Thursday 30 January 2020

സ്വലാത്തുൽ ഫാത്തിഹ് - അല്ലാഹുവിന്റെ രഹസ്യങ്ങളിൽ നിന്നുമുള്ള അമൂല്യ രത്നം

 


സയ്യിദുന അഹ്മദ് തിജാനി (റ)വിന്റെ ഖലീഫ സയ്യിദി അബുൽ ഹസ്സൻ അലി ഹറാസിം (റ) അവിടുത്തെ  

رسالة الفضل والإمتنان إلى كافة الأحباب والإخوان علي الحرازم بن العربي برادة الفاسي

എന്ന കിതാബിൽ പറയുന്നു,

സ്വലാത്തുൽ ഫാത്തിഹ് അദൃശ്യ ലോകത്തിൽ നിന്നും വന്നതും അതിന്റെ പ്രതിഫലം സ്ഥിരപ്പെട്ടതും എന്നാൽ മറ്റൊന്നുമായി അതിനെ താരതമ്യം ചെയ്യാൻ സാധിക്കാത്തതുമായ ഒന്നാണ്. 

ഉദാഹരണം ഒരു ലക്ഷം സമൂഹങ്ങളുണ്ട് എന്ന് കരുതുക,  അതിൽ ഒരോ സമൂഹത്തിലും ഒരു ലക്ഷം ഗോത്രങ്ങളും, അതിൽ ഓരോ ഗോത്രത്തിലും ഒരു ലക്ഷം മനുഷ്യരും ഉണ്ട് എന്ന് കരുതുക. ഈ മനുഷ്യരിൽ ഓരോരുത്തരും ഒരു ലക്ഷം വർഷം ജീവിക്കുകയും അവരുടെ ആയുസ്സ് മുഴുവൻ എല്ലാ ദിവസവും ആയിരം സ്വലാത്ത്  (സ്വലാത്തുൽ ഫാതിഹ് അല്ലാത്ത  സ്വലാത്ത് ) ചൊല്ലിയാൽ പോലും ഈ ഒരു ലക്ഷം സമൂഹങ്ങളിലേ മുഴുവൻ  മനുഷ്യരുടെ സ്വലാത്തുകളുടെ പ്രതിഫലം ഒരുമിച്ചാൽ പോലും അത് ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്ന പ്രതിഫലത്തോടൊപ്പം എത്തില്ല.


ഇത് ഉൾക്കൊള്ളാനാവാതെ അനാവശ്യ അപവാദങ്ങൾ ഉണ്ടാക്കുന്നവരിൽ നിന്നും നിങ്ങൾ പുറം തിരിഞ്ഞു കളയുക.  കാരണം പ്രതിഫലം നൽകുന്നവൻ അല്ലാഹുവാണ്. അവന്റെ കയ്യിലുള്ള അനുഗ്രഹത്തിന്  അറ്റമില്ലാത്തതും അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ നൽകുന്നതാണ്.

'നിങ്ങളറിയാത്തത് അവൻ സൃഷ്ടിക്കുന്നു.. ' എന്ന ഖുർആനിക ആയത്ത് ഇതിനു തെളിവാണ്.

തീർച്ചയായും അല്ലാഹുവിന്റെ പ്രത്യേക സഹായവും തൗഫീഖും ലഭിച്ചവർക്കേ സ്വലാത്തുൽ ഫാത്തിഹിന്റെ ഈ പറഞ്ഞ ഗുണങ്ങൾ ഉൾക്കൊള്ളാനാവൂ. ഈ വിഷയത്തിൽ സംശയമുള്ളവർ 

"ഇത്തരം വാർത്തകൾ എവിടുന്നു കിട്ടി?  എന്താണ് തെളിവ്? " 

എന്നിങ്ങനെയുള്ള  നിരന്തരമായ ചോദ്യത്തിനും തർക്കത്തിലും ഏർപ്പെടാൻ ശ്രമിക്കുമ്പോൾ അവരിൽ നിന്നും നീ ഒഴിഞ്ഞു മാറുക. അവരുമായുള്ള തർക്കത്തിൽ യാതൊരു ഖൈറുമില്ല എന്ന് നീ മനസ്സിലാക്കണം. 


ശൈഖ് (റ) തങ്ങളുടെ കത്തിൽ അവിടുന്ന് പറയുന്നു,  " ആരെങ്കിലും ഒരു  സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ പ്രപഞ്ചത്തിലുള്ള മുഴുവൻ മനുഷ്യ ജിന്ന് മലാഇഖത്തുകൾ പ്രപഞ്ചത്തിന്റെ തുടക്കം മുതൽ ഇത് ചൊല്ലിയത്  വരേയുള്ള സമയം  ദിക്ർ (ദുആ, ഹംദ്, തസ്‌ബീഹ്‌, സ്വലാത്ത് ) എന്നിവ ആറു ലക്ഷം പ്രാവശ്യം ചൊല്ലിയ പ്രതിഫലം നൽകപ്പെടുന്നതാണ്. 

അതിൽ ഒരോ ദിക്റിനും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നാനൂറ് വിശുദ്ധ യുദ്ധത്തിന്റെ പ്രതിഫലവും അതിൽ ഓരോ വിശുദ്ധ യുദ്ധത്തിനും നാനൂറ് ഹജ്ജിന്റെ പ്രതിഫലവും ഈ ആറു ലക്ഷത്തിൽ ഓരോ ദിക്റിന്റെ പ്രതിഫലത്തിനും എഴുപതിനായിരം ചിറകുകളുള്ള സ്വർഗ്ഗീയ പക്ഷി സൃഷ്ടിക്കപ്പെടുകയും ( അവ നിരന്തരം ചൊല്ലിയവർക്ക് വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും ), ആറുലക്ഷത്തിൽ ഒരോന്നിനും ഓരോ സ്വർഗ്ഗീയ ഹൂറിയെയും ലഭിക്കും, കൂടാതെ ആറു ലക്ഷത്തിൽ ഓരോന്നിനും  പത്ത് നന്മകൾ എഴുതപ്പെടുകയും, പത്ത് തിന്മകൾ മായിക്കപ്പെടുകയും അല്ലാഹുവും മലക്കുകളും പത്ത് തവണ തിരുനബിയുടെ മേൽ സ്വലാത്ത് ചൊരിയുകയും ചെയ്യും. 

സ്വലാത്തുൽ ഫാത്തിഹിന്റെ പ്രതിഫലങ്ങൾ വിവരിക്കുമ്പോൾ സയ്യിദ്‌നാ അഹ്മദ് തിജാനി (റ) പറയാറുണ്ട് 'സ്വലാത്തുൽ ഫാത്തിഹിനെ കുറിച് ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ തിരു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളിൽ നിന്നും സ്വപ്നത്തിലൂടെയല്ല പട്ടാ പകൽ അവിടുത്തെ നേരിട്ട് ദർശിച്ചപ്പോൾ അവിടുന്നു എനിക്ക് പറഞ്ഞു തന്ന കാര്യങ്ങളാണ്.'


അല്ലാഹുവിന്റെ ആരിഫും വലിയ്യും ഖുതുബുമായ അൽഹാജ് ഉമർ ഇബ്നു സഈദ് അൽ ഫൂത്തി താൽ (റ) അവിടുത്തെ 

رماح حزب الرحيم على نحور حزب الرجيم عمر بن سعيد الفوتي الطوري الكدري

എന്ന കിതാബിൽ പറയുന്നു,

'സ്വലാത്തുൽ ഫാത്തിഹിന്  മൂന്ന് ദറജകളുണ്ട്. ളാഹിർ( ബാഹ്യം ), ബാത്തിൻ ( ആന്തരികമായ ദറജ )പിന്നെ ബാത്തിനിൽ ബാത്തിൻ ( ഏറ്റവും ആന്തരികമായ പരമമായ ലക്ഷ്യവും ദറജയും  ). 

സ്വലാത്തുൽ ഫാത്തിഹിനെ കുറിച് ഈ ഈ ദറജകളിലെ  പരിപൂർണ്ണമായ പ്രതിഫലം വിവരിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ ഞാൻ അതിൽ നിന്നും തടയപ്പെട്ടു. കാരണം മനുഷ്യരിൽ വലിയ ഒരു വിഭാഗത്തിനും ഇത്തരം ജ്ഞാനങ്ങൾ  ഉൾക്കൊള്ളാനുള്ള ആത്മീയ പക്വതയില്ല എന്നത് തന്നെ.  അതുകൊണ്ട് തന്നെ ശൈഖ് തങ്ങളുടെ ഖലീഫ അലി ഹറാസിം (റ) എഴുതിയ  ജവാഹിറുൽ മആനി എന്ന കിത്താബിലെ സ്വലാത്തുൽ ഫാത്തിഹിന്റെ ളാഹിർ (ബാഹ്യമായ ) ചില പ്രതിഫലങ്ങൾ മാത്രം ഞാൻ ഇവിടെ വിവരിക്കാൻ ഉദ്ദേശിക്കുന്നുള്ളൂ.

സയ്യിദ്‌നാ അഹ്മദ് തിജാനി (റ) തങ്ങൾ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളോട് സ്വലാത്തുൽ ഫാത്തിഹിനെ കുറിച്ച്  ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു, " ഒരു സ്വലാത്തുൽ ഫാത്തിഹ്  ആറു ലക്ഷം മറ്റു സ്വലാത്തുകളുടെ പ്രതിഫലമുണ്ട്. 

സാധാരണ ഒരു സ്വലാത്ത് ചൊല്ലിയാൽ ആ സ്വലാത്തിൽ നിന്നും എഴുപതിനായിരം ചിറകുള്ള ഒരു സ്വർഗ്ഗീയ പക്ഷി സൃഷ്ടിക്കപ്പെടുകയും ആ പക്ഷി സ്വലാത്ത് ചൊല്ലിയവന് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യും  എന്നൊരു ഹദീസ് ഉണ്ട്.  ഈ ഹദീസ് സഹീഹ് ആണോ എന്ന് സംശയമുള്ളതിനാൽ ഈ ഹദീസിന്റെ നിജസ്ഥിതി എന്താണെന്ന് സയ്യിദനാ അഹ്മദ് തിജാനി (റ) തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളോട് ചോദിക്കുകയും അത് സത്യമാണ് എന്ന് അവിടുന്ന് മറുപടി ലഭിക്കുകയും ചെയ്യുതു . സാധാരണ സ്വലാത്തിന്റെ കാര്യമാണ് ഈ പറഞ്ഞത്. 

എങ്കിൽ ചൊല്ലുന്നത് ആറു ലക്ഷം സ്വലാത്തിനു തുല്യമായ  സ്വലാത്തുൽ ഫാത്തിഹ് ആണെങ്കിൽ ഈ സ്വലാത്തിൽ നിന്നും ആറു ലക്ഷം പക്ഷികൾ സൃഷ്ടിക്കപ്പെടുമോ എന്ന് സയ്യിദ്‌നാ അഹ്മദ് തിജാനി (റ) തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളോട് വീണ്ടും ചോദിച്ചു. ഇതിനു മറുപടിയായി തിരു നബി സ്വല്ലല്ലാഹുഅലൈഹി വസല്ലം തങ്ങൾ പറഞ്ഞു, ' ഓരോ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുമ്പോലുള്ള ആറു ലക്ഷം സ്വലാത്തിന്റെ പ്രതിഫലത്തിൽ നിന്നും ഓരോന്നിൽ നിന്നും ഓരോ സ്വർഗ്ഗീയ പക്ഷി സൃഷ്ടിക്കപ്പെടുകയും അവ ഓരോന്നും ചൊല്ലിയവന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. '

സയ്യിദ്‌നാ അഹ്മദ് തിജാനി (റ) തങ്ങൾ പറഞ്ഞു, ' ഈ പറയപ്പെട്ട സ്വലാത്തുൽ ഫാത്തിഹിന്റെ പ്രതിഫലം നിങ്ങളുടെ ഹൃദയത്തിന് ഉൾകൊള്ളാൻ സാധിച്ചിട്ടുണ്ടെങ്കിൽ  നിങ്ങൾക്ക് ഒരു യാതാർത്ഥ്യം മനസ്സിലാവും, അതായത് മനുഷ്യ ജിന്ന് വർഗ്ഗത്തിന്റെ ഒരു ഇബാദത്തും സ്വലാത്തുൽ ഫാതിഹ് ഒറ്റ തവണ ചൊല്ലുന്നതിനോട് പോലും  കിടപിടിക്കാൻ സാധ്യമല്ല. പിന്നെ ഈ സ്വലാത്ത് ധാരാളം വര്ധിപ്പിക്കാൻ സാധിച്ചാലുള്ള ഭാഗ്യം എത്രയായിരിക്കും എന്ന് ചിന്തിക്കുക. '


ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാലുള്ള ളാഹിരിയായ  (ബാഹ്യമായ ) പ്രതിഫലം


 1) ആറു ലക്ഷം മറ്റു സ്വലാത്തുകൾക്ക് തുല്യം. 

2)  പ്രപഞ്ചത്തിലുള്ള മുഴുവൻ തസ്ബീഹുകളുടെയും ദിക്റുകളുടെയും അദ്കാറുകളുടെയും ( ഉദാഹരണം ഹിസ്‌ബു സെയ്ഫി, ഹിസ്‌ബുൾ ബഹർ, യാമൻ അള്ഹറൽ ജമീല..  എന്നിങ്ങനെയുള്ള ദുആകൾ   ) ആറു ലക്ഷം പ്രാവശ്യം ചൊല്ലുന്ന പ്രതിഫലം. ( ഇതിൽ അല്ലാഹുവിന്റെ ഇസ്മുൽ അഇളം കബീർ ഉൾപ്പെടില്ല. അത് 6000 സ്വലാത്തുൽ ഫാത്തിഹിന് സമമാണ്).  

3) പരിശുദ്ധ ഖുർആൻ 6000 തവണ ഖത്തം തീർക്കുന്ന പ്രതിഫലം. ( പ്രതിഫലമാണ് ഇവിടെ ഉദ്ദേശിച്ചത്, അല്ലാതെ ഖുർആനിന് പകരമോ ഖുർആനെക്കാൾ ശ്രേഷ്ഠമോ അല്ല  എന്ന് പ്രത്യേകം മനസ്സിലാക്കുക  ).

4) അല്ലാഹുവിന്റെ നാമത്തിൽ 240,000,000 വിശുദ്ധ യുദ്ധവും 96,000,000,000 ഹജ്ജിന്റെയും പ്രതിഫലം

5) സ്വർഗ്ഗത്തിൽ ആറു ലക്ഷം കൊട്ടാരങ്ങളും ആറു ലക്ഷം ഹൂറികളും, ഓരോ ഹൂറിക്കും 70,000 സേവകരും ഉണ്ടാവും. 

6) ആറു ലക്ഷം സ്വർഗ്ഗീയ പക്ഷികൾ സൃഷ്ടിക്കപ്പെടും, അതിലെ ഓരോ പക്ഷിക്കും 70,000 ചിറകുകളും 1,780,000,700,000,000,000,000,000 നാക്കുകളുമുണ്ടാവും, ഓരോ നാക്കും ഓരോ നിമിഷത്തിൽ 70 ഭാഷകളിൽ ദുആ ചെയ്യും.  അതിന്റെ മൊത്തം പ്രതിഫലം സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയവന് നൽകപ്പെടും. 

7) പ്രപഞ്ചത്തിന്റെ തുടക്കം മുതൽ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയ നിമിഷം വരേയുള്ള മുഴുവൻ മനുഷ്യ ജിന്ന് മലക്കുകളുടെ  ദുആ ദിക്റുകൾ  ആറു ലക്ഷം പ്രാവശ്യം ചൊല്ലിയ പ്രതിഫലം. 

8) 6,000,000 ഹസനത്തുകൾ എഴുതപ്പെടും,  6,000,000 തിന്മകൾ മായിക്കപ്പെടും, 6,000,000 ദറജാത്തുകൾ ഉയർത്തപ്പെടും, അല്ലാഹുവും അവന്റെ മലാഇകത്തുകളും 6,000,000 സ്വലാത്ത്  വർഷിക്കും. 

9) ലോകത്തിലെ മുഴുവൻ മൃഗങ്ങളുടെയും സസ്സ്യ വൃക്ഷങ്ങളുടെയും ദുആകൾ ആറു ലക്ഷം ഇരട്ടിയായി ലഭിക്കും. 

10) 128 വർഷങ്ങൾ ഇബാദത്ത് ചെയ്ത പ്രതിഫലം ( ദിവസവും 10,000 സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നവർക്കുള്ള പ്രത്യേക ദറജയാണിത്). 


11)  രാത്രി ഇഷാ നിസ്കാര ശേഷം ഒരു മണിക്കൂർ കഴിഞ്ഞാൽ പിന്നെ സുബഹിവരേ ഈ പറഞ്ഞ പ്രതിഫലം  വീണ്ടും 500 ഇരട്ടിയായി വർധിക്കും.



സ്വലാത്തുൽ ഫാത്തിഹും മലാഇകത്തുകളുടെ നാക്കുകളും


മലക്കുകളുടെ ലോകം വിശാലമാണ്. അവരുടെ എണ്ണം എത്രയാണ് എന്ന് അല്ലാഹുവിനും അവന്റെ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്കും മാത്രമേ അറിയൂ.

ശൈഖ് ഉമർ ഫൂത്തി (റ) അവരുടെ

رماح حزب الرحيم على نحور حزب الرجيم عمر بن سعيد الفوتي الطوري الكدري


എന്ന കിതാബിൽ പറയുന്നു, ആലമുൽ ജബറൂത്തിൽ മലക്കുകളുടെ 70,000 സഫ്ഫുകൾ അല്ലാഹുവിന്റെ അർശിന്‌ ചുറ്റും വലയം ചെയ്തിട്ടുണ്ട്. അവർക്ക് പിന്നെ മറ്റൊരു 70,000വും 100,000വും സഫ്ഫുകളുണ്ട്. അർഷിൽ 600,000 സുറാദിക്ക യുണ്ട്. ഭൂമിയും ഏഴ് ആകാശങ്ങളും ഒരു സൂറാദിക്കയെ വച്ചു നോക്കുമ്പോൾ ഒന്നുമല്ല. രണ്ടു സുറാദിക്കകൾക്കിടയിൽ 80,000 വർഷത്തെ വഴിദൂരമുണ്ട്. അർശിന്‌ 366തൂണുകളുണ്ട്. അതിൽ ഒരു തൂണു തന്നെ നമ്മുടെ ഭൂമിയുടെ 1000 ഇരട്ടി വലിപ്പമുണ്ട്. ഓരോ തൂണുകൾക്കിടയിലും 60,000 മരുഭൂമികളുണ്ട് അതിൽ ഓരോ മരുഭൂമിയും 60,000 വർഷത്തെ വഴിദൂരമുണ്ട്.

അർഷിന്റെ മുകളിൽ 70 മറകളുടെ ലോകമുണ്ട്. ഓരോ മറകളുടെ ഇടയിലും 70,000 വർഷത്തെ വഴി ദൂരമുണ്ട്.

ആ 70 മറകളുടെ ലോകത്തിനപ്പുറമാണ് ആലമുൽ റക്ഖ, അതൗഖൽ അഖ്ദാറിന്റെ സെഫും ഇവിടെയാണ്. ഈ ലോകങ്ങളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്ന മലാഇകത്തുകൾ ഓരോരുത്തരും ദുനിയാവിൽ ഒരു സ്വലാത്ത് ചൊല്ലിയവന്റെ മേൽ 10 സ്വലാത്ത് ചൊരിയും. ഈ അർഷിൽ നിറഞ്ഞു നിൽക്കുന്ന മുഴുവൻ മലാഇകത്തുകളെയും ലൗഹിന്റെയും സിംസിമയുടെയും ലോകത്ത് നിർത്തിയാൽ കടലിലേ ഒരു തുള്ളി പോലെയേ കാണൂ. മലക്കുകളുടെ നാക്കിന്റെ എണ്ണം വ്യത്യസ്തമാണ്. ഒറ്റ നാക്കു മുതൽ 100,000,000,000, നാക്കുകൾവരേ ഉള്ളവർ അവരിലുണ്ട്.

ഒരാൾ ഒരു സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈ മലാഇക്കത്തുകളുടെ പ്രപഞ്ചാരംഭം മുതൽ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയ നിമിഷം വരെ ചൊല്ലിയ തസ്‌ബിഹ്‌, തഹ്‌ലീൽ, തംജീദ്, തഖ്ദീസ്, സ്വലാത്ത് എന്നിവ ആറു ലക്ഷം ഇരട്ടിയായി നൽകപ്പെടുന്നതോടൊപ്പം 800 പ്രപഞ്ചങ്ങളും ആലമുൽ നാസൂത്ത് മുതൽ ലാഹൂത്ത് വരേ നിറഞ്ഞു നിൽക്കുന്ന മലക്കുകളുടെ നാക്കുകളുടെ എണ്ണത്തിനനുസരിച്ചു പ്രതിഫലം ഇരട്ടിക്കുകയും ചെയ്യുന്നു.


സ്വലാത്തുൽ ഫാത്തിഹും നബിമാരുടെയും ഖുതുബുകളുടെയും ഔലിയാക്കളുടെയും നാക്കുകളും.


അമ്പിയാക്കൾ ഔലിയാക്കൾ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ അസ്ഹാബുകൾ ഈ ഉമ്മത്തിലെ ഖുതുബുകൾ എന്നിവർക്കും അവരുടെ മുബാറക്കായ നാക്കുകൾക്കും വ്യത്യസ്തമായ പ്രത്യേകം ദറജകളുണ്ട്.
അല്ലാഹുവിന്റെ ആരിഫും ഖുതുബുമായ ശൈഖ് ഉമർ ഫൂത്തി (റ) വിന്റെ അഭിപ്രായത്തിൽ തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്ക് 124,000 നാക്കുകളുണ്ട്. കാലഘട്ടത്തിന്റെ ഖുതുബിനു (എല്ലാ കാലത്തും ഭൂമിയിലുള്ള ഏറ്റവും ഉന്നതരായ അല്ലാഹുവിനെ വലിയ്യിന് ) 366 നാക്കുകളുണ്ട്.
ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നത്തിന്റെ പ്രതിഫലം ഈ ലോകത്തെ മുഴുവൻ അമ്പിയാക്കളും ഔലിയാക്കളും ഖുതുബുകളും അവരുടെ നാക്കുകളുടെ എണ്ണം അനുസരിച്ചു ( പ്രപഞ്ചാരംഭം മുതൽ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയ നിമിഷം വരേ )ചൊല്ലിയ ദുആ ദിക്ർ സ്വലാത്ത് എന്നിവയുടെ പ്രതിഫലം ആറു ലക്ഷം ഇരട്ടിയായി ലഭിക്കുന്നതാണ്.


സ്വലാത്തുൽ ഫാത്തിഹും നബിമാരുടെയും ഖുതുബുകളുടെയും ഖൽബിയായ അമലുകളുടെ പ്രതിഫലവും

ആരിഫീങ്ങളുടെ ഹൃദയം കൊണ്ടുള്ള ഇബാദത്തിന്റെ പ്രതിഫലം ഒരു ആബിദ്നു ജീവിതകാലം മുഴുവൻ ഇബാദത് ചെയ്താലും എത്തിക്കാനാവില്ല എന്ന് എല്ലാവർക്കുമറിയാം. തസവ്വുഫിന്റെ ഉലമാക്കളുടെ അഭിപ്രായത്തിൽ ഒരു ഖുതുബിന്റെ കണ്ണിമ ചിമ്പു മ്പോളുള്ള സമയത്തുള്ള അമൽ പ്രപഞ്ചാരംഭം മുതൽ ഖിയാമം നാൾ വരെയുള്ള മുഴുവൻ മനുഷ്യ ജിന്ന് മലക്കുകളുടെ ഇബാദത്തിന് മുകളിലാണ്.

എന്നാൽ നബിമാരുടെയും ഖുതുബുകളുടെയും ഹൃദയത്തിന്റെ അമലുകളുടെ പ്രതിഫലം ലഭിക്കുക എന്നത് സ്വലാത്തുൽ ഫാത്തിഹിന്റെ ളാഹിരിയായ (ബാഹ്യമായ ) പ്രതിഫലത്തിന്റെ ഒരു ഭാഗമാണ്.

അതായത് സ്വലാത്തുൽ ഫാതിഹ് ഒരു തവണ ചൊല്ലുമ്പോൾ സ്വലാത്തുൽ ഫാത്തിഹിന്റെ കണക്ക് അനുസരിച് ഖുതുബിന്റെ ഹൃദയത്തിന്റെ അമലുകളുടെ പ്രതിഫലം ആറു ലക്ഷം ഇരട്ടിയായിരിക്കും, നബിമാരുടെയും ഔലിയാക്കളുടെയും വിത്യസ്ത മർതബകളൾക്കനുസരിച് ഇത് ഇരട്ടിക്കുകയും ചെയ്യുന്നു.



സ്വലാത്തുൽ ഫാത്തിഹും ഇസ്മുൽ അഇളമും ( അല്ലാഹുവിന്റെ മഹത്തായ പരമോന്നത നാമം )


സയ്യിദുന അഹ്മദ് തിജാനി (റ) വിന്റെ ഖലീഫ സയ്യിദി അലി ഹറാസിം (റ) അവിടുത്തെ جواهر المعاني എന്ന കിതാബിൽ പറയുന്നു

ഒരു സ്വലാത്തുൽ ഫാത്തിഹിന് പ്രപഞ്ചത്തിലുള്ള മുഴുവൻ തസ്‌ബിഹ്‌, ദിക്ർ, ദുആ കളുടെ പ്രതിഫലമുണ്ട്,ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് ഒഴികെ.

ഈ ഇസ്മുൽ അഹ്ളം കബീർ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾക്ക് മാത്രം മാറ്റി വെക്കപ്പെട്ടതാണ്.

എന്നാൽ ഈ ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് എന്ന നിയ്യത്തിൽ സൂറത്തുൽ ഫാത്തിഹ ഓതാനുള്ള സമ്മതം സയ്യിദന റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ സയ്യിദന അഹ്‌മദ്‌ തിജാനി (റ) തങ്ങൾക്ക് മാത്രം നൽകിയ ഒന്നാണ്. മുൻ കഴിഞ്ഞ ഒരു നബിക്കോ ഒരു വലിയ്യിനോ അത് നൽകപ്പെട്ടിട്ടില്ല. ഇങ്ങനെ ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് നിയ്യത്തിൽ ( പ്രത്യേകം ഇജാസത്തോടെ ) സൂറത്തുൽ ഫാത്തിഹ ഒറ്റ തവണ ഓതുന്നതിന് 6000 സ്വലാത്തുൽ ഫാത്തിഹിന്റെ പ്രതിഫലമുണ്ട്.

എന്നാൽ ഇസ്മുൽ അഹ്ളം സഗീർ സ്വലാത്തുൽ ഫാത്തിഹിന്റെ അക്ഷരങ്ങളിളുണ്ട്. ഏതൊരു തിജാനി മുരീദ് സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ അത് ഇസ്മുൽ അഹ്‌ളം സഗീറിൽ പെടുന്നതാണ്.
ഇത് സ്വലാത്തുൽ ഫാത്തിഹിന്റെ (ആന്തരികമായ ) ഗുണങ്ങളിൽ പ്പെട്ട കാര്യമാണ്.


സ്വലാത്തുൽ ഫാത്തിഹും ദലാഇലുൽ ഖൈറാത്ത് സ്വലാത്തും


സുന്നി ലോകം ഒന്നടങ്കം അംഗീകരിച്ച ഉന്നതമായ സ്വലാത്ത് കിതാബാണ് ദലാഇലുൽ ഖൈറാത്ത്. നൂറ്റാണ്ടുകളായി ലോകത്തിന്റെ പല ഭാഗത്തുമുള്ള സ്വാലിഹീങ്ങൾ ഇത് പതിവാക്കി വരുന്നു. ആഴ്ചയിൽ ഏഴ് ദിവസം കൊണ്ട് ചൊല്ലി ഖത്തം തീർക്കുന്ന ഈ സ്വലാത്ത് കിതാബ് ആദ്യകാലത്തു ഒറ്റ ദിവസം കൊണ്ട് ഖത്തം തീർക്കലായിരുന്നു പതിവ്. പിന്നീട് ജനങ്ങളുടെ സൗകര്യത്തിനായി വിവിധ ഹിസ്‌ബുകളായി അവയെ വേർതിരിക്കുകയും ദിവസങ്ങള്ൾ കൊണ്ടോ ആഴച കൊണ്ടോ ഖത്തം തീർക്കുന്ന രീതിയാക്കി.
ഉന്നതമായ പ്രതിഫലവും ബറകത്തും സന്തോഷവാർത്തയും അറീയിക്കപ്പെട്ട ഒരു സ്വലാത്ത് കിതാബ് തന്നെയാണ് ദലാഇലുൽ ഖൈറാത്ത്. ആ സ്വലാത്ത് കിത്താബ് ഒറ്റ ദിവസം കൊണ്ട് ഖത്തം തീർക്കുന്നവർ ഇന്നും ലോകത്തുണ്ട്.

جواهر المعاني എന്ന കിതാബിൽ പറയുന്നു, അൽ ഖുതുബ് സയ്യിദി മുഹമ്മദ്‌ അൽ ബക്രി അസ്സിദ്ധീഖി അൽ മിസ്രി (ഹിജ്‌റ 994) എന്ന മഹാന്റെ സ്വലാത്താണ് സ്വലാത്തുൽ ബക്രിയ്യ.

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ صَلاَةً تَعْدِلُ جَمِيْعَ صَلَوَاتِ أَهْلِ مَحَبَّتِكَ . وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ سَلاَمًا يَعْدِلُ سَلاَمَهُمْ


ഈ സ്വലാത്ത് ഒറ്റ തവണ ചൊല്ലുന്നത് 70,000 പ്രാവശ്യം ദലാഇലുൽ ഖൈറാത്ത് ഖത്തം തീർത്ത പ്രതിഫലമുണ്ട്.

എന്നാൽ സ്വലാത്തുൽ ഫാത്തിഹ് ഒറ്റ തവണ ചൊല്ലിയാൽ 600000 സ്വലാത്തുൽ ബക്രിയ്യ ചൊല്ലിയ പ്രതിഫലം ലഭിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒറ്റ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ 42,000,000,000 തവണ ദലാഇലുൽ ഖൈറാത്ത് ഖത്തം തീർത്ത പ്രതിഫലമുണ്ട്.


സ്വലാത്തുൽ ഫാത്തിഹും ഇല്ലീയ്യീൻ സ്വർഗ്ഗവും


സയ്യിദ്‌നാ അഹ്‌മദ്‌ തിജാനി (റ)വിന്റെ മുരീദിന് ഒറ്റ സ്വലാത്തുൽ ഫാത്തിഹിന് ലഭിക്കുന്ന പ്രതിഫലം ഇല്ലിയ്യീൻ എന്ന ഉയർന്ന സ്വർഗ്ഗത്തിലെ 600000 കൊട്ടാരങ്ങളും, 600000 ഹൂറികളുമാണ്.


സയ്യിദ്‌നാ അഹ്‌മദ്‌ തിജാനി (റ) പറഞ്ഞതായി

جواهر المعاني എന്ന കിതാബിൽ കാണാം. അവിടുന്ന് പറഞ്ഞു, " ആരെങ്കിലും നമ്മുടെ വിർദ് ( തിജാനിയ്യ ത്വരീഖത്തിൽ ബൈഅത്ത് ചെയ്തു ത്വരീഖത്തിന്റെ ഔറാദുകൾ ) സ്വീകരിച്ചാൽ, അത് എന്നിൽ നിന്നോ അല്ലെങ്കിൽ ഞാൻ അധികാരം കൊടുത്ത ഖലീഫയിൽ നിന്നോ അല്ലെങ്കിൽ എന്റെ സിൽസിലയിലെ (ശരിയായ സനദ് ഉള്ള ) ഒരു മുഖദ്ദമിൽ നിന്നോ സ്വീകരിച്ചാൽ, അവർ ഇല്ലിയ്യീൻ എന്ന ഉയർന്ന സ്വർഗ്ഗത്തിൽ കടക്കും.


ഹൃദയ നാഥൻ കൊടുത്തയച്ച സമ്മാനത്തെയാണോ അതോ ഹൃദയ നാഥനെയാണോ സ്‌നേഹിക്കേണ്ടത്


ഉന്നതമായ പ്രതിഫലവും ദറജയും സ്വലാത്തുൽ ഫാത്തിഹ് നു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹു വാക്ക് പാലിക്കുന്നവനുമാണ്. എന്നാൽ സ്വലാത്തിനെ സ്നേഹിക്കുന്ന ഒരു ആഷിഖ് ചിന്തിക്കേണ്ട ഒരു വിഷയമുണ്ട്. ഇത്രയും ഉന്നതമായ ഒരു സ്വലാത്ത് ഈ ആഖിറു സമാനിൽ ( അവസാന കാലഘട്ടത്തിൽ ) ജീവിക്കുന്ന പാപികളായ നമ്മുക്ക് അല്ലാഹു നൽകി. ( ഈ സ്വലാത്തിനെ കുറിച് നമ്മളെ അറീയിച്ചു, ഇതിന്റെ മഹത്വം ഉൾകൊള്ളാനുള്ള തൗഫീഖ് നമ്മുടെ ഹൃദയത്തിനു നൽകി, ചെറിയ എണ്ണമാണെങ്കിൽ പോലും ഈ സ്വലാത്ത് ദിവസവും പതിവാക്കാനുള്ള തൗഫീഖ് ലഭിച്ചു, ഇതിനെ കുറിച് അറിയാത്ത, അറിഞ്ഞാൽ തന്നെ ഉൾകൊള്ളാൻ സാധിക്കാതെ തള്ളി കളഞ്ഞ എത്രയോ പേർ ഇന്നും നമ്മുക്ക് ചുറ്റുമുണ്ട്. ) അല്ലാഹു എന്തിനായിരിക്കും നമ്മുക്ക് ഈ ഭാഗ്യം നൽകിയത്?

ഉത്തരം ലളിതമാണ്. അവന്റെ ഔദാര്യവും സ്നേഹവും തന്നെ. സമ്മാനം നൽകപെട്ടവൻ സമ്മാനം നൽകിയവാനിലേക്ക് നോക്കാൻ വേണ്ടിയാണത്. ഇവിടെ നമ്മുക്ക് വേണ്ടത് ശുക്റാണ്. സ്വർഗ്ഗവും സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങളും സത്യമാണ്. എന്നാൽ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ഉമ്മത്തിന്‌ ചെറിയ അമലുകൾ ചെയ്‌താൽ പോലും പർവ്വത സമാനമായ പ്രതിഫലം നൽകപ്പെടാനുള്ള കാരണം അല്ലാഹുവിനു ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളോടുള്ള ഹുബ്ബാണ്.
ഈ ഹുബ്ബിന്മേലാണ് ഈ പ്രപഞ്ചം തന്നെ നിലനിൽകുന്നത്. അത്കൊണ്ട് തന്നെ ഒരു വിശ്വാസി എന്ന നിലയിൽ നമ്മുടെ ഏറ്റവും ഉന്നതമായ അമൽ ഹുബ്ബും ശുക്റുമാണ്. തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സ്നേഹിച്ചു കൊണ്ട് നമ്മുക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കാരണക്കാരൻ അവിടുന്നാണ് എന്ന ബോധത്തോടെ, സ്വാലാത്ത് ചൊല്ലുക,
ആ നബിയുടെ ഉമ്മത്തിൽ നമ്മെ ചേർത്ത അല്ലാഹുവിനു നന്ദി ആയി കൊണ്ടും സ്വലാത്ത് ചൊല്ലുക. എല്ലാ നന്മയും ഈ നിയ്യത്തിലാണ്.

പ്രശ്ന പരിഹാരം, ആഗ്രഹ സാഫല്യം, സ്വർഗ്ഗം നേടൽ, നരക മോചനം, ദുനിയാവിൽ ഉപദ്രവങ്ങൾ തടയപ്പെടാനും അനുഗ്രഹങ്ങൾ ഇറങ്ങാനും എന്നിങ്ങനെയുള്ള സാധാരണ ജനങ്ങളുടെ നിയ്യത്തിൽ നിന്നും നമ്മൾ ഉയരേണ്ടതുണ്ട് . ഈ പറഞ്ഞ കാര്യങ്ങളൊക്കെ സ്വലാത്ത് ചൊല്ലുന്നത് കൊണ്ടുള്ള ചെറിയ ഫലങ്ങൾ മാത്രമാണ്. ഏറ്റവും ഉന്നതമായ ലക്ഷ്യം അല്ലാഹുവാണ്,
ആ ലക്ഷ്യത്തിൽ സ്വലാത്ത് ചൊല്ലിയാൽ ബാക്കിയുള്ള ഫലങ്ങളൊക്കെ നമ്മൾ ചോദിക്കാതെ തന്നെ കിട്ടും.

എന്റെ അടിമ ദിക്ർ വർധിപ്പിക്കുക വഴി ദുആ ചെയ്യാൻ സമയം ലഭിക്കാതിരുന്നാൽ അവൻ ചോദിക്കുന്നതിനേക്കാൾ ഖൈറായത് അവൻ ചോദിക്കാതെ തന്നെ ഞാൻ കൊടുക്കും എന്ന ഹദീസിന്റെ ആശയമൊക്കെ ഇതിനു തെളിവാണ്.

അത് കൊണ്ട് അല്ലാഹുവിനെ മാത്രം ലക്ഷ്യം വെക്കുക. സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നത് കൊണ്ട് ഇത്രയും വലിയ പ്രതിഫലം നൽകും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടങ്കിൽ അതിനർത്ഥം ഈ സ്വലാത്ത് പതിവാക്കിയാൽ അത്രത്തോളം അവൻ നമ്മെ സ്നേഹിക്കുകയും തൃപ്തിപ്പെടുകയും ചെയ്യും എന്നാണ്.

സയ്യിദ്‌നാ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ സയ്യിദ്നാ അഹ്‌മദ്‌ തിജാനി (റ) വിനോട് പറഞ്ഞു,
' സ്വലാത്തുൽ ഫാത്തിഹിനെക്കാളും നല്ല ഒരു സ്വലാത്ത് കൊണ്ട് ആരും എന്റെ മേലിൽ സ്വലാത്ത് ചൊല്ലീട്ടില്ല '.

നമ്മുടെ ശൈഖ് മൗലാനാ ഇമാം സ്വലാഹുദ്ധീൻ തിജാനി അൽ ഹസനി (റ) പറഞ്ഞു, " സ്വലാത്തുൽ ഫാതിഹ് ചൊല്ലുമ്പോൾ ഞാൻ അല്ലാഹുവിനു ശുക്ർ ചെയ്യുന്നു എന്നോ അല്ലാഹുവിനു ഇബാദത് ചെയ്യുന്നു എന്നോ നിയ്യത്ത് വെക്കലാണ് ഏറ്റവും ഉന്നതം.

ശുക്ർ ചെയ്‌താൽ നാം വർധിപ്പിക്കും എന്ന ഖുർആൻ ആയത്ത് ഓർക്കുക.


സ്വലാത്തും ഭൗതിക ഫലവും


അല്ലാഹുവിന്റെ ആരിഫും വലിയ്യും ഖുതുബുമായ ശൈഖ് ഖത്താനി (റ)വിനോട് ചോദിക്കപ്പെട്ടു,

'ഒരു വിഭാഗം ആളുകൾ തിരുനബിയുടെ മേലുള്ള സ്വലാത്തിൽ കഠിന പ്രയത്‌നം ചെയ്യുകയും അവർ വലിയ എണ്ണത്തിൽ ധാരാളം സ്വലാത്തുകൾ പതിവാക്കുന്നവരുമാണ്, എന്നാൽ അവർക്ക് ദുനിയാവിൽ പ്രശ്നങ്ങളും പ്രയാസങ്ങളും തീരുന്നില്ല, അവർക്ക് വിധിയിൽ തൃപ്തിപ്പെടാൻ സാധികുന്നില്ല,ദാരിദ്ര്യവും പ്രയാസവും അവരെ വേട്ടയാടി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ധാരാളം സ്വലാത്ത് വർധിപ്പിച്ചിട്ടും അവർക്ക് സ്വലാത്തിന്റെ ബറകത്ത് അവരുടെ ജീവിതത്തിൽ കാണാത്തത്? '

ഇതിനു മറുപടിയായി ശൈഖ് ഖത്താനി (റ) പറഞ്ഞു, " സ്വലാത്ത് വർധിപ്പിച്ചാൽ ഇരു ലോകത്തും സമ്പൽ സമൃദ്ധിയും വിജയവുമുണ്ടാവും എന്നതിൽ സംശയമില്ല. ഇങ്ങനെ ആർക്കെങ്കിലും ഫലം കാണുന്നില്ലെങ്കിൽ ഒന്നുകിൽ അവർ ഫർളായ നിസ്കാരം ഖളാ ആക്കുന്നവരായിരിക്കാം ( ശരീഅത്തിലെ വലിയ ഒരു വീഴ്ചയാണ് നിസ്കാരം നഷ്ടപ്പെടുത്തൽ ) , അല്ലെങ്കിൽ അവരുടെ ഉച്ചാരണം ശരിയായിരിക്കില്ല, ഇങ്ങനെയൊക്കെയാണെങ്കിലും അവർ ചൊല്ലുന്ന സ്വലാത്തിന്റെ ബറകത്ത് കൊണ്ട് അവർക്ക് നേരെ വരുന്ന ഒരുപാട് മുസീബത്തുകൾ തട്ടി പോകുന്നുണ്ടാവും, അത് അവർ അറിയുന്നില്ല എന്ന് മാത്രം. അവരുടെ ശരീഅത്തിന്റെ പോരായിമകൾ കൊണ്ടാണ് സ്വലാത്തിന്റെ യഥാർത്ഥ ബർകത് ദുനിയാവിൽ ബാഹ്യമായി കാണാത്തത് എന്നർത്ഥം. ഇനി ഈ അവസ്ഥയിൽ അവർ സ്വലാത്ത് പാടെ ഉപേക്ഷിച്ചിരുന്നെങ്കിൽ അവർ ഒരു പക്ഷെ നശിച്ചു പോയേനെ. '

ഇത് നമ്മൾ വളരെയതികം ചിന്തിക്കേണ്ട വിഷയമാണ്. ഈ കാലഘട്ടത്തിൽ സുന്നികളായ നമ്മൾ സ്വലാത്തിനെ സ്നേഹിക്കാനും സ്വലാത്തു ചൊല്ലാനും സ്വലാത്തു മജ്ലിസുകളിൽ പള്ളികളിലു മറ്റും പങ്കെടുക്കാനും മുന്നിലാണ്. നമ്മളിൽ സ്വലാത്തു ചൊല്ലുന്നവർക്ക് തന്നെ പലപ്പോളും പ്രശ്നങ്ങളും പ്രയാസങ്ങളും തീർന്ന സമയമുണ്ടാവുന്നുമില്ല. പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണ് കടം വീടാൻ ഏത് സ്വലാത്ത് ചൊല്ലണം? എത്ര ചൊല്ലണം?
എന്നാൽ ദുനിയാവിലെ റിസ്‌ഖിന്റെ ബറകത് ഇറങ്ങുന്ന സമയം സുബഹി നിസ്കാരം കഴിഞ്ഞ് സൂര്യൻ ഉദിക്കുന്ന സമയം വരേയാണ് എന്ന ഹദീസ് നമ്മൾ പലപ്പോളും മറന്നു പോകുന്നു.

പറഞ്ഞു വന്നത് സ്വലാത്ത് ധാരാളം വർധിപ്പിച്ചിട്ടും നമ്മുടെ ജീവിതത്തിൽ എല്ലാ വിഷയത്തിലും ബറകത്ത് കാണുന്നില്ലെങ്കിൽ നമ്മുടെ ശരീഅത്ത് പുനർപരിശോധിക്കേണ്ടിയിരിക്കുന്നു.
സയ്യിദ്‌നാ അഹ്‌മദ്‌ തിജാനി (റ) അവിടുത്തെ ശിഷ്യരോട് അഞ്ചു നേരത്തെ നിസ്കാരം കൃത്യ സമയം ജമാഅത്തായി നിസ്കരിക്കാൻ കർശനമായി ഉപദേശിക്കുമായിരുന്നു.

അത് കൊണ്ട് ഞാൻ എന്റെ നഫ്സിനെ തന്നെ ആദ്യം ഉപദേശിക്കുന്നു, പിന്നെ സ്വലാത്ത് എത്ര ചൊല്ലണം എന്ന് ചോദിക്കുന്ന നിങ്ങളോട് ഓരോരുത്തരോടും പറയുന്നു ' സ്വലാത്തുൽ ഫാത്തിഹ് വർധിപ്പിക്കുക, അതിന്റെ എണ്ണത്തിലല്ല കാര്യം. നമ്മുടെ നിയ്യത്തിലാണ്. അല്ലാഹുവിനു ഹംദു ചെയ്യുക എന്ന നിയ്യത്തിൽ സുബഹി നിസ്കാരം കഴിഞ്ഞ് സൂര്യൻ ഉദിക്കുന്നത് വരേയും രാത്രി സമയത്തും സ്വലാത്തുൽ ഫാതിഹിൽ മുഴുകാൻ അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ.

സയ്യിദ്‌നാ അഹ്‌മദ്‌ തിജാനി (റ) പറയുന്നു, "സ്വലാത്തുൽ ഫാത്തിഹിന്റെ മഹത്വങ്ങളിൽ നിന്നും നിങ്ങൾ അറിഞ്ഞ കാര്യങ്ങൾ കടലിലെ ഒരു തുള്ളി മാത്രമാണ്.' അതായത് നിങ്ങളിത് വരേ അറിഞ്ഞ സ്വലാത്തുൽ ഫാത്തിഹിന്റെ മുഴുവൻ അനുഗ്രഹങ്ങളും പ്രതിഫലങ്ങളും കടലിലെ ഒരു തുള്ളിയാണെങ്കിൽ ഈ സ്വലാത്തിന്റെ നിങ്ങളറിയാത്ത അനുഗ്രഹങ്ങൾ കടലോളം വരും. അത് നമ്മുക്ക് പറഞ്ഞു തീർക്കുക സാധ്യമല്ല. അവ പരലോകത്തു വെളിവാക്കപ്പെടും. ഇന്ഷാ അല്ലാഹ്.



അല്ലാഹു അഅ്ലം

കടപ്പാട് : ഫേസ്ബുക് പോസ്റ്റ്

Thursday 9 January 2020

നബി(സ്വ) അയച്ച കത്തുകള്‍

 

നബി(സ്വ)യും സ്വഹാബികളും മദീനയിലെത്തിയ ശേഷം പ്രബോധന പ്രവർത്തനങ്ങൾ ഏറെക്കുറെ സുഗമമായിത്തീർന്നു. മദീനക്കകത്തുണ്ടായ സന്ധിയുടെ പശ്ചാത്തലത്തിൽ അവിടെ സ്വൈരജീവിതത്തിനും പള്ളികളുടെ നിർമാണത്തിനും മറ്റും ഈ അവസരം ഉപകാരപ്പെട്ടു. പക്ഷേ, മക്കക്കാരും അവരുമായി ബന്ധം സ്ഥാപിച്ചവരും അടങ്ങാത്ത വിരോധവും വിദ്വേഷവും വച്ചുപുലർത്തിയപ്പോൾ സ്വസുരക്ഷക്കായി മദീനക്കാർ കരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. നബി(സ്വ) നേരിട്ടും സ്വഹാബികൾ വഴിയും പ്രബോധന മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരുന്നു.

പ്രവാചകരുടെ മദീനാ കാലഘട്ടത്തിന്റെ പകുതിയും കഴിഞ്ഞ ശേഷം കുറച്ചു സ്വഹാബികളൊന്നിച്ച് അവിടുന്ന് ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. പക്ഷേ, വിവരമറിഞ്ഞപ്പോൾ മക്കക്കാർ രോഷാകുലരായി. വിവരമറിയിക്കാനായി പ്രവാചകർ(സ്വ) പറഞ്ഞയച്ച ഉസാമ(റ)നെ അവർ തടഞ്ഞുവെച്ചു. ഒരു യുദ്ധസാഹചര്യം രൂപപ്പെട്ടു. സ്വഹാബികൾ നബി(സ്വ)യോടൊപ്പം ഉറച്ചുനിൽക്കുമെന്ന് ഉറപ്പുനൽകി. പക്ഷേ, നബി(സ്വ)യുടെ തന്ത്രപൂർവമുള്ള ഇടപെടൽമൂലം യുദ്ധം ഒഴിവായി. ഒരു സമാധാനക്കരാറിന് കളമൊരുങ്ങി. ഇതാണ് പ്രസിദ്ധമായ ഹുദൈബിയ സന്ധി.

ഹുദൈബിയ സന്ധിയിലെ വ്യവസ്ഥകളിൽ മക്കയിൽ നിന്നും മദീനയിലേക്ക് വരുന്നവരെ തിരിച്ചയക്കണമെന്നതു കൂടിയുണ്ടായിരുന്നു. ഇത് സ്വഹാബികളിൽ ചിലർക്ക് മനഃപ്രയാസമുണ്ടാക്കി. സത്യം വിശ്വസിച്ച് മദീനയിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന വിശ്വാസികളെ തടസ്സപ്പെടുത്തുന്ന വ്യവസ്ഥയാണല്ലോ പ്രത്യക്ഷത്തിൽ ഇത്. അപ്രകാരം ഹിജ്റയുടെ സമയത്ത് ദുർബലരും രോഗികളും ആയിരുന്നവർക്ക് പിന്നീട് മദീനയിലെത്തുന്നതിന് ഈ വ്യവസ്ഥ പ്രതിബന്ധമാണെന്നതും അവരെ ദുഃഖിപ്പിച്ചു. നബി(സ്വ) അവരെയെല്ലാം ശാന്തരാക്കി. വ്യവസ്ഥകൾ എഴുതപ്പെട്ടു. മക്കക്കാർ ശഠിച്ച രൂപത്തിൽ നബി(സ്വ) പേരെഴുതി ഒപ്പിട്ടു.

മക്കയിൽ നിന്നും ആരും മദീനയിലേക്ക് വരുന്നത് അനുവദിച്ചുകൂടാ എന്ന വ്യവസ്ഥ തന്നെയാണ് പിന്നീട് സന്ധി തകരുന്നതിന് കാരണമായത്. പുതുതായി ഇസ്‌ലാമാശ്ലേഷിച്ച അബൂ ബസ്വീർ(റ) എന്ന സ്വഹാബി വര്യൻ നടത്തിയ ധീരമായ പ്രവർത്തനങ്ങളെ നബി(സ്വ) പ്രശംസിക്കുകയുണ്ടായി. മക്കക്കാരെ ഭീതിയിലാക്കാനും സന്ധിവ്യവസ്ഥയിൽ അവർ തന്നെ അയവ് വരുത്താനുമിതിടയാക്കി. മക്കയിൽ നിന്നും മദീനക്കെതിരെ ഒരാക്രമണത്തിന്റെ സാധ്യതകൾ തന്നെ ഇല്ലാതായി. ഈ സന്ധിയുടെ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നബി(സ്വ) സാഹചര്യത്തിന്റെ ആനുകൂല്യം നന്നായി ഉപയോഗപ്പെടുത്തി. ആദ്യഘട്ടത്തിൽ നടത്തിയത് മദീനയുടെ പരിസരങ്ങളിലെ രാജാക്കന്മാർക്കും പ്രതിനിധികൾക്കും കത്തയക്കുക എന്നതായിരുന്നു. രണ്ടാം ഘട്ടത്തിൽ മക്കയിൽ നിന്നല്ലാതെ മദീനക്കെതിരെ ഭീഷണിയുണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

ഹിജ്റ ആറാം വർഷം ദുൽഖഅദ് മാസത്തിലാണ് ഹുദൈബിയ സന്ധി നടന്നത്. മദീനയിൽ തിരിച്ചെത്തിയ ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ നബി(സ്വ) വിവിധ രാജ്യങ്ങളിലേക്കും പ്രവിശ്യകളിലേക്കും സന്ദേശങ്ങളുമായി ദൂതന്മാരെ അയച്ചു. നബി(സ്വ)യുടെ ആത്മവിശ്വാസവും ഇച്ഛാശക്തിയും പ്രകടിപ്പിക്കുന്നതായിരുന്നു ഈ പ്രവർത്തനം. അയൽനാടുകളിലെ ശക്തരും സജ്ജരുമായ ഭരണകർത്താക്കളുടെ മുമ്പിൽ താൻ അന്ത്യപ്രവാചകനാണെന്നും താങ്കളും അനുയായികളും അല്ലാഹുവിനെയും എന്നെയും വിശ്വസിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ കാതൽ.

സാധാരണ നയതന്ത്രങ്ങളുടേതു പോലെ താൽക്കാലികമോ ഭൗതികമോ ആയ നേട്ടത്തിൽ അധിഷ്ഠിതമായിരുന്നില്ല ഈ ദൂതുകൾ. ശക്തി കുറഞ്ഞ രാജ്യങ്ങളെയും പ്രവിശ്യകളെയും ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങൾ വഴിയും കീഴ്പ്പെടുത്തി അധീശത്വം ഉറപ്പാക്കുന്നതിൽ കേന്ദ്രീകൃതമായ ബന്ധങ്ങളാണ് അന്നും ഇന്നും ലോകനീതി. അന്നത്തെ വൻശക്തികളായ റോമിന്റെയും പേർഷ്യയുടെയും ആശ്രിത രാജ്യങ്ങളോ സഖ്യരാജ്യങ്ങളോ ആയിരുന്നു മിക്ക പ്രദേശങ്ങളും. അറേബ്യയെപ്പോലെ ചില പ്രദേശങ്ങൾ മാത്രമാണ് നാട്ടുരാജാക്കന്മാരുടെയും ഗ്രാമത്തലവന്മാരുടെയും നേതൃത്വത്തിലും നിയന്ത്രണത്തിലും വേറിട്ടുനിന്നിരുന്നത്. മക്കയിൽ ഒന്നുകൂടി ഉന്നതമായ കാര്യനിർവഹണ രീതികൾ നിലനിന്നിരുന്നു.

നബി(സ്വ)യുടെ ജന്മനാടും ഇസ്‌ലാമിന്റെ സന്ദേശം പ്രവാചകരിൽ നിന്നു നേരിട്ടുതന്നെ കേൾക്കാൻ അവസരമുണ്ടായ പ്രദേശവുമാണ് മക്ക. നബി(സ്വ)യെ കുറിച്ച് മനസ്സിലാക്കാനായപ്പോൾ കലവറയില്ലാതെ സ്വീകരിക്കാൻ തയ്യാറായ ജനതയാണ് മദീനക്കാർ. പരിസരങ്ങളിലെ ഗ്രാമമുഖ്യന്മാരിലേക്കും കുടുംബങ്ങളിലേക്കും പലപ്പോഴായി നബി(സ്വ) പ്രബോധന സംഘങ്ങളെ അയക്കുകയുണ്ടായി. മദീനയിൽ സമാധാന സ്ഥിതിയുണ്ടായപ്പോൾ ഇതര നാടുകളിലേക്കും ചക്രവർത്തിമാരിലേക്കും പ്രബോധന സന്ദേശങ്ങൾ അയച്ചു.

അറബികളും അല്ലാത്തവരുമായ എട്ട് ഭരണാധികാരികളേക്കാണ് നബി(സ്വ) ദൂതന്മാരെയും സന്ദേശങ്ങളും അയച്ചത്. ഈ നടപടിയെ ചരിത്രകാരന്മാർ ഇങ്ങനെ നിരീക്ഷിക്കുന്നു: പേർഷ്യൻ, റോമൻ സാമ്രാജ്യങ്ങളും അവരുടെ വരുതിയിൽ വരുന്ന പ്രദേശങ്ങളുമാണ് അന്ന് പൊതുവെ ഉണ്ടായിരുന്നതെന്നതിനാൽ തന്നെ നബി(സ്വ)യുടെ കത്തുകൾ ഒരേ സമയം ഈ രണ്ടു മഹാ ശക്തികളുടെ താൽപര്യത്തിനെതിരായിരുന്നു. ഇരു ശക്തികളെയും അത് പ്രകോപിപ്പിക്കുമെന്നുറപ്പാണ്. ഈ സാഹചര്യം മക്കക്കാരും മറ്റു അസംതൃപ്തരും ഉപയോഗപ്പെടുത്തുകയും ചെയ്യും. അതിന്റെയെല്ലാം പ്രത്യാഘാതം വളരെ വലുതായിരിക്കാം. എന്നാൽ ഇത്തരം ഭയാശങ്കകൾക്കൊന്നും വശംവദനാവാതെ എല്ലാവരിലേക്കും ഒരേ സമയം തന്നെ സന്ദേശമെത്തിക്കുകയായിരുന്നു നബി(സ്വ).

ആത്മീയ മൂല്യങ്ങൾ നഷ്ടപ്പെട്ട് ഭൗതികതയിൽ മാത്രം അടിസ്ഥാനപ്പെട്ട പ്രവർത്തനവും നിലപാടും സ്വീകരിച്ചുവരുന്ന രണ്ടു സാമ്രാജ്യത്വശക്തികളും പരസ്പരം പോരടിച്ചു ജയിച്ചും തോറ്റും കഴിഞ്ഞുവരുമ്പോഴാണ് നബി(സ്വ)യുടെ ദൂതന്മാരും സന്ദേശങ്ങളും അവിടങ്ങളിലേക്ക് ചെല്ലുന്നത്. കത്തിനോട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുണ്ട്. പിന്നീട് മൂന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ ഈ പ്രദേശങ്ങളെല്ലാം ഇസ്‌ലാമിക നാടുകളായി മാറിക്കഴിഞ്ഞുവെന്നാണ് ചരിത്രം. അവയിൽ ചിലത് നബി(സ്വ)യുടെ കത്തിനോട് പ്രതികരിച്ച ഹീനമായ രീതിക്കനുസൃതമായ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. പേർഷ്യയുടെ പതനം നബി(സ്വ)യുടെ കത്തിനോടുള്ള സമീപനത്തിനനുസരിച്ചായിരുന്നു. കത്ത് കീറിയതറിഞ്ഞ് അവിടുന്ന് “അല്ലാഹു അയാളുടെ നാടും പിച്ചിച്ചീന്തട്ടെ’ എന്നു പ്രാർത്ഥിക്കുകയുണ്ടായി.

നബി(സ്വ) സ്വഹാബികളോടു പറഞ്ഞു: “നിശ്ചയം, അല്ലാഹു എന്നെ ജനങ്ങൾക്കാകമാനം അനുഗ്രഹമായി നിയോഗിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ എനിക്കുവേണ്ടി കാര്യങ്ങൾ നിർവഹിക്കണം. അല്ലാഹു നിങ്ങൾക്ക് കാരുണ്യം ചൊരിയട്ടെ. ഈസാനബി(അ)നോട് ഹവ്വാരികൾ (അപ്പോസ്തലന്മാർ) ചെയ്തതുപോലെ നിങ്ങൾ വ്യത്യസ്ത രൂപത്തിൽ പ്രതികരിക്കരുത്. ഞാനിപ്പോൾ നിങ്ങളോടാവശ്യപ്പെട്ടതു പോലെയുള്ള കാര്യം ഈസാ(അ) അവരോടാവശ്യപ്പെട്ടു. അടുത്ത ദേശങ്ങളിലേക്ക് നിർദേശിക്കപ്പെട്ടവർ അതംഗീകരിച്ചു പ്രവർത്തിച്ചു. എന്നാൽ അകലങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവർ നീരസം പ്രകടിപ്പിക്കുകയായിരുന്നു. ഈസാ(അ) പ്രാർത്ഥിച്ചതുമൂലം നേരം പുലർന്നപ്പോൾ അവരെല്ലാവരും നിയോഗിക്കപ്പെട്ട സമൂഹത്തിന്റെ ഭാഷ പഠിപ്പിക്കപ്പെട്ടവരായി മാറി. അപ്പോൾ ഈസാ(അ) അവരോട് പറഞ്ഞു: ഇത് അല്ലാഹുവിന്റെ തീരുമാനമാണ്. അതിനാൽ പോയി ഉത്തരവാദിത്തം നിർവഹിക്കുക. നബി(സ്വ) ഇതു വിവരിച്ചുകഴിഞ്ഞപ്പോൾ സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങ് നിയോഗിച്ചോളൂ. അങ്ങുദ്ദേശിച്ചിടത്ത് ഞങ്ങൾ അങ്ങേൽപിക്കുന്ന ഉത്തരവാദിത്തം നിർവഹിച്ചുകൊള്ളാം (ത്വബ്റാനി).

അന്യദേശത്തേക്ക് ദൂതനായി പോവുക പലർക്കും സ്വാഭാവികമായും അനിഷ്ടകരമായിരിക്കും. എന്നാൽ നബി(സ്വ)യെ സംബന്ധിച്ചിടത്തോളം അനുയായികൾ അതേറ്റെടുക്കില്ലെന്ന ആശങ്കയൊട്ടുമുണ്ടായിരുന്നില്ല. എങ്കിലും അവരുടെ മനോഗതി പ്രകടമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. പുറത്തുനിന്നുള്ള നിർദേശത്തേക്കാൾ സ്വന്തത്തിൽ നിന്നു തന്നെ സന്നദ്ധതയുണ്ടാക്കുന്നതിനും അത് നിദാനമായി. അയൽരാജ്യങ്ങളെയും അവിടെയുള്ള ചക്രവർത്തിമാരെയും നേതാക്കളെയും നേരത്തെ അറിയാത്തവരാണ് സ്വഹാബികൾ. അതൊന്നും നബി(സ്വ) നിർദേശിക്കുന്ന പ്രബോധന ദൗത്യം ഏറ്റെടുക്കാനവർക്ക് തടസ്സമായില്ല. അവർ നിറഞ്ഞ മനസ്സോടെ അതേറ്റെടുത്തു. നേതാവിന്റെ ആത്മവിശ്വാസത്തിന് കരുത്തുപകരുന്ന അനുയായികൾ.

ഔദ്യോഗിക കത്തുകളയക്കുമ്പോൾ അതിൽ സീൽ വെക്കുമല്ലോ. കത്തിനു ആധികാരികതയും ഔദ്യോഗികതയും ഉറപ്പുവരുത്താനാണിത്. വല്ല സന്ദേശവും ലഭിച്ചാൽ രാജാക്കന്മാർ പരിഗണിക്കണമെങ്കിൽ തന്നെ മുദ്രവെച്ചതായിരിക്കണം. തങ്ങൾ സന്ദേശം വായിക്കും മുമ്പ് മറ്റാരും ഉള്ളടക്കം അറിഞ്ഞിരിക്കരുതെന്ന നിലപാടായിരുന്നു അവർക്ക്. നബി(സ്വ)യുടെ കത്തു പരിഗണിക്കപ്പെടാതിരിക്കരുതല്ലോ. അതിനാൽ ഒരു മുദ്ര നിർമിക്കപ്പെട്ടു. മോതിരങ്ങളായിരുന്നു അക്കാലത്ത് മുദ്രയായി ഉപയോഗിക്കപ്പെട്ടിരുന്നത്. നബി(സ്വ)ക്കുവേണ്ടി അത്തരമൊരു മോതിരം നിർമിക്കപ്പെട്ടു. അതിൽ മൂന്ന് വരികളിലായി മുഹമ്മദ്, റസൂൽ, അല്ലാഹു എന്നു കൊത്തിവെച്ചിട്ടുണ്ടായിരുന്നു. മുദ്രകൾ കൂടുതലുണ്ടായി തിരിച്ചറിയപ്പെടാത്ത അവസ്ഥ വരാതിരിക്കുന്നതിന് ഇതേ വാചകം മുദ്രണം ചെയ്ത മോതിരം നബി(സ്വ) നിരോധിക്കുകയും ചെയ്തിരുന്നു.

കോൺസ്റ്റാൻറിനോപ്പിളിലെ കൈസർ ചക്രവർത്തിയായിരുന്ന ഹിറാക്ലിയസ്, ഈജിപ്തിലെ മുഖൗഖിസ് (കൈറൂസ്), ശാമിലെ ഹാരിസ്ബ്നു അബീ ശംറിൽ ഗസ്സാനി (ഹാരിസും കൈറൂസും റോമൻ സാമ്രാജ്യത്തിന്റെ പ്രതിനിധികളായിരുന്നു), പേർഷ്യൻ ചക്രവർത്തി കുസ്റു (കുസ്റൂസ്), എത്യോപ്യയിലെ നജ്ജാശി എന്നിവരുടെ അടുത്തേക്കും താരതമ്യേന അടുത്ത പ്രദേശവും ജസീറതുൽ അറബിൽ പെട്ടതുമായ ബഹ്റൈൻ, ഒമാൻ, യമാമ എന്നിവിടങ്ങളിലെ ഭരണാധികാരികൾക്കും നബി(സ്വ) ദൂതന്മാർ മുഖേന സന്ദേശങ്ങൾ എത്തിക്കുകയുണ്ടായി.


മുഖൗഖിസ്

മിസ്റിൽ മുഖൗഖിസിന്റെ അടുത്തേക്കയച്ചത് ഹാത്വിബ്ബ്നു അബീ ബൽത്വഅത്(റ)നെയായിരുന്നു. മുഖൗഖിസ് കത്തും പ്രതിനിധിയെയും മാന്യമായി സ്വീകരിച്ചു. ദൂതനുമായി സംസാരിച്ചു. എന്നിട്ട് ഹാത്വിബ്(റ)ന്റെ അടുത്ത് നബി(സ്വ)ക്ക് ഒരു കത്ത് കൊടുത്തയച്ചു. അതിൽ നബി(സ്വ)യുടെ നിയോഗത്തെയും ഒരു പ്രവാചക പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും സമ്മതിച്ചിരുന്നു. താൻ നബി(സ്വ)ക്ക് കൊടുത്തയക്കുന്ന സമ്മാനത്തെക്കുറിച്ചും അതിൽ സൂചിപ്പിച്ചിരുന്നുവെന്നും ഇസ്‌ലാമിക ഈജിപ്തിന്റെ ചരിത്രകാരനായറിയപ്പെടുന്ന ഇബ്നു അബ്ദിൽ ഹകീം ഉദ്ധരിച്ചത് മജല്ലതുൽ ഫൈസൽ റിയാള്, ലക്കം 55ൽ പരാമർശിച്ചിട്ടുണ്ട്.

“ആയിരം സ്വർണനാണയങ്ങളും മാരിയതുൽ ഖിബ്തിയ്യ അവരുടെ സഹോദരി സിറീൻ എന്നീ അടിമ സ്ത്രീകളും ദുൽദുൽ എന്നറിയപ്പെട്ട കുതിരയും കുറച്ച് വസ്ത്രങ്ങളും തേനും ഒരു ചികിത്സകനും മറ്റും ഉൾക്കൊള്ളുന്നതായിരുന്നു സമ്മാനം. നബി(സ്വ) ഡോക്ടറെയല്ലാത്തതെല്ലാം സ്വീകരിച്ചു. ഡോക്ടറെ തിരിച്ചയച്ചുകൊണ്ടു പറഞ്ഞു: ഞങ്ങൾ അമിതമായി ഭക്ഷിക്കാത്തവരാണ്. അതിനാൽ ഞങ്ങൾക്ക് ഡോക്ടറെ ആവശ്യമില്ല’ (ഗായതുസ്സൂൽ ഫീ സീറതിർറസൂൽ).

മാരിയ(റ)യെ നബി(സ്വ) സ്വീകരിക്കുകയും സിറീൻ(റ)യെ ഹസ്സാനുബ്നു സാബിത്(റ)ന് നൽകുകയും ചെയ്തു. ഒരു അടിമസ്ത്രീ നബി(സ്വ)യുടെ പത്നിയും വിശ്വാസികളുടെ മാതാവുമായിത്തീരുകയും ചെയ്തു. ഖദീജ ബീവിക്കു പുറമെ നബി(സ്വ)ക്ക് മാരിയ(റ)യിൽ മാത്രമാണ് കുട്ടികളുണ്ടായിട്ടുള്ളത്.

ഹാതിബ്(റ)നും അദ്ദേഹം സമ്മാനം നൽകി. 100 സ്വർണനാണയം, അഞ്ച് വസ്ത്രങ്ങൾ എന്നിവയായിരുന്നു അത്. ഇതു നൽകിയിട്ട് നിങ്ങൾ വേഗം യാത്രയായിക്കൊള്ളൂ എന്നു പറഞ്ഞ് ഹാത്വിബ്(റ)നെ യാത്രയാക്കി. കൂട്ടത്തിൽ കോപ്റ്റിക് വിഭാഗത്തിൽ പെട്ട ആരോടും സംസാരിക്കരുത് എന്നും പറഞ്ഞു. കൂടെ ഒരു സംഘത്തെ തുണയായി അയച്ചുകൊടുക്കുകയും ചെയ്തു. ജസീറതുൽ അറബിന്റെ പരിധിയിൽ കടക്കുന്നത് വരെ അവർ അദ്ദേഹത്തെ അനുഗമിച്ചു. അവിടെയെത്തിയപ്പോൾ മദീനയിലേക്ക് പോകുന്ന യാത്രാസംഘത്തെ കണ്ടു. അവരോടൊപ്പം മദീനയിലെത്തി. സമ്മാനം നൽകാൻ മാത്രം നബി(സ്വ)യുടെ സന്ദേശം തനിക്ക് സ്വീകാര്യമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, അദ്ദേഹത്തിന് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. സമ്മാനങ്ങൾ നബി(സ്വ) സ്വഹാബികൾക്ക് വിതരണം ചെയ്തു.


ഹിർഖൽ ചക്രവർത്തി

റോം ചക്രവർത്തിയായ ഹെറാക്ലിയസിന് നൽകാനുള്ള കത്തുമായി പോയത് ദിഹ്യതുൽ കൽബി(റ) ആയിരുന്നു. ബുസ്റായിലെ നാട്ടുപ്രധാനി വഴി കൈസറിനെ ഏൽപ്പിക്കാനായിരുന്നു നിർദേശം. പ്രതിനിധി ദിഹ്യതുൽ കൽബി(റ)ന്റെ കൂടെ അദിയ്യ്ബ്നു ഹാതിം(റ)നെ പറഞ്ഞുവിട്ടു. ബഹുദൈവാരാധനാപരമായ പതിവു ആചാര മര്യാദകളൊന്നും പാലിക്കാതെ തന്നെ ദിഹ്യത്(റ) കത്ത് കൈസറിന്റെ സമീപത്തെത്തിച്ചു. കത്ത് കൈപ്പറ്റിയ കൈസർ തുറന്നു വായിച്ച ശേഷം രണ്ടു കണ്ണുകൾക്കു മീതെയും തലക്കു മീതെയും കത്ത് വെച്ച് അതിൽ ചുംബിച്ചു. എന്നിട്ട് ഞാനിതിനെ കുറിച്ച് പഠിക്കുമെന്നു പറഞ്ഞു.

ഈ കത്ത് കൈപ്പറ്റുന്ന സമയം ഖൈസർ ബൈതുൽ മുഖദ്ദസിലായിരുന്നു. പേർഷ്യയോട് നേടിയ ഒരു വിജയത്തിൽ നന്ദി പ്രകടിപ്പിക്കാനായി മസ്ജിദുൽ അഖ്സയിലെത്തിയതായിരുന്നു. കത്തിലെ ആശയം ഗ്രഹിച്ചശേഷം വേണ്ടപ്പെട്ടവരുമായി കൂടിയാലോചിക്കുമെന്നറിയിച്ചു. അങ്ങനെ ഖുദ്സിൽ മക്കക്കാർ ആരെങ്കിലും കച്ചവടത്തിനെത്തിയിട്ടുണ്ടോ എന്നന്വേഷിച്ചു. അങ്ങനെ അബൂസുഫ്യാനടക്കമുള്ള ഒരു സംഘമുണ്ടെന്നറിഞ്ഞു. കാര്യങ്ങളന്വേഷിച്ചു. അന്നു വിശ്വാസിയായിരുന്നില്ലെങ്കിലും, അബൂസുഫ്യാൻ സത്യം മാത്രം പറഞ്ഞു. അതത്രയും ഒരു പ്രവാചകനുണ്ടാവേണ്ട യോഗ്യതയാണെന്ന് ഹിർഖൽ പറഞ്ഞു. എന്നിട്ട് വിശ്വസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, തന്റെ അധികാരം നഷ്ടപ്പെടുമെന്നും ഒരുപക്ഷേ താൻ വധിക്കപ്പെടുമെന്നും അദ്ദേഹം ഭയപ്പെട്ടു.


നജ്ജാശി

നജ്ജാശിക്കുള്ള കത്തുമായി പോയത് അംറുബ്നു ഉമയ്യത്തുള്ളംരി(റ) ആയിരുന്നു. നജ്ജാശി നേരത്തേതന്നെ മുസ്‌ലിംകളെ സംരക്ഷിക്കുവാൻ സന്മനസ്സ് കാട്ടിയ ദൈവവിശ്വാസിയായിരുന്നു. അഭയാർത്ഥികളായെത്തിയ ജഅ്ഫർ(റ) അടക്കമുള്ളവർ ഈ കത്ത് ലഭിക്കുന്ന കാലത്തും ഹബ്ശയിൽ തന്നെയായിരുന്നു. കത്ത് കൈപ്പറ്റിയ നജ്ജാശി അത് തന്റെ കണ്ണുകൾക്കു മീതെ വെച്ച് സിംഹാസനത്തിൽ നിന്നും താഴെ ഇറങ്ങി. ജഅ്ഫർ(റ)ന് മുമ്പാകെ ഇസ്‌ലാം സ്വീകരിച്ചു. ശേഷം നബി(സ്വ)ക്ക് മറുപടി കത്തുമെഴുതി.

നബി(സ്വ)യെ മുഹമ്മദുർറസൂൽ എന്ന് അഭിസംബോധന ചെയ്താണ് കത്താരംഭിക്കുന്നത്. സലാം പറഞ്ഞ ശേഷം നബി(സ്വ) സത്യദൂതനാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ജഅ്ഫർ(റ) മുഖേന വിശ്വസിച്ചതും ബൈഅത് ചെയ്തതും അറിയിച്ചു. നബി(സ്വ) ഹബ്ശയിൽ താമസിക്കുന്ന മുഹാജിറുകളെ മദീനയിലേക്കയക്കാനെഴുതി. മുസ്‌ലിംകൾ ഖൈബറിലായിരിക്കെ രണ്ടു കപ്പലിലായി അവർ നബി(സ്വ)യുടെ അടുത്തെത്തി. ഹിജ്റ ഒമ്പതാം വർഷം തബൂക് സമരം കഴിഞ്ഞ ശേഷം റജബ് മാസത്തിൽ നജ്ജാശി വഫാതായി. മരണവാർത്ത നബി(സ്വ) മദീനയിൽ പ്രഖ്യാപിക്കുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു.


പേർഷ്യൻ ചക്രവർത്തി

അബ്ദുല്ലാഹിബ്നു ഹുദാഫതുസ്സഹ്മീ(റ)നെയാണ് നബി(സ്വ) പേർഷ്യൻ ചക്രവർത്തി കിസ്റയുടെ അടുത്തേക്കയച്ചത്. കത്ത് ബഹ്റൈനിലെ നാട്ടുപ്രധാനിയെ ഏൽപ്പിച്ച് കിസ്റയുടെ അടുത്തെത്തിക്കുകയായിരുന്നു. അത് വായിച്ച രാജാവ് കോപാന്ധനായി. കത്ത് പിച്ചിച്ചീന്തി. എന്നിട്ട് തന്റെ പരിവാരങ്ങളോടായി പറഞ്ഞു: “എന്റെ താഴെയുള്ള ഒരുത്തൻ അവന്റെ പേര് എന്റെ പേരിന് മുന്പെഴുതിയിരിക്കുന്നു.’

ശേഷം യമനിലെ തന്റെ പ്രതിനിധിയായ ബാദാനൊരു കത്തെഴുതി: ഹിജാസിലെ മുഹമ്മദിന്റെ അടുത്തേക്ക് ശക്തരും ധീരരുമായ രണ്ടാളെ പറഞ്ഞയച്ച് അദ്ദേഹത്തെ എന്റെ മുമ്പിൽ കൊണ്ടുവരാൻ പറയുക.

നിർദേശം കേൾക്കേണ്ട താമസം അദ്ദേഹം രണ്ടു സൈനികരെ മദീനയിലേക്കയച്ചു. അവർ താടി വടിച്ച് മീശ നീട്ടിയ അവസ്ഥയിൽ നബി(സ്വ)യെ സമീപിച്ചു. പ്രവാചകർ അവരെ നോക്കാൻ തന്നെ വെറുത്തു. നബി(സ്വ) പറഞ്ഞു: ഇതെന്തു കോലമാണ്, ആകെ നാശമായിപ്പോയല്ലോ. ആരാണിത് നിർദേശിച്ചത്?

ചക്രവർത്തിയെ ഉദ്ദേശിച്ച്കൊണ്ട് അവർ “ഞങ്ങളുടെ നാഥൻ’ എന്നു പറഞ്ഞു.

നബി(സ്വ) പറഞ്ഞു: എന്റെ റബ്ബ് താടി വളർത്താനും മീശ വെട്ടാനുമാണ് കൽപിച്ചിരിക്കുന്നത്.

തുടർന്ന് അവർ അവരുടെ ആഗമനോദ്ദ്യേം വ്യക്തമാക്കി: “നിർദേശം പോലെ ചെയ്താൽ ബാദാൻ നിങ്ങൾക്കനുകൂലമായി ചക്രവർത്തിക്കെഴുതും. ഇല്ലെങ്കിൽ നിന്നെയും നിന്റെ ജനതയെയും നശിപ്പിച്ച് കളയും.

നബി(സ്വ) അവരോട് നിർദേശിച്ചു: “നിങ്ങൾ നാളെ വന്നു കാണൂ.’

പേർഷ്യൻ പ്രതിനിധികൾ മദീനയിലെത്തിയെന്നറിഞ്ഞപ്പോൾ മക്കക്കാർ ആഹ്ലാദിച്ചു. അവർ പരസ്പരം സന്തോഷം കൈമാറി. ആനന്ദിക്കൂ. മഹാരാജാവായ പേർഷ്യൻ ചക്രവർത്തി മുഹമ്മദിനെതിരെ ആളെ ഏർപ്പാടാക്കിക്കഴിഞ്ഞു. ഇനി നബിയെ ഭയക്കേണ്ടതില്ല. അവന്റെ കഥകഴിഞ്ഞതുതന്നെ.

പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. പിറ്റേന്ന് നബി(സ്വ) പേർഷ്യൻ ദൂതന്മാരെ വിളിപ്പിച്ചു. എന്നിട്ട് നിങ്ങളുടെ ചക്രവർത്തിയെ സ്വന്തം മകൻ വകവരുത്തിയിരിക്കുന്നു എന്ന വിവരം അവരെ അറിയിച്ചശേഷം നബി(സ്വ) പറഞ്ഞു: “എന്റെ അധികാരം കിസ്റയുടെ അധികാര പരിധിക്കപ്പുറവും കടക്കും.’ നിങ്ങൾ നിങ്ങളെ അയച്ച ബാദാനോട് പോയി ഇങ്ങനെ പറയുക: “മുസ്‌ലിമാവുക, എന്നാൽ സ്വന്തം നാട്ടിലെ അധികാരത്തിൽ തന്നെ തുടരാം.’ എന്നിട്ട് നബി(സ്വ) ബാദാന് ചില സമ്മാനങ്ങളും ഏൽപ്പിച്ച് അവരെ പറഞ്ഞുവിട്ടു.

ചക്രവർത്തി കൊല്ലപ്പെട്ട വിവരം ബാദാൻ അപ്പോഴും അറിഞ്ഞിരുന്നില്ല. ദൂതന്മാർ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഇതൊരു രാജാവിന്റെ വാചകമല്ല. അദ്ദേഹം ഒരു പ്രവാചകനാണെന്നാണ് എനിക്ക് മനസ്സിലാവുന്നത്. അതുകൊണ്ട് അദ്ദേഹം പറഞ്ഞതിന്റെ വസ്തുതയറിയാൻ നമുക്ക് കാത്തിരിക്കാം. എന്നിട്ട് തീരുമാനത്തിലെത്താം, അങ്ങനെയിരിക്കെ ചക്രവർത്തിയെ കൊന്ന് മകൻ അധികാരം പിടിച്ചെടുത്ത സന്ദേശം ലഭിച്ചു. പിതാവിനെ കൊന്നതിന്റെ കാരണവും തന്നെ ചക്രവർത്തിയായി അംഗീകരിക്കാനും മുഹമ്മദ് നബി(സ്വ)യെ തടയാനുള്ള നിർദേശവും അടങ്ങിയതായിരുന്നു കത്ത്. ഈ വിവരം ലഭിച്ചപ്പോൾ നബി(സ്വ)യെ കുറിച്ച് പൂർണവിശ്വാസം വന്ന ബാദാനും ധാരാളം പേർഷ്യൻ വംശജരും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.


ഗസ്സാനിദ് രാജാവ്

ഗസ്സാനിദ് രാജാവ് അൽഹാരിസുൽ ഗസ്സാനിയുടെ അടുത്തേക്കയക്കപ്പെട്ടത് ശുജാഅ്ബ്നു വഹബ്(റ)നെയായിരുന്നു. ശുജാഅ്(റ) അവിടെയെത്തുമ്പോൾ അദ്ദേഹം റോമിന്റെ തലസ്ഥാനത്തെത്തിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങളിലേർപ്പെട്ടിരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾ അദ്ദേഹത്തെ കാത്തുനിൽക്കേണ്ടി വന്നു. ഈ ദിവസങ്ങളിൽ പാറാവുകാരനിൽ നിന്ന് തനിക്കുണ്ടായ അനുഭവം ശുജാഅ്(റ) പറയുന്നു: “റോമക്കാരനായ മുർറി എന്നുപേരായ ഒരുവനായിരുന്നു അയാൾ. അദ്ദേഹമെന്നോട് നബി(സ്വ)യെ കുറിച്ച് ചോദിച്ചറിഞ്ഞു. ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു. ഇതുകേട്ട് ചിലപ്പോഴൊക്കെ അദ്ദേഹം കരയുമായിരുന്നു. അയാൾ പറഞ്ഞു: ഞാൻ ഇഞ്ചീൽ വായിച്ചിട്ടുണ്ട്. അതിൽ ഈ നബി(സ്വ)യെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. ഞാൻ നബിയിൽ വിശ്വസിക്കുന്നു. പക്ഷേ, എന്നെ ഹാരിസ് കൊന്നുകളയുമോ എന്നു ഭയക്കുന്നു. അവൻ എന്നെ നന്നായി പരിഗണിക്കുകയും സൽക്കരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പറയും: ഹാരിസിന് കൈസറിനെ പേടിയാണ്. അതുകൊണ്ട് വിശ്വസിക്കുന്ന കാര്യം പ്രതീക്ഷയില്ല.’

അങ്ങനെ ഹാരിസ് വന്നു. കത്ത് കണ്ടു ക്ഷുഭിതനായി അത് ദൂരെ എറിഞ്ഞിട്ട് പറഞ്ഞു: “ആരാണെന്റെ അധികാരത്തിൽ നിന്നും എന്നെ താഴെയിറക്കാൻ തുനിയുന്നത്, ഞാനദ്ദേഹവുമായി പോരിന് പോവുകയാണ്…’ എന്നിട്ട് കൈസറിനോട് മദീനയിലേക്ക് പോകാൻ സമ്മതം ആവശ്യപ്പെട്ട് കത്തെഴുതി. മറ്റു വിവരങ്ങളും അതിലുണ്ടായിരുന്നു. കൈസർ പക്ഷേ, അതിന് പച്ചക്കൊടി കാട്ടിയില്ല. പോകരുതെന്നറിയിച്ചു. ശുജാഅ്(റ) പറയുന്നു: “കൈസറിന്റെ മറുപടി കിട്ടിയപ്പോൾ ഹാരിസ് എന്നെ വിളിച്ചു. എന്നാണു തിരിച്ചുപോകുന്നതെന്നന്വേഷിച്ചു. ഞാൻ നാളെ എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം എനിക്ക് നൂറ് സ്വർണനാണയം നൽകി. പാറാവുകാരൻ മുർറി എനിക്ക് വസ്ത്രവും ഭക്ഷണവും നൽകി. നബി(സ്വ)യോട് സലാം പറയാനും താൻ വിശ്വാസിയാണെന്ന് അറിയിക്കാനും പറഞ്ഞു.

ശുജാഅ്(റ) മദീനയിലെത്തി നബി(സ്വ)യോട് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു: അവിടുന്ന് പറഞ്ഞു: അവന്റെ അധികാരം തരിപ്പണമായി. പാറാവുകാരന്റെ സലാം പറഞ്ഞ് വിവരം പറഞ്ഞപ്പോൾ പ്രവാചകർ(സ്വ) പറഞ്ഞു: അവന്റെ വിശ്വാസം സത്യമാണ്.


യമാമയിലെ ഹൗദത്ബ്നു അലി

യമാമയിലെ നാട്ടുരാജാവായിരുന്ന ഹൗദതുബ്നു അലിയുടെ അടുത്തേക്ക് കത്തുമായി പോയ ദൂതൻ സലീത്ബ്നു അംറ്(റ) ആയിരുന്നു. അദ്ദേഹം കത്ത് വായിച്ചു. എങ്കിലും സ്വന്തം രാജ്യവും അധികാരവും നിലനിർത്തുന്നത് പ്രധാനമായി കണ്ടു. ഇസ്‌ലാം സ്വീകരിക്കുന്നതിന് പകരം തന്റെ ഇംഗിതമറിയിച്ച് മദീനയിലേക്ക് പ്രതിനിധികളെ അയക്കുകയാണ് ചെയ്തത്. മുജാഅത്ത്, റജ്ജാൽ എന്നീ രണ്ടു പേരാണ് സന്ദേശവാഹകരായി മദീനയിൽ വന്നത്. അവർ രാജാവേൽപ്പിച്ച പ്രകാരം നബി(സ്വ)യോടിങ്ങനെ പറഞ്ഞു: “നബി(സ്വ)ക്കുശേഷം അധികാരം തനിക്ക് നൽകാമെങ്കിൽ വിശ്വാസിയായി മദീനയിൽ വന്ന് സഹായി ആവാം. അല്ലാത്തപക്ഷം നബി(സ്വ)യെ നേരിടും.

ഇതു കേട്ടപ്പോൾ അവിടുന്ന് പറഞ്ഞു: “ഇല്ല, അത്തരമൊരു ആദരവും നൽകുകയില്ല.’ അവിടുന്ന് പ്രാർത്ഥിച്ചു: നാഥാ, അവനെ നീ തടുക്കേണമേ.’ വൈകാതെ അയാൾ മരണപ്പെടുകയും ചെയ്തു.

ഇതറിഞ്ഞ മുജാഅത്തും റജ്ജാലും വിശ്വാസികളായി. റജ്ജാൽ മദീനയിൽ തന്നെ കഴിഞ്ഞു. ഖുർആനിൽ നിന്നും അൽബഖറ സൂറത്ത് പഠിച്ചു. മറ്റു വിജ്ഞാനങ്ങളും നേടി. പക്ഷേ, യമാമയിൽ തിരിച്ചെത്തിയപ്പോൾ കള്ളപ്രവാചകൻ മുസൈലിമതുൽ കദ്ദാബിന്റെ കൂടെച്ചേർന്നു. മുസൈലിമത്തിനെ നബി(സ്വ) അംഗീകരിക്കുകയും നുബുവ്വതിൽ കൂറുകാരനാക്കുകയും ചെയ്തിട്ടുണ്ടെന്ന് നുണ പ്രചരിപ്പിച്ചു. തുടർന്ന് അയാൾ യമാമയിലെ കുഴപ്പക്കാരനായി മാറി.


ബഹ്റൈനിലേക്ക്

ബഹ്റൈൻ ഭരണാധികാരി മുൻദിറുബ്നുസാമവിന്റെ അടുത്തേക്ക് അലാഉൽ ഹള്റമി(റ)നെയാണ് അയച്ചത്. കത്ത് കിട്ടിയ ഉടനെ അദ്ദേഹം വിശ്വസിച്ചു. അറബികളെല്ലാം അദ്ദേഹത്തിന്റെ കൂടെ വിശ്വാസികളായി. അറബികളല്ലാത്ത ജൂതരും ക്രിസ്ത്യാനികളും മജൂസികളും അനുരജ്ഞനത്തിലേർപ്പെടുകയും ചെയ്തു. സമാധാനപൂർവം ഇസ്‌ലാമിനു പൂർണമായി വിധേയപ്പെട്ട നാടാണ് ബഹ്റൈൻ.


ഒമാനിലേക്ക്

ഒമാനിലെ അന്നത്ത ഭരണാധികാരികളായിരുന്ന ജൂലൻദി കുടുംബത്തിലെ ജീഫർ, അസദ് എന്നിവരുടെ അടുത്തേക്ക് അംറുബ്നുൽ ആസ്വി(റ)നെയാണ് നബി(സ്വ) കത്തുമായി അയച്ചത്. കത്ത് ലഭിച്ച ഉടനെ അവർ സത്യമതം സ്വീകരിച്ചു. ഇസ്‌ലാമിക വ്യവസ്ഥകൾ പ്രകാരം ഭരണകാര്യങ്ങളും ജീവിതകാര്യങ്ങളും നിർവഹിച്ചു തുടങ്ങി. അസദ്(റ) അവിടെതന്നെ കുറേകാലം കഴിഞ്ഞു.

കത്ത് കൂടാതെ നേരിട്ട് സംസാരിക്കുന്നതിനും കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനും നബി(സ്വ) നിരവധി സ്വഹാബികളെ വ്യത്യസ്ത പ്രമുഖരുടെ അടുത്തേക്കും നാടുകളിലേക്കും അയച്ചിട്ടുണ്ട്. ദൂതന്മാരും സന്ദേശങ്ങളും പൊതുവെ സ്വീകരിക്കപ്പെടുകയാണുണ്ടായത്. ഇസ്‌ലാം സ്വീകരിക്കാത്ത പലരും ദൂതന്മാരോട് മാന്യമായി പെരുമാറി. നേരത്തേ ഇലാഹീ വിശ്വാസത്തിന്റെ ശരിയായ പാഠങ്ങൾ ലഭിക്കാത്തവരിൽ നിന്നാണ് മോശമായ പ്രതികരണങ്ങളുണ്ടായത്.


അലവിക്കുട്ടി ഫൈസി എടക്കര