Sunday 23 July 2017

മുഹമ്മദ് നബി (സ) - ഭാഗം 1




നമ്മുടെ മക്കൾ ഒരു കഥ പറയാൻ ആവശ്യപ്പെട്ടാൽ നാം എന്തു
ചെയ്യും..? ചോദിച്ചതെല്ലാം നൽകുന്ന നാം ഇവിടെ പരാജയപ്പെടരുത്. നാം
നബിﷺയുടെ ചരിത്രം പഠിക്കണം. പതിനാലു നൂറ്റാണ്ടുകളായി ലോകം കൈമാറിവരുന്ന പ്രവാചക ചരിത്രങ്ങൾ നമ്മുടെ ഇളം തലമുറയെ സംസ്കാര സമ്പന്നമാക്കും...

മനുഷ്യ കുലത്തെ മാതൃകാപരമായി നയിക്കാൻ നബിﷺയേക്കാൾ
യോഗ്യനായ മറ്റാരുമില്ല. ഈ ചരിത്രം വായിച്ചു തീരുമ്പോൾ ആ വസ്തുത
ബോധ്യപ്പെടും. സമാധാനമാഗ്രഹിക്കുന്ന ലോകത്തിന് പ്രവാചക സന്ദേശങ്ങൾ മുറുകെ പിടിക്കുകയാണ് പരിഹാരം.

നബിﷺയുടെ പൂർവ പിതാക്കളിൽ പ്രമുഖനായ ഹാശിമിൽ നിന്നു
തുടങ്ങി പ്രശ്നകലുശിതമായ മക്കാ ജീവിതവും മദീനയുടെ മാറ്റങ്ങളും
മക്കാ വിജയവും നബികുടുംബ ചരിത്രങ്ങളും ശത്രുക്കളെ പ്രതിരോധിച്ച രീതികളുമെല്ലാം നീണ്ട ഭാഗങ്ങളിലായി ഹൃദ്യമായ ശൈലിയിൽ വരച്ചു കാട്ടുമ്പോൾ ഓരോ വായനക്കാരനും സമ്മതിക്കുന്നു ഇസ്ലാം ശത്രുതയുടേതല്ല, സൗഹാർദ്ധത്തിന്റേതാണ്...

അന്ത്യപ്രവാചകർ മുഹമ്മദ് നബിﷺയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. സ്നേഹവും സമർപ്പണവുമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. എത്ര എഴുതിയാലും തീരാത്തതാണ് അവിടുത്തെ വിശേഷങ്ങൾ. മൗലിദുകളിൽ പറയുന്ന പോലെ ഏഴാകാശവും ഭൂമിയും മഷിയായാലും ജനങ്ങൾ മുഴുവൻ എഴുതാൻ തുനിഞ്ഞാലും അവിടുത്തെ ഗുണങ്ങൾ തീരില്ല. എന്നാൽ ആ പ്രവാചകന്റെ കഥകൾ കൃത്യമായി വിഭജിച്ച് അടുക്കും ചിട്ടയും നൽകി കുട്ടികൾക്കു മനസ്സിലാകുന്ന രീതിയിൽ ഈ പരമ്പരയിലൂടെ വിവരിച്ചിരിക്കുന്നു...

ഇന്ന് കുട്ടികൾ വ്യാപകമായി മൂല്യനിരാസം പ്രചരിപ്പിക്കുന്ന ബാലമാസികകളുടെയും ചിത്രകഥകളുടെയും അടിമകളായിക്കൊണ്ടിരിക്കുകയാണ്, മിത്തുകളിലെയും സങ്കൽപങ്ങളിലെയും അതിമാനുഷന്മാരാണ് അവരുടെ നായകന്മാർ. ഈ അതിമാനുഷന്മാർ ജീവിക്കുന്നതു പോലെയാണ് കുട്ടികൾ ജീവിക്കുന്നത്. സ്പൈഡർമാനും ശക്തിമാനും വലിയവലിയ ബിൽഡിംഗുകളിൽ നിന്ന് ചാടുന്നത് കണ്ട് അവരും ചാടാൻ ശ്രമിക്കുന്നു. ഇവിടെ കുട്ടികൾക്കുവേണ്ടി ഒരു ബദൽ വായനാവേദി സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ ഉത്തമഭാവിക്കും ഗുണകരമായ ജീവിതത്തിനും ഇതാവശ്യമാണ്...

നമ്മുടെ നബി എന്ന ഈ പരമ്പര ഈ ബദൽ വായനയുടെ നേതൃസ്ഥാനം ഏറ്റെടുത്തിട്ടുണ്ടെന്നു. ഞങ്ങൾ വിശ്വസിക്കുന്നു.

കുട്ടികളുടെ മനസ്സിൽ അന്ത്യപ്രവാചകനെ (ﷺ) ജീവിപ്പിച്ചുനിരത്താനും അതുവഴി അവരുടെ ജീവിതത്തെ പാകപ്പെടുത്തിയെടുക്കാനും ഈ പരമ്പര സഹായിക്കും. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും വായിക്കാനും പ്രവാചകരുടെ ജീവിതരേഖകൾ മനസ്സിൽ സൂക്ഷിക്കുവാനും ഈ പരമ്പര ഉപകരിക്കുമെന്നത് തീർച്ചയാണ്...

നിങ്ങളുടെ മക്കൾക്ക് ഒരു കഥ പറഞ്ഞുകൊടുത്താൽ മനസിലാവുന്ന പ്രായമെത്തിയാൽ നബിﷺതങ്ങളുടെ കഥകൾ പറഞ്ഞുകൊടുക്കണം. കുട്ടികളുടെ ഇളം മനസ്സിൽ നബിﷺതങ്ങളുടെ ചരിത്രം തെളിഞ്ഞുനിൽക്കട്ടെ...! അതവരുടെ സ്വഭാവം നന്നാക്കും. അവരുടെ ജീവിതം സംശുദ്ധമാക്കിത്തീർക്കും. ഇഹത്തിലും പരത്തിലും അവരെക്കൊണ്ട് നിങ്ങൾക്കു പ്രയോജനമുണ്ടാവും.

സൃഷ്ടാവിന്റെ പ്രഥമ സൃഷ്ടിയും പ്രപഞ്ചത്തിന്റെ മുഖവുരയുമായി മുഹമ്മദ് നബിﷺയെക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ കുട്ടികളുടെ ഭാഷയിൽ എഴുതിയ ഈ ചരിത്രം നബി ﷺ യെയും കുടുംബത്തെയും ഇസ്ലാമിക സംസ്കാരത്തെയും
അടുത്തറിയാനും പ്രവാചകരെ മനസ്സറിഞ്ഞു സ്നേഹിക്കാനും പര്യാപ്തമാക്കുന്നു.

പതിനാലു നൂറ്റാണ്ടുകളായി ലോകം പറഞ്ഞുവരുന്ന ഈ ചരിത്രം നമ്മുടെ
ഇളം തലമുറ വായിച്ചു പഠിക്കട്ടെ.

ലോകത്തെ നയിക്കാൻ നബി ﷺ യെക്കാൾ യോഗ്യനായ മറ്റാരുമില്ലെന്ന സത്യം മനസ്സിലാക്കട്ടെ...

ഇതിന്റെ രചനയും പ്രസാധനവും വായനയുമെല്ലാം സർവശക്തനായ റബ്ബ് സ്വാലിഹായ അമലായി നമ്മിൽനിന്നും സ്വീകരിക്കട്ടെ.
ആമീൻ യാ റബ്ബൽ ആലമീൻ


ഈ ചരിത്രം പാർട്ടുകളായി ആണ് പ്രസിദ്ധീകരിക്കുന്നത്. അതുവഴി ഈ ലേഖനം മറ്റു വാട്സ് അപ് ഗ്രുപ്പുകളിലും , സോഷ്യൽ മീഡിയകളിലേക്കും ഷെയർ ചെയ്യുന്നവർക്ക് ഉപകാര പ്രദമാകുമെന്നും പ്രതീക്ഷിക്കുന്നു .



Part : 01

ഹാശിം എന്ന നേതാവ്

ആകാശം പോലെ വിശാലമായ മരുഭൂമി. മണൽക്കാട്ടിൽ ചിതറിക്കിടക്കുന്ന വലുതും ചെറുതുമായ കരിമ്പാറക്കൂട്ടങ്ങൾ.
തങ്കഞൊറികൾ അലങ്കാരം ചാർത്തിയ മണൽക്കുന്നുകൾ...

ഒരു പകൽ എരിഞ്ഞടങ്ങുകയാണ്. തളർന്ന സൂര്യമുഖം അരുണ വർണങ്ങൾ വാരിവിതറി മരുഭൂമിയെ സുന്ദരമാക്കിയിരിക്കുന്നു. മണലാരണ്യവും ആകാശവും ഉമ്മവച്ചു നിൽക്കുന്ന വടക്കുപടിഞ്ഞാറെ ചക്രവാളത്തിലേക്കു സൂക്ഷിച്ചു നോക്കുക.

ഒരു സ്വർണത്തിളക്കം. തങ്കവർണമാർന്നൊരു മേഘത്തുണ്ട്.
അതേ, ചക്രവാളസീമകൾ പിന്നിട്ടു മോഹന മേഘരാജി മുന്നോട്ടു വരികയാണ്. വലിയൊരു മേഘക്കൂട്ടമായി വളർന്നു. ഭൂതലം തൊട്ട് ആകാശംമുട്ടെ വളർന്നുവരുന്ന മേഘപടലം...

ഇപ്പോൾ ദൃശ്യം കുറച്ചുകൂടി വ്യക്തമാകുന്നു. കരിമ്പാറക്കൂട്ടങ്ങൾക്കും മണൽക്കുന്നുകൾക്കും ഇടയിലൂടെ വളഞ്ഞു പുളഞ്ഞുവരുന്ന ഒരു മരുപ്പാത. അതിലൂടെ ഒഴുകിവരുന്നതു മേഘമല്ല; പൊടിപടലങ്ങൾ..!

പൊടിപടലങ്ങൾക്കിടയിൽ ചില ചിത്രങ്ങൾ തെളിയുന്നു. മുമ്പിൽ കുതിച്ചുപായുന്ന കുതിരകൾ, കുതിരപ്പുറത്ത് ആയുധ ധാരികളായ മനുഷ്യരൂപങ്ങൾ, അതിനു പിന്നിൽ വലിഞ്ഞുനടക്കുന്ന ഒട്ടകക്കൂട്ടം. ഒട്ടകപ്പുറത്തു കൂറ്റൻ ഭാണ്ഡങ്ങൾ...

അശ്വഭടന്മാർക്കും ഒട്ടകങ്ങൾക്കും മധ്യേ ഒരപൂർവ ദൃശ്യം. തുറന്നൊരു ഒട്ടകക്കൂടാരത്തിൽ തേജസ്വിയായൊരു മാന്യദേഹം ഇരിക്കുന്നു..! അസാമാന്യമായ ശരീര ഘടന. ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം.
ഖാഫില..!

ഖാഫില എന്നറിയപ്പെടുന്ന കച്ചവടസംഘം. സംഘത്തെ നയിക്കുന്ന നായകനാണു തുറന്ന ഒട്ടകക്കട്ടിലിൽ യാത്ര ചെയ്യുന്നത്...

ഹാശിം..!! ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മക്കയുടെ നായകൻ-ഹാശിം!! ഹാശിമിൽ നിന്നു നമുക്കു കഥ തുടങ്ങാം...

ധീരനും ബുദ്ധിമാനും സമ്പന്നനുമായ ഹാശിം. മക്കയുടെ ഭരണാധികാരിയായ ഹാശിം. പേരെടുത്ത കച്ചവടക്കാരനായിരുന്നു ഹാശിം. അറേബ്യയിലെ ഗോത്രങ്ങൾക്കെല്ലാം ഹാശിമിനെ അറിയാം. ഗോത്രത്തലവന്മാർക്കും രാജാക്കന്മാർക്കും യോദ്ധാക്കൾക്കും ഹാശിം സുപരിചിതൻ.

ഹാശിം ഒരു കത്തുകൊടുത്താൽ ആരും വിലകൽപിക്കും. അദ്ദേഹത്തിന്റെ വാക്കുകൾ ആരും അനുസരിക്കും. ഹാശിമിനെക്കുറിച്ച് ഇത്രയൊന്നും പറഞ്ഞാൽ പോരാ...

അബ്സീനിയാ രാജാവ് ഹാശിമിന്റെ കൂട്ടുകാരനാണ്. സിറിയയും ഈജിപ്തും ഭരിക്കുന്ന ചക്രവർത്തി ‘ഖയ്സർ’ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ ഖയ്സർ ചക്രവർത്തി ഹാശിമിന്റെ സ്നേഹിതനാണ്.

അവർ പരസ്പരം സന്ദേശങ്ങൾ കൈമാറും. സമ്മാനങ്ങൾ കൊടുത്തയയ്ക്കും. സുഖവിവരങ്ങൾ അന്വേഷിക്കും. ഒന്നോർത്തുനോക്കൂ. എന്താ ഹാശിം എന്ന നേതാവിന്റെ പദവി..?

ഇതിനൊരു കാരണം കൂടിയുണ്ട്. ഹാശിം മക്കയുടെ നേതാവാണ്. മക്കയിൽ കഅ്ബ എന്നൊരു പുണ്യഭവനമുണ്ട്. അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമിയിൽ നിർമിക്കപ്പെട്ട ആദ്യത്തെ ഭവനം. അതിന്റെ അധിപനെ ലോകം ആദരിക്കുന്നു...

ഇനി ചോദിക്കട്ടെ; ഖാഫില എന്നു കേട്ടിട്ടുണ്ടോ..? പറഞ്ഞുതരാം. കച്ചവട സാധനങ്ങളുമായി പോകുന്ന ഒട്ടകക്കൂട്ടങ്ങൾക്കാണു ഖാഫില എന്നു പറയുന്നത്. കച്ചവട സാധനങ്ങൾ വലിയ കെട്ടുകളാക്കി ഒട്ടകപ്പുറത്തു ബന്ധിക്കും. ഒരു സംഘത്തിൽ ആയിരം ഒട്ടകങ്ങൾ വരെ കാണും...

മരുഭൂമിയിലൂടെ അനേക ദിവസം യാത്ര ചെയ്യണം. മരുഭൂമിയിൽ കള്ളന്മാരുണ്ടാകും. ഖാഫിലയെ ആക്രമിക്കും. സ്വത്തു പിടിച്ചെടുക്കും. കൂടെയുള്ള മനുഷ്യരെ പിടിച്ചുകെട്ടും. അടിമകളാക്കും. അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കും..!

ഹാശിമിന്റെ ഖാഫിലയെ ആക്രമിക്കാൻ ഒരു കൊള്ള സംഘത്തിനും ധൈര്യമില്ല. എന്താ കാരണം..?

കച്ചവടസംഘം കടന്നുപോകുന്നതു ചിലപ്പോൾ അബ്സീനിയാ രാജാവിന്റെ പ്രദേശത്തുകൂടിയായിരിക്കും. അവിടെവച്ച് ആകമിച്ചാൽ കള്ളന്മാരെ അബ്സീനിയാ രാജാവായ നജ്ജാശി വെറുതെ വിടുമോ..? ഇല്ല. പിടികൂടി കൊന്നുകളയും..!!

ജീവനിൽ പേടിയില്ലാത്ത കള്ളന്മാരുണ്ടോ..? കിസ്റായുടെ പ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.


Part : 02

അറേബ്യയിലെ ഗോത്രക്കാരെല്ലാം ഹാശിമിനോടു സഹകരിക്കുന്നു. അദ്ദേഹത്തിന്റെ ഖാഫില സുരക്ഷിതമായി സഞ്ചരിക്കുന്നു.
കഥ തുടങ്ങുകയാണ്...

ഹാശിം തന്റെ ഖാഫിലയുമായി ശാമിലേക്കു പുറപ്പെട്ടു. ദീർഘയാത്ര. യാത്രക്കിടയിൽ മരുപ്പച്ചകളിൽ വിശ്രമിച്ചു. എന്താണു മരുപ്പച്ച..? മരുഭൂമിയിലെ ആൾപാർപ്പുള്ള പ്രദേശം. അവിടെ ഈത്തപ്പന മരങ്ങൾ കാണും. കിണറും വെള്ളവും ഉണ്ടാകും. സസ്യങ്ങളും പുല്ലുകളും മുളയ്ക്കും...

ഖാഫിലക്കാർ മരുപ്പച്ചയിൽ വിശ്രമിക്കും. തോൽപാത്രങ്ങളിൽ വെള്ളം ശേഖരിക്കും. ഒട്ടകങ്ങൾക്കു വെള്ളവും ഭക്ഷണവും നൽകും. ക്ഷീണം മാറ്റി യാത്ര തുടരും...

ഒരു മരപ്പച്ച വിട്ടാൽ മറ്റൊരു മരുപ്പച്ചയിലെത്താൻ ദിവസങ്ങൾ യാത്ര ചെയ്യേണ്ടതായിവരും. ദീർഘ യാത്രയ്ക്ക് ശേഷം ഹാശിമും സംഘവും ശാമിലെത്തി. അവിടത്തെ ചന്തയിൽ കച്ചവട സാധനങ്ങൾ നിരത്തിവച്ചു. പല നാട്ടുകാർ സാധനങ്ങൾ വാങ്ങാൻ വന്നിട്ടുണ്ട്.
വില പറയൽ, വിലപേശൽ, വില ഉറപ്പിക്കൽ... കച്ചവടം വളരെ സജീവം...

കൊണ്ടുവന്ന വസ്തുക്കളൊക്കെ വിറ്റുതീർന്നു. മക്കയിലേക്കു വേണ്ട സാധനങ്ങൾ വാങ്ങി. മടക്കയാത്രയും തുടങ്ങി. മക്കയിലേക്കുള്ള യാത്രയിൽ അവർ യസ് രിബിലെത്തി

കൂട്ടുകാരേ.., നിങ്ങൾ യസ് രിബ് എന്നു കേട്ടിട്ടുണ്ടോ..? ചിലപ്പോൾ കേട്ടുകാണില്ല. മക്ക, മദീന എന്നൊക്കെ കേട്ടിരിക്കും. മദീനയുടെ പഴയപേരാണു യസ് രിബ്...

ഹാശിമും സംഘവും കുറച്ചു ദിവസം അവിടെ വിശ്രമിക്കാമെന്നു കരുതി. ഒഴിവു സമയത്ത് യസ് രിബിലെ മാർക്കറ്റിൽ അവർ ചുറ്റിനടന്നു.

കച്ചവടം പൊടിപൊടിക്കുന്നു. അവർ ഒരു സ്ത്രീയെ കണ്ടു. മിടുമിടുക്കിയായ കച്ചവടക്കാരി. കച്ചവടത്തിലുള്ള അവളുടെ മിടുക്ക് ഹാശിമിന് ഇഷ്ടപ്പെട്ടു. അവളെപ്പറ്റി കൂടുതൽ അറിയാൻ താൽപര്യമായി...

യസ്രിബിലെ പ്രധാനപ്പെട്ട കുടുംബമാണു ബനുന്നജ്ജാർ. ഈ യുവതി ബനുന്നജ്ജാർ കുടുംബത്തിലെ അംഗമാണ്. കാണാൻ നല്ല ഭംഗി. പേര് സൽമ.

സൽമയെ വിവാഹം ചെയ്താൽ കൊള്ളാമെന്നു ഹാശിമിനു മോഹം. മനസ്സിലെ മോഹം കൂട്ടുകാരറിഞ്ഞു. അവർ സൽമയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. പ്രസിദ്ധനും ധനികനും ഭരണാധികാരിയുമായ ഹാശിം
സൽമയെ വിവാഹാലോചന നടത്തുകയോ..? എന്തൊരതിശയം..!

ബനുന്നജ്ജാർ കുടുംബത്തിന് ഇതിൽപരം ഒരു പദവി ലഭിക്കാനുണ്ടോ..? അവർ വിവാഹത്തിനു സമ്മതിച്ചു. സൽമയുടെ ഖൽബു നിറയെ സന്തോഷം. മക്കയിലെ ബന്ധുക്കളെ വിവരമറിയിച്ചു. അവർക്കും സന്തോഷം. കച്ചവട സംഘം കടന്നുപോകുന്ന വഴിയിലാണല്ലോ യസ് രിബ്.
അവിടെ ഒരു ബന്ധം ഉണ്ടാകുന്നതു നല്ലതാണ്. വിവാഹം കേമമായി നടന്നു...

ഹാശിമും സൽമയും കച്ചവട സംഘത്തോടൊപ്പം മക്കയിൽ വന്നു. വിവിധ ഗോത്രങ്ങളിലെ കുലീന വനിതകൾ മണവാട്ടിയെ കാണാൻ വന്നു. ചിലർ സൽക്കരിച്ചു. സമ്മാനങ്ങൾ കൊടുത്തു. കച്ചവടകാര്യങ്ങളിലൊക്കെ സൽമ ഭർത്താവിനെ സഹായിക്കും. സന്തോഷം നിറഞ്ഞ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...


Part : 03

ഹാശിമും സൽമയും കച്ചവട സംഘത്തോടൊപ്പം മക്കയിൽ വന്നു. വിവിധ ഗോത്രങ്ങളിലെ കുലീന വനിതകൾ മണവാട്ടിയെ കാണാൻ വന്നു. ചിലർ സൽക്കരിച്ചു. സമ്മാനങ്ങൾ കൊടുത്തു. കച്ചവടകാര്യങ്ങളിലൊക്കെ സൽമ ഭർത്താവിനെ സഹായിക്കും. സന്തോഷം നിറഞ്ഞ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...

സൽമ ഗർഭിണിയായി. ബനൂ ഹാശിം കുടുംബത്തിന് അതൊരു ആഹ്ലാദവാർത്തയായിരുന്നു. വിവരം യസ് രിബിലുമെത്തി. കെട്ടിച്ചയച്ച പെൺമക്കൾ ഗർഭിണികളായാൽ പ്രസവത്തിനു സ്വന്തം വീട്ടിലേക്കു കൊണ്ടുവരണം..,

ബനുന്നജ്ജാർ കുടുംബക്കാർ മക്കയിലെത്തി. “മകളെ ഞങ്ങൾ കൊണ്ടുപോകുകയാണ്. പ്രസവം യസ് രിബിൽ നടക്കട്ടെ. അതാണല്ലോ നാട്ടാചാരം.” ബന്ധുക്കൾ പറഞ്ഞു. സമ്മതിക്കാതെ പറ്റുമോ..?

ഭാര്യയെ പിരിഞ്ഞു ജീവിക്കാൻ ഹാശിമിനു പ്രയാസം. ഭർത്താവിനെ കാണാതെ കഴിയാൻ സൽമക്കും പ്രയാസം...

കീഴ് വഴക്കങ്ങൾ മാനിക്കാതെ പറ്റുമോ..? സൽമ ഒരുങ്ങിയിറങ്ങി. ഒട്ടകക്കട്ടിലിൽ കയറി. വെളുത്ത മുഖത്തു ദുഃഖത്തിന്റെ നിഴൽ. കരിമീൻ കണ്ണുകൾ നിറഞ്ഞൊഴുകി. ഹാശിമിന്റെ നയനങ്ങളും നിറഞ്ഞുപോയി.

ഒട്ടകങ്ങൾ നടന്നു. സൽമ അകന്നകന്നുപോയി. സൽമ പോയതോടെ ഹാശിമിന്റെ ഉത്സാഹം കുറഞ്ഞു. വിരഹത്തിന്റെ ദുഃഖം തന്നെ. വെറുതെയിരിക്കാൻ പറ്റുമോ? എന്തെല്ലാം കാര്യങ്ങൾ നോക്കണം. ഹാശിം ജോലിയിൽ മുഴുകി. വേദന മറന്നു...

മാസങ്ങൾ പിന്നെയും കടന്നുപോയി. യസ് രിബിലെ വിവരങ്ങൾ അറിയാൻ വയ്യ. ആരെങ്കിലും വന്നു പറയണം. മറ്റൊരു മാർഗവുമില്ല...

അടുത്ത സീസൺ. വീണ്ടും കച്ചവടത്തിനു പുറപ്പെടാൻ സമയമായി. കച്ചവടച്ചരക്കുകൾ വൻതോതിൽ ശേഖരിക്കപ്പെട്ടു. അവ വലിയ കെട്ടുകളാക്കി. ഒട്ടകപ്പുറത്തു ബന്ധിച്ചു. ശാമിലേക്കുള്ള ദീർഘയാത്ര ആരംഭിക്കുകയാണ്.

ശാമിൽ നിന്നുള്ള മടക്കയാത്ര യസ് രിബിലൂടെയാണ്. ഇത്തവണ യസ് രിബിൽ കൂടുതൽ ദിവസം തങ്ങണം. സൽമയുടെ വീട്ടിൽ താമസിക്കാം. അവളെ കാണാൻ കണ്ണുകൾ കൊതിക്കുന്നു. അവൾക്കു നൽകാൻ ശാമിൽ നിന്നു ചില സമ്മാനങ്ങളൊക്കെ വാങ്ങണം...

ശാമിലെത്തി. കച്ചവടം നന്നായി നടന്നു. നല്ല ലാഭവും കിട്ടി. പല സാധനങ്ങളും വാങ്ങി. ഇനി മടക്കയാത്ര. യസ് രിബിൽ പറന്നെത്താനുള്ള ആവേശം. ഒട്ടകത്തിനു വേഗത പോര എന്ന തോന്നൽ...

യാത്രക്കിടയിൽ ഹാശിമിനു വല്ലാത്ത ക്ഷീണം. പെട്ടെന്നു തളർന്നുപോയി. ഖാഫില യാത്ര നിറുത്തി. രോഗം കൂടിക്കൂടിവന്നു. മരുന്നുകൾക്കും പരിചരണങ്ങൾക്കും കുറവില്ല. രോഗം കൂടുന്നതേയുള്ളൂ. എല്ലാവർക്കും വെപ്രാളം, ആശങ്ക..!!

ഒടുവിൽ... മക്കാ പട്ടണത്തിന്റെ മഹാനായ നേതാവു കണ്ണടച്ചു..!!

ഹാശിം മരണപ്പെട്ടു...

മയ്യിത്തു നാട്ടിലെത്തിക്കുക എളുപ്പമല്ല. അന്നാട്ടിൽ തന്നെ ഖബറടക്കി.

യസ് രിബിൽ സൽമ ഭർത്താവിനെ കാത്തുകാത്തിരുന്നു. കാണാതായപ്പോൾ കരഞ്ഞു. സൽമ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. നല്ല അഴകുള്ള കുട്ടി. കുഞ്ഞിനു ശയ്ബതുൽ ഹംദ് എന്നു പേരിട്ടു.

ശയ്ബ - ആളുകൾ അവനെ അങ്ങനെ വിളിച്ചു. ഒടുവിൽ സൽമ ആ ദുഃഖവാർത്ത അറിഞ്ഞു - ഹാശിം ഇനിയൊരിക്കലും തന്നെക്കാണാൻ വരില്ല..! ഓമന മകൻ ശയ്ബയെക്കാണാനും വരില്ല. വെളുത്ത കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. പൊന്നു മോനെ മാറോടു ചേർത്തുപിടിച്ചു സൽമ കരഞ്ഞു...


Part : 04

മുത്വലിബിന്റെ അടിമ 

ഹാശിമിന്റെ കഥയാണല്ലോ പറഞ്ഞുവന്നത്. മക്കാ പട്ടണത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ ഹാശിമിനു കഴിഞ്ഞിരുന്നു. മക്കയിലെ ആളുകൾക്കു ഭക്ഷണത്തിനുള്ള വക ഖാഫിലക്കാർ കൊണ്ടുവരണം. മക്കയിൽ കൃഷിയില്ല.

ഹാശിമിന്റെ കാലത്തു ഖാഫിലക്കാർ ധാരാളം ആഹാര സാധനങ്ങൾ കൊണ്ടുവരുമായിരുന്നു. ജനങ്ങൾ പട്ടിണിയില്ലാതെ കഴിഞ്ഞുകൂടി. ജനസേവകനായ നേതാവിനെ എല്ലാവരും സ്നേഹിച്ചു. ഹാശിമിന്റെ വിയോഗം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി...

ഇനി തങ്ങളുടെ നേതാവാര്..? നാട്ടിൽ സമാധാനം നിലനിൽക്കണം. പട്ടിണിയുണ്ടാകരുത്. നല്ല ഭരണാധികാരി വേണം. ഭരണാധികാരി മരണപ്പെട്ടാൽ സന്താനങ്ങളിൽ പ്രമുഖനാണു ഭരണാധികാരം കിട്ടുക...

ഹാശിമിന്റെ മകൻ കൊച്ചുകുട്ടിയല്ലേ, അവനെ ഭരണാധികാരിയാക്കാൻ പറ്റുമോ..?

ഹാശിമിന്റെ സഹോദരനാണു മുത്വലിബ്. മുത്വലിബ് ദയാലുവാണ്. ജനസേവകനാണ്. ആളുകൾ ഒത്തുകൂടി മുത്വലിബിനെ നേതാവാക്കി...

മക്കാപട്ടണം മുത്വലിബ് ഭരിക്കാൻ തുടങ്ങി. ഖാഫിലകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഹജ്ജ് കാലത്തു ധാരാളം ആളുകൾ മക്കയിൽ വരും. ഹാജിമാർക്കു വെള്ളവും ആഹാരവും നൽകാൻ മുത്വലിബ് വേണ്ട ഒരുക്കങ്ങൾ ചെയ്തു. കുറഞ്ഞ കാലം കൊണ്ടുതന്നെ മുത്വലിബ് നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവായിത്തീർന്നു.

സംവത്സരങ്ങൾ പലതും കടന്നുപോയി. മുത്വലിബ് പലപ്പോഴും ശയ്ബയെക്കുറിച്ചോർക്കും. ശയ്ബയെ മറന്നിട്ടില്ലല്ലോ..? ഹാശിമിന്റെ പുത്രൻ.

മക്കയുടെ ഭരണം ശയ്ബയെ ഏൽപിക്കണം. ശയ്ബയാണു മക്ക ഭരിക്കേണ്ടത്. ശയ്ബ മാതാവിന്റെ കൂടെ യസ് രിബിൽ കഴിയുന്നു. അവനെ മക്കയിൽ കൊണ്ടുവരണം. അവൻ ഇവിടെ വളരണം. ഇന്നാട്ടിലെ ചിട്ടകൾ പഠിക്കണം...

ഒരിക്കൽ മുത്വലിബ് യസ് രിബിലേക്കു പോയി. അദ്ദേഹം കയറിയ ഒട്ടകം ബനുന്നജ്ജാർ കുടുംബത്തിന്റെ വീട്ടുമുറ്റത്തു വന്നുനിന്നു. മുത്വലിബിനെ വീട്ടുകാർ സ്വീകരിച്ചു. സൽമയും മകനും കടന്നുവന്നു. ഗംഭീരമായ വിരുന്ന്. മക്കയുടെ രാജാവല്ലേ വന്നിരിക്കുന്നത്..!

“സൽമാ... എനിക്കു നിന്നോടു ഗൗരവമുള്ള ഒരു കാര്യം പറയാനുണ്ട്. അതിനാണു ഞാൻ വന്നത്.''

സൽമ ആശ്ചര്യത്തോടെ മുത്വലിബിന്റെ മുഖത്തേക്കു നോക്കി..!!

മുത്വലിബ് വിഷയം അവതരിപ്പിച്ചു: “ശയ്ബ ഹാശിമിന്റെ മകനാണ്. അവൻ മക്കയുടെ ഭരണാധികാരിയായി വരണം. അവൻ മക്കയിൽ വന്നു താമസിക്കട്ടെ..! അവിടത്തെ ചിട്ടകളൊക്കെ പഠിക്കട്ടെ..! നീ അവനെ എന്റെ കൂടെ അയക്കണം.”

മകനെ വിട്ടുകൊടുക്കാനോ..? സൽമയുടെ മനസ്സു പിടച്ചു.

“നീ ഒട്ടും വിഷമിക്കേണ്ട. ശയ്ബക്കു നല്ലൊരു ഭാവിയുണ്ട്. അവൻ പിതാവിന്റെ പാതയിലൂടെ വളർന്നുവരട്ടെ. ഹാശിമിന്റെ യശസ്സു ശയ്ബ നിലനിറുത്തട്ടെ. ഹാശിമിനെ സ്നേഹിച്ച ജനങ്ങൾ ശയ്ബയെയും സ്നേഹിക്കും.”

അവരുടെ സംഭാഷണം തുടർന്നു. ഒടുവിൽ മകനെ വിട്ടു കൊടുക്കാൻ സൽമ സമ്മതിച്ചു. ശയ്ബയെയും കൂട്ടി മുത്വലിബ് മക്കയിലേക്കു മടങ്ങി. വിശാലമായ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ മുത്വലിബ് പല പ്രദേശങ്ങളും പരിചയപ്പെടുത്തിക്കൊടുത്തു.

അവർ മക്കയുടെ അതിർത്തി കടന്നു. ശയ്ബ വിസ്മയം നിറഞ്ഞ കണ്ണുകൾകൊണ്ട് ആ പ്രദേശമാകെ നോക്കിക്കണ്ടു...


Part : 05

മുത്വലിബും ശയ്ബയും മക്കയുടെ അതിർത്തി കടന്നു. ശയ്ബ വിസ്മയം നിറഞ്ഞ കണ്ണുകൾകൊണ്ട് ആ പ്രദേശമാകെ നോക്കിക്കണ്ടു. മക്കക്കാർ ആ കാഴ്ച കണ്ടു.

ഒട്ടകപ്പുറത്തു മുത്വലിബ് ഇരിക്കുന്നു. പിന്നിൽ ഒരു ചെറുപ്പക്കാരൻ. അടിമയായിരിക്കും. അടിമച്ചന്തയിൽ നിന്നു കൊണ്ടുവരികയാവും. അവർക്ക് അടിമയെ ഇഷ്ടപ്പെട്ടു. അവർ സന്തോഷത്തോടെ വിളിച്ചു പറയാൻ തുടങ്ങി.

"അബ്ദുൽ മുത്വലിബ്..." "അബ്ദുൽ മുത്വലിബ്..." മുത്വലിബിന്റെ അടിമ! മുത്വലിബിന്റെ അടിമ..!

മുത്വലിബിനു കോപം വന്നു. “നിങ്ങൾക്കു നാശം.. ! ഇത് എന്റെ അടിമയല്ല. എന്റെ സഹോദര പുത്രനാണ്. ഇവൻ ശയ്ബയാണ്.” മുത്വലിബ് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ആരു കേൾക്കാൻ..!! ആളുകൾ "അബ്ദുൽ മുത്വലിബ്" എന്നുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെയാണ് ആ പേരു പ്രസിദ്ധമായിത്തീർന്നത്. ഹാശിമിന്റെ മകൻ ശയ്ബത് അബ്ദുൽ മുത്വലിബ് എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ അറബികളെപ്പോലെ, നമുക്കും ശയ്ബയെ അബ്ദുൽ മുത്വലിബ് എന്നു വിളിക്കാം...

ബുദ്ധിമാനായ ചെറുപ്പക്കാരൻ. വിശാല മനസ്കൻ. വളരെ വേഗം ജനങ്ങളുടെ സ്നേഹം സമ്പാദിച്ചു. മുത്വലിബ് ആ ചെറുപ്പക്കാരനു ഭരണകാര്യങ്ങൾ പഠിപ്പിച്ചു
കൊടുത്തു. കുടുംബ ചരിത്രം പറഞ്ഞുകൊടുത്തു. ഹാശിമിന്റെ
പുത്രനല്ലേ; എല്ലാ കാര്യങ്ങളും വളരെ വേഗം പഠിച്ചു...

ഒടുവിൽ മക്കയുടെ മഹാനായ ഭരണാധികാരിയായിത്തീർന്നു അബ്ദുൽ മുത്വലിബ്...

അബ്ദുൽ മുത്വലിബ് വിവാഹം കഴിച്ചു. ആദ്യമായി ജനിച്ച പുത്രന്റെ പേര് ഹാരിസ് എന്നായിരുന്നു.

അബ്ദുൽ മുത്വലിബിന് അല്ലാഹു ﷻ വലിയ അനുഗ്രഹങ്ങൾ നൽകി. അദ്ദേഹത്തിനു ധാരാളം സന്താനങ്ങളുണ്ടായി. മക്കളിൽ ഏറ്റവും സ്നേഹം അബ്ദുല്ലയോടായിരുന്നു.
അബ്ദുല്ല, കാണാൻ സുമുഖൻ. നല്ല വെളുത്ത നിറം...

അബ്ദുല്ലയെ എല്ലാവരും ഇഷ്ടപ്പെട്ടു. മറ്റുള്ളവരെപ്പോലെ അബ്ദുല്ലയും കച്ചവടക്കാരനായി മാറി. നായാട്ടും ആയുധവിദ്യയും ഇഷ്ടവിനോദമായി.
അബ്ദുല്ലയ്ക്ക് ഇരുപതു വയസ്സാകുന്നതേയുള്ളൂ...

അബ്ദുൽ മുത്വലിബിനു മകനെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നു വലിയ മോഹം. ഉന്നത തറവാട്ടിൽ നിന്നു വധുവിനെ കണ്ടുപിടിക്കണം.

മക്കയിലെ പ്രശസ്തമായ ബനൂസുഹ്റ കുടുംബത്തിൽ വിവാഹാന്വേഷണമെത്തി. ആ കുടുംബത്തെ നമുക്കൊന്നു പരിചയപ്പെടാം. നബി ﷺ തങ്ങളുടെ ഉപ്പാപ്പമാരുടെ കൂട്ടത്തിൽ കിലാബ്
എന്നു പേരായ ഒരു നേതാവുണ്ട്. കിലാബ് എന്ന ഉപ്പാപ്പയുടെ ഒരു മകന്റെ പേര് സുഹ്റത് എന്നായിരുന്നു. സുഹ്റതിന്റെ
സന്താന പരമ്പരയെ ബനൂസുഹ്റ എന്നു വിളിക്കുന്നു...

ഈ ചരിത്രം കൂട്ടുകാർ മുമ്പു പഠിച്ചിരിക്കാനിടയുണ്ട്. ബനൂസുഹ്റ കുടുംബത്തിന്റെ നേതാവാണു വഹബ്. അദ്ദേഹത്തിന്റെ സുന്ദരിയായ മകളാണ് ആമിന. സദ്ഗുണ സമ്പന്നയായ ആമിനയെ എല്ലാവർക്കും വലിയ ഇഷ്ട്ടമാണ്. അബ്ദുൽ മുത്വലിബിനും ആ കുട്ടിയെ ഇഷ്ടപ്പെട്ടു. അദ്ദേഹം വഹബിനെ സമീപിച്ചു.

“താങ്കളുടെ മകൾ ആമിനയെ എന്റെ മകനു വിവാഹം ചെയ്തുകൊടുക്കണം.”

മക്കയുടെ നേതാവു തന്റെ കുടുംബത്തിൽ നിന്നു വിവാഹാന്വേഷണം നടത്തുക..! കുടുംബത്തിന് അതൊരു അന്തസ്സല്ലേ..!

സന്തോഷപൂർവം സമ്മതിച്ചു. വിവാഹനിശ്ചയവും നടന്നു. വിവരം അറിഞ്ഞപ്പോൾ മക്കയിലെ പെണ്ണുങ്ങൾ പറഞ്ഞു.

“ആമിന ഭാഗ്യവതിയാണ്. അബ്ദുല്ലയെ ഭർത്താവായി കിട്ടിയല്ലോ...!”

എത്ര പെണ്ണുങ്ങൾ അബ്ദുല്ലയുടെ ഭാര്യയാവാൻ കൊതിച്ചു. ആ ഭാഗ്യം സിദ്ധിച്ചത് ആമിനക്കാണ്. വിവാഹം നിശ്ചയിച്ചതോടെ വഹബിന്റെ തിരക്കു വർധിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവാഹത്തിന് ക്ഷണിക്കണം. ഗോത്രനേതാക്കളെ വിളിക്കണം.

ഒന്നാംതരം ഭക്ഷണം ഒരുക്കണം. മക്കയിലെ ഉന്നതന്മാരാണു പുതിയാപ്പിളയുടെ കൂടെ വരുന്നത്. വീടിനു മുമ്പിൽ വിശാലമായ തമ്പ് ഉയർന്നു. അതുനിറയെ ഇരിപ്പിടങ്ങൾ നിരത്തി. ഭക്ഷണം പാകം ചെയ്യുവാനുള്ള പന്തലൊരുക്കി. പാചകക്കാരെത്തി. ധാരാളം പഴവർഗങ്ങളെത്തി. വിവിധതരം പാനീയങ്ങൾ കൊണ്ടുവന്നു.

ഒട്ടകങ്ങളെ അറുത്തു. ഇറച്ചി പല രീതിയിൽ പാകം ചെയ്തു. ആടുകളെ അറുത്തു വരട്ടുകയും പൊരിക്കുകയും ചെയ്തു. റൊട്ടിയും പലഹാരങ്ങളും ഉണ്ടാക്കി...


Part : 06

ബലിയിൽ നിന്നു മോചനം

സുമുഖനായ അബ്ദുല്ല പുതുമാരനായി ഒരുങ്ങുകയാണ്. പുതുവസ്ത്രങ്ങൾ ധരിച്ചു. വിവാഹവേളയിൽ ധരിക്കുന്ന പ്രത്യേക ഉടുപ്പുകളും അണിഞ്ഞു. മേത്തരം സുഗന്ധദ്രവ്യങ്ങൾ പൂശി...

ഉടുത്തൊരുങ്ങി വന്നപ്പോൾ ഒരു രാജകുമാരൻ. കൂട്ടുകാർ ചുറ്റും കൂടി. ബന്ധുക്കളും അയൽക്കാരും നാട്ടുകാരും ഒത്തുചേർന്നു. പുതുമാരൻ ഇറങ്ങി...

ആഹ്ലാദം അലയടിച്ചുയർന്നു. വിവാഹപ്പാർട്ടി നീങ്ങുന്നു. അവർ വധൂഗൃഹത്തിലെത്തി. ഉന്നതന്മാർ സ്വീകരിക്കാൻ നിൽക്കുന്നു. ഖബീലയുടെ ആചാരപ്രകാരം പുതുമാരനെ എതിരേറ്റു. കൂടെ വന്നവരെ സ്ഥാനവലുപ്പം പോലെ ഇരിപ്പിടങ്ങളിൽ ഇരുത്തി...

മനോഹരമായ കപ്പുകളിൽ മനംകുളിർപ്പിക്കുന്ന പാനീയം നൽകി. സന്തോഷഭരിതമായ അന്തരീക്ഷം. മക്കാപട്ടണം മുഴുവൻ ശ്രദ്ധിക്കുന്ന വിവാഹം. വിവാഹത്തിന്റെ ചടങ്ങുകൾ തുടങ്ങി. ഖബീലക്കാർക്ക് അതിനൊക്കെ ചില ചടങ്ങുകളുണ്ട്. അതനുസരിച്ചു കാരണവന്മാർ ചോദ്യവും ഉത്തരവുമൊക്കെ നടത്തി...

നിക്കാഹു നടന്നു. വിഭവസമൃദ്ധമായ സദ്യ. എന്തെല്ലാം തരം വിഭവങ്ങൾ..!
മസാല ചേർത്ത ഇറച്ചി, റൊട്ടി, പലഹാരങ്ങൾ, പഴങ്ങൾ, പാനീയങ്ങൾ. എല്ലാവരും വയറുനിറയെ തിന്നു. അടുത്ത കാലത്തൊന്നും ഇത്ര രുചികരമായ ഭക്ഷണം കഴിച്ചിട്ടില്ല...

അന്നത്തെ ആചാരമനുസരിച്ചു മൂന്നു ദിവസം പുതുമാരൻ പുതുപെണ്ണിന്റെ വീട്ടിൽ കഴിയണം. അബ്ദുല്ല വധുവിന്റെ വീട്ടിൽ താമസിക്കുകയാണ്. കൂടെ വന്നവരൊക്കെ മടങ്ങുന്നു. വിവാഹമംഗളാശംസകൾ നേർന്നു.
കൊണ്ട് ഓരോരുത്തരായി പിൻവാങ്ങി.

പുതുമാരന്റെ മനസ്സു നിറയെ ആഹ്ലാദം. ഇത്രയും നല്ലൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടിയല്ലോ, ഭാഗ്യംതന്നെ...

ആമിനയുടെ മനസ്സിലും ആഹ്ലാദം തന്നെ. അബ്ദുല്ലയെപ്പോലെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു ചെറുപ്പക്കാരൻ മക്കയിലുണ്ടോ..!! അദ്ദേഹത്തിന്റെ ഭാര്യയാകാൻ ആരെല്ലാം കൊതിയോടെ കാത്തിരുന്നു..? തനിക്കാണ് ആ ഭാഗ്യം
സിദ്ധിച്ചത്...

സൽക്കാരത്തിന്റെ മൂന്നു രാപ്പകലുകൾ. ആമിനയുടെ അടുത്ത കുടുംബക്കാരൊക്കെ കാണാൻ വന്നു. പാരിതോഷികങ്ങൾ നൽകി. ആശംസകൾ നേർന്നു. മറക്കാനാവാത്ത നാളുകൾ..!

കേട്ടറിഞ്ഞതിനെക്കാളും എത്രയോ ആദരണീയനാണു തന്റെ ഭർത്താവ്. എന്തു നല്ല ഭാഷണം. മുത്തുമണികൾ പോലുള്ള പദങ്ങൾ. ആകർഷകമായ പെരുമാറ്റം. സദ്ഗുണ സമ്പന്നൻ. മനോഹരമായ ദന്തനിരകൾ. പവിഴച്ചുണ്ടുകൾ. ആകർഷകമായ പുരികങ്ങൾ. ആരെയും ആകർഷിക്കുന്ന പെരുമാറ്റം, ആമിന അതിശയത്തോടെ ആ മുഖത്തേക്കു നോക്കി...

ഈ ചെറുപ്പക്കാരൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു വന്നതല്ലേ..? ബലിയറുക്കാൻ വിധിക്കപ്പെട്ട ബലിമൃഗമായിരുന്നല്ലോ. ആ കഥ മക്കയിലെങ്ങും പാട്ടാണ്.

അബ്ദുൽ മുത്വലിബിന്റെ നേർച്ച. ഒരു മകനെ ബലികൊടുക്കാനായിരുന്നു നേർച്ച. നറുക്കെടുത്തപ്പോൾ അബ്ദുല്ലയുടെ പേരുകിട്ടി. അങ്ങനെ അബ്ദുല്ല ബലിയറുക്കപ്പെട്ടിരുന്നെങ്കിൽ..!

ബലിയുടെ ദിവസം എന്തൊരു വെപ്രാളമായിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും തിങ്ങിനിറഞ്ഞു. എത്രയോ പെണ്ണുങ്ങൾ അബ്ദുല്ലയ്ക്കുവേണ്ടി ഖൽബുരുകി പ്രാർത്ഥിച്ചു. അബ്ദുല്ല രക്ഷപ്പെടണേ എന്നാശിച്ചു. താനും അബ്ദുല്ലയ്ക്കുവേണ്ടി തേടിയില്ലേ...

ആമിന ഓർത്തു...


Part : 07

നേർച്ചയുടെ കഥ...

അതൊരു വലിയ കഥയാണ്. സംസം കിണർ മൂടപ്പെട്ടുപോയിരുന്നു. കുറേ വർഷങ്ങൾ കടന്നുപോയി. സംസം കിണർ എവിടെയായിരുന്നു എന്നുപോലും ആർക്കും അറിയില്ല.

അബ്ദുൽ മുത്വലിബ് മൂന്നു ദിവസം തുടർച്ചയായി സ്വപ്നം കണ്ടു. ബലിയറുക്കുന്ന ബിംബത്തിനു താഴെ കുഴിക്കാൻ സ്വപ്ത്തിൽ കൽപന കിട്ടി. അന്ന് അബ്ദുൽ മുത്വലിബിന് ഒറ്റ മകനേയുള്ളൂ. ഹാരിസ്.

ബാപ്പയും മകനുംകൂടി ബിംബത്തിനു താഴെ കുഴിക്കുവാൻ തുടങ്ങി. ഖുറയ്ശികൾ സമ്മതിച്ചില്ല. അവർ തടുത്തു. ബലം പ്രയോഗിച്ചു. അബ്ദുൽ മുത്വലിബിനു കോപം വന്നു. അദ്ദേഹം വിളിച്ചു പറഞ്ഞു - എനിക്കു പത്തു പുത്രന്മാർ ജനിച്ചാൽ ഒന്നിനെ ഞാൻ ബലിയറുക്കും. ഖുറയ്ശികൾ നടുങ്ങിപ്പോയി. അവർ പിൻവാങ്ങി.

നിലം കുഴിച്ചു. സംസം കിണർ കണ്ടെത്തി. സംസം വെള്ളം കിട്ടി. നോക്കൂ..! അല്ലാഹു ﷻ അബ്ദുൽ മുത്വലിബിനു നൽകിയ അനുഗ്രഹം. ഇന്നും സംസം നിലനിൽക്കുന്നു.

അബ്ദുൽ മുത്വലിബ് പല വിവാഹങ്ങൾ നടത്തി. പത്തു പുത്രന്മാരുണ്ടായി. അപ്പോഴാണു നേർച്ചയുടെ കാര്യം ഓർമവന്നത്. ബലിയറുക്കണം. ഏതു പുത്രനെ അറുക്കണം. നറുക്കിട്ടു. അബ്ദുല്ലയെ അറുക്കുവാൻ തീർപ്പ്.
ജനങ്ങൾ പ്രതിഷേധിച്ചു...

ഇത്രയും നല്ലൊരു ചെറുപ്പക്കാരനെ ബലി നടത്തുകയോ? എന്തൊരു ക്രൂരത..!

ഇനിയെന്തു ചെയ്യും. നേർച്ച വീട്ടാതിരിക്കാൻ പറ്റുമോ? പലരും ഇടപെട്ടു. ചർച്ച ചെയ്തു. ഒരു തീരുമാനത്തിലെത്തി.

പത്ത് ഒട്ടകത്തിന് ഒരു നറുക്ക്. അബ്ദുല്ലയ്ക്ക് ഒരു നറുക്ക്. എന്നിട്ടു നറുക്കെടുക്കുക. പത്തു തവണ മാത്രമേ നറുക്കെടുക്കൂ. പത്തു നറുക്കും അബ്ദുല്ലയ്ക്ക് വീണാൽ രക്ഷയില്ല. അബ്ദുല്ലയെ ബലികൊടുക്കണം. പത്തിൽ ഏതെങ്കിലുമൊന്ന് ഒട്ടകങ്ങൾക്കു വീണാൽ അബ്ദുല്ല രക്ഷപ്പെടും. ഒട്ടകത്തിനു വീണാൽ ഓരോ നറുക്കിനും പത്ത് ഒട്ടകങ്ങളെ ബലിയറുക്കണം.

നറുക്കെടുപ്പു തുടങ്ങി. ആദ്യ നറുക്ക് അബ്ദുല്ലയ്ക്ക്. പത്ത് ഒട്ടകങ്ങളെ ബലിയറുക്കാൻ മാറ്റിനിറുത്തി.
അടുത്ത നറുക്കെടുത്തു. അതും അബ്ദുല്ലയ്ക്ക്. പത്ത് ഒട്ടകങ്ങളെക്കൂടി മാറ്റിനിറുത്തി.

മൂന്നാമത്തെ നറുക്ക് വീണതും അബ്ദുല്ലയ്ക്ക്. നാല്...അഞ്ച്...ആറ്...ഏഴ്... കാണികൾ അമ്പരന്നു നിന്നു..!
എല്ലാം അബ്ദുല്ലയുടെ പേരിൽ! എട്ടും ഒൻപതും നറുക്കെടുത്തപ്പോൾ നിർഭാഗ്യം..! അബ്ദുല്ലയ്ക്കുതന്നെ.

തൊണ്ണൂറ് ഒട്ടകങ്ങൾ ബലിമൃഗങ്ങളായി. ജനം ആകാംക്ഷയോടെ, ആശങ്കയോടെ കാത്തുനിന്നു. പത്താമതു നറുക്ക്...

ഇതും അബ്ദുല്ലയ്ക്കു വീണാൽ മക്കയുടെ പ്രിയപ്പെട്ട പുത്രൻ ബലിയറുക്കപ്പെടും.

പത്താം നറുക്കുവീണു..! ഒട്ടകങ്ങൾക്ക്..!!

 ആഹ്ലാദം അണപൊട്ടി. അബ്ദുല്ല രക്ഷപ്പെട്ടു. നൂറൊട്ടകങ്ങൾ ബലിക്കല്ലിൽ കയറി. നൂറൊട്ടകങ്ങളെ ബലികൊടുത്തു രക്ഷപ്പെടുത്തിയെടുത്ത ജീവൻ...

ആ മനുഷ്യനാണ് ഈ നിൽക്കുന്നത്. തന്റെ പുതുമാരൻ. ആ കഥകൾ ഓർത്തപ്പോൾ ആമിനയുടെ ഖൽബകം സ്നേഹം കൊണ്ടു നിറഞ്ഞു. മൂന്നു ദിവസങ്ങൾ എത്ര പെട്ടെന്നാണു കടന്നുപോയത്.
നാളെ നവദമ്പതികൾ യാത്ര തിരിക്കുകയാണ്. പുതിയാപ്പിളയുടെ വീട്ടിലേക്ക്...

അബ്ദുൽ മുത്വലിബും മറ്റു ബന്ധുക്കളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മകനെയും ഭാര്യയെയും കാണാൻ. ഖബീലക്കാർക്ക് അതിനും ചില ചടങ്ങുകളൊക്കെയുണ്ട്. നവദമ്പതികളും ബന്ധുക്കളും അബ്ദുൽ മുത്വലിബിന്റെ വീട്ടിൽ എത്തിച്ചേർന്നു.

അവിടെ ഹൃദ്യമായ സ്വീകരണം. വലിയ സൽക്കാരം. ബന്ധുക്കളൊക്കെ വന്നുകൂടിയിട്ടുണ്ട്. അവർ ആമിനയോടു സംസാരിച്ചു. എല്ലാവർക്കും നന്നേ ഇഷ്ടപ്പെട്ടു.

എന്തു നല്ല പെൺകുട്ടി...

അബ്ദുൽ മുത്വലിബ് എന്ന വലിയ നേതാവിനെ ആമിന അടുത്തറിയുന്നു. എന്തെല്ലാം സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച ആളാണ്.

എപ്പോഴും വീട്ടിൽ തിരക്കാണ്. പലരും കാണാൻ വരുന്നു. പലർക്കും പല ആവശ്യങ്ങൾ. നേതാവിന് ആരുടെയെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.

ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ആമിന ഭർതൃവീട്ടിലെ അന്തരീക്ഷവുമായി ഇണങ്ങിച്ചേർന്നു. ആ വീട്ടിൽ ആമിന വളരെ സന്തോഷവതിയായിരുന്നു.

ഒരു സീസൺകൂടി കടന്നുവരുന്നു. ഖാഫില പുറപ്പെടാൻ സമയമായി. ശാമിലേക്കുള്ള യാത്ര ദിവസങ്ങൾക്കകം പുറപ്പെടുന്നു. മക്കയിൽ അതിന്റെ ആരവം തുടങ്ങിക്കഴിഞ്ഞു...


Part : 08

സ്വപ്നങ്ങളേ വിട

“ആമിനാ.. എനിക്കൊരു കാര്യം നിന്നോടു പറയാനുണ്ട്. നീ വിഷമിക്കരുത്, ദുഃഖിതയാകരുത്.” അബ്ദുല്ല സ്വരം താഴ്ത്തി ഭാര്യയോടു പറഞ്ഞു. ആമിനയ്ക്ക് അതിശയം തോന്നി. എന്താണിത്ര പ്രധാന കാര്യം.

“ഖാഫില പുറപ്പെടുകയാണ്. ഞാനും കൂടെ പോകുന്നു. ഞാൻ നിന്നോടു യാത്ര ചോദിക്കുകയാണ്."

ഞെട്ടിപ്പോയി. യാത്ര ചോദിക്കുകയോ..? വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. കണ്ടു കൊതിതീർന്നില്ല.
അതിനിടയിൽ ഒരു യാത്ര. വെളുത്ത മുഖം ചുവന്നു. അവിടെ ദുഃഖം തളംകെട്ടി നിന്നു. മനോഹരമായ കണ്ണുകൾ നിറഞ്ഞു...

“ആമിനാ... ഇതു ശാമിലേക്കുള്ള യാത്രയാണ്. വിഷമിക്കാൻ മാത്രം കാര്യമില്ല. കച്ചവടം കഴിഞ്ഞാൽ ഞാനുടനെയിങ്ങത്തും. അതുവരെ സന്തോഷമായിരിക്കണം.”

ഒന്നും പറയാൻ കഴിയുന്നില്ല. തൊണ്ട വരണ്ടുപോയിരിക്കുന്നു. ഈ യാത്രപറച്ചിലും കാത്തിരിപ്പുമെല്ലാം അറബിപ്പെണ്ണുങ്ങൾക്കു പതിവാണല്ലോ. എങ്കിലും ഇത്ര പെട്ടെന്ന്..!

അബ്ദുല്ല എന്തൊക്കെയോ പറയുന്നു. വാക്കുകൾ വഴുതിപ്പോകുന്നു. പകുതിയും ചെവിയിൽ പതിയുന്നില്ല. തന്റെ സമ്മതം തേടി കാത്തിരിക്കുന്നു.

"പോയിവരൂ...!” എങ്ങനെയോ പറഞ്ഞൊപ്പിച്ചു. മുറിയിൽ നിന്നിറങ്ങി. ബാപ്പ എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി. കൂട്ടുകാർ കാത്തിരിക്കുന്നു. വേഗം നടന്നുപോയി.

ആ നടപ്പു നോക്കിനിന്നു ആമിന. നടന്നു നടന്നു കണ്ണിൽ നിന്ന് അകന്നുപോയി. ഒരു നെടുവീർപ്പ്. ഒരു തേങ്ങൽ.
ദുഃഖം സഹിക്കാതെ ആ പെൺകുട്ടി കരഞ്ഞുപോയി...

ഖാഫില പുറപ്പെട്ടുവെന്നു പിന്നീടറിഞ്ഞു. ആരവം കേൾക്കാമായിരുന്നു. പൊടിപടലം അകന്നുപോകുന്നതും കണ്ടു. ഖാഫില പുറപ്പെടുന്നതും വരുന്നതുമെല്ലാം മക്കയിൽ വലിയ വാർത്തയാണല്ലോ. ഖാഫിലക്കാരുടെ ഇനിയുള്ള ദിനരാത്രങ്ങൾ മരുഭൂമിയുടെ മധ്യത്തിലാണ്. മരുഭൂമിയിലെ കൊടുംചൂടും മണൽക്കാറ്റും സഹിച്ചു യാത്രചെയ്യണം.

ദിവസങ്ങൾ കടന്നുപോയി. ആമിന എല്ലാ ദിവസവും ഭർത്താവിനുവേണ്ടി പ്രാർത്ഥിക്കും. പുറപ്പെട്ടിട്ട് എത്ര ദിവസമായെന്നു കണക്കുകൂട്ടിനോക്കും.

തന്റെ പ്രയാസങ്ങൾ അബ്ദുൽ മുത്വലിബു മനസ്സിലാക്കുന്നുണ്ട്. ഇടക്ക് ആശ്വാസവചനങ്ങൾ ചൊരിയും. നല്ല മനുഷ്യൻ.

“ഇപ്പോൾ ഖാഫില ശാമിലെത്തിക്കാണും.” ഒരു ദിവസം അബ്ദുൽ മുത്വലിബ് പറഞ്ഞു.

മക്കയിൽ നിന്നു പുറപ്പെട്ടാൽ ശാമിലെത്താൻ എത്ര ദിവസം വേണമെന്ന് അദ്ദേഹത്തിനു കൃത്യമായറിയാം, ശാമിൽ എത്ര ദിവസം തങ്ങേണ്ടതായിവരുമെന്നും അറിയാം. അവിടെ നിന്നു തിരിച്ചാൽ എത്ര ദിവസം കൊണ്ടു മക്കയിൽ എത്തിച്ചേരുമെന്നും പറയാനാകും.

അബ്ദുൽ മുത്വലിബിനും ദുഃഖമായിരുന്നു. ബലിയിൽ നിന്നു രക്ഷപ്പെട്ട മകനല്ലേ... മരിച്ച മകൻ തിരിച്ചുവന്നതുപേലെ. അവനെ പിരിഞ്ഞിരിക്കാൻ വയ്യ...

അബ്ദുൽ മുത്വലിബ് വൃദ്ധനാണ്. താടിരോമങ്ങൾ നരച്ച വെളുത്തിരിക്കുന്നു. ദുഃഖം വൃദ്ധമുഖത്തു നിഴലിക്കുന്നു. ആമിനയെ ആശ്വസിപ്പിക്കുന്നു. ദിവസങ്ങളുടെ കണക്കു പറയുന്നു. പിന്നെയും ദിനരാത്രങ്ങൾ കടന്നുപോയി.

അബ്ദുൽ മുത്വലിബിന്റെ കണക്കനുസരിച്ചു ഖാഫില എത്തേണ്ട സമയമായി. പക്ഷേ, കാണുന്നില്ല..! ഒരു ദിവസം കൂടി കടന്നുപോയി. വെപ്രാളം കൂടി. മക്ക ഖാഫിലക്കാരെ കാത്തിരിക്കുന്നു. ആഹാര സാധനങ്ങൾ, വസ്ത്രം, വിളക്കിലൊഴിക്കാനുള്ള എണ്ണവരെ അവർ കൊണ്ടുവരണം...

രണ്ടര മാസം പിന്നിട്ടിരിക്കുന്നു.

എന്തേ വരാത്തത്..? എവിടെയും ഉൽക്കണ്ഠ... മക്കയിലേക്കു നീണ്ടുവരുന്ന പാതയിലേക്കു കണ്ണും നട്ടിരിപ്പാണു പലരും. ചില യാത്രക്കാർ വരുന്നത് അവ്യക്തമായി കണ്ടു...

ഖാഫിലക്കാരുടെ ആഗമനം അറിയിക്കാൻ വേണ്ടി ചിലർ നേരത്തെയെത്തും. മക്കക്കാർ നോക്കിനോക്കി നിൽക്കെ അവർ
അടുത്തെത്തി. ഖാഫിലയിൽ പോയവർ തന്നെ...

ഖാഫിലയുടെ ആഗമനം സന്തോഷപൂർവം വിളിച്ചുപറയുകയാണു പതിവ്. ഇവർ എന്തേ ഒന്നും മിണ്ടാത്തത്. അവരുടെ
മൗനം ആശങ്ക പടർത്തി.

“ഖാഫില വരുന്നുണ്ട്. സ്വീകരിക്കാൻ ഒരുങ്ങുക.” അടങ്ങിയ ശബ്ദത്തിൽ ഒരു പ്രഖ്യാപനം.

അവർ നേരെ അബ്ദുൽ മുത്വലിബിന്റെ വീട്ടിലേക്കു ചെന്നു. ആളുകളും പിന്നാലെക്കൂടി. ആഗതരെ കണ്ടപ്പോൾ അബ്ദുൽ മുത്വലിബിന് ആശ്വാസം. ഖാഫില ഇങ്ങത്തിയല്ലോ. പക്ഷേ, അവരുടെ മൗനം, മുഖത്തെ ദുഃഖഭാവം. വൃദ്ധന്റെ മുഖത്തു വെപ്രാളം, ഉൽകണ്ഠ.

ആഗതർ ദുഃഖത്തോടെ ആ വാർത്ത അറിയിക്കുന്നു:


Part : 09


ഖാഫിലക്കാരുടെ ആഗമനം അറിയിക്കാൻ വേണ്ടി ചിലർ നേരത്തെയെത്തും. മക്കക്കാർ നോക്കിനോക്കി നിൽക്കെ അവർ
അടുത്തെത്തി. ഖാഫിലയിൽ പോയവർ തന്നെ...

ഖാഫിലയുടെ ആഗമനം സന്തോഷപൂർവം വിളിച്ചുപറയുകയാണു പതിവ്. ഇവർ എന്തേ ഒന്നും മിണ്ടാത്തത്. അവരുടെ
മൗനം ആശങ്ക പടർത്തി. “ഖാഫില വരുന്നുണ്ട്. സ്വീകരിക്കാൻ ഒരുങ്ങുക.” അടങ്ങിയ ശബ്ദത്തിൽ ഒരു പ്രഖ്യാപനം.

അവർ നേരെ അബ്ദുൽ മുത്വലിബിന്റെ വീട്ടിലേക്കു ചെന്നു. ആളുകളും പിന്നാലെക്കൂടി. ആഗതരെ കണ്ടപ്പോൾ അബ്ദുൽ മുത്വലിബിന് ആശ്വാസം. ഖാഫില ഇങ്ങത്തിയല്ലോ. പക്ഷേ, അവരുടെ മൗനം, മുഖത്തെ ദുഃഖഭാവം. വൃദ്ധന്റെ മുഖത്തു വെപ്രാളം, ഉൽകണ്ഠ.

ആഗതർ ദുഃഖത്തോടെ ആ വാർത്ത അറിയിക്കുന്നു: “മക്കയുടെ മഹാനായ നേതാവേ... അങ്ങയുടെ മകൻ അബ്ദുല്ലയ്ക്ക് സുഖമില്ല. യസ് രിബിൽ വിശ്രമിക്കുകയാണ്.”

“അവനെ ഒട്ടകക്കട്ടിലിൽ കിടത്തി കൊണ്ടുവരാത്തതെന്ത്..?” -  വൃദ്ധൻ രോഷത്തോടെ ചോദിച്ചു.

“അങ്ങനെ കൊണ്ടുവരാൻ പറ്റുന്ന അവസ്ഥയിലല്ല. രോഗം വളരെ കൂടുതലാണ്. യാത്ര ചെയ്യാൻ പറ്റില്ല.”

“എന്റെ റബ്ബേ...'' വേദനിക്കുന്ന പിതൃഹൃദയത്തിന്റെ രോദനം.

ബനുന്നജ്ജാർ കുടുംബക്കാരുടെ വീട്ടിലാണു വിശ്രമിക്കുന്നത്. രോഗം ആശങ്കാജനകം.

ബനുന്നജ്ജാർ കുടുംബം. വൃദ്ധനായ അബ്ദുൽ മുത്വലിബ് നിമിഷനേരത്തേക്കു കുട്ടിക്കാലം ഓർത്തുപോയി. ബനുന്നജ്ജാർ
കുടുംബത്തിന്റെ മുറ്റത്ത് ഓടിച്ചാടി നടന്നിരുന്ന കുട്ടിക്കാലം. അന്നു തന്റെ പേരു ശയ്ബ എന്നായിരുന്നു.

ശയ്ബയെന്ന കുട്ടി. ഒരു വികൃതിക്കുട്ടൻ. മാതാവു സൽമ. തന്നെ പ്രസവിച്ചതവിടെയാണ്. വളർന്നതവിടെയാണ്. പിന്നെ മക്കത്തു വന്നു. ഇവിടെ അബ്ദുൽ മുത്വലിബായി.

ആ വീട്ടിൽ, ബനുന്നജ്ജാർ കുടുംബത്തിൽ തന്റെ പ്രിയ പുത്രൻ രോഗിയായി വിശ്രമിക്കുന്നു. ഖൽബു നീറിപ്പുകയുകയാണ്.

“പറയൂ, എന്താണന്റെ മകനു പറ്റിയത്?”

“അങ്ങോട്ടുള്ള യാത്രയിൽ ഒരു കുഴപ്പവുമില്ലായിരുന്നു. ശാമിൽവെച്ചും വളരെ സന്തോഷവാനായിരുന്നു. മടക്കയാത്രയിലാണു രോഗം തുടങ്ങിയത്. യസ് രിബു വരെ ഒരു വിധത്തിൽ എത്തി. അവിടെ വിശ്രമിച്ചു ക്ഷീണം തീർത്തിട്ടു പോരാമെന്നു കരുതി. മരുന്നുകൾ നൽകി. നല്ല പരിചരണം കിട്ടി. രോഗം കുറഞ്ഞില്ല. കൂടെ കൊണ്ടുവരാൻ പറ്റില്ലെന്നു ബോധ്യമായപ്പോൾ ഞങ്ങളിങ്ങു പോന്നു.”

“എന്റെ പൊന്നുമോനേ.. ഈ ബാപ്പാക്കു നിന്നെ കാണണം.” വൃദ്ധനയനങ്ങൾ നിറഞ്ഞൊഴുകി. ആർക്കും അതു കണ്ടു സഹിക്കാനാവുന്നില്ല.

“മോനേ... ഹാരിസ്” - ബാപ്പ മൂത്ത മകനെ വിളിച്ചു.

ഹാരിസ് ഓടിയെത്തി. “നീ തന്നെ പോകണം. യസ് രിബിൽ പോയി അബ്ദുല്ലയെ കൊണ്ടുവരണം. രോഗം കുറവില്ലെങ്കിൽ ഒട്ടകക്കട്ടിലിൽ കിടത്തി കൊണ്ടുവരണം.”

“പോകാം... ബാപ്പാ...”

“വൈകരുത്, ഉടനെ പുറപ്പെടണം. കൂട്ടിന് ആളെ കൂട്ടിക്കോളൂ.”

ആമിന തരിച്ചിരിക്കുകയാണ്. എന്താണു കേട്ടത്? തന്റെ പ്രിയപ്പെട്ട ഭർത്താവിനു സുഖമില്ലെന്നോ? രോഗമാണെന്നോ? യാത്ര ചെയ്യാൻ പറ്റാത്തവിധം അവശനിലയിലാ
ണെന്നോ..!

അവശനായ ഭർത്താവിന് ഒരുതുള്ളി വെള്ളം നൽകാൻ പോലും കഴിയാതെ പോയല്ലോ. ഖൽബു പൊട്ടിപ്പൊളിയുകയാണോ..? എന്തൊരു വേദന. ഈ ദുഃഖം സഹിക്കാനാവുന്നില്ലല്ലോ...

കാത്തുകാത്തിരിക്കുകയായിരുന്നു. ഒരു നോക്കു കാണാൻ. യാത്രാവിവരണം കേൾക്കാൻ. ശാമിൽ നിന്നു തനിക്കു വേണ്ടി
വാങ്ങിക്കൊണ്ടുവന്ന സമ്മാനങ്ങൾ കൈനീട്ടി വാങ്ങാൻ. പിന്നെ... തന്റെ വിശേഷങ്ങൾ പറയാൻ...

താൻ സ്വപ്നം കാണുന്നു. സുന്ദര സ്വപ്നങ്ങൾ. ആനന്ദം പകരുന്ന അനുഭവങ്ങൾ. തന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നു. സാധാരണ കുഞ്ഞല്ല എന്നാരോ പറയുംപോലെ തോന്നുന്നു. മാലാഖമാർ വരുന്നതുപോലെ ഒരു തോന്നൽ.
വല്ലാത്തൊരനുഭൂതി...

എല്ലാം പറയണമായിരുന്നു. പറയാനുള്ളതു പറയാൻ കഴിയില്ലേ? കേൾക്കാൻ കൊതിച്ചതൊന്നും കേൾക്കാനാവില്ലേ..?


Part : 10

ഹാരിസ് പുറപ്പെട്ടിരിക്കുന്നു. മടങ്ങിവരട്ടെ. അതിനെത്ര നാൾ കാത്തിരിക്കണം. പോയിവരാൻ ദിവസങ്ങൾ പിടിക്കും. അബ്ദുൽ മുത്വലിബ് ചിന്തയിൽ മുഴുകി. വെറുതെ പിതാവിനെക്കുറിച്ചോർത്തു...

മക്കയുടെ പ്രിയങ്കരനായ നേതാവായിരുന്നു ഹാശിം. ആളുകൾ പിതാവിനെക്കുറിച്ച് ഇന്നും അഭിമാനപൂർവം സംസാരിക്കുന്നു. തനിക്കു പിതാവിനെ കണ്ട ഓർമയില്ല. ഉമ്മ വിവരിച്ചുതന്ന ഓർമയേയുള്ളൂ...

ഇതുപോലെ ഒരു യാത്രയിൽ ബാപ്പക്കു രോഗം വന്നു. മരുഭൂമിയിൽ മരണം തേടിയെത്തുന്നു. ഉമ്മ കാത്തിരുന്നു. കരഞ്ഞു കരഞ്ഞു കണ്ണീരുവറ്റി. ബാപ്പ വന്നില്ല. ഒടുവിൽ ആ വാർത്തയെത്തി. ബാപ്പ ഇനിയൊരിക്കലും വരില്ല. മരിച്ചവർ മടങ്ങിവരാറില്ലല്ലോ...

ഉമ്മയെപ്പോലെ ഇവിടെ ഇതാ ഒരു പെൺകുട്ടി കാത്തിരിക്കുന്നു. കരഞ്ഞു കരഞ്ഞു കാത്തിരിക്കുന്നു.

എന്റെ ഉമ്മയുടെ അനുഭവമാണോ ഈ കുട്ടിക്കും. എന്റെ റബ്ബ..!
പൊന്നുമോനേ നീ മടങ്ങിവരില്ലേ..?

ഈ പെൺകുട്ടിയുടെ കണ്ണീർ എങ്ങനെ അടങ്ങും..? വൃദ്ധൻ ദുഃഖംകൊണ്ടു പുകയുകയാണ്...

എന്തു വാർത്തയുമായിട്ടായിരിക്കും തന്റെ മകൻ മടങ്ങിയെത്തുക..? നരച്ച താടിയിൽ കണ്ണീരിന്റെ നനവുണങ്ങിയില്ല.

ദിവസങ്ങൾ കടന്നുപോയി. ഹാരിസ് യസ് രിബിലെത്തി. ബനുന്നജ്ജാർ കുടുംബത്തിന്റെ താമസസ്ഥലത്തെത്തി. അവിടെ ദുഃഖം തളംകെട്ടി നിൽക്കുന്നു...

ആരും ഒന്നും ഉരിയാടുന്നില്ല. എല്ലാ മുഖങ്ങളും മ്ലാനമായിരിക്കുന്നു. ഹാരിസ് വല്ലാതെ വിഷമിച്ചു. "എവിടെ എന്റെ അനുജൻ? എവിടെ അബ്ദുല്ല?" ഹാരിസിന്റെ വെപ്രാളം നിറഞ്ഞ ചോദ്യം.

"അതാ.. അവിടെ," ആരോ ഒരാൾ ചൂണ്ടിക്കാണിച്ചുകൊടുത്തു.

'ഒരു പുതിയ ഖബ്ർ' - ഹാരിസ് ഖബറിന്നരികിലേക്കു നടന്നു. അടക്കാനാവാത്ത ദുഃഖം. കണ്ണുനീർത്തുള്ളികൾ ഖബറിനു മുകളിൽ വീണു ചിതറി. എന്റെ പൊന്നുമോനേ... ഹാരിസ് നിയന്ത്രണംവിട്ടു നിലവിളിച്ചുപോയി. ബന്ധുക്കൾ ഓടിയെത്തി. ഹാരിസിനെ അകത്തേക്കു കൊണ്ടുപോയി ആശ്വസിപ്പിച്ചു.

“കഴിയുന്നതൊക്കെ ഞങ്ങൾ ചെയ്തു. മരുന്നുകൾ നൽകി. നന്നായി പരിചരിച്ചു. ഒരു ഫലവുമുണ്ടായില്ല.” - ബന്ധുക്കൾ സംഭവങ്ങൾ വിവരിച്ചു.

“ശയ്ബ ഇതെങ്ങനെ സഹിക്കും?”

-അവർക്കിന്നും അബ്ദുൽ മുത്വലിബ് ശയ്ബയാണ്.

വൃദ്ധന്മാർ അബ്ദുല്ലയുടെ ഖബർ കണ്ടു നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു. “സൽമയുടെ പേരക്കുട്ടീ...”

ഹാരിസ് ശക്തി വീണ്ടെടുത്തു. പതറിപ്പോകരുത്. ഇനിയും
ഒരു യാത്രയുണ്ട്. ക്ഷീണം ഒന്നടങ്ങിയാൽ മടക്കയാത്ര. മക്കയിലേക്കുള്ള മടക്കയാത്ര.

“ബാപ്പ കാത്തിരിക്കുകയാണ്. ആമിനയും. ഞാൻ വൈകുന്നില്ല.”

ഹാരിസ് ബന്ധുക്കളോടു യാത്ര ചോദിച്ചു.

അവസാനമായി ഖബറിനരികിൽ വന്നുനിന്നു. “കൊച്ചനുജാ... ഞാൻ പോവുകയാണ്. നമ്മുടെ വൃദ്ധപിതാവ് ഉൽക്കണ്ഠയോടെ കാത്തിരിക്കുന്നു. പിന്നെ നിന്റെ പ്രിയപ്പെട്ട ആമിനയും. ഞാനവരോട് എന്തു പറയും..?”

ഹാരിസ് മക്കയിലേക്കു മടങ്ങി. യസ് രിബുകാർ ആ പോക്കുനോക്കിനിന്നു. എങ്ങനെയാണു ബാപ്പയെ നേരിടുക. ആമിനയെന്ന പെൺകുട്ടിയോട് എങ്ങനെയാണ് ഇക്കാര്യം പറയുക. വീണ്ടും പതറിപ്പോകുന്നു. ഒട്ടകം മുമ്പോട്ടു നീങ്ങി...


Part : 11

അബ്റഹത്തും ആനക്കലഹവും

മരിക്കുമ്പോൾ അബ്ദുല്ലക്കു കഷ്ടിച്ച് ഇരുപതു വയസ്സേയുള്ളൂ. ആമിന അതിനെക്കാൾ പ്രായം കുറവുള്ള പെൺകുട്ടി...

താൻ ഗർഭിണിയാണെന്ന തോന്നൽതന്നെയില്ല. സാധാരണ
ഗർഭിണികൾ അനുഭവിക്കുന്ന പ്രയാസങ്ങളൊന്നും തോന്നുന്നില്ല. ഉറങ്ങുമ്പോഴാവട്ടെ, ആനന്ദം നൽകുന്ന സ്വപ്നങ്ങൾ. ആരോ തന്നോടു സംസാരിക്കുന്നതുപോലെ ഒരു തോന്നൽ. തോന്നലല്ല; ശരിക്കും സംസാരിക്കുന്നു..!

നീ ഗർഭം ചുമന്നത് ഈ സമുദായത്തിന്റെ നായകനെയാകുന്നു. അശരീരിപോലൊരു ശബ്ദം. കേട്ടപ്പോൾ ശരീരം കോരിത്തരിച്ചുപോയി. അതിമഹനീയമായ എന്തോ സംഭവിക്കാൻ പോകുന്നു.

“നിന്റെ കുഞ്ഞു പിറന്നുകഴിഞ്ഞാൽ അസൂയാലുക്കളിൽ നിന്നു രക്ഷകിട്ടാൻ വേണ്ടി അല്ലാഹുﷻവിന്റെ കാവൽ തേടിക്കൊണ്ടിരിക്കണം.
നിന്റെ കുഞ്ഞിനു മുഹമ്മദ് എന്നു പേരിടണം.” അനുഭൂതികൾ നിറഞ്ഞ ദിനരാത്രങ്ങൾ...

ഒരിക്കൽ തന്നിൽനിന്നും ഒരു പ്രകാശം പുറപ്പെട്ടു. ശക്തമായ പ്രകാശം. ആ പ്രകാശത്തിൽ ബുസ്റായിലെ കൊട്ടാരങ്ങൾ തനിക്കു കാണാൻ കഴിഞ്ഞു. ഈ സംഭവങ്ങളെല്ലാം നടക്കുന്നത് ആനക്കലഹം ഒന്നാം വർഷത്തിലായിരുന്നു.

ആനക്കലഹം, ആമുൽ ഫീൽ, ഗജ വർഷം എന്നൊക്കെപ്പറഞ്ഞാൽ
എന്താണ്..? അതുകൂടി മനസ്സിലാക്കിയിട്ടു കഥ തുടരാം.

ആനക്കലഹത്തെക്കുറിച്ചു പറയുംമുമ്പേ അബ്റഹത്തിനെപ്പറ്റി പറയണം. അബ്റഹത്തിനെക്കുറിച്ചു പറയുമ്പോൾ യമൻ എന്ന രാജ്യത്തെക്കുറിച്ചും പറയണം, എല്ലാംകൂടി ചുരുക്കിപ്പറയാം...

യമൻ വളരെ മുമ്പുതന്നെ ലോകപ്രസിദ്ധമായ നാടാണ്. അവിടെ പല രാജവംശങ്ങളും ഭരിച്ചിട്ടുണ്ട്. ചിലപ്പോൾ വിദേശികളും ഭരിച്ച ചരിത്രമുണ്ട്.

കുറേകാലം നജ്ജാശി രാജാവിന്റെ കീഴിലായിരുന്നു. രാജാവ് യമൻ രാജ്യം ഭരിക്കാൻവേണ്ടി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു. അയാളുടെ പേര് അർയാത്ത് എന്നായിരുന്നു. അർയാത്തിന്റെ
കീഴിലുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അബ്റഹത്ത്.

ഇരുവരും ക്രിസ്ത്യാനികൾ തന്നെ. പക്ഷേ, സ്വഭാവത്തിൽ വളരെ വ്യത്യാസം. അർയാത്ത് നല്ലവനായിരുന്നു. അബ്റഹത്ത് അഹങ്കാരിയും ദുഷ്ടനും ആയിരുന്നു.

എല്ലാ അധികാരവും തനിക്കുവേണമെന്ന ദുരാഗ്രഹിയായിരുന്നു അബ്റഹത്ത്. യമൻ രാജ്യത്തെ സ്നേഹിച്ച അർയാത്തിനെ അബ്റഹത്ത് കൊന്നുകളഞ്ഞു.

അർയാത്തിനെ വധിച്ചശേഷം അബ്റഹത്ത് ഭരണം ഏറ്റെടുത്തു. അവൻ മക്കയിലെ കഅ്ബയെക്കുറിച്ചറിഞ്ഞു. ഹജ്ജ് കാലത്തു ധാരാളമാളുകൾ മക്കയിൽ വരുന്നു. കഅ്ബാലയം സന്ദർശിക്കുന്നു.

അബ്റഹത്തിന് അസൂയ വന്നു. അതുപോലൊരു ദേവാലയം പണിയണം, ജനങ്ങളോട് അവിടെ വന്ന് ആരാധിക്കാൻ കൽപിക്കണം. ആരും മക്കയിൽ പോകരുത്. മക്കയുടെ പ്രസിദ്ധി തന്റെ പട്ടണത്തിനു കിട്ടണം.

അബ്റഹത്ത് കലാകാരന്മാരെ വരുത്തി. ആശാരിമാരെയും കെട്ടിടനിർമാണ വിദഗ്ധരെയും വരുത്തി. ശിൽപികളെ വരുത്തി. വലിയൊരു ദേവാലയത്തിന്റെ പണി തുടങ്ങി. ശിൽപസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ദേവാലയം ഉയർന്നു വന്നു...

ഈ വർഷം ഹജ്ജുകാലത്ത് എല്ലാവരും ഇവിടെ വരണം. ആരും മക്കയിലേക്കു പോകരുത്. നാടുമുഴുവൻ പ്രചാരണം നടത്തി. അബ്റഹത്ത് കാത്തിരുന്നു.

അക്കൊല്ലത്തെ ഹജ്ജുകാലം വന്നു. എല്ലാവരും മക്കയിലേക്കുതന്നെ പോയി. അബ്റഹത്ത് അപമാനിതനായി അയാളുടെ കൽപന ആരും വകവച്ചില്ല. കൂരനായ അബ്റഹത്ത് പ്രതികാര ചിന്തയിൽ വെന്തുരുകി.

തകർക്കണം. കഅ്ബ തകർക്കണം. എന്നാലേ തന്റെ ദേവാലയത്തിലേക്ക് ആളുകൾ വരികയുള്ളൂ. വമ്പിച്ചൊരു സൈന്യത്തെ തയ്യാറാക്കി. മുമ്പിൽ ആനപ്പട. ധാരാളം ആനകൾ മക്കത്തേക്കു നീങ്ങി. വഴിനീളെ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടുള്ള യാത്ര. ധിക്കാരിയുടെ പട മക്കയുടെ അതിർത്തിയിലെത്തി. മക്കാനിവാസികൾ ഭയവിഹ്വലരായി..!!

അബ്റഹത്തിന്റെ വലിയ സൈന്യത്തെ നേരിടാനുള്ള കഴിവ് അബ്ദുൽ മുത്വലിബിനുണ്ടായിരുന്നില്ല. മക്കയുടെ നേതാവായ അബ്ദുൽ മുത്വലിബ് പറഞ്ഞു:

“ഇത് അല്ലാഹുﷻവിന്റെ ഭവനമാണ്. ഇതിനെ അവൻ സംരക്ഷിക്കും. ഒരാൾക്കും ഇതു തകർക്കാനാവില്ല.”

അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമിയിൽ ആദ്യമായി നിർമിക്കപ്പെട്ട ദേവാലയം. ഇതു തകർക്കാനാവില്ല...

ആനപ്പട നീങ്ങി, കഅ്ബാലയത്തിനു നേരെ. പെട്ടെന്ന് ആകാശത്ത് ഒരുതരം പക്ഷികൾ പ്രത്യക്ഷപ്പെട്ടു. അവയുടെ ചുണ്ടിൽ ചെറിയ കല്ലുകൾ. ആ കല്ലുകൾ താഴേക്കിട്ടു. ആനകളും പട്ടാളക്കാരും മറിഞ്ഞുവീഴാൻ തുടങ്ങി. കല്ലുകൾ കൊണ്ടവരൊന്നും രക്ഷപ്പെട്ടില്ല. അബ്റഹത്തിന്റെ സൈന്യം ചിതറിയോടി. അബ്റഹത്ത് ജീവനും കൊണ്ടാടുകയായിരുന്നു...

ഈ സംഭവത്തെ ആനക്കലഹം എന്നു വിളിക്കുന്നു. ഈ സംഭവം നടന്ന വർഷത്തെ “ആമുൽ ഫീൽ' എന്നും അറബികൾ വിളിക്കുന്നു...

'ആമുൽഫീൽ' എന്ന പദത്തിന്റെ അർത്ഥം ഗജവർഷം എന്നാകുന്നു...


Part : 12

തിരുപ്പിറവി

ആമുൽഫീൽ ഒന്നാം വർഷം നബിﷺതങ്ങൾ ജനിച്ചു. റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച പ്രഭാതസമയത്ത്. ക്രിസ്തുവർഷം 571 ഏപ്രിൽ 17. എത്രവർഷമായെന്നു കൂട്ടുകാർ
കണക്കുകൂട്ടി നോക്കുക... 

അതൊരു സാധാരണ പ്രസവം ആയിരുന്നില്ല. ധാരാളം അത്ഭുതങ്ങൾ ആ സമയത്തു സംഭവിക്കുകയുണ്ടായി. ചുറ്റും കൂടിയ പെണ്ണുങ്ങൾ കുഞ്ഞിനെ കണ്ട് അതിശയപ്പെട്ടുപോയി..!!

കുഞ്ഞിന്റെ ചേലാകർമം ചെയ്യപ്പെട്ടിരിക്കുന്നു..!

കണ്ണിൽ സുറുമ എഴുതിയിട്ടുണ്ട്..!

ശരീരത്തിൽ എണ്ണ പുരട്ടിയിരിക്കുന്നു..!

കൈ രണ്ടും നിലത്തുകുത്തി തലയുയർത്തിപ്പിടിച്ചാണു കിടപ്പ്. ഇതൊരു അത്ഭുത ശിശുവാണ്... 

ഇങ്ങനെ ഒരു കുട്ടി പ്രസവിക്കപ്പെടുമെന്നു തന്റെ ജനതയോട് ആദംനബി (അ) പറഞ്ഞിട്ടുണ്ട്. പിന്നീടുവന്ന പ്രവാചകന്മാർക്കെല്ലാം ഈ കുട്ടിയുടെ വരവിനെക്കുറിച്ചറിയാമായിരുന്നു. എല്ലാ വേദഗ്രന്ഥങ്ങളിലും ഈ
കുട്ടിയുടെ ആഗമനം അറിയിച്ചിട്ടുണ്ട്... 

കുട്ടി പിറക്കുന്നതിനുമുമ്പു പിതാവു മരണപ്പെട്ടിരിക്കുമെന്നു വേദം പഠിച്ച പണ്ഡിതന്മാർക്കറിയാമായിരുന്നു.

എന്തൊരഴക്..! എന്തൊരു പ്രകാശം..!

പ്രസവവിവരം അറിഞ്ഞ് അബ്ദുൽ മുത്വലിബ് ഓടിയെത്തി. 

കുഞ്ഞിനെക്കണ്ടപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം. കുട്ടിയെ കോരിയെടുത്തു. കഅ്ബാലയത്തിലേക്കോടി. അവിടെയുണ്ടായിരുന്നവർ കുട്ടിയെ കണ്ടു. അവരും സന്തോഷത്തിൽ പങ്കുകൊണ്ടു... 

ഏഴാം ദിവസം "അഖീഖ" അറുത്തു. അന്നു വീടുനിറയെ ആളുകളായിരുന്നു. ബന്ധുക്കളൊക്കെ വന്നു. ഖുറയ്ശി നേതാക്കന്മാരെല്ലാം വന്നു. അവർക്കെല്ലാം വിഭവങ്ങൾ നിറഞ്ഞ സദ്യ. മുഹമ്മദ് എന്നു പേരിട്ടു... 

അബ്ദുൽ മുത്വലിബിനു ധാരാളം മക്കളുണ്ടായിരുന്നുവല്ലോ. അവരിൽ പ്രസിദ്ധരായവർ ഹാരിസ്, അബൂത്വാലിബ്, അബ്ബാസ്, ഹംസ എന്നിവരാകുന്നു. മറ്റൊരു മകൻ അബൂലഹബ്... 

സുവയ്ബതുൽ അസ്ലമിയ്യ എന്ന അടിമസ്ത്രീ അബൂലഹബിന്റെ സമീപം ഓടിയെത്തി. വർധിച്ച സന്തോഷത്തോടെ അവൾ വിളിച്ചുപറഞ്ഞു:

“യജമാനൻ അറിഞ്ഞോ... പ്രസവിച്ചു. അങ്ങയുടെ മരിച്ചു പോയ സഹോദരന്റെ ഭാര്യ പ്രസവിച്ചു. അങ്ങയുടെ മരിച്ചുപോയ
സഹോദരന്റെ ഭാര്യ പ്രസവിച്ചു. ആൺകുട്ടി...”

“ങേ... നേരാണോ നീ പറഞ്ഞത്..?”

“ഞാൻ കുഞ്ഞിനെ കണ്ടിട്ടല്ലേ വരുന്നത്. എനിക്കു സന്തോഷം അടക്കാനാവുന്നില്ല. ആഹ്ലാദം കൊണ്ടു ഞാൻ തുള്ളിച്ചാടിവരികയായിരുന്നു. യജമാനനോട് ഇക്കാര്യം പറയാൻ...”

അബൂലഹബ് സന്തോഷംകൊണ്ടു മതിമറന്നുപോയി... 

“സുവയ്ബതേ... ഈ സന്തോഷവാർത്ത അറിയിച്ചതിന്റെ പേരിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കിയിരിക്കുന്നു."

സുവയ്ബതിന്റെ സന്തോഷത്തിനതിരില്ല. ഈ കുഞ്ഞു കാരണമാണല്ലോ താൻ അടിമത്തത്തിൽ നിന്നു മോചിതയായത്. കുഞ്ഞിനോടുള്ള സ്നേഹം വർധിച്ചു... 

അബ്ദുല്ലയുടെ വിയോഗം മക്കാനിവാസികളുടെ ദുഃഖമായി. അബ്ദുൽ മുത്വലിബിന്റെ ദുഃഖം അവരെ വേദനിപ്പിച്ചു. ഇപ്പോൾ തങ്ങളുടെ നേതാവിന്റെ മനസ്സുനിറയെ ആഹ്ലാദമാണ്. ആ നടപ്പിലും ഇരിപ്പിലും സംസാരത്തിലും സന്തോഷം അലതല്ലുന്നു. പലർക്കും സമ്മാനങ്ങൾ നൽകി. സദ്യ തന്നെ എത്ര കെങ്കേമം... 

അബ്ദുൽ മുത്വലിബിന്റെ മക്കൾക്കെല്ലാം വലിയ ആഹ്ലാദം.
അബൂത്വാലിബിനാണു കൂടുതൽ സന്തോഷം. സഹോദരപുത്രനെ അവർ ലാളിച്ചു. സ്നേഹിച്ചു, പരിചരിച്ചു...

അന്ത്യപ്രവാചകൻ ഭൂജാതനായിരിക്കുന്നു. അന്ത്യപ്രവാചകനെ പ്രസവിച്ച മാതാവിനെ നാം ആദരിക്കണം. അവരുടെ പേരു കേൾക്കുമ്പോൾ "റളിയല്ലാഹു അൻഹാ' എന്നു പറയണം.

തന്റെ പൊന്നോമനയെ മാതാവ് ഓമനിച്ചു. മുലകൊടുത്തു, കുഞ്ഞു പാൽകുടിച്ചു, മുഖത്തു സന്തോഷം. മാതാവിന്റെ ഖൽബ് കുളിരണിഞ്ഞു... 


Part : 13

ഗ്രാമത്തിലെ വസന്തങ്ങൾ

നബിﷺയെ പ്രസവിച്ച കാലത്തു മക്കയിൽ നിലവിലുണ്ടായിരുന്ന ഒരു സമ്പദായത്തെക്കുറിച്ചു പറഞ്ഞുതരാം, കേട്ടോളൂ..!! 

കുഞ്ഞുങ്ങളെ മുലകൊടുത്തു വളർത്താൻ വേണ്ടി ആരോഗ്യവതികളായ സ്ത്രീകളെ ഏൽപിക്കും. ഗ്രാമവാസികളായ സ്ത്രീകൾ കുഞ്ഞുങ്ങളെ ഗ്രാമത്തിൽ കൊണ്ടു പോയി വളർത്തും. കുഞ്ഞുങ്ങൾ ഗ്രാമീണ അന്തരീക്ഷത്തിൽ വളരുന്നു, നല്ല ആരോഗ്യത്തോടെ, സന്തോഷത്തോടെ...

ഗ്രാമീണർ ശുദ്ധമായ അറബി സംസാരിക്കും. കുഞ്ഞുങ്ങൾ അതുകേട്ടു പഠിക്കും. മക്ക ഒരു പട്ടണമാണ്. അവിടെ പല നാട്ടുകാർ വന്നും പോയുംകൊണ്ടിരിക്കും. സ്ഥിരതാമസക്കാർ തന്നെ പല തരക്കാരാണ്. ഭാഷയും പലതരം,ശുദ്ധമായ അറബി സംസാരിച്ചു പഠിക്കണമെങ്കിൽ ഗ്രാമത്തിൽ പോകണം. 

ഇടക്കിടെ ഗ്രാമീണ സ്ത്രീകൾ മക്കയിൽ വരും. കുഞ്ഞുങ്ങളെ മുലകൊടുത്തു വളർത്താൻ വേണ്ടി കൊണ്ടുപോകും. അതിനു പ്രതിഫലവും ലഭിക്കും.

നബി ﷺ തങ്ങൾക്ക് ആദ്യത്തെ കുറച്ചു ദിവസം മുലയൂട്ടിയത് മാതാവു തന്നെയായിരുന്നു. പിന്നീടോ..?

'സുവയ്ബതുൽ അസ്ലമിയ്യ' കൂട്ടുകാർ അവരെ മറന്നില്ലല്ലോ, അബൂലഹബിന്റെ അടിമയായിരുന്നു. നബിﷺതങ്ങൾ ജനിച്ച സന്തോഷവാർത്ത അബൂലഹബിനെ അറിയിച്ചത് അവരായിരുന്നു. സന്തോഷാധിക്യത്താൽ അബൂലഹബ് അവരെ സ്വതന്ത്രയാക്കി. ഇപ്പോൾ അവർ സ്വതന്തയാണ്. അവർ അതിരറ്റ സന്തോഷത്തോടെ പാലു കൊടുത്തു... 

അബ്ദുൽ മുത്വലിബ് ഗ്രാമീണ സ്ത്രീകളെ കാത്തിരിക്കുകയാണ്. പൊന്നുമോനെ അവരുടെ കൂടെ അയയ്ക്കണം. കുഞ്ഞിനു നല്ല ആരോഗ്യം വേണം. ശുദ്ധമായ അറബി സംസാരിച്ചു പഠിക്കണം... 

ഹവാസിൻ ഗോത്രം വളരെ പ്രസിദ്ധമാണ്. ഹവാസിൻ ഗോത്രത്തിൽപ്പെട്ടവരാണ് ബനൂസഅ്ദ് കുടുംബം. ആ കുടുംബത്തിൽപ്പെട്ട സ്ത്രീകൾ മക്കയിൽ വന്നു കുഞ്ഞുങ്ങളെ സ്വീകരിക്കാറുണ്ട്. 

ബനൂസഅ്ദ് കുടുംബാംഗമായ ഹലീമയും വേറെ കുറെ സ്ത്രീകളും മക്കയിൽ വന്നു. ഹലീമ ഒരു മെലിഞ്ഞ സ്ത്രീയാണ്. അബൂകബ്ശ എന്നാണവരുടെ ഭർത്താവിന്റെ പേര്. ആമിനാബീവി(റ)യുടെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചതു ഹലീമക്കായിരുന്നു... 

കുഞ്ഞിനെ കിട്ടിയത് അവരുടെ ഭാഗ്യം. എന്തെല്ലാം അനുഗ്രഹങ്ങളാണ് ആ കുടുംബത്തിനു ലഭിച്ചത്..? അവരുടെ ആടുകൾ തടിച്ചുകൊഴുത്തു. ധാരാളം പാൽ കിട്ടി. വീട്ടിൽ പട്ടിണി ഇല്ലാതായി. അവരുടെ ഈത്തപ്പനകളിൽ ധാരാളം കുലകൾ വിരിഞ്ഞു. വലിയ അളവിൽ ഈത്തപ്പഴം കിട്ടി. 

അബൂകബ്ശയുടെ മക്കൾക്ക് ആ കുഞ്ഞിനെ ജീവനാണ്. ളംറ എന്നാണ് ഒരു മകന്റെ പേര്. ളംറയും കുഞ്ഞും ആ കുടിലിൽ വളർന്നുവരുന്നു. ദിവസങ്ങൾ മാസങ്ങളായി ഒഴുകി. മാസങ്ങൾ വർഷങ്ങളായി. 

ളംറയും മറ്റു കുട്ടികളും ആടുമേയ്ക്കുവാൻ മലഞ്ചെരുവിൽ പോകും. കൂടെ കുട്ടിയും പോകും. ഒരു ദിവസം ആടിനെ മേയ്ക്കുവാൻ പോയതായിരുന്നു. വെള്ള വസ്ത്രധാരികളായ ചിലർ കുട്ടിയെ സമീപിച്ചു. ളംറക്കു വലിയ വെപ്രാളമായി. അവൻ ആകാംക്ഷയോടെ നോക്കിനിന്നു.

വെള്ളവസ്ത്രധാരികൾ കുട്ടിയെ മലർത്തിക്കിടത്തി. നെഞ്ചും വയറും കീറി. അതിൽനിന്ന് ഒരു കറുത്ത സാധനം എടുത്തുമാറ്റി. പിന്നീടു വെള്ളം കൊണ്ടു കഴുകി.

ളംറ കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി. ഉമ്മയോടു വിവരം പറഞ്ഞു. വീട്ടിലുള്ളവരെല്ലാവരുംകൂടി ഓടിവന്നു.

കുട്ടി സന്തോഷത്തോടെ എഴുന്നേറ്റുനിൽക്കുന്നു. ഒന്നും സംഭവിക്കാത്തതുപോലെ മന്ദഹസിക്കുന്നു...

“എന്താ മോനേ ഉണ്ടായത്, ആരാണു വന്നത്..?”

കുട്ടി നടന്ന സംഭവങ്ങൾ പറഞ്ഞു. അതു കേട്ടപ്പോൾ ഹലീമ(റ)ക്കു പേടിയായി. തന്റെ മോന് എന്തെങ്കിലും സംഭവിക്കുമോ..? അന്നവർക്ക് ഉറക്കം വന്നില്ല. ഒരേ ചിന്ത, ആരായിരിക്കും മോന്റെ അടുത്തു വന്നത്..? ഇനിയും വരുമോ..? കുട്ടിയെ ഉപദ്രവിക്കുമോ..? 

ഇത് അസാധാരണ കുട്ടിയാണ്. പലതവണ ബോധ്യം വന്നു. കിടന്നുറങ്ങുന്ന മുറിയിൽ പ്രകാശം കണ്ടിട്ടുണ്ട്. പിന്നെ എന്തെല്ലാം അത്ഭുതങ്ങൾ..!

കുട്ടിയെ മടക്കിക്കൊടുക്കാം. മാതാവിനെ ഏൽപിക്കാം. അതാണു നല്ലത്. അല്ലെങ്കിൽ... വല്ലതും സംഭവിച്ചാൽ തനിക്കതു സഹിക്കാനാവില്ല. പൊന്നുമോനെ എങ്ങനെ വേർപിരിയും. മോനെക്കാണാതെ എങ്ങനെ ജീവിക്കും. വേർപിരിയാൻ എന്തൊരു വിഷമം. ഒരു തീരുമാനത്തിലെത്താനാവുന്നില്ല...

എന്തുവേണം..?


Part : 14

മൂന്നാം മാസത്തിൽ എഴുന്നേറ്റുനിന്ന കുട്ടി. അഞ്ചാം മാസത്തിൽ പിച്ചവച്ചു നടന്ന കുട്ടി. ഒൻപതാം മാസത്തിൽ സംസാരിക്കാൻ തുടങ്ങിയ കുട്ടി. എല്ലാം അസാധാരണം...

വിശന്നാലും ദാഹിച്ചാലും പരാതി പറയില്ല. ഉള്ളതുകൊണ്ടു തൃപ്തിപ്പെടും. വാശിയില്ല, വഴക്കില്ല. ഇതൊക്കെ കുട്ടി അസാധാരണക്കാരനാണെന്നു കാണിക്കുന്നു.

വീട്ടിലെ അംഗങ്ങൾ ഒന്നിച്ചിരുന്നു കുട്ടിയുടെ കാര്യം ചർച്ച ചെയ്തു. കുട്ടിക്കു വല്ല ആപത്തും വന്നാൽ സഹിക്കാനാവില്ല. കുട്ടിയെ തിരിച്ചേൽപിക്കുന്നതാണു നല്ലത്. കുട്ടിയെ കാണാമെന്നു തോന്നുമ്പോൾ മക്കയിൽ പോയി കണ്ടിട്ടുവരാം.

ആ കുടുംബം തീരുമാനത്തിലെത്തി.

ഹലീമാബീവി (റ) കുട്ടിയെയും കൊണ്ട് ആമിനാ ബീവി (റ) യുടെ സമീപമെത്തി. ഉമ്മ മകനെക്കണ്ടു, കെട്ടിപ്പിടിച്ചു. മകനെക്കണ്ട സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞുപോയി. ഹലീമ (റ) ക്കു മോന്റെ കാര്യങ്ങൾ പറഞ്ഞിട്ടു മതിവരുന്നില്ല. 

“ഞാൻ പോട്ടെ മോനേ... ഈ ഉമ്മയെ മറക്കരുതേ മോനേ...” ഹലീമ (റ)ക്കു യാത്ര പറയുമ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല. വളർത്തിയ ഉമ്മയെ പിരിയാൻ മോനും കഴിഞ്ഞില്ല...

ഹലീമ (റ) യാത്രപറഞ്ഞിറങ്ങി. ഉമ്മയും മകനും ഒരു മുറിയിൽ. അവർക്ക് ഒരു സ്വകാര്യ ലോകം. ഉമ്മ മോനോടു ഏറെനേരം സംസാരിച്ചു. മോൻ ഉമ്മയോടും. എത്ര വ്യക്തമായി സംസാരിക്കുന്നു..! ശുദ്ധമായ അറബിയിൽ. മോന്റെ അംഗചലനങ്ങൾക്കെന്തൊരു ഭംഗി.
സംസാരിക്കുമ്പോൾ മുഖഭാവം മാറിമാറി വരുന്നു. അതു കാണുമ്പോൾ മാതൃഹൃദയം ത്രസിച്ചു...

അബ്ദുൽ മുത്വലിബ് മോനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. കഅ്ബാലയത്തിനടുത്തേക്കു
കൊണ്ടുപോയി.

മോനു വയസ്സ് ആറായി. ഒരു ദിവസം ആമിന (റ) അബ്ദുൽ മുത്വലിബിനോട് ഒരു കാര്യം പറഞ്ഞു: “എനിക്കും മോനും കൂടി ഒന്നു യസ് രിബിൽ പോകണം.”

ആമിന(റ)യുടെ വാക്കുകൾ ആ വൃദ്ധനെ അത്ഭുതപ്പെടുത്തി. ദുഃഖചിന്തകൾ മനസ്സിൽ ചലനം സൃഷ്ടിക്കുന്നു.

യസ് രിബിൽ പോകുന്നതെന്തിനാണെന്നറിയാം. ആ ഖബർ സന്ദർശിക്കാനാണ്. പ്രിയപ്പെട്ടവനെ സന്ദർശിക്കണം, ആവശ്യമതാണ്...

ഒരുപാടു ദുഃഖചിന്തകൾ ഉണർത്തും. ആമിന വേദനിക്കും. ആ വേദന കാണാൻ തന്നെക്കൊണ്ടാവില്ല. മോൻ ഇതുവരെ യസ്‌ രിബിൽ പോയിട്ടില്ല. മോനെയും കൊണ്ടു യസ് രിബിൽ പോകാൻ ആമിന (റ) ആഗ്രഹിക്കുന്നു. പോയിവരട്ടെ. അതാണു നല്ലത്...

ഖാഫില പോകുമ്പോൾ കൂടെവിടാം. നല്ലൊരു ഒട്ടകത്തെയും ഒട്ടകക്കാരനെയും ഏർപാടു ചെയ്യാം. വീട്ടിൽത്തന്നെ ഒട്ടകങ്ങൾ ധാരാളം, ഒട്ടകക്കാരും...

“ആമിനാ... നീ വിഷമിക്കേണ്ട. യാത്രയ്ക്കു ഞാൻ ഏർപാടു ചെയ്യാം.” അബ്ദുൽ മുത്വലിബ് പറഞ്ഞു. ആമിന (റ)ക്കു സമാധാനമായി.

“മോനേ... നമുക്കു യസ് രിബിൽ പോകണം." ഉമ്മ മകനോടു പറഞ്ഞു. 

മകൻ ചോദിച്ചു: “എന്തിനാണുമ്മാ..?”

ഉമ്മ ബാപ്പയുടെ കഥ പറഞ്ഞുകൊടുത്തു. യസ് രിബിലെ ബന്ധുക്കളുടെ കഥയും. “യസ് രിബിലെ ബന്ധുക്കൾക്കു മോനെക്കാണാൻ എന്തൊരാഗ്രഹമാണെന്നോ? അവർ കാത്തിരിക്കുകയാവും...”

മോനു സന്തോഷമായി. കാണാത്ത നാട്. കാണാത്ത ബന്ധുക്കൾ. മോന് ഇപ്പോൾ വീട്ടിൽ കളിക്കാൻ ഒരു കൂട്ടുകാരിയുണ്ട്. ഒരു അടിമപ്പെൺകുട്ടി. പേര് ഉമ്മുഅയ്മൻ...

“നമുക്ക് ഉമ്മുഅയ്മനെയും കൂടെ കൊണ്ടുപോകാം. മോനു സന്തോഷമായില്ലേ..?”

“എനിക്കു സന്തോഷമായി.” മോന്റെ സന്തോഷത്തിൽ ഉമ്മയും ഉമ്മുഅയ്മനും പങ്കുചേർന്നു...

ഉമ്മു അയ്മൻ എന്ന പെൺകുട്ടിക്കു മോനെന്നു പറഞ്ഞാൽ ജീവനാണ്. എന്തൊരു സ്നേഹം. എപ്പോഴും കൂടെ നടക്കും. ഭക്ഷണം കൊടുക്കും. വസ്ത്രം കഴുകിക്കൊടുക്കും. കുളിപ്പിക്കും. കിടത്തിയുറക്കും.
എന്തൊരു കൂട്ടുകെട്ടും സ്നേഹവും..!

അബ്ദുൽ മുത്വലിബും മോനും തമ്മിൽ വല്ലാതെ അടുത്തുപോയി. പിരിഞ്ഞിരിക്കാൻ വയ്യ. എപ്പോഴും കുട്ടി സമീപത്തു
വേണം. എന്തെങ്കിലും കാര്യത്തിനു പുറത്തുപോയാൽ ആവശ്യം കഴിഞ്ഞ് ഉടനെയിങ്ങത്തും, മോനെക്കാണാൻ...

യസ് രിബിൽ പോയാൽ കുറെ നാളത്തേക്കു കാണാൻ കഴിയില്ല. ഓർത്തപ്പോൾ മനസ്സിൽ നിറയെ ദുഃഖം, എന്നാലും പോയിവരട്ടെ. ദുഃഖം സഹിക്കാം. യാത്രയുടെ ദിവസം നിശ്ചയിച്ചു. ഒരുക്കം തുടങ്ങി. കാത്തിരുന്ന ദിനം പുലർന്നു. 

ഒട്ടകവും ഒട്ടകക്കാരനും തയ്യാറായി. അബ്ദുൽ മുത്വലിബ് മകനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. വേദനയോടെ യാത്ര പറഞ്ഞു. ഉപ്പുപ്പായെ പിരിയാൻ മോനും വിഷമം തന്നെ...

“ഞങ്ങൾ പോയിവരട്ടെ.” ആമിന (റ) യാത്ര പറഞ്ഞു.

സ്ത്രീകളും കുട്ടികളും പുരുഷന്മാരും നോക്കിനിൽക്കെ ഒട്ടകം മുന്നോട്ടു നീങ്ങി. എല്ലാ ഖൽബുകളും തേങ്ങുകയായിരുന്നു. എല്ലാവരുടെയും ചിന്തകൾ ആറു വർഷങ്ങൾക്കപ്പുറത്തേക്കു പറന്നുപോയി...

കച്ചവടത്തിനു പോയ അബ്ദുല്ല. 

യസ് രിബിൽ വച്ചുണ്ടായ മരണം. ആ ഖബറിടം സന്ദർശിക്കാൻ വേണ്ടി പുറപ്പെടുകയാണ്. ബന്ധുക്കളിൽ പലരും ഖബർ സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ സ്വന്തം മകനും പുറപ്പെട്ടിരിക്കുന്നു.


Part : 15

അനാഥത്വം 

മറക്കാനാവാത്ത യാത്ര. മരുഭൂമിയിലൂടെയുള്ള ദീർഘയാത്ര. അന്നത്തെ അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല. മാതാവിനോടൊപ്പമുള്ള യാത്ര.

ദിനരാത്രങ്ങൾ പലതും കടന്നുപോയി. യാത്രക്കാർ യസ് രിബിൽ എത്തി. ബനുന്നജ്ജാർ കുടുംബം താമസിക്കുന്ന സ്ഥലത്ത് ഒട്ടകം മുട്ടുകുത്തി. കുടുംബാംഗങ്ങൾ ആഗതരെക്കണ്ട് അന്തംവിട്ടു നിന്നുപോയി. അവർക്കു സന്തോഷം അടക്കാനായില്ല.

ആറുവയസ്സുകാരനെയും ഉമ്മയെയും അവർ സ്വീകരിച്ചു. ഉമ്മുഅയ്മൻ എന്ന പെൺകുട്ടിയെ പരിചയപ്പെട്ടു. ഉമ്മയും മകനും ആ ഖബറിനരികിൽ ചെന്നുനിന്നു. മകൻ ഉമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കുന്നു.

വെളുത്ത മുഖം വാടിയിരിക്കുന്നു. മനസ്സിൽ ഓർമകളുടെ തള്ളൽ. യാത്ര പറഞ്ഞുപോയതാണ്. അന്നു പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു...

“ആമിനാ... നീ വിഷമിക്കരുത്. ദുഃഖിക്കരുത്. കച്ചവടം കഴിഞ്ഞു ഞാൻ വേഗമിങ്ങെത്തും...”

എന്റെ അരികിൽ ഓടിയെത്തുമെന്നു പറഞ്ഞുപോയ ആൾ... ഇതാ ഇവിടെ വരെയേ എത്തിയുള്ളൂ...

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ ഒന്നിച്ചു താമസിച്ച ശേഷം, തന്നെ വിട്ടുപോയ പുതുമാരൻ... ഇതാ കിടക്കുന്നു... ഈ ഖബറിൽ. നിയന്ത്രണം വിട്ടു പോയി. കണ്ണീർച്ചാലുകളൊഴുകി. വെളുത്ത കവിളിലൂടെ ഒഴുകിവന്ന കണ്ണുനീർ തുള്ളികൾ ഖബറിനു മുകളിൽ വീണു ചിതറി...

ഉമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയുന്നില്ല. മകനും കരഞ്ഞു. ദുഃഖം എന്താണെന്നു കുട്ടി അറിയുന്നു. വിരഹവേദന അറിയുന്നു. കണ്ണീരും നെടുവീർപ്പും എന്താണെന്നറിയുന്നു. ഉമ്മുഅയ്മൻ ആ ദുഃഖത്തിനു സാക്ഷി. കണ്ണീർക്കണങ്ങൾക്കും നെടുവീർപ്പുകൾക്കും സാക്ഷി...

ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രദേശം. ആറുവയസ്സുകാരൻ ഓടി നടന്നു കാണുന്നു. ബന്ധുക്കൾക്ക് കുട്ടിയെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. 

കുട്ടിയുടെ ഓരോ അവയവവും അവർ കൗതുകപൂർവം നോക്കിക്കാണുന്നു. നെറ്റിത്തടം, പുരികങ്ങൾ, കവിൾത്തടം,ചുണ്ടുകൾ, ദന്തനിരകൾ, കഴുത്ത്, കൈകാലുകൾ. എല്ലാം എത്ര അഴകായി സൃഷ്ടിച്ചിരിക്കുന്നു..! കുട്ടിയുടെ അംഗചലനങ്ങൾ, സംസാരരീതി, മുഖഭാവം. സാധാരണ കുട്ടികളിൽ നിന്നും എത്ര വ്യത്യസ്ത..!  

ബന്ധുക്കളെയെല്ലാം പരിചയപ്പെട്ടു. സ്ഥലങ്ങളും പരിചയപ്പെട്ടു. കുട്ടികൾക്കൊപ്പം നീന്തൽ പഠിക്കാൻ പോയി... അങ്ങനെ ഒരിക്കലും മറക്കാത്ത ഒരുപാട് അനുഭവങ്ങൾ..!
ബന്ധുക്കളുടെ വീട്ടിൽ ഒരുമാസം താമസിച്ചു...

ഇനി മടക്കയാത്ര...

ബന്ധുക്കളോടു യാത്ര പറച്ചിൽ. വേർപാടിന്റെ വേദന. കണ്ടുമുട്ടലുകൾ. ഒന്നിച്ചുള്ള ജീവിതം. അതിന്റെ സുഖ ദുഃഖങ്ങൾ. പിന്നെ വേർപിരിയൽ. ആറു വയസ്സുകാരൻ അതെല്ലാം അനുഭവിച്ചറിഞ്ഞു...

ഒട്ടകക്കട്ടിലിൽ കയറി. ബന്ധുക്കൾ ചുറ്റും കൂടി. വീണ്ടും വരണം, അടുത്ത കൊല്ലവും വരണം. ബന്ധുക്കൾ സ്നേഹപൂർവം ക്ഷണിക്കുന്നു.

"പോയിവരട്ടെ..."

ഒട്ടകം നീങ്ങി. മടക്കയാത്ര തുടങ്ങിയപ്പോൾ മകന്റെ മനസ്സിൽ ഒരു മാസത്തെ ജീവിതാനുഭവങ്ങൾ തെളിഞ്ഞുനിന്നു. കരിമലകൾ അകന്നകന്നുപോയി. അപ്പോൾ മകൻ ഉപ്പുപ്പയെ ഓർക്കുന്നു...

“ഉപ്പുപ്പ... എനിക്കുടനെ ഉപ്പുപ്പായെ കാണണം. കണ്ടിട്ടെത്ര നാളായി...”

“അങ്ങെത്തട്ടെ മോനെ...”

മോൻ വേദന അടക്കി ഒട്ടകപ്പുറത്തിരുന്നു. കുറേദൂരം യാത്ര ചെയ്തു. 'അബവാഅ്' എന്ന സ്ഥലത്തെത്തിയിരിക്കുന്നു...


Part : 16


മോൻ ഉമ്മയുടെ മുഖത്തേക്കു നോക്കി. ഉമ്മയുടെ മുഖം വാടിയിരിക്കുന്നു. മുഖത്തു നല്ല ക്ഷീണം. ഒട്ടകപ്പുറത്ത് ഇരിപ്പുറക്കുന്നില്ല. ഉമ്മക്കെന്തു പറ്റി..?

"ഉമ്മാ..” മകൻ വേദനയോടെ വിളിച്ചു.

“ഉമ്മയ്ക്ക്... വയ്യ മോനേ...” നേർത്ത ശബ്ദം.

ഒട്ടകം മുട്ടുകുത്തി. യാത്ര നിറുത്തി അവർ താഴെയിറങ്ങി. ഉമ്മ താഴെ കിടന്നു. വെള്ളം കുടിച്ചു. ക്ഷീണം കുറയുന്നില്ല. ആറു വയസ്സുകാരന്റെ മനസ്സു തപിച്ചു...

ഉമ്മ എന്താണെഴുന്നേൽക്കാത്തത്..? ഉമ്മ എഴുന്നേറ്റിട്ടുവേണം യാത്ര തുടരാൻ. യാത്ര ചെയ്താലല്ലേ മക്കത്തെത്തൂ...! മക്കത്തെത്തിയാലല്ലേ ഉപ്പുപ്പയെ കാണാൻ പറ്റൂ...

മകൻ വെപ്രാളത്തോടെ ഉമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. ഉമ്മ കണ്ണു തുറന്നു. മകനെ നോക്കി. പിന്നെ ഉമ്മു അയ്മൻ എന്ന പെൺകുട്ടിയെ നോക്കി. ഇരുവരും സമീപത്തുതന്നെയുണ്ട്...

ഉമ്മയുടെ തളർന്ന കൈകൾ ചലിച്ചു. പൊന്നുമോന്റെ കൊച്ചു കൈ പിടിച്ചു. അത് ഉമ്മുഅയ്മന്റെ കയ്യിൽ വച്ചുകൊടുത്തു. എന്നിട്ടു മെല്ലെ പറഞ്ഞു:

“ഈ... കിടപ്പിൽ... ഞാനെങ്ങാൻ... മരിച്ചുപോയാൽ... എന്റെ പൊന്നുമോനെ... അവന്റെ ഉപ്പുപ്പായുടെ കയ്യിൽ കൊണ്ടുചെന്ന്... ഏല്പിക്കണം.”

ഞെട്ടിപ്പോയി. എന്താണ് ഉമ്മ പറഞ്ഞത്..? മോൻ ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉമ്മുഅയ്മനും കരച്ചിലടക്കാനായില്ല. ദുഃഖം തളംകെട്ടിനിന്നു. അവിടെ മരണത്തിന്റെ കാലൊച്ച..!!

ഇരുപതു വയസ്സുള്ള ആമിന(റ). മോനെ കണ്ടു കൊതിതീർന്നില്ല. കണ്ണുകൾ തളരുന്നു. നെറ്റിത്തടം വിയർക്കുന്നു. ശ്വാസം നിലച്ചു. കണ്ണുകൾ അടഞ്ഞു. ശരീരം നിശ്ചലമായി. മരണം കൺമുമ്പിൽ കണ്ട കുട്ടി...

പിതാവിനെ കണ്ടിട്ടില്ല. ഖബറിടം കണ്ടു. അതിന്റെ ദുഃഖവും സഹിച്ചു. ഏറെ കഴിയും മുമ്പു മാതാവും ഇതാ ചലനമറ്റു കിടക്കുന്നു. ഇനിയുള്ള യാത്രയിൽ അവർ കൂട്ടിനില്ല...

ആമിന(റ)യുടെ ജനാസ അവിടെ ഖബറടക്കപ്പെട്ടു. ആറു വയസ്സുകാരൻ ദുഃഖം കടിച്ചമർത്തി. വീണ്ടും യാത്ര. മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടി. മാതാവിന്റെ മരണരംഗം കൺമുമ്പിൽ നിന്നും മായുന്നില്ല...

ഒട്ടകം വന്നു. ഒട്ടകക്കട്ടിലിൽ നിന്നും പൊന്നുമോനും ഉമ്മുഅയ്മനും ഇറങ്ങിവന്നു. ആറുവയസ്സുകാരന്റെ കരയുന്ന കണ്ണുകൾ...

“ഉപ്പുപ്പാ...” കുട്ടി നിയന്ത്രണം വിട്ടു കരഞ്ഞു...

“പൊന്നുമോനേ..." മോനും ഉപ്പുപ്പായും കെട്ടിപ്പിടിച്ചു കരഞ്ഞു.

എന്റെ റബ്ബേ...!! ഈ മോന്റെ ഗതി... അബ്ദുൽ മുത്വലിബിനു കുട്ടിയോടുള്ള സ്നേഹവും വാത്സല്യവും വർധിച്ചു. ഇനി ഈ കുട്ടിക്കു ഞാൻ മാത്രമേയുള്ളൂ...

അവർ ഒന്നിച്ച് ആഹാരം കഴിക്കും, ഒരേ പാത്രത്തിൽ നിന്ന്. ഒന്നിച്ചു നടക്കാനിറങ്ങും. ഒരേ വിരിപ്പിൽ കിടന്നുറങ്ങും. കുട്ടിയെ വിട്ടുപിരിയാനാവുന്നില്ല. രണ്ടു വർഷങ്ങൾ കടന്നുപോയി. കുട്ടിക്ക് എട്ടു വയസ്സായി. വൃദ്ധനായ അബ്ദുൽ മുത്വലിബും മരണപ്പെട്ടു...

ആളുകൾ ഓടിക്കൂടി. അവർ കണ്ട കാഴ്ചയെന്താണ്..? മയ്യിത്തു കിടത്തിയ കട്ടിലിന്റെ കാലിൽ പിടിച്ചു പൊട്ടിക്കരയുന്ന എട്ടുവയസ്സുകാരൻ...

ദുഃഖത്തിനുമേൽ ദുഃഖം. മക്കയുടെ നേതാവിനു ഖബർ തയ്യാറായി. മയ്യിത്തു കട്ടിൽ നീങ്ങിയപ്പോൾ കുട്ടി പിന്നാലെ നടക്കുന്നു. ഖബറടക്കം കഴിഞ്ഞു. ഒഴിഞ്ഞ മയ്യിത്തു കട്ടിലുമായി ജനങ്ങൾ മലയിറങ്ങിവരുമ്പോൾ പലരും കുട്ടിയെ ശ്രദ്ധിച്ചു. ഉപ്പുപ്പയുടെ ഖബറിനുനേരെ പലതവണ തിരിഞ്ഞു നോക്കിക്കൊണ്ട് എട്ടു വയസ്സുകാരൻ നടന്നുവരുന്നു...

വീട്ടിലെത്തി. ഉപ്പുപ്പ കിടന്ന കട്ടിൽ. ഉപ്പുപ്പായെ കെട്ടിപ്പിടിച്ചുകൊണ്ടു താനും ഈ കട്ടിലിലാണു കിടന്നത്. ഇതാ... കട്ടിൽ ഒഴിഞ്ഞു കിടക്കുന്നു. എന്റെ ഉപ്പൂപ്പ പോയി...


Part : 17

ഫിജാർ യുദ്ധം 

നാലു വർഷങ്ങൾ പിന്നിട്ടു. അന്ന്, അബ്ദുല്ല (റ)വിന്റെയും ആമിന(റ)യുടെയും പൊന്നോമന പുത്രനു വയസ്സ് പന്ത്രണ്ട്. ശാമിലേക്കു ഖാഫില പുറപ്പെടാൻ സമയമായി. കൊല്ലത്തിലൊരിക്കൽ അബൂത്വാലിബും ഖാഫിലയോടൊപ്പം പോകും...

“ഞാനും കൂടിവരാം”- കുട്ടിയുടെ ആവശ്യം.

“പൊന്നുമോനേ... മോനെക്കൊണ്ട് അത്രയും ദൂരം സഞ്ചരിക്കാനാവില്ല. വളരെ പ്രയാസമാണ്. മോൻ ഇവിടെ ഇരുന്നാൽ മതി.” അബൂത്വാലിബ് കുട്ടിയെ പിന്തിരിപ്പിക്കാൻ നോക്കി...

"അതൊന്നും സാരമില്ല. ഞാനും വരാം” കുട്ടി നിർബന്ധം പിടിച്ചു.

അബൂത്വാലിബ് വല്ലാതെ വിഷമിച്ചു. കുട്ടിയെ കൂടെ കൊണ്ടു പോകാൻ പറ്റില്ല. മരുഭൂമിയിലെ ദീർഘയാത്രയാണ്. കൊണ്ടുപോകാതിരുന്നാൽ കുട്ടിയുടെ മനസ്സു വേദനിക്കും. എന്തുവേണം. കുട്ടിയെ വേദനിപ്പിച്ചുകൂടാ...

“മോനെയും കൂടി കൊണ്ടുപോകാം.” കുട്ടിക്കു സന്തോഷം.

ഖാഫില പുറപ്പെട്ടു. അബൂത്വാലിബ് തന്റെ അരികിൽത്തന്നെ കുട്ടിയെ ഇരുത്തി. ഈ യാത്രയും കുട്ടിക്കു വളരെ പ്രയോജനപ്പെട്ടു. ഓരോ സ്ഥലത്തെത്തുമ്പോഴും അബൂത്വാലിബ് ആ സ്ഥലത്തെക്കുറിച്ചു കുട്ടിക്കു വിവരിച്ചുകൊടുക്കും. കേട്ടതെല്ലാം ഓർമയിൽ വെക്കും.

സന്തോഷകരമായ യാത്ര. യാത്രക്കാർ ബുസ്റാ എന്ന സ്ഥലത്ത് എത്തി. അവർ അവിടെ അൽപനേരം വിശ്രമിച്ചു. ഒരു ക്രിസ്തീയ പുരോഹിതൻ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബുഹയ്റ.

പൂർവവേദങ്ങൾ പഠിച്ചിട്ടുള്ള പണ്ഡിതനാണു ബുഹയ്റ. അതിലെ സൂചനകൾ വെച്ചുനോക്കിയാൽ ഒരു പ്രവാചകൻ വരാൻ സമയമായിരിക്കുന്നു. ആ പ്രവാചകന്റെ ലക്ഷണങ്ങൾ വേദങ്ങളിൽ വിവരിച്ചിട്ടുണ്ട്. ആ ലക്ഷണങ്ങൾ ഈ കുട്ടിയിൽ കാണുന്നുണ്ട്. ബുഹയ്റ അബൂത്വാലിബിന്റെ മുമ്പിലെത്തി.
എന്നിട്ടൊരു ചോദ്യം:

“ഈ കുട്ടി ഏതാണ്..?”

“എന്റെ മകൻ”- അബൂത്വാലിബ് പറഞ്ഞു.

“നിങ്ങളുടെ സ്വന്തം മകനാണോ..?”- ബുഹയ്റ ചോദിച്ചു. അബൂത്വാലിബ് എന്തോ ആലോചിക്കുന്നു.

“നിങ്ങളുടെ മകനാകാൻ വഴിയില്ല. പറയൂ, ഈ കുട്ടിയുടെ പിതാവ് ആരാണ്?”- ബുഹയ്റ തറപ്പിച്ചു ചോദിച്ചു.

“എന്റെ സഹോദര പുത്രനാണ്”- അബൂത്വാലിബ് പറഞ്ഞു.

“നിങ്ങളുടെ സഹോദരനെവിടെ..?”

“മരിച്ചുപോയി”

“എപ്പോൾ..?”

“ഈ കുട്ടി പ്രസവിക്കുന്നതിനു മുമ്പ്”

“എങ്കിൽ ഈ കുട്ടി അതുതന്നെ.”

“ങേ... എന്താ... എന്താ പറഞ്ഞത്..?”

"ഒരു പ്രവാചകൻ വരാൻ സമയമായിരിക്കുന്നു. ഈ കുട്ടിയിൽ പ്രവാചക ലക്ഷണങ്ങൾ കാണുന്നുണ്ട്. നിങ്ങൾ സൂക്ഷിക്കണം. ജൂതന്മാർ ഈ കുട്ടിയെ കാണാൻ ഇടവന്നാൽ ഉപദ്രവിക്കും. ഉടനെ തിരിച്ചുപോകണം. ശത്രുക്കൾ കാണാൻ ഇടവരരുത്...”

അബൂത്വാലിബ് ഭയന്നുപോയി. പിന്നീടെല്ലാം ധൃതിപിടിച്ചായിരുന്നു. ശാമിലെത്തി. കച്ചവടകേന്ദ്രങ്ങൾ ഉണർന്നു. വ്യാപാര കാര്യങ്ങൾ പെട്ടെന്നവസാനിപ്പിച്ചു വേഗം മടങ്ങി.

കുട്ടിയുടെ കാര്യത്തിൽ കൂടുതൽ ഉൽക്കണ്ഠയായി. ജൂതന്മാർ കാണാതെ നോക്കണം. അവർ കുട്ടിയെ തിരിച്ചറിയും. പൊന്നുമോനെയും കൊണ്ടു മക്കയിൽ തിരിച്ചെത്തിയിട്ടേ ആശ്വാസമായുള്ളൂ. ഇനി ദൂരയാത്രയ്ക്കൊന്നും അയയ്ക്കരുത് എന്നു തീരുമാനിക്കുകയും ചെയ്തു.

കുട്ടി ഇടയ്ക്കൊക്കെ വീട്ടിലെ കുട്ടികളോടൊപ്പം ആടിനെ മേയ്ക്കാൻ പോകുമായിരുന്നു. ഉന്നത കുടുംബത്തിലെ കുട്ടികളും മേച്ചിൽ സ്ഥലത്തുണ്ടാകും. മക്കക്കാർക്കൊക്കെ അബ്ദുല്ലയുടെ പുത്രനോടു വലിയ സ്നേഹമാണ്. ഒരു ബഹളത്തിനും പോകില്ല. ആളുകളെ സഹായിക്കും. സത്യം മാത്രമേ പറയുകയുള്ളൂ. മക്കക്കാർ കുട്ടിയെ "അൽ അമീൻ” എന്നുവിളിച്ചു...

അൽഅമീൻ എന്നു പറഞ്ഞാൽ എന്താ അർത്ഥം..? വിശ്വസ്തൻ എന്നുതന്നെ. വാക്കു പറഞ്ഞാൽ വിശ്വസിക്കാം. കള്ളം പറയില്ല...

മക്കയിൽ ധാരാളം ഗോത്രങ്ങളുണ്ട്. അവർ ഇടയ്ക്കിടെ ബഹളം വയ്ക്കും. നിസ്സാര കാരണം മതി, അടിപിടികൂടും. എല്ലാവർക്കും പ്രതികാര ചിന്തയാണ്. അതില്ലാത്തവർ കുറവാണ്. ഇങ്ങോട്ടു പറഞ്ഞാൽ അങ്ങോട്ടു പറയും. ഇങ്ങോട്ടടിച്ചാൽ അങ്ങോട്ടുമടിക്കും. ഗോത്രങ്ങൾക്കിടയിൽ പ്രതികാര ചിന്ത വളരെ ശക്തമായിരുന്നു...


Part : 18

നബി ﷺ തങ്ങൾക്കു പതിനാലു വയസ്സുള്ളപ്പോൾ വലിയൊരു യുദ്ധം നടന്നു. നാലു വർഷം നീണ്ടുനിന്ന യുദ്ധം. ഫിജാർ യുദ്ധം. ഖുറയ്ശ്, ഖയ്സ് എന്നീ ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധം...

നീതി ഖുറയ്ശികളുടെ ഭാഗത്തായിരുന്നു. നബിﷺയുടെ പിതൃസഹോദരന്മാരായിരുന്നു യുദ്ധത്തിനു നേതൃത്വം വഹിച്ചിരുന്നത്. അമ്പുകൾ പെറുക്കിക്കൊടുക്കുക എന്ന ജോലി അൽ അമീനും ചെയ്തിരുന്നു. ഖുറയ്ശികളുടെ പതാക വഹിച്ചിരുന്നത് സുബയ്ർ എന്ന പിതൃവ്യനായിരുന്നു.

യുദ്ധംമൂലം നാടു നശിച്ചു. മക്കയുടെ പ്രതാപത്തിനു മങ്ങലേറ്റു. സർവത്ര ദാരിദ്രം പടർന്നു. കൊല്ലപ്പെട്ടവർ നിരവധിയാണ്. അവരുടെ മക്കളെ നോക്കാനാളില്ല. അവർ നാഥനില്ലാതെ അലഞ്ഞുനടന്നു. അവരെ പലരും ആക്രമിച്ചു. ഈ അവസ്ഥ അൽഅമീൻ എന്ന കുട്ടിയെ വേദനിപ്പിച്ചു...

തന്റെ സമപ്രായക്കാരുടെ കഷ്ടപ്പാടുകൾ ആ കുട്ടി ആശങ്കയോടെ നോക്കിക്കണ്ടു. കൊല്ലപ്പെട്ടവരുടെ വിധവകളുടെ
അവസ്ഥ ദയനീയമായിരുന്നു.

ഒരു യുദ്ധത്തിന്റെ കെടുതികൾ നേരിൽക്കണ്ടു. മറക്കാനാവാത്ത ദുരിതങ്ങൾ. വിദേശികൾക്കു ഖുറൈശികളോടുണ്ടായിരുന്ന ഭയവും ആദരവും പോയി.
ഖുറൈശികൾ വളരെയേറെ വേദന സഹിച്ചു. ഉക്കാള് ചന്തയിൽ വച്ചാണു കലഹം പൊട്ടിപ്പുറപ്പെട്ടത്...

കഅ്ബയും അതിന്റെ പരിസര പ്രദേശങ്ങളും അടങ്ങുന്ന 'ഹറം' പുണ്യഭൂമിയായി പണ്ടേ കരുതിപ്പോരുന്നതാണ്. അവിടെവച്ചു യുദ്ധവും കലഹവും പാടില്ല. പക്ഷേ ശത്രുക്കൾ ഇവിടെ യുദ്ധക്കളമാക്കിയില്ലേ? എങ്ങനെ സഹിക്കും..?

റജബ്, ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം എന്നീ മാസങ്ങൾ വളരെ വിശുദ്ധമാണ്. യുദ്ധം നിരോധിക്കപ്പെട്ട മാസമാണെന്നു പൗരാണികമായിത്തന്നെ വിശ്വസിച്ചുവന്നിരുന്നു. ഫിജാർ യുദ്ധം എല്ലാ പാരമ്പര്യങ്ങളും തകർത്തുകളഞ്ഞു. മാസങ്ങളുടെ മാന്യതപോലും കളങ്കപ്പെടുത്തി.

ഇത് അധാർമിക യുദ്ധമാണ്. ഫിജാർ യുദ്ധം എന്ന പേരിന്റെ അർത്ഥം തന്നെ അതാണ്. മക്കയിൽ നാശം വിതച്ച ഫിജാർ യുദ്ധം. ഖുറൈശികൾ ചിന്തിച്ചു. അവർ ആലസ്യത്തിൽ നിന്നുണർന്നു.

മക്കാപട്ടണത്തിനു നേരെ ആക്രമണം നടത്താൻ മുമ്പെങ്ങും ഒരു ഗോത്രക്കാരും തുനിഞ്ഞിട്ടില്ല. അറബ് ഗോത്രങ്ങൾ ഇപ്പോൾ അതിനു ധൈര്യപ്പെട്ടിരിക്കുന്നു.

മക്കയിൽ വച്ചു യാത്രക്കാർ ആക്രമിക്കപ്പെടാറില്ല. വിദേശികളെ ഉപ്രദവിക്കാറില്ല. ഇപ്പോൾ ധിക്കാരികൾ അതൊക്കെ ചെയ്തിരിക്കുന്നു.

സബീദ് ഗോത്രക്കാരനായ ഒരു കച്ചവടക്കാരൻ മക്കയിൽ വന്നു. ആരോ അയാളെ ആക്രമിച്ചു. കൈവശമുള്ള വസ്തുക്കളൊക്കെ തട്ടിപ്പറിച്ചു. അയാൾ ഖുറൈശികളുടെ സമീപത്തു വന്നു സങ്കടം പറഞ്ഞു.

ഈ സംഭവം ഖുറൈശികളെ ഇരുത്തിച്ചിന്തിപ്പിച്ചു. അനാഥകളും വിധവകളും സംരക്ഷിക്കപ്പെടണം. യാത്രക്കാർ ആക്രമിക്കപ്പെടരുത്. മക്കാപട്ടണത്തെ ആക്രമിക്കരുത്.

ഇതൊക്കെ സാധ്യമാകാൻ എന്തു ചെയ്യണം..? ഖുറൈശീ പ്രമുഖർ അബ്ദുല്ലാഹിബ്നു ജുദ്ആന്റെ വീട്ടിൽ സമ്മേളിച്ചു. സുദീർഘമായി ചർച്ച നടത്തി. ചില തീരുമാനങ്ങളെടുത്തു.

ബനൂഹാശിം, ബനുമുത്വലിബ്, ബനു അബ്ദിമനാഫ്, ബനുഅസദ്, തയമുബ്നു മുർറ എന്നീ കുടുംബങ്ങൾ ചർച്ചയിൽ പങ്കെടുത്തു. അൽ അമീൻ എന്ന ചെറുപ്പക്കാരനും പങ്കെടുത്തു. അവർ

താഴെ പറയുന്ന തീരുമാനങ്ങളെടുത്തു.

മക്കയിൽ വച്ചു സ്വന്തം കുടുംബക്കാരോ അല്ലാത്തവരോ ആക്രമിക്കപ്പെടരുത്.

വഴിയാത്രക്കാർക്കു സംരക്ഷണം നൽകുന്നതാണ്.

മർദ്ദിതനു സംരക്ഷണം നൽകും.

മർദിക്കപ്പെടുന്നവരെ സഹായിക്കും. അവരുടെ അവകാശങ്ങൾ തിരിച്ചുകിട്ടും വരെ സമരം ചെയ്യും.

ഈ ഉടമ്പടിക്ക് 'ഹിൽഫുൽ ഫുളൂൽ' എന്നു പറയുന്നു.

പിതൃവ്യനായ സുബൈറിനോടൊപ്പം ബാലനായ നബി ﷺ തങ്ങൾ ഈ ഉടമ്പടി തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു. പിൽക്കാലത്തു ഹിൽഫുൽ ഫുളൂലിനെ പുകഴ്ത്തിക്കൊണ്ടു നബി ﷺ തങ്ങൾ സംസാരിച്ചിട്ടുണ്ട്.

“ഹിൽഫുൽ ഫുളൂലിനെ ഞാൻ മേത്തരം ചുവന്ന ഒട്ടകങ്ങളേക്കാൾ വിലമതിക്കുന്നു. അത്തരത്തിലുള്ള ഒരു സംരംഭത്തിനു ക്ഷണം കിട്ടിയാൽ ഇനിയും ഞാൻ സ്വീകരിക്കും,”

ഈ ഉടമ്പടി സംരക്ഷിക്കാൻ ഖുറൈശി ഖബീലയിലെ എല്ലാ കുടുംബങ്ങളും യോജിച്ചുനിന്നു. അതുകാരണം അഗതികൾക്കും അനാഥകൾക്കും സംരക്ഷണം ലഭിച്ചു. മക്കയിൽ വച്ച് അക്രമങ്ങൾ നടന്നില്ല. സമാധാനത്തിന്റെ കാലഘട്ടം വന്നു.

അബൂത്വാലിബാണ് അന്നു മക്കയുടെ പ്രധാന നായകൻ. ഫിജാർ യുദ്ധം അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. മക്കയുടെ നാശം തന്റെ അധികാരത്തെ തകിടം മറിക്കുന്നതായി അദ്ദേഹത്തിനു തോന്നി. സമാധാനക്കരാറിലൂടെ കാര്യങ്ങൾ പുരോഗമിച്ചുവന്നതോടെ അദ്ദേഹത്തിന് ആശ്വാസമായി...


Part : 19

സുബൈദി എന്ന വ്യാപാരി

ഒരു ഖുറൈശി പ്രമാണിയുടെ കഥ പറഞ്ഞുതരാം. പേര് ആസ്വ്. ഒട്ടകപ്പുറത്തു ചരക്കുമായി വന്ന ഒരു കച്ചവടക്കാരനെ ആസ്വ് കണ്ടു. ചരക്കു കണ്ടപ്പോൾ വാങ്ങാൻ മോഹം...

“നിങ്ങളുടെ പേരെന്താണ്?” ആസ്വ് കച്ചവടക്കാരനോടു ചോദിച്ചു.

“എന്റെ പേര് സുബൈദി”- കച്ചവടക്കാരൻ പേരു പറഞ്ഞു.

കച്ചവടച്ചരക്കു പരിശോധിച്ചശേഷം ആസ്വ് പറഞ്ഞു: “നിങ്ങളുടെ ചരക്ക് എനിക്കു വേണം. വില പറയൂ...”

സുബൈദി വില പറഞ്ഞു. ആസ്വ് സമ്മതിച്ചു. ചരക്കു കൈമാറി. പണം റൊക്കം തരാനില്ല. കടം തരണം. ആസ്വ് നേതാവാണ്. പ്രസിദ്ധനും ധനികനുമാണ്. പണം ഉടനെ കിട്ടുമെന്നായിരുന്നു സുബൈദിയുടെ പ്രതീക്ഷ.

കടം പറഞ്ഞപ്പോൾ വിഷമം തോന്നി. എങ്കിലും സമ്മതിച്ചു. അവധിയും പറഞ്ഞല്ലോ; പറഞ്ഞ അവധിക്കു പണം കിട്ടുമെന്നു വിശ്വസിച്ചു. ആ വിശ്വാസത്തിൽ മടങ്ങിപ്പോയി.

നിശ്ചിത ദിവസം സുബൈദി ആസ്വിന്റെ വീട്ടിലെത്തി. “എന്റെ ചരക്കിന്റെ വില തന്നാലും.” സുബൈദി വിനയപൂർവം അപേക്ഷിച്ചു...

“പ്രിയപ്പെട്ട സുബൈദി. പണമൊന്നും വന്നില്ലല്ലോ. കുറച്ചു ദിവസം കൂടി കഴിയട്ടെ” - ആസ്വ് മറ്റൊരു അവധി പറഞ്ഞു.

സുബൈദി എന്തു പറയും..? ശക്തനായ നേതാവല്ലേ ആസ്വ്. സുബൈദി മടങ്ങിപ്പോയി. വളരെ ദുഃഖത്തോടെ. പലതവണ സുബൈദി വന്ന് ആസ്വിനെ കണ്ടു. പണം കിട്ടിയില്ല.

നിരാശനായ കച്ചവടക്കാരൻ പല ഖുറൈശി നേതാക്കളെയും കണ്ടു. അവരോടു പരാതി പറഞ്ഞു. ആരും സുബൈദിയുടെ ദുഃഖം കണ്ടില്ല. പ്രമുഖനായ ആസ്വിനെതിരെ എന്തെങ്കിലും സംസാരിക്കാൻ അവരാരും തയ്യാറായില്ല.

സുബൈദി നിരാശനായി. ഇനി ആരോടു പറയും..? ചില തറവാട്ടുകാരെ ചെന്നു കണ്ടു സങ്കടം പറഞ്ഞു. ആസ്വിന്റെ കയ്യിൽ നിന്നും ചരക്കുകളുടെ വില വാങ്ങിത്തരണം. അവരിൽ ചിലരുടെ മനസ്സലിഞ്ഞു.

മക്കക്കാരനല്ലാത്ത ഒരാളാണു സുബൈദി. അക്കാരണംകൊണ്ട് ഇത്രയും ക്രൂരത കാണിക്കാമോ, ഇത് അക്രമമല്ലേ..?

സുബൈദിയുടെ കാര്യം ചർച്ച ചെയ്യാൻ വേണ്ടി ചില തറവാട്ടുകാർ യോഗം ചേർന്നു. ഹാശിം, മുത്വലിബ്, അസദ്, സുഹ്റ എന്നീ തറവാട്ടുകാരാണ് ഒത്തുകൂടിയത്...

അബ്ദുല്ലാഹിബ്നു ജുദ്ആൻ എന്ന പ്രമുഖന്റെ വീട്ടിൽ അവർ സമ്മേളിച്ചു. കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. സുബൈദിയുടെ അവകാശം പിടിച്ചുവാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു.

അൽഅമീൻ ആ യോഗത്തിൽ പങ്കെടുത്തിരുന്നു.“അകമിക്കപ്പെട്ടവനെ നാം സഹായിക്കും. അവൻ മക്കക്കാരനോ വിദേശിയോ ആരാകട്ടെ.” യോഗം പ്രഖ്യാപിച്ചു.

നേതാക്കൾ ഒന്നിച്ചിറങ്ങി. സുബൈദിനെയും കൂട്ടി നേരെ നടന്നു, ആസ്വിന്റെ വീട്ടിലേക്ക്.

“ആസ്... താങ്കൾ ഖുറൈശി പ്രമുഖനാണ്. ഒരു കച്ചവടക്കാരന്റെ ചരക്കു വാങ്ങിയിട്ടു വില നൽകാതിരിക്കുക. അത് അക്രമമാണ്. മര്യാദക്കു സുബൈദിയുടെ ചരക്കിന്റെ വില നൽകൂ....! ചരക്കിന്റെ വില നൽകിയില്ലെങ്കിൽ ഞങ്ങൾ ബലംപ്രയോഗിക്കും. ഇതു നിസ്സാര കാര്യമല്ല.”

ആസ്വ് പിന്നെ മടിച്ചുനിന്നില്ല. സുബൈദിക്കു പണം നൽകി. അൽഅമീൻ വളരെ സന്തോഷവാനായിരുന്നു. അക്രമിക്കപ്പെട്ട സുബൈദിയുടെ അവകാശത്തിനു വേണ്ടി രംഗത്തിറങ്ങിയവരെ പ്രവാചകൻ ﷺ പിൽക്കാലത്തെ പ്രശംസിക്കാറുണ്ടായിരുന്നു.

മറക്കാനാവാത്ത സംഭവമായിരുന്നു അത്. അക്രമിക്കപ്പെട്ടവന്റെ അവകാശം നേടിയെടുക്കാനുള്ള ധീരമായ സംരംഭം. ധീരമായ പ്രതിജ്ഞ. ഇസ്ലാമിക കാലത്തും അതിനു പ്രസക്തിയുണ്ട്.

സ്വഹാബികൾ ഈ സംഭവം അഭിമാനപൂർവം തങ്ങളുടെ കൂട്ടുകാരെ അറിയിച്ചു. അങ്ങനെ സംഭവം പ്രസിദ്ധമായിത്തീർന്നു. ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു...


Part : 20

കച്ചവടക്കാരൻ 

അബൂത്വാലിബിനു വാർധക്യം ബാധിച്ചു. തൊഴിലെടുക്കാൻ പ്രയാസം. വരുമാനം കുറഞ്ഞു. ഒരു വലിയ കുടുബത്തെ സംരക്ഷിക്കണം. നബിﷺതങ്ങൾ അദ്ദേഹത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി. ജോലി ചെയ്തു കുടുംബത്തെ സഹായിക്കണമെന്നു നബി ﷺ തീരുമാനിച്ചു. ആടിനെ മേയ്ക്കലും കച്ചവടവുമാണ് പ്രധാന ജോലികൾ...

സ്വന്തം കുടുംബത്തിലെ ആടുകളെ മേയ്ക്കാൻ നബിﷺതങ്ങൾ ചെറുപ്പകാലത്തു പോകുമായിരുന്നു. വളർന്നപ്പോൾ മക്കക്കാരായ ചിലരുടെ ആടുകളെ മേയ്ക്കുവാൻ പോയി. മറ്റുള്ളവരുമായി ചേർന്നു ചില കച്ചവടങ്ങൾ നടത്തി. അബൂബക്കർ (റ) വിനോടൊപ്പമായിരുന്നു ചിലത്. 

കച്ചവടയാത്രകളും നടത്തി. മറ്റു പലരുമായി കൂറുകച്ചവടം നടത്തിയിട്ടുണ്ട്. കൂറുക്കൂട്ടാൻ ഏറ്റവും പറ്റിയ ആളാണ്. കൂറുകച്ചവടം നടത്തിയ ചിലർ പ്രവാചകനെക്കുറിച്ചു പറഞ്ഞു. വിശ്വസ്തനാണെന്നു പരക്കെ അറിയപ്പെട്ടു. 

ഖദീജ (റ) യെ കുട്ടികൾ കേട്ടിട്ടുണ്ടോ..? മക്കയിലെ ധനികനായ കച്ചവടക്കാരിയായിരുന്നു ഖദീജ (റ). ഉന്നത തറവാട്ടിൽ ജനിച്ച വനിത. രണ്ടുതവണ വിവാഹിതരായിട്ടുണ്ട്. ഭർത്താക്കന്മാരിൽ നിന്നു ധാരാളം സ്വത്തു കിട്ടി. പാരമ്പര്യമായും കുറെ സമ്പത്തുണ്ട്. കച്ചവടത്തിൽനിന്നു നല്ല ലാഭവും കിട്ടി. ഏറെ സമ്പന്നയാണവർ... 

ശാമിലേക്കു വമ്പിച്ചൊരു ഖാഫിലയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഖദീജ. വിശ്വസ്തനായൊരു മാനേജരെ അന്വേഷിക്കുകയാണവർ. 

ഒരു ദിവസം അബൂത്വാലിബ് സഹോദരപുത്രനോടു പറഞ്ഞു “മകനേ ഖദീജ വ്യാപാരി യാത്ര നടത്താൻ ഒരാളെ അന്വേഷിക്കുന്നു. ഞാൻ നിന്റെ കാര്യം അവളോടു സംസാരിക്കെട്ടയോ..?” 

അതു കേട്ടപ്പോൾ സഹോദരപുത്രൻ എന്തൊക്കെയോ ചിന്തിച്ചുപോയി. തനിക്ക് ഇരുപത്തഞ്ചു വയസ്സായി. ഒരു നല്ല ജോലി വേണം. ഏതായാലും ഇക്കാര്യം സംസാരിക്കാം...

“മകനേ കാലം നമുക്കനുകൂലമല്ല. ഞാൻ വൃദ്ധനായി. നിനക്കൊരു ജോലി വേണ്ടേ..?” 

“എനിക്കൊരു ജോലി വേണം അങ്ങു പോയി സംസാരിക്കൂ...” 

അബൂത്വാലിബ് വീട്ടിൽനിന്നിറങ്ങി. പഴയതുപോലെ സഞ്ചരിക്കാനൊന്നും പറ്റുന്നില്ല. ഖദീജയുടെ വീട്ടിലെത്തി. മക്കയുടെ നായകൻ തന്റെ വീട്ടിൽ വന്നിരിക്കുന്നു. ഖദീജയ്ക്കു വലിയ സന്തോഷം...

“ഖദീജാ നിങ്ങൾ കച്ചവടയാത്ര നടത്താൻ വിശ്വസ്തനായ ഒരാളെ അന്വേഷിക്കുന്നതായി കേട്ടു. മുഹമ്മദിനെ ഏർപ്പെടുത്തിത്തരാം. നീ വാഗ്ദാനം ചെയ്ത പ്രതിഫലം ഞാനറിഞ്ഞു. മുഹമ്മദിനു കുറച്ചു കൂടുതൽ നൽകണം.”

“തീർച്ചയായും ഞാനതു ചെയ്യും.” ഖദീജ സമ്മതിച്ചു. 

അബൂത്വാലിബ് അവിടെനിന്നിറങ്ങി നേരെ വീട്ടിൽ ചെന്നു സഹോദരപുത്രനോടു പറഞ്ഞു : “ഞാൻ ഖദീജയോടു സംസാരിച്ചു. നിന്നെ കച്ചവടത്തിന്റെ ഉത്തരവാദിത്തം ഏൽപിക്കാമെന്നു സമ്മതിച്ചു. നല്ല പ്രതിഫലവും കിട്ടും. അല്ലാഹു ﷻ നിനക്കു നൽകിയ അനുഗ്രഹമാണിതെന്നു കരുതിക്കോളൂ..."


Part : 21

ഖദീജക്കു ബുദ്ധിമാനായ ഒരടിമയുണ്ടായിരുന്നു. കച്ചവടക്കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചിരുന്ന ആൾ. പേര് മൈസറ...

ഖാഫില പുറപ്പെടുകയായി. അൽഅമീൻ കച്ചവടസംഘത്തെ നയിക്കുന്നു. മൈസറ കൂടെയുണ്ട്.

ശാമിലേക്കുള്ള രണ്ടാം യാത്ര. പന്ത്രണ്ടാം വയസ്സിലെ യാത്രയിൽ കണ്ട സ്ഥലങ്ങൾ വീണ്ടും കൺമുമ്പിൽ തെളിയുന്നു. വാദിൽഖുറാ, മദ് യൻ, സമൂദ്.
ദിനരാത്രങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു.

മൈസറയുടെ കണ്ണുകൾ എല്ലായിടത്തും എത്തുന്നുണ്ട്. അൽഅമീൻ സഞ്ചരിക്കുമ്പോൾ ഒരു മേഘം കൂടെ സഞ്ചരിക്കുന്നു..! മേഘത്തിന്റെ തണലിലാണ് എപ്പോഴും..! ഇതു മൈസറയെ അത്ഭുതപ്പെടുത്തി. 

അവർ വളരെ ദൂരെയെത്തിക്കഴിഞ്ഞു. അപ്പോൾ വഴിവക്കിൽ ഒരാശ്രമം കണ്ടു. നസ്തൂറ എന്ന പാതിരിയുടെ ആശ്രമം. പൂർവവേദങ്ങളിലൂടെ അന്ത്യപ്രവാചകരുടെ ആഗമനത്തെക്കുറിച്ചു മനസ്സിലാക്കിയ പണ്ഡിതനായിരുന്നു നസ്തൂറ.

ആശ്രമത്തിനു സമീപം ഖാഫില ഇറങ്ങി. ഒരു മരത്തിനു ചുവട്ടിൽ അൽഅമീനും മൈസറയും ഇരുന്നു. നസ്തൂറ അവരുടെ സമീപത്തേക്കു നടന്നുവന്നു. അൽഅമീനെ അടിമുടി നോക്കി. ആ മുഖത്തു വല്ലാത്ത വിസ്മയം. പേരും പിതാവിന്റെ പേരും മറ്റും ചോദിച്ചു. 

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നസ്തൂറ പറഞ്ഞു: “ഈ മരത്തിന്റെ ചുവട്ടിൽ വിശ്രമിക്കുന്നത് ഒരു പ്രവാചകൻ തന്നെയാണ്. തൗറാത്തിൽ പറഞ്ഞ പ്രവാചകൻ ഇതുതന്നെയാണ്.”

മൈസറ അതിശയിച്ചിരുന്നുപോയി.

ഒരു പ്രവാചകന്റെ കൂടെയാണോ താൻ യാത്ര ചെയ്യുന്നത്..? മേഘം തണലിട്ടുകൊടുക്കുന്നതു വെറുതെയല്ല. മൈസറക്കു പ്രവാചകനോട് എന്തെന്നില്ലാത്ത ബഹുമാനം...

ശാമിലെത്തി. ചന്തയിൽ കച്ചവടസാധനങ്ങൾ നിരത്തിവച്ചു...

അൽ അമീൻ എങ്ങനെയാണു കച്ചവടം നടത്തുന്നതെന്നു മൈസറ പ്രത്യേകം ശ്രദ്ധിച്ചു...

സാധനങ്ങളുടെ മഹിമയൊന്നും വിളിച്ചുപറയുന്നില്ല. ഉള്ള കാര്യം പറയുന്നു. കിട്ടേണ്ട വില പറയുന്നു. അമിതമായ ലാഭക്കൊതിയൊന്നുമില്ല. സാധനങ്ങൾ വേഗം വിറ്റുതീർന്നു. നല്ല ലാഭവും കിട്ടുന്നു. വിചാരിച്ചതിലും നേരത്തെ പണി തീർന്നു. മൈസറക്കു വീണ്ടും അതിശയം..!!

ഖദീജ കുറെ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്. അതൊന്നും മറന്നുപോയില്ല. എല്ലാം കൃത്യമായി വാങ്ങി. മെസറ പറഞ്ഞു:

“യജമാനത്തിക്കു വലിയ സന്തോഷമാകും.”

മടക്കയാത്ര. അതും വളരെ സന്തോഷകരമായിരുന്നു. ഖദീജ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഖാഫില വരുന്നതു കാണാൻ വേണ്ടി മാളികയുടെ മുകൾത്തട്ടിലാണ് അവർ നിന്നിരുന്നത്.

ഖാഫില എത്തുന്നതിനു മുമ്പുതന്നെ മൈസറ വീട്ടിലെത്തി ആഹ്ലാദപൂർവം വിവരങ്ങൾ ഉണർത്തി.

“യജമാനത്തീ... വലിയ അതിശയമായിരിക്കുന്നു. അൽഅമീന്റെ കാര്യം അതിശയം തന്നെ. യാത്രയിലുടനീളം മേഘം തണലിട്ടുകൊടുത്തു. എങ്ങോട്ടു നീങ്ങിയാലും മേഘം കൂടെക്കാണും. എന്തൊരു നീതിമാൻ. കച്ചവടം പെട്ടെന്നു തീർന്നു. വാങ്ങാൻ ഏൽപിച്ച സാധനങ്ങളൊക്കെ വാങ്ങിയിട്ടുണ്ട്.”

നസ്തൂറ പറഞ്ഞ കാര്യവും ധരിപ്പിച്ചു. നോക്കിനോക്കി നിൽക്കെ ഖാഫില ഇങ്ങെത്തി. ഖദീജ ആഹ്ലാദപൂർവം ഓടിച്ചെന്നു സ്വീകരിച്ചു.

“അൽഅമീൻ, എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ..?”

“എല്ലാം വളരെ സുഖമായിരുന്നു.” വിനീതമായ മറുപടി... 

വാങ്ങിക്കൊണ്ടുവന്ന സാധനങ്ങൾ നോക്കി. എല്ലാം താൻ വിചാരിച്ചതിനേക്കാൾ നന്നായിരിക്കുന്നു. അൽ അമീനു നേരത്തെ പറഞ്ഞ പ്രതിഫലം നൽകി. കൂടാതെ കുറെ പാരിതോഷികങ്ങളും...


Part : 22

മനംപോലെ മംഗല്യം

അൽ അമീൻ പോയെങ്കിലും ഖദീജയുടെ മനസ്സിൽ നിന്നും ആ രൂപം മാഞ്ഞുപോയില്ല. ഖുറൈശി പ്രമുഖരായ പല യുവാക്കളും വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ചിട്ടുണ്ട്. അതെല്ലാം തള്ളിക്കളഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ചിന്ത തന്നെ ഇല്ലായിരുന്നു.

എന്നാൽ ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽ കടന്നുവന്നിരിക്കുന്നു. അൽ അമീൻ എന്ന ചെറുപ്പക്കാരന്റെ രൂപം മനസ്സിനെ തളർത്തുന്നു.

മേഘം തണലിട്ടുകൊടുത്ത പുണ്യപുരുഷൻ. വേദഗ്രന്ഥങ്ങൾ പ്രവചിച്ച മഹാത്മാവ്. ആ മഹാത്മാവിനു സേവനമർപ്പിക്കാൻ മനസ്സു കൊതിക്കുന്നു. ജീവിതം ആ കാൽക്കൽ സമർപ്പിക്കാൻ കഴിഞ്ഞെങ്കിൽ.

അപ്പോഴാണു നുസൈഫയുടെ വരവ്. “എന്താണു ഖദീജാ നിനക്കൊരു വല്ലായ്മ. മുഖം വിവർണമായിരിക്കുന്നു. എന്തുപറ്റി നിനക്ക്..?” കൂട്ടുകാരി ചോദിച്ചു.

“ഒന്നുമില്ലെടീ...” ഖദീജ ഒഴിഞ്ഞുമാറി.

കൂട്ടുകാരി വിടാൻ ഭാവമില്ല. മനസ്സിലുള്ളത് ഉടനെ അറിയണം. “എന്താണെങ്കിലും പറ. പ്രശ്നം ഏതായാലും ഞാൻ പരിഹരിച്ചുതരാം.” - കൂട്ടുകാരി ഉറപ്പുനൽകി.

“ഇതു നീ വിചാരിച്ചാൽ തീരുന്ന പ്രശ്നമല്ല.”

നുസൈഫ വീണ്ടും നിർബന്ധിച്ചു. അവസാനം മനസ്സിലെ ചിന്തകൾ നുസൈഫയെ അറിയിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നുസൈഫ പറഞ്ഞു:

“ഞാനിതിൽ ഇടപെടാൻ പോവുകയാണ്. അൽ അമീനോടു ഞാൻ സംസാരിക്കും. സമ്മതവും വാങ്ങും. നീ നോക്കിക്കോ.”
കൂട്ടുകാരി ഇറങ്ങിക്കഴിഞ്ഞു.

“വേണ്ട... നുസൈഫാ.. കുഴപ്പമുണ്ടാക്കല്ലേ...”

നുസൈഫ മക്കാപട്ടണത്തിൽ കറങ്ങി നടന്നപ്പോൾ വഴിയിൽ അൽഅമീനെ കണ്ടുമുട്ടി. “ഞാനൊരു കാര്യം ചോദിക്കട്ടെ. വയസ്സ് ഇത്രയുമായില്ലേ. ഇനിയൊരു വിവാഹമൊക്കെ വേണ്ടേ..?”

“വിവാഹമോ, എനിക്കോ..? അതിനുള്ള വകയൊന്നും എന്റെ കൈവശമില്ല.”

“വേണ്ട, നല്ല സൗന്ദര്യവും സമ്പത്തും കുലമഹിമയുമുള്ള ഒരു സ്ത്രീ താങ്കളെ വിവാഹത്തിനു ക്ഷണിക്കുന്നു. എന്നു കരുതുക. ആ ക്ഷണം താങ്കൾക്കു സ്വീകരിച്ചുകൂടേ..?”

അൽഅമീൻ ചിന്താധീനനായി.

“ആരാണവർ..?” - അൽഅമീൻ അമ്പരപ്പോടെ ചോദിച്ചു.

“ഖദീജ”- നുസൈഫ മറുപടി നൽകി.

“ങേ... അതെങ്ങനെ നടക്കാനാണ്..?”

“അതു നടക്കും. താങ്കളുടെ സമ്മതം കിട്ടിയാൽ മതി.”

അൽ അമീൻ എതിരൊന്നും പറഞ്ഞില്ല. അപ്പോൾ സമ്മതം തന്നെ. നുസൈഫ സന്തോഷത്തോടെ കൂട്ടുകാരിയുടെ സമീപത്തേക്ക് ഓടി.
അൽ അമീൻ അബൂത്വാലിബിനെ കാണാൻ പോയി. കാര്യങ്ങൾ വിശദമായി സംസാരിച്ചു.

“മോനേ... ഇതൊരനുഗ്രഹമായിട്ടാണ് എനിക്കു തോന്നുന്നത്. ഞാൻ ഖദീജയുടെ ബന്ധുക്കളുമായി സംസാരിക്കട്ടെ.” 

അൽ അമീൻ ആകെ ആശയക്കുഴപ്പത്തിലാണ്. ഖദീജയെ വിവാഹം കഴിക്കുകയോ..? അവർ മക്കയിലെ പ്രഭ്വിയാണ്, സമ്പന്ന, താനോ, ഒരു ദരിദ്രൻ. പിന്നെങ്ങനെ ഈ വിവാഹം നടക്കും..?

ആശങ്കകൾ വേഗം നീങ്ങി. ഈ വിവാഹക്കാര്യത്തിൽ ഖദീജ വളരെ സന്തോഷവതിയാണെന്ന് അൽ അമീൻ അറിഞ്ഞു.

അബൂത്വാലിബും ഖദീജയുടെ ബന്ധുക്കളും ചേർന്നു വിവാഹത്തിന്റെ തിയ്യതി നിശ്ചയിച്ചു. വിവാഹത്തിനു വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ചു. വേണ്ട ഒരുക്കങ്ങൾ നടന്നുകഴിഞ്ഞു. വിവാഹ സുദിനം.

അൽ അമീൻ ബന്ധുക്കളോടും കൂട്ടുകാരോടുമൊപ്പം ഖദീജയുടെ വീട്ടിലെത്തി. വലിയ മഹർ നൽകിയാണു വിവാഹം ചെയ്തത്. വിഭവ സമൃദ്ധമായ സദ്യ. കൂട്ടുകാർ യാത്ര പറഞ്ഞിറങ്ങി. ആചാരമനുസരിച്ചു ഖദീജയുടെ വീട്ടിൽ മൂന്നു ദിവസം താമസിക്കണമല്ലോ... 

അൽഅമീൻ എന്ന ചെറുപ്പക്കാരന് ഇരുപത്തിയഞ്ചു വയസ്സു പ്രായം. ഖദീജ(റ) എന്ന മണവാട്ടിക്കു പ്രായം നാൽപത്. ഒറ്റ നോട്ടത്തിൽ അവർ വളരെ ചെറുപ്പമായിരുന്നു. അവരുടെ അഴകും പെരുമാറ്റവും നബി ﷺ തങ്ങളെ വല്ലാതെ ആകർഷിച്ചു.

അൽ അമീനെ ഭർത്താവായിക്കിട്ടിയതിൽ അവർക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. തന്റെ ശരീരവും തനിക്കുള്ള സ്വത്തും ഖദീജാബീവി ആ കാൽക്കൽ സമർപ്പിച്ചുകഴിഞ്ഞു... 

ഖദീജ (റ) പ്രവാചകരുടെ മനം ആഹ്ലാദപൂർണമാക്കി. അതോടെ അവർ അത്യുന്നത പദവി പ്രാപിച്ചു...

Part : 23

ഒരു ഒത്തുതീർപ്പ് 

നബിﷺതങ്ങൾക്കു വയസ്സു മുപ്പത്തഞ്ചായി. ആ സമയത്തു നടന്ന ഒരു സംഭവമാണ് ഇനി വിവരിക്കുന്നത്. 

മക്കാപട്ടണത്തിന്റെ ചുറ്റുപാടും മലകളാണ്. മഴപെയ്താൽ ഉടനെ വെള്ളപ്പൊക്കമുണ്ടാകും. കഅ്ബാലയം വളരെ താഴ്ന്ന ഒരു പ്രദേശത്താണ്. പട്ടണത്തിലെ വെള്ളപ്പൊക്കം ഏറെ ശല്യം
ചെയ്യുന്നത് ഈ മന്ദിരത്തെയാണ്.

അന്നത്തെ കഅ്ബാലയത്തിന്റെ രൂപം എങ്ങനെയായിരുന്നുവെന്നു കേൾക്കണ്ടേ..?

വെറും നാലു ചുവരുകൾ. മേൽപുരയില്ല. ചുവരുകൾക്കാണെങ്കിൽ ഒരാളുടെ ഉയരമേയുള്ളൂ. ഇതാണ് അന്നത്തെ കെട്ടിടം. മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കത്തിൽ പെടും. അങ്ങനെ ചുവരുകൾക്കു വിള്ളൽ വന്നു.

കഅ്ബാലയത്തിനടുത്തേക്കു വെള്ളം കുതിച്ചൊഴുകിവരുന്നതു തടയാൻ കുറെയാളുകൾ ചേർന്നൊരു ബണ്ടു കെട്ടി. അതിനു കുറെ ധനം ചെലവായി. ബണ്ടു കാണാനും അഭിപ്രായം പറയാനും ധാരാളമാളുകൾ വന്നു. ശക്തമായ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബണ്ടു പൊളിഞ്ഞുപോയി. കഅ്ബ വെള്ളത്തിൽതന്നെ...

പുറംനാട്ടുകാരൊക്കെ വരുമ്പോൾ കഅ്ബയെ ഇങ്ങനെ കാണുന്നതു വലിയ കുറച്ചിലായി. ഇതൊന്നു പുതുക്കിപ്പണിയണം. കഅ്ബയുടെ പുതുക്കിപ്പണിക്കു ശുദ്ധമായ ധനം വേണം. ഹലാലായ പണംതന്നെ വേണം. പലിശപ്പണം പാടില്ല. ചുഷണത്തിലൂടെ നേടിയ പണം പറ്റില്ല. തട്ടിപ്പറിച്ച പണവും വേണ്ട...

ശുദ്ധമായ പണം ശേഖരിച്ചു. പഴയ കെട്ടിടം പൊളിക്കണം. കെട്ടിടമെന്നു പറഞ്ഞാൽ, പറഞ്ഞില്ലേ.. നാലു ചുവരുകൾ. എന്നിട്ടു പുതിയ ചുവരുകൾ പണിയണം, മേൽപുരയും പണിയണം. കെട്ടിടത്തിന് ഉയരം കൂട്ടണം.

അക്കാലത്തു പുറംനാട്ടിൽ നിന്നും വന്ന ഒരു കപ്പൽ ജിദ്ദാ തുറമുഖത്തു വച്ചു തകർന്നു. ഖുറൈശികൾ ആ കപ്പലിന്റെ പലകകൾ വിലക്കുവാങ്ങി, കപ്പലിലെ ആശാരിപ്പണിക്കാരന്റെ പേരു പറഞ്ഞുതരാം. ബാഖുമുറുമി...

വിദഗ്ധനായ തച്ചുപണിക്കാരനാണ് ബാഖുമുറുമി. ഖുറൈശികൾ ബാഖുമുറുമിയെ സമീപിച്ച് ഇങ്ങനെ അപേക്ഷിച്ചു: “ഞങ്ങൾ കഅ്ബാലയം പുതുക്കിപ്പണിയാൻ തീരുമാനിച്ചിരിക്കുകയാണ്. പൊളിഞ്ഞ കപ്പലിന്റെ പലകകൾ വിലയ്ക്കു വാങ്ങിയിട്ടുണ്ട്. പുതുക്കിപ്പണിയുന്ന ചുമതല താങ്കളെ ഏൽപിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

ലോകപ്രസിദ്ധമായ ദേവാലയം പുതുക്കിപ്പണിയാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. ചുവർ പൊളിക്കാനുള്ള സമയമായി. ഖുറൈശി ഗോത്രത്തിലെ എല്ലാ തറവാട്ടുകാരും ഈ പുണ്യകർമത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു. കെട്ടിടത്തിന്റെ ഭാഗങ്ങൾ പല കുടുംബങ്ങൾക്കായി ഭാഗിച്ചുകൊടുത്തു. അങ്ങനെ ആദരവോടെ ചുവരുകൾ പൊളിച്ചു തുടങ്ങി, കഅ്ബാലയം പുതുക്കിപ്പണിയാൻവേണ്ടി നബി ﷺ തങ്ങളും കല്ലു ചുമക്കുകയുണ്ടായി.

ചുവർ ഉയർന്നുവന്നു. ഹജറുൽ അസവദ് വയ്ക്കേണ്ട സ്ഥലം എത്തി. ആരാണ് ഹജറുൽ അസ്‌വദ് വയ്ക്കുക, അതിനുള്ള അവകാശം ആർക്കാണ്..? തറവാട്ടുകാർ തമ്മിൽ തർക്കമായി. വാക്കേറ്റം കയ്യാങ്കളിയിലേക്കു കടന്നു. ഒരു രക്തച്ചൊരിച്ചിലിന്റെ വക്കിൽ
നിൽക്കുകയാണവർ..!!

ഈ അവസ്ഥ കണ്ടു പലരും ദുഃഖിച്ചു. എന്തായാലും ഹജറുൽ അസ്‌വദ് വയ്ക്കുന്നതിന്റെ പേരിൽ ഒരു യുദ്ധം പാടില്ല. പക്ഷെ, എന്തു വഴി..? രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എന്തു വഴി..?

വൃദ്ധനായ ഒരു നേതാവു മുമ്പോട്ടു വന്നു. എല്ലാവരും ആദരിക്കുന്ന ഒരാൾ. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവ്.

അബൂഉമയ്യ ഹുദൈഫത് ബ്നു മുഗീറ, അദ്ദേഹം ഗോത്രക്കാരോടു വിളിച്ചു പറഞ്ഞു: “രക്തച്ചൊരിച്ചിൽ ഒഴിവാക്കൂ, ഞാനൊരു പരിഹാരമാർഗം പറയട്ടെ.'' എല്ലാവരും തർക്കം മതിയാക്കി അദ്ദേഹത്തെ ശ്രദ്ധിച്ചു.

“മസ്ജിദുൽ ഹറമിലേക്ക് ഇനി ആദ്യമായി കടന്നുവരുന്ന ആളെ നമുക്കു വിധികർത്താവായി നിയോഗിക്കാം.” എല്ലാവരും അതംഗീകരിച്ചു. അങ്ങനെ അവർ കാത്തിരുന്നു...


Part : 24

കാത്തിരിപ്പിനൊടുവിൽ അതാവരുന്നു അൽ അമീൻ. എല്ലാവർക്കും സന്തോഷമായി. പ്രശ്നം അവതരിപ്പിച്ചു. അല്ലാഹു ﷻ പ്രവാചകന്റെ (ﷺ) മനസ്സിൽ ഒരാശയം തോന്നിപ്പിച്ചു...

നബിﷺതങ്ങൾ തന്റെ വിരിപ്പ് നിലത്തു വിരിച്ചു. ഹജറുൽ അസ്‌വദ് വിരിപ്പിന്റെ നടുവിൽ വച്ചു. എല്ലാ തറവാട്ടുകാരുടെയും നേതാക്കളെ വിളിച്ചു. വിരിപ്പു പൊക്കാൻ പറഞ്ഞു. എല്ലാവരും കൂടി വിരിപ്പ് പിടിച്ചുയർത്തി. ആവശ്യമായ ഉയരത്തിലെത്തിയപ്പോൾ നബിﷺതങ്ങൾ ഹജറുൽ അസ്‌വദ് നീക്കിവെച്ചു.

ഹജറുൽ അസ്‌വദ് സ്ഥാപിച്ചുകഴിഞ്ഞു. എല്ലാവർക്കും ആശ്വാസമായി. ഒരു രക്തച്ചൊരിച്ചിൽ ഒഴിവായിക്കിട്ടി. എല്ലാവർക്കും അൽ അമീന്റെ പ്രവൃത്തിയിൽ വലിയ മതിപ്പുതോന്നി...

കഅ്ബാ ശരീഫിന്റെ പണി വേഗത്തിൽ പുരോഗമിച്ചു. ഹജറുൽ അസ്‌വദ് കാണുമ്പോഴെല്ലാം അറബികൾ അൽ അമീനെ ഓർക്കും.

നബിﷺതങ്ങൾക്കു പ്രായം കൂടിക്കൂടി വരുന്നു. നാൽപതിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. വിവാഹത്തിനു ശേഷം കച്ചവടത്തിനുവേണ്ടി ശാമിലേക്കും മറ്റു പ്രദേശങ്ങളിലേക്കും യാത്രചെയ്തിട്ടുണ്ട്. 

പലപ്പോഴും ആടിനെ മേയ്ക്കുവാൻ പോകും. മുടന്തുള്ള ആടുകളോടു വലിയ അനുകമ്പയാണ്. അഗതികളെയും അനാഥരെയും അശരണരെയും സഹായിക്കുന്നതിൽ വളരെയേറെ താൽപര്യമാണ്.

ബിംബാരാധനയുടെ കേന്ദ്രമായിരുന്നു അന്നത്തെ മക്ക. കുട്ടിക്കാലത്തുപോലും ബിംബങ്ങളുടെ അടുത്തു പോകുകയോ അവയെ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല.

മദ്യപാനം, ചൂതാട്ടം തുടങ്ങിയ തിന്മകളിൽ നിന്നെല്ലാം അകന്നുനിന്നു. അന്നത്തെ പാട്ടും കളിയും ഒന്നും ആസ്വദിക്കാൻ
അവസരം കിട്ടിയില്ല. അല്ലാഹുﷻവിന്റെ കാവൽ എപ്പോഴും ഉണ്ടായിരുന്നു.

രാത്രികാലത്തു കഥപറയുന്ന ചടങ്ങ് അന്നു നിലവിലുണ്ടായിരുന്നു. ഇന്നത്തെ കഥാപ്രസംഗംപോലെ - ഒരു കഥാകാരൻ കഥ പറഞ്ഞു ജനങ്ങളെ രസിപ്പിക്കും. പുലരുവോളം അതു നീണ്ടുനിൽക്കും.

സമപ്രായക്കാരായ കുട്ടികളുടെ കൂടെ ചെറുപ്പത്തിൽ നബിﷺതങ്ങളും കഥ കേൾക്കാൻ പോയി. കുട്ടികളെല്ലാം വലിയ ആവേശത്തിലാണ്. ഈ കുട്ടിയും കൂടെ നടന്നു. വഴിക്കുവച്ചൊരു കല്യാണ സദസ്സു കണ്ടു. ആൾക്കൂട്ടത്തെ കണ്ടു നോക്കിയിരുന്നു. കൺപോളകൾ അടഞ്ഞുപോയി. നല്ല ഉറക്കം. ഉറക്കം ഉണർന്നപ്പോൾ നേരം പുലർന്നിരിക്കുന്നു. കഥപറച്ചിൽ
കേൾക്കുന്നതിൽനിന്നും അല്ലാഹു ﷻ തടഞ്ഞു.

മക്കയിലെ സാമൂഹിക ജീവിതം തിന്മകൾ നിറഞ്ഞതായിരുന്നു. മദ്യപാനം, സ്ത്രീ പീഢനം, കയ്യേറ്റം, ബിംബാരാധന... ഈ തിന്മകൾ കണ്ടുകണ്ടു മടുത്തു. പിന്നെപ്പിന്നെ ജനങ്ങളിൽ നിന്നകന്നുനിൽക്കാൻ ശ്രമിച്ചു. ഏകാന്തത ഇഷ്ടപ്പെട്ടു. വിജന പ്രദേശങ്ങളിൽ ഒറ്റയ്ക്കു ചെന്നിരിക്കും.

നാൽപതു വയസ്സായിത്തുടങ്ങുകയാണ്. ഇടയ്ക്കിടെ സ്വപ്നങ്ങൾ കാണുന്നു. ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമായിത്തീരുന്നു.

സർവശക്തനായ അല്ലാഹു ﷻ തന്റെ ദൂതനു മികച്ച പരിശീലനം നൽകാൻ വേണ്ടി മക്കയുടെ സമീപമുള്ള മലമുകളിലെ ഹിറാഗുഹയിൽ എത്തിച്ചിരിക്കുകയാണ്...


Part : 25

ബിംബങ്ങൾ ബഹുവിധം

നബിﷺതങ്ങൾ ജനിക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുള്ള കഥയാണു പറയുന്നത്...

അംറ് ബ്നു ലുഹാ ഖുസാഈ.

കഅ്ബാലയത്തിന്റെ സംരക്ഷകരിൽ ഒരാളായിരുന്നു ഖുസാഈ. 

ഇബ്റാഹീം നബി(അ)മിന്റെ മതത്തിൽ വിശ്വസിച്ചവരായിരുന്നു അക്കാലത്തെ അറബികൾ. ഇസ്മാഈൽ (അ) മിലൂടെ അവർക്കു ദിവ്യസന്ദേശങ്ങൾ ലഭിച്ചിരുന്നു. നൂറ്റാണ്ടുകൾ കടന്നുപോയപ്പോൾ അവർ ദിവ്യസന്ദേശത്തിൽ നിന്നൊക്കെ അകന്നുപോയി.

നമുക്ക് അംറ് ബ്നു ലുഹാ ഖുസാഇയുടെ കഥ പറയാം. ഒരിക്കൽ അംറ് സിറിയയിൽ പോയി. അവിടെയുള്ള ആളുകൾ ബിംബങ്ങളെ ആരാധിക്കുന്നത് അയാൾ കണ്ടു. അതു വളരെ ആകർഷകമായിത്തോന്നി അംറിന്.

ഇതുപോലുള്ള വിഗ്രഹങ്ങൾ കഅ്ബാലയത്തിലും സ്ഥാപിക്കണമെന്ന് അംറ് ആഗ്രഹിച്ചു. ചില വിഗ്രഹങ്ങൾ വാങ്ങിക്കൊണ്ടു പോകണമെന്നും തീരുമാനിച്ചു.

അംറിന്റെ മടക്കയാത്രയിൽ ഒപ്പം കുറെ വിഗ്രഹങ്ങളുമുണ്ടായിരുന്നു. അയാൾ മക്കത്തെത്തി. മറ്റു നേതാക്കളുമായി സംസാരിച്ചു. വിഗ്രഹങ്ങൾ കഅ്ബയിൽ സ്ഥാപിച്ചു. ആരാധനയും തുടങ്ങി.

അംറിനെ പോലെ മറ്റു ചില യാത്രക്കാരും പിന്നീടു വിഗ്രഹങ്ങൾ കൊണ്ടുവന്നു കഅ്ബയിൽ സ്ഥാപിച്ചു. കഅ്ബയിൽ മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടു. 

ബനൂ ഹുദൈൽ ഗോത്രക്കാർ സുവാഅ് എന്ന വിഗ്രഹം പ്രതിഷ്ഠിച്ചു. ആളുകൾ അതിനെ പൂജിക്കാൻ തുടങ്ങി.

ബനു മദ്ഹ് ഗോത്രക്കാരും ജർശ് ഗോത്രക്കാരും കൂടി ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു. അതിനു "യഗൂസ്' എന്നു പേരിട്ടു.

ബനുകിവാൾ ഗോത്രക്കാർ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു പൂജ തുടങ്ങി. ആ ബിംബത്തിന്റെ പേര് “യഊഖ്' എന്നായിരുന്നു.

ഹമീർ ഗോത്രക്കാർ വെറുതെയിരുന്നില്ല. ഒരു വിഗ്രഹത്തെ അവരും സ്ഥാപിച്ച് ആരാധന തുടങ്ങി. അതിന്റെ പേര് "നസ്റ്" എന്നായിരുന്നു.

മനുഷ്യരൂപത്തിലുള്ള ഒരു വലിയ  വിഗ്രഹമായിരുന്നു വുദ്ദ്. അതിന്റെ പാർശ്വഭാഗത്തു വില്ല് തൂക്കിയിരുന്നു. കക്ഷത്തിൽ ഒരു വാളും കയ്യിൽ അമ്പും ഉണ്ടായിരുന്നു. 

അഞ്ചു വിഗ്രഹങ്ങളുടെ പേരുകൾ പറഞ്ഞുകഴിഞ്ഞു.

1. സുവാഅ്. 
2. യഗൂസ്. 
3. യഊഖ്. 
4. നസ്റ്. 
5. വുദ്ദ്.

പൂർവകാല അറബികളെ വഴികേടിലേക്കു നയിച്ച അഞ്ചു വിഗ്രഹങ്ങളാണിവ...

കടൽത്തീരത്തുണ്ടായിരുന്ന ഒരു വിഗ്രഹമാണു "മനാത്ത്". അറബികൾ പൊതുവിൽ മനാത്തയെ ആരാധിച്ചു. അതിനുവേണ്ടി ബലിയർപ്പിക്കുകയും ചെയ്തുവന്നു.

ത്വാഇഫുകാർ പ്രതിഷ്ഠിച്ച ബിംബത്തിന്റെ പേര് "ലാത്ത" എന്നായിരുന്നു. ബിംബത്തിന്റെ പൂർണരൂപം അവർക്കു കിട്ടിയിരുന്നില്ല. പഴക്കംചെന്ന ബിംബത്തിന്റെ ഒരു ഭാഗം മാത്രമേ കിട്ടിയിരുന്നുള്ളൂ. ഒരു ചതുരക്കല്ല്. അതിനെ അവർ ആരാധിച്ചു പോന്നു.

ഒരു തോടിനു സമീപത്താണ് "ഉസ്സാ' എന്ന വിഗ്രഹം സ്ഥാപിക്കപ്പെട്ടത്. ജനങ്ങൾ അതിനെയും ആരാധിച്ചു.

അറബികളുടെ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ബിംബങ്ങളായിരുന്നു ലാത്തയും ഉസ്സയും മനാത്തയും...

കഅ്ബാലയത്തിൽ അനേകം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയിൽ ഏറ്റവും വലുത് "ഹുബുൽ" ആയിരുന്നു.

ചെങ്കല്ലുകൊണ്ടു നിർമിക്കപ്പെട്ട മനുഷ്യരൂപമാണ് ഹുബുൽ. വളരെ പഴക്കം ചെന്ന ബിംബം. അറബികൾ ഈ ബിംബത്തെ കണ്ടെത്തുമ്പോൾ അതിനു വലതുകൈ ഉണ്ടായിരുന്നില്ല. വലതുകൈ വച്ചുപിടിപ്പിച്ചു, സ്വർണംകൊണ്ട്. ഏറ്റവും വലിയ ബിംബത്തെ അറബികൾ വളരെയേറെ ആദരിച്ചു. പ്രത്യേക പൂജകൾ നടത്തി...

അറബികൾ ഒറ്റയ്ക്കും കൂട്ടായും ബിംബങ്ങളെ വണങ്ങാൻ വരും. ചിലപ്പോൾ ബലിയർപ്പിക്കും. ബലിക്കുള്ള മൃഗങ്ങളെ നേരത്തെ നിശ്ചയിച്ചുവയ്ക്കും.

ദീർഘയാത്രയ്ക്കു പുറപ്പെടുമ്പോൾ ബിംബങ്ങളെ കണ്ടു വണങ്ങും. കാലം കടന്നുപോയപ്പോൾ ബിംബാരാധന ശക്തിപ്പെട്ടു. ബഹുദൈവ വിശ്വാസം ബലപ്പെട്ടു. മനുഷ്യമനസ്സിൽ ശിർക്കിന് (ബഹുദൈവ വിശ്വാസം) ആഴത്തിൽ വേരുകളുണ്ടായി. 

ഇങ്ങനെ ബിംബാരാധനയും ബഹുദൈവ വിശ്വാസവും ഏറ്റവും ശക്തി പ്രാപിച്ച കാലത്താണു മുഹമ്മദ് നബിﷺതങ്ങൾ മക്കയിൽ ഭൂജാതനാകുന്നത്...


Part : 26

പൊന്നോമനകൾ 

വിഅൽ അമീനും ഖദീജയും സ്നേഹവും വിശ്വാസവും നിറഞ്ഞ ദാമ്പത്യജീവിതമാണു നയിച്ചത്. അവർ ഇരുവരും കഠിനാധ്വാനം ചെയ്തു. കച്ചവടത്തിൽ ലാഭമുണ്ടാക്കി. ലാഭത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവർക്കു നൽകി. 

സഹായംതേടിവരുന്ന ആരെയും അവർ നിരാശരാക്കിയിരുന്നില്ല. വിശന്നവർക്ക് ആഹാരം നൽകും. വസ്ത്രമില്ലാത്തവർക്കു വസ്ത്രം നൽകും. ബന്ധുക്കളെ സന്ദർശിക്കും. ചിലപ്പോൾ ഖദീജയുടെ ബന്ധുക്കളുടെ വീട്ടിൽ പോകും. സ്നേഹം പങ്കിടും. കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കും...

അബൂത്വാലിബിനെ സന്ദർശിക്കുന്നത് ഇരുവർക്കും ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും.

വിരുന്നുകാരെ സ്വീകരിക്കാനും സൽകരിക്കാനും ഖദീജയ്ക്ക് വലിയ താൽപര്യമായിരുന്നു. രുചികരമായ ഭക്ഷണപാനീയങ്ങൾ തയ്യാറാക്കാനും സമർത്ഥയായിരുന്നു.

ഇതിനിടയിൽ ഖദീജ ഗർഭിണിയായി. ആ വലിയ വീട്ടിലെ എല്ലാ അംഗങ്ങൾക്കും എന്തെന്നില്ലാത്ത സന്തോഷം. ഖദീജ നേരത്തെ മറ്റു ഭർത്താക്കന്മാരിൽ നിന്നും ഗർഭം ധരിച്ചിട്ടുണ്ട്. പ്രസവിച്ചിട്ടുമുണ്ട്. അന്നൊക്കെ ഏറെ സന്തോഷിച്ചിട്ടുമുണ്ട്.

അൽഅമീന്റെ കുഞ്ഞിനെ പ്രസവിക്കാൻ പോകുന്നു എന്ന ചിന്ത വലിയ ആഹ്ലാദം നൽകി. മറ്റൊരിക്കലുമില്ലാത്ത ആഹ്ലാദം. 

പെൺകുട്ടികൾ പിറക്കുന്നതു ശാപമായി കരുതുന്ന കാലം. പെൺകുട്ടികൾ അപമാനമാണെന്നു ധരിച്ചു കുഴിച്ചുമൂടുന്ന കാലം, എത്രയെത്ര പെൺകുട്ടികൾ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. അക്കാലത്താണു ഖദീജ ഗർഭിണിയായത്.

മാസങ്ങൾ കടന്നുപോയി. പ്രസവത്തിനു സമയമായി. ആകാംക്ഷയോടെ അൽഅമീൻ കാത്തിരുന്നു. ഖദീജ പ്രസവിച്ചു. സന്തോഷവാർത്ത പുറത്തുവന്നു.

ആൺകുട്ടിയാണ്. ഖബീലയിൽ ആഹ്ലാദം പരന്നു...

കുഞ്ഞിനു ഖാസിം എന്നു പേരിട്ടു. ഓമനപ്പേര് ത്വാഹിർ എന്നായിരുന്നു. മാതാപിതാക്കളുടെ കൺമണി. ഈ കുഞ്ഞിന്റെ പേരു ചേർത്തു റസൂലിനു അബുൽ ഖാസിം എന്ന ഓമനപ്പേരുണ്ടായി.

ആൺകുട്ടികളെ പ്രസവിക്കുന്നത് അഭിമാനമായി കരുതുന്ന കാലം. ഖദീജയെ പെണ്ണുങ്ങൾ വാഴ്ത്തിപ്പറഞ്ഞു. ഭാര്യയ്ക്കും ഭർത്താവിനും ആഹ്ലാദം. പക്ഷേ, ആഹ്ലാദം നീണ്ടുനിന്നില്ല. പിതാവിനെയും മാതാവിനെയും അവരുടെ ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടു ഖാസിം മരണപ്പെട്ടു...

ഖദീജയുടെ വേദനയ്ക്കതിരില്ല. പൊട്ടിക്കരഞ്ഞുപോയി.
അൽഅമീൻ ദുഃഖം കടിച്ചമർത്തി. കണ്ണുകൾ നിറഞ്ഞൊഴുകി. നെടുവീർപ്പിട്ടു. എന്തൊരു പരീക്ഷണം..! ആഹ്ലാദം നിറഞ്ഞ വീട്ടിൽ ദുഃഖം തളംകെട്ടിനിന്നു.

കാലം പിന്നെയും കടന്നുപോയി. വ്യാപാരത്തിന്റെ ബദ്ധപ്പാടിലാണു ദമ്പതികൾ. തിരക്കേറുമ്പോൾ ദുഃഖം മറക്കുന്നു. ഖദീജ പിന്നെയും ഗർഭിണിയായി. ഒരിക്കലല്ല, പലവട്ടം. ഒരു പുത്രനെക്കൂടി പ്രസവിച്ചു. ബാക്കിയെല്ലാം പുത്രിമാർ. പുത്രനെ കിട്ടിയപ്പോൾ വീണ്ടും ആഹ്ലാദം.
കുട്ടിക്ക് അബ്ദുല്ല എന്നു പേരിട്ടു.

അൽ അമീന്റെ പിതാവിന്റെ പേര്. അഴകുള്ള കുട്ടി...

അബ്ദുല്ല എന്നു വിളിക്കാനൊരു മടി. വിളിക്കാനൊരു ഓമനപ്പേരുണ്ട്. ത്വയ്യിബ്. മാതാപിതാക്കൾക്കു ത്വയ്യിബ് മോൻ സന്തോഷം നൽകി.

ആ സന്തോഷവും നീണ്ടു നിന്നില്ല. കടുത്ത ദുഃഖം നൽകിക്കൊണ്ട് അബ്ദുല്ലയും മരണപ്പെട്ടു. അസഹ്യമായ ദുഃഖം. ഇരുവരും കണ്ണീരൊഴുക്കി...


Part : 27

നബിﷺയുടെ പെൺകുട്ടികളിൽ മൂത്തതു സൈനബ്. മകളെ മാതാപിതാക്കൾ ലാളിച്ചു വളർത്തി. നല്ല സുന്ദരിയായ പെൺകുട്ടി. സൈനബിന്റെ നേരെ അനിയത്തിയാണു റുഖിയ്യ. റുഖിയ്യ മിടുക്കിയാണ്. റുഖിയ്യയുടെ ഇളയതാണ് ഉമ്മുകുൽസൂം. അവസാനം പ്രസവിച്ച മോളാണു ഫാത്വിമ. ഫത്വിമ പിതാവിന്റെ തനിപ്പകർപ്പായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട പൊന്നുമോൾ...

ഖദീജയുടെ സഹോദരിയുടെ മകനായിരുന്നു അബുൽ ആസ് ബ്നു അംറു ബ്നു അബ്ദിശ്ശംസ്. അബുൽ ആസ് പ്രസിദ്ധനായ വ്യാപാരിയായിരുന്നു. സമൂഹത്തിൽ ഉന്നത സ്ഥാനമുള്ളയാളാണ്, അബുൽ ആസ് വിവാഹാലോചനയുമായി വന്നു...

സൈനബിനെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു. ഖദീജയുടെ സഹോദരീപുത്രനല്ലേ..! എല്ലാവർക്കും ഇഷ്ടമായി. വിവാഹനിശ്ചയം നടന്നു. ഖബീലക്കാരെയും നാട്ടുകാരെയുമൊക്കെ ക്ഷണിച്ചു. നല്ല നിലയിൽ ആ വിവാഹം നടന്നു. സൈനബ് ഭർത്താവിന്റെ വീട്ടിലേക്കു പോയി. അവിടെ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു...

റുഖിയ്യയുടെയും ഉമ്മുകുൽസൂമിന്റെയും നികാഹ് കുട്ടിക്കാലത്തുതന്നെ നടത്തിവച്ചു. അബൂലഹബിന്റെ രണ്ടു പുത്രന്മാരായിരുന്നു ഉത്ബയും ഉതൈബയും. അവർ റുഖിയ്യയെയും ഉമ്മുകുൽസൂമിനെയും
നികാഹ് ചെയ്തു.

അവസാനം പിറന്ന കൊച്ചുമോൾ മാതാപിതാക്കളുടെ ഓമനയായി വളർന്നുവന്നു. സമാധാനവും സന്തോഷവും നിറഞ്ഞ ദാമ്പത്യജീവിതമാണ് അൽഅമീനും ഖദീജയും നയിച്ചിരുന്നത്...

രണ്ടാൺമക്കൾ മരണപ്പെട്ട വേദന അവരെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും പെൺമക്കളുടെ സാമീപ്യം അവർക്കാശ്വാസം പകർന്നു...

പെൺകുഞ്ഞുങ്ങൾ കടുത്ത അവഗണന അനുഭവിക്കുന്ന കാലം. അക്കാലത്തും ഖദീജയും ഭർത്താവും പെൺമക്കളെ ലാളിച്ചു വളർത്തുകയാണു ചെയ്തത്. അവർക്കു വേണ്ടത്ര സ്നേഹവും വാത്സല്യവും നൽകി. സൈനബിന്റെ വിവാഹം നടന്നപ്പോൾ അവർക്കു വലിയ സന്തോഷമായിരുന്നു. ആശ്വാസവും...

ഖദീജ(റ)യുടെ കൂടെ കുറെ അടിമകളുണ്ടായിരുന്നു. സൈദുബ്നു ഹാരിസ് എന്നു പേരായ ബാലൻ അവരിൽ ഒരാളായിരുന്നു. ഖദീജ (റ) ആ ബാലനെ ഭർത്താവിനു സമ്മാനിച്ചു. അൽ അമീൻ കുട്ടിയെ അടിമത്തത്തിൽ നിന്നും സ്വതന്ത്രനാക്കി.

"സൈദ് എന്റെ മോനാണ്' അൽ അമീൻ പ്രഖ്യാപിച്ചു...

“ഇത് സൈദുബ്നു ഹാരിസ് അല്ല, ഇവന്റെ പേര് സൈദ്ബ്നു മുഹമ്മദ് എന്നാകുന്നു.” മുഹമ്മദിന്റെ മകൻ സൈദ്..! 

നോക്കൂ. ! ഒരു മകനെക്കിട്ടാനുള്ള മോഹം. ഖദീജ (റ) പ്രസവിച്ച ആൺകുട്ടികൾ മരിച്ചുപോയപ്പോൾ ഒരു അടിമക്കുട്ടിയെ സ്വന്തം മകനായി വളർത്തുന്നു. ഒരു മകനു നൽകാവുന്ന സകല സ്നേഹവും സൈദിനു ലഭിച്ചു. ഒരു പിതാവായിട്ടുതന്നെയാണ് സൈദ് നബിﷺതങ്ങളെ കണ്ടത്.

സൈദിനെ ആളുകൾ "സൈദ്ബ്നു മുഹമ്മദ്" എന്നുവിളിച്ചു വന്നു. ഇസ്ലാമിലെ ദത്തവകാശ നിയമം വന്നപ്പോഴാണ് ഈ പേരു മാറിയത്.

ഖദീജയ്ക്കും സൈദിനോടു വലിയ വാത്സല്യമായിരുന്നു. ഉന്നത ഗോത്രത്തിലാണ് സൈദ് പിറന്നത്. ഒരു പോരാട്ടത്തിൽ ശത്രുക്കൾ പിടിച്ചുകൊണ്ടുപോയി ഉക്കാളിലെ അടിമച്ചന്തയിൽ വിറ്റുകളഞ്ഞു. നാനൂറ് ദിർഹം കൊടുത്തു ഖദീജ (റ) ആണു കുട്ടിയെ വാങ്ങിയത്...

കുറേ കാലത്തിനു ശേഷം സ്വന്തം ഗോത്രക്കാർ അന്വേഷിച്ചുവന്നു. അൽഅമീന്റെ കൂടെയാണെന്നറിഞ്ഞു ബന്ധുക്കൾ മക്കയിൽ എത്തിയതാണ്. 

“ഇതെന്റെ മകനാണ്. വർഷങ്ങൾക്കു മുമ്പു ശത്രുക്കൾ പിടിച്ചുകൊണ്ടുപോയതായിരുന്നു. ഇവനെ എനിക്കു വിട്ടുതരണം.” സൈദിന്റെ പിതാവു കണ്ണീരോടെ പറഞ്ഞു.

“ഞാൻ സൈദിനോടു പോകണമെന്നോ പോകരുതെന്നോ പറയില്ല. അവന്റെ ഇഷ്ടംപോലെ ചെയ്യാം. നിങ്ങളുടെ കൂടെ വരുന്നതാണു സന്തോഷമെങ്കിൽ അങ്ങനെ ചെയ്യാം. ഞാൻ തടയില്ല. ഇവിടെ നിൽക്കുന്നതാണു സന്തോഷമെങ്കിൽ അങ്ങനെ ചെയ്യാം. ഞാൻ നിർബന്ധിച്ചു പറഞ്ഞയക്കില്ല.” അൽഅമീൻ തന്റെ നിലപാടു വ്യക്തമാക്കി...

ബാപ്പ മകനെ സമീപിച്ചു. എന്നിട്ടു സ്നേഹപൂർവം പറഞ്ഞു: “പൊന്നുമോനേ, നീ എന്റെ കൂടെ വരൂ..! നിന്റെ ഉമ്മയും നമ്മുടെ ബന്ധുക്കളുമൊക്കെ നിന്നെക്കാണാൻ കൊതിയോടെ കാത്തിരിക്കുന്നു. ബാപ്പയുടെ കൂടെ പോകുന്നതാണ് ഇഷ്ടമെന്ന് അദ്ദേഹത്തോട് പറയൂ മോനേ...”

“ബാപ്പാ.. ഈ മനുഷ്യനോളം സ്നേഹമുള്ള ഒരാളും ഈ ദുനിയാവിലില്ല. ഈ മനുഷ്യനെ വിട്ടു പോരാൻ എനിക്കാവില്ല ബാപ്പാ...” സൈദ് കരഞ്ഞുകൊണ്ടു പറഞ്ഞു.

“നിനക്കെന്തു പറ്റിപ്പോയി കുട്ടീ... നമ്മുടെ വീട്ടിലെ ജീവിതത്തെക്കാൾ ഇവിടത്തെ അടിമത്തമാണോ നിനക്കിഷ്ടം..?”

“ബാപ്പയും മറ്റെല്ലാവർക്കും എപ്പോൾ വേണമെങ്കിലും ഇവിടെ വന്ന് എന്നെ കാണാമല്ലോ? ഇവിടം വിട്ടുവരാൻ എന്നെക്കൊണ്ടാവില്ല.”

ആ പിതാവ് അൽഅമീനോട് ഇങ്ങനെ പറഞ്ഞു: “എന്റെ മോൻ താങ്കളെ എന്തുമാത്രം സ്നേഹിക്കുന്നു എന്നോർത്തു ഞാൻ അതിശയപ്പെടുന്നു. ഞാനവനെ ഇവിടെ നിറുത്തിയിട്ടു പോകുകയാണ്. ഇടക്കിടെ ഞാനിവിടെ വന്ന് അവനെ കണ്ടുകൊള്ളാം." അതും പറഞ്ഞു പിതാവു മടങ്ങിപ്പോയി...


Part : 28

ഇഖ്റഅ് ബിസ്മി.

അൽ അമീന് നാൽപതു വയസ്സു പിന്നിട്ടു. ഹിറാഗുഹയിൽ ദിവസങ്ങളോളം താമസിക്കാൻ തുടങ്ങി. ഗുഹയിലേക്കു പുറപ്പെടുമ്പോൾ ഖദീജ(റ) ഭക്ഷണസാധനങ്ങൾ പൊതിഞ്ഞു കൊടുക്കും. പരിമിതമായ ആഹാരമേ വേണ്ടൂ... 

കൊണ്ടുപോയ ആഹാരം എത്ര ദിവസത്തേക്കു വരുമെന്ന് ഖദീജ (റ) ക്ക് അറിയാം. ആഹാരം തീർന്നാൽ ഭർത്താവു വീട്ടിലേക്കു വരാറുണ്ട്. അവർ കാത്തിരിക്കും.

ആഹാരം തീർന്നാലും ചിലപ്പോൾ വീട്ടിലെത്തില്ല. ഭാര്യക്കു വെപ്രാളമായിരിക്കും. ഭക്ഷണസാധനങ്ങൾ പൊതിഞ്ഞുകെട്ടി വേലക്കാരന്റെ കൈവശം കൊടുത്തയയ്ക്കും.

വളരെ ഉയരമുള്ളതാണ് ജബലുന്നൂർ. കൂറ്റൻ പാറക്കെട്ടുകളാണു നിറയെ. അവയെല്ലാം ചവിട്ടിക്കയറി മുകളിലെത്തണം. കാൽ വഴുതിയാൽ അനേകമടി താഴ്ചയുള്ള മലയടിവാരത്തു ചെന്നു വീഴും. നല്ല ആരോഗ്യമുള്ള ഒരാൾ ഒരു മണിക്കൂറിലേറെ കഠിനശ്രമം നടത്തിയാലേ മലമുകളിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ. അവിടെയാണു ഹിറാഗുഹ. ആ ഗുഹയിലാണു നബി ﷺ തങ്ങൾ ഒറ്റയ്ക്കിരിക്കുന്നത്.

ചിലപ്പോൾ ബീവി തന്നെ ഭക്ഷണ സാധനങ്ങളുമായി മല കയറിച്ചെല്ലും. എന്തൊരു ത്യാഗം..! പ്രായം അമ്പത്തഞ്ചിനോടടുത്ത വൃദ്ധയാണവർ. ഭർതൃസ്നേഹത്തിനും ആദരവിനും പരിചരണത്തിനും വയസ്സും അവശതയും തടസമേ ആയില്ല. ഖദീജ(റ)യെ പോലെ ഒരു സ്ത്രീരത്നം ചരിത്രത്തിനറിയില്ല. റസൂൽ ﷺ ക്ക് അവരോടുള്ള സ്നേഹത്തിന് അതിരില്ലായിരുന്നു.

ആ വർഷത്തെ റമളാൻ മാസം. രാത്രി സമയം. ഗുഹയിൽ ഒറ്റയ്ക്കാണ്. പെട്ടെന്ന് ആരോ ഗുഹയിൽ പ്രവേശിച്ചു..

ആരാണത്..?

പിന്നെ മുഴങ്ങുന്ന ശബ്ദം.
"ഇഖ്റഅ്..!"വായിക്കുക എന്ന് അർത്ഥം.

എഴുത്തും വായനയും പഠിക്കാത്ത ആളാണ് അൽ അമീൻ. പിന്നെങ്ങനെ വായിക്കും. മറുപടി നൽകിയതിങ്ങനെയാണ്.

“മാ അന ബി ഖാരിഇൻ.” (ഞാൻ വായനക്കാരനല്ല)

പെട്ടെന്ന് ആഗതൻ അൽഅമീനെ ആശ്ലേഷിച്ചു. എന്തൊരു അസ്വസ്ഥത! ഞെരിഞ്ഞുപോയി. പിടിവിട്ടു. ആശ്വാസം. വീണ്ടും വന്നു കൽപന..

“ഇഖ്റഅ്..!”

പഴയ മറുപടി ആവർത്തിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

“ഞാൻ വായനക്കാരനല്ല.”

ആഗതൻ ശക്തിയായി ആശ്ലേഷിച്ചു. കൂടുതൽ ഞെരുക്കം. വല്ലാത്ത അസ്വസ്ഥത. വിഷമിച്ചു പോയി. മൂന്നാം തവണയും കൽപന വന്നു..

"ഇഖ്റഅ്..!"

ഇത്തവണയും പുതിയൊരു മറുപടിയില്ല. ഞാൻ വായനക്കാരനല്ല.
ഇത്തവണ കൂടുതൽ ശക്തമായ ഞെരുക്കം. വാരിയെല്ലുകൾ തകർന്നുപോകുമോ എന്നു തോന്നിപ്പോയി. പേടിച്ചുപോയി. ആഗതൻ തന്നെ വായന തുടങ്ങി.

“ഇഖ്റഅ് ബിസ്മി റബ്ബിക...''  (സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ രക്തപിണ്ഡത്തിൽ നിന്ന് അവൻ സൃഷ്ടിച്ചു. പേന കൊണ്ടു പഠിപ്പിച്ച അത്യുദാരനായ നാഥന്റെ നാമത്തിൽ വായിക്കുക. മനുഷ്യന് അവനറിയാത്തത് അവൻ പഠിപ്പിച്ചു കൊടുത്തു.”

ഓതിക്കേട്ട വാക്യങ്ങൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. കല്ലിൽ കൊത്തിയ ചിത്രം പോലെ. ഒരിക്കലും മറക്കാനാവാത്തവിധം മനസ്സിൽ പതിഞ്ഞു.

ആഗതൻ അപ്രത്യക്ഷനായി. എന്താണു സംഭവിച്ചത്..? ആകെ വിയർക്കുന്നു. മനസ്സും ശരീരവും ക്ഷീണിച്ചിരിക്കുന്നു. ഒരുതരം ഭീതി തന്നെ ബാധിച്ചിരിക്കുന്നു. ഹിറാ ഗുഹയിൽ നിന്നു പുറത്തേക്കിറങ്ങി.
ചക്രവാളത്തിൽ ആ മുഖം. താൻ നേരത്തെ കണ്ട രൂപം. പിന്നെ ഓടി, പരിസരബോധമില്ലാതെ ഓടി...

ഖദീജ(റ) ഭർത്താവിന്റെ ശബ്ദം കേട്ടു. പരിഭ്രമിച്ചു. പുറത്തേക്കു നോക്കി. അതാ ഓടിക്കയറിവരുന്നു...

“സമ്മിലൂനീ.. സമ്മിലൂനീ...” (എന്നെ പുതപ്പിട്ടു മൂടൂ...)

ഖദീജ(റ) ഭർത്താവിനെ സ്നേഹപൂർവം സ്വീകരിച്ചു. കട്ടിലിൽ കിടത്തി. പുതപ്പിട്ടു മൂടിക്കൊടുത്തു. വല്ലാത്ത കിതപ്പും ബദ്ധപ്പാടും. കിടക്കട്ടെ, അൽപം വിശ്രമിക്കട്ടെ. ആശ്വാസം വന്നിട്ടു സംഭവിച്ചതെന്താണെന്നു ചോദിക്കാം.

അൽപം കഴിഞ്ഞപ്പോൾ ചെറിയൊരാശ്വാസം... 

ഖദീജ(റ) ചോദിച്ചു: “എന്താണുണ്ടായത്..?” നടന്ന സംഭവങ്ങളൊക്കെ വിവരിച്ചു. 

“എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചുപോകുമോ എന്നു ഞാൻ ഭയന്നുപോയി.”

“അങ്ങനെയൊന്നും സംഭവിക്കില്ല. അല്ലാഹു ﷻ താങ്കളെ കൈവെടിയുകയില്ല. താങ്കൾ കുടുംബ ബന്ധങ്ങൾ ചേർക്കുന്നു. അഗതികളെ സഹായിക്കുന്നു. മറ്റുള്ളവരെ വിഷമതകൾ തീർക്കുന്നു.”

ഖദീജ(റ)യുടെ മനസ്സിൽ ബേജാറുണ്ടായിരുന്നു. പക്ഷേ,
ഒന്നും പുറത്തു കാണിച്ചില്ല. അങ്ങനെ വേണം. ആശ്വസിപ്പിക്കേണ്ടവർ പരിഭ്രമം കാണിക്കരുത്...


Part : 29

ആരായിരിക്കും തന്റെ ഭർത്താവിനെ സമീപിച്ചിരിക്കുക. പിശാചോ ജിന്നോ..? ഛെ..! അങ്ങനെയുള്ള ശക്തികളൊന്നും അൽഅമീനെ സമീപിക്കില്ല...

സംഭവിച്ചതെന്താണെന്നറിയണം. ആരോടു ചോദിക്കും..? അപ്പോൾ ഒരു മുഖം മനസ്സിൽ തെളിഞ്ഞു. വറഖത് ബ്നു നൗഫൽ. തന്റെ അടുത്ത ബന്ധുവാണ്. പൂർവ വേദങ്ങൾ പഠിച്ച പണ്ഡിതൻ. ഇപ്പോൾ വാർധക്യം ബാധിച്ചിരിക്കുന്നു...

“നമുക്കു വറഖത് ബ്നു നൗഫലിനെ ചെന്നു കാണാം. സംഭവങ്ങൾ വിവരിച്ചുകൊടുക്കാം. എന്താണദ്ദേഹം പറയുന്നത് എന്നു നോക്കാം.” ഖദീജ(റ) പറഞ്ഞു...

നബിﷺതങ്ങൾ സമ്മതിച്ചു. ഇരുവരും കൂടി നടന്നു. വറഖയുടെ സമീപത്തെത്തി. നബിﷺതങ്ങൾ സംഭവങ്ങൾ വിശദീകരിച്ചു. വറഖത് എല്ലാം ശ്രദ്ധിച്ചുകേട്ടു. 

അദ്ദേഹം പറഞ്ഞു: “ഇത് നാമൂസ് തന്നെയാണ്. മൂസാ നബി(അ)നെ സമീപിക്കാറുണ്ടായിരുന്ന അതേ നാമൂസ് തന്നെ.” നാമൂസ് എന്നാൽ ജിബ്രീൽ...

വറഖ തുടർന്നു: “താങ്കൾ ഈ സമുദായത്തിലേക്കുള്ള പ്രവാചകനാണ്. പ്രതീക്ഷിക്കപ്പെട്ട പ്രവാചകൻ. താങ്കളെ ഈ ജനത പുറത്താക്കും.”

ഖദീജ(റ) അതിശയത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി. അപ്പോൾ അദ്ദേഹം പറയുന്നു: “താങ്കളുടെ ജനത താങ്കളെ സ്വദേശത്തു നിന്നു പുറത്താക്കുന്ന കാലത്തു ഞാൻ ജീവിച്ചിരുന്നെങ്കിൽ... അന്നു ഞാനുണ്ടെങ്കിൽ താങ്കളെ തീർച്ചയായും സഹായിക്കും .”

“ഈ ജനത എന്നെ പുറത്താക്കുമോ..?'' - അൽ അമീൻ ചോദിച്ചു...

“അതേ..! താങ്കൾ കൊണ്ടുവന്നതുപോലുള്ള സന്ദേശമായി വന്ന ഒരൊറ്റ പ്രവാചകനെയും അവരുടെ ജനത വെറുതെ വിട്ടിട്ടില്ല. അന്നു ഞാൻ ശക്തനായ ഒരു യുവാവായി ജീവിച്ചിരുന്നെങ്കിൽ..!!”

വറഖതിനോടു യാത്ര പറഞ്ഞു രണ്ടുപേരും മടങ്ങി. ഖദീജ(റ) ഭർത്താവിന്റെ മുഖത്തേക്കുറ്റുനോക്കി. ആരുടെ കൂടെയാണു നടക്കുന്നത്..? അല്ലാഹുﷻവിന്റെ പ്രവാചകരുടെ കൂടെയോ..! ഭീതിയും സന്തോഷവും കൂടിക്കുഴയുന്നു. എന്തെല്ലാം പരീക്ഷണങ്ങളായിരിക്കും ഇനി സഹിക്കേണ്ടി വരിക. വറഖതിന്റെ സൂചന അതാണല്ലോ...

ദിവസങ്ങൾ കടന്നുപോയി. ആശങ്കക്കും പ്രതീക്ഷക്കും മധ്യത്തിലാണ് ഇപ്പോഴത്തെ ജീവിതം. സ്വന്തം ജനത തന്നെ വെറുക്കും. തന്നെ ഇന്നാട്ടിൽ നിന്ന് ഓടിക്കും. വെപ്രാളം നിറഞ്ഞ ചിന്തകൾ..!!

അല്ലാഹു ﷻ പ്രവാചകനായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. എല്ലായ്പ്പോഴും അല്ലാഹുﷻവിന്റെ കാവലുണ്ടാകും. ജിബ്രീൽ (അ) എന്ന മലക്കാണു തന്നെ കാണാൻ വന്നത്. ഇനിയും വരും. എന്നാണ് ഇനി വരിക..?  ഒന്നു കണ്ടിരുന്നെങ്കിൽ..! കാണുന്നില്ല. ഇപ്പോൾ ജിബ്രീലിന്റെ വരവിനു കൊതിക്കുന്നു...

ഒരു ദിവസം നബി ﷺ ഭാര്യയോട് ഒരു കാര്യം സംസാരിച്ചു: “ഖദീജാ... എന്റെ പിതൃസഹോദരന്റെ അവസ്ഥ അറിയാമല്ലോ. വീട്ടിൽ വളരെ ബുദ്ധിമുട്ടാണ്. നമുക്ക് ആ കുട്ടിയെ ഇവിടെ കൊണ്ടുവന്നു വളർത്തിക്കൂടേ? അദ്ദേഹത്തിന് അതൊരു സഹായമാകുമല്ലോ..?”

“ഏതു കുട്ടിയുടെ കാര്യം..?”

“അലി എന്ന കുട്ടിയുടെ കാര്യം.”

“അതിൽ എനിക്കു സന്തോഷമേയുള്ളൂ. നമുക്കു വളർത്താം. അദ്ദേഹം ഇങ്ങോട്ടയയ്ക്കുമോ..?”

“ഞാൻ പോയി സംസാരിക്കാം. ഞാൻ നിർബന്ധിക്കും. അപ്പോൾ സമ്മതിക്കും.” നബിﷺതങ്ങൾ അബൂത്വാലിബിനെ കാണാൻ പോയി. 

“ആരാണിത്..? എന്തൊക്കെയുണ്ടുമോനേ വിശേഷം..?”

“ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്. എതിരു പറയരുത്.”

“എന്താ കാര്യം? അതു പറയൂ... കേൾക്കട്ടെ...!”

“അലിയെ വളർത്താനുള്ള ഉത്തരവാദിത്തം എനിക്കു തരണം. ഞാനവനെ വീട്ടിലേക്കു കൊണ്ടുപോകാം.”

“വേണ്ട... വേണ്ട മോനേ...''

“എന്നെ അതിനു സമ്മതിക്കണം. എതിരു പറയരുത്.” 

നിർബന്ധം കൂടിയപ്പോൾ വഴങ്ങേണ്ടതായിവന്നു. അലിയെയുംകൊണ്ട് അൽഅമീൻ പോയി. അലി പ്രവാചകന്റെ വീട്ടിലെ അംഗമായി. വീട്ടിലെ പുതിയ സംഭവങ്ങളൊക്കെ അലിയും അറിയുന്നുണ്ടായിരുന്നു.

ഒരു ദിവസം അൽ അമീനും അലിയും തമ്മിലൊരു സംഭാഷണം. അൽ അമീൻ പറഞ്ഞു: “നാമെല്ലാം അല്ലാഹുﷻവിന്റെ സൃഷ്ടികളാകുന്നു. അവനാണു നമുക്കു ശക്തി നൽകിയത്. അവന്റെ കൽപനകൾ അനുസരിച്ചു ജീവിക്കണം.”

ഉടനെ കുട്ടി ചോദിച്ചു: “ആരാണ് അല്ലാഹുﷻ..?”

“ഈ ലോകത്തിന്റെ സൃഷ്ടാവ്. ഭൂമിയും ആകാശവും പടച്ചത് അല്ലാഹുﷻവാണ്. വെള്ളവും വായുവും സൃഷ്ടിച്ചത് അവൻ തന്നെ. നമ്മെ സൃഷ്ടിച്ചത് അല്ലാഹുﷻവാണ്. നാം അവനെ ആരാധിക്കണം. അവൻ കൽപിച്ചതുപോലെ ജീവിക്കണം. ഞാൻ അവന്റെ റസൂലാകുന്നു. അല്ലാഹു ﷻ ഏകനാണ്. അവനു പങ്കുകാരില്ല. മുഹമ്മദ് അവന്റെ അടിമയും റസൂലുമാകുന്നു. മോനേ... അലീ... നീ ഇതു വിശ്വസിക്കണം.”

“ഞാൻ ഉപ്പയോടു ചോദിച്ചിട്ടു വിശ്വസിക്കാം.” മാതാപിതാക്കളുടെ സമ്മതം വാങ്ങിയിട്ടാണല്ലോ കുട്ടികൾ എന്തും പ്രവർത്തിക്കുക. അതേ രീതിയിൽ പറഞ്ഞു...

“അങ്ങനെയാകട്ടെ.”- അൽഅമീൻ സമ്മതിച്ചു.

പിറ്റേ ദിവസം അലി ബാപ്പയെ കാണാൻ പുറപ്പെട്ടു. ബുദ്ധിമാനായ കുട്ടി നടക്കുന്നതിനിടയിൽ പലതും ചിന്തിച്ചു. അല്ലാഹുﷻ. ലോകത്തെ സൃഷ്ടിച്ച അല്ലാഹുﷻ. തന്നെ സൃഷ്ടിച്ചതും തന്റെ പിതാവിനെ പടച്ചതും അല്ലാഹു ﷻ തന്നെ. തന്നെ പടച്ച അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കണം. ആരാധിക്കണം. അതു തന്റെ കടമ.

അതിനു പിതാവിന്റെ സമ്മതമെന്തിന്..? പിതാവിന്റെ സമ്മതമില്ലാതെത്തന്നെ അല്ലാഹുﷻവിൽ വിശ്വസിക്കാം. പിതാവിനോട് ആലോചിച്ചിട്ടല്ലല്ലോ അല്ലാഹു ﷻ തന്നെ സൃഷ്ടിച്ചത്. അലി വഴിയിൽ നിന്നു മടങ്ങി... 

മടങ്ങിവന്നപ്പോൾ അൽഅമീൻ ചോദിച്ചു: “ഉപ്പ എന്തു പറഞ്ഞു..?”

“ഉപ്പയോടു ചോദിക്കേണ്ട യാതൊരാവശ്യവുമില്ല. അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”


Part : 30

ഖദീജ (റ) ഇസ്‌ലാമിലേക്ക് 

ഒരിക്കൽ കഅ്ബാലയത്തിനടുത്തുവച്ചു വറഖത് ബ്നു നൗഫൽ നബിﷺയെ കണ്ടു. വറഖ പറഞ്ഞു: “മൂസായെ സമീപിച്ച അതേ നാമൂസ് തന്നെയാണത്. ഈ ജനതയുടെ തെറ്റായ വിശ്വാസാചാരങ്ങളെ എതിർക്കുമ്പോൾ ഈ ജനത താങ്കളെ നാട്ടിൽ നിന്നോടിക്കും... അന്നു ഞാനുണ്ടായിരുന്നെങ്കിൽ...”

“എന്റെ സമുദായം എന്നെ കയ്യൊഴിയുമോ..?”- നബി ﷺ ചോദിച്ചു.

“അതേ..! താങ്കൾ കൊണ്ടുവന്നതുപോലുള്ള ദൗത്യവുമായി വന്നവർക്കെല്ലാം അതാണനുഭവം. അന്നു ഞാൻ ജീവിച്ചിരുന്നെങ്കിൽ..!”

ഈ സംഭവം നടന്ന് ഏതാനും നാൾ കഴിഞ്ഞപ്പോൾ വറഖ മരിച്ചുപോയി.

പിന്നെ വഹ് യ് കിട്ടാത്ത ദിവസങ്ങൾ. നബിﷺതങ്ങൾ വീണ്ടും ഹിറായിൽ പോയിരുന്നു. ഒരു ഫലവുമില്ല. ഒരിക്കൽ ഹിറായിൽ നിന്നു മടങ്ങുകയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്നൊരു ശബ്ദം. മേൽപോട്ടു നോക്കി. ജിബ്‌രീൽ...

എന്തൊരു രൂപം. പേടിച്ചുപോയി. പരിഭ്രമത്തോടെ ഓടി. ഖദീജ(റ) ഭർത്താവിന്റെ വെപ്രാളം കണ്ടു ഞെട്ടി. നബി ﷺ കട്ടിലിൽ കയറിക്കിടന്നു. ബീവി പുതപ്പിട്ടു മൂടിക്കൊടുത്തു. വഹ് യ് ഇറങ്ങുന്നു.

يَا أَيُّهَا الْمُدَّثِّرُ ؛ قُمْ فَأَنذِرْ

“പുതപ്പിട്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ... എഴുന്നേൽക്കൂ...!"

പുതപ്പു വലിച്ചെറിഞ്ഞു. എഴുന്നേറ്റിരുന്നു. വെളുത്ത മുഖം ചുവന്നു തുടുത്തു. നെറ്റി വിയർപിൽ കുളിച്ചു. വലിയ ഭാരം ചുമക്കുന്നതുപോലെ വിഷമിക്കുന്നു. വഹ് യ് തുടരുന്നു.

“ജനങ്ങൾക്കു മുന്നറിയിപ്പു നൽകുക. നിന്റെ നാഥനെ മഹത്വപ്പെടുത്തുക. നിന്റെ വസ്ത്രം ശുദ്ധിയാക്കുക. മ്ലേഛകരമായ കാര്യങ്ങൾ ഉപേക്ഷിക്കുക. കൂടുതൽ തിരിച്ചുകിട്ടുവാൻ വേണ്ടി ജനങ്ങൾക്ക് ഔദാര്യ ചെയ്യാതിരിക്കുക. നിന്റെ നാഥനുവേണ്ടി ക്ഷമ കൈക്കൊള്ളുക.”

പ്രവാചക ദൗത്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ദിവ്യസന്ദേശം.
ജനങ്ങൾക്കു മുന്നറിയിപ്പു നൽകാനുള്ള കൽപന.

മ്ലേഛമായ കാര്യങ്ങൾ ഉപേക്ഷിക്കാൻ ഉപദേശിക്കണം. എതിർപ്പുണ്ടായാൽ ക്ഷമിക്കണം.

അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു ജനങ്ങളെ ക്ഷണിക്കാനുള്ള കൽപനയാണിത്. ആരെയാണു വിളിക്കുക. ആരാണു തന്റെ ക്ഷണം സ്വീകരിക്കുക. എന്തൊരു പരീക്ഷണം..!!

ഭാര്യ സമീപം വന്നുനിന്നു. സ്നേഹപൂർവം പറഞ്ഞു: “ഇവിടെ കിടന്നോളൂ..! ഞാൻ പുതപ്പിട്ടു മൂടിത്തരാം. വിശ്രമിക്കൂ, ഒന്നുറങ്ങിക്കോളൂ...”

പ്രവാചകൻ ﷺ ഭാര്യയുടെ മുഖത്തേക്കു നോക്കി. പതിവില്ലാത്തൊരു നോട്ടം. അതിനുശേഷം വല്ലാത്തൊരു സ്വരത്തിൽ സംസാരിച്ചു: “ഓ, ഖദീജാ... വിശ്രമത്തിന്റെയും ഉറക്കിന്റെയും സമയം കഴിഞ്ഞുപോയി. അല്ലാഹു ﷻ അവന്റെ ദീനിലേക്കു ജനങ്ങളെ ക്ഷണിക്കാൻ എന്നോടു കൽപിച്ചിരിക്കുന്നു. ഖദീജാ.. ആരെയാണു ഞാൻ ക്ഷണിക്കേണ്ടത്..? ആരാണ് എന്റെ വിളി കേൾക്കുക..?”

എന്തൊരു സ്വരം. എന്തൊരു ചോദ്യം. ഖൽബു പൊട്ടുന്ന ചോദ്യം. ഒരു ഭാര്യ ഇതെങ്ങനെ സഹിക്കും. എന്റെ ഭർത്താവിന്റെ ഒരവസ്ഥ. എങ്ങനെയാണു സമാധാനിപ്പിക്കുക. എങ്ങനെയാണ് ആശ്വസിപ്പിക്കുക.

“ഞാൻ... ഈ ഞാൻ... വിളി കേൾക്കുന്നു.''

“ദേ.. എന്താണു നീ പറഞ്ഞത്..!”

“അങ്ങയുടെ വിളിക്കു ഞാനിതാ ഉത്തരം ചെയ്തു കഴിഞ്ഞു.
അല്ലാഹുവിനു ﷻ യാതൊരു പങ്കുകാരുമില്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.” പ്രവാചകന്റെ കണ്ണുകൾക്കു തിളക്കം. ആ മുഖം പ്രസന്നമായി...

വീട്ടിലെ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കുന്ന ഒരു കുട്ടി അവിടെ ഉണ്ടായിരുന്നു. അലി, അബൂത്വാലിബിന്റെ മകൻ. അബൂത്വാലിബിനു വയസ്സുകാലത്തു പിറന്ന കുട്ടി...

അലിയും ഇസ്ലാംമതം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടുപേരായി... ഉമ്മുഅയ്മൻ എന്ന പരിചാരികയെ ഓർക്കുന്നില്ലേ..? ആറാം വയസ്സിൽ യസ് രിബിലേക്കു പോയപ്പോൾ കൂടെയുണ്ടായിരുന്ന പെൺകുട്ടി. അവൾ പ്രവാചകനെ (ﷺ) വിട്ടുപോയില്ല. ഇപ്പോഴും തന്നാലാവുന്ന സേവനങ്ങൾ ചെയ്തു കൂടെ കഴിയുന്നു.

ഉമ്മു അയ്മൻ ഇന്നു വാർധക്യത്തിന്റെ വക്കിൽ എത്തിനിൽക്കുന്നു. അൽഅമീൻ എന്തു പറഞ്ഞാലും അവർ വിശ്വസിക്കും. അൽഅമീന്റെ ദീനീ പ്രചാരണത്തിന് അവർ സഹകരിക്കും...

അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും ഉമ്മുഅയ്മൻ വിശ്വസിച്ചു. മുഹമ്മദ് റസൂലാണെന്ന് കാര്യത്തിലും അവർക്കു സംശയമില്ല. അവരും ഇസ്ലാം മതത്തിലേക്കു കടന്നുവന്നു...


Part : 31

സയ്ദ്ബ്നു ഹാരിസ് എന്ന കുട്ടിയെ ഓർമയില്ലേ..? ഇപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല. വളർന്നിരിക്കുന്നു. ആ ചെറുപ്പക്കാരനും ഇസ്ലാംമതം വിശ്വസിച്ചു. ഇവരെല്ലാം വട്ടിൽത്തന്നെ ഉള്ളവരാണ്.

തന്റെ ആത്മസുഹൃത്താണ് അബൂബക്കർ. ബാല്യകാല സുഹൃത്ത്. കുടുംബ കാര്യങ്ങൾ കൂടിയാലോചിച്ചു തീരുമാനിക്കും. പരസ്പര വിശ്വാസവും സ്നേഹവും അവരെ കൂടുതൽ അടുപ്പിച്ചു.

അവർ ഒന്നിച്ചു യാത്ര ചെയ്തിട്ടുണ്ട്. ചിലപ്പോൾ കൂറുകച്ചവടം നടത്തിയിട്ടുമുണ്ട്. നബിﷺതങ്ങൾ കൂടെക്കൂടെ സ്നേഹിതന്റെ വീട്ടിൽ പോകാറുണ്ട്. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചിട്ടുണ്ട്.

സ്നേഹിതന്റെ ഭാര്യയാണ് ഉമ്മുറുമാൻ. അൽഅമീനോടു സ്നേഹവും ബഹുമാനവുമാണ്. ഉമ്മയാണ് ഉമ്മുൽ ഖയ്ർ. അവർക്ക് അൽഅമീൻ പുത്രനെപ്പോലെയാണ്. അത്രയ്ക്കു സ്നേഹം.

സ്നേഹിതന്റെ ഓമന മകളാണ് അസ്മാഅ് ബീവി. തന്റെ വീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെയാണ് ഇവരെയെല്ലാം അൽഅമീൻ കണ്ടത്.

അബൂബക്കർ എന്ന കച്ചവടക്കാരൻ കച്ചവടത്തിനു വേണ്ടി ദൂരെദിക്കിൽ പോയിരുന്നു. മടങ്ങിവന്നാലുടനെ സ്നേഹിതനെ ചെന്നു കാണുക പതിവാണ്. പതിവുപോലെ സ്നേഹിതനെക്കാണാൻ വന്നതായിരുന്നു. അപ്പോൾ അൽഅമീൻ അത്ഭുതകരമായ വാർത്തകൾ പറയുന്നു.

അല്ലാഹു തആല തന്നെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു. തനിക്കു വഹ് യ് ഇറങ്ങുന്നു. അടുത്ത ബന്ധുക്കളെ ഇസ്ലാം മതത്തിലേക്കു ക്ഷണിക്കാൻ തന്നോടു കൽപിച്ചിരിക്കുന്നു.

അറബികളുടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കണ്ടു മനംമടുത്ത ആളാണ് അബൂബക്കർ (റ). തന്റെ ജനതയെ എങ്ങനെ രക്ഷപ്പെടുത്താൻ കഴിയുമെന്നു ചിന്തിച്ചു കഴിയുകയായിരുന്നു. അപ്പോഴാണ് ഈ സന്തോഷവാർത്ത കേൾക്കുന്നത്...

കേട്ടുകഴിഞ്ഞപ്പോൾ കോരിത്തരിപ്പ്.

ഹിറാഗുഹയിലെ സംഭവങ്ങൾ വിവരിച്ചു. വറഖത് ബ്നു നൗഫൽ പറഞ്ഞ കാര്യങ്ങളും പറഞ്ഞു. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കണമെന്നു പറഞ്ഞാൽ, ബഹുദൈവ വിശ്വാസികൾ എതിർക്കും. ആ എതിർപ്പിനെ നേരിടേണ്ടിവരും.

പിന്നെ അവർക്കിടയിൽ ജീവിക്കാൻ കഴിയാതെവരും. സ്വദേശം വിടേണ്ടതായി വരും. അതാണു വറഖ പറഞ്ഞതിന്റെ പൊരുൾ...

“ഇസ്ലാം ദീനിൽ ആരൊക്കെ വിശ്വസിച്ചു.” കൂട്ടുകാരന് അതറിയണം.

“എന്റെ പ്രിയപത്നി ഖദീജ”

കൂട്ടുകാരൻ ഖദീജയെക്കുറിച്ചോർത്തു. സൽഗുണ സമ്പന്നയാണവർ. ധനികയായ വിധവ. പാവങ്ങളെ സഹായിക്കും. അഗതികളെ സ്നേഹിക്കും. തന്റെ കൂട്ടുകാരൻ ഇരുപത്തഞ്ചാമത്തെ
വയസ്സിൽ അവരെ വിവാഹം ചെയ്തു. താനവരുടെ വീട്ടിൽ കൂടെക്കൂടെ പോകാറുണ്ട്...

അലി എന്ന കുട്ടിയാണു മറ്റൊരു വിശ്വാസി. തന്റെ കൂട്ടുകാരന്റെ പോറ്റുമ്മയാണ് ഉമ്മുഅയ്മൻ. സ്വന്തം മകനായിക്കരുതി വളർത്തിയതാണ്. ഉമ്മ മരിക്കുമ്പോൾ ഉമ്മു അയ്മന്റെ കയ്യിൽ ഏൽപിച്ചതാണല്ലോ...

വളർത്തുപുത്രൻ സയ്ദും ഇസ്ലാം മതം വിശ്വസിച്ചിട്ടുണ്ട്. അൽഅമീന് ഇനി ഏറ്റവും ബന്ധപ്പെട്ടതു താനും തന്റെ കുടുംബവുമാണ്. ഇസ്ലാം മതം സ്വീകരിക്കാൻ തന്റെ കുടുംബാംഗങ്ങൾ ഇനിയൊട്ടും വൈകിക്കൂടാ. ഉടനെത്തന്നെ അബൂബക്കർ (റ) ഇസ്ലാം വിശ്വസിച്ചു...

അടുത്തൊരു ദിവസം നബിﷺതങ്ങൾ അബൂബക്കർ(റ)വിന്റെ വീട്ടിൽ വന്നു. അന്ന് ഉമ്മുൽ ഖയ്ർ എന്ന വനിതയോടു സംസാരിച്ചു.

“അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കൂ... ഉമ്മാ...”

ഉമ്മുൽഖയ്റിന് അൽഅമീനെ വലിയ വിശ്വാസമാണ്. ഒരു കാര്യം പറഞ്ഞാൽ അതു സത്യമായിരിക്കും. ഇക്കാര്യവും സത്യം തന്നെ.

“അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”

സ്നേഹസമ്പന്നയായ ഉമ്മുറുമാൻ. അബൂബക്കർ(റ)വിന്റെ ഭാര്യയാകാൻ കഴിഞ്ഞതു വളരെ വലിയ സൗഭാഗ്യമായി അവർ കരുതുന്നു. ഉദാരമതിയും ദയാലുവുമാണ് തന്റെ ഭർത്താവ്. അദ്ദേഹത്തിന്റെ മക്കളെ പ്രസവിക്കാൻ കഴിഞ്ഞതു തന്റെ മഹാഭാഗ്യം. അദ്ദേഹത്തിന്റെ കൂട്ടുകാരൻ ഏറ്റവും നല്ല മനുഷ്യനാണ്. ജീവിതത്തിൽ ഒരു കള്ളംപോലും പറയാത്ത മാന്യനായ
കൂട്ടുകാരൻ...

“അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കൂ... ഉമ്മുറുമാൻ.'' - ഭർത്താവ് സ്നേഹപൂർവം ഉപദേശിക്കുന്നു.

ഭർത്താവിന്റെ കാൽപാദങ്ങളെ താനും പിൻതുടരും. അതിൽ ഒരു സംശയവും വേണ്ട. ഉമ്മുറുമാൻ ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു. അതു പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു പ്രകാശം. മാതാപിതാക്കൾക്കു പിറകെ പ്രിയ പുത്രി അസ്മാഉം വിശ്വാസികളുടെ കൂടെ ചേർന്നു...

അബൂബക്കർ(റ)വിന്റെ മുഖത്തു വല്ലാത്ത സംതൃപ്തി. തന്റെ മാതാവും ഭാര്യയും പുത്രിയും ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞു. ഇതൊരു മഹാഭാഗ്യം തന്നെ. പ്രവാചകന്റെ (ﷺ) ആദ്യ സഹായികളാകാൻ കഴിയുന്നതാണല്ലോ മഹാഭാഗ്യം...

കൂട്ടുകാർ അസ്മാഅ് ബീവിയെ മറന്നുകളയരുത്. പ്രസിദ്ധനായ സുബയ്ർ(റ)ആണ് അസ്മാഅ് ബീവി(റ) യെ വിവാഹം കഴിച്ചത്. പിൽക്കാലത്ത് അവർക്കു വളരെയധികം കഷ്ടപ്പാടുകൾ സഹിക്കേണ്ടതായിവന്നു. ഹിജ്റ പോകുമ്പോൾ അവർ ഗർഭിണിയായിരുന്നു.

ഹിജ്റക്കുശേഷം അസ്മാഅ് ബീവി(റ) ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഹിജ്റക്കു ശേഷം മുസ്ലിംകൾക്കിടയിൽ നടന്ന ആദ്യത്തെ പ്രസവം. ആ കുട്ടി വളർന്നുവന്നു. ആ കുട്ടി ഇസ്ലാമിക ചരിത്രത്തിനു മറക്കാനാവാത്ത മഹാപുരുഷനായിത്തീർന്നു.

ആരാണ് ആ മഹാപുരുഷൻ എന്നായിരിക്കും കൂട്ടുകാർ ചിന്തിക്കുന്നത്, പറയാം... അബ്ദുല്ലാഹിബ്നു സുബയ്ർ(റ).


Part : 32

വാ സബാഹാ 

ആദ്യത്തെ മൂന്നു കൊല്ലക്കാലം വളരെ രഹസ്യമായിട്ടായിരുന്നു ഇസ്ലാം മതപ്രബോധനം നടത്തിയത്. മക്കക്കാരുടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെറുത്തിരുന്ന കുറേ ബുദ്ധിജീവികൾ അന്നു മക്കയിലുണ്ടായിരുന്നു. അവർ ഓരോരുത്തരായി ഇസ്ലാമിലേക്കു വന്നു.

ഇസ്ലാം വളരെ മഹത്തായ സന്ദേശമാണെന്ന് അവർക്കു ബോധ്യമായി. അല്ലാഹുﷻവിന്റെ ദീൻ. അതിന്റെ പ്രചാരണത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും അവർ സന്നദ്ധരായി. അവരിൽ പ്രമുഖനാണ് ഉസ്മാൻ(റ).

കോമളനായ യുവാവ്. ധനികൻ. മികച്ച കച്ചവടക്കാരൻ. ഉന്നത കുലത്തിൽ ജനിച്ച വ്യക്തി. അബൂബക്കർ(റ)വിന്റെ കൂട്ടുകാരൻ.
ദീർഘമായൊരു കച്ചവട യാത്ര കഴിഞ്ഞു മക്കയിൽ മടങ്ങിയെത്തിയിരിക്കുകയാണ് ഉസ്മാൻ(റ).

അൽപനേരത്തെ വിശ്രമത്തിനു ശേഷം കൂട്ടുകാരനെ കാണാൻ പോയി. പതിവിൽ കവിഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു.

“ഒടുവിൽ സത്യം നമ്മെത്തേടി എത്തിയിരിക്കുന്നു.” അബൂബക്കർ(റ) കൂട്ടുകാരനോടു പറഞ്ഞു..."

“സത്യം നമ്മെത്തേടി എത്തിയെന്നോ, എന്തായിത്..? വിശദമായിപ്പറയൂ.”

“അല്ലാഹു ﷻ അന്ത്യപ്രവാചകനെ നമ്മിലേക്കയച്ചിരിക്കുന്നു. നാം പ്രവാചകന്റെ പ്രഥമ സഹായികളായിത്തീരണം.” തുടർന്ന് അബൂബക്കർ (റ) വഹിയുടെ കഥ വിവരിച്ചു.

ഉസ്മാൻ(റ) തരിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സന്ദേശത്തിനു വേണ്ടിയാണല്ലോ ഇത്രയുംനാൾ കാത്തിരുന്നത്...

അല്ലാഹുﷻവിന്റെ മാർഗം. രക്ഷയുടെ തീരം. പ്രകാശം പരന്നപാത. മനസ്സു കോരിത്തരിക്കുന്നു. എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കണം. അന്ധവിശ്വാസങ്ങൾ തൂത്തെറിയണം.

“നമുക്കു പ്രവാചകനെ സമീപിക്കാം. സത്യസാക്ഷ്യം വഹിക്കാം. എന്തു പറയുന്നു.” അബൂബക്കർ(റ) ചോദിച്ചു.

“തീർച്ചയായും. ഇനിയൊട്ടും വൈകിക്കൂടാ..”

അവർ പ്രവാചക സന്നിധിയിലെത്തി.

ഉസ്മാൻ (റ) സന്തോഷത്തോടെ കലിമ ചൊല്ലി. “അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു...”

എല്ലാം അല്ലാഹുﷻവിന്റെ മാർഗത്തിൽ അർപ്പിക്കാനുള്ള ത്യാഗ ബോധത്തോടെ ഉസ്മാൻ (റ) ഇസ്ലാംമതം സ്വീകരിച്ചു.

മക്കയിലെ പേരെടുത്ത കച്ചവടക്കാരനാണ് അബുൽ കഅ്ബ് ബ്നു ഔഫ്(റ). ധനികനുമാണ്. മക്കക്കാരുടെ ദുഷിച്ച ആചാരങ്ങളോടു വെറുപ്പാണ്. ഒരു നല്ല ജീവിതരീതി കാണാനാഗ്രഹിച്ചു നടക്കുന്നു. അപ്പോഴാണ് ഇസ്ലാമിന്റെ വിളി കേട്ടത്. പിന്നെ ഒട്ടും താമസിച്ചില്ല. പ്രവാചകന്റെ ക്ഷണം സ്വീകരിച്ചു. ശഹാദത്ത് കലിമ ചൊല്ലി. ഇസ്ലാം മതത്തിൽ പ്രവേശിച്ചു...

ആദ്യത്തെ പേര് നബി ﷺ മാറ്റി അബ്ദുറഹ്മാൻ എന്നാക്കി. അബ്ദുർറഹ്മാന് ബ്നു ഔഫ്...

ഇങ്ങനെ പലരും ഇസ്ലാം മതത്തിൽ ചേർന്നു...

അർഖമിന്റെ വീട്ടിൽ വെച്ചാണ് ആദ്യഘട്ടത്തിൽ സഹാബികൾക്ക് ഇസ്ലാംമത തത്വങ്ങൾ പഠിപ്പിച്ചുകൊടുത്തത്. മൂന്നു വർഷങ്ങൾ അങ്ങനെ കടന്നുപോയി.

ഇസ്ലാംമതത്തിലേക്കു പരസ്യമായി ആളുകളെ ക്ഷണിക്കാനുള്ള കൽപന വന്നു. അടുത്ത ബന്ധുക്കളെ ക്ഷണിക്കുക. അടുത്ത ബന്ധുക്കളെ ഇസ്ലാമിലേക്കു ക്ഷണിക്കുന്നതെങ്ങനെ..?

വീട്ടിൽ വിരുന്നിനു ക്ഷണിക്കാം. അപ്പോൾ എല്ലാവരും വരും. ആ സമയത്ത് അവരോടു കാര്യം പറയാം. ബന്ധുക്കളെയെല്ലാം വിരുന്നിനു ക്ഷണിച്ചു. സദ്യയുണ്ടാക്കി കാത്തിരുന്നു. സമയമായപ്പോൾ എല്ലാവരും വന്നു...

കുടുംബക്കാരെല്ലാം പങ്കെടുത്ത സദസ്സ്. അബൂത്വാലിബും സഹോദരന്മാരും അവരുടെ സന്താനങ്ങളും വന്നിട്ടുണ്ട്. അവരോടു സത്യദീനിനെക്കുറിച്ചു സംസാരിക്കാം.

“എന്റെ പ്രിയപ്പെട്ടവരേ... കുടുംബക്കാരേ.... എനിക്കു നിങ്ങളോടു പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. സൃഷ്ടാവായ അല്ലാഹു ﷻ കൽപിച്ചതനുസരിച്ചാണു ഞാൻ നിങ്ങളോടു സംസാരിക്കുന്നത്. അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു നിങ്ങളെ ക്ഷണിക്കാൻ അവനെന്നോടു കൽപിച്ചിരിക്കുന്നു. അല്ലാഹു ﷻ ഏകനാണെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുവീൻ...''

ആളുകൾ പരസ്പരം നോക്കി. അതിനിടയിൽ തടിയനായ അബൂലഹബ് ചാടിയെഴുന്നേറ്റു. “നാശം... ഇതു പറയാനാണോ നീ ഞങ്ങളെ വിളിച്ചുവരുത്തിയത്. എന്താ നിങ്ങളൊക്കെ ഇവിടെത്തന്നെയിരിക്കുകയാണോ..? ഇറങ്ങിപ്പോകൂ...! ”

സദസ്സിലുളളവർ എഴുന്നേറ്റു. ഓരോരുത്തരായി എല്ലാവരും ഇറങ്ങിപ്പോയി...


Part : 33

ആദ്യശ്രമം പരാജയപ്പെട്ടു. എങ്കിലും നിരാശനായില്ല. ഒരിക്കൽകൂടി വിരുന്നൊരുക്കാം. ഒരിക്കൽകൂടി അവരെ ഇസ്ലാമിലേക്കു ക്ഷണിക്കാം. വീണ്ടും വിരുന്നിനു ക്ഷണിച്ചു. എല്ലാവരും വന്നുചേർന്നു.

“എന്റെ പ്രിയപ്പെട്ട ബന്ധുക്കളേ... സർവശക്തനായ അല്ലാഹുﷻവിന്റെ കൽപനപ്രകാരം ഞാൻ വീണ്ടും നിങ്ങളെ ക്ഷണിക്കുകയാണ്. ഏകനായ അല്ലാഹുﷻവിനെ മാത്രമേ നിങ്ങൾ ആരാധിക്കാവു. അവനു പങ്കുകാരില്ല. അവനല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. ഞാൻ കൊണ്ടുവന്നതിനേക്കാൾ ഉത്തമമായ ഒരു കാര്യം ഈ ജനതയ്ക്കുവേണ്ടി കൊണ്ടുവന്ന ഒരു അറബിയെയും ഞാൻ കണ്ടിട്ടില്ല...

ഈ ലോകത്തെ വിജയത്തിനും പരലോക വിജയത്തിനും ഉപകരിക്കുന്ന സന്ദേശമാണു ഞാൻ കൊണ്ടുവന്നത്. അതാണു ദീനുൽ ഇസ്ലാം. അതിലേക്കു നിങ്ങളെ ക്ഷണിക്കാൻ എന്റെ റബ്ബ് എന്നോടു കൽപിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ആരാണ് എന്നെ സഹായിക്കുക? പറയൂ. ദീനുൽ ഇസ്ലാമിനെ സഹായിക്കാനാരുണ്ട്..?”

“ഹ...ഹ..ഹ... ഈ തമാശ കേൾക്കാനാണോ നാമിവിടെ വന്നത്, എണീറ്റു പോകൂ...” ആരൊക്കെയോ വിളിച്ചുപറഞ്ഞു. അവർ പരിഹാസപൂർവം ചിരിക്കുന്നു.

“ഇവനെന്തു പറ്റിപ്പോയി..? പാവം..” ചിലർ സഹതപിച്ചു.

അപ്പോൾ ഒരു കൊച്ചു കുട്ടിയുടെ ശബ്ദം കേട്ടു. എല്ലാവരും തിരിഞ്ഞുനോക്കി. ആ കുട്ടിയുടെ വാക്കുകൾ കൗതുകം പരത്തി.

“അല്ലാഹുﷻവിന്റെ റസൂലേ... അങ്ങയെ സഹായിക്കാൻ ഞാനുണ്ട്. അങ്ങയുടെ കൂടെ ഞാനുറച്ചുനിൽക്കും.” അബൂത്വാലിബിന്റെ മകൻ അലിയായിരുന്നു അത്...

ആളുകൾ അലിയെയും അബൂത്വാലിബിനെയും മാറിമാറി
നോക്കി. അവർ പരിഹാസപൂർവം ചിരിക്കുന്നു. വൃദ്ധനായ അബൂത്വാലിബ് തലയും താഴ്ത്തി നടന്നുപോയി.

ഒരു ദിവസം പ്രവാചകൻ ﷺ സ്വഫാ മലയുടെ മുകളിൽ കയറി. "വാ സബാഹാ വാ സബാഹാ" സഫാമലയിൽ നിന്നും പ്രവാചകന്റെ ശബ്ദം. എന്തെങ്കിലും ആപത്തു വരുമ്പോഴാണു മലയിൽ കയറി ഇങ്ങനെ വിളിച്ചു പറയുക...

ഖുറയ്ശികൾ സഫാമലയിലേക്കോടി. അതാ നിൽക്കുന്നു മുഹമ്മദ്. എന്തെങ്കിലു ആപത്ത് നേരിട്ടിരിക്കും. ധാരാളം ആളുകൾ തടിച്ചുകൂടി. ഖുറയ്ശി ഗോത്രത്തിന്റെ കൈവഴികളായ പല കുടുംബക്കാരും അക്കൂട്ടത്തിലുണ്ട്.

അബ്ദുൽ മുത്വലിബ് വംശം
അബ്ദുമനാഫ് കുടുംബം
ബനൂസുഹ്റാ
ബനൂതൈം
ബനൂമഖ്സൂം
ബനൂഅസദ്

എല്ലാവരും ആകാംക്ഷയോടെ അൽഅമീനെ നോക്കുന്നു. അൽഅമീൻ ചോദിച്ചു: “ഈ മലയുടെ പിന്നിൽ നിങ്ങളെ ആക്രമിക്കാൻ ഒരു കുതിരപ്പട നിലയുറപ്പിച്ചിട്ടുണ്ടെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..?”

“ഞങ്ങൾ വിശ്വസിക്കും. വിശ്വസിക്കാതിരിക്കാൻ ഞങ്ങൾക്കൊരു കാരണവുമില്ല. നീ അൽഅമീനാണ്. ഒരു കള്ളം പറഞ്ഞതായി ഞങ്ങൾക്ക് അനുഭവമില്ല.”

“എങ്കിൽ കേട്ടുകൊള്ളൂ. എന്റെ അടുത്ത കുടുംബങ്ങൾക്കു പരലോക ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പു നൽകാൻ എന്നോടു കൽപിച്ചിരിക്കുന്നു. അബ്ദുൽ മുത്വലിബു കുടുംബമേ, അബ്ദുമനാഫു കുടുംബമേ! ....ബനൂസുഹ്റാ ... ബനൂതൈം, ബനൂമഖ്സൂം... ബനൂഅസദ്... നിങ്ങളെ ഞാൻ അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു ക്ഷണിക്കുന്നു.

'ലാഇലാഹ ഇല്ലല്ലാഹ്' എന്നു നിങ്ങൾ പ്രഖ്യാപിക്കുക. അങ്ങനെ പ്രഖ്യാപിക്കുന്നില്ലെങ്കിൽ ഈ ലോകത്തോ പരലോകത്തോ എന്തെങ്കിലും ഗുണം നിങ്ങൾക്കു നൽകാൻ എന്നെക്കൊണ്ടാവില്ല.” വളരെ ആവേശപൂർവമാണു നബിﷺതങ്ങൾ സംസാരിച്ചത്.

അനുകൂലമായ എന്തെങ്കിലും പ്രതികരണമുണ്ടാകുമെന്നു
പ്രതീക്ഷിച്ചു. അബൂലഹബിന്റെ ശബ്ദം ആ മലഞ്ചെരുവിൽ മുഴങ്ങിക്കേട്ടു:

“നിനക്കു നാശം..! ഇതിനുവേണ്ടിയാണോ ഈ മാന്യന്മാരെ നീ വിളിച്ചുകൂട്ടിയത്... നശിച്ചവൻ... നാണമില്ലാത്തവൻ...”

പ്രവാചകൻ ﷺ അതുകേട്ടു വിഷമിച്ചുപോയി. തനിക്കുനേരെ എത്ര ക്രൂരമായ പരിഹാസം. മുഖം തണുത്തുപോയി. ദുഃഖംകൊണ്ടു കണ്ണുകൾ നിറഞ്ഞു. നിസ്സഹായനായി നിന്നു. എന്തൊരു നിരാശ. മലഞ്ചരുവിൽ തടിച്ചുകൂടിയവർ പിരിഞ്ഞുപോയി.

ജിബ്രീൽ (അ) വരുന്നു. വഹ് യ് ഇറങ്ങുന്നു...

تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ

അബൂലഹബിന്റെ ഇരുകരങ്ങളും നശിച്ചുപോകട്ടെ. അവ നശിച്ചു. അവന്റെ സമ്പത്തോ സമ്പാദ്യങ്ങളോ അവന് ഉപകരിക്കുകയില്ല. കത്തിക്കാളുന്ന നരകാഗ്നിയിൽ അവൻ പ്രവേശിക്കുകതന്നെ ചെയ്യും.

ഇസ്ലാംമതത്തിന്റെ പ്രചാരണം തങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്കെതിരാണെന്നു ഖുറയ്ശികൾ നേരത്തെത്തന്നെ മനസ്സിലാക്കി. തങ്ങൾ ആരാധിക്കുന്ന ബിംബങ്ങൾ കയ്യൊഴിക്കപ്പെടും...

ശിർകിന്റെ സകല കവാടങ്ങളും അടയ്ക്കപ്പെടും. അതു സഹിക്കാൻ അവരുടെ അഹങ്കാരം അനുവദിച്ചില്ല. ശക്തി ഉപയോഗിച്ച് ഇസ്ലാമിനെ തകർക്കാൻ ഖുറയ്ശികൾ തീരുമാനിച്ചു. കടുത്ത മർദ്ദനങ്ങൾ തുടങ്ങി...

ഇസ്ലാംമതം സ്വീകരിച്ചവരെ കഠിനമായി മർദ്ദിക്കാൻ ആരംഭിച്ചു. ഈ മർദനം മറ്റുള്ളവർക്കു പാഠമായിത്തീരണം. ഇനിയൊരാൾക്കും ഇസ്ലാം സ്വീകരിക്കാൻ കൊതി തോന്നരുത്. വേദനാജനകമായ ശിക്ഷാനടപടികൾ സ്വീകരിച്ചു.

കഠിന മർദ്ദനത്തിന്റെ കഥകളുമായിട്ടാണ് ഓരോ പ്രഭാതവും വിടർന്നത്. ത്യാഗത്തിന്റെ ഇതിഹാസങ്ങൾ രചിക്കപ്പെടുകയായി.


Part : 34

ഭീഷണി 

ഖുറയ്ശി പ്രമുഖന്മാരിൽ ചിലർ അബൂ ത്വാലിബിനെ കാണാൻ വന്നു. അവരുടെ ആഗമനത്തിൽ എന്തോ ഒരു പന്തികേടുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. ഗൗരവം നിറഞ്ഞ മുഖഭാവത്തോടെ അവർ ഇരുന്നു.

“എന്താണ് എല്ലാവരുംകൂടി ഇറങ്ങിയത്, വല്ല വിശേഷവും...?” അബൂത്വാലിബു പതിയെ ചോദിച്ചു...

“വിശേഷങ്ങൾ താങ്കൾ അറിയുന്നുണ്ടല്ലോ? സഹോദരപുത്രൻ നാട്ടിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ.” അബൂത്വാലിബിനു കാര്യം മനസ്സിലായി...

“ഞങ്ങൾ ഗൗരവമായി ചില കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതു താങ്കളെ അറിയിക്കുകയാണ്. നമ്മുടെ പൂർവികർ ആരാധിച്ചുവന്ന ബിംബങ്ങളെ മുഹമ്മദ് തള്ളിപ്പറയുന്നു. അവൻ പുതിയൊരു മതവുമായി വന്നിരിക്കുന്നു. ഇങ്ങനെ പോയാൽ നാട്ടിൽ കുഴപ്പങ്ങളുണ്ടാകും. ഈ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ അനുവദിക്കരുത്. അവനെ തടയാൻ നിങ്ങളെക്കൊണ്ടാവുകയില്ല എന്നാണെങ്കിൽ, ഞങ്ങൾക്കു വിട്ടുതരിക. വേണ്ടതു പോലെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം. എന്തു പറയുന്നു താങ്കൾ..?”

“ഞാനവനോടു പറഞ്ഞുനോക്കാം” അബൂത്വാലിബ്.

“പറഞ്ഞുനോക്കിയതുകൊണ്ടായില്ല. പറഞ്ഞു പിന്തിരിപ്പിക്കണം. അതാണു നിങ്ങൾ ചെയ്യേണ്ടത്. പിന്മാറുന്നില്ലെങ്കിൽ അവനെ ഞങ്ങൾക്കു വിട്ടുതരണം. ഞങ്ങൾ തൽകാലം പോകുന്നു. പിന്നീടുവരാം.” ഖുറയ്ശി നേതാക്കൾ ഇറങ്ങിപ്പോയി. മനസ്സമാധാനമില്ലാത്ത നിലക്കാണു പോയത്...

അബൂത്വാലിബ് വിഷമിച്ചു. സഹോദരപുത്രനെ ഈ പ്രവൃത്തിയിൽ നിന്നെങ്ങനെ പിന്തിരിപ്പിക്കും. പറഞ്ഞാൽ കേൾക്കുമോ? കേട്ടില്ലെങ്കിൽ എന്തായിരിക്കും ഫലം? ഖുറയ്ശികൾ ആക്രമിക്കും. അവരുടെ ആക്രമണത്തിൽ നിന്ന് അവനെ രക്ഷിക്കാൻ തന്നെക്കൊണ്ടാകുമോ..?

“മോനേ..'' അബൂത്വാലിബ് നബിﷺതങ്ങളെ വിളിച്ചു. വിളികേട്ടു വേഗം വന്നു...

“മോനോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. മോൻ മനസ്സുവെച്ചു കേൾക്കണം. ഞാൻ വൃദ്ധനാണ്. നിന്നെ രക്ഷിക്കാനുള്ള കഴിവ് എനിക്കില്ല. നിന്റെ ഇപ്പോഴത്തെ ഈ പ്രവർത്തനം നിറുത്തിയില്ലെങ്കിൽ
ഖുറയ്ശികൾ നിന്നെ ഉപദ്രവിക്കും. അവരുടെ ആക്രമണത്തിൽ നിന്നു നിന്നെ രക്ഷിക്കാൻ എന്നെക്കൊണ്ടാവുകയുമില്ല. നീയതു മനസ്സിലാക്കണം.”

അബൂത്വാലിബിന്റെ വാക്കുകൾ നബിﷺതങ്ങളെ വേദനിപ്പിച്ചു. വൃദ്ധനായ പിതൃവ്യൻ താൻ കാരണം ആശങ്കയിലാണ്. ഖുറയ്ശികൾ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയാണ്. എന്നുവച്ചു തന്റെ ദൗത്യം അവസാനിപ്പിക്കാൻ പറ്റുമോ..?

പരസ്യമായി ഇസ്ലാംമത പ്രചാരണം നടത്തുവാൻ തന്നെ നിയോഗിച്ചതു സർവശക്തനായ അല്ലാഹുﷻവാകുന്നു. ജനങ്ങൾക്കു സന്മാർഗത്തിന്റെ പ്രകാശം കാണിച്ചുകൊടുക്കണം. അവരെ സത്യദീനിലേക്കു ക്ഷണിക്കണം. ഇത് അല്ലാഹുﷻവിന്റെ കൽപനയാണ്.

അബൂത്വാലിബിനു പ്രയാസമുണ്ടാകുമെന്നതുകൊണ്ട് പ്രവാചകത്വ ദൗത്യം നിറുത്തിവയ്ക്കാൻ പറ്റുമോ. തന്റെ കടമ താൻ തന്നെ നിർവഹിക്കണമല്ലോ. വികാരഭരിതനായിപ്പോയി. അതൊരു ഉറച്ച നിലപാടായിരുന്നു. അബൂത്വാലിബിന്റെ മുമ്പിൽ നിന്നുകൊണ്ടു സഹോദരപുത്രൻ പ്രഖ്യാപിച്ചു...

“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ടു സത്യം..! സൂര്യനെ എന്റെ വലതു കയ്യിലും ചന്ദ്രനെ ഇടതു കൈയ്യിലും വച്ചുതന്നാൽ പോലും ഞാൻ ഈ ദൗത്യത്തിൽ നിന്നു പിന്തിരിയുകയില്ല.”
അബൂത്വാലിബ് ഞെട്ടിപ്പോയി..!!

എന്തൊരു ധീരമായ മറുപടി. തന്റെ സഹോദര പുത്രനെ ഈ ശ്രമത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്ന് ബോധ്യമായി. വികാരാവേശത്തോടെ അബൂത്വാലിബ് പറഞ്ഞു:

“വേണ്ട... വേണ്ട മോനേ... നിനക്കു നന്മയെന്നു തോന്നിയതു നീ പ്രവർത്തിച്ചുകൊള്ളൂ. നിന്നെ ഒരാൾക്കും പിന്തിരിപ്പിക്കാനാവില്ല. നിന്നെ ഞാനാർക്കും വിട്ടുകൊടുക്കുകയുമില്ല. എന്റെ ശരീരത്തിൽ ജീവനുള്ള കാലത്തോളം നിന്നെ ഞാൻ സംരക്ഷിക്കും. ഈ വൃദ്ധൻ നിന്റെ പിന്നിലുണ്ടാകും...”

നബിﷺതങ്ങൾക്കു ഏറെ ആശ്വാസം തോന്നി. ഇതു വളരെ ബലമുള്ള ഒരത്താണിതന്നെ. സഹോദരപുത്രൻ വീട്ടിൽ നിന്നിറങ്ങിപ്പോയി. എന്നിട്ടും ആ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു. അവനെ പിന്തിരിപ്പിക്കാൻ ഒരാൾക്കുമാവില്ല.

ഖുറയ്ശികൾ ഏതാനും ദിവസങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. അബൂത്വാലിബിന്റെ വാക്കുകൾ സഹോദരപുത്രൻ അനുസരിക്കുമെന്നു പ്രതീക്ഷിച്ചു. പ്രതീക്ഷ തെറ്റി. മുഹമ്മദ് മതപ്രചരണം തുടരുകയാണ്...


Part : 35

ഖുറയ്ശികൾ ഏതാനും ദിവസങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. അബൂത്വാലിബിന്റെ വാക്കുകൾ സഹോദരപുത്രൻ അനുസരിക്കുമെന്നു പ്രതീക്ഷിച്ചു. പ്രതീക്ഷ തെറ്റി. മുഹമ്മദ് മതപ്രചരണം തുടരുകയാണ്.

പലരും ഇസ്ലാംമതത്തിൽ ചേർന്നുകൊണ്ടിരിക്കുന്നു.
ചേർന്നവരാരും മടങ്ങുന്നില്ല. മർദനങ്ങൾകൊണ്ടു പ്രയോജനം കാണുന്നില്ല. അബൂത്വാലിബിന്റെ മേൽ സമ്മർദം ചെലുത്തിയിട്ടും പ്രയോജനം വന്നില്ല. ഇനിയെന്തു വഴി..?

ഒന്നുകിൽ പണം കൊടുത്തു പിന്തിരിപ്പിക്കുക. അല്ലെങ്കിൽ മറ്റു രീതിയിൽ സ്വാധീനിക്കുക.

അതിനുവേണ്ടി സമർത്ഥനായ ഒരാളെ വിടാം. സമർത്ഥനായ ഉത്ബത് ബ്നു റബീഅയെ അയയ്ക്കാൻ ഖുറയ്ശികൾ തീരുമാനിച്ചു.

വേണ്ട ഉപദേശങ്ങൾ നൽകി ഖുറയ്ശികൾ ഉത്ബതിനെ പറഞ്ഞയച്ചു. കാര്യം നേടുമെന്ന പ്രതീക്ഷയിൽ ഉത്ബത് പ്രവാചകനെ (ﷺ) കണ്ടു.

“എന്തൊക്കെയുണ്ട് മുഹമ്മദ് വിശേഷങ്ങൾ..?” ഉത്ബത് വളരെ സ്നേഹഭാവത്തിൽ ചോദിച്ചു.

“സന്തോഷം തന്നെ. ഉത്ബതിനു സുഖം തന്നെയോ..?”

“എനിക്കു സുഖം തന്നെ.”

“ഇപ്പോൾ ഈ വരവിനു പ്രത്യേകിച്ചു വല്ല ലക്ഷ്യവുമുണ്ടോ..?”

“ങാ... അൽപം സംസാരിക്കണമെന്നുണ്ട്.”

“പറഞ്ഞാളൂ...”

“ഖുറയ്ശി നേതാക്കൾ പറഞ്ഞയച്ചിട്ടാണു ഞാൻ വന്നത്. നമ്മുടെ നാട്ടിൽ സമാധാനം നിലനിൽക്കണം. പരസ്പരം വെറുപ്പും മത്സരങ്ങളും വേണ്ട. അതിനു താങ്കൾ ഈ പുതിയ മതപ്രവർത്തനം നിറുത്തണം. അതിനു ഞങ്ങൾ ചില വ്യവസ്ഥകൾ അംഗീകരിക്കാം.”

“വ്യവസ്ഥകളോ, അതെന്താണ്..?”

“താങ്കൾ എന്തു കാര്യം ആവശ്യപ്പെട്ടാലും ഖുറയ്ശികൾ അതു നിർവഹിച്ചുതരും. പറഞ്ഞോളൂ എന്തു വേണം?

ധാരാളം പണം വേണമോ? തരാം. അതിസുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യണമോ? ചെയ്തുതരാം.

ഇവിടെ ഒരു ഭരണാധികാരിയാകണമെന്നുണ്ടോ? ഞങ്ങൾ താങ്കളെ രാജാവായി അംഗീകരിക്കാം.

ഈ പുതിയ തത്വങ്ങൾ പറഞ്ഞുനടക്കുന്നതു വല്ല അസുഖങ്ങളും പിടിപെട്ടതുകൊണ്ടാണോ? എങ്കിൽ രോഗത്തിനു ചികിത്സ നടത്താം. പറഞ്ഞോളൂ, എന്തുവേണം..?”

ഉത്ബത് പറഞ്ഞുനിറുത്തി. പ്രതികരണത്തിനു കാത്തിരുന്നു.

“സഹോദരാ, താങ്കൾ എന്താണു പറഞ്ഞത്? അല്ലാഹു ﷻ ഇസ്ലാം ദീനിലേക്കു ജനങ്ങളെ ക്ഷണിക്കാൻ കൽപിച്ചു. ഞാനതു നിർവഹിക്കുന്നു. അവൻ എനിക്കു വഹ് യ് ഇറക്കുന്നു. ദീനിനു പകരം താങ്കൾ പറഞ്ഞ സംഗതികൾ സ്വീകരിക്കണമെന്നോ? സാധ്യമല്ലതന്നെ. അല്ലാഹുﷻവിന്റെ വചനങ്ങൾ ശ്രദ്ധിക്കൂ...”

നബിﷺതങ്ങൾ വിശുദ്ധ ഖുർആനിൽ നിന്ന് ഏതാനും ആയത്തുകൾ ഓതിക്കേൾപിച്ചു.

എന്താണിത്..? എന്താണീ കേൾക്കുന്നത്..? ഇതു മനുഷ്യവചനങ്ങളല്ല, ഇതു കവിതയല്ല, ഇത് ഗദ്യവുമല്ല..! ഉത്ബത് കിടുകിടുത്തുപോയി. എന്തൊരു സാഹിത്യം..! എന്തൊരു കരുത്ത്..!

മനുഷ്യമനസ്സിനെ ആടിയുലക്കാൻ പോന്ന വചനങ്ങൾ..!

ഇതു വളരെ മഹത്തായതാണെന്നു ഖുറയ്ശികളോടു പറയണം. അവരും ഇതു വന്നു കേൾക്കട്ടെ. ഇതുൾക്കൊള്ളട്ടെ. ഇതുവരെ മുഹമ്മദിനെപ്പറ്റി പറഞ്ഞതൊന്നും ശരിയല്ല. അതു ഖുറയ്ശികൾ അറിയട്ടെ..!

ഉത്ബത് പെട്ടെന്നു മടങ്ങിപ്പോയി.

ഖുറയ്ശികൾ കാത്തിരിക്കുകയായിരുന്നു. ഉത്ബതിനെ കണ്ടപ്പോൾത്തന്നെ ഖുറയ്ശികളുടെ ആവേശം തണുത്തു. പോയ മുഖഭാവവുമായിട്ടല്ല മടങ്ങിവരുന്നത്...

“ഖുറയ്ശി സഹോദരന്മാരേ..! ഞാൻ പറയുന്നത് വിശ്വസിക്കൂ. മുഹമ്മദ് പാരായണം ചെയ്യുന്നതു കവിതയല്ല. അതിനേക്കാൾ വളരെ മഹത്തായതാണ്. മുഹമ്മദിനെ വെറുതെവിട്ടേക്കൂ..!”

“നീയൊരു ബുദ്ധിമാനാണെന്നു കരുതിയാണു നിന്നെ പറഞ്ഞയച്ചത്. നീയൊരു മണ്ടനായിപ്പോയല്ലോ. അവന്റെ വാക്കുകളിൽ നീ കുടുങ്ങിപ്പോയല്ലോ. പാവം...”

ബുദ്ധിമാനായ ഉത്ബത്തിനെ ഖുറയ്ശികൾ തള്ളിക്കളഞ്ഞു. തങ്ങൾ സ്വീകരിച്ച രണ്ടു മാർഗങ്ങളും വിജയിച്ചില്ല. ഇനി ശക്തിയുടെ മാർഗം മാത്രമേ ബാക്കിയുള്ളൂ.

ഇസ്ലാംമതം സ്വീകരിക്കുന്നവരെ ശക്തികൊണ്ടു നേരിടുക. ഏകനായ അല്ലാഹുﷻവിലും അവന്റെ റസൂലിലും വിശ്വസിച്ചവരെ തകർത്തു തരിപ്പണമാക്കാൻ ഖുറയ്ശി പ്രമുഖന്മാർ പദ്ധതികൾ തയ്യാറാക്കി.

അബുൽ ഹകം എന്നു പേരുള്ള അബൂജഹ്ൽ. കുപ്രസിദ്ധനായ നേതാവ്. സത്യവിശ്വാസികളെ അടിച്ചൊതുക്കാനുള്ള ഒരുക്കം.
മർദനത്തിന്റെ നാളുകൾ വരവായി...


Part : 36

സനീറ(റ)യും സഫിയ(റ)യും

സനീറ എന്ന പെൺകുട്ടി. അടുക്കളയിൽ തളച്ചിടപ്പെട്ട ജീവിതം. യജമാനന്റെ സമ്മതമില്ലാതെ പുറത്തിറങ്ങാനാവില്ല. എല്ലാ യജമാനന്മാരുടെയും സൃഷ്ടാവിനെക്കുറിച്ചു കേട്ടപ്പോൾ സനീറയുടെ ഖൽബു തുടിച്ചു.

ഏകനായ അല്ലാഹുﷻ. മനുഷ്യരെല്ലാം അവന്റെ സൃഷ്ടികൾ. ആ നിലയിൽ എല്ലാവരും സഹോദരങ്ങൾ. സാഹോദര്യത്തിന്റെ സന്ദേശവുമായി വന്ന പ്രവാചകൻ. ആ പ്രവാചകൻ ഉരുവിടുന്ന വിശുദ്ധ ഖുർആൻ ആയത്തുകൾ. അതു കേട്ടാൽ മനുഷ്യൻ കോരിത്തരിക്കും. മനുഷ്യമനസ്സിൽ കൊടുങ്കാറ്റടിക്കും.

എല്ലാം പറഞ്ഞുകേട്ട കാര്യങ്ങൾ. കേട്ടപ്പോൾ ആ പ്രവാചകനെ കാണാൻ മോഹം. ഉപദേശം കേൾക്കാൻ കൊതിയാകുന്നു. വിശുദ്ധ ഖുർആനിലെ ആയത്തുകൾ കേൾക്കണം. എപ്പോഴും ആ ഒരൊറ്റ ചിന്തമാത്രം.

അടുക്കളയിൽ റൊട്ടി ചുടുമ്പോഴും ഇറച്ചി പൊരിക്കുമ്പോഴുമെല്ലാം ആ ഒരൊറ്റ ചിന്തമാത്രം. പ്രവാചകൻ അർഖമിന്റെ വീട്ടിലാണെന്നറിയാം. കാണണമെങ്കിൽ അവിടെപ്പോകണം. യജമാനന്മാരുടെ ശ്രദ്ധയിൽപ്പെടാതെ എങ്ങനെ പോകും..? പോകാതിരിക്കാൻ വയ്യ. മനസ്സു തുടിക്കുന്നു.

ഒരുനാൾ ആരുമറിയാതെ വീട്ടിൽനിന്നിറങ്ങി ഒറ്റ നടത്തം. ആരുടെയും ശ്രദ്ധയിൽപ്പെടാതെ പ്രവാചക സന്നിധിയിലെത്തി. പ്രവാചകനെ കണ്ടു. ആ വചനങ്ങൾ കേട്ടു. വിശുദ്ധ ഖുർആനിലെ ആയത്തുകൾ കേട്ടു. സനീറയുടെ ഖൽബ് ആടിയുലഞ്ഞു. വയ്യ... സഹിച്ചുനിൽക്കാനാവില്ല. സത്യസാക്ഷ്യം വഹിക്കാൻ ഇനി വൈകിക്കൂടാ.

ഉടനെ പ്രഖ്യാപിച്ചു: “അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”

സനീറ സത്യവിശ്വാസം കൊണ്ടു. ഇനിയൊരു ശക്തിക്കും സനീറയെ പിന്തിരിപ്പിക്കാനാവില്ല. “സൂക്ഷിക്കണം. വിശ്വസിച്ച കാര്യം പരസ്യമാക്കരുത്.” സമ്മതിച്ചു. തിരിച്ചുപോന്നു. ആരും കണ്ടില്ല. പിടിക്കപ്പെട്ടില്ല.

പതിവുപോലെ ജോലികൾ തുടർന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും മോഹം. പ്രവാചക സന്നിധിയിൽ പറന്നെത്തണം. സഹിക്കുന്നില്ല. ആയത്തുകൾ കേൾക്കണം. തൗഹീദിന്റെ മഹാശക്തി തന്നെ നയിക്കുന്നു.

വീട്ടിൽ നിന്നിറങ്ങി. വഴിയിൽ നോക്കി. ഒരാൾക്കും സംശയം നൽകാതെ നടന്നു. പ്രവാചക സന്നിധിയിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം. വിശുദ്ധ ഖുർആൻ വചനങ്ങൾ. ദിവ്യമായ അനുഭൂതി. അതിൽ ലയിച്ചിരുന്നുപോയി...

വീണ്ടും മടക്കം...

പിടിക്കപ്പെടാതിരിക്കാൻ സൂക്ഷിച്ചു.പലതവണ ഇതാവർത്തിച്ചു. ആവർത്തനം ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ പിന്തുടർന്നു. പിടിയിലായി. സനീറ പിടിക്കപ്പെട്ടു.

സനീറയുടെ സത്യവിശ്വാസം ചോദ്യം ചെയ്യപ്പെട്ടു. കഠിനമായ പരീക്ഷണം.

യജമാനന്മാർ ഉറച്ച സ്വരത്തിൽ പറഞ്ഞു: “നീ അവനെ തള്ളിപ്പറയണം. അവന്റെ ദീനിൽനിന്നു മടങ്ങണം. നിന്നെ ശിക്ഷിക്കില്ല.”

“ഞാൻ സത്യമതം സ്വീകരിച്ചു. സത്യത്തിൽനിന്നു മടക്കമില്ല. എന്നെ വെറുതെവിടൂ...”

“നിന്നെ വെറുതെവിടില്ല. നീ അവന്റെ മതത്തിൽ നിന്നു മടങ്ങുന്നതുവരെ വേദന അനുഭവിക്കും.''

“എനിക്കിനിയൊരു മടക്കമില്ല.” അടിയുടെ ശബ്ദം. മുഖത്തും ശിരസ്സിലും കരങ്ങളിലും.

“മടങ്ങും എന്നു പറയൂ...”

“ലാഇലാഹ... ഇല്ലല്ലാഹ്...”

ക്രൂരന്മാരുടെ കരങ്ങൾ ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരുന്നു. വിശ്വാസത്തിനു നേരെയുള്ള അതിക്രമം.

മക്കാപട്ടണത്തിൽ പലവിധ വിശ്വാസക്കാരുമുണ്ട്. യഹൂദന്മാർ, മജൂസികൾ, ക്രിസ്ത്യാനികൾ, ബിംബാരാധകർ, ഒന്നിലും ചേരാത്തവർ അവർക്കൊന്നും പ്രശ്നമില്ല.

അല്ലാഹു ﷻ അല്ലാതെ ആരാധനക്കർഹനായി മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും വിശ്വസിച്ചാൽ
മർദിക്കും...

അബൂജഹ്ൽ വരുന്നു. ക്ഷീണിച്ചവശയായ സനീറയെ അവൻ നോക്കി. തീപാറുന്ന കണ്ണുകൾ. “നീ അവന്റെ മതത്തിൽ നിന്നു പിന്മാറുന്നുണ്ടോ..?” ഇടിവെട്ടും പോലുള്ള ശബ്ദം.

“ഇല്ല”

“ഇല്ലേ?”

“ഇല്ല”

കൈ ആഞ്ഞുവീശി ഒറ്റ അടി. ലാ ഇലാഹ്... ഇല്ലല്ലാഹ് കറങ്ങിക്കറങ്ങി താഴെ വീണു. വിരലുകൾ കണ്ണിൽ പതിഞ്ഞു. ഇരുട്ട്! കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നു സനീറയ്ക്ക് തോന്നി. അല്ലാഹ്. അല്ലാഹ്...

ശക്തനായ അബൂജഹ്ൽ ദുൽബലയായ ഒരു പെൺകുട്ടിയുടെ വിശ്വാസത്തിനു മുമ്പിൽ പരാജയപ്പെടുന്ന അത്ഭുതകരമായ കാഴ്ചയാണു ചരിത്രം കണ്ടത്.

ഇതുപോലെ എത്രയെത്ര പെൺകൊടിമാർ. അബ്ദുൽ മുത്വലിബിന്റെ മകൾ സഫിയ. പ്രവാചകന്റെ കുടുംബാംഗം. തിരുമേനിയുടെ അമ്മായി...

സഫിയ ബുദ്ധിമതിയായിരുന്നു. തന്റെ സഹോദരപുത്രന്റെ വാക്കുകളിൽ അവർക്കൊരു സംശയവും ഉണ്ടായിരുന്നില്ല. സഫിയ(റ) ഇസ്ലാം മതം സ്വീകരിച്ചു. അതോടെ കൊടിയ മർദനങ്ങളും ആരംഭിച്ചു. കുടുംബ മഹിമയൊന്നും അക്കാര്യത്തിൽ പരിഗണിക്കപ്പെട്ടില്ല.

ശത്രുക്കളുടെ ആക്രമണം കാരണം അവർക്കു സ്വസ്ഥമായി ജീവിക്കാൻ തന്നെ പറ്റാതായി...


Part : 37

കറുത്തമുത്ത് 

ബിലാൽ ബ്നു റബാഹ്... അബ്സീനിയക്കാരനായ അടിമ. നല്ല സ്വരമാണ്. കേട്ടുനിന്നുപോകും. ക്രൂരനായ ഉമയ്യത്ത് ബ്നു ഖലഫിന്റെ അടിമയായി ജീവിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. എത്ര ജോലിചെയ്താലും മർദനം. പിന്നെ തെറിവിളി. മടുത്തു...

അപ്പോഴാണ് ആ സുന്ദര ശബ്ദം കേട്ടത്. ഏകനായ അല്ലാഹുﷻവിലേക്കുള്ള ക്ഷണം. ഈ ലോകത്തുവച്ചു ചെയ്യുന്ന സകല കർമങ്ങൾക്കും പ്രതിഫലം നൽകപ്പെടുന്ന പരലോകത്തെക്കുറിച്ചുള്ള അറിവ്. അത്ഭുതം തോന്നി.

പ്രവാചകന്റെ (ﷺ) മുഖം കണ്ടു. നോക്കിനോക്കി നിന്നു. ഇത് സത്യത്തിൽ അല്ലാഹുﷻവിന്റെ റസൂൽ തന്നെ. ഒരു സംശയവുമില്ല. ബിലാൽ തന്റെ യജമാനനെ മറന്നു. ബിംബാരാധകരെ മറന്നു. അല്ലാഹുﷻവിലും അന്ത്യപ്രവാചകരിലും വിശ്വസിച്ചു. വിശ്വാസം കുറെനാൾ രഹസ്യമായി വച്ചു. പിന്നെ രഹസ്യം ചോർന്നുപോയി...

ഉമയ്യത്ത് ബ്നു ഖലഫ് തന്റെ അടിമയെ പിടികൂടി. “ഇസ്ലാംമതം കൈവെടിയണം. ഞാനാണ് കൽപിക്കുന്നത്, നിന്റെ യജമാനൻ.”

“യജമാനൻ കൽപിക്കുന്ന എന്തു ജോലിയും ഞാൻ ചെയ്യുന്നുണ്ട്. വിശ്വസ്തനായ അടിമയാണു ഞാൻ. എന്നെ സൃഷ്ടിച്ച അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കുന്നു. അല്ലാഹുﷻവിന്റെ റസൂലിലും. എന്നെ വെറുതെ വിട്ടേക്കൂ..! എന്റെ വിശ്വാസം കൊണ്ടു നിങ്ങൾക്കൊരു നഷ്ടവും വരില്ല, തീർച്ച."

“എടാ ധിക്കാരീ..! നിന്റെ വിശ്വാസം ഞാൻ തകർക്കും. നീ ഇസ്ലാം ദീൻ വിശ്വസിക്കാൻ പാടില്ല. നീലാത്തയിൽ വിശ്വസിക്കണം. തയ്യാറുണ്ടോ?”

“ഏകനായ അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കുന്നു.”

“പാടില്ല. നീ ബിംബങ്ങളിൽ വിശ്വസിക്കണം.”

“ഞാൻ അല്ലാഹുﷻവിൽ വിശ്വസിക്കുന്നു.''

മർദനം. ശരീരമാസകലം മർദനം. ക്ഷീണിച്ചവശനായി താഴെവീണു. അപ്പോൾ ചോദ്യം. “നീ മടങ്ങാൻ തയ്യാറുണ്ടോ..?”

“അല്ലാഹു അഹദ്. അല്ലാഹു അഹദ്' അല്ലാഹു ഒരുവൻ.

ക്രൂരന്മാർ ബിലാലിനെ വലിച്ചിഴച്ചു കൊണ്ടുപോയി. നട്ടുച്ച നേരം. മണൽക്കാടു ചുട്ടുപൊള്ളുന്നു. ബിലാലിന്റെ ശരീരത്തിലെ വസ്ത്രങ്ങൾ പറിച്ചെറിഞ്ഞു. ആ മനുഷ്യശരീരം പതയ്ക്കുന്ന മണലിൽ മലർത്തിക്കിടത്തി. കിടന്നു പുളയാൻ തുടങ്ങി പുഴുവിനെപ്പോലെ...

“അനങ്ങാതെ കിടക്കെടാ..!”- ക്രൂരമായ കൽപന.

വലിയ കല്ലുകൾ കൊണ്ടുവന്നു. അവ ബിലാലിന്റെ മാറിൽ കയറ്റിവച്ചു. ഭാരംകൊണ്ട് അനങ്ങാൻ വയ്യ. ശരീരം ചുട്ടുപൊള്ളുന്നു. മരുഭൂമിയിൽ കരിഞ്ഞ മാംസത്തിന്റെ ഗന്ധം പരന്നു. ആരോഗ്യവാനായ ബിലാൽ തളരുന്നു.

അല്ലാഹു അഹദ്... അല്ലാഹു അഹദ്...

മർദനം കാണാൻ ധാരാളമാളുകൾ കൂടിയിട്ടുണ്ട്. അവർ മർദകരെ പ്രോത്സാഹിപ്പിക്കുന്നു. ആ ജനക്കൂട്ടത്തിനിടയിലേക്ക് ഒരാൾ തിക്കിത്തിരക്കി കടന്നുവരുന്നു. അബൂബക്കർ(റ) ഈ മർദനം കണ്ടു സഹിക്കാനാവുന്നില്ല...

ഉമയ്യത്തിനെ സമീപിച്ചു ചോദിച്ചു: “ഈ അടിമയെ എനിക്കു വിൽക്കുമോ..?”

“വിൽക്കാം, നല്ല വില തരണം.''

“വില പറഞ്ഞോളൂ”

വില പറഞ്ഞു. കച്ചവടം ഉറപ്പിച്ചു. ബിലാലിനെ വിലയ്ക്കു വാങ്ങി. ഇപ്പോൾ ബിലാൽ (റ) അബൂബക്കർ(റ)വിന്റെ അധീനതയിലാണ്.

“ബിലാൽ, താങ്കൾ ഇന്നുമുതൽ അടിമയല്ല. താങ്കളെ ഞാൻ സ്വത്രന്തനാക്കിയിരിക്കുന്നു..!”

അൽഹംദുലില്ലാഹ്..

സർവ സ്തുതിയും അല്ലാഹുﷻവിനാകുന്നു. ഈ സൽകർമത്തിനു മതിയായ പ്രതിഫലം അല്ലാഹു ﷻ നൽകട്ടെ...

ബിലാലിന് ഇസ്ലാം മതത്തിൽ ഉന്നത സ്ഥാനമുണ്ട്. നബിﷺതങ്ങളുടെ മുഅദ്ദിൻ എന്ന പേരിൽ ബിലാൽ (റ) അറിയപ്പെട്ടു...


Part : 38


ഖബ്ബാബ് (റ)..

ത്യാഗത്തിന്റെ ഇതിഹാസമാണ് ഖബ്ബാബിന്റെ ജീവിതം. ഉമ്മു അൻമാർ എന്ന ക്രൂരയായ സ്ത്രീയുടെ അടിമ. പകലന്തിയോളം പണിയെടുക്കണം മൃഗത്തെപ്പോലെ. അവകാശങ്ങളൊന്നുമില്ല. അടിമയല്ലേ..?

അല്ലാഹുﷻവിന്റെ ദീനിലേക്കുള്ള വിളി കേട്ടു. സാഹോദര്യത്തിന്റെ മതം. സമത്വത്തിന്റെ മതം. തന്നെ സൃഷ്ടിച്ച അല്ലാഹുﷻവിൽ വിശ്വസിക്കുക. അല്ലാഹുﷻവിന്റെ റസൂലിൽ വിശ്വസിക്കുക. ഖബ്ബാബ് സത്യമതം സ്വീകരിച്ചു. ഉമ്മുഅൻമാർ ആ വിവരം അറിഞ്ഞു. ഖബ്ബാബിനെ വിളിച്ചു.

“ഞാൻ നിന്റെ യജമാനയാണ്, നീ മുഹമ്മദിന്റെ മതം ഉപേക്ഷിക്കണമെന്നു ഞാൻ കൽപിക്കുന്നു. സ്വീകരിക്കുന്നുണ്ടോ..?”

ഖബ്ബാബ്(റ) വിനീതമായി മറുപടി നൽകി. “നിങ്ങൾ പറഞ്ഞതു ശരിയാണ്, നിങ്ങൾ ജയമാനത്തി. ഞാൻ അടിമ. നിങ്ങൾ കൽപിക്കുന്ന ജോലി ഞാൻ ചെയ്യും. എന്നെ സൃഷ്ടിച്ച അല്ലാഹുﷻവിലും അവന്റെ റസൂലിലും വിശ്വസിക്കാൻ എന്നെ അനുവദിക്കണം.”

“ഫ... ധിക്കാരി, നിന്നെ അടിച്ചു തകർത്തുകളയും.” അടിയുടെ ശബ്ദം. തൊഴിയുടെ ശബ്ദം...

ലാഇലാഹ... ഇല്ലല്ലാഹ്... അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല.

“നീ മടങ്ങുന്നുണ്ടോ..?”

“ഇല്ല”

ഖുറയ്ശി പ്രമുഖന്മാർ ഒരുമിച്ചുകൂടി. കടുത്ത ശിക്ഷ നൽകുന്നതിനെക്കുറിച്ചു ചിന്തിച്ചു ഒരു തീരുമാനത്തിലെത്തി...

കൽക്കരി കൊണ്ടുവരിക. കത്തിക്കുക. ആ കനലിൽ മലർത്തിക്കിടത്തുക. ശരീരം തീക്കനലിൽ കിടന്ന് ഉരുകുമ്പോൾ ഇസ്ലാം ദീനിൽ നിന്നു മടങ്ങിക്കൊള്ളും...

കൽക്കരി കൊണ്ടുവന്നു. നിരത്തിയിട്ടു തീക്കത്തിച്ചു. നല്ല കനൽ. അടുത്തു നിൽക്കാൻ വയ്യ. എന്തൊരു ചൂട്. ഖബ്ബാബിനെ പിടിച്ചുകൊണ്ടുവന്നു തീക്കനലിൽ കിടത്തി. ഒരു ഭീകരൻ ഓടിവന്നു. ഖബ്ബാബിനെ മാറിടത്തിൽ കയറി നിന്നു. അനങ്ങാൻ വയ്യ. മനുഷ്യമാംസം വെന്തുകരിയുന്ന ഗന്ധം പരന്നു..

ലാഇലാഹ് ഇല്ലല്ലാഹ്...

ആരാധനക്കർഹനായി അല്ലാഹുﷻവല്ലാതെ മറ്റാരുമില്ല...

ശരീരം വെന്തുരുകി നീരൊഴുകുന്നു. ആ നീരുതട്ടി തീക്കനൽ അണയുന്നു.
പൊള്ളി വ്രണമായ ശരീരവുമായി ഖബ്ബാബ്(റ) എഴുന്നേറ്റു. പിന്നീട് മുറിവുകൾ ഉണങ്ങി. വലിയ വെളുത്ത പാട് ശരീരത്തിന്റെ പിൻവശത്തു കാണാം. ത്യാഗത്തിന്റെ മുദ്രകൾ.

ഖബ്ബാബ് (റ) ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന നാമം. പിൽക്കാലത്തു സത്യവിശ്വാസികൾ അത്ഭുതത്തോടെ ഖബ്ബാബിനെ നോക്കുമായിരുന്നു. ഖബ്ബാബ്(റ)വിന്റെ കരുത്തോർത്തു കാലഘട്ടം വിസ്മയം കൊള്ളുന്നു.

പീഡനങ്ങളും മർദനങ്ങളും നടത്തുമ്പോൾ ശത്രുക്കൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മരണം സംഭവിക്കാതിരിക്കാൻ. അടിമകൾ മരിച്ചുപോയാൽ അതു സാമ്പത്തിക നഷ്ടമുണ്ടാക്കും.

സ്വതന്ത്രരാണു കൊല്ലപ്പെടുന്നതെങ്കിൽ അവരുടെ ഖബീലക്കാർ കലഹത്തിനു വരും. അത് ആഭ്യന്തര കുഴപ്പങ്ങൾക്കു കാരണമാകും. ഇസ്ലാമിനും മുഹമ്മദിനും ഗുണമായി ഭവിക്കുകയും ചെയ്യും. എല്ലാം വളരെ ശ്രദ്ധാപൂർവമായിരുന്നു.


Part : 39

നിങ്ങൾക്കു സ്വർഗം

ബനൂ മഖ്സൂം ഗോത്രം...

ആ ഗോത്രക്കാർ ബിംബാരാധകരാണ്.

ഏതൊരു കാര്യത്തിനിറങ്ങുമ്പോഴും അവർ ബിംബങ്ങളെ കണ്ടു വണങ്ങുമായിരുന്നു. ആ ഗോത്രക്കാരുടെ അടിമകളായിരുന്നു യാസിറും കുടുംബവും...

യാസിർ യമൻ സ്വദേശിയാണ്. മക്കത്തുവന്നു താമസമാക്കി. യാസിറിന്റെ ഭാര്യ സുമയ്യ. മക്കൾ അമ്മാർ, അബ്ദുല്ല. എല്ലാവരും അടിമകൾ. ഗോത്രത്തിനുവേണ്ടി പണിയെടുക്കുക. അതാണവരുടെ ജീവിതലക്ഷ്യം. ദാരിദ്യം തന്നെ. അതിൽനിന്നു മോചനമില്ല. അടിമകളല്ലേ..?

അപ്പോഴാണ് പ്രവാചകരുടെ (ﷺ) വിളി വരുന്നത്. ഇസ്ലാം ദിനിലേക്കുള്ള ക്ഷണം. ഇഹലോകത്തും പരലോകത്തും വിജയം. സൃഷ്ടാവായ അല്ലാഹുﷻവിൽ വിശ്വസിക്കുക. അവന്റെ പ്രവാചകനിലും വിശ്വസിക്കുക. അതിനെന്തു തടസ്സം..!

യാസിർ കുടുംബം ചർച്ച ചെയ്തു. ഇസ്ലാം സ്വീകരിക്കാൻ തീരുമാനിച്ചു.
എല്ലാവരും ശഹാദത്തു കലിമ ചൊല്ലി മുസ്ലിംകളായി. പ്രകാശം മൂടിവയ്ക്കാനാവില്ലല്ലോ..? യാസിർ കുടുംബം ഇസ്ലാം ദീൻ സ്വീകരിച്ച കാര്യം ബനൂ മഖ്സൂം ഗോത്രം അറിഞ്ഞു. അവർ എല്ലാവരെയും പിടികൂടി. യാസിറും കുടുംബവും ഇസ്ലാം ദീനിൽ നിന്നു മടങ്ങണം.

“ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുﷻവിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവന്റെ പ്രവാചകനിലും ഞങ്ങൾക്കു സത്യം വ്യക്തമായി. ഞങ്ങൾ വിശ്വസിച്ചു. സത്യം വ്യക്തമായിട്ടും വിശ്വസിക്കാതിരിക്കൽ വലിയ ധിക്കാരമായിരുന്നു."

“ഈ ധിക്കാരമൊന്നും ഇവിടെ കേൾക്കേണ്ട. അടിമകളായ നിങ്ങൾ എന്തു വിശ്വസിക്കണമെന്നും എന്തു വിശ്വസിക്കരുതെന്നും തീരുമാനിക്കേണ്ടതു യജമാനന്മാരായ ഞങ്ങളാണ്. ബനൂ മഖ്സൂം അതു തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ ലാത്തയിലേക്കും മനാത്തയിലേക്കും മടങ്ങണം. ബനൂ മഖ്സൂമിന്റെ കൽപനയാണിത്...”

“ബനൂമഖ്സൂമിനോടു ഞങ്ങൾ യാതൊരു നന്ദികേടും കാണിച്ചിട്ടില്ല. വിശ്വാസവഞ്ചന നടത്തിയിട്ടില്ല. മനുഷ്യരെ മുഴുവൻ സൃഷ്ടിച്ചത് അല്ലാഹുﷻവാണ്. ഈ സത്യം ഞങ്ങൾ അംഗീകരിക്കുന്നു. അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിക്കും.

ഇതിൽ എവിടെയാണു തെറ്റ്..?”

പെട്ടെന്ന് അടിപൊട്ടി. “പറഞ്ഞത് അനുസരിച്ചാൽ മതി, തയ്യാറുണ്ടോ..?”

ലാഇലാഹ്... ഇല്ലല്ലാഹ്... അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹ് ഇല്ല.

“ധിക്കാരികൾ, നിങ്ങളെ മര്യാദ പഠിപ്പിച്ചുതരാം..!”

അടിയും തൊഴിയും. ബോധംകെടും വരെ യാസിർ(റ)വിനെ മർദിച്ചു. ഭാര്യയായ സുമയ്യ(റ)ക്കും മർദനം ലഭിച്ചു. മക്കൾ അമ്മാറിനെയും അബ്ദുല്ലയെയും വെറുതെവിട്ടില്ല...

ബോധം തിരിച്ചുകിട്ടിയപ്പോൾ വീണ്ടും ക്രൂരമായ മർദനം. ഇരുമ്പിന്റെ കവചം കൊണ്ടുവന്നു. യാസിർ (റ) വിനെ അതുധരിപ്പിച്ചു. ചുട്ടുപൊള്ളുന്ന മണൽക്കാട്ടിൽ കൊണ്ടിട്ടു.

ഇരുമ്പിന്റെ കവചം ചൂടുപിടിച്ചു. അതിനകത്തെ മനുഷ്യശരീരം ചൂടുകൊണ്ടു കരിയാൻ തുടങ്ങി..! തൊലി കരിഞ്ഞ മണം.
ലാഇലാഹ... ഇല്ലല്ലാഹ്... പിന്നെ, ആ ശരീരം പുറത്തെടുത്തു. തളർന്നുപോയിരുന്നു. നേരെനിൽക്കാനാകുന്നില്ല...

“നീ മുഹമ്മദിന്റെ മതം കൈവെടിയുമോ..?”

“കാരുണ്യവാനായ അല്ലാഹുവേ, എന്റെ വിശ്വാസം ശക്തിപ്പെടുത്തേണമേ..! വിശ്വാസം പതറിപ്പോകാതെ കാത്തുരക്ഷിക്കേണമേ..! എല്ലാ പരീക്ഷണങ്ങളും തരണം ചെയ്യാൻ കഴിവു നൽകേണമേ.” ഉള്ളുരുകിയ പ്രാർത്ഥന...

“എന്നിട്ടും നിന്റെ ധിക്കാരം അവസാനിച്ചില്ല.”

വെള്ളത്തിൽ തലപിടിച്ചു താഴ്ത്തി.

ശ്വാസം കിട്ടുന്നില്ല. പിന്നെ ശിരസ്സുപിടിച്ചുയർത്തി മുഖത്തടിച്ചു.

സന്ധ്യാനേരത്തു യാസിർ കുടുംബം താമസിക്കുന്ന കൊച്ചു കൂരയുടെ സമീപത്തുകൂടെ പ്രവാചകൻ ﷺ നടന്നുവന്നു. ദുഃഖം കൊണ്ട് ആ മുഖം വാടിയിരുന്നു.

“യാസിർ കുടുംബമേ... ക്ഷമ കൈക്കൊള്ളുക. നിങ്ങളുടെ വാഗ്ദത്ത ഭൂമി സ്വർഗമാകുന്നു... ക്ഷമ. ക്ഷമ...” പ്രവാചകൻ ﷺ അത്രയും പറഞ്ഞു നടന്നുപോയി.....


Part : 40

സ്വർഗലോകം...

അതു ലഭിക്കാൻ ക്ഷമ കൈക്കൊള്ളുക. ബനൂമഖ്സൂം ദിവസങ്ങളോളം മർദനം തുടർന്നു.

അടിയും ഇടിയുംകൊണ്ടു ശരീരം തകർന്നു. ശ്വാസതടസം നേരിട്ടു. മുറിവുകളിലൂടെ രക്തം ഒഴുകിപ്പോയി...

ഒടുവിൽ.., മർദനത്തിനിടയിൽ യാസിർ (റ) മരിച്ചു..!

ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ...

എല്ലാവരും അല്ലാഹുﷻവിനുള്ളതാകുന്നു.
അവനിലേക്കു മടക്കപ്പെടുകയും ചെയ്യും...

അടുത്ത ഇര സുമയ്യാ ബീവിയാണ്..!!

ബനൂമഖ്സൂം അബൂജഹലിനോടു പറഞ്ഞു: “ധിക്കാരിയായ യാസിറിന്റെ ഭാര്യയാണിവൾ. ഇവളെ മര്യാദ പഠിപ്പിക്കാൻ നിങ്ങളെ ഏൽപിക്കുകയാണ്. ഇവളുടെ പേര് സുമയ്യ. അവന്റെ മതത്തിൽനിന്ന് ഇവളെ മടക്കിക്കൊണ്ടുവരാൻ നിങ്ങൾക്കു കഴിയുമോ..?”

“അക്കാര്യം ഞാനേറ്റു. ഇവളെ ഞാൻ ലാത്തയിലേക്കു മടക്കും .” സുമയ്യയെയും കൊണ്ട് അബൂജഹ്ൽ പോയി...

അബൂജഹലിന്റെ കരുത്തേറിയ കരങ്ങൾ സുമയ്യ(റ)യുടെ ശരീരത്തിൽ ആഞ്ഞുപതിച്ചു. എന്നിട്ടു ചോദിച്ചു.

“നീ ഇസ്ലാമിൽ നിന്നു മടങ്ങുന്നുണ്ടോ?”

“ഞാൻ ഏകനായ അല്ലാഹുﷻവിൽ വിശ്വസിക്കുന്നു. അവന്റെ റസൂലിലും വിശ്വസിക്കുന്നു. ഇനിയൊരു മടക്കമില്ല.”

വീണ്ടും മർദനം. അബലയായ പെണ്ണിന്റെ മുമ്പിൽ തോൽക്കുകയില്ല.
മൂർച്ചയേറിയ കുന്തവുമായി വന്നു.

സുമയ്യ(റ)യെ വലിച്ചിഴച്ചു താഴെയിട്ടു. ശരീരം മലർത്തിയിട്ടു. കരങ്ങൾ കുന്തത്തിൽ പിടിമുറുക്കി. കുന്തം ഉയർന്നു. ശക്തിയായ ഒരു കുത്ത്..! നാഭിയുടെ താഴ്ഭാഗത്ത് ഉന്നംവച്ചു. കുന്തം ആ ശരീരത്തിലേക്കു താഴ്ന്നിറങ്ങി. ചോര തെറിച്ചു...

മണൽത്തരികൽ ചുവന്നു.

ലാഇലാഹ ഇല്ലല്ലാഹ്. ലാഇലാഹ ഇല്ലല്ലാഹ്.

തളർന്ന ചുണ്ടുകളുടെ മന്ത്രം. ആത്മാവു പറന്നുപോയി. ചലനമറ്റ ശരീരം മണൽപരപ്പിൽ അനാഥമായിക്കിടന്നു.

ഇസ്ലാമിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ വനിതയാണു സുമയ്യ(റ)... 

അബ്ദുല്ലയും ക്രൂരമായ മർദനത്തിനിടയിൽ മരണപ്പെട്ടു...

അമ്മാർ എങ്ങനെയോ മരണത്തിൽ നിന്നു രക്ഷപ്പെട്ടു. പിൽക്കാല ഇസ്ലാമിക ചരിത്രത്തിൽ അമ്മാറിന്റെ സേവനങ്ങൾ വളരെ മഹത്തായതാണ്...

ലുബയ്ന (റ) ഒരു അടിമപ്പെൺകുട്ടിയാണ്. ഉമർ(റ) ഇസ്ലാമിലേക്കു വരുന്നതിനു മുമ്പുള്ള നാളുകളിലാണു സംഭവം. ശക്തനായ ഉമർ ലുബയ്നയെ കഠിനമായി മർദിച്ചു. തളർന്ന ചുണ്ടുകൾ മന്ത്രിച്ചതിങ്ങനെയായിരുന്നു:

“യജമാനൻ, താങ്കൾ ഇസ്ലാമിലേക്കു വരൂ..!”

ഞെട്ടിപ്പോയി. ധീരനായ ഉമറിന്റെ മനസ്സു കൂടുതൽ ക്രൂരമായി. വീണ്ടും മർദനം...


Part : 41

ഒരു ജൂത സ്ത്രീയുടെ കഥ 

നബിﷺതങ്ങൾ എന്നും അതുവഴി സഞ്ചരിക്കും. ശ്രതുക്കളും മിത്രങ്ങളും ആ പാതയുടെ ഇരുവശത്തും താമസിക്കുന്നുണ്ട്. കൂട്ടത്തിൽ ഒരു ജൂത സ്ത്രീയുടെ കാര്യം പ്രത്യേകം എടുത്തുപറയണം...

ഇസ്ലാംമതം എന്നു കേട്ടാൽ അവൾക്കു കലികയറും. പ്രവാചകനെ (ﷺ) കണ്ണടുത്താൽ കണ്ടുകൂടാ. ജൂതസ്ത്രീയെ കാണാൻ ആരെങ്കിലും വന്നാൽ ഉടനെ അന്വേഷിക്കും; ആരെങ്കിലും പുതുതായി ഇസ്ലാംമതത്തിൽ ചേർന്നോ..?

ഇസ്ലാംമതം സ്വീകരിച്ചവരുടെ പേരു വിവരങ്ങൾ ആഗതർ വ്യക്തമാക്കും. കേൾക്കേണ്ട താമസം ആ സ്ത്രീ കലിതുള്ളാൻ തുടങ്ങും. പിന്നെ തെറിയാഭിഷേകം തന്നെ. ഇസ്ലാംമതം സ്വീകരിച്ചവരെ തെറിവിളിക്കും. പുളിച്ച ചീത്ത പറയും. സംസ്കാരമുള്ളവർക്കു കേട്ടിരിക്കാനാവില്ല.

കണ്ണുകൾ എപ്പോഴും വഴിയിൽ തന്നെ. പ്രവാചകൻ (ﷺ) അതു വഴി വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയാണ്. മനസ്സിൽ പ്രവാചകനോടുള്ള (ﷺ) വെറുപ്പും രോഷവം പതഞ്ഞു പൊങ്ങുന്നു. നല്ല നല്ല മനുഷ്യരെ പ്രവാചകൻ (ﷺ) വഴിതെറ്റിക്കുന്നുവെന്നാണു ജൂതസ്ത്രീ ആരോപിക്കുന്നത്..!

പ്രവാചകന്റെ (ﷺ) വാക്കുകൾ ശ്രദ്ധിക്കാൻ തയ്യാറില്ല. പറയുന്നതു മനസ്സിലാക്കാൻ ശ്രമിക്കില്ല. വല്ലാത്തൊരു മർക്കടമുഷ്ടി. നോക്കിനിൽക്കെ ആ കാഴ്ച കണ്ടു. ഒരാൾ നടന്നുവരുന്നു. വിനയാന്വിതനായ ഒരാൾ. ഏതോ ചിന്തകളിൽ മുഴുകിയാണു നടപ്പ്. റസൂൽ ﷺ...

ജൂത സ്ത്രീ കോപാകുലയായി മാറി.

കുറേ മലിന വസ്തുക്കൾ ശേഖരിച്ചു. ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ. അവ ചുമന്നുകൊണ്ട് ഓടി. പ്രവാചകന്റെ (ﷺ) സമീപത്തെത്തി. മലിന വസ്തുക്കൾ ആ ശരീരത്തിലേക്കെറിഞ്ഞു.

ശരീരവും വസ്ത്രവും വൃത്തികേടായി. പ്രവാചകൻ ﷺ ഒന്നും പറഞ്ഞില്ല. കോപം പ്രകടിപ്പിച്ചില്ല. ആ കുടില മനസ്കയെ ശപിച്ചില്ല. സാവധാനം ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും മാലിന്യങ്ങൾ തുടച്ചുകളഞ്ഞു. ഒന്നും സംഭവിക്കാത്തതുപോലെ മുമ്പോട്ടു നടക്കാൻ തുടങ്ങുകയായിരുന്നു.

ജൂത സ്ത്രീയുടെ കോപം ഇരട്ടിച്ചു.

ഇത്രയൊക്കെ ചെയ്തിട്ടും ഈ മനുഷ്യനു കോപം വരാത്തതെന്ത്..? കോപം വരുമോ എന്നൊന്നു നോക്കട്ടെ. ജൂത സ്ത്രീ പ്രവാചകന്റെ (ﷺ) ശരീരത്തിൽ തുപ്പി.

എന്നിട്ടും പ്രവാചകനു (ﷺ) പ്രതിഷേധമില്ല. തുപ്പൽ തുടച്ചു കൊണ്ടു നടന്നുപോയി. പിന്നെ വായിൽ വന്നതെല്ലാം വിളിച്ചുപറഞ്ഞു. പ്രവാചകൻ ﷺ അകലെയെത്തുമ്പോൾ ജൂത സ്ത്രീ വീട്ടിലേക്കു മടങ്ങി.

അടുത്ത ദിവസമാകട്ടെ. കൂടുതൽ മാലിന്യങ്ങൾ എറിയണം. മുഖത്തുതന്നെ തുപ്പണം. അടുത്ത അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. മിക്ക ദിവസവും ഇത് ആവർത്തിക്കുന്നു...

പ്രവാചകൻ ﷺ പ്രതികരിക്കാതെ കടന്നു പോകും. ജൂതസ്ത്രീ തന്റെ ക്രൂരവിനോദത്തിന് ആനന്ദം കണ്ടെത്തുകയും ചെയ്തു.

പതിവുപോലെ അന്നും പ്രവാചകൻ ﷺ അതുവഴി നടന്നുവരികയായിരുന്നു. ജൂതസ്ത്രീയുടെ വീടിന്റെ പരിസരത്തെത്തി. തന്റെ ശരീരത്തിൽ മാലിന്യങ്ങളൊന്നും വന്നുവീണില്ല. എന്തൊരത്ഭുതം..!!

പിന്നീടു നബിﷺതങ്ങൾ ആ സ്ത്രീയെക്കുറിച്ച് അന്വേഷിച്ചു.

“ആ സഹോദരിക്ക് എന്തുപറ്റി. അവരെ കാണുന്നില്ലല്ലോ..?”

“അവർക്കു സുഖമില്ല, കിടപ്പിലാണ്”

നബിﷺതങ്ങൾക്കു ദുഃഖം തോന്നി.

പ്രവാചകൻ ﷺ ജൂത സ്ത്രീയുടെ വീട്ടിലേക്കു കയറിച്ചെന്നു...

“സഹോദരീ, എന്താണ് അസുഖം..?” ജൂതസ്ത്രീ ഞെട്ടിപ്പോയി.

ആരാണിത്..? തന്റെ രോഗം അറിയാൻ വന്ന ഈ മനുഷ്യൻ..! മനസ്സാകെ ഇളകി മറിഞ്ഞു. എന്തെല്ലാം ദ്രോഹങ്ങൾ ചെയ്തു, എന്നിട്ടും തന്നെ വെറുത്തില്ല...

സ്നേഹസമ്പന്നനായ ഒരു സഹോദരനായി തന്റെ മുമ്പിൽ വന്നുനിൽക്കുന്നു. ഇതു സാധാരണ മനുഷ്യനല്ല. ഇതു പ്രവാചകൻ ﷺ തന്നെയാണ്. സംശയമില്ല. പിന്നെ പിടിച്ചുനിൽക്കാനായില്ല. ആ സഹോദരിയുടെ ചുണ്ടുകൾ മന്ത്രിച്ചു:

“അല്ലാഹു അല്ലാതെ ആരാധനക്കർഹനായി ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”

ഇസ്ലാമിന്റെ ബദ്ധശത്രുവായിരുന്ന ആ ജൂത സ്ത്രീ ഇസ്ലാം മതത്തിന്റെ വിനീത അനുയായി ആയി മാറി. പ്രവാചകരുടെ (ﷺ) സ്വഭാവഗുണങ്ങളാണ് അവരുടെ മനസ്സു മാറ്റിയത്. സൽസ്വഭാവത്തിനു മനുഷ്യമനസ്സുകളെ മാറ്റിമറിക്കാൻ കഴിയുമെന്നതിന് ഇതിൽ കൂടുതൽ തെളിവു വേണോ..?!


ഇനി ഈ ജൂത സ്ത്രീയുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ വസ്തുത പരിശോധിക്കാം  

ഒരു ജൂതസ്ത്രീ തിരുനബിയുടെ ശരീരത്തിലേക്ക് ചപ്പുചവറുകൾ വാരിയിടാറുണ്ടായിരുന്നുവെന്നും അവൾ രോഗിയായപ്പോൾ അവിടന്ന് സന്ദർശിച്ചുവെന്നും നബി (സ്വ)യുടെ സൽ സ്വഭാവത്തിലാകൃഷ്ടയായി ആ സ്ത്രീ  ഇസ്ലാം സ്വീകരിച്ചുവെന്നും ഒരു കഥ ജനങ്ങൾക്കിടയിൽ കാലങ്ങളായി പ്രചാരത്തിലുണ്ട്. കൂടുതലും പ്രഭാഷകരാണ് നബി (സ്വ)യുടെ സൽസ്വഭാവത്തിനും അയൽവാസിയോടുള്ള സൽസമീപനത്തിനുമുള്ള ഉത്തമ മാതൃകയായി ഈ സംഭവം വിവരിക്കാറുള്ളത്. ചിലർ ജൂത സ്ത്രീ എന്നതിന് പകരം ജുതൻ എന്നും ചപ്പുുചവറുകൾ ശരീരത്തിലേക്ക് വലിച്ചെറിയുമായിരുന്നുവെന്നതിന് പകരം നബി(സ്വ)യുടെ വീട്ടുപടക്കൾ വലിച്ചെറിയുമായിരുന്നുവെന്നുമാണ് പറയാറുള്ളത്. എന്നാൽ ഇവ്വിധം ഒരു സംഭവത്തിന് നബി (സ്വ) യുമായി യാതൊരു ബന്ധവുമില്ലെന്നും മറ്റു ചില സംഭവങ്ങൾ എടുത്തുദ്ധരിക്കുന്നതിൽ പണ്ടെന്നോ ഉണ്ടായ തെറ്റിദ്ധാരണയാകാം ഇങ്ങനെ പ്രചരിക്കാൻ കാരണമെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.


ഒന്നാമതായി, നബി (സ്വ)യുടെ കാലത്ത് അറേബ്യൻ ഉപഭൂഖണ്ഡത്തിൽ യമനിലും ശാമിലും മദീനയിലുമായിരുന്നു ജൂതന്മാർ വസിച്ചിരുന്നത്. മക്കിയിൽ ജൂത സാന്നിധ്യം പരഗണനീയമായ അളവിൽ ഉള്ളതായി അറിയില്ല.


രണ്ടാമതായി, മദീനയിൽ ജൂതന്മാരുണ്ടായിരുന്നുവെങ്കിലും നബി (സ്വ)യും സ്വഹാബത്തും താമസിക്കുന്ന പ്രദേശങ്ങളിൽ നിന്നകന്ന് മറ്റു പല പ്രദേശങ്ങളിലും പ്രത്യേക ജനവിഭാഗമായിട്ടായിരുന്നു അവർ പൊതുവേ താമസിച്ചിരുന്നത്. ഒറ്റപ്പെട്ട ചിലർ മുസ്ലിം മഹല്ലുകളിൽ താമസിച്ചിരുന്നവെന്ന് ചില റിപ്പോർട്ടുകളുണ്ട്.  എന്നാൽ അവർ അവിടെ പ്രബലരോ മുസ്ലിംകൾക്ക് ഭീഷണിയോ ഉപദ്രവകാരികളോ ആയിരുന്നുവെന്ന ഒരു സൂചനയും ആ റിപ്പോർട്ടുകളിൽ നിന്നും ലഭ്യമല്ല.


മൂന്നാമതായി, മദീനയിൽ നബി (സ്വ)യുടെ പത്നിമാരുടെ വീടുകൾ ജനവാസ കേന്ദ്രത്തിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. ആൾപ്പാർപ്പില്ലാത്ത സ്ഥലത്തായിരുന്നില്ല. മാത്രവുമല്ല ഉമർ (റ), അലീ (റ) തുങ്ങിയ വീര ശൂരന്മാരായ സ്വഹാബികൾ നിറഞ്ഞു നിന്നിരുന്ന ആ പ്രദേശത്ത് നിത്യവും നബി (സ്വ)യെ ചപ്പു ചവറുകൾ കൊണ്ട് അഭിശേകം ചെയ്യാൻ ധൈര്യപ്പെടുന്നവരാരും ഉണ്ടായിരുന്നില്ല.

നാലാമതായി, ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കാണ്ടാൽ കഴിയുമെങ്കിൽ അയാളെ തന്റെ കൈകൊണ്ടും അതിന് കഴിയില്ലെങ്കിൽ നാവു കൊണ്ടും അതിനും കഴിയില്ലെങ്കിൽ ഹൃദയത്തിൽ വെറുത്തു കൊണ്ടും അതിനോട് പ്രതികരിക്കണം എന്ന് പഠിപ്പിച്ച നബി (സ്വ)യോട് ഒരു ജൂത സ്ത്രി ഈ വൃത്തികേട് കാണിക്കുന്നതിന് നിത്യവും അനുഭവ സാക്ഷിയായിട്ടും അതിനോട് കൈ കൊണ്ടും നാവു കൊണ്ടും പ്രതികരിക്കാൻ സാഹചര്യമുണ്ടായിരിക്കേ അത് ചെയ്യാതെ തുടർന്നും ചെയ്യാൻ പ്രേരിപ്പിക്കും വിധം ആ ദുർവൃത്തിയെ അനുവദിക്കുമായിരുന്നുവെന്ന് പറയുന്നത് അദബ് കേടാണ്.

അഞ്ചാമതായി, ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാ:. ‘ഒരു ജൂതനായ ചെറുപ്പക്കാരൻ നബി (സ്വ)യുടെ പരിചാരകനായി കുറച്ചു കാലം പ്രവർത്തിച്ചിരുന്നു. അദ്ദേഹം ഒരിക്കൽ രോഗിയായപ്പോൾ നബി (സ്വ) അദ്ദേഹത്തെ സന്ദർശിക്കാൻ പോകുകയും അദ്ദേഹത്തിന്റെ തലയുടെ അടുത്ത് ഇരുന്ന് സമാധാനിപ്പിക്കുകയും മുസ്ലിമാകാൻ ഉപദേശിക്കുകയും ചെയ്തു. തദവസരത്തിൽ അദ്ദേഹം തന്റെ പിതാവിനെ നോക്കി. നീ അബുൽ ഖാസിം പറയുന്നത് അനുസരിച്ചോളൂ (ഉപ്പാക്ക് വിരോധമില്ല) എന്ന് പിതാവ് പറഞ്ഞപ്പോൾ അദ്ദേഹം ശഹാദത്ത് ഉച്ചരിച്ച് മുസ്ലിമാകുകയും ചെയ്ത. ആ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നബി (സ്വ) പറഞ്ഞു: അവനെ നരകത്തിൽ നിന്ന് രക്ഷിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും”. (സ്വഹീഹുൽ ബുഖാരി, മുസ്നദ് അഹ്മദ്, അബൂദാവുദ്). ഒരു അഭിപ്രായ പ്രകാരം ഈ യുവാവിന്റെ പേര് അബ്ദുൽ ഖുദ്ദൂസ് എന്നായിരുന്നു (ഫത്ഹുൽ ബാരി). ഈ സംഭവം സത്യമാണ്. എന്നാൽ ഇവിടെ രോഗിയായപ്പോൾ നബി (സ്വ) സന്ദർശിച്ച ജൂതൻ നബി തങ്ങളെ ഉപദ്രവിച്ചയാളായിരുന്നില്ല. നബി(സ്വ)യുടെ പരിചാരകനും സഹായിയുമായിരുന്നു.

ആറാമതായി, നബി(സ്വ) ഇപ്രകാരം രോഗ സന്ദർശനം നടത്തിയതും നബി (സ്വ)യുടെ ഉപദേശത്തോടെയും പിതാവിന്റെ സമ്മതത്തോടെയും ഇസ്ലാം സ്വീകരിച്ചതും നബി (സ്വ)യുടെ അയൽക്കാരനായ ജൂതനായിരുന്നു വെന്ന് ചില റിപ്പോർട്ടുകളുണ്ട് (മുസ്വന്നഫ് അബ്ദിർറസ്സാഖ്, കിതാബുൽ ആസാർ). ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ആ ജുതൻ നബി (സ്വ)യേയോ സ്വഹാബത്തിനേയോ ഉപദ്രവിച്ചതായി പറയപ്പെടുന്നില്ല. മാത്രമല്ല അയാൾ സൽസ്വഭാവിയായിയരുന്നുവെന്ന് മുസ്വന്നഫ് അബ്ദിർറസാഖിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

ചുരുക്കത്തിൽ ഈ സംഭവത്തിന്റെ നിജസ്ഥിതി ഇപ്രകാരമാണെന്നാണ് വ്യക്തമാകുന്നത്. والله أعلم بالصواب



Part : 42

പലായനം

അല്ലാഹു ﷻ ഏൽപിച്ച ദൗത്യം. എന്തു പ്രതിബന്ധമുണ്ടെങ്കിലും ധീരമായി മുന്നേറുക... സഹിക്കുക, ക്ഷമിക്കുക...

നബിﷺതങ്ങൾ ആദ്യം രഹസ്യമായും പിന്നീടു പരസ്യമായും ജനങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു...

ഇസ്ലാംമതം സ്വീകരിച്ചവരെ ശ്രതുക്കൾ കഠിനമായി മർദിച്ചുകൊണ്ടുമിരുന്നു. മർദനം ദുസ്സഹമായിരുന്നു.

ഉസ്മാനുബ്നു അഫ്ഫാൻ ഇസ്ലാംമതം സ്വീകരിച്ചപ്പോഴും മർദിക്കപ്പെട്ടു. പ്രസിദ്ധനായ കച്ചവടക്കാരനാണ്. ധനികനും ഉദാരനും. സ്വാധീനമുള്ള ചെറുപ്പക്കാരൻ. എന്നിട്ടുപോലും രക്ഷയില്ല.

നബി ﷺ തങ്ങളുടെ രണ്ടു പുത്രിമാരെ അബൂലഹബിന്റെ രണ്ടു മക്കൾ വിവാഹം കഴിച്ചിരുന്നല്ലോ.

تبت يدا ابي لهب

" അബൂലഹബിന്റെ രണ്ടു കരങ്ങൾ നശിച്ചു. ഇങ്ങനെ തുടങ്ങുന്ന സൂറത്ത് ഇറങ്ങിയപ്പോൾ അബൂലഹബ് തന്റെ പുത്രന്മാരോടു പറഞ്ഞു: “മക്കളേ.., മുഹമ്മദിന്റെ പുത്രിമാരെ വിവാഹമോചനം നടത്തുക” ഉത്ബയും ഉതയ്ബയും പ്രവാചക പുത്രിമാരെ ഉപേക്ഷിച്ചു..!!

റുഖിയ്യയും ഉമ്മുകുൽസൂമും വിവാഹമോചിതരായി. ഉതയ്ബ ഒരു കടുംകൈ കൂടി ചെയ്തു. അയാൾ നബിﷺയോടു പറഞ്ഞു: “മുഹമ്മദേ, നിന്റെ മതത്തെ ഞാൻ നിരാകരിക്കുന്നു. നിന്റെ മക്കളെ ഞാൻ ഉപേക്ഷിക്കുന്നു.” പിന്നെ
ദുഷ്ടൻ തിരുമേനിﷺക്കു നേരെ ആഞ്ഞു തുപ്പി..!

അബൂലഹബ് എല്ലാം കണ്ടുനിൽക്കുകയാണ്. ഉത്ബയുടെ പ്രവൃത്തി നബിﷺയെ പ്രകോപിപ്പിച്ചു. അവിടുന്നു (ﷺ) പറഞ്ഞു
പോയി: “നിന്നെ നരി പിടിക്കും..!!”

തിരുവചനമല്ലേ, പുലരും... അബൂലഹബും മകനും പരിഭാന്തരായി. എന്തു കാര്യം..? സിറിയയിലേക്കുള്ള ഒരു കച്ചവട സംഘത്തോടൊപ്പം യാത്ര ചെയ്യവെ സുഹൃത്തുക്കൾക്കു നടുവിൽ കിടന്നുറങ്ങുകയായിരുന്നു. ഒരു നരി മണംപിടിച്ചു വന്നു ഉത്ബയെ കടിച്ചുകൊന്നു..!

റുഖിയ്യ(റ)യെ ഉസ്മാൻ(റ)വിനു വിവാഹം ചെയ്തുകൊടുക്കുവാൻ നബിﷺതങ്ങൾ തീരുമാനിച്ചു. ഖദീജ(റ)ക്കും മറ്റു കുടുംബാംഗങ്ങൾക്കും അത് ഇഷ്ടമായിരുന്നു...

ഉസ്മാൻ (റ) അതൊരു വലിയ പദവിയായിട്ടാണു കരുതിയത്. ആ വിവാഹം നടന്നു. ഉസ്മാൻ(റ)വും റുഖിയ്യ(റ)യും സന്തോഷം നിറഞ്ഞ ദാമ്പത്യം നയിച്ചുവന്നു...

അവരുടെ സന്തോഷത്തിൽ ദുഃഖം കലർന്നിരുന്നു. ഈ വിവാഹം ഖുറയ്ശികൾ ഇഷ്ടപ്പെട്ടില്ല. ഉസ്മാൻ (റ) ഇസ്ലാം സ്വീകരിച്ചതു തന്നെ സഹിക്കാൻ വയ്യ. കൂട്ടത്തിൽ മുഹമ്മദിന്റെ മകളെ വിവാഹം നടത്തുകയും ചെയ്തു.

 റുഖിയ്യ (റ) ഗർഭിണിയായി. മാതാപിതാക്കളുടെ പരിചരണം വളരെയേറെ ആവശ്യമുള്ള സന്ദർഭം. വീട്ടിൽ നിറുത്താൻ ധൈര്യമില്ല. ശത്രുക്കൾ ഗർഭിണിയെ ഉപദ്രവിക്കുമെന്ന ഭീതി..!

“നമുക്ക് ഇന്നാടു വിട്ടുപോകേണ്ടതായി വരും” ഉസ്മാൻ (റ) ഭാര്യയോടു സ്വകാര്യം പറഞ്ഞു.

മകൾ ഉമ്മയോടു പറഞ്ഞു. ഉമ്മ നബി ﷺ തങ്ങളോടു പറഞ്ഞു. എല്ലാവരും ദുഃഖിതരാണ്. റുഖിയ്യ(റ)യുടെ കാര്യം എല്ലാവരെയും ആശങ്കാകുലരാക്കി. മർദനം സഹിക്കവയ്യാതായപ്പോൾ ഏതാനും സ്വഹാബികൾ നാടുവിടാൻ സന്നദ്ധരായി. അവരുടെ കൂട്ടത്തിൽ ഉസ്മാൻ(റ)വും ഭാര്യ റുഖിയ്യ(റ)യും പോകാൻ തീരുമാനിച്ചു...


Part : 43

ഖുറയ്ശികൾ അറിയാതെ വേണം യാത്ര പോവാൻ. അറിഞ്ഞാൽ പോക്കു നടക്കില്ല. ജിദ്ദാ തുറമുഖത്തു കപ്പൽ വരുന്ന സമയം രഹസ്യമായി അറിഞ്ഞു.

അബ്സീനിയായിലേക്കാണു പോകുന്നത്. ആ രാജ്യം ഭരിച്ചിരുന്നതു നജ്ജാശി രാജാവായിരുന്നു. അബ്സീനിയൻ രാജാക്കന്മാർ നജ്ജാശി എന്ന പേരിൽ അറിയപ്പെട്ടു. അക്കാലത്തെ നജ്ജാശിയുടെ ശരിയായ പേര് "അസഹമത്ത് " എന്നായിരുന്നു.

ഖുറയ്ശികളറിയാതെ രക്ഷപ്പെടണം. ഇരുട്ടിന്റെ മറവിൽ യാത്ര. റുഖിയ്യ ബീവി(റ) ഖദീജ(റ)യുടെ സമീപം വന്നുനിന്നു. ഇരുവരും കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ യാത്ര പറഞ്ഞിറങ്ങി. മകളുടെ പോക്കു നോക്കി മാതാപിതാക്കൾ നിൽക്കുന്നു. ഉസ്മാൻ (റ) കൂടെ നടക്കുന്നു. ഇരുട്ടിൽ നടന്നുനീങ്ങുന്ന നിഴൽരൂപങ്ങൾ...

ആ സംഘത്തിനു നേതൃത്വം നൽകുന്നത് ഉസ്മാനുബ്നു മള്ഊൻ (റ) ആണ്.

അബ്ദുർറഹ്മാനുബ്നു ഔഫ്(റ), ആമിർ ബ്നു റബീഅത്ത്(റ), ആമിറിന്റെ ഭാര്യ ലയ്ല(റ), അബൂസലമത്ത്(റ), അദ്ദേഹത്തിന്റെ ഭാര്യ ഉമ്മു സലമത്ത്(റ), അബീ സബ്റത്ത്(റ), അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുകുൽസൂം(റ), അബൂഹുദയ്ഫ(റ), അദ്ദേഹത്തിന്റെ ഭാര്യ സഹ് ലത്ത് (റ), മിസ്അബ് ബ്നു ഉമയ്ർ(റ), സുബയ്റുബ്നുൽ അവ്വാം(റ), ജഅ്ഫറുബ്നു അബീത്വാലിബ്(റ) ഇങ്ങനെ പതിനൊന്നു പുരുഷന്മാരും നാലു സ്ത്രീകളും അബ്സീനിയയിലേക്കു പുറപ്പെട്ടു.

ജിദ്ദയിലെത്തിയപ്പോൾ കപ്പൽ കിടക്കുന്നു. കൂലി നൽകി കപ്പലിൽ കയറി. ഖുറയ്ശികൾ എങ്ങനെയോ വിവരം അറിഞ്ഞു. അവർ ജിദ്ദാതുറമുഖത്ത് ഓടിയെത്തി. കപ്പൽ വിട്ടുപോയി. നിരാശരായി മടങ്ങി. ഖുറയ്ശികൾ രോഷാകുലരായി.

മുസ്ലിംകൾ അബ്സീനിയായിലെത്തി. നീതിമാനായ നജ്ജാശി രാജാവിന്റെ നാട്ടിൽ അവർ സമാധാനത്തോടെ ജീവിച്ചു. ഖുറയ്ശികൾക്കതു തീരെ സഹിച്ചില്ല. മുസ്ലിംകളെ തിരികെ കൊണ്ടുവരണം. അതിനെന്തുവഴി..?
ഖുറയ്ശികൾ ചർച്ച നടത്തി.

വാചാലമായി സംസാരിക്കാൻ കഴിവുള്ള ബുദ്ധിമാന്മാരായ രണ്ടുപേരെ അബ്സീനിയായിലേക്കയയ്ക്കാൻ തീരുമാനിച്ചു.

അബ്ദുല്ലാഹിബ്നു റബീഅ, അംറ്ബ്നുൽ ആസ്. ഇരുവരും അബ്സീനിയായിൽ പോകണം. ആദ്യം പാതിരിമാരെ കാണണം. പാരിതോഷികങ്ങൾ നൽകി അവരെ സ്വാധീനിക്കണം. അവരുടെ സഹായത്തോടുകൂടി നജ്ജാശിയെ
കാണണം. വിഷയം അവതരിപ്പിക്കണം. കാര്യം നേടണം.

ഇരുവരും പുറപ്പെട്ടു. അബ്സീനിയായിലെത്തി. നേരെ പുരോഹിതന്മാരെ കാണാൻ ചെന്നു. പാരിതോഷികങ്ങൾ കൈമാറി.

“ഞങ്ങളുടെ നാട്ടിൽനിന്നു കുറെയാളുകൾ ഇന്നാട്ടിലേക്കു വന്നിട്ടുണ്ട്. അവർ വലിയ കുഴപ്പക്കാരാണ്. ഇവിടെ പല കുഴപ്പങ്ങളും അവരുണ്ടാക്കും. അവരെ ഞങ്ങൾക്കു വിട്ടുതരണം. നിങ്ങളുടെ രാജാവിനെ കാണാനും ഇക്കാര്യങ്ങൾ ഉണർത്താനും ഞങ്ങൾക്കു സൗകര്യം ചെയ്തുതരണം.”

“അക്കാര്യം ഞങ്ങളേറ്റു.”

പുരോഹിതന്മാർ രാജാവുമായി ബന്ധപ്പെട്ടു. ഖുറയ്ശി പ്രതിനിധികൾ മഹാരാജാവിനെ മുഖം കാണിക്കാൻ വേണ്ടി എത്തിയിട്ടുണ്ടെന്നും അവർക്കു സങ്കടം പറയാൻ അവസരം നൽകണമെന്നും അപേക്ഷിച്ചു.

പിറ്റേദിവസം രാജസദസ്സിലേക്കു ഖുറയ്ശി പ്രമുഖന്മാരെവിളിപ്പിച്ചു. അവർ ഇപ്രകാരം ബോധിപ്പിച്ചു: “മഹാരാജാവേ, ഞങ്ങളുടെ നാട്ടിൽനിന്നു കുഴപ്പക്കാരായ കുറെയാളുകൾ ഇവിടെ എത്തിയിട്ടുണ്ട്. ഞങ്ങളുടെ നാട്ടിൽ ജനങ്ങളെ അവർ ഭിന്നിപ്പിച്ചു. കുടുംബബന്ധങ്ങൾ തകർത്തു. ഇവിടെയും അതൊക്കെ സംഭവിക്കും. അതിനുമുമ്പ് അവരെ ഞങ്ങൾക്ക് ഏൽപിച്ചുതരണം.”

“നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്നതിനുമുമ്പ് അവരുമായി സംസാരിക്കണം.”

മുസ്ലിംകളെ രാജസദസ്സിലേക്കു വിളിക്കാൻ ഉത്തരവായി. മുസ്ലിംകളുടെ പ്രതിനിധിയായി സംസാരിക്കാൻ വന്നത് ജഅ്ഫറുബ്നു അബീത്വാലിബ് (റ) ആയിരുന്നു. അദ്ദേഹം രാജസദസ്സിലെത്തി...


Part : 44

മുസ്ലിംകളെ രാജസദസ്സിലേക്കു വിളിക്കാൻ ഉത്തരവായി. മുസ്ലിംകളുടെ പ്രതിനിധിയായി സംസാരിക്കാൻ വന്നത് ജഅ്ഫറുബ്നു അബീത്വാലിബ് (റ) ആയിരുന്നു. അദ്ദേഹം രാജസദസ്സിലെത്തി...

“നിങ്ങൾ ഒരു പുതിയ മതം കണ്ടുപിടിച്ചതായി കേട്ടു. എന്താണ് ആ മതം..?” - രാജാവ് ചോദിച്ചു.

“ഞങ്ങൾ ദീർഘകാലമായി അജ്ഞതയുടെ അന്ധകാരത്തിലായിരുന്നു. ഞങ്ങൾ ചെയ്യാത്ത പാപങ്ങളില്ല. ഏകനായ സൃഷ്ടാവിനെ ആരാധിക്കുന്നതിനു പകരം ഞങ്ങൾ എണ്ണമറ്റ ബിംബങ്ങളെ ആരാധിച്ചു.

കൊള്ളയും അക്രമവും വ്യഭിചാരവും ഞങ്ങൾ  തൊഴിലാക്കി. കയ്യൂക്കുള്ളവൻ ദുർബലനെ അധീനപ്പെടുത്തി. കുടുംബ ബന്ധങ്ങൾ മുറിച്ചു. അയൽവാസിയെ ഉപദ്രവിച്ചു.

അങ്ങനെ അക്രമവും അനാചാരവും നിറഞ്ഞ കാലത്ത് സൃഷ്ടാവായ അല്ലാഹു ﷻ ഒരു പ്രവാചകനെ നിയോഗിച്ചു. ഞങ്ങൾക്കിടയിലെ ഏറ്റവും നല്ല മനുഷ്യൻ, ഉന്നത കുലജാതൻ, സൽസ്വഭാവങ്ങൾക്കു പേരുകേട്ട ആൾ. അൽഅമീൻ. വിശുദ്ധനും വിശ്വസ്തനും...

ആ പ്രവാചകൻ ഞങ്ങൾക്കു വഴികാട്ടിത്തന്നു. ഏകദൈവ
വിശ്വാസത്തിലേക്കു ക്ഷണിച്ചു. സത്യത്തിലേക്കും നീതിയിലേക്കും ക്ഷണിച്ചു. ഞങ്ങളതു സ്വീകരിച്ചു...

പ്രവാചകൻ ഞങ്ങളോടു കൽപിച്ച കാര്യങ്ങൾ ഇവയാണ്. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുക,സത്യം പറയുക, കൊള്ളയും കൊലയും അവസാനിപ്പിക്കുക, അയൽക്കാരെയും അനാഥരെയും സഹായിക്കുക, മ്ലേച്ഛമായ കാര്യങ്ങൾ ഉപേക്ഷിക്കുക...

ഞങ്ങൾ ബഹുദൈവാരാധന ഉപേക്ഷിച്ചു. എല്ലാ ദുർവൃത്തികളും കൈവെടിഞ്ഞു. ഇതുമാത്രമാണു ഞങ്ങൾ ചെയ്തത്. അപ്പോഴേക്കും ഞങ്ങളുടെ ജനത ഞങ്ങളെ അക്രമിച്ചു. ഞങ്ങളെ ബഹിഷ്കരിച്ചു.
ക്രൂരമായി മർദിച്ചു...

ഇസ്ലാംമതം കൈവെടിയാൻ വേണ്ടി അവർ ഞങ്ങളെ നിർബന്ധിച്ചു. മർദനം സഹിക്കവയ്യാതെയാണു ഞങ്ങൾ ഇവിടേക്കു പോന്നത്. ഞങ്ങളെ സ്വതന്ത്രമായി ജീവിക്കാൻ വിട്ടിരിന്നുവെങ്കിൽ ഞങ്ങൾ ഒരിക്കലും മക്ക വിട്ടു പോരുമായിരുന്നില്ല.”

ഇത്രയും കേട്ടപ്പോൾ നജ്ജാശി രാജാവ് പറഞ്ഞു: “നിങ്ങൾക്കു ലഭിച്ച വേദഗ്രന്ഥത്തിൽ നിന്നു ചിലതു പാരായണം ചെയ്തു തരിക.''

ജഅ്ഫർ (റ) സൂറത്ത് മർയമിലെ ചില ആയത്തുകൾ ഓതി. ഈസാ നബി(അ)നെയും മാതാവു മർയമിനെയും പറ്റി വിവരിക്കുന്ന ചില വചനങ്ങൾ...

ഇതു കേട്ടപ്പോൾ നജ്ജാശി പറഞ്ഞു: “ഈ കേട്ടതും യേശുവിനു അവതരിച്ചുകിട്ടിയതും ഒരേ പ്രകാശ കേന്ദ്രത്തിൽ നിന്നുതന്നെയാണ്. ഖുറയ്ശി പ്രതിനിധികൾക്കു മടങ്ങിപ്പോകാം. മുസ്ലിംകൾ ഇവിടെ സുരക്ഷിതരായിരിക്കും. അവർ സമാധാനത്തോടുകൂടി നമ്മുടെ നാട്ടിൽ കഴിയട്ടെ...”

ഖുറയ്ശികൾ പുറത്തുകടന്നു.

കടുത്ത നിരാശ. പിറ്റേദിവസം ഒരു ശ്രമംകൂടി നടത്തിനോക്കാൻ അവർ തീരുമാനിച്ചു...

യേശുക്രിസ്തു ദൈവപുത്രനാണെന്നാണു ക്രൈസ്തവരുടെ വിശ്വാസം. മുസ്ലിംകളാകട്ടെ യേശു അല്ലാഹുﷻവിന്റെ അടിമയാണെന്നും ദൈവദൂതനാണെന്നും പറയുന്നു. ദൈവപുത്രൻ എന്നുപറയുന്നില്ല. ഇക്കാര്യം രാജാവിനെ അറിയിക്കാം...

യേശുവിനെ ദൈവപുത്രനായി അംഗീകരിക്കാത്തവരെ നാട്ടിൽനിന്നു പുറത്താക്കുമെന്ന് അവർ പ്രതീക്ഷിച്ചു. പിറ്റേ ദിവസവും സംഘം രാജസദസ്സിലെത്തി...

“യേശുക്രിസ്തുവിനെക്കുറിച്ചു മുസ്ലിംകൾക്കു വളരെ മോശമായ അഭിപ്രായമാണുള്ളത്. മഹാരാജാവ് അതുംകൂടി അന്വേഷിക്കണം...”

രാജാവ് വീണ്ടും മുസ്ലിംകളെ വിളിപ്പിച്ചു...

“യേശുക്രിസ്തുവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്..?”

ജഅ്ഫർ (റ) തന്നെയാണ് അന്നും സംസാരിച്ചത്.

“ഈസാ നബി (അ) അല്ലാഹുﷻവിന്റെ ദാസനും റസൂലുമാകുന്നു. ഇങ്ങനെയാണ് ഞങ്ങളുടെ പ്രവാചകൻ ﷺ പഠിപ്പിച്ചത്..."

നജ്ജാശി രാജാവ് രണ്ടാം തവണയും ഖുറയ്ശി പ്രതിനിധികളെ തിരിച്ചയച്ചു. അവർ നിരാശരായി മക്കയിലേക്കു മടങ്ങി...

ജഅ്ഫർ(റ)വിന്റെ സംസാരം രാജാവിനെ വല്ലാതെ ചിന്തിപ്പിച്ചു. ഈമാന്റെ പ്രകാശം ആ മനസ്സിലേക്കരിച്ചുകയറി. പിന്നീട് നജ്ജാശി(റ) ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു. മുസ്ലിംകൾ വളരെ സമാധാനത്തോടുകൂടി അവിടെ ജീവിച്ചു...

രണ്ടു തവണ മുസ്ലിംകൾ അബ്സീനിയായിലേക്കു പലായനം ചെയ്തിട്ടുണ്ട്. അവരിലൂടെ ഇസ്ലാംമത തത്വങ്ങൾ അബ്സീനിയായിൽ പ്രചരിച്ചു...

നജ്ജാശി മരിച്ച വിവരമറിഞ്ഞപ്പോൾ നബിﷺതങ്ങൾ അദ്ദേഹത്തിനുവേണ്ടി മയ്യിത്തു നിസ്കരിച്ചു. അസാന്നിധ്യത്തിലുള്ള മയ്യിത്തു നിസ്കാരം...


Part : 45

ഗുസ്തിക്കാരൻ റുക്കാന

ഒരു മല്ലന്റെ കഥയാണിത്. മല്ലയുദ്ധത്തിൽ പേരെടുത്ത ആൾ.
മക്കക്കാർക്കു സുപരിചിതൻ. പേര് റുക്കാന. ജോലി ഗുസ്തി...

നല്ല ആരോഗ്യവാന്മാരും മെയ് വഴക്കം വന്നവരും റുക്കാനയെ വെല്ലുവിളിക്കും. റുക്കാന വെല്ലുവിളി സ്വീകരിക്കും. അതോടെ ജനശ്രദ്ധയാകർഷിക്കും. ആകാംക്ഷ പരക്കും. ജനം ഉൽക്കണ്ഠയോടെ കാത്തിരിക്കും. ഗുസ്തിയുടെ സമയം വരുമ്പോൾ കണക്കില്ലാത്ത ജനം വന്നുചേരും...

പോർവിളി ഉയരുകയായി. കാഴ്ചക്കാർ ശ്വാസമടക്കിപ്പിടിച്ചിരിക്കും. നിമിഷങ്ങൾക്കകം ഗുസ്തി തുടങ്ങും.

ജനം നോക്കിനിൽക്കെ റുക്കാന എതിരാളിയെ എടുത്തെറിയും. പ്രതിയോഗി നിലംപരിശായി. റുക്കാന വിജയം വരിക്കുന്നു...

ജനം ആർത്തു ചിരിക്കുന്നു. ആഹ്ലാദത്തിന്റെ ആരവം. റുക്കാനയെ തോൽപിക്കാനാവില്ല. ഒരു മല്ലനും റുക്കാനയോടു വിജയിക്കില്ല. മക്കക്കാർ അങ്ങനെ വിശ്വസിച്ചു.

ഒരു ദിവസം നബിﷺതങ്ങൾ ഒരു മലഞ്ചരിവിലൂടെ നടന്നുവരികയായിരുന്നു. മനം നിറയെ ചിന്തകൾ, വിനയം നിറഞ്ഞ മുഖം. പതിയെ നടക്കുന്നു...

എതിർ ദിശയിൽ നിന്നു മറ്റൊരാൾ നടന്നുവരുന്നു. ഗുസ്തിക്കാരൻ റുക്കാന. ആ നടപ്പു തന്നെ കാണണം. നെഞ്ചു വിരിച്ചു നീണ്ട കൈകൾ വീശി അങ്ങനെ പോരാളിയെപ്പോലെ നടന്നുവരികയാണ്.

റുക്കാന നടന്നുവരുന്ന വഴിയിൽ ആരും നിൽക്കില്ല. പെട്ടെന്നു മാറിക്കളയും. റുക്കാന അടുത്തെത്തി. മുഖത്തു ധിക്കാരഭാവം. പ്രവാചകൻ ﷺ മല്ലന്റെ മുഖത്തേക്കു നോക്കി മന്ദഹസിച്ചു.
മല്ലൻ തികഞ്ഞ ഗൗരവത്തിൽ തന്നെ...

നബിﷺതങ്ങൾ വിനയത്തോടെ സംസാരിക്കാൻ തുടങ്ങി. “റുക്കാന, താങ്കൾ അല്ലാഹുﷻവിനെ ഭയപ്പെടുക. സൃഷ്ടാവായ അല്ലാഹുﷻവിൽ വിശ്വസിക്കുക. ഞാൻ അല്ലാഹുﷻവിന്റെ ദൂതനാണെന്നു താങ്കൾ സാക്ഷ്യം വഹിക്കുക...”

റുക്കാന ഗൗരവത്തിൽ തന്നെ സംസാരിച്ചു. അൽപനേരത്തെ സംവാദം. സംവാദം ഗുസ്തിയിലെത്തി എന്നു പറഞ്ഞാൽ മതിയല്ലോ...

“ഞാൻ ഗുസ്തി പിടിക്കാം. തയ്യാറുണ്ടോ..?”  - നബിﷺചോദിച്ചു...

“ശരി..! ഗുസ്തിക്കു തയ്യാർ” - റുക്കാന പ്രഖ്യാപിച്ചു...

“ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുമോ..?”

-നബിﷺതങ്ങൾ ചോദിച്ചു.

“ഗുസ്തിയിൽ താങ്കൾ ജയിക്കുകയാണെങ്കിൽ ഞാൻ
സാക്ഷ്യം വഹിക്കാം.” - റുക്കാന പ്രഖ്യാപിച്ചു.

പ്രവാചകനും (ﷺ) റുക്കാനയും തമ്മിൽ ഗുസ്തി..! കേട്ടവർക്കെല്ലാം അതിശയം, ശ്രതുക്കൾക്കു തമാശ...

ആളുകൾ കൂടി. ഗോദ ഒരുങ്ങി. മൽപിടുത്തം തുടങ്ങി. പ്രതിയോഗികൾ ഏറ്റുമുട്ടി...

ഇതു വിചാരിച്ചതുപോലെയല്ല. അൽഅമീൻ ചില്ലറക്കാരനല്ലല്ലോ..! നല്ല മല്ലൻ തന്നെ, ശക്തൻ. നിമിഷങ്ങൾ കടന്നുപോയി. അൽഅമീൻ തകർന്നുവീഴുന്നതു കാണാൻ ശ്രതുക്കൾ കാത്തിരുന്നു...

ആഹ്ലാദിക്കാനും പൊട്ടിച്ചിരിക്കാനും കാത്തിരുന്നവർ ഞെട്ടിപ്പോയി.
റുക്കാന മലർന്നിടിച്ചു വീണുകിടക്കുന്നു..!!

വീണുകിടന്നേടത്തുനിന്ന് എഴുന്നേറ്റു റുക്കാന് പറഞ്ഞു: “ഒരു പരാജയം. അതു സാരമില്ല. ഒരിക്കൽകൂടി ഗുസ്തിക്കു തയ്യാറുണ്ടോ..? ഈ വെല്ലുവിളി സ്വീകരിക്കാമോ..?”

“ഒരിക്കൽകൂടി ആവാം.” - നബിﷺതങ്ങൾ സമ്മതിച്ചു.

വീണ്ടും ഗുസ്തി. ശക്തമായ ഏറ്റുമുട്ടൽ. ശതുക്കൾ ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്നു. വീണ്ടും ഞെട്ടൽ. റുക്കാന വീണ്ടും തളർന്നുവീണു..!!

“ഈ പരാചയം കാര്യമാക്കേണ്ട,   ഒരിക്കൽകൂടി ഗുസ്തിക്കു
തയ്യാറുണ്ടോ..?” - റുക്കാന ഉച്ചത്തിൽ വിളിച്ചുചോദിച്ചു...

“ഞാൻ തയ്യാർ” - നബിﷺതങ്ങൾ സമ്മതിച്ചു.

മൂന്നാം തവണയും ഏറ്റുമുട്ടി. ഉഗ്രമായ ഗുസ്തി. ആളുകൾ നോക്കിനിന്നു. റുക്കാന വീണ്ടും പരാജയപ്പെട്ടു. ഇത്തവണ റുക്കാന നിശബ്ദനായി...

“റുക്കാനാ... നിങ്ങൾ സത്യസാക്ഷ്യം വഹിക്കുന്നില്ലേ..?” - നബി ﷺ ചോദിക്കുന്നു.

റുക്കാനയുടെ ചുണ്ടുകൾ ചലിച്ചു: “ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചുകൊള്ളുന്നു.”

റുക്കാന (റ) എന്ന മല്ലയുദ്ധവീരൻ ഇസ്ലാമിന്റെ വിനീതിനായ അനുയായി ആയിത്തീർന്നു...


Part : 46

മക്കയിലെ യുവത്വങ്ങൾ 

മക്കയിലെ ധീരനായ ചെറുപ്പക്കാരനാണ് ഹംസ. അബ്ദുൽ മുത്വലിബിന്റെ മകൻ. അബൂത്വാലിബിന്റെയും അബ്ദുല്ലയുടെയും സഹോദരൻ...

ഇടക്കിടെ നായാട്ടിനു പോകും.

ധീരനായ യോദ്ധാവും നായാട്ടുകാരനും. ഒരു ദിവസം നായാട്ടിനുപോയി. വൈകുന്നേരം മടങ്ങിവരികയാണ്. വഴിയിൽ വച്ച് ഒരു പരിചാരികയെ കണ്ടു. അവരുടെ മുഖം ദുഃഖംകൊണ്ടു വാടിയിരുന്നു. ഹംസ അവരുടെ മുഖത്തേക്കു നോക്കി. എന്തുപറ്റി എന്ന അർത്ഥത്തിൽ...

പരിചാരിക ദുഃഖം കലർന്ന സ്വരത്തിൽ പറഞ്ഞു: “താങ്കൾ ധീരനാണ്, യോദ്ധാവാണ്. എന്നിട്ടെന്തു കാര്യം..?”

“എന്താ കാര്യം?” - ഹംസ ചോദിച്ചു.

“താങ്കളുടെ സഹോദരപുത്രനല്ലേ മുഹമ്മദ്..? അബൂജഹ്ൽ ഇന്ന് എന്തൊക്കെയാണു ചെയ്തുകൂട്ടിയത്...” ഹംസ ഒന്നു ഞെട്ടി..!!

മക്കയിലെ സംഭവങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ട്. സഹോദരപുത്രന്റെ വാക്കുകൾ കേട്ടിട്ടുണ്ട്. അതൊക്കെ ശരിയല്ലേ എന്നു തോന്നിയിട്ടുമുണ്ട്. പക്ഷേ, അതിൽ ചേർന്നിട്ടില്ല... “അബൂജഹ്ൽ എന്തു ചെയ്തു..?”

“വല്ലാതെ ചീത്ത പറഞ്ഞു. ആക്ഷേപിച്ചു. പിന്നെ തലയിൽ മണ്ണുവാരിയിട്ടു. താങ്കൾ അതു കാണണമായിരുന്നു...”

“നീ കണ്ടോ..?”

“ഞാൻ കണ്ടു. എനിക്കു വലിയ ദുഃഖം തോന്നി. ഞാനൊരു അബലയല്ലേ, കണ്ടു സഹിക്കാനല്ലേ കഴിയൂ..!”

ഹംസയുടെ മുഖത്തേക്കു കോപം ഇരച്ചുകയറി. ഈ ധിക്കാരം പൊറുപ്പിച്ചുകൂടാ. തന്റെ സഹോദരപുത്രന്റെ തലയിൽ മണ്ണുവാരിയിടാൻ ഇവന് എന്തധികാരം..?

കയ്യിൽ അമ്പും വില്ലുമാണ്. നേരെ കഅ്ബയുടെ അടുത്തേക്കു കുതിച്ചു. പ്രമുഖന്മാർ പലരും ഇരിക്കുന്നു...

“അബുൽഹകം.” ഇടിവെട്ടുംപോലൊരു വിളി.

“നീയെന്റെ സഹോദരപുത്രനെ ആക്രമിച്ചുവല്ലേ..?” വില്ലുകൊണ്ടുതന്നെ കിട്ടി ഒരടി.

“അബുൽഹകം... നീയെന്തിന് എന്റെ സഹോദര പുത്രനെ ആകമിച്ചു. ഏകനായ അല്ലാഹുﷻവിലേക്കു ജനങ്ങളെ ക്ഷണിച്ചതിനാണോ? മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നു പ്രഖ്യാപിച്ചതിനോ? എന്തൊരു തെറ്റിനാണു നീ മുഹമ്മദിനെ ആക്രമിച്ചത്..?

അബുൽഹകം... എന്നാൽ ഇതാ കേട്ടോളൂ...  അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും അവനു യാതൊരു പങ്കുകാരുമില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു..!!”

ഖുറയ്ശി പ്രമുഖന്മാർ ഞെട്ടിപ്പോയി.
എന്തൊരു പ്രഖ്യാപനം..!

ഹംസയെ ആക്രമിക്കാൻ ചിലർ ചാടിയെണീറ്റു. അബൂജഹ്ൽ അവരെ തടഞ്ഞു. “ഞാൻ ഹംസയുടെ സഹോദരനെ ആക്രമിച്ചത് ശരിയാണ്. അതിലുള്ള രോഷം കൊണ്ടാണ് എന്നെ അടിച്ചത്. സാരമില്ല. ഹംസയുടെ കോപം ഒന്നടങ്ങട്ടെ...”

ഹംസയെ ആക്രമിച്ചാൽ, അതൊരു ആഭ്യന്തര കലഹമായി മാറുമെന്ന് അബൂജഹ്ലിനറിയാം. അങ്ങനെ സംഭവിച്ചാൽ അതു മുഹമ്മദിനു സഹായമാകും. അതൊഴിവാക്കണം...

ഹംസ നേരെ പ്രവാചകന്റെ സമീപത്തെത്തി. താൻ ഇസ്ലാം മതം സ്വീകരിച്ച കാര്യം അറിയിച്ചു. ദാറുൽ അർഖമിൽ സന്തോഷം...

ഹംസ(റ)വിന്റെ സ്നേഹിതനാണ് ഉമർ(റ). ഉമർ(റ) നേരത്തെ ഇസ്ലാമിന്റെ ശത്രുവായിരുന്നു. ജാഹിലിയ്യാ കാലത്ത് എഴുത്തും വായനയും ശീലിച്ചവർ വളരെ കുറവായിരുന്നു. അക്കാലത്ത് എഴുതാനും വായിക്കാനും പഠിച്ച ആളായിരുന്നു ഉമർ(റ). അതികായനും ധീരനും. ഇസ്ലാമിന്റെ ശത്രുക്കൾ വട്ടംകൂടിയിരുന്നു ചർച്ച നടത്തി...

ഇസ്ലാംമതം തുടച്ചുനീക്കാൻ ഒറ്റ മാർഗമേയള്ളൂ. മുഹമ്മദിനെ വധിക്കുക. അനന്തരഫലങ്ങൾ ഇപ്പോൾ നോക്കേണ്ട. കാര്യം നടക്കട്ടെ. ആർക്കാണ് അവനെ വധിക്കാൻ കഴിയുക..?

ആളുകൾ പരസ്പരം നോക്കി. ആരും മുന്നോട്ടു വരുന്നില്ല. കരുത്തനായ ഉമറിനു സഹിക്കാനായില്ല. ചാടിയെണീറ്റു വിളിച്ചുപറഞ്ഞു: “ഞാൻ മുഹമ്മദിനെ വധിക്കും” ഊരിയ വാളുമായി ഉടനെ പുറപ്പെട്ടു...

വഴിയിൽ വച്ചു സ്നേഹിതനെ കണ്ടുമുട്ടി.  നഈം ബ്നു അബ്ദില്ല.
 “ഉമർ..! താങ്കൾ എങ്ങോട്ടാണ്..?”  നഈം ചോദിച്ചു.

“പുതിയ മതവുമായി വന്ന മുഹമ്മദിനെ വധിക്കാൻ പോകുകയാണ്” ധീരമായ മറുപടി.

“മുഹമ്മദിനെ വധിക്കുന്നതിനുമുമ്പ് ഒരു കാര്യം ചെയ്യണം.” - നഈം പറഞ്ഞു.

“അതെന്താ ... പറയൂ” - ഉമർ

“താങ്കളുടെ കുടുംബത്തെ ശരിയാക്കണം.”

“കുടുംബത്തിലെന്താണു കുഴപ്പം..?”

“താങ്കളുടെ സഹോദരി ഫാത്വിമയും ഭർത്താവ് സഈദും മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു.”

“എങ്കിൽ അവരെ ആദ്യം കാണാം.” - ഉമർ ഓടി...


Part : 46

ഉമർ ഫാത്വിമയുടെ വീടിനടുത്തത്തി. അകത്തുനിന്ന് എന്തോ ശബ്ദം കേൾക്കുന്നു. ശ്രദ്ധിച്ചു. വിശുദ്ധ ഖുർആൻ പാരായണം.

കോപത്തോടെ വാതിലിൽ മുട്ടി "വാതിൽ തുറക്കൂ..!”

ഫാത്വിമക്കു കാര്യം മനസ്സിലായി. ഖുർആൻ എഴുതിയ ഏട് ഒളിപ്പിച്ചുവച്ചു. വാതിൽ തുറന്നു.

“നിങ്ങൾ മുഹമ്മദിന്റെ മതത്തിൽ ചേർന്നുവോ..?” അതും ചോദിച്ചുകൊണ്ടു സഈദിനെ ആക്രമിച്ചു. ഫാത്വിമ ഇടയിൽ ചാടിവീണു. ഫാത്വിമ(റ)ക്കും അടികിട്ടി. നെറ്റി പൊട്ടി രക്തം ഒലിച്ചു. കണ്ണീരും വിയർപ്പും രക്തത്തുള്ളികളും ഒന്നു ചേർന്നു.

ഫാത്വിമയുടെ മുഖം മാറി. ഉമറിനെ തുറിച്ചുനോക്കി. താൻ കണ്ടുപരിചയിച്ച ഫാത്വിമയല്ലല്ലോ ഇത്. ഇതാ ഒരു ധീരവനിത. ഫാത്വിമ സംസാരിച്ചു: “ഉമർ..! ഞങ്ങൾ ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞു. ഇനി
ഒരു ശക്തിക്കും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാം.” ധീരമായ പ്രഖ്യാപനം.

ഉമർ ഞെട്ടി. ഇത്ര ശക്തമാണോ ആ വിശ്വാസം. ഉമർ തളരുകയാണ്.

“ഫാത്വിമാ... എന്താണു നിങ്ങൾ വായിച്ചുകൊണ്ടിരുന്നത്. എന്നെക്കൂടി കാണിക്കൂ..! ഞാനതൊന്നു വായിക്കട്ടെ.” ചഞ്ചലനായ ധീരൻ...

“കുളിച്ചു ശുദ്ധിയായി വരൂ..!”

ഉമർ പോയി കുളിച്ചു ശുദ്ധിയായി വന്നു. ഏട് കയ്യിൽ വാങ്ങി. ആയത്തുകൾ ഓതാൻ തുടങ്ങി. മനസ്സിലേക്കു തൗഹീദിന്റെ പ്രകാശം ശക്തമായി കടന്നുവരുന്നു.

ഉമറിന്റെ നയനങ്ങൾ നിറഞ്ഞൊഴുകി, അല്ലാഹുﷻവിന്റെ വചനങ്ങൾക്ക് എന്തൊരു വശ്യത..! വായിക്കുന്തോറും വിശ്വാസം ശക്തമാകുന്നു...

“ഫാത്വിമാ... എവിടെയാണു പ്രവാചകൻ..? എനിക്കൊന്നു കാട്ടിത്തരൂ..! ആ മുഖമൊന്നു കാണണം. ഉപദേശം കേൾക്കണം...”

ഉമർ ആകെ മാറിപ്പോയി. അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും വിശ്വസിച്ചുകഴിഞ്ഞു...

“പ്രവാചകൻ ദാറുൽ അർഖമിലാണുള്ളത്. നമുക്ക് അങ്ങോട്ടു പോകാം.”

വികാരഭരിതമായ മനസ്സുമായി ഉമർ നടന്നു. അകലെ അർഖമിന്റെ വീടു കാണാം. അവിടെയാണു പ്രവാചകൻ. കൂടെ സത്യ വിശ്വാസികളും. അങ്ങെത്താൻ ധൃതിയായി. നടത്തത്തിനു വേഗം കൂടി...

ദാറുൽ അർഖമിൽ ഇരിക്കുന്നവർ ആ കാഴ്ച കണ്ടു. ഉമർ ധൃതിയിൽ വരുന്നു. കയ്യിൽ വാളുമുണ്ട്. ഹംസ (റ) എഴുന്നേറ്റുനിന്നു പ്രഖ്യാപിച്ചു: “ഉമർ നല്ല ഉദ്ദേശ്യവുമായിട്ടാണു വരുന്നതെങ്കിൽ കൊള്ളാം. കുഴപ്പത്തിനാണു വരുന്നതെങ്കിൽ ആ വാളുകൊണ്ടുതന്നെ ഞാനവന്റെ കഥ കഴിക്കും...”

ഉമർ വാതിൽക്കലെത്തി. പ്രവാചകൻ ﷺ അടുത്തേക്കു ചെന്നു. വസ്ത്രത്തിൽ പിടിച്ചുകൊണ്ടു ചോദിച്ചു: “എന്ത് ഉദ്ദേശ്യത്തിലാണ് ഈ വരവ്..?”

“ഇസ്ലാം സ്വീകരിക്കാൻ”

നബി ﷺ തങ്ങൾ ശഹാദത്തു കലിമ ചൊല്ലിക്കൊടുത്തു. സത്യവിശ്വാസികൾ ആഹ്ലാദപൂർവം തക്ബീർ മുഴക്കി.

“അല്ലാഹു അക്ബർ...
അല്ലാഹു അക്ബർ...”

ഹംസ(റ) ഇസ്ലാംമതത്തിൽ വന്നതിന്റെ മൂന്നാംദിവസമാണ് ഈ സംഭവം...

“അല്ലാഹുﷻവിന്റെ റസൂലേ നാം സത്യദീനിന്റെ അനുയായികളല്ലേ? ഇസ്ലാം പരസ്യമായി പ്രചരിപ്പിക്കണം. നമുക്കു കഅ്ബയുടെ അടുത്തേക്കു പോകാം.”

ആ അഭിപ്രായം സ്വീകരിക്കപ്പെട്ടു. രണ്ടുവരിയായി അവർ പുറപ്പെടുന്നു. ഒരു വരിയുടെ മുമ്പിൽ ഹംസ(റ). മറ്റേ വരിയുടെ മുമ്പിൽ ഉമർ(റ). സത്യവിശ്വാസികൾ നീങ്ങി.

തക്ബീർ ധ്വനികൾ മുഴങ്ങി. അവർ കഅ്ബാലയത്തിനടുത്തെത്തി. ശിർകിന്റെ ശക്തികൾ പകച്ചുനോക്കുകയാണ്. അവർക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പ്രയാസം...

മുഹമ്മദിന്റെ തലയെടുക്കാൻ പോയആൾ, ആ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായി തിരിച്ചുവന്നിരിക്കുന്നു.

ഇതെന്തൊരതിശയം..! ഖുറയ്ശികൾ പരസ്പരം നോക്കി...

ഇതേവരെ സ്വീകരിച്ച മാർഗങ്ങൾ പോര. മക്കയുടെ യുവത്വങ്ങളാണു മുഹമ്മദിന്റെ ഇരുവശത്തും നിലയുറപ്പിച്ചിരിക്കുന്നത്. എങ്ങനെ നേരിടും..?

ഖുറയ്ശികളുടെ മനസ്സിൽ വെപ്രാളം. അപ്പോഴും തക്ബീർ ധ്വനികൾ കാതുകളിൽ അലയടിക്കുന്നു.

അല്ലാഹു അക്ബർ...
അല്ലാഹു അക്ബർ...


Part : 48

ഒരു ബഹിഷ്കരണത്തിന്റെ കഥ

ഇസ്ലാമിന്റെ പ്രചാരണത്തിനു വേഗം കൂടി. മർദ്ദനങ്ങൾകൊണ്ടാന്നും അതു തടയാനായില്ല. പുതിയൊരു മാർഗത്തെക്കുറിച്ച് അവർ ഗൗരവമായി ചിന്തിച്ചു. മുഹമ്മദിനെ (ﷺ) വധിക്കണം. അതിനു തങ്ങളെ ഏൽപിക്കണം. അതുവരെ ബഹിഷ്കരണം...

ബനൂഹാശിം കുടുംബത്തെ ബഹിഷ്കരിക്കുക. ശ്രതുപക്ഷത്തെ ഗോത്രങ്ങളെല്ലാം യോജിച്ചു. അവർ ഒരു കരാർ പ്രതം എഴുതിയുണ്ടാക്കി കഅ്ബാലയത്തിൽ പ്രദർശിപ്പിച്ചു. ബനൂഹാശിം കുടുംബക്കാരുമായി സംസാരിക്കുകയില്ല. ഒരു സാധനവും അവർക്കു കൊടുക്കില്ല. അവരിൽനിന്നു യാതൊന്നും സ്വീകരിക്കില്ല. വിവാഹബന്ധമില്ല, ചടങ്ങുകൾക്കു ക്ഷണിക്കില്ല.

ബനൂഹാശിം ഒറ്റപ്പെട്ടു. പ്രശസ്തയായ ഖദീജ(റ) പോലും...

"ശിഅ്ബ് അബീത്വാലിബ് " എന്നു പേരുള്ള ഒരു മലഞ്ചരിവുണ്ട്.

പരമ്പരാഗതമായി ഹാശിം കുടുംബത്തിന്റെതാണത്. തന്റെ പ്രധാന അഭയ കേന്ദ്രങ്ങളായ അബൂത്വാലിബും ഖദീജ(റ)യും മറ്റും കുടുംബാംഗങ്ങളുമൊന്നിച്ചു നബി ﷺ ആ മലഞ്ചെരിവിലേക്കു പോയി.


എന്താണ്  ശിഅ്ബ് അബീത്വാലിബ് 


((( തിരുമേനിയുടെ (സ) വിശുദ്ധ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലമായിരുന്നു പ്രവാചകത്വലബ്ധിയുടെ പത്താം വര്‍ഷം.

തുടര്‍ച്ചയായി മൂന്നു വര്‍ഷത്തോളം ഖുറൈശി ഗോത്രങ്ങള്‍ ഒറ്റക്കെട്ടായി, ഹാശിം വംശത്തിനും മുസ്‌ലിംകള്‍ക്കും എതിരെ സമ്പൂര്‍ണമായ ഊരുവിലക്ക് കല്‍പിച്ചിരിക്കുകയായിരുന്നു. തിരുമേനിയും (സ) കുടുംബവും ശിഷ്യന്മാരും ശിഅ്ബു അബീത്വാലിബില്‍ (താഴ്‌വര എന്നാണ് ശിഅ്ബ് എന്ന അറബി പദത്തിന്റെ അര്‍ഥം. 'ശിഅ്ബു അബീത്വാലിബ്' എന്നത് മക്കയിലെ ഒരു പാര്‍പ്പിട പ്രദേശത്തിന്റെ പേരാണ്. അവിടെയാണ് ഹാശിം വംശക്കാര്‍ താമസിച്ചിരുന്നത്.

ഈ പ്രദേശം അബൂഖുബൈസ് മലയുടെ താഴ്‌വരയിലൊന്നിലാണ് സ്ഥിതിചെയ്തിരുന്നതെങ്കിലും ഹാശിം വംശത്തിന്റെ തലവന്‍ അബൂത്വാലിബായിരുന്നതിനാല്‍ ഇതിനെ ശിഅ്ബു അബീത്വാലിബ് എന്ന് വിളിച്ചുവന്നു.

പ്രാദേശിക കഥകളില്‍ നബി(സ)യുടെ ജന്മസ്ഥലമായി ഇന്ന് അറിയപ്പെടുന്ന സ്ഥലത്തിനടുത്തായിട്ടാണ് ഈ താഴ്‌വര സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ പ്രദേശത്തെ ശിഅ്ബ് അലി എന്നും ശിഅ്ബ് ബനീഹാശിം എന്നും വിളിച്ചുവരുന്നു.

യാതൊരു വസ്തുവും അകത്തേക്ക് കൊണ്ടുപോകാൻ കഴിയാത്ത വിധം ഖുറൈശികള്‍ ഈ പ്രദേശത്തിന്റെ നാനാവശങ്ങളിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ഹജ്ജുകാലത്ത് മാത്രമേ ഈ ഉപരോധത്തെ മറികടന്ന് അവര്‍ക്ക് വല്ലതും വാങ്ങാന്‍ സാധിച്ചിരുന്നുള്ളൂ. പക്ഷേ, അപ്പോഴും അബൂലഹബ് മുസ്‌ലിംകളില്‍ വല്ലവരും ചന്തയിലേക്കോ കച്ചവടസംഘങ്ങളുടെ അടുത്തേക്കോ പോകുന്നതായി കണ്ടാല്‍ ഇങ്ങനെ വിളിച്ചു പറയുമായിരുന്നു:

ഇവര്‍ വല്ല സാധനവും വാങ്ങാനൊരുങ്ങിയാല്‍, അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര വിലകൂട്ടി പറയുക. എന്നിട്ട് അതവര്‍ വാങ്ങുന്നെങ്കില്‍ വാങ്ങിക്കൊള്ളട്ടെ. നിങ്ങള്‍ക്ക് നഷ്ടമില്ലല്ലോ.

തികച്ചും മൂന്ന് സംവല്‍സരക്കാലം ഖുറൈശികള്‍ മുസ്‌ലിംകളേയും ഹാശിം വംശത്തേയും ഈ വിധം നിസ്സഹായതയുടെ നീര്‍ച്ചുഴിയില്‍ അകപ്പെടുത്തി. അക്കാലത്ത് അവര്‍ക്ക് പുല്ലും ഇലകളും തിന്നേണ്ട സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായി. ദൈവാധീനത്താല്‍ ഈ ഉപരോധം റദ്ദാക്കപ്പെട്ട അതേ വര്‍ഷംതന്നെ, പത്തുകൊല്ലത്തോളമായി തിരുമേനിയുടെ (സ) സംരക്ഷകനായി നിലകൊണ്ടിരുന്ന പിതൃവ്യന്‍ അബൂത്വാലിബ് മരണപ്പെട്ടു. ഈ അത്യാഹിതം കഴിഞ്ഞ് ഒരു മാസം പിന്നിട്ടതേയുള്ളൂ. അപ്പോഴേക്കും തിരുമേനിയുടെ (സ) ജീവിതസഖിയും പ്രവാചകത്വത്തിന്റെ ആരംഭം മുതല്‍ അന്നുവരെ അദ്ദേഹത്തിന്റെ സാന്ത്വനവും സമാശ്വാസവുമായി വര്‍ത്തിച്ചവരുമായ ഖദീജ(റ) യും വഫാത്തായി.

അടിക്കടിയുണ്ടായ ഈ ആഘാതങ്ങളെ ആസ്പദമാക്കി തിരുമേനി (സ) ഈ വര്‍ഷത്തെ 'ദുഃഖവര്‍ഷം' എന്നായിരുന്നു വിളിച്ചിരുന്നത്. ഖദീജ(റ)യുടെയും അബൂത്വാലിബിന്റെയും മരണാനന്തരം മക്കാ കാഫിറുകള്‍ തിരുമേനിയുടെ നേരെ പൂര്‍വോപരി ക്രുദ്ധരായിത്തീര്‍ന്നു. അവരദ്ദേഹത്തെ കൂടുതല്‍ ഞെരുക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും പ്രയാസമായിത്തീര്‍ന്നു. എത്രത്തോളമെന്നാല്‍ അക്കാലത്ത് അങ്ങാടിയുടെ മധ്യത്തില്‍വെച്ച് ഒരു ഖുറൈശിത്തെമ്മാടി തിരുമേനിയുടെ (സ) ശിരസ്സില്‍ മണ്ണുവാരി എറിഞ്ഞ സംഭവംപോലും ഇബ്‌നുഹിശാം ഉദ്ധരിച്ചിട്ടുണ്ട്. )))


സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമെല്ലാമുണ്ട്. ദുരിതം നിറഞ്ഞ ജീവിതം. കുറെ നാളുകൾ കടന്നുപോയപ്പോൾ ഭക്ഷണ പാനീയങ്ങൾ തീർന്നു. മരത്തിന്റെ ഇലകൾ വരെ ഭക്ഷിച്ചു.

ആടിന്റെയും ഒട്ടകത്തിന്റെയും ഉണങ്ങിയ തുകൽക്കഷ്ണങ്ങൾ വെള്ളത്തിലിട്ടു പാകപ്പെടുത്തി കടിച്ചു തിന്നു. കുഞ്ഞുങ്ങൾ വിശന്നു കരഞ്ഞു. ഉമ്മമാർ ചെറിയ ഉരുളൻ കല്ലുകൾ കരുതിവച്ചു. കരയുന്ന കുഞ്ഞുങ്ങളുടെ വായിലിട്ടു കൊടുക്കും. കുഞ്ഞുങ്ങൾ വെറുതെ അത് ഉറുഞ്ചി ഉമിനിരു കുടിക്കും...

നാട്ടിലെവിടെയും ഇറങ്ങാൻ നിവൃത്തിയില്ല. പരിചയക്കാർ കണ്ടാൽ മിണ്ടില്ല. മുഖംതിരിച്ചുകളയും. ഇങ്ങനെ മൂന്നു വർഷങ്ങൾ..! സങ്കടം നിറഞ്ഞ കാലം. കയ്യിൽ പണമുണ്ടായിട്ടു കാര്യമില്ല. പണം കൊടുത്താൽ ഒരാളും സാധനങ്ങൾ തരില്ല. എന്തൊരു ജീവിതം...

മൂന്നു വർഷം കഴിഞ്ഞപ്പോൾ ചിലർക്കു മനസ്സലിഞ്ഞു. ബഹിഷ്കരണക്കരാർ ദുർബലപ്പെടുത്തണമെന്നു ചിലർ വാദിച്ചു. അവരിൽ ഒരാളാണു സുഹയർ.

ഒരു പ്രഭാതത്തിൽ സുഹയർ കഅ്ബാലയത്തിൽ വന്നു. അബൂജഹലും മറ്റു നേതാക്കളും ഇരിക്കുന്നു. “ഈ കരാർ എഴുതിയപ്പോൾതന്നെ ഞങ്ങൾക്കതിനോടു യോജിപ്പുണ്ടായിരുന്നില്ല. ഞാനിതാ ആ കരാർ പത്രം കീറിക്കളയാൻ പോകുന്നു..!” മുത്ഇം ബ്നു അദിയ്യ് വിളിച്ചുപറഞ്ഞു. ചെന്നുനോക്കുമ്പോൾ കരാർപത്രം ചിതൽ തിന്നുതീർത്തിരിക്കുന്നു.

കീറിക്കളയാനൊന്നുമില്ല. ബഹിഷ്കരണം ദുർബലപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു. മലഞ്ചരുവിൽ നിന്നു വരുന്ന മനുഷ്യരുടെ രൂപം..! എല്ലും തൊലിയും മാത്രം. മൂന്നുവർഷത്തെ ജീവിതം അവരെ തളർത്തിയിരുന്നു. ഖദീജ(റ)യുടെ ആരോഗ്യം തകർന്നുപോയി. അവരും മക്കളും മലഞ്ചെരുവിൽ നിന്നു വീട്ടിലേക്കു വന്നു...

കണ്ടാൽ മിണ്ടാതെ മുഖം തിരിച്ചിരുന്ന പലരും ഇപ്പോൾ സംസാരിക്കുന്നു, ചിരിക്കുന്നു. പലർക്കും സഹതാപം. ധനികയായ ഖദീജ (റ) തന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം ഇസ്ലാംമതം സ്വീകരിച്ച അടിമകൾക്കും പാവങ്ങൾക്കും വേണ്ടി ചെലവാക്കിക്കഴിഞ്ഞിരുന്നു...

മലഞ്ചരുവിൽനിന്നു വന്നശേഷം അവർ രോഗിയായി. ജീവിതത്തിന്റെ സായംസന്ധ്യയിലാണവർ. കടന്നുപോയ ജീവിതത്തിലേക്കവർ തിരിഞ്ഞുനോക്കി.

കുബേര കുടുംബത്തിൽ പിറന്നു. കൺമണിയായി വളർന്നു. അല്ലാഹുﷻവിന്റെ പ്രവാചകരുടെ പത്നിയാകാൻ കഴിഞ്ഞു. പ്രവാചകരുടെ സന്താനങ്ങളെ പ്രസവിച്ചു. പുത്രന്മാർ ജീവിച്ചില്ല. പുത്രിമാരെ നല്ലനിലയിൽ വളർത്തി.

സയ്നബിനെ കെട്ടിച്ചയച്ചു. റുഖിയ്യയെയും കെട്ടിച്ചയച്ചു. ഉമ്മു കുൽസൂം വിവാഹമോചിതയായി. ഫാത്വിമയെന്ന പൊന്നോമന...

പ്രവാചകനെ (ﷺ) കാണുംപോലെയാണ് - പൊന്നുമോൾ - കെട്ടിച്ചയക്കണം. എല്ലാം ഇസ്ലാമിനുവേണ്ടി ത്യജിച്ചു. പ്രവാചകനോടൊപ്പം (ﷺ) നിന്നു. എല്ലാ സുഖങ്ങളും ദുഃഖങ്ങളും പങ്കുവച്ചു. പ്രവാചകനോടൊപ്പം (ﷺ) ഖദീജ(റ)യും പരിഹസിക്കപ്പെട്ടു. ചോദ്യം ചെയ്യപ്പെട്ടു. പലവിധ ഉപദ്രവങ്ങൾ സഹിച്ചു. ഒടുവിൽ ബഹിഷ്കരണവും...

പട്ടിണികിടന്ന് ആരോഗ്യം പോയി. കുബേരപുത്രി രോഗിയായി..!!


Part : 49

ദുഃഖവർഷം

വൃദ്ധനായ അബൂത്വാലിബ്. മൂന്നുവർഷത്തെ കഷ്ടപ്പാടുകൾ അദ്ദേഹത്തെ തീർത്തും അവശനാക്കിയിരിക്കുന്നു...

അബൂത്വാലിബ് കിടപ്പിലായി. എന്തെല്ലാം അനുഭവങ്ങൾ, മറക്കാനാവാത്ത സംഭവങ്ങൾ..! എല്ലാം ഓർമയിൽ തെളിയുകയാണ്. പിതാവ് അബ്ദുൽ മുത്വലിബ് ജീവിച്ചിരുന്ന കാലം. ഓർമയിലെ സുവർണനാളുകൾ...

പ്രിയപ്പെട്ട സഹോദരൻ അബ്ദുല്ല, ആമിനയുമായുള്ള വിവാഹം. ശാമിലേക്കുള്ള കച്ചവടയാത്ര. യസ് രിബിൽവച്ചുള്ള മരണം. ആമിനയുടെ അന്ത്യം...

ബാപ്പയുടെ വസ്വിയ്യത്ത്. സഹോദരപുത്രനെ സംരക്ഷിക്കണം. ആ വസ്വിയ്യത്ത് പാലിക്കാൻ ആവുംവിധം ശ്രമിച്ചു. ബാപ്പാ... അങ്ങയുടെ വസ്വിയ്യത്ത്. അതു പാലിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു... മക്കക്കാർ എന്നെ ബഹിഷ്കരിച്ചു ബാപ്പാ... മൂന്നു വർഷം ഞങ്ങൾ മലഞ്ചരുവിൽ കഴിഞ്ഞു...

ബാപ്പയുടെ ബന്ധുക്കൾ ആഹാരപാനീയങ്ങളില്ലാതെ കഷ്ടപ്പെട്ടു. എന്റെ ശരീരം തകർന്നുപോയി ബാപ്പാ... ഞാൻ കിടപ്പിലായി. ഇനി ഏറെനാൾ ജീവിച്ചിരിക്കില്ല. മരണത്തിന്റെ കാലൊച്ച കാതോർത്തിരിക്കുകയാണ് ഞാൻ...

അവസാനം ആ നിമിഷങ്ങളെത്തിപ്പോയി.  മരണത്തിന്റെ മാലാഖ വന്നു. അനുവദിക്കപ്പെട്ട ശ്വാസങ്ങൾ വലിച്ചുതീർത്തു. എല്ലാം നിശ്ചലമായി. കണ്ണുകളടഞ്ഞു. മക്കക്കാർ ദുഃഖവാർത്ത കേട്ടു. അബൂത്വാലിബ് മരണപ്പെട്ടു. അൽഅമീൻ കരഞ്ഞു...

ഖുറയ്ശികളിൽ നിന്നു തന്നെ രക്ഷപ്പെടുത്തിയ കോട്ട തകർന്നിരിക്കുന്നു. തനിക്കുവേണ്ടി എന്തുമാത്രം ത്യാഗം സഹിച്ചു. എന്നിട്ടും ശഹാദത്തു കലിമ ചൊല്ലിയില്ല. എത്ര കൊതിച്ചതാണ്, ഒന്നു ചൊല്ലിക്കേൾക്കാൻ. മരണത്തിന്റെ ആവരണം വീഴുംവരെ കാത്തിരുന്നു. പലതവണ പറഞ്ഞുനോക്കി. ഫലിച്ചില്ല...

“മുഹമ്മദിന്റെ ദീൻ അത്യുത്തമമാണെന്നനിക്കറിയാം. എന്നാലും, മക്കക്കാരുടെ ആക്ഷേപത്തെ ഞാൻ ഭയക്കുന്നു.”

ആ നിലയിൽ മരിച്ചുപോയല്ലോ..? അബൂത്വാലിബിന് പകരം മറ്റൊരാളില്ല. ആലംബമില്ലാത്ത ദിനങ്ങൾ വരികയായി. ഖുറയ്ശികൾക്കു ദുഃഖവും സന്തോഷവും ഒന്നിച്ചായിരുന്നു. തങ്ങളുടെ നേതാവായ അബൂത്വാലിബ് മരിച്ചു. ദുഃഖമുണ്ട്.

അന്ത്യനിമിഷത്തിൽ പോലും ഇസ്ലാംമതം സ്വീകരിച്ചില്ല, അതിൽ സന്തോഷവും...

ഖുറയ്ശികളെ അത്യധികം ആഹ്ലാദിപ്പിച്ചത് അതല്ല. അബൂത്വാലിബ് ഒരു കോട്ടപോലെയായിരുന്നു മുഹമ്മദിന്. ആ കോട്ടയിൽ കയറി ആക്രമിക്കാൻ പ്രയാസമാണ്. ആ കോട്ട തകർന്നുപോയിരിക്കുന്നു. ഇനി ആക്രമണത്തിനു വേഗം കൂട്ടാം. തടസ്സങ്ങളൊന്നുമില്ലല്ലോ. മുഹമ്മദിനു കടുത്ത ദുഃഖം കാണും. ഖുറയ്ശികൾ അതോർത്ത് സന്തോഷിച്ചു...

ഖദീജ(റ)യും അവശയാണ്. നബി ﷺ അസ്വസ്ഥനായി. തന്റെ രണ്ടാമത്തെ അഭയ കേന്ദ്രമാണിത്. എല്ലാ പ്രയാസങ്ങളും പങ്കുവയ്ക്കാൻ തയ്യാറായ വിലമതിക്കാനാവാത്ത മഹിളാരത്നം. അവരുടെ വാക്കുകൾ തനിക്കാശ്വാസം നൽകി. സമ്പത്തു തുണയായി. പ്രയാസങ്ങൾ നേരിടാൻ പ്രചോദനമായി. ഇന്നിതാ വീണുകിടക്കുന്നു...

സമ്പാദ്യമെല്ലാം ദീനിന്റെ മാർഗത്തിൽ ചെലവാക്കി. ഇപ്പോൾ ദരിദ്രയായി, രോഗിയായി. മലഞ്ചരിവിൽ പട്ടിണി കിടന്നു. ഭാര്യയുടെ ആരോഗ്യനില പ്രവാചകനെ (ﷺ) വേദനിപ്പിച്ചു. അബൂത്വാലിബിന്റെ മരണം, ഭാര്യയുടെ രോഗം, ഖുറയ്ശികൾക്ക് ആഹ്ലാദം...

ഒടുവിൽ അതും സംഭവിച്ചു. ഇഷ്ടജനങ്ങളെയെല്ലാം ദുഃഖത്തിലാഴ്ത്തി ഖദീജ (റ) കണ്ണടച്ചു. പ്രവാചക പത്നി വഫാത്തായി...

ഖുറയ്ശികൾ മതിമറന്നാഹ്ലാദിച്ചു. മുസ്ലിംകൾ ദുഃഖഭാരത്തോടെ ഖബറടക്കൽ കർമ്മം നിർവഹിച്ചു...

മണ്ണിൽനിന്നുവന്നു. മണ്ണിലേക്കു മടങ്ങി. സത്യവിശ്വാസികൾക്കെല്ലാം അവർ ഉമ്മയായിരുന്നു. ഉമ്മ പരലോകത്തേക്കു യാത്രയായി. മക്കൾ ദുഃഖത്തിലമർന്നു...

 ദുഃഖവർഷം...

അബൂത്വാലിബും ഖദീജ(റ)യും മരണപ്പെട്ട വർഷത്തെ ദുഃഖ വർഷം എന്നു വിളിക്കുന്നു...


Part : 50

കല്ലേറും കൂക്കുവിളിയും

ഖുറയ്ശികൾ പ്രവാചകനെ (ﷺ) നോക്കി നടക്കുന്നു. ഒരു ദ്രോഹി വിളിച്ചുപറഞ്ഞു. അതാ പോകുന്നു മുഹമ്മദ്. കാണേണ്ട താമസം അവർക്ക് ആവേശം വന്നു. ഓടിച്ചെന്നു മണ്ണുവാരി തലയിലിട്ടു...

നബിﷺതങ്ങളുടെ പുണ്യം നിറഞ്ഞ ശിരസ്സിൽ മണ്ണ്. ശരീരത്തിലും വസ്ത്രത്തിലുമെല്ലാം മണ്ണ്..!

സഹിച്ചു. എതിർത്തൊന്നും പറഞ്ഞില്ല. ശപിച്ചില്ല. വേഗം നടന്നുപോയി. വീട്ടിൽ ചെന്നു കഴുകിക്കളഞ്ഞു. ബാപ്പയുടെ അവസ്ഥ കണ്ടു മക്കൾ കണ്ണു തുടച്ചു. ഇനിയിങ്ങനെ പലതും സംഭവിക്കും. അബൂത്വാലിബ് ഇല്ലല്ലോ.., ഖദീജ(റ)യും ഇല്ല...

നബി ﷺ കഅ്ബയുടെ സമീപം നിൽക്കുന്നു. ഒരു കൂട്ടം ഖുറയ്ശി നേതാക്കൾ വന്നു. ഒരാൾ നബിﷺയുടെ കുപ്പായം പിന്നിൽ നിന്നു പിടിച്ചു വലിച്ചു. മറ്റൊരാൾ മുന്നോട്ടു തള്ളി. പിടിവലിയായി. റസൂൽ ﷺ വിഷമിച്ചുപോയി. 

ദുർബലരായ വിശ്വാസികൾ അകലെ നോക്കിനിൽക്കുകയാണ്. ഇടപെടാൻ പറ്റില്ല. ഖുറയ്ശി പ്രമുഖരാണ്. അവർ ആശങ്കാകുലരായി. അതാ, ഒരാൾ ഓടിവരുന്നു. അബൂബക്കർ(റ). അദ്ദേഹം കുതിച്ചെത്തി. അക്രമികളെ നേരിട്ടു. ഒരാളെ പിടിച്ചു തള്ളി. മറ്റൊരാളെ തൊഴിച്ചുമാറ്റി. ചിലർ വീണു...

അബൂബക്കർ(റ) ചോദിക്കുന്നുണ്ടായിരുന്നു: “അല്ലാഹു ഏകനാണെന്നു പറഞ്ഞ കാരണത്താൽ ഒരാളെ നിങ്ങൾ കൊല്ലാൻ നോക്കുകയാണോ..?”

അക്രമികൾ പിരിഞ്ഞുപോയി. ഖുറയ്ശികളുടെ മർദനം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ആരുടെയെങ്കിലും സഹായം ലഭിക്കണം. ത്വാഇഫിലെ ബന്ധുക്കളെക്കുറിച്ചോർത്തു. സഖീഫ് ഗോത്രക്കാർ. അവരെ ചെന്നു കാണാം. വല്ല സഹായവും ലഭിച്ചേക്കും...

നബിﷺതങ്ങളും സയ്ദ്(റ)വും കൂടി ത്വാഇഫിലേക്കു പുറപ്പെട്ടു. പ്രതീക്ഷയോടെയാണു ത്വാഇഫിലെ നേതാക്കളെയും ധനികരെയമൊക്കെ കണ്ടത്. ഇസ്ലാംമതത്തെ പരിചയപ്പെടുത്തി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർ പരിഹസിച്ചു ചിരിക്കാൻ തുടങ്ങി:

“നിന്നയല്ലാതെ മറ്റാരെയും കിട്ടിയില്ലേ പ്രവാചകനാക്കാൻ.” 

പരിഹാസപൂർവമുള്ള ചോദ്യം, കൂട്ടച്ചിരി. അവർ ഗുണ്ടകളെ വിളിച്ചുകൂട്ടി. “ഇവനെ കല്ലെറിഞ്ഞ് ഓടിക്കണം.”

തെമ്മാടികൾ കൂട്ടത്തോടെ ഓടിവന്നു. കൂക്കിവിളിക്കാനും എറിയാനും തുടങ്ങി. രക്ഷപ്പെടാൻ വേണ്ടി പ്രവാചകനും (ﷺ) സയ്ദ്(റ)വും ഓടി. നബിﷺയുടെ കാലിൽ കല്ലുകൊണ്ടു മുറിഞ്ഞു. രക്തം ഒഴുകി. സയ്ദ്(റ)വിന്റെ ശിരസ്സിൽ കല്ലേറുകൊണ്ടു രക്തം ഒഴുകി. മക്കക്കാരായ മുശ്രിക്കുകളാണ് ഉത്ബയും ശയ്ബയും. രണ്ടു പേരും ഇസ്ലാമിന്റെ ശത്രുക്കളുമാണ്...

അവരുടെ മുന്തിരിത്തോട്ടത്തിലേക്കു നബിﷺയും സയ്ദും ഓടിക്കയറി. തെമ്മാടികൾ പിൻമാറി. ഇരുവരും അവശരായി ഇരുന്നുപോയി. ഈ രംഗമൊക്കെ അകലെ നിന്നു നോക്കിക്കാണുകയായിരുന്നു തോട്ടം ഉടമകൾ. അവർക്കു വിഷമം തോന്നി. അവരുടെ വേലക്കാരനുമുണ്ടായിരുന്നു. പേര് അദ്ദാസ്, ക്രൈസ്തവനാണ്...

തോട്ടം ഉടമകൾ അദ്ദാസിനോടു പറഞ്ഞു: “ഒരു കുല മുന്തിരി മുഹമ്മദിനു കൊണ്ടുപോയി കൊടുക്കുക...”

മുന്തിരിക്കുലയുമായി അദ്ദാസ് നബി ﷺ തങ്ങളുടെ സമീപത്തെത്തി. ക്ഷീണിതനായ പ്രവാചകൻ മുന്തിരിക്കുല വാങ്ങി.

"ബിസ്മില്ലാഹി" ചൊല്ലി ഒരെണ്ണം വായിലിട്ടു.

“ഇന്നാട്ടുകാരാരും പറയാത്ത വാക്കാണല്ലോ ഇത്?” അദ്ദാസ് അത്ഭുതത്തോടെ ചോദിച്ചു...

നബിﷺതങ്ങൾ തിരിച്ചു ചോദിച്ചു. “നിന്റെ നാടെവിടെ?”

“നീനവെ.”

“ഓഹോ... യൂനുസ് നബിയുടെ നാട്ടുകാരൻ.”

“ങേ.. എന്ത്? യൂനുസ് നബിയെ താങ്കൾക്കെങ്ങനെ അറിയാം..?”

“യൂനുസ് എന്റെ സഹോദരനാണ്. അല്ലാഹുﷻവിന്റെ പ്രവാചകൻ. ഞാനും അല്ലാഹുﷻവിന്റെ പ്രവാചകനാണ്.”

അദ്ദാസ് അമ്പരന്നുപോയി..! താനൊരു പ്രവാചകന്റെ മുമ്പിലാണോ നിൽക്കുന്നത്..!!

നബി ﷺ ഇസ്ലാംമതത്തെ പരിചയപ്പെടുത്തി. അദ്ദാസിന്റെ മനസ്സിൽ സത്യവിശ്വാസത്തിന്റെ പ്രകാശം. ഉടനെ മുട്ടുകുത്തി. അവിടുത്തെ ശിരസ്സിലും പാദങ്ങളിലും കരങ്ങളിലും ചുംബിച്ചു...

നബിﷺതങ്ങൾ ത്വാഇഫുകാർക്കു വേണ്ടി പ്രാർത്ഥിച്ചു. “അല്ലാഹുവേ..! ഈ ജനത അറിവില്ലാത്തവരാണ്. അവർക്കു നീ പൊറുത്തു കൊടുക്കേണമേ..!”

കുറെ നേരത്തെ വിശ്രമത്തിനുശേഷം അവിടെ നിന്നെഴുന്നേറ്റു മക്കയിലേക്കു യാത്രയായി.

ത്വാഇഫിലെ സംഭവങ്ങൾ ഇതിനകം മക്കയിൽ അറിഞ്ഞിരുന്നു. ഖുറയ്ശികൾ മതിമറന്നാഹ്ലാദിച്ചു.

“വേണം, അവനതു കിട്ടണം” ചിലർ തുള്ളിച്ചാടി.

“അവനിങ്ങു വരട്ടെ. മക്കാപട്ടണത്തിലേക്കു കയറ്റില്ല.” 

നബിﷺതങ്ങളും സയ്ദ്(റ)വും മക്കയുടെ അതിർത്തിയിലെത്തി. ഖുറയ്ശികൾ തടഞ്ഞു...

“പോ... നീ ഇനി ഇങ്ങോട്ടു വരേണ്ട.” ശക്തമായ ഉപരോധം..!!

അബ്ദുമനാഫിന്റെ സന്തതികളിൽ പെട്ട മുത്ഇം ബ്നു അദിയ്യ് രംഗത്തുവന്നു. ആയുധങ്ങളണിഞ്ഞുകൊണ്ടാണു വന്നത്.

“മുഹമ്മദിനെ തടയാൻ നിങ്ങൾക്കെന്തവകാശം?” - മുത്ഇം
കയർത്തു.

ഒരു ഏറ്റുമുട്ടലിന്റെ വക്കിലേക്കു കാര്യങ്ങൾ നീങ്ങി. ഉപരോധം വേണ്ടെന്നുവച്ചു. നബി ﷺ തങ്ങൾ മക്കയിൽ പ്രവേശിച്ചു. തളർന്നുപോയി, അവശനായി...

പ്രവാചകനെ (ﷺ) കണ്ട സത്യവിശ്വാസികൾക്കു സഹിക്കാനായില്ല. ദുഃഖംകൊണ്ടു പലരും കരഞ്ഞു. മർദ്ദനം അസഹ്യമാവുകയാണ്. മക്കാജീവിതം ദുസ്സഹമായിരിക്കുന്നു. ഒരു മാർഗം തുറന്നുകിട്ടാൻ അവർ കാത്തിരുന്നു...

Part : 51

മോചനത്തിന്റെ വഴി

നുബുവ്വത്തു കിട്ടിയിട്ടു പത്തു വർഷമാകുന്നു. ആ വർഷം ഹജ്ജു കാലം വന്നു. പുറംനാടുകളിൽ നിന്നൊക്കെ ആളുകൾ വരുന്നു. നബിﷺതങ്ങൾ അവരെ ചെന്നു കാണും. ഇസ്ലാം മതത്തെ പരിചയപ്പെടുത്തും... 

യസ് രിബിൽ രണ്ടു പ്രധാന ഗോത്രങ്ങളുണ്ടായിരുന്നു. ഔസ്, ഖസ്റജ്. ഇവരുടെ പൂർവികന്മാർ യമനിലാണു താമസിച്ചിരുന്നത്.

ചരിത്രപരമായ കാരണങ്ങളാൽ അവർ യമൻ വിട്ടു. യസ് രിബിൽ വന്നു താമസമാക്കി. അവർക്കിടയിൽ വളർന്നുവന്ന ഗോത്രങ്ങളാണ് ഔസും ഖസ്റജും.

യസ് രിബിൽ ധാരാളം ജൂതന്മാർ താമസിക്കുന്നുണ്ട്. അവർ വലിയ കച്ചവടക്കാരാണ്. നല്ല പണക്കാരും. പലിശയ്ക്ക് പണം കടംകൊടുക്കും. യസ് രിബുകാർ കടംവാങ്ങും. മുതലും പലിശയും ചേർത്തു മടക്കിക്കൊടുക്കണം. ജൂതന്മാർ പലിശകൊണ്ടു സമ്പന്നരായി...

സ്വർണാഭരണക്കടകളും അവരുടെ വക. സ്വർണപ്പണ്ടങ്ങൾ പണയം വച്ചാലും അവർ പൈസ കൊടുക്കും.

യസ് രിബുകാർ ബിംബാരാധകരാണ്. അവരുടെ കൈവശം വേദ്രഗന്ഥമില്ല. ചില ആചാരങ്ങൾ പിന്തുടരുന്നു. ജൂതന്മാർ പറയുന്നതൊക്കെ അവർ കേട്ടുമനസ്സിലാക്കും. ഈ ലോകത്തിനൊരു സൃഷ്ടാവുണ്ട്. അവൻ പ്രവാചകന്മാരെ അയയ്ക്കുന്നു. വേദങ്ങൾ ഇറക്കുന്നു. പരലോക ജീവിതമുണ്ട്.

ഒരു പ്രവാചകൻ വരാൻ സമയമായിട്ടുണ്ട്. ജൂതന്മാർ യസ് രിബുകാരെ തമ്മിൽ തല്ലിക്കും. ഔസിനും ഖസ്റജിനുമിടയിൽ യുദ്ധം നടന്നാൽ നേട്ടം ജൂതന്മാർക്കാണ്. 

ജൂതന്മാർ ഏഷണി പറഞ്ഞു പരത്തി. ഔസ് ഖസ്റജിനെ തെറ്റിദ്ധരിച്ചു. അവർ തിരിച്ചും. അതൊരു യുദ്ധത്തിനു വഴിവച്ചു. ഇരുപക്ഷത്തും ധാരാളം പേർ മരിച്ചു. ഈന്തപ്പനത്തോട്ടങ്ങൾ കത്തിച്ചു. വീടുകൾ തകർത്തു. യുദ്ധം അവസാനിക്കുമ്പോഴേക്കും രണ്ടുകൂട്ടരും പരമ ദരിദ്രന്മാരായിക്കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹജ്ജുകാലം വന്നത്.

ഖസ്റജ് ഗോത്രക്കാരായ ആറുപേരെ നബിﷺതങ്ങൾ അഖബ എന്ന സ്ഥലത്തുവച്ചു കണ്ടുമുട്ടി. അവർ പരിചയപ്പെട്ടു. പല കാര്യങ്ങളും സംസാരിച്ചു.

“നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്നത് അല്ലാഹുﷻവാകുന്നു. നാം അവന്റെ തൃപ്തിയിൽ ജീവിക്കണം. അവന്റെ കൽപനകൾ അനുസരിക്കണം. ഈ ലോകത്തെയും പരലോകത്തെയും രക്ഷ ഇസ്ലാമിൽ മാത്രം. അല്ലാഹു ﷻ ഏകനാണെന്നു നിങ്ങൾ സാക്ഷ്യംവഹിക്കുക.

ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ്
ഇല്ലെന്നു നിങ്ങൾ സാക്ഷ്യം വഹിക്കുക. മുഹമ്മദ് അല്ലാഹുﷻവിന്റെ റസൂലാണെന്നു നിങ്ങൾ സാക്ഷ്യം
വഹിക്കുക. അങ്ങനെ വിജയം വരിക്കുക.''

യസ് രിബുകാർ അത്ഭുതത്തോടുകൂടി ആ വാക്കുകൾ ശ്രവിച്ചു.

ഒരു പ്രവാചകൻ ആഗതനാവാൻ സമയമായിട്ടുണ്ടെന്നു ജൂതന്മാർ പറയാറുണ്ടല്ലോ; ആ പ്രവാചകൻ ഇതുതന്നെയാണ്. ഒരു സംശയവുമില്ല. ജൂതന്മാർ ഈ പ്രവാചകനെ കണ്ടെത്തുന്നതിനു മുമ്പു നാം കണ്ടെത്തി. ഭാഗ്യം. അവർ സത്യസാക്ഷ്യം വഹിച്ചു...

“അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും അവനു യാതൊരു പങ്കുകാരും ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.”

പരിചയപ്പെട്ടുവന്നപ്പോൾ അക്കൂട്ടത്തിലുള്ള രണ്ടുപേർ ബനുന്നജ്ജാർ വംശജരാണ്. ബന്ധുക്കൾതന്നെ. ഔഫ് ബ്നു ഹാരിസ്. അസദ് ബ്നു സുറാറ...

“നിങ്ങൾ യസ് രിബിൽ എത്തിയാൽ മറ്റുള്ളവർക്ക് ഇസ്ലാംമതം എത്തിച്ചുകൊടുക്കണം.'' അവർ അതേറ്റു. സലാം പറഞ്ഞു പിരിഞ്ഞു...

മക്കയിലെ മലഞ്ചരിവിൽ നിന്ന്, ബഹിഷ്കരണം കഴിഞ്ഞു മടങ്ങിയെത്തിയ ശേഷമുണ്ടായ ഒരു പ്രധാന സംഭവം.

നജ്റാനിൽ നിന്ന് ഒരു കൂട്ടം ക്രിസ്ത്യാനികൾ വന്നു. “ഞങ്ങൾ പൂർവവേദങ്ങൾ പഠിച്ചവരാണ്. ഒരു പ്രവാചകന്റെ ആഗമനം ഞങ്ങൾ പ്രതീക്ഷിച്ചു കഴിയുകയായിരുന്നു. അബ്സീനിയായിൽ വച്ചു ഞങ്ങൾ കുറെ മുസ്ലിംകളെ കണ്ടുമുട്ടി. അവരിൽ നിന്നാണു ഞങ്ങൾ മക്കയിലെ പ്രവാചകനെക്കുറിച്ചറിഞ്ഞത്.”

ക്രൈസ്തവ സംഘം നബിﷺതങ്ങളെ അറിയിച്ചു. അതിനു ശേഷം അവർ പല സംഗതികളെക്കുറിച്ചും സംസാരിച്ചു. അവർ പ്രതീക്ഷിക്കുന്ന പ്രവാചകൻ ഇതുതന്നെയെന്നു ബോധ്യമായി. എല്ലാവരും ശഹാദത്തു കലിമ ചൊല്ലി ഇസ്ലാം മതം സ്വീകരിച്ചു. ദീനിന്റെ പ്രകാശവാഹകരായിക്കൊണ്ടാണ് അവർ നജ്റാനിലേക്കു മടങ്ങിയത്...

അഖബയിൽ നിന്ന് ഇസ്ലാംമതം സ്വീകരിച്ച ആറുപേർ യസ് രിബിൽ ഇസ്ലാമിന്റെ പ്രകാശം പരത്തും. നജ്റാനിലേക്കു പോയവർ അവിടെയും പ്രചരിപ്പിക്കും. ഹജ്ജുകാലത്തു മറ്റു പല ദേശക്കാരുമായി ബന്ധപ്പെട്ടു. അവർ അവരവരുടെ നാടുകളിൽ ഇസ്ലാമിന്റെ സന്ദേശമെത്തിക്കും...


Part : 52

ആകാശയാത്ര 

ഇനി നമുക്ക് മിഅ്റാജിന്റെ കഥ പറയാം...

അലി(റ)വിന്റെ സഹോദരിയാണ് ഉമ്മുഹാനിഅ്(റ). ഉമ്മു ഹാനിഅ്(റ)യുടെ വീട്ടിൽ ഒരു രാത്രി നബിﷺതങ്ങൾ ഉറങ്ങുകയായിരുന്നു.

ജിബ്രീൽ(അ) വന്നു നബിﷺയെ വിളിച്ചുണർത്തി. മസ്ജിദുൽ ഹറാമിലേക്കു കൂട്ടിക്കൊണ്ടുപോയി.

ദീർഘമായ ഒരു യാത്രക്കുള്ള ഒരുക്കമാണ്. യാത്രയ്ക്കു വേണ്ടി മൃഗത്തെ കൊണ്ടുവന്നു. കഴുതയെക്കാൾ വലിപ്പമുണ്ട്. കോവർ കഴുതയെക്കാൾ ചെറുതാണ്. വെളുത്ത നിറം. ഒരത്ഭുത ജീവി. പേര് ബുറാഖ്. അതിൽ കയറി യാത്ര തുടങ്ങി. പെട്ടെന്നു ബയ്തുൽ മുഖദ്ദസിൽ എത്തി...

പ്രവാചകന്മാർ സാധാരണ മൃഗങ്ങളെ ബന്ധിക്കുന്ന ഒരു കവാടമുണ്ട്. ആ കവാടത്തിൽ ബുറാഖിനെ കെട്ടിയിട്ടു.

മസ്ജിദുൽ അഖ്സായിൽ പ്രവേശിച്ചു. രണ്ടു റക്അത്ത് സുന്നത്തു നിസ്കരിച്ചു. അതു കഴിഞ്ഞു പുറത്തുവന്നു. 

ജിബ്രീൽ(അ) കാത്തു നിൽക്കുന്നു. നബി ﷺ തങ്ങളുടെ മുമ്പിൽ രണ്ടു പാനപാത്രങ്ങൾ വച്ചു. ഒന്നിൽ പാൽ. മറ്റൊന്നിൽ മദ്യം. പ്രവാചകൻ ﷺ പാൽ സ്വീകരിച്ചു. അതിനുശേഷം ആകാശാരോഹണം ആരംഭിച്ചു. ഒന്നാം ആകാശത്തെത്തി. കാവലിരിക്കുന്ന മലക്കിനോടു
ജിബ്രീൽ (അ) പ്രവേശനാനുമതി ആവശ്യപ്പെട്ടു.

“താങ്കളുടെ കൂടെ ആരാണ്..?” - മലക്കിന്റെ ചോദ്യം.

“മുഹമ്മദ്” - ജിബ്രീൽ(അ) മറുപടി നൽകി.

അശ്റഫുൽ ഖൽഖിനു സ്വാഗതം... ഒരാൾ അവിടെ ഇരിക്കുന്നു. ജിബ്രീൽ(അ) പരിചയപ്പെടുത്തി.

“മാനവകുലത്തിന്റെ പിതാവായ ആദം(അ) ആണ് ഇത്. അഭിവാദ്യം ചെയ്യൂ.”

നബി ﷺ അഭിവാദ്യം ചെയ്തു. പ്രത്യഭിവാദ്യം എന്ന നിലക്ക് ആദം (അ) പറഞ്ഞു: “ഉന്നതനായ പുത്രനു സ്വാഗതം. റസൂലുല്ലാഹിക്കു സ്വാഗതം.”

പിന്നീടു രണ്ടാം ആകാശത്തെത്തി. അവിടെയും മലക്കുകളുടെ ചോദ്യവും ഉത്തരവും നടന്നു. യഹ്‌യ നബി(അ)നെയും ഈസാ(അ)നെയും കണ്ടു. അഭിവാദ്യം ചെയ്തു...

മൂന്നാം ആകാശത്തുവച്ചു യൂസുഫ്(അ)നെ കണ്ടു. നാലാം ആകാശത്തുവച്ച് ഇദ്രീസ്(അ)നെ കണ്ടു. അഞ്ചാം ആകാശത്ത് ഹാറൂൻ(അ)നെ കണ്ടു.
ആറാം ആകാശത്ത് മൂസാ(അ)നെ കണ്ടു. ഏഴാം ആകാശത്ത് ഇബ്റാഹീം(അ)നെ കണ്ടു. കണ്ടുമുട്ടിയ എല്ലാ പ്രവാചകന്മാരെയും അഭിവാദ്യം ചെയ്തു. അവർ പ്രവാചകനെ സ്വാഗതം ചെയ്തു...

പിന്നെ സിദ്റത്തുൽ മുൻതഹായിലെത്തി. ജിബ്രീൽ(അ) പിരിഞ്ഞു. ഇനി ഒറ്റയ്ക്കുള്ള യാത്ര. സർവശക്തനായ അല്ലാഹുﷻവുമായി
സംഭാഷണം നടന്നു. അഭൗതികവും അമാനുഷികവുമായ കാര്യങ്ങൾ..!!

തിരികെ യാത്ര ആരംഭിച്ചു. ആറാം ആകാശത്തുവച്ചു മൂസാ(അ)നെ
വീണ്ടും കാണുന്നു. “അല്ലാഹുﷻവിന്റെ സന്നിധിയിൽ നിന്നും എന്തൊരു സമ്മാനവുമായിട്ടാണു താങ്കൾ വരുന്നത്..?''

“ദിവസേന അമ്പതു വഖ്ത് നിസ്കാരം” നബി ﷺ പറഞ്ഞു.

“താങ്കളുടെ സമുദായത്തിന് അമ്പതു വഖ്ത് നിസ്കാരം നിർവഹിക്കാൻ കഴിയില്ല. മടങ്ങിപ്പോവുക. എണ്ണം കുറച്ചു തരാൻ ആവശ്യപ്പെടുക...”

നബി ﷺ തിരിച്ചുപോയി. അഞ്ചുനേരത്തെ നിസ്കാരം കുറച്ചുകിട്ടി. നാൽപത്തഞ്ചു നേരത്തെ നിസ്കാരവുമായി വന്നു...

ഇതറിഞ്ഞപ്പോൾ മൂസാ(അ) പറഞ്ഞു: “ഇതു വളരെ ബുദ്ധിമുട്ടാണ്, മടങ്ങിപ്പോകുക.”

ഒമ്പതു തവണ ഇതാവർത്തിച്ചു.

ഒടുവിൽ അഞ്ചു നേരത്തെ നിസ്കാരവുമായി വന്നു. വീണ്ടും പോകാൻ മൂസാ(അ) നിർബന്ധിച്ചതാണ്. പക്ഷേ, നബി ﷺ പോയില്ല.

“ഇനിയും മടങ്ങിപ്പോകാൻ എനിക്കു ലജ്ജ തോന്നുന്നു.” അപ്പോൾ അല്ലാഹുﷻവിന്റെ സന്ദേശമുണ്ടായി...

“അഞ്ചു നേരത്തെ നിസ്കാരത്തിന് അമ്പതു നേരത്ത നിസ്കാരത്തിന്റെ പ്രതിഫലമുണ്ട്.”

ഒരു നേരത്തെ നിസ്കാരത്തിനു പത്തിരട്ടി പ്രതിഫലം...


Part : 53

ഈ ആകാശ യാത്രയിൽ സ്വർഗവും നരകവും നബി ﷺ കണ്ടു. വിവിധ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെടുന്നവരെ കണ്ടു. അവർ ചെയ്ത കുറ്റങ്ങൾ എന്താണെന്നു ജിബ്രീൽ (അ) വിവരിച്ചു കൊടുത്തു.

വാനലോകത്തുനിന്നു ബൈതുൽ മുഖദ്ദസിൽ മടങ്ങിയെത്തി. ഒരു സംഘം പ്രവാചകന്മാർ അവിടെയുണ്ടായിരുന്നു. നബി ﷺ അവർക്ക് ഇമാമായി നിസ്കരിച്ചു. മക്കയിലേക്കുതന്നെ മടങ്ങി. ഒറ്റ രാത്രി കൊണ്ടു യാത്ര അവസാനിച്ചു.

പിറ്റേന്നു രാവിലെ ഉമ്മുഹാനിഅ്(റ)യുടെ വീട്ടിൽ നിന്നു തന്നെ നബി ﷺ എഴുന്നേറ്റുവന്നു. ഉമ്മുഹാനിനോടു രാത്രിയിലെ സംഭവങ്ങൾ വിവരിച്ചു. മറ്റു സ്വഹാബികളോടും പറഞ്ഞു...

“ഞാൻ ഹറമിലേക്കു പോകുന്നു. ഈ വിവരം എല്ലാവരോടും പറയണം.” - നബിﷺതങ്ങൾ പറഞ്ഞു.

“താങ്കൾ അവിടേക്കു പോകരുത്. അവരാരും ഇതു വിശ്വസിക്കില്ല. അവർ കളിയാക്കിച്ചിരിക്കും.” - ഉമ്മുഹാനിഅ് പറഞ്ഞു.

“ചിരിക്കട്ടെ. കളിയാക്കട്ടെ. അല്ലാഹു ﷻ എനിക്കു നൽകിയ അനുഗ്രഹം ഞാൻ മറച്ചുവയ്ക്കാൻ പാടില്ല.” - ഹറമിലേക്കു ചെന്നു. 

അബൂജഹ്ൽ ഉൾപ്പെടെയുള്ള സദസ്സിനു മുമ്പിൽ വച്ചു തന്റെ നിശായാത്രയെക്കുറിച്ചു പ്രവാചകൻ ﷺ വിശദീകരിച്ചു. അവർ ഉറക്കെ കളിയാക്കിച്ചിരിക്കാൻ തുടങ്ങി...

ഇതിനിടയിൽ ചിലർ അബൂബക്കർ(റ)വിനോടു വിവരം
പറഞ്ഞു. “നബിﷺതങ്ങൾ അങ്ങനെ പറഞ്ഞോ..?”

“പറഞ്ഞു, കഅ്ബയുടെ അടുത്തുവച്ചു സംഭവം വിവരിക്കുന്നു.” സംശയാലുക്കൾ പറഞ്ഞു.

"അങ്ങനെ പറഞ്ഞെങ്കിൽ, ഞാനതു വിശ്വസിക്കുന്നു." 

പ്രവാചകനിലുള്ള (ﷺ) ഈ വിശ്വാസം അബൂബക്കർ(റ)വിനു 'സിദ്ദീഖ്' എന്ന വിശേഷ നാമം നേടിക്കൊടുത്തു. 

നബി ﷺ നേരത്തെ ബയ്തുൽ മുഖദ്ദസ് കണ്ടിട്ടില്ലെന്നു ശത്രുക്കൾക്കും മിത്രങ്ങൾക്കുമെല്ലാം അറിയാം. അതുകൊണ്ട് ആ പ്രദേശത്തെക്കുറിച്ചും പള്ളിയെക്കുറിച്ചും അതിന്റെ വാതിലിനെക്കുറിച്ചും അവർ പല ചോദ്യങ്ങളും ചോദിച്ചു...

എല്ലാറ്റിനും നബി ﷺ വളരെ വ്യക്തമായി മറുപടി പറഞ്ഞു. അബൂബക്കർ (റ) പറഞ്ഞു.

“അല്ലാഹുﷻവിന്റെ ദൂതരേ..! അങ്ങു പറഞ്ഞതു സത്യം...”

ഒരു നേതാവ് ഇങ്ങനെ ചോദിച്ചു: “അതിരിക്കട്ടെ, ഞങ്ങളുടെ ഒട്ടകസംഘം അതുവഴി വരുന്നുണ്ട്. അവരെപ്പറ്റി നിനക്കെന്തറിയാം..?”

ഒട്ടകസംഘം എവിടെ എത്തിയിട്ടുണ്ടെന്നും ഏതു ദിവസം അവർ മക്കയിലെത്തുമെന്നും റസൂലുല്ലാഹി ﷺ പറഞ്ഞുകൊടുത്തു.

അവർ ആ ദിവസത്തിനുവേണ്ടി കാത്തിരുന്നു. പറഞ്ഞ ദിവസം തന്നെ സംഘം എത്തിച്ചേർന്നു. ഇത്രയെല്ലാമായിട്ടും ഖുറയ്ശികൾ വിശ്വസിച്ചില്ല. അവരുടെ ധിക്കാരം അതിനനുവദിച്ചില്ല. അവർ മർദനത്തിനു ശക്തികൂട്ടി. 

മക്കയിൽ നിന്നു ബയ്തുൽ മുഖദ്ദസ് വരെയും, അവിടെ നിന്ന് ആകാശലോകങ്ങളിലേക്കുമുള്ള യാത്ര ഇസ്റാഅ്, മിഅ്റാജ് എന്നീ പേരുകളിൽ അറിയപ്പെടുന്നു...

നുബുവ്വത് ലഭിച്ചു പത്തു വർഷം കഴിഞ്ഞാണ് ഇസ്റാഉം മിഅ്റാജും നടന്നത്. റജബ് 27ന്. അന്ന് റസൂലുല്ലാഹി ﷺ തങ്ങൾക്ക് അമ്പതു വയസ്സായിരുന്നു...


Part : 54

സൗദ(റ)യും ആഇശ(റ)യും 

ഖുറയ്ശികളുടെ കൂട്ടത്തിൽപെട്ട സംഅതുൽ ആമിരിയുടെ മകളാണു സൗദ. കുടുംബത്തിന്റെ എതിർപ്പ് വകവക്കാതെ സൗദ ഇസ്ലാം സ്വീകരിച്ചു. പലവിധ ഭീഷണികൾക്കും ആക്ഷേപങ്ങൾക്കും ഇരയായി. എല്ലാം ധീരമായി നേരിട്ടു.

സൗദ(റ)യുടെ അമ്മാവന്റെ മകനാണ് സക്റാൻ ബ്നു അംറ്(റ). അദ്ദേഹം സൗദ(റ) യുടെ ഭർത്താവുമാണ്. ഭീഷണികൾ വകവയ്ക്കാതെ സക്റാൻ(റ)വും ഇസ്ലാംമതം സ്വീകരിച്ചു. ഇരുവരും മർദനങ്ങൾക്കിരയായി.

മക്കയിലെ ജീവിതം അസഹ്യമായിത്തീർന്നു. സക്റാൻ(റ) ഭാര്യയോടു പറഞ്ഞു: “വിശ്വാസം സംരക്ഷിക്കണമെങ്കിൽ ഈ നാടു വിടേണ്ടതായിവരും. പിടിച്ചുനിൽക്കാനാവില്ല.”

“വിശ്വാസത്തിന്റെ സംരക്ഷണത്തിനു വേണ്ടിയല്ലേ..? നമുക്കു നാടു വിടാം.” - സൗദ(റ) സമ്മതിച്ചു.

ആ ദമ്പതികൾ യുവാക്കളല്ല. യൗവ്വനം യാത്ര പറഞ്ഞ പ്രായം. വിശ്വാസം കരുത്തുറ്റതാണ്, മക്കയിലെ മർദനം സഹിക്കവയ്യാതെ നാടുവിട്ടവരുടെ കൂട്ടത്തിൽ ഈ ദമ്പതികളുമുണ്ടായിരുന്നു. കുറെക്കാലം അവർ അബ്സീനിയായിൽ കഴിഞ്ഞു.

നബി ﷺ മലഞ്ചരിവിൽ നിന്നു മടങ്ങുകയും മർദനത്തിന് ഒരൽപം ശമനം കാണുകയും ചെയ്ത സന്ദർഭം. ആ സമയത്തു സക്റാൻ ദമ്പതികൾ മക്കയിലുണ്ടായിരുന്നു.അബ്സീനിയായിൽ നിന്നു മടങ്ങിവന്നതാണ്.

സക്റാൻ (റ) വാർധക്യത്തിലെത്തിയിരുന്നു. വാർധക്യസഹജമായ രോഗങ്ങളും. സൗദ(റ)ക്കു തന്നെ അറുപതിനടുത്തു പ്രായമുണ്ട്. സക്റാൻ(റ) മരണപ്പെട്ടു. മുസ്ലിംകൾ മയ്യിത്ത് സംസ്കരണം നടത്തി.

സൗദ(റ) ഒറ്റപ്പെട്ടു. വാർധക്യവും വൈധവ്യവും അവരെ തളർത്തി. ഈ സാഹചര്യത്തിൽ അവർക്കൊരു സംരക്ഷണം വേണം. ആരാണവരെ സ്വീകരിക്കുക. ആരെങ്കിലും അവരെ സ്വീകരിച്ചില്ലെങ്കിൽ അതൊരു ക്രൂരതയായിരിക്കും.

മനുഷ്യ സ്നേഹിയായ പ്രവാചകൻ ﷺ മുമ്പോട്ടു വന്നു. സൗദ(റ)യെ വിവാഹം ചെയ്തു. നിരാലംബയുടെ സംരക്ഷണമായിരുന്നു ആ വിവാഹത്തിന്റെ ലക്ഷ്യം. പിന്നീടു നടന്ന പല വിവാഹങ്ങളുടെയും ലക്ഷ്യവും ഇതുതന്നെയായിരുന്നു... 

തന്റെ മക്കൾ ആഇശയെ നബി ﷺ തങ്ങളെക്കൊണ്ടു വിവാഹം ചെയ്യിപ്പിക്കണമെന്ന് അബൂബക്കർ(റ) ആഗ്രഹിച്ചു. അല്ലാഹു ﷻ ആ വിവാഹത്തിനു പിന്നിൽ മഹത്തായ ലക്ഷ്യങ്ങൾ വച്ചിരുന്നു.

പ്രവാചകനുമായി (ﷺ) സ്നേഹബന്ധം തുടങ്ങിയിട്ട് വർഷങ്ങളെത്രയോ ആയി. അതൊരു വിവാഹ ബന്ധത്തിലൂടെ സുദൃഢമാക്കണമെന്ന് അബൂബക്കർ(റ) ആഗ്രഹിച്ചു.

ആഇശ മിടുമിടുക്കിയായ പെൺകുട്ടിയാണ്. അതിശയിപ്പിക്കുന്ന ബുദ്ധിശക്തി. ഒരിക്കൽ കേട്ട കാര്യം മറക്കില്ല. കളിപ്പാവകളോടു കുട്ടിക്കാലത്തു വലിയ ഇഷ്ടമായിരുന്നു. ഒമ്പതു വയസ്സേയുള്ളൂ...

വീട്ടിലും പുറത്തും തുള്ളിച്ചാടി നടക്കും. അക്കാലത്താണു വിവാഹാലോചന. നികാഹ് നടന്നു എന്നുമാത്രം. ഹിജ്റയുടെ ആദ്യവർഷം ശവ്വാലിൽ. മദീനയിൽ വച്ചാണു ദാമ്പത്യജീവിതം തുടങ്ങിയത്...

ആഇശ(റ)യുടെ റിപ്പോർട്ടുകളിലൂടെയാണു നബിﷺയുടെ ജീവചരിത്രം വിശദമായി ലോകത്തിനു ലഭിച്ചത്. ഭർത്താവ്, പിതാവ്, കുടുംബനാഥൻ എന്നീ നിലകളിൽ റസൂലുല്ലാഹി ﷺ എങ്ങനെ ജീവിച്ചുവെന്നു ലോകത്തിനു പറഞ്ഞുകൊടുത്തത് ആഇശ(റ) ആണ്...


Part : 55

അടുത്ത ഹജ്ജു കാലം വന്നു. യസ് രിബിൽ നിന്നു പന്ത്രണ്ടുപേരുടെ ഒരു സംഘം മക്കയിലെത്തി. അഖബ എന്ന സ്ഥലത്തുവച്ച് അവർ നബിﷺതങ്ങളെ കണ്ടു. വളരെ നേരം സംസാരിച്ചു. അവർ പ്രവാചകനുമായി ചില കാര്യങ്ങളിൽ ഉടമ്പടി ഉണ്ടാക്കി.

അല്ലാഹുﷻവിൽ ആരെയും പങ്കുചേർക്കുകയില്ല. മോഷണം നടത്തുകയില്ല. ശിശുക്കളെ വധിക്കുകയില്ല. പാപം ചെയ്യുകയില്ല. സൽകർമങ്ങൾ വർധിപ്പിക്കും. ഈ ഉടമ്പടിയാണ് ഒന്നാം അഖബാ ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നത്... 

“അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾക്കു വിശുദ്ധ ഖുർആനും ഇസ്‌ലാം മത തത്ത്വങ്ങളും പഠിപ്പിച്ചുതരുന്നതിനു വേണ്ടി ഒരാളെ അയച്ചുതരണം.” യസ് രിബുകാരുടെ അപേക്ഷ.

പ്രസിദ്ധ സ്വഹാബിവര്യനായ മുസ്അബ് ബ്നു ഉമയ്ർ(റ)വിനെ പ്രവാചകൻ ﷺ അടുത്തേക്കു വിളിച്ചു. “മുസ്അബ്..! നിങ്ങൾ ഇവരോടൊപ്പം യസ് രിബിലേക്കു പോകണം. യസ് രിബുകാർക്ക് ഇസ്ലാം പരിചയപ്പെടുത്തിക്കൊടുക്കണം. വിശുദ്ധ ഖുർആൻ പഠിപ്പിക്കണം.”

പ്രവാചകനെ പിരിയാൻ പ്രയാസമുണ്ട് മുസ്അബിന്. മഹത്തായൊരു ദൗത്യം ഏൽപിച്ചിരിക്കുകയാണല്ലോ. യസ് രിബുകാരോടൊപ്പം പുറപ്പെട്ടു.

യസ് രിബിൽ അസ്അദ് ബ്നു സുറാറയുടെ വീട്ടിലാണു മുസ്അബ്(റ) താമസിച്ചത്. പല വ്യക്തികളെയും നേരിൽകണ്ട് ഇസ്ലാംമതം പരിചയപ്പെടുത്തി. ശുദ്ധഗതിക്കാരായ പലരും ഇസ്ലാം സ്വീകരിച്ചു.

സംഘടിത നിസ്കാരം നടത്തി. അതിൽ പലരും പങ്കെടുത്തു. പല ധിക്കാരികളുമായും സംസാരിച്ചു. മുസ്അബ്(റ)വിന്റെ വാദങ്ങൾക്കു മുമ്പിൽ അവർ ശിരസ്സു കുനിച്ചു. അവർ ഇസ്ലാമിന്റെ പ്രവർത്തകരായിമാറി...

ഒരു കൊല്ലം കഠിനാധ്വാനമായിരുന്നു. ഒറ്റപ്പെട്ട വ്യക്തികളും സംഘങ്ങളും ഇസ്ലാംമത പ്രചാരണത്തിനിറങ്ങി. യസ് രിബിലെ ഓരോ വീട്ടിലും ഒരു വ്യക്തിയെങ്കിലും ഇസ്ലാംമതം സ്വീകരിച്ചിരിക്കുന്നു. മുസ്അബ്(റ)വിന്റെ പ്രവർത്തനങ്ങൾ എക്കാലത്തെയും ഇസ്ലാമിക പ്രവർത്തകർക്കു മാതൃകയാണ്...

അടുത്ത വർഷത്തെ ഹജ്ജിനു മുമ്പായി മുസ്അബ് (റ) മക്കയിൽ തിരിച്ചെത്തി. യസ് രിബിൽ ഇസ്ലാം കൈവരിച്ച പുരോഗതിയെക്കുറിച്ചു വിവരിച്ചുകൊടുത്തു.

“അല്ലാഹുവിന്റെ റസൂലേ, ഈ വർഷം വലിയൊരു മുസ്ലിം സംഘം അങ്ങയെ
കാണാൻ വേണ്ടി വരുന്നുണ്ട്.” സന്തോഷകരമായ വാർത്ത...

മുസ്ലിംകളും മുശ്രിക്കുകളുമെല്ലാം ഒന്നിച്ചാണു യാത്ര. മുസ്ലിംകൾ പ്രവാചകനെ (ﷺ) കാണാൻ ഉദ്ദേശിക്കുന്ന വിവരം മുശ്രിക്കുകൾ അറിഞ്ഞില്ല. അറിഞ്ഞാൽ ആ വാർത്ത ഖുറയ്ശികളും അറിയും. പ്രശ്നമാകും.

എഴുപത്തിമൂന്നു പുരുഷന്മാർ. രണ്ടു  സ്ത്രീകൾ. ആകെ എഴുപത്തഞ്ചു പേർ. അവർ മക്കയിലെത്തി. ഭക്ഷണവും താമസവുമെല്ലാം മുശ്രിക്കുകളുടെ കൂടെത്തന്നെ...

ഹജ്ജു കഴിഞ്ഞു രണ്ടാം ദിവസം എഴുപത്തഞ്ചുപേർ അഖബയിൽ വച്ചു പ്രവാചകനെ കാണും. വളരെ രഹസ്യമായി. മുശ്രിക്കുകൾ നല്ല ഉറക്കത്തിലായശേഷം, മെല്ലെ ഇറങ്ങിവരണം. ഇരുട്ടിൽ സഞ്ചരിച്ച് അഖബയിലെത്തണം. ഖുറയ്ശികൾ അറിയാൻ ഇടവരരുത്...


Part : 56

ഞങ്ങൾ അഭയം തരാം 

യസ് രിബുകാർ ഇരുട്ടിലൂടെ തപ്പിത്തടഞ്ഞു നടന്നുവന്നു. ആരുടെയും ശ്രദ്ധയിൽ പെടാതെ അഖബയിലെത്തി. അൽപം കഴിഞ്ഞപ്പോൾ നബി ﷺ തങ്ങൾ എത്തി. കൂടെ പിതൃസഹോദരനായ അബ്ബാസ്. സംഭാഷണം തുടങ്ങിയതു പിതൃസഹോദരനാണ്... 

“ഞങ്ങൾക്കിടയിൽ മുഹമ്മദിന് (ﷺ) ഉന്നതമായ ഒരു സ്ഥാനമാണുള്ളത്. എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങൾ അവനെ സംരക്ഷിക്കുന്നു. ഞങ്ങളുടെ കഴിവിനനുസരിച്ച് ഇപ്പോഴും സംരക്ഷണം നൽകുന്നുണ്ട്. നിങ്ങളോടൊപ്പം ചേരണമെന്നാണു മുഹമ്മദിന്റെ (ﷺ) ഇപ്പോഴത്തെ ആഗ്രഹം. നിങ്ങൾക്ക് അവനെ സംരക്ഷിക്കുവാൻ കഴിയുമോ..? കഴിയുമെങ്കിൽ മാത്രം അവനെ സ്വീകരിക്കുക. അവനെ കയ്യൊഴിയാനും ശത്രുക്കൾക്കു ഏൽപിച്ചു കൊടുക്കുവാനുമാണോ ഉദ്ദേശ്യം..? എങ്കിൽ അതിപ്പോൾത്തന്നെ പറയണം.”

അബ്ബാസിന്റെ വാക്കുകൾക്കു മറുപടി പറഞ്ഞത് ബറാഉ ബ്നു മഅ്മൂർ(റ) ആയിരുന്നു. യസ് രിബുകാരുടെ നേതാക്കളിൽ ഒരാൾ. ഒന്നാം അഖബ ഉടമ്പടിക്കുശേഷം ഇസ്ലാമിൽ വന്ന ആളാണ്...

അദ്ദേഹം പറഞ്ഞു: “നിങ്ങൾ പറഞ്ഞതിന്റെ ഗൗരവം മനസ്സിലായി. ഞങ്ങൾ വാക്കു പറഞ്ഞാൽ മാറുകയില്ല. കരാർ പൂർത്തീകരിക്കും. ഞങ്ങൾ ജീവൻ നൽകിയും പ്രവാചകനെ (ﷺ) സംരക്ഷിക്കും. അല്ലാഹുﷻവിന്റെ റസൂലേ, അങ്ങു വല്ലതും സംസാരിച്ചാലും...” 

നബിﷺതങ്ങൾ ഏതാനും ആയത്തുകൾ ഓതി. മുസ്ലിംകളുടെ മനസ്സിൽ ഈമാൻ വർധിച്ചു...

“ഏതെല്ലാം ആപത്തുകളിൽ നിന്ന് എങ്ങനെയെല്ലാം നിങ്ങൾ സ്വന്തം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുമോ അതു പോലെ എന്നെയും സംരക്ഷിക്കണം. അങ്ങനെയുള്ള സംരക്ഷണമാണു ഞാൻ നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്...”

ബർറാഅ് എഴുന്നേറ്റു പ്രവാചകന്റെ കൈപിടിച്ചു. “അങ്ങ് ആവശ്യപ്പെട്ട കാര്യം ഞങ്ങളിതാ വാഗ്ദത്തം ചെയ്യുന്നു. അല്ലാഹുﷻവിന്റെ റസൂലേ... ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു.”

ബർറാഇനു ശേഷം മറ്റുള്ളവരും കൈപിടിച്ചു പ്രതിജ്ഞയെടുത്തു.
 നബി ﷺ തങ്ങൾ ഇങ്ങനെ പറഞ്ഞു: 

“നിങ്ങളുടെ കൂട്ടത്തിൽ നിന്ന് പന്ത്രണ്ടു പ്രതിനിധികളെ തിരഞ്ഞെടുക്കുക. നിങ്ങളുടെ ജനങ്ങളുടെ ഉത്തരവാദിത്തം ഈ പന്ത്രണ്ടു പേർക്കായിരിക്കും.”

ഖസ്റജ് ഗോത്രത്തിൽനിന്നു ഒമ്പതു പേരെയും ഔസ് ഗോത്രത്തിൽ നിന്നു മൂന്നു പേരെയും തിരഞ്ഞെടുത്തു. അവരെ തിരഞ്ഞെടുത്തശേഷം പ്രവാചകൻ ﷺ വീണ്ടും പറഞ്ഞു:

“നിങ്ങളുടെ ജനതയുടെ ഉത്തരവാദിത്തം നിങ്ങൾക്കാണ്. എന്റെ ജനതയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു.”

പ്രവാചകൻ ﷺ ആവശ്യപ്പെട്ട എല്ലാ ഉറപ്പുകളും നൽകി. സംരക്ഷണം വാഗ്ദത്തം ചെയ്തു. പിരിയാൻ നേരം പ്രവാചകൻ ﷺ പറഞ്ഞു: “ഞാൻ നിങ്ങളിൽ പെട്ടവനാകുന്നു. നിങ്ങൾ എന്നിൽ പെട്ടവരും.” - അവർക്ക് ആശ്വാസമായി. സന്തോഷമായി.

പാതിരാത്തണുപ്പിൽ രണ്ടാം അഖബാ ഉടമ്പടി നടന്നു. നുബുവ്വത്തിന്റെ പതിമൂന്നാം വർഷം. 


എന്താണ് അഖബാ ഉടമ്പടികൾ 

((( ഒന്നാം അഖബാ ഉടമ്പടി

പ്രവാചകനും കൂട്ടരും മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് രണ്ട് വര്‍ഷംമുമ്പ് മദീനയില്‍ നിന്ന് പന്ത്രണ്ട് ആളുകള്‍ നബി (സ)യുടെ സന്നിധിയിലെത്തി അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. ഇസ് ലാം പഠിപ്പിക്കാന്‍ പറ്റിയ ഒരാളെ തങ്ങളോടൊപ്പം അയച്ചുതരണമെന്ന് അവര്‍ തിരുമേനിയോട് അപേക്ഷിച്ചു. തിരുമേനി മിസ്അബ് ബ്‌നു ഉമൈറിനെ അവരോടൊപ്പം അയച്ചു കൊടുത്തു. അദ്ദേഹം മദീനയിലെ ഓരോ വീട്ടിലും ചെന്ന് ആളുകളെ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയും ഇസ് ലാമിനെ പ്രബോധനം ചെയ്യുകയും ചെയ്തു. അങ്ങനെ നിത്യേന ഒന്നോ രണ്ടോ ആളുകള്‍ ഇസ് ലാം ആശ്ലേഷിച്ചുപോന്നു. ക്രമേണ ഇസ് ലാം മദീനക്കു പുറത്തും പ്രചരിച്ചു തുടങ്ങി. ഔസ് ഗോത്രത്തലവനായ ഹ; സഅദ് ബ്‌നു മുആദും മിസ് അബിന്റെ കയ്യാല്‍ ഇസ് ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഇസ് ലാമാശ്ലേഷം വഴി ഔസ് ഗോത്രമൊന്നടങ്കം ഇസ് ലാമിലെത്തി. നുബുവത്തിന്റെ പതിനൊന്നാം വര്‍ഷമായിരുന്നു ഈ സംഭവങ്ങള്‍.

രണ്ടാം അഖബാ ഉടമ്പടി

അടുത്ത വര്‍ഷം ഹജ്ജ് കാലത്ത് 72 ആളുകള്‍ തങ്ങളുടെ കൂട്ടുകാരോടൊപ്പം രഹസ്യമായി അഖബയില്‍ വന്ന് നബി (സ) യുടെ കയ്യാല്‍ ഇസ് ലാം സ്വീകരിച്ചു. അനുകൂലവും പ്രതികൂലവുമായ എല്ലാ സാഹചര്യങ്ങളിലും ഇസ് ലാമിക പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു. നബി (സ) അവരില്‍ നിന്ന് 12 ആളുകളെ തെരഞ്ഞെടുത്ത് അവരെ നഖീബുമാര്‍ ആയി നിശ്ചയിച്ചു. 9 പേര്‍ ഖസ് റജ് ഗോത്രത്തില്‍ നിന്നും 3 പേര്‍ ഔസ് ഗോത്രത്തില്‍ നിന്നും. നബി തിരുമേനി അവരില്‍ നിന്നു പ്രതിജ്ഞ വാങ്ങിയ കാര്യങ്ങള്‍ ഇവയായിരുന്നു.

1. ഏകനായ അല്ലാഹുവില്ലാതെ മറ്റൊരു ദൈവത്തിനും ഇബാദത്ത് ചെയ്യുകയില്ല.

2. കളവ് നടത്തുകയില്ല.

3. വ്യഭിചരിക്കുകയില്ല.

4. സന്താനഹത്യ നടത്തുകയില്ല.

5. ആരുടെ മേലും വ്യാജാരോപണം നടത്തുകയില്ല.

6. നബി തിരുമേനി കല്‍പ്പിക്കുന്ന നന്‍മയില്‍ നിന്ന് മുഖംതിരിക്കുകയില്ല.

പ്രതിജ്ഞക്ക് ശേഷം നബി തിരുമേനി പറഞ്ഞു. ഈ ഉപാധികള്‍ നിങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വര്‍ഗത്തെ സംബന്ധിച്ച് സന്തോഷിച്ചുകൊള്ളുക. അല്ലാത്തപക്ഷം നിങ്ങളുടെ കാര്യം അല്ലാഹുവിന്റെ കയ്യിലാണ്. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് മാപ്പ് തന്നേക്കാം. അവന്‍ ഇച്ഛിക്കുകയാണെങ്കില്‍ നിങ്ങളെ ശിക്ഷിക്കുകയും ചെയ്‌തേക്കാം.’

പ്രതിജ്ഞ ചെയ്തു കൊണ്ടിരിക്കെ സഅദ്ബ്‌നു സറാറ എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു. സഹോദരന്‍മാരേ എത്രമാത്രം ഗൗരവതരമായ ഒരു കാര്യത്തെ സംബന്ധിച്ചാണ് നിങ്ങള്‍ പ്രതിജ്ഞയെടുക്കുന്നതെന്ന് നന്നായി മനസ്സിലാക്കുക. ഇത് അറബികള്‍ക്കും അനറബികള്‍ക്കുമെതിരിലുള്ള യുദ്ധപ്രഖ്യാപനമാണ്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രതിജ്ഞയെടുത്തിരിക്കുന്നതെന്ന് അവരെല്ലാം പറഞ്ഞു. പ്രതിനിധി സംഘത്തില്‍ നിന്നു മറ്റു ചിലരും ഇത്തരം ആവേശകരമായ പ്രഭാഷണങ്ങള്‍ ചെയ്യുകയുണ്ടായി. നബി തിരുമേനി എപ്പോഴെങ്കിലും മദീനയിലേക്ക് വരികയാണെങ്കില്‍ മരണംവരെയും ഒപ്പം നില്‍ക്കുമെന്ന് ഈ നവമുസ്‌ലിംകള്‍ നബിയുമായി കരാര്‍ ചെയ്തതും ഈ സന്ദര്‍ഭത്തിലായിരുന്നു. ഹസ്രത്ത് ബറാഅഃ പറയുകയുണ്ടായി: ‘ഞങ്ങള്‍ വാളുകളുടെ മടിത്തട്ടില്‍ വളര്‍ന്നവരാണ്’ നുബുവ്വത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തിലായിരുന്നു ഈ സംഭവം. )))


മുസ്ലിംകൾ മെല്ലെനടന്നു. സ്വന്തം ക്യാമ്പിൽ വന്നുകയറി. മുശ്രിക്കുകൾ നല്ല ഉറക്കമാണ്. മുസ്ലിംകൾ കയറിക്കിടന്നു. ഉറക്കം തുടങ്ങി. പിന്നീട് അധിക ദിവസം അവർ മക്കയിൽ തങ്ങിയില്ല. വേഗം സ്ഥലംവിട്ടു.

നബി ﷺ തങ്ങൾ സ്വഹാബികൾക്കു മക്ക വിട്ടുപോകാൻ അനുവാദം നൽകി. ചെറിയ സംഘങ്ങളായിട്ടോ ഒറ്റയ്ക്കോ യാത്ര ചെയ്യാൻ നിർദേശിച്ചു. ഖുറയ്ശികളുടെ കണ്ണിൽ പെടരുത്. എങ്ങനെയോ വാർത്ത പുറത്തായി. ഖുറയ്ശികൾ രോഷം കൊണ്ടു. ഹിജ്റ പോവുകയായിരുന്ന ചിലരെ അവർ പിടികൂടി. മരത്തിലും തൂണിലും ബന്ധിച്ചു ചാട്ടവാർ കൊണ്ടടിച്ചു പരുക്കേൽപിച്ചു...


Part : 57

സമ്പാദ്യമെല്ലാം ഉപേക്ഷിച്ചാണു മുസ്ലിംകൾ പലായനം ചെയ്യുന്നത്. ഒട്ടകക്കൂട്ടങ്ങളില്ല, ആട്ടിൻപറ്റങ്ങളില്ല, മുന്തിരിത്തോപ്പുകളില്ല, ഈത്തപ്പനകളില്ല. എന്നിട്ടും യാത്ര മുടക്കുന്നു. എന്തൊരു ദ്രോഹം..! രക്ഷപ്പെട്ടവർ യസ് രിബിലെത്തി. 

മക്കയിലെ ഒരു ഹാളിന്റെ പേരാണ് ദാറുന്നദ് വ. ഖുറയ്ശികൾ അവിടെ യോഗം ചേർന്നു. മുസ്ലിംകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ചർച്ച ചെയ്തു. അബുജഹ്ൽ പറഞ്ഞു: “അവനെ വധിക്കണം.”

“എങ്ങനെ..?”

“ഓരോ ഗോത്രത്തിൽനിന്നും ഓരോ യോദ്ധാവിനെ തിരഞ്ഞടുക്കുക. അവരെല്ലാവരും കൂടി മുഹമ്മദിനെ (ﷺ) വെട്ടിക്കൊല്ലുക. ഹാശിം കുടുംബത്തിന് എന്തു ചെയ്യാൻ കഴിയും..? കൊലപാതകത്തിന്റെ കുറ്റം എല്ലാ ഗോത്രങ്ങൾക്കും കൂടിയല്ലേ..? എല്ലാവരോടും യുദ്ധം ചെയ്യാനാകുമോ..?”

അതൊരു നല്ല നിർദേശമാണെന്ന് എല്ലാവർക്കും തോന്നി. ഓരോ ഗോത്രത്തിൽ നിന്നും ഓരോ യുവാവിനെ വീതം തിരഞ്ഞെടുത്തു. അവർ പ്രവാചകന്റെ വീടു വളയുക. പ്രഭാതത്തിൽ പുറത്തുവരുമ്പോൾ വെട്ടിക്കൊല്ലുക. ഇതാണു പരിപാടി...

അല്ലാഹു ﷻ അവരുടെ തന്ത്രത്തെക്കുറിച്ചു പ്രവാചകനു വിവരം നൽകി. ഹിജ്റ പോകാൻ അനുവാദവും നൽകി.

ആഇശ(റ) പറഞ്ഞ ഒരു കഥ ഇവിടെ ഓർമിക്കാം. ആഇശ(റ)യുടെ വീട്ടിൽ അവരും സഹോദരി അസ്മാഅ്(റ)യും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ നബി ﷺ കയറി വരുന്നു. അപ്രതീക്ഷിതമായിരുന്നു ആഗമനം.

“എനിക്കു ഹിജ്റ പോകാൻ അല്ലാഹു ﷻ അനുമതി തന്നിരിക്കുന്നു. ബാപ്പയെ വിവരം അറിയിക്കണം. ഞങ്ങളൊന്നിച്ചാണു പോകുന്നത്.” - നബി ﷺ പറഞ്ഞു.

പിതാവിനു വലിയൊരു ബഹുമതി കിട്ടിയതിൽ സന്തോഷം. ആഇശ(റ) പറയുന്നു: “ബാപ്പയോട് ഇക്കാര്യം പറഞ്ഞപ്പോൾ സന്തോഷം കൊണ്ടു
കരഞ്ഞുപോയി. സന്തോഷംകൊണ്ട് ഒരാൾ കരയുന്നത് അതിനു മുമ്പു ഞാൻ കണ്ടിട്ടില്ല...”

അബൂബക്കർ (റ) യാത്രയ്ക്ക് രണ്ട് ഒട്ടകങ്ങളെ ഒരുക്കി. ആഹാരം തയ്യാറാക്കാൻ മക്കളോടു പറഞ്ഞു...

നബിﷺതങ്ങൾ അലി(റ)വിനോട് ഇങ്ങനെ പറഞ്ഞു: “മക്കക്കാർ പല സാധനങ്ങളും സൂക്ഷിക്കാൻ എന്നെ ഏൽപിച്ചിട്ടുണ്ട്. അതൊക്കെ നീ മടക്കിക്കൊടുക്കണം. എല്ലാം മടക്കിക്കൊടുത്ത ശേഷമേ നീ മക്ക വിടാൻ പാടുള്ളൂ...”

“ഞാൻ പലായനം ചെയ്യുന്ന രാത്രിയിൽ നീ എന്റെ വിരിപ്പിൽ ഉറങ്ങണം...”

വളരെയേറെ ഉൽക്കണ്ഠ നിറഞ്ഞ രാത്രിയായിരുന്നു അത്. അലി(റ) ശത്രുക്കളുടെ വാളിനു മുമ്പിൽ കിടന്നുകൊടുക്കുകയാണു ചെയ്യുന്നത്. വിരിപ്പിലിട്ടു വെട്ടിക്കൊല്ലാൻ ശ്രമിച്ചാൽ...!! അലി(റ)വിന്റെ മരണം ഉറപ്പ്...

താൻ വധിക്കപ്പെട്ടാലും നബിﷺതങ്ങൾ രക്ഷപ്പെടുമല്ലോ. അതോർത്തപ്പോൾ അലി(റ)വിനു സന്തോഷം...

അങ്ങനെ അലി(റ) റസൂലുല്ലാഹിﷺയുടെ വിരിപ്പിൽ കിടന്നു. നബിﷺതങ്ങൾ ഉപയോഗിക്കുന്ന പുതപ്പു പുതച്ചു. രാത്രിയായി. ശത്രുക്കൾ വീടുവളഞ്ഞു. ഊരിപ്പിടിച്ച വാളുമായി അവർ കാത്തുനിന്നു...

അർദ്ധരാത്രിയിൽ നബി ﷺ പുറത്തിറങ്ങി. ഒരുപിടി മണ്ണുവാരി ശത്രുക്കളെ എറിഞ്ഞു. അവർക്കൊന്നും കാണാൻ കഴിഞ്ഞില്ല. നേരെ അബൂബക്കർ(റ)വിന്റെ വീട്ടിലേക്കു നടന്നു. അവിടെ യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. പ്രഭാതമായി. ശത്രുക്കൾ തയ്യാറായി നിന്നു...

വീട്ടിനകത്തേക്കു പാളിനോക്കി. ഒരാൾ മൂടിപ്പുതച്ചുറങ്ങുന്നുണ്ട്. വളരെനേരം കാത്തിരുന്നു. അവർക്കു സംശയമായി. വിരിപ്പിൽ കിടന്നുറങ്ങുന്നത് അലിയാണെന്നു മനസ്സിലായി. അവർക്കുണ്ടായ നിരാശക്ക് ഒരളവുമില്ലായിരുന്നു. തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു...

മുഹമ്മദ് (ﷺ) തങ്ങളുടെ കരങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. എത്ര നിരാശാജനകം..!!


Part : 58

ജന്മനാടിനോടു വിട 

അബൂബക്കർ(റ) നബി ﷺ തങ്ങളുമായി സംഭാഷണം നടത്തി. “എനിക്കു ഹിജ്റ പോകുവാനുള്ള അനുമതിയുമായി ജിബ്രീൽ(അ) വന്നിരുന്നു.”

“ഈയുള്ളവനും കൂടെ വരാൻ അനുവാദമുണ്ടോ..?” - അബൂബക്കർ(റ) ചോദിച്ചു.

“ഉണ്ട്, നമുക്കു രണ്ടു വാഹനങ്ങൾ വേണം. ഒന്നെനിക്കും, ഒന്നു നിങ്ങൾക്കും.”

“ഇതാ ഈ നിൽക്കുന്ന രണ്ട് ഒട്ടകങ്ങളിൽ ഒന്നു തങ്ങൾക്കുള്ളതാണ്. ഇഷ്ടമുള്ളത് എടുക്കാം.”

“അങ്ങനെ പറ്റില്ല. ഞാൻ യാത്ര ചെയ്യുന്ന ഒട്ടകത്തിന്റെ വില ഞാൻ തരും. എതിരൊന്നും പറയരുത്.” സമ്മതിക്കേണ്ടതായി വന്നു.

ആ രാത്രിയിൽ അബൂബക്കർ(റ)വിന്റെ വീട്ടുകാർ കാത്തിരിക്കുകയായിരുന്നു. അവരാരും ഉറങ്ങിയില്ല. രാത്രിയിൽ ഏതുനേരത്താണു നബി ﷺ വരികയെന്നറിയില്ലല്ലോ.

അസ്മാഅ് (റ) രണ്ടു തോൽപാത്രത്തിൽ ആഹാരവും വെള്ളവും നിറച്ചു. അതു മൂടിക്കെട്ടി ഭദ്രമാക്കി. സാധനങ്ങൾ ഒട്ടകപ്പുറത്തു വച്ചു. തിരുനബി ﷺ ശാന്തനായി പ്രവേശിച്ചു. വീട്ടുകാർ ഉൽക്കണ്ഠയോടെ നോക്കിനിന്നു. ഒട്ടകങ്ങൾ ഇരുട്ടിലൂടെ നീങ്ങിപ്പോയി...

നുബുവ്വത്തിന്റെ പതിമൂന്നാം വർഷം റബീഉൽ അവ്വൽ ഒന്നിനായിരുന്നു ഈ യാത്ര. സൗർ മലയെ ലക്ഷ്യമാക്കി അവർ യാത്ര ചെയ്തു.

രാത്രിതന്നെ മലയുടെ സമീപമെത്തി. ഒട്ടകക്കാരൻ രംഗത്തു വന്നു. അയാൾ ഒട്ടകങ്ങളെ എങ്ങോ കൊണ്ടുപോയി.

വലിയൊരു ഗുഹ. സ്വിദ്ദീഖ്(റ) ഗുഹയിൽ പ്രവേശിച്ചു. അവിടെയെല്ലാം വൃത്തിയാക്കി. ഗുഹയുടെ ചുമരിൽ ധാരാളം ദ്വാരങ്ങൾ കാണാനുണ്ട്. സ്വിദ്ദീഖ്(റ) തന്റെ കൈവശമുള്ള വസ്ത്രം കീറി ദ്വാരങ്ങളെല്ലാം അടച്ചു. 

നബിﷺതങ്ങൾ ഗുഹയിൽ പ്രവേശിച്ചു. സ്വിദ്ദീഖ്(റ)വിന്റെ മടിയിൽ തലവച്ചു കിടന്നു. അൽപം കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി...

അപ്പോഴാണ് ഒരു മാളം ശ്രദ്ധയിൽ പെട്ടത്. അതു തുണി കൊണ്ട് അടച്ചിരുന്നില്ല. സ്വിദ്ദീഖ്(റ) തന്റെ കാലിന്റെ പെരുവിരൽകൊണ്ട് അതടച്ചുപിടിച്ചു. അതിനകത്ത് ഒരു പാമ്പുണ്ടായിരുന്നു...

അതു പെരുവിരലിൽ കൊത്തി. വല്ലാത്ത വേദന. അറിയാതെ കരഞ്ഞുപോയി. കണ്ണുനീർത്തുള്ളികൾ ഒഴുകി. അതു നബിﷺയുടെ മുഖത്തു വീണു. നബി ﷺ ഞെട്ടിയുണർന്നു.

“അബൂബക്കർ, എന്താ കരയുന്നത്..?”

“പാമ്പ്, അതെന്നെ കൊത്തി.”

നബി ﷺ പാമ്പു കൊത്തിയ മുറിവു പരിശോധിച്ചു. നബിﷺതങ്ങൾ തന്റെ തുപ്പുനീര് അവിടെ പുരട്ടി. വിഷമിറങ്ങി. ഒരു പകൽ കടന്നുപോയി...

സ്വിദ്ദീഖ്(റ)വിന്റെ പുത്രൻ അബ്ദുല്ല വൈകുന്നേരം ഗുഹയിലെത്തി.

“മോനേ, എന്തൊക്കെയാണു മക്കയിലെ വർത്തമാനങ്ങൾ..?”

അബ്ദുല്ല സംഭവങ്ങൾ വിവരിച്ചു. റസൂലുല്ലാഹിﷺയെ വധിക്കാൻ വേണ്ടി കാത്തിരുന്നവർ അകത്തു കടന്നു പിടികൂടിയപ്പോൾ ആളു മാറിയിരിക്കുന്നു.

എവിടെ മുഹമ്മദ്..? അവർ വർധിച്ച കോപത്തോടെ ചോദിച്ചു. അലി(റ) കൈ മലർത്തി. എവിടെയെന്നറിയില്ല.

അവർ കോപത്തോടെ പിടിച്ചുവലിച്ചു. ഉന്തും തള്ളുമായി. കഅ്ബാ ശരീഫിന്റെ അടുത്തേക്കു വലിച്ചുകൊണ്ടുപോയി. അവിടെ കെട്ടിയിട്ടു. കുറെനേരം ചോദ്യം ചെയ്തു. പിന്നെ അഴിച്ചുവിട്ടു.

അബ്ദുല്ല ഓരോ ദിവസവും സന്ധ്യക്കു ഗുഹയിൽ വന്നു വിവരങ്ങൾ കൈമാറി. ഖുറയ്ശികൾ നേരെ അബൂബക്കർ(റ)വിന്റെ വീട്ടിലേക്കോടി. പെണ്ണുങ്ങളും കുട്ടികളും മാത്രമേയുള്ളൂ... 

“എവിടെ അബുബക്കർ..?” ശ്രതുക്കളുടെ ഗർജനം.

അവർ പേടിച്ചു വിറച്ചു. ഭീഷണിപ്പെടുത്തി. ഒരു തുമ്പും കിട്ടിയില്ല. നാനാഭാഗത്തേക്കും ആളുകൾ ഓടിക്കൊണ്ടിരുന്നു.

ചിലർ ഓടിയോടി സൗർ മലയിലെത്തി. പല പൊത്തുകളിലും ഗുഹകളിലും അവർ കയറിനോക്കി.

സ്വിദ്ദീഖ് (റ) അവരെ കണ്ടു.

“അല്ലാഹുവിന്റെ റസൂലേ..! അതാ ശത്രുക്കൾ. അവർ ഇങ്ങോട്ടു തന്നെ വരുന്നു. നമ്മെ കണ്ടാലുള്ള അവസ്ഥ..!”

“സമാധാനിക്കൂ..! നാം രണ്ടുപേർ മാത്രമല്ല ഇവിടെയുള്ളത്. നമ്മോടൊപ്പം മൂന്നാമതൊരാൾ കൂടിയുണ്ട്, അല്ലാഹുﷻ.” - റസൂലിന്റെ (ﷺ) സാന്ത്വനം.

ഇസ്ലാമിന്റെ ബദ്ധശത്രുവായ ഉമയ്യത്ത് ബ്നു ഖലഫ് ഇപ്പോൾ സൗർ ഗുഹയുടെ മുമ്പിൽ നിൽക്കുന്നു.

“നമുക്ക് ഈ ഗുഹയിൽ ഒന്നു കയറിനോക്കാം.” ചിലർ അഭിപ്രായപ്പെട്ടു.

ഉമയ്യത്ത് ഗുഹയിലേക്കു സൂക്ഷിച്ചുനോക്കി. ഗുഹാമുഖത്ത് ഒരു ചിലന്തി വല കെട്ടിക്കൊണ്ടിരിക്കുന്നു. രണ്ടു പ്രാവുകൾ മുട്ടയിട്ടു കാവലിരിക്കുന്നു. ഉമയ്യത്ത് ഇങ്ങനെ വിളിച്ചുപറഞ്ഞു: “മുഹമ്മദിനെ (ﷺ) പ്രസവിക്കുന്നതിനു മുമ്പുള്ള ചിലന്തിവല
യാണിത്.” - അവർ മുമ്പോട്ടു നടന്നുപോയി...

അന്നു മുഴുവൻ നടന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല ഒടുവിൽ അവർ പ്രഖ്യാപിച്ചു. “മുഹമ്മദിനെ (ﷺ) ജീവനോടെയോ അല്ലാതെയോ പിടിച്ചു തരുന്നവർക്കു നൂറ് ഒട്ടകം ഇനാം..!”

ആളുകൾ നെട്ടോട്ടം തുടങ്ങി. എങ്ങനെയും മുഹമ്മദിനെ (ﷺ) പിടിക്കണം. നൂറ് ഒട്ടകം കരസ്ഥമാക്കണം...


Part : 59

നാടാകെ തിരച്ചിൽ. അരിച്ചുപെറുക്കി പരിശോധന. എല്ലാവരും പരാജയപ്പെട്ടു. നബിﷺയും കൂട്ടുകാരനും മൂന്നു ദിവസം ഗുഹയിൽതന്നെ കഴിച്ചുകൂട്ടി.

നാലാം ദിവസം സ്വിദ്ദീഖ്(റ)വിന്റെ ഭൃത്യനായ ആമിർ ബ്നു ഫുഹയ്റത്ത്(റ) ഗുഹയിലെത്തി. രാത്രി കാലങ്ങളിൽ അദ്ദേഹം വരികയും പാലും ഭക്ഷണവും നൽകുകയും ചെയ്തിരുന്നു.

സ്വിദ്ദീഖ്(റ) അദ്ദേഹത്തോടു പറഞ്ഞു: “ഇന്നു യാത്ര തുടങ്ങാമെന്നാണു കരുതുന്നത്. ഒട്ടകക്കാരനെ കൊണ്ടുവരണം. ആരും കാണരുത്. വളരെ സൂക്ഷിക്കണം.”

അബ്ദില്ലാഹിബ്നു ഉറയ്ഖത്ത്(റ) ആണ് ഒട്ടകക്കാരൻ ആമിർ ബ്നു ഫുഹയ്റത്ത് (റ) അദ്ദേഹത്തെ സമീപിച്ചു. “ഇന്നു യാത്രയാണ്. ഒട്ടകങ്ങളെ കൊണ്ടുവരണം.”

അവർ ഗുഹയിൽ നിന്നു പുറത്തിറങ്ങി. ഒട്ടകപ്പുറത്തു കയറി. സാധാരണ വഴിമാറിയാണു യാത്രചെയ്തത്. അസ്ഫാനി കടൽത്തീരം വഴി. ഖുദയദ് എന്ന സ്ഥലത്തെത്തി. ആഹാരവും വെള്ളവും തീർന്നു. വിശപ്പും ദാഹവുമുണ്ട്. എവിടെനിന്നു കിട്ടും..?

അൽപം പാൽ കിട്ടിയാൽ മതിയായിരുന്നു. ഒരു പാവപ്പെട്ട കുടുംബം അവിടെ താമസിക്കുന്നു. വീടും പരിസരവും കണ്ടാലറിയാം അവരുടെ അവസ്ഥ. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്നവർ.

ഒരു പാവപ്പെട്ട സ്ത്രീ വിടിനു മുമ്പിൽ നിൽക്കുന്നു. പേര് ഉമ്മു മഅ്ബദ്. യാത്രക്കാർ ആ സ്ത്രീയോടു ചോദിച്ചു: “വിശപ്പും ദാഹവുമുണ്ട്. ഞങ്ങൾ യാത്രക്കാരാണ്. പാലോ മാംസമോ വല്ലതുമുണ്ടെങ്കിൽ തരണം.”

അവർ സങ്കടത്തോടെ മറുപടി പറഞ്ഞു:  “ഇവിടെ ഒന്നും തരാനില്ലല്ലോ...”

ഒരു പഴയ തമ്പിലാണു താമസം. തമ്പിനടുത്ത് ഒരാടിനെ കെട്ടിയിരിക്കുന്നു. മെലിഞ്ഞൊട്ടിയ ഒരാട്.

“ആ ആടിനെ കറക്കാൻ സമ്മതിക്കുമോ..?”

സ്ത്രീയുടെ ചുണ്ടിൽ ചിരിവിടർന്നു. “അതിനെ കറന്നിട്ട് എന്തു കിട്ടാനാണ്..?” - അവർ പറഞ്ഞു.

“ഒരു പാത്രം തരൂ, കറന്നുനോക്കട്ടെ...”

“അതൊരു വയസ്സായ ആടാണ്. പാലില്ല...”

നിർബന്ധിച്ചപ്പോൾ ആ സ്ത്രീ ഒരു വലിയ പാത്രം കൊടുത്തു. നബിﷺതങ്ങൾ ബിസ്മി ചൊല്ലി പാൽ കറന്നു. ധാരാളം പാൽ..! സ്ത്രീക്ക് അതിശയം അടക്കാനായില്ല..!!

ഇത് സാധാരണ മനുഷ്യനല്ല. അല്ലാഹുﷻവിന്റെ അനുഗ്രഹം ലഭിച്ച ആളാണ്. പാത്രം നിറയെ പാൽ. എല്ലാവരും വയറു നിറയെ കുടിച്ചു. വിശപ്പും ദാഹവും പോയി. എന്നിട്ടും പാൽ ബാക്കിയാണ്...

പാൽപാത്രം ഉമ്മു മഅ്ബദിന്റെ കയ്യിൽ കൊടുത്തു. അവരുടെ ഭർത്താവ് അബൂമഅ്ബദ് - അവർ പ്രവാചകന്റെ (ﷺ) മുഅ്ജിസത്ത് നേരിൽ കണ്ടു. ഇസ്ലാം ദീനിനെ അവർ അടുത്തറിഞ്ഞു. ദിവസങ്ങളോളം അവരുടെ ചിന്ത അതുതന്നെയായിരുന്നു. പിന്നീട് ആ കുടുംബം ഇസ്ലാംമതം സ്വീകരിച്ചു...

വീണ്ടും യാത്ര തുടർന്നു. പിന്നിൽനിന്നു കുതിരയുടെ കുളമ്പടി ശബ്ദം. സ്വിദ്ദീഖ്(റ) തിരിഞ്ഞുനോക്കി. സുറാഖത് ബ്നു മാലിക് അതാ വരുന്നു..! - ശ്രതു..!!

ഖുറയ്ശികൾ പ്രഖ്യാപിച്ച് നൂറ് ഒട്ടകത്തിന്റെ സമ്മാനം നേടാൻ വരികയാണ്. സ്വിദ്ദീഖ്(റ) പേടിച്ചുപോയി.

“അല്ലാഹുവിന്റെ റസൂലേ... അങ്ങേക്കു വല്ലതും സംഭവിച്ചാൽ..! ജീവനില്ലാത്ത ശരീരത്തിനും ഇനാം ഉണ്ട്...''

“അല്ലാഹുവേ... ഇവന്റെ ആപത്തിൽ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ..!”

സുറാഖത്തിന്റെ കുതിരയുടെ കാലുകൾ ഭൂമിയിൽ താഴ്ന്നു പോയി. അവനു മുമ്പോട്ടു നീങ്ങാൻ കഴിയുന്നില്ല. മുഹമ്മദിനെ വിളിച്ചു കരയുകയല്ലാതെ മറ്റൊരു രക്ഷയുമില്ലെന്നു സുറാഖത്തിന്റെ മനസ്സു മന്ത്രിച്ചു. ഉടനെ സുറാഖത്ത് വിളിച്ചു പറഞ്ഞു:

“എന്നെ രക്ഷിക്കണേ..! ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യുകയില്ല. എന്റെ പിന്നാലെ വരുന്നവരെക്കൂടി ഞാൻ പിന്തിരിപ്പിച്ചുകൊള്ളാം.”

നബിﷺയുടെ മനസ്സലിഞ്ഞു. അവിടുന്ന് (ﷺ) ദുആ ചെയ്തു. സുറാഖത്ത് രക്ഷപ്പെട്ടു. ഹുനയ്ൻ യുദ്ധം വരെ സുറാഖത്ത് അവിശ്വാസിയായിത്തന്നെ കഴിഞ്ഞുകൂടി. ഹുനയ്ൻ യുദ്ധത്തിനുശേഷം ഇസ്ലാംമതം സ്വീകരിച്ചു. നബിﷺതങ്ങളും സ്വിദ്ദീഖ്(റ)വും മുന്നോട്ടു നീങ്ങി...


Part : 60

ഒരു ഘോഷയാത്ര 

ഖുറയ്ശികളുടെ അധികാരപരിധിയിൽനിന്നും പുറത്തുകടന്നിരിക്കുന്നു. ഇനി അവരെ ഭയപ്പെടേണ്ടതില്ല സ്വിദ്ദീഖ്(റ)വിന്റെ മനസ്സിൽ സന്തോഷം. തങ്ങൾ ഖുബാഅ് പ്രദേശത്ത് എത്തുകയാണ്. ധാരാളം
മുസ്ലിംകൾ ഖുബാഇലുണ്ട്. നബി ﷺ തങ്ങളെയും കൂടെയുള്ളവരെയും സ്വീകരിക്കാൻ അവർ തയ്യാറെടുത്തു കാത്തുനിൽക്കുകയാണ്.

പ്രവാചകൻ ﷺ മക്കവിട്ടു എന്ന വാർത്ത യസ് രിബിൽ എത്തിയിരുന്നു.
ഏതു ദിവസവും എത്തിച്ചേരാം. ആ വരവു കാണാൻ വേണ്ടി അവർ കാത്തിരിക്കുകയാണ്...

എല്ലാ ദിവസവും രാവിലെ മക്കയിൽനിന്നുള്ള പാതയുടെ സമീപം അവർ വന്നുനിൽക്കും. ഉയർന്ന കുന്നിൻമുകളിൽ. നാഴികകൾക്കപ്പുറത്തേക്കു കാണാം. നീണ്ട മണൽപ്പരപ്പാണ്. 

വെയിൽ അസഹ്യമാകുന്നതുവരെ കാത്തിരിക്കും. പിന്നെ മടങ്ങിപ്പോകും. മദീനയിലെ ജൂതന്മാരും മുശ്രിക്കുകളുമെല്ലാം ഇതു കാണുന്നു. എല്ലാവരുടെയും സംസാരവിഷയം അതുതന്നെ.

ഒരു ദിവസം ഇതുപോലെ കാത്തിരുന്നു. മദീനയുടെ പുറത്തു വന്നു കുന്നിൻമുകളിൽ കാത്തുനിന്നു. ഏറെ നേരം കഴിഞ്ഞു നിരാശരായി മടങ്ങി. പിന്നെയും സമയം നീങ്ങി. 

ഒരു ജൂതൻ തന്റെ ഇരുനിലമാളികയുടെ മുകളിൽ കയറി. എന്തോ ആവശ്യത്തിനുവേണ്ടി കയറിയതാണ്. വെറുതെ അകലേക്കു നോക്കി. എന്തോ ഒരു വെളുപ്പു കാണുന്നു. വെള്ള വസ്ത്രം പോലെ. ഏതാനും ഒട്ടകങ്ങൾ. വെള്ള വസ്ത്രധാരികൾ. മുസ്ലിംകൾ കാത്തിരിക്കുന്ന ആൾ തന്നെയായിരിക്കും.

“മുസ്ലിംകളേ, നിങ്ങൾ പ്രതീക്ഷിക്കുന്ന ആൾ വരുന്നുണ്ട്.” ജൂതൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു... 

പലരും അതു കേട്ടു. കേട്ടവർ പുറത്തേക്കോടി. ഉയരമുള്ള സ്ഥലങ്ങളിലൊക്കെ കയറി നിന്നുനോക്കി. ശരിതന്നെ, ആരോ വരുന്നുണ്ട്. പലരും മുന്നോട്ടു കുതിച്ചു. റബീഉൽ അവ്വൽ മാസം പന്ത്രണ്ട് തിങ്കളാഴ്ച നബിﷺതങ്ങൾ ഖുബാഇൽ എത്തിച്ചേർന്നു. 

ബനീ അംറുബ്നു ഔഫ് ഗോത്രം - അവർ പ്രവാചകനെ (ﷺ) സ്വീകരിക്കാനെത്തി. ആ ഗോത്രത്തിന്റെ നേതാവാണ് കുൽസൂം ബ്നു ഹദ്മ്. അങ്ങ് എന്റെ അതിഥിയായി താമസിക്കണം - ഗോത്രത്തലവന്റെ അപേക്ഷ. ആ അപേക്ഷ സ്വീകരിക്കപ്പെട്ടു. 

ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ ആദ്യത്തെ ആതിഥ്യം നൽകാനുള്ള ഭാഗ്യം കുൽസൂമിനു ലഭിച്ചു. പ്രവാചകൻ ﷺ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചെറിയ വിശ്രമം. ഗോത്രത്തലവന്മാരിൽ മറ്റൊരാളായ ഖാരിജത്ത് ബ്നു സയ്ദ് പ്രവാചകനോടൊപ്പം വന്ന സ്വിദ്ദീഖ്(റ)വിനോടു പറഞ്ഞു.

“അങ്ങ് എന്റെ അതിഥിയായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെ എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു.” ആ ക്ഷണം സ്വീകരിക്കപ്പെട്ടു. ഖുബായിൽ ആഹ്ലാദം അലയടിക്കുന്നു...

ഇസ്ലാംമതം സ്വീകരിച്ചവരും അല്ലാത്തവരുമൊക്കെ ഖുബായിലേക്കു വന്നുകൊണ്ടിരിക്കുന്നു. പ്രവാചകനെ (ﷺ) ഒരു നോക്കു കാണണം. ആ മുഖമൊന്നു കാണണം. കുൽസൂം ബ്നു ഹദമിന്റെ വീട്ടിലേക്കു ജനപ്രവാഹം. മക്കയിൽ നിന്നു ഹിജ്റ വന്ന മുസ്ലിംകളും ഓടിവരുന്നുണ്ട്...

പ്രവാചകൻ ﷺ ഒരാപത്തും കൂടാതെ ഇങ്ങത്തിയല്ലോ..? ഖുറയ്ശികളുടെ കഠിന മർദനത്തിനിരയായ പലരും അക്കൂട്ടത്തിലുണ്ട്. പ്രവാചകൻ ﷺ അവരെ ഉപദേശിച്ചു. വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതിക്കേൾപ്പിച്ചു. ശ്രോതാക്കളുടെ മനസ്സ് ആനന്ദം കൊണ്ടു...

“ഇവിടെ ഒരു പള്ളി സ്ഥാപിക്കണം.”

പ്രവാചകൻ ﷺ നിർദേശിച്ചു. അനുയായികൾ സ്വീകരിച്ചു. മുസ്ലിംകൾ താമസിക്കുന്ന സ്ഥലത്തു പള്ളി വേണം. പ്രവാചകനും (ﷺ) അനുയായികളും രംഗത്തിറങ്ങി. അവർ തന്നെയാണു തൊഴിലാളികൾ. അവർ കല്ലു ചുമന്നു. മണ്ണു ചുമന്നു. വെള്ളം ചുമന്നു. ചെറിയൊരു പള്ളിയുടെ അസ്ഥിവാരം...

ഇന്നത്തെ രീതിയിലുള്ള പള്ളിയൊന്നും സങ്കൽപിക്കരുത്. നാലു ചുമരുകൾ. അത്രയും സങ്കൽപിച്ചാൽ മതി. അവിടെ എല്ലാവരും ഒരുമിച്ചുകൂടി. നിർഭയരായി നിസ്കരിച്ചു...

എന്തൊരാശ്വാസം. മക്കയിൽ വച്ചു നിസ്കരിച്ചുകൊണ്ടിരുന്ന എത്ര പേരാണു മർദിക്കപ്പെട്ടത്. കിരാതമായ മർദനം. അൽഹംദുലില്ലാഹ്... അല്ലാഹുﷻവിനു സ്തുതി... മഹാനായ പ്രവാചകനോടൊപ്പം നിർഭയരായി നിസ്കാരം നിർവഹിക്കാൻ കഴിഞ്ഞല്ലോ...

വെള്ളിയാഴ്ചവരെ ഖുബായിൽ താമസിച്ചു. വെള്ളിയാഴ്ച യസ് രിബിലേക്കു പുറപ്പെടുകയാണ്. വെള്ളിയാഴ്ച രാവിലെ ഖുബായിൽനിന്നുതന്നെ പുറപ്പെടുന്നു എന്ന വിവരം എല്ലാ ദിക്കിലും അറിഞ്ഞു. പ്രവാചകന് (ﷺ) അകമ്പടി സേവിക്കാൻ ആളുകൾ ഒഴുകിയെത്തി...


Part : 61

വമ്പിച്ച ഘോഷയാത്ര. അനേകം സത്യവിശ്വാസികൾ. ധാരാളം കാഴ്ചക്കാർ. ഖുബായിൽ നിന്നുള്ള ആ ഘോഷയാത്ര കാണേണ്ട കാഴ്ച തന്നെ. സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും അടിമകളുമെല്ലാം വഴിനീളെ അണിനിരന്നു...
അന്നുവരെ കാണാത്ത കാഴ്ച. കോരിത്തരിപ്പിക്കുന്ന കാഴ്ച. എല്ലാവരും കൂടെ നടക്കുകയാണ്.

കാഴ്ചക്കാരും നടക്കുന്നു. എന്താണവർ വിളിച്ചു പറയുന്നത്..?
അല്ലാഹു അക്ബർ... അല്ലാഹു അക്ബർ... കറുത്തിരുണ്ട മലനിരകളിൽ അതു പ്രതിധ്വനിക്കുന്നു. മണൽതരികൾപോലും കോരിത്തരിച്ചു...

അകലെ, ഈത്തപ്പനത്തോട്ടങ്ങളിൽ പണിയെടുക്കുന്ന അടിമകൾ അപൂർവമായ ആ കാഴ്ച കാണുന്നു. ആ ശബ്ദം കേൾക്കുന്നു. അടിമകളുടെ കണ്ണുകളിൽ വിസ്മയം. അടിമകളുടെ വിമോചകൻ എത്തിയിരിക്കുന്നു. അധ്വാനിക്കുന്നവരുടെ പടത്തലവൻ സമാഗതനായിരിക്കുന്നു. അല്ലാഹു അക്ബർ...

അടിമകൾ പണിയായുധങ്ങൾ വലിച്ചെറിഞ്ഞു ഘോഷയാത കാണാൻ മലമ്പാതയിലൂടെ ഓടുന്നു. അർധനഗ്നരായ അടിമക്കൂട്ടങ്ങളുടെ മഹാപ്രവാഹം. തീ പറക്കുന്ന മരുഭൂമിയിൽ വിയർപുചിന്തുന്നവർ പരിസരം മറന്നു തക്ബീർ മുഴക്കുന്നു...

സാലിം ബ്നു ഔഫ് ഗോത്രം. ആ ഗോത്രക്കാർ താമസിക്കുന്ന പ്രദേശത്തിന്റെ പേര് സനൗനാഅ് എന്നാണ്. നബിﷺതങ്ങളും പരിവാരങ്ങളും ആ പ്രദേശത്തേക്കാണു വരുന്നത്.

സാലിം ഗോത്രക്കാർ പുതുവസ്ത്രങ്ങളിഞ്ഞു. സുഗന്ധദ്രവ്യങ്ങൾ പൂശി. കൊച്ചുകുട്ടികൾ ആഹ്ലാദംകൊണ്ടു തുള്ളിച്ചാടി. യസ് രിബിലേക്കുള്ള പാത ജനനിബിഢമാണ്...

ഗോത്രനേതാക്കന്മാരുടെ ഭാര്യമാരും പുത്രിമാരും ഇരുനില മാളികയുടെ മുകൾത്തട്ടിൽ കൂട്ടംകൂടി നിന്നു. സാധാരണ സ്ത്രീകൾ ഉടുത്തൊരുങ്ങി വഴിയോരങ്ങളിൽ ഭവ്യതയോടെ കാത്തുനിന്നു. എല്ലാ നയനങ്ങളിലും നിറഞ്ഞ വിസ്മയം. ആ പ്രദേശം മഹത്തായൊരു ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ്... 

ലോകാനുഗ്രഹിയായ പ്രവാചകനും (ﷺ) പരിവാരവും സാലിം ഗോത്രക്കാർ താമസിക്കുന്ന പ്രദേശത്തെത്തി. ഗോത്രനായകന്മാർ ഒത്തൊരുമിച്ചു സ്വീകരിച്ചു...

മനുഷ്യകുലത്തിന്റെ പ്രവാചകനെ (ﷺ) ഒരു നോക്കു കാണാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടി. എല്ലാവരും വുളൂഅ് എടുത്തു. മദ്ധ്യാഹ്നനേരം. ഖുതുബ തുടങ്ങി. ജനങ്ങൾ അച്ചടക്കത്തോടെ ഖുതുബ കേട്ടു.
പിന്നെ ജുമുഅ നിസ്കാരം...

ആദ്യത്തെ ജുമുഅയും ഖുതുബയും. പ്രവാചകൻ ﷺ കൈകളുയർത്തി ദുആ ഇരന്നു. സത്യവിശ്വാസികൾ ഖൽബു തുറന്ന് ആമീൻ പറഞ്ഞു കൊണ്ടിരുന്നു. ചരിത്രം തങ്കലിപികളിൽ രേഖപ്പെടുത്തിയ സുദിനം...

എല്ലാം ഉപേക്ഷിച്ചു മക്കയിൽ നിന്നു ഹിജ്റ പോയവർ ആശ്വാസംകൊണ്ട സുദിനം. ആ വെള്ളിയാഴ്ചയുടെ ഓർമ തലമുറകൾ അയവിറക്കുന്നു...

ആ വെള്ളിയാഴ്ചയുടെ കഥ കേട്ടു നൂറ്റാണ്ടുകൾ കോരിത്തരിച്ചു. സാലിം ഗോത്രക്കാർ നിസ്കാരം നിർവഹിക്കാൻ വേണ്ടി ഒരു പ്രത്യേക സ്ഥലം ഒരുക്കിയിരുന്നു. അവിടെയാണു ജുമുഅ നടന്നത്.
ജുമുഅക്കു ശേഷം ഭക്ഷണം. ഉള്ളത് എല്ലാവരുംകൂടി പങ്കിട്ടു കഴിച്ചു.

ഇനി യാത്ര. യസ് രിബ് പട്ടണത്തിലേക്കു പ്രവേശിക്കുകയാണ്. ഘോഷയാത്രയുടെ വലിപ്പം വർധിച്ചു...

യസ് രിബ് പട്ടണം ഒന്നാകെ കോരിത്തരിച്ചു നിൽക്കുന്നു. ഒരു പട്ടണത്തിന്റെ പേരുതന്നെ മാറുകയാണ്. മദീനത്തുന്നബി. നബിﷺയുടെ പട്ടണം...

മദീനയിലേക്കു പ്രവേശിക്കുക. ജൂതന്മാരുടെ സംഘങ്ങൾ ആ അപൂർവദൃശ്യം കാണാൻ തിക്കിത്തിരക്കിവന്നു. ക്രൈസ്തവർ, മജൂസികൾ, മുശ്രിക്കുകൾ, ബിംബാരാധകർ, ഒന്നിലും വിശ്വാസമില്ലാത്തവർ. എല്ലാവരും കാഴ്ചക്കാരായി വന്നുനിൽക്കുന്നു...

ഇരുനില വീടുകളുടെ മുകൾത്തട്ടിൽ പെണ്ണുങ്ങളുടെ വലിയ കൂട്ടങ്ങൾ. തെരുവിന്റെ ഇരുവശമുള്ള വീടുകളുടെ മുൻവാതിലുകൾ മലർക്കെ തുറക്കപ്പെട്ടു.

പ്രവാചകൻ ﷺ ഈ കവാടം വഴി കടന്നുവന്നെങ്കിൽ..! തിരുമേനി ഏതു വീടു സ്വീകരിക്കും..? എവിടെ താമസിക്കും..? ലോകാനുഗ്രഹിയായ പ്രവാചകന് (ﷺ) ആതിഥ്യമരുളാനുള്ള മഹാഭാഗ്യം ആർക്കാണ്..? എല്ലാവരും അതു കൊതിക്കുന്നു. എല്ലാം വിസ്മയകരം..!!


Part : 62

വരവേൽപ്പിന്റെ ആഹ്ലാദം 

തിങ്ങിനിറഞ്ഞ തെരുവിലൂടെ പ്രവാചകരുടെ (ﷺ) ഒട്ടകം നീങ്ങുന്നു. കോരിത്തരിപ്പിക്കുന്ന പാട്ടിന്റെ ഈരടികൾ മുഴങ്ങി. വീടിന്റെ മട്ടുപ്പാവുകളിൽ തടിച്ചുകൂടിയ പെൺകുട്ടികൾ ഈണത്തിൽ പാടി:

“ത്വലഅൽ ബദ്റു അലയ്ന - മിൻ സനിയ്യാത്തിൽ വദാഇ
വജബ ശുക്റു അലയ്നാ - മാ ദആ ലില്ലാഹി ദാഈ..”

വിദാഅ് പർവ്വതത്തിന്റെ വിടവിലൂടെ പൂർണ ചന്ദ്രൻ ഞങ്ങൾക്കുമീതെ ഉദിച്ചുയർന്നിരിക്കുന്നു. നന്ദി പറയൽ ഞങ്ങൾക്കു നിർബന്ധമായി. അല്ലാഹുﷻവിനോടു ദുആ ചെയ്യുന്ന കാലത്തോളം...

മദീനയിലെ ജനക്കൂട്ടം പാട്ടുകേട്ടു കോരിത്തരിച്ചു. പെട്ടെന്നു ദഫ് മുട്ടുന്ന ശബ്ദം. ദഫിന്റെ ശബ്ദത്തിനൊപ്പിച്ചു പാട്ടും. ദഫ് മുട്ടുന്ന ഭാഗത്തേക്കായി എല്ലാവരുടെയും ശ്രദ്ധ. കൊച്ചു ബാലികമാരാണവർ. ബനുന്നജ്ജാർ വംശത്തിലെ പെൺകുട്ടികൾ...

“നഹ്നു ജവാരിൻ മിൻ ബനി നന്നജ്ജാരി - യാ ഹബ്ബദാ മുഹമ്മദൻ മിൻ ജാരി...”

ഞങ്ങൾ ബനുന്നജ്ജാർ വംശത്തിലെ പെൺകുട്ടികൾ, മുഹമ്മദ് (ﷺ) എത്ര നല്ല അയൽക്കാരൻ...

ഒരു കാലത്തു ഹാശിമിനെ പുതുമാരനായി സ്വീകരിച്ച ബനുന്നജ്ജാർ. രോഗിയായിവന്ന അബ്ദുല്ലയെ സ്വീകരിക്കുകയും മരണപ്പെട്ടപ്പോൾ ആദരവോടെ ഖബറടക്കുകയും ചെയ്ത ബനുന്നജ്ജാർ. മാതാവിനോടൊപ്പം ആറാം വയസ്സിൽ യസ് രിബിൽ വന്നപ്പോൾ സ്നേഹപൂർവം സ്വീകരിച്ച ബനുന്നജ്ജാർ.

പ്രവാചകനായി മദീനയിൽ പ്രവേശിച്ചപ്പോൾ അബ്ദുല്ലയുടെ പ്രിയപുത്രനെ ദഫ് മുട്ടിയും പാട്ടുപാടിയും സ്വീകരിക്കുന്നു...

ജനത്തിരക്കിനിടയിലൂടെ പ്രവാകരുടെ (ﷺ) ഒട്ടകം നീങ്ങി. പലരും അതിനെ തലോടുന്നു. സ്നേഹം പ്രകടിപ്പിക്കുന്നു...

“അല്ലാഹുﷻവിന്റെ റസൂലേ, ഇവിടെ ഇറങ്ങിയാലും... എന്റെ അതിഥിയായിക്കഴിയാം...”

ഓരോരുത്തരായി ക്ഷണിക്കുന്നു. ഒട്ടകത്തെ നിറുത്താൻ നോക്കുന്നു. അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു: “അതു
കൽപന നൽകപ്പെട്ട ഒട്ടകമാണ്. അതിനെ വെറുതെ വിട്ടേക്കുക.”

ഒട്ടകം നടക്കുകയാണ്. ജനക്കൂട്ടം പിന്നാലെയും. ബനുന്നജ്ജാർ വംശക്കാർ താമസിക്കുന്ന സ്ഥലത്തെത്തി. പെൺകൊടി മാരുടെ പാട്ട് ഉച്ചത്തിലായി. ബാലികമാർ നിറുത്താതെ ദഫ് മുട്ടുന്നു.

“അയ്യുഹൽ മബ്ഊസു ഫീനാ - ജിഅ്ത ബിൽ അംരിൽ മുതാഈ...”

ഞങ്ങളിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകരേ, അനുസരിക്കപ്പെടേണ്ട കാര്യങ്ങളുമായി അങ്ങു വന്നു...

ഒരു മൈതാനത്തിന്റെ സമീപം ഒട്ടകം മുട്ടുകുത്തി. ബനുന്നജ്ജാർ വംശക്കാരുടെ പ്രമുഖ നേതാവായ അബൂ അയ്യൂബിൽ അൻസാരിയുടെ വീട് അതിനടുത്തുതന്നെ...

പ്രവാചകൻ ﷺ ഒട്ടകപ്പുറത്തുനിന്നിറങ്ങി. മആദ് ബ്നു അഫറാഅ് എന്ന പൗരപ്രമുഖൻ അടുത്തു നിൽക്കുകയായിരുന്നു. പ്രവാചകൻ ﷺ അദ്ദേഹത്തോടു ചോദിച്ചു: “ഈ ഒഴിഞ്ഞ സ്ഥലം ആരുടേതാണ്..?” 

മആദ് ഇങ്ങനെ മറുപടി നൽകി: “ബനുന്നജ്ജാർ വംശക്കാരായ രണ്ട് അനാഥ മക്കളുടെ സ്വത്താണിത്. അംറിന്റെ മക്കളാണവർ. ഒരു കുട്ടിയുടെ പേര് സഹ്ല്. മറ്റെയാൾ സുഹയ്ൽ. ഇപ്പോൾ അവർ എന്റെ സംരക്ഷണത്തിലാണ്...”

ഈ മൈതാനത്താണു പിന്നീടു പള്ളി പണിതത്. സ്ഥലം വിലയ്ക്കു വാങ്ങുകയായിരുന്നു...


Part : 63

അബൂ അയ്യൂബിൽ അൻസ്വാരിയുടെ മഹാഭാഗ്യം. പ്രവാചകൻ ﷺ നേരെ ആ വീട്ടിലേക്കു നടന്നു. രണ്ടു നിലകളുള്ള വീടാണ്.

“അല്ലാഹുﷻവിന്റെ റസൂലേ, അങ്ങ് മുകൾത്തട്ടിൽ താമസിച്ചോളൂ.” അബൂ അയ്യൂബിൽ അൻസ്വാരി(റ) അപേക്ഷിച്ചു.

“ഇത്രയധികം ആളുകൾ എന്നെക്കാണാൻ വന്നുകൊണ്ടിരിക്കുന്നു. മുകൾത്തട്ടിൽ താമസിച്ചാൽ സന്ദർശകർക്ക് അസൗകര്യമാവില്ലേ...”

ജനങ്ങളുടെ സൗകര്യമോർത്തു നബി ﷺ തങ്ങൾ താഴത്തെ നിലയിൽ താമസമാക്കി. അബൂ അയ്യൂബിൽ അൻസ്വാരി(റ)വും കുടുംബവും മുകളിലും താമസിച്ചു... 

ആറാം വയസ്സിൽ ആ പ്രദേശത്തു വന്ന ഓർമ പ്രവാചകന്റെ (ﷺ) മനസ്സിൽ തെളിഞ്ഞുകിടക്കുന്നു. സഹായികളിൽ ചിലരോടൊക്കെ അതു പറയുകയും ചെയ്തു. അതോടൊപ്പം മാതാവിന്റെ
മരണത്തെക്കുറിച്ചുള്ള ദുഃഖം നിറഞ്ഞ ഓർമകളും തെളിഞ്ഞു വന്നു. 

മക്കയിൽ കുടുങ്ങിയ ബന്ധുക്കളെക്കുറിച്ചുള്ള ചിന്തയാണ്
ഇപ്പോൾ അവരെ അലട്ടുന്നത്. നബി ﷺ തങ്ങളും സ്വിദ്ദീഖ്(റ)വും മക്ക വിട്ടുപോരുമ്പോൾ ഉൽക്കണ്ഠയോടുകൂടി കുടുംബക്കാർ നോക്കിനിൽക്കുകയായിരുന്നു. മക്കൾ തങ്ങളെയോർത്ത് ദുഃഖിക്കുന്നുണ്ടാകും... 

അവരെ എങ്ങനെയെങ്കിലും മദീനയിൽ എത്തിക്കണം. മക്കയിൽ ക്രൂരന്മാരായ ഖുറയ്ശികൾക്കിടയിൽ പെട്ടുപോയ സന്താനങ്ങളുടെ വാടിയ മുഖം രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ തെളിയും.

സയ്ദ് ബ്നു ഹാരിസത്ത്(റ), അബൂറാഫിഅ്(റ) എന്നിവരെ നബി ﷺ അരികിൽ വിളിച്ചു. “നിങ്ങൾ മക്കയിൽ പോകണം. വളരെ രഹസ്യമായി. ഫാത്വിമയെയും ഉമ്മുകുൽസൂമിനെയും കൊണ്ടുവരണം...”

ആ പിതാവിന്റെ മനസ്സിലെ ദുഃഖം അവരെയും വേദനിപ്പിച്ചു. നബി ﷺ തങ്ങൾ ഫാത്വിമയെയും ഉമ്മുകുൽസൂമിനെയും കാണാനാഗ്രഹിക്കുന്നു. അവരുടെ കാര്യത്തിൽ ഉൽക്കണ്ഠയുണ്ട്.
അബ്ദുല്ലാഹിബ്നു ഉറയഖത്ത് (റ) എന്ന ധീര സ്വഹാബിയുമായി സ്വിദ്ദീഖ്(റ) സംസാരിച്ചു. “അബ്ദുല്ലയും ആഇശയും അസ്മാഉം മക്കയിലാണ്. അവരെ
എങ്ങനെയെങ്കിലും മദീനയിൽ കൊണ്ടുവരണം.”

“ഞാൻ മക്കയിൽ പോകാം. മക്കളെ കൊണ്ടുവരാം.” അബ്ദുല്ലാഹിബ്നു ഉറയഖത്ത്(റ) പറഞ്ഞു.

സയ്ദ് ബ്നു ഹാരിസത്ത്(റ), അബ്ദുല്ലാഹിബ്നു ഉറയ്ഖ(റ) എന്നിവർ മക്കയിലേക്കു പുറപ്പെട്ടു. ഖുറയ്ശികളുടെ ശ്രദ്ധയിൽ പെടാതെ അവർ മക്കയിലെത്തി. നബിﷺയുടെ വീട്ടിൽ ചെന്നു മക്കളോടും മറ്റും യാത്രയ്ക്കു തയ്യാറാകാൻ പറഞ്ഞു... 

സ്വിദ്ദീഖ്(റ)വിന്റെ വീട്ടിൽ ചെന്ന് അവിടെയുള്ളവരോടും യാത്രയുടെ കാര്യം പറഞ്ഞു. ഇരുട്ടിന്റെ മറവിൽ ഒരു സംഘം യാത്രക്കാർ മദീനയിലേക്കു പുറപ്പെട്ടു.

ഫാത്വിമ, ഉമ്മുകുൽസൂം, സൗദ ബിൻത് സംഅത്, ഉസാമത് ബ്നു സയ്ദ, ഉമ്മു അയ്മൻ(റ) എന്നിവർ അക്കൂട്ടത്തിലുണ്ട്. സ്വിദ്ദീഖ്(റ)വിന്റെ വീട്ടിൽനിന്ന് അബ്ദുല്ല, ആഇശ, അസ്മാഅ് എന്നിവരും പുറപ്പെട്ടു. ഒട്ടകക്കട്ടിലുകളിൽ രഹസ്യയാത്ര. സായുധരായ യോദ്ധാക്കൾ കൂടെയുണ്ട്...

പ്രവാചക പുത്രിയായ സയ്നബ് (റ) മക്കയിൽ തന്നെയാണുള്ളത്. ഭർത്താവിന്റെ വീട്ടിൽ. ഭർത്താവ് ഇതുവരെ ഇസ്ലാം സ്വീകരിച്ചിട്ടില്ല... 


Part : 64

നബിﷺയുടെ പള്ളി

ഒരു പള്ളി നിർമിക്കണം. വളരെ അത്യാവശ്യമാണ്. ധാരാളമാളുകൾ തന്നെക്കാണാൻ വന്നുകൊണ്ടിരിക്കുന്നു. അവർക്ക് ഇസ്ലാം പഠിപ്പിക്കണം.

മക്കയിൽ നിന്നു ഹിജ്റ വന്ന സത്യവിശ്വാസികളെ മുഹാജിറുകൾ എന്നു വിളിക്കുന്നു. അവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത മദീനയിലെ മുസ്ലിംകളെ അൻസ്വാറുകൾ എന്നും.

അൻസ്വാറുകൾ അക്കാലത്തു ധനികരായിരുന്നില്ല. ഔസ് ഗോത്രക്കാരും ഖസ്റജ് ഗോത്രക്കാരും തമ്മിൽ യുദ്ധം നടന്നതു സമീപകാലത്താണ്. യുദ്ധം കാരണം അവർ തകർന്നുപോയിരുന്നു.

എവിടെയാണു പള്ളി നിർമിക്കേണ്ടത്..? പറ്റിയ സ്ഥലം തിരഞ്ഞെടുക്കണം. അബൂഅയ്യൂബിൽ അൻസ്വാരി(റ)വിന്റെ വീടിനു തൊട്ടടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പ്രദേശം. അതിനടുത്താണു നബി ﷺ വന്നപ്പോൾ ഒട്ടകം മുട്ടുകുത്തിയത്.

സഹ്ൽ, സുഹൈൽ എന്നീ അനാഥ മക്കളുടെ സ്വത്താണ്. ആ പ്രദേശം പള്ളിയുണ്ടാക്കാൻ കൊള്ളാം. പ്രവാചകൻ ﷺ പള്ളിക്കുവേണ്ടി തങ്ങളുടെ പ്രദേശം പരിഗണിക്കുന്നു എന്നു വിവരം സഹ് ലും സുഹയ്ലും അറിഞ്ഞു. അവർ പ്രവാചകന്റെ (ﷺ) മുമ്പിലെത്തി. ഇങ്ങനെ അറിയിച്ചു:

“അല്ലാഹുവിന്റെ റസൂലേ.., ഞങ്ങളുടെ സ്ഥലം പള്ളിയുണ്ടാക്കാൻ പറ്റുമെങ്കിൽ ഞങ്ങളതു സൗജന്യമായി വിട്ടുതരാം.” സ്ഥലം നൽകാൻ അവർക്കു വലിയ സന്തോഷം... 

യതീം മക്കളുടെ സ്ഥലം ദാനമായിട്ടു സ്വീകരിക്കാൻ നബി ﷺ സന്നദ്ധനായില്ല. ആ സ്ഥലം വിലകൊടുത്തു വാങ്ങി. നല്ലൊരു പള്ളിയുണ്ടാക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. എല്ലാവരും തൊഴിലാളികളായി രംഗത്തിറങ്ങണം. എല്ലാവരുംകൂടി കഠിനാധ്വാനം ചെയ്ത് പള്ളിയുണ്ടാക്കണം.

ആഴമുള്ള കിണറ്റിൽ നിന്നു വെള്ളം കോരണം. മണ്ണു കുഴച്ചു പാകപ്പെടുത്തണം. ഇഷ്ടികയുണ്ടാക്കണം. വെയിലത്തിട്ട് ഉണക്കിയെടുക്കണം. അതുപയോഗിച്ചു ചുമരു കെട്ടണം. ഇതാണു പദ്ധതി... 

ദിവസം നിശ്ചയിച്ചു. എല്ലാവരും ജോലിക്കിറങ്ങി. കുറേ പണികൾ ചെയ്തുതീർത്തു. പള്ളിയുടെ ശിലാസ്ഥാപനത്തിനു ദിവസം നിശ്ചയിച്ചു. നബി ﷺ തങ്ങൾ സ്വന്തം ചുമലിൽ ഒരു ഇഷ്ടിക ചുമന്നു കൊണ്ടുവന്നു. അതു ചുമരിന്റെ അടിസ്ഥാനമായി വച്ചു.

അബൂബക്സർ സ്വിദ്ദീഖ്(റ)വിനോട് അടുത്ത ഇഷ്ടിക വയ്ക്കാൻ പറഞ്ഞു. തുടർന്ന് ഉമറുൽ ഫാറൂഖ്(റ), ഉസ്മാൻ ബ്നു അഫ്ഫാൻ(റ), അലിയ്യു ബ്നു അബീത്വാലിബ്(റ) എന്നിവർ ഇഷ്ടികകൾ വച്ചു...

അൻസ്വാറുകളും മുഹാജിറുകളും ഇഷ്ടികകളുമായി വരാൻ തുടങ്ങി. ചുമരിന്റെ ഉയരം കൂടിക്കൂടി വന്നു. പള്ളിക്കു വാതിലൊന്നുമില്ല. കട്ടിലയുമില്ല. വാതിലിന്റെ സ്ഥാനം ഒഴിച്ചിട്ടു. മൂന്നു പ്രവേശന മാർഗങ്ങൾ എന്നു പറയാം. അവിടെ കമ്പിളി തൂക്കിയിട്ടു...

ചുമരു കെട്ടിയ മുറ്റം. അതാണു പള്ളി. ഒരു ഭാഗത്തു മേൽപുരയിട്ടു. ഈന്തപ്പനമടൽ നിരത്തിയിട്ടു. വെയിൽ കൊള്ളാതിരിക്കാൻ. മഴ പെയ്താൽ നനയും. മേൽപുരയുള്ള ഭാഗം വീടില്ലാത്ത പാവപ്പെട്ട മുസ്ലിംകൾ താമസിച്ചു. അവരാണു സുഫ്ഫത്തിന്റെ അഹ്ലുകാർ- അഹ്ലുസ്സുഫ്ഫ.

അക്കാലത്ത് എണ്ണയ്ക്കു വലിയ വിലയാണ്. ഖാഫിലക്കാരാണ് എണ്ണ കൊണ്ടുവരുന്നത്. സാധാരണക്കാർക്ക് അതു വാങ്ങി ഉപയോഗിക്കാനാവില്ല. സാധാരണക്കാരുടെ വീട്ടിൽ വിളക്കു തെളിയാറില്ല. വല്ല വിശേഷ ദിവസങ്ങളിലും വിളക്കു വയ്ക്കും... 

വിവാഹമോ മരണമോ ജനനമോ ഒക്കെ നടക്കുമ്പോഴാണ് ഒരു വിളക്കു കത്തിക്കുക. രാത്രിനേരത്തെ ഭക്ഷണം സന്ധ്യക്കു തന്നെ കഴിക്കും. അതാണ് അന്നത്തെ പതിവ്. ഇലയോ പുല്ലോ കത്തിച്ചുവച്ച് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കും...


Part : 65

പള്ളിയുടെ പണി പൂർത്തിയായപ്പോൾ അതിനോടു ചേർത്തു രണ്ടു മുറികൾ കൂടിയുണ്ടാക്കി. അതിലാണു പ്രവാചകരുടെ ﷺ  ഭാര്യമാർ താമസിക്കുക.

ആദ്യകാലത്ത് ഇശാഅ് നിസ്കരിക്കുമ്പോൾ പുല്ലു കത്തിച്ചുവയ്ക്കുമായിരുന്നു. വെളിച്ചം കിട്ടാൻ. പിന്നീടു പള്ളിയിലേക്ക് ഒരു വിളക്കു വാങ്ങി. ഇശാഅ് നിസ്കരിക്കുമ്പോൾ അതുകത്തിച്ചുവയ്ക്കും. നിസ്കാരം കഴിഞ്ഞാൽ വിളക്കു കെടുത്തിവയ്ക്കും... 

പള്ളിയുടെ നിലം വെറും മണ്ണായിരുന്നു. മഴ പെയ്താൽ അപ്പാടെ ചെളികെട്ടും. നിസ്കരിക്കാൻ കഴിയില്ല. അങ്ങനെ നിലത്തു കല്ലു പാകാൻ നിശ്ചയിച്ചു. മലഞ്ചരുവിൽ നിന്നും കല്ലുകൾ ചുമന്നുകൊണ്ടുവന്നു. അതു നിലത്തു പാകി. ചെളികെട്ടുന്നത് ഇല്ലാതായി...

പിന്നീടു പള്ളിക്ക് ഈത്തപ്പന മടൽകൊണ്ടു മേൽപുരയുണ്ടാക്കി. മേല്പുരയെ താങ്ങിനിറുത്താൻ തൂണുകൾ സ്ഥാപിച്ചു. ഈത്തപ്പന മരത്തിന്റെ തൂണുകൾ. ഇത്തരം ഒരു തുണിൽ വിളക്കു തൂക്കിയിടുമായിരുന്നു.

മസ്ജിദുന്നബവി. പ്രവാചകരുടെ (ﷺ) പള്ളി, ഈ പേരിലാണു പള്ളി പ്രസിദ്ധമായിത്തീർന്നത്. അക്കാലത്തു നബി ﷺ തങ്ങൾക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു. സൗദ(റ), ആഇശ(റ).

അവർക്കുവേണ്ടി രണ്ടു മുറികൾ പള്ളിയോടു ചേർത്ത് ഉണ്ടാക്കി. ഇഷ്ടികയും മണ്ണും കൊണ്ടുണ്ടാക്കിയ മുറികൾ. ഈത്തപ്പന കൊണ്ടുള്ള മേൽപുര. മുറിക്ക് ആറോ ഏഴോ മുഴം വീതി. നീളം പത്ത് മുഴം. വാതിലിൽ കമ്പിളി വിരിയായി തൂക്കി. എത്ര ലളിതമായ ജീവിതം..!

ഒരിക്കൽ ഏതാനും അൻസ്വാരി സ്ത്രീകൾ അബൂബകർ സ്വിദ്ദീഖ്(റ)വിന്റെ വീട്ടിൽ ചെന്നു. ആഇശ(റ)യെ പുതുമണവാട്ടിയായി കൂട്ടിക്കൊണ്ടുപോകാനാണവർ വന്നത്.

ആഇശ(റ) അന്നും കളിക്കുടുക്കയാണ്. ഏതോ കളിയിൽ ഏർപെട്ടിരിക്കുകയായിരുന്നു. അന്നു മണവാട്ടിയായി ഉടുത്തൊരുങ്ങി പ്രവാചകരുടെ (ﷺ) ജീവിതത്തിലേക്കു കടന്നുവന്നു. ദാമ്പത്യ ജീവിതത്തിന്റെ തുടക്കം.

മസ്ജിദുന്നബവിയോടു ചേർത്തുണ്ടാക്കിയ ലളിതമായ മുറിയിൽ ആഇശ(റ) വന്നുകയറി. അവിടുത്തെ പരിമിതമായ സൗകര്യങ്ങളിൽ അവർ സംതൃപ്തയായിരുന്നു. ഇന്നത്തെ ചെറ്റപ്പുരയിലെ മണവാട്ടിക്കുപോലും എന്തെല്ലാം സൗകര്യങ്ങളുണ്ട്. 

ഈത്തപ്പഴത്തൊലി നിറച്ച ഒരു തലയിണ, വെള്ളം വയ്ക്കാൻ ഒരു കൂജ, ഒരു വിരിപ്പ്. ഇതൊക്കെയായിരുന്നു അവിടെയുണ്ടായിരുന്നത്. പള്ളിയിലെ സംസാരമൊക്കെ മുറിയിൽ കേൾക്കാം.

പ്രവാചകരുടെ (ﷺ) ക്ലാസുകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ. അതെല്ലാം കേട്ടു മനസ്സിലാക്കി. രാവും പകലും കേട്ടുപഠിക്കുന്നു. പഠിച്ചു പഠിച്ചു പണ്ഡിത വനിതയായി...

തൊട്ടടുത്ത മുറിയിൽ സൗദ(റ).
അവർ വാർധക്യത്തിലെത്തിയിരിക്കുന്നു. പ്രവാചക പത്നിയാവാൻ കഴിഞ്ഞതിലുള്ള സന്തോഷവും സംതൃപ്തിയുമായി അവർ കഴിയുന്നു. പള്ളിയുണ്ടായതോടെ സന്ദർശകരുടെ തിരക്കു വർധിച്ചു.

അടുത്തുനിന്നും അകലെനിന്നും ആളുകൾ വന്നുകൊണ്ടിരുന്നു. ഓരോ വിഭാഗത്തിനും അവരുടെ മനഃശാസ്ത്രമനുസരിച്ചു ക്ലാസെടുക്കുന്നു. മലഞ്ചരുവിൽ ആടിനെ മേച്ചുനടക്കുന്ന നാടൻ അറബിക്ക് അവരുടെ ഭാഷയിൽ. ഗോത്രനേതാക്കൾക്കും സംസ്കാര സമ്പന്നർക്കും അവരുടെ ഭാഷയിൽ. ആഇശ(റ) എല്ലാം കേട്ടു പഠിക്കുന്നു. ഭാര്യ മാത്രമല്ല; ശിഷ്യയും... 


Part : 66

ബാങ്കിന്റെ കഥ 

മസ്ജിദുന്നബവി. അഞ്ചു നേരവും അവിടെ നിസ്കാരം നടക്കുന്നു. നിസ്കാരത്തിന്റെ സമയം കണക്കാക്കി ആളുകൾ പള്ളിയിലെത്തുന്നു.

സത്യവിശ്വാസികളുടെ എണ്ണം കൂടിക്കൂടി വരുന്നു. നിസ്കാരത്തിനു സമയമായെന്നു ജനങ്ങളെ അറിയിക്കണം. അതിന് ഒരു സംവിധാനം വേണം, എന്താണു മാർഗം..? 

നബിﷺതങ്ങളും സ്വഹാബികളും കൂടിയാലോചന നടത്തുകയാണ്.

“കൊടി ഉയർത്താം” - ഒരാൾ അഭിപ്രായപ്പെട്ടു.

“ഉറങ്ങുന്നവർ കൊടികാണുമോ..?” - മറ്റൊരാൾ... 

ആ അഭിപ്രായം തള്ളിപ്പോയി... അറബികൾക്കിടയിൽ സന്ദേശം കൈമാറാൻ അങ്ങനെയൊരു സമ്പ്രദായം നിലവിലുണ്ടായിരുന്നു. നിസ്കാരസമയം അറിയിക്കാൻ കൊടി പ്രായോഗികമല്ല... 

“തീ കത്തിക്കാം” - ഒരാൾ അഭിപ്രായപ്പെട്ടു. സന്ദേശങ്ങൾ കൈമാറാൻ വേണ്ടി കുന്നിൻമുകളിൽ തീ കത്തിക്കുന്ന സമ്പ്രദായം അന്നു നിലവിലുണ്ടായിരുന്നില്ല... 

നിസ്കാര സമയം അറിയിക്കുന്നതിന് അതും അപര്യാപ്തം തന്നെ. ആ അഭിപ്രായവും തള്ളിപ്പോയി... 

“കുഴൽ വിളിക്കാം” - മറ്റൊരാളുടെ അഭിപ്രായം. ജൂതന്മാരുടെ സമ്പ്രദായമാണത്. അതു പിൻപറ്റുന്നത് ഉചിതമല്ല. ആ അഭിപ്രായം സ്വീകാര്യമായില്ല...

“മണിയടിക്കാം.” - ഒരാൾ അഭിപ്രായപ്പെട്ടു. അതു ക്രൈസ്തവരുടെ ആചാരമാകുന്നു.അതും പിൻപറ്റാൻ പാടില്ല... 

“ഒരാൾ വിളിച്ചു പറയട്ടെ” - ഉമർ(റ) പറഞ്ഞു.

“അതു ശരി. നിസ്കാരത്തിനു സമയമായെന്ന് ഒരാൾ വിളിച്ചുപറയുക, അതുകേട്ട് എല്ലാവരും എത്തിച്ചേരുക. കേട്ട അഭിപ്രായങ്ങളിൽ കൊള്ളാവുന്നത് ഇതാണ്...”

അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ). പ്രസിദ്ധനായ സ്വഹാബിവര്യൻ. നിസ്കാര സമയമായെന്നു വിളിച്ചുപറയാനുള്ള ജോലി ആ സ്വഹാബിയെ ഏൽപിച്ചു. നിസ്കാരത്തിനു സമയമാകുമ്പോൾ അദ്ദേഹം ഉറക്കെ വിളിച്ചുപറയും. ആളുകൾ അതുകേട്ട് ആവേശത്തോടെ പള്ളിയിലേക്കുവരും...

അന്നു രാത്രി അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ) ഒരു സ്വപ്നം കണ്ടു. ഒരാൾ നാഖൂസുമായി നടന്നുപോകുന്നു. ക്രിസ്ത്യാനികൾ പ്രാർത്ഥന സമയമാകുമ്പോൾ മുട്ടി അറിയിക്കുന്ന വസ്തുവാണു നാഖൂസ്... 

“ആ നാഖൂസ് എനിക്കു തരുമോ അല്ലാഹുﷻവിന്റെ ദാസാ..?” അബ്ദുല്ല ചോദിച്ചു.

“ഇതുകൊണ്ടു നിങ്ങൾ എന്തു ചെയ്യാം?' -അയാളുടെ മറു ചോദ്യം.

“നിസ്കാര സമയമാകുമ്പോൾ ഇതു മുട്ടി ജനങ്ങളെ അറിയിക്കാം.” - അബ്ദുല്ല

അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:  “ഇതിനേക്കാൾ ഗുണമായതു ഞാൻ നിങ്ങൾക്കു പഠിപ്പിച്ചു തരാം...”

“പഠിപ്പിച്ചു തന്നാലും”

അദ്ദേഹം ബാങ്കിന്റെ വചനങ്ങൾ പഠിപ്പിച്ചു കൊടുത്തു. അടുത്ത പ്രഭാതത്തിൽ വളരെ സന്തോഷത്തോടെയാണ് അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ) ഉണർന്നത്.

അതിവേഗം നബി ﷺ തങ്ങളുടെ സമീപത്തെത്തി. എന്നിട്ടു സ്വപ്നത്തിന്റെ വിവരം പറഞ്ഞു. ബാങ്കിന്റെ വചനങ്ങൾ പറഞ്ഞുകൊടുത്തു.

“തീർച്ചയായും ഇതു സത്യമായ സ്വപ്നം തന്നെ. ഇനി ഇതു വിളിച്ചറിയിച്ചാൽ മതി.” നബി ﷺ തങ്ങൾ പറഞ്ഞു...

“അബ്ദുല്ലാ, ഈ വാചകങ്ങൾ ബിലാലിനു പഠിപ്പിച്ചു കൊടുക്കൂ.., ബിലാലിനു നിങ്ങളെക്കാൾ ശബ്ദമുണ്ട്...”

ബിലാൽ(റ) സുന്ദരമായ ശബ്ദത്തിന്റെ ഉടമയാകുന്നു...


Part : 67

അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ) നേരെ ബിലാൽ(റ)വിന്റെ സമീപത്തെത്തി, ബാങ്കിന്റെ വചനങ്ങൾ പറഞ്ഞുകൊടുത്തു. നിസ്കാരത്തിന്റെ സമയമായപ്പോൾ ബിലാൽ(റ) ഉയർന്ന സ്ഥലത്തു കയറിനിന്നു നല്ല ശബ്ദത്തിൽ ബാങ്കു വിളിച്ചു. ആളുകൾ കൂട്ടംകൂട്ടമായി ഓടിയെത്തി.

പിന്നീട് അദ്ദേഹം ബിലാൽ മുഅദ്ദിൻ എന്ന പേരിൽ അറിയപ്പെട്ടു. "അദാൻ' എന്ന വാക്കിനു ബാങ്ക് എന്ന് അർത്ഥം. "മുഅദ്ദിൻ' ബാങ്കുവിളിക്കുന്ന ആൾ.

അബ്ദുല്ലാഹി ബ്നു ഉമ്മിമക്തും മറ്റൊരു മുഅദ്ദിനായിരുന്നു...

അസ്വലാത്തു ഖയ്റുൻ മിനന്നൗം.

“നിസ്കാരം ഉറക്കത്തിനേക്കാൾ ശ്രേഷ്ഠമാണ്.” സുബഹി നിസ്കാരത്തിൽ ബിലാൽ(റ) ഈ വാചകംകൂടി ചേർത്തു വിളിച്ചു. നബിﷺതങ്ങൾ അംഗീകാരം നൽകി.

ബാങ്കിന്റെ ശബ്ദം ജനങ്ങളെ വല്ലാതെ ഉത്തേജിപ്പിച്ചു. “അല്ലാഹു അക്ബർ” ആവേശത്തോടെയാണു സത്യവിശ്വാസികൾ ആ വാക്യം കേട്ടത്. അല്ലാഹുﷻവിന്റെ പേരു കേൾക്കുന്നതോടെ അവർ മറ്റെല്ലാം
മറക്കുന്നു. അവന്റെ ഭവനമായ പള്ളിയിലേക്ക് അവർ ധൃതിപിടിച്ചു വരുന്നു. ഇതാണു ബാങ്കിന്റെ ചരിത്രം.

പള്ളിയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ഇൽമിനും ഇബാദത്തിനും വേണ്ടിയാണ് പള്ളി. അതിലുപരി ഒരു സമൂഹത്തിന്റെ സാംസ്കാരിക സിരാകേന്ദ്രമാണു മസ്ജിദ്.

മുസ്ലിംകൾ ഒരു സമൂഹമായി രൂപം പ്രാപിച്ചുകഴിഞ്ഞു. ഇനിയവർക്കു സാമൂഹിക ജീവിത വ്യവസ്ഥകൾ വേണം. ഭരണ സംവിധാനം വേണം. കെട്ടുറപ്പും ഭദ്രതയും വേണം. നിയമങ്ങൾ വേണം. ഇസ്ലാം അല്ലാഹുﷻവിന്റെ മതമാകുന്നു. അല്ലാഹുﷻവിന്റെ വിധിവിലക്കുകളാണ് ഇസ്ലാമിക നിയമം...

ജിബ്രീൽ(അ) വഹ് യുമായി നിരന്തരം വന്നുകൊണ്ടിരിക്കുന്നു. നിയമങ്ങൾ ചർച്ച ചെയ്തു രൂപീകരിക്കുകയല്ല.അല്ലാഹുﷻവാണ് നിയമങ്ങൾ നൽകുന്നത്.

വ്യക്തിജീവിതത്തിലെ വിശുദ്ധി, കുടംബജീവിതത്തിലെ വിശുദ്ധി,
സാമൂഹിക ജീവിതത്തിലെ വിശുദ്ധി. ഇതു ലോകത്തിനു പഠിപ്പിച്ചു കൊടുക്കണം. മനുഷ്യവർഗത്തെ പഠിപ്പിക്കണം. അതു സാധ്യമാക്കാൻ എന്തൊക്കെ വേണമോ അതെല്ലാം വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു.

വിശുദ്ധ ഖുർആന്റെ വ്യാഖ്യാനം കാണാൻ നബി ﷺ തങ്ങളുടെ ജീവിതത്തിലേക്കു നോക്കിയാൽ മതി.

ഒരു സമൂഹത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ. തൊഴിൽ കാര്യങ്ങൾ.
സാമൂഹിക മര്യാദകൾ. സാമൂഹിക നീതി. സുരക്ഷാ സംവിധാനം. വൈജ്ഞാനിക രംഗം. അങ്ങനെ എന്തെല്ലാം കാര്യങ്ങൾ കൈകാര്യം ചെയ്യണം, അതെല്ലാം ഖുർആനിൽ അവതരിച്ചു.

ഒരു ഭരണകൂടം രൂപപ്പെട്ടുവരികയാണ്. ഭരണകൂടത്തിന്റെ സിരാകേന്ദ്രം മസ്ജിദു തന്നെ. മസ്ജിദ് തന്നെയാണു കോടതിയും. കേസുകൾ കേൾക്കുന്നതും വിധി പറയുന്നതും അവിടെത്തന്നെ.

സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സുദീർഘമായ സൂറത്തുകൾ മദീനയിൽ വച്ചാണ് ഇറങ്ങിയത്.

മസ്ജിദുന്നബവിയെ ചരിത്രകാരന്മാർ മുസ്ലിം സ്റ്റേറ്റിന്റെ സെക്രട്ടറിയേറ്റ് എന്നു വിളിച്ചിരുന്നു. 

മുസ്ലിംകൾ ഒരു ശക്തിയായി വളർന്നതോടെ പല പുതിയ പ്രശ്നങ്ങളും ഉടലെടുത്തു. മദീനയിലെ സാമ്പത്തിക രംഗം അടക്കി ഭരിച്ചിരുന്ന ജൂതന്മാർ മുസ്ലിംകളെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. തങ്ങളുടെ മേൽക്കോയ്മ തകർന്നുപോകുമോ..?

മക്കയിലെ ഖുറയ്ശികൾക്കു ജൂതന്മാരെ പരിചയമുണ്ട്. അവർ തമ്മിൽ യോജിക്കുമോ..? കരുതിയിരിക്കണം. സുരക്ഷയുടെ കാര്യം പള്ളിയിൽ ചർച്ചാവിഷയമായി...


Part : 68

പരിശീലനം

മദീനയിലെത്തിയ മുസ്ലിംകൾക്കു പലവിധ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഖുറയ്ശികൾ ഇടയ്ക്കിടെ മുസ്ലിംകളെ അക്രമിച്ചുകൊണ്ടിരുന്നു. മറ്റു ചില ഗോത്രക്കാരുടെ സഹായവും അവർക്കു കിട്ടി. ജൂതന്മാർ രഹസ്യമായി ഇസ്ലാമിന്റെ ശത്രുക്കളെ സഹായിച്ചു.

സ്വഹാബികളിൽ ചിലർ വധിക്കപ്പെട്ടു. പ്രതിരോധ സംരംഭങ്ങൾ ശക്തിപ്പെടുത്തേണ്ടതായി വന്നു. ശ്രതുക്കൾക്കെതിരെ ശക്തി സംഭരിക്കേണ്ട ഘട്ടം വന്നു. നിലനിൽപിനും സ്വരക്ഷയ്ക്കും വേണ്ടി.

പ്രവാചകൻ ﷺ അനുയായികളെ ഇങ്ങനെ ഉപദേശിച്ചു: “നിങ്ങൾ ശക്തി സംഭരിക്കുക. ശക്തിയെന്നാൽ ഏറ്. അറിയുക, അമ്പെയ്ത്താണ് ഇവിടെ ഉദ്ദേശ്യം. അമ്പെയ്ത്തു പഠിച്ചവൻ അത് ഉപേക്ഷിക്കരുത്. പരിശീലനം തുടരണം. അമ്പെയ്ത്തു വിദ്യ വളർത്തിയെടുക്കണം.”

ഈ നിർദേശം പലരെയും കായിക പരിശീലനത്തിനു പ്രേരിപ്പിച്ചു. ഉത്ബ ഒരു വൃദ്ധനായിരുന്നു. മികച്ച പരിശീലനം ലഭിച്ച യോദ്ധാവും. അദ്ദേഹം ആയുധ പരിശീലനം വർധിപ്പിച്ചു. അമ്പെയ്ത്തു പരിശീലനം വളരെ നേരം തുടർന്നു.

ഉത്ബയുടെ കൂട്ടുകാരനാണ് ഹഖീം ലഖ്മി. ഉത്ബയോടു കൂട്ടുകാരൻ ഇങ്ങനെ ചോദിച്ചു: “താങ്കളെന്തിനാണിത്ര കടുത്ത പരിശീലനം നടത്തുന്നത്. ഓടുകയും ചാടുകയും മറിയുകയും അമ്പെയ്യുകയും ചെയ്യുന്നുണ്ടല്ലോ വൃദ്ധനായ താങ്കൾ..?”

വൃദ്ധനായ സ്വഹാബി ഇങ്ങനെ മറുപടി നൽകി: “നബി ﷺ തങ്ങളിൽ നിന്നു കേട്ട ഒരു ഹദീസാണ് ഈ തീവ്ര പരിശീലനത്തിന് എന്നെ പ്രേരിപ്പിച്ചത്...”

“ഏതാണ് ഹദീസ്..?” കൂട്ടുകാരന് ആകാംക്ഷ.

“അമ്പെയ്ത്തു പഠിച്ചവൻ അതുപേക്ഷിച്ചാൽ അവൻ നമ്മിൽപെട്ടവനല്ല...”

വൃദ്ധ സ്വഹാബി ഹദീസ് ഓതിക്കേൾപിച്ചു. കൂട്ടുകാരൻ അമ്പരന്നുപോയി. മുസ്ലിംകളുടെ നിലനിൽപിനുവേണ്ടി ആയുധമെടുക്കേണ്ട ഘട്ടം വന്നാൽ അതിനു തയ്യാറാകണം...

ഭീരുക്കളായി ജീവിച്ചു നാണംകെട്ട രീതിയിൽ വധിക്കപ്പെടുന്നത് ഒരു സത്യവിശ്വാസിക്കു ഭൂഷണമല്ല. ശത്രുക്കൾ യുദ്ധത്തിനു വരുമ്പോൾ പിന്തിരിഞ്ഞാടരുത്. ധീരമായി നേരിടണം. ധീരന്മാർക്കേ ജീവിതമുള്ളൂ...

പ്രവാചകൻ ﷺ യോദ്ധാക്കളോട് ഇങ്ങനെ ഉണർത്തി: “ഉന്നം തെറ്റാതെ അമ്പെയ്യുന്ന യോദ്ധാവിന് ഓരോ എയ്ത്തും സ്വർഗത്തിലെ ഓരോ പദവി നേടിക്കൊടുക്കും...”

യോദ്ധാക്കളെ വല്ലാതെ ആകർഷിച്ച നബിവചനം. സ്വർഗത്തിലെ പദവികൾ മോഹിച്ച യോദ്ധാക്കൾ. ശ്രതുക്കളോടു പോലും നല്ല നിലയിലെ പെരുമാറാൻ പാടുള്ളൂ. അനീതി ഒരളവോളവും അനുവദിക്കില്ല...

നബിﷺതങ്ങൾ യോദ്ധാക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അരുളിയ വചനം ഇപ്രകാരമായിരുന്നു. “അല്ലാഹുﷻവിന്റെ മാർഗത്തിൽ ഒരു അമ്പ് എയ്തവന് ഒരു അടിമയെ മോചിപ്പിച്ചതിനു തുല്യമായ പ്രതിഫലം ലഭിക്കും...”

മുസ്ലിം സമൂഹത്തിന്റെ നിലനിൽപു ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ യുദ്ധം അനിവാര്യമായിവരും. ആ യുദ്ധത്തിൽ പങ്കെടുക്കുന്ന സത്യവിശ്വാസിക്കു സന്തോഷവാർത്ത അറിയിച്ചുകൊണ്ടു നബി ﷺ തങ്ങൾ പറഞ്ഞു: 

“കുതിരയെ പരിശീലിപ്പിക്കണം. കുതിര നന്മയുടെ മൃഗമാണ്. ലോകാവസാനംവരെ കുതിര നന്മയുടെ മൃഗമാണ്. കുതിര അല്ലാഹുﷻവിൽ നിന്നു യോദ്ധാവിനു പ്രതിഫലം വാങ്ങിത്തരും. യുദ്ധമുതലുകളും നേടിത്തരും.” 

പടക്കുതിരകളെ പരിശീലിപ്പിക്കുന്നതു പുണ്യകർമമായിട്ടാണു പരിഗണിക്കപ്പെടുന്നത്. അമ്പെയ്ത്തു വിദ്യ പഠിക്കൽ അനുഗ്രഹമാണ്. അതു പഠിച്ചശേഷം ഉപേക്ഷിച്ചാൽ ഒരനുഗ്രഹം പാഴാക്കുകയാണ്. ആ അനുഗ്രഹത്തോടു നന്ദികേടു കാണിക്കലാണത്.

ചിലപ്പോൾ കടലിൽ യുദ്ധം നടക്കും. കടൽയുദ്ധത്തിന്റെ പ്രതിഫലം കരയിലെ യുദ്ധത്തിന്റെ പ്രതി ഫലത്തേക്കാൾ ശ്രേഷ്ഠമാകുന്നു...

നബി ﷺ തങ്ങൾ പറഞ്ഞു: “കടലിലെ ഒരു യുദ്ധം കരയിലെ പത്തു യുദ്ധങ്ങളെക്കാൾ ശ്രേഷ്ഠം.”

“ഒരു കടൽ മുറിച്ചുകടന്നവൻ സർവ താഴ് വരകളും മുറിച്ചു കടന്നവനെപ്പോലെയായി.” 

സത്യത്തിനും നീതിക്കുംവേണ്ടി യുദ്ധം ചെയ്യുന്ന യോദ്ധാവിനു ലഭിക്കുന്ന അതിമഹത്തായ അനുഗ്രഹങ്ങൾ വ്യക്തമാക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്.

യുദ്ധം എന്നാൽ വെറുതെ അങ്ങോട്ടു ചെന്ന് ആരെയെങ്കിലും ആക്രമിക്കുക എന്നല്ല. വിശ്വാസവും ജീവനും സംരക്ഷിക്കാൻ വേണ്ടി പ്രതിരോധിക്കുക. നീതിയും ന്യായവും പുലരാൻവേണ്ടി യുദ്ധം ചെയ്യുക. അന്യായത്തിനും അക്രമത്തിനും എതിരെ ശബ്ദിക്കുക. അതാണ് ഇസ്ലാമിലെ യുദ്ധം...

നബിﷺയും പാവപ്പെട്ട അനുയായികളും എന്തു തെറ്റാണു ചെയ്തത്..? 
അല്ലാഹു ﷻ ഏകനാണെന്നു പറഞ്ഞു. ആ കാരണം കൊണ്ടു മാത്രം എന്തൊക്കെ ദ്രോഹങ്ങളാണു ശ്രതുക്കൾ ചെയ്തത്. ശാരീരികമായി പീഢിപ്പിച്ചു. പരിക്കേൽപിച്ചു. ജീവൻ അപഹരിച്ചു. സ്വത്തുവകകൾ തട്ടിയെടുത്തു. പിറന്ന മണ്ണും ജീവിതകാലം മുഴുവൻ സമ്പാദിച്ചതും ഉപേക്ഷിക്കേണ്ടിവന്നു. കുടുംബം-സുഹൃദ് ബന്ധങ്ങൾ മുറിഞ്ഞു... 

എന്താ കാരണം..? 

അല്ലാഹു ﷻ ഏകനാണെന്നു പറഞ്ഞതു മാത്രം. സ്വദേശം വിട്ടു വിദേശത്ത് അഭയാർത്ഥികളായി. പക്ഷേ, ശ്രതുക്കൾ വിട്ടില്ല. അവർ മദീനയിൽ വന്നു ശല്യമുണ്ടാക്കാൻ നോക്കി. മദീനയുടെ പ്രാന്തപ്രദേശങ്ങളിൽ വന്നു കന്നുകാലികളെ മോഷ്ടിക്കും. കൃഷി നശിപ്പിക്കും. മക്കയിൽ തീർത്ഥാടനത്തിനു പോകുന്നവരെ ദ്രോഹിക്കും...

എത്രയെന്നു വെച്ചാണ് ഈ ദ്രോഹം സഹിക്കുക. രക്ഷയില്ലാതെ പ്രതിരോധിക്കേണ്ടി വന്നു. അതിനുള്ള മുന്നൊരുക്കത്തെക്കുറിച്ചാണു മുകളിൽ പറഞ്ഞത്...

Part : 69

ആളുമാറി കാലംമാറി

മക്കയിൽ നിന്നു ഹിജ്റ വന്നവർക്കു മദീനയിലെ കാലാവസ്ഥ ഒട്ടും അനുകൂലമല്ല. വെള്ളവും പറ്റുന്നില്ല. ഇതു മുഹാജിറുകളുടെ ആരോഗ്യത്തെ ബാധിച്ചു. പലരും കിടപ്പിലായി. നല്ല ആഹാരമോ മരുന്നോ കിട്ടാതെ രോഗികൾ വലഞ്ഞു. പലരും തീരെ ദരിദ്രരാണ്. കയ്യിൽ യാതൊന്നുമില്ല...

രോഗം പ്രമുഖരെയും വിട്ടില്ല. അബൂബക്കർ സ്വിദ്ദീഖ്(റ) പനിവന്നു കിടപ്പിലായി. പെട്ടെന്നു രോഗം വർധിച്ചു. പരിസരം പോലും ഓർമയില്ല. പിച്ചും പേയും പറയുന്നു. ഒടുവിൽ ബോധം കെട്ടുപോയി...

ബിലാൽ ബ്നു റബാഹ്(റ). പ്രമുഖ സ്വഹാബിവര്യൻ. പനിവന്നു കിടപ്പിലായി. എന്താക്കെയോ പറയുന്നു. സ്വബോധമില്ലാത്തതുപോലെ...

ആമിർ ബ്നു ഫുഹയ്റത്ത്(റ). പ്രസിദ്ധനായ സ്വഹാബി. കടുത്ത പനിയും ശരീര വേദനയും വന്നു. ബോധമില്ലാതെ സംസാരിക്കുന്നു.

ആഇശ(റ) നബിﷺതങ്ങളോടിങ്ങനെ പറഞ്ഞു: “മദീനയിലെ കാലാവസ്ഥ മുഹാജിറുകൾക്കു പറ്റുന്നില്ല. അവർ രോഗികളായിരിക്കുന്നു. പലരും അബോധാവസ്ഥയിലാണ്. മക്കയിലെ നല്ല കാലാവസ്ഥയോർത്തു വിഷമിക്കുന്നു പലരും. അവിടത്തെ വെള്ളവും ഭക്ഷണവും ഇനിയെന്നാണു ലഭിക്കുകയെന്നു ചോദിക്കുന്നു...

മക്കയോടുള്ള സ്നേഹം. ജന്മദേശത്തോടുള്ള മമത. മക്ക വിട്ടതിലുള്ള കടുത്ത ദുഃഖം. രോഗം കഠിനമാകുമ്പോൾ ആളുകൾ മക്കയെ ഓർക്കുന്നു. മക്കയെക്കുറിച്ചുള്ള വരികൾ അറിയാതെ പാടിപ്പോകുന്നു...

ആഇശ(റ)യുടെ വാക്കുകൾ നബിﷺയെ ഉണർത്തി. ആ ഖൽബകം ഭക്തിനിർഭരമായി. ഇരുകൈകൾ ഉയർത്തി ദുആ ചെയ്തു: “അല്ലാഹുവേ, മദീന ഞങ്ങൾക്കു പ്രിയപ്പെട്ട ദേശമാക്കിത്തരേണമേ..!  മക്കയെക്കാൾ മദീന ഞങ്ങൾക്കു പ്രിയപ്പെട്ടതാക്കിത്തരേണമേ..! മനസ്സിനിണങ്ങിയതാക്കേണമേ... മദീനയിലെ 'മുദ്ദിലും' 'സ്വാഇലും' നീ ബറകത്തു ചൊരിയേണമേ... മദീനയിലെ കാലാവസ്ഥ ആരോഗ്യകരമാക്കിത്തരേണമേ... ഇവിടുത്തെ വായുവും വെള്ളവും ഞങ്ങൾക്കനുകൂലമാക്കിത്തരേണമേ...”

കണ്ണീരിന്റെ നനവുള്ള പ്രാർത്ഥന...

മദീനയിൽ ധാന്യം അളക്കാനുപയോഗിക്കുന്ന അളവുപാത്രങ്ങളാണ് മുദ്ദ്, സ്വാഅ് എന്നിവ...

സർവശക്തനായ അല്ലാഹു ﷻ പ്രവാചകരുടെ (ﷺ) പ്രാർത്ഥന കേട്ടു. ഉത്തരം നൽകി. മദീനയിലെ അന്തരീക്ഷം ആകെ മാറി. എല്ലാവരും ഇഷ്ടപ്പെടുന്ന വിധത്തിലായിത്തീർന്നു. ആഹ്ലാദം നിറഞ്ഞ ദിനങ്ങൾ...

നബികുടുംബം ഒത്തുകൂടുന്നു. സഹോദരിമാർ ഒന്നിച്ചു കൂടുമ്പോൾ എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഫാത്വിമ(റ), ഉമ്മുകുൽസൂം(റ), റുഖിയ്യ(റ). പ്രിയപ്പെട്ട മാതാവിനെക്കുറിച്ച് അവർ വേദനയോടെ ഓർക്കും...

മക്കത്തെ രാജാത്തിയായിരുന്ന ഖദീജ(റ). ഇസ്ലാംമതത്തിനുവേണ്ടി സർവതും ത്യജിച്ചു. ഉമ്മയെപ്പറ്റി പറഞ്ഞുവരുമ്പോൾ റുഖിയ്യ(റ)ക്കാണു കൂടുതൽ ദുഃഖം. അബ്സീനിയായിൽ ആയിപ്പോയി. എനിക്ക് ഉമ്മയെ കാണാനായില്ല..! - റുഖിയ്യ കരയുന്നു.

ഗർഭിണിയായ റുഖിയ്യയെയും കൊണ്ടു ഭർത്താവ് ഉസ്മാൻ(റ) അബ്സീനിയായിലേക്കു പോയി. മക്കയിലേക്കു മടങ്ങാൻ പറ്റിയില്ല. മർദനത്തിന്റെ കടുപ്പം കാരണം എത്ര പേരാണു മക്ക വിട്ടുപോയത്..!

അബ്സീനിയായിൽ പ്രസവം നടന്നു. കുഞ്ഞു വളർന്നു. ഓടിനടക്കുന്ന പ്രായമായി. അപ്പോഴാണ് അസുഖം വന്നത്. മാതാപിതാക്കളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടു കുട്ടി മരണപ്പെട്ടു. പിന്നെ ദുഃഖത്തിന്റെ നാളുകളായിരുന്നു...

സ്വഹാബികൾ മക്ക വിട്ടുകൊണ്ടിരിക്കുകയാണെന്ന വാർത്ത കിട്ടി. അവസാനം പിതാവും മക്കവിട്ടു എന്നു കേട്ടു. പിന്നെ പിടിച്ചുനിൽക്കാനായില്ല. അബ്സീനിയായിൽ കഴിഞ്ഞുകൂടിയവർ നേരെ മദീനയിലേക്കു പുറപ്പെട്ടു... 


Part : 70

ഉസ്മാൻ(റ)വും ഭാര്യ റുഖിയ്യ(റ)യും മദീനയിലെത്തി. ഫാത്വിമ(റ)യും ഉമ്മുകുൽസൂം(റ)യും ദുഃഖത്തോടെ ആ സംഭവങ്ങൾ കേൾക്കുന്നു. ഉമ്മുകുൽസൂം(റ) മലഞ്ചരിവിലെ അനുഭവങ്ങൾ വിവരിക്കുന്നു.

എല്ലാ ആഢംബരങ്ങളുടെയും മധ്യത്തിൽ ഒരു രാജകുമാരിയെപ്പോലെ വളർന്ന ഉമ്മ മലഞ്ചരിവിൽ കിടന്നു സഹിച്ച
കഷ്ടപ്പാടുകൾ. ആഹാരമില്ലാത്ത ദിവസങ്ങൾ.

മലഞ്ചരിവിൽ നിന്നു തിരിച്ചെത്തിയപ്പോൾ ഉമ്മ രോഗിയായി മാറിയിരുന്നു. ആരോഗ്യമെല്ലാം നഷ്ടപ്പെട്ടു. മക്കൾ മരണരംഗം വിവരിക്കുന്നു. കണ്ണീർ തുടക്കുന്നു.

സംസാരത്തിനിടയിൽ അവർ മൂത്ത സഹോദരിയെ ഓർക്കുന്നു - സയ്നബ്(റ).

ഇത്താത്ത മക്കയിൽ തന്നെ കിടന്നു കഷ്ടപ്പെടുകയാണ്. ഇത്താത്തയുടെ ഭർത്താവ് ഇതുവരെ ദീൻ വിശ്വസിച്ചിട്ടില്ല. വിശ്വസിക്കുമെന്നു പ്രതീക്ഷിക്കാം. 

മക്കയിൽ കുടുങ്ങിപ്പോയ മുഹാജിറുകളുടെ ഭാര്യമാരെയും സന്താനങ്ങളെയും ഖുറയ്ശികൾ ഭീഷണിപ്പെടുത്തുകയും പീഢിപ്പിക്കുകയും ചെയ്യുന്നുണ്ട്. പലരെയും വഴിയിൽ തടയുന്നു. ഇങ്ങോട്ടു പുറപ്പെട്ടാൽ ഇത്താത്തയെയും തടയും.

ബനുന്നജ്ജാർ വർഗക്കാരുടെ സ്നേഹത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും സഹോദരിമാർ സംസാരിച്ചു. ആഇശ(റ), അസ്മാഅ്(റ) എന്നിവരും അവരുടെ സംഭാഷണത്തിൽ പങ്കെടുക്കാറുണ്ട്.

ബനുന്നജ്ജാർ വംശത്തിലെ ഒരു പ്രമുഖൻ മരണപ്പെട്ടു. എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ മരണം.

അസ്അദ് ബ്നു സുറാറത്തിൽ അൻസ്വാരി(റ). ഇസ്ലാമിനു താങ്ങും തണലുമായി നിന്ന മഹാൻ. അൻസ്വാറുകളും മുഹാജിറുകളും കൂട്ടത്തോടെ വന്നു ചേർന്നു. മയ്യിത്തു സംസ്കരണം നടന്നു.

മയ്യിത്തു സംസ്കരണം എങ്ങനെയാണെന്നു പഠിക്കാൻകൂടി ഈ അവസരം ഉപയോഗപ്പെട്ടു. ദുഃഖഭാരത്തോടെ എല്ലാവരും ഖബറടക്കൽ കർമത്തിൽ പങ്കെടുത്തു. ഇസ്ലാമിക സംസ്കാരത്തിന്റെ മഹത്തായ പാഠങ്ങൾ പഠിക്കുകയാണ് എല്ലാവരും. പരേതന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ പലരും എത്തി. 

ബർറാഅ് ബ്നു മഅ്മൂർ(റ). മഹാനായ സ്വഹാബിവര്യൻ. അഖബാ ഉടമ്പടിയിൽ പങ്കെടുത്ത ആളാണ്. അഖബയിൽ വച്ചു പ്രന്തണ്ടു പ്രതിനിധികളെ
തിരഞ്ഞെടുത്തപ്പോൾ അവരുടെ കൂട്ടത്തിൽ ബർറാഅ്(റ) ഉണ്ടായിരുന്നു.

ആ സ്വഹാബിവര്യൻ മരണപ്പെട്ടു. മദീനയിൽ ഇസ്ലാമിന്റെ പ്രകാശമെത്തിക്കാൻ ആവേശ പൂർവം രംഗത്തിറങ്ങിയ മഹാൻ. നബി ﷺ തങ്ങൾക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പു നൽകിക്കൊണ്ടു ഹിജ്റക്കു പ്രേരിപ്പിച്ച മഹാപുരുഷൻ.

ഈ രണ്ടു മരണങ്ങളും നബിﷺതങ്ങളെ വളരെയധികം ദുഃഖിപ്പിച്ചു. അൻസ്വാറുകളും മുഹാജിറുകളും ഒത്തുചേർന്നു മയ്യിത്തു സംസ്കരണമുറകൾ പൂർത്തിയാക്കി. 

പ്രവാചകനെയും അനുയായികളെയും ക്രൂരമായി ഉപദ്രവിച്ച രണ്ടു ശത്രുക്കൾ മക്കയിൽ മരണപ്പെട്ടതായി വാർത്ത വന്നു. വലീദ് ബ്നു മുഗീറ,
ആസിബ് ബ്നു വാഇലുസ്സഹ് മി.


Part : 71

പ്രവാചകൻ ﷺ പ്രസംഗപീഠത്തിൽ

മദീനയിലെ പള്ളി. അല്ലാഹുﷻവിന്റെ പുണ്യഭവനം. പുണ്യപ്രവാചകനും അനുയായികളും സ്വന്തം കരങ്ങൾ കൊണ്ടു പണിതുയർത്തിയ പള്ളി.

നബി ﷺ നിലത്തുനിന്നുകൊണ്ടാണ് ആദ്യഘട്ടത്തിൽ പ്രസംഗിച്ചിരുന്നത്. കുറേ നാളുകൾക്കു ശേഷം മൂന്നു പടവുകളുള്ള ഒരു പ്രസംഗപീഠം സ്ഥാപിക്കപ്പെട്ടു. ആ പീഠത്തിൽ കയറിനിന്നുകൊണ്ടു പ്രവാചകൻ ﷺ അനുയായികളോടു പ്രസംഗിച്ചു.

മനുഷ്യവംശത്തിനു മുഴുവൻ പ്രകാശം നൽകുന്ന പ്രസംഗങ്ങൾ. അന്ത്യനാൾ വരെ ജീവിക്കുന്നവർ അനുസരിക്കേണ്ട നിർദേശങ്ങൾ. ഇഹലോകത്തെയും പരലോകത്തയും വിജയത്തിനടിസ്ഥാനമായ കാര്യങ്ങളുടെ മനോഹരമായ വിശദീകരണം.

പ്രസംഗ പീഠത്തിൽനിന്നുള്ള ഒന്നാമത്തെ പ്രസംഗം. പള്ളി നിറയെ ഭക്തജനങ്ങൾ, പീഠത്തിൽ കയറിനിന്നാൽ നബിﷺയുടെ മുഖം എല്ലാവർക്കും സൗകര്യമായി കാണാം. പുണ്യപ്രവാചകൻ ﷺ മിമ്പറിൽ കയറി.

എല്ലാവരെയും നോക്കി. ചുണ്ടുകളിൽ മന്ദഹാസം. തെളിഞ്ഞ മുഖം. ആ ദർശനം തന്നെ മനസ്സിനെ ആവേശം കൊള്ളിച്ചു. സലാം ചൊല്ലി.
എല്ലാവരും ഭക്തിയോടെ സലാം മടക്കി.

പ്രസംഗം തുടങ്ങി. മഹുഷ്യമനസ്സിന്റെ ആഴത്തിലേക്കു താഴ്ന്നിറങ്ങുന്ന വാക്കുകൾ... 
“അൽഹംദുലില്ലാഹ് സർവസ്തുതിയും അല്ലാഹുﷻവിനാകുന്നു. ഞാൻ അവനെ സ്തുതിക്കുന്നു. അവനോടു മാപ്പിനപേക്ഷിക്കുന്നു. അല്ലാഹുവേ, എനിക്കു നേർവഴി കാണിച്ചു തരേണമേ... 

ഞാൻ അല്ലാഹുﷻവിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവനെ നിഷേധിക്കുന്നവരെ ഞാൻ വെറുക്കുന്നു. അല്ലാഹു ﷻ അല്ലാതെ ആരാധ്യനില്ല. അവൻ ഏകനാകുന്നു. അവനു പങ്കാളികളായി ഒരാളുമില്ലെന്നും മുഹമ്മദ് (ﷺ) അവന്റെ ദാസനും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു...

ഒരു നീണ്ട കാലയളവു പ്രവാചകന്മാരില്ലാതെ കടന്നുപോയി, മനുഷ്യകുലം ധാർമികമായി അധഃപതിച്ചു. അപ്പോൾ സന്മാർഗത്തിന്റെ സന്ദേശവുമായി അല്ലാഹു ﷻ മുഹമ്മദിനെ (ﷺ) അയച്ചു. അല്ലാഹുﷻവിനെയും അവന്റെ ദൂതനെയും അനുസരിച്ചു ജീവിക്കുന്നവർ സന്മാർഗത്തിലാണ്...

അല്ലാഹുﷻവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവർ നിശ്ചയമായും വഴിപിഴച്ചവരാണ്. അവർ സന്മാർഗത്തിൽ നിന്നും അകലത്തിലാണ്. അല്ലാഹുﷻവിനു കീഴ്പ്പെട്ടു ജീവിക്കണമെന്നു ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. നിങ്ങൾ പരസ്പരം ഇക്കാര്യം ഉപദേശിക്കുകയും വേണം.

ഒരു സഹോദരനു മറ്റൊരു സഹോദരനുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഉപകാരം എന്താണ്..? അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കാനുപദേശിക്കുക. പരലോക സ്മരണ ഉണ്ടാക്കുന്ന ഉപദേശം നൽകുക. അല്ലാഹു ﷻ വിലക്കിയ ഒരു കാര്യവും ചെയ്തുപോകരുത് എന്നുപദേശിക്കുക. നന്മ ചെയ്യാൻ പ്രേരിപ്പിക്കുക. തിന്മ വിലക്കുക. ഇതിനേക്കാൾ മെച്ചപ്പെട്ട  ഒരുപദേശമില്ല. ഇതിനേക്കാൾ മെച്ചമായ ഒരു കാര്യം അനുസരിക്കാനില്ല. 

അല്ലാഹുﷻവിന്റെ തൃപ്തി മാത്രം കാംക്ഷിക്കുക. സൽക്കർമ്മങ്ങൾ ചെയ്യുമ്പോൾ മറ്റൊന്നും ലക്ഷ്യമാക്കരുത്. അല്ലാഹുﷻവിന്റെ പ്രീതി ആഗ്രഹിച്ചു സൽകർമ്മങ്ങൾ ചെയ്തവർക്ക്, പരലോകത്ത് അതിന്റെ പ്രതിഫലം പൂർണമായി ലഭിക്കും.

സൽക്കർമ്മങ്ങൾ പ്രവർത്തിക്കുമ്പോൾ അല്ലാഹുﷻവിന്റെ പ്രീതി അല്ലാതെ മറ്റൊന്നും മനസ്സിലുണ്ടാകരുത്. അങ്ങനെ വന്നു പോയാൽ പ്രതിഫലം നഷ്ടപ്പെട്ടുപോകും. ഇതു ഗൗരവത്തോടെ മനസ്സിലാക്കണം.

തന്റെ അടിമകളോട് അതിരറ്റ കാരുണ്യം പ്രകടിപ്പിക്കുന്നവനാണ് അല്ലാഹുﷻ. തന്റെ അടിമകളുടെ സൽക്കർമ്മങ്ങൾക്ക് അവൻ മതിയായ പ്രതിഫലം നൽകും. മനുഷ്യമനസ്സിന്റെ ഉദ്ദേശ്യശുദ്ധി അവൻ നന്നായറിയുന്നു. അല്ലാഹു ﷻ തന്റെ വാഗ്ദാനം നിറവേറ്റുകതന്നെ ചെയ്യും. അവന്റെ വാക്കുകൾക്കു മാറ്റമില്ല.”

കോരിത്തരിപ്പിക്കുന്ന പ്രസംഗത്തിന് ഒരു പ്രാർത്ഥനയോടെ അന്ത്യം. ശ്രോതാക്കളെ വല്ലാതെ ആകർഷിച്ച വാക്കുകൾ. അവർ ആവേശഭരിതരായി. സൽക്കർമ്മങ്ങൾ വർധിപ്പിക്കുമെന്ന് അവർ പ്രതിജ്ഞയെടുക്കുന്നു.
അല്ലാഹുﷻവിന്റെ തൃപ്തിക്കുവേണ്ടി സൽക്കർമ്മങ്ങൾ വർധിപ്പിക്കുക. പരലോക വിജയം കൈവരിക്കുക. അതിനായി പ്രയത്നിക്കുക. അതിനുള്ള ശക്തമായ പ്രേരണ പ്രവാചകന്റെ (ﷺ) പ്രസംഗത്തിൽനിന്നു ലഭിച്ചിരിക്കുന്നു. അല്ലാഹുﷻവിനു സ്തുതി. അൽഹംദുലില്ലാഹ്.


Part : 72

നോമ്പും പെരുന്നാളും 

മസ്ജിദുന്നബവി സ്ഥാപിച്ചപ്പോൾ മസ്ജിദുൽ അഖ്സാ ഖിബ്ലയാക്കിയാണു നിർമിച്ചത്. ജൂതന്മാർക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.

പല കാര്യങ്ങളിലും അവർക്കെതിർപ്പുണ്ടായിരുന്നു. ഇസ്ലാമിന്റെ വളർച്ച അവർ ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും ഖിബ്ലയുടെ കാര്യത്തിൽ സന്തോഷമായി.

മക്കയിലെ കഅ്ബാശരീഫ് ഖിബ്ലയായി കിട്ടിയാൽ കൊള്ളാമെന്നു നബിﷺയുടെ ആഗ്രഹം.

മദീനയിൽ പതിനാറു മാസത്തോളം മസ്ജിദുൽ അഖ്സയിലേക്കു തിരിഞ്ഞുനിന്നാണു നിസ്കരിച്ചത്. ഹിജ്റയുടെ രണ്ടാം വർഷം ഖിബ്ല മാറ്റിക്കൊണ്ടു വഹ് യ് ഇറങ്ങി...

മക്കയിലെ കഅ്ബയ്ക്കു നേരെ തിരിഞ്ഞുനിന്നു നിസ്കരിക്കുക. ഈ കല്പന ജൂതന്മാരെ വല്ലാതെ ചൊടിപ്പിച്ചു. അവരുടെ ശത്രുത വർധിച്ചു.

റമളാനിലെ നോമ്പ് നിർബന്ധമാക്കിയതും ഇതേ വർഷത്തിലാണ്. നബിﷺതങ്ങൾ എല്ലാ മാസത്തിലും മൂന്നു നോമ്പു നോൽക്കുമായിരുന്നു. ഇപ്പോൾ ഒരു മാസത്തെ നോമ്പ് നിർബന്ധമായി.

പണക്കാരനും ദരിദ്രനുമൊക്കെ നോമ്പെടുക്കണം. നോമ്പിനെ നിഷ്ഫലമാക്കുന്ന കാര്യങ്ങൾ സൂക്ഷിക്കണം. വിശപ്പിന്റെ കാഠിന്യമറിയാൻ നോമ്പ് മനുഷ്യനെ സഹായിക്കുന്നു. അന്നപാനീയങ്ങളും ദുഷ്പ്രവൃത്തികളുമില്ലാതെ നോമ്പെടുക്കാൻ മുസ്ലിംകൾ സന്നദ്ധരായി.

ഫിത്വർ സകാത് നിർബന്ധമാക്കിയതും ഈ വർഷം തന്നെയാണ്. നോമ്പിന്റെ പര്യവസാനം കുറിച്ചുകൊണ്ടു പെരുന്നാൾ വരുന്നു. അന്ന് ആരും പട്ടിണി കിടക്കാൻ പാടില്ല. അതിനു വേണ്ടി ആഹാരം ദാനം ചെയ്യണം.

ഓരോ വ്യക്തിക്കുവേണ്ടിയും ഓരോ സ്വാഅ് ധാന്യം ഫിത്വർ സകാതായി നിശ്ചയിക്കപ്പെട്ടു. ഓരോ പ്രദേശത്തും മുഖ്യഭക്ഷണമായി ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമാണു സകാതായി കൊടുക്കേണ്ടത്. ഇതേ വർഷംതന്നെ ധനത്തിന്റെ സകാതു നിർബന്ധമായി.

അറബികൾക്കിടയിൽ വളരെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ് സകാത്. മൃഗങ്ങൾക്കു സകാതുണ്ട്. കാർഷിക വിളകൾക്കും. കച്ചവടച്ചരക്കുകൾക്കും സ്വർണത്തിനും വെള്ളിക്കുമുണ്ട് സകാത്. 

സമ്പന്നന്റെ സ്വത്തിൽ പാവങ്ങൾക്കുള്ള അവകാശമാണ് സകാതെന്നു നബി ﷺ പ്രഖ്യാപിച്ചു. സകാതിന്റെ അവകാശികളെ ഖുർആൻ എണ്ണിപ്പറഞ്ഞിട്ടുണ്ട്. 

സകാതും ഫിത്വർ സകാതും റമളാനിലെ നോമ്പും നിർബന്ധമാക്കപ്പെട്ട അതേവർഷം തന്നെ രണ്ടു പെരുന്നാളുകളും ആഘോഷ ദിവസങ്ങളായി നിശ്ചയിക്കപ്പെട്ടു. ഈദുൽ ഫിത്വർ, ഈദുൽ അള്ഹാ.

റമളാൻ മാസത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഈദുൽ ഫിത്വർ കടന്നുവരുന്നു. എല്ലാവരും അന്നു പുതുവസ്ത്രങ്ങൾ ധരിച്ചു സുഗന്ധദ്രവ്യങ്ങൾ പൂശി വയറുനിറയെ ആഹാരം കഴിച്ച് പെരുന്നാളാഘോഷിക്കുന്നു.

പെരുന്നാൾ നിസ്കാരവും ഖുതുബയും സുന്നത്താക്കി. ദാനധർമങ്ങളും ആരാധനാകർമങ്ങളും കൂടുതൽ ചെയ്യേണ്ട ദിനങ്ങൾ. ആരാധനകൊണ്ട് ആഘോഷം...


Part : 73

വലിയൊരു ത്യാഗത്തിന്റെ സ്മരണയുമായി ഈദുൽ അള്ഹാ കടന്നുവരുന്നു. അല്ലാഹുﷻവിന്റെ വലിയ പരീക്ഷണം. സ്വന്തം പുത്രനെ അറുക്കാൻ കൽപിക്കപ്പെടുക. ആ കൽപനയാണ് ഇബ്റാഹീം നബി(അ)നു സ്വീകരിക്കേണ്ടതായി വന്നത്. പിതാവ് പുത്രനെ അറുക്കാൻ സന്നദ്ധനായി..!

പരീക്ഷണത്തിൽ പിതാവിനു ജയം.

ഒരാടിനെ പകരം നൽകി. അതിനെ ബലിയറുത്തു. അതിന്റെ ഓർമ നിലനിറുത്തുന്ന ഈദുൽ അള്ഹാ. സത്യവിശ്വാസികൾ അന്നു മൃഗങ്ങളെ ബലിയറുക്കുന്നു...

ഇതേ വർഷത്തിലാണ് ആഇശ(റ)യെ നബിﷺയുടെ വീട്ടിലേക്കു കൊണ്ടുവന്നതും അവരുടെ ദാമ്പത്യ ജീവിതം ആരംഭിച്ചതും...

ഈ വർഷം നടന്ന മറ്റൊരു സുപ്രധാന സംഭവം പറയാം. നബി ﷺ തങ്ങളുടെയും ഖദീജ(റ)യുടെയും ഓമന മകളാണു ഫാത്വിമ(റ). മാതാപിതാക്കൾ ഓമനിച്ചു വളർത്തിയ കുട്ടി. ഖദീജ(റ) മരണപ്പെട്ടപ്പോൾ ഫാത്വിമ(റ) വല്ലാതെ ദുഃഖിച്ചു... 

നബി ﷺ തങ്ങളുടെ തനിപ്പകർപ്പ്. നടത്തംവരെ അതുപോലെ. ബുദ്ധിമതിയാണ്. കവിത രചിക്കാനും ചൊല്ലാനുമറിയാം. ഇപ്പോൾ ഫാത്വിമ(റ)ക്കു വയസ്സു പതിനഞ്ച്. ഫാത്വിമാ ബീവിക്കു വിവാഹം നിശ്ചയിച്ചു. ആരാണ് പുതിയാപ്പിള..? അബൂ ത്വാലിബിന്റെ മകൻ അലി(റ). ഇതിൽപരം ഒരു സൗഭാഗ്യം വേറെയുണ്ടോ..?

ലോകാനുഗ്രഹിയായ പ്രവാചകരുടെ (ﷺ) പൊന്നോമന മകളെ ജീവിത പങ്കാളിയാക്കാനുള്ള മഹാഭാഗ്യമാണ് അലി(റ)വിനു കൈവന്നത്.

ചരിത്രത്താളുകളിൽ മിന്നിത്തിളങ്ങിനിൽക്കുന്ന പൊന്നോമന മകളാണു ഫാത്വിമ(റ). ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ ഓമനിച്ചും ലാളിച്ചും വളർത്തിയ കുട്ടി. പറഞ്ഞറിയിക്കാനാവാത്ത വാത്സല്യവും സനേഹവും. അങ്ങനെയുള്ള പെൺകുട്ടിയെ തനിക്കിണയാക്കിത്തരാൻ നിശ്ചയിച്ചിരിക്കുന്നു...

നബിﷺതങ്ങളുടെയും ഖദീജ(റ)യുടെയും സംരക്ഷണത്തിൽ വളർന്ന അലി(റ)വിന് ആ മാതാപിതാക്കൾ ഫാത്വിമ(റ)ക്കു നൽകിയ സ്നേഹവാത്സല്യങ്ങളുടെ അളവു വലുതാണെന്നറിയാം.

അത്രയും വർധിച്ച അളവിൽ ഫാത്വിമ(റ)ക്കു സ്നേഹം നൽകാൻ തന്നെക്കൊണ്ടു കഴിയുമോ..? അലി(റ)വിന് ആശങ്ക തോന്നി. തന്റെ പരുക്കൻ ജീവിതം മണവാട്ടിക്ക് ഇഷ്ടപ്പെടുമോ..? നല്ല ഭക്ഷണം നൽകാൻ തന്നെക്കൊണ്ടാകുമോ..? നല്ല വസ്ത്രം നൽകാനാകുമോ..? നേരത്തിനു ഭക്ഷണം നൽകാൻ തനിക്കാകുമോ..? നല്ലൊരു ഉറക്കറ സമ്മാനിക്കാൻ പോലും തനിക്കു വകയില്ലല്ലോ...?

ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ അലി(റ)നെ അനുഗ്രഹിച്ചു.
കൈവശം യാതൊന്നുമില്ല. അവസ്ഥ റസൂൽ ﷺ തങ്ങൾക്കറിയാം.
ഫാത്വിമക്കറിയാമോ..? അലി(റ)വിന്റെ മനസ്സു നീറിപ്പുകഞ്ഞു. ലളിതമായ രീതിയിൽ ആ വിവാഹം നടന്നു...

പ്രിയപുത്രിയെ ഇണയാക്കി തുണയാക്കി നികാഹു ചെയ്തു കൊടുത്തു. ഫാത്വിമ(റ) അലി(റ)വിന്റെ ജീവിതത്തിലേക്കു കടന്നുവന്നു. കുലീനയായ വിരുന്നുകാരി...

ധീരനും ബുദ്ധിമാനും കവിയും മഹാപണ്ഡിതനുമായ അലി(റ)വിനെ ഭർത്താവായിക്കിട്ടിയതിൽ ഫാത്വിമ(റ) സന്തോഷവതിയായിരുന്നു...

പ്രിയപ്പെട്ടവളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും വേണ്ടി അലി(റ) കവിതകൾ ചൊല്ലും. ചിലപ്പോൾ കളിയാക്കാൻ വേണ്ടിയും. ഭാര്യയും വിട്ടുകൊടുക്കില്ല. അതേ നാണയത്തിൽ തിരിച്ചടിക്കും. പാട്ടിനു പാട്ടുതന്നെ. ആഹ്ലാദവും ആനന്ദവും നിറഞ്ഞ ജീവിതം. ഒപ്പം പരുക്കൻ ജീവിതത്തിന്റെ കടുത്ത പരീക്ഷണങ്ങളും...


Part : 74

ഞാൻ വിറക് ശേഖരിക്കാം

നബിﷺതങ്ങളും ഏതാനും അനുയായികളും കൂടി ഒരു യാത്രയിലാണ്. മരുഭൂമിയിലൂടെ അൽപം ദീർഘമായ യാത്ര. ഒട്ടകപ്പുറത്താണു യാത്ര ചെയ്യുക. ഭക്ഷണത്തിനു വക കയ്യിൽ കരുതണം. ഇന്നത്തെപ്പോലെ ഹോട്ടലുകളൊന്നും അക്കാലത്തില്ല. എവിടെയെങ്കിലും താമസിക്കണമെങ്കിൽ തമ്പു കെട്ടാനുള്ള സാധനങ്ങളും കരുതണം.

യാത്രക്കാർ പുറപ്പെട്ടു. മരുഭൂമിയിലൂടെ ഏറെദൂരം പോയി. പിന്നെ, ഒരിടത്തു വിശ്രമിക്കാനായി യാത്ര നിറുത്തി. എല്ലാവർക്കും നല്ല വിശപ്പ്. എന്തെങ്കിലും കഴിക്കണം. ഭക്ഷണം പാകപ്പെടുത്തണം. അപ്പോൾ നബി ﷺ തങ്ങൾ ഇങ്ങനെ പറഞ്ഞു: “നമുക്ക് ഒരാടിനെ അറുത്തു ഭക്ഷണമുണ്ടാക്കാം...” 

സഹയാത്രക്കാർ പ്രവാചകരുടെ (ﷺ) നിർദേശമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറെടുത്തു.  ഒരാൾ പറഞ്ഞു: “ഞാൻ ആടിനെ അറുക്കാം.”

അതു കേട്ടപ്പോൾ മറ്റൊരാൾ പറഞ്ഞു: “ഞാൻ ആടിനെ തോലു പൊളിക്കാം...”

ഉടനെ മറ്റൊരാൾ പറഞ്ഞു: “ഞാൻ ഇറച്ചി പാകം ചെയ്യാം.”

മൂന്നുപേരുടെയും സംസാരം ശ്രദ്ധിച്ച് നബി ﷺ തങ്ങൾ ഇങ്ങനെ പറഞ്ഞു: “ഞാൻ വിറകു ശേഖരിക്കാം.”

അതു കേട്ടപ്പോൾ അനുയായികൾക്കു വലിയ അതിശയം. പ്രവാചകൻ (ﷺ) വിറകു ശേഖരിക്കുകയോ..? തങ്ങളെപ്പോലെ ജോലി ചെയ്യുകയോ..? നബി ﷺ തങ്ങൾ അതു ചെയ്യാൻ പാടില്ല.

സ്വഹാബികൾ ഏകസ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “അങ്ങ് ഇവിടെ ഇരുന്നാൽ മതി. ഞങ്ങൾ വിറകു ശേഖരിച്ചുകൊള്ളാം. ബുദ്ധിമുട്ടരുത്.”

നബി ﷺ തങ്ങളുടെ മറുപടി ഇതായിരുന്നു: “നിങ്ങളുടെ കൂടെ എന്തെങ്കിലും ചെയ്യാതെ വേർതിരിഞ്ഞിരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല.”

ഈ സംഭവത്തിൽ നിന്നു നാം മഹത്തായൊരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. അനുയായികൾ വേല ചെയ്യുക. നേതാവു സുഖമായിരുന്നു ഭക്ഷണം കഴിക്കുക. പലയിടത്തും കാണാൻ കഴിയുന്ന കാഴ്ചയാണിത്.

നബിﷺതങ്ങൾ അങ്ങനെയുള്ള നേതാവല്ല. അനുയായികളോടൊപ്പം ജോലി ചെയ്യാൻ താൽപര്യം കാണിച്ച നേതാവാണ്. പ്രവാചകൻ (ﷺ) മാതൃകാപുരുഷനാണ്. എല്ലാവർക്കും മാതൃകയാണ്. നേതാക്കൾക്കു പ്രത്യേകിച്ചും.

മരുഭൂമിയിലെ യാത്രക്കിടയിൽ ഒരാടിനെ അറുത്തു ഭക്ഷണമുണ്ടാക്കുന്നത് ഒരു നിസ്സാര കാര്യം. അക്കാര്യത്തിൽ പോലും നബി ﷺ തങ്ങൾ അനുയായികളോടൊപ്പം ജോലി പങ്കിടാൻ സന്നദ്ധനായി.

വളരെ ക്ഷമയോടുകൂടി ജോലി ചെയ്യുന്ന നേതാവായിരുന്നു നബി ﷺ തങ്ങൾ.

പ്രമുഖ സ്വഹാബിവര്യനായ അനസ്(റ) പറഞ്ഞ വാക്കുകൾ വളരെ പ്രസിദ്ധമാണ്. ആ സ്വഹാബിവര്യൻ പത്തു വർഷത്തോളം നബി ﷺ തങ്ങളുടെ പരിചാരകനായിരുന്നു. അത്രയും കാലത്തെ അനുഭവങ്ങൾ വച്ചുകൊണ്ടാണ് അനസ് (റ) സംസാരിക്കുന്നത്. സുഖവും ദുഃഖവും മാറിമാറി വന്നിരുന്നു. ഉൽകണ്ഠയും പ്രതീക്ഷയും ഭീതിയും പ്രത്യാശയും മാറി മാറി വന്ന കാലമായിരുന്നു.

ഏതൊരു മനുഷ്യന്റെ പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ വരാം. എന്നാൽ നബി ﷺ തങ്ങളുടെ പെരുമാറ്റം ഏതു സാഹചര്യത്തിലും മാതൃകാപരമായിരുന്നു. 

അനസ് (റ) പറയുന്നു: “ഞാൻ പത്തു കൊല്ലക്കാലം നബി ﷺ തങ്ങൾക്കു ശുശ്രൂഷകൾ ചെയ്തു. ഇക്കാലത്തിനിടയിൽ നബി ﷺ തങ്ങൾ എന്നോടു 'ഛെ' എന്നു പറഞ്ഞിട്ടില്ല. ദേഷ്യം പിടിക്കുകയോ മുഖം ചുളിച്ചു സംസാരിക്കുകയോ ചെയ്തിട്ടില്ല.”

നോക്കൂ, സദ്സ്വഭാവത്തിന്റെ ഏറ്റവും നല്ല മാതൃക. പ്രവാചകനിൽ (ﷺ) നിന്നു കണ്ടുപഠിക്കുക. നീ എന്തിനതു ചെയ്തു എന്നു ചോദിച്ചില്ല. എന്തുകൊണ്ടതു ചെയ്തില്ല എന്നും ചോദിച്ചില്ല.

പ്രവാചകരോട് (ﷺ) ആരെങ്കിലും കോപിക്കുകയോ പരുഷമായി പെരുമാറുകയോ ചെയ്താൽ അതു ക്ഷമിക്കും. മറ്റുള്ളവരോടു കോപിക്കുകയോ പരുഷമായി പെരുമാറുകയോ ചെയ്യുകയുമില്ല.


Part : 75

ചില തന്ത്രങ്ങൾ 

ഇസ്ലാം വാളുകൊണ്ടു പ്രചരിപ്പിക്കപ്പെട്ടു എന്നു ചിലർ പറയാറുണ്ട്. ചരിത്രം വേണ്ടതുപോലെ പഠിക്കാത്തവരാണ് അങ്ങനെ പറയുക...

നബിﷺതങ്ങളും അനുയായികളും മദീനയിൽ എത്തുന്നതുവരെയുള്ള ചരിത്രം നിങ്ങൾ മനസ്സിലാക്കിയല്ലോ..?

പിറന്ന നാടിനോടു യാത്ര പറയേണ്ടതായി വന്നു. എന്തുമാത്രം മർദ്ദനം സഹിച്ചു. അവർ സഹിക്കുക മാത്രമേ ചെയ്തുള്ളൂ. തിരിച്ചൊന്നും ചെയ്തില്ല. മർദനത്തിനിടയിൽ എത്ര പേർ കൊല്ലപ്പെട്ടു. മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഒരു പ്രതികാര നടപടിയും ഉണ്ടായില്ല.

മർദ്ദനം സഹിക്കവയ്യാതായപ്പോൾ ചിലർ നബി ﷺ തങ്ങളോടു സങ്കടം പറഞ്ഞു: "അല്ലാഹുﷻവിന്റെ റസൂലേ, ഈ മർദനം സഹിക്കാൻ കഴിയുന്നില്ല...”

അവരോടു പ്രവാചകൻ ﷺ എന്താണു മറുപടി പറഞ്ഞത്..? “പൂർവകാല പ്രവാചകന്മാരും അവരുടെ അനുയായികളും ഇതിനേക്കാൾ വലിയ പരീക്ഷണങ്ങൾ നേരിട്ടിട്ടുണ്ട്...”

വീണ്ടും ക്ഷമിക്കാനാണ് ഉപദേശിച്ചത്. ക്ഷമാശീലർക്കാണു സ്വർഗം. സഹിക്കുക, സഹനത്തെ പ്രോത്സാഹിപ്പിക്കുക തിരിച്ചടിക്കാൻ പറഞ്ഞില്ല. നാട്ടിൽ താമസിക്കാനാവാത്ത അവസ്ഥ വന്നപ്പോൾ അന്യ നാട്ടിലേക്കു പോകാൻ പറഞ്ഞു...

ബഹിഷ്കരണം നടത്തിയപ്പോൾ ക്ഷമാപൂർവം മലഞ്ചെരുവിലേക്കു പോയി. മൂന്നു വർഷക്കാലം അവിടെ കിടന്നു സഹിച്ചു. ആഹാരവും പാനീയവുമില്ലാത്ത, ദുരിതം നിറഞ്ഞ മൂന്നുവർഷങ്ങൾ.

ഇതിനിടയിൽ ഇസ്ലാം പ്രചരിച്ചുകൊണ്ടിരുന്നു. എങ്ങനെ പ്രചരിച്ചു..? ശാന്തതകൊണ്ട് പ്രചരിച്ചു. സഹനംകൊണ്ടും ക്ഷമകൊണ്ടും
പ്രചരിച്ചു; വാളുകൊണ്ടല്ല...

പ്രിയപ്പെട്ട മക്കാപട്ടണത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു സ്വഹാബികൾ. സ്വഹാബികളുടെ ഭാര്യമാരെ ഖുറയ്ശികൾ തടഞ്ഞുവച്ചു. മക്കളെ തടഞ്ഞുവച്ചു. ക്രൂരമായി മർദിച്ചു. അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. അപ്പോഴും ക്ഷമിച്ചു, സഹിച്ചു...

മദീനയിലെത്തിയ മുസ്ലിംകളെ ഖുറയ്ശികൾ വെറുതെ വിടാൻ തയ്യാറില്ല. ഇസ്ലാംമതം സ്വീകരിക്കാത്ത ഗോത്രങ്ങളുമായി സന്ധിയിലേർപ്പെടാനും മുസ്ലിംകളെ തകർക്കാനുമായിരുന്നു ഖുറയ്ശികളുടെ ശ്രമം. ഇസ്ലാമിന്റെ നിലനിൽപിനു തന്നെ ഇത് ഭീഷണിയായി... 

മദീനയിലെ ജൂതന്മാരുമായി സന്ധിയുണ്ടാക്കാനും അവരുടെ
സഹായത്തോടെ ഇസ്ലാമിനെ തകർക്കാനും ഖുറയ്ശികൾ ശ്രമിച്ചു. മദീനയിലെ മുസ്ലിംകളുടെ നിലനിൽപുതന്നെ അപകടത്തിലായി...

മദീനയിൽ കുറേ മുനാഫിഖുകൾ (കപടവിശ്വാസികൾ) ഉണ്ടായിരുന്നു. നബി ﷺ തങ്ങളുടെ സമീപത്ത് എത്തുമ്പോൾ തങ്ങൾ മുസ്ലിംകളാണെന്നു പറയും. ശത്രുക്കളുടെ സമീപത്തു ചെല്ലുമ്പോൾ അവരുടെ കൂടെയാണെന്നു പറയും.

അവർക്കു വിശ്വാസമില്ല. തക്കം കിട്ടിയാൽ അവർ പ്രവാചകനെ (ﷺ) വഞ്ചിക്കും. ഇത്തരം കപടവിശ്വാസികളെ കൂട്ടുപിടിക്കാൻ ഖുറയ്ശികൾ ശ്രമിച്ചു...


Part : 76

കപട വിശ്വാസികളുടെ നേതാവായിരുന്നു അബ്ദുല്ലാ ഹിബ്നു ഉബയ്യ്. മദീനയിൽ വളരെ സ്വാധീനമുള്ള നേതാവാണ്. മദീനക്കാർ അയാളെ രാജാവാക്കണമെന്നുവരെ തീരുമാനിച്ചതാണ്. അപ്പോഴാണു പ്രവാചകന്റെ (ﷺ) ആഗമനം. രാജാവാക്കാമെന്നു പറഞ്ഞ പലരും ഇസ്ലാംമതം സ്വീകരിച്ചു. രാജാവാകാൻ കൊതിച്ച അയാൾക്ക് എല്ലാ പ്രതീക്ഷകളും തകർന്നു.

പ്രതികാരത്തിനു ദാഹിച്ച് നടക്കുകയാണയാൾ. ഖുറയ്ശികളെ കൂട്ടുപിടിച്ചു പ്രവാചകനെ (ﷺ) എതിർക്കണമെന്ന ലക്ഷ്യമാണു മനസ്സിൽ. എന്നാൽ പ്രത്യക്ഷത്തിൽ മുസ്ലിമും... 

മൂന്നുതരം വിപത്തുകളെ പ്രവാചകൻ ﷺ നേരിടുന്നു.

- ഇസ്ലാമിനോടു ശ്രതുതയുള്ള ഗോത്രങ്ങൾ.
- ജൂതന്മാർ.
- കപട വിശ്വാസികൾ.

ഈ മൂന്നു കൂട്ടരുടെയും സഹകരണത്തോടെ പ്രവാചകനെ (ﷺ) നശിപ്പിക്കണമെന്നു ഖുറയ്ശികൾ തീരുമാനിച്ചു. ഇനിയൊന്നു ചോദിക്കട്ടെ... 

ഈ സാഹചര്യത്തിൽ പ്രവാചകൻ ﷺ എന്തു നിലപാടു സ്വീകരിക്കണം..? ബുദ്ധി ഉപയോഗിച്ചു ചിന്തിക്കണം. യുദ്ധത്തിനു മുതിർന്നില്ല. പ്രതികാരത്തെക്കുറിച്ചു ചിന്തിച്ചില്ല. അപ്പോഴും സഹനം, ക്ഷമ.
പ്രവാചകന്റെ (ﷺ) തീരുമാനം അതായിരുന്നു... 

ഖുറയ്ശികളുമായി സന്ധിയുണ്ടാക്കുക. പ്രവാചകൻ (ﷺ) പറഞ്ഞതുകൊണ്ടു സന്ധിയുണ്ടാവില്ല. ഖുറയ്ശികൾകൂടി തീരുമാനിക്കണം. പ്രവാചകനെയും (ﷺ) അനുയായികളെയും നശിപ്പിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമേ ഖുറയ്ശികളുടെ മനസ്സിലുള്ളൂ. മുസ്ലിംകളുമായി ഒരു സന്ധിക്കും അവർ തയ്യാറല്ല...

ഇനിയെന്തു ചെയ്യും..? സന്ധിക്കു ഖുറയ്ശികളെ പ്രേരിപ്പിക്കണം. മുസ്ലിംകൾ ഒരു ശക്തിയാണെന്നു ഖുറയ്ശികൾക്കു തോന്നണം. അപ്പോൾ സന്ധിയെക്കുറിച്ചു ചിന്തിച്ചേക്കും...

ഉഷ്ണകാലത്തു ഖുറയ്ശികൾ സിറിയയിലേക്കു കച്ചവട യാത്ര നടത്തും. തണുപ്പുകാലത്തു യമനിലേക്കും. സിറിയയിലേക്കുള്ള യാത്രയുടെ പാത മദീനയുടെ അടുത്തു കൂടിയാണ്. സിറിയയിലേക്കുള്ള കച്ചവടസംഘത്തെ ആക്രമിക്കുക. അപ്പോൾ അവർ സന്ധിക്കു നിർബന്ധിതരാകും. ഇതല്ലാതെ സന്ധിക്കു പ്രേരിപ്പിക്കാൻ മറ്റൊരു മാർഗമില്ല.

തങ്ങളുടെ കച്ചവട സംഘത്തെ ആക്രമിക്കാൻ മാത്രം മുസ്ലിംകൾ വളർന്നിരിക്കുന്നു എന്നു ഖുറയ്ശികൾ മനസ്സിലാക്കും. അപ്പോൾ അവർ സന്ധിക്കു തയ്യാറാകും.

ഇതാണു പ്രതീക്ഷ. മുസ്ലിംകളുടെ സ്വത്തു മുഴുവൻ മക്കയിൽ തടഞ്ഞു വച്ചിരിക്കുകയാണ്. അവ തിരിച്ചുകിട്ടാൻ മാർഗമില്ല. ഖുറയ്ശികളുമായി സന്ധിയായാൽ അതിനെപ്പറ്റി സംസാരിക്കാനെങ്കിലും സാധ്യത തെളിയും. 

മുസ്ലിംകൾ മദീനയിൽ ശക്തി പ്രാപിക്കുക. മുസ്ലിംകളെ തകർക്കാൻ വേണ്ടി ഖുറയ്ശികൾ ശക്തി സംഭരിക്കുക. എങ്ങനെ..? സിറിയയിൽ ചെന്നു കച്ചവടം നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കാനും യുദ്ധ ആവശ്യങ്ങൾക്ക് ഈ നേട്ടം ഉപയോഗപ്പെടുത്താനുമാണു ഖുറയ്ശികളുടെ നീക്കം. ഇതു കാണാതിരുന്നാലും ആപത്തല്ലേ..?

ഏതു സമയത്തും ഖുറയ്ശികളുടെ ആക്രമണമുണ്ടാകാം. അതു രാത്രിയുടെ ഏതെങ്കിലുമൊരു യാമത്തിലാകാം. മുസ്ലിംകൾക്കു പേടിയില്ലാതെ ഉറങ്ങാൻ തന്നെ കഴിഞ്ഞിരുന്നില്ല. ചിലർ ആയുധവുമായി മറ്റുള്ളവർക്കു കാവലിരിക്കും. അവർക്ക് ഉറങ്ങണമെന്നു തോന്നുമ്പോൾ വേറെ ചിലർ കാവലിരിക്കും...

റസൂലുല്ലാഹി ﷺ തങ്ങൾക്കും കാവലേർപ്പെടുത്തിയിരുന്നു. നബിﷺയുടെ സുരക്ഷ അല്ലാഹു ﷻ ഏറ്റെടുത്തതായി ഖുർആൻ ആയത്ത് ഇറങ്ങിയപ്പോഴാണു സുരക്ഷാ സൈനികരെ പിൻവലിച്ചത്...

ബയ്തുൽ മുഖദ്ദസിൽ നിന്നു കഅ്ബയിലേക്കു ഖിബ് ല മാറ്റിയതോടെ ജൂതന്മാർ ഇസ്ലാമിനെ വളരെ നിന്ദിച്ചു സംസാരിക്കാൻ തുടങ്ങി. ഖുറയ്ശികളാകട്ടെ, ഈ തക്കം ഉപയോഗപ്പെടുത്താൻ മിടുക്കന്മാരുമാണ്.

സിറിയയിലേക്കു പോകുന്ന ഖുറയ്ശികളുടെ സംഘത്തെ തടയാൻ പ്രവാചകൻ ﷺ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്...


Part : 77

പ്രതിരോധ തന്ത്രങ്ങൾ

മക്കയിൽ നിന്ന് ഒരു കച്ചവടസംഘം ശാമിലേക്കു പോയിട്ടുണ്ടെന്നു പ്രവാചകനു (ﷺ) വിവരം കിട്ടി. അതിന്റെ വലിപ്പമൊന്നും അറിയില്ല. അവർ ശാമിൽനിന്നു മടങ്ങിവരുമ്പോൾ നേരിടണം. വെറുതെ ഒന്നു പേടിപ്പിക്കുക, ഒരു തന്ത്രം...

ഖുറയ്ശികൾക്കു സ്വതന്ത്രമായി കച്ചവടയാത്ര നടത്താം. മുസ്ലിംകൾക്കു സ്വതന്ത്രമായി മതപ്രചരണവും നടത്താം. ഇങ്ങനെ ഒരു സന്ധിയാണു വേണ്ടത്...

മുപ്പതു മുഹാജിറുകളെ അയയ്ക്കാൻ തീരുമാനിച്ചു. അവരുടെ നേതാവായി ഹംസ(റ)വിനെയും നിയോഗിച്ചു.

ഖുറയ്ശി സംഘത്തിൽ മുന്നൂറോളം ഒട്ടകങ്ങളുണ്ടായിരുന്നു. സംഘത്തിന്റെ നേതൃത്വം അബൂജഹലിനായിരുന്നു. 

കച്ചവടസംഘം അടുത്തെത്തി. അവർ വെളുത്ത കൊടികണ്ടു. അബൂ മർസദ്(റ) ആയിരുന്നു കൊടി പിടിച്ചത്. മുസ്ലിംസംഘം കച്ചവട സംഘത്തെ തടഞ്ഞു...

കടൽക്കരയിലുള്ള ഒരു പ്രദേശത്തുവച്ചാണ് ഇരു സംഘങ്ങളും കണ്ടുമുട്ടിയത്. ഐസ് എന്നാണു പ്രദേശത്തിന്റെ പേര്.
ഇരുകൂട്ടരും ഏറ്റുമുട്ടലിന്റെ വക്കത്തെത്തി.

ഇരുകൂട്ടർക്കും സുപരിചിതനായ ഒരാൾ ഇടപെട്ടു. മജ്ദിയ്യ് ബ്നു അംറുൽ ജുഹനിയ്യ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം സംഘർഷം ഒഴിവാക്കി വിട്ടു. ഹംസ(റ)വും സംഘവും മടങ്ങിപ്പോന്നു.

ഒരു സംഘർഷം ഒഴിവായിക്കിട്ടിയതിൽ നബിﷺതങ്ങൾ സന്തോഷിച്ചു. ഒരു മുന്നറിയിപ്പു നൽകുക. അതാണല്ലോ ഉദ്ദേശ്യം. ഹിജ്റയുടെ ഏഴാം മാസത്തിലാണ് ഇതു നടന്നത്...

ഇതേ കൊല്ലംതന്നെ ഇതുപോലെ മറ്റൊരു സംഭവംകൂടി നടന്നു. അതു ശവ്വാൽ മാസത്തിലായിരുന്നു. ഇതും ഒരു മുന്നറിയിപ്പിനു വേണ്ടിത്തന്നെ.

സമുദ്രതീരത്തുള്ള ഒരു പ്രദേശമാണ് റാബഗ്. അവിടേക്കാണു മുസ്ലിംകൾ നീങ്ങിയത്. അമ്പത് മുഹാജിറുകൾ, വെള്ളക്കൊടി പിടിച്ചത് മിസ്തഹ് ബ്നു ഉസാസത്ത്(റ) ആയിരുന്നു. മുസ്ലിംകൾ റാബഗിൽ എത്തി...

അബൂസുഫയാന്റെ ഇരുനൂറോളം ഒട്ടകങ്ങൾ ചരക്കു ചുമക്കുന്നു. ഇരു സംഘങ്ങളും അകലെ നിന്നു പരസ്പരം അമ്പെയ്ത്ത് നടത്തി. അബൂസുഫ്യാൻ തന്റെ സംഘത്തെയുംകൊണ്ട് ഓടിമറയുകയാണു ചെയ്തത്. 

മുസ്ലിംകൾ അവരെ പിന്തുടർന്നില്ല. മുസ്ലിംകൾ കൂടുതൽ ശക്തരാണെന്ന ധാരണ ഖുറയ്ശികൾക്കുണ്ടായി. അതുകൊണ്ടു മുസ്ലിംകൾക്കെതിരെ കൂടുതൽ ശക്തമായ നിലപാടു സ്വീകരിക്കണമെന്ന് അവർ തീരുമാനിച്ചു. സന്ധിയെക്കുറിച്ചുള്ള ചിന്തതന്നെ അവർക്കില്ല. 

ഇസ്ലാമിക ചരിത്രത്തിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും ക്ഷമയുടെയും അനേകം രംഗങ്ങൾ കാണാം. അബവാഅ് എന്ന സ്ഥലം കൂട്ടുകാർ മറന്നില്ലല്ലോ..? അവിടെ നിന്ന് ആറു മൈൽ അകലെയുള്ള ഒരു പ്രദേശമാണ് വദ്ദാൻ...

ഹിജ്റയുടെ രണ്ടാം വർഷം സഫർ പ്രന്തണ്ടിനു നബിﷺതങ്ങളും അറുപതു മുഹാജിറുകളുംകൂടി റദ്ദാനിലേക്കു പുറപ്പെട്ടു. ഖുറയ്ശികളുടെ ഒരു കച്ചവട സംഘത്തെ ലക്ഷ്യം വെച്ചാണു പുറപ്പെട്ടത്...

നബിﷺതങ്ങളും സ്വഹാബത്തും അവിടെ എത്തുന്നതിനുമുമ്പായി ഖുറയ്ശികളുടെ കച്ചവടസംഘം കടന്നുപോയിരുന്നു. ഈ യാത്രകൊണ്ടു മറ്റൊരു നേട്ടമുണ്ടായി. ബനൂസംറത്ത് ഗോത്രക്കാരുമായി സംസാരിക്കാനും ഒരു സന്ധിയിൽ എത്തിച്ചേരാനും കഴിഞ്ഞു...


Part : 78

ബനൂ സംറത്ത് ഗോത്രത്തലവൻ മഖ്ശിയ്യുബ്നു അംറ് ആയിരുന്നു.
ഇരുകൂട്ടരും പല കാര്യങ്ങളും സംസാരിച്ചു. സഹകരണത്തോടെ പ്രവർത്തിക്കാമെന്നു സമ്മതിച്ചു.

മുസ്ലിംകൾ ബനൂസംറത്തിനെ ആക്രമിക്കുകയില്ല. ബനൂ സംറത്ത് മുസ്ലിംകളെ ആക്രമിക്കുകയില്ല.

മുസ്ലിംകളുടെ ശത്രുക്കളെ ബനീസംറത്ത് സഹായിക്കുകയില്ല. ബനൂ സംറത്തിന്റെ ശ്രതുക്കളെ മുസ്ലിംകളും സഹായിക്കുകയില്ല. ഇതാണു വ്യവസ്ഥ... 

ഇതെല്ലാം കഴിഞ്ഞു മദീനയിൽ തിരിച്ചെത്തുമ്പോൾ പതിനഞ്ചു ദിവസം കഴിഞ്ഞു. ഈ ദിവസങ്ങളിൽ മദീനയിലെ കാര്യങ്ങൾ നോക്കിയിരുന്നത് സഅ്ദ് ബ്നു ഉബാദ്(റ) ആയിരുന്നു.

അതേ വർഷം റബീഉൽ അവ്വൽ മാസത്തിൽ മറ്റൊരു സംഭവം കൂടി നടന്നു. രണ്ടായിരത്തി അഞ്ഞൂറ് ഒട്ടകങ്ങളുമായി ഖുറയ്ശികളുടെ
വൻസംഘം വരികയാണ്. നൂറു യോദ്ധാക്കൾ അകമ്പടിക്കാരായുണ്ട്. 

നബിﷺതങ്ങളും ഇരുനൂറ് മുഹാജിറുകളും കൂടി ബുവാത്തിലേക്കു യാത്ര ചെയ്തു. ഒരു മലയുടെ പേരാണ് ബുവാത്ത്. മുസ്ലിംസംഘം എത്തുന്നതിനു മുമ്പു ഖുറയ്ശികൾ സ്ഥലം വിട്ടിരുന്നു. മുസ്ലിംകൾ മദീനയിലേക്കു മടങ്ങി.

ഇത്രയൊക്കെയായിട്ടും മുസ്ലിംകളുമായി ഏതെങ്കിലും രീതിയിൽ സഹകരിക്കാനുള്ള ഒരു നീക്കവും ഖുറയ്ശികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇനിയെന്ത്..? അടുത്ത നിലപാട് എന്തായിരിക്കണമെന്നതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. ജമാദുൽ ഊലാ മാസത്തിലാണു സംഭവം.

മക്കയിലെ എല്ലാ സ്ത്രീകളും പുരുഷന്മാരും ഷെയർ എടുത്തിട്ടുള്ള വൻ കച്ചവടസംഘം വരുന്നു. മക്കയിൽ നിന്നു പുറപ്പെട്ടിട്ടു കുറച്ചു നാളുകളായി. ഈ കച്ചവടം വൻലാഭം നേടും. അമ്പതിനായിരം ദീനാർ
അവരുടെ കയ്യിലുണ്ട്.

ഇത്തവണത്തെ ലാഭം മുഴുവൻ യുദ്ധഫണ്ടിലേക്കാണ്. ഒരു യുദ്ധം നടത്തി മുസ്ലിംകളെ ഇല്ലാതാക്കുക. ഇടയ്ക്കിടെ തങ്ങളെ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലിംകളെ തങ്ങളുടെ മാർഗത്തിൽ നിന്നും തുടച്ചുനീക്കുക. അതാണു ഖുറയ്ശികളുടെ പരിപാടി. അബൂസുഫ്യാൻ സംഘത്തെ നയിക്കുന്നു. സായുധരായ യോദ്ധാക്കൾ അകമ്പടിയായുണ്ട്...

എല്ലാ വീട്ടുകാർക്കും ഈ കച്ചവടസംഘത്തിന്റെ കാര്യത്തിൽ
ഉൽക്കണ്ഠയുണ്ട്. കാരണം എല്ലാവരുടെയും ധനം ഇതിലുണ്ട്. അബൂസുഫ്യാൻ ബുദ്ധിമാനാണ്.

മുസ്ലിംകളുടെ ഭാഗത്തു നിന്ന് ഇട പെടലുണ്ടാകാമെന്നറിയാം. അതീവ ജാഗ്രതയോടെയാണു യാത്ര.

ഈ സംഘത്തെ തടയാനായി നബി ﷺ തങ്ങൾ നൂറ്റമ്പത് സ്വഹാബികളുമായി പുറപ്പെട്ടു. അവർ ഉശയ്റ എന്ന സ്ഥലത്തെത്തി. അബൂസുഫ്യാനും സംഘവും ശാമിലേക്കു പോയിക്കഴിഞ്ഞുവെന്നാണ് അവർ അറിയുന്നത്. ശാമിൽനിന്നു മടങ്ങിവരുമ്പോൾ തടയാം. ആ തീരുമാനത്തിൽ അവർ മടങ്ങി.

ബനൂ മുദ്ലിജ് ഗോത്രക്കാരുമായി ഒരു കരാറുണ്ടാക്കാൻ ഈ യാത്രയിൽ അവസരം കിട്ടി. കച്ചവടസംഘം കടന്നുപോകുന്ന മാർഗത്തിൽ താമസിക്കുന്ന ഗോത്രക്കാരുമായി കരാറുണ്ടാക്കണം. അതു നിലനിൽപിന്റെ പ്രശ്നമായിരുന്നു...

അബൂസുഫ്യാനും സംഘവും ശാമിലെത്തി. ധാരാളം സാധനങ്ങൾ വാങ്ങിക്കൂട്ടി. മടക്കയാത്രയ്ക്ക് സമയമായി. ഓർക്കുക..! ഈ കച്ചവടസംഘമാണു ബദർ യുദ്ധത്തിന്റെ കാരണക്കാർ...


Part : 79

കത്തിലെ രഹസ്യം 

ഉശയ്റൽ നിന്നു നബിﷺതങ്ങളും സ്വഹാബത്തും മദീനയിൽ മടങ്ങിയെത്തി. ശാമിൽനിന്ന് അബൂസുഫ്യാൻ മടങ്ങി വരുമ്പോൾ നേരിടണം എന്ന തീരുമാനത്തിലാണ്.

ഇതിനിടയിൽ മറ്റൊരു സംഭവം നടന്നു. മുസ്ലിംകളെ പ്രകോപിപ്പിക്കാൻ വേണ്ടിയാണതു നടത്തിയത്...

ഖുർസുബ് ജാബിറിൽ ഹിഫ് രി. ഇസ്ലാമിന്റെ ഒരു ശത്രുവിന്റെ പേരാണത്. ഖുറയ്ശികളുമായി സഖ്യത്തിൽ ഏർപ്പെട്ടിട്ടുള്ള ആളാണ്. അയാൾ മദീനയുടെ താഴ്ഭാഗങ്ങളിൽ വന്നു. മദീനക്കാരുടെ ധാരാളം ഒട്ടകങ്ങളെയും ആടുമാടുകളെയും കൊള്ളയടിച്ചു കടന്നുകളഞ്ഞു.
മദീനക്കാരെ രോഷം കൊള്ളിച്ച സംഭവം.

നബിﷺതങ്ങൾ തന്നെ ആ ദ്രോഹിയെ നേരിടാൻ ഇറങ്ങി. മദീനയുടെ ഭരണകാര്യങ്ങൾ നോക്കാൻ സയ്ദ് ബ്നു ഹാരിസ്(റ)വിനെ നിയോഗിച്ചിട്ടാണു പ്രവാചകനും (ﷺ) അനുയായികളും പുറപ്പെട്ടത്. 

ബദ്റിനു സമീപമുള്ള ഒരു പ്രദേശമാണു സഫ് വാൻ. സഫ് വാൻ താഴ് വര വരെ മുസ്ലിംകൾ ചെന്നെങ്കിലും ഖുർസിബിനെയോ കൊള്ളയടിക്കപ്പെട്ട മൃഗങ്ങളെയോ കണ്ടത്താനായില്ല. അവർ മദീനയിലേക്കുതന്നെ മടങ്ങി.

ബദ്റിനു സമീപംവരെ ചെന്നതുകൊണ്ടാവാം. ചരിത്രകാരന്മാർ ഈ സംഭവത്തെ ഒന്നാം ബദ്ർ എന്നു വിളിക്കുന്നു. 

ഇനി സുപ്രധാനമായ മറ്റൊരു സംഭവം പറയാം. അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വിനോടു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: 

“താങ്കളെ ഞാനൊരു ദൗത്യം ഏൽപിക്കുന്നു. താങ്കൾ ഒരു സംഘത്തിന്റെ നേതാവാണ്. താങ്കളും സംഘവും രണ്ടു ദിവസം തുടർച്ചയായി സഞ്ചരിക്കണം. അതിനുശേഷം ഈ കത്തു പൊട്ടിച്ചു വായിക്കണം. എന്നിട്ട് കത്തിൽ പറഞ്ഞതുപോലെ പ്രവർത്തിക്കണം.”

അത്ഭുതകരമായ നിർദേശം. ഈ സംഘം എങ്ങോട്ടു പോകുന്നു എന്നു മദീനയിലെ ജൂതന്മാരോ മുനാഫിഖുകളോ അറിയരുത്. സംഘത്തിലുള്ളവർക്കുതന്നെയും അറിയരുത്. കത്ത് സംഘം നേതാവിന്റെ കയ്യിൽ കൊടുത്തു. 

“ഏതു ഭാഗത്തേക്കാണു റസൂലേ ഞങ്ങൾ യാത്ര ചെയ്യേണ്ടത്..?” സംഘത്തലവൻ ചോദിച്ചു.

“റകിയ്യയുടെ ഭാഗത്തേക്കു നീങ്ങുക. എന്നിട്ടു നജ്ദിയ്യയിലേക്കു പ്രവേശിക്കുക” നബി ﷺ പറഞ്ഞു.

നബി ﷺ നിർദേശിച്ച മലമ്പാതയിലൂടെ അവർ സഞ്ചരിച്ചു. രണ്ടു ദിവസത്തെ യാത്രക്കുശേഷം അവർ കത്തു തുറന്നു വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.

“എഴുത്തു വായിച്ചുകഴിഞ്ഞാൽ മക്കയ്ക്കും ത്വാഇഫിനും ഇടക്കുള്ള നഖ്ലവരെ പോകുക. അവിടെനിന്നു ഖുറയ്ശികളുടെ നീക്കങ്ങൾ നിരീക്ഷിക്കുക. നമുക്കു റിപ്പോർട്ട് എത്തിക്കുക.”

കത്തിലെ നിർദേശം വളരെ വ്യക്തമാണ്. ഖുറയ്ശികളുടെ നീക്കം നിരീക്ഷിച്ചു റിപ്പോർട്ടു ചെയ്യുക. അതു മാത്രമാണ് അവരുടെ ദൗത്യം. കൂടെ വരാൻ ആരെയും നിർബന്ധിക്കരുതെന്നും എഴുതിയിട്ടുണ്ടായിരുന്നു.

അബ്ദുല്ലാഹിബ്നു ജഹ്ശും സംഘവും നഖ്ലയിലെത്തി. ഖുറയ്ശി സംഘങ്ങൾ വരുന്നുണ്ടോയെന്നു നിരീക്ഷണം നടത്തി. ഒരു ചെറിയ വ്യാപാരസംഘം അതുവഴി വരുന്നുണ്ടായിരുന്നു...

അംറ് ബ്നു ഹള്റമിയാണു നേതാവ്. ഇരുകൂട്ടരും പരസ്പരംകണ്ടു. അവർ വികാരഭരിതരായി. മക്കയിൽ വച്ചു മുസ്ലിംകളെ ക്രൂരമായി മർദിച്ചവർ അക്കൂട്ടത്തിലുണ്ട്. തങ്ങളുടെ ഭാര്യമാരെയും സന്താനങ്ങളെയും തടഞ്ഞുവച്ചവർ, തങ്ങളുടെ സ്വത്തു സ്വന്തമാക്കിയവർ.

അബ്ദുല്ലാഹിബ്നു ജഹ്ശും കൂട്ടരും വല്ലാതെ അസ്വസ്ഥരായി. ആക്രമണത്തിന്റെ വക്കിലാണ് ഇരുകൂട്ടരും. പെട്ടെന്ന് ആരോ ഒരാൾ അമ്പെയ്തു. അത് അംറ് ബ്നു ഹള്റമിയെ താഴെ വീഴ്ത്തി. അൽപം കഴിഞ്ഞ് അയാൾ അന്ത്യശ്വാസം വലിച്ചു..!

ഖുറയ്ശികളിൽ രണ്ടുപേരെ തടവുകാരാക്കി. ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു. കുറച്ചു ചരക്കും കൈവശമാക്കി. തുകലും മദ്യവും മുന്തിരിയും മറ്റുമായിരുന്നു ചരക്കുകൾ. കുറച്ച് ഒട്ടകങ്ങളുണ്ട്...

ചരക്കും തടവുകാരുമായി മുസ്ലിംസംഘം മദീനയിലെത്തി. അവർ പ്രവാചകനോടു (ﷺ) വിവരം പറഞ്ഞു.

പ്രവാചകൻ ﷺ അസന്തുഷ്ടി പ്രകടിപ്പിച്ചു. കൽപിക്കാത്ത കാര്യം ചെയ്തിരിക്കുന്നു. യുദ്ധം നിഷിദ്ധമായ മാസമായിരുന്നു അത് എന്നും അഭിപ്രായമുണ്ട്.

“ഇതൊന്നും ചെയ്യാൻ ഞാൻ നിങ്ങൾക്ക് അനുവാദം തന്നിട്ടില്ല.” പ്രവാചകൻ ﷺ ഗൗരവത്തോടെ പറഞ്ഞു...


Part : 80

കൽപിക്കാത്ത കാര്യം ചെയ്തതുപോയതിൽ സംഘത്തിനു വലിയ സങ്കടം തോന്നി. പ്രവാചകൻ ﷺ കൽപിച്ചതിനപ്പുറം ചെയ്തു പോയല്ലോ... 

മക്കയിലെ കൊടുംക്രൂരതകളുടെ പഴയ ഓർമ മനസ്സിൽ തെളിഞ്ഞുവന്നതാണ് ഇതിനൊക്കെ കാരണം.

അല്ലാഹുﷻവിന്റെ തീരുമാനംവരെ നബി ﷺ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. വഹ് യ് വന്നു. അനുചരന്മാർക്കു മാപ്പു ലഭിച്ചു. ബന്ദികളുടെ കാര്യത്തിൽ തീരുമാനമുണ്ടായി...

“ഇവരെ ഉടനെ വിട്ടയയ്ക്കുക.” ബന്ദികളാക്കിയ രണ്ടുപേരെയും വിട്ടയയ്ക്കാൻ കൽപിച്ചു.

നേരത്തെ ഒരുപാടു ദ്രോഹം ചെയ്തവർ ഇപ്പോഴും ദ്രോഹിക്കുന്നു. മക്കയിൽ തിരിച്ചെത്തിയാൽ ഇനിയും അതു തുടരും. എന്നിട്ടും ശത്രുക്കളെ തടഞ്ഞുവച്ചില്ല. അവരെ മോചിപ്പിച്ചു. അക്രമം ഒരളവോളവും അനുവദനീയമല്ല.

ഈ സംഭവം മക്കയിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. തങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരാളെ മുസ്ലിംകൾ വധിക്കുകയോ..? ഖുറയ്ശികൾക്കത് ഓർക്കാൻ കൂടി വയ്യ...

ഒരു യുദ്ധം അനിവാര്യമാണ്. മദീനയെ ആക്രമിക്കുക. ജൂതന്മാരും മുനാഫിഖുകളും സഹായിക്കും. ഇസ്ലാമിനെ തൂത്തെറിയുകതന്നെ, ഖുറയ്ശികൾ ഉറച്ചു... 

ശാമിലേക്കു പോയ അബൂസുഫ്യാനും സംഘവും തിരിച്ചുവരാൻ സമയമായി. കച്ചവട സംഘത്തെ വഴിയിൽ തടയണം. അതിനൊരു സംഘം പുറപ്പെടണം.

ഉശയ്റയിൽ വച്ചു അവരെ തടയാൻ കഴിഞ്ഞില്ല. ഇത്തവണ തടയണം. ശാമിൽനിന്ന് അവർ പുറപ്പെട്ടതായി വാർത്ത കിട്ടി. അബുസുഫ്യാന്റെ മനസ്സിൽ ചില സംശയങ്ങൾ കടന്നു കൂടി.

മുസ്ലിംകൾ വഴിക്കുവച്ചു തടയും. നാൽപതു യോദ്ധാക്കൾ തന്റെ കൂടെയുണ്ട്. അവരെക്കൊണ്ടു മുസ്ലിംകളെ തോൽപിക്കാനാവില്ല. മക്കയിൽനിന്നു സഹായ സേന ഉടനെ എത്തിച്ചേരണം... 

കച്ചവടസംഘം യാത്ര മറ്റൊരു വഴിക്കു തിരിച്ചുവിടുകയും വേണം. മക്കയിലേക്ക് ഒരു ദൂതനെ വിടാം.

ളംളം ബ്നുൽ ഗിഫാരി. മക്കയിലേക്കയയ്ക്കാൻ തിരഞ്ഞെടുത്ത ദൂതൻ. ആൾ വലിയ തന്ത്രശാലിയാണ്. ഖുറയ്ശികളെ ഇളക്കിവിടാനുള്ള തന്ത്രമൊക്കെ കൈവശമുണ്ട്. നല്ല പ്രതിഫലം നൽകി ളംളമിനെ മക്കയിലേക്കയച്ചു... 

ളംളം വളരെ വേഗം യാത്ര ചെയ്തു. മക്കയുടെ അതിർത്തി കടന്നതോടെ അയാൾ തന്റെ ഉടുപ്പിന്റെ മുൻഭാഗവും പിൻഭാഗവും പിച്ചിച്ചീന്തി. ഒട്ടകത്തിന്റെ മൂക്കും ചെവിയും മുറിച്ചു. രക്തം ഒഴുകിക്കൊണ്ടിരുന്നു. അയാൾ ഒരുതരം അട്ടഹാസം പുറപ്പെടുവിച്ചു... 

മക്കക്കാർ അട്ടഹാസം കേട്ട് ഓടിക്കൂടി. എന്തൊരു കാഴ്ച..? ഒട്ടകത്തിന്റെ ചെവികളും മൂക്കും മുറിച്ചിരിക്കുന്നു. രക്തം ഒഴുകുന്നു. വസ്ത്രം പിച്ചിച്ചീന്തയിരിക്കുന്നു. പാവം, ആർത്തട്ടഹസിച്ചു കരയുന്നു... 

“എന്തുപറ്റിയെടോ തനിക്ക്..?”

ഖുറയ്ശികളേ...! നിങ്ങളുടെ കച്ചവടസംഘം അപകടത്തിലാണ്. മുഹമ്മദിന്റെ പിടിയിലാണ്. അബൂസുഫ്യാൻ അപകടത്തിലാണ്... രക്ഷിക്കൂ... രക്ഷിക്കൂ...”

അപകടം..! ഖുറയ്ശികൾ ഞെട്ടി. ഖാഫിലയ്ക്കു നേരെയുള്ള ഭീഷണി മക്കയുടെ സാമ്പത്തിക സുസ്ഥിരതക്കെതിരായ ഭീഷണിയാണ്. നേരിടണം.
നേതാക്കൾ കൂടിയാലോചിച്ചു...

ഒരുക്കങ്ങൾ പെട്ടെന്നായിരുന്നു.
അബൂജഹല് നേതൃത്വം ഏറ്റെടുത്തുകഴിഞ്ഞു.  “ആയുധമണിയുക... യുദ്ധത്തിനു തയ്യാറാവുക...”

അബൂജഹലിന്റെ കൽപന. പിശാചിനെപ്പോലെ അട്ടഹസിക്കുന്ന അബൂജഹ്ൽ... 

മുഹമ്മദിന്റെ അന്ത്യം..!

അതിനു സമയമായിരിക്കുന്നു... ഘോരയുദ്ധം. അതിൽ എല്ലാം നശിക്കും. നശിക്കണം. എല്ലാ ശല്യവും തീരണം...


Part : 81 

സംഘർഷത്തിന്റെ വക്കിൽ 

അബൂസുഫ്യാന്റെ സംഘത്തെ തടയാൻ വേണ്ടി നബിﷺ തങ്ങൾ ഏതാനും അനുയായികളുമായി പുറപ്പെട്ടു. നാൽപതു യോദ്ധാക്കൾ സംരക്ഷണം നൽകുന്ന ഒരു കച്ചവട സംഘത്തെ നേരിടാനാണ് അവർ പുറപ്പെട്ടത്...

മുസ്ലിംകളുടെ കൈവശം രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലരുടെ കൈവശം വാളും ഉണ്ടായിരുന്നു. ദേഹ രക്ഷയ്ക്കു വേണ്ടി അക്കാലത്തു യാത്രക്കാർ വാൾ കരുതുമായിരുന്നു...

നബിﷺ തങ്ങളും സ്വഹാബത്തും പുറപ്പെട്ടിട്ടുണ്ടെന്ന വിവരം എങ്ങനെയോ അബൂസുഫ്യാൻ അറിഞ്ഞു. ഉടനെ യാത്രയുടെ ദിശ മാറ്റി. കടൽക്കരയിലൂടെ രഹസ്യമായി ഖാഫില രക്ഷപ്പെട്ടു...

ഈ സമയത്തു മക്കയിൽ യുദ്ധത്തിന്റെ ആരവം മുഴങ്ങുകയായിരുന്നു. “മുഹമ്മദ് (ﷺ) കച്ചവടസംഘത്തെ തടഞ്ഞു. ഉടനെ യുദ്ധത്തിനൊരുങ്ങുക...” മക്കയിലുടനീളം മുഴങ്ങിക്കേട്ട ശബ്ദം...

എല്ലാ കുടുംബക്കാർക്കും കച്ചവടത്തിൽ പങ്കുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവർക്കും ആശങ്കയുണ്ട്. മുഹമ്മദിന്റെ (ﷺ) പിടിയിൽ നിന്ന് അതു വീണ്ടെടുക്കൽ എല്ലാവരുടെയും ബാധ്യതയാണ്...

ആയിരത്തോളം യോദ്ധാക്കൾ അണിനിരന്നുകഴിഞ്ഞു. എഴുന്നൂറ് ഒട്ടകങ്ങൾ, നൂറ് കുതിരകൾ, യുദ്ധോപകരണങ്ങൾ വേണ്ടത്. ഭക്ഷണത്തിനു വേണ്ടതൊക്കെ കരുതി. തുണിത്തരങ്ങളും മരുന്നും വെട്ടേറ്റു വീഴുന്നവരെ പരിചരിക്കാൻ വിദഗ്ധരും കൂടെയുണ്ട്...

ധാരാളം അടിമപ്പെൺകുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്തും ആവേശം പകരുന്നു. ഖുറയ്ശികളുടെ ധീരതയെ പുകഴ്ത്തുന്ന പാട്ടുകൾ. മുസ്ലിംകളെ ആക്ഷേപിക്കുന്ന പാട്ടുകൾ.പുരുഷന്മാരുടെ രക്തം ചൂടുപിടിപ്പിക്കുന്ന ഗാനങ്ങൾ...

എല്ലാ പ്രമുഖ നേതാക്കളും അണിനിരന്നിട്ടുണ്ട്. ഉത്ബത്, ശയ്ബത്, നൗഫൽ, സംഅത്, അബൂജഹ്ൽ, നള്റ്, അബുൽ ബഹ്ത്തരി, ഉമയ്യത് ബ്നു ഖലഫ്, വലീദ്... അങ്ങനെ എത്രയെത്ര നേതാക്കൾ..!

അബൂജഹലും പ്രമുഖ നേതാക്കളും കഅ്ബയുടെ അടുത്തെത്തി. കഅ്ബയുടെ നാഥനെ വിളിച്ച് അവർ പ്രാർത്ഥിച്ചു: “ദൈവമേ... ഇവിടെ രണ്ടു പക്ഷമുണ്ട്. ഇവരിൽ സത്യത്തിന്റെ പക്ഷം ഏതാണെന്നു നിനക്കറിയാം. അവരെ നീ വിജയിപ്പിക്കണേ... കാത്തുകൊള്ളണേ...” ഖുറയ്ശിപ്പട പുറപ്പെടുകയായി...

അബൂസുഫ്യാൻ തന്ത്രപൂർവം രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. മക്കക്കാരുടെ സൈന്യം മുസ്ലിംകളെ നശിപ്പിക്കാൻ മുന്നേറുന്നു.

നബി ﷺ തങ്ങളും സ്വഹാബത്തും അബൂസുഫ്യാനെ തടയാൻ വേണ്ടി യാത്ര തുടർന്നു. മദീനയിൽ നിന്ന് നാൽപതുനാഴിക യാത്ര ചെയ്തു കഴിഞ്ഞു. റൗഹാഅ് എന്ന സ്ഥലത്ത് അവർ എത്തിച്ചേർന്നു. അപ്പോഴാണ് അവർ ആ വിവരം അറിഞ്ഞത്.

അബൂജഹലിന്റെയും മറ്റും നേതൃത്വത്തിൽ സുശക്തമായ സൈന്യം പുറപ്പെട്ടിരിക്കുന്നു..!

ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലല്ല മുസ്ലിംകൾ പുറപ്പെട്ടിരിക്കുന്നത്. മുഹാജിറുകൾ ദരിദ്രരാണ്. പടച്ചട്ടയ്ക്കുപോലും പണമില്ല. രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമാണ് ആകെയുള്ളത്...

നബി ﷺ മുഹാജിറുകളുടെയും അൻസ്വാറുകളുടെയും നേതാക്കളെ വിളിച്ചുവരുത്തി. ഗൗരവമായ ചർച്ച നടന്നു...

“അബൂസുഫ്യാന്റെ കച്ചവട സംഘത്തിനുവേണ്ടി യാത്ര തുടരണമോ? അതോ സൈന്യത്തെ നേരിടണമോ..?”

ചിലർ അബൂസുഫ്യാനെ നേരിടണമെന്ന അഭിപ്രായം പറഞ്ഞു. പക്ഷേ, പ്രവാചകനിൽ (ﷺ) നിന്ന് അനുകൂലമായ പ്രതികരണമില്ല.

മുഹാജിറുകളോടും അൻസ്വാറുകളോടും മാറിമാറി ചോദിച്ചു. അബൂബക്കർ(റ) എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു: “നാം ഖുറയ്ശികളുമായി യുദ്ധത്തിനു തയ്യാറാകണം.”

ഉടനെ ഉമർ(റ) എഴുന്നേറ്റുനിന്ന് ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു. “നാം ഖുറയ്ശിപ്പടയെ നേരിടണം, ധീരമായി പോരാടണം. ഇതാണ് എന്റെ അഭിപ്രായം.”


Part : 82

അബൂബക്കർ(റ)വിന്റെയും ഉമർ(റ)വിന്റെയും അഭിപ്രായത്തിന് ശേഷം മിഖ്ദാദ്(റ) പറഞ്ഞു:  “തീർച്ചയായും നാം ഖുറയ്ശികളെ നേരിടുകതന്നെ വേണം.”

അവർ ഇങ്ങനെ തുടർന്നു:

“അല്ലാഹുﷻവിന്റെ റസൂലേ,

എങ്ങോട്ടു നീങ്ങാനാണോ അല്ലാഹു ﷻ കൽപിക്കുന്നത്, അവിടേക്കു ഞങ്ങളെ നയിക്കുക. ഇസ്റാഈലി സന്തതികൾ പറഞ്ഞതു പോലെ 'നീയും നിന്റെ രക്ഷിതാവും ചെന്നു യുദ്ധം ചെയ്യുക. ഞങ്ങൾ ഇവിടെ ഇരിക്കാം' എന്നു ഞങ്ങൾ പറയില്ല. അല്ലാഹുﷻവും റസൂലും (ﷺ) നയിക്കുന്ന വഴിയിൽ ഞങ്ങൾ വരും. യുദ്ധംചെയ്യും.” വളരെ ധീരമായ മറുപടി.  ഇതു പ്രവാചകനെ (ﷺ) സന്തോഷിപ്പിച്ചു...

അവർ വീണ്ടും തുടർന്നു:  “ഹബ്ശയിൽപെട്ട 'ബർകുൽ ഇമാദ്' എന്ന പ്രദേശമുണ്ടല്ലോ, ഭയങ്കര വിപത്തുകൾ പതിയിരിക്കുന്ന പ്രദേശം. അവിടെച്ചെന്നു യുദ്ധം ചെയ്യാൻ കൽപിച്ചാൽ ഞങ്ങൾ അതിനും സന്നദ്ധരാണ്. ആ കടലിലേക്കു ചാടി യുദ്ധം ചെയ്യാൻ കൽപിക്കു..! ഒരു സംശയവും വേണ്ട, ഞങ്ങൾ കടലിൽ ചാടും.”

അഭിപ്രായം പറയുന്നതെല്ലാം മുഹാജിറുകളാണ്. നബി ﷺ വീണ്ടും വീണ്ടും പറഞ്ഞു: “നിങ്ങൾ അഭിപ്രായം പറയുക.” അൻസ്വാറുകളുടെ അഭിപ്രായം അറിയണമായിരുന്നു റസൂലിന് (ﷺ).

നബിﷺതങ്ങൾ അൻസ്വാറുകൾ ഇരിക്കുന്ന ഭാഗത്തേക്കുനോക്കി. “നാം എന്തു ചെയ്യണമെന്നാണു നിങ്ങൾ പറയുന്നത്..?” നബിﷺതങ്ങളുടെ ചോദ്യം അവരെ ഉണർത്തി...

അവരുടെ നേതാക്കളിൽ ഒരാളായ സഅ്ദ് ബ്നു മുആദുൽ ഔസി(റ) എഴുന്നേറ്റുനിന്നു. എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി.

അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അല്ലാഹുﷻവിന്റെ റസൂലേ(ﷺ), ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുകയും ഉടമ്പടി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ അങ്ങയെ അനുസരിക്കും. ഈ മഹാസമുദ്രത്തിലേക്ക് എടുത്തുചാടാൻ പറഞ്ഞാൽ ഞങ്ങൾ അതും ചെയ്യും. അല്ലാഹു ﷻ എങ്ങോട്ടു നീങ്ങാൻ കൽപിക്കുന്നുവോ അങ്ങോട്ടു നീങ്ങിയാലും, ഞങ്ങൾ പിന്മാറുകയില്ല. അങ്ങയുടെ കണ്ണു കുളിർപ്പിക്കുന്ന കാഴ്ചകൾ ഞങ്ങളിൽ നിന്നുണ്ടാകും. അല്ലാഹുﷻവിന്റെ അനുഗ്രഹത്തോടുകൂടി മുന്നോട്ടു നീങ്ങുക.”

ആ വാക്കുകൾ എല്ലാവരെയും ആവേശഭരിതരാക്കി. നബി ﷺ വല്ലാത്തൊരു ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു: “സത്യമാണ്, ഞാനെന്റെ കണ്ണുകൊണ്ടു കാണുന്നു. ശ്രതുക്കളുടെ പരാജയം.”

യുദ്ധം നടക്കുമെന്നു ബോധ്യപ്പെട്ടു.

ഖുറയ്ശികളുടെ വൻ സൈന്യത്തോടു പട വെട്ടാൻ പോകുന്ന കൊച്ചു മുസ്ലിം സൈന്യം...

എല്ലാം അല്ലാഹുﷻവിൽ അർപ്പിക്കുക.

ജീവിതവും മരണവും. ജയവും തോൽവിയും. അവന്റെ കരുണയും രക്ഷയും ചോദിക്കുക...

അല്ലാഹുﷻവിന്റെ സഹായം ലഭിക്കണം. അതു ലഭിച്ചാൽ മറ്റാരുടെയും സഹായം വേണ്ട. ജൂതന്മാർ സഹായിക്കേണ്ട, ഗോത്രങ്ങൾ സഹായിക്കേണ്ട, അല്ലാഹു ﷻ സഹായിച്ചവരെ ആർക്കാണു
തോൽപിക്കാനാവുക..?

നബി ﷺ തങ്ങളുടെ കൽപനകളെ പൂർണമായി അനുസരിക്കുക. ആകാശത്തിനു താഴെ അതാ പോകുന്നു അനുസരണയുള്ളവരുടെ ഒരു സമൂഹം. മുന്നൂറ്റിപ്പതിമൂന്നുപേർ...

ലോകാവസാനം വരെയുള്ളവർക്ക് അവർ മാതൃകയാണ്.

മുന്നൂറ്റിപ്പതിമൂന്നുപേർ രണ്ടു കുതിരകളുമായിട്ടാണു പോകുന്നത്. നൂറു കുതിരകളുമായി വരുന്നവരെ അവർ നേരിടും. വിശ്വാസത്തിന്റെ ദാർഢ്യം. ജീവിതവും മരണവും അല്ലാഹുﷻവിനുവേണ്ടി. രക്തസാക്ഷിത്വം മഹാപദവിയാണ്. ആ പദവിയാണവർ കൊതിക്കുന്നത്.

ഇസ്ലാമിന്റെ വിജയം. അതാണവർ കൊതിക്കുന്നത്. ജീവൻ നൽകി ഇസ്ലാമിനെ രക്ഷിക്കുക...

സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും അവസാനിച്ചു. ഇനി ഒരേയൊരു മാർഗം യുദ്ധം. മുസ്ലിംകൾ യുദ്ധത്തിനു മുൻകയ്യെടുത്തില്ല. ആത്മരക്ഷാർത്ഥം യുദ്ധമുഖത്തേക്കു നീങ്ങുന്നു. ഇതാണു സത്യം, ഇതാണു ചരിത്രം...

സത്യവിശ്വാസികൾ ഐക്യത്തോടെ നീങ്ങിയാൽ അല്ലാഹുﷻവിന്റെ സഹായം ലഭിക്കും. സംശയം വേണ്ട. അത് ഇതാ കാണാൻ പോകുന്നു...


Part : 83

ബദ്റിന്റെ ആരവം 

അബ്ദുല്ലാഹ് ബ്നു ഉമ്മി മക്തൂമിനെ മദീനയുടെ ഭരണച്ചുമതല ഏൽപിച്ചാണു റസൂൽ ﷺ പോന്നത്.

പോരുമ്പോൾ റുഖിയ്യ(റ) തീരെ അവശനിലയിലായിരുന്നു. രോഗം ബാധിച്ചിട്ടു കുറച്ചുനാളായി. അതു കൂടിക്കൂടി വന്നു. മകളുടെ കൂടെ ഇരിക്കാനോ പരിചരിക്കാനോ പ്രവാചകനു (ﷺ) സമയമില്ല.

മദീന വിടുന്നതിനു മുമ്പ് ഉസ്മാൻ(റ) പ്രവാചകനെ (ﷺ) കാണാൻ വന്നു. പ്രവാചകനോടൊപ്പം (ﷺ) പോകണോ, അതോ ഭാര്യയുടെ സമീപം തന്നെ നിൽക്കണമോ..?

വേദനയിൽ കുതിർന്ന നിമിഷങ്ങൾ. “ഉസ്മാൻ, താങ്കൾ റുഖിയ്യയെ പരിചരിച്ചുകൊണ്ടു മദീനയിൽ തന്നെ നിന്നോളൂ” - നബി ﷺ തങ്ങൾ അരുളി.

മുന്നൂറ്റിപ്പതിമൂന്നുപേർ ഇരുനൂറ്റി നാൽപത് അൻസ്വാറുകൾ ബാക്കി മുഹാജിറുകൾ. എല്ലാവർക്കും വാഹനമില്ല. അവർ ഊഴം വച്ചു വാഹനം കയറുന്നു...

മുസ്ലിംകളുടെ പതാക വഹിച്ചിരുന്നത് മുസ്തഅബ് ബ്നു ഉമയ്ർ(റ) ആയിരുന്നു. തെക്കുപടിഞ്ഞാറു ഭാഗത്തുകൂടി ആ പട നീങ്ങി. റമളാൻ മാസം പതിനാറിനു മുസ്ലിംകൾ ബദറിനു സമീപമെത്തി...

ശ്രതുസൈന്യത്തിന്റെ വാർത്തകൾ അറിയണം. അതിനുവേണ്ടി രണ്ടുപേരെ അയയ്ക്കാൻ തീരുമാനിച്ചു. അലിയ്യ് ബ്നു അബീത്വാലിബ്(റ). സുബൈർ ബ്നുൽ അവ്വാം(റ).

ശത്രുക്കളുടെ നീക്കങ്ങളെക്കുറിച്ചറിയാൻ നിയോഗിക്കപ്പെട്ടവർ. അവർ അന്വേഷണം തുടങ്ങി. തോൽപാത്രങ്ങളുമായി സഞ്ചരിക്കുന്ന ചിലരെ അവർ കണ്ടുമുട്ടി. അവരിൽ രണ്ടുപേരെ പിടികൂടി ബന്ധിച്ചു നബി ﷺ തങ്ങളുടെ ക്യാമ്പിലേക്കു കൊണ്ടുവന്നു. പെട്ടെന്ന് അവരെ ഹാജരാക്കാൻ കഴിഞ്ഞില്ല. പ്രവാചകൻ ﷺ നിസ്കരിക്കുകയായിരുന്നു. 

അലി(റ) അവരോടു ചോദിച്ചു: “നിങ്ങൾ ആരാണ്..? അബൂസുഫ്യാന്റെ സംഘത്തിൽ പെട്ടവരല്ലേ..? സത്യം പറയൂ.'' 

“ഞങ്ങൾ അബൂസുഫ്യാന്റെ സംഘത്തിൽ പെട്ടവരല്ല. ഞങ്ങൾ ഖുറയ്ശികൾക്കു വെള്ളം ശേഖരിക്കുന്നവരാണ്.”

അവർ അബൂസുഫ്യാന്റെ ഭൃത്യന്മാരായിരുന്നില്ല. ഖുറയ്ശികൾക്കു വെള്ളം ശേഖരിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടവരായിരുന്നു.

“ഖുറയ്ശികളുടെ സംഘത്തിൽ എത്രപേരുണ്ട്..?” - നബി ﷺ
തങ്ങൾ ചോദിച്ചു.

“അതു ഞങ്ങൾക്കു പറയാൻ കഴിയില്ല.” അവർ കൈമലർത്തി.

“ഭക്ഷണത്തിനുവേണ്ടി ഒരു ദിവസം എത്ര ഒട്ടകത്തെ അറുക്കും.'' നബി ﷺ ചോദിച്ചു.

“ഒരു ദിവസം പത്ത്, അടുത്ത ദിവസം ഒമ്പത്.” - അവർ പറഞ്ഞു.

“എങ്കിൽ ആ സംഘത്തിൽ തൊള്ളായിരത്തിനും ആയിരത്തിനും ഇടയിൽ ആളുകളുണ്ടാകും.” പ്രവാചകൻ ﷺ പറഞ്ഞു.

“അവരുടെ കൂട്ടത്തിൽ ഖുറയ്ശി പ്രമുഖരായി ആരൊക്കെയുണ്ട്..?”

അവർ പ്രമുഖ നേതാക്കളുടെ പേരുകൾ പറഞ്ഞു. അവരുടെ പേരുകൾ കേട്ടപ്പോൾ നബി ﷺ അതിശയത്തോടെ
പറഞ്ഞു: “കണ്ടോ, മക്ക അതിന്റെ കരളിന്റെ കഷ്ണങ്ങളെ നമുക്ക്
എറിഞ്ഞുതന്നിരിക്കുന്നു.”

അബൂസുഫ്യാനും സംഘവും യാതൊരു അപകടവും കൂടാതെ കടൽതീരംവഴി രക്ഷപ്പെട്ട വിവരം ഇതിനിടയിൽ ഖുറയ്ശിപ്പട അറിഞ്ഞു. അതോടെ എല്ലാവർക്കും സമാധാനമായി.

മുഹമ്മദ് കച്ചവടസംഘത്തെ തടഞ്ഞുവെച്ചു എന്നു പറഞ്ഞതു ശരിയല്ല. കച്ചവട സംഘത്തെ ആരും തടഞ്ഞിട്ടില്ല. പിന്നെന്തിനു യുദ്ധം..?

“യുദ്ധം വേണ്ട, മടങ്ങിപ്പോകാം. നമ്മുടെ ചരക്കുകൾ സ്വീകരിക്കാൻ പോകാം.” -കുറെയാളുകൾ പറഞ്ഞു...

“ഇനി മടങ്ങാൻ പാടില്ല. അവന്റെ ശക്തി തകർത്തിട്ടേ മടക്കമുള്ളൂ.” - അബൂജഹ്ൽ  പ്രഖ്യാപിച്ചു.

ധിക്കാരിയായ അബൂജഹലിന്റെ പ്രേരണമൂലം സംഘം മുമ്പോട്ടു തന്നെ നീങ്ങി. അവർ ബദ്റിലേക്ക് അടുത്തുവരുന്നു...

മുസ്ലിംകൾ പിന്നെയും നടന്നു. ഒരു താഴ് വരയിൽ താവളമടിച്ചു. ഒരു മണൽപ്രദേശം. നടക്കുമ്പോൾ പാദങ്ങൾ താഴ്ന്നു പോകുന്നു. അന്നു രാത്രി മുസ്ലിംസൈനികർ നന്നായി ഉറങ്ങി. പിറ്റേന്നു രാവിലെ അവർക്കു നല്ല ആവേശമായിരുന്നു.

ആ രാത്രിയിൽ മഴ പെയ്തു. മണൽഭൂമി ഉറച്ചു. ഇപ്പോൾ നടക്കാൻ വളരെ സൗകര്യം. മൃഗങ്ങൾക്കും ആളുകൾക്കും മഴ വലിയ അനുഗ്രഹമായി. വെള്ളം ശേഖരിച്ചുവച്ചു. ശ്രതുക്കൾക്കു മഴ വലിയ ശല്യമായിത്തീർന്നു...


Part : 84

മുസ്ലിംകൾ കേന്ദ്രീകരിച്ചത് ഉയർന്ന സ്ഥലവും ഖുറയ്ശികൾ അകലെ താഴ്ന്ന സ്ഥലത്തുമാണ്. മഴപെയ്തപ്പോൾ മുകളിലെ ചെളി കുത്തിയൊലിച്ചു താഴെ വന്നു തളംകെട്ടി നിന്നു. ചെളിവെള്ളത്തിൽ ആ പ്രദേശമാകെ കുതിർന്നുപോയി. നടക്കാൻ വയ്യ. വഴുതിപ്പോകുന്നു...

ഹുബാബ് ബ്നു മുൻദിർ(റ). അദ്ദേഹത്തിന് ആ പ്രദേശത്തെ ഭൂമിശാസ്ത്രം നന്നായി അറിയാം. താവളമടിച്ച സ്ഥലത്തെപ്പറ്റി അദ്ദേഹത്തിനൊരു സംശയം. സ്ഥലം ഒന്നുകൂടി മുമ്പോട്ടല്ലേ നല്ലത്..?

പ്രവാചകനെ (ﷺ) സമീപിച്ച് ഇങ്ങനെ ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, അല്ലാഹുﷻവിൽ നിന്നുള്ള നിർദേശപ്രകാരമാണോ ഇവിടെ തമ്പടിച്ചത്..? അതോ, ഒരു യുദ്ധതന്ത്രം എന്ന നിലക്കോ..?”

“ഒരു യുദ്ധതന്ത്രം എന്ന നിലക്കാണ്.” നബി ﷺ പറഞ്ഞു.

“പ്രവാചകരേ, നാം ഇവിടെയല്ല തമ്പടിക്കേണ്ടത്. ശത്രുക്കളുടെ ഏറ്റവും അടുത്ത ജലാശയത്തിനടുത്തേക്കു നീങ്ങണം. ജലാശയം നാം അധീനപ്പെടുത്തണം. നാം വേണ്ടത്ര വെള്ളം ശേഖരിച്ചുവയ്ക്കണം. ജലാശയം മൂടണം.”

“ഇതു നല്ല അഭിപ്രായം.” - നബി ﷺ പറഞ്ഞു.

ഹുബാബ് ബ്നു മുൻദിർ(റ) നിർദേശിച്ച ഭാഗത്തേക്കു നീങ്ങി. ഒരു കുഴിയുണ്ടാക്കി വെള്ളം നിറച്ചുവച്ചു. യുദ്ധവേളയിൽ മുസ്ലിംകൾക്ക് ശുദ്ധജലത്തിന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടുകയില്ല.

ഔസ് ഗോത്രത്തലവനായ സഅദ് ബ്നു മുആദ്(റ) ഇങ്ങനെ അഭിപ്രായപ്പെട്ടു:  “ഉയർന്ന പ്രദേശത്തു നബി ﷺ തങ്ങൾക്കു വേണ്ടി പ്രത്യേകം പന്തൽ വേണം...” 

റസൂലിനുവേണ്ടി (ﷺ) ഒരു നെടുമ്പുര പണിതു. ഹരീശ് എന്ന പേരിൽ അത് അറിയപ്പെട്ടു. റമളാൻ മാസം പതിനേഴു പുലർന്നു. തലേന്നു രാത്രി പുലരുംവരെ നബി ﷺ തങ്ങൾ കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു. സുബഹി നിസ്കാരം കഴിഞ്ഞു. സ്വഹാബികൾ അണിനിരന്നു. പ്രവാചകൻ (ﷺ) അണികൾ പരിശോധിച്ചു. 

നബി ﷺ തങ്ങൾ ദുആ ചെയ്തു: “അല്ലാഹുവേ, നിന്റെ ദീനിനെ നശിപ്പിക്കാൻ ശത്രുക്കൾ വമ്പിച്ച സന്നാഹത്തോടെ എത്തിയിരിക്കുന്നു. ഈ ചെറിയ സംഘം മുസ്ലിംകൾ നശിപ്പിക്കപ്പെട്ടാൽ പിന്നെ നിന്നെ ആരാധിക്കാൻ ഈ ഭൂമിയിൽ ആരാണുള്ളത്..? റബ്ബേ... നീ വാഗ്ദത്തം ചെയ്ത സഹായം ഉടനെ നൽകേണമേ..!” ലോകാനുഗ്രഹിയായ പ്രവാചകന്റെ (ﷺ) ഖൽബു തുറന്നുള്ള തേട്ടം...

ഉത്ബത് ബ്നു റബീഅ. ഒരു ഖുറയ്ശി നേതാവിന്റെ പേരാണ്. പക്വമതിയും വിവേകമുള്ളവനുമാണ്. യുദ്ധമൊഴിവാക്കണമെന്ന ആഗ്രഹമുള്ളവനുമാണ്.

മുസ്ലിംകൾ ധീരന്മാരാണ്. മരണഭയമില്ലാത്തവർ. അവരോടാണ് ഏറ്റുമുട്ടുന്നത്. ഖുറയ്ശികളുടെ പ്രധാന നേതാക്കളെല്ലാം എത്തിയിട്ടുണ്ട്. അവർക്കു ജീവഹാനി സംഭവിച്ചാൽ..!

“നമുക്കു യുദ്ധം ഒഴിവാക്കാം, മടങ്ങാം.” ഉത്ബത് ബ്നു റബീഅ ഒരിക്കൽകൂടി അബുജഹലിനോട് അപേക്ഷിച്ചു...

അബൂജഹ്ൽ അട്ടഹസിച്ചു...

അവൻ ആമിർ ബ്നു ഹള്റമിയെ വിളിച്ചു. ആരാണ് ആമിർ ബ്നു ഹള്റമി..? അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു മുസ്ലിം സംഘം അമ്പെയ്തു കൊന്ന അംറ് ബ്നു ഹളറമിയെക്കുറിച്ചു നേരത്തെ പറഞ്ഞത് ഓർമയില്ലേ..? അന്നു കൊല്ലപ്പെട്ട അംറ് ബ്നു ഹള്റമിയുടെ സഹോദരനാണ് ആമിർ ബ്നു ഹള്റമി...

ഹള്റമിയോട് അബുജഹ്ൽ വിളിച്ചു പറഞ്ഞു: “ഉണരൂ, ആവേശഭരിതനാകൂ..! നിന്റെ സഹോദരന്റെ മരണത്തിനു പ്രതികാരം ചെയ്യൂ... ഈ മനുഷ്യൻ ആളുകളെ തിരിച്ചു പോകാൻ പ്രേരിപ്പിക്കുന്നു...”

എല്ലാവരും ഇപ്പോൾ അബൂജഹലിന്റെ പക്ഷത്താണ്. ഇനി യുദ്ധംതന്നെ. ഉത്ബതും യുദ്ധരംഗത്തുതന്നെ... 

അസ് വദ് ബ്നു അബ്ദിൽ അസദ്. ഖുറയ്ശി പക്ഷത്തുള്ള ഒരു ധീരൻ. മുസ്ലിംകളുടെ ജലം സംഭരണി തകർക്കാൻ അസ് വദ് കുതിച്ചുവന്നു. ഒരൊറ്റ കുതിപ്പ്. മിന്നൽ വേഗതയിൽ ഹംസ(റ) വാൾചുഴറ്റി. ശ്രതുവിനു മാരകമായ വെട്ടേറ്റു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കഥ കഴിഞ്ഞു...

ഉത്ബത്, ശയ്ബത്, വലീദ്...

നേരത്തെ യുദ്ധം ഒഴിവാക്കണമെന്ന പക്ഷക്കാരനായിരുന്നു ഉത്ബത്. യുദ്ധം നടക്കുമെന്നുറപ്പായപ്പോൾ ഇസ്ലാമിനെ തകർക്കാൻ തന്നെ തയ്യാറായി. ശയ്ബത് സഹോദരനാണ്. വലീദ് മകനും...

മൂന്നുപേരും മുമ്പോട്ടു വന്നു. പടവാൾ ചുഴറ്റിക്കൊണ്ടു വെല്ലുവിളി തുടങ്ങി. “ആണുങ്ങളുണ്ടെങ്കിൽ ഇറങ്ങിവാ... ധൈര്യമുണ്ടെങ്കിൽ ഇറങ്ങിവാ... ദ്വന്ദ്വയുദ്ധത്തിനു മിടുക്കുള്ളവർ ഇറങ്ങിവരട്ടെ...” വെല്ലുവിളി സ്വീകരിച്ചുകൊണ്ടു മൂന്ന് അൻസ്വാരികൾ ഇറങ്ങിച്ചെന്നു...

“നിങ്ങളെ വേണ്ട... നിങ്ങൾ ഞങ്ങൾക്കു തുല്യരല്ല. മക്കയിൽനിന്ന് ഒളിച്ചോടിപ്പോന്നവരില്ലേ, അവരെവിടെ..? ധൈര്യമുണ്ടെങ്കിൽ ഇറങ്ങിവരട്ടെ...”

“ഇതാ എത്തിപ്പോയി. ഞങ്ങളിതാ വരുന്നു...”

ഉഗ്രഗർജനം - ധീര യോദ്ധാക്കൾ ചാടിയിറങ്ങി. അലി(റ), ഹംസ(റ), ഉബയ്ത് ബ്നു ഹാരിസ്(റ). വാൾമുനകൾ ഏറ്റുമുട്ടി. യുദ്ധമുറകൾ അരങ്ങേറി. വാളും പരിചയും മിന്നിമറിയുന്നു. വെട്ടിത്തിളങ്ങുന്നു. പൊടിപടലങ്ങളുയരുന്നു. ചാടിവെട്ടുന്നു. വെട്ട് തടുക്കുന്നു...

ഹംസ(റ)വും ശയ്ബതും തമ്മിൽ പൊരിഞ്ഞ പോരാട്ടം. ആർ ആരെജയിക്കും. ഇരുപക്ഷവും ശ്വാസമടക്കി കാത്തിരിക്കുന്നു...

ഇത്ര കാലവും സഹിച്ചു. നാടുവിടേണ്ടിവന്നിട്ടും സഹിച്ചു. അന്യനാട്ടിലും രക്ഷയില്ല. യുദ്ധത്തിലേക്കു വലിച്ചിഴച്ചതാണ്. ഇനി ജീവൻമരണ പോരാട്ടം.
ഒന്നുകിൽ ജയം. അല്ലെങ്കിൽ മരണം, വീരചരമം...

ഹംസ(റ) എടുത്തൊരു ചാട്ടം. ഒരു തട്ട് - ഒരു വെട്ട്. അതാ കിടക്കുന്നു ശയ്ബത്. ഇസ്ലാമിന്റെ ശത്രു വെട്ടേറ്റു വീണു. കിടന്നു പിടഞ്ഞു; പിന്നെ ചലനങ്ങൾ നിലച്ചു...

ധനികനും, ധീരനും, ഇസ്ലാമിന്റെ ബദ്ധവൈരിയുമായ ശയ്ബത് വധിക്കപ്പെട്ടു...


Part : 85

സത്യത്തിന്റെ വിജയക്കൊടി 

ധീരയോദ്ധാവായ അലി(റ)വിന് വലീദ് ഒരു പ്രശ്നമേ ആയിരുന്നില്ല. അൽപനേരം യുദ്ധം തുടർന്നു. യുവാവായ അലി ഒരൊറ്റ ചാട്ടം. പിന്നെ പിൻവലിഞ്ഞു. ആഞ്ഞു വീശി. ഒരൊറ്റ വെട്ട്. അത്രയേ വേണ്ടിവന്നുള്ളൂ. അതാ കിടക്കുന്നു വലീദ്. പിടഞ്ഞു മരിച്ചു...

ഉത്ബത് ചില്ലറക്കാരനല്ല. ഒന്നാംതരം യോദ്ധാവാണ്. ഉബയ്ദത്ത്(റ) ഉത്ബതിനെ വകവരുത്താൻ ശ്രമിക്കുന്നു. കഴിയുന്നില്ല. അലി(റ)വും ഹംസ(റ)വും ഉൽകണ്ഠയോടെ നോക്കിനിൽക്കുകയാണ്.
ഉബയ്ദത്(റ)വിനു വെട്ടേറ്റു..!

ഹംസ(റ)വിനു സഹിച്ചില്ല. അലി(റ)വിനും സഹിച്ചില്ല. അവർ സഹായത്തിനെത്തി. ഉത്ബത് വധിക്കപ്പെട്ടു. ഖുറയ്ശികളുടെ മൂന്നു നേതാക്കൾ വധിക്കപ്പെട്ടു... 

ഉബയ്ത്(റ)വിനെ എടുത്തുമാറ്റി. നബിﷺതങ്ങൾ ഉബയ്ദത് (റ)വിന്റെ സമീപം വന്നു.

“അല്ലാഹുവിന്റെ റസൂലേ... ഞാൻ വധിക്കപ്പെട്ടില്ല. മറിവേറ്റതേയുള്ളൂ. എനിക്കു ശഹീദിന്റെ പ്രതിഫലമുണ്ടോ..?”

“ഉണ്ട്, ആദരണീയനായ രക്തസാക്ഷിയാണു താങ്കൾ.”

ഉബയ്ദത്(റ) യുദ്ധം കഴിഞ്ഞു മടങ്ങുമ്പോൾ സഫ്റാ എന്ന സ്ഥലത്തുവച്ചു മരണപ്പെട്ടു...

“ക്ഷമിക്കുക. ക്ഷമ കൈവെടിയരുത്. സഹനം വേണം.” നബി ﷺ അണികൾക്കിടയിൽ നടക്കുന്നു, ഉപദേശിക്കുന്നു..."

“നിങ്ങൾ ശ്രതുക്കളെ അക്രമിക്കരുത്. ശത്രുക്കൾ നിങ്ങളെ
വളഞ്ഞാൽ അമ്പെയ്യുക. അവരെ തുരത്തിയോടിക്കുക. അവർ നിങ്ങളുടെ വളരെ സമീപത്തെത്തിയാൽ മാത്രം വാൾ ഉപയോഗിക്കുക.”

“ഞാൻ പറയുമ്പോൾ വാൾ ഉപയോഗിക്കുക.” പ്രതിരോധത്തിനു മാത്രമേ ആയുധം ഉപയോഗിക്കാവൂ. ആക്രമണം പാടില്ല. യുദ്ധരംഗത്തും ധർമം വേണം...

വേണ്ട ഉപദേശങ്ങൾ നൽകിയശേഷം നബി ﷺ തങ്ങൾ തന്റെ തമ്പിലേക്കു മടങ്ങി. അബൂബക്ർ സ്വിദ്ദീഖ്(റ) കൂടെയുണ്ട്. നബി ﷺ കഅ്ബക്കു നേരെ തിരിഞ്ഞുനിന്നു. ഇരു കരങ്ങൾ ആകാശത്തേക്കുയർത്തി പ്രാർത്ഥിക്കാൻ തുടങ്ങി...

ദുആ വളരെ നീണ്ടുപോയി. സ്വിദ്ദീഖ്(റ) ബേജാറായിപ്പോയി. ഇതെന്തൊരു വിളിയാണ്. “അല്ലാഹുവിന്റെ റസൂലേ... അങ്ങയുടെ നാഥൻ വാഗ്ദത്തം പാലിക്കുക തന്നെ ചെയ്യും... ഇങ്ങനെ കരയരുതേ...”

ഒരു സന്നാഹവുമില്ലാതെ, ഓർക്കാപ്പുറത്താണ് ഒരു യുദ്ധത്തെ നേരിടേണ്ടിവന്നത്. അല്ലാഹുﷻവിന്റെ സഹായമില്ലാതെ മറ്റെന്തു പ്രതീക്ഷയാണുള്ളത്..? പ്രാർത്ഥന നീണ്ടു. വല്ലാത്ത ക്ഷീണം. മയക്കം...

യുദ്ധം കൊടുമ്പിരികൊള്ളുന്നു. ഇസ്ലാമിനെ നശിപ്പിക്കാനുള്ള ആവേശത്തോടെ ശത്രുക്കൾ മുസ്ലിംകളെ പൊതിയുന്നു. മുസ്ലിംകൾ ശത്രുക്കളെ അമ്പെയ്തു തുരത്തുന്നു. അവരെ പൊതിയുമ്പോൾ വാളെടുത്തു വെട്ടുന്നു. അട്ടഹാസങ്ങൾ, ആർത്തനാദം, വെല്ലുവിളി, അലർച്ച..!

അതിനിടയിൽ പ്രവാചകന്റെ (ﷺ) ശബ്ദം. എല്ലാവരും ചെവിയോർത്തു. “മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ടു സത്യം..! പിന്തിരിഞ്ഞാടാതെ, അല്ലാഹുﷻവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടു ശ്രതുക്കളോടു ധീരമായി പൊരുതി രക്തസാക്ഷിയാവുന്നവർക്ക് അല്ലാഹു ﷻ സ്വർഗം വാഗ്ദാനം ചെയ്യുന്നു.” എന്തൊരു പ്രഖ്യാപനം..!
രക്തസാക്ഷിത്വത്തിന്റെ മഹത്വം.

ഉമയ്ർ(റ) ക്ഷീണം തീർക്കാൻ വേണ്ടി ഈത്തപ്പഴം തിന്നുകയായിരുന്നു. അപ്പോഴാണു നബിﷺയുടെ വാക്കുകൾ കേട്ടത്. സ്വർഗാവകാശിയാവാൻ ഇതിനേക്കാൾ പറ്റിയ അവസരമുണ്ടോ..? ഉമയ്ർ(റ) ബാക്കിയുള്ള ഈത്തപ്പഴം വലിച്ചെറിഞ്ഞു. പടവാൾ വീശിക്കൊണ്ടു യുദ്ധക്കളത്തിലേക്കു കുതിച്ചു...


Part : 86

ശ്രതുക്കൾ ആ യോദ്ധാവിനെ പൊതിഞ്ഞു. മിന്നൽ വേഗതയിൽ വാൾ വീശുന്നു. നിരവധി പേർക്കു വെട്ടേറ്റു... 

ശത്രുക്കളുടെ വാളുകൾ ആ ധീരസേനാനിയുടെ ശരീരത്തിലും പതിച്ചുകൊണ്ടിരുന്നു. രക്തം വാർന്നൊഴുകി. ക്ഷീണം വന്നു. ശരീരം തളർന്നു. ഉമയ്ർ(റ) യുദ്ധക്കളത്തിൽ വീണു ശഹീദായി...

യുദ്ധം മുറുകി. ഗതിയാകെ മാറി. പൊടുന്നനെ ഗതിമാറ്റം. മലക്കുകൾ ഇറങ്ങി..! പടക്കുതിരകളുടെ പടപട ശബ്ദം. പടവാളുകളുടെ കിലുകില ശബ്ദം. പടക്കളം ഇളകിമറിയുന്നു. ശത്രുനിരകൾ തകിടംമറിയുന്നു.
ധിക്കാരിയായ അബൂജഹലിനു വെട്ടേറ്റു. യുദ്ധത്തലവൻ മറിഞ്ഞുവീണു. പ്രമുഖ നേതാക്കൾ ഓരോരുത്തരായി വധിക്കപ്പെട്ടു...

ശത്രുക്കൾ മുസ്ലിം പക്ഷത്തെ ശ്രദ്ധിച്ചു. ചെറിയൊരു ജനക്കൂട്ടം. ഉടനെ കഥ തീർക്കാമെന്നവർക്കു തോന്നൽ. മുന്നേറുന്നവർ തലയറ്റു വീഴുന്നു..! അത്ഭുതം. തളർച്ച.പരാജയ ഭീതി. ഇനി ആർക്കുവേണ്ടി യുദ്ധം..? രക്തം എന്തിനുവേണ്ടി..? ശത്രുക്കൾ പിന്തിരിഞ്ഞോടാൻ തുടങ്ങി. മുസ്ലിം സേന അവരെ പിന്തുടർന്നു. പലരെയും പിടിച്ചുകെട്ടി. ഖുറയ്ശി പ്രമുഖരെ കയറിൽ ബന്ധിച്ചു...

ധർമവും അധർമവും തമ്മിലുള്ള യുദ്ധം അവസാനിച്ചു. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. സത്യം ജയിച്ചു. ധർമം ജയിച്ചു. അധർമം തോറ്റു...

ഇപ്പോൾ അട്ടഹാസങ്ങളില്ല. പോർവിളികളില്ല. മരണവുമായി
മല്ലിടുന്നവരുടെ ഞരക്കം മാത്രം. കരളലിയിക്കുന്ന ദീനരോദനങ്ങൾ.
വിലപിക്കുന്ന ചുണ്ടുകൾ. ദാഹജലത്തിനു വേണ്ടി കേഴുന്നവർ...

ഖുറയ്ശികളുടെ പക്ഷത്ത് എഴുപതു പേർ വധിക്കപ്പെട്ടു.
അത്രയും പേർ ബന്ധനത്തിലായി.  നബി ﷺ തങ്ങളുടെ ഓമനമകൾ സയ്നബ് (റ)യുടെ ഭർത്താവും തടവുകാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

മുസ്ലിംകളുടെ പക്ഷത്ത് ആറു മുഹാജിറുകളും എട്ട് അൻസ്വാറുകളും രക്തസാക്ഷികളായി... 

മക്കയിൽ വച്ചു മുസ്ലിംകളെ ക്രൂരമായി മർദിച്ച രണ്ടുപേർ പിന്നീടു വധിക്കപ്പെട്ടു. അവർ പ്രവാചകന്റെ കൊടിയ ശത്രുക്കളായിരുന്നു.
ഉഖ്ബത് അബീമുഅയ്ത്വ്, നള്റ് ബ്നു ഹാരിസ്. ഇവരാണു വധിക്കപ്പെട്ടവർ.

വിജയം കൊതിച്ചുവന്ന വൻ സൈന്യത്തിനു ദയനീയമായി
പരാജയം. മുസ്ലിംകളുടെ കൊച്ചു സൈന്യത്തിനു വൻ വിജയം.

അന്ത്യനാൾവരെയുള്ളവർക്ക് ഇതിൽ പാഠമുണ്ട്. റമളാൻ പതിനേഴിനു ബദ്ർ ദിനം. ബദ്റിന്റെ ഓർമ. ബദ്രീങ്ങളുടെ ഓർമ. ആ ഓർമ പുതുക്കാൻ ഓരോ വർഷവും ബദ്ർ ദിനം വരുന്നു.

മദീനയിൽ ജൂതന്മാരും കപടവിശ്വാസികളും പല കുപ്രചരണങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. മുസ്ലിംകളെ ഖുറയ്ശികളുടെ സൈന്യം നശിപ്പിക്കുമെന്ന കാര്യത്തിൽ അവർക്കു സംശയമില്ലായിരുന്നു. ആ സന്തോഷവാർത്തയ്ക്ക് കാതോർക്കുകയായിരുന്നു അവർ...

നബി ﷺ തങ്ങൾ രണ്ടു സ്വഹാബികളെ മദീനയിലേക്കയച്ചു. ബദ്ർ യുദ്ധത്തിന്റെ വിജയം മദീനയിൽ അറിയിക്കുകയായിരുന്നു ലക്ഷ്യം...

ബദ്റിൽ യുദ്ധം നടക്കുമ്പോൾ മദീനയിൽ നബിﷺയുടെ പുത്രിയുടെ അസുഖം വർധിച്ചു. റുഖിയ്യ(റ) അത്യാസന്ന നിലയിലായി. എല്ലാവരും ഉൽക്കണ്ഠയിലാണ്. പിതാവു മടങ്ങിയെത്തുമ്പോഴേക്കും മകൾ യാത്രയാകുമോ..?

ഭയപ്പെട്ടതുതന്നെ സംഭവിച്ചു. റുഖിയ്യ(റ) മരണപ്പെട്ടു. ഉസ്മാൻ(റ) അതീവ ദുഃഖിതനായി. മദീനയിലുണ്ടായിരുന്ന സ്വഹാബികൾ ഒത്തുകൂടി. റുഖിയ്യ(റ)യുടെ മരണാനന്തര കർമങ്ങൾ നിർവഹിച്ചു...

റുഖിയ്യ(റ)യുടെ മയ്യിത്തു ഖബറടക്കി. ഉസ്മാൻ(റ)വും കൂട്ടരും മടങ്ങുമ്പോൾ മദീനയിലൂടെ ദൂതന്മാർ ഓടിയെത്തുന്നു. ബദ്റിൽ വിജയം... ബദ്റിൽ ജയിച്ചു. അല്ലാഹുﷻവിന്റെ റസൂലും സ്വഹാബത്തും വിജയിച്ചു.

അബൂജഹ്ൽ കൊല്ലപ്പെട്ടു. ജൂതന്മാർ അന്തംവിട്ടു. കപടവിശ്വാസികൾ ഞെട്ടി...


Part : 87

യുദ്ധാനന്തരം

യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒരു വലിയ കുഴിയിൽ മുശ്രിക്കുകളെ ഖബറടക്കി. മൂന്നു ദിവസം അവിടെത്തന്നെ ചെലവഴിച്ചു. യുദ്ധമുതലുകൾ ശേഖരിച്ചു. മരിച്ചവരെയെല്ലാം ഖബറടക്കി. തടവുകാരെ സ്വഹാബികൾക്കിടയിൽ വീതിച്ചു...

“തടവുകാരോടു നല്ലനിലയിൽ പെരുമാറണം. അവരെ ബുദ്ധിമുട്ടിക്കരുത്. സഹോദരസ്നേഹം പ്രകടിപ്പിക്കണം.” നബി ﷺ തന്റെ അനുയായികളെ ഉണർത്തി.

സ്വഹാബികൾ അനുസരിച്ചു. ഇതു തടവുകാരുടെ മനസ്സിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു...

കൊല്ലപ്പെട്ട മുശ്രിക്കുകളുടെ പേരുവിളിച്ചു. നബി ﷺ ചില കാര്യങ്ങൾ ചോദിച്ചതു സ്വഹാബികളെ ആശ്ചര്യപ്പെടുത്തി. മൂന്നു ദിവസങ്ങൾക്കുശേഷം, മുശ്രിക്കുകളെ മൂടിയ കുഴിയുടെ കരയിൽ നിന്നുകൊണ്ടു പ്രവാചകൻ ﷺ ചോദിച്ചു:

“അല്ലാഹു ﷻ ഞങ്ങളോടു ചെയ്ത വാഗ്ദത്തം ഞങ്ങൾക്കു സത്യമായി പുലർന്നിരിക്കുന്നു. അല്ലാഹുﷻവും റസൂലും (ﷺ) നിങ്ങളോടു ചെയ്ത വാഗ്ദത്തം നിങ്ങൾക്കു സത്യമായി പുലർന്നുവോ..? 

അബൂജഹ്ൽ... ഉത്ബത്... ശയ്ബത്... സംഅത്. ഉമയ്യത്... നിങ്ങളോടു വാഗ്ദത്തം ചെയ്തത് നിങ്ങൾക്കു കിട്ടിയോ?” - നബി ﷺ വിളിച്ചു ചോദിച്ചു... 

ഉമർ(റ) ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, അവർ കേൾക്കുമോ..?”

നബി ﷺ ഇങ്ങനെ മറുപടി നൽകി: “അതേ, ഞാൻ പറയുന്നത് അവർ കേൾക്കുന്നതിനെക്കാൾ കൂടുതലായി നിങ്ങൾ കേൾക്കുന്നില്ല. അവർ മറുപടി പറയാൻ കഴിയാത്തവരാണ്.”

മദീനയിലെ മുസ്ലിംകൾ പ്രവാചകനെ (ﷺ) സ്വീകരിക്കാൻ കാത്തിരിക്കുകയായിരുന്നു. കുട്ടികൾ ദഫ് മുട്ടിയും പാട്ടുപാടിയും
പ്രവാചകനെ (ﷺ) സ്വീകരിച്ചു. മദീനയിലെത്തിയശേഷം തടവുകാരെ എന്തു ചെയ്യണമെന്ന കാര്യം ചർച്ച ചെയ്തു...

“ഇവർ സത്യവിശ്വാസികളെ മർദിച്ചു. ദ്രോഹിച്ചു. വിശ്വസികൾ പിറന്ന നാട് ഉപേക്ഷിക്കേണ്ടതായി വന്നു. ഇവരെ ഇനിയും വച്ചേക്കരുത്. എല്ലാവരെയും വധിക്കണം.” - ഉമർ(റ) പറഞ്ഞു. മറ്റു ചിലർ ഈ അഭിപ്രായത്തെ പിന്താങ്ങി.

അപ്പോൾ അബൂബക്ർ സ്വിദ്ദീഖ് (റ) ഇങ്ങനെ പറഞ്ഞു: “അവർ അങ്ങയുടെ ബന്ധുക്കളാണ്. അവരെ മോചനധനം വാങ്ങി വിട്ടയക്കണം. അവരിൽ ആരെയെങ്കിലും അല്ലാഹു ﷻ സന്മാർഗത്തിലെത്തിച്ചേക്കാം...”

പ്രവാചകൻ ﷺ പ്രസന്നവദനനായിക്കൊണ്ടു പറഞ്ഞു: “അബൂബക്കർ, താങ്കൾ ഇബ്റാഹീം നബി(അ)നെപ്പോലെയാകുന്നു. ഇബ്റാഹീം (അ) ഇങ്ങനെ പ്രാർത്ഥിച്ചു: 

“എന്റെ രക്ഷിതാവേ, ആര് എന്നെ പിൻപറ്റുന്നുവോ അവൻ എന്റെ മാർഗത്തിൽ പെട്ടവനാകുന്നു. ആരൊക്കെ എനിക്കു വിരോദം പ്രവർത്തിക്കുന്നുവോ, അപ്പോൾ നീ പാപമോചകനും കരുണാനിധിയും ആകുന്നു...”

“ഉമർ, താങ്കൾ നൂഹ് നബി(അ)യെപ്പോലെയാകുന്നു. നൂഹ് നബി(അ) ഇങ്ങനെ പ്രാർത്ഥിച്ചു: "നീ ഒരു അവിശ്വാസിയെയും ഇവിടെ ബാക്കിയാക്കരുതേ...”

നബി ﷺ തങ്ങൾ രണ്ടുപേരെയും പ്രശംസിച്ചു. അബൂബക്കർ(റ)വിന്റെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തു...


Part : 88

കണ്ണീരു നനഞ്ഞ മാല

ബദർ യുദ്ധത്തിൽ ബന്ദികളായവരെ പിഴയടച്ചു സ്വതന്ത്രമാക്കാൻ കൽപിച്ചു.

ആദ്യമായി മോചനദ്രവ്യവുമായി വന്നതു മുത്വലിബ് എന്ന ആളായിരുന്നു. നാലായിരം വെള്ളിയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ മോചനദ്രവ്യം. പിതാവ് അബൂവിദാഅ ബന്ധിയായിരുന്നു. മുത്വലിബ് നാലായിരം വെള്ളി നൽകി പിതാവിനെ മോചിപ്പിച്ചു. എല്ലാവരും നോക്കിനിൽക്കെ പിതാവും പുത്രനും മക്കയിലേക്കു യാത്രയായി...

പിന്നീടു മക്കയിൽ നിന്നു പലരും വന്നുതുടങ്ങി. അവർ തങ്ങളുടെ ബന്ധുക്കളെ സ്വതന്ത്രരാക്കി കൊണ്ടുപോയി.

 ചിലർ തീരെ ദരിദ്രരായിരുന്നു. പത്തു മുസ്ലിം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കാൻ അവരോടു നിർദേശിച്ചു. ബന്ദികൾ നേടിയ വിജ്ഞാനം ഇവിടെ ആദരിക്കപ്പെട്ടു...

പത്തു കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുക എന്ന കർമം മോചനദ്രവ്യമായി പരിഗണിക്കപ്പെട്ടു...

അബൂസുഫ്യാന്റെ പുത്രൻ അംറ് ബന്ദിയായിരുന്നു. മുസ്ലിംകൾ അംറിനോടു ദയാപൂർവം പെരുമാറി. അബൂസുഫ്യാൻ മോചനദ്രവ്യം നൽകിയില്ല...

ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ സഅ്ദ് ബ്നു നുഅ്മാൻ(റ) എന്ന അൻസ്വാരിയെ അബൂസുഫ്യാൻ മക്കയിൽ ബന്ദിയാക്കി. “എന്റെ മകനെ മോചിപ്പിച്ചാൽ നിന്നെയും മോചിപ്പിക്കാം.” അബൂസുഫ്യാൻ അറിയിച്ചു...

വിവരം മദീനയിലെത്തി.

അബൂസുഫ്യാന്റെ മകനെ വിട്ടയച്ചു. അൻസ്വാരിയെയും വിട്ടയച്ചു...

'അബുൽ ആസ്വ്' എന്ന ആളിനെ ഓർമയുണ്ടോ..? നബി ﷺ തങ്ങളുടെയും ഖദീജ(റ)യുടെയും ഓമന മകൾ സയ്നബിന്റെ കഥ നേരത്തെ പറഞ്ഞിട്ടുണ്ട്...

സയ്നബ്(റ)യെ വിവാഹം ചെയ്തത് അബുൽ ആസ് ആയിരുന്നു. സയ്നബ്(റ) ഇസ്ലാം മതം സ്വീകരിച്ചു. ഭർത്താവ് ഇസ്ലാമിന്റെ ശത്രുവാണ്. എങ്കിലും അവർ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്നു...

അബുൽ ആസ്വ് ബദർ യുദ്ധത്തിൽ പങ്കെടുത്തു ബന്ദിയായി. മോചനദ്രവ്യം നൽകി മോചിപ്പിക്കേണ്ടതു ഭാര്യയാണ്... 

സയ്നബ്(റ) ദുഃഖിച്ചു. തന്റെ ഭർത്താവു ഗോത്രത്തിലെ പ്രമുഖ വ്യക്തിയാണ്. ഗോത്രക്കാരുടെ അഭിമാനഭാജനം. തന്നോടു വളരെ സ്നേഹമാണ്. തന്നെപ്പിരിയാൻ ഇഷ്ടമില്ല. ഇസ്ലാംമതം സ്വീകരിച്ചിട്ടും തന്നെ വെറുത്തില്ല. അദ്ദേഹത്തെ മോചിപ്പിക്കണം. കൊടുത്തയയ്ക്കാൻ എന്താണുള്ളത്..? 

ഒരു മാലയുണ്ട്, സ്വർണമാല. സ്വർണമാല കയ്യിലെടുത്തു. 

സൂര്യപ്രകാശത്തിൽ അതു വെട്ടിത്തിളങ്ങി. സയ്നബ് (റ)യുടെ കണ്ണുകൾ നനഞ്ഞു. ഏറെ പ്രിയപ്പെട്ട മാലയാണിത്. വിവാഹസമ്മാനമായി ലഭിച്ചതാണ്. പ്രിയപ്പെട്ട മാതാവ് ഖദീജ(റ) സമ്മാനിച്ചത്. ഉമ്മയുടെ ഓർമയ്ക്കുവേണ്ടി സൂക്ഷിച്ചുവച്ചത്.

റബ്ബേ... ഇതല്ലാതെ മറ്റൊന്നും നൽകാനില്ലല്ലോ..? വേദനയോടെ ആ മാല കൊടുത്തയച്ചു...

മോചനദ്രവ്യത്തിന്റെ പൊതി പ്രവാചകരുടെ (ﷺ) കയ്യിലെത്തി. ഞെട്ടിപ്പോയി..!! ആ മുഖത്തു ദുഃഖം. തന്റെ പ്രിയപ്പെട്ട പത്നി പൊന്നോമന മകൾക്കു വിവാഹസമ്മാനമായി നൽകിയ മാല..!

സ്വഹാബികൾ ആ ദുഃഖം മനസ്സിലാക്കി. മാല തിരിച്ചുകൊടുക്കാം. മോചനദ്രവ്യമായി മറ്റെന്തെങ്കിലും വേണം. സ്വഹാബികൾ നിർദേശിച്ചു...

“സയ്നബിനെ മദീനയിലേക്കയയ്ക്കണം, മോചനദ്രവ്യമായി.” നബി ﷺ അബുൽ ആസ്വിനോടു പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. അബുൽ ആസ്വിനെ മോചിപ്പിച്ചു...

സയ്നബിനെ പിരിയാൻ വിഷമമായിരുന്നു. വാക്കു പാലിക്കണമല്ലോ. ഭാര്യാഭർത്താക്കന്മാർ അക്കാര്യം സംസാരിച്ചു. വിശ്വാസമാണു വലുത്. അതിന്റെ സംരക്ഷണത്തിന് എന്തു ത്യാഗത്തിനും തയ്യാറാകണം.

വിശ്വാസത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഭർത്താവിനെ ഉപേക്ഷിക്കാൻ സയ്നബ്(റ) സന്നദ്ധയായി...

ഖുറയ്ശികൾ നോട്ടമിട്ടു നടക്കുകയാണ്. സയ്നബ് രക്ഷപ്പെടരുത്. സയ്നബിന്റെ ചലനങ്ങൾ വീക്ഷിക്കപ്പെടുന്നു.
പ്രവാചകൻ ﷺ മകളുടെ വരവും കാത്തിരുന്നു. ആകാംക്ഷയോടെ...

ഒടുവിൽ സയബ്(റ) വന്നുചേർന്നു. ഖുറയ്ശികൾ ഏൽപിച്ച പരുക്കുകളുമായി...


Part : 89

ഖയ്നുഖാഇന്റെ ധിക്കാരം

ബദർ യുദ്ധത്തിൽ മുസ്ലിംകൾക്കുണ്ടായ വിജയം ജൂതന്മാരെ നിരാശരാക്കി. മുസ്ലിംകളെ കാണുമ്പോൾ അവരുടെ മനസ്സിൽ രോഷം തിളയ്ക്കും. പ്രവാചകന്റെ (ﷺ) പേരു കേൾക്കാൻ വയ്യ... 

ഖയ്നുഖാഅ്. ഒരു ജൂത ഗോത്രത്തിന്റെ പേരാണിത്. അവരുടെ മാർക്കറ്റിൽ കുറേ സ്വർണാഭരണശാലകളുണ്ട്. മദീനക്കാർ അവിടെച്ചെന്ന് ആഭരണങ്ങൾ വാങ്ങും.

ഒരു മുസ്ലിം യുവതി ആഭരണം വാങ്ങാൻ വേണ്ടി ഒരു ജൂതന്റെ കടയിൽ ചെന്നു. മുഖാവരണം ധരിച്ചാണു വന്നത്. അവർ ഇരിപ്പിടത്തിൽ ഇരുന്നു. മുസ്ലിം സ്ത്രീയെ കണ്ടപ്പോൾ ജൂതന്മാരുടെ രോഷം പതച്ചു. ആ സ്ത്രീയെ അപമാനിക്കാൻ തന്നെ അവർ തീരുമാനിച്ചു.

“ആ മുഖാവരണം ഒന്നുയർത്തിയാട്ടെ, ഞങ്ങൾ ആ മുഖംഒന്നു കാണട്ടെ.” ഒരാൾ പരിഹാസപൂർവം പറഞ്ഞു.

സ്ത്രീവല്ലാതെ വിഷമിച്ചു. ഇവിടെ വന്നു കയറിയത് അബദ്ധമായി. പോകാൻ അനുവദിക്കുന്നുമില്ല. ജൂതന്മാർ ചുറ്റും കൂടി. മുഖാവരണം ഉയർത്താൻ നിർബന്ധിക്കുന്നു. അവർ അനുസരിച്ചില്ല.

ഒരു ജൂതൻ അവരുടെ വസ്ത്രത്തിന്റെ ഒരറ്റം ചരടുകൊണ്ടു പിന്നിൽ കെട്ടിയിട്ടു. ആ പൂവാലന്മാരുടെ ശല്യത്തിൽനിന്നു രക്ഷപ്പെടാൻ വേണ്ടി അവർ ധൃതിയിൽ എഴുന്നേറ്റു. വസ്ത്രം ഉയർന്നുപോയി. പൂവാലന്മാർ ഉറക്കെ ചിരിക്കാൻ തുടങ്ങി.

സ്ത്രീയുടെ ദൈന്യത കണ്ട് അവർ നിർത്താതെ ചിരിക്കുന്നു. സ്ത്രീ ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് ഒരു പുരുഷൻ അങ്ങോട്ടു ശ്രദ്ധിച്ചു. ഒരു കൂട്ടം ജൂതന്മാർ ചേർന്നു അബലയായ ഒരു മുസ്ലിം സ്ത്രീയെ അപമാനിക്കുന്ന കാഴ്ച കണ്ടുനിൽക്കാനായില്ല.

ആ സ്വഹാബി കടയുടമയുടെ മേൽ ചാടിവീണു. വമ്പിച്ച മൽപിടുത്തം. ഏറ്റുമുട്ടലിൽ കടയുടമ വധിക്കപ്പെട്ടു..! ജൂതന്മാർ സ്വഹാബിയെയും വധിച്ചു... 

ജൂതന്മാർ മുസ്ലിംകളെ പോർവിളിച്ചു. “ബദ്റിലെ വിജയം ഒരു വിജയമല്ല. യുദ്ധം ചെയ്യാനറിയാത്ത വിഡ്ഢികളോടു വിജയിച്ചതു കാര്യമാക്കേണ്ട. ജൂതന്മാരോടു യുദ്ധം ചെയ്യാനുണ്ടോ, മുഹമ്മദിനു ചുണയുണ്ടോ..?''

ജൂതഗോത്രക്കാർ പരസ്യമായി വെല്ലുവിളിക്കുന്നു. ധിക്കരിക്കുന്നു. പരിഹസിക്കുന്നു. കപടവിശ്വാസികൾ അവരോടു ചേർന്നുനിൽക്കുന്നു. മദീനയിൽ മുസ്ലിംകളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടു... 

ഖയ്നുഖാഅ് ഗോത്രക്കാർ യുദ്ധത്തിനു വെല്ലുവിളിച്ചു. മുസ്ലിംകൾ യുദ്ധത്തിനു നിർബന്ധിതരായി. അവർ ആയുധമെടുത്തു. 

മുസ്ലിംകൾ ഖയ്നുഖാഇന്റെ കോട്ടകൾ വളഞ്ഞു. ഉപരോധം ഏർപെടുത്തി. വലിയ യുദ്ധതന്ത്രം പ്രയോഗിച്ചു. കോട്ടയ്ക്കകത്തേക്കോ പുറത്തേക്കോ പോകാൻ ആരെയും അനുവദിച്ചില്ല. പതിനഞ്ചു ദിവസം ഇതേ നില തുടർന്നു.

ഹംസ(റ)വായിരുന്നു പതാക വഹിച്ചിരുന്നത്. ശവ്വാൽ മാസത്തിലായിരുന്നു നബിﷺതങ്ങൾ സൈന്യസമേതം ഖയനുഖാഇനു നേരെ പുറപ്പെട്ടത്.

അബൂ ലുബാബതുൽ അൻസ്വാരി (റ)വിനെ മദീനയുടെ ഉത്തരവാദിത്തം ഏൽപിച്ചിട്ടാണു പുറപ്പെട്ടത്...


Part : 90

പതിനഞ്ചു ദിവസം ഉപരോധം നീണ്ടുനിന്നപ്പോൾ ജൂതന്മാർ തളർന്നു. അവർ കീഴടങ്ങി. അവർ ഇങ്ങനെ അപേക്ഷിച്ചു:

“ഞങ്ങളെ വധിക്കരുത്. ഞങ്ങൾ മദീനവിട്ടു പൊയ്ക്കൊള്ളാം. ഞങ്ങളുടെ സകല സ്വത്തും ആയുധങ്ങളും അടിയറവയ്ക്കാം. സ്ത്രീകളെയും കുട്ടികളെയും ഞങ്ങൾക്കു വിട്ടുതരണം.”

ദയാലുവായ പ്രവാചകൻ ﷺ അവരുടെ അപേക്ഷ സ്വീകരിച്ചു. അവരുടെ ആയുധങ്ങളും സ്വത്തുക്കളും സ്വീകരിച്ചു. ജൂതന്മാരെ മദീന വിട്ടു പോകാൻ അനുവദിച്ചു. 

ഉബാദത് ബ്നു സാമിത്(റ). ആ സ്വഹാബീവര്യനായിരുന്നു ജൂതന്മാരെ നാടുകടത്താനുള്ള ചുമതല. സിറിയയുടെ അതിർത്തിയിൽപെട്ട 'അദ് രിആത്' എന്ന പ്രദേശത്തേക്ക് അവർ താമസം മാറ്റി.

ബദർ യുദ്ധത്തിൽ മുസ്ലിംകൾക്കുണ്ടായ വിജയം അബൂസുഫ്യാനെ തളർത്തിയിരുന്നു. മിക്കനേതാക്കളും കൊല്ലപ്പെട്ടിരിക്കുന്നു. ഇനിയുള്ള വലിയ നേതാവ് അബൂസുഫ്യാൻ തന്നെ... 

തന്റെ പുത്രനും പല ബന്ധുക്കളും ബദറിൽ വധിക്കപ്പെട്ടു. തന്റെ പത്നി ഹിന്ദിന്റെ പിതാവും സഹോദരനും വധിക്കപ്പെട്ടു. “ഇതിനു പ്രതികാരം ചെയ്യാതെ ഞാൻ തലയിൽ വെള്ളം ഒഴിക്കില്ല.” അബൂസുഫ്യാന്റെ പ്രതിജ്ഞ വളരെ പ്രസിദ്ധമായി... 

എങ്ങനെ പ്രതികാരം ചെയ്യുന്നു എന്നറിയാൻ എല്ലാവരും കാത്തിരുന്നു. ബദറിലെ പരാജയം അവരെ ദുഃഖിപ്പിച്ചിരുന്നു. ഓരോ വീട്ടിലും കൂട്ടക്കരച്ചിൽ. ഒരു മാസത്തോളം അവർ കരഞ്ഞു... 

അബൂസുഫ്യാനു നല്ല പേടിയുണ്ട്. മുസ്ലിംകളെ നേർക്കു നേരെ ആക്രമിക്കാൻ ധൈര്യമില്ല. രഹസ്യമായി ഒരാക്രമണം നടത്താം. അതും മദീനയുടെ അതിർത്തിയിൽ എവിടെയെങ്കിലും... 

ഇരുനൂറു പേരെ സംഘടിപ്പിച്ചു. വളരെ രഹസ്യമായി സഞ്ചരിച്ചു. മദീനയിൽ നിന്നു മൂന്നു മൈൽ അകലെയുള്ള ഒരു സ്ഥലമാണ് ഉറയ്ള്. അബൂസുഫ്യാനും കൂട്ടരും അവിടെയെത്തി... 

അവിടെ മഅ്ബദ് ബ്നു അംറ്(റ) എന്ന അൻസാരി കുടുംബം താമസിച്ചിരുന്നു. നല്ലൊരു ഈത്തപ്പനത്തോട്ടം അദ്ദേഹം അവിടെ വളർത്തിയിരുന്നു.

അബൂസുഫ്യാനും ഇരുനൂറു പേരും ചേർന്ന് അൻസ്വാരിയെ വധിച്ചു. അൻസ്വാരിയുടെ കൂടെയുണ്ടായിരുന്ന വ്യക്തിയെയും വധിച്ചു. ഈത്തപ്പനത്തോട്ടം കത്തിച്ചുകളഞ്ഞു.

അബൂസുഫ്യാനും സംഘവും പിന്തിരിഞ്ഞാടി. അതിവേഗം പലായനം ചെയ്യുകയാണവർ. മുസ്ലിംകൾ എത്തുംമുമ്പേ വളരെദൂരം പിന്നിടണം...

ആഹാരത്തിനുവേണ്ടി അവർ സവീഖ് (ഒരുതരം പലഹാരം) കൊണ്ടുവന്നിരുന്നു. ഓട്ടത്തിനു വേഗം കിട്ടാൻ വേണ്ടി സവീഖിന്റെ വലിയ കെട്ടുകൾ വലിച്ചെറിഞ്ഞുകൊണ്ടാണ് അവർ ഓടിയത്.

ഈ ആക്രമണവാർത്ത മദീനയിൽ അറിഞ്ഞു. നബിﷺതങ്ങളും ഇരുനൂറു സ്വഹാബികളും പുറപ്പെട്ടു.

അവർ സ്ഥലത്തെത്തുമ്പോഴേക്കും അബൂസുഫ്യാനും പാർട്ടിയും സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. അവർ വലിച്ചെറിഞ്ഞ കെട്ടുകൾ ശേഖരിച്ചു. കത്തിച്ചുകളഞ്ഞ ഈത്തപ്പഴത്തോട്ടം മുസ്ലിംകളെ ദുഃഖിപ്പിച്ചു. കൊല്ലപ്പെട്ട സ്വഹാബിവര്യന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.

അഞ്ചു ദിവസങ്ങൾക്കു ശേഷം നബി ﷺ തങ്ങൾ മദീനയിൽ മടങ്ങിയെത്തി...


Part : 91

ഓട്ടമത്സരം 

നീണ്ടുപരന്നു കിടക്കുന്ന മരുഭൂമി. ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന കറുത്ത മലകൾ. അവയ്ക്കിടയിലൂടെ ഒരു സംഘം നടന്നുപോകുന്നു. 

നബി ﷺ തങ്ങളുടെ കൂടെ പ്രിയപത്നി ആഇശ(റ)യും സഞ്ചരിക്കുന്നു. ദമ്പതികൾ പല കാര്യങ്ങൾ സംസാരിച്ചുകൊണ്ടാണു യാത്ര. സ്വഹാബികൾ ധൃതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. നബിﷺതങ്ങളും പത്നിയും പിന്നിലായിപ്പോയി... 

അപ്പോൾ നബിﷺതങ്ങൾ ചെറുപ്പക്കാരിയായ ഭാര്യയോട് ഒരു കുസൃതിച്ചോദ്യം: “നീ ഓട്ടമത്സരത്തിനു തയ്യാറുണ്ടോ..?” 

അസാധാരണമായ ചോദ്യം കേട്ട് ആഇശ(റ) അത്ഭുതപ്പെട്ടു. അവർ അതിശയം കലർന്ന സ്വരത്തിൽ ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, നമ്മൾ തമ്മിൽ ഓട്ടമത്സരം നടത്തുകയോ..?”

“അതേ, നമ്മൾ രണ്ടുപേരും മത്സരിച്ച് ഓടുക. ആരു ജയിക്കുമെന്നു കാണാമല്ലോ.” - നബിﷺയുടെ വിശദീകരണം.

ആഇശ(റ)യിലെ കളിക്കുട്ടി ഉണർന്നു.

മത്സരത്തിനു തയ്യാറായി. കൊച്ചുകുട്ടിയായിരിക്കുമ്പോൾ ആഇശ(റ) പാവകളെ വച്ചുകളിക്കുമായിരുന്നു. അന്നൊക്കെ നബി ﷺ തങ്ങൾ അതു കാണാറുമുണ്ട്. പല കളികൾ അറിയാം. അയൽപക്കത്തെ കൂട്ടുകാരികൾ വന്നുകൂടും. പിന്നെ ആഹ്ലാദവും പൊട്ടിച്ചിരികളും തന്നെ.

ആ കുസൃതിക്കുട്ടി ഇപ്പോഴിതാ ഓട്ടമത്സരത്തിനു തയ്യാറായിരിക്കുന്നു. നബിﷺതങ്ങളും തയ്യാറെടുത്തു. മത്സരം തുടങ്ങി. ഇരുവരും മത്സരിച്ചോടുന്നു.
ആഇശ(റ) മെലിഞ്ഞ പെൺകുട്ടിയാണ്. ഓട്ടത്തിനു നല്ല വേഗം. അവർ മുമ്പിലെത്തി. മത്സരം അവസാനിച്ചു. നബി ﷺ ഓട്ടത്തിൽ പിന്നിലായിപ്പോയി. ആഇശ(റ)യുടെ മുഖത്തു വിജയഭാവം.

അവർ വീണ്ടും യാത്ര തുടർന്നു. ഓട്ടപ്പന്തയത്തിന്റെ കഥ സ്വഹാബികൾ അറിഞ്ഞു. അവർ അതു പറഞ്ഞ് ആസ്വദിച്ചു. നബി ﷺ തങ്ങൾക്കും അതൊരു മധുരമുള്ള ഓർമയായി മനസ്സിൽ നിലനിന്നു.

അങ്ങനെ വർഷങ്ങൾ കടന്നുപോയി.

മരുഭൂമിയിൽ മറ്റൊരു യാത്ര. നബിﷺയും സ്വഹാബികളും ദീർഘയാത്രയിലാണ്. ഇത്തവണയും നബി ﷺ തങ്ങളോടൊപ്പം ആഇശ(റ) ഉണ്ട്.

വിശാലമായ പ്രദേശം. അതിലൂടെ കടന്നുപോകുമ്പോൾ പ്രവാചകൻ ﷺ പത്നിയോടു ചോദിച്ചു: “ആഇശാ, നീ ഓട്ടമത്സരത്തിനു തയ്യാറുണ്ടോ..?”

എന്തൊരു കുസൃതിച്ചോദ്യം. മനസ്സു പൂത്തുലഞ്ഞുപോയി. കുട്ടിക്കാലം ഓർമവരുന്നു. അന്നത്തെ ഓട്ടവും ചാട്ടവും. തുമ്പിയെപ്പോലെ പാറിപ്പറന്നു നടന്ന കാലം. ഇതാ വീണ്ടും കുട്ടിക്കാലം വരുന്നു... 

“ഞാൻ തയ്യാർ” - ആഇശ(റ) സമ്മതിച്ചു.

ഇരുവരും മത്സരത്തിനു തയ്യാറായി.

നിശ്ചിത സമയത്ത് ഓട്ടം തുടങ്ങി. മനസ്സിനൊപ്പം ശരീരം നീങ്ങുന്നില്ലെന്നു ആഇശ(റ)ക്കു മനസ്സിലായി. പഴയ കുട്ടിയാകാൻ പറ്റുന്നില്ല... 

നബിﷺതങ്ങൾ വേഗത്തിൽ ഓടുന്നു. ഓടി മുന്നേറുന്നു. താൻ പിന്നിലായിപ്പോയി. മത്സരത്തിൽ പരാജയപ്പെട്ടു... 

“ആഇശാ... ഇത് അതിനുപകരമാണ്.” പഴയ പരാജയത്തിനു മധുരമായ പ്രതികാരം. നബിﷺതങ്ങളുടെ ചെഞ്ചുണ്ടുകളിൽ പുഞ്ചിരി... 

യാത്രകഴിഞ്ഞ് എത്തിയശേഷം ആഇശ(റ) മറ്റു ഭാര്യമാരോടും കൂട്ടുകാരികളോടുമൊക്കെ വിശേഷം പറഞ്ഞു. “അന്നത്തെ മത്സരത്തിൽ ഞാൻ വിജയിച്ചു. അന്നു ഞാൻ മെലിഞ്ഞ പെൺകുട്ടിയായിരുന്നു. ഓട്ടത്തിനു നല്ല വേഗം കിട്ടി.

ഇന്നെനിക്കു തടി കൂടിയില്ലേ..! പഴയതുപോലെ ഓടാൻ കഴിയുമോ..? ഞാൻ തോറ്റുപോയി.” അതും പറഞ്ഞു ആഇശ(റ) ചിരിച്ചു...

വലിയൊരു ഫലിതം കേട്ടതുപോലെ മറ്റുള്ളവരും ചിരിച്ചു. മദീനയിൽ അതൊരു തമാശ വാർത്തയായി നിലനിന്നു... 

മറ്റുള്ളവരുമായി സംഭാഷണം നടത്തുന്നതിനിടയിൽ നബി ﷺ തങ്ങൾ നല്ല തമാശകൾ പറയും. മറ്റുള്ളവർ കേട്ടു ചിരിക്കും. ആ തമാശകളിലും എന്തെങ്കിലും കാര്യം കാണും. ഒന്നും വെറും വർത്തമാനമല്ല... 

അനുയായികൾ പ്രവാചകരുടെ (ﷺ) ഫലിതങ്ങളൊക്കെ ഓർത്തു
വയ്ക്കും. മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കും.

ഇടയ്ക്കു തമാശകൾ പറയണം. ആസ്വദിക്കണം. ചിരിക്കണം. അതൊക്കെ മനസ്സിനും ശരീരത്തിനും നല്ലതാണ്... 

സത്യം പറഞ്ഞു കൊണ്ടായിരിക്കണം തമാശകൾ പറയേണ്ടത് , അല്ലാതെ കള്ളം പറഞ്ഞു കൊണ്ടും മറ്റുള്ളവരെ ആക്ഷേപിച്ചു കൊണ്ടുമൊന്നുമല്ല എന്ന കാര്യം എല്ലാവരും വിസ്മരിച്ചു പോകുന്നു.    


Part : 92

ഒട്ടകത്തിന്റെ പരാതി

ഒരിക്കൽ ഒരു സ്വഹാബി നബിﷺതങ്ങളെ കാണാൻ വന്നു. അൻസ്വാരിയാണ്. തന്റെ ഒട്ടകത്തെപ്പറ്റി പരാതി പറയാനാണ് അദ്ദേഹം വന്നത്. നബിﷺതങ്ങൾ ഒരു കൂട്ടം സ്വഹാബികളോടൊപ്പമായിരുന്നു...

“അല്ലാഹുവിന്റെ റസൂലേ, എനിക്ക് ഒരു ഒട്ടകമുണ്ട്. അതു ജോലിചെയ്യാൻ കൂട്ടാക്കുന്നില്ല. മുതുകിൽ വെള്ളം ചുമക്കാൻ ആ ഒട്ടകം തയ്യാറല്ല. അതുകാരണം ഞങ്ങൾക്ക് ഈത്തപ്പനകൾ നനക്കാനാവുന്നില്ല. അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണം...”

അൻസ്വാരിയുടെ പരാതി കേട്ടു സ്വഹാബികൾ അത്ഭുതപ്പെട്ടു. ഒട്ടകം ജോലി ചെയ്യാത്തതിന് ഇവിടെയാണോ പരാതി പറയുന്നത്..!

“വരൂ, നമുക്കൊന്നു പോയി നോക്കാം.'' നബിﷺതങ്ങൾ സ്വഹാബികളോടു പറഞ്ഞു. എല്ലാവരും നടന്നു അൻസ്വാരിയുടെ കൂടെ...

ഒരു ഈത്തപ്പനത്തോട്ടത്തിലേക്കാണവർ പോയത്. തോട്ടത്തിന്റെ മൂലയിൽ ഒട്ടകം നിൽക്കുന്നു. ആകെ വെറിപിടിച്ച മട്ടാണ്. അതിനെ സമീപിക്കാൻ തന്നെ എല്ലാവർക്കും ഭയം. പ്രവാചകൻ ﷺ ഒട്ടകത്തിനടുത്തേക്കു നടന്നു. സ്വഹാബികൾ വിലക്കി...

“ഒട്ടകം വെറിപിടിച്ച നായയെപ്പോലെ നിൽക്കുകയാണ്. അതിനെ സമീപിച്ചാൽ ഉപ്രദവമാകും...”

സ്വഹാബികൾ പറഞ്ഞതൊന്നും റസൂൽ ﷺ പരിഗണിച്ചില്ല. നബിﷺതങ്ങൾ മൃഗത്തിന്റെ സമീപത്തു ചെന്നു നിന്നു. നബിﷺതങ്ങളെ കണ്ടപ്പോൾ ഒട്ടകത്തിനു സന്തോഷം. അതു വിനയപൂർവം തലതാഴ്ത്തി...

നബി ﷺ അതിന്റെ നെറ്റിയിലെ രോമത്തിൽ പിടിച്ചു. പ്രവാചകന്റെ (ﷺ) കരസ്പർശമുണ്ടായതോടെ ഒട്ടകം തീർത്തും ശാന്തമായി. ഒരടിമയെപ്പോലെ നിന്നു. നബിﷺതങ്ങൾ തിരിച്ചുവന്നു. ആളുകൾ അത്ഭുതപ്പെട്ടു. നല്ല അനുസരണയുള്ള ഒട്ടകം. അതു അനുസരണയോടെ വെള്ളം ചുമന്നുതുടങ്ങി. ഉടമസ്ഥനു സന്തോഷമായി...

അകലെ ഒരു ഈത്തപ്പനത്തോട്ടം. മരുഭൂമിയിൽ ഒരു പച്ചത്തുരുത്ത്. കാണാൻ ചന്തം. പല വലിപ്പത്തിലുള്ള ഈത്തപ്പനകൾ. അവിടെ പല ജോലികൾ നടക്കുന്നു. ഈത്തപ്പനകൾക്കു വേണ്ട ശുശ്രൂഷകൾ നൽകണം. വളവും വെള്ളവും നൽകണം. ഈത്തപ്പനകൾ നനച്ചുകൊടുക്കണം...

ആഴമുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കണം. ഒട്ടകങ്ങൾ വെള്ളം ചുമന്നുകൊണ്ടുവരും. ആ വെള്ളംകൊണ്ടു പനകൾ നനക്കും.
അത് ഒരു അൻസ്വാരിയുടെ തോട്ടമാണ്.

ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ അതുവഴി വരുന്നു. അൻസ്വാരിയുടെ തോട്ടത്തിലേക്കാണു വരുന്നത്. തോട്ടത്തിൽ ചില ഒട്ടകങ്ങൾ മേഞ്ഞുനടക്കുന്നു. അവയിൽ ഒരെണ്ണം നബിﷺതങ്ങളെ കണ്ട ഉടനെ ഓടിവരികയാണ്.

ഒട്ടകം ഉറക്കെ കരയുന്നു. കണ്ണുകളിൽ നിന്നു കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു.

ഒട്ടകത്തിന് എന്തോ പരാതി പറയാനുണ്ട്. പ്രവാചകന്റെ (ﷺ) സമീപത്ത് ഒട്ടകം വിനയത്തോടെ വന്നുനിന്നു. നബി ﷺ തങ്ങൾ സ്നേഹപൂർവം അതിന്റെ പിരടി തടവിക്കൊടുത്തു. ഒട്ടകത്തിന് ആശ്വാസമായി. കരച്ചിൽ നിറുത്തി...

“ഇതിന്റെ ഉടമസ്ഥൻ ആരാണ്..?” നബി ﷺ അന്വേഷിച്ചു. 

അൻസ്വാരി യുവാവു മുന്നോട്ടു വന്നു...
“ഇത് എന്റെ ഒട്ടകമാണ്.”

നബി ﷺ ആ യുവാവിനോട് ഇങ്ങനെ പറഞ്ഞു: “അല്ലാഹു ﷻ നിന്നെ ഈ മൃഗത്തിന്റെ യജമാനനാക്കിയില്ലേ..? ഇതിനോടു കരുണ കാണിക്കാൻ നിനക്കു കടമയുണ്ട്. ഇതിന്റെ കാര്യത്തിൽ നീ അല്ലാഹുﷻവിനെ ഭയപ്പെടുക. നീ ഈ ഒട്ടകത്തെക്കൊണ്ടു കഠിനമായി ജോലി ചെയ്യിക്കുന്നുണ്ടെന്നും പട്ടിണിക്കിടുന്നുണ്ടെന്നും ഇതെന്നോടു പരാതി പറയുന്നു...”

യുവാവ് ഞെട്ടിപ്പോയി..!! മൃഗങ്ങളോടു കരുണ കാണിക്കണമെന്നു നബി ﷺ ഉടമസ്ഥരോടു കൂടെക്കൂടെ ഉപദേശിക്കാറുണ്ടായിരുന്നു...


Part : 93

വീണ്ടും യുദ്ധത്തിലേക്ക് 

അബൂസുഫ്യാൻ ശാമിൽ നിന്നു കൊണ്ടുവന്ന കച്ചവട ചരക്കുകളെച്ചൊല്ലിയാണല്ലോ ബദർ യുദ്ധം നടന്നത്. ആ ചരക്കുകൾ അവകാശികൾക്കു വീതംവച്ചു കൊടുത്തില്ല. ദാറുന്നദ് വയിൽ സൂക്ഷിച്ചുവച്ചു. ഇതുമുഴുവൻ യുദ്ധോപകരണങ്ങൾ വാങ്ങി മുസ്ലിംകളുടെ നാശത്തിനുവേണ്ടി ചെലവഴിക്കും.

മക്കയിലെ ഓരോ വീട്ടിലും പ്രതികാരത്തിന്റെ അഗ്നി പുകയുകയാണ്. മരണപ്പെട്ടവരുടെ വിധവകൾ സംഘടിച്ചു. അബൂസുഫ്യാന്റെ ഭാര്യ ഹിന്ദ് അവർക്കു നേതൃത്വം നൽകുന്നു...

അവർ വീടുകൾ തോറും സന്ദർശിക്കുന്നു. പ്രതികാര ജ്വാലകൾ ആളിക്കത്തിക്കുന്നു. ഹിന്ദിന്റെ ശപഥം മക്കക്കാരെ കോരിത്തരിപ്പിച്ചു...

പ്രതികാരം ചെയ്യുംവരെ എണ്ണ പുരട്ടില്ല, സുഗന്ധം ഉപയോഗിക്കില്ല. ഭർത്താവുമായി സമ്പർക്കമില്ല. മറ്റു പല സ്ത്രീകളും ഇതുപോലെ ശപഥം ചെയ്തു...

ഇതിനിടയിൽ കച്ചവടത്തിനു പോകാനുള്ള സമയമായി. മദീനയുടെ സമീപത്തുകൂടി കച്ചവടസംഘത്തെ കൊണ്ടു പോകാൻ കഴിയില്ല. മുസ്ലിംകൾ തടയും. മറ്റൊരു മാർഗം കണ്ടത്തണം...

ഇറാഖിലൂടെയുള്ള മാർഗം സ്വീകരിക്കാം. പ്രയാസങ്ങൾ കൂടും. എന്നാലും സുരക്ഷിതമാണ്. മുസ്ലിംകളെ പേടിക്കാനില്ല.

ഒരു ലക്ഷം ദിർഹം വിലവരുന്ന ചരക്കുകളുമായി അവർ യാത്ര തിരിച്ചു. മദീനക്കാരനായ നുഐം ബ്നു മസ്ഊദ് ഈ സമയത്തു മക്കയിലുണ്ടായിരുന്നു. വമ്പിച്ച വ്യാപാരസംഘത്തെ കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു..!!

അദ്ദേഹം കച്ചവടസംഘത്തെക്കുറിച്ചുള്ള വാർത്ത പ്രവാചകനെ (ﷺ) അറിയിച്ചു. പുതിയ സഞ്ചാരമാർഗം എങ്ങനെയെന്നും അറിയിച്ചു...

ഉടനെ നബി ﷺ സയ്ദ് ബ്നു ഹാരിസ്(റ)വിന്റെ നേതൃത്വത്തിൽ നൂറു ഭടന്മാരെ അയച്ചു. വെയിൽ കത്തിപ്പടരുന്ന മരുഭൂമിയിലൂടെ അവർ യാത്ര ചെയ്തു. നജ്ദിലെത്തി...

മുസ്ലിംകൾ അതുവഴി വരുമെന്നു യാതൊരു പ്രതീക്ഷയും ഖുറയ്ശികൾക്കില്ല. വഴിയിൽ ഒരപകടവും പ്രതീക്ഷിക്കാതെ യാത്ര തുടരുകയാണ്. പെട്ടെന്നാണു മുസ്ലിം സംഘത്തെ മുമ്പിൽ കണ്ടത്. പിന്നൊന്നും ചിന്തിച്ചില്ല. കച്ചവടച്ചരക്കുകൾ ഉപേക്ഷിച്ചു ജീവനും കൊണ്ടോടുകയായിരുന്നു...

തന്റെ പിതാവിനെയും സഹോദരനെയും വധിച്ച ഹംസയെ വധിക്കണം. അതാണ് ഹിന്ദിന്റെ ആവശ്യം. ചാട്ടുളി പ്രയോഗത്തിൽ വിദഗ്ധനായ ഒരു അടിമയെക്കുറിച്ചു ഹിന്ദ് കേട്ടു... 

ജുബയ്ർ ബ്നു മുത്ഇം എന്ന പ്രമുഖന്റെ അടിമയായ വഹ്ശി. ഹിന്ദ് വഹ്ശിയെ വരുത്തി...

“വഹ്ശീ... നീ ചാട്ടുളി പ്രയോഗത്തിൽ മിടുമിടുക്കനാണ്..! നിന്റെ ഉന്നം പിഴയ്ക്കുകയില്ല. വഹ്ശീ, നീ ഞങ്ങളുടെ കൺകുളിർപ്പിക്കണം. നീ ചോദിക്കുന്നതെന്തും ഞങ്ങൾ സമ്മാനമായി നൽകും.” - ഹിന്ദ് വഹ്ശിയെ ഹരംപിടിപ്പിച്ചു...

വഹ്ശിയുടെ യജമാനൻ ജുബയർ പറഞ്ഞു: “നീ ഹംസയെ വധിച്ചാൽ നിന്നെ ഞാൻ സ്വതന്ത്രനാക്കും.

പിന്നെ നീ അടിമയല്ല.” - വഹ്ശിക്കു സന്തോഷമായി...


Part : 94

സുശക്തമായൊരു സൈന്യം ഒരുങ്ങി. ബനൂ മുസ്ത്വലഖ്, ബനുൽ ഹൗൽ എന്നീ ഗോത്രക്കാർ സഖ്യകക്ഷികളാണ്. തിഹാമയിലെയും കിനാനയിലെയും ആളുകൾ ഖുറയ്ശികളോടു ചേർന്നു.

ഖുറയ്ശി വനിതകളും രംഗത്തുണ്ട്. ഹിന്ദിന്റെ നേതൃത്വത്തിൽ അവർ പാട്ടുപാടുന്നു. പുരുഷന്മാരെ ആവേശം കൊള്ളിക്കുന്നു.

മൂവായിരം യോദ്ധാക്കൾ മദീനയെ ലക്ഷ്യംവച്ചു നീങ്ങി. നബിﷺതങ്ങളുടെ പിതൃസഹോദരനായ അബ്ബാസ് ഈ സൈനിക നീക്കം കണ്ട് അസ്വസ്ഥനായി. തന്റെ സഹോദരപുത്രനെ ഈ വിവരം ഉടനെ അറിയിക്കണം... 

വിശ്വസ്തനായ ഒരാളെ തേടിനടന്നു. ഒരു ഗിഫാർ ഗോത്രക്കാരനെ കണ്ടെത്തി. ഖുറയ്ശികളുടെ പുറപ്പാടിനെക്കുറിച്ചു വിവരിക്കുന്ന കത്ത് ഗിഫാർ ഗോത്രക്കാരന്റെ കയ്യിൽ കൊടുത്തയച്ചു...

മദീനയിലേക്കുള്ള വഴിയിൽ അദ്ദേഹം ഖുബാഇലെത്തി. അവിടുത്തെ പള്ളിയുടെ കവാടത്തിൽ വച്ച് നബി ﷺ തങ്ങളെ കണ്ടുമുട്ടി. കത്തു നൽകി...

ഉബയ്യ് ബ്നു കഅ്ബ് കത്തു വായിച്ചു കേൾപിച്ചു. ഞെട്ടിക്കുന്ന വാർത്ത.
വിവരം ശേഖരിക്കാൻ ചിലരെ ഉടനെ അയയ്ക്കണം. അനസ്(റ), മുഅനിസ്(റ) എന്നിവരെ ആദ്യം അയച്ചു. അതിനുശേഷം ഹുബാബ് ബ്നു മുൻദിർ (റ) വിനെയും അയച്ചു...

അവരെല്ലാം മദീനയുടെ പുറത്തേക്കു യാത്ര ചെയ്തു. ഖുറയ്ശികളുടെ കുതിരകളും ഒട്ടകങ്ങളും മേഞ്ഞുനടക്കുന്നത് അവർ കണ്ടെത്തി...

ശത്രുക്കൾ വളരെ സമീപം എത്തിക്കഴിഞ്ഞു. “ശത്രുക്കൾ മദീനയിൽ പ്രവേശിക്കാതെ നോക്കാം. ശക്തമായ ഉപരോധം ഏർപ്പെടുത്തണം. മദീനയിൽ നിന്നു ശത്രുക്കളെ നേരിടുകയുമാവാം.”
നബിﷺതങ്ങൾ അഭിപ്രായപ്പെട്ടു...

മദീനയിൽ നിന്നു പുറത്തുപോയി ശത്രുക്കളെ ഇടയിലേക്കുചെന്ന് ആക്രമണം നടത്തണമെന്നു പലരും അഭിപ്രായപ്പെട്ടു. ചെറുപ്പക്കാർ പൊതുവിൽ ആ അഭിപ്രായക്കാരായിരുന്നു...

“നിങ്ങൾ പരാജയപ്പെടുമെന്നു ഞാൻ സംശയിക്കുന്നു.'' പ്രവാചകൻ ﷺ പറഞ്ഞു. അപ്പോഴും മദീനയുടെ പുറത്തുവച്ചു യുദ്ധം ചെയ്യണമെന്നു ഭൂരിപക്ഷം വാദിച്ചു. നബി ﷺ അവർ പറഞ്ഞത് അംഗീകരിച്ചു.

ശവ്വാൽ മാസം പത്ത്. അതൊരു വെള്ളിയാഴ്ചയായിരുന്നു. ക്ഷമ കൈക്കൊള്ളുവാനും ശത്രുക്കൾക്കെതിരെ ധീരമായി പോരാടാനും പ്രവാചകൻ ﷺ സ്വഹാബികളെ ഉദ്ബോധിപ്പിച്ചു. വിജയം ക്ഷമാശീലരുടെ ഭാഗത്താണെന്ന് എടുത്തു പറഞ്ഞു. അന്നു സായാഹ്നത്തിൽ പ്രവാചകൻ ﷺ തന്റെ വീട്ടിൽ പ്രവേശിച്ചു. യുദ്ധത്തിനുള്ള ആയുധങ്ങൾ അണിഞ്ഞു...

പ്രവാചകൻ ﷺ തന്റെ ഭവനത്തിലേക്കു പോയപ്പോൾ സ്വഹാബികൾക്കിടയിൽ അഭിപ്രായം പറച്ചിൽ നടന്നു. ചില മുതിർന്ന സ്വഹാബികൾ ഇങ്ങനെ പറഞ്ഞു: “നബിﷺതങ്ങൾ മദീനയെ ഉപരോധിച്ചാൽ മതിയെന്നാണു നേരത്തെ പറഞ്ഞത്. സമ്മർദം കൊണ്ടാണു പുറത്തുപോയി യുദ്ധം ചെയ്യാമെന്നു സമ്മതിച്ചത്. അതു ശരിയായില്ല...”

ഇതു കേട്ടതോടെ പലർക്കും പരിഭ്രമമായി. തങ്ങൾ ചെയ്തതു തെറ്റായിപ്പോയോ എന്ന ഭീതി. അവർ പ്രവാചകനെ (ﷺ) കാത്തിരുന്നു. ആയുധം ധരിച്ചു പ്രവാചകൻ ﷺ പുറത്തുവന്നു. സ്വഹാബികൾ ചുറ്റും കൂടി...

“അങ്ങയുടെ അഭിപ്രായം പോലെ ചെയ്താൽ മതി. ഞങ്ങളുടെ വാക്കുകൾ പരിഗണിക്കേണ്ടതില്ല...” 

പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി: “അങ്കി ധരിച്ചശേഷം അഭിപ്രായം മാറ്റാനും ശത്രുക്കളുടെ കാര്യത്തിൽ അല്ലാഹു ﷻ ഒരു തീരുമാനമുണ്ടാക്കും മുമ്പെ അങ്കി അഴിച്ചുമാറ്റാനും ഒരു പ്രവാചകനും കഴിയില്ല. എന്റെ വാക്കുകൾ സ്വീകരിക്കൂ, മുമ്പോട്ടു പോകൂ, ക്ഷമാശീലർക്കാണു വിജയം...”

പ്രവാചകനും (ﷺ) സ്വഹാബികളും പുറപ്പെട്ടു. ആയിരം യോദ്ധാക്കൾ.
ആവേശപൂർവം അവർ മുന്നോട്ടു നടക്കുകയായിരുന്നു. മദീനക്കും ഉഹ്ദിനുമിടയിലുള്ള ശൗത്വി എന്ന പ്രദേശത്തെത്തി...

അവിടെവച്ച് അബ്ദുല്ലാഹിബ്നു ഉബയ്യ് ഇങ്ങനെ വിളിച്ചു പറഞ്ഞു. “മുഹമ്മദ് കുറേ ചെറുപ്പക്കാർക്കു വഴങ്ങി. ഞാൻ ഈ യുദ്ധത്തിനില്ല. ഞാൻ പോകുന്നു.”

 അബ്ദുല്ലാഹിബ്നു ഉബയ്യിനെ ഓർക്കുന്നില്ലേ..? കപടവിശ്വാസികളുടെ നേതാവ്. അവൻ പിന്തിരിഞ്ഞുകളഞ്ഞു. അവൻ ഒറ്റക്കല്ലപോയത്. കൂടെ മുന്നൂറുപേരും. ആയിരം പേരിൽ മുന്നൂറുപേർ പിൻവാങ്ങി..!!

യുദ്ധം ചെയ്യാൻ ഇനി എഴുനൂറുപേർ മാത്രം. കപടവിശ്വാസികൾ പ്രവാചകനെ (ﷺ) വഞ്ചിക്കുകയായിരുന്നു. മുസ്ലിംകളുടെ ആത്മവീര്യം നശിപ്പിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം.

കടുത്ത പരീക്ഷണങ്ങളുടെ മധ്യത്തിലേക്കു മുസ്ലിംകൾ നടന്നടുക്കുന്നു. ജൂതന്മാരും കപടവിശ്വാസികളും പരിഹസിച്ചു ചിരിക്കുന്നു...


Part : 95

അല്ലാഹുﷻവിന്റെ സിംഹം

നബിﷺതങ്ങൾ സൈന്യത്തെ പരിശോധിച്ചു. പ്രായം കുറഞ്ഞ ചിലർ സൈന്യത്തിൽ കടന്നുകൂടിയിരുന്നു. അവരെ പുറത്താക്കാൻ വേണ്ടി പരിശോധന നടത്തി. റാഫിഅ്, സംഅ എന്നിവർ പട്ടാളക്കാരോടൊപ്പം യുദ്ധത്തിനു വന്ന കുട്ടികളായിരുന്നു. കാലിന്റെ വിരലുകൾ നിലത്തൂന്നി ഉയർന്നുനിന്നാണു പരിശോധനയെ നേരിട്ടത്...

റാഫിഇന്റെ ശ്രമം വെറുതെയായില്ല. യുദ്ധത്തിനു അനുമതി കിട്ടി. സംഅയെ പിടികൂടി പുറത്താക്കി...

“റാഫിഅ് കുട്ടിയാണ്. അവനെ സൈന്യത്തിലെടുത്തു. എന്നെയും എടുക്കണം. ഞാൻ അവനോടു ദ്വന്ദ്വയുദ്ധം നടത്താം. ഞാൻ ജയിക്കും...”

സംഅ വാശിപിടിച്ചു. അവർ തമ്മിൽ മൽപിടുത്തം നടന്നു. സംഅ ജയിച്ചു. യുദ്ധത്തിന് അനുവാദവും കിട്ടി...

മുസ്ലിം സൈന്യം ഉഹ്ദിലെത്തി. മദീനയിൽ നിന്നും എഴുപതു നാഴിക അകലെയുള്ള പ്രദേശം. ഉഹ്ദ് മലയ്ക്കു പിൻതിരിഞ്ഞു മദീനക്കു നേരെയാണ് അവർ നിന്നത്. 

പിൻവശത്തു വലിയൊരു മലയിടുക്ക് ഉണ്ടായിരുന്നു. ശത്രുക്കൾ അതിലൂടെ
കടന്നുവന്നു ആക്രമണം നടത്താം. അതു തടയാൻവേണ്ടി അമ്പത് അമ്പെയ്ത്ത് വിദഗ്ധരെ അവിടെ നിറുത്താൻ തീരുമാനിച്ചു...

അബ്ദുല്ലാഹിബ്നു ജുബയ്ർ(റ) ആയിരുന്നു അവരുടെ നേതാവ്, അമ്പെയ്ത്ത് വിദഗ്ധന്മാർക്കു പ്രവാചകൻ ﷺ കർശനമായ നിർദേശം നൽകി: 

“ഈ മലയിടുക്കു നിങ്ങൾ കാത്തുസൂക്ഷിക്കണം. ഒരു കാരണവശാലും നിങ്ങൾ ഈ പ്രദേശം വിട്ടു പോകരുത്. സ്ഥലം വിടാനുള്ള കൽപന വരുന്നതുവരെ ഇവിടെത്തന്നെ നിൽക്കണം. യുദ്ധം ജയിച്ചാലും തോറ്റാലും ഇവിടം വിടരുത്..." 

"ഞങ്ങൾ ശത്രുക്കളെ പരാജയപ്പെടുത്തുന്നതു കണ്ടാലും ഞങ്ങളെ ശത്രുക്കൾ കൊന്നൊടുക്കുന്നതു കണ്ടാലും ശരി, ഈ ആജ്ഞ പാലിക്കണം. ശത്രുക്കളുടെ കുതിരകൾക്കുനേരെ അമ്പെയ്തുകൊണ്ടിരിക്കണം. അമ്പുകൾ വരുന്നതുകണ്ടാൽ കുതിരകൾ മുന്നേറുകയില്ല.”

പ്രവാചകൻ ﷺ യോദ്ധാക്കളുടെ അണികൾക്കിടയിലൂടെ നടന്നു. അണികൾ ശരിപ്പെടുത്തിക്കൊണ്ടിരുന്നു...

“അല്ലാഹുﷻവിനെ സൂക്ഷിക്കുക. ക്ഷമ അവലംബിക്കുക. ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് ശരീരത്തിനു ശിരസ്സു പോലെയാകുന്നു. ശിരസ്സിനു രോഗം വന്നാൽ ശരീരത്തിലെ മറ്റ വയവങ്ങളെല്ലാം വേദന അനുഭവിക്കും. ഒരു സത്യവിശ്വാസിയുടെ വേദന മറ്റുള്ളവർക്കും വേദനയാണ്...'' നബിﷺതങ്ങൾ അനുയായികളെ ഓർമപ്പെടുത്തി...

ഖുറയ്ശികൾ സുസജ്ജരായിരുന്നു. ഒരു വിഭാഗത്തിനു നേതൃത്വം നൽകിയത് ഖാലിദ് ബ്നുൽ വലീദ്. അവർ വലതു ഭാഗത്തു നിലയുറപ്പിച്ചു. ബദറിൽ കൊല്ലപ്പെട്ട അബുജഹ്ലിന്റെ മകനാണ് ഇക്രിമത്. ഇടതു ഭാഗത്തു നിലയുറപ്പിച്ച സൈന്യത്തിന് ഇക്രിമ നേതൃത്വം നൽകുന്നു... 

സ്ത്രീകൾ ദഫ് മുട്ടിയും പാട്ടുപാടിയും അണികൾക്കിടയിലൂടെ ഓടിനടക്കുന്നു. ആവേശം എവിടെയും അലതല്ലുകയാണ്. ബദറിന്റെ പ്രതികാരചിന്ത ഇളകിമറിയുന്നു. അബൂആമിർ എന്ന അടിമ യുദ്ധത്തിനു തുടക്കംകുറിച്ചു...

ഇക്റിമയുടെ സൈന്യം മുസ്ലിംകളെ ആക്രമിച്ചു. മുസ്ലിംകൾ അവരെ കല്ലെറിഞ്ഞു തുരത്തി. അബൂആമിർ എന്ന അടിമയും കൂട്ടരും പിൻതിരിഞ്ഞോടി...

ഹംസ(റ) പടവാൾ വീശിക്കൊണ്ടു ശത്രുനിരയുടെ ഉള്ളിലേക്കു പാഞ്ഞുകയറി. നിരവധി ശത്രുക്കൾ വാളിന്നിരയായി...

ശ്രതുപക്ഷത്തുള്ള ധീരനായ തൽഹ മുസ്ലിംകളെ ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിക്കുന്നു. അലി(റ) വെല്ലുവിളി സ്വീകരിച്ചു. അവർ തമ്മിലുള്ള ഏറ്റുമുട്ടൽ രോമാഞ്ചജനകമായിരുന്നു. കായികഭ്യാസങ്ങളുടെ ഉജ്ജ്വലമായ പ്രകടനം...

അലി(റ)വിന്റെ കരങ്ങളുടെ വേഗം കൂടി. മിന്നെറിയുംപോലെ പടവാൾ കിടന്നുതിളങ്ങുന്നു. ഏതു വഴിയാണു വാൾ വരുന്നതെന്നറിയില്ല. തൽഹയുടെ കണ്ണഞ്ചിപ്പോയി. വെട്ടേറ്റു. ഒന്നല്ല, പലത്. താഴെ വീണുപോയി. തൽഹയുടെ അന്ത്യം സംഭവിച്ചു...

വഹ്ശിക്കു യുദ്ധത്തിൽ വലിയ താൽപര്യമില്ല. ഹംസ(റ)വിനെ വധിക്കണം. അടിമത്തത്തിൽ നിന്നു മോചനം നേടണം. പിന്നെ കൈനിറയെ പാരിതോഷികങ്ങൾ. ഇത് മാത്രമാണ് വഹ്ശിയുടെ ലക്ഷ്യം...


Part : 96

വഹ്ശിയുടെ യജമാനനാണു ജുബയർ. ബദ്ർ യുദ്ധത്തിൽ ജുബയറിന്റെ പിതാവു കൊല്ലപ്പെട്ടിരുന്നു. 

ഹംസ(റ)വിനെ നോട്ടമിട്ടുനടക്കുകയാണ് വഹ്ശി. മനുഷ്യരെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് അതാവരുന്നു ഹംസ(റ). ചാട്ടുളി എറിഞ്ഞാൽ കൊള്ളും. അത്ര അകലത്തിലാണ് ഇപ്പോഴുള്ളത്...

ചാട്ടുളി കയ്യിലെടുത്തു. ഉന്നംവച്ചു. ഒരൊറ്റ ഏറ്. ഉന്നം തെറ്റിയില്ല. അടിവയറ്റിൽ ചെന്നു തറച്ചു..! കാലുകൾക്കിടയിലൂടെ പുറത്തുചാടി. ധീരയോദ്ധാവായ ഹംസ(റ) മറിഞ്ഞു വീണുപോയി. എന്തൊരു വേദന. തനിക്ക് എന്താണു സംഭവിച്ചത്..?!

ഏതുതരം ആയുധമാണിത്. അമ്പും കുന്തവും വാളും ഒന്നുമല്ലല്ലോ..? തനിക്കുനേരെ പാഞ്ഞുവന്ന അമ്പും കുന്തവും വാളുമെല്ലാം പരിചകൊണ്ടു തടുക്കുകയായിരുന്നുവല്ലോ. ലാഇലാഹ ഇല്ലല്ലാഹ്.. സയ്യിദുശ്ശൂഹദാഅ്... രക്തസാക്ഷികളുടെ നേതാവ്. അസദുൽ ഇലാഹ്...

അല്ലാഹുﷻവിന്റെ സിംഹം. ഉഹുദിന്റെ മണ്ണിൽ ചലനമറ്റു കിടക്കുന്നു. മരണം ഉറപ്പായപ്പോൾ വഹ്ശി അടുത്തുചെന്നു. ചാട്ടുളി വലിച്ചൂരിയെടുത്തു. രക്തം തുടച്ചുകളഞ്ഞു. ഒരു മരത്തണലിൽ പോയിരുന്നു. ഇനി ആരെയും കൊല്ലണമെന്നില്ല. തന്റെ കടമ നിറവേറ്റി. വഹ്ശി പിൽക്കാലത്ത് ഇസ്ലാംമതം സ്വീകരിച്ചു...

ഹംസ(റ)വിന്റെ രക്തസാക്ഷിത്വം മുസ്ലിം അണികളിൽ ഒരുതരം ആവേശം ഉണർത്തി. ഹംസ(റ)വിനെപ്പോലെ രക്തസാക്ഷിത്വം വരിക്കാൻ നിരവധിപേർ മുന്നേറിക്കൊണ്ടിരുന്നു... 

ശത്രുക്കളുടെ അണികളിലേക്കുള്ള ഈ മുന്നേറ്റം അവരെ ഭയപ്പെടുത്തി. ഇതൊരു കൂട്ടക്കുരുതിയായിത്തീരുമോ..? ഖുറയ്ശികളുടെ പതാക വഹിച്ചിരുന്നവർ ഓരോരുത്തരായി വധിക്കപ്പെട്ടു. ഒരാൾക്കു പിന്നാലെ മറ്റൊരാൾ...

അവസാനം സുആബ് എന്നു പേരായ അബ്സീനിയൻ അടിമയുടെ കൈവശമായിരുന്നു പതാക. സുആബും വധിക്കപ്പെട്ടു. ഒമ്പതുപേർ പതാക കൈമാറിക്കൊണ്ടിരുന്നു. എല്ലാവരും വധിക്കപ്പെട്ടതോടെ ഖുറയ്ശികൾ പിന്തിരിഞ്ഞാടി...

പരാജയത്തിന്റെ കയ്പ്പു രസം അനുഭവപ്പെട്ടു തുടങ്ങി. സ്ത്രീകൾ തലതല്ലിക്കരഞ്ഞു. ആർത്തട്ടഹസിച്ചു. സാധനങ്ങൾ വലിച്ചെറിഞ്ഞുകൊണ്ട് അവർ ഓടുകയായിരുന്നു. തുടർന്നു ശത്രു പക്ഷത്തിന്റെ കൂട്ട ഓട്ടം. മുസ്ലിം സൈന്യം കുറെദൂരം അവരെ പിന്തുടർന്നു പിടികൂടുന്നതിനുപകരം, യുദ്ധമുതലുകൾ ശേഖരിക്കാനാണ് മുസ്ലിം യോദ്ധാക്കൾ തുനിഞ്ഞത്. ഇതു വലിയ അബദ്ധമായി..!!

ശത്രുക്കൾ തോറ്റോടിയാലും അവരുടെ ശക്തി തകർന്നു. എന്നു കരുതിക്കൂടാ. മുസ്ലിംകൾ തങ്ങളെ പിന്തുടരുന്നില്ലെന്നു കണ്ടാൽ അവർ വഴിയിലിരുന്നു ക്ഷീണം തീർക്കും. ശക്തി സംഭരിക്കും. ശക്തിയായി തിരിച്ചടിക്കും. ആ നിമിഷങ്ങളിൽ ഇത്തരം ചിന്തകളൊന്നും മുസ്ലിം സൈനികരുടെ മനസ്സിലേക്കു കടന്നുവന്നില്ല.

മല മുകളിൽ നിറുത്തിയിരുന്ന അമ്പെയ്ത്തുകാരും ഇതൊക്കെ കാണുന്നുണ്ട്. അവർ സ്ഥലംവിടാൻ ഒരുങ്ങുകയാണ്...

“ഒരു കാരണവശാലും സ്ഥലംവിടരുത്. പ്രവാചകരുടെ (ﷺ) കൽപന കിട്ടാതെ നാം ഇവിടെ വിടാൻ പാടില്ല. എല്ലാവരും ഇവിടെ ഉറച്ചു നിൽക്കണം”- സംഘത്തിന്റെ നേതാവായ അബ്ദുല്ലാഹിബ്നു ജുബയർ (റ) കർശനമായി താക്കീതു നൽകി...

“ഇനിയും ഇവിടെ നിൽക്കേണ്ട യാതൊരാവശ്യവുമില്ല. യുദ്ധം കഴിഞ്ഞു. നമുക്കു യുദ്ധക്കളത്തിലേക്കു പോകാം. യുദ്ധമുതലുകൾ സ്വീകരിക്കാം.”

അതും പറഞ്ഞ് ഏറെപേരും മലയിടുക്കിൽനിന്നു യാത്രയായി. ഏതാണ്ടു പത്തുപേർ അവിടെത്തന്നെ നിന്നു. ഇവിടെ അനുസരണക്കേടു സംഭവിച്ചുപോയി..!!

നേതാവായ അബ്ദുല്ലാഹിബ്നു ജുബയ്ർ(റ)വിന്റെ കൽപന അനുസരിക്കപ്പെട്ടില്ല. അതിന്റെ അനന്തഫലം വേദനാജനകമായിരുന്നു...


Part : 97

ഉഹുദ് നൽകുന്ന പാഠം 

പിന്തിരിഞ്ഞോടിയ ഖുറയ്ശിസൈന്യം ഓട്ടം നിറുത്തി. അവർ തിരിഞ്ഞുനോക്കി. ആശ്ചര്യം..! തങ്ങളുടെ പിന്നിൽ ആരുമില്ല. അവർ അൽപനേരം വിശ്രമിച്ചു. ഒരാക്രമണം കൂടി നടത്താം...

മലയിടുക്കിലെ അമ്പെയ്ത്തുകാരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. അവരെ തുരത്താൻ പ്രയാസമില്ല. ഉയർന്ന സ്ഥലത്തു നിന്നു പൊടുന്നനെ ആക്രമണം തുടങ്ങാം. ഖാലിദ് യുദ്ധതന്ത്രങ്ങൾ ആവിഷ്കരിച്ചു..!!

യുദ്ധം കഴിഞ്ഞു എന്ന ചിന്തയിലാണു മുസ്ലിംകൾ. യുദ്ധ മുതലുകൾ ശേഖരിക്കുന്ന തിരക്കിലാണവർ. ചിലർ വിശ്രമത്തിലായിരിക്കും. ഓർക്കാപ്പുറത്തുള്ള ആക്രമണം മുസ്ലിംകളെ പരിഭ്രമത്തിലാക്കും. ഖാലിദ് യുദ്ധതന്ത്രം വിവരിച്ചു.

ഖുറയ്ശികൾ ആവേശഭരിതരായി. സ്ത്രീകൾക്ക് ആഹ്ലാദം സഹിക്കാൻ വയ്യ. എല്ലാവരും ആയുധമണിഞ്ഞു. ക്ഷീണം മറന്നു. മുഹമ്മദിനെ വധിക്കുക. അതിനു സമയമായിരിക്കുന്നു. ശക്തമായ തിരിച്ചടി. അതിൽ എല്ലാം തകർന്നു തരിപ്പണമാകണം.

ഖുറയ്ശി സൈന്യം ഖാലിദിന്റെ നേതൃത്വത്തിൽ മലമുകളിലേക്കു കുതിച്ചുകയറി. അവിടെയുള്ള പത്തുപേർക്ക് എന്തു ചെയ്യാൻ കഴിയും..? അവർ അമ്പെയ്തു. ശത്രുക്കളെ തടുക്കാൻ നോക്കി.

മിന്നൽ വേഗത്തിൽ എല്ലാം കഴിഞ്ഞു. പത്തുപേരെയും തുരത്തി.
മുസ്ലിംകൾ അമ്പരന്നു. എന്താണു സംഭവിച്ചതെന്നറിയില്ല. മലമുകളിൽ നിന്നും അമ്പുകൾ തുരുതുരാ വരുന്നു...

ആളുകൾ ജീവനുംകൊണ്ടോടുന്നു. ചിലർ ആയുധമണിയുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത യുദ്ധം. ആയുധം താഴെ വച്ചവർ നിമിഷങ്ങൾകൊണ്ടു യുദ്ധസന്നദ്ധരായി. പൊരിഞ്ഞ യുദ്ധം. മുസ്ലിംകളുടെ അണികൾ ദുർബലമായി. യുദ്ധതന്ത്രങ്ങൾക്കു സമയം കിട്ടിയില്ല...

മുസ്അബ് ബ്നു ഉമർ(റ). സുന്ദരമായ ചെറുപ്പക്കാരൻ. പടയങ്കി ധരിച്ചുകഴിഞ്ഞാൽ നബി ﷺ തങ്ങളാണെന്നു തോന്നിപ്പോകും. യുദ്ധക്കളത്തിലെ വെപ്രാളം നിറഞ്ഞ അന്തരീക്ഷത്തിൽ ഖുറയ്ശികൾക്കും അങ്ങനെ തോന്നിപ്പോയി.

മുസ്തഅബ് ബ്നു ഉമയ്ർ(റ) അപ്പോൾ കൊടിപിടിച്ചു നിൽക്കുകയായിരുന്നു. പ്രവാചകരുടെ (ﷺ) പതാക. അതു താഴെ വീഴാൻ പാടില്ല. ഒരു കയ്യിൽ കൊടി മുറുകെപ്പിടിച്ചു. മറുകൈ കൊണ്ട് അതിശീഘ്രം പോരാടിക്കൊണ്ടിരുന്നു.

ശത്രുക്കൾ ആ സ്വഹാബിവര്യനെ പൊതിഞ്ഞു. അവർ ആഞ്ഞുവെട്ടിക്കൊണ്ടിരുന്നു. എത്രനേരം തടുത്തു നിർത്താനാവും, ധീരകേസരിയായ മുസ്അബ് (റ) വീരരക്തസാക്ഷിയായി...

“മുഹമ്മദിനെ വധിച്ചു..!”

“മുഹമ്മദിനെ ഞങ്ങൾ വെട്ടിക്കൊന്നു.” ഖുറയ്ശികൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.

ഖുറയ്ശികൾ ആഹ്ലാദംകൊണ്ടു മതിമറന്നു...

“മുഹമ്മദിന്റെ കഥ കഴിഞ്ഞു. ഇനി അവന്റെ അനുയായികളിൽ കഴിയുന്നത്രപേരെ വധിക്കണം.'' അബൂസുഫ്യാനും മറ്റു പലരും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു...


Part : 98

നബി ﷺ കൊല്ലപ്പെട്ടു എന്ന വാർത്ത മുസ്ലിംകളെ തളർത്തി... ഇനി എന്തിനു യുദ്ധം..? പലരും യുദ്ധക്കളം വിട്ടോടിപ്പോയി. മൈലുകൾക്കപ്പുറം വരെ ഓടിയവരുണ്ട്. മദീനയിലേക്കു പോകാൻ അവർക്കു ലജ്ജ. ഒന്നും
രണ്ടും ദിവസങ്ങൾ കഴിഞ്ഞാണവർ യുദ്ധക്കളത്തിലേക്കു വീണ്ടും വന്നത്...

പ്രവാചകൻ ﷺ മരണപ്പെട്ടെങ്കിൽ നാമെന്തിനു ജീവിക്കണം. അങ്ങനെയാണു ചിലർ ചിന്തിച്ചത്. അവർ യുദ്ധത്തിനു ശക്തികൂട്ടി.
പോർവിളിയുമായി മുമ്പോട്ടുകുതിച്ചു. പലരും ശഹീദായി. പലർക്കും ഗുരുതരമായി പരിക്കേറ്റു...

നബിﷺതങ്ങൾ യുദ്ധമുഖത്തുതന്നെയുണ്ട്. എങ്ങോട്ടും പോയില്ല. അമ്പുകൾ പ്രവാചകനു (ﷺ) നേരെ വന്നുകൊണ്ടിരുന്നു. ഏതാനും സ്വഹാബികൾ പ്രവാചകനെ (ﷺ) പൊതിഞ്ഞുനിന്നു. അവരുടെ ശരീരത്തിൽ അമ്പുകൾ വന്നു തറച്ചു. എന്നിട്ടും അവർ ഉറച്ചുനിന്നു...

അബൂത്വൽഹതുൽ അൻസ്വാരി(റ),അബൂദുജാന(റ), സഅദ് ബ്നു അബീവഖാസ്(റ). ഇവരൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. മരണത്തെ മുഖാ മുഖം കണ്ട ധീരന്മാർ. അവരുടെ നില വളരെ പരിതാപകരമായിരുന്നു.

ഉബയ്യ് ബ്നു ഖലഫ് ശത്രുക്കളുടെ ധീരയോദ്ധാവാണ്. അവൻ പ്രവാചകനെ (ﷺ) കണ്ടുകഴിഞ്ഞു. വില്ലു നേരെ പിടിച്ചു. അമ്പു തൊടുത്തു. പ്രവാചകനു (ﷺ) നേരെ ഉന്നംവച്ചു. മരണം നേർക്കുനേരെ... പെട്ടെന്നു പ്രവാചകൻ ﷺ സമീപത്തുണ്ടായിരുന്ന ഒരാളിൽനിന്നു ചാട്ടുളി വാങ്ങി. നബിﷺതങ്ങൾ അതു വീശിയെറിഞ്ഞു. അമ്പ് വിടുംമുമ്പെ ചാട്ടുളി അവന്റെ ശരീരത്തിൽ പതിച്ചു. അവൻ മറിഞ്ഞുവീണു. അവന്റെ കഥയും കഴിഞ്ഞു...

ഉബയ്യ് വധിക്കപ്പെട്ടു. പ്രവാചകന്റെ (ﷺ) കൈകൊണ്ടു വധിക്കപ്പെട്ട ഒരേ ഒരാൾ. തനിക്കുനേരെ ഉന്നംവച്ച് അമ്പെയ്യാൻ ഒരുങ്ങിനിന്നവനെ പ്രവാചകൻ ﷺ ആക്രമിച്ചു. ആത്മരക്ഷക്കു വേണ്ടി...

“ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം പുറത്തു വിടേണ്ട.” നബിﷺതങ്ങൾ പറഞ്ഞു. അതറിഞ്ഞാൽ ശത്രുക്കൾ യുദ്ധത്തിനു ശക്തികൂട്ടും...

ഇതിനിടയിൽ കഅബ് ബ്നു മാലിക് (റ) പ്രവാചകനെ (ﷺ) കണ്ടു. ഏതാനും സ്വഹാബികൾക്കിടയിൽ വളരെ ദയനീയമായ അവസ്ഥയിൽ...

നബിﷺതങ്ങളുടെ മുഖത്തു ചോര. ശത്രുക്കൾ എറിഞ്ഞ കല്ല് മുഖത്തുകൊണ്ടു. ഏറിന്റെ ശക്തിയിൽ പ്രവാചകൻ (ﷺ) വീണുപോയി. മുൻനിരയിലെ രണ്ടു പല്ലുകൾക്കു കേടുപറ്റി. ശിരോകവചത്തിന്റെ ചങ്ങലക്കണ്ണികൾ മുഖത്തെ മുറിവിൽ താഴ്ന്നു. മെല്ലെ എഴുന്നേറ്റുനിന്നു. മുമ്പോട്ടു നടന്നപ്പോൾ ഒരു കുഴിയിൽ വീണുപോയി. അബൂആമിർ കുഴിച്ചുവച്ച കുഴിയായിരുന്നു...

സ്വഹാബികൾ പ്രവാചകനെ (ﷺ) കുഴിയിൽനിന്ന് എഴുന്നേൽപിച്ചു. അനുയായികളുടെ വലയത്തിനുള്ളിലാണു നബിﷺതങ്ങൾ...

കഅ്ബ് ബ്നു മാലികിന്റെ ശബ്ദം മുഴങ്ങി. “സത്യവിശ്വാസികളേ, സന്തോഷവാർത്ത..! പ്രവാചകൻ ﷺ വധിക്കപ്പെട്ടിട്ടില്ല. നബിﷺതങ്ങൾ യുദ്ധരംഗത്തു തന്നെയുണ്ട്.”

കഅ്ബിന്റെ വാക്കുകൾക്ക് എന്തൊരു ശക്തി...

തളർന്ന് ഇരുന്നുപോയവർ ചാടിയിറങ്ങി. അവരുടെ നിരാശ അകന്നു. നവോന്മേഷത്തോടെ എല്ലാവരും യുദ്ധരംഗത്തെത്തി...

നബിﷺതങ്ങൾ ഉഹുദ് മലയിലേക്കു കയറി. ഉയരത്തിലേക്ക്, സുരക്ഷിത സ്ഥാനത്തേക്ക്. താഴെ യുദ്ധം. പുതിയ രംഗങ്ങൾ സൃഷ്ടിക്കുന്നു...

അലി(റ) എവിടെനിന്നോ കുറെ വെള്ളം കൊണ്ടുവന്നു. നബി ﷺ മുഖം കഴുകി. മുറിവിൽ ആണ്ടുപോയ അങ്കിയുടെ കണ്ണികൾ വലിച്ചെടുത്തു. ഒരു പാറപ്പുറത്താണു നബി ﷺ ഇരിക്കുന്നത്.

സ്വന്തമായി ആ പാറപ്പുറത്തു കയറാൻ നോക്കിയപ്പോൾ കഴിഞ്ഞില്ല. ത്വൽഹ(റ) അവിടേക്കു നബിﷺയെ എടുത്തുവയ്ക്കുകയാണു ചെയ്തത്...

അബൂബകർ(റ), അലി(റ), അബ്ദുർറഹ്മാൻ ബ്നു ഔഫ്(റ), സുബയ്ർ(റ), അബൂഉബയ്ദത്(റ) എന്നിവരൊക്കെ നബിﷺയുടെ സംരക്ഷണത്തിൽ നിരതരായി.

പ്രവാചകൻ ﷺ ഇരിക്കുന്ന ചെരിവിൽ ശത്രുക്കൾ പ്രത്യക്ഷപ്പെട്ടു. ഉമർ(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അവരെ തുരത്തിയോടിച്ചു.

ത്വൽഹ(റ)വിന്റെ ശരീരത്തിൽ എഴുപതിൽപരം മുറിവുക ളുണ്ടായിരുന്നു. കഅ്ബ്(റ)വിനു പതിനേഴു മുറിവുകളേറ്റു.

പ്രവാചകൻ ﷺ വധിക്കപ്പെട്ടു എന്നു കേട്ടപാടെ, ശത്രുക്കളെ അരിഞ്ഞുവീഴ്ത്താൻ അവരുടെ മധ്യത്തിലേക്കു കുതിച്ച സ്വഹാബിയാണ് അനസ് ബ്നു നള്റ് (റ). അദ്ദേഹത്തിന്റെ ശരീരത്തിൽ എഴുപതു വെട്ടുകൾ ഏറ്റു. ശഹീദാകുംവരെ പട പൊരുതി...

മുസ്ലിംകൾ മെല്ലെ മെല്ലെ മലമുകളിലേക്കു പിൻവാങ്ങി.
അവർ അവിടെ കേന്ദ്രീകരിച്ചുതുടങ്ങി. ശത്രുക്കളും നന്നായി ക്ഷീണിച്ചിരുന്നു.

യുദ്ധം അങ്ങനെ അവസാനിച്ചു. ശത്രുക്കൾ പലതും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു...

“ഞങ്ങൾ ഇനിയും വരും. നിന്റെയൊക്കെ നാശം കണ്ടിട്ടേ അടങ്ങു... യുദ്ധത്തിനൊരുങ്ങി നിന്നോ... അടുത്ത വർഷം വീണ്ടും കാണാം.” അബുസുഫ്യാൻ വിളിച്ചുപറഞ്ഞു...


Part : 99

ഖുറയ്ശിപ്പട കളത്തിലിറങ്ങി. മയ്യിത്തുകൾക്കുനേരെ പരാക്രമം കാണിച്ചു. ഹംസ(റ)വിന്റെ മൃതദേഹം ഹിന്ദ് കുത്തിക്കീറി. കരൾ പിഴുതെടുത്തു ചവച്ചുതുപ്പി. കാതും മൂക്കും മുറിച്ചുകളഞ്ഞു. പല മയ്യിത്തുകളും അലങ്കോലമാക്കി. അവർ പെട്ടെന്നു പിൻവാങ്ങി...

പ്രവാചകൻ ﷺ നന്നെ ക്ഷീണിതനായിരുന്നു. ഇരുന്നുകൊണ്ടാണു നിസ്കരിച്ചത്. നബിﷺതങ്ങളും സ്വഹാബികളും യുദ്ധക്കളത്തിലേക്കുവന്നു. എന്തൊരു കാഴ്ചയാണിത്..?

എഴുപതു സ്വഹാബികൾ വധിക്കപ്പെട്ടിരിക്കുന്നു. പ്രവാചകൻ ﷺ ഞെട്ടിപ്പോയി..!! ഹംസ(റ)വിന്റെ ശരീരം. നെഞ്ചു പിളർത്തപ്പെട്ടിരിക്കുന്നു. ആകെ വികൃതമാക്കപ്പെട്ടിരിക്കുന്നു. നബി ﷺ വല്ലാതെ ദുഃഖിച്ചു. മുഖം ദുഃഖംകൊണ്ടു തുടുത്തു...

ഹംസ(റ)വിന്റെ മയ്യിത്ത് ആദ്യം ഖബറടക്കി. പിന്നെ മറ്റുള്ളവരെ ഖബറടക്കി. മുസ്അബ്(റ), ഹൻളല(റ), അംറ് ബ്നു ജമൂഹ്(റ), ജാബിർ ബ്നു അബ്ദില്ല(റ), സഹ്ല് ബ്നു റബീഅ്(റ), അനസ് ബ്നു നളറ്(റ)...,

അങ്ങനെ എഴുപതു സ്വഹാബികൾ. ഓരോരുത്തരെ ഖബറടക്കുമ്പോഴും അവരുമായി ബന്ധപ്പെട്ട് അനേകം സംഭവങ്ങൾ സ്വഹാബികളുടെ ഓർമയിൽ തെളിയുന്നു. കണ്ണീരും നെടുവീർപ്പുകളും...

അബൂസുഫ്യാൻ അലറി വിളിച്ചു പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു: “ബദ്റിനു പ്രതികാരം. ബദ്റിനു പകരമാണ് ഈ ദിവസം. അടുത്ത കൊല്ലം വീണ്ടും കാണാം...”

അബൂസുഫ്യാന്റെ ഭാര്യ ഹിന്ദ് യുദ്ധക്കളത്തിൽ നൃത്തം വച്ച രംഗം കണ്ണിൽ നിന്നു മായുന്നില്ല...

ഹംസ(റ)വിന്റെ മൂക്കും കാതുകളും മാലചാർത്തി നടത്തിയ നൃത്തം. എത്ര ഭീകരം..!

മദീനയിലേക്കുള്ള മടക്കം. ഏറെ പ്രയാസം അതാണ്. ജൂതന്മാർ കാത്തിരിക്കുന്നു. കപടവിശ്വാസികളും കാത്തിരിക്കുന്നു. കളിയാക്കാൻ. കളിയാക്കിച്ചിരിക്കാൻ...

പരീക്ഷണങ്ങൾ തുടരുകയാണ്.

നിലനിൽപുതന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഖുറയ്ശികൾ മക്കയിലേക്കു തിരിച്ചുപോയി എന്നു വിശ്വസിക്കാനും കഴിയുന്നില്ല. അവർ വഴിയിൽ ഒളിച്ചിരിക്കും. ഒരിക്കൽകൂടി മദീനയെ ആക്രമിച്ചേക്കും. അങ്ങനെ വിജയം പൂർത്തിയാക്കും. ഇതാണു പ്രവാചകന്റെ (ﷺ) തോന്നൽ...

എക്കാലത്തെയും മുസ്ലിംകൾക്ക് ബദ്ർ മഹത്തായൊരു പാഠമാണ്...

എക്കാലത്തെയും മുസ്ലിംകൾക്ക് ഉഹുദ് ശക്തമായ താക്കീതാകുന്നു...

ബദ്റും ഉഹുദും നൽകുന്ന സന്ദേശം എന്നും എപ്പോഴും സത്യവിശ്വാസിയുടെ മനസ്സിൽ വേണം. ഉഹുദിലെ സംഭവം...

ധീരസേനാനിയായ ഖതാദ(റ)വിന്റെ കണ്ണിനു പരിക്കുപറ്റി. കുന്തങ്ങളും അമ്പുകളും ആ സൈനികന്റെ ശരീരത്തിൽ പതിച്ചുകൊണ്ടിരുന്നു.
അതൊക്കെ അവഗണിച്ചുകൊണ്ടു ധീരധീരം പോരാടി മുന്നേറുകയായിരുന്നു...

അതിന്നിടയിലാണു മാരകമായ മുറിവേറ്റത്. അതും കണ്ണിന്റെ പാർശ്വത്തിൽ. കണ്ണു തൂങ്ങിക്കിടക്കുന്നു. എന്തൊരു കാഴ്ച..! കണ്ണിന്റെ കാഴ്ച പോയതുതന്നെ. “അതു മുറിച്ചു നീക്കണം.'' - ചിലർ അഭിപ്രായപ്പെട്ടു.

ചിലർ നബിﷺതങ്ങളുടെ സമീപത്തേക്കോടി. ഖതാദ(റ)വിന്റെ കണ്ണിന്റെ അവസ്ഥ വിവരിച്ചു. ഖതാദ(റ)വിനെ നബിﷺതങ്ങളുടെ മുമ്പിലെത്തിച്ചു. പുണ്യംനിറഞ്ഞ കരങ്ങൾകൊണ്ടു കണ്ണു പൂർവസ്ഥിതിയിൽ എടുത്തുവച്ചു...

കണ്ണ് അവിടെ ഉറച്ചുനിന്നു. കാഴ്ചയും കിട്ടി..! കണ്ണു പഴയതുപോലെയായി.
ഖതാദ(റ) ഉന്മേഷവാനായിത്തീർന്നു.

സ്വഹാബികൾ പിന്നീടു ഖതാദ (റ)വിനെ കുറിച്ചോർക്കുമ്പോഴെല്ലാം ആ സംഭവം ഓർക്കും. ഉഹുദിലെ ആ ഭീകര രംഗം...

നബിﷺതങ്ങളുടെ പുണ്യം നിറഞ്ഞ കരങ്ങളുടെ മുഅ്ജിസത്തു പ്രകടമായ മറ്റൊരു സംഭവമായിരുന്നു അത്.

ഉഹുദ് യുദ്ധത്തിന്റെ ചരിത്രം രചിക്കപ്പെട്ടപ്പോൾ ഈ സംഭവം അതിന്റെ ഭാഗമായിത്തീർന്നു. തലമുറകൾ ഖതാദ(റ)വിന്റെ കഥ കൈമാറി.

ഉഹുദിന്റെ ചരിത്രം പഠിക്കുന്നവരുടെ മനസ്സിൽ ഖതാദ(റ) എക്കാലവും ജീവിക്കും. ഒപ്പം പ്രവാചകരുടെ (ﷺ) കരങ്ങളുടെ അമാനുഷികതയെക്കുറിച്ചുള്ള കോരിത്തരിപ്പിക്കുന്ന ഓർമകളും...


Part : 100

സൂത്രക്കാരന്റെ അന്ത്യം 

ആ രാത്രി ഭീകരമായിരുന്നു. എന്തും സംഭവിക്കാം. സ്ത്രീകളും കുട്ടികളുമെല്ലാം മദീനയിലാണുള്ളത്. വേഗം അവിടെ എത്തണം.

ഉഹുദിൽ സംഭവിച്ചതെന്താണെന്നു ജൂതന്മാരും കപടവിശ്വാസികളും അറിയും. അവർ ഇസ്ലാമിന്റെ കൊടിയ ശത്രുക്കളാണ്. മുസ്ലിംകളുടെ ശക്തി ക്ഷയിച്ചു എന്നു തോന്നിയാൽ അവർ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചേക്കും..!!

ഉഹുദിൽ നിന്ന് ഓടിപ്പോയ ഖുറയ്ശികൾ മദീനയിലേക്കു വന്നുകൂടായ്കയില്ല. അവർ ജൂതന്മാരും കപടവിശ്വാസികളുമായി കൈകോർക്കും. ഒരാക്രമണത്തിനു സാധ്യതയുണ്ട്.

പരിക്കു പറ്റാത്തവർ കുറവാണ്. വേദനയിൽ കുതിർന്ന യാത്രയാണിത്. തീരെ അവശരായവരെ ശുശ്രൂഷിക്കാൻ ഏർപാടു ചെയ്തു. നബിﷺതങ്ങളും സ്വഹാബികളും മദീനയിലെത്തി. ജൂതന്മാരും കപടവിശ്വാസികളും പരിഹാസം തുടങ്ങിയിട്ടുണ്ട്.

അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. മറ്റൊരു യുദ്ധത്തിനുള്ള യാത്ര..! ഈ പുറപ്പാട് മദീനക്കാരെ അതിശയിപ്പിച്ചു...

സമീപകാലത്തൊന്നും ഒരു യുദ്ധത്തിന് ഒരുങ്ങാൻ പറ്റാത്തവിധം മുസ്ലിംകളുടെ ശക്തി തകർന്നു എന്നാണ് അവർ കേട്ടത്. തൊട്ടടുത്ത ദിവസംതന്നെയിതാ യുദ്ധത്തിനിറങ്ങുന്നു. തങ്ങൾ കേട്ടതു പൂർണമായും ശരിയല്ലേ..?

അലി(റ) പതാക പിടിക്കുന്നു. കഴിഞ്ഞ ദിവസം തന്നോടൊപ്പം ഉണ്ടായിരുന്നവർ മാത്രമേ വരേണ്ടതുള്ളൂ എന്നു പ്രവാചകൻ ﷺ അറിയിച്ചു...

ഉഹുദിൽ നിന്നു മടങ്ങിയ ഖുറയ്ശികൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു...

“യുദ്ധത്തിൽ ആരാണു ജയിച്ചത്..?” - ചിലർ ചോദിച്ചു.

“നാം തന്നെ. എന്താ സംശയം..?” - മറ്റു ചിലർ.

“മുഹമ്മദിനെ വധിക്കാൻ കഴിഞ്ഞോ, വിജയം പൂർത്തിയാക്കിയോ, അതിനുമുമ്പേ തിരിച്ചുപോന്നതെന്ത്..?” - ഒരു കൂട്ടർ...

“മദീനയെ ആക്രമിക്കാമായിരുന്നില്ലേ, മുസ്ലിംകളുടെ ശക്തി തകർക്കാമായിരുന്നില്ലേ..?”

“മദീനയിലെ ജൂതന്മാർ നമ്മെ സഹായിക്കാൻ കാത്തിരിക്കുന്നു. പല ഗോത്രക്കാരും നമ്മെ സഹായിക്കാൻ അവിടെയുണ്ട്. എന്നിട്ടും മദീനയെ ആക്രമിക്കാൻ നമുക്കു കഴിഞ്ഞോ..?”

“മക്കയിലേക്കു മടങ്ങിയതു വലിയ അബദ്ധമായിപ്പോയി. മദീനയിലേക്കു തന്നെ തിരിക്കണം. യുദ്ധം ചെയ്യണം. മുഹമ്മദിന്റെ ശക്തി പൂർണമായി നശിപ്പിക്കണം...”

വഴിയിൽ നടന്ന ചർച്ചയാണിതെല്ലാം...

“മദീനയിലേക്കു തിരിക്കൂ, മുഹമ്മദിനെ വധിക്കൂ...” അണികൾ നേതാക്കളോടു പറയുന്നു. മദീനയെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി...

മദീനയിൽ നിന്നു പുറപ്പെട്ട പ്രവാചകരും (ﷺ) കൂട്ടരും 'ഹംറാ ഉൽ അസദ്' എന്ന സ്ഥലത്തെത്തി. അബൂസുഫ്യാനും കൂട്ടരും മദീന ആക്രമിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണെന്ന് അവർക്കു വിവരം കിട്ടി.

അബൂസുഫ്യാനും കൂട്ടരും മദീനയിലേക്കു പുറപ്പെടാനുള്ള പരിപാടികൾ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. മുസ്ലിംകൾ തങ്ങളെ ആക്രമിക്കാൻ വരുന്നു..!

അത്ഭുതകരമായ വാർത്ത. ഈ സാഹചര്യത്തിൽ മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഇതു പ്രതീക്ഷിച്ചതല്ല...

പ്രതികാരത്തിനു വരികയാണ്. ശക്തിയാർജിച്ചു വരികയാണ്.
ഇനി അവരെ നേരിടുന്നതു ബുദ്ധിയല്ല. കിട്ടിയ പാതിവിജയവുമായി സ്ഥലം വിടുന്നതാണു ബുദ്ധി...

അബൂസുഫ്യാനും കൂട്ടരും അതിവേഗം സ്ഥലംവിട്ടു. മുസ്ലിം യോദ്ധാക്കൾ പരിസരപ്രദേശങ്ങൾ പരിശോധിച്ചു. ചിലരെ പിടികൂടി. അബൂഉസ്സയെ മുസ്ലിംകൾ പിടിച്ചുവച്ചു. അവർക്ക് അബൂഉസ്സയെ മതി...

ആളുകളെ വികാരഭരിതരാക്കാൻ പറ്റുന്ന കവിതകൾ രചിക്കുന്ന ആളാണ് അബൂഉസ്സ. ബദർ യുദ്ധത്തിൽ പിടിക്കപ്പെട്ടു, ബന്ദിയായി. തടവുകാരെ ബന്ധുക്കൾ വന്നു പിഴയടച്ചു സ്വതന്ത്രരാക്കി കൊണ്ടുപോയി. അബൂഉസ്സ ദരിദ്രനായിരുന്നു. പിഴയുമായി ആരും വന്നില്ല...


Part : 101

അബൂഉസ്സ. ആളുകളെ വികാരഭരിതരാക്കാൻ പറ്റുന്ന കവിതകൾ രചിക്കുന്ന ആളാണ് അബൂഉസ്സ. ബദ്ർ യുദ്ധത്തിൽ പിടിക്കപ്പെട്ടു, ബന്ദിയായി. തടവുകാരെ ബന്ധുക്കൾ വന്നു പിഴയടച്ചു സ്വതന്ത്രരാക്കി കൊണ്ടുപോയി. അബൂഉസ്സ ദരിദ്രനായിരുന്നു. പിഴയുമായി ആരും വന്നില്ല...

“ഞാൻ ദരിദ്രനാണ്. കുറെ പെൺമക്കളുണ്ട്. നോക്കാനാരുമില്ല. ഇനി ഒരിക്കലും പ്രവാചകനെതിരായി ഒന്നും പ്രവർത്തിക്കില്ല. കവിത ചൊല്ലുകയില്ല. യുദ്ധത്തിനു വരില്ല. എന്നെ വെറുതെ വിടണം...''

ദയാലുവായ പ്രവാചകൻ ﷺ അയാളെ വെറുതെവിട്ടു. മക്കയിൽ വന്നശേഷം വീണ്ടും ഇസ്ലാം മതത്തെയും പ്രവാചകനെയും (ﷺ) പരിഹസിച്ചു കൊണ്ടു കവിത പാടി. ബദറിന്റെ പ്രതികാരത്തിനു പ്രേരിപ്പിച്ചു...

ഉഹുദിലേക്കു പടനീങ്ങിയപ്പോൾ ഖുറയ്ശികൾ അബൂഉസ്സയെയും കൂട്ടി. അയാൾക്കു പുറപ്പെടാൻ തീരെ മനസ്സില്ലായിരുന്നു. ഖുറയ്ശികൾ വലിയ വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചു. ഒടുവിൽ മനസ്സില്ലാമനസ്സോടെ പുറപ്പെട്ടു. അയാളുടെ പാട്ടുകൾ ഖുറയ്ശികൾക്കാവേശമായിരുന്നു...

ഉഹുദിൽ പങ്കെടുത്ത കവി ഇതാ വീണ്ടും മുസ്ലിംകളുടെ പിടിയിലായിരിക്കുന്നു.

“ഞാനൊരു ദരിദ്രനാണ്. പെൺമക്കളെ നോക്കാൻ ആരുമില്ല. എന്നെ വെറുതെവിടണം. ഞാൻ മുസ്ലിംകൾക്കെതിരെ ഇനി പാട്ടു പാടില്ല. യുദ്ധത്തിനു വരില്ല. പ്രവാചകനെ (ﷺ) പരിഹസിക്കില്ല. ഇപ്പറഞ്ഞതു സത്യം...” അയാൾ ദയനീയമായി വിലപിച്ചു. പ്രതിജ്ഞ ആവർത്തിച്ചു...

“ഇല്ല, അല്ലാഹുﷻവാണ് സത്യം. മക്കയിൽച്ചെന്നു താടി തടവിക്കൊണ്ടു, മുഹമ്മദിനെ (ﷺ) ഞാൻ രണ്ടു തവണ വഞ്ചിച്ചു എന്നു നീ പറയരുത്. ഒരു സത്യവിശ്വാസിയെ ഒരു മാളത്തിൽ നിന്നു രണ്ടുതവണ പാമ്പ് കടിക്കുകയില്ല...”

അബൂഉസ്സ നന്നാവില്ല, ഉറപ്പാണ്. ജീവനോടെയിരുന്നാൽ മുസ്ലിംകൾക്കു വളരെ ദോഷം ചെയ്യും. അതുകൊണ്ട് അയാൾക്കു വധശിക്ഷ വിധിച്ചു...

ഇക്കാലത്തു നടന്ന മറ്റൊരു സംഭവം പറയാം. ഉസ്മാനു ബ്നു അഫ്ഫാൻ(റ)വിന്റെ ഭാര്യയായിരുന്നല്ലോ റുഖിയ്യ(റ). ബദർ യുദ്ധവേളയിലാണവർ മരണപ്പെട്ടത്.

ഭാര്യയുടെ മരണം ഉസ്മാൻ(റ)വിനെ വല്ലാതെ തളർത്തിക്കളഞ്ഞു. പ്രവാചക പുത്രിയുടെ ഭർത്താവായിരിക്കുക എന്ന പദവി നഷ്ടപ്പെട്ടു. പ്രവാചകനുമായി (ﷺ) ഉണ്ടായിരുന്ന പ്രത്യേക ബന്ധവും നഷ്ടപ്പെട്ടു. ആ പ്രത്യേക ബന്ധത്തിന്റെ നഷ്ടമാണ് ഏറെ ദുഃഖിപ്പിച്ചത്...

ഉസ്മാൻ(റ)വിന്റെ ദുഃഖം നബി ﷺ തങ്ങൾ കാണുന്നു. ആ ദുഃഖത്തിന്റെ ആഴം മനസ്സിലാക്കുന്നു.

ഉസ്മാൻ(റ)വിന്റെ മനസ്സിൽ എന്തെല്ലാം ഓർമകൾ തെളിഞ്ഞുവരുന്നു. റുഖിയ്യയുമായുള്ള വിവാഹം. ഖദീജ(റ)യുടെ സ്നേഹം നിറഞ്ഞ സാന്നിധ്യം. ഭാര്യയോടൊപ്പം അബ്സീനിയയിലേക്കുള്ള യാത്ര...

ഖുറയ്ശികളെ ഭയന്നു രാത്രിയാണു വീട്ടിൽനിന്നിറങ്ങിയത്. ഉമ്മയും മകളും യാത്ര പറഞ്ഞു പിരിഞ്ഞ രംഗം. എങ്ങനെയാണത് മറക്കുക..?
അബ്സീനിയയിൽ ആയിരിക്കുമ്പോൾ മാതാപിതാക്കളുടെ സ്ഥിതിയോർത്തു വിലപിക്കുന്ന മകൾ. ഉസ്മാൻ(റ)വിന്റെ നയനങ്ങൾ നിറഞ്ഞൊഴുകി...

പ്രവാചകൻ ﷺ ആ ധീര സ്വഹാബിയുടെ സങ്കടം തീർക്കാൻ ആശിച്ചു. തന്റെ പുത്രി ഉമ്മുകുൽസൂമിനെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ചു. എല്ലാവർക്കും അതൊരു സന്തോഷവാർത്തയായിരുന്നു...

ആ വിവാഹം നടന്നു. ഉമ്മുകുൽസൂം(റ) ഉസ്മാൻ(റ)വിന്റെ
ജീവിതത്തിലേക്കു കടന്നുവന്നു. അവർ മാതൃകാ ദമ്പതികളായി ജീവിച്ചു. പ്രവാചകരുടെ രണ്ടു പുത്രിമാരെ വിവാഹം കഴിച്ചതുകാരണം "രണ്ടു പ്രകാശങ്ങളുടെ ഉടമ" (ദുന്നൂറയ്ൻ) എന്ന് ഉസ്മാൻ(റ)വിനു പേരു കിട്ടി...

ഉഹുദിൽ എഴുപതു മുസ്ലിം യോദ്ധാക്കളാണു ശഹീദായത്. അവരുടെ ഭാര്യമാർ വിധവകളായിത്തീർന്നു. അവരെ സംരക്ഷിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്നവർക്കാണ്. ആ വിധവകൾ ഉപജീവനത്തിനു വഴികാണാതെ വിഷമിക്കുകയാണ്. അവരെ ഭാര്യമാരായി സ്വീകരിച്ചു സംരക്ഷിക്കണം. പലരും വിധവകളെ ഭാര്യമാരായി സ്വീകരിച്ചു സംരക്ഷിച്ചു. രണ്ടു വിധവകളെ നബിﷺതങ്ങളും ഭാര്യമാരായി സ്വീകരിച്ചു.

ഒന്ന് - ഉമർ(റ)വിന്റെ മകൾ ഹഫ്സ(റ). അവരുടെ ഭർത്താവ് ബദ്റിൽനിന്നു പറ്റിയ മുറിവുകാരണം മരണപ്പെട്ടിരുന്നു.

രണ്ട് - ഖുസയ്മത്ത് മകൾ സയ്നബ് (റ). അവരുടെ ഭർത്താവ് ഉഹുദിൽ രക്ത സാക്ഷിയായി.

വിധവകളെ വിവാഹം ചെയ്തു സംരക്ഷിക്കുക എന്നതു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.

ഒരു സാമൂഹിക ബാധ്യത...


2 comments: