Wednesday 26 April 2017

ഇബ്നു ഹജര്‍(റ)

 

ഹിജ്റ 773 ശഅ്ബാന്‍ 22-ന് പുരാതന ഈജിപ്തിലെ നൈല്‍ നദീതീരത്ത് ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ ദാര്‍ശനികനും ഹദീസ് വിശദീകരണ ശാസ്ത്രത്തില്‍ നിപുണനുമായ അല്‍ഹാഫിള് ഇബ്നുഹജറുല്‍ അസ്ഖലാനി(റ) ജനിച്ചത്. കിനാനി ഗോത്രക്കാരനായ മഹാന്‍ അദ്ദേഹത്തിന്‍റെ പൂര്‍വികര്‍ വസിച്ചിരുന്ന ഫലസ്തീനിലെ തീരപ്രദേശ പട്ടണമായ അസ്ഖലാനിലേക്ക് ചേര്‍ത്താണറിയപ്പെടുന്നത്. ജനനവും ബാല്യകാലം ചെലവഴിച്ചതുമെല്ലാം ഈജിപ്തില്‍ തന്നെയായിരുന്നു. ശിഹാബുദ്ദീന്‍ എന്ന സ്ഥാനപ്പേരിലും അബുല്‍ഫള്ല്‍ എന്ന ഓമനപ്പേരിലും മഹാന്‍ അറിയപ്പെടുന്നു.

ജനിക്കുന്നതിനു മുമ്പുതന്നെ പിതാവിന് പുത്രനെക്കുറിച്ച് സുവിശേഷ വാര്‍ത്തയറിയിക്കപ്പെടുകയുണ്ടായി. ഇബ്നുഹജര്‍(റ) തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്: കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടിയ ഒരു സഹോദരനെനിക്കുണ്ടായിരുന്നു. ഇമാം നവവി(റ)യുടെ മിന്‍ഹാജ് അദ്ദേഹത്തിന് മനഃപാഠമായിരുന്നു. പക്ഷേ, ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം മരണപ്പെട്ടു. ഇതോര്‍ത്തു ദുഃഖിതനായ പിതാവിനോട് യഹ്യസ്സ്വനാഫീരി എന്ന മഹാന്‍റെ സമീപം ചെന്ന് പരിഹാരം ആരായാന്‍ നിര്‍ദേശിക്കപ്പെട്ടു. ഇതുപ്രകാരം ചെന്ന പിതാവിനോട് യഹ്യസ്സ്വനാഫീരി(റ) താങ്കളുടെ മരണപ്പെട്ട പുത്രന് പകരം മറ്റൊരു കുഞ്ഞ് ജനിക്കുകയും ദീര്‍ഘകാലം ജീവിക്കുകയും ചെയ്യും എന്ന സന്തോഷവാര്‍ത്ത അറിയിച്ചു (അല്‍ ജവാഹിറു വദ്ദുറര്‍).


ശരീര പ്രകൃതിയും സ്വഭാവ സംശുദ്ധിയും

ഒത്തഉയരമുള്ള മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു മഹാന്‍റേത്. പ്രസന്നവദനം. ഗാംഭീര്യമുള്ള ശബ്ദവും സാഹിത്യ സമ്പുഷ്ടമായ ഭാഷയും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. ബുദ്ധികൂര്‍മതയില്‍ സഹപാഠികളെക്കാള്‍ മികച്ചുനിന്ന അദ്ദേഹത്തിന്‍റെ സംവാദവേദികളിലെ തിളക്കം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു (ശദറാത്തുദ്ദഹബ്- ഇബ്നു അമ്മാദ് 7-273)

തന്നെ ബുദ്ധിമുട്ടിക്കുന്നവരോടുപോലും വളരെ സ്നേഹത്തിലും മയത്തിലുമായിരുന്നു മഹാന്‍ വര്‍ത്തിച്ചിരുന്നത്. വളരെ തന്ത്രപൂര്‍വം ജനങ്ങളോടിടപഴകി അവരെ സംസ്കരിച്ചെടുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ടായിരുന്നു (അല്‍ മന്‍ഹലുസ്സ്വാഫി 3-87).

ചിട്ടയൊത്ത ജീവിതമായിരുന്നു മഹാന്‍ നയിച്ചിരുന്നത്. തിരുചര്യകളെല്ലാം കഴിയും വിധം ജീവിത്തില്‍ പകര്‍ത്താന്‍ ബദ്ധശ്രദ്ധാലുവായി. രാത്രി ഉറക്കമൊഴിവാക്കി ദീര്‍ഘസമയം നിന്ന് നിസ്കരിക്കുകയും പകല്‍ സമയം നോമ്പനുഷ്ഠിക്കുകയും ചെയ്യും. അവസാനകാലത്തെ ശാരീരിക ക്ഷീണാവസ്ഥയില്‍പോലും ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം നോമ്പനുഷ്ഠിച്ചു. ളുഹാനിസ്കാരം പതിവുചര്യയായിരുന്നു. മുതഅല്ലിമുകള്‍ക്കും പാവങ്ങള്‍ക്കും തന്നെക്കൊണ്ട് സാധിക്കുന്ന രൂപത്തിലെല്ലാം നന്മചെയ്തു (അള്ളൗഉല്ലാമിഅ് 2-39).

ഭക്ഷണ വസ്ത്ര താമസ സൗകര്യങ്ങളിലെല്ലാം മിതത്വം പുലര്‍ത്തി തീര്‍ത്തും ഒരു പരിത്യാഗിയുടെ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. സംസാരിക്കുന്ന വാക്കുകളില്‍ പോലും ഈ മിതത്വം തെളിഞ്ഞു കാണാമായിരുന്നു (അല്‍ മുലഖ്ഖസ്വാത്തു മിനല്‍ ജവാഹിരി വദ്ദുറര്‍).


പഠനവും ഹദീസ് ശേഖരണവും

ദീനീ വിജ്ഞാന സമ്പാദനത്തിനും ഹദീസ് ശേഖരണത്തിനും അനേകം ദേശങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ജനിച്ചുവളര്‍ന്ന മിസ്റില്‍ വെച്ചുതന്നെ ധാരാളം ഹദീസുകള്‍ ശേഖരിച്ചു. ശേഷം ഖാഹിറയിലേക്ക് യാത്രതിരിച്ച മഹാന്‍ സിറാജുല്‍ ബുല്‍ഖൈനി, ഹാഫിള് ഇബ്നുല്‍ മുലഖിന്‍, ഹാഫിള് അബ്ദുറഹീമുബ്നുല്‍ ഹുസൈന്‍ എന്നിവരില്‍ നിന്ന് ഹദീസിനോടു കൂടെ കര്‍മശാസ്ത്ര വിജ്ഞാനവും കരസ്ഥമാക്കി. ബുര്‍ഹാനുദ്ദീന്‍ ഇബ്റാഹീമുത്തനൂവിയില്‍ നിന്നാണ് ഖിറാഅത്ത് പഠനം പൂര്‍ത്തീകരിച്ചത്. ഇസ്സുദ്ദീന്‍ മുഹമ്മദുബ്നു അബീബക്കര്‍(റ)വില്‍ നിന്നും നിദാനശാസ്ത്രത്തിലും മുഹമ്മദുബ്നു യഅ്ബുശ്ശീറാസി, ശംസുദ്ദീന്‍ മുഹമ്മദുല്‍ ഗമാരി, മുഹമ്മദുബ്നു ഇബ്റാഹീമുദ്ദിമശ്ഖി എന്നിവരില്‍ നിന്ന് അറബിഭാഷാസാഹിത്യത്തിലും പ്രാവീണ്യം നേടി. ഹദീസ് ശേഖരണത്തിനുവേണ്ടി സര്‍യാഖൂസ്, ഗസ്സ, റംല, ഖലീല്‍, ബൈത്തുല്‍ മുഖദ്ദസ്, ഡമസ്കസ്, മിന, യമന്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ മഹാന്‍ യാത്ര ചെയ്തിട്ടുണ്ട്.

ദീനീവിജ്ഞാനശാഖകളിലെല്ലാം അഗാധ പാണ്ഡിത്യം നേടിയ ശേഷം യബറുസ്സിലെ ഖാന്‍ഖാഹില്‍ (പര്‍ണശാല) ഇരുപത് വര്‍ഷത്തോളം തന്നെതേടിയെത്തുന്ന വിശ്വാസികള്‍ക്ക് ഹദീസ് പകര്‍ന്നു നല്‍കി. ഹദീസ് സമ്പാദന-വിജ്ഞാനശേഖരണാവശ്യാര്‍ത്ഥം വിദൂര ദിക്കുകളില്‍ നിന്നുപോലും ഈ കാലത്ത് ആളുകള്‍ യബറുസ്സിലേക്ക് നിലക്കാതെ പ്രവഹിച്ചിരുന്നു. തുടര്‍ന്ന് ബഹ്റൈനിയുടെ മധ്യത്തിലുള്ള ദാറുല്‍ ഹദീസില്‍ കാമിലിയ്യയിലേക്ക് സേവനം മാറ്റി. വര്‍ഷങ്ങളോളം അവിടെ ഹദീസ്ക്ലാസുകളും  പ്രബോധന പ്രവര്‍ത്തനങ്ങളുമായി കഴിച്ചുകൂട്ടി. പിന്നീട് ഹിജ്റ 827 മുഹര്‍റം 27-ന് അന്നത്തെ ഈജിപ്ത് ഭരണാധികാരി മഹാനെ രാജ്യത്തെ ശാഫിഈ ഗ്രാന്‍റ് ഖാളിയായി അവരോധിച്ചു. പല സുപ്രധാന വിധികളും സങ്കീര്‍ണ വിഷയങ്ങളും കൈകാര്യം ചെയ്തതിനു ശേഷം വഫാത്തിന്‍റെ ആറുമാസം മുമ്പ് (ജമാദുല്‍ ആഖിര്‍-27ന്) സ്വയം ഖാളിസ്ഥാനം വിട്ടൊഴിയുകയും രചനകളും ആരാധനാ കര്‍മങ്ങളുമായി വീട്ടില്‍ തന്നെ കഴിഞ്ഞ് നാഥനോട് കൂടുതലടുക്കാന്‍ പരിശ്രമിക്കുകയുണ്ടായി.


ശിഷ്യഗണങ്ങള്‍

ഹ്രസ്വമായ ഈ ജീവിതത്തിനിടെ ഒട്ടേറെ പ്രഗല്‍ഭരും പ്രശസ്തരുമായ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ മാഹാന് സാധിച്ചിട്ടുണ്ട്. ഹദീസ് വിശാരദന്‍മാരില്‍ അഗ്രഗണ്യനായ മുഹമ്മദുബ്നു അബ്ദുറഹ്മാന്‍ ശംസുദ്ദീനുസ്സഖാവീ(റ), കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലും ധാരാളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ച അബൂയഹ്യാ സകരിയ്യല്‍ അന്‍സ്വാരി(റ), മറ്റൊരു ഫിഖ്ഹീ പണ്ഡിതനായ ബുര്‍ഹാനുദ്ദീന്‍ ഇബ്റാഹീമുബ്നു ഉമറബ്നി അബീബകരില്‍ ബിഖാഈ, മുഹമ്മദുബ്നു മുഹമ്മദിബ്നി അബ്ദില്ലാഹിദ്ദിമശ്ഖി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. പ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയടക്കമുള്ള വിവിധ കലാലയങ്ങളിലും റംല, ഖുബ്ബത്തുല്‍ മന്‍സ്വൂരിയ്യ തുടങ്ങിയ വ്യത്യസ്ത പ്രദേശങ്ങളിലും തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ ഒട്ടുമിക്ക വിജ്ഞാനശാഖകളും ദര്‍സ് നടത്തിയ ഇബ്നുഹജര്‍(റ)വിന് അവിടെയെല്ലാം എണ്ണമറ്റ വിദ്യര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ സാധിച്ചിട്ടുണ്ട്.


അല്‍ ഇംലാഅ്

ഹദീസ് പ്രചാരണ കൈമാറ്റ ശൃംഖലയിലെ പ്രധാന ഇനമായ അല്‍ ഇംലാഇന് (ഹദീസ് കേട്ടെഴുത്ത്) ധാരാളം പ്രാവശ്യം മഹാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഹി.888-ലാണ് ഇംലാഇന് നേതൃത്വം നല്‍കിത്തുടങ്ങിയത്. അശ്രാന്തപരിശ്രമവും വശ്യസുന്ദരമായ അവതരണശൈലിയും കൊണ്ട് 1150-ഓളം ഇംലാഅ് സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചു (അല്‍ ജവാഹിറു വദ്ദുറര്‍).


ഗ്രന്ഥങ്ങള്‍

ഒരായുഷ്കാലം കൊണ്ട് പഠിച്ചുതീര്‍ക്കാന്‍ പോലും സാധിക്കാത്തത്ര ഗ്രന്ഥങ്ങള്‍ ചുരുങ്ങിയ ജീവിതത്തിനിടെ ഇബ്നുഹജര്‍(റ)ന്‍റെ തൂലികയിലൂടെ വിരചിതമായിട്ടുണ്ട്. ഖുര്‍ആനിന്‍റെ ശ്രേഷ്ഠതകള്‍ വിവരിക്കുന്ന അല്‍ ഇത്ഖാന്‍, ഖുര്‍ആന്‍ അവതരണ പശ്ചാതലങ്ങള്‍ വിവരിക്കുന്ന അല്‍ ഇഅ്ജാസു ഫീ ബയാനില്‍ അഹ്സാബ്, വിശ്വപ്രസിദ്ധ ഹദീസ്ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരി, സ്വഹീഹുല്‍ ബുഖാരിയുടെത്തന്നെ അനുബന്ധങ്ങളെ സംബന്ധിച്ചുള്ള തഅ്ലീഖുത്തഅ്ലീഖ്, ബുഖാരിയുമായി തന്നെ ബന്ധപ്പെട്ട ഫവാഇദുല്‍ ഇഹ്തിഫാല്‍, അഖീദയിലെ അല്‍ ഗുന്യ ഫീ മസാഇലി അര്‍റുഅ്യ, അല്‍ ആയാത്തുന്നീറാത്തി ഫീ മഅ്രിഫതി ഖവാരിഖില്‍ ആദാത്ത്, കര്‍മശാസ്ത്രത്തിലെ അല്‍ ബുലൂഗുല്‍ മറാം മിന്‍ അദില്ലത്തില്‍ അഹ്കാം, മനാസികുല്‍ ഹജ്ജ്, താരീഖിലെ അല്‍ ഇസ്വാബതു ഫീ തമ്മീസിസ്സ്വഹാബ, ഇമ്പാഉല്‍ ഗുംരി ബി അമ്പാഇല്‍ ഉംര്‍, തബ്സ്വീറുല്‍ മുന്‍തബിഹി ബിതഹ്രീറില്‍ മുശ്തബിഹ് അവയില്‍ പ്രധാനമാണ്.


പണ്ഡിതാഭിപ്രായം

ഇബ്നുഹജര്‍(റ)വിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഉസ്താദുമാരും ശിഷ്യന്മാരും സമകാലപണ്ഡിതന്മാരുമെല്ലാം ധാരാളം പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. പഠനകാലത്തുതന്നെ ബുദ്ധിശക്തിയിലും ഉസ്താദുമാരോടും സഹപാഠികളോടുമുള്ള പെരുമാറ്റത്തിലുമെല്ലാം മഹാന്‍ മികച്ചുനിന്നു. അദ്ദേഹത്തിന്‍റെ പ്രധാന ഉസ്താദുമാരിലൊരാളായ അല്‍ഇറാഖിയോട് വഫാത്ത് സമയത്ത് ചോദിച്ചു: ഹാഫിളുകളില്‍ (മൂന്ന്ലക്ഷം ഹദീസ് മനപ്പാഠമുള്ളവര്‍) ഇനിയാരാണ് ബാക്കിയുള്ളത്? ഉടനെ അദ്ദേഹം ഒന്നാമതായി ഇബ്നുഹജര്‍(റ)വിനെയും രണ്ടാമതായി തന്‍റെ മകനെയും മൂന്നാമതായി നൂറുദ്ദീനുല്‍ ഹൈസമിയെയുമാണ് എണ്ണിയത് (അല്‍ ജവാഹിറു വദ്ദുറര്‍).


വഫാത്ത്

ഹി. 852 ദുല്‍ഖഅ്ദില്‍ മഹാന്‍ രോഗബാധിതനായി. മുസ്ലിം ലോകത്തെ മുഴുക്കെ സങ്കടത്തിലാഴ്ത്തി ദുല്‍ഹിജ്ജ 18 ശനിയാഴ്ചരാവില്‍ ഇശാഇന് ശേഷം അദ്ദേഹം വിടപറഞ്ഞു (ശദറാത്തുദ്ദഹബ്).

മരണത്തിന് ആറുമാസം മുമ്പുതന്നെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും രാജിവെച്ച് ജനങ്ങളില്‍നിന്നെല്ലാം അകന്ന് അല്ലാഹുവില്‍നിന്നുള്ള വിളിയും പ്രതീക്ഷിച്ചു കൈറോയിലെ വീട്ടില്‍ നാഥനോടുള്ള മുനാജാത്തില്‍ ലയിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പകലാണ് അദ്ദേഹത്തെ മറമാടിയത്. മഹാന്‍റെ വേര്‍പാടില്‍ രാജ്യമൊന്നാകെ കണ്ണീരൊഴുക്കി. മരണവാര്‍ത്തയറിഞ്ഞ് ശിഷ്യരും സ്നേഹജനങ്ങളും ഭരണാധികാരികളുമെല്ലാം കൈറോയിലെ വീട്ടിലേക്കൊഴുകി. ജനബാഹുല്യം കൊണ്ട് നഗരവും പ്രാന്തപ്രദേശങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞു.



മന്‍സൂര്‍ പി പുവ്വത്തിക്കല്‍ - സുന്നിവോയിസ്

Friday 7 April 2017

ഹുനൈന്‍ യുദ്ധം


വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുക വഴി അനശ്വരമാക്കപ്പെട്ട പേരാണ് ഹുനൈന്‍. പക്ഷേ, കഴിഞ്ഞ ഒരായിരത്തിലധികം വര്‍ഷമായി ഈ സ്ഥലം എവിടെയായിരുന്നു എന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ പറയുന്നു, മക്കയില്‍നിന്ന് ഒരു ദിവസത്തെ വഴിദൂരമാണ് അങ്ങോട്ട് ഉണ്ടായിരുന്നതെന്ന്. മറ്റു ചിലരുടെ അഭിപ്രായത്തില്‍, മക്കയില്‍നിന്ന് മൂന്നോ നാലോ ദിവസം ഒട്ടകപ്പുറത്ത് സഞ്ചരിച്ചാല്‍ എത്തുന്ന ദൂരമാണത്. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. യുദ്ധം നടന്ന ഹുനൈന്‍ എന്ന സ്ഥലം, ഒന്നും വളരാത്ത തനി മരുപ്രദേശമായിരുന്നു. അക്കാലം മുതല്‍ തന്നെ അവിടെ ജനവാസമുണ്ടായിരുന്നില്ല. ശത്രുവിനെ അപ്രതീക്ഷിതമായി കടന്നാക്രമിക്കുകയായിരുന്നു പ്രവാചകന്റെ ഉദ്ദേശ്യമെങ്കില്‍, സാധാരണ റൂട്ടിലൂടെയാവില്ല അദ്ദേഹം സൈന്യത്തെ നയിക്കുക; പൊതുവെ അപരിചിതമായ മറ്റൊരു റൂട്ടിലൂടെയായിരിക്കും.

ഇവിടെ, നേരത്തേ തന്നെ മക്കയിലേക്കുള്ള പടയോട്ടം തുടങ്ങിക്കഴിഞ്ഞ ശത്രുവിനെ തടയുക എന്നതായിരുന്നു പ്രവാചകന് ചെയ്യാനുണ്ടായിരുന്നത്. അതുകൊണ്ടാണ് ശത്രുവുമായി അദ്ദേഹം നേര്‍ക്കുനേരെ ഏറ്റുമുട്ടിയത്. ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ പ്രവാചകന്റെ സൈന്യം സഞ്ചരിച്ച വഴികളെക്കുറിച്ച് നമുക്കൊരു ധാരണ ലഭിക്കും. ശത്രുക്കള്‍ തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും പിന്നെ കാലികളെയും നിര്‍ത്തിയിരുന്ന ഔത്വാസിലേക്കാണ് പ്രവാചകന്റെ സൈന്യം ആദ്യം മാര്‍ച്ച് ചെയ്തത്. അവിടെനിന്ന് ലഭിച്ച യുദ്ധമുതലുകളുമായി അദ്ദേഹം ജിഅ്‌റാനയില്‍ എത്തി. ഈ സ്ഥലപ്പേര് ഇന്നുമുണ്ട്. മക്കയുടെ വടക്ക് ഏതാണ്ട് പതിനഞ്ച് കി.മീ. മാറിയാണ് ഇതിന്റെ കിടപ്പ്.


മക്കാ വിജയത്തിന്റെ പ്രതികരണം

മക്കാവിജയത്തോടെ അറേബ്യയിലെ ബഹുദൈവാരാധനയുടെ കോട്ടക്കൊത്തളങ്ങള്‍ തര്‍ന്നടിഞ്ഞു. ബഹുഭൂരിഭാഗം അറബ് ഗോത്രങ്ങളും വിശുദ്ധ ഇസ്‌ലാമിന്റെ സത്യസന്ദേശം ഏറ്റുപിടിച്ചു. അപ്പോഴും ചില ഗോത്രങ്ങള്‍ ഇസ്‌ലാമിനോട് തങ്ങളുടെ ആദ്യകാല ശത്രുത വെച്ചുപുലര്‍ത്തുന്നുണ്ടായിരുന്നു. അതില്‍ പ്രധാനമായിരുന്നു ഹവാസിന്‍, സഖീഫ് ഗോത്രങ്ങള്‍. ഖുറൈശ് കഴിഞ്ഞാല്‍ സ്ഥാനത്തില്‍ രണ്ടാമതു നില്‍ക്കുന്ന അറേബ്യയിലെ പ്രമുഖ ഗോത്രമായിരുന്നു ഹവാസിന്‍. അതുകൊണ്ടുതന്നെ, എന്നും അവ പരസ്പരം മത്സരത്തിലായിരുന്നു. ഖുറൈശ് കീഴ്‌പ്പെടുന്നതിന് കീഴ്‌പ്പെട്ടുകൊടുക്കാന്‍ അത് സന്നദ്ധമായിരുന്നില്ല.

മക്കാവിജയത്തോടെ ഹവാസിന്‍ ഗോത്രം മുസ്‌ലിംകള്‍ക്കെതിരെ പ്രത്യക്ഷമായി രംഗത്തുവന്നു.  സഖീഫ് ഗോത്രത്തിന്റെ സഹായംകൂടി ലഭിച്ചപ്പോള്‍ അവര്‍ ഒരു യുദ്ധത്തിനു തയ്യാറായി. മാലിക് ബിന്‍ ഔഫ് അന്നസ്‌രിയായിരുന്നു നേതാവ്. മക്കയില്‍നിന്നും മുസ്‌ലിംകളെ തുരത്തിയോടിക്കണമെന്ന് അവര്‍ പദ്ധതിയിട്ടു. അതനുസരിച്ച് ഒരു വന്‍ സൈന്യത്തെ സമാഹരിക്കുകയും അവര്‍ പിന്തിരിഞ്ഞോടാതിരിക്കാന്‍ തങ്ങളുടെ കുടുംബത്തെയും സമ്പാദ്യങ്ങളെയും കൂടെയെടുത്ത് രണാങ്കണത്തിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. മറ്റു ഗോത്രങ്ങളെയും തങ്ങളോടൊപ്പം കൂട്ടി മുസ്‌ലിംകളെ തൂത്തുമാറ്റാനുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചു അവര്‍.


ഇന്ന് ഞങ്ങളെ ജയിക്കാന്‍ ആര്‍ക്ക് സാധിക്കും!

ഹവാസിന്‍ ഗോത്രം മുസ്‌ലിംകള്‍ക്കെതിരെ യുദ്ധപ്പുറപ്പാടുമായി രംഗപ്രവേശം ചെയ്തിട്ടുണ്ടെന്ന വിവരം പ്രവാചകനു ലഭിച്ചു. മക്കാവിജയം കഴിഞ്ഞ് പ്രവാചകന്‍ അവിടെത്തന്നെ കഴിയുന്ന സമയത്തായിരുന്നു ഇത്. താമസിയാതെ, പ്രവാചകന്‍ പന്ത്രണ്ടായിരത്തോളം വരുന്ന ഒരു വലിയ സൈന്യത്തെ സമാഹരിച്ചു. അതില്‍ മക്കയില്‍നിന്നുള്ള പുതുവിശ്വാസികളും മദീനയില്‍നിന്നും വന്ന ആളുകളുമുണ്ടായിരുന്നു.  എണ്ണത്തിലും സജ്ജീകരണത്തിലും മുസ് ലിം സൈന്യം മികച്ചതായിരുന്നു. അവരെ നേരിടാന്‍ സാധ്യമാകാതെ ശത്രു യുദ്ധരംഗം വിട്ടുപിന്തിരിഞ്ഞോടുമെന്ന് മുസ് ലിം സൈന്യത്തെ കണ്ടാല്‍ പൂര്‍ണമായും ബോധ്യമാകുമായിരുന്നു. അതിനാല്‍, ചില മുസ് ലിംകളുടെ നാവില്‍ ‘ ഇന്ന് ഞങ്ങളെ ജയിക്കാന്‍ ആര്‍ക്ക് സാധിക്കും’ എന്ന വാക്കുകള്‍ പുറത്ത് വന്നു. മുസ് ലിംകളുടെ നിലപാടിന് ഒട്ടും യോജിച്ചതായിരുന്നില്ല ഇത്. അല്ലാഹു നിങ്ങളെ നിരവധി സന്ദര്‍ഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനയ്ന്‍ യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ദുരഭിമാനികളാക്കി. എന്നാല്‍ ആ സംഖ്യാധിക്യം നിങ്ങള്‍ക്കൊട്ടും നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ഇടുങ്ങിയതായി നിങ്ങള്‍ക്കുതോന്നി. അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു. പിന്നീട് അല്ലാഹു തന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും തന്നില്‍ നിന്നുള്ള സമാധാനം സമ്മാനിച്ചു. നിങ്ങള്‍ക്ക് കാണാനാവാത്ത കുറേ പോരാളികളെ ഇറക്കിത്തന്നു. സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം(അത്തൗബ 25-26).

ഹിജ്‌റ വര്‍ഷം എട്ട്; ശവ്വാല്‍ ആറിന് പ്രവാചകന്‍ സൈന്യ സമേതം ഹവാസിന്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. അലി ബിന്‍ അബീ ഥാലിബ്, ഹുബാബ് ബിന്‍ മുന്‍ദിര്‍, ഉസൈദ് ബിന്‍ ഹുളൈര്‍ എന്നിവരായിരുന്നു യഥാക്രമം മുഹാജിറുകള്‍, ഖസ്‌റജ്, ഔസ് എന്നിവയുടെ നേതൃത്വം വഹിച്ചിരുന്നത്. പുറമെ, ഓരോ ഗോത്രത്തിനും പ്രത്യേകം കൊടികളുണ്ടായിരുന്നു. മക്കക്കും ഥാഇഫിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു താഴ്‌വരയാണ് ഹുനൈന്‍. അത് ലക്ഷ്യമാക്കിയാണ് ഇരു സൈന്യങ്ങളും കടന്നുവന്നത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അഭൂതപൂര്‍വ്വമായ അംഗബലമുണ്ടായിരുന്നു ഇത്തവണ സൈന്യത്തിന്. അതുകൊണ്ടുതന്നെ, ഇതവര്‍ക്ക് അമിതമായ ആത്മവിശ്വാസം നല്‍കി. ഇത്തവണ ആളുകള്‍ കുറവാണ് എന്ന പേരില്‍ ഒരാള്‍ക്കും തങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന് അവരില്‍ ചിലര്‍ ചിന്തിച്ചു. എന്നാല്‍, അംഗബലത്തില്‍ ആത്മവിശ്വാസം പൂണ്ട വിശ്വാസികളെ ഒരു പരീക്ഷണത്തിനു വിധേയമാക്കാന്‍തന്നെ അല്ലാഹു തീരുമാനിച്ചു. മുസ്‌ലിംസൈന്യം ഹുനൈനിലെത്തി. നേരത്തെത്തന്നെ അവിടെയെത്തിയിരുന്ന ശത്രുക്കള്‍ മുസ്‌ലിംകളെ ഓര്‍ക്കാപ്പുറത്ത് കടന്നാക്രമിക്കാന്‍ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. മുസ്‌ലിംകള്‍ കടന്നുവരേണ്ടതാമസം ഇരുളിന്റെ മറവില്‍ അവര്‍ മുസ്‌ലിംകള്‍ക്കുനേരെ ചാടിവീണു. ഓര്‍ക്കാപ്പുറത്തു വന്ന ആക്രമണം മുസ്‌ലിംകള്‍ നിനച്ചിരുന്നില്ല. അവര്‍ ചിതറിയോടി. ശക്തമായ യുദ്ധം നടന്നു. സാരമായ പല നാശനഷ്ടങ്ങളും സംഭവിച്ചു. അംഗബലമല്ല; വിശ്വാസമാണ് പ്രധാനമെന്ന സത്യം മുസ്‌ലിംകള്‍ക്ക് ബോധ്യമായി. ഉഹ്ദില്‍ പ്രവാചകന്‍ വധിക്കപ്പെട്ടിരിക്കുന്നുവെന്ന കിംവദന്തി പ്രചരിച്ചപ്പോഴുണ്ടായ അവസ്ഥ ഹുനൈനിലും സംഭവിച്ചു. മുസ്‌ലിംകള്‍ പരാജയത്തിന്റെ വക്കോളമെത്തി.


വൈകിയെത്തിയ വിജയം

പ്രവാചകനും ചില സ്വഹാബികളും അപ്പോഴും യുദ്ധമുഖത്ത് ഉറച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ആഞ്ഞടുത്തുവന്ന ശത്രുസൈന്യത്തിനു നേരെ പ്രവാചകന്‍ ഒരു പിടി മണ്ണുവാരിയെറിഞ്ഞു. ഇതവരുടെ കണ്ണുകളില്‍ ഇരുള്‍ വീഴ്ത്തി. ഈ തക്കംനോക്കി പ്രവാചകന്‍ അബ്ബാസ് (റ) വിളിച്ച് സ്വഹാബികളെയെല്ലാം വിളിച്ചുവരുത്താന്‍ ആജ്ഞാപിച്ചു. അബ്ബാസ് (റ) ശബ്ദത്തില്‍ വിളിച്ചു. സ്വഹാബികള്‍ പ്രവാചകരുടെ വിളിക്ക് ഉത്തരം നല്‍കി കൂട്ടത്തോടെ തിരിച്ചെത്തി. അനുഭവത്തില്‍നിന്നും പാഠം പഠിച്ച് അവര്‍ സംഘടിക്കുകയും പ്രവാചകരോടൊപ്പം നിന്ന് വീണ്ടും യുദ്ധമുഖത്തേക്ക് ശക്തമായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. അതിനിടെ സഹായവുമായി മലക്കുകളുമെത്തി. ഈ മുന്നേറ്റം മുസ്‌ലിംകള്‍ക്ക് ഏറെ സഹായം ചെയ്തു. ശക്തമായ പടപ്പുറപ്പാട് കണ്ട് ശത്രുക്കള്‍ക്ക് ഭീതി കുടുങ്ങി. ഒരിക്കലും പിടിച്ചുനില്‍ക്കാനാകില്ലെന്നു കണ്ടപ്പോള്‍ അവര്‍ യുദ്ധമുഖത്തുനിന്നും പിന്‍മാറി. പരാജയം സമ്മതിച്ചു. പിന്തിരിഞ്ഞോടിയ സൈന്യം വിവിധ വഴികളിലൂടെയാണ് കടന്നുപോയത്. പ്രവാചകന്‍ സ്വഹാബികളെ ഗ്രൂപ്പുകളായിക്കി അവര്‍ക്കു പിന്നാലെ പറഞ്ഞയച്ചു. വഴിയിലവര്‍ ഏറ്റുമുട്ടുകയും പരാജയപ്പെടുത്തുകയുമുണ്ടായി.

ഹുനൈന്‍ യുദ്ധത്തില്‍ ശത്രുക്കളുടെ ഭാഗത്ത് നിന്ന് എഴുപതോളം പേര്‍ വധിക്കപ്പെടുകയുണ്ടായി.  മുസ്‌ലിംകള്‍ക്ക് ധാരാളം ഗനീമത്ത് മുതലുകള്‍ ലഭിച്ചു. ആറായിരത്തോളം ബന്ധികളും ഇരുപത്തിനാലായിരത്തോളം ഒട്ടകങ്ങളും അതില്‍ ചിലതാണ്. ബന്ധികളുടെ കൂട്ടത്തില്‍ പ്രവാചകരുടെ മുലകുടിബന്ധത്തിലെ സഹോദരി ശൈമാഅ് ബിന്‍ത് ഹാരിസ് അസ്സഅദിയ്യയുമുണ്ടായിരുന്നു. അവരെ തിരിച്ചറിഞ്ഞ പ്രവാചകന്‍ ആദരിക്കുകയും വെറുതെ വിടുകയും ചെയ്തു. ഥാഇഫ് യുദ്ധത്തിനു ശേഷമാണ് ഹുനൈനിലെ യുദ്ധാര്‍ജ്ജിത സ്വത്തുക്കള്‍ സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നത്.


Thursday 6 April 2017

തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍

 

മാനവ ചരിത്രത്തിൽ പൂർണ്ണതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി(സ്വ). ചരിത്രത്തിൽ പരശ്ശതം ബുദ്ധി ജീവികൾ നബി(സ്വ)യെക്കുറിച്ച് ഒട്ടനവധി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വം അവരെ ആശ്ചര്യഭരിതരാക്കി. 

എന്നാൽ പ്രവാചകർ(സ്വ)യുടെ ആധ്യാത്മികവും അഭൗതികവുമായ വ്യക്തിത്വത്തിന്റെ ദാര്ശിനിക തലങ്ങൾ നാം ഗ്രഹിക്കേണ്ടതുണ്ട്. പ്രകൃതി നിയമങ്ങള്ക്ക തീതമായി നബിയിലൂടെ വെളിപ്പെട്ട അത്യദ്ഭുതങ്ങളുടെ ഏതാനും പാഠങ്ങൾ. 


മന്ത്രിച്ച് മുറിവ് സുഖപ്പെടുത്തി 

യസീദ് ബ്നു ഉബൈദ്(റ) പറയുന്നു: ഞാൻ സലമയുടെ കണങ്കാലിൽ വെട്ട് കൊണ്ടതിന്റെ അടയാളം കണ്ടപ്പോൾ അതിനെപറ്റി ചോദിക്കുകയുണ്ടായി. അപ്പോൾ സലമ(റ) പറഞ്ഞു: ഇത് ഖൈബർ യുദ്ധ വേളയിൽ സംഭവിച്ചതാണ്. ആ സന്ദർഭത്തിൽ ജനങ്ങൾ വിളിച്ച് പറഞ്ഞു: സലമ (റ)ക്ക് മുറിവ് സംഭവിച്ചിരിക്കുന്നു. അങ്ങിനെ ഞാൻ നബി(സ്വ)യുടെ അരികിലേക്ക് ചെന്നു. തിരുമേനി(സ്വ) അതിൽ മൂന്ന് പ്രാവശ്യം ഊതി. അതിന് ശേഷം ഈ സമയം വരെ എനിക്ക് അതിന്റെ ഭാഗമായി ഒരസുഖവും ഉണ്ടായിട്ടില്ല. 


മഴ വർഷിപ്പിച്ചു

തബൂക്കിലേക്കുള്ള യാത്രയിലാണ് നബി(സ്വ) യും സ്വഹാബത്തും. കടുത്ത ക്ഷാമ പ്രദേശങ്ങൾ താണ്ടിയാണ് യാത്ര. സ്വഹാബത്ത് ദാഹിച്ചവശരായി. വെള്ളമില്ലാതെ ഇനി ഒരടി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വന്നപ്പോൾ അബൂബക്കർ (റ) നബി(സ്വ) യോട് പരാതി ബോധിപ്പിച്ചു. നബി(സ്വ) കരങ്ങളുയർത്തി ആകാശത്തേക്ക് മിഴികളർപ്പിച്ച് പ്രാർത്ഥനാ നിരതരായി.

തെളിഞ്ഞ മാനം കാർമേഘങ്ങളാൽ കറുത്തു. ശക്തമായ മഴ! അവരുടെ ജല സംഭരണികൾ നിറഞ്ഞു കവിഞ്ഞു. സ്വഹാബത്തിന്റെ ആവശ്യം പൂർത്തിയായപ്പോൾ മഴ നിലക്കുകയും ചെയ്തു. 


കല്ല് സലാം പറഞ്ഞു 

അബൂ ദറുൽ ഗിഫാരി(റ) ഉദ്ധരിക്കുന്നു. സ്വഹാബത്തിനൊപ്പം നബി(സ്വ) സദസ്സിൽ ഇരിക്കുമ്പോൾ കയ്യിലിരുന്ന ചരൽ കല്ലുകൾ നബി(സ്വ)ക്ക് സലാം പറയുന്നത് ഞങ്ങൾ കേട്ടു. ആ കല്ല് നബി(സ്വ) അബൂബക്കർ(റ)ന് കൊടുത്തു. അപ്പോഴും അത് തസ്ബീഹ് ചൊല്ലി. മിമ്പറിന്റെ തേങ്ങൽ മസ്ജിദുന്നബവിയുടെ നിർമ്മാണം പൂർത്തിയായ സമയം. ഒരു അൻസാരി വനിത നബി(സ്വ) യെ സമീപിച്ച് കൊണ്ട് പറഞ്ഞു: ഖുതുബ നിർവഹിക്കാൻ ഒരു മിമ്പർ ഞാൻ ഉണ്ടാക്കിത്തരട്ടേ.. 

എന്റെ മകൻ നല്ലൊരു ആശാരിയാണ്. നബി(സ്വ) സമ്മതം നല്കി . അടുത്ത ജുമുഅ ദിവസം നബി(സ്വ) പുതിയ മിമ്പറിൽ കയറി ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു തേങ്ങൽ. 

നബി(സ്വ)യുടെ തിരു പാദസ്പർശം തനിക്കന്യമാകുന്നു എന്നറിഞ്ഞ ആദ്യത്തെ മിമ്പറായ ഈന്തപ്പനക്കഷ്ണമായിരുന്നു ആ കരഞ്ഞത്. ഒടുവിൽ നബി(സ്വ) ഇറങ്ങി വന്ന് അതിനെ ആശ്വസിപ്പിച്ചു. മാറോട് ചേർത്ത് പിടിച്ചു. അതോടെ ഈന്തപ്പന കരച്ചിലടക്കി. ജനം വിസ്മയം പൂണ്ടു നിൽക്കെ നബി(സ്വ) ഖുതുബ തുടർന്നു . 


ഉറവയൊഴുകുന്ന കൈവിരൽ 

ഹുദൈബിയ്യ സന്ധിയുടെ ദിവസം. നബി(സ്വ) വുളൂഅ് ചെയ്ത്കൊണ്ടിരിക്കുകയാണ്. ആ സമയം ജനങ്ങൾ മുഴുവനും അങ്ങോട്ട് വന്നു. നബി(സ്വ) ചോദിച്ചു. “നിങ്ങൾക്കെന്താണ് വേണ്ടത് ’. അംഗ ശുദ്ധി വരുത്താനും ദാഹമകറ്റാനും അങ്ങയുടെ അടുത്തുള്ള വെള്ളമല്ലാതെ ഞങ്ങൾക്ക് മറ്റൊന്നുമില്ല നബിയേ (സ്വ) അവർ പറഞ്ഞു. 

അനുയായികളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ നബി(സ്വ) ഉടനെ തന്റെ വെള്ളപ്പാത്രത്തിൽ കൈ വെച്ചു. അവിടുത്തെ വിരലുകളിൽ നിന്ന് അരുവി സമാനം ഉറവ പൊട്ടാൻ തുടങ്ങി. ജനങ്ങൾ എല്ലാവരും കുടിക്കുകയും അംഗശുദ്ധി വരുത്തുകയും ചെയ്തു: 

സാലിം(റ) പറയുന്നു. ഞാൻ ജാബിർ (റ) വിനോട് ചോദിച്ചു. നിങ്ങൾ എത്ര പേരുണ്ടായിരുന്നു.? അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഒരു ലക്ഷം പേരുണ്ടെങ്കിലും ഞങ്ങൾക്കിത് മതിയാകുമായിരുന്നു. ഞങ്ങൾ അപ്പോൾ ആയിരത്തി അഞ്ഞൂറ് പേരുണ്ടായിരുന്നു. 


ഭക്ഷണം വർദ്ധിക്കുന്നു

ഒരിക്കൽ ഉമ്മു സുലൈം(റ) അല്പ്പം ആട്ടിൻ നെയ്യ് അടിമസ്ത്രീയായ റബീബ മുഖേന നബി(സ്വ)ക്ക് കൊടുത്തയച്ചു. സസന്തോഷം നബി(സ്വ) അത് സ്വീകരിക്കുകയും പാത്രം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. 

വീട്ടിലെത്തിയ റബീബ പാത്രം ഒരിടത്ത് തൂക്കിയിട്ടു. പുറത്ത് പോയി തിരിച്ച് വന്ന ഉമ്മു സുലൈം പാത്രത്തിൽ നിന്നും ഇറ്റി വീഴുന്ന നെയ്യ് കണ്ട് അടിമ സ്ത്രീയോട് ചോദിച്ചു. റബീബാ… ഈ നെയ്യ് നബി(സ്വ)ക്ക് നൽകാൻ ഞാൻ പറഞ്ഞിരുന്നല്ലോ? അവർ പറഞ്ഞു. ഞാനത് നബി(സ്വ)ക്ക് നൽകിയതാണല്ലോ. 

സംശയമുണ്ടെങ്കിൽ നബിയോട് (സ്വ) ചോദിച്ച് നോക്കൂ. ഉമ്മു സുലൈം നബി(സ്വ)യോട് കാര്യമന്വേഷിച്ചു. റബീബ നെയ്യ് കൊണ്ട് വന്ന വിവരം പറഞ്ഞപ്പോൾ ആശ്ചര്യത്തോടെ ഉമ്മുസുലൈം ചോദിച്ചു. അവിടുന്ന് തിരിച്ചയച്ച പാത്രത്തിൽ നിന്ന് ഇപ്പോഴും നെയ്യ് കവിഞ്ഞൊഴുകുകയാണല്ലോ. 

നബി(സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ സഹായിച്ചതിന് പ്രതിഫലമായി നിന്നെ അവനും തിരിച്ച് സഹായിക്കുന്നതിൽ നീ അത്ഭുതപ്പെടുന്നുവോ? 


പ്രവചനം പുലരുന്നു 

ഒരു ദിവസം നബി(സ്വ) ഹുസൈൻ(റ)നെ ലാളിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അവിടുന്ന് കണ്ണുനീർ വാർക്കാൻ തുടങ്ങി. ഇത് കണ്ട് ഹുസൈൻ(റ)ന്റെ പോറ്റുമ്മയായ ഉമ്മുൽ ഫള്ല് ചോദിച്ചു. പ്രവാചകരേ (സ്വ) , അവിടത്തേക്ക് എന്തു പറ്റി? എന്തിനാണ് കരയുന്നത്? 

നബി(സ്വ) മറുപടി പറഞ്ഞു: എന്റെ സമുദായം എന്റെ ഈ മകനെ വധിക്കുമെന്ന് ജിബ്രീൽ(അ) വന്ന് എന്നോട് പറഞ്ഞു. ഹിജ്റ 61ആം വർഷം , മുഹറം 10-ന് ഏതൊരു സംഭവത്തെക്കുറിച്ചാണോ നബി(സ്വ) കണ്ണീർ തൂകിക്കൊണ്ട് പ്രസ്താവിച്ചത് അത് സംഭവിച്ചു. കർബല പോർക്കളത്തിൽ വെച്ച് യസീദിന്റെ സൈന്യം ഹുസൈൻ(റ)നെ വധിച്ചുകളഞ്ഞു. 


മറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി 

നബി(സ്വ)യുടെ പിതൃവ്യനായ അബ്ബാസ് (റ) ഹാശിം കുടുംബത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. ആദ്യ കാലത്ത് നബി(സ്വ) യിൽ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നെങ്കിലും പ്രത്യക്ഷത്തിൽ ശത്രു പക്ഷത്തോടൊപ്പമായിരുന്നു. 

ബദ്ർ യുദ്ധ വേളയിൽ മനോ വൈമുഖ്യത്തോടുകൂടെ തന്നെ അവരോടൊപ്പം പുറപ്പെടേണ്ടി വന്നു. ഒടുവിൽ ബദ്ർ യുദ്ധം വിജയിച്ച മുസ്‌ലിംകൾ ശത്രുക്കളിൽ പലരേയും ബന്ധികളാക്കി. കൂട്ടത്തിൽ അബ്ബാസ് (റ)വും സഹോദരൻ അഖീലുമുണ്ടായിരുന്നു. 

തന്റെ പിതൃവ്യനോട് നബി(സ്വ) അദ്ദേഹത്തിന്റെയും സഹോദരന്റെയും മോചന ദ്രവ്യം ആവശ്യപ്പെട്ടു. ഞങ്ങൾ നിർബന്ധിതരായിട്ടാണ് ഈ യുദ്ധത്തിൽ വന്നിട്ടുള്ളത് എന്നിരിക്കേ ഞങ്ങളെന്തിനാണ് പ്രതിഫലം നൽകുന്നതെന്ന് അബ്ബാസ് (റ) ചോദിച്ചു. ബാഹ്യത്തിൽ നമ്മൾ ശത്രുക്കളാണ് എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. 

മോചന ദ്രവ്യം വാങ്ങിയ ശേഷം അബ്ബാസ്(റ) പറഞ്ഞു: താങ്കൾ എന്നെ ഖുറൈശികളിൽ എന്നെന്നേക്കും ഒരു ദരിദ്രനാക്കിത്തീർത്തു . ഉടനെ നബി(സ്വ) ചോദിച്ചു: താങ്കളെങ്ങനെയാണ് ദരിദ്രനാവുക? 

പത്നിയായ ഉമ്മുൽ ഫള്ലിന്റെ അടുത്ത് കുറേ ധനം കൊടുത്തേൽപ്പിച്ചു ഞാൻ മരിക്കുകയാണെങ്കിൽ നിന്നെ സമ്പന്നയാക്കിക്കൊണ്ടാണ് ഞാൻ പോകുന്നത് എന്ന് പറഞ്ഞുകൊണ്ടല്ലേ താങ്കൾ പോന്നിട്ടുള്ളത്? 

അബ്ബാസ്(റ) അത്ഭുതത്തോടെ ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. എന്റെ ഭാര്യയും ഞാനുമല്ലാതെ ആരുമറിഞ്ഞിട്ടില്ലാത്ത രഹസ്യമാണ് താങ്കൾ വെളിപ്പെടുത്തിയത്.’ 


കാഴ്ചക്ക് തടസ്സം 

സൂറതുൽ മസദ് ഇറങ്ങിയ സമയം. അബൂലഹബിന്റെ ഭാര്യ ഉമ്മുജമീൽ വലിയ പാറക്കല്ലുമായി നബി(സ്വ) യുടെ അടുത്തേക്ക് വന്നു. നബി(സ്വ)യും അബൂബക്കർ(റ)വും കഅ്ബക്കരികിൽ ഇരിക്കുകയാണ്. അബൂബക്കർ (റ) നോട് അവൾ ചോദിച്ചു: എവിടെ നിന്റെ കൂട്ടുകാരൻ? അവൻ എന്നെയും എന്റെ പ്രിയതമനേയും അധിക്ഷേപിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഈ കല്ല് കൊണ്ട് ഞാൻ കഥ കഴിക്കും. 

പക്ഷേ അബൂബക്കർ (റ)ന്റെ അടുത്ത് ഇരിക്കുന്ന നബി(സ)യെ കാണാൻ അവൾക്കു സാധിച്ചില്ല. അവളുടെ കാഴ്ചക്കു മുമ്പിൽ നബി(സ്വ)യെ കാണാത്ത വിധം ഒരു തടസ്സം വന്നതായിരുന്നു കാരണം. 


ഭ്രാന്ത് സുഖപ്പെടുന്നു 

ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ തന്റെ ഭ്രാന്തനായ കുട്ടിയെയും കൊണ്ട് നബി(സ്വ)യുടെ അരികിൽ വന്നു. അവർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ (സ്വ) , എന്റെ ഈ മകന് ഭ്രാന്താണ്. അവൻ പലപ്പോഴും ഭ്രാന്തിളകി അക്രമം കാണിക്കുന്നുണ്ട്. 

ഉടനെ നബി(സ്വ) കുട്ടിയുടെ നെഞ്ച് തടവി കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു. കുട്ടി ഉടൻ ഛർദിച്ചു. കറുത്ത നായ്കുട്ടിയെപ്പോലുള്ള ഒരു വസ്തു ഛർദിയിലൂടെ പുറത്തേക്കു വന്നു. ഭ്രാന്ത് ഭേദമായി. 


തീ പൊള്ളൽ സുഖപ്പെടുത്തി 

മുഹമ്മദ്ബ്നു ഹാത്തിബ് (റ) വിവരിക്കുന്നു. എന്റെ മാതാവ് ഉമ്മുജമീൽ ബീവി (റ) എന്നോടൊരിക്കൽ പറഞ്ഞു: എത്യോപ്യയിൽ നിന്നും ഞാൻ നിന്നെയും കൂട്ടി മദീനാ ശരീഫിലേക്ക് പുറപ്പെട്ടു. വഴിയിൽ ഭക്ഷണം പാകം ചെയ്യാനായി ഒരിടത്ത് തമ്പടിച്ചു. ഞാൻ പുറത്ത് പോയ സമയം നിന്റെ ശരീരത്തിൽ തീപൊള്ളലേറ്റു. നിന്നെയും താങ്ങി ഞാൻ നബി(സ്വ)യുടെ സന്നിധിയിലേക്കോടി. 

ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ (സ്വ) , ഇത് മുഹമ്മദ് ബിൻ ഹാത്വിബാണ്. തങ്ങളെക്കൊണ്ട് നാമകരണം നടത്തിയ മകനാണിത്. ഇത് പറഞ്ഞയുടനെ നബി(സ്വ) നിന്റെ തലയിൽ തടവി ബറകത്തിന് വേണ്ടി പ്രാർത്ഥിക്കുകയും നിന്റെ വായിലും കരങ്ങളിലും ഉമിനീർ പുരട്ടുകയും ഒരു രോഗവും അവശേഷിക്കാതെ സുഖപ്പെടുത്തിക്കൊടുക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. പൊള്ളൽ പൂർണ്ണമായും സുഖപ്പെട്ട ശേഷമാണ് ഞാൻ തിരു സന്നിധിയിൽ നിന്നും തിരിച്ച് പോന്നത്. 


മലക്കുകൾ സഹായിക്കുന്നു 

ആഇശാ (റ) പറയുന്നു: നബി(സ്വ) ഖന്തഖ് യുദ്ധം കഴിഞ്ഞ് മടങ്ങി വരികയും ആയുധം എടുത്തുവെച്ച് കുളിക്കുകയും ചെയ്തു. അപ്പോൾ നബി(സ്വ)യുടെ അരികിൽ ജിബ്രീൽ(അ) വന്ന് പറഞ്ഞു: നബിയേ, അവിടുന്ന് ആയുധം വെച്ചുവോ? 

അല്ലാഹു സത്യം. ഞങ്ങൾ ആയുധം വെച്ചിട്ടില്ല. നിങ്ങൾ അവരിലേക്ക് പുറപ്പെടുക. 

നബി (സ) ചോദിച്ചു എവിടേക്ക്? 

ബനൂഖുറൈളക്കാരുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ച് ജിബ്രീൽ(അ) പറഞ്ഞു: അങ്ങോട്ട്. 

അങ്ങനെ പ്രവാചകർ(സ്വ) അവരുടെ അടുക്കലേക്ക് പുറപ്പെട്ടു. അല്ലാഹു അവിടെ മലക്കുകളെ ഇറക്കി നബി(സ്വ)യെ സഹായിച്ചു. ബദ്റിലും മറ്റു പലയിടങ്ങളിലും ഇതുപോലുള്ള സഹായങ്ങൾ നബി(സ്വ)ക്കു ലഭിച്ചിരുന്നു. 

ചന്ദ്രൻ പിളർത്തിയതും വൃക്ഷങ്ങൾ തലകുനിച്ച് അഭിവാദ്യം ചെയ്തതും മേഘം തണലിട്ടതുമടക്കം മറ്റു നിരവധി അദ്ഭുത സംഭവങ്ങൾ നബി(സ്വ)യിൽ നിന്നു വെളിപ്പെട്ടിട്ടുണ്ട്. അവിടുന്ന് ഒരു അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് അവയത്രയും ലോകത്തോട് വിളിച്ചുപറഞ്ഞു കൊണ്ടിരിക്കും. 


അവലംബം: 

1. ഹുജ്ജത്തുല്ലാഹി അലൽ ആലമീൻ ഫീ സയ്യിദാതി അലൽ മുര്സളലീൻ ശൈഖ് യൂസുഫുന്നബ്ഹാനി (റ) 

2. ദലാഇലുന്നുബുവ്വഇമാം ബൈഹഖി (റ).


മുസ്തഫ സഖാഫി കാടാമ്പുഴ