Tuesday 25 December 2018

ഹനഫി നിസ്‌കാര ക്രമം






ഇസ്ലാം മതത്തില്‍ സുപ്രധാനമായ ആരാധനകര്‍മ്മമാണ് നിസ്കാരം. ഇസ്ലാം നിലനില്‍ക്കുന്ന പഞ്ച സ്തംഭങ്ങളില്‍ രണ്ടാമത്തേതാണ് നിസ്കാരം. പ്രത്യേക രൂപത്തോടെ പ്രത്യേക സമയത്ത് നിര്‍വ്വഹിക്കപ്പെടുന്ന നിസ്കാരം പക്ഷേ, ഒരു മുസ്ലിമിന്റെയും അമുസ്ലിമിന്റെയും ഇടയിലുള്ള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാണെന്ന് മുഹമ്മദുന്നബി(സ).

                നിസ്കാരം നിലനിര്‍ത്തപ്പെട്ടാല്‍ അത് തിന്മകളും മോശമായ കാര്യങ്ങളും ഉപേക്ഷിക്കുന്നതിന്നു വരെ കാരണമാകുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിമായ ഒരുവന്ന് ഒരിക്കലും നിസ്കാരമെന്ന നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. നിന്ന് നിസ്കരിക്കാന്‍ കഴിവില്ലാത്തവന്‍ ഇരുന്നും അതിന്ന് കഴിവില്ലാത്തവന്‍ വലതുവശം ചെരിഞ്ഞു കിടന്നും അതിന് കഴിയാത്തവന്‍ മലര്‍ന്നു കിടന്നും അതിന്നും കഴിയാത്തവന്‍ ഇടതു വശം ചെരിഞ്ഞുകിടന്നും അതിനും കഴിയാത്തവന്‍ ആംഗ്യം കാണിച്ചും അതിനും കഴിയാത്തവന്‍ ഒടുവില്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് നിസ്കരിക്കണമെന്നുമാണ് വിധി.

                മുസ്ലിമായ ബുദ്ധിയുള്ള പ്രായപൂര്‍ത്തിയെത്തിയ ശുദ്ധിയുള്ള എല്ലവര്‍ക്കും നിസ്കാരം നിര്‍ബന്ധമാണ്. കുട്ടികള്‍ 7-ാം വയസ്സില്‍ നിസ്കാരം കൊണ്ടു കല്‍പിക്കപ്പെടുകയും 10-ാം വയസ്സില്‍ അതു നിര്‍വ്വഹിച്ചില്ലെങ്കില്‍ അവനെ അടിക്കണമെന്ന് മതകീയ ശാസന. ഇസ്ലാം മത്തതിന്റെ മുഖ്യ പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ മുമ്പുണ്ടായിരുന്ന പല പ്രവാചകന്മാര്‍ക്കും നിയമമാക്കപ്പെട്ടതില്‍ നിന്നും ഭിന്നമായി പ്രത്യേക രൂപത്തിലും പ്രത്യേക സമയത്തുമാണ് നിസ്കരിക്കാന്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ഇസ്ലാം മതം പ്രാപല്യത്തില്‍ വന്നതിന് ശേഷം 10 വര്‍ഷം കഴിഞ്ഞാണ് നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടത്. മുഹമ്മദ് നബി(സ)യുടെ 50-ാം വയസ്സില്‍ സംഭവിച്ച രാപ്രയാണത്തിലാണ് അല്ലാഹു ഇത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അല്ലാഹുവിന്റെ പ്രത്യേക മാലാഖ വന്ന് ഒരു പ്രത്യേക വാഹനത്തില്‍ മുഹമ്മദ് നബി(സ)യെ വാനലോകത്തേക്കും അവിടുന്ന് അല്ലാഹുവിന്റെയടുത്തേക്കും ഒറ്റ രാത്രികൊണ്ട് പോയി. ഈ കൂടിക്കാഴ്ചയില്‍ തന്റെ ദൂതന് സമ്മാനമായി നല്‍കിയത് നമസ്കാരം. ആദ്യം അത് 50 സമയത്തായിട്ടാണ് നിര്‍ബന്ധമാക്കപ്പെട്ടത്. പിന്നീട് പ്രാവാചകനായ മൂസാ നബി(അ)യെ വഴിയില്‍ വെച്ച് കാണുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം 50 റക്അതുള്ള നിസ്കാരം കുറച്ച്തരാന്‍ ആവശ്യപ്പെടുകയും തത്ഫലമായി ആദ്യം 45 ആയും പിന്നീട് 9 തവണകളായി കുറച്ച് അവസാനം അഞ്ച് റക്അത്തായി നിശ്ചയിക്കപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടത്. പിന്നീട് മാലാഖ വന്ന് നിസ്കാരം മുഹമ്മദ് നബി(സ)യെയും അനുയായികളെയും പഠിപ്പിക്കുകയും ചെയ്തു. അത് തലമുറകളായി പിന്തുടരപ്പെടുകയും ചെയ്യുന്നു.

നിസ്‌കരിക്കാൻ തുടങ്ങുന്നവർ അശുദ്ധികളിൽ നിന്ന് ശുദ്ധമായതിനുശേഷം ശുദ്ധി ഉള്ള സ്ഥലത്തോ പള്ളിയിലോ ഖിബിലക്ക് അഭിമുഖമായി ഭയ ഭക്തിയോടെ നിൽക്കണം.

നിൽക്കുമ്പോൾ കാൽ പാദങ്ങളുടെ 'ഇട' നാലുവിരൽ അകലം ഉണ്ടായിരിക്കണം.

സ്ത്രീകൾ കാലുകൾ ചേർത്തു വെക്കേണ്ടതാണ്. ഐഹികമായ എല്ലാ വികാര വിചാരങ്ങളെയും വർജ്ജിച്ചു അല്ലാഹുവിനെ പറ്റിയുള്ള ചിന്തയിലും ഭക്തിയിലും അവന്റെ സന്നിധിയിലാണ് നിൽക്കുന്നതെന്ന ബോധത്തോടും കൂടി നിൽക്കുകയും ചെയ്യണം .

ഫർള് നിസ്‌ക്കാരങ്ങളും സമയങ്ങളും

നിർബന്ധമായും ഓരോ ദിവസവും അഞ്ചു പ്രാവശ്യം നാം നിസ്‌ക്കരിക്കേണ്ടതുണ്ട്. 


അവ :

1 . ഫജ്ർ (സുബ്ഹി)
2 . ളുഹർ 
3 . അസർ 
4 . മഗ്‌രിബ് 
5 . ഇശാ , എന്നിങ്ങനെ അഞ്ചെണ്ണമാണ് .


രണ്ടു റക്ക'അത്തായി നിസ്കരിക്കുന്ന (സുബ്ഹി) നിസ്‌കാരത്തിന്റെ സമയം കിഴക്കൻ ചക്രവാളത്തിൽ വെള്ള ശോഭ കണ്ടത് മുതൽ സൂര്യോദയം വരെയാണ് .

ളുഹ്‌റിന്റെ സമയം - പകൽ സൂര്യൻ ആകാശ മധ്യത്തിൽ നിന്നും നീങ്ങിയത് മുതൽ ഒരു സാധനത്തിന്റെ നിഴൽ ആ സാധനത്തിന്റെ രണ്ടിരട്ടി വലിപ്പം ആകുന്നതു വരെയാണ് .

അസ്ർ നിസ്‌കാരത്തിന്റെ സമയം - ഒരു വസ്തുവിന്റെ നിഴൽ അതിന്റെ രണ്ടിരട്ടി ആയതു മുതൽ സൂര്യാസ്തമയം വരെയാണ് . (ളുഹറിന്റെ സമയം കഴിഞ്ഞത് മുതൽ സൂര്യൻ അസ്തമിക്കുന്നതു വരെ )

മഗ്‌രിബ് നിസ്‌കാരത്തിന്റെ സമയം - സൂര്യൻ അസ്തമിച്ചതു മുതൽ ആകാശത്തു ചുവന്ന നിറം പരന്നതിനു ശേഷമുണ്ടാകുന്ന വെളുത്ത ശോഭ മറയുന്നതു വരെയാണ് .

ഇശാഇന്റെ സമയം - മഗ്‌രിബിന്‌ ശേഷം ആകാശത്തിലെ ചുവപ്പു മറഞ്ഞത് മുതൽ പ്രഭാത പ്രഭ പ്രത്യക്ഷമാകുന്നത് വരെയാണ് .



നിസ്‌കാരത്തിന്റെ ഫർളുകൾ : ആറ് എണ്ണമാകുന്നു 



1 . തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലൽ (അല്ലാഹു അക്ബർ എന്ന മഹത്തായ വചനം) - ഇത് നിന്ന് കൊണ്ട് നിയ്യത്തോട് യോജിച്ച നിലയിൽ അറബി ഭാഷയിൽ നിർവ്വഹിക്കേണ്ടതാണ്.



2 . ഫർളായ നിസ്കാരങ്ങൾക്കു കഴിവുള്ളവൻ നിൽക്കൽ 


3 . ഖുർആനിൽ നിന്നും ഒരു ആയത്തെങ്കിലും ഓതൽ - ഒറ്റയ്ക്ക് നിസ്‌ക്കരിക്കുന്നവൻ ഫർള് നിസ്‌കാരത്തിന്റെ ആദ്യ രണ്ടു റക്ക'അത്തുകളിലും , സുന്നത്, വിത്തിർ എന്നീ നിസ്‌ക്കാരമാണെങ്കിൽ അവയുടെ എല്ലാ റക്ക'അത്തുകളിലും ഓതൽ നിർബന്ധമാണ്. 

എന്നാൽ ഇമാമിന്റെ പിറകിൽ തുടരുന്ന മ'അമൂം ആണെങ്കിൽ ഇമാമിന്റെ പിന്നിൽ നിന്നും ഓതേണ്ട ആവശ്യമില്ല 

4 . റുക്കൂ ചെയ്യൽ - മുതുക് , തല എന്നിവ കൊണ്ട് കുനിയുക 

5 . രണ്ടു സുജൂദ് ചെയ്യൽ - രണ്ടു മുട്ടുകാൽ, ഉള്ളം കൈ , രണ്ടു കാൽ വിരലുകളുടെ ഉള്ള്, നെറ്റി എന്നിവ ഭൂമിയിൽ ചേർത്ത് വെക്കുന്ന പ്രവൃത്തി ആണ് സുജൂദ് 

6 . അവസാനത്തെ ഇരുത്തം - അത്തഹിയ്യാത് ഓതാൻ മതിയായ സമയം ഇരിക്കുക .


നിസ്‌കാരത്തിന്റെ ശർത്തുകൾ : ആറെണ്ണമാകുന്നു (ഇവയിൽ ഏതെങ്കിലും ഒന്നിൽ ഭംഗം വന്നാൽ നിസ്ക്കാരം ശെരിയാകുന്നതല്ല)

1 . അശുദ്ധികളിൽ നിന്നും ശുദ്ധി ആയിരിക്കുക - അശുദ്ധി രണ്ടു വിധമാകുന്നു .

ചെറിയ അശുദ്ധി, വലിയ അശുദ്ധി  

വുളൂ ഇല്ലാത്ത അവസ്ഥയ്ക്ക് ചെറിയ അശുദ്ധി എന്ന് പറയപ്പെടുന്നു . കുളി നിർബന്ധമായ അവസ്ഥയാണ് വലിയ അശുദ്ധി . അപ്പോൾ വുളൂ ചെയ്‌താൽ ചെറിയ അശുദ്ധി  നീങ്ങും , നിയ്യത്തോട് കൂടി കുളിച്ചാൽ വലിയ അശുദ്ധിയും നീങ്ങും  

2 . ശരീരവും , വസ്ത്രവും , നിസ്‌ക്കരിക്കുന്ന സ്ഥലവും നജസിൽ നിന്നും ശുദ്ധിയായിരിക്കുക .

നജസ് രണ്ടു വിധമാണ് .

മുഖല്ലദ് (കാഠിന്യമായത്) , മുഖഫഫ് (ലഘുവായത്)

മദ്യം, ഒഴുകുന്ന രക്തം , ശവം , തിന്നാൻ പാടില്ലാത്ത ജീവികളുടെ മൂത്രം , പട്ടി , കോഴി , താറാവ് തുടങ്ങിയവയുടെ കാഷ്ടം എന്നിവ കാഠിന്യമായ നജസിൽ പെട്ടതാണ് .

കുതിര മൂത്രം , തിന്നപ്പെടുന്ന ജീവികളുടെ മൂത്രം , പക്ഷിയുടെ കാഷ്ടം മുതലായവ ലഘുവായ നജസിൽ പെട്ടതാണ് .

കാഠിന്യമായ നജസിൽ നിന്നും ഒരു ദിർഹമിന്റെ അളവ് ശരീരത്തിലോ , വസ്ത്രത്തിലോ ഉണ്ടായാൽ നിസ്ക്കാരം ശെരിയാകുകയില്ല . എന്നാൽ ശരീരം വസ്ത്രം എന്നിവയുടെ നാലിലൊന്നിൽ കുറച്ചു ഭാഗത്തു ലഘുവായ നജസ് ഉണ്ടായാൽ നിസ്ക്കാരം ശരിയാകും 

3 . സമയം ആയെന്നുറപ്പാകുക 

4 . അവ് റത്തു മറക്കൽ  - പുരുഷന്മാരുടെ അവ് റത്ത് മുട്ട് പൊക്കിളിന്റെ ഇടയിലുള്ള സ്ഥലം മറയ്ക്കൽ ആകുന്നു .

സ്ത്രീകളുടെ അവ് റത്ത് മുഖവും , മുൻകൈയും , രണ്ടു കാൽ പാദങ്ങളും ഒഴിച്ച് ശരീരം മുഴുവനും മറയ്ക്കൽ ആകുന്നു .

5 . ഖിബിലയെ അഭിമുഖീകരിക്കൽ - പരിശുദ്ധ മക്കയിലുള്ള പുണ്യ ക'അബയാണ് നമ്മുടെ ഖിബില . അത് നമ്മുടെ നേരെ പടിഞ്ഞാറ് നിന്നും അല്പം വടക്കോട്ടു തെറ്റിയാണ് സ്ഥിതി ചെയ്യുന്നത് .

6 . നിയ്യത്തു ചെയ്യൽ - ഇന്ന നിസ്ക്കാരം ഞാൻ നിസ്‌ക്കരിക്കുന്നു എന്ന് കരുതണം .

*******************************************************************************

നിസ്‌കാരത്തിന്റെ വാജിബുകൾ : - 


1 . ഫാത്തിഹ ഓതൽ 

2 . ഫർള് നമസ്‌കാരത്തിന്റെ ആദ്യ രണ്ട് റക്ക'അത്തുകളിലും വിത്ർ ,സുന്നത്ത് എന്നീ നിസ്‌ക്കാരങ്ങളുടെ എല്ലാ റക്ക അത്തുകളിലും ഒരു സൂറത്തോ,അല്ലെങ്കിൽ  മൂന്ന് ആയത്തോ ഓതൽ .

3 . ഓതൽ ആദ്യത്തെ രണ്ട് റക അത്തുകളിൽ ആയിരിക്കൽ 

4 . സൂറത്തിനേക്കാൾ ഫാതിഹയെ മുന്തിക്കൽ.

5 . സുജൂദിൽ നെറ്റിയോടൊപ്പം മൂക്കും വെക്കൽ. 

6 . ഫർളുകളിൽ അടങ്ങി താമസിക്കുക 

7 . ആദ്യത്തെ അത്തഹിയ്യാത്തിന് വേണ്ടി ഇരിക്കൽ 

8 .  ആ ഇരുത്തത്തിൽ അത്തഹിയ്യാത് ഓതൽ 

ഒടുവിലത്തെ ഇരുത്തത്തിൽ അത്തഹിയ്യാത് ഓതൽ ,ആദ്യത്തെ അത്തഹിയ്യാത്തിൽ അബ്‌ദുഹു വ റസൂലുഹു എന്നത് വരെ ഓതി
മൂന്നാം റക്ക'അത്തിന്  വേണ്ടി ഉടനെ എഴുന്നേൽക്കൽ. 

ഒടുവിൽ രണ്ട് ഭാഗത്തേക്കും തിരിഞ്ഞു അസ്സലാമു അലൈക്കും എന്ന് സലാം ചൊല്ലൽ .

സുബഹി, മഗ്‌രിബ്, ഇശാ എന്നീ ഫർള് നിസ്‌ക്കാരങ്ങളുടെ ആദ്യ രണ്ട് റക്കഅത്തുകളിലും , ജുമാ, തറാവീഹ്, റമളാനിലെ വിത്ർ എന്നീ നിസ്‌ക്കാരങ്ങളിലും ഫാതിഹയും സൂറത്തും ഉറക്കെ ഓതൽ . 

///////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////

നിസ്‌കാരത്തിന്റെ സുന്നത്തുകൾ : -

1 . നിൽക്കുമ്പോൾ രണ്ടു കാൽ പാദങ്ങൾ തമ്മിലുള്ള അകലം നാല് വിരലുകളുടെ അളവുണ്ടായിരിക്കുക .

2 . തക്ബീറത്തുൽ ഇഹ്‌റാമിൽ പുരുഷന്മാർ രണ്ടു കൈകൾ രണ്ടു ചെവിയുടെ നേരെയും , സ്ത്രീകൾ തോളിനു നേരെയും ഉയർത്തുക .

3 . കൈ ഉയർത്തുമ്പോൾ മിതമായ നിലയിൽ വിരലുകൾ വിടർത്തുക 

4 . മ'അമൂമിന്റെ തക്ബീറത്തുൽ ഇഹ്‌റാം ഇമാമിന്റെ തക്ബീറിനോട് യോജിക്കുക .

5 . പുരുഷന്മാർ വലത്തേ കൈ ഇടത്തെ കയ്യിന്റെ മുകളിലായി പൊക്കിളിന്റെ താഴെ വെക്കുക 

6 . സ്ത്രീകൾ കൈകൾ നെഞ്ചിനു മേൽ വെക്കുക 

7 . സനാ ഓതുക 

തക്ബീറത്തുൽ ഇഹ്‌റാമിൽ തല താഴ്ത്താതെ ഇരിക്കൽ , ആദ്യ റക്ക'അത്തിൽ ഫാതിഹായ്ക്കു മുൻപ് അ'ഊദ് ഓതൽ .

എല്ലാ റക്ക'അത്തിലും ഫാതിഹായുടെ മുൻപ് ബിസ്മി പതുക്കെ ഓതൽ .

ഫാതിഹായ്ക്കു ശേഷം ആമീൻ പറയൽ 

സുബ്ഹി , ളുഹർ എന്നീ നിസ്‌ക്കാരങ്ങളിൽ വലിയ സൂറത്തും , അസർ , ഇശാ എന്നിവയിൽ ഇടത്തരം സൂറത്തുകളും  , മഗ്‌രിബ് നിസ്‌കാരത്തിൽ ചെറിയ സൂറത്തും ഓതൽ .

സുബിയുടെ ആദ്യ റക്ക'അത്തിൽ നീട്ടി ഓതൽ .

റുകൂ'ഇൽ രണ്ടു മുൻ കൈകളും വിരലുകളെ വിടർത്തി കാൽ മുട്ടിന്മേൽ വെക്കൽ . കൂടാതെ തലയും , പൃഷ്ട ഭാഗവും , പിരടിയും സമമാക്കി കാലുകൾ നാട്ടി നിർത്തിയും ചെയ്യൽ .

സുജൂദിൽ പോകുമ്പോഴും , ഉയരുമ്പോഴും തക്ബീർ ചൊല്ലൽ 

സുജൂദിൽ ആദ്യം കാൽ മുട്ടുകളും , പിന്നെ രണ്ടുള്ളൻ കയ്യും, പതുക്കെ നെറ്റിയും നിലത്തു വെക്കൽ .

രണ്ടാം സുജൂദിൽ ആദ്യം ഉള്ളം കൈയും പിന്നെ കാൽ മുട്ടുകളും, ശേഷം നെറ്റിയും വെക്കൽ .

ഒടുവിലത്തെ അത്തഹിയാത്തിനു ശേഷം നബി (സ) യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ .

നിസ്‌കാരത്തിൽ നിന്നും വിരമിക്കുമ്പോൾ രണ്ടു ഭാഗത്തേക്കും തിരിഞ്ഞു സലാം വീട്ടൽ 

വിരമിക്കുന്ന സലാം വീട്ടുമ്പോൾ ഹഫലത്തിന്റെ മലക്കുകളെ ഖൽബിൽ വിചാരിക്കൽ

ആദ്യ സലാം ഉറക്കെയും , രണ്ടാമത്തെ സലാം പതുക്കെയും ആയിരിക്കൽ .

ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo


നിസ്‌കാരത്തിന്റെ കറാഹത്തുകൾ:-


നിസ്‌കാരത്തിന്റെ വാജിബിനെയോ, സുന്നത്തിനെയോ ഒഴിവാക്കൽ

നിസ്‌കാര കർമ്മങ്ങളിൽ പെടാത്തത് ചെയ്യൽ

നിസ്‌ക്കാരത്തിനിടയിൽ പേൻ, കൊതുക് മുതലായവയെ പിടിക്കൽ

നിസ്‌കാരത്തിന്റെ ആയത്തുകളെ എണ്ണുക

സുന്നത്തു നിസ്‌കാരത്തിന്റെ ആദ്യ റക്ക'അത്തിൽ നീട്ടി ഓതൽ

ഫർള് നിസ്‌കാരത്തിന്റെ റക്ക'അത്തിൽ സൂറത്തുകളെ മടക്കി ഓതൽ

ക്രമപ്രകാരമുള്ള സൂറത്തുകളുടെ ഇടയിൽ മറ്റൊന്നിനെ ഓതൽ

ആദ്യ റക്ക'അത്തിൽ ഓതിയ സൂറത്തിന്റെ മുകളിലത്തെ സൂറത്തു അടുത്ത റക്ക'അത്തിൽ ഓതൽ

ട്രൗസർ പോലെയുള്ള അടിവസ്ത്രം മാത്രം ധരിച്ചു നിസ്‌ക്കരിക്കൽ

ജീവ ജന്തുക്കളുടെ വസ്ത്രങ്ങൾ ധരിച്ചു നിസ്‌ക്കരിക്കൽ

തലയുടെ മധ്യ ഭാഗം തുറന്നിടാൻ

തല മറയ്ക്കാതിരിക്കൽ

രണ്ടു ഭാഗത്തേക്കും തലയെ തിരിക്കൽ

ആംഗ്യം കൊണ്ട് സലാം മടക്കൽ

രണ്ടു കണ്ണും മുകളോട്ട് ഉയർത്തലും , കണ്ണുകൾ ചിമ്മലും

സുജൂദിൽ മൂക്ക് നിലത്തു തൊടാതിരിക്കൽ

വിശക്കുമ്പോഴും , ദാഹിക്കുമ്പോഴും നിസ്‌ക്കരിക്കൽ

ഉറങ്ങുന്നയാളിന്റെ പിന്നിൽ നിന്ന് നിസ്‌ക്കരിക്കൽ -- മുതലായ കാര്യങ്ങൾ വർജ്ജിക്കേണ്ടതാണ്

*******************************************************************************

നിസ്ക്കാരം മുറിയുന്ന കാര്യങ്ങൾ :-

ഒരു വചനം ഉച്ചരിക്കുക

മറ്റൊരാൾക്ക് സലാം പറയുക

സലാം മടക്കുക

നിസ്‌കാരത്തിൽ അല്ലെന്ന് തോന്നിക്കും വിധം അധിക പ്രവർത്തികൾ ചെയ്യുക

നെഞ്ച് ഖിബിലെയും വിട്ടു തിരിക്കുക

തിന്നുകയോ, കുടിക്കുകയോ ചെയ്യുക

തക്കതായ കാരണം കൂടാതെ ഒച്ച അനക്കുക (തൊണ്ട കൊണ്ട് ശബ്ദം പുറപ്പെടുവിക്കൽ)

സുബ്ഹി നിസ്‌ക്കരിച്ചു കൊണ്ടിരിക്കുമ്പോൾ സൂര്യൻ ഉദിക്കുക

മനപ്പൂർവം അശുദ്ധി ഉണ്ടാക്കുക

ഭ്രാന്ത് ഉണ്ടാകുക , ബോധക്കേട് ഉണ്ടാകുക

തയമ്മം ചെയ്തു നിസ്‌ക്കരിക്കുന്നവൻ വെള്ളം കാണൽ

ഐഹിക വിഷയങ്ങളെ ഓർത്തു നിസ്‌കാരത്തിൽ കരയൽ

പൊട്ടിച്ചിരിക്കൽ

നിസ്‌കാരത്തിൽ തെറ്റ് പറ്റിയവന് തിരുത്തി കൊടുക്കൽ (ഇമാമിന് തെറ്റ് പറ്റിയാൽ തിരുത്താം)

അർത്ഥത്തിന് വ്യത്യാസം വരുന്ന രീതിയിൽ ഖുർആൻ ഓതൽ

സുജൂദിൽ നെറ്റി തറയിൽ പതിയുന്നതിനെ വിലങ്ങുന്ന വല്ലതും നെറ്റിയിൽ ഉണ്ടാകൽ

ഫർള് , വാജിബ് ഇവകൾ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കൽ -- തുടങ്ങിയ കാര്യങ്ങൾ നിസ്‌കാരത്തിൽ സംഭവിച്ചാൽ ആ നിസ്ക്കാരം ബാത്തിലായിപ്പോകും (നഷ്ടപ്പെടും)

-----------------------------------------------------------------------------------------------------------------------

മുകളിൽ പ്രതിപാദിച്ച വിഷയങ്ങൾ നിസ്‌ക്കരിക്കുന്ന ഒരു മനുഷ്യൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടുന്ന മസ്' അലകളാണ് .


ഇനി എങ്ങനെയാണ് നിസ്‌ക്കരിക്കേണ്ടത് എന്നത് വിശദീകരിക്കാം 



സുബ്ഹി ആണ് നിസ്‌ക്കരിക്കുന്നതെങ്കിൽ അതിന്റെ നിയ്യത്തു പറഞ്ഞു കൈ കെട്ടുക .

സുബ്ഹിയുടെ രണ്ടു റക്കഅത്ത് ഫർള് നിസ്ക്കാരം അല്ലാഹു തആലായ്ക്കു വേണ്ടി ഖിബിലയെ അഭിമുഖീകരിച്ചു കൊണ്ട് ഞാൻ നിസ്‌ക്കരിക്കുന്നു എന്ന് പറഞ്ഞു കൈ കെട്ടലാകുന്നു . (ഇമാമിനോടൊപ്പം ആണ് നിസ്‌ക്കരിക്കുന്നതെങ്കിൽ ഇമാമിനോപ്പം നിസ്‌ക്കരിക്കുന്നു എന്ന് കൂടി നിയ്യത്തിൽ കരുതണം)

കൈ കേട്ടേണ്ടുന്ന രീതി :- രണ്ടു കൈകളുടെയും  പെരു വിരലുകളെ ചെവിയുടെ അറ്റത്തു തൊടത്തക്ക നിലയിൽ കൈകൾ ഉയർത്തി ഉള്ളം കൈ ഖിബിലയുടെ നേരെ ആക്കിയും "അല്ലാഹു അക്ബർ" എന്ന തക്ബീർ ചൊല്ലിയും വലത്തേ ഉള്ളം കൈ ഇടത്തെ കയ്യുടെ മണി കണ്ഠത്തിന്മേൽ വെക്കുകയും വലതു കയ്യുടെ പെരുവിരലും ചൂണ്ടു വിരലും കൊണ്ട് ഇടതു കയ്യുടെ മണികണ്ഠത്തിൽ പിടിക്കുകയും മറ്റു മൂന്നു വിരലുകളെയും ഇടതു കയ്യുടെ മേൽ നീട്ടി വെക്കുകയും ചെയ്തു പൊക്കിളിന്റെ താഴെ കൈ കെട്ടണം . 

സ്ത്രീകൾ കൈകൾ തോൾ വരെ ഉയർത്തിയാൽ മതിയാകും .


ഇമാമിനെ തുടർന്ന് നിസ്‌ക്കരിക്കുന്നവൻ ഇമാമിന്റെ തക്ബീറിനു ശേഷമേ തക്ബീർ ചൊല്ലാവു .

തക്ബീർ ചൊല്ലി കൈ കെട്ടിയ ശേഷം സനാ'അ ഓതുക 

سبحانك اللهم وبحمدك وتبارك اسمك وتعالى جدك ولا إله غيرك

"സുബ്ഹാനക്കല്ലാഹുമ്മ വബി ഹംദിക്ക വത്ത ബാറക്കസ്മുക്ക വത്ത ആലാ ജെദ്ധുക്ക വലാ ഇലാഹ ഖൈറുക്ക" . 

അർഥം : അല്ലാഹുവെ നിന്നെ സ്തുതിക്കുന്നതിനോടൊപ്പം നിന്നെ ഞാൻ പരിശുദ്ധനാക്കുന്നു.  നിന്റെ നാമത്തിലാണ് ഞാൻ ശുഭ ലക്ഷണം കാണുന്നത് . ആദരണീയനും ഉന്നതനും നീയാണ് . നിന്നെക്കൂടാതെ ആദരിക്കപ്പെടുവാൻ അർഹതയുള്ള ഒരു ആരാധ്യനും , ഇലാഹും ഇല തന്നെ . 


അതിനു ശേഷം ഫാത്തിഹ സൂറത്തു ഓതണം 


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7

ബിസ്മില്ലാഹി റഹ്മാനി റഹീം
അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ
അറ്‌റഹ്മാനി റഹീം
മാലികി യൌമുദ്ദീൻ
ഇയ്യാക്കനൌബുദു വ ഇയ്യാക്കനസ്ഥഈം
ഇഹ്ദിന സിറാത്തൽ മുസ്ഥഖീം
സിറാത്തല്ലതീന അൻ അംത അലൈഹിം ഗൈരിൽ മഗ്‌ളൂബി അലൈഹിം വലള്ളാല്ലീൻ


(ഖുർആൻ മലയാളത്തിൽ എഴുതാൻ പാടില്ലാത്തതാണ് . ഖുർആൻ തീരെ ഓതാൻ അറിയാത്തവർക്ക്‌ വേണ്ടി ഇതിൽ ചേർത്തതാണ് . അറിയാത്തവർ അറബി അക്ഷരം പഠിച്ചു തന്നെ ഖുർആൻ ഓതാൻ പഠിക്കണം . മലയാളത്തിൽ എഴുതുമ്പോൾ അക്ഷരങ്ങൾ മാറുകയും , അർത്ഥ വ്യത്യാസം ഉണ്ടാകുകയും ചെയ്യുന്നു . )


1. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ 

2. സ്തുതി (മുഴുവന്‍) ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. 

3. പരമകാരുണികനും കരുണാ നിധിയുമായുള്ളവന്‍; 

4. പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍ 

5. നിന്നെമാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു. 

6. ചൊവ്വായ പാതയില്‍ നീ ഞങ്ങളെ വഴി ചേര്‍ക്കേണമേ! 

7. (അതായത്) യാതൊരു കൂട്ടരുടെ മേല്‍ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയില്‍, (അതെ,) കോപവിധേയരല്ലാത്തവരും, വഴിപിഴച്ചവരല്ലാ ത്തവരുമായ(വരുടെ പാതയില്‍).

ഫാത്തിഹാ സൂറത്തു ഓതിയതിനു ശേഷം ഒരു സൂറത്തു കൂടി ഓതണം . അത് മൂന്നു ആയത്തോ , അതിനു തുല്യമായ സൂറത്തോ ഓതിയാൽ മതിയാകുന്നതാണ് . ഇനി വലിയ സൂറത്തുകൾ അറിയാവുന്നവർക്ക് അതും ഓതാം .

(ഏറ്റവും ചുരുങ്ങിയത് ഒരു പത്ത് സൂറത്തെങ്കിലും ഓർമ്മയിൽ പഠിച്ചു വെക്കൽ ഒരു മുസ്ലിം എന്ന നിലയിൽ നമുക്ക് അത്യന്താപേക്ഷിതമാണ് . )

ഇനി പ്രെത്യേകം ശ്രെദ്ധിക്കേണ്ടുന്ന ഒരു വിഷയം ഹനഫി മദ്ഹബുകാരൻ ഇമാമിനോടൊപ്പമാണ് തുടരുന്നതെങ്കിൽ തക്ബീറത്തുൽ ഇഹ്‌റാം പറഞ്ഞു കൈ കെട്ടിയ ശേഷം സനാ ഓതുക . അതിനു ശേഷം ഇമാം ഫാത്തിഹ സൂറത്തുകൾ ഓതുമ്പോൾ (സുബ്ഹി , മഗ്‌രിബ് , ഇശാ നിസ്‌ക്കാരങ്ങളിൽ) പിറകിൽ നിൽക്കുന്ന മഅമൂമായ നമ്മൾ ഫാത്തിഹ ഓതേണ്ടുന്ന ആവശ്യം ഇല്ല . നമ്മൾ ഇമാമിന്റെ ഓതലിനെ കേട്ട് നിന്ന ശേഷം ഫാത്തിഹ തീരുമ്പോൾ ആമീൻ മാത്രം പറഞ്ഞാൽ മതിയാകും . 

ഇനി ളുഹർ , അസർ നിസ്‌ക്കാരങ്ങളിൽ ഇമാമിനെ തുടരുന്നവർ തക്ബീറത്തുൽ ഇഹ്‌റാം പറഞ്ഞു കൈ കെട്ടി സനാ ഓതിയ ശേഷം അടക്കം ഒതുങ്ങി മിണ്ടാതെ നിന്നാൽ മതിയാകും . റുകൂഇലും , അതിൽ നിന്നും ഉയരുമ്പോളും, സുജൂദിലും പിന്നീട് വരുന്ന അത്തഹിയ്യാത്തും മാത്രം ഓതിയാൽ മതി . 

പക്ഷെ നിസ്‌ക്കരിക്കുന്നവൻ ഇമാമിനെ തുടരാതെ ഒറ്റയ്ക്കാണെങ്കിൽ എല്ലാം ഓതി തന്നെ നിസ്‌ക്കരിച്ചാൽ മാത്രമേ ആ നിസ്ക്കാരം സ്വീകരിക്കുകയുള്ളൂ .

ഹനഫി മദ്ഹബുകാരിൽ ചിലർ ളുഹർ , അസർ നിസ്‌ക്കാരങ്ങളിൽ ഇമാമിനെ തുടരുമ്പോൾ ഫാതിഹയും , സൂറത്തുമൊക്കെ ഓതുന്നത് കേൾക്കാം . അങ്ങനെ ഓതേണ്ടുന്ന ആവശ്യം ഇല്ല . അനക്കം അടങ്ങി നിന്നാൽ മതിയാകും . 

********************************************************************************

ഫാതിഹയും സൂറത്തും ഓതി കഴിഞ്ഞാൽ അടുത്ത പ്രവർത്തി 'റുക്കൂ' ചെയ്യലാണ്  . അത് അല്ലാഹു അക്ബർ എന്ന് ചൊല്ലിക്കൊണ്ട് രണ്ടു ഉള്ളം കൈകളും കാലിന്റെ മുട്ടിൽ വെച്ച് കുനിയലാണ് .

ആ സമയം നമ്മുടെ നോട്ടം നമ്മുടെ രണ്ടു കാൽ പാദത്തിനിടയിലോ അല്ലെങ്കിൽ നമ്മൾ സുജൂദ് ചെയ്യുന്ന ഭാഗത്തേക്കോ ആയിരിക്കൽ നല്ലതാണ് .

റുകൂഇൽ "സുബ്ഹാന റബ്ബിയൽ അളീം" എന്ന് ചൊല്ലണം  


سبحان ربي العظيم

മഹാനായ എന്റെ നാഥന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.

എന്ന് മൂന്നു പ്രാവശ്യമോ , അല്ലെങ്കിൽ അഞ്ചു പ്രാവശ്യമോ ചൊല്ലലാണ് . തസ്ബീഹുകൾ ചൊല്ലുമ്പോൾ ഒറ്റ സംഖ്യ ആയിരിക്കൽ സുന്നത്തുണ്ട് .

ശേഷം "സമി അല്ലാഹു ലിമൻ ഹമിദ" എന്ന തസ്ബീഹ് പറഞ്ഞു ഉയരുക 

سمع الله لمن حمده

സ്തുതുതിക്കുന്നവന്റെ സ്തുതി കേട്ട് അല്ലാഹു സ്വീകരിക്കട്ടെ .


എന്ന് ചൊല്ലി നിവർന്നു നിൽക്കണം . ഈ നിർത്തത്തിനു "ഇഅത്തിദാൽ" എന്ന് പറയും .
ആ നിർത്തത്തിൽ "അല്ലാഹുമ്മ റബ്ബനാ ലക്കൽ ഹംദ്" എന്ന ദിക്കിർ ഉച്ചരിക്കണം 





اللهم ربنا لك الحمد 



ഞങ്ങളുടെ നാഥാ സർവ്വ സ്തുതിയും നിനക്ക് മാത്രമാകുന്നു .

------------------------------------------------------------------------------------------------------------------------

തുടർന്ന് സുജൂദിലേക്കു നമ്മൾ കടക്കണം .രണ്ടു കാലുകളുടെയും വിരലുകളെ നിലത്തമർത്തി , മടമ്പും കാൽ പൊക്കി നിർത്തി രണ്ടു കാൽ മുട്ടുകളും , കൈ വിരലുകൾ വിടർത്താതെ വിരലുകളുടെ പള്ള ഭാഗവും നെറ്റിയും മൂക്കിന്റെ അഗ്ര ഭാഗവും നിലർത്തു അമർത്തി സുജൂദ് ചെയ്യണം.  കയ്യിന്റെ പെര് വിരൽ കാതുകളുടെ നേരെ ഉയരത്തക്ക രൂപത്തിലും കൈമുട്ടുകൾ രണ്ടു വശത്തേക്കും ചേർന്നിരിക്കാതെ അകലത്തിലാക്കിയും വെക്കണം . മൂക്കിന് നേർക്കാണ് ദൃഷ്ടി പതിയേണ്ടുന്നത് . മുതുക് വളയ്ക്കാതെ പൃഷ്ടഭാഗം ഉയർന്നിരിക്കുകയും ചെയ്യണം .
സുജൂദ് ചെയ്യുമ്പോൾ ആദ്യം നമ്മുടെ കാൽ മുട്ടുകളാണ് തറയിൽ വെക്കേണ്ടുന്നത് .

സുജൂദിൽ ഇങ്ങനെ പറയുക " സുബ്ഹാന റബ്ബിയൽ അ'അലാ 

سبحان ربي الاعلي

ഏറ്റവും ഉന്നതനായ എന്റെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു .

സുജൂദിലും തസ്ബീഹുകൾ മൂന്നു പ്രാവശ്യമോ , അല്ലെങ്കിൽ അഞ്ചു പ്രാവശ്യമോ ചൊല്ലണം .

ഒരു റക്കഅത്തിൽ രണ്ടു സുജൂദുകളാണ് ഉള്ളത് .ഒന്നാമത്തെ സുജൂദിന് ശേഷം അല്ലാഹു അക്ബർ എന്ന ദിക്‌ർ ഉച്ചരിച്ചു അൽപ സമയം നിവർന്നിരിക്കണം . ആ ഇരുത്തത്തിൽ വലത്തേ കാലിന്റെ വിരലുകളെ കുത്തി നിർത്തി ഇടതു കാൽ ചരിച്ചു അതിന്മേൽ ഇരിക്കണം . അപ്പോൾ രണ്ടു തുടയുടെ മേൽ കൈ വിരലുകൾ കൂട്ടിപ്പരത്തി വെച്ച് മടിയിലേക്കു നോക്കുകയും ചെയ്യണം . എന്നിട്ടാണ് രണ്ടാമത്തെ സുജൂദിലേക്കു പോകേണ്ടത് .

രണ്ടു സുജൂദും നിർവഹിച്ച ശേഷം അല്ലാഹു അക്ബർ എന്ന് ചൊല്ലിക്കൊണ്ട് കൈകൾ കാൽ മുട്ടുകളുടെ മേൽ വെച്ച് കാലിൽ ശക്തി ഉപയോഗിച്ച് രണ്ടാം റക്കഅത്തിലേക്കു  നിവർന്നു നിൽക്കണം .

രണ്ടാം റക്കഅത്തിൽ ഫാത്തിഹയും , സൂറത്തും ഓതിയ ശേഷം റുക്കൂഉം , സുജൂദും ക്രമ പ്രകാരം നിർവ്വഹിച്ചു ആദ്യ അത്തഹിയ്യാത്തിലേക്കു കടക്കുക.

രണ്ടാം റക്കഅത്തിൽ രണ്ടു സുജൂദും നിർവഹിച്ച ശേഷം അടുത്ത റക്കഅത്തിൽ കടക്കാതെ അവിടെ തന്നെ ഇരുന്നു ഹദീസിൽ വന്ന അത്തഹിയ്യാത് എന്ന തസ്ബീഹ് ഓതലാണ് .


അതിന്റെ രൂപം :- 


التحياتُ لله والصلوات والطيبات، السلام عليك أيها النبي ورحمة الله وبركاته، السلام علينا وعلى عباد الله الصالحين، أشهد أن لا إله إلا الله وأشهد أن محمداً عبده ورسوله


"അത്തഹിയ്യാത്തു ലില്ലാഹി വസ്സ്വലവാത്തു വത്ത്വയ്യിബാത്തു അസ്സലാമു അലൈക അയ്യുഹന്നബിയ്യു വ റഹ്മത്തുല്ലാഹി വ ബറകാതുഹു അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്സ്വാലിഹീന്‍. അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല ല്ലാഹു. വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്‌ദുഹു വ റസൂലുഹു"


അർഥം : (എല്ലാ തിരുമുല്‍ കാഴ്ചകളും ബറകത്തുകളും നമസ്‌കാരങ്ങളും മറ്റുസല്‍കര്‍മങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയേ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകള്‍ക്കും അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. തീര്‍ച്ചയായും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)