Wednesday 31 March 2021

നിക്കാഹ് സ്വഹീഹാവാൻ സാക്ഷികളുടെ ആവശ്യമുണ്ടോ

 

അതെ! നിക്കാഹ് സ്വഹീഹാവാൻ രണ്ടുസാക്ഷികൾ അനിവാര്യമാണ്. 

പുരുഷന്മാർ ആയിരിക്കണം സാക്ഷികൾ. 

സ്ത്രീകളുടെ സാക്ഷിത്വം പരിഗണിക്കുകയില്ല. (ഇആനത്ത് : 3/343)

( وشرط في الشاهدين الخ) شروع في شروط الشاهدين اللذين هما أحد الأركان أيضا (قوله: وذكورة محققة) خرج به الأنثى والخنثى.( إعانة الطالبين : ٣/٣٤٣)


അലി അഷ്ക്കർ : 9526765555

നിസ്കാരത്തിൽ എങ്ങനെയാണ് നിൽക്കേണ്ടത്

 

നിസ്കാരത്തിലെ നിറുത്തം, ഇരുത്തം, റുകൂഅ്, സുജൂദ് എന്നിവയിലെല്ലാം രണ്ടു കാലുകൾക്കിടയിൽ ഒരു ചാൺ അകൽച്ച ഉണ്ടായിരിക്കൽ സുന്നത്താണ്. 

പുരുഷന്മാർക്കാണ് ഇങ്ങനെ സുന്നത്തുള്ളത്. 

സ്ത്രീകൾ രണ്ടു കാലുകളും  പ്രസ്തുത വേളകളിൽ ചേർത്തിവെക്കലാണ് സുന്നത്ത്. ഒരു ചാൺ അകറ്റി വെക്കൽ  (പുരുഷന്മാരെ പോലെ) കറാഹത്താണ്. (തുഹ്ഫ : 2/77) ബുശ്റൽ കരീം : 1/235)

(ويرفع بطنه عن فخذيه ومرفقيه عن جنبيه في) متعلق بيفرق وما بعده (ركوعه وسجوده) للاتباع المعلوم من أحاديث متعددة في كل ذلك إلا تفريق الركبتين ورفع البطن عن الفخذين في الركوع فقياسا على السجود (وتضم المرأة) ندبا بعضها إلى بعض وتلصق بطنها بفخذيها في جميع الصلاة لأنه أستر لها.( تحفة المحتاج : ٢/٧٦)

أما المرأة .. فيسن لها ذلك، إلا التفرقة .. فتكره لها.( بشرى الكريم : ١/٢٣٥)


അലി അഷ്ക്കർ : 9526765555

പരസ്പരം ഒട്ടിച്ചേർന്നവരായി ജനിച്ച രണ്ട് വ്യക്തികളിൽ നിന്ന് ഒരാൾ മരണപ്പെട്ടാൽ എങ്ങനെയാണ് മറവ് ചെയ്യേണ്ടത്

 

അവിടെ ജീവിച്ചിരിക്കുന്നവന് വിഷമം വരാതെ വേർപ്പെടുത്താൻ കഴിയുമെങ്കിൽ വേർപ്പെടുത്തൽ നിർബന്ധമാണ്. ഇനി വേർപെടുത്താൻ സാധിക്കുന്നില്ലെങ്കിൽ കഴിയുന്ന രൂപത്തിൽ കുളിപ്പിക്കുക, കഫൻ ചെയ്യുക, നിസ്കരിക്കുക എന്നിവ നിർവ്വഹിക്കണം. മറമാടാൻ സാധിക്കാത്തതിനാൽ ജീവിച്ചിരിക്കുന്നവനിൽ നിന്ന് മയ്യിത്ത് വേർപ്പെട്ടുവരുന്നത് വരെ പ്രതീക്ഷിച്ചിരിക്കണം. വേർപ്പെട്ടുവന്നാൽ മറമാടൽ നിർബന്ധവുമാണ്. (ശബ്റാമല്ലിസി : 2/474)

[ فائدة] قال في بسط الأنوار: قلت لو أن شخصين ولدا معا ملتصقين ومات أحدهما، فإن أمكن فصله من الحي من غير ضرر يلحق الحي وجب فصله، وإلا وجب أن يفعل بالميت الممكن من الغسل والتكفين والصلاة وامتنع الدفن لعدم إمكانه وينتظر سقوطه، فإن سقط وجب دفن ما سقط.( حاشية النهاية : ٢/٤٧٤)


അലി അഷ്ക്കർ : 9526765555



മയ്യിത്ത് നിസ്കരിക്കുന്നവൻ എവിടെയാണ് നിൽക്കേണ്ടത്

 

മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകുന്നവനും തനിച്ച് നിസ്കരിക്കുന്നവനും മയ്യിത്ത്.. 

പുരുഷനാണെങ്കിൽ തലയുടെ ഭാഗത്തും 

സ്ത്രീയാണെങ്കിൽ ഊരയുടെ ഭാഗത്തുമാണ് നിൽക്കേണ്ടത്. ഇമാമത്ത് നിൽക്കുന്നവർ സ്ത്രീയുടെ ഊരയുടെ ഭാഗത്ത് നിന്ന് മയ്യിത്തിന് കൂടുതൽ മറ നൽകുക എന്നതാണ് ഇതിലുള്ള രഹസ്യം. (തുഹ്ഫ & ശർവാനി :3/156)

(ويقف) ندبا المصلي ولو على قبر المستقل (عند رأس الرجل) للاتباع حسنه الترمذي (وعجزها) أي المرأة للاتباع رواه الشيخان ومثلها الخنثى ومحاولة لسترها أو إظهارا للاعتناء به.( تحفة المحتاج : ٣/١٥٦)


അലി അഷ്ക്കർ : 9526765555


ആർക്കാണ് ചേലാകർമം ചെയ്യേണ്ടത്

 

ചേലാകർമം ചെയ്യപ്പെടാത്ത നിലയിൽ പ്രസവിക്കപ്പെട്ട കുട്ടിയുടെ ആൺ  പെൺ വ്യത്യാസമില്ലാതെ ചേലാകർമം നടത്തൽ നിർബന്ധമാണ്. ഇതാണ് ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായം. അതേസമയം നിരവധി പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതനുസരിച്ച് പുരുഷന്മാർക്ക് നിർബന്ധവും , സ്ത്രീകൾക്ക് സുന്നത്തുമാണ്. (തുഹ്ഫ : 9/198)

ويجب أيضا (ختان) المرأة والرجل حيث لم يولدا مختونين لقوله تعالى {أن اتبع ملة إبراهيم حنيفا} [ النحل: 123]وقيل: واجب على الرجال سنة للنساء، ونقل عن أكثر العلماء.( تحفة المحتاج : ٩/١٩٨)



അലി അഷ്ക്കർ : 9526765555

തിങ്ങിയ താടിയുടെ ഉൾഭാഗം കഴുകേണ്ടതുണ്ടോ

 

വുളൂഇൽ തിങ്ങിയ താടി തിക്കകറ്റി കഴുകൽ നിർബന്ധമില്ല. സുന്നത്താണ്. അതായത് തിങ്ങിയ താടിയുടെ ഉള്ളിലേക്ക് വെള്ളം എത്തിയിട്ടില്ലെങ്കിലും വുളൂഅ് സ്വഹീഹാകും. 

പുരുഷന്മാർക്കാണ് നിർബന്ധമില്ലാത്തത്. 

എന്നാൽ സ്ത്രീകൾക്ക് താടിരോമം മുളച്ചാൽ അത് തിങ്ങിയതാണെങ്കിലും അല്ലെങ്കിലും ഉള്ള് കഴുകൽ നിർബന്ധമാണ്. (നിഹായ : 1/171)

ولحية المرأة والخنثى فيجب غسلها ظاهرا وباطنا خفت أو كثفت، أو غير نادرة الكثافة وهي لحية الرجل وعارضاه، فإن خفت بأن ترى البشرة من تحتها في مجلس التخاطب وجب غسل ظاهرها وباطنها، فإن كثفت وجب غسل ظاهرها فقط.( نهاية المحتاج : ١/١٧١)


അലി അഷ്ക്കർ : 9526765555 


Monday 29 March 2021

അബ്ബാസ് ഇബ്നു അബ്ദിൽ മുത്വലിബ് (റ)

 

നബി ﷺ അബ്ബാസ്(റ)വിനെ കുറിച്ച് പറയുമായിരുന്നു: “ഇത് എന്റെ പിതാക്കളിലെ അവശേഷിപ്പാകുന്നു.'' നബിﷺയും പിതൃവ്യനായ അബ്ബാസ്(റ)വും ഏകദേശം സമപ്രായക്കാരായിരുന്നു. അവർ ബാല്യകാലത്ത് ഇണപിരിയാത്ത കൂട്ടുകാരുമായിരുന്നു. 

കഅബാലയത്തിന്ന് ആദ്യമായി പട്ടാട ചാർത്തിയത് അബ്ബാസ്(റ)വിന്റെ മാതാവായിരുന്നു. ബാലനായ അബ്ബാസ് (റ) ഒരിക്കൽ നാടുവിട്ടുപോയി. ദുഃഖിതയായ മാതാവ് പുത്രനെ തിരിച്ചു കിട്ടാൻ വേണ്ടി നേർച്ചയാക്കിതായിരുന്നുവത്രെ പ്രസ്തുത പട്ടാട. 

ചെറുപ്പത്തിലെ ബുദ്ധിമാനും സമർത്ഥനും നിപുണനുമായിരുന്ന അദ്ദേഹം ഖുറൈശികളിൽ ആദരണീയനായിരുന്നു. തന്റെ ബന്ധുമിത്രാദികളുടെ കഷ്ടതകൾ കണ്ടറിഞ്ഞു സാമ്പത്തികവും ശാരീരികവുമായ സേവനം നിർവ്വഹിക്കുന്നതിൽ അബ്ബാസ് (റ) മുൻപന്തിയിലായിരുന്നു. ദാരിദ്ര്യം പേടിക്കാതെ ധർമ്മം ചെയ്യുന്ന ധർമ്മിഷ്ഠൻ കൂടിയായിരുന്നു അദ്ദേഹം!

മക്കാവിജയം വരെ തന്റെ ഇസ്ലാമിക വിശ്വാസം അദ്ദേഹം രഹസ്യമാക്കി വെച്ചു.  ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ ആദ്യകാലത്ത് അദ്ദേഹം പ്രതിരോധത്തിന്ന് ഒരുമ്പെട്ടില്ല.

നബിﷺയുടെ സേവകനായിരുന്ന അബുറഫീഅ് (റ) പറയുന്നു: “ഞാൻ അബ്ബാസ്(റ)വിന്റെ അടിമയായിരുന്നു. ഞങ്ങളുടെ വീട്ടിൽ ഇസ്ലാമിന്റെ സന്ദേശം നേരത്തെ തന്നെ വന്നെത്തി. അബ്ബാസ്(റ)വും ഉമ്മുൽ ഫദലും ഞാനും ഉടനെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അബ്ബാസ് (റ) തന്റെ വിശ്വസം മറച്ചുവെക്കുകയാണ് ചെയ്തിരുന്നത്. ഖുറൈശികൾക്ക് അബ്ബാസ്(റ)വിന്റെ നിലപാടിനെക്കുറിച്ച് സംശയമില്ലാതിരുന്നില്ല. എങ്കിലും അദ്ദേഹത്തിനു നേരെ അത് പ്രകടിപ്പിക്കുവാൻ അവർ അശക്തരായിരുന്നു. 

ബദർ യുദ്ധം ആസന്നമായപ്പോൾ അബ്ബാസ്(റ)വിനെ സംബന്ധിച്ച് അത് ഒരു പരീക്ഷണഘട്ടമായിരുന്നു. ഖുറൈശികളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം യുദ്ധത്തിന്ന് പുറപ്പെട്ടു.

യുദ്ധം നിർണായക ഘട്ടത്തിലെത്തിയപ്പോൾ നബി ﷺ തന്റെ അനുയായികളോടിങ്ങനെ പറഞ്ഞു: “ബനൂഹാശിമിൽ പെട്ടവരും അല്ലാത്തവരുമായ ചിലർ നിർബന്ധിതരായാണ് യുദ്ധത്തിന്ന് പുറപ്പെട്ടിരിക്കുന്നത്. അവർക്ക് നമ്മെ എതിർക്കണമെന്ന് ആഗ്രഹമില്ല. അത്തരക്കാരെ കണ്ടുമുട്ടിയാൽ നിങ്ങൾ വധിക്കരുത്. 

അബുൽ ബുഖ്രിയ്യുബ്നു ഹിശാമിനെയും അബ്ബാസിനെയും നിങ്ങൾ വധിക്കരുത്. അവർ നിർബന്ധിച്ച് ഇറക്കപ്പെട്ടവരാകുന്നു.''

നബിﷺക്ക് തന്റെ പിതൃവ്യനോട് അളവറ്റ സ്നേഹമായിരുന്നു. ബദർ യുദ്ധത്തിൽ മുസ്ലിംകൾ ബന്ധനസ്ഥരാക്കിയ ശത്രുക്കളുടെ കൂട്ടത്തിൽ അബ്ബാസ് (റ) വും ഉണ്ടായിരുന്നു. അർദ്ധരാത്രിയിൽ ബന്ധനസ്ഥരുടെ പാളയത്തിൽ നിന്ന് പിതൃവ്യന്റെ ദീനരോദനം കേട്ട് നബി ﷺ അസ്വസ്ഥനായി.

 സന്തോഷകരമായ ഒരു വിജയത്തിന്ന് ശേഷവും അസ്വസ്ഥനായി കാണപ്പെട്ട നബിﷺയോട് അനുയായികൾ കാരണമന്വേഷിച്ചു.

നബി ﷺ പറഞ്ഞു: “ഞാൻ അബ്ബാസിന്റെ ദീനരോദനം കേൾക്കുന്നു.''

അനുയായികളിലൊരാൾ അബ്ബാസ് (റ) വിന്റെ ബന്ധനം അഴിച്ചുകൊടുത്തു. അയാൾ മടങ്ങിവന്നു നബിﷺയോട് പറഞ്ഞു: ഞാൻ അബ്ബാസിന്റെ കയർ അഴിച്ചു കൊടുത്തിരിക്കുന്നു. നബി ﷺ പറഞ്ഞു: "അത് പോരാ, എല്ലാവരുടെയും കെട്ടുകൾ അഴിച്ചുകൊടുക്കുക.'' 

അങ്ങനെ ബന്ധനങ്ങൾ അഴിക്കപ്പെട്ടു.

തന്റെ മുമ്പിൽ ഹാജറാക്കപ്പെട്ട പിതൃവ്യനോട് നബി ﷺ പറഞ്ഞു:

“അബ്ബാസ്, നിനക്കും നിന്റെ സഹോദരപുത്രൻ ഉബൈലിനും ഉത്ബത്തുബ്നു അംറിന്നും നീ മോചനദ്രവ്യം നൽകി നിങ്ങൾ വിമുക്തരാവുക. നീ സമ്പന്നനാണല്ലോ.''

നിരുപാധികം വിമുക്തനാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹം നബിﷺയോട് പറഞ്ഞു; “നബിയേ, ഞാൻ മുസ്ലിമായിരുന്നു. ജനങ്ങൾ എന്നെ നിർബന്ധിച്ചിറക്കിയതാണ്!''

നബി ﷺ അത് വകവെച്ചുകൊടുത്തില്ല. അദ്ദേഹം മോചനദ്രവ്യം നൽകി വിമുക്തനാവുകയാണ് ചെയ്തത്.

സുപ്രസിദ്ധമായ രണ്ടാം അഖബാ ഉടമ്പടിക്ക് വേണ്ടി മദീനക്കാരായ എഴുപത്തഞ്ചുപേർ അടങ്ങുന്ന ഒരു പ്രതിനിധി സംഘം ഹജ്ജ്കാലത്ത് മക്കയിലെത്തി. 

നബിﷺയെ അവർ മദീനയിലേക്ക് സ്വാഗതം ചെയ്തു. പ്രസ്തുത സംഭവത്തിന്ന് അവർ കളമൊരുക്കിയത് വളരെ രഹസ്യമായിട്ടായിരുന്നു.

  നിശ്ചിത സ്ഥലത്തേക്ക് നബിﷺയുടെ കൂടെ അബ്ബാസ്(റ)വും പുറപ്പെട്ടു. നബിﷺക്കു വേണ്ടി അദ്ദേഹം അവിടെവെച്ചു സംസാരിക്കുകയും ചെയ്തു. 

ഈ സംഭവത്തിന്ന് ദൃക്സാക്ഷിയായിരുന്ന കഅബുബ്നുമാലിക് (റ) പറയുന്നു: “ഞങ്ങൾ നിശ്ചിത സ്ഥലത്ത് നബിﷺയെ പ്രതീക്ഷിച്ച് നേരത്തെ ചെന്നിരുന്നു. നബി ﷺ സദസ്സിലേക്ക് ആഗതനായി. കൂടെ പിതൃവ്യൻ അബ്ബാസ്(റ)വുമുണ്ടായിരുന്നു. അബ്ബാസ് (റ) ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി: 

ഖസ്റജ് ഗോത്രക്കാരെ, മുഹമ്മദിനെ (ﷺ) നിങ്ങൾക്കറിയാമല്ലോ. അവനിന്ന് (ﷺ) ധാരാളം ശത്രുക്കളുണ്ട്. അവരിൽ നിന്ന് ഞങ്ങൾ അവനെ (ﷺ) സംരക്ഷിക്കുന്നു. അവൻ (ﷺ) സ്വന്തം നാട്ടിലും ജനതയിലും മാന്യനും അഭിമാനിയുമാകുന്നു. ഇന്നവൻ (ﷺ) നിങ്ങളുടെ നാട്ടിലേക്ക് പ്രയാണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ അവനെ (ﷺ) ക്ഷണിച്ച് കൊണ്ടുപോയതിന്നു ശേഷം സംരക്ഷണം നൽകുകയും ശത്രുക്കളിൽ നിന്ന് അഭയം നൽകുകയും ചെയ്താൽ വളരെ നല്ലത്. നേരെ മറിച്ച് ശത്രുക്കൾക്ക് വിട്ട് കൊടുക്കുകയും നിന്ദിക്കുകയും ചെയ്യുന്നുവെങ്കിൽ ഇപ്പോൾ തന്നെ അവനെ (ﷺ) പാട്ടിന് വിടുന്നതായിരിക്കും നല്ലത്.

 അനന്തരം അബ്ബാസ് (റ) അൻസാരികളോട് അവരുടെ യുദ്ധപാരമ്പര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ടു. ദീർഘവീക്ഷണമുള്ള അബ്ബാസ് (റ) വിന് ഇസ്ലാമിന്റെ ദുർഘട ഭാവിയെക്കുറിച്ച് ബോധമുണ്ടായിരുന്നു.

ഖുറൈശികൾ അവരുടെ പാരമ്പര്യമതം കൈവെടിയുകയോ പുതിയ മതത്തിന്ന് നേരെ സഹിഷ്ണുത കാണിക്കുകയോ ചെയ്യുകയില്ലെന്നും ഇസ്ലാം ഉത്തരോത്തരം വളർച്ചയിലേക്ക് കുതിക്കുമെന്നും ഇത്തരുണത്തിൽ പരസ്പരം യുദ്ധം അനിവാര്യമായിത്തീരുന്നതാണെന്നും അദ്ദേഹംമനസ്സിലാക്കി.

  അൻസാരികൾ അവരുടെ രണപാടവം വിശദീകരിക്കാൻ തുടങ്ങി. അബ്ദുല്ലാഹിബ്നു അംറ് (റ) പറഞ്ഞു; “ഞങ്ങൾ യുദ്ധപാരമ്പര്യമുള്ളവരാണ്. ഞങ്ങളുടെ പ്രാതലും വ്യായാമവും യുദ്ധമാകുന്നു. പൂർവ്വപിതാക്കളിൽ നിന്ന് അനന്തരമായി ഞങ്ങൾക്ക് ലഭിച്ചതാണത്. ആവനാഴി തീരുന്നതുവരെ ഞങ്ങൾ അസ്ത്രം പ്രയോഗിക്കും. അത് കഴിഞ്ഞാൽ വാളെടുക്കും, രണ്ടിലൊരാളുടെ കഥ കഴിയുന്നത് വരെ അത് പ്രയോഗിക്കും.''

അബ്ബാസ് (റ) പറഞ്ഞു: “ശരി, നിങ്ങൾ യോദ്ധാക്കൾ തന്നെ. നിങ്ങൾ കവചം ഉപയോഗിക്കാറുണ്ടോ?'' അബ്ദുല്ലാഹിബ്നു അംറ് (റ) പറഞ്ഞു: “അതെ, ഞങ്ങൾക്ക് ശരീരം മൂടിനിൽക്കുന്ന കവചമുണ്ട്.”


ഹിജ്റ എട്ടാം വർഷം മക്ക മുസ്ലിംകൾക്ക് അധീനപ്പെട്ടു. ഇസ്ലാമിന്റെ അടിക്കടിയുള്ള വളർച്ച അംഗീകരിക്കാൻ തയ്യാറില്ലാത്ത അർദ്ധദ്വീപിലെ ഹമാസിൻ, സഖീഫ്, നസർ, ജുശം എന്നീ ഗോത്രക്കാർ ഇസ്ലാമിനെതിരെ പടക്ക് പുറപ്പെട്ടു. പ്രസ്തുത സമരം ഹുനൈൻ എന്ന പേരിൽ അറിയപ്പെടുന്നു. 

മുസ്ലിംകൾക്ക് അതിതീക്ഷ്‌ണമായ പരീക്ഷണത്തിന് വിധേയമായ ഈ സമരത്തിൽ നബിﷺയോടൊപ്പം കാലിടറാതെ രണാങ്കണത്തിൽ നിലയുറപ്പിച്ച ചുരുക്കം ചിലരിൽ അബ്ബാസ് (റ)വും പുത്രൻ ഫദ്ൽ(റ)വും ഉണ്ടായിരുന്നു. 

ഈ യുദ്ധത്തെക്കുറിച്ച് പരിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു: “വളരെ യുദ്ധങ്ങളിൽ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. നിങ്ങളുടെ ആധിക്യം നിങ്ങളെ സന്തുഷ്ടരാക്കിയ (ഹുനൈൻ യുദ്ധദിവസം ഒന്ന് ഓർത്തുനോക്കൂ) നിങ്ങളുടെ ആധിക്യമാവട്ടെ, ഒരു പ്രകാരത്തിലും നിങ്ങൾക്ക് ഒട്ടും ഉപകരിച്ചതുമില്ല. വിശാലമായ ഭൂമി നിങ്ങൾക്ക് ഇടുങ്ങിയതായി തോന്നി. നിങ്ങൾ പിന്തിരിഞ്ഞോടി. പിന്നീട് പ്രവാചകനും അവന്റെ അനുയായികൾക്കും അല്ലാഹു സഹായമിറക്കിക്കൊടുത്തു. നിങ്ങൾക്ക്
കാണാൻ കഴിയാത്ത ഒരു സൈന്യത്തെ അവൻ ഇറക്കുകയും അവിശ്വാസികളെ ശിക്ഷിക്കുകയും ചെയ്തു. അതാണ് അവിശ്വാസികൾക്കുള്ള ശിക്ഷ.''
   
മുസ്ലിംകൾ ശത്രുസൈന്യത്തെ പ്രതീക്ഷിച്ചു പർവ്വതപ്രാന്തത്തിൽ നിലയുറപ്പിച്ചു. ശത്രുക്കളാവട്ടെ, അവരെ മറികടന്നു പതിയിരിക്കുന്നുണ്ടായിരുന്നു. തക്കം നോക്കി അവർ മുസ്ലിം സൈന്യത്തിന്റെ മേൽ ചാടിവീണു.

ഓർക്കാപ്പുറത്തേറ്റ പ്രഹരം അവരുടെ അണിതകർത്തു കളഞ്ഞു. വളരെ പേർ പിന്തിരിഞ്ഞോടി. 

നബിﷺയുടെ സാന്നിധ്യത്തിൽ അബൂബക്കർ (റ), ഉമർ (റ), അലി(റ), അബ്ബാസ് (റ), ഫദൽ(റ), ജഅഫറുബ്നു ഹാരിസ് (റ), റബീഅത്ത്(റ), ഉസാമ (റ) പോലെയുള്ളവർ മാത്രമേ അവശേഷിച്ചിരുന്നുള്ളു.
  
ധീരയായ ഒരു മഹിളാരത്നമായിരുന്ന ഉമ്മുസുലൈമി(റ)ന്റെ ചരിത്രം ഇവിടെ പ്രസക്തമാകുന്നു. ഊരിപ്പിടിച്ച കഠാരിയുമായി പൂർണ്ണഗർഭിണിയായ അവർ തന്റെ ഭർത്താവായ അബൂത്വൽഹ(റ)വിന്റെ ഒട്ടകപ്പുറത്ത് കയറി നബിﷺയുടെ അടുത്തേക്ക് കുതിച്ചു. 

ഇളകിക്കൊണ്ടിരുന്ന അവരുടെ വയർ ഒരു പുതപ്പിന്റെ കഷ്ണം കൊണ്ട് അവർ കെട്ടിമുറുക്കിയിരുന്നു! അവരെ കണ്ടപ്പോൾ നബി ﷺ സുസ്മേരവദനനായിക്കൊണ്ട് ചോദിച്ചു. “ആരിത്! ഉമ്മുസുലൈമയോ?'' .

അവർ പറഞ്ഞു; “അതെ, പിന്തിരിഞ്ഞ് ഓടുന്ന നമ്മുടെ ആൾക്കാരോട് ശത്രുക്കളോടെന്നപോലെ ഞാൻ യുദ്ധം ചെയ്യും! അവർ അതർഹിക്കുന്നു.''
 
ധൈര്യവതിയായ ആ മഹിളാരത്നത്തെ നബി ﷺ സമാധാനിപ്പിച്ചു: “നമുക്ക് അല്ലാഹു ﷻ തുണയുണ്ട്. അവൻ ഉത്തമനും മതിയായവനുമാകുന്നു.”

മുസ്ലിം സൈന്യം ഭയചകിതരായി പിന്തിരിഞ്ഞ് ഓടിയപ്പോൾ അബ്ബാസ് (റ) നബിﷺയുടെ അടുത്ത് തന്നെയുണ്ടായിരുന്നു. മരണത്തിന്റെ കറുത്ത മുഖം അവരെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. നബി ﷺ അവരോട് ഉച്ചത്തിൽ വിളിച്ചുപറയാൻ ആഞ്ജാപിച്ചു. 

അതികായനും വലിയ ശബ്ദമുള്ള ആളുമായിരുന്നു അദ്ദേഹം. പിന്തിരിഞ്ഞോടുന്ന സൈന്യത്തെ അദ്ദേഹം ഉച്ചത്തിൽ വിളിച്ചു: “അൻസാരികളേ! അഖബാ ഉടമ്പടിയുടെ ആൾക്കാരെ!''

അബ്ബാസ്(റ)വിന്റെ ശബ്ദം കർണ്ണങ്ങളിൽ ചെന്നലച്ച മുസ്ലിം സൈന്യം ഒന്നടങ്കം “ലബ്ബൈക്ക് ലബ്ബൈക്ക്' എന്ന് ആർത്തു വിളിച്ചുകൊണ്ട് തിരിച്ചുവന്നു. അതോടെ സമരരംഗം ചൂടായി. മുസ്ലിംകൾ ആധിപത്യം പുലർത്താൻ തുടങ്ങി. ശത്രുക്കൾ അരിഞ്ഞു വീഴ്ത്തപ്പെട്ടു. ലാത്തയുടെ പടയാളികൾ പരാജിതരായി!


ഉമർ (റ) വിന്റെ ഭരണകാലത്ത് ഒരിക്കൽ കഠിനമായ ക്ഷാമം ബാധിച്ചു. ഒരു തുള്ളി കുടിനീരു ലഭിക്കാതെ പക്ഷിമൃഗാദികൾ ചത്തൊടുങ്ങാൻ തുടങ്ങി. 

നാശത്തിന്റെ വർഷം എന്നർത്ഥം വരുന്ന "ആമുഅ്റമാദ്' എന്ന പേരിലാണ് പ്രസ്തുത വർഷം അറിയപ്പെട്ടിരുന്നത്.
   
ജനങ്ങൾ ഖലീഫയുടെ നേതൃത്വത്തിൽ "ഇസ്തിസ്ഖാഅ്' നമസ്കാരത്തിനു (മഴക്കുവേണ്ടി പ്രാർത്ഥിക്കുന്ന പ്രത്യേക നമസ്കാരം) മൈതാനത്തിലേക്ക് പുറപ്പെട്ടു. കൂട്ടത്തിൽ അബ്ബാസ്(റ)വും ഉണ്ടായിരുന്നു.
   
ഖലീഫാ ഉമർ (റ) അബ്ബാസ്(റ)വിന്റെ വലതുകൈ ആകാശത്തിലേക്ക് ഉയർത്തിപിടിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: “നാഥാ, നിന്റെ പ്രവാചകൻ (ﷺ) ഞങ്ങളോടൊപ്പമുണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ ഇടനിർത്തി ഞങ്ങൾ
മഴക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു. ഇന്നിതാ ഞങ്ങൾ നിന്റെ പ്രവാചകന്റെ പിതൃവ്യനെ ഇടനിർത്തുന്നു. ഞങ്ങൾക്കു നീ മഴ നൽകേണമേ..
 
അനന്തരം അബ്ബാസ് (റ)വിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടന്നു. ജനങ്ങൾ പിരിഞ്ഞുപോകുന്നതിനു മുമ്പുതന്നെ ആകാശം മേഘാവൃതമായി. മഴ ചൊരിഞ്ഞു.

ഹിജ്റ 32-ൽ റജബ് 14ന് വെള്ളിയാഴ്ച്ച അബ്ബാസ് (റ) മദീനയിൽ നിര്യാതനായി. ഖലീഫ ഉസ്മാൻ (റ) വിന്റെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കാരം നിർവ്വഹിച്ചു. ബഖീഇൽ മറവുചെയ്യുകയും ചെയ്തു.



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

ഭർത്താവിനെ ഇതര ജീവിയായി കോലം മറിച്ചാൽ ഭാര്യ ഇദ്ദ ആചരിക്കേണ്ടതുണ്ടോ

 

ഉണ്ട്.! തന്റെ ഭർത്താവിനെ കല്ലായി കോലം മറിക്കപ്പെട്ടാൽ അവൾ വഫാത്തിന്റെ ഇദ്ദ (4 മാസവും 10 ദിവസവും) ആചരിക്കണം. എന്നാൽ ഇതര ജീവിയായി കോലം മറിക്കപ്പെട്ടാൽ ത്വലാഖിന്റെ ഇദ്ദയാണ് അവൾ ആചരിക്കേണ്ടത്. (ശർവാനി : 8/250)

(فرع) لو مسخ الزوج حجرا اعتدت زوجته عدة الوفاة أو حيوانا اعتدت عدة الطلاق سم على المنهج اهـ ع.( حاشية الشرواني : ٨/٢٥٠)



അലി അഷ്ക്കർ : 9526765555

Sunday 28 March 2021

114 സൂറത്തുകളുടെ മഹത്വങ്ങൾ



നൂറ്റിപ്പതിനാല് അധ്യായങ്ങളുൾക്കൊള്ളുന്നതാണ് വിശുദ്ധ ഖുർആൻ ആത്മീയവും ഭൗതികവുമായി ലോകത്ത് നാം നേരിടുന്ന സമസ്ത സമസ്യകൾക്കും പരിഹാരമാണ് ഖുർആനിലെ വിവിധങ്ങളായ സൂറത്തുകളെന്നാണ് ഇസ്ലാംമിക പാഠം 

വൈദ്യശാസ്ത്രം ലോകത്ത് മനുഷ്യൻ നേരിടുന്ന ഓരോ രോഗത്തിനും വൈവിധ്യ മരുന്നുകൾ വിധിക്കപ്പെടുന്നതുപോലെ സത്യവിശ്വാസിയുടെ ജീവിത വീഥിയിൽ നമുക്ക് ലഭ്യമാവേണ്ട ആത്മീയോന്നതി, പാപമോചനം, സ്വഭാവ സംസ്കരണം, ഐശ്വര്യം, ദാരിദ്ര്യ നിർമാർജനം, രോഗശാന്തി, പാണ്ഡിത്യം, ബറകത്ത്, പരീക്ഷണം ദുരന്തങ്ങളിൽ നിന്നും മുക്തി, ഉദ്ദേശ്യ സാഫല്യം തുടങ്ങിയവയെല്ലാം ഖുർആനിലെ പുണ്യസൂറത്തുകൾ പാരായണം ചെയ്യപ്പെടുന്നതിലൂടെയും നിത്യചര്യയാക്കപ്പെടുകവഴിയും നമുക്ക് ലഭ്യമാവുന്നു 

ഒന്നൊഴിവില്ലാതെ ഖുർആനിലെ മുഴുവൻ സൂറത്തുകളുടെയും വിശേഷണ ഗുണങ്ങൾ വിവരിക്കപ്പെടുന്ന ഇതിന്റെ അവലംബം തഫ്സീറുൽ ഖുർത്വുബി, സ്വഹീഹുൽ ബുഖാരി, ഹാശിയത്തുസ്വാവി, തൻബീഹുൽ ഗാഫിലീൻ, തഅ്ത്വീറുൽ അനാം തുടങ്ങിയ പ്രബല പ്രാമാണിക ഗ്രന്ഥങ്ങളാണ്  

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും ഖുർആനുമായി ബന്ധപ്പെട്ട ഹൃദയത്തോടെ സ്വീകരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

1

സൂറത്തുൽ ഫാത്തിഹ- سورة الفاتحة

ഏഴ് സൂക്തങ്ങളുള്ള ഈ പുണ്യ അധ്യായത്തിന്റെ മഹത്വങ്ങൾ വിവധങ്ങളാണ് ഉബയ്യുബ്നു കഅ്ബ് (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: സൂറത്തുൽ ഫാത്തിഹയെപ്പോലെ തൗറാത്തിലോ ഇഞ്ചീലിലോ അല്ലാഹു ഇറക്കിയിട്ടില്ല (ഖുർത്വുബി: 1/77) 

ഇമാം ഖുർത്വുബി (റ) പറയുന്നു: ഇബ്ലീസ് നാല് തവണയാണ് അട്ടഹസിച്ചത് ഇബ്ലീസിനെ ശപിക്കപ്പെട്ടപ്പോഴും സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും മുഹമ്മദ് നബി (സ) യെ പ്രവാചകനായി നിയോഗിക്കപ്പെട്ടപ്പോഴും സൂറത്തുൽ ഫാത്തിഹ അവതരിക്കപ്പെട്ടപ്പോഴുമാണത് (ഖുർത്വുബി: 1/78)

സൂറത്തുൽ ഫാത്തിഹ ഇരുപത് പേരിലറിയപ്പെടുന്നുവെന്ന് ഇമാം അഹ്മദ് സ്വാവിൽ മാലികി (റ) വിവരിച്ചിട്ടുണ്ട് (ഹാശിയതു സ്വാവി: 4/252) 

ഖുർആനിന്റെ പ്രിയ മാതാവായ സൂറത്തുൽ ഫാത്തിഹ ഹിജ്റയുടെ മുമ്പ്,അവതരിക്കപ്പെട്ടതിനാൽ ഈ സൂറത്ത് മക്കിയ്യയുടെ ഗണത്തിൽ പെടുന്നു അനസ് (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: ഖുർആനിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് *ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ* (ഫാത്തിഹ) യാണ് (ഹാകിം) 

ഏതൊരു രോഗത്തിനും വിഷമകരമായ സാഹചര്യത്തിനും പ്രതിവിധിയും മരുന്നുമായി ഇസ്ലാം നിർണയിച്ച ദിവ്യഔഷധം ഫാത്തിഹയല്ലാതെ മറ്റൊന്നില്ല കാരണം സൂറത്തുൽ ഫാത്തിഹയുടെ മർമമറിഞ്ഞ് പാരായണം ചെയ്യുന്നവന്റെ രോഗം ഭേദപ്പെടുത്താനും സമസ്യകൾക്ക് പൂരണം നൽകാനും ഫാത്തിഹ തന്നെ മതിയെന്നാണ് ഇസ്ലാമികാധ്യാപനം അബ്ദുൽ മാലികുബ്നു ഉമൈർ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: സൂറത്തുൽ ഫാത്തിഹ എല്ലാ രോഗത്തിനും മരുന്നാണ് (ബൈഹഖി) 

കണ്ണേറുകൾ നമ്മുടെ ഭാവിജീവിതത്തെ എല്ലാ നിലയിലും തകർക്കപ്പെടുമെന്നാണ് പ്രവാചകാധ്യാപനം എന്റെ സമുദായത്തിന്റെ മരണകാരണത്തിന്റെ അധിക കാരണവും കണ്ണേറാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് അതോടൊപ്പം ദിനംപ്രതി വീട്ടിൽവെച്ച് സൂറത്തുൽ ഫാത്തിഹയും ആയത്തുൽ കുർസിയ്യും പാരായണം ചെയ്യുന്നവന് മനുഷ്യർ, ജിന്നുകൾ എന്നിവയിൽ നിന്നും സംരക്ഷണം നൽകുമെന്ന് നബി (സ) നമ്മെ ബോധ്യപ്പെടുത്തി  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറത്തുൽ ഫാത്തിഹ ഓതുന്നത് സ്വപ്നം കണ്ടാൽ അവന് നന്മകളുടെ വിവിധ വഴികൾ തുറക്കപ്പെടും 

സഈദുബ്നുൽ മുസയ്യബ് (റ) പറയുന്നു: ഫാത്തിഹ ഓതുന്നത് സ്വപ്നം കാണുന്നവൻ പ്രാർത്ഥിച്ചാൽ ഉത്തരം ലഭ്യമാവും  

ഉമർ (റ) പറയുന്നു: ഒരാൾ ഉറക്കത്തിൽ ഫാത്തിഹ ഓതുകയാണെങ്കിൽ അവന്റെ മതകീയ സ്ഥാനം സംരക്ഷിക്കപ്പെടുന്നതാണ്  

ഫാത്തിഹ ഓതുന്നതോ മറ്റൊരാൾ ഓതിത്തരുന്നതോ സ്വപ്നം കണ്ടാൽ തിന്മകളുടെ വാതിലുകൾ അടക്കപ്പെടുകയും നന്മയുടെ വാതിലുകൾ തുറക്കപ്പെടുകയും ചെയ്യുമെന്നും പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തുന്നു സ്വപ്നത്തിൽ ഫാത്തിഹ ഓതുന്നത് ഹജ്ജിനുള്ള അവസരമാണെന്ന് മഹാരഥന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട് (തഅ്തീറുൽ അനാം: 150)   

2

സൂറത്തുൽ ബഖറ -سورة البقرة

ഖുർആനിലെ ഏറ്റവും വലിയ അധ്യായമാണ് സൂറത്തുൽ ബഖറ അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: എല്ലാ വസ്തുവിനും തലവനുണ്ട് ഖുർആനിന്റെ തലവൻ സൂറത്തുൽ ബഖറയാണ് (തുർമുദി) 

വിശാലമായ വിജ്ഞാനമുൾക്കൊള്ളുന്ന ഈ സൂറത്തിനെ ഫുസ്ത്വാത്വുൽ ഖുർആൻ (ഖുർആനിന്റെ മണ്ഡപം) എന്ന പേരിലറിയപ്പെടുന്നു (ഖുർത്വുബി: 1/152) 

ഇമാം ഖുർത്വുബി (റ) പറയുന്നു: സൂറത്തുൽ ബഖറയിലെ കർമശാസ്ത്രം പന്ത്രണ്ട് വർഷം ഉമർ (റ) വിശദീകരിച്ചുകൊടുത്തിട്ടുണ്ട് പുത്രൻ അബ്ദുല്ലാഹിബ്നു ഉമർ (റ) എട്ട് വർഷം അൽബഖറയിലെ കർമശാസ്ത്ര വിധികളും നിയമങ്ങളും സത്യവിശ്വാസികളായ സ്വഹാബികൾക്കും താബിഉകൾക്കും അധ്യാപനം നടത്തിയിട്ടുണ്ട് (ഖുർത്വുബി: 1/152) 

ഇരുന്നൂറ്റി എൺപത്താറ് സൂക്തങ്ങളുള്ള ഈ അദ്ധ്യായം ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ട മദനിയ്യ സൂറത്തിന്റെ ഗണത്തിൽ പെടുന്നു 

മുൻകാല പ്രവാചകന്മാരുടെ വേദഗ്രന്ഥങ്ങളിൽ നിന്നും കടഞ്ഞെടുത്ത പുണ്യ അധ്യായമാണ് സൂറത്തുൽ ബഖറയെന്നാണ് നബി (സ) പറഞ്ഞത് മഅ്ഖലുബ്നു യസാർ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: സൂറത്തുൽ ബഖറ എനിക്ക് നൽകപ്പെട്ടത് മുൻകഴിഞ്ഞ വേദ ഗ്രന്ഥങ്ങളിൽ നിന്നാണ് (മുസ്തദ്റക്) 

സഹ്ലുബ്നു സഅ്ദ് (റ) ൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: ഒരാൾ അൽബഖറ രാത്രിയിൽ പാരായണം ചെയ്താൽ മൂന്ന് ദിവസം പിശാച് പ്രസ്തുത വീട്ടിൽ പ്രവേശിക്കുകയില്ല (ഇബ്നു ഹിബ്ബാൻ) 

അസ്സയ്യിദ് അബ്ദുല്ല ബാ അലവിയ്യുൽ ഹദ്ദാദ് (റ) ഉദ്ധരിക്കുന്നു: ബഖറയെ നിങ്ങൾ പാരായണം ചെയ്യുക അതിനെ സ്വീകരിക്കൽ ബറകത്തും ഉപേക്ഷിക്കൽ പരാജയവുമാണെന്ന ഹദീസ് സത്യവിശ്വാസികൾ ഏറെ പരിഗണിക്കേണ്ടതാണ് (അന്നസ്വാഇഹ്: 54) 

ഇബ്നു കസീർ (റ) പറയുന്നു: സൂറത്തുൽ ബഖറ ഓതുന്നത് സ്വപ്നം കാണുന്നവനു വിജ്ഞാനവും ദീർഘായുസ്സും ലഭ്യമാവുന്നതോടൊപ്പം സന്താനങ്ങളിലും  ആത്മീയ കാര്യങ്ങളിലും രക്ഷയുണ്ടാവുന്നതാണ്  

ആഇശ (റ) പറയുന്നു: ഒരാൾ അൽബഖറ ഓതുന്നത് കണ്ടാൽ അവൻ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കാനും അവിടെ സൗഭാഗ്യം ലഭ്യമാവാനും കാരണമാവും ഒരു ഭരണാധികാരി നിദ്രയിൽ അൽബഖറ ഓതിയാൽ അദ്ദേഹത്തിന്റെ മരണസൂചനയും പണ്ഡിതനാണെങ്കിൽ ദീർഘായുസ്സും ഉത്തമ സാഹചര്യവുമാണ് വ്യാഖ്യാനം അൽബഖറയിലുൾപ്പെട്ട ആയത്തുൽ കുർസിയ്യ് ഒരാൾ ഉറക്കത്തിൽ ഓതിയാൽ അവന്റെ മനഃപാഠ സിദ്ധിയും ബുദ്ധിയുമാണ് അത് അറിയിക്കുന്നത് (മഅ്ത്വീർ: 150) 

3

സൂറത്തുൽ ആലുഇംറാൻ-  سورة ال عمران

അബൂ ഉമാമതുൽ ബാഹിലി (റ) പറയുന്നു: സഹ്റാവൈനി എന്ന പേരിലറിയപ്പെടുന്ന അൽബഖറ, ആലുഇംറാൻ എന്നിവ നിങ്ങൾ പാരായണം ചെയ്യുക അത് രണ്ടും പാരായണം ചെയ്താൽ അവ മഹ്ശറയിൽ തണലായിരിക്കുകയും സ്വർഗത്തിനുവേണ്ടി സാക്ഷിനിൽക്കുകയും ചെയ്യും (മുസ്ലിം)  

ഇരുന്നൂറ് ആയത്തുകൾ ഉൾക്കൊള്ളുന്ന ഈ സൂറത്ത് മദനിയ്യ  സൂറത്തിലാണ് ഉൾപ്പെടുന്നത് ഇബ്നു മസ്ഊദ് (റ) വിൽ നിന്ന് നിവേദനം, നബി (സ) പറഞ്ഞു: ഒരാൾ ആലുഇംറാനിലെ 

شَهِدَ ٱللَّهُ أَنَّهُۥ لَاۤ إِلَـٰهَ إِلَّا هُوَ وَٱلۡمَلَـٰۤىِٕكَةُ وَأُو۟لُوا۟ ٱلۡعِلۡمِ قَاۤىِٕمَۢا بِٱلۡقِسۡطِۚ لَاۤ إِلَـٰهَ إِلَّا هُوَ ٱلۡعَزِیزُ ٱلۡحَكِیمُ إِنَّ ٱلدِّینَ عِندَ ٱللَّهِ ٱلۡإِسۡلَـٰمُۗ

എന്ന് ഓതിയ ശേഷം  

أَناَ أشْهَدُ بِمَا شَهِدَ اللهُ وَأسْتَوْدِعُ اللهَ الشَّهَادَةَ وَهي لِي عِنْدَهُ وَدِيعَة

എന്ന് പറഞ്ഞാൽ അന്ത്യനാളിൽ അല്ലാഹു ഇപ്രകാരം പറയും, എന്നോട് കരാർ ചെയ്ത ഈ അടിമയെ സ്വർഗത്തിൽ പ്രവേശിപ്പിക്കുക 

അബൂബക്കർ സിദ്ദീഖ് (റ) പറയുന്നു: ആലുഇംറാൻ പാരായണം സ്വപ്നം കാണുന്നവൻ കുടുംബത്തിൽ ഭാഗ്യം കാണുവാനും, വാർദ്ധക്യത്തിൽ സന്താനം ലഭിക്കാവുന്നതുമാണ് ധാരാളം യാത്ര ചെയ്യാനും സാധ്യതയുണ്ട് അതോടൊപ്പം ജനങ്ങൾക്കിടയിൽ ഉത്തമനും എല്ലാ മ്ലേഛതകളിൽ നിന്നും രക്ഷപ്പെടുന്നതുമാണ് (തഅ്ത്വീമുൽ അനാം: 150)

4

സൂറത്തുൽ അന്നിസാഅ് - سورة النساء

176 ആയത്തുകൾ ഉൾക്കൊള്ളുന്ന ഈ അദ്ധ്യായം ഹിജ്റയുടെ ശേഷം അവതരിച്ച മദനിയ്യ സൂറത്താണ് അനന്തരാവകാശത്തെ കുറിച്ച് ഏറെ പ്രതിപാദിക്കുന്ന ഈ പൂണ്യസൂറത്തിലെ 58 ആം സൂക്തം മകം ഫത്ഹിന്റെ വർഷം മക്കയിലാണ് അവതരിച്ചത് ആഇശ (റ) പറയുന്നു: ഞാൻ നബി (സ) യുടെ അരികിലുണ്ടാവുമ്പോൾ മാത്രമായിരുന്നു സൂറത്തുന്നിസാഅ് അവതരിച്ചത് (ഖുർത്വുബി; 5/3) 

നിസാഅ് സൂറത്ത് സ്വപ്നം കണ്ടവൻ ദുഃസ്വഭാവമുള്ള ഭാര്യയെ കൊണ്ട് പരീക്ഷിക്കപ്പെടും വിദ്യാർത്ഥിയാണെങ്കിൽ അനന്തരാവകാശ വിജ്ഞാന (ഇൽമുൽ ഫറാഇദ്) അവഗാഹമുള്ളവനാവും ഇബ്നു ഫുള്ലത് (റ) പറയുന്നു: നിസാഅ് സൂറത്ത് സ്വപ്നം കാണുന്നവൻ ജനങ്ങൾക്കെല്ലാം ആവശ്യമുള്ള വ്യക്തിയും സംസാര സ്വാധീനമുള്ളവനുമായിത്തീരും (തഅ്ത്വീർ: 150) 

5

സൂറത്തുൽ മാഇദ-  سورة المائدة

ഹിജ്റയുടെ ശേഷം അവതരിച്ച ഈ അധ്യായത്തിൽ നൂറ്റി ഇരുപത് ആയത്തുകളാണ് ഉള്ളത് നബി (സ) ഹുദൈബിയ്യയിൽ നിന്ന് തിരിച്ച് വരുമ്പോഴാണ് ഈ അധ്യായം അവതരിക്കുന്നത് മറ്റൊരു സൂറത്തിലും പറയപ്പെടാത്ത പതിനെട്ട് മതവിധികൾ പറയപ്പെടുന്ന അധ്യായവുമാണ് സൂറത്തുൽ മാഇദ നബി (സ) ഹജ്ജതുൽ വദാഇന്റെ അവസരത്തിൽ അറഫിയിൽ വെച്ച് ഓതിയ വിശിഷ്ട അധ്യായവുമാണിത് നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ സന്നിധാനത്ത് മുൻഖിദത് (രക്ഷപ്പെടുത്തുന്നത്) എന്നാണ് ഈ അധ്യായത്തിന്റെ പേര് ശിക്ഷ നൽകാൻ നിയോഗിക്കപ്പെടുന്ന മലക്കുകളുടെ ശിക്ഷയിൽ നിന്നും ഈ സൂറത്ത് പാരായണം ചെയ്യുന്നവൻ രക്ഷപ്പെടും (ഖുർത്വുബി: 6/30)

ശൈഖ് നാബൽസി (റ) പറയുന്നു: മാഇദ സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്നവൻ മാന്യമനസ്സുള്ളവനും മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നത് ഇഷ്ടപ്പെടുന്നയാളുമാണ് സൂക്ഷ്മത, ഭയഭക്തി എന്നിവ ശക്തിപ്പെടുകയും പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുകയും ചെയ്യും (തഅ്ത്വീറുൽ അനാം: 151)

6

സൂറത്തുൽ അൻആംسورة الأنعام 

165 ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യത്തുസ്സൂറത്തിലുൾപ്പെടുന്നു എഴുപതിനായിരം മലക്കുകളുടെ മുന്നൊരുക്കത്തോടൊപ്പം അവയിലെ ഓരോ സൂക്തത്തിന്റെയുമൊപ്പം പന്ത്രണ്ടായിരം മലക്കുകൾ അകമ്പടി സേവിച്ച് അവതരിച്ച അധ്യായമാണിത് പ്രസ്തുത സൂറത്ത് എണ്ണമറ്റ മലക്കുകളുടെ അകമ്പടിയോടെ കണ്ടപ്പോൾ നബി (സ) അത്ഭുതത്തോടെ തസ്ബീഹ് ചൊല്ലി (ഖുർത്വുബി: 6/246) 

നിരവധി പുണ്യങ്ങളുള്ള ഈ അധ്യായത്തെ ഉമർ (റ) നജാഇബുൽ ഖുർആൻ (ഖുർആന്റെ മഹിമകൾ) എന്നാണ് വിശേഷിപ്പിച്ചത് 

സൂറത്തുൽ അൻആമിലെ 122 

أَوَمَن كَانَ مَیۡتࣰا فَأَحۡیَیۡنَـٰهُ وَجَعَلۡنَا لَهُۥ نُورࣰا یَمۡشِی بِهِۦ فِی ٱلنَّاسِ كَمَن مَّثَلُهُۥ فِی ٱلظُّلُمَـٰتِ لَیۡسَ بِخَارِجࣲ مِّنۡهَاۚ كَذَ ٰ⁠لِكَ زُیِّنَ لِلۡكَـٰفِرِینَ مَا كَانُوا۟ یَعۡمَلُونَ

എന്ന സൂക്തത്തിൽ ഫാത്തിഹയിൽ നൽകപ്പെടാത്ത ഏഴ് അക്ഷരങ്ങൾ (ഹർഫുകൾ ) നൽകപ്പെട്ടിട്ടുണ്ട് അതിനാൽ ഇത് പാരായണം ചെയ്തശേഷം അല്ലാഹുവിനോട് നന്മ ചോദിക്കുകയും വിഷമങ്ങളിൽ നിന്ന് അഭയം തേടുകയും ചെയ്യുക 

ശൈഖ് അബ്ദുൽ ഗനിയ്യന്നാബൽസി (റ) പറയുന്നു: ഈ സൂറത്ത് പാരായണം ചെയ്യുന്നതോ ഓതുന്നത് കേൾക്കുന്നതോ സ്വപ്ന ദർശനമുണ്ടായാൽ, സന്താനങ്ങൾക്ക് രക്ഷ, സംരക്ഷണം, ഉത്തമ വിഭവം, ഇരുലോക വിജയം എന്നിവയാണ് അനന്തരഫലം ജഅ്ഫറുസ്വാദിഖ് (റ), ആഇശ (റ), കസാഈ (റ), ഇബ്നു ഫുളാലത്ത് (റ) എന്നിവർ പറയുന്നു: ഇത് സ്വപ്നത്തിൽ ദർശിക്കുന്നവന്റെ മേൽ എഴുപതിനായിരം മലക്കുകൾ പൊറുക്കലിനെ തേടും (തഅ്ത്വീർ: 151)  

7

സൂറത്തുൽ അഅ് റാഫ്-  سورة الأعراف

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ അധ്യായത്തിന് ഈ പേര് നൽകപ്പെട്ടത് സ്വർഗത്തിലും നരകത്തിലും ഉൾപെടാത്ത അഹ്റാഫുകാരെ പരാമർശിച്ചതിനാലാണ് ഖുർആനിലെ പതിനാല് സജദയുടെ ആയത്തുകളിലെ പ്രഥമ ആയത്ത് ഈ സൂറത്തിലാണ് ഇരുന്നൂറ്റി ആറ് ആയത്തുകൾ ഈ അധ്യായത്തിലുണ്ട് സാധാരണ ഏറ്റവും ചെറിയ സൂറത്ത് ഓതൽ പതിവുള്ള മഗ്രിബ് നിസ്കാരത്തിലൊരിക്കൽ നബി (സ) സൂറത്തുൽ അഹ്റാഫിനെ രണ്ട് റക്അത്തുകളിൽ വീതിച്ച് പാരായണം ചെയ്തുവെന്ന് ആഇശ (റ) നിവേദനം ചെയ്ത ഹദീസിലുണ്ട് (തഫ്സീറുൽ ഖുർത്വുബി: 7/104)

സൂറത്തുൽ അഹ്റാഫിലെ അവസാന സൂക്തം പാരായണം ചെയ്ത ശേഷം തിലാവത്തിന്റെ സുജൂദ് സുന്നത്താണ് 

നാഫിഅ് (റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: സൂറത്തുൽ അഹ്റാഫ് പാരായണം ചെയ്യുമ്പോൾ അതിൽനിന്ന് ഏതെങ്കിലും ഒരു ഭാഗം കേൾക്കുന്നത് ഒരാൾ സ്വപ്നം കണ്ടാൽ എല്ലാ ജ്ഞാനങ്ങളെക്കുറിച്ചും അവനു മനഃപാഠസിദ്ധിയുണ്ടാവും (തഅ്ത്വീർ: 151) 

8

സൂറത്തുൽ അൻഫാൽ-  سورة الأنفال

എഴുപത്തഞ്ച് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ ശേഷം ഇറക്കപ്പെട്ട മദനിയ്യ സൂറത്തുകളുടെ ഗണത്തിലുൾപ്പെടുന്നു  

ഇബ്നു അബ്ബാസ് (റ) പറയുന്നു: സൂറത്തുൽ അൻഫാൽ പാരായണം ചെയ്യുന്നത് സ്വപ്നത്തിൽ ദർശിച്ചാൽ അവൻ വിജയിയും ഉന്നതിയിലേക്ക് വഴിനടക്കുന്നവനുമാണ് പണ്ഡിതൻ ഇപ്രകാരം സ്വപ്നം കാണുന്നത് അവൻ സൂക്ഷ്മതയുള്ളവനാണെന്നതിനു തെളിവാണ് (തഅ്ത്വീർ: 151) 

9

സൂറത്തു തൗബ  -  سورة التوبة

നൂറ്റിമുപ്പത് സൂക്തങ്ങളുള്ള ഈ അധ്യായം പാരായണം ചെയ്യുമ്പോൾ ബിസ്മി ഓതൽ കറാഹത്താണ്. അഊദു മാത്രം ഓതിയാണ് പാരായണം ആരംഭിക്കേണ്ടത് ഹിജ്റയുടെ ശേഷം അവതരിച്ചതിനാൽ ഈ സൂറത്ത് മദനിയ്യയുടെ ഗണത്തിലുൾപ്പെടുന്നു നിശ്ചയം ബിസ്മി ശുഭസൂചകമായ കാര്യങ്ങൾ തുടക്കം കുറിക്കുമ്പോഴാണ് പാരായണം ചെയ്യുന്നത് എന്നാൽ തൗബയുടെ സൂറത്തിൽ ധാരാളവും നരക ശിക്ഷയെ പരാമർശിക്കുന്നതിനാൽ നബി (സ) ബിസ്മി ചൊല്ലാൻ കൽപിക്കപ്പെട്ടിട്ടില്ല (ഹാശിയതുസ്സ്വാവി: 2/127) 

സൂറത്തുതൗബയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാവിലെയും വൈകുന്നേരവും ഏഴ് തവണ പാരായണം ചെയ്താൽ മരണമടക്കമുള്ള എല്ലാ കാര്യങ്ങൾക്കും സംരക്ഷണമാണ് എന്നാൽ മരിക്കുന്ന ദിവസം അത് ചൊല്ലാൻ അല്ലാഹു തോന്നിപ്പിക്കുകയുമില്ല 

നാഫിഅ് (റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: ഈ സൂറത്ത് സ്വപ്നത്തിൽ ദർശിക്കുന്നവൻ സയ്യിദരായ മഹാരഥന്മാരെ ഇഷ്ടപ്പെടുന്നവനാണെന്നാണ് വ്യാഖ്യാനം അതോടൊപ്പം ജനങ്ങൾക്ക് പ്രിയപ്പെട്ടവനും മരണപ്പെടുന്നതിനു മുമ്പ് പശ്ചാത്താപം ചെയ്യുന്നവനുമാവും അന്ത്യനാളിൽ നബി (സ) അവർക്ക് ശുപാർശക്കായി സന്നിഹിതരാവുകയും ചെയ്യും (തഅ്ത്വീർ: 151) 

10

സൂറത്തു യൂനൂസ്سورة يونس

നൂറ്റി ഒമ്പത് ആയത്തുകളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് ഈ അധ്യായത്തിലെ الر പദത്തിന്റെ യഥാർത്ഥ അർത്ഥം അല്ലാഹുവാണ് ഏറ്റവുമറിയുന്നവനെന്നാണ് വ്യാഖ്യാനം എന്നാൽ ഇബ്നു അബ്ബാസ് (റ) പറയുന്നു: الر എന്നത് انا الله ارى ഞാൻ അല്ലാഹുവാണ് ഞാൻ എല്ലാം കാണുന്നുവെന്നാണ് അതിന്റെ അർത്ഥം (ഖുർത്വുബി:8/194) 

അബൂബക്കർ സിദ്ദീഖ് (റ) പറയുന്നു: ഒരാൾ സൂറത്തു യൂനൂസ് സ്വപ്നം കണ്ടാൽ സമ്പത്ത് ലഭ്യമാവാനുള്ള വഴി തെളിയും ജഅ്ഫറുസ്വാദിഖ് (റ) പറയുന്നു: ഈ സൂറത്ത് ഓതുന്നത് സ്വപ്നത്തിൽ ദർശിക്കുന്നവൻ ഏകാന്ത ജീവിതം ഇഷ്ടപ്പെടുന്നതാണ് (തഅ്ത്വീർ: 151) 

11
സൂറത്തുൽ ഹൂദ് سورة هود

നൂറ്റി ഇരുപത്തി മൂന്ന് ആയത്തുകളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു 

കഅ്ബ് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: നിങ്ങൾ വെള്ളിയാഴ്ച ദിവസം സൂറത്ത് ഹൂദ് പാരായണം ചെയ്യുക (ദാരിമി, ഖുർത്വുബി: 9/3) 

പ്രത്യേക പാരായണം പുണ്യമുള്ള ഈ സൂറത്തിലെ ഉള്ളടക്കം ചിന്തിച്ച നബി (സ) യുടെ ചില തലമുടികൾക്ക് നര ബാധിച്ചിരുന്നു വെന്ന് ഹദീസുകളിലുണ്ട്  അബൂബക്കർ (റ) ഒരിക്കൽ നബി (സ) യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങേക്ക് നര ബാധിച്ചുവല്ലോ നബി (സ) പറഞ്ഞു: എനിക്ക് നര വരാൻ കാരണം ഹൂദ് സൂറത്താണ് (ഖുർത്വുബി: 9/3)

ഉമറുബ്നുൽ ഖത്വാബ് (റ) പറയുന്നു: സൂറത്തു ഹൂദ് പാരായണം ചെയ്യുന്നതോ കേൾക്കുന്നതോ സ്വപ്നം കാണുന്നവന് ശത്രുക്കൾ വർധിക്കുന്നതും കൃഷിയിലൂടെയുള്ള വിഭവങ്ങൾ ലഭ്യമാവുന്നതുമാണ് അതോടൊപ്പം ദീർഘായുസ്സിനെ സൂചിപ്പിക്കുന്നതാണ് പ്രസ്തുത സൂറത്തിനെ പാരായണം ചെയ്യുന്നതായി സ്വപ്ന ദർശനമുണ്ടാവുന്നത് (തഅ്ത്വീർ: 151) 

12
സൂറത്തുൽ യൂസുഫ് - سورة يوسف

നൂറ്റിപ്പതിനൊന്ന് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതും ഉത്തമ കഥയെന്ന് അല്ലാഹു വിശേഷിപ്പിച്ച യൂസുഫ് നബി (അ) ന്റെ ചരിത്രം അനാവരണം ചെയ്യുന്നതുമാണ് ഖാലിദുബ്നു മഅ്ദാൻ (റ) പറയുന്നു: സൂറതു യൂസുഫ്, സൂറതു മർയം എന്ന രണ്ട് അധ്യായങ്ങളെകൊണ്ട് സ്വർഗീയർ സ്വർഗത്തിൽ ആസ്വദിക്കുന്നതാണ് (ഹാശിയതു സ്വാവി: 2/217) 

അതോടൊപ്പം സൂറതുയൂസുഫിലെ 2 ആയത്തിലെ إِنَّاۤ أَنزَلۡنَـٰهُ قُرۡءَ ٰ⁠ نًا عَرَبِیࣰّا لَّعَلَّكُمۡ تَعۡقِلُون എന്ന സൂക്തം പ്രസവിച്ച കുഞ്ഞിന്റെ സമീപം ഓതിയാൽ പ്രസ്തുത കുഞ്ഞ് വ്യഭിചാരത്തെ സമീപിക്കുന്നതല്ല (ഇആനത്ത്: 2/529) 

ഇമാം നാബൽസി (റ) പറയുന്നു: സൂറത്തു യൂസുഫ് സ്വപ്നം കാണുന്നവന് യാത്രയിലും വിദേശത്തും സമ്പത്തും അധികാരവും സ്ഥാപിക്കാൻ കഴിയും അതോടൊപ്പം മരണാവസ്ഥ വളരെ അനായാസകരവും നന്മയിലുമായി പരിണമിക്കും ദാരിദ്ര്യത്തിന് ശേഷം ഐശ്വര്യവും നിന്ദ്യതക്ക് ശേഷം പ്രതാപവും ഈ സൂറത്തിന്റെ പ്രത്യേകതയാണ് (തഅ്ത്വീർ 151) 

13
സൂറത്തുൽ റഅ്ദ്-  سُورَةُ الرَّعْد

നാൽപത്തിമൂന്ന് ആയത്തുകളുള്ള, ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് എന്നാൽ ഇത് ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ടതാണെന്ന് ശൈഖ് മുഖാതിൽ (റ) പറയുന്നു (ഖുർത്വുബി: 9/183) 

സൂറതു റഅ്ദ് മരണാസന്നരായവരുടെ സന്നിധിയിൽ പാരായണം ചെയ്യുന്നത് മരണ വേദനയും ഭയാനകതയും ലഘൂകരിക്കാൻ നിമിത്തമാവുമെന്ന് പണ്ഡിതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് 

ഈ സൂറത്തിലെ وَظِلَـٰلُهُم بِٱلۡغُدُوِّ وَٱلۡـَٔاصَالِ എന്ന സൂക്തശേഷം തിലാവത്തിന്റെ സുജൂദ് സുന്നത്താണ് അബൂബക്കർ സിദ്ദീഖ് (റ), ജഅ്ഫറുസ്വാദിഖ് (റ) എന്നിവർ പറയുന്നു: സൂറത്തു റഅ്ദ് സ്വപ്നം കാണുന്നത് മരണം അടുത്തു എന്നതിന്റെ സൂചനയാണ് മാത്രമല്ല, അവൻ അല്ലാഹുവിന്റെ കരാറുകളെ പൂർത്തിയാക്കുന്നവനും ഭരണാധിപന്മാരിൽ നിന്നും നിർഭയത്വമുള്ളവനുമാവും (തഅ്ത്വീർ: 151) 

14
സൂറത്തുൽ ഇബ്റാഹീം- سورة إبراهيم

അമ്പത്തി രണ്ട് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയിൽ ഉൾപ്പെടുത്തി ഹസൻ (റ), ഇക്രിമ (റ) എന്നിവർ പറയുന്നു: ഈ സൂറത്തിലെ പ്രാരംഭമായ الر എന്നത് സത്യം ചെയ്യുന്ന പദമാണ് (ഖുർത്വുബി: 8/194) 

ഇബ്നു അബ്ബാസ് (റ) പറയുന്നു: الر حم ن എന്നീ ഖുർആനിക സൂറത്തുകളിലെ ആദ്യ പദങ്ങൾ   الرحمن എന്നത് വേർപ്പെടുത്തി രേഖപ്പെടുത്തിയതാണെന്നതിനും സാധ്യതയുണ്ട് (ഖുർത്വുബി) 

ജഅ്ഫറുസ്വാദിഖ് (റ) പറയുന്നു: എന്നോട് എന്റെ പിതാവ് പറഞ്ഞു: അദ്ദേഹം ഹജാജിബുബ്നു അബ്ദില്ല (റ) വിനോട് സൂറതു ഇബ്റാഹീം സ്വപ്നത്തിൽ കാണുന്നതിനെ കുറിച്ചു ചോദിച്ചു തദവസരം ഹാജിബ് (റ) പറഞ്ഞു: അപ്രകാരം കാണുന്നവൻ അല്ലാഹുവിന് നിരന്തരം തസ്ബീഹ് ചൊല്ലുന്ന അടിമയും അവന്റെ മനസ്സിലുള്ള പ്രയാസങ്ങൾ എത്രയും പെട്ടെന്ന് ദുരീകരിക്കുകയും ചെയ്യും (തഅ്ത്വീർ: 151)  

15
സൂറത്തുൽ ഹിജ്ർ - سورة الحجر

മദീനയുടെയും ശാമിന്റെയും ഇടയിലുള്ള സ്ഥലമാണ് ഹിജ്ർ പ്രസ്തുത സ്ഥലത്തെ ജനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഈ അദ്ധ്യായം തൊണ്ണൂറ്റി ഒമ്പത് ആയത്തും ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതുമാണ് 

നാഫിഅ് (റ) പറയുന്നു: സൂറത്തുൽ ഹിജ്ർ സ്വപ്നം കാണുന്നവൻ ദരിദ്രനായി മരണപ്പെടും ഇത് പണ്ഡിതൻ സ്വപ്നം കാണുകയാണെങ്കിൽ അദ്ദേഹം ദേശാടനക്കാരനായി മരണപ്പെടും ഭരണാധികാരി കണ്ടാൽ അയാളുടെ ജീവിത രീതി ഗുണമുള്ളതായിത്തീരും (തഅ്ത്വീർ: 152) 

16
സൂറത്തുന്നഹ്ൽ - سورة النحل

തേനീച്ചയെക്കുറിച്ചും തേനിനെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ പുണ്യ അധ്യായം 128 സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതുമാണ്  

ഉമറുബ്നുൽ ഖത്താബ് (റ) പറയുന്നു: സൂറത്തുൽ നഹ്ൽ സ്വപ്നം കാണുന്നവന്റെ ഭക്ഷണം സംരക്ഷിക്കപ്പെടും അതോടൊപ്പം ശാരീരിക ആരോഗ്യവും അനുവദനീയ ഭക്ഷണവും നൽകപ്പെടാൻ അത് നിമിത്തമാവും (തഅ്ത്വീർ: 152) 

17
സൂറത്തു- ഇസ്റാഅ് - سورة الإسراء

നൂറ്റി പന്ത്രണ്ട് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് സൂറതു ബനീ ഇസ്റാഈൽ, സൂറതു സുബ്ഹാൻ എന്നീ പേരുകളിലും ഈ അധ്യായം അറിയപ്പെടുന്നു (ഹാശിയതു സ്വാവി: 2/311) 

അബൂ മൂസാ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: ഒരാൾ രാവിലെയും വൈകുന്നേരവും സൂറത്തുൽ ഇസ്റാഈലെ 110 മത്തെ 

قُلِ ٱدۡعُوا۟ ٱللَّهَ أَوِ ٱدۡعُوا۟ ٱلرَّحۡمَـٰنَۖ أَیࣰّا مَّا تَدۡعُوا۟ فَلَهُ ٱلۡأَسۡمَاۤءُ ٱلۡحُسۡنَىٰۚ وَلَا تَجۡهَرۡ بِصَلَاتِكَ وَلَا تُخَافِتۡ بِهَا وَٱبۡتَغِ بَیۡنَ ذَ ٰ⁠لِكَ سَبِیلࣰا

എന്നത് മുതൽ സൂറത്തിന്റെ അവസാനം വരെ പാരായണം ചെയ്താൽ അന്നത്തെ രാത്രിയും പകലും അവന്റെ ഹൃദയം മരിക്കുന്നതല്ല (കൻസുൽ ഉമ്മൽ) 

നമുക്ക് യോഗ്യതയും പ്രതാപവും സ്വാധീന ശക്തിയും ലഭ്യമാവുന്ന പുണ്യ സൂക്തം 

وَقُلِ ٱلۡحَمۡدُ لِلَّهِ ٱلَّذِی لَمۡ یَتَّخِذۡ وَلَدࣰا وَلَمۡ یَكُن لَّهُۥ شَرِیكࣱ فِی ٱلۡمُلۡكِ وَلَمۡ یَكُن لَّهُۥ وَلِیࣱّ مِّنَ ٱلذُّلِّۖ وَكَبِّرۡهُ تَكۡبِیرَۢا

എന്നാണെന്ന് അനസ് (റ) വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ നബി (സ) പറഞ്ഞിട്ടുണ്ട് (ത്വബ്റാനി) 

ഇമാം അഹ്മദ് സ്വാവി അൽ മാലികി (റ) പറയുന്നു: ഈ സൂക്തം പാരായണം ചെയ്താൽ അവനു ഉന്നതിയും പ്രതാപവുമുണ്ടാകുന്നതാണ് (ത്വബ്റാനി) 

എന്നാൽ 351 തവണ ഈ ആയത്ത് ഓതുകയും അതിന് മുമ്പ് تَوَكَّلْتُ عَلَى الْحَيّ الَّذِي لاَ يَمُوتُ  എന്ന് ചൊല്ലുകയും വേണം ഇബ്നു കസീർ (റ) പറയുന്നു: ഈ സൂറത്ത് സ്വപ്നം കാണുന്നവന് ജനങ്ങളുടെ തെറ്റിധാരണക്ക് വിധേയമാകാനിടയുണ്ട് (തഅ്ത്വീർ: 152) 

18
സൂറത്തുൽ- കഹ്ഫ്- سورة الكهف

സൂറത്തുൽ ഗാശിയക്ക് ശേഷം ഇറങ്ങിയ ഈ സൂറത്തിൽ 110 സൂക്തങ്ങളടങ്ങിയിട്ടുണ്ട് ഇസ്ഹാഖുബ്നു അബ്ദില്ലാഹിബ്നു അബീ ഫർവത് (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ ഭൂമിയിലേക്കിറക്കപ്പെട്ട സൂറത്തിനെ കുറിച്ച് ഞാൻ നിങ്ങളെ അറിയിക്കാം അവർ ആകാശ ഭൂമിക്കിടയിൽ നിറയെ ഉണ്ടായിരുന്നു ഇത് പാരായണം ചെയ്യുന്നവനും അതിന്റെ ഫലം ചെയ്യും (തഫ്സീറുൽ ഖുർത്വുബി: 10/225)

അബൂ ദർദാഅ് (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: ഒരാൾ അൽകഹ്ഫ് സൂറത്തിലെ ആദ്യത്തെ പത്ത് ആയത്ത് മനഃപാഠമാക്കിയാൽ ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് അവനെ രക്ഷിക്കപ്പെടുന്നതാണ് (അഹ്മദ്, മുസ്ലിം, നസാഈ) 

അനസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: സൂറത്തുൽ കഹ്ഫ് ഓതുന്നവന് ആകാശ ഭൂമിക്കിടയിൽ പ്രകാശം നൽകപ്പെടുകയും ഖബ്റിലെ ശിക്ഷയിൽ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യും (ഖുർത്വുബി: 10/225) 

നാഫിഅ് (റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: സൂറത്തുൽ കഹ്ഫ് സ്വപ്നം കാണുന്നവൻ ദീർഘായുസ്സുള്ളവനും ജീവിതത്തിൽ അസുലഭ ഭാഗ്യങ്ങൾക്ക് അവസരമുണ്ടാവുകയും ചെയ്യും (തഅ്ത്വീർ: 152)

19
സൂറത്തുൽ മർയം - سورة مريم

ഖുർആനിൽ പേരെടുത്ത് പറയപ്പെട്ട ഏക വനിതയായ ഈസാ നബിയുടെ മാതാവ് മർയം ബീവി (റ) യുടെ നാമത്തിലറിയപ്പെടുന്ന ഈ അധ്യായം തൊണ്ണൂറ്റി ഒമ്പത് ആയത്തും മക്കിയ്യ സൂറത്തിൽ പെട്ടതുമാണ് മുപ്പത് സ്ഥലങ്ങളിലാണ് മർയം എന്ന പേര് ഖുർആനിൽ പരാമർശിച്ചത്  

ഖാലിദുബ്നു മഅ്ദാൻ (റ) പറയുന്നു: സൂറത്തു മർയം കൊണ്ട് സ്വർഗീയർ സ്വർഗത്തിൽ ആസ്വദിക്കുകയും സുഖിക്കുകയും ചെയ്യും (ഹാശിയതു സ്വാവി: 2/217) 

ഈ സൂറത്തിലെ كهيعص എന്ന പദം അല്ലാഹുവിന്റെ മഹത് നാമമായ ഇസ്മുൽ അഹ്ളമാണെന്നും അതുകൊണ്ട് പ്രാർത്ഥിച്ചാൽ ഉടനടി ഉത്തരം ലഭ്യമാവുമെന്നും സുദ്ധിയ്യ് (റ) പറയുന്നു അലി (റ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: يا كهيعص اغفرلي (അല്ലാഹുവേ എനിക്ക് നീ പൊറുത്ത് തരേണമേ) 

ആഇശ (റ), ജഅ്ഫറുസ്വാദിഖ്  (റ) എന്നിവർ പറയുന്നു: സൂറത്തു മർയം സ്വപ്നം കാണുന്നവന്റെ എല്ലാ ദുഃഖ വിഷമങ്ങൾക്കും ഭാവി ആകുലതക്കും താമസിയാതെ പരിഹാരമുണ്ടാവും തെറ്റിധാരണക്ക് വിധേയനും ഏറെ വൈകാതെ ജനങ്ങൾക്ക് ബോധ്യപ്പെടാനും ഇത് നിമിത്തമാവും (തഅ്ത്വീർ: 152) 

20
സൂറത്തുൽ ത്വാഹ - سورة طه


നബി (സ) യുടെ അപരനാമത്തിലറിയപ്പെടുന്ന ഈ വിശിഷ്ട അധ്യായം 135 സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയിലുൾപ്പെടുന്നതുമാണ് 

ഉമർ (റ) മുസ്ലിംമാവാനുള്ള കാരണം സൂറതു ത്വാഹയായിരുന്നുവെന്ന് ദാറഖുത്വുബി നിവേദനം ചെയ്തിട്ടുണ്ട് അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: നിശ്ചയം അല്ലാഹു, ത്വാഹ, യാസീൻ എന്നീ സൂറതുകൾ ആകാശ ഭൂമി സൃഷ്ടിക്കുന്നതിന് രണ്ടായിരം വർഷം മുമ്പ് സൃഷ്ടിച്ചിട്ടുണ്ട് മലക്കുകൾ ഈ ഖുർആനിക വചനം കേട്ടപ്പോൾ ഇപ്രകാരം പറഞ്ഞു: ഇത് അവതരിക്കപ്പെടുന്ന സമൂഹത്തിനു മംഗളം (ഖുർത്വുബി: 11/11) 

നാഫിഅ് (റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: സൂറതു ത്വാഹ സ്വപ്നം കാണുന്നവൻ മാരണം ചെയ്യുന്നവരോട് ശത്രുത പുലർത്തുക്യും അദ്ദേഹത്തിന്റെ കൈകൾ കൊണ്ട് മാരണക്കാരുടെ സിഹ്റിനെ അല്ലാഹു ബാത്വിലാക്കുകയും ചെയ്യും (തഅ്ത്വീർ: 152) 

21
സൂറതു അമ്പിയാഅ് - سورة الأنبياء 

ഒരുകൂട്ടം പ്രവാചകന്മാരുടെ ചരിത്രം വിശദീകരിക്കുന്ന സൂറത്തായതിനാൽ ഈ സൂറത്തിനു സൂറത്തുൽ അമ്പിയാഅ് എന്ന് നാമകരണം ചെയ്തു നൂറ്റിപ്പന്ത്രണ്ട് ആയത്തുകളുള്ള ഈ അധ്യായം സൂറതു ഇബ്റാഹീമിന്റെ ശേഷം അവതരിക്കപ്പെട്ടതും മക്കിയ്യ സൂറത്തിലുൾപ്പെട്ടതുമാണ് 

ശൈഖ് അബ്ദുൽ ഗന്നിയ്യുന്നാബൽസി (റ) പറയുന്നു: സൂറത്തുൽ അമ്പിയാഅ് ഓതുന്നത് സ്വപ്നം കാണുന്നവർ മഹാഭാഗ്യവാന്മാരായിത്തീരും അതോടൊപ്പം പ്രവാചകന്മാർക്ക് നൽകപ്പെട്ട ജ്ഞാനങ്ങൾ നൽകപ്പെടുകയും ചെയ്യും (തഅ്ത്വീർ: 152) 

22

സൂറത്തുൽ ഹജ്ജ് - سورة الحج 

ഹജ്ജിന്റെ പുണ്യവും അടിസ്ഥാനവും വിവരിക്കപ്പെടുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ചതും എഴുപത്തെട്ട് സൂക്തങ്ങളുമാണ് രണ്ട് തിലാവത്തിന്റെ സുജൂദുള്ള ഏക അധ്യായമാണ് സൂറത്തുൽ ഹജ്ജ് 

ഉഖ്ബതുബ്നു ആമിർ (റ) വിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു: ഞാൻ ചോദിച്ചു: സൂറത്തുൽ ഹജ്ജിലെ രണ്ട് സുജൂദുകൾക്ക് ശ്രേഷ്ഠതയുണ്ടോ? നബി (സ) പറഞ്ഞു: അതെ, അത് പാരായണം ചെയ്യുമ്പോൾ രണ്ടിനും സുജൂദ് ചെയ്യാത്തവൻ അത് ഓതേണ്ടതില്ല (ദാറുഖുത്നി, ഖുർത്വുബി: 12/3) 

നാഫിഅ് (റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: ഈ സൂറത്ത് സ്വപ്നം കാണുന്നവനു നിരവധി തവണ ഹജ്ജ് ചെയ്യാനവസരമുണ്ടാകും (തഅ്ത്വീർ: 152) 

23
സൂറത്തുൽ മുഅ്മിനൂൻ - سورة المؤمنون

118 സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതീർണമായതും സത്യവിശ്വാസിയുടെ സ്വഭാവത്തിന്റെ നേർരേഖ വരച്ച് കാണിക്കുകയും ചെയ്യുന്നതുമാണ് 

അനസ് (റ) വിൽ നിവേദന, നബി (സ) പറഞ്ഞു: അല്ലാഹു സ്വർഗത്തിലെ ഏദൻ തോട്ടം സൃഷ്ടിക്കുന്ന ഘട്ടത്തിൽ വൃക്ഷത്തൈകൾ നട്ട് പിടിപ്പിക്കുകയായിരുന്നു അല്ലാഹു വൃക്ഷങ്ങളോട് പറഞ്ഞു: സംസാരിക്കുക അപ്പോൾ അവ ഇപ്രകാരം ഓതി قد افلح المؤمنون  (ബൈഹഖി, ഖുർത്വുബി: 12/69) 

അബ്ദുല്ലാഹിബ്നു സാഇബ് (റ) പറയുന്നു: നബി (സ) മക്ക വിജയ ദിവസം ഈ സൂറത്ത് പാരായണം ചെയ്യുകയുണ്ടായി (ഖുർത്വുബി: 12/69) 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: ഈ സൂറത്ത് സ്വപ്നം കാണുന്നവൻ അത്ഭുതമുളവാക്കുന്ന ഒരു സൃഷ്ടിയെ കാണാനിടവരും അത് കണ്ട് ജനങ്ങളെല്ലാം അത്ഭുതപ്പെടും (തഅ്ത്വീർ: 152) 

24
സൂറതുന്നൂർ - سورة النور

അറുപത്തിനാല് സൂക്തങ്ങളടങ്ങിയിട്ടുള്ള ഈ അധ്യായം മദനിയ്യയിലുൾപ്പെടുന്നു ഖുർആനിലൂടെ നിരവധി വിധികൾ തെര്യപ്പെടുത്തുന്ന ഈ അധ്യായം ഓരോ സ്ത്രീയുടെയും ജീവിത വിശുദ്ധിക്ക് അനിവാര്യമാണ് 

ഉമർ (റ) കൂഫയിലേക്ക് ഇപ്രകാരം കത്തെഴുതി: നിങ്ങളുടെ സ്ത്രീകൾക്ക് സൂറതുന്നൂർ പഠിപ്പിക്കുക (ഹാശിയതു സ്വാവി: 3/119) 

ആഇശ (റ) പറയുന്നു: നിങ്ങൾ സ്ത്രീകളെ സൂറതുന്നൂർ  പഠിപ്പിക്കണം (തഫ്സീറുൽ ഖുർത്വുബി: 12/158)

ജഅ്ഫറുസ്വാദിഖ് (റ) പറയുന്നു: സൂറതുന്നൂർ ഓതുന്നതായോ ഓതുന്നത് കേൾക്കുന്നതായോ സ്വപ്നം കണ്ടാൽ അവൻ നന്മകൊണ്ട് കൽപിക്കുന്നവനും തിന്മകൊണ്ട് വിരോധിക്കുന്നവനുമാണ് അവന്റെ ഹൃദയവും ഖബ്റും പ്രകാശിക്കപ്പെടും സൂറതുന്നൂറിലെ പത്ത് ആയത്ത് സ്വപ്നത്തിൽ ഓതിയാൽ അവൻ ഭാര്യയെ വിവാഹമോചനം ചെയ്യാനോ, അവൻ മരണപ്പെട്ട് ഭാര്യ വിധവയാകാനോ സാധ്യതയുണ്ട് (തഅ്ത്വീർ: 153)

25
സൂറത്തുൽ- ഫുർഖാൻ - سورة الفرقان


എഴുപത്തേഴ് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് ഇറക്കപ്പെട്ട മക്കിയ്യ സൂറത്തുകളുടെ ഗണത്തിൽ പെടുന്നു ഏകത്വം (തൗഹീദ്), സൽസ്വഭാവം, പരലോക ജീവിതാവസ്ഥ എന്നിവ വ്യക്തമായി വിവരിക്കുന്ന ഈ സൂറത്ത് സത്യ- അസത്യത്തെ വിവേചിച്ചറിയുന്ന അധ്യായമായതിനാൽ സൂറത്തുൽ ഫുർഖാൻ എന്ന പേരിൽ അറിയപ്പെട്ടു (ഹാശിയതു സ്വാവി: 3/141) 

യാസീൻ സൂറത്തിന് ശേഷം അവതരിച്ച ഈ സൂറത്തിൽ എഴുപത്തേഴ് ആയത്തുകളാണ് ഉൾക്കൊള്ളുന്നത് സൂറത്തുൽ ഫുർഖാനിലെ എഴുപത്തിനാലാം സൂക്തമായ  

رَبَّنَا هَبۡ لَنَا مِنۡ أَزۡوَ ٰ⁠جِنَا وَذُرِّیَّـٰتِنَا قُرَّةَ أَعۡیُنࣲ وَٱجۡعَلۡنَا لِلۡمُتَّقِینَ إِمَامًا

എന്ന് സന്താനങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നത് സന്താനങ്ങളിൽ ഗുണവും ഐശ്വര്യവും വന്നുചേരാൻ നിമിത്തമാവും (ഖുർത്വുബി: 13/55) 

നാഫിഅ് (റ) പറയുന്നു: ഈ സൂറത്ത് ഓതുന്നത് സ്വപ്നം കാണുന്നവൻ സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിൽ വേർതിരിക്കുന്നവനും വിചാരണയില്ലാതെ സ്വർഗ പ്രവേശനം നേടുന്നവനുമാണ് (തഅ്ത്വീർ: 153)  

26
സൂറത്തുൽ ശുഅറാഅ് - سورة الشعراء

ത്വാ സീ മീം കൊണ്ട് തുടങ്ങുന്ന അധ്യായമാണിത് ഈ പദം കൊണ്ട് തുടങ്ങുന്ന അധ്യായത്തിന് ഏറെ പ്രത്യേകതയുണ്ടെന്ന് ഹദീസിലുണ്ട് നബി (സ) പറഞ്ഞു: അല്ലാഹു ദാവൂദ് നബി (അ) യുടെ വേദഗ്രന്ഥത്തിനു സബൂർ നൽകിയ അത്ര പദവി ഖുർആനിൽ എനിക്ക് നൽകപ്പെട്ട ത്വാ സീൻ കൊണ്ട് തുടങ്ങുന്ന സൂറത്തുകൾക്കുണ്ട് (ഹാശിയതു സ്വാവി: 3/157) ഇരുന്നൂറ്റി ഇരുപത്തേഴ് സൂക്തങ്ങളുള്ള ഈ സൂറത്ത് വാഖിഅ സൂറത്തിനു ശേഷവും ഹിജ്റയുടെ മുമ്പും ഇറക്കപ്പെട്ടതാണ് 

അബൂബക്കർ സിദ്ദീഖ് (റ) പറഞ്ഞു: ഈ അധ്യായം പാരായണം ചെയ്യുന്നവനു ഭക്ഷണ ലഭ്യതയിൽ വിഷമം നേരിടുന്നതോടൊപ്പം തീക്ഷ്ണമായ പ്രതിസന്ധികളെ അതിജീവിച്ച് ഐശ്വര്യം നേടും (തഅ്ത്വീർ: 153) 

27
സൂത്തുന്നംല് - سورة النمل

രണ്ട് ബിസ്മി ഉൾപ്പെടുന്ന ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് ശുഅറാഅ് സൂറത്തിന്റെ പിറകെ അവതരിക്കപ്പെട്ട അധ്യായവും തൊണ്ണൂറ്റി മൂന്ന് സൂക്തങ്ങളാണുള്ളത് ദാവൂദ് നബി (അ) മിന് നൽകപ്പെട്ട സബൂർ എന്ന വേദഗ്രന്ഥത്തിന്റെ മഹത്വം സൂറത്തുന്നംലിന്റെ തുടക്കത്തിലുള്ള ത്വാസീൻ എന്ന പദത്തിനുണ്ട് (ഖുർത്വുബി: 13/60) 

നാഫിഅ് (റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: സൂറതുന്നംല് പാരായണം ചെയ്യുന്നവൻ തന്റെ സമൂഹത്തിലെ നേതാവായി വാഴും

അധികാരം, സ്ഥാനമാനങ്ങൾ എന്നിവ ഇതുവഴി നൽകപ്പെടുമെന്നും ചില വ്യാഖ്യാന പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട് (തഅ്ത്വീർ: 153) 

28
സൂറത്തുൽ ഖസ്വസ്വ് - سورة القصص 

നിരവധി ചരിത്, കഥകൾ വിവരിക്കുന്ന ഈ സൂറത്തിനു സൂറത്തു മൂസ എന്നും പേരുണ്ട് ത്വാസീമീം കൊണ്ട് തുടങ്ങുന്ന സൂറത്തായതിനാൽ ദാവൂദ് നബി (അ) നു ഇറക്കപ്പെട്ട സബൂർ ഗ്രന്ഥം പാരായണം  ചെയ്യുന്നതിനു തുല്യമായ പ്രതിഫലം എൻപത്തി എട്ട് സൂക്തങ്ങൾ മാത്രമുള്ള ഈ അധ്യായത്തിനുണ്ട് 

സൂറതുന്നംലിന് ശേഷം അവതരിച്ച ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യയിലുൾപ്പെടുന്നു അബൂബക്കർ സിദ്ദീഖ് (റ) പറയുന്നു: ഭൂമിയിൽ പരീക്ഷണത്തിന് വിധേയനാവാൻ ഈ സൂറത്ത് സ്വപ്നം കാണുക വഴി കാരണമാവുന്നതാണ് (തഅ്ത്വീർ: 153) 

29
സൂറത്തുൽ- അങ്കബൂത്- سورة العنكبوت

അറുപത്തൊമ്പത് ആയത്തുകൾ ഉൾക്കൊള്ളുന്ന ഈ അദ്ധ്യായം അൻകബൂത്ത് (ചിലന്തിയുടെ) നാമധേയത്തിലറിയപ്പെടാൻ കാരണം പ്രസ്തുത ജീവി ഈ സൂക്തത്തിലെ പരാമർശമായതിനാലാണ് 

സൂറതു റൂമിനു ശേഷം അവതരിച്ച ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യയിലുൾപ്പെടുന്നു അബൂബക്കർ സിദ്ദീഖ് (റ) പറയുന്നു: ഭൂമിയിൽ പരീക്ഷണത്തിന് വിധേയനാവാൻ ഈ സൂറത്ത് സ്വപ്നം കാണുക വഴി കാരണമാവുന്നതാണ് (തഅ്ത്വീർ: 153) 

30
സൂറത്തുൽ- سورة الروم

ഹിജ്റയുടെ മുമ്പ് ഇറക്കപ്പെട്ട ഈ സൂക്തം അറുപത് ആയത്താണ് സൂറത്തുൽ ഇൻശിഖാഖിന്റെ ശേഷമാണ് ഈ അധ്യായം അവതരിച്ചത് 

നാഫിഅ് (റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: സൂറത്തു റൂം സ്വപ്നം കാണുന്നവന്റെ ഹൃദയത്തിൽ കാപട്യമുണ്ടാവുന്നതാണ്  

ഇബ്നു ഫുളാലത് (റ) പറയുന്നു: സൂറത്തു റൂം സ്വപ്നം കാണുന്നവൻ പണ്ഡിതനോ ഖാളിയോ ആണെങ്കിൽ അദ്ദേഹം മനഃപാഠ സിദ്ധിയുള്ളവനായി (ഹാഫിള്) ത്തീരും അതോടൊപ്പം അക്രമവാസനയും അവനിലുണ്ടാവും (തഅ്ത്വീർ: 153) 

31
സൂറത്തുൽ ലുഖ്മാൻ- سورة لقمان 

ലുഖ്മാൻ (റ) വിന്റെ ചരിത്രവും സാരോപദേശവും വിവരിക്കുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതിക്കപ്പെട്ട മുപ്പത്തിനാല് സൂക്തങ്ങൾ ഉൾക്കൊള്ളുന്ന അധ്യായമാണ് സൂറതു സ്വാഫാതിനു ശേഷമാണ് ഈ സൂറത്ത് അവതരിച്ചത് 

ഒരാൾ സ്വപ്നത്തിൽ സൂറത്ത് ലുഖ്മാൻ പാരായണം ചെയ്യുന്നത് സ്വപ്നം കാണുകയോ മറ്റൊരാൾ ഓതുന്നത് സ്വപ്നം കാണുകയോ ചെയ്താൽ അവന് അല്ലാഹു തത്വജ്ഞാനവും ഖുർആനും പഠിപ്പിക്കും അതോടൊപ്പം അവനു കളങ്കരഹിതമായ ആത്മസമർപ്പണ മനസ് നൽകപ്പെടുകയും ചെയ്യും (തഅ്ത്വീർ: 153) 

32
സൂറതുസ്സജദ- سورة السجدة

മുപ്പത് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതും വ്യതിരക്ത പുണ്യമുള്ള സൂറത്തുമാണ് ഈ സൂറത്തിനു സൂറത്തുൽ മുൻജിയ (രക്ഷപ്പെടുത്തുന്ന അധ്യായം) എന്നും പേരുണ്ട് സൂറത്തുൽ മുൻജിയ (നരക ശിക്ഷയിൽ നിന്നു രക്ഷപ്പെടുത്തുന്ന അധ്യായം) നിശ്ചിതമായ ഏഴ് അധ്യായങ്ങളാണ് സജദ, യാസീൻ, ദുഖാൻ, വാഖിഅ, സൂറത്തുൽ ഇൻസാൻ, സൂറത്തുൽ ബുറൂജ്, തബാറക എന്നിവയാണത് ഖാലിദുബ്നു മഅ്ദാൻ (റ) പറയുന്നു: നിങ്ങൾ സൂറത്തുൽ മുൻജിയ ഓതുക അത് ധാരാളം പാപമുള്ളവർക്ക് പോലും അനുഗ്രഹത്തിന്റെ ചിറകുകൾ പരത്തിത്തരും (സ്വാവി: 3/254) 

നബി (സ) വെള്ളിയാഴ്ച സുബ്ഹി നിസ്കാരത്തിൽ സൂറത്തുൽ സജദയും സൂറതുദ്ധഹ്റും ഓതിയിരുന്നു എന്ന് ഹദീസിലുണ്ട് ജഅ്ഫറുസ്വാദിഖ് (റ) പറയുന്നു: സൂറത്തു സജദ പാരായണം സ്വപ്നം കണ്ടാൽ അവൻ ശക്തനായ മതവിശ്വാസിയും അല്ലാഹുവിന്റെടുക്കൽ രക്ഷ പ്രാപിച്ചവനുമാണ് (തഅ്ത്വീർ: 153) 

33
സൂറതുൽ അഹ്സാബ് - سرة الأخزاب

എഴുപത്തിമൂന്ന് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ടതാണ് നബി (സ) യുടെ മദ്ഹുകൾ (പ്രകീർത്തനം) കൂടുതൽ പ്രതിപാദിക്കുന്ന അധ്യായം എന്ന ഖ്യാതിയും ഈ സൂറത്തിനുണ്ട് (സ്വാവി: 3/249) 

വ്യഭിചരിച്ചവരെ എറിഞ്ഞുകൊല്ലണമെന്ന പല ആയത്തുകളും ഈ സൂറത്തിലുണ്ടായിരുന്നു പിന്നീട് അവയെല്ലാം ദുർബലപ്പെടുത്തി അല്ലാഹുവിലേക്ക് ഉയർത്തപ്പെട്ടു അന്ന് സൂറതുൽ ബഖറയോട് തുല്യതയുണ്ടായിരുന്ന വലിയ സൂറത്ത് സൂറതുൽ അഹ്സാബാണ് (ഖുർത്വുബി: 14/1113) 

അബൂബക്കർ സിദ്ദീഖ് (റ) പറയുന്നു: സൂറതുൽ അഹ്സാബ് സ്വപ്നം കാണുന്നവൻ തന്റെ കുടുംബത്തോട് അസഹിഷ്ണുതയുള്ളവനായിത്തീരും അവൻ അറിയാത്ത വഴിയിലൂടെ സഹായം ലഭ്യമാകുമെന്നും ചില പണ്ഡിതർ വ്യാഖ്യാനം നൽകിയിട്ടുണ്ട് (തഅഅ്ത്വീർ: 153) 

34
സൂറതുൽ സബഅ് - سورة سبأ

അമ്പത്തിനാല് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് സൂറതു ലുഖ്മാന്റെ പിറകെ  അവതരിച്ച ഈ സൂറത്ത് ഹംദുകൊണ്ട് തുടങ്ങുന്ന സൂറത്തുകളിലൊന്നാണ്  

ശൈഖ് അബ്ദുൽ ഗനിയ്യുന്നബൽസി (റ) ഉദ്ധരിക്കുന്നു: സൂറതു സബഅ് ഓതുന്നത് കേൾക്കുന്നതോ സ്വയം ഓതുന്നതോ കേൾക്കുന്നവൻ പ്രപഞ്ച ത്യാഗിയായി മാറാനും പർവതങ്ങളിലും താഴ് വരകളിലും ഏകാന്ത ജീവിതം നയിക്കാൻ ഉദ്യമിക്കാനും സാധ്യതയുണ്ട് അനുഗ്രഹങ്ങൾ നഷ്ടപ്പെടുകയും അത് തിരിച്ചെത്തുകയും ചെയ്യാനും ചിലപ്പോൾ ഈ സ്വപ്നം കാരണമാവും (തഅ്ത്വീർ: 153) 

35
സൂറതുൽ ഫാത്വിർ - سورۃ فاطر 

നാൽപത്തഞ്ച് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യ സൂറത്തുകളുടെ ഗണത്തിൽ പെടുന്നു സൂറത്തുൽ മലാഇക എന്നും ഈ അധ്യായത്തിനു പേരുണ്ട് സൂറതുൽ ഫുർഖാനിനു ശേഷമാണ് ഈ സൂറത്തിന്റെ അവതരണം 

ശൈഖ് നാബൽസി (റ) പറയുന്നു: ഒരാൾ സൂറതുൽ ഫാത്വിർ (സൂറതുൽ മലാഇക) സ്വപ്നത്തിൽ ഓതുന്നത് കണ്ടാൽ അവനുവേണ്ടി അല്ലാഹുവിന്റെ ഏറ്റവും സാമീപ്യരായ മലക്കുകൾ പൊറുക്കലിനെ തേടും പ്രാർത്ഥനക്ക് അവൻ ഉത്തര ലഭ്യതയുള്ളവനായിത്തീരുകയും ചെയ്യും (തഅ്ത്വീർ: 153) 

36
സൂറതുൽ യാസീൻ - سورة يس

ഖുർആനിന്റെ ഹൃദയമാണ് യാസീനെന്നതിനാൽ യാസീൻ പാരായണം സത്യവിശ്വാസികൾ അവരുടെ ദിനചര്യയുടെ ഭാഗമായി കാണുന്നു 

അനസ് (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: നിശ്ചയം എല്ലാ വസ്തുവിനും ഹൃദയമുണ്ട് ഖുർആനിന്റെ ഹൃദയം സൂറതുയാസീനാണ് ഒരാൾ സൂറതു യാസീൻ പാരായണം ചെയ്താൽ ഖുർആൻ പത്ത് തവണ പാരായണം ചെയ്ത പ്രതിഫലം അവനുവേണ്ടി എഴുതപ്പെടും (തുർമുദി, ദാരിമി) 

ശൈഖ് അഹ്മദ് സ്വാവി (റ) ഉദ്ധരിക്കുന്നു നബി (സ) പറഞ്ഞു: മരണാസന്നനായി കിടക്കുന്നവരുടെ സന്നിധാനത്ത് സൂറതുയാസീൻ ഓതപ്പെട്ടാൽ മരണവേദനയെ ലഘൂകരിക്കപ്പെടുന്നതാണ് (സ്വാവി: 3/296) 

മക്കിയ്യയിലുൾപ്പെടുന്നതും എൺപത്തിരണ്ട് ആയത്തുകളുള്ള ഈ സൂറത്തിനു തൗറാത്തിൽ സൂറത്തുൽ ഖാളിയ (ഉദ്ദേശ സഫലീകരണ അധ്യായം) സൂറതുദ്ദാഫിഅ (പ്രതിരോധ അധ്യായം) എന്നീ പേരുകളിലറിയപ്പെടുന്നുവെന്ന് ഖുർആൻ വ്യാഖ്യാന പണ്ഡിതർ സ്പഷ്ടമാക്കിയിട്ടുണ്ട് അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: ഒരാൾ സൂറതു യാസീൻ അവന്റെ ഉദ്ദേശലക്ഷ്യങ്ങൾക്ക് പറയുന്നതിനു മുമ്പായി പകലിന്റെ ആദ്യത്തിൽ ഓതിയാൽ അവന്റെ പ്രസ്തുത ഉദ്ദേശങ്ങൾ സഫലീകരിക്കുന്നതാണ് (കൻസുൽ ഉമ്മാൽ) 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: യാസീൻ സൂറത്ത് സ്വയം ഓതുന്നതോ മറ്റൊരാൾ ഓതുന്നതോ സ്വപ്നത്തിൽ ദർശിക്കുന്നവനെ മുഹമ്മദ് നബി (സ) യുടെയും കുടുംബത്തിന്റെയും സംഘത്തിൽ അല്ലാഹു അവനെ ഒരുമിച്ച് കൂട്ടുന്നതാണ് സൃഷ്ടികൾക്ക് നന്മയുണ്ടാകുന്ന രീതിയിലുള്ള അനുഗ്രഹങ്ങൾ അല്ലാഹു അവനു നൽകുകയും ചെയ്യും (തഅ്ത്വീറുൽ അനാം: 153) 

37
സൂറതു സ്വാഫാത് - سورة الصافات

നൂറ്റി എൺപത്തി രണ്ട് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് അലി (റ) പറയുന്നു: സൂറതു സ്വാഫാതിലെ അവസാന ആയതുകളായ 

سُبۡحَـٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا یَصِفُونَ وَسَلَـٰمٌ عَلَى ٱلۡمُرۡسَلِینَ وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ

എന്നു ഒരു സത്യവിശ്വാസി ഒരു സദസ്സിൽ നിന്നും എണീറ്റുപോവുമ്പോൾ പറഞ്ഞാൽ അന്ത്യനാളിൽ അവന്റെ പ്രതിഫലങ്ങളെല്ലാം പരിപൂർണമാക്കി നൽകപ്പെടുന്നതാണ് (ഹാശിയതുസ്വാവി: 3/327) 

ഒരാൾ സൂറതു സ്വാഫാത്ത് സ്വപ്നം കണ്ടാൽ അല്ലാഹുവിനു കീഴ്പെടുന്ന വിശ്വാസ ദാർഢ്യതയുള്ള സന്താനത്തെ അല്ലാഹു അവനു നൽകും (തഅ്ത്വീർ: 153, 154) 

38
സൂറതു സ്വാദ് - سورة ص

എൺപത്തി എട്ട് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് സൂറതു ദാവൂദ് എന്നും ഇതിനു പേരുണ്ട്   

സഈദുബ്നു ജുബൈർ (റ) പറയുന്നു: ഈ സൂറത്തിലെ പ്രഥമ ആയത്തിലുൾപ്പെടുന്ന (ص) എന്നത് മരണപ്പെട്ടവരെ ജീവിപ്പിക്കുന്ന ഒരു സമുദ്രമാണെന്നാണ് വ്യാഖ്യാനം എന്നാൽ ഇബ്നു അബ്ബാസ് (റ) വിന്റെ അഭിപ്രായത്തിൽ അല്ലാഹുവിന്റെ പേരുകളുടെ താക്കോലാണെന്നാണ് വ്യാഖ്യാനം (ഖുർത്വുബി: 15/195) 

ഒരാൾ ഈ സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അവന്റെ സമ്പത്ത് വർധിക്കുകയും തൊഴിലിൽ നിപുണനായിത്തീരുകയും ചെയ്യും (തഅ്ത്വീർ: 154)

39
സൂറതു സുമർ - سورة الزمر

എഴുപത്തഞ്ച് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിൽ പെടുന്നു സൂറതുൽ ഗുറഫ് എന്നും സൂറത്തിനു പേരുണ്ട്  

ഒരു ഹദീസിൽ ഇപ്രകാരം കാണാം അല്ലാഹു തന്റെ സൃഷ്ടികളിൽ വിധിക്കപ്പെടുന്ന കാര്യം അറിയാൻ ഒരാൾക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ അവൻ സൂറതുൽ ഗുറഫ് പാരായണം ചെയ്യട്ടെ (സ്വാവി: 3/342) 

നബി (സ) സൂറതു സുമർ പാരായണം ചെയ്യാതെ കിടന്നുറങ്ങാറുണ്ടായിരുന്നില്ലെന്നും ഹദീസുകളിൽ വന്നിട്ടുണ്ട് ശൈഖ് അബ്ദുൽ ഗനിയ്യന്നാബൽസി (റ) പറയുന്നു: സൂറതുസ്സുമർ സ്വപ്നം കാണുന്നവർ ധാരാളം ഗ്രന്ഥങ്ങൾ ശേഖരിക്കുകയും അവയിലുള്ളത് മനസ്സിലാക്കി അതുകൊണ്ട് സുരക്ഷിത വലയം തീർക്കുകയും ചെയ്യും (തഅ്ത്വീർ: 154)

40
സൂറതു ഗാഫിർ - سورة غافر

സൂറതു മുഅ്മിൻ എന്ന പേരിലും അറിയപ്പെടുന്ന ഈ അധ്യായം ഹാമീം കൊണ്ട് തുടങ്ങുന്ന സൂറത്തുകളിലൊന്നാണ് حم  കൊണ്ട് തുടങ്ങുന്ന സൂറത്തുകൾക്ക് നിരവധി ശ്രേഷ്ഠതകൾ ഹദീസുകളിലുണ്ട് നബി (സ) പറഞ്ഞു: ഹാമീം കൊണ്ടുള്ള സൂറത്ത് ഖുർആനിൽ പട്ട് വസ്ത്രമാണ് ഒരാൾ സ്വർഗീയ പൂന്തോട്ടങ്ങളിൽ ഉല്ലസിക്കുന്നുവെങ്കിൽ അവൻ ഹാമീം കൊണ്ട് തുടങ്ങുന്ന സൂറത്ത് പാരായണം ചെയ്യട്ടെ (ഹാശിയത്തു സ്വാവി: 4/2) 

സൂറത്തുസ്സുമറിനു ശേഷം അവതരിച്ച ഈ അധ്യായം എൺപത് സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യ സൂറത്തുകളുടെ ഗണത്തിലുൾപ്പെട്ടതുമാണ് (ഖുർത്വുബി: 15/281) 

സൂറതു ഗാഫിർ സ്വപ്നം കാണുന്നവൻ യഥാര്‍ത്ഥ സത്യവിശ്വാസിയാവുകയും അവൻ വഴി നിരവധി നന്മകൾ നാട്ടിലുണ്ടാവുന്നതോടൊപ്പം ദുനിയാവിലും ആഖിറത്തിലും ഉന്നതി നൽകുകയും ചെയ്യും (തഅ്ത്വീർ: 154) 

41
സൂറതു ഫുസ്വിലത് - سورة فصلت

ഈ സൂറത്തിനെ 'ഹാമീം സജദ' എന്ന പേരിലുമറിയപ്പെടുന്നു സൂറതുൽ ഗാഫിറിനു ശേഷം അവതരിച്ച ഈ അധ്യായം അമ്പത്തി നാല് സൂക്തങ്ങളാണ് 

ശൈഖ് നാബൽ (റ) പറയുന്നു: സൂറതു ഫുസ്വിലത് സ്വപ്നം കാണുന്നവർ സന്മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നവനായിത്തീരും (തഅ്ത്വീർ: 154)

കളഞ്ഞുപോയ വസ്തു തിരിച്ചുകിട്ടാൻ സൂറതു ഫുസ്വിലതിനു വലിയ പ്രാധാന്യമുണ്ടെന്ന് ഹാഫിള് ഇബ്നു അബിദ്ദുൻയാ (റ) പറയുന്നു സിയാദുന്നമീരിയുടെ കൂടെ ഉമാറതുബ്നു സാദാൻ (റ) മക്കയിലൂടെ സഞ്ചരിക്കുന്നതിനിടയിൽ അവരുടെ കൂട്ടുകാരന്റെ ഒട്ടകം കാണാതായി തദവസരം സിയാദ് പറഞ്ഞു: ഇത്തരം സന്ദർഭങ്ങളിൽ സൂറതു ഫുസ്വിലത് ഓതി അതിലെ സജദയുടെ ആയത്ത് പാരായണം ചെയ്ത ശേഷം പ്രാർത്ഥിക്കാൻ അനസ് (റ) കൽപിച്ചിട്ടുണ്ട് അപ്രകാരം ചെയ്തപ്പോൾ സുജൂദിൽ നിന്നും തലയുയർത്തിയ വേളയിൽ തൊട്ടു മുമ്പിൽ ഒരു അപരിചിതനും ഒപ്പം കളഞ്ഞുപോയ ഒട്ടകവുമുണ്ടായിരുന്നു (മുജാബുദ്ദഅ് വ: 72) 

42
സൂറതു ശൂറാ - سورة الشورى

ഈ സൂറത്തിന് سورة حم عسق എന്നും سورة عسق  എന്നും പറയപ്പെടുന്നു (ഹാശിയതുസ്വാവി: 4/29) 

നബി (സ) പറഞ്ഞു: എല്ലാ വസ്തുവിനും ഓരോ പഴമുണ്ട് (ഫലം) ഖുർആന്റെ പഴം ഹാമീം കൊണ്ട് തുടങ്ങുന്ന അധ്യായമാണ് (ഹാശിയതുസ്വാവി: 4/2) 

ഹാമീം കൊണ്ട് തുടങ്ങുന്ന സൂറത്തുകൾക്ക് ഹവാമീം, ആലുഹാമീം (ഹാമീന്റെ കുടുംബങ്ങൾ), ദാവാതു ഹാമീം എന്ന പേരിലുമറിയപ്പെടുന്നു സൂറതു ഫുസ്വിലതിനു ശേഷം അവതരിച്ച ഈ അധ്യായത്തിൽ അമ്പത്തിമൂന്ന് സൂക്തങ്ങൾ ഉൾക്കൊള്ളുന്നു 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതു ശൂറാ പാരായണം ചെയ്യുന്നത് സ്വപ്നദർശനമുണ്ടായാൽ ദീർഘായുസുള്ളവനായിത്തീരും, മലക്കുകൾ അവനുവേണ്ടി പൊറുക്കലിനെ തേടും (തഅ്ത്വീറുൽ അനാം: 154) 

43
സൂറത്തു സുഖ്റൂഫ് - سورة الزخرف

എൺപത്തൊമ്പത് ആയത്ത് ഉൾക്കൊള്ളുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ചതാണ് 

നബി (സ) പറഞ്ഞു: എല്ലാ വസ്തുവിനും അതിന്റെ അകക്കാമ്പുണ്ട് ഖുർആനിന്റെ അകക്കാമ്പുകളിലൊന്ന് ഹാമീം കൊണ്ട് തുടങ്ങുന്നവയാണ് (സ്വാവി: 4/2) 

ഹാമീം കൊണ്ട് തുടങ്ങുന്ന അധ്യായമായതിനാൽ ഹാമീം കൊണ്ട് ആരംഭിക്കുന്ന സൂറത്തുകൾക്കുള്ള എല്ലാ പ്രാധാന്യവും ഈ സൂറത്തുകൾക്കും ലഭ്യമാവും സൂറതു ശുറായുടെ ശേഷം അവതരിച്ച അധ്യായമാണിത് 

സൂറതു സുഖ്റഫ് ഓതുന്നത് സ്വപ്നം കണ്ടാൽ അവനു ഭൗതിക സമ്പാദ്യം ഏറെയുണ്ടാവുകയും അതോടൊപ്പം ഇരുലോക വിജയം സിദ്ധിക്കുകയും ചെയ്യും (തഅ്ത്വീർ: 154)

44
സൂറതു ദുഖാൻ - سورة الدخان

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ സൂക്തത്തിനു നിരവധി ശ്രേഷ്ഠ ഗുണങ്ങൾ കൽപിക്കപ്പെട്ടിട്ടുണ്ട് 

നബി (സ) പറഞ്ഞു: ഒരാൾ വെള്ളിയാഴ്ച രാവിൽ സൂറതു ദുഖാൻ ഓതിയാൽ അവൻ പ്രഭാതത്തിലുണരുന്നത് ദോഷം പൊറുക്കപ്പെട്ടപ്പോലെയാണ് മാത്രമല്ല, അവനു ഹൂറൂൽഈനിനെ (സ്വർഗീയ സ്ത്രീകൾ) വിവാഹം ചെയ്ത് കൊടുക്കുന്നതുമാണ് (ഹാശിയതു സ്വാവി) 

വെള്ളിയാഴ്ച രാവിലോ പകലിലോ പ്രസ്തുത സൂറത്തിനെ പാരായണം ചെയ്താൽ സ്വർഗത്തിൽ ഒരു ഭവനം നിർമിച്ചുകൊടുക്കുമെന്നും ഹദീസിലുണ്ട് അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: ഒരാൾ വെള്ളിയാഴ്ച രാവിൽ സൂറത്തു ദുഖാൻ ഓതിയാൽ പ്രഭാതമാവുന്നത് വരെ അവനുവേണ്ടി എഴുപതിനായിരം മലക്കുകൾ പൊറുക്കലിനെ തേടും(തുർമുദി) 

സൂറത്തു സുഖ്റുഫിനു ശേഷം അവതരിച്ച ഈ അധ്യായത്തിൽ അമ്പത്തൊന്ന് ആയത്തുകളാണ് 

ശൈഖ് അബ്ദുൽ ഗനിയ്യിനാബൽസി (റ) പറയുന്നു: സൂറതു ദുഖാൻ ഓതുന്നത് സ്വപ്നത്തിൽ കണ്ടാൽ അവൻ ശത്രുവിൽനിന്ന് രക്ഷപ്പെടുകയും അവന് ഉന്നത പദവി ലഭ്യമാവുകയും ചെയ്യും (തഅ്ത്വീർ: 154)

45
സൂറത്തുൽ ജാസിയ - سورة الجاثية 

സൂറതുശ്ശരീഅ എന്ന പേരിലും ഈ സൂറത്ത് അറിയപ്പെടുന്നു ഖുർആനിലെ പച്ചപ്പും സമൃദ്ധിയും നിറഞ്ഞ ഏഴ് പൂന്തോട്ടങ്ങളിലൊന്നാണ് സൂറതു ജാസിയയെന്ന് ശൈഖ് അഹ്മദ് സ്വാവിൽ മാലിക് (റ) സാക്ഷ്യപ്പെടുത്തുന്നു (സ്വാവി: 4/2) 

സൂറതു ദുഖാനിനു ശേഷം അവതരിച്ച ഈ അധ്യായത്തിൽ മുപ്പത്തേഴ് സൂക്തങ്ങളാണുള്ളത് ശൈഖ് അബ്ദുൽ ഗനിയ്യുനാബൽസി (റ) പറയുന്നു: സൂറതുൽ ജാസിയ ഓതുന്നത് സ്വപ്നം കാണുന്നവൻ പ്രപഞ്ച ത്യാഗത്തിനു സന്നദ്ധനാവുകയും അല്ലാഹുവിനെ കൂടുതൽ ഭയപ്പെടുന്നതിനു കാരണമാവുകയും ചെയ്യും (തഅ്ത്വീർ: 154)

46
സൂറതുൽ: അഹ്ഖാഫ് - سورة الأقاف

ഹാമീം കൊണ്ട് തുടങ്ങുന്ന അധ്യായത്തിലെ അവസാനത്തേതാണിത് നബി (സ) പറഞ്ഞു: ഹാമീം സൂറതുകൾ ഏഴെണ്ണമാണ് നരക വാതിലുകളും ഏഴെണ്ണമാണ് ഇവയിലോരോന്നും ഓരോ കവാടത്തിനു മുമ്പിൽ നിന്ന് പ്രസ്തുത സൂറതുകൾ പാരായണം ചെയ്യുന്നവരെ നരകത്തിൽ നിന്നും സംരക്ഷിക്കുന്നതാണ് (ഹാശിയതുസ്വാവി: 4/2) 

മുപ്പത്തിയഞ്ച് ആയതുകളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യയിലുൾപ്പെടുന്നു ഇബ്നു അബ്ബാസ് (റ) പറയുന്നു പ്രസവിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്ന സ്ത്രീക്ക് സൂറതുൽ അഹ്ഖാഫിലെ അവസാനത്തെ രണ്ട് സൂക്തങ്ങൾ ഒരു പാത്രത്തിൽ എഴുതി കുടിച്ചാൽ എത്രയും പെട്ടെന്ന് സുഖപ്രസവം സംഭവിക്കും (തഫ്സീറുൽ ഖുർത്വുബി, ഹാശിയതുസ്വാവി: 4/80) 

ഒരാൾ സൂറതുൽ അഹ്ഖാഫ് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അവൻ അത്ഭുതങ്ങളെ തേടുന്നവനും അല്ലാഹുവിന്റെ മഹാത്മ്യത്തിൽ വിശ്വസിക്കുന്നവനുമാണ് മരണ സമയത്ത് മലക്ക് അവന്റടുക്കലേക്ക് സുന്ദരമായ രൂപത്തിൽ വരും (തഅ്ത്വീർ: 154)

47
സൂറതു: മുഹമ്മദ് - سورة محمد 

സൂറതുൽ ഖിതാൽ, സൂറതു അല്ലദീന കഫറൂ എന്ന പേരുകളിലും ഈ സൂറത്ത് അറിയപ്പെടുന്നു സൂറതുൽ ഹദീദിനു ശേഷം അവതരിച്ച ഈ അധ്യായം മുപ്പത്തെട്ട് സൂക്തങ്ങളുള്ള മദനിയ്യ സൂറത്താണ്  

സൂറതു മുഹമ്മദിലെ ഏറ്റവും അവസാനത്തെ ആയത്ത് അവതരിച്ചപ്പോൾ നബി (സ) ഏറെ സന്തോഷിക്കുകയും എനിക്ക് ദുനിയാവിനേക്കാൾ പ്രിയപ്പെട്ട ഖുർആനികാധ്യായമാണതെന്ന് പറയുകയും ചെയ്തു (ഖുർത്വുബി: 16/171) 

ഒരാൾ സൂറതു മുഹമ്മദ് ഓതുന്നത് സ്വപ്നം കണ്ടാൽ അവൻ അന്ത്യനാളിൽ മുഹമ്മദ് നബി (സ) യുടെ പതാകയുടെ കീഴിൽ അണി ചേരും ഭൗതിക ലോകത്ത് നബി (സ) യുടെ ചര്യയിലൂടെ സഞ്ചരിക്കും ശത്രുക്കളെ അതിജയിക്കുകയും ചെയ്യും (തഅ്ത്വീർ: 154)  

48
സൂറതുൽ: ഫത്ഹ് - سورة الفتح

ഇരുപത്തൊമ്പത് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിച്ച മദനിയ്യയിലുൾപ്പെടുന്നു മക്ക വിജയത്തോടനുബന്ധമായി അവതരിക്കപ്പെട്ട ഈ സൂറത്ത് നിത്യ പാരായണം ചെയ്യുന്നതിലൂടെ ഇരുലോക വിജയത്തിനു നിദാനമാണെന്ന് പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട് 

നബി (സ) പറഞ്ഞു: ഇന്നലെ എനിക്ക് ഒരു സൂറത്തിനെ ഇറക്കപ്പെട്ടു സൂര്യനുദിക്കുന്നതിനേക്കാൾ അധികമായി ഞാനതിനെ ഇഷ്ടപ്പെടുന്നു (ഖുർത്വുബി) 

മസ്ഊദ് (റ) പറയുന്നു: ഒരാൾ റമളാനിന്റെ ആദ്യത്തെ രാത്രിയിലെ സുന്നത്ത് നിസ്കാരത്തിൽ സൂറതുൽ ഫത്ഹ് ഓതിയാൽ ആ വർഷം മുഴുവൻ അവനെ സംരക്ഷിക്കപ്പെടും (ഖുർത്വുബി: 16/172) 

സൂറതുൽ ഫത്ഹിലെ അവസാന സൂക്തങ്ങളായ 

مُّحَمَّدࣱ رَّسُولُ ٱللَّهِۚ وَٱلَّذِینَ مَعَهُۥۤ أَشِدَّاۤءُ عَلَى ٱلۡكُفَّارِ رُحَمَاۤءُ بَیۡنَهُمۡۖ تَرَىٰهُمۡ رُكَّعࣰا سُجَّدࣰا یَبۡتَغُونَ فَضۡلࣰا مِّنَ ٱللَّهِ وَرِضۡوَ ٰ⁠نࣰاۖ سِیمَاهُمۡ فِی وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِۚ ذَ ٰ⁠لِكَ مَثَلُهُمۡ فِی ٱلتَّوۡرَىٰةِۚ وَمَثَلُهُمۡ فِی ٱلۡإِنجِیلِ كَزَرۡعٍ أَخۡرَجَ شَطۡـَٔهُۥ فَـَٔازَرَهُۥ فَٱسۡتَغۡلَظَ فَٱسۡتَوَىٰ عَلَىٰ سُوقِهِۦ یُعۡجِبُ ٱلزُّرَّاعَ لِیَغِیظَ بِهِمُ ٱلۡكُفَّارَۗ وَعَدَ ٱللَّهُ ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنۡهُم مَّغۡفِرَةࣰ وَأَجۡرًا عَظِیمَۢا

എന്നത് ആത്മജ്ഞാനികളായ മഹാരഥന്മാർ എല്ലാ വിഷമ പ്രതിസന്ധികളിൽ നിന്നും രക്ഷ പ്രാപിക്കാൻ ദിനചര്യയായി ചൊല്ലിയിരുന്നു (ഹാശിയതുസ്വാവി: 4/101) 

സൂറതുൽ ഫത്ഹ് ഓതുന്നത് സ്വപ്നം കാണുന്നവൻ സഹോദരങ്ങളെയും കുടുംബങ്ങളെയും സ്നേഹിക്കുന്നവനും എല്ലാ നന്മകളെയും തുറക്കപ്പെട്ടവനുമാവും (തഅ്ത്വീർ: 154) 

49
സൂറതുൽ ഹുജറാത് - سورة الحجرات

ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ട ഈ സൂറത്തിൽ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟  എന്നു അഞ്ചു തവണ പറയപ്പെടുന്നു എന്ന വിശേഷണവുമുണ്ട് സൂറതുൽ മുജാദലയുടെ ശേഷം അവതരിച്ച ഈ സൂറത്തിൽ പതിനെട്ട് ആയതുകളാണുള്ളത് 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: ഒരാൾ സൂറതുൽ ഹുജുറാത് ഓതുന്നതോ മറ്റൊരാൾ ഓതുന്നതോ സ്വപ്നം കണ്ടാൽ അവൻ അല്ലാഹുവിന്റെ കൽപനക്ക് വിധേയമായി ജീവിക്കുന്നവനാണ് 

അതോടൊപ്പം കുടുംബ ബന്ധം പുലർത്തുന്നവനും ജനങ്ങളോട് നന്മയിൽ വർത്തിക്കുന്നവനുമായിത്തീരും (തഅ്ത്വീർ: 154) 

50
സൂറതുഖാഫ് - سورة ق

നിരവധി മഹാത്മ്യങ്ങൾ നൽകപ്പെടുന്ന ഈ സൂറത്തിനെയായിരുന്നു നബി (സ) ബലിപെരുന്നാൾ നിസ്കാരത്തിലും ചെറിയ പെരുന്നാൾ നിസ്കാരത്തിലും പാരായണം ചെയ്തിരുന്നത്  

അതോടൊപ്പം വെള്ളിയാഴ്ച ഒന്നാം ഖുത്വുബയിൽ ഓതപ്പെടുന്ന ഖുർആൻ സൂക്തം സൂറതു ഖാഫിൽ നിന്നായിരിക്കൽ പ്രത്യേക സുന്നത്താണ് (ഹാശിയതുസ്വാവി: 4/110) 

ജാബിറുബ്നു സമൂറത് (റ) വിൽനിന്ന് നിവേദനം: നബി (സ) സുബ്ഹി നിസ്കാരത്തിലും സൂറതു ഖാഫ് പാരായണം ചെയ്തിരുന്നു (തഫ്സീറുൽ ഖുൽത്വുബി: 17/3) 

നാൽപത്തഞ്ച് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യ സൂറത്തിലാണുൾപ്പെടുന്നത് 

ഖാഫ് സൂറത്ത് സ്വപ്നം കാണുന്നവനു എല്ലാ പ്രവാചകന്മാരുടെയും ജോലികൾ ചെയ്യാനുള്ള ഭാഗ്യമുണ്ടാവും അതോടൊപ്പം ഭക്ഷണം വിശാലമാവുകയും മരണവേദന ലഘൂകരിക്കപ്പെടുകയും ചെയ്യും (തഅ്ത്വീർ: 154) 

51
സൂറതു ദാരിയാത്ത് - سورة الذاريات

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ അധ്യായം അറുപത് സൂക്തങ്ങളാണ് 

ശൈഖ് അഹ്മദുസ്സാവിൽ മാലിക് (റ) പറയുന്നു: ജയിൽ മോചനം, കടം വീടുക, ശത്രുവിന്റെ മേൽ ജയം, ഭൗതികവും പാരത്രികവുമായ ഭയാനതകളിൽ നിന്ന് സംരക്ഷണം, സുലഭമായ ഭക്ഷണ വിഭവം എന്നീ കാര്യങ്ങൾക്ക് വുളൂ ചെയ്ത ശേഷം നാൽപത്തൊന്ന് തവണ ഒരു സ്ഥലത്തുവെച്ച് ഈ സൂറത്ത് പാരായണം ചെയ്താൽ പ്രസ്തുത ഉദ്ദേശ്യങ്ങൾ സഫലീകരിക്കപ്പെടുമെന്ന് സ്ഥിരപ്പെട്ടതാണ് (ഹാശിയതുസ്വാവി: 4/123) 

അറുപത് ആയത്തുകളുള്ള  ഈ സൂക്തം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയിലുൾപ്പെടുന്നു 

സൂറതുദ്ദാരിയാത് സ്വപ്നം കണ്ടവനു സ്വന്തം ഭൂമിയിലെ കൃഷികളിൽ നിന്നും ഭക്ഷണം നൽകപ്പെടും (തഅ്ത്വീർ: 154)

52
സൂറതു ത്വൂർ - سورة الطور

ഈ അദ്ധ്യായം നാൽപത്തി ഒമ്പത് സൂക്തങ്ങളുൾക്കൊള്ളുന്ന ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യ സൂറത്തുകളിലുൾപ്പെടുന്നു  

മൂസാ നബി (അ) അല്ലാഹുവിനോട് സംസാരിച്ച പർവതത്തെ മഹത്വപ്പെടുത്തി അതുകൊണ്ട് സത്യം ചെയ്ത് തുടങ്ങുന്ന അദ്ധ്യായമാണിത് ജുബൈറുബ്നു മുത്വഇം (റ) വിൽ നിന്ന് നിവേദനം നബി (സ) മഗ്രിബ് നിസ്കാരത്തിൽ സൂറതുത്വൂർ ഓതിയിരുന്നു (ബുഖാരി, മുസ്ലിം റഹ്) 

സൂറതു ത്വൂർ പാരായണം ചെയ്യുന്നത് ഒരാൾ സ്വപ്നം കണ്ടാൽ മസ്ജിദുൽ ഹറാമിൽ വർഷങ്ങളോളം താമസിക്കാൻ അവസരമുണ്ടാവും 

ഇപ്രകാരം സ്വപ്നം കാണുന്നവർക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പ് മരണപ്പെടുന്ന ഒരു കുഞ്ഞുണ്ടാവുമെന്നും ചില പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട് (തഅ്ത്വീറുൽ അനാം: 155)

53
സൂറതു നജ്മ് - سورة النجم 

അറുപത്തി രണ്ട് സൂക്തങ്ങളുൾകൊള്ളുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതീർണമായതിലുൾപ്പെടുന്നു 

നബി (സ) ഈ സൂറത്തിലെ അവസാന സൂക്തം പാരായണം ചെയ്തപ്പോൾ നബി (സ) യോടൊപ്പം, സത്യവിശ്വാസികളും അവിശ്വാസികളും ജിന്നുകളും മറ്റെല്ലാ മനുഷ്യരും സുജൂദ് ചെയ്തു എന്നാൽ ഉബയ്യബ്നു ഖലഫ് എന്ന കപട വിശ്വാസി ഒരൽപം മണ്ണെടുത്ത് എനിക്ക് ഇത്ര മതിയെന്ന് പറഞ്ഞ് നെറ്റിയിൽ വെച്ചു അഹങ്കാരം പ്രകടിപ്പിച്ചുവെന്നത് ചരിത്ര രേഖയാണ് ഈ സൂക്തത്തിനുശേഷം തിലാവത്തിന്റെ സുജൂദ് സുന്നത്താണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (സ്വാവി: 4/137, ഖുർത്വുബി: 17/55) 

സൂറതുന്നജ്മ് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അല്ലാഹുവിന്റെ തൃപ്തിയിൽ മരണപ്പെടുന്ന സന്താനമുണ്ടാവുമെന്ന് ജഅ്ഫറുസ്വാദിഖ് (റ) പറഞ്ഞിട്ടുണ്ട് (തഅ്ത്വീർ: 155) 

54
സൂറതുൽ ഖമർ - سورة القمر

അമ്പത്തഞ്ച് ആയത്തുകളുള്ള ഈ സൂറത്തിലെ ഓരോ ആയത്തും സുകൂനുള്ള റാഅ് കൊണ്ടാണ് അവസാനിക്കുന്നത് സൂറതു ത്വാരിഖിനു ശേഷം അവതരിക്കപ്പെട്ട ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിലാണുൾപ്പെടുന്നത്  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതു ഖമർ സ്വപ്നം കണ്ടാൽ പ്രസ്തുത വ്യക്തിയെ ജയിലിലടക്കപ്പെടുകയും താമസിയാതെ രക്ഷപ്പെടുകയും ചെയ്യും തുടർന്ന് എല്ലാ ദുശക്തികളുടെയും വിപത്തിൽ നിന്നും അവനെ സംരക്ഷിക്കപ്പെടുന്നതാണ് (തഅ്ത്വീർ: 155) 

55
സൂറതു  റഹ്മാൻ - سورة الرحمن

ഖുർആനിന്റെ മണവാട്ടി എന്ന പേരിലറിയപ്പെടുന്ന ഈ സൂറത്തിന് നിരവധി ശ്രേഷ്ഠ ഗുണങ്ങളുണ്ട് സൂറതു റഹ്മാന്റെ ഘടനയും സൗന്ദര്യവും ശത്രുക്കളെ ആകർഷിക്കുകയും പലരും ഇസ്ലാമാശ്ലേഷിക്കാൻ കാരണമാകുകയും ചെയ്തിട്ടുണ്ട് 

ഒരിക്കൽ ഖൈസ് (റ) നബി (സ) യോട് ഖുർആൻ ഓതാനാവശ്യപ്പെട്ടപ്പോൾ നബി (സ) സൂറതു റഹ്മാനാണ് ഓതിക്കൊടുത്തത് അതിന്റെ ആസ്വാദന ശൈലിയിൽ ഓതിക്കൊടുത്തപ്പോൾ അദ്ദേഹം ഇസ്ലാംമത വിശ്വാസിയായി (ഖുർത്വുബി: 17/99) 

അലി (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: എല്ലാ വസ്തുവിനും മണവാട്ടിയുണ്ട് ഖുർആനിന്റെ മണവാട്ടി സൂറതു റഹ്മാനാണ് (ബൈഹഖി) 

എൺപത്തേഴ് ആയത്തുകളുള്ള ഈ ശ്രേഷ്ഠ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയിലുൾപ്പെടുന്നു

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറത്തു റഹ്മാൻ പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്നവന് രണ്ട് ഹറമുകളിൽ നിന്നേതെങ്കിലുമൊരു സ്ഥലത്ത് മരണപ്പെടാൻ സാധ്യതയുണ്ട് (തഅ്ത്വീർ: 155)

56
സൂറതു- വാഖിഅ - سورة الواقعة

തൊണ്ണൂറ്റി ഒമ്പത് സൂക്തങ്ങളുള്ള ഈ അദ്ധ്യായത്തിൽ സ്വർഗീയരുടെയും നരകാവകാശികളുടെയും അവസ്ഥ വിവരിക്കുന്നു ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യ സൂറതുകളിലാണ് ഈ അധ്യായമുൾപ്പെടുന്നത്  

ശൈഖ് അഹ്മദ് സ്വാവിൽ മാലികി (റ) പറയുന്നു: ഈ സൂറത്ത് ഓതിത്തീർന്ന ഉടനെ سبحان الله العظيم എന്നു പറയൽ പ്രത്യേക സുന്നത്താണ് (ഹാശിയതുസ്വാവി: 4/159) 

നമ്മുടെ ഭൗതിക ജീവിതത്തിൽ ദാരിദ്ര്യാവസ്ഥയെ നിർമാർജനം ചെയ്യാൻ ഇസ്ലാം കൽപിക്കപ്പെടുന്ന ഏക സൂറത്തായി ഇതിനെ ഹദീസുകളിൽ സ്പഷ്ടമാക്കിയിട്ടുണ്ട് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: ഒരാൾ എല്ലാ രാത്രിയിലും സൂറതുൽ വാഖിഅ പാരായണം ചെയ്താൽ അവനു ശാശ്വതമായി ദാരിദ്ര്യം ബാധിക്കുകയില്ല (ബൈഹഖി) 

ഉമറുബ്നുൽ ഖത്വാബ് (റ) പറയുന്നു: സൂറതുൽ വാഖിഅ ഓതുന്നത് സ്വപ്നം കാണുന്നവൻ ഒരിക്കലും ഭൗതിക ലോകത്ത് ദരിദ്രനാവുന്നതല്ല ആഖിറത്തിലേക്കുള്ള നല്ല വഴിയിൽ നിന്നും പിഴച്ചുപോവുകയില്ല (തഅ്ത്വീർ: 155) 

57
സൂറതുൽ ഹദീദ് - سورة الحديد

ഇരുപത്തി ഒമ്പത് ആയത്തുകളുള്ള ഈ സൂറത്തിൽ ഇരുമ്പിനെ കുറിച്ച് പ്രതിപാദിക്കുന്നതിനാൽ സൂറതുൽ ഹദീദ് എന്ന പേരിൽ ഈ അധ്യായമറിയപ്പെടുന്നു 

ശൈഖ് അഹ്മദ് സ്വാവിൽ മാലിക് (റ) പറയുന്നു ഈ സൂറത്തിലെ ആദ്യം മുതൽ إنْ كُنْتُمْ م،ُؤْمِنيِن വരെയുള്ള ആയത്തുകൾ ഒരു ഏടിൽ കണ്ടത് കാരണമാണ് ഉമർ (റ) മുസ്ലിമാവാനുള്ള നിമിത്തങ്ങളിൽ മുഖ്യമായ ഒരു ഘടകം (സ്വാവി : 159) 

അബുൽ അബ്ബാസിൽ ഹള്റമി (റ) പറയുന്നു: ഈ സൂറത്തിലെ 

هُوَ ٱلۡأَوَّلُ وَٱلۡـَٔاخِرُ وَٱلظَّـٰهِرُ وَٱلۡبَاطِنُۖ وَهُوَ بِكُلِّ شَیۡءٍ عَلِیمٌ

എന്ന ആയത്ത് രണ്ട് റക്അത്ത് നിസ്കാരശേഷം 141 തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശങ്ങൾ സഫലീകരിക്കപ്പെടും (സആദതുദ്ദാറൈനി) ഹിജ്റയുടെ ശേഷമാണ് വ്യതിരക്ത സവിശേഷതയുള്ള ഈ അധ്യായം അവതീർണമായത്  

അബൂബക്കർ സിദ്ദീഖ് (റ) പറയുന്നു: സൂറത്തുൽ ഹദീദ് സ്വപ്നം കാണുന്നവൻ അല്ലാഹുവിന്റടുക്കൽ ശക്തനും സൽസ്വഭാവിയുമായിരിക്കും (തഅത്വീർ: 155)

58
സൂറത്തുൽ മുജാദല - سورة المجادلة

ഇരുപത്തി രണ്ട് ആയത്തുകളുള്ള ഈ സൂറത്ത് ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ടതാണ് സൂറതുകളുടെ എണ്ണത്തെ പരിഗണിച്ച് ഖുർആനിലെ രണ്ടാം പകുതിയിലെ പ്രഥമ അധ്യായമാണിത് അല്ലാഹു എന്ന പദം എല്ലാ ഓരോ ആയത്തിലും ഒന്നോ രണ്ടോ തവണ പറയപ്പെട്ട വിശിഷ്ട അധ്യായമാണിത് 

നാഫിഅ് (റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: സൂറതുൽ മുജാദല പാരായണം സ്വപ്നം കാണുന്നവനു മോശപ്പെട്ട സമൂഹത്തിൽ നിന്നും ബുദ്ധിമുട്ട് നേരിടേണ്ടിവരും ഇബ്നു ഫുളാലത് (റ) പറയുന്നു: എന്നാൽ പണ്ഡിതനാണ് ഇത് കണ്ടതെങ്കിൽ ഒരാളുടെയും ഉപദ്രവം നേരിടേണ്ടിവരില്ല എന്നാൽ അവൻ പിഴച്ച പ്രസ്ഥാനക്കാരുമായി സംവാദങ്ങളിലേർപ്പെടും (തഅ്ത്വീർ: 155)

59
സൂറത്തുൽ: ഹശ്ർ - سورة الحشر

ഇരുപത്തിനാല് അധ്യായങ്ങളുള്ള ഈ സൂക്തത്തിനു വൈവിധ്യ ഗുണഗണങ്ങളുണ്ട്

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഒരാൾ സൂറത്തുൽ ഹശ്ർ ഓതിയാൽ, സ്വർഗം, നരകം, അർശ്, ആകാശഭൂമികൾ, കാറ്റ്, മേഘം, പക്ഷി, മൃഗങ്ങൾ, വൃക്ഷങ്ങൾ, സൂര്യൻ, ചന്ദ്രൻ, പർവതങ്ങൾ, മലക്കുകൾ എന്നിവയെല്ലാം അവനുവേണ്ടി നന്മക്കായി പ്രാർത്ഥിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യും (ഹാശിയതു സ്വാവി: 4/176) 

സൂറത്തുൽ ഹശ്റിലെ لَوْ أَنْزَلْنَا മുതൽ സൂറത്തിന്റെ അവസാനം വരെ ദിനം പ്രതി ഓതൽ ഏറെ പുണ്യകരമാണ് 

അബൂഉമാമ (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: ഒരാൾ സൂറത്തുൽ ഹശ്റിലെ അവസാന മൂന്ന് സൂക്തങ്ങൾ രാത്രിയും പകലും പാരായണം ചെയ്യുകയും അന്ന് പകലോ രാത്രിയോ മരണപ്പെടുകയും ചെയ്താൽ നിശ്ചയം അവനു സ്വർഗം നിർബന്ധമാക്കപ്പെട്ടു (ബൈഹഖി) 

സൂറത്തുൽ ഹശ്ർ സ്വപ്നം കണ്ടാൽ അവനെ സജ്ജനങ്ങളോടൊപ്പം ഒരുമിച്ച് കൂട്ടപ്പെടും അവൻ അനുഭവിക്കുന്ന വിഷമ പ്രതിസന്ധികളിൽ നിന്നും സന്തോഷത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും (തഅ്ത്വീർ: 155)

60
സൂറതുൽ മുംതഹിന - سورة الممتحنة

പതിമൂന്ന് ആയത്തുകളുള്ള ഈ സൂറത്ത് ഹിജ്റയുടെ ശേഷം അവതരിച്ച മദനിയ്യയുടെ ഗണത്തിൽ പെടുന്നു അഹ്സാബ് സൂറത്തിന്റെ ശേഷമാണ് ഈ സൂറത്ത് അവതരിക്കപ്പെട്ടത് 

ജഅ്ഫറു സ്വാദിഖ് (റ) പറയുന്നു: സൂറത്തുൽ മുംതഹിന സ്വപ്നം കാണുന്നവൻ തന്റെ അവസാന കാലഘട്ടങ്ങളിൽ നിഷ്കളങ്കമായി പശ്ചാത്തപിക്കും എല്ലാ വിപത്തുകളിൽ നിന്നും സംരക്ഷിക്കപ്പെടുകയും പരീക്ഷണങ്ങളിൽ വിജയിച്ചു അതിൽ പ്രതിഫലം നൽകപ്പെടുകയും ചെയ്യും.

61
സൂറതു സ്വഫ് - سورة الصف

ഇക്രിമ (റ), ഖതാദ (റ) എന്നിവരുടെ അഭിപ്രായപ്രകാരം പതിനാല് ആയതുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് 

ഇർബാളുബ്നു സാരിയ (റ) വിൽ നിന്ന് നിവേദനം നബി (സ) ഉറങ്ങുന്നതിന് മുമ്പ് തസ്ബീഹ് കൊണ്ട് തുടങ്ങുന്ന സൂറതുകൾ ഓതിയിരുന്നു നിശ്ചയം അവയിലെ ഓരോ ആയത്തിനും ആയിരം ആയത്തിന്റെ പുണ്യമുണ്ട് അവയിലൊന്ന് സൂറതു സ്വഫാണ് (ഖുർത്വുബി: 5/153) 

അല്ലാഹുവിന്റെ മാർഗത്തിൽ മരണപ്പെടുമെന്നാണ് സൂറതു സ്വഫ് പാരായണം ചെയ്യുന്ന സ്വപ്നം കാണുന്നതിലൂടെ സഫലമാകുന്നതെന്ന് ഇമാം അബ്ദുൽ ഗനിയ്യുന്നാബൽസി (റ) രേഖപ്പെടുത്തുന്നു (തഅ്ത്വീർ: 155)

62
സൂറതു ജുമുഅ - سورة الجمعة

മദനിയ്യ സൂറതുകളിലുൾപ്പെട്ടതും പതിനൊന്ന് സൂക്തങ്ങളുള്ളതുമായ ഈ അധ്യായം എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നിസ്കാരത്തിലും വെള്ളിയാഴ്ച സ്വുബ്ഹിയിലും ഓതിവരാറുള്ള ശ്രേഷ്ഠ സൂറത്താണ് സൂറതു സ്വഫിന്റെ ശേഷം ഇറക്കപ്പെട്ട ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിച്ചതാണ് സൂറതുൽ ജുമുഅയിലെ ഓരോ ആയതിനും ആയിരം ആയതിന്റെ പുണ്യമാണെന്നാണ് പ്രവാചക വചനം (ഖുർത്വുബി: 5/153) 

പ്രസ്തുത കണക്ക് പ്രകാരം പതിനൊന്നായിരം സൂക്തങ്ങളുടെ പുണ്യമാണ് പതിനൊന്ന് സൂക്തം മാത്രമുള്ള സൂറതുൽ ജുമുഅ ഓതുന്നതിലൂടെ നമുക്ക് സാധ്യമാവുന്നത് 

ശൈഖ് നാബൽസി (സ) പറയുന്നു: സൂറതുൽ ജുമുഅ ഓതുന്നതോ ഓതുന്നത് കേൾക്കുന്നത് സ്വപ്നം കാണുന്നവനു ദുനിയാവിലെയും ആഖിറത്തിലെയും എല്ലാ സൗഭാഗ്യങ്ങളും വന്നുചേരും (തഅ്ത്വീർ: 155)  

63
സൂറതുൽ- മുനാഫിഖൂൻ - سورة المنافقون

ഹിജ്റയുടെ ശേഷം അവതരിച്ച ഈ സൂറത്ത് ജുമുഅയെപ്പോലെ പതിനൊന്ന് സൂക്തമാണ് 

ശൈഖ് അഹ്മദ് സ്വാവി അൽമാലിക് (റ) പറയുന്നു: അറുപത്തി മൂന്നാമത്തെ അധ്യായമായ ഈ സൂറത്ത് നബി (സ) യുടെ വിയോഗ വയസ്സായ അറുപത്തിമൂന്നിനെ സൂചിപ്പിക്കുന്നു കാരണം ഇതിനു ശേഷമുള്ള അധ്യായമായ സൂറതുത്തഗാബുൻ നബി (സ) യുടെ വിയോഗ വഴിയുള്ള തഗാബുൻ (മനോദൗർബല്യം പ്രകടമാവൽ) സൂചിപ്പിക്കുന്നു (ഹാശിയതുസ്വാവി: 4/199) 

ജഅ്ഫറുസ്വാദിഖ് (റ) പറയുന്നു: സൂറതുൽ മുനാഫിഖൂന സ്വപ്നം കാണുന്നവൻ ഒന്നിൽ കൂടുതൽ വിവാഹവും അതുവഴി അദ്ദേഹത്തിന്റെ ആദ്യ ഭാര്യക്ക് വിഷമം നേരിടാനും സാധ്യതയുണ്ട് (തഅ്ത്വീർ: 155) 

64
സൂറതുത്തഗാബുൻ - سورة التغابن

പതിനെട്ട് ആയത്തുകളുള്ള ഈ സൂറത്ത് തസ്ബീഹ് കൊണ്ട് തുടങ്ങുന്ന മുസബ്ബഹാത്ത് സൂറത്തിൽ ഉൾപ്പെടുന്നു 

പ്രസ്തുത സൂറത്ത് പാരായണം ചെയ്യാതെ നബി (സ) രാത്രി ഉറങ്ങാറുണ്ടായിരുന്നില്ല തസ്ബീഹ് കൊണ്ട് തുടങ്ങുന്ന സൂറത്ത് ആയതിനാൽ ഓരോ ആയത്തിനും ആയിരം ആയത്തുകളുടെ പുണ്യമുണ്ട് (ഖുർത്വുബി: 5/153) 

അബ്ദുല്ലാഹിബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: ഏതൊരു പ്രസവിക്കുന്ന കുഞ്ഞിന്റെയും ശിരസ്സിൽ സൂറതുത്തഗാബുനിന്റെ ആദ്യത്തെ അഞ്ച് സൂക്തം എഴുതപ്പെട്ടിട്ടുണ്ട് (ഖുർത്വുബി: 18/87) 

സൂറതുത്തഗാബുൻ പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്നവനെ പെട്ടെന്നുള്ള മരണത്തിൽ നിന്നും സംരക്ഷിക്കപ്പെടും (തഅ്ത്വീർ: 155) 

65
സൂറതു ത്വലാഖ് - سورة الطلاق

പതിമൂന്ന് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ടതാണ്  പ്രസ്തുത സൂറത്തിലെ 

وَمَن یَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥۤۚ إِنَّ ٱللَّهَ بَـٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَیۡءࣲ قَدۡرࣰا

എന്ന ആയത്തിനു അമൂല്യമായ നിരവധി പുണ്യങ്ങളുണ്ട് ശൈഖ് അഹമ്മദ് സ്വാവിൽ മാലികി (റ) പറയുന്നു: പ്രയാസങ്ങളും പ്രതിസന്ധികളും ഒന്നൊന്നായി അഭിമുഖീകരിക്കേണ്ടിവരുമ്പോഴും വലിയ വിപത്ത് വരുമെന്ന സൂചനയുണ്ടാവുമ്പോഴും ഈ ആയത്ത് ഓതിയാൽ താമസിയാതെ അവയിൽനിന്നും സംരക്ഷണവും മോചനവും നൽകപ്പെടും (ഹാശിയതുസ്വാവി: 4/205) 

അബൂബക്കർ സിദ്ദീഖ് (റ) പറയുന്നു: സൂറതു ത്വലാഖ് സ്വപ്നം കാണുന്നവൻ സൂഹൃത്തുക്കളോട് വിരക്തിയുള്ളവനും ഭാര്യമാരെ വിവാഹമോചനം ചെയ്യാൻ സാധ്യതയുള്ളവനുമായിരിക്കും (തഅ്ത്വീർ: 155) 

66
സൂറതുത്തഹ് രീം - سورة التحريم

ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ട പന്ത്രണ്ട് ആയത്തുകളുള്ള ഈ സൂറത്തിന് സൂറത്തുന്നബിയ്യ് എന്നും പേരുണ്ട് (സ്വാവി: 4/208) 

സൂറതുൽ ഹുജറാത്തിനു ശേഷം അവതരിക്കപ്പെട്ട ഈ അധ്യായം ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ട മദനിയ്യയിൽ ഉൾപ്പെടുന്നു  

ജഅ്ഫറുസ്വാദിഖ് (റ), ഇബ്നു ഫുളാലത്ത് (റ) എന്നിവർ പറഞ്ഞു: ഒരാൾ സൂറതുത്തഹ്രീം സ്വപ്നം കണ്ടാൽ തന്റെ ശരീരത്തെനും സമ്പത്തിലും ഉപദ്രവമുണ്ടാക്കുന്ന സ്ത്രീയെ കൊണ്ട് അവനെ പരീക്ഷിക്കപ്പെടും തുടർന്ന് അവർക്ക് നല്ല ബോധമുണ്ടാവുകയും എല്ലാം ശുഭകരമായി പര്യവസാനിക്കുകയും ചെയ്യും (തഅ്ത്വീറുൽ അനാം 156)

67
സൂറതുൽ മുൽക് - سورة الملك

തബാറക, വാഖിഅ (സംരക്ഷിക്കുന്നത്) മുൻജിയ (രക്ഷിക്കുന്നത്) മാനിഅ (പ്രതിരോധിക്കുന്നത്) എന്നിവയെല്ലാം ഈ പുണ്യ സൂറത്തിന്റെ വിവിധ നാമങ്ങളാണ് (ഹാശിയതുസ്വാവി: 4/213) 

ഇമാം ഖുർത്വുബി (റ) ഉദ്ധരിക്കുന്നു: ഒരാൾ എല്ലാ രാത്രിയിലും പതിവായി സൂറതു തബാറക ഓതിയാൽ ഒരു ബുദ്ധിമുട്ടും അവനെ ബാധിക്കുകയില്ല (ഖുർത്വുബി: 18/134) 

അബൂഹുറൈറ (റ) നിവേദനം: ചെയ്യുന്നു നിശ്ചയം ഖുർആനിൽ മുപ്പത് സൂക്തങ്ങളുണ്ട് അത് പാരായണം ചെയ്യുന്നവനുവേണ്ടി അവ അല്ലാഹു പൊറുക്കപ്പെടുന്നത് വരെ ശുപാര്‍ശ ചെയ്യും (അഹ്മദ്, അബൂദാവൂദ്, തുർമുദി) 

ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: ഖബ്ർ ശിക്ഷയിൽ നിന്നും രക്ഷിക്കുന്ന ഈ സൂറത്ത് ഓതുന്നത് സ്വപ്നം കണുന്നവൻ ധാരാളം വസ്തുക്കളുടെ ഉടമയാകും നിരവധി ഉപകാരങ്ങൾ ലഭ്യമാവുന്ന ഭരണാധികാരിയുടെ സേവകനാവുകയും ചെയ്യും (തഅ്ത്വീറുൽ അനാം: 156) 

68
സൂറതുൽ ഖലം - سورة القلم

സൂറതു നൂർ എന്ന പേരിലും ഈ അധ്യായം അറിയപ്പെടുന്നു അമ്പത്തൊന്ന് സൂക്തങ്ങളുൾക്കൊള്ളുന്ന  ഈ അധ്യായം ഹിജ്റയുടെ മുമ്പ് മക്കയിൽ അവതരിച്ചതാണ് 

ഈ സൂറത്തിലെ (നൂൻ) എന്നത് പ്രകാശത്തിന്റെ പലകയാണെന്ന് നബി (സ) പറഞ്ഞതായി മുആവിയതുബ്നു ഖുർത് (റ) പറഞ്ഞിട്ടുണ്ട് നൂൻ കൊണ്ടുള്ള വിവക്ഷ മഷിക്കുപ്പിയാണെന്നും ഏഴാം ഭൂമിക്കടിയിലുള്ള മത്സ്യമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട് (ഖുർത്വുബി: 18/146) 

സൂറത്തുന്നൂർ സ്വപ്നം കാണുന്നവൻ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നവനാവും അതോടൊപ്പം എഴുത്തിലും സാഹിത്യത്തിലും നൈപുണ്യവും ഉന്നതമായ സിദ്ധിയും നൽകപ്പെടും (തഅ്ത്വീർ: 156) 

69
സൂറതുൽ ഹാഖത് - سورة الحاقة

അമ്പത്തി രണ്ട് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു 

അബൂഹുറൈ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: ഒരാൾ സൂറതുൽ ഹാഖ ഓതിയാൽ അന്ത്യനാളിൽ ശിരസ്സിന്റെ മുകൾഭാഗം മുതൽ പാദം വരെ അത് പ്രകാശമായി നിലനിൽക്കും (ഖുർത്വുബി: 18/167) 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതുൽ ഹാഖ സ്വപ്നം കാണുന്നവനു ചാട്ടവാർ അടി കിട്ടാൻ സാധ്യതയുണ്ടെന്നാണ് സഈദുബ്നു മുസയ്യബ് (റ) പറയുന്നത് ജഅ്ഫറുസ്വാദിഖ് (റ) പറയുന്നു: ഭരണാധികാരി ഈ സ്വപ്നം കാണുകയാണെങ്കിൽ അധികാരം നഷ്ടപ്പെടാൻ സധ്യതയുണ്ട് (തഅ്ത്വീർ: 156) 

70
സൂറതുൽ മആരിജ് - سورة المعارج

നാൽപത്തിനാല് സൂക്തമുള്ള ഈ സൂറത്തിനു സഅല സാഇൽ എന്ന പേരിലുമറിയപ്പെടുന്നു സൂറതുൽ ഹാഖയുടെ ശേഷം ഇറങ്ങിയ ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറത്തു മആരിജ് സ്വപ്നം കാണുന്നവന്റെ അവസാന കാലങ്ങൾ ഭയഭക്തിയിലായിരിക്കും ദൂരസ്ഥലങ്ങളിലുള്ളവർ പോലും അവനോട് സാമീപ്യം പുലർത്തും അതോടൊപ്പം അവൻ നിർഭയത്വമുള്ളവനും എന്നും അല്ലാഹുവിന്റെ സഹായം ലഭ്യമാവുന്നവനുമായിരിക്കും (തഅ്ത്വീർ: 156)  

71
സൂറതു നൂഹ് - سورة نوح

ഇരുപത്തി ഒമ്പത് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് സൂറതുന്നഹ്ലിന്റെ ശേഷമാണ് ഈ സൂറത്തിന്റെ അവതരണം

ആദ്യത്തെ റസൂലായ നൂഹ് നബി (അ) യുടെ ചരിത്രത്തെ ഈ സൂറത്ത് അനാവരണം ചെയ്യുന്നുണ്ട് ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു; ഒരാൾ സൂറത്തുന്നൂഹ് ഓതുന്നതോ മറ്റൊരാൾ ഓതുന്നത് കേൾക്കുന്നതോ സ്വപ്നം കണ്ടാൽ ശത്രുവിനെ അതിജയിക്കാനും ജനങ്ങളിൽ നിന്ന് നിഷ്പക്ഷ സമീപനമുണ്ടാവുകയും ചെയ്യും (തഅ്ത്വീർ: 156) 

72
സൂറതുൽ- ജിന്ന് - سورة الجن

ഇരുപത്തെട്ട് അധ്യായങ്ങളുള്ള സൂറതുൽ ജിന്ന് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതും നബി (സ) യുടെ സവിധത്തിലെത്തി ജിന്നുകൾ ഇസ്ലാം സ്വീകരിച്ച സംഭവം വിവരിക്കുന്ന അധ്യായവുമാണ് 

സൂറതുൽ അഹ്റാഫിനു ശേഷം അവതരിച്ച ഈ അധ്യായം ജിന്നുകൾ നബി (സ) യുടെ സവിധത്തിലെത്തി ഖുർആൻ ശ്രവിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്ത ചരിത്ര സംഭവങ്ങളെ അനാവരണം ചെയ്യുന്നു 

ജഅ്ഫറുസ്വാദിഖ് (റ) പറയുന്നു: ഒരാൾ സൂറതുൽ ജിന്ന് ഓതുന്നത് സ്വപ്നം കണ്ടാൽ ആദ്യം ഭക്ഷണ വിഭവങ്ങളിൽ പ്രയാസമനുഭവപ്പെടുകയും തുടർന്ന് ഭക്ഷണ വിശാലതയും ജിന്നുകൾ അവനു കീഴ്പെടാനും കാരണമാവും (തഅ്ത്വീർ: 156) 

73
സൂറതുൽ മുസ്സമ്മിൽ - سورة المزمل

ഇരുപത് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിച്ച പ്രഥമ അധ്യായങ്ങളിലൊന്നാണ് സൂറതുൽ ഖലമിനു ശേഷമാണ് ഈ അധ്യായം അവതരിച്ചത്  

ഈ സൂറത്തിലെ ഇരുപതാമത്തെ സൂക്തം എല്ലാ രാത്രിയിലും പാരായണം ചെയ്യണമെന്ന നബി (സ) യുടെ വചനത്തെ സൂചിപ്പിക്കുന്നുവെന്ന് ശൈഖ് സുദ്ധി (റ) പറയുന്നു കാരണം നൂറ് ആയത്ത് ഓതുന്നവൻ അല്ലാഹുവിന്റെ ഉത്തമ ദാസികളിൽ പെട്ടവരാണെന്നതോടൊപ്പം അന്ത്യനാളിൽ അവനെതിരിൽ ഖുർആൻ സാക്ഷി നിൽക്കുന്നതുമല്ല (ഖുർത്വുബി: 19/37) 

സൂറതുൽ മുസ്സമ്മിൽ സ്വപ്നം കാണുന്നവൻ നന്മയുള്ളവനായിത്തീരുകയും ഭൗതികമായ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും (തഅ്ത്വീർ: 156)

74
സൂറതുൽ മുദ്ദിസിർ - سورة مدثر

ഹിജ്റയുടെ മുമ്പ് മക്കയിൽ അവതരിക്കപ്പെട്ട ഈ അധ്യായം അമ്പത്തഞ്ച് ആയത്താണ് 

ഖുർആനിലെ പ്രഥമ സൂറത്തായ സൂറതുൽ അലഖിനു ശേഷം കുറച്ചു  കാലത്തേക്ക് നബി (സ) ക്ക് വഹ്‌യൊന്നും ലഭ്യമായില്ല പിന്നീട് ജിബ്രീൽ (അ) വഹ്‌യുമായെത്തിയപ്പോൾ അവതരിച്ച അധ്യായം സൂറതുൽ മുദ്ദസിറായിരുന്നു (സ്വാവി: 4/249) സൂറതുൽ മുസ്സമിലിന്റെ ശേഷം അവതരിക്കപ്പെട്ട അധ്യായമാണിത്  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതുൽ മുദ്ദസിർ സ്വപ്നം കാണുന്നവൻ കൂടുതൽ നോമ്പനുഷ്ടിക്കുന്നവനും ക്ഷമയും സഹനശീലമുള്ളവനുമായിരിക്കും (തഅ്ത്വീർ: 156) 

75
സൂറതുൽ ഖിയാമ - سورة القيامة

നാൽപത് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു ഈ സൂറത്തിലെ അവസാന ആയത്തായ 

أَلَیۡسَ ذَ ٰ⁠لِكَ بِقَـٰدِرٍ عَلَىٰۤ أَن یُحۡـِۧیَ ٱلۡمَوۡتَىٰ

എന്ന് ഓതിയപ്പോൾ നബി (സ) بَلَى എന്ന് പറയുമായിരുന്നതിനാൽ പ്രസ്തുത സൂറത്ത് ഓതിത്തീർന്ന ശേഷം سُبْحَانَكَ اللهُمَّ بَلَى എന്ന് പറയൽ സുന്നത്താണ് (സ്വാവി: 4/257) 

ജഅ്ഫറുസ്വാദിഖ് (റ) പറയുന്നു: സൂറത്തുൽ ഖിയാമ സ്വപ്നത്തിൽ ദർശിക്കുന്നവൻ മറ്റുള്ളവരെ ഭക്ഷണം കഴിപ്പിക്കുന്ന നല്ല മനസ്സിന്റെ ഉടമയായിരിക്കും (തഅ്ത്വീർ: 156)  

76
സൂറതുൽ ഇൻസാൻ - سورة الإنسان

മുപ്പത്തൊന്ന് ആയത്തുകളുള്ള ഈ സൂറത്ത് സൂറതു ഹൽ അതാ, സൂറതുദ്ദഹ്ർ, സൂറതുൽ അംശാജ് എന്നീ പേരുകളിലും അറിയപ്പെടുന്നു 

ഇബ്നു അബ്ബാസ് (റ) വിൽ നിവേദനം നബി (സ) വെള്ളിയാഴ്ച സുബ്ഹ് നിസ്കാരത്തിൽ സൂറതുസ്സജദയും രണ്ടാമത്തെ റക്അത്തിൽ സൂറതുൽ ഇൻസാനുമാണ് പാരായണം ചെയ്യാറുള്ളത് (ഹാശിയതുസ്വാവി: 3/244) 

സൂറതുൽ ഇൻസാൻ ഓതുന്നത് സ്വപ്നത്തിൽ കാണുന്നവർ ധാരാളം ധർമം ചെയ്യുന്നവരായിരിക്കും അതോടൊപ്പം ധാരാളം ഉപകാരങ്ങൾ ലഭ്യമാവുന്ന കാര്യത്തിൽ നിന്നും അവൻ അശ്രദ്ധനായിരിക്കും അതിനാൽ ഈ സൂറത്ത് സ്വപ്നം കണ്ടത് മുതൽ പ്രസ്തുത അശ്രദ്ധയിൽ നിന്നും മോചിതനാവുക (തഅത്വീർ: 156)

77
സൂറതുൽ മുർസലാത് - سورة المرسلات

അമ്പത് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് ജിന്നുകളുമായി കണ്ടുമുട്ടിയ രാത്രിയിലാണ് ഈ സൂറത്ത് അവതരിച്ചത് (ഹാശിയതുസ്വാവി: 4/263) 

ഈ സൂറത്തിലെ 
فبأي حديث بعده يؤمنون 

എന്ന് ഓതിയശേഷം آمنا باالله (ഞങ്ങൾ അല്ലാഹുവിനെ വിശ്വസിച്ചു) എന്ന് പറയൽ സുന്നത്താണ് (ഹാശിയതുസ്വാവി: 4/258) 

ഇബ്നു മസ്ഊദ് (റ) പറയുന്നു: സൂറതുൽ ഹുമസയുടെ ശേഷം അവതരിക്കപ്പെട്ട ഈ അധ്യായം ജിന്നുകളുടെ രാത്രിയിൽ മിനായിലെ ഗുഹയിൽ ഞങ്ങൾ നബി (സ) യോടൊപ്പമുണ്ടായിരുന്നപ്പോൾ അവതരിച്ചതാണ് ഈ സൂറത്ത് നബി (സ) ഓതിക്കൊണ്ടിരിക്കെ ഒരു സർപം അവിടെ വീണു ഞങ്ങൾ അതിനെ കൊല്ലാൻ ചാടിയെഴുന്നേറ്റപ്പോഴേക്കും പാമ്പ് രക്ഷപ്പെട്ടു തദവസരം നബി (സ) പറഞ്ഞു: പാമ്പിൽ നിന്നുള്ള വിപത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കപ്പെട്ടപോലെ നിങ്ങളുടെ വിപത്തിൽ നിന്നും പാമ്പിനെയും സംരക്ഷിക്കപ്പെട്ടു (തഅത്വീർ: 157) 

78
സൂറത്തുന്നബഅ് - سورة النبأ

നാൽപത്തി ഒന്ന് സൂക്തങ്ങളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ് സൂറത്തുത്തസാഉൽ سورة عم എന്നീ പേരുകളിലും ഈ അധ്യായം അറിയപ്പെടുന്നു 

സൂറതുൽ മആരിജിനു ശേഷം അവതരിക്കപ്പെട്ട ഈ അധ്യായം ഖുർആൻ മുപ്പത്താം ഭാഗത്തിലെ പ്രഥമ അധ്യായമാണ്  

അബൂബക്കറുസ്വിദ്ദീഖ് (റ) പറയുന്നു: സൂറത്തുന്നബഅ് സ്വപ്നം കാണുന്നവനെ അവൻ ചെയ്ത നന്മകൾ കാരണം ജനങ്ങൾ അവനെ സ്തുതിക്കുകയും അവനോട് സ്നേഹം വർധിക്കുകയും ചെയ്യും വിജ്ഞാനം തേടുന്ന വിദ്യാർത്ഥിയോട് ഈ സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്നതെങ്കിൽ അവൻ പണ്ഡിതന്മാരുടെ ദൂതനായിത്തീരും (തഅ്ത്വീർ: 157)

79
സൂറത്തുന്നാസിആത് - سورة النازعات

നാൽപത്തി ആറ് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതാണ്  സൂറത്തുന്നബഇന് ശേഷം ഇറക്കപ്പെട്ട ഈ അധ്യായത്തെ സൂറത്തുന്നാസിആത് എന്നും സൂറതു വന്നാസിആത് എന്നും പറയപ്പെടുന്നു 

ജഅ്ഫറു സ്വാദിഖ് (റ) പറയുന്നു: സൂറതുന്നാസിആത് സ്വപ്നം കാണുന്നവനു വ്യാപാരത്തിൽ ഉന്നതമായ വിജയ സൗഭാഗ്യമുണ്ടാവും അതോടൊപ്പം അവന്റെ ഹൃദയത്തിൽ നിന്നും അനാവശ്യ സംശയങ്ങളും വഞ്ചനാപരമായ മനസ്സും ഇല്ലാതാവും (തഅ്ത്വീർ: 157) 

80
സൂറതു അബസ - سورة عبس

സൂറതുൽ അഅ്മാ سورة الأعمى എന്ന പേരിലും അറിയപ്പെടുന്ന ഈ അധ്യായം നാൽപത്തിരണ്ട് സൂക്തങ്ങളാണ് 

സൂറതുന്നജ്മിനു ശേഷം അവതരിച്ച ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു  

ജഅ്ഫറുസ്വാദിഖ് (റ) പറയുന്നു: സൂറതു അബസ പാരായണം ചെയ്യുന്നത് സ്വപ്നത്തിൽ കാണുന്നവൻ ഇല്ലാത്ത പോരിശ പറഞ്ഞ് അഹന്ത നടിക്കുന്നവനായിരിക്കും (തഅ്ത്വീർ: 157)

81
സൂറതുത്തക് വീർ - سورة التكوير

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ അധ്യായം ഇരുപത്തൊമ്പത് ആയത്തുകളാണ് അന്ത്യനാളിന്റെ ഭയാനക ഘട്ടത്തെ അവതരിക്കപ്പെടുന്ന ഈ സൂറത്ത് പാരായണം ചെയ്യുമ്പോൾ അന്ത്യനാളിനെ മുമ്പിൽ കാണപ്പെടുന്നതുപോലെ സത്യവിശ്വാസികൾക്കനുഭവപ്പെടുന്നു 

നബി (സ) പറഞ്ഞു: ഒരാൾ അന്ത്യനാൾ കാണാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ إذا الشمس كورت എന്ന അധ്യായം ഓതുക (ഖുർത്വുബി: 19/147, ഹാശിയതുസ്വാവി: 4/278) 

ജഅ്ഫറു സ്വാദിഖ് (റ) പറയുന്നു: സൂറതുത്തക് വീർ സ്വപ്നം കാണുന്നവനു മോഷണ സമ്പത്തിൽ നിന്നും ഒരു വിഹിതം ലഭ്യമാവാനിടയുണ്ട് (തഅ്ത്വീറുൽ അനാം: 157)   

82
സൂറതുൽ ഇൻഫിത്വാർ - سورة الإنفطار

പത്തൊമ്പത് ആയത്തുകളുള്ള ഈ സൂറത്ത് ഹിജ്റയുടെ മുമ്പാണ് അവതരിക്കപ്പെട്ടത് നബി (സ) പറഞ്ഞു: നിങ്ങൾ അന്ത്യനാൾ കണ്ണുകൊണ്ട് കാണാനാഗ്രഹിക്കുന്നെങ്കിൽ الشمس كورت وإذا السماء انفطرت എന്ന സൂറത്തുകൾ പാരായണം ചെയ്യുക 

നാഫിഅ് (റ), ഇബ്നു കസീർ (റ) എന്നിവർ പറയുന്നു: സൂറതുൽ ഇൻഫിത്വാർ സ്വപ്നം കാണുന്നവൻ നിസ്കാരത്തെ യഥാസമയം നിർവഹിക്കുന്നവരായിരിക്കും ഈ അധ്യായം കാണുന്നവൻ ഭരണാധികാരികളോട് സഹവാസമുള്ളവരായിരിക്കും (തഅ്ത്വീറുൽ അനാം: 157) 

83
സൂറതുൽ മുത്വഫിഫീൻ - سورة المطففين

മുപ്പത്താറ് ആയത്തുകളുള്ള ഈ അധ്യായത്തിനു സൂറതുതത്വ് ഫീഫ് എന്നും പേരുണ്ട് അൻകബൂത് സൂറത്തിനു ശേഷം അവതരിച്ച ഈ സൂറത്ത് മക്കയുടെയും മദീനയുടെയും ഇടയിലാണ് അവതരിച്ചതെന്നാണ് ജാബിറുബ്നു സൈദ് (റ) പറയുന്നത് (ഖുർത്വുബി: 19/164) 

എന്നാൽ മദീനയിൽ വെച്ച് ആദ്യം അവതരിച്ച സൂറത്താണെന്നാണ് ഇബ്നു അബ്ബാസ് (റ) പറയുന്നത് (ഖുർത്വുബി: 19/164) 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു സൂറതുൽ മുതഫിഫീൻ സ്വപ്നം കാണുന്നവൻ സത്യവിശ്വാസികളുടെ സമ്പത്ത് അനധികൃതമായി വഴിയിലൂടെ കൈവശപ്പെടുത്തുന്നവരാണെന്നാണ് വ്യാഖ്യാനം (തഅ്ത്വീറുൽ അനാം: 157) 

84
സൂറതുൽ ഇൻശിഖാഖ് - سورة الإنشقاق

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ അധ്യായം ഇരുപത്തഞ്ച് സൂക്തങ്ങളാണ് സൂറതുൽ ഇൻഫിത്വാറിനു ശേഷം അവതരിച്ച ഈ സൂറത്ത് പ്രസവിക്കാൻ സമയമായവർക്ക് എഴുതി കുടിപ്പിക്കുന്നത് മുൻഗാമികളുടെ രീതിയായിരുന്നു 

അബൂബക്കർ സിദ്ദീഖ് (റ) പറയുന്നു: സൂറതുൽ ഇൻശിഖാഖ് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അത് അനുകൂലവും പ്രതികൂലവുമായി പരിണമിക്കും ഒരു സ്ത്രീയാണ് പ്രസ്തുത സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടതെങ്കിൽ അവളുടെ ഭർത്താവ് അവളെ ത്വലാഖ് ചെയ്യും പുരുഷൻ സ്വപ്നം കാണുകയാണെങ്കിൽ അദ്ദേഹത്തിനു ധാരാളം സന്താനങ്ങളുണ്ടാകും (തഅ്ത്വീറുൽ അനാം: 157) 

85
സൂറതുൽ ബുറൂജ് - سورة البروج

ഇരുപത്തി രണ്ട് ആയത്തുകൾ ഉൾക്കൊള്ളുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു ശത്രുക്കളുടെ അതിക്രമത്തിൽ ശക്തമായ ക്ഷമയവലംബിക്കാനും അതോടൊപ്പം വിശ്വാസദൃഢത ഹൃദയത്തിലലിഞ്ഞുചേരാനും ഇറക്കപ്പെട്ട അധ്യായമാണിത് (സ്വാവി: 4/288) 

സൂറത്തു ശംസിനു ശേഷം അവതരിച്ച ഈ അധ്യായം പന്ത്രണ്ട് ഗ്രഹനില (രാശി) യുള്ള ആകാശത്തെ സത്യം ചെയ്താണ് ആരംഭിക്കുന്നത് 

ജഅ്ഫറു സ്വാദിഖ് (റ) പറയുന്നു: സൂറത്തുൽ ബുറൂജ് ഓതുന്നത് ഒരാൾ സ്വപ്നം കാണുകയാണെങ്കിൽ അല്ലാഹുവിന്റെ മതത്തിൽ അദ്ദേഹം ശക്തനും മതവിജ്ഞാനത്തിൽ അവഗാഹമുള്ളവനുമായിത്തീരുകയും ചെയ്യുന്നതോടൊപ്പം അല്ലാഹു അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യും (തഅ്ത്വീർ: 157)

86
സൂറതുത്വാരിഖ് - سورة الطارق

പതിനേഴ് ആയത്തുകളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യയുടെ ഗണത്തിലുൾപ്പെടുന്നു സൂറതുൽ ബലദിന് ശേഷം അവതരിക്കപ്പെട്ട ഈ അധ്യായത്തിലെ എട്ടാമത്തെ സൂക്തമായ  انه على رجعه لقادر  അതിനെ മടക്കിക്കൊണ്ടുവരാൻ നിശ്ചയം അല്ലാഹു കഴിവുള്ളവനാണ്) എന്ന സൂക്തം ധാരാളം തവണ ചൊല്ലിയാൽ കളഞ്ഞുപോയ വസ്തു തിരിച്ചുകിട്ടാൻ അത് നിമിത്തമാവുന്നതാണെന്ന് പണ്ഡിതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: ജഅ്ഫറു സ്വാദിഖ് (റ) പറയുന്നു: സൂറതു ത്വാരിഖ് ഓതുന്നത് സ്വപ്നം കാണുന്നവരെ അല്ലാഹു ആൺ സന്താനങ്ങളും പെൺമക്കളും നൽകപ്പെടും (തഅ്ത്വീർ: 157)

87
സൂറതുൽ അഅ് ലാ - سورة الأعلى

ധാരാളം വിജ്ഞാനങ്ങളും നന്മകളും ഉൾകൊണ്ട അധ്യായമെന്ന നിലയിൽ നബി (സ) ഏറെ ഇഷ്ടപ്പെട്ടിരുന്ന സൂറത്തായിരുന്നു ഇത് (സ്വാവി: 4/293) 

സൂറതുത്തക് വീറിനു ശേഷം അവതരിച്ച ഈ അധ്യായം പത്തൊമ്പത് സൂക്തങ്ങളാണ് നബി (സ) ഈ സൂറത്തിനെ ഓതിയാൽ سبحان ربي الأعلى എന്നു പറഞ്ഞിരുന്നു (ഖുർത്വുബി: 20/12)

ജഅ്ഫറു സ്വാദിഖ് (റ) പറയുന്നു: സൂറത്തുൽ അഅ്ലാ പാരായണം ചെയ്യുന്നവർ അല്ലാഹുവിനു ധാരാളം തസ്ബീഹ് ചൊല്ലുന്നവനായിരിക്കും അതോടൊപ്പം പരലോക ജീവിതത്തെ ഭൗതിക ജീവിതത്തേക്കാൾ ഉത്തമമായി തിരഞ്ഞെടുക്കുകയും ചെയ്യും (തഅ്ത്വീർ: 157) 

88
സൂറതുൽ- ഗാശിയ - سورة الغاشية

ഹിജ്റയുടെ മുമ്പ് അവതരിച്ച ഈ സൂറത്ത് ഇരുപത്തി ആറ് സൂക്തങ്ങളാണ് സൂറതുദ്ദാരിയാതിനു ശേഷം അവതരിച്ച ഈ അധ്യായത്തിലെ فيعذبه الله الأكبر എന്ന സൂക്ത ശേഷം اللهم لا تعذبني അല്ലാഹുവേ , എന്നെ നീ ശിക്ഷിക്കരുതെന്നർത്ഥമുള്ള പ്രാർത്ഥനാവചനം ചൊല്ലുന്നത് ഉത്തമ ചര്യയാണ് അതോടൊപ്പം ثم ان علينا حسابهم എന്ന സൂക്തശേഷം اللهم يسرلي حسابي (അല്ലാഹുവേ, എന്റെ വിചാരണ നീ എളുപ്പമാക്കേണമേ) എന്നർത്ഥമുള്ള പ്രാർത്ഥനയും സുന്നത്താണ്  

ജഅ്ഫറു സ്വാദിഖ് (റ), കസാഈ (റ) പറയുന്നു: സൂറതുൽ ഗാശിയ പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്നവർ സാമ്പത്തിക പ്രയാസമനുഭവിക്കുന്നയാളാണെങ്കിൽ അദ്ദേഹത്തിനു സാമ്പത്തിക വിശാലതയുണ്ടാകും (തഅ്ത്വീർ: 157) 

89
സൂറതുൽ ഫജ്ർ - سورة الفجر

ദുൽഹിജ്ജ മാസത്തിന്റെ പത്ത് രാത്രികളെ കൊണ്ട് സത്യം ചെയ്യുന്ന ഈ അധ്യായത്തിൽ മുപ്പത് ആയത്തുകളുണ്ട് സൂറതുല്ലൈലിനു ശേഷം അവതരിച്ച ഈ അധ്യായം ഹിജ്റയുടെ മുമ്പ് മക്കയിൽ വെച്ച് അവതരിച്ചതാണ്  

നാഫിഅ് (റ), ഇബ്നുകസീർ (റ) എന്നവർ പറയുന്നു: സൂറതുൽ ഫജ്ർ പാരായണം ചെയ്യുന്നത് കേൾക്കുന്നതോ സ്വയം ഓതുന്നതോ ഒരാൾ സ്വപ്നം കണ്ടാൽ പ്രസ്തുത വർഷം അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെടുമെന്നാണ് വ്യാഖ്യാനം (തഅത്വീർ: 157)  

90
സൂറത്തുൽ ബലദ് - سورة البلد

ഇരുപത് സൂക്തങ്ങളടങ്ങിയ ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് മക്കയിൽ വെച്ച് അവതരിച്ചതാണ് സൂറതു ഖാഫിനു ശേഷം അവതരിക്കപ്പെട്ട ഈ സൂറത്ത് നബി (സ) യുടെ ജന്മദേശമായ പുണ്യ മക്കയെ സത്യം ചെയ്തുകൊണ്ട് പ്രാരംഭം കുറിക്കുന്ന അധ്യായമാണ് 

ജഅ്ഫറു സ്വാദിഖ് (റ) പറയുന്നു: സൂറതുൽ ബലദ് പാരായണം ചെയ്യുന്നത് കേൾക്കുകയോ സ്വയം ഓതുകയോ ചെയ്യുന്നവൻ ഏതെങ്കിലുമൊരു വിഷയത്തിൽ സത്യം ചെയ്യുകയും തുടർന്ന് പ്രസ്തുത കാരണം കൊണ്ട് ഖേദിക്കുകയും ചെയ്യും (തഅ്ത്വീർ: 158)

91
സൂറതുശ്ശംസ് - سورة الشمس

ഏഴു വസ്തുക്കളെകൊണ്ട് അല്ലാഹു സത്യം ചെയ്ത് പറയുന്ന പുണ്യ സൂറത്താണിത് ളുഹാ നിസ്കാരത്തിൽ ചൊല്ലൽ പ്രത്യേക പുണ്യമുള്ള ഈ സൂറത്ത് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിമാനം നിലനിർത്തുകയും അപമാനത്തിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും സൂറതുൽ ഖദ്റിനു ശേഷം അവതരിച്ച ഈ അധ്യായത്തിലെ പതിനഞ്ച് ആയത്തും മക്കയിൽ അവതരിച്ചതാണ് 

നാഫിഅ് (റ) , ഇബ്നു കസീർ (റ) തുടങ്ങിയവർ പറയുന്നു: സൂറതുശംസ് സ്വപ്നം കാണുന്നവൻ നീതിമാനായ ഭരണാധികാരിയോടൊപ്പം ഒരു നാട്ടിൽ താമസിക്കാനിടയാവും അതോടൊപ്പം എല്ലാ വിഷയങ്ങളിലും സഹായവും വിജയ സൗഭാഗ്യവുമുണ്ടാവും (തഅ്ത്വീർ: 158) 

92
സൂറതുല്ലൈൽ - سورة الليل

ഇരുപത്തൊന്ന് ചെറിയ സൂക്തങ്ങളുള്ള ഈ സൂറത്ത് അബൂബക്കർ സിദ്ദീഖ് (റ) വിന്റെ ദാനധർമിഷ്ഠ സ്വഭാവത്തെ പ്രകീർത്തിച്ചു അവതരിച്ചതാണ് സൂറതുല്ലൈലും സൂറതു ശംസും മഗ്രിബിന്റെ അൽപം മുമ്പ് പാരായണം ചെയ്യുന്നതിലൂടെ അഭിമാനം, സാമർത്ഥ്യം എന്നിവ അനന്തരമായി ലഭിക്കുമെന്ന് പ്രാമാണിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് സൂറതുൽ അഅ്ലായുടെ ശേഷം അവതരിച്ച ഈ സൂറത്ത് ഹിജ്റയുടെ മുമ്പാണ് അവതരിച്ചത് 

ഇബ്നു കസീർ (റ) പറയുന്നു: സൂറതുല്ലൈൽ സ്വപ്നം കാണുന്നവനു ഭക്ഷണ സമ്പാദ്യത്തിൽ പരിമിതിയുള്ളവനാണെന്നാണ് വ്യാഖ്യാനം അതോടൊപ്പം രാത്രിയിൽ സുന്നത്ത് നിസ്കാരം ധാരാളമായി നിർവഹിക്കുന്നവനുമായിരിക്കും (തഅ്ത്വീർ: 158)

93
സൂറത്തു ളുഹാ - سورة الضحى

മക്കിയ്യ സൂറത്തുകളിൽ പെടുന്ന പതിനൊന്ന് ആയത്തുകളുള്ള ഈ വിശിഷ്ട അധ്യായം ഇറങ്ങിയപ്പോൾ നബി (സ) الله أكبر എന്ന തക്ബീർ ചൊല്ലിയിരുന്നുവെന്ന് ഹദീസുകളിൽ നിന്നും വ്യക്തമാണ് അതിനാൽ ഈ സൂറത്തിന്റെയും ഇതിനു ശേഷമുള്ള എല്ലാ സൂറത്തുകളുടെയും അവസാനം الله أكبر എന്നു തക്ബീർ ചൊല്ലൽ സുന്നത്താണ് 

നാഫിഅ് (റ) പറയുന്നു: സൂറതുളുഹാ സ്വപ്നം കാണുന്നവനു വൈവിധ്യ നന്മകൾ ലഭ്യമാകുന്നതാണ് (തഅ്ത്വീർ: 158) 

അലി (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു ولسوف يعطيك ربك فترضى എന്ന ആയത്തിനേക്കാൾ പ്രതീക്ഷയുള്ള ഒരു ആയത്തിനെയും അല്ലാഹു ഇറക്കിയിട്ടില്ല പ്രസ്തുത ആയത്തിനെ എന്റെ സമുദായത്തിനുവേണ്ടി അന്ത്യനാളിലേക്ക് ഞാൻ ശേഖരിച്ചു വെച്ചിട്ടുണ്ട് (ദൈലമി)

94
സൂറതുശർഹ് - سورة الشرح
  
സൂറതു ളുഹായുടെ ശേഷം അവതരിച്ച ഈ അധ്യായം എട്ട് സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യ സൂറത്തുകളുടെ ഗണത്തിൽ പെട്ടതുമാണ് 

ജഅ്ഫറു സ്വാദിഖ് (റ) പറയുന്നു: സൂറതു ശറഹ് ഓതുന്നത് സ്വപ്നം കാണുന്നവനു എല്ലാ രോഗങ്ങളിൽ നിന്നും പ്രയാസ പ്രതിസന്ധികളിൽ നിന്നും ശാരീരിക വിഷമങ്ങളിൽ നിന്നും സംരക്ഷണം ലഭ്യമാകും (തഅ്ത്വീർ: 158) 

ഇമാം അഹ്മദുസ്വാവിൽ മാലികി (റ) പറയുന്നു: ഒരാൾ സൂറതു അലംനശ്റഹ് അഞ്ച് നേരത്തെ നിസ്കാരത്തിനു പിറകെ പത്ത് താണ ചൊല്ലുന്നത് പതിവാക്കിയാൽ ഭക്ഷണ വിഭവങ്ങൾ, സുലഭമായി ലഭ്യമാകാനും ആരാധനാ കർമങ്ങൾ നിർവഹിക്കാനുള്ള തൗഫീഖും ലഭ്യമാകും  

അതേപ്രകാരം അതിപ്രധാനമായ നമ്മുടെ ഒരു ഉദ്ദേശ്യം സഫലമാവണമെങ്കിൽ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ച ശേഷം പ്രസ്തുത സൂറത്തിലെ അക്ഷരങ്ങളുടെ എണ്ണമായ നൂറ്റിമൂന്ന് തവണ ഈ സൂറത്ത് ഓതി പ്രാർത്ഥിച്ചാൽ ഉദ്ദേശ്യം സഫലമാകും (ഹാശിയത്വുസ്വാവി: 4/314) 

95
സൂറതുത്തീൻ - سورة التين

സൂറതുൽ ബുറൂജിനു ശേഷം അവതരിച്ച ഈ അധ്യായം എട്ട് സൂക്തങ്ങളും ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയുടെ ഗണത്തിലുൾപ്പെട്ടതുമാണ് 

സൂറത്തുത്തീൻ ഓതുന്നത് സ്വപ്നം കാണുന്നത് താക്കീതും എന്നാൽ അതിന്റെ പര്യവസാനം നന്മയിലും ശുഭവുമായിരിക്കും (തഅ്ത്വീർ: 158) 

സൂറതുത്തീനിലെ അവസാന സൂക്തമായ 
اليس الله بأحكم الحاكمين 

ഓതിയാൽ بلى وأنا على ذلك من الشاهدين എന്നു മറുപടി പറയൽ സുന്നത്താണ് (തഫ്സീറുൽ ഖുർത്വുബി: 20/79) 

96
സൂറതുൽ അലഖ് - سورة العلق

സൂറതു ഇഖ്റഅ്, അലഖ്, ഖലം, എന്നീ മൂന്ന് പേരുകളുള്ള ഈ അധ്യായമാണ് ഖുർആനിലെ ആദ്യത്തെ സൂറത്ത്  

അതിനുശേഷം നൂൻ, വൽഖലം, മുസ്സമ്മിൽ, മുദ്ദസിർ എന്നിവ അവതരിച്ചു പത്തൊമ്പത് സൂക്തങ്ങളടങ്ങിയ ഖുർആനിലെ പ്രഥമമായ സൂറത്തിലെ അവസാന സൂക്തത്തിനു ശേഷം തിലാവതിന്റെ സുജൂദ് ചെയ്യൽ പുണ്യമാണ്  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതുൽ അലഖ് പാരായണം ചെയ്യുന്നതോ സ്വന്തമായി പാരായണം ചെയ്യുന്നതോ ഒരാൾ സ്വപ്നം കണ്ടാൽ അവനു ആൺ സന്താനമുണ്ടാവുമെന്നാണ് വ്യാഖ്യാനം (തഅ്ത്വീർ: 158) 

97
സൂറതുൽ ഖദ്ർ - سورة القدر

മക്കിയ്യ സൂറത്തും സൂറതു അബസയുടെ പിറകെ അവതരിച്ചതുമായ ഈ സൂറത്ത് അഞ്ച് സൂക്തങ്ങളാണ് ലൈലതുൽ ഖദ്ർ മൂന്ന് തവണ ഈ സൂറത്തിൽ പറയപ്പെട്ടിട്ടുണ്ട് അതേസമയം ലൈലതുൽ ഖദ്ർ എന്ന പദത്തിൽ ഒമ്പത് അക്ഷരങ്ങളുണ്ട് അതിനാൽ ഒമ്പതിനെ മൂന്നുകൊണ്ട് ഗുണിക്കുമ്പോൾ ഇരുപത്തിയേഴ് ആയതിനാൽ ലൈലതുൽ ഖദ്ർ ഇരുപത്തേഴാം രാവിലാണെന്നാണ് പ്രമുഖ പണ്ഡിതരുടെ വീക്ഷണം (ഇആനത്ത്) 

അനസ് (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: ഒരാൾ സൂറതുൽ ഖദ്ർ ഓതിയാൽ അത് ഖുർആനിന്റെ നാലിലൊന്നിനോട് സാമ്യമാവും (കൻസുൽ ഉമ്മാൽ) 

ഒരാൾ പരിപൂർണമായ വുളൂ ചെയ്ത ശേഷം സൂറതുൽ ഖദ്ർ ഒരു താണ ചൊല്ലിയാൽ സ്വിദ്ദീഖുകളോടൊപ്പവും രണ്ട് തവണ ചൊല്ലിയാൽ പ്രവാചകരോടൊപ്പവും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുന്നതാണ് (ഇആനത്ത്) 

സൂറതുൽ ഖദ്ർ ഓതുന്നത് സ്വപ്നം കാണുന്നവൻ നിരവധി സുകൃതങ്ങൾ ചെയ്ത് ധാരാളം പ്രതിഫലത്തിനു അർഹനാവുമെന്നാണ് വ്യാഖ്യാനം (തഅ്ത്വീർ: 158) 

98
സൂറതുൽ ബയ്യിന - سورة البينة

സൂറതുൽ ലംയകൂൻ, സൂറതുൽ മുൻഫക്കീൻ, സൂറതുൽ ഖിയാമ സൂറതുൽ ബരിയ്യ എന്നീ പേരുകളിലെല്ലാം ഈ അധ്യായം അറിയപ്പെടുന്നു (ഹാശിയതു സ്വാവി: 4/322) 

സൂറതു ത്വലാഖിനു ശേഷം അവതരിച്ച ഈ സൂറത്തിലെ എട്ട് സൂക്തങ്ങളും ഹിജ്റയുടെ ശേഷം മദീനയിൽ അവതരിച്ചതാണ്  

അബൂദർദാഅ് (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: ലംയകുൻ സൂറത്തിലുള്ള കാര്യങ്ങൾ ജനങ്ങളറിഞ്ഞിരുന്നുവെങ്കിൽ അവർ കുടുംബവും സമ്പത്തും ഉപേക്ഷിക്കുമായിരുന്നു അതിനാൽ അത് നിങ്ങൾ പഠിക്കുക (ഖുർത്വുബി: 20/139) 

ശൈഖ് അബ്ദുൽ ഗനിയ്യിന്നാബൽസി (റ) പറയുന്നു ഒരാൾ സൂറതുൽ ബയ്യിനത് ഓതുന്നത് സ്വപ്നം കണ്ടാൽ അവനു താക്കീതും സന്തോഷവാർത്തയുമുണ്ടെന്നാണ് വ്യാഖ്യാനം അവന്റെ കാരണംകൊണ്ട് ധാരാളം പേർ സത്യവിശ്വാസിയാവുമെന്നും പറയപ്പെട്ടിട്ടുണ്ട് (തഅ്ത്വീർ: 158) 

99
സൂറതുസ്സൽസല - سورة الزلزلة

സൂറത്തുന്നിസാഇനു ശേഷം അവതരിച്ച ഈ സൂറത്തിലെ എട്ട് സൂക്തങ്ങളും ഹിജ്റയുടെ ശേഷം അവതരിച്ച മദനിയ്യ സൂറത്തിന്റെ ഗണത്തിലുൾപ്പെട്ടതാണ് 

അലി (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: സൂറതുസ്സൽസലത് നാല് തവണ പാരായണം ചെയ്താൽ ഖുർആൻ മുഴുവൻ പാരായണം ചെയ്തവരെ പോലെയാണ്  (ഖുർത്വുബി: 20/100) 

ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: നിശ്ചയം ഇദാ സുൽസിലത്ത് സൂറത്ത് ഖുർആനിന്റെ പകുതിയാണ് (തുർമുദി, ഹാകിം) 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതുസ്സൽസലത് ഒരാൾ സ്വപ്നം കണ്ടാൽ പിശാചിന്റെ ഭാഗത്തുനിന്ന് ദുർബോധനത്തിലൂടെ തെറ്റിലകപ്പെടാൻ സാധ്യതയുണ്ടെന്നാണ് വ്യാഖ്യാനം (തഅ്ത്വീർ: 158)

100
സൂറതുൽ ആദിയാത് - سورة العاديات

സൂറതുൽ അസ്വറിനു ശേഷം അവതരിച്ച ഈ സൂറത്ത് ഹിജ്റയുടെ മുമ്പ് അവതരിച്ചതും പതിനൊന്ന് സൂക്തങ്ങളുൾക്കൊള്ളുന്നവയുമാണ് ജനങ്ങളെ യുദ്ധത്തിനു സജ്ജരാക്കാൻ അറിയിക്കുന്നതിനു ഹജ്ജാജുബ്നു യൂസുഫ് ഈ സൂറത്ത് ഓതാറാണ് പതിവുണ്ടായിരുന്നത് (ഖുർത്വുബി: 20/111) 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതുൽ ആദിയാത് ഓതുന്നത് ഒരു യാത്രകാരൻ സ്വപ്നം കണ്ടാൽ അവന്റെ യാത്രക്ക് മുടക്കമുണ്ടാവും യാത്രക്കാരനല്ലെങ്കിൽ അവൻ ഭൗതിക സമ്പാദ്യത്തെ ഏറെ ഇഷ്ടപ്പെടുന്നവനാണെന്നാണ് വ്യാഖ്യാനം (തഅ്ത്വീർ: 158) 

101
സൂറതുൽ ഖാരിയ - سورة القارعة

അന്ത്യനാളിന്റെ ഭീതിയുണർത്തുന്ന അവസ്ഥയെ പ്രതിധ്വനിപ്പിക്കുന്ന ഈ ചെറിയ സൂറത്ത് പതിനൊന്ന് ചെറിയ സൂക്തങ്ങളിലുൾക്കൊള്ളുന്നു സൂറതുൽ ഖുറൈശിനു ശേഷം അവതരിച്ച ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിച്ച മക്കിയ്യയുടെ ഗണത്തിൽപെടുന്നു  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതുൽ ഖാരിഅ ഒരാൾ ഓതുന്നതോ സ്വന്തമായി ഓതുന്നതോ സ്വപ്നം കണ്ടാൽ സന്തോഷവാർത്തയുടെയും മുന്നറിയിപ്പിന്റെയും അടയാളമാണത് 

സൂറതുൽ ഖാരിഅ സ്വപ്നം കാണുന്നവൻ സൂക്ഷ്മതയുള്ളവനും ഭയഭക്തിയിൽ ജീവിക്കുന്നയാളുമാണെന്നും പണ്ഡിതർ വ്യാഖ്യാനം നൽകിയിട്ടുണ്ട്  (തഅ്ത്വീർ: 158) 

102
സൂറതുത്തകാസുർ - سورة التكاثر

സൂറതുൽ കൗസറിനു ശേഷം അവതരിച്ച ഈ അധ്യായം എട്ട് സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് അവതരിച്ചതുമാണ്  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതുത്തകാസുർ ഓതുന്നത് സ്വപ്നം കാണുന്നവൻ ഭൗതിക സമ്പത്ത് വാരിക്കൂട്ടുന്നതിനെ ഇഷ്പ്പെടുന്നവനും പരലോകത്തെ മറക്കുന്നവനുമാണ് (തഅ്ത്വീർ: 158) 

അസ്മാ ബിൻത് ഉമൈസ് (റ) നിവേദനം ചെയ്യുന്നു ഒരിക്കൽ നബി (സ) പറഞ്ഞു: നിങ്ങളിൽ നിന്ന് ആരാണ് ദിവസവും ആയിരം ആയത്ത് ഓതുക 

അവർ ചോദിച്ചു: ആർക്കാണ് സാധ്യമാവുക? നബി (സ) പറഞ്ഞു: നിങ്ങൾക്ക് അൽഹാകുമുത്തകാസുർ ഓതാൻ കഴിയില്ലേ (ഹാകിം, ബൈഹഖി, സ്വാവി: 4/330) 

103
സൂറത്തുൽ അസ്വർ - سورة العصر

സൂറതുൽ കൗസറിനെ പോലെ മൂന്ന് സൂക്തങ്ങൾ മാത്രമുള്ള ഈ സൂറത്ത് ഖുർആനിലെ ചെറിയ അധ്യായമാണ് 

സൂറതു അലംനശ്റഹിനു ശേഷം അവതരിച്ച ഈ സൂറത്ത് ക്ഷമയുടെ മഹത്വത്തെയും സൽകർമത്തെയും പ്രചോദിപ്പിക്കാൻ വേണ്ടി കാലത്തെ സത്യം ചെയ്ത് പ്രാരംഭം കുറിക്കുന്ന ഏറെ മഹാത്മ്യമേറിയ അധ്യായമാണ് ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട അധ്യായമെന്നതിനാൽ മക്കിയ്യയിലാണുൾപ്പെടുന്നത്  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: ഒരാൾ സൂറതുൽ അസ്വർ പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അതിൽ താക്കീതും സന്തോഷവാർത്തയും ഉൾകൊണ്ടിട്ടുണ്ട്  

പ്രസ്തുത സൂറത്ത് സ്വപ്നത്തിൽ കാണുന്നവന് ധാരാളം ലാഭവും ശത്രുക്കളുടെ മേൽ വിജയവുമുണ്ടാവുമെന്ന് വ്യാഖ്യാനിച്ചവരുമുണ്ട് (തഅ്ത്വീർ: 158) 

104
സൂറതുൽ ഹുമസ - سورة الهمزة

ഒമ്പത് ആയത്തുകളുള്ള ഈ അധ്യായം സൂറതുൽ ഖിയാമയുടെ ശേഷം അവതരിച്ച മക്കിയ്യായ സൂറതുകളിൽ പെട്ടതാണ്  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതുൽ ഹുമസ ഓതുന്നത് സ്വപ്നം കാണുന്നവനു അതിൽ താക്കീതും മുന്നറിയിപ്പും നൽകുന്നുണ്ടെന്നതിനാൽ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണം ഏഷണിയും പരദൂഷണവും പറഞ്ഞു നടക്കുന്നവർക്ക് താക്കീതായി പ്രസ്തുത സൂറത്ത് സ്വപ്നത്തിൽ കാണുമെന്നും പ്രാമാണിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് (തഅ്ത്വീർ: 159)

105
സൂറതുൽ ഫീൽ - سورة الفيل

അഞ്ച് സൂക്തങ്ങളുള്ള ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യ സൂറത്തുകളിലുൾപ്പെടുന്നു സൂറതുൽ കാഫിറൂന യുടെ ശേഷം അവതരിച്ച ഈ സൂറത്ത് അഞ്ച് സൂക്തങ്ങളാണ് കഅ്ബ പൊളിക്കാൻ വേണ്ടി വന്ന അബ്റഹത്തിനെയും കൂടെയുള്ള ആനപ്പടയെയും അബാബീൽ പക്ഷികളുടെ സഹായത്തോടെ തുരത്തിയോടിക്കുകയും നശിപ്പിക്കുകയും ചെയ്ത ചരിത്രത്തെ അനുസ്മരിക്കുന്ന ഈ അധ്യായം നിത്യമായി പാരായണം ചെയ്യുന്നത് ശത്രുക്കളുടെ കുതന്ത്രത്തിൽ നിന്നു രക്ഷ പ്രാപിക്കാൻ അത്യുത്തമമാണെന്നാണ് പണ്ഡിത പക്ഷം  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതുൽ ഫീൽ പാരായണം ചെയ്യുന്നത് സ്വപ്നം കാണുന്നവൻ ശത്രുക്കളെ അതിജയിക്കുകയും ഉന്നത വിജയത്തിലെത്തുകയും ചെയ്യും ഹജ്ജ് ചെയ്യാനുള്ള അവസരവും ഇതുവഴി ലഭ്യമാവുമെന്നും പണ്ഡിതർ വ്യാഖ്യാനിച്ചിട്ടുണ്ട് (തഅ്ത്വീർ: 159) 

106
സൂറതു ഖുറൈശ് - سورة قريش

സൂറതു വത്തീനിനു ശേഷം അവതരിച്ച ഈ അധ്യായത്തിൽ നാല് സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ടതുമാണ് 

ഈ സൂറത്തും തൊട്ടു മുമ്പുള്ള സൂറതുൽ ഫീലും തമ്മിൽ അഭേദ്യ ബന്ധമായതിനാൽ ഉബയ്യുബ്നു കഅ്ബ് (റ) രണ്ട് സൂറത്തിന്റെയും ഇടയിൽ ബിസ്മി നൽകപ്പെടാതെയാണ് എഴുതപ്പെട്ടിരിക്കുന്നത് (ഹാശിയതു സ്വാവി: 4/336) 

അബുൽ ഹസനിൽ ഖസ് വീനി (റ) പറയുന്നു: ഒരാൾ യാത്ര പുറപ്പെടുമ്പോൾ ശത്രു, വന്യജീവി തുടങ്ങിയവ ഭയപ്പെടുന്നുവെങ്കിൽ സൂറതുൽ ഖുറൈശ് ഓതുക അത് എല്ലാ വിഷയങ്ങളിൽ നിന്നും നിർഭയത്വമാണ് 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതു ഖുറൈശ് (ലിഈലാഫി) സ്വപ്നം കണ്ടാൽ ഹജ്ജ് ചെയ്യാനവസരമുണ്ടാവും അവൻ ഉദ്ദേശിച്ച യാത്രയിൽ ഏറെ സാമ്പത്തിക ലാഭവുമുണ്ടാവുകയും ചെയ്യുന്നതാണ് (തഅ്ത്വീർ: 159) 

107
സൂറത്തുൽ മാഊൻ - سورة الماعون

ഈ സൂറത്തിലെ പകുതി മക്കയിലും പകുതി മദീനയിലുമാണ് അവതരിച്ചത് സൂറതുദ്ദീൻ എന്ന പേരിലും ഈ സൂറത്ത് അറിയപ്പെടുന്നു (സ്വാവി: 4/337) 

സൂറതുത്തകാസുറിനു ശേഷം അവതരിച്ച ഈ അധ്യായത്തിൽ ഏഴ് ആയത്തുകളുണ്ട് 

ശൈഖ് നാബൽസി (റ) പറയുന്നു: സകാത്ത് വേണ്ടവിധത്തിൽ നൽകാത്തവൻ, നന്മയായ പ്രവർത്തനങ്ങൾക്ക് വിഘാതം നിൽക്കുന്നവൻ എന്നിവർക്ക് താക്കീതായി പ്രസ്തുത സൂറത്ത് സ്വപ്നത്തിൽ കാണാം അതോടൊപ്പം ജനങ്ങളുടെ തൃപ്തി, ജനോപകാരം, അയൽവാസികളെ പരിഗണിക്കൽ എന്നീ നന്മകളുള്ള ഹൃദയങ്ങളും ഈ സ്വപ്നം ദർശിക്കാനിടയുണ്ട് (തഅ്ത്വീർ: 159) 

108
സൂറതുൽ കൗസർ - سورة الكوثر

സൂറതുന്നഹ്ർ (ബലി) എന്ന് പേരുള്ള ഈ അധ്യായം ഖുർആനിലെ ഏറ്റവും ചെറിയ അധ്യായമാണ് സൂറതുൽ ആദിയാതിന്റെ ശേഷം അവതരിച്ച ഈ അധ്യായം മൂന്ന് സൂക്തങ്ങളടങ്ങിയതും ഹിജ്റ യുടെ മുമ്പ് അവതരിക്കപ്പെട്ട മക്കിയ്യയിലുൾപ്പെട്ടതുമാണ് 

ശൈഖ് നാബൽസി (റ) പറയുന്നു: സൂറതുൽ കൗസർ സ്വപ്നം കാണുന്നവൻ പരലോക ചിന്തയുള്ളവനോട് സഹവാസമുള്ളവനും ശത്രുവിൽ നിന്നും സംരക്ഷണമുള്ളവനുമാണ് ഉള്ഹിയ്യത്ത് വർധിപ്പിക്കുന്നവനും ഇത് കാണാൻ ഏറെ സാധ്യതയുണ്ട് ഇരുലോകത്തും നന്മ വർധിക്കാനും പ്രസ്തുത സ്വപ്നം കാരണമാവുന്നു (തഅ്ത്വീർ: 159) 

109
സൂറതുൽ കാഫിറൂൻ - سورة الكافرون

ഹിജ്റയുടെ മുമ്പ് അവതരിച്ച ഈ അധ്യായം ആറ് സൂക്തങ്ങളാണ് ഖുർആനിന്റെ നാലിലൊന്ന് (റുബ്ഉൽ ഖുർആൻ) എന്ന പേരിലറിയപ്പെടുന്ന ഈ സൂക്തത്തിനു നിരവധി മഹത്വങ്ങളുണ്ട് 

ഇബ്നു അബ്ബാസ് (റ) പറയുന്നു: ഇബ്ലീസിനു ഏറ്റവും ദേഷ്യമുള്ള അധ്യായമാണിത് കാരണം, ഇതിൽ തൗഹീദും (ഏകത്വം) ശിർക്കിൽ നിന്നും മോചനവുമുണ്ട് (സ്വാവി: 4/340) 

അനസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: സൂറതുൽ കാഫിറൂന ഖുർആനിന്റെ നാലിലൊന്നാണ് (ഖുർത്വുബി; 20/153) 

ശൈഖ് നാബൽസി (റ) പറയുന്നു: സൂറതുൽ കാഫിറൂന പാരായണം സ്വപ്നം കണ്ടാൽ അവർ കപടർ, സത്യനിഷേധികൾ എന്നിവരോട് സമരപോരാട്ടം നടത്തുന്നവനാണെന്നാണ് വ്യാഖ്യാനം (തഅ്ത്വീർ: 159)

110
സൂറതുന്നസ്വ് ർ - سورة النصر

സൂറതുത്തൗദീഅ് (വിടവാങ്ങൽ അധ്യായം) എന്ന പേരിലും ഈ അധ്യായം അറിയപ്പെടുന്നു ഖുർആനിന്റെ നാലിലൊന്ന് എന്നറിയപ്പെടുന്ന മറ്റൊരു സൂറത്താണിത് 

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: ചെയ്ത പ്രസ്തുത ഹദീസ് ഇമാം തുർമുദി (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട് സൂറതുന്നബഇന്റെ ശേഷം അവതരിച്ച ഈ സൂറത്തിൽ മൂന്ന് സൂക്തങ്ങളാണുള്ളത് 

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറത്തുന്നസ്വ് ർ ഭരണാധികാരി സ്വപ്നം കണ്ടാൽ അവന്റെ ആധിപത്യം വിശാലമാവും 

ഭരണാധികാരികളല്ലാത്ത സത്യവിശ്വാസികൾ സ്വപ്നം കണ്ടാൽ ശത്രുക്കളുടെ മേൽ വിജയം സ്ഥാപിക്കപ്പെടുകയും നബി (സ) യോടൊപ്പമുണ്ടായിരുന്ന സാക്ഷികളുടെ കൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും (തഅ്ത്വീർ: 159) 

111
സൂറതുൽ മസദ് -  سورة المسد

സൂറതു അബീലഹബ് എന്നീ പേരിലും അറിയപ്പെടുന്ന ഈ അധ്യായം ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട അഞ്ച് സൂക്തങ്ങളടങ്ങിയതാണ് സൂറതുൽ ഫാതിഹയുടെ ശേഷം അവതരിച്ച ഈ അധ്യായത്തിൽ നബി (സ) യുടെ പിതൃവ്യൻ അബൂലഹബിന്റെ പരാജയത്തെയും നാശത്തെയും വിവരിക്കുന്നുണ്ട്  

ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി (റ) പറയുന്നു: സൂറതുൽ മസദ് (തബ്ബത് യദാ) പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ അവന്റെ സമ്പത്തിനെ അല്ലാഹു ഇഷ്ടപ്പെടാത്ത മാർഗത്തിൽ ചിലവഴിക്കുന്നുവെന്നർത്ഥം സമ്പത്തില്ലാത്തവനാണ് സ്വപ്നം കണ്ടതെങ്കിൽ അവൻ പരദൂഷണ സ്വഭാവമുള്ളവനാണ് (തഅ്ത്വീർ: 159)

112
സൂറതുൽ ഇഖ്‌ലാസ് - سورة الإخلاص

ഹിജ്റയുടെ മുമ്പ് അവതരിക്കപ്പെട്ട ഈ അധ്യായം നാല് സൂക്തങ്ങളാണ് ഖുർആനിന്റെ മൂന്നിലൊന്നായി അറിയപ്പെടുന്ന അധ്യായമാണ് സൂറതുൽ ഇഖ്ലാസ്വ് ഫാതിഹയെപ്പോലെ ഇരുപത് പേരുകളിലറിയപ്പെടുന്ന ഈ പുണ്യ അധ്യായം ദിനംപ്രതി അമ്പത് തവണ പാരായണം ചെയ്താൽ അമ്പത് വർഷത്തെ ചെറുപാപങ്ങളെ പൊറുക്കപ്പെടുമെന്നാണ് നബി (സ) പറഞ്ഞത് (ഹാശിയത്തുസ്വാവി: 4/346) 

നബി (സ) പറഞ്ഞു: ഒരാൾ ഇഖ്ലാസ്വ് ഒരു തവണ ഓതിയാൽ അവന്റെ മേലിലും രണ്ട് പ്രാവശ്യമോതിയാൽ അവന്റെ കുടുബത്തിന്റെ മേലിലും ബറകത് നൽകപ്പെടും (സ്വാവി: 4/346) 

സൂറതുന്നാസിനു ശേഷം അവതരിച്ച ഈ അധ്യായം നാല് സൂക്തങ്ങളടങ്ങിയതും ഹിജ്റയുടെ മുമ്പ് ഇറങ്ങിയ മക്കിയ്യ സൂറത്തിലുൾപ്പെട്ടതുമാണ്  

ജരീർ (റ) നിവേദനം: ചെയ്യുന്നു: നബി (സ) പറഞ്ഞു: ഒരാൾ വീട്ടിൽ പ്രവേശിക്കുമ്പോൾ സൂറതുൽ ഇഖ്ലാസ്വ് പാരായണം ചെയ്താൽ പ്രസ്തുത വീട്ടുകാർക്കും അയൽവാസികൾക്കും ദാരിദ്ര്യം ഇല്ലാതെയാവും (ത്വബ്റാനി) 

ശൈഖ് നാബൽസി (റ) പറയുന്നു: സൂറത്തുൽ ഇഖ്ലാസ്വ് പാരായണം ചെയ്യുന്നത് സ്വപ്നം കണ്ടാൽ ഭാവിയിലെ നന്മ, അക്രമികളിൽ നിന്നും സംരക്ഷണം എന്നിവ നൽകപ്പെടും രോഗികളും മരണാവസ്ഥയിലുമെത്തിയവർ അപ്രകാരം കണ്ടാൽ വിയോഗത്തെയാണ് സൂചിപ്പിക്കുന്നത് (തഅ്ത്വീർ: 159)

113
സൂറതുൽ ഫലഖ് -سورة الفلق

അഞ്ച് സൂക്തങ്ങളുള്ള ഈ അധ്യായം മക്കിയ്യ സൂറത്തിലുൾപ്പെട്ടതാണ് 

നബി (സ) പറഞ്ഞു: എന്റെ മേൽ രണ്ട് സൂറത്ത് അവതരിക്കപ്പെട്ടു അതുപോലെയുള്ളത് മറ്റൊരിക്കലും ഇറക്കപ്പെട്ടിട്ടില്ല പ്രസ്തുത സൂറത്തുകൾ അല്ലാഹുവിന് ഏറെ പ്രിയമുള്ളതും ഇഷ്ടമുള്ളതുമാണ് സൂറതുൽ ഫലഖ്, സൂറതുന്നാസ് എന്നിവയാണത് (ഹാശിയതുസ്വാവി: 4/348) 

കണ്ണേറ് ബാധിക്കാതിരിക്കാനും ഈ രണ്ട് സൂറത്തുകളെ മാത്രം അവലംബിച്ചാൽ മതിയെന്നാണ് പ്രവാചക പാഠം നബി (സ) എല്ലായയ്പ്പോഴും മനുഷ്യന്റെയും ജിന്നുകളുടെയും കണ്ണേറിൽ നിന്നും അഭയം തേടിയിരുന്നു എന്നാൽ സൂറതുൽ ഫലഖും നാസും അവതരിച്ചപ്പോൾ അത് രണ്ടിനെയും മാത്രം പിന്തുടരുകയും മറ്റുള്ള ഉപേക്ഷിക്കുകയും ചെയ്തു (സ്വാവി: 4/348) 

എല്ലാ പ്രയാസ വിഷമതകളിൽ നിന്നും മോചനം നൽകി സംതൃപ്ത ജീവിതത്തിനു വഴിയൊരുക്കാൻ സൂറതുൽ ഫലഖിനു പ്രത്യേക സിദ്ധിയുണ്ട് അബ്ദുല്ലാഹിബ്നു ഹബീബ് (റ) നിവേദനം: ചെയ്യുന്നു നബി (സ) പറഞ്ഞു: ഒരാൾ സൂറതുൽ ഇഖ്ലാസ്വ്, ഫലഖ്, നാസ് എന്നിവ മൂന്ന് തവണ പ്രഭാത സമയത്തും വൈകുന്നേരവും പാരായണം ചെയ്താൽ എല്ലാ കാര്യങ്ങൾക്കും നിനക്ക് അത് മതി (നസാഈ) 

ശൈഖ് അബ്ദുൽ ഗനിയ്യുനാബൽസി (റ) പറയുന്നു: സൂറതുൽ ഫലഖ് ഓതുന്നത് കണ്ടാൽ അവന്റെ പ്രസിദ്ധി വർദ്ധിക്കും പ്രാർത്ഥനക്കുത്തരം നൽകപ്പെടും അസൂയക്കാർ, ഉപദ്രവ ജീവികൾ, ജിന്നുകളുടെ ശല്യം എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യും (തഅ്ത്വീർ: 159)

114
സൂറതുന്നാസ് - سورة الناس

സൂറതുൽ ഫലഖിനു ശേഷം അവതരിച്ച ഈ അധ്യായം മക്കിയ്യയിലുൾപ്പെടുന്നതും ആറ് ആയത്തുകൾ ഉൾക്കൊള്ളുന്നവയുമാണ്  

ഉഖ്ബതുബ്നു ആമിറിൽ ജുഹാനിയ്യ (റ) വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: എനിക്ക് ചില ആയത്തുകളെ ഇറക്കപ്പെട്ടു അതു പോലെയുള്ള മറ്റൊരു ആയത്തുകളെയും ഇതുവരെ കണ്ടിട്ടില്ല (തുർമുദി, ഖുർത്വുബി: 20/178) 

ഹിജ്റ ഏഴാം വർഷം നബി (സ) ക്ക് സിഹ്ർ ബാധിച്ചപ്പോൾ അതിനെ നിഷ്ഫലമാക്കാൻ വേണ്ടി ഇറക്കപ്പെട്ട വിശിഷ്ട അധ്യായമാണ് സൂറതുന്നാസ് അതിനാൽ കണ്ണേറിനെയും മരണത്തെയും പ്രതിരോധിക്കാൻ ഈ അധ്യായത്തിനുള്ള വിശേഷഗുണം ഏറെയാണ് സൂറതുൽ ഫലഖും നാസും പതിനൊന്ന് ആയത്തുകളാണുള്ളത് നബി (സ) ക്ക് സിഹ്ർ ചെയ്തിരുന്ന വസ്തുവിൽ പതിനൊന്ന് കെട്ടുകളുണ്ടായിരുന്നതിനാൽ അതിനെ നിഷ്ഫലമാക്കാൻ പതിനൊന്ന് ആയതുകളവതരിച്ചുവെന്നാണ് ഖുർആൻ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനം  

ശൈഖ് നാബൽസി (റ) പറയുന്നു: ഒരാൾ സൂറതുന്നാസ് പാരായണം ചെയ്യുന്നത് കണ്ടാൽ അവനു ശത്രുക്കളുടെ മേൽ അതിജയിക്കും (തഅ്ത്വീർ: 159)



അലി അഷ്ക്കർ : 9526765555