Showing posts with label ഹനഫി മസ്'അലകൾ. Show all posts
Showing posts with label ഹനഫി മസ്'അലകൾ. Show all posts

Wednesday, 12 August 2026

“അർഹം” എന്ന പേരിന്റെ അർത്ഥവും പേര് വെക്കുന്നതിന്റെ ഷറഇയ്യായ വിധിയും എന്താണ്

 

“അർഹം” (أرحم) എന്നതിന്റെ അർത്ഥം “കൂടുതൽ കരുണയുള്ളവൻ”, “ഏറ്റവും ദയയുള്ളവൻ” എന്നതാണ്.

ഒരു ഹദീസിൽ  “أرحم أمتي بأمتي” എന്റെ സമുദായത്തോട് ഏറ്റവും കൂടുതൽ കരുണയുള്ള വ്യക്തി എന്ന്  അബൂബക്കർ സിദ്ദീഖ് (റ) നെ നബി ﷺ വിശേഷിപ്പിച്ചിട്ടുണ്ട് (തിർമിദി). അതിനാൽ “അർഹം” എന്ന പേര് വെക്കുന്നത് അനുവദനീയമാണ്. ശറഇയ്യായി യാതൊരു പ്രശ്നവുമില്ല.

സംശയം 

“അർഹം” എന്നാൽ ഏറ്റവും കൂടുതൽ കരുണയുള്ളവൻ എന്നാണല്ലോ അർത്ഥം. അത് അല്ലാഹുവിന്റെ വിശേഷണമല്ലേ? അതിനാൽ മനുഷ്യന് ഈ പേര് നൽകുന്നത് ശരിയല്ലല്ലോ ? എന്ന സംശയമാണ് സാധാരണയായി വരുന്നത്.

ഈ സംശയവും ശരിയല്ല.

കാരണം “അർഹം” (أرحم) ഇസ്മുത്തഫ്ളീൽ (اسم التفضيل) ആണ്. ഇത് അല്ലാഹുവിന് മാത്രം പ്രത്യേകമായ ഒരു നാമമല്ല. അല്ലാഹുവിനും സൃഷ്ടികൾക്കും പ്രയോഗിക്കാവുന്ന പൊതുവായ പദമാണ്. ഹദീസുകളിൽ തന്നെ അബൂബക്കർ (റ) നെയും നബി ﷺ യെയും വിശേഷിപ്പിക്കാൻ “അർഹം” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.

അതേസമയം അല്ലാഹുവിനെ സംബന്ധിച്ച് സാധാരണയായി “أَرْحَمُ الرَّاحِمِينَ” (അർഹമുർ-റാഹിമീൻ)  “കരുണ കാണിക്കുന്നവരിൽ ഏറ്റവും കരുണയുള്ളവൻ” എന്നാണ് പ്രയോഗിക്കുന്നത്. أَرْحَمُ الرَّاحِمِين എന്ന ഇളാഫത് പ്രയോഗം അല്ലാഹുവിന്  മാത്രം പ്രത്യേകമാണ്.

എന്നാൽ “റാഹിമീൻ” (الراحمين) എന്നതല്ലാത്ത മറ്റൊരു പദത്തിലേക്ക് ഇളാഫത്ത് ചെയ്തുകൊണ്ട് ഉപയോഗിക്കുന്ന “അർഹം” അല്ലാഹുവിന് മാത്രം പ്രത്യേകമായതല്ല. അതിനാൽ മനുഷ്യർക്കും “അർഹം” എന്ന് പ്രയോഗിക്കുന്നത് ശരിയാണ്.

ഉദാ: അക്ബർ (اکبر), അംജദ് (أمجد), തുടങ്ങിയ പേരുകൾ പോലെ തന്നെ. അതിനാൽ “അർഹം” എന്ന പേര് ആൺകുട്ടിക്ക് നൽകുന്നത് അനുവദനീയമാണ്.


’’عن أنس بن مالك، قال: قال رسول الله صلى الله عليه وسلم: «أرحم أمتي بأمتي أبو بكر‘‘. سنن الترمذي ت شاكر (5/ 664)

’’عن أنس بن مالك، قال: «ما رأيت أحداً كان أرحم بالعيال من رسول الله صلى الله عليه وسلم»‘‘.صحيح مسلم (4/ 1808)

وجاز التسمية بعلي ورشيد من الأسماء المشتركة ويراد في حقنا غير ما يراد في حق الله تعالى.  (قوله: وجاز التسمية بعلي إلخ) الذي في التتارخانية عن السراجية التسمية باسم يوجد في كتاب الله تعالى كالعلي والكبير والرشيد والبديع جائزة إلخ، ومثله في المنح عنها وظاهره الجواز ولو معرفاً بأل

الدر المختار وحاشية ابن عابدين (رد المحتار) (6/ 417)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

പഠിക്കുന്ന കുട്ടികൾക്ക് വുളു ഇല്ലാതെയും അശുദ്ധിയുടെ സമയത്തും തഫ്സീർ തൊടുന്നതിന്റെ വിധി


വുളൂ  ഇല്ലാതെ തഫ്സീർ സ്പർശിക്കാവുന്നതാണ്. ഇപ്രകാരം ഹൈളിന്റെ ദിവസങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക്  തഫ്സീർ തൊടാമെങ്കിലും ഖുർആൻ ആയത്തുകൾ ഉള്ള സ്ഥലങ്ങളിൽ സ്പർശിക്കാതെ സൂക്ഷിക്കണം.

قَوْلُهُ: لَكِنْ فِي الْأَشْبَاهِ إلَخْ) اسْتِدْرَاكٌ عَلَى قَوْلِهِ وَالتَّفْسِيرُ كَمُصْحَفٍ، فَإِنَّ مَا فِي الْأَشْبَاهِ صَرِيحٌ فِي جَوَازِ مَسِّ التَّفْسِيرِ، فَهُوَ كَسَائِرِ الْكُتُبِ الشَّرْعِيَّةِ، بَلْ ظَاهِرُهُ أَنَّهُ قَوْلُ أَصْحَابِنَا جَمِيعًا، وَقَدْ صَرَّحَ بِجَوَازِهِ أَيْضًا فِي شَرْحِ دُرَرِ الْبِحَارِ. وَفِي السِّرَاجِ عَنْ الْإِيضَاحِ أَنَّ كُتُبَ التَّفْسِيرِ لَا يَجُوزُ مَسُّ مَوْضِعِ الْقُرْآنِ مِنْهَا، وَلَهُ أَنْ يَمَسَّ غَيْرَهُ وَكَذَا كُتُبُ الْفِقْهِ إذَا كَانَ فِيهَا شَيْءٌ مِنْ الْقُرْآنِ، بِخِلَافِ الْمُصْحَفِ فَإِنَّ الْكُلَّ فِيهِ تَبَعٌ لِلْقُرْآنِ. اهـ. وَالْحَاصِلُ أَنَّهُ لَا فَرْقَ بَيْنَ التَّفْسِيرِ وَغَيْرِهِ مِنْ الْكُتُبِ الشَّرْعِيَّةِ عَلَى الْقَوْلِ بِالْكَرَاهَةِ وَعَدَمِهِ، وَلِهَذَا قَالَ فِي النَّهْرِ: وَلَا يَخْفَى أَنَّ مُقْتَضَى مَا فِي الْخُلَاصَةِ عَدَمُ الْكَرَاهَةِ مُطْلَقًا؛ لِأَنَّ مَنْ أَثْبَتَهَا حَتَّى فِي التَّفْسِيرِ نَظَرَ إلَى مَا فِيهَا مِنْ الْآيَاتِ، وَمَنْ نَفَاهَا نَظَرَ إلَى أَنَّ الْأَكْثَرَ لَيْسَ كَذَلِكَ، وَهَذَا يَعُمُّ التَّفْسِيرَ أَيْضًا، إلَّا أَنْ يُقَالَ إنَّ الْقُرْآنَ فِيهِ أَكْثَرُ مِنْ غَيْرِهِ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/176]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

Friday, 7 August 2026

ഒരു സ്ത്രീക്ക് സർജറി കഴിഞ്ഞു. ഇൻഫെക്ഷൻ സാധ്യത കൂടുതലായതിനാൽ റൂമിന് പുറത്ത് ഇറങ്ങാനോ വുളു തയ്മും ചെയ്യാനോ ഒന്നും സാധ്യമല്ല. മൂന്ന് മാസത്തേക്ക് റൂമിന് പുറത്ത് ഇറങ്ങുന്നതും ഡോക്ടർമാർ തടഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ നിസ്കാരം നിർവഹിക്കണോ എന്താണ് വിധി

 

വിദഗ്ധനും പരിചയസമ്പന്നനായ മുസ്ലിം ഡോക്ടറിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഒരു വിധത്തിലും വുളുവൊ തയമ്മുമൊ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ അയാൾ നിസ്കാരക്കാരുടെ സാദൃശ്യം (تشبّه بالمصلين) സ്വീകരിക്കണം. 

അതായത് വുളുവോ തയ്യമ്മുമോ ചെയ്യാതെ ശുദ്ധിയില്ലാത്ത അവസ്ഥയിൽ യഥാർത്ഥ നിസ്കാരമെന്ന നിലയിൽ അല്ലാതെ നിസ്കാരം അനുകരിക്കുക എന്നതാണ്. അതിനാൽ അതാത് നിസ്കാര സമയങ്ങളിൽ നമസ്കാരത്തിന്റെ നിയ്യത്തും ഖിറാഅത്തും (ഖുർആൻ പാരായണവും) ഇല്ലാതെ നിർത്തം (ഖിയാം), റുകൂഅ്, സുജൂദ് എന്നിവ മാത്രം ചെയ്യണം.

എന്നാൽ പിന്നീട് വുളു ചെയ്യാനോ തയമ്മും ചെയ്യാനോ കഴിയുന്ന സാഹചര്യം ലഭിക്കുമ്പോൾ ഇങ്ങനെ നിർവഹിച്ച നമസ്കാരങ്ങൾ വീണ്ടും ഖളാ വീട്ടി നിർവഹിക്കേണ്ടതാണ്.

(وَالْمَحْصُورُ فَاقِدُ) الْمَاءِ وَالتُّرَابِ (الطَّهُورَيْنِ) بِأَنْ حُبِسَ فِي مَكَان نَجِسٍ وَلَا يُمْكِنُهُ إخْرَاجُ تُرَابٍ مُطَهِّرٍ، وَكَذَا الْعَاجِزُ عَنْهُمَا لِمَرَضٍ (يُؤَخِّرُهَا عِنْدَهُ: وَقَالَا: يَتَشَبَّهُ) بِالْمُصَلِّينَ وُجُوبًا، فَيَرْكَعُ وَيَسْجُدُ......ثُمَّ يُعِيدُ كَالصَّوْمِ (بِهِ يُفْتَى وَإِلَيْهِ صَحَّ رُجُوعُهُ) أَيْ الْإِمَامِ كَمَا فِي الْفَيْضِ، وَفِيهِ أَيْضًا........(قَوْلُهُ وَقَالَا يَتَشَبَّهُ بِالْمُصَلِّينَ) أَيْ احْتِرَامًا لِلْوَقْتِ .قَالَ ط: وَلَا يَقْرَأُ كَمَا فِي أَبِي السُّعُودِ، سَوَاءٌ كَانَ حَدَثُهُ أَصْغَرَ أَوْ أَكْبَرَ. اهـ. قُلْت: وَظَاهِرُهُ أَنَّهُ لَا يَنْوِي أَيْضًا؛ لِأَنَّهُ تَشَبُّهٌ لَا صَلَاةٌ حَقِيقِيَّةٌ تَأَمَّلْ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/253]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ജോലിസ്ഥലത്ത് ഒരു മുസ്ലിമിന്റെ കൂടെ താമസിക്കുന്ന ആളുകൾ അമുസ്ലീങ്ങളാണ്. ഭക്ഷണം പാകം ചെയ്യുന്നതിന് കോമൺ ആയ പാത്രങ്ങളാണ് ഉള്ളത്. അവർ ചിലപ്പോൾ പന്നിയിറച്ചി ഉണ്ടാക്കാറുണ്ട്. കോമൺ ആയിട്ടുള്ള ഗ്ലാസിൽ മദ്യം ഒഴിച്ച് കുടിക്കാറുണ്ട്. ഈ പാത്രങ്ങളിൽ ഉണ്ടാക്കുന്ന മറ്റു ഭക്ഷണവും, ഗ്ലാസും ഉപയോഗിക്കൽ അനുവദനീയമാണോ


അമുസ്ലിംകളുടെ പാത്രങ്ങൾ ഉപയോഗിക്കൽ അനുവദനീയമാണ്. എന്നാൽ അതിൽ മദ്യം, പന്നിയിറച്ചി, അല്ലെങ്കിൽ മറ്റേതെങ്കിലും നജിസായ ഹറാം വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ മാത്രമാണ് നേരിട്ട് ഉപയോഗിക്കൽ അനുവദനീയമാകുന്നത്.

ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യത്തിൽ ആ പാത്രങ്ങൾ നന്നായി കഴുകി (മൂന്ന് തവണ) ശുദ്ധമാക്കൽ നിർബന്ധമാണ്. ശുദ്ധമാക്കുന്നതുവരെ ആ ഗ്ലാസുകൾ ഉപയോഗിക്കുന്നതും ആ പാത്രങ്ങളിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നതും അനുവദനീയമല്ല. ഹറാമാണ്.

പറയപ്പെട്ട താമസ സ്ഥലത്ത് ഒന്നുകിൽ അവരുടെ പ്രത്യേക ആവിശ്യങ്ങൾക്ക് വേറെ പാത്രങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെടുക അല്ലെങ്കിൽ ജാഗ്രതയ്ക്കുവേണ്ടി സ്വന്തമായി വേറെ പാത്രങ്ങൾ ഉപയോഗിക്കാം. എന്നിരുന്നാലും സാധാരണ സാഹചര്യങ്ങളിലും അമുസ്ലിംകളുടെ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അവ ആദ്യം കഴുകിയശേഷം ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമവും സൂക്ഷ്മതയും.


قَالَ مُحَمَّدٌ - رَحِمَهُ اللَّهُ تَعَالَى -: يُكْرَهُ الْأَكْلُ وَالشُّرْبُ فِي أَوَانِي الْمُشْرِكِينَ قَبْلَ الْغُسْلِ وَمَعَ هَذَا لَوْ أَكَلَ أَوْ شَرِبَ فِيهَا جَازَ إذَا لَمْ يَعْلَمْ بِنَجَاسَةِ الْأَوَانِي وَإِذَا عَلِمَ حَرُمَ ذَلِكَ عَلَيْهِ قَبْلَ الْغُسْلِ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٣٢/٨]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹൈളിന്റെ സമയത്ത് ഖുർആൻ നോക്കാതെ ഓതുന്നതിനു കുഴപ്പമുണ്ടോ


ഹൈളിന്റെ സമയത്ത് മുസ്‌ഹഫ്‌ നോക്കിയോ നോക്കാതെയോ നാവ് ചലിപ്പിച്ച് ഖുർആൻ ഓതൽ അനുവദനീയമല്ല. ഹറാമാണ്. ഇത് തന്നെ ഭൂരിപക്ഷം സഹാബാക്കളുടെയും താബിഉകളുടെയും ഫുഖഹാക്കളുടെയും  അഭിപ്രായം. മുസ്ഹഫ് നോക്കലും നാവ് ചലിപ്പിക്കാതെ മനസ്സിൽ ഖുർആൻ ഓതാലും അനുവദനീയമാണ്.

و  هو قول أكثر أهل العلم من أصحاب النبي صلى الله عليه و سلم  و التابعين و من بعدهم مثل سفيان الثوري و الشافعي و أحمد قالوا لا تقرأ الحائض و لا الجنب من القرآن شيأ إلا طرف الآية و الحرف و نحو ذلك و رخصوا للجنب و الحائض في التسبيح و التهليل. ( سنن الترمذي1/ 35 )




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഇമാം സലാം വീട്ടുന്ന സമയത്ത് ജമാഅത്തിൽ ചേർന്നാൽ ആ ജമാഅത്ത് കിട്ടുമോ എന്താണ് വിധി

 

ഇമാം ആദ്യത്തെ “السلام” എന്ന വാക്കിലെ “മീം” (م) ഉച്ചരിക്കുന്നതിന് മുമ്പ് തന്നെ തക്ബീറതുൽ ഇഹ്‌റാം പറഞ്ഞ് ജമാഅത്തിൽ ചേർന്നാൽ അയാളുടെ ജമാഅത്തിൽ ചേരൽ ശരിയാകുന്നതാണ്. അതിനാൽ മസ്ബൂഖ് ഇരിക്കുന്നതിന് മുമ്പേ ഇമാം സലാം വീട്ടുകയാണെങ്കിൽ അയാൾ അതഹിയത്തിൽ ഇരിക്കേണ്ട ആവശ്യമില്ല.

എന്നാൽ ഇമാം ആദ്യത്തെ “السلام” എന്ന വാക്കിലെ “മീം” (م) ഉച്ചരിച്ച ശേഷമാണ് തക്ബീറതുൽ ഇഹ്‌റാം പറഞ്ഞതെങ്കിൽ ഈ ഇഖ്തിദാ (ഇമാമിനെ പിന്തുടരൽ) ശരിയായിട്ടില്ല. അതിനാൽ അയാൾക്ക് ജമാഅത്ത് ലഭിച്ചിട്ടില്ല. നിസ്‌കാരം ആരംഭിച്ചതുമില്ല. അയാൾ വീണ്ടും തക്ബീറതുൽ ഇഹ്‌റാം പറഞ്ഞ് സ്വന്തം നിലയിൽ ഒറ്റയ്ക്ക് (മുൻഫരിദ്) നിസ്‌കാരം ആരംഭിക്കണം.


وَلَفْظُ السَّلَامِ) مَرَّتَيْنِ فَالثَّانِي وَاجِبٌ عَلَى الْأَصَحِّ بُرْهَانٌ، دُونَ عَلَيْكُمْ؛ وَتَنْقَضِي قُدْوَةً بِالْأَوَّلِ قَبْلَ عَلَيْكُمْ عَلَى الْمَشْهُورِ عِنْدَنَا....قَالَ فِي التَّجْنِيسِ: الْإِمَامُ إذَا فَرَغَ مِنْ صَلَاتِهِ فَلَمَّا قَالَ السَّلَامُ جَاءَ رَجُلٌ وَاقْتَدَى بِهِ قَبْلَ أَنْ يَقُولَ عَلَيْكُمْ لَا يَصِيرُ دَاخِلًا فِي صَلَاتِهِ لِأَنَّ هَذَا سَلَامٌ؛

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/468]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

രണ്ട് പേർ മാത്രമായി ജമാഅത്ത് നടക്കുമ്പോൾ ഇമാം അവസാന അതഹിയാത്തിൽ ഇരിക്കുന്നു. ഈ അവസ്ഥയിൽ മൂന്നാമത് ഒരാൾ ജമാഅത്തിൽ ചേരാൻ അദ്ദേഹം ഏത് ഭാഗത്ത് നിൽക്കണം?


രണ്ട് പേരുടെ ജമാഅത്തിൽ മൂന്നാമത്തെ ഒരാൾ അവസാന അതഹിയാത് നടക്കുന്നതിനിടെ ജമാഅത്തിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹം ഇമാമിന്റെ തോളിനു നേരെ ഇടതുവശത്ത് നിന്നുകൊണ്ട് ജമാഅത്തിൽ ചേരണം. ഈ സമയത്ത് നേരത്തെ ഇമാമിന്റെ വലതുവശത്ത് നിൽക്കുന്ന മുഖ്തദിയെ പിന്നിലേക്ക് വലിച്ച് പുതിയ സ്വഫ് ഉണ്ടാക്കേണ്ടതില്ല.

وَاَلَّذِي يَظْهَرُ أَنَّهُ يَنْبَغِي لِلْمُقْتَدِي التَّأَخُّرُ إذَا جَاءَ ثَالِثٌ فَإِنْ تَأَخَّرَ وَإِلَّا جَذَبَهُ الثَّالِثُ إنْ لَمْ يَخْشَ إفْسَادَ صَلَاتِهِ، فَإِنْ اقْتَدَى عَنْ يَسَارِ الْإِمَامِ يُشِيرُ إلَيْهِمَا بِالتَّأَخُّرِ، وَهُوَ أَوْلَى مِنْ تَقَدُّمِهِ لِأَنَّهُ مَتْبُوعٌ وَلِأَنَّ الِاصْطِفَافَ خَلْفَ الْإِمَامِ مِنْ فِعْلِ الْمُقْتَدِينَ لَا الْإِمَامِ، فَالْأَوْلَى ثَبَاتُهُ فِي مَكَانِهِ وَتَأَخُّرُ الْمُقْتَدِي،..... وَالظَّاهِرُ أَيْضًا أَنَّ هَذَا إذَا لَمْ يَكُنْ فِي الْقَعْدَةِ الْأَخِيرَةِ وَإِلَّا اقْتَدَى الثَّالِثُ عَنْ يَسَارِ الْإِمَامِ وَلَا تَقَدَّمَ وَلَا تَأَخَّرَ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/568]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

ജുമുഅ ഖുത്ബയിൽ ഖുലഫാ റാശിദുകളുടെയും അഹ്ലുൽ ബൈത്തിന്റെയും പേരുകൾ പറയാറുണ്ട്. ഇത് ഹദീസിൽ വന്നതാണോ സുന്നതാണോ


ജുമുഅ ഖുത്ബയിൽ ഖുലഫാ റാശിദുകളുടെയും അഹ്ലുൽ ബൈത്തിന്റെയും പേരുകൾ പരാമർശിക്കുന്ന പതിവ്  നബി ﷺ  തങ്ങളുടെയോ സഹാബാക്കളുടെയോ  കാലത്ത് ഇല്ലായിരുന്നു. മഹാനായ താബിഈ ഉമർ ബിൻ അബ്ദുൽ അസീസ് (റ) യുടെ കാലം മുതലാണ് പ്രസ്തുത രീതി ആരംഭിച്ചത്.

അദ്ദേഹം എല്ലാ വെള്ളിയാഴ്ചയും നാല് ഖലീഫമാരുടെയും അഹ്ലുൽ ബൈത്തിന്റെയും പേരുകൾ ഖുത്ബയിൽ പരാമർശിക്കുമായിരുന്നു. അതിന് കാരണം ആ കാലഘട്ടത്തിൽ ചിലർ ശൈഖൈൻ (അബൂബക്കർ, ഉമർ) യും ഉസ്മാൻ (റ) യെയും നിന്ദിച്ചിരുന്നതും മറുവശത്ത് ചിലർ അഹ്ലുൽ ബൈത്തിനെയും അധിക്ഷേപിച്ചിരുന്നതുമാണ്.

ഈ തെറ്റായ പ്രവണത ഇല്ലാതാക്കി മുസ്ലിംകളുടെ ഹൃദയങ്ങളിൽ ഖലീഫമാരുടെയും അഹ്ലുൽ ബൈത്തിന്റെയും മഹത്വം ഉറപ്പിക്കുന്നതിനായി ഹസ്രത്ത് ഉമർ ബിൻ അബ്ദുൽ അസീസ് (റ) ഈ നല്ല പതിവ് ആരംഭിച്ചു.

അദ്ദേഹം ഖുലഫാ റാശിദുകളുടെ മാതൃക പിന്തുടർന്ന മഹാനായ ഭരണാധികാരിയായിരുന്നു. അതിനാൽ ഈ പ്രവർത്തി മുസ്തഹബ്ബാണ്. സുന്നത്ത് അല്ല. 

എന്നിരുന്നാലും ഇന്നും സമൂഹത്തിൽ സ്വഹാബാക്കളോടും ഖുലഫാ റാശിദുകളോടും വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവണതകൾ നിലനിൽക്കുന്നതിനാൽ നമ്മുടെ മുൻഗാമികളായ പണ്ഡിതന്മാരുടെയും മഹാന്മാരുടെയും പതിവ് ഖുത്ബയിൽ ഖുലഫാ റാശിദുകളെയും സ്വഹാബാക്കളെയും സ്മരിക്കുകയായിരുന്നു. അതുതന്നെയാണ് കൂടുതൽ ഉത്തമം.


وَيَبْدَأُ بِالتَّعَوُّذِ سِرًّا. وَيُنْدَبُ ذِكْرُ الْخُلَفَاءِ الرَّاشِدِينَ وَالْعَمَّيْنِ.... (قَوْلُهُ وَالْعَمَّيْنِ) هُمَا حَمْزَةُ وَالْعَبَّاسُ - رَضِيَ اللَّهُ عَنْهُمَا -. [لَطِيفَةٌ]

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٤٩/٢]

وَأَمَّا تَرَضِّي الْخَطِيبِ فِي خُطْبَتِهِ عَنْ الْخُلَفَاءِ مِنْ الصَّحَابَةِ وَبَقِيَّةِ الْعَشَرَةِ وَبَاقِي الصَّحَابَةِ وَأُمَّهَاتِ الْمُؤْمِنِينَ وَعِتْرَةِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - رَضِيَ اللَّهُ عَنْهُمْ أَجْمَعِينَ - فَهُوَ مِنْ بَابِ الْمَنْدُوبِ لَا مِنْ بَابِ الْبِدْعَةِ وَإِنْ كَانَ لَمْ يَفْعَلْهُ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَلَا الْخُلَفَاءُ بَعْدَهُ وَلَا الصَّحَابَةُ - رَضِيَ اللَّهُ عَنْهُمْ - لَكِنْ فَعَلَهُ عُمَرُ بْنُ عَبْدِ الْعَزِيزِ - رَضِيَ اللَّهُ عَنْهُ - لِأَمْرٍ كَانَ وَقَعَ قَبْلَهُ وَذَلِكَ أَنَّ بَعْضَ بَنِي أُمَيَّةَ كَانُوا يَسُبُّونَ بَعْضَ الْخُلَفَاءِ مِنْ الصَّحَابَةِ - رَضِيَ اللَّهُ عَنْهُمْ أَجْمَعِينَ - عَلَى الْمَنَابِرِ فِي خُطْبَتِهِمْ، فَلَمَّا أَنْ وَلِيَ عُمَرُ بْنُ عَبْدِ الْعَزِيزِ - رَضِيَ اللَّهُ عَنْهُ - أَبْدَلَ مَكَانَ ذَلِكَ التَّرَضِّي عَنْهُمْ. وَقَدْ قَالَ مَالِكٌ - رَضِيَ اللَّهُ عَنْهُ - فِي حَقِّهِ هُوَ إمَامُ هُدًى وَأَنَا أَقْتَدِي بِهِ

[ابن الحاج ,المدخل لابن الحاج ,2/270]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

ഹോർമോൺ പ്രശ്നങ്ങൾ കാരണം ഹൈള് വരാത്ത സ്ത്രീയുടെ തലാഖിന്റെ ഇദ്ധ എങ്ങനെയാണ് പൂർത്തിയാക്കേണ്ടത്


ഹൈള് വരാൻ സാധ്യതയുള്ള സ്ത്രീയാണെങ്കിൽ അഥവാ അവൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോ വാർദ്ധക്യത്തെത്തിയ സ്ത്രീയോ അല്ല. കൂടാതെ അവളുടെ ഹൈള് പൂർണ്ണമായി നിലച്ചിട്ടുമില്ല. ഗർഭിണിയല്ലാത്ത സാഹചര്യത്തിൽ തലാഖിന്റെ ഇദ്ദ മൂന്ന് ഹൈളുകളാണ്. ഹൈള് വരാൻ വൈകിയാലും ഇദ്ദത്ത് മാസങ്ങൾ കണക്കാക്കി പൂർത്തിയാകുന്നതല്ല.

അതിനാൽ ചോദിച്ച സാഹചര്യത്തിൽ സ്ത്രീയുടെ ഇദ്ദത്ത് മൂന്ന് ഹൈളുകൾ പൂർത്തിയാകുന്നത് വരെയാണ്. അതിനാൽ ഹൈള് സമയത്ത് അത് വരുന്നതിനായി അവർ ഒരു വിദഗ്ധ ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ഇനി ചികിത്സിച്ചിട്ടും ഫലം കാണാത്ത സാഹചര്യമാണെങ്കിൽ ഹൈള് പൂർണ്ണമായും നിലക്കുന്ന പ്രായം (55 വയസ്) എത്തുന്നതുവരെ കാത്തിരിക്കണം. തുടർന്ന് മൂന്ന് മാസം ഇദ്ദത്ത് ആചരിച്ചാൽ മതിയാകും. 

എന്നാൽ ഇത്രയും കാലം കാത്തിരിക്കുക വളരെ പ്രയാസമാണെങ്കിൽ കൂടാതെ ചികിത്സ നടത്തിയിട്ടും ഹൈള് വീണ്ടും ആരംഭിക്കാത്ത അവസ്ഥയാണെങ്കിൽ ആവശ്യകത പരിഗണിച്ച് മാലികി മദ്ഹബിന്റെ അഭിപ്രായം അനുസരിച്ച് തലാഖ് ലഭിച്ച ദിവസം മുതൽ ഒരു വർഷം ഇദ്ദത്ത് പൂർത്തിയാക്കിയാൽ മതി. ശേഷം വിവാഹം കഴിക്കുന്നത് അനുവദനീയമാണ്. ഹനഫി പണ്ഡിതന്മാരും നിർബന്ധ സാഹചര്യങ്ങളിൽ ഈ അഭിപ്രായപ്രകാരം ഫത്‌വാ നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് ഹൈള് വീണ്ടും ആരംഭിച്ചാൽ ആ ഒരു വർഷത്തെ കണക്കാക്കാതെ പുതുതായി മൂന്ന് ഹൈള് പൂർത്തിയാകുന്നതുവരെ ഇദ്ദ തുടരേണ്ടതാണ്.


الشَّابَّةُ الْمُمْتَدَّةُ بِالطُّهْرِ بِأَنْ حَاضَتْ ثُمَّ امْتَدَّ طُهْرُهَا، فَتَعْتَدُّ بِالْحَيْضِ إلَى أَنْ تَبْلُغَ سِنَّ الْإِيَاسِ جَوْهَرَةٌ وَغَيْرُهَا، وَمَا فِي شَرْحِ الْوَهْبَانِيَّةِ مِنْ انْقِضَائِهَا بِتِسْعَةِ أَشْهُرٍ غَرِيبٌ مُخَالِفٌ لِجَمِيعِ الرِّوَايَاتِ فَلَا يُفْتَى بِهِ

كَيْفَ وَفِي نِكَاحِ الْخُلَاصَةِ: لَوْ قِيلَ لِحَنَفِيٍّ مَا مَذْهَبُ الْإِمَامِ الشَّافِعِيِّ فِي كَذَا وَجَبَ أَنْ يَقُولَ قَالَ أَبُو حَنِيفَةَ كَذَا، نَعَمْ لَوْ قَضَى مَالِكِيٌّ بِذَلِكَ نَفَذَ كَمَا فِي الْبَحْرِ وَالنَّهْرِ، وَقَدْ نَظَمَهُ شَيْخُنَا الْخَيْرُ الرَّمْلِيُّ سَالِمًا مِنْ النَّقْدِ فَقَالَ:

لِمُمْتَدَّةٍ طُهْرًا بِتِسْعَةِ أَشْهُرْ ... وَفَا عِدَّةٍ إنْ مَالِكِيٌّ يُقَدِّرْ وَمِنْ بَعْدِهِ لَا وَجْهَ لِلنَّقْضِ هَكَذَا ... يُقَالُ بِلَا نَقْدٍ عَلَيْهِ يُنَظَّرْ  (قَوْلُهُ: هَكَذَا يُقَالُ) يَعْنِي يَنْبَغِي أَنْ يُقَالَ مِثْلُ هَذَا الْقَوْلِ الْخَالِي مِنْ نَقْدٍ وَاعْتِرَاضٍ يُنَظَّرُ بِهِ عَلَيْهِ لَا كَمَا قَالَ بَعْضُهُمْ مِنْ أَنَّهُ يُفْتَى بِهِ لِلضَّرُورَةِ. اهـ. ح

قُلْت: لَكِنَّ هَذَا ظَاهِرٌ إذَا أَمْكَنَ قَضَاءُ مَالِكِيٍّ بِهِ، أَوْ تَحْكِيمُهُ، أَمَّا فِي بِلَادٍ لَا يُوجَدُ فِيهَا مَالِكِيٌّ يَحْكُمُ بِهِ فَالضَّرُورَةُ مُتَحَقِّقَةٌ، وَكَأَنَّ هَذَا وَجْهُ مَا مَرَّ عَنْ الْبَزَّازِيَّةِ وَالْفُصُولَيْنِ، فَلَا يَرِدُ قَوْلُهُ: فِي النَّهْرِ إنَّهُ لَا دَاعِيَ إلَى الْإِفْتَاءِ بِقَوْلٍ نَعْتَقِدُ أَنَّهُ خَطَأٌ يَحْتَمِلُ الصَّوَابَ مَعَ إمْكَانِ التَّرَافُعِ إلَى مَالِكِيٍّ يَحْكُمُ بِهِ اهـ تَأَمَّلْ، وَلِهَذَا قَالَ الزَّاهِدِيُّ: وَقَدْ كَانَ بَعْضُ أَصْحَابِنَا يُفْتُونَ بِقَوْلِ مَالِكٍ فِي هَذِهِ الْمَسْأَلَةِ لِلضَّرُورَةِ. اهـ

ثُمَّ رَأَيْت مَا بَحَثْته بِعَيْنِهِ ذَكَرَهُ مُحَشِّي مِسْكِينٌ عَنْ السَّيِّدِ الْحَمَوِيِّ وَسَيَأْتِي نَظِيرُ هَذِهِ الْمَسْأَلَةِ فِي زَوْجَةِ الْمَفْقُودِ حَيْثُ قِيلَ إنَّهُ يُفْتَى بِقَوْلِ مَالِكٍ إنَّهَا تَعْتَدُّ عِدَّةَ الْوَفَاةِ بَعْدَ مُضِيِّ أَرْبَعِ سِنِينَ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/509]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

പുതുക്കി നിക്കാഹ് (തജ്‌ദീദുന്നിക്കാഹ്) നടത്തിയാൽ ഭർത്താവിന് വീണ്ടും മൂന്ന് തലാഖ് നൽകാനുള്ള അവകാശം ലഭിക്കുമോ ?


ഭർത്താവിന് ആകെ മൂന്ന് തലാഖുകൾ നൽകാനുള്ള അവകാശമാണുള്ളത്. ഒരു സ്ത്രീ ഭർത്താവിൽ നിന്ന് ഖുലഅ് നേടിയാലോ അല്ലെങ്കിൽ ഭർത്താവ് ഒരു തലാഖ് അല്ലെങ്കിൽ രണ്ട് തലാഖ് നൽകിയ ശേഷം ഇദ്ദത്ത് കഴിഞ്ഞ് പരസ്പര സമ്മതത്തോടെ വീണ്ടും തജ്‌ദീദ് നിക്കാഹ് ചെയ്താലോ ഭർത്താവിന് പുതുതായി വീണ്ടും മൂന്ന് തലാഖുകളുടെ അവകാശം ലഭിക്കില്ല. മുമ്പ് ഉപയോഗിക്കാതെ ശേഷിച്ച തലാഖുകളുടെ അവകാശം മാത്രമേ ഉണ്ടായിരിക്കൂ.

ഉദാഹരണത്തിന്:

  • മുമ്പ് ഒരു തലാഖ് നൽകിയിരുന്നെങ്കിൽ, വീണ്ടും നിക്കാഹ് ചെയ്ത ശേഷം രണ്ട് തലാഖ് നൽകാനുള്ള അവകാശമേ ഉണ്ടായിരിക്കൂ.
  • മുമ്പ് രണ്ട് തലാഖ് നൽകിയിരുന്നെങ്കിൽ, വീണ്ടും നിക്കാഹിന് ശേഷം ഒരു തലാഖ് മാത്രമേ നൽകാൻ കഴിയൂ.
  • ഖുൽഅ് ഒരു ബാഇൻ തലാഖിന്റെ വിധിയിലുള്ളതിനാൽ ഖുലഇന് ശേഷം വീണ്ടും വിവാഹം ചെയ്താലും ഭർത്താവിന് രണ്ട് തലാഖുകളുടെ അവകാശം മാത്രമേ ഉണ്ടായിരിക്കൂ.

എന്നാൽ തലാഖ് അല്ലെങ്കിൽ ഖുലഇന് ശേഷം ആ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ദാമ്പത്യജീവിതം നയിക്കുകയും പിന്നീട് ആ വിവാഹം തലാഖ്, ഖുലഅ്, അല്ലെങ്കിൽ ഭർത്താവിന്റെ മരണത്തിലൂടെ അവസാനിക്കുകയും ചെയ്ത ശേഷം ആദ്യ ഭർത്താവിനെ വീണ്ടും വിവാഹം കഴിക്കുകയാണെങ്കിൽ, ആദ്യ ഭർത്താവിന് വീണ്ടും മൂന്ന് തലാഖുകളുടെ പൂർണ്ണ അവകാശം ലഭിക്കും.

وَمِنْهُ النِّكَاحُ وَالتَّزَوُّجُ، فَلَوْ تَزَوَّجَهَا فِي الْعِدَّةِ كَانَ رَجْعَةً فِي ظَاهِرِ الرِّوَايَةِ، كَذَا فِي الْبَدَائِعِ، وَهُوَ الْمُخْتَارُ، كَذَا فِي الْوَلْوَالِجِيَّةِ، وَعَلَيْهِ الْفَتْوَى، كَذَا فِي الْيَنَابِيعِ، فَقَوْلُ الشَّارِحِينَ: إِنَّهُ لَيْسَ بِرَجْعَةٍ عِنْدَ أَبِي حَنِيفَةَ خِلَافًا لِمُحَمَّدٍ، عَلَى غَيْرِ ظَاهِرِ الرِّوَايَةِ، كَمَا لَا يَخْفَى، فَعُلِمَ أَنَّ لَفْظَ النِّكَاحِ يُسْتَعَارُ لِلرَّجْعَةِ

البحر الرائق (٤/٨٤)

وَإِنْ رَاجَعَهَا بِلَفْظِ التَّزْوِيجِ جَازَ عِنْدَ مُحَمَّدٍ رَحِمَهُ اللَّهُ تَعَالَى، وَعَلَيْهِ الْفَتْوَى، وَكَذَا إِذَا تَزَوَّجَهَا صَارَ مُرَاجِعًا لَهَا، هُوَ الْمُخْتَارُ، كَذَا فِي الْجَوْهَرَةِ النَّيِّرَةِ

الفتاوى الهندية (١/٤٦٨)

(وَ) تَصِحُّ (بِتَزَوُّجِهَا فِي الْعِدَّةِ) بِهِ يُفْتَى

الدر المختار (٣/٣٩٩)

قَوْلُهُ: (بِهِ يُفْتَى)، قَالَ فِي الْبَحْرِ: وَهُوَ ظَاهِرُ الرِّوَايَةِ، كَذَا فِي الْبَدَائِعِ، وَهُوَ الْمُخْتَارُ، كَذَا فِي الْوَلْوَالِجِيَّةِ، وَعَلَيْهِ الْفَتْوَى، كَذَا فِي الْيَنَابِيعِ، فَقَوْلُ الشَّارِحِينَ: إِنَّهُ لَيْسَ بِرَجْعَةٍ عِنْدَهُ خِلَافًا لِمُحَمَّدٍ، عَلَى غَيْرِ ظَاهِرِ الرِّوَايَةِ، كَمَا لَا يَخْفَى، فَعُلِمَ أَنَّ لَفْظَ النِّكَاحِ يُسْتَعَارُ لِلرَّجْعَةِ، وَلَا تُسْتَعَارُ هِيَ لَهُ. اهـ

رد المحتار (٣/٣٩٩)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

Sunday, 2 August 2026

നമസ്കാരത്തിനിടയിൽ ഉറങ്ങിപ്പോയാൽ വുളു മുറിയുമോ


നമസ്കാരത്തിലെ നിർത്തം, റുകൂ, ഇരുത്തം എന്നീ അവസ്ഥകളിൽ ഉറങ്ങിപ്പോയാലും വുളു മുറിയില്ല. അതുപോലെ തന്നെ സുന്നത്ത് അനുസരിച്ചുള്ള സുജൂദിലാണ് ഒരാൾ ഉണ്ടായിരുന്നതെങ്കിൽ അതായത് വയർ തുടകളിൽ നിന്ന് വേർപ്പെട്ട നിലയിലും കൈമുട്ടുകൾ നിലത്ത് വിരിച്ച് വെക്കാതെ ഇരിക്കുന്ന അവസ്ഥ. ഈ രൂപത്തിൽ ഉറങ്ങിപ്പോയാലും വുളു മുറിയുകയില്ല.  

എന്നാൽ സുന്നത്തിന് വിരുദ്ധമായി വയർ തുടകളോട് ചേർത്തും കൈമുട്ടുകൾ നിലത്ത് വിരിച്ച് വെച്ച് സുജൂദ് ചെയ്തുകൊണ്ടിരിക്കെ ഉറങ്ങിപ്പോയാൽ വുളു മുറിയുന്നതാണ്.

സ്ത്രീകളുടെ കാര്യത്തിൽ ശരീരം കൂടുതൽ മറയുന്ന രീതിയിൽ വയർ തുടകളോട് ചേർത്താണ് സുജൂദ് ചെയ്യേണ്ടത് എന്നതാണ് ഹനഫി മദ്ഹബിലെ വിധി. അതിനാൽ ആ രീതിയിൽ സുജൂദിൽ ഉറങ്ങിപ്പോയാൽ വുളു മുറിയുന്നതാണ്. 

(لَا نَوْمُ قَائِمٍ أَوْ قَاعِدٍ أَوْ رَاكِعٍ أَوْ سَاجِدٍ) فِي الصَّلَاةِ أَوْ فِي خَارِجِهَا عَلَى الصَّحِيحِ عِنْدَنَا خِلَافًا لِلشَّافِعِيِّ مُطْلَقًا. وَفِي الْمُحِيطِ إنَّمَا لَا يَنْقُضُ نَوْمُ السَّاجِدِ إذَا كَانَ رَافِعًا بَطْنَهُ عَنْ فَخِذَيْهِ جَافِيًا عَضُدَيْهِ عَنْ جَنْبَيْهِ، وَإِنْ مُلْتَصِقًا بِفَخِذَيْهِ مُعْتَمِدًا عَلَى ذِرَاعَيْهِ فَعَلَيْهِ الْوُضُوءُ

[عبد الرحمن شيخي زاده ,مجمع الأنهر في شرح ملتقى الأبحر ,1/21]

لَا) يَنْقُضُ ....وَسَاجِدًا عَلَى الْهَيْئَةِ الْمَسْنُونَةِ ......قَوْلُهُ: وَسَاجِدًا) وَكَذَا قَائِمًا وَرَاكِعًا بِالْأَوْلَى، وَالْهَيْئَةُ الْمَسْنُونَةُ بِأَنْ يَكُونَ رَافِعًا بَطْنَهُ عَنْ فَخِذَيْهِ مُجَافِيًا عَضُدَيْهِ عَنْ جَنْبَيْهِ كَمَا فِي الْبَحْرِ. قَالَ ط: وَظَاهِرُهُ أَنَّ الْمُرَادَ الْهَيْئَةُ الْمَسْنُونَةُ فِي حَقِّ الرَّجُلِ لَا الْمَرْأَةِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٤١/١]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

Friday, 31 July 2026

തുടർച്ചയായി മൂന്ന് ജുമുഅ നമസ്കാരം ഉപേക്ഷിക്കുന്നവൻ കാഫിറാണ്. ഇത് ഹദീസ് ആണോ? ശരീഅത്തിന്റെ വിധി എന്താണ് ?

 

ഈ ആശയത്തിലുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ കാണപ്പെടുന്നുണ്ട്. എന്നാൽ അതിന്റെ ശരിയായ അർത്ഥം

ജുമുഅ നമസ്കാരത്തെ നിസ്സാരമായി കാണുകയും അവഹേളിക്കുകയും ചെയ്ത് കൊണ്ട് മൂന്ന് ജുമുഅകൾ തുടർച്ചയായി ഉപേക്ഷിക്കുന്നവൻ കുഫ്റിലേക്ക് പോകും. എന്നാൽ അലസത കൊണ്ടോ മടികൊണ്ടോ പ്രത്യേക കാരണമൊന്നുമില്ലാതെ ജുമുഅ ഉപേക്ഷിക്കുന്നവൻ കാഫിറാകുകയില്ല. അഥവാ അയാൾ ഇസ്ലാമിന് പുറത്തു പോവുകയില്ല. മറിച്ച് കടുത്ത പാപി (ഫാസിഖ്) ആകുന്നതാണ്.

رَوَى الإِمَامُ أَبُو دَاوُدَ رَحِمَهُ اللَّهُ عَنْ أَبِي الْجَعْدِ الضَّمْرِيِّ، وَكَانَتْ لَهُ صُحْبَةٌ، أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَنْ تَرَكَ ثَلَاثَ جُمَعٍ تَهَاوُنًا بِهَا، طَبَعَ اللَّهُ عَلَى قَلْبِهِ»

(سُنَنُ أَبِي دَاوُدَ، رَقْمُ الْحَدِيثِ: ١٠٥٢)

الْمُرَادُ بِالتَّهَاوُنِ: التَّسَاهُلُ وَقِلَّةُ الْمُبَالَاةِ وَالِاهْتِمَامِ، وَلَيْسَ الْمُرَادُ الِاسْتِخْفَافَ، فَإِنَّهَا كُفْرٌ.

(بَذْلُ الْمَجْهُودِ: ٥/٣٠)

عَنِ ابْنِ عَبَّاسٍ أَنَّ النَّبِيَّ ﷺ قَالَ: «مَنْ تَرَكَ الْجُمُعَةَ مِنْ غَيْرِ ضَرُورَةٍ، كُتِبَ مُنَافِقًا فِي كِتَابٍ لَا يُمْحَى وَلَا يُبَدَّلُ»، وَفِي بَعْضِ الرِّوَايَاتِ: «ثَلَاثًا»، رَوَاهُ الشَّافِعِيُّ

(مِشْكَاةُ الْمَصَابِيحِ: ١/٣٠٨)

قَالَ جَمْعٌ مِنَ الْعُلَمَاءِ رَحِمَهُمُ اللَّهُ: فَالْجُمُعَةُ فَرْضٌ لَا يَسَعُ تَرْكُهَا، وَيَكْفُرُ جَاحِدُهَا، وَالدَّلِيلُ عَلَى فَرْضِيَّةِ الْجُمُعَةِ: الْكِتَابُ وَالسُّنَّةُ وَإِجْمَاعُ الْأُمَّةِ

(بَدَائِعُ الصَّنَائِعِ: ١/٢٥٦)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

ചില ബാങ്കുകൾ അവരുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന കസ്റ്റമർക്ക് ബാങ്ക് ഡിസ്‌കൗണ്ട് കൊടുക്കുന്നു. ഈ ഡിസ്‌കൗണ്ട് ഉപയോഗിക്കൽ അനുവദനീയമാണോ

 

ഡെബിറ്റ് കാർഡ് വഴി പണമടച്ചതിന്റെ പേരിൽ ലഭിക്കുന്ന ഡിസ്കൗണ്ട് ബാങ്ക് തന്നെയാണ് നൽകുന്നതെങ്കിൽ അത് സ്വീകരിക്കുന്നത് ശറഇയ്യായി അനുവദനീയമല്ല. കാരണം ഈ ആനുകൂല്യം ബാങ്ക് അക്കൗണ്ടിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്. ശറഇൽ ബാങ്കിലെ നിക്ഷേപം ഒരു തരത്തിൽ കടമായി കണക്കാക്കപ്പെടുന്നു. കടം മൂലം ലഭിക്കുന്ന അധിക നേട്ടം പലിശയുടെ പരിധിയിൽ വരുന്നതാണ്. ചോദ്യത്തിൽ പറയപ്പെട്ട ഡിസ്കൗണ്ട് ബാങ്ക് നൽകുന്നതിനാൽ അത് സ്വീകരിക്കൽ അനുവദനീയമല്ല.

മറ്റു ചില രൂപങ്ങൾ

  • ഡിസ്കൗണ്ട് ലഭിക്കുന്നത് സാധനം വാങ്ങിയ സ്ഥാപനമോ ഭക്ഷണം കഴിച്ച സ്ഥാപനമോ സ്വന്തം ഭാഗത്തുനിന്ന് നൽകുന്നതാണെങ്കിൽ അത് അവരുടെ ഔദാര്യവും സമ്മാനവുമാകയാൽ സ്വീകരിക്കൽ അനുവദനീയമാണ്.
  • ഡിസ്കൗണ്ട് ബാങ്കിന്റെയും വ്യാപാര സ്ഥാപനത്തിന്റെയും സംയുക്ത പങ്കാളിത്തത്തോടെ നൽകുന്നതാണെങ്കിൽ, ബാങ്ക് നൽകുന്ന വിഹിതം സ്വീകരിക്കുന്നത് അനുവദനീയമല്ല.
  • ഡിസ്കൗണ്ട് ബാങ്കോ വ്യാപാര സ്ഥാപനമോ നൽകുന്നതല്ല; മറിച്ച് ഡെബിറ്റ് കാർഡ് പുറത്തിറക്കുന്ന സ്ഥാപനമാണ് നൽകുന്നതെങ്കിൽ ആ സ്ഥാപനത്തിന്റെ ഇടപാടുകൾ മുഴുവനായോ കൂടുതലായോ ശരിയായതും അതിന്റെ വരുമാനം മുഴുവനായോ കൂടുതലായോ ഹലാലുമായിരിക്കുകയാണെങ്കിൽ, ആ ഡിസ്കൗണ്ട് ഉപയോഗിക്കൽ അനുവദനീയമാണ്.
  • ഡിസ്കൗണ്ട് ആരുടെ ഭാഗത്തുനിന്നാണ് ലഭിക്കുന്നതെന്ന് അറിയാത്ത സാഹചര്യമാണെങ്കിൽ അതിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് സൂക്ഷ്മത.

كُلُّ قَرْضٍ جَرَّ نَفْعًا فَهُوَ حَرَامٌ

(الأشباه والنظائر: 1/226، ط: دار الكتب العلمية)

آكِلُ الرِّبَا وَكَاسِبُ الْحَرَامِ أَهْدَى إِلَيْهِ أَوْ أَضَافَهُ وَغَالِبُ مَالِهِ حَرَامٌ لَا يُقْبَلُ، وَلَا يَأْكُلُ مَا لَمْ يُخْبِرْهُ أَنَّ ذَلِكَ الْمَالَ أَصْلُهُ حَلَالٌ وَرِثَهُ أَوِ اسْتَقْرَضَهُ، وَإِنْ كَانَ غَالِبُ مَالِهِ حَلَالًا لَا بَأْسَ بِقَبُولِ هَدِيَّتِهِ وَالْأَكْلِ مِنْهَا، كَذَا فِي الْمُلْتَقَطِ.

(الفتاوى الهندية: 5/343، ط: دار الفكر)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മുഹറം മാസത്തിലെ ഒന്നാം തീയതി "ബിസ്മില്ലാഹിർ റഹ്മാനിർ റഹീം" 113 പ്രാവശ്യം ഒരു കടലാസിൽ എഴുതി വീട്ടിൽ സൂക്ഷിച്ചാൽ എല്ലാ ആപത്തുകളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കും എന്ന് കേൾക്കുന്നു. എന്താണ് ഇതിന്റെ വസ്തുത

 

മുഫ്തി ഷഫീ ഉസ്മാനി (റ) ജവാഹിറുൽ ഫിഖ്ഹ് എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

“ആരെങ്കിലും മുഹറം മാസത്തിലെ ഒന്നാം തീയതി പൂർണ്ണമായ ‘ബിസ്മില്ലാഹിർ റഹ്മാനിർ റഹീം’ 113 പ്രാവശ്യം ഒരു കടലാസിൽ എഴുതി തന്റെ പക്കൽ സൂക്ഷിച്ചാൽ, എല്ലാ തരത്തിലുള്ള ആപത്തുകളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടും. ഇത് അനുഭവത്തിലൂടെ ഫലപ്രദമാണെന്ന് തെളിഞ്ഞ ഒരു കാര്യമാണ്.”

(ജവാഹിറുൽ ഫിഖ്ഹ്, 2/187)

എന്നാൽ ഇത് മഹാന്മാരുടെ അനുഭവസിദ്ധമായ അമലുകളിൽ ഒന്നായതിനാൽ ഇതിനെ സുന്നത്തോ നിർബന്ധിതമായ ദീനി കാര്യമാണന്നോ ആയി കരുതുന്നത് ശരിയല്ല. സുന്നത്തോ നിർബന്ധമോ എന്ന് വിശ്വസിക്കാതെ ഒരു മുജറബ് (അനുഭവസിദ്ധമായി ഫലപ്രദമെന്ന് പറയപ്പെടുന്ന) അമൽ എന്ന നിലയിൽ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല.



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


പള്ളിയിലെ ജമാഅത് നഷ്ടപ്പെട്ടാൽ വീട്ടിൽ ഭാര്യയോടൊപ്പം ജമാഅത്തായി നമസ്കരിക്കാമോ? അങ്ങനെ ചെയ്താൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ?


ന്യായമായ കാരണം മൂലം പള്ളിയിലെ ജമാഅത്ത് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഭാര്യയോടൊപ്പം വീട്ടിൽ ജമാഅത്തായി നമസ്കരിക്കുന്നത് അനുവദനീയമാണ്. മാത്രമല്ല ഒറ്റയ്ക്ക് നമസ്കരിക്കുന്നതിനേക്കാൾ അത് ശ്രേഷ്ഠവുമാണ്.

എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം:

ഭാര്യ ഭർത്താവിന്റെ തൊട്ടടുത്ത് നിൽക്കരുത്. ഭർത്താവിന്റെ പിന്നിൽ (പിന്നിലെ സഫിൽ) നിൽക്കണം. ഇങ്ങനെ വീട്ടിൽ ജമാഅത്തായി നമസ്കരിച്ചാൽ ജമാഅത്തിന്റെ സവാബ് ലഭിക്കുമെന്ന പ്രതീക്ഷിക്കാം. എന്നാൽ പള്ളിയിലെ ജമാഅത്തിന് ലഭിക്കുന്ന പ്രത്യേക ശ്രേഷ്ഠതയും മഹത്തായ പ്രതിഫലവും വേറെയാണ്. അതിനാൽ സാധ്യമാകുന്നിടത്തോളം പള്ളിയിലെ ജമാഅത്ത് സൂക്ഷിക്കേണ്ടതാണ്.

وَلَنَا) مَا رَوَى عَبْدُ الرَّحْمَنِ بْنُ أَبِي بَكْرٍ عَنْ أَبِيهِ - رَضِيَ اللَّهُ عَنْهُمَا - أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - خَرَجَ مِنْ بَيْتِهِ لِيُصْلِحَ بَيْنَ الْأَنْصَارِ لِتَشَاجُرٍ بَيْنَهُمْ فَرَجَعَ وَقَدْ صَلَّى فِي الْمَسْجِدِ بِجَمَاعَةٍ فَدَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي مَنْزِلِ بَعْضِ أَهْلِهِ فَجَمَعَ أَهْلَهُ فَصَلَّى بِهِمْ جَمَاعَةً، وَلَوْ لَمْ يُكْرَهُ تَكْرَارُ الْجَمَاعَةِ فِي الْمَسْجِدِ لَمَا تَرَكَهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مَعَ عِلْمِهِ بِفَضْلِ الْجَمَاعَةِ فِي الْمَسْجِد

[الكاساني ,بدائع الصنائع في ترتيب الشرائع ,1/153]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

നമസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിൽ മൂന്ന് പ്രാവശ്യം «اللّٰهُمَّ اغْفِرْلِي» എന്ന് പറയാമോ? അങ്ങനെ പറഞ്ഞാൽ നമസ്കാരം അസാധുവാകുമോ?


മുൻഫരിദിനും മുഖ്തദികൾക്കും ഫർള്, നഫ്ൽ നമസ്കാരങ്ങളിൽ രണ്ട് സുജൂദുകൾക്കിടയിലെ ഇരിപ്പിൽ «اللّٰهُمَّ اغْفِرْلِي» എന്ന് പറയൽ മുസ്തഹബ്ബാണ്. സമയം ലഭിക്കുന്നുവെങ്കിൽ അതോടൊപ്പം «وَارْحَمْنِي وَاهْدِنِي وَعَافِنِي وَارْزُقْنِي» എന്നും പറയുന്നത് നല്ലതാണ്.

അതേസമയം ഇമാമായി നമസ്കാരം നയിക്കുമ്പോൾ നമസ്കാരം ലഘുവായി നിർവഹിക്കണം. കാരണം ജമാഅത്ത് നമസ്കാരത്തിൽ രോഗികളും പ്രായമായവരും പങ്കെടുക്കുന്നുണ്ടാകാം. അതിനാൽ അവരെ പരിഗണിച്ച് അനാവശ്യമായി നമസ്കാരം ദീർഘിപ്പിക്കാതെ നിർവഹിക്കേണ്ടതാണ്.

അതിനാൽ, രണ്ട് സജ്ദകൾക്കിടയിൽ «اللّٰهُمَّ اغْفِرْلِي» മൂന്ന് പ്രാവശ്യം പറയുന്നതുകൊണ്ട് നമസ്കാരം അസാധുവാകുകയില്ല. എന്നിരുന്നാലും ഇമാമാണെങ്കിൽ മുഖ്തദികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം നമസ്കാരം ലഘുവായി നടത്തുന്നതാണ് സുന്നത്തിന്റെ താല്പര്യം.

(قَوْلُهُ وَلَيْسَ بَيْنَهُمَا ذِكْرٌ مَسْنُونٌ) قَالَ أَبُو يُوسُفَ: سَأَلْت الْإِمَامَ أَيَقُولُ الرَّجُلُ إذَا رَفَعَ رَأْسَهُ مِنْ الرُّكُوعِ وَالسُّجُودِ اللَّهُمَّ اغْفِرْ لِي؟ قَالَ: يَقُولُ رَبَّنَا لَك الْحَمْدُ وَسَكَتَ، وَلَقَدْ أَحْسَنَ فِي الْجَوَابِ إذْ لَمْ يَنْهَ عَنْ الِاسْتِغْفَارِ نَهْرٌ وَغَيْرُهُ

أَقُولُ: بَلْ فِيهِ إشَارَةٌ إلَى أَنَّهُ غَيْرُ مَكْرُوهٍ إذْ لَوْ كَانَ مَكْرُوهًا لَنَهَى عَنْهُ كَمَا يَنْهَى عَنْ الْقِرَاءَةِ فِي الرُّكُوعِ وَالسُّجُودِ وَعَدَمِ كَوْنِهِ مَسْنُونًا لَا يُنَافِي الْجَوَازَ كَالتَّسْمِيَةِ بَيْنَ الْفَاتِحَةِ وَالسُّورَةِ، بَلْ يَنْبَغِي أَنْ يُنْدَبَ الدُّعَاءُ بِالْمَغْفِرَةِ بَيْنَ السَّجْدَتَيْنِ خُرُوجًا مِنْ خِلَافِ الْإِمَامِ أَحْمَدَ لِإِبْطَالِهِ الصَّلَاةَ بِتَرْكِهِ عَامِدًا وَلَمْ أَرَ مَنْ صَرَّحَ بِذَلِكَ عِنْدَنَا، لَكِنْ صَرَّحُوا بِاسْتِحْبَابِ مُرَاعَاهُ الْخِلَافِ، وَاَللَّهُ أَعْلَمُ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/505]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

Wednesday, 29 July 2026

ഒരാൾ വാടകക്ക് എടുത്ത കെട്ടിടം മറ്റൊരാൾക്ക്‌ കൂടുതൽ വാടകക്ക് കൊടുക്കുന്നതിന്റെ വിധി എന്താണ്


വാടകയ്ക്ക് എടുത്ത കടമുറിയോ കെട്ടിടമോ മറ്റൊരാൾക്ക് വീണ്ടും വാടകയ്ക്ക് നൽകുന്നത് ചില നിബന്ധനകളോടെ അനുവദനീയമാണ്.

  • കടയ്ക്ക് കേടുപാടുകൾ ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനം നടത്തുന്ന ആളിന് വാടകയ്ക്ക് കൊടുക്കാൻ പാടില്ല. ഉദാ: കെട്ടിടത്തിന് നാശനഷ്ടമോ അസാധാരണമായ കേടുപാടുകളോ വരുത്തുന്ന വ്യാപാരത്തിനായി കൊടുക്കരുത്.
  • താൻ കൊടുക്കുന്ന വാടകയെക്കാൾ കൂടുതൽ വാടക ഈടാക്കാൻ പാടില്ല. അല്ലാത്തപക്ഷം അധികമായി ലഭിക്കുന്ന തുക ഹലാൽ ആയിരിക്കുകയില്ല.

എന്നാൽ വാടകക്കാരൻ കെട്ടിടത്തിൽ അധിക മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിൽ. ഉദാ: പെയിന്റിംഗ്, ടൈൽസ് ഇടൽ, പാർട്ടിഷൻ നിർമാണം, മറ്റ് നിർമ്മാണ-പരിഷ്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തിയാൽ അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാടകയ്ക്ക് മറ്റൊരാൾക്ക് നൽകാവുന്നതാണ്.

(تَصِحُّ) (إِجَارَةُ حَانُوتٍ) أَيْ دُكَّانٍ وَدَارٍ بِلَا بَيَانِ مَا يُعْمَلُ فِيهَا لِصَرْفِهِ لِلْمُتَعَارَفِ، (وَ) بِلَا بَيَانِ (مَنْ يَسْكُنُهَا) فَلَهُ أَنْ يُسْكِنَهَا غَيْرَهُ بِإِجَارَةٍ وَغَيْرِهَا كَمَا سَيَجِيءُ، (وَلَهُ أَنْ يَعْمَلَ فِيهِمَا) أَيِ الْحَانُوتِ وَالدَّارِ (كُلَّ مَا أَرَادَ) فَيُوَتِّدُ وَيَرْبِطُ دَوَابَّهُ وَيَكْسِرُ حَطَبَهُ وَيَسْتَنْجِي بِجِدَارِهِ وَيَتَّخِذُ بَالُوعَةً إِنْ لَمْ تَضُرَّ، وَيَطْحَنُ بِرَحَى الْيَدِ، وَإِنْ بِهِ ضَرَرٌ بِهِ يُفْتَى، قُنْيَةٌ.

(غَيْرَ أَنَّهُ لَا يُسْكِنُ) حَدَّادًا أَوْ قَصَّارًا أَوْ طَحَّانًا مِنْ غَيْرِ رِضَا الْمَالِكِ أَوِ اشْتِرَاطِهِ ذَلِكَ فِي عَقْدِ الْإِجَارَةِ؛ لِأَنَّهُ يُوهِنُ الْبِنَاءَ فَيَتَوَقَّفُ عَلَى الرِّضَا

(وَإِنِ اخْتَلَفَا فِي الِاشْتِرَاطِ فَالْقَوْلُ لِلْمُؤْجِرِ) كَمَا لَوْ أَنْكَرَ أَصْلَ الْعَقْدِ، (وَإِنْ أَقَامَا الْبَيِّنَةَ فَالْبَيِّنَةُ بَيِّنَةُ الْمُسْتَأْجِرِ) لِإِثْبَاتِهَا الزِّيَادَةَ. خُلَاصَةٌ

وَفِيهَا: اسْتَأْجَرَ لِلْقَصَّارَةِ فَلَهُ الْحِدَادَةُ إِنِ اتَّحَدَ ضَرَرُهُمَا، وَلَوْ فَعَلَ مَا لَيْسَ لَهُ لَزِمَهُ الْأَجْرُ، وَإِنِ انْهَدَمَ بِهِ الْبِنَاءُ ضَمِنَهُ وَلَا أَجْرَ؛ لِأَنَّهُمَا لَا يَجْتَمِعَانِ

(وَلَهُ السُّكْنَى بِنَفْسِهِ وَإِسْكَانُ غَيْرِهِ بِإِجَارَةٍ وَغَيْرِهَا) وَكَذَا كُلُّ مَا لَا يَخْتَلِفُ بِالْمُسْتَعْمِلِ بَطَلَ التَّقْيِيدُ؛ لِأَنَّهُ غَيْرُ مُفِيدٍ، بِخِلَافِ مَا يَخْتَلِفُ بِهِ كَمَا سَيَجِيءُ.

وَلَوْ آجَرَ بِأَكْثَرَ تَصَدَّقَ بِالْفَضْلِ إِلَّا فِي مَسْأَلَتَيْنِ: إِذَا آجَرَهَا بِخِلَافِ الْجِنْسِ أَوْ أَصْلَحَ فِيهَا شَيْئًا

(قَوْلُهُ: بِخِلَافِ الْجِنْسِ) أَيْ جِنْسِ مَا اسْتَأْجَرَ بِهِ، وَكَذَا إِذَا آجَرَ مَعَ مَا اسْتَأْجَرَ شَيْئًا مِنْ مَالِهِ يَجُوزُ أَنْ تُعْقَدَ عَلَيْهِ الْإِجَارَةُ فَإِنَّهُ تَطِيبُ لَهُ الزِّيَادَةُ كَمَا فِي الْخُلَاصَةِ.

(قَوْلُهُ: أَوْ أَصْلَحَ فِيهَا شَيْئًا) بِأَنْ جَصَّصَهَا أَوْ فَعَلَ فِيهَا مَسْنَاةً، وَكَذَا كُلُّ عَمَلٍ قَائِمٍ؛ لِأَنَّ الزِّيَادَةَ بِمُقَابَلَةِ مَا زَادَ مِنْ عِنْدِهِ حَمْلًا لِأَمْرِهِ عَلَى الصَّلَاحِ كَمَا فِي الْمَبْسُوطِ، وَالْكَنْسُ لَيْسَ بِإِصْلَاحٍ، وَإِنْ كَرَى النَّهْرَ قَالَ الْخَصَّافُ: تَطِيبُ، وَقَالَ أَبُو عَلِيٍّ النَّسَفِيُّ: أَصْحَابُنَا مُتَرَدِّدُونَ، وَبِرَفْعِ التُّرَابِ لَا تَطِيبُ وَإِنْ تَيَسَّرَتِ الزِّرَاعَةُ، وَلَوِ اسْتَأْجَرَ بَيْتَيْنِ صَفْقَةً وَاحِدَةً وَزَادَ فِي أَحَدِهِمَا يُؤْجِرُهُمَا بِأَكْثَرَ، وَلَوْ صَفْقَتَيْنِ فَلَا. خُلَاصَةٌ مُلَخَّصًا

(رد المحتار على الدر المختار ج ٦، ص ٢٧)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


വലിയ ശുദ്ധിയുള്ളപ്പോൾ മൃഗത്തിനെ അറുക്കൽ അനുവദനീയമാണോ

 

അനുവദനീയമാണ്. കുളി നിർബന്ധമായ അവസ്ഥയിലുള്ള വ്യക്തിക്കും "بِسْمِ اللهِ، اللهُ أَكْبَرُ" എന്ന് പറഞ്ഞ് മൃഗത്തെ അറുക്കാം. അങ്ങനെ അറുക്കപ്പെട്ട മൃഗത്തിന്റെ മാംസം ഹറാമാകുകയില്ല; അത് ഹലാലാണ്. എന്നാൽ അറുക്കുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടുന്നതിനാൽ ശുദ്ധിയുള്ള അവസ്ഥയിൽ മൃഗത്തെ അറുക്കുന്നതാണ് ഉചിതവും ശ്രേഷ്ഠവും.

وَلَوْ الذَّابِحُ امْرَأَةً حَائِضًا أَوْ نُفَسَاءَ أَوْ جُنُبًا

(الدُّرُّ الْمُنْتَقَى مَعَ الْمَجْمَع، كِتَابُ الذَّبَائِح، ٤: ١٥٤)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സംസം വെള്ളം അമുസ്ലിമീങ്ങൾക്ക് കൊടുക്കൽ അനുവദനീയമാണോ

 

അനുവദനീയമാണ്. ഷറഇയ്യായ തടസങ്ങളൊന്നുമില്ല (കിതാബുൽ ഫതാവാ 4/82)

സൂറത്ത് തൗബ ഓതുന്നതിന് മുമ്പ് ബിസ്മി ഓതുന്നതിന്റെ വിധി ? തൗബയുടെ ഇടയിൽ നിന്ന് ഓതിയാൽ ബിസ്മി ഓതാമോ


സൂറത്തുൽ അൻഫാൽ പാരായണം പൂർത്തിയാക്കിയ ശേഷം അതിന്റെ തുടർച്ചയായി തന്നെ സൂറത്തുത്തൗബ പാരായണം ആരംഭിക്കുകയാണെങ്കിൽ തൗബ സൂറത്തിന്റെ തുടക്കത്തിൽ ബിസ്മി ഓതേണ്ടതില്ല. എന്നാൽ ഒരാൾ സൂറത്തുത്തൗബയുടെ തുടക്കത്തിൽ നിന്നോ മധ്യത്തിൽ നിന്നോ പ്രത്യേകം പാരായണം ആരംഭിക്കുകയാണെങ്കിൽ ബിസ്മി ഓതിക്കൊണ്ടാണ് പാരായണം ആരംഭിക്കേണ്ടത്.

സൂറത്തുത്തൗബയുടെ തുടക്കത്തിൽ യാതൊരു സാഹചര്യത്തിലും ബിസ്മി ചൊല്ലാൻ പാടില്ല എന്ന ധാരണ ചിലർക്കിടയിൽ പ്രചാരത്തിലുണ്ട്. എന്നാൽ ഹനഫി മദ്‌ഹബ് പ്രകാരം അത് ശരിയല്ല.

وَعَنْ مُحَمَّدِ بْنِ مُقَاتِلٍ - رَحِمَهُ اللَّهُ تَعَالَى - فِيمَنْ أَرَادَ قِرَاءَةَ سُورَةٍ أَوْ قِرَاءَةَ آيَةٍ فَعَلَيْهِ أَنْ يَسْتَعِيذَ بِاَللَّهِ مِنْ الشَّيْطَانِ الرَّجِيمِ وَيُتْبِعَ ذَلِكَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ، فَإِنْ اسْتَعَاذَ بِسُورَةِ الْأَنْفَالِ وَسَمَّى وَمَرَّ فِي قِرَاءَتِهِ إلَى سُورَةِ التَّوْبَةِ وَقَرَأَهَا كَفَاهُ مَا تَقَدَّمَ مِنْ الِاسْتِعَاذَةِ وَالتَّسْمِيَةِ، وَلَا يَنْبَغِي لَهُ أَنْ يُخَالِفَ الَّذِينَ اتَّفَقُوا وَكَتَبُوا الْمَصَاحِفَ الَّتِي فِي أَيْدِي النَّاسِ، وَإِنْ اقْتَصَرَ عَلَى خَتْمِ سُورَةِ الْأَنْفَالِ فَقَطَعَ الْقِرَاءَةَ، ثُمَّ أَرَادَ أَنْ يَبْتَدِئَ سُورَةَ التَّوْبَةِ كَانَ كَإِرَادَتِهِ ابْتِدَاءَ قِرَاءَتِهِ مِنْ الْأَنْفَالِ فَيَسْتَعِيذُ وَيُسَمِّي، وَكَذَلِكَ سَائِرُ السُّوَرِ، كَذَا فِي الْمُحِيطِ

[مجموعة من المؤلفين، الفتاوى الهندية، ٣١٦/٥]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട