Tuesday 4 February 2020

ഭരണസാരഥ്യമൊഴിയാന്‍ കൊതിച്ച്

 

ഞാൻ ഇസ്‌ലാം മതമാശ്ലേഷിച്ചപ്പോൾ മുഹമ്മദുർറസൂലുല്ലാഹി(സ്വ)യുടെ കൂടെ കേവലം ആറു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലിയ കഷ്ടപ്പാടും ദുരിതങ്ങളുമായിരുന്നു അന്ന് കൂട്ട്. വിശപ്പടക്കാൻ ഒന്നും കിട്ടാതെ നിരവധി ദിവസങ്ങൾ പട്ടിണിയായിരുന്നു. പാവങ്ങളെ പരിഗണിക്കുകയില്ലെന്ന് മാത്രമല്ല അവരോട് പകയായിരുന്നു പണക്കാർക്ക്. എല്ലുമുറിയെ പണിയെടുപ്പിച്ച് വേതനം നൽകാതെ വെറും കയ്യോടെ മടക്കിവിടും. പണമുള്ളവരായിരുന്നു കാര്യക്കാർ. ഇല്ലാത്തവർ സർവവിധേനയും അവഗണിക്കപ്പെട്ടു. ഞങ്ങൾക്ക് പച്ചിലയല്ലാതെ മറ്റൊന്നും ഭക്ഷിക്കാൻ ലഭിക്കാത്ത കാലമായിരുന്നു അത്. പച്ചിലകൾ തിന്നു വിശപ്പടക്കുന്നതു കാരണം ഞങ്ങളുടെ വായ മുഴുവനും വ്രണമായിരുന്നു. അസഹ്യമായ വേദനമൂലം വാ തുറക്കാമ്പോലും പ്രയാസപ്പെട്ടു. എനിക്കന്ന് ഒരു പുതപ്പ് ലഭിക്കുകയുണ്ടായി. ഞാനത് രണ്ടായി മുറിച്ച് ഒരു കഷ്ണം ഞാൻ ധരിച്ചു. മറ്റേത് സഅദുബ്നു മാലിക്കിനു നൽകി….

മുസ്‌ലിംകളുടെ അംഗസംഖ്യ വളരെ പരിമിതമായിരുന്ന ആദ്യകാലത്തെ ദുരിതപൂർണമായ നേർകാഴ്ച അയവിറക്കുന്ന ഈ സുകൃതൻ ഉത്ബത്ബ്നു ഗസ്വാൻ(റ) ആണ്. “മാസനി” ഗോത്രക്കാരനായ ഇദ്ദേഹം ഖുറൈശി കിങ്കരന്മാരുടെ കിരാത മർദനങ്ങൾക്ക് വിധേയനായി. എല്ലാം തൃണവൽഗണിച്ച് തിരുദൂതരെ നിഴൽപോലെ പിന്തുടർന്നു. ബദ്ർ തുടങ്ങി എല്ലാ രണാങ്കണങ്ങളിലും തിരുദൂതരുടെ കൂടെ നിലകൊണ്ടു. മതപ്രചാരണത്തിനായി അദ്ദേഹം വരിച്ച ത്യാഗങ്ങൾ അതിരറ്റതായിരുന്നു.

അക്രമങ്ങളിൽ വീർപ്പുമുട്ടിക്കഴിയുന്ന അനുചരന്മാർക്ക് എത്യോപ്യയിൽ അഭയം തേടാൻ തിരുനബി(സ്വ) അനുമതി നൽകിയപ്പോൾ ഉത്ബതും പുറപ്പെട്ടു. തിരുറസൂലിനെ പിരിഞ്ഞുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന് ശത്രുപീഡനങ്ങളേക്കാൾ അസഹ്യമായി തോന്നിയത്. കാതങ്ങൾ താണ്ടി അബ്സീനിയയിലെത്തി. ദിനങ്ങൾ തള്ളിനീക്കി. നബി(സ്വ)യുടെ അഭാവം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. അവിടെ നിൽക്കാൻ കഴിയാതെ മക്കയിലേക്കു തന്നെ തിരിച്ചുപോന്നു ആ പ്രവാചകപ്രേമി.

തിരുദൂതർ (സ) യസ്രിബിലേക്ക് ഹിജ്റ പോകുന്നതു വരെ മക്കയിൽ ദുരിതങ്ങളേറ്റു കഴിഞ്ഞു അദ്ദേഹം. പിന്നെ മറ്റു സത്യസാക്ഷികളോടൊപ്പം അദ്ദേഹവും യസ്രിബിലേക്ക് പുറപ്പെട്ടു. അനാചാരങ്ങളുടെയും അന്ധവിശ്വാസത്തിന്റെയും നിർമാർജനത്തിനും ഇസ്‌ലാമിക പ്രബോധനത്തിനുമായി ഉത്ബത്(റ) ഊർജം വിനിയോഗിച്ചു.

പ്രവാചകവിയോഗത്തിനു ശേഷം ഖലീഫമാരുടെ ഭരണകാലം. പേർഷ്യൻ സാമ്രാജ്യത്വത്തിന്റെ ഉരുക്കുമുഷ്ടിയിൽ കിടന്നു പിടയുന്ന പ്രദേശമായിരുന്നു അന്ന് ഉബല്ല. ആ നാടിന്റെ മോചനത്തിനായി രണ്ടാം ഖലീഫാ ഉമർ(റ) നിയോഗിച്ചത് ഉത്ബതിനെയായിരുന്നു.

“റബ്ബിന്റെ നാമത്തിൽ അവനിൽ പ്രതീക്ഷയർപ്പിച്ച് അവിടെ സൈനികസമേതം പ്രവേശിക്കുക. ആ ജനസമൂഹത്തെ ഇസ്‌ലാമിലേക്കു ക്ഷണിക്കുക. സത്യമതം അവർക്കു വിശദീകരിക്കുക. അവിശ്വാസികൾക്ക് ജിസ്യ ഏർപ്പെടുത്തുക. അക്രമികളോട് വിട്ടുവീഴ്ച വേണ്ടതില്ല.”

ഖലീഫയുടെ നിർദേശം നെഞ്ചിലേറ്റി ഉത്ബയും കൂട്ടരും ഉബെല്ലയിൽ കടന്നു. പേർഷ്യൻ സൈന്യം വലിയ സന്നാഹത്തോടു കൂടി നിൽക്കുകയായിരുന്നു.

ഉത്ബത്(റ) ആയുധമണിഞ്ഞു. സൈനികരുടെ മുമ്പന്തിയിൽ തന്നെ നിലയുറപ്പിച്ചു. അവരോട് ഹ്രസ്വമായി സംസാരിച്ചു:

“അല്ലാഹു മഹാനാണ്. അവൻ നൽകിയ വാഗ്ദത്തം ഇതാ നിറവേറാൻ പോകുന്നു. അതേ, സത്യസാക്ഷികൾക്ക് വിജയം നൽകുക തന്നെ ചെയ്യുമെന്ന റബ്ബിന്റെ അജയ്യമായ വാഗ്ദാനം മറികടക്കാൻ ഒരു ശത്രുസന്നാഹത്തിനും സാധ്യമല്ല. നാമത് നിഷ്പ്രയാസം കൈവരിക്കുക തന്നെ ചെയ്യും….”

തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ യുദ്ധമാരംഭിച്ചു. ഏറെ വൈകാതെ തന്നെ പേർഷ്യക്കാരുടെ അധീനതയിൽ നിന്ന് ഉബല്ലാ മോചിപ്പിച്ചു. ആ പ്രദേശം ഇസ്‌ലാമിക കൊടിക്കു കീഴിൽ പരിലസിച്ചു.

നാളുകൾക്കുശേഷം മദീനയിലേക്ക് മടങ്ങാനും ഭരണാധികാരം കൈയൊഴിയാനും ഉത്ബ(റ) തീരുമാനിച്ചു. ഖലീഫയെ വിവരമറിയിച്ചു. പക്ഷേ, ഉമർ(റ) അതിന് സമ്മതിച്ചില്ല. ജനങ്ങൾക്ക് മതം പഠിപ്പിച്ചും നീതി നിർവഹണം നടത്തിയും നിസ്കാരത്തിന് നേതൃത്വം നൽകിയും സേവനം തുടരാനായിരുന്നു കൽപന. നേതാവിന് വഴങ്ങി അദ്ദേഹം പ്രപഞ്ചത്യാഗത്തിലും ദൈവഭക്തിയിലും അവിടെതന്നെ കഴിഞ്ഞുകൂടി. കടന്നുപോന്ന വഴികളെക്കുറിച്ചും വരാനിരിക്കുന്ന കടമ്പകൾ ഓർത്തും ആഢംബരവും അമിതവ്യയവും അദ്ദേഹം അന്യം നിറുത്തി ജീവിച്ചു. അവയെല്ലാം തന്റെ മതത്തിന് ആപത്തായി പരിണമിക്കുമെന്ന് ഉറച്ചുവിശ്വസിച്ചു. ലാളിത്യവും മിതത്വവും മുഖമുദ്രയാക്കി.

ഏകാധിപത്യ ഭരണവും സുഖാഢംബര ജീവിത രീതികളും മാത്രം ഭരണാധികാരികളിൽ നിന്ന് കണ്ടും കേട്ടും പരിചയിച്ച തദ്ദേശീയർക്ക് ഇസ്‌ലാമിക ഭരണാധികാരിയായ ഉത്ബത്(റ)ന്റെ ലാളിത്യ ജീവിതം ആശ്ചര്യകരമായിരുന്നു.

“നിങ്ങൾ ഐഹിക ജീവിതത്തിൽ ഉന്നതസ്ഥാനീയരും പാരത്രിക ജീവിതത്തിൽ നിസ്സാരരുമായിത്തീരുന്നതിനെ ഭയക്കുക.” പേർഷ്യൻ ഭരണാധികാരികളെപ്പോലെ സുഖലോലുപത പുണരണമെന്നു നിർദേശിച്ചവരോടും തന്റെ ലാളിത്യ ജീവിതം വിമർശിച്ചവരോടും ഉത്ബ(റ) ഉപദേശിച്ചു.

ഭരണാധികാരി എന്ന നിലയിൽ താൻ അനുവർത്തിക്കുന്ന രീതി ഇഷ്ടപ്പെടാത്തവരോട് മറ്റൊരിക്കൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എനിക്കു ശേഷം യഥാർത്ഥ ഭരണാധികാരികളെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കാം…”

ഹിജ്റ പതിനാലാം വർഷം ഹജ്ജ് കാലത്ത് തന്റെ ഒരു സുഹൃത്തിനെ ഭരണമേൽപിച്ച് ഉത്ബതുബ്നു ഗസ്വാൻ(റ) അല്ലാഹുവിന്റെ അതിഥിയായി മക്കയിലെത്തി. ഹജ്ജ് നിർവഹിച്ചു. ശേഷം മദീനയിൽ ചെന്ന് ഉമർ(റ)നെ കണ്ടു. ബസ്വറയുടെ ഭരണസാരഥ്യത്തിൽ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്നപേക്ഷിച്ചു. പക്ഷേ, ഖലീഫ ഉത്ബ(റ)യുടെ ആവശ്യം നിരസിച്ചുകൊണ്ടു പറഞ്ഞു:

“നിങ്ങളെല്ലാവരും ചേർന്ന് ഭരണഭാരങ്ങൾ എന്റെ ചുമലിൽ അർപ്പിച്ച് ഒഴിഞ്ഞുമാറുകയാണ്. ഇല്ല, ഞാനൊരിക്കലും അതിന് സമ്മതം തരില്ല. ബസ്വറയിലെ ഭരണസാരഥ്യം താങ്കൾതന്നെ തുടരുക.”

ഖലീഫയുടെ ഉറച്ച നിലപാടിൽ നിന്നും തലയൂരാൻ പഴുതു കാണായ്കയാൽ ഉത്ബ(റ) ബസ്വറയിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വാഹനപ്പുറത്ത് കയറുന്നതിനു മുമ്പ് അദ്ദേഹം ഖിബ്ലയിലേക്ക് തിരിഞ്ഞു മനമുരുകിത്തേടി:

“ദയാപരനായ രക്ഷിതാവേ, എന്റെ മനസ്സ് നിനക്കറിയാമല്ലോ, എന്നിട്ടും നീ എന്നെ ബസ്വറയിലേക്ക് മടക്കുകയാണോ? ഭരണാധികാരത്തിന്റെ അമിതഭാരം എന്റെ ചുമലിൽ വീണ്ടും നീ അർപ്പിക്കുകയാണോ?”

ആ തേട്ടം രക്ഷിതാവ് കേട്ടു. ബസ്വറയിലേക്കുള്ള മാർഗമധ്യേ ഉത്ബത്(റ) രോഗാതുരനായി. ഭരണജീവിതത്തിന്റെ തിരക്കിൽ നിന്നും മരണത്തിലേക്കും തുടർന്ന് ശാശ്വത ജീവിതത്തിലേക്കുമായി ആ യാത്ര. അന്ന് മഹാന് അമ്പത്തിയേഴ് വയസ്സായിരുന്നു.

(സുവറുമിൻ ഹയാതി സ്വഹാബ, ശറഹുമുസ്‌ലിം).


ടിടിഎ ഫൈസി പൊഴുതന