Tuesday 29 June 2021

മിഖ്ദാദുബ്നു അംറ് (റ)

 

ഇസ്ലാമിന്ന് വേണ്ടി രണാങ്കണത്തിലിറങ്ങിയ ആദ്യത്തെ കുതിരപ്പടയാളിയായിരുന്നു മിഖ്ദാദ് (റ).

അസ്വദ്ബ്നു അബ്ദിയഗുസിന്റെ വളർത്തുപുത്രനായിരുന്ന അദ്ദേഹത്തെ അസ്വദിന്റെ പുത്രൻ മിഖ്ദാദ് എന്നായിരുന്നു വിളിച്ചുവന്നിരുന്നത്. ഇസ്ലാം ദത്തെടുക്കൽ സമ്പ്രദായം നിരോധിച്ചതോടെയാണ് തന്റെ പിതാവായ അംറിലേക്ക് മിഖ്ദാദുബ്നു അംറ് (റ) എന്ന് വിളിക്കാൻ തുടങ്ങിയത്.

ഇസ്ലാമിന്റെ പ്രാരംഭ സേവകരിൽപെട്ട അദ്ദേഹം ബദർ രണാങ്കണത്തിൽ തുല്യതയില്ലാത്ത ധീരത പ്രകടിപ്പിച്ചു. 

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: “മിഖ്ദാദിനോടൊപ്പം (റ) പല യുദ്ധരംഗങ്ങളിലും ഞാൻ പങ്കെടുത്തു. രണാങ്കണത്തിൽ അദ്ദേഹത്തോടുകൂടെ നിൽക്കുന്നത് എനിക്ക് വളരെ സംതൃപ്തിയായിരുന്നു.”

മുസ്ലിംകൾ അവരുടെ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്നു വേണ്ടി ത്യാഗത്തിന്റെ തീച്ചൂളയിലുടെ പ്രയാണം ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തിൽ മിഖ്ദാദ് (റ) അവരുടെ കൂടെ മുൻപന്തിയിലുണ്ടായിരുന്നു. അവർ ആദ്യമായി ആയുധങ്ങളുമേന്തി ശത്രുക്കളുടെ മുമ്പിലേക്ക് ഇറങ്ങിയത് ബദർ രണാങ്കണത്തിലായിരുന്നു.

നബി ﷺ അനുയായികളെ വിളിച്ചുവരുത്തി അഭിപ്രായമാരാഞ്ഞു: ശക്തനായ ശത്രുവിന്റെ മുമ്പിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും മനക്കരുത്തും പരിശോധിക്കുകയായിരുന്നു നബിﷺയുടെ ഉദ്ദേശ്യം. മുഹാജിറുകളും അൻസാരികളും നബിﷺക്ക് പിന്തുണ പ്രഖ്യാപിച്ചു. അബൂബക്കർ(റ)വും ഉമർ(റ)വും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞു: എല്ലാം കേട്ട ശേഷം മിഖ്ദാദ് (റ) പറഞ്ഞു:

“നബിയേ, അങ്ങയുടെ അഭിപ്രായമനുസരിച്ച് നീങ്ങുക. ഞങ്ങൾ അങ്ങയുടെ കുടെയുണ്ടാകും. ഇസ്റാഈൽ സന്തതികൾ അവരുടെ പ്രവാചകനായ മൂസ(അ)നോട് പറഞ്ഞു: നീയും നിന്റെ രക്ഷിതാവും പോയി യുദ്ധം ചെയ്തോളൂ, ഞങ്ങളിവിടെയിരിക്കാം. അതുപോലെ ഞങ്ങളൊരിക്കലും അങ്ങയോട് പറയുകയില്ല.

നബിﷺയും അല്ലാഹു ﷻ വും യുദ്ധം ചെയ്യുക, ഞങ്ങളും കൂടെ യുദ്ധം ചെയ്യാം. എന്നായിരിക്കും ഞങ്ങൾ പറയുക.

അവിടുന്ന് എങ്ങോട്ട് നയിച്ചാലും ഞങ്ങൾ സന്നദ്ധരാകുന്നു. അങ്ങയുടെ ഇടവും വലവും മുമ്പും പിമ്പും നിറഞ്ഞുനിന്ന് ഞങ്ങൾ സമരം ചെയ്യാം. അല്ലാഹു ﷻ നമുക്ക് വിജയം നൽകുന്നത് വരെ.

മിഖ്ദാദ് (റ) വിന്റെ വാക്കുകൾ നബിﷺയെ സന്തുഷ്ടനാക്കി. അദ്ദേഹത്തിന്നുവേണ്ടി നബി ﷺ പ്രാർത്ഥിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ വാക്കുകൾ സ്വഹാബികളിൽ ആവേശം ജനിപ്പിച്ചു. അൻസാരികളുടെ നേതാവായ സഅദ്ബ്നു മുആദ് (റ) എഴുന്നേറ്റ് ഇങ്ങനെ പറഞ്ഞു: “അല്ലാഹു ﷻ വിന്റെ പ്രവാചകരെ, ഞങ്ങൾ അങ്ങയെക്കൊണ്ട് വിശ്വസിച്ചു. അവിടുത്തെ വചനം സത്യമാണെന്ന് സാക്ഷിനിൽക്കുകയും ചെയ്തു. നാം തമ്മിൽ ചില പ്രതിജ്ഞകളും കരാറുകളും കൈമാറിയിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളെ കുറിച്ച് ഒട്ടും സംശയം വേണ്ട. അവിടുന്ന് ഉദ്ദേശിച്ചിടത്തേക്ക് ഞങ്ങളെ നയിച്ചോളൂ. ഞങ്ങൾ കുടെ വരികതന്നെ ചെയ്യും. അങ്ങ് ഒരു സമുദ്രത്തിന്റെ അഗാധതയിലേക്കാണ് പ്രവേശിക്കുന്നതെങ്കിൽ ഞങ്ങളും കൂടെ പ്രവേശിക്കുക തന്നെ ചെയ്യും. ഒരാളും ശത്രുവിനെ ഭയന്ന് പിന്തിരിഞ്ഞ് ഓടുന്നതല്ല. ഞങ്ങൾ യുദ്ധമുഖത്ത് ക്ഷമാശീലരും ആത്മാർത്ഥതയുള്ളവരുമായിരിക്കും. യുദ്ധക്കളത്തിൽ ഞങ്ങൾ നിങ്ങളുടെ കൺകുളിർക്കെ പൊരുതുകയും ചെയ്യും, ഇൻ ശാ അല്ലാഹ്.”

തന്റെ സന്തുഷ്ടരായ അനുയായികളുമായി നബി ﷺ പുറപ്പെട്ടു. മുന്ന് കുതിരപ്പടയാളികൾ മാത്രമായിരുന്നു അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്. മിഖ്ദാദുബ്നു അംറ് (റ), സുബൈബുനുൽ അവ്വാം (റ),മർസദ്ബ്നു അബീമർസദ് (റ) എന്നിവരായിരുന്നു അവർ.


മിഖ്ദാദ് (റ) വലിയ തത്വജ്ഞാനിയും ബുദ്ധിമാനുമായിരുന്നു. പരിചയ സമ്പന്നതയും അനുഭവങ്ങളും തന്റെ തത്വജ്ഞാനങ്ങൾക്ക് ആഴവും വ്യാപ്തിയുമുണ്ടാക്കാൻ അദ്ദേഹത്തിന്ന് സഹായകമാവുകയും ചെയ്തു.

ഒരിക്കൽ നബി ﷺ അദ്ദേഹത്തെ ഒരു സംഘത്തിന്റെ അമീറായി നിയോഗിച്ചു. അദ്ദേഹം മടങ്ങി വന്നപ്പോൾ നബി ﷺ ചോദിച്ചു: “നേതാവായപ്പോൾ എങ്ങനെയുണ്ടായിരുന്നു..?"

അദ്ദേഹം പറഞ്ഞു: “നേതാവായി നോക്കുമ്പോൾ ഞാൻ എല്ലാവരുടെയും മുകളിലും, എല്ലാവരും എന്റെ താഴെയുമാണെന്ന് എനിക്ക് സ്വയം തോന്നി. അല്ലാഹു ﷻ വാണ് സത്യം ഇനി ഒരിക്കലും ഞാൻ നേതൃത്വം ഏറ്റെടുക്കുന്നതല്ല."

ഒരിക്കൽ അദ്ദേഹത്തോട് ഒരാൾ പറഞ്ഞു: “അങ്ങ് എത്ര ഭാഗ്യവാൻ. അല്ലാഹു ﷻ വിന്റെ പ്രവാചകരുമായി നേരിൽ കണ്ട് സഹവസിക്കാനും, സഹായം നൽകാനും സാധിച്ചവരാണ് താങ്കൾ. ഞാൻ ആ കാലത്ത് ജീവിച്ചിരുന്നെങ്കിൽ എത്ര ഭാഗ്യവാനായിരുന്നു! അങ്ങയെപോലെ രണാങ്കണത്തിലിറങ്ങി യുദ്ധം ചെയ്തു എനിക്കും പുണ്യം നേടാമായിരുന്നല്ലോ..?"

മിഖ്ദാദ് (റ) അദ്ദേഹത്തോട് പറഞ്ഞു: “അക്കാര്യം എങ്ങനെ നീ ഉറപ്പിക്കും? ആ തീക്ഷണമായി പരീക്ഷണഘട്ടങ്ങളിൽ കാലിടറാതെ വിജയിക്കാൻ നിനക്ക് സാധിക്കുമെന്നതിന്ന് എന്താണുറപ്പുള്ളത്?

നബിﷺയുടെ സമകാലീനനായത് കൊണ്ട് അല്ലാഹു ﷻ നരകത്തിൽ നിന്ന് വിമുക്തനാക്കുമോ? ഒരു പരീക്ഷണത്തിന്നും വിധേയനാകാതെ സത്യവിശ്വാസികളായി അല്ലാഹു ﷻ നിങ്ങളെ ഈ കാലഘട്ടത്തിൽ ജനിപ്പിച്ചതിനല്ലേ നിങ്ങൾ അവനെ സ്തുതിക്കേണ്ടത്."

ഇസ്ലാമിനോടും പ്രവാചകരോടും (ﷺ) നിസ്തുലമായ സ്നേഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മദീനയിൽ അനാശാസ്യമായ വല്ല ഒച്ചപ്പാടുകളുമുണ്ടായാൽ ഉടനെ വാളുമെടുത്ത് അദ്ദേഹം നബിﷺയുടെ അരികിലേക്ക് ഓടുമായിരുന്നു. നബിﷺയുടെ ദേഹരക്ഷയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇസ്ലാമിന്റെ സംരക്ഷണത്തിൽ തനിക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം എപ്പോഴും ബോധവാനായിരുന്നു. തന്റെ സ്നേഹിതൻമാരിൽ നിന്നുണ്ടാകുന്ന പാകപ്പിഴവുകൾ പോലും അദ്ദേഹം ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഒരിക്കൽ അദ്ദേഹം ഒരു സൈന്യസംഘത്തിൽ അംഗമായി പുറപ്പെട്ടു. ശത്രുക്കളുടെ പിടിയിൽ അകപ്പെടാൻ സാധ്യതയുള്ളത് കൊണ്ട് പ്രസ്തുത സംഘത്തിന്റെ അമീർ കർശനമായി ചില നിബന്ധനകൾ തന്റെ അനുയായികളുടെ മേൽ ചുമത്തി.

അവരിൽ നിന്ന് ഒരാളിൽ നിന്ന് ചെറിയ ഒരു പാകപ്പിഴവ് പ്രകടമായി. നേതാവ് അദ്ദേഹത്തെ കഠിനമായി ശിക്ഷിച്ചു. 

വേദനയേറ്റ് കരയുന്ന അയാളെ മിഖ്ദാദ് (റ) കണ്ടു. വിവരമന്വേഷിച്ചു. മിഖ്ദാദ് (റ) വിന്റെ അഭിപ്രായത്തിൽ അയാൾ ശിക്ഷ അർഹിക്കുന്നുണ്ടായിരുന്നില്ല. അമീറിനെ ഇക്കാര്യം ബോധ്യപ്പെടുത്തിയ ശേഷം നിരപരാധിയെ ശിക്ഷിച്ചതിന്ന് സ്വയം ശിക്ഷ അനുഭവിക്കാൻ അമീറിനോട് തയ്യാറെടുക്കാൻ മിഖ്ദാദ് (റ) പറഞ്ഞു. പരാതിക്കാരനോട് പ്രതികാരം ചെയ്യാനും.

മിഖ്ദാദ് (റ) ന്റെ അഭിപ്രായം സത്യമാണെന്ന് ബോധ്യമായ അമീർ അതിന്ന് സന്നദ്ധനായി. എങ്കിലും പരാതിക്കാരൻ അമീറിന്ന് മാപ്പ് കൊടുത്തു.

നബി ﷺ ഒരിക്കൽ മിഖ്ദാദ് (റ) വിനോട് പറഞ്ഞു: "മിഖ്ദാദേ, നിന്നെ സ്നേഹിക്കാൻ അല്ലാഹു ﷻ എന്നോട് കൽപ്പിച്ചിരിക്കുന്നു. അല്ലാഹു ﷻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു."

അദ്ദേഹം ഹിജ്റ 33ാമത്തെ വർഷം തന്റെ 70ാമത്തെ വയസ്സിൽ മദീനയിൽ നിര്യതനായി. ബകീഇൽ മറവുചെയ്യപ്പെടുകയും ചെയ്തു.


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

Friday 25 June 2021

ഉസൈദ്ബ്നു ഹുളൈർ (റ)

 

ജാഹിലിയ്യത്തിലെ രണതന്ത്രജ്ഞനും ധീരയോദ്ധാവുമായിരുന്നു മദീനയിലെ ഹുളൈർ.

ഔസ് ഗോത്രത്തിന്റെ ജനസമ്മതനായ നേതാവുമായിരുന്നു അദ്ദേഹം. ഹുളൈറിന്റെ അനുയോജ്യനായ പുത്രനായിരുന്നു ഉസൈദ് (റ). ധൈര്യശാലിയും ധർമ്മിഷ്ഠനും അസ്ത്രപടുവുമായിരുന്നു അദ്ദേഹം.

ഇസ്ലാമിന്റെ പ്രഭാകിരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ വെളിച്ചം വീശിയപ്പോൾ അദ്ദേഹം അല്ലാഹു ﷻ വിന്റെയും പ്രവാചകന്റെയും (ﷺ) ഉത്തമ ദാസൻമാരിൽ അഗ്രഗണ്യനായിത്തീർന്നു.

ഒന്നാം അഖബാ ഉടമ്പടിയിൽ നബിﷺയുടെ സന്നിധിയിൽ വെച്ച് ഇസ്ലാം സ്വീകരിച്ച പുത്തൻവിശ്വാസികളായ മദീനാ നിവാസികൾക്ക് ഇസ്ലാംമതം പഠിപ്പിക്കുവാനും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുവാനും നബി ﷺ മിസ്അബ് (റ) വിനെ അങ്ങോട്ടയച്ചു.

മിസ്‌അബ് (റ) വിന്റെ ആഗമനം അവിടത്തുകാരിൽ ഒച്ചപ്പാടുണ്ടാക്കി. പൂർവ്വിക വിശ്വാസാചാരങ്ങൾക്ക് നേരെ തലപൊക്കിയ പുതിയ ഭീഷണി ഒരു വിപത്തായി പഴമക്കാർ മനസ്സിലാക്കി. അങ്ങുമിങ്ങും അത് ചർച്ചാവിഷയമായിത്തീർന്നു.

ഉസൈദ് (റ)വും സഅദുബ്നു മുആദ് (റ) വും പ്രസ്തുത വിഷയത്തെക്കുറിച്ച് പര്യാലോചന നടത്തി. തലപുകഞ്ഞാലോചിച്ചു. അവർ രണ്ടുപേരും മദീനയിലെ ജനനേതാക്കളായിരുന്നു.

സഅദ് (റ) ഉസൈദ് (റ) വിനോട് പറഞ്ഞു: “നീ അസ്അദ് (റ)വിന്റെ വീട്ടിൽ പോകൂ, അവിടെയാണ് ആ പുതിയ മതക്കാരൻ താമസിക്കുന്നത്. അവനെ പിടിച്ച് നീ പുറത്താക്കുക”

ഉസൈദ് (റ) മടിച്ചില്ല. അദ്ദേഹം ആയുധമണിഞ്ഞു പുറപ്പെട്ടു. കോപാന്ധനായി അസ്അദ് (റ)വിന്റെ വീട്ടിൽ കയറിച്ചെന്നു. അസ്അദ് (റ)വും കുട്ടുകാരും അപ്പോൾ മിസ്അബ് (റ) വിന്റെ വചനം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ആഗതന്റെ മുഖഭാവം കണ്ട് മിസ്അബ് (റ) ശാന്തസ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾ ഇരുന്നാലും! അൽപ്പമൊന്ന് ശ്രദ്ധിക്കൂ, വേണമെങ്കിൽ സ്വീകരിക്കുക. അല്ലെങ്കിൽ തിരസ്കരിക്കുക."

ഉസൈദ് (റ) ബുദ്ധിമാനായിരുന്നു. 'ഉസൈദുൽ കാമിൽ' (പരിപൂർണ്ണനായ ഉസൈദ് ) എന്നായിരുന്നു കൂട്ടുകാർ അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹം മിസ്അബ് (റ) വിന്റെ വചനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു പരിവർത്തനം അനുഭവപ്പെടുന്നതുപോലെ അദ്ദേഹത്തിന്ന് തോന്നി. ആ വചനങ്ങളിൽ അദ്ദേഹം ആകൃഷ്ടനായി. തന്റെ ആയുധം താഴെവെച്ചു.

മിസ്അബ് (റ) പരിശുദ്ധ വചനങ്ങൾ ഓതിക്കേൾപ്പിച്ചുകൊണ്ടിരുന്നു. അത് വിശദീകരിക്കുകയും ചെയ്തു. അതിന്റെ ദിവ്യശക്തിയിൽ അദ്ദേഹം പരിപൂർണ്ണമായി ലയിച്ചു.

സദസ്യരിൽ ചിലർ പിന്നീട് പറയുകയുണ്ടായി: “ഉസൈദ് വല്ലതും സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഇസ്ലാമിന്ന് കീഴ്പ്പെട്ട് കഴിഞ്ഞിരിക്കുന്നുവെന്ന് മുഖഭാവം കൊണ്ട് ഞങ്ങൾ മനസ്സിലാക്കിയിരുന്നു.''

മിസ്അബ് (റ) സംസാരിച്ചുകൊണ്ടിരിക്കെ ഉസൈദ് (റ) അത്ഭുതപരതന്ത്രനായി എഴുന്നേറ്റു പറഞ്ഞു: "എന്തൊരു സുന്ദര വചനമാണിത്. നിങ്ങളുടെ മതത്തിൽ പ്രവേശിക്കണമെങ്കിൽ ഞാനെന്തുവേണം..?''

മിസ്അബ് (റ) പറഞ്ഞു: "ശരീരവും വസ്ത്രവും മാലിന്യങ്ങളിൽ നിന്ന് ശുദ്ധിയാക്കുകയും സാക്ഷിവചനം മൊഴിയുകയും ചെയ്യുക, പിന്നീട് നീ നമസ്കാരം നിലനിർത്തുക.”

അങ്ങനെ ഉസൈദ് (റ) തന്റെ പഴയ ജീവിതമാർഗ്ഗത്തോട് വിട പറഞ്ഞു. പുതിയസരണിയിൽ പ്രവേശിച്ചു. തന്റെ നാഥന്റെ ഏകത്വം അംഗീകരിച്ചു. അവന്റെ മുന്നിൽ സാഷ്ടാംഗം നമിച്ചു. ഉസൈദ് (റ) സഅദ് (റ) വിന്റെ അടുത്തേക്ക് മടങ്ങി. ഉസൈദ് (റ) വിനെ കണ്ട മാത്രയിൽ സഅദ് (റ) തന്റെ കുട്ടുകാരോട് പറഞ്ഞു: “ഉസൈദിന് എന്തോ പന്തികേട് പിണഞ്ഞിരിക്കുന്നു. അവന്റെ മുഖഭാവം നോക്കൂ...

പകയും വിദ്വേഷവും ജ്വലിച്ചിരുന്ന ആ മുഖത്ത് ഇപ്പോൾ ശാന്തിയുടെയും കാരുണ്യത്തിന്റെയും പ്രകാശമായിരുന്നു വിളയാടിയിരുന്നത്.

സഅദിനോട് എന്ത് പറയണം? ഉസൈദ് (റ) ചിന്തിച്ചു. സഅദ് സരളഹൃദയനാണ്. അവിടെ വക്രതയില്ല. എങ്കിലും അദ്ദേഹത്തോട് കാര്യം തുറന്നു പറയാമോ? അതല്ലേ ഉത്തമം, അസ്അദിന്റെ വീട്ടിലേക്ക് സഅദിനെ എങ്ങനെയെങ്കിലും എത്തിക്കണം. മിസ്അബിന്റെ (റ) ആ വശ്യമായ സൂക്തങ്ങൾ സഅദ് നേരിട്ട് കേൾക്കണം. സഅദ് അതിൽ ആകൃഷ്ടനാകും, തീർച്ച! 

അതിനെന്തു മാർഗ്ഗം. അദ്ദേഹം ചിന്തിച്ചു. ഒരു പൊടിക്കൈ പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു.

അസ്അദിന്റെ വീട്ടിലേക്ക് സഅദിനെ എങ്ങനെയെങ്കിലും എത്തിക്കണം. മിസ്അബിന്റെ (റ) ആ വശ്യമായ സൂക്തങ്ങൾ സഅദ് നേരിട്ട് കേൾക്കണം. സഅദ് അതിൽ ആകൃഷ്ടനാകും, തീർച്ച! 

അതിനെന്തു മാർഗ്ഗം. അദ്ദേഹം ചിന്തിച്ചു. ഒരു പൊടിക്കൈ പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു.

ഉസൈദ് (റ) പറഞ്ഞു: “സഅദ്, ബനുഹാരിസ് ഗോത്രക്കാർ അസദിനെ വധിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് ഞാൻ അറിഞ്ഞു. അത് നിന്റെ മാതൃസഹോദരിയുടെ പുത്രനാണല്ലോ.

വാർത്ത കേട്ടമാത്രയിൽ സഅദ് (റ) ആയുധമണിഞ്ഞ് അസ്അദിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ ശാന്തരായിരുന്ന അസ്അദ് (റ)യും മിസ്അബ് (റ)യും കുട്ടുകാരും പഠനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പേൾ. ഉസൈദ് (റ) വിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. പരിശുദ്ധ ഖുർആനിന്റെ വശ്യശക്തി സഅദ് (റ)യെ കീഴ്പ്പെടുത്തി. സഅദ് (റ) മുസ്ലിംകളിൽ അഗ്രഗണ്യനായിത്തീർന്നു...

"ബനുൽമുസ്തലഖ് യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് തന്റെ ചില സ്നേഹിതൻമാരോട് പറഞ്ഞു: "നിങ്ങൾ, മക്കയിൽ നിന്ന് കൽപ്പിക്കപ്പെട്ട മുഹമ്മദിന്നും (ﷺ) കുട്ടുകാർക്കും നിങ്ങളുടെ നാട് അനുവദിച്ചുകൊടുത്തിരിക്കുന്നു. നിങ്ങൾ അവർക്കെതിരെ ഒരു സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെങ്കിൽ അവർ അവരുടെ പാട്ടിനു പോകുമായിരുന്നല്ലോ.  ഏതായാലും മദീനയിൽ മടങ്ങിയെത്തിയാൽ മാന്യൻമാരായ നാം ആ നിന്ദ്യരെ അവിടുന്ന് പുറത്താക്കുക തന്നെ വേണം.”

പ്രസിദ്ധനായ സഹാബിവര്യനായിരുന്ന സൈദുബ്നു അർഖം (റ) അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ വാക്കുകൾ കേട്ടു. അദ്ദേഹത്തിന്ന് അത് നബിﷺയെ അറിയിക്കാതിരിക്കാൻ നിർവാഹമുണ്ടായിരുന്നില്ല. അദ്ദേഹം അത് നബിﷺയെ അറിയിക്കുകയും ചെയ്തു.

നബി ﷺ അത് കേട്ടപ്പോൾ ദുഃഖിതനും നിരാശനുമായി ഉസൈദ് (റ)വിനോട് പറഞ്ഞു: “നിങ്ങളുടെ സ്നേഹിതൻ ഞങ്ങളെക്കുറിച്ചു പറഞ്ഞത് നിങ്ങളറിഞ്ഞില്ലേ..?''

ഉസൈദ് (റ): “ഏത് സ്നേഹിതൻ..?''

നബി ﷺ: “അബ്ദുല്ലാഹിബ്നു ഉബയ്യ്

ഉസൈദ് (റ): “അവനെന്തു പറഞ്ഞു”

നബി ﷺ: മദീനയിൽ മടങ്ങിയെത്തിയാൽ "നിന്ദ്യരായ ഞങ്ങളെ അവർ പുറത്താക്കുമെന്ന്!!"

ഉസൈദ് (റ): “അല്ലാഹു ﷻ വാണ് സത്യം. നബിയേ, നിങ്ങളായിരിക്കും അവനെ മദീനയിൽ നിന്ന് പുറംതളളുക. അതാണുണ്ടാവാൻ പോകുന്നത്. കാരണം നിന്ദ്യൻ അവനാണ്. സത്യവിശ്വാസികൾ മാന്യൻമാരും!''

പിന്നീട് ഉസൈദ് (റ) പറഞ്ഞു: “നബിയേ, അവനോട് സഹതാപം കാണിക്കണം. കാരണം അവന്റെ അനുയായികൾ അവനുവേണ്ടി ഒരു കിരീടം തയ്യാറാക്കിവെച്ചതായിരുന്നു. മദീനയിലെ രാജാവായി അവനെ വാഴിക്കാൻ വേണ്ടി ഒരുങ്ങിയതായിരുന്നു. അപ്പോഴാണ് നിങ്ങളുടെ ആഗമനമുണ്ടായത്. അലസിപ്പോയ പ്രസ്തുത പരിപാടിക്ക് വിഘ്നം വരുത്തിയത് ഇസ്ലാമാണെന്ന് അവൻ വിശ്വസിക്കുന്നു. അതുകാരണം അവനിന്ന് ഇസ്ലാമിനോട് വിദ്വേഷമാണുള്ളത്."

നബിﷺയുടെ വഫാത്തിനുശേഷം പുതിയ ഖലീഫയുടെ തിരഞ്ഞെടുപ്പ് പ്രശ്നത്തിൽ അഭിപ്രായവിത്യാസമുണ്ടായി. സഅദ്ബ്നു മുആദ് (റ) അടക്കമുള്ള അൻസാരികൾ പുതിയ ഖലീഫ അൻസാരികളിൽ നിന്ന് ആയിരിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ അൻസാരികളിൽ പ്രമുഖനായ ഉസൈദ് (റ) വാദിച്ചത്, പുതിയ ഖലീഫ നബി (ﷺ)യുടെ കൂട്ടുകാരായ മുഹാജിറുകളിൽ നിന്നാവണമെന്നായിരുന്നു...

ഹിജ്റ 20 മത്തെ വർഷം ശഅബാനിൽ ഉസൈദ് (റ) വഫാത്തായി. ഉമർ (റ) അടക്കം പ്രസിദ്ധരായ സഹാബികൾ ആ മയ്യിത്ത് തങ്ങളുടെ ചുമലിൽ 'ബഖീഇ'ലേക്ക് ചുമന്നു. അവിടെ മറവു ചെയ്തു.


അബൂ സഈദില്‍ ഖുദ്‌റി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം, ഉസൈദ്ബ്‌നു ഹുളൈര്‍ (റ) രാത്രിയില്‍ ഖുര്‍ആന്‍ ഓതികൊണ്ടിരുന്നപ്പോള്‍ സമീപത്ത് കെട്ടിയിടപ്പെട്ടിരൂന്ന കുതിര വട്ടം കറങ്ങാന്‍ തുടങ്ങി. ഖുര്‍ആന്‍ പാരായണം നിര്‍ത്തിയപ്പോള്‍ കുതിരയുടെ കറക്കവും നിന്നു. ഇങ്ങനെ പല പ്രാവശ്യംഅനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം പാരായണം നിര്‍ത്തി. ശേഷം ആകാശത്തേക്ക് തലഉയര്‍ത്തി നോക്കിയപ്പോള്‍ അവിടെ ദീപങ്ങള്‍ക്ക് തുല്യം പ്രകാശിക്കുന്ന വസ്തുവോടു കൂടി കുട പോലെ കാണാന്‍ കഴിഞ്ഞു. അടുത്ത പ്രഭാതത്തില്‍ നബി(സ) യോട് ഈ സംഭവം പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: നിന്റെ ഖുര്‍ആന്‍ പാരായണശബ്ദം കേട്ട് അടുത്ത് വന്ന മലക്കുകളായിരുന്നു അത്. നീ നിര്‍ത്താതെ ഓതികൊണ്ടിരുന്നുവെങ്കില്‍ ജനങ്ങള്‍ പ്രഭാതത്തില്‍ അവരെ നോക്കുമായിരുന്നു. അവര്‍ ജനങ്ങളില്‍ നിന്ന് മറഞ്ഞ് പോകുമായിരുന്നില്ല.



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.


സംശയവും മറുപടിയും - ഉറക്കം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 

ഏതു ഭാഗത്തേക്ക് തിരിഞ്ഞാണു കിടക്കേണ്ടത്?

ഖിബ്ലക്ക് മുന്നിട്ടുകൊണ്ട് വലതു ഭാഗത്തിന്റെ മേൽ ചെരിഞ്ഞു കിടക്കലാണ് ഏറ്റവും പുണ്യം ഖബ്റിൽ മയ്യിത്തു കിടക്കുംപോലെ ഉറങ്ങുമ്പോൾ ഈ കിടത്തമാണ് സുന്നത്ത് (ശർഹു ബിദായതിൽ ഹിദായ: 41) 

ഖിബ്ലയിലേക്ക് കാല് നീട്ടി കിടന്നുറങ്ങലോ?

അതു പുരുഷനു അനുവദനീയമായ രീതിയാണ് മുഖവും ഉള്ളൻ കാലുകളും ഖിബ്ലയുടെ നേരെയാക്കി മലർന്നു കിടക്കൽ (നമ്മുടെ കേരളത്തിൽ കിഴക്കു പടിഞ്ഞാറിൽ കിടക്കൽ) അനുവദനീയമാണ് (ശർഹുൽ ബിദായ: 41)

സ്ത്രീ മലർന്നു കിടക്കുന്നതിന്റെ വിധി?

മറുപടി: കറാഹത്താണ് (ശർഹു മറാഖിൽ ഉബൂദിയ്യ: 41)

ഖിബ്ലയിലേക്ക് മുന്നിട്ട് ഇടതു ഭാഗത്തിന്റെ മേൽ ചെരിഞ്ഞു കിടക്കാമോ?

കിടക്കാം അതു സുന്നത്തായ രീതിയാണ് ഭക്ഷണം കഴിച്ച ഉടനെ വലതു ഭാഗത്തിന്റെ മേൽ അൽപനേരം കിടന്ന ശേഷം ഇടതു ഭാഗത്തിന്റെ മേൽ  കിടക്കൽ ശാരീരികാരോഗ്യത്തിനു ഗുണകരമാണ് (ശർഹു ബിദായ: 41) 

ഉറങ്ങാൻ വേണ്ടി വുളൂഅ് ചെയ്യൽ സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് (ശർഹുൽ ബിദായ: 41) 

പുരുഷൻ കമിഴ്ന്ന് കിടക്കാമോ?

കമിഴ്ന്നു കിടന്നുറങ്ങൽ കറാഹത്താണ് അതു പിശാചിന്റെ ഉറക്കമാണ് (ശർഹുൽ ബിദായ: 41) 

ഉറങ്ങാൻ കിടക്കുമ്പോൾ പാലിക്കേണ്ട മറ്റു മര്യാദകൾ?

വിരിപ്പ് കുടഞ്ഞു അതിൽ അപകടകാരികൾ ഇല്ലെന്നു ഉറപ്പ് വരുത്തൽ രാവിലും പകലിലുമായി എട്ടു മണിക്കൂറിനേക്കാൾ ഉറങ്ങാതിരിക്കൽ, മിസ് വാക്ക് ചെയ്യൽ, സുബ്ഹിക്കു മുമ്പ് ഉണരണം എന്ന കരുത്തോടെ ഉറങ്ങൽ എന്നിവ ശ്രദ്ധിക്കേണ്ട മര്യാദകളിൽ പെട്ടതാണ് (ശർഹുൽ ബിദായ: 41) 

ഉറങ്ങുംമുമ്പ് ആയതുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ടോ?

ഉറങ്ങുംമുമ്പ് ആയതുൽ കുർസിയ്യ്, ആമനർറസൂൽ, ഇഖ്ലാസ്, മുഅവ്വിദതൈനി, തബാറക എന്നിവ പാരായണം ചെയ്യൽ സുന്നത്തുണ്ട് (ശർഹുൽ ബിദായ: 43) 

സൂറതുൽ ഇഖ്ലാസ് എത്ര തവണ പാരായണം ചെയ്യൽ സുന്നത്തുണ്ട്?

മൂന്നു തവണ (അദ്കാർ, ശർഹു മറാഖിൽ അബൂദിയ്യ: 43) 

മുഅവ്വിദതൈനി ഓതി കയ്യിലേക്ക് ഊതൽ സുന്നത്തുണ്ടോ?

അതേ, ഊതി കൈകൊണ്ട് മുഖവും തലയും ശരീരവും മൂന്നു തവണ തടവൽ സുന്നത്താണ് (ശർഹുൽ ബിദായ: 43) 

ഉറങ്ങാൻ ഒരുങ്ങുമ്പോൾ മറ്റു പ്രത്യേക ദിക്ർ ചൊല്ലേണ്ടതുണ്ടോ?*

ഉണ്ട്  

بِاسْمِكَ رَبِّي وَضَخْتُ جَنْبِي وَباِسْمِكَ أَرْفَعُهُ فَاغْفِرْ لِي ذَنْبِي

എന്നു ചൊല്ലൽ സുന്നുത്തുണ്ട്  (നാഥാ, നിന്റെ പേരുകൊണ്ട് ബറകത്ത് എടുത്ത് എന്റെ ശരീരം ഞാൻ ഉറങ്ങാൻ വേണ്ടി വെച്ചിട്ടുണ്ട് നിന്റെ പേരിന്റെ ബറകത്തുകൊണ്ട് ഞാൻ ശരീരത്തെ ഉയർത്തും എന്റെ പാപങ്ങൾ എനിക്ക് നീ പൊറുത്തു തരണേ) 

ഉറക്കിൽ നിന്നു ഉണർന്ന ഉടനെ എന്തു ചൊല്ലണം?

الحمد الله الذي احياني بعد ما اماتني وإليه النشور

(എന്നെ മരിപ്പിച്ചശേഷം ജീവിപ്പിച്ച അല്ലാഹുവിനാണു സർവ സ്തുതിയും അവനിലേക്കാണ് മടക്കം) 

ഇശാ നിസ്കരിക്കാതെ ഉറങ്ങുന്നതിന്റെ വിധി?

ഇശാഇന്റെ സമയം പ്രവേശിച്ചശേഷം ഇശാ നിസ്കരിക്കാതെ ഉറങ്ങൽ കറാഹത്താണ് (തുഹ്ഫ: 1/429) 

ഇശാഇനു മാത്രമാണോ ഈ നിയമം?

അല്ല, മറ്റു ഫർളു നിസ്കാരങ്ങൾക്കും ബാധകമാണ് (തുഹ്ഫ: 1/429) 

നിസ്കാരം ഖളാആകുംമുമ്പ് ഉണരില്ലെന്നുറപ്പുണ്ടെങ്കിലോ?

അല്ല, അപ്പോൾ ഹറാമാകും (തുഹ്ഫ: 1/429) 

ഉമ്മാക്ക് മകന്റെ കൂടെ എത്ര വയസുവരെ ഒരുമിച്ച് കിടക്കാം?

പത്തു വയസ്സുവരെ അനുവദനീയമാണ് ഇതേ നിയമമാണ് ഉപ്പയുടെയും മകളുടെയും സഹോദരിമാരുടെയും ഇടയിലുള്ളത് പത്തു വയസ്സിനു ശേഷം ഒരുമിച്ച് കിടക്കൽ ഹറാമാണ് (തുഹ്ഫ: 7/208) 

നിസ്കരിക്കാതെ ഉറങ്ങുന്നവനെ വിളിച്ചുണർത്തുന്നതിന്റെ വിധി?

അടിസ്ഥാന വിധി സുന്നത്താണ് എന്നാൽ നിസ്കാരം ഖളാആകുംമുമ്പ് ഉണരില്ലെന്ന ധാരണയുണ്ടെങ്കിൽ വിളിച്ചുണർത്തൽ നിർബന്ധമാണ് (ഇആനത്ത്: 1/142) 

സുബ്ഹ് നിസ്കരിച്ച് ഉറങ്ങുന്നവരെ വിളിച്ചുണർത്തൽ സുന്നത്തുണ്ടോ?

സുബ്ഹിക്കു ശേഷം സൂര്യൻ ഉദിക്കുംമുമ്പ് ഉറങ്ങുന്നവരെ വിളിച്ചുണർത്തൽ സുന്നത്തുണ്ട് കാരണം, പ്രസ്തുത സമയം ഉറങ്ങുന്നതു കാരണം ഭൂമി അട്ടഹസിക്കുന്നതാണ് (ഇആനത്ത്: 1/142) 

അസ്വറിനു ശേഷം ഉറങ്ങലോ?

അതു നല്ലതല്ല അവരെ വിളിച്ചുണർത്തൽ സുന്നത്തുണ്ട് (ഇആനത്ത്: 1/142) 

ഒരു വീട്ടിൽ ഒറ്റക്ക് കിടന്നുറങ്ങുന്നതിന്റെ വിധിയെന്ത്?

കറാഹത്ത് (ഇആനത്ത്: 1/142) 

പള്ളിയിൽ കിടന്നുറങ്ങുന്നതിന്റെ വിധി?

അനുവദനീയം കറാഹത്തു പോലുമില്ല (ശർഹുൽ മുഹദ്ദബ്: 2/173) 

നിസ്കരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിൽ ഉറങ്ങലോ?

നിസ്കരിക്കുന്നവർക്ക് സ്ഥലസൗകര്യം  ഇല്ലാതാക്കുന്ന നിലയിൽ പള്ളിയിൽ ഉറങ്ങൽ നിഷിദ്ധമാണ് (ജമൽ: 1/155, ശർവാനി: 1/271) 

പള്ളിയിൽ ഉറങ്ങുന്നവനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിലയിൽ ഖുർആൻ പാരായണം ചെയ്യാമോ?

ചെയ്യരുത് അതു കറാഹത്താണ് ബുദ്ധിമുട്ട് ശക്തമായാൽ ഹറാമാകും (ഫത്ഹുൽ മുഈൻ) 

കൂടുതൽ സമയം ഉറങ്ങൽ ദാരിദ്ര്യം ഉണ്ടാകാൻ നിമിത്തമാണോ?

അതേ, അതുപോലെ വസ്ത്രം ധരിക്കാതെ, നഗ്നയായി ഉറങ്ങലും ദാരിദ്ര്യത്തിനു കാരണമാണ് (ശർവാനി: 2/238) 

ഖയ്ലൂലത്തിന്റെ ഉറക്കം എന്നാലെന്ത്?

ഉച്ചയുടെ അൽപം മുമ്പുള്ള ഉറക്കത്തിനാണ് ഖൈലൂലത്തിന്റെ ഉറക്കം എന്നു പറയുന്നത് തഹജ്ജുദ് നിസ്കരിക്കുന്നവർക്ക് പ്രസ്തുത ഉറക്കം സുന്നത്താണ് (തുഹ്ഫ: 2/245, നിഹായ: 2/131) 

ഇരുന്നുറങ്ങൽ നല്ലതാണോ

അല്ല ഉറക്കം വന്നാൽ  കിടന്നുറങ്ങണം ഇരുന്നുറങ്ങൽ സ്വഹാബത്ത് നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് (ഇഹ്‌യാ: 1/344) 

പകലിൽ ഉറങ്ങൽ കറാഹത്തുണ്ടോ?

പകലിൽ രണ്ടു തവണ ഉറങ്ങൽ കറാഹത്താണ് ഉച്ചയുടെ മുമ്പ്  ഉറങ്ങിയവനു ഉച്ചയ്ക്കു ശേഷം ഉറങ്ങൽ കറാഹത്താണ് (ഇഹ്‌യാ: 1/339) 

സൂഫിയാക്കൾ പ്രസ്താവിക്കുന്നു: മൂന്നെണ്ണം അല്ലാഹു വെറുക്കുന്ന, അവനു ദേശ്യമുള്ള കാര്യങ്ങളാണ് ആവശ്യമില്ലാതെ ചിരിക്കൽ, വിശപ്പ് കൂടാതെ ഭക്ഷിക്കൽ, രാത്രി ഉറക്കം ഒഴിക്കാതെ പകലിൽ ഉറങ്ങൽ എന്നിവയാണവ (ഇഹ്‌യാ: 1/339) 



അലി അഷ്ക്കർ - 9526765555

Thursday 24 June 2021

ബറാഅ്ബ്നു മാലിക് (റ)

 

ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ ഒരിക്കലും വിജയത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറുണ്ടായിരുന്നില്ല. രക്തസാക്ഷിത്വത്തെക്കുറിച്ച് മാത്രം! രക്തസാക്ഷികൾക്ക് അല്ലാഹു ﷻ ഒരുക്കിവെച്ച അതുല്യമായ പ്രതിഫലം നേടണം. അതിന്നപ്പുറം ബറാഅ് (റ) വിന് ആഗ്രഹിക്കാനൊന്നുമുണ്ടായിരുന്നില്ല.

അനസ് (റ)ഉം ബറാഅ് (റ)ഉം സഹോദരൻമാരായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ ധീര വനിതയായ ഉമ്മുസുലൈം (റ) ആയിരുന്നു അവരുടെ മാതാവ്. പിതാവ് മാലിക്കും.

ഉമ്മുസുലൈം (റ) ഒരിക്കൽ തന്റെ പത്തുവയസ്സായ പുത്രൻ അനസിന്റെ കൈപിടിച്ച് നബിﷺയുടെ അടുത്ത് ചെന്നു. നബിﷺയോട് ഇങ്ങനെ പറഞ്ഞു: “ഇതാ എന്റെ മകൻ അനസ്. ഇന്ന് മുതൽ അങ്ങയുടെ സേവകനും ഭൃത്യനുമാകുന്നു. അവന്നു വേണ്ടി അല്ലാഹു ﷻ വിനോട് പ്രാർത്ഥിച്ചാലും...”

നബി ﷺ അദ്ദേഹത്തിന്റെ നെറ്റിയിൽ ചുംബിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു: “നാഥാ, അനസിന് നീ സമ്പത്തും സന്താനങ്ങളും ദീർഘായുസ്സും നൽകേണമേ, അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യേണമേ...”

ആ പ്രാർത്ഥനയുടെ ഫലം പിന്നീട് അനസ് (റ)വിന്റെ ജീവിതത്തിൽ പ്രകടമായി. നൂറോളം മക്കളും പേരമക്കളുമൊത്ത് അദ്ദേഹം പൂർണ്ണമായ ഒരു നൂറ്റാണ്ട് ക്ഷേമൈശ്വര്യത്തോടെ ജീവിച്ചു...

രണാങ്കണത്തിൽ കരിമ്പുലിപോലെ ജാഗ്രതകാണിച്ചിരുന്ന രണശൂരനായിരുന്നു ബറാഅ് (റ). ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ ഒരിക്കലും വിജയത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറുണ്ടായിരുന്നില്ല. രക്തസാക്ഷിത്വത്തെക്കുറിച്ച് മാത്രം..!!

ബദർ ഒഴികെയുള്ള എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. യുദ്ധക്കളത്തിൽ ശത്രുസൈന്യത്തെ കണ്ടുമുട്ടിയാൽ അദ്ദേഹത്തിന്റെ ശരീരത്തിന് ഒരുതരം കിടിലവും കോരിത്തരിപ്പും ബാധിക്കുമായിരുന്നത്രേ! 

അപ്പോൾ കൂടെയുളളവർ അദ്ദേഹത്തെ താങ്ങിനിർത്തും. അൽപം ശാന്തമായാൽ ഒന്ന് മൂത്രിക്കും. മൈലാഞ്ചി നിറമുള്ള മൂത്രം! പിന്നീട് അദ്ദേഹം ഒരു പുലിയെ പോലെ ആയിത്തീരുകയും ചെയ്യും.!!

എപ്പോഴും രക്തസാക്ഷിത്വത്തെ കുറിച്ച് ചിന്തിക്കുകയും അഭിലഷിക്കുകയും ചെയ്തിരുന്ന ബറാഅ് (റ) ഒരിക്കൽ രോഗശയ്യയിലായി. അദ്ദേഹത്തെ ചില സുഹൃത്തുക്കൾ സന്ദർശിക്കാനെത്തി. സന്ദർശകരുടെ മുഖഭാവം വായിച്ച അദ്ദേഹം അവരോട് ചോദിച്ചു: 

“ഈ ശയ്യയിൽ കിടന്ന് ഞാൻ മരണപ്പെടുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടല്ലേ? അതൊരിക്കലുമുണ്ടാവുകയില്ല. അല്ലാഹു ﷻ എനിക്ക് രക്തസാക്ഷിത്വം തടയുകയില്ല. ഞാൻ രണാങ്കണത്തിൽ തന്നെയാവും മരണപ്പെടുക...''

ബറാഅ് (റ) വിന്റെ ആഗ്രഹം പിന്നീട് സാക്ഷാൽക്കരിക്കപ്പെടുക തന്നെ ചെയ്തു. ഇസ്ലാമിന്റെ ചരിത്രത്തിൽ ഭയാനകമായ ഒരു രണാങ്കണത്തിൽ വെച്ച് തന്നെ ബറാഅ് (റ) ധീരരക്തസാക്ഷിയായി.


യമാമ യുദ്ധക്കളത്തിൽ ബറാഅ്(റ) പ്രകടിപ്പിച്ച ധീരത ചരിത്രത്തിൽ ഏറെ ഇടംപിടിച്ചതായിരുന്നു. അല്ലാഹുﷻവിന്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വമായിരുന്നല്ലോ അദ്ദേഹത്തിന്റെ ഏകാഭിലാഷം. വിജയനേട്ടങ്ങൾ ഒരിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യമല്ലായിരുന്നുതാനും. അതുകാരണം രണാങ്കണത്തിൽ അദ്ദേഹത്തിന്ന് ഒന്നും പേടിക്കാനുണ്ടായിരുന്നതുമില്ല...

ശത്രുനിരയിലേക്ക് എടുത്തുചാടുകയും കഴിയുന്നത്രപേരെ വകവരുത്തുകയും അവസാനം ഒരിടത്ത് തന്റെ അന്ത്യസങ്കേതം പുണരുകയും വേണം. അതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

യമാമയിൽ അണി ചിതറിയോടുന്ന മുസ്ലിം സൈന്യത്തോട് അദ്ദേഹം വിളിച്ചു പറഞ്ഞു:“മദീനാ നിവാസികളെ, നിങ്ങൾക്ക് ഇന്ന് മദീനയല്ല. അല്ലാഹുﷻവും അവന്റെ സ്വർഗ്ഗലോകവുമാകുന്നു ഉളളത്."

അദ്ദേഹത്തിന്റെ കണ്ണുകൾ ഏതോ ഒരു മഹത്തായ ലക്ഷ്യം പരതുന്നതുപോലെ കാണപ്പെട്ടു. ശത്രുസൈന്യം ഒരു തോട്ടത്തിന്റെ മതിൽകെട്ടിനുള്ളിൽ താവളമടിച്ചു.

അതൊരു സുരക്ഷിതസ്ഥാനമായിരുന്നു. മുസ്ലിം സൈന്യത്തിന്റെ ചുടുനിണം കൊണ്ടു യുദ്ധക്കളം ചെഞ്ചായം പൂശിക്കഴിഞ്ഞിരുന്നു. യുദ്ധത്തിന്റെ കടിഞ്ഞാൺ പലപ്പോഴും ശത്രുക്കളുടെ കയ്യിലായിരുന്നു. പ്രവാചക (സ്വ) യുടെ വഫാത്തിന് ശേഷം ആദ്യമായി.നടന്ന നിർണായകമായ ഒരു യുദ്ധമായിരുന്നു അത്. മുസൈലിയുടെ സൈന്യം എണ്ണത്തിലും വണ്ണത്തിലും വലുതായിരുന്നു.

അവരുടെ സുരക്ഷിത താവളത്തിലേക്ക് അതിക്രമിച്ചു കടക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് മനസ്സിലാക്കിയ ബറാഅ് (റ) ഒരു ഉയർന്ന സ്ഥലത്ത് കയറിനിന്ന് തന്റെ കൂട്ടാളികളോട്, തന്നെ മതിലിനപ്പുറത്തേക്ക് പൊക്കിയിടാൻ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്ന് എന്തിനു പേടിക്കണം! തന്റെ ലക്ഷപ്രാപ്തിക്ക് അതാണല്ലോ എളുപ്പവഴി..!!

ബറാഅ് (റ) തന്നെ സ്വയം മതിലിൽ കയറി. തോട്ടത്തിനുള്ളിലേക്ക് എടുത്തു ചാടി. അതുകണ്ട് കൂട്ടുകാർ ഒന്നൊന്നായി ബറാഅ് (റ) വിനെ അനുഗമിച്ചു. അവർ പുറത്തുള്ള മുസ്ലിം സൈന്യത്തിന് ഉള്ളിൽ നിന്ന് തോട്ടത്തിന്റെ വാതിൽ തുറന്നുകൊടുത്തു. മുസ്ലിം സൈന്യം അവിടെ പ്രവേശിച്ചു. മരണത്തിന്റെ വിളയാട്ടമായിരുന്നു പിന്നീട് അവിടെ നടന്നത്..!!

“മൃത്യുവിന്റെ ആരാമം” എന്നർത്ഥം വരുന്ന “ഹദീഖത്തുൽ മൗത്ത് '' എന്ന പേരിലാണ് പ്രസ്തുത തോട്ടം പിന്നീട് അറിയപ്പെട്ടത്.

യമാമയുദ്ധത്തിൽ ബറാഅ് (റ) വിന്റെ ആഗ്രഹം സാക്ഷാൽക്കരിക്കപ്പെട്ടില്ല. എങ്കിലും ശരീരമാസകലം മുറിവുകൾ ബാധിച്ച അദ്ദേഹം ഒരു മാസത്തിലധികം കിടപ്പിലായിരുന്നു.

റോമാ, പേർഷ്യൻ സാമ്രാജ്യങ്ങൾ ഇസ്ലാമിനെതിരെ പടപ്പുറപ്പാടായി. ഇസ്ലാമിന്റെ സംസ്ഥാപനത്തിന്നു വേണ്ടി ഹോമിക്കപ്പെട്ട മുസ്ലിം സൈന്യം അവരിൽ നിന്ന് അനുഭവിച്ച ക്രൂരതക്ക് കയ്യുംകണക്കുമുണ്ടായിരുന്നില്ല.

ഇറാഖിലെ ഒരു യുദ്ധക്കളത്തിൽ ശത്രുസൈന്യം അവരുടെ കോട്ടയിൽ അഭയംതേടി. ബറാഅ് (റ)വും സഹോദരൻ അനസുബ്നു മാലിക് (റ)വും കോട്ടയ്ക്ക് ചുറ്റും നിലയുറപ്പിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

കോട്ടയ്ക്കുള്ളിൽ നിന്നും ശത്രുക്കൾ ചുട്ടുപഴുപ്പിച്ച ചങ്ങലയിൽ ഘടിപ്പിച്ച ഒരുതരം ഇരുമ്പ് വളയം താഴോട്ടിറക്കുകയും അതിൽ അകപ്പെട്ടുപോകുന്ന മുസ്ലിംകളെ പൊക്കിയെടുത്ത് വകവരുത്തുകയും ചെയ്തുകൊണ്ടിരുന്നു.

ഒരിക്കൽ തന്റെ സഹോദരൻ അനസ് (റ) ഒരു കുരുക്കിൽപെട്ട് മേലോട്ട് ഉയർന്നുപോകുന്നതാണ് ബറാഅ് (റ) കണ്ടത്. അനസ് (റ) അതിൽ നിന്ന് രക്ഷപ്പെടാൻ അശക്തനായിരുന്നു. ബറാഅ് (റ) സഹോദരനെ ചാടിപ്പിടിച്ച് ചങ്ങലയുടെ കുരുക്കഴിച്ചു രക്ഷപ്പെടുത്തി. അപ്പോഴേക്കും ബറാഅ്(റ)വിന്റെ രണ്ടുകൈപ്പത്തികളിൽ നിന്നും മാംസം ഉരുകിപ്പോയിരുന്നു..!!

പേർഷ്യൻ സൈന്യവും ഹമാസിൻ ഗോത്രവും ഇസ്ലാമിനെതിരെ സംഘടിച്ചു പുറപ്പെട്ടു. ഉമർ (റ) കൂഫയിലായിരുന്ന സഅദുബ്നു അബീവഖാസ്‌ (റ)വിന്നും ബസറയിലെ അബൂമൂസൽ അശ്അരി (റ)വിന്നും ഹവാസിൻ ഗോത്രത്തിനെതിരെ ഓരോ സൈന്യത്തെ നിയോഗിക്കാൻ കത്തെഴുതി.

അബൂമുസൽ അശ്അരി (റ)വിനോട് സുഹൈലുബ്നു അദിയ്യിനെ (റ) സേനാനായകനായി നിയമിക്കാനും, ബറാഅ് (റ)വിനെ കൂടെ അയക്കാനും പ്രത്യേകം നിർദ്ദേശിക്കുകയുണ്ടായി.

ഇസ്തറിൽ വെച്ച് മുസ്ലിം സൈന്യം ശത്രുക്കളെ എതിരിട്ടു. രണ്ടു സഹോദരൻമാരും പ്രസ്തുത സൈന്യത്തിലുണ്ടായിരുന്നു.

ബറാഅ് (റ)വിന്റെ അന്തിമ യുദ്ധമായിരുന്നു അത്. ഈ യുദ്ധത്തിൽ എണ്ണമറ്റശത്രുക്കളെ അദ്ദേഹം വകവരുത്തി. ഇരുവിഭാഗത്തിൽ നിന്നും വളരെ പേർ മൃതിയടഞ്ഞു.

യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ചില സഹാബിമാർ ബറാഅ് (റ)വിനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “ബറാഅ് , നബി ﷺ നിങ്ങളെക്കുറിച്ച് പറഞ്ഞത് നിങ്ങൾ ഓർക്കുന്നില്ലേ? നിങ്ങൾ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന ആളാണല്ലോ. അതു കൊണ്ട് നമ്മുടെ വിജയത്തിന് വേണ്ടി നിങ്ങൾ ഒന്ന് പ്രാർത്ഥിച്ചാലും..!!''

ബറാഅ് (റ) വിനയാന്വിതനായി ഇരുകൈകളും ആകാശത്തിലേക്കുയർത്തി പ്രാർത്ഥിച്ചു "നാഥാ, ശത്രുക്കളെ നീ പരാജയപ്പെടുത്തേണമേ.. ഞങ്ങൾക്ക് വിജയം നൽകേണമേ..

ഇന്ന് എന്നെ നീ നിന്റെ പ്രവാചകന്റെ (സ്വ) സന്നിധിയിലേക്ക് വിളിക്കുകയും ചെയ്യേണമേ..!!''

ബറാഅ് (റ) തന്റെ സഹോദരന്റെ മുഖത്തേക്ക് അന്തിമമായി ഒന്ന് നോക്കി..

യാത്രപറയുന്നത് പോലെ...

അനന്തരം യുദ്ധക്കളത്തിലേക്ക് കുതിക്കുകയും ചെയ്തു. മുസ്ലിംകൾ പ്രസ്തുത യുദ്ധത്തിൽ വിജയം കൈവരിച്ചു. ശത്രുസേന പരാജിതരായി...

യുദ്ധക്കളത്തിൽ രക്തസാക്ഷികൾക്കിടയിൽ, ആ ധീര മുജാഹിദ് വലതു കയ്യിൽ തന്റെ രക്തം പുരണ്ട ഒരുപിടി മണ്ണുമായി, ശാന്തനായി പുഞ്ചിരിതൂകി നിവർന്നു മലർന്നു കിടക്കുന്നു. തന്റെ അഭിലാഷം സാക്ഷാൽക്കരിച്ച നിർവൃതിയോടെ...

“സലാമുൻ അലൈക്ക യാ ബറാഅ് ''



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.


Friday 18 June 2021

സഈദ്ബ്നു ആമിർ (റ)

 

ഖലീഫ ഉമർ(റ)വിന്റെ ഭരണം നടക്കുന്ന കാലഘട്ടം. സിറിയയിലെ ഹിംസ് പ്രവിശ്യയില്‍ നിന്നും ഒരു പ്രതിനിധി സംഘം മദീനയിലേയ്ക്ക് വരുകയുണ്ടായി. ഖലീഫ ഉമർ(റ)ന്റെ വിശ്വസ്ഥരായിരുന്നു സംഘത്തിലുള്ള എല്ലാവരും. ബൈത്തുല്‍ മാലില്‍ (ഖജനാവ്) നിന്നും സഹായം കിട്ടാന്‍ അര്‍ഹരായ, ഹിംസ് പ്രവിശ്യയിലെ പാവപ്പെട്ടവരുടെ ഒരു പട്ടിക സമര്‍പ്പിക്കുവാന്‍ അവരോട് നിര്‍ദ്ദേശിച്ചു ഖലീഫ ഉമര്‍ (റ).

നികുതിയായും, സക്കാത്ത് ആയും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി വിതരണം ചെയ്യുവാന്‍ വേണ്ടി  'ബൈത്തുല്‍ മാലില്‍' ശേഖരിക്കുന്ന സമ്പത്തില്‍ നിന്നും സഹായം കിട്ടുവാന്‍ വേണ്ടി ഹിംസ് പ്രവിശ്യയിലുള്ള പാവപ്പെട്ടവരുടെ പട്ടിക പരിശോധിച്ച ഖലീഫയ്ക്ക് ഒരു പേര്‍ മാത്രം മനസ്സിലായില്ല. "ആരാണ് ഈ സഈദ്‌..?" അദ്ദേഹം സംഘത്തിലുള്ളവരോടു ചോദിച്ചു.

"ഞങ്ങളുടെ അമീര്‍" എന്ന് അവര്‍ ഉത്തരം നല്‍കി. 'അമീര്‍' എന്നാല്‍ ആ പ്രവിശ്യയിലെ ഭരണാധികാരി.

"എന്ത്, നിങ്ങളുടെ അമീർ 'ബൈത്തുല്‍ മാലില്‍' നിന്നും സഹായം തേടുന്നത്രയും പാവപ്പെട്ടവനോ..?" എന്ന ഉമർ(റ)വിന്റെ ചോദ്യത്തില്‍ ഞെട്ടലുണ്ടായിരുന്നു..!!

"അതെ, അല്ലാഹുﷻവാണെ സത്യം, അവരുടെ വീട്ടില്‍ അടുപ്പില്‍ തീ കത്തിച്ചിട്ട് നാളുകള്‍ വളരെയായി. അത് ഞങ്ങള്‍ക്കറിയാം" എന്നവര്‍ സാക്ഷ്യം പറഞ്ഞു.

ഒരു പ്രവിശ്യയുടെ ഗവര്‍ണ്ണര്‍ ഇത്രയും നിര്‍ദ്ധനനോ? തടഞ്ഞുനിര്‍ത്താനാവാതെ ഒരു സാമ്രാജ്യത്തിന്റെ ഖലീഫ പൊട്ടിക്കരഞ്ഞു. ആയിരം ദീനാര്‍ ഒരു സഞ്ചിയില്‍ പൊതിഞ്ഞ് അവരുടെ പക്കല്‍ കൊടുത്തിട്ട്, "എന്റെ സലാം അവരോട് പറയുക. അമീറുല്‍ മുഅമിനീന്‍ ഈ പണം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു എന്നറിയിക്കുക. ഇതുകൊണ്ട് അവരുടെ ആവശ്യങ്ങളെ നിറവേറ്റിക്കൊള്ളുവാന്‍ പറയുക."

പ്രതിനിധി സംഘം ഹിംസിൽ മടങ്ങിയെത്തി. ഉമർ(റ)വിന്റെ പക്കല്‍ നിന്നുമുള്ള ഉപഹാരം ഗവര്‍ണ്ണർ സഈദ് ബ്നു ആമിര്‍(റ)വിന്ന് എത്തിച്ചു കൊടുത്തു. സഈദ് (റ) അത് തുറന്നുനോക്കി. സഞ്ചിയിലെ ദീനാറുകളെ കണ്ട് അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപോയി 

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُون 

മരണം പോലുള്ള ദു:ഖകരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ മുസ്ലീംകള്‍ പ്രകടിപ്പിക്കുന്ന അല്ലാഹു ﷻ വിന്റെ പക്കലുള്ള അഭയം തേടല്‍. അതുതന്നെയാണ് സഈദ് ഇബ്നു ആമിര്‍ (റ) വിളിച്ചു പറഞ്ഞുപോയത്‌.


മക്കാ നഗരത്തില്‍ നിന്നും അല്‍പ്പം അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് 'തന്‍ഈം'. നബിﷺയോടൊപ്പം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുവാനായി വന്ന ആയിഷാ(റ)ക്ക് ഹജ്ജിന്റെ ചടങ്ങുകള്‍ക്ക് ഇടയില്‍ സ്ത്രീ സഹജമായ അസുഖം കാരണം 'കഅബ' തവാഫ് ചെയ്യുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. 

അവര്‍ അശുദ്ധി നീങ്ങിയശേഷം 'തന്‍ഈ'മിലേയ്ക്ക് വന്ന് ഇഹ്റാമണിഞ്ഞ്‌ 'കഅബ'യില്‍ ചെന്ന് തവാഫ് ചെയ്ത് ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കുകയുണ്ടായി. 'തന്‍ഈ'മിലെ ആ സ്ഥലത്ത് ഇപ്പോള്‍ ആയിഷാ(റ)യുടെ പേരില്‍ ഒരു മസ്ജിദ് സ്ഥിതിചെയ്യുന്നുണ്ട്.


'തന്‍ഈ'മിലന്ന് ഒരുസംഭവം നടക്കുകയായിരുന്നു. കുബൈബ് ഇബ്നു അദിയ്യ് (റ) എന്ന സ്വഹാബിയെ മക്കാഖുറൈഷികള്‍ തടവുകാരനായി പിടികൂടി അന്നേദിവസം മരണശിക്ഷക്ക് വിധിച്ചിരുന്നു. 

ബിലാല്‍ (റ) വിനെ പൊള്ളുന്ന ചൂടുമണലിൽ പിറന്നമേനിയായി കിടത്തി നെഞ്ചില്‍ ചുട്ടുപൊള്ളുന്ന പാറക്കല്ല് കയറ്റിവെച്ച് കൗതുകത്തോടെ നോക്കിരസിച്ച കൂട്ടരില്ലേ? അതുപോലെ മക്കാ നഗരവാസികള്‍ മുഴുവനും ഈ കാഴ്ച്ച കാണാനും കൂട്ടം കൂടിയിരുന്നു. സഈദ് ഇബ്നു ആമിര്‍ അപ്പോള്‍ യുവാവായിരുന്നു. തിക്കിത്തിരക്കി അദ്ദേഹവും കൂട്ടത്തിനിടയിലേയ്ക്ക് തള്ളിക്കയറി.., തമാശ കാണാന്‍..!!

ഇരുമ്പ് ചങ്ങലയാല്‍ ബന്ധനസ്ഥനാക്കി കൊണ്ടുവന്ന കുബൈബിനോട് (റ) അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം എന്താണെന്ന് ചോദിക്കപ്പെട്ടു...

"രണ്ടു റഖഅത്ത് നമസ്കരിക്കണം" അതായിരുന്നു അവരുടെ മറുപടി.

ആഗ്രഹം അംഗീകരിക്കപ്പെട്ടു. മരണഭയം ലവലേശവും ഇല്ലാതെ ശാന്തനായി കുബൈബ് (റ) നമസ്ക്കാരം നിറവേറ്റി. പിന്നീട് ക്രൂരമായി ഭേദ്യം ചെയ്യപ്പെട്ട് കുരിശില്‍ തറച്ച് വധിക്കപ്പെടുകയുണ്ടായി.

ഇതുകണ്ട സഈദ് ഇബ്നു ആമിറിന്റെ മനസ്സ് മന്ത്രിച്ചു. "ശരിയല്ല, ഈ നടക്കുന്നത് ഒന്നുംതന്നെ ശരിയല്ല. ഇതില്‍ ന്യായം ലവലേശമില്ല" എന്ന് അദ്ദേഹത്തിന്റെ മനസ്സ് ദൃഢമായി മന്ത്രിച്ചു കൊണ്ടിരുന്നു. 

തുടര്‍ന്നു വന്ന ദിവസങ്ങളില്‍ മനസ്സിനെ മരണം തോല്‍പ്പിച്ചു. "നാശത്തിലേക്കാണ് നിങ്ങളും നിങ്ങളുടെ വിശ്വാസങ്ങളും" എന്ന് ഖുറൈഷികളെ നോക്കി പറഞ്ഞിട്ട് സഈദ് മക്കയില്‍നിന്നും മദീനായിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് ഇസ്ലാം മതം സ്വീകരിച്ച് നബിﷺയുടെ അടുക്കല്‍ അഭയംതേടി. പിന്നീട് നടന്ന ഖൈബര്‍ യുദ്ധത്തിലും, അതിനുശേഷം നടന്ന പല യുദ്ധങ്ങളിലും പങ്കെടുത്ത ധീരനായ ഒരു യോദ്ധാവായിരുന്നു സഈദ് ഇബ്നു ആമിര്‍ (റ).

നബിﷺക്ക് ശേഷം വന്ന ഖലീഫമാരായ അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നീ രണ്ട് ഖലീഫമാരും സഈദ് ഇബ്നു ആമിര്‍ (റ) വിന്റെ സത്യസന്ധതയും, ദൃഢമായ അല്ലാഹുﷻവിലുള്ള വിശ്വാസത്തേയും നല്ലവണ്ണം മനസ്സിലാക്കിയവര്‍ ആയിരുന്നു. 

ആ രണ്ട് ഖലീഫമാരും പലകാര്യങ്ങളിലും സഈദിന്റെ (റ) അഭിപ്രായം ആരാഞ്ഞിരുന്നു. ഉമര്‍ (റ) ഖലീഫയായി അധികാരമേറ്റ ശേഷം ആദ്യമായി സഈദിന്റെ (റ) ഉപദേശമാണ് തേടുകയുണ്ടായത്. 

"ഞാന്‍ നിങ്ങളോട് മനസ്സുതുറന്ന് പറയുന്നു. ജനങ്ങളോട് നിങ്ങള്‍ നടന്നുകൊള്ളുന്ന വിധത്തില്‍  അല്ലാഹുﷻവിനെ സൂക്ഷിച്ചുകൊള്ളുക. എന്നാല്‍  അല്ലാഹുﷻവുമായി നിങ്ങള്‍ക്കുള്ള ബന്ധത്തില്‍ ആരെയും ഭയപ്പെടേണ്ടതില്ല. പറയുന്നത് പ്രവര്‍ത്തിക്കുക. എന്തുകൊണ്ടെന്നാല്‍ വാഗ്ദാനങ്ങളില്‍ മികച്ചത് അതിനെ നിറവേറ്റുന്നതിലാണ്. 

മുസ്ലീംകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നവരെ വിശ്വാസത്തിലെടുക്കുക. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എന്ത് ആഗ്രഹിക്കുന്നുവോ, എന്തിനെ വെറുക്കുന്നുവോ അതുതന്നെ ജനങ്ങള്‍ക്കും ആഗ്രഹിക്കുകയും, നിരാകരിക്കുകയും ചെയ്യുക. സത്യത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ എന്ത് പ്രതിബന്ധങ്ങള്‍ നേരിട്ടാലും ധീരമായി അതിനെ എതിരിടുക. അല്ലാഹുﷻവിന്റെ ആജ്ഞകളെ നിറവേറ്റുന്നതില്‍ മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ പുറന്തള്ളുക" 

ഇതുതന്നെയായിരുന്നു ആ ഉപദേശത്തിന്റെ സാരാംശം

ഈ സത്യസന്ധതയും, വിവേകവും തന്നെയാണ് ഹിംസ് പ്രവിശ്യയിലേക്കുള്ള ഗവര്‍ണ്ണറായി യോഗ്യതയുള്ള ഒരാളെ തിരഞ്ഞെടുക്കുവാന്‍ ഉമര്‍ (റ) ആലോചിച്ചു കൊണ്ടിരുന്നപ്പോള്‍ സഈദ് ഇബ്നു ആമിര്‍ (റ) വിന്റെ പേര് മനസ്സിലേക്ക് പെട്ടെന്ന് കടന്നു വരുവാന്‍ കാരണമായത്‌.


"സഈദ്‌, നിങ്ങളെ ഹിംസിലെ ഗവര്‍ണ്ണറായി നിയമിച്ചിരിക്കുന്നു" എന്ന് ഉമര്‍ (റ) അറിയിച്ചപ്പോള്‍ ആ വാര്‍ത്ത കേട്ട് അദ്ദേഹം ഒട്ടും സന്തോഷം പ്രകടിപ്പിച്ചില്ല..!!

അതിനേക്കാളും ഉമർ (റ) വിനെ ആശ്ചര്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ മറുപടിയായിരുന്നു: "ഉമര്‍, ഞാന്‍ വിനയപൂര്‍വ്വം നിങ്ങളോട് അപേക്ഷിക്കുന്നു. എന്നെ ലോക വ്യവഹാരങ്ങളിലെല്ലാം ചുമതല നല്‍കി അല്ലാഹു ﷻ വിന്റെ പക്കല്‍ നഷ്ടപ്പെട്ടവനാക്കി തീര്‍ക്കരുത്‌ "

ഇതുകേട്ട ഉമര്‍ (റ) കോപത്താല്‍ പൊട്ടിത്തെറിച്ചു: "എല്ലാവരുംകൂടി എന്നെ മാത്രം ഖലീഫയുടെ ഉത്തരവാദിത്വത്തില്‍ പിടിച്ചിരുത്തും. ലോക വ്യവഹാരങ്ങളുടെ ഭാരം എന്നില്‍ മാത്രം ചുമത്തിവെയ്ക്കും. എന്നാല്‍, എന്നെ സഹായിക്കുന്ന കാര്യത്തില്‍ എല്ലാവരും എന്നെ കൈവിട്ടു കളയുകയും ചെയ്യും "

പദവിയും, പണവും, അന്തസ്സും, പ്രശസ്ഥിയും എല്ലാറ്റിനെയും ത്യജിച്ച് ഒതുങ്ങിക്കഴിഞ്ഞിരുന്ന സമൂഹമായിരുന്നു അത്. എല്ലാ കാര്യങ്ങളിലും മാതൃക കാട്ടിയ സമൂഹം. നമുക്ക് ചരിത്രങ്ങളില്‍ മാത്രം വായിച്ച് നെടുവീര്‍പ്പിടുവാന്‍ മാത്രമേ കഴിയൂ.

ഉമർ(റ)വിന്റെ വാദത്തിലുള്ള സത്യാവസ്ഥ സഈദിനു (റ) ഗ്രഹിക്കുവാന്‍ കഴിഞ്ഞു. 

"അല്ലാഹു ﷻ വാണെ സത്യം നിങ്ങളെ ഞാന്‍ കൈവെടിയുകയില്ല " ഖലീഫയോടു അദ്ദേഹം പറഞ്ഞു.

വിവാഹിതനായിരുന്ന സമയമായിരുന്നു അത്‌. പുത്തന്‍ മണവാട്ടിയുമൊത്ത് ഹിംസിലേക്ക് യാത്രതിരിച്ചു. ഖലീഫയില്‍ നിന്നും കിട്ടിയിരുന്ന പണം കയ്യിലുണ്ടായിരുന്നു. പുതിയ സ്ഥലത്ത് സഈദിനു (റ) താമസിക്കുവാന്‍ ചിലവുകള്‍ ഉണ്ടാവുമല്ലോ..


ഹിംസില്‍ വന്നു ചേര്‍ന്നതും താമസത്തിന് അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം വാങ്ങിക്കൊണ്ടുവന്നു. എന്നിട്ട് ഭാര്യയോട് പറഞ്ഞു: "നമ്മള്‍ താമസിക്കുന്ന സ്ഥലത്ത് കച്ചവടത്തില്‍ നല്ല ലാഭം കിട്ടും. അതുകൊണ്ട് നമ്മുടെ കയ്യില്‍ ബാക്കിയുള്ള തുകയെ നല്ലൊരു കച്ചവടത്തില്‍ നിക്ഷേപിക്കാം"

അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചു: "കച്ചവടത്തില്‍ നഷ്ടം സംഭവിച്ചു പോയാലോ..? വീട്ടിലേക്ക് ആവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി വെക്കുകയല്ലേ നല്ലത് " എന്ന് എല്ലാവർക്കും തോന്നാവുന്ന ന്യായമായ ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു... 

"ഞാന്‍ ആരെ വിശ്വസിച്ച് നിക്ഷേപം ചെയ്യുന്നുവോ അവരെ കൊണ്ടുതന്നെ അതിന് ഉത്തരവാദിത്വം തരാന്‍ പറയാം" എന്ന് മറുപടി നല്‍കി സയീദ്‌ (റ).

കയ്യില്‍ ശേഷിച്ചിരുന്ന സമ്പത്ത് മുഴുവനും പാവപ്പെട്ടവര്‍ക്കും, അശരണര്‍ക്കും അദ്ദേഹം കൊടുത്തു തീര്‍ത്തു. അതിന്നുശേഷം കച്ചവടത്തില്‍ നിന്നുള്ള വരുമാനത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ചോദിക്കുമ്പോളെല്ലാം "അത് വളരെ നന്നായി നടന്നു കൊണ്ടിരിക്കുന്നു. അതില്‍ നിന്നുള്ള ലാഭവും വര്‍ദ്ധിച്ചുകൊണ്ട് തന്നെയാണിരിക്കുന്നത് " എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും കിട്ടിക്കൊണ്ടിരുന്നത്.


ഒരുദിവസം സഈദ്(റ)വിനെ കുറിച്ച് നന്നായറിയാവുന്ന ഒരു ബന്ധുവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ സഈദിന്റെ (റ) കച്ചവടത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. ബന്ധുവിന്റെ പൊട്ടിച്ചിരി സഈദ് (റ)വിന്റെ ഭാര്യക്ക് സംശയം ജനിപ്പിക്കുകയാല്‍, അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ബന്ധുവിന് സത്യാവസ്ഥ പറയേണ്ടതായി വന്നു. 

ഭാര്യയുടെ കരച്ചിലും തേങ്ങലും സഈദ് (റ) വിന്റെ ഹൃദയത്തില്‍ സഹതാപം സൃഷ്ടിച്ചു... "എന്റെ സുഹൃത്തുക്കള്‍ എനിക്കുമുമ്പേ മരിച്ചുപോയി. ഈ ലോകവും അതിലുള്ള സകല വസ്തുക്കളും ഈടായി കിട്ടുകയാണെങ്കില്‍ പോലും, നേര്‍ മാര്‍ഗ്ഗത്തില്‍ ജീവിച്ചു മരിച്ച അവരുടെ മാര്‍ഗ്ഗത്തില്‍ നിന്നും അണുവിട വ്യതിചലിക്കുവാന്‍ ഞാന്‍ തയ്യാറല്ല " എന്നദ്ദേഹം പറഞ്ഞു. 

ദു:ഖത്തിലും ഭാര്യയുടെ സൗന്ദര്യം അദ്ദേഹത്തെ ഭ്രമിപ്പിച്ചു. മനസ്സിനെ ദൃഡപ്പെടുത്തിക്കൊണ്ട്, "സ്വര്‍ഗ്ഗത്തിലെ ഭംഗിയുള്ള കണ്ണുകള്‍ക്ക്‌ ഉടമസ്ഥരായ 'ഹൂറുലീന്‍'കളെ കുറിച്ച് നിനക്ക് അറിയാമല്ലോ?, അവരില്‍ ഒരാള്‍ ഭൂമിയെ നോക്കിയാലും അതിന്റെ ശക്തിയാല്‍ ഭൂമിയിലെ മുഴുവന്‍ പ്രദേശങ്ങളും ശോഭയാല്‍ വെട്ടിത്തിളങ്ങും. സൂര്യനിലും, ചന്ദ്രനിലും നിന്നുമുള്ള ശോഭയെക്കാളും കണ്ണഞ്ചിക്കുന്നതായിരിക്കും അത്. നിന്നേയും അവരുടെ കൂട്ടത്തില്‍ വിട്ടുകൊടുക്കുക എന്നത് വളരെ നല്ല കാര്യമാണ് "

സഈദ് (റ) വിന്റെ ഭാര്യയുടെ മനസ്സ് ശാന്തമായി. തന്റെ ഭര്‍ത്താവിന്റെ ചിന്തകളും, മനോഗതിയും അവര്‍ക്ക് മനസ്സിലായി. ഈ വിധത്തില്‍ ജീവിതത്തെ ചിട്ടപ്പെടുത്തിയിരുന്ന സയീദ്‌ ഇബ്നു ആമിര്‍(റ)വിന്റെ പക്കല്‍ വീണ്ടും ദീനാറുകള്‍ വന്നുചേര്‍ന്നാലോ..?!


    'إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُون' 

എന്ന ഉച്ചത്തിലുള്ള വിളികേട്ട് ഓടിവന്ന സഈദ് (റ) വിന്റെ ഭാര്യ ചോദിച്ചു : "എന്താ, ഖലീഫ മരണപ്പെട്ടുപോയോ..?"

"അതിനേക്കാളും വലിയ സങ്കടം"

"മുസ്ലീംകള്‍ക്ക് യുദ്ധത്തില്‍ പരാജയം വല്ലതും സംഭവിച്ചുപോയോ..?"

"അതിനേക്കാളും വലിയ വിപത്ത്, ഒരു കൊടും വിപത്ത്. എന്റെ പരലോക ജീവിതത്തെ നാശമാക്കുവാനും, എന്റെ വീട്ടില്‍ കുഴപ്പം സൃഷ്ടിക്കുവാനും വന്നിരിക്കുന്നു"

"എങ്കില്‍ അതിനെ വിട്ടൊഴിയുക" എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു, ദീനാറുകളുടെ കാര്യത്തെക്കുറിച്ച് അറിയാതെ..!!

"അങ്ങിനെയെങ്കില്‍ നിനക്കെന്നെ സഹായിക്കാമോ..?" 

അങ്ങിനെ ഭാര്യയുടെ സഹായത്തോടെ, ഖലീഫയുടെ പക്കല്‍നിന്നും കിട്ടിയ ദീനാറുകള്‍ മുഴുവനും ഒരു സഞ്ചിയില്‍ ശേഖരിച്ച് ഹിംസിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു സഈദ് (റ).

എന്തെന്നാണ് ഇതിനെ പറയേണ്ടത്..?! ഇല്ലായ്മയില്‍ കഴിയുന്നത്‌ തന്നെയാണ് ജീവിതം എന്നതിനെ നമുക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയുമോ എന്നറിയില്ല...

ഹിംസ്.., ഇറാഖിലുള്ള കൂഫാ നഗരത്തിനു തുല്യമായി ഒരുകാര്യത്തില്‍ മുന്നിട്ടുനിന്നിരുന്നു. കൂഫായിലെ ജനങ്ങള്‍ അവിടുത്തെ ഗവര്‍ണ്ണറെ കുറിച്ച് എപ്പോഴും പരാതികള്‍ പറഞ്ഞുകൊണ്ടിരിക്കും. അതുപോലെതന്നെ ഹിംസിലെ ജനങ്ങളും ഗവര്‍ണ്ണരുടെ പേരില്‍ കുറ്റാരോപണങ്ങള്‍ ഉന്നയിക്കുവാന്‍ തുടങ്ങി. ഈ സംഭവം ഹിംസിനെ മറ്റൊരു കൂഫായെന്നു വിളിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നു.

ഉമര്‍ (റ) സിറിയയില്‍ എത്തിച്ചേര്‍ന്നു. ഹിംസിലെ ജനങ്ങള്‍ക്ക്‌ സഈദ് ഇബ്നു ആമിർ (റ) വിന്റെ പേരില്‍ പ്രധാനപ്പെട്ട നാല് പരാതികള്‍ ഉണ്ടായിരുന്നു. നമ്മുടെ ഭരണകര്‍ത്താക്കളെ കണ്ട് പരിചയപ്പെട്ട നമുക്ക് ഹിംസിലെ ജനങ്ങളുടെ കുറ്റാരോപണങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തനി കിറുക്കനായി തോന്നും..!!

എന്നാല്‍, ഗവര്‍ണ്ണറുടെ പേരിലുള്ള പരാതികളെ കുറിച്ച് അന്വേഷിച്ച ഖലീഫ ഉമര്‍ (റ) സ്തംഭിച്ചു പോയി..!!

അത് ഒരിക്കലും ക്ഷമിക്കുവാന്‍ പറ്റാത്ത കുറ്റങ്ങള്‍ തന്നെയാണ്. സഈദ് (റ) വിന്റെ പേരില്‍ തനിക്കുണ്ടായിരുന്ന വിശ്വാസത്തിന് ഭംഗം വന്നുപോവുമോ എന്ന് ഉമർ (റ) വിനെ ഉത്കണ്ഠപ്പെടുത്തിയ കുറ്റാരോപണങ്ങള്‍ ആയിരുന്നു അവയെല്ലാം. ജനങ്ങളോട് വിശദീകരണം നല്‍കുവാന്‍ ഗവര്‍ണ്ണറോട് വരാന്‍ പറഞ്ഞു ഖലീഫ ഉമര്‍ (റ).

ഗവര്‍ണ്ണര്‍ വന്നുചേർന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ആദ്യത്തെ പരാതി ഉന്നയിക്കപ്പെട്ടു.

"ഇദ്ദേഹം ജോലിക്ക് വരുന്നത് ദിവസം ആരംഭിച്ച് ഉച്ചയോടടുത്ത് മാത്രമാണ് "

"സയീദ്‌ എന്താണ് ഇതിന് മറുപടി പറയുവാനുള്ളത്..?" എന്ന് ഉമര്‍ (റ) ചോദിച്ചു.

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം സഈദ് (റ) പറഞ്ഞു: അല്ലാഹു ﷻ വാണെ സത്യം ! ഞാന്‍ അതിനെ കുറിച്ച് പുറത്ത് പറയുവാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഈ ആരോപണത്തിനു ഉത്തരം പറയേണ്ടത് എന്റെ കടമയാണ്. എന്റെ കുടുംബത്തിന് സഹായത്തിനായി ജോലിക്കാര്‍ ആരുംതന്നെയില്ല. ഓരോദിവസവും കാലത്ത് ഉണര്‍ന്നതും റൊട്ടിയുണ്ടാക്കുവാന്‍ വേണ്ടി മാവ് കുഴച്ചു വെയ്ക്കുകയും, എന്നിട്ട് മാവ് പാകപ്പെടുന്നതുവരെ കാത്തിരിക്കുകയും, പിന്നീട് അതിനെ വീട്ടിലുള്ളവര്‍ക്കായി ചുട്ടുകൊടുത്തിട്ട് ജോലിക്കായി എത്തിച്ചേരുകയും ചെയ്യും"

"രാത്രി കാലങ്ങളില്‍ ഞങ്ങളെ സന്ദര്‍ശിക്കുവാന്‍ ഇദ്ദേഹം വരാറില്ല."

രണ്ടാമത്തെ പരാതി ബോധിപ്പിക്കപ്പെട്ടു.

അല്‍പ്പം മടിച്ചു നിന്നശേഷം സഈദ് (റ) ഇതിന് മറുപടി പറഞ്ഞു: "ഇതും ഞാന്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല. പകല്‍സമയം മുഴുവനും ജനങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ ചിലവിടുകയാണ്. അതുകൊണ്ട് രാത്രികാലങ്ങളെ എന്റെ സ്രഷ്ടാവിന്നായി, അവനെ പ്രാര്‍ത്ഥിച്ചു കഴിയുവാൻ വിനിയോഗിക്കുന്നു"

"മാസത്തില്‍ ഒരുദിവസം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തണം എന്നവിധി ഇദ്ദേഹം തെറ്റിച്ചിരിക്കുന്നു" അടുത്ത പരാതി മുന്നോട്ടുവെച്ചു ജനങ്ങൾ...
         
"അമീറുല്‍ മുഅമിനീന്‍! എന്നെ വീട്ടുജോലിയില്‍ സഹായിക്കുവാന്‍ ജോലിക്കാര്‍ ആരുമില്ല. ഉടുതുണി എന്ന് എന്റെ പക്കലുള്ളത്‌ ഞാന്‍ ഉടുത്തിരിക്കുന്ന ഇതൊന്നുമാത്രമാണ്. മാസത്തില്‍ ഒരിക്കല്‍ ഇതിനെ അലക്കി, ഉണക്കിയ ശേഷം അണിഞ്ഞുകൊണ്ട് പുറത്തിറങ്ങേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. അതുകൊണ്ട് തന്നെയാണ് അന്നത്തെ ദിവസം ജനങ്ങളെ സന്ദര്‍ശിക്കുവാന്‍ എനിക്ക് സാധിക്കാതെ പോവുന്നത് "
        
"അടുത്തതായി ഇവരുടെ പേരിലുള്ള പരാതി എന്താണ്..?" ഉമര്‍ (റ) ചോദിച്ചു.
 
"ഇടയ്ക്കിടയ്ക്ക് ഇദ്ദേഹം ബോധംകെട്ട് വീണുപോവുന്നു"
       
സഈദ് (റ) ഇതിനും മറുപടി പറഞ്ഞു:  "ഞാന്‍ ഇസ്ലാം മാര്‍ഗ്ഗം സ്വീകരിക്കുന്നതിനു മുന്‍പ് 'കുബൈബ് ഇബ്നു അദിയ്യ് (റ) കൊല്ലപ്പെടുന്നത് എന്റെ കണ്ണുകൊണ്ട് ഞാന്‍ കാണുകയുണ്ടായി. ഖുറൈശികള്‍ അദ്ദേഹത്തെ അറുത്തും, വെട്ടിയും അറുകൊല ചെയ്തുകൊണ്ടിരുന്നു. ശരീരത്തില്‍നിന്നും ചോര ചീറ്റി തെറിച്ചുകൊണ്ടിരുന്നു. അപ്പോള്‍ അദ്ദേഹത്തോട് അവര്‍ ചോദിക്കുകയുണ്ടായി 'നിനക്ക് പകരമായി ഇവിടെയിപ്പോള്‍ മുഹമ്മദ്‌ ആയിരുന്നുവെങ്കില്‍ എന്ന് നീ ആഗ്രഹിക്കുന്നില്ലേ?' എന്ന്. അതിന്ന് കുബൈബ് പറഞ്ഞ മറുപടി 'മുഹമ്മദിന്റെ ശരീരത്തില്‍ ഒരു മുള്ളുതറയ്ക്കാന്‍ വിട്ടിട്ടുപോലും ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയുണ്ടാവില്ല' . 

ഖുറയ്‌ശികളുടെ ആക്രോശം പാരമ്യത്തിലെത്തി. അദ്ദേഹത്തെ അവര്‍ കുരിശില്‍ തറച്ച് കൊല്ലുകയുണ്ടായി. ഇതിനെല്ലാം ഒരു സാക്ഷിയായി നിന്നുകൊണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്താതെ ജനങ്ങളില്‍ ഒരാളായി, വെറും ഒരു കാഴ്ചക്കാരനായി ഞാനും നിന്നുപോയല്ലോ എന്ന ചിന്തയും, നഷ്ടബോധവും തോന്നുമ്പോളെല്ലാം, അല്ലാഹു ﷻ വിങ്കല്‍ നിന്നുള്ള ശിക്ഷയെക്കുറിച്ച് ചിന്തിച്ച് എന്റെ ഉള്ള് നടുങ്ങിപ്പോവുന്നു. അങ്ങിനെയുള്ള സമയങ്ങളില്‍ ഞാനറിയാതെ ഞാന്‍ ബോധംകെട്ട് വീണുപോവുന്നു..!!"
       
എല്ലാം കേട്ടുകൊണ്ടിരുന്ന ഖലീഫ ഉമര്‍ (റ) പറഞ്ഞു . "എല്ലാ സ്തുതിയും അല്ലാഹു ﷻ വിനു മാത്രം. എനിക്ക് സഈദിന്റെ (റ) പേരില്‍ ഉണ്ടായിരുന്ന വിശ്വാസത്തിന് ഒരു കളങ്കവും സംഭവിച്ചിട്ടില്ല"

ഒരിക്കൽ അദ്ദേഹത്തോട് ഒരാൾ ചോദിച്ചു: “താങ്കളുടെ വരുമാനമുപയോഗിച്ച് വീട്ടുകാർക്ക് ഒന്ന് സുഭിക്ഷമായി ജീവിച്ചുകൂടെ..?''

അദ്ദേഹം പറഞ്ഞു: “വീടും കുടുംബവും ഇല്ല അല്ലാഹു ﷻ വിന്റെ സംതൃപ്തി കുടുംബത്തിനുവേണ്ടി വിൽക്കാൻ ഞാൻ തയ്യാറില്ല.''

ജീവിതരീതിയിൽ മാറ്റം വരുത്താൻ പലരും അദ്ദേഹത്തെ ഉപദേശിച്ചുനോക്കി. മുമ്പ് ഭാര്യയോട് പറഞ്ഞ അതേ മറുപടി തന്നെയായിരുന്നു അതിന്ന് അദ്ദേഹം പറഞ്ഞത്.

“മരിച്ചുപോയ എന്റെ സുഹൃത്തുക്കളായ മുൻഗാമികളിൽ നിന്ന് ഒറ്റപ്പെടാൻ ഞാൻ തയ്യാറല്ല.''

സഈദ് (റ) പറഞ്ഞു: “നബി ﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിരുന്നു. അന്ത്യനാളിൽ ജനങ്ങളെ അല്ലാഹു ﷻ സമ്മേളിപ്പിക്കും. ദരിദ്രരായ മുഅ്മിനീങ്ങൾ മാടപ്രാവുകളെപോലെ പറന്നുവരും. അവരോട് പറയപ്പെടും: “നിൽക്കൂ, ദുൻയാവിലെ കണക്കുകളൊക്കെയൊന്ന് പറയൂ..'' അവർ പറയും: “കണക്കുപറയാൻ ഞങ്ങൾക്ക് അവിടെ ഒന്നുമുണ്ടായിരുന്നില്ലല്ലോ.
''അപ്പോൾ അല്ലാഹു ﷻ പറയും: “എന്റെ അടിമകൾ പറഞ്ഞത് സത്യമാകുന്നു." അങ്ങനെ അവർ മറ്റുള്ളവരുടെ മുമ്പേ സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടും.
       
സഈദ് ഇബ്നു ആമിര്‍ (റ) ഹിജ്റ ഇരുപതാം വര്‍ഷം ഇഹലോകവാസം വെടിഞ്ഞു. 



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

Wednesday 16 June 2021

സംശയവും മറുപടിയും - പെരുന്നാൾ നിസ്ക്കാരം

 

പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ?

അല്ല. ശക്തിയായ സുന്നത്താണ്. (തുഹ്ഫ 3/39)

പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ?

സഹ്'വിന്‍റെ സുജൂദ് ചെയ്യരുത്. (തുഹ്ഫ 3/45)

പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത്?

വജ്ജഹ്തുവിന് ശേഷം. (തുഹ്ഫ 3/41)

പെരുന്നാള്‍ ദിവസത്തിലെ സുന്നത്ത് കുളി സുബ്ഹിക്ക് മുമ്പ് കുളിക്കാമോ?

കുളിക്കാം. പെരുന്നാള്‍ രാത്രി പകുതിയായത് മുതല്‍ കുളിയുടെ സമയം പ്രവേശിക്കും. (തുഹ്ഫ 3/47)

പെരുന്നാള്‍ കുളി ആര്‍ത്തവ സ്ത്രീകള്‍ക്ക് സുന്നത്തുണ്ടോ?

എല്ലാവര്‍ക്കും സുന്നത്തുണ്ട്. (തുഹ്ഫ 3/47)

സൂര്യന്‍ ഉദിച്ച് ഒരു മുഴം ഉയര്‍ന്നാലാണോ പെരുന്നാള്‍ നിസ്കാരത്തിന്‍റെ സമയം പ്രവേശിക്കുക?

അല്ല. സൂര്യന്‍ ഉദിക്കലോടു കൂടെ പെരുന്നാള്‍ നിസ്കാരത്തിന്‍റെ സമയം പ്രവേശിക്കും. (തുഹ്ഫ 3/40)

പെരുന്നാള്‍ നിസ്കാരത്തിന് പോകുന്നതും വരുന്നതും വ്യത്യസ്ത വഴിയിലൂടെ ആകല്‍ സുന്നത്തുണ്ടോ?

സുന്നത്തുണ്ട്. (തുഹ്ഫ 3/49)

പെരുന്നാളും ജുമുഅഃയും ഒരേ ദിവസം വന്നാല്‍ ജുമുഅഃ ഉപേക്ഷിക്കാമോ?

പാടില്ല. ജുമുഅഃ നിര്‍ബന്ധവും പെരുന്നാള്‍ നിസ്കാരം സുന്നത്തുമാണല്ലോ. (മുഗ്നി 1/596)

പെരുന്നാള്‍ നിസ്കാരം ഈദ്ഗാഹില്‍ നിര്‍വ്വഹിക്കുന്നതാണോ കൂടുതല്‍ പുണ്യം?

പള്ളിയില്‍ സൗകര്യമുണ്ടെങ്കില്‍ പള്ളിയില്‍ നിസ്കരിക്കലാണ് ഉത്തമം. (തുഹ്ഫ 3/47)

പെരുന്നാള്‍ ഖുതുബ ഒഴിവാക്കിയവന്‍റെ നിസ്കാരം സ്വീകാര്യമാകുമോ?

സ്വീകാര്യമാകും.

പെരുന്നാള്‍ നിസ്കാരം ഖളാഉ വീട്ടാമോ?

വീട്ടാം. (തുഹ്ഫ 3/56)

പെരുന്നാള്‍ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്‌താല്‍ നിസ്കാരം ശരിയാകുമോ?

ശരിയാകില്ല. ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്ന്‍ വേര്‍തിരിച്ച് നിയ്യത്ത് ചെയ്യേണ്ടതാണ്. (തുഹ്ഫ 3/41)

ബലി പെരുന്നാള്‍ ദിവസങ്ങളില്‍ സുന്നത്ത് നിസ്കാരങ്ങള്‍ക്ക് ശേഷം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടോ?

ഉണ്ട്. (തുഹ്ഫ 3/53)

പെരുന്നാള്‍ നിസ്കാരത്തിന്‍റെ ശേഷം തക്ബീര്‍ സുന്നത്തുണ്ടോ?

സുന്നത്തുണ്ട്. എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും സുന്നത്താണ്. (തുഹ്ഫ 3/53)

നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള തക്ബീര്‍ മറ്റ് ദിക്റുകള്‍ക്ക് ശേഷമാണോ മുമ്പാണോ?

നിസ്കാരം കഴിഞ്ഞ ഉടനെയാണ് ചൊല്ലേണ്ടത്. (തുഹ്ഫ 3/51)

ചെറിയ പെരുന്നാള്‍ നിസ്കാരം അല്‍പം വൈകിപ്പിക്കലും ബലി പെരുന്നാള്‍ നിസ്കാരം മുന്തിക്കലും സുന്നത്തുണ്ടോ?

ഉണ്ട്. ചെറിയ പെരുന്നാളിന് മുമ്പാണല്ലോ ഫിത്വറ് സകാത്ത് വിതരണം ചെയ്യേണ്ടത്. ബലി പെരുന്നാള്‍ നിസ്കാരത്തിന് ശേഷമാണ് ഉള്ഹിയ്യത്ത്. ഇതിന് സൗകര്യം ലഭിക്കാനാണ് ഇങ്ങനെ സുന്നത്തായത്. (തുഹ്ഫ 3/50)

നബി ﷺ ആദ്യമായി നിസ്കരിച്ചത് ചെറിയ പെരുന്നളോ ബലി പെരുന്നളോ?

ചെറിയ പെരുന്നാള്‍ നിസ്കാരമാണ് നബി ﷺ ആദ്യമായി നിസ്കരിച്ചത്. ഹിജ്റ രണ്ടാം വര്‍ഷമായിരുന്നു ഇത്. (തുഹ്ഫ 3/39)

പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് സുന്നത്ത് നിസ്കരിക്കുന്നതിന്‍റെ വിധിയെന്ത്‌?

ഇമാം അല്ലാത്തവര്‍ക്ക് തഹിയ്യത്ത് പോലുള്ള സുന്നത്ത് നിസ്കാരം നിര്‍വ്വഹിക്കാം. എന്നാല്‍ പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് പ്രത്യേക സുന്നത്ത് നിസ്കാരമില്ല. ഇമാം സുന്നത്ത് നിസ്കരിക്കാതെ നേരെ പെരുന്നാള്‍ നിസ്കാരം തുടങ്ങുകയാണ് വേണ്ടത്. (തുഹ്ഫ 3/50)

പെരുന്നാള്‍ നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നവന്‍ എങ്ങനെയാണ് ഖുതുബ നിര്‍വ്വഹിക്കുക?

ഒറ്റക്ക് നിസ്കരിക്കുന്നവന് ഖുതുബ സുന്നത്തില്ല. (തുഹ്ഫ 3/40)

പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകള്‍ ഇമാം മറന്നാല്‍ മഅമൂമിന് ചൊല്ലാമോ?

പാടില്ല. (തുഹ്ഫ 3/42)

ബലി പെരുന്നാള്‍ ദിനങ്ങളില്‍ ഖളാആയ നിസ്കാരം പിന്നീട് ഖളാഉ വീട്ടുമ്പോള്‍ അവകള്‍ക്ക് ശേഷം തക്ബീര്‍ സുന്നത്തുണ്ടോ?

അയ്യാമുത്തശ്'രീഖ് കഴിഞ്ഞതിന് ശേഷമാണ് ഖളാഉ വീട്ടുന്നതെങ്കില്‍ തക്ബീര്‍ ചൊല്ലരുത്. അയ്യാമുത്തശ്'രീഖുകളിലാണ് വീട്ടുന്നതെങ്കില്‍ തക്ബീര്‍ സുന്നത്താണ്. (തുഹ്ഫ 3/43)

ആദ്യ റക്അത്തില്‍ സുന്നത്തായ തക്ബീര്‍ മറന്നാല്‍ രണ്ടാം റക്അത്തില്‍ അത് വീണ്ടെടുക്കാണോ?

വീണ്ടെടുക്കരുത്. കാരണം, തക്ബീര്‍ മറന്നാല്‍ അതിന്‍റെ അവസരം നഷ്ടപ്പെട്ടു. (തുഹ്ഫ 3/44)

പെരുന്നാളിന് ആശംസ കൈമാറുന്നതിന്‍റെ വിധിയെന്ത്‌?

ആശംസ കൈമാറല്‍ അനുവദനീയമാണ്. സുന്നത്താണെന്ന്‍ ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. (തുഹ്ഫ 3/56)

പെരുന്നാള്‍ ഖുതുബയുടെ മുമ്പ് ഇരിക്കല്‍ സുന്നത്തുണ്ടോ?

അതെ, സുന്നത്താണ്. (നിഹായ 2/392)

പെരുന്നാള്‍ നിസ്കാരത്തിന് ഇമാമത്ത് നിന്നവന്‍ തന്നെ ഖുതുബ നിര്‍വ്വഹിക്കണമെന്നുണ്ടോ?

നിര്‍ബന്ധമില്ല. മറ്റുള്ളവര്‍ക്കും നിര്‍വ്വഹിക്കാം. (തഖ്'രീറു ഫത്ഹുല്‍ മുഈന്‍ 110)

പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകളില്‍ കൈയുയര്‍ത്തല്‍ സുന്നത്തുണ്ടോ?

സുന്നത്തുണ്ട്. (തുഹ്ഫ 3/42)

പെരുന്നാള്‍ നിസ്കാരത്തിന് നടന്ന് പോകല്‍ പ്രത്യേകം സുന്നത്തുണ്ടോ?

വാഹനം കയറാന്‍ കാരണമൊന്നുമില്ലെങ്കില്‍ നടന്ന്‍ പോകലാണ് സുന്നത്ത്. (തുഹ്ഫ 3/50)

ദുല്‍ഹിജ്ജ പതിനൊന്നിന് പെരുന്നാള്‍ നിസ്കരിക്കാമോ?

ദുല്‍ഹിജ്ജ പത്ത് സൂര്യന്‍ മദ്യത്തില്‍ നിന്ന്‍ തെറ്റലോടു കൂടി പെരുന്നാള്‍ നിസ്കാരത്തിന്‍റെ അദാആയ സമയം കഴിഞ്ഞു. പിറ്റേ ദിവസം നിസ്കരിച്ചാല്‍ ഖളാആണ്. (തുഹ്ഫ 3/56)

ദുല്‍ഹിജ്ജ എട്ടിന് നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ടോ?

ദുല്‍ഹിജ്ജ ഒന്നു മുതല്‍ ഒമ്പത് വരെ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. എട്ടിന് പ്രത്യേകം സുന്നത്താണ്. (തുഹ്ഫ 3/455)

അറഫാ നോമ്പാണോ ആശൂറാഉ (മുഹറം 10) നോമ്പാണോ കൂടുതല്‍ പുണ്യം?

അറഫാ നോമ്പ്. (തുഹ്ഫ 3/455)

പെരുന്നാളിന് ടൂര്‍ പോകുന്നതിന്‍റെ വിധിയെന്ത്‌?

ഏതൊരു യാത്രയുടെയും വിധി അതിന്‍റെ ഉദ്ദേശ്യത്തിനനുസരിച്ചാണ്. സിയാറത്ത് പോലുള്ള നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയോ നാട് കാണല്‍ പോലുള്ള അനുവദനീയ കാര്യങ്ങള്‍ക്ക് വേണ്ടിയോ യാത്ര പോകാം. എന്നാല്‍ യാത്രയില്‍ ഹറാം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

Saturday 12 June 2021

തക്ബീറിന്റെ കർമ്മ ശാസ്ത്രം

 

പെരുന്നാളുമായി ബന്ധപ്പെട്ട് നിർവ്വഹിക്കേണ്ട പ്രധാനമായ ഒരു അമലാണ് തക്ബീർ ചൊല്ലൽ. ശാഫിഈ മദ്ഹബ് പ്രകാരം രണ്ട് തരം തക്ബീറുകളാണ് സുന്നത്തായിട്ടുള്ളത്.

1 ) മുർസലായ തക്ബീർ 

ഇത് പെരുന്നാൾ രാവിന്റെ സൂര്യാസ്തമയ ശേഷം പള്ളികളിൽ,

വീടുകളിൽ, വഴികളിൽ, മാർക്കറ്റുകളിൽ എന്നിങ്ങനെ എല്ലായിടത്തും പൊതുവായി ചൊല്ലേണ്ട തക്ബീറാണ്. 

നമസ്കാര ശേഷം എന്ന ഉപാധിയില്ലാത്തതു കൊണ്ടാണ് ഇതിന് മുർസൽ എന്നു പറയുന്നത്.  പെരുന്നാൾ നമസ്കാരത്തിന് ഇമാം തക്ബീറത്തുൽ ഇഹ്റാം കെട്ടുന്നതുവരെ ഈ തക്ബീർ ചൊല്ലൽ സുന്നത്താണ്. (തുഹ്ഫ  3/51)

2 ) മുഖയ്യദായ തക്ബീർ. 

ഇത് നമസ്ക്കാരങ്ങളുടെ ശേഷമായി ചൊല്ലാൻ പ്രത്യേകം നിശ്ചയിക്കപ്പെട്ട തക്ബീറാണ്.

ദുൽഹിജ്ജ 9 - ന്റെ സുബ്ഹി മുതൽ ദുൽഹിജ്ജ 13 - ന്റെ അസർ വരെ എല്ലാ നമസ്കാരങ്ങൾക്ക് ശേഷവും ഇത്  സുന്നത്താണ് . 

ഇതിൽ ഫർള് നമസ്ക്കാരം,  ജനാസ നമസ്ക്കാരം, ആ ദിവസങ്ങളിൽ ഖളാ വീട്ടപ്പെടുന്ന നമസ്ക്കാരങ്ങൾ, റവാത്തിബ് സുന്നത്തുകൾ, 

മറ്റ് സുന്നത്ത് നമസ്കാരങ്ങൾ  എന്ന വ്യത്യാസമില്ല. എല്ലാത്തിന് ശേഷവും സുന്നത്ത് തന്നെ. (തുഹ്ഫ .3/53)

ഈ പ്രത്യേക തക്ബീറുകൾ നമസ്കാര ശേഷമുള്ള ദിക്റുകളേക്കാൾ മുന്തിക്കൽ സുന്നത്താണ്. എന്നാൽ നമസ്കാരം കഴിഞ്ഞ ഉടനെ തക്ബീർ ചൊല്ലാൻ ഒരാൾ മറന്നാൽ പിന്നീട് ഓർക്കുമ്പോൾ ചൊല്ലണം. സമയം നീണ്ടു പോയി എന്നതു കൊണ്ട് തക്ബീറുകൾ നഷ്ടപ്പെടുന്നതല്ല.


ഹനഫി മദ്ഹബ് പ്രകാരം  ദുൽഹിജ്ജ 9 - ന്റെ സുബ്ഹി മുതൽ ദുൽഹിജ്ജ 13 - ന്റെ അസ്വ് ർ വരെയുള്ള ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലൽ വാജിബാണ്. ഒറ്റയ്ക്ക് നമസ്കരിക്കുന്നവർ, യാത്രക്കാർ,  സ്ത്രീകൾ എന്നിവർക്കെല്ലാം ഇത് വാജിബ് തന്നെ. (ദുർറ്. 2/195)

ഈ തക്ബീർ , നമസ്കാരത്തിന്റെ അനുബന്ധമായി, സലാം വീട്ടിയ ഉടനെയാണ് ചൊല്ലേണ്ടത്. അതനുസരിച്ച് നമസ്ക്കാരത്തിന്റെ പവിത്രതയോടെ വേണം തക്ബീർ ചൊല്ലാൻ. അപ്രകാരം സലാമിന്റെയും തക്ബീറിന്റെയും ഇടയിൽ മറ്റൊന്നു കൊണ്ടും വിട്ടു പിരിക്കരുത്. പൊട്ടിച്ചിക്കുക , മനപ്പൂർവ്വം അശുദ്ധി ഉണ്ടാക്കുക , മനപ്പൂർവ്വമോ അല്ലാതെയോ സംസാരിക്കുക , പള്ളിയിൽ നിന്ന് പുറത്ത് പോകുക എന്നിവയൊന്നും പാടില്ല. ഇക്കാരണങ്ങളാൽ തക്ബീർ നഷ്ടപ്പെടുന്നതാണ്. അഥവാ മനപ്പൂർവ്വം ചെയ്താൽ  കുറ്റക്കാരനാകുന്നതാണ്. (ത്വഹ്ത്വാവി. 294 ) എന്നാൽ  മനപ്പൂർവ്വമല്ലാതെ അശുദ്ധിയുണ്ടായാൽ ശുദ്ധി വരുത്താതെ തന്നെ തക്ബീർ ചൊല്ലാവുന്നതാണ്. ഖിബ് ലയെ തൊട്ട് തിരിഞ്ഞാൽ പറ്റുമോ ഇല്ലയോ എന്നതിൽ രണ്ടഭിപ്രായം  വന്നിട്ടുണ്ട്. (റദ്ദ്. 2/194)

ഒരു തക്ബീറാണ് വാജിബായിട്ടുള്ളത്. അതിനേക്കാൾ അധികരിപ്പിക്കുകയുമാകാം.  (ത്വഹ്ത്വാവി. 294) മൂന്ന് പ്രാവശ്യം ചൊല്ലാം എന്ന് അഭിപ്രായമുണ്ട്. (റദ്ദ്.2/193)

ഇത്രയേറെ മഹത്തായ സൽക്കർമ്മമാണ് തക്ബീർ ചൊല്ലൽ. ഇത് ഖുർആനും ഹദീസും പ്രോത്സാഹിപ്പിക്കുന്ന അമലാണ്. അല്ലാഹു ഖബൂൽ ചെയ്യട്ടെ.

ആമീൻ. 


സി.എ. മൂസാ മൗലവി. മൂവാറ്റുപുഴ


Friday 11 June 2021

ഖുബൈബുബ്നു അദിയ്യ് (റ)

 


നബി ﷺ മദീനയില്‍, അവിടുത്തെ പള്ളിയില്‍ അനുചരന്‍മാര്‍ക്ക് മതം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്വഹാബാക്കള്‍ അവരുടെ സംശയങ്ങള്‍ ഉന്നയിക്കുകയും നബി ﷺ മറുപടിയിലൂടെ അവര്‍ക്ക് വിജ്ഞാന കവാടങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. 

അപ്പോഴാണ് ചില ആളുകള്‍ അങ്ങോട്ട് കടന്നുവന്നത്. ഞങ്ങള്‍ അള്‌റ്, ഖര്‍റാത്ത് എന്നീ പ്രദേശത്തു നിന്നുള്ളവരാണ് - അവര്‍ സ്വയം പരിചയപ്പെടുത്തി. ഞങ്ങള്‍ക്ക് മതം പഠിപ്പിക്കാന്‍ വേണ്ടി ഇവിടെ നിന്ന് അല്‍പം ആളുകളെ ഞങ്ങളോടൊപ്പം പറഞ്ഞുവിടണം എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വന്നത്.

ആഗതരുടെ സദുദ്ദേശ്യം വ്യക്തമാക്കിയപ്പോള്‍ നബി ﷺ പ്രമുഖരായ പത്ത് ആളുകളെ അവര്‍ക്കൊപ്പം അയക്കുകയും അവരുടെ നേതാവായി ആസ്വിമുബ്‌നു സാബിത്തിനെ നിശ്ചയിക്കുകയും ചെയ്തു. പകല്‍ സമയങ്ങളില്‍ ഒളിച്ചിരുന്നും രാത്രിയില്‍ സഞ്ചരിച്ചും അവര്‍ റബീഅ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. 

അപ്പോഴാണ് മുസ്‌ലിംകളെ കൂട്ടിക്കൊണ്ട് വന്ന സംഘം തനിസ്വഭാവം പുറത്തുകാണിച്ചത്. മുമ്പ് ഒരു യുദ്ധത്തില്‍ സുഫ്‌യാനുബ്‌നു ഖാലിദ് എന്ന അവിശ്വാസിയെ അബ്ദുല്ലാഹിബ്‌നു ഉനൈസ് (റ) വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കിന്റെ ഗോത്രക്കാര്‍ക്ക് മുസ്‌ലിം സംഘത്തെ കുറിച്ച് വിവരം നല്‍കുക വഴി അവര്‍ മുസ്‌ലിംകളെ വഞ്ചിച്ചു. 

ഇരുന്നൂറോളം വില്ലാളി വീരന്‍മാര്‍ പത്ത് മുസ്‌ലിംകള്‍ക്ക് നേരെ പാഞ്ഞടുത്തു. പരിഭ്രാന്തരായ മുസ്‌ലിംകള്‍ക്ക് അടുത്തുള്ള ഒരു മലയില്‍ അഭയം പ്രാപിക്കേണ്ടിവന്നു.

ശത്രുപക്ഷം വിളിച്ചുപറഞ്ഞു: ”നിങ്ങള്‍ ഇറങ്ങിവരിക. ഞങ്ങള്‍ നിങ്ങളെ വധിക്കില്ലെന്ന് ഉറപ്പ് തരുന്നു.” അവര്‍ നല്‍കിയ ഉറപ്പില്‍ വഞ്ചിതരായ മൂന്നു പേര്‍ ഇറങ്ങിവന്നു. എന്നാല്‍, ആസിം (റ) അടക്കമുള്ള ബാക്കി ഏഴുപേര്‍ മുശ്‌രിക്കുകളുടെ സംരക്ഷണ ഉത്തരവാദിത്തത്തില്‍ തിരിച്ചുവരുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. 

യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന മൂന്നുപേര്‍ക്കും പിന്നീട് ചതി മനസ്സിലായി. മുശ്‌രിക്കുകള്‍ അവരെ അടിമകളാക്കി. അവരില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാളെ അവര്‍ കൊന്നുകളഞ്ഞു. അവശേഷിച്ച രണ്ടു പേരെ മക്കയില്‍ കൊണ്ടുപോയി മുസ്‌ലിംകളോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്ന ചിലര്‍ക്കു വിറ്റു. ഖുബൈബുബ്‌നു അദിയ്യ് (റ) ആയിരുന്നു ആ രണ്ടു പേരില്‍ ഒരാള്‍.

പ്രവാചകരോട് (ﷺ) അതിരില്ലാത്ത സ്‌നേഹമായിരുന്നു ഖുബൈബ്(റ)വിന്. ബദ്‌റിലും ഉഹ്ദിലും ഐതിഹാസികമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. 

സ്വഹാബാകിറാമിന്റെ പ്രദോചനം ഒരിക്കലും കേവലസാമ്പത്തിക ലാഭമോ ഭൗതികമായ മറ്റേതെങ്കിലും ലാഭമോ അല്ല. അല്ലാഹു ﷻ വിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ നിന്നും ഉത്ഭൂതമായ ഊര്‍ജമാണ് അവരുടെ പ്രചോദനം. 

അജയ്യമായ വിശ്വാസത്തിന്റെ ഉടമകളായിരുന്നു മഹാത്മാക്കളായ സ്വഹാബികള്‍. നാം ഒരിക്കലും അവര്‍ കരസ്ഥമാക്കിയ ഉന്നതി പ്രാപിക്കാന്‍ ശക്തരല്ല. അതിനാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. സര്‍വലോക പരിപാലകനായ സര്‍വശക്തന്‍ നിര്‍ഭാഗ്യവാന്‍മാരായ നമ്മെയും അവന്റെ ഉത്തമ അടിമകളില്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ


ഖുബൈബുബ്നു അദിയ്യ് (റ) എപ്പോഴും ആരാധനയിൽ നിരതനായിരുന്ന ആ അൻസാരി നബിﷺയുടെ ആദ്യകാല അനുചരൻമാരിലും മുമ്പനായിരുന്നു.

ഔസ് ഗോത്രത്തിൽപെട്ട അദ്ദേഹം നബി ﷺ മദീനയിൽ അഭയം പ്രാപിച്ചപ്പോൾ നബിﷺയുടെ സന്തതസഹചാരിയായി മാറി.

ദൃഢ വിശ്വാസം, മനക്കരുത്ത്, ധൈര്യം എന്നിവ ഖുബൈബ് (റ) വിന്റെ കുടപ്പിറപ്പായിരുന്നു.

ധൈര്യശാലിയായ യോദ്ധാവായിരുന്ന അദ്ദേഹം ബദർ രണാങ്കണത്തിൽ തന്റെ രണപാടവം ശരിക്കും പ്രദർശിപ്പിച്ചു.

ഹാരിസുബ്നു ആമിറിനെ ബദറിൽവെച്ച് വധിച്ചത് ഖുബൈബുബ് (റ) ആയിരുന്നു. ഹാരിസിന്റെ സന്തതികൾ തങ്ങളുടെ പിതാവിനെ വധിച്ച ഖുബൈബ്(റ)വിനെ നോട്ടപ്പുള്ളിയാക്കി. പകവീട്ടാൻ തക്കം പാർത്തുകൊണ്ടിരുന്നു.

ബദർ യുദ്ധം കഴിഞ്ഞു മുസ്ലിംകൾ വിജയാഹ്ളാദത്തോടെ മദീനയിൽ തിരിച്ചെത്തി. അവർ തങ്ങളുടെ പുതിയ സമൂഹത്തിന്റെ സംസ്ഥാപനത്തിൽ ജാഗരൂകരായി. 


കഥാനായകനായ ഖുബൈബ്(റ)വും അതിലൊരംഗമായിരുന്നു. പകല്‍ സമയങ്ങളില്‍ ഒളിച്ചിരുന്നും രാത്രിയില്‍ സഞ്ചരിച്ചും അവര്‍ റബീഅ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അപ്പോഴാണ് മുസ്‌ലിംകളെ കൂട്ടിക്കൊണ്ട് വന്ന സംഘം തനിസ്വഭാവം പുറത്തുകാണിച്ചത്. 

മുമ്പ് ഒരു യുദ്ധത്തില്‍ സുഫ്‌യാനുബ്‌നു ഖാലിദ് എന്ന അവിശ്വാസിയെ അബ്ദുല്ലാഹിബ്‌നു ഉനൈസ് (റ) വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കിന്റെ ഗോത്രക്കാര്‍ക്ക് മുസ്‌ലിം സംഘത്തെ കുറിച്ച് വിവരം നല്‍കുക വഴി അവര്‍ മുസ്‌ലിംകളെ വഞ്ചിച്ചു. ഇരുന്നൂറോളം വില്ലാളി വീരന്‍മാര്‍ പത്ത് മുസ്‌ലിംകള്‍ക്ക് നേരെ പാഞ്ഞടുത്തു.

​ശത്രുക്കൾ തങ്ങളെ സമീപിക്കുന്നതറിഞ്ഞ ആസിമും കൂട്ടുകാരും തൊട്ടടുത്ത ഒരു മലയുടെ ഉച്ചിയിലേക്ക് കയറി. ശത്രുക്കൾ അവരെ വളഞ്ഞു. മുസ്ലിം സംഘത്തോട്

നിർഭയരായി ഇറങ്ങിവരാൻ അവർ ആവശ്യപ്പെട്ടു. എങ്കിൽ ഞങ്ങൾ ഒരക്രമവും ചെയ്യുകയില്ല എന്ന് അവർ വിളിച്ചുപറഞ്ഞു.

ആസിം(റ)വും അനുയായികളും കൂടിയാലോചന നടത്തി. ആസിം (റ) പറഞ്ഞു: “നാഥാ, ഈ ദുരന്തകഥ നീ ഞങ്ങളുടെ പ്രവാചകനെ അറിയിക്കേണമേ...”

​ശത്രുക്കൾ അക്രമണമാരംഭിച്ചു. മുകളിലേക്ക് അമ്പെയ്തു.

ആസിം (റ) രക്തസാക്ഷിയായി. കുടെ സംഘത്തിലെ ഏഴുപേരും ശഹീദായി വീണു.

ബാക്കിയുള്ള മൂന്ന് പേരോട് ശത്രുക്കൾ ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. ഇറങ്ങിവന്നാൽ അക്രമിക്കുകയില്ലെന്ന് അവർ വീണ്ടും വിളിച്ചു പറഞ്ഞു.

ഖുബൈബ് (റ) വും കുട്ടുകാരും ഇറങ്ങിച്ചെന്നു. ശത്രുക്കൾ വാഗ്ദത്തം ലംഘിച്ച് അവരെ ബന്ധനസ്ഥരാക്കുകയാണ് ചെയ്തത്. ഒരാളെ അവിടെ വെച്ചുതന്നെ വധിക്കുകയും ചെയ്തു. ഖുബൈബ് (റ)വിനെയും സൈദ്(റ)വിനെയും അവർ അടിമകളാക്കി. വിൽപ്പനക്കുവേണ്ടി മക്കയിലേക്ക് കൊണ്ടുപോയി. 

മദീനാ നിവാസികളാണെന്നറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. ഖുബൈബ് (റ)വിന്റെ പേര് കേട്ടപ്പോൾ ഹാരിസിന്റെ മക്കൾ തുള്ളിച്ചാടി.

ബദറിൽ വെച്ച് തങ്ങളുടെ പിതാവിനെ കൊന്നതിന്നു പ്രതികാരം ചെയ്യണം. അവർ അദ്ദേഹത്തെ വിലക്കുവാങ്ങി. ചങ്ങലയിൽ ബന്ധിച്ചു വീട്ടിൽ ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽ പൂട്ടിയിട്ടു.

ഖുബൈബ് (റ) അവിടെ കിടന്നു പീഡനങ്ങൾ അനുഭവിച്ചു.

ക്ഷണികമായ ഈ ഐഹിക ജീവിതത്തിനു ശേഷം അന്ത്യമില്ലാതെ കിടക്കുന്ന അനുഗ്രഹങ്ങളിലുള്ള വിശ്വാസം ഹൃദയത്തിൽ രൂഢമൂലമായ അദ്ദേഹത്തിന്ന് എന്ത് പേടിക്കാനുണ്ട്. സർവ്വശക്തനായ നാഥൻ കൈവെടിയുകയില്ല. എന്ന് അദ്ദേഹത്തിന്ന് ഉറപ്പുണ്ടായിരുന്നു.


ഇംറാന്റെ പുത്രി മർയമിന്ന് അദൃശ്യലോകത്തു നിന്ന് ഭക്ഷണമിറക്കികൊടുത്ത അല്ലാഹു ﷻ ഖുബൈബ്(റ)വിനെ കൈവെടിഞ്ഞില്ല.

അദ്ദേഹത്തെ തടവിലാക്കിയ മുറിയിലേക്ക് ഒരിക്കൽ ഹാരിസിന്റെ കൊച്ചു മകൾ കയറിച്ചെന്നു.

ഇരുമ്പ് ചങ്ങലയിൽ ബന്ധിതനായ ഖുബൈബ് (റ) പഴുത്ത മുന്തിരിക്കുല കയ്യിൽ പിടിച്ച് അതിൽ നിന്നും പഴം പറിച്ച് തിന്നുന്ന കാഴ്ച്ചയാണ് അവൾ കണ്ടത്. മക്കയിൽ ഒരിടത്തും മുന്തിരിയില്ലാത്ത കാലത്ത്, ബന്ധനസ്ഥനായ ഖുബൈബ് (റ) വിന് എങ്ങനെ മുന്തിരി കിട്ടി..!!

അല്ലാഹു ﷻ ഉദ്ദേശിച്ചവർക്ക് അവൻ അചിന്ത്യമായ മാർഗേന നൽകുമല്ലോ.

സൈദ്(റ)വിനെ ശത്രുക്കൾ മക്കയിൽ വെച്ച് നിർദയം വധിച്ചു. ആ വിവരം അവർ ഖുബൈബ്(റ)വിനെ അറിയിച്ചു. ഭീഷണിപ്പെടുത്തി പുതിയ മതത്തിൽ നിന്ന് പിന്തിരിഞ്ഞാൽ വെറുതെ വിട്ടയക്കാം എന്ന് അവർ പറഞ്ഞു. ഖുബൈബ് (റ)വുണ്ടോ പിന്തിരിയുന്നു..?!

അവർ ഖുബൈബ്(റ)വിനെ പുറത്തിറക്കി. വിലങ്ങുവെച്ചു, തൻഈമിലേക്ക് കൊണ്ടുപോയി. അവിടെ അവർ ഖുബൈബ് (റ)വിനു വേണ്ടി കുരിശ് തയ്യാറാക്കിയിരുന്നു.

മക്കയിലെ തെരുവുപിളേളർ ആർത്തുവിളിച്ചു. ഒരു ഉത്സവത്തിന്റെ പ്രതീതി ജനിച്ചു. ബദറിൽ അവരുടെ പ്രമാണികളെ നിലംപതിപ്പിച്ചവരോടുള്ള പ്രതികാരം തീർക്കാൻ അവരൊരുങ്ങി.

ഖുബൈബ്(റ)വിന് അന്തിമമായി ഒരാഗ്രഹം മാത്രം.

ശത്രുക്കളോട് അദ്ദേഹം വിനയപുരസ്സരം ആവശ്യപ്പെട്ടു.

“രണ്ടു റക്അത്ത് നമസ്കരിക്കാൻ അനുവാദം തരണം!'' നശ്വരമായ ഈ ലോകത്ത് അദ്ദേഹത്തിന്ന് അവശേഷിച്ച ഒരേ ഒരാഗ്രഹം...

തന്റെ സൃഷ്ടാവിനോട് ഒരു കുടിക്കാഴ്ച്ച! ശത്രുക്കൾ അതനുവദിച്ചു. ഖുബൈബ് (റ) സസന്തോഷം അംഗസ്നാനം ചെയ്തു. രണ്ട് റകഅത്ത്

നമസ്കരിച്ചു. ആ പുണ്യയ വദനം അവസാനത്തെ സ്രാഷ്ടാംഗം ചെയ്ത സന്തുഷ്ടനായി.

അദ്ദേഹം പറഞ്ഞു: മരണത്തോടുള്ള ഭയം നിമിത്തമാണ് ഖുബൈബ് ദീർഘിച്ചു നമസ്കരിക്കുന്നത് എന്ന് നിങ്ങൾ പറയുമായിരുന്നില്ലെങ്കിൽ ഞാൻ കുടുതൽ നമസ്കരിക്കുമായിരുന്നു.

ഖുബൈബ് (റ) കുരിശിൽ തറക്കപ്പെട്ടു. കുരിശിൽ നിന്ന് അദ്ദേഹം പാടി:

“അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ ഞാൻ വധിക്കപ്പെടുമ്പോൾ എങ്ങനെ മരിച്ചുവീണാലും എനിക്കു വിരോധമില്ല. നുറുങ്ങിച്ചിതറിയ എല്ലുകളിൽ പോലും അവൻ എനിക്ക് കരുണ ചൊരിയും.”

കുരിശിൽ കിടന്നു പിടയുന്ന ഖുബൈബ് (റ)വിനോട് താഴെ നിന്ന് ഒരു ശത്രു വിളിച്ചു ചോദിച്ചു: “ഖുബൈബ്, ഇപ്പോൾ മുഹമ്മദ് (ﷺ) നിന്റെ സ്ഥാനത്തും നീ

നിന്റെ കുടുംബത്തോടൊപ്പം നിന്റെ വീട്ടിലുമായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നില്ലേ..?''

ഖുബൈബ് (റ) പറഞ്ഞു: “ഐഹികസൗഖ്യം എനിക്ക് പുല്ലാണ്. മുഹമ്മദ് നബിﷺയുടെ ഒരു കാലിൽ മുള്ളു തറക്കുന്നതിനേക്കാൾ ഞാനിഷ്ടപ്പെടുന്നത് ഈ കുരിശുമരണമാകുന്നു.''

ഖുബൈബ് (റ) ആകാശത്തിലേക്ക് കരമുയർത്തി പ്രാർത്ഥിച്ചു: “നാഥാ! നിന്റെ പ്രവാചകന്റെ സന്ദേശം ഞങ്ങൾ അറിയിച്ചുകൊടുത്തിരിക്കുന്നു. ഞങ്ങളുടെ ഈ ദുരന്തകഥ നീ നബിﷺയെ അറിയിച്ചുകൊടുത്താലും.”

സർവ്വശക്തനായ നാഥൻ അത് അറിയിക്കുക തന്നെ ചെയ്തു.

മദീനയിൽ ഇരിക്കുകയായിരുന്ന നബി ﷺ മിഖ്ദാദ്(റ)വിനെയും സുബൈർ (റ)വിനെയും വിളിച്ച് ഇങ്ങനെ പറഞ്ഞു:

“നിങ്ങളുടെ സഹോദരൻ ഖുബൈബിന്റെ ജഡം തൻഈമിൽ ഒരു കുരിശുമരത്തിൽ തൂങ്ങിക്കിടക്കുന്നുണ്ട്. ഉടനെ ചെന്ന് അതെടുത്ത് മറവുചെയ്യുക''

മിഖ്ദാദ് (റ)വും സുബൈർ (റ)വും കുതിരപ്പുറത്ത് കയറി രഹസ്യമായി തൻഈമിൽ ചെന്ന് ആ പരിശുദ്ധ ജഡമെടുത്ത് മറവുചെയ്തു.


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


ഹുദൈഫതുബ്നു യമാൻ (റ)

 

മദായിനിലെ ജനങ്ങൾ സന്തോഷപൂർവ്വം എതിരേൽക്കാൻ ഒരുങ്ങിനിന്നു. ഖലീഫ ഉമർ (റ) നിയോഗിച്ച പുതിയ ഗവർണ്ണറുടെ ആഗമനം പ്രതീക്ഷിച്ചു കൊണ്ട് അവർ കാത്തിരുന്നു.

ഇറാഖിന്റെ മോചനത്തിൽ വീരേതിഹാസം രചിച്ച ഹുദൈഫ (റ) വിനെ ഗവർണ്ണറായി ലഭിച്ചതിൽ ആബാലവൃദ്ധം ജനങ്ങളും സന്തുഷ്ടരായി. അദ്ദേഹത്തെക്കാൾ ഭക്തനും, സൂക്ഷ്‌മതയുള്ള ഭരണനിപുണനുമായ ഒരാളെ അവർക്ക് വേറെ ലഭിക്കാനില്ലായിരുന്നു.

മദീനയിൽ നിന്ന് യാത്രയാരംഭിച്ച ആ ചെറുസംഘം മദായിനിൽ പ്രവേശിച്ചു. ആയിരം കണ്ണുകൾ സാവേശം ആ ചെറുസംഘത്തിനിടയിൽ പരതിക്കൊണ്ടിരുന്നു. ആരാണ് അബൂഹുദൈഫ (റ)..?!

കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച്, കഴുതപ്പുറത്ത് കാൽ തുക്കിയിരുന്ന്, ഉണങ്ങിയ റൊട്ടിക്കഷണം ഉപ്പും കൂട്ടി ചവച്ചരച്ചുകൊണ്ട് വരുന്ന പ്രസന്നവദനായ ആ മനുഷ്യനാണ് അവരുടെ പുതിയ ഗവർണ്ണർ എന്നറിഞ്ഞപ്പോൾ അവർ അത്ഭുതപരതന്ത്രരായി.

അല്ലെങ്കിൽ എന്തിനത്ഭുതപ്പെടണം. ഉമർ (റ) വിന്റെ പ്രതിപുരുഷനല്ലേ. അതിലുപരി പ്രതീക്ഷിച്ചതാണ് അത്ഭുതമായത്.

അമിതമായ ബഹുമാനാവേശത്തോടുകൂടി തന്നെ വളഞ്ഞു നിൽക്കുന്ന ആരാധകരോട് അദ്ദേഹം പറഞ്ഞു: “നിങ്ങൾ കുഴപ്പത്തിന്റെ ഉറവിടം ശ്രദ്ധിക്കുക.”

അവർ ചോദിച്ചു: “അതെന്താണ്..?”

അദ്ദേഹം : “അത് ഭരാണാധികാരികളുടെ കൊട്ടാരകവാടം തന്നെ, നിങ്ങൾ അവിടെ ആദരപൂർവ്വം ചെന്നു നിൽക്കും. അവൻ കളവു തന്നെ പറഞ്ഞാലും നിങ്ങൾ അംഗീകരിക്കും. അയാളിൽ ഇല്ലാത്ത ഗുണഗണങ്ങൾ പറഞ്ഞ് അയാളെ പ്രകീർത്തിക്കുകയും ചെയ്യും. അവിടെ നിന്നാണ് കുഴപ്പത്തിന്റെ തുടക്കം.”

“എന്റേതല്ലാത്ത ചര്യ പിന്തുടരുകയും എന്റെ മാർഗം കൈവെടിയുകയും ചെയ്യുന്ന ഒരു വിഭാഗത്തെ കൊണ്ടായിരിക്കും ഇസ്ലാമിന്ന് വിപത്ത്.” നരക കവാടത്തിലേക്ക് മനുഷ്യരെ ക്ഷണിക്കുന്ന ഒരു വിഭാഗത്തെ കുറിച്ച് നബി ﷺ വിശദീകരിച്ചു.

“അക്കാലത്ത് ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തുചെയ്യണം..? ഹുദൈഫ (റ) അന്വേഷിച്ചു.”

മുസ്ലിം ജമാഅത്തിനെയും അവരുടെ നേതാവിനേയും പിന്തുടരുക എന്നായിരുന്നു നബിﷺയുടെ മറുപടി.

“അന്ന് മുസ്ലിംകൾക്ക് ജമാഅത്തും നേതാവുമില്ലെങ്കിലോ..?'' ഹുദൈഫ (റ) ആരാഞ്ഞു.

“നീ എല്ലാവരെയും കയ്യൊഴിയുക. ഒരു വൃക്ഷത്തിന്റെ കടയിൽ കടിച്ചു പിടിക്കാൻ നിനക്കു കഴിയുമെങ്കിൽ മരണം വരെ നീ അങ്ങനെ ചെയ്യുക” തിരുമേനി ﷺ അരുളി.

ഹുദൈഫ (റ) എപ്പോഴും നാശങ്ങളെയും ആപൽഘട്ടങ്ങളെയും കുറിച്ചു ജാഗരൂകനായിക്കൊണ്ടായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹം വലിയ തത്വജ്ഞാനിയും ചിന്തകനുമായിരുന്നു. അദ്ദേഹം പറയുന്നത് നോക്കൂ:

“അല്ലാഹു ﷻ മുഹമ്മദ് നബിﷺയെ നിയോഗിച്ചു. നബി ﷺ ജനങ്ങളെ ദുർമാർഗങ്ങളിൽനിന്ന് സൻമാർഗത്തിലേക്ക് ക്ഷണിച്ചു. അത് സ്വീകരിച്ചവർ സൻമാർഗികളായിത്തീർന്നു. അല്ലാത്തവർ വഴികേടിലും. നബി ﷺ നമ്മോട് വിടപറഞ്ഞു. ഖിലാഫത്ത് നിലവിൽ വന്നു. ഭാവിയിൽ ഖിലാഫത്ത് ദുഷിച്ച രാജകീയഭരണമായി രൂപാന്തരപ്പെടും. അന്ന് ഒരു വിഭാഗമാളുകൾ മനസാവാചാകർമ്മണാ ആ ഭരണ രീതിയെ എതിർക്കും. അവർ സത്യത്തിന്ന് പരിപൂർണ്ണമായി വഴിപ്പെട്ടവരായിരിക്കും.

മനസാവാചാ മാത്രം എതിർക്കുകയും കർമ്മരംഗത്ത് പിന്തിരിയുകയും ചെയ്യുന്ന മറ്റൊരു വിഭാഗമുണ്ടയിരിക്കും. അവർ സത്യത്തിന്റെ മൂന്നിൽ ഒന്ന് ഉപേക്ഷിച്ചവരാണ്. മനസാ മാത്രം വെറുക്കുകയും വാക്കിലും കർമ്മത്തിലും നിശ്ചലത അവലംബിക്കുകയും ചെയ്യുന്ന മൂന്നാമത്തെ വിഭാഗം, സത്യത്തിന്റെ മുമ്പിൽ രണ്ടു വിഭാഗവും കൈവെടിഞ്ഞവരായിരിക്കും.

ഒരു വിധത്തിലും എതിർപ്പ് പ്രകടിപ്പിക്കാത്തവർ ജീവിക്കുന്ന ശവങ്ങളെ പോലെയാകുന്നു.''

സൻമാർഗത്തിന്റെയും ദുർമാർഗത്തിന്റെയും അടിസ്ഥാനത്തിൽ ഹൃദയങ്ങളെ അദ്ദേഹം ഇങ്ങനെ വിഭജിച്ചു: ഭദ്രമായി മൂടിയിട്ട ഹൃദയം.. ഇത് നിഷേധികളുടെ ഹൃദയമാകുന്നു. പുറം ചട്ടയണിഞ്ഞത്. കപടവിശ്വാസികളുടേത്.

ആവരണമില്ലാത്ത ശുദ്ധഹൃദയം ദീപംപോലെ അത് പ്രകാശിക്കുന്നു... അത് സത്യവിശ്വാസിയുടെ ഹൃദയമാകുന്നു. 

സത്യവിശ്വാസവും കാപട്യവും കലർന്ന ഹൃദയം, ഈമാൻ ശുദ്ധജലം കൊണ്ടു വളരുന്ന വൃക്ഷം പോലെയും. കാപട്യം രക്തവും ചലവും നിറഞ്ഞ വ്രണം പോലെയുമാകുന്നു. ഇവയിൽ ഏത് മറ്റൊന്നിനെ അതിജയിക്കുന്നുവോ അത് വിജയിക്കും.


ഒരു ദിവസം ഹുദൈഫ (റ) നബിﷺയോട് ചോദിച്ചു: “നബിയേ, എന്റെ നാവ് വളരെ വാചാലമാണ്. അത് ഞാൻ നരകത്തിൽ പ്രവേശിക്കാൻ കാരണമായേക്കുമോ..?”

നബി ﷺ ചോദിച്ചു: “നീ നിന്റെ നാവുകൊണ്ട് അല്ലാഹു ﷻ വിനോട് പാപമോചനത്തിനു വേണ്ടി കൂടുതലായി പ്രാർത്ഥിക്കാറില്ലേ..?''

അദ്ദേഹം പറഞ്ഞു: “അതെ, ഒരു ദിവസം നൂറു പ്രാവശ്യമെങ്കിലും ഞാൻ അങ്ങനെ ചെയ്യാറുണ്ട്.''

ഹുദൈഫ(റ)വിന്റെ പിതാവ് ഹുസൈൽ (റ) ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകളുടെ കയ്യാൽ വധിക്കപ്പെടുകയാണുണ്ടായത്. മറുപക്ഷക്കാരനാണെന്ന് തെറ്റിദ്ധരിച്ച് മുസ്ലിംകൾ അദ്ദേഹത്തെ എതിരിടുകയാണുണ്ടായത്. ഈ സംഭവം യാദ്യഛികമായി കണ്ണിൽപ്പെട്ട ഹുദൈഫ (റ) തന്റെ പിതാവിന്റെ രക്ഷക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും അവർ അദ്ദേഹത്തെ വധിച്ചുകഴിഞ്ഞിരുന്നു. 

അബദ്ധം മനസ്സിലാക്കിയ ഘാതകർ ഹുദൈഫ (റ) വിനോട് ദുഃഖവും സഹതാപവും രേഖപ്പെടുത്തി. അവരോട് ഹുദൈഫ (റ) അനുകമ്പാപൂർവ്വം പറഞ്ഞു: “അല്ലാഹു ﷻ നിങ്ങൾക്ക് പൊറുത്തു തരട്ടെ. അവൻ വളരെ കൃപാലുവാകുന്നു.”

ഹുദൈഫ (റ) പിന്നെയും രണാങ്കണത്തിലിറങ്ങി തന്റെ ബാദ്ധ്യത നിർവ്വഹിച്ചു കൊണ്ടിരുന്നു. പ്രസ്തുത സംഭവമറിഞ്ഞ നബി ﷺ ഘാതകരെ വിളിച്ച് ഹുദൈഫ(റ)വിന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടു. പക്ഷെ ഹുദൈഫ (റ) അത് സ്വീകരിച്ചില്ല. അവർക്ക് നിരുപാധികം മാപ്പു നൽകി.

ജീവൻ പണയപ്പെടുത്തി ഖന്തഖ് യുദ്ധത്തിൽ ഹുദൈഫ (റ) കാണിച്ച സാഹസം ഉൾപ്പുളകമുണ്ടാക്കുന്നതാണ്. ശത്രുസൈന്യം പരാജയത്തിന്റെ വക്കോളമെത്തിക്കഴിഞ്ഞിരുന്നു. അവരുടെ അന്തിമമായ നിലപാട് അറിഞ്ഞുവരാൻ നബി ﷺ രഹസ്യമായി അദ്ദേഹത്തെ ശത്രുപാളയത്തിലേക്ക് അയച്ചു. 

പർവ്വതങ്ങളെപ്പോലും കടപുഴക്കുന്ന കൊടുങ്കാറ്റും ഭീകരമായ കൂരിരുട്ടും വകവെയ്ക്കാതെ അദ്ദേഹം രഹസ്യമായി ശത്രുപാളയത്തിലെത്തി. ഒരു മിന്നാമിനുങ്ങിന്റെ പ്രകാശം പോലും കൊടുങ്കാറ്റ് അവിടെ അനുവദിച്ചില്ല. അദ്ദേഹം അവർക്കിടയിൽ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. 

അതിനിടയിൽ ശത്രുസൈന്യത്തിന്റെ നേതാവ് അബൂസുഫ്യാൻ ഇങ്ങനെ വിളിച്ച് പറഞ്ഞു: “യോദ്ധാക്കളെ, നിങ്ങൾ ഓരോരുത്തരും കൈകോർത്തു പിടിക്കുക. തന്റെ സമീപസ്ഥൻ ആരാണെന്നറിയാൻ തന്റെ സ്നേഹിതന്റെ പേര് ചോദിക്കുക. ശത്രുചാരൻമാർ നമുക്കിടയിൽ നുഴഞ്ഞുകേറാതിരിക്കട്ടെ.”

ഇത് കേട്ടമാത്രയിൽ ഹുദൈഫ (റ) തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരു സൈനികന്റെ കൈപിടിച്ചു. അവന്റെ പേര് ചോദിക്കുകയാണുണ്ടായത്. അതോടെ ഹുദൈഫ(റ)വിന്റെ സാന്നിദ്ധ്യത്തിന്ന് സുരക്ഷിതത്വം ലഭിച്ചു! 

അബൂസുഫ്യാൻ തന്റെ പ്രഖ്യാപനം തുടർന്നു: “ഖുറൈശികളെ, നിങ്ങൾ അനുയോജ്യമായ ഒരു നിലപാടിലല്ല ഇന്നുള്ളത്. നമ്മുടെ ഒട്ടകങ്ങളും കുതിരകളും ഭക്ഷണ സാധനങ്ങളുമെല്ലാം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. ബനുഖുറൈളയുടെ നിലപാടാകട്ടെ ആശാവഹമല്ലതാനും. അവർ നമ്മോട് വാഗ്ദത്തം ലംഘിച്ചിരിക്കുന്നു. ഒരു വിളക്ക് വെക്കാനോ തമ്പ്കെട്ടാനോ സാദ്ധ്യമല്ലാത്ത ഈ കൊടുങ്കാറ്റിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? അതുകൊണ്ട് നമുക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാം.”

അബൂസുഫ്യാന്റെ പ്രഖ്യാപനം കഴിഞ്ഞശേഷം ഹുദൈഫ (റ) സുരക്ഷിതനായി നബിﷺയുടെ അടുത്ത് ചെന്ന് ശത്രുസൈന്യത്തിന്റെ നിലപാട് അറിയിച്ചു.

ഇസ്ലാമിക ചരിത്രത്തിൽ നിസ്തുലമായ ത്യാഗത്തിന്റെ വീരഗാഥ രചിച്ച നഹാവന്ത് യുദ്ധത്തിൽ ഹുദൈഫ (റ) പങ്ക് മഹത്തരമായിരുന്നു. ഒന്നരലക്ഷത്തോളം വരുന്ന പേർഷ്യൻ സൈന്യത്തെ നേരിട്ട കേവലം മുപ്പതിനായിരം മാത്രമുള്ള മുസ്ലിംകൾക്ക് ധീരോദാത്തമായ നേതൃത്വം നൽകിയവരിൽ ഒരാൾ ഹുദൈഫ (റ) ആയിരുന്നു.

ഹമദാൻ, റയ്യ്, ദൈനവർ എന്നീ ചരിത്രപ്രസിദ്ധമായ പ്രവിശ്യകൾ ഇസ്ലാമിന്ന് നേടിക്കൊടുത്തത് ആ കരങ്ങളായിരുന്നു.

ചരിത്രപ്രസിദ്ധമായ കുഫാപട്ടണത്തിന്റെ സ്ഥാപനത്തിന്ന് വേണ്ടി അതിന്നു പറ്റിയ ഭൂപ്രകൃതിയും കാലാവസ്ഥയും തിരഞ്ഞുപിടിച്ച ഹുദൈഫ (റ) വലിയ

ബുദ്ധിമാനും അനുഭവജ്ഞാനിയുമായിരുന്നു. അദ്ദേഹം ജനങ്ങളെ എപ്പോഴും ഇങ്ങനെ ഉപദേശിക്കുമായിരുന്നു:

“നിങ്ങളിലുത്തമൻ പരലോകത്തിന്ന് വേണ്ടി ഇഹലോകത്തെയോ, ഇഹലോകത്തിന്നു വേണ്ടി പരലോകത്തെയോ ഉപേക്ഷിക്കുന്നവനല്ല. നേരെ മറിച്ച് രണ്ടും നേടുന്നവനാകുന്നു.''

ഹിജ്റ 36ാമത്തെ വർഷം അദ്ദേഹം ദിവംഗതനായി. മരണശയ്യയിൽ കിടക്കുന്ന ഹുദൈഫ (റ) വിനെ സനേഹിതൻമാർ സന്ദർശിച്ചു. അദ്ദേഹം അവരോട് ചോദിച്ചു:

“നിങ്ങൾ എന്നെ കഫൻ ചെയ്യാൻ വസ്ത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ?''

അവർ പുതിയതും ഭംഗിയുള്ളതുമായ കുറച്ച് തുണികളെടുത്തു അദ്ദേഹത്തിന്ന് കാണിച്ച് കൊടുത്തു.

അദ്ദേഹം പറഞ്ഞു: “ഇത് എനിക്ക് വേണ്ട, രണ്ടു കഷണം വെളുത്ത തുണി മാത്രം മതി. ഖബറിൽ ഉപേക്ഷിക്കാൻ കുറച്ചു മതി.''

അന്തിമമായി അദ്ദേഹത്തിന്റെ അധരങ്ങൾ ചലിച്ചു: “മരണമേ സ്വാഗതം.. ദുഃഖിച്ചിട്ടെന്തുഫലം.പ്രിയങ്കരനായ സ്നേഹിതൻ തന്നെയാണ് മരണം.''


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

ഖൈസുബ്നു സഅദ് (റ)

 

ഖൈസ്(റ)വിന്റെ കുട്ടിക്കാലത്ത് തന്നെ അൻസാരികൾ അദ്ദേഹത്തോട് ഒരു നേതാവിനോടെന്ന പോലെയാണ് പെരുമാറിയിരുന്നത്. അവർ പറയുമായിരുന്നു: “പണംകൊടുത്തു താടിവാങ്ങാൻ കിട്ടുമായിരുന്നെങ്കിൽ നമുക്ക് ഖൈസിന്ന് ഒരു താടിവാങ്ങിക്കൊടുക്കാമായിരുന്നു.”

ഖൈസ് (റ) കുട്ടിയായിരുന്നെങ്കിലും നേതൃപദവി അലങ്കരിക്കാൻ താടിയുടെ  കുറവ് മാത്രമേ അവരുടെ ദൃഷ്ടിയിൽ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ! 

അൻസാരികളുടെ നേതാവായ സഅദ്ബ്നുഉബാദ(റ)വിന്റെ പുത്രനായിരുന്നു ഖൈസ് (റ). ഖസ്റജ് ഗോത്രക്കാരായിരുന്നു അവർ. അവരുടെ കുടുംബം ധർമ്മ ശീലത്തിൽ പ്രസിദ്ധമായിരുന്നു. നബി ﷺ അവരെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “ധർമ്മം ഈ കുടുബത്തിന്റെ പ്രത്യേക ലക്ഷണമാകുന്നു.”

ഖൈസ് (റ) ബുദ്ധിവൈഭവം, യുക്തി, സാമർത്ഥ്യം, സൂത്രം എന്നീ ഗുണങ്ങളിൽ നിസ്തുലനായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു: “ഇസ്ലാമില്ലായിരുന്നെങ്കിൽ അറബികളെ മുഴുവനും ഞാൻ കബളിപ്പിക്കുമായിരുന്നു.”

സിഫ്ഫീൻ യുദ്ധത്തിൽ അദ്ദേഹം അലി (റ) വിന്റെ പക്ഷത്തായിരുന്നു. അദ്ദേഹത്തിന്റെ ചില നിഗൂഢതന്ത്രങ്ങൾ മുആവിയാ(റ)വിന്റെ പക്ഷക്കാരെ പലപ്പോഴും വല്ലാത്ത കുഴപ്പത്തിലാക്കി. 

എതിരാളികളോടാണെങ്കിലും തന്റെ തന്ത്രം ആപൽക്കരമായ വഞ്ചനയായിത്തീരുമോ എന്ന് ഖൈസ് (റ) ഭയപ്പെട്ടു. “ചീത്തയായ ചതിപ്രയോഗം അത് ചെയ്തവർക്ക് തന്നെയാണ് ബാധിക്കുക” എന്ന പരിശുദ്ധ ഖുർആന്റെ താക്കീത് ഓർത്ത് അത്തരം തന്ത്രങ്ങളിൽ നിന്ന് അദ്ദേഹം പിന്തിരിയുകയും അല്ലാഹുﷻവിനോട് പാശ്ചാത്തപിക്കുകയും ചെയ്തു. 

പിന്നീട് അദ്ദേഹം പറഞ്ഞു: “മുആവിയ ഞങ്ങളെ പരാജയപ്പെടുത്തിയാൽ അത് അദ്ദേഹത്തിന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ടല്ല, നേരെ മറിച്ച് ഞങ്ങളുടെ സൂക്ഷ്‌മതയും ദൈവഭക്തിയും കൊണ്ടു മാത്രമാകുന്നു.”

സഅദ് (റ) തന്റെ പുത്രൻ ഖൈസ് (റ) വിന്റെ കയ്യുംപിടിച്ചുകൊണ്ടാണ് ഇസ്ലാമാശ്ലേഷിക്കാൻ നബിﷺയുടെ അടുത്ത് എത്തിയത്. അദ്ദേഹം നബി ﷺ യോട് ഇങ്ങനെ പറഞ്ഞു: “നബിയേ, അങ്ങേയ്ക്ക് ഞാനിതാ ഒരു ഭൃത്യനെ കൊണ്ടുവന്നിരിക്കുന്നു.”

ഔന്നിത്യത്തിന്റെയും നൻമയുടെയും എല്ലാ അടയാളങ്ങളും ഖൈസ്(റ)വിൽ നബി ﷺ കണ്ടു. നബി ﷺ അദ്ദേഹത്തിന് അവിടുത്തെ സാമീപ്യം നൽകി. അദ്ദേഹം അതിന്നർഹനായിരുന്നു. 

അനസ് (റ) ആ ബന്ധത്തെക്കുറിച്ച് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി : “ഒരു ഭരണാധികാരിയുടെ സന്നിധിയിൽ അംഗരക്ഷകനെന്നപോലെയായിരുന്നു ഖൈസ് നബിﷺയുടെ കൂടെ വർത്തിച്ചിരുന്നത്!” 

ഖൈസിന്റെ (റ) ധർമ്മശീലം കിടയറ്റതായിരുന്നു എന്ന് പറഞ്ഞുവല്ലോ.. അത് അദ്ദേഹത്തിന്റെ കുടുംബവൈശിഷ്ട്യമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം പകൽസമയം ഉയർന്ന കുന്നിൽ ഒരാളെ നിർത്തി ജനങ്ങളെ ഭക്ഷണം കഴിക്കാൻ ഉച്ചത്തിൽ കൂകിവിളിച്ചു വരുത്തുമായിരുന്നു. രാത്രിയിൽ ഉയരത്തിൽ തീ കത്തിക്കുകയും ജനങ്ങൾ അത് കണ്ട് ഭക്ഷണത്തിന് അങ്ങോട്ട് കേറിച്ചെല്ലുകയും ചെയ്തിരുന്നു. 

മാംസവും കൊഴുപ്പും കഴിക്കാനാഗ്രഹിക്കുന്നവർ ദുലൈമുബ്നു ഹാരിസയുടെ കുന്നിൻ മുകളിലേക്ക് ചെല്ലുക എന്ന് നാട്ടുകാർ പറയുമായിരുന്നു. ദുലൈമുബ്നു ഹാരിസ ഖൈസിന്റെ (റ) പിതാമഹനായിരുന്നു. 

അബൂബക്കർ (റ)വും ഉമർ (റ)വും ഖൈസിന്റെ (റ) ധർമ്മസ്വഭാവത്തെ കുറിച്ച്  ഇങ്ങനെ പറഞ്ഞു: “ഈ യുവാവിനെ ഇങ്ങനെ ധർമ്മം ചെയ്യാൻ വിട്ടാൽ, അയാൾ അയാളുടെ പിതാവിന്റെ സമ്പത്ത് മുഴുവനും നശിപ്പിക്കും!”


ഒരിക്കൽ ഒരു സ്നേഹിതൻ ഖൈസ്(റ)വിന്റെ  പക്കൽ നിന്ന് ഒരു വലിയ തുക കടം വാങ്ങി. നിശ്ചിത സമയത്ത് അത് മടക്കിക്കൊടുത്തപ്പോൾ ഖൈസ് (റ) അത് വാങ്ങാൻ കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: ഞങ്ങൾ കൊടുത്തത് ഒരിക്കലും മടക്കിവാങ്ങാറില്ല. 

ധർമ്മവും ധൈര്യവും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണല്ലോ. ധർമ്മിഷ്ഠൻ ധൈര്യവാനും, ധൈര്യവാൻ ധർമ്മിഷ്ഠനുമായിരിക്കും. ധൈര്യമില്ലാത്തവന്റെ ധർമ്മം കേവലം പ്രകടനമായിരിക്കും. ധർമ്മിഷ്ഠനല്ലാത്തവന്റെ ധൈര്യം താൽക്കാലികമായ  ഒരു എടുത്തുചാട്ടവും! 

ഖൈസ് (റ) വിന്റെ ഒരു കയ്യിൽ ധർമ്മത്തിന്റെയും മറുകയ്യിൽ ധൈര്യത്തിന്റെയും പതാക പാറിക്കൊണ്ടിരുന്നു. 

നബിﷺയുടെ ജീവിതകാലത്ത് നടന്ന എല്ലാ രണാങ്കണങ്ങളിലും ഖൈസ് (റ) അത് പ്രകടപ്പിക്കുകയും ചെയ്തു. നബിﷺക്ക് ശേഷം നടന്ന യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് പ്രസ്താവ്യമായിരുന്നു. അലി(റ)വും മുആവിയ(റ)വും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ ഖൈസ് (റ) അലി(റ)വിന്റെ പക്ഷത്തായിരുന്നു. 

സിഫ്ഫീൻ, ജമൽ, നഹർവാൻ എന്നീ സമരങ്ങളിൽ അൻസാരികളുടെ പതാക വഹിച്ചിരുന്നത് ഖൈസ് (റ) ആയിരുന്നു. യുദ്ധക്കളത്തിൽ അദ്ദേഹം ഇങ്ങനെ പാടിക്കൊണ്ടിരുന്നു: “ഞങ്ങൾ നബി ﷺ യുടെ കൂടെ വഹിച്ചിരുന്ന പതാകയാണിത്, ജിബ്രീൽ (അ) അന്ന് ഞങ്ങളുടെ സഹായിയുമായിരുന്നു! 

ഭരണാധികാരവും സ്ഥാനമാനങ്ങളുമെല്ലാം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സേവനത്തിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. അലി(റ)വിന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ താങ്ങുംതണലുമായി ഖൈസ് (റ) നിലകൊണ്ടു. അലി(റ)വിന്റെ മരണാന്തരം ഖിലാഫത്തിന്റെ യഥാർത്ഥ അവകാശി അലി(റ)വിന്റെ മൂത്തപുത്രൻ ഹസൻ(റ) ആണെന്ന് ഖൈസ് (റ) വിശ്വസിച്ചു. അദ്ദേഹം ഹസൻ(റ)വിന് ബൈഅത്ത് ചെയ്തു. 

അലി(റ)വിന്റെ മരണത്തിലുള്ള ദുഃഖപ്രകടനമന്ന നിലക്ക് തലമൊട്ടയടിച്ച് അയ്യായിരം സൈനികരുമായി ഖൈസ് (റ) യുദ്ധത്തിനിറങ്ങി എന്ന് പറയപ്പെടുന്നു. 

ഹസൻ (റ) ആവട്ടെ, മുസ്ലിം സമുദായത്തിനു പറ്റിയ മുറിവുകൾ ഉണക്കിക്കളഞ്ഞും മാത്സര്യംവെടിഞ്ഞും സൗഹാർദപരമായി മുന്നേറാനും അതിന്നുവേണ്ടി സ്വയം ഖിലാഫത്ത് ഒഴിഞ്ഞ് മുആവിയ(റ)വിന് ബൈഅത്ത് ചെയ്യാനും തീരുമാനിച്ചു. 

ഖൈസ് (റ) തന്റെ നിലപാട് പുനഃപ്പരിശോധിക്കുകയും ഹസൻ (റ) വിന്റെ തീരുമാനം അംഗീകരിക്കുകയും ചെയ്തു. തന്റെ കീഴിൽ സംഘടിച്ച സൈനികർക്ക് ഖൈസ് (റ) മുആവിയ (റ) വിൽ നിന്ന് സംരക്ഷണം വാങ്ങിക്കൊടുത്തു. 

മുസ്ലിം ചരിത്രത്തിലെ ശോകമൂകമായ ആ കറുത്ത അദ്ധ്യായം അതോടുകൂടി  തൽക്കാലം അവസാനിച്ചു. ഹിജ്റ 59ാമത്തെ വർഷം ഖൈസ് (റ) മദീനയിൽ വഫാത്തായി.


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

Thursday 10 June 2021

ഉബയ്യുബ്നു കഅ്ബ് (റ)

 

മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തു വന്ന മുഹാജിറായ സ്വഹാബിയാണ് സഈദുബ്നു സൈദ് (റ). ഓരോ മുഹാജിറിനും അൻസാരിയായ ഒരു സ്വഹാബിയെ റസൂലുല്ലാഹി ﷺ സഹോദരനാക്കിക്കൊടുത്തിരുന്നു.

സഈദുബ്നു സൈദ് (റ)വിന്റെ സഹോദരൻ, അതായത് റസൂലുല്ലാഹി ﷺ മദീനയിൽ സഈദ് (റ)വിന് സഹോദരനാക്കിക്കൊടുത്തത് ഉബ യ്യുബ്നു കഅ്ബ് (റ) എന്ന അൻസാരിയെയാണ്. 

അൻസാർ എന്ന അറബി വാക്കിന് സഹായികൾ എന്നാണർത്ഥം.

അൻസാരി എന്നു പറഞ്ഞാൽ അൻസാറിൽ പെട്ട സ്വഹാബി എന്നർത്ഥം. മുഹാജിർ എന്ന വാക്കിന് ഹിജ്റ ചെയ്ത ആൾ എന്നാണർത്ഥം.

നബി ﷺ തങ്ങൾ പറഞ്ഞതായി അനസുബ്നു മാലിക് (റ) ഉദ്ധരിക്കുന്നു: എന്റെ സമുദായത്തിൽ ഏറ്റവും നല്ല ഖുർആൻ പണ്ഡിതൻ ഉബയ്യുബ്നു കഅ്ബ് (റ) ആകുന്നു. 

സ്വഹീഹായ ഒരു ഹദീസിൽ ഇപ്രകാരമുണ്ട്: റസൂലുല്ലാഹി ﷺ തങ്ങൾ ഉബയ്യ് (റ)വിനോട് ഒരിക്കൽ പറഞ്ഞു: ലം യകുനില്ലദീന കഫറൂ എന്നു തുടങ്ങുന്ന സൂറത്ത് നിങ്ങൾക്ക് ഓതിത്തരാൻ അല്ലാഹു ﷻ എന്നോട് കൽപിച്ചു.

അപ്പോൾ ഉബയ്യ് (റ) കമ്പത്തോടെ ചോദിക്കുകയാണ് : അല്ലാഹു ﷻ അങ്ങയോട് എന്റെ പേര് പറഞ്ഞോ..? റസൂലുല്ലാഹി ﷺ പറഞ്ഞു: അതേ, അപ്പോൾ ഉബയ്യ് (റ) വിലപിക്കാൻ തുടങ്ങി...

അബ്ദുല്ലാഹിബ്നി ഉമർ (റ) പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നാലു പേരിൽ നിന്നും നിങ്ങൾ വിശുദ്ധ ഖുർആൻ അഭ്യസിക്കുക; ഇബ്നു മസ്ഊദിൽ (റ) നിന്നും, അബൂ ഹുദൈഫ (റ) വിന്റെ മൗല (അടിമത്തെ മോചനം ചെയ്യപ്പെട്ട ആൾ) സാലിമിൽ (റ) നിന്നും, ഉബയ്യുബ്നു കഅ്ബിൽ (റ) നിന്നും, മുആദുബ്നു ജബലിൽ (റ) നിന്നും.


ഒരിക്കൽ റസൂലുല്ലാഹി ﷺ ഉബയ്യുബ്നു കഅ്ബിനോട് (റ) അരുൾച്ചെയ്തു: അല്ലയോ അബുൽ മുൻദിർ, ഇൽമ് നിങ്ങൾക്ക് എളുപ്പമാകട്ടെ...

ഉബയ്യുബ്നു കഅ്ബ് (റ) മുസ്ലിംകളുടെ നേതാവാണെന്ന് ഉമറുബ്നുൽ ഖത്താബ് (റ) പറയാറുണ്ടായിരുന്നു.


ഉബയ്യുബ്നു കഅബ് (റ) വിന്റെ പൂർണ നാമം ഉബയ്യുബ്നു കഅ്ബുബ്നി ഖൈസുബ്നി ഉബൈദിബ്നി സൈദുബ്നി മുആവിയത്തബ്നി അംറുബ്നി മാലിക്ബ്നു നജ്ജാർ എന്നത്രെ. 

തന്റെ പിതാമഹനായ നജ്ജാർ എന്നവർക്ക് നജ്ജാർ എന്നെങ്ങെനെ പേരുകിട്ടി..? നജ്ജാർ എന്നാൽ ആശാരി (carpenter) എന്നാണല്ലോ അർത്ഥം. അദ്ദേഹം ആശാരിയായിരുന്നോ? അല്ല. പിന്നെന്തേ ഈ പേരു വന്നത്..? 

രണ്ടു കാരണങ്ങൾ അതിന് പറഞ്ഞു വരുന്നുണ്ട്. ഒന്ന് ഇതാണ്: അതായത്, കോടാലി കൊണ്ടാണ് അദ്ദേഹം ചേലാകർമം ചെയ്തത്. 

മറ്റൊരഭിപ്രായമുള്ളത് ഇതാണ്: ഒരാളുടെ മുഖം കോടാലി കൊണ്ട് ഈർന്നു. അദ്ദേഹത്തിന് അങ്ങനെ നജ്ജാർ എന്ന സ്ഥാനപ്പേര് ലഭിച്ചു.

ഖസ്റജ് കുടുംബാംഗമാണ് ഉബയ്യ് (റ). അൻസ്വാരിയായ സ്വഹാബി നാം മുകളിൽ പറഞ്ഞ നജ്ജാർ എന്നവർ

ഉബയ്യ് (റ) വിന്റെ പിതൃ പരമ്പരയിൽ എട്ടാമത്തെ ആളായിവരുന്നു. ഉബയ്യ് (റ)വിന്റെ പിതാവ് ഖൈസിന്റെ പിതാവ് ഉബൈദ്. ഉബൈദിന്റെ പിതാവ് സൈദ്. സൈദിന്റെ പിതാവ് മുആവിയ. മുആവിയയുടെ പിതാവ് അംറ്. അംറിന്റെ പിതാവ് മാലിക്. മാലികിന്റെ പിതാവ് നജ്ജാർ.

രണ്ട് ഉപനാമങ്ങളുണ്ട് ഉബയ്യുബ്നു കഅ്ബ് (റ)വിന്. ഒന്ന് അബുൽ മുൻദിർ. റസൂലുല്ലാഹിﷺയാണ് ആ ഉപനാമം കഅ്ബ് (റ)വിന് സമ്മാനിച്ചത്. 

തുഫൈൽ എന്ന ഒരു മകനുണ്ട് ഉബയ്യുബ്നു കഅ്ബ് റളിയല്ലാഹു അൻഹുവിന്. തുഫൈലിന്റെ പേരിനോട് ചേർത്തുകൊണ്ട് അബൂത്തുഫൈൽ എന്ന ഒരു ഉപനാമവുമുണ്ട് ഉബയ്യ് (റ) വിന്. 

അബൂത്തുഫൈൽ എന്ന ഉപനാമം ഉബയ്യിന് നൽകിയതാരെന്നറിയുമോ..? അല്ലാഹുﷻവിന്റെ റസൂൽ ﷺ യുടെ ഖലീഫയും, അവിടുത്തെ ഭാര്യാപിതാവുമായിരുന്ന ഹദ്റത്ത് ഉമറുബ്നുൽ ഖത്താബ് (റ).

ഉബയ്യുബ്നു കഅ്ബ് (റ) ഒത്ത ഉയരം.  അധികം നീണ്ടതോ കുറിയതോ അല്ല ആ ഗോത്രം. വെള്ളത്തലമുടി, വെള്ളത്താടി, കൃശഗാത്രൻ, എല്ലാവരുമായും പെട്ടന്നങ്ങ് ഇണങ്ങുന്ന പ്രകൃതമല്ല. കുറച്ച് സങ്കോചമുള്ള വ്യക്തിത്വം.

ഏറ്റവും ആദ്യമായി ഇസ്ലാമിലേക്ക് വന്നവരിൽപ്പെടുന്നു ഉബയ്യ് (റ). രണ്ടാം അഖബ ഉടമ്പടിയിൽ മക്കയിൽ വെച്ച് ഉബയ്യ് (റ) നബിﷺയുമായി കരാർ ചെയ്തു. എഴുപത് പേരുണ്ടായിരുന്നു അതിൽ ഉടമ്പടി ചെയ്തവർ. അബ് യള്, അഹ്മർ യുദ്ധത്തിൽ പങ്കുകൊള്ളും. നബി ﷺ മദീനയിലേക്ക് പാലായനം ചെയ്താൽ സംരക്ഷണം നൽകും. സ്വന്തം മക്കളെയും സ്ത്രീകളെയും സംരക്ഷിക്കുന്നതു പോലെ റസൂലിനെ (ﷺ) കാത്തരുളും. ഇതെല്ലാമായിരുന്നു ഉടമ്പടിയുടെ ആകെത്തുക. 

ദീൻ പ്രചരിപ്പിക്കാനും, ശത്രുക്കളിൽ നിന്ന് റസൂലിനെ (ﷺ) ഏതുവിധേനയും സംരക്ഷിക്കാനും അവർ സ്വയം ഉത്തരവാദിത്തമേറ്റു.


ബദ്ർ യുദ്ധത്തിലും മറ്റെല്ലാ ധർമ സമരങ്ങളിലും നബിﷺയോടൊപ്പം ഉബയ്യ് (റ) പങ്കെടുത്തു. ഒരു യുദ്ധത്തിൽ അദ്ദേഹം അനുഭവിച്ച ക്ലേശങ്ങളും ബുദ്ധിമുട്ടുകളും അദ്ദേഹം തന്നെ നമുക്ക് വിവരിച്ച് തന്നിരിക്കുന്നു. 

അബൂ മൂസൽ അശ്അരി (റ)വിന്റെ നിവേദനമനുസരിച്ചാണ് അദ്ദേഹം ആ കഥ വിവരിക്കുന്നത്; അത് കാണുക: ഒരു യുദ്ധത്തിൽ ഞങ്ങൾ റസൂലുല്ലാഹി ﷺ യോടൊപ്പം പുറപ്പെട്ടു. ഞങ്ങൾ ആറുപേരുള്ള ഒരു സംഘമായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും കൂടി സവാരിക്ക് ഒരേയൊരു ഒട്ടകം. ഊഴം വെച്ച് ഞങ്ങളതിൽ കയറി യാത്ര ചെയ്തു.

അങ്ങനെ ഞങ്ങളുടെ പാദങ്ങൾ തേഞ്ഞുപോയി. നടന്നു നടന്ന് ക്ഷീണിച്ചതിന്റെ ഫലമായി എന്റെ ഇരു കാലിന്റെയും അടി ഭാഗം ആകെ തേഞ്ഞു പോയിരിക്കുന്നു. ഞങ്ങൾ തുണിക്കഷ്ണങ്ങൾ വെച്ച് കാലുകൾ പൊതിയുകയായിരുന്നു. 

കാലുകളിൽ ഞങ്ങൾ തുണിക്കഷ്ണങ്ങൾ വെച്ചു കെട്ടിയിരുന്നതിനാലാണ് ആ യുദ്ധത്തിന്റെ പേരു തന്നെ ദാത്തു രിഖാഅ് എന്നായിത്തീർന്നത്.

ഭൂരിപക്ഷാഭിപ്രായപ്രകാരം ഈ യുദ്ധം നടന്നത് ഹിജ്റ ഏഴാം കൊല്ലം റബീഉൽ അവ്വൽ മാസത്തിലാണ്. നാനൂറോ, എഴുനൂറോ സ്വഹാബിമാരെയും കൂട്ടി നബി ﷺ ഈ യുദ്ധത്തിനു വേണ്ടി പുറപ്പെട്ടു. നഖ്ലു അലി എന്ന സ്ഥലം വരെ അവർ പോയി. മദീനയിൽ നിന്ന് കുതിരപ്പുറത്ത് സഞ്ചരിക്കുകയാണെങ്കിൽ രണ്ട് ദിവസത്തെ യാത്രാ ദൂരമുണ്ട് നഖ്ലു അലിയിലേക്ക്. 

ഒരു സംഘം ഗത്ഫാൻ ഗോത്രക്കാരെ അവിടെ വെച്ച് നേരിട്ടെങ്കിലും അവർ വേഗം സന്ധിയിലായി. അവർ തമ്മിൽ യുദ്ധമുണ്ടായില്ല.

അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങളുടെ സ്വഹാബത്തിന് എപ്പോഴും കാര്യമായ ശ്രദ്ധയും പരിഗണനയും ഉൽക്കണ്ഠയും ഉത്സാഹവും തങ്ങളുടെ റബ്ബിന്റെ പൊരുത്തം കിട്ടുന്നതിലും അവനോട് അടുക്കുന്നതിലും തന്നെയായിരുന്നു. അതോടൊപ്പം അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങൾ അവർകളുടെ സ്നേഹവും അവർക്ക് ലഭിക്കണം. അക്കാര്യത്തിൽ അവർക്കിടയിൽ ശരിക്കും മത്സരമായിരുന്നു.

നന്മയുടെ മാർഗത്തിൽ ആ പുണ്യ പുരുഷന്മാർ അഹമഹമികയാ മുന്നോട്ടു വന്നു. ഉൽകൃഷ്ടരാകാനുള്ള അഭിനിവേശമായിരുന്നു അവർക്ക്. 

അതുകൊണ്ടു തന്നെ ഔന്നിത്യത്തിന്റെയും പരിശുദ്ധിയുടെയും അത്യുന്നത വിതാനത്തിലേക്ക് ഉയരാനുള്ള വഴികളായിരുന്നു അവർ റസൂലുല്ലാഹി ﷺ തങ്ങളോട് എപ്പോഴും അന്വേഷിച്ചു കൊണ്ടിരുന്നത് എന്നു നാം ചരിത്രത്തിൽ കാണുന്നു.


ഉബയ്യുബ്നു കഅ്ബിന്റെ മഹാനായ പുത്രൻ തുഫൈൽ (റ). മഹാനായ തുഫൈൽ ബിൻ ഉബയ്യിബ്നി കഅ്ബ് (റ) തന്റെ മഹാനായ പിതാവ് ഉബയ്യുബ്നു കഅ്ബ് (റ) അവർകളിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക: രോമാഞ്ചജനകവും, പ്രവാചക സ്നേഹികളെ സംബന്ധിച്ചിടത്തോളം ഏറെ ഉൾപുളകമുണ്ടാകുന്നതുമായ മഹത്തായ വൃത്താന്തം.

അല്ലാഹുﷻവിന്റെ തിരുദൂതർ ﷺ തങ്ങൾ രാവിന്റെ മൂന്നിൽ രണ്ട് പിന്നിട്ടാൽ എഴുന്നേറ്റു വന്ന് ഇപ്രകാരം ഉൽഘോഷിക്കുമായിരുന്നു: അല്ലയോ ജനങ്ങളേ, അല്ലാഹു ﷻ വിനെ സ്മരിക്കൂ, അല്ലാഹു ﷻ വിനെ സ്മരിക്കൂ.., സൂർ എന്ന കാഹളത്തിലെ പ്രഥമ ഊത്ത് റാജിഫ മുഴങ്ങിക്കഴിഞ്ഞു. ഇനി റാദിഫ എന്ന രണ്ടാമത്തെ ഊത്ത് പിന്നാലെ വരും. മരണം അതിന്റെ സകല ഭീകരതകളോടെയും വന്നു കഴിഞ്ഞു. മൃത്യു അതിന്റെ മുഴുവൻ ഭീകരതകളുമായും ഇവിടെ വന്നു കഴിഞ്ഞു.

ഉബയ്യുബ്നു കഅ്ബ് (റ) പറയുകയാണ്. അപ്പോൾ ഒരിക്കൽ ഞാൻ ചോദിക്കുകയുണ്ടായി: അല്ലാഹു ﷻ വിന്റെ റസൂലേ (ﷺ), ഞാൻ നിങ്ങളുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലാറുണ്ട്. എത്ര സ്വലാത്താണ് എന്റെ പ്രാർത്ഥനാ വചനങ്ങളിൽ നിന്നും ഞാൻ അങ്ങേക്കായി നീക്കി വെക്കേണ്ടത്..? പുണ്യ നബിﷺയുടെ തിരുമൊഴി  നീ ഉദ്ദേശിക്കുന്നത്ര തന്നെ...

ഞാൻ ചോദിച്ചു: എന്റെ ദിവസേനയുള്ള പ്രാർത്ഥനകളിൽ നിന്നും കാൽഭാഗം അങ്ങേക്കു വേണ്ടിയുള്ള സ്വലാത്തിനായി നീക്കി വെക്കട്ടെയോ..?

പുണ്യ റസൂൽ ﷺ തങ്ങളുടെ പ്രതിവചനം: നീ ഉദ്ദേശിക്കുന്നത് ചൊല്ലിക്കൊള്ളൂ. ഇനി നീ പറഞ്ഞതിലും വർധിപ്പിച്ചാൽ അത് നിനക്ക് ഉത്തമം തന്നെ ഉബയ്യേ...

ഞാൻ ചോദിച്ചു: അപ്പോൾ പകുതിയാക്കിയാലോ..?

നബി കരീം ﷺ തങ്ങളുടെ പ്രതികരണം : ഉദ്ദേശിക്കുന്നത് ചൊല്ലിക്കൊള്ളുക ഉബയ്യേ.., ഇനി അതിലും കൂടുതലാക്കിയാൽ അതും നിനക്കുത്തമം തന്നെ ഉബയ്യേ...

ഞാൻ വിട്ടില്ല. വീണ്ടും ഞാൻ ആരാഞ്ഞു: അപ്പോൾ ഒരു മൂന്നിൽ രണ്ട് എന്ന തോതിൽ ചൊല്ലിയാലോ..?

അപ്പോളുമതാ ലോകഗുരു, ഇരു ലോകങ്ങളുടെയും ഒളിയായ നബി അശറഫുൽ ഖൽഖ് ﷺ പയുകയാണ്: "ഉദ്ദേശിക്കുന്നത്ര തന്നെ ചൊല്ലിക്കൊള്ളൂ ഉബയ്യേ, വർധിച്ചാൽ അത് ഉത്തമം തന്നെയാണ് ഉബയ്യേ... 

ഞാൻ ചോദിച്ചു: ഉബയ്യുബ്നു കഅ്ബ് (റ) തുടരുകയാണ്: 'എന്റെ സകലമാന പ്രാർത്ഥനകളും, സർവമാന അർത്ഥനകളും സകല മന്ത്രങ്ങളും മുഴുവൻ വളാഇഫും എല്ലാ അദ്കാറും മാറ്റി വെച്ച് വെറും അങ്ങേക്കു മേലുള്ള സ്വലാത്ത് മാത്രമാക്കി ഞാനെന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകട്ടെയോ..?'

എങ്കിൽ നിന്റെ മനോവ്യഥകൾക്കും സകല ആധികൾക്കും, വ്യാധികൾക്കുമുള്ള പരിഹാരമായി അത് ധാരാളം മതി. നിന്റെ പാപങ്ങൾ മുഴുവനും പൊറുക്കപ്പെടാൻ അതു മതി.


ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കുകയും സദാ ഖുർആൻ പാരായണത്തിൽ നിമഗ്നനാവുകയും ചെയ്തു മഹാനായ ഉബയ്യുബ്നു കഅ്ബ് (റ)...

ഉബയ്യുബ്നു കഅ്ബ് (റ)വിന് ഖുർആൻ ഓതിക്കൊടുക്കാൻ അല്ലാഹു ﷻ വിന്റെ ഹബീബായ മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങളോട് അല്ലാഹു ﷻ കൽപിച്ചിട്ടുണ്ട്. ഇതു തന്നെ പോരേ ഉബയ്യുബ്നു കഅ്ബ് റളിയല്ലാഹു അൻഹുവിന് മഹത്വത്തിനും, ആദരണീയ സ്ഥാനത്തിനും നിദർശനമായി..?!

ഉബയ്യ് ബ്നു കഅ്ബ് (റ) തന്നെ പറയട്ടെ: അല്ലാഹു ﷻ വിന്റെ റസൂൽ ﷺ എന്നോടു പറഞ്ഞു: അല്ലയോ ഉബയ്യേ, വിശുദ്ധ ഖുർആൻ താങ്കൾക്ക് ഓതിത്തരാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു.

ഞാൻ പറഞ്ഞു: ഞാൻ അല്ലാഹു ﷻ വിൽ വിശ്വസിച്ചിരിക്കുന്നു. അങ്ങയുടെ കൈക്ക് ഞാൻ മുസ്ലിമായിരിക്കുന്നു. അങ്ങയിൽ നിന്നു തന്നെ എന്റെ അധ്യയനം. 

തിരു നബി ﷺ പ്രത്യുത്തരമായി മൊഴിഞ്ഞതോ നേരത്തെ പറഞ്ഞ അതേ വാക്കു തന്നെ, ആ തിരു മൊഴി തന്നെ തിരുമേനി (ﷺ) ആവർത്തിച്ചു. അപ്പോൾ ഞാൻ പറയുകയുണ്ടായി: അല്ലാഹു ﷻ വിന്റെ റസൂലേ (ﷺ), ഞാൻ അവിടെ പരാമർശിക്കപ്പെട്ടോ? ദിവ്യ സന്നിധാനത്തിൽ എന്റെ പേര് പറയപ്പെട്ടോ റസൂലേ (ﷺ)..? 

അവിടുന്ന് (ﷺ) ഇപ്രകാരം അരുളിചെയ്തു: അതേ, താങ്കളുടെ പേര് കുടുംബം എല്ലാം അത്യുന്നത സന്നിധാനത്തിൽ പരാമർശിക്കപ്പെട്ടു. മലഉൽ അതാ (അത്യുന്നത സവിധം) യിൽ അതൊക്കെ പറയപ്പെടുക തന്നെ ചെയ്തു. ഞാൻ പറഞ്ഞു: എങ്കിൽ എനിക്ക് ഓതിത്തരൂ അല്ലാഹുﷻവിന്റെ റസൂലേ(ﷺ)..!

പരിശുദ്ധ ഖുർആനിൽ വിദഗ്ധരായ പണ്ഡിതന്മാരെയും വളരെ നല്ല രീതിയിൽ വിശുദ്ധ ഗ്രന്ഥം മനഃപാഠമാക്കിയവരെയും വിളിച്ചു കൊണ്ട് നബി ﷺ അവരോട് ഇമാമിന്റെ തൊട്ടു പിന്നിൽ നിൽക്കാൻ പറയാറുണ്ടായിരുന്നു. ഇമാമിന് ഖുർആൻ സൂക്തങ്ങളുടെ കാര്യത്തിൽ വല്ല ശങ്കയും നേരിടുകയാണെങ്കിൽ ഓർമിപ്പിക്കുന്നതിനു വേണ്ടിയത്രെ റസൂൽകരീം ﷺ തങ്ങൾ ഇപ്രകാരം ചെയ്തിരുന്നത്. ഇമാം മറന്നു പോയതാണെങ്കിൽ അവർ തിരുത്തി കൊടുത്തിരുന്നു.

ഇബ്നു അബ്ബാസ് (റ) എന്ന മഹാനുഭാവനായ സ്വഹാബിവര്യനിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: ഒരിക്കൽ അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങൾ സുബ്ഹി നിസ്കാരത്തിൽ ഒരു ഖുർആൻ സൂക്തം സംബന്ധിച്ച് സംശയത്തിലായി. 

നമസ്കാരം കഴിഞ്ഞപാടെ അല്ലാഹു ﷻ വിന്റെ തിരുദൂതർ ﷺ തങ്ങൾ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ചോദിക്കുകയാണ്: നമസ്കാരത്തിൽ ഉബയ്യ് നിങ്ങളുടെ കൂടെ പങ്കെടുത്തിരുന്നോ? ഞങ്ങൾ പറഞ്ഞു: ഇല്ല റസൂലേ (ﷺ)...

ഇബ്നു അബ്ബാസ് (റ) എന്ന മഹാനുഭാവൻ തന്നെ പറയട്ടെ. ഉബയ്യിന് ഖുർആൻ ഓതിക്കൊടുക്കുന്നതിനു വേണ്ടിയാണ് റസൂലുല്ലാഹി ﷺ തങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചതെന്ന് ജനങ്ങളെല്ലാം അഭിപ്രായപ്പെട്ടു. ഉബയ്യ് റളിയല്ലാഹു അൻഹുവിൽ നബി ﷺ തങ്ങൾ അവർകൾക്കുള്ളതെന്തുമാത്രം വലിയ വിശ്വാസമാണെന്ന് കാട്ടിത്തരുന്ന മഹനീയ സംഭവമത്രെ ഇത്. 

ഉബയ്യ് റളിയല്ലാഹു അൻഹു ഏറ്റവും നന്നായി ഖുർആൻ മനഃപാഠമാക്കുന്നുവെന്ന് നബി ﷺ തങ്ങൾ ഗ്രഹിച്ചിരുന്നു. ഉബയ്യിന്റെ ഖിറാഅത്ത് തെറ്റാനുള്ള സാധ്യത തുലോം വിരളം. വല്ലാത്ത ഓർമ ശക്തിയായിരുന്നു ഉബയ്യ് (റ) അവർകൾക്ക്. 

മഹാനായ ഉബയ്യുബ്നു കഅ്ബ് (റ) അവർകൾ ഇസ്ലാമിന്റെ രണ്ടാം ഖലീഫയായ ഉമറുബ്നുൽ ഖത്താബ് (റ) വിനോട് ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാൻ ഖുർആൻ ഓതിപ്പഠിച്ചത് ജിബ്രീൽ (അ) നിന്നും അത് നേരിട്ട് കേട്ടു പഠിച്ച മഹാനുഭാവനായ മുഹമ്മദുർറസൂലുല്ലാഹി ﷺ തങ്ങളിൽ നിന്ന് നേരിട്ട് അപ്പോൾ തന്നെ കേൾക്കുകയും അപ്പോൾ തന്നെ ഹൃദിസ്ഥമാക്കുകയും ചെയ്തു കൊണ്ടത്രെ..!! 

അതു കൊണ്ട് വളരെ ഫ്രഷായ ജ്ഞാനമാണ് വിശുദ്ധ ഖുർആൻ സംബന്ധിയായി എനിക്ക് ലഭിച്ചിട്ടുള്ളത്. പച്ചപ്പാർന്ന പരിശുദ്ധ ഖുർആൻ ജ്ഞാന നിർത്ധരി അതാണ് എനിക്ക് ലഭ്യമായിട്ടുള്ള മഹത്തായ അനുഗ്രഹം. ഇത്തരം അതി മഹത്തായ അനുഗ്രഹങ്ങളുടെ സൗരഭ്യമാണല്ലോ ഭൗതികാനുഗ്രഹങ്ങളുടെ സൗരഭ്യത്തെക്കാളും എത്രയോ ഉത്തമം. 

അതിമഹത്തായ ഇത്തരം അനുഗ്രഹങ്ങളുടെ ദൗർലഭ്യമാണ് ഭൗതികാനുഗ്രഹങ്ങളുടെ ദൗർലഭ്യത്തെക്കാളും നഷ്ടകരമായിട്ടുള്ളത്.


നബികരീം ﷺ തങ്ങൾ കഠിനവും വിഷമപൂർണവുമായ ഒരു പരീക്ഷ നടത്തി ഉബയ്യുബ്നു കഅ്ബ് (റ) വിന്. 

ചരിത്രകാരന്മാർ ആ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ആ കഠിന പരീക്ഷയിലും ഉബയ്യ് (റ) വിജയ ശ്രീലാളിതനായി. അങ്ങനെ റസൂലുല്ലാഹി ﷺ തങ്ങൾ രത്നഖജിതമായ കിരീടങ്ങളേക്കാൾ എത്രയോ അനർഘമായ സമ്മാനം ഉബയ്യുബ്നു കഅ്ബ് (റ) വിന് നൽകുകയുണ്ടായി.

ഉബയ്യുബ്നു കഅ്ബ് (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: ഉബയ്യ് (റ) പറയുകയാണ്: റസൂൽ ﷺ തങ്ങൾ എന്നോട് ചോദിക്കുകയുണ്ടായി: അല്ലയോ അബുൽ മുൻദിർ, അല്ലാഹുﷻവിന്റെ വിശുദ്ധ ഗ്രന്ഥത്തിൽ ഏറ്റവും മഹത്തായ സൂക്തമേത്..? 

ഉബയ്യ് (റ) പറയുന്നു: ഞാൻ പറഞ്ഞു:  ആയതുൽ ഖുർസിയാണ് അത്. അപ്പോൾ നബി ﷺ പറഞ്ഞു: അതെ ആയത്തുൽ ഖുർസിയാണ് അത്.

ആയതുൽ ഖുർസിയെ വർണിച്ചാൽ പൂതി മാറുമോ? എത്ര വർണിച്ചാലും മതിവരാത്ത സൂക്തമാണ് ആയത്തുൽ ഖുർസി. പ്രപഞ്ച വാദികൾ എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം, അല്ലാഹു ﷻ വിന്റെ ഭൂമിയിൽ പ്രപഞ്ചം മുഴുവനും ദൈവമാണെന്നവകാശപ്പെടുന്ന ബുദ്ധിഹീനർ. ശങ്കരൻ പ്രചരിപ്പിച്ച അദൈവമതാണ്. 

തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്ന അബദ്ധ സിദ്ധാന്തം. അൽപം പോലും മേധാശക്തി ആത്മ സാൽക്കരിക്കാത്ത ശങ്കരന്മാരുടെ മുരട്ടുവാദം. ആ പൊള്ള വാദത്തിന് ഉജ്വലമായ മറുപടി ആയത്തുൽ ഖുർസിയിലുണ്ട്. 

സകല വിഡ്ഢികളെയും ചിന്തിപ്പിക്കാൻ കഴിയുന പ്രൗഡോജ്വല ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. ആ പരിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അധ്യായമായ സൂറത്തുൽ ബഖറ, സുറത്തുൽ ബഖറയിലെ 255-ാം ആയത്തായ ആയത്തുൽ ഖുർസിയിലതാ അല്ലാഹു ﷻ പറയുന്നു: 

 مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ

ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെതല്ലോ 

പാന്തെയിസ്റ്റുകളേ, പ്രപഞ്ചം തന്നെ ദൈവമാണെന്ന് വാദിക്കുന്നവരേ, മസ്തിഷ്കം ചകിരിച്ചോറായ ആദിശങ്കർന്മാർ കേൾക്കുക! പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹു ﷻ വിന്റെതാണ്. അപ്പോൾ പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവമാണെന്ന നിങ്ങളുടെ മുരട്ടുവാദം വലിച്ചെറിയൂ അറബിക്കടലിലേക്ക്. 

സത്യത്തിനു മുമ്പിൽ നിങ്ങൾക്ക് നിലനിൽപില്ല. സത്യമിതാ വന്നണഞ്ഞിരിക്കുന്നു. അസത്യമതാ ഓടിമറയുകയായി. അസത്യം അപ്രത്യക്ഷമാകേണ്ടതു തന്നെ!


وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا

(നബിയേ, തങ്ങൾ വിളിച്ചു പറയുക! സത്യമിതാ വന്നണഞ്ഞു; അസത്യമതാ ഓടി മറയുകയായി. അസത്യം അപ്രത്യക്ഷമാകേണ്ടതു തന്നെ! അത് അപ്രകാരമാകുന്നതും തന്നെ, തീർച്ച!).


ഉബയ്യുബ്നു കഅ്ബ് (റ)വും അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങൾ അവർകളും സംഭാഷണത്തിലാണ്. നമുക്കതിലേക്ക് തിരിച്ചു പോകാം,

പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹിമയാർന്ന സൂക്തമേതെന്ന വിശ്വാചാര്യന്റെ ചോദ്യത്തിന് ശിഷ്യൻ നൽകിയ മറുപടി ആയത്തുൽ ഖുർസി എന്നായിരുന്നുവല്ലോ.. ശരിയായ ഉത്തരം.! 

അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങൾ ഉബയ്യുബ്നു കഅ്ബ് (റ) അവർകളുടെ നെഞ്ചത്ത് തട്ടിക്കൊണ്ട് പറയുകയാണ്: അബുൽ മുൻദിർ എന്ന ഉപ നാമമുള്ള ഉബയ്യുബ്‌നു കഅ്ബ് എന്നോരേ, അല്ലാഹു ﷻ നിങ്ങൾക്ക് ഇൽമെന്ന നിധി എളുപ്പത്തിൽ നേടാൻ ആവതാക്കട്ടെ...

അബുൽ മുൻദിറേ, ജ്ഞാനം നിങ്ങൾക്ക് സുഗമമാക്കട്ടെ. അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങളുടെ മധു മൊഴി. സുൽത്വാൻമാരുടെ പാരിതോഷികങ്ങൾക്കെന്തു വില..? രാജാക്കന്മാരിൽ നിന്ന് കിട്ടുന്ന ഉപഹാരങ്ങൾക്കെന്ത് വില കൽപിക്കാൻ..? ചക്രവർത്തിമാരുടെ കിരീടങ്ങളെന്തിനു കൊള്ളും..?

അല്ലാഹു ﷻ വിന്റെ ഹബീബും ഖലീലുമായ മുത്ത്നബി ﷺ തങ്ങൾ ഉബയ്യുബ്നു കഅ്ബ് (റ)വിനോട് മൊഴിഞ്ഞ ആ മുത്ത് വചനമുണ്ടല്ലോ, അതിനു മുമ്പിൽ രാജാക്കന്മാരേ നിങ്ങൾ തല കുനിക്കണം... 

നബികരീം ﷺ തങ്ങളവർകളുടെ സ്നേഹം എത്ര സമ്പാദിച്ചു മഹാനായ ഉബയ്യുബ്നു കഅ്ബ് (റ) അവർകൾ!


ഒരിക്കൽ ഉബയ്യിന് (റ) കാര്യമായ ഒരു രോഗം പിടിപെട്ടു. ഉടൻ നബി ﷺ ഡോക്ടറെ വരുത്തി. റേഡിയേഷൻ ചികിത്സയിലൂടെ ഉബയ്യിന്റെ (റ) രോഗത്തിന് ശമനം വന്നു. റേഡിയേഷന്റെ പ്രാഗ് രൂപമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ചൂടുവെപ്പിക്കുക എന്ന ഈ ചികിത്സാ സമ്പ്രദായം നബി ﷺ തങ്ങളുടെ കാലത്തേ ഉണ്ടായിരുന്നു, സംശയിക്കേണ്ടതില്ല...

ജംഉൽ ഖുർആൻ എന്ന് പറഞ്ഞാൽ പരിശുദ്ധ ഖുർആൻ ക്രോഡീകരണം. ഹിഫ്ളുൽ ഖുർആൻ എന്ന് പറഞ്ഞാൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ ഇവ രണ്ടും യഥാവിധി നിർവഹിക്കുന്നതിൽ ഉബയ്യിനേക്കാൾ (റ) മികച്ച ഒരു സ്വഹാബിയും ഉണ്ടായിരുന്നില്ല.

ഈന്തമടൽ, എല്ല്, കല്ല്, തോൽക്കഷ്ണം ഇവയിലൊക്കെ എഴുതി വച്ചതും, ഹൃദയങ്ങളിൽ ആലേഖനം ചെയ്തതുമായ പരിശുദ്ധ ഖുർആൻ വചനങ്ങളെ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കുന്ന പണി റസൂലുല്ലാഹി ﷺ തങ്ങളുടെ കാലത്തേ ആരംഭിച്ചിരുന്നു. 

നാലു പേരാണ് അതിന് നേതൃത്വം കൊടുത്തിരുന്നത്. മുഹാജിറുകളുടെ കൂട്ടത്തിൽ ആരുമില്ല അങ്ങനെ ചെയ്തവർ. അൻസ്വാറാണ് ആ കാര്യം ഭംഗിയായി നിർവഹിച്ചത്. 

പരിശുദ്ധ ഖുർആൻ ക്രോഡീകരണം നിർവഹിച്ച ആ അൻസ്വാർ മഹാത്മാക്കളുടെ പേര് ചുവടെ കൊടുക്കുന്നു:

1. ഉബയ്യുബ്നു കഅ്ബ് (റ)

2. മുആദു ബ്നു ജബൽ (റ)

3. സൈദുബ്നു സാബിത് (റ)

4. അബൂ സൈദ് (റ)

ഇവിടെ അവസാനം പരാമൃഷ്ടനായിട്ടുള്ള അബൂ സൈദ് (റ) ആരാണെന്ന് ഇവ്വിഷയകമായ ഹദീഥ് നിവേദനം ചെയ്ത അനസുബ്നു മാലിക് (റ)വിനോട് ചോദിക്കപ്പെട്ടപ്പോൾ അനസുബ്നു മാലിക് (റ)വിന്റെ പ്രത്യുത്തരം, അത് തന്റെ പിതൃവ്യരിൽപ്പെട്ട ഒരാളായിരുന്നു എന്നായിരുന്നു.

റസൂലുല്ലാഹി ﷺ തങ്ങൾ മദീനാ മുനവ്വറയിൽ ആഗമനം കൊണ്ടപ്പോൾ അവിടത്തെ ആദ്യത്തെ കത്തെഴുതുന്ന പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നുവെന്നറിയാമോ? മദീനത്തണഞ്ഞ പുണ്യറസൂൽ ﷺ യുടെ ആദ്യത്തെ കത്തെഴുത്തുകാരൻ എന്ന ബഹുമതിക്ക് പാത്രീഭൂതനായ മഹാനുഭാവൻ ഉബയ്യുബ്നു കഅ്ബ് (റ) തന്നെ. 


ഒരു ഹദീസ് കാണുക: വാഖിദി റിപ്പോർട്ട് ചെയ്തു: വാഖിദി അരുളി ചെയ്യുകയാണ്: മദീനാ ആഗമന വേളയിൽ റസൂലുല്ലാഹി ﷺ തങ്ങൾക്കു വേണ്ടി ആദ്യമായി എഴുത്തുകുത്തുകൾ നിർവഹിച്ചു പോന്നിരുന്നത് ഉബയ്യുബ്നു കഅ്ബ് (റ) എന്ന മഹാനായിരുന്നു. 

അദ്ദേഹം ഇല്ലെങ്കിൽ, അതായത് ഉബയ്യുബ്നു കഅ്ബ് റളിയല്ലാഹു തആലാ അൻഹു ഹാജരില്ലെങ്കിൽ സൈദുബ്നു സാബിത്ത് (റ) വിനെക്കൊണ്ടാണ് ഹബീബായ നബി ﷺ തങ്ങൾ എഴുതിച്ചിരുന്നത്.


ഉമറുബ്നുൽ ഖത്താബ് (റ) അവർകൾ ഉബയ്യുബ്നു കഅ്ബ് (റ)വിനെ ബഹുമാനിച്ചിരുന്നു. ഏറെ ആദരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല, പരിശുദ്ധ ഖുർആൻ ജ്ഞാനത്തിലും അതിന്റെ പാരായണ ശാസ്ത്രത്തിലും ഉബയ്യുബ്നു കഅ്ബ് (റ) തങ്ങൾക്കുള്ള മികവും പ്രതിഭയും അംഗീകരിക്കുകയും ചെയ്തിരുന്നു ഉമർ (റ) തങ്ങളവർകൾ.

ദുനിയാവിൽ നിമഗ്നനാവുക മൂലമുണ്ടാകുന്ന അഴുക്കുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും അപ്രകാരം ദുനിയാവിലെ സ്ഥാനങ്ങൾകൊണ്ടും പദവികൾ കൊണ്ടും പരീക്ഷിക്കപ്പെടുന്നതിൽ നിന്നും അങ്ങനെ കുഴപ്പത്തിൽ അകപ്പെട്ടു പോകുന്നതിൽ നിന്നും ഉബയ്യുബ്നു കഅ്ബ് (റ) അവർകൾ സുരക്ഷിതനും, സംശുദ്ധനും, പരിശുദ്ധനുമായി നിലകൊള്ളണമെന്ന് അതിയായ ആഗ്രഹവും അഭിനിവേശവും താൽപര്യവും ഉത്സാഹവും ഉമർ (റ) പുലർത്തിയിരുന്നുവെന്നതിന് ചരിത്രത്തിൽ എമ്പാടും ഉദാഹരണങ്ങൾ കാണുന്നുണ്ട്. 

ഇംറാനുബ്നു അബ്ദില്ലാഹ് (റ) നിവേദനം ചെയ്തു. അദ്ദേഹം അരുളിചെയ്യുകയാണ്: ഉബയ്യുബ്നു കഅ്ബ് (റ) ഉമറുബ്നുൽ ഖത്താബ് (റ)വിനോട് ആരാഞ്ഞു. എന്നെ എന്താണ് നിങ്ങൾ ഗവർണറായി നിയമിക്കാത്തത്..? ഉമറുബ്നുൽ ഖത്താബ് (റ) പ്രതിവചിച്ചു: നിങ്ങളിൽ ദുനിയാവിന്റെ അഴുക്ക് പുരണ്ട് നിങ്ങളുടെ മതഭക്തി മലീമസമാകുന്നത് എനിക്കിഷ്ടമില്ലാത്തതുകൊണ്ടാണത്.

ഖുർആനിക വിജ്ഞാനത്തിൽ ഉബയ്യുബ്നു കഅ്ബ് (റ)വിന്റെ മികവും പ്രഥമ സ്ഥാനവും ഉമറുബ്നുൽ ഖത്താബ്(റ) അംഗീകരിച്ചിരുന്നു എന്ന് വ്യക്തമായി വരച്ചു കാട്ടുന്ന ഒരു സംഭവം വായിക്കുക:

അബു ഇദ്രീസുൽ ഖുവാനി (റ) റിപ്പോർട്ട് ചെയ്യുന്നു: അബുദ്ദർദാഅ് എന്ന ഉപനാമത്തിൽ വിഖ്യാതനായ മഹാനുഭാവൻ ഉവൈമിറുബ്നു അനസ് (റ) ദമാസ്കസിലെ ഒരു സംഘം സ്വഹാബിമാരോടൊത്ത് മദീനയിലേക്ക് വാഹനപ്പുറത്ത് യാത്ര ചെയ്തു. ഒട്ടകം, കഴുത, കോവർ കഴുത, കുതിര എന്നിവയായിരുന്നല്ലോ അന്നത്തെ വാഹനങ്ങൾ. അത്തരം വാഹനങ്ങളിലൊന്നിന്റെ പുറത്ത് കയറിയാണ് യാത്ര. 

ഒരുദിവസം അവർ ഉമർ (റ)വിന്റെ മുമ്പിൽ ഒരു ആയത്തോതി. പരിശുദ്ധ ഖുർആൻ ശരീഫിലെ സൂറത്തുൽ ഫത്ഹ് എന്ന അധ്യായത്തിൽ 26-ാം വചനമായി വരുന്ന സൂക്തമാണത്. വിശുദ്ധ ഖുർആനിലെ 48-ാം അധ്യായമായ സൂറത്തുൽ ഫത്ഹ് ഹുദൈബിയ സന്ധി സംബന്ധിച്ചുള്ള അധ്യായമാണ്. ഫത്ഹ് എന്നാൽ വിജയം എന്നർത്ഥം. 

ഇതാണ് ആയത്ത്:

إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنزَلَ اللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَىٰ وَكَانُوا أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا

(അവിശ്വാസികൾ തങ്ങളുടെ ഹൃത്തടങ്ങളിൽ ദുരഭിമാനത്താലുള്ള ഗർഹണീയമായ വൈരാഗ്യം, അതെ, അജ്ഞാനാന്ഥകാര യുഗത്തിലെ ദുരഭിമാനത്താലുള്ള അത്യന്തം ഗർഹണീയമായ വൈരാഗ്യം അഥവാ വിദ്വേഷം വച്ചുപുലർത്തിയ സന്ദർഭം ഓർത്തുകൊണ്ടാലും. അപ്പോൾ അല്ലാഹു തന്റെ ദൂതനും സത്യവിശ്വാസികൾക്കും അവങ്കൽ നിന്ന് മനശ്ശാന്തിയും വിശ്രാന്തിയും അവതീർണമാക്കിക്കൊടുത്തു. ഭയഭക്തിയുടെ മഹനീയമായ ആദർശത്തെ അവൻ അവർക്ക് ഉറപ്പിച്ചു കൊടുക്കുകയും ചെയ്തല്ലോ. അവർ അതിന് ഏറ്റവും അവകാശപ്പെട്ടവരും അർഹരമായിരുന്നു. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും പൂർണമായി അറിവുള്ളവനാകുന്നു.)

ആയത്തിന്റെ സന്ദർഭം ഇതാണ് : നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും ഉംറാ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ വേണ്ടിമാത്രം വന്നതാണെന്നു മനസ്സിലായിട്ടു പോലും ഖുറൈശി മുശ്രിക്കുകള്‍ അവരെ മക്കായില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ‘കണ്ണു കാണുന്ന ഒരാള്‍ ഞങ്ങളിലുള്ള കാലം ഞങ്ങളതിനു സമ്മതിക്കുകയില്ല’ എന്നായിരുന്നു അവരുടെ വാശി. അതുകാരണം അക്കൊല്ലം മടങ്ങിപ്പോയി അടുത്ത കൊല്ലം വന്നു ഉംറ നിര്‍വ്വഹിക്കേണ്ടി വന്നു. സന്ധിപത്രം എഴുതിയപ്പോള്‍ ‘അല്ലാഹുവിന്റെ നാമത്തില്‍’ (بسم الله) എന്നു ആരംഭിക്കുവാന്‍പോലും അവര്‍ വിസമ്മതിച്ചു. ഇതെല്ലാം, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ചൊടിയും വെമ്പലും ഉണ്ടാക്കുന്നതാണല്ലോ. എങ്കിലും, സത്യവിശ്വാസികള്‍ പതറിയില്ല. ഇത്തരം സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കേണ്ടുന്നവരും, തൌഹീദിന്റെ മുദ്രാവാക്യത്തില്‍ അടിയുറച്ച വിശ്വാസം കൊള്ളുന്നവരുമാണല്ലോ അവര്‍. അല്ലാഹു അവര്‍ക്കു മനസ്സമാധാനം നല്‍കി അവരെ ശാന്തരാക്കി.


ഉമർ (റ) ഉടനെ ചോദിച്ചു: ആരാണ് നിങ്ങൾക്ക് ഈ സൂക്തം ഓതിത്തന്നത്..? ഉമർ (റ) അങ്ങനെ ചോദിക്കാൻ ഹേതുവായത് ആ മഹാന് ഈ സൂക്തത്തെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല എന്നതാണ്. ഞങ്ങൾക്കീ ഖുർആൻ സൂക്തം പാരായണം ചെയ്തു തന്നത് ഹള്റത്ത് ഉബയ്യുബ്നു കഅ്ബ് (റ) വാണെന്ന് സ്വഹാബീ പ്രമുഖർ മറുപടി പറയുകയുണ്ടായി. 

താമസിയാതെ മഹാനായ ഉമറുബ്നുൽ ഖത്താബ് (റ) ഉബയ്യുബ്നു കഅ്ബ് (റ) എന്ന മഹാ പുരുഷനെ തന്റെ സവിധത്തിൽ കൊണ്ടുവരാൻ കൽപന കൊടുക്കുകയുണ്ടായി. ഉബയ്യുബ്നു കഅ്ബ് (റ) ഹാജരായി. ഉബയ്യുബ്നു കഅ്ബ് (റ) ഹള്റത്ത് ഉമറുബ്നുൽ ഖത്താബ്(റ)വിന്റെ തിരുമുമ്പിൽ എത്തിയപ്പോൾ ഉമർ (റ) സ്വഹാബികളോട് ആ ആയത്തൊന്ന് ഓതാൻ പറഞ്ഞു. അവർ അത് ഓതി.

താമസംവിനാ ഉബയ്യ് (റ) പറഞ്ഞു: അല്ലാഹു ﷻ വാണ് ഉമറേ, ഞാൻ നബിﷺതങ്ങളുടെ സവിധത്തിൽ ഹാജരുള്ള നേരത്ത് പലപ്പോഴും മറ്റു സ്വഹാബിമാർ അവിടെ സന്നിഹിതരല്ലെന്നു വരാം. പലവുരു അങ്ങനെ സംഭവിച്ചിരുന്നതാണല്ലോ. നബികരീം ﷺ എന്നെ അടുത്ത് നിർത്തുകയും അവർക്ക് പ്രവേശനം നിഷേധിച്ചെന്നുമിരിക്കും. അങ്ങനെ പലപ്പോഴുമുണ്ടായിട്ടുണ്ട്. എന്നോട് റസൂൽ ﷺ പലതും അനുവർത്തിച്ചിട്ടുണ്ട്. അല്ലാഹു ﷻ വാണ്, നിങ്ങൾക്കിഷ്ടമാണെങ്കിൽ ഞാൻ വീട്ടിൽ വാതിലടച്ച് കഴിഞ്ഞുകൊള്ളാം. പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിഞ്ഞു കൊള്ളാം ഞാൻ. ആരോടുംഒന്നും പറയാതെ ഏകാന്തനായി ജീവിച്ചു കൊള്ളാം. മരിക്കുന്നതു വരെ ഞാനവർക്ക് ഒന്നും ഓതിക്കൊടുക്കാതിരിക്കാം.

ഉമർ (റ) പറഞ്ഞതെന്തെന്നറിയുമോ..? അല്ലാഹു ﷻ വേ മാപ്പാക്കേണമേ, മഹാനായ ഉബയ്യെന്നോരേ, സത്യമായും ഞങ്ങൾ അറിയുന്നു; അല്ലാഹു ﷻ അങ്ങേക്ക് ഇൽമിനെ പ്രദാനം ചെയ്തിരിക്കുന്നു. നിങ്ങൾ പഠിപ്പിക്കപ്പെട്ടത് നിങ്ങൾ മാനവരാശിയെ പഠിപ്പിക്കുക.

ഉബയ്യുബ്നു കഅ്ബ് (റ) വിന്റെ വിഷയത്തിൽ നബി ﷺ നൽകിയ സാക്ഷ്യപ്രതം ഉമർ (റ) വിന് ലഭിച്ചിട്ടുണ്ട്. ഉമർ (റ) ഒരിക്കലും അക്കാര്യം അറിയാതെ പോയിട്ടില്ല. 

ഉമർ (റ) വിന്റെ കാര്യത്തിലും പരിശുദ്ധരായ മറ്റ് സ്വഹാബിവര്യന്മാരുടെ വിഷയത്തിലും നബിﷺതങ്ങൾ അരുളിചെയ്ത മഹദ് വചനം അബൂസഈദിൽ ഖുദ്രി (റ) റിപ്പോർട്ട് ചെയ്തത് വായിക്കുക:

എന്റെ സമുദായത്തിൽ ഏറ്റവും കൂടുതൽ സമുദായികാനുകമ്പ പുലർത്തുന്നത് അബൂബക്കറാണ്. എന്റെ സമുദായത്തിൽ അല്ലാഹു ﷻ വിന്റെ മതത്തിന്റെ വിഷയം വരുമ്പോൾ ഏറ്റവും വലിയ ശക്തനായി നിലകൊള്ളുന്നത് ഉമറാണ്.

ലജ്ജയിൽ മുന്തിനിൽക്കുന്ന പരമ സാത്വികൻ ഉഥ്മാനാണ്. അലിയാണ് എന്റെ സമുദായത്തിലെ ഏറ്റവും വലിയ ന്യായാധിപൻ. എന്റെ സമുദായത്തിൽ ഏറ്റവും കൂടുതലായി ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളറിയുന്ന അതി പ്രഗത്ഭനായ നിയമവിശാരദൻ സൈദാണ്.

അല്ലാഹുﷻവിന്റെ ഗ്രന്ഥത്തിന്റെ പാരായണത്തിൽ ഏറ്റവും കൂടുതൽ വൈദഗ്ധ്യവും നൈപുണ്യവും ആർജ്ജിച്ച മഹദ് വ്യക്തിത്വം ഉബയ്യുബ്നു കഅ്ബ് തന്നെ.

എന്റെ സമുദായാംഗങ്ങളുടെ കൂട്ടത്തിൽ ഹലാൽ - അനുവദനീയം, ഹറാം - നിഷിദ്ധം എന്നിവ ഏറ്റവുമേറെ നന്നായി അറിയുന്ന പണ്ഡിതൻ മുആദുബ്നു ജബലാണ്.

ഈ സമുദായത്തിലെ ഏറ്റവും വലിയ വിശ്വസ്തൻ അബൂ ഹുബൈദത്തുബ്നുൽ ജർറാഹത്രെ. അബൂഹുറൈറ (റ) വിജ്ഞാനത്തിന്റെ അറിവിന്റെ അക്ഷയപാത്രമാകുന്നു. അപ്രാപ്യമായ അറിവിന്റെ പാരാവാരമാണ്, വിജ്ഞാനത്തിന്റെ കരകാണാക്കടലാണ് - പേർഷ്യൻ വംശജനായ സൽമാൻ (റ).

അബീ ദർറിനേക്കാൾ നാവിൻ തുമ്പത്ത് സത്യമിരിക്കുന്ന മഹോന്നതനായ സത്യവാനെ ഹരിത സത്യങ്ങളിന്നോളം നിഴൽ വിരിച്ചേകിയിട്ടില്ല. ഭൂമി ഇന്നോളം അബൂ ദർറിനേക്കാൾ ഉജ്വലനായ ഒരു സത്യസാധകനെ സംവഹിക്കുകയുണ്ടായിട്ടില്ല. ഒരു താഴ് വരയും ഇക്കാലമത്രയും അബൂ ദർറിനേക്കാൾ മഹാനായ നേരിനെ പ്രണയിച്ച് നേരിന്റെ നിത്യകാമുകനെ ചുമന്നതായറിയപ്പെട്ടിട്ടില്ല.

ഉമർ (റ) വിന് നല്ലപോലെ ഓർമയുള്ളതാണല്ലോ അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) തിരു സ്വഹാബിമാരിൽ മതവിധി (ഫത്വാ) നൽകുന്നവരുടെ കൂട്ടത്തിലും ന്യായവിധി നടത്തുന്നവരുടെ കൂട്ടത്തിലും ശ്രദ്ധേയമായ സ്ഥാനത്ത് ഉബയ്യുബ്നു കഅ്ബ് (റ)വിനെ നബി ﷺ ഉപവിഷ്ടനാക്കാറുണ്ടായിരുന്നുവെന്ന പരമാർത്ഥം.

മസ്റൂഖ് (റ)വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു നിവേദനം കാണുക: അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങളുടെ കാലഘട്ടത്തിൽ റസൂലുല്ലാഹിﷺയുടെ സ്വഹാബി വര്യന്മാരിൽ ന്യായാധിപന്മാരായിട്ടുണ്ടായിരുന്നവർ ആറു പേര്.

1. ഉമർ (റ)

2. അലി കർറമല്ലാഹു വജ്ഹഹു. (റ)

3. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)

4. ഉബയ്യുബ്നു കഅ്ബ് (റ)

5. സൈദു ബ്നു ഹാരിഥ് (റ)

6. അബൂ മൂസൽ അശ്അരി (റ)

ഉബയ്യുബ്നു കഅ്ബ് (റ) വിന്റെ കൈക്ക് വെളിപ്പെട്ട ഒരു കറാമത്ത് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നത് കാണുക:ഉമറുബ്നുൽ ഖത്താബ് (റ) നമ്മുടെ ജനതയുടെ ഭൂമിയിലേക്ക് പുറപ്പെടുക എന്ന് ആജ്ഞാപിച്ചപ്പോൾ ഞങ്ങളെല്ലാം പുറപ്പെടുകയുണ്ടായി. ഞാനും (ഇബ്നു അബ്ബാസ്) ഉബയ്യുബ്നു കഅ്ബും പിന്നിലായിരുന്നു. 

പെട്ടെന്ന് ആകാശത്ത് ഒരു മേഘക്കീറ് പ്രത്യക്ഷപ്പെട്ടു. മഴ പെയ്യുകയുണ്ടായി. അപ്പോൾ ഉബയ്യ് (റ) പറഞ്ഞു; “അല്ലാഹുവേ, അതിന്റെ ഉപ്രദവം ഞങ്ങളിൽ നിന്ന് അകറ്റേണമേ...”

അങ്ങനെ മഴ നിന്നു. ഒരിറ്റു ജലം ഭൂമിയിൽ ഞങ്ങളുള്ള ആ ഭാഗത്ത് വീണില്ല.അൽപം പോലും മഴ നനയാതെ ഞങ്ങൾ ജനങ്ങളോടൊപ്പം ചേർന്നു. അവരുടെ വാഹനങ്ങളെല്ലാം നനഞ്ഞു കുതിർന്നിരുന്നു. 

ഇതു കണ്ടപ്പോൾ അതായത് ഞങ്ങൾ തീരെ നനയാതെ സുരക്ഷിതരായി എത്തിച്ചേർന്നത് ഉമറിന്റെ (റ) വിസ്മയ ഭരിതമായ കണ്ണുകൾ കണ്ട നേരത്ത് അദ്ദേഹം ഇപ്രകാരം ഞങ്ങളോട് ചോദിക്കുകയുണ്ടായി: ഞങ്ങൾക്കുണ്ടായത് നിങ്ങൾക്ക് സംഭവിച്ചില്ലേ..? 

അതായത് ഞങ്ങൾ മഴയിൽ കുടുങ്ങിയതുപോലെ മഴയുടെ പ്രശ്നം നിങ്ങൾക്കുണ്ടായില്ലേ എന്ന് ചോദിച്ചു. ഞങ്ങൾ പറഞ്ഞു: ഉബയ്യുബ്നു കഅ്ബ് (റ) അല്ലാഹു ﷻ വിനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു, മഴയുടെ ഉപ്രദവത്തിൽ നിന്ന് ഞങ്ങളെ സുരക്ഷിതരാക്കാൻ. 

അപ്പോൾ ഉമറു ബ്നുൽ ഖത്താബ് (റ) എന്നോടൊരു ചോദ്യം; നിങ്ങളോടൊപ്പം തങ്ങൾക്കു വേണ്ടിയും പ്രാർത്ഥിച്ചു കൂടായിരുന്നോ..?

അതായത്, നിങ്ങളെ മഴയിൽ നിന്ന് രക്ഷപ്പെടുത്താൻ പ്രാർത്ഥിച്ച കൂട്ടത്തിൽ ഞങ്ങളെയും സംരക്ഷിക്കാൻ അല്ലാഹു ﷻ വിനോട് തേടാമായിരുന്നില്ലേ നിങ്ങൾക്ക് എന്ന്...


മസ്ജിദിൽ വെച്ചായാലും വീടുകളിൽ വെച്ചായാലും ആദ്യകാലത്ത് മുസ്ലിംകൾ തറാവീഹ് നിസ്കാരം ഒറ്റയ്ക്ക് ഒറ്റയ്ക്കായി നിസ്കരിക്കുകയായിരുന്നു പതിവ്. 

നബിﷺയുടെ ഭൂമിയിലെ ജീവിത കാലത്തും ശേഷം ഖിലാഫത്ത് ഏറ്റെടുത്ത അബൂബക്കർ സിദ്ദീഖ് (റ) വിന്റെ കാലത്തും എന്ന് മാത്രമല്ല, രണ്ടാം ഖലീഫയായ ഉമറുബ്നുൽ ഖത്താബ് (റ) അവർകളുടെ ഖിലാഫത്തിന്റെ തുടക്കത്തിലുമെല്ലാം അപ്രകാരമായിരുന്നു. ഹിജ്റ വർഷം പതിനാലാം കൊല്ലം വരെ ആ സമ്പ്രദായം അങ്ങനെ തുടർന്നുപോന്നു.

ഹിജ്റ പതിനൊന്നാം വർഷം നബിയ്യുനാ മുഹമ്മദ് അൽ മുസ്ത്വഫാ ﷺ ഇഹലോക ജീവിതത്തിൽ നിന്ന് വിടവാങ്ങി. 

ഹിജ്റ പതിനൊന്നാം കൊല്ലം വഫാത്തായി ഖബറടക്കം ചെയ്യപ്പെട്ടതുമുതൽ ഇത്രയും കാലം സുമാറ് ആയിരത്തി നാനൂറോളം കൊല്ലക്കാലം കൃത്യമായി പറഞ്ഞാൽ 1431 (ആയിരത്തി നാഞ്ഞൂറ്റി മുപ്പത്തി ഒന്ന്) കൊല്ലക്കാലം മുത്ത് മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ മദീനയിൽ ഭൂമിക്കടിയിലായി ജീവിച്ചുകൊണ്ടിരിക്കുന്നു. 

ഇദ്രീസ് നബിയും (അ) ഇല്യാസ് നബിയും (അ) ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അവർ ഒരിക്കലും മരിച്ചിട്ടില്ല.

ഇദ്രീസ് നബിയും (അ) ഇല്യാസ് നബിയും (അ) ഒരേ ആൾ തന്നെയാണെന്ന് എസുസുൽ ഹികം പേജ് 181ൽ പറഞ്ഞിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പണ്ഡിതന്മാരും അവർ രണ്ടുപേരും വെവ്വേറെ ആളുകളാണെന്നാണ് പറയുന്നത്. 

നൂഹ് നബിക്ക് (അ) മുമ്പുവന്ന പ്രവാചകന്മാരാണവർ. ഇദ്രീസ് നബിയും (അ) ഈസാ നബിയും (അ) ആകാശത്ത് ജീവിച്ചിരിക്കുന്നു. ഇല്യാസ് നബി (അ) കടലിലും ഖിള്റ് നബി (അ) കരയിലും ജീവിച്ചു കൊണ്ടിരിക്കുന്നു.

ഇബ്ലീസുല്ലഈൻ എന്ന പഴയ മലക്ക് കരയിലും കടലിലും ജീവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ജിന്ന് എന്ന വിഭാഗം മലക്കുകളിൽപ്പെട്ട ആളായിരുന്നു ഇബ്ലീസ്. നമ്മൾ സാധാരണ പറയാറുള്ള ജിന്നുകളിൽപ്പെട്ടവൻ അല്ല. മലക്കുകളിൽ ജിന്ന് എന്ന ഒരു വിഭാഗമുണ്ട്. ആ മലക്കുകളിൽ പെട്ടവനാണ് ഇബ്ലീസ് എന്ന് ഇമാം നവവി (റ)വും, ഇബ്നു ഹജറിൽ ഹൈത്തമി (റ)വും പറയുന്നു.

നാം പറഞ്ഞുവന്നത് ഹിജ്റ വർഷം പതിനാലാം കൊല്ലം വരെ മുസ്ലിംകൾ തറാവീഹ് നിസ്കരിച്ചിരുന്ന രൂപമാണ്. അന്ന് തറാവീഹ് നിസ്കരിക്കാൻ സ്വഹാബിമാരോ താബിഉകളോ എല്ലാവരും കൂട്ടത്തോടെ പള്ളിയിൽ പോയിരുന്നില്ല. ചിലർ വീട്ടിൽ തറാവീഹ് നിസ്കരിച്ചിരുന്നു എന്നതും സത്യം. 

പള്ളിയിൽ പോയി തറാവീഹ് നിസ്കരിക്കുന്നവരായാലും,വീട്ടിൽ വെച്ച് തന്നെ തറാവീഹ് നിസ്കരിക്കുന്നവരായാലും അവർ ഒരൊറ്റ ജമാഅത്തായി തറാവീഹ് നിസ്കരിച്ചിരുന്നില്ല.ഒറ്റയ്ക്കൊറ്റയ്ക്കായിരുന്നു അവരെല്ലാം തറാവീഹ് നിസ്കരിച്ചിരുന്നത്. 

വീട്ടിൽ വെച്ച് തനിയെ തറാവീഹ് നിസ്കരിക്കുന്നവരെയും പള്ളിയിൽ വെച്ച് കൂട്ടംതെറ്റി തറാവീഹ് നിസ്കരിക്കുന്നവരെയും ഉമറുബ്നുൽ ഖത്താബ് (റ) ഒരുമിച്ചു കൂട്ടി. എല്ലാവരെയും സംഘടിപ്പിച്ച് ഒരു സംഘടിത തറാവീഹ് നിസ്കാരം, ഒരൊറ്റ ഇമാമിന്റെ കീഴിൽ പുരുഷന്മാരെല്ലാം പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിക്കുക എന്ന നൂതന സമ്പ്രദായം - മനോഹരമായ ഒരു ബിദ്അത്ത് - ഉമർ ബ്നുൽ ഖത്താബ് (റ) നടപ്പിലാക്കി. 

സുന്ദരമായ ബിദ്അത്തും പാടില്ലാത്ത താണെന്ന് നാൽപതു വട്ടം നാഴിക നാഴിക തോറും നാൽക്കവലകളിലെല്ലാം വിളിച്ചു കൂവുന്നവർ ഉമറുബ്നുൽ ഖത്താബ് (റ) നടപ്പിൽ വരുത്തിയ ചേതോഹരമായ ബിദ്അത്ത് (ബിദ്അത്ത് ഹസനത്ത്) അല്ലെങ്കിൽ നല്ല ബിദ്അത്ത്, നല്ല പിള്ള ചമഞ്ഞ്, കണ്ണടച്ച്, കാത് പൊത്തി, വായ് പൂട്ടി അംഗീകരിച്ച് കൊണ്ടു നടക്കുന്നു. ഇത് എല്ലാവർക്കും ഒറ്റയ്ക്കിരുന്ന് ഓർത്ത് ചിരിക്കാൻ വക നൽകുന്ന രസകരമായ ഒരു സംഭവമാണ്, മറക്കേണ്ട.

 എല്ലാ പട്ടണങ്ങളിലേക്കും ഉമറുബ്നുൽ ഖത്താബ് (റ) കത്തെഴുതിയെന്നാണ് ചരിത്ര ഗ്രന്ഥങ്ങളിലുള്ളത്. കത്തിൽ പറഞ്ഞത് എല്ലാവരും ഇനി മുതൽ ഒരൊറ്റ ഇമാമിന്റെ കീഴിലായി മസ്ജിദിൽ വെച്ചു തന്നെ തറാവീഹ് നിസ്കരിക്കാൻ തയാറാകണമെന്നാണ്. ഏറ്റവും നന്നായി ഖുർആൻ ഓതുന്നയാൾ ഖുർആനിൽ ഏറ്റവും കൂടുതൽ പാണ്ഡിത്യമുള്ളയാൾ, നിസ്കാരത്തിന് ഇമാമത്ത് നിൽക്കണമെന്നാണ് ഖാത്തമുന്നബിയ്യീൻ (ഖാത്തിമുന്നബിയ്യീൻ) മുഹമ്മദ് മുസ്ത്വഫാ ﷺ പഠിപ്പിച്ചിട്ടുള്ളത്. 

ഉമറുബ്നുൽ ഖത്താബ് (റ) പറഞ്ഞു: ഉബയ്യുബ്നുകഅ്ബ് (റ) എന്നവരാണ് നമ്മുടെ കൂട്ടത്തിലെ ഏറ്റവും വലിയ പരിശുദ്ധ ഖുർആൻ പണ്ഡിതൻ. അങ്ങനെയതാ ഇരുപത് റക്അത്ത് തറാവീഹ് നിസ്കാരം ഉബയ്യുബ്നു കഅ്ബ് (റ)വിന്റെ മഹനീയമായ നേതൃത്വത്തിൻ കീഴിൽ പുരുഷന്മാർ സംഘടിതമായി നിർവഹിക്കുന്ന പതിവ് തുടങ്ങി. തമീമുദ്ദാരി (റ) എന്നവരാണ് പെണ്ണുങ്ങൾക്ക് തറാവീഹിന് ഇമാമത്ത് നിന്നത്. അതും ഇരുപത് റക്അത്താണ്. മറക്കേണ്ട..!!

അല്ലാഹു ﷻ വിന്റെ തിരുദൂതരായ മുഹമ്മദ് നബിﷺതങ്ങളുടെ ഈ ലോകത്തു നിന്നുള്ള, അതായത് ഭൗമോപരി തലത്തിൽ നിന്നുള്ള വേർപാടിന് ശേഷം മുസ്ലിംകൾ ചിന്ന ഭിന്നമായതും അവരിൽ ഭിന്നാഭിലാഷങ്ങൾ ഉളവായതും ഉബയ്യുബ്നു കഅ്ബ് (റ)വിനെ വളരെയേറെ വ്യസനിപ്പിച്ചിരുന്നു.

നബി തിരുമേനി ﷺ തങ്ങളുടെ കാലത്ത് മുസ്ലിംകൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളുവെന്നതും ഏകാഭിലാഷമായിരുന്നു അവർക്കെല്ലാം എന്നതും ഉബയ്യുബ്നു കഅ്ബ് (റ) അയവിറക്കാറുണ്ടായിരുന്നു. 

സ്നേഹം, പരസ്പര ബഹുമാനം, ത്യാഗ മനസ്ഥിതി, സാഹോദര്യബന്ധം എന്നിവയിൽ വലിയ കേമന്മാരായിരുന്നു നബിﷺയുടെ ഭൂവാസ കാലത്തവർ. തങ്ങൾക്കിടയിൽ അവർ സ്നേഹ ബന്ധത്തെ അരക്കിട്ടുറപ്പിച്ചിരുന്നു. 

ഉബയ്യുബ്നു കഅ്ബ് (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു: അല്ലാഹു ﷻ വിന്റെ റസൂൽ ﷺ യുടെ കൂടെയായിരുന്നപ്പോൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ ഒന്നേയൊന്നായിരുന്നു. അവിടുന്ന് (ﷺ) ഞങ്ങളോട് വിടപറഞ്ഞു ഖബ്റിനുള്ളിലേക്ക് പോയപ്പോൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടുമായി. വലത്തോട്ടും ഇടത്തോട്ടുമായി ലക്ഷ്യങ്ങൾ തിരിഞ്ഞു മറിഞ്ഞു പോവുകയായിരുന്നു.

റമളാൻ മാസത്തിൽ സംഘടിതമായ തറാവീഹ് നിസ്കാരത്തിലൂടെ മുസ്ലിം സമുദായത്തിന്റെ ഐക്യം കണ്ടപ്പോൾ ഉബയ്യുബ്നു കഅ്ബ് (റ)വിന് എന്തെന്നില്ലാത്ത സന്തോഷമായി...


ബാഹ്യമണ്ഡലങ്ങളെ മുറിച്ചു കടന്ന് അന്തർരഹസ്യങ്ങളറിയുന്നതിന് സഹായകമാംവിധം ചിലപ്പോൾ അല്ലാഹു ﷻ സത്യവിശ്വാസികൾക്ക് ഫിറാസത്ത് എന്ന് അറബിയിൽ വിവക്ഷിക്കുന്ന മുഖലക്ഷണ ശാസ്ത്ര
നൈപുണ്യം നൽകാറുണ്ട്. 

മറകൾ നീക്കി രഹസ്യങ്ങൾ കാണാനും, ഭാവിയുടെ തിരശ്ശീലകൾ ഉയർത്താനും അതിലൂടെ അവർക്ക് സാധിച്ചെന്നിരിക്കും. അല്ലാഹുﷻവിന്റെ ദിവ്യദീപ്തി കൊണ്ട് അന്തർദർശനത്തിന് സാധിക്കുമ്പോഴാണിത്.

ഉബയ്യുബ്നു കഅ്ബ്‌ (റ) വിന്റെ പുത്രൻ മുഹമ്മദിൽ നിന്നും ഉദ്ധരിക്കപ്പെടുന്നു. തന്റെ പിതാവ് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)വിന്റെ കൂടെ ഇരിക്കുകയാണ്. അപ്പോൾ എന്റെ പിതാവ് പറയുകയാണ്: ഇതാണ് ഈ വ്യക്തിയാണ് മുസ്ലിം സമുദായത്തിലെ ഏറ്റവും ഉത്തമനായിട്ടുള്ള ആൾ. അദ്ദേഹത്തിന്റെ ബുദ്ധി വൈഭവവും ഗ്രഹണ പാടവവും ഞാൻ മനസ്സിലാക്കുന്നു. ഉബയ്യ് (റ) ഏറ്റവും നല്ല അധ്യാപകനെങ്കിൽ ഏറ്റവും നല്ല വിദ്യാർത്ഥി ഇബ്നു അബ്ബാസ് (റ) തന്നെ.

മഅ്മർ പറയുകയാണ്. ഇബ്നു അബ്ബാസ് (റ) പൊതുവിൽ ജ്ഞാനം അഭ്യസിച്ചത് മൂന്ന് മഹാന്മാരിൽ നിന്നത്രെ. അവരിലൊരാൾ ഉമറുബ്നുൽ ഖത്താബ് (റ), ഒരാൾ അലിയ്യുബ്നു അബീത്വാലിബ്(റ), ഒരാൾ ഉബയ്യുബ്നു കഅ്ബ് (റ).

ഉബയ്യുബ്നു കഅ്ബ് (റ) വിന് എന്നും രാപ്പനിയായിരുന്നു. പ്രദോഷമാകുമ്പോൾ പനി വരാൻ തുടങ്ങും. അല്ലാഹു ﷻ വിനോട് ഇരന്നു വാങ്ങിയതാണ് ഈ പനിയെന്നത് ഏറെ രസാവഹമായിരിക്കുന്നു. 

അതെങ്ങനെയെന്നാൽ ഒരു ദിവസം ഉബയ്യുബ് കഅ്ബ് (റ) അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങളവർകളോടു ചോദിച്ചു: “അല്ലയോ അല്ലാഹു ﷻ വിന്റെ ഹബീബരായ റസൂലരേ, പനിക്കുള്ള പ്രതിഫലം എന്താണ്..?”

മുത്ത് നബിﷺതങ്ങൾ മറുപടിയായി മൊഴിഞ്ഞു: പനി പിടിച്ച് കാല് വേദനിച്ച് വിറ കൊള്ളുമ്പോഴും, നാഡീഞരമ്പുകൾ സ്പന്ദിക്കുമ്പോഴും, കോച്ചി വലിവും കോച്ചിപ്പിടുത്തവും ഉണ്ടാകുമ്പോഴും നന്മകൾ പനി ബാധിച്ച വ്യക്തിയിൽ ധാരാളമായി ധാര മുറിയാതെ പ്രവഹിച്ചിടുന്നതാണ്. 

അപ്പോൾ ഉബയ്യുബ് കഅ്ബ് (റ) അല്ലാഹു ﷻ വിനോട് ഇപ്രകാരം കെഞ്ചിക്കൊണ്ട് പ്രാർത്ഥിച്ചു: “അല്ലാഹുവേ നിന്റെ മാർഗത്തിൽ പ്രതിരോധകവും, പ്രതിക്രിയാപരവുമായ സംഗ്രാമങ്ങളിലും, പ്രമോചനപരമായ സ്വാതന്ത്യ സമരങ്ങളിലും പങ്കുകൊള്ളുന്നതിന് തടസ്സമില്ലാത്ത രീതിയിൽ നിന്റെ വീട്ടിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് പ്രതിബന്ധമില്ലാത്ത നിലക്ക്, നിന്റെ ഹബീബായനബി മുഹമ്മദുനിൽ മുസ്ത്വഫാ ﷺ തങ്ങളുടെ മസ്ജിദിലേക്ക്, മസ്ജിദുന്നബവി എന്ന പേരിൽ ലോക പ്രശസ്തമായ ആ മസ്ജിദിലേക്ക് ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുക്കാൻ യാതൊരു പ്രയാസവും വരുത്താത്ത അവസ്ഥയിൽ എനിക്ക് എല്ലാ ദിവസവും പനി എന്ന രോഗം നൽകൂ...”

അതു മുതൽ പിന്നീടൊരിക്കലും തന്നെ ഉബയ്യുബ്നു കഅ്ബ് (റ)വിന് രാപ്പനി വിട്ടു മാറിയിട്ടില്ല. നിത്യ പനി ബാധിതനായി ഉബയ്യുബ്നു കഅ്ബ് (റ) എന്ന മഹാൻ കഴിഞ്ഞുകൂടി.

ഉബയ്യ് (റ) ജനങ്ങളോട് സംസാരിക്കുമ്പോൾ അതീവ താൽപര്യം പ്രകടിപ്പിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. ഒരാളിൽ നിന്നും ഒരു ഐഹിക പ്രതി ഫലവും പ്രതീക്ഷിക്കാതിരുന്ന അദ്ദേഹം തന്റെ മതത്തിന്റെ കാര്യത്തിൽ ആരെയും ഭയപ്പെട്ടില്ല.

ഇസ്ലാമിക രാഷ്ട്രത്തിന്റെ പരിധി വ്യാപിക്കുകയും സാമ്പത്തിക പുരോഗതി കൈവരിക്കുകയും ചെയ്തപ്പോൾ സാധാരണക്കാരായ പൊതുജനങ്ങളുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നു. അവർ ഭരണാധികാരികൾക്ക് അനർഹമായ അംഗീകാരവും പ്രശംസകളും നൽകിത്തുടങ്ങി. 

അതിനെക്കുറിച്ച് ഉബയ്യ് (റ) ഒരിക്കൽ ഗൗരവപൂർവ്വം പറഞ്ഞു: “അവർ സ്വയം നശിക്കുന്നു, നശിപ്പിക്കുകയും ചെയ്യുന്നു. അവർ നശിക്കുന്നതിലല്ല ഞാൻ ദുഃഖിക്കുന്നത്. അവർ കാരണം വഴിപിഴപ്പിക്കുന്നവരെ ഓർക്കുമ്പോഴാണ് എനിക്ക് ദുഃഖം.''

എപ്പോഴും അല്ലാഹു ﷻ വിനെ ഓർത്തു കണ്ണുനീർ വാർക്കുമായിരുന്നു അദ്ദേഹം! പരിശുദ്ധ ഖുർആൻ സൂക്തങ്ങൾ ആവർത്തിച്ചാവർത്തിച്ച് ഉരുവിടുകയും ചെയ്യുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹത്തിന്ന് ഒരുതരം കിടിലം അനുഭവപ്പെടുമായരുന്നു.

“നബിയേ, താങ്കൾ അവരോട് പറയുക. നിങ്ങളുടെ ഉപരിതലത്തിൽ നിന്നോ പാദങ്ങൾക്കടിയിൽ നിന്നോ നിങ്ങളുടെ മേൽ ശിക്ഷയിറക്കാൻ കഴിവുള്ളവനാകുന്നു അവൻ.....' എന്ന ആയത്ത് ആവർത്തിച്ചാവർത്തിച്ച് ഉരുവിടുകയും കണ്ണുനീർ വാർക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം!

സമുദായത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭയം അതിന്റെ ഉള്ളിൽ നിന്ന് തന്നെ ഉത്ഭവിച്ചേക്കാവുന്ന വിപത്തിനെ സംബന്ധിച്ചായിരുന്നു!. ഹിജ്റ 17ാമത്തെ വർഷം മദീനയിൽ ഉബയ്യ് (റ) വഫാത്തായി


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...