Tuesday 31 March 2020

ഓൺലൈനായി വസ്തുവിന്റെ കരം അടയ്ക്കാൻ



ഇന്റർനെറ്റിന്റെ വരവോടെ ഇന്ന് നമുക്ക് മിക്ക സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാണ്. മിക്ക സർക്കാർ സേവനങ്ങളൂം നിന്ന് നമുക്ക് ഓൺലൈനിലൂടെ ലഭ്യമാക്കിയിരിക്കുകയാണ്. അങ്ങനെ ഇന്ന് നമുക്ക് വസ്തുവിന്റെ (ഭൂമി) കരം (ടാക്സ്) അടയ്ക്കാനും സാധിക്കും. സാധാരണ വില്ലേജ് ഓഫീസിൽ പോയി അടച്ചുകൊണ്ടിരുന്ന വസ്തുവിന്റെ കരം ഇന്ന് നമുക്ക് വീട്ടിൽ ഇരുന്നു തന്നെ അടയ്ക്കാൻ സാധിക്കും.


എങ്ങനെയാണ് ഈ കരം അടയ്ക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ https://www.revenue.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവിടെ നിങ്ങൾക്ക് "Pay your tax" എന്ന് കാണാൻ സാധിക്കും, ഇവിടെ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോവുക.

ശേഷം വരുന്ന പേജിൽ "E-payment" അല്ലെങ്കിൽ "Quick Pay" എന്നതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് നിങ്ങളുടെ വസ്തുവിന്റെ വിവരങ്ങൾ നൽകേണ്ടതായുണ്ട്. ഈ വിവരങ്ങളൊക്കെ നൽകിയതിനു ശേഷം "Details" ക്ലിക്ക് ചെയ്യുക.

പിന്നീട് നിങ്ങളുടെ മൊബൈൽ നമ്പർ നൽകണം ഇതിൽ ഒരു OTP വരും. ഈ OTP-യുടെ സഹായത്തോടെ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ കരം എത്രയാണെന്ന് അറിയാനും അത് അടയ്ക്കാനുള്ള സംവിധാനവും ഉപയോഗിക്കാൻ പറ്റുകയുള്ളു.

ഇനി അടയ്‌ക്കേണ്ട വിവരങ്ങൾ കാണുമ്പോൾ നിങ്ങളുടെ പേരും മേൽവിലാസവും നൽകി "Pay Now" ക്ലിക്ക് ചെയ്യാവുന്നതാണ്.

അപ്പോൾ നിങ്ങൾ നടത്താൻ പോകുന്ന ഇടപാടിന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും, ഇത് ഉറപ്പു വരുത്തി "Pay Now" ക്ലിക്ക് ചെയ്യുക, തെറ്റുണ്ടെങ്കിൽ "Cancel" ക്ലിക്ക് ചെയ്ത് തിരുത്തിയതിനു ശേഷം മുന്നോട്ടു പോവുക.

നിങ്ങൾക്ക് ഇന്റർനെറ്റ് ബാങ്കിങ്, കാർഡ്, UPI എന്നിവ വഴി പണം നൽകാൻ സാധിക്കും. ഉചിതമായ ഓപ്‌ഷൻ തിരഞ്ഞെടുത്തതിന് ശേഷം "Proceed for payment" ക്ലിക്ക് ചെയ്ത് അവർ ചോദിക്കുന്ന വിവരങ്ങൾ നൽകുക.

ശ്രദ്ധിക്കുക: ഇങ്ങനെ കരം അടയ്ക്കാൻ നിങ്ങൾക്ക് User Id വേണമെന്ന് നിർബന്ധമില്ല.


കടപ്പാട് : https://gyanapp.in/

ألا صلو فى رحالكم (നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിന്ന് നിസ്കരിക്കുവീൻ) എന്നത് വാങ്കിൽ പറയുമ്പോൾ എന്താണ് ഇജാബത് നൽകേണ്ടത്..?



പ്രതി സന്ധി ഘട്ടങ്ങളിൽ (ശക്തമായ മഴ , സമൂഹ വ്യാപനമായ പകർച്ചാ വ്യാധികൾ തുടങ്ങിയവ) വാങ്കിൽ നിങ്ങൾ വീടുകളിൽ നിസ്‌ക്കരിക്കുക എന്ന് കൊണ്ട് വരൽ സുന്നത്താണ്.

ബാങ്കിനിടയിലും ശേഷവും പ്രസ്തുത വചനം കൊണ്ടുവരൽ ജാഇസാണെങ്കലും ശേഷം കൊണ്ടുവരലാണ് ഏറ്റവും നല്ലതെന്നും ബാങ്കിന്റെ കോർവ്വ അപ്പടി നിലനിൽക്കാൻ അതാണുചിതമെന്നും ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം.

لا حول ولا قوة الا بالله العلي العظيم
ആണ് ഇജാബത് നൽകേണ്ടത്


وقال النووي -رحمه لله- في " شرح صحيح مسلم " (5/207) : " في حديث ابن عباس رضي الله عنه أن يقول : ألا صلوا في رحالكم. في نفس الأذان ، وفي حديث ابن عمر أنه قال في آخر ندائه

والأمران جائزان ، نص عليهما الشافعي رحمه الله تعالى في "الأم" في كتاب الأذان ، وتابعه جمهور أصحابنا في ذلك ، فيجوز بعد الأذان ، وفي أثنائه ؛ لثبوت السنة فيهما ، لكن قوله بعده أحسن ، ليبقى نظم الأذان على وضعه " انتهى

وبحث الأسنوي أنه فى قوله فى الليلة الممطرة أو نحو المظلمة عقب الحيعلتين الا صلو فى رحالكم يجيبه بلا حول ولا قوة الا بالله
(تحفة المحتاج)

(وبحث الأسنوي الخ) اعتمده النهاية والمغنى وجزم به الشارح فى شرح بافضل قوله (فى الليلة الخ) ليس بقيد كما فى شرح العباب بل النهار كذلك كردي قوله (أو نحو الظلمة) كذات الريح نهاية ومغني قوله (عقب الحيعلتين) أي أو بعد فراغ الأذان وهو الأولى نهاية ومغني وشرح بافضل (وقوله ذلك سنة لخبر الصحيحين)

حاشية الشرواني ٢/١١٣

Sunday 29 March 2020

ഇഹ്റാം ചെയ്തതിന് ശേഷം തടസ്സം നേരിട്ടാല്‍ എന്താണ് പ്രതിവിധി



ഇഹ്റാം ചെയ്തവര്‍ക്ക് ഉപരോധം (ഹജ്ജിന്‍റെയോ ഉംറയുടെയോ അല്ലെങ്കില്‍ രണ്ടിന്‍റെയുമോ ഫര്‍ളുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സം) നേരിട്ടാല്‍ ഇടയ്ക്ക് വിരമിക്കാമെന്നാണ് മതം പറയുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഉംറക്ക് വേണ്ടി ഇഹ്റാം ചെയ്ത് വിമാനത്തില്‍ കയറിയവരെ പോലും ഇറക്കിവിട്ട സാഹചര്യം ഈയിടെയുണ്ടായല്ലോ. ഇത്തരം പ്രതിസന്ധികളിലെല്ലാം വളരെ വ്യക്തവും കൃത്യവുമായ പരിഹാരം മതം നിര്‍ദേശിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ഹജ്ജും ഉറയും പൂര്‍ണമായി നിര്‍വഹിക്കുക. നിങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു മൃഗത്തെ (ബലിയറുക്കുക). ബലിമൃഗം എത്തേണ്ടിടത്ത് എത്തുന്നതുവരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യരുത്’ (അല്‍ബഖറ 196).

ഇഹ്റാമിനു ശേഷം തടസ്സമുണ്ടായാല്‍ ബലിയറുത്ത് ഇഹ്റാമില്‍ നിന്ന് മുക്തനാകാമെന്നാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. പണ്ഡിതന്മാര്‍ പറയുന്നു: ‘ഉപരോധം നേരിട്ടാല്‍ ഹജ്ജ്, ഉംറ എന്നിവയില്‍ നിന്ന് വിരമിക്കാവുന്നതാണ്. വിരമിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ ഉപരോധമുണ്ടായിടത്ത് ഒരു ആടിനെ ബലികര്‍മം നടത്തല്‍ നിര്‍ബന്ധം. മൂന്ന് കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ഇഹ്റാമില്‍ നിന്നുള്ള വിരാമം സാധ്യമാകുന്നത്. ബലികര്‍മം, മുടികളയല്‍, അറുക്കുമ്പോഴും മുടി കളയുമ്പോഴും നുസുകില്‍ നിന്ന് വിരമിക്കുന്നുവെന്ന് കരുതുക എന്നിവയാണവ.

ഒരാള്‍ക്ക് ഉപരോധമുണ്ടാവുകയും വിരാമമുദ്ദേശിക്കുകയും ചെയ്തെങ്കിലും ബലിമൃഗമായ ആട് ലഭ്യമാകാതെ വന്നാല്‍ ആടിന്‍റെ വിലയ്ക്ക് മുഖ്യ ആഹാരം വിതരണം നടത്തുകയാണ് ചെയ്യേണ്ടത്. എവിടെയാണോ ഉപരോധമുണ്ടായത് അവിടെയാണ് ഇതും നടത്തേണ്ടത്. ഇനി മുഖ്യാഹാര വിതരണവും സാധ്യമാകാതെ വന്നാല്‍ ആടിനു വില കെട്ടി, ആ വിലയ്ക്ക് ധാന്യം കണക്കാക്കി ഓരോ മുദ്ദ് (ഏതാണ്ട് 800 മി.ലി.) ആഹാരത്തിന് പകരമായി ഓരോ നോമ്പനുഷ്ഠിക്കുകയാണ് വേണ്ടത്. അത് ഇഷ്ടമുള്ളയിടത്ത് വച്ച് ചെയ്യാവുന്നതാണ്.

ഉള്ഹിയ്യത്തിലെന്ന പോലെ ഉപരോധത്തിലും ഒരു ഒട്ടകത്തിന്‍റെയോ പശുവിന്‍റെയോ ഏഴിലൊന്ന് വിതരണം ചെയ്താലും മതിയാകുന്നതാണ്. അപ്രകാരം ബലി സാധിക്കാതെ വരുമ്പോള്‍ ധാന്യം നല്‍കുന്നതിനു വേണ്ടി ആടിനു വിലകെട്ടുന്നതിനു പകരം ഒട്ടകത്തിന്‍റെയോ പശുവിന്‍റെയോ ഏഴിലൊന്നിനു മൂല്യനിര്‍ണയം നടത്തിയാലും മതിയാകുന്നതാണ് (ശര്‍വാനി 4/207).

ഉപരോധമോ രോഗമോ മറ്റു പ്രതിസന്ധികളോ എവിടെയാണോ സംഭവിച്ചത് അവിടെയാണ് അറവ് നടത്തേണ്ടതെന്ന് പറഞ്ഞുവല്ലോ. ആ സ്ഥലത്തെ മിസ്കീന്‍മാര്‍ക്ക് തന്നെയാണ് മാംസം നല്‍കേണ്ടതും. അവിടെ മിസ്കീന്മാരില്ലെങ്കില്‍ തൊട്ടടുത്ത സ്ഥലത്തെ മിസ്കീന്‍മാര്‍ക്ക് വിതരണം ചെയ്യാം (തുഹ്ഫ 4/205).

ഉപരോധം നിമിത്തം ഹജ്ജില്‍ നിന്നോ ഉംറയില്‍ നിന്നോ വിരമിച്ചവന്‍റേത് സുന്നത്തായ നുസുകാണെങ്കില്‍ ഖളാഅ് വീട്ടേണ്ടതില്ല. അവന്‍റെ ബാധ്യതയില്‍ സ്ഥിരപ്പെട്ട നിര്‍ബന്ധ നുസുകാണെങ്കില്‍ (നുസുക് നിര്‍ബന്ധമായ വര്‍ഷം ചെയ്യാതെ അടുത്ത വര്‍ഷം ചെയ്യുന്നവനാണെങ്കില്‍) പിന്നീട് കഴിവുണ്ടാവുക എന്നതാണ് പരിഗണിക്കുക. ഇപ്പോഴത്തേത് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമില്ല (മിന്‍ഹാജ് 52).

ഉപരോധം നീങ്ങുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ പ്രതീക്ഷിച്ചു നില്‍ക്കലാണ് ഉംറയില്‍ പ്രവേശിച്ചവന് നിരുപാധികം ഉത്തമം. ഹജ്ജില്‍ പ്രവേശിച്ചവന് ഇഹ്റാമിന്‍റെ സമയം വിശാലമാണെങ്കില്‍ ഉപരോധം നീങ്ങുമെന്ന പ്രതീക്ഷയുള്ളപക്ഷം ക്ഷമിച്ചിരിക്കലുമാണ് ഉത്തമം.

പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണല്ലോ. അപ്പോള്‍ അവര്‍ക്ക് പള്ളിയില്‍ വച്ച് ധര്‍മം കൊടുക്കല്‍ നല്ലതാണോ? പള്ളിയില്‍ വച്ച് യാചന നടത്തിയ വ്യക്തിയെ സഹായിക്കല്‍ പള്ളിയില്‍ വച്ചുള്ള യാചനക്ക് പ്രചോദനം നല്‍കലല്ലേ. അതിനാല്‍ ഇത്തരം സഹായങ്ങള്‍ മോശമായി പരിഗണിക്കുമോ?



യാചന മോശമാണെങ്കിലും നല്‍കല്‍ നല്ലകാര്യം തന്നെയാണ്. പ്രസ്തുത സഹായം യാചനക്കാര്‍ക്ക് പ്രചോദനമാകുമെന്ന കാര്യം ഇവിടെ നോട്ടമില്ല. ഇമാം സുയൂഥി(റ) പറയുന്നു: പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണെങ്കിലും യാചകന് ദാനധര്‍മങ്ങള്‍ നല്‍കല്‍ പുണ്യകര്‍മവും പ്രതിഫലം ലഭിക്കുന്ന കാര്യവുമാണ് (അല്‍ഹാവീ ലില്‍ ഫതാവാ: 1/87).

ഇഖാമത്തില്‍ പൊതുവെ കലിമതുകള്‍ ഒരു തവണ മാത്രവും അതേസമയം വാങ്കില്‍ കലിമതുകള്‍ രണ്ട് തവണ ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇഖാമത്തില്‍ ‘ഖദ് ഖാമതിസ്സ്വലാ’ എന്നത് രണ്ട് തവണ കൊണ്ടുവരുന്നതിന്‍റെ യുക്തിയെന്താണ്?



ഇമാം നവവി(റ) പറയുന്നു: നിസ്കാരത്തിനു വേണ്ടി സന്നിഹിതരായവര്‍ക്ക് വേണ്ടിയാണ് ഇഖാമത്ത് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ആവര്‍ത്തനത്തിന്‍റെ ആവശ്യമില്ല. സ്ഥലത്തില്ലാത്തവരെക്കൂടി അറിയിക്കാന്‍ വേണ്ടിയാണ് വാങ്ക് വിളിക്കുന്നതെന്നതിനാല്‍ അതില്‍ ആവര്‍ത്തനം ആവശ്യമാണ്. ഇതാണ് ഇഖാമത്തിന്‍റെ കലിമതുകള്‍ (വാചകങ്ങള്‍) ഒരു തവണ മാത്രവും വാങ്കിന്‍റെ കലിമതുകള്‍ രണ്ട് തവണ ആവര്‍ത്തിക്കാനുമുള്ള കാരണം.

പണ്ഡിതന്മാര്‍ പറഞ്ഞു: വാങ്കിന്‍റെ ശബ്ദത്തേക്കാള്‍ താഴ്ത്തിയാണ് ഇഖാമത്ത് നിര്‍വഹിക്കേണ്ടത്. നിസ്കാരത്തിലേക്ക് എഴുന്നേറ്റ് നില്‍ക്കലാണ് ഇഖാമത്തിന്‍റെ മുഖ്യലക്ഷ്യമെന്നത് കൊണ്ടാണ് ‘ഖദ് ഖാമതിസ്സ്വലാ’ എന്ന വാചകം പ്രത്യേകമായി ഇഖാമത്തില്‍ ആവര്‍ത്തിക്കുന്നത് (ശറഹുന്നവവി അലാ സ്വഹീഹില്‍ മുസ്ലിം: 2/300).

വാങ്ക് കൊടുക്കാന്‍ രണ്ടു പേരുണ്ട്. ഒരാളുടേത് നല്ല ശബ്ദമാണ്. പക്ഷേ അയാള്‍ വാങ്ക് കൊടുക്കുന്നതിന് പണം ആവശ്യപ്പെടുന്നു. രണ്ടാമത്തെ വ്യക്തിയുടെ ശബ്ദം നല്ലതല്ലെങ്കിലും പണം വേണ്ട. ഇവരില്‍ ആരെയാണ് മുഅദ്ദിനാക്കേണ്ടത്?



നല്ല ശബ്ദമുണ്ടാവുക എന്നത് അനിവാര്യവും ശറഇല്‍ തേടപ്പെടുന്നതുമായ കാര്യമാണ്. അതുകൊണ്ട് തന്നെ നല്ല ശബ്ദമുള്ള വ്യക്തി പ്രതിഫലം ആവശ്യപ്പെട്ടാലും അതു നല്‍കി ശബ്ദമാധുര്യമുള്ളയാളെ തന്നെയാണ് മുഅദ്ദിനായി നിയമിക്കേണ്ടത്. ഇക്കാര്യം ഇമാം നവവി(റ) ഇബ്നു ശുറൈഹ്(റ)വിനെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട് (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/298).

ഇഖാമത്തു കൊടുക്കുമ്പോൾ എപ്പോഴാണ് നിസ്‌കാരത്തിൽ പ്രവേശിക്കാൻ എഴുന്നേൽക്കേണ്ടത്



ഇഖാമത്ത് പൂര്‍ണമായും കഴിഞ്ഞതിന് ശേഷം എഴുന്നേറ്റ് നില്‍ക്കലാണ് സുന്നത്ത്, മറിച്ച് ‘ഖദ്ഖാമതിസ്സ്വലാ’ എന്ന് കേള്‍ക്കുമ്പോഴല്ല. കാരണം നിസ്കാരത്തില്‍ പ്രവേശിക്കേണ്ടത് ഇഖാമത്ത് കഴിഞ്ഞ ശേഷമാണ്. അതിന്‍റെ മുമ്പ് അവന്‍ ഇഖാമത്തിന് ജവാബ് (പ്രത്യുത്തരം) നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഇഖാമത്ത് കഴിയുന്നത് വരെ ഇരുന്നാല്‍ ഇമാമിന്‍റെ കൂടെ തക്ബീറതുല്‍ ഇഹ്റാം ചെയ്യുന്നതിന്‍റെ ശ്രേഷ്ഠത (ഇമാം തക്ബീറതുല്‍ ഇഹ്റാം കെട്ടിയ ഉടനെ തക്ബീറതുല്‍ ഇഹ്റാം നിര്‍വഹിക്കുക) നഷ്ടപ്പെടുമെന്ന് ഒരാള്‍ ഭയന്നാല്‍, എപ്പോള്‍ എഴുന്നേറ്റാലാണ് അവന് തക്ബീറതുല്‍ ഇഹ്റാം ഇമാമിന്‍റെ കൂടെ ലഭിക്കുക ആ സമയത്ത് എഴുന്നേല്‍ക്കലാണ് ഇങ്ങനെ അവര്‍ക്ക് ശ്രേഷ്ഠമായത്.

ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: ഇമാമിനോട് തുടര്‍ന്ന് നിസ്കരിക്കാനുദ്ദേശിക്കുന്നയാള്‍ക്ക് മുഅദ്ദിന്‍ ഇഖാമത്തില്‍ നിന്ന് പൂര്‍ണമായി വിരമിക്കുന്നത് വരെ എഴുന്നേല്‍ക്കല്‍ സുന്നത്തില്ല. അതായത്, ഇഖാമത്ത് കൊടുക്കുമ്പോള്‍ ഇരിക്കുകയാണെങ്കില്‍ അയാള്‍ക്ക് ഇഖാമത്ത് പൂര്‍ണമായി കഴിയുന്നത് വരെ നില്‍ക്കല്‍ സുന്നത്തില്ല. എന്നാല്‍ ഇരുന്ന് നിസ്കരിക്കാന്‍ ഉദ്ദേശിച്ച ഒരാള്‍, അദ്ദേഹം കിടക്കുന്ന അവസ്ഥയിലാണ് ഇഖാമത്ത് കൊടുത്തതെങ്കില്‍ ഇഖാമത്ത് കഴിയുന്നത് വരെ ഇരിക്കലും സുന്നത്തില്ല.

ഇഖാമത്ത് പൂര്‍ണമായും കഴിയുന്നതിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കല്‍ സുന്നത്തില്ല എന്ന് പറയാന്‍ കാരണം ഇഖാമത്ത് കഴിഞ്ഞാണ് നിസ്കാരത്തില്‍ പ്രവേശിക്കേണ്ട സമയമെന്നതു കൊണ്ടാണ്. ഇഖാമത്ത് കൊടുക്കുന്ന സമയത്ത് അതിന് ജവാബ് നല്‍കുകയാണ് വേണ്ടത്. സാവധാനം മാത്രം എഴുന്നേല്‍ക്കാന്‍ കഴിയുന്ന ഒരാള്‍ ഇഖാമത്ത് കഴിയുന്നത് വരെ കാത്തുനിന്നാല്‍ ഇമാമിനോടൊപ്പമുള്ള തക്ബീറതുല്‍ ഇഹ്റാമിന്‍റെ ശ്രേഷ്ഠത നഷ്ടപ്പെടുമെന്നു കണ്ടാല്‍ എപ്പോള്‍ എഴുന്നേറ്റാലാണോ തക്ബീറതുല്‍ ഇഹ്റാം ഇമാമിനോടൊപ്പം ലഭിക്കുക ആ സമയത്താണ് നില്‍ക്കേണ്ടത്.

ഇഖാമത്തിന്‍റെ സുന്നത്തുകളില്‍ കഴിവുള്ളവര്‍ നില്‍ക്കുക എന്ന് കാണാം. അത്കൊണ്ട് തന്നെ ഇഖാമത്ത് കൊടുക്കുന്നയാള്‍ അതിന്‍റെ മുമ്പ് തന്നെ എഴുന്നേല്‍ക്കല്‍ സുന്നത്താണ്. ഇഖാമത്ത് കൊടുക്കുന്ന സമയത്തോ ഇഖാമത്ത് കൊടുക്കാനടുത്ത സമയത്തോ പ്രവേശിച്ചയാള്‍ക്ക് നിര്‍ത്തത്തില്‍ തുടരല്‍ തന്നെയാണ് നല്ലത്. കാരണം നിസ്കാരം നിര്‍വഹിക്കാതെ ഇരിക്കലും ആ സമയത്ത് സുന്നത്ത് നിസ്കരിക്കലും കറാഹത്താണല്ലോ. ഒരാള്‍ ഇഖാമത്ത് കൊടുക്കുന്ന വേളയില്‍ നില്‍ക്കുകയാണെങ്കില്‍ അയാള്‍ക്ക് ഇരുന്ന് എഴുന്നേല്‍ക്കല്‍ സുന്നത്തില്ല. അവന്‍ പൂര്‍ണമായും ഇഖാമത്തിന് ജവാബ് നല്‍കുകയാണു വേണ്ടത്. അപ്പോള്‍ അവന്‍ ഇരുത്തത്തിലുള്ളയാള്‍ എഴുന്നേല്‍ക്കുന്നത് പോലെതന്നെയാണ് (തുഹ്ഫതുല്‍ മുഹ്താജ്: 2/350).

ഇമാം ശര്‍വാനി(റ) പറയുന്നു: മഅ്മൂം ദൂരത്താവുകയും അവന്‍ ഒന്നാമത്തെ സ്വഫ് ഉദ്ദേശിക്കുകയും ചെയ്യുക. അവന്‍ ഇഖാമത്ത് കഴിയുന്നത് വരെ പ്രതീക്ഷിച്ചു നിന്നാല്‍ ഇഖാമത്തിന് ശേഷം നിസ്കരിക്കുന്ന സ്ഥലത്തേക്ക് പോയാല്‍ അവന് തക്ബീറതുല്‍ ഇഹ്റാം ഇമാമിനോടൊപ്പമാകുന്നതിന്‍റെ ശ്രേഷ്ഠത നഷ്ടപ്പെടും. ഇങ്ങനെയുള്ള ഒരാള്‍ക്കും സാവധാനം മാത്രം എഴുന്നേല്‍ക്കാന്‍ പറ്റുന്നവരുടെ വിധിതന്നെയാണ് (ഹാശിയതുശ്ശര്‍വാനി: 2/350).

ഒന്നാം ജമാഅത്തിന് ശേഷം മറ്റൊരു ജമാഅത്ത് നിര്‍വഹിക്കുമ്പോള്‍ കൊടുക്കുന്ന വാങ്കില്‍ ശബ്ദം ഉയര്‍ത്തല്‍ സുന്നത്തുണ്ടോ?



ഒന്നാം ജമാഅത്ത് നിസ്കാരം കഴിഞ്ഞുള്ള ജമാഅത്ത് നിസ്കാരത്തിന് വന്നവരെ കേള്‍പ്പിക്കുന്ന വിധത്തില്‍ വാങ്കിന്‍റെ ശബ്ദമുയര്‍ത്തിയാല്‍ മതി. നിസ്കരിക്കാന്‍ വേണ്ടി അവിടെ ഒരുമിച്ചുകൂടിയ ആളുകള്‍ കേള്‍ക്കാനാവശ്യമായതിനേക്കാള്‍ രണ്ടാം ജമാഅത്തിനു വേണ്ടി കൊടുക്കുന്ന വാങ്കില്‍ ശബ്ദമുയര്‍ത്തരുതെന്ന് ഖല്‍യൂബിയില്‍ കാണാം (ഹാശിയതുല്‍ ഖല്‍യൂബി: 1/126).

രണ്ടാം ജമാഅത്തിനു വേണ്ടി കൊടുക്കുന്ന വാങ്കില്‍ ശബ്ദം ഉയര്‍ത്തലിന്‍റെ അളവ് ആ ജമാഅത്തിനു വേണ്ടി ഹാജറാകുന്ന ആളുകളുടെ എണ്ണമനുസരിച്ച് വ്യത്യാസപ്പെടുമെന്ന് ഇതില്‍ നിന്നു വ്യക്തം. 

നഷ്ടപ്പെട്ട നിസ്കാരത്തിന്റെ എണ്ണത്തിൽ സംശയിച്ചാൽ


മഹാനായ ഇബ്നുഹജർ (റ) തുഹ്ഫയിൽ പറഞ്ഞു: ഒരാൾ തനിക്കു നഷ്ടപ്പെട്ട നിസ്കാരത്തിന്റെ അളവിൽ സംശയിച്ചാൽ അവൻ നിർവഹിച്ചു എന്ന് ഉറപ്പില്ലാത്ത സകല നിസ്കാരവും കൊണ്ടുവരൽ നിർബന്ധമാണ്. നിസ്കാരത്തിന്റെ വിധി തന്നെയാണ് നോമ്പിന്റെതും."

ഇബ്നുഹജർ(റ) ഈആബ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: "ഒരാൾക്ക് ഒരു കാര്യം നിർബന്ധമാവുകയും അത് നിർവഹിച്ചോ ഇല്ലേ എന്ന് സംശയിക്കുകയും ചെയ്താൽ ബാധ്യത തീർത്തു എന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടി അത് നിർവ്വഹിക്കൽ അയാൾക്ക് നിർബന്ധമാണ്." ഇതാണ് ഈ വിഷയത്തിലുള്ള പൊതുവായ മാനദണ്ഡം.  അപ്പോൾ നിർവഹിച്ചു എന്ന് ഉറപ്പു കൊണ്ടു മാത്രമേ അവൻ  ബാധ്യതയിൽ നിന്ന്  ഒഴിവാകുകയുള്ളൂ.

(ശ്രദ്ധേയ ഫത്‌വകൾ: കോടമ്പുഴ ബാവ മുസ്‌ലിയാർ)

നഷ്ടപ്പെട്ടത് പ്രായപൂർത്തിയാകുന്നതിനു മുമ്പോ ശേഷമോ എന്ന് സംശയിച്ചാൽ



ഒരാൾ തനിക്കു നഷ്ടപ്പെട്ട നോമ്പ് അല്ലെങ്കിൽ നിസ്കാരം അത് പ്രായപൂർത്തിക്കു മുമ്പോ ശേഷമോ എന്ന് സംശയിച്ചാൽ അവന് ഒന്നും നിർബന്ധമില്ല. ഒരു കാര്യം തനിക്ക് നിർബന്ധമായിട്ടുണ്ടോ ഇല്ലേ എന്ന് സംശയിച്ചാൽ അത് അവന് നിർബന്ധമാവുകയില്ല. കാരണം ബാധ്യത ഇല്ലാതിരിക്കുക എന്നതാണ് അടിസ്ഥാനം.

(ശ്രദ്ധേയ ഫത്‌വകൾ:  കോടമ്പുഴ ബാവ മുസ്‌ലിയാർ) 

Saturday 28 March 2020

ഒറ്റയ്ക്കോ , ജമാഅത്തായോ പിന്തി നിസ്‌ക്കരിക്കുമ്പോൾ ബാങ്കോ ഇഖാമത്തോ ഉത്തമം



സമയപരിധി കൊണ്ടോ മറ്റു വല്ല കാരണം കൊണ്ടോ ബാങ്ക്, ഇഖാമത്ത് ഇവയിൽ ഒന്നു മാത്രം നിർവഹിക്കാൻ ഉദ്ദേശിച്ചാൽ ബാങ്കാണ് ഉത്തമം. ബാങ്കിനുള്ള കൽപ്പനകൾ കൂടുതലായി ഹദീസിൽ വന്നതാണ് കാരണം. -മുഹമ്മദ് ഖതീബ് ശർബീനി.

(പ്രശ്നങ്ങൾ പ്രതിവിധികൾ: കോടമ്പുഴ ബാവ മുസ്‌ലിയാർ)

ഫർളു നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠം ഏതു നിസ്‌ക്കാരത്തിനാണ്



അസർ നിസ്കാരമാണ് അഞ്ചു നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത്. അതാണ് വുസ്താ നിസ്കാരം. രണ്ടാം സ്ഥാനം സുബഹിക്കും മൂന്നാം സ്ഥാനം ഇശാഇനും നാലാം സ്ഥാനം ളുഹറിനും അഞ്ചാം സ്ഥാനം മഗ്രിബിനും ആണ്.

(അത്യുത്തമ കർമ്മങ്ങൾ: ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)

ഫർളു നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ജമാഅത്ത് ഏതാണ്




ഫർളുനിസ്കാരങ്ങളിൽ ജമാഅത്തിന്റെ ശ്രേഷ്ഠത താഴെ പറയുന്ന ക്രമത്തിലാണ്.

ഒന്നാം സ്ഥാനം  ജുമുഅയിലെ ജമാഅത്തിനാണ്.
രണ്ടാം സ്ഥാനം  വെള്ളിയാഴ്ച  സുബ്ഹിയിലെ ജമാഅത്തിനും
മൂന്നാം സ്ഥാനം മറ്റു ദിവസങ്ങളിലെ സുബ്ഹിയുടെ ജമാഅത്തിനും,
നാലാം സ്ഥാനം ഇശാഇലെ ജമാഅത്തിനും
അഞ്ചാം സ്ഥാനം അസറിലെ ജമാഅത്തിനും
ആറാം സ്ഥാനം ളുഹ്റിലെ ജമാഅത്തിനും
ഏഴാം സ്ഥാനം മഗ്‌രിബിലെ ജമാഅത്തിനുമാണ്.

(അത്യുത്തമ കർമ്മങ്ങൾ: ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)

ബാങ്ക് വിളിക്കുമ്പോൾ ചെവിക്കുഴികളിൽ വിരലുകൾ വെക്കൽ



ബാങ്ക് വിളിക്കുമ്പോൾ ചെവിക്കുഴികളിൽ ചൂണ്ട് വിരലുകൾ വെക്കുന്നത് സുന്നത്താണ്. ശബ്ദോയർച്ചയാണ് ഇപ്രകാരം കർണ്ണത്തിൽ വിരലുകൾ വെക്കുന്നതിനു പണ്ഡിതന്മാർ പറഞ്ഞ കാരണം. അതിന്റെ താൽപര്യം പരിഗണിക്കുമ്പോൾ സ്വന്തത്തിനു വേണ്ടി ശബ്ദം താഴ്ത്തി ബാങ്ക് വിളിക്കുന്നവൻ ചെവിയിൽ വിരൽ വെക്കൽ സുന്നത്തില്ല.

(പ്രശ്നങ്ങൾ പ്രതിവിധികൾ: ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)

കരിങ്കുരങ് രസായനം ഉപയോഗിക്കുന്നതിന്റെ വിധി എന്താണ്



പേര് കരിങ്കുരങ് രസായനം എന്നാണെങ്കിലും എത്രത്തോളം അതിന്റെ അംശം അതിൽ ചേർത്തിട്ടുണ്ട് എന്നത് നമുക്കറിയില്ല .

ഇനി കരിങ്കുരങ്ങിനെ ചേർത്തിട്ടുണ്ടെങ്കിൽ അത് നജസാണ്. ഇത് പോലെ ഇന്ന് പ്രചാരത്തിലുള്ള പല ഔഷധങ്ങളിലും നജസ് ചേർക്കുന്നുണ്ട്. മദ്യമല്ലാത്ത മറ്റു നജസുകൾ കൊണ്ട് രോഗത്തിന് ചികിൽസിക്കാവുന്നതാണ്.

ഉപയോഗിക്കുന്നവരുടെ ചികിത്സയിലുള്ള പരിചയം കൊണ്ടോ അല്ലെങ്കിൽ ചികിത്സയിൽ നീതിമാനായ വൈദ്യൻ പറഞ്ഞത് കൊണ്ടോ തന്റെ രോഗത്തിന് ഈ മരുന്ന് കൊണ്ട് പ്രയോജനം ലഭിക്കുമെന്ന് അറിയുകയും നജസല്ലാത്ത മറ്റു മരുന്നുകൾ ഈ രോഗത്തിന് ഫലപ്രദമല്ലാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ നജസുകൊണ്ടു ചികില്സിക്കാവു. (തുഹ്ഫ 9-170)

ബാങ്കിൽ മുഖം തിരിക്കൽ അനിവാര്യമോ



ബാങ്കിൽ രണ്ടു ഹൈഅല: യിലും വലത്തോട്ടും ഇടത്തോട്ടും മുഖം തിരിക്കൽ സുന്നത്താണ്. ഖുതുബയുടെ ബാങ്കിൽ അത് സുന്നത്താണെന്ന കാര്യത്തിൽ അഭിപ്രായാന്തരമില്ല. സ്വന്തത്തിനു വേണ്ടി പതുക്കെ ബാങ്കു കൊടുക്കുന്നവനാണെങ്കിലും ഈ തിരിഞ്ഞുനോട്ടം സുന്നത്താണ്.

(പ്രശ്നങ്ങൾ പ്രതിവിധികൾ: ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)
 


കേൾക്കാത്ത ബാങ്കിനും മറുപടി പറയണോ



ഒരാൾ ബാങ്കിന്റെ ചില ഭാഗങ്ങൾ കേൾക്കുകയും മറ്റുചില ഭാഗങ്ങൾ കേൾകാതിരിക്കുകയും ചെയ്താൽ കേട്ടതിനു മാത്രം ഇജാബത്ത് (മറുപടി) നൽകിയാൽ മതിയാവില്ല. കേട്ടതിനും കേൾക്കാത്തതിനും ഇജാബത്ത് ചെയ്യണം.

(പ്രശ്നങ്ങൾ പ്രതിവിധികൾ: ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)

ബാങ്കോ ഇമാമത്തോ കൂടുതൽ ശ്രേഷ്ഠം




ബാങ്കും ഇഖാമത്തും ഒരാൾ തന്നെ നിർവഹിക്കുന്നുവെങ്കിൽ അതാണ് ഇമാമത്ത് നിന്ന് ജമാഅത്തിന് നേതൃത്വം നൽകുന്നതിനേക്കാൾ ശ്രേഷ്ഠം. അവ രണ്ടിലൊന്നു മാത്രം നിർവഹിക്കുന്നുവെങ്കിൽ അതിനേക്കാൾ ശ്രേഷ്ഠം ഇമാമത്ത് തന്നെയാണ് എന്ന കാര്യത്തിൽ അഭിപ്രായാന്തരമില്ല. (തുഹ്ഫ & ശർവാനി 1/473, ഫത്ഹുൽമുഈൻ & ഇആനത്ത് 1/239)


(അത്യുത്തമ കർമ്മങ്ങൾ: ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)



ബാങ്ക് കൊടുക്കുന്നതിനിടയിൽ വുളു മുറിഞ്ഞാൽ എന്താണ് മതവിധി



വുളു ഇല്ലാത്തവന് ബാങ്കും ഇഖാമത്തും കറാഹത്താണ്.  വുളു ഉള്ളവനല്ലാതെ ബാങ്ക് വിളിക്കരുത് എന്ന ഇമാം തുർമുദിയുടെ ഹദീസാണ് അതിന് തെളിവ്. പക്ഷേ, ബാങ്കിനിടയിൽ അവന് അശുദ്ധി ഉണ്ടായാൽ അത് പൂർത്തീകരിക്കുന്നതാണ് സുന്നത്ത്. [തുഹ്ഫ-1/472]

എന്നാൽ, ബാങ്ക്, ഇഖാമത്ത് ഒഴികെയുള്ള മറ്റു ദിക്റുകൾ ഒന്നും തന്നെ വുളു ഇല്ലാത്തവന് കറാഹത്തില്ല. കാരണം ദിക്റുകളിൽ ഏറ്റവും ശ്രേഷ്ഠമായ വിശുദ്ധ ഖുർആൻ തന്നെ അവന് കറാഹത്തില്ല. അപ്പോൾ മറ്റുള്ള ദിക്റുകൾ കറാഹത്തില്ലാതിരിക്കുന്നതിന് ഏറ്റവും ബന്ധപ്പെട്ടവയാണ്.[ശർവാനി-1/472]


(ശ്രദ്ധേയ ഫത്‌വകൾ: ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)

വിള്ളലിനു വാസ്‍ലിന്‍ ഉപയോഗിക്കുന്നുണ്ട്. വുദൂ ചെയ്യുന്ന അവസരത്തില്‍ അത് കഴുകിയിട്ടും അതിന്‍റെ എണ്ണമയം പോകുന്നില്ല. എന്ത് ചെയ്യണം.



വെള്ളം ചേരുന്നത് തടയുന്ന തടി വുദൂഇന്‍റെ അവയവങ്ങളിലില്ലാതിരിക്കലാണ് വുദൂ ശരിയാവാനുള്ള നിബന്ധന. എണ്ണ പോലോത്തതിന്‍റെ കൊഴുപ്പ് ശരീരത്തിലുള്ളത് വുദൂഇന്‍റെ സാധുതയെ ബാധിക്കില്ല. അതിനാല്‍ വാസ്‍ലിന്‍റെ തടി മാത്രം നീക്കിയാല്‍ മതി. അതിന്‍റെ എണ്ണമയം നീക്കിയിട്ടില്ലെങ്കിലും വുദൂ ശരിയാവുന്നതാണ്. എണ്ണമയമുള്ള കാരണത്താല്‍ വെള്ളം അവയവത്തില്‍ പിടിച്ച് നില്‍കുന്നില്ലെങ്കിലും വുദു ശരിയാവുന്നതാണ്.


( و رابعها ( أن لا يكون على العضو حائل ) بين الماء والمغسول ( كنورة ) وشمع ودهن جامد وعين حبر وحناء بخلاف دهن جار أي مائع وإن لم يثبت الماء عليه وأثر حبر وحناء

വുദൂഇന്‍റെ അവയവത്തില്‍  മെഴുക് ഉറച്ച എണ്ണ മൈലാഞ്ചി മഷി എന്നിവയുടെ തടി പോലോത്ത വെള്ളത്തെ തടയുന്ന വസ്തുക്കള്‍ ഇല്ലാതിരിക്കണം. ഉറച്ചതല്ലാത്ത ദ്രാവക രൂപത്തിലുള്ള എണ്ണ മഷി മൈലാഞ്ചി എന്നിവയുടെ നിറം എന്നിവ പ്രശ്നമില്ല. എണ്ണ കാരണം വെള്ളം അവയവത്തില്‍ പിടിച്ച് നില്‍കുന്നില്ലെങ്കിലും അതു തന്നെയാണ് വിധി. (ഫത്ഹുല്‍ മുഈന്‍)

വൈറ്റ് ഗോൾഡ് ആണുങ്ങൾക്ക് ഇടാൻ പറ്റുമോ?



വൈറ്റ് ഗോൾഡ് എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സാദാ സ്വർണ്ണത്തിൽ വെള്ളിയോ നിക്കലോ സിങ്കോ പ്ലാറ്റിനമോ ഒരു പ്രത്യേക അളവിൽ ചേർത്തോ മറ്റോ അതിന്റെ കളർ മാറ്റുന്നതാണെങ്കിൽ അത് ധരിക്കൽ പുരുഷന്മാർക്ക് ഹറാമാണ്, സ്ത്രീകൾക്ക് ഹലാലുമാണ്. എന്നാൽ സ്വർണ്ണം കലരാത്ത പ്ലാറ്റിനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സ്വർണ്ണത്തേക്കാൾ വിലപിടിപ്പുള്ളതാണെങ്കിലും അത് ധരിക്കൽ പുരുഷനും സ്ത്രീക്കും അനുവദനീയമാണ്(തുഹ്ഫ)   

ആർത്തവ സമയത്തു മുട്ട് പൊക്കിളിനിടയിൽ സംയോഗം ഒഴിച്ച ചുംബിക്കുകയോ മറ്റോ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?



ആർത്തവ സമയത്ത് സംയോഗം പോലെത്തന്നെ മുട്ടു പൊക്കിളിനിടയിൽ മറയില്ലാതെ നേരിട്ട് ചുംബിക്കുക തുടങ്ങിയ മറ്റു സുഖാസ്വാദനങ്ങൾ നടത്തൽ  (വികാരത്തോടെയാണെങ്കിലും അല്ലെങ്കിലും) ഹറാമാണ്. മറയോട് കൂടെയാണെങ്കിൽ സംയോഗമല്ലാത്ത മറ്റു സുഖാസ്വാദനങ്ങൾ അനുവദനീയമാണ്. എന്നാൽ അങ്ങനെ ചെയ്യുന്ന പക്ഷം വികാരം നിയന്ത്രിക്കാൻ കഴിയാതെ ലൈംഗിക ബന്ധത്തിലേക്ക് അത് നയിക്കുമെങ്കിൽ അത്തരക്കാർക്ക് അതും ഹറാമാണ്.  (തുഹ്ഫ, നിഹായ, കുർദി)

നിസ്‌കാര ശേഷമുള്ള കൂട്ടുപ്രാർത്ഥന അനുവദനീയമാണോ



ഇമാം നവവി (റ) പറയുന്നു: നിസ്കാര ശേഷം ഇമാമിനും മഅ്മൂമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ദിക്റും ദുആഉം സുന്നത്താണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. ഇമാമിന് സുബ്ഹിയുടേയും അസ്വറിന്റേയും ശേഷം മാത്രമേ ദുആഅ് സുന്നത്തുള്ളൂ മറ്റു നിസ്കാരങ്ങളിൽ അങ്ങനെയില്ലായെന്ന ധാരണക്ക് അടിസ്ഥാനമില്ല. യഥാർത്ഥത്തിൽ എല്ലാ നിസ്കാര ശേഷവും ഇമാമിന് പ്രാർത്ഥന സുന്നത്താണ്. അങ്ങനെ ഇമാം പ്രാർത്ഥിക്കുമ്പോൾ ജനങ്ങൾക്ക് അഭിമുഖമായിട്ടായിരിക്കലും സുന്നത്താണ് ( ശറഹുൽ മുഹദ്ദബ്).


നബി (സ്വ) അരുൾ ചെയ്തു: ഇമാം മഅ്മൂമീങ്ങളെ ഉൾപ്പെടുത്താതെ സ്വന്തത്തിന് വേണ്ടി ദുആ ചെയ്താൽ അവൻ അവരെ വഞ്ചിച്ചവനാണ് (ഇബ്നു മാജ്ജഃ). ഈ ഹദീസിൽ ഉദ്ദേശിക്കപ്പെടുന്നത് ഇമാം നിസ്കാരത്തിലും നിസ്കാരത്തിന് ശേഷവും ദുആ ചെയ്യുമ്പോൾ എന്നാണ്. അതിനാൽ നിസ്കാരത്തിന് ശേഷം മഅ്മൂമീങ്ങളെ കൂടി ഉൾപ്പെടുത്തി ബഹുവചനത്തോടെ ഖുആനിലും ഹദീസിലും വന്ന ദുആകൾ കൊണ്ട് ഇമാം പ്രാർത്ഥിക്കണമെന്ന് ഇമാം ഇബ്നുൽ ജൌസി (റ) വ്യക്തമാക്കുന്നു (അൽഹിസ്നുൽ ഹസ്വീൻ)


അബ്ദുല്ലാഹി ബിനു ഉമർ (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ്വ) സ്വുബ്ഹ് നിസ്കാര ശേഷം മഅ്മൂമീങ്ങളിലേക്ക് തിരിഞ്ഞിട്ട്  اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا എന്ന് (അവരെക്കൂടി ഉൾപ്പെടുത്തി ബഹുവചനം കൊണ്ട്) ദുആ ചെയ്തു(ത്വബ്റാനി). ചുരുക്കത്തിൽ നിസ്കാര ശേഷമുള്ള കുൂട്ടു പ്രാർത്ഥന പുതുമയുള്ളതോ ബിദ്അത്തോ അല്ല.

പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്ത സ്ഥലത്തിനപ്പുറമുള്ള മുസ്ലിമായ വീടുകളിലേക്ക് വഴി ഇല്ലാത്തതിനാൽ ഈ വഖ്ഫ് ചെയ്ത വഴി അത്യാവശ്യ സമയത്തു അവർക്കു ഉപയോഗിക്കാമോ...?



ചോദ്യത്തിൽ പറയപ്പെട്ടത് പ്രകാരം പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്ത സ്ഥലത്തു കൂടി അത്യാവശ്യ ഘട്ടങ്ങളിൽ നടന്നു പോകാം. (റൌള)



നിസ്കാരത്തിൽ അടിവസ്ത്രം ഉപയോഗിക്കുന്നതിന്റെ വിധി എന്താണ്?



ഇടത്തരം നോട്ടം നോക്കുമ്പോൾ നിസ്കരിക്കുന്നവന്റെ തൊലിയുടെ നിറം കാണാത്ത തരത്തിലുള്ള ഏതെങ്കിലും വസ്തു കൊണ്ട് ഔറത്ത് മറക്കൽ നിർബ്ബന്ധമാണ് (തുഹ്ഫ, ഫത്ഹുൽ മുഈൻ, ശർവാനി, ഇആനത്ത്). അഥവാ നിസ്കരിക്കുന്നവൻ അടിവസ്ത്രം ധരിച്ചോ ഇല്ലയോ എന്നല്ല പ്രധാനം, പ്രത്യുത അവന്റെ ഔറത്തായ സ്ഥലത്തെ തൊലി കാണുന്നതിനെ തടയുന്ന ഏതെങ്കിലും ഒരു വസ്തു കൊണ്ട് ഔറത്ത് പൂർണ്ണമായി മറച്ചോ എന്നതാണ്.

നിസ്കാരത്തിൽ തൊണ്ട അനക്കുന്നതിന്‍റെ വിധി എന്ത്? അതുകൊണ്ട് നിസ്കാരം ബാത്വിലാകുമോ? ഇമാം ആണ് ചെയ്യുന്നതെങ്കിൽ അദ്ദേഹത്തെ തുടരാന്‍ പറ്റുമോ? കടുത്ത തൊണ്ട വേദന കൊണ്ടോ മറ്റോ ആണ് തൊണ്ട അനക്കം ഉണ്ടാകുന്നത് എങ്കിൽ അതിന്‍റെ വിധി എന്താണ്?




തൊണ്ട അനക്കം കൊണ്ട് രണ്ടക്ഷരമോ അര്‍ത്ഥമുള്ള ഒരക്ഷരമോ വെളിവായാല്‍ നിസ്കാരം ബാത്വിലാകുമെന്നാണ് പ്രബലമായ അഭിപ്രായം. എന്നാല്‍ സാധാരക്കാര്‍ക്ക് തൊണ്ടയനക്കല്‍ നിസ്കാരം ബാത്വിലാകുന്ന കാര്യമാണെന്ന അറിവില്ലായ്മ മൂലം സംഭവിക്കുന്നതിന് വിട്ടുവീഴ്ചയുണ്ടെന്ന് (തുഹ്ഫ 2/153)ല്‍ കാണാം.


രണ്ടക്ഷരമോ അതില്‍കൂടുതലോ അല്ലെങ്കില്‍ അര്‍ത്ഥമുള്ള ഒരക്ഷരമോ വെളിവാകുന്ന രീതിയിലുള്ള ഒച്ചയനക്കല്‍മൂലമാണ് നിസ്കാരം ബാത്വലാവുക. അക്ഷരങ്ങള്‍ വെളവാകാത്ത തരത്തിലുള്ള വെറുമൊരു ശബ്ദം മാത്രമേ സംഭവിച്ചുള്ളൂവെങ്കില്‍ അതിന് പരിഗണനയില്ല. അതുകൊണ്ട് നിസ്കാരം ബാത്വിലാവുകയില്ല (ശര്‍വാനീ 2/153).


നിര്‍ബന്ധിതസാഹചര്യത്തില്‍ ഉണ്ടാകുന്ന ഒച്ചയനക്കല്‍, ചുമ, തുമ്മല്‍ പോലോത്തവ കൊണ്ട് ഒന്നിലധികം അക്ഷരങ്ങള്‍ വെളിവായാലും അതിന് വിട്ടുവീഴ്ചയുണ്ട് (തുഹ്ഫ 2-154). എന്നാല്‍ സാധാരണഗതിയില്‍ അത് വളരെ കൂടുതലായെന്ന് പറയപ്പെടാത്ത വിധമായിരിക്കണം.


ഇമാം തൊണ്ടയനക്കുകയും രണ്ടക്ഷരം വെളിവാവുകയും ചെയ്താല്‍ ആ ഇമാമിനെ വേര്‍പിരിഞ്ഞുനിസ്കരിക്കേണ്ടതില്ല. കാരണം ഇമാമിന് വിട്ടുവീഴ്ച്ച ഉണ്ടാവാന്‍ സാധ്യതയുണ്ടല്ലോ. ഇമാമിന്‍റെ സാഹചര്യഅടയാളങ്ങള്‍ അവന് ഒരു വിട്ടുവീഴ്ചയുമെല്ലന്ന് അറിയിച്ചാല്‍ ആ ഇമാമിനെ വേര്‍പിരിഞ്ഞു നിസ്കരിക്കല്‍ നിര്‍ബന്ധമവുമാണ് (തുഹ്ഫ 2-154)


ഒച്ചയനക്കിയാലല്ലാതെ നിര്‍ബന്ധമായ ഖിറാഅതോ നിര്‍ബന്ധമായ ദിക്റുകളോ ചൊല്ലാന്‍ കഴിയാതെ വന്നാലും വിട്ടുവീഴ്ചയുണ്ട്. എന്നാല്‍ സുന്നത്തായ ദിക്റുകള്‍ ചൊല്ലാന്‍ വേണ്ടിയോ നിര്‍ബന്ധമായവതന്നെ ശബ്ദമുയര്‍ത്തി ഉറക്കെ ചൊല്ലാന്‍ വേണ്ടിയോ ഒച്ചയനക്കിയാല്‍ നിസ്കാരം ബാത്വിലാകുന്നതാണ്. (തുഹ്ഫ 2-155)


മറുപടി നൽകിയത് :  മുബാറക് ഹുദവി അങ്ങാടിപ്പുറം

പെൺകുട്ടികൾ പ്രായപൂർത്തി ആയാൽ ,കുടുംബത്തിലെ എല്ലാവരെയും അയൽവാസികളേയും ക്ഷണിച്ചു കൊണ്ട് ഫങ്ക്ഷൻ നടത്തുന്നുണ്ട് ഇതിന്റെ ഇസ്ലാമിക വിധി എന്താണ്.

 

പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന സമയത്ത് ആളുകളെ ക്ഷണിച്ചു വരുത്തി സൽക്കരിച്ച്  ആഘോഷിക്കുന്നത് നിർബ്ബന്ധമോ സുന്നത്തോ ആയ ഒരു ആരാധനയോ ആചാരമോ ആണെന്ന് പറയാൻ ഉതകുന്ന തെളിവുകളൊന്നും കാണപ്പെടുന്നില്ല. എന്നാൽ പെൺകുട്ടികൾ അവരുടെ ജീവിതത്തിലെ പ്രകൃതിപരമായ വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയും ആദ്യമായി ഒരു പ്രത്യേക രീതിയിൽ ശാരീരികമായും മാനസികമായും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്ന ആ ദിവസത്തിൽ അവരെ സന്തോഷിപ്പിക്കുവാനും അരുടെ ശാരീരിക വേദനയും മാനസിക വ്യഥയും കുറക്കുവാനും അവരിൽ ആത്മ വിശ്വാസവും ഉത്തരവാദിത്ത ബോധവും വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ട് വീട്ടിലോ മറ്റോ അനിസ്ലാമികത ഒട്ടും കലരാത്ത വിധം ഒരു സന്തോഷ മുഹൂർത്തം ഉണ്ടാക്കുന്നതിന് വിരോധവുമില്ല. കാരണം ഇസ്ലാം നിഷിദ്ധമാണെന്ന് വ്യക്തമാക്കാത്ത (അഥവാ ഖുർആൻ കൊണ്ടോ ഹദീസ് കൊണ്ടോ ഇജ്മാഅ് കൊണ്ടോ ഖിയാസ് കൊണ്ടോ നിഷിദ്ധമാണെന്ന് സ്ഥിരപ്പെടാത്ത) ഏത് കാര്യവും (അനിസ്ലാമികമായ മറ്റു കാര്യങ്ങൾ കലരാത്തതാണെങ്കിൽ അത്) അനുവദനീയമാണ് (അൽ അശ്ബാഹു വന്നളാഇർ)

എന്നാൽ പല പാശ്ചാത്യ പൌരസ്ത്യ രാജ്യങ്ങളിലും പ്രചാരത്തിലുള്ളത് പോലെ ഒരാളുടെ പ്രായപൂർത്തി അനിസ്ലാമികമായ മാമാങ്കമായി ആഘോഷിക്കുന്നത് നിഷിദ്ധമാണ്. ഉദാ:- ജപ്പാനിൽ ഇരുപത് വയസ്സിന് മുമ്പ് മദ്യപാനം പുകവലി തുടങ്ങിയ ശീലങ്ങൾ പാടില്ല. അഥവാ നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. എന്നാൽ ജപ്പാൻ സിവിൽ നിയമത്തിലെ നാലാം അനുച്ഛേദ പ്രകാരം ഇരുപത് വയസ്സാകുന്നതോടെ ഒരാൾ പ്രായം തികഞ്ഞ ലക്ഷണമൊത്ത ഒരു വ്യക്തിയായി മാറി. അതിനാൽ ഇനി മുതൽ അയാൾക്ക് മദ്യപാനവും പുകവലിയുമൊക്കെ അനുവദനീയമാകും. അതിനാൽ പല ഹറാമുകളും ഹലാലാകുന്ന ആ സമയം അവരിൽ പലരും വേണ്ടുവോളം ആസ്വദിക്കുന്നു. സമാനമായ രിതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്.

ചുരുക്കത്തിൽ, ചോദ്യത്തിൽ പറയപ്പെട്ടത് പോലെ “ഇത്തരം ചടങ്ങുകൾ ഒഴിച്ചു കൂടാൻ പറ്റാത്തതാണ്” എന്ന തരത്തിലുള്ള സംസാരം ബോധപൂർവ്വമാണെങ്കിൽ അപകടകരമാണ്. ഒരു കാര്യം ഇസ്ലാമികമാണോ അല്ലെയോ , ഇസ്ലാമികമായി നിർബ്ബന്ധമാണോ അല്ലയോ എന്നൊക്കെ പ്രാമാണിക ഗ്രന്ഥങ്ങൾ നോക്കിയും പണ്ഡിതന്മാരോട് സംശയ നിവാരണം നടത്തിയും വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രമേ മറ്റുള്ളവരോട് പറയാനും ആ അർത്ഥത്തിൽ അനുവർത്തിക്കാനും പാടുള്ളൂ. കാരണം ദീനുമായി ബന്ധപ്പെട്ട് ആരെങ്കിലും കളവ് പറഞ്ഞാൽ അത് മൂലം അയാൾ നരകത്തിൽ കടക്കാൻ വരേ കാരണമാകുമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (സ്വഹീഹുൽ ബുഖാരീ). ഇവിടെ മനപ്പൂർവ്വം കളവ് പറഞ്ഞാലാണ് അല്ലാഹുവിന്റെ അടുക്കൽ ഒരാൾ കുറ്റക്കാരനാകുക, വിവരമില്ലാതെയും അറിയാതെയും കളവ് പറഞ്ഞു പോയതാണെങ്കിൽ കുറ്റക്കാരനാകുകയില്ല (അദ്കാർ). അതിനാൽ മറ്റുള്ളവർ ചെയ്യുന്നു അല്ലെങ്കിൽ പറയുന്നു എന്നത് കൊണ്ട് മാത്രം ഒരു കാര്യം ഇസ്ലാമിക ആചാരമാണ് എന്ന് വിലിയിരുത്തുന്നതിൽ ജാഗ്രത പാലിക്കേണ്ടതാണ്.  


നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

ഖസീദത്തുൽ ബുർദ മലയാളം പരിഭാഷ






ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്‌റ 608)ൽ ജനിച്ച പ്രശസ്ത സൂഫി പണ്ഡിതനായ ഇമാം ബൂസൂരിയാണ് (റഹ്മഹുല്ലാഹ്) .അൽകവാകിബു ദ്ദുർരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ എന്നാണ് കാവ്യത്തിന്റെ ശരിക്കുള്ള നാമം.മീം എന്ന അറബി അക്ഷരത്തിൽ അവസാനിക്കുന്ന പദ്യമായതിനാൽ ഖസീദത്തുൽ മീമിയ്യ എന്ന പേരിലും അറിയപ്പെടുന്നു.

ഇന്നോളം വിരചിതമായ പ്രവാചകപ്രകീർത്തനങ്ങളിൽ ഏറ്റവും പ്രശസ്തമായത് ബുർദയാണ്. പണ്ഡിതരെയും സാധാരണക്കാരെയും ബുർദ ഒരുപോലെ സ്വധീനിച്ചു.ഇംഗ്ളീഷ്, ഫ്രഞ്ച് , തുർക്കി തുടങ്ങിയ ലോകഭാഷകളിലെല്ലാം തന്നെ ബുർദ പരിഭാഷ്യം ചെയ്യപ്പെട്ടിടുണ്ട്..


യൗവനകാലം രാജകൊട്ടാരങ്ങളിലെ ആസ്ഥാന കവിയായി സേവനമാരംഭിച്ച ബൂസ്വീരീ (റഹ്) രാജസ്തുതികളും തികച്ചും ഭൗതിക സ്വഭാവമുള്ള മറ്റു കാവ്യങ്ങളും രചിച്ചും കൈയെഴുത്തുപ്രതികൾ പകർത്തിയെഴുതിയും ജീവിച്ചു. ഒടുവിൽ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായപ്പോഴാണ് രോഗശമനം കാംക്ഷിച്ചും അശ്രദ്ധമായ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിച്ചും അദ്ദേഹം പ്രവാചക കീർത്ത കാവ്യമായ ബുർദ എഴുതുന്നത്. കണ്ണീരൊഴുക്കി കവിതയെഴുതിയ ബൂസ്വീരീയെ (റഹ്) നബി(സ) സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുകയുണ്ടായി. തളർന്നുകിടക്കുന്ന തന്റെ ശരീരത്തിൽ നബി(സ) തടവുകയും മേൽമുണ്ടെടുത്ത് പുതപ്പിക്കുകയും ചെയ്തുവെന്നും ഉണർന്നപ്പോൾ രോഗം പൂർണമായും ഭേദമായി എന്നും കവി അനുസ്മരിക്കുന്നു. ഇക്കാരണം കൊണ്ടാണ് ഈ കവിതക്ക് ബുർദ (ഉത്തരീയം) എന്ന് പേര് വന്നത്. രോഗശമനം എന്നർഥമുള്ള ബുർഉദ്ദാഅ് എന്നും ഇതിന് പേരുണ്ട്. ബുർദയെ കൂടാതെ മറ്റ് പല പ്രവാചകകീർത്തനങ്ങളും ബുസൂരി യുടേതായിടുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രശസ്തി ബുർദക്കാണ്.


ബുർദയ്ക്ക് 300 ലധികം പരിഭാഷകളിറങ്ങിയിട്ടുണ്ട് എന്ന് ഫിലിപ്പ് ഹിറ്റി പറയുന്നു. മദീനയിലെ മസ്ജിദുന്നബവിയുടെ ചുവരുകളിൽ പോലും ബുർദ മുഴുവനും ആലേഖനം ചെയ്യപ്പെട്ടിരുന്നു. അതിലെ ചില വരികൾ ഇപ്പോഴും അവിടെ കാണാം. ഫ്രഞ്ച് കോളനിവാഴ്ചയിൽ നിന്ന് അൾജീരിയയുടെ സ്വാതന്ത്ര്യം പിടിച്ചു വാങ്ങാൻ നേതൃത്വം കൊടുത്ത അബ്ദുൽ ഖാദർ അൽ ജസാഇരി തന്റെ യുദ്ധപതാകയിൽ ആലേഖനം ചെയ്ത ബുർദയുടെ വരികൾ ഇപ്രകാരമായിരുന്നു "ദൈവദൂതരുടെ സഹായമുള്ളവരെ സിംഹങ്ങൾ വനത്തിൽ വെച്ച് കാണ്ടാൽ പോലും ഭയന്ന് നിശ്ശബ്ദമാകും".

ബുർദയിൽ 160 ഓളം വരികളാണുള്ളത് . ഇതിനെ പല ഭാഗങ്ങളായി തിരിച്ചിരിക്കുന്നു


ഇമാം ബുസൂരി റഹ്‌മഹുല്ലാഹ്


ആഷിക്കു റസൂൽ ( ﷺ ) ശൈഖ് ശറഫുദ്ദീൻ അബൂ അബ്ദില്ലാഹ് മുഹമ്മദ് ബ്നു സഈദ് അൽ ബൂസ്വീരി( رضي الله عنه ) ജനനം ഹിജ്റ 608 ,ഈജിപ്തിലെ ദല്ലാസ് ,വളർന്നത് ബൂസ്വീർ പ്രദേശത്ത്.

ശൈഖ് അബുൽ ഹസൻ ശാദുലി( رضي الله عنه )യുടെ ശിഷ്യൻ ശൈഖ് അബുൽ അബ്ബാസ് അൽ മർസി( رضي الله عنه ) യാണ് ആദ്ധ്യാത്മിക ഗുരു.
വഫാത്ത് ഹി: 694/ ക്രി.1295. പ്രായം 86.

മഹാനവർകളുടെ ഖബ്റ് അലക്സാണ്ട്രിയ /ഈജിപ്ത്തിലാണ്.
അബൂ ഹയ്യാൻ( رضي الله عنه ) , ഇസ്സുബ്നു ജമാഅത്ത് ( رضي الله عنه ) തുടങ്ങിയവർ ശിഷ്യരിൽ പ്രമുഖർ.

പ്രസിദ്ധ രചനകൾ 

ഖസ്വീദത്തുൽ ബുർദ:

ഇമാം ബൂസൂരി( رضي الله عنه )തങ്ങൾക്ക് വാദ രോഗം ബാധിച്ച സമയത്ത് രചിക്കുകയും അങ്ങനെ രോഗം മാറുകയും ചെയ്തു..
ബുർദ്ദയിലെ 51 മത്തെ വരി فمبلغ العلم فيه أنه بشر
എന്നെഴുതിയപ്പോൾ പിന്നെ മുത്ത് റസൂൽ ( ﷺ )തങ്ങളെ വർണ്ണിക്കാൻ കഴിയാതെ വന്നപ്പോൾ റസൂലുളളാഹ്( ﷺ ) കിനാവിൽ വരികയും
وأنه خير خلق الله كلهم ഈ വരി ചൊല്ലി കൊടുക്കുകയും അങ്ങനെ ബൂസൂരി ( رضي الله عنه ) തങ്ങൾ " ഖസ്വീദത്തുൽ ബുർദ: പൂർത്തിയാക്കുകയും ചെയ്തു..

മറ്റു പ്രസിദ്ധ കൃതികൾ 

ഖസ്വീദത്തുൽ മുളരിയ്യ.
ദുഖ്റുൽ മആദ്.
തഹ്ദീബുൽ അൽഫാളിൽ ആമിയ്യ.
അൽ മുഖ്റജു വൽ മർദൂദ്.
ഖസ്വീദത്തുൽ ഖമരിയ്യ."



പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ). ശറഫുദ്ദീൻ മുഹമ്മദ്ബ്‌നു സഈദിബ്‌നി ഹമ്മാദിസ്സ്വിൻഹാജീ അൽബൂസ്വീരി അദ്ദിലാസ്വീ എന്നാണ് മുഴുവൻ പേര്. മൊറോക്കോയിലെ പ്രശസ്തമായ ഗോത്രമാണ് സ്വിൻഹാജ. അതിലേക്ക് ചേർത്തിയാണ് സ്വിൻഹാജി എന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പൂർവികർ മൊറോക്കോയിൽ നിന്ന് മിസ്വ്‌റിൽ വന്നു താമസമാക്കുകയായിരുന്നു. ഈജിപ്തിലെ ബൂസ്വീറ എന്ന സ്ഥലത്താണ് പിതാവ് താമസിച്ചത്. അതിലേക്ക് ചേർത്തി ബൂസ്വീരി എന്നു വിളിക്കപ്പെട്ടു. ദിലാസ്വിലായിരുന്നു അദ്ദേഹത്തിന്റെ മാതാവിന്റെ വീട്. അതിലേക്ക് ചേർത്ത് ദിലാസ്വ എന്നും വിളിച്ചു. എന്നാൽ ഇമാം ബൂസ്വീരി(റ) എന്ന പേരിലാണ് പ്രസിദ്ധനായത്. ഹിജ്‌റ 608 ശവ്വാൽ മാസം ആദ്യത്തിൽ മാതാവിന്റെ നാടായ ദിലാസ്വിലായിരുന്നു ജനനം. തൊട്ടടുത്ത പ്രദേശമായ ബഹ്ശമിലായിരുന്നുവെന്നഭിപ്രായപ്പെട്ടവരുമുണ്ട്.


വിദ്യാഭ്യാസം

പ്രാഥമിക പഠനം നാട്ടിൽവച്ച് മാതാപിതാക്കളുടെ മേൽനോട്ടത്തിലായി നടന്നു. ചെറുപ്പത്തിലേ ഖുർആൻ മനഃപാഠമാക്കി. പരിസരത്തെ ഒരു പള്ളിയിൽവച്ചായിരുന്നു അന്നു മതപഠനം. ശേഷം വ്യാകരണവും ഭാഷയും കാവ്യശാസ്ത്രവും പഠിക്കാനാരംഭിച്ചു. പിന്നീട് കൈറോയിൽ ശൈഖ് അബ്ദുള്ളാഹിർ എന്ന ഗുരുനാഥനരികിൽ ചെന്നു. ‘ലൈത ശിഅ്‌രി’ എന്നു തുടങ്ങുന്ന കവിത തന്റേതായൊരു പരിഭവം പറയാനായി രചിച്ചതാണെന്ന് ബൂസ്വീരി കവിതകളെ കുറിച്ചു പഠനം നടത്തിയവർ രേഖപ്പെടുത്തിയിട്ടുണ്ട്. ദീവാനുൽ ബൂസ്വീരിയുടെ സംശോധകൻ പ്രസിദ്ധ സാഹിത്യകാരൻ മുഹമ്മദ് സയ്യിദ് കീലാനി അതിന്റെ ആമുഖത്തിൽ ഈ പള്ളിയിലെ പഠനാനുഭവം രേഖപ്പെടുത്തിയതു കാണാം.

അൽമലികുസ്വാലിഹ് നജ്മുദ്ദീനിൽ അയ്യൂബി, ബഹാഉദ്ദീൻ അൽമുസ്‌റദീ എന്നയാളെ മൂവായിരം ദീനാർ ഏൽപിച്ച് മതവിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാൻ കൽപിച്ചു. പക്ഷേ ഒരു വിഹിതം പോലും ശൈഖ് അബ്ദുള്ളാഹിറിന്റെ വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല. ഇക്കാര്യം രാജാവിനെ അറിയിക്കാനായി എഴുതിയതായിരുന്നു പ്രസ്തുത കവിത. ആ രചനയിൽ നിന്നു മനസ്സിലാകുന്നതനുസരിച്ച് ആയിരത്തി ഇരുന്നൂറ് വിദ്യാർത്ഥികളാണ് മസ്ജിദ് അബ്ദിള്ളാഹിറിലല്ലാതെ അന്ന് കൈറോയിൽ പഠിക്കുന്നത്. ഓരോ വിദ്യാർത്ഥിക്കും ഒന്നേക്കാൽ ദീനാർ വീതം 1500 ദീനാർ വിതരണം ചെയ്യപ്പെട്ടു. ബാക്കി 1500 വിതരണക്കാരൻ സ്വന്തമാക്കിയിരിക്കണം. താനടക്കം ശൈഖ് അബ്ദുള്ളാഹിറിന്റെ മസ്ജിദിലുള്ളവർക്ക് അത് നിഷേധിക്കപ്പെട്ടത് ദാരിദ്ര്യത്തിന്റെ മൂർധന്യതയിൽ അദ്ദേഹത്തെ വിഷമത്തിലാക്കി.

അതിനെ കുറിച്ച് പരിഭവം പറഞ്ഞ് നാടുവാഴിക്കെഴുതിയ കവിത തുടങ്ങുന്നതിങ്ങനെ: റഹ്മാനുമായി ബന്ധമുള്ള ഞാനല്ലാത്തവർക്കെല്ലാം നൽകി തനിക്കു മാത്രം നിഷേധിച്ചതെന്താണെന്നറിഞ്ഞെങ്കിൽ. ഖുർആൻ പഠിതാക്കളായ ഒരുകൂട്ടം എന്റെ അടുത്തുണ്ടായിരിക്കെ ഞാനതിന് അവകാശിയല്ലെന്ന് അങ്ങേക്ക് തോന്നുന്നുവോ? അതോ ഓരോ നിസ്‌കാരാനന്തരവും ഞാൻ സുൽത്വാന്റെ രാഷ്ട്രത്തിനായി പ്രാർത്ഥിക്കുന്നതു കൊണ്ടാണോ? എന്തു കാരണത്താലാണ് സുൽത്വാന്റെ ദാനം മറ്റൊരിടത്ത് തടഞ്ഞത്? (ഖസീദതുലൈതശിഅ്‌രി, ജമീഉ ദവാവീനുശ്ശിഅ്‌രിൽ അറബി അലാ മർറിൽ ഉസ്വൂർ 9).

ചിലർ നടത്തിയ അഴിമതിക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഈ രചനയിൽ മഹാൻ പ്രകടിപ്പിച്ചത്. വിദ്യാർത്ഥി ജീവിതത്തിലായിരുന്നു ഇത്. ശേഷം ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സമകാല ദുഷ്പ്രവണതകളും മറ്റു കവിതകളിൽ അദ്ദേഹം രേഖപ്പെടുത്തിയത് കാണാം.

കൈറോയിലെ പ്രാഥമിക പഠനത്തിന്റെ രണ്ടാം ഘട്ടത്തിൽ തന്നെ കാവ്യ രചന ഇമാം ബൂസ്വീരി(റ) ആരംഭിച്ചു. കൈറോയിൽ മറ്റു പലരിൽ നിന്നായി വിവിധ വിജ്ഞാന ശാഖകൾ അഭ്യസിക്കാനും അവസരമുണ്ടായി. സീറയും ചരിത്രവും പഠിക്കുന്നതിലും പരതുന്നതിലും മഹാൻ വലിയ താൽപര്യം പ്രകടിപ്പിച്ചു. സയ്യിദ് കീലാനി എഴുതി: ‘മതജ്ഞാനം, ഭാഷ, വ്യാകരണം, കാവ്യശാസ്ത്രം, സാഹിത്യം, ഇസ്‌ലാമിക ചരിത്രം, വിശേഷിച്ച് തിരുനബി ചരിത്രം എന്നിവ അദ്ദേഹം മസ്ജിദ് അബ്ദുല്ലാഹിരിൽ നിന്നാണഭ്യസിച്ചത്.’

എഴുത്ത് കലയിൽ നിപുണനായിരുന്ന അദ്ദേഹം അത് പഠിച്ചത് ഇബ്‌റാഹീമുബ്‌നു അബീ അബ്ദില്ലാഹിൽ മിസ്വ്‌രിയിൽ നിന്നാണ്. ആയിരക്കണക്കിനാളുകൾ അദ്ദേഹത്തിൽ നിന്ന് എഴുത്തഭ്യസിച്ചിട്ടുണ്ട്. ആദ്യമായി ചെയ്ത ജോലിയും എഴുത്തു തന്നെ. തസ്വവ്വുഫിലും എഴുത്ത് കലയിലും പ്രാഥമിക പാഠങ്ങളിലെയും ഗുരുനാഥർ പ്രസിദ്ധരാണ്. എന്നാൽ മറ്റു വിഷയങ്ങളിൽ ഗുരുക്കന്മാരാരായിരുന്നുവെന്നത് അത്ര വ്യക്തമല്ല.

പ്രസിദ്ധ അറബി സാഹിത്യ ചരിത്ര ഗ്രന്ഥകാരനായ ലബ്‌നാനീ പണ്ഡിതൻ രേഖപ്പെടുത്തി: ബൂസ്വീരി കർമശാസ്ത്ര പണ്ഡിതനും എഴുത്തുകാരനും കലാകാരനും ഗണിതജ്ഞനും കവിയുമെല്ലാമാണ്. പ്രസിദ്ധനായത് കവിതയിലാണെന്നു മാത്രം. പ്രത്യേകിച്ചും നബി(സ്വ)യെ കുറിച്ചുള്ള പ്രകീർത്തന കാവ്യങ്ങൾ. പുതിയ-പഴയ നിയമ ബൈബിളുകളും മറ്റു ജൂത-ക്രൈസ്തവ ഗ്രന്ഥങ്ങളും ധാരാളമായി വായിക്കാറുണ്ടായിരുന്ന അദ്ദേഹം അവരുടെ ഇസ്‌ലാം വിരുദ്ധ വാദങ്ങളെ ഖണ്ഡിക്കുമായിരുന്നു. അദ്ദേഹത്തിന്റെ കവിതകളിലും അതിനു താൻ തന്നെ തയ്യാറാക്കിയ ടിപ്പണികളിലും ഇതു കാണാം (താരീഖുൽ അദബിൽ അറബി).


യാത്രകൾ

ഇമാം ബൂസ്വീരി(റ)യുടെ ആദ്യകാല കവിതകളിൽ യാത്രകൾ പരാമർശിച്ചതു കാണാം. പ്രത്യേകിച്ച് ഹജ്ജ് യാത്രാമോഹവും മദീനാ സന്ദർശനാഗ്രഹവും. ‘ജനാബകി മിൻഹു തുസ്തഫാദു’ എന്ന് തുടങ്ങുന്ന അൽഖസ്വീദതുദ്ദാലിയ്യയിൽ മിസ്വ്‌റിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദത്തുന്നഫീസതുൽ മിസ്വ്‌രിയ്യ(റ)യോട് പ്രത്യേകമായും അഹ്‌ലുബൈത്തിനോട് പൊതുവെയും ഇക്കാര്യത്തിൽ സഹായം തേടുന്നുണ്ട്. ഒന്നാം ഖണ്ഡത്തിൽ ഇട തേട്ടമാണ്. തുടർന്ന് ഇലാഹീ അലാകുല്ലിൽ ഉമൂരി ലകൽ ഹംദ് എന്നു തുടങ്ങുന്ന ഖണ്ഡത്തിൽ അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ്. എന്നിട്ട് നബി(സ്വ)യെ മദ്ഹ് ചെയ്യുന്നു. റസൂൽ(സ്വ)യെ കൊണ്ട് വിശുദ്ധ മണ്ണിനുണ്ടായ സൗഭാഗ്യവും സംരക്ഷണവും അനുസ്മരിക്കുന്നു. ശേഷം അവിടുന്ന് അന്തിയുറങ്ങുന്ന മണ്ണിനോടുള്ള ഇശ്ഖും അതിന്റെ മാസ്മരിക പ്രഭാവവും സഹചാരികളുടെ മഹത്ത്വവും വർണിക്കുന്നു. പിന്നെ മനസ്സിലെ അദമ്യമായ മോഹം പുറത്തെടുക്കുകയാണ്.

ഈ ഘട്ടമെത്തുമ്പോൾ കവി നബി(സ്വ)യെ അഭിസംബോധന ചെയ്യുന്ന തലത്തിലേക്ക് നയിക്കപ്പെടുന്നതു കാണാം. ഇശ്ഖ് നിറഞ്ഞുകവിഞ്ഞവർ ഖൽബിൽ പുണ്യറസൂലിന്റെ സാന്നിധ്യം/സാമീപ്യം അനുഭവിക്കുന്നതായാണ് പ്രയോഗം. ‘ഓ റസൂലരേ, എന്റെ സ്‌നേഹാധിക്യത്താൽ ഞാൻ പറഞ്ഞുപോകുന്നതിന് അങ്ങു മാപ്പു തരണേ. അങ്ങയോടുള്ള സ്‌നേഹമാണെൻ വാക്കുകൾക്ക് ശക്തി-മാർദവങ്ങൾ നൽകുന്നത്.’ നബിപൗത്രന്മാരെയും കുടുംബത്തെയും മുൻനിർത്തി തുടരുന്നു: ‘അല്ലാഹുവിന്റെ റസൂലേ, കൺകുളിർമയും മനം നിറവും നൽകുന്ന സ്‌നേഹ സാമീപ്യം അങ്ങെനിക്ക് ഉദാരമായി തരണേ. വാഹന യാത്രയും കാൽനട യാത്രയും എന്നെ അങ്ങയുടെ ദർബാറിലെത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’

മദീനയോടുള്ള അനുരാഗം പൂത്തുനിൽക്കുന്ന ഹൃദയവുമായി കഴിയുന്ന ബൂസ്വീരി(റ)ക്ക് മറ്റൊരു കവിതാരചനയുടെ സമയത്താണ് ഹിജാസ് യാത്രാ സാഹചര്യമൊരുങ്ങിയതെന്ന് കവിതയിലെ വരികൾ സൂചിപ്പിക്കുന്നു. അദ്ദേഹം കുറിച്ചു: ‘തിരുസവിധത്തിലേക്കണയാനെനിക്ക് പ്രതിബന്ധമായിരുന്ന ചങ്ങലകൾ ഞാനിതാ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. അതിനായി ഞാനെന്റെ കണ്ണുകളെ നിദ്രാവിഹീനമാക്കും.  ഉറക്കമിളക്കാൻ തയ്യാറുള്ളവരെ സഹയാത്രികരാക്കുകയും ചെയ്യും.’ മുൻവേദക്കാരെ ഖണ്ഡിക്കുന്ന കവിതാ വിഭാഗത്തിന്റെ അവസാന ഖണ്ഡത്തിലാണിതുള്ളത്.

ദീർഘ നാളത്തെ സ്വപ്നം സഫലമായ രംഗം ‘സാറതിൽ ഈസ’ എന്ന കവിതയിൽ വിവരിക്കുന്നു. കാറ്റിന്റെ വേഗതയിലെന്ന പോലെ നഗ്നപാദരായി അനുരാഗപൂർവം സഞ്ചരിക്കുകയാണ് വാഹനങ്ങളായ ഒട്ടകങ്ങളെന്നാണു കവി വർണന.

‘വഫാക ബിദൂൻ ബിൽ അളീമുൽ മുദിനിബ്’ എന്ന കവിതയിൽ തിരുസവിധത്തിലെത്തിയ നിർവൃതിയുടെ അംശമുണ്ട്. മഹാപാപങ്ങളുമായി കൊടുംപാപി മനഃസാക്ഷിക്കുത്തോടെ മാപ്പുസാക്ഷിയായും ലജ്ജാലുവായും ഇതാ വന്നിരിക്കുന്നു എന്നാണതിന്റെ തുടക്കം. കുറ്റസമ്മതത്തിന്റെ ഇടനിലക്കാരനായി തിരുനബിയെ നിറുത്തിയാണ് കവിതാപ്രവാഹം. തിരുദൂതരെ ഇടനിലക്കാരനാക്കിയാൽ നിരാശപ്പെടേണ്ടിവരില്ല എന്ന സത്യം ആത്മഗതം ചെയ്ത് പൂർവകാല ചാപല്യങ്ങൾക്ക് പ്രായശ്ചിത്തം കാണുകയാണ് കവി. നബി(സ്വ)യെ സംബോധന ചെയ്ത് കവി പറയുന്നു: ‘മൃതമാനസങ്ങളെ സജീവസമൃദ്ധമാക്കുന്ന അങ്ങയുടെ ഉദാരഗുണങ്ങളെ പാനം ചെയ്യാൻ ഞാനിതാ വന്നിരിക്കുന്നു. മാതാപിതാക്കളെ പ്രതീക്ഷിക്കാനില്ലാത്ത അന്ത്യനാളിലും പ്രതീക്ഷയായുള്ളവരേ, മഹാദുഃഖങ്ങളകറ്റുന്ന, വർധിതാനുഗ്രഹങ്ങൾ ചൊരിയുന്നവരേ, അങ്ങയിലേക്കാണെൻ അഭയം.’


പ്രവാസം

കാർൽ ബ്രോക്കൽമാൻ തന്റെ അറബ് സാഹിത്യ ചരിത്രം എന്ന പുസ്തകത്തിൽ ഇമാം ബൂസ്വീരി(റ)യുടെ പ്രവാസകാലം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഖുദ്‌സിലും മദീനയിലുമായി അദ്ദേഹം പത്തു വർഷം താമസിച്ചു. മക്കയിൽ പതിമൂന്ന് വർഷക്കാലം ഖുർആൻ അധ്യാപകനായി സേവനം ചെയ്തു (താരീഖുൽ അദബിൽ അറബി).

മൊത്തം 23 വർഷക്കാലം നാട്ടിൽ നിന്നകന്ന് ഖുർആൻ പഠിപ്പിച്ചും വിജ്ഞാനം നുകർന്നും കഴിഞ്ഞു. കുരിശുയുദ്ധങ്ങൾ വരുത്തിവച്ച നാശനഷ്ടങ്ങളും ഉദ്യോഗസ്ഥൻമാരുടെ സാമ്പത്തിക ക്രമക്കേടുകളും ഈജിപ്തിന്റെ ദുഃഖമായിരുന്ന കാലത്താണ് ഇമാം ബൂസ്വീരി(റ) ജീവിക്കുന്നത്. ഹിജ്‌റാബ്ദം ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച് ഒടുക്കത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഈ സാഹചര്യങ്ങളെല്ലാം ബൂസ്വീരി(റ)യെ ഗുണപരമായി സ്വാധീനിച്ചതായി കാണാം. കുരിശു യുദ്ധത്തിന്റെ പശ്ചാത്തലം ക്രൈസ്തവതയെയും ജൂതമതത്തെയും പറ്റി പഠിക്കാൻ പ്രചോദനമായി. സാമ്പത്തിക അഴിമതികൾക്കെതിരെ തന്റെ കാവ്യാസ്ത്രങ്ങൾ തൊടുത്തുവിടാനും അത്‌വഴി സാഹചര്യത്തിന്റെ സന്തതിയാകാതെ സമരജീവിതം അടയാളപ്പെടുത്താനും കഴിഞ്ഞു. അതോടൊപ്പം ഭൗതിക തൃഷ്ണകളെ തൃണവൽഗണിച്ച് ആത്മീയ സരണിയിൽ പ്രവേശിക്കാനും കളമൊരുങ്ങി.


ആത്മീയ സരണി

ശാദുലി ത്വരീഖത്തിന്റെ ഭാഗമായാണ് ഇമാം തന്റെ ആത്മിക ജീവിതം ചിട്ടപ്പെടുത്തിയത്. ഏഴാം നൂറ്റാണ്ട് ഈജിപ്തിനെ സംബന്ധിച്ചിടത്തോളം സ്വൂഫീ സാരഥികളുടെ സാന്നിധ്യം കൂടുതലുണ്ടായ ഘട്ടമാണ്. ഇബ്‌റാഹീമുദ്ദസൂഖി (653-696), അബുൽഹസനിശ്ശാദുലി (571-656), അഹ്മദുൽ ബദവി (596-675) തുടങ്ങിയവർ അന്നത്തെ പ്രധാനികളായ ആത്മീയ ഗുരുക്കന്മാരായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് തസ്വവ്വുഫിന് കൂടുതൽ പ്രചാരണം സിദ്ധിച്ചതും ഏഴാം നൂറ്റാണ്ടിലാണ്. ആത്മീയതയിലും വിജ്ഞാനത്തിലും അധിഷ്ഠിതമായ ഗുരുക്കൻമാരുടെ സേവനപരിചരണങ്ങൾ ഈജിപ്തിന് മതപരമായ നവോന്മേഷം സമ്മാനിച്ചു. ജനങ്ങളിൽ സ്വാധീനം നേടാനും അവരെ സംസ്‌കരിക്കാനും ആത്മീയ സാരഥികൾക്കെന്നുമായതാണ് ചരിത്രം.

ഇമാം ബൂസ്വീരി(റ) ആദ്യകാലത്ത് ഭരണകൂടത്തിന്റെ ചില്ലറ ജോലികൾ സ്വീകരിച്ചിരുന്നു. അതിനാൽ അന്നൊന്നും ആത്മീയ സരണിയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനായിരുന്നില്ല. എന്നാൽ താനാർജിച്ച വിജ്ഞാനവും ആത്മാവിൽ അലിഞ്ഞുചേർന്ന നബിസ്‌നേഹവും അദ്ദേഹത്തെ ഔദ്യോഗിക ജീവിതത്തിന്റെ ദുഃസ്വാധീനങ്ങളിൽ നിന്ന് സംരക്ഷിച്ചു.

ഹജ്ജും സിയാറത്തും ഹിജാസ്-ഖുദ്‌സ് വാസവും കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹത്തിൽ കൂടുതൽ മാറ്റങ്ങൾ ദൃശ്യമായി. ദാരിദ്ര്യം കാരണമാണ് അൽപകാലം സർക്കാർ ജോലിയിലേർപ്പെട്ടിരുന്നതെങ്കിലും അതിൽ തുടരാൻ മനഃസാക്ഷിയനുവദിച്ചില്ല. ആത്മീയ സരണിയിലേക്ക് കൂടുതൽ അടുക്കാൻ ഹൃദയം തിടുക്കപ്പെട്ടു. അബൂഅലി അൽഹസനുൽഫാസി അൽമഗ്‌രിബി രേഖപ്പെടുത്തുന്നു: തസ്വവ്വുഫിലേക്ക് ആകൃഷ്ടനായ അദ്ദേഹം അതിലേക്ക് പൂർണമായി തിരിഞ്ഞു. അബുൽ അബ്ബാസിൽ മുർസി(ഖു.സി)വിന്റെ കരം പിടിച്ചാണ് തസ്വവ്വുഫിൽ പ്രവേശിച്ചത്. ആത്മജ്ഞാനത്തിന്റെ രഹസ്യങ്ങളും യാഥാർത്ഥ്യങ്ങളും അദ്ദേഹത്തിൽ നിന്നു കരഗതമാക്കി. അതിന്റെ അടയാളങ്ങൾ ജീവിതത്തിൽ കാണപ്പെട്ടു. വിലായത്തിന്റെ സൂചനകളും ഹിദായത്തിന്റെ ലക്ഷണങ്ങളും പ്രകടമായിക്കൊണ്ടിരുന്നു. ജനങ്ങൾ മഹാനെ ആദരവോടെ വീക്ഷിച്ചുതുടങ്ങി. ആത്മീയ ദാഹികൾ അദ്ദേഹത്തെ തേടിയെത്താനാരംഭിച്ചു. ഈമാനിന്റെ മഹത്ത്വവും ഗാംഭീര്യവും പ്രത്യക്ഷമായി തന്നെ ഇമാമിൽ അനുഭവവേദ്യമായി (ത്വബഖാതുശ്ശാദുലിയ്യ).

ഇമാം ബൂസ്വീരി(റ) തന്നെ തന്റെ ത്വരീഖത്ത് പ്രവേശനത്തെ കുറിച്ച് അമ്മൽ മഹബ്ബത്തു ഫഹിയ ബദ്‌ലുന്നുഫൂസി എന്നു തുടങ്ങുന്ന കവിതയിൽ പറഞ്ഞിട്ടുണ്ട്. ആത്മീയ മാറ്റത്തിന്റെ ചിത്രമാണ് ആ കാവ്യം വരച്ചിടുന്നത്. ശാദുലി ത്വരീഖത്തിനും മർസി വഴിക്കും അത്യാദരണീയമായ നേതൃപദവിയുടെ മഹത്ത്വമുണ്ട്. ആ ഇരുസരണികളുടെയും രണ്ട് ശൈഖുമാരിലേക്കെന്നെ ചേർത്തി പറഞ്ഞത് ഞാനവരെ കുറിച്ച് നവവരനെ വ്യക്തമായി കാണുംപ്രകാരം കണ്ടിട്ടു മാത്രമാണ് (ദീവാനുൽ ബൂസ്വീരി).


സമരം ജീവിതം


സാഹചര്യങ്ങളോട് രാജിയാവാൻ എളുപ്പമാണ്. അതിനോട് സമരം ചെയ്യാൻ ആദർശധീരന്മാർക്കേ സാധിക്കൂ. ഇമാം ബൂസ്വീരി(റ)യുടെ കാലത്തെ സാമ്പത്തിക ക്രമക്കേടുകൾ സൂചിപ്പിച്ചല്ലോ. ഔദ്യോഗിക വൃത്തികളിലുള്ളവർ പൊതുവെ സാമൂഹിക നീതിയും കർത്തവ്യ ബോധവും പാലിക്കാത്തവരായിരുന്നു. ഇമാം ബൂസ്വീരി(റ) ഇതിനെതിരെ പ്രതികരിക്കുക മാത്രമല്ല വ്യവസ്ഥകളോടൊത്തു പോകാനാവാതെ സർക്കാർ ജോലി രാജിവെക്കുകയും ചെയ്തു. അതിലേക്ക് വിരൽ ചൂണ്ടുന്ന കവിതകളാണ് ‘നഖദ്ത്തുത്വവാഇഫൽ മുസ്തഖ്ദമീന’. ഇതിൽ അദ്ദേഹം ഉദ്യോഗസ്ഥന്മാരുടെ വഴിവിട്ട സഞ്ചാരങ്ങളും അതിന് പണം കണ്ടെത്താൻ സ്വീകരിക്കുന്ന അഴിമതികളെയും എണ്ണിപ്പറയുന്നുണ്ട്.

കേവലം ഭാവനാവിലാസമാകാനോ അതിശയോക്തിപരമാകാനോ സാധ്യതയില്ല എന്നാണതിനെ കുറിച്ച് നിരൂപകർ രേഖപ്പെടുത്തിയത്. ഡോ. സകീമുബാറക് എഴുതി: ഏഴാം നൂറ്റാണ്ടിലെ ബുദ്ധിമാനായ ഈജിപ്ഷ്യൻ കവിയാണ് ഇമാം ബൂസ്വീരി(റ). കൗതുകകരമായ വസ്തുതകൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം. തന്റെ ആവലാതികളറിയിക്കുന്നതും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ ആക്ഷേപിക്കുന്നതുമായ കവിതകൾ അദ്ദേഹത്തിനുണ്ട്. അക്കാലത്തെ സാമൂഹിക സ്ഥിതിയെ കുറിച്ച് വിവരിക്കുന്നതാണ് ആ കവിതകൾ. ആ പരാമർശങ്ങളെല്ലാം പരമാർത്ഥങ്ങളാണെന്നു തന്നെയാണ് എന്റെ പക്ഷം. ഉദ്യോഗസ്ഥന്മാർ പൊതുവെ ഖജനാവിലേക്കുള്ള വരവുകൾ തട്ടിയെടുക്കുന്നുവെന്നും അതുകൊണ്ടാണവർ പട്ടിൽ തീർത്ത ആഡംബര വസ്ത്രങ്ങളണിയുന്നതെന്നും കവിത പറയുന്നു.

ചില ഉദ്യോഗസ്ഥർ ആത്മീയതയുടെ വേഷം സ്വീകരിച്ച് തന്നെ അവിഹിതമായി സമ്പത്ത് കൈവശപ്പെടുത്തുന്നു. അനാഥകളുടെ സ്വത്ത് പോലും ഭക്ഷിക്കുന്നു. ജഡ്ജിമാർവരെ വിശ്വാസവഞ്ചന കാണിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ അവകാശമാണ് പറ്റുന്നതെന്നാണ് ഒരു കൂട്ടരുടെ ധാർഷ്ട്യം. ഞങ്ങളുടെ അവകാശവും അധികാരവും മറ്റുള്ളവർ തട്ടിയെടുക്കുകയാണെന്ന് മറ്റൊരു വിഭാഗം. എല്ലാവരുടേതും വിവേചനമില്ലാതെ അടിച്ചുമാറ്റുന്നവർ വേറെയും. ഇതിലേക്കെല്ലാം ‘നഖ്ദതു ത്വവാഇഫൽ മുസ്തഖ്ദമീന’ എന്ന കവിത വിരൽ ചൂണ്ടുന്നു (അൽമദാഇഹുന്നബവിയ്യ). ഇത്തരം കാര്യങ്ങളുണർത്തി രാജാവിന് താനെഴുതിയ കവിതയാണ് ‘സനാഉക മിൻ റൗളിൽ ഹമാഇലി അഅ്ത്വറു’ എന്നു തുടങ്ങുന്ന ‘അൽഖസ്വീദതുർറാഇയ്യ’. അഴിമതിക്കെതിരെ ഭരണകൂടത്തെ ധരിപ്പിക്കുന്ന ഇമാം വർത്തമാന കാലത്തെ സാമൂഹിക പ്രവർത്തകർക്ക് മാതൃക പകരുന്നു.


ആത്മവിലാപം


തന്റെ ജീവിതദുരിതങ്ങളും മേലുദ്യോഗസ്ഥരുടെ സമീപനങ്ങളും ശ്രദ്ധയിൽപെടുത്തുന്ന കവിതകളുമുണ്ട്. ‘ഇലൈക നശ്കൂ ഹാലനാ ഇന്നനാ’ എന്നാരംഭിക്കുന്ന കാവ്യം ഇത്തരത്തിലൊന്നാണ്. ഇതിൽ സ്വന്തം പ്രാരാബ്ദങ്ങളും അതുകാരണം കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങളും വിവരിക്കുന്നതു കാണാം. താനൊരു ദരിദ്രനാണെന്ന് തുറന്നു പറയുന്നു അദ്ദേഹം. ഈ പ്രശ്‌നച്ചുഴിയിൽ കുടുംബജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് ‘അർറിജ്ബിറാമത ഇന്നഹാല മറാമീ’ എന്ന കവിതയിൽ വ്യക്തമാക്കുന്നു.

ഹിജാസിലേക്കുള്ള യാത്രക്ക് മുമ്പ് അൽപകാലം എഴുത്തുദ്യോഗമായിരുന്നു. ഹിജാസിൽ പോയി തിരികെയെത്തിയ ശേഷമാണ് ബുൽബൈസിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചത്. നാല് വർഷം സേവനം തുടർന്നു. അതവസാനിപ്പിച്ച ശേഷം അധ്യാപനത്തിലേക്ക് തിരിഞ്ഞു. ഖുർആൻ പഠിപ്പിക്കുന്നതിനോടൊപ്പം കവിതയെഴുത്തും തുടർന്നു. തസ്വവ്വുഫിന്റെ വഴിയിലേക്ക് പൂർണമായി തിരിയുന്നത് ഈ ഘട്ടത്തിലാണ്. ഉദ്യോഗത്തിൽ തുടരുന്നതിന് സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും നിലപാടുകളായിരുന്നു തടസ്സം. കരുണ വറ്റിയ മനസ്സുമായി പദവികൾ ചൂഷണോപാധിയാക്കുന്നവരോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിനാവുമായിരുന്നില്ല.

പിന്നീട് ഇമാം ബൂസ്വീരി(റ)യെ ഉയർന്ന തസ്തികയായ മതകാര്യവകുപ്പിൽ നിയമിക്കാൻ ശ്രമം നടന്നെങ്കിലും തസ്വവ്വുഫിൽ ലയിച്ച സന്ദർഭമായതിനാൽ മഹാൻ തയ്യാറായില്ല. നിർബന്ധം തുടർന്നപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളെന്നോടതിക്രമം കാണിക്കാതിരിക്കൂ. മതകാര്യ സേവനത്തോടും നിങ്ങൾ അതിക്രമം കാണിക്കാതിരിക്കുക. കാരണം ഞാനും ഉദ്യോഗവും തമ്മിൽ ഇനിയൊരു ബന്ധവുമില്ല. കൊള്ളക്കൊടുക്കലിൽ പരിചയമുള്ള എത്രയോ പേർ പുറത്തുണ്ട്. എനിക്കാണെങ്കിൽ അതൊട്ടു പരിചയവുമില്ല. എന്റെ സംസ്‌കാരത്തിനു യോജിക്കാത്തതാണ് ഈ പദവി. ഞാൻ എഴുത്തുമായി കഴിഞ്ഞോളാം. അതിനനുവദിക്കുക.’


ഗുരു-ശിഷ്യർ

മക്കയിലും കൈറോയിലുമായിരുന്നു ഖുർആൻ അധ്യാപനം. മതാധ്യാപനത്തിൽ കാര്യമായ പദവികളോ സേവനങ്ങളോ ചെയ്തതായി ചരിത്രത്തിൽ കാണുന്നില്ല. സാഹിത്യത്തിലും എഴുത്തിലുമായിരുന്നു താൽപര്യം. അതുകൊണ്ടുതന്നെ അറിയപ്പെട്ട വലിയ ശിഷ്യവൃന്ദമൊന്നുമില്ല. എങ്കിലും ചില പ്രമുഖർക്ക് ജ്ഞാനം പകരാൻ ഇമാമിനായി. പ്രമുഖ ഖുർആൻ വ്യാഖ്യാതാവ് അബൂഹയ്യിന്നശ്‌വി(റ), പ്രസിദ്ധ പണ്ഡിതനും ഉയൂനുൽ അസർ എന്ന നബിചരിത്ര ഗ്രന്ഥത്തിന്റെ കർത്താവുമായ ഇബ്‌നുസയ്യിദിന്നാസ്, ഇസ്സുബ്‌നു ഇമാഅ(റ) എന്നിവർ മഹാന്റെ ശിഷ്യരാണ്.

സുപ്രസിദ്ധ ഖുർആൻ പാരായണശാസ്ത്ര പണ്ഡിതനായ അബ്ദുള്ളാഹിറുബ്‌നു നിശ്‌വാൻ, എഴുത്തുകലാ വിദഗ്ധൻ ഇബ്‌റാഹീമുബ്‌നു അബീഅബ്ദില്ലാഹിൽ മിസ്വ്‌രി എന്നിവർ ഇമാമിന്റെ ഗുരുനാഥരാണ്. കവിതകളിലോ മറ്റോ ഗുരുക്കന്മാരെ കുറിച്ചു സൂചന കാണുന്നില്ല. അബൂഅലിയ്യുൽ ഫാസി എഴുതി: പിതാവിന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. വിജ്ഞാനത്തിലേക്കാകൃഷ്ടനായി ഖുർആനും ചില വിഷയങ്ങളിലെ മൂലഗ്രന്ഥങ്ങളും മനഃപാഠമാക്കി. ജാമിഉൽ അസ്ഹറിൽ ചേർന്ന് അവിടത്തെ ഗുരുനാഥന്മാരിൽ നിന്ന് ജ്ഞാനം നുകർന്നു. അവരദ്ദേഹത്തിന് ഇജാസത്ത് നൽകുകയും ഇമാം പിന്നീട് മതാധ്യാപനം നടത്തുകയുമുണ്ടായി (ത്വബഖാത്തുശ്ശാദുലിയ്യ).


കാവ്യലോകം


കവനകലയുടെ വിസ്മയകരമായ പ്രയോഗംകൊണ്ട് ചരിത്രത്തിൽ ഇടം നേടിയ ഇമാം ചെറുപ്പത്തിൽ തന്നെ കവിതകളെഴുതി. സുൽത്വാൻ നജ്മുദ്ദീൻ അയ്യൂബിന്റെ കാലത്ത് അബ്ദുള്ളാഹിർ എന്ന ഗുരുവിന്റെയടുത്ത് പഠിക്കുമ്പോൾ എഴുതിയ പ്രതിഷേധ കവിതയെ കുറിച്ച് തുടക്കത്തിൽ സൂചിപ്പിച്ചല്ലോ. ലക്ഷണമൊത്ത കാവ്യശിൽപങ്ങളായിരുന്നു രചിച്ചതെല്ലാം. സമകാലത്തെ കവികളേക്കാൾ മികച്ച  പ്രയോഗങ്ങളും ശൈലിയും ഗാംഭീര്യവും പദവിന്യാസവും അലങ്കാരവർണനകളുമായിരുന്നു അവയുടെ ആകർഷണം. ബുർദ, ഹംസിയ്യ അടക്കം ചെറുതും വലുതുമായ 80 കവിതകൾ മക്തബതുശ്ശാമിലയിലെ കാവ്യസമാഹാരത്തിൽ കാണാം. ആത്മകഥാംശവും പ്രകീർത്തനവും ഇടതേട്ടവും പ്രാർത്ഥനയും സമർപ്പണവും ആദർശവും ആത്മീയതയും കാർക്കശ്യവും ദൈന്യതയുമെല്ലാം ഈ കവിതകളിൽ ദീപ്തമാണ്.

മുഹമ്മദ് സയ്യിദ് കീലാനി ഇമാമിന്റെ കവിതകളെ രണ്ടായി തിരിച്ചിട്ടുണ്ട്. ഹിജാസിലേക്കും ഹജ്ജിനുമായുള്ള യാത്രയുടെ മുമ്പുള്ളതാണ് ഒന്നാം ഇനം. രണ്ടാമത്തേത് അതിനു ശേഷം മരണം വരെ രചിച്ചതും. ആദ്യഘട്ടത്തിലെ പ്രധാനകൃതികളിലൊന്ന് കഅ്ബ്ബുനു സുഹൈർ(റ)ന്റെ ബാനത്ത് സുആദ എന്ന കവിതയുടെ രീതിയും ശൈലിയും സ്വീകരിച്ചതാണ്. ദുഖ്‌റുൽ മആദ് എന്നാണിതിന്റെ പേര്. ആത്മീയ ബോധനവും നബിസ്‌നേഹവും പ്രവാചകകുടുംബത്തോടുള്ള ആദരവുമെല്ലാം ഇഴപിരിഞ്ഞതാണിത്. ‘അമദാഇഹുൻ ഫീക’ എന്ന കവിതയും ഒന്നാം ഘട്ടത്തിലേതാണ്. പ്രമേയം നബികീർത്തനവും തിരുപ്രണയവും തന്നെ.


അൽഖസ്വീദതുല്ലാഇയ്യ

ജൂത-ക്രൈസ്തവ സങ്കൽപങ്ങളെ ഖണ്ഡിക്കുന്ന കവിതയാണിത്. മൂന്ന് ഭാഗങ്ങളായി തിരിച്ച് നിരൂപകർ ഇതിനെ വിശകലനം ചെയ്തിട്ടുണ്ട്. 95 വരികളിൽ ജൂത-ക്രൈസ്തവ വാദങ്ങളെ പൊളിച്ചടക്കുന്നു. 96 മുതൽ 187 വരെ നബി(സ്വ)യെ കുറിച്ച സന്തോഷവൃത്താന്തങ്ങളാണ്. 188 മുതൽ അവസാനം വരെ പ്രവാചക പ്രകീർത്തനങ്ങളും. ഇതും ഹജ്ജ് യാത്രക്ക് മുമ്പാണ് രചിച്ചത്. ഇതിന് അദ്ദേഹം തന്നെ ടിപ്പണിയും ചേർത്തിട്ടുണ്ട്.

ഒരു കുറിപ്പ് ഇങ്ങനെ വായിക്കാം: ഇപ്പറഞ്ഞതിന് ഞാൻ പറയാൻ പോകുന്നതും തെളിവാണ്. അഥവാ അവരുടെ കയ്യിലുള്ള ബൈബിളുകളിൽ അന്ത്യനാളിനെ കുറിച്ചോ പുനരുത്ഥാനത്തെ കുറിച്ചോ പരലോകത്തെ സംബന്ധിച്ചോ സ്വർഗനരകങ്ങളെ പറ്റിയോ യാതൊരു പരാമർശങ്ങളുമില്ല. അതിൽ പറഞ്ഞിട്ടുള്ള ഗുണകരമായ കാര്യങ്ങളെല്ലാം അവയ്ക്ക് ഭൗതികലോകത്ത് ലഭിക്കുന്ന ഫലങ്ങളുമാണ്. ഉദാഹരണത്തിന്, അല്ലാഹുവിന് വഴിപ്പെട്ടാൽ ശത്രുക്കൾക്കെതിരെ സഹായം, ദീർഘായുസ്സ്, നല്ലജീവിതം, ഭക്ഷണ വിശാലത, വിശുദ്ധ ഭൂമിയിലെ ദീർഘവാസം തുടങ്ങിയവ പ്രതിഫലം ലഭിക്കും. സത്യനിഷേധത്തിനും പാപങ്ങൾക്കും മരണം, മഴ ലഭിക്കാതിരിക്കൽ, ഫലം കിട്ടാതിരിക്കൽ, ശത്രുക്കൾ വിജയിക്കൽ തുടങ്ങിയ ദുരന്തങ്ങളും ലഭിക്കും. അവരുടെ കൈയിലുള്ള ഗ്രന്ഥത്തിൽ ഐഹിക പ്രേമത്തെ ആക്ഷേപിക്കുന്നതോ പരിത്യാഗിയാക്കുന്നതോ ആയ ഒന്നുമില്ല. വ്യക്തമായ നിസ്‌കാര രൂപംപോലുമില്ലതന്നെ. അതിൽ അലക്ഷ്യമായ ജീവിതവും തീറ്റയും കുടിയും വിനോദവും സംഗീതവും കളിയുമൊക്കെയാണുള്ളത് (താരീഖുൽ അദബിൽ അറബി).

ഉദ്യോഗത്തിലായപ്പോഴുള്ള കൂട്ടുജീവിതത്തിൽ നിന്നു ക്രൈസ്തവരും ജൂതരുമായ സഹജീവികളുടെ പിഴച്ചധാരണകളെ കുറിച്ച് കിട്ടിയ അറിവും കുരിശുപടയാളികളുടെ ക്രൂരതയും അഴിഞ്ഞാട്ടവുമൊക്കെയായപ്പോൾ അവരുടെ ഗ്രന്ഥങ്ങളും കീർത്തനങ്ങളും സംഘടിപ്പിച്ച് പഠിക്കാനദ്ദേഹം മുന്നോട്ടുവന്നു. ഈ പരിശ്രമത്തിലൂടെ ലഭിച്ച അറിവുകൾ, യാഥാർത്ഥ്യങ്ങൾ തലമുറകളെ ബോധ്യപ്പെടുത്താൻ കവിതകൾ മാധ്യമമാക്കി.


ഹംസിയ്യയും ബുർദയും


ഹജ്ജ് കഴിഞ്ഞുവന്നതിനു ശേഷം തയ്യാറാക്കിയതാണ് ബുർദയും ഹംസിയ്യയും. ഹംസിയ്യാണ് ആദ്യം രചിച്ചതെന്നാണ് നിരൂപകന്മാരുടെ പക്ഷം. ഹജ്ജ് കഴിഞ്ഞു മടങ്ങിയ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതിനാലായിരിക്കാം ‘ഉമ്മുൽ ഖുറാ’ എന്നാണതിന് പേരു നൽകിയത്. പിന്നീട് തീർത്ഥാടകർ ഹജ്ജിനായി പോകുന്നത് കാണാനായപ്പോൾ യാത്രയിൽ താൻ കണ്ട സ്ഥലങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ ഓടിയെത്തിയിരിക്കണം. അതിലൊന്നായിരുന്നു ദീസലമ. അതിനെ പുരസ്‌കരിച്ചാണ് ബുർദയാരംഭിച്ചതും. ബുർദയെ പോലെ തന്നെ പ്രവാചകാനുരാഗത്തിന്റെ നിർഗളമായ പ്രവാഹമാണ് ഹംസിയ്യയും. ബൂസ്വീരി(റ)യുടെ ജീവിതവും കാവ്യങ്ങളും സാഹിത്യലോകത്തും വിശ്വാസി സമൂഹത്തിലും ഏറെ പ്രചാരം നേടിയതും ചർച്ചയായതും റസൂലിനോടുള്ള അർപ്പണത്തിന്റെ പേരിലാണ്. അദ്ദേഹത്തിന്റെ ചില രചനകൾക്കു മാത്രമാണ് കൃത്യമായ നാമങ്ങൾ നൽകിയിട്ടുള്ളത്. മറ്റുള്ളവ അന്ത്യാക്ഷരപ്രാസം പരിഗണിച്ച് ആ പേരിലോ ആദ്യവാക്യങ്ങൾ ഉപയോഗിച്ച് അങ്ങനെയോ വിളിക്കപ്പെട്ടു.


ജീവിതാന്ത്യം

പ്രാരാബ്ദങ്ങളുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വിശ്വാസിമാനസങ്ങളിൽ ഇടം നേടിയ വ്യക്തിപ്രഭാവം അദ്ദേഹം ആർജിച്ചു. ശാദുലി സരണിയുടെ വെളിച്ചത്തിൽ ജീവിതം നയിച്ചു. ജനങ്ങളദ്ദേഹത്തെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. കടന്നുപോകുന്ന വഴികളിൽ പോലും വിശ്വാസികൾ ഭവ്യതയോടെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ കൈ മുത്തുന്നവർക്ക് അകൃത്രിമമായ സുഗന്ധം അനുഭവപ്പെട്ടിരുന്നുവെന്നു ചരിത്രം. നബി(സ്വ)യുമായി സ്വപ്‌നേനയും അല്ലാതെയും സന്ധിച്ചു. നല്ല വസ്ത്രം ധരിച്ചിരുന്ന അദ്ദേഹം തിളങ്ങുന്ന നരയും പ്രകാശിക്കുന്ന പല്ലുകളും പ്രസന്നമായ മുഖകമലവും ഹൃദ്യമായ സമീപനവും വിനയവും പരിത്യാഗവും പരിശുദ്ധ ജീവിതവും ഗാംഭീര്യവും ചേർന്ന വ്യക്തിത്വമായിരുന്നു.

ഹിജ്‌റ 695-ൽ 87-ാം വയസ്സിൽ അലക്‌സാണ്ട്രിയയിൽ വച്ചാണ് ഇമാം വഫാത്തായത്. അവിടെ തന്നെ ഖബറടക്കി. ഖബറിന് മുകളിൽ ആദരസൂചകമായി ജനങ്ങൾ മഖ്ബറ പണിയുകയും പരിപാലിക്കുകയും ചെയ്തു. ധാരാളം സന്ദർശകർ അവിടെയെത്തുന്നു. അദ്ദേഹത്തിന്റെ പേരിൽ ഒരു പള്ളിയും നിർമിച്ചിട്ടുണ്ട്. മസ്ജിദ് അബിൽ അബ്ബാസിൽ മർസിയുടെ പള്ളിക്കു സമീപത്താണിത് സ്ഥിതി ചെയ്യുന്നത്. ഈജിപ്തിന്റെ ഭാഗ്യവും പ്രവാചകാനുരാഗികളുടെ എന്നത്തെയും വസന്തവുമാണ് ഇമാം ബൂസ്വീരി(റ)യും നബിസ്‌നേഹ കവിതകളും.



ബുർദഃയുടെ സ്വാധീനം 

യു എ ഇ -  ലെ മുൻ ഭരണാധികാരി ശൈഖ് സായിദ് തന്റെ ജീവിതകാലത്ത് ആരംഭിച്ചതും എല്ലാ വർഷങ്ങളിലും തുടർ ഭരണ വക്താക്കൾ നടപ്പിലാക്കുന്നതുമായ ഒരു പ്രതേക അവാർഡിനു ബുർദ അവാർഡ് എന്നു നാമം നൽകിയത് ലോക മുസ്ലിംകൾക്കിടയിലെ ബുർദയുടെ സ്വാധീനം ഉയർത്തിക്കാട്ടുന്നതാണ്.

അത്പോലെ ലോക മുസ്ലിം പള്ളികളുടെയും ഗ്രന്ഥാലയങ്ങളുടെയും അകത്തളങ്ങളിലും താഴിക കുടങ്ങളിലും കൊത്തിവെച്ചിരിക്കുന്ന ബുർദ ശകലങ്ങളും ഇത് തന്നെയാണ് മുന്നോട്ടുവെക്കുന്നത്.

പുണ്യറൗളയുടെ ചുമരുകളിൽ ബുർദയുടെ വരികൾ എഴുതിവെച്ചിട്ടുണ്ട്. മദീന പള്ളിയിലെ ഫാത്തിമ ബീവിയുടെ (റ) വീടുനിന്ന ഭാഗത്തേക്കുള്ള കവാടത്തിൽ ഖസ്വീദയിലെ ഹുവൽ ഹബീബ് എന്നു തുടങ്ങുന്ന മദ്ഹുഗീതം നമുക്ക് കാണാൻ സാധിക്കും.

ലോകത്തിലെ അറിയപ്പെട്ട വ്യത്യസ്ത യൂണിവായ്സിറ്റികളിൽ ബുർദയുടെ പ്രമേയം ആധാകമാക്കി വളരെ അധികം ഗവേഷണങ്ങൾ നടന്നു, നടന്നു കൊണ്ടിരിക്കുന്നു. ലോക പണ്ഡിത പ്രതിഭകളിൽ 90 പണ്ഡിതന്മാർ ബുർദയെ വിശദീകരിച്ചു കിതാബുകൾ രചിച്ചിട്ടുണ്ടെന്നും ഇംഗ്ളീഷ് ഫ്രൻജ് തുടങ്ങിയ 300 ൽ പരം ലോകോത്തര ഭാഷകളിലേക്ക് ബുർദ വിവർത്തനം നടന്നിട്ടുണ്ടെന്നും ഹിസ്റ്ററി ഒാഫ് ദ അറബിൽ പി.കെ ഹിറ്റി വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഷാഫി മദ്ഹബിൽ വ്യക്യാതമായ തുഹ്ഫതുൽ മുഹ്താജിന്റെ മുസന്നിഫായ ഇബ്നു ഹജറുൽ ഹൈതമി ബുർദയെ വിശദീകരിച്ചു കിതാബെഴുതിയ പണ്ഡിതന്മാരിൽ പ്രമുഖരാണ്.

അൾജീരിയയിലെ പ്രമുഖ സൂഫീപണിഡിതനും നാടിന്റെ സൈനിക തലവനുമായിരുന്ന അബ്ദുൽ ഖാദിർ അൽ ജസാഇരി ചരിത്രകാരന്മാർക്ക് സുപരിചിതനാണ്.

ഫ്രഞ്ചുകാരുടെ അധിനിവേശത്തെ തുരത്തിയ അൾജീരിയയുടെ സൈനികർക്ക് ചുക്കാൻ പിടിച്ച മഹാൻ യുദ്ധമുകത്ത് കയ്യിലേന്തിയ പതാകയിൽ ബുർദയുടെ വരികളാണുണ്ടായിരുന്നത്.


ബുർദഃയുടെ മഹത്വവും പാരായണ രീതിയും 



'ഖസീദതുൽ ബുർദ' പാരായണത്തിനുമുണ്ട് ചില നിബന്ധനകൾ. എന്നാൽ മാത്രമേ പരിപൂർണ്ണ ഫലം ലഭിക്കുകയുള്ളൂ. 

1.വുളു ഉണ്ടായിരിക്കുക 
2. ഖിബ് ലക്ക് മുന്നിടുക 
3.ഓരോ പദങ്ങളുടെയും ഉച്ചാരണവും നിയമങ്ങളും ശ്രദ്ധിക്കുക
4.ആശയം അറിഞ്ഞു കൊണ്ടാവുക 
5.കവിതാ രൂപത്തിൽ പാരായണം ചെയ്യുക 
6. ഖസീദതുൽ ബുർദ മന:പാഠത്തിലുണ്ടാവുക 
7. സ്വാലിഹീങ്ങൾ വഴി ചൊല്ലാനുള്ള ഇജാസത്(സമ്മതം) നേടുക. 
8. مولاي صل وسلم دائماً أبـدا على حبيبك خير الخلق كلهـم
എന്ന സ്വലാത്തിനോടൊപ്പം ചൊല്ലുക 

9.ഓരോ ബൈത്ത് പൂർത്തിയാവുമ്പോഴും മേൽ സ്വലാത്ത് ചൊല്ലുക.

(عصيدة الشهدة شرح قصيدة البردة- ٣٨)

ഇമാം ബൂസ്വിരീ(റ)പറയുന്നു." ഒരിക്കൽ എനിക്ക് പക്ഷവാതം പിടിപെട്ടു. എന്റെ ചലനശേഷി നഷ്ടപ്പെട്ടു. ഒരു ചികിത്സയും ഫലം കണ്ടില്ല. ഒടുവിൽ തിരുനബിﷺയുടെ ഒരു പ്രകീർത്തന കാവ്യം രചിക്കുകയും അത് വഴി രോഗശമനത്തിന് അല്ലാഹുവിനോട് തേടാമെന്നും കരുതി. ഉദ്ദേശിച്ച പോലെ കവിത രചിച്ചു. അതിൽ നിന്ന് വിരമിച്ച ശേഷം അന്ന് രാത്രി ഞാനുറങ്ങി. തിരുനബി ﷺയെ സ്വപ്നത്തിൽ കണ്ടു. എന്റെ രോഗവും വേദനയും തിരുമുമ്പിൽ ബോധിപ്പിച്ചു. ബുർദ മുഴുവനും നബിയെ ചൊല്ലി കേൾപ്പിച്ചു. അവിടുന്ന് ഇരു കൈ കൊണ്ടും എന്റെ ശരീര മാകെ തടവി. ഞാൻ ഉണർന്നപ്പോൾ എനിക്ക് പൂർണ്ണാരോഗ്യം കൈവന്നിരിക്കുന്നു. الحمد لله"

(شرح البردة البوصیریة -٥ )


ഇമാം ബൂസ്വിരീ(റ)പറയുന്നു."ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു.വഴിയിൽ കൂട്ടുകാരൻ അബുറജാഇനെ കണ്ടു.അദ്ദേഹം ചോദി ച്ചു."താങ്കളുടെ നബി കീർത്തന കവിത എനിക്ക് തരാമോ?" ഞാൻ ചോദിച്ചു. "ഏത് കവിതയാണ്? തിരുനബിﷺയെ പ്രകീർത്തിച്ച് പല കവിതകളും ഞാൻ രചിച്ചിട്ടുണ്ടല്ലോ" അദ്ദേഹം പറഞ്ഞു.
أمِنْ تَذَكُّرِ جِيران بِذِي سَلَمٍ مَزَجْتَ دَمْعاً جَرَى مِنْ مُقْلَةٍ بِدَمِ
എന്ന് തുടങ്ങുന്നതാണ് ഉദ്ദേശിച്ചത്." ഞാൻ ചോദിച്ചു. " അബൂറജാ! താങ്കൾ എവിടുന്നാണത് പഠിച്ചത്.? ഞാൻ ആ കവിത ഒരാൾക്കും പറഞ്ഞ് കൊടുത്തിട്ടില്ലല്ലോ" അദ്ദേഹം പറഞ്ഞു. "ഇന്നലെ രാത്രി താങ്കൾ തിരുനബിﷺയുടെ മുമ്പിൽ ഈ കീർത്തന കാവ്യം ചൊല്ലിക്കൊടുക്കുന്നതായി ഞാൻ കണ്ടു. മന്ദമാരുതന്റെ തഴുകലേറ്റ് ഫലവൃക്ഷം ഇളകുന്നത് പോലെ അവിടുന്ന് ആസ്വദിക്കുന്നുണ്ടായിരുന്നു."ഞാൻ അബൂറജാഇന് 'ബുർദ' കൊടുത്തു. അതോടെ ഖസ്വീദതുൽ ബുർദ പ്രസിദ്ധമായി"

(عصيدة الشهدة- ٣٨)

എല്ലാ വെള്ളിയാഴ്ച രാവിലും മഗ്‌രിബിനും ഇശാഇനും ഇടയിൽ നിബന്ധനകൾ പാലിച്ച് ഖസീദതുൽ ബുർദ പാരായണം ചെയ്താൽ അവൻ ഈമാനോടെ മരിക്കുന്നതാണ്. (عصيدة الشهدة )


തിരുനബി ﷺയെ സ്വപ്നത്തിൽ ദർശിക്കാൻ ഇമാം ഗസ്നവി (റ) രാത്രികളിൽ ഖസീദതുൽ ബുർദ ഓതാറുണ്ടായിരുന്നു. പക്ഷേ, കാണാൻ തൗഫീഖ് ലഭിച്ചില്ല.ഒരു ശൈഖിനോട് തന്റെ വിഷമം ബോധിപ്പിച്ചു. ശൈഖ് പറഞ്ഞു. "താങ്കൾ വല്ല നിബന്ധനയും ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കാം" ഇമാം പറഞ്ഞു."എല്ലാം ശ്രദ്ധിക്കാറുണ്ട്." ശൈഖിന്റെ നിരീക്ഷണത്തിനൊടുവിൽ കാരണം കണ്ടെത്തി. ശൈഖ് പറഞ്ഞു."ഓരോ ബൈത്തിന് ശേഷവും ഇമാം ബുസ്വിരി (റ) ചൊല്ലിയിരുന്ന 
مولاي صل وسلم دائماً أبـدا    على حبيبك خير الخلق كلهـم
എന്ന സ്വലാത്ത് താങ്കൾ ചൊല്ലിയിരുന്നില്ല." ( عصيدة الشهدة- ٣٩)


ശൈഖ് സഅദുൽ ഫാറൂഖി(റ)ന്റെ ഇരുകണ്ണിനും ഗുരുതരമായ 'ചെങ്കണ്ണ്' ബാധിച്ചു. കാഴ്ച നഷ്ട പ്പെടുമെന്ന അവസ്ഥയിലെത്തി. തദവസരത്തിൽ അദ്ദേഹം തിരുനബിﷺയെ സ്വപ്നത്തിൽ ദർശി ച്ചു. അവിടുന്ന് പറയുകയാണ്. "നീ ഇന്ന വ്യക്തിയെ പോയി കാണുക.അദ്ദേഹത്തിൽ നിന്ന് 'ഖസ്വീ ദതുൽ ബുർദ' വാങ്ങി രണ്ട് കണ്ണിലും വെക്കുക." ശൈഖ് സഅദ് എഴുന്നേറ്റ് പോയി ആ വ്യക്തിയെ സമീപിച്ച് ബുർദ വാങ്ങി ഇരു കണ്ണിലും വെക്കുകയും ഖസീദതുൽ ബുർദ പാരായണം നടത്തുക യും ചെയ്തു. അതിന്റെ പുണ്യം കൊണ്ട് അല്ലാഹു അദ്ദേഹത്തിന് പൂർണ്ണ ശമനം നൽകി. (عصيدة الشهدة- ٣٩)



തിരുനബിﷺയോടുള്ള അനുരാഗത്തിന്റെ അടങ്ങാത്ത പാരമ്യതയിൽ നിന്നാണ് ഇമാം ബൂസ്വിരി (റ)ബുർദ രചിക്കുന്നത്. സാഹിത്യ കവികൾ അവരുടെ സന്തോഷ- ദു:ഖങ്ങൾ പങ്കുവെക്കാൻ മറ്റൊരാളെ സങ്കൽപ്പിച്ച് സംവദിക്കാറുണ്ട്. ബുർദയുടെ തുടക്കവും അങ്ങനെയാണ്.




في الغزل و شكوي الغرام

مولاى صلي وسلم دائما أبدا
على حبيبك خير الخلق كلهم

ലോക രക്ഷിതാവായ തമ്പുരാനേ , സർവ്വ സൃഷ്ടികളിലും ഉത്തമനായ നിന്റെ ഹബീബ് നബി (സ) യുടെ മേൽ നീ എന്നുമെന്നും സ്വലാത്തും , സലാമും ചൊരിഞ്ഞീടേണമേ 



أمِنْ تذَكُّرِ جيرانٍ بذي سلمِ
 مزجتَ دمعاً جرى من مقلة ٍ بدم


ِأمْ هبَّتِ الريحُ من تلقاءِ كاظمة
 ٍوأوْمَضَ البَرْقُ في الظلْماءِ مِنْ إضَمِ



കണ്ണിൽ നിന്ന് രക്തം കലർന്ന കണ്ണുനീർ ഒഴുകുന്നത്, (അതി ശക്തമായി കരയുന്നത്) 

'ദൂസലം' പ്രദേശത്തെ നിന്റെ (സ്നേഹിതരായ) അയൽവാസികളെ ഓർത്തിട്ടാണോ?! അതല്ലെങ്കിൽ کاظمة യുടെ ഭാഗത്ത് നിന്ന് അടിച്ചു വീശുന്ന കാറ്റ് കൊണ്ടാണോ?! അതുമല്ല, ഇരുട്ടുള്ള രാത്രിയിൽ إضم ൽ മിന്നെറിഞ്ഞത് കൊണ്ടാണോ?

മദീന ശരീഫിന്റെ അടുത്ത പ്രദേശങ്ങളാണ് ദൂസലം, കാളിമത് (كاظمة ) ഇളമ് ( إضم) എന്നിവ. അവിടുത്തെ സ്നേഹിതരെ ഓർക്കുമ്പോൾ മനം വിങ്ങിപ്പൊട്ടു കയാണ്. ആശിഖ് സദാ നേരവും തന്റെ പ്രിയരുടെ ഓർമ്മകളിലായിരിക്കും. അവിടുന്ന് ഒരു കാറ്റ് വീശിയാൽ അത് തന്റെ പ്രിയരെ തഴുകി വരുന്നതാണല്ലോ എന്ന ചിന്ത! ആ പ്രദേശത്ത് മിന്നെറിയുമ്പോൾ ആ പ്രകാശം തന്റെ പ്രിയരുടെ വീടുകൾ കണ്ടതാണല്ലോ എന്ന വ്യഥ. ഇതെല്ലാം ഓർക്കുമ്പോൾ അതിയായ വ്യസനം. അതാണ് ഈ വരികളിലൂടെ ഇമാം ബൂസ്വിരി(റ) ബോധിപ്പിക്കുന്നത് ..


فما لعينيكَ إن قلتَ اكففا هَمَتا
 ومَا لِقَلْبِك إنْ قُلْتَ اسْتَفِقْ يَهِمِ

ശക്തിയായ അനുരാഗമുണ്ടെന്ന വസ്തുത നീ നിഷേധിച്ചാലും നിന്റെ കണ്ണുകളും ഹൃദയവും നിഷേധിക്കില്ല. കാരണം, നിന്റെ കണ്ണുകളോട് കരയരുതേ എന്ന് നീ പറഞ്ഞാൽ അവ കണ്ണുനീർ പൊഴിച്ചു കൊണ്ടിരിക്കും. ഹൃദയത്തോട് ഉണരൂ എന്ന് പറഞ്ഞാൽ അത് (എന്ത് ചെയ്യണമെന്ന് അറിയാതെ) പരിഭ്രമിക്കും. അതാണ് നിഷ്കളങ്ക സ്നേഹത്തിന്റെ ലക്ഷണം. ഈ വരികളിലൂടെ ഇമാം ബൂസ്വിരി(റ) തിരുനബിﷺയോടുള്ള അതിരറ്റ സ്നേഹം സ്വന്തം ശരീരത്തോട് ചോദ്യ രൂപത്തിൽ പ്രകടിപ്പിക്കുകയാണ്.

أَيَحْسَبُ الصَّبُّ أنَّ الحُبَّ مُنْكتِمٌ
 ما بَيْنَ مُنْسَجِم منهُ ومضطَرِمِ

തിരുനബി ﷺയോടുള്ള അനുരാഗത്താൽ മനസ് വിങ്ങിപ്പൊട്ടുന്നു. കണ്ണുനീർ പൊഴിച്ചു കൊണ്ടിരി ക്കുന്നു. നിഷ്കളങ്ക സ്നേഹത്തിന്റെ ലക്ഷണങ്ങ ളാണത്. ആരുമറിയാതെ സ്നേഹം മറഞ്ഞിരിക്കു കയാണെന്ന് പ്രണയിക്കുന്നവൻ വിചാരിക്കുന്നു വോ? (അങ്ങനെ കരുതരുത്. സ്നേഹത്തിന്റെ ലക്ഷണങ്ങൾ ഒരിക്കലും മറച്ച് വെക്കാൻ കഴി യില്ല. അതിനാൽ സ്നേഹത്തെ നിഷേധിക്കരുത്. (തിരുനബി ﷺയോടുള്ള അതിരറ്റ സ്നേഹം ആശിഖീങ്ങളിൽ നിന്ന് പ്രകടമാകട്ടെ)


لولاَ الهَوَى لَمْ تُرِقْ دَمْعاً عَلَى طَلَلٍ
 ولا أرقتَ لذكرِ البانِ والعَلم


തിരുനബി ﷺയെയും അവിടുത്തെ സുഗന്ധ- സൗന്ദര്യത്തെയും തിരുശേഷിപ്പുകളെയും ഓർക്കുമ്പോൾ സ്നേഹാധിക്യത്താൽ കണ്ണുനീർ ഒഴുകുന്നു. ഉറക്കവും വരുന്നില്ല. ഇത് മറ്റൊരാളെ സങ്കൽപ്പിച്ച് ചോദിക്കുകയാണ് ഇമാം ബൂസ്വിരി

അനുരാഗം ഇല്ലെങ്കിൽ പ്രിയരുടെ വീടുകളെ ഓർത്ത് നീ കണ്ണീർ പൊഴിക്കുമായിരുന്നില്ല. 'ബാൻ' മരവും കുന്നിൻപുറങ്ങളും ഓർത്ത് നീ ഉറക്കം ഒഴിവാക്കുകയുമില്ലായിരുന്നു.
സുഗന്ധം,അഴക്,വടിവ് ഇവയിലെല്ലാം തന്റെ പ്രിയർ സുഗന്ധ തൈലം ഉണ്ടാക്കുന്ന ബാൻമര ത്തിന് തുല്യമാണ്.പ്രിയരുമായി സംഗമിച്ച കുന്നിൻ പുറവും ഹബീബിനെയും ഓർക്കുമ്പോൾ അന്ന-പാനീയം ഇല്ലാത്തതിനാൽ ഉറക്കവുമില്ല.
തിരുനബി ﷺയോടുള്ള അനുരാഗം ഇല്ലായിരുന്നെങ്കിൽ മക്കതുൽ മുകറമയെ ഓർത്ത് കണ്ണുനീർ പൊഴിക്കുമായിരുന്നില്ല എന്നും വ്യാഖ്യാനമുണ്ട്. കാരണം തിരുനബി ﷺ അധിവസിക്കുന്ന മക്കയുടെ മഹത്വം ഒന്ന് വേറെയാണ്. അവിടുത്തെ ഹിജ്റ കാരണം വിശുദ്ധ മക്കയെ ഓർത്ത് കണ്ണീരൊഴുക്കുകയാണ് അനുരാഗി. അത് കൊണ്ടാണല്ലോ

ِ لَا أُقْسِمُ بِهَٰذَا الْبَلَدِ * وَأَنْتَ حِلٌّ بِهَٰذَا الْبَلَد
എന്ന സൂക്തത്തിൽ "അങ്ങ് മക്കയിൽ അധിവസിക്കുന്ന നിലയിൽ ഞാൻ ഈ മക്കയെ കൊണ്ട് സത്യം ചെയ്യുന്നു." എന്ന് അല്ലാഹു പറഞ്ഞത്. ഇക്കാരണത്താൽ തിരുനബി ﷺയുടെ ഖബ്റു ശരീഫിൽ അവിടുത്തെ തിരുശരീരം സ്പർശിച്ച മണ്ണാണ് അല്ലാഹു ലോകത്ത് ഏറ്റവും പവിത്രത നൽകിയ സ്ഥലം.
'ബാൻ' എന്നത് കൊണ്ട് മക്കയിലെ ഒരു പ്രത്യേക വൃക്ഷമാണെന്നും അതിന്റെ ചുവട്ടിലിരുന്ന് തിരുനബി ﷺ സ്വഹാബികളുമായി സംസാരിച്ചിരുന്നു എന്നും വിവക്ഷയുണ്ട്. ഒത്ത വടിവും സുഗന്ധവും കാണാൻ സൗന്ദര്യവുമുള്ള ഒരു ഇനം മരമാണെന്നും 'ബാൻ തൈലം ' അതിൽ നിന്നാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത് എന്നുമാണ് മറ്റൊരു ഭാഷ്യം. തിരുനബി ﷺയുടെ ആകാരഭംഗിയും സുഗന്ധവും 'ബാൻ' മരത്തോട് സാദൃശ്യപ്പെടുത്തുകയാണ് ഇമാം ബൂസ്വിരി(റ)
'അലം' എന്നാൽ പർവ്വതം. മക്കയിലെ ഒരു മലയാണ് ഉദ്ദേശം. 'അബൂ ഖുബൈസ് ' പർവ്വതമാണെന്നും 'ഹിറാ' പർവ്വതമാണെന്നും 'സൗർ' മലയാണെന്നും വിവക്ഷിക്കപ്പെടുന്നുണ്ട്. എങ്ങനെയായാലും തിരുനബി ﷺയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഓർത്തിട്ടാണ് അനുരാഗി ഉറക്കൊഴിക്കുന്നത്. അതിരറ്റ സ്നേഹമാണ് കാരണം.
അല്ലാമാ മുഹമ്മദ് ബ്നു അബ്ദില്ലാഹിൽ ഖൈസ്വരി (റ) പറയുന്നു: ഒരാൾ കടുത്ത മാനസിക പ്രയാസവും ദു:ഖവും അനുഭവിക്കുന്നുവെങ്കിൽ ഈ ബൈത്ത് ഒറ്റ അക്ഷരങ്ങളിൽ ഒരു ആപ്പിളിൽ എഴുതുകയും അത് കഴിക്കുകയും ചെയ്താൽ അവന്റെ വിഷമം നീങ്ങുകയും സന്തോഷം കൈവരുന്നതുമാണ്. പിഞ്ഞാണത്തിൽ എഴുതി വെള്ളം കൊണ്ട് മായ്ച്ചു കുടിച്ചാലും മാനസിക പ്രയാസം നീങ്ങുമെങ്കിലും ആപ്പിൾ പഴമാണ് കൂടുതൽ ഫലം ചെയ്യുന്നതെന്ന് മഹാന്മാർ സാക്ഷ്യപ്പെടുത്തുന്നു.


 فكيفَ تُنْكِرُحُبَّا بعد َما شَهِدَتْ
 بهِ عليكَ عدولُ الدَّمْعِ والسَّقَم

അനുരാഗിയെ ഓർത്ത് ഒഴുക്കുന്ന കണ്ണുനീരും മാനസിക വേവലാതിയും നീതിപൂർവ്വം നിനക്കെ തിരെ സാക്ഷി പറയുന്നു. എന്നിട്ടും എങ്ങനെയാ ണ് സ്നേഹത്തെ നീ നിഷേധിക്കുന്നത് ?വല്ലാത്ത അത്ഭുതം തന്നെ! 

നബിﷺയോടുള്ള സ്നേഹത്തെ നിഷേധിക്കാൻ അനുരാഗിക്ക് കഴിയില്ല.നിഷ്കളങ്ക സ്നേഹം കൊണ്ടാണല്ലോ കണ്ണീരും മാനസിക വിഷമവും ഉണ്ടാകുന്നത്. 'നീതിമാന്മാർ' എന്നാണ് അവയെ ഇമാം ബൂസ്വിരി വിശേഷിപ്പിച്ചത്. ഒരു കാര്യത്തെ നിഷേധിക്കുമ്പോഴാണ് സാക്ഷിയെ ഹാജരാക്കേ ണ്ടത്. ഇവിടെ അനുരാഗത്തെ നിഷേധിക്കുകയാ ണെങ്കിൽ അനുരാഗിക്കെതിരെ 'നീതിമാന്മാർ' സാക്ഷി പറയുമെന്നും അതിനാൽ സ്നേഹത്തെ നിഷേധിക്കുന്നതിൽ അത്ഭുതമുണ്ടെന്നുമാണ് ചോദ്യ രൂപത്തിൽ ഇമാം അവതരിപ്പിക്കുന്നത്.

ഒരു പ്രത്യേക ലക്ഷ്യം സഫലമാകാൻ ബുർദ ഓതുന്നവൻ ഈ ബൈത്ത് മൂന്ന് തവണ ആവർത്തിക്കണമെന്ന് മഹാന്മാർ പഠിപ്പിക്കുന്നു.

وَأثْبَتَ الوجْدُ خَطَّيْ عَبْرَة وضَنًى
 مِثْلَ البَهارِعَلَى خَدَّيْكَ والعَنَمِ

രക്തം കലർന്ന കണ്ണുനീരിനാൽ നിന്റെ കണ്ണ് നിറഞ്ഞു. അഗാധ സ്നേഹം ഉണ്ടാക്കിയ ദു:ഖം കണ്ണുനീരിന്റെയും അവശതയുടെയും രണ്ട് പാടുകൾ നിന്റെ കവിളിൽ തീർത്തിരിക്കുന്നു. കാണുന്നവരൊക്കെ ആ പാടുകളിൽ നിന്ന് നിന്റെ സ്നേഹം വായിച്ചെടുക്കും. ആ രണ്ട് വരകൾ ചുവന്ന പനിനീർ പൂവ് പോലെയും മഞ്ഞ പനിനീർ പൂവ് പോലെയുമാണ്.ഇത്രയൊക്കെ വ്യക്തമായി ട്ടും അനുരാഗമില്ലെന്ന് എങ്ങനെ നീ തള്ളിപ്പറയും.


نَعَمْ سَرَى طَيفُ مَنْ أهوَى فَأَرَّقَنِي
والحُبُّ يَعْتَرِضُ اللَّذاتِ بالألَمِ

അതെ, ഇത് വരെ മറച്ചുവെക്കാൻ ശ്രമിച്ച സ്നേഹത്തെ ഇനി ഞാൻ നിഷേധിക്കുന്നില്ല. തുറന്ന് സമ്മതിക്കുന്നു.ഞാൻ സ്നേഹിക്കുന്ന വരുടെ തനി രൂപം രാത്രി എന്റെ അരികിലേക്ക് വന്നു, എന്നെ ഉറക്കൊഴിപ്പിച്ചു.സ്നേഹം ആനന്ദ ങ്ങളെ വേദന കൊണ്ട് തടയിടുന്നു.

മനസിലെപ്പോഴും അനുരാഗി മാത്രം.അതിനാൽ സ്വപ്നത്തിലും കാണുന്നു, ഹബീബിനെ ഓർത്ത് ഉറക്കവുമില്ല. ഇശ്ഖ് സമ്മാനിക്കുന്ന വേദന മൂലം ഉറക്കം പോലെയുള്ള ആനന്ദങ്ങൾ തടസപ്പെടുക യാണ്.

ഇശാ നിസ്കാര ശേഷം ഉറക്കം വരുന്നത് വരെ ആശയം ചിന്തിച്ച് ഈ ബൈത്ത് ഒരാൾ ചൊല്ലി യാൽ അവൻ തിരുനബി ﷺയെ സ്വപ്നത്തിൽ കാണുന്നതാണ്.


يا لائِمِي في الهَوَى العُذْرِيِّ مَعْذِرَة
ًمنِّي إليكَ ولو أنصفتَ لم تلُمِ

തീവ്രമായ അനുരാഗത്തിന്റെ പേരിൽ എന്നെ ആക്ഷേപിക്കുന്നവനേ, ഞാൻ നിന്നോട് ക്ഷമാ പണം നടത്തുന്നു. നീ നീതി പുലർത്തുന്നുവെങ്കിൽ എന്നെ ആക്ഷേപിക്കുകയില്ല. കാരണം ഈ സ്നേഹം എന്റെ നിയന്ത്രണത്തിൽ പെട്ടതല്ല. 


'ഉദ് രിയ്യ് ' എന്നത് യമനിലെ ഒരു ഗോത്രമാണ്. അവരിലേക്ക് ചേർത്താണ് 'ഉദ് രി അനുരാഗം' എന്ന് കവി പറഞ്ഞത്. ഒരാളെ സ്നേഹിച്ചാൽ അയാൾക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറാകുന്നവരാണ് അവർ.

عَدَتْكَ حالِيَ لا سِرِّي بمُسْتَتِر
عن الوُشاة ِولادائي بمنحسمِ

തിരുനബിﷺയോടുളള അതിയായ അനുരാഗത്താൽ കവി വീർപ്പുമുട്ടുകയാണ്. ആക്ഷേപിക്കു ന്നവനോട് മഹാൻ പറയുന്നു. എന്റെ സാഹചര്യം നിനക്കറിയാമല്ലോ?സമാനമായ പരീക്ഷണം നിനക്കും ഉണ്ടാവട്ടെ, എന്റെയും അനുരാഗിയു ടെയും ഇടയിൽ ഏഷണി പറയുന്നവരിൽ നിന്നും എന്റെ രഹസ്യം മറച്ചുവെക്കാനാവുന്നില്ല. കാരണം ഈ സ്നേഹം എന്നിൽ അലിഞ്ഞു ചേർന്നു. അനുരാഗിയോട് ചേരാത്തതിനാൽ തീവ്ര സ്നേഹം കാരണമുള്ള എന്റെ രോഗം ഒരിക്കലും ഭേദമാകുന്നതുമല്ല. തിരുനബി ﷺ യോടുള്ള ഇശ്ഖ് രാപകൽ ഭേദമില്ലാതെ തുടരും. മദീനയുമായുള്ള അകലവും എനിക്ക് പ്രശ്നമല്ല.

مَحَّضَتْنِي النُّصْحَ لكِنْ لَسْتُ أَسْمَعُهُ
إنَّ المُحِبَّ عَن العُذَّالِ في صَمَمِ

ഈ അനുരാഗം ഒഴിവാക്കാൻ എന്നെ ആത്മാർ ത്ഥമായി നീ ഉപദേശിച്ചു. പക്ഷേ ഞാനതൊന്നും ചെവി കൊണ്ടില്ല.കാരണം, നിഷ്കളങ്കമായി സ്നേഹിക്കുന്നവൻ അവന്റെ അനുരാഗത്തെ ആക്ഷേപിക്കുന്നവന്റെ ഉപദേശങ്ങൾ സ്വീകരിക്കു ന്നതിൽ ബധിരനായിരിക്കും.തിരുനബിﷺ പറയുന്നു. "ഒരു വസ്തുവിനോടുള്ള(അമിതമായ)നിന്റെ സ്നേഹം നിന്നെ അന്ധനും ബധിരനുമാക്കും."

അന്യരുടെ ചതിയിലോ ബുദ്ധിമുട്ടിലോ അകപ്പെടു മെന്ന് ഒരാൾ ഭയന്നാൽ വൃത്താകൃതിയിലുള്ള ഒരു കടലാസിൽ ഈ ബൈത്ത് എഴുതി തലയുടെ മുൻവശത്ത് തലപ്പാവിനടിയിൽ വെച്ചു നടന്നാൽ അവൻ സുരക്ഷിതനായിരിക്കുന്നതാണ്.

إني اتهمتُ نصيحَ الشيبِ في عذلٍ
والشَّيْبُ أَبْعَدُ في نُصْحٍ عَنِ التُّهَم

അനുരാഗം പാടില്ലെന്ന് ഉപദേശിക്കുന്നവനെ 'ആത്മാർത്ഥ ഉപദേഷ്ടാവ് ' എന്ന് ഞാൻ പറഞ്ഞല്ലോ അതെന്റെ തെറ്റിദ്ധാരണയാണ്. യുവത്വം തീരുന്നുവെന്നും മരണത്തിലേക്ക് അടുക്കുന്നു എന്നതിന്റെയും ലക്ഷണമാണല്ലോ നര. പുണ്യ കർമ്മങ്ങൾ ചെയ്ത് അല്ലാഹുവിന്റെ സാമീപ്യം നേടണമെന്ന ചിന്തയുണ്ടാക്കുന്ന നല്ല ഉപദേശകനായ നരയെയും ഞാൻ തെറ്റിദ്ധരിച്ചി രുന്നു, സത്യത്തിൽ തെറ്റിദ്ധരിക്കാൻ ഒരു പഴുതും നരയുടെ കാര്യത്തിലില്ല.കാരണം ആ ഉപദേശത്തിന് പിന്നിൽ ഒരു സ്വാർത്ഥ താൽപര്യവുമില്ല.

النفس في التحذير من هو


فإنَّ أمَّارَتي بالسوءِ مااتعظتْ
من جهلها بنذيرِ الشيبِ والهرمِ

തിന്മ ചെയ്യാൻ അതിയായി പ്രേരിപ്പിക്കുന്നതാണ് എന്റെ ആത്മാവ്. അതിന്റെ അജ്ഞത നിമിത്തം മുന്നറിയിപ്പ് നൽകുന്ന നരയുടെയും വാർദ്ധക്യ ത്തിന്റെയും ഉപദേശം ഉൾകൊണ്ടില്ല.

സദുപദേശം സ്വീകരിക്കാൻ മനുഷ്യന് തടസം നിൽക്കുന്ന കാര്യങ്ങളാണ് ദേഹേഛയും അറിവി ല്ലായ്മയും.നരയും വാർദ്ധക്യവും മനുഷ്യന് മരണത്തെ കുറിച്ച് മുന്നറിയിപ്പ് തരുന്നുണ്ട്. പുണ്യങ്ങളും തൗബയും ചെയ്യേണ്ട സമയമാ യെന്ന് ഉപദേശിക്കുന്നുണ്ട്. പക്ഷേ, അറിവില്ലായ്മ കാരണം ആ ഉപദേശം ഫലം ചെയ്യുന്നില്ല.

ولا أَعَدَّتْ مِنَ الفِعْلِ الجَمِيلِ قِرَى
ضيفٍ المَّ برأسي غير محتشمِ

എന്റെ തലയെ ബാധിച്ച നര സത്യത്തിൽ ഒരു അതിഥിയാണ്. ആ അതിഥിയെ സൽക്കരിക്കാ നുള്ള പുണ്യകർമ്മങ്ങളൊന്നും ഞാൻ ഒരുക്കി വെച്ചിട്ടില്ല, നര സാധാരണ അതിഥിയെ പോലെയു മല്ല. ലജ്ജയില്ലാത്ത വിരുന്നുകാരനാണ്. കാരണം, മരണത്തോടൊപ്പമേ ആ അതിഥി വിട പറയുക യുള്ളൂ. സാധാരണ വിരുന്നുകാർ കൂടുതൽ സമയം ആതിഥേയനൊപ്പം താമസിക്കാറില്ലല്ലോ?

നരക്കട്ടെ എന്ന് കരുതി സൽകർമ്മങ്ങൾ നീട്ടി വെ ക്കുന്നത് ബുദ്ധിയല്ല. കാരണം'അതിഥി' വന്നാൽ പിന്നെ ഒരുങ്ങാൻ കൂടുതൽ സമയം ലഭിക്കണമെ ന്നില്ല. നരയെ കുറിച്ചുള്ള ചിന്തയിലൂടെ സൽകർ മ്മങ്ങളും തൗബയും വർദ്ധിപ്പിക്കാൻ വിശ്വാസി യെ പ്രേരിപ്പിക്കുകയാണ് ഇമാം ബൂസ്വിരി (റ)


لَوْ كُنْتُ أَعْلَمُ أَنِّى مَا أُوَقِّرُهُ
 كَتَمْتُ سِرًّا بَدَا لِي مِنْهُ بِالْكَتَمِ


അതിഥിയായ നരയെ പുണ്യകർമ്മം ചെയ്‌ത് ഞാൻ ആദരിക്കുകയില്ല എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എനിക്ക് വെളിവായ ആ നരയെന്ന രഹസ്യത്തെ ചായം കൊണ്ട് ഞാൻ മറച്ചു വെക്കുമായിരുന്നു.
നരച്ച് വയസായിട്ടും നന്മകളില്ലാതെ തിന്മകൾ ചെയ്ത് നടക്കുന്നത് മോശമാണ്.നരയെ മൈലാഞ്ചി കൊണ്ട് ചായം കൊടുക്കൽ സുന്നത്താണ്. ആ സുന്നത്ത് എടുത്തിരുന്നെങ്കിൽ അതിഥിയായ നരയെ ആദരിക്കാതിരുന്നതും ഉപദേശം സ്വീകരിക്കാതിരുന്നതും അത്ര മോശമാകുമായിരുന്നില്ല. 


ബൈതിലുള്ള "കത്ത്മ്" എന്നുള്ളത് മയിലാഞ്ചിയോട്സാദൃശ്യമായ ചായത്തിനുപയോഗിക്കുന്ന യമനി ലെ ഒരു ചെടിയാണ്."അബൂബക്കർ(റ) മൈലാ ഞ്ചിയും കത് മും ചേർത്താണ് ചായമിട്ടിരുന്നത്."

(صحيح مسلم- ٧/ ٨٥)



തിരുനബിﷺ പറയുന്നു."മൈലാഞ്ചി കൊണ്ട് ആദ്യമായി ചായമിട്ടത് ഇബ്രാഹിം നബിയാണ്. എന്നാൽ ആദ്യമായി കറുത്ത ചായമിട്ടത് ഫിർഔ നുമാണ്" (1/29 -الديلمي)


مَنْ لِى بِرَدِّ جِمَاحٍ مِنْ غَوَايَتِهَا
 كَمَا يُرَدُّ جِمَاحُ الْخَيْلِ بِاللُّجُمِ


ഉപദേശങ്ങളൊന്നും ഫലിക്കുന്നില്ല. നന്നാവാൻ എന്തുണ്ട് മാർഗം? ഞാൻ ദുർബലനാണ്.സർവ്വാ ധിപനായ അല്ലാഹുവിന്റെ കാരുണ്യം ആവശ്യമു ള്ളവനാണ്.അനുസരണക്കേട് കാണിക്കുന്ന എന്നെ ദുർമാർഗത്തിൽ നിന്ന് തടഞ്ഞു നിർത്തി റബ്ബിന്റെ കാരുണ്യത്തിലേക്ക് നയിക്കാനാരുണ്ട്?! 


ശക്തിയുള്ള ഒരു ജീവിയാണ് കുതിര.എന്നാൽ അനുസരണക്കേട് കാണിക്കുമ്പോൾ കുതിര യെയും കടിഞ്ഞാണ് കൊണ്ടു തടഞ്ഞു നിർത്താ ൻ കഴിയും.അത് പോലെ എന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കി ൽ എന്നാഗ്രഹിക്കുകയാണ് ഇമാം ബൂസ്വിരി(റ). ആത്മാവിന്റെ രോഗങ്ങളെയും അവയുടെ പ്രതി വിധികളെയും മനസിലാക്കിയ ഒരു ആത്മ ജ്ഞാനിയാണ് മഹാനെന്ന് ഈ വരികളിലൂടെ നമുക്ക് ഗ്രഹിക്കാം.

فَلاَ تَرُمْ بِالْمَعَاصِى كَسْرَ شَهْوَتِهَا
إِنَّ الطَّعَامَ يُقَوِّى شَهْوَةَ النَّهِمِ


മനുഷ്യന്റെ വികാരങ്ങളാണ് അവനെ തിന്മയിലേക്ക് നയിക്കുന്നത്. എന്നാൽ അത്തരം വികാരങ്ങളെ പാപങ്ങൾ ചെയ്ത് തടുത്തു നിർത്താമെന്ന് ഒരു പ്രതീക്ഷയും നിനക്ക് വേണ്ട. കാരണം, നന്നായി വിശക്കുന്നവന് രുചിയുള്ള ഭക്ഷണം കണ്ടാൽ അവന്റെ ആർത്തിയുടെ ശക്തി കൂടുന്നത് പോലെ പാപങ്ങളുമായി ശരീരം ഇണങ്ങിയാൽ വികാരത്തിന്റെ വീര്യവും കൂടും.


وَالنَّفْسُ كَالطِّفْلِ إِنْ تُهْمِلْهُ شَبَّ عَلَى
حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ

മനുഷ്യൻ ദേഹേഛയെ അനുസരിച്ച് ജീവിക്കരുത്. ഒരു ഉദാഹരണത്തിലൂടെ ഇമാം ബൂസ്വിരി (റഹ്) അത് വ്യക്തമാക്കുകയാണ്.ശരീരം ഒരു കുഞ്ഞിനെ പോലെയാണ്. മുല കുടിക്കുന്ന പ്രായത്തിൽ നീ ആ കുഞ്ഞിനെ തന്റെ ഇംഗിതത്തിനൊത്ത് വിട്ടാൽ മുലകുടിയോടുള്ള ആർത്തിയോടെ അവൻ വളർന്ന് വലുതാകും. എന്നാൽ നീ മുലകൊടുക്കുന്നത് നിർത്തിയാൽ അവൻ സ്വയം മുലകുടി നിറുത്തുകയും ചെയ്യും.അത്പോലെ ശരീരത്തെ അതിന്റെ ആഗ്രഹത്തിന് വിട്ടാൽ തിന്മയിൽ മുഴുകും.നിയന്ത്രണം പാലിച്ചാൽ ജീവിതം പാപമുക്തമായി അല്ലാഹുവിനെ അനുസരിക്കുന്നതായി തീരുന്നതാണ്.

فََاصْــرِِِفْ هَوَاهَا وَحَاذِرْ أَنْ تُوَلِّيَهُ
إِنَّ الْهَوَى مَا تَوَلَّى يُصْمِ أَوْ يَصِمِ

വിവേകമാണ് മനുഷ്യനെ നയിക്കേണ്ടത്. പ്രകൃത്യാ ശരീരം തിന്മകളെയാണ് ആഗ്രഹിക്കുക.അത്തരം ആഗ്രഹങ്ങളെ നീ തടഞ്ഞു വെക്കുക.ദേഹേഛ ക്ക് നീ അധികാരം നൽകുന്നത് സൂക്ഷിക്കണം. ശരീരത്തിന്റെ അഭിലാഷങ്ങൾ നിന്നെ ഭരിക്കുക യാണെങ്കിൽ ഒന്നുകിൽ അവ നിന്നെ വധിച്ചു കളയും. അതല്ലെങ്കിൽ അപമാനിതനാക്കും.

അല്ലാഹു പറയുന്നു:

يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّهِ ۚ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ




"തന്നിഷ്ടത്തെ പിന്‍പറ്റരുത്. അത് നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോകു ന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.അവര്‍ വിചാ രണ നാളിനെ മറന്നു കളഞ്ഞതിനാലാണിത്." (സൂറത്തു സ്വാദ് 26)




وَراعِها وهيَ في الأعمالِ سائِمة
وإنْ هِيَ اسْتَحْلَتِ المَرْعَى فلا تُسِم

സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിന്റെ പൊരുത്തം മാത്രമാണ് നാം കാംക്ഷിക്കേണ്ടത്. അവയെ നിഷ്ഫലമാക്കുന്ന കാര്യങ്ങളിൽ ശരീരം മുഴുകുന്നത് സൂക്ഷിക്കണം. 'ഈ കർമ്മം ആരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ' എന്ന് ചിന്തിക്കരുത്. പിശാചിന്റെ സ്വാധീനമാണത്. അത് കൊണ്ടാണ് അഹങ്കാരവും അഭിമാനവും ഉണ്ടാക്കുന്ന കർമ്മത്തേക്കാൾ ഗുണം പാപങ്ങളുണ്ടാക്കുന്ന നിന്ദ്യത യാണെന്ന് മഹാന്മാർ പറഞ്ഞത്. ചില കർമ്മങ്ങളിൽ മനസിന് മാധുര്യം അനുഭവപ്പെടുന്നുവെങ്കിൽ അവയിൽ നിന്ന് മാറി നിൽക്കണം. കാരണം പ്രകൃത്യാ ശരീരം സൽ കർമ്മങ്ങളെ ആഗ്രഹിക്കുകയില്ല. അപ്പോൾ ആ മാധുര്യത്തിൽ മറ്റെന്തെങ്കിലും ലക്ഷ്യം കടന്നു വരും. അതാവട്ടെ, പാപവുമാണ്.

ശരീരത്തെ മേഞ്ഞു നടക്കുന്ന ഒരു ജീവിയോട് ഉപമിച്ചാ ണ് ഇമാം ബൂസ്വിരി(റ) ഈ ആശയം പഠിപ്പിക്കുന്നത്. ശരീരം കർമ്മങ്ങളിൽ മേഞ്ഞു നടക്കുമ്പോൾ നീ അതിനെ സൂക്ഷിക്കുക. മേച്ചിൽപുറം മധുരമായി തോന്നിയാൽ പിന്നെ അവിടെ മേയരുത്.


كَمْ حَسَّنَتْ لَذَّةً لِلْمَرْءِ قَاتِلَةً
 مِنْ حَيْثُ لَمْ يَدْرِ أَنَّ السُّمَّ فِى الدَّسَمِ


രുചിയുള്ള ഭക്ഷണത്തിൽ ( നെയ്യിൽ) ശത്രു വിഷം ചേർത്താൽ എന്തായിരിക്കും അവസ്ഥ! ബാഹ്യമായി രുചിയുണ്ടെങ്കിൽ തന്നെ കഴിക്കുന്നവൻ വിഷം ചേർത്ത കാര്യം അറിയാത്ത കാരണത്താൽ മൃതിയടയുന്നു. ഇത് പോലെ ശത്രുവായ ദേഹേഛ ഇബാദത്തിൽ രിയാഉം (ലോക മാന്യത ) ഉൾനാട്യവും കടത്തി മനുഷ്യരെ നശിപ്പിക്കും.

എണ്ണ പദാർത്ഥങ്ങളുടെ മുകളിൽ മറ്റെല്ലാറ്റിനെയും മറച്ച് നിൽക്കുന്നത് പോലെ മോശമായ വിചാരങ്ങളെ ഇബാദത്ത് മറച്ചുവെക്കുന്നു. മാത്രമല്ല,എണ്ണയിൽ വിഷം ചേർ ന്നാൽ അധികമാർക്കും അറിയില്ല. അത് പോലെയാണ് കർമ്മങ്ങളിലുള്ള നിയ്യത്തിന്റെ കാര്യവും.അതീവ രഹസ്യം ആയിരിക്കും. ഏത് കാര്യത്തിലും അഹന്ത വന്നാൽ മനുഷ്യൻ നശിക്കും. 

അല്ലാഹുവിന്റെ സഹായമില്ലെങ്കിൽ ആൾബലം കൊണ്ട് കാര്യമില്ല.ബാഹ്യപ്രകടനത്തിന് വേണ്ടി ചെയ്താൽ അന്ത്യ നാളിൽ അല്ലാഹു അവനോട് പറയും.'ആര് കാണാനാ ണോ നീ ചെയ്തത് അവരുടെ അടുത്തേക്ക് പോകൂ'.



സൽകർമ്മങ്ങൾ ചെയ്യാൻ തൗഫീഖ് നൽകിയത് അല്ലാ ഹുവാണ്. അവന്റെ സഹായം ഏത് സമയവും അവൻ പിൻവലിച്ചേക്കാം. ഈ ചിന്ത വരുമ്പോൾ പൊങ്ങച്ചവും ബാഹ്യപ്രകടനവും ഇല്ലാതാവും.


وَاخْشَ الدَّسَائِسَ مِنْ جُوعٍ وَمِنْ شِبَعٍ
 فَرُبَّ مَخْمَصَةٍ شَرٌّ مِنَ التُّخَمِ

വിശപ്പ് കാരണം ചില അപകടങ്ങളുണ്ട്. സ്വഭാവദൂഷ്യം, കോപം എന്നിവ അതിൽ പെട്ടതാണ്. വയറ് നിറഞ്ഞാൽ ആരാധനയിലുള്ള അലസത , അമിതവികാരം തുടങ്ങിയ അപകടങ്ങളുമുണ്ട്. എന്നാൽ ഈ രണ്ട് വിധേനയുമുള്ള അപായങ്ങളെയും നാം ഭയപ്പെടണം. ഇവയെല്ലാം നമ്മുടെ ഇബാദത്തുകളെ ഹാനികരമായി ബാധിക്കും. അതിനാൽ ഭക്ഷണം കഴിക്കുന്നതിൽ മിതത്വം പാലിക്കുക.

അല്ലാഹു പറയുന്നു:

وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا

"നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാൽ അമിതമാക്കരുത്"


അമിത വിശപ്പുണ്ടായാൽ തീരെ ഇബാദത്തെടുക്കാൻ സാധിക്കില്ല. എന്നാൽ, വയറ് നിറഞ്ഞാൽ അലസമായിട്ടെങ്കിലും ഇബാദത്ത് എടുക്കുകയും ചെയ്യും.അത് കൊണ്ടാണ് ചില സമയങ്ങളിൽ ദഹനക്കേടിനേക്കാൾ മോശം പട്ടിണിയാണെന്ന് ഇമാം ബൂസ്വിരി(റ)പറഞ്ഞത്. ഭക്ഷണം കഴിച്ചത് മൂലം അലസത വന്നേക്കാം. പക്ഷേ, ആത്മനിയന്ത്രണമില്ലാത്തവൻ പട്ടിണി മൂലം അവിശ്വാസിയുമായേക്കാം. തിരുനബിﷺ പറഞ്ഞു. "ദാരിദ്യം ഒരു പക്ഷേ കുഫ്റിലേക്ക് നയിക്കും."

وَاسْتَفْرِغ الدَّمْعَ مِنْ عَيْنٍ قَدِ امْتَلأتْ
 مِنَ المَحارِمِ وَالْزَمْ حِمْيَة َ النَّدَمِ

മനുഷ്യന്റെ പ്രധാന അവയവമാണ് കണ്ണ്. നിഷിദ്ധമായ തിലേക്ക് നോക്കിയത് കാരണം പാപങ്ങളാൽ നിറഞ്ഞ കണ്ണിൽ നിന്ന് കണ്ണുനീർ നീ ഒഴുക്കുക. അത് തൗബയുടെ അടയാളമാണ്. സംഭവിച്ചു പോയ തെറ്റുകളിൽ ഖേദമു ണ്ടെങ്കിൽ മാത്രമേ തൗബ സ്വീകരിക്കപ്പെടുകയുള്ളൂ. ഭാവിയിൽ പാപങ്ങൾ വരാതിരിക്കാനുള്ള ഒരു സുരക്ഷിത വലയം കൂടിയാണ് ഖേദം . അത് നീ മുറുകെ പിടിക്കുക.

തിരുനബിﷺ അല്ലാഹുവിനെ ഓർത്ത് ധാരാളം കരയുന്നവരായിരുന്നു. അല്ലാഹു പറയുന്നു

فِيهِمَا عَيْنَانِ تَجْرِيَانِ



"സ്വർഗത്തിൽ ഒഴുകുന്ന രണ്ട് അരുവികൾ ഇഹലോക ത്ത് അല്ലാഹുവിനെ ഭയന്ന് രണ്ട് കണ്ണിൽ നിന്നും കണ്ണീർ ഒഴുക്കുന്നവർക്കുള്ളതാണ്."

وَخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا
 وَإِنْ هُمَا مَحَّضَاكَ النُّصْحَ فَاتَّهِمِ

മനുഷ്യന്റെ ശരീരം തിന്മ ചെയ്യാൻ അവനെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. പിശാചാണെങ്കിൽ അവന്റെ ജന്മ ശത്രുവുമാണ്. പിശാചും, ശരീരവും എന്തെങ്കിലും ചെയ്യാൻ കൽപ്പിച്ചാൽ അല്ലെങ്കിൽ വിരോധിച്ചാൽ അവ രണ്ടിനെയും അനുസരിക്കാതെ പുറംതിരിയണം. നിന്നെ ആത്മാർത്ഥമായി ഉപദേശിക്കുന്നു എന്ന് തോന്നിയാലും നീ അവയെ തെറ്റിദ്ധരിക്കണം.

ഹൃദയ സാന്നിധ്യത്തോടെ ഇബാദത് ചെയ്യാൻ നീ അൽപം വിനോദം ആസ്വദിക്കൂ. നിത്യവും ഇബാദത് ചെയ്യേണ്ടത ല്ലേ ശരീരത്തെ ശ്രദ്ധിക്കൂ, ഉന്നത സ്ഥാനം കിട്ടി വിജയി ക്കാനല്ലേ ഇബാദത്ത് ധാരാളമായി ചെയ്യൂ, ഇത്യാദി ഉപദേ ശങ്ങൾ ദേഹേഛയോ പിശാചോ നൽകി കൊണ്ടിരിക്കും. എന്നാൽ അത് നമ്മെ ചതിക്കാനും ആത്മാർത്ഥത നഷ്ട പ്പെടുത്താനുമാണെന്ന് ചിന്തിക്കണം.

وَلاَ تُطِعْ مِنْهُمَا خَصْماً وَلاَ حَكَماً
 فَأَنْتَ تَعْرِفُ كَيْدَ الْخَصْمِ وَالْحَكَمِ

ബുദ്ധി മനുഷ്യനെ നന്മയിലേക്കാണ് ക്ഷണിക്കുന്നത്. അപ്പോൾ ആ നന്മ മുടക്കാൻ ബുദ്ധിക്കെതിരായി ശരീരം തർക്കിക്കും. അവിടെ ശരീരം വാദിയാകുമ്പോൾ പിശാച് വിധികർത്താവായി രംഗത്തത്തും.അപ്രകാരം പിശാചും ബുദ്ധിയും തർക്കിക്കുന്ന സന്ദർഭങ്ങളിൽ പിശാച് വാദി യും ശരീരം വിധി കർത്താവുമാകും. വാദിയായാലും വിധി കർത്താവായാലും ശരീരത്തെയും പിശാചിനെയും നീ അനുസരിക്കരുത്. മനുഷ്യൻ വാദിയായാലും വിധികർ ത്താവായാലും ഉണ്ടാകുന്ന ചതി നിനക്കറിയാമല്ലോ?എന്നാൽ പിശാചും ശരീരവും ആ സ്ഥാനത്താണെങ്കിൽ വഞ്ചന കടുപ്പമേറിയതായിരിക്കും.


أَسْتَغْفِرُ اللهَ مِنْ قَوْلٍ بِلاَ عَمَلٍ
 لَقَدْ نَسَبْتُ بِهِ نَسْلاً لِذِي عُقُمِ

ഉപദേശിക്കുന്നതനുസരിച്ച് കർമ്മത്തിൽ കൊണ്ടുവരണം എന്നാൽ മാത്രമേ അത് ഫലപ്പെടുകയുള്ളൂ .ഞാൻ ചെയ്യാത്ത പല കാര്യങ്ങളും ഉപദേശിച്ചു. അവയിൽ നിന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു. പിതൃത്വമില്ലാ ത്തവന് മക്കളുണ്ടെന്ന് ആരോപിക്കുന്നത് കുറ്റകരമാണ്. അത് പോലെയാണ് ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവരെ ഉപദേശിക്കലും. 

أَمَرْتُكَ الْخَيْرَ لَكِنْ مَاائْتَمَرْتُ بِهِ
 وَمَا اسْتَقَمْتُ فَمَاقََوْلِي لَكَ اسْتَقِمِ

നന്മകൾ ചെയ്യാൻ ഞാൻ നിന്നോട് കൽപ്പിക്കുന്നു. പക്ഷേ അവയൊന്നും ഞാൻ ചെയ്യുന്നില്ല. ഞാൻ നേരെ നടക്കാതെ നിന്നോട് നേരെ നടക്കൂ എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്‌?

 ولا تَزَوَّدْتُ قبلَ المَوْتِ نافِلة
 ولَمْ أُصَلِّ سِوَى فَرْضٍ ولَمْ أَصُمِ

മരണത്തോടെ ഒരു ദീർഘയാത്ര നാം ആരംഭിക്കുകയാണ്. അതിന് മുമ്പ് തന്നെ യാത്ര വിഭവങ്ങൾ ഒരുക്കേണ്ടതുണ്ട്. എന്നാൽ മരണം വരും മുമ്പ് സുന്നത്തായ കർമ്മവിഭവങ്ങളൊന്നും ഞാൻ ഒരുക്കിയിട്ടില്ല. നിർബന്ധ മായ നിസ്കാരവും നോമ്പുമല്ലാതെ മറ്റൊന്നും നിർവ്വഹിച്ചിട്ടുമില്ല.


في مدح سيد المرسلين صلي الله عليه و سلم 



ظَلَمْتُ سُنَّة َ مَنْ أَحْيَا الظَّلَامَ إِلَى
 أَنِ اشْْتَكَتْ قََدَمَاهُ الضُّرَّ مِنْ وَرَم

പാപ പരിശുദ്ധരായിരുന്നിട്ടുപോലും തിരുനബിﷺ രാത്രി സമയങ്ങളിൽ ദീർഘനേരം നിസ്കാരം നിർവ്വഹിച്ചിരുന്നു. അത്കാരണം അവിടുത്തെ ഇരുകാലുകളും നീര് കെട്ടിയിരുന്നു. അത്രത്തോളം ഇരുണ്ട രാവുകൾക്ക് ജീവൻ നൽകിയ തിരുനബിﷺ യുടെ ചര്യയോട് ഞാൻ അതിക്രമം കാണിച്ചു.


وَشَدَّ مِنْ سَغَبٍ أَحْشَاءَهُ وَطَوَى
 تَحْتَ الْحِجَارَة ِ كَشْحاً مُتْرَفَ الْأَدَمِ

വിശപ്പ് കാരണം അവിടുത്തെ വയറ് വെച്ച് കെട്ടുകയും മിനുസ ചർമ്മമുള്ള ആമാശയത്തെ കല്ലിനടിയിൽ ചുരുട്ടി വെക്കുകയും ചെയ്തു.

തിരുനബിﷺപറയുന്നു."ആയിശാ,തിഹാമ പർവ്വതനിരകൾ സ്വർണ്ണമാക്കി ഞാൻ ഉദ്ദേശിക്കുന്നിടത്തേക്ക് മാറ്റി തരാൻ റബ്ബിനോട് ചോദിച്ചാൽ അതവൻ നടപ്പിലാക്കും. പക്ഷേ, ഈ ലോകത്ത് വിശന്നുള്ള ജീവിതമാണ് വയറ് നിറക്കുന്നതിനേക്കാൾ ഉത്തമം."

 وَرَاوَدَتْهُ الْجِبَالُ الشُّمُّ مِنْ ذَهَبٍ
 عَنْ نَفْسِهِ فَأَرَاهَا أَيَّمَا شَمَمٍ



സ്വർണ്ണത്തിനാലുള്ള ഉയർന്ന പർവ്വതങ്ങൾ തിരുനബിﷺ യോട് അഭ്യർത്ഥന നടത്തി.പക്ഷേ അവയോടെല്ലാം അവി ടുന്ന് കടുത്ത വിമുഖത പ്രകടിപ്പിച്ചു.

ഒരിക്കൽ ജിബ് രീൽ (അ)വന്ന് നബിﷺയോട് പറഞ്ഞു. "തിരുദൂതരേ, അല്ലാഹു അങ്ങയ്ക്ക് സലാം ചൊല്ലിയ ശേഷം പറയുന്നു: ഈ പർവ്വതനിരകൾ ഞാൻ സ്വർണ്ണമാ ക്കുകയും അങ്ങ് എവിടെ പോകുന്നുവോ അവിടെയൊ ക്കെ അവകളെ ചലിപ്പിക്കുന്നതും അങ്ങയ്ക്ക് പൊരുത്ത മാണോ?" അവിടുന്ന് പറഞ്ഞു. " ജിബ് രീൽ, ദുനിയാവ് (സ്വർഗ ലോകത്ത് ) വീടില്ലാത്തവരുടെ വീടാണ്. അവിടെ സമ്പത്ത് ഇല്ലാത്തവരുടെ സമ്പത്താണ്(പരലോകം മറന്ന്) ഐഹിക ലോകത്തെ സമ്പാദിക്കുന്നവർ ബുദ്ധിശൂന്യരാ ണ്" ഇത് കേട്ട ജിബ് രീൽ(അ)പ്രതികരിച്ചു. "അങ്ങയെ ഈ സ്ഥൈര്യ വാക്കിൽ അല്ലാഹു ഉറപ്പിച്ചു നിർത്തട്ടെ"  ( إحياء علوم الدين- ٤/ ١٩٥)

وَأَكَّدَتْ زُهْدَهُ فيها ضرُورَتُهُ
 إنَّ الضَّرُورَة لا تَعْدُو على العِصَمِ

തിരുനബിﷺക്ക് ആവശ്യങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അവയെല്ലാം അവിടുത്തെ ഐഹിക വിരക്തിക്ക് ശക്തി പകർന്നു. കാരണം, പാപങ്ങളിൽ നിന്ന് സുരക്ഷിതരായവരോട് അവരുടെ ആവശ്യങ്ങൾ അതിജയിക്കില്ല.

ഒരു സാധാരണ മനുഷ്യനാണെങ്കിൽ ഒരു മല സ്വർണ്ണമായാൽ തരക്കേടില്ലെന്ന് ധരിച്ചേക്കാം.ദാരിദ്ര്യവും ആവശ്യങ്ങളും അവന്റെ മോഹത്തിന് ശക്തി പകരുകയും ചെയ്യും എന്നാൽ തിരുനബിﷺക്ക് അത്തരം ആവശ്യങ്ങളുണ്ടായിരുന്നിട്ടും അവയെല്ലാം ഐഹിക വിരക്തിയെ ശക്തിപ്പെടുത്തുകയാണ്.കാരണം അത്യാവശ്യമുണ്ടായിട്ടും വേണ്ടെ ന്ന് വെക്കുകയാണല്ലോ. 

ചില അനിവാര്യ ഘട്ടങ്ങളിൽ നിഷിദ്ധമായ കാര്യങ്ങളും സാധാരണക്കാർക്ക് അനുവദി നീയമാകാറുണ്ട് (വിശപ്പ് സഹിക്കാൻ കഴിയാത്തവന് ഭക്ഷണമൊന്നും കിട്ടിയില്ലെ ങ്കിൽ ശവം അനുവദിനീയമാണ്.)എന്നാൽ പാപസുരക്ഷിതരായ നബിമാർക്ക് ഇത്തരം ആവശ്യങ്ങൾ വിലങ്ങാവില്ല
(الشرح الفريد في بردة النبي الحبيب)

وَكَيفَ تَدْعُو إلَى الدُّنيا ضَرُورَة ُ مَنْ
 لولاهُ لم تخرجِ الدنيا من العدمِ

ശൂന്യതയിൽ നിന്ന് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാൻ തിരുനബിﷺയാണ് കാരണം. അവിടുന്ന് ഇല്ലായിരുന്നെങ്കിൽ ഈ ലോകം തന്നെ ഉണ്ടാകുമായിരുന്നില്ല.എങ്കിൽ തിരുനബിﷺക്ക് ഈ ദുനിയാവിലേക്കും ഭൗതികസുഖങ്ങളിലേക്കും എങ്ങനെ ആവശ്യം നേരിടും.അതൊരിക്കലും ഉണ്ടാകില്ല.

തിരുനബിﷺ പറയുന്നു."ആദം നബി(അ)പ്രാർത്ഥിച്ചു. "അല്ലാഹുവേ, മുഹമ്മദ് നബിയുടെ ഹഖ് കൊണ്ട് എനിക്ക് പൊറുത്തു തരണമെന്ന് ഞാൻ നിന്നോട് ചോദിക്കുന്നു." അല്ലാഹു ചോദിച്ചു. " ഞാൻ ഇത് വരെ സൃഷ്ടിക്കാതെ എങ്ങനെ മുഹമ്മദ് നബിയെ അറിഞ്ഞു?" "നീ എന്നെ സൃഷ്ടിച്ച ശേഷം ഞാൻ തല ഉയർത്തിയപ്പോൾ അർശിന്റെ തൂണുകളിൽ لا إله إلا الله محمد رسول الله എഴുതപ്പെട്ടതായി കണ്ടു.നിനക്ക് ഏറ്റവും പ്രിയപ്പെട്ടവരെയല്ലാതെ നിന്റെ പേരിനൊപ്പം ചേർത്തില്ലല്ലോ എന്ന് ഞാൻ മനസിലാക്കി." തുടർന്ന് അല്ലാഹു പറഞ്ഞു. "ഓ ആദം! താങ്കൾ പറഞ്ഞത് ശരിയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടിയാണവർ. അവരുടെ ഹഖ് കൊണ്ട് നീ എന്നോട് ദുആ ചെയ്തു. ഞാൻ പൊറുത്തുതന്നു. മുഹമ്മദ് ഇല്ലായിരുന്നെങ്കിൽ താങ്കളെയും പടക്കുമായിരുന്നില്ല." ( المستدرك للحاكم- ٢/ ٦٧٢)

 مُحَمَّدٌ سَيِّدُ الْكَوْنَيْنِِ وَالثَّقَلَيْـ
ـينِِ وَالْفَرِيقَيْنِِ مِنْ عُرْبٍ وَمِنْ عَجَمِ

തിരുനബി ﷺഐഹിക ലോകത്തെയും പരലോകത്തെയും നേതാവാണ്. അവിടുന്ന് ജിന്ന്- മനുഷ്യവർഗങ്ങളുടെയും അറബി-അനറബി വിഭാഗങ്ങളുടെയും നേതാവാണ്.


نَبِيُّنَا الآمِرُ النَّاهِى فَلَا أَحَدٌ
 أَبَرَّ فِى قَوْلِ لَا مِنْهُ وَلَا نَعَمِ

അല്ലാഹുവിന്റെ ദിവ്യസന്ദേശം വഴി തിരുനബിﷺ നമ്മോട് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു. നന്മ കൽപിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും തിരുദൂതരേക്കാൾ സത്യസന്ധനായ ഒരാളും സൃഷ്ടി സമൂഹത്തിലില്ല.


هُوَ الْحَبِيبُ الَّذِى تُرْجَى شَفَاعَتُهُ
 لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحِمِ



തിരുനബിﷺ അല്ലാഹുവിനും അവിടുത്തെ ഉമ്മത്തിനും പ്രിയപ്പെട്ടവരാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അവിടുത്തെ ശുപാർശ പ്രതീക്ഷിക്കപ്പെടാവുന്നതുമാണ്.

ഐഹികമോ പാരത്രികമോ ആയ ഏതൊരാവശ്യവും സഫലമാകാൻ ഈ ബൈത് 1001 പ്രാവശ്യം ഓതി ദുആ ചെയ്താൽ മതിയാകുമെന്ന് മഹാന്മാർ പഠിപ്പിക്കുന്നു. 

ഈ ബൈതും മുമ്പുള്ള ബൈതും എപ്പോഴും പതിവാക്കു ന്നവർ പ്രതിസന്ധികളിൽ അകപ്പെടില്ല. പ്രയാസത്തിലക പ്പെട്ടവർ രാത്രിയിൽ ഇവ ചൊല്ലി തിരുനബിﷺയെ മുൻനി റുത്തി ദുആ ചെയ്താൽ ദുആ സ്വീകരിക്കപ്പെടുന്നതാണ്. ( حاشية الباجوري على البردة)


دَعَا إِلَى اللهِ فَالْمُسْتَمْسِكُونَ بِِهِ
 مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمِ

തിരുനബിﷺ മുഴുവൻ മനുഷ്യ - ജിന്ന് വിഭാഗങ്ങളെയും അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചു. തിരുനബിﷺ യെ മുറുകെ പിടിക്കുന്നവർ ഒരിക്കലും അറ്റ് പോകാത്ത കയർ മുറുകെ പിടിച്ചവരാണ്.

فاقَ النبيينَ في خلْقٍ وفي خُلُقٍ
 ولمْ يدانوهُ في علمٍ ولا كَرَمِ


തിരുനബിﷺ അവിടുത്തെ രൂപത്തിലും അറിവ്, ക്ഷമ, നീതി, വാത്സല്യം തുടങ്ങി എണ്ണമറ്റ സൽ ഗുണങ്ങളിലും മുഴുവൻ അമ്പിയാക്കളെയും മറികടന്നു. വിജ്ഞാനത്തിലും ഔദാര്യതയിലും മറ്റു നബിമാരൊന്നും തിരുനബി ﷺ യുടെ അടുത്ത് പോലും എത്തിയിട്ടില്ല.


 وَكلُّهُمْ مِنْ رَسُولِ اللهِ مُلْتَمِسٌ
 غَرْفاً مِنَ الْبَحْرِ أَوْ رَشْفاً مِنَ الدِّيَمِ

തിരുനബിﷺയുടെ വിജ്ഞാനം സമുദ്ര തുല്യമാണ്.
മുഴുവൻ അമ്പിയാക്കളും ആ വിജ്ഞാനത്തിൽ നിന്ന് ഒരു കോരൽ എങ്കിലും എടുത്തവരാണ്. അവിടുത്തെ ഔദാര്യം വർഷിക്കുമ്പോൾ അതിൽ നിന്ന് ഒരു മുറുക്കെങ്കിലും സർവ്വ അമ്പിയാക്കളും കരസ്ഥമാക്കിയിട്ടുണ്ട്.

ووَاقِفُونَ لَدَيْهِ عندَ حَدِّهِمِ
 مِنْ نُقْطَة العِلْمِ أَوْ مِنْ شَكْلَةِ الحِكَمِ

അമ്പിയാക്കൾക്ക് ഒരു പരിധിയുണ്ട്. തിരുനബിﷺക്ക് നൽകിയ സമുദ്ര തുല്യമായ അറിവിൽ ഒരു പുള്ളിയുടെ സ്ഥാനം, അതല്ലെങ്കിൽ തത്വശാസ്ത്രത്തിലെ ഒരു അടയാളത്തിന്റെ സ്ഥാനം, ആ പരിധിയിൽ കഴിഞ്ഞു പോയ അമ്പിയാക്കൾ നിലകൊള്ളുന്നവരാണ്.

ഭാഷകളിൽ അക്ഷരങ്ങൾ വ്യത്യാസപ്പെടുന്നത് പുള്ളിക ളെ കൊണ്ടും പ്രത്യേക രൂപം കൊണ്ടുമാണ്. ഇരുലോകവുമായി ബന്ധപ്പെട്ട ഭാവി -ഭൂത- വർത്തമാനങ്ങളെല്ലാം അല്ലാഹു തിരുനബിﷺക്ക് നൽകി. ആ അറിവും തത്വ ശാസ്ത്രവും സമുദ്രത്തിനോട് ഉപമിച്ചാൽ മുഴുവൻ അമ്പിയാക്കളുടെയും അറിവിന്റെ പരിധി ഭാഷയിലെ പുള്ളി, അടയാളം പോലെ പരിമിതമാണ്.

فهْوَ الذي تَمَّ معناهُ وصُورَتُه
 ثمَّ اصْطَفَاهُ حَبيباً بارِىءُ النَّسَمِ

തിരുനബിﷺബാഹ്യവും ആന്തരികവുമായ എല്ലാ വിശേ ഷണങ്ങളിലും സമ്പൂർണ്ണത കൈവരിച്ചവരാണ്. യാതൊരു ന്യൂനതയുമില്ല. മനുഷ്യ സൃഷ്ടാവായ അല്ലാഹു തിരു നബിﷺയെ തന്റെ പ്രിയപ്പെട്ടവരായി തെരഞ്ഞെടുക്കുകയും ചെയ്തു.മറ്റൊരു മനുഷ്യനും ഈ പ്രത്യേകതയില്ല.

مُنَزَّهٌ عَنْ شَرِيكٍ في محاسِنِهِ
 فَجَوْهَرُ الحُسْنِ فيه غيرُ مُنْقَسِمِ

തിരുനബിﷺയുടെ വിശേഷ ഗുണങ്ങളൊന്നും വേറെ ആർക്കുമില്ല. പ്രപഞ്ചത്തിൽ ഏറ്റവുമധികം സൗന്ദര്യം നബിﷺക്കാണ്. അവിടുത്തെ സൗന്ദര്യത്തിന്റെ സത്ത വിഭജിക്കാൻ കഴിയുന്നതല്ല. കാരണം ആ ഭംഗി മറ്റൊരാൾക്കുമില്ല. എന്നാൽ യൂസുഫ് നബി (അ)ക്ക് സൗന്ദര്യത്തിന്റെ പകുതിയായി വിഭജിച്ചാണ് നൽകപ്പെട്ടത്.

دَعْ ماادَّعَتْهُ النَّصارَى في نَبيِّهِمِ
 وَاحْكُمْ بما شْئْتَ مَدْحاً فيهِ واحْتَكِمِ

തിരുനബി ﷺയെ നാം ഉദ്ദേശിക്കുന്ന ഏത് നല്ല വിശേഷ ണങ്ങളും പറഞ്ഞ് പുകഴ്ത്താം. എന്നാൽ കൃസ്ത്യാനികൾ ഈസാ നബിയെ പറ്റി ദൈവമാണെന്നും ദൈവപുത്രനാണെന്നും വാദിച്ചിരുന്നു. അത്തരം വാദങ്ങൾ നാം ഒഴിവാക്കപ്പെടേണ്ടതാണ്. ഒരു സൃഷ്ടിയോട് യോജിക്കുന്ന വിധം തിരുനബിﷺയെ എത്ര പുകഴ്ത്തിയാലും അധികമാവില്ല എന്ന് സാരം.

وانْسُبْ إلى ذاته ماشئْتَ مِنْ شَرَفٍ
 وَانْسُبْ إلى قَدْرِهِ ماشِئْتَ منْ عِظَمِ

തിരുനബിﷺയുടെ വിശുദ്ധ വ്യക്തിത്വത്തെ എത്ര വർണ്ണി ച്ചാലും അധികമാവില്ല. ഉദ്ദേശിക്കുന്ന ഏത് മഹത്വവും ഉന്നത സ്ഥാനവും തങ്ങളിലേക്ക് ചേർത്തി പറയാം.

فإنَّ فَضْلَ رسولِ الله ليسَ لهُ
 حَدُّ فيُعْرِبَ عنه ناطِقٌ بِفَمِ


തിരുനബിﷺയുടെ മഹത്വത്തിന് ഒരു പരിധിയില്ല. ഏത് നിമിഷവും സ്വലാത്തിലൂടെയും മറ്റും അവിടുത്തെ സ്ഥാനം ഉയർന്നു കൊണ്ടേയിരിക്കുകയാണ്. അന്ത്യനാൾ വരെ ഏതൊരാളും ഒരു പുണ്യം ചെയ്താൽ അതിന്റെ ഒരംശം തിരുനബിﷺക്കുണ്ടല്ലോ? പരലോകത്തും അവിടു ത്തെ സ്ഥാനം വാക്കിലോ എഴുത്തിലോ പരിമിതപ്പെടുത്താവുന്നതല്ല.


لو ناسَبَتْ قَدْرَهُ آياتُهُ عِظَماً
 أحْيا اسمُهُ حِينَ يُدْعَى دَارِسَ الرِّمَمِ


തിരുനബിﷺ യുടെ ഔന്നത്യത്തോട് യോജിച്ച മുഅജിസതുകൾ അവിടുന്ന് പ്രകടിപ്പിച്ചിട്ടില്ല. അത്രമാത്രം മഹത്വമുണ്ട് തങ്ങൾക്ക്.( മനുഷ്യർക്ക് ഉൾക്കൊള്ളാവുന്ന അമാനുഷികത മാത്രമേ അവിടുന്നു പ്രകടിപ്പിച്ചിട്ടുള്ളൂ) മുഅജിസതുകൾ അവിടുത്തെ മഹത്വത്തോട് യോജിച്ചതായിരുന്നെങ്കിൽ തങ്ങളുടെ പേര് കൊണ്ട് ഏതെങ്കിലും ദ്രവിച്ച എല്ലുകളെ വിളിക്കപ്പെട്ടാൽ അല്ലാഹു അവക്ക് ജീവൻ നൽകുമായിരുന്നു.പക്ഷേ, അതുണ്ടായില്ല.

لَمْ يَمْتَحِنَّا بِمَا تَعْيَى الْعُقُولُ بِهِ
 حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهِمِ

ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കാര്യം കൊണ്ടും തിരുനബിﷺ നമ്മെ പരീക്ഷിച്ചിട്ടില്ല. പ്രയാസമുള്ളതൊന്നും അവിടുന്ന് കൽപ്പിച്ചിട്ടുമില്ല. അതെല്ലാം നമ്മുടെ ഇരുലോക ഗുണത്തിൽ തങ്ങളുടെ അതീവ താൽപര്യം കൊണ്ടായിരുന്നു. അതിനാൽ നാം സംശയിക്കേണ്ടതോ പരിഭ്രമിക്കേണ്ടതോ ആയി വന്നിട്ടില്ല.

أَعْيَى الْوَرَى فَهْمُ مَعْنَاهُ فَلَيْسَ يُرَى
 لِلْقُرْبِ وَالْبُعْدِ مِنْهُ غَيْرُ مُنْفَحِمِ

തിരുനബിﷺയെ യഥാവിധി മനസിലാക്കാൻ ഒരു സൃഷ്ടി ക്കും കഴിഞ്ഞിട്ടില്ല. അടുത്തറിഞ്ഞവരോ ദൂരെ നിന്ന് നിരീ ക്ഷിച്ചവരോ നബിﷺയുടെ കാലത്തോ അതിന് ശേഷമോ മനസിലാക്കാൻ ശ്രമിച്ചവർക്കൊന്നും അവിടുത്തെ യഥാർത്ഥ വ്യക്തിത്വം അറിയാൻ കഴിഞ്ഞിട്ടില്ല.ആരെത്ര പുകഴ്ത്തിയാലും അതെവിടെയുമെത്തില്ല എന്ന് സാരം.


كَالشَّمْسِ تَظْهَرُ لِلْعَيْنَيْنِ مِنْ بُعْدٍ
 صَغِيرَةً وَتُكِلُّ الطَّرْفَ مِنْ أَمَمٍ


തിരുനബിﷺ സൂര്യനെ പോലെയാണ്. ഭൂമിയേക്കാൾ 160 ഇരട്ടി വലിപ്പമുള്ള സൂര്യനെ ഇവിടെ നിന്നും നോക്കുമ്പോൾ ഒരു കണ്ണാടിയുടെ വലുപ്പമേയുള്ളൂ. എന്നാൽ സൂര്യന്റെ അടുത്തെത്തി നോക്കാമെന്ന് വിചാരിച്ചാൽ കാഴ്ചക്ക് പ്രയാസം നേരിടും. അപ്രകാരം തിരുനബിﷺ ഒരു മനുഷ്യനാണെങ്കിലും തങ്ങളുടെ പരിപൂർണ്ണതയിലും ഭംഗിയിലും നാം ചിന്തിക്കുന്തോറും പരിഭ്രമിക്കുകയും നമ്മുടെ കഴിവില്ലായ്മ ബോധ്യപ്പെടുകയും ചെയ്യും.

وَكيفَ يُدْرِكُ في الدُّنيا حَقِيقَتَهُ
 قَوْمٌ نِيَامٌ تَسَلَّوْا عنهُ بالحُلُمِ


തിരുനബിﷺയുടെ മഹത്വവും യാഥാർത്ഥ്യവും മനസ്സിലാക്കാൻ പരലോകത്ത് എത്തണം.തങ്ങൾക്ക് മാത്രം ലഭിക്കുന്ന 'വസീല' 'മഖാമുൻ മഹ്മൂദ്' 'ശഫാഅത്ത് തുടങ്ങിയ മഹത്വങ്ങൾ സൃഷ്ടികൾക്ക് അന്ത്യനാളിൽ മാത്രമേ മനസ്സിലാവുകയുള്ളൂ. ഐഹിക സാഹചര്യങ്ങൾ മനുഷ്യരെ ഉറക്കിയിരിക്കുകയാണ്. അവർ സ്വപ്നം കണ്ട് തൃപ്തിയടയുകയുമാണ്. അതാണ് തിരുനബിﷺ പറഞ്ഞത് . "മനുഷ്യരെല്ലാം ഉറങ്ങുന്നവരാണ്. അവർ മരിച്ചാൽ ഉണരുന്നതാണ്."

فَمَبْلَغُ الْعِلْمِ فِيهِ أَنَّهُ بَشَرٌ
 وَأَنَّهُ خَيْرُ خَلْقِ اللهِ كُلِّهِمِ


തിരുനബിﷺ ജിന്നല്ല, മലക്കല്ല എന്നിട്ടും തങ്ങൾ സർവ്വരുടെയും നേതാവ് ! എത്ര പുകഴ്ത്തിയാലും എവിടെയുമെത്തില്ല. ഏറ്റവും വലിയ അറിവ് അവിടുന്ന് ഒരു മനുഷ്യനാണെന്നും മുഴുവൻ സൃഷ്ടികളേക്കാളും ഉത്തമരാണെന്നുമാണ്.

وَكُلُّ آيٍ أَتَى الرُّسُلُ الْكِرَامُ بِهَا
 فَإِنَّمَا اتَّصَلَتْ مِنْ نُوِرهِ بِهِمِ


മുഴുവൻ അമ്പിയാ മുർസലുകളുടെയും മുഅജിസതുകൾക്ക് തിരുനബിﷺയുടെ പ്രകാശവുമായി ബന്ധമുണ്ട്. അവരുടെ മുഅജിസതുകളെല്ലാം തത്വത്തിൽ നബിﷺ യുടെ അമാനുഷികത തന്നെയാണ്.

ആദം നബി(അ) ക്ക് മുമ്പേ തിരുനബിﷺയുടെ നൂറിനെ അല്ലാഹു പടച്ചിട്ടുണ്ട്. ജാബിർ(റ) ചോദിച്ചു "തിരുദൂതരേ, അല്ലാഹു ആദ്യമായി പടച്ചതെന്തായിരുന്നു.?" അവിടുന്ന് പറഞ്ഞു. "ഓ ജാബിർ! അല്ലാഹു ആദ്യം സൃഷ്ടിച്ചത് നിന്റെ നബിയുടെ നൂർ ആയിരുന്നു."

فإنَّه شّمْسُ فَضْلٍ هُمْ كَواكِبُها
 يُظْهِرْنَ أَنْوَارَها للناسِ في الظُّلَمِ

തിരുനബിﷺ സൂര്യനെ പോലെയും മറ്റു അമ്പിയാക്കൾ നക്ഷത്രങ്ങളെ പോലെയുമാണ്. എല്ലാവരും അജ്ഞതയും ഇരുട്ടും നീക്കി ലോകമാകെ ജ്ഞാനവും പ്രഭയും വിതറി.സൂര്യൻ ഉദിച്ചതോടെ മറ്റു നക്ഷത്രങ്ങൾ അപ്രത്യ ക്ഷമാകുന്നത് പോലെ നബിﷺയുടെ ശരീഅത്ത് വന്നപ്പോൾ മറ്റു നബിമാരുടെ ശരീഅത്ത് ദുർബലപ്പെട്ടു.


أكْرِمْ بِخَلْقِ نَبِيٍّ زَانَهُ خُلُقٌ
 بالحُسْنِ مُشْتَمِلٍ بِالبِشْرِ مُتَّسِمِ


തിരുനബിﷺക്ക് എന്തൊരു ഭംഗിയാണ്. അവിടുത്തെ മുഖപ്രസന്നതയും സൗന്ദര്യയും സ്വഭാവ മഹിമക്ക് മാറ്റ് കൂട്ടുന്നു. 

ജാബിറ്ബ്നു സംറ (റ) പറയുന്നു. "നിലാവുള്ള രാത്രിയിൽ ഞാൻ തിരുനബിﷺയെ കണ്ടു. അപ്പോൾ ഒരു ചുവന്ന വസ്ത്രം അവിടുത്തെ ശരീരത്തിലുണ്ടായിരുന്നു. ഞാൻ നബിﷺയെയും ചന്ദ്രനെയും മാറി മാറി നോക്കി. കൂടുതൽ സൗന്ദര്യം തിരുനബിﷺക്ക് തന്നെയായി എനിക്ക് അനുഭവപ്പെട്ടു."

كالزَّهْرِ في تَرَفٍ والبَدْرٍ في شَرَفٍ
 والبَحْر في كَرَمٍ والدَّهْرِ في همَمِ


തിരുനബിﷺയുടെ ശരീരവും സ്വഭാവവും പുഷ്പം പോലെ ലോലവും അഴകുള്ളതും സുഗന്ധമുള്ളതുമാണ്. ഔന്നത്യമാവട്ടെ പതിനാലാം രാവിലെ പൂർണ്ണചന്ദ്രനെ പോലെ പ്രശോഭിതമാണ്. സമുദ്ര തുല്യമാണ് തങ്ങളുടെ ഔദാര്യം. പ്രതിസന്ധികളിൽ അവിടുത്തെ മനക്കരുത്ത് കാലം പോലെയാണ്.

كأَنَّهُ وَهْوَ فَرْدٌ مِنْ جلالَتِهِ
 في عَسْكَرٍ حينَ تَلْقَاهُ وفي حَشَمٍ


തിരുനബിﷺയുടെ വ്യക്തിത്വവും ഗാംഭീര്യവും ലോകത്ത് മറ്റൊരാൾക്കുമില്ല.അവിടുന്ന് തനിച്ചാകുമ്പോൾ കരുത്തുറ്റ സൈനികരുടെ ഇടയിലാണെന്നേ തോന്നുകയുള്ളൂ ഒറ്റക്കാവുമ്പോൾ ആവശ്യങ്ങൾ നിറവേറ്റികൊടുക്കാൻ കാത്തിരിക്കുന്ന സേവകന്മാരുടെ ഇടയിലിരിക്കുന്ന ഉന്മേഷമായിരിക്കും തങ്ങൾക്ക്.

كَأنَّما اللُّؤلُؤُ المَكْنُونُ في صَدَفٍ
 مِنْ مَعْدَنَيْ مَنْطِقٍ منهُ ومبْتَسَمِ


തിരുനബിﷺയുടെ പുഞ്ചിരിയും അവിടുത്തെ തിരുമൊഴികളും ആരെയും ആകർഷിക്കുന്നതാണ്. സംസാരിക്കു മ്പോൾ പല്ലുകൾക്കിടയിൽ ഒരു പ്രകാശം കാണപ്പെടുമെന്ന് സ്വഹാബികൾ സാക്ഷ്യപ്പെടുത്തുന്നു. പുഞ്ചിരിക്കുമ്പോഴും തഥൈവ. ചിപ്പിയിൽ സൂക്ഷിക്കപ്പെടുമ്പോൾ മുത്തിന്റെ സൗന്ദര്യം പ്രസിദ്ധമാണ്. അത് പോലെയാണ് അവിടുത്തെ വായയും പല്ലുകളും.


لا طِيبَ يَعْدِلُ تُرْباً ضّمَّ أَعظُمَهُ
 طُوبَى لِمُنْتَشِقٍ منهُ وَمُلْتَثِمِ


തിരുനബിﷺയുടെ പുണ്യ ദേഹത്തെ അണച്ചുകൂട്ടിയ മണ്ണിനോട് തുല്യമായ ഒരു സുഗന്ധവുമില്ല. അത് ശ്വസിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവർക്കാണ് എല്ലാ സന്തോഷങ്ങളും.

തിരുനബിﷺ പറയുന്നു."എന്റെ ഖബ്റിനും എന്റെ മിമ്പറി നുമിടയിലുള്ള സ്ഥലം സ്വർഗ പൂന്തോപ്പിൽ പെട്ടതാണ്."

അനസ് (റ) പറയുന്നു."തിരുനബിﷺയുടെ വാസനയേക്കാൾ സുഗന്ധമുള്ള കസ്തൂരിയോ അൻബറോ ഞാൻ ഒരിക്കലും ആസ്വദിച്ചിട്ടില്ല."



في مولده عليه الصلاة والسلام


أبانَ مَوْلِدُهُ عَنْ طِيبِ عُنْصُرِه
 يا طِيبَ مُبْتَدَإٍ منه ومُخْتَتَمِ


തിരുനബിﷺയുടെ പരമ്പരയിൽ ആദം നബി(അ) മുതൽ പിതാവ് അബ്ദുല്ല (അ) വരെയുള്ളവരെല്ലാം പരിശുദ്ധരാണ്. വിഗ്രഹാരാധനയോ ആശാസ്യമല്ലാത്ത മറ്റ് പ്രവർത്തനങ്ങളോ ആ പവിത്രമായ പരമ്പരയിൽ എവിടെയുമില്ല. തിരുപ്പിറവി നടന്നപ്പോൾ ഉണ്ടായ അത്ഭുതങ്ങൾ ആ പരിശുദ്ധിയെ പ്രകടമാക്കുന്നതാണ്.

 يَوْمٌ تَفَرَّسَ فيه الفُرْسُ أنَّهمُ
 قد أُنْذِرُوا بِحُلولِ البُؤْسِ والنقَمِ

തിരുനബിﷺ ജനിച്ച ദിവസം അഗ്നിയെ ആരാധിച്ചിരുന്ന പേർഷ്യക്കാർക്ക് ശിക്ഷയും വിഷമവും വരുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകപ്പെട്ട ദിനമായിരുന്നു. തിരുപ്പിറവിയോടെ പേർഷ്യൻ സാമ്രാജ്യം തകരുമെന്ന് ലക്ഷണത്തിലൂടെ അവർ മനസ്സിലാക്കിയിരുന്നു.


وباتَ إيوانُ كِسْرَى وَهْوَ مُنْصَدِعٌ
 كَشَمْلِ أَصْحَابِ كِسْرَى غَيْرَ مُلْتَئِمِ

പേർഷ്യൻ സാമ്രാജ്യം ഭരിച്ചിരുന്ന കിസ്റ (അനൂ ശർവാൻ) ചക്രവർത്തിയുടെ സിംഹാസനം തകർന്നു തരിപ്പണമായി. തിരുനബിﷺ ഇസ് ലാമിലേക്ക് ക്ഷണിച്ചു കത്ത് കൊടുത്തയച്ച രാജാവാണ് കിസ്റ രണ്ടാമൻ. അയാൾ കത്ത് കീറി കളഞ്ഞപ്പോൾ അയാളുടെ അനുയായി വൃന്ദം കൂട്ടി ചേർക്കാൻ സാധിക്കാത്ത വിധം ഛിന്നഭിന്നമായി.

والنَّارُ خامِدَةُ الأنفاسِ مِنْ أَسَفٍ
 عليهِ والنَّهْرُ ساهي العَيْنِ مِنْ سَدَمِ

തിരുനബിﷺജനിച്ച ദു:ഖഭാരത്താൽ പേർഷ്യക്കാർ അനേകായിരം വർഷങ്ങളായി കെടാതെ ആരാധിച്ചിരുന്ന തീനാളങ്ങൾ അണഞ്ഞുപോയി. യൂഫ്രട്ടീസ് നദിയുടെ ഒഴുക്ക് നിലച്ചതും അങ്ങനെയായിരുന്നു.

وساءَ ساوَةَ أنْ غاضَتْ بُحَيْرَتُها
 ورُدَّ وارِدُها بالغَيْظِ حينَ ظَمِي

പേർഷ്യൻ പട്ടണമായ 'സാവ' യിൽ ഒരു തടാകമുണ്ട്. ആറ് മൈൽ നീളവും വീതിയുമുണ്ടതിന്. തിരുനബിﷺ ജനിച്ച ദിവസം തടാകം വറ്റിയ കാരണത്താൽ അവർ ദു:ഖിതരായി. ദാഹം തീർക്കാനും പുണ്യസ്നാനത്തിനുമായി തടാകത്തിനരികെ എത്തിയ ആരാധ്യരൊക്കെ കോപത്തോടെ മടങ്ങിപ്പോയി.

كأنَّ بالنارِ ما بالماءِ مِنْ بَلَلٍ
    حُزْناً وَبالماءِ ما بالنَّارِ مِنْ ضَرَمِ

പേർഷ്യയിലെ അഗ്നികുണ്ഡം പൊലിഞ്ഞതും സാവ തടാകം വറ്റി വരണ്ടതും ഒരു സാധാരണ പ്രതിഭാസമല്ല. തിരുപ്പിറവിയുടെ അടയാളമായിരുന്നു. അത് കൊണ്ട് തന്നെ വെള്ളത്തിന് പ്രകൃത്യാ ഉള്ള നനവും തണുപ്പും തീയിന് ലഭിച്ചപ്പോൾ തീ അണഞ്ഞു. അഗ്നിക്കുണ്ടാവുന്ന ചൂടും കത്തിയെരിയലും വെള്ളത്തിന് ലഭിച്ചപ്പോൾ തടാകം വറ്റി. ഇവ രണ്ടും ബഹുദൈവ ആരാധകർക്ക് ഒരു നിത്യദുഃഖമായി നില നിൽക്കുന്നു.


والجِنُّ تَهْتِفُ وَالأَنْوارُ ساطِعَةٌ
   وَالحَقُّ يَظْهَرُ مِنْ مَعْنَى ومِنْ كَلِمِ

തിരുനബിﷺ ജനിച്ച രാത്രിയിൽ പർവ്വതനിരകളിലും മറ്റും ഇബ് ലീസിന്റെ സന്താനങ്ങളായ ജിന്നുകൾ മനുഷ്യവിഭാഗത്തിന് ലഭിച്ച ഭാഗ്യം പറഞ്ഞ് അട്ടഹസിക്കുകയാണ്. ജനന സമയം ലോകം മുഴുവനും പ്രകാശപൂരിതമായി. നുബുവ്വത്തെന്ന സത്യം വാക്കിലും അർത്ഥത്തിലും പ്രകടമായി.

عَمُوا وَصَمُّوا فإعْلانُ البَشائِرِ لَمْ
 تُسْمَعْ وَبارِقَةُ الإِنْذَارِ لَمْ تُشَم

തിരുനബിﷺ യുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾ ഉൾക്കൊള്ളാൻ അവിശ്വാസികൾ തയ്യാറായില്ല. അവർ അന്ധരും ബധിരരുമായി. അതായത് സത്യദൂതരെ പറ്റിയുള്ള മുന്നറിയിപ്പുകൾ അവർ കേട്ടില്ല. താക്കീതുകൾ കണ്ടഭാവം പോലും അവർക്കുണ്ടായില്ല.

مِنْ بَعْدِ ما أَخْبَرَ الأقْوامَ كاهِنُهُمْ
 بأنَّ دينَهُمُ المُعْوَجَّ لَمْ يَقُمِ

തിരുനബിﷺയുടെ ആഗമനത്തെ കുറിച്ച് ജോത്സ്യൻമാർ അവിശ്വാസികളോട് നേരത്തെ പറഞ്ഞിരുന്നു. നബിﷺ യുടെ വരവോടെ അവരുടെ വികലമായ ആശയങ്ങൾക്ക് നിലനിൽപ്പുണ്ടാവില്ലെന്നും അറിയിച്ചിരുന്നു. എന്നിട്ടും അനുഭവപ്പെട്ട ദൃഷ്ടാന്തങ്ങളൊന്നും അവരുൾക്കൊണ്ടില്ല.

وبَعْدَ ماعايَنُوافي الأُفْقِ مِنْ شُهُبٍ
  منْقَضَّةِ وفْقَ مافي الأرْضِ مِنْ صَنَمِ

തിരുനബിﷺയുടെ ജന്മത്തിന് മുമ്പ് പിശാചുകൾ വാന ലോകത്തുള്ള മലക്കുകളിൽ നിന്ന് വിവരങ്ങൾ കേട്ട് ജോത്സ്യന്മാർക്ക് എത്തിച്ചു കൊടുക്കും. എന്നാൽ നബിﷺ ജനിച്ച രാത്രിയിൽ അവരെ ആകാശത്ത് നിന്ന് കൊളളിയാനുകളായി വീഴ്ത്തപ്പെടുന്നത് അവർ കണ്ടിരുന്നു. ഭൂമിയിൽ വിഗ്രഹങ്ങൾ നിലം പതിച്ചത് പോലെയായിരുന്നു ഇതും. ഇതെല്ലാം കണ്ടിട്ടും അവർ തിരുനബിﷺയുടെ ആദർശം ഉൾക്കൊണ്ടില്ല.

كأنَّهُمْ هَرَباً أَبطالُ أَبْرَهةٍ
 أَوْ عَسْكَرٌ بالحَصَى مِنْ رَاحَتَيْهِ رُمِي


തിരുനബിﷺയുടെ ജന്മത്തോടനുബന്ധിച്ച് വാനലോകത് പിശാചുകളെ എറിയപ്പെടുന്നത് കൊള്ളിയാനുകളുടെ രൂപത്തിലാണ് കാണപ്പെട്ടിരുന്നത്.തദവസരത്തിൽ പിശാചുകൾ അബ്റഹതിന്റെ ശൂരന്മാരായ സൈന്യത്തെ പോലെയായിരുന്നു പിന്തിരിഞ്ഞ് ഓടിയത്.ബദ്ർ യുദ്ധത്തിൽ തിരുനബിﷺയുടെ തൃക്കരങ്ങളിൽ നിന്ന് ചരക്കല്ല് കൊണ്ട് എറിയപ്പെട്ടപ്പോൾ തോറ്റോടിയ സൈന്യവും ഇത് പോലെയായിരുന്നു.




نَبْذاً بهِ بَعْدَ تَسْبِيحِ بِبَطْنِهِما
 نَبْذَ المُسَبِّحِ مِنْ أحشاءِ مُلْتَقِمِ

തിരുനബിﷺയുടെ കൈകളിൽ വെച്ച് കല്ലുകൾ തസ്ബീഹ് ചൊല്ലിയിരുന്നു. അതിന് ശേഷമാണ് ബദ്റിൽ അവയെ എറിഞ്ഞതും ശത്രുക്കൾ ഓടിയതും. യൂനുസ് നബി (അ) യെ വിഴുങ്ങിയ മത്സ്യത്തിന്റെ വയറ്റിൽ നിന്ന് എറിയപ്പെട്ടതും മഹാന്റെ തസ്ബീഹ് കാരണമായിരുന്നു.



في معجزاته صلي الله عليه و سلم 


جاءتْ لِدَعْوَتِهِ الأشْجارُساجِدَةً
 تَمْشِي إليهِ عَلَى ساقٍ بِلا قَدَمِ

തിരുനബിﷺയുടെ വിളിക്കുത്തരം നൽകി മരങ്ങൾ താഴ്മയോടെ വന്നു. നടക്കുന്ന പാദമില്ലാതെയാണ് തിരുസവിധത്തിലേക്ക് അവ നടന്നെത്തിയത്.



كأنَّما سَطَرَتْ سَطْراً لِمَا كَتَبَتْ
 فُرُوعُها مِنْ بَدِيعِ الخَطِّ في اللَّقَمِ

എഴുത്തുകാർ സുന്ദരമായ ലിപികളിലെഴുതാൻ വര ഇടാറുണ്ട്. അപ്രകാരം മരത്തിന്റെ ശിഖരങ്ങൾക്ക് എഴുതാൻ തായ്മരം വരയിട്ടത് പോലെ, ഒട്ടും വളയാതെ തിരുസവിധത്തിൽ മരങ്ങൾ വിനയപുരസ്സരം വന്നുനിന്നു. മരങ്ങളെ പേനകളോടും ഭൂമിയിലൂടെയുള്ള അവയുടെ ചലനത്തെ അക്ഷരങ്ങളോടും ഭൂമിയെ എഴുത്തു പലകയോടും സാദൃശ്യമാക്കുകയാണ് സാഹിത്യ കവി കൂടിയായ ഇമാം ബൂസ്വിരി(റ).


مِثْلَ الغَمَامَة أنَّى سَارَ سائِرَة
 تَقِيهِ حَرَّ وطِيسٍ لِلْهَجِيرِ حَمي

ഭൂമിയിൽ മരങ്ങൾ തിരുനബിﷺയെ അനുസരിക്കുന്നത് പോലെ, ആകാശത്തെ കാർമേഘങ്ങളും തങ്ങൾക്ക് കീഴ്‌പ്പെട്ടു. നട്ടുച്ച സമയത്ത് ചുട്ടു പൊള്ളുന്ന ചൂടിൽ നിന്നും തിരുനബിﷺയെ സംരക്ഷിക്കും വിധം കാർമേഘം നബിﷺ പോകുന്നിടത്തെല്ലാം തണൽ നൽകി.


أقْسَمْتُ بالقَمَرِ المُنْشَقِّ إنَّ لَهُ
 مِنْ قَلْبِهِ نِسْبَةٌ مَبْرُورُةَ القَسَمِ

ഖുറൈശികൾ നബിﷺയോട് ദൃഷ്ടാന്തം ചോദിച്ചപ്പോൾ ആകാശത്തുള്ള ചന്ദ്രനെ രണ്ട് പിളർപ്പാക്കി കാണിച്ചു. അത് പോലെ തിരുനബിﷺയുടെ ഹൃദയവും നാല് തവണ അല്ലാഹു പിളർത്തി. ഈ രണ്ട് സംഭവങ്ങളും സാദൃശ്യതയുണ്ടെന്ന് ചന്ദ്രന്റെ രക്ഷിതാവായ അല്ലാഹുവിനെ കൊണ്ട് നിഷ്കളങ്കമായി സത്യം ചെയ്യുകയാണ് ഇമാം.


ومَا حَوَى الغارُ مِنْ خَيرٍ وَمِنْ كَرَمٍ
 وكلُّ طَرْفٍ مِنَ الكُّفَّارِ عنه عَمِي

തിരുനബിﷺയും അബൂബക്കർ സിദ്ദീഖ് (റ)വും മൂന്ന് ദിവസമാണ് സൗർ ഗുഹയിൽ കഴിഞ്ഞത്. അതിവിശിഷ്ടമായ എല്ലാ ഗുണങ്ങളും ഔദാര്യവും ആ ഗുഹയിൽ സമ്മേളിച്ചു. അന്വേഷിച്ചു നടക്കുന്ന സത്യനിഷേധികളാവട്ടെ, ഗുഹാമുഖത്തെത്തിയിട്ടും അകത്തുള്ളവരെ കാണാൻ കഴിയാത്ത വിധം അന്ധതയിലായിരുന്നു.


فالصِّدْقُ في الغارِ والصِّدِّيقُ لَمْ يَرِمِا
 وَهُمْ يقولونَ ما بالغارِ مِنْ أَرِمِ


സത്യവും സത്യവാനും സൗർ ഗുഹയിൽ തന്നെ ഉണ്ടായിരുന്നു. അപ്പോഴും തിരഞ്ഞ് നടക്കുന്ന അവിശ്വാസികൾ ഗുഹയുടെ സമീപം വന്ന് ഈ ഗുഹയിൽ ഒന്നുമില്ല, ആരും ഇല്ല എന്ന് പറയുന്നുണ്ടായിരുന്നു.


ظَنُّوا الحَمام وظَنُّوا العَنْكَبُوتَ على
 خَيْرِ البَرِيِّةِ لَمْ تَنْسُجْ ولمْ تَحُمِ


സൗർ ഗുഹയുടെ അടുത്തെത്തിയിട്ടും തിരുനബിﷺയെ അവർക്ക് കാണാൻ കഴിഞ്ഞില്ല. കാരണം, ഗുഹാമുഖത്ത് മാടപ്രാവ് മുട്ടയിട്ടിരുന്നു . ചിലന്തി വല നെയ്തിരുന്നു. ഗുഹയിൽ ആൾതാമസമില്ലെന്ന് തോന്നിക്കുന്ന അടയാളങ്ങൾ. നിർണ്ണായക ഘട്ടത്തിൽ തിരുദൂതരെയും സത്യത്തെയും അല്ലാഹു സംരക്ഷിച്ച മാർഗം വിശ്വാസിയെ ഒട്ടേറെ ചിന്തിപ്പിക്കുന്നതാണ്.


وِقاية اللهِ أغنَتْ عَنْ مُضَاعَفَةٍ
مِنَ الدُّرُوعِ وَعَنْ عالٍ مِنَ الأُطُمِ

ഖുറൈശികളുടെ ശക്തിയും വർദ്ധനവും വിലയിരുത്തുമ്പോൾ തിരുനബിﷺക്ക് ഉയർന്ന കോട്ടകളിലെ സുരക്ഷിതത്വവും പ്രതിരോധത്തിന് ഇരട്ട അങ്കിയും വേണ്ടതായിരുന്നു. പക്ഷേ,അല്ലാഹുവിന്റെ സുരക്ഷിതത്വം ഉള്ളതിനാൽ അവയുടെ യാതൊരു ആവശ്യവുമില്ല.

വന്യമൃഗങ്ങളെ ഭയപ്പെടുന്ന പ്രദേശത്ത് വെച്ച് ഒരാൾ ഈ വരി ഏഴോ ഒമ്പതോ തവണ ചൊല്ലിയ ശേഷം തന്റെ ചുറ്റുഭാഗത്തും വൃത്തം വരച്ചാൽ ആ വൃത്തത്തിന്റെ പരിധിയിൽ വന്യജീവിയുടെ ഉപദ്രവമുണ്ടാകില്ലെന്ന് മഹാന്മാർ സാക്ഷ്യപ്പെടുത്തുന്നു.


مَا سَامَنِي الدَّهْرُ ضَيْمًا وَاسْتَجَرْتُ بِهِ
 إِلَّا وَنِلْتُ جِوَارًا مِنْهُ لَمْ يُضَمِ

എനിക്ക് എന്തെങ്കിലും ദുരന്തം നേരിടുമ്പോൾ തിരുനബി ﷺയെ കൊണ്ട് ഞാൻ അഭയം തേടാറുണ്ട്. അപ്പോഴെല്ലാം അവിടുത്തെ സംരക്ഷണം എനിക്ക് കിട്ടാതിരുന്നിട്ടില്ല. എന്നെ അവഗണിക്കപ്പെട്ടിട്ടുമില്ല.

കുടുംബം വിട്ട് യാത്ര പോകുന്നവർ ഈ ബൈത്തിന്റെ ഒന്നാം പകുതി തന്റെ വീട്ടിൽ വെക്കുകയും രണ്ടാം പകുതി യാത്രയിൽ സൂക്ഷിക്കുകയും ചെയ്താൽ ഒരു വിപത്തിലും അകപ്പെടാതെ അവൻ തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നതാണ്.


وَلاَ الْتَمَسْتُ غِنَى الدَّارَيْنِ مِنْ يَدِهِ
 إلاَّ اسْتَلَمْتُ النَّدَى مِنْ خَيْرِ مُسْتَل

ഇരു ലോകത്തെയും ഐശ്വര്യം തിരുനബിﷺയോട് ഞാൻ ചോദിച്ചപ്പോഴെല്ലാം അവിടുത്തെ ഔദാര്യം എനിക്ക് കിട്ടാതിരുന്നിട്ടില്ല. കാരണം തിരുനബിﷺ ഉത്തമ ദാതാവാണ്. ചോദിച്ച ആരെയും അവഗണിക്കുകയില്ല. ലഭിച്ച അനുഗ്ര ഹങ്ങളിലുള്ള സംതൃപ്തിയാണ് ഈ ലോകത്തെ ഐശ്വര്യം. നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതാണ് പരലോകത്തെ ഐശ്വര്യം. തിരുനബിﷺ യിൽ നിന്ന് അത് ലഭിക്കുമെന്ന് ഈമാനിന്റെ ശക്തി കൊണ്ട് ഇമാം ബുസ്വിരി(റ) ഉറപ്പിക്കുകയാണ്.


لا تُنْكِرِ الوَحْيَ مِنْ رُؤْيَاهُ إنَّ لهُ
 قَلْباً إذا نامتِ العَيْنانِ لَمْ يَنَمِ

തിരുനബിﷺയുടെ ഇരു നയനങ്ങൾ ഉറക്കിലായാലും അവിടുത്തെ ഹൃദയം ഉറങ്ങുകയില്ല. അതിനാൽ ഉണർച്ചയിൽ അല്ലാഹുവിന്റെ വഹ് യ് ഉണ്ടാകുന്നത് പോലെ ഉറങ്ങുന്ന സന്ദർഭത്തിലും വഹ് യ് വരുന്നതാണ്. അല്ലാഹുവിന്റെ സന്ദേശം ഏറ്റെടുക്കാൻ തിരുമനസ് സദാ സജ്ജമാണ്. ഇതൊന്നും നിഷേധിക്കരുത്.


وذاكَ حينَ بُلوغِ مِنْ نُبُوَّتِهِ
 فليسَ يُنْكرُ فيهِ حالٌ مُحْتَلِمِ

ഉറക്കിൽ തിരുനബിﷺ മലകിനെ കാണുന്നതും സ്വപ്നത്തിൽ വഹ് യ് ഉണ്ടായതും അവിടുന്ന് നുബുവ്വത്തിലേക്ക് എത്തുന്ന നാൽപതിന്റെ തുടക്കത്തിലായിരുന്നു. ആ നില ആറ് മാസം തുടർന്നു.അത് നിഷേധിക്കേണ്ട കാര്യമല്ല.

تَبَارَكَ اللهُ ما وحْيٌ بِمُكْتَسَبٍ
 وَلا نَبِيٌّ عَلَى غَيْبٍ بِمُتَّهَمِ

അല്ലാഹുവിന്റെ വഹ് യ് നബിമാർക്ക് കർമ്മം കൊണ്ടോ ധ്യാനം കൊണ്ടോ ലഭിക്കുന്നതല്ല. പ്രത്യുത, അവൻ ഉദ്ദേശി ച്ചവർക്ക് നൽകിയതാണത്. നബിമാർ അദൃശൃം കൊണ്ട് സംസാരിക്കുന്നതിൽ അവരെ തെറ്റിദ്ധരിക്കപ്പെടാനും പാടില്ല.


كَمْ أبْرَأْتَ وَصِباً باللَّمْسِ راحَتُهُ
 وأَطْلَقَتْ أرِباً مِنْ رِبْقَةِ اللَّمَمِ

തിരുനബിﷺയുടെ കരസ്പർശം എത്ര രോഗികളെയാണ് സുഖപ്പെടുത്തിയത്. എത്രയെത്ര മാനസികാസ്വസ്ഥരെയാണ് അവിടുന്ന് മോചിപ്പിച്ചത്.


وأحْيَتِ السنةُ الشَهْبَاءُ دَعْوتُه
 حتى حَكتْ غُرَّة في الأعْصُرِ الدُّهُمِ

തിരുനബിﷺയുടെ പ്രാർത്ഥന വരണ്ട വർഷങ്ങൾക്ക് ജീവൻ നൽകി. അന്നൊരു വെളളിയാഴ്ചയായിരുന്നു. ഒരു സ്വഹാബി വരൾച്ചയുടെ വിഷമം പറഞ്ഞപ്പോൾ അവിടുന്ന് ദുആ ചെയ്തു. അനന്തരം തുടങ്ങിയ മഴ ഒരാഴ്ച നീണ്ടു നിന്നു. 

بعارِضٍ جادَ أَوْ خِلْتَ البِطاحَ بها
سَيْبا مِنَ اليَمِّ أَوْ سَيْلا مِنَ العَرِمِ

തിരുനബിﷺയുടെ പ്രാർത്ഥനയുടെ ഫലമായി കറുത്തിരുണ്ട മേഘങ്ങൾ മഴ വർഷിച്ചു. തുടർന്ന് മരുഭൂമിയിലൂടെ ഒഴുകുന്ന മഴവെള്ളം കണ്ടാൽ കടലിൽ നിന്നുള്ള വേലിയേറ്റമാണോ അതോ അണക്കെട്ട് പൊട്ടിയതോ എന്ന് തോന്നിപ്പോകുമായിരുന്നു.


في شرف القران ومدحه


دَعْنِي وَوَصْفِي آياتٍ لهُ ظَهَرَتْ
 ظُهورَ نارِ القِرَى لَيْلاً عَلَى عَلَمِ

പുരാതന അറബികൾ അതിഥികൾക്ക് വഴി കാണിക്കാൻ രാത്രി കുന്നിൻ മുകളിൽ തീ കത്തിച്ചു വെക്കാറുണ്ട്. അതിന്റെ വെളിച്ചം പോലെ തിരുനബി ﷺയുടെ ദൃഷ്ടാന്ത ങ്ങൾ വളരെ വ്യക്തമാണ്. അവയെല്ലാം വർണ്ണിക്കാൻ എന്നെ അനുവദിക്കൂ

فالدُّرُّ يَزدادُ حُسْناً وَهْوَ منْتَظِمٌ وَليسَ يَنْقُصُ قَدْراً غيرَ مَنْتَظِمِ

തിരുനബിﷺയുടെ ദൃഷ്ടാന്തങ്ങൾ മുത്തുകളാണ്. അവ കോർത്തിട്ടാൽ അഴക് വർദ്ധിക്കും.എന്നാൽ കോർത്തി ല്ലെങ്കിൽ അവയുടെ ശോഭക്ക് ഒരു കുറവും വരികയുമില്ല.

فما تَطَاوَلُ آمالُ المَدِيحِ إلى
 ما فيهِ مِنْ كَرَمِ الأخلاقِ والشِّيَمِ

തിരുനബിﷺയുടെ സ്വഭാവ മഹിമയും രൂപ വിശേഷണങ്ങളും അനന്തമാണ്. പറഞ്ഞു തീർക്കാൻ കഴിയില്ല. പുകഴ്ത്തുന്നവരുടെ ആഗ്രഹങ്ങൾ അവയിലേക്ക് എത്തി നോക്കിയിട്ടെന്തു ഫലം?! കൊക്കിൽ വെള്ളമെടുത്ത് കടൽവെളളം വറ്റിക്കാമെന്ന് കരുതുന്ന പക്ഷിയെ പോലെയാണ് തിരുനബിﷺ യെ പുകഴ്ത്തുന്നവർ.

آياتُ حَقٍّ مِنَ الرَّحْمنِ مُحْدَثَةٌ
 قَدِيمَةٌ صِفَةُ المَوصوفِ بالقِدَمِ

തിരുനബിﷺയുടെ ഏറ്റവും പ്രധാനപ്പെട്ട അമാനുഷികതയാണ് അല്ലാഹുവിൽ നിന്നുള്ള സത്യസൂക്തങ്ങൾ അഥവാ വിശുദ്ധ ഖുർആൻ. ഗ്രന്ഥരൂപത്തിൽ നാം കാണുന്നത് അനാദ്യനായ അല്ലാഹുവിന്റെ അനാദ്യമായ വിശേഷണ ത്തിന്റെ പ്രതിരൂപമാണ്. എഴുത്തുകൾ പുതിയതാണെങ്കിലും അല്ലാഹുവിന്റെ കലാം എന്ന വിശേഷണം ഖദീമാണ്. അനാദ്യമാണ് (പുതിയതല്ല )

لَمْ تَقْتَرِنْ بِزمانٍ وَهْيَ تُخْبِرُنا
 عَنِ المعادِ وعَنْ عادٍ وعَنْ إرَمِ

കാലം-സമയം അല്ലാഹുവിന്റെ സൃഷ്ടിയാണ്; പുതിയതാണ്. എന്നാൽ അവയോടൊന്നും അല്ലാഹുവിന്റെ അനാദ്യ വിശേഷണമായ കലാം (ഖുർആൻ) അന്വയിക്കുന്നില്ല. അതേ സമയം പുനർജന്മത്തെ കുറിച്ചും ഹൂദ് നബി (അ)യുടെ 'ആദ്' സമുദായത്തെ പറ്റിയും സ്വാലിഹ് നബി (അ)യുടെ 'ഇറം' സമൂഹത്തെ കുറിച്ചും നമുക്ക് ഖുർആൻ പറഞ്ഞു തരുന്നു.


دامَتْ لَدَيْنا فَفاقَتْ كلَّ مُعْجِزَةٍ
 مِنَ النَّبِيِّينَ إذْ جاءَتْ ولَمْ تَدُمِ

വിശുദ്ധ ഖുർആൻ അന്ത്യനാൾ വരെ നിലനിൽക്കുന്നു. മറ്റു നബിമാരുടെ മുഅജിസത്തുകളാവട്ടെ അവരുടെ വഫാത്തോടെ അവസാനിക്കുന്നതുമാണ്. ഖുർആനിലെ നിയമങ്ങൾ സർവ്വകാലികമായതിനാൽ ഇതര അമ്പിയാക്കളുടെ മുഅജിസതുകളേക്കാൾ ഖുർആൻ ഉയർന്ന് നിൽക്കുന്നു.

مُحَكَّماتٌ فما تُبْقِينَ مِنْ شُبَهٍ
 لذِي شِقاقٍ وما تَبْغِينَ مِنْ حَكَمِ

വിശുദ്ധ ഖുർആൻ സമഗ്രവും വിജ്ഞാന സമ്പുഷ്ടവുമാണ്. അവിശ്വാസിക്കു പോലും സംശയാസ്പദമായ ഒന്നും അതിലില്ല. തെളിവുകൾ സുവ്യക്തമാണ്. അത് കൊണ്ട് തന്നെ സത്യവിരോധിയോട് വിധി പറയാൻ മറ്റൊരു ന്യായാധിപന്റെ ആവശ്യവുമില്ല

ما حُورِبَتْ قَطُّ إلاَّعادَ مِنْ حَرَبٍ
 أَعُدَى الأعادي إليها مُلْقِيَ السَّلَمِ

തിരുനബിﷺയെ മത്സരബുദ്ധിയോടെ സമീപിച്ച കൊടിയ ശത്രു പോലും ആയുധം വെച്ച് കീഴടങ്ങിയ ചരിത്രമേയുള്ളൂ . ഒന്നുകിൽ അവർ ഇസ്ലാമിലേക്ക് കടന്നു വന്നിട്ടുണ്ടാകും. അല്ലെങ്കിൽ ശത്രുതയും വെറുപ്പും ഒഴിവാക്കിയിരിക്കും. വിശുദ്ധ ഖുർആന്റെ സാഹിത്യവും വശ്യതയുമാണ് അതിന്റെ നിദാനം.

رَدَّتْ بَلاغَتُها دَعْوَى مُعارِضِها
 رَدَّ الغَيُورِ يَدَ الجَاني عَنِ الحُرَمِ

മത്സരിക്കാൻ വന്ന പ്രതിയോഗിയെ ഖുർആൻ സാഹിത്യ മേന്മ കൊണ്ട് അതിജയിച്ചു. വീരശൂരനായ യുവാവ് അക്രമിയെ പ്രതിരോധിക്കുന്ന പോലെയാണ് പ്രവാചകത്വം വാദിച്ച മുസൈലിമതിനെയൊക്കെ ഖുർആൻ നേരിട്ടത്.

لها مَعانٍ كَمَوْجِ البَحْرِ في مَدَدٍ
 وفَوْقَ جَوْهَرِهِ فِي الحُسْنِ والقِيَمِ

ഖുർആൻ വചനങ്ങൾക്ക് സമുദ്രത്തിലെ തിരമാലകൾ കണക്കേ അർത്ഥങ്ങളുണ്ട്. എത്ര വ്യാഖ്യാനിച്ചാലും ഖുർആനിലെ ആഴമേറിയ പഠനം അവസാനിക്കുന്നില്ല. അതിലെ ആശയങ്ങൾക്ക് കടലിൽ നിന്നെടുക്കുന്ന മുത്തിനേക്കാൾ മൂല്യവും സൗന്ദര്യവുമുണ്ട് .

فما تُعَدُّ وَلا تُحْصى عَجَائِبُها
 ولا تُسامُ عَلَى الإكثارِ بالسَّأَمِ

സാഹിത്യവും സൗന്ദര്യവും എത്ര കൂടിയാലും ചില സംസാരങ്ങൾ കുറെയധികം കേട്ടാൽ മടിപ്പ് സ്വാഭാവികം. എന്നാൽ ഖുർആൻ അതിൽ നിന്നു വിഭിന്നമാണ്. എണ്ണിയാലൊടുങ്ങാത്ത അത്ഭുതവും അതുല്യവുമായ ആശയങ്ങൾ ഉൾക്കൊണ്ട ഖുർആൻ സൂക്തങ്ങൾ കേട്ടാലും ഓതിയാലും മതിവരില്ല.


قَرَّتْ بها عَيْنُ قارِيها فَقُلْتُ لهُ
 لقد ظَفِرتَ بِحَبْلِ اللهِ فاعْتَصِمِ

വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിലൂടെ വിശ്വാസിക്ക് കൺ കുളിർമ അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന്റെ ദീൻ മുറുകെ പിടിക്കാനും അവന്റെ സംരക്ഷണം ലഭിക്കാനും ശാശ്വത വിജയത്തിനും അത് കാരണമാകും.


إنْ تَتْلُها خِيفَةً مِنْ حَرِّ نارِ لَظىً
 أطْفَأْتَ نارَ لَظىً مِنْ وِرْدِها الشَّبِمِ

ഒരു വിശ്വാസി അല്ലാഹുവിന്റെ ശിക്ഷ ഭയന്ന് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ, തീഷ്ണമായ നരകാഗ്നിയെ ഖുർആൻ വചനങ്ങളെ കൊണ്ട് അണക്കുകയാണ്. തണുത്ത വെള്ളം കൊണ്ട് കഠിനമായ ദാഹമകറ്റുന്നത് പോലെ ഖുർആനിക സൂക്തങ്ങളിലൂടെ അവൻ ആത്മാവിന് ജീവൻ നൽകുകയാണ്.

كَأَنَّها الحَوْضُ تَبْيَضُّ الوجوهُ به
 مِنَ العُصاةِ وقد جاءُوهُ كَالحُمَمِ

പാരായണം ചെയ്യുന്നവന് വേണ്ടി ഖുർആൻ പരലോകത്ത് ശുപാർശ ചെയ്യും. പാപങ്ങളാൽ കരിക്കട്ട പോലെ ഇരുണ്ട മുഖങ്ങളുമായി വരുന്നവർ ഖുർആന്റെ ശുപാർശ ലഭിക്കുന്നതോടെ പ്രശോഭിത മുഖത്തോടെ സ്വർഗ പ്രവേശം നേടുന്നതാണ്. അവരുടെ മുഖം വെളുക്കാൻ കാരണമായ ജലാശയം പോലെയാണ് വിശുദ്ധഖുർആൻ.


وَكَالصَِراطِ وكالمِيزانِ مَعْدِلَةً
 فالقِسْطُ مِنْ غَيرها في الناسِ لَمْ يَقُمِ

വിശുദ്ധ ഖുർആൻ സത്യത്തിലേക്ക് നേർവഴി കാണിച്ചു തരുന്നതാണ്. നീതിയുടെ കാര്യത്തിൽ ത്രാസ് പോലെയുമാണ്. പക്ഷപാതിത്വമില്ല. ഖുർആനെ മാറ്റി നിർത്തി മനുഷ്യരിൽ നീതി നടപ്പാക്കൽ അസാധ്യമാണ്. സത്യവും ധർമ്മവും നീതിയും പഠിപ്പിക്കുന്നത് കൊണ്ടാണ് അന്ത്യനാൾ വരെ ഖുർആൻ പ്രസക്തിയോടെ നിലകൊള്ളുന്നത്


لا تَعْجَبَنْ لِحَسُودٍ راحَ يُنْكِرُها
 تَجاهُلاً وهْوَ عَيْنُ الحاذِقِ الفَهِمِ

സമർത്ഥനും ഗ്രാഹ്യശേഷിയുമുള്ള ഒരു അവിശ്വാസി വിശുദ്ധ ഖുർആന്റെ വിമർശിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അജ്ഞത അഭിനയിക്കുന്ന അവിശ്വാസിയുടെ വിമർശനം തിരുനബി ﷺ യോടും ഖുർആനിനോടുമുള്ള അസൂയ നിമിത്തമാണ് ഉണ്ടാകുന്നത്.


قد تُنْكِرُ العيْنُ ضَوْءَ الشِّمْسِ من رَمَدٍ
 ويُنْكِرُالفَم طَعْمَ الماءِمن سَقَمٍ

ചെങ്കണ്ണ് രോഗമുള്ളവന് സൂര്യപ്രകാശത്തോട് വെറുപ്പായിരിക്കും. രോഗിക്ക് വെള്ളവും അരോചകമാകാറുണ്ട് . അത് സൂര്യപ്രകാശത്തിന്റെ തകരാർ കൊണ്ടോ വെള്ളത്തിന് രുചിയില്ലാത്തത് കൊണ്ടോ അല്ല. പ്രത്യുത, രോഗ മാണ് കാരണം. അത് പോലെയാണ് ഖുർആനിന്റെ അമാനുഷികതയെ എതിർക്കുന്ന അവിശ്വാസിയുടെ അസൂയ.അസൂയ ബാധിച്ചാൽ സത്യം ഉൾ കൊള്ളുകയില്ല.


في إسرائه ومعراجه صلي الله عليه و سلم 


يا خيرَ منَ يَمَّمَ العافُونَ ساحَتَهُ
 سَعْياً وفَوْقَ متون الأَيْنُقِ الرُّسُمِ

തിരുദൂതരേ, ആഗ്രഹം സഫലമാകാൻ അങ്ങയുടെ തിരുമുറ്റത്തേക്ക് ദൂര ദിക്കിൽ നിന്ന് നടന്നവരായും ഒട്ടകപ്പുറത്ത് യാത്ര ചെയ്തും വരുന്ന ഗുണകാംക്ഷികളായ സത്യവിശ്വാസികൾക്ക് അങ്ങ് അഭയമാണ്.


 وَمَنْ هُوَ الآيَةُ الكُبْرَى لَمُعْتَبِرٍ
 وَمَنْ هُوَ النِّعْمَةُ العُظْمَى لِمُغْتَنِمِ

തിരുദൂതരേ, ചിന്തിക്കുന്നവർക്ക് അങ്ങ് ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. അവിടുന്ന് നൽകിയ സന്ദേശങ്ങൾ സമ്പൂർണ്ണ സത്യമാണെന്ന് അവർക്ക് ബോധ്യപ്പെടും. ഇരുലോക വിജയികൾക്ക് മഹത്തായ അനുഗ്രഹവുമാണങ്ങ്


سَرَيْتَ مِنْ حَرَمٍ لَيْلاً إلَى حَرَمٍ
 كما سَرَى البَدْرُ في داجٍ مِنَ الظُّلَمِ

തിരുദൂതരേ, പവിത്രമായ മക്കയിൽ നിന്ന് മസ്ജിദുൽ അഖ്സയിലേക്ക് രാത്രിയിലെ ഏതാനും സമയം കൊണ്ട് അങ്ങ് നിശാ പ്രയാണം ചെയ്തു. ഇരുണ്ട രാത്രിയിലെ പൂർണ്ണ ചന്ദ്രന്റെ പ്രയാണത്തോട് വിശേഷിപ്പിക്കാവുന്ന വിധമായിരുന്നു അവിടുത്തെ സഞ്ചാരം.


 وَبِتَّ تَرْقَى إلَى أنْ نِلْتَ مَنْزِلَةً
 مِنْ قَابِ قَوْسَيْنِ لَمْ تُدْرَكْ وَلَمْ تُرَمِ

'മിഅറാജ്' രാവിൽ അങ്ങ് ഏഴാകാശങ്ങളും കയറികൊണ്ടിരുന്നു, ഒരു പ്രവാചകരും എത്തിച്ചേരാത്ത സ്ഥാനത്തേക്ക് തങ്ങൾ എത്തിച്ചേർന്നു. സർവ്വശക്തന്റെ സാമീപ്യം നേടി. ഒരു സൃഷ്ടിക്കും ലഭിക്കാത്ത മഹാ പദവി തിരുനബിﷺ ക്ക് സ്വന്തം!


وَقَدَّمتْكَ جَميعُ الأنبياءِ بِها
 والرُّسْلِ تَقْدِيمَ مَخُدُومٍ عَلَى خَدَمِ

തിരുദൂതരേ, മുഴുവൻ നബിമാരും മുർസലുകളും അങ്ങയെ മുന്നിലാക്കി.(മസ്ജിദുൽ അഖ്സയിൽ മുഴുവൻ നബിമാർക്കും നിസ്കാരത്തിന് അവിടുന്ന് നേതൃത്വം നൽകി.) പരിചാരകർ യജമാനനെ പരിഗണിക്കുന്നത് പോലെ ഉന്നത സ്ഥാനം അവർ തങ്ങൾക്ക് നൽകി.


وأَنْتَ تَخْتَرِقُ السَّبْعَ الطَّباقَ بهِمْ
 في مَوْكِبِ كُنْتَ فيهِ صاحِبَ العلَمِ

തിരുദൂതരേ, ജിബ് രീൽ (അ)ന്റെ നേതൃത്വത്തിൽ ഒരു സംഘം മലക്കുകളുടെ അകമ്പടിയോടെ വാനങ്ങളേഴും കീഴടക്കി അമ്പിയാക്കളുടെ അരികിലൂടെ അങ്ങ് നടന്നു നീങ്ങുമ്പോൾ ആ സംഘത്തിന്റെ പതാക വാഹകർ തങ്ങളായിരുന്നുവല്ലോ?


حتى إذا لَمْ تَدَعْ شَأْوَاً لِمُسْتَبِقٍ
 مِنَ الدُّنُوِّ وَلا مَرْقَىً لِمُسْتَنِمِ

തിരുദൂതരേ, അങ്ങ് മലക്കുകളുടെ അകമ്പടിയോടെ ആകാശ പടവുകൾ കയറി, ഒടുവിൽ ഒരു സൃഷ്ടിക്കും ലഭിക്കാത്ത സ്ഥാനമെത്തിയപ്പോൾ എല്ലാവരും പിന്മാറി. ലോക രക്ഷിതാവിന്റെ പരിശുദ്ധ സാമീപ്യം തങ്ങൾക്ക് മാത്രമായി.



خَفَضْتَ كُــلَّ مَقَامٍم بِالإِِضَـافَةِ إِِذْ
نُوْدِيْتَ بِالـرَّفْعِ مِثْلَ الْمُفْرَدِ الْعَــلَمِ

ഒരേയൊരു പേരായി ഉന്നതങ്ങളിൽ അങ്ങ് വിളിക്കപ്പെട്ടു . എല്ലാ പദവികൾക്കും ഉപരിയായ പദവി അങ്ങേയ്ക്കു കൈവന്നു .

كَيْمَا تَفُوْزَ بِوَصْــلٍ أيِّ مُسْــتَتِرِ
عَنِ الْعُيُــوْنِ وَسِـــرٍّ أيِّ مُكْتَتِمِ

കണ്ണുകൾക്ക് പിന്തുടരുവാനാവാത്ത അത്യുന്യത പദവിയും നിഗൂഢ രഹസ്യവും അങ്ങേക്ക് പ്രദാനം ചെയ്യുന്നതിന് വേണ്ടി 

فَحُزْتَ كُــلَّ فَخَارٍ غَيْرَ مُشْـتَرَكٍ
وَجُزْتَ كُــلَّ مَقَــامٍ غَيْرَ مُزْدَحَمِ

മറ്റാരും പങ്കുവെക്കാനില്ലാതെ മഹത്വങ്ങളെല്ലാം അങ്ങ് കരസ്ഥമാക്കി . ആൾത്തിരക്കൊന്നുമില്ലാതെ അങ്ങേക്ക് എല്ലാ സ്ഥാനമാനങ്ങളും ലഭിക്കുകയും ചെയ്തു .

وَجَـلَّ مِقْـدَارُ مَـا وُلِّيْتَ مِنْ رُّتَبٍ
وَعَزَّ إِِدْرَاكُ مَــا أُوْلِيْتَ مِنْ نِّعَــمِ

നബിയെ (സ) അങ്ങേക്ക് ലഭിച്ചിരിക്കുന്ന പദവി അതി മഹത്വ പൂർണ്ണമാണ് . ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്തതുമാണ് .

بُشْـرٰى لَنَا مَعْشَـرَ الإِِسْـلامِ إِِنَّ لَنَا
مِنَ الْعِنَايَـةِ رُكْنــاً غَيْرَ مُنْهَــدِمِ

അല്ലയോ ഇസ്‌ലാമിക സമൂഹമേ അതിരറ്റു സന്തോഷിക്കുക. ഒരിക്കലും തകർന്നു പോകാത്ത സ്തംഭം നമുക്കുണ്ട് .

لَمَّـا دَعَى الله دَاعِيْنـَـا لِطَــاعَتِهِ
بِـأَكْرَمِ الرُّسْلِ كُنَّـا أَكْـرَمَ الأُمَـمِ

അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കുന്നതിലേക്കു നമ്മെ ക്ഷണിക്കാൻ നിയുക്തനായ പ്രവാചക പ്രഭു . അങ്ങനെ അല്ലാഹു തആല പ്രവാചക പ്രഭുക്കളിൽ ഏറ്റവും ഉന്നത സ്ഥാനം കൊടുത്തലങ്കരിച്ച വഴി നമ്മെ സമാദരണീയ സമൂഹമാക്കിയിരിക്കുന്നു .

في جهاد النبي صلي الله عليه و سلم

رَاعَتْ قُلُوْبَ الْعِـدَا أَنْبـَــاءُ بِعْثَتِهِ
كَنَبْـأَةٍ أَجْفَلَتْ غُفْــلاً مِّنَ الْغَنَـمِ

നബി (സ) യെ അല്ലാഹുവിന്റെ അന്ത്യ പ്രാവാചകനായി നിയുക്തനാക്കിയ വാർത്ത കേട്ട് ശത്രുക്കളുടെ ഹൃദയങ്ങൾ വിറങ്ങലിച്ചു. പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന ആട്ടിൻകുട്ടികൾ സിംഹത്തിന്റെ ഗർജനം കേട്ടിട്ടെന്നപോലെ .

مَـا زَالَ يَلْقَــاهُمُ فِيْ كُـلِّ مُعْتَرَكٍ
حَتىّٰ حَكَوْا بِالْقَنَـا لَحْمَا عَلىٰ وَضَـمِ

രണാങ്കണങ്ങളിലെല്ലാം അവിടുന്ന് പൊരുതി . ഏതു പോലെയെന്നാൽ ഇറച്ചി കഷണങ്ങൾ മാംസ വില്പനക്കാരന്റെ പലകയിൽ തറച്ചിട്ടതുപോലെ .


وَدُّوْا الْفِرَارَ فَكَــادُوْا يَغْبِطُوْنَ بِـهِ
أَشْـلاءَ شَـالَتْ مَعَ الْعُقْبَـانِ وَالرَّخَمِ

ശത്രുക്കൾ വിചാരിച്ചു അവയവങ്ങളെല്ലാം പരുന്തും കഴുകനും കൊണ്ട് പോയിരുന്നെങ്കിൽ നന്നായേനെ എന്ന് . യുദ്ധമുഖത്തു നിന്ന് ഓടി രക്ഷപ്പെടാനും അവർ വെമ്പി .

تَمْضِي اللَّيـَالِيْ وَلا يَدْرُوْنَ عِدَّتَهَـا
مَا لَمْ تَكُنْ مِّنْ لَيـَالِي الأُشْهُرِ الْحُـرُمِ

തന്മൂലം , യുദ്ധം നിഷിദ്ധമായ മാസങ്ങൾ ഏതൊക്കെയാണെന്നുള്ള ദിനരാത്രങ്ങൾ വരുന്നതും പോകുന്നതും ഭയ വെപ്രാളങ്ങൾ കൊണ്ട് ശത്രുക്കൾക്ക് കണക്ക് കൂട്ടാൻ ആവാതെയായി.

كَـأنَّمَا الدِّيْنُ ضَيْفٌ حَلَّ سَـاحَتَهُمْ
بِكُــلِّ قَرْمٍ اِلىٰ لَحْمِ الْعِــدَا قَـرِمِ

ഇസ്‌ലാം ദീൻ ശത്രുക്കളുടെ മുറ്റത്തെത്തിയ അതിഥിയായിരുന്നു . ശത്രുക്കളെ അത് വേട്ടയാടി .

ശത്രു മുറ്റത്തേക്ക് അതിഥിയെപോലെയാണ് ഇസ്‌ലാം കടന്നുചെന്നത്. പക്ഷേ ആതിഥ്യമായിരുന്നില്ല അവരെ വരവേറ്റത്. വാളും കുന്തവും അവർക്കുനേരെ വന്നപ്പോൾ അവരും ആയുധമേന്തി.

മറ്റൊരു വ്യാഖ്യാനമനുസരിച്ച് സ്വഹാബത്തിന്റെ رضي الله عنهم മുറ്റത്തെത്തിയ അതിഥിയായിരുന്നു ഇസ്‌ലാം. അതിഥിയായ ഇസ്‌ലാമിനെ സംരക്ഷിക്കാൻ സ്വഹാബത്ത് رضي الله عنهم ശത്രുക്കളോടു നഖശിഖാന്തം യുദ്ധം ചെയ്തു. (ബാജൂരിയുടെ ശറഹിൽ ഈ രണ്ടു വ്യാഖ്യാനങ്ങളുമുണ്ട്)

يَجُـرُّ بَحْـرَ خَمِيْسٍ فَوْقَ سَــابِحَةٍ
يَـرْمِيْ بِمَوْجٍ مِّنَ الأَبْطَــالِ مُلْتَـطِمِ

പഞ്ച മഹാസമുദ്രങ്ങൾ പോലെ അഞ്ച് അശ്വ സേനകളാണ് അതിനെ നയിച്ചത് . ധീര യോദ്ധാക്കൾ കൂറ്റൻ തിരമാലകളെപ്പോലെ അതിനെ മുന്നോട്ടു നയിച്ച് കൊണ്ടിരുന്നു .

സ്വഹാബത്ത് رضي الله عنهم സൈന്യങ്ങളെ ക്രമീകരിച്ചിരിക്കുന്ന അഞ്ചു നിരകളെയാണു മഹാനായ ബൂസ്വീരി ഇമാം رضي الله عنه പഞ്ചമഹാ സമുദ്രങ്ങളോടുപമിക്കുന്നത്.

മുന്നണിപ്പട, മധ്യനിര, വലതുപാർശ്വസൈന്യം, ഇടതുപാർശ്വസൈന്യം, പിന്നണി ഇങ്ങനെയാണു സൈന്യം നിലയുറപ്പിക്കുക. 

ഇതേരീതിയിൽ യുദ്ധമുഖത്തേക്ക് മാർച്ച് ചെയ്യും. ഈ പഞ്ചസേനയുടെ ഒഴുക്കു കണ്ടാൽ സാഗരം ഇളകിമറിയുകയാണെന്നേ തോന്നൂ. ഈ സാഗരത്തിൽ നിന്ന് ഇടയ്ക്കിടെ അതിഗംഭീരമായ ആയുധങ്ങൾ തെറിക്കും. തിരമാലയുടെ ഇരമ്പലും ആക്രമണ ശേഷിയുമുണ്ട് ഈ ആയുധങ്ങൾക്ക്. കുതിരപ്പുറത്തേറി ഈ സംഘങ്ങളെ നയിക്കുന്ന സേനാനായകന്മാരുടെ അഭ്യാസം കണ്ടാൽ അത് അന്തരീക്ഷത്തിൽ നീന്തുന്ന പോലെയാണ് തോന്നുക എന്ന് ബൂസ്വീരി ഇമാം رضي الله عنه ഉപമിക്കുന്നു

مِنْ كُــلِّ مُنْـتَدِبٍ للهِ مُحْتَسِـبٍ
يَسْـطُوْ بِمُسْـتَأْصِلٍ لِّلْكُفْرِ مُصْطَـلِمِ

തീർച്ചയായും അവർ എല്ലാവരും അല്ലാഹുവിൽ നിന്നുള്ള അതിമഹത്തരമായ പ്രതിഫലം പ്രതീക്ഷിക്കുന്നവരാണ് . തിന്മയുടെ അല്ലെങ്കിൽ അവിശ്വാസത്തിന്റെ വേരുകൾ ഉന്മൂലനം ചെയ്യാൻ , അവിശ്വാസത്തെ തകർക്കാൻ അവർ പോരാടുന്നു .

ഇസ്ലാമിന്റെ യോദ്ധാക്കളെ മുന്നോട്ടു നയിക്കുന്ന വികാരം അല്ലാഹുവിന്റെ പ്രീതിയാണ്. അസത്യത്തിന്റെ നിർമാർജനവും സത്യത്തിന്റെ സംസ്ഥാപനവുമാണ് അവർ ലക്ഷ്യമാക്കുന്നത്. ഭൗതികമായ സ്ഥാനമാനങ്ങളോ നേട്ടങ്ങളോ ഇസ്ലാമിക ധർമ സമരത്തിന്റെ ലക്ഷ്യങ്ങളല്ല.

ഖുർആൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത് ഇങ്ങനെയാണ്: "കുഴപ്പം അവസാനിപ്പിക്കുകയും അനുസരണം മുഴുവനും അല്ലിഹുവിനോടായിത്തീരുകയും ചെയ്യുന്നത് വരെ നിങ്ങൾ അവരോട് യുദ്ധം ചെയ്യുക" (8:39). പീഡിതരുടെയും മർദിതരുടെയും മോചനമാണ് ഇസ്ലാമിക ധർമ സമരത്തിന്റെ ലക്ഷ്യമെന്നു ഖുർആൻ വ്യക്തമാക്കുന്നു. നിങ്ങൾക്കെന്തുപറ്റി? മർദ്ദിതരും അടിച്ചമർത്തപ്പെട്ടവരുമായ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിങ്ങൾ എന്തുകൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നില്ല?

അവരാണെങ്കിൽ, അക്രമികളുടെ ഈ നാട്ടിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ, ഞങ്ങൾക്കൊരു മോചകനെ നീ നിയോഗിച്ചു തരേണമേ, നിന്റെ വകയായി നീ ഞങ്ങൾക്കൊരു സഹായിയേയും അയച്ചു തരേണമേ എന്നു പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയുമാണ്" (4:75).

ഭൂമിയിൽ അക്രമവും മർദനവും അവസാനിപ്പിച്ചു ജനങ്ങൾക്കു സ്വാതന്ത്ര്യം നൽകുക എന്ന ലക്ഷ്യത്തോടെ പൊരുതുന്ന വിശ്വാസികൾ അല്ലാഹുവിന്റെ പൊരുത്തം മാത്രമാണ് അതിലൂടെ ആഗ്രഹിക്കുന്നത്. എന്നാൽ ഒരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് അവിടുത്തെ നിയമസംഹിതകളെ കാറ്റിൽ പറത്തിക്കൊണ്ട് ജിഹാദ് എന്ന പേരിൽ എന്ത് തോന്നിവാസവും നടത്തുവാനുള്ള അവകാശവും ഇസ്‌ലാം വകവെച്ചു കൊടുക്കുന്നില്ല.

حَتىّٰ غَدَتْ مِلَّةُ الإِِسْلامِ وَهْيَ بِهِـمْ
مِنْم بَعْــدِ غُرْبَتِهَا مَوْصُوْلَةَ الرَّحِـمِ

അവർ തമ്മിൽ പരസ്പരം അന്യോന്നരായിരുന്നു . പക്ഷെ ഇസ്‌ലാം എന്ന മഹത്തരമായ മതം അപരിചതരായിരുന്നവരെ കുടുംബ ബന്ധത്തിന്റെ പാശം കൊണ്ട് കൂട്ടിയിണക്കി .

പരസ്പരം ശത്രുതയിൽ കഴിഞ്ഞിരുന്ന ഒട്ടേറെ സമൂഹങ്ങളെ ഇസ്‌ലാം അതിന്റെ വിമോചന ദൗത്യം കൊണ്ടു രക്ഷപ്പെടുത്തുകയും പരസ്പരം കലഹം അവസാനിപ്പിച്ചു മിത്രങ്ങളാക്കുകയും ചെയ്തിട്ടുണ്ട്. തലമുറകളുടെ കുടിപ്പക തീകർക്കാൻ നൂറ്റാണ്ടുകളോളം യുദ്ധം ചെയ്ത മദീനയിലെ ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങൾക്കിടയിൽ മുത്ത് നബി ﷺ സാഹോദര്യ ബന്ധം സ്ഥാപിച്ചത് ഇതിന് ഉത്തമ ഉദാഹരണമാണ്.

ഈ സംഭവം വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: "നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറിൽ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി" (3:103).

ഇസ്‌ലാമിന്റെ മുമ്പ് പരസ്പരം പോരാടിയിരുന്ന ഏതാനും ഗോത്രങ്ങളുടെ കൂട്ടമായിരുന്നു അറേബ്യൻ ജനത. ഇസ്‌ലാം അവരെ സഹോദരതുല്യം യോജിപ്പിക്കുകയും ഒരൊറ്റ കൊടിക്കീഴിൽ അണിനിരത്തുകയും ചെയ്തു. അനന്തരം ചരിത്രം അവരുടെ കരങ്ങളിലൊതുക്കി. വിശുദ്ധ ഖുർആൻ വാഗ്ദാനം ചെയ്തതാണ് ഈ വിജയം.

مَكْفُوْلَـةً أَبَـداً مِّنْهُـمْ بِـخَيْرِ أَبٍ
وَخَيْرِ بَعْـلٍ فَــلَمْ تَيْتَـمْ وَلَمْ تَئِـمِ

മുസ്ലിം ഉമ്മത്തിനെ എല്ലായിപ്പോഴും ഉത്തമ പിതാവായും , ഭർത്താവായും മുഹമ്മദ് നബി (സ) അവിശ്വാസികളുടെ തിന്മകളിൽ നിന്നും അവരെ രക്ഷപ്പെടുത്തി . അതിനാൽ അവൾ അനാഥനോ വിധവയോ ആയിത്തീർന്നില്ല അല്ലെങ്കിൽ അവരെ അത് ബാധിച്ചതുമില്ല .

തിരുനബിയുടെ ﷺ സംരക്ഷണം ലഭിച്ചവർ അനാഥത്വത്തിന്റെയും വിധവകളായിരിക്കുന്നതിന്റെയും ദുഃഖങ്ങളറിഞ്ഞില്ല. അനാഥരെയും വിധവകളെയും അവിടുന്ന് ﷺ ഏറ്റവും നല്ല രീതിയിൽ സംരക്ഷിച്ചു. തന്റെ ശിഷ്യ സമൂഹത്തെ അനാഥ-വിധവാ സംരക്ഷണത്തിന്റെ പ്രാധാന്യം അവിടുന്ന് ﷺ പഠിപ്പിക്കുകയും ചെയ്തു. യുദ്ധങ്ങൾ മൂലം അനാഥരും വിധവകളുമായിത്തീരുന്നവർ സമൂഹത്തിന് ഒരു ഭാരമായി അവശേഷിക്കാൻ മുത്ത് നബി ﷺ അവസരം നൽകിയില്ല. കാരുണ്യപൂർവ്വം അവരെ അവിടുന്ന് ﷺ ഏറ്റെടുത്തു വളർത്തി.

هُمُ الْجِبَـالُ فَسَـلْ عَنْهُمْ مُّصَادِمَهُمْ
مَــاذَا لَقِيْ مِنْهُمْ فِيْ كُـلِّ مُصْطَدَمِ

ആ യോദ്ധാക്കളായ മുസ്ലിമീങ്ങൾ പ്രതിരോധത്തിന്റെ പർവ്വതങ്ങളെപ്പോലെയായിരുന്നു . അതിനാൽ (ഞാൻ പറയുന്നതിൽ നിങ്ങൾ സാക്ഷ്യപ്പെടുത്തുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ലെങ്കിൽ) അവരോട് യുദ്ധം ചെയ്തവരിൽ നിന്ന് (അവിശ്വാസികളിൽ) അവരോട് ചോദിക്കുക (അതായത്) അവരോടുള്ള അവരുടെ (അവിശ്വാസികളുടെ) അനുഭവം എന്തായിരുന്നു . സർവ്വം തരിപ്പണമായ ആ രണാങ്കളത്തിൽ എന്ത് സംഭവിച്ചുവെന്ന് ശത്രുക്കളോടു ചോദിച്ചു നോക്കുക.


وَسَـلْ حُنَيْناً وَسَـلْ بَدْراً وَسَلْ أُحُدًا
فُصُـوْلُ حَتْفٍ لَّهُمْ أَدْهٰى مِنَ الْوَخَمِ

ഹുനൈൻ യുദ്ധം , ബദർ യുദ്ധം , ഉഹദ് യുദ്ധം എന്നിവയെക്കുറിച്ചു ചോദിക്കുക. ശത്രുക്കൾക്ക് അതെല്ലാം വിഷൂചികളെക്കാൾ കടുത്ത നാശത്തിന്റെ ദിനങ്ങളായിരുന്നു .

اَلْمُصْدِرِي الْبِيْضِ حُمْراًم بَعْدَ مَا وَرَدَتْ
مِنَ الْعِــدَا كُلَّ مُسْوَدٍّ مِّنَ اللِّمَـمِ

മുസ്ലിമീങ്ങൾ വെളുത്ത നിറത്തിലുള്ള തങ്ങളുടെ ഖഡ്ഗങ്ങളെ ശത്രുക്കളുടെ ചോരയാൽ ചുവപ്പ് വർണ്ണമണിയിച്ചു. ആ ശത്രുക്കളെല്ലാം കറുത്ത തലമുടികളുള്ള യുവത്വം ആയിരുന്നു , അല്ലങ്കിൽ ആ ശത്രുക്കളുടെ തലയിൽ പ്രയോഗിച്ചു കൊണ്ട് .

وَالْكَاتِبِيْنَ بِسُــمْرِ الْخَطِّ مَا تَرَكَتْ
أقْــلامُهُمْ حَرْفَ جِسْمٍ غَيْرَ مُنْعَجِمِ

മുസ്ലിമീങ്ങളിൽ നിന്നുള്ള എഴുത്തുകാർ അവരുടെ അമ്പുകളുപയോഗിച്ച് പേനകളാക്കി എഴുതി . ശത്രു ശരീരങ്ങളാക്കുന്ന അക്ഷരങ്ങളിൽ അവർ പുള്ളികളിട്ടു.

شَـاكِي السِّـلاحِ لَهُمْ سِيْماَ تُمَيِّزُهُمْ
وَالْوَرْدُ يَمْتَـازُ بِالسِّيْماَ عَنِ السَّـلَمِ

മുസ്ലിമീങ്ങൾ പൂർണ്ണമായും  ആയുധങ്ങളിൽ സായുധരായിരുന്നു . പക്ഷെ സലം പുഷ്പത്തിൽ നിന്നും പനിനീർ പൂക്കളെ തിരിച്ചറിയാവുന്നതു പോലെ അടയാളങ്ങൾ കൊണ്ട് അവരെ ശത്രുക്കളിൽ നിന്നും തിരിച്ചറിയാമായിരുന്നു .

تُهْدِي إِِلَيْـكَ رِيَاحُ النَّصْرِ نَشْـرَهُمُ
فتَحْسِبُ الزَّهْرَ فِي الأَكْمَامِ كُلَّ كَمِیْ

വിജയത്തിന്റെ കാറ്റ് (സർവ്വശക്തനായ അല്ലാഹുവിന്റെ സഹായം) അവരുടെ (മുസ്‌ലിംകളുടെ) സുഗന്ധം നിങ്ങൾക്ക് അയയ്‌ക്കുന്നു . അതിനാൽ പടയങ്കി അണിഞ്ഞവരെല്ലാം പനിനീർ പൂവിന്റെ ദളങ്ങളാണെന്നു നിനക്ക് തോന്നും .

كَــأَنَّهُمْ فِيْ ظُهُوْرِ الْخَيْلِ نَبْتُ رُبـاً
مِنْ شَـدَّةِ الْحَزْمِ لا مِنْ شِـدَّةِ الْحُزُمِ

മുസ്ലിമീങ്ങൾ കുതിരപ്പുറത്തുണ്ടായിരുന്നത് കുന്നുകളിലെ റൂബ ചെടികളെപ്പോലെയായിരുന്നു . അവർ അങ്ങനെ ആകാൻ കാരണം ജീനിയിൽ കയർ കൊണ്ട് കെട്ടിയതിനാലല്ല മറിച്ച് അവർ ദൃഢ ചിത്തരും കരുത്തരുമാണ്.

കുന്നിൻമുകളിലെ മരങ്ങളോടാണ് കുതിരപ്പടയാളികളെ ബൂസ്വീരി ഇമാം رضي الله عنه ഉപമിക്കുന്നത്. കുന്നിൻമുകളിലെ മരങ്ങൾക്ക് മറ്റിടങ്ങളിലെ മരങ്ങളേക്കാൾ വേരുറപ്പുണ്ടാകും. കാറ്റിനെയും വെയിലിനെയുമൊക്കെ പ്രതിരോധിക്കാൻ കൂടുതൽ കരുത്തുമുണ്ടാവും. കുതിരപ്പുറത്ത് തലയെടുപ്പോടെ ഇരിക്കുന്ന ഭടൻമാരെ മലമുകളിലെ മരങ്ങളെപ്പോലെ ഉയർന്നു കാണാം. അചഞ്ചലരാണവർ.

ശത്രുവിനെ പ്രതിരോധിക്കാൻ വാളും പരിചയും കുന്തവും മാറിമാറി ഉപയോഗിക്കുന്ന അശ്വഭടന്മാർ ഓടുമ്പോഴും ചാടുമ്പോഴും ധീരമായും പൊരുതുമ്പോഴും മറിഞ്ഞു വീഴാതെ ഉറച്ചിരിക്കുന്നു. ഇത് കാണുമ്പോൾ നമുക്കു തോന്നും കുതിരയുടെ ജീനിയുമായി ബന്ധിച്ചിരിക്കുന്ന അരപ്പട്ടയാണ് അവരെ ഉറച്ചിരുത്തുന്നതെന്ന്. അല്ല, അവരുടെ മനക്കരുത്തിന്റെ ശക്തികൊണ്ടാണത് എന്നു മഹാനായ ബൂസ്വീരി ഇമാം رضي الله عنه സമർത്ഥിക്കുന്നു. വളരെ മനോഹരമായ കൽപനാ വൈഭവം വിളിച്ചറിയിക്കുന്നതാണീ രൂപാലങ്കാരം.


طَارَتْ قُلُوْبُ الْعِدَا مِنْم بَأْسِـهِمْ فَرَقاً
فَمَـا تُـفَرِّقُ بَيْنَ الْبَهْـمِ وَالْبُهَـمِ

അവരുടെ (മുസ്‌ലിംകളുടെ) ധൈര്യം കാരണം ശത്രുക്കളുടെ ഹൃദയം (യുദ്ധത്തിൽ) കടുത്ത ഭയത്തിലേക്ക് പറന്നു, അതിനാൽ അവർക്ക് (ശത്രുക്കളുടെ ഹൃദയങ്ങൾ) ഒരു ആട്ടിൻകുട്ടിയും ശക്തനായ ഒരു യോദ്ധാവും തമ്മിൽ (ഒരു) വ്യത്യാസവും വരുത്താൻ കഴിഞ്ഞില്ല.

ഒരാൾക്ക് ഭീതി തട്ടിയാൽ കാണുന്നതെന്തും താൻ ഭയപ്പെടുന്നതായിത്തോന്നും. 'ബഹ്‌മി'നെയും (ആട്ടിൻ കുട്ടികൾ) 'ബുഹമി'നെയും (ധീരയോദ്ധാവ്) വേർതിരിച്ചറിയാൻ പറ്റുന്നില്ല ശത്രുക്കൾക്ക്. ഭയം നിമിത്തം ശത്രുക്കൾ ആട്ടിൻകുട്ടികളെ കണ്ടാൽപോലും ഇസ്ലാമിക യോദ്ധാക്കളാണെന്ന് തെറ്റിദ്ധരിച്ചു പോവുന്നു.

സമാന ശബ്ദവും വ്യത്യസ്ത അർത്ഥങ്ങളുള്ള പദങ്ങൾ ഉപയോഗിക്കാനുള്ള ബൂസ്വീരി ഇമാമിന്റെ رضي الله عنه പാടവം ഈ പ്രയോഗത്തിൽ തെളിയുന്നു. ഈ വരിയുടെ തൊട്ടുമുമ്പത്തെ വരിയിലെ ഹസ്‌മ്, ഹുസ്‌മ് എന്നീ വാക്കുകൾ നോക്കുക. 'ഹസ്‌മ്' ദൃഢചിത്തതയും 'ഹുസ്മ്' കടിഞ്ഞാണുമാണ്. ബുർദയിൽ പല സ്ഥലത്തും ഇമാമവർകൾ رضي الله عنه തന്റെ പദസമ്പത്ത് ഇങ്ങനെ ആഘോഷിക്കുന്നുണ്ട്.



وَمَنْ تَـكُنْ م بِرَسُـوْلِ اللهِ نُصْرَتُـه
إِنْ تَلْقَهُ الأُسْـدُ فِيْ آجَــامِهَا تَجِمِ


എന്നാൽ മുസ്ലിമീങ്ങളോടൊപ്പം അല്ലാഹുവിന്റെ ഹബീബ് (സ അ) ന്റെ സഹായം ഉണ്ടായിരുന്നു . ആ ഹബീബിന്റെ (സ അ) സഹായമുള്ളവരെ സിംഹങ്ങൾ അവയുടെ ഗുഹയുടെ മുന്നിൽ വെച്ചാണ് കണ്ടുമുട്ടുന്നതെങ്കിൽ പോലും ഭയപ്പെടും .

മുത്ത് നബിയെ ﷺ അല്ലാഹു നിയോഗിച്ചത് ആദം മക്കളുടെ നേതാവായിട്ടാണ്. നേതാവിന്റെ സ്വഭാവം അനുയായിയെ ഒരിക്കലും കൈവിടാതിരിക്കുക എന്നതാണ്. തിരുനബിയുടെ ﷺ പാരിചാരകൻ സഫീനത്ത് رضي الله عنه (മഹാനവർകളുടെ യഥാർത്ഥ പേര് അബൂ അബ്ദുറഹ്മാൻ رضي الله عنه എന്നാണ്. മുത്ത് നബി ﷺ തങ്ങളുടെ ഭാരമേറിയ ഭാണ്ഡങ്ങൾ നിഷ്പ്രയാസം വഹിക്കുന്നതിനാലാണ് 'കപ്പൽ' എന്നർത്ഥമുള്ള 'സഫീനത്ത്' എന്ന വിളിപ്പേര് ലഭിക്കാൻ കാരണം)

ഒരിക്കൽ കാട്ടിൽ വെച്ച് സിംഹത്തിന്റെ മുന്നിൽപ്പെടുകയും അവിടുന്ന് അള്ളാഹുവിന്റെ ഹബീബിന്റെ ﷺ പേരു പറഞ്ഞു രക്ഷപെടുകയും ചെയ്ത സംഭവത്തിലേക്കുള്ള സൂചനയാണ് ഈ വരികളിൽ.

അൽ ഹാഫിള് അൽ ത്വബ്റാനി رضي الله عنه മുഹമ്മദുബ്ൻ അൽ മുൻകദിർ رضي الله عنه വിൽ നിന്ന് പുണ്യ റസൂലിന്റെ ﷺ പരിചാരകൻ സഫീനത്ത് رضي الله عنه പറയുന്നതായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ഒരിക്കൽ കടലിലൂടെ യാത്ര ചെയ്യുമ്പോൾ എന്റെ വഞ്ചി തകർന്നുപോയി. ഒരു പലകയിൽ പിടിച്ചുതൂങ്ങിയ ഞാൻ കടലിൽ ഒഴുകിനടന്നു. ഒടുവിൽ ആ പലക എന്നെ ഒരു കരയ്ക്കടുപ്പിച്ചു. കരയ്ക്കു കയറിയ എന്റെ മുമ്പിൽ ഒരു സിംഹം ചാടിവീണു. ഞാൻ ഉടനെ വിളിച്ചു പറഞ്ഞു: "യാ അബൽ ഹാരിസ്, അന മൗലാറസൂലില്ലാഹ് ﷺ...!" (ഓ സിംഹമേ... ഞാൻ അല്ലാഹുവിന്റെ പ്രവാചകന്റെ ﷺ പരിചാരകനാണ്). ഉടനെ ആ സിംഹം തലകുനിച്ച് എന്റെ അടുത്തേക്കു വന്നു. ശേഷം അതിന്റെ പിരടികൊണ്ട് എന്നെ തള്ളി തള്ളി കൊണ്ടുപോയി കാട്ടിന് വെളിയിൽ ചെന്നാക്കി. അതെന്നെ യാത്രയാക്കുക യായിരുന്നു എന്നെനിക്കു തോന്നി." (ഈ സംഭവം സ്വഹാബിയായ സ്വഫ്‌വാൻ رضي الله عنه തങ്ങളെത്തൊട്ടാണ് എന്നും പരാമർശമുണ്ട്.)

തിരുനബിയുടെ ﷺ സഹായം അർഹിക്കുന്നുവെങ്കിൽ അവിടുന്ന് ﷺ ഓടിയെത്താതിരിക്കില്ല. മുത്ത് നബിയുടെ ﷺ സഹായം ലഭിക്കുന്നതാവട്ടെ അവിടുത്തെ ﷺ ചര്യയെ പിന്തുടരുന്നവർക്കും. അതായത് ചെയ്യേണ്ടത് ചെയ്യുകയും ചെയ്യരുതാത്തത് ചെയ്യാതിരിക്കുകയും ചെയ്യുബോൾ. അതിനാണ് തഖ്‌വ എന്ന് പറയുന്നത്. ഒരാൾ അല്ലാഹുവിനെ പേടിച്ചാൽ മറ്റെല്ലാം അവനെ പേടിക്കും.



وَلَنْ تَــرٰى مِنْ وَّلِيٍّ غَيْرَ مُنْتَصِـرٍ
بِــهِ وَلا مِنْ عَــدُوٍّ غَيْرَ مُنْقَصِمِ

അവിടുത്തെ സഹായം ലഭിക്കാത്ത ഒരു മിത്രത്തെയും കണ്ടെത്താൻ സാധിക്കില്ല . അതുപോലെ പരാജയം രുചിക്കാത്ത ശത്രുവുമില്ല .

ഇവിടെ وَلِيّ എന്നതുകൊണ്ടുദ്ദേശിക്കുന്നത് തിരുനബിയിൽ ﷺ ആത്മാർത്ഥമായി വിശ്വസിക്കുകയും അവിടുത്തെ ﷺ പാന്ഥാവിലൂടെ ചരിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളെയാണ്. അവനെപ്പോഴും തിരുനബിയുടെ ﷺ സഹായം ലഭിച്ചുകൊണ്ടിരിക്കും. എന്നാൽ അവിടുത്തോട് ﷺ ശത്രുത വച്ചവർ തകർന്നു തരിപ്പണമാകും വിധം പരാജയത്തിലുമാണ് എന്ന വസ്തുത പറയുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ


أَحَــلَّ أُمَّتَـهُ فِيْ حِِـرْزِ مِلَّتِــهِ
كَاللَّيْثِ حَلَّ مَعَ الأشْـبَالِ فِيْ أَجَمِ

അല്ലാഹുവിന്റെ ഹബീബ് നബി (സ) തന്റെ ഉമ്മത്തിനെ കെട്ടുറപ്പുള്ള സുഭദ്രമായ കോട്ടകളിൽ സംരക്ഷിച്ചു. സിംഹം തന്റെ കുഞ്ഞുങ്ങളെ എപ്രകാരം ഗുഹകളിൽ സംരക്ഷിക്കുന്നുവോ അത് പോലെ .


സൂറതു തൗബയുടെ 128-ാം ആയത്തിലൂടെ മുത്ത് നബിയുടെ ﷺ മദ്ഹ് الله തന്നെ പറയുന്നു:_

_لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ

"തീർച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു رسول വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവരും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവരും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അവിടുന്ന് ﷺ", എന്ന്.

ഈ ആയത്തിലൂടെ തിരുനബി ﷺ തങ്ങൾക്ക് ഉമ്മത്തീങ്ങളോടുള്ള താല്പര്യം എത്രത്തോളമെന്ന് നമുക്ക് പഠിപ്പിച്ചു തരികയാണ്. എന്നതുപോലെതന്നെ തിരുനബി ﷺ വിശ്വാസികൾക്ക് നൽകിയ സുരക്ഷിതത്വത്തിന്റെ കവചം എത്രത്തോളം ദൃഢവും വാൽസല്യം തുളുമ്പുന്നതുമാണെന്ന് ഉചിതമായ ഒരു ഉപമയിലൂടെ വ്യക്തമാക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ.

സിംഹം അതിന്റെ കുഞ്ഞുങ്ങളെ ഗുഹയിൽ സംരക്ഷിക്കുന്നതു പോലെയാണ് തിരുനബി ﷺ സ്വജനതയെ സംരക്ഷിക്കുന്നതെന്ന് ബൂസ്വീരി ഇമാം رضي الله عنه പറയുന്നു. കുഞ്ഞുങ്ങൾക്കു കാവലിരിക്കുന്ന സിംഹം അതീവ ജാഗ്രതയുള്ളതായിരിക്കും. അതിനാൽ സിംഹക്കുഞ്ഞുങ്ങളെ അക്രമിക്കുന്നതിനോ, എന്തിന്, സമീപിക്കുന്നതിനു പോലുമോ മറ്റൊരു മൃഗത്തിനോ മനുഷ്യനോ സാധിക്കുകയില്ല. മുത്ത് നബിയ്ക്കാവട്ടെ ﷺ, തന്റെ ഉമ്മത്തിനോടുള്ള വാത്സല്യവും സംരക്ഷണ ഭാവവും അതിലേറെ വലുതാണ്. തിന്മയുടെ സ്പർശത്തിൽ നിന്നും തിരുനബി ﷺ സ്വജനതയെ കാത്തു. എതിരാളികളിൽ നിന്ന് അവിടുന്ന് ﷺ തന്റെ സമുദായത്തിനു സംരക്ഷണമരുളി. സമൂഹത്തിൻറെ സംരക്ഷണത്തിനു തിരുഹബീബ് ﷺ ശരീഅത്തിൻറെ ഭദ്രമായ ഒരു കോട്ട ഒരുക്കിയിരുന്നു. ആ കോട്ടയിൽ ഇസ്‌ലാമിക സമൂഹം എന്നും സുരക്ഷിതരായിരിക്കും.

كَـمْ جَدَّلَتْ كَـلِمَاتُ اللهِ مِنْ جَدَلٍ
فِيْهِ وَكَـمْ خَصَّمَ الْبُرْهَانُ مِنْ خَصِمِ

എത്രയെത്ര തർക്കങ്ങളെയാണ് അല്ലാഹുവിന്റെ വചനങ്ങൾ കൊണ്ട് തിരുദൂതർ (സ) അതി ജയിച്ചത് .  വ്യക്തമായ തെളിവുകൾ നൽകുക വഴി അവിശ്വാസികളുടെ എതിർവാദങ്ങൾ നിഷ്ഫലവുമായി .

ആയുധവും പോരാട്ടവും കൊണ്ടു പ്രതിയോഗികളെ അതിജയിച്ച സംഗതികളെയാണ് ഇതുവരെ പറഞ്ഞത്. എന്നാൽ ഇസ്‌ലാമിന് പ്രതിരോധത്തിനും ധർമ്മ സംസ്ഥാപനത്തിനും ആയുധത്തേക്കാൾ ശക്തമായ ഒരു മേഖലയുണ്ട്, അതാണ് പ്രമാണങ്ങൾ. തിരുനബിക്ക് ﷺ തന്റെ പ്രബോധന കാലത്ത് കടുത്ത തർക്കങ്ങളും പ്രതിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അല്ലാഹുവിന്റെ വചനമായ ഖുർആൻ കൊണ്ട് അതിനെയൊക്കെയും അവിടുന്ന് ﷺ നേരിട്ടു. എല്ലാ തർക്കക്കാരെയും നിശ്ശേഷം പരാജയപ്പെടുത്തുകയും ചെയ്തു.

ഖുർആൻ പ്രതിയോഗികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ സംഭവങ്ങളെ സൂചിപ്പിക്കുന്നു ഈ വരിയിലെ ഒന്നാം പാദം. ഒരിക്കൽ യഹൂദികൾ ആത്മാവിനെക്കുറിച്ചും ഗുഹാനിവാസികളെക്കുറിച്ചും 'ദുൽഖർനൈനി'യെക്കുറിച്ചും മുഹമ്മദ് നബിയോട് ﷺ ചോദിച്ചു നോക്കാൻ ഖുറൈശികളോട് ആവശ്യപ്പെട്ടു. ഈ മൂന്നിനും ഉത്തരം പറയുകയോ ഒന്നിനെപ്പറ്റിയും ഒന്നും പറയാതിരിക്കുകയോ ചെയ്താൽ അദ്ദേഹം നബിയല്ല. മറിച്ച് ചിലതിന് ഉത്തരം പറയുകയും മറ്റു ചിലതിനെക്കുറിച്ച് നിശബ്ദരാവുകയും ചെയ്താൽ യാഥാർത്ഥ നബിയുമാണ്.

അപ്പോഴാണ് ഗുഹാനിവാസികളുടെയും ദുൽഖർനൈനിയുടെയും ചരിത്രവുമായി വിശുദ്ധ ഖുർആൻ അവതരിച്ചത്. ആത്മാവിനെക്കുറിച്ച് വിശദീകരണം നൽകിയതുമില്ല. അതെന്റെ നാഥന്റെ സ്വന്തം കാര്യത്തിൽ പെട്ടതാണ് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ചിലപ്പോൾ മുശ്‌രിക്കുകൾ തിരുനബിയോട് ﷺ പ്രവാചകത്വത്തിന് തെളിവ് ചോദിക്കും. ചന്ദ്രനെ പിളർത്തിയത് പോലെയുള്ള ദൃഷ്ടാന്തങ്ങൾ ഉദാഹരണം. ഇത്തരം സംഭവത്തിലേക്കുള്ള സൂചനയാണ് ഈ വരിയിലെ രണ്ടാം പാദം.

كَفَــاكَ بِـالْعَلَمِ فِيْ الأُمِّيِّ مُعْجَزَةً
فِيْ الْجَاهِـلِيَّةِ وَالتَّــأْدِيْبَ فِي الْيُتُمِ

അജ്ഞതയുടെ കാലഘട്ടത്തിലെ ജ്ഞാനം നിറഞ്ഞ നിരക്ഷരത . അനാഥത്വത്തിലും ആർജിച്ച സംസ്കാര സമ്പന്നത. അമാനുഷിക ദൃഷ്ടാന്തമായി ഇത്രയും തന്നെ മതി.

തിരുനബി ﷺ എഴുത്തും വായനയും പഠിച്ചിട്ടില്ല. ഒരു ഗുരുകുലത്തിലും ചേർന്നിട്ടില്ല. എന്നിട്ടും അറിവിന്റെ അക്ഷയപാത്രമായി. ജ്ഞാന സാഗരങ്ങളുടെ അധിപനായി. എങ്ങനെ? അതാണതിശയം! അതും ആറാംനൂറ്റാണ്ടിലെ കറുത്ത കാലഘട്ടത്തിൽ. അമാനുഷികമായ സിദ്ധിയാണത്, ദൈവീകമായ അംഗീകാരവും. മുത്ത് നബി ﷺ അനാഥരായിട്ടാണു പിറന്നുവീണത്. പിതാക്കളുടെ പരിരക്ഷയില്ലാതെ വളരുന്ന കുട്ടികൾ ചീത്തയാകാനാണു കൂടുതൽ സാധ്യത. എന്നിട്ടും മുത്ത് ഹബീബ് ﷺ അച്ചടക്കത്തിന്റെയും സൽസ്വഭാവത്തിന്റെയും മൂർത്തീമത്‌ഭാവമായി.


മാതാവിന്റെ ഗർഭാശയത്തിൽ ഒരു അട്ടയെപ്പോലെ അള്ളിപ്പിടിച്ചു കിടക്കുന്ന സിക്താണ്ഡത്തെക്കുറിച്ചു മുതൽ ബാഹ്യാകാശത്തിനപ്പുറമുള്ള അത്ഭുതങ്ങളെക്കുറിച്ചു വരെ അവിടുന്ന് ലോകത്തോട് പറഞ്ഞു കൊണ്ടേയിരുന്നു, യാതൊരു ശാസ്ത്ര- സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ. എത്രത്തോളമെന്നാൽ, നിരക്ഷരരായ മുഹമ്മദ് നബിയുടെ ﷺ നാവിലൂടെ നിർഗളിച്ച പരിശുദ്ധ ഖുർആനും, തിരുഹദീസുകളും മുന്നിൽവച്ചുകൊണ്ട് സങ്കീർണമായ ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണം ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും വരെയെത്തി കാര്യങ്ങൾ.

ഭൂമി ശാസ്ത്രം, ഗോള ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, മനഃശാസ്ത്രം, സാഹിത്യം തുടങ്ങി അവിടുന്ന് ﷺ ചർച്ച ചെയ്യാത്ത മേഖലകളില്ല. കേവലം പ്രമാണങ്ങൾ പടച്ചുവിടുകയല്ല, അതെല്ലാം സ്വജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയായി കാണിച്ചു കൊടുക്കുകയാണ് എന്നതിലാണ് മുത്ത് നബി ﷺ തുല്യതയില്ലാത്ത മാതൃകയാവുന്നത്.



في التوسل  با النبي صلي الله عليه و سلم 

خَدَمْتُهُ بِمَدِيْــحٍ أَسْــتَقِيلُ بِـهِ
ذُنُوْبَ عُمْرٍ مَّضٰى فِي الشِّعْرِ وَالْخِدَمِ

ഞാൻ എന്റെ ഹബീബിന്റെ (സ) മദ്ഹുകൾ അപദാനങ്ങൾ വാഴ്ത്തുന്നത് എന്റെ കാവ്യ ജീവിതത്തിലെയും എന്റെ ജീവിത കാലത്തേയും (ഔദ്യോഗിക സേവന കാലം) പാപങ്ങൾ മായ്ക്കപ്പെടാൻ വേണ്ടിയാകുന്നു .


മഹാനായ ബൂസ്വീരി ഇമാം رضي الله عنه പിന്നിട്ട 139 വരികളിലൂടെ തിരുനബിയുടെ ﷺ പ്രകീർത്തമെന്ന വലിയൊരു ഇബാദത്ത് ചെയ്തുവച്ചു. ഇനി മഹാനവർകൾക്ക് ഈ ഇബാദത്തിനെ തവസ്സുലാക്കി അല്ലാഹുവിനെ സമീപിക്കാം. ഗുഹയിൽ കുടുങ്ങിയവർ ഗുഹാമുഖം അടച്ച പാറ സ്വയം നീങ്ങിക്കിട്ടാൻ അവർ ചെയ്ത സുകൃതം കൊണ്ട് തവസ്സുൽ ചെയ്തു. ഇമാം ബൂസ്വീരി رضي الله عنه സ്വന്തം സുകൃതം വച്ച് ഇതാ ഇടതേടുന്നു. മഹാനവർകളുടെ പ്രധാനാവശ്യം പോയകാലത്തെ ദോഷങ്ങൾ പൊറുത്തു കിട്ടലാണ്. ദോഷം പൊറുത്തു കിട്ടാൻ തിരുനബിയെ ﷺ സമീപിക്കാൻ വിശുദ്ധ ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ._

وَلَوْ أَنَّهُمْ إِذْ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا (سورة النساء-٦٤

അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ അങ്ങയുടെ ﷺ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവിനെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു. (സൂറതുന്നിസാഅ്‌ -64)

إِذْ قَـلَّدَانِيَ مَا تُخْشٰـى عَـَواقِبُـهُ
كَــأَنَّنِيْ بِهِــمَا هَدْيٌ مِّنَ النَّعَمِ

ഈ രണ്ടു കാര്യങ്ങളും (കവിതയും മറ്റ് ആളുകളെ സേവിക്കുന്നതും) എന്റെ കഴുത്തിൽ (ബെൽറ്റ് ചുറ്റിയതു പോലെ) കെട്ടിയിരിക്കുന്നതിനാൽ (ഇപ്പോൾ) അവയുടെ അനന്തരഫലങ്ങളെ ഞാൻ ഭയപ്പെടുന്നു. ഞാൻ ചെയ്ത പാപ ഫലങ്ങളെക്കുറിച്ചുള്ള ഭീതി നിമിത്തം അറവു ശാലയിലേക്ക് നയിക്കപ്പെടുന്ന ബലിമൃഗത്തെ പോലെയായി ഞാൻ .

أَطَعْتُ غَيَّ الصِّبَا فِي الْحَالَتَيْنِ وَمَــا
حَصَلْتُ إِِلا عَلىٰ الآثَـامِ وَالنَّـدَمِ

തെറ്റിദ്ധരിപ്പിക്കുന്ന യുവാക്കളെ ഞാൻ രണ്ട് വ്യവസ്ഥകളിലും (കവിതയിലും മറ്റുള്ളവരെ സേവിക്കുന്നതിലും) അനുസരിച്ചു, പാപങ്ങളും പശ്ചാത്താപവുമല്ലാതെ മറ്റൊന്നും ഞാൻ നേടിയില്ല.

فَيـَا خَسَــارَةَ نَفْسٍ فِيْ تِجَارَتِهَـا
لَمْ تَشْتَرِ الدِّيْنَ بِـالدُّنْيَا وَلَمْ تَسُـمِ


(ജനങ്ങളേ, ഞാൻ ചെയ്തതിൽ നിന്ന് ഒരു പാഠം ഉൾക്കൊള്ളുക). എന്റെ ആത്മാവിന് അതിന്റെ കച്ചവടത്തിൽ നഷ്ടം സംഭവിച്ചു . ഇഹലോകത്തിനു പകരം പരലോകത്തെ ഞാൻ വാങ്ങുകയുണ്ടായില്ല .

وَمَنْ يَّبِــعْ آجِـلاً مِّنْهُ بِـعَاجِلِـهِ
يَبِنْ لَّـهُ الْغَبْنُ فِيْ بَيْـعٍ وَّفِيْ سَـلَمِ

തന്റെ പരലോകത്തെ തന്റെ ഇഹലോകത്തിനായി വിൽക്കുന്ന വ്യക്തി, അയാൾ (തികച്ചും വഞ്ചിതനാണ്) . അങ്ങനെ അവൻ അവന്റെ ഇടപാടിലൂടെ വഞ്ചിതനായിരിക്കുന്നു 

إِِنْ آتِ ذَنْبـاً فَمَــا عَهْدِي بِمُنْتَقِضٍ
مِنَ النَّبِيِّ وَلا حَبْـلِي بِمُنْصَـــرِمِ

ഞാൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും (എന്നിട്ടും) എന്റെ നബി (സ) യുമായുള്ള എന്റെ ഉടമ്പടിയും വിശ്വാസവും (ബന്ധം) തകർന്നിട്ടില്ല. അവിടുന്നുമായി എന്റെ പാർഷം മുറിഞ്ഞിട്ടുമില്ല .

فَـــإِنَّ لِيْ ذِمَّةً مِّنْــهُ بِتَسْـمِيَتِيْ
مُحَمَّداً وَّهُوَ أَوْفَى الْخَلْقِ بِــالذِّمَمِ

തീർച്ചയായും, എന്റെ പേര് കാരണം എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരു സുരക്ഷയുണ്ട് (മുഹമ്മദ് എന്ന നാമം) അല്ലെങ്കിൽ കരാറുണ്ട് . കരാർ പാലിക്കുന്നതിൽ ഏറ്റവും ഭംഗിയായി കരാർ പാലിക്കുന്നവനാണ് മുഹമ്മദ് നബി (സ)

إِِنْ لَّمْ يَكُـنْ فِيْ مَعَـادِي آخِذاً بِيَدِيْ
فَضْلاً وَّإِلا فَقُــلْ يَــا زَلَّةَ الْقَدَمِ

എന്റെ പുനരുത്ഥാനത്തിൽ എന്നെ ദയയോടെ എന്റെ കൈ പിടിക്കാൻ അവിടുന്നില്ലെങ്കിൽ അടിതെറ്റിയവനെ എന്ന് നീ എന്നെ വിളിക്കുക .

حَاشَــاهُ أَنْ يَّحْرِمَ الرَّاجِي مَكَارِمَهُ
أَوْ يَرْجِعَ الْجَــارُ مِنْهُ غَيْرَ مُحْـتَرَمِ

തങ്ങളുടെയടുത്ത് ഔദാര്യം തേടിവരുന്നവരെ വെറും കയ്യോടെ മടക്കുകയില്ല . അതുപോലെ ശരണാർഥികളെയും വെറും കയ്യോടെ മടക്കുകയില്ല .


وَمُنْذُ أَلْزَمْتُ أفْكَـــارِيْ مَدَائِحَهُ
وَجَدْتُّـهُ لِخَلاصِيْ خَــيْرَ مُلْتَـزِمِ

എന്റെ ചിന്താ മണ്ഡലത്തെ അവിടുത്തെ അപദാനത്തിൽ വ്യാപാരിച്ചതു മുതൽ അവിടുത്തെ നിർലോഭമായ അനുഗ്രഹവും എനിക്ക് ലഭിക്കുന്നുണ്ട് 


وَلَنْ يَّفُوْتَ الْغِنٰى مِنْهُ يَــداً تَرِبَتْ
إِِنَّ الْحَيَـا يُنْبِتُ الأَزْهَارَ فِي الأَكَـمِ

ആവശ്യപ്പെടുന്നവരുടെ കൈകളെ അവിടുന്ന് തട്ടി മാറ്റുകയില്ല . കുന്നിൻ പ്രദേശങ്ങളിൽ പൂച്ചെടികളെ മുളപ്പിക്കുന്ന വൃഷ്ടി പോലെയാണ് അവിടുത്തെ ഔദാര്യം .

وَلَمْ أُرِدْ زَهْرَةَ الدُّنْيـَا الَّتِي اقْتَطَفَتْ
يَــدَا زُهَيْرٍم بِمَـا أثْنٰى عَلى هَـرِمِ

ഹരിം എന്ന ഗോത്രത്തെ വാഴ്ത്തി പാടിയപ്പോൾ സുഹൈറിബ്നു അബീ സൽമയ്ക്കു കിട്ടിയതുപോലെ ഭൗതിക നേട്ടങ്ങൾ കിട്ടാനല്ല ഞാൻ ആഗ്രഹിക്കുന്നത് .


في المناجات و عرض الحاجات 


يَـا أَكْرَمَ الْخَلْقِ مَا لِي مَنْ أَلُوْذُ بِه
سِـوَاكَ عِنْـدَ حُلُوْلِ الْحَادِثِ الْعَمَمِ

സൃഷ്ടികളിൽ വെച്ച് അത്യുന്നതനായ നേതാവേ , ഭയാനകരമായ സംഭവങ്ങൾ നടക്കുന്ന ആ നാളിൽ (മഹ്ശറ വൻ സഭയിൽ) അങ്ങല്ലാതെ മറ്റാരുണ്ട് എനിക്കൊരു തുണയായി .

وَلَنْ يَّضِيْقَ رَسُـوْلَ اللهِ جَاهُكَ بِيْ
إِذَا الْكَرِيْمُ تَجَلَّى بِــاسْمِ مُنْتَقِـمِ

സർവ്വശക്തനായ അല്ലാഹു ശിക്ഷകളുമായി പ്രത്യക്ഷപ്പെടുന്ന ആ നാളിൽ (നാം ചെയ്തു കൂട്ടിയ പാപത്തിന്റെ പരിണിത ഫലം) , എന്റെ ഹബീബ് തങ്ങളുടെ (സ) മഹനീയ പദവി കാരണം എന്റെ ഞെരുക്കങ്ങൾ ഇല്ലാതാകും .

فَإِنَّ مِنْ جُوْدِكَ الدُّنْيَا وَضَرَّتَهَا
وَمِنْ عُلُوْمِكَ عِلْمُ اللَّوْحِ وَالْقَلَمِ

തീർച്ചയായും, നിങ്ങളുടെ അനുഗ്രഹങ്ങളിൽ ഈ ലോകവും പരലോകവും ഉണ്ട് , അല്ലാഹുവിന്റെ ഖലമും , ലൗഹും തങ്ങളുടെ അറിവിന്റെ ഭാഗമാണ്.


ഇഹലോകത്തിന്റെ അപരനാണ് പരലോകം. ഇഹലോകവും പരലോകവും എന്നതു കൊണ്ടുദ്ദേശ്യം തിരുനബിയുമായി ﷺ ബന്ധപ്പെട്ട അതിൽ രണ്ടിലുമുള്ള ഏറ്റവും മഹത്തായ രണ്ടു നന്മകളാണ്. ഇഹലോകത്തിന്റെ നന്മ മുത്ത് നബി ﷺ കാട്ടിത്തന്ന മോക്ഷത്തിന്റെ മാർഗ്ഗവും (ഹിദായത്ത്) പരലോകത്തിന്റേത് അവിടുത്തെ ﷺ ശുപാർശയുമാണ് (ശഫാഅത്ത്).

അന്ത്യനാൾ വരെ സംഭവിക്കുന്ന എല്ലാ സംഗതികളും എഴുതിവെക്കപ്പെട്ട ഒരു ഫലകമാണ് ലൗഹ്. അത് എഴുതാൻ ഉപയോഗിച്ച തൂലിക ഖലമും. ലോകാവസാനം വരെയുള്ള കാര്യങ്ങളാണല്ലോ അതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, മുത്ത് നബിയുടെ ﷺ വിജ്ഞാനം ലോകാവസാനവും വിട്ട് പരലോകത്തേക്കും, പരലോകം വിട്ട് തിരുനബി ﷺ കാരണമായി അല്ലാഹു സൃഷ്ടിച്ച ഇതര ലോകങ്ങളിലേക്കും നീളുന്നു.

ലൗഹും ഖലമും എത്ര വലിയ വിജ്ഞാന ഭണ്ഡാരങ്ങളാണെങ്കിലും തിരുനബിയുടെ ﷺ ജ്ഞാനക്കടലിനു മുമ്പിലെത്തുമ്പോൾ ശകലമായിപ്പോകുന്നു.

അതാണ് ഇവിടെ ബൂസ്വീരി ഇമാം رضي الله عنه, അൽപ്പം എന്ന അർത്ഥം വരുന്ന مِنْ എന്ന പദം ഉപയോഗിച്ചത്. ദുനിയാവും ആഖിറവും മുത്ത് നബിയുടെ ﷺ സംഭാവനയുടെ അൽപ്പം മാത്രമേ ആകുന്നുള്ളൂ. ഇതു രണ്ടുമല്ലാത്ത ലോകവും സൃഷ്ടിക്കാൻ ഇടയായത് തിരുനബി ﷺ തന്നെ ആവുകയാൽ അല്ലാഹുവിന്റെ വിശാലമായ അധികാരപരിധിയിൽ വരുന്ന മറ്റു ലോകങ്ങളും തിരുനബിയുടെ ﷺ സംഭാവനകൾ തന്നെയാണ്. 

يَا نَفْـسُ لا تَقْنَطِي مِنْ زَلَّةٍ عَظُمَتْ
إِِنَّ الْكَبَـائِرَ فِي الْغُفْرَانِ كَـاللَّمَـمِ

എന്റെ മനസ്സേ , ചെയ്തു കൂട്ടിയ പാപങ്ങളെയോർത്ത് നിരാശപ്പെടേണ്ട . ചെറിയ കുറ്റങ്ങളെപ്പോലെ തന്നെ വലിയ കുറ്റങ്ങളും മാപ്പു ചെയ്യപ്പെട്ടേക്കാം .


പാപികളായ നമ്മുടെയെല്ലാം ഖൽബുകളെ പശ്ചാതാപത്തിലേക്ക് പ്രതീക്ഷാപൂർവം നയിക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه. ശിർക്ക് ഒഴികെയുള്ള പാപങ്ങളെല്ലാം അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കുമെന്ന് ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും മനസ്സിലാക്കാം. എത്ര വലിയ പാതകം ചെയ്തവനും തൗബയുടെ വാതിൽ തുറന്നു കിടപ്പുണ്ട്. പശ്ചാത്താപത്തിന്റെ ഉപാധികൾ ഒത്തുവന്നാൽ ശിർക്കല്ലാത്ത ഏതു മഹാപാപവും അല്ലാഹു പൊറുക്കാവുന്നതെയുള്ളൂ.

ഏതവസ്ഥയിലും അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു നിരാശപ്പെടാൻ മുസ്‌ലിമിനു ന്യായമില്ല. കാരുണ്യവാനായ അല്ലാഹുവിലുള്ള പ്രതീക്ഷയാണ് ഓരോ വിശ്വാസിയും എപ്പോഴും വെച്ചു പുലർത്തേണ്ടത്. പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപ ബോധം എപ്പോഴും ഉണ്ടായിരിക്കുകയും വേണം. لَا تَقْـنَطِي - നീ നിരാശപ്പെടരുത് - എന്ന് മഹാനായ കവി رضي الله عنه സ്വന്തം മനസ്സിനോട് പറയുമ്പോൾ لَا تَقْـنَطُواْ مِنْ رَحْمَةِ اللَّهِ - അല്ലാഹുവിൻറെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത് (വി.ഖു. 39:53) - എന്ന ഖുർആൻ വാക്യം വായനക്കാരുടെ മനസ്സിൽ ഓർമ വരിക സ്വാഭാവികം.

ദോഷം ചെറുതായാലും വലുതായാലും പൊറുക്കേണ്ടത് കാരുണ്യവാനായ അല്ലാഹു തന്നെയാണല്ലോ. ചെറുത് പൊറുക്കുന്ന റബ്ബിന് പിന്നെന്തുകൊണ്ട് വലുത് പൊറുത്തു തന്നു കൂടാ. അതുകൊണ്ട് ശരീരത്തെ പശ്ചാത്തലത്തിലേക്കു മടക്കൂ എന്നു പറഞ്ഞുകൊണ്ട് സാന്ത്വനത്തിന്റെ പ്രതീക്ഷകൾ നൽകുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ

لَعَـلَّ رَحْمَةَ رَبِّيْ حِيْنَ يَقْسِــمُهَا
تَأْتِيْ عَلى حَسَبِ الْعِصْياَنِ فِي الْقِسَمِ


എന്റെ പടച്ചവൻ കാരുണ്യം പങ്കുവെക്കുമ്പോൾ എന്റെ അനുസരണക്കേടിന്റെ തോതനുസരിച്ചുള്ള വീതം എനിക്കും ലഭിച്ചേക്കാം .


കൂടുതൽ പാപം ചെയ്തവന് രക്ഷപ്പെടണമെങ്കിൽ അല്ലാഹുവിന്റെ കാരുണ്യം കുറച്ചധികം വേണ്ടിവരും. തന്റെ പാപച്ചുമടിന്റെ കനത്തിനു ആനുപാതികമായി കാരുണ്യവർഷം ലഭിച്ചില്ലെങ്കിൽ തന്റെ നില ഗുരുതരമാകുമെന്നാണ് ഇവിടെ മഹാനായ കവി رضي الله عنه സൂചിപ്പിക്കുന്നത്. അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്ന കവി رضي الله عنه തനിക്ക് വേണ്ടുവോളം കാരുണ്യം അല്ലാഹു ചൊരിയുമെന്ന് ആശിക്കുന്നു.
അല്ലാഹുവിന്റെ വിധിവിലക്കുകളെ പൂർണ്ണമായും അനുസരിച്ച സജ്ജനങ്ങൾക്ക് അള്ളാഹു ചൊരിയുന്ന പൊതുവായ കാരുണ്യത്തെക്കുറിച്ചല്ല ബൂസ്വീരി ഇമാം رضي الله عنه ഇവിടെ പരാമർശിക്കുന്നത്. അനുസരണക്കേടിന്റെ തോതനുസരിച്ച് റബ്ബിന്റെ കാരുണ്യം കൂടുതലായി ലഭിക്കുക എന്നു പറയുമ്പോൾ അതിന് വിപരീതം തീരെ അനുസരണക്കേട് കാണിക്കാത്തവർക്ക് ഒട്ടും കാരുണ്യം ലഭിക്കാതിരിക്കുക എന്നാവും. അങ്ങനെയൊന്നു സംഭവിക്കുന്നതെങ്ങനെ!

അതിനാൽ മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് പാപികൾക്ക് അള്ളാഹു അനുവദിക്കുന്ന പ്രത്യേക ഔദാര്യമായ കാരുണ്യമാണ് എന്നു വ്യക്തം. അല്ലാഹുവിന്റെ വിട്ടുവീഴ്ചയാണ് (അഫ്‌വ്) ഇവിടെ സൂചിപ്പിച്ചിരിക്കുന്ന കാരുണ്യത്തിന്റെ (റഹ്‌മത്ത്) വിവക്ഷയെന്ന് ഗ്രഹിക്കാം. കൂടുതൽ തെറ്റ് ചെയ്തവനു രക്ഷ ലഭിക്കാൻ കൂടുതൽ വിട്ടുവീഴ്ച ലഭിക്കേണ്ടി വരിക സ്വാഭാവികമാണല്ലോ. അന്തിമ വിചാരണവേളയിൽ അല്ലാഹുവിന്റെ അനുഗ്രഹം തനിക്ക് ലഭിക്കുമെന്നും താൻ കൂടുതൽ തെറ്റുകൾ ചെയ്തു പോയതിനാൽ (കവിയുടെ ഏറ്റുപറച്ചിൽ വിനയത്തിന്റെ ഭാഷയാണെന്ന് ഓർക്കുക) തനിക്ക് കൂടുതൽ അനുഗ്രഹം (വിട്ടുവീഴ്ച) അല്ലാഹു നൽകുമെന്നും ആശ്വസിക്കുകയും വായനക്കാരെ ആശ്വസിപ്പിക്കുകയും ചെയ്യുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه.

يَا رَبِّ وَاجْعَلْ رَجَائِيْ غَيْرَ مُنْعَكِسٍ
لَدَيْـكَ وَاجْعَلْ حِسَابِيْ غَيْرَ مُنْخَرِمِ

എന്റെ നാഥാ , എന്റെ പ്രതീക്ഷകളാകുന്ന പ്രത്യാശകളെ നിരാകരിക്കരുതേ . എന്റെ വിചാരണയെ എനിക്ക് നിരാശയുളവാക്കുന്ന രീതിയിൽ ആക്കിത്തീർക്കരുതേ .

ബുർദയെന്ന മഹത്തായ ഈ കാവ്യത്തിന്റെ ഘടന വായനക്കാർ ശ്രദ്ധിച്ചു കാണുമല്ലോ. ആദ്യം അനുരാഗം, പിന്നെ ആത്മപരിശോധന, ഉപദേശം, തിരുനബി കീർത്തനം ﷺ തിരുനബിയുടെ ﷺ മുഅ്ജിസത്തുകൾ, വിശുദ്ധ ഖുർആനിന്റെ പോരിശകൾ, പുണ്യ സ്വഹാബത്തിനെക്കുറിച്ചുള്ള رضي الله عنهم പ്രശംസകൾ, അവിശ്വാസികളെ സംബന്ധിച്ച ആക്ഷേപം, പാപങ്ങളുടെ ഏറ്റുപറച്ചിൽ; ഏറ്റവും ഒടുവിൽ മഹാനായ കവി رضي الله عنه പ്രാർത്ഥനയും സ്വലാത്തും കൊണ്ട് ഈ മഹത് കാവ്യം അവസാനിപ്പിക്കുകയാണ്.

തന്റെ പ്രതീക്ഷകൾക്കു വിപരീതമായി ഒന്നുണ്ടാവരുതെന്ന് മഹാനായ കവി رضي الله عنه പ്രാർത്ഥിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യമാണ് മഹാനവർകൾ رضي الله عنه കൊതിക്കുന്നത്. തന്റെ പ്രതീക്ഷ തകരില്ലെന്ന് കവി رضي الله عنه ആഗ്രഹിക്കുന്നു.

അല്ലാഹുവിനെക്കുറിച്ച് ഒരാൾ നല്ലതു ഭാവിച്ചാൽ അവന് നല്ലതു തന്നെ ലഭിക്കും. അല്ലാഹു പറയുന്നതായി ഖുദ്സിയ്യായ ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്: "ഞാനെന്റെ ദാസൻ ഭാവിക്കുന്നിടത്താണ്; അതു നല്ലതെങ്കിൽ നല്ലത്, ചീത്തയെങ്കിൽ ചീത്ത." അതിനാൽ സത്യവിശ്വാസികൾ എപ്പോഴും ശുഭപ്രതീക്ഷയുള്ളവരായിരിക്കണം.

وَالْطُفْ بِعَبْدِكَ فِي الدَّارَيْنِ إِِنَّ لَـهُ
صَبْراً مَّتٰى تَـدْعُهُ الأَهْـوَالُ يَنْهَزِمِ

(എന്റെ നാഥാ) രണ്ട് ലോകങ്ങളിലും നിന്റെ അടിമയോട് ദാക്ഷിണ്യം കാണിക്കുക . ആപത്തു വരുമ്പോൾ കൈവിട്ടു പോകുന്ന ക്ഷമയാണ് എനിക്കുള്ളത് .


ഇരു വീട്ടിലും (ദുനിയാവിലും ആഖിറത്തിലും) ഭീതിജനകമായ രംഗങ്ങൾ കടന്നുവരാം. ദുനിയാവിൽ ശാരീരികമോ, മാനസികമോ, സാമ്പത്തികമോ, മറ്റേതെങ്കിലും വിധേനയോ ഉള്ള വിഷമങ്ങളാൽ പരീക്ഷിക്കപ്പെട്ടേക്കാം. ഈമാനികമായ ദൗർബല്യം കൊണ്ട് ഒരുപക്ഷേ അതിനു മുന്നിൽ നാം തളർന്നു പോയേക്കാം. പരലോകത്ത് വിചാരണ നാളിൽ ഭീകരമായ രംഗങ്ങൾ നേരിടേണ്ടി വരുന്ന സമയത്ത് ഒരു ശിക്ഷയും സഹിക്കാനുള്ള കഴിവും നമുക്കില്ല. അത്ര ദുർബലമാണ് മനുഷ്യന്റെ കരുത്തും ക്ഷമയും. അതുകൊണ്ട് തന്നോട് കരുണ കാണിച്ചു രക്ഷിക്കണമെന്ന് വീണ്ടും വീണ്ടും റബ്ബിനോട് അപേക്ഷിക്കുകയാണ്. 

وَائْذَنْ لِّسُحْبِ صَلاةٍ مِّنْكَ دَائِمَةٍ
عَـلَى النَّبِيِّ بِمُنْهَــلٍّ وَّمُنْسَـجِمِ

നിന്റേതായാ അനുഗ്രഹത്തിന്റെ മേഘങ്ങൾ എല്ലായിപ്പോഴും നീ ഹബീബ് നബി (സ) യുടെ മേൽ ശക്തിയായും , ഇടമുറിയാതെയും വാർഷിപ്പിച്ചു കൊണ്ടിരിക്കേണമേ .

مَا رَنَّحَتْ عَذَبَاتِ الْبَانِ رِيْحُ صَبَـا
وَأَطْرَبَ الْعِيْسَ حَادِي الْعِيْسِ بِالنَّغَمِ

കിഴക്കൻ കാറ്റ് "ബാൻ" മരച്ചില്ലുകളെ ഉലയ്ക്കുകയും , ഒട്ടക സവാരിക്കാരന്റെ പാട്ട് ഒട്ടകങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന കാലത്തോളം അവരിൽ അനുഗ്രഹങ്ങൾ ചൊരിയുക .

ثُمَّ الرِّضَـا عَنْ أَبِيْ بَكْرٍ وَّعَنْ عُمَرَ
وَعَنْ عَلِيٍّ وَّعَنْ عُثْمَـانَ ذِي الْكَرَمِ


ശേഷം നിന്റെ തൃപ്തി അബൂബക്കർ (റ) , ഉമർ (റ). അലി (റ) സമാദരണീയനായ ഉസ്മാൻ (റ) എന്നിവരിലും ചൊരിയട്ടെ 

سعد سعيد زبير طلحة وأبي
عبيدة وابن عوف عاشر الكرم

സ'അദ് , സഈദ് , സുബൈർ ,  ത്വല്ഹ , അബീ ഉബൈദ , അബ്ദു റഹ്‌മാൻ ഇബ്നു ഔഫ് (റളിയല്ലാഹു അൻഹും) , സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കുകപ്പെട്ട പത്ത് പേരിലും അല്ലാഹുവിന്റെ തൃപ്തിയും , കാരുണ്യവും സദാ വർഷിക്കട്ടെ 

وَالآلِ وَالصَّحْبِ ثُمَّ التَّابِعِيْنَ فَهُـمْ
أَهْلُ التُّقٰى وَالنُّقٰى وَالْحِلْمِ وَالْكَـرَمِ

മുഹമ്മദ് നബി (സ) യുടെ കുടുംബത്തിന്റെ മേലിലും , അനുചരന്മാരുടെ മേലിലും , അവരെ പിൻപറ്റിയവരുടെ മേലിലും അല്ലാഹവിന്റെ കാരുണ്യം സദാ വർഷിക്കട്ടെ . ഔദാര്യത്തിന്റെയും , സഹനത്തിന്റെയും , വിശുദ്ധിയുടെയും , തഖ്‌വയുടെയും ഉടമകളാണവർ

يَا رَبِّ بِالْمُصْطَفی بَالِّغْ مَقَاصِدَنَا
وَاغْفِرْلَنَا مَامَضی يَا وَاسِعَ الْکَرَمِ

ഞങ്ങളുടെ തമ്പുരാനേ : നിന്റെ തിരു ദൂദർ മുഖേന ഞങ്ങളുടെ ഉദ്ദേശങ്ങളെ നീ പൂർത്തീകരിച്ചു നൽകണേ . ഔദാര്യത്തിൽ വിശാലോദരനായ  നാഥാ , ഞങ്ങളുടെ മുൻ കഴിഞ്ഞ പാപങ്ങളെല്ലാം നീ പൊറുത്തു തരികയും ചെയ്യേണമേ .