ല. മൃദുശയ്യയില്ല. എല്ലാം ഉപേക്ഷിച്ച് നിന്റെ കാരുണ്യം മാത്രം പ്രതീക്ഷിച്ച് ഇബ്രാഹീം എന്ന അടിമ ഇതാ പുറപ്പെടുന്നു...

മഹാരാജാവിന്റെ പ്രാർത്ഥനകേട്ട് ജനങ്ങളെല്ലാം അദ്ദേഹത്തെ തിരിച്ചുവിളിക്കാൻപോലുമാവാതെ മിഴിച്ചുനിന്നു. ഇതുവരെയും തന്റെ ശിരസ്സിനെ അലങ്കരിച്ചിരുന്ന രത്നക്കിരിടം അദ്ദേഹം അഴിച്ചുവെച്ചു. തിളക്കമാർന്ന പട്ടുടയാടകളെല്ലാം ഉപേക്ഷിച്ചു വെറുമൊരു കരിമ്പടം മാത്രം പുതച്ചു. യാത്രക്കുവേണ്ടി ഒരുപകരണവും അദ്ദേഹം സംഭരിച്ചില്ല. കയ്യിൽ വിശുദ്ധ ഖുർആന്റെ ഒരു പ്രതിമാത്രം. അങ്ങിനെ എല്ലാം ത്യജിച്ച്കൊണ്ട് ആ മഹാൻ കൊട്ടാരം വിട്ടിറങ്ങി...

ആരാജ്യം മുഴുവനും ആദ്ദേഹത്തിന്റെ പോക്കു നോക്കി നിന്നു. അവർ നിറകണ്ണുകളോടെ ഇബ്രാഹീമിബ്നു അദ്ഹമിന്ന് യാത്രാമംഗളങ്ങൾ നേർന്നു. അത്രയും കാലം രാജാവിനെ സേവിച്ച മന്ത്രിമാർക്കും പട്ടാളമേധാവികൾക്കും അദ്ദേഹത്തെ അനുഗമിക്കണമെന്നും ഉത്ക്കടമായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഏകാന്തവാസത്തിനുള്ള അഭിനിവേശവുമായി പുറപ്പെട്ട രാജാവിനെ തങ്ങൾ അനുഗമിക്കുന്നത് ഇഷ്ടപ്പെടുകയില്ലെന്നോർത്ത് അവർ മനമില്ലാമനസ്സോടെ പിന്തിരിയുകയാണുണ്ടായത് ...

ഇബ്രാഹീമിബ്നുഅദ്ഹം എല്ലാവിധ ചിന്തകളിൽനിന്നും മുക്തനായി നടന്നു. രാജപാതവിട്ട് അദ്ദേഹം കാട്ടിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ജനവാസമുള്ള സ്ഥലങ്ങളിലൂടെ പോയാൽ പലരും തന്നെ തിരിച്ചറിയാനുള്ള ഇടയുണ്ട്. അതുതന്നെ ഉദ്ദേശത്തിന് ഹീനികരമായിരിക്കും. ഈയൊരു ചിന്തയാണ് വനത്തിലൂടെ യാത്ര തിരിക്കാൻ അദ്ദേഹത്തിന് പ്രചോദനമരുളിയത്...

സൂര്യൻ കിഴക്കുദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്തു. ആകാശത്തിൽ നക്ഷത്രങ്ങൾ തെളിഞ്ഞു. വീണ്ടും പ്രഭാതം, വീണ്ടും ഇരുൾ അങ്ങിനെ കാലം അതിന്റെ പ്രയാണം തുടർന്നുകൊണ്ടിരുന്നു ...

ഇബ്രാഹിമിബ്നു അദ്ഹം തന്റെ യാത്ര തുടർന്നു. വിശക്കുമ്പോൾ വല്ല പഴങ്ങളും പറിച്ച് തിന്നും. ദാഹിക്കുമ്പോൾ കാട്ടുനീർ ചോലയിലെ തെളിവെള്ളം കോരിക്കുടിക്കും അതെല്ലാം വെറും വിശപ്പടക്കാൻ വേണ്ടിമാത്രം. ഇത്രയുംകാലം വിശിഷ്ടഭോജ്യങ്ങൾ കഴിച്ചുകൊണ്ടിരുന്ന വയറാണ്. അതിനെ മൊരുക്കിയെടുക്കേണ്ടിയിരിക്കുന്നു. അതിന്ന് അദ്ദേഹത്തിന് കഴിഞ്ഞു. പോകുന്ന പോക്കിൽ വഴിയിൽവെച്ചെല്ലാം നിസ്കാരങ്ങളും മറ്റും ഇബാദത്തുകളും അദ്ദേഹം നിർവഹിച്ചു. അങ്ങിനെ ഹൃദയത്തിൽ പറ്റിപ്പിടിച്ചിരുന്ന പാപത്തിന്റെ കറകളെ കഴുകിത്തുടച്ചു കൊണ്ടിരുന്നു ...

ദിവസങ്ങൾ പലതും കഴിഞ്ഞു. ഇബ്രാഹിമിന്റെ കൊഴുത്തു തടിച്ച ശരീരം, മനോഹരമായ ശരീരം മൊലിഞ്ഞൊട്ടി കണ്ടാൽ തിരിച്ചറിയാത്ത പരുവത്തിലായിമാറി. എന്നാൽ അതിന്നനുസരിച്ച് അദ്ദേഹത്തിന്റെ ഹൃദയം പരിശുദ്ധിയിൽ വെട്ടി തിളങ്ങിക്കൊണ്ടിരുന്നു...

യാത്ര പുറപ്പെട്ടപ്പോൾ ഒരു കുതിരപ്പുറത്താണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. കുതിര രാജകീയ ചിഹ്നമാണല്ലൊ, അത് തനിക്ക് അധികമാണ് എന്ന് തോന്നിയതുകാരണം ആ കുതിരയെ അദ്ദേഹം വഴിയിൽകണ്ട അജപാലകന്ന് കൊടുത്ത് പകരം കാണാൻ തീരെ ഭംഗിയില്ലാത്ത ഒരു ചെറിയ കഴുതയെ വാങ്ങി അതിന്റെ പുറത്ത് സവാരി ചെയ്ത് തുടങ്ങി ...

വനത്തിലൂടെ ഏകനായി നടന്നുനീങ്ങുന്ന കരിമ്പടം പുതച്ച ആ ഫക്കീർ ബൽഖയിലെ ചക്രവർത്തിയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ...?

വെറും എളിമത്വത്തിന്റെ പ്രതീകമായി സർവ്വശക്തന്റെ നാമം ഉരുവിട്ട് കൊണ്ടു നീങ്ങുന്ന ആ സാധുമനുഷ്യൻ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച, രക്തചൊരിച്ചിൽ നടത്തിയ അഹന്തയുടെ പ്രതീകമായിരുന്ന ഇബ്രാഹീമിബ്നു അദ്ഹമാണെന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ പ്രയാസമാകുന്നു... എന്നാൽ അതാണ് സത്യം ...

പുതിയൊരു വ്യതിയാനം അല്ലാഹു (സു)വിന്റെ മഹത്തായ അനുഗ്രഹം പ്രപഞ്ചനാഥനോടുള്ള ഒടുങ്ങാത്ത ഇശ്ഖ് അദ്ദേഹത്തിൽ നിറഞ്ഞുനിൽക്കുകയാണ്. അതിന്നു മുമ്പിൽ മറ്റൊന്നും പ്രശ്നമായില്ല. പരലോകത്ത് വെച്ച് അല്ലാഹുവിന്റെ ലിഖാഇന്ന് അർഹനാവുക. അതിൽപരം സായൂജ്യം ഒരു സൃഷ്ടിയെ സംബന്ധിച്ചിടത്തോളം എന്താണുള്ളത്...

ആ സായൂജ്യത്തിന്നുവേണ്ടിയാണ് ഇബ്രാഹീമുബ്നുഅദ്ഹം പ്രയത്നിക്കുന്നത് ...

രണ്ട് അപരിചിതർ 

ഇബ്‌റാഹീം തന്റെ യാത്ര തുടരുകയായിരുന്നു. വഴിയിൽ വെച്ച് അദ്ദേഹം ഒരപരിചിതനെ കണ്ടുമുട്ടി. അയാളുടെ മുഖത്ത് എന്തോ ഒരു പ്രത്യേക തേജസ്സ് തെളിഞ്ഞുകാണുന്നതായി ഇബ്റാഹീമിന് തോന്നി. ശുഭവസ്ത്രധാരിയായ അപരിചിതന്റെ താടിയും നരച്ചു വെളുത്തതായിരുന്നു. വേഷം കൊണ്ടും ഭാവം കൊണ്ടുമെല്ലാം ഒരു പ്രത്യേകത ആദ്ദേഹത്തിൽ ദൃശ്യമായിരുന്നു. തന്റെ കയ്യിലിരിക്കുന്ന ജപമാലയിൽ വിരലോടിക്കുകയും അതോടൊപ്പം ചുണ്ടുകൾ ചലിക്കുന്നതും ചെയ്യുന്നത് കാണാൻ പ്രത്യേക രസമായിരുന്നു. ഇബ്‌റാഹീം ആ വയോധികനെ അഭിവാദ്യം ചെയ്തു. സലാം മടക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു ...

" ഒരു വലിയ സാമ്രാജ്യം ഉപേക്ഷിച്ചുകൊണ്ട് ഇങ്ങിനെ ഇറങ്ങിത്തിരിക്കാൻ കാരണമെന്താണ് ഇബ്റാഹീംമേ ..."

അപരിചിതന്റെ ചോദ്യം കേട്ട് ഇബ്‌റാഹീം തെല്ല് മിഴിച്ചുനിന്നു ... താൻ ചക്രവർത്തിയായിരുന്നുവെന്നും, സാമ്രാജ്യം വിട്ടിറങ്ങിയതാണെന്നും ഇയാളെങ്ങനെയോ മനസ്സിലാക്കി ... താൻ അക്കാര്യം എത്ര രഹസ്യമാക്കി വെച്ചതായിരുന്നു ... ഏതായാലും അയാളോട് നേരിട്ട് ചോദിക്കുകതന്നെ ...

" അല്ലയോ മഹാനുഭാവാ ... ഞാൻ ചക്രവർത്തിയാണെന്നും, സാമ്രാജ്യം വിട്ടിറങ്ങിയതാണെന്നും അങ്ങേക്ക് എങ്ങനെ മനസ്സിലായി ...? അങ്ങയെ എനിക്കൊരു മുൻപരിചയവുമില്ലല്ലോ ... അങ്ങാരാണ് ...?"

" തൽക്കാലം ഞാനാരാണെന്നറിയേണ്ട. ഒരു കാര്യം ഞാൻ പറയട്ടെ ..., നീ ഉദ്ദേശിച്ചുവന്നത് അല്ലാഹുവിന്റെ സാമീപ്യമല്ലേ ...? 

അതുനേടിയെടുക്കണമെങ്കിൽ ഒരുപാട് പ്രായത്നങ്ങൾ ചെയ്യേണ്ടതുണ്ട്. ഒരുപാട് ക്ലേശങ്ങൾ അനുഭവിക്കേണ്ടതുണ്ട്. രാജപദവിയും മറ്റു സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുവന്ന നിനക്ക് ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു ..."

" ഇബ്റാഹീമേ ഒരു കാര്യം നീ ഓർമ്മിക്കണം. ശപിക്കപ്പെട്ട പിശാച് നിനക്ക് എല്ലായ്പ്പോഴും മർഗ്ഗതടസ്സം ഉണ്ടാക്കാൻ നോക്കും. അതിൽനിന്ന് രക്ഷപ്പെട്ടാൽ മാത്രമേ നീ വിജയം കൈവരിക്കുകയുള്ളൂ ...പരീക്ഷണങ്ങളെ തരണം ചെയ്യാൻ പരിശീലിക്കണം. നിന്റെ പഴയ കൂട്ടുകെട്ടുകളെല്ലാം ഉപേക്ഷിക്കുകയും, സമ്പത്തിലും സ്ഥാനമാനങ്ങളിലും ഭ്രമിക്കാതിരിക്കുകയും, ഏറ്റവും നിസ്സാരന്മാരുമായി സഹവാസിക്കുകയും വേണം..."

ഇപ്രകാരം പലവിധ സാരോപദേശങ്ങളും അദ്ദേഹം ഇബ്റാഹീമിന് നൽകി... അനന്തരം അവർ രണ്ടുപേരും ഒന്നിച്ച് അംഗസ്നാനം ചെയ്ത് നിസ്കാരം നിർവഹിക്കുകയും ഭക്ഷണം പകുത്ത് ഭക്ഷിക്കുകയും ചെയ്തു...

ഇബ്‌റാഹീം വീണ്ടും യാത്ര തുടർന്നു. വഴിയിലൊന്നും ഒരൊറ്റ മനുഷ്യനെയും കണ്ടില്ല. വന്യമൃഗങ്ങളുടെ മുരൾച്ചയും, കാട്ടാറുകളുടെ കളകളാരവവും, പറവകളുടെ ചിലചിലപ്പും മാത്രം ഇടക്കിടെ ഏകാന്തതയെ ക്ഷണിച്ചുകൊണ്ടിരുന്നു ...

മറ്റൊരിക്കൽ ഒരു തേജസ്വരൂപിയായ ഒരു വയോവൃദ്ധനെക്കൂടി ഇബ്റാഹീമിബ്നു അദ്ഹം കണ്ടുമുട്ടി. വയോവൃദ്ധനും വേഷഭൂഷാധികളിലും മുഖഭാവത്തിലും എല്ലാം മുമ്പ്കണ്ട അയാളുടെ രൂപം തന്നെയായിരുന്നു. ഇബ്‌റാഹീം അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ചു. അന്നേരം അദ്ദേഹവും മുമ്പത്തെ ആളിന്റെ അതേ ചോദ്യം ആവർത്തിച്ചു...

"വലിയൊരു സാമ്രാജ്യം ഉപേക്ഷിച്ച് ഈ വനത്തിലൂടെ തെണ്ടിനടക്കുന്നതെന്താണ് ഇബ്റാഹീമേ ...?"

ഇബ്റാഹീമിന്നുണ്ടായ അത്ഭുതത്തിന് അതിരുണ്ടായിരുന്നില്ല. മുമ്പൊരു വയോധികൻ ഇതേ ചോദ്യം ചോദിച്ചു. ഇപ്പോൾ ഇദ്ദേഹവും ... ആരായിരിക്കും ഇവർ ...അറിയാനുള്ള ജിജ്ഞാസയോടെ അദ്ദേഹം ചോദിച്ചു ...
" അങ്ങാരാണ് ... ഞാൻ രാജപദവി കയ്യൊഴിഞ്ഞു വന്നതാണെന്ന് അങ്ങ് എങ്ങനെ മനസ്സിലാക്കി..."

" അതൊക്കെ പിന്നെ പറയാം ... സർവ്വശക്തനായ അല്ലാഹുവിലേക്ക് അടുക്കാനും അവന്റെ തൃപ്തി സംഭരിക്കാനുമല്ലേ നിങ്ങൾ ഇറങ്ങിയിരിക്കുന്നത്. നല്ലൊരു കാര്യം തന്നെയാണത്... പക്ഷെ, അത്ര പെട്ടെന്ന് അതിന് സാധ്യമാകുമെന്ന്‌ തോന്നുന്നില്ല. ഹൃദയത്തിലെ അഭിലാഷങ്ങളെ അടക്കിനിർത്താനുള്ള കഴിവുണ്ടെങ്കിലേ ഇക്കാര്യത്തിൽ താങ്കൾ വിജയം വരിക്കുകയുള്ളൂ ..."

ഇബ്‌റാഹിം ആ വയോധികന്റെ ഉപദേശങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കേട്ടു ...
മുമ്പ് കണ്ടയാളെപ്പോലെതന്നെ പുതിയ ആളും ഇബ്റാഹീമിനൊപ്പം അംഗസ്നാനം ചെയ്ത് നിസ്കരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അവർ പരസ്പരം വേർപിരിയാനടുത്തപ്പോൾ ആ വയോധികൻ ഇബ്റാഹീമിബ്നു അദ്ഹമിനോട് ഇപ്രകാരം ചോദിച്ചു ...

" താങ്കൾ ഞാനാരാണെന്ന് ചോദിച്ചില്ലേ ...? "

"അതെ... അതറിയാനുള്ള മോഹം എനിക്കിപ്പോഴുമുണ്ട് ..."

" നിങ്ങൾ ഖിളർ നബിയെ കുറിച്ച് കേട്ടിട്ടുണ്ടോ ... ?"

" ഉവ്വ് ... ഖിളർ നബിയും ഇൽയാസ് നബിയും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട് ..."

" എങ്കിൽ ഞാനാണ് ഖിളർ നബി. നിങ്ങൾ മുമ്പ് കണ്ട വയോധികനില്ലേ, അദ്ദേഹമാണ് ഇൽയാസ് നബി ... നിങ്ങൾക്ക് പ്രത്യേക ഉപദേശങ്ങൾ നൽകുക എന്നതാണ് ഞങ്ങളുമായി കാണാനിടയായതിന്റെ ലക്ഷ്യം തന്നെ ... "

ഇത്രയും പറഞ്ഞ് ഖിളർ നബി (അ) അവിടെ നിന്നും അപ്രത്യക്ഷനായി ...

ഇബ്റാഹീമിബ്നു അദ്ഹമിന്റെ ഹൃദയങ്ങളിൽ ആ നബിപുംഗവന്മാർ നൽകിയ സാരോപദേശങ്ങൾ മങ്ങാതെ, മായാതെ ജ്വലിച്ചുനിന്നു ...

വേണ്ടാത്ത സമ്മാനങ്ങൾ 

വനാന്തരത്തിലെ ഒരു ഗുഹ. അതാണിന്ന് ഇബ്രാഹിമിബ്നു അദ്ഹമിന്റെ വസതി. സ്വന്തം ശരീരത്തെ എല്ലാവിധ ദുരാഗ്രഹങ്ങളിൽനിന്നും അദ്ദേഹം മുക്തനാക്കിയിരുന്നു ...

സ്വന്തം ശരീരത്തോട് അദ്ദേഹം എല്ലാഴ്പ്പോഴും ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. തന്റെ പൂർവ്വകാല ജീവിതത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിക്കും അത് കൈവിട്ടതിലുള്ള നഷ്ടബോധത്തോടെയല്ല നേരെ മറിച്ച് താരതമ്യപഠനം നടത്താൻ മാത്രം. രാജാവായിരിക്കുമ്പോൾ ഉത്തുംഗ മണിസൗധത്തിൽ വസിച്ച ശരീരമേ നീയിന്ന് ഈ കാട്ടുഗുഹയിൽ താമസിക്കുന്നു ...
സ്വാദിഷ്ടമായ ഭക്ഷ്യവിഭവങ്ങൾ കഴിച്ചിരുന്ന നീ ഇന്ന് വെറും ചവർക്കുന്ന കാട്ടുകനികൾ മാത്രം ഭക്ഷിക്കുന്നു. നാവിൽ നിന്ന് രുചി നീങ്ങിപോവാത്ത മധുര പാനീയങ്ങളും പാൽപായസവും കുടിച്ച നീ കാട്ടാറിലെ വെള്ളം കൊണ്ട് തൃപ്തിപ്പെടുന്നു. രാജ്യത്തുവെച്ച് ഏറ്റവും സുന്ദരികളായ കന്യകമാരെ തിരഞ്ഞെടുത്ത നീ പെണ്ണിന്റെ ചൂടുപോലും മറന്നിരിക്കുന്നു ...

ഇനിയൊരിക്കലും നിന്റെ ആ പഴയ നിലപാടിലേക്ക് നീ തിരിച്ച് പോകരുത്. സ്വന്തം ശരീരത്തോട് എപ്പോഴും ഉപദേശം നൽകുമായിരുന്നു അദ്ദേഹം ...

തന്റെ ഏതഭിലാഷവും നിറവേറ്റിത്തരാൻ ആജ്ഞയും കാത്ത് നിൽക്കുന്ന ദാസന്മാർ ആ പാവപ്പെട്ടവരെ കഷ്ടപ്പെടുത്തിയ സ്വന്തം ശരീരത്തെ തന്നെ കഷ്ടപ്പെടുത്താൻ ഇബ്രാഹീം തീരുമാനിച്ചു ...

കഠിനമായ അദ്ധ്വാനംകൊണ്ട് അദ്ദേഹം ശരീരത്തെ വെറുക്കാൻ തുടങ്ങി. മലയിൽനിന്ന് വിറക് ശേഖരിച്ച് ചുമലിലേറ്റി വിറ്റ് അതിൽ നിന്ന് കിട്ടുന്ന കാശ് കൊണ്ട് മാത്രം അദ്ദേഹം വിശപ്പടക്കാനുള്ള എന്തെങ്കിലും വാങ്ങി. അങ്ങനെ ആ ശരീരം ശേഷിച്ചു എല്ലും തൊലിയുമായി. കണ്ടാൽ തിരിച്ചറിയാതായി ...

പകൽ മുഴുവനും ഇബ്രാഹിം നോമ്പനുഷ്ഠിച്ചു. രാത്രി മുഴുവൻ ഇബാദത്തിൽ മുഴുകി. അങ്ങനെ ഇബാദത്തുകൾകൊണ്ട് തന്റെ ജീവിതം തന്നെ അദ്ദേഹം സാന്ദ്രമാക്കി. വിശപ്പിന്റെ രുചിയെന്തന്നറിയാതെയാണ് ഇത്രയുംകാലം ജീവിച്ചത്. ആ വയറിനെയാണ് ഇപ്പോൾ പട്ടിണിക്കിട്ട് മെരുക്കുന്നത് ...

ദിനരാത്രങ്ങൾ പലതും കഴിഞ്ഞു. ആ വനം ഇബാഹിമിന്ന് സ്വന്തം നാടുപോലെ സുപരിചിതമായി. അവിടെയുള്ള ഹിംസ്രജന്തുക്കൾപോലും അദ്ദേഹത്തിന്റെ മുന്നിൽ ഓച്ഛാനിച്ചുനിന്നു. അങ്ങനെ അള്ളാഹുവിന്റെ പ്രീതിക്ക് പാത്രമായി യതിവര്യനായി താമസിയാതെ ഇബ്രാഹീമുബ്നു അദ്ഹം മാറി ...

അള്ളാഹുവിന്റെ കോപത്തിന് പാത്രീഭൂതമാകുന്ന ഒരു സിസ്സാരകാര്യത്തിൽ പോലും അദ്ഹം ഏർപ്പെട്ടില്ല ...

വർഷങ്ങളോളം ആ ജീവിതം തുടർന്നു. യാതൊരല്ലലുമലട്ടുമില്ലാത്ത ജീവിതം. കുടുംബങ്ങളില്ല, പ്രജകളില്ല, കെട്ടുപാടുകളില്ല. അഹമെന്ന ചിന്തയിൽ നിന്ന് വ്യതിചലിപ്പിക്കാൻ ആരുമില്ല. പക്ഷെ സ്ഫടികസമാനമായി കിടക്കുന്ന വെള്ളത്തിൽ ചെളിവാരിയിട്ടതു പോലെ അദ്ദേഹത്തിന്റെ ഏകാന്തതയിലേക്ക് ജനങ്ങൾ ഇരമ്പിവന്നു ...

സ്വന്തം സാമ്രാജ്യം ഉപേക്ഷിച്ച് കരിമ്പടം പുതച്ചിറങ്ങിയ ചക്രവർത്തി എവിടെയാണെന്നറിയാൻ ആകാംക്ഷഭരിതരായി കാത്തിരിക്കുകയായിരുന്നു ജനങ്ങൾ...

അങ്ങനെയിരിക്കെ രാജാവ് വനത്തിലെ ഗുഹയിൽ അധിവസിക്കുന്ന വിവരം ആരോ മണത്തറിഞ്ഞു. പിന്നെ വാർത്ത പ്രചരിക്കാൻ അധികസമയം വേണ്ടിവന്നില്ല. അതിന്നുശേഷം ജനങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു ...

എല്ലാവർക്കും സൂഫിവര്യനായ ഇബ്രാഹീമിബ്നു അദ്ഹമിനെ കാണണം. അതിന്നുവേണ്ടിയുള്ള തിക്കിത്തിരക്ക് തന്നെ, തികച്ചും ഏകാന്തതമാത്രമായിരുന്നു ഇബ്രാഹീമുബ്നു അദ്ഹം ആഗ്രഹിച്ചിരുന്നത്. ഇത്രയും കാലം ആ ഏകാന്തത ലഭിച്ചു. കാട്ടുമൃഗങ്ങൾ എത്ര നല്ലവർ. അവർ തന്റെ ഏകാന്തതക്ക് ഒരു ഭംഗവും വരുത്തിയില്ല. എന്നാൽ ഇപ്പോഴിതാ മനുഷ്യർ ഒരു ശല്യമായിമാറിയിരിക്കുന്നു...

തന്നെയുമല്ല, പലരും പലവിധ പാരിതോഷികങ്ങളുമായിട്ടാണ് എത്തിച്ചേരുന്നത്. ദുനിയാവിന്റെ കെട്ടുപാടുകളിൽ നിന്ന് ഒഴിഞ്ഞു മാറാൻ വേണ്ടി വനത്തിൽ വന്ന തനിക്കെന്തിനാണ് ഈ സമ്മാനങ്ങൾ. ഇല്ല ഇനിയിവിടെ നിന്നാൽ തന്റെ ഉദ്ദേശം സഫലീകൃതമാവുകയില്ല ...

ഇബ്രാഹീമിബ്നു അദ്ഹം പിന്നെ അവിടെ നിന്നില്ല. ഒരു സുപ്രഭാതത്തിൽ അദ്ദേഹം ആ ഗുഹയിൽ നിന്ന് യാത്ര പറഞ്ഞു ...

വഴിയിലൊരു ഉപദേശി 

യാത്ര അനന്തമായ യാത്ര തന്നെ. ഏകാന്തത അതൊന്നുമാത്രമാണ് തനിക്കാവശ്യം. അത് കിട്ടുവോളം നടക്കണം. അങ്ങിനെ നിനച്ചുകൊണ്ട് ഇബ്റാഹീമിബ്നു അദ്ഹം മുന്നോട്ട് ഗമിച്ചുകൊണ്ടിരുന്നു ...

വഴിയിൽ ഒരപരിചിതൻ എതിരിൽ വരുന്നത് ഇബ്‌റാഹീം കണ്ടു. മുമ്പ് കണ്ട വയോവൃദ്ധന്മാരുമായി സാമ്യമുണ്ട്. വേഷത്തിൽ മാത്രമേ സാദൃശ്യമുള്ളൂ ... ശുഭവസ്ത്രം, നീളൻ തലയിൽകെട്ട്, വെള്ളത്താടി എല്ലാമെല്ലാം ... പക്ഷെ, ഒന്നുമാത്രമില്ല, മുഖത്ത് ഒളിമിന്നുന്ന തേജസ്സ്. ഇയാളുടെ മുഖം മാരിക്കാർ പോലെ കരുത്തിരുണ്ടതാണ്. ഒരു പ്രസാദവുമില്ല...

അപരിചിതൻ ഇബ്റാഹീമിബിനു അദ്ഹമിന്റെ സമീപം വന്ന് ഇപ്രകാരം പറഞ്ഞു ...

" അല്ലയോ മഹാരാജാവേ, അങ്ങ് എന്ത് മൗഢ്യമാണീ കാണിക്കുന്നത് ...? അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാൻ സ്വന്തം ശരീരത്തെയിട്ട് ഇങ്ങനെ കഷ്ടപ്പെടുത്തണമെന്നോ ...? അല്ലാതെത്തന്നെ അതിന് എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. താങ്കളെന്തിന് ആ സമുന്നതമായ രാജാധികാരവും പദവിയും കളഞ്ഞുകുളിച്ചു ... രാജകൊട്ടാരത്തിലിരുന്നാലും ഏതുതരം ഇബാദത്തും ചെയ്യാമായിരുന്നില്ലേ ..., തന്നേയുമല്ല, സമ്പത്ത് കൈവശമുണ്ടെങ്കിൽ ദാനധർമ്മങ്ങൾ കൊണ്ട് വേറെയും പുണ്യം നേടാം. ഇതൊന്നുമാലോചിക്കാതെ വെറുതെ എടുത്ത് ചാടിയത് ഏതായാലും ബുദ്ധിയായില്ല... താങ്കൾ എന്നെ കണ്ടില്ലേ ...? ഭൗതികമായ എല്ലാ ആഡംബരങ്ങളും അസ്വദിക്കുന്നവനാണ് ഞാൻ. എന്നിട്ടും അല്ലാഹുവിന്റെ പ്രീതി പാത്രഭൂതനാകാൻ എനിക്ക് കഴിഞ്ഞു. താങ്കൾ വേഗം മടങ്ങിപ്പോകുക. ബൽഖയിലെ സിംഹാസനത്തിലിരിക്കുക. എന്നിട്ട് ഇഹത്തിലും പരത്തിലും സന്തുഷ്ടജീവിതം നയിക്കുക ..."

ഇബ്റാഹീമിബിനു അദ്ഹം അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലാം കേട്ടു ... അയാൾ ഏതായാലും തന്റെ ഗുണകാംക്ഷിയല്ലെന്ന് അദ്ദേഹത്തിന് ഉറപ്പായി. ഇബ്ലീസ് പല നിലയിലും വന്ന് പരീക്ഷിക്കുമെന്ന ഇൽയാസ്‌ നബിയുടെ ഉപദേശം അദ്ദേഹം ഓർത്തു ... ഇവൻ തീർച്ചയായും ശപിക്കപ്പെട്ട പിശാച് തന്നെ. അദ്ദേഹം നഊദുബില്ല എന്നു വിളിച്ചുപറഞ്ഞു ...

തൽക്ഷണം ഭയവിഹ്വലയായി വായോധികന്റെ വേഷത്തിൽ വന്ന പിശാച് പിന്തിരിഞ്ഞോടി ...

അൽഹംദുലില്ലാഹ് ... ദ്രോഹിയായ ശൈത്താനിൽ നിന്ന് എന്നെ രക്ഷിച്ച അല്ലാഹുവിന് തന്നെ സർവ്വസ്തുതിയും ... എന്നു പറഞ്ഞുകൊണ്ട് ഇബ്‌റാഹീം ഒരുപാട് റകഅത്ത് നിസ്കരിച്ചു ...

ഇങ്ങനെ തന്റെ യാത്രയിൽ ഇടവിട്ട് അദ്ദേഹം നിസ്കരിച്ചുകൊണ്ടിരുന്നു ... തനിക്ക് ഏകാന്തവാസത്തിന് പറ്റിയ സ്ഥലം അന്വേഷിച്ചുകൊണ്ടാണ് അദ്ദേഹം യാത്ര തുടർന്നത്  ..

കൂലി ചോദിച്ചതിന് 

ഇബ്രാഹിം പുതിയൊരു താവളം കണ്ടെത്തി. ബാഗ്ദാദിലെ ഒരു ഗ്രാമത്തിൽ ചെന്ന് അദ്ദേഹം ചുമടെടുക്കുകയും കൂലിവേല ചെയ്യുകയും ചെയ്തു. പകൽ അത്യദ്ധ്വാനം ചെയ്യുമ്പോൾ പോലും ഒരിറ്റുവെള്ളം തൊണ്ടയിലൂടെ ഇറക്കിയിരുന്നില്ല. എന്നും നോമ്പ് തന്നെ...

ഇത്രയും കാലം തിന്ന് സുഖിച്ച് മതിച്ച് നടന്ന ശരീരത്തെ അദ്ദേഹം ശിക്ഷിക്കുകയായിരുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ അത്യദ്ധ്വാനം ചെയ്തു കിട്ടുന്ന വെള്ളിനാണയങ്ങളിൽ നിന്ന് തന്റെ ഒരു നേരത്തെ ലളിതമായ ശാപ്പാടിനുള്ളത് മാത്രം എടുത്ത് ബാക്കി അദ്ദേഹം പാവങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ് ...

അന്നും പതിവുപോലെ സുബ്ഹി നിസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞ് ഇബ്രാഹീം ഗ്രാമത്തിലേക്കിറങ്ങി. അന്നദ്ദേഹത്തിന് ലഭിച്ചത് ഒരു വലിയ ചുമടായിരുന്നു. അതിന്റെ ഉടമക്കാരൻ നിർദ്ദേശിച്ച സ്ഥലത്ത് ചുമട് എത്തിയപ്പോഴേക്ക് അദ്ദേഹത്തിന്റെ മുത്ക് ഒടിയാനടുത്തിരുന്നു. ചുമട് താഴെ വെച്ച് പതിവുപോലെ ഉടമക്കാരന്റെ സമീപം ചെന്ന് അദ്ദേഹം കൂലിക്ക് കൈനീട്ടി. ഇത്തവണ ഇബ്രാഹീം ചുമന്ന ചരക്കിന്റെ ഉടമക്കാരൻ വെറും സാധാരണക്കാരനായിരുന്നില്ല . കുപ്രസിദ്ധികൊണ്ട് ആ നാടിനെയാകെ വിറപ്പിച്ച ഒരു കൊള്ളക്കാരനായിരുന്നു. അയാൾ തന്നോട് കൂലി ചോദിച്ചത് ആ കവർച്ചക്കാരന് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ലെന്ന് അയാളുടെ മുഖഭാവം തെളിയിച്ചു... ഇബ്രാഹീമുബ്നു അദ്ഹം അതൊന്നും ശ്രദ്ധിച്ചില്ല. തന്റെ അന്നത്തെ അദ്ധ്വാനത്തിെന്റെ ഫലം കിട്ടാൻ വേണ്ടി അദ്ദേഹം കൈനീട്ടി ...

" എടാ ധിക്കാരി. നീ ആരുടെ നേരെയാണ് കൂലി ചോദിച്ച് കൈനീട്ടുന്നത്. ഞാൻ ജോലിയെടുപ്പിച്ച ആരും എന്നോട് ഇതുവരെ കൂലി ചോദിച്ചിട്ടില്ല. അതു കൊണ്ട് നിനക്കും വേഗം തടി രക്ഷപ്പെടുത്താൻ ഇവിടെ നിന്ന് പോവുകയാണ് നല്ലത് ..."

എന്തൊരു അനീതിയാണിത് പടച്ചവനെ...? ചുമരൊടിയോളം ചുവടെടുപ്പിച്ചിട്ട് കൂലി ചോദിച്ചപ്പോൾ വധഭീഷണി ...

ഇബ്രാഹീമുബ്നു അദ്ഹം ഒന്നും ഉരിയാടിയില്ല. ഇതെല്ലാം താൻ അനുഭവിക്കേണ്ടവനാണെന്നുള്ള മനോഭാവത്തോടെയായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത് ...

ഒന്നും മിണ്ടിയില്ലെങ്കിലും ഇബ്രാഹീമിബ്നു അദ്ഹം അവിടെ തന്നെ നിന്നു ...
"താനെന്താടൊ ഒന്നുമിണ്ടാത്തത്....? ഊമയാണോ...? പോകാൻ പറഞ്ഞത് കേട്ടില്ലേ...?"

കവർച്ചക്കാരന് കലിയിളകിത്തുടങ്ങിയിരുന്നു. അപ്പോഴും ഇബ്രാഹീമിബ്നു അദ്ഹം ഒന്നും ഉരിയാടിയില്ല. കോപത്തിന്റെ മൂർദ്ധന്യതയിലെത്തിയപ്പോൾ ആ ദുഷ്ടൻ തന്റെ കൈവശമുണ്ടായിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ഇബ്രാഹീമിബ്നു അദ്ഹമിന്റെ ശിരസ്സിന് ശക്തമായൊരു താണ്ഡനം കൊടുത്തു. അടിയുടെ ശക്തിയാൽ അദ്ദേഹം നിലത്തുവീണു. തല പൊട്ടി രക്തം കൂടുതൽ ഒഴുകാൻ തുടങ്ങി. എന്നിട്ടും അരിശം തീരാതെ കവർച്ചക്കാരൻ വീണ്ടും അടിക്കാനോങ്ങി ഇത്തവണ കറാമത്ത് സംഭവിക്കുക തന്നെ ചെയ്തു. അടിക്കാൻ വേണ്ടി ഉയർത്തിയ കരങ്ങൾക്ക് താഴ്ത്താൻ കഴിയുന്നില്ല ...

ഇതെന്തു കഥ ...? ആ കൊള്ളക്കാരന് ആകെ വേവലാതിയായി. അയാൾ ചിന്തിച്ചുനോക്കി. തന്റെ മുമ്പിൽ വീണുകിടക്കുന്ന ചുമട്ടുകാരൻ വെറും സാധാരണക്കാരനല്ലെന്ന് അയാൾക്ക് മനസ്സിലായി. ഇദ്ദേഹത്തെക്കൊണ്ട് പെരുത്തപ്പെടീക്കാതെ തന്റെ കൈകൾ പൂർവ്വസ്ഥിതി പ്രാപിക്കുകയില്ലെന്നുള്ള ഉത്തമബോധ്യം ആയാൾക്കുണ്ടായി. അതുവരെ ഒരു കൊലയാളിയുടെ ക്രൂരത നിഴലിച്ചിരുന്ന ആ മുഖത്ത് ഇപ്പോൾ കാണുന്നത് ഒരുതരം ദയനീയതയാണ് ...

" ബഹുമാന്യവരെ എനിക്ക് നിങ്ങളെ മനസ്സിലാകാതെ പറ്റിപ്പോയതാണ്. എന്നോട് ക്ഷമിക്കേണമേ ... എന്റെ കൈകൾ പൂർവ്വസ്ഥിതി പ്രാപിക്കുവാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കേണമേ ..."

ഇബ്രാഹീമിബ്നു അദ്ഹം അയാൾക്കുവേണ്ടി പ്രാർത്ഥിച്ചു. തൽക്ഷണം അയാൾക്ക് കരങ്ങൾ താഴ്ത്താൻ കഴിഞ്ഞു. ദുആക്ക് ഉത്തരം കിട്ടുന്ന ഒരു മഹനീയനെയാണല്ലൊ താൻ മർദ്ധിക്കുകയും അവഹേളിക്കുകയും ചെയ്തത് എന്നോർത്ത് ആ കവർച്ചക്കാരന് എന്തെന്നില്ലാത്ത പശ്ചാതാപമുണ്ടായി ...
അയാൾ ഇബ്രാഹീമിബ്നു അദ്ഹമിന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു ...

അപ്പോൾ ഇബ്രാഹീമിബ്നു അദ്ഹം പറഞ്ഞു ...

" ഇതെല്ലാം ഞാനനുഭവിക്കേണ്ടതാണ്. ഒരുപാട് പാവപ്പെട്ടവരെ ഞാൻ മർദ്ദിച്ചിട്ടുണ്ട്. അധികാരത്തിന്റെ അഹന്തയിൽ ഒരുപാട് രക്തം ചിന്തിയിട്ടുണ്ട്. അതിന്റെയെല്ലാം പ്രതികാരം ഈ ലോകത്തുനിന്നുതന്നെ അനുഭവിക്കുന്നതാണ് എനിക്കിഷ്ടം ..."

"എങ്കിൽ അങ്ങയുടെ ശിഷ്യനാകാൻ എന്നെയും എന്റെ അനുയായികളെയും അനുവദിക്കണം ..."

"ഈ ലോകത്തോടുള്ള സകല കെട്ടുപാടുകളും ഉപേക്ഷിക്കുന്നവർക്കേ അതിനു സാധിക്കുകയുള്ളൂ ..."

അയാൾ സമ്മതിച്ചിരിക്കുന്നു.
ഭൗതിമായ ഒന്നിനേയും ഇനി ഞങ്ങൾക്ക് ബന്ധമുണ്ടായിരിക്കുകയില്ല...

അങ്ങനെ ആ കവർച്ചക്കാരനെയും അനുയായികളെയും ഇബ്രാഹീമിബ്നു അദ്ഹം തന്റെ ശിഷ്യന്മാരായി സ്വീകരിച്ചു ...

സ്വീകരിക്കാൻ ചെന്ന് പൊതിരെ തല്ലി 

ഇബ്റാഹീമിബിനു അദ്ഹമിന്റെ കൂടെ ഇപ്പോൾ മുപ്പത് ശിഷ്യഗണങ്ങളുണ്ട്...

ഒരുകാലത്ത് ജനങ്ങളെ കിടുകിടാ വിറപ്പിച്ച കവർച്ചക്കാരായിരുന്നു അവർ. ഇന്നവർക്ക് ധനത്തോടും ഐഹിക സുഖഭോഗങ്ങളോടും ഒട്ടും ആസക്തിയില്ല. അവർ എല്ലാവരും തന്നെ അല്ലാഹുവിന്ന് ഇബാദത്ത് ചെയ്തുകൊണ്ട് ദിനരാത്രങ്ങൾ കഴിച്ചു. ശിഷ്യരുടെ അദ്ധ്വാനത്തിന്റെ ഫലം ഭുജിക്കാൻ ഒരിക്കലും ഇബ്‌റാഹീം ഇഷ്ടപ്പെട്ടില്ല ... നേരെമറിച്ച് തന്റെ അദ്ധ്വാനഫലത്തിൽ നിന്ന് അവരെ ഊട്ടാനാണദ്ദേഹം ആഗ്രഹിച്ചത്...

അതിന് എതിര് നിൽക്കുന്നത് അദ്ദേഹം പൊറുപ്പിച്ചിരുന്നില്ല ...

തന്റെ ശിഷ്യൻമാരോട് ഇബ്‌റാഹീം പൂർവ്വകാല കഥകളെല്ലാം പറഞ്ഞു. താൻ ആരാണെന്നുള്ള രഹസ്യം ഒരിക്കലും പുറത്തുവിടരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗുരുവിന്റെ ഉപദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് കുഞ്ഞാടുകളെപ്പോലെ ആ ശിഷ്യഗണങ്ങൾ ജീവിച്ചുപോന്നു ...

എന്നാൽ ഈ ജീവിതം ദീർഘകാലം തുടരാൻ അവർക്കായില്ല. സുഗന്ധദാഹിയായ അത്തർ മറ്റുള്ളവർക്ക് മണമേൽക്കാതെ എത്രകാലമാണ് മൂടിവെക്കാൻ പറ്റുക ...? എന്നത് ഇബ്റാഹീമിനു അദ്ഹത്തെ എങ്ങനെയോ കേട്ടറിഞ്ഞ് ജനങ്ങൾ അന്വേഷിച്ചുവരാൻ തുടങ്ങി. ആദ്യമാദ്യം ചെറിയ സംഘങ്ങൾ മാത്രമാണ് എത്തിച്ചേർന്നത്. പിന്നെപ്പിന്നെ ജനസഞ്ചയങ്ങളായിത്തീർന്നു...

ഏകാന്തത ഇഷ്ടപ്പെടുന്ന ഇബ്റാഹീമിനു അദ്ഹം പൊറുതിമുട്ടി. ഇവിടുന്ന് രക്ഷപ്പെടണം ... അദ്ദേഹം തന്റെ ശിഷ്യഗണങ്ങളെ അരികിൽ വിളിച്ച് ഇപ്രകാരം പറഞ്ഞു ...

" ഏകാന്തതയിലിരുന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇവിടെ ഇനിയതിന് സാധ്യമാകുമെന്ന്‌ തോന്നുന്നില്ല... മാത്രമല്ല, മക്കയിൽ പോകണമെന്നും ഹജ്ജ് ചെയ്യണമെന്നുമുള്ള ഉൾക്കടമായ ആഗ്രഹവും എനിക്കുണ്ട്. അതുകൊണ്ട് ഈ നിമിഷം നമുക്കിവിടെ നിന്നും പുറപ്പെടാം... പുറപ്പെടുന്നതിന് മുമ്പ് ഒരുകാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു ... അതായത്, ഞാൻ ആരാണെന്നുള്ള കാര്യം നിങ്ങളിലൊരാളും പുറത്ത് വിടരുത്. എന്തുതന്നെ പ്രതിസന്ധികളുണ്ടായാലും ശരി ഈ ഉപദേശം എപ്പോഴും നിങ്ങളുടെ ഓർമ്മയിൽ ഉണ്ടായിരിക്കണം. അതിന്ന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ തൽക്ഷണം അവർ എന്റെ ശിഷ്യഗണങ്ങളിൽ നിന്ന് പുറത്താകുന്നതാണ് ..."

ഇബ്റാഹീമിന്റെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് അവരെല്ലാം മക്കയിലേക്ക് യാത്ര പുറപ്പെട്ടു...

പക്ഷെ, പരീക്ഷണങ്ങൾ അവരെ വഴിയിൽ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു ...

ഇബ്റാഹീമിനു അദ്ഹമിന്റെ നേതൃത്വത്തിൽ ഒരുസംഘം പരിശുദ്ധ മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വാർത്ത ജനങ്ങൾക്കിടയിൽ പ്രചരിച്ചു. ആ മഹാനുഭാവന് വരവേൽപ്പ് നൽകാനും, അദ്ദേഹത്തിന്റെ ആശീർവാദങ്ങൾ സ്വീകരിക്കുവാനും ലക്ഷക്കണക്കിന് ജനങ്ങൾ തടിച്ചുകൂടി ... ഇബ്റാഹീമിന്റെ വരവുംകാത്ത് വഴിയിൽ നിന്നു ...

തികച്ചും ലളിതമായ വേഷത്തിൽ അനർഭാഢമായി നീങ്ങുന്ന യാത്രാസംഘം. പരിശുദ്ധ മക്കയിൽ എത്തണം. കഅബാ ശരീഫ് ത്വവാഫ് ചെയ്യണം. ഏക ഇലാഹിന്റെ പ്രീതി സമ്പാദിക്കണം. ഇതു മാത്രമായിരുന്നു അവരുടെ മനസ്സിൽ ...
കുറെ നടന്നുനീങ്ങിയപ്പോൾ വഴിയിൽ ഒരു വലിയ ജനക്കൂട്ടം നിൽക്കുന്നത് അവരുടെ ദൃഷ്ടിയിൽപെട്ടു. ഇബ്റാഹീമും കൂട്ടുകാരും ജനങ്ങളുടെ അരികിലെത്തി. ആ യാത്രാസംഘത്തോട് അവിടെ കൂടിനിൽക്കുന്ന ജനങ്ങളിൽ നിന്നൊരാൾ മുന്നോട്ടുവന്ന് ചോദിച്ചു ...

" ഹേ യാത്രക്കാരാ ... നിങ്ങൾ എവിടെ നിന്നാണ് വരുന്നത് ? നിങ്ങളുടെ ഉദ്ദേശമെന്താണ് ? നിങ്ങളുടെ യാത്രക്കിടയിൽ മഹാനായ ഇബ്റാഹീമിബ്നു അദ്ഹമിനെയെങ്ങാനും കണ്ടുമുട്ടിയോ ? ഞങ്ങൾ അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ചാണിവിടെ കൂടിയിരിക്കുന്നത് ..."

അയാളുടെ ചോദ്യം കേട്ടപ്പോൾ ഇബ്റാഹീമിന്ന് കാര്യത്തിന്റെ കിടപ്പ് മനസ്സിലായി. ഈ ജനങ്ങൾ ഇവിടെയും തനിക്ക് സ്വൈര്യം തരില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു ... ഏതായാലും ഒരു സമാധാനമുണ്ട്. അവർ തന്നെ തിരിച്ചറിഞ്ഞിട്ടില്ല. എന്തെങ്കിലും മറുപടി പറഞ്ഞ് ഇവിടുന്ന് രക്ഷപ്പെടുന്നതാണ് നല്ലത്. ഇങ്ങനെയെല്ലാം ആലോചിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ...

" അല്ലയോ ജനങ്ങളെ ... ബൽഖയിലെ സ്വർത്ഥമോഹിയായ ഇബ്റാഹീമിനെയാണോ നിങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത് ...?
ഇത്രയധികം സാമ്രാജ്യമോഹിയായ ഒരു രാജാവിനെകുറിച്ച് ഞാൻ കേട്ടിട്ടില്ല... ഏതായാലും, ആ മഹാപാപിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന നിങ്ങളുടെ അവസ്ഥ മഹാ കഷ്ടം തന്നെ..."

ഇബ്റാഹീമിന്റെ അഭിപ്രായം അവിടെ കൂടിയിരിക്കുന്നവർക്ക് ഒട്ടും രസിച്ചില്ല ... പിന്നെ നടന്നതെന്താണ് ...? 

അവർ കൂട്ടത്തോടെ അദ്ദേഹത്തിനടുത്തേക്ക് പാഞ്ഞടുത്തു. തുടരെ തുടരെ പ്രഹരങ്ങളാരംഭിച്ചു. അത് തടയാൻ വന്ന ശിഷ്യന്മാർക്കും പൊതിരെ തല്ലുകിട്ടി ...

ഇതുതന്നെയാണ് നിങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഇബ്റാഹീമിബ്നു അദ്ഹം. അദ്ദേഹത്തെയാണോ നിങ്ങൾ ക്രൂരമായി മർദ്ധിക്കുന്നത് ? ഇങ്ങനെ പറയാൻ ഓരോ ശിഷ്യന്മാരുടെയും നാവ് തരിച്ചു ... പക്ഷെ, അവരെല്ലാം ഗുരുവിന്റെ താക്കീതോർത്തു ... ഏത് പ്രതിസന്ധിയിലും താനാരാണെന്നുള്ള സത്യം തുറന്ന്പറയരുത്...

അങ്ങിനെ ജനങ്ങളിൽ നിന്നുള്ള അതികഠിനമായ മർദ്ധനമേറ്റ് അവശനായി ഇബ്റാഹീമും ശിഷ്യഗണങ്ങളും കഅബ ശരീഫിലെത്തി. അവിടെവെച്ച് ചിലർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു ... നിമിഷങ്ങൾക്കകം ആ കഥ നാടെങ്ങും പരന്നു ... മർദനമേറ്റത് ഇബ്റാഹീബ്നു അഡ്മിനാണ് ...

പിന്നെയുള്ള അവസ്ഥ പറയണോ ... ജനങ്ങൾ എന്തുചെയ്യണമെന്നറിയാതെ ഷോക്കേറ്റപോലെ നിന്നുപോയി. പലരും വാവിട്ടുകരഞ്ഞു ... തങ്ങൾ സ്നേഹാദരങ്ങളോടെ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ശൈഖിനെ തങ്ങൾ തന്നെ നിർദ്ദയമായി മർദ്ധിക്കുക. അവർക്ക് ആ കാര്യം ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. പക്ഷെ, എന്തുചെയ്യാം എല്ലാം സംഭവിച്ചുപോയി. ഇനി ആരോട് പറയാനാണ്. അവരിൽ പലരും നേരെ ഇബ്റാഹീമിനു അദ്ഹമിന്റെ അരികിലേക്കോടി അദ്ദേഹത്തിന്റെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞ്കൊണ്ട് മാപ്പപേക്ഷിച്ചു ...

ഈ കോലാഹലങ്ങളെല്ലാം കണ്ട് ശാന്തരായിരിക്കുകയായിരുന്നു ഇബ്‌റാഹീം. അപ്പോഴും അദ്ദേഹത്തിന് ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഇതെല്ലാം ഞാൻ അനുഭവിക്കേണ്ടത് തന്നെയാണെന്നുള്ള ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇബ്‌റാഹീം തന്റെ ചുറ്റും നിന്ന് ഖേദത്തോടുകൂടി വിലപിക്കുന്ന ജനങ്ങളോടായി പറഞ്ഞു ...

" എന്റെ പ്രിയപ്പെട്ട ജനങ്ങളെ, നിങ്ങൾ ചെയ്തതിൽ എനിക്കൊട്ടും പരാതിയില്ല. ഒരുപാട് അഹങ്കാരിച്ചതാണെന്റെ ഹൃദയം. അത് ഏറ്റവും നിന്ദ്യമായ നിലയിൽ അവഹേളിക്കപ്പെടണം. ഒരുപാട് പാവപ്പെട്ടവരെ മർദ്ദിക്കുകയും, അവരുടെ കണ്ണുനീര് കണ്ട് സായൂജ്യമടയുകയും ചെയ്ത എനിക്ക് അർഹിക്കുന്ന ശിക്ഷ തന്നെയാണ് കിട്ടിയത്. അതുകൊണ്ട് നിങ്ങളാരോടും തന്നെ എനിക്കൊരു പകയും പ്രതികാര ചിന്തയുമില്ല. തൽകാലം നിങ്ങൾ പിരിഞ്ഞുപോകണം. ഏകാഗ്രതയാണെനിക്കാവശ്യം അതെനിക്ക് നൽകുമെങ്കിൽ ഞാൻ കൃതാർത്ഥനായി ...

 അഹങ്കരിച്ചതിന്റെ ഫലം 

എന്തൊരു ഉദാര മനസ്കത, എന്തൊരു മഹനീയ മാതൃക ഇത്തരം നല്ലൊരു സൂഫിവര്യനെയാണെല്ലൊ തങ്ങൾ മർദ്ദിച്ചതെന്ന് ഓർക്കുന്തോറും ആ ജനങ്ങളുടെ ദു:ഖം അധികരിച്ചു. അവർ മനസ്സില്ലാമനസ്സോടെ അവിടെനിന്നും പിരിഞ്ഞുപോയി ...

മക്കയിൽവെച്ച് പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച ശേഷം മഹാനും ശിഷ്യഗണങ്ങളും അവിടെ താമസം തുടങ്ങി. ലാളിത്യത്തിന്റെ പ്രതീകങ്ങളായി അവർ ജീവിച്ചു. ഇബ്രാഹീമിബ്നു അദ്ഹം സ്വന്തം ശിരസ്സിൽ വിറകേറ്റിക്കൊണ്ട് വന്ന് അതിൽനിന്ന് കിട്ടുന്ന പ്രതിഫലംകൊണ്ട് തന്റേയും ശിഷ്യന്മാരുടേയും വിശപ്പടക്കി. അങ്ങനെ കാലം ഒരുപാട് കഴിഞ്ഞു ...

പ്രപഞ്ചത്യാഗിയായ ആ യോഗീവര്യന്ന് ജനങ്ങളിൽനിന്നുള്ള പ്രലോഭനങ്ങൾ കൂടിക്കൂടി വന്നു. പലരും പാരിതോഷികങ്ങളുമായി വന്നു. ബൽകയിലെ സിംഹാസനം വലിച്ചെറിഞ്ഞുവന്ന തനിക്കെന്തിനു ഈ നിഷ്കൃഷ്ടമായ സ്വർണ്ണനാണയങ്ങൾ... ഇതാന്നും തന്നെ പ്രലോഭിപ്പിക്കില്ല. പക്ഷെ ഏകാന്തത അതു മാത്രം തനിക്ക് കിട്ടുന്നില്ല. താൻ ആരാണെന്നറിയാത്ത ഒരു സ്ഥലത്തെത്തിച്ചേരണം. അതായി ഇബ്രാഹീമിന്റെ പിന്നത്തെ ചിന്ത ...

അങ്ങനെ വീണ്ടും താവളം മാറാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ ശിഷ്യഗണങ്ങളെ അരികിൽ വിളിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു .

" പ്രിയപ്പെട്ടവരെ നമ്മുടെ താവളം ഇനിയിവിടെ നിന്നും മാറ്റുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതു കൊണ്ട് ഞാൻ ഒരു പുതിയ സ്ഥലം തേടി പുറപ്പെടാനാഗ്രഹിക്കുന്നു. പുറപ്പെടുന്നതിനുമുമ്പ് നിങ്ങളുമായി ഒരുടമ്പടിയുണ്ടാക്കണമെന്നാണെന്റെ നിശ്ചയം. ഞാൻ ഒരുകാര്യം ആവശ്യപ്പെട്ടാൽ നിങ്ങളെല്ലാവരും അതംഗീകരിക്കുമെന്ന് ആദ്യമായി എനിക്ക് ഉറപ്പുനൽകണം ..."

" അഭിവന്ദ്യഗുരോ അങ്ങയുടെ ഏതാവശ്യവും അംഗീകരിക്കാൻ ഏതുസമയത്തും ഈ ശിഷ്യന്മാർ സന്നദ്ധരാണ്. പിന്നയെന്തിനാണി മുഖവുരയൊക്കെ ..."

" എങ്കിൽ കേൾക്കൂ ... എന്റെ ശരീരത്തെ ശക്തമായ ഭാരംകൊണ്ട് തളർത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഈ യാത്രയിൽ നിങ്ങളുടെ ഭാണ്ഡങ്ങളെല്ലാം എന്റെ ചുമലിൽ വെച്ചുതരണം ..."

ശിഷ്യന്മാർക്ക് ഓർക്കാൻപോലും കഴിയാത്ത ഒരാവശ്യമായിരുന്നു അത്. എന്തുംചെയ്യും ഗുരുവുമായികരാറുണ്ടാക്കിയതല്ലെ ... ഇനി അത് ലംഘിക്കുന്നതെങ്ങനെ. എങ്കിലും ഏതെങ്കിലും വിധേന ഈ തീരുമാനത്തിൽ നിന്ന് ഗുരുവിനെ പിന്തിരിപ്പിക്കാനാവുമോ എന്നവർ വളരെയധികം പരിശ്രമിച്ചുനോക്കി ... പക്ഷെ അദ്ദേഹം പിന്തിരിയുന്ന മട്ട് കണ്ടില്ല. അങ്ങനെ മുപ്പത് ശിഷ്യന്മാരുടേയും ഭാണ്ഡങ്ങൾ സ്വന്തം മുതുകിലേറ്റി അദ്ദേഹം കൂനിക്കൂടി നടന്നു ..."

എന്റെ ശരീരമേ, നീയെത്ര അഹങ്കരിച്ചു. എല്ലാം നിന്റെ കാൽക്കീഴിൽ വരുത്തി. നീ സിംഹാസനത്തിൽ മേലനങ്ങാതെ ഇരിക്കുകയായിരുന്നില്ലേ... ഇപ്പോൾ അതിന്നുള്ള ശിക്ഷയാണ് നീ അനുഭവിക്കുന്നത്. എന്ന് ആത്മഗതം ചെയ്ത് കൊണ്ട് വേച്ച് വേച്ച് അദ്ദേഹം നടന്നു ...

ശിഷ്യന്മാർ വളരെയധികം സങ്കടത്തോടുകൂടി ഗുരുവിനെ അനുഗമിച്ചു ...

സിറിയയിലാണ് ആ ഗുരുവും ശിഷ്യന്മാരും ചെന്നു ചേർന്നത്. ഇനി കുറച്ചുകാലം തങ്ങളുടെ താവളം ഇതാവട്ടെ എന്ന് ഇബ്രാഹീമിബ്നു അദ്ഹം തീരുമാനിച്ചു ... ചെറിയ ഒരു ഖൈമയുണ്ടാക്കി (ടെന്റ്)അവിടെ അനുയായികളോടൊപ്പം അദ്ദേഹം താമസം തുടങ്ങി ...

 ഞാൻ വെറുമൊരു പാറാവുകാരൻ

തനിക്കും അനുയായികൾക്കും ജീവൻ കിടക്കാനുള്ള അന്നത്തിനെങ്കിലും വക കാണണം. അതിന്ന് എന്തെങ്കിലും ജോലി തരപ്പെട്ടാൽ നന്നായിരുന്നു എന്നോർത്ത് ഇബ്‌റാഹീം ഇറങ്ങിനടന്നു ...

കുറെ അന്വേഷിച്ചുനടന്നപ്പോൾ ഒരാപ്പിൾ തോട്ടത്തിൽ പാറാവുകാരനായി അദ്ദേഹത്തിന് ജോലി കിട്ടി...

പകൽ മുഴുവനും തോട്ടത്തിൽ കാവൽ നിൽക്കുന്നതിന് കിട്ടുന്ന വേതനത്തിൽ നിന്ന് അൽപം മാത്രമെടുത്ത് തനിക്കും ശിഷ്യന്മാർക്കും ഭക്ഷണം വാങ്ങുകയും ബാക്കി ഉള്ളത് പാവപ്പെട്ടവർക്ക് ദാനം ചെയ്യുകയുമാണദ്ദേഹം ചെയ്തിരുന്നത്. എന്നിട്ടോ രാത്രിയിൽ മുഴുവനും നിസ്കാരം തന്നെ. അങ്ങനെ ആരുമറിയാതെ അദ്ദേഹം സിറിയയിൽ തന്നെ ജീവിച്ചുപോന്നു ...

പതിവുപോലെ അന്നും ഇബ്‌റാഹീം തോട്ടത്തിന് കാവൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരാൾ അങ്ങോട്ടുവന്നത് ...

" എടോ ഒരാപ്പിൾ എനിക്ക് തരൂ ... ആഗതൻ ഘനഗംഭീരമായ സ്വരത്തിൽ ചോദിച്ചു ..."

" ആപ്പിളോ ... ഞാനതെങ്ങനെ തരും. ഞാൻ വെറും ഒരു കാവൽക്കാരനല്ലേ ... ഇതിന്റെ ഉടമസ്ഥനോട് ചോദിച്ചു നോക്കൂ ..."

" ഫാ ... ധിക്കാരി നീയെന്തു പറഞ്ഞു ... ഒരാപ്പിളിനുവേണ്ടി ഞാനിതിന്റെ മുതലാളിയെ തിരഞ്ഞുപോവുകയോ ...? എനിക്ക് വേറെ തൊഴിലുണ്ട് ..."
" എങ്കിൽ എനിക്കൊരു നിവൃത്തിയുമില്ല ..."

" എടോ, ഓശാരം ചോദിക്കുകയല്ല. ഞാൻ വിലയെന്താണെന്ന് വെച്ചാൽ തരാം ... ഒരു പഴം പറിച്ച് കൊണ്ടുവാ ..."

" ഇതിലെ പഴം വിൽക്കാനും എനിക്കനുവാദം ഇല്ല. എന്റെ തൊഴിൽ വെറും പാറാവ് മാത്രം ..."

ആഹാ നീയത്രക്കായോ ... ഒരുനീതി നടത്തുവാൻ നീയൊരു പഴം പറിച്ചുതരാൻ ഒരുക്കമല്ലെങ്കിൽ ഞാൻ തന്നെ അത് പറിച്ചെടുക്കും ...

ഇത്രയും പറഞ്ഞ് അയാൾ തോട്ടത്തിൽ അതിക്രമിച്ചുകടക്കാൻ തുടങ്ങി. ഇബ്‌റാഹീം ഒരിഞ്ച് വിട്ടുകൊടുത്തില്ല. ഈ തോട്ടത്തിന്റെ യജമാനൻ തന്നെ വിശ്വസിച്ചേല്പിച്ചതാണ്. അദ്ദേഹത്തിന്റെ പഴം മറ്റൊരാളെ തീറ്റിക്കാൻ അനുവദിക്കാൻ പാടില്ല. അങ്ങനെ ഉന്തും തള്ളും പിടിയും വലിയുമായി...

ആഗതന് അതി കലശലായ ദേഷ്യം വന്നു. ഭക്ഷണത്തിന്റെ കുറവുകൊണ്ടും, അത്യദ്ധ്വാനം കൊണ്ടും, ഉറക്കമൊഴിച്ചിൽ കൊണ്ടും ക്ഷീണിച്ചവശനായ ഇബ്റാഹീമിനെ കീഴ്പ്പെടുത്താൻ ആരോഗ്യദൃഢഗാത്രനായ അയാൾക്ക്‌ അധിക പ്രായത്നമൊന്നും വേണ്ടിവന്നില്ല. ഇബ്റാഹീമിനെ അയാൾ കോപം തീരുവോളം മർദ്ദിച്ചു. മർദ്ധനമേറ്റ് ശരീരമാസകലം രക്തം വാർന്ന് അവശനായി അദ്ദേഹം കിടന്നു...അപ്പോഴും ഇബ്‌റാഹീം തന്റെ ശരീരത്തോട് ഇപ്രകാരം പറയുന്നുണ്ടായിരുന്നു ...

" ഹേ ശരീരമേ, രക്തം വാർന്ന് അവശനായി നീയിന്ന് കിടക്കുന്നു.ലോകത്തെ കിടിലം കൊള്ളിച്ച ബൽഖയിലെ ഇബ്‌റാഹീം ചക്രവർത്തി നീ തന്നെയായിരുന്നില്ലേ ...

എവിടെ നിന്റെ പ്രതാപം ? എവിടെപ്പോയി നിന്റെ അന്തസ്സ് ? എവിടെ നിന്റെ അംഗരക്ഷകർ ? സഹിക്കണം... നീതന്നെ സഹിക്കണം ... നിന്റെ അഹങ്കാരത്തിന്റെ സ്വപ്നഗോപുരത്തെ തകർന്നടിയണം ..."

പാറാവിന്റെ സമയം കഴിഞ്ഞിട്ടാണ് അദ്ദേഹം അവിടം വിട്ടുപോയത്. ദേഹമാസകലം ചുടുചോരയൊലിപ്പിച്ച് വേച്ചു വേച്ച് നടന്നുവരുന്ന തങ്ങളുടെ പ്രിയപ്പെട്ട ശൈഖിനെ കണ്ട് ശിഷ്യന്മാർ ഞെട്ടിത്തറിച്ചുപോയി. അത് വകവെക്കാതെ ഇബ്‌റാഹീം പറഞ്ഞു ...

സാരമില്ല മക്കളെ ..., ഈ ശരീരം ഇതെല്ലാം അനുഭവിക്കേണ്ടതാണ് 

ഏറ്റവും വലിയ പട്ടണം



ഒരു വഴിപോക്കൻ, പട്ടണത്തിലാണയാൾക്ക് എത്തേണ്ടത്. എത്ര നടന്നിട്ടും ഉദ്ദിഷ്ടസ്ഥാനത്തെത്തിച്ചേരുന്നില്ല. ഇബ്രാഹീമിബ്നു അദ്ഹം കാവൽനിക്കുന്ന വഴിയിലൂടെയാണയാൾ നടന്നുവന്നത് ...

" ഹേ, പാറാവുകാരാ..., പട്ടണത്തിലേക്കുള്ള വഴിയേത്...?" ആ യാത്രക്കാരൻ ഇബ്രാഹീമിബ്നു അദ്ഹമിനോട് ചോദിച്ചു ...

" ദാ ആ കാണുന്നത് തന്നെയാണ് പട്ടണം." ഇബ്രാഹീമിബ്നു അദ്ഹം ഒരു സംശയം പോലും പ്രകടിപ്പിക്കാതെ നേരെ മുമ്പിലേക്ക് ചൂണ്ടി. യാത്രക്കാരൻ അദ്ദേഹം ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് നോക്കി ...

" എന്ത് അവിടെ ഒരു മനുഷ്യക്കുഞ്ഞുപോലുമുള്ള ലക്ഷണമില്ലല്ലോ പിന്നയെങ്ങിനെയാണവിടെ പട്ടണമുണ്ടാകുന്നത് ...?"

പെട്ടെന്നാണ് അയാളുടെ ദൃഷ്ടിയിൽ ഒരു വിശേഷസംഗതി പെട്ടത്. നിരനിരയായി നിൽക്കുന്ന മീസാൻകല്ലുകൾ. അതൊരു ഖബർസ്ഥാനാണെന്നയാൾക്ക് ലക്ഷണം കണ്ട് മനസ്സിലായി. ഈ പാറാവുകാരൻ തന്നെ പരിഹസിക്കുകയാണോ അയാൾ വീണ്ടും ചോദിച്ചു ...

എടോ മനുഷ്യാ ശ്മശാനത്തിലേക്കുള്ള വഴിയല്ല ഞാൻ ചോദിച്ചത്. പട്ടണത്തിലേക്കുള്ള വഴിയാണ്. നീ ചൂണ്ടിക്കാണിച്ച് തന്നത് ശ്മശാനത്തിലേക്കുള്ള വഴിയല്ലേ ..? ഇനിയെങ്കിലും എന്നെ കബളിപ്പിക്കാതെ ശരിയായ വഴിപറഞ്ഞുതരിക... വിദേശികളോട് ഇങ്ങനെയാണോ പെരുമാറേണ്ടത് ...

ഇബ്രാഹീം അയാളുടെ വാക്കുകൾ കേട്ട് ഒട്ടും തന്നെ ആശ്ചര്യപ്പെടാതെ വീണ്ടും ശ്മശാനത്തിലേക്കുള്ള വഴിതന്നെ ചൂണ്ടിക്കാണിച്ചുകൊടുത്തു. ആ യാത്രക്കാരന് കലികയറി. അയാൾ അല്പം ദേഷ്യത്തോടുകൂടി പറഞ്ഞു. എടാ ധിക്കാരി ഞാനാരാണെന്നാണ് നീ കരുതിയത് ... ഉന്നതനായ ഒരു സൈനിക ഉദ്യോഗസ്ഥനാണ് ഞാൻ. ടൗണിലേക്കുള്ള വഴി പറഞ്ഞു തന്നില്ലെങ്കിൽ ഇനിയെന്റെ കോലം മാറും ...

എന്നിട്ടും ഇബ്രാഹീമിബ്നു അദ്ഹമിന്ന് ഇളക്കവുമുണ്ടായില്ല ...

അരിശംമൂത്ത പട്ടാളക്കാരൻ അദ്ദേഹത്തെ കഠിനമായി മർദ്ദിച്ചു. പക്ഷെ എത്രതന്നെ മർദ്ദിച്ചിട്ടും ഇബ്രാഹീമിബ്നു അദ്ഹമിന്ന് ഭാവഭേദമുണ്ടായില്ല. അവസാനം ക്ഷീണിതനായ പട്ടാളക്കാരൻ ഇയാൾ വല്ല ചിത്തഭ്രമക്കാരനുമായിരിക്കുമെന്ന് തെറ്റിദ്ധരിച്ച് തന്റെ പാട്ടിനുപോയി ...

അയാളുടെ ശക്തമായ പ്രഹരങ്ങൾക്ക് വിധേയനായി അതികഠിനമായ വേദന അനുഭവിച്ചു കെണ്ടിരിക്കുമ്പോൾ ഇബ്രാഹീമിബ്നു അദ്ഹം തന്റെ ശരീരത്തോട് പഴയപടിയുള്ള കഠോരവചനങ്ങൾ പറഞ്ഞു...

തന്റെ ശരീരത്തിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന മർദ്ദനങ്ങളൊന്നും തന്നെ അധികപ്പറ്റല്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നു ...

 ഓർമ്മയിൽ തങ്ങുന്ന രാജാവ്

എത്രയെത്ര ഫലങ്ങൾ വേണമെങ്കിൽ മതിവരുവോളം പറിച്ചുതിന്നാം. ആരും അറിയാൻ പോകുന്നില്ല. അറിഞ്ഞാൽ തന്നെ ഒരുതരം അവകാശം പോലെയാണത്. അങ്ങിനെ പറിച്ചുതിന്നാത്ത തോട്ടം കാവൽക്കാർ എവിടെയാണുള്ളത് ... പറിച്ചു തിന്നുക മാത്രമല്ല, വീട്ടുകാർക്കും കൂട്ടുകാർക്കും കൊട്ടയിൽ നിറച്ചു കൊടുത്തയക്കുക കൂടി ചെയ്യും ...

എന്നാൽ ഇബ്റാഹീമിബ്നു അദ്ഹം അങ്ങനെ ആയിരുന്നില്ല ഒരിക്കലും. അതിനാൽ അദ്ദേഹം ഒരമളിയിൽ തന്നെ ചെന്നുചാടി. ഒരിക്കൽ യാദൃശ്ചികമായി തോട്ടമുടമ അവിടെ എത്തിച്ചർന്നു ...

" എടോ നല്ല പാകമായ ഒരു പഴം പറിച്ചുതരൂ ... ഞാനൊന്ന് രുചിച്ചുനോക്കട്ടെ ..."
ഉടമയുടെ വാക്കുകൾ കേട്ട ഇബ്‌റാഹീം കാഴ്ചയിൽ നല്ലതെന്ന് തോന്നിക്കുന്ന ഒരു പഴം പറിച്ച് അദ്ദേഹത്തിന്‌ കൊടുത്തു... അയാൾ അത് കടിച്ചതും ഫൂ ... എന്നു പറഞ്ഞു തുപ്പിയതും ഒരുമിച്ചായിരുന്നു ... പിന്നെ ഒരാക്ഷേപിക്കലും ...

" എടോ, നല്ലവണ്ണം വിളഞ്ഞ് പാകമായ തിന്നാൻ കൊള്ളാവുന്ന ഒരു പഴം പറിച്ചു കൊണ്ടുവരാൻ പറഞ്ഞിട്ട് നീ കൊണ്ടുവന്നത് വെറും പുളിപ്പുള്ളതാണോ ...? വേഗം മറ്റൊന്ന് കൊണ്ടുവാ ..."

യജമാനന്റെ വാക്കുകൾ കേട്ട് ഇബ്‌റാഹീം കുറച്ചുകൂടി മുഴുത്ത മറ്റൊരു പഴം കൊണ്ടുവന്ന് കൊടുത്തു ... അത് രുചിച്ച് നോക്കിയ തൊട്ടമുടമ കോപത്താൽ അലറി ...

എടോ, ഇത്രകാലം തോട്ടപ്പാറാവുകാരനായി നിന്നിട്ട് നല്ലൊരു പഴം തിരഞ്ഞെടുക്കാൻ കൂടി കഴിയില്ലെന്നോ ...?

അതുകേട്ട് ഇബ്‌റാഹീം വിനയാന്വിതനായി മൊഴിഞ്ഞു ...

" യജമാനരേ, പഴം രുചിച്ചു നോക്കാതെ പഴത്തിന്റെ ഗുണം എങ്ങനെ തിരിച്ചറിയാനാണ്. എന്നെ പാറാവുകാരനായിട്ടാണ് അങ്ങ് നിയോഗിച്ചത്. പാറാവ് കാരന് പഴം രുചിക്കേണ്ട ആവശ്യമില്ലല്ലോ ..."

ഇബ്റാഹീമിന്റെ വാക്കുകൾ കേട്ട ഉടമ പരിഹാസ സൂചകമായി ഒന്നു ചിരിച്ചു. എന്നിട്ടിപ്രകാരം പറഞ്ഞു ...

" എടോ കാവൽക്കാരാ നീ വലിയ സത്യസന്ധൻ നടിക്കേണ്ട ... ഇന്നുവരെ ഒരു പഴം രുചിച്ചുനോക്കിയിട്ടില്ലെന്നും പറയുന്ന പറച്ചിൽ കേട്ടിട്ട് നീ വല്യ ഇബ്റാഹീമിബ്നു അദ്ഹമോ മറ്റോ ആണെന്ന് തോന്നിപ്പോകുന്നല്ലോ ..."

തോട്ടമുടമയുടെ വാക്കുകൾ കേട്ടതിൽ പിന്നെ ഇബ്‌റാഹീം ഒരക്ഷരം ശബ്‌ദിച്ചില്ല. അയാൾ പരിഹാസരൂപേണ പറഞ്ഞതാണെങ്കിലും തന്റെ നിജസ്ഥിതി ആരെങ്കിലും അറിയുമോ എന്നുള്ള ഭയം അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു ... പിന്നെ ആ നാട്ടിൽ നിൽക്കാൻ അദ്ദേഹത്തിന് ധൈര്യം വന്നില്ല. എങ്ങനെയെങ്കിലും തന്റെ സത്യാവസ്ഥ മനസ്സിലായിപ്പോയാൽ പിന്നെ ഏകാഗ്രത ലഭിക്കുകയില്ലെന്ന് അദ്ദേഹത്തിന് നല്ല ഉറപ്പുണ്ടായിരുന്നു ... അതുകൊണ്ട് അടുത്തദിവസം തന്നെ അദ്ദേഹം ശിഷ്യഗണങ്ങളുമൊത്ത്‌ നാടുവിട്ടുപോയി ...

പിന്നെ അദ്ദേഹം പലനാടുകളിലും ചുറ്റിക്കറങ്ങി. ഒരുപാട് അനുഭവ സമ്പത്തുകളുമുണ്ടായി.

ഒരിക്കൽ അദ്ദേഹം അപരിചിതമായ ഒരു സ്ഥലത്ത് എത്തിച്ചർന്നു. രാത്രി അതിന്റെ കരിമ്പടം കൊണ്ട് ഭൂമിയെ പുതപ്പിച്ചിരിക്കുന്നു. തണുപ്പ് അതിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് താണ്ഡവമാടാൻ തുടങ്ങി. ഇബ്‌റാഹീം ഒറ്റക്കാണ്. അദ്ദേഹത്തിന് അന്തിപ്പാർക്കാൻ ഒരിടം കിട്ടണം. തൊട്ടടുത്ത് കണ്ട ഒരു നിസ്കാരപ്പള്ളിയിൽ അദ്ദേഹം കയറി നിസ്കരിച്ച ശേഷം അവിടെ ഒരുമൂലയിൽ കൂനിക്കൂടി ഇരിക്കാൻ തുടങ്ങി...

ഇശാഅ്‌ നിസ്കാരം കഴിഞ്ഞാൽ ആ പള്ളി പൂട്ടിയിട്ട് മുഅദ്ദിനും മറ്റും വീട്ടിൽ പോവുകയാണ് പതിവ്. അപരിചിതരായ വഴിപോക്കരായ ആരെയും അതിനകത്ത് കിടക്കാൻ അനുവദിച്ചിരുന്നില്ല. സമയമായപ്പോൾ മുഅദ്ദിൻ ഇബ്റാഹീമിനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു .
..
"മരം കോച്ചുന്ന തണുപ്പാണ്. ഞാനിന്നിവിടെ കിടന്നുകൊള്ളട്ടേ ...?" യാചനാസ്വരത്തിൽ അദ്ദേഹം ചോദിച്ചു...

" വേണ്ട ... വഴിപോക്കരെ ആരെയും ഇവിടെ കിടത്താറില്ല. വല്ല വസ്തുവും മോഷണം പോയെങ്കിലോ ...? "

" ഞാൻ മോഷ്ടാവല്ല. പാവപ്പെട്ടൊരു മുസാഫിറാണ്. ഇന്നൊരു ദിവസം മാത്രം ഇവിടെ കിടന്നുകൊള്ളട്ടേ ...? "

മുഅദ്ദിൻ ആ അപേക്ഷ നിരസിച്ചു ...

അയാൾ ഇബ്റാഹീമിനെ പിടിച്ച് പുറത്തേക്ക് തള്ളി ... തള്ളിന്റെ ശക്തിയിൽ എവിടെയൊക്കെയോ തട്ടി ശരീരത്തിൽ നിന്ന് അവിടെ അവിടെയായി രക്തം കുനിഞ്ഞു. വേദനയോടുകൂടി ആ കൊടും തണുപ്പത്ത് വെറും നിലത്ത് കിടന്നുകൊണ്ട് ഇബ്‌റാഹീം ഉറങ്ങി ...

തന്റെ ജീവിതത്തിൽ ഏറ്റവും ആനന്ദകരവും എന്നെന്നും ഓർമ്മയിൽ തങ്ങുന്നതുമായ ഒരു രാത്രിയായിട്ടാണ്, ഈ രാത്രിയെ ഇബ്‌റാഹീം ശിഷ്യഗണങ്ങൾക്ക് വിവരിച്ചുകൊടുത്തത് ...

കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണനാണയങ്ങൾ

സമ്പന്നതയുടെ മടിത്തട്ടിൽ വിലസിയിരുന്ന ഇബ്രാഹീമിബ്നു അദ്ഹം ഇപ്പോൾ ഏറ്റവുമധികം വെറുക്കുന്നത് സമ്പത്തിനെയാണ് ...

സ്വർണ്ണനാണയങ്ങളുടെ കിലുകിലാരവം അദ്ദേഹത്തിന് കർണ്ണകഠോരമായിട്ടാണ് അനുഭവപ്പെട്ടുവന്നത്. പാരിതോഷികങ്ങൾ കാണുന്നതുതന്നെ അദ്ദേഹത്തിന് വെറുപ്പായിരുന്നു. വലിയ സമ്പന്നനായ ഒരു പ്രഭു അദ്ദേഹത്തിന് കാഴ്ച വെച്ച സ്വർണ്ണനാണയങ്ങളുടെ കിഴി നിരസിക്കാൻ അദ്ദേഹം പറഞ്ഞ കാരണമിതാണ് ...

"പാവപ്പെട്ടവർ തരുന്ന പാരിതോഷികങ്ങൾ ഞാൻ സാധാരണ വാങ്ങാറില്ല ..."
"പാവപ്പെട്ടവനോ...? വളരെയധികം സ്വത്തിന്റെ ഉടമയാണ് ഞാൻ. പിന്നയെന്താണ് അങ്ങെന്നെ പാവപ്പെട്ടവനെന്ന് വിശേഷിപ്പിക്കുന്നത്....?" പ്രഭു ചോദിച്ചു .

" നിങ്ങൾ കേവലം ദരിദ്രൻ തന്നെ ..."
" അല്ല ഞാൻ ധനവാനാണ് "

" താങ്കൾ ഉള്ള സ്വത്തുകൊണ്ട് സംതൃപ്തനാണോ ... ? അതോ ഇനിയും ഉണ്ടാക്കണമെന്നുള്ള ആഗ്രഹക്കാരനാണോ...? ആത്മാർത്ഥമായി മറുപടി പറയൂ ..."

"അതെ, ഇനിയും ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്. അതിന്നുവേണ്ടി യത്നിക്കുകയും ചെയ്യുന്നു ..."

" അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, താങ്കൾ ദരിദ്രനാണെന്ന് ... താങ്കൾക്ക് സമ്പത്ത് തികഞ്ഞിട്ടില്ല. അതുകൊണ്ട് ഈ കിഴിയുമെടുത്ത് വേഗം പൊയ്ക്കൊള്ളൂ ..."

പക്ഷെ ആ സമ്പന്നൻ പോകാൻ കൂട്ടാക്കിയില്ല. ഇബ്രാഹീമിബ്നു അദ്ഹമിന്റെ വാക്കുകൾ അയാളുടെ ഹൃദയത്തിൽ കൂരമ്പുപോലെ തുളച്ചുകയറി. താൻ ഇത്രയധികം സമ്പത്തുണ്ടാക്കിയിട്ടും ഇനിയും അത്യാഗ്രഹം മാറിയില്ലല്ലോ ഈ ദുരതന്നെ എന്നെ ഇവിടെയെത്തിച്ചത്... അതാണയാൾ ചിന്തിച്ചത്. ഒടുവിൽ ഐഹികമായ എല്ലാ ചുറ്റുപാടുകളിൽ നിന്നും വിരമിച്ച് ഇബ്രാഹീമിബ്നു അദ്ഹമിന്റെ ശിഷ്യനായി കൂടുകയാണ് ആ സമ്പന്നൻ ചെയ്തത് ...

ഇബ്രാഹീമിബ്നു അദ്ഹം തന്റെ ദേശാടനം തുടർന്നുകൊണ്ടിരുന്നു. ഒരിക്കൽ ദാഹവിവശനായ അദ്ദേഹം വഴിയിൽ കണ്ട ഒരു കിണറ്റിൽ നിന്ന് അൽപം വെള്ളം കോരികുടിക്കാൻവേണ്ടി തൊട്ടികിണറ്റിലിട്ടു മുക്കിനോക്കുമ്പോൾ തൊട്ടിയിൽ വെള്ളത്തിനുപകരം നിയെ സ്വർണ്ണനാണയങ്ങൾ. വെട്ടിത്തിളങ്ങുന്ന ഈ സ്വർണ്ണനാണയങ്ങൾ കണ്ട് നഊദുബില്ലാ എന്നുപറഞ്ഞു കൊണ്ട് ബക്കറ്റ് അദ്ദേഹം കിണറ്റിലേക്ക് തന്നെ താഴ്തി അള്ളാഹുവിന്റെ പരീക്ഷണമാണിത് . പിശാച് തന്നെ കബളിപ്പിക്കാൻ നോക്കുകയാണ് . അദ്ദേഹം വീണ്ടും തൊട്ടി പൊന്തിച്ചു അപ്പോഴും അതിൽ നിറയെ സ്വർണ്ണനാണയങ്ങൾ തന്നെ ...

യാറബ്ബീ, ഇതെന്തു പരീക്ഷണമാണ്....? ഈ പാവപ്പെട്ട ഇബ്രാഹീമിനെ ഇങ്ങനെ പരീക്ഷിക്കല്ലെ ...

സ്വർണ്ണനാണയങ്ങൾ കൂമ്പാരങ്ങളിൽ നിന്നും രമ്യഹർമ്മ്യങ്ങളിൽ നിന്നും ലലനാമണികളിൽ നിന്നും ഒളിച്ചോടിയ ബൽഖയിലെ ചക്രവർത്തിയാണ് താൻ എന്നെ ഇനിയെങ്കിലും പരീക്ഷണത്തിനു വിധേയനാക്കരുതേ ... ഇപ്രകാരം പ്രാർത്ഥിച്ച് ബക്കറ്റ് താഴെയിട്ട് വീണ്ടും മുക്കിനോക്കിയപ്പോൾ സ്ഫടികം പോലെയുള്ള ജലമാണ് കണ്ടത് ...
അദ്ദേഹം വളരെ സന്തോഷത്തോടുകൂടി അത് കുടിക്കുകയും സർവ്വശക്തനായ അള്ളാഹുവിന്ന് സ്തുതികളർപ്പിക്കുകയും ചെയ്തശേഷം തന്റെ പ്രയാണം തുടർന്നു ...

നേരമ്പോക്ക് കാര്യമായി .

ആ കപ്പൽ മന്ദംമന്ദം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കടൽ ശാന്തമാണ്. കാറ്റും കോളുമില്ല. യാത്രക്കാർ നർമ്മ ഭാഷണങ്ങളിൽ ലയിച്ചിരിക്കുകയാണ്. കൂട്ടത്തിൽ ഒരാൾ മാത്രം ആ സംഭാഷണങ്ങളിൽ ഒന്നും ശ്രദ്ധിക്കാതെ തന്റെ കയ്യിലുള്ള ജപമാലയിൽ വിരലോടിച്ചുകൊണ്ട് ഒഴിഞ്ഞമൂലയിൽ ഇരിക്കുന്നു ...
യാത്രക്കാരിൽ സരസനായ ഒരുത്തനുമുണ്ട്. അയാൾ പല കള്ളക്കഥകളും പറഞ്ഞു ജനങ്ങളെ ചിരിപ്പിച്ചിട്ട് ഹീറോ ചമയുകയാണ്. അയാൾ പറയുന്നത് കേട്ട് ആ ഒരാളെല്ലാതെ മറ്റെല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു...
താൻ എത്രയധികം ബണ്ടലുകൾ പറഞ്ഞു ... എന്നിട്ടും ചിരിക്കാത്ത ഒരുത്തനോ ...?

നേരമ്പോക്ക് വീരന് അത് തീരേ രസിച്ചില്ല... അയാൾ ജപമാലക്കാരനെ ഒന്നുഴിഞ്ഞു നോക്കി...

താടി നീട്ടിവളർത്തിയ, കരിമ്പടം പുതച്ച സാധു ഫഖീറിർ ...
അയാൾ ആ പാവപ്പെട്ടവന്റെ താടിക്ക് പിടിച്ചുവലിച്ചു. അയാളെ പല നിലയിലും ഉപദ്രവിച്ചും കപ്പലിലുള്ളവരാരും അയാളെ തടഞ്ഞില്ലന്നു മാത്രമല്ല, അതെല്ലാം കണ്ട് ചിരിച്ചു കൂത്താടുകയും ചെയ്തു ...

നേരമ്പോക്കുകാരന്റെ വിക്രിയകൾ തുടർന്നുകൊണ്ടേ ഇരുന്നു..
പെട്ടെന്ന്, ശാന്തമായിക്കൊണ്ടിരുന്ന കടലിന്റെ സ്വഭാവം മാറി. ശക്തമായ കൊടുങ്കാറ്റ് താണ്ഡവമാടാൻ തുടങ്ങി. തിരമാലകൾ പർവ്വതം കണക്കെ ഉയരത്തിൽ പൊങ്ങിമറിഞ്ഞു ...കപ്പൽ തുള്ളിക്കളിക്കാൻ തുടങ്ങി ...

അതുവരെ നേരമ്പോക്കിലും, കളിതമാശയിലും മുഴുകിയിരുന്ന യാത്രക്കാരെല്ലാം ഭയചികിതരായി. എന്തു സംഭവിക്കുമെന്നറിയാതെ വാവിട്ടു നിലവിളിച്ചു ...

എന്നാൽ ജപമാലക്കാരൻ മാത്രം യാതൊന്നും സംഭവിക്കാത്ത മട്ടിൽ ആക്ഷേപ്യനായി തന്റെ തസ് വിയിൽ തെരുപ്പിടിച്ചുകൊണ്ടിരുന്നു ...

യാത്രക്കാരുടെയെല്ലാം ശ്രദ്ധ അയാളുടെ നേരെ തിരിഞ്ഞു...
" ഇയാൾ സാമാന്യം നല്ല മനുഷ്യനാണ്. ഇയാളെപരിഹസിച്ചത് കൊണ്ടാണ് കടൽ പെട്ടെന്ന് ഇളകിയത് ..."

" ഞങ്ങൾ അറിയാതെ പ്രവർത്തിച്ചതാണെ ...

ഞങ്ങൾക്ക് മാപ്പ്തരേണമേ ... അവർ എല്ലാവരും അവരുടെ കാൽക്കൽ വീണ് കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് അപേക്ഷിച്ചു ...

അദ്ദേഹത്തെ ഏറെ പ്രീഡിപ്പിച്ച ആ നേരമ്പോക്കുകാരൻ തന്റെ ചെയ്തികളെക്കുറിച്ച് മാപ്പ് ചോദിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു ... അപ്പോൾ ജപമാലക്കാരൻ കൈകളുയർത്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചു ...

അത്ഭുതമെന്നല്ലാതെ മറ്റെന്തുപറയാൻ ...!
കാറ്റും കോളും പെട്ടെന്ന് നിലച്ചു. യാത്രക്കാർ മുഴുവനും ആശ്വാസത്തിന്റെ നേടുവീർപ്പെട്ടു ...

അവരെല്ലാവരും കൂടി ആ മഹാന്റെ ചുറ്റും വന്ന് തങ്ങൾ അറിയാതെ ചെയ്ത അപരാധത്തെക്കുറിച്ച് വീണ്ടും വീണ്ടും എണ്ണിപ്പറഞ്ഞു ...

ആ മഹാൻ ഇബ്റാഹീമിബിനു അദ്ഹം തങ്ങളായിരുന്നു. അദ്ദേഹം യാത്രക്കാരെ നോക്കി ഇപ്രകാരം പറഞ്ഞു ...

" ജനങ്ങളെ ഞാൻ വെറുമൊരു സാധാരണ മനുഷ്യൻ. എന്നോട് നിങ്ങൾ മാപ്പ് പറയേണ്ട ഒരാവശ്യവുമില്ല. നിങ്ങളുടെ പെരുമാറ്റം കൊണ്ട് എനിക്കൊരതൃപ്തിയും ഉണ്ടായിട്ടില്ല. നിങ്ങൾ മാപ്പ് പറയേണ്ടത് സർവ്വ ശക്തനായ അല്ലാഹുവിനോടാണ്. ചെയ്ത പാപങ്ങളെ തൊട്ട് പശ്ചാത്തപിച്ചു മടങ്ങുക... എന്നാൽ വിജയം സുനിശ്ചിതമാണ് ...

ഇബ്റാഹീമിന്റെ ഉപദേശങ്ങൾ കേട്ട് ആ യാത്രക്കാർക്കെല്ലാം മാനസാന്തരമുണ്ടായി. അവർ എല്ലാ ദുർവൃത്തികളിൽ നിന്നും അകന്ന് പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയും അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളിൽ ഉൾപ്പെടുകയും ചെയ്തു .

 മലക്കുകളുടെ സംവാദം 

കൊട്ടാരം വലിച്ചെറിഞ്ഞ് വന്ന ഇബ്രാഹീമിബ്നു അദ്ഹം പ്രവർത്തനങ്ങൾ കൊണ്ട് എല്ലാവിധ ത്യാഗത്തിന്റെയും ഉത്തുംഗശൃംഖത്തിലെത്തുകയും അല്ലാഹുവിന്റെ വലിയ്യായി പരിണമിക്കുകയും ചെയ്തു ...

അല്ലാഹുവിന്റെ ഔലിയാക്കന്മാരിൽ നേരിയൊരുപാളിച്ച സംഭവിച്ചാൽ അത് ഏറ്റവും വലിയൊരു അഘാതമായിത്തീരും ...

ബൈത്തുൽ മുഖദ്ദസിൽവെച്ച് ഏകനായി അള്ളാഹുവിനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോൾ ഇബ്രാഹീമിബ്നു അദ്ഹമിനുണ്ടായ ഇൽഹാം ഈവഴിക്ക് ചിന്തിക്കാൻ നമുക്ക് പ്രേരണ നൽകുന്നത് ...
രണ്ടുമലക്കുകൾ പരസ്പരം സംസാരിക്കുകയാണ്. ഒരു മലക്ക് പറയുകയാണ് :
"ബൈത്തുൽ മുഖദ്ദസിൽ ആരാധനയിൽ ലയിച്ചുകൊണ്ടിരിക്കുന്നയാളാണ്. പ്രപഞ്ച ത്യാഗികളുടെ ചക്രവർത്തിയായ ഇബ്രാഹീമിബ്നു അദ്ഹം ... "
മറ്റേ മലക്ക് : " ശരിയാണ്. പക്ഷെ അദ്ദേഹത്തിന്റെ അത്യുന്നതമായ സ്ഥാനമാനങ്ങളിൽ ഒരു കറുത്തപാട് വീണിട്ടുണ്ടല്ലോ ..."
ആദ്യ മലക്ക് : " അതെന്താണ് ...?"

രണ്ടാമത്തെ മലക്ക് : "അതിനുകാരണമുണ്ട് .

ഇബ്രാഹീമിബ്നു അദ്ഹം കുറച്ചു ദിവസം മുമ്പ് ബസറയിൽ ഒരു കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഈത്തപ്പഴം അളന്നുവാങ്ങിയിരുന്നു . നിലത്തുവീണുകിടക്കുകയായിരുന്ന ഒരു പഴംകൂടി അന്ന് കച്ചവടക്കാരൻ ഇബ്രാഹീമിബ്നു അദ്ഹമിന്റെ പാത്രത്തിലിട്ടുകൊടുത്തു . യഥാർത്ഥത്തിൽ ആ പഴം ഇബ്രാഹീമിബ്നു അദ്ഹമിന്റെതല്ല. പക്ഷെ അദ്ദേഹം ഭക്ഷിച്ചു. അങ്ങിനെ തനിക്കർഹതപ്പെടാത്തത് ഭക്ഷിച്ചത് കാരണമാണ് ഇബ്രാഹീമിബ്നു അദ്ഹമിന്റെ സ്ഥാനമാനങ്ങളിൽ കറുത്തപാട് വീണത് ..."

ഇത്രയും മലക്കുകൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഇബ്രാഹീമിബ്നു അദ്ഹം ഉറക്കത്തിൽ നിന്നെന്നവണ്ണം ഞെട്ടിയുണർന്ന് അദ്ദേഹത്തിന് എന്തെന്നില്ലാത്ത കുറ്റബോധമുണ്ടായി ... പിന്നെ ഒട്ടും താമസിച്ചില്ല വേഗം ബസറയെ ലക്ഷ്യമാക്കി നടന്നു. കാരക്ക വാങ്ങിയ കച്ചവടക്കാരനെ കണ്ടുപിടിച്ച് തനിക്ക് പറ്റിയ അബദ്ധം പറഞ്ഞ് മനസ്സിലാക്കുകയും, കാരക്കയുടെ വിലകൊടുത്ത് പൊരുത്തപ്പെടുവിക്കുകയും ചെയ്തു ...

അങ്ങനെ തന്റെ ഹൃദയത്തിലൂറിയ കറ അദ്ദേഹം കഴുകിക്കളഞ്ഞു ...

ബാപ്പയും മകനും 

അന്ന് കുറെയധികം വിറക് ശേഖരിച്ചു. അതുമായി നേരെ മക്ക പട്ടണത്തെ ലക്ഷ്യംവെച്ചു നടന്നു. പട്ടണത്തിൽ എത്തിയ ഇബ്രാഹീമിന്റെ നേരെ ഒരു ചെറുപ്പക്കാരൻ പാഞ്ഞടുത്തു... ഉപ്പ... ഒരാക്രോശത്തോടു കൂടി ആ യുവാവ് ഇബ്റാഹീമിനെ കെട്ടിപ്പിടിച്ചു. കരുത്തനായ ആ സുന്ദരൻ എല്ലിൻകൂടിനെ വാരിപ്പുടർന്നു ...

ആരാണാ യുവാവ് ... ! ഇബ്രാഹീമിബിനു അദ്ഹമിന്റെ മകൻ തന്നെ. ബൽഖാ സാമ്രാജ്യം വിട്ടു പൊന്നതിനുശേഷം അവിടത്തെ കഥകളൊന്നും ഇബ്രാഹീം അറിഞ്ഞിട്ടില്ല. മൂത്തമകനായ ഇസ്ഹാഖായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഇളയ മകൻ അദ്ഹം എല്ലായിപ്പോഴും ഉമ്മയോട് പിതാവിനെക്കുറിച്ച് അന്വേഷിക്കും, രാജ്ഞി ഉത്തരം കൊടുക്കാനാവാതെ മിഴിച്ചു നിൽക്കും ...

അദ്ഹം വളർന്നു. പ്രായപൂർത്തിയായപ്പോൾ എങ്ങനെയെങ്കിലും പിതാവിനെ കണ്ടുപിടക്കണമെന്നുള്ള വാശിയായി. ഒടുവിൽ മകന്റെ നിർബന്ധത്തിനു വഴങ്ങി രാജ്ഞിയും പരിവാരങ്ങളും ഇബ്റാഹീമിനെ അന്വേഷിച്ചു തുടങ്ങി...

അവർ പല നാടുകളിലും അന്വേഷിച്ചു നടന്നു. ഒടുവിൽ മക്കയിലുണ്ടെന്നറിഞ്ഞു. അങ്ങനെ വന്നതാണ്. ദൂരേനിന്നു വിറകുകെട്ട് ചുമലിലേറ്റി വെച്ചുവെച്ചു നടന്നുവരുന്ന തന്റെ പ്രിയപ്പെട്ടവനെ കണ്ടു രാജ്ഞി തളർന്നിരുന്നുപോയി. കൂടെ വന്ന പരിവാരങ്ങളും എന്തുചെയ്യണമെന്നറിയാതെ മിഴിച്ചു നിൽക്കുമ്പോൾ അദ്ഹം നേരെ പിതാവിന്റടുത്തേക്ക് ഓടിയടുക്കുകയാണുണ്ടായത്...

കുടുംബത്തിന്റെ കെട്ടുപാടുകളെല്ലാം വിട്ടു ഏകാന്തതയിൽ കഴിയുന്ന തന്നിലേക്ക് ഭാര്യയും മകനും പരിവാരങ്ങളും വന്നു ചേർന്നത് ഇബ്രാഹീമിന്ന് ഒട്ടും രസിച്ചില്ല. ഒരു നിമിഷം അദ്ദേഹം കുതറിയോടാൻ നോക്കി, പറ്റിയില്ല. വത്സല്യത്തിൽ പൊതിഞ്ഞ മകന്റെ കരങ്ങൾകിടയിൽകിടന്നു ആ പിതാവ് ഞെളിപിരികൊണ്ടു ...

"ബാപ്പ, അറിവ് വെച്ച നാൾ മുതൽ അങ്ങയെ അന്വേഷിച്ചു നടക്കുകയാണ് ഞാൻ. ഇപ്പോഴാണ് എനിക്കെന്റെ പിതാവിനെ കിട്ടിയത്. ഈ സന്ദർഭത്തിൽ അങ്ങ് ഇവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയാണോ ...? ഒരു പുത്രന് തന്റെ പിതാവിനെ കാണാനും തലോടാനും അവകാശമില്ലന്നോ. എന്റെ പ്രിയപ്പെട്ട മാതാവ് അതാ അവശയായി തളർന്നു കിടക്കുന്നു. അവരെ ഒരു നോക്ക് കാണാൻ അങ്ങേക്ക് ആഗ്രഹമില്ലന്നോ ...?"

ഇപ്രകാരം പറഞ്ഞുകൊണ്ട് അദ്ഹം പിതാവിനെ തുരുതുരാ ചുംബിച്ചു. ഇബ്രാഹീം മകന്റെ കുടുംബപരമായ ഒരു ചോദ്യത്തിന്നും മറുപടി പറഞ്ഞില്ല. അദ്ദേഹം ചോദിച്ചത് ഇത്ര മാത്രമാണ്.

"എന്റെ പൊന്നുമോനെ നീ ഏതു ദീനിലാണ് ...?"

"ഞാൻ അങ്ങയുടെ ദീനിൽ, പരിശുദ്ധ ദീനുൽ ഇസ്ലാമിൽ..."

"ദീനിയായ വിജ്ഞാനങ്ങൾ നിന്റെ ഉമ്മ നിനക്ക് അഭ്യസിപ്പിച്ചില്ലെ ...?"
" ഉവ്വ് ..."
" അൽഹംദുലില്ലാഹ് ..."

ഇബ്രാഹീം പിന്നെയും കുതറിമാറാൻ നോക്കി. അപ്പോൾ മകൻ പറഞ്ഞു, " അങ്ങ് ഞങ്ങളെയും വിട്ടു എവിടെയും പോവരുത്. എനിക്കെന്റെ പിതാവിനെ വേണം..."

" വിടൂ മോനെ, എന്നെ എന്റെ വഴിക്ക് വിടൂ..."

"ഞാൻ അങ്ങയെ വിട്ടാൽ പിന്നെ എവിടെവെച്ചു നമ്മൾ സന്ധിക്കും ...?"
"സൃഷ്ടിലോകങ്ങളെല്ലാം ഒരുമിച്ചു കൂടുന്ന മഹ്ശറ വൻസഭയിൽ നമുക്ക് സന്ധിക്കാം..."

"കോടനുകോടികൾക്കിടയിൽനിന്നു ഞാൻ എങ്ങനെയാണ് അങ്ങയെ കണ്ടെത്തുക ...?"

"അതിനൊരു വഴിയുണ്ട്, നീ എന്നെ മീസാൻ കല്ലിനടുത്ത് അന്വേഷിച്ചാൽ മതി..."
"പിതാവേ, മീസാൻ കല്ലുകൾക്കിടയിൽ അഞ്ഞൂറ് വർഷത്തെ അന്തരമുണ്ട്. ഞാൻ ഏത് തട്ടിലാണ് അങ്ങയെ അന്വേഷിക്കേണ്ടത് ...?"

"എന്നെ തിന്മയുടെ തട്ടിനു സമീപം അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിൽ നരക സൂക്ഷിപ്പുകാരനായ മാലിക്കിനോട് ചോദിക്കുക. അവിടെയും ഇല്ലെങ്കിൽ സ്വർഗത്തിൽ അന്വേഷിക്കുക. ഇനിയെങ്കിലും എന്നെ വിടൂ മോനെ..."

ആ തൊണ്ടയിൽ ഒരു തേങ്ങൽ കടന്നുവോ...?

പൊന്നോമന മകനോടുള്ള വാത്സല്യത്തിന്റെ ഒരു തരിമ്പ് പൊട്ടിപുറപ്പെട്ടുവോ..?

തന്റെ ഇത്ര നാളത്തെ ജീവിതത്തിനു കളങ്കമേൽകുന്ന വല്ലതും സംഭവിച്ചുവോ...?

അദ്ദേഹം പഞ്ചാത്തപിച്ചു. ഈ ആലിംഗനം ഇനിയും തുടർന്നുകൂടാ ...
അദ്ദേഹം പ്രാർത്ഥിച്ചു ...

"രാജാധിരാജനായ അല്ലാഹുവെ, നിന്റെ സാന്നിദ്ധ്യത്തിൽ എത്തുന്നതിന്ന് വിലങ്ങുതടിയായ എന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്. എന്റെ പ്രിയപ്പെട്ട പുത്രനെയോ എന്നെയോ തിരിച്ചു വിളിച്ചു ഈ പ്രതിസന്ധി ഒഴിവാക്കണമേ ..."

ആ പ്രാർത്ഥന മൊഴിഞ്ഞു കഴിഞ്ഞില്ല അപ്പോഴേക്കും ഇബ്റാഹീമിനെ വരിഞ്ഞുമുറുക്കിയ മകന്റെ കാര്യങ്ങൾ അഴിഞ്ഞുപോയി... ആ റൂഹ് കൂടുവിട്ടു പറന്നുപോയി... കണ്ടുനിന്നവർ സംഭവിക്കുന്നെതെന്തന്നറിയാതെ മിഴിച്ചുനിന്നു...

സംഗതി മനസ്സിലായപ്പോൾ വാവിട്ടു കരഞ്ഞു. എന്നാൽ ഇബ്രാഹീമിൽ അതൊന്നും ഒരു ചലനവും സൃഷ്ടിച്ചില്ല. അദ്ദേഹം മകന്റെ ശേഷക്രിയകൾ ചെയ്തു നിസ്കരിച്ചു. ഖബറടക്കിയതിനു ശേഷം അവിടെ നിന്നും യാത്രയായി

പരിസമാപ്തി 
ത്യാഗത്തിന്റെ ഉന്നതങ്ങളിൽ ഇബ്രാഹീമിബ്നു അദ്ഹം ചെന്നെത്തി. ആത്മാവിനെ സംസ്കരിച്ചെടുക്കാൻ വേണ്ടി ശരീരത്തെ അദ്ദേഹം പീഡിപ്പിച്ചു...

ഉണങ്ങി എലും തൊലിയുമായി വെറുമൊരു പോക്കോലമായിത്തീർന്നു. അദ്ദേഹത്തിന്റെ ബാഹ്യരൂപം എങ്കിലും ആത്യദ്ധ്വാനത്തിൽനിന്നോ അദ്ദേഹം ആണുവിട പിന്മാറിയില്ല. അങ്ങനെ ത്യാഗസമ്പൂർണ്ണമായ ആ ജീവിതത്തിലെ നാളുകൾ എണ്ണപ്പെട്ടുകൊണ്ടിരുന്നു ...

തന്റെ അന്ത്യം അടുത്തുവരികയാണെന്ന് ആ യതിവര്യൻ അറിഞ്ഞു ... ശിഷ്യഗണങ്ങൾക്ക് ഭൗതികത്വത്തിന്റെ അപൽക്കരമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ചും പാരത്രിക മോക്ഷത്തിന്റെ വശങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായ ഉപദേശങ്ങൾ നൽകി ...

അവസാനം ആ ദിനം വന്നണഞ്ഞു. ലോകം എന്തോ സംഭവത്തിന് സാക്ഷ്യം വഹിക്കാനെന്നവണ്ണം നിശ്ചലമായി നിന്നു. മരണത്തെ മുന്നിൽകണ്ടു കൊണ്ടും ഇബ്രാഹീമിബ്നു അദ്ഹം അചഞ്ചലനായിനിന്നു. ദുനിയാവിന്റെ പ്രീണനങ്ങളിൽ അകപ്പെടാതെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് അദ്ദേഹം ആയിരമായിരം സ്തുതികളർപ്പിച്ചു. പരിശുദ്ധ കലിമത്ത് ഉച്ചരിച്ചുകൊണ്ട് ആ ആത്മാവ് ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു ...
ഇന്നാലില്ലാഹീ വഇന്നാഇലയ്ഹി റാജിഊൻ ...

അല്ലാഹുവിന്റെ ഔലിയാക്കൾ അവർ മരിച്ചാലും മരിക്കുന്നില്ല. അവർ ഖബറിൽ ജീവിച്ചിരിക്കുന്നു. അവർ നിസ്കരിക്കുന്നു. നോമ്പ് നോൽക്കുന്നു. അങ്ങനെയുള്ള പരിശുദ്ധമായ ആ മഹാനുഭാവന്റെ ഓർമ്മ ഖിയാമം വരെ നിലനിൽക്കും. അള്ളാഹു (സു) നമ്മെയേവരെയും ആ മഹാനുഭവാനോടുകൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ .