Tuesday 31 December 2019

വിവാഹപരമായ/ കുടുംബം , ഭാര്യ ഭർതൃ കടമകൾ , മറ്റു പൊതുവായ അറിവുകൾ - സംശയങ്ങളും മറുപടിയും

നിക്കാഹിനു ദഫ് കൊട്ടൽ സുന്നത്തുണ്ടോ

സുന്നത്താണ് നബി (സ) അത് കൽപ്പിച്ചിട്ടുണ്ട് (തുർമുദി, മിശ്കാത് 336)

ഒരാൾ കല്യാണം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം മറ്റൊരാൾ ആലോചന നടത്താൻ പാടുണ്ടോ ?

ഇല്ല എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (ബുഖാരി,മുസ്ലിം, മിശ്കാത് 336)

മുലകുടി ബന്ധം മൂലം സാഹോദര്യമുള്ളവർ തമ്മിൽ വിവാഹം ഹറാമല്ലേ ?

ഹറാമാണ്

ഭാര്യയെ അടിക്കുന്നത് ശരിയാണോ?

ഖുർആൻ പറയുന്നു: 'അനുസരണക്കേട് കാണിക്കുമെന്ന് പേടിയുള്ള ഭാര്യമാരെ നിങ്ങൾ ഉപദേശിക്കുക (ശരിയായില്ലെങ്കിൽ ) കിടപ്പറയിൽ അകന്നു നിൽക്കുക (എന്നിട്ടും അനുസരിക്കുന്നില്ലെങ്കിൽ) അടിക്കുക അനുസരിച്ചാൽ പിന്നെ മറ്റു മാർഗങ്ങൾ തേടരുത് (വിശുദ്ധ ഖുർആൻ 4:34)

പരുക്കോ മുറിവോ പറ്റാത്ത വിധമല്ലേ അടിക്കാൻ പാടുള്ളൂ?

അതെ

അടിച്ചതിന് ശേഷം രാത്രി അവളെ ഭോഗിക്കുന്നതിനെക്കുറിച്ച് നബി (സ) പറഞ്ഞതെന്താണ്?

അടിമയെ തല്ലും പോലെ നിങ്ങൾ ഭാര്യയെ തല്ലുകയും എന്നിട്ട് രാത്രി അവളുമായി സംയോഗത്തിലേർപ്പെടുകയും ചെയ്യരുത്' (ബുഖാരി,അത്താജ് 2/298) ഇണ ചേരാൻ സ്ത്രീയുടെ ശരീരം മാത്രമല്ല മനസ്സും സന്നദ്ധമാവണം എന്ന ശാസ്ത്രീയ തത്വവും ഇതിലുണ്ട്

എന്തിനാണ് നീ ഭാര്യയെ തല്ലിയത് എന്ന് ഭർത്താവിനെ ചോദ്യം ചെയ്യാൻ പാടുണ്ടോ?

തന്റെ ഭാര്യയെ തല്ലിയതെന്തിനാണെന്ന് ഭർത്താവിനോട് ചോദിക്കരുതെന്ന് ' നബി (സ) പറഞ്ഞിരിക്കുന്നു (അബൂദാവൂദ്,അത്താജ് 2/298)

എന്താണിതിനു കാരണം?

ദമ്പതികൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവും ഒന്നു തല്ലിയെന്നുമിരിക്കും പ്രശ്നം അൽപം കഴിഞ്ഞാൽ തീരുകയും ചെയ്യും ചില സ്ത്രീകൾ അടി ചോദിച്ചു വാങ്ങുന്ന തരം നാവുള്ളവരായിരിക്കും അത് ഇന്റർവ്യൂ ചെയ്ത് ചോദിച്ച് നാലാളറിഞ്ഞാൽ നാണക്കേടും അവർക്ക് തന്നെയാണ് അത് കൊണ്ടാണ് ചോദിക്കരുത് എന്ന് പറഞ്ഞത് ഇത് പരിക്ക് പറ്റാത്ത ഇസ്ലാം അനുവദിച്ച അടി അടിച്ചാലാണ് അല്ലാതെ ഭാര്യയെ പീഡിപ്പിക്കാൻ ഭർത്താവിന് അവകാശമില്ല അത് തടയുകയും വേണം

നബി(സ) ഭാര്യമാരെ അടിച്ചിട്ടുണ്ടോ?

ഇല്ല വേലക്കാരനെയോ ഭാര്യമാരെയോ നബി (സ) അടിച്ചിട്ടില്ല എന്ന് ഹദീസിൽ വന്നിട്ടുണ്ട് (അത്താജ് 2/298)

ബഹുഭാര്യത്വത്തിൽ ഇസ്ലാമിന്റെ കാഴ്പ്പാട് എന്താണ് ?

തുല്യമായി നീതിപൂർവ്വം സംരക്ഷിക്കാമെങ്കിൽ ആരോഗ്യവും സമ്പത്തുമുള്ളയാൾക്ക് ഒന്നിലധികം നാലുവരെ ഭാര്യമാരാവാം എന്നാണ്

അവർക്കിടയിൽ നീതി ചെയ്യൽ പ്രയാസമല്ലേ ?

പ്രയാസമാണെന്നാണ് ഖുർആൻ തന്നെ പറയുന്നത്
'നിങ്ങൾ ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ നീതി ചെയ്യാൻ നിങ്ങൾക്കാവില്ല '(വിശുദ്ധ ഖുർആൻ:4:129)

നീതി ചെയ്യാനാവുമോയെന്ന് പേടിയുള്ളവർ ഒന്നിലധികം വിവാഹം കഴിക്കാൻ പാടുണ്ടോ ?

ഇല്ല ഖുർആൻ പറയുന്നു: ' നിങ്ങൾ നീതി ചെയ്യുന്ന കാര്യത്തിൽ ഭയപ്പെട്ടാൽ ഒരാളെ മാത്രം വിവാഹം കഴിക്കുക' (വിശുദ്ധ ഖുർആൻ:4:3)

ഭാര്യമാർക്കിടയിൽ വിവേചനം കാണിക്കുന്നതിനെക്കുറിച്ച് നബി (സ) എന്താണ് പറഞ്ഞത് ?

ഒരാൾക്ക് രണ്ട് ഭാര്യമാരുണ്ടാവുകയും എന്നിട്ടയാൾ ഒരാളിലേക്ക് കൂടുതൽ ചായുകയും ചെയ്താൽ അന്ത്യനാളിൽ തന്റെ ഒരു ഭാഗം ചാഞ്ഞവനായി കടന്നുവരുന്നതാണ് '(അബൂദാവൂദ്,അത്താജ് 2/294)

കൂടെ യാത്ര ചെയ്യാൻ നബി (സ) ഏതു ഭാര്യയെയായിരുന്നു തെരഞ്ഞെടുത്തിരുന്നത് ?

നറുക്കിട്ട് ഒരാളെ തിരഞ്ഞെടുക്കുമായിരുന്നു (ബുഖാരി റഹ് )

ചിലർക്ക് ചില കോട്ടങ്ങളുണ്ടെങ്കിൽ ചില നേട്ടങ്ങളുമുണ്ടാവും എന്നത് ശരിയല്ലേ?

ശരിയാണ് ഇമാം ഗസ്സാലി (റ) പറഞ്ഞത് കുറ്റമില്ലാത്ത ഒരാളെ നീ തേടി നടന്നാൽ ഭൂമിയിൽ നിന്ന് ഒരു കൂട്ടുകാരനെയും നിനക്ക് ലഭിക്കുകയില്ല എന്നാണ് (ഇഹ് യാ)

ഇതേക്കുറിച്ച് നബി (സ) പറഞ്ഞതെന്താണ് ?

ഒരു വിശ്വാസിയും ഒരു വിശ്വാസിനിയെ വെറുക്കരുത് അവളുടെ ഒരു സ്വഭാവം അവന് ഇഷ്ടമായില്ലെങ്കിൽ മറ്റൊരു സ്വഭാവം അവൻ ഇഷ്ടപ്പെടും (മുസ്ലിം,അത്താജ് 2/288) ചിലർക്ക് പാചകമറിയും വാചകമറിയില്ല, ചിലർക്ക് സൗന്ദര്യമുണ്ടാവും സ്നേഹമുണ്ടാവില്ല, ചിലർക്ക് സൗഹൃദം സൂക്ഷിക്കാനറിയും വൃത്തിയും വെടിപ്പുമുണ്ടാവില്ല , ചിലർ മക്കളെയും ഭർത്താവിനെയും വേണ്ട രീതിയിൽ പരിപാലിക്കും ചിലർക്കതിനാവില്ല ഇങ്ങനെ പലവിധ നേട്ടങ്ങളും കോട്ടങ്ങളും പലരിലും കാണാമെന്നാണ് നബി (സ) പറഞ്ഞതിനർത്ഥം

ഭർത്താവിൽ നിന്ന് ഭാര്യക്ക് ലഭിക്കേണ്ട അവകാശങ്ങൾ എന്തൊക്കെയാണ് ?

ഇതേ ചോദ്യം മുആവിയ(റ) നബിയോട് ചോദിച്ചപ്പോൾ തങ്ങൾ ഇപ്രകാരമാണ് പറഞ്ഞത് ' നീ ഭക്ഷണം കഴിച്ചാൽ നിന്റെ ഭാര്യക്കും കൊടുക്കുക, നീ വസ്ത്രം ധരിച്ചാൽ അവളെയും ധരിപ്പിക്കുക മുഖത്തടിക്കരുത് ,ചീത്ത വിളിക്കരുത്,വീട്ടിലല്ലാതെ പിണക്കം കാണിക്കരുത്'(അബൂദാവൂദ്,അത്താജ് 2/288)

പുരുഷന്മാർ അങ്ങാടിയിൽ നിന്ന് ഷവർമ,ചില്ലി ചിക്കൻ,പൊറോട്ട,ജ്യൂസ് എന്നിവയൊക്കെ കഴിക്കുമ്പോൾ വീട്ടിലുള്ള ഭാര്യക്കും അത് പാർസലായി എത്തിച്ചു കൊടുക്കണം എന്ന് മുകളിലുള്ള ഹദീസ് പഠിപ്പിക്കുന്നില്ലേ?

ഉണ്ട് താൻ തിന്നാൽ ഭാര്യക്കും കൊടുക്കണം ,താനുടുത്താൽ ഭാര്യയേയും ഉടുപ്പിക്കണമെന്നാണ് നബി (സ) പറഞ്ഞത്

സുന്നത്ത് നോമ്പെടുക്കാൻ ഭാര്യക്ക് ഭർത്താവിന്റെ സമ്മതം വേണോ ?

വേണം 'ഭർത്താവ് സ്ഥലത്തുണ്ടായിരിക്കേ തന്റെ സമ്മതമില്ലാതെ നോമ്പെടുക്കൽ ഒരു സ്ത്രീക്കും അനുവദനീയമല്ല ' എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (ബുഖാരി റഹ്)

ഭർത്താവിനെ തൃപ്തിപ്പെടുത്തിയാൽ ഭാര്യക്ക് സ്വർഗ്ഗം ലഭിക്കില്ലേ ?

ലഭിക്കും നബി (സ) പറയുന്നു: ഭർത്താവ് സംതൃപ്തനായിരിക്കെ ഏതെങ്കിലും സ്ത്രീ മരണപ്പെട്ടാൽ അവൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് (തുർമുദി,ഹാകിം, അത്താജ് 2/287)

ഭർത്താവിന്റെ വസ്ത്രം അലക്കിക്കോടുത്താൽ പെണ്ണിന് പ്രത്യേകം കൂലിയുണ്ടോ ?

ഉണ്ട് നബി (സ) പറയുന്നു: ഭർത്താവിന്റെ വസ്ത്രം ഒരു സ്ത്രീ കഴുകിക്കൊടുത്താൽ അവൾക്കല്ലാഹു ആയിരം നന്മകൾ എഴുതുകയും ആയിരം ദോഷങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ് (അബൂമൻസൂർ, ദുർറത്തുന്നാസ്വിഹീൻ 46)

ആദം നബിയുടെ വാരിയെല്ലിൽ നിന്നാണോ ഇണയായ ഹവ്വാ ബീവിയെ പടച്ചത് ?

അതെ അതിനാൽ തന്നെ സ്ത്രീക്ക് പ്രകൃത്യാ ഒരു വളവുണ്ടാകുമെന്നും അത് നിവർത്താൻ ശ്രമിച്ചാൽ പൊട്ടിപ്പോകുമെന്നും നബി (സ) പറഞ്ഞിട്ടുണ്ട് (ബുഖാരി,മുസ്ലിം,അത്താജ് 2/288)

അത് കൊണ്ടുള്ള ഉദ്ദേശമെന്താണ് ?

സ്ത്രീയുടെ സ്വഭാവത്തിൽ ആ വളവ് പ്രകടമാവും അത് കണ്ടറിഞ്ഞ് അവളെ നന്മയുപദേശിക്കുക


ഭർത്താവിന്റെ സമ്മതമില്ലാതെ സ്ത്രീ വീട്ടിൽ നിന്ന് പുറത്ത് പോകാൻ പാടുണ്ടോ?

ഇല്ല അവൾ തിരിച്ചു വരുന്നത് വരെ അല്ലാഹുവും മലക്കുകളും അവളെ ശപിക്കുമെന്ന് നബി (സ) പറഞ്ഞിരിക്കുന്നു (ഇർഷാദ്)

ഭാര്യയുടെ ദുസ്വഭാവത്തിൽ ക്ഷമിച്ചാൽ എന്തു പ്രതിഫലമാണ് ലഭിക്കുക?

അയ്യൂബ് നബിക്ക് പരീക്ഷണത്തിൽ വിജയിച്ചതിന് നൽകുന്ന പ്രതിഫലം എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (ഇർഷാദ്)

ഭർത്താവിന്റെ ദുസ്വഭാവത്തിൽ ക്ഷമിക്കുന്ന സ്ത്രീക്കോ?

ഫിർഔന്റെ ഭാര്യ ആസിയ ബീവിക്ക് ലഭിക്കുന്ന പ്രതിഫലം (ഇർഷാദ്)

ഭാര്യയുടെ ദുസ്വഭാവത്തെക്കുറിച്ച് പരാതി പറയാൻ ഉമർ (റ)ന്റെ അരികിൽ ആരെങ്കിലും വന്നിരുന്നോ?

ഒരിക്കൽ ഒരു യുവാവ് വന്നു ഉമർ(റ) പുറത്ത് വരുന്നതും കാത്ത് വാതിലിനടുത്ത് നിന്നു അകത്ത് നിന്ന് ഉമർ(റ) ന്റെ ഭാര്യ ദേശ്യപ്പെട്ട് സംസാരിക്കുന്നുണ്ട് അദ്ദേഹം കേട്ടിരിക്കുന്നു മറുപടി പറയുന്നില്ല അപ്പോൾ യുവാവ് പരാതി പറയാൻ നിൽക്കാതെ തിരിച്ചു പോയി ഉമർ (റ) അദ്ദേഹം പോകുന്നത് കണ്ടു വിളിച്ച് ചോദിച്ചു: എന്തിനാണ് വന്നത്? യുവാവിന്റെ മറുപടി ഇതായിരുന്നു : 'ഓ അമീറുൽ മുഅ്മിനീൻ എന്റെ ഭാര്യയുടെ ദുസ്വഭാവത്തെയും കയർത്തുള്ള സംസാരത്തെയും പറ്റി പരാതി പറയാനാണ് ഞാൻ വന്നത് എന്നാൽ താങ്കളുടെ ഭാര്യ താങ്കളോട് കലഹിക്കുന്നത് ഞാൻ കേട്ടു ഖലീഫയുടെ ഭാര്യ ഇങ്ങനെയാണെങ്കിൽ എന്റെ കാര്യം എത്രയോ ഭേദം എന്നു കരുതി ഞാൻ തിരിച്ചു പോയതാണ്'

അപ്പോൾ ഖലീഫ ഉമർ (റ) എന്താണ് പറഞ്ഞത്?

സഹോദരാ എന്റെ ഭക്ഷണം അവൾ പാകം ചെയ്യുന്നു , വസ്ത്രം കഴുകുന്നു , മക്കൾക്ക് പാലൂട്ടുന്നു ഹറാമിൽ നിന്നും എന്റെ ഹൃദയം അവൾ സംരക്ഷിക്കുന്നു ഈ കടപ്പാടുകളൊക്കെയുള്ളത് കൊണ്ടാണ് ഞാനിതെല്ലാം സഹിക്കുന്നത് യുവാവ് പറഞ്ഞു: എന്റെ ഭാര്യയും ഇപ്രകാരം തന്നെ ഉമർ (റ) പറഞ്ഞു: നീ അത് സഹിക്കുക അത് അപൂർവ്വമായല്ലേ ഉണ്ടാവൂ (ഇർഷാദ്)

ഭർത്താവിനെ ദേശ്യം പിടിപ്പിച്ചവളുടെ അമലുകൾ അല്ലാഹു സ്വീകരിക്കുമോ?

ഭർത്താവിനെ തൃപ്തിപ്പെടുത്തുന്നത് വരെ അവളുടെ അമലുകൾ അല്ലാഹു സ്വീകരിക്കില്ല എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (ബൈഹഖി)

സന്താനങ്ങൾ വഴി മാതാപിതാക്കൾക്ക് എന്തൊക്കെ നന്മയാണുള്ളത് ?

നാലുവിധം നന്മകളുണ്ട് എന്നാണ് ഇമാം ഗസ്സാലി(റ ) പറഞ്ഞത്

(1) മനുഷയവംശത്തെ നിലനിർത്താൻ പ്രയത്നിച്ചതിന് അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാം 
(2) തന്റെ അനുയായികളെ വർദ്ധിപ്പിക്കുക വഴി മുഹമ്മദ് നബി(സ)യോടുള്ള സ്നേഹം കാംഷിക്കാം
(3) തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സന്താനത്തെ തന്റെ കാലശേഷത്തേക്ക് തയ്യാറാക്കാം 
(4) മക്കൾ ചെറു പ്രായത്തിൽ മരിക്കുകയാണെങ്കിൽ അവർ വഴി മാതാപിതാക്കൾക്ക് സ്വർഗ്ഗം നേടാം (ഇഹ് യാ 2/51)

അതിനെക്കുറിച്ച് നബി (സ) എന്താണ് പറഞ്ഞത്?

ചെറുപ്രായത്തിൽ മരിച്ച കുട്ടികളോട് പരലോകത്ത് വെച്ച് നിങ്ങൾ സ്വർഗ്ഗത്തിൽ കയറിക്കൊള്ളൂ എന്ന് പറയപ്പെടുമ്പോൾ ഞങ്ങളുടെ മാതാപിതാക്കളെ കയറ്റാതെ ഞങ്ങൾ കയറില്ല എന്ന് പറയുകയും രക്ഷിതാക്കളുടെ തുണിയിൽ പിടിച്ച് നിൽക്കുകയും ചെയ്യുമ്പോൾ അല്ലാഹു പറയും അവരെയും സ്വർഗ്ഗത്തിൽ കയറ്റുക അങ്ങനെ ആ കുട്ടിയും മാതാപിതാക്കളും ഒരുമിച്ച് സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന് നബി (സ) പറഞ്ഞിരിക്കുന്നു (മുസ്ലിം,നസാഈ, ഇഹ് യ 2/51)

വിവാഹം വഴി ഒരാളുടെ ദീൻ കൂടുതൽ സുരക്ഷിതമാവില്ലേ?

അതെ 'ഒരു അടിമ വിവാഹിതനായാൽ അയാളുടെ ദീനിന്റെ പകുതിയും അയാൾ പൂർത്തിയാക്കി ബാക്കി പകുതിയിലും കൂടി അയാൾ അല്ലാഹുവിനെ പേടിച്ചുകൊള്ളട്ടെ ' എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (ബൈഹഖി, മിശ്കാത് 331)

ഇണചേരാൻ താൽപര്യമില്ല, ഭാര്യക്ക് ചിലവ് കൊടുക്കാനുള്ള കഴിവുമില്ലാത്തയാൾക്ക് വിവാഹം കഴിക്കാമോ?

കറാഹത്താണ് (ഫത്ഹുൽ മുഈൻ 240 )

സുന്നത്തുള്ളയാൾ വിവാഹം കഴിക്കാൻ നേർച്ചയാക്കിയാൽ നിർബന്ധമാകുമോ?

ആവും (ഫത്ഹുൽ മുഈൻ 240)

വിവാഹം പ്രതിഫലാർഹമായ ഇബാദത്താവാൻ എന്താണ് ചെയ്യേണ്ടത്?

വിശുദ്ധി നിലനിർത്തുക, സ്വാലിഹായ സന്താനങ്ങളുണ്ടാവുക, പ്രവാചക ചര്യ നടപ്പാക്കുക എന്നീ ഉദ്ദേശവും നിയ്യത്തും ഉണ്ടാവണം (ഫത്ഹുൽ മുഈൻ 243)

ഇഷ്ടമില്ലാത്ത വിവാഹം നബി (സ)യുടെ കാലത്ത് നടക്കുകയും നബി (സ)അത് റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ടോ ?

ഉണ്ട് അൻസാരിയായ ഖൻസാ (റ) എന്ന സ്ത്രീയെ പിതാവ് അവരുടേത് രണ്ടാം വിവാഹമായിരിക്കേ ഇഷ്ടമില്ലാത്തൊരാൾക്ക് നിക്കാഹ് ചെയ്ത് കൊടുത്തപ്പോൾ അവർ നബി(സ) അടുത്ത് വന്ന് പരാതി പറഞ്ഞു തുടർന്ന് ആ വിവാഹം നബി (സ) റദ്ദ് ചെയ്തു (ബുഖാരി,അത്താജ് 2/267)

വിവാഹം ചെയ്തയക്കുമ്പോൾ മകൾ ഫാത്വിമ (റ)യ്ക്ക് നബി (സ) എന്താണ് സമ്മാനമായി കൊടുത്തത് ?

ഒരു കമ്പിളിപ്പുതപ്പ് , ഒരു തോൽപാത്രം , പുല്ല് നിറച്ച ഒരു തലയിണ (അബൂദാവൂദ് , അത്താജ് 2/274)

വിവാഹ സദ്യയിൽ ഏറ്റവും മോശമായത് എന്താണ്?

വരാൻ താല്പര്യമുള്ളവരെ വിളിക്കാതെയും വരാൻ തയ്യാറാവാത്തവരെ വിളിക്കുകയും ചെയ്യുന്ന വിവാഹ സൽക്കാരത്തിലെ ഭക്ഷണമാണ് ഏറ്റവും ദുഷിച്ചത് എന്ന് നബി (സ) പറഞ്ഞിരിക്കുന്നു (അബൂദാവൂദ്,അത്താജ് 2/277)

കന്യകയല്ലാത്തവളെ സമ്മതമില്ലാതെ വിവാഹം ചെയ്തു കൊടുക്കാൻ പിതാവിന് അവകാശമുണ്ടോ ?

ഇല്ല (ഫത്ഹുൽ മുഈൻ 253)

കന്യകയാണെങ്കിലോ ?

എങ്കിൽ സമ്മതം ചോദിക്കൽ ശർത്വില്ല (ഫത്ഹുൽ മുഈൻ 252) എങ്കിലും സുന്നത്താണ്

എന്താണിതിന് കാരണം ?

പിതാവിന് മകളോട് പൂർണ്ണമായ സ്നേഹമുണ്ടാകും(ഫത്ഹുൽ മുഈൻ 252)

എന്നാൽ തീരെ യോജിപ്പില്ലാത്ത (കുഫ്ഉ ഒക്കാത്ത ) ആൾക്ക് സമ്മതമില്ലാതെ വിവാഹം ചെയ്തു കൊടുത്താലോ ?

ആ വിവാഹം സാധുവാകില്ല കുഫുവൊത്തയാൾക്ക് വിവാഹം ചെയ്തു കൊടുത്താലേ ശരിയാവുകയുള്ളൂ (ഫത്ഹുൽ മുഈൻ 253)

കന്യകയല്ലാത്തവളോട് സമ്മതം ചോദിച്ചാൽ വാക്കാൽ ഉച്ചരിച്ച് തന്നെ സമ്മതം നൽകേണ്ടതുണ്ടോ ?

ഉണ്ട് (ഫത്ഹുൽ മുഈൻ 253)

മൗനം സമ്മതമായി പരിഗണിക്കില്ലേ ?

കന്യകയാണെങ്കിൽ സമ്മതം ചോദിക്കൽ പിതാവിനും വല്ല്യുപ്പാക്കും സുന്നത്താണ് അല്ലാത്തവർക്ക് നിർബന്ധവുമാണ് ആവൾ മൗനമവലംബിച്ചാൽ അതു സമ്മതമായി കണക്കാക്കുകയും ചെയ്യാം കന്യകയല്ലെങ്കിൽ വാക്കാൽ തന്നെ സമ്മതം വേണം (ഫത്ഹുൽ മുഈൻ 253)

സ്വഹാബിമാർ തന്റെ പെൺമക്കൾക്ക് വേണ്ടി ഉന്നതരായ വ്യക്തികളോട് അങ്ങോട്ട് വിവാഹാലോചന നടത്തിയിരുന്നോ?

മറുപടി: അതെ ഉമർ(റ) മകളായ ഹഫ്സ (റ) യുടെ ഭർത്താവായ ഖുനൈസുനു ഹുദാഫ മരണപ്പെട്ടപ്പോൾ വിധവയായ തന്റെ മകളെ കെട്ടാൻ താത്പര്യമുണ്ടോ എന്ന് ഉസ്മാൻ (റ)വിനോട് ചോദിച്ചു അദ്ദേഹം പറഞ്ഞു: ഞാൻ പിന്നീട് വിവരം തരാം ദിവസങ്ങൾ കഴിഞ്ഞ് ഉമറിനെ കണ്ടപ്പോൾ ഉസ്മാൻ (റ) പറഞ്ഞു: ഞാനിപ്പോൾ വിവാഹം കഴിക്കുന്നില്ല (ബുഖാരി,അത്താജ് 2/262)

വിവാഹാലോചന നടന്നാൽ വിളിക്കാം ,വിവരം തരാം എന്ന് പറഞ്ഞാൽ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് തുറന്നു പറയണമെന്നതിന് ഇത് തെളിവല്ലേ ?

അതെ മാത്രമല്ല വാക്ക് ലംഘിക്കുന്നവൻ മുനാഫിഖാണെന്നാണ് നബി (സ) പറഞ്ഞത് അതിനാൽ വിവരം തരാം എന്നും പറഞ്ഞാൽ വിവരം കൊടുക്കണം

പിന്നീട് ഉമർ(റ) ഹഫ്സക്ക് മറ്റാരോടെങ്കിലും വിവാഹാലോചന നടത്തിയോ ?

നടത്തി അബൂബക്കർ (റ) നെ കണ്ടപ്പോൾ നേരിട്ട് അദ്ദേഹം പറഞ്ഞു: താങ്കൾക്ക് താത്പര്യമുണ്ടെങ്കിൽ എന്റെ മകൾ ഹഫ്സയെ ഞാൻ താങ്കൾക്ക് വിവാഹം ചെയ്തു തരാം (ബുഖാരി,അത്താജ് 2/262)

അപ്പോൾ അബൂബക്കർ (റ) എന്തു പറഞ്ഞു?

ഒന്നും പറയാതെ മൗനം പാലിച്ചു ഉസ്മാൻ (റ) നിരസിച്ചതിനേക്കാൾ അപ്പോൾ അദ്ദേഹത്തിന് വിഷമം തോന്നുകയും ചെയ്തു (ബുഖാരി,അത്താജ് 2/262)

പിന്നീട് ഹഫ്സയുടെ വിവാഹം നടന്നോ ?

നടന്നു സാക്ഷാൽ നബി(സ) അങ്ങോട്ട് ചെന്ന് ആലോചിക്കുകയും അങ്ങനെ വിവാഹം നടക്കുകയും ചെയ്തു
(ബുഖാരി,അത്താജ് 2/262)

പ്രതീക്ഷിച്ച വിവാഹം മുടങ്ങിയാൽ നിരാശപ്പെടരുത് പ്രതീക്ഷിച്ചതിലും നല്ല ബന്ധം അല്ലാഹു നൽകും എന്നതിന് ഈ സംഭവം പാഠമല്ലേ ?

അതെ

എന്ത് കൊണ്ടാണ് അബൂബക്കർ (റ) ഹഫ്സയുമായുള്ള വിവാഹത്തിന് തയ്യാറാവാതിരുന്നത് ?

അത് അബൂബക്കർ (റ) തന്നെ ഹഫ്സയുടെ വിവാഹശേഷം ഉമർ(റ)വിനോട് പറഞ്ഞത് ഇപ്രകാരമാണ്: 'അന്ന് ഞാനൊന്നും മിണ്ടാതിരുന്നപ്പോൾ താങ്കൾക്ക് വിഷമമായിട്ടുണ്ടാകും ഞാനങ്ങനെ ചെയ്യാൻ കാരണം നബി (സ) ക്ക് ഹഫ്സയെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്നറിഞ്ഞതിനാലാണ് എന്നാൽ നബി (സ) യുടെ ഒരു രഹസ്യവും പരസ്യമാക്കാൻ ഞാൻ ആഗ്രഹിച്ചതുമില്ല നബി (സ)അവരെ വേണ്ടെന്നു വച്ചാൽ ഞാൻ സ്വീകരിക്കുക തന്നെ ചെയ്യുമായിരുന്നു '(ബുഖാരി,അത്താജ് 2/263)

നബിയും നമ്മളും തമ്മിൽ വിവാഹ നിയമങ്ങളിൽ വ്യത്യാസമുണ്ടോ ?

ഉണ്ട്

എന്താണ് വ്യത്യാസം

നബി (സ) പതിനൊന്ന് പേരെ വിവാഹം ചെയ്തു നമുക്ക് ഇത് അനുവദനീയമല്ല കൂടിയാൽ നാലെണ്ണം മാത്രമേ പാടുള്ളൂ

മറ്റെന്തെങ്കിലും കാര്യത്തിൽ വ്യത്യാസമുണ്ടോ ?

നബി(സ) യുടെ കാല ശേഷം തങ്ങളുടെ ഭാര്യമാരെ മറ്റാർക്കും വിവാഹം ചെയ്യാൻ പാടില്ല എന്ന് ഖുർആനിലുണ്ട്

നബി(സ)യുടെ ആദ്യ വിവാഹം എങ്ങനെയായിരുന്നു ?

മറുപടി: ഇരുപത്തഞ്ചാം വയസ്സിൽ ചെറുപ്രായത്തിലുള്ള ഏതുനിലക്കുള്ള വധുവിനെയും കിട്ടുമെന്നിരിക്കെ തന്റെ ആദ്യത്തെ വിവാഹം തന്നെ നാൽപതുകാരിയും രണ്ട് ഭർത്താക്കന്മാരോടൊപ്പം ജീവിച്ചവരുമായ ഖദീജ (റ) ബീവിയുമായാണ്

ഖദീജ(റ) ജീവിച്ചിരിക്കേ നബി (സ) വേറെ വിവാഹം കഴിച്ചിരുന്നോ ?

ഇല്ല ഇതും പ്രവാചക വിമർശകർ പറയുന്ന പോലെ നബി (സ) ഒരിക്കലും ഒരു സ്ത്രീലമ്പടനായിരുന്നില്ല എന്നതിന് തെളിവാണ് പിന്നീടുണ്ടായ വിവാഹങ്ങൾ സംരക്ഷണം, നൂറ്റാണ്ടുകൾക്കിടയിൽ ഒരു പെണ്ണിനു മാത്രം ലഭിക്കുന്ന പ്രവാചക പത്നി പദം നൽകാൻ തുടങ്ങിയ ഉദ്ദേശത്തോടെയായിരുന്നു

ഭർത്താവ് നാട്ടിലില്ലാത്ത സ്ത്രീകളുടെ വീട്ടിലേക്ക് പോവരുതെന്ന് നബി (സ) പറഞ്ഞിട്ടില്ലേ?

ഉണ്ട് അപ്പോൾ ഒരു സ്വഹാബി ചോദിച്ചു: ഭർതൃസഹോദരനാണെങ്കിലോ? നബി (സ) പറഞ്ഞു: ഭർതൃസഹോദരൻ മരണമാണ് (കൂടുതൽ അപകടകരം എന്നാണർഥം (ബുഖാരി, മുസ്ലിം, മിശ്കാത്)

അന്യരായ ആണും പെണ്ണും ഒരു സ്ഥലത്ത് തനിച്ചാവൽ തെറ്റല്ലേ ?

അതെ നബി (സ) പറയുന്നു : അപ്പോൾ പിശാച് അവിടെ മൂന്നാമനായി കടന്നു വരാതിരിക്കില്ല (ബുഖാരി, മുസ്ലിം,മിശ്കാത് 333)

ആഇശാ ബീവിയെ നബി (സ)വിവാഹം കഴിച്ചത് എത്രാം വയസ്സിലാണ്

ആറാം വയസ്സിൽ (മുസ്ലിം,അത്താജുൽ ജാമിഉ 2/262)

കൂടെ താമസം തുടങ്ങിയത് എത്രാം വയസ്സിലാണ് ?

ഒമ്പതാം വയസ്സിൽ (മുസ്ലിം,അത്താജ് 2/262)

നബി (സ)യുടെ കൂടെ എത്രകാലം ആഇശ(റ) ജീവിച്ചിട്ടുണ്ട് ?

 9 വർഷം (മുസ്ലിം)

നബി (സ) വഫാത്താകുമ്പോൾ മഹതിക്ക് എത്ര വയസ്സുണ്ട് ?

18 (മുസ്ലിം)

ഇത്തരം ശൈശവ വിവാഹം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ടോ ?

വിവാഹപ്രായം കാലത്തിനും സംസ്കാരത്തിനുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പതിമൂന്നാം വയസ്സിലാണ് വിവാഹിതനായത് അത് കൊണ്ട് ഇന്ത്യക്കാരെല്ലാം അങ്ങനെ ചെയ്യണമെന്ന് പറയാറില്ല അതു പോലെ പ്രവാചക വിവാഹവും നമ്മൾ ഇന്നത്തെ കാലത്തേക്ക് ചേർത്തു വായിക്കേണ്ടതില്ല

പ്രായമുള്ളയാൾ ചെറിയ ബാലികമാരെ വിവാഹം ചെയ്യുന്നത് നബി (സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ടോ ?

ഉണ്ട് അബൂബക്കർ (റ)വും ഉമർ(റ)വും നബി (സ) മക്കളായ ഫാത്വിമയെ വിവാഹാലോചന നടത്തിയപ്പോൾ ' അവൾ ചെറുപ്പമാണ് ' എന്ന് പറഞ്ഞു കൊണ്ട് നബി (സ) നിരസിക്കുകയും പിന്നീട് അലി(റ) ആലോചിച്ചപ്പോൾ അദ്ദേഹത്തിന് മഹതിയെ നബി (സ) നികാഹ് ചെയ്തു കൊടുക്കുകയും ചെയ്തു (നസാഈ, അത്താജ് 2/262)

ചിലർ പെൺകുട്ടി അറിയാതെ വഴിയിലോ മറ്റോ വെച്ച് പെണ്ണ് കാണാറുണ്ട് ഇത് പാടുണ്ടോ ?

ഉണ്ട് മാത്രമല്ല അതാണ് കൂടുതൽ നല്ലത് (തുഹ്ഫ 7/190)

എന്തുകൊണ്ട്?

അവനെ കബളിപ്പിക്കും വിധം വേഷം കെട്ടുകയും ഒരുങ്ങുകയൊന്നുമില്ലാത്തതിനാൽ ശരിയായ രൂപം കാണാം (തുഹ്ഫ 7/190)

ഒരാളെ ഒന്നിലധികം തവണ പെണ്ണു കാണാമോ ?

ആവശ്യമെങ്കിലും വിവാഹം ചെയ്യുമെന്ന ഉദ്ദേശമുണ്ടെങ്കിലും ശരിക്ക് കാണാത്തതിനാലുമൊക്കെ ഒന്നിലധികം തവണ കാണാം (തുഹ്ഫ 7/190)

മരിച്ച ജ്യേഷ്ഠന്റെ ഭാര്യയെ ചില അനിയന്മാർ വിവാഹം ചെയ്യാറുണ്ട് അപ്പോൾ കന്യക എന്ന ഗുണം ലഭിക്കില്ലല്ലോ?

അത്തരം മാനുഷിക നന്മയുടെ അവസരങ്ങളിൽ അതു തന്നെയാണ് ഉത്തമം (തുഹ്ഫ 7/189)

വധു ബുദ്ധിമതിയാവണം എന്നുണ്ടോ?

ഉണ്ട് (തുഹ്ഫ 7/189) മണ്ടിപ്പെണ്ണിനെ കെട്ടിയാൽ വീട്ടിലും കുടുംബത്തിലുമൊക്കെ അതു പ്രതിഫലിക്കും

മുകളിൽ പറഞ്ഞ ഗുണങ്ങളൊക്കെ വരനും ഉണ്ടായിരിക്കേണ്ടതല്ലേ?

അതെ (തുഹ്ഫ 7/190)

വിവാഹം നടക്കാൻ സാധ്യതയുണ്ടെങ്കിലല്ലേ പെണ്ണുകാണൽ ഹലാലുള്ളൂ ?

അതെ (തുഹ്ഫ 7/190)

ചില ബ്രോക്കർമാർ വിവാഹം നടക്കാൻ ഒരു സാധ്യതയുമില്ലെങ്കിൽ പോലും യുവാക്കളെ കൊണ്ട് പോയി പെണ്ണ് കാണിക്കാറുണ്ട് ഇത് ഹറാമല്ലേ ?

ഹറാമാണ് (തുഹ്ഫ 7/190) ആ വീട്ടുകാരോട് ചെയ്യുന്ന ക്രൂരതയുമാണത്

തന്നെക്കാൾ ഉയരമുള്ളവളെ കെട്ടമോ ?

ഉയരം,സമ്പത്ത്, പ്രായം,തറവാടിത്തം , എന്നീ നാലുകാര്യങ്ങളിൽ വധു വരന്റെ താഴെയാവലാണ് നല്ലത് അല്ലാതിരുന്നാൽ അവൾ അവനെ നിസ്സാരമാക്കും എന്ന് മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട് (ഇഹ് യാ 3/100)

സൗന്ദര്യത്തിലോ?

സൗന്ദര്യം,അദബ്,ഭക്തി, സൽസ്വഭാവം എന്നീ നാലു കാര്യങ്ങളിൽ വധുവാണ് വരനേക്കാൾ മുന്നിട്ടു നിൽക്കുന്നത് എന്നും ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട് (ഇഹ് യാ 3/100)

വ്യക്തമായ ആവശ്യമില്ലാതെ ഒന്നിലധികം സ്ത്രീകളെ ഭാര്യയാക്കൽ ശരിയാണോ ?

ശരിയല്ല അങ്ങനെ ചെയ്യാതിരിക്കൽ സുന്നത്താണ് (ശർവാനി 7/189)

സഫർമാസത്തിൽ വിവാഹം കഴിക്കാമോ ?

ശവ്വാൽ,സഫർ എന്നീ രണ്ട് മാസങ്ങളും വിവാഹത്തിന് ഉത്തമമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട് (ശർവാനി 7:189)

നബി (സ)യുടെ കുടുംബത്തിൽ സ്വഫർ മാസത്തിൽ വിവാഹം നടന്നിട്ടുണ്ടോ ?

ഉണ്ട് മകളായ ഫാത്വിമയും അലി(റ) തമ്മിലുള്ള വിവാഹം സഫറിലായിരുന്നു (ശർവാനി7/189)

സ്നേഹമുള്ള സ്ത്രീയെ വിവാഹം ചെയ്യാൻ പ്രത്യേകം നിർദ്ദേശമുണ്ടോ ?

ഉണ്ട് നബി (സ) 'സ്നേഹമുള്ള സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കുക' എന്ന് കൽപ്പിച്ചിട്ടുണ്ട് (തുഹ്ഫ 7/189)

എന്താണിതിനു കാരണം?

വീട്ടിലേക്ക് കയറി വരുന്ന പെണ്ണ് സ്നേഹവതിയാണെങ്കിലേ അവരുടെയും അവർക്കുണ്ടാകുന്ന മക്കളുടെയും അവരുടെ കുടുംബങ്ങളിലും തുടർന്ന് ആ തറവാട് മൊത്തത്തിലും സ്നേഹവും സുഖവും ഉണ്ടാവുകയുളളൂ അല്ലെങ്കിൽ കലഹവും അകൽച്ചയും ഒരുകാലത്തും തീരില്ല തലമുറകളോളം അത് നിലനിൽക്കും അല്ലാഹു കാക്കട്ടെ

കൂടുതൽ പ്രസവിക്കുന്നവളെയല്ലേ തിരഞ്ഞെടുക്കേണ്ടത് ?

അതെ (തുഹ്ഫ7/189)

അതെങ്ങനെ തിരിച്ചറിയും ?

പാരമ്പര്യവും കുടുംബക്കാരുടെ അവസ്ഥയും നോക്കിയാൽ മതി (തുഹ്ഫ 7/189)

വർഷങ്ങളോളം നാട്ടിൽ വരാതെ ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഭാര്യമാരോട് ചെയ്യുന്നത് അവകാശലംഘനമല്ലേ? ഇതേക്കുറിച്ച് ഇസ്ലാം ഒന്നും പറഞ്ഞിട്ടില്ലേ?

പറഞ്ഞിട്ടുണ്ട് പ്രസിദ്ധമായ ഒരു ചരിത്ര സംഭവം തന്നെ ഈ വിഷയത്തിലുണ്ട് ഉമർ(റ) ഭരണം നടത്തുമ്പോൾ പ്രജകളുടെ അവസ്ഥകളറിയാൻ രാത്രി ഇറങ്ങി നടന്നപ്പോൾ ഒരു വീട്ടിൽ നിന്നും ഒരു സ്ത്രീ ഇപ്രകാരം കവിതയാലപിക്കുന്നത് കേട്ടു

ഈ രാവ് വളരെ ദൈർഘ്യം തോന്നുന്നു കൂടുതൽ ഇരുളടഞ്ഞ പോലെ നാളേറെയായി കളിച്ചു രസിക്കാൻ എൻ പ്രിയതമൻ കൂടെയില്ല അല്ലാഹുവാണ് സത്യം , അല്ലാഹുവിനെ ഭയമില്ലായിരുന്നുവെങ്കിൽ ഈ കട്ടിൽ കുലുങ്ങുമായിരുന്നു എന്നാൽ എന്റെ ലജ്ജയും എന്റെ തമ്പുരാനും എന്നെ തടഞ്ഞു നിർത്തുന്നു എന്റെ പ്രിയതമനെ ഞാൻ മാനിക്കുന്നു അദ്ദേഹത്തിന്റെ സഞ്ചാരപഥത്തിൽ ഞാൻ മറ്റൊരാളെ നടത്തുകയില്ല

ഇത് കേട്ട ഉമർ(റ) അവളെക്കുറിച്ചന്വേഷിച്ചു അപ്പോൾ ഭർത്താവ് പട്ടാള സേവനത്തിലാണ് വന്നുപോയിട്ട് മാസങ്ങളായി എന്ന വിവരം കിട്ടി അപ്പോൾ ഉമർ (റ) ഉടനെ ഭർത്താവിനെ ആളെ വിട്ടു വിളിച്ചു വരുത്തി പിന്നീട് ഉമർ (റ) മകളായ ഹഫ്സ(റ) യുടെ അടുത്ത് ചെന്ന് ചോദിച്ചു ഒരു സ്ത്രീക്ക് ഭർത്താവില്ലാതെ എത്രനാൾ വരെ ക്ഷമിക്കാൻ കഴിയും? ഹഫ്സ(റ): പിതാവായ താങ്കൾ ഇമ്മാതിരി ചോദ്യം ചോദിക്കുകയാണോ? ഉമർ (റ) :മുസ്ലിംകളുടെ ഭരണാധികാരിയല്ലായെങ്കിൽ ഞാനിത് ചോദിക്കുമായിരുന്നില്ല ഹഫ്സ: അഞ്ചോ ആറോ മാസം അന്നു തന്നെ ഉമർ(റ) പട്ടാളത്തിൽ സേവനം ചെയ്യുന്നവർ 4 മാസം വരെ തുടർച്ചയായി സേവനം ചെയ്താൽ മതി എന്ന് കൽപ്പനയിറക്കി ഒരു മാസം പോവാനും ,ഒരു മാസം തിരിച്ചു വരാനും മൊത്തം ആറുമാസം അതിലപ്പുറം ഭാര്യയിൽ നിന്ന് അകന്ന് നിന്ന് സേവനം ചെയ്യേണ്ടതില്ല (അബൂഹഫ്സ്) ചില കിതാബുകളിൽ നാലുമാസം എന്നുമുണ്ട്

ഈ സംഭവം നീണ്ട പ്രവാസം അവകാശലംഘനമാണെന്നതിന് തെളിവല്ലെ?

തെളിവാണ് ഓരോ ശുദ്ധിയിലും ഒരുവട്ടമെങ്കിലും ഇണചേരണമെന്ന് ഇബ്നുഹസ്മ് (റ) പറഞ്ഞിട്ടുണ്ട് കാരണമില്ലെങ്കിൽ നാല് രാത്രി കൂടുമ്പോൾ ഇണചേരൽ സുന്നത്താണെന്ന് ഇമാം ഗസ്സാലി (റ)വും ഫത്ഹുൽ മുഈനിൽ സൈനുദ്ദീൻ മഖ്ദൂം(റ)വും പറഞ്ഞിട്ടുണ്ട് (ഫത്ഹുൽ മുഈൻ 262)

സെക്സിന്റെ കാര്യത്തിൽ ഇസ്ലാം ഒന്നും പറയാൻ മടിക്കുന്നില്ല എന്ന് ഇത് തെളിയിക്കുന്നില്ലേ?

ഉണ്ട്

പിതാവ് മകളോട് സെക്സ് സംബന്ധമായി സംസാരിക്കൽ ആവശ്യമെങ്കിൽ തെറ്റില്ല എന്നതിനും ഇത് തെളിവല്ലേ?

അതെ വിശക്കുന്നവന് ഭക്ഷണമെന്നപോലെത്തന്നെയാണ് വികാരമുള്ളവന്റെ ഇണചേരലും രണ്ടും തെറ്റല്ല ; മറിച്ച് ഹലാലായ മാർഗത്തിലൂടെയാണെങ്കിൽ പുണ്യമാണ്

തന്റെ പ്രജകളുടെ അവസ്ഥകളറിയാൻ ഭരണാധികാരി രാത്രി ഇറങ്ങി നടന്നുവെന്ന തുല്യതയില്ലാത്ത നീതി ബോധം ഇത് കാണിച്ചു തരുന്നില്ലെ?

ഉണ്ട്

പ്രജകളുടെ ലൈംഗിക ദാഹം പോലും ചർച്ച ചെയ്ത് ചോദിച്ചറിഞ്ഞ് അവർക്ക് എല്ലാ നിലക്കുള്ള ആനന്ദകരമായ ജീവിതം സാധ്യമാക്കിയ മഹാനായ ഖലീഫ ഉമർ (റ) എന്നതും ഇത് തെളിയിക്കുന്നില്ലേ?

ഉണ്ട്

മറ്റു വല്ല സന്ദേശവും ഇതിൽ അടങ്ങിയിട്ടുണ്ടോ?

ഉണ്ട് ഉമർ(റ) ആറാം നൂറ്റാണ്ടിലാണ് ആറുമാസം പ്രവാസം മതി എന്നു വിധിച്ചത് നാം ഇന്നു ജീവിക്കുന്നത് ഇരുപത്തൊന്നാം നൂണ്ടാണ്ടിലാണ് അന്ന് ആറുമാസം സഹിച്ചെങ്കിൽ ഇന്ന് ആറാഴ്ച സഹിക്കുമോയെന്ന കാര്യം തന്നെ സംശയമാണ്

ഇനിയും ഇതിൽ പാഠങ്ങളുണ്ടോ?

ഉണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ വേണ്ടിയുള്ള പട്ടാള സേവനത്തിലാണ് ഉമർ(റ) നിയന്ത്രണം വെച്ചത് ഗൾഫുകാർ പോവുന്നത് വെറും ജോലിക്കോ ധന സമ്പാദനത്തിനോ വേണ്ടി മാത്രമാണ് ആ നിലക്കും ഇതിൽ വലിയ പാഠമുണ്ട്

പരിശുദ്ധരായ ആളുകളെ കുറിച്ച് വ്യഭിചാരാരോപണം നടത്തിയാൽ ഇസ്ലാമിലെ ശിക്ഷയെന്താണ് ?

എൺപത് അടി അടിക്കണം (സൂറത്തുന്നൂർ:4)

ആരോപണം ഉന്നയിക്കണമെങ്കിൽ എത്ര സാക്ഷി വേണം?

വ്യഭിചാരം നേരിട്ട് കണ്ട  നീതിമാൻമാരായ നാല് പുരുഷന്മാർ (ഫത്ഹുൽ മുഈൻ: 321)

ഇന്റർനെറ്റ് കഫേ നടത്തൽ ഹറാമാണോ? 

കഫേയിൽ വേണ്ടാത്തരങ്ങൾ ചെയ്യാനും കാണാനും അവസരമുണ്ടെങ്കിൽ ഹറാമാണ് 

അത് എങ്ങനെയാണ്?

ഉയരമുള്ള കാബിൻ സ്ഥാപിക്കുക അശ്ലീല സൈറ്റുകൾ സന്ദർശിക്കൽ , തെറ്റായ ചാറ്റിങ്ങുകൾ തുടങ്ങിയവയ്ക്ക് സൗകര്യം ചെയ്തു കൊടുക്കുക മുതലായവ 

കസ്റ്റമേഴ്സ് ചെയ്യുന്ന, കാണുന്ന വേണ്ടാത്തരങ്ങൾക്ക് കഫേയുടെ ഉടമയും കുറ്റക്കാരനാവുമോ?

ആകും തെറ്റിന് കൂട്ടു നിൽക്കുന്നതും തെറ്റാണല്ലോ അത് കൊണ്ട് തന്നെ ചിലർ ഉയരമുള്ള കാബിൻ സ്ഥാപിക്കാറില്ല അതാണ് നിയമവും മാത്രമല്ല സൗദി, യു.എ.ഇ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ അശ്ലീല (പോൺ) സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട് നിയന്ത്രിക്കാനാവാത്ത വിധം സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചതിനാൽ ഇന്ത്യയിലും ഇവ നിരോധിക്കാൻ പലരും മുറവിളി കൂട്ടുകയും സുപ്രീംകോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് 

കെട്ടിടയുടമയോ?

ഹറാം നടക്കുന്നുണ്ടെന്നറിഞ്ഞാൽ ഉടമ ഇടപെടണം ഉടനെ കെട്ടിടം തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെടണം അല്ലെങ്കിൽ തെറ്റായ നടപടി തുടരുന്നത് തടയണം അല്ലെങ്കിൽ അയാളും കുറ്റക്കാരനാകും 

ലോഡ്ജുടമയോ?
അപ്രകാരം തന്നെ  

അനാശ്യാസത്തിന് പോകുന്നവർക്ക് ഓട്ടം പോകൽ ടാക്സിക്കാർക്ക് ഹറാമാണോ?

ഹറാമാണ് 

അത് തൊഴിലിന്റെ ഭാഗമല്ലേ?

എങ്കിൽ തന്റെ സഹോദരിയേയോ ഭാര്യയേയോ ഉമ്മയേയോ വ്യഭിചരിക്കാൻ ഓട്ടം വിളിച്ച് വാഹനത്തിൽ കയറിയാൽ ഡ്രൈവർ എങ്ങനെയാവും പ്രതികരിക്കുക ? കക്കാൻ പോകുന്നവനെയും ബോംബ് വെക്കാൻ പോകുന്നവനെയും അറിഞ്ഞ് കൊണ്ട് ഏതെങ്കിലും ഡ്രൈവർ വാനഹനത്തിൽ കയറ്റുമോ? അതിനാൽ തൊഴിൽ വേറെ കുറ്റം വേറെ കുറ്റവാളികളെ കുറ്റം ചെയ്യാൻ സഹായിക്കലല്ല തൊഴിൽ അതു വഴി കിട്ടിയ പണം കൊണ്ട് നിഷ്കളങ്കരായ മക്കൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാൻ ഒരു സത്യവിശ്വാസിക്ക് എങ്ങനെ കഴിയും?  

മെമ്മറി കാർഡിലേക്ക് സെക്സ് വീഡിയോ കയറ്റിക്കൊടുക്കൽ ഹറാമല്ലേ?

ഹറാമാണെന്ന് മാത്രമല്ല  എത്രവട്ടം അത് കാണുന്നു ,മറ്റുള്ളവർക്ക് അത് കാണിച്ചുകൊടുക്കുന്നു  എത്രപേർക്ക് ഷെയർ ചെയ്യുന്നു ഇത് കണ്ട് സ്വയംഭോഗം, വ്യഭിചാരം, സ്വവർഗ്ഗഭോഗം എത്ര നടക്കുന്നു എന്നതിന്റെ കണക്കനുസരിച്ച് ആ വീഡിയോ ചെയ്ത് കൊടുത്ത ആൾ കുറ്റക്കാരനാകും  

സിനിമാ മാസികകൾ വിൽക്കൽ ഹറാമല്ലേ?

ഹറാമാണ് 

ലൈംഗികാതിപ്രസരവും കാമവികാരവും ഇളക്കിവിടുന്ന പുസ്തകങ്ങൾ വിൽക്കൽ കൂടുതൽ കടുത്ത പാപമല്ലേ?

അതെ 

വേണ്ടാത്തരങ്ങൾ കാണാൻ സൗകര്യമുള്ള മൊബൈൽ മക്കൾക്ക് വാങ്ങിക്കൊടുത്താൽ രക്ഷിതാക്കൾ കുറ്റക്കാരാവില്ലേ?

തീർച്ചയായും കുറ്റക്കാരാകും 

മൊബൈൽ ഒരാവശ്യമല്ലേ?

വീഡിയോ സൗകര്യമില്ലാത്തതാവാമല്ലോ? അടുത്ത കാലം വരെ നാം പറഞ്ഞിരുന്നു കമ്പ്യൂട്ടർ വീട്ടിലെ സ്വീകരണ മുറിയിൽ എല്ലാവരും ശ്രദ്ധിക്കാൻ പറ്റും വിധം സ്ഥാപിക്കണം സ്വന്തം മുറിയിൽ വെക്കാൻ കുട്ടികളെ അനുവദിക്കരുത് എന്ന് എന്നാൽ ഇന്ന് നാം എന്ത് പറയും ? മൊബൈൽ ഫോൺ എവിടെ സ്ഥാപിക്കും ? എങ്ങനെ നിയന്ത്രിക്കും ? നമ്മുടെ മക്കളെ എങ്ങനെ നാം അപായത്തിൽ പെടാതെ സംരക്ഷിക്കും ? അല്ലാഹു കാക്കട്ടെ 

കൊറോണ കാരണം സ്കൂളിൽ പോകാൻ സാധിക്കാതെ വന്നപ്പോൾ മൊബൈൽ ഫോൺ കുട്ടികൾക്ക് അത്യാവശ്യമായി വന്നില്ലേ ? അത് നൽകി വിദ്യാർത്ഥികളെ പഠിപ്പിക്കൽ രക്ഷിതാക്കളുടെ ബാധ്യതയല്ലേ ?

അതെ ഈ അവസരത്തിൽ അത് നിർബന്ധം തന്നെയാണ്. അത് നിങ്ങളുടെ ശ്രദ്ധയിൽ തന്നെ ആവണം . എല്ലാവരും ഇരിക്കുന്ന പ്രധാന ഹാളിൽ തന്നെ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം നൽകണം . അവർ പറയുന്നത് പോലെ ഒറ്റയ്ക്ക് അവരുടെ സ്വകാര്യ റൂമിൽ ആകരുത് . പ്രെത്യേകിച്ചു പെൺകുട്ടികളുടെ കാര്യത്തിൽ രക്ഷകർത്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണം . അവരുടെ എല്ലാ വാശിക്കും വഴങ്ങി കൊടുക്കരുത് . ഈ കാലഘട്ടം എത്ര മോശമാണെന്നു നമുക്കേവർക്കും അറിയാവുന്നതുമാണ് . രാത്രിയിലുള്ള മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കുകയും , റൂമിൽ മൊബൈൽ കൊടുത്തു വിടാതെ നിയന്ത്രിക്കുകയും ചെയ്യണം . മൊബൈൽ ലോക്കുകൾ രക്ഷകർത്താക്കൾക്കും അറിയാവുന്ന രീതിയിൽ ക്രമീകരിക്കാൻ പറയണം . അങ്ങനെ അല്ലാത്ത ഫോണുകൾ പഠനാവശ്യാർത്ഥമാണെങ്കിലും നൽകരുത് . ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കണം .

പുരുഷ സ്വവർഗ്ഗരതിയെക്കുറിച്ച് നബി (സ) എന്താണ് പറഞ്ഞത് ?

ലൂത്വ് നബിയുടെ ജനതയുടെ പ്രവർത്തി ചെയ്തവനെയും ചെയ്യപ്പെട്ടവനെയും നിങ്ങൾ വധിക്കുക (അബൂദാവൂദ്, തുർമുദി, ഇബ്നുമാജ)

സ്ത്രീകളുടെ സ്വവർഗ്ഗരതിയെക്കുറിച്ച് (Lesbianism) നബി (സ) പ്രസ്താവന നടത്തിയിട്ടുണ്ടോ?

ഉണ്ട് സ്ത്രീകൾ സ്ത്രീകളെക്കൊണ്ട് തൃപ്തിയടയുന്ന കാലം വന്നാൽ അല്ലാഹുവിന്റെ ശിക്ഷ അവരിലിറങ്ങും (ബൈഹഖി)

കൗമാരക്കാരിലെ വർദ്ധിച്ച സ്വയം ഭോഗം കാരണം എന്തൊക്കെ ദൂഷ്യങ്ങളാണുണ്ടാവുക?

പഠനത്തിൽ ശ്രദ്ധ കുറയുക, ആളുകളോട് ഇടപഴകാൻ വിമുഖത കാണിക്കുക, മുഖത്തെ ചിരിയും പ്രസന്നതയും ആഹ്ലാദവും കുറയുക, കവിളിന്റെ തുടിപ്പ് കുറയുക , കവിൾ ഒട്ടുക, ശരീരം മെലിയുക, അല്ലെങ്കിൽ പൊണ്ണത്തടിയുണ്ടാവുക ,മറവി കൂടുക 

കൗമാരക്കാരിലിത് കൂടാൻ എന്താണ് കാരണം?

ഇന്റർനെറ്റിൽ അമിത ഉപയോഗം , അശ്ലീല വീഡിയോ കാണൽ, തെറ്റായ കൂട്ടുകെട്ട് മുതലായവയുടെ സ്വാധീനം 

ഇത് ഇല്ലാതാക്കാൻ എന്താണ് വഴി?

ഇന്റർനെറ്റും മൊബൈൽ ഫോണും നിയന്ത്രിക്കുക കുട്ടികൾക്കും മറ്റും നെറ്റ് സംവിധാനം ഇല്ലാത്ത മൊബൈലും മതിയല്ലോ അഞ്ച് നേരം കൃത്യമായി നിസ്കരിക്കുക എന്തെങ്കിലും ജോലിയിൽ വ്യാപൃതരാവുക വെറുതെയിരിക്കുമ്പോഴാണല്ലോ നെറ്റിൽ പരുതാനും മറ്റും തോന്നുന്നത് എന്തെങ്കിലും  ജോലിയോ മറ്റോ ചെയ്താൽ ശ്രദ്ധ അതിലാവും കച്ചവടമാണെങ്കിൽ പ്രത്യേകിച്ചും 

സ്വയം ഭോഗത്തെക്കുറിച്ച്  സ്വഹാബികളുടെ കാലത്ത് ചർച്ചകൾ നടന്നിരുന്നോ?

മറുപടി: നടന്നിരുന്നു ഇബ്നു അബ്ബാസ് (റ) ന്റെ ക്ലാസ് കഴിഞ്ഞ് സദസ്സിൽ നിന്ന് ആളുകൾ പോയപ്പോൾ ഒരു യുവാവ് അവിടെതന്നെ നിന്ന് കൊണ്ട് പറഞ്ഞു: എനിക്കൊരു സംശയം ചോദിക്കാനുണ്ട് ആളുകൾ കേൾക്കുന്നത് നാണിച്ചിട്ടാണ് ഞാൻ ചോദിക്കാതിരുന്നത് ഇബ്നു അബ്ബാസ് പറഞ്ഞു: ഒരു പണ്ഡിതൻ ഒരു രക്ഷിതാവായ പിതാവിനെപ്പോലെയാണ് അത് കൊണ്ട് എന്നോട് ചോദിച്ചോളൂ യൂവാവ് പറഞ്ഞു: ഞാനൊരു യുവാവാണ് എനിക്ക് ഭാര്യയില്ല ചിലപ്പോഴൊക്കെ വ്യഭിചരിക്കാൻ തോന്നും അപ്പോൾ ഞാൻ സ്വയം ഭോഗം ചെയ്യും അതിലെന്തെങ്കിലും കുറ്റമുണ്ടോ? ഇബ്നു അബ്ബാസ് (റ) അയാളിൽ നിന്നും മുഖം തിരിച്ചു കൊണ്ട് പറഞ്ഞു: ഛെ ഒരു അടിമസ്ത്രീയെ വിവാഹം ചെയ്യലാണ് ഇതിലും നല്ലത് വ്യഭിചാരത്തെക്കാൾ അതാണുത്തമം (ഇഹ് യാ ഉലൂമിദ്ദീൻ 2/40)

വൃദ്ധൻമാർ വ്യഭിചാരം പോലുള്ള അനാശ്യാസത്തിൽ ഏർപ്പെടുന്നത് കൂടുതൽ കുറ്റകരമല്ലേ?

അതെ നബി (സ) പറയുന്നു: അന്ത്യനാളുകളിൽ മൂന്നാളുകളെ അല്ലാഹു നോക്കുകയോ സംസ്കരിക്കുകയോ ചെയ്യില്ല അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട് (1) വ്യഭിചാരം നടത്തുന്ന വൃദ്ധൻ (2) കളവ് പറയുന്ന ഭരണാധികാരി (3) അഹങ്കാരിയായ ദരിദ്രൻ (മുസ്ലിം) 

ചിത്രങ്ങളുള്ള മുസ്വല്ലയിൽ വെച്ച് നിസ്കരിക്കൽ കറാഹത്താണെന്നു ചിലർ പറയുന്നു ഇതു ശരിയാണോ?

അതേ കറാഹത്താണ് അതു ഭക്തിക്കു കോട്ടം വരുത്തും എന്നതാണു കാരണം (തുഹ്ഫ 2/161)

നിസ്കാരം ഉപേക്ഷിച്ചതിന്റെ പേരിൽ ഭർത്താവിന് ഭാര്യയെ അടിക്കാമോ?

ഭാര്യ നിസ്കരിച്ചില്ലെങ്കിൽ അവളെ അടിക്കേണ്ട ബാധ്യത അവളുടെ മാതാപിതാക്കൾക്കാണ് അവർ രണ്ടു പേരും ഇല്ലാതിരിക്കുകയോ അതിൽ അവർ വീഴ്ച വരുത്തുകയോ ചെയ്താൽ മുറിയാത്ത നിലയ്ക്ക് അവളെ അടിക്കൽ ഭർത്താവിനു നിർബന്ധമാണ് (തുഹ്ഫ 1/452)

ഭർത്താവിനു തന്റെ ഭാര്യയെ തുടർന്നു നിസ്കരിക്കാമോ?

പുരുഷൻ സ്ത്രീയോടു തുടർന്നു നിസ്കരിച്ചാൽ സ്വഹീഹാവില്ല (ശർവാനി 2/14)

സോക്സ് ധരിച്ച് നിസ്കരിക്കാമോ?

നിസ്കരിക്കാം എങ്കിലും സുജൂദിന്റെ അവയവമായ വിരലിന്റെ പള്ള മറയില്ലാതെ വെക്കൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ)

ഔറത്ത് മറയ്ക്കാതെ കുട്ടികളെ നിസ്കാരം പരിശീലിപ്പിക്കാമോ?

പാടില്ല (ഫത്ഹുൽ മുഈൻ 213)

ജുമുഅ പിരിയുന്നതിനു മുമ്പ് സ്ത്രീകൾക്കു ളുഹർ നിസ്കരിക്കൽ അനുവദനീയമാണോ?

അനുവദനീയമാണ് മാത്രമല്ല ജുമുഅ തീരുന്നത് കാത്തു നിൽക്കാതെ വേഗത്തിൽ ളുഹർ നിസ്കരിക്കാലാണു സ്ത്രീകൾക്കു സുന്നത്ത് (തുഹ്ഫ 2/418)

സുജൂദിൽ കണ്ണടക്കാമോ ?

കണ്ണടയ്ക്കാതിരിക്കൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 69) 

നാലു റക്അത്തുള്ള നിസ്കാരത്തിൽ ഇമാം അഞ്ചാം റക്അത്തിലേക്ക് ഉതർന്നാൽ മഅ്മൂമീങ്ങൾ എന്തു ചെയ്യണം?

അവർ ഇമാമിനെ പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരിക്കുകയോ ഇമാമിനെ വിട്ടുപിരിയുകയോ ചെയ്യാം ഇമാമിന്റെ കൂടെ എഴുന്നേൽക്കാൻ പാടില്ല (ഫത്ഹുൽ മുഈൻ)

മറയുടെ പിന്നിൽ നിന്ന് നിസ്കരിക്കുന്നവൻ അൽപ്പം തെറ്റി നിൽക്കണം എന്നു പറയുന്നതു ശരിയാണോ?

ശരിയാണ് മറ മുഖത്തിനു നേരെയല്ലാതെ അൽപ്പം വലത്തോട്ടോ തെറ്റി നിൽക്കൽ സുന്നത്താണ് (തുഹ്ഫ 2/160)

ഒരു സ്ഥലത്തു വെച്ച് ഒരു നിസ്കാരം നിർവഹിച്ചാൽ അടുത്ത നിസ്കാരത്തിനു വേണ്ടി മറ്റൊരു സ്ഥലത്തേക്കു മാറി നിൽക്കൽ സുന്നത്തുണ്ടോ?

ഉണ്ട് അൽപ്പം മാറി നിൽക്കൽ സുന്നത്താണ് (തുഹ്ഫ 2/106)

നിസ്കാരത്തിൽ വിരൽ പൊട്ടിക്കുന്നതിന്റെ വിധിയെന്താണ്?

നിസ്കാരത്തിൽ വിരൽ പൊട്ടിക്കൽ കറാഹത്താണ് (തുഹ്ഫ 2/163)

ജമാഅത്ത് നിസ്കാരത്തിനു വേണ്ടി ഇമാമും മഅ്മൂമും എപ്പോഴാണ് എഴുന്നേൽക്കേണ്ടത്?

മുഅദ്ദിൻ ഇഖാമത്ത് വിളിച്ചു തീർന്നശേഷമാണ് രണ്ടു പേരും ജമാഅത്തിലേക്ക് എഴുന്നേൽക്കേണ്ടത് (ശറഹുൽ മുഹദ്ദബ് 3/255)

മുന്നിലെ സ്വഫ്ഫിൽ നിന്നു വലിയവർക്കു വേണ്ടി കുട്ടികളെ പിടിച്ചു മാറ്റാമോ?

പിടിച്ചു മാറ്റാതിരിക്കലാണു സുന്നത്ത് (തുഹ്ഫ 2/307)

ജമാഅത്ത് നിസ്കാരം കഴിഞ്ഞാൽ ആദ്യം എഴുന്നേൽക്കേണ്ടത് ഇമാമോ മഅ്മൂമോ?

ആദ്യം എഴുന്നേൽക്കേണ്ടത് ഇമാമാണ് പ്രത്യേക കാരണമില്ലാതെ മഅ്മൂം ഇമാമിന്റെ മുമ്പ് എഴുന്നേൽക്കൽ കറാഹത്താണ് (ശർവാനി 2/107)

ഫർള് നിസ്കാരം ഖളാ ഉള്ളവൻ സുന്നത്ത് നിസ്കരിക്കുന്നതിന്റെ വിധി എന്ത് ?

ഫർള് നിസ്കാരം ഖളാ ഉള്ളവൻ അതു ഖളാ വീട്ടാതെ നിർവഹിക്കുന്ന എല്ലാ സുന്നത്ത് നിസ്കാരങ്ങളും അവന്നു ഹറാമാണ് എന്നാൽ സുന്നത്ത് നിസ്കാരം സ്വഹീഹാകുന്നതുമാണ് (കുർദി 1/144)

വസ് വാസുള്ള ആളെ തുടർന്നു നിസ്കരിക്കാമോ?

വസ് വാസുള്ളവരെ തുടർന്നു നിസ്കരിക്കൽ കറാഹത്താകുന്നു (ഫത്ഹുൽ മുഈൻ 132)

ബീജം , തുപ്പുനീർ എന്നിവ നജസാണോ? ഇവ വസ്ത്രത്തിലായാൽ നിസ്കാരം സ്വഹീഹാകുമോ?

ഇവകൾ നജസല്ല ഇവ വസ്ത്രത്തിലായാൽ കഴുകൽ നിർബന്ധമില്ല (ശറഹ് ബാഫള്ൽ 1/168)

പക്ഷെ ഹനഫി മദ്ഹബ് പ്രകാരം ബീജം നജസ് ആണ് 

നിൽക്കാൻ കഴിവുള്ളവർക്ക് സുന്നത്ത് നിസ്കാരം ഇരുന്ന് നിർവഹിക്കാമോ?

നിർവഹിക്കാം ഫർള് നിസ്കാരത്തിൽ മാത്രമേ നിൽക്കൽ നിർബന്ധമുള്ളൂ (തുഹ്ഫ 2/29)

സുന്നത്ത് നിസ്കാരത്തിൽ സൂറത്ത് ഓതൽ സൂന്നത്തുണ്ടോ?

സുന്നത്തുണ്ട് മയ്യിത്ത് നിസ്കാരത്തിലൊഴികെ മറ്റെല്ലാ നിസ്കാരങ്ങളിലും സൂറത്ത് ഓതൽ സുന്നത്താണ് (തുഹ്ഫ 2/51)

പല പള്ളികളിലും ഇന്നു കസേരയിൽ ഇരുന്നു കൊണ്ടുള്ള നിസ്കാരം പതിവായി കാണുന്നു പള്ളിയിലേക്കു നടന്നു വരുന്ന ഇവർ നിൽക്കാൻ കഴിവുണ്ടായിരിക്കേ പല പ്രയാസങ്ങളും പറഞ്ഞ് കസേരയിൽ ഇരുന്നു നിസ്കരിക്കുന്നു ഈ നിസ്കാരം സ്വഹീഹാകുമോ?

സ്വഹീഹാവില്ല സ്വയം നിൽക്കാൻ കഴിവില്ലാത്ത ആളുകൾ വടിയുടെയോ മറ്റൊരാളുടെയോ സഹായത്താൽ നിന്നു തന്നെ നിസ്കരിക്കണം സഹായിക്കുന്നവന് കൂലി കൊടുത്തിട്ടാണെങ്കിലും അപ്രകാരം ചെയ്യണം (ശർവാനി 2/20)

നിസ്കാരത്തിലായിരിക്കെ സലാം പറയപ്പെട്ടാൽ നിസ്കരിക്കുന്നവൻ എന്തു ചെയ്യണം?

കൈ ഉയർത്തിക്കാണിക്കുകയും നിസ്കാരത്തിൽ നിന്നു വിരമിച്ച   ശേഷം സലാം മടക്കുകയും ചെയ്യൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ)

ഖത്തീബ് മിമ്പറിൽ ഇരുന്നാൽ പിന്നെ നിസ്കാരം പാടില്ല എന്നല്ലേ ? എന്നാൽ ഖളാ ഉള്ള ഫർള് നിസ്കാരം ഖളാ വീട്ടാമോ?

ഖത്തീബ് മിമ്പറിൽ ഇരുന്നാൽ 'തഹിയ്യത്ത്' അല്ലാത്ത ഫർളും സുന്നത്തുമായ ഒരു നിസ്കാരവും പാടില്ല; ഖളാ ഉള്ള ഫർളാണെങ്കിലും ശരി (തു. ശർ. 2/455)

മഅ്മൂമീങ്ങളെ കേൾപ്പിക്കാൻ വേണ്ടിയാണ് ഉറക്കെ തക്ബീറുകൾ ചൊല്ലുന്നത് എന്ന് ഇമാം കരുതിയാൽ നിസ്കാരം ബാത്വിലാവും എന്നു പറയുന്നതു ശരിയാണോ?

ശരിയാണ്; നിസ്കാരം ബാത്വിലാവും വെറും ഒരു ദിക്റ് ആണെന്നോ അല്ലെങ്കിൽ മഅ്മൂമിനെ കേൾപ്പിക്കുന്നതോടൊപ്പം ദിക്റും കൂടിയാണ് എന്നോ ഇമാം കരുതിയാൽ നിസ്കാരം ബാത്വിലാവില്ല (തുഹ്ഫ 2/18)

ഫാതിഹയ്ക്കിടയിൽ തുമ്മിയാൽ 'ഹംദ്' ചൊല്ലാമോ?

ഫാതിഹയ്ക്കിടയിൽ തുമ്മിയാൽ ഹംദ് ചൊല്ലാം പക്ഷേ ഹാതിഹ മടക്കി ഓതണം (തുഹ്ഫ 2/41)

നെറ്റിയിൽ മുറിവുള്ളതിനാൽ കെട്ടിയിട്ടുണ്ട് അതിന്മേൽ സുജൂദ് ചെയ്താൽ ശരിയാകുമോ?

കെട്ടഴിക്കാൻ ശക്തിയായ പ്രയാസം നേരിട്ടാൽ അഴിക്കാതെ തന്നെ സുജൂദ് ചെയ്യാം പക്ഷേ കെട്ടിനടിയിൽ നജസ് ഉണ്ടാവാൻ പാടില്ല (തുഹ്ഫ 2/70)

നിസ്കാരത്തിൽ ഫാതിഹ തന്നെ രണ്ടാമതും ആവർത്തിച്ച് ഓതിയാൽ സൂറത്തിന്റെ പ്രതിഫലം ലഭിക്കുമോ?

മറ്റു സൂറത്തുകളൊന്നും ഓതാനറിയില്ലെങ്കിൽ ഫാതിഹ ഓതിയാലും അടിസ്ഥാനപരമായി സുന്നത്ത് ലഭിക്കും(ഫത്ഹുൽ മുഈൻ)

ഫാതിഹയിൽ നിന്നു വിരമിച്ച ശേഷം ഏതെങ്കിലും ഒരു ആയത്ത് വിട്ടുപോയോ എന്നു സംശയിച്ചാൽ ഫാതിഹ മടക്കി ഓതേണ്ടതുണ്ടോ?

മടക്കി ഓതേണ്ടതില്ല (തുഹ്ഫ 2/42)

തക്ബീറത്തുൽ ഇഹ്റാമിന്റെ തുടക്കം മുതൽ അവസാനം വരെ നിയ്യത്ത് മനസ്സിലുണ്ടാവണം എന്നു പറയുന്നതു ശരിയാണോ?

അല്ലാഹു എന്നതിലെ 'അ' മുതൽ അക്ബർ എന്നതിലെ 'ർ' വരെ നിയ്യത്ത് മനസ്സിലുണ്ടാവൽ നിർബന്ധമാണ് (തുഹ്ഫ 2/19) എന്നാൽ തുടക്കത്തിൽ നിയ്യത്ത് മനസ്സിലുണ്ടായാലും മതി എന്ന് ചില പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട് 

നിസ്കാരത്തിൽ സലാം വീട്ടുമ്പോൾ പ്രത്യേകം വല്ലതും സുന്നത്തുണ്ടോ?

ഉണ്ട് സലാമിൽ ഇമാം തന്റെ രണ്ടു കവിളുകളും മഅ്മൂം കാണും വിധത്തിൽ ഇരുവശങ്ങളിലേക്കും തിരിക്കണം മാത്രമല്ല, രണ്ടു സലാമിലും രണ്ടു വശങ്ങളിലുമുള്ള മനുഷ്യർ, മലക്കുകൾ , ജിന്നുകൾ എന്നിവർക്കു സലാം പറയുന്നു എന്നു കരുതുകയും വേണം മഅ്മൂം ഇമാമിന്റെ സലാം മടക്കുകയാണെന്നും കരുതൽ സുന്നത്താണ് (തുഹ്ഫ 2/93)

റുകൂഅ് സുജൂദുകളിൽ സ്ത്രീപുരുഷന്മാർ അവരുടെ രണ്ടു കൈമുട്ടുകൾ വയ്ക്കേണ്ട രൂപം എങ്ങനെയാണ്?

പുരുഷന്മാർ അവരുടെ രണ്ടു കൈമുട്ടുകൾ  ഇരു പാർശ്വങ്ങളിൽ നിന്നും വയർ രണ്ടു തുടകളിൽ നിന്നും അകറ്റി നിർത്തണം സ്ത്രീകൾ ഇവ ചേർത്തു വയ്ക്കുകയും വേണം (തുഹ്ഫ 2/76)

മുന്നിലൂടെ നടന്നു പോകുന്നവനെ നിസ്കരിച്ചു കൊണ്ടിരിക്കുന്നവർക്കു തടയാമോ ?

മറയുടെ പിന്നിൽ നിന്നു നിസ്കരിക്കുന്നവന്റെ മുന്നിലൂടെ ഒരാൾ നടക്കുകയാണെങ്കിൽ അവനെ തടയൽ നിസ്കരിക്കുന്നവന്നു സുന്നത്താണ്(തുഹ്ഫ 2/158)
 
ചില ആളുകൾ ഫാതിഹക്കു ശേഷം ആമീൻ പറയുന്നതിനു മുമ്പായി 'റബ്ബിഗ്ഫിർലീ' എന്നും ആമീൻ പറഞ്ഞശേഷം 'റബ്ബൽ ആലമീൻ'എന്നും പറയാറുണ്ട് ഇങ്ങനെ ചൊല്ലുന്നതു സുന്നത്താണോ?

ചൊല്ലൽ സുന്നത്താണ് (തുഹ്ഫ 2/49)

ഫാതിഹ ഓതിയശേഷം  മഅ്മൂമിനു ഫാതിഹ ഓതാനുള്ള സമയം മിണ്ടാതിരിക്കൽ ഇമാമിനു സുന്നത്തുണ്ടോ?

സുന്നത്തുണ്ട് (ശറഹുൽ മുഹദ്ദബ് 3/367)

ഖുനൂത്തിൽ കൈകൾ രണ്ടും ചേർത്തു വെക്കലാണോ അകറ്റിപ്പിടിക്കലാണോ നല്ലത്?

ചുമലിനു നേരെ വരും വിധത്തിൽ ചേർത്തു പിടിക്കലാണ് ഏറ്റവും നല്ലത് (ശർവാനി 2/67)

ഒരാൾ റുകൂഅ് മറന്നു സുജൂദിൽ പ്രവേശിച്ചാൽ ഉടൻ  റുകൂഅ് വരെ വന്നാൽ അതു റുകൂഅ് ആയി പരിഗണിക്കാമോ?

പരിഗണിക്കില്ല അവൻ നിറുത്തത്തിലേക്കു മടങ്ങുകയും ശേഷം റുകൂഉം ഇഅ്തിദാലും കഴിഞ്ഞു സുജൂദിൽ പ്രവേശിക്കേണ്ടതുമാണ് (തുഹ്ഫ 2/96)

ഒരാൾക്കു കുറേ നിസ്കാരം ഖളാ ഉണ്ടാവുകയും അത് ഇത്രയെന്നു നിജപ്പെടുത്താൻ സാധിക്കാതെ വരികയും ചെയ്താൽ അവൻ എന്തു ചെയ്യണം?

നിസ്കരിച്ചു എന്നുറപ്പില്ലാത്ത മുഴുവൻ നിസ്കാരങ്ങളും അവൻ ഖളാ വീട്ടണം (തുഹ്ഫ 1/440)

എല്ലാ നിസ്കാരങ്ങളിലും വജ്ജഹ്തു ഓതൽ സുന്നത്തുണ്ടോ?

മയ്യിത്ത് നിസ്കാരം ഒഴികെയുള്ള എല്ലാ ഫർളും സുന്നത്തുമായ നിസ്കാരങ്ങളിൽ വജ്ജഹതു ഓതൽ സുന്നത്താണ് (തുഹ്ഫ 2/29)

സ്ത്രീകൾക്കു പെരുന്നാൾ നിസ്കാരം സുന്നത്തുണ്ടോ? അവർ ജമാഅത്തായി പെരുന്നാൾ നിസ്കാരം നിർവഹിക്കുകയാണെങ്കിൽ ഖുത്ബ ഓതേണ്ടതുണ്ടോ?

സ്ത്രീകൾക്കും പെരുന്നാൾ നിസ്കാരം സുന്നത്താണ് എന്നാൽ ജമാഅത്തായി നിസ്കരിക്കാൻ ഖുത്ബ ഓതേണ്ടതില്ല (തുഹ്ഫ 3/40)

ഇശാഅ് നിസ്കാരത്തിനു മുമ്പ് തറാവീഹ് നിസ്കരിക്കാമോ? ഇശാഅ് പിന്നീടു നമസ്കരിച്ചാൽ പോരെ?

മതിയാവില്ല തറാവീഹിന്റെ സമയം ഇശാഅ് നിസ്കരിച്ചതിനു ശേഷമാണ് അപ്പോൾ സമയമാകുന്നതിനു മുമ്പ് തറാവീഹ് നിസ്കരിച്ചാൽ സ്വഹീയാവില്ല (ഫത്ഹുൽ മുഈൻ)

ഒരാൾ ഖുനൂത്ത് മറന്ന് സുജൂദിലെത്തി ഉടൻ ഖുനൂത്ത് മറന്ന വിവരം ഓർമ വന്നു എന്നാൽ ഖുനൂത്തിലേക്കു മടങ്ങേണ്ടതുണ്ടോ?

മറുപടി: മടങ്ങരുത് കാരണം ഫർളിൽ നിന്നു സുന്നത്തിലേക്കു മടങ്ങിയാൽ നിസ്കാരം ബാത്വിലാവും (തുഹ്ഫ 2/184)

മനുഷ്യരല്ലാത്ത ജീവികൾക്ക് ആർത്തവമുണ്ടാകാറുണ്ടോ?

ഉണ്ടാകാറുണ്ട് പട്ടി, പല്ലി, പെൺകുതിര, വവ്വാൽ, പെൺഒട്ടകം, മുയൽ, കഴുതപ്പുലി എന്നീ ജീവികൾക്ക് ആർത്തവമുണ്ടാകാറുണ്ട് (ശർവാനി 1/383)

ആർത്തവരക്തം ഏതെല്ലാം നിറങ്ങളിൽ പുറപ്പെടും?

കറുപ്പ്, ചുവപ്പ്, തവിട്ട്, മഞ്ഞ എന്നിങ്ങനെ വിവിധ നിറങ്ങളിൽ പുറപ്പെടാം രക്തത്തിന് കട്ടിയോ ദുർഗന്ധമോ രണ്ടും കൂടിയോ ഇല്ലാതെയോ അനുഭവപ്പെടാവുന്നതാണ് (തുഹ്ഫ 1/400)

മരുന്ന് ഉപയോഗിച്ച് ആർത്തവമുണ്ടായാൽ നിസ്കാരവും നോമ്പും ഒഴിവാക്കാമോ?

മരുന്നിന്റെ സഹായത്തോടെ ആർത്തവമുണ്ടായാലും നിസ്കാരവും നോമ്പും ഉപേക്ഷിക്കൽ നിർബന്ധമാണ് (തുഹ്ഫ 1/446)

നിസ്കരിച്ചു കൊണ്ടിരിക്കെ ആർത്തവമുണ്ടായാൽ നിസ്കാരം പൂർത്തിയാക്കണോ അതോ മുറിക്കണോ?

ഉടൻ നിസ്കാരത്തിൽ നിന്നു പിന്തിരിയേണ്ടതാണ് നിസ്കാരം പൂർത്തിയാക്കാൻ പാടില്ല രക്തം പുറപ്പെട്ടതോടെ നിസ്കാരം അസാധുവായി (തുഹ്ഫ 1/286)

ത്വവാഫ് ചെയ്തു കൊണ്ടിരിക്കേ ആർത്തവമുണ്ടായാൽ എന്തു ചെയ്യണം?

ത്വവാഫ് ചെയ്തു കൊണ്ടിരിക്കേ ആർത്തവമുണ്ടായാൽ ത്വവാഫ് നിർത്തി വെക്കേണ്ടതാണ് (തുഹ്ഫ 1/286)

ആർത്തവമുള്ള സ്ത്രീക്ക് ദിനചര്യയുടെ ഭാഗമായി ഖുർആനിലെ സൂറത്തുകൾ ഓതാമോ?

അതേ ദിനചര്യ എന്ന നിലയിൽ പതിവാക്കിയ 'തബാറക'പോലുള്ള സൂറത്തുകൾ ഓതാവുന്നതാണ് ഖുർആൻ എന്ന ഉദ്ദേശ്യത്തിൽ തെറ്റാണ് (തുഹ്ഫ 1/271)

ആർത്തവമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ പ്രായം കൃത്യമായി എത്രയാണ് ?

കൃത്യമായി അറബി മാസപ്രകാരം ഒമ്പതു വയസ്സാകുന്നതിന്റെ 16 ദിവസത്തിൽ താഴെയുള്ള സമയത്തു പുറപ്പെടുന്ന രക്തം ആർത്തവമാണ് പതിനാറോ അതിൽ കൂടുതലോ ദിവസങ്ങൾക്കു മുമ്പുണ്ടാവുന്ന രക്തം ആർത്തവമല്ല ; ഇസ്തിഹാളത്താണ് (ശർവാനി 1/384)

ഒരു ചന്ദ്രവർഷം എത്ര ദിവസമാണ്?

മറുപടി: 354 ദിവസവും എട്ടു മണിക്കൂറും 48 മിനിറ്റുമാണ് (ശർവാനി 1/384) 

ഒമ്പതു വയസ്സ് പൂർത്തിയാകാൻ 20 ദിവസമുള്ളപ്പോൾ രക്തം പുറപ്പെട്ടു തുടങ്ങുകയും 10 ദിവസം ബാക്കിയുള്ള സമയത്തു രക്തം മുറിയുകയും ചെയ്താലുള്ള വിധിയെന്ത്?

ആദ്യമായുണ്ടായ നാലു ദിവസത്തെ രക്തം രോഗരക്തവും പിന്നീടുണ്ടായത് ആർത്തവരക്തവുമാണ് (മുഗ്നി 1/109)

ഒരു ദിവസം കറുത്തതും 10 ദിവസം ചുവന്നതുമായ രക്തം പുറപ്പെട്ട് 15 ദിവസത്തിനുള്ളിൽ രക്തം നിലച്ചാൽ അതെല്ലാം ആർത്തവരക്തമാണോ?

അതേ 15 ദിവസത്തിനുള്ളിൽ പുറപ്പെടുന്ന വിവിധ വർണങ്ങളിലുള്ള രക്തങ്ങളെല്ലാം ആർത്തവരക്തമാണ് (തുഹ്ഫ 1/412)

രണ്ട് ആർത്തവങ്ങൾക്കിടയിലുള്ള ശുദ്ധിയുടെ ചുരുങ്ങിയ കാലാവധി 15 ദിവസമാണല്ലോ എന്നാൽ അധികമായാൽ എത്രയാണ്? 

അതിന്നു പരിധിയില്ല ഒരു തവണ ആർത്തവമുണ്ടായി പിന്നീടൊരിക്കലും ആർത്തവമുണ്ടാകാതിരിക്കുകയും ചെയ്യാം (തുഹ്ഫ 1/385)

ആർത്തവത്തിന്റെ ഇടയിലുള്ള ശുദ്ധി ആർത്തവമായി ഗണിക്കാൻ എത്ര നിബന്ധനകൾ ഉണ്ട്? അവ ഏതെല്ലാമാണ്?

മൂന്നു നിബന്ധനകളുണ്ട് 1. ആർത്തവരക്തവും ശുദ്ധിയും  15 ദിവസത്തേക്കാൾ അധികമാവാതിരിക്കുക 2. രക്തസ്രാവം 24 മണിക്കൂറിൽ കുറയാതിരിക്കുക 3. ശുദ്ധി രണ്ട് ആർത്തവരക്തത്തിന്റെ ഇടയിലാവുക (അപ്പോൾ മൂന്നു ദിവസം രക്തവും 12 ദിവസം ശുദ്ധിയും പിന്നീട് മൂന്നു ദിവസം രക്തവും ഉണ്ടായാൽ അവസാനത്തെ മൂന്നു ദിവസം ആർത്തവപരിധി വിട്ട് കടന്നതിനാൽ ഇടയിലുള്ള ശുദ്ധി ആർത്തവത്തിൽ പെടില്ല ശുദ്ധി രണ്ട് ആർത്തവത്തിന്റെ ഇടയിലായില്ല എന്നതാണ് കാരണം (തുഹ്ഫ 1/412)

ഓപ്പറേഷൻ മുഖേന ഗർഭസ്ഥശിശുവിനെ എടുത്താൽ പ്രസവക്കുളി നിർബന്ധമാണോ?

അതേ നിർബന്ധമാണ് 

ആർത്തവ- പ്രസവരക്തത്തിൽ നിന്നു ശുദ്ധിയായതിന്റെ ലക്ഷണം എന്താണ് ?

പഞ്ഞി പോലെയുള്ള വെളുത്ത വസ്തുക്കൾ യോനീമുഖത്തു വെച്ച് എടുത്തു നോക്കിയാൽ രക്തവർണം കാണാതിരിക്കലാണു ശുദ്ധിയായതിന്റെ ലക്ഷണം (തുഹ്ഫ 1/412)

പ്രസവസമയം കുട്ടിയോടൊത്തു പുറപ്പെടുന്ന രക്തം നിഫാസാണോ?

അല്ല ഇസ്തിഹാളത്താണ് കുട്ടിയുടെ പുറപ്പെടൽ പൂർത്തിയാവുന്നതിന്റെ മുമ്പാണല്ലോ അതുണ്ടായത് എന്നാണു കാരണം (നിഹായ 1/378)

ഒരു നിസ്കാരത്തിന്റെ സമയം പ്രവേശിച്ചു അതു നിർവഹിക്കാൻ ആവശ്യമായ സമയം ലഭിച്ചശേഷം ആർത്തവം തുടങ്ങിയാൽ പ്രസ്തുത നിസ്കാരം ഖളാ വീട്ടണോ?

അതേ നിസ്കാരം ഖളാ വീട്ടേണ്ടതാണ് നിസ്കാരം നിർവഹിക്കാനാവശ്യമായ സമയം ലഭിച്ചില്ലെങ്കിൽ ഖളാ വീട്ടേണ്ടതില്ല (തുഹ്ഫ 1/455)

ചികിത്സയ്ക്കും ബർക്കത്തിനും ഖുർആൻ എഴുതപ്പെട്ട ഏലസ്സ് ആർത്തവ- പ്രസവരക്തമുള്ളവൾക്കു ചുമക്കാമോ?

ചുമക്കുന്നതിനു വിരോധമില്ല (തുഹ്ഫ 1/149)

ആർത്തവകാരിയുടെ നഖം മുറിക്കലും പല്ലു പറിക്കലും രക്തം എടുക്കലും അനുവദനീയമാണോ?

ആർത്തവ- പ്രസവരക്തമുള്ളവൾക്കും വലിയ അശുദ്ധിയുള്ളവൾക്കും നഖം,പല്ല്, മുടി, രക്തം മുതലായവ നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ് തത്സമയം നീക്കപ്പെട്ട വസ്തുക്കൾ നാളെ ആഖിറത്തിൽ ജനാബത്തുള്ളതായിക്കൊണ്ട് വരപ്പെടുമെന്നു പറയപ്പെട്ടിരിക്കുന്നു(തുഹ്ഫ 1/284)

ഭാര്യാ ഭർത്താക്കന്മാർ വിട്ടു പിരിഞ്ഞ് ഒരു വർഷം കഴിഞ്ഞ ശേഷമാണു ത്വലാഖ് സംഭവിക്കുന്നതെങ്കിൽ അവർ ഇദ്ദ ആചരിക്കേണ്ടതുണ്ടോ?

സംയോഗം ചെയ്ത ഭർത്താവ് ത്വലാഖ് ചൊല്ലിയാൽ ഇദ്ദ നിർബന്ധമാണ് തമ്മിൽ വിട്ടു പിരിഞ്ഞിട്ട് എത്ര വർഷം ആയാലും ശരി (ഫത്ഹുൽ മുഈൻ)

ആർത്തവമുള്ള സ്ത്രീക്കു ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലാമോ?

ദിക്റാണെന്ന ഉദ്ദേശ്യത്തിൽ ബിസ്മിയും മറ്റു ഖുർആൻ സൂക്തങ്ങളും ചൊല്ലുന്നതിനു വിരോധമില്ല (തുഹ്ഫ 1/271)

ആർത്തവകാരിക്കു  രക്തം മുറിഞ്ഞത് അസറിന്റെ സമയത്താണെങ്കിൽ അസർ മാത്രം നിസ്കരിച്ചാൽ മതിയാവില്ലേ?

മതിയാവില്ല സുബ്ഹ്, ളുഹ്റ്, മഗ്രിബ്,എന്നീ സമയങ്ങളിലാണ് രക്തം മുറിഞ്ഞത് എങ്കിൽ ആ സമയത്തുള്ള നിസ്കാരം മാത്രം നിസ്കരിച്ചാൽ മതി അസറിന്റെയോ ഇശാഇന്റെയോ സമയത്താണു രക്ത് നിലച്ചതെങ്കിൽ ഇവയുടെ മുമ്പുള്ള നിസ്കാരം ഇശയോട് ജംആക്കാവുന്ന നിസ്കാരം ആയതിനാൽ യഥാക്രമം ളുഹ്റും മഗ് രിബും നിസ്കരിക്കൽ നിർബന്ധമാണ് (തുഹ്ഫ 1/454)

പ്രസവിച്ച സ്ത്രീക്ക് അറുപതോ നാൽപ്പതോ ആവുന്നതിനു മുമ്പു രക്തം നിന്നാൽ കുളിച്ചു നിസ്കരിച്ചുകൂടെ?

ഒരു നിമിഷം കൊണ്ടുതന്നെ രക്തസ്രാവം നിലയ്ക്കാമല്ലോ നിലച്ചാൽ കുളിച്ചു നിസ്കരിക്കണം (തുഹ്ഫ 1/413)

ഭർത്താവ് മരിച്ചാൽ ഭാര്യ ഇദ്ദ കണക്കാക്കുന്നത് ഭർത്താവിന്റെ മരണം മുതലോ ഭാര്യ മരണവാർത്ത അറിഞ്ഞതു മുതലോ? മരണവാർത്ത അറിഞ്ഞതു മുതലാണെങ്കിൽ , നാലു മാസവും 10 ദിവസവും കഴിഞ്ഞതിനു ശേഷമാണ് അറിഞ്ഞതെങ്കിൽ പിന്നെ അവർ ഇദ്ദ ആചരിക്കേണ്ടതുണ്ടോ?

ഇദ്ദയുടെ ആരംഭം ഭർത്താവ് മരിച്ചതു മുതലാണ് ഇദ്ദയുടെ കാലം കഴിഞ്ഞശേഷമാണു ഭാര്യ മരണവാർത്ത അറിഞ്ഞതെങ്കിൽ അവളുടെ ഇദ്ദ കഴിഞ്ഞു പിന്നെ ഇദ്ദ ആചരിക്കേണ്ടതില്ല (തുഹ്ഫ 3/253)

സ്ത്രീ ഇദ്ദ ആചരിക്കുന്നതു ഗർഭമുണ്ടോ ഇല്ലയോ എന്നറിയാനല്ലേ എങ്കിൽ വൈദ്യപരിശോധനയിൽ ഗർഭമില്ല എന്നറിഞ്ഞാൽ പിന്നെ ഇദ്ദ ആചരിക്കേണ്ടതുണ്ടോ?

പരിശോധനയിൽ ഗർഭമില്ല എന്നറിഞ്ഞാലും അല്ലാഹുവിന്റെ കൽപ്പന നിറവേറ്റുക എന്ന നിലയ്ക്കു നിർബന്ധമായും അവൾ ഇദ്ദ ആചരിക്കണം (തുഹ്ഫ 8/229)

സംയോഗത്തിനു മുമ്പു ഭർത്താവ് ത്വലാഖ് ചൊല്ലിയാൽ ഭാര്യ ഇദ്ദയിരിക്കണോ?

അവൾക്ക് ഇദ്ദയുടെ ആവശ്യമില്ല സംയോഗം ചെയ്യുന്നതിനു മുമ്പ് ഭർത്താവ് മരിച്ചാൽ അവൾ നാലു മാസവും 10 ദിവസവും ഇദ്ദ ആചരിക്കണം(തുഹ്ഫ 8/250)

ഒരു സ്ത്രീയെ അവളുടെ ഭർത്താവ് ത്വലാഖ് ചൊല്ലിയതു ശുദ്ധിയുടെ അവസരത്തിലാണെങ്കിൽ എപ്പോഴാണ് അവളുടെ ഇദ്ദ അവസാനിക്കുക?

ത്വലാഖ് ചൊല്ലിയശേഷം മൂന്നാമത്തെ ആർത്തവം ആരംഭിക്കലോടു കൂടി അവളുടെ ഇദ്ദ അവസാനിക്കും കാരണം മൂന്ന് ശുദ്ധി അവൾക്കു ലഭിച്ചു എന്നാൽ ആർത്തവ വേളയിലാണു ഭർത്താവ് ത്വലാഖ് ചൊല്ലിയതെങ്കിൽ നാലാം തവണ  ആർത്തവം ഉണ്ടാവലോടു കൂടി മാത്രമേ അവളുടെ ഇദ്ദ അവസാനിക്കുകയുള്ളൂ (തുഹ്ഫ 8/233)

ഗർഭാശയം കാലിയാണ് എന്നറിയാൻ ഒരു ശുദ്ധി തന്നെ പോരെ? പിന്നെന്തിനാണു മൂന്നും നാലും ശുദ്ധി വരെ കാത്തിരിക്കുന്നത്?

ഒരു ശുദ്ധി കൊണ്ടു തന്നെ അറിയാമെങ്കിലും പൂർണമായി ബോധ്യപ്പെടാൻ വേണ്ടിയാണ് ഇത്രയും സമയം കാത്തിരിക്കുന്നത് അസാധാരണമായി ഗർഭിണിയിൽ നിന്ന് ആർത്തവം ഉണ്ടാകാമല്ലോ (തുഹ്ഫ 8/229)

രണ്ടു മുസ്ലിംകൾ പരസ്പരം കണ്ടുമുട്ടിയാൽ സലാം പറഞ്ഞ് മുസ്വാഫഹത്ത് ചെയ്യൽ സുന്നത്താണല്ലോ എന്നാൽ ആലിംഗനവും ചുംബനവും സുന്നത്തുണ്ടോ?

യാത്രയിൽ നിന്ന്  മുന്നിട്ട് വരുന്നവരെയും ദീർഘകാലത്തിനു ശേഷം കണ്ടുമുട്ടുന്നവരെയും മാത്രമാണ് ചുംബിക്കലും ആലിംഗനം ചെയ്യലും സുന്നത്തുള്ളത് അല്ലാത്തവരെ ചുംബിക്കലും ആലിംഗനം ചെയ്യലും കറാഹത്താണ് (തുഹ്ഫ 9/230)

പുരുഷന്മാർ ഒരേസമയം ഒന്നിലധികം മോതിരം ധരിക്കുന്നതിന്റെ വിധിയെന്താണ് ?

പുരുഷന്മാർ ഒന്നിലധികം മോതിരം ഒരേസമയം ധരിക്കാൻ പാടില്ല (തുഹ്ഫ 2/72)

അന്യസ്ത്രീ പുരുഷന്മാർ പരസ്പരം സലാം പറയുന്നതിന്റെയും മടക്കുന്നതിന്റെയും വിധിയെന്താണ്?

കണ്ടാൽ ആശ ജനിക്കുന്ന സ്ത്രീ തനിച്ചാകുന്ന അവസരത്തിൽ ഒരു അന്യപുരുഷനോട് അവൾ സലാം പറയലും അയാളുടെ സലാം മടക്കലും അവൾക്കു ഹറാമാണ് അന്യ പുരുഷൻ അവൾക്കു സലാം പറയലും അവളുടെ സലാം അവൻ മടക്കലും കറാഹത്താണ് അവൾ അവനോട് സലാം പറയുകയോ മടക്കുകയോ ചെയ്യുമ്പോൾ അവന്ന് അവളോട് ആശ തോന്നാൻ സാധ്യതയുള്ളതു കൊണ്ടാണ് രണ്ടാളുടെയും വിധിയിൽ വ്യാത്യസം ഉണ്ടാകാനുള്ള കാരണം (ഫത്ഹുൽ മുഈൻ 463)

ജോത്സ്യന്മാരുടെ അടുക്കൽ പോയി നാളും നക്ഷത്രവും നോക്കുന്നതിന്റെ വിധി എന്താണ്?

ഹറാമാണ് ഒരാൾ ജ്യോത്സ്യനെ സമീപിച്ച് അവൻ പറയുന്നതു വിശ്വസിച്ചാൽ അവൻ മുഹമ്മദ് നബി (സ)തങ്ങൾക്ക് അവതരിക്കപ്പെട്ടതിൽ അവിശ്വസിച്ചവനായി എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (ഫത്ഹുൽബാരി 10/217)

സ്ത്രീ മുടി ചീകുമ്പോൾ തലയിൽ നിന്നു പൊഴിയുന്ന മുടി എന്തു ചെയ്യണം?

സ്ത്രീ അവളുടെ തലയിൽ നിന്നു പൊഴിയുന്ന മുടികളും നഖങ്ങളും അന്യപുരുഷന്മാർ കാണാത്ത വിധത്തിൽ മറയ്ക്കൽ നിർബന്ധമാണ് (തുഹ്ഫ 7/207)

അന്യന്റെ സ്ഥലത്തു വീണു കിടക്കുന്ന പഴവർഗങ്ങൾ എടുക്കൽ അനുവദനീയമാണോ?

സ്ഥലത്തിന് മതിലോ മറ്റോ കെട്ടിയിട്ടുണ്ടെങ്കിൽ അവിടെ വീണ പഴം എടുക്കൽ ഹറാമാണ് പൊതുജനങ്ങൾക്ക് എടുക്കാൻ അനുവദിക്കപ്പെട്ടിട്ടില്ലെങ്കിൽ മതിലിനു പുറത്തുവീണത് എടുക്കലും ഹറാമാണ് (ഫത്ഹുൽ മുഈൻ : 340) (ഉടമസ്ഥന്ന് തൃപ്തിയുണ്ട് എന്നുറപ്പായാൽ എടുക്കാവുന്നതാണ്) 

ജിന്നുകളെ മനുഷ്യർക്കു കാണാൻ കഴിയുമോ?

ജിന്നുകളുടെ യഥാർത്ഥ രൂപത്തിൽ മനുഷ്യന്നു കാണാൻ കഴിയണമെന്നില്ല എന്നാൽ അവർ മറ്റു രൂപങ്ങൾ സ്വീകരിക്കുമ്പോൾ കാണാൻ സാധിക്കുന്നതാണ്(ഫതാവൽ ഹദീസിയ്യ 71)

ആതിഥേയന്റെ സമ്മതമില്ലാതെ അതിഥി പൂച്ചയ്ക്ക് ഭക്ഷണം നൽകാമോ?

ആതിഥേയന്ന് ഇഷ്ടമുണ്ടോ എന്നറിയാതെ പൂച്ചയ്ക്കും യാചകനും ഭക്ഷണം നൽകൽ അതിഥിക്ക് അനുവദനീയമല്ല 
(ഫത്ഹുൽ മുഈൻ 382)

ഭ്രൂണഹത്യയുടെ ഇസ്ലാമിക വിധിയെന്ത്?

ആത്മാവ് ഊതുന്നതിനു മുമ്പ് ഭ്രൂണഹത്യ ചെയ്യുന്നതിൽ പണ്ഡിതൻമാർ ഭിന്നാഭിപ്രായക്കാരാണ് (ഹറാമാണെന്നും കറാഹത്താണെന്നും) ആത്മാവിട്ടതിനു ശേഷം ഗർഭഛിദ്രം നടത്തൽ ഹറാമാണ് (തുഹ്ഫ 8/249, ഖൽയൂബി 4/375)

കുട്ടികളെ മഗ്രിബിന്റെ നേരത്ത് പുറത്തിറക്കരുത് എന്നു പറയുന്നതു ശരിയാണോ?

അതേ; ശരിയാണ് സന്ധ്യാ നേരത്ത് കുട്ടികളെയും കാലികളെയും പുറത്തിറക്കാതിരിക്കൽ സുന്നത്താണ് (ശർവാനി 1/127)

വിളക്ക് ഊതിക്കെടുത്തുക, രാത്രി വീട് തൂത്തുവാരുക തുടങ്ങി നിരവധി കാര്യങ്ങൾ ദാരിദ്ര്യം വരുത്തുമല്ലോ ഒന്നു വിശദീകരിക്കാമോ?

വിശദീകരിക്കാം. മതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാതിരിക്കുക, പൊട്ടിയ ചീർപ്പു കൊണ്ട് കൂടി ചീകുക, അതിരാവിലെ അങ്ങാടിയിൽ പോകുക, അങ്ങാടിയിൽ കൂടുതൽ സമയം ചെവഴിക്കുക, ഭക്ഷണം കഴിച്ച പാത്രം കഴുകാതെ വെക്കുക, മാതാപിതാക്കളുടെ പേര് വിളിക്കുക, വീടിനുള്ളിൽ ചപ്പുചവറുകൾ നിക്ഷേപിക്കുക ഉറക്കം അധികരിപ്പിക്കുക, വസ്ത്രമില്ലാതെ ഉറങ്ങുക, ജനാബത്തുണ്ടായിരിക്കെ ഭക്ഷണം കഴിക്കുക, നിസ്കാരത്തിന്റെ കാര്യത്തിൽ അശ്രദ്ധനാവുക, ശരീരത്തിൽ വെച്ചു തന്നെ വസത്രങ്ങൾ തുന്നുക , താമസസ്ഥലത്തെ മാറാലകൾ നീക്കം ചെയ്യാതിരിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ദാരിദ്ര്യമുണ്ടാക്കുന്നതാണ് (ശർവാനി 1/238)

സംസാരിക്കുന്നതിനിടയിൽ തുമ്മിയാൽ പറയുന്ന കാര്യം സാത്യമാണെന്നു പഴമക്കാർ പറയാറുണ്ട് ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ?

സംസാരത്തിനിടയിൽ തുമ്മിയാൽ പറയുന്ന കാര്യം സത്യമായിരിക്കും എന്നു നബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട് (മുസ്നദ് അബൂയ അ് ല)

യാത്രയ്ക്കു വേണ്ടി വീട്ടിൽ നിന്നിറങ്ങുമ്പോൾ ഏതു കാലാണു മുന്തിക്കേണ്ടത്?

അനുവദനീയമായ യാത്രയ്ക്കു വേണ്ടി വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇടതു കാൽ മുന്തിക്കണം (ഫതാവൽ കുബ്റ 1/61)

സംസം വെള്ളം നിന്നു കൊണ്ടാണോ കുടിക്കേണ്ടത്?

അല്ല സംസം ഖിബ്ലയ്ക്കു മുന്നിട്ട് ഇരുന്നു കൊണ്ടാണ് കുടിക്കേണ്ടത് നബി (സ) തങ്ങൾ നിന്നും കുടിച്ചിട്ടുണ്ട് അതും അനുവദനീയമാണ് എന്നറിയിക്കാൻ വേണ്ടിയാണ് (തുഹ്ഫ 4/144)

ഉണക്കമത്സ്യം തിന്നുന്നതിന്റെ വിധിയെന്ത്?

ഉള്ളുകീറി ശുദ്ധിയാക്കാത്ത മത്സ്യവും ചിഞ്ഞു ദുർഗന്ധമുള്ള മത്സ്യവും തിന്നൽ കറാഹത്താണ് (ഫത്ഹുൽ മുഈൻ 222)

ഫ്രൂട്ട്സ് കഴിക്കേണ്ടത് ഭക്ഷണത്തിനു മുമ്പോ പിമ്പോ?

ഫ്രൂട്ട്സ് ഭക്ഷണത്തിന്റെ മുമ്പ് കഴിക്കലാണ് ഉത്തമം (ശർവാനി 7/512) 

തുപ്പുനീരുപയോഗിച്ച് ഖുർആൻ മറിക്കുന്ന ചിലരുണ്ട് ഇതു ചെയ്യാവുന്നതാണോ?

പാടില്ല തുപ്പുനീരുപയോഗിച്ച് ഖുർആൻ മറിക്കൽ ഹറാമാണ്(കുർദി 1/116)

നായയെ വളർത്തൽ അനുവദനീയമാണോ?

സ്വത്തു സംരക്ഷണത്തിനു വേണ്ടിയും വേട്ടയാടാൻ വേണ്ടിയും മുസ്ലിം വീടുകളിൽ നായയെ വളർത്താവുന്നതാണ് അല്ലാതെ അനുവദനീയമല്ല (തുഹ്ഫ 3/32)

വെറും വയറ്റിൽ തേൻ കുടിക്കുന്നതു നല്ലതാണെന്നു പറയാറുണ്ട് ശരിയാണോ?

അതേ; ശരിയാണ് വെറും വയറ്റിൽ തേൻ കുടിച്ചാൽ വാതം പോലെയുള്ള അസുഖങ്ങൾ ബാധിക്കില്ല (മുസ്തഥ്റഫ് 89)

ചെരിപ്പു ധരിക്കൽ വലതു കൈ കൊണ്ടും അഴിക്കൽ ഇടതു കൈ കൊണ്ടു ആകണമെന്നു പറയാറുണ്ട് ശരിയാണോ?

അതേ; ശരിയാണ് ചെരുപ്പ് ഇരുന്നു കൊണ്ടാണ് ധരിക്കേണ്ടത് കൂടാതെ ചെരുപ്പ് നീളത്തിലല്ല; വീതിയിലാണ് അഴിച്ചു വെക്കേണ്ടത് (ബിഗ്യ, ഹയാത്തുൽ ഹയവാൻ) 

പശുവിനെ ഉപയോഗിച്ച്  ഉഴുതുമറിക്കാറുണ്ടല്ലോ ഇത് ഒരു തരം പീഡനമല്ലേ? ഇതനുവദനീയമാണോ?

പശുക്കളെ ഉപയോഗിച്ച് പാടവും പറമ്പും ഉഴുതുമറിക്കലും വണ്ടി വലിപ്പിക്കലും അനുവദനീയമാണ് അവകൾക്ക് അതിനുള്ള ആരോഗ്യമുണ്ടായിരിക്കണം(ഹയാത്തുൽ ഹയവാൻ 1/268 നോക്കുക) 

ശനിയാഴ്ച പുതിയ വസ്ത്രം ധരിക്കരുത് എന്നു പറയുന്നതിൽ വല്ല അടിസ്ഥാനവുമുണ്ടോ?

ഉണ്ട് ശനി, ഞായർ, ചൊവ്വ എന്നീ ദിവസങ്ങളിൽ പുതുവസ്ത്രം വാങ്ങാതിരിക്കലും  ധരിക്കാതിരിക്കലുമാണ് നല്ലത് മറ്റുള്ള ദിവസങ്ങളിൽ വാങ്ങുകയും ധരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം (റൂഹുൽ ബയാൻ 4/8)

തുമ്മിയവൻ 'ഹംദ് ' മറന്നാൽ അവനെ ഉണർത്തൽ സുന്നത്തുണ്ടോ?

അതേ; കേട്ടവന്ന് അവനെ ഉണർത്തൽ സുന്നത്തുണ്ട് (ഇആനത്ത് 4/277)

ഇശാ മഗ്രിബിന്നിടയിൽ ഉറങ്ങാൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്?

ഇശാ മഗ്രിബിന്നിടയിൽ ഉറങ്ങിയാൽ 'രിസ്ഖിൽ' ക്ലേശമുണ്ടാവുകയും ബുദ്ധി ഫസാദാവുകയും ചെയ്യും (മകാരിമുൽ അഖ്ലാഖ് 13)

അമുസ്ലിം സ്ത്രീകളുടെ മുന്നിൽ മുസ്ലിം സ്ത്രീയുടെ ഔറത്ത് എവിടെയാണ്?

സാധാരണ വീട്ടു ജോലി ചെയ്യുന്ന അവസരത്തിൽ മുസ്ലിം സ്ത്രീയുടെ ശരീരത്തിൽ വെളിവാവുന്ന സ്ഥലം ഒഴിച്ചു ബാക്കിയുള്ള ഭാഗമെല്ലാം ഔറത്താണ് (ശർവാനി 2/112)

മോതിരക്കല്ല് കൈയിന്റെ ഉൾഭാഗത്താക്കൽ സുന്നത്തുണ്ടോ?

മോതിരക്കല്ല് കൈയിന്റെ ഉൾഭാഗത്താക്കൽ സുന്നത്തുണ്ട് (തുഹ്ഫ 3/276)

ഒരാൾ വ്യഭിചരിച്ചാൽ വ്യഭിചാരത്തിനുള്ള ഹദ്ദ്(ശിക്ഷ) അയാൾക്കു സ്വയം നടപ്പാക്കാമോ?

സ്വയം നടപ്പാക്കാൻ പാടില്ല ഹദ്ദ് നടപ്പാക്കേണ്ടത് ഭരണാധികാരിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ആണ് (തുഹ്ഫ 9/115)

ചിലയാളുകൾ ബാങ്കിനു ശേഷമുള്ള ദുആ കഴിഞ്ഞശേഷം 'ആയത്തുൽ കുർസിയ്യ്' ഓതുന്നതു കേട്ടിട്ടുണ്ട് ഇങ്ങനെ ഓതുന്നതിനു വല്ല പ്രതിഫലവും ഉണ്ടോ?

ബാങ്കിന്റെയും ഇഖാമത്തിന്റെയുമിടയിൽ 'ആയത്തുൽ കുർസിയ്യ്' ഓതൽ സുന്നത്താണ്(ഫത്ഹുൽ മുഈൻ 102)

അമുസ്ലിമിന്നു രോഗശമനത്തിന്നും  ഇഹലോകനേട്ടത്തിന്നും വേണ്ടി പ്രാർത്ഥിക്കാമോ?

അവൻ ജീവിച്ചിരിക്കൽ കൊണ്ടു മുസ്ലിംകൾക്കു ബുദ്ധിമുട്ടില്ലെങ്കിൽ പ്രാർത്ഥിക്കാവുന്നതാണ് (ശർവാനി 3/91)

ചൂണ്ടയിട്ടു മത്സ്യം പിടിക്കാൻ പാടില്ല; അതു മത്സ്യത്തെ വഞ്ചിക്കലാണെന്നു ചിലർ പറയുന്നു വാസ്തവമെന്താണ്?

ചൂണ്ടയിട്ടു മത്സ്യത്തെ പിടിക്കാവുന്നതാണ് (തുഹ്ഫ 9/329)

മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതിയാൽ അതിന്റെ പ്രതിഫലം അവർക്കു ലഭിക്കുമല്ലോ എന്നാൽ ജീവിച്ചിരിക്കുന്നവർക്കു വേണ്ടി ഖുർആൻ ഓതിയാൽ അതിന്റെ പ്രതിഫലം അവർക്കു ലഭിക്കുമോ?

ജീവിച്ചിരിക്കുന്നവർക്കു വേണ്ടി ഓതിയാലും പ്രതിഫലം ലഭിക്കുന്നതാണ് (ബിഗ് യ)

സ്ത്രീകൾ മൂക്കു കുത്തുന്നതിന്റെ വിധിയെന്താണ്?

സ്ത്രീകൾക്കു മൂക്കു കുത്തൽ ഹറാമാണ് എന്നാൽ കാതു കുത്തൽ ഹലലാണ് (തുഹ്ഫ 9/195)

നരച്ച മുടി കറുപ്പിക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്?

നരച്ച മുടി കറുപ്പിക്കൽ യദ്ധാവശ്യങ്ങൾക്കു വേണ്ടി മാത്രമേ അനുവദനീയമുള്ളൂ അല്ലാതെ കറുപ്പിക്കൽ ഹറാമാണ് മൈലാഞ്ചിയിട്ടു ചുവപ്പിക്കൽ സുന്നത്താണ് എന്നാൽ വുളൂവിനും  കുളിക്കും തടസ്സം വരാത്ത വിധത്തിൽ മുടി കറുപ്പിക്കൽ ഭർത്താവിന്റെ അനുമതിയോടെ സ്ത്രീകൾക്ക് അനുവദനീയമാണ് (ശർവാനി 2/128, 9/376)

ഹെയർ ഫിക്സിങ് അനുവദനീയമാണോ?

ആവശ്യമായി വരുമ്പോൾ എടുത്തു മാറ്റാൻ കഴിയും വിധം ശുദ്ധിയുള്ള നാരുകൾ കൊണ്ടോ നജസല്ലാത്ത രോമങ്ങൾ കൊണ്ടോ മനുഷ്യമുടി അല്ലാത്തതു കൊണ്ടോ ഹെയർ ഫിക്സിങ് അനുവദീയമാണ് എന്നാൽ എടുത്തു മാറ്റാൻ കഴിയാത്ത വിധം ഹെയർ ഫിക്സിങ് ചെയ്യുകയും അതുമൂലം വുളൂ, കുളി എന്നിവ സ്വഹീഹാവാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഇതനുവദനീയമല്ല ഹറാമാണ് (ശർവാനി 1/187, 2/128)

കോട്ടുവായ ഇടുമ്പോൾ ഏതു കൈ കൊണ്ടാണു വായ പൊത്തിപ്പിടിക്കേണ്ടത്?

കോട്ടുവായ ഇടുമ്പോൾ ഇടതു കൈ കൊണ്ടാണു വായ പൊത്തിപ്പിടിക്കേണ്ടത് (ശർവാനി 1/117)

രോഗം ബാധിച്ചാൽ ചികിത്സിക്കൽ നിർബന്ധമുണ്ടോ? ഒരാൾ എല്ലാം സഹിച്ച് അല്ലാഹുവിൽ 'തവക്കുൽ' ചെയ്യുകയാണെങ്കിലോ?

മറുപടി: രോഗമുള്ളവൻ ചികിത്സിക്കൽ സുന്നത്താണ് ഒരാൾ ചികിത്സ നടത്താതെ എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ അതാണുത്തമം തവക്കുൽ ചെയ്തു ചികിത്സ നടത്താതിരിക്കുന്ന രോഗിയെ ചികിത്സയ്ക്കു നിർബന്ധിക്കൽ കറാഹത്താണ് (തുഹ്ഫ 3/183)

വെള്ളിയാഴ്ച ദിവസത്തിൽ മരിക്കുന്നവനു ഖബ്റിൽ ചോദ്യമുണ്ടാവില്ലെന്നു പറയുന്നതു ശരിയാണോ?

അവർക്കു ഖബ്റിൽ ചോദ്യമുണ്ടാവില്ലെന്നു പറഞ്ഞതു കൊണ്ടുള്ള ഉദ്ദേശ്യം, ചോദ്യം ചെയ്ത് അവരെ പ്രയാസപ്പെടുത്തി പരീക്ഷിക്കില്ലെന്നും ചോദ്യത്തിനുള്ള ഉത്തരങ്ങൾ അവർക്ക് അല്ലാഹു തോന്നിപ്പിക്കുമെന്നുമാണ് (ശർവാനി 2/405)

തലപ്പാവു നിന്നു കൊണ്ടും പാന്റ്സ് ഇരുന്നു കൊണ്ടുമാണോ ധരിക്കേണ്ടത്?

അതേ ഇതിന്നെതിരായി ചെയ്താൽ ദാരിദ്ര്യമുണ്ടാക്കും(തുഹ്ഫ , ശർവാനി 1/238)

പുരുഷന്മാർക്കു സ്വർണം നിഷിദ്ധമാണല്ലോ എന്നാൽ സ്വർണപ്പല്ല് വയ്ക്കുന്നതിന്റെ വിധിയെന്താണ്?

പുരുഷനു സ്വർണാഭരണം നിഷിദ്ധമാണെങ്കിലും സ്വർണപ്പല്ല് അനുവദനീയമാണ് (തുഹ്ഫ 3/275)

ചികിത്സാവശ്യാർത്ഥം, ജീവിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ അവയവം മറ്റൊരാൾക്കു ദാനം ചെയ്യാവോ?

ജീവിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ അവയവം മറ്റൊരാൾക്കു വേണ്ടി മുറിക്കലും ദാനം ചെയ്യലും അനുവദനീയമല്ല അതുവഴി അവന്റെ ജീവൻ അപകടത്തിലാവും എന്നതാണു കാരണം (തുഹ്ഫ 9/397)

കടം വാങ്ങുന്നവൻ തെറ്റായ മാർഗത്തിൽ ചെലവഴിക്കും എന്ന ആശങ്കയുണ്ടെങ്കിൽ അവന്നു കടം കൊടുക്കാമോ?

അവന്നു കടം കൊടുക്കൽ ഹറാമാണ് (ഫത്ഹുൽ മുആൻ 249)

ഖുർആൻ ഓതാനും മറ്റും കൂലി കൊടുത്ത് ആളെ നിർത്താമോ?

അതേ കൂലി കൊടുത്ത് ആളെ നിർത്തൽ അനുവദനീയമാണ് (തുഹ്ഫ 6/180)

വീട്ടിൽ വിരുന്നുകാർ വരുന്നതു സ്വപ്നം കണ്ടാൽ ആൺകുട്ടി ജനിക്കുമെന്നു പറയുന്നതു ശരിയാണോ?

അതേ വീട്ടിൽ ഒരു അതിഥി വരുന്നതായി സ്വപ്നം കണ്ടാൽ ഭാവിയിൽ ഓരാൺകുട്ടി ജനിക്കുമെന്നും കുറേ അതിഥികൾ വരുന്നതായി സ്വപ്നം കണ്ടാൽ ഭക്ഷണത്തിൽ ഉടനെ വിശാലത എത്തുമെന്നും പറയപ്പെട്ടിരിക്കുന്നു (തദ്കിറത്തുൽ വാഇളീൻ:42)

നഖം മുറിക്കാൻ പ്രത്യേക ദിവസമുണ്ടോ?

ഉണ്ട് വ്യാഴം, തിങ്കൾ എന്നീ ദിവസങ്ങളിലും വെള്ളിയാഴ്ച രാവിലെയും നഖം മുറിക്കൽ സുന്നത്താണ് (തുഹ്ഫ, ശർവാനി 2/476)

നഖം മുറിച്ച ഉടനെ ആ സ്ഥലം കഴുകണം എന്നു പറയുന്നത് എന്തിനാണ്?

കഴുകുന്നതിനു മുമ്പു പ്രസ്തുത സ്ഥലം കൊണ്ടു ശരീരത്തിൽ ചൊറിഞ്ഞാൽ വെള്ളാപ്പാണ്ട് രോഗം ഉണ്ടാവാൻ കാരണമാവും എന്നു പറയപ്പെട്ടിട്ടുണ്ട് (തുഹ്ഫ 2/476) 

കടൽ വെള്ളം കൊണ്ടു വുളൂ ചെയ്യാമോ?

കടൽ വെള്ളം കൊണ്ടു വുളു ചെയ്യാവുന്നതാണ് (തുഹ്ഫ 1/71)

കടൽ വെള്ളത്തിനും കണ്ണീരിനും അല്ലാഹു ഉപ്പു രസം നൽകിയതിലുള്ള ഹിക്മത്ത് (യുക്തി) എന്താണ്?

കടലിലെ വെള്ളം ഉപ്പില്ലാത്ത സാധ വെള്ളമാണെങ്കിൽ കാലപ്പഴക്കം കൊണ്ട് അതിനു ദുർഗന്ധമുണ്ടാവും ഭൂമിയിലെ ശവങ്ങളും മറ്റു മലിനവസ്തുക്കളുമെല്ലാം അവസാനം ചെന്നെത്തുന്നതു കടലിലേക്കാണല്ലോ അപ്പോൾ അവയെ ശുദ്ധീകരിക്കാൻ ഉപ്പ് ആവശ്യമാണ് കടൽ വെള്ളത്തിൽ ഉപ്പില്ലായിരുന്നെങ്കിൽ ഈ ലോകം മുഴുവൻ ദുർഗന്ധം വമിക്കുമായിരുന്നു  കണ്ണിന്റെ ഉൾഭാഗം ശരിക്കും ഒരു മാംസക്കഷ്ണമാണല്ലോ മാംസത്തിൽ കേടു കൂടാതെ സൂക്ഷിക്കാൻ നാം ഉപ്പ് ചേർക്കാറുണ്ടല്ലോ കണ്ണീരിനും അല്ലാഹു ഉപ്പു രസം നൽകിയില്ലായിരുന്നെങ്കിൽ പിന്നെ കണ്ണുണ്ടാവില്ലല്ലോ(റൂഹുൽ ബയാൻ, സൂറത്തുൽ ഫാത്വിർ)

പാട്ട് കേൾക്കുന്നതിന്റെ വിധിയെന്താണ്?

നന്മയ്ക്കു പ്രേരണയാവുന്ന പാട്ടുകൾ അനുവദനീയമാണ് തിന്മയ്ക്കു പ്രേരണവരുമെങ്കിൽ നിഷിദ്ധവുമാണ് (ശർവാനി 10/218) മ്യൂസിക്കുകൾ ഉപയോഗിക്കുന്നതും ആസ്വദിക്കുന്നതും ഹറാമാണ് (കഫുറആഅ് 64)

'ഹിജഡ'യെ ചേലാകർമം ചെയ്യണോ?

ഹിജഡയെ ചേലാകർമം ചെയ്യൽ അനുവദനീയമല്ല 

ഓത്ത് അറിയുന്നവന് അറിയാത്തവനെ തുടർന്നു നിസ്കരിക്കാമോ?

ശരിയായി ഓതാൻ അറിയുന്നവർ അറിയാത്തവനെ തുടർന്നാൽ സ്വഹീഹാവില്ല എന്നാൽ രണ്ടാളും ഓതാൻ അറിയാത്തവരാണെങ്കിൽ തുടർച്ച സ്വഹീഹാവും (തുഹ്ഫ 2/285) 

പൂർണമായ ജമാഅത്ത് ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ അതിനെ പ്രതീക്ഷിക്കലാണോ നടന്നു കൊണ്ടിരിക്കുന്ന  ജമാഅത്തിൽ ഇടയ്ക്കു വെച്ചു തുടരലാണോ ഉത്തമം?

മറുപടി: നടന്നു കൊണ്ടിരിക്കുന്ന ജമാഅത്തിൽ ഇടയ്ക്കു വെച്ചു തുടരുന്നതിനേക്കാൾ ഉത്തമം പൂർണമായ ജമാഅത്ത് കിട്ടുമെന്നുണ്ടെങ്കിൽ അതിനെ കാത്തിരിക്കലാണ് (തുഹ്ഫ 2/256)

മൂത്രത്തിൽ തുപ്പരുത് എന്നു പറയുന്നത് എന്തുകൊണ്ടാണ്?

മൂത്രത്തിൽ തുപ്പിയാൽ പിശാചിന്റെ ദുർബോധവും പല്ലിനു വർണവ്യത്യാസവും ഉണ്ടാവും (കുർദി 1/133)

പെരുന്നാൾ നിസ്കാരത്തിൽ ഇമാം തക്ബീറുകൾ ചൊല്ലുമ്പുൾ മഅ്മൂമീങ്ങൾ ഉറക്കെ ചൊല്ലേണ്ടതുണ്ടോ?

അതേ പെരുന്നാൾ നിസ്കാരത്തിലെ ഏഴും അഞ്ചും തക്ബീറുകൾ ഇമാമിനും മഅ്മൂമിനും ഒറ്റയ്ക്കു നിസ്കരിക്കുന്നവന്നും ഉറക്കെ ചൊല്ലല്ലാണ് സുന്നത്ത്(ശർവാനി 3/41) എന്നാൽ മയ്യിത്ത് നിസ്കാരത്തിലെ നാലു തക്ബീറുകളും ഇമാം ഉറക്കെയും മറ്റുള്ളവർ പതുക്കെയുമാണ് ചൊല്ലേണ്ടത് (തുഹ്ഫ 3/138)

സ്വർഗത്തിൽ വെച്ച് അല്ലാഹുവിനെ ആദ്യം കാണുന്നവർ ദുനിയാവിൽ കാഴ്ചയില്ലാത്തവരായിരിക്കും എന്നു പറയുന്നതു ശരിയാണോ?

അതേ സത്യമാണ് (റൂഹുൽ ബയാൻ 4/365 നോക്കുക)

നിസ്കാരശേഷം നെറ്റി തടവുന്നതിനു വല്ല അടിസ്ഥാനവുമുണ്ടോ?

ഉണ്ട് നബി (സ) തങ്ങൾ നിസ്കാരം കഴിഞ്ഞാൽ അവിടുത്തെ വലതു കൈകൊണ്ടു നെറ്റി തടവിയിരുന്നു (അദ്കാർ 69)

വെള്ളിയാഴ്ച പെരുന്നാളാണെങ്കിൽ 'അൽ കഹ്ഫ്' ഓതലാണോ തക്ബീർ ചൊല്ലലാണോ ഏറ്റവും പുണ്യം?

അൽ കഹ്ഫിലും സ്വലാത്തിലും മുഴുകുന്നതിനേക്കാൾ പുണ്യം തക്ബീർ ചൊല്ലലാണ് (തുഹ്ഫ 3/51)

സൂര്യൻ ഉദിച്ചുയരുന്ന സമയം നിസ്കാരം വിലക്കപ്പെട്ടതാണല്ലോ എന്നാൽ ആ സമയത്തു പെരുന്നാൾ നിസ്കാരം നിർവഹിക്കാമോ?

പെരുന്നാൾ നിസ്കാരം നിർവഹിക്കാവുന്നതാണ് (ശർവാനി3/40)

ഭക്ഷണം കഴിക്കാൻ  ഏത് ഇരുത്തമാണ് സുന്നത്ത് ? ചാരിയിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല എന്നു പറയുന്നതു ശരിയാണോ?

ഇരുപാദങ്ങളുടെയും മുകൾ ഭാഗം നിലത്തു വെച്ച് കാൽമുട്ടുകൾ മടക്കി ഇരിക്കുകയോ വലതു കാൽ നാട്ടി വെച്ച് ഇടതു പാദത്തിൽ ഇരിക്കുകയോ ചെയ്യാം പഴവർഗങ്ങൾ ഒഴികെയുള്ളവ ചാരിയിരുന്നോ ചെരിഞ്ഞു കിടന്നോ ഭക്ഷിക്കൽ കറാഹത്താണ് (ഫത്ഹുൽ മുഈൻ 381)

ഭക്ഷണം പാകം ചെയ്യുന്ന നോമ്പുകാരന്നു വേവറിയാൻ ഭക്ഷണം ഇറക്കാതെ രുചി നോക്കാമോ?

ഇറക്കാതെ നാവിൽ വെച്ച് രുചി നോക്കാവുന്നതാണ് (ശർവാനി 3/425)

ഭർത്താവിന്റെ വസ്ത്രം അലക്കൽ ഭാര്യയ്ക്കു നിർബന്ധമില്ല എന്നു ചിലർ പറയാറുണ്ട് എന്തു പറയുന്നു?

ശരിയാണ് അതെല്ലാം ഭർത്താവിനു സ്വയം ചെയ്യുകയോ മറ്റൊരാളെ ഏൽപ്പിക്കുകയോ ചെയ്യാം (ഫത്ഹുൽ മുഈൻ 419)

കൈ വിരൽ കൊണ്ട് പല്ല് തേച്ചാൽ സുന്നത്ത് ലഭിക്കുമോ?

സുന്നത്ത് ലഭിക്കില്ല (തുഹ്ഫ 2/5)

ലൈലത്തുൽ ഖദ്ർ അറിഞ്ഞവർ അതു രഹസ്യമാക്കി വയ്ക്കൽ സുന്നത്തുണ്ടോ?

അതേ സുന്നത്താണ് മാത്രമല്ല, ലൈലത്തുൽ ഖദ്ർ അറിഞ്ഞവർ അന്നത്തെ രാത്രി അവന്നാവശ്യമുള്ള ഐഹിക-പാരത്രികകാര്യങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം മതപരമായ കാര്യങ്ങൾക്കും  പരലോകമോക്ഷത്തിനുമാണ് പ്രാധാന്യം നൽകേണ്ടത് (ശറഹുൽ മുഹദ്ദബ് 6/451) 

വുളു പുതുക്കൽ സുന്നത്താണല്ലോ സുന്നത്താവാൻ പ്രത്യേക നിബന്ധനകൾ വല്ലതുമുണ്ടോ?

ഉണ്ട് ആദ്യത്തെ വുളു കൊണ്ട് ഏതെങ്കിലും ഒരു നിസ്കാരം നിർവഹിച്ചിരിക്കണം ഒരു റക്അത്തായാലും മതി തിലാവത്തിന്റെ (ഓത്തിന്റെ) സുജൂദ്,ത്വവാഫ് എന്നിവ നിർവഹിച്ചതിനാൽ വുളു പുതുക്കൽ സുന്നത്തില്ല വുളു പുതുക്കൽ പ്രത്യേക ആരാധനയാണെന്നു കരുതി മാത്രം ചെയ്യൽ ഹറാമാണ് (തുഹ്ഫ 1/282)

കറുത്ത ചെരിപ്പ് ധരിക്കാൻ പാടില്ല എന്നു ചിലർ പറയാറുണ്ട് ശരിയാണോ?

കറുത്ത ചെരിപ്പ് മാത്രമല്ല, കറുത്ത ഏതു തരം വസ്ത്രവും സ്ഥിരമായി ഉപയോഗിക്കൽ നല്ലതിനെതിരാണ് (ബിഗ് യ 79)

ചില മഖ്ബറകളിൽ പൂക്കൾ വിതറിയതായി കണ്ടിട്ടുണ്ട് ഇത് ഇസ്ലാമികാചാരമാണോ?

അതേ ഖബ്റിന്മേൽ സുഗന്ധമുള്ള പൂക്കൾ വിതറുന്നതിനു വിരോധമില്ല അതിന്റെ പരിമളം ആസ്വദിക്കാൻ മലക്കുകൾ ഇറങ്ങി വരും അതേസമയം പ്രസ്തുത പൂക്കൾ ഉണങ്ങുന്നതിനു മുമ്പ് അവിടെ നിന്നെടുക്കൽ നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ 154)

ചില ഉസ്താദുമാർ ദുആ ചെയ്യുന്ന അവസരത്തിൽ കൈ വിരൽ ആംഗ്യം കാണിക്കുന്നതു കണ്ടിട്ടുണ്ട് ഇതെന്തിനാണ്?

നിസ്കാരത്തിലൊഴികെയുള്ള അവസരത്തിൽ ദുആ ചെയ്യുമ്പോൾ വലതു കൈയുടെ ചൂണ്ടു വിരൽ കൊണ്ട് ആംഗ്യം കാണിക്കൽ സുന്നത്തുണ്ട് നാവിലൂടെയും ഹൃദയത്തിലൂടെയും തൗഹീദ് പ്രകടിപ്പിച്ചതിനോടൊപ്പം അവയവം കൊണ്ടും പ്രകടിപ്പിക്കാൻ വേണ്ടിയാണിത് (ബിഗ് യ 50)

വലതു കൈയിന്റെ ചൂണ്ടു വിരൽ ഇല്ലാത്തവന്ന് ഇതു സുന്നത്തുണ്ടോ?

സുന്നത്തുണ്ട് വലതു കൈയിന്റെ ചൂണ്ടു വിരൽ ഇല്ലാത്തവൻ ഇടതു കൈയിന്റെ ചൂണ്ടു വിരൽ കൊണ്ടോ അതുമില്ലെങ്കിൽ മറ്റേതെങ്കിലും ഒരു വിരൽ കൊണ്ടോ ആംഗ്യം കാണിക്കാം ഒന്നിലധികം വിരൽ ഉപയോഗിക്കൽ കറാഹത്താണ് (കുർദി 1/265)

പുരുഷന്മാർ മൈലഞ്ചിയിടൽ നിഷിദ്ധമാണല്ലോ എന്നാൽ കുഴിനഖം പോലുള്ള രോഗങ്ങൾക്കു വേണ്ടി മൈലാഞ്ചി ഉപയോഗിക്കാമോ?

അതേ ഉപയോഗിക്കാവുന്നതാണ് ചികിത്സാവശ്യാർഥം പുരുഷൻ മൈലാഞ്ചി ഉപയോഗിക്കുന്നതിനു വിരോധമില്ല (തുഹ്ഫ 4/59)

ചില ആളുകൾ നഖം കടിക്കുന്നതു കാണാറുണ്ട് ഇതു തെറ്റാണോ?

അതേ നഖം കടിക്കൽ ദാരിദ്ര്യം വരുത്തും (ശർവാനി 1/238)

സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതിന്റെ വിധി?

ശരീരവണ്ണം വ്യക്തമാകും വിധത്തിലുള്ള ഇറുകിയ വസ്ത്രം സ്ത്രീ ധരിക്കൽ കറാഹത്താണ് (ശർവാനി 2/112) ആൺവേഷം ധരിക്കൽ ഹറാമുമാണ് ആൺവേഷം ധരിക്കുന്ന സ്ത്രീകളെയും പെൺവേഷം ധരിക്കുന്ന ആണുങ്ങളെയും നബി (സ) ശപിച്ചിട്ടുണ്ട് 

തലപ്പാവിനു ചിലർ വാലു വയ്ക്കാറുണ്ടല്ലോ ഇതിന്റെ പരമാവധി നീളം എത്രയാണ്?

ചുരുങ്ങിയതു നാലു വിരൽ നീളവും പരമാവധി ഒരു മുഴവും (തുഹ്ഫ 3/37)

സ്ത്രീ പുറത്തു പോവുമ്പോൾ സുഗന്ധം ഉപയോഗിക്കാമോ?

പുറത്തു പോവുമ്പോൾ സ്ത്രീകൾ സുഗന്ധം ഉപയോഗിക്കാൻ പാടില്ല കുഴപ്പങ്ങളെ പേടിക്കുമ്പോൾ ഇതു ഹറാമാണ് (ഫതാവൽ കുബ്റ 1/200)

സ്ത്രീകൾക്കു മൈലാഞ്ചിയിടൽ സുന്നത്തല്ലേ?

അല്ല കറാഹത്താണ് വിവാഹിതയാണെങ്കിൽ മാത്രം സുന്നത്തും (ഫത്ഹുൽ മുഈൻ 219)

കുട്ടികൾ മാതാപിതാക്കളോടൊന്നിച്ചു കിടന്നുറങ്ങാറുണ്ടല്ലോ എത്ര വയസ്സ് മുതലാണ് അവരെ മാറ്റിക്കിടത്തൽ നിർബന്ധമുള്ളത്?

പത്തു വയസ്സായാൽ മാറ്റിക്കിടത്തൽ നിർബന്ധമാണ് (തുഹ്ഫ 7/208)

പള്ളിയിൽ പ്രവേശിക്കുമ്പോൾ വലതു കാൽ  വെച്ചു കയറണമല്ലോ എന്നാൽ പള്ളിയോടു ചേർന്നു നിൽക്കുന്ന മഖ്ബറയിലേക്ക് ഏതു കാൽ വെച്ചാണു കയറേണ്ടത്?

പള്ളിയിൽ നിന്നു കയറുകയാണെങ്കിൽ ഇടതു കാൽ വെച്ചു കയറണം കാരണം മഖ്ബറയേക്കാൾ മഹത്വം മസ്ജിദിന്നാണല്ലോ (തുഹ്ഫ 1/158)

ബാങ്കിൽ 'ഹയ്യഅലസ്സ്വലാത്ത്' എന്നതിലെ അവസാന അക്ഷരം പാടെ ഒഴിവാക്കി പറയാമോ?

അങ്ങനെ പറയാൻ പാടില്ല കാരണം 'ഹയ്യഅലസ്വലാത്ത്' എന്നാൽ നിസ്കാരത്തിലേക്കു മുന്നിട്ടു വരൂ എന്നാണ് അവസാന അക്ഷരം ഒഴിവാക്കി 'ഹയ്യഅലസ്വലാ' എന്നു മാത്രം പറഞ്ഞാൽ നരകത്തിലേക്കു വരൂ എന്നാണ് ആയതിനാൽ നിർത്തിപ്പറയുമ്പോൾ 'ഹയ്യഅലസ്വലാഹ്' എന്നാണു പറയേണ്ടത് (ശർവാനി 1/473)

ജീവികളുടെ ഫോട്ടോയുള്ള വസ്ത്രം ധരിച്ചു നിസ്കരിക്കാമോ?

ജീവികളുടെ ഫോട്ടോയുള്ള വസ്ത്രം ധരിച്ചും വിരിച്ചും മറയാക്കിയും നിസ്കരിക്കൽ കറാഹത്താണ്(ശർവാനി 2/117)

കൊല്ലൽ സുന്നത്തായ ജീവികളെ നിസ്കാരത്തിൽ കണ്ടാൽ കൊല്ലാമോ?

പാമ്പ്, തേൾ പോലുള്ള ഉപദ്രവജീവികളെ നിസ്കാരത്തിൽ കണ്ടാൽ നിസ്കാരം ബാത്വിലാവാത്ത രൂപത്തിൽ കൊല്ലാവുന്നതാണ് (തുഹ്ഫ, ശർവാനി 2/152)

യാത്രയ്ക്ക് അനുയോജ്യമായ ദിവസം ഏതാണ്?

യഥാക്രമം വ്യാഴം, തിങ്കൾ, ശനി ദിവസങ്ങളിലാണ് യാത്രയ്ക്ക് അനുയോജ്യം (ശറഹുൽ ഈളാഹ് 42)

വലിയ അശുദ്ധിയോടെ ഭക്ഷണം കഴിക്കരുത് എന്നു പറയുന്നത് എന്തുകൊണ്ടാണ്?

അതു ദാരിദ്ര്യമുണ്ടാവാൻ കാരണമാവും (ശർവാനി 1/238)

മദ്യലഹരിയിലുള്ളവർ അറുത്തതു ഭക്ഷിക്കാമോ?

മദ്യലഹരിയിലുള്ളവർ അറുത്തതു ഭക്ഷിക്കൽ കറാഹത്താണ് (ശർവാനി 9/316)

നഖം മുറിക്കാൻ ഉത്തമം ഏതു ദിവസമാണ്?

വ്യാഴം, തിങ്കൾ എന്നീ ദിവസങ്ങളിലും വെള്ളിയാഴ്ച രാവിലെയുമാണു സുന്നത്ത് (തുഹ്ഫ, ശർവാനി 2/476)

പരീക്ഷയിൽ വിജയം ലഭിക്കാൻ നിസ്കാരത്തിൽ പ്രാർത്ഥിക്കൽ അനുവദനീയമാണോ?

പരീക്ഷയിൽ ജയിക്കാൻ മാത്രമല്ല, മറ്റുള്ള ഐഹിക -പാരത്രിക കാര്യങ്ങൾക്കു വേണ്ടിയും നിസ്കാരത്തിൽ പ്രാർത്ഥിക്കാവുന്നതാണ് അറബി ഭാഷയിൽ ആയിരക്കണമെന്നു മാത്രം (തുഹ്ഫ 2/146)

നല്ലതുകൊണ്ട് കൽപിക്കലും ചീത്ത വിരോധിക്കലും സാമൂഹിക ബാധ്യതയാണ് എന്നു പറയാറുണ്ടല്ലോ സാമൂഹിക ബാധ്യത എന്നതിന്റെ ഉദ്ദേശ്യം എന്ത്?

ആരെങ്കിലും പ്രവർത്തിച്ചാൽ എല്ലാവരുടെയും ബാധ്യത ഒഴിവാകുന്നതും ആരും പ്രവർത്തിച്ചിട്ടില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുകയും ചെയ്യുന്ന കാര്യമാണ് സാമൂഹിക ബാധ്യത (ഫർളു കിഫായഃ) എന്നതിന്റെ ഉദ്ദേശ്യം പ്രവർത്തിച്ചവനുമാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ (ഇആനത്ത്: 4/276) 

ശർഇൽ നിർബന്ധമായ കാര്യങ്ങൾ കൽപിക്കുന്നതിലും നിഷിദ്ധങ്ങളെ തടയുന്നതിലും പ്രത്യേക നിബന്ധനകളുണ്ടോ?

ഉണ്ട് നിർബന്ധമായ കാര്യം നിർബന്ധമാണെന്ന് ഏകകണ്ഠാഭിപ്രായമുള്ളതായിരിക്കണം അതുപോലെ നിഷിദ്ധമായതിനെ എതിർക്കണമെങ്കിൽ അതു നിഷിദ്ധമായ കാര്യമാണെന്നതിൽ ഏകകണ്ഠാഭിപ്രായം ഉണ്ടായിരിക്കണം (ഇആനത്ത്: 4/278) 

ഏകകണ്ഠമുള്ള കാര്യങ്ങൾക്ക് ചില ഉദാഹരണങ്ങൾ?

നിർബന്ധമാണെന്നതിൽ ഏകാഭിപ്രായമുള്ള കാര്യങ്ങളാണ് നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് പോലെയുള്ളവയെല്ലാം ഇത്തരം കാര്യങ്ങൾകൊണ്ട് കൽപിക്കൽ നിർബന്ധമാണ്  
വ്യഭിചാരം, കള്ള്കുടി, പലിശ പോലെയുള്ളത് നിഷിദ്ധമാണെന്നു ഏകാഭിപ്രായമുള്ള കാര്യങ്ങളാണ് ഇത്തരം കാര്യങ്ങളെ തടയൽ നിർബന്ധമാണ് അതായത് സാമൂഹിക ബാധ്യതയാണ് (ഇആനത്ത്: 4/278) 

കൽപിക്കുമ്പോഴും തടയുമ്പോഴും നാശം ഭയന്നാലോ?

തന്റെ ശരീരത്തിനോ സമ്പത്തിനോ നാശം വരുമെങ്കിൽ നിർബന്ധ കാര്യം കൽപിക്കലും നിഷിദ്ധ കാര്യം തടയലും നിർബന്ധമില്ല (ഇആനത്ത്: 4/278) 

നിഷിദ്ധ കാര്യങ്ങളെ എതിർത്താൽ വാശി മൂലം അത്തരം കാര്യങ്ങൾ കൂടുതൽ ചെയ്യുമെന്ന ധാരണ എതിർക്കുന്നവർക്കുണ്ടായാലോ?

എങ്കിൽ എതിർക്കരുത് നിർബന്ധ കാര്യങ്ങൾ കൽപിക്കുന്നതുമൂലം മത്സര ബുദ്ധിയോടെ ചെയ്യുന്ന നന്മയും കൂടി ഒഴിവാക്കുമെന്നു പ്രബോധകനു ധാരണയുണ്ടെങ്കിൽ അത്തരക്കാരോട് കൽപിക്കേണ്ട (ഇആനത്ത്: 4/279) 

കൈകൊണ്ട് തെറ്റ് തടയാൻ കഴിഞ്ഞില്ലെങ്കിലോ?

നാവുകൊണ്ട് പറഞ്ഞു തടയാൻ ശ്രമിക്കണം അതിനും സാധ്യമല്ലെങ്കിൽ  മനസുകൊണ്ട് അത്തരക്കാരെ വെറുക്കണം അതെല്ലാം ഫർളു കിഫായഃ (സാമൂഹിക ബാധ്യത)യാണ് (ഇആനത്ത്: 4/280) 

മനസുകൊണ്ട് വെറുക്കൽ വ്യക്തിപരമായ നിർബന്ധമല്ലെ?

അതേ, അതാണു പ്രബല വീക്ഷണം മനസുകൊണ്ടുള്ള വെറുപ്പ് ഫർളു ഐനാണ് മനസ്സിലെ വെറുപ്പിൽ ഫർളു കിഫായ എന്ന നിയമം രൂപപ്പെടില്ല (ഇആനത്ത്: 4/280) 

എല്ലാ കാലത്തും പണ്ഡിതരുണ്ടാകൽ സാമൂഹിക ബാധ്യതയല്ലേ?

അതേ, മതപരമായ ലക്ഷ്യങ്ങൾ സ്ഥാപിക്കാൻ കഴിവുള്ള പണ്ഡിതർ ഉണ്ടാവണം അല്ലാഹുവിന്റെ ആസ്തിക്യം, സിഫത്തുകൾ, പ്രവാചകത്വം, പരലോകം, അവിടെയുള്ള വിചാരണ മുതലായ കാര്യങ്ങൾ ലക്ഷ്യസഹിതം സ്ഥാപിക്കാൻ കഴിവുള്ളവരുണ്ടാകൽ ഫർളു കിഫയാണ് (ഇആനത്ത്: 4/277)

നിത്യജീവിതത്തിനു ആവശ്യമായ കർമശാസ്ത്രം പഠിക്കലോ?

അതു ഫർളു ഐനാണ് വ്യക്തിപരമായ നിർബന്ധം അതിനേക്കാൾ കൂടുതലായി പഠിക്കൽ ഫർളു കിഫയാണ് അനന്തര അവകാശ വിജ്ഞാനം പഠിച്ചവർ ഉണ്ടാവൽ  സാമൂഹിക ബാധ്യതയാണ് മതവിധി പ്രഖ്യാപിക്കാനും വിധിക്കാനും പറ്റുന്ന രീതിയിൽ പഠിച്ചവർ ഉണ്ടായിരിക്കണം (ഇആനത്ത്: 4/277) 

എതിർക്കാൻ വേണ്ടി മറ്റൊരാളുടെ ന്യൂനത അന്വേഷിക്കാമോ?

പാടില്ല അതു നിഷിദ്ധമാണ് അനുവാദം കൂടാതെ മറ്റൊരാളുടെ വീട്ടിൽ പ്രവേശിക്കലും നിഷിദ്ധമാണ് (ഇആനത്ത്: 4/280) 

വ്യക്തിപരമായ (ഫർളു ഐൻ) കാര്യങ്ങൾ പഠിക്കാൻ വേണ്ടി മാതാപിതാക്കളുടെ സമ്മതം കൂടാതെ യാത്ര പോകാമോ?

വ്യക്തിപരവും സാമൂഹികപരവുമായ കാര്യങ്ങൾ പഠിക്കാൻ വേണ്ടി മാതാപിതാക്കളുടെ സമ്മതം കൂടാതെ യാത്ര പോകാം (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/301) 

നഹ് വ്, സ്വറഫ് എന്നിവ പഠിക്കാൻ യാത്ര പോകാമോ?

അതേ, അതുപോലെത്തന്നെ മൻത്വിഖ് (തർക്കശാസ്ത്രം) പഠിക്കാൻ വേണ്ടിയും മാതാപിതാക്കളുടെ സമ്മതം ഇല്ലെങ്കിലും യാത്ര പോകാം (ഇആനത്ത്: 4/301) 

നമ്മുടെ മദ്ഹബിൽ തെറ്റാണെന്നും അല്ലെന്നും അഭിപ്രായമുള്ള കാര്യം ഒരാൾ ചെയ്താൽ എതിർക്കൽ സാമൂഹിക ബാധ്യതയോ വ്യക്തിപരമായ ബാധ്യതയോ ഉണ്ടോ?

ഇല്ല (ഹാശിയത്തുന്നിഹായ: 1/231 നോക്കുക) 

ഒരാൾ മറ്റൊരാളെ വധിക്കാൻ ഒരുങ്ങുന്നുവെന്നറിഞ്ഞാലോ?

നിഷിദ്ധമായ വധത്തിൽ നിന്നു അവനെ തടയാൻ സാധിച്ചാൽ അതു നിർബന്ധമാണ് ഇതുപോലെത്തന്നെയാണ് ഒരാൾ വ്യഭിചരിക്കാൻ ഒരുങ്ങുന്നുവെന്നറിഞ്ഞാലും അവനെ തടയലും സാധ്യമെങ്കിൽ നിർബന്ധമാണ് (ഇആനത്ത്: 4/280) 

മോഷണത്തിനു ഒരുങ്ങുന്നുവെന്നറിഞ്ഞാലോ?

അവനെ തടയൽ നിർബന്ധമില്ല അതുപോലെത്തന്നെ പിടിച്ചു പറിക്ക് ഒരുങ്ങുന്നുവെന്നറിയലും എന്നാൽ ഇവ നടത്തുന്നത് കണ്ടാൽ സാധ്യമെങ്കിൽ തടയണം 

വ്യഭിചാരം, വധം എന്നിവ സംഭവിച്ചാൽ അവ വീണ്ടെടുത്ത് പരിഹരിക്കാൻ കഴിയില്ലല്ലോ അതുകൊണ്ടാണ് അവ അറിഞ്ഞാൽ തടയൽ നിർബന്ധമായത് എന്നാൽ അതുപോലെയല്ല മോഷണം, പിടിച്ചുപറി എന്നിവ അതു തിരിച്ചുവാങ്ങി പരിഹരിക്കാൻ കഴിയുമല്ലോ (ഇആനത്ത്: 4/280) 

എതിർക്കൽ അനിവാര്യമായതിനെ എതിർക്കാൻ സ്വയം കഴിയില്ലെങ്കിൽ മറ്റുള്ളവരുടെ സഹായം തേടി എതിർക്കേണ്ടതുണ്ടോ?

അതേ, സഹായത്തോടെ എതിർക്കണം (ഇആനത്ത്: 4/280) 

സുന്നത്തായ കാര്യങ്ങൾകൊണ്ട് കൽപിക്കുന്നതിന്റെ വിധി?

സുന്നത്ത് (ഇആനത്ത്:4/281) 

എല്ലാ വർഷവും ഹജ്ജ്, ഉംറഃ കൊണ്ട് കഅ്ബയെ സജീവമാക്കുന്നതിന്റെ വിധി?

സാമൂഹിക ബാധ്യത (ഇആനത്ത്: 4/282) 

ഈ ബാധ്യത സുന്നത്തായ ഹജ്ജ്, ഉംറഃ കൊണ്ട് ഒഴിവാകുമോ?

അതേ, ഒഴിവാകും (ഇആനത്ത്: 4/282) 

മൂക്ക്, കാത് എന്നിവ കുത്തി ആഭരണം അണിയുന്നവരെ വിമർശിക്കാമോ?

മൂക്ക് കുത്തൽ നിരുപാധികം നിഷിദ്ധമാണ് അതായത്, പുരുഷനും സ്ത്രീക്കും നിഷിദ്ധം അതു ചെയ്യുന്നവരെ സാധിക്കുമെങ്കിൽ തടയണം കാത് കുത്തൽ സ്ത്രീകൾക്ക് അനുവദനീയമാണ് (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/217) 

നമ്മുടെ മദ്ഹബിൽ നിഷിദ്ധമായതും എന്നാൽ മറ്റു മദ്ഹബിൽ അനുവദനീയമായതുമായ കാര്യം അനുവദനീയം എന്നു പറഞ്ഞ ഇമാമിനെ നുകരിച്ച് ചെയ്തവരെ വിമർശിക്കാമോ?

വിമർശിക്കാവതല്ല അഭിപ്രായ ഭിന്നതയുള്ള കാര്യം ആരെങ്കിലും ചെയ്താൽ, ചെയ്തവൻ പ്രസ്തുത വേളയിൽ നിഷിദ്ധമാണെന്ന വിശ്വാസത്തോടെയാണ് പ്രവർത്തിച്ചതെന്ന് അറിഞ്ഞാൽ മാത്രമേ അവനെ എതിർക്കാൻ പണ്ഡിതനു പറ്റുകയുള്ളൂ (ഇആനത്ത്: 4/279) 

നാട്ടിലെ മറ്റുള്ളവരെപോലെത്തന്നെയല്ലേ ഖത്വീബും നല്ല കാര്യം കൽപിക്കുന്നതിലും ചിത്ത വെടിയാൻ നിർദ്ദേശിക്കുന്നതിലും ഖത്വീബിനു കൂടുതൽ ബാധ്യതയുണ്ടോ?

ഖത്വീബിനും ഫർള് കിഫായാണ് മറ്റുള്ളവർ ചെയ്താൽ ഖത്വീബിന്റെ ബാധ്യത ഒഴിവാകും അതേസമയം ഖത്വീബിനു വെള്ളിയാഴ്ചയും മറ്റും നിർബന്ധ കാര്യങ്ങൾ കൽപിക്കാനും നിഷിദ്ധം എതിർക്കാനും നല്ല അവസരമുണ്ട് അവ അദ്ദേഹം ചെയ്താൽ പുണ്യം കരസ്ഥമാക്കാം അത് കൂടുതൽ പ്രയോജനപ്രദവുമാണ് 

സാമൂഹിക ബാധ്യതയിൽ സ്ത്രീ പെടുമോ?

അതേ, ഓരോ വ്യക്തിക്കും (പുരുഷൻ, സ്ത്രീ) നിർബന്ധമാണ് 

ഇൽമുത്തസ്വവ്വുഫ് എന്നാലെന്ത്?

ഹാജി ഖലീഫ നിർവചിക്കുന്നത് ഇങ്ങനെ: 'പരിപൂർണത ലക്ഷ്യമിടുന്ന മനുഷ്യർ അവരുടെ വിജയത്തിന്റെ സോപാനങ്ങൾ എങ്ങനെ കയറിപ്പോകണമെന്നും പ്രസ്തുത പടികൾ അവർക്കു നേരിട്ടേക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും മനുഷ്യകഴിവിനനുസരിച്ച് ഗ്രഹിക്കാനുതകുന്ന വിജ്ഞാനശാഖയാണ് ഇൽമുത്തസ്വവ്വുഫ്(കശ്ഫുള്ളുനൂൻ: 1/413) 

തസ്വവ്വുഫ് എന്ന പദത്തിന്റെ ഉത്ഭവം?

തെളിമ എന്ന അർത്ഥമുള്ള سَفَاء എന്ന ധാതുവിൽ നിന്നു പരിണമിച്ചാണ് തസ്വവ്വുഫ് എന്നത് (ഹിൽയതുൽ ഔലിയാഅ്: 1/17) 

ഏതു കാലം മുതൽക്കാണ് സ്വൂഫികൾ എന്ന പേരിൽ മഹാന്മാരെ അറിയപ്പെടാൻ തുടങ്ങിയത്?

ഇബ്നു ഖൽദൂം വിവരിക്കുന്നു: 'രണ്ടാം നൂറ്റാണ്ടിലും അതിനു ശേഷവും ഐഹിക ആഢംബര പ്രമത്തത ജനങ്ങളിൽ വ്യാപകമായപ്പോൾ ആരാധനാ നിമഗ്നരായി കഴിഞ്ഞുകൂടിയവർക്ക് സ്വൂഫിയ്യത്ത് എന്ന പേർ അറിയപ്പെട്ടു (മുഖദ്ദിമ: 449) ഹിജ്റഃ -ൽ വഫാതായ അബൂഹാശിം (റ) അവർകളാണ് ആദ്യമായി സ്വൂഫി എന്ന പേരിൽ അറിയപ്പെട്ടത് (കശ്ഫുള്ളുനൂൻ: 1/414) 

സയ്യിദുത്ത്വാഇഫഃ എന്ന പേരിൽ പ്രസിദ്ധരായ വ്യക്തി?

സ്വൂഫി ലോകത്തിലെ വെള്ളിനക്ഷത്രം ജുനൈദുൽ ബഗ്ദാദി (റ) 

ത്വരീഖത്ത് എന്നാലെന്ത്?

വിലക്കപ്പെട്ടതും സംശയാസ്പദമായ കാര്യങ്ങളെ പൂർണമായും വെടിഞ്ഞ്, സൂക്ഷ്മത പാലിച്ചുകൊണ്ടും ജീവിക്കുന്ന അവസ്ഥയാണ് ത്വരീഖത്ത് (ശർഹുൽ അദ്കിയാ) 

ഹഖീഖത്ത് എന്നതിന്റെ വിവക്ഷ?

ശൈഖ് ദഹ്ലാൽ (റ) പറയുന്നു: ത്വരീഖത്തിന്റെ  ഫലമായി ലഭിക്കുന്ന പരമ യാഥാർത്ഥ്യം (حقّ اليقين) വ്യക്തമാകുംവിധം പദവി കരസ്ഥമാക്കുന്നതിനാണ് ഹഖീഖത്ത് എന്നു പറയുക (തഖ് രീബുൽ ഉസ്വൂൽ, പേജ്: 26) 

ഹഖീഖത്ത് എന്ന പദവിയിലെത്തിയവർക്ക് واصلين എന്ന പ്രയോഗം ഉണ്ടോ?

അതേ, ശരീഅത്ത് പദവിയിലുള്ളവർക്ക് طَالِبِين എന്നും ത്വരീഖത്ത് പദവിയിലുള്ളവർക്ക് سَاءِرِين എന്നും ഹഖീഖത്ത് പദവിയിലുള്ളവർക്ക് واسلين എന്നും السّيْرُ فِي الله എന്നും  സാങ്കേതിക പ്രയോഗം ഉണ്ട്  

തർബിയത്തിന്റെ ശൈഖ് എന്നു പറയാറുണ്ടല്ലോ അതിന്റെ ഉദ്ദേശ്യം?

വളർത്തിയെടുക്കുന്ന ശൈഖ് എന്നാണ് ഭാഷാർത്ഥം 'തന്റെ മുരീദ് അല്ലാഹുവിലേക്ക് ചേരുകയും സൽവൃത്തനാവുകയും ചെയ്യുന്നതുവരെ അൽപാൽപമായി മാർദ്ദവത്തിലൂടെ  വളർത്തിയെടുക്കുന്ന ശൈഖാണ് മുറബബിയായ ശൈഖ് ' (സാദു മുസ്ലിം: 2/358) 

മുറബ്ബിയായ ശൈഖ് എല്ലാവർക്കും അനിവാര്യമാണോ?

പൈശാചിക കെണിയിൽ പെടാതെ  ആത്മീയ ജീവിതത്തിനു കൂടുതൽ സഹായകമാക്കുന്നത് മുറബ്ബിയായ ശൈഖ് ഉണ്ടാകുമ്പോഴാണ് ആ നിലക്ക് അനിവാര്യം എന്നു പറയാം ശർഇയ്യായ അനിവാര്യം, നിർബന്ധം അല്ല അതായത് മുറബ്ബിയായ ശൈഖ് ഇല്ലാത്തവൻ അതുമൂലം കുറ്റക്കാരനാവില്ല 
ശൈഖ് അനിവാര്യമാണ്, നിർബന്ധമാണ് എന്ന പണ്ഡിതരുടെ ഉദ്ദേശ്യം  ശർഇയ്യായ 'വുജൂബ് ' അല്ല ഇതു അവിതർക്കിതമാണ് 

ആത്മശുദ്ധിക്കാവശ്യമായ കാര്യങ്ങൾപഠിക്കൽ നിർബന്ധമാണോ?

അതേ, നിർബന്ധം തന്നെ അക്കാര്യം ഇമാം ഇബ്നു ഹജർ (റ) വ്യക്തമാക്കിയിട്ടുണ്ട് (നല്ല ശൈഖ് ഉണ്ടെങ്കിൽ ആ പഠനം എളുപ്പമാകും) (തുഹ്ഫ: 9/214) 

ശൈഖില്ലാത്തവന്റെ ശൈഖ് ഇബ്ലീസാണെന്ന് പറയപ്പെടാറുണ്ടല്ലോ അതു ഹദീസാണോ?

ഹദീസായി കണ്ടിട്ടില്ല മഹൽവാക്യമാണ് ശൈഖ് ഇല്ലാത്തവനെ വഴിതെറ്റിക്കാൻ ഇബ്ലീസിനു എളുപ്പമാണെന്നതിന്റെ ഉദ്ദേശ്യം 

ഖുത്വ് ബ് എന്ന പദത്തിന്റെ ഭാഷാർത്ഥമെന്ത്?

ആസിൻ കല്ലിന്റെ അടിയിലെ അട്ടിയുടെ നടുവിൽ നിൽക്കുന്ന കുറ്റി എന്നാണു ഭാഷാർത്ഥം അതിന്മേലാണ് മേലെ അട്ടി ചുറ്റുന്നത് അതിനു അച്ചുതണ്ട്, നാരായ കുറ്റി എന്നല്ലാം പറയും ഔലിയാക്കളുടെ  അധ്യക്ഷപദവിയെന്നതാണ് സാങ്കേതികമായി ഖുത്വ് ബ് എന്നതിന്റെ വിവക്ഷ 

ശൈഖു തർബിയ്യത്തും ശൈഖുൽ മുർശിദും ഒന്നാണോ?

അതേ, രണ്ടിന്റെയും വിവക്ഷ ഒന്നാണ് 

ശൈഖ് എത്രവിധമുണ്ട്?

നാല് 
(1) ശൈഖുത്തഅല്ലും
(2)  ശൈഖുത്തബർറുക് 
(3) ശൈഖുത്തർബിയ്യ 
(4) ശൈഖുൽ മുർശിദ് (തർബിയത്ത്)

ശൈഖുൽ മുറബ്ബി മുറിഞ്ഞോ?

ഇല്ല മുറിയില്ല ഖിയാമത്തു നാൾ അടുക്കുംവരെ മുറബ്ബിയായ ശൈഖ് ലോകത്തുണ്ടാകും മുറിഞ്ഞെന്നു ചിലർ പറയുന്നത് സമ്പൂർണമായ തർബിയത്ത് എന്നർത്ഥത്തിലാണെന്നു ഇമാമുകൾ വ്യാഖ്യാനിച്ചിട്ടുണ്ട് മുറബ്ബി മുറിഞ്ഞെന്നു വാദിക്കുന്നവരെ ഇമാമുകൾ വിമർശിച്ചിട്ടുണ്ട് (ശർഹു റദ്ദിസ്സിഹ്ർ, പേജ്: 7) 

ദിക്ർ കൊണ്ട് ഉപകാരം ലഭിക്കാൻ അതു ഒരു ശൈഖിൽ നിന്നു കിട്ടിയതാവണം എന്ന നിബന്ധനയുണ്ടോ?

അങ്ങനെ നിരുപാധിക നിബന്ധനയില്ല എന്നാൽ ശൈഖ് പറഞ്ഞു കൊടുത്ത ദിക്ർ കൊണ്ട് പ്രയോജനം കിട്ടണമെങ്കിൽ ശൈഖ് ആരിഫാകണം, ദിക്ർ ചൊല്ലുന്നവനു അതിൽ ഭക്തി വേണം, ശൈഖിന്റെ സമ്മതം കിട്ടണം എന്നീ മൂന്നു നിബന്ധനകൾ ഉണ്ട് (തഫ്സീർ സ്വാവി: 1/23) 

ഒരാൾക്ക് ഒരു ശൈഖ് മാത്രമേ ഉണ്ടാകാവൂ എന്ന നിബന്ധനയുണ്ടോ?

അങ്ങനെ നിരുപാധിക നിബന്ധന പറയാവതല്ല കാരണം, മുൻകാമികളായ വലിയ ശൈഖുമാർക്ക് വരെ (ഉദാ: ശൈഖ് രിഫാഈ (റ)) ഒന്നിലധികം ശൈഖുമാർ ഉണ്ടായിരുന്നു എന്നാൽ തന്റെ ശൈഖ് 'ഇനി നീ ഞാൻ തന്നെ അമൽ മുറുകെ പിടിച്ച് ജീവിക്കുക ' യെന്നു  പറഞ്ഞാൽ വേറെ ശൈഖിനെ തേടിപ്പോവൽ അദബല്ല 

ശൈഖിന്റെ വാഗ്ദാനം പൂർത്തിയാക്കണമെന്നതിനു ഖുർആൻ സൂക്തമുണ്ടോ?

എല്ലാറ്റിനും ഖുർആൻ സൂക്തത്തിന്റെ ആവശ്യമില്ല എന്നാൽ ഇവ്വിഷയത്തിൽ സൂക്തമുണ്ട് 

സൂറതുൽ മാഇദയിലെ أوفوا بالعهود എന്ന ആയത്തിനെ വ്യാഖ്യാനിച്ചു കൊണ്ട് മശാഇഖുകൾ മുരീദുകൾക്ക് നൽകുന്ന വാഗ്ദാനം പൂർത്തിയാക്കുക എന്ന വ്യാഖ്യാനം മുഫസ്സിറുകൾ നൽകിയിട്ടുണ്ട് (തഫ്സീർ സ്വാവി: 1/229) 

തിരുനബി (സ) ക്ക് സ്വലാത്ത് വർധിപ്പിക്കൽ  മുറബ്ബിയായ ശൈഖിന്റെ സ്ഥാനത്താകുമോ?

ആകുമെന്നു പറഞ്ഞ ഇമാമുകൾ ഉണ്ട് (സ്വാദു മുസ്ലിം: 2/384) 

മുറബ്ബിയായ ശൈഖ് ചൊല്ലാൻ പറഞ്ഞ ദിക്റിനാണോ കൂടുതൽ മഹത്വം?

അതേ (മസ്ലകുൽ അദ്കിയാ) 

ശൈഖ് സയ്യിദ് (അഹ്ലുബൈത്) ആവണമെന്ന നിബന്ധനയുണ്ടോ?

ഇല്ല പണ്ഡിതനാവണം 

ഔലിയാക്കളുടെ പദവികൾ?

ഖുത്ബ് എന്ന ഔദ്യോഗിക സ്ഥാനത്ത് ഒരാൾ മാത്രമാണുണ്ടാവുക ഔതാദ് എന്ന സ്ഥാനത്ത് നാലുപേരുണ്ടാകും അബ്ദാൽ എന്ന സ്ഥാനത്ത് ഏഴുപേർ നുഖബാഅ് എന്ന സ്ഥാനത്ത് നാൽപതുപേർ നുജബാഅ് എന്ന പേരിൽ മുന്നൂറ് പേര് ഖുത്ബ് മരണപ്പെട്ടാൽ അബ്ദാലിൽ പെട്ട ഏറ്റവും ഉത്തമരെ ഖുത്ബിന്റെ സ്ഥാനത്തേക്ക് അല്ലാഹു നിയമിക്കും  

മജ്ദൂദ് മുറബ്ബിയാണോ?

ജദ്ബിലെ അവസ്ഥയിൽ മുറബ്ബിയല്ല (അവാരിഫുൽ മആരിഫ്, പേജ്: 79) 

ചില സ്വൂഫികൾ 'എനിക്ക് നിസ്കാരം നിർബന്ധമില്ലാത്ത അവസ്ഥയാണെന്ന് ' വാദിച്ചാൽ?

സ്വൂഫികൾ അങ്ങനെ വാദിക്കില്ല കള്ള സ്വൂഫികളാണ് വാദിക്കുക ആ വാദം ഉന്നയിക്കുന്നവൻ ഇസ്ലാം മതത്തിൽ നിന്നു പുറത്തു പോകും (തുഹ്ഫ: 9/88) 

വഹ്ദതുൽ വുജൂദ് എന്നാലെന്ത്?

സ്വന്തം ചിന്ത നഷ്ടപ്പെട്ട് പ്രാപഞ്ചിക വസ്തുക്കളെയോ വസ്തുതകളെയോ കാണാത്ത, ഏകനായ അല്ലാഹുവിനെ മാത്രം കാണുന്ന സ്വൂഫിവര്യന്റെ ആത്മീയ അനുഭവവും അവസ്ഥയുമാണ് വഹ്ദതുൽ വുജൂദ്, വഹ്ദതുശ്ശുഹൂദ് എന്നും ഇതിനു പേരുണ്ട് (ഇഹ്‌യ: 4/83, 84 നോക്കുക) 

കുത്ത് റാത്തീബ് അനുവദനീയമാണോ?

കുത്ത് റാത്തീബ് എന്ന കർമം അതുകൊണ്ട് അപകടം വരില്ലെന്ന തന്റെ പതിവുകൊണ്ടോ പ്രത്യേക അനുഭവം കൊണ്ടോ ബോധ്യം വന്ന ആളുകൾക്ക് അനുവദനീയമാണ് (തുഹ്ഫ: 10/221 ൽ നിന്നു ഇക്കാര്യം ബോധ്യപ്പെടും) 

ഇമാം ഗസാലി (റ) വിന്റെ  ഇഹ്‌യാ ഉലൂമിദ്ദീനിൽ ഉള്ളത് അവലംബയോഗ്യമല്ലേ?

അതേ, അതനുസരിച്ച് അമൽ ചെയ്യാം 

ഇഹ്‌യാഇലുള്ള പലതിനെയും നമ്മുടെ ഫുഖഹാക്കൾ വിമർശിച്ചിട്ടുണ്ടല്ലോ?

അത്തരം കാര്യങ്ങൾ മദ്ഹബിൽ പ്രബലമല്ല എന്ന അർത്ഥത്തിലാണ് അവർ പരാമർശിച്ചത് അവയും സ്വയം പ്രവർത്തിക്കാം പ്രതിഫലാർഹമാണ് 

'ഉഖലാഉൽ മജാനീൻ' എന്നാലെന്ത്?

ബുദ്ധിയുള്ള ഭ്രാന്തന്മാർ എന്നാണതിന്റെ അർത്ഥം ഔലിയാക്കളിൽപ്പെട്ട മജ്ദൂബികൾക്ക് ഇമാമുകൾ ആദരവോടെ നൽകിയ വിശേഷണമാണത് (അൽ ഫുതുഹുൽ മക്കിയ്യ: 1/315) 

ജദ്ബും ഭ്രാന്തും തമ്മിലുള്ള അന്തരം?

ഭ്രാന്തിനു കാരണം ചില ഭക്ഷ്യപദാർത്ഥങ്ങൾ, വിശപ്പ്, ഭയം പോലെയുള്ള പ്രകൃതിപരമായ കാരണങ്ങളാണ് എന്നാൽ മജ്ദൂബീങ്ങളുടെ വിശേഷബുദ്ധി പോകാനുണ്ടായ കാരണം പെട്ടെന്ന് അവർക്കെത്തിയ ഇലാഹീയായ വെളിപ്പെടലുകളാണ് അവരുടെ ബുദ്ധി അല്ലാഹുവിന്റെ അരികിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് 

സ്വപ്നം വഴി തർബിയത്തുണ്ടോ?

ഉണ്ട് അതിനു 'ഫൈളുൽ ബറകാത്ത് ' എന്നു സ്വൂഫികൾ പറയും (തഫ്രീഹുൽ ഖാത്വിർ, പേജ്:5) 

തർബിയ്യത്തുർറൂഹ് എന്നാലെന്ത്?

കേവലം ആത്മീയ തർബിയത്തിനാണ് പ്രസ്തുത പേര് പറയുക നബി (സ) യുടെ ആത്മാവ് മറ്റു അമ്പിയാക്കളുടെ ആത്മാക്കളെ തർബിയത്ത് ചെയ്തത് ഉദാഹരണം (തഫ്രീഹുൽ ഖാത്വിർ, പേജ്: 5)  

ഏറ്റവും നല്ല ധനസമ്പാദന മാർഗ്ഗം ഏതാണ് ?

കൃഷി പിന്നെ കൈത്തൊഴിൽ പിന്നെ കച്ചവടം  (ഫത്ഹുൽ മുഈൻ 158)

ജ്യേഷ്ഠന്റെ മകന് അനിയന്റെ മകളെ വിവാഹം കഴിക്കാമോ ? 

കഴിക്കാം പക്ഷെ ഇത്ര അടുത്ത കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുന്നത് നല്ലതല്ല കാരണം വികാരം കുറയുകയും അതുകാരണം ജനിക്കുന്ന കുട്ടികൾ മെലിഞ്ഞവരാവുകയും ചെയ്യും  (ഫത്ഉൽമുഈൻ 243)

സന്താനനിയന്ത്രണം അനുവദനീയമാണോ ?

വന്ധീകരണവും അതിന്റെ ശസ്ത്രക്രിയയും ഗർഭം അലസിപ്പിക്കലുമൊക്കെ കടുത്ത പാപമാണ് എന്നാൽ താൽക്കാലിക മാർഗ്ഗങ്ങളിലൂടെ ഗർഭധാരണം നിയന്ത്രിക്കാം (ഇഹ്യാ ഉലൂമിദ്ദീൻ ,തുഹ്ഫ 7/186,8/241,9/41)

വീണുകിട്ടിയ പണം എന്ത് ചെയ്യണം ? 

അങ്ങാടിയിലും പള്ളിയിലും ഒരു വർഷം  (സംഖ്യയുടെ വലിപ്പമനുസരിച്ച് ഏറ്റക്കുറച്ചിലാവാം) പരസ്യം ചെയ്യുക എന്നിട്ടും ആരും വന്നില്ലെങ്കിൽ വന്നാൽ കൊടുക്കാം എന്ന നിലക്ക് അവന് ഉടമപ്പെടുത്താം (ഫത്ഹുൽ മുഈൻ)

കിട്ടിയത് ഭക്ഷണവസ്തുക്കളാണെങ്കിലോ ?

അത് കേട് വന്നുപോകാനിടയുള്ളതുകൊണ്ട് സ്വയം ഭക്ഷിക്കുക അതിന്റെ വില ഉടമസ്ഥൻ വന്നാൽ കൊടുക്കുക (ഫത്ഹുൽ മുഈൻ )

സ്ത്രീകൾ വടിച്ചു കളഞ്ഞ മുടി അന്യ പുരുഷൻമാർക്ക് കാണാൻ പറ്റുമോ ?

ഇല്ല അതുകൊണ്ട് തന്നെ അവ കാണാത്ത സ്ഥലത്ത് ഉപേക്ഷിക്കൽ നിർബന്ധമാണ് (ഫത്ഹുൽ മുഈൻ )

ഓപ്പറേഷനുവേണ്ടി ബോധം കെടുത്തിയ ആൾ ബോധം വന്നതിനുശേഷം ആ സമയത്തുള്ള നിസ്കാരങ്ങൾ ഖളാഹ് വീട്ടേണ്ടതുണ്ടോ ? 

ഇല്ല സ്വയം ബോധം പോയാലും ഇങ്ങനെ തന്നെ  (തുഹ്ഫ 1/454)

മദ്യപിച്ച് അബോധാവസ്ഥയിലായവന്റെ നിസ്കാരങ്ങൾ എന്തു ചെയ്യണം 

മദ്യപാനം കടുത്ത ഹറാമാണ് നിസ്കാരം ഖളാഹ് വീട്ടുകയും വേണം  (തുഹ്ഫ 1/433)

സ്ത്രീകൾ വുളു എടുക്കുമ്പോൾ തലമറക്കൽ നിർബന്ധമുണ്ടോ ?

ഇല്ല അന്യപുരുഷന്മാർ കാണുമെങ്കിൽ തല മറക്കണം  

സംസം വെള്ളം നിന്നുകൊണ്ടാണോ കുടിക്കേണ്ടത് ?

അല്ല ഖിബ്ലക്ക് മുന്നിട്ട് ഇരുന്നാണ് സംസം കുടിക്കേണ്ടത് 

നബി  (സ) സംസം നിന്നു കുടിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ 

ശരിയാണ് അതും അനുവദനീയമാണ് എന്ന് പഠിപ്പിക്കാൻ വേണ്ടിയാണ് നബി  (സ) അങ്ങനെ ചെയ്തത് (തുഹ്ഫ 4/144)

കടം കൊടുക്കുന്നതിന്റെ വിധിയെന്ത്?

കടം വാങ്ങുന്നവനു അതു വാങ്ങേണ്ട അനിവാര്യ ചുറ്റുപാടില്ലെങ്കിൽ കടം കൊടുക്കൽ സുന്നത്താണ് (ഇആനത്ത്: 3/79) 

അനിവാര്യ ചുറ്റുപാട് എന്നതിന്റെ വിവക്ഷയെന്ത്?

വിഷപ്പടക്കാൻ ഒന്നും ഇല്ലാതിരിക്കുകയും കടംകൊടുക്കാതിരുന്നാൽ വിശന്നു മരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് അനിവാര്യ ചുറ്റുപാട് (ഇആനത്ത്: 3/79) 

കടം വാങ്ങൽ ഹറാമാകുന്ന രീതിയുണ്ടോ?

ഉണ്ട് കടം വാങ്ങാൻ നിർബന്ധിതനാവാത്തവൻ അവധിയില്ലാത്ത കടം ഉടനെ വീട്ടാനും അവധിയുള്ളത് അവധിയെത്തുമ്പോൾ വീട്ടാനും വ്യക്തമായ വഴിയൊന്നും മുന്നിൽ കാണാതെ കടംവാങ്ങൽ നിഷിദ്ധമാണ് (ഇആനത്ത്: 3/79) 

കടം കൊടുക്കൽ ഹറാമാകുന്നത് എപ്പോൾ?

കടം വാങ്ങിയവൻ അതു കുറ്റകരമായ മാർഗത്തിൽ ചെലവഴിക്കുമെന്നു അറിയുകയോ ധരിക്കുകയോ ചെയ്യുമ്പോൾ കടം നൽകൽ ഹറാമാണ് (ഇആനത്ത്: 3/79) 

കടം വാങ്ങിയവനു അതു വീട്ടാൻ കഴിയില്ലെന്നു അറിഞ്ഞു കടം കൊടുത്താലോ? 

ആ വേളയിൽ കടം വാങ്ങലും കൊടുക്കലും നിഷിദ്ധമില്ല (ഇആനത്ത്: 3/79) 

കടം വാങ്ങൽ എപ്പോഴാണ് നിർബന്ധം?

മതം അംഗീകരിച്ച നിർബന്ധിത  അവസ്ഥയിലായവൻ കടം വാങ്ങൽ നിർബന്ധമാണ് ഈ അവസ്ഥയുള്ളവനു കടം കൊടുക്കലും നിർബന്ധമാണ് (ഇആനത്ത്: 3/79) 

കടം നൽകൽ കറാഹത്തുള്ള അവസ്ഥയുണ്ടോ?*

ഉണ്ട് കറാഹത്തായ വേളയിൽ ചെലവഴിക്കാൻ വേണ്ടിയാണെങ്കിൽ കടം വാങ്ങലും കൊടുക്കലും കറാഹത്താണ് (തുഹ്ഫ- ശർവാനി: 5/36) 

കടം വാങ്ങുന്നതിൽ മുബാഹ് എന്ന വിധിയുണ്ടോ?

അതേ, ഒരു ധനികൻ ആവശ്യപ്പെടാതെ അവനു കൊടുക്കൽ മുബാഹാണ് (അനുവദനീയം) അപ്പോൾ കടം ധനികൻ വാങ്ങലും മുബാഹാണ് (ഇആനത്ത്:3/79) 

കടം ഉള്ളവർ യാത്ര പോകൽ?

കടം വീട്ടാനുള്ളവൻ കഴിവുള്ളവനാവുകയും കടം അവധിയെത്തിയതാവുകയും ചെയ്താൽ കടം വീട്ടാൻ മറ്റൊരാളെ ഏൽപിക്കാതെയോ കടക്കാരന്റെ സമ്മതമില്ലാതെയോ യാത്ര പുറപ്പെടൽ നിഷിദ്ധമാണ് (ഇആനത്ത്: 4/299) 

ഹജ്ജ്, ഉംറഃ യാത്രകൾക്കും ഇതുതന്നെയാണോ വിധി?

എല്ലാ യാത്രയ്ക്കും ഇതാണു വിധി 

കുട്ടിയുടെ സ്വത്ത് കടം കൊടുക്കാൻ രക്ഷാകർത്താവിനു അനുവദനീയമാകുമോ?

നിർബന്ധിത സാഹചര്യത്തിലല്ലാതെ താൻ കൈകാര്യകർത്താവായ വ്യക്തിയുടെ ധനം കടംകൊടുക്കൽ വലിയ്യിനു അനുവദനീയമല്ല കവർച്ച നടക്കുന്ന സമയമാണെങ്കിൽ ആ അനിവാര്യ ഘട്ടത്തിൽ കടം കൊടുക്കൽ രക്ഷിതാവിനു അനുവദനീയമാണ് (ഇആനത്ത്: 3/83) 

കടം വീട്ടുമ്പോൾ വർധിപ്പിക്കാമോ?

കടം വീട്ടുന്ന വേളയിൽ വാങ്ങിയതിലും അധികം തിരിച്ചു കൊടുക്കൽ സുന്നത്താണ് ആ വർദ്ധനവ് കടം കൊടുത്തവനു വാങ്ങാവുന്നതാണ് (ഇആനത്ത്: 3/36) 

അധികം കിട്ടണം എന്ന ഉദ്ദേശ്യത്തോടെ കടം കൊടുക്കാമോ?

കടം വീട്ടുമ്പോൾ അധികം തിരിച്ചു നൽകൽ പതിവാക്കിയ വ്യക്തിക്ക് അധികം കിട്ടണമെന്ന ഉദ്ദേശ്യത്തോടെ കടം കൊടുക്കൽ കറാഹത്താണ് (ഇആനത്ത്: 3/36) 

കൂടുതൽ നൽകിയതു തിരിച്ചു വാങ്ങാമോ? 

കടം വാങ്ങിയവൻ കൂടുതൽ തിരിച്ചു കൊടുക്കുകയും ഞാൻ അത്രയും സംഖ്യ  തിരിച്ചുതരാനുണ്ടെന്ന ധാരണയിൽ നൽകിയതാണെന്നു വാദിക്കുകയും സത്യം ചെയ്യുകയും ചെയ്താൽ കൂടുതൽ നൽകിയതു തിരിച്ചു നൽകാം (ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/86) 

കടം വീട്ടാൻ കഴിയാത്തവനോട് ചോദിച്ചു ബുദ്ധിമുട്ടിക്കാമോ?

പാടില്ല കടബാധിതൻ ഞെരുക്കക്കാരനാണെന്നു തെളിവു മുഖേനയോ അവന്റെ സത്യം മുഖേനയോ സ്ഥിരപ്പെട്ടാൽ അവനോട് കടം തിരിച്ചു ചോദിച്ചു ബുദ്ധിമുട്ടിക്കൽ അനുവദനീയമല്ല, നിഷിദ്ധമാണ് കടം വീട്ടാൻ അവനു ശേഷിയുണ്ടാവുന്നതുവരെ താമസം ചെയ്തു കൊടുക്കൽ കടം നൽകി സഹായിച്ചവനു നിർബന്ധമാണ് (ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/109)



അലി അഷ്‌കർ : 95267 65555