Sunday 19 August 2018

ഉളുഹിയ്യത്തിന്റെ (ബലി നൽകൽ) പൈസ മറ്റു ആവശ്യങ്ങൾക്ക് ചിലവഴിക്കാമോ ?



ഉള്‌ഹിയാ നിയമവും രീതികളും വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക


കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് 2018 ഓഗസ്റ്റ് മാസം നമുക്ക് സമ്മാനിച്ചത്. പ്രകൃതിയുടെ മേൽ മനുഷ്യൻ നടത്തിയ കയ്യേറ്റത്തിന് പ്രകൃതി  തിരിച്ചടി നൽകി എന്ന് വേണമെങ്കിൽ കരുതാം ഈ ദുരന്തത്തെ .

അതിനുമപ്പുറം നമ്മുടെ സൃഷ്ടാവിനെ മറന്നു ജീവിച്ച നമുക്ക് ഒരു മാറ്റം നൽകാൻ അല്ലെങ്കിൽ അവനെ ഒരു വേള ഓർക്കാൻ അവൻ നമുക്ക് തന്ന ചെറിയൊരു ദൃഷ്ടാന്തമായി ഈ വിപത്തിനെ കണക്കാക്കാം .

സോഷ്യൽ മീഡിയയിലും , മാധ്യമങ്ങളിലുമൊക്കെ വരുന്ന ഭീകരമായ ദൃശ്യങ്ങളോടടങ്ങിയ വാർത്തകൾക്കും ചർച്ചകൾക്കും എത്രയോ അപ്പുറമാണ് നേരിട്ടുള്ള ദുരന്ത മുഖത്തെ കാഴ്ചകൾ .

വിവരണാതീതമാണ് ഓരോ സ്ഥലത്തെയും കാഴ്ചകൾ , പട്ടു മെത്തയുടെ സുഖലോലുപതയിൽ കിടന്നവർക്കു നിമിഷങ്ങൾ കൊണ്ട് തല ചായ്ക്കാൻ ഇടമില്ലാതായിത്തീർന്നിരിക്കുന്നു. മത്സരിച്ചു മണി മാളികകൾ തീർത്തവർക്കു കണ്ണടച്ചു തീരും മുൻപേ മലവെള്ളപ്പാച്ചിലിൽ ആ സ്ഥലങ്ങൾ വെറും കല്ലും ചെളിയും നിറഞ്ഞ ദുർഘടമായ സ്ഥലമായിത്തീർന്നിരിക്കുന്നു . പണത്തിന്റെ ഹുങ്കിൽ കിട്ടുന്ന ആഹാരം മതിയാകാതെ അവനു ആഹരിക്കാൻ കഴിയുന്നതിനുമപ്പുറം വാങ്ങി കൂട്ടി വേസ്റ്റ് ബക്കറ്റിൽ തള്ളിയ മനുഷ്യൻ കഴിഞ്ഞ ദിവസങ്ങളിൽ ഒരു പിടി ആഹാരത്തിനായി കെഞ്ചുന്ന അവസ്ഥ . ബ്യൂട്ടി ഷോപ്പിലും , മറ്റു ക്രീമുകളും ഉപയോഗിച്ച് സുന്ദരമായി കൊണ്ട് നടന്ന മേനികൾ ശവ ശരീരങ്ങളായി വെള്ളത്തിൽ ഒഴുകി നടന്ന കരളലിയിപ്പിക്കുന്ന കാഴ്ചകൾ . അങ്ങനെ എത്രയെത്ര ദൃശ്യങ്ങൾ ഈ കാലവർഷം നമ്മെ പഠിപ്പിച്ചു .

ഇനി കേരളത്തെ പഴയ കേരളമാക്കി മാറ്റണമെങ്കിൽ കോടിക്കണക്കിനുമപ്പുറം പൈസ ചിലവഴിക്കേണ്ടതുണ്ട് . അപ്പോൾ നമ്മൾ കൊടുക്കുന്ന ചെറിയ സഹായം പോലും വലിയ ആശ്വാസമാണ് . അത്രയേറെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട് .

ഈ കുറിപ്പ് ഇവിടെ എഴുതാൻ കാരണം ചില മുസ്ലിം നാമധാരികളും , അന്യ മതത്തിൽപ്പെട്ട ചില സുഹൃത്തുക്കളും ഉളുഹിയ്യത്തിന്റെ പൈസ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്ന് പറഞ്ഞുള്ള പോസ്റ്റ് വളരെയധികം ഷെയർ ചെയ്യുന്നതായി കണ്ടു . 

അത് അങ്ങനെ പാടില്ല, അതിന്റെ ഇസ്ലാമിക നിയമ വശം പറഞ്ഞുകൊടുക്കുന്നവരെ ഏറ്റവും വലിയ വർഗീയ വാദിയും , മത തീവ്രവാദിയുമായി മുദ്ര കുത്തപ്പെടുന്ന ഒരു അവസ്ഥ വിശേഷം ആണിപ്പോൾ ഉള്ളത് .

ആ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇവിടെ കുറിക്കാം , ശേഷം മറുപടിയും വായിക്കാം 

മുസ്ലിം സമുദായത്തിന് ചെയ്യാന്‍ പറ്റുന്നൊരു കാര്യം പറയാം

ബലി പെരുന്നാള്‍ ആണ് അടുത്ത ആഴ്ച്ച വരാന്‍ പോവുന്നത്.മലബാറിലെ ഓരോ മഹല്ലിലും മിനിമം 10-15 പോത്തോനെയെങ്കിലും അറുക്കും.  അതായത് ശരാശരി ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് കിലോ വരെ ഇറച്ചിയുണ്ടാവും അതിന്. മഹല്ലിന്‍റെ പരിധിയില്‍ 300-500  വീടുകള്‍ക്ക് വീതിച്ചു കൊടുത്താല്‍ വീടൊന്നിന്  നാലോ അഞ്ചോ കിലോ ഇറച്ചിയാണ് ശരാശരി ഓരോ പെരുനാളിനും ലഭിക്കുന്നത്. ഇതൊക്കെ നേരെ ഫ്രിഡ്ജില്‍ കുത്തി നിറച്ച് വെക്കാറാണ് പതിവ്. തിന്ന് തീര്‍ക്കാന്‍ മിനിമം ഒരാഴ്ച്ചയെങ്കിലും എടുക്കാറുണ്ട്. ആയിരം കിലോ ഇറച്ചിക്ക് മുതല്‍ മുടക്ക് മാത്രം രണ്ട് ലക്ഷത്തോളം വരുമെന്നാണ് ഏകദേശമായൊരു കണക്ക്.

സാധാരണ പോലൊരു സാഹചര്യമല്ല ഇത്തവണ ഉള്ളത്. കേരളത്തിലെ പതിനൊന്ന് ജില്ലകളില്‍ മഴക്കെടുതിയും  വെള്ളപ്പൊക്കവും നേരിടുകയാണ്. ലക്ഷക്കണക്കതക്കിനാളുകളെ നേരിട്ടും അല്ലാതെയും ബാധിച്ച ദുരന്തം. ആയിരങ്ങള്‍ക്ക് വീടും കന്നുകാലികളും സര്‍വ സമ്പത്തും വെള്ളത്തിലായി കയറി കിടക്കാന്‍ പോലും സ്ഥലമില്ലാത്ത തരത്തില്‍ കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം നിറഞ്ഞ മഴക്കാലമാണിത്.  

അത് കൊണ്ട് ഇത്തവണ മഹല്ലുകള്‍ മുന്‍കെെയ്യെടുത്ത് ഓരോ പ്രദേശത്തും ബലി അറുക്കാന്‍ ആട് മാടുകളെ വാങ്ങി നല്‍കാന്‍ താല്‍പ്പര്യമുള്ളയാളുകളുടെ കെെയ്യില്‍ നിന്ന് പണം വാങ്ങിയ ശേഷം മഹല്ലിലെ വീട് ഒന്നിന്  ഒരു കിലോ ബലി ഇറച്ചി മാത്രം  ലഭിക്കുന്ന വിധത്തില്‍ ബലിയറുക്കുകയും ബാക്കി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ കേരളത്തില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവരുടെ  ആവശ്യങ്ങള്‍ക്കായോ  നല്‍കുകയും ചെയ്താല്‍ മിനിമം പത്ത്-ഇരുപത് കോടിയെങ്കിലും കേരള മുസ്ലിം സമുദായത്തിന് ഈ വകുപ്പില്‍ നല്‍കാന്‍ കഴിഞ്ഞേക്കും.  ബലിയറുക്കാന്‍ കരുതി വെച്ച പെെസ ഇങ്ങിനെ വക മാറ്റി ചിലവഴിക്കാമോ എന്നൊക്കെയുള്ള കര്‍മശാസ്ത്ര തര്‍ക്കങ്ങളും കടുംപിടുത്തങ്ങളും തീര്‍ത്ത് കൊടുക്കാന്‍  ഇസ്ലാമിക ലോകത്തെ പണ്ഡിതന്‍മാരും സംഘടനകളും മുന്‍കെെയ്യെടുക്കുകയും ചെയ്താല്‍ വളരെ ഈസിയായി ചെയ്യാവുന്നതേ ഉള്ളൂ.

ഓര്‍ക്കേണ്ടത് സാധാരണ നമ്മള്‍ പോലെ ഒരു മഹല്ലില്‍ പത്തും ഇരുപതും ആട് മാടുകളെ അറുത്ത് ജക പൊഗയാക്കി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളത്തിലെ വലിയൊരു വിഭാഗത്തിന് കയറി കിടക്കാന്‍ പോലും വീടില്ലാത്ത അവസ്ഥയിലാണ്. എന്നത്തെയും പോലെ ഈ പെരുന്നാളും കഴിഞ്ഞു പോവുന്നതിന് പകരം കുറച്ച് കൂടി ക്രിയാത്മകമായും പ്ലാനിങ്ങോടെയും ബലി പെരുന്നാളിനെ ഉപയോഗിക്കാന്‍ കേരള മുസ്ലിം നേതൃത്വങ്ങള്‍ മുന്‍കെെയ്യെടുത്താല്‍ അതൊരു ചരിത്രമാവും. വരാനിരിക്കുന്ന തലമുറകള്‍ക്കും പറയാന്‍ പറ്റിയ ചരിത്രം ..

(മുകളിൽ തന്നിരിക്കുന്നതാണ് എല്ലാവരും വലിയ പുണ്യമായി കണക്കാക്കി ഷെയർ ചെയ്യുന്നത്)

ഇനി ഉളുഹിയത്തിൽ ഈ വിഷയത്തെ പറ്റി ഇസ്‌ലാമിന്റെ വിധി നോക്കാം 

'മുസ്‌ലിംകൾ ഹജ്ജുപെരുന്നാളിന്റെ ബലിനിറുത്തിയും എണ്ണം കുറച്ചും ആ പൈസയെടുത്ത്‌ ദുരിതാശ്വാസത്തിനു  കൊടുക്കണമത്രെ!' 

എന്തോ നല്ല കാര്യമെന്ന മട്ടിൽ നിഷ്കളങ്കരായ മുസ്‌ലിംകളും അത്‌ ഫോർവേർഡ്‌ ചെയ്യുന്നു. 'വൺ ഫോർവേഡ്‌ സമം വൺ ഉളുഹിയ്യ' എന്ന് കരുതുന്നവർ പോലുമുണ്ട്‌. 

ആദ്യമേ പറയട്ടെ, ഇടുക്കിയിലും ആലുവയിലും വയനാട്ടിലും എന്ന് വേണ്ട വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിയ്ക്കുന്ന എല്ലാ മേഖലയിലും ഏറ്റവും സജീവമായ രക്ഷാപ്രവർത്തനങ്ങളുമായി മുസ്‌ലിം സംഘടനകൾ ഒരു ചുവട്‌ മുന്നിലുണ്ട്‌. അത്‌ ഏത്‌ ക്യാമ്പുകളിലും ആർക്കും പരിശോധിയ്ക്കാം. 24 മണിക്കൂർ ലൈവ്‌ കാണിക്കുന്ന ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും പോലും സമ്മതിച്ച കാര്യമാണു. അതിൽ മതമോ പ്രാദേശികഭേദങ്ങളോ ഒന്നും ഇല്ല. ഇരകളുടെ മതം നോക്കിയിരുന്നെങ്കിൽ അവർക്ക്‌ സങ്കികളെപ്പോലെ മാറി നിൽക്കുമായിരുന്നു. എന്നാൽ 'അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറയ്ക്കുന്നവൻ നമ്മിൽ പെട്ടവനല്ല' എന്ന പ്രവാചക അദ്ധ്യാപനമാണു വിശ്വാസികൾക്ക്‌ പ്രചോദനം. അവരത്‌ കഴിവിന്റെ മാക്സിമം ചെയ്യുന്നുണ്ട്‌. 

ഹജ്ജുമായി ബന്ധപ്പെട്ട വലിയ പെരുന്നാളിന്റെ ബലികർമ്മം വിശ്വാസപരമാണു. നിർബന്ധമായ ഒന്ന് മാറ്റി വച്ച്‌ മറ്റൊന്ന് ചെയ്യണം എന്നൊരു നിലപാട്‌ ഒരിക്കലും വിശ്വാസിയ്ക്കില്ല. നിർബന്ധമായ എല്ലാം ചെയ്യുക എന്നതാണു ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌. ദാനവും ബലിയും ഒരുപോലെ പ്രധാനമാണു.

പ്രവാചകൻ (സ) നിർവ്വഹിച്ച ആദ്യഹജ്ജിൽ തന്നെ സ്വന്തം കൈകൊണ്ട്‌ നിരവധി മൃഗങ്ങളെ അറുത്തതും എണ്ണം 100 തികയ്ക്കാൻ മറ്റൊരാളെ ഏൽപ്പിച്ചതും ചരിത്രമാണു. അന്നുമുണ്ട്‌ ദാരിദ്ര്യം, കഷ്ടപ്പാടുകൾ, ആവശ്യങ്ങൾ. പക്ഷെ ബലി കുറയ്ക്കുവാൻ പറഞ്ഞിട്ടില്ല. എന്നല്ല കൂട്ടുവാനാണു ആഹ്വാനം. പ്രിയപ്പെട്ടത്‌ സ്രഷ്‌ടാവിനു സമർപ്പിയ്ക്കുക എന്നതാണു ഉളുഹിയ്യയുടെ നിയ്യത്ത്‌. ബലിമാംസം വിശ്വാസികൾ ഭക്ഷണത്തിനാണു ഉപയോഗിയ്ക്കുന്നത്‌. സൗദിയിലൊക്കെയും ബാക്കി വരുന്ന ബലിമാംസം പാവപ്പെട്ട രാഷ്ട്രങ്ങളിലേക്കാണു സൗജന്യമായി നൽകുന്നത്‌. 

വലിയപെരുന്നാല്‍ ദിനം മനുഷ്യന്‍ ചെയ്യുന്ന പുണ്ണ്യ കര്‍മങ്ങളില്‍ വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപെട്ടതാണ്

 عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَا عَمِلَ آدَمِيٌّ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبَّ إِلَى اللَّهِ مِنْ إِهْرَاقِ الدَّمِ


എന്ന നബിതങ്ങളുടെ വാക്കില്‍ നിന്നും ഇത് നമുക്ക് മനസ്സിലാക്കാവുന്നതും നബിതങ്ങള്‍ സ്വന്തം ത്ര്‍ക്കരങ്ങളാല്‍ ഉളുഹിയത്ത് അറുത്ത് മാത്രക കാട്ടിയതുമാണ് .

ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വ്യക്തമാക്കുന്ന അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

നല്ല മനസ്സോടെ പ്രതിഫലം കാംക്ഷിച്ച് ആരെങ്കിലും ഉള്ഹിയ്യത്ത് നിര്‍വഹിച്ചാല്‍ അത് നരകത്തെ തടയുന്നതാണ്. നിങ്ങളുടെ ഉള്ഹിയ്യത്ത് മൃഗത്തിനെ നിങ്ങള്‍ നന്നാക്കുവീന്‍. കാരണം അത് നിങ്ങള്‍ക്ക് സ്വിറാത്ത് പാലം കടക്കാനുള്ള വാഹനമാണ് (ഹദീസ്). 

പെരുന്നാള്‍ ദിനത്തില്‍ മനുഷ്യന്‍ ചെയ്യുന്ന സുന്നത്തായ സത്കര്‍മങ്ങളില്‍ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് ബലി അറുക്കലാണ്. ബലി മൃഗങ്ങള്‍ അവയുടെ കുളമ്പുകളും രോമങ്ങളും കൊമ്പുകളുമായി പരലോകത്ത് വരും. 

ബലി മൃഗത്തിന്റെ രക്തം ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് അല്ലാഹുവിന്റെ അരികില്‍ വലിയ സ്ഥാനം പ്രാപിക്കുന്നതാണ്(ഹദീസ്). 

ബലി മൃഗത്തിന്റെ ആദ്യ രക്തത്തുള്ളി ഭൂമിയില്‍ പതിക്കുന്നതോടെ മുഴുവന്‍ ദോഷങ്ങളും പൊറുക്കപ്പെടും. ബലി മൃഗത്തിന്റെ മാംസവും രക്തവുമെല്ലാം എഴുപത് ഇരട്ടിയായി മീസാന്‍ എന്ന തുലാസില്‍ കൊണ്ടുവരപ്പെടുന്നതാണ്(ഹദീസ്). 

ബലി മൃഗത്തിന്റെ ഓരോ രോമം കണക്കെ പുണ്യം ലഭിക്കുന്നു(ഹദീസ്). 

സൗകര്യമുണ്ടായിരിക്കെ ഉള്ഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ എന്റെ മുസ്വല്ലയോട് അടുക്കരുതെന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു. ഇങ്ങനെ അനേകം ഹദീസുകളില്‍ ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യാത്രയുടെ സന്ദര്‍ഭത്തിലും ബലി അറുക്കുകയുണ്ടായി. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: ഞങ്ങള്‍ ഒരു യാത്രയില്‍ ആയിരിക്കവേ ബലി പെരുന്നാള്‍ വന്നപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഏഴ് പേരെ ചേര്‍ത്തുകൊണ്ട് വലിയ മൃഗത്തെ ബലി അറുക്കുകയുണ്ടായി. (തിര്‍മിദി 905). 

ഖുർആനിൽ നിന്ന്:

അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നില്ല.എന്നാല്‍ നിങ്ങളുടെ ധര്‍മ്മ നിഷ്ട്ടയാണ് അവങ്കല്‍ എത്തുന്നത്. അള്ളാഹു നിങ്ങള്ക്ക് മാര്‍ഗ ദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്തം പ്രകീര്തിക്കെണ്ടാതിനായി അപ്പ്രകാരം അവന്‍ അവയെ നിങ്ങള്ക്ക് കീഴ്പ്പെടുത്തി തന്നിരിക്കുന്നു.(നബിയേ, ) സദ്‌ വിര്തര്‍ക്ക് നീ സന്തോഷ വാര്‍ത്ത‍ അറിയിക്കുക. (വി കു: 22:37)

ഹദീസില്‍ നിന്ന്:

1) അനസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നമസ്കാരത്തിനുമുമ്പ് ഉള്ഹിയ്യത്ത് അറുത്താല്‍ അതവന്‍ തന്റെ ശരീരത്തിനു വേണ്ടി അറുത്തതാണ്. വല്ലവനും നമസ്കാരത്തിനുശേഷം അറുത്താല്‍ അവന്റെ ബലികര്‍മ്മം സമ്പൂര്‍ണ്ണമാവുകയും മുസ്ലിംകളുടെ ചര്യ അവന്‍ കരസ്ഥമാക്കുകയും ചെയ്തു. (ബുഖാരി. 7. 68. 454)

2) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) ബലിമൃഗത്തെ അറുത്തിരുന്നത് നമസ്കാരസ്ഥലത്തുവെച്ചായിരുന്നു. (ബുഖാരി. 7. 68. 459)

3) അനസ്(റ) പറയുന്നു: നബി(സ) രണ്ട് വെളുത്ത് തടിച്ചയാടുകളെ ഉള്ഹിയ്യത്തറുക്കുകയുണ്ടായി. ഞാനും അപ്രകാരം നിര്‍വ്വഹിക്കും. (ബുഖാരി. 7. 68. 460)

4) അനസ്(റ) നിവേദനം: ബിസ്മിയും തക്ബീറും ചൊല്ലി നബി(സ) തന്റെ കൈ കൊണ്ട് ഉളുഹിയ്യത്തറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 68. 465)

5) സലമ:(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ! കഴിഞ്ഞ കൊല്ലം ചെയ്തപോലെതന്നെയാണോ ഞങ്ങള്‍ ചെയ്യേണ്ടത്? എന്ന് അനുചരന്മാര്‍ ചോദിച്ചു. നബി(സ) അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത് സൂക്ഷിക്കുകയും ചെയ്തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്ന് ഞാന്‍ വിചാരിച്ചു. (ബുഖാരി. 7. 68. 476)

6) അബൂഉബൈദ്(റ) നിവേദനം: ശേഷം അലി(റ)യിന്റെ കൂടെയും ഞാന്‍ പങ്കെടുത്തു. ഖുതുബ: ക്ക് മുമ്പായി അദ്ദേഹവും പ്രസംഗിച്ചു. ശേഷം ഇപ്രകാരം പ്രസംഗിച്ചു. നബി(സ) ഉളുഹിയ്യത്തിന്റെ മാംസം മൂന്ന് ദിവസത്തിലധികം തിന്നുന്നതിനെ നിങ്ങളോട് വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 7. 68. 478)

ഈ വചനങ്ങളുടെ വെളിച്ചത്തില്‍ ബലി വളരെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണെന്നതില്‍ ഫുഖഹാഅ് ഏകോപിച്ചിരിക്കുന്നു. ഹനഫികള്‍ ഇതിന് വാജിബ് എന്നും ശാഫിഇകള്‍ സുന്നത്ത് മുഅക്കദ എന്നും പദപ്രയോഗം നടത്തിയിരിക്കുന്നു.

കൂടാതെ സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഈ പോസ്റ്റിന്റെ ബാക്കി ഭാഗം കൂടി കാണുക 

എന്നാല്‍ അടുത്ത കാലത്തായി സമുദായത്തിലെ ഒരു വിഭാഗത്തില്‍ പ്രത്യേകമായ ഒരു പ്രകൃതി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. 

സമുദായത്തിന്റെ ഇതര ആവശ്യങ്ങളെക്കുറിച്ച് വളരെ ചിന്ത അധികരിച്ച അവര്‍ അതിനുവേണ്ടി സാമ്പത്തിക സ്വരൂപണം നടത്തുന്നതിന് പകരം ആരാധനകള്‍ക്കും പ്രധാന നന്മകള്‍ക്കും ചിലവഴിക്കേണ്ട സമ്പത്ത് പ്രസ്തുത ആവശ്യങ്ങളിലാണ് ചിലവഴിക്കേണ്ടതെന്ന് വാദിച്ചുകൊണ്ടിരിക്കുന്നു. 

ഉദാഹരണത്തിന് ബലിയുടെയും ഫിത്ര്‍ സകാത്തിന്റെയും സമ്പത്ത് ഉപയോഗിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതാണ്, 

തൊഴില്‍ ഇല്ലാത്ത യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കേണ്ടതാണ്, 

പ്രബോധന ലക്ഷ്യങ്ങള്‍ക്ക് ടിവി ചാനലുകള്‍ ആരംഭിക്കേണ്ടതാണ്,
വിവിധ മീഡിയകളില്‍ മുന്നിട്ടിറങ്ങേണ്ടതാണ്, 

ഹോസ്റ്റലുകള്‍ സ്ഥാപിക്കേണ്ടതാണ്, 

കാലവിപത്തുകളില്‍ അകപ്പെട്ടവരെ സേവിക്കേണ്ടതാണ്.... 

അവരുടെ വാദം വിവിധ സമയങ്ങളിലായി ഇങ്ങനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

ഈ പറയപ്പെട്ട വിഷയങ്ങള്‍ എല്ലാം തീര്‍ച്ചയായും വലിയ ആവശ്യങ്ങളും ഇസ്‌ലാമിക സേവനങ്ങളുമാണ്. പക്ഷേ, ഇതിനുവേണ്ടി അവര്‍ ഉപയോഗിക്കുന്ന ശൈലി വ്യക്തമാക്കുന്നത് ബലിയും ഫിത്ര്‍ സകാത്തും ഒന്നും ആവശ്യമില്ല, റിലീഫ് പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ മാത്രം മതി എന്നാണ്. ഇത് ഒരുതരം പ്രത്യേക മാനസിക രോഗമാണ്. 
ഇപ്രകാരം വാചകങ്ങള്‍ ഉപയോഗിച്ച് ദീനീ കടമകളെ നിന്ദിക്കുന്ന ഇവര്‍ ഒരിക്കലും ഇങ്ങനെ പറയാറില്ല: നമ്മളുടെ കല്ല്യാണങ്ങളുടെ ചിലവുകള്‍ പത്ത് ശതമാനമെങ്കിലും കുറച്ച് ഉപരിസൂചിത കാര്യങ്ങള്‍ക്ക് ചിലവഴിക്കുക.! സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകട്ടെ, പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനാകട്ടെ, കച്ചവടക്കാരാനോ, കര്‍ഷകനോ, തൊഴിലാളിയോ ആരുമാകട്ടെ ഒരു ദിവസത്തെ വരുമാനം ഉപര്യുക്ത കാര്യങ്ങള്‍ക്ക് നല്‍കുക!! അതെ, ഇങ്ങനെ അവര്‍ പറഞ്ഞിരുന്നുവെങ്കില്‍ ഒരു ഭാഗത്ത് സമുദായത്തിന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുകയും മറുഭാഗത്ത് നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം സാമുദായിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ് എന്ന ചിന്ത സമുദായത്തില്‍ ശക്തി പ്രാപിക്കുകയും ചെയ്യുമായിരുന്നു. 

പക്ഷേ, ഇതിന് പകരം ഫിത്ര്‍ സകാത്തിന്‍റെയും ബലിയുടെയും തുച്ഛമായ സംഖ്യകള്‍ കൊണ്ട് വലിയ കാര്യങ്ങള്‍ നടത്തണമെന്നും നിര്‍ബന്ധമായ ഈ ദാനങ്ങള്‍ അല്ലാതെ ഒരു പൈസ പോലും ദാനം കൊടുക്കരുതെന്നുമുള്ള ഒരു ചിന്താഗതി കൂടിയാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് വളരെ അപകടകരമായ ഒരു മാനസിക അവസ്ഥയാണ്.

ഇസ്‌ലാമിന്‍റെ പ്രധാനപ്പെട്ട ഒരു സന്ദേശം തന്നെ ദാന-ധര്‍മ്മമാണ്. പരിശുദ്ധഖുര്‍ആനില്‍ ആദ്യന്തം ഇതിനെ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. 
ഒരിടത്ത് പറയുന്നു: എന്താണ് ദാനം ചെയ്യേണ്ടതെന്ന് അവര്‍ ചോദിക്കുന്നു. പറയുക: മിച്ചം വരുന്നത് ദാനം ചെയ്യുക. (ബഖറ 219). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഏറ്റവും വലിയ ധര്‍മ്മിഷ്ഠനായിരുന്നു. സമുദായത്തെ ഈ വഴിയില്‍ വളരെയധികം പ്രേരിപ്പിക്കുകയുണ്ടായി. സ്വഹാബത്ത് സ്വന്തം ആവശ്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നവരായിരുന്നു എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. (ഹഷ്ര്‍ 9).

രണ്ടും വേറെ വേറെ വളരെ നല്ല നിലയില്‍ നടത്തപ്പെടേണ്ട കാര്യങ്ങളാണ്. ഇവകള്‍ കൂട്ടിക്കെട്ടി ഒന്നിനെ നിന്ദിക്കുന്ന പ്രവണത അവസാനിപ്പിക്കുക. കാരണം ഇത് ഒരു രോഗ ലക്ഷണമാണ്. ഇതിനെ നിയന്ത്രിച്ചില്ലെങ്കില്‍ നാളെ ഇങ്ങനെയും വാദം ഉയരാന്‍ സാധ്യതയുണ്ട്: 

ഹജ്ജിന് ധാരാളം പൈസ ചിലവാകുന്നു, 

നിസ്‌ക്കാരത്തിന് കുറേ സമയം പാഴാകുന്നു, 

ഇതിന് പകരം ഈ സമ്പത്ത് സാധുക്കളുടെ സേവനത്തിന് ഉപയോഗിക്കേണ്ടതാണ്, 

ഈ സമയം ആവശ്യക്കാരുടെ ആവശ്യനിര്‍വ്വഹണത്തിന് വിനിയോഗിക്കേണ്ടതാണ്.! 

ഇത് ഇസ്‌ലാമിന്റെ അടിത്തറ തന്നെ ഇളക്കുന്നതാണ് എന്നതില്‍ എന്ത് സംശയമാണുള്ളത്.? 

അല്ലാഹു നാം എല്ലാവരെയും ഇത്തരം തെറ്റായ ശൈലികളില്‍ നിന്ന് കാത്ത് രക്ഷിക്കട്ടെ.! 

ആയതിനാൽ ലിബറൽ ബുജികളോട്‌ ഒന്ന് പറയുന്നു. അറുത്ത കൈയ്ക്ക്‌ ഉപ്പുതേയ്ക്കാൻ മടിയ്ക്കുന്ന 'സർവ്വൈവൽ ഓഫ്‌ ഫിറ്റസ്റ്റ്‌'വാദികൾ ദയവായി മുസ്‌ലിംകളെ ചാരിറ്റി പഠിപ്പിയ്ക്കരുത്‌.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണമെടുത്ത്‌ ദുരിതബാധിതർക്ക്‌ കൊടുക്കണെമെന്ന് ഒരാളും ഒരുകാലത്തും പോസ്റ്റ്‌ ചെയ്യില്ല. ഓണത്തിനു പൂക്കളം ഇടാതെ കോടികൾ സേവ്‌ ചെയ്ത്‌ ആ പൈസ കൊടുക്കാൻ ആരും ഒരിക്കലും പറയില്ല. എന്തിനു ഓണത്തിനു കുടിയ്ക്കുന്ന മദ്യത്തിന്റെ പണം മാത്രം മതിയാകും പ്രളയബാധിതരെ രക്ഷിക്കാൻ. അത്‌ പറഞ്ഞാൽ കരിഓയിൽ മുഖത്തുവീഴുമെന്ന് നിനക്കൊക്കെ നല്ലവണ്ണം അറിയാം. അതൊന്നും പറയാതെ ചാഞ്ഞമരത്തിൽ ഓടിക്കയറുന്നവന്റെയൊക്കെ ഉദ്ദേശശുദ്ധിയും വിശ്വാസികൾക്ക്‌ വളരെ നന്നായറിയാം. 

പെരുന്നാൾബലി നിരോധിയ്ക്കാൻ ഹർജി കൊടുത്ത തീവ്രഹിന്ദുക്കളുടെ രാജ്യത്ത്‌, പശുവിന്റെ പേരുപറഞ്ഞ്‌ കന്നുകാലിമാംസം വിൽക്കുന്നവരെപ്പോലും കൊന്നുകളയുന്ന ഈ കാലത്ത്‌, വിശ്വാസത്തിന്റെ ഭാഗമായ മൃഗബലി ഏറ്റവും നല്ലനിലയിൽ തന്നെ നടത്തും, മുൻവർഷത്തേക്കാൾ നന്നായിത്തന്നെ ചെയ്യും, ഇൻഷാ അല്ലാഹ്‌ !

ദാനം ആരാധനായി കാണുന്ന മുസ്‌ലിംകളോട്‌ ഉപദേശങ്ങൾ നൽകി നിങ്ങൾ സമയം കളയണമെന്നില്ല. നിങ്ങൾ പറഞ്ഞത്‌ കേട്ടല്ല ഇക്കണ്ട കാലമത്രയും അവർ ജീവിച്ചത്‌. സ്വന്തമായി വല്ലതും കഴിയുമെങ്കിൽ അത്‌ ചെയ്യുക. അല്ലെങ്കിൽ വായടയ്ക്കുക.

Thursday 16 August 2018

രണ്ടു രക്തസാക്ഷികൾ

 

ഉക്കാളിലെ സായാഹ്നം 

മരുഭൂമിയിലെ മനോഹരമായ സായാഹ്നം ഈത്തപ്പന മരങ്ങളുടെ നിഴൽ നീണ്ടുവന്നു പടിഞ്ഞാറൻ ചക്രവാളത്തിൽ ചുവന്ന ചായം പരന്നു അസ്തമയസൂര്യൻ കടലിലേക്കിറങ്ങിത്തുടങ്ങി  

ഉക്കാള് ചന്തയിൽ ആൾത്തിരക്ക് വർദ്ധിച്ചു പൗരപ്രമുഖന്മാർ പലരും വന്നിട്ടുണ്ട് അവരുടെ കൈകളിൽ നുരയുന്ന മദ്യം മുമ്പിൽ വറുത്തെടുത്ത ആട്ടിറച്ചി 

ഒരു കവി, തന്റെ ഏറ്റവും പുതിയ കവിത ആലപിക്കാൻ ഒരുങ്ങി നിൽക്കുന്നു ആളുകൾ കവിയുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി നിൽക്കുന്നു കവിത രചിക്കുകയെന്ന മഹത്കർമ്മം നിർവ്വഹിച്ച പുണ്യാത്മാവിനെ അവർ കൺനിറയെ നോക്കിക്കാണുന്നു 

കവിതയെന്നുകേട്ടാൽ അറബികൾക്കൊരു ഭ്രമമാണ് കവിതാരചന ദൈവികമായ ശക്തികൊണ്ട് നടക്കുന്നു എന്നാണവരുടെ വിശ്വാസം ഒരു ഖബീലയിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന വ്യക്തി അവരുടെ കവിയാണ് 

കവിതയുടെ തൂലികയ്ക്ക് യോദ്ധാവിന്റെ പടവാളിനെക്കാൾ മൂർച്ചയുണ്ട് പടവാൾകൊണ്ട് വെട്ടിയാൽ വെട്ടേറ്റ ആൾക്കുമാത്രമേ വേദനിക്കുകയുള്ളൂ തൂലികകൊണ്ട് ആക്രമിച്ചാൽ ഗോത്രത്തിലുള്ളവർക്കെല്ലാം വേദനിക്കും  

കവിയാണ് ഗോത്രത്തിന്റെ ശക്തി  

ഗോത്രത്തിന്റെ അഭിമാനവും, ആശാകേന്ദ്രവും, അഭയസ്ഥാനവും കവിത തന്നെ പുതിയ കവിതകൾ പിറക്കുമ്പോൾ ഉക്കാളിൽ അത് പാരായണം ചെയ്യും അന്ന് വലിയ ആഘോഷമായിരിക്കും ജനങ്ങളും ജനനേതാക്കളും സമ്മേളിക്കും ഒരു പെരുന്നാളിന്റെ സന്തോഷമാണെല്ലാവർക്കും ലക്ഷണമൊത്ത കവിതകൾ കഅ്ബാലയത്തിന്റെ ചുമരിൽ ഒട്ടിച്ചുവെക്കും അവിടെ വരുന്നവരെല്ലാം അത് പാടി രസിക്കും 

അതാ വരുന്നു, ഗോത്രത്തിന്റെ നായകൻ ഒരാജാനുബാഹു നെഞ്ചുവിരിച്ച്, കൈകൾ വീശി അങ്ങനെ നടന്നു വരുന്നു  

ഉഅ്ബത്ത് ബ്നു റബീഅ: 

ധീരയോദ്ധാവാണ് ഗോത്രത്തിന്റെ പ്രഗ്ത്ഭനായകൻ ആയുധാഭ്യാസത്തിൽ പ്രസിദ്ധൻ ദ്വന്ദയുദ്ധത്തിൽ ജേതാവ്  

കോപം വന്നാൽ ഒരു രക്ഷയുമില്ല എതിരാളിയെ ഇടിച്ചു പൊടിച്ചു കളയും എല്ലാവർക്കും ഉത്ബത്തിനെ ഭയമാണ്  

യുദ്ധരംഗത്ത് വെച്ച് ഉത്ബത്തിനെ കാണണം വിജയംവരെ പോരാടും പിന്തിരിഞ്ഞോടുകയില്ല ഭീരുത്വം എന്തെന്നറിയില്ല   

ഉത്ബത്തിന് ഉക്കാളിലേക്ക് സ്വാഗതം  

ഉത്ബത്തിനു മുമ്പിൽ തളികകൾ നിരന്നു മദ്യചഷകം കയ്യിലെടുത്തു  

കവിയുടെ ഊഴമായി കവിതാപാരായണം തുടങ്ങി ആ വരികൾ ജനഹൃദയങ്ങളെ ത്രസിപ്പിച്ചു അവരുടെ വികാരങ്ങൾ തൊട്ടുണർത്തി ആവേശം നുരഞ്ഞു 

സദസ്സ് ഇളകി മറിഞ്ഞു ആനന്ദിന്റെ അലമാലകളുയർന്നു സന്തോഷത്തിന്റെ ലഹരി  

മദ്യവും കവിതയും  

അനുഭൂതിയുടെ മായാലോകം  

ചിലർ നൃത്തമാടുന്നു നിലത്തുറക്കാത്ത കാലുകളിൽ അരങ്ങ് തകർക്കുന്നു 

ഉത്ബത്ത് തലയാട്ടി രസിക്കുന്നു  

സൂര്യബിംബം കടലിൽ വീണിട്ട് സമയമേറെയായി പടിഞ്ഞാറൻ ചക്രവാളത്തിലെ ചുവപ്പ് മാഞ്ഞു പോയിരിക്കുന്നു മേഘപാളികൾക്കിടയിൽ അമ്പിളിക്കല അവ്യക്തമായിക്കാണാം 

മരുപ്പച്ചയിലെ ഈന്തപ്പനകൾക്കിടയിൽ ഇരുട്ട് താവളം കൂട്ടി പകലത്തെ അദ്ധ്വാനത്തിന്റെ ക്ഷീണവുമായി വന്ന ഒട്ടകങ്ങൾ ഉറക്കം തുടങ്ങി  

 മണൽക്കുന്നുകളിൽ തണുത്ത കാറ്റു വീശി ഖൈമകളിലെ കത്തുന്ന തിരകൾ ആടിയുലഞ്ഞു  

ഉക്കാളിലെ തിരക്ക് കുറയുന്നു ആളുകൾ പിരിയുന്നു ആടിത്തളർന്നവർ താവളം നോക്കി മടങ്ങുന്നു  

കൈനിറയെ സമ്മാനങ്ങളുമായി കവി പിൻവാങ്ങി 

ഉത്ബത്ത് എഴുന്നേറ്റു സജീവമായൊരു സായാഹ്നം സമ്മാനിച്ച ആഹ്ലാദവുമായി ഗോത്രത്തലവൻ മുമ്പോട്ട് നടന്നു തന്റെ താമസസ്ഥലത്തേക്ക്


അബൂഹുദൈഫ 

ഉത്ബത്ത് വീട്ടിലെത്തി മക്കളോടൊപ്പം കുറെ സംസാരിച്ചിരുന്നു വീട്ടിലെ അംഗങ്ങൾ ഒന്നിച്ചു ചേർന്നാൽ വലിയ ആഹ്ലാദമാണ് തമാശകളും പൊട്ടിച്ചിരികളും ഉയരും 

രാവേറെച്ചെന്നാണ് ഉറങ്ങാൻ കിടന്നത് ഉത്ബത്ത് നീണ്ട് നിവർന്നു കിടന്നു നന്നായൊന്നുറങ്ങണം ഉക്കാളിലെ സായാഹ്നം നൽകിയ ആവേശം ഇപ്പോഴും മനസ്സിൽ ബാക്കി നിൽപ്പുണ്ട് ശബ്ദഘോഷം കാതുകളിൽ മുഴങ്ങുന്നത്പോലെ തോന്നുന്നു 

ഓർമ്മകളുടെ ചുരുൾ നിവരുകയാണ് മക്കയിലെ സംവത്സരങ്ങൾ പടവാളുകൾ തീപ്പൊരി പരത്തിയ ദിനങ്ങൾ പടവാളുകൾ ഉറകളിൽ വിശ്രമിച്ച ദിനങ്ങൾ 

സന്തോഷവും സമാധാനവും നിറഞ്ഞ സായാഹ്നങ്ങൾ മനുഷ്യരക്തത്തിന്റെ നിറം പകർന്ന സായാഹ്നങ്ങൾ അവയെല്ലാം മാറിമാറി വരുന്നു  

ഒരു വർഷത്തിൽ എത്ര തവണ ഏതെല്ലാം ഖബീലകൾ തമ്മിൽ യുദ്ധം നടക്കുന്നു യുദ്ധത്തെത്തുടർന്നു സന്ധിയുണ്ടാവുന്നു ശാന്തമായ ദിനരാത്രങ്ങൾ പിറക്കുന്നു പിന്നെയും വിദ്വേഷത്തിന്റെ തീപ്പൊരി പറക്കുന്നു ആ തീപ്പൊരി എരിഞ്ഞു കത്തുന്നു ആളിപ്പടരുന്നു വർഷങ്ങൾ കൊണ്ട് നേടിയത് നിമിഷങ്ങൾ കൊണ്ട് ചാമ്പലാവുന്നു 

ഈ ഉത്ബത്ത് ഇതെല്ലാം എത്ര തവണ കണ്ടതാണ് അറബി പൗരഷത്തിന്റെ പ്രതീകമാണ്  ഉത്ബത്ത് പടക്കുതിരയും പടവാളും തന്റെ മിത്രങ്ങളാണ് ഭീരുത്വം തന്റെ ജീവിതത്തിലാർക്കും കാണാൻ കഴിഞ്ഞിട്ടില്ല 

തന്റെ ജീവിതം മക്കയുടെ ചരിത്രത്തിന്റെ ഭാഗമാണ് സാമൂഹികജീവിതത്തിൽ അത്യുന്നതമായ സ്ഥാനമാണ് തനിക്കുള്ളത്  


അബൂജഹൽ 

അബൂലഹബ് 

അബൂ സുഫ് യാൻ 

ഇവരെല്ലാം തന്റെ കൂട്ടുകാരാണ് സാമ്പത്തികശേഷിയിൽ ആരുടേയും പിന്നിലല്ല ഖാഫിലകൾ പുറപ്പെടുമ്പോൾ തന്റെ ഒട്ടകങ്ങളുടെ നീണ്ടനിരകൾ കാണാം മക്കയിലെ സദസ്സുകളിൽ തന്റെ വാക്കുകൾ മാനിക്കപ്പെടുന്നു 

കാലം കഴിയുമ്പോൾ തനിക്കൊരു പിൻഗാമിയുണ്ടാവണം തിളക്കമുള്ള തന്റെ പാരമ്പര്യം നിലനിറുത്താൻ 

ചിന്തകൾ അവിടംവരെയെത്തിയപ്പോൾ പൊന്നോമന മകന്റെ മുഖം മനസ്സിൽ തെളിയുന്നു 

എന്റെ കൊച്ചുമകൻ വളർന്നു വരികയാണ് അവൻ പിറന്നപ്പോൾ തനിക്കെന്തൊരാഹ്ലാദമായിരുന്നു സന്തോഷം നിയന്ത്രിക്കാനായില്ല താനങ്ങനെ നൃത്തം ചവിട്ടുകയായിരുന്നു 

ആർക്കൊക്കെയോ സമ്മാനങ്ങൾ നൽകി എത്രയോ സൽക്കാരങ്ങൾ നടത്തി കഅ്ബാലയത്തിനടുത്ത് നേതാക്കളുടെ മുമ്പിലെത്തുമ്പോൾ അഭിമാനംകൊണ്ട് വീർപ്പുമുട്ടുകയായിരുന്നു 

മാതാപിതാക്കൾ  അവനു നൽകിയ സ്നേഹത്തിനും  വാത്സല്യത്തിനും അതിരില്ല അവന്റെ ഒരാഗ്രഹത്തിനും എതിര് നിന്നില്ല ഏറ്റവും നല്ല ആഹാരം നൽകി വില കൂടിയ വസ്ത്രങ്ങളും ആഢംബരങ്ങളുടെ മദ്ധ്യത്തിൽ അവൻ വളർന്നു 

അവന് ആയുധപരിശീലനം നൽകി ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ നല്ല സ്വഭാവഗുണങ്ങൾ ഖബീലയുടെ അഭിമാനമാണവൻ  

അവന് വിവാഹാലോചനകൾ വരാൻ തുടങ്ങി തറവാടിന്റെ അന്തസ്സിനൊത്ത പെണ്ണ് വേണം കുലീനയാവണം അഭിമാനികളുടെ പാരമ്പര്യത്തിൽ ജനിച്ചവളാകണം  

ഒടുവിൽ പറ്റിയപെണ്ണിനെത്തന്നെ കിട്ടി 

'സഹ്ല ' അവൾ സുന്ദരിയാണ് കുടുംബത്തിന്റെ വിളക്കാണ് തന്റെ മകന് ചേർന്ന പെൺകുട്ടി 

വിവാഹം ഉറപ്പിച്ചു മക്കയുടെ നായകന്മാരെ ക്ഷണിച്ചു ഇടത്തരക്കാരെയും സാധാരണക്കാരെയും വീട്ടിൽ ഗംഭീര സദ്യയൊരുക്കി സദ്യ ഉണ്ണാൻ ധാരാളമാളുകളെത്തി 

തറവാടിന്റെ അന്തസ്സിനൊത്ത വിവാഹം തന്നെ മകൻ പുതുവസ്ത്രങ്ങൾ ധരിച്ചു വിലകൂടിയ അത്തറും പുരട്ടി കൂട്ടുകാരോടൊപ്പം ഇറങ്ങിപ്പോവുന്നത് അഭിമാനത്തോടെ നോക്കിനിന്നു 

ഈ ഉത്ബത്തിന്റെ അഭിമാനമാണവൻ ഈ ബാപ്പയുടെ മാനം അവൻ കാക്കും 

 സഹ്ലയുടെ വീട്ടിലും സദ്യ കേമമായിരുന്നു മധുരപാനീയങ്ങളും റൊട്ടിയും ഇറച്ചിയുമെല്ലാം വയർ നിറയെ കഴിച്ചു 

മൂന്നു ദിവസം വരനും വധുവും വരനും വധുവും അവിടെ സന്തോഷമായിക്കഴിഞ്ഞു അതാണ് ചടങ്ങ് മൂന്നു ദിവസം വധുവിന്റെ വീട്ടിൽ ഗംഭീരസൽക്കാരമായിരിക്കും ബന്ധുക്കൾ വന്നുകൊണ്ടിരിക്കും പല സമ്മാനങ്ങളും കിട്ടും 

നാലാം ദിവസം അവർ മടങ്ങിയെത്തി 

എല്ലാം ഇന്നലെ നടന്നത് പോലെ ഓർമ്മയുണ്ട് മണവാളനും മണവാട്ടിയും വന്നു കയറിയ രംഗം 

അവരെ സ്വീകരിക്കാൻ ഓടിയെത്തിയപ്പോൾ തന്റെ ഹൃദയം അഭിമാനവും ആഹ്ലാദവും കൊണ്ട് വിങ്ങുകയായിരുന്നു ഹോ....സഹിക്കാനാവാത്ത സന്തോഷം 

എന്റെ മകനും സഹ്ലയും ജീവിതം പങ്കിട്ടു അവർ തമ്മിൽ എന്തൊരു ചേർച്ചയാണ് എന്തൊരു സ്നേഹമാണ് ആ ദാമ്പത്യം പുഷ്പിച്ചു എന്റെ മോൻ അബൂഹുദൈഫ അബൂഹുദൈഫയാണെന്റെ പിൻഗാമി  

എന്റെ മറ്റേ മകൻ വലീദ് അവനും ധീരനാണ് അബൂഹുദൈഫയും വലീദും തനിക്കാരോടാണ് കൂടുതൽ സ്നേഹം? 

മക്കളല്ലേ, തുല്യസ്നേഹം 

രണ്ടാളോടും തുല്യസ്നേഹമാണോ? 

സമ്മതിക്കാൻ മനസ്സിനെന്തേ ഒരു പ്രയാസം 

മനസ്സ് അബൂഹുദൈഫയോടൊപ്പമാണ് എന്തോ അങ്ങനെ ആയിപ്പോയി 

ഉറക്കം കൺപോളകളെ തഴുകിയതറിഞ്ഞില്ല മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു അൽപം കഴിഞ്ഞപ്പോൾ ഉത്ബത്തിന്റെ കൂർക്കം വലി അവിടെ ഉയർന്നു കേട്ടു.


അടിമക്കുട്ടി

ദൂരെയെങ്ങോ പോയ അബൂഹുദൈഫ വീട്ടിലേക്ക് മടങ്ങുന്നു കൂടെ ഒരു കുട്ടിയുമുണ്ട് 

'എവിടെനിന്ന് കിട്ടി ഇതിനെ?' വഴിയിൽവെച്ച് ചിലർ അബൂഹുദൈഫയോട് ചോദിച്ചു 

'ങ... ഒരിടത്തുനിന്ന് കിട്ടി ' അദ്ദേഹം ഒഴുക്കൻമട്ടിൽ മറുപടി നൽകി 

'അടിമക്കുട്ടിയാണ് വിലക്ക് വാങ്ങിയതാവും ' ആളുകൾ സ്വയം പറഞ്ഞു 

അന്നൊക്കെ അടിമകളെ വിലക്ക് വാങ്ങാൻ കിട്ടും യുവാക്കളേയും യുവതികളേയും കുട്ടികളേയും  വിലക്ക് വാങ്ങാം മൃഗങ്ങളെ വാങ്ങുന്നതുപോലെ 

അവരെക്കൊണ്ട് കഠിനമായി ജോലി ചെയ്യിക്കാം മൃഗങ്ങളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് പോലെ അടിമച്ചന്തയിൽ ചെന്നാൽ ഏത് തരം അടിമയെയും കിട്ടും ആരോഗ്യമുള്ള അടിമക്ക് വില കൂടും ദുർബ്ബലർക്കും പ്രായംചെന്നവർക്കും വില കുറയും 

അബൂഹുദൈഫ അടിമക്കുട്ടിയെയും കൊണ്ട് വീട്ടിലെത്തി വീട്ടുകാർ അടിമയെ പരിശോധിച്ചു 

കുട്ടിക്ക് തന്നെക്കുറിച്ചൊന്നും പറയാൻ അറിയില്ല നാടും വീടും അറിയില്ല മാതാവിനെയും പിതാവിനെയും അറിയില്ല അവന്റെ ഓർമ്മയിൽ പൂർവ്വകാല ചിന്തകളൊന്നുമില്ല  ഓർമ്മ വെക്കും മുമ്പെ അവനെ കൊള്ളക്കാർ കട്ടുകൊണ്ട് പോയി വ്യക്തമായി സംസാരിക്കാനുള്ള പ്രായംപോലും എത്തിയിരുന്നില്ല കൊള്ളക്കാരുടെ കൂടെയായിരുന്നു പിന്നീടുള്ള നാളുകൾ അവരവനെ  അടിമക്കുട്ടിയാക്കി വിറ്റു 

അബൂഹുദൈഫയുടെ കയ്യിൽ  വന്നുപെട്ടത് അവന്റെ ഭാഗ്യം തന്റെ യജമാനൻ സ്നേഹമുള്ളവനാണെന്ന് അടിമക്കുട്ടിക്ക് മനസ്സിലായി 

അവന്റെ ഇളം മനസ്സിൽ തണുപ്പ് വീണു അവിടെ മോഹങ്ങൾ മൊട്ടിട്ടു പ്രതീക്ഷകൾ ചിറകിട്ടടിച്ചു സന്തോഷത്തിന്റെ നേർത്ത അലകൾ ആ ചുണ്ടുകളിൽ വിടരാൻ മടിച്ചു നിൽക്കുന്ന മന്ദഹാസം 

കൊള്ളക്കാരുടെ കടുത്ത പെരുമാറ്റം ഇനി സഹിക്കേണ്ടി വരില്ല അവർ ക്രൂരന്മാർ അവരുടെ വാക്കുകൾ എത്ര പരുഷമാണ് ആ നോട്ടം കണ്ടാൽ തന്നെ പേടിച്ചുപോവും 

ഒരു തുള്ളി സ്നേഹം അവരിൽ നിന്ന് കിട്ടില്ല കണ്ണീരൊഴിക്കിക്കരഞ്ഞാലും ഇളകാത്ത മനസ്സ് കൊള്ളക്കാരോടൊത്തുള്ള ജീവിതം അവസാനിച്ചു ആശ്വാസം 

ആരോ അവനൊരു പേര് നൽകിയിട്ടുണ്ട് 

സാലിം 

അബൂഹുദൈഫയോടൊപ്പം സാലിം ഓടി നടന്നു അവൻ പഴയ ജീവിതം മറക്കുകയായിരുന്നു പുതിയ ജീവിതവുമായി ഇണങ്ങിച്ചേരുകയായിരുന്നു 

ജാഹിലിയ്യകാലത്ത് അറബികൾ ആൺകുട്ടികളെ അളവറ്റ്  സ്നേഹിച്ചിരുന്നു ആൺകുട്ടി പിറക്കുന്നത് വലിയ അഭിമാനമായിട്ടാണ് കരുതിയിരുന്നത് ഗർഭിണിയായ ഭാര്യ ആൺകുഞ്ഞിനെ പ്രസവിക്കണേ എന്നായിരിക്കും ഭർത്താവിന്റെ പ്രാർത്ഥന  

പെൺകുഞ്ഞ് പിറന്നു എന്നു കേട്ടാൽ ഭർത്താവ് ഞെട്ടും അയാളുടെ മുഖത്ത് ദുഃഖവും നിരാശയും നിറയും തന്റെ രക്തത്തിൽ പിറന്ന പെൺകുഞ്ഞിനെ നോക്കി ഒന്നു മന്ദഹസിക്കാൻ പോലും അഭിമാനമായ അറബി മടികാണിക്കും സുഹൃത്തുക്കളുടെ സമീപത്ത് ചെല്ലുമ്പോൾ പെൺകുഞ്ഞ് പിറന്നവന്റെ ശിരസ്സ് കുനിഞ്ഞു പോകും 

ആൺകുഞ്ഞ് പിറന്നവന് സന്തോഷം, അഭിമാനം ഈ സാഹചര്യത്തിൽ ആൺകുട്ടികളെ ദത്തെടുക്കുന്ന സമ്പ്രദായം വ്യാപിച്ചു അടിമക്കുട്ടികളെ സ്വതന്ത്രരാക്കി ദത്തെടുക്കുന്ന സമ്പ്രദായവും വ്യാപകമായി 

ദത്തുപുത്രന് സ്വന്തം പുത്രന്റെ സ്ഥാനം നൽകിപ്പോന്നു അവകാശങ്ങളും നൽകിപ്പോന്നു അവകാശങ്ങളും അനുവദിക്കപ്പെട്ടു 

മക്കയിലെ കുലീനകുടുംബങ്ങളിലൊക്കെ ദത്തുപുത്രന്മാരുണ്ട് ദത്തെടുക്കുന്നത് അന്തസ്സായിട്ടാണ് അറബ് സമൂഹം കരുതിപ്പോന്നത്  

ഒരു ദിവസം അബൂഹുദൈഫ പ്രഖ്യാപിച്ചു 'ഞാൻ സാലിമിനെ എന്റെ പുത്രനായി ദത്തെടുത്തിരിക്കുന്നു' 

ഖബീലയിലുള്ളവർക്കൊരു കൗതുക വാർത്ത 

സാലിമിനെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചു എന്നിട്ടവനെ പുത്രനായി ദത്തെടുത്തു 

അബൂഹുദൈഫയും സാലിമും 

അവർ പിതാവും പുത്രനുമായി അങ്ങനെ അടിമക്കുട്ടി സാലിം ഇബ്നു അബീഹുദൈഫയായി അടിമക്കുട്ടിക്ക് അന്തസ്സുള്ള അഡ്രസ്സ് കിട്ടി 

അവർ മനസ്സ്കൊണ്ട് അത്രക്കടുത്തുപോയി അകറ്റാനാവാത്ത അടുപ്പംതന്നെ ഉത്ബത്ത് മകന്റെ ആഗ്രഹങ്ങൾക്കൊന്നും എതിര് നിൽക്കാറില്ല അവന്റെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിലാണ് ആ പിതാവിന്റെ സന്തോഷം 

ഹിജാസിന്റെ ചന്തയിൽ നിന്നാണ് അവർ അടിമക്കുട്ടിയെ സമ്പാദിച്ചത് വിട്ടിൽകൊണ്ട് വന്നപ്പോൾ ആ കുട്ടിയെ സന്തോഷത്തോടെ സ്നേഹിച്ചു അവനെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നു ദത്തെടുക്കുന്നു  എന്ന് പറഞ്ഞപ്പോഴും എതിർത്തില്ല  മകന്റെ സന്തോഷം തന്റയും സന്തോഷം 

ഉത്ബത്ത് സ്വന്തം മകനെ സ്നേഹിക്കുന്നത്പോലെ സാലിമിനേയും സ്നേഹിച്ചു ആ വീട്ടിൽ എന്നും ആഹ്ലാദം തന്നെ.


ഉത്ബത്തിന്റെ അസ്വസ്ഥത 

കുന്നിൻ മുകളിൽ നിന്നൊരു ശബ്ദം ആപൽസൂചനപോലെ എല്ലാവരും ഓടിക്കൂടി കുന്നിന്റെതാഴെ ജനക്കൂട്ടം എല്ലാവരും ആകാംക്ഷയോടെ മേൽപ്പോട്ട് നോക്കി അതാ നിൽക്കുന്നു മുഹമ്മദ് 

അൽ-അമീൻ 

അൽ അമീൻ 

ആളുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു  

അൽഅമീൻ താഴേക്കിറങ്ങി ജനങ്ങളുടെ സമീപത്തെത്തിയപ്പോൾ നിന്നു എല്ലാവരും ആ മുഖത്തേക്കുറ്റുനോക്കി അപ്പോൾ അൽഅമീന്റെ ചോദ്യം 

'സഹോദരങ്ങളെ നിങ്ങളെ ആക്രമിച്ചു നശിപ്പിക്കാൻ വേണ്ടി ഈ മലയുടെപിന്നിൽ ഒരുസൈന്യം വന്നുനിൽക്കുന്നു എന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?' 

'ഞങ്ങൾ വിശ്വസിക്കും തീർച്ചയായും വിശ്വസിക്കും' 

അവർ ഏക സ്വരത്തിൽ വിളിച്ചു പറഞ്ഞു 

എന്താണ് കാരണം? 

'കാരണം എന്തെന്നോ? നീ അൽ അമീനാണ് ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വിശ്വസ്തനാണ് നീ നിന്നെ വിശ്വസിക്കാതിരിക്കാൻ ഞങ്ങൾക്കൊരു കാരണവുമില്ല' 

'എങ്കിൽ ഞാനൊരു കാര്യം പറയാൻ പോവുന്നു ഒരു വലിയ സത്യം?' 

ആളുകൾ അക്കാര്യം കേൾക്കാൻ അക്ഷമരായി അൽ അമീൻ ഗൗരവസ്വരത്തിൽ പറയാൻ തുടങ്ങി 

'ഈ ലോകത്തിന് ഒരു നാഥനുണ്ട് അവൻ ഏകനാണ് അവന് പങ്കുകാരില്ല അവനെ അനുസരിക്കൽ നമുക്ക് കടമയാണ് അവനെ അനുസരിച്ചില്ലെങ്കിൽ കഠിനമായശിക്ഷ നിങ്ങളെ പിടികൂടുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകുന്നു ' 

അൽ അമീന്റെ വാക്കുകൾ താഴ്  വരയിൽ മുഴങ്ങിക്കേട്ടു അത് ശ്രോതാക്കളുടെ മനസ്സിൽ തട്ടി അൽഅമീൻ തുടർന്നു  

'സർവ്വശക്തനായ അല്ലാഹു എന്നെ അന്ത്യപ്രവാചകനായി നിയോഗിച്ചിരിക്കുന്നു ഞാൻ അല്ലാഹുവിന്റെ റസൂലാകുന്നു അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് നിങ്ങളെ ക്ഷണിക്കാൻ അവൻ എന്നോട് കൽപ്പിച്ചിരിക്കുന്നു അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കുന്നവർക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് ഞാൻ സാന്തോഷവാർത്ത അറിയിക്കുന്നു അല്ലാഹുവിന്റെ കൽപ്പനകൾ ലംഘിക്കുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് ഞാൻ മുന്നറിയിപ്പു നൽകുന്നു ' 

താഴ് വര നിശ്ശബ്ദരായി 

അൽഅമീന്റെ വാക്കുകൾക്ക് എന്തെങ്കിലും മറുപടി നൽകാൻ തയ്യാറായില്ല അവർ കുറെനേരംകൂടി അവിടെനിന്നു ചിലർ തിരിഞ്ഞു നടക്കാൻ തുടങ്ങി കുറെക്കഴിഞ്ഞപ്പോൾ താഴ് വര ശൂന്യമായി  

ഖുറൈശി നേതാക്കൾ കൂട്ടം കൂടിയിരുന്ന് ഈ സംഭവം ചർച്ച ചെയ്യുകയാണ് 

അബൂലഹബ് പരുഷമായഭാഷയിൽ സംസാരിച്ചു മറ്റുള്ളവരും രോഷം കൊണ്ടു 

ഉത്ബത്തിന്റെ മുഖത്തും ഗൗരവം 

അൽഅമീന്റെ ഉദ്ദേശമെന്താണ്? അതാണ് സദസ്സിനുമുമ്പിലുള്ള ചോദ്യം 

അൽഅമീനെ അല്ലാഹു റസൂലായി നിയോഗിച്ചിരിക്കുകയാണ് നാമെല്ലാം റസൂൽ പറയുന്നതനുസരിച്ച് ജീവിക്കണം പറയുന്നതിനപ്പുറം പോവരുത് ഇതൊക്കെയാണ് അൽഅമീന്റെ ഉദ്ദേശ്യം 

ചിലർ അഭിപ്രായം പ്രകടിപ്പിച്ചു 

അൽഅമീൻ നമ്മുടെ വിശ്വാസത്തെ തള്ളിപ്പറയുമോ? നമുക്കെതിരെ വെല്ലുവിളി ഉയർത്തുമോ? 

ഖുറൈശിനേതാക്കളുടെ മനസ്സിൽ സംശയം തലപൊക്കി അതോടെ അവർ അസ്വസ്ഥരായി 

ഉത്ബത്ത് കലങ്ങിമറിഞ്ഞ മനസ്സുമായിട്ടാണ് വീട്ടിൽ വന്നു കയറിയത് 

അബൂഹുദൈഫയോടും സാലിമിനോടും കൂടുതൽ സംസാരിക്കാൻ തോന്നിയില്ല ഉത്ബത്ത് അസ്വസ്ഥനാണെന്ന് വീട്ടിലുള്ളവർ മനസ്സിലാക്കി അവർ ശല്യത്തിനൊന്നും പോയില്ല.


വിവാഹം 

അബൂഹുദൈഫയുടെ സഹോദരനാണ് വലീദ് ഒരുദിവസം അബൂഹുദൈഫ വലീദിന്റെ വീട്ടിൽ കയറിച്ചെന്നു വലീദ് സഹോദരനെ സന്തോഷപൂർവ്വം സ്വീകരിച്ചിരുത്തി 

'ഞാനൊരു പ്രധാന കാര്യം പറയാനാണു വന്നത് ' 

'എന്താണ് പറയൂ' 

'ഞാൻ പറയുന്നകാര്യം സഹോദരൻ സ്വീകരിക്കണം തള്ളിക്കളയരുത് ' 

'കാര്യം എന്താണെന്നു പറയൂ' 

'നിനക്കൊരു മകളുണ്ട് ഫാത്തിമ ' 

'അതെ.... എന്റെ മകൾ ഫാത്തിമ ' 

'ആ ഫാത്തിമയുടെ കാര്യം  പറയാനാണ് വന്നത് ' 

'കാര്യം വ്യക്തമായി പറയൂ' 

'അവൾക്ക് വിവാഹപ്രായമായില്ലേ ഇനിയൊരു വിവാഹം നടത്തണ്ടേ?' 

'വിവാഹം നടത്തണം പറ്റിയ പുതിയാപ്പിളയെ കിട്ടിയാൽ നടത്താം ആരെങ്കിലും മനസ്സിലുണ്ടോ'? 

'മനസ്സിലൊരാളുണ്ട് ' 

'ആരാണത് ? കേൾക്കട്ടെ' 

'എന്റെ മകൻ സാലിം' 

വലീദ് ചിന്തയിലാണ്ടു അബൂഹുദൈഫ മടങ്ങി വിവരം ഉത്ബത്ത് അറിഞ്ഞു 

അബൂഹുദൈഫക്ക് ദത്തുപുത്രനോടുള്ള അമിതമായ സ്നേഹം എല്ലാവർക്കും അറിയാം അതുകൊണ്ടാണ് ഈ വിവാഹാലോചനയുമായി വന്നത് 

സാലിം ആരാണ്? 

അവന്റെ തറവാട് ഏതാണ്? 

അവന്റെ മാതാപിതാക്കൾ ആരാണ്? 

ഒന്നും അറിയില്ല ഹിജാസിലെ ചന്തയിൽനിന്നാണവനെ  കിട്ടിയത് ഖബീലയുടെ നായകന്റെ മകളെ അവന്നെങ്ങനെ വിവാഹം ചെയ്തു കൊടുക്കും? 

അബൂഹുദൈഫയുടെ വാദം ഇങ്ങനെയായിരുന്നു: 

സാലിം എന്റെ മകനാണ് അവന്റെ പൂർവ്വകാല ചരിത്രമൊന്നും ആരും അന്വേഷിക്കണ്ട അബൂഹുദൈഫയുടെ മകന് വലീദിന്റെ മകളെ വിവാഹം ചെയ്തു തരുമോ എന്നാണറിയേണ്ടത്? 

ഈ ചോദ്യത്തിനു മുമ്പിൽ എല്ലാവരും കുഴങ്ങി   അബൂഹുദൈഫയുടെ മകനാണ് സാലിം ഗോത്രമുഖ്യരുടെ മുമ്പിൽവെച്ച് പ്രഖ്യാപിക്കപ്പെട്ട കാര്യമാണ് അതോടെ അവന്റെ പൂർവ്വകാലചരിത്രം വിസ്മരിക്കപ്പെടുന്നു 

അബൂഹുദൈഫയുടെ മകന് വലീദിന്റെ മകൾ ഫാത്തിമയെ വിവാഹം ചെയ്തു കൊടുക്കുന്നതിൽ അപാകതയൊന്നുമില്ല എല്ലാവർക്കും അതിൽ സന്തോഷമേയുള്ളൂ 

സാലിമും ഫാത്തിമയും 

അവർ വിവാഹിതരാവുകയാണ് വിവാഹത്തിന് ദിവസം നിശ്ചയിച്ചു മക്കയിലെ പ്രമുഖ വ്യക്തികളെയെല്ലാം ക്ഷണിച്ചു 

അബൂഹുദൈഫ പുത്രന് പുതുവസ്ത്രങ്ങൾ വാങ്ങി സദ്യയ്ക്കുള്ള സാധനങ്ങളൊരുക്കി വിലകൂടിയ അത്തർ വാങ്ങി  

സാലിമും കൂട്ടുകാരും ഇറങ്ങി 

പുതിയാപ്പിളയും കൂട്ടരും വലീദിന്റെ വീട്ടിലെത്തി വിവാഹത്തിന്റെ ചടങ്ങുകൾ അവസാനിച്ചു വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞു കൂട്ടുകാരൊക്കെ മടങ്ങി 

മണവാളൻ അവിടെത്തന്നെ താമസിച്ചു സൽക്കാരത്തിന്റെ തിരക്ക് തന്നെ 

വധുവും വരനും കൂടി അബൂഹുദൈഫയുടെ വീട്ടിൽ തിരിച്ചെത്തി അദ്ദേഹം സന്തോഷപൂർവ്വം മകനെയും ഭാര്യയെയും സ്വീകരിച്ചു യുവദമ്പതികൾ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു.


ചൂടുള്ള ചിന്തകൾ

അബൂഹുദൈഫയും സാലിമും  ഒന്നിച്ചാണ് അങ്ങാടിയിലേക്ക് പോയത് അവർ തെരുവിലൂടെ നടന്നു സ്നേഹിതന്മാരെ കണ്ടു പുതിയ വാർത്തകൾ കൈമാറി 

അങ്ങാടിയിൽ നിന്ന് അവർക്ക് പുതിയ വാർത്തകൾ കിട്ടി അൽഅമീനെക്കുറിച്ചുള്ള വാർത്തകൾ 

ഖദീജബീവിയാണ് അൽഅമീന്റെ ഭാര്യ ഖദീജബീവി ധനികയായ കച്ചവടക്കാരിയാണ് അവരുടെ ഖാഫില നീങ്ങിപ്പോകുന്നത് മക്കാനിവാസികൾ കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട്  

അൽഅമീൻ ഭാര്യയുടെ വീട്ടിൽ താമസിക്കുന്നു വ്യാപാരം നടത്തുന്നു പൊതുകാര്യങ്ങളിൽ താല്പര്യമെടുക്കുന്നു  

അത്കൊണ്ട് അൽഅമീനെ എല്ലാവർക്കും ഇഷ്ടമാണ് മക്കയിലെ അനാചാരങ്ങൾ അൽഅമീനെ അസ്വസ്ഥനാക്കാറുണ്ട് മദ്യപാനം, ചൂതുകളി, ബിംബാരാധന, പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടൽ തുടങ്ങി എന്തെല്ലാം അനാചാരങ്ങൾ നാട്ടിൽ നടക്കുന്നു അൽഅമീന് കുറെ കൂട്ടുകാരുണ്ട് അവർക്കും ഈ അനാചാരങ്ങൾ വെറുപ്പാണ് 

അബൂഹുദൈഫയും സാലിമും അങ്ങാടിയിൽനിന്ന് മടങ്ങി  അവർ അൽഅമീനെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത് 

'അൽഅമീനെക്കുറിച്ചാണ് നാട്ടിലാകെ സംസാരം അല്ലാഹുവിൽ നിന്ന് വഹ് യ് കിട്ടിയെന്നാണത്രെ അൽഅമീൻ അവകാശപ്പെടുന്നത് ' 

അബൂഹുദൈഫയുടെ വാക്കുകൾ സാലിം ശ്രദ്ധാപൂർവ്വം കേട്ടു വഹ് യ് കിട്ടിയ സംഭവം ചിലർ വിവരിക്കുന്നു 

അൽഅമീൻ ഹിറാഗുഹയിൽ ഇരിക്കുകയായിരുന്നു രാത്രി സമയം മലക്ക് ഇറങ്ങി വന്നു; അല്ലാഹുവിൽ നിന്ന് വഹ് യുമായി  

പിതാവിനും പുത്രനും ആകാംക്ഷ വഹ് യിനെക്കുറിച്ച് കൂടുതൽ അറിയണം അതിനെന്താ വഴി? 

അന്ന് രാത്രി ഉത്ബത്ത് കൂടുതൽ അസ്വസ്ഥനായി കാണപ്പെട്ടു  മുഖത്ത് രോഷം ആരും ഒന്നും ചോദിക്കാൻ പോയില്ല 

ദിവസങ്ങൾ കടന്നു പോയി 

മക്ക അസ്വസ്ഥമാവുകയാണ് 

പുതിയ വാർത്തകൾ ഒഴുകി നടന്നു  

ഖദീജ ബീവി ഇസ്ലാം മതം വിശ്വസിച്ചു അബൂബക്കർ ഇസ്ലാം മതം സ്വീകരിച്ചു അലിയും വിശ്വസിച്ചു അവരെല്ലാം അൽഅമീനെ അന്ത്യപ്രവാചകനായി അംഗീകരിച്ചു 

അല്ലാഹു ഏകനാണ് അവന് പങ്കുകാരില്ല ബിംബങ്ങൾ കല്ലുകൾ മാത്രം അവയ്ക്കൊരു ശക്തിയുമില്ല ബിംബാരാധന പാപമാണ്  

ഇസ്ലാം മതം സ്വീകരിച്ചവർ പ്രഖ്യാപിച്ചു  

മക്കയുടെ നേതാക്കൾ ഞെട്ടി ഉത്ത്ബത്ത് കോപംകൊണ്ട് വിറച്ചു  

ഈ ബിംബങ്ങളെ തൊട്ട്കളിക്കരുത് 

'പിതാവ് കോപംകൊണ്ട് വിറക്കുകയാണ് നീ മുമ്പിൽചെന്നു നിൽക്കരുത് ' 

അബൂഹുദൈഫ വളർത്തു പുത്രനെ ഉപദേശിച്ചു  

അന്നുരാത്രി അവർ രണ്ടുപേരും മുറിയിലിരുന്ന് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു 

അൽഅമീൻ എന്തൊക്കെയാണ് പറയുന്നത് 

ബിംബങ്ങൾ വെറും കല്ലുകളാണെന്ന് അൽഅമീൻ പറഞ്ഞുവെന്നാണ് കേട്ടത് കല്ലുകൾക്ക് ഒരു കഴിവുമില്ല മനുഷ്യന് ഗുണമോ ദോഷമോ ചെയ്യാൻ കല്ലുകൾക്ക് കഴിവില്ല  

അത് ശരിയല്ലേ? 

ഓന്നുമെല്ലെപ്പറ ബാപ്പ ഇതുകേട്ടാൽ നിന്നെ കൊന്നു കളയും  

കല്ലുകൾക്ക് കഴിവുണ്ടോ? 

എനിക്കറിയില്ല അൽഅമീൻ പറയുന്നത് ശരിയാണെന്ന്  എനിക്കും തോന്നുന്നു നമ്മുടെ  തോന്നൽപോലും ബാപ്പ അറിയരുത് 

ഇരുവരും ഉറങ്ങാൻ കിടന്നു  

രണ്ടുപേർക്കും ഉറക്കം വരുന്നില്ല 

മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഏകനായ അല്ലാഹു അവൻ സർവ്വശക്തൻ അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചു അവൻ സകല ജീവികളെയും സൃഷ്ടിച്ചു അവനെ ആരാധിക്കണം അവനെ മാത്രമേ ആരാധിക്കാവൂ 

ബിംബങ്ങൾ വെറും കല്ലുകളാണ് അവയെ ആരാധിക്കരുത് അത് തെറ്റാണ് പാപമാണ്  

ഇതൊക്കെയാണ് അൽഅമീൻ പറയുന്നത്  ഇതൊക്കെ ശരിയല്ലേ?  

അല്ലേ? അല്ലേ? 

മനഃസാക്ഷിയുടെ ചോദ്യം ഇരുവരും മനഃസാക്ഷിയുടെ മുമ്പിൽ തളരുന്നു 

പാതിരാത്രി കഴിഞ്ഞിട്ടും മനസ്സിൽ ചൂടുള്ള ചിന്തകളാണ് 

'നീ ഉറങ്ങിയില്ലേ?' അബൂഹുദൈഫയുടെ ചോദ്യം 

'എനിക്കുറക്കം വരുന്നില്ല' 

'എനിക്കും' 

'നമുക്ക് അൽഅമീനെ ഒന്നു കണ്ടാലോ?' 

സാലിം മെല്ലെ ചോദിച്ചു പിതാവ് അവന്റെ വാ പൊത്തിപ്പിടിച്ചു 

'മിണ്ടരുത് ' 

പാതിരാത്തണുപ്പ് വീണു ആ തണുപ്പിൽ അവരുറങ്ങി 

ഉത്ബത്തും വൈകിയാണുറങ്ങിയത് ബിംബങ്ങൾക്കെതിരെ ഉയർന്നു വരുന്ന കൈകൾ വെട്ടണം അതിനെക്കുറിച്ചായിരുന്നു ഉത്ബത്തിന്റെ ചിന്ത ആ ചിന്ത അയാളുടെ ഉറക്കം കെടുത്തി.


മനസ്സിന്റെ മന്ത്രം 

അബൂഹുദൈഫയുടെയും സാലിമിന്റെയും മനസ്സ് ഇളകിമറിഞ്ഞു മക്കയിലെ സംഭവവികാസങ്ങൾ അവരെ വല്ലാതെ അസ്വസ്ഥരാക്കിയിരിക്കുന്നു 

ഖബീലയുടെ അടിമകളാരോ ഇസ്ലാം മതം വിശ്വസിച്ചു വളരെ രഹസ്യമായി പ്രവാചകനെചെന്നു കണ്ടു 

വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കേട്ടു വിശുദ്ധ ഖുർആന്റെ ഭാഷയും ശൈലിയും  ആശയങ്ങളും അവരെ അധീനപ്പെടുത്തി ഖുർആൻ മനുഷ്യനിർമ്മിതമല്ലെന്ന് അവർക്ക് ബോധ്യം വന്നു അത് അല്ലാഹുവിന്റെ കലാം ആണെന്ന് അവർക്ക് മനസ്സിലായി പിന്നൊന്നും അവർ ചിന്തിച്ചില്ല ഇസ്ലാം മതം സ്വീകരിച്ചു 

മുഹമ്മദ് അല്ലാഹുവിന്റെ  റസൂലാണെന്നും അല്ലാഹുവിൽ ആരെയും പങ്ക്ചേർക്കില്ലെന്നും അവർ പ്രഖ്യാപിച്ചു ഖബീലയിലെ യജമാനന്മാരെക്കുറിച്ചവർ ചിന്തിച്ചില്ല ചുറ്റുപാടുകൾ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ചിന്തിച്ചില്ല 

അവരുടെ മനസ്സിൽ അല്ലാഹുവും അവന്റെ റസൂലും മാത്രം അവർ അല്ലാഹുവിന്റെ കലാമിന് കാതോർത്തു അവരത് കേട്ടു പഠിച്ചു വീണ്ടും വീണ്ടും ഉരുവിട്ടു മനസ്സിൽ എന്തൊരാഹ്ലാദം എന്തൊരു ശാന്തി  

അവർ വിശ്വസിച്ച കാര്യം ആരും അറിഞ്ഞില്ല പരമരഹസ്യമായി അക്കാര്യം സൂക്ഷിച്ചു 

അവർ ചിന്തയിൽ മുഴുകി പ്രവാചകസന്നിധിയിൽ എത്തിച്ചേരാനുള്ള മാർഗം ചിന്തിക്കുകയാണ് 

ഇടക്കിടെ കാണാതെ പഠിച്ച ഖുർആൻ വാക്യങ്ങൾ ഉരുവിടുന്നു ആരും കാണാതെ വീട്ടിൽ നിന്നിറങ്ങി  

യജമാനന്മാർ അവരുടെ മാറ്റം ശ്രദ്ധിക്കുന്നു അടിമകളുടെ ചലനങ്ങൾ ശ്രദ്ധിക്കപ്പെടുന്നു ഇരുളിൽ മറഞ്ഞ അടിമകൾക്ക് പിന്നാലെ നീങ്ങുന്ന മനുഷ്യരൂപങ്ങൾ  

അവരുടെ ലക്ഷ്യസ്ഥാനം പിടികിട്ടി അവിടെ രഹസ്യമായി എത്തുന്നവരുടെ പേരുവിവരങ്ങൾ കിട്ടി പിടിക്കപ്പെട്ട അടിമകളുടെ കവിളിൽ യജമാനന്മാരുടെ കരങ്ങളുയർന്നു ചെകിട്ടത്തടികിട്ടി 

അടിയും ഇടിയും ചവിട്ടും  അട്ടഹാസങ്ങളും ആർത്തനാദങ്ങളും 

നടക്കുന്ന വാർത്തകളാണ് നാട്ടിൽ നിറയെ അബൂഹുദൈഫയും സാലിമും അതെല്ലാം കേൾക്കുന്നു മർദ്ദിക്കപ്പെട്ട ചിലരെ അവർ കണ്ടു 

മർദ്ദനം കിട്ടി അവശായിത്തീർന്ന മനുഷ്യർ, ശരീരത്തിൽ പലേയിടത്തും മുറിപ്പാടുകൾ ചിലർക്ക് നടക്കാൻപോലും വയ്യ സന്ധികളിൽനീര് കെട്ടിയിട്ടുണ്ട് 

മൃഗങ്ങൾക്ക് പോലും ഇത്രയും മർദ്ദനം കിട്ടില്ല എന്നിട്ടും അവർ വിശ്വാസം കൈവിട്ടില്ല മരിച്ചാലും കൈവിടില്ല  ഞങ്ങൾ അല്ലാഹുവിന് വേണ്ടി ജീവിക്കും, മരിക്കും 

'അവരുടെ വിശ്വാസം എന്നെ അത്ഭുതപ്പെടുത്തുന്നു' 

സാലിം അബൂഹുദൈഫയുടെ കാതിൽ മന്ത്രിച്ചു 

'എന്നെയും അത്ഭുതപ്പെടുത്തുന്നു.....പക്ഷെ......' 

എന്താണ് പക്ഷെ, എന്നു പറഞ്ഞത്? 

എനിക്കെന്റെ മനസ്സിനെ നിയന്ത്രിക്കാനാവുന്നില്ല 

എന്ത് പറ്റി? 

എന്റെ മനസ്സ് അവരുടെ കൂടെയാണ് 

ആരുടെ കൂടെ? 

മർദ്ദിക്കപ്പെടുന്നവരുടെ കൂടെ? 

അപ്പോൾ താങ്കളുടെ പിതാവ്? 

അതെ, എന്റെ പിതാവ് ഇസ്ലാമിനെതിരാണ് ഇസ്ലാം മതം സ്വീകരിച്ചവരെ മർദ്ദിക്കുന്നവരിൽ എന്റെ പിതാവും ഉണ്ട് നമ്മുടെ മനസ്സിലെ വികാരങ്ങളറിഞ്ഞാൽ പിതാവ് നമ്മെ വെറുതെ വിടില്ല 

ഒരു ഭാഗത്ത് പിതാവിന്റെ മർദ്ദനം മറുഭാഗത്ത് ഇസ്ലാമിക സിദ്ധാന്തങ്ങൾ അവക്കിടയിൽ കിടന്ന് നാം വിഷമിക്കുന്നു അല്ലേ? 

അതാണ് ശരി എത്രനാൾ ഇങ്ങനെ കഴിയും മനസ്സ് പിടിവിട്ടു പോവുന്നു 

സംഭാഷണം മുറിഞ്ഞു ഉത്ബത്തിന്റെ ശബ്ദം എവിടെയോ മുഴങ്ങി 

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു ഭീകര മർദ്ദനത്തിന്റെ വാർത്തകൾ നാട്ടിൽ പരന്നു

അബൂഹുദൈഫയും സാലിമും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കാനിടയായി അവർ കോരിത്തരിച്ചു കൂടുതൽ കേൾക്കാനുള്ള ആവേശമുണ്ടായി അതിനവസരം കിട്ടിയില്ല 

അന്നു രാത്രി സാലിം അബൂഹുദൈഫയുടെ ചെവിയിൽ മന്ത്രിച്ചു 

നാം എന്താണ് കേട്ടത്? 

അതാണ് വിശുദ്ധ ഖുർആൻ 

അത് കവിതയല്ല തീർച്ച 

അത് അല്ലാഹുവിന്റെ കലാം തന്നെയാണെന്ന് എന്റെ മനസ്സ് പറയുന്നു 

അക്കാര്യത്തിൽ എനിക്ക് സംശയമില്ല 

അല്ലാഹു മുഹമ്മദിന് ഇറക്കിക്കൊടുത്തത് വിശുദ്ധ ഖുർആൻ  

അതെ അങ്ങനെ തന്നെ 

അപ്പോൾ മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണ് 

അതെ 

അല്ലാഹു ഏകനാണെന്നും മുഹമ്മദ് അവന്റെ റസൂൽ ആണെന്നും നിങ്ങൾ വിശ്വസിക്കുന്നു 

അതെ 

ഞാനും അങ്ങനെ വിശ്വസിക്കുന്നു 

വിശ്വസിച്ചുകൊള്ളു 

ഉത്ബത്തിന്റെ മകൻ മുസ്ലിംമായാൽ എന്ത് സംഭവിക്കുമെന്നറിയാമോ? 

ഓർക്കാൻ വയ്യ......., 

അബൂഹുദൈഫ നിശ്ശബ്ദനായി ഹൃദയം വല്ലാതെ മിടിക്കുന്നു കണ്ണുകൾ നിറഞ്ഞൊഴുകുന്നു 

സാലിം അബൂഹുദൈഫയെ കെട്ടിപ്പിടിച്ചു കിടന്നു 

അപ്പുറത്ത് ഉത്ബത്തിന്റെ കാലുകൾ നിലത്തുരയുന്ന ശബ്ദം അയാൾ ഉലാത്തുകയാണ് രാവേറെ ചെന്നിട്ടും ഉറക്കമില്ല മനസ്സിന് ചൂട് വർദ്ധിച്ചിരിക്കുന്നു  

ഇസ്ലാം മതത്തിൽ കൂടുതൽ പേർ ചേർന്നതായിട്ടാണ് അറിവ് എത്ര മർദ്ദിച്ചിട്ടും ആരുംപിന്തിരിയുന്ന മട്ടില്ല ആരൊക്കെയോ അവൻ ഖുർആൻ പാരായണം ചെയ്യുന്നത് കേട്ടുവത്രെ അവരൊക്കെ അവന്റെ വലയിൽ വീണിട്ടുണ്ട് 

എന്തെങ്കിലും കർശന നടപടികൾ സ്വീകരിച്ചേ പറ്റൂ ഒരു രൂപവും കിട്ടുന്നില്ല 

നേതാക്കൾ ദാറുന്നദ് വത്തിൽ യോഗം ചേർന്നിരുന്നു ചൂട് പിടിച്ച ചർച്ചകൾ നടന്നു കാര്യത്തിന്റെ ഗൗരവം അപ്പോഴാണ് ബോദ്ധ്യമായത് 

മർദ്ദനം ശക്തമാക്കുകതന്നെ 

മർദ്ദനം മറ്റുള്ളവർക്ക് പാഠമാവണം മാതൃകാപരമായ ശിക്ഷ ഏത് രീതിയിലുള്ള ശിക്ഷയാണ് നൽകേണ്ടത്? 

ഉത്ബത്തിന്റെ ചിന്തകൾ കാട്കയറുകയാണ് വല്ലാത്ത ക്ഷീണം വിരിപ്പിൽ പോയിക്കിടന്നു 

അയാളറിയാതെ നെടുവീർപ്പുകളുയർന്നു  

അടുത്ത മുറിയിൽ ഉറക്കം വരാതെ കിടക്കുന്ന മകന്റെ മനസ്സിലെ വികാരങ്ങൾ പിതാവറിയുന്നുമില്ല അറിഞ്ഞിരുന്നെങ്കിൽ......


വിശ്വാസികൾ 

അബൂഹുദൈഫയും സാലിമും മെല്ലെ നടന്നു ഇടക്കിടെ അവർ തിരിഞ്ഞുനോക്കുന്നുണ്ട് ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ? ആരുമില്ല നടത്തത്തിന് വേഗത കൂടി 

വിജനമായ വഴി ഹൃദയം പടപടാ അടിക്കുന്നു നെറ്റിത്തടത്തിൽ വിയർപ്പുതുള്ളികൾ 

നബി (സ) തങ്ങൾ താമസിക്കുന്ന വീടിനു മുമ്പിലെത്തി പുറത്തെങ്ങും ആരെയും കാണാനില്ല 

വീണ്ടും തിരിഞ്ഞു നോക്കി തങ്ങളെ ആരും പിൻ തുടരുന്നില്ലി വേഗം വീട്ടിലേക്ക് കയറി  

ലോകാനുഗ്രഹിയായ പ്രവാചകന്റെ മുഖം എന്തൊരു തേജസ്സ്  

ഏതാനും അനുയായികൾ അടുത്തിരിക്കുന്നു  

'അല്ലാഹു ഏകനാണെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു ' 

അബൂഹുദൈഫയുടെ ശബ്ദം 

'അല്ലാഹു ഏകനാണെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു ' 

സാലിമിന്റെ ശബ്ദം  

ഇരുവരും ഇസ്ലാം മതം സ്വീകരിച്ചു പ്രവാചകന്റെ പുണ്യം നിറഞ്ഞ കരം സ്പർശിച്ചു ഏതോ ഉന്നത പദവിയിലേക്കുയർന്നത് പോലെ അവർക്ക് തോന്നി  

അവർ നിമിഷനേരത്തേക്ക് പരിസരം മറന്നു  

ഉത്ബത്തിനെ മറന്നു ശൈബത്തിനെ മറന്നു അബൂജഹ്ലിനെയും അബൂലഹബിനെയും മറന്നു 

അവരുടെ മുമ്പിൽ അല്ലാഹുവും അവന്റെ റസൂലും മാത്രം അവർക്ക് വിശുദ്ധ ഖുർആൻ കേൾക്കണം ഇസ്ലാംമതത്തെക്കുറിച്ച് പഠിക്കണം 

പ്രവാചകൻ അവർ ഖുർആൻ ഓതിക്കൊടുത്തു  

ആ ഹൃദയങ്ങൾ ആടിയുലഞ്ഞു  അവർ ആവേശഭരിതരായി  

പ്രവാചകൻ വിലപ്പെട്ട ഉപദേശങ്ങൾ നൽകി   

വന്നിട്ട് കുറെ സമയമായി മടങ്ങാൻ നേരമായി അവർ എഴുന്നേറ്റു സലാം ചൊല്ലി 

ഇരുവരും ആ വീട്ടിൽ നിന്ന് പുറത്തിറങ്ങി അവർ ചുറ്റുപാടും നോക്കി, പഴയലോകം മുമ്പിൽ തെളിയുന്നു ഇത് വരെ മറ്റേതോ ലോകത്തായിരുന്നു ശാന്തിയുടെയും സമാധാനത്തിന്റെയും തീരത്ത് ഇപ്പോഴിതാ വെപ്രാളത്തിന്റെയും ബദ്ധപ്പാടിന്റെയും ലോകത്ത് തിരിച്ചെത്തിയിരിക്കുന്നു 

വേഗത്തിൽ മുമ്പോട്ട് നടന്നു 

അങ്ങാടിയിലേക്ക് പോവുന്നവരോടൊപ്പം കൂടി കഅ്ബാലയത്തിനടുത്ത് ആൾക്കൂട്ടം ഇരുവരും ആൾക്കൂട്ടത്തിൽ ലയിച്ചു കുറെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി 

കൈകാലുകൾ ബന്ധിക്കപ്പെട്ട ഒരുമനുഷ്യൻ അദ്ദേഹത്തിന് നടക്കാൻ വയ്യ ആളുകൾ ചുറ്റും തടിച്ചുകൂടിനിൽക്കുന്നു 

ഖുറൈശിനേതാക്കളുടെ മുന്നിലേക്ക് ആ മനുഷ്യനെ വലിച്ചിഴച്ചുകൊണ്ട് പോവുന്നു 

അബൂജഹലിന്റെ മുമ്പിൽ ആ മനുഷ്യനെ നിറുത്തി 

'എടാ... നീ മുഹമ്മദിന്റെ മതത്തിൽ വിശ്വസിച്ചു എന്ന് കേൾക്കുന്നു..... അത് ശരിയാണോ?' 

അബൂജഹ്ലിന്റെ ചോദ്യം ഉച്ചത്തിൽ ഉയർന്നു  

'നിന്നോടാണ് ചോദിച്ചത് നീ അവന്റെ മതത്തിൽ വിശ്വസിച്ചോ?' 

'......അതെ' പതിഞ്ഞ സ്വരത്തിൽ മറുപടി  

'നീ അവനെ കൈവെടിയണം പഴയവിശ്വാസത്തിലേക്ക് മടങ്ങണം എന്താ....തയ്യാറാണോ?' 

'ഇല്ല' 

'എന്ത്... പുതിയ മതത്തിൽ തന്നെ തുടരാനാണോ ഉദ്ദേശ്യം?' 

'അതെ' 

അബൂജഹ്ലിന്റെ മുഖം കോപം കൊണ്ടു ചുവന്നു അവന്റെ കൈ ഉയർന്നു ആഞ്ഞു വീശി ഒരടി കവിളിൽ തന്നെ ശക്തിയായ പ്രഹരത്തിൽ ആ സത്യവിശ്വാസി മറിഞ്ഞു വീണു 

ആരൊക്കെയോ ചേർന്നു വീണ്ടും എഴുന്നേൽപ്പിക്കുന്നു വീണ്ടും പ്രഹരം ചോദ്യം ചെയ്യൽ അടിയും തൊഴിയും 

അബൂജഹ്ലിന്റെ ഊഴം കഴിഞ്ഞു മറ്റു നേതാക്കൾ ചോദ്യം ചെയ്യാൻ വരുന്നു 

ഉത്ബത്തിന്റെ ഊഴം 

സത്യവിശ്വാസിയിൽ അയാളുടെ പരാക്രമം തുടങ്ങുന്നു ഉത്ബത്ത് ക്ഷീണിച്ചപ്പോൾ മറ്റൊരാൾ ക്ഷീണിതനായ ഉത്ബത്ത് വീട്ടിലേക്ക് മടങ്ങി അബൂഹുദൈഫയും സാലിമും അവിടെയുണ്ട് 

സത്യവിശ്വാസിയെ മർദ്ദിച്ച് അവശനാക്കി വരുന്നു പിതാവിന്റെ മുഖത്തേക്ക് അബൂഹുദൈഫ നോക്കി അദ്ദേഹത്തിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി സാലിം അദ്ദേഹത്തെ ബലമായി പിടിച്ചു  

അവർ അടുത്ത മുറിയിലേക്ക് പോയി മുറിയിൽ കനത്ത നിശ്ശബ്ദത ആർക്കും ഒന്നും പറയാനില്ല പൊട്ടിത്തെറിക്കാറാത അഗ്നി പർവ്വതംപോലെ നിൽക്കുന്നു വീട് ഇവിടെ ഏത് നിമിഷവും എന്തും സംഭവിക്കാം 

കാതുകളിൽ പ്രവാചകന്റെ ശബ്ദം അതിന്റെ മധുരം മനസ്സിലേക്കൊഴുകി  

അബൂഹുദൈഫ ചാടിയെണീറ്റു  

എന്താ....എന്തു പറ്റി? സാലിം മെല്ലെ ചോദിച്ചു 

'എനിക്കിപ്പോൾ അല്ലാഹുവിന്റെ റസൂലിനെ കാണണം' 

'അബദ്ധം കാണിക്കരുത് ഇപ്പോൾ ഇവിടെ അടങ്ങിക്കിടക്ക് പിന്നെ പോകാം ' 

അവർ മുറിയിൽ ഒതുങ്ങി 

വീട്ടിലുള്ളവരോടൊക്കെ മാനസികമായ അകൽച്ച എല്ലാവരും ഉത്ബത്തിന്റെ ആജ്ഞാനുവർത്തികളാണ് 

ഭക്ഷണത്തിന് രുചിയില്ല

മനസ്സ് കോളുകൊണ്ട ബഹ്റ് പോലെയായി 

അവർ രാത്രിയാവാൻ കാത്തിരുന്നു സന്ധ്യക്ക് വീട്ടിൽ നിന്നിറങ്ങി അങ്ങാടിയിൽ വലിയ തിരക്ക് അവിടെ കുറെ നേരം ചുറ്റിക്കറങ്ങി ഇരുട്ടിന്റെ മറവിൽ അവർ പ്രവാചകനെ തേടിനടന്നു ഇസ്ലാം മതം സ്വീകരിച്ച ചിലരെ വഴിയിൽ കണ്ടു അവർ രഹസ്യമായി സംസാരിച്ചു  

പ്രവാചകന്റെ സമീപത്തെത്തി സലാം ചൊല്ലി  

ആ മുഖം ദർശിച്ചു  

വിശുദ്ധ ഖുർആൻ പാരായണം ശ്രദ്ധിച്ചു ചില ആയത്തുകൾ മനഃപ്പാഠമാക്കി പുതുതായി ഇസ്ലാം മതം സ്വീകരിച്ചവരെ പരിചയപ്പെട്ടു  

വേഗം മടങ്ങി  

ഇരുട്ടിൽ മനുഷ്യ രൂപങ്ങൾ നീങ്ങുന്നതവർ കണ്ടു ആരാണെന്നറിയില്ല സത്യ വിശ്വാസികളാവാം അല്ലെങ്കിൽ അവരെ തേടിയിറങ്ങിയ ശത്രുക്കളാവാം  

അവർ ഇരുട്ടിൽ മുങ്ങി 

വീട്ടിൽ വന്നു കയറി  

ഉത്ബത്ത് എത്തിയിട്ടില്ല ആശ്വാസം 

'എത്ര നാൾ ഇത് രഹസ്യമായി വെക്കും' സാലിം ചോദിച്ചു 

'ഇനി അധികനാൾ കഴിയുമെന്ന് തോന്നുന്നില്ല ഇന്നത്തെ യാത്ര തന്നെ ആരെങ്കിലും ശ്രദ്ധിച്ചോ എന്നാർക്കറിയാം ' 

'രഹസ്യം പുറത്തായാൽ?' 

ക്രൂരമായ മർദ്ദനം പ്രതീക്ഷിക്കാം മർദ്ദനത്തിന്റെ കാഠിന്യത്താൽ മരണംവരെ സംഭവിക്കാം മരണത്തിനപ്പുറം ഒന്നും സംഭവിക്കാനില്ല  

അത് ശരിയാണ്.


സൈദും സാലിമും

ഹാരിസിന്റെ ഭാര്യയാണ് സുഅ്ദ ആ ദമ്പതികൾക്ക് പിറന്ന ഓമന മകനാണ് സൈദ് 

സ്നേഹവും വാത്സല്യവും നിറഞ്ഞ അന്തരീക്ഷത്തിൽ സൈദ് വളർന്നു അവന് എട്ട് വയസ്സായി 

മാതാവും പുത്രനുംകൂടി അകലെയുള്ള ബന്ധുക്കളുടെ വീട്ടിൽ വിരുന്നുപോയി അവർക്ക് ഹൃദ്യമായ സ്വീകരണം കിട്ടി  പക്ഷെ, ആ സന്തോഷം ഏറെ നീണ്ടുനിന്നില്ല 

പെട്ടെന്നാണ് കൊള്ളക്കാർ ആ വീട് അക്രമിച്ചത് വിലപിടിച്ച സാധനങ്ങളെല്ലാം അവർ കവർന്നെടുത്തു കൂട്ടത്തിൽ എട്ട്  വയസ്സുള്ള സൈദ് എന്ന കുട്ടിയെയും തട്ടിയെടുത്തു കൊള്ളക്കാർ പെട്ടെന്ന് സഥലംവിട്ടു 

സുഅ്ദാ ഉറക്കെ നിലവിളിച്ചു ആ മാതാവിന് ദുഃഖം അടക്കാനായില്ല അവർ ഭർത്താവിന്റെ വീട്ടിലേക്കോടി മകൻ നഷ്ടപ്പെട്ടു എന്നറിഞ്ഞ് ഹാരിസ് ഞെട്ടി എന്ത് ചെയ്യണമെന്നറിയാതെ അദ്ദേഹം വിഷമിച്ചു ഖബീലയിലെ ആളുകൾ വന്നുകൂടി കുട്ടിയെ അന്വേഷിച്ചുകൊണ്ട് ആളുകൾ പലവഴിക്കും ഓടി 

കൊള്ളക്കാരെക്കുറിച്ച് ഒരു വിവരവുമില്ല അന്വേഷിക്കാൻ പോയവർ നിരാശയോടെ മടങ്ങി ഹാരിസിന്റെ നാട്ടിൽ നിന്ന് വളരെ അകലെയാണ് മക്കാപട്ടണം കഅ്ബാലയം സന്ദർശിക്കാൻ  വേണ്ടി ഹാരിസിന്റെ നാട്ടുകാർ മക്കയിൽ പോവാറുണ്ട് അവർ വഴി നീളെ സൈദിനെ അന്വേഷിച്ചു ഒരു ഫലവുമില്ല 

കൊള്ളക്കാർ സൈദിനെയുംകൊണ്ട് ഉക്കാള് ചന്തയിലേക്കാണ് നീങ്ങിയത് അവിടെ ധാരാളം അടിമകളെ വിൽപനക്ക് വെച്ചിരുന്നു അവരുടെ കൂട്ടത്തിൽ, സൈദിനെയും കൊണ്ട് കെട്ടി 

ധനികനായൊരു ഖുറൈശിയാണ് ഹകീംഇബ്നു ഹസാം ഇബ്നു ഖുവൈലിദ് ഇദ്ദേഹം ഖദീജാബീവിയുടെ അടുത്ത ബന്ധുകൂടിയാണ് കുറെ അടിമകളെ വാങ്ങാൻ വേണ്ടി ചന്തയിൽ എത്തിയിരിക്കുകയാണ് അദ്ദേഹം 

അടിമകളെ വാങ്ങി കൂട്ടത്തിൽ സൈദിനെയും വാങ്ങി സൈദിന് നല്ല വില കൊടുക്കേണ്ടി വന്നു  

ഖദീജാബീവി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു സംഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു: 

'ഞാൻ കുറെ അടിമകളെ വാങ്ങി ഒരെണ്ണം നിങ്ങൾക്ക് തരാം ഇഷ്ടമുള്ള ഒരെണ്ണത്തെ തിരഞ്ഞെടുത്തുകൊള്ളൂ ' 

ഖദീജാബീവി അടിമകളെ പരിശോധിച്ചു അവർക്ക് സൈദിനെ ഇഷ്ടപ്പെട്ടു 

'എനിക്ക് ഈ കുട്ടിയെമതി അവർ പറഞ്ഞു  

അവർ സൈദിനെയുംകൂട്ടി വീട്ടിലെത്തി  കാലം കടന്നു പോയി 

അൽഅമീൻ ഖദീജാബീവിയെ വിവാഹം ചെയ്തു ഭാര്യക്ക് ഭർത്താവിനൊരു നല്ല സമ്മാനം കൊടുക്കാൻ മോഹം അക്കാലത്ത് മികച്ച സമ്മാനം അടിമയും ഒട്ടകവും ഒക്കെയാണ് 

ഖദീജാ ബീവി ഭർത്താവിന് സമ്മാനമായി നൽകിയത് എന്താണെന്നോ? സൈദ് എന്ന കുട്ടിയെ 

നബി (സ) തങ്ങൾക്ക് കുട്ടിയെ ഇഷ്ടമായി നബി (സ) തങ്ങളുടെ സ്വഭാവഗുണങ്ങൾ സൈദിനെ വല്ലാതെ ആകർഷിച്ചു അവരൊന്നിച്ചു നടക്കാൻ പോവും കഅ്ബാലയത്തിനടുത്ത് ചെല്ലും  

ഹാരിസിന്റെ നാട്ടുകാരായ ചിലർ കഅ്ബാലയം സന്ദർശിക്കാൻ വന്നു അവർ സൈദിനോട് സംസാരിച്ചു  

അവർ നാട്ടിലെത്തി ഹാരിസിനോട് വിവരം പറഞ്ഞു സൈദ് ജീവിച്ചിരിക്കുന്നു  എന്നറിഞ്ഞപ്പോൾ വീട്ടുകാർക്കെല്ലാം വലിയ സന്തോഷം 

ഉടനെ അവനെ മോചിപ്പിക്കണം 

ഹാരിസും സഹോദരൻ കഅ്ബും മക്കയിലേക്ക് പുറപ്പെട്ടു അവരുടെ കൈവശം മോചനദ്രവ്യവും ഉണ്ടായിരുന്നു അവർ മക്കയിലെത്തി നബി (സ) തങ്ങളെ സന്ദർശിച്ചു  

'സൈദ് എന്റെ മകനാണ് അവനെ എനിക്ക് വിട്ട് തരണം ആവശ്യപ്പെടുന്ന മോചനദ്രവ്യം നൽകാം' ഹാരിസ് വിനയപൂർവ്വം അറിയിച്ചു 

നബി (സ) തങ്ങൾ സൈദിനെ അടുത്തേക്ക് വിളിച്ചു അവൻ ഓടിയെത്തി  

ഹാരിസ് തന്റെ മകനെ കണ്ടപ്പോൾ ആവേശഭരിതനായി എത്ര കാലമായി ഈ മകനെ കണ്ടിട്ട്  

നബി (സ) തങ്ങൾ സൈദിനോട് ചോദിച്ചു  

ഇവർ ആരാണ്? 

ഇത് എന്റെ പിതാവ് അത് പിതാവിന്റെ സഹോദരൻ  

'ഇവർ നിന്നെ കൂട്ടിക്കൊണ്ട് പോവാൻ വന്നതാണ് നിനക്ക് ഇഷ്ടമാണെങ്കിൽ അവരോടൊപ്പം പോകാം എന്റെ കൂടെ നിൽക്കാനാണാഗ്രഹമെങ്കിൽ അങ്ങനെ ചെയ്യാം പറയൂ നിന്റെ നിന്റെ ഇഷ്ടമെന്താണ്?' 

പെട്ടെന്നായിരുന്നു മറുപടി  

'ഞാൻ അങ്ങയോടൊപ്പം നിൽക്കാനാഗ്രഹിക്കുന്നു' 

നിരാശയോടെ ഹാരിസ് ചോദിച്ചു 

'മകനെ അടിമയായി ജീവിക്കാനാണോ നിനക്കാഗ്രഹം?' 

നബി(സ) തങ്ങൾ ഹാരിസിനെ സമാധാനപ്പെടുത്തി: 

'നിങ്ങളുടെ മകൻ സന്തോഷത്തോടെ ഇവിടെ കഴിയട്ടെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കവനെ വന്നു കാണാം' 

നബി (സ) തങ്ങൾ സൈദിന്റെ കയ്യും പിടിച്ചു നടന്നു അവർ കഅ്ബാലയത്തിനടുത്തെത്തി ഖുറൈശി പ്രമുഖന്മാർ അവിടെ സമ്മേളിച്ചിരിന്നു അവരുടെ മുമ്പിൽ വന്നു നിന്ന് നബി (സ) തങ്ങൾ പ്രഖ്യാപിച്ചു: 

'ഖുറൈശികളെ ഇവൻ എന്റെ മകനാണ് എന്റെ സ്വത്തിൽ ഇവന് അവകാശമുണ്ട് അവന്റെ സ്വത്തിൽ എനിക്കും ഇതിന് നിങ്ങൾ സാക്ഷിയാണ് ഇന്നു മുതൽ ഇവൻ സൈദ് ബ്നു മുഹമ്മദാണ് ' 

ഹാരിസിന് സമാധാനമായി അൽ അമീന്റെ പുത്രനായി സൈദ് വളരട്ടെ 

ഹാരിസും ഷഹോദരനും മടങ്ങിപ്പോയി 

നബി(സ) തങ്ങളും മകൻ സൈദും അവരുടെ ജീവിതം പകർത്തുകയാണ് അബൂഹുദൈഫയും ദത്തുപുത്രൻ സാലിമും 

ദത്ത് പുത്രന്മാരുടെ കാര്യത്തിൽ അല്ലാഹുവിൽ നിന്നും സന്ദേശം ഇറങ്ങുന്നു 'അവരെ സ്വന്തം പിതാക്കളോട് ചേർത്തു വിളിക്കുവിൻ ' 

ഒട്ടും താമസിച്ചില്ല  

സൈദ്ബ്നുമുഹമ്മദിന്റെ പേര് മാറി സൈദ് ബ്നു ഹാരിസ് ആയിമാറി  

അബൂഹുദൈഫ വല്ലാതെ വിഷമിച്ചു തന്റെ വളർത്തു പുത്രന് എന്ത് പേര് നൽകും സാലിമിന്റെ പിതാവ് ആരാണെന്നറിയില്ല ഇനിയെന്ത് ചെയ്യും? 

അബൂഹുദൈഫയുടെ സംരക്ഷണത്തിൽ കഴിയുന്ന മോചിതനായ അടിമ എന്ന അർത്ഥത്തിൽ സാലിംമൗലാ 'അബീഹുദൈഫ' എന്ന പേർ നൽകി 

ഇന്നവർ പിതാവും പുത്രനുമല്ല 

സഹോദരന്മാരാണ് 

അവരുടെ സ്നേഹം സമൃദ്ധമാണ്  

ഇസ്ലാമിക സാഹോദര്യത്തിന്റെ ജീവിക്കുന്ന ഉദാഹരണം ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നു ഒരേ പ്രസ്ഥാനത്തിൽ അണിനിരക്കുന്നു അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ത്യാഗം സഹിക്കാൻ സന്നദ്ധരാവുന്നു


മർദ്ദനം

ഏതോ നയനങ്ങൾ അവരെ പിൻതുടരുന്നുണ്ടായിരുന്നു അബൂഹുദൈഫയും സാലിമും വഴിതെറ്റുന്നുണ്ടോയെന്ന് ചിലർക്ക് സംശയം അവർ അക്കാര്യം ഉത്ബത്തിനെ ഉണർത്തി 

ഉത്ബത്ത് മകനെ വിളിച്ചു  

മകൻ അനുസരണയോടെ വന്നു നിന്നു 

മകൻ പിതാവിന്റെ മുഖത്തേക്ക്  നോക്കി പതിവിൽക്കവിഞ്ഞ ഗൗരവം നോട്ടത്തിന് വല്ലാത്ത തീക്ഷ്ണത 

'സാലിം....' ഉത്ബത്തിന്റെ ശബ്ദം ഉയർന്നു 

സാലിം അടുത്തേക്ക് വന്നു 

ഉത്ബത്ത് ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി കുറ്റവാളികളെ നോക്കുംപോലെ 

തങ്ങൾ പ്രതീക്ഷിച്ച നിമിഷം വന്നിരിക്കുന്നു ഇവിടെ എന്തും സംഭവിക്കാം ചിലപ്പോൾ ജീവൻ തന്നെ നഷ്ടമായേക്കാം 

അബൂഹുദൈഫ, മനസ്സിന്റെ ചാഞ്ചല്യം നിർത്തി ഒരു ബിന്ദുവിൽ മനസ്സ് ഉറപ്പിച്ചു നിറുത്തി ഇസ്ലാം ദീൻ സ്വീകരിച്ചതായി പ്രഖ്യാപിക്കുക അതിൽ ഉറച്ചു നിൽക്കുക ഒട്ടുംപതറരുത് മരിച്ചു വീഴുംവരെ മരണപ്പെട്ടാൽ ശഹീദിന്റെ പദവി അതിൽപരം ഒരു മഹത്വമുണ്ടോ? 

സാലിമും ഇത് തന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത് ഒട്ടും പതറിപ്പോവരുത് ഉറച്ചുനിൽക്കണം മരണംവരെ 

'രണ്ടാളോടുമാണ് ചോദിക്കുന്നത് സത്യം പറയണം നിങ്ങൾ മുഹമ്മദിനെ കാണാറുണ്ടോ?' ഉത്ബത്തിന്റെ ശബ്ദം ഉയർന്നു 

'കാണാറുണ്ട് 'ഒന്നിച്ചുള്ള മറുപടി ഉത്ബത്ത് ഞെട്ടിപ്പോയി  എത്ര ധൈര്യമായി മറുപടി പറയുന്നു 

'നിങ്ങൾ അവൻ പറയുന്നത് വിശ്വസിച്ചോ?' 

'വിശ്വസിച്ചു ' പതറാത്ത മറുപടി 

'അവൻ പറയുന്നതൊന്നും സത്യമല്ല നിങ്ങൾ നിങ്ങൾ അവനെ കൈവെടിയണം ' 

'സാദ്ധ്യമല്ല' 

എന്ത്കൊണ്ട്? 

'ഞങ്ങൾ മുസ്ലിംകളാണ് ' 

അടിയുടെ ശബ്ദം ഉത്ബത്തിന്റെ അട്ടഹാസം ഉയരുന്നു ചവിട്ടും തൊഴിയും തുടരുന്നു 

ബന്ധുക്കൾ ഒത്തുകൂടി 

ചിലർ ഉപദേശിക്കുന്നു ചിലർ ഭീഷണിപ്പെടുത്തുന്നു മറ്റു ചിലർ ഭയപ്പെടുത്തുന്നു 

ഇരുവർക്കും ചലനമില്ല 

കോപംകൊണ്ട് കലിതുള്ളുന്ന ബന്ധുക്കൾ അവരുടെ അഭിമാനം മുറിപ്പെട്ടു അവർക്കത് സഹിക്കാൻ വയ്യ പരിസരം മറന്നു 

അബൂഹുദൈഫക്കും സാലിമിനും നേരെ അവർ പാഞ്ഞടുത്തു സർവ്വശക്തിയും സംഭരിച്ച് ചവിട്ടിവീഴ്ത്തി തലക്കും പുറത്തും പ്രഹരം 

അവർ വേദനകൊണ്ട് പുളഞ്ഞു അസഹ്യമായവേദന അപ്പോഴും പ്രഹരം തുടർന്നു 

അല്ലാഹ്.....അല്ലാഹ്.....

ശക്തിയറ്റ് നിലംപതിച്ചു അനങ്ങാൻ വയ്യ മയക്കത്തിലേക്ക് വീണു കൈകാലുകൾ ബന്ധിക്കപ്പെട്ടു  

സമയം കടന്നുപോയി 

മയക്കത്തിൽനിന്നുണർന്നു കൈകാലുകൾ അനക്കാൻ വയ്യ സന്ധികളിൽ നീരുവന്ന് വീർത്തിരിക്കുന്നു 

തളർന്ന് കിടക്കുമ്പോൾ മനസ്സിൽ തെളിയുന്നത് സുന്ദരമായൊരു മുഖം അന്ത്യപ്രവാചകരുടെ തേജസ്സുള്ള വദനം ആ നാക്കിൻ തുമ്പിൽ നിന്നുതിർന്നു വീഴുന്ന വിശുദ്ധ ഖുർആൻ വചനങ്ങൾ കേൾക്കാൻ മോഹം ആ തിരുസന്നിദ്ധിയിൽ എത്തിച്ചേരാൻ തിരുടക്കമായി അതിനെന്തുവഴി? 

ആരൊക്കെയോ നടന്നു വരുന്നു മർദ്ദനത്തിന്റെ പുതിയ അദ്ധ്യായത്തിന് തുടക്കമായി ചോദ്യം ചെയ്യലും ശകാരവും തുടങ്ങുകയായി മർദ്ദനത്തിന്റെ പുതിയരൂപങ്ങൾ 

ഉത്ബത്തിന്റെ പുതിയ മുഖം സ്നേഹം നിറഞ്ഞ ഉപദേശം 

തറവാടിന്റെ പ്രതാപത്തെക്കുറിച്ചും അത് കാത്തുസൂക്ഷിക്കുന്നതിൽ പുത്രന്റെ പങ്കിനെക്കുറിച്ചും പറഞ്ഞു നല്ലതുപോലെ ചിന്തിച്ച് തീരുമാനമെടുക്കാൻ പറഞ്ഞു ആലോചിക്കാൻ സമയവും അനുവദിച്ചു 

സാലിം സുന്ദരമായി വിശുദ്ധ ഖുർആൻ പാരായണം ചെയ്യും അതുകേട്ടിരിക്കാൻ തന്നെ നല്ല സുഖമാണ് അവശനായി കിടക്കുമ്പോഴും സാലിം ചില ആയത്തുകൾ ഓതിക്കൊണ്ടിരുന്നു അതിന്റെ നിർവൃതിയിൽ അവർ എല്ലാ വേദനകളും മറന്നു 

അബൂഹുദൈഫയും സാലിമും വളരെ ശാന്തമായി കാണപ്പെട്ടു അവർ പഴയമതത്തിലേക്ക് മടങ്ങുമെന്ന് ബന്ധുക്കൾ പ്രതീക്ഷിച്ചു കാണും 

അവരുടെ കൈകാലുകൾ സ്വാതന്ത്ര്യമായി എഴുന്നേറ്റുനടക്കാനുള്ള സ്വാതന്ത്ര്യം കിട്ടി അവരുടെ ഓരോ ചലനവും നിരീക്ഷിക്കപ്പെട്ടു  വീട് വിട്ട് പോകാനും നിവൃത്തിയില്ല രാവും പകലും തങ്ങൾ നിരീക്ഷണത്തിലാണ് 

പ്രവാചകനെക്കുറിച്ചുള്ള ചിന്തയാണ് മനസ്സ് നിറയെ ഭാഗ്യവാന്മാർ ആ സദസ്സിലെത്തിക്കാണും അവരൊക്കെ ഇബാദത്തിൽ മുഴുകിക്കാണും ഒന്നവിടെ എത്തിച്ചേർന്നെങ്കിൽ 

ഒരും വഴിയും കാണുന്നില്ല ഓടിയാൽ പിടികൂടും ബന്ധിക്കപ്പെടും  

പ്രവാചകനെ ചെന്നുകാണാൻ കഴിയുന്ന നാളുകൾ വരുമോ? 

അല്ലാഹുവിന് ഇബാദത്തെടുക്കാൻ സ്വാതന്ത്ര്യമുള്ള ദിവസങ്ങൾ പിറക്കുമോ? മനസ്സിൽ പ്രതീക്ഷയുടെ തിളക്കം.


പുത്രന്റെ ഉപദേശം 

ഉത്ബത്ത് നടന്നുവരുന്നു അബൂഹുദൈഫ എഴുന്നേറ്റു നിന്നു പിതാവ് പുത്രന്റെ അടുത്തെത്തി 

'ബാപ്പാ....'  

അബൂഹുദൈഫ വിളിച്ചു ആ വിളി പിതാവിന്റെ മനസ്സിൽ കൊണ്ടു അയാളുടെ മുഖത്തെ കോപം മാഞ്ഞു പെട്ടെന്ന് സ്നേഹത്തിന്റെ പ്രകാശംപരന്നു ഉള്ളിൽ ഉണർന്ന സ്നേഹം മനസ്സിൽ ഒതുക്കിനിർത്തിക്കൊണ്ടയാൾ ചോദിച്ചു 

'എന്താ....' 

എനിക്ക് ബാപ്പയോട് ഒരു കാര്യം പറയാനുണ്ട് 

പറയൂ 

ബാപ്പ കോപിക്കരുത്  

പറയൂ കേൾക്കട്ടെ 

ഞാൻ പറയാം അത് കേൾക്കുമ്പോൾ ബാപ്പ എന്നെ ഉപദ്രവിക്കുമോ? 

വല്ലതും പറയാനുണ്ടെങ്കിൽ വേഗം പറയണം 

ഞാൻ പറയാം ബാപ്പ ശ്രദ്ധിച്ചു കേൾക്കണം ഈ ലോകത്തിന്നൊരു സ്രഷ്ടാവുണ്ട് അവനാണ് അല്ലാഹു അവൻ മുഹമ്മദിനെ റസൂലായി അയച്ചു റസൂൽ പറയുന്ന കാര്യത്തെക്കുറിച്ച് ബാപ്പ ചിന്തിക്കണം സ്വീകരിക്കാൻ പറ്റുന്നതെങ്കിൽ സ്വീകരിക്കണം അല്ലെങ്കിൽ തള്ളിക്കളയണം 

'എനിക്ക് സ്വീകരിക്കാൻ മനസ്സില്ല' 

കണ്ടോ... ബാപ്പാക്ക് കോപം വന്നു ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് ബാപ്പ ഇത്കൂടി കേൾക്കണം നമ്മളൊക്കെ മരിച്ചു പോവും മരണാനന്തരം ഒരു ജീവിതമുണ്ട് അവിടെ നമുക്ക് വിജയിക്കണം മുസ്ലിമായി ജീവിച്ചാലെ പരലോകത്ത് വിജയം കിട്ടുകയുള്ളൂ എന്റെ പൊന്നുപ്പയല്ലേ... ബാപ്പ റസൂൽ തിരുമേനിയെ ചെന്നു കാണണം ഇസ്ലാം മതം സ്വീകരിക്കണം  

'എടാ...' ഉത്ബത്ത് അലറി നിലത്ത് ചവിട്ടിശബ്ദമുണ്ടാക്കിക്കൊണ്ട് അയാൾ നടന്നു പോയി അബൂഹുദൈഫയുടെ കവിളിലൂടെ കണ്ണിനീർ തുള്ളികൾ ഒലിച്ചിറങ്ങി 

ഉത്ബത്ത് അകത്ത്പോയിരുന്നു ഏകാന്തതയിൽ ലയിച്ചു അപ്പോഴും മകന്റെ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു 

എന്റെ പൊന്നു ബാപ്പയല്ലേ..... ബാപ്പ റസൂൽ തിരുമേനിയെ ചെന്ന് കാണണം ഇസ്ലാം മതം സ്വീകരിക്കണം 

എന്തൊരു ശല്യമാണിത് മനസ്സ് ഇളകിമറിയുന്നു ഇസ്ലാം മതം...... ഇസ്ലാം..... റസൂൽ..... ഹൗ.... ഒരു സമാധാധവും കിട്ടുന്നില്ല 

സമയമേറെ കടന്ന്പോയി ആഹാരം കഴിക്കാനിരുന്നപ്പോൾ അസ്വസ്ഥനായി 

മകനെ കൂടെയിരുത്തണോ? അവൻ കൂടെയുണ്ടെങ്കിലേ മനസ്സിന്ന് സമാധാനമുളളൂ കൂടെയിരുത്തിയാൽ ഉപദേശം തുടങ്ങുമോ? 

'ബാപ്പാ.....' അബൂഹുദൈഫയുടെ ശബ്ദം 

'ബാപ്പാക്ക് എന്നോട് ദേഷ്യമായിരിക്കും' 

'നിനക്കെന്താ വേണ്ടത്?' 

'ബാപ്പാ.... ഞാൻ പറഞ്ഞകാര്യത്തെക്കുറിച്ച് ചിന്തിച്ചോ? ' 

'നിനക്ക് വേറെയൊന്നും പറയാനില്ലേ?' 

'വളരെ നല്ല കാര്യമാണ് ഞാൻ പറഞ്ഞത് ബാപ്പയെ വലിയ ആപത്തിൽ നിന്ന് രക്ഷപ്പെടുത്താനല്ലേ ഞാനത് പറഞ്ഞത് ബാപ്പ ബുദ്ധിമാനായിട്ട്  എന്താ അതിനെക്കുറിച്ച് ചിന്തിക്കാത്തത്  

'നിനക്ക് വിശപ്പുണ്ടോ?' 

'എനിക്ക് വല്ലാതെ വിശക്കുന്നു' 

'എന്നാൽ വന്ന് ആഹാരം കഴിക്ക് ' 

മകൻ ആഹാരം കഴിക്കുന്നത് പിതാവ് താൽപര്യത്തോടെ നോക്കി നിന്നു മുഖത്തെ ഗൗരവം അയാളറിയാതെ മാഞ്ഞുപോയി 

മകൻ ആഹാരം കഴിച്ച് എഴുന്നേറ്റുപോയപ്പോൾ പിതാവ് ഏതോ ചിന്തകളിൽ ആണ്ടുകിടക്കുകയായിരുന്നു  

ദിവസങ്ങൾ പിന്നെയും കടന്നു പോയി ഇതിനിടയിൽ അബൂഹുദൈഫ പലതവണ പിതാവിനോട് സംസാരിച്ചു നബി (സ) തങ്ങളുടെ സ്വഭാവഗുണങ്ങൾ വിവരിച്ചു ഇസ്ലാം മതത്തിന്റെ സവിശേഷതകൾ വർണ്ണിച്ചു അല്ലാഹുവിൽ വിശ്വസിക്കേണ്ടതെങ്ങനെയെന്ന് വിവരിച്ചു 

അത് കേൾക്കുമ്പോഴെല്ലാം ഉത്ബത്ത് അസ്വസ്ഥനായി അയാൾ കഅ്ബയുടെ സമീപത്തേക്ക് നടന്നു തന്റെ സഹോദരൻ ശൈബത്തിനെ അവിടെ കണ്ടു മകൻ വലീദും അവിടെയുണ്ട് ഖുറൈശി  പ്രമുഖന്മാർ പലരുമുണ്ട് 

എല്ലാവരും ദുഃഖിതരാണ് 

ഖുറൈശിപ്രമുഖനായ ഹംസ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞു ആ സംഭവം അവരെ ആകെ ദുഃഖിതരാക്കിയിരിക്കുന്നു  

'മുഹമ്മദിനെ എങ്ങനെയെങ്കിലും ഇതിൽനിന്ന് പിന്തിരിപ്പിക്കണം ' ഖുറൈശിപ്രമുഖന്മാർ അക്കാര്യത്തിൽ യോജിച്ചു 

'എങ്ങനെ പിന്തിരിപ്പിക്കും ?' പലരും ഒരേ സമയം ചോദിച്ചു 

'ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ ' ഉത്ബത്ത് പറഞ്ഞു എല്ലാവരും ആ മുഖത്തേയ്ക്ക്നോക്കി ഉത്ബത്ത് ഇക്കാര്യത്തിൽ വിജയിക്കുമെന്ന് അവർക്ക് തോന്നി മനസ്സിൽ പ്രതീക്ഷയുടെ പ്രകാശം പരന്നു.


ഉത്ബത്തിന്റെ ദൗത്യം 

കഅ്ബായിൽ ഏകനായിരിക്കുന്ന പ്രവാചകനെ ഉത്ബത്ത് കണ്ടു അയാൾ പ്രവാചകന്റെ സമീപം വന്നിരുന്നു 

'എനിക്കൊരു കാര്യം പറയാനുണ്ട് ' ഉത്ബത്ത് തന്നെ സംസാരം തുടങ്ങി 

'പറയൂ അബുൽവലീദ് ഞാൻ കേൾക്കാം 

പ്രവാചകന്റെ താല്പര്യം കണ്ടപ്പോൾ ഉത്ബത്തിന്റെ ആവേശം വർദ്ധിച്ചു അബൂഹുദൈഫ പറഞ്ഞ കാര്യങ്ങൾ പെട്ടെന്ന് ഓർമ്മയിൽ വന്നു അതെല്ലാം മനസ്സിൽ ഒതുക്കിവെച്ചുകൊണ്ട് സംസാരം തുടങ്ങി  

'നമ്മുടെ കൂട്ടത്തിൽ നിനക്കുള്ള സ്ഥാനം എത്ര മഹത്തായതാണെന്ന് നിനക്കറിയാമല്ലോ നിന്റെ കുടുംബത്തിന്റെ പ്രതാപവും അന്തസ്സും സ്വാധീനശക്തിയും നിനക്കറിയാമല്ലോ അതൊന്നും കളഞ്ഞുകുളിക്കരുതെന്ന് ഞാൻ ഉപദേശിക്കുന്നു നീ ഒരുപുതിയമതവുമായി രംഗത്ത് വന്നിരിക്കുകയാണ് അത്കാരണം എന്തെല്ലാം വിപത്തുകളാണ് നമ്മുടെ നാട്ടിലുണ്ടായത് ജനങ്ങൾക്കിടയിൽ ഐക്യം തകർന്നു ജനങ്ങളുടെ വിശ്വാസത്തെ നീ തള്ളിപ്പറഞ്ഞു നമുക്കിടയിലെ ശാന്തിയും സമാധാനവും പോയി ഞാൻ പറയുന്ന കാര്യങ്ങൾ നീ ശ്രദ്ധിച്ചു കേൾക്കണം ഞാൻ ചില നിർദ്ദേശങ്ങളുമായിട്ടാണ് വന്നിരിക്കുന്നത് അത് സ്വീകരിക്കാൻ പറ്റുമോ എന്ന് ചിന്തിക്കണം ' 

'പറയൂ അബുൽവലീദ് എന്തൊക്കെയാണ് നിർദ്ദേശങ്ങൾ?' 

'നിനക്ക് നല്ലൊരു പണക്കാരനാവണമെന്ന് ആഗ്രഹമുണ്ടോ? ഞങ്ങളുടെ സ്വത്തിൽ നിന്ന് പണം ശേഖരിച്ച് നിനക്ക് തരാം അപ്പോൾ നീയൊരു നല്ല പണക്കാരനായിത്തീരും നിനക്ക് ധനികനായി ആഢംബരജീവിതം നയിക്കാം നിനക്കൊരു രാജാവായി കഴിയണമെന്നാണോ  ആഗ്രഹം എങ്കിൽ ഞങ്ങൾ നിന്നെ ഞങ്ങളുടെ രാജാവാക്കാം നിന്റെ ബുദ്ധിക്ക് വല്ലകുഴപ്പവും സംഭവിച്ചിട്ടുണ്ടോ? എങ്കിൽ നല്ലൊരു വൈദ്യനെക്കൊണ്ട് നിന്നെ ചികിത്സിപ്പിക്കാം അങ്ങനെ നിനക്ക് രോഗത്തിൽ നിന്ന് മോചനം കിട്ടും ഇതൊക്കെയാണ് എന്റെ നിർദ്ദേശങ്ങൾ നീ ഇത് സ്വീകരിക്കുമെന്ന് ഞാനാശിക്കുന്നു' 

ഉത്ബത്ത് പറഞ്ഞു നിറുത്തിയപ്പോൾ പ്രവാചകൻ ചോദിച്ചു: 

'അബുൽവലീദ് താങ്കൾക്ക് പറയാനുള്ളത് പറഞ്ഞ് തീർന്നോ?' 

'അതെ എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു ' 

നബി (സ) തങ്ങൾ വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഓതാൻ തുടങ്ങി സത്യത്തിൽനിന്നും ബോധപൂർവ്വം ഓടിയകലുന്നവരെക്കുറിച്ചു പറയുന്ന വാക്യങ്ങൾ 

വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഉത്ബത്തിന്റെ മനസ്സിൽ തട്ടി അതിന്റെ ഭംഗി മനസ്സിനെ തട്ടിയുണർത്തി മനസ്സ് തളരുകയാണ് മുഖം വിവർണ്ണമാവുന്നു ഇത് സത്യംതന്നെ എന്ന തോന്നലുണ്ടാവുന്നു 

ശക്തനായ ഉത്ബത്ത് പ്രവാചകന്റെ മുമ്പിൽ ദുർബലനാവുന്നു ഇത് ഖുറൈശികളറിഞ്ഞാൽ....ഓർക്കാൻ വയ്യ സമൂഹത്തിൽ തനിക്കുള്ള സ്ഥാനവും പദവിയും അത് നഷ്ടപ്പെട്ടുകൂടാ 

പ്രവാചകൻ ഓതിക്കൊണ്ടിരിക്കുന്നു സുജൂദ് ചെയ്യേണ്ട ആയത്തെത്തി പ്രവാചകൻ സുജൂദ് ചെയ്തു എന്നിട്ട് പറഞ്ഞു: 'അബുൽ വലീദ് ഞാൻ ഓതിയത് താങ്കൾ കേട്ടല്ലോ ഇനി താങ്കൾക്ക് ഇഷ്ടം പോലെ ചെയ്യാം ' 

ഉത്ബത്ത് എഴുന്നേറ്റു മെല്ലെ നടന്നു അകലെ ഖുറൈശിനേതാക്കങ്ക അയാളെ കാത്തിരിക്കുന്നു അവർ ഉത്ബത്തിന്റെ മുഖഭാവം ശ്രദ്ധിച്ചു എന്നിട്ട് പറയാൻ തുടങ്ങി ' 

'അങ്ങോട്ട് പോയ മുഖവുമായിട്ടല്ല അബുൽവലീദ് തിരിച്ചു വരുന്നത് ' 

അയാൾ ശാന്തനായിരുന്നു സാവധാനം അവരുടെ കൂട്ടത്തിലിരുന്നു 

'അബുൽവലീദ് എന്തായി താങ്കൾ പോയിട്ട്?' 

'ഞാൻ അവനിൽനിന്ന് ചില വചനങ്ങൾ കേട്ടു അതിന് തുല്യമായത് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല ഇത് സത്യം അത് കവിതയല്ല മാരണമല്ല ജ്യോത്സ്യവുമല്ല നിങ്ങൾ ആ മനുഷ്യനെ വെറുതെ വിട്ടേക്കണം ' 

ഞാനിപ്പോൾ കേട്ട വചനങ്ങൾക്ക് നല്ല ഭാവിയുണ്ട് അവനെ അറബികൾ വക വരുത്തിയാൽ നിങ്ങൾക്ക് ശല്യംതീർന്നു അവൻ അറബികളെ അധീനപ്പെടുത്തിയാലോ? അപ്പോൾ അവന്റെ രാജ്യം നിങ്ങളുടെ രാജ്യവും അവന്റെ പ്രതാപം നിങ്ങളുടെ പ്രതാപമാവും അപ്പോൾ അവനെക്കൊണ്ട് ഏറ്റവും കൂടുതൽ നിങ്ങൾ അനുസരിക്കണം അതാണ് നിങ്ങൾക്ക് നന്മ എന്നെനിക്ക് തോന്നുന്നു 

'കഷ്ടം..... അബുൽവലീദ് ഇതാണോ നിങ്ങൾക്ക് ഞങ്ങളോട് പറയാനുള്ളത് ഇതായിരുന്നോ നിങ്ങളുടെ ദൗത്യം അവന്റെ നാവ് നിങ്ങളെ മയക്കിക്കളഞ്ഞു ' 

ഖുറൈശികൾ ഉത്ബത്തിനെ കളിയാക്കി അതയാളെ അസ്വസ്ഥനാക്കി അയാൾ പറഞ്ഞു: 

'ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ ഉചിതമായ തീരുമാനമെടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് ' 

പിന്നെയും ചർച്ചകൾ തുടരുന്നു അന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ഉത്ബത്ത് അവശനായിക്കഴിഞ്ഞിരുന്നു മുഹമ്മദിൽനിന്ന് കേട്ട വചനങ്ങൾ മനസ്സിൽ തന്നെയുണ്ട് അത് സത്യമാണെന്ന് മനസ്സ് പറയുന്നു അല്ലാഹു ഏകനാണെന്നും മുഹമ്മദ് പ്രവാചകനാണെന്നും പ്രഖ്യാപിക്കാൻ തന്നെക്കൊണ്ടാവില്ല..... ആവില്ല....


മുന്തിരിത്തോട്ടം

ഖുറൈശികളുടെ അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ് ഈ പ്രതിസന്ധിയിൽ ആരാണ് തന്നെ സഹായിക്കുക? ആരുടെ സഹായമാണ് തനിക്ക് ലഭിക്കുക? 

താഇഫിലേക്ക് പോയാലോ? 

താഇഫിൽ സഖീഫ്ഗോത്രക്കാരുണ്ട് അവരിൽനിന്ന് വല്ല സഹായവും ലഭിക്കുമോ? ഒന്നു ശ്രമിച്ചു നോക്കാം അവർ ഇസ്ലാം മതം സ്വീകരിച്ചാൽ വലിയ രക്ഷയായി അവർ വലിയ ധനികരാണ് ധാരാളം മുന്തിത്തോപ്പുകളുടെ ഉടമകളാണ് 

തന്റെയാത്ര വളരെ രഹസ്യമായിരിക്കണം ആരും അറിയരുത് സഖീഫ് ഗോത്രക്കാർ തന്നെ സ്വീകരിച്ചില്ലെങ്കിൽ രഹസ്യമായിത്തന്നെ തിരിച്ചു പോരണം 

ആരെയാണ് കൂടെ കൊണ്ടുപോവേണ്ടത് താൻ പുത്രനെപ്പോലെ സ്നേഹിക്കുന്ന സൈദ്ബ്നുഹാരിസത്തിനെത്തന്നെ 

ഇരുവരും പുറപ്പെട്ടു താഇഫിലെത്തി ഗോത്രത്തലവന്മാരുടെ മുമ്പിലെത്തി ഇസ്ലാം മത തത്വങ്ങൾ പരിചയപ്പെടുത്തി 

'അല്ലാഹു ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കണം' 

ഇത് കേട്ട് അവർ പൊട്ടിച്ചിരിച്ചു പരിഹാസച്ചിരി 

'ഞാൻ സത്യമാണ് പറയുന്നത് ഞാൻ അല്ലാഹുവിന്റെ റസൂലാണ് എന്റെ കൈവശമുള്ളത് അല്ലാഹുവിന്റെ കലാമാണ് നിങ്ങൾ ഇസ്ലാം മതത്തിലേക്ക് കടന്നുവരണം ഈ ലോകത്തും പരലോകത്തും നിങ്ങൾക്കാണു രക്ഷ' 

'ഞങ്ങൾക്കിതൊന്നും കേൾക്കണ്ട കടന്നു പുറത്തുപോവണം'  

അവരുടെ വാക്കുകൾ പരുഷമായിരുന്നു ധിക്കാരം നിറഞ്ഞ പെരുമാറ്റം 

നബി (സ) തങ്ങൾ വീണ്ടും അവരെ ഉപദേശിക്കാൻ ശ്രമിച്ചു അവർ ഗോത്രത്തിലെ തെമ്മാടികളെ വിളിച്ചു 

'ഇവനെ നാട്ടിൽ നിന്ന് എറിഞ്ഞോടിക്കൂ ' 

ഖബീലയുടെ നേതാക്കൾ ആജ്ഞാപിച്ചു  

അവർ നബി (സ) തങ്ങളെ ഉപദ്രവിക്കാൻ തുടങ്ങി പ്രവാചകനും  സയ്ദുബ്നുഹാരിസും തിരിഞ്ഞു നടന്നു 

അവർ താഇഫിന്റെ അതിർത്തിയിലേക്ക് ഓടുകയാണ് തെമ്മാടികൾ കല്ലുംവടിയും വലിച്ചെറിയുന്നു സയ്ദ് അവ എടുക്കുന്നു സയ്ദിന്റെ ശരീരത്തിലാണ് കല്ലുകൾ വന്നു വീഴുന്നത് താനേറുകൊണ്ട് മരിച്ചാലും  പ്രവാചകന് ഒന്നും സംഭവിക്കരുത് അതായിരുന്നു സയ്ദിന്റെ ചിന്ത പക്ഷേ, അതെങ്ങനെ സാധിക്കും? 

വഴിയരികിൽ വിശാലമായൊരു മുന്തിരിത്തോട്ടം ഉത്ബത്തിന്റേയും ശൈബത്തിന്റേയും വകയാണത് അവരും ഭൃത്യനായ അദ്ദാസും തോട്ടത്തിലെന്തോ ചെയ്തു കൊണ്ടിരിക്കുന്നു  

പെട്ടെന്നാണ് അകലെനിന്ന് ബഹളം കേട്ടത് അവർ തിരിഞ്ഞു നോക്കി അൽഅമീനും സയ്ദും ഓടിവരുന്നു പിന്നിൽ ഒരുകൂട്ടം അക്രമികൾ വല്ലാത്തൊരു രംഗം തന്നെ 

ഉത്ബത്തും സഹോദരൻ ശൈബത്തും ആ രംഗം കണ്ട് വിഷമിച്ചു അവർ അൽഅമീനെത്തന്നെ നോക്കി നിൽക്കുകയാണ്  

അക്രമികൾ എറിഞ്ഞ കല്ല് പ്രവാചകന്റെ നെരിയാണിയിൽ തട്ടി മുറിഞ്ഞു രക്തം ഒഴുകാൻ തുടങ്ങി വല്ലാത്ത വേദന  

ഉത്ബത്തും ശൈബത്തും നോക്കിനിൽക്കെ പ്രവാചകൻ തങ്ങളുടെ തോട്ടത്തിൽ പ്രവേശിച്ചു തോട്ടത്തിനകത്ത് കടന്ന് പ്രവാചകനെ ഉപദ്രവിക്കാൻ അക്രമികൾ തയ്യാറായില്ല തോട്ടം മക്കക്കാരുടെ വകയാണെന്ന് അവർക്കറിയാം  

അവർ മെല്ലെ പിൻവാങ്ങി പ്രവാചകൻ അവശനായി തറയിൽ ഇരുന്നുപോയി സർവ്വശക്തനായ  അല്ലാഹുവിനോട് ദുആ ചെയ്തു പ്രവാചകന്റെ അവസ്ഥകണ്ട് സയ്ദ് ദുഃഖം കൊണ്ട് കരഞ്ഞു പോയി 

ഉത്ബത്തും ശൈബത്തും പ്രവാചകന്റെ അടുത്തേക്ക് വന്നില്ല അവർ ഒരു തളികയിൽ കുറെ മുന്തിരിപ്പഴങ്ങൾ ശേഖരിച്ചു എന്നിട്ട് ഭൃത്യനോട് പറഞ്ഞു: 'അദ്ദാസ്..... മുന്തിരിപ്പന്തലിൽ തണലിൽ വിശ്രമിക്കുന്ന ആളെ കണ്ടില്ലേ? ഈ മുന്തിരി അദ്ദേഹത്തിന് കൊണ്ടു കൊടുക്കൂ' 

അദ്ദാസ് മുന്തിരിയുമായി നടന്നു വന്നു പ്രവാചകന്റെ മുമ്പിൽ തളികവെച്ചു മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്മാർ  തന്നയച്ചതാണെന്നും ഇത് ഭക്ഷിക്കാൻ അവർ ആവശ്യപ്പെടുന്നുവെന്നും അദ്ദാസ് അറിയിച്ചു 

നബി (സ) തങ്ങൾ ബിസ്മി ചൊല്ലി മുന്തിരി ഭക്ഷിക്കാൻ തുടങ്ങി ബിസ്മി ചൊല്ലിയപ്പോൾ അദ്ദാസിന് സംശയം ഇങ്ങനെ ഇതിന് മുമ്പാരും പറയുന്നത് കേട്ടിട്ടില്ല 

'നിന്റെ പേരെന്താണ്?' പ്രവാചകൻ ചോദിച്ചു 

'അദ്ദാസ് ' 

'ഏത് മതക്കാരനാണ്?' 

'ക്രിസ്തുമതക്കാരനാണ് ' 

'എവിടെയാണ് നാട്?' 

'നീനവെ' 

'യൂനുസ്നബിയുടെ നാട് അല്ലേ?' 

യൂനുസ് നബിയുടെ പേർ കേട്ടപ്പോൾ അദ്ദാസ് ഞെട്ടിപ്പോയി 

അദ്ദാസ് അത്ഭുതത്തോടെ ചോദിച്ചു:

'യൂനുസിനെ നിങ്ങൾക്കെങ്ങനെ അറായാം?'

'യൂനുസ് എന്റെ സഹോദരനാണ് നീനവെയിലെ പ്രവാചകനായിരുന്നു ഞാനും പ്രവാചകനാണ് അല്ലാഹുവിന്റെ അന്ത്യപ്രവാചകനാണ് ഞാൻ ' 

നബി (സ) തങ്ങൾ ഇസ്ലാം മത തത്വങ്ങൾ വിശദീകരിക്കാൻ തുടങ്ങി  

അകലെ ഉത്ബത്തും ശൈബത്തും അദ്ദാസിനെ നോക്കിക്കൊണ്ടിരിക്കുകയാണ് 

'അവന് മുന്തിരി നൽകി ഉടനെ തിരിച്ചുപോന്നാൽ പോരേ? എന്തിനാണ് സംഭാഷണത്തിന് നിന്നത്?' ഉത്ബത്ത് രോഷത്തോടെ പറഞ്ഞു  

'അദ്ദാസ് മുഹമ്മദിന്റെ വലയിൽ വീണെന്നാണ് തോന്നുന്നത് '- ശൈബത്ത് 

അവർ നോക്കി നിൽക്കെ അവിടെ എന്താണ് സംഭവിച്ചത് ? 

അദ്ദാസ് പ്രവാചകനെ കെട്ടിപ്പിടിക്കുന്നു ശിരസ്സിലും മറ്റും ചുംബിക്കുന്നു 

തോട്ടം ഉടമകൾക്ക് കോപം വന്നു 

അദ്ദാസ് തിരിച്ചു വന്നപ്പോൾ അവർ ഗൗരവത്തോടെ ചോദിച്ചു: 

'എടാ...നീയെന്തിനാണ് ആ മനുഷ്യന്റെ ശിരസ്സും കൈകാലുകളും ചുംബിച്ചത്?' 

'യജമാനന്മാരെ അദ്ദേഹത്തെപ്പോലെ ഉത്തമനായൊരു മനുഷ്യൻ ലോകത്തില്ല പ്രവാചകന്മാർക്ക് മാത്രം അറിയാവുന്ന ഒരു കാര്യം അദ്ദേഹം എന്നോട് പറഞ്ഞു ' 

'നീ അവന്റെ വലയിൽ വീണു അല്ലേ?' 

'മുഹമ്മദ് അല്ലാഹുവിന്റെ റസൂൽ തന്നെയാണ് ' 

തോട്ടം ഉടമകൾക്ക് അദ്ദാസിന്റെ സംസാരം ഒട്ടും രസിച്ചില്ല അവരവനെ ചീത്തവിളിച്ചു  പ്രവാചകനെ ആക്ഷേപിക്കാൻ തുടങ്ങി അദ്ദാസിന് ആ വാക്കുകൾ സഹിക്കാനായില്ല 

ഇവർ തന്റെ യജമാനന്മാരാണ് പക്ഷേ, ലോകത്തിന്റെ യജമാനൻ അല്ലാഹുവാണ് താൻ അല്ലാഹുവിന്റെ അടിമയാണ് അവനെ അനുസരിക്കലാണ് തന്റെ കടമ 

പ്രവാചകനിൽ വിശ്വസിക്കണമെന്നാണ് അല്ലാഹുവിന്റെ കല്പന താൻ ആ കല്പന പാലിക്കുന്നു  

ഉത്ബത്തേ വിട 

ശൈബത്തേ വിട 

അദ്ദാസ് അവരോട് യാത്ര പറഞ്ഞു കഴിഞ്ഞു തോട്ടത്തിലെ ജോലി ഉപേക്ഷിച്ചു 

ക്ഷീണം അൽപം തീർന്നപ്പോൾ പ്രവാചകൻ സയ്ദിനോടൊപ്പം യാത്ര തുടർന്നു  

താഇഫിലെ അനുഭവം ഖുറൈശികൾക്ക് പറഞ്ഞു ചിരിക്കാൻ വക നൽകി ആർത്തു ചിരിച്ച് അവർ ആഘോഷിക്കുകയും ചെയ്തു.


ഖുറൈശികളുടെ തന്ത്രം 

മക്കയിലെ ജീവിതം അസഹ്യമാവുകയാണ് മർദ്ദനം അത്രയ്ക്ക് വർദ്ധിച്ചിരിക്കുന്നു എവിടെയെങ്കിലും അഭയം തേടാതെ വയ്യ പ്രവാചകന്റെ ചിന്തകൾ ചിറക് വിടർത്തി മർദ്ദനമനുഭവിക്കുന്ന സ്വഹാബികളെ എങ്ങോട്ടയക്കും? 

അബ്സീനിയ എന്ന രാജ്യം ഓർമ്മയിലെത്തി 

നജാശി രാജാവിന്റെ രാജ്യം ക്രിസ്ത്യാനിയായ രാജാവ് ഏകദൈവവിശ്വാസിയാണ് അവിടെ അഭയംതേടാം 

സ്വഹാബികളുമായി അക്കാര്യം സംസാരിച്ചു പലർക്കും അബ്സീനിയയിൽ പോകാൻ സന്തോഷം 

അബ്സീനിയ സ്വതന്ത്രരാഷ്ട്രമാണല്ലോ അവിടെച്ചെന്നാൽ നിസ്കരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടും എന്തെങ്കിലും തെഴിലെടുത്ത് ജീവിക്കാം അത് തന്നെ വലിയ സൗഭാഗ്യം 

സംഗതി പരമരഹസ്യമായിരിക്കണം ജിദ്ദയിൽനിന്ന് കപ്പൽ പുറപ്പെടുന്നതെപ്പോഴാണെന്നറിയണം ഖുറൈശികളറിയാതെ കപ്പൽ കയറണം 

അബൂഹുദൈഫ ഭാര്യയോട് ചോദിച്ചു: 

'നമുക്കും അബ്സീനിയയിലേയ്ക്ക് പോയാലോ അതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു നിന്റെ അഭിപ്രായമെന്താണ്?' 

'നിങ്ങൾ പറയുന്നത് ഞാൻ അനുസരിക്കും' 

'എന്നാൽ നമുക്ക് പുറപ്പെടാം അവിടെച്ചെന്ന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാം' 

സഹ്ലയുടെ മനസ്സിൽ അബ്സീനിയയുടെ അവ്യക്തമായ ചിത്രം അപരിചിതമായ നാട് അവിടെ ബന്ധുക്കളില്ല പരിചയക്കാരില്ല ഭർത്താവിനോടൊപ്പം അവിടെയെത്തുക എന്നിട്ടെവിടെ താമസിക്കും? എങ്ങനെ ജീവിക്കും ? ഒരു രൂപവുമില്ല 

കൂട്ടത്തിൽ വേറെയും പെണ്ണുങ്ങളുണ്ട് അത്കൊണ്ട് പേടിക്കാനില്ല എല്ലാറ്റിനും അല്ലാഹു ഒരു വഴി കണ്ടിട്ടുണ്ടാവും 

ഇരുട്ടിന്റെ മറവിൽ ആ ദമ്പതികൾ പുറപ്പെട്ടു അബൂഹുദൈഫയും സഹ്ലയും നാട് വിടുകയാണ് അക്കാര്യം വീട്ടുകാരറിഞ്ഞില്ല 

നേരം പുലർന്നു പ്രകാശം പരന്നു മരുഭൂമി ഉണർന്നു അപ്പോൾ ബന്ധുക്കൾ ആ വാർത്തയറിഞ്ഞു സഹ്ലയെ കാണാനില്ല ഭർത്താവിനെയും കാണാനില്ല എവിടെപ്പോയി രണ്ടാളും? 

ബന്ധുക്കളുടെ വീടുകളിൽ അന്വേഷിച്ചു എവിടെയും അവരെത്തിയിട്ടില്ല മക്കയിൽ പലരും ആ വിവരം അറിഞ്ഞു മക്കയിൽ വേറെ ചിലരെയും കാണാനില്ല കുറെപേർ ഒന്നിച്ചു രക്ഷപ്പെട്ടിരിക്കുന്നു സ്ത്രീകളും പുരുഷന്മാരും 

ദാറുന്നദ് വത്ത് 

ഖുറൈശി നേതാക്കൾ അവിടെ സമ്മേളിച്ചിരിക്കുന്നു എല്ലാ മുഖങ്ങളിലും നിറഞ്ഞ ഗൗരവം ഒരാൾ എഴുന്നേറ്റ്നിന്ന് സംസാരിക്കുന്നു: 

'ഏതാനും നിസ്സാരന്മാർ നമ്മെ പറ്റിച്ചു കളഞ്ഞു അവർ നാമറിയാതെ അബ്സീനിയായിലേക്ക് കടന്നു കളഞ്ഞു അവരവിടെ മത പ്രചരണം നടത്തും അവരുടെ ശക്തി വർദ്ധിക്കും എന്നെങ്കിലുമൊരിക്കൽ അവർ തിരിച്ചു വരും നമ്മോട് പ്രതികാരം ചെയ്യും ' 

അത് തടയാൻ നാമെന്ത് ചെയ്യണം? -ഒരാളുടെ ചോദ്യം 

അതിനുള്ള മാർഗ്ഗം നാം ഇപ്പോൾ ഇവിടെവെച്ച് കണ്ടുപിടിക്കണം 

പലരും പല അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു ഒരാൾ പറഞ്ഞു: 

'രണ്ട് പ്രതിനിധികളെ നാം അബ്സീനിയയിലേക്കയക്കണം അവർ വിലപിടിച്ച പാരിതോഷികങ്ങളുമായി പാതിരിമാരെ ചെന്നു കാണണം അവരുടെ സഹായത്തോടെവേണം നജാശി രാജാവിനെ കാണാൻ രാജസദസ്സിൽ ചെന്ന് സങ്കടം  ബോധിപ്പിക്കണം മുസ്ലിംകളെ തിരിച്ചയക്കാൻ അപേക്ഷിക്കണം പാതിരിമാർ പിന്താങ്ങും നാടുവിട്ടു പോയവർ നമ്മുടെ മുമ്പിൽ തന്നെവന്നു ചേരുകയും ചെയ്യും' 

അതൊരു നല്ല ആശയമാണെന്ന് എല്ലാവർക്കും തോന്നി ആരാണ് അബ്സീനിയയിലേക്ക് പോകുന്ന പ്രതിനിധികൾ? 

അവർക്ക് വാചാലമായി സംസാരിക്കുവാൻ കഴിയണം നല്ല തന്ത്രശാലികളായിരിക്കണം അങ്ങനെയുള്ള രണ്ട് പേർ വേണം 

അബ്ദുല്ലാഹിബ്നു റബീഅ 

അംറുബ്നുൽ ആസ് 

ഇരുവരും കൊള്ളാം നന്നായി സംസാരിക്കും നജാശി രാജാവിന്റെ മുമ്പിൽ വിഷയം അവതരിപ്പിക്കാൻ ഇവരാണ് പറ്റിയവർ 

അവർ അബ്സീനിയയിലെത്തി പാതിരിമാരെ ചെന്നുകണ്ടു പാരിതോഷികങ്ങൾ നൽകി അവർക്ക് സന്തോഷമായി മുസ്ലിംകളെ തിരിച്ചയക്കുന്ന കാര്യത്തിൽ അവർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു 

നജാശിയുടെ ദർബാർ രാജാവ് ഇരിപ്പിടത്തിൽ വന്നിരുന്നു മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും അംഗരക്ഷകരും പാതിരിമാരും എത്തിക്കഴിഞ്ഞു മക്കയിൽനിന്നും പ്രതിനിധികൾ എത്തിയവിവരം രാജാവിനെ അറിയിച്ചു 

അവരോട് ഹാജരാവാൻ കല്പിച്ചു 

അബ്ദുല്ലാഹിബ്നു റബീഅയും അംറുബ്നുൽആസിയും രാജ സദസ്സിൽ പ്രവേശിച്ചു അവർ രാജാവിനു മുമ്പിൽ സാഷ്ടാംഗം നമിച്ചു 

' എന്താണ് നിങ്ങൾക്ക് പറയുവാനുള്ളത്?' രാജാവ് ചോദിച്ചു 

മക്കയിൽനിന്നുള്ള പ്രതിനിധികൾ അവരുടെ സങ്കടം ബോധിപ്പിക്കാൻ തുടങ്ങി അവരിൽ ഒരാൾ പറഞ്ഞു: 

'മഹാരാജാവേ ഞങ്ങളുടെ നാട് വലിയൊരാപത്തിൽ അകപ്പെട്ടിരിക്കുകയാണ് ഒരുകൂട്ടം ധിക്കാരികൾ രംഗപ്രവേശം ചെയ്തിരിക്കുന്നു മുഹമ്മദ് എന്നൊരാളാണ് അവരുടെ നേതാവ് അവൻ ഞങ്ങളുടെ മതത്തെ തള്ളിപ്പറഞ്ഞു ഞങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്തു ഞങ്ങളുടെ നാട്ടിലെ ഐക്യം തകർത്തു ശാന്തിയും സമാധാനവും ഇല്ലാതാക്കി അവരുടെ കൂട്ടത്തിൽ പെട്ട ചിലർ ഇന്നാട്ടിൽ എത്തിയിട്ടുണ്ട് അങ്ങയുടെ സമാധാനവും കെടുത്തി ഈ രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കും അത്കൊണ്ട് അവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണം അവരെ ഇവിടെ താമസിക്കാൻ അനുവദിക്കരുത് ഇതാണ് ഞങ്ങളുടെ അപേക്ഷ ' 

പാതിരിമാർ ഖുറൈശി പ്രതിനിധികളെ ശക്തിയായി പിന്താങ്ങി 

'ഞാനവരെ വിളിച്ചു ചോദിക്കട്ടെ എന്നിട്ട് ഒരു തീരുമാനം എടുക്കാം ' -രാജാവ് പ്രഖ്യാപിച്ചു 

ഖുറൈശി പ്രതിനിധികൾക്ക് സമാധാനമായി മുസ്ലിംകളെ രാജാവ് തിരിച്ചയക്കുമെന്നുതന്നെ അവർ കണക്കുകൂട്ടി.


അബ്സീനിയയിൽ

അബൂഹുദൈഫ ധൃതിയിൽ കയറിവന്നു മുസ്ലിംകൾ താമസിക്കുന്ന കേന്ദ്രത്തിൽ സ്ത്രീകൾ ആകാംക്ഷയോടെയിരിക്കുകയാണ് മക്കയിൽ നിന്ന് പ്രതിനിധികൾ എത്തിയിട്ടുണ്ടെന്നാണ് ആദ്യം അവരറിഞ്ഞത് മക്കയിൽ നിന്ന് വന്നവർ നജാശി രാജാവിനെ കണ്ടുവെന്നും മുസ്ലിംകളെ തിരിച്ചയക്കാൻ അപേക്ഷിച്ചുവെന്നും അവരറിഞ്ഞു 

മുസ്ലിംകളെ മക്കയിലേക്ക് തന്നെ തിരിച്ചയക്കുമോ? ആ ചോദ്യം എല്ലാവരേയും അലട്ടുന്നു 

അബൂഹുദൈഫ ഭാര്യയുടെ മുഖത്തേക്ക് നോക്കി സഹ്ല ഗർഭിണിയാണ് ദീർഘയാത്രയ്ക്ക് പറ്റിയ അവസ്ഥയല്ല നല്ല ക്ഷീണവുമുണ്ട്  

'നമ്മളെ തിരിച്ചയക്കുമോ?' -സഹ്ല ഭർത്താവിനോട് ചോദിച്ചു ആ ശബ്ദത്തിൽ ഭയവും കലർന്നിരുന്നു  

'അല്ലാഹു നിശ്ചയിച്ചതെല്ലാം നടക്കും' 

അദ്ദേഹം ഭാര്യയെ സമാധാനിപ്പിച്ചു 

രാജാവ് തങ്ങളുടെ കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും മുസ്ലിം പ്രതിനിധികളെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുമെന്നും വിവരം കിട്ടി 

സ്ത്രീകളുടെ ഉത്കണ്ഠ വർദ്ധിച്ചു 

മുസ്ലിംകൾ എല്ലാവരും ഒന്നിച്ചിരുന്നു തങ്ങളുടെ ഭാവി പരിപാടികൾ ചർച്ച ചെയ്തു 

ജഅ്ഫർബ്നു അബീത്താലിബ് മുസ്ലിംകളുടെ പ്രതിനിധിയായി സംസാരിക്കണമെന്ന് തീരുമാനിച്ചു 

രാജസദസ്സിൽ ഹാജരാകുവാനുള്ള കല്പന വന്നു  

ജഅ്ഫർ(റ) വിന്റെ നേതൃത്വത്തിൽ മുസ്ലിംകൾ രാജസദസ്സിലെത്തി അവർ രാജാവിനെ വണങ്ങി സാഷ്ടാംഗം നമിച്ചില്ല 

ഉടനെ പുരോഹിതന്മാർ ഇടപ്പെട്ടു 

'നിങ്ങളെന്താണ് മഹാരാജാവിനെ സാഷ്ടാംഗം വണങ്ങാത്തത് ?' 

'ഞങ്ങൾ രാജാവിനെ അഭിവാദ്യം ചെയ്തു സാഷ്ടാംഗം നമിച്ചില്ല സാഷ്ടാംഗവന്ദനം സൃഷ്ടാവിനു മുമ്പിൽ മാത്രമേ പാടുള്ളൂ എന്നാണ് ഞങ്ങളുടെ വിശ്വാസം ' 

അപ്പറഞ്ഞത് രാജാവ് പ്രത്യേകം ശ്രദ്ധിച്ചു 

'നിങ്ങളെപ്പറ്റി ധാരാളം ആക്ഷേപങ്ങൾ വന്നിട്ടുണ്ട് നിങ്ങൾക്ക് വല്ലതും ബോധിപ്പിക്കാനുണ്ടോ?' 

'ബോധിപ്പിക്കാനുണ്ട് അതിനുമുമ്പ് ഈ നിൽക്കുന്ന ഖുറൈശി പ്രതിനിധികളോട് ചില ചോദ്യങ്ങൾ ചോദിക്കണം അതിന് അനുവദിക്കുമോ?' 

'അനുവദിച്ചിരിക്കുന്നു ചോദിക്കാം' 

രാജാവിന്റെ അനുവാദം കിട്ടിയപ്പോൾ ജഅ്ഫർ(റ) ചോദിക്കാൻ തുടങ്ങി ഖുറൈശി പ്രതിനിധികൾ മറുപടി പറയാനും തുടങ്ങി 

'ഞങ്ങൾ ആരുടെയെങ്കിലും അടിമകളാണോ?' 

'അല്ല' 

'ഞങ്ങൾ കൊലപാതകം നടത്തിയിട്ടുണ്ടോ?' 

'ഇല്ല ' 

'ഞങ്ങൾ കൊള്ള നടത്തിയിട്ടുണ്ടോ?' 

'ഇല്ല'  

'മഹാരാജാവേ എന്റെ മൂന്നു ചോദ്യങ്ങൾക്കും ഇവർ മറുപടി പറഞ്ഞത് അങ്ങ് കേട്ടുകഴിഞ്ഞു ഞങ്ങൾ അടിമകളല്ല ഞങ്ങളാരും യജമാനന്മാരെ വിട്ട് ഓടിപ്പോന്നതല്ല അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങളെ മടക്കി അയക്കണമായിരുന്നു ' 

'ഞങ്ങൾ കൊലപാതകികളല്ല കൊലപാതകികളെ വിചാരണയ്ക്ക് വേണ്ടി തിരിച്ചയക്കണം ' 

ഞങ്ങൾ കൊള്ളക്കാരല്ല കൊള്ളക്കാരേയും വിചാരണയ്ക്കുവേണ്ടി തിരിച്ചയക്കണം ഞങ്ങളെ തിരിച്ചയക്കണമെന്നു പറയുന്നത് എന്തു കാരണത്തിനാണ് ? ഞങ്ങൾ സ്വതന്ത്രരാണ് ഞങ്ങൾക്ക് ഏതു രാജ്യത്ത് പോവാനും സ്വാതന്ത്ര്യമുണ്ട് ' 

'മഹാരാജാവ് കേട്ടാലും ഞങ്ങൾ വിവരമില്ലാത്ത സമുദായമായിരുന്നു ഞങ്ങൾ അന്ധവിശ്വാസികളും അനാചാരങ്ങളിൽ മുഴുകിയവരും  ആയിരുന്നു ഞങ്ങൾക്കിടയിൽ അല്ലാഹു ഒരു പ്രവാചകനെ അയച്ചു പ്രവാചകന് അല്ലാഹു വിശുദ്ധ ഖുർആൻ നൽകി ഞങ്ങൾ അല്ലാഹുവിലും അന്ത്യപ്രവാചകനിലും വിശ്വസിച്ചു ഞങ്ങൾ സന്മാർഗത്തിലേക്കു നയിക്കപ്പെട്ടു അന്ധവിശ്വാസങ്ങളിൽ നിന്ന് മോചിതരായി അനാചാരങ്ങളിൽ നിന്നകന്നു ബിംബാരാധന അവസാനിപ്പിച്ചു അതോടെ ഖുറൈശികൾ ഞങ്ങളെ മർദ്ദിക്കാൻ തുടങ്ങി മർദ്ദനം നാൾക്കുനാൾ വർദ്ധിച്ചുവന്നു മക്കയിൽ ജീവിതം ദുസ്സഹമായിത്തീർന്നു അങ്ങനെ ഞങ്ങൾ അങ്ങയുടെ നാട്ടിൽ അഭയാർത്ഥികളായി വന്നു ' 

'മഹാരാജാവേ മക്കക്കാർ ഞങ്ങളെ മർദ്ദിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഞങ്ങളൊരിക്കലും ജന്മനാട്ടിൽ നിന്ന് ഓടിപ്പോരില്ലായിരുന്നു ഞങ്ങളെ വീണ്ടും മർദ്ദിക്കാനാണ് ഇവർ ഒരുങ്ങുന്നത് ' 

'മഹാരാജാവേ ഞങ്ങളെ ഇവിടെ നിന്നയക്കരുത് ഇവിടെ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം അങ്ങയോട് കൂറും വിശ്വസ്തതയും പുലർത്തിക്കൊണ്ട് ഞങ്ങളിവിടെ താമസിച്ചു കൊള്ളാം ' 

ജഅ്ഫർ (റ) പറഞ്ഞുനിർത്തിയപ്പോൾ രാജാവ് ചോദിച്ചു: 'നിങ്ങളുടെ ഖുർആനിൽ നിന്ന് ചില വാക്യങ്ങൾ പാരായണം ചെയ്യാമോ?' 

ഉടനെ ജഅ്ഫർ(റ) ചില ആയത്തുകൾ ഓതാൻ തുടങ്ങി മർയം ബീവിയെയും ഈസാനബി(അ)നെയും പറ്റിയുള്ള ആയത്തുകൾ 

ആ വാക്യങ്ങൾ രാജാവിന്റെ മനസ്സിൽ ചലനങ്ങൾ സൃഷ്ടിച്ചു ഇവർ സത്യമതത്തിന്റെ അനുയായികൾ തന്നെയാണെന്ന്  രാജാവിന് ബോദ്യമായി 

രാജാവ് ഇങ്ങനെ പ്രഖ്യാപിച്ചു: 

'മുസ്ലിം സഹോദരങ്ങളെ നിങ്ങൾ ഒന്നും ഭയപ്പെടേണ്ടതില്ല നാം നിങ്ങളെ തിരിച്ചയക്കുകയില്ല ഈ രാജ്യത്ത് നിങ്ങൾക്ക് സമാധാനമായി കഴിയാം നിങ്ങളുടെ മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കനുവദിച്ചിരിക്കുന്നു ' 

മുസ്ലിംകൾ രാജാവിന് നന്ദി പറഞ്ഞ് കൊട്ടാരത്തിൽ നിന്നിറങ്ങി അവർ തങ്ങളുടെ താമസസ്ഥലത്ത് ഓടിയെത്തി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ചു 

സഹ്ലക്ക് വലിയ ആശ്വാസം  

കൂടെയുള്ള സ്ത്രീകൾ ആ ഗർഭിണിക്ക് വേണ്ട ശുശ്രൂഷകൾ ചെയ്യുന്നു  

മാസം തികഞ്ഞു പ്രസവവേദന തുടങ്ങി മുസ്ലിംകൾക്കെല്ലാം വർദ്ധിച്ച ആകാംക്ഷ 

സഹ്ല പ്രസവിച്ചു ആൺകുട്ടി എല്ലാവർക്കും സന്തോഷം ആശ്വാസം  

കാലം പിന്നെയും നീങ്ങി അബ്സീനിയയിൽ ആശ്വാസത്തിന്റെ നാളുകൾ  പക്ഷെ, മനസ്സിൽ വല്ലാത്ത അസ്വസ്ഥത പ്രവാചകനെ കാണാൻ കഴിയുന്നില്ല തങ്ങളുടെ സഹോദരന്മാർ ഇപ്പോഴും മക്കയിൽ മർദ്ദിക്കപ്പെടുന്നു അക്കാര്യം ഓർക്കുമ്പോൾ മനസ്സിന് ഒരാശ്വാസവും കിട്ടുന്നില്ല മക്കയിൽ നിന്ന് പുതിയ വിവരങ്ങൾ ചിലപ്പോഴൊക്കെ വരും 

മക്കയിലെ പല പ്രമുഖന്മാരും ഇസ്ലാമിലേക്ക് വന്നിട്ടുണ്ടെന്നും മർദ്ദനം കുറഞ്ഞിട്ടുണ്ടെന്നും വാർത്ത വന്നു അബ്സീനിയയിൽ ആ വാർത്ത വേഗം പരന്നു 

'എനിക്ക് പ്രവാചകനെ കാണാൻ തിടുക്കമായി നമുക്കുപോകാം ' അബൂഹുദൈഫ സഹ്ലയോട് പറഞ്ഞു 

'ഈ കുഞ്ഞിനെയും കൊണ്ടുപോയാൽ.....' സഹ്ലക്ക് ധൈര്യം പോര 

'നീയൊന്നു സമാധാനമായിരിക്ക് മക്കയിൽ മർദ്ദനം കുറഞ്ഞിട്ടുണ്ട് നമുക്ക് പോവാം പലരും പോവാൻ തയ്യാറായി നിൽക്കുന്നു അവരുടെ കൂടെ നമുക്കും പോകാം ' ഒടുവിൽ സഹ്ലയും തയ്യാറായി 

കുറെ മുസ്ലിംകൾ മക്കയിലേക്ക് മടങ്ങുന്നു അബൂഹുദൈഫയും സഹ്ലയും അവരുടെ കുഞ്ഞും കൂടെപ്പോവുന്നു 

ജഅ്ഫർ(റ)വും മറ്റും അവരെ യാത്രയാക്കി പ്രവാചകന് സലാം പറയാൻ ഏല്പിച്ചു 

ആ സംഘം മക്കയിലെത്തി മക്കയിലെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി തങ്ങൾ കേട്ടതൊന്നും ശരിയല്ല ഇവിടെ മർദ്ദനം വർദ്ധിച്ചിരിക്കുകയാണ് അബൂഹുദൈഫയും സഹ്ലയെയും ബന്ധുക്കൾ പിടികൂടി ക്രൂരമായി മർദ്ദിച്ചു.


ഉത്ബത്തിന്റെ അന്ത്യം

സത്യവിശ്വാസികൾ യസ്രിബിലേക്ക് പോകാൻ തയ്യാറെടുത്തിരിക്കുന്നു വളരെ രഹസ്യമായി വിവരം കിട്ടി രാത്രിയിൽ, കട്ടപിടിച്ച ഇരുട്ടിൽ ചെറുസംഘങ്ങൾ മക്കവിടാൻ തീരുമാനിച്ചു 

അബൂഹുദൈഫയും സാലിമും വളരെ പതിഞ്ഞ സ്വരത്തിൽ അക്കാര്യം ചർച്ചചെയ്തു 

'നമുക്കും നാട് വിടണം' 

'അതിനെന്ത് വഴി?' 

'വഴി കണ്ടുപിടിക്കണം' 

'യസ്രിബ് വളരെ അകലെയാണ് ' 

'സാരമില്ല' 

ശരിയാണ് മരണത്തെ ഭയപ്പെടാത്തവർക്ക് ആളുകളെ ഭയക്കേണ്ടതില്ല 

അവർ ഒന്നും അറിയാത്തമട്ടിൽ നടപ്പാണ്  

ഒരു ദിവസം മക്കക്കാർ ആ വാർത്തയറിഞ്ഞു 

അബൂഹുദൈഫയെയും സാലിമിനെയും കാണാനില്ല ഇരുവരും മക്ക വിട്ടിരിക്കുന്നു 

ഉത്ബത്തിന് കടുത്ത നിരാശയുണ്ടായി മകനെ പിടികൂടാൻ പല ശ്രമങ്ങളും നടത്തിനോക്കി ഒന്നും വിജയിച്ചില്ല  

മുസ്ലിമീങ്ങൾ നാട് വിട്ട വാർത്തയാണ് ഓരോ പ്രഭാതത്തിലും മക്കയിൽ കേട്ടത് അവശേഷിക്കുന്നവരെ തടഞ്ഞുനിറുത്താനുള്ള ശ്രമം നടത്തി എന്നിട്ടും ചോർന്നു കൊണ്ടിരുന്നു 

അവസാനം കിട്ടിയ വാർത്ത ഖുറൈശികളെ നടുക്കിക്കളഞ്ഞു- പ്രവാചകൻ മക്ക വിട്ടു 

അവർ നാലുപാടും ഓട്ടം തുടങ്ങി പ്രവാചകനെ പിടികൂടാൻ വേണ്ടി ധാരാളമാളുകൾ പലവഴി ഓടി പിടികൂടുന്നവർക്ക് വമ്പിച്ച പാരിതോഷികങ്ങൾ പ്രഖ്യാപിക്കപ്പെട്ടു പാരിതോഷികം നേടാനുള്ള ബദ്ധപ്പാട് 

ഒന്നും വിജയിച്ചില്ല പ്രവാചകൻ യസ്രിബിലെത്തി അവിടെ ഉഗ്രൻ സ്വീകരണമാണ് ലഭിച്ചത് യസ്രിബിന്റെ പേരുപോലും മാറി അത് മദീനത്തുന്നബിയായി മാറി 

അബൂഹുദൈഫക്കും സാലിമിനും സന്തോഷമായി  

ഇവിടെ സ്വാതന്ത്ര്യമുണ്ട് 

ഇബാദത്തെടുക്കാം പ്രവാചകനെ കണ്ട് കൊണ്ടിരിക്കാം വിശുദ്ധ ഖുർആൻ പാരായണം ചെയ്യാം മക്കയിൽ നിന്ന് ഹിജ്റവന്ന മുസ്ലിംകൾ 'മുഹാജിറുകൾ' എന്നറിയപ്പെടുന്നു അവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത മദീനയിലെ മുസ്ലിംകൾ 'അൻസാറുകൾ' എന്ന പേരിലും അറിയപ്പെടുന്നു മുഹാജിറുകൾക്കും അൻസാറുകൾക്കുമിടയിൽ വളർന്നു വന്ന സാഹോദര്യ ബന്ധം ചരിത്രത്തിലെ അത്ഭുതമാണ് 

അൻസാരി സഹോദരൻ തന്റെ മുഹാജിർ സഹോദരനുവേണ്ടി വീടിന്റെ ഒരു ഭാഗം ഒഴിഞ്ഞു കൊടുത്തു 

മുഹാജിർ സഹോദരന് തൊഴിലവസരമുണ്ടാവാൻ അൻസാരി സഹോദരൻ സാമ്പത്തിക സഹായം നൽകി പുതിയൊരു സാമ്പത്തികവ്യവസ്ഥിതി വളർന്നു വരികയാണ് അബൂഹുദൈഫയും സാലിമും തൊഴിലെടുത്തു ജീവിക്കുവാൻ തീരുമാനിച്ചു വലിയ കുടുംബത്തിൽ ജീവിച്ച അവർ ഇപ്പോൾ സാമ്പത്തികക്ലേശം അനുഭവിക്കുകയാണ് 

അതിനിടയിലാണ് ബദ്റിന്റെ ശബ്ദം ഉയർന്നത് 

അബൂസുഫ്യാന്റെ നേതൃത്വത്തിൽ വലിയൊരു കച്ചവടസംഘം സിറിയയിലേക്ക് പുറപ്പെട്ടു കച്ചവടം കഴിഞ്ഞ് വമ്പിച്ച സ്വത്തുമായി  അവർ മടങ്ങുന്നു ആ സമ്പത്തു മുഴുവൻ യുദ്ധഫണ്ടിലേക്കാണ് യുദ്ധം മുസ്ലിംകളെ തകർക്കാൻ വേണ്ടിയും 

അബൂസുഫ്യാനെ നേരിടാൻ മുസ്ലിംകൾ പുറപ്പെട്ടു പക്ഷെ, അബൂസുഫ്യാൻ രക്ഷപ്പെട്ടു 

ഇതിനിടയിൽ അബൂജഹൽ ആയിരത്തോളം അനുയായികളുമായി ബദ്റിലേക്ക് പുറപ്പെട്ട വാർത്തയാണറിയുന്നത് 

ബദ്റിൽ മുസ്ലിംകളും ശത്രുക്കളും അണിനിരന്നു 

അബൂഹുദൈഫയും സാലിമും മുസ്ലിംപക്ഷത്ത് നിലയുറപ്പിച്ചു ശത്രുപക്ഷത്തേക്ക് നോക്കി പരിചയമുള്ള ധാരാളം മുഖങ്ങൾ  

അബൂഹുദൈഫ സൂക്ഷിച്ചുനോക്കി 

തന്റെ പിതാവ് ഉത്ബത്ത് പിതാവിന്റെ സഹോദരൻ ശൈബത്ത് തന്റെ സഹോദരൻ വലീദ് ഇന്നത്തെ ദിവസം അവരെല്ലാം തന്റെ ശത്രുക്കൾ  അവരെ നേരിടുമ്പോൾ തന്റെ മനസ്സ് പതറാൻ പാടില്ല പാദങ്ങൾ ഇടറിപ്പോകരുത്  നോക്കിനിൽക്കെ അവർ രംഗത്തിറങ്ങുന്നു ഉത്ബത്തും ശൈബത്തും വലീദും 

' ഞങ്ങളോട് ദ്വന്ദയുദ്ധം ചെയ്യാൻ തയ്യാറുള്ളവർ ഇറങ്ങിവരട്ടെ' അവർ വിളിച്ചു പറഞ്ഞു  

ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് മൂന്നു അൻസാരി യുവാക്കൾ രംഗത്തിറങ്ങി 

'നിങ്ങൾ ആരാണ്?' ഉത്ബത്ത് ചോദിച്ചു 

'ഞങ്ങൾ അൻസാരികളാണ് ' 

'നിങ്ങളെ ഞങ്ങൾക്കാവശ്യമില്ല  നിങ്ങൾ ഞങ്ങൾക്ക് തുല്യരല്ല ഞങ്ങളോട് ദ്വന്ദയുദ്ധം നടത്താൻ തയ്യാറുള്ള ആരുമില്ലേ അവിടെ?' 

അൻസാറുകൾ പിൻവാങ്ങി 

പകരം മൂന്നുപേൽ ഇറങ്ങി  

ഹംസ(റ), അലി(റ), ഉബൈദത്ത് (റ) 

അബൂഹുദൈഫയും സാലിമും നോക്കിനിൽക്കെ ദ്വന്ദയുദ്ധം തുടങ്ങുന്നു 

ധീരകേസരി ഹംസ(റ) ശൈബത്തിന്റെ മേൽ ചാടിവീണു ഉഗ്ര സംഘട്ടനം ശൈബത്ത് മരിച്ചു വീഴുന്നത് ഇരുകൂട്ടരും കണ്ടു ശൈബത്തിന്റെ മരണം അബൂഹുദൈഫയും സാലിമും നോക്കി കണ്ടു 

അലി(റ) വലീദിന് നേരെയാണ് പാഞ്ഞടുക്കുന്നത് സാലിമിന്റെ ഓർമ്മകൾ കൂലംകുത്തി ഒഴുകുന്നു തന്റെ പ്രിയപത്നി ഫാത്തിമയുടെ പിതാവാണ് വലീദ് ഭാര്യാപിതാവിനെ അലി(റ) നേരിടുന്നു  

അബൂഹുദൈഫയും ആ രംഗം കാണുന്നു തന്റെ സഹോദരൻ വലീദ് ഉഗ്രമായ പോരാട്ടത്തിൽ വലീദ് തകർന്നു പോയി വലീദിന്റെ മരണത്തിന് ബദ്ർ രാണങ്കണം സാക്ഷിയായി 

പിതാവ് ഉത്ബത്ത് സഹാബി പ്രമുഖനായ ഉബൈദത്തിനു നേരെ പാഞ്ഞടുക്കുന്നത് അബൂഹുദൈഫ നോക്കി നിന്നു 

ഉത്ബത്ത് ഉബൈദത്തിന്റെ മേൽ ചാടിവീണു ഘോരസംഘട്ടനം ഉബൈദത്തിന്റെ കാലിന് വെട്ടേറ്റു അസഹ്യമായ വേദന മുന്നേറാൻ പറ്റുന്നില്ല ഉത്ബത്ത് ഉബൈദത്തിനെ തകർക്കാൻ വേണ്ടി മുമ്പോട്ടു ചാടുന്നു പെട്ടെന്ന് അലിറ(റ) ചാടിവീണു അവർ തമ്മിലായി പിന്നെ പോരാട്ടം ഏറെക്കഴിയുംമുമ്പെ ഉത്ബത്ത് വെട്ടേറ്റ് വീണു ഉത്ബത്തിന്റെ മരണത്തിനും ബദർ രണാങ്കണം സാക്ഷിയായി 

ദ്വന്ദയുദ്ധത്തിനുശേഷം ഉഗ്രമായ പോരാട്ടമാണ് നടന്നത് നിരവധി ശത്രുക്കൾ കൊല്ലപ്പെട്ടു അബൂജഹലിന്റെ പതനത്തോടെ ശത്രുക്കൾ യുദ്ധക്കളം വിട്ടോടി 

ബദ്ർയുദ്ധത്തിൽ മരണപ്പെട്ട മുശ്രിക്കുകളുടെ ശവശരീരങ്ങൾ ഒരു പൊട്ടക്കിണറ്റിലിട്ട് മൂടാൻ പ്രവാചകൻ നിർദ്ദേശിച്ചു ഉത്ബത്തിന്റെ ശരീരം അബൂഹുദൈഫതന്നെയാണ് വലിച്ചു കൊണ്ടുപോയി കിണറ്റിൽ തള്ളിയത് 

നബി (സ) തങ്ങൾ അബൂഹുദൈഫയുടെ മുഖത്തേയ്ക്ക് നോക്കി അവിടെ ദുഃഖം തളംകെട്ടിനിന്നിരുന്നു 

'പിതാവിന്റെ കാര്യത്തിൽ ദുഃഖം തോന്നുന്നുണ്ടോ? പ്രവാചകൻ ചോദിച്ചു 

'എന്റെ പിതാവ് ബുദ്ധിയും തന്റേടവുമുള്ള ആളായിരുന്നു എന്നിട്ടും അദ്ദേഹം ഇസ്ലാമിന്റെ ശത്രുവായി' 

പ്രവാചകൻ അബൂഹുദൈഫയെ സമാധാനിപ്പിച്ചു 

ബദ്റിൽ വിജയിച്ച മുസ്ലിംകൾ മദീനയിലേക്ക് മടങ്ങി അവർ ആശ്വാസത്തോടെ ആ പുണ്യനഗരത്തിൽ പ്രവേശിച്ചു അവർ അല്ലാഹുവിനെ വാഴ്ത്തി 

അപ്പോൾ മക്കപട്ടണം പൊട്ടിക്കരയുകയായിരുന്നു ഉത്ബത്തിന്റെ വീട്ടിൽ ദുഃഖം തളംകെട്ടിനിന്നു അബൂജഹലിന്റെ വീട്ടിലും ദുഃഖം എല്ലാ വീടുകളിലും ദുഃഖം പ്രതികാരദാഹം വളരുകയായിരുന്നു അവിടെ.


രണാങ്കണങ്ങളിലൂടെ 

സത്യവിശ്വാസികൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു അവരുടെ ദീനിനെ സ്നേഹിക്കുന്നു സ്വന്തം ജീവനെക്കാളേറെ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കണം തന്റെ താൽപ്പര്യങ്ങൾ ദീനിന്റെ താൽപ്പര്യങ്ങൾക്കു വേണ്ടി കൈവെടിയണം തന്റെ താൽപ്പര്യങ്ങൾ ദീനിന്റെ താൽപ്പര്യങ്ങളായി മാറണം ദീനി വിരുദ്ധമായ താൽപ്പര്യങ്ങളൊന്നും സത്യ വിശ്വാസിക്കുണ്ടാവാൻ പാടില്ല ദീനിന് വേണ്ടി മരിക്കേണ്ടി വന്നാൽ അവിടെ ശങ്കിച്ചു നിക്കാനും പാടില്ല  

സത്യവിശ്വാസിക്ക് പരമപ്രധാനം അവന്റെ ആദർശമാണ് രക്ത ബന്ധങ്ങളൊന്നും അവിടെ പരിഗണിക്കപ്പെടുന്നില്ല മാതാവോ പിതാവോ ആയാൽപോലും ആദർശത്തിന്റെ ശത്രുക്കളാണെങ്കിൽ സത്യവിശ്വാസിയുടെയും ശത്രുക്കൾ തന്നെ 

ബദ്റിൽ കണ്ടത് അതാണ് ഉത്ബത്ത് ശത്രുപക്ഷത്ത് നിലകൊണ്ടു പുത്രൻ അബൂഹുദൈഫ നബി (സ) തങ്ങളുടെ പക്ഷത്തായിരുന്നു അവിടെ രക്തബന്ധം നോക്കിയില്ല യുദ്ധം കഴിഞ്ഞ് ശത്രുക്കളുടെ ശവശരീരങ്ങൾ പൊട്ടക്കിണറ്റിലേക്ക് വലിച്ചിട്ടു അബൂഹുദൈഫ തന്നെയാണ് സ്വന്തം പിതാവിന്റെ ശവശരീരം വലിച്ചിട്ടത് അവിശ്വാസിയായിട്ടാണ് പിതാവ് മരിച്ചത് 

ഇസ്ലാം സാഹോദര്യത്തിന് ഏറ്റവും മികച്ച പരിഗണന നൽകുന്നു സത്യവിശ്വാസികൾക്കിടയിലെ സാഹോദര്യം ഏറ്റവും പ്രധാനമാണ് സത്യവിശ്വാസിയാവുക എന്നത് മാത്രമാണ് ഇവിടെ സാഹോദര്യത്തിന്റെ അടിസ്ഥാനം സത്യവിശ്വാസി ഉന്നത തറവാട്ടുകാരനോ പണക്കാരനോ ഉന്നതപാരമ്പര്യമുള്ളവനോ ആവണമെന്നില്ല അല്ലാഹുവിലും അന്ത്യപ്രവാചകനിലും വിശ്വസിച്ച സത്യവിശ്വാസിയെ ഉന്നതസ്വഹാബിവര്യന്മാർ ആദരിക്കുന്നതാണ് ചരിത്രത്തിൽ കാണുന്നത് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സാലിം (റ) 

സ്വഹാബികൾക്കിടയിൽ സാലിം മൗലാഅബീഹുദൈഫക്ക് അത്യുന്നതമായ സ്ഥാനം സിദ്ധിച്ചു ധനികരും ഉന്നത തറവാട്ടുകാരും മഹത്തായ പാരമ്പര്യമുള്ളവരുമൊക്കെ സാലിമിനെ ആദരിക്കുന്നു  

നബി (സ) തങ്ങൾ ഉന്നത സ്വഹാബിവര്യന്മാരുടെ സദസ്സിൽവെച്ച് സാലിം (റ)വിനെ പരസ്യമായി പ്രശംസിക്കുന്നതും നാം കാണുന്നു 

നബി (സ) തങ്ങൾ അനുയായികളോട് പറയുന്നു: 'നാല് ആളുകളിൽ നിന്ന് നിങ്ങൾ വിശുദ്ധ ഖുർആൻ പഠിക്കുക-അബ്ദുല്ലാഹിബ്നു മസ്ഊദ് (റ), സാലിം മൗലാ അബീഹുദൈഫ(റ) , ഉബയ്യുബ്നു കഅബ്(റ) , മുആദുബ്നു ജബൽ(റ) ' 

നോക്കൂ അബ്ദുല്ലാഹിബ്നു മസ്ഊദിന്റെയും ഉബ്യ്യുബ്നു കഅബിന്റെയും മുആദുബ്നു ജബലിന്റെയും സ്ഥാനത്തേക്കാണ് സാലിമിനെയും ഉയർത്തിയത് 

ആരായിരുന്നു സാലിം? 

വെറും അടിമ ഒരടിമ മാത്രം അദ്ദേഹത്തിന്റെ പിതാവാര്? അറിയില്ല കുടുംബമേത്? അറിയില്ല ഹിജാസിലെ അടിമച്ചന്തയിൽ വിൽക്കപ്പെട്ട അടിമ അദ്ദേഹം അടിമയായിരുന്നു എന്നത് ദീനിൽ പ്രശനമല്ല മാതാപിതാക്കൾ അജ്ഞാതരായതോ തറവാട് അജ്ഞാതമായതോ പ്രശ്നമല്ല സത്യവിശ്വാസം കൈകൊണ്ടാൽ അദ്ദേഹം ഉത്തമനായിത്തീർന്നു ദീനി സേവനത്തിന്റെ പാതയിൽ മുന്നേറുന്നതോടെ ഉത്തമനായിമാറുന്നു ഇതാണ് സാലിമിന്റെ ജീവിതം ലോകത്തിനു നൽകുന്ന പാഠം  

അബൂഹുദൈഫ തന്റെ അടിമയായ സാലിമിന് മോചനം നൽകുകയും ദത്തുപുത്രനായി പ്രഖ്യാപിക്കുകയും ചെയ്തു കുടുംബത്തിലുള്ളവരൊക്കെ അതംഗീകരിച്ചു പിന്നീട് സഹോദരന്മാരായി ജീവിച്ചു ബദ്റിൽ ഇരുവരും ഒന്നിച്ചു പോരാടി രക്തബന്ധമുള്ളവർ മരിച്ചു വീഴുന്നത് നോക്കി നിന്നു തന്റെ പിതാവ് ഉത്ബത്ത് ബുദ്ധിമാനായിരുന്നു പ്രവാചകനുമായി സംസാരിച്ചിട്ടുണ്ട് പ്രവാചകന്റെ പുണ്യം നിറഞ്ഞ നാവിൽനിന്നുതിർന്നുവീണ വാക്കുകൾ പിതാവിന്റെ ഹൃദയത്തെ തൊട്ടുണർത്തിയിട്ടുണ്ട് എല്ലാം തനിക്കറിയാം എന്ത് ചെയ്യാം? 

പിതാവ് മക്കയിൽ തന്റെ അന്തസ്സും പ്രതാപവും നഷ്ടപ്പെടുമെന്ന് ഭയന്നു തന്റെ പദവികൾ കാത്ത് സൂക്ഷിക്കുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ സത്യം മനസ്സിലാക്കിയിട്ടും തിരിഞ്ഞു കളഞ്ഞു 

ഇപ്പോൾ മക്കയിൽ നിന്നും വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു ബദ്റിന് പകരംചോദിക്കാൻ തയ്യാറെടുക്കുകയാണ് ഖുറൈശികൾ വമ്പിച്ച സൈനികശേഖരണം നടക്കുന്നു പുരുഷന്മാരോടൊപ്പം സ്ത്രീകളും പുറപ്പെടുന്നു 

യുദ്ധത്തിന്റെ മേഘപാളികൾ ഉരുണ്ട് കൂടുകയാണ് സത്യവിശ്വാസത്തിന്റെ സംരക്ഷണത്തിന്നുവേണ്ടി പടവാളെടുക്കാൻ സമയമായിരിക്കുന്നു അതും സത്യവിശ്വാസിയുടെ കടമതന്നെ അബൂഹുദൈഫ സാലിമിനോട് ചോദിച്ചു 

'ആരുടെ വധത്തിന്ന് പ്രതികാരം ചെയ്യാനാണവർ വരുന്നത്?' 

'താങ്കളുടെ പിതാവിന്റെ വധത്തിന്ന് , താങ്കളുടെ സഹോദരന്റെ വധത്തിന്ന് , താങ്കളുടെ പിതൃസഹോദരന്റെ വധത്തിന്ന്......' 

'അതെ.... എനിക്ക് രക്തബന്ധമുള്ളവരുടെ വധത്തിന്ന് പ്രതികാരം ചെയ്യാനവർ വരുന്നു ആരാണ് അവരെ നേരിടുന്നത്? 

'താങ്കളും ഞാനും ' 

'അതെ നാം ഉഹ്ദിലേക്ക് കുതിക്കുന്നു മക്കക്കാർക്കെതിരെ പോരാടുന്നു വീര രക്തസാക്ഷികളാകുന്നു' 

യുദ്ധം പൊട്ടി ഉഗ്രയുദ്ധം 

അബൂഹുദൈഫയും സാലിമും ഉഗ്രപോരാട്ടം നടത്തി യുദ്ധത്തിന്റെ ആദ്യഘട്ടം മുസ്ലിംകൾക്കനുകൂലമായിരുന്നു ശത്രുക്കൾ യുദ്ധക്കളം വിട്ടോടിപ്പോയി  

നബി (സ) തങ്ങൾ മലയുടെ മുകളിൽ ഏതാനും യോദ്ധാക്കളെ നിർത്തിയിരുന്നു യുദ്ധം അവസാനിച്ചു എന്ന ധാരണയിൽ അവർ സ്ഥലം വിട്ടു ഉടനെ ശത്രുക്കൾ മല കീഴ്പ്പെടുത്തി മുസ്ലിംകൾക്കെതിരെ ഓർക്കാപ്പുറത്ത് ആഞ്ഞാടിച്ചു മുസ്ലിം സൈന്യം ചിന്നിച്ചിതറി പലരും മരിച്ചുവീണു അനവധിപേർക്ക് പരിക്കുപറ്റി നബി(സ) തങ്ങൾക്കും പരിക്കേറ്റു 

അബൂഹുദൈഫയും സാലിമും രക്തസാക്ഷികളാവാൻ വേണ്ടിയാണ് പടപൊരുതിയത് 

ഉഹ്ദ് യുദ്ധം കഴിഞ്ഞപ്പോൾ അബൂഹുദൈഫ സാലിമിനെ അന്വേഷിച്ചു അവൻ വീരരക്തസാക്ഷിത്വം വരിച്ചോ എന്നറിയാൻ 

സാലിം അബൂഹുദൈഫയെയും അന്വേഷിക്കുന്നു അദ്ദേഹം വീരരക്തസാക്ഷിത്വം വരിച്ചോ എന്നറിയാൻ  

ഇല്ല രണ്ടാളും സുരക്ഷിതരാണ് ശഹീദാവാൻ കഴിഞ്ഞില്ല  

സാരമില്ല, ഇനിയും യുദ്ധം വരും  

അവർ മദീനയിലേക്ക് മടങ്ങി  

ഉഹ്ദിന്റെ മുറിവുണങ്ങും മുമ്പെ മറ്റൊരു യുദ്ധത്തിന്റെ ആരവം ഉയർന്നു: 

'ഖന്തഖ് യുദ്ധം '  

ഖുറൈശികൾ മലവെള്ളം പോലെ ഒഴുകി വരുന്നു ഒരുപാട് ഖബീലക്കാർ അവരോടൊപ്പം അണിനിരന്നുവരുന്നു ഇസ്ലാമിന്റെ ശത്രുക്കളെല്ലാം ഒന്നിച്ചുകഴിഞ്ഞു  മുസ്ലിംകളെക്കാൾ എത്രയോ ഇരട്ടിവരും അവർ  

ഖന്തഖ് കുഴിച്ചു  

ശത്രുക്കൾ അഭിമുഖമായി നിന്നു കിടങ്ങ് മുറിച്ചു കടക്കാൻ ശത്രുക്കൾക്കു കഴിഞ്ഞില്ല 

അബൂഹുദൈഫയും സാലിമും ആയുധമണിഞ്ഞു തയ്യാറെടുത്തു നിൽക്കുകയാണ് 

ഈ യുദ്ധത്തിൽ രക്തസാക്ഷിത്വം തങ്ങളെ അനുഗ്രഹിക്കുമെന്നവർ കരുതി  

ശക്തിയായ കാറ്റടിച്ചു മണൽ ഉയരത്തിൽ പറന്നു ശത്രുക്കൾ വല്ലാതെ വിഷമിച്ചു 

അവർ അടുപ്പിൽവെച്ച പാത്രങ്ങൾ കീഴ്മേൽ മറിഞ്ഞു ഭക്ഷണം മുഴുവൻ മണ്ണിൽ കലർന്നു ഒട്ടകങ്ങൾ ചാവാൻ തുടങ്ങി വലിയ വിഷമം തന്നെ 

രാത്രിയിൽ കൊടും തണുപ്പ് 

കാറ്റിൽ തമ്പുകൾ മറിഞ്ഞുവീണു വമ്പിച്ച സൈന്യത്തിന് ഭക്ഷണം നൽകാൻ തന്നെ വലിയ ചെലവാണ് ദിവസങ്ങൾ കഴിയും തോറും ശത്രുക്കളുടെ നില കൂടുതൽ അവതാളത്തിലായി ഐക്യത്തോടെ വന്നവർ ഭിന്നിക്കാൻ തുടങ്ങി അവർ പരസ്പരം പഴിച്ചു 

ഒരു രാത്രിയിൽ ചില ഖബീലക്കാർ സ്ഥലം വിട്ടു അതോടെ അവരുടെ ഐക്യം തകർന്നു വമ്പിച്ച നാശനാഷനഷ്ടങ്ങൾ സഹിച്ച ശേഷം അവർ മടങ്ങിപ്പോയി  

ഖന്തഖ് യുദ്ധം അങ്ങനെ അവസാനിച്ചു 

'നാം ഇനിയും മറ്റൊരു യുദ്ധത്തിന് കാത്ത് നിൽക്കണം ' സാലിം പറഞ്ഞു 

അബൂഹുദൈഫ അത് ശരിവെച്ചു 

ഇരുവരും താമസസ്ഥലത്തേക്ക് മടങ്ങി മറ്റൊരു യുദ്ധത്തിന്റെ പ്രതീക്ഷയിൽ അവരുടെ ദിനരാത്രങ്ങൾ കടന്നുപോയി


വിജയത്തിന്റെ ഇതിഹാസങ്ങൾ 

മദീനയിലെ പള്ളിയിൽ സ്വഹാബികളെല്ലാം സമ്മേളിച്ചിരിക്കുന്നു നബി (സ) തങ്ങളുടെ വാക്കുകൾ കേൾക്കാൻ അവർ ആകാംക്ഷയോടെ കാത്തിരിക്കുന്നു 

അബൂഹുദൈഫയും സാലിമും കൂട്ടത്തിലുണ്ട്  

നബി (സ) മക്കയെപ്പറ്റി സംസാരിക്കുന്നു കഅ്ബയെപ്പറ്റി സംസാരിക്കുന്നു ആ സംസാരം സ്വഹാബികളെ ആവേശഭരിതരാക്കി 

തങ്ങൾ പിറന്നനാട് വളർന്നനാട് പ്രിയപ്പെട്ട ജന്മനാട് അവിടെ നിന്ന് പോന്നിട്ട് വർഷങ്ങളായി  

ഇന്ന് മുസ്ലിംകളുടെ അംഗസംഖ്യ ഏറെ വർദ്ധിച്ചിട്ടുണ്ട് ബദറും ഉഹ്ദും ഖന്തഖും കടന്നുവന്ന മുസ്ലിംകൾ 

നബി (സ) തങ്ങൾ മക്കയിലേക്ക് പോവുന്നതിനെക്കുറിച്ചു സംസാരിക്കുന്നു കഅ്ബാലയത്തിൽ പോകണം ഹജ്ജ് ചെയ്യണം  

അബൂഹുദൈഫയുടെയും സാലിമിന്റെയും മനസ്സിൽ മക്കാപട്ടണം തെളിഞ്ഞു നിന്നു എത്രയോ തവണ തങ്ങൾ ഒരുമിച്ചു നടന്നു പോയ പട്ടണം ഉത്ബത്തിന്റെ വീട് ഉക്കാള് ചന്ത ദാറുൽ അർഖം കഅ്ബയുടെ പരിസരം....അങ്ങനെ എന്തെല്ലാം ഓർമ്മകൾ  

നബി (സ) തങ്ങളും അനുയായികളും മക്കയിലേക്ക് പുറപ്പെടുന്നു അബൂഹുദൈഫയും സാലിമും തയ്യാറായിക്കഴിഞ്ഞു അവരും സംഘത്തിൽ ചേർന്നു  

ആ വലിയ സംഘം യാത്രപുറപ്പെട്ടു ഹുദൈബിയയിലെത്തിയപ്പോൾ ഖുറൈശികൾ അവരെ തടഞ്ഞു ഇത്തവണ മക്കയിൽ പ്രവേശിക്കരുത് 

ഇരു സംഘവും തമ്മിൽ സംഭാഷണങ്ങൾ നടന്നു ഒടുവിൽ സന്ധി വ്യവസ്ഥകൾ  തയ്യാറാക്കി പ്രസിദ്ധമായ ഹുദൈബിയ സന്ധി 

സന്ധിവ്യവസ്ഥയനുസരിച്ച് എല്ലാവരും മദീനയിലേക്ക് മടങ്ങുന്നു  

അബൂഹുദൈഫയും സാലിമും ദുഃഖത്തോടെ മടങ്ങി പിറന്ന നാട്ടിൽ പ്രവേശിക്കാനായില്ല പ്രവാചകനെ അനുസരിച്ചു അതിൽ ആശ്വാസം കണ്ടു  

പിന്നെയും യുദ്ധങ്ങൾ നടന്നു  

ഖൈബർ യുദ്ധം  

ഉഗ്രപരീക്ഷണങ്ങൾ നിറഞ്ഞ യുദ്ധം   

ഖൈബറിലെ കോട്ടകൾ പിടിച്ചെടുക്കാൻ വേണ്ടിയുള്ള ഘോരയുദ്ധം  

അബൂഹുദൈഫയും സാലിമും ആഞ്ഞുവെട്ടുകയാണ് അവർക്ക് രക്തസാക്ഷിത്വം വരിക്കണം അതിനുള്ള സാഹസികതയാണ് നടത്തുന്നത് 

യുദ്ധം ജയിച്ചു പടവാൾ താഴെവെച്ചു  

ഇരുവർക്കും ഒരു കുഴപ്പവുമില്ല 

ഖൈബറുകൾ ഇസ്ലാമിലേക്ക് വന്നു അവർക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുണ്ടായി ഖൈബർയുദ്ധത്തിനുശേഷം മുസ്ലിംകളുടെ സാമ്പത്തികനില അൽപം മെച്ചപ്പെട്ടു  

വീണ്ടും വരുന്നു യുദ്ധം 

തബൂക്ക് യുദ്ധം  ഇരുവരും ആയുധങ്ങളണിഞ്ഞു 

'ഇത്തവണ നാം അനുഗൃഹീതരാകും ' അവർ കരുതി  

തബൂക്കിലേക്ക് മുസ്ലിംസൈന്യം നീങ്ങി ശത്രുക്കളുടെ നീണ്ടനിരകൾ ഒഴുകിയെത്തി  

ചരിത്ര പ്രസിദ്ധമായ തബൂക്ക് യുദ്ധം നടന്നു പടക്കുതിരകൾ വിശ്രമിക്കുന്നു  

അബൂഹുദൈഫ സാലിമിന്റെ മുഖത്തേക്ക് നോക്കി സാലിം അബൂഹുദൈഫയുടെ മുഖത്തേക്കും നമുക്ക് ഒരു കുഴപ്പവുമില്ല  നാം വീരരക്തസാക്ഷിത്വം വരിക്കുന്നതെന്നാണ് ? 

മക്കയിലേക്ക് പുറപ്പെടാൻ സമയമായി നബി (സ) തങ്ങളും സ്വഹാബികളും അതിനു തയ്യാറെടുക്കുന്നു 

നമ്മുടെ കൂട്ടുകാരും തയ്യാറെടുത്തുകഴിഞ്ഞു ആവേശകരമായ യാത്ര പിറന്നനാട്ടിലേക്കുള്ള യാത്ര കഅ്ബാലയം ത്വവാഫ് ചെയ്യാനുള്ള യാത്ര  ആ യാത്രയിലാണ് അബൂഹുദൈഫയും സാലിമും അവർ അതിവേഗം സഞ്ചരിക്കുന്നു 

അതാ മക്കാ പട്ടണം  കൺമുമ്പിൽ തെളിയുന്നു പരിചിതമായ ഭൂപ്രദേശങ്ങൾ ഓടി നടന്ന പാറക്കുന്നുകൾ മക്കയിലെ തെരുവുകൾ  എല്ലാവഴികളും വിജനമാണ് അവിടെ താമസിക്കുന്നവർ സ്ഥലം വിട്ടിരിക്കുന്നു  

അതാ കഅ്ബാലയം🕋  

സ്വഹാബികൾ പരിസരം മറന്നു അവർ ആവേശത്തോടെ വിളിച്ചു പറഞ്ഞു 

അല്ലാഹു അക്ബർ  

വർഷങ്ങൾക്കു മുമ്പ് ഈ പട്ടണത്തിൽ വെച്ച് തങ്ങൾ ക്രൂരമായി മർദ്ദിക്കപ്പെട്ടു ഇന്നിതാ തങ്ങൾ ജേതാക്കളായി തിരിച്ചെത്തിയിരിക്കുന്നു  അല്ലാഹുവിന്റെ അനുഗ്രഹം  

ഇന്ന് തങ്ങളെ മർദ്ദിക്കാൻ ഇവിടെ ഒരു ശക്തിയുമില്ല തങ്ങൾക്ക് കഅ്ബ ത്വവാഫ് ചെയ്യാം നിസ്കരിക്കാം ദുആ ചെയ്യാം ആരെയും ഭയപ്പെടാനില്ല എന്തൊരനുഗ്രഹം  

കഅ്ബാലയത്തിനകത്തെ ബിംബങ്ങൾ വലിച്ചെറിഞ്ഞു മക്കയിലെ ഭക്തജനങ്ങൾ തലകുനിച്ചുനിന്നത് ഈ ബിംബങ്ങളുടെ മുമ്പിലായിരുന്നു ഇവയെ എതിർത്തതിന്റെ പേരിലാണ് തങ്ങൾ മർദ്ദിക്കപ്പെട്ടത് 

വേണ്ട ഇനിയും ഇതിവിടെ നിൽക്കാൻ പാടില്ല എല്ലാം നശിക്കട്ടെ ബിംബങ്ങൾ പൊട്ടിത്തകരുന്ന ശബ്ദം 

അല്ലാഹുവിനെ വാഴ്ത്തുന്ന ശബ്ദം 

ശിർക്കിന്റെ കോട്ടകൾ തകർന്നു വീഴുന്നു തൗഹീദിന്റെ കോട്ടകൾ ഉയരുന്നു  

ചരിത്രം മക്കാവിജയത്തിനു സാക്ഷിനിന്നു 

നമ്മുടെ സഹോദരന്മാർ എല്ലായിടത്തും മുൻപന്തിയിൽ തന്നെയുണ്ട്  

ഇനി മടക്കമാണ്  

ജേതാക്കളുടെ മടക്കയാത്ര  

മദീനയിലേക്ക്  

ദിവസങ്ങളോളം മക്കയിൽ താമസിച്ച് മടങ്ങുകയാണ് അപ്പോൾ മനസ്സിൽ ഹിജ്റയുടെ ഓർമ്മകളായിരുന്നു ആവേശം അലതല്ലുന്ന മനസ്സുമായി അവർ മദീനയിൽ മടങ്ങിയെത്തി  

ഇനി മക്കയിൽ പോകാൻ പ്രയാസമില്ല ആരും തങ്ങളെ ഒന്നും ചെയ്യില്ല എന്തൊരനുഗ്രഹമാണിത് കരളിലെന്തൊരു തണുപ്പ് പുതിയൊരു കാലഘട്ടത്തിന്റെ പിറവി 

ഹുനൈൻ യുദ്ധത്തിന്റെ വിളി മുഴങ്ങിയപ്പോൾ അബൂഹുദൈഫയും സാലിമും തയ്യാറായിനിന്നു ആയുധങ്ങൾക്ക് മൂർച്ചകൂട്ടി  

ഹുനൈൻ രണാങ്കണത്തിൽ ധീരമായി പോരാടി വീര രക്തസാക്ഷിത്വം വരിക്കാനുള്ള വെമ്പലായിരുന്നു അവർക്ക് ഹുനൈൻ യുദ്ധം അവസാനിച്ചു 

കൂട്ടുകാർ പരസ്പരം നോക്കി  

ഹുനൈൻ യുദ്ധവും നമ്മെ കൈവെടിഞ്ഞു 

മദീനയിൽ ശാന്തമായ അന്തരീക്ഷം മുസ്ലിംകളുടെ എണ്ണം വളരെ വർദ്ധിച്ചു ഇസ്ലാമിക ഭരണകൂടം നിലവിൽ വന്നു  ഓരോ സ്വഹാബിക്കും പുതിയ ഉത്തരവാദിത്വങ്ങൾ പുതിയ കടമകൾ 

സാലിം(റ)വിനെപ്പറ്റിയും അബൂഹുദൈഫ(റ)വിനെപ്പറ്റിയും നബി (സ) തങ്ങൾക്ക് നല്ല മതിപ്പായിരുന്നു സാലിം (റ) വിന്റെ ഖുർആൻ പാരായണം കേട്ടു പഠിക്കാൻ നബി (സ) അനുയായികളെ ഉപദേശിച്ചു 

പ്രവാചകപത്നി ആഇശ(റ) ഒരു സംഭവം വിവരിക്കുന്നു 

ഞാൻ നബി (സ) തങ്ങളുടെ സമീപത്തേക്ക് വരികയായിരുന്നു വഴിയിൽ വെച്ച് ആരോ ഒരാൾ ഖുർആൻ പാരായണം ചെയ്യുന്നത് കേട്ടു എത്ര ആകർഷകമായ പാരായണം ഞാനവിടെ നിന്നുപോയി കുറെ നേരം കഴിഞ്ഞു ഞാൻ വേഗം നടന്നു പോയി 

നബി (സ) തങ്ങൾ ചോദിച്ചു: നീ എന്തേ ഇത്രയും വൈകിയത് 

ഞാൻ പറഞ്ഞു: ഞാൻ ഒരാളുടെ ഖുർആൻ പാരായണം കേട്ട് നിന്നുപോയി  ഞാൻ ആ പാരായണത്തിന്റെ ഭംഗി വിവരിച്ചു 

നബി(സ) തങ്ങൾ ഉടനെതന്നെ പുറത്തേക്കിറങ്ങിപ്പോയി, അതു കേൾക്കാൻ അവിടെ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു കൊണ്ടിരുന്നത് സാലിം മൗലാ അബീഹുദൈഫയായിരുന്നു 

അദ്ദേഹത്തിന്റെ ഖുർആൻ  പാരായണം ശ്രദ്ധിക്കുന്നത് സ്വഹാബികൾക്ക് വളരെ താൽപര്യമുള്ള കാര്യമായിരുന്നു 

ഒരിക്കൽ നബി(സ) തങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: 'താങ്കളെപ്പോലെയുള്ളവരെ നൽകി എന്റെ സമുദായത്തെ അനുഗ്രഹിച്ച അല്ലാഹുവിന് സ്തുതി ' 

ഭൗതികമായ യാതൊരു നേട്ടവും ആഗ്രഹിക്കാത്ത സാലിം (റ) സത്യത്തിനും ധർമ്മത്തിനുംവേണ്ടി നിലകൊണ്ടു ഏത് സദസ്സിൽ നിന്നും സത്യം വെട്ടിത്തുറന്നുപറയാൻ അദ്ദേഹം മടിച്ചില്ല വലിയ നേതാക്കൾക്കെതിരായി വന്നാൽ പോലും സത്യം തുറന്നു പറയാൻ സാലിം (റ) ഒരിക്കലും മടിച്ചില്ല സൈന്യാധിപന്മാരുടെ ചില നടപടികൾ ശരിയല്ലെന്ന് തോന്നിയാൽ അദ്ദേഹം അത് വ്യക്തമായിപ്പറയും  

സാലി(റ) വിന്റെ ഈ സ്വഭാവം മുസ്ലിം സമൂഹത്തിന് വലിയൊരനുഗ്രഹമായിരുന്നു പലരും അദ്ദേഹത്തോടാലോചിച്ചാണ് കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് അദ്ദേഹത്തിന്റെ ബുദ്ധിയും ഓർമ്മശക്തിയും അദ്ധ്വാനശീലവും ത്യാഗവും എക്കാലവും അനുസ്മരിക്കപ്പെടും.


സുവർണ്ണ കാലഘട്ടം അവസാനിക്കുന്നു 

ഇസ്ലാമിക ഭരണകൂടത്തിന്റെ തനിത് രൂപം മദീനയിൽ തെളിഞ്ഞു ഭരണകേന്ദ്രം മദീനതന്നെ ഭരണകൂടത്തിന്റെ കേന്ദ്ര ബിന്ദു നബി (സ) 

ഭരണാധിപൻ ജനങ്ങളുടെ സേവകനായി ജീവിച്ചു പട്ടിണിപ്പാവങ്ങളുടെ കൂടെ പട്ടിണിക്കാരനായി ആ ഭരണാധികാരി ജീവിച്ചു 

ഒരു സാധാരണ പടയാളിയെപ്പോലെ രണാങ്കണത്തിലിറങ്ങി പടവെട്ടി യുദ്ധക്കളത്തിലേക്കു പടനയിച്ച സേനാനായകനായും നബി (സ) തങ്ങളെ നാം കാണുന്നു ജനങ്ങളുടെ പ്രശ്നങ്ങൾ നന്നായി കൈകാര്യംചെയ്യുന്ന മികച്ച ഭരണതന്ത്രജ്ഞനെയും പ്രവാചകനിൽ കാണാം അദ്ദേഹം ജീവിതത്തിന്റെ എല്ലാ തട്ടിലുള്ളവർക്കും മാതൃകയായി ജീവിച്ചു  

ആ സുവർണ്ണഘട്ടം അവസാനിക്കുകയാണ്  

നബി (സ) തങ്ങളുടെ ഏത് ആജ്ഞയും സ്വീകരിക്കാൻ കാത്തു നടക്കുകയാണ് അബൂഹുദൈഫയും സാലിമും ജീവിതം ഇബാദത്താക്കിമാറ്റിയ ഭക്തന്മാർ രണാങ്കണത്തിലെ ധീരയോദ്ധാക്കൾ  

ഒരു ദിവസം അവർ ആ ദുഃഖ വാർത്ത അറിയുന്നു  

പ്രവാചകന് സുഖമില്ല  

അവർ ഞെട്ടിപ്പോയി അവർ ആകാംക്ഷയോടെ പള്ളിയിൽ ഓടിയെത്തി  

പ്രവാചകദൗത്യം അവസാനിച്ചിരിക്കുന്നു അല്ലാഹു ഏൽപിച്ച കാര്യങ്ങളെല്ലാം ജനങ്ങൾക്ക് എത്തിച്ചു കഴിഞ്ഞു ദൗത്യം പരിപൂർണ്ണമായി നിർവ്വഹിച്ചിരിക്കുന്നു ഇനി ഈ ദുനിയാവിൽ താമസിക്കേണ്ടതില്ല ഉത്തമസമുദായം ഇനിയുള്ള കാര്യങ്ങൾ ഏറ്റെടുക്കണം  

അസുഖം വർദ്ധിക്കുന്നു 

മദീനാ പള്ളിയിൽ ഒരുമിച്ചു കൂടിയവർ ദുഃഖിതരാണ് അവർക്ക് ഉറക്കമില്ല വിശപ്പില്ല അതിരാവിലെ അവർ പള്ളിയിലെത്തി   

നബി (സ) തങ്ങളുടെ സുന്ദരവദനം ദർശിക്കാനാവാതെ അവർ വീർപ്പുമുട്ടി 

അബൂഹുദൈഫ പൊട്ടിക്കരഞ്ഞു  

സാലിം കൂടെ കരഞ്ഞു സഹിക്കാനാവുന്നില്ല 

അബൂബക്കർ സിദ്ദീഖ് (റ) നിസ്കാരത്തിന് നേതൃത്വം നൽകാൻ മിഹ്റാബിലെത്തി  

എന്തൊരു പരീക്ഷണം  

സിദ്ദീഖ് കരഞ്ഞുപോയി നിയന്ത്രണം കിട്ടുന്നില്ല എത്രശ്രമിച്ചിട്ടും പറ്റുന്നില്ല 

ഒരുവിധത്തിൽ നിസ്കാരം കഴിഞ്ഞു എല്ലാ ഖൽബുകളും വിങ്ങുന്നു എല്ലാ ചുണ്ടുകളും വിതുമ്പുന്നു ദുഃഖത്തിന്റെ കടലിൽ വീണു കിടക്കുകയാണെല്ലാവരും  

ഒടുവിൽ ആ സത്യം പുറത്തറിയുന്നു  

നബി (സ) തങ്ങൾ വഫാത്തായിരിക്കുന്നു  

സ്വഹാബികൾ പതറിപ്പോയി ഇരുട്ടിൽപെട്ടതുപോലെ അവർ തപ്പിത്തടഞ്ഞു  

ധീരനായ ഉമറുൽ ഫാറൂഖ് (റ ) പോലും വികാരങ്ങൾക്ക് നിയന്ത്രണം കിട്ടാതായി 

അബൂഹുദൈഫ തളർന്നു പോയി 

സാലിം മൗലാ അബീഹുദൈഫയും തളർന്നു  

മദീനയിൽ വല്ലാത്ത ജനത്തിരക്ക് എല്ലാ ഭാഗത്തുനിന്നും സ്വഹാബികൾ പ്രവഹിക്കുന്നു ഒരു വലിയ പ്രദേശമാകെ ജനസമുദ്രമായി മാറുകയാണ്  

അബൂബക്കർ സിദ്ദീഖ് (റ) അക്ഷോഭ്യനായി കാണപ്പെട്ടു വികാരങ്ങൾക്കധീനനായില്ല ആ സ്വഹാബവര്യന്റെ ധീരമായ ശബ്ദം  എല്ലാവർക്കും ആശ്വാസമായി ഭവിച്ചു 

ഉമർഫാറൂഖ് (റ) ശാന്തനായി 

മുസ്ലിം സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് തലമുതിർന്ന സ്വഹാബികൾ ചിന്തിക്കാൻ തുടങ്ങി അവർക്കൊരു നേതാവ് വേണം ആരായിരിക്കും ആ നേതാവ് ? 

മുഹാജിറുകൾ ചർച്ച ചെയ്തു 

അൻസാറുകൾ ചർച്ച ചെയ്തു  

അബൂബക്കർ സിദ്ദീഖിനെക്കാൾ അനുയോജ്യനായ ഒരാളെ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല 

നബി (സ) തങ്ങളുടെ ഏറ്റവും അടുത്ത അനുയായി സിദ്ദീഖ് (റ) ആയിരുന്നു ഹിജ്റവേളയിൽ കൂടെയുണ്ടായിരുന്ന ഉറ്റ സ്നേഹിതൻ ധനികനായിരുന്ന ആ സ്വഹാബിവര്യൻ തനിക്കുള്ളതെല്ലാം ദീനിന് വേണ്ടി ത്യജിച്ചു  

നബി(സ) തങ്ങൾ സുഖമില്ലാതെ കിടന്നപ്പോൾ നിസ്കാരത്തിന് നേതൃത്വം നൽകാൻ നിയോഗിച്ചത് അബൂബക്കർ (റ)വിനെ ആയിരുന്നു 

നബി (സ) തങ്ങളുടെ അവസാനനാളുകൾ ആഇശബീവി(റ) യോടൊപ്പമായിരുന്നു ആ മഹാജീവിതത്തിന്റെ വിശദമായ വിവരണം ലോകത്തിന് നൽകിയതും ആഇശ(റ) തന്നെ ആഇശാ ബീവിയുടെ പിതാവാണ് അബൂബക്കർ (റ)  

നബി (സ) തങ്ങളുടെ ആദർശങ്ങൾ നടപ്പിൽ വരുത്തുന്നതിൽ അബൂബക്കർ സിദ്ദീഖ് (റ) വഹിച്ച പങ്ക് വളരെ മഹത്തായതാണ് 

മുസ്ലിം സമൂഹത്തിന്റെ ഒന്നാം ഖലീഫയായി അബൂബക്കർ (റ) തിരഞ്ഞെടുക്കപ്പെട്ടു പ്രമുഖസ്വഹാബികൾ അദ്ദേഹത്തോട് കൂറ് പ്രഖ്യാപിച്ചു ബൈഅഅത്ത് ചെയ്തു അബൂഹുദൈഫയും സാലിമും ബൈഅത്ത് ചെയ്തു.


യാത്രയുടെ അന്ത്യം 

അബൂബക്കർ സിദ്ദീഖ് (റ) ഒന്നാം ഖലീഫയായി അധികാരമേറ്റു ഖലീഫക്ക് പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു 

യമാമയിൽ നിന്ന് അപകടസൂചന 

അവിടെ ഒരു കള്ളപ്രവാചകൻ രംഗത്തു വന്നിരിക്കുന്നു മുസൈലിമത്തുൽ കദ്ദാബ് 

മുസൈലിമ എന്ന കള്ള പ്രവാചകൻ 

അവൻ ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു വാചാലമായി പ്രസംഗിച്ചു  

'അല്ലാഹു എന്നെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു ജനങ്ങളെ നിങ്ങൾ എന്നെ പിൻപറ്റുവിൻ ' 

ആളുകൾ ചുറ്റും കൂടി അവന്റെ പ്രസംഗംകേട്ടു ചിലർ അവൻ പറഞ്ഞത് വിശ്വസിച്ചു 

ബനൂഹനീഫഗോത്രക്കാർ മുസൈലിമത്ത് പറഞ്ഞത് വിശ്വസിച്ചു അവൻ വലിയൊരു സൈന്യം രൂപീകരിച്ചു 

ഖലീഫ തന്നെ വെറുതെ വിടുകയില്ലെന്ന് മുസൈലിമത്തിന് അറിയാം മുസ്ലിം സൈന്യം തന്റെ നേരെ വരും അവരെ നേരിടാൻ തനിക്കൊരു സൈന്യം വേണം സൂത്രശാലിയായ മുസൈലിമ തന്റെ സൈന്യത്തെ സുശക്തമാക്കി നിറുത്തി യുദ്ധം ഉണ്ടാകുമെന്നും  പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലാഹുവിന്റെ പ്രത്യേക സഹായം ലഭിക്കുമെന്നും മുസൈലിമ അവരെ വിശ്വസിപ്പിച്ചു ആയിരക്കണക്കിൽ യോദ്ധാക്കൾ അവന് വേണ്ടി ജീവൻ നൽകാൻ തയ്യാറായിനിന്നു 

ഒരു സ്ത്രീയും ഈ ഘട്ടത്തിൽ തന്നെ രംഗത്തുവന്നു താൻ പ്രവാചകനാണെന്ന് അവൾ വാദിച്ചു അവരുടെ പ്രസംഗം കേൾക്കാൻ ആളുകൾ തിങ്ങിക്കൂടി തനിക്ക് ദിവ്യസന്ദേശം ലഭിക്കുന്നുണ്ടെന്നും തന്നെ അനുസരിക്കൽ ജനങ്ങളുടെ കടമയാണെന്നും അവൾ തട്ടി വിട്ടു 

അവളുടെ പിന്നിലും ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി ആ സ്ത്രീയുടെ പേര് ഷാജ എന്നായിരുന്നു അവളുടെ സ്വാധീനം വർദ്ധിച്ചു വരുന്നത് തനിക്കാപത്തായിത്തീരുമെന്ന് മുസൈലിമ മനസ്സിലാക്കി അവൻ കൗശലം പ്രയോഗിച്ചു 

അവൻ അവൾക്കു സ്നേഹത്തിന്റെ സന്ദേശമയച്ചു വിവാഹം കഴിക്കാനാഗ്രഹിക്കുന്നു എന്ന സന്ദേശം ആ സ്നേഹത്തിൽ അവൾ വീണു 

അവർ വിവാഹിതരായി അവരുടെ സൈന്യം ഒന്നായിത്തീർന്നു സുശക്തമായ സൈന്യം ഇസ്ലാമിക സമൂഹത്തിന് കനത്ത വെല്ലുവിളി 

ആ വെല്ലുവിളി സ്വീകരിക്കാൻ ധീരനായ ഖലീഫ തയ്യാറായി വമ്പിച്ചൊരു സൈന്യത്തെ അയക്കാൻ ഖലീഫ തീരുമാനിച്ചു  

'യുദ്ധം ചെയ്യാൻ കഴിവുള്ളവരൊക്കെ യമാമയിലേക്ക് നീങ്ങുക' ഖലീഫയുടെ ഉത്തരവ് 

അബൂഹുദൈഫ സാലിമിന്റെ മുഖത്തേക്ക് നോക്കി 'എന്തു പറയുന്നു?' 

'എന്ത് പറയാൻ, പുറപ്പെടുക തന്നെ' 

'ശരി ഞാൻ തയ്യാറാണ് ' 

'ഞാനും ' 

വീണ്ടും ഒരു യുദ്ധത്തിന് ആയുധമണിയുന്നു കള്ളപ്രവാചകനായ മുസൈലിമക്കെതിരെയുള്ള പോരാട്ടമാണ് പ്രായംചെന്ന സ്വഹാബികളെല്ലാം പടയങ്കി അണിയുന്ന തിരക്കിലാണ്  

കൂട്ടുകാർ ഇറങ്ങിക്കഴിഞ്ഞു 

പടവാളും ചുഴറ്റി ഏതെല്ലാം രണാങ്കണങ്ങളിൽ അവർ പാഞ്ഞു നടന്നു 

ബദ്ർ-ഉഹ്ദ്-ഖന്തഖ്-ഖൈബർ-ഹുനൈൻ.... ഇപ്പോഴിതാ യമാമ.... 

പടക്കുതിരകൾ പാഞ്ഞുപോകുന്നു പൊടിപടലമുയരുന്നു മുസ്ലിം സൈന്യം യമാമയിലെത്തി  

രക്തസാക്ഷിത്വം കൊതിച്ച അബൂഹുദൈഫയും സാലിമും മുസ്ലിം സൈന്യത്തിന്റെ മുൻനിരയിലുണ്ട്  

ലോകപ്രസിദ്ധനായ സൈന്യാധിപൻ ഖാലിദ്ബ്നുൽ വലീദ് സൈന്യത്തെ നയിക്കുന്നു 

മുസൈലിമയുടെ സുശക്തമായ സൈന്യം അണിനിരന്നു കഴിഞ്ഞു അവർക്കെതിരെ മുസ്ലിം സൈന്യം യുദ്ധം തുടങ്ങി ഉഗ്ര യുദ്ധം  

അട്ടഹാസങ്ങൾ മുഴങ്ങി 

ആർത്തനാദങ്ങളുയർന്നു 

യുദ്ധം പിരിമുറുകുന്നു 

അബീഹുദൈഫ മന്നേറുകയാണ് പരിസരം മറന്ന പോരാട്ടം ബദ്റും ഉഹ്ദും മനസ്സിൽ തെളിയുന്നു  

അന്ന് നബി(സ) തങ്ങൾ കൂട്ടത്തിലുണ്ടായിരുന്നു ഇന്ന് പ്രവാചകൻ കൂടെയില്ല പ്രവാചകനില്ലാത്ത ദുനിയാവ് ആ ദുനിയാവെന്തിന്  പടവാൾ ആഞ്ഞുവീശിമുന്നേറുന്നു   

സാലിം ശത്രു നിരയിലേക്കു കയറുന്നു വാൾകൊണ്ട് ചുറ്റും വീശുന്നു ശത്രുക്കളുടെ രക്തം പരന്നൊഴുകുന്നു  

മുസൈലിമയുടെ സൈന്യം ആർത്തിരമ്പി വരികയാണ് മുസ്ലിംകളുടെ അണികൾ പൊളിയുന്നു  

സാലിം അബൂഹുദൈഫയുടെ അടുത്തേക്ക് ഓടിവന്നു യമാമയിൽ എന്താണ് സംഭവിക്കുക? 

ഓർക്കാൻ വയ്യ 

ഇതാണ് നമ്മുടെ ദിവസം  

'അതെ....ഇത് തന്നെയാണ് നമ്മുടെ ദിവസം ' 

അവർ കെട്ടിപ്പുണർന്നു ഗാഢമായ ആലിംഗനം ഇത് ജീവിതത്തിലെ അവസാനത്തെ ആലിംഗനമായിരിക്കുമെന്ന് അവർക്കു തോന്നി  

'അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നമുക്ക് ശഹീദാകാം ' 

'നമുക്ക് ശഹീദാകാം' 

അവർ വീരരക്തസാക്ഷിത്വത്തിന് പ്രതിജ്ഞയെടുത്തു പടവാൾ ചുഴറ്റിക്കൊണ്ട് ശത്രുക്കളുടെ ഉള്ളിലേക്ക് പാഞ്ഞുകയറി 

ചുറ്റും ശത്രുക്കൾ 

മരണം സുനശ്ചിതം 

പടവെട്ടി മരിക്കുക  

പടവാൾ ചുഴറ്റിക്കൊണ്ട് മരിച്ചു വീഴുക  പടവാൾ അതിവേഗം ചലിക്കുന്നു അവിശ്വസനീയമായ വേഗത്തിൽ സാലിമിന്റെ കരങ്ങൾ ചലിക്കുന്നു  

ഖുർആന്റെ അനുയായികളേ ഖുർആൻ കൊണ്ട് നിങ്ങളുടെ പ്രവൃത്തികൾ അലങ്കരിക്കൂ  

അബൂഹുദൈഫയുടെ ശബ്ദം ഉയർന്നു  

ആ ശബ്ദം മുസ്ലികൾ തിരിച്ചറിഞ്ഞു  

'എന്റെ ഭാഗത്തിലൂടെ ശത്രുക്കൾ വന്ന് മുസ്ലിംകളെ ആക്രമിച്ചാൽ ഞാനെങ്ങനെ ഖുർആന്റെ വാഹകനാകും' സാലിമിന്റെ ശബ്ദം ഉയർന്നു കേട്ടു  

സാലിം (റ) വിന്റെ ശബ്ദം അത്യുച്ചത്തിലായി വിശുദ്ധ ഖുർആനിലെ ആയത്തുകളാണ് ഓതുന്നത് ജിഹാദിനെക്കുറിച്ചുള്ള ആയത്തുകൾ 

ശത്രുക്കൾ അദ്ദേഹത്തെ മനസ്സിലാക്കിക്കഴിഞ്ഞു അവർ ചുറ്റും കൂടി രക്ഷപ്പെടാനാകാത്തവിധം വളഞ്ഞു കഴിഞ്ഞു  

ശത്രുക്കൾ കൂട്ടത്തോടെ അദ്ദേഹത്തെ വെട്ടി ഒരേസമയം നിരവധി ആളുകൾ ആ ശരീരത്തിൽ വീണു മാരകമായ മുറിവുകളോടെ സാലിം (റ) നിലംപതിച്ചു മരണവുമായുള്ള മൽപിടിത്തം  

ഇതേ സമയം രണാങ്കണത്തിന്റെ മറ്റൊരു ഭാഗത്ത് എന്ത് സംഭവിക്കുന്നു എന്നു നോക്കാം 

യുദ്ധം തനിക്കെതിരെ ആഞ്ഞടിക്കുമെന്ന് മുസൈലിമക്ക് തോന്നി മുസ്ലിംകളുടെ കയ്യിൽ പെടാതെ രക്ഷപ്പെടണം തൊട്ടടുത്ത് ഒരു തോട്ടമുണ്ട് വലിയ മതിൽക്കെട്ടുള്ള തോട്ടം അതിന്റെ കവാടം തുറന്നു കിടക്കുന്നു തോട്ടത്തിൽ കടന്ന് പൂട്ടാം  

മുസൈലിമയും ഒരു വലിയ സൈന്യവും തോട്ടത്തിൽ പ്രവേശിച്ചു ഒരു മരത്തിന്റെ തണലിൽ വാളും പിടിച്ചു നിൽക്കുകയാണ് മുസൈലിമത്തുൽ കദ്ദാബ്  

ഒരാൾ മെല്ലെ മെല്ലെ നടന്നുവരുന്നു മുസൈലിമയുടെ ഏതാണ്ട് അടുത്തെത്തി ഒരു പൊതി കയ്യിലെടുത്തു   പൊതിയഴിച്ചു ഉളി കയ്യിലെടുത്തു ഉളിയുമായി നിൽക്കുന്ന ആൾ ആരാണെന്നറിയാമോ ? കയ്യിലിരിക്കുന്ന ഉളി ഏതാണെന്നറിയാമോ? 

ഉഹ്ദ് രണാങ്കണത്തിൽ വെച്ച് ഹംസ (റ) വിന്റെ ജീവൻ അപഹരിച്ച ഉളിയാണിത്   

പശ്ചാത്താപവിവശനായി നിൽക്കുന്ന സ്വഹാബിവര്യനായ വഹ്ശി(റ) വിനെയാണ് നാം ഇപ്പോൾ കാണുന്നത് ഹംസ(റ) വിനെ വധിച്ചതിലുള്ള ദുഃഖം അദ്ദേഹം നിരന്തരം ശല്യപ്പെടുത്തുകയാണ് ആ ദുഃഖത്തിന് പരിഹാരം കാണാൻ വേണ്ടിയാണ് യമാമയിലേക്ക് പുറപ്പെട്ടത് 

'യുദ്ധക്കളത്തിൽ വെച്ച് ഞാൻ മുസൈലിമയെ വധിക്കും അല്ലെങ്കിൽ ആ ശ്രമത്തിൽ ഞാൻ ശഹീദാകും '  

യുദ്ധത്തിനിറങ്ങിപ്പുറപ്പെടുമ്പോൾ വഹ്ശി(റ) പ്രഖ്യാപിച്ചു  

ഇതാ വഹ്ശിയുടെ നിമിഷങ്ങൾ എത്തിയിരിക്കുന്നു ഉളി കയ്യിലെടുത്തു അതൊന്നു തിളങ്ങി ഉന്നം നോക്കി ഒറ്റ ഏറ്   കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു  

മുസൈലിമ മറഞ്ഞു വീണു  

ഒരു അൻസാരി യോദ്ധാവ് മുസൈലിമയെ ഉന്നംവെച്ചു നടക്കുന്നുണ്ടായിരുന്നു  

ഉളി വീണു അതേ നിമിഷത്തിൽ തന്നെ ആ യോദ്ധാവ് മുസൈലിമയുടെ മേൽ ചാടിവീണുകഴിഞ്ഞിരുന്നു  

മരണവെപ്രാളം കാണിക്കുന്ന മുസൈലിമ  

അനുയായികൾ ഓടിക്കൂടി  

രക്തം വാർന്നൊഴുകി അശക്തനായി മാറി രക്തത്തിൽ കുളിച്ച് മുസൈലിമത്തുൽകദ്ദാബ് അന്ത്യശ്വാസം വലിച്ചു അനുയായികൾ ജീവനും കൊണ്ട് പരക്കംപാഞ്ഞു യമാമയിൽ മുസ്ലിംകൾ ജയിച്ചു  

സാലിം (റ) മരണവെപ്രാളത്തിലാണ് സത്യവിശ്വാസികൾ അദ്ദേഹത്തിന്റെ ചുറ്റും കൂടി 

'സാലിം..... യമാമയിൽ നാം ജയിച്ചു മുസൈലിമ കൊല്ലപ്പെട്ടു ' 

'സാലിം (റ) തളർന്നസ്വരത്തിൽ ചോദിച്ചു 'അബൂഹുദൈഫയുടെ സ്ഥിതിയെന്താണ്?' 

'അബൂഹുദൈഫ ശഹീദായി '  

ചുറ്റും നിന്നവർ മറുപടി നൽകി  

'ദയവായി എന്നെ അദ്ദേഹത്തിന്റെ സമീപം കൊണ്ടുപോയി കിടത്തൂ' 

'സാലിം.....അദ്ദേഹം ഇതാ ഇവിടെത്തന്നെയാണ് കിടക്കുന്നത് നിങ്ങളുടെ തൊട്ടടുത്ത് ' 

ആ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു മുഖത്ത് വല്ലാത്ത പ്രസന്നത ശ്വാസഗതി പെട്ടെന്ന് വർദ്ധിച്ചു കണ്ണുകൾ തുറന്ന് ചുറ്റും നോക്കി പിന്നെ മെല്ലെ കണ്ണുകൾ അടഞ്ഞു  ഹൃദയസ്പന്ദനം നിലച്ചു എല്ലാം നിശ്ചലം  

യുദ്ധക്കളത്തിൽ ശഹീദാവാനുള്ള മോഹം പൂവണിഞ്ഞത് യമാമയിൽ വെച്ചാണ്  

അബൂഹുദൈഫയും സാലിമും  അവർ വളരെ നേരത്തെ ഒന്നായിത്തീർന്നു ഇണപിരിയാത്ത കൂട്ടുകാർ  ഒന്നിച്ചു തന്നെ ഇസ്ലാമിൽ വന്നു ഒന്നിച്ചു മർദ്ദനങ്ങൾ സഹിച്ചു രണാങ്കണങ്ങളിൽ ഒന്നിച്ചു പടവെട്ടി  അവസാനം ഒന്നിച്ചു ശഹീദാവുകയും ചെയ്തു അവർക്കിടയിൽ വളർന്നുവന്ന സാഹോദര്യബന്ധം ഖിയാം നാൾവരെയുള്ള മുസ്ലിം സഹോദരങ്ങൾക്ക് പാഠമാണ് യമാമാ രണാങ്കം അനശ്വരമാക്കിയ ആ നാമങ്ങൾ  

അബൂഹുദൈഫ(റ) 

സാലിം മൗലാ അബീഹുദൈഫ(റ) 

സർവ്വശക്തനായ റബ്ബ് അവരേയും നമ്മെയും അനുഗ്രഹിക്കട്ടെ ആമീൻ.


അലി അഷ്ക്കർ - 📱9526765555