Wednesday 29 June 2016

ദൈവഭക്തനായ മദ്യപാനി


1623-1640 കാലയളവില്‍ ഒട്ടോമന്‍ (ഉസ്മാനിയ്യ) സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു, സുല്‍ത്താന്‍ മുറാദ് നാലാമന്‍. ജനങ്ങളുടെ ജീവിതാവസ്ഥ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ വേശപ്രച്ഛന്നനായി ജനങ്ങളിലേക്കിറങ്ങുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. 

ഒരു വൈകുന്നേര സമയം, തന്റെ ശരീരത്തിന് അസ്വസ്ഥതയനുഭവിക്കുന്നുവെന്നും അതിനാല്‍ തനിക്ക് പുറത്തുപോകണമെന്നും തന്റെ സുരക്ഷാ തലവനോട് സുല്‍ത്താന്‍ മുറാദ് ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ പുറത്തുപോയി. തിരക്കേറിയ ഒരു അയല്‍പ്രദേശത്താണ് അവര്‍ ആദ്യം എത്തിച്ചേര്‍ന്നത്. 

അവിടെയുള്ള മൈതാനത്ത് ഒരാള്‍ കിടക്കുന്നത് സുല്‍ത്താന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ മനുഷ്യനെ തട്ടിയുണര്‍ത്താന്‍ സുല്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടു കഴിഞ്ഞിരുന്നു. ഓരോരുത്തരും അവരുടേതായ തിരക്കുകളിലാണ്. മൈതാനമധ്യത്തില്‍ മരിച്ചുകിടക്കുന്ന മനുഷ്യശരീരത്തെ ശ്രദ്ധിക്കാന്‍ ഒരു മനുഷ്യന്‍ പോലും ശ്രമിക്കുന്നില്ല.

ഈ അവസ്ഥ കണ്ട സുല്‍ത്താന്‍ മുറാദ് അവിടെയുള്ള ജനങ്ങളെ വിളിച്ചുകൂട്ടി. അവര്‍ ആരും സുല്‍ത്താനെ തിരിച്ചറിഞ്ഞില്ല. അവര്‍ അദ്ദേഹത്തോട് 'തന്റെ പ്രശ്‌നം എന്താണെന്ന് ചോദിച്ചു. സുല്‍ത്താന്‍ അവരോട് തിരിച്ചു ചോദിച്ചു: 

''എന്തുകൊണ്ട് ഈ മൃതദേഹത്തെ ആരും ശ്രദ്ധിക്കുന്നില്ല? എവിടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം?

അവര്‍ മറുപടി പറഞ്ഞു : 'അയാള്‍ കടുത്ത മദ്യപാനിയും വ്യഭിചാരിയുമായ മനുഷ്യനാണ്.' ആശ്ചര്യപൂര്‍വ്വം സുല്‍ത്താന്‍ ചോദിച്ചു: ''അദ്ദേഹം പ്രവാചകന്‍ മുഹമ്മദിന്റെ(സ) സമുദായത്തില്‍പ്പെട്ട വ്യക്തി തന്നെയല്ലേ? ഇപ്പോള്‍ ഈ ശരീരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വഹിക്കുവാന്‍ എന്നെ നിങ്ങള്‍ ദയവുചെയ്ത് സഹായിക്കുക''.

അവിടെയുണ്ടായിരുന്ന ആളുകള്‍ സുല്‍ത്താന്റെ കൂടെ ആ ശരീരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിച്ചു. ജനങ്ങളെല്ലാം പിരിഞ്ഞുപോയി, സുല്‍ത്താന്‍ മുറാദും അദ്ദേഹത്തിന്റെ സഹായിയും മാത്രം അവിടെ ശേഷിച്ചു. മരണപ്പെട്ട മനുഷ്യന്റെ ശരീരം കണ്ടതോടുകൂടി അയാളുടെ ഭാര്യ കരയാന്‍ തുടങ്ങി. ആ സ്ത്രീ അദ്ദേഹത്തിന്റെ മൃതദേഹത്തെ നോക്കി പറഞ്ഞു : ''അല്ലാഹു താങ്കളുടെമേല്‍ കാരുണ്യം ചൊരിയട്ടെ! ഓ, അല്ലാഹുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരാ, നിശ്ചയം താങ്കളുടെ ദൈവഭക്തിക്ക് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.''

ഇതുകേട്ട് അന്ധാളിച്ചുനില്‍ക്കുകയായിരുന്ന സുല്‍ത്താന്‍ മുറാദ് ആ സ്ത്രീയോടു ചോദിച്ചു: ''നിങ്ങളുടെ ഭര്‍ത്താവിനെക്കുറിച്ച് ജനങ്ങള്‍ വളരെ മോശമായ പല പരാമര്‍ശങ്ങളുമാണല്ലോ നടത്തിയിരിക്കുന്നത്. അദ്ദേഹം മദ്യപാനിയും വ്യഭിചാരിയുമായിരുന്നുവത്രെ, അദ്ദേഹം മൈതാനമധ്യത്തില്‍ മരിച്ചുകിടക്കുന്ന സന്ദര്‍ഭത്തില്‍ ഒരു മനുഷ്യന്‍ പോലും ആ ശരീരത്തെ ശ്രദ്ധിക്കാന്‍ സന്നദ്ധമായില്ല, എന്നിരിക്കെ പിന്നെയെങ്ങനെയാണ് അദ്ദേഹം ദൈവഭക്തനാകുന്നത്?''

ആ സ്ത്രീ മറുപടി പറഞ്ഞു; ''അതു ഞാന്‍ പ്രതീക്ഷിച്ചതു തന്നെയായിരുന്നു. എന്റെ ഭര്‍ത്താവ് എല്ലാ രാത്രിയിലും മദ്യശാലയില്‍ പോവുകയും അദ്ദേഹത്തിനു സാധ്യമാകുന്നത്ര മദ്യം വിലകൊടുത്ത് വാങ്ങിക്കാറുമുണ്ടായിരുന്നു. 

ശേഷം മദ്യം വീട്ടില്‍ കൊണ്ടുവരികയും അത് പൂര്‍ണമായും അദ്ദേഹം ഒഴുക്കിക്കളയുകയും ചെയ്യും. ശേഷം ഇപ്രകാരം പറയും; 'ഇന്നു ഞാന്‍ കുറച്ചു മുസ്‌ലിംകളെ രക്ഷിച്ചിരിക്കുന്നു'. 

അദ്ദേഹം വേശ്യാലയത്തിലേക്ക് പോകാറുണ്ടായിരുന്നു. അവിടെ ഒരു സത്രീക്ക് പണം നല്‍കുകയും പ്രഭാതം വരെ കതകടക്കുവാനും ആവശ്യപ്പെടും. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം വളരെ വേഗം വീട്ടിലേക്ക് മടങ്ങിവരികയും ചെയ്യും. ശേഷം ഇപ്രകാരം പറയാറുണ്ടായിരുന്നു; 'ഇന്നു ഞാന്‍ ഒരു യുവവനിതയെയും ദുര്‍വൃത്തികളില്‍ അടിമപ്പെട്ട യുവജനതയെയും സംരക്ഷിച്ചു'. അദ്ദേഹം മദ്യശാലയില്‍ പോയി മദ്യം വാങ്ങുന്നതും വേശ്യാലയത്തില്‍ പോകുന്നതും പൊതുജനം കണ്ടുകൊണ്ടിരുന്നു. അതിനാല്‍ പൊതുജനം പൊതുധാരണയാല്‍ അദ്ദേഹത്തെ നിത്യമദ്യപാനിയായും വ്യഭിചാരിയായും മുദ്രകുത്തി. 

ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു; 'താങ്കള്‍ മരണമടയുന്ന സന്ദര്‍ഭത്തില്‍ ഒരു മനുഷ്യന്‍ പോലും താങ്കളുടെ മരണാനന്തരചടങ്ങുകള്‍ നിര്‍വ്വഹിക്കാനോ താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനോ താങ്കളെ മറവുചെയ്യാനോ ഉണ്ടാവുകയില്ല!' അദ്ദേഹം പുഞ്ചിരിയോടെ മറുപടി പറഞ്ഞു; 

'നീ, അസ്വസ്ഥയാകരുത്, നിശ്ചയം വിശ്വാസികളുടെ സുല്‍ത്താന്‍ ഒരു പുണ്യവാന്റെ ചാരത്തിരുന്ന് പ്രാര്‍ത്ഥിക്കുന്നതുപോലെ എന്റെ ശരീരത്തിനടുത്തുവെച്ച് പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.'

' ഇതു കേട്ട് സുല്‍ത്താന്‍ കരയാന്‍ തുടങ്ങി, അദ്ദേഹം പറഞ്ഞു: ''അല്ലാഹുവേ, അദ്ദേഹം സത്യമാണ് പറഞ്ഞിരിക്കുന്നത്, ഞാന്‍ സുല്‍ത്താന്‍ മുറാദ്, നാളെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ ഞങ്ങള്‍ നിര്‍വ്വഹിക്കും, അദ്ദേഹത്തിനു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും, അദ്ദേഹത്തെ ഞങ്ങള്‍ മറവു ചെയ്യും.'' അപ്രകാരം തന്നെ അത് സംഭവിക്കുകയും ചെയ്തു. സുല്‍ത്താന്‍, മുസ്‌ലിം പണ്ഡിതന്മാര്‍, തുടങ്ങി വിശ്വാസി സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ അദ്ദേഹത്തിന്റെ ജനാസക്ക് സാക്ഷികളായി.
നാം കാണുന്നതും മറ്റുള്ളവരില്‍ നിന്നും കേള്‍ക്കുന്നതുമനുസരിച്ചാണ് നാം ജനങ്ങളെ വിധിക്കുന്നത്. എന്നാല്‍ അവരുടെ ഹൃദയങ്ങളില്‍ ഗോപ്യമാക്കപ്പെട്ട പല രഹസ്യങ്ങളും ഉണ്ട്. മനുഷ്യനറിയുന്നതും അറിയാത്തതും അറിയുന്നവന്‍ സര്‍വ്വലോകരക്ഷിതാവായ അല്ലാഹു മാത്രമാകുന്നു. 

'അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊെണ്ടന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.' (49 : 12) 

Monday 20 June 2016

യുസുഫ് നബി (അ) യെ സഹോദരന്മാർ തെള്ളിയിട്ട കിണർ


യുസുഫ് നബി (അ) യെ സഹോദരന്മാർ തെള്ളിയിട്ട കിണർ





ആര്‍ത്തവം; ആരോഗ്യ മാസികകള്‍ അവലംബിച്ചാല്‍




ഒരു മതപഠന ക്ലാസിലാണ്, ആര്‍ത്തവകാരിയുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയില്‍ ആര്‍ത്തവകാരികളെ തീണ്ടാരികള്‍ എന്നു വിളിച്ച് അകറ്റിനിര്‍ത്തിയിരുന്ന പുരാതന ജൂത സംസ്കാരത്തെയും ആര്‍ത്തവകാരികളെ അടുക്കളയില്‍ നിന്നു പോലും അകറ്റിയിരുന്ന ചില സമുദായങ്ങളിലെ അമിതമായ അകറ്റലിനെതിരെയും ആധുനിക തലമുറ ആര്‍ത്തവകാരികളെ അമിതമായി സര്‍വാസ്വാദനത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്രവണതയ്ക്കെതിരെയും സംസാരിച്ചു, അവസാനം ഇസ്‌ലാം ആര്‍ത്തവ പിരീഡില്‍ സ്ത്രീയോട് കാണിക്കേണ്ട മര്യാദകളെയും ഇടപാടുകളെയും കുറിച്ച് സംസാരിച്ചപ്പോള്‍ സദസ്സില്‍ നിന്ന് ചോദ്യം ഉയര്‍ന്നു. ആര്‍ത്തവ സമയത്ത് ഭാര്യ ഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരിയാണോ?

ആര്‍ത്തവകാരികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവനും സ്ത്രീയുടെ പിന്‍ദ്വാരം ബന്ധത്തിനുപയോഗിക്കുന്നവനും ജോത്സ്യനെ സമീപിക്കുന്നവനും വിശുദ്ധ പ്രവാചകനെ നിഷേധിച്ചവനാണ് എന്ന അബൂഹുറൈറ(റ)വില്‍ നിന്ന് ഇമാം തുര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഉദ്ധരിച്ച് മറുപടി പറഞ്ഞപ്പോള്‍ ചിലര്‍ക്കു വീണ്ടും സംശയം; അങ്ങനെയണ്ടോ എന്ന്. തുടര്‍ന്ന് വിശദമായി ഫുഖഹാഇനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ത്തവ കാലത്ത് ശാരീരിക ബന്ധം പുലര്‍ത്തല്‍ കഠിനമായ ശിക്ഷയ്ക്ക് കാരണമാകുമെന്നും നിഷിദ്ധമാണെന്നും ആരോഗ്യപരമായ കുഴപ്പങ്ങളുണ്ടാവുമെന്നും വിശദീകരിച്ചുകൊടുത്തു.


ആരോഗ്യ മാസികകള്‍ പറയുന്നത് ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം കുഴപ്പമില്ലെന്നും പാടില്ലാ എന്നത് തെറ്റിദ്ധാരണയാണ് എന്നുമാണ്. ഒരു പ്രസിദ്ധീകരണത്തിലെ ആര്‍ത്തവ സ്പ്യെല്‍ പതിപ്പിലെ ചില വരികള്‍ ഇതാണ്: “”ആര്‍ത്തവം ഒരു ശാരീരിക പ്രതിഭാസം മാത്രമാണ് എന്നുള്ള വസ്തുത തിരിച്ചറിയുകയും ലൈംഗികതയെക്കുറിച്ചുള്ള മൂല്യധാരണകള്‍ മാറുകയും ചെയ്തതോടെ ആര്‍ത്തവകാല ലൈംഗിക ബന്ധത്തിനു കല്‍പിക്കപ്പെട്ടിരുന്ന വിലക്കുകള്‍ അയഞ്ഞുതുടങ്ങി. പകുതിയിലേറെ സ്ത്രീകളും ആര്‍ത്തവ കാലം ലൈംഗിക ബന്ധത്തിന് പറ്റിയതല്ലെന്നു കരുതുന്നവരാണ്. ഇരുപങ്കാളികള്‍ക്കും താല്‍പര്യമാണെങ്കില്‍ ആര്‍ത്തവ ദിനങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ല” (മാതൃഭൂമി ആരോഗ്യമാസിക, 2012 ജൂലൈ, പേജ്: 26).


മറ്റൊരു ആരോഗ്യ പ്രസിദ്ധീകരണത്തിന്റെ നിലപാട് കാണുക. ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം വേണോ? “”ആര്‍ത്തവത്തെപ്പറ്റിയും ആര്‍ത്തവ സമയത്ത് പാലിക്കേണ്ട ചിട്ടകളെപ്പറ്റിയും ധാരാളം അബദ്ധ ധാരണകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. രക്തസ്രാവം ഉണ്ടാവുന്നതുകൊണ്ട് അവള്‍ അശുദ്ധയാണ് എന്നുള്ള മാറ്റിനിര്‍ത്തലിന്റെ ആവശ്യമില്ല. ബാക്കി ദിവസങ്ങളിലെന്നപോലെ തന്നെ ഈ ദിവസങ്ങളിലും കഴിയാം, സ്ത്രീക്ക് ആഗ്രഹമുണ്ടെങ്കില്‍ ലൈംഗിക ബന്ധവുമാവാം” (മനോരമ ആരോഗ്യമാസിക, 2012, ഒക്ടോബര്‍, പേജ്: 142).

തീണ്ടാരിപ്പെണ്ണെന്നു വിളിച്ച് പടിക്ക് പുറത്ത് നിര്‍ത്തണമെന്ന് ഇസ്‌ലാം പറയുന്നില്ല. അവള്‍ അശുദ്ധയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് അകറ്റണമെന്നും കല്‍പനയില്ല, മറിച്ച് അവളുമായി ലൈംഗിക ബന്ധമല്ലാത്ത മുഴുവന്‍ ബന്ധങ്ങളും ആവാം എന്ന പക്ഷത്താണ് ഇസ്‌ലാമും പ്രവാചകരുമുള്ളത്.

തിരുജീവിതത്തിന്റെ കുടുംബ ചിത്രങ്ങളെ കൂടുതല്‍ വരച്ച് കാണിച്ച ആഇശാ ബീവി പറയുന്നത് ഞാന്‍ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ ഒരു പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചാല്‍ എന്റെ ബാക്കി വെള്ളം പുണ്യനബി കുടിക്കുമായിരുന്നു. എന്റെ സമീപത്തും എന്റെ മടിയില്‍ പോലും പ്രവാചകര്‍ ഇരുന്നതായി മഹതി അടിവരയിടുന്നു. മുആദ്(റ) തിരുനബിയോട് ആര്‍ത്തവ കാലത്ത് അനുവദനീയമായത് എന്താണെന്ന് ചോദിച്ചപ്പോള്‍ അരയുടുപ്പിന് മുകള്‍ ഭാഗത്തുള്ളതുവരെ അനുവദനീയമാണെന്നാണ് പറഞ്ഞത്. തിരുനബി(സ്വ) ലൈംഗിക ബന്ധത്തെ മാത്രമാണ് നിരുല്‍സാഹപ്പെടുത്തിയത്.

ഈ ആശയം പരോക്ഷമായി ആരോഗ്യ ശാസ്ത്രവും പറയുന്നത് കാണുക; പൊതുവില്‍ ആര്‍ത്തവ ദിനങ്ങളിലെ ലൈംഗിക ബന്ധം ഒഴിവാക്കുകയാണ് മിക്കവര്‍ക്കും അഭികാമ്യം (മാതൃഭൂമി). എന്നാല്‍ ഇത് പരോക്ഷമായി പറഞ്ഞ് പ്രത്യക്ഷത്തില്‍ ആര്‍ത്തവകാല ലൈംഗിക ബന്ധങ്ങള്‍ക്ക് പ്രചോദനമേകുന്ന സിദ്ധാന്തങ്ങള്‍ നിരത്താന്‍ ഈ പ്രസിദ്ധീകരണങ്ങള്‍ മടിക്കാറില്ല.

ചുരുക്കത്തില്‍ ഇസ്‌ലാമിക നിയമങ്ങളും വിധിവിലക്കുകളും നിസ്കാരം, നോമ്പ് തുടങ്ങിയ കര്‍മങ്ങളില്‍ മാത്രമാണെന്ന് ധരിക്കുന്നത് അബദ്ധമാണ്. മനുഷ്യനെ സ്പര്‍ശിക്കുന്ന ഏത് മേഖലകളിലും കൃത്യമായ കാഴ്ചപ്പാടുകളുള്ള മതമാണ് ഇസ്‌ലാം. മതനിയമങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തി ആരോഗ്യ പ്രസിദ്ധീകരണങ്ങളുടെ കണ്ടെത്തലുകളും അറിവില്ലാത്തവരുടെ ദര്‍ശനങ്ങളും ആദര്‍ശമാക്കിയാല്‍ അബദ്ധത്തില്‍ ചാടുമെന്ന് മനസിലാക്കണം. ആര്‍ത്തവ കാലത്ത് സ്ത്രീയോട് കല്‍പിച്ച കാര്യങ്ങളെ അനുസരിക്കുകയും നിരോധിച്ചവ അകറ്റിനിര്‍ത്താനും ഭാര്യയും ഭര്‍ത്താവും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.


ഇത് ഭാര്യയുടെ മാത്രം ബാധ്യതയല്ല; തന്റെ ഭാര്യക്ക് ഇസ്‌ലാമിക കര്‍മങ്ങളില്‍ സൂക്ഷ്മതയുണ്ടോ എന്നും ആര്‍ത്തവം പോലോത്ത സമയങ്ങളില്‍ നിഷിദ്ധമാക്കപ്പെട്ടത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യണം. ഖുര്‍ആന്‍ പറയുന്നത് സ്വശരീരത്തെയും ഭാര്യ സന്താനങ്ങളെയും നരക മോചനം ലഭ്യമാക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്.

പുണ്യറസൂലിന്റെ സമീപത്തേക്ക് പ്രിയപ്പെട്ട മകള്‍ ഫാത്വിമയും ഭര്‍ത്താവ് അലിയാരും വന്നപ്പോള്‍ കരയുന്ന പുണ്യനബിയെക്കണ്ട് കാര്യമന്വേഷിച്ച അലിയാരോട് പുണ്യനബി പ്രതികരിച്ചു, കഴിഞ്ഞ രാത്രിയില്‍ നരക ദര്‍ശനമുണ്ടാവുകയും നരകത്തില്‍ കണ്ട ചിലരുടെ ദുരന്ത മുഖമോര്‍ത്ത് കരയുകയാണെന്നും വിശദീകരിച്ചപ്പോള്‍ ഫാത്വിമ ബീവി ഇടപെട്ടു. എന്തുകൊണ്ടാണ് ഇതെന്ന് അന്വേഷിച്ചപ്പോള്‍ അവിടുന്ന് പ്രതികരിച്ചത് തലമുടി പിടിച്ച് കെട്ടിയ പെണ്ണ് ജീവിത കാലത്ത് തല മറക്കാത്തവളും നാവ് ബന്ധിക്കപ്പെട്ടവള്‍ ഭര്‍ത്താവിനെ ശല്യപ്പെടുത്തുന്നവളും ഇരു കൈകാലുകള്‍ മേലോട്ടുയര്‍ത്തിക്കെട്ടപ്പെട്ടവള്‍ ആര്‍ത്തവം ഉള്‍പെടുന്ന വലിയ അശുദ്ധിയെ ശുദ്ധീകരിക്കാത്തവളുമായിരുന്നു. ശുദ്ധിയില്ലാതെ നിസ്കരിച്ച് നിസ്കാരത്തെ പരിഹസിക്കുന്നവളുമായിരുന്നു. ശരീരത്തിന്റെ രൂപം വ്യത്യാസപ്പെട്ടവര്‍ പരദൂഷണവും കളവും പറയുന്നവരാണ്. ഈ രൂപത്തില്‍ കഠിനമായ ശിക്ഷയുള്ള മേഖലയാണ് ആര്‍ത്തവ ശുദ്ധിയും ആര്‍ത്തവ കാലത്തെ ബന്ധങ്ങളും എന്ന് മനസ്സിലാക്കല്‍ പരലോക വിജയത്തിന് അനിവാര്യമാണ്.


റമദാനില്‍ നോമ്പ് നഷ്ടപ്പെടാതിരിക്കാന്‍ സ്ത്രീകള്‍ ഗുളികയോ മറ്റ്‌ കൃത്രിമ മാര്‍ഗങ്ങളോ ഉപയോഗിച്ച്‌ ആര്‍ത്തവ സമയം ദീര്‍ഘിപ്പിക്കുന്നതിന്റെ വിധി ?

ആര്‍ത്തവം എന്നത് സ്ത്രീയുടെ പ്രകൃതിയുടെ ഭാഗമാണ്. ആരാധനകള്‍ക്കായി അതിനെ മാറ്റിവെക്കേണ്ടതില്ല. ദിവസങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനായി കഴിക്കുന്ന ഗുളികകള്‍ക്ക് അതിന്റേതായ പാര്‍ശ്വഫലങ്ങളുണ്ടാവാറുണ്ട്. അതിന്റെ തോതനുസരിച്ച് അത് ഒഴിവാക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഒരു സ്ത്രീ അങ്ങനെ ഗുളികകള്‍ കഴിച്ച് ആര്‍ത്തവം മാറ്റിയാല്‍ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണ്.

ആര്‍ത്തവ സമയങ്ങളില്‍ പഠിക്കാനായി മൊബൈല്‍ ഉപയോഗിച്ച് ഖുര്‍ആനോതാം എന്ന് കേട്ടു ശരിയാണോ

ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ തൊടുന്നതും പാരായണം ചെയ്യുന്നതും നിഷിദ്ധമാണ്. തൊടാതെയാണെങ്കിലും പാരായണം നിഷിദ്ധം തന്നെ. അപ്പോള്‍ മൊബൈലിലെ പാരായണമാണെങ്കിലും നിഷിദ്ധമാണെന്ന് മനസ്സിലായല്ലോ. പഠിക്കാനാണെങ്കിലും വിധി അതു തന്നെയാണ്. ഹൈളാണോ ഇസ്തിഹാദതാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഇസ്തിഹാദത് രോഗമുള്ള സ്ത്രീകള്‍ക്ക് പഠിക്കാനായി പാരായണം ചെയ്യാവുന്നതാണ്.

ഹൈള് രക്തം ഒഴികിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ഖുര്‍ആന്‍ ഓതല്‍ അനുവദനീയമാണ് രക്തം മുറിഞ്ഞാല്‍ കുളിച്ചാല്‍ മാത്രമേ ഓതാവൂ എന്നാണ് മാലികീ മദ്ഹബിലെ പ്രബലമായ അഭിപ്രായം.

ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ തൊടാതെ പാരായണം ചെയ്യാമോ?

ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ തൊടുന്നതും പാരായണം ചെയ്യുന്നതും നിഷിദ്ധമാണ്. തൊടാതെയാണെങ്കിലും പാരായണം നിഷിദ്ധം തന്നെ.

ആര്‍ത്തവ ഘട്ടത്തില്‍ ഒന്നിച്ചുറങ്ങുമ്പോഴോ മറ്റോ ഭര്‍ത്താവിന്റെ ശരീരം ഭാര്യയുടെ മുട്ട് പൊക്കിളിന്റെ ഇടയിലുള്ള ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതിന്റെ വിധി എന്താണ് ?

ആര്‍ത്തവ സമയത്ത് മുട്ടുപൊക്കിളിനിടയിലുള്ള നിഷിദ്ധമാണെന്നാണ് ഇമാം നവവി (റ) തന്റെ പ്രസിദ്ധമായ മിന്‍ഹാജ് എന്ന കിതാബില്‍ പ്രബലമാക്കിയതെങ്കിലും നവവി (റ) തന്റെ തഹ്ഖീഖില്‍ പ്രബലമാക്കിയത് സംയോഗമല്ലാത്ത എല്ലാം അനുവദനീയമാണെന്നാണ്. 

اصْنَعُوا كُلَّ شَيْءٍ إلَّا النِّكَاحَ സംയോഗമല്ലാത്ത എല്ലാം ചെയ്ത് കൊള്ളുക എന്ന് മുസ്‍ലിമില്‍ ഹദീസ് ഉണ്ടായത് കൊണ്ടാണ് ഇങ്ങനെ നവവി (റ) പ്രബലമാക്കിയത്. 

എന്നാല്‍ തുഹ്ഫ നിഹായ മുഗ്നി ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ കിതാബുകളിലൊക്കെ അത് ഹറാമാണെന്ന് വ്യക്തമായി പറയുന്നു. ഈ അഭിപ്രായങ്ങളെല്ലാം പരിഗണിച്ച് അതില്‍ നിന്ന് മാറി നില്‍കലാണ് അഭികാമ്യം. ഹറാമല്ല എന്ന പ്രബലമായ അഭിപ്രായമനുസരിച്ചും അത് കറാഹതാണ്.


ആര്‍ത്തവമുള്ളവന്‍ ഉറങ്ങാനായി വുദൂ ചെയ്യാമോ? ഓതാന്‍ നേര്‍ച്ചയാക്കിയ ഇഖ്‍ലാസ് ഓതാമോ?

ഖുര്‍ആന്‍ എന്ന ഉദ്ദേശ്യത്തോടെ ആര്‍ത്തവകാരിക്ക് ഒന്നും ഓതാവുന്നതല്ല. അത് കൊണ്ട് തന്നെ ഓതാന്‍ നേര്‍ച്ചയാക്കിയ ഇഖ്‍ലാസ് സൂറതോ മറ്റോ ആര്‍ത്തവ സമയത്ത് ഓതല്‍ നിഷിദ്ധമാണ്.


ആര്‍ത്തവ സമയത്ത് ഖുര്‍ആന്‍ കേള്‍ക്കുന്നതിനു വിരോധമുണ്ടോ?

ഖുര്‍ആന്‍ സ്പര്‍ശിക്കുന്നതും ഓതുന്നതുമാണ് ആര്‍ത്തവകാരിക്കും വലിയ അശുദ്ധിയുള്ളവര്‍ക്കും നിഷിദ്ധമായത്. ഖുര്‍ആന്‍ നോക്കുക നാവനക്കാതെ ഹൃദയം കൊണ്ട് ഓതുക ഖുര്‍ആന്‍ ഓതുന്നത് കേള്‍ക്കുക ഇവ ഹറാമല്ല.


മസ്ജിദുല്‍ ഹറാമില്‍ വെച്ച് ആര്‍ത്തവമുണ്ടായാല്‍ എന്ത് ചെയ്യണം?

ആര്‍ത്തവകാരിക്ക് പള്ളിയില്‍ താമസിക്കല്‍ നിഷിദ്ധമാണ്. മസ്ജിദുല്‍ ഹറാമില്‍ വെച്ച് ആര്‍ത്തവമുണ്ടായാല്‍ അവള്‍ പള്ളിയില്‍ നിന്ന് പുറത്ത് പോവേണ്ടതാണ്. ഹജജിന്‍റെ നിര്‍ബന്ധ കര്‍മ്മങ്ങളില്‍ ത്വവാഫിന് മാത്രമാണ് ശുദ്ധി നിര്‍ബന്ധമുള്ളത്. അത് കൊണ്ട് തന്നെ ത്വവാഫ് അല്ലാത്തവയൊക്കെ ഹൈള് കാരിക്കും ചെയ്യാവുന്നതാണ്. സഅയ് ചെയ്യുന്നത് ഏതെങ്കിലും ത്വവാഫിന് ശേഷമായിരിക്കണമെന്നത് ശര്‍താണെന്നതിനാല്‍ (ഖുദൂമിന്‍റെ ത്വവാഫിന് ശേഷം സഅയ് ചെയ്തിട്ടില്ലെങ്കില്‍) ഹൈള് ഉണ്ടായ കാരണത്താല്‍ ഇഫാളതിന്‍റെ ത്വവാഫ് ചെയ്യാന്‍ കഴിയാതെ വന്നാല്‍ സഅയും പിന്തിപ്പിക്കേണ്ടതാണ്. ഹജ്ജിന്‍റെ മറ്റു കര്‍മ്മങ്ങളെല്ലാം യഥാവിധി നിര്‍വ്വഹിക്കുകയും ശേഷം ശുദ്ധിയാവുന്നത് വരെ കാത്തിരുന്ന് ശുദ്ധിയായ ശേഷം ത്വവാഫും സഅയും (മുമ്പ് ചെയ്തിട്ടില്ലെങ്കില്‍ ചെയ്യേണ്ടതുമാണ്.


ആര്‍ത്തവ കാലത്ത് നഖം കളയാനോ, ശരീരത്തില്‍ നിന്ന് മുടി നീക്കം ചെയ്യാനോ പാടില്ല എന്ന് മുതിര്‍ന്നവര്‍ പറയുന്നതിന് ഇസ്ലാമികമായി വല്ല അടിസ്ഥാനവുമുണ്ടോ ?

വലിയ അശുദ്ധി സമയങ്ങളില്‍ ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യാതിരിക്കല്‍ സുന്നതാണ്.  എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല. വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി  പറഞ്ഞിട്ടുണ്ട്.


സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉള്ളപ്പോള്‍ നികാഹ്, വിവാഹം പോലെയുള്ള ചടങ്ങുകള്‍ അനുവദനീയമാണോ?

സ്ത്രീകള്‍ക്ക് വലിയ ശുദ്ധി ആവശ്യമായ നിസ്കാരം, ഖുര്‍ആന്‍ പാരായണം-സ്പര്‍ശനം, ഥവാഫ് പോലോത്തവയും നോമ്പ്, ലൈംഗിക ബന്ധം എന്നിവയും മാത്രമാണ് ആര്‍ത്തവകാലത്ത് നിഷിദ്ധം. നികാഹ്, വിവാഹം പോലെയുള്ള ചുടങ്ങുകളില്‍ പങ്കെടുക്കുന്നതിനു ആര്‍ത്തവം ഒരിക്കലും തടസ്സമല്ല.


ആര്‍ത്തവം , നിഫാസ് - ആരംഭം, അവസനിക്കുകയും, വീണ്ടും അരംഭിക്കുകയും തുടങ്ങിയ വിശദമായ മതവിധി അറിയാന്‍ ആഗ്രഹിക്കുന്നു ?

ആര്‍ത്തവം ഏറ്റവും ചുരുങ്ങിയത് ഒരു ദിവസമാണ്. കൂടിയത് പതിനഞ്ച് ദിവസവും. ഈ പരിധികള്‍ക്കപ്പുറമുള്ളത് ആര്‍ത്തവമായി കണക്കാകുയില്ല. അതു രോഗമാണ്.

ആര്‍ത്തവ ശുദ്ധി വന്നു എന്നതിനുള്ള മാനദണ്ഡം: മനോഹരിക്കുമ്പോള്‍ കഴുകല്‍ നിര്‍ബന്ധമായ അത്രയും ഉള്ളിലേക്ക് വെളുത്ത പരുത്തി വെച്ചു നോക്കിയിട്ട് രക്തത്തിന്‍റെ അടയാളം കണ്ടില്ലെങ്കില്‍ ശുദ്ധി വന്നു എന്നു കണക്കാക്കണം.  എന്നാല്‍ ചിലര്‍ക്ക്, രക്തം തല്‍ക്കാലത്തേക്ക് നിലക്കുകയും പിന്നീട് വീണ്ടും രക്തസ്രാവമുണ്ടാകുകയും ചെയ്യാം. ഇത്തരം ഘട്ടങ്ങളില്‍ മൊത്തം സ്രാവ സമയം ഇരുപത്തിനാലു മണിക്കൂറില്‍ കുറയാതിരിക്കുകയും ആദ്യ സ്രാവം മുതല് പതിനഞ്ചു ദിവസം കൂടാതിരിക്കുകയും ചെയ്താല്‍ അവ ആര്‍ത്തവമായി ഗണിക്കപ്പെടണം. 

എന്നാല് ഇസ്തിഹാളത് ഉള്ളവര്‍ (അഥവാ രോഗം മൂലം രക്ത സ്രാവമുള്ളവര്‍) അവരുടെ ആര്‍ത്തവത്തിന്‍റെ പതിവ് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഇങ്ങനെ ഇടവിട്ട് ആര്‍ത്തവ രക്തസ്രാവമുണ്ടാകുമ്പോള്‍ അതിനിടയിലെ സ്രാവമില്ലാത്ത സമയങ്ങളും ആര്‍ത്തവമായി കണക്കാക്കണമെന്നു തന്നെയാണ് ശാഫി മദ്ഹബിലെ പ്രബലമായ പണ്ഡിതാഭിപ്രായം. (ഇതിനു ഹുക്മുസ്സഹ്ബ് എന്നാണ് സാങ്കേതികമായി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്ന പദം). ഇടക്കു വരുന്ന രക്തസ്രാവത്തിനു പ്രത്യേക സമയ പരിധിയില്ല. അതിനാല്‍ സ്രാവം നിലച്ച് മേല്‍പറഞ്ഞ പോലെ പരുത്തി ഉപയോഗിച്ച് രക്തം പൂര്‍ണ്ണമായും നിലച്ചു എന്നു ഉറപ്പു വരുത്തുന്നതോടെ ശുദ്ധിയുടെ സമയമാവും. സ്രാവം തല്ക്കാലം നില്‍ക്കുന്നതിന്‍റെയും പിന്നീട് തുടങ്ങുന്നതിന്‍റെയും സമയവും രീതിയും ഓരോ സ്ത്രീയുടെയും പതിവിലൂടെ മനസ്സിലാക്കാവുന്നതാണ്.


ഒരു സ്ത്രീയുടെ ആര്ത്തവം സുബ്ഹിക്ക് മുമ്പായി അവസാനിക്കുകയും നോമ്പിനു നിയ്യത് വെക്കുകയും ചെയ്തു. പക്ഷെ കുളിക്കുന്നത് സുബ്ഹിക്ക് ശേഷമാണെങ്കിൽ അവളുടെ നോമ്പ് ശരിയാകുമോ? നോമ്പ് കിട്ടുമോ ?

നോമ്പ് തുടങ്ങാന്‍ ശുദ്ധി നിര്‍ബന്ധമില്ല. വലിയ അശുദ്ധിക്കാരന് കുളിക്കാതെ തന്നെ നോമ്പ് തുടങ്ങാവുന്നതാണ്. സുബ്ഹി നിസ്കാരം ഖളാഅ് ആവുന്നതിന് മുമ്പായി കുളിക്കല്‍ മാത്രമാണ് നിര്‍ബന്ധമാവുന്നത്.


ആര്‍ത്തവ രക്തം നിന്ന് കുളിക്കുന്നതിന്ന് മുമ്പ് ബന്ധപ്പെടാമോ?

ആര്‍ത്തവം കൊണ്ട് നിഷിദ്ധമാകുന്ന കാര്യങ്ങളില്‍ പെട്ടതാണ് ഭാര്യാഭര്‍തൃബന്ധം. ഇത് പിന്നീട് ആര്‍ത്തവം കഴിഞ്ഞ് കുളിച്ച ശേഷമേ അനുവദനീയമാവുകയുള്ളൂ. കുളിക്കുന്നതിന് മുമ്പ് ബന്ധപ്പെടല്‍ നിഷിദ്ധമാണ്.

ആര്‍ത്തവ ശുദ്ധി വന്നു എന്നതിനുള്ള വ്യക്തമായ മാനദണ്ഡം എന്താണ്?.ചില സമയങ്ങളില്‍ കുളിച്ച് ശുദ്ധി ആയതിനു ശേഷം വീണ്ടും രക്തം കാണുന്നു.ഇങ്ങിനെയുള്ള സാഹചര്യത്തില്‍ രക്തം നിന്നതിന് ശേഷം കുളിക്കാന്‍ വേണ്ടി എത്ര മണിക്കൂര്‍ കാത്ത് നില്‍ക്കണം?

ആര്‍ത്തവ ശുദ്ധി വന്നു എന്നതിനുള്ള മാനദണ്ഡം: മനോഹരിക്കുമ്പോള്‍ കഴുകല്‍ നിര്‍ബന്ധമായ അത്രയും ഉള്ളിലേക്ക് വെളുത്ത പരുത്തി വെച്ചു നോക്കിയിട്ട് രക്തത്തിന്‍റെ അടയാളം കണ്ടില്ലെങ്കില്‍ ശുദ്ധി വന്നു എന്നു കണക്കാക്കണം. മഞ്ഞയും കലര്‍പ്പുള്ളതുമായ രക്തവും ആര്‍ത്തവം തന്നെയാണ്. എന്നാല്‍ ചിലര്ക്ക്, രക്തം തല്‍ക്കാലത്തേക്ക് നിലക്കുകയും പിന്നീട് വീണ്ടും രക്തസ്രാവമുണ്ടാകുകയും ചെയ്യാം. 

ഇത്തരം ഘട്ടങ്ങളില്‍ മൊത്തം സ്രാവ സമയം ഇരുപത്തിനാലു മണിക്കൂറില്‍ കുറയാതിരിക്കുകയും ആദ്യ സ്രാവം മുതല് പതിനഞ്ചു ദിവസം കൂടാതിരിക്കുകയും ചെയ്താല്‍ അവ ആര്‍ത്തവമായി ഗണിക്കപ്പെടണം. എന്നാല് ഇസ്തിഹാളത് ഉള്ളവര്‍ (അഥവാ രോഗം മൂലം രക്ത സ്രാവ മുള്ളവര്‍) അവരുടെ ആര്‍ത്തവത്തിന്‍റെ പതിവ് അനുസരിച്ചാണ് പ്രവര്ത്തിക്കേണ്ടത്. ഇങ്ങനെ ഇടവെട്ട് ആര്‍ത്തവ രക്തസ്രാവമുണ്ടാകുന്പോള്‍ അതിനിടയിലെ സ്രാവമില്ലാത്ത സമയങ്ങളും ആര്‍ത്തവമായി കണക്കാക്കണമെന്നു തന്നെയാണ് ശാഫി മദ്ഹബിലെ പ്രബലമായ പണ്ഡിതാഭിപ്രായം. (ഇതിനു ഹുക്മുസ്സഹ്ബ് എന്നാണ് സാങ്കേതികമായി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്ന പദം). 

ഇടക്കു വരുന്ന രക്തസ്രാവത്തിനു പ്രത്യേക സമയ പരിധിയില്ല. അതിനാല്‍ സ്രാവം നിലച്ചു മേല്പറഞ്ഞ പോലെ പരുത്തി ഉപയോഗിച്ച് രക്തം പൂര്‍ണ്ണമായും നിലച്ചു എന്നു ഉറപ്പു വരുത്തുന്നതോടെ ശുദ്ധിയുടെ സമയമാവും. സ്രാവം തല്ക്കാലം നിലക്കുന്നതിന്‍റെയും പിന്നീട് തുടങ്ങുന്നതിന്‍റെയും സമയവും രീതിയും ഓരോ സ്ത്രീയുടെയും പതിവിലൂടെ മനസ്സിലക്കാവുന്നതാണ്.


ഭാര്യ ആശുദ്ധിക്കാരിയായിരിക്കുമ്പോള്‍ അവളുടെ കൈ കൊണ്ടോ വായകൊണ്ടോ ഭര്‍ത്താവിനു ലൈംഗിക സുഖം നല്‍കാന്‍ പറ്റുമോ?

സമ്പൂര്‍ണ്ണജീവിത പദ്ധതിയായ വിശുദ്ധ ഇസ്‌ലാമിന് എല്ലാ കാര്യത്തിലുമെന്ന പോലെ ലൈംഗിക രീതികളിലും അതിന്റേതായ കാഴ്ചപ്പാടുകളുണ്ട്. അനുവദനീയമായ രീതികളും നിഷിദ്ധമായ രീതികളും വ്യക്തമായി ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.അനുവദനീയമായ രീതികളില്‍ മുട്ട് പൊക്കിളിനിടയിലുള്ളതല്ലാത്ത സുഖാസ്വാദനങ്ങളെല്ലാം ഭാര്യ അശുദ്ധിക്കാരിയാകുമ്പോഴും അനുവദനീയമാണ്.

പതിവാക്കിയാല്‍ പല പുണ്യങ്ങളും കിട്ടുന്ന സൂറതുകളും ആയത്തുകളും ഉണ്ടല്ലോ. ആര്‍ത്തവകാരിക്ക് പതിവാക്കലിന്‍റെ പുണ്യം കിട്ടുമോ? ആര്‍ത്തവസമയത്ത് തബാറക തുടങ്ങിയ സൂറത്തുകള്‍ ഹൃദയം കൊണ്ട് ഓതാമോ? ദിക്റ് എന്ന നിലയില്‍ ആയത്തുകള്‍ ചൊല്ലാമോ?

ഹൈള്, നിഫാസ്, ജനാബത് തുടങ്ങിയ വലിയ അശുദ്ധിയുള്ളവര്‍ക്ക് ഖുര്ആന്‍ തൊടലും ഓതലും പാടില്ല. ഖുര്‍ആന്‍ എന്ന ഉദ്ദേശ്യത്തോടെ ഒന്നും ഓതാവതല്ല. സാധാരണ പതിവാക്കുന്ന സൂറതുകളും ഹൈള് സമയത്ത് ഓതല്‍ അനുവദനീയമല്ല.

ദിക്റ് എന്ന നിലയില് ആയതുകളും മറ്റും ഓതാവുന്നതാണ്, ഉദാഹരണം,ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നത്, വാഹനത്തില്‍ കയറുമ്പോഴുള്ള ദിക്റ് ചൊല്ലുന്നത്.

എന്നാല്‍, വാക്കുകള്‍ പുറത്തേക്ക് വരാത്ത വിധം ഹൃദയം കൊണ്ട് സൂറതുകളും മറ്റും ഓതാവുന്നതുമാണ്.

സാധാരണ പതിവാക്കുന്ന കാര്യങ്ങള്‍ ന്യായമായ കാരണങ്ങളാല്‍ ചെയ്യാനാവാതിരുന്നാലും ആ പതിവാക്കലിന്റെ പുണ്യം കിട്ടുന്നതാണ്. അത്തരം കാരണങ്ങളാല്‍ മുടങ്ങുന്നതിനെ പതിവാക്കല്‍ (മുവാളബത്) മുടങ്ങലായി പരിഗണിക്കപ്പെടുകയുമില്ല. മാത്രവുമല്ല, ആരോഗ്യ സമയത്ത് സ്ഥിരമായി ചെയ്തുപോരുന്ന കര്‍മ്മങ്ങള്‍ അനാരോഗ്യസമയത്ത് ചെയ്യാന്‍ കഴിയാതെ വരുമ്പോഴും ചെയ്തതിന്റെ പ്രതിഫലം ലഭിക്കുമെന്ന് തര്‍ഗീബിന്റെ പല ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. 

മേല്‍പറഞ്ഞ അവസ്ഥകളിലും അത് ബാധകമാവുമെന്ന് തന്നെ ന്യായമായും പ്രതീക്ഷിക്കാം. ഒരു സല്‍കര്‍മ്മം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍തന്നെ അതിന് ഒരു പ്രതിഫലം എഴുതപ്പെടുമെന്ന് ഹദീസുകളില്‍ വ്യക്തമായി വന്നതാണല്ലോ. അതായത്, കരുത്ത് ഏറെ പ്രധാനമാണെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. ഹജ്ജ് ചെയ്യാന്‍ അതിയായി ആഗ്രഹിച്ച് അവസാനം അതിനായി സ്വരൂപിച്ച തുക ഇതരരുടെ കഷ്ടപ്പാട് കണ്ട് അവര്‍ക്ക് ദാനം നല്‍കിയതിന്റെ പേരില്‍ ചെയ്യാത്ത ഹജ്ജ് സ്വീകരിക്കപ്പെട്ടതും മുന്‍ഗാമികളുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. വിശ്വാസിയുടെ കരുത്ത് തന്നെ സല്‍കര്‍മ്മമാണെന്ന് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം.


ഭാര്യക്ക് ആര്‍ത്തവമാവുകയും അതു തീര്‍ന്നു എന്ന് കരുതി കുളിക്കുകയും ഭര്‍ത്താവുമായി ബന്ധപെടുകയും ആ അവസരത്തില്‍ ആര്‍ത്തവ രക്തം കാണുകയും ചെയ്താല്‍ എന്താണ് വിധി?

രക്തം കണ്ട ഉടന്‍ ബന്ധപ്പെടല്‍ അവസാനിപ്പിക്കേണ്ടതാണ്. ആര്‍ത്തവം കഴിഞ്ഞുവെന്ന് കരുതി നടത്തിയ ബന്ധപ്പെടലിന് കുറ്റമില്ല.  ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, എന്റെ സമുദായത്തെതൊട്ട്, പിഴവുകളും മറവിയും നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യേണ്ടിവരുന്ന കര്‍മ്മങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു. (ഇബ്നുമാജ)




കടപ്പാട്: ഇസ്ലാം ഓൺ വെബ്‌ , പൂങ്കാവനം

Friday 17 June 2016

മുഹമ്മദ്‌ നബിയുടെ (സ) പ്രവചനങ്ങള്‍





പ്രവചനങ്ങള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്.. മന്ത്രവാദികളുടെയും ജോത്സ്യന്മാരുടെയും എല്ലാം.. “മംഗല്യ ഭാഗ്യം ഉണ്ടാകും.. വിദേശത്ത് ജോലി ലഭിക്കും, ഫൈനലില്‍ ഇന്ത്യ ജയിക്കും..” എന്നിങ്ങനെയൊക്കെയാകും സാധാരണ കാണുന്ന പ്രവചനങ്ങള്‍... അവരുടെ തന്നെ പ്രവചനങ്ങളില്‍ പലതും തെറ്റാറുമുണ്ട്. അത് കൊണ്ട് തന്നെ നാം അതിനു വലിയ വില കല്‍പ്പിക്കാറില്ല... 

എന്നാല്‍, ഒരു മനുഷ്യന്റെ പ്രവചനങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍, ആ പ്രവചനങ്ങളില്‍ പലതും പ്രവചിക്കുന്ന സമയത്തെ സാഹചര്യം നോക്കുമ്പോള്‍ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതാകുമ്പോള്‍, പക്ഷേ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുമ്പോള്‍, ആ ആളുടെ പ്രവചനങ്ങള്‍ ഒരിക്കല്‍ പോലും തെറ്റാതെ വരുമ്പോള്‍ നമുക്ക് ഉറപ്പിക്കാം അയാള്‍ക്ക്‌ ദിവ്യമായ എന്തോ ജ്ഞാനം ഉണ്ടെന്നു.. 

അത്തരം ആളുകളെ നാം ദൈവത്തിന്റെ പ്രവാചകന്മാര്‍ എന്ന് വിളിക്കുന്നു.. 

മുഹമ്മദ്‌ നബിയുടെ (സ) പ്രവചനങ്ങള്‍ ഈ കാലത്ത് ജീവിക്കുന്ന മനുഷ്യര്ക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയാണ്. അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ദൂതന്‍ ആണെന്ന് വിശ്വസിക്കാന്‍ മതിയായ തെളിവുകള്‍ ആണവ.. അങ്ങനെയുള്ള പ്രവചനങ്ങള്‍ നൂറു കണക്കിന് ഉണ്ടാകും.. ലോകത്തെ ഞെട്ടിച്ചു കൊണ്ട് അവയെല്ലാം സത്യമാകുന്ന കാഴ്ച ജനം കണ്ടിട്ടുണ്ട്.. 

ആ നീണ്ട ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുത്ത പതിനഞ്ചെണ്ണം മാത്രമാണ് ഈ പോസ്റ്റില്‍ പറയുന്നത്.. പോസ്റ്റിന്റെ ദൈര്‍ഘ്യം കൂട്ടാതിരിക്കാന്‍ വേണ്ടി ഹദീസ് മുഴുവന്‍ പറയാതെ അതിലെ പ്രവചനം മാത്രമേ ഈ പോസ്റ്റില്‍ എഴുതിയിട്ടുള്ളൂ.. എങ്കിലും വ്യക്തമായ റഫറന്‍സ് നമ്പര്‍ കൂടെ കൊടുക്കുന്നുണ്ട്.. ആര്‍ക്കെങ്കിലും ആ ഹദീസ് മുഴുവന്‍ വായിക്കണമെന്നുണ്ടെങ്കില്‍ കമന്റുകളില്‍ ചോദിക്കാവുന്നതാണ്.. ഹദീസുകള്ക്ക് പുറമേ മറ്റു ചരിത്രഗ്രന്ഥങ്ങളുടെയും വിക്കിപ്പീടിയയുടെയും റഫറന്സ്‍ കൂടെ ചേര്‍ത്തിട്ടുമുണ്ട്... പ്രത്യേകിച്ചും ആ പ്രവചനങ്ങള്‍ ലോകത്ത് പൂര്‍ത്തീകരിക്കപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവിനു വേണ്ടി..


1. പ്രവചനം:- നബി (സ) ഒരിക്കല്‍ പറഞ്ഞു “അമ്മാര്‍ ഇബ്ന്‍ യാസിര്‍ ഒരു കൂട്ടം കലാപകാരികളുടെ കൈകളാല്‍ കൊല്ലപ്പെടും" (സഹീഹുല്‍ ബുഖാരി Volume 4 Book 52, Hadith 67).

പൂര്‍ത്തീകരണം:- ഖലീഫ അലിക്കെതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുമായി ഹിജ്രാബ്ദം 25 അഥവാ AD 657ല്‍ നടന്ന സിഫ്ഫ്വീന്‍ യുദ്ധത്തില്‍ വച്ച് അലിയുടെ സൈന്യാംഗമായിരുന്ന അമ്മാറിനെ എതിര്‍പക്ഷക്കാരായ കലാപകാരികള്‍ വധിക്കുകയുണ്ടായി. ( ഇബ്ന്‍ സഅദ് 3: Pg 253,259,261, ത്വബരി 4:pg 27, Wikipedia).. നബിയുടെ പ്രമുഖ അനുയായികളില്‍ ഒരാളായിരുന്നു അമ്മാര്‍

2. പ്രവചനം:- നബി (സ)ഒരിക്കല്‍ പറഞ്ഞു “ഉമര്‍ ഇബ്ന്‍ ഖത്വാബും ഉസ്മാന്‍ ഇബ്ന്‍ അഫ്ഫാനും രക്തസാക്ഷികള്‍ ആകും” (സഹീഹുല്‍ ബുഖാരി Volume 5, Book 57, Number 24 )

പൂര്‍ത്തീകരണം:- AD 644, ഹിജ്രാബ്ദം 22:- പ്രഭാതനമസ്കാരം നിര്‍വ്വഹിക്കുന്നതിനിടെ അബൂ ലു’ലു’അ എന്ന പേര്‍ഷ്യക്കാരന്‍ ഉമറിനെ ഒരു കത്തി കൊണ്ട് കുത്തി.. അയാളുടെ കൈകളാല്‍ ഉമര്‍ രക്തസാക്ഷിയായി ( Umar by Muhammad Husain haykal. chapter: death of umar ; Wikipedia)

AD 656, ഹിജ്രാബ്ദം 34:- ഉസ്മാന്റെ ഖിലാഫത്തിനെതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുടെ കൈകള്‍ കൊണ്ട് ഉസ്മാന്‍ കൊല്ലപ്പെടുകയുണ്ടായി. അദ്ദേഹവും രക്തസാക്ഷിയായി. (ത്വബരി 3: pg 376-418; അല്‍ ബിദായ വന്നിഹായ 7:pg 168-197 ; Wikipedia)

(ഇരുവരും നബിയുടെ (സ) പ്രമുഖ അനുയായികളും കൊല്ലപ്പെടുമ്പോള്‍ ഇസ്ലാമിക ലോകത്തിന്റെ ഭരണാധികാരികളും ആയിരുന്നു)

3. പ്രവചനം:- ഖന്തക്ക് യുദ്ധസമയത്ത് കിടങ്ങ് കുഴിക്കവേ നബി (സ) മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-

A) മുസ്ലിംകള്‍ സിറിയ കീഴടക്കും.
B) മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കും.
C) മുസ്ലിംകള്‍ യെമന്‍ കീഴടക്കും.” (നസാഇ 2: 56)

സ്വന്തം നാട്ടില്‍ പോലും സുരക്ഷിതന്‍ അല്ലാത്ത സമയത്താണ് ഈ പ്രവചനം എന്നോര്‍ക്കുക.. പേര്‍ഷ്യ കീഴടക്കും എന്ന് പലപ്പോഴും, അതും അനുയായികളായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമുള്ള കാലത്തും നബി (സ) പ്രവചിച്ചതായി ചരിത്രങ്ങളില്‍ കാണാം.. 

അന്നത്തെ ലോകശക്തികള്‍ ആയിരുന്നു പേര്‍ഷ്യയും സിറിയയും എല്ലാം .. നബി (സ) ആണെങ്കില്‍ അന്നത്തെ ലോകത്തെ ഏറ്റവും താഴെക്കിടയില്‍ കിടന്നിരുന്ന അറേബ്യയിലെ ഒരു അനാഥനും ഇടയനും ആയി വളര്‍ന്നയാള്‍.. 

ഇന്നത്തെ സാഹചര്യം വച്ച് ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഉഗാണ്ടയിലെ ഒരു സാധരാണക്കാരന്‍ 'ഞാന്‍ അമേരിക്കയും ചൈനയും കീഴടക്കും' എന്ന് പറയുന്നത് പോലെ അവിശ്വസനീയമായ ഒരു പ്രവചനം ആയിരുന്നു അത്.

പൂര്‍ത്തീകരണം:- ചരിത്രത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുന്നതു ലോകം കണ്ടു..

A) AD 636ല്‍ യര്മൂക് യുദ്ധത്തില്‍ വച്ച് ഖാലിദ് ഇബ്ന്‍ വലീദിന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ സിറിയന്‍ സൈന്യത്തെ പരാജയപ്പെടുത്തുകയും സിറിയ കീഴടക്കുകയും ചെയ്തു. (Syria." Encyclopedia Britannica.; WIKIPEDIA)

B) AD 633 ല്‍ മുസ്ലിംകള്‍ ഖാലിദ് ഇബ്ന്‍ വലീദിന്റെ നേതൃത്വത്തില്‍ പേര്‍ഷ്യക്കെതിരില്‍ ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും ചെയ്തു. തുടര്ന്ന് 636 AD യില്‍ വച്ച് സഅദുബ്നു അബീവക്കാസിന്റെ നേതൃത്തത്തില്‍ വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില്‍ പേര്‍ഷ്യയുടെ കിഴക്ക് ഭാഗം മുഴുവന്‍ മുസ്ലിംകളുടെ വരുതിയില്‍ ആകുകയും AD 651ഓടെ പേര്‍ഷ്യ മുഴുവനായും മുസ്ലിംകള്‍ക്ക് കീഴടങ്ങുകയും ചെയ്തു (WIKIPEDIA ; Between Memory and Desire: The Middle East in a Troubled Age (p. 180); The Muslim Conquest of Persia By A.I. Akram. Ch: 1)

C) AD 630 ല്‍ നബിയുടെ കാലത്ത് തന്നെ മുസ്ലിംകള്‍ യെമന്‍ കീഴടക്കി. (2006, history of yemen ; WIKIPEDIA)

4. പ്രവചനം:- നബി (സ) തന്റെ മരണത്തിനു തൊട്ടു മുമ്പ് പറഞ്ഞു:- “എന്റെ മരണത്തിനു ശേഷം എന്റെ കുടുംബത്തില്‍ നിന്നും ആദ്യം മരണപ്പെടുക എന്റെ മകള്‍ ഫാത്തിമ ആയിരിക്കും” (സ്വഹീഹുല്‍ ബുഖാരി Volume 4 Book 56, Hadith 820)

പൂര്‍ത്തീകരണം:- നബിയുടെ (സ) മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷം ഫാത്വിമ മരണപ്പെട്ടു.. (സ്വഹീഹുല്‍ ബുഖാരി 5:59:546 ; Wikipedia) ഈ ആറു മാസത്തിനിടയില്‍ നബിയുടെ (സ) മറ്റു കുടുംബാംഗങ്ങള്‍ ആരും തന്നെ മരണപ്പെട്ടിരുന്നില്ല

5. പ്രവചനം:- മുഹമ്മദ്‌ നബി (സ) പറഞ്ഞു: “ദൈവം ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാചകത്വം തുടരും. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്‍പറ്റുന്ന, ആ മാതൃക അതേ പടി പിന്തുടരുന്ന ഖിലാഫത്ത് നിലവില്‍ വരും. അതിനു ശേഷം രാജഭരണം ആകും ഉണ്ടാവുക.. അതിനു ശേഷം ലോകത്ത് ധിക്കാരികളുടെ ദുര്‍ഭരണം ആവും ഉണ്ടാവുക.. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്തുടര്‍ന്ന അതേ ഖിലാഫത്ത് വീണ്ടും വരും.” (മുസ്നദ് അഹമദ് 4:273)

പൂര്‍ത്തീകരണം:-ഹിജ്രാബ്ദം 10 അഥവാ AD 632 ല്‍ നബി മരണപ്പെട്ടത്തോടെ പ്രവാചകത്വം അവസാനിച്ചു.

അതിനു ശേഷം മുപ്പതു വര്ഷുത്തോളം നബിയുടെ മാതൃക പിന്പറ്റുന്ന ഖിലാഫത്ത് ലോകം കണ്ടു. ഖലീഫ അബൂബക്കര്‍, ഖലീഫ ഉമര്‍, ഖലീഫ ഉസ്മാന്‍, ഖലീഫ അലി, ഇവര്ക്ക് ശേഷം വളരെ ചുരുങ്ങിയ കാലം ഖലീഫയായി അലിയുടെ മകന്‍ ഹസ്സനും ആ പ്രവാചകമാതൃയില്‍ ഭരിച്ചു.

അതിനു ശേഷം മുആവിയയുടെ ഭരണം, ഉമവി ഭരണം, അബ്ബാസി ഭരണം എന്നിങ്ങനെ വേണ്ട ലോകം മുഴുക്കെ രാജഭരണം നിലവില്‍ വരികയുണ്ടായി.

പില്‍ക്കാലത്ത് യുറോപ്പ്യന്‍ അധിനിവേശങ്ങള്‍ ആരംഭിച്ചു.. പിന്നെ ആ ധിക്കാരികളുടെ തേര്‍വാഴ്ച ലോകം കണ്ടു.. 

ഇന്നും ധിക്കാരികളും അക്രമികളുമായ അമേരിക്കയെ പോലുള്ളവരുടെ കൈകളില്‍ ലോകം നിലകൊള്ളുന്നു..

വീണ്ടും ഒരു ഖിലാഫത്ത് വരിക എന്നത് കൂടി ഈ പ്രവചനത്തില്‍ ബാക്കിയുണ്ട്.. ലോകം കാത്തിരിക്കുന്നു..

6. പ്രവചനം:- നബി (സ) പറഞ്ഞു: “എനിക്ക് ശേഷം എന്റെ മാതൃക പിന്തുടരുന്ന ഖിലാഫത്ത് ഭരണം മുപ്പതു വര്‍ഷം നീണ്ടു നില്‍ക്കും . അതിനു ശേഷം രാജഭരണം നിലവില്‍ വരും.” (സുനനു അബൂദാവൂദ് (2/264) ; മുസ്നദ് അഹമദ് (1:169 , 5:220, 221)

പൂര്‍ത്തീകരണം:- ഖലീഫ അലി കൊല്ലപ്പെട്ടതിനു ശേഷം പ്രമുഖ സഹാബികള്‍ അദ്ദേഹത്തിന്റെ മകന്‍ ഹസ്സനെ ഖലീഫയായി തെരഞ്ഞെടുത്തു.. പക്ഷെ മുആവിയ പക്ഷവുമായുള്ള പ്രശ്നം തീര്‍ക്കാന്‍ വേണ്ടി ഹസ്സന്‍ തന്റെ അധികാരം വേണ്ടെന്നു വയ്ക്കുകയും അങ്ങനെ മുആവിയ മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെയും ഭരണാധികാരി ആവുകയും ചെയ്തു. 

കൃത്യം മുപ്പതാം വര്ഷം (ഹിജ്രാബ്ദം 40, AD 661) ആണ് ഹസ്സന്‍ തന്റെ ഖിലാഫത്ത് വിട്ടൊഴിഞ്ഞത്.. (സഹീഹുല്‍ ബുഖാരി Volume 3, Book 49, Number 867, അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 16, The Succession to Muhammad: A Study of the Early Caliphate By Wilferd Madelung Page 232 , WIKIPEDIA)

പിന്നീട് മുആവിയ മുതല്‍ അങ്ങോട്ട്‌ രാജഭരണം ആരംഭിച്ചു.. (അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 135)

7. പ്രവചനം:- ഒരിക്കല്‍ നബി (സ) ഉമ്മു ഹറമിനോട് പറഞ്ഞു: “എന്റെ സമുദായം ഒരുനാള്‍ കടലില്‍ വച്ച് യുദ്ധം ചെയ്യും.. നീയും ആ സൈന്യത്തില്‍ ഉണ്ടാകും” .. (തിര്‍മിദി ; ഹന്ബല്‍ 4.132.)

പൂര്‍ത്തീകരണം:- AD 651 ല്‍ ഖലീഫ ഉസ്മാന്റെ കാലത്ത് മുആവിയയുടെ നേതൃത്തത്തില്‍ മുസ്ലിംകള്‍ സൈപ്രസിനെതിരെ കടല്‍മാര്‍ഗ്ഗം യുദ്ധം ചെയ്യുക ഉണ്ടായി. മുസ്ലിം സൈന്യത്തില്‍ ഉമ്മു ഹറാമും ഉണ്ടായിരുന്നു.. (Muawiya Restorer of the Muslim Faith By Aisha Bewley , WIKIPEDIA)

8. പ്രവചനം:- പ്രവാചകന്‍ (സ) തന്റെ പൗത്രന്‍ ഹസ്സനെ കുറിച്ച് ഒരിക്കല്‍ അനുയായികളോട് പറഞ്ഞു: "എന്റെ ഈ കുഞ്ഞു നേതാവാണ്‌. ദൈവം അവന്റെ കരങ്ങളിലൂടെ മുസ്ലിംകളുടെ രണ്ടു സംഘങ്ങള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കുന്നതാണ്” (സഹീഹുല്‍ ബുഖാരി Book 56, Hadith 823) ; മുസ്നദ് അഹമദ് 5:38, 44, 49, 51.)

പൂര്‍ത്തീകരണം:- AD 661 ല്‍ ഹസ്സന്‍ തന്റെ ഖിലാഫത്ത് ഒഴിഞ്ഞു കൊടുത്തതോടെ മുസ്ലിംകളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിനു താല്‍ക്കാലികമായ അറുതിയായി.. (സഹീഹുല്‍ ബുഖാരി Volume 3, Book 49, Number 867 ; അല്‍ ബിദായ വന്നിഹായ 8/16 ; The Succession to Muhammad: A Study of the Early Caliphate By Wilferd Madelung Page 232 ; WIKIPEDIA)

9. പ്രവചനം:- ഒരിക്കല്‍ അലിയും സുബൈറും കൂടി സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നബി (സ) അലിയോടു പറഞ്ഞു: “ഒരിക്കല്‍ സുബൈര്‍ താങ്കള്‍ക്കെതിരെ യുദ്ധതിനിറങ്ങും. അത് അദ്ദേഹത്തിന് പറ്റുന്ന ഒരു പിഴവ് ആയിരിക്കും” (Ibn Kathir, al-Bidaya wa’n-Nihaya, 6:213; al-Hakim, al-Mustadrak, 3:366, 367; Ali al-Qari, Sharhu’sh-Shifa, 1:686, 687.)

പൂര്‍ത്തീകരണം:- പതിറ്റാണ്ടുകള്‍ക്ക് ശേഷം AD 656 ല്‍ നടന്ന ജമല്‍ യുദ്ധം.. അലിയുടെ ഭരണകാലത്ത് ഉസ്മാന്റെ ഖാതകരെ ശിക്ഷിക്കുക എന്നാവശ്യപ്പെട്ടു ആയിഷയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സൈന്യത്തില്‍ സുബൈറും ഉണ്ടായിരുന്നു.. അവര്‍ അലിയുടെ സൈന്യവുമായി ഏറ്റുമുട്ടുകയും മേല്‍ പറഞ്ഞ നബിവചനം അലി സുബൈറിനെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹം തിരിച്ചു പോവുകയും ഉണ്ടായി.. (ത്വബരി 3: pg 415, aഅല്‍ ബിദായ വന്നിഹായ 7: pg 240-247, WIKIPEDIA)

10. പ്രവചനം:- "മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍ കീഴടക്കും.'' (മുസ്നദ് അഹമദ് 14:331 ; അല്‍ ഹാകിം, അല്‍ മുസ്തദ്രാക് 4:421-422)

പൂര്‍ത്തീകരണം:- AD 1453 ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ ആയ മെഹ്മദ് രണ്ടാമന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍ കീഴടക്കി. (Crowley, Roger (2006). Constantinople: The Last Great Siege, 1453, WIKIPEDIA)

11. പ്രവചനം:- നബി (സ) ഒരിക്കല്‍ അലിയോടു പറഞ്ഞു: “നീ ഈസാ(യേശു)യെ പോലെയാണ്. അദ്ദേഹത്തിന്റെ മാതാവിനെ പോലും ഭര്ത്സിക്കാന്‍ മാത്രം ജൂതന്മാര്‍ അദ്ദേഹത്തോട് ശത്രുതയിലായിരുന്നു. ക്രിസ്ത്യാനികളാകട്ടെ അമിതസ്നേഹം കൊണ്ട് അര്‍ഹമല്ലാത്ത സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ടിക്കുകയും ചെയ്തു” (നസാഇ 84:34)

പൂര്‍ത്തീകരണം:- അലിയുടെ ഭരണകാലത്ത് പൊട്ടി മുളച്ച സബഇകള്‍ എന്നൊരു വിഭാഗം അലിയെ സ്നേഹാധികധ്യത്താല്‍ അമാനുഷികന്‍ ആയി കാണാന്‍ തുടങ്ങി.. അദ്ദേഹം മരിച്ചിട്ടില്ലെന്നും അദ്ദേഹം ആകാശത്തേക്ക് ഉയര്ക്കപ്പെടുക ആണുണ്ടായത് എന്നുമായിരുന്നു അവരുടെ വിശ്വാസം.. (മുഹമ്മദ്‌ ഫരീദ് വജ്ദി- ദാഇറതു മആരിഫില്‍ ഖര്നില്‍ ഇശ്ശീന്‍ ; ഹസ്രത് അലി- മൌലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി) ഇന്നും ശിയാക്കളില്‍ ചില വിഭാഗം അദ്ദേഹത്തെ ഒരു സാധാരണ മനുഷ്യന്‍ എന്നതിലുപരി ആയി കാണുന്നു..

അതെ സമയം ഖവാരിജുകള്‍ എന്ന മറ്റൊരു വിഭാഗം അലിയെ ഒരു പ്രഖ്യാപിത ശത്രു ആയി കാണുകയുണ്ടായി. (ഹസ്രത് അലി- മൌലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി)

അത് പോലെ മുആവിയ മുതല്‍ ഉള്ള ഉമവീ രാജാക്കന്മാരും അവരുടെ ഗവര്‍ണ്ണര്‍മാരും (ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ ഒഴികെ) പള്ളി മിമ്പറുകളില്‍ അലിയുടെ പേരില്‍ ശകാരവര്‍ഷം ചൊരിയുക എന്നൊരു ദുര്‍സമ്പ്രദായം ആചരിച്ചിരുന്നു.. (ത്വബരി 4: പേജ് 188 ; അല്‍ ബിദായ വന്നിഹായ 8: പേജ് 259; 9: പേജ് 80)

12. പ്രവചനം:- ഹിജ്റ പോകുന്ന സമയത്ത്, നബി തന്നെ പിടിക്കാനായി വരികയും പിന്നെ പശ്ചാതിപ്പിച്ചു മടങ്ങുകയും ചെയ്ത ഗ്രാമീണനായ സുറാക്ക ബിന്‍ മാലിക്കിന് പേര്ഷ്യന്‍ രാജാവായ കിസ്റയുടെ വളകള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി.. സുറാക്കയുടെ കൈകളില്‍ കിസ്രായുടെ വളകള്‍ അണിയിക്കും എന്നതായിരുന്നു പ്രവചനം "[ Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani, al-Isaba, no. 3115,] സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു ന്നാട്ടിലേക്ക് അഭയം തേടി പോകുന്ന, സ്വന്തമായി ഒരു അടി മണ്ണ് പോലും ഇല്ലാത്ത സമയത്താണ് ഈ പ്രവചനം എന്നതോര്‍ക്ക്ക. അതും ലോകശക്തിയായ പേര്‍ഷ്യന്‍ രാജാവിന്റെ വളകള്‍.. ( ആ വളകള്‍ അവരുടെ അധികാരത്തിന്റെ ചിഹ്നം ആയിരുന്നു. അവര്‍ തോല്‍ക്കുമ്പോഴാണ് അത് ജേതാവിന് ലഭിക്കുക)

പൂര്‍ത്തീകരണം:- AD 636 ല്‍ നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില്‍ വച്ചു കിസ്രാ പരാജയപ്പെടുകയും കിസ്രായുടെ ആഭരണങ്ങള്‍ മദീനയിലേക്ക് കൊണ്ട് വരികയും ഉണ്ടായി. അന്നത്തെ മുസ്ലിംകളുടെ ഖലീഫ ആയിരുന്ന ഉമര്‍ ബിന്‍ ഖത്വാബ് സുറാക്കയെ കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും സുറാക്കയെ കിസ്രയുടെ വസ്ത്രവും ആഭരണങ്ങളും അണിയിച്ചു. കൈകളില്‍ ആ വളയും.. (Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani, al-Isaba, no. 3115; Qadi Iyad, ash-Shifa, 1:344 ; Wikipedia)

13. പ്രവചനം:- മുസ്ലിംകള്‍ നന്നേ ദുര്‍ബലരും ദരിദ്രരും മര്‍ദ്ദിതരും എതിരാളികള്‍ പ്രമാണിമാരും ധനികരും ശക്തരും ആയിരുന്ന ഇസ്ലാമിന്റെ തുടക്കകാലങ്ങളില്‍ അദിയ്യ് ബിന്‍ ഹാത്വിം എന്ന വ്യക്തിയോട് നബി (സ) മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-

A) അങ്ങ് ഹീറ(ഇറാക്കിലെ ഒരു നഗരം)യില്‍ നിന്ന് വരെ സ്ത്രീകള്‍ ഒറ്റയ്ക്ക് നിര്‍ഭയരായി മക്കയില്‍ വന്നു കഹ്ബ പ്രദക്ഷിണം ചെയ്യുന്ന കാലം വരും. (അന്നത്തെ കാലത്തെ മോഷ്ടാക്കളുടെ ഒരു പ്രധാന താവളം ഹീറ-മക്ക ഏരിയയില്‍ ഉണ്ടായിരുന്നു എന്നത് ഇതിനോട് കൂട്ടി വായിക്കുക)

B) മുസ്ലിംകള്‍ പേര്‍ഷ്യന്‍ രാജാവ് കിസ്രയെ കീഴടക്കുകയും അയാളുടെ വമ്പിച്ച നിധി കൂമ്പാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും.

C) ദാനം ചെയ്യാന്‍ ആളുകള്‍ താല്‍പ്പര്യപ്പെടുകയും പക്ഷെ ആ ദാനം വാങ്ങാന്‍ ആളുകള്‍ ഇല്ലാതെ വരികയും ചെയ്യുന്നിടത്തോളം മുസ്ലിംകള്‍ക്കിടയില്‍ സമ്പത്ത് കുമിഞ്ഞു കൂടുകയും ചെയ്യും" (മുസ്നദ്‌ അഹമദ്‌ , Vol. 4, 19397, 19400 ; സഹീഹുല്‍ ബുഖാരി Volume 4, Book 56, Number 793)

പൂര്‍ത്തീകരണം:-

a) പില്‍ക്കാലത്ത് ഇറാക്ക് മുസ്ലിംകള്‍ക്ക് കീഴടങ്ങുകയും ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഇസ്ലാമിക ലോകം മുഴുവന്‍ സുരക്ഷിതപ്രദേശം ആവുകയും സ്ത്രീകള്‍ ഹീറയില്‍ നിന്നും ഒറ്റയ്ക്ക് ഹജ്ജിനു വരാന്‍ തുടങ്ങുകയും ചെയ്തു.. (മുസ്നദ്‌ അഹമദ്‌ , Vol. 4, #19397, 19400; സഹീഹുല്‍ ബുഖാരി Volume 4, Book 56, Number 793)

b) മുകളില്‍ വിശദീകരിച്ചിട്ടുണ്ട്

c) ഖലീഫ ഉമറിന്റെ കാലത്ത് ഇസ്ലാമിക ലോകം സമ്പന്നമാകുകയും സകാത്ത് വാങ്ങാന്‍ ദരിദ്രര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. എന്നിട്ട് സകാത്ത് പണം കൊണ്ട് ഈജിപ്തിലെ അടിമകളെ വാങ്ങി മോചിപ്പിക്കാന്‍ ആണ് വിനിയോഗിച്ചത്.. രണ്ടാം ഉമര്‍ എന്നറിയപ്പെട്ട ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്തും സമാന സാഹചര്യം നിലവില്‍ വരികയുണ്ടായി..

14. പ്രവചനം:- നബി (സ) പറഞ്ഞു “ഹുസൈന്‍ (നബിയുടെ പൗത്രന്‍) കര്‍ബലയിലെ തഫ്ഫ് എന്നാ സ്ഥലത്ത് വച്ച് കൊല്ലപ്പെടും”( മുസ്നദ് അഹമദ് 6:294.)

പൂര്‍ത്തീകരണം:- AD 680 ല്‍ കര്‍ബലയില്‍ വച്ച് യസീദ് ഇബ്ന്‍ മുആവിയയുമായി നടന്ന യുദ്ധത്തില്‍ വച്ച് ഹുസൈന്‍ (റ) രക്തസാക്ഷിയാവുകയുണ്ടായി (അല്‍ ബിദായ വന്നിഹയാ, ഇബ്നു കഥീര് 8/188)

15. പ്രവചനം:- “ചെറിയ കണ്ണുകളോട് കൂടിയ, ചപ്പിയ മൂക്കുള്ള, പരിച പോലെ മുഖമുള്ള തുര്‍ക്കുകളോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല” (സ്വഹീഹുല്‍ ബുഖാരി Volume 4, Book 52, Number 179)

പൂര്‍ത്തീകരണം:- പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചെന്ഘിസ് ഖാന്റെ നേതൃത്വത്തില്‍ മംഗോളിയന്‍ സൈന്യം മുസ്ലിം ലോകത്തെ ആക്രമിക്കുകയുണ്ടായി. (The Islamic World to 1600: The Mongol Invasions (The Il-Khanate), Wikipedia)
ഇവരുടെ രൂപം നബി പറഞ്ഞ രൂപവുമായി കറക്റ്റ് മാച്ച് ചെയ്യുന്നു..


ഇനിയും ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്‌.. മുകളിലുള്ളത് അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്.. നബിയുടെ എല്ലാ പ്രവചനങ്ങളും സാക്ഷാത്കരിക്കപ്പെട്ടു.. ലോകം അതിനു സാക്ഷിയാണ്.. ഒന്ന് പോലും തെറ്റിയിട്ടില്ല.. അങ്ങനെ ഏതെങ്കിലും ഒന്ന് തെറ്റിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം തന്നെ സംശയത്തില്‍ ആകുമായിരുന്നു.. പക്ഷെ അതുണ്ടായില്ല..

ഇനി എന്റെ ചോദ്യം മുഹമ്മദ്‌ നബി (സ) ദൈവത്തില്‍ നിന്നുള്ള ദൂതന്‍ ആണെന്ന് അംഗീകരിക്കാത്തവരോടാണ്.. നിങ്ങള്‍ പറയുക.. മുഹമ്മദ്‌ എന്ന വ്യക്തി ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു? ലോകത്ത് വരാന്‍ പോകുന്ന കാര്യങ്ങള്‍ ഇത്ര കൃത്യമായി മുന്‍കൂട്ടി പറയാന്‍ മാത്രം അദ്ദേഹത്തിന് ഉണ്ടായിരുന്ന ആ ദിവ്യശക്തിയുടെ യാഥാര്‍ത്ഥ്യം എന്തായിരുന്നു?

പിന്‍കുറി:- ഇനി ഒന്ന് കൂടിയുണ്ട്.. സ്വഗ്ഗവും നരകവും. അതും നബിയുടെ (സ്വ) പ്രവചനങ്ങളില്‍ പെട്ടതാണ്.. മേല്‍ പറഞ്ഞ പ്രവചനങ്ങള്‍ എല്ലാം നടന്നത് പോലെ തന്നെ പരലോകവും ഒരു യാഥാര്‍ത്യമായി വരിക തന്നെ ചെയ്യും.. ബുദ്ധിയുള്ളവര്‍ക് അത് ഇപ്പോഴേ വിശ്വസിച്ചു അതിനനുസരിച്ച് ജീവിക്കാം. അതല്ല, നേരിട്ട് കണ്ടാലേ വിശ്വസിക്കൂ എന്നുള്ളവര്‍ക്ക് അത് നേരില്‍ കാണുന്ന ദിനത്തിനായി കാത്തിരിക്കുകയും ചെയ്യാം.

Sunday 12 June 2016

തറാവീഹ് നിസ്‌കാരം




നബി(സ്വ)യുടെ സമുദായത്തിനു മാത്രമായി അല്ലാഹു കനിഞ്ഞേകിയ ഒരു സവിശേഷ നിസ്‌കാരമാണ് വിശുദ്ധ റമളാനില്‍ മാത്രമുള്ള തറാവീഹ്. ഒരുതവണ വിശ്രമിക്കുക എന്ന അര്‍ത്ഥമുള്ള ‘തര്‍വിഹത്’ എന്ന പദത്തിന്റെ ബഹുവചനമാണ് തറാവീഹ്. നന്നാലു റക്അത്തുകള്‍ക്കിടയില്‍ അല്‍പസമയം വിശ്രമിക്കാറുണ്ടായിരുന്നതുകൊണ്ടാണ് ഈ പേരു വന്നത്. (ഫത്ഹുല്‍ മുബിദ 2/165)

ഈ നിസ്‌കാരത്തിന് തറാവീഹ് എന്ന നാമം സ്വഹാബത്തിന്റെ കാലഘട്ടത്തില്‍തന്നെ പ്രസിദ്ധമായിരുന്നു. ഹിജ്‌റ 14ല്‍ റമളാന്‍ രാവുകളില്‍ തറാവീഹ് നിസ്‌കാരം നിലനിര്‍ത്തുന്നതിനുവേണ്ടി ഉമര്‍(റ) ഉത്തരവിട്ടതായി ഇമാം മസ്ഊദി(റ)യുടെ മുറൂജുദ്ദഹബില്‍ (2/328) പ്രസ്താവിച്ചിട്ടുണ്ട്. 

ഇമാം അബൂലൈസി സമര്‍ഖന്ദി(റ) അലിയ്യുബ്‌നു അബീത്വാലിബി(റ)ല്‍ നിന്ന് നിവേദനം: ”നിശ്ചയം ഉമര്‍(റ) ഒരു ഇമാമിന്റെ പിന്നില്‍ ജമാഅത്തായി സംഘടിപ്പിച്ച ഈ തറാവീഹ് നിസ്‌കാരത്തിന് അവലംബം എന്നില്‍നിന്നു കേട്ട ഹദീസായിരുന്നു. ഞാന്‍ നബി(സ്വ)യില്‍ നിന്ന് കേട്ടതാണ് പ്രസ്തുത ഹദീസ്.” (തന്‍ബീഹു സമര്‍ഖന്ദി: പേജ് 124)

നിരവധി ഹദീസുകളില്‍ തറാവീഹിന്റെ മഹത്വം നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: ”നബി(സ്വ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിച്ചവനായും അവന്റെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും റമളാന്റെ രാത്രികളില്‍ നിസ്‌കരിച്ചാല്‍ അവന്‍ ചെയ്തുപോയ സര്‍വ ദോഷങ്ങളും പൊറുക്കപ്പെടും. ഈ ഹദീസിലെ നിസ്‌കാരം കൊണ്ട് ഉദ്ദേശ്യം തറാവീഹ് നിസ്‌കാരമാണെന്നും ഇമാം നവവി(റ) വ്യക്തമാക്കിയിരിക്കുന്നു.” (ഫത്ഹുല്‍ ബാരി 4/202)

സല്‍മാനി(റ)ല്‍ നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ”ശഅ്ബാന്‍ മാസത്തിലെ അവസാന ദിനത്തില്‍ നബി(സ്വ) ഞങ്ങളെ അഭിമുഖീകരിച്ച് ഇപ്രകാരം പറഞ്ഞു: ”ജനങ്ങളേ, ഒരു മഹത്തായ മാസമിതാ നിങ്ങള്‍ക്ക് വരാനിരിക്കുന്നു. പുണ്യമേറിയ മാസമാണത്. ആയിരം മാസത്തേക്കാള്‍ ഉത്തമമായ ഒരു രാത്രി പ്രസ്തുത മാസത്തിലുണ്ട്. ആ മാസത്തില്‍ നോമ്പനുഷ്ഠിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിന്റെ രാവുകളില്‍ നിസ്‌കരിക്കല്‍ സുന്നത്തുമാക്കിയിരിക്കുന്നു.” (സ്വസീഹു ഇബ്‌നി ഖുസൈമ 3/91)

ഹിജ്‌റ രണ്ടാം വര്‍ഷമാണ് തറാവീഹ് നിസ്‌കാരത്തിന് തുടക്കംകുറിച്ചത്. പ്രസ്തുത വര്‍ഷം 23, 25, 27 എന്നീ ഇടവിട്ട മൂന്നു രാവുകളില്‍ മാത്രമാണ് നബി(സ്വ) തറാവീഹ് നിസ്‌കാരം സംഘടിതമായി നിര്‍വഹിച്ചത്. 


നബി(സ്വ) എത്ര റക്അത്ത് നിസ്‌കരിച്ചുവെന്ന് വ്യക്തമാക്കുന്ന സ്വഹീഹായ പരമ്പരയിലൂടെ റിപോര്‍ട്ട് ചെയ്യപ്പെട്ടതായി ഒരു ഹദീസിലും വന്നിട്ടില്ല.
പ്രമുഖ സ്വഹാബിവര്യന്‍ നുഅ്മാനുബ്‌നു ബശീറി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”ഞങ്ങള്‍ നബി(സ്വ)യുടെ നേതൃത്വത്തില്‍ റമളാനിലെ 23ാം രാവില്‍ രാത്രിയുടെ മൂന്നിലൊരു ഭാഗം വരെയും 25ാം രാവില്‍ പകുതി വരെയും 27ാം രാവില്‍ പുലര്‍ച്ചയോടടുക്കുംവരെയും നിസ്‌കരിച്ചു.” (നസാഈ, ദാരിമി, ഹാകിം) തുടര്‍ന്നുള്ള എട്ടു വര്‍ഷവും നബി(സ്വ) തനിച്ചാണ് തറാവീഹ് നിസ്‌കരിച്ചത്. സംഘടിതമായി നിസ്‌കരിച്ച രാത്രികളിലുള്ള സ്വഹാബത്തിന്റെ ആവേശം കണ്ടപ്പോള്‍ സമുദായത്തിന്റെ മേല്‍ ഇതു നിര്‍ബന്ധമാകുമോ എന്ന ഭയംമൂലം നാലാം ദിവസം നിസ്‌കാരത്തിനു നേതൃത്വം നല്‍കാനായി നബി(സ്വ) തങ്ങള്‍ പള്ളിയിലേക്കു വന്നില്ല. (നിഹായ 2/125, തുഹ്ഫ 2/240)


ഖലീഫ ഉമര്‍(റ) ഭരണം ഏറ്റെടുത്ത രണ്ടാം വര്‍ഷം (ഹിജ്‌റ 14) നബി(സ്വ)യുടെ കാലത്ത് നിര്‍ത്തിവച്ച തറാവീഹിലെ ജമാഅത്ത് പുനഃസംഘടിപ്പിച്ചു. 20 റക്അത്ത് നിസ്‌കരിക്കാനാണ് ഉമര്‍(റ) നിര്‍ദേശിച്ചതെന്ന് ഖണ്ഡിതമായി തെളിഞ്ഞതാണ്. നിസ്‌കാരത്തിന് പുരുഷന്‍മാര്‍ക്ക് നേതൃത്വം നല്‍കാന്‍ ഉബയ്യുബ്‌നു കഅ്ഖി(റ)നെയും സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കാന്‍ സുലൈമാനുബ്‌നു ഹസനത്തി(റ)നെയും ഉമര്‍(റ)നിയമിച്ചു. ഉബയ്യ്ബ്‌നു കഅ്ബി(റ)ന്റെ നേതൃത്വത്തില്‍ നടന്ന നിസ്‌കാരത്തില്‍ ഉമര്‍(റ) പങ്കെടുത്തു. (ത്വബഖാത്വു ഇബ്‌നി സഅ്ദ് 5/59)

ഉമര്‍(റ) പുനഃസംഘടിപ്പിച്ച സംഘടിത രീതിയിലുള്ള തറാവീഹ് 20 റക്അത്തായിരുന്നുവെന്നതിന് നിരവധി തെളിവുകളുണ്ട്. നബി(സ്വ)യുടെ കൂടെ മുമ്പ് വിശദീകരിച്ച രാത്രികളില്‍ തറാവീഹ് നിസ്‌കരിച്ച നിരവധി സ്വഹാബികള്‍ ഉമര്‍(റ)ന്റെ കാലത്തുണ്ട്. അവര്‍ ഉബയ്യുബ്‌നു കഅ്ബി(റ)ന്റെ പിന്നില്‍ മഅ്മൂമുകളായി 20 റക്അത്ത് തറാവീഹ് നിസ്‌കരിച്ചു. അവര്‍ ആരും ഖലീഫാ ഉമര്‍(റ) നടപ്പില്‍വരുത്തിയ ഈ നല്ല ബിദ്അത്തിനെ എതിര്‍ത്തില്ല. അതുകൊണ്ടു തന്നെ സ്വഹാബത്തിന്റെ കാലത്ത് തറാവീഹ് 20 റക്അത്തുണ്ടെന്നതില്‍ ‘സുകൂതിയായ ഇജ്മാഅ്’ ഉണ്ടായി. പിന്നീട് ഗവേഷണയോഗ്യരായ പണ്ഡിതര്‍ 20 റക്അത്താണെന്നതില്‍ യോജിച്ചപ്പോള്‍ ഖുര്‍ആന്‍, സുന്നത്ത്, പ്രമാണങ്ങളെപ്പോലെ ഖണ്ഡിത പ്രമാണമായി ‘ഇജ്മാഅ്’ എന്ന പദവിയിലേക്ക് ഉയര്‍ന്നു.

ആകയാല്‍, തറാവീഹ് 20 റക്അത്താണെന്നതിന് ഇജ്മാഉണ്ട്. ഇജ്മാഇനെ നിഷേധിച്ചവന്‍ വിശ്വാസം പിഴച്ചവനാണ്. കാരണം, ഇജ്മാഉള്ള മുഴുവന്‍ കാര്യങ്ങളും വിശ്വാസപരമാണ്; ശാഖാപരമല്ല. ചുരുക്കത്തില്‍, തറാവീഹ് എട്ട് റക്അത്തേയുള്ളൂവെന്ന് വിശ്വസിക്കുന്നവന്‍ വിശ്വാസം പിഴച്ച മുബ്തദിആണ്. ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ)തന്റെ അസ്സ്വവാഖുല്‍ മുഹ്‌രിഖയില്‍ (പേജ് 89) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

തറാവീഹ് നിസ്‌കാരം നാല് മദ്ഹബിലും 20ല്‍ കുറയാത്ത എണ്ണമുണ്ട്. മാലികീ മദ്ഹബില്‍ ചുരുങ്ങിയ എണ്ണം 20ഉം 36 വരെ വര്‍ധിപ്പിക്കാവുന്നതുമാണ്. മദീന നിവാസികള്‍ 36 റക്അത്ത് വരെ നിര്‍വഹിക്കാറുണ്ടെന്നും അവരുടെ പ്രവൃത്തി തെളിവാണെന്നുമാണ് ഇമാം മാലികി(റ)ന്റെ പക്ഷം. മക്കക്കാര്‍ നാലു റക്അത്ത് നിസ്‌കരിച്ചാല്‍ കഅ്ബ ത്വവാഫ് ചെയ്യും. അവരോട് സാദൃശ്യമാകാന്‍ വേണ്ടി മദീനക്കാര്‍ ത്വവാഫിന്റെ സ്ഥാനത്ത് നാല് റക്അത്തുകള്‍ കൂടുതലാക്കിക്കൊണ്ടാണ് 36 റക്അത്തായത്. (തുഹ്ഫ 2/241)

ശാഫിഈ മദ്ഹബില്‍ റമളാനില്‍ മദീനയിലുള്ളവര്‍ക്ക് തറാവീഹിന്റെ നിയ്യത്തോടുകൂടി തന്നെ 36 റക്അത്ത് നിസ്‌കരിക്കാം. പക്ഷേ, അവരും 20 റക്അത്ത് നിസ്‌കരിക്കലാണ് ഏറ്റവും പുണ്യം. (തുഹ്ഫ: ശര്‍വാനി 2/241)

തറാവീഹ് 20 റക്അത്താണെന്ന വിശ്വാസത്തോടെ 20ല്‍ താഴെ എണ്ണത്തില്‍ ചുരുക്കി നിസ്‌കരിച്ചാല്‍ നിസ്‌കരിച്ചതിന്റെ പ്രതിഫലം തറാവീഹ് എന്ന നിലയ്ക്ക് തന്നെ ലഭിക്കും. (തുഹ്ഫ 2/225) പ്രസ്തുത വിശ്വാസമില്ലാതെ തറാവീഹിന് ഇഹ്‌റാം ചെയ്താല്‍ നിസ്‌കാരം സാധുവാകില്ല. സഹ്‌വിന്റെ സുജൂദ് രണ്ടെണ്ണമായിരിക്കെ ഒന്നില്‍ ചുരുക്കി സുജൂദ് ചെയ്താല്‍ സാധുവാകാത്തതു പോലെ തന്നെ. (ഇആനത്ത് മുസ്തഈന്‍: 1/349)

ഇശാ നിസ്‌കാരത്തിന്റെയും സുബ്ഹിന്റെയും ഇടയിലുള്ള സമയമാണ് തറാവീഹ് നിസ്‌കാരത്തിന്റെ സമയം. അപ്പോള്‍ യാത്രക്കാരന്‍ ഇശാഇനെ മുന്തിച്ച് ജംആക്കിയാല്‍ മഗ്‌രിബിന്റെ സമയത്ത് തന്നെ തറാവീഹ് നിസ്‌കരിക്കാം. (നിഹായ 2/127) തറാവീഹ് ഖളാആയാല്‍ രാപ്പകല്‍ ഭേദമന്യേ ഖളാഅ് വീട്ടാം. (മഹല്ലി 1/217)

തറാവീഹ് നിസ്‌കാരത്തിന് എല്ലാ ഈരണ്ട് റക്അത്തിലും നിയ്യത്തും സലാം വീട്ടലും നിര്‍ബന്ധമാണ്. നാലു റക്അത്ത് ഒരുമിച്ച് ഒരു സലാം കൊണ്ട് നിസ്‌കരിച്ചാല്‍ സാധുവാകില്ല. തറാവീഹ് എന്ന സുന്നത്ത് നിസ്‌കാരം രണ്ട് റക്അത്ത് അല്ലാഹുവിനു വേണ്ടി ഞാന്‍ നിസ്‌കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്യാം. സംഘടിത രീതിയിലാണെങ്കില്‍ ഇമാമോടുകൂടി എന്ന് മഅ്മൂമുകളും ഇമാമായിക്കൊണ്ട് എന്ന് ഇമാമും നിയ്യത്തില്‍ കരുതണം.

തറാവീഹ് സംഘടിതമായി നിസ്‌കരിക്കുമ്പോള്‍ മഅ്മൂമുകള്‍ മുഴുവനും സ്ത്രീകളാണെങ്കില്‍ സ്ത്രീ തന്നെ നിസ്‌കാരത്തിന് നേതൃത്വം നല്‍കാമെങ്കിലും പുരുഷന്‍ നേതൃത്വം നല്‍കലാണ് കൂടുതല്‍ പുണ്യം. (മഹല്ലി 1/222) 


വിശുദ്ധ റമളാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യയുടെ ഭവനത്തില്‍ നടന്നിരുന്ന തറാവീഹ് 20 റക്അത്ത് നിസ്‌കാരത്തിന് ഇമാം ശാഫിഈ(റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചതായി ചരിത്രത്തിലുണ്ട്.

പുരുഷന്റെ പിന്നില്‍ തുടര്‍ന്ന് നിസ്‌കരിക്കുന്ന സ്ത്രീകള്‍ മൂന്നു മുഴത്തിനെക്കാള്‍ പിന്തി നില്‍ക്കലാണ് സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയില്‍ മൂന്നു മുഴത്തിനെക്കാള്‍ കൂടുതല്‍ ഉണ്ടാവരുതെന്ന നിയമം പുരുഷന്റെ പിന്നില്‍ തുടരുന്ന സ്ത്രീക്ക് ബാധകമല്ല. (ഫതാവല്‍ കുബ്‌റ 2/215)


സ്ത്രീകള്‍ക്ക് ഇമാമായി സ്ത്രീ തന്നെ നില്‍ക്കുകയാണെങ്കില്‍ ഒന്നാമത്തെ സ്വഫ്ഫില്‍ തന്നെ അവര്‍ക്കിടയില്‍ മുന്താതെ നില്‍ക്കുകയാണു വേണ്ടത്. പുരുഷന്‍ നില്‍ക്കുംപോലെ മുന്തി നിന്നാല്‍ അത് കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുന്നതുമാണ്. എന്നാല്‍, ഇമാമിനെ മഅ്മൂമുകളായ സ്ത്രീകളില്‍ നിന്ന് വേര്‍തിരിഞ്ഞു മനസ്സിലാക്കാന്‍ വേണ്ടി അല്‍പം കയറി നില്‍ക്കാവുന്നതാണ്. (ശര്‍വാനി 2/310)

സംഘടിത രീതിയില്‍ നിസ്‌കരിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ശ്രദ്ധിക്കണം. അതു പാലിക്കാതിരുന്നാല്‍ ജമാഅത്ത് നിസ്‌കാരത്തിന്റെ പുണ്യം നഷ്ടപ്പെടും. ചിലപ്പോള്‍ നിസ്‌കാരം തന്നെ അസാധുവാകാന്‍ ഇടവരും.

പള്ളിയില്‍ വച്ചുള്ള ജമാഅത്തിനില്ലാത്ത മൂന്ന് നിബന്ധനകള്‍ 
പള്ളിയല്ലാത്തിടത്ത് നടത്തുന്ന ജമാഅത്ത് നിസ്‌കാരത്തിനുണ്ട്.

1) ഖിബ്‌ലയെ പിന്നിലാക്കാത്ത വിധം ഇമാമിലേക്ക് ചെന്നു ചേരാന്‍ മഅ്മൂമിന്റെ മുന്നില്‍ വഴിയുണ്ടാകണം. പിന്നില്‍ വഴിയുണ്ടായിട്ട് പ്രയോജനമില്ലെന്ന് ചുരുക്കം.

2) സാധാരണ നിലയില്‍ ഇമാമിലേക്ക് ചെന്ന് ചേരാന്‍ സാധിക്കുന്ന വഴിയിലൂടെ തന്നെ ഇമാമിനെയോ അവന്റെ കെട്ടിടത്തിലുള്ള മഅ്മൂമിനെയോ കാണാന്‍ സാധിക്കണം. ജനവാതിലിലൂടെ കണ്ടതു കൊണ്ട് പ്രയോജനമില്ല.

3) ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയില്‍ മുന്നൂറ്(മൂന്ന് മുഴമല്ല) മുഴത്തിലധികം അകലമില്ലാതിരിക്കണം. (തുഹ്ഫ 3/320, ഫത്ഹുല്‍ മുഈന്‍ 123)

തറാവീഹ് നിസ്‌കാരത്തില്‍ ഒരു മാസത്തിനുള്ളില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റ: 1/184) 


ഒരു ദിവസത്തെ തറാവീഹില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കുകയാണെങ്കില്‍ അതും ഏറെ പുണ്യമുള്ളതും സുന്നത്തുമാണ്. (തുഹ്ഫ 2/52), നിഹായ 1/429) എന്നാല്‍, ഇങ്ങനെ ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ പൂര്‍ണമായ ഓരോ സൂറത്തുകള്‍ ഓരോ റക്അത്തിലും ഓതി നിസ്‌കരിക്കുകയാണ് ഖുര്‍ആനില്‍ അവിടവിടെനിന്ന് ഭാഗികമായി എടുത്ത് ഓതുന്നതിനെക്കാള്‍ തറാവീഹ് നിസ്‌കാരത്തിലും മറ്റു നിസ്‌കാരങ്ങളിലും പുണ്യം. നബി(സ്വ)യുടെ പതിവ് രീതിയോട് പിന്‍പറ്റല്‍ (ഇത്തിബാഅ്) ഇതിലാണുള്ളതെന്നു കാരണം. ഇത്തിബാഇന്റെ പുണ്യം അതില്ലാതെ വര്‍ധിച്ച അക്ഷരങ്ങളും ആയത്തുകളും ഓതുന്നതിനെക്കാള്‍ മികച്ചു നില്‍ക്കും. (തുഹ്ഫ 2/52, ശര്‍ഹുബാഫള്ല്‍ 1/249)

പൂര്‍ണ സൂറത്തുകള്‍ ഓതുമ്പോള്‍ തന്നെ നമ്മുടെ നാടുകളിലെ എല്ലാവരും എപ്പോഴും വന്നുകൊണ്ടിരിക്കുന്ന വഴിയോരങ്ങളിലും കവലകളിലും മറ്റുമുള്ള സാധാരണ പള്ളികളില്‍ ഇമാമത്ത് നില്‍ക്കുന്നവര്‍ ‘വള്ളുഹാ’ക്ക് മുകളിലുള്ള വലിയ സൂറത്തുകള്‍ (പ്രത്യേകം ഓതല്‍ സുന്നത്തുള്ള സൂറത്തുകള്‍ ഒഴികെ) ഓതല്‍ കറാഹത്താണ്. വിവരദോഷികളായ ഇമാമുമാര്‍ നിര്‍മിച്ചുണ്ടാക്കിയ ബിദ്അത്താണിത്. (ശര്‍ഹുബാ ഫള്ല്‍ 1/250, ശര്‍വാനി 2/55)

ജമാഅത്തുമായി ബന്ധപ്പെട്ട (സംഘടിത നിസ്‌കാരത്തില്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള) ഏതു കറാഹത്ത് ചെയ്താലും കറാഹത്ത് സംഭവിച്ച കര്‍മത്തിലുള്ള ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടും; നിസ്‌കാരം മുഴുവത്തിലുമല്ല. ഉദാ: ഇമാമിന്റെ ഒപ്പം മഅ്മൂം റുകൂഇലേക്ക് കുനിയല്‍ കറാഹത്താണ്. ഇമാം കുനിഞ്ഞ ശേഷമാണ് കുനിയേണ്ടത്. ഇമാമിന്റെ ഒപ്പം റുകൂഇലേക്ക് കുനിഞ്ഞാല്‍ ആ കര്‍മത്തിലെ 27 ഇരട്ടി പ്രതിഫലം നഷ്ടപ്പെടും; മറ്റുള്ളവയില്‍ നഷ്ടപ്പെടില്ല.

ജമാഅത്തിനുവേണ്ടി മാത്രം തുറക്കുകയും അതു കഴിഞ്ഞാല്‍ അടക്കുകയും ചെയ്യുന്ന പള്ളികളില്‍ പരിമിതമായ മഅ്മൂമുകള്‍ മാത്രം പങ്കെടുക്കുകയും അപൂര്‍വമായെങ്കിലും മറ്റാരും ആ ജമാഅത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ആ പരിമിത മഅ്മൂമുകളുടെ വാക്കാലുള്ള സമ്മതപ്രകാരം ‘വള്ളുഹാ’യുടെ മുകളിലുള്ള സൂറത്തുകള്‍ ഇമാമിന് ഓതാവുന്നതാണ്. (ശര്‍വാനി 2/54)

തറാവീഹിലെ ഓരോ ഈരണ്ട് റക്അത്തിലും തക്ബീറത്തുല്‍ ഇഹ്‌റാമിനു ശേഷം പ്രാരംഭ പ്രാര്‍ത്ഥനയും (വജ്ജഹ്തു) അഊദുവും സുന്നത്തുണ്ട്. അത്തഹിയ്യാത്തിനിരിക്കുമ്പോള്‍ തവര്‍റുക്കിന്റെ ഇരുത്തമാണ് സുന്നത്ത്. ഇടതുകാല്‍ വലതുഭാഗത്തേക്ക് നീട്ടി ഇടതു ചന്തി ഭൂമിയിലേക്കു ചേര്‍ത്തി ഇരിക്കലാണ് തവര്‍റുക്ക്. സ്ഥലം മാറി നില്‍ക്കുമ്പോള്‍ സ്വഫ്ഫുകള്‍ മുറിച്ചു കടക്കുക, ഒന്നാം സ്വഫ്ഫില്‍ നില്‍ക്കുന്ന മഹത്വം നഷ്ടപ്പെടുക പോലുള്ള വിഷമങ്ങള്‍ സംഭവിക്കുമെന്നതിനാല്‍ സ്ഥലംമാറി നില്‍ക്കല്‍ സുന്നത്തില്ല. (തുഹ്ഫ 2/106)

തറാവീഹ് നിസ്‌കാരമെന്ന പോലെ തന്നെ റമളാനിലെ വിത്ര്‍ നിസ്‌കാരവും സംഘടിതമായി നിസ്‌കരിക്കല്‍ സുന്നത്താണ്. കുറഞ്ഞാല്‍ ഒന്നും കൂടിയാല്‍ 11ഉം റക്അത്താണ് വിത്ര്‍. തറാവീഹിന്റെ മുമ്പും പിമ്പും വിത്ര്‍ നിസ്‌കരിക്കാം. ഉത്തമം തറാവീഹിന്റെ ശേഷമാണ്. വിത്‌റിലെ ജമാഅത്ത് നഷ്ടപ്പെടുമെന്നുണ്ടെങ്കില്‍ പോലും വിത്‌റിനെ രാത്രിയുടെ അവസാന ഭാഗത്തേക്കു പിന്തിക്കലാണ് സുന്നത്ത്. (ഫത്ഹുല്‍ മുഈന്‍ 106) 

തറാവീഹ്, വിത്ര്‍ എന്നീ നിസ്‌കാരങ്ങള്‍ക്കിടയില്‍ മറ്റു നിസ്‌കാരങ്ങള്‍ കൊണ്ട് വിട്ടുപിരിക്കല്‍ വിരോധമില്ലെങ്കിലും പിരിക്കാതിരിക്കലാണ് ഉത്തമം. (ബിഗ്‌യ പേജ് 40)

റമളാനിലെ രണ്ടാം പകുതിയുടെ വിത്‌റില്‍ അവസാന റക്അത്തില്‍ ഇഅ്തിദാലിന്റെ ദിക്‌റിനു ശേഷം ഖുനൂത് ഓതല്‍ സുന്നത്താണ്. അത് ഒഴിവാക്കിയാല്‍ സലാം വീട്ടുന്നതിനു മുമ്പ് സഹ്‌വിന്റെ രണ്ട് സുജൂദ് സുന്നത്തുണ്ട്. ഖുനൂതില്‍ ‘റബ്ബിഗ്ഫിര്‍ വര്‍ഹം വഅന്‍ത ഖൈറുറാഹിമീന്‍’ എന്ന് ചൊല്ലല്‍ സുന്നത്താണെന്ന നമ്മുടെ ഇമാമുകളുടെ വീക്ഷണ പ്രകാരം ചൊല്ലാമെങ്കിലും അത് ഒഴിവാക്കിയതിന് സഹ്‌വിന്റെ സുജൂദ് സുന്നത്തില്ല.
കാരണം കൂടാതെ നഷ്ടപ്പെട്ട ഫര്‍ള് നിസ്‌കാരങ്ങള്‍ ഖളാഅ് വീട്ടാനുള്ളവര്‍ ഉറക്കം, തന്റെ ആശ്രിതരുടെ ചെലവിന് വഴി തേടന്‍ പോലുള്ള അനിവാര്യ കാര്യങ്ങള്‍ക്കല്ലാതെ സമയം ചെലവഴിക്കരുത്. അനിവാര്യാവശ്യം കഴിഞ്ഞ് ബാക്കി സമയമെല്ലാം ഫര്‍ള് നിസ്‌കാരം ഖളാ വീട്ടാന്‍ വിനിയോഗിക്കണം. സമയം പരിമിതമായ മറ്റു ഫര്‍ളായ കാര്യങ്ങള്‍ക്കല്ലാതെ സുന്നത്തായ കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കല്‍ ഹറാമാണ്. (തുഹ്ഫ: 1/440)

തറാവീഹടക്കം എല്ലാ സുന്നത്തുകളും അത്തരക്കാര്‍ക്ക് ഹറാമാണ്. അതോടൊപ്പം, സുന്നത്ത് നിസ്‌കാരം സാധുവാകുന്നതാണ്. (കുര്‍ദി: 1/144) 

എന്നാല്‍, ഫര്‍ള് നിസ്‌കാരം ഖളാഉള്ള ആള്‍ സുന്നത്ത് നിസ്‌കരിക്കുന്നത് മാത്രം ഹറാമും അത്രയും സമയം വെറുതെ കളയുന്നത് പോലും ഹറാമില്ലെന്നുമുള്ള ഒരു തെറ്റായ ധാരണ വ്യാപകമായിട്ടുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. ഫര്‍ള് നിസ്‌കാരം കാരണം കൂടാതെ ഖളാഉള്ളവര്‍ക്ക് സുന്നത്ത് നിസ്‌കാരം മാത്രമല്ല ഹറാമായത്, ഫര്‍ള്കിഫ (സാമൂഹ്യ ബാധ്യത) ആയ കാര്യങ്ങളും നിഷിദ്ധമാണ്. എന്നാല്‍, നിഷിദ്ധത്തോടെ കര്‍മങ്ങള്‍ സാധുവാകും. (ഫത്ഹുല്‍ ജവാദ് തര്‍ശിഹ് 12, ശര്‍വാനി: /144)

Saturday 11 June 2016

നജസുകളും ശുദ്ധീകരണവും






‘നജസ്’ എന്ന പദത്തിന്‌ മാലിന്യം എന്നാണര്‍ത്ഥം. മലിനമായതിന്‌ ‘മുതനജ്ജിസ്’ എന്നും പറയുന്നു.

മലം, മൂത്രം, വദിയ്യ്, മദിയ്യ്, രക്തം, ചലം, ഛര്‍ദ്ദിച്ചത്, ലഹരി ദ്രാവകങ്ങള്‍, മാംസം ഭക്ഷിക്കപ്പെടാത്ത മനുഷ്യരല്ലാത്ത ജന്തുക്കളുടെ പാല്‌, മാംസം ഭക്ഷിക്കപ്പെ‌ടാത്ത ജന്തുക്കളുടെ ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു പോന്ന മുടി, മനുഷ്യന്‍, മത്സ്യം, വെട്ടുകിളി(ജറാദ്) ഇവയല്ലാത്തവയുടെ ശവം, നായ, പന്നി – ഇവയെല്ലാമാണ്‌ നജസുകള്‍. ശുക്ലസ്രാവത്തിന്‌ മുമ്പും ശരീരം ക്ഷീണിക്കുമ്പോഴും ജനനേന്ദ്രിയത്തില്‍ക്കൂടി സ്രവിക്കുന്ന ദ്രാവകങ്ങളാണ്‌ വദിയ്യും മദിയ്യും. ഇവ രണ്ടും മാലിന്യങ്ങളാണ്. എന്നാല്‍ ശുക്ലം മലിനമല്ല.

രക്തം, ചലം, രക്തം കലര്‍ന്ന നീര് എന്നിവയുടെ മുറിവ്, പൊള്ളന്‍, വസൂരി എന്നിവയില്‍ നിന്ന് ഒലിക്കുന്ന പകര്‍ച്ച വെള്ളം എല്ലാം നജസ് തന്നെയാണ്. ആമാശയത്തിലെത്തിയ ശേഷം ഛര്‍ദ്ദിക്കുന്ന എന്തും വെള്ളം ആണെങ്കില്‍ തന്നെയും നജസാണ്. മാത്രമല്ല, പിത്തനീര് ഭക്ഷിക്കപ്പെടാത്ത ജീവികളുടെ പാല്‍ ഒട്ടകം, പശു പോലുള്ള ജീവികള്‍ അയവിറക്കുന്നവ എന്നിവയും ആഈമാശയത്തില്‍ നിന്നുള്ള കഫം ഉറങ്ങുന്നവന്റെ ദ്രാവകം ആമാശത്തില്‍ നിന്നാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഇവയും നജസിന്റെ ഗണത്തിലാണ് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ പരിഗണിച്ചത്. ഇപ്രകാരം തന്നെ പ്രസവിക്കുമ്പോള്‍ കുട്ടിയോടൊപ്പമോ അതിനല്‍പം മുമ്പോ പുറപ്പെടുന്ന ദ്രവവും നജസാണ്.

ശവം, ശവത്തിന്റെ രോമം, എല്ല്, കൊമ്പ്, പല്ല് എന്നിവ നജസാണെങ്കിലും മനുഷ്യന്‍ മത്സ്യം വെട്ടുകിളി എന്നിവ നജസല്ല. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു തുള്ളിയാണെങ്കില്‍ പോലും നജലസാണ്. നായയും പന്നിയും നജസായതുപോല തന്നെ ഇവ പരസ്പരമോ മറ്റൊരു ജീവിയുമായി ഇണചേര്‍ന്നുണ്ടായതോ ആണെങ്കില്‍ അതും നജസാണ്.

മേല്‍‌പറഞ്ഞ നജസുകളില്‍ കടുപ്പം കൂടിയ നജസാണ്‌ നായയും പന്നിയും. ഇവ വായ ഇട്ടോ മറ്റോ മലിനങ്ങളായ പാത്രങ്ങളും മറ്റും ഏഴു തവണ കഴുകിയാലേ ശുദ്ധമാവുകയുള്ളൂ. ഏഴില്‍ ഒരു തവണ ശുദ്ധമായ മണ്ണ് കലര്‍ത്തിയ വെള്ളം കൊണ്ടായിരിക്കേണ്ടതാണ്‌. രണ്ടു വയസ്സ് തികഞ്ഞിട്ടില്ലാത്ത – പാലല്ലാതെ മറ്റു ആഹാരമൊന്നും കഴിക്കാത്ത ആണ്‍കുട്ടിയുടെ മൂത്രം ലഘുവായ നജസാണ്‌. അത് പതിച്ച സ്ഥലത്ത് വെള്ളം തെളിച്ചാല്‍ ശുദ്ധമാകും. രക്തം, ചലം, ഛര്‍ദ്ദിച്ചത് – ഇവയില്‍ കുറഞ്ഞതും, ചെള്ള്, കൊതുക്, മൂട്ട തുടങ്ങിയവയുടെ രക്തവും നിസ്സാരമായതിനാല്‍ കഴുകിക്കളയണമെന്നു തന്നെയില്ല. തുടച്ചു കളഞ്ഞാല്‍ മതിയാകും.

കടുപ്പം കൂടിയതും നിസ്സാരമായതുമായ ഈ നജസുകള്‍ ഒഴികെയുള്ള മറ്റു നജസുകള്‍ കൊണ്ട് മലിനങ്ങളായ വസ്തുക്കളും സ്ഥലങ്ങളും നല്ലതുപോലെ കഴുകി വൃത്തിയാക്കേണ്ടതാണ്‌. നിറവും മണവും രുചിയും ഇല്ലാതാകുന്നതുവരെ കഴുകണം.എങ്കില്‍ മാത്രമേ അവ ശുദ്ധിയാവുകയുള്ളൂ.

നജസുകള്‍ ഏതെല്ലാമാണെന്നു വിവരിക്കുകയുണ്ടായല്ലോ. അവയില്‍ രണ്ടെണ്ണം ഒഴിച്ച് ബാക്കിയൊന്നും തന്നെ ശുദ്ധിയാവുകയില്ല. കള്ളും ശവത്തിന്റെ തോലുമാണ്‌ ശുദ്ധിയാകുന്ന രണ്ട് നജസുകള്‍. കള്ള് സ്വയം സുര്‍ക്കയാവുന്നത് കൊണ്ടും, ശവത്തിന്റെ തോല്‍ ഊറക്കിടുന്നതുകൊണ്ടുമാണ്‌ ശുദ്ധിയാവുക. 

അതേസമയം നായയുടെയും പന്നിയുടെയും തോല്‍ എന്തു തന്നെ ചെയ്താലും ശുദ്ധിയാവുകയില്ല.

തേന്‍, പാല്‌, മോര്‌, സുര്‍ക്ക, സോഡ പോലെയുള്ള ദ്രാവകങ്ങള്‍ മലിനമായാല്‍ അവ ഒരു തരത്തിലും ശുദ്ധിയാക്കാന്‍ കഴിയുകയില്ല. ഉറച്ച നെയ്യിലോ മറ്റോ നജസ് പതിച്ചാല്‍ ആ നജസും അതിന്റെ ചുറ്റു ഭാഗത്തുള്ളതും എടുത്തു കളഞ്ഞാല്‍ മതി. ബാക്കിയുള്ളത് ശുദ്ധിയുള്ളതായിരിക്കും.

മൂത്രം വീണ്‌ വറ്റിയ സ്ഥലത്ത് മൂത്രത്തിന്റെ മണമോ രുചിയോ ശേഷിക്കുന്നുണ്ടെങ്കില്‍ അത് ഇല്ലാതാകുന്നതുവരെ കഴുകണം. മൂത്രത്തിന്റെ മണമോ രുചിയോ ശേഷിക്കുന്നില്ലെങ്കില്‍ മീതെ കുറച്ചു വെള്ളം ഒഴിച്ചാല്‍ മതിയാകും.

മലിനങ്ങളായ വസ്ത്രങ്ങളും മറ്റും കഴുകാന്‍ ആളുകള്‍ സാധാരണ രണ്ടു രീതികള്‍ സ്വീകരിക്കാറുണ്ട്. ഒന്നുകില്‍ വസ്ത്രങ്ങള്‍ വെള്ളത്തിലിട്ട് കഴുകും. അല്ലെങ്കില്‍ വസ്ത്രങ്ങളുടെ മീതെ വെള്ളം ഒഴിച്ച്‌ കഴുകും. ഇതില്‍ ആദ്യം പറഞ്ഞ രീതിയാണ്‌ സ്വീകരിക്കുന്നതെങ്കില്‍ നാം ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 

വെള്ളം രണ്ട്‌ ഖുല്ലത്തില്‍ കുറവാണോ അതോ കൂറ്റുതലുണ്ടോ എന്നതാണത്. രണ്ടു ഖുല്ലത്ത് എന്നത് ഫുഖഹാക്കള്‍ – കര്‍മ്മശാസ്ത്ര പണ്ഡിതന്‍‌മാര്‍ – സ്വീകരിച്ചു വരുന്ന ഒരു അളവാണ്‌. ഒന്നേകാല്‍ മുഴം നീളവും അത്ര തന്നെ വീതിയും ആഴവുമുള്ള ഒരു പാത്രം നിറയെ വെള്ളം – അതാണ്‌ രണ്ട് ഖുല്ലത്ത് വെള്ളം എന്നതു കൊണ്ടുള്ള വിവക്ഷ.

രണ്ടു ഖുല്ലത്തില്‍ ( ഏകദേശം 192 ലിറ്റര്‍ ) കുറവുള്ള വെള്ളം കൊണ്ടാണ്‌ മലിന വസ്തു കഴുകുന്നതെങ്കില്‍ മലിനവസ്തു വെള്ളത്തില്‍ ഇടരുത്. വെള്ളം ആ വസ്തുവിന്റെ മീതെ ഒഴിച്ചാണ്‌ കഴുകേണ്ടത്. രണ്ട്‌ ഖുല്ലത്തോ അതില്‍ കൂടുതലോ വെള്ളം ഉണ്ടെങ്കില്‍ മലിനവസ്തു അതില്‍ ഇട്ട് കഴുകാം. രണ്ടു ഖുല്ലത്തോ അതില്‍ കൂടുതലോ ഉള്ള വെള്ളത്തില്‍ നജസ് വീണു എന്നതുകൊണ്ടു മാത്രം ആ വെള്ളം നജസാവുകയില്ല. 

നജസ് കാരണം ആ വെള്ളത്തിന്റെ നിറമോ രുചിയോ മണമോ വ്യത്യാസപ്പെട്ടെങ്കില്‍ മാത്രമേ ആ വെള്ളം നജസാവുകയുള്ളൂ. രണ്ടു ഖുല്ലത്തില്‍ കുറവുള്ള വെള്ളമാവട്ടെ, നജസിന്റെ സ്പര്‍ശനം കൊണ്ടു തന്നെ മലിനമായിത്തീരും. വെള്ളത്തിന്റെ നിറത്തിനോ മണത്തിനോ രുചിക്കോ യാതൊരു വ്യത്യാസവും ഉണ്ടായില്ലെങ്കില്‍ത്തന്നെയും അതാണ്‌ സ്ഥിതി. എന്നാല്‍ ഈച്ച, കൊതുക് തുടങ്ങിയവയുടെ ശവമോ മറ്റു നിസ്സാര മാലിന്യങ്ങളോ പതിച്ചു എന്നതുകൊണ്ടു മാത്രം വെള്ളം മലിനമാവുകയില്ല. ഓര്‍ക്കുക, നജസുകളെയും അവയില്‍നിന്നുള്ള ശുദ്ധീകരണത്തെയും കുറിച്ചുള്ള ഒരു സാമാന്യ വിവരമാണിവിടെ നല്‍കിയിരിക്കുന്നത്.


നജസ് : സംശയങ്ങളും മറുപടിയും

നജസ് കഴുകല്‍

ദൃഷ്ടിഗോചരമായ നജസ് രുചി, നിറ, ഗന്ധം എന്നിവ നീക്കം ചെയ്യും വിധമായിരിക്കണം കഴുകിശുദ്ധിയാക്കേണ്ടത്. എന്നാല്‍ അടയാളമൊന്നുമില്ലാത്ത ഉണങ്ങിയ മൂത്രം പോലുള്ള കാണാനാവാത്ത നജസാണെങ്കില്‍ അതിേന്മല്‍ ഒരു പ്രാവശ്യം വെള്ളം ഒഴുക്കിയാല്‍ മതയാകും. കുറഞ്ഞ വെള്ളമാണ് അതായത് ഏകദേശം 200 ലിറ്ററില്‍ താഴെ വെള്ളമാണെങ്കില്‍ ശുദ്ധീകരണത്തിന് മലിന വസ്തുവിന്റെ മേല്‍ വെള്ളം ഒഴിച്ച് കഴുകണമെന്ന നിബന്ധനയുണ്ട്. വസ്തു അതിലിട്ട് കഴുകിയാല്‍ കുറഞ്ഞ വെള്ളവും നജസാവും. എന്നാല്‍ വെള്ളം ഏകദേശം (192-200) ലിറ്റര്‍ അതായത് രണ്ട് കുല്ലത്ത് വെള്ളമോ അതില്‍ കൂടുതലോ ആണെങ്കില്‍ ഈ പ്രശ്‌നം ഇല്ല.

വായ് നജസായാല്‍ തൊണ്ടവരെ വെള്ളം ഒഴിച്ച് വൃത്തിയാക്കാണം. നജസായ അവസ്ഥയില്‍ ഒന്നും കഴിക്കല്‍ അനുവദനീയമല്ല. നജസായ തറ കഴുകുന്ന സമയത്ത് റൂമിന് പുറത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുകളോ ബാത്ത് റൂമിലേക്ക് ഒലിപ്പിക്കാന്‍ സൗകര്യമോ ഇല്ലെങ്കില്‍ അവിടങ്ങളിലെ നജസ് ആദ്യം പൂര്‍ണ്ണമായി തുടച്ചുനീക്കണം. ശേഷം ഉണങ്ങിയ തുണികൊണ്ട് നജസിന്റെ അടയാളങ്ങളും നനവും പൂര്‍ണ്ണമായും തുടച്ച് ഉണക്കുക. പിന്നീട് അവിടെ ശുദ്ധജലം ഒഴിച്ച് ശുദ്ധിയുള്ള തുണികൊണ്ട് തുടച്ചുമാറ്റിയാല്‍ മതിയാകുന്നതാണ്.

നജസ് പുരണ്ടാല്‍

കുഞ്ഞുങ്ങളെ പോറ്റുന്ന ഉമ്മമാര്‍ക്ക് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ധാരാളം പ്രതിഫലം ലഭിക്കും.  എന്നാല്‍ കുഞ്ഞുങ്ങളുടെ മലവും മൂത്രവും കൊണ്ട് വസ്ത്രവും സ്ഥലവും അശുദ്ധമാകുന്നു എന്ന കാരണം പറഞ്ഞ് നിസ്‌കാരം ഉപേക്ഷിക്കുന്ന ചില്ല ഉമ്മമാരുണ്ട്.  അത് തെറ്റാണ്.

കുഞ്ഞുങ്ങളില്‍ നിന്ന് പുറപ്പെടുന്ന നജസ് ശരീരത്തിന്റെ ഒരു ഭാഗത്ത് ആയാല്‍ കുളിച്ചെങ്കിലേ നിസ്‌കാരം ശരിയാവുകയുള്ളൂവെന്നും വസ്ത്രത്തിന്റെ ഒരു ഭാഗത്തായാല്‍ വസ്ത്രം മുഴുവനും കഴുകണമെന്നും വീട്ടിന്റെ ഒരു ഭാഗത്തായാല്‍ വീടു മുഴുവന്‍ കഴുകണമെന്നും മനസ്സിലാക്കിയവരുണ്ട്.  ഇത് ശരിയല്ല.  ശരീരത്തിന്റെയോ വസ്ത്രത്തിന്റെയോ ഒരു ഭാഗത്ത് നജസ് പുരണ്ടാല്‍ ആ സ്ഥലം മാത്രം കഴുകിയാല്‍ മതിയാവും.  നജസായ സ്ഥലത്ത് വെള്ളം ഒഴിച്ചുകൊണ്ടാണ് ശുദ്ധിയാക്കേണ്ടത്.  അല്ലാതെ നസജ് പുരണ്ട കയ്യോ തുണിയോ പാത്രത്തിലുള്ള വെള്ളത്തിലിട്ട് വൃത്തിയാക്കിയാല്‍ അവ നജസില്‍ നിന്ന് ശുദ്ധിയാവുകയില്ല.

നജസായ തുണി വാഷിങ്ങ് മെഷീനില്‍ ഇടുന്നതിനു മുമ്പ് നജസിനെ പൂര്‍ണ്ണമായും കഴുകിക്കളയണം.  പിന്നെ തുണിയിട്ട ശേഷം വെള്ളം ഒഴിക്കുക. മെഷീനില്‍ വെള്ളം നിറച്ച ശേഷം അതില്‍ നജസായ തുണിയിട്ടു കഴുകിയതുകൊണ്ട് മാത്രം ശുദ്ധിയാവുകയില്ല.

വീട്ടിനുള്ളില്‍ കുട്ടികള്‍ കാഷ്ഠിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ആദ്യം തുണികൊണ്ടോ മറ്റോ നജസിന്റെ തടി മണവും നിറവുമൊന്നും അവശേഷിക്കാത്ത നിലയില്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റണം.  ശേഷം അവിടെ വെള്ളം ഒഴിക്കുന്നതോടെ ആ സ്ഥലം ശുദ്ധിയുള്ളതാകും.  വേണമെങ്കില്‍ ശുദ്ധമായ ഒരു തുണികൊണ്ടോ മറ്റോ അവിടെ ഒഴിച്ച വെള്ളം ഒപ്പിയെടുക്കാവുന്നതാണ്.

നജസായ തുണി വെള്ളമുള്ള പാത്രത്തില്‍ ഇട്ടുകഴുകിയാല്‍ ആ വെള്ളവും കൂടി നജസാവും.  ഇനി ആ തുണികൊണ്ട് വേറെ എവിടെയെങ്കിലും തുടച്ചാല്‍ തുടച്ച സ്ഥലവും നജസാവും.

നജസുകള്‍ ശ്രദ്ധിക്കേണ്ടത്

വിശ്വാസി ഇടപഴകുന്ന മേഖലകളെല്ലാം തന്നെ വൃത്തിയുള്ളതായിരിക്കേണ്ടതാണ്. അവന്റെ നടത്തത്തിലും ഇരുത്തതിലും കിടത്തത്തിലുമെല്ലാം നജസ് ശരീരത്തിലേക്കും വസ്ത്രത്തിലേക്കമെല്ലാം പുരളുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നജസിനെ സൂക്ഷിക്കുന്ന പരുവത്തിലായിരിക്കണം അവന്റെ വസ്ത്രധാര രീതിയും പെരുമാറ്റവും. പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോവുന്ന കാര്യമാണ് നിലത്തിഴച്ച് നടക്കുന്ന പാന്റും തുണിയുമെല്ലാം. ഇവ റോഡിലും നിരത്തിലും കാറിലും ബസിലും ട്രെയിനിലുമൊക്കെ നിലത്തുള്ള നജസുകള്‍ പേറി നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാണ്. 

ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് പള്ളിയില്‍ കയറി നിലത്തിഴച്ചാല്‍ വസ്ത്രത്തില്‍ഡ നജസ് പള്ളിയില്‍ പുരണ്ട് പള്ളിയും മലിനമാകും. ഇത് മറ്റുള്ളവരുടെ നിസ്‌കാരവും അസാധുവാക്കും. ആയതിനാല്‍ നിസ്‌കാര സമയത്ത് മാത്രം പാന്റ് മടക്കിവെക്കുന്നതും തുണി കയറ്ഇ ഉടുക്കുന്നതും നിസ്‌കാരത്തിന്റെ സാധൂകരണത്തിന് യാതൊരുപകാരവും ചെയ്യുകയില്ല.അതുകൊണ്ടുതന്നെ നെരിയാണിക്ക് മുകളില്‍ മാത്രം ഇറക്കമുള്ള രീതിയില്‍ പാന്റ് തയ്പിക്കുകയും തുണിയുടുക്കുന്നവര്‍ എല്ലാ സമയത്തും തുണി കയറ്റി ഉടുക്കുകയും ചെയ്യുക. 

തൊഴില്‍ സ്ഥലത്തും സ്‌കൂളുകളിലും കോളേജുകളിലും ബസിലും ട്രയിനിലും ബസ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനുകളിലുമെല്ലാം അന്യസ്ത്രീകളുമായി കുശലം പറഞ്ഞ് രസിക്കുന്നതും അകലെ നിന്ന് നോക്കി ആശ്വദിക്കുന്നതും മൊബൈല്‍ സംഭാഷണവും കമ്പ്യൂട്ടറിലെയും മൊബൈലിലെയും മെസ്സേജുകളും ചാറ്റിംഗും ഇക്കിളി നോവല്‍ വായനയും മറ്റുള്ള പലപ്രവര്‍ത്തനങ്ങളുമെല്ലാം പലപ്പോഴും മദിയെന്ന ദ്രാവകം പുറപ്പെടാന്‍ കാരണമാകും. മത്രമല്ല, സ്വന്തം ഭാര്യമാരുമായി യാത്രയിലെയും മറ്റുമുള്ള തമാശകളും പെരുമാറ്റങ്ങളും കാരണമായി മദ്‌യ് പുറപ്പൈട്ടേക്കാം. 

എന്നാല്‍ മദ്‌യ് പുറപ്പെടുന്നത് മൂത്രം പുറപ്പെടുന്നത് പ്രകാരം അറിയണമെന്നില്ല. ആയതിനാല്‍ ഇത്തരക്കാന്‍ അടിവസ്ത്രം പരിശോധിക്കുകയും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അടിവസ്ത്രത്തില്‍ മദ്‌യ് ഉണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ അതഴിച്ച് മാറ്റുകയോ വേണം. അല്ലാതെയുള്ള നിസ്‌കാരം അസാധുവാണ്.

മൂത്രമൊഴിക്കുന്ന സമയത്ത് ശരീരത്തിലേക്ക് തെറിക്കാതെ ശ്രദ്ധിക്കണം. യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുമ്പോള്‍ ക്ലോസറ്റിലുള്ള വെള്ളം ചന്തിയുടെ ഭാഗത്തേക്കും തുടയിലേക്കും തെറിക്കുന്നതിനാലും ക്ലോസറ്റില്‍ തുടവെച്ച് ഇരിക്കുന്നതിനാലും ഈ ഭാഗങ്ങളൊക്കെ കഴുകി ശുദ്ധി വരുത്തണം. വസ്ത്രത്തിലേക്ക് തെറിച്ചിട്ടുണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ വേറെ വസ്ത്രം ധരിക്കുകയോ വേണം. 

വീടുകളില്‍ ബാത്ത് റൂമില്‍ നിന്ന് വുളൂഅ് ചെയ്തുവരുന്നവര്‍ ചെരിപ്പ് ധരിച്ചു തന്നെ നിസ്‌കാര പായയില്‍ കയറണം. വീടുകളില്‍ വെള്ളം ഒഴിച്ച് കഴുകുന്നതിന് പകരം സാധാരണയായി നിലം തുടക്കുകയാണ് പതിവ്. കാഴ്ചയില്‍ വൃത്തിയാകുമെങ്കിലും പുരളുന്ന സ്ഥലമാണെങ്കില്‍ നജസില്‍ നിന്നു ശുദ്ധിയാകുന്നില്ല. 

പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളില്‍. അവര്‍ മലമൂത്രവിര്‍ജ്ജനം നടത്തുമ്പോള്‍ കഴുകി വൃത്തിയാക്കുന്നതിന് പകരം മലവും മൂത്രവും നീക്കി നിലം കഴുകാതെ തുടക്കുക മാത്രം ചെയ്യുമ്പോള്‍ നജസ് പരക്കുകയാണ് ചെയ്യുക. ഈ നിലയില്‍ കഴുകാതെയുള്ള തറയില്‍ നനഞ്ഞ കാലോടുകൂടെ ചവിട്ടി കട്ടിലിലും കസേരയിലും മറ്റു സ്ഥലങ്ങളിലും കുട്ടികളും വലിയവരും കയറുമ്പോള്‍ അവിടെയെല്ലാം നജസ് വ്യാപിക്കുന്നു. അതുകൊണ്ട് തറയില്‍ നജസായാല്‍ കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.,


ശരിരത്തിൽ നജസായി കണക്കാക്കപ്പെടുന്ന വസ്തുക്കൾ എതെല്ലാം ?

കാഷ്ടം, മൂത്രം, മദ് യ്, വദ് യ്, രക്തം, ചലം, ഛർദ്ദിച്ചത്, മനുഷ്യന്റെയും മത്സ്യത്തിന്റെയും വെട്ടുകിളിയുടെയും അല്ലാത്ത ശവങ്ങൾ, ദ്രാവക രൂപത്തിലുള്ള  ലഹരി  വസ്തുക്കൾ, നായ, പന്നി, ജീവികളുടെ കൈപ്, കന്നുകാലികൾ അയവിറക്കുന്നത്, ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളുടെ പാൽ, ശവം, മൃഗങ്ങളുടെ പിരിഞ്ഞ ഭാഗം.(ഫതഹുൽ മുഈൻ 32-37, ബുഷു`റുൽ കരീം 41 )

നിസ്കാരം, ത്വവാഫ് പോലോത്ത ആരാധനകളിൽ അല്ലാത്ത സമയം നജസിൽ നിന്നും വൃത്തിയായിരിക്കൽ നിർബന്ധമുണ്ടോ?

ഇല്ല. എങ്കിലും ആവശ്യത്തിനല്ലാതെ നജസ് ശരിരത്തിലോ വസ്ത്രത്തിലോ പുരട്ടൽ ഹറാമാണ്. (ഫതഹുൽ മുഈൻ 31 )


മദ് യ്, വദ് യ്, എന്നാൽ എന്ത്?

കാമവികാരം ശക്തമാകുന്നതിന്ന്  മുമ്പു  മഞ്ഞനിറത്തിലോ  വെള്ളനിറത്തിലോ നേർമയായ നിലക്ക്  മുൻദ്വാരത്തിലൂടെ ദ്രാവകമാണ്  മദ് യ്, ഭാരമുള്ള വസ്തുക്കൾ സമയത്തോ മൂത്രിച്ചതിന്ന് ശേഷമോ മുൻദ്വാരത്തിലൂടെ പുറപ്പെടുന്ന കട്ടിയുള്ളതും കലർപ്പുള്ളതും വെളുത്തതുമായ  ദ്രാവകമാണ് വദ് യ്.  (ഫതഹുൽ മുഈൻ 32  )


വിസർജ്ജന സ്ഥലത്തു കാണിക്കേണ്ട മര്യാദകൾ 

നിലത്തോടടുക്കുന്നത് വരെ വസ്ത്രം ഉയര്‍ത്താതിരിക്കുക. ഇടത് കാലില്‍ ഭാരം കൊടുക്കുക. അനാവശ്യമായി സംസാരിക്കാതിരിക്കുക. ഗുഹ്യ ഭാഗങ്ങളിലേക്കും വിസര്‍ജ്യ വസ്തുക്കളിലേക്കും നോക്കാതിരിക്കുക. ബ്രഷ് ചെയ്യാതിരിക്കുക. മൂത്രത്തില്‍ തുപ്പാതിരിക്കുക. അന്ന പാനീയങ്ങള്‍ വര്‍ജ്ജിക്കുക. വിസര്‍ജന സ്ഥലത്ത് അധികം ഇരിക്കാതിരിക്കുക. ശൗച്യ ശേഷം നിവര്‍ന്ന് നില്‍ക്കും മുമ്പ് ക്രമേണ ഉടുമുണ്ട് താഴ്ത്തുക. വലത് കാല്‍ ആദ്യം എടുത്ത് വച്ച് കൊണ്ട് പുറത്ത് വരിക. പുറത്തെത്തിയതിന് ശേഷവും ശൗച്യ ശേഷവും പറയപ്പെട്ട ദിക്‌റുകള്‍ ചൊല്ലുക.

ഇസ്തിബ്‌റാഅ് എന്ത്? എങ്ങനെ?

മലമൂത്ര വിസര്‍ജനത്തിന് ശേഷം വിസര്‍ജ്യ വസ്തുക്കള്‍ പൂര്‍ണ മായും പുറത്ത് പോവാന്‍ വേണ്ടിയുള്ള ഒരു മാര്‍ഗമാണിത്. തൊണ്ടയനക്കുക, ഇടത് കൈ കൊണ്ട് പിന്‍ദ്വാരം മുതല്‍ ലിംഗാഗ്രം വരേ തടവുക, മൃദുവായി ലിംഗം കുടയുക, ഏതാനും അടി നടക്കുക, ഇവയാണ് പ്രധാന മാര്‍ഗ്ഗങ്ങള്‍.

ബഹുമാനിക്കപ്പെടുന്ന നാമങ്ങള്‍ കൊത്തിവെച്ച മോതിരം ഇടത് കയ്യിലണിഞ്ഞ് ശൗച്യം നടത്തുന്നതിന്റെ വിധി ?

ഹറാം . അഴിച്ച് വക്കല്‍ നിര്‍ബന്ധമാണ്.

ബഹുമാനിക്കപ്പെടുന്ന പേര് പതിപ്പിക്കപ്പെട്ട മോതിരവുമായി ഒരാള്‍ കക്കൂസില്‍ പ്രവേശിച്ചാല്‍ അത് ഊരി പുറത്ത് തന്നെ വെക്കേണ്ടതുണ്ടോ?

ഇല്ല. അതിനെ ഊരി ഉള്ളന്‍ കയ്യില്‍ പിടിക്കല്‍ സുന്നത്താണ്.

കക്കൂസില്‍ പ്രവേശിക്കുന്നവന്‍ ഇടത് കാല്‍ മുന്തിക്കല്‍ സുന്നത്താണ്. എന്നാല്‍ ഉപയോഗം തുടങ്ങാത്തതാണെങ്കില്‍ ഈ വിധി ബാധകമാണോ?

ഈ വിധി ബാധകമാവുകയില്ല. അതിനെ മ്ലേഛമായ സ്ഥലമായി പരിഗണിക്കുന്നില്ല എന്നതാണ് കാരണം .

വിസര്‍ജന സമയത്ത് തുമ്മിയാല്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയാന്‍ പറ്റുമോ?

പറയല്‍ കറാഹത്താണ്. ഹൃദയം കൊണ്ട് മാത്രം അല്ലാഹുവിനെ സ്ഥുതിക്കലാണ് സുന്നത്ത്.

അന്യരുടെ ഉടമസ്ഥതയിലുള്ള ഫലം കായ്ക്കുന്ന മരച്ചുവട്ടില്‍ വിസര്‍ജ്യം നടത്തുന്നതിന്റെ വിധി എന്ത്?

ഹറാമാണ്. സ്വന്തം ഉടമസ്ഥതയിലുള്ളതാണെങ്കില്‍ കറാഹത്ത്.


വിസര്‍ജന സമയത്ത് വാങ്ക് കേട്ടാല്‍ ഇജാബത്ത് ചെയ്യേണ്ടതുണ്ടോ?

വായ കൊണ്ട് അക്ഷരങ്ങള്‍ ഉച്ചരിച്ച് ഇജാബത്ത് ചെയ്യല്‍വിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും മനസ്സ് കൊണ്ട് ഇജാബത്ത് ചെയ്യല്‍ സുന്നത്താണ്.

വെള്ളം കൊണ്ട് മനഹോരം ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യമാക്കല്‍ സുന്നത്തുണ്ടോ?

വെള്ളം കൊണ്ട് മനഹോരം ചെയ്യുമ്പോള്‍ മൂന്ന് പ്രവശ്യമാക്കല്‍ സുന്നത്താണ് . എന്നാല്‍ കല്ല് പോലോത്തത് കൊണ്ടാണെങ്കില്‍ മൂന്ന് പ്രാവശ്യമാക്കല്‍ നിര്‍ബന്ധവുമാണ്.

വെള്ളമുണ്ടായിരിക്കേ കല്ല് കൊണ്ട് മനഹോരം നടത്താമോ?

കല്ലും വെള്ളവും ഒരുമിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം എങ്കിലും ഒന്ന് കൊണ്ട് മാത്രം മതിയാക്കാന്‍ ഉദ്ദേശിച്ചവന് വെള്ളം ഉപയോഗിക്കലാണ് ഉത്തമം

കല്ല് കൊണ്ട് ശൗച്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

നജസ്സ് ഉണങ്ങാതിരിക്കുക, പുറപ്പെട്ട നജസ് സ്ഥാനം വിട്ട് നീങ്ങാതിരിക്കുക. നജസ് പുറപ്പെട്ട സ്ഥലത്ത് അന്യ നജസ് ഉണ്ടാവാതിരിക്കുക.

കല്ല് കൊണ്ട് ശൗച്യം ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യം ചെയ്യല്‍ നിര്‍ബന്ധമുണ്ടോ ?

കല്ല് കൊണ്ട് ശൗച്യം ചെയ്യുമ്പോള്‍ ചുരുങ്ങിയത് മൂന്ന് കല്ല് കൊണ്ടോ, ഒരു കല്ലിന്റെ മൂന്ന് ഭാഗങ്ങള്‍ കൊണ്ടോ മൂന്ന് വട്ടം തടവല്‍ നിര്‍ബന്ധമാണ്.

കല്ല് കൊണ്ട് മനഹോരം ചെയ്തയാളുടെ വിസര്‍ജ്യ ദ്വാരത്തില്‍ വിയര്‍പ്പ് കലര്‍ന്നാല്‍ കഴുകല്‍ നിര്‍ബന്ധമാവുമോ?

ഇല്ല. കല്ല് കൊണ്ട് ശൗച്യം ചെയ്തവന്റെ മുന്‍ പിന്‍ ദ്വാരത്തില്‍ വിയര്‍പ്പ് ഉണ്ടായത് കൊണ്ട് മാത്രം കഴുകല്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഹശ്ഫ, സഫ്ഹ എന്ന പരിധി വിട്ടാല്‍ ആ ഭാഗം കഴുകല്‍ നിര്‍ബന്ധമാണ്.


മുറിവ്, വസൂരി, ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ഇവയിൽ നിന്നും ഒലിക്കുന്ന ദ്രാവകത്തിന്റെ  വിധി എന്ത് ?

അവകളിൽ നിന്നും ഒലിക്കുന്ന ദ്രാവകങ്ങൾ  പകർച്ച (നിറം, മണം, രുചി, എന്നിവയ്ക്ക് വ്യത്യാസം ഉണ്ടാവുക ) ഉണ്ടെങ്കിൽ നജസാണ്. അത്തരം വ്യത്യാസങ്ങൾ ഇല്ലെങ്കിൽ നജസല്ല.(ഫതഹുൽ മുഈൻ 33 ) 


ഉണങ്ങിയ മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?

ഉ:  നിറമോ രുചിയോ  വസനയോ ഇല്ലെങ്കിൽ മുകളിൽ വെള്ളമൊഴിച്ചാൽ  മതി. (ഫതഹുൽ മുഈൻ 37)

മാർബിൾ പോലത്തെ വസ്തുവിൽ നജസ് പറ്റിയാൽ എങ്ങനെ ശുദ്ധീകരിക്കണം 

മാര്‍ബിള്‍ തറപോലെ നജ്‌സ് വറ്റാത്ത സ്ഥലമാെണങ്കില്‍ അവിടെ മൂത്രം പോലെയുള്ള നജ്‌സ് അയാല്‍ ആദ്യം നജ്‌സിന്റെ മണവും രുചിയും ശേഷിക്കാത്ത രൂപത്തില്‍ തുടച്ചെടുക്കണം. പിന്നീട് വെള്ളം ഒഴിക്കണം. ആദ്യം തുടച്ചെടുക്കാന്‍ ഉപയോഗിച്ച തുണി രണ്ട് കുല്ലത്തില്‍ കുറഞ്ഞ വെള്ളത്തില്‍ ഇട്ടാല്‍ ആ പാത്രവും വെള്ളവും നജ്‌സാകുന്നതാണ്. അത്‌പോലെ ആ തുണിക്ക് മുകളിലൂടെ വെള്ളം ഒഴിച്ച് കഴുകുന്നതിന്റെ മുമ്പ് അത്‌കൊണ്ട് വീണ്ടും തുടച്ചാല്‍ ശുദ്ധിയാകുകയില്ല.

ചെറിയ കുട്ടിയുടെ  മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?

രണ്ട് വയസ്സ് തികയാത്ത പാലല്ലാതെ മറ്റൊന്നും ഭക്ഷിക്കാത്ത ആണ്‍ കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കൻ അതിനെക്കാൾ കുടുതൽ വെള്ളം കുടഞ്ഞാൽ മതി. ഒലിപ്പിച്ച് കഴുകേണ്ടതില്ല. (മഹല്ലി 1/74 )

നജസല്ലാത്ത രണ്ട് രക്തപിന്ധങ്ങൾ ഏതെല്ലാം?

കരൾ, കരിനാക്ക്.  (തുഹ്ഫ 1/ 479)

ബീജം നജസിൽ  പെട്ടതാണോ?

നജസല്ലത്ത ജീവികളിൽ നിന്നുള്ളതാണെങ്കിൽ ശുദ്ധിയുള്ളതാണ്. നജാസായ ജീവികളിൽ നിന്നുള്ളതാണെങ്കിൽ നജസാണ് . (റൗളതു`ത്വാലിബീൻ 127 )

നിലത്തു നജസ്സായാൽ എങ്ങനെ വൃത്തിയാക്കാം 

നിലത്ത് നജസാകുകയും അവശിഷ്ടങ്ങള്‍ ബാക്കിയാകാത്ത വിധം വറ്റിപ്പോകുകയും ചെയ്താല്‍ ആ നജസിനേക്കാള്‍ കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ വൃത്തിയാകും. കാഷ്ടം പോലുള്ളത് മണ്ണില്‍ കലര്‍ന്നാല്‍ ആ മണ്ണ് നീക്കം ചെയ്യുക തന്നെ വേണം.

അറുക്കപ്പെട്ട മൃഗത്തിന്റെ ഭ്രൂണം നജസാണോ ?

നജസല്ല. (തുഹ്ഫ 1/ 478 )

ഛർദിച്ചത്  നജസാവാത്തത്  എപ്പോൾ ?

നാം ഭക്ഷിച്ച വസ്തു ആമാശയത്തിലെത്തും മുമ്പാണ്  ഛർദിച്ചതെന്ന്  ഉറപ്പോ, സാധ്യതയോ ഉണ്ടെങ്കിൽ അത് നജസായി ഗണിക്കപ്പെടില്ല. (ഫതഹുൽ മുഈൻ 33 )

സ്ഥിരമായി ഛർദിക്കുന്ന കുട്ടി ഛർദിച്ച അവശിഷ്ടത്തെ തൊട്ട്  ഉമ്മാക്ക്  ഇളവുണ്ടോ ? അത് വൃത്തിയാകൽ നിർബന്ധമുണ്ടോ ?

സ്ഥിരമായി ഛർദിക്കുന്ന കുട്ടിയുടെ വായിലുള്ള ഛർദിയുടെ അവശിഷ്ടത്തെ തൊട്ട് ഉമ്മയുടെ മുലയിൽ നിന്നും കുട്ടിയുടെ വായിൽ പ്രവേശിക്കുന്ന ഭാഗത്തെ തൊട്ട് മാത്രം പൊറുക്കപ്പെടുന്നതാണ്. എന്നാൽ മറ്റു ശ്പർശനം, ചുംബനം എന്നിവയാൽ ഛർദിച്ചത്  പുരണ്ടാൽ പൊറുക്കപ്പെടില്ല. വൃത്തിയാക്കണം.(ഫതഹുൽ മുഈൻ-ഇഅനത്ത് 33 )

ഈച്ച പോലുള്ള ചെറിയ പ്രാണികളുടെ ശവങ്ങൾ അധികരിച്ചാൽ അവകളെ തൊട്ടു നിസ്കാരത്തിൽ വിടുതിയുണ്ടോ? 

വിടുതിയുണ്ട്. (ഫതഹുൽ മുഈൻ )

നജസല്ലാത്ത ശവങ്ങൾ  ഏതെല്ലാം? 

മനുഷ്യൻ, മത്സ്യം, വെട്ടുകിളി, എന്നിവയുടെ ശവം. (ഫതഹുൽ മുഈൻ 35  )

ഒരു വ്യക്തിക്ക് ഒരു മുടിയോ തൂവലോ ലഭിക്കുകയും അത് ഭക്ഷിക്കാവുന്ന ജീവിയുടെതാണോ  അല്ലയോ അത് ജീവിതകാലത്ത് പിരിഞ്ഞതാണോ അല്ലയോ എന്നറിയാതിരിക്കുകയും ചെയ്താൽ അതിന്റെ വിധി എന്ത് ?

അത് ശുദ്ധിയുള്ളതായി കണക്കാക്കപ്പെടും.(ഫതഹുൽ മുഈൻ 34  )


ചത്ത ജീവിയുടെ മുട്ട ശുദ്ധിയുള്ളതാണോ ?

മുട്ടയുടെ തോൽ ഉറച്ചിട്ടുണ്ടെങ്കിൽ ശുദ്ധിയുള്ളതാണ്. ഉറക്കാത്ത തോലാണെങ്കിൽ നജസാണ്. (ഫതഹുൽ മുഈൻ 34  )


ഭക്ഷ്യയോഗ്യമല്ലാത്ത ജീവിയുടെ മുട്ട അനുവധിനീയമാണോ ?

ശരീരത്തിനു പ്രയാസം വരില്ലെന്ന്  ഉറപ്പുണ്ടെങ്കിൽ  ഭക്ഷിക്കാം.  (ഫതഹുൽ മുഈൻ 34  )

ഭക്ഷ്യയോഗ്യമായ ജിവികളുടെ രോമത്തിന്റെയും തൂവലുകളുടെയും വിധി എന്ത് ?

ജീവിതകാലത്തും അറുത്തതിന്നു ശേഷവും പിരിഞ്ഞതാണെങ്കിൽ  നജസല്ല. ചത്തതിന്ന്  ശേഷമാണെങ്കിൽ  നജസാണ്. 

ഒരു ജീവിയിൽ നിന്ന്  പിരിഞ്ഞുപോന്ന രോമവും തൂവലുമല്ലത്ത ഭാഗത്തിന്റെ  വിധി എന്ത് ?

കൈ പോലുള്ള അവയവങ്ങൾ ജീവിതകാലത്തു പിരിഞ്ഞാൽ ആ ജീവിയുടെ ശവം നജസാണെങ്കിൽ അത് നജസായിരിക്കും. ശവം നജസല്ലാത്ത മനുഷ്യൻ, മത്സ്യം പോലുള്ളവയിൽ നിന്നാണെങ്കിൽ നജസല്ല.(മിൻഹജ് )

കഫത്തിനെ  സംബന്ധിച്ച് എന്താണ് വിധി ?

തലയിൽ നിന്ന് ഇറങ്ങി വന്നതോ, നെഞ്ചിൽ നിന്ന് കയറി വന്നതോ ആയ കഫം നജസല്ല. എന്നാൽ ആമാശയത്തിൽ നിന്ന് പുറപ്പെട്ടതാണെങ്കിൽ  നജസാണ്. (ഫതഹുൽ മുഈൻ 33 )

ഉറങ്ങുന്നവന്റെ വായിൽ നിന്ന് ഒലിക്കുന്ന (കേല ) നജസാണോ ?

അത്  ആമാശയത്തിൽ നിന്നാണെന്ന്  ഉറപ്പായാൽ നജസാണ്. അല്ലെങ്കിൽ ശുദ്ധിയുല്ലതാണ് . (ഫതഹുൽ മുഈൻ 33 )

ഭക്ഷണത്തിൽ ശവം വീണാൽ വിധി എന്ത് ?

ഭക്ഷണം ഉറച്ചതാണെങ്കിൽ  ശവവും അത് സ്പർശിച്ച ഭാഗത്തെ ഭക്ഷണവും എടുത്തു കളയണം. ഭക്ഷണം ദ്രാവകരൂപത്തിലാണെങ്കിൽ അത് മുഴുവനും നജസായി.(ഫതഹുൽ മുഈൻ 38  )

മാംസത്തിലും എല്ലിലും  ശേഷിക്കുന്ന  രക്തത്തിന്  വിടുതിയുണ്ടോ?

വിടുതിയുണ്ട് .(ഫതഹുൽ മുഈൻ 32  )

പഴങ്ങളിൽ കാണുന്ന പുഴുവിന്റെ വിധി എന്ത്?

പഴത്തിന്റെ കൂടെ കഴിക്കാം.(ഫതഹുൽ മുഈൻ 36 )


കിണറിലെ വെള്ളം നജസായാൽ ശുദ്ധീകരിക്കുന്നതു എങ്ങിനെ?

വെള്ളം രണ്ടു ഖുല്ലത്തിൽ (192ലിറ്റർ ) താഴെയുള്ളതാണെങ്കിൽ, വെള്ളം ഉറവു വന്നോ വെള്ളം ഒഴിച്ചോ  രണ്ടു  ഖുല്ലത്താവുകയും പകർച്ച ഇല്ലാതാവുകയും ചെയ്താൽ ശുദ്ധിയാവും.രണ്ടു  ഖുല്ലത്താവുകയും പകർച്ച ശേഷിക്കുകയും ആ പകർച്ച നീങ്ങുന്നതു വരെ ശുദ്ധിയാകില്ല.പകർച്ച നീങ്ങിയതിന്നു ശേഷം രോമം പോലുള്ളത്  ബാക്കിയാവുകയും ചെയ്താൽ  കോരിയെടുക്കുന്ന രോമമുണ്ടാകാൻ സാധ്യതയുണ്ട് . അതുകൊണ്ട് വെള്ളം മുഴുവൻ  മാറ്റുകയോ  രോമം പുറത്ത് പോകാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയൊ വേണം.  (ഫതഹുൽ മുഈൻ 39  )

നജസായ വസ്തു ശുദ്ധീകരിക്കുന്നതു എങ്ങിനെ ?

നിറം, മണം, രുചി, എന്നിവ നീങ്ങുന്നതുവരെ കഴുകണം. (ഫതഹുൽ മുഈൻ 37  )

കഴുകിയതിനു ശേഷം നിറം, മണം, രുചി, ഇവയിൽ വല്ലതും ബാക്കിയായാൽ വിധി എന്ത് ?

രുചി  മാത്രമോ, മണം  മാത്രമോ, മണവും നിറവും കൂടിയോ ശേഷിച്ചാൽ വിടുതിയില്ല.  (ഫതഹുൽ മുഈൻ 37  )


ഈച്ചയുടെ കാലിലുള്ള  നജസിന്റെ വിധി എന്ത്?

കാണാവുന്നതാണെങ്കിലും പൊറുക്കപ്പെടും. (ഫതഹുൽ മുഈൻ 34 )


മുസ്ഹഫിൽ  നജസായാൽ വിധി എന്ത്?

പൊറുക്കപ്പെടാത്ത നജസാണെങ്കിൽ മുസ്`ഹഫ്‌  കഴുകണം. കഴുകുന്നതുകൊണ്ട്  മുസ്`ഹഫ്‌  നശിച്ചാലും അത് കഴുകൽ നിർബന്ധമാണ്‌. ഈ പറഞ്ഞ വിധി  മുസ്`ഹഫിലെ അക്ഷരങ്ങളെ സ്പർശിച്ചാലാണു. (ഫതഹുൽ മുഈൻ 38  )


പൊറുക്കപ്പെടുന്ന നജസുകൾ ഏതെല്ലാം ?

ചെള്ള്, കൊതുക്, കുരു പോലുള്ളവയുടെ രക്തം അവന്റെ പ്രവർത്തികൂടാതെ ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അധികരിച്ചതാണെങ്കിലും പൊറുക്കപ്പെടുന്നതാണ്. അവന്റെ പ്രവർത്തനം കൊണ്ടാണെങ്കിൽ കുറഞ്ഞതിനെ തൊട്ട്  മാത്രമേ പൊറുക്കപ്പെടുകയുള്ളൂ. ഇത്തരം നജസ് നിസ്കാരത്തിൽ മാത്രമേ  പൊറുക്കപ്പെടുകയുള്ളൂ. രണ്ടു ഖുല്ലത്തിൽ കുറവായ വെള്ളത്തിൽ പൊറുക്കപ്പെടുകയില്ല.

തരിമൂക്ക്  പൊട്ടിവരുന്ന രക്തം, ഹൈള് രക്തം, അന്യന്റെ രക്തം എന്നിവ കുറഞ്ഞതാണെങ്കിൽ  പൊറുക്കപ്പെടും. 

ഈച്ചയുടെ കാഷ്ടം, മൂത്രം  എന്നിവ  പൊറുക്കപ്പെടുന്നതാണ്. വവ്വാലിന്റെ കാഷ്ടം സൂക്ഷിക്കാൻ ബുദ്ധിമുട്ടാകും വിധം  അധികരിച്ചാൽ, നിസ്കരിക്കുന്ന സ്ഥലം, വസ്ത്രം, ശരീരം എന്നിവയെ തൊട്ട്  പൊറുക്കപ്പെടുന്നതാണ്.  കല്ല്  പോലുള്ളവ കൊണ്ട്  ശുദ്ധീകരണം നടത്തിയാൽ മലമൂത്ര ദ്വാരങ്ങളിൽ സാന്നിധ്യത്തെ  തൊട്ട്  പൊറുക്കപ്പെടുന്നതാണ്.(ഫതഹുൽ മുഈൻ 39 - 42)


നിത്യഅശുദ്ധിക്കാരന് മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാണോ?

നിത്യഅശുദ്ധിക്കാരന് അവന്‍ നിത്യഅശുദ്ധിക്ക് കാരണമായതല്ലാത്ത രൂപത്തില്‍ അശുദ്ധി ഉണ്ടായാല്‍ മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാവില്ല. അതായത് മൂത്രവാര്ച്ച യുടെ രോഗമുള്ള ഒരാള്ക്ക് കീഴ്വായു പോകല്‍ കാരണമായോ മറ്റോ അശുദ്ധിയുണ്ടായാല്‍ മുസ്വ്ഹഫ് തൊടലും ത്വവാഫ്, സുജൂദ് തുടങ്ങിയവയൊന്നും തന്നെ അനുവദനീയമല്ല.

എന്നാല്‍ നിത്യഅശുദ്ധിക്കാരന്‍ അശുദ്ധിയില്‍ നിന്ന് ശുദ്ധിയായ ഉടനെ നിസ്കാരത്തിലേക്ക് പ്രവേശിക്കാതിരിക്കുകയോ ശുദ്ധിയുള്ള സമയത്ത് അവന്‍ ഉദ്ദേശിച്ച കര്മ്ങ്ങള്‍ നിര്വശഹിക്കാതെ വീഴ്ച വരുത്തുകയോ ചെയ്താല്‍ നിസ്കാരം, ത്വവാഫ്, മുസ്ഹഫ് തൊടല്‍ എന്നിവയെല്ലാം അവന് ഹറാമാകുന്നതാണ്. അതേസമയം നിത്യഅശുദ്ധിക്കാരന്‍ ശുദ്ധിവരുത്തിയ ഉടനെ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയും ശേഷം പ്രസ്തുത ഫര്ള്ു നിസ്കാരത്തിന്റെ് സമയം അവസാനിക്കുന്നത് വരെ സുന്നത്ത് നിസ്കാരങ്ങള്‍ നിർവഹിക്കുകയും ചെയ്താല്‍ അതവന് അനുവദനീയമാണ്. 

ശുദ്ധീകരണത്തിന്റെതയും നിസ്കാരത്തിന്റെമയും ഇടയില്‍ അവന്‍ വിട്ട്പിരിച്ചാല്‍ അത് അവനില്‍ നിന്നുള്ള വീഴ്ചയായി പരിഗണിക്കുകയും ചെയ്യും. അക്കാരണത്താല്‍ നിത്യഅശുദ്ധിക്കാരനാണെങ്കിലും ശേഷം അവനില്‍ നിന്നുണ്ടാകുന്ന അശുദ്ധികളെ തൊട്ട് വിട്ടുവീഴ്ച ചെയ്യപ്പെടുകയില്ല (തുഹ്ഫ: 1/155, ഹാശിയതുശ്ശര്വാ്നി: 1/422).

നായയുമായി ലൈംഗികബന്ധത്തിലേർപെട്ട്  മനുഷ്യക്കുട്ടി പിറന്നാൽ  അതിന്റെ ഇസ്ലാമിക വിധി എന്ത് ?

അവൻ പൊറുക്കപ്പെടുന്ന  നജസിന്റെ  വിഭാഗത്തിലാണ്. അവനു സാധാരണ മനുഷ്യനെപ്പോലെത്തന്നെ  നിസ്കാരവും മറ്റും നിർബന്ധമാണ്‌. അവന്  നനവോട് കൂടെയാണെങ്കിലും പള്ളിയില പ്രവേശിക്കലും, അവനെ  സ്പർശിക്കലും, ഇമാമായി നിർത്തലും അനുവദനീയമാണു. (ഫതഹുൽ മുഈൻ 37 )

ചിലന്തിവല  നജസാണോ ?

 നജസല്ല. (ഫതഹുൽ മുഈൻ 37 )


കോഴിയുടെ തൂവല്‍ ഉപയോഗിക്കാമോ?

പശു, ആട്, കോഴി തുടങ്ങി ഭക്ഷിക്കാവുന്ന ജീവികളുടെ രോമം തൂവല്‍ എന്നിവ ജീവിതകാലത്ത് വേര്‍പിരിഞ്ഞതാണെങ്കില്‍ നജസല്ല. അറുത്തതിന് ശേഷമാണെങ്കിലും ഇതുതന്നെയാണ് വിധി.

പാമ്പുപോലുള്ള  ജീവികൾ  ജീവിതകാലത്ത്  പൊഴിക്കുന്ന പടം (നിർജീവ തൊലി) നജസാണോ ?

നജസാണ്. (ഫതഹുൽ മുഈൻ 37 )

ഒരു ജീവി പാത്രത്തിലെ വെള്ളത്തിൽ തലയിട്ട്  കുടിച്ചാൽ അതിന്റെ  വിധി  എന്ത് ?

ശുദ്ധിയുള്ള ഏതു  ജീവിയും തലയിട്ടു കുടിച്ചതിന്റെ ബാക്കി ശുദ്ധിയുള്ളതാണു.(ഫതഹുൽ മുഈൻ 34 )


കുറഞ്ഞ തോതിലുള്ള എല്ലാ നജസുകളെ തൊട്ടും വിടുതിയുണ്ടോ

കണ്ണു കൊണ്ട് കാണാന്‍ സാധിക്കാത്ത അത്ര കുറഞ്ഞ എല്ലാ നജസുകളെ തൊട്ടും വിടുതിയുണ്ട്. കണ്ണ് കൊണ്ട് കാണാന്‍ സാധിക്കുന്നതും കുറഞ്ഞതുമായ എല്ലാ നജസുകളെ തൊട്ടും വിട്ടുവീഴ്ചയില്ല. മറിച്ച് രക്തം ചലം പോവോത്തവയില്‍ നിന്ന് സൂക്ഷിക്കാന്‍ ബുദ്ധിമുട്ടായ കുറഞ്ഞ നജസുകളെ തൊട്ട് മാത്രമേ വിടുതിയുള്ളൂ. സ്വ ശരീരത്തിന്റെ രക്തവും വിട്ടുവീഴ്ച ചെയ്യപ്പെടും.


ശരീരത്തില്‍ നജസുണ്ട് അത് എവിടെയാണെന്നറിയില്ല. അങ്ങനെ കുളിക്കാതെ എവിടെയെങ്കിലും ഇരുന്നാല്‍ അവിടെ നജസായി എന്നു സംശയം വന്നാല്‍ എന്ത് ചെയ്യണം?

ശുദ്ധിയുള്ള ഒരു വസ്തുവില്‍ നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിച്ചാല്‍ ആ വസ്തു ശുദ്ധിയുള്ളതാണെന്ന് ഉറപ്പിക്കണമെന്നും ഒരു വസ്തു നജ്സ് പുരണ്ടുവെന്ന് ഉറപ്പായതിനു ശേഷം ശുദ്ധിയാക്കിയിട്ടുണ്ടോ എന്നാണ് സംശയമെങ്കില്‍ ആ വസ്തു നജസ് പുരണ്ടതാണെന്ന് ഉറപ്പിക്കണമെന്നുമാണ് ഇവ്വിഷയകമായുള്ള പൊതു നിയമം. ഇവിടെ ഇരുന്ന സ്ഥലം നജസായി എന്നുറപ്പില്ലാത്തതിനാല്‍ അത് നജസായി കണക്കാക്കേണ്ടതില്ല.

മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കുന്നത് എങ്ങനെ?

മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയാണെങ്കില്‍ മൂത്രമായ സ്ഥലത്ത് മൂത്രത്തെ മികക്കുന്ന വെള്ളം കുടഞ്ഞാല്‍ മതി. പെണ്‍കുട്ടിയുടേതാണെങ്കില്‍ കഴുകല്‍ നിര്‍ബന്ധമാണ്.

നമ്മില്‍ നിന്ന് മറ്റുള്ളവന്റെ ശരീരത്തില്‍ നജസ് ആയി അറിയിക്കാന്‍ പറ്റാത്ത അവസ്ഥ വന്നാല്‍ എന്ത് ചെയ്യണം?

നമ്മില്‍ മറ്റുള്ളവന്റെ ശരീരത്തില്‍ അവന്റെ നിസ്കാരത്തെ ബാധിക്കുന്ന വിധത്തിലുള്ള നജസുകളായാല്‍ അവനെ അറിയിക്കേണ്ടതാണ്. കാരണം നജസുമായി നിസ്കരിക്കുന്നവന്റെ നിസ്കാരം അള്ളാഹു സ്വീകരിക്കുകയില്ല. നജസുള്ള വിവരം അറിയാതെ നിസ്കരിച്ചാലും സ്വീകാര്യമല്ല. 
ഇമാം നവവി (റ) പറയുന്നു: 

أجمع المسلمون على تحريم الصلاة على المحدت  وأجمعوا على أنها لا تصح منه سواء إن كان عالما بحدثه أو جاهلا أو ناسيا لكنه إن صلى جاهلا أو ناسيا فلا إثم عليه 

വുദൂ ഇല്ലാതെ നിസ്കരിക്കുന്നവന്റെ നിസ്കാരം സ്വഹീഹാവുകയില്ല എന്ന് മുസ്‍ലിംകള്‍ ഏകോപിച്ച് പറഞ്ഞിരിക്കുന്നു. വുദൂ ഇല്ലാത്ത വിവരം അറിയുന്നവനായാലും അറിയാത്തവനായാലും അറിഞ്ഞ് മറന്നവനായാലും നിസ്കാരം സ്വഹീഹാവില്ല എന്നതും പണ്ഡിതരുടെ ഇജ്മാആണ്. അറിയാതെ നിസ്കരിച്ചാല്‍ കുറ്റമില്ലെന്ന് മാത്രം (മജ്മൂഅ് 2/67). ഒരു മുസ്‍ലിമിന് ഗുണം ആഗ്രഹിക്കണമല്ലോ. അത് കൊണ്ട് അവനോട് പറയാന്‍ പരമാവധി ശ്രമിക്കണം.

മാത്രമല്ല നിസ്കരിക്കാന്‍ നില്‍കുന്നവന്റെ ശരീരത്തില്‍ നിസ്കാരം ബാത്വിലാക്കുന്ന വിധത്തിലുള്ള നജസ് കണ്ടാല്‍ അവനെ അറിയിക്കല്‍ നിര്‍ബന്ധമാണ്. അറിയാതെ നിസ്കരിച്ചാല്‍ അവന് കുറ്റമില്ലയെങ്കിലും വിധി ഇങ്ങനെത്തന്നെയാണ്. (തുഹ്ഫ 2/137).

ഇങ്ങനെയെല്ലാം പണ്ഡിതര്‍ പറഞ്ഞത് കൊണ്ട് പരമാവധി അവനെ അറിയിക്കാന്‍ ശ്രമിക്കണം. ഒരു നിലക്കും അറിയിക്കാന്‍ പറ്റിയില്ലെങ്കില്‍ അവന് വേണ്ടി ദുആ ചെയ്യല്‍ നല്ലതാണ്.

അശുദ്ധിയുള്ളവന്‍ ഖുര്‍ആനില്‍ നജസ് കണ്ടാല്‍

ശുദ്ധിയാവാന്‍ സാധ്യമാവാത്ത അവസരത്തില്‍ ഖുര്‍ആനില്‍ നജസായാല്‍ ശുദ്ധിയുള്ള മുസ്‍ലിമിനെ അത് ശുദ്ധമാക്കാന്‍ ഏല്‍പിക്കണം. യോജിച്ച ആളെ ലഭിച്ചില്ലെങ്കില്‍ സ്വയം തന്നെ ശുദ്ധിയാക്കേണ്ടതാണ്.


മൂത്രമായ സ്ഥലം ശുദ്ധീകരിക്കുന്നതെങ്ങനെ?

മൂത്രത്തോടെ ഉണങ്ങിയ പ്രതലത്തില്‍ (നിറം, മണം, രുചി) എന്നിവ ഇല്ലെങ്കില്‍ മൂത്രസമാനമോ അതിനേക്കാളോ വെള്ളെമൊഴിച്ചാല്‍ മതിയാവുന്നതാണ്. ഇവകള്‍ ശേഷിക്കുന്നുവെങ്കില്‍ അവ നീങ്ങുന്നത് വരെ കഴുകണം. നിറമോ മണമോ നീങ്ങിപ്പോകുന്നില്ലെങ്കില്‍ അതില്‍ ഒന്നുമാത്രം അവശേഷിക്കുന്നതിന് വിരോധമില്ല. അത് രണ്ടും കൂടിയോ രുചിയോ ശേഷിച്ചാല്‍ ശുദ്ധിയാകുകയില്ല. ഉണങ്ങാത്ത മൂത്രമാണെങ്കില്‍ ആദ്യം മൂത്രത്തെ ഒപ്പിയെടുത്ത് പിന്നീട് വെള്ളം ഒഴിക്കുക.

വസ്ത്രത്തിന്റെ ഒരു സ്ഥലത്ത് നജസ് ആയി അവിടെ വെള്ളമൊഴിച്ച് വൃത്തിയാക്കുന്നതിനിടയില്‍ വസ്ത്രത്തിന്റെ മറ്റു ഭാഗത്തേക്കും ആ വെള്ളം ഒലിച്ചിറങ്ങി എങ്കില്‍ ഒലിച്ചിറങ്ങിയ ഭാഗവും നജസ് ആകുമോ ?

നജസ് കലര്‍ന്ന് പകര്‍ച്ചയായ വെള്ളമോ, വെള്ളത്തോടൊപ്പം നജസിന്‍റെ അംശമോ വന്നിട്ടുണ്ടെങ്കില്‍ അവിടം നജസാണ്.  അല്ലെങ്കില്‍ നജസ് കഴുകി ശുദ്ധിയാക്കിയ വെള്ളം ശുദ്ധമാണ്.

മാംസത്തിലുള്ള കുറഞ്ഞ രക്തം നജസാണോ?

രക്തം നജസാണ്, എങ്കിലും ഇത് മാപ്പ് ചെയ്യപ്പെടും.

വുളുഅ് എടുത്ത ശേഷം നജസുള്ള വസ്ത്രമോ മറ്റോ തൊട്ടാല്‍ വുളൂ മുറിയുമോ? 

നജസ് സ്പര്‍ശിച്ചത് കൊണ്ടോ അവിശ്വാസിയായ മനുഷ്യനെ തൊട്ടത് കൊണ്ടോ വുളൂ മുറിയുകയില്ല. നിസ്കരിക്കുന്നതിനിടെ അമുസ്‌ലിം സ്പര്‍ശിച്ചത് കൊണ്ട് മാത്രം നിസ്കാരം ബാതിലാവുകയില്ല. എന്നാല്‍, ശരീരത്തിലോ വസ്ത്രത്തിലോ ഒക്കെ നജസ് ഉള്ളവര്‍ നിസ്കരിക്കുന്നവനെ പിടിക്കുകയോ നിസ്കരിക്കുന്നവന്‍ അത്തരക്കാരെ പിടിക്കുകയോ ചെയ്താല്‍ നിസ്കാരം ബാതിലാവുന്നതാണ്. പിടിക്കുന്നതിലൂടെ നജസുമായി ബന്ധപ്പെട്ടതിനെ ചുമക്കുക എന്ന വിധിയാണ് ബോധകമാവുക, കേവല സ്പര്‍ശനത്തില്‍ അത് ബാധകമല്ല താനും. ചേലാകര്‍മ്മം ചെയ്യാത്തവരുടെ ശരീരത്തില്‍ നജസ് ഉണ്ടാവാമെന്നതിനാല്‍ അവിശ്വാസിയും ആ ഗണത്തില്‍ പെടുന്നതാണ്.


വീടിന്റെ മുറ്റം ചാണകം തേച്ച് മിനുസപ്പെടുത്താമോ?

ചാണകം നജസായതിനാലും അതില്‍ കൃമികള്‍ ഉണ്ടാകാന്‍സാധ്യത ഉള്ളതിനാലും ചാണക മില്ലാത്തത് ഉപയോഗിക്കലാണ് നല്ലത്.

സ്പർശിച്ചാൽ വുളൂഅ് മുറിയുന്ന ഭാഗങ്ങളില്‍ കൃത്രിമമായി നിർമ്മിച്ച കൈ ഉപയോഗിച്ച് തൊട്ടാല്‍ വുളൂഅ് മുറിയുമോ?

കൃത്രിമമായി നിർമ്മിച്ച കൈകൊണ്ട് തൊട്ടാല്‍ വുളൂഅ് മുറിയുകയില്ല. മാത്രമല്ല, ഇബ്നു ഹജര്‍(റ) പറയുന്നു: ശരീരത്തില്‍ നിന്ന് വേർപിരിഞ്ഞ ഭാഗം പിന്നീട് കൂട്ടിച്ചേർത്താൽപ്പോലും ആ കൂട്ടിച്ചേർത്ത ഭാഗം കൊണ്ട് സ്പർശിച്ചാൽ വുളൂഅ് മുറിയുകയില്ല. അപ്രകാരം തന്നെ വേർപിരിഞ്ഞ ഭാഗത്ത് ഒരു ജീവിയുടെ അവയവം പിടിപ്പിച്ചതാണെങ്കിലും വുളൂഅ് മുറിയില്ല. ചുരുക്കത്തില്‍, കൃത്രിമ കൈകൊണ്ട് സ്പർശിച്ചാൽ വുളൂഅ് മുറിയുകയില്ലെന്ന് മേല്‍ വിവരിച്ചതില്‍ നിന്നു വ്യക്തം (തുഹ്ഫ: 1/150).

നിസ്‌കാര വേളയില്‍ മുഖക്കുരു, ചോരക്കുരു തുടങ്ങിയവിയില്‍നിന്നു പുറത്ത് വരുന്ന രക്തം പൊറുക്കപ്പെടുമോ?

പൊറുക്കപ്പെടും, എന്നാല്‍ രക്തവും ചലവും ഞെക്കി പ്പിഴിയല്‍ പോലെയുള്ള പ്രവര്‍ത്തിമൂലമുണ്ടായതാവരുത്
ഈ നിലയിലുള്ളതാണെങ്കില്‍ കുറഞ്ഞത് മാത്രമേ വിട്ടുവീഴ്ച ചെയ്യപ്പെടുകയുള്ളു.

ടൂത്ത് പേസ്റ്റുകളില്‍ പന്നിക്കൊഴുപ്പ് ചേര്‍ക്കുന്നെണ്ടെങ്കില്‍ അവ ഉപയോഗിക്കാന്‍ പറ്റുമോ?

കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഇതിന് വിധി പറയാനാവില്ല. എന്നാല്‍ നജസുണ്ടെന്ന് തെളിഞ്ഞാല്‍ ഉപയോഗിക്കാന്‍ പാടില്ല. ലഹരി ചേര്‍ത്താണെന്ന് ഉറപ്പുള്ള ടോണിക്ക്, അരിഷ്ടം തുടങ്ങിയവും നജസാണ്.



നജസ് ഉള്ള കുട്ടികളെ ചുമന്ന് ത്വവാഫ് ചെയ്താല്‍ ശരിയാവുമോ

ത്വവാഫിലും നിസ്കാരത്തിലെ പോലെ തന്നെ, ശരീരവും വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണമെന്നാണ് നിയമം. അത് കൊണ്ട് തന്നെ, നജസുള്ള ചെറിയ കുട്ടികളെ എടുത്ത് ത്വവാഫ് ചെയ്താല്‍ ആ ത്വവാഫ് ശരിയാവില്ലെന്നതാണ് പ്രബലാഭിപ്രായം.

മറ്റുള്ളവര്‍ വുദു എടുത്ത വെള്ളം നാം വുദു എടുക്കുന്ന വെള്ളത്തിലേക്ക് തെറിച്ചാല്‍ മുസ്തഅ്മല്‍ ആകുമോ? ബക്കറ്റിലേക്ക് വെള്ളം തെറിച്ചാല്‍ മുസ്തഅ്മല്‍ ആകുമോ?

നിര്‍ബന്ധമായ കുളിയിലും വുദൂഇലും ഉപയോഗിക്കപ്പെട്ട വെള്ളം മുസ്തഅ്മല്‍ ആണ്. അത് ഉപയോഗിച്ച് ശുദ്ധിയാക്കിയാല്‍ ശരിയാവുന്നതല്ല. എന്നാല്‍ അതില്‍നിന്ന് അല്‍പം ബക്കറ്റിലോ മറ്റോ ഉള്ള വെള്ളത്തിലേക്ക് തെറിച്ചാല്‍, വെള്ളം രണ്ട് ഖുല്ലതില്‍ താഴെയാണെങ്കില്‍ (ഏകദേശം 161 ലിറ്റര്‍ ) ബാക്കിയുള്ള വെള്ളത്തെ മുതഗയ്യിര്‍ (പകര്‍ച്ചയായത്) ആക്കുമോ ഇല്ലയോ എന്നത് തെറിച്ച വെള്ളത്തിന്‍റെ അളവിനനുസരിച്ചായിരിക്കും.

സ്‌പ്രേ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്?

ആല്‍ക്കഹോള്‍, സ്പിരിറ്റ് തുടങ്ങിയ നജസുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ അത്തരം സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. അല്ലാത്തത് ഉപയോഗിക്കുന്നതിന് വിരോധമില്ല.


ഉണങ്ങിയ മൂത്രം ശുദ്ധിയാക്കുന്നത് എങ്ങനെ ?

നിറമോ രുചിയോ  വസനയോ ഇല്ലെങ്കിൽ മുകളിൽ വെള്ളമൊഴിച്ചാൽ  മതി. (ഫതഹുൽ മുഈൻ 37)

നജസുള്ള സ്ഥലത്ത് ഖുര്‍ആന്‍ വെക്കാമോ? മൊബൈല്‍ നജസായാല്‍ എങ്ങനെയാണ് വൃത്തിയാക്കുക. നനഞ്ഞ ടിഷ്യൂ ഉപയോഗിച്ച് തുടച്ചാല്‍ മതിയോ?

നജസായ മൊബൈലും ശുദ്ധിയാക്കേണ്ടത് മറ്റു വസ്തുക്കള്‍ ശുദ്ധിയാക്കേണ്ട വിധം തന്നെയാണ്. പക്ഷെ ആ വിധം മൊബൈല്‍ ശുദ്ധിയാക്കുന്നത് മൂലം അത് കേടാവാന്‍ സാധ്യതയുള്ളത് കൊണ്ട് വെള്ളമൊഴിച്ച് കഴുകേണ്ടതില്ല. മറിച്ച് ശുദ്ധിയാക്കപ്പെടാത്ത മൊബൈല്‍ നിസ്കരിക്കുന്ന സമയത്ത് നിസ്കരിക്കുന്ന സ്ഥലത്തോ വസ്ത്രത്തിലോ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. നനഞ്ഞ വസ്തുക്കള്‍ കൊണ്ട് തുടച്ചാല്‍ നജസായ വസ്തുക്കള്‍ ശുദ്ധിയാവുകയില്ല. കഴകുക തന്നെ വേണം. ഹനഫീ മദ്ഹബ് പ്രകാരം വെയില്‍ തട്ടി ഉണങ്ങിയാല്‍ നജസായ വസ്തുക്കള്‍ ശുദ്ധിയാവും.

ശരീരത്തില്‍ നജസുണ്ടായിരിക്കെ ഖുര്‍ആന്‍ സ്പര്‍ശിക്കാമോ?

ശരീരത്തില്‍ നജസുണ്ടായിരിക്കെ ശുദ്ധിയുള്ള അവയവം കൊണ്ട് ഖുര്‍ആന്‍ തൊടല്‍ കറാഹതാണ്. കൈപത്തി മുഴുവന്‍ നജസായി, അതില്‍ ഒരു വിരല്‍ മാത്രം ശുദ്ധിയുള്ളതുണ്ടെങ്കില്‍ ആ വിരല്‍ കൊണ്ട് ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ അനുവദനീയമെങ്കിലും കറാഹതാണ്

പ്രസവിച്ചാല്‍ കുളി നിർബന്ധമാകുമല്ലോ. അപ്പോള്‍ ഓപ്പറേഷന്‍ ചെയ്താണ് കുട്ടിയെ പുറത്തെടുത്തതെങ്കില്‍ കുളി നിർബന്ധമുണ്ടോ?

ഇവിടെ കുളി നിർബന്ധമാകാനുള്ള കാരണം പ്രസവമാണ്. പ്രസവം ഏത് രൂപത്തിലൂടെ നടന്നാലും -സിസേറിയന്‍ വഴിയാണെങ്കിലും സുഖപ്രസവത്തിലൂടെയാണെങ്കിലും- കുളി നിർബന്ധമാണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/274).

ഈ മസ്അലയില്‍ കുളി നിർബന്ധമാകാനുള്ള കാരണം ഇന്ദ്രിയത്തുള്ളികളില്‍ നിന്നു ജന്മംകൊണ്ട മനുഷ്യന്‍ പുറത്തുവന്നതിനാലാണെന്ന് ചിലര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ അത് മറ്റേതെങ്കിലും മാർഗത്തിലൂടെ വന്നാല്‍ വുളൂഅ് മുറിയുകയില്ലെന്നും അവര്‍ ധരിക്കുന്നു. എന്നാല്‍ വസ്തുത അതൊന്നുമല്ല. ഇവിടെ കുളി നിർബന്ധമാകാനുള്ള കാരണം പ്രസവിച്ചതാണ്. ബീജവുമായി ബന്ധപ്പെട്ടല്ല ഇവിടെ കുളി നിർബന്ധമാകുന്നത് (ഹാശിയതുശ്ശര്വാ്നി: 1/274, 275).

നജസായ വായ കൊണ്ട് വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കാമോ? നജസായ ഹെഡിഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കമോ?

നജസായ വായ കൊണ്ട് ഖുര്‍ആന്‍ ഓതുന്നതും വിശുദ്ധ പദങ്ങള്‍ ഉച്ചരിക്കുന്നതും കറാഹതാണ്. നജസ് കൊണ്ട് ഖുര്‍ആന്‍ തൊടുന്നത് പോലെയായത് കൊണ്ടാണ് പണ്ഡിതര്‍ ഇതിനെ ഇങ്ങനെ വിധിച്ചത്. ചില പണ്ഡിതര്‍ അത് ഹറാമാണെന്നും പറഞ്ഞിട്ടുണ്ട്. നജസായ ഹെഡ് ഫോണിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് ഇതു പോലെയല്ലെന്ന് വ്യക്തമാണല്ലോ. എന്നാല്‍ ബാത്റൂം പോലോത്ത സ്ഥലങ്ങളിലും വഴികളിലും ഖുര്‍ആന്‍ ഒാതല്‍ കറാഹതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ അഭിപ്രായമനുസരിച്ച് നജസായ ഉപകരണങ്ങളിലൂടെ ഖുര്‍ആന്‍ കേള്‍ക്കുന്നത് കറാഹതാണ്.

പട്ടിയുടെ പാല്‍ കുടിച്ചു വളര്‍ന്ന ആടിനെ മാംസമായി ഭക്ഷിക്കാമോ

പട്ടിയുടെ പാല്‍ കുടിച്ച ആട് നജസ് ഭക്ഷിക്കുന്ന മൃഗത്തിനു സമാനമാണ്. കാഷ്ടം പോലോത്ത നജസ് ഭക്ഷിച്ച മൃഗത്തെ അറുത്തതിനു ശേഷം അതിന്റെ മാംസത്തില്‍ വാസനയിലോ മറ്റോ പകര്‍ച്ച കണ്ടാല്‍ അതിനെ ഭക്ഷിക്കല്‍ കറാഹതാണ്. ഹറാമാണെന്ന അഭിപ്രായവുമുണ്ട്. എന്നത് പോലെ പട്ടിയുടെ പാല്‍ കുടിച്ച ആട് ആ പാലിനു പകരം തിന്നിരുന്നത് കാഷ്ടം പോലോത്ത നജസുകളായിരുന്നെങ്കില്‍ അതിനെ അറുത്താല്‍ അതിന്റെ മാംസത്തില്‍ രുചിയിലോ നിറത്തിലോ വാസനയിലോ പകര്‍ച്ച കാണുമായിരുന്നു എന്ന അവസ്ഥയിലാണെങ്കില്‍ അതിനെ ഭക്ഷിക്കല്‍ കറാഹതാണ്. പാല്‍ കുടിച്ചതിനു ശേഷം അതുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പകര്‍ച്ചകളൊക്കെ നീങ്ങിയതിനു ശേഷമാണ് മൃഗത്തെ അറുത്തതെങ്കില്‍ അത് ഭക്ഷിക്കല്‍ കറാഹതുമില്ല.

നായ വസ്ത്രത്തില്‍ നക്കിയെന്നു സംശയിച്ചാല്‍ എന്ത് ചെയ്യണം

നായ സ്പര്‍ശിച്ചുവെന്നുറപ്പുണ്ടെങ്കല്‍ മാത്രം നജസായി പരിഗണിക്കുകയും കഴുകേണ്ട വിധം കഴുകുകയും ചെയ്യുക. നജസാണോ എന്ന് സംശയം മാത്രമേ ഉള്ളൂവെങ്കില്‍ അതു നജസായി പരിഗണിക്കേണ്ടതില്ല.


നായ തൊട്ടത്

നായ തൊട്ടത് മൂലം നജസായ വസ്തുക്കള്‍ ഏഴ് പ്രാവശ്യം കഴുകുകയും അതിലൊരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ടാവുകയും വേണം. ഈ വിധത്തില്‍ ശുദ്ധിയാവാത്ത വസ്തുക്കളെ നനവോട് കൂടെ സ്പര്‍ശിച്ച എല്ലാ വസ്തുക്കളും നജസാവുന്നതാണ്.

നനവോട് കൂടെ നായയെ തൊട്ടാലാണ് നജസാവുക. ഇങ്ങനെ തൊട്ട് കൈ ശുദ്ധിയാക്കാതെ നനവോട് കൂടെ മറ്റ് വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ ആ വസ്തുക്കളും നജസാണ്. അങ്ങനെ നജസായ വസ്തുക്കളില്‍ നനവോട് കൂടെ നാം സ്പര്‍ശിച്ചാല്‍ കൈ ശുദ്ധിയാക്കേണ്ട വിധത്തില്‍ ശുദ്ധിയാക്കണം. മാലികീ മദ്ഹബനുസരിച്ച് നായ നജസല്ല. 

എങ്കിലും മണ്ണ് കലക്കിയ വെള്ളം കൊണ്ടടക്കം ഏഴ് പ്രാവശ്യം കഴുകല്‍ നിര്‍ബന്ധമാണ്. ഹനഫീ ഹമ്പലീ മദ്ഹബുകള്‍ പ്രകാരം നായയുടെ ഇറച്ചിയും തുപ്പുനീരും കാഷ്ടം തുടങ്ങിയവ മാത്രമേ നജസായി പരിഗണിക്കപ്പെടൂ. അതിന്റെ തൊലി രോമം എന്നിവ നജസല്ല. ഈ മദ്ഹബുകള്‍ തഖ്‍ലീദ് ചെയ്യുമ്പോള്‍ വുദുവിലും നിസ്കാരത്തിലും അതേ മദ്ഹബ് തന്നെ പിന്തുടരേണ്ടതാണ്.


മുസ്‍ലിമിനു പട്ടിയെ വളര്‍ത്തല്‍ അനുവദനീയം ആണോ ?

നായയെ വളര്‍ത്തലും അതിനോട് ഇടപഴകലും മുസ്‍ലിം സംസ്കാരമല്ല. അത് മറ്റ് അനിസ്‍ലാമിക സംസ്കാരങ്ങളില്‍ നിന്ന് മുസ്‍ലിംകള്‍ കടം കൊണ്ടതാണ്. നബി തങ്ങള്‍ ഏറെ നിരുത്സാഹപ്പെടുത്തിയ കാര്യമാണത്. കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട  തുടങ്ങിയ ആവശ്യങ്ങള്‍ക്കോ അല്ലാതെ നായയെ വളര്‍ത്തുന്നവന്റെ പ്രതിഫലം ദിനേന കുറയുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. നായയുള്ള വീട്ടിലേക്ക് മലക്കുകള്‍ പ്രവേശിക്കുകയില്ലെന്നും ഹദീസില്‍ കാണാം.

കൃഷിക്കോ കന്നുകാലികള്‍ക്കോ കാവല്‍ , വേട്ട  തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതില്‍ നബി (സ) തങ്ങള്‍ ഇളവ് അനുവദിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഈ മൂന്ന് ആവശ്യങ്ങളല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് നായയെ വളര്‍ത്തല്‍ നിഷിദ്ധമാണെന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ മൂന്ന് ആവശ്യങ്ങളും ഇതു പോലോത്ത വീടിനോ മറ്റോ കാവലിനായും നായയെ വളര്‍ത്തല്‍ അനുവദനീയമാണെന്നാണ് പ്രബലാമായ പക്ഷം.

ഇത്തരം ആവശ്യങ്ങളില്ലാതെ രൂപ ഭംഗികണ്ടോ മറ്റോ നായയെ വളര്‍ത്തല്‍ ഹറാമാണെന്നതില്‍ രണ്ട് പക്ഷമില്ല.


മണല്‍ കലര്‍ന്ന കടല്‍ വെള്ളം കൊണ്ട് നായ തൊട്ടത് ശുദ്ധീകരിക്കാമോ

മണ്ണ് കൊണ്ട് കഴുകണമെന്നാണ് നായ തൊട്ടത് ശുദ്ധിയാവാനുള്ള നിയമം. മണ്ണിന്റെ പൊടി കലര്‍ന്ന മണലും ഈ ശുദ്ധീകരണത്തിനുപയോഗിക്കാവുന്നതാണ്. എന്നാല്‍ വെറും മണല്‍ അതിനു പറ്റില്ല. മണ്ണിന്റെ അംശമില്ലാത്ത മണലാണ് കടല്‍ കരയിലെന്നതിനാല്‍ അത് കൊണ്ട് നായ തൊട്ടത് ശുദ്ധീകരിച്ചാല്‍ ശരിയാവില്ല.

നായ സ്പ൪ശിച്ചു എന്നു സംശയമുള്ള വെള്ളം കൊണ്ട് വുളു എടുത്താല്‍ ശരിയാകുമോ?

നായ സ്പര്‍ശിച്ചുവെന്നുറപ്പുള്ള വെള്ളം മാത്രം നജസായി പരിഗണിക്കേണ്ടതുള്ളൂ. നജസാണോ എന്ന് സംശയം മാത്രമേ ഉള്ളൂവെങ്കില്‍ അത് കൊണ്ട് വുദൂ ചെയ്യാവുന്നതാണ്.

നായ തൊട്ട ചെരിപ്പ് ധരിച്ചാല്‍ ചെരിപ്പും കാലും കഴുകണോ?

നായ നനവോടു കൂടി സ്പര്‍ശിച്ചെന്നു ഉറപ്പുള്ളത് മാത്രമെ നജസുള്ളതായി ഗണിക്കുകയുള്ളൂ. ചെരിപ്പില്‍ നായ സ്പര്‍ശിച്ചത് നനവോടെയാണെന്ന് ഉറപ്പില്ലാത്തിടത്തോളം നജസില്‍ നിന്നുള്ള ശുദ്ധീകരണം ആവശ്യമില്ല. നനവോടെ ചെരിപ്പില്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ ചെരുപ്പ് മണ്ണ് കലക്കിയ വെള്ളത്തില്‍ കഴുകണം. കഴുകുന്നതിനു മുമ്പ് നനവോടെ അത് ധരിച്ചാല്‍ കാലും കഴുകണം.

നീര്‍നായയെ തൊട്ടാല്‍ നായയുടെ അതെ വിധി തന്നെ ആണോ ?

നീര്‍നായയും നായയും വിത്യാസമുണ്ട്. നീര്‍നായ നജസല്ല. മറിച്ച് അതിനെ ഭക്ഷിക്കാമെന്നാണ് ശാഫീമദ്ഹബിലെ പ്രബലമായ അഭിപ്രായം.

പാലിലോ എണ്ണയിലോ എലിക്കാഷ്ടം പോലുള്ളത് വീണാല്‍ അവ ഉപയോഗ ശൂന്യമാകുമോ?

എലിക്കാഷ്ടം നജസാണ്. അത് വീണാല്‍ എണ്ണയും പാലും നജസായിത്തീരും. അവ ശുദ്ധിയാക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഉപയോഗശൂന്യമായിത്തീരുകയും ചെയ്യും.


കഫം നജസ്സാണോ? മുള്ളന്‍ പന്നിയുടെ ഇറച്ചി തിന്നാമോ?

സാധാരണ രീതിയില്‍ തലയില്‍ നിന്നോ നെഞ്ചില്‍ നിന്നോ വരുന്ന കഫം നജസല്ല. എന്നാല്‍ ആമാശയത്തില്‍ നിന്നാണ് പുറപ്പെട്ടതെങ്കില്‍ അത് നജസാണ്. മഞ്ഞ നിറത്തില്‍ ദുര്‍ഗന്ധമുള്ളതായി പുറത്ത് വന്നാല്‍ ആമാശയത്തില്‍ നിന്നു വന്നതാണെന്ന് മനസ്സിലാക്കാം. ആമാശയത്തില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ എന്ന് സംശയിച്ചാലും അത് നജസല്ല.
ശാഫിഈ മദ്ഹബു പ്രകാരം മുള്ളന്‍പന്നി (porcupine) ഭക്ഷ്യയോഗ്യമാണ്. 

അറുത്തു ഭക്ഷിക്കല്‍ ജാഇസായ ജീവികളില്‍ മുള്ളന്‍ പന്നിയെയും ഫുഖഹാക്കള്‍ എണ്ണിയിട്ടുണ്ട്. കിതാബുകളില്‍ ഇതിനെ ഖുന്ഫുദ് (قنفذ) എന്നാണ് പറയുന്നത്. അറബി ഭാഷയില്‍ ശൈഹം  (شيهم)എന്നും പേരുണ്ട്. ചില അറബി നാടുകളില്‍ പ്രാദേശികമായി നസ്സാറ (نصارة) എന്നും ഇത് വിളിക്കപ്പെടുന്നു. ഹനഫീ, ഹമ്പലീ മദ്ഹബുകളില്‍ അഭിപ്രായം വ്യത്യസ്തമാണ്.
ജോലിക്കിടയില്‍ പന്നിയെ തൊടാമോ?

പന്നിയും നായയും ഏറ്റവും ശക്തമായ നജസുകളില്‍ പെട്ടതാണ്. എന്നാല്‍ ആവശ്യത്തിന് പന്നിയെയും മറ്റു നജസുകളെയും സ്പര്‍ശിക്കുന്നതില്‍ തെറ്റില്ല. നനവോട് കൂടി നായ, പന്നി എന്നിവ സ്പര്‍ശിച്ചാല്‍ ഏഴ് പ്രാവശ്യം കഴുകേണ്ടതും അതില്‍ ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കുകയും വേണം. അതേ സമയം, മേല്‍പറഞ്ഞവിധം കഴുകല്‍ നിര്‍ബന്ധമാണെങ്കിലും അവ നജസല്ല എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്. ഏത് അഭിപ്രായപ്രകാരവും മറയോട് കൂടിയാണ് സ്പര്‍ശിക്കുന്നതെങ്കില്‍ (ചോദ്യത്തില്‍ പറഞ്ഞ പ്രകാരം ഗ്ലൌസ് ധരിച്ചോ മറ്റോ) ഗ്ലൌസ് ധരിച്ച കൈയ്യിന് ഈ പറഞ്ഞത് ബാധകമല്ല, ആ ഗ്ലൌസ് അത്തരത്തില്‍ ശുദ്ധിയാക്കേണ്ടിവരുമെന്ന് മാത്രം.

എന്നാല്‍ ഭക്ഷിക്കുന്നതിനോ മറ്റുനിഷിദ്ധമായ ഉപയോഗങ്ങള്‍ക്കോ സഹായകമാവും വിധം പന്നിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യല്‍ നിഷിദ്ധമാണെന്നത് കൂടി ഇവിടെ ചേര്‍ത്ത് പറയേണ്ടിയിരിക്കുന്നു. പന്നി ഭക്ഷിക്കാമെന്ന് പറയുന്നവര്‍ക്കാണെങ്കിലും, അത് തയ്യാറാക്കിക്കൊടുക്കലും അതിന് സഹായിക്കലുമൊക്കെ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധം തന്നെയാണ്.


പൊറുക്കപ്പെടുന്ന നജസുകൾ

ഉപദ്രവം സഹിക്കവയ്യാതാവുകയും കാത്തു സൂക്ഷിക്കല്‍ വളരെ ദുഷ്‌കരമാവുകയും ചെയ്യുന്ന ഘട്ടത്തില്‍ ഈച്ച, പല്ലി, നരച്ചീര്‍ തുടങ്ങിയവയുടെ മൂത്രം കാഷ്ഠം എന്നിവ ശരീരം വസ്ത്രം സ്ഥലം എന്നിവടങ്ങളിലായല്‍ പൊറുക്കപ്പെടും. ശല്യം സഹിക്കാന്‍ കഴിയാത്ത പക്ഷം എല്ലാ പക്ഷികളുടെയും ഉണങ്ങിയ കാഷ്ഠം തൊട്ടും പൊറുക്കപ്പെടും. മനഃപൂര്‍വം അതിന്‍മേല്‍ ചവിട്ടുകയോ അതിന്റെ മേലും അത് സ്പര്‍ശിക്കുന്ന ദേഹം, വസ്ത്രം പോലെയുള്ളതിലും നനവുണ്ടാവുകയോ ചെയ്യരുത്.

നിസ്‌കരിക്കുന്നവന്റെ ശരീരം, വസ്ത്രം, സ്ഥലം എന്നിവയില്‍ ചെള്ള്, കൊതുക്, മൂട്ട, പേന്‍ തുടങ്ങി ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ രക്തമോ, ചോരക്കുരു, മുഖക്കുരു വൃണം, മുറി, ചിരങ്ങ് എന്നിവയുടെ രക്തം, ചലം തുടങ്ങിയവയോ ആയാല്‍ പൊറുക്കപ്പെടുന്നതാണ്. വിയര്‍പ്പ് കൊണ്ട് മറ്റ് ഭാഗത്തേക്ക് വ്യാപിക്കലോ ഇതെത്ര അധികമുണ്ടായാലും പ്രശ്‌നമല്ല. പക്ഷേ, ഇതെല്ലാം അവന്റെ പ്രവൃത്തികാരണായിട്ടാവരുതെന്ന് മാത്രം.

മലിനങ്ങളെ മനുഷ്യന്‍ വെറുക്കുന്നു; മലിനീകരണത്തെയും. മലിനീകരണം ആരോഗ്യത്തിന് ഹാനികരണമാണെന്നതില്‍ തര്‍ക്കമില്ല. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ആരോഗ്യത്തിനു മാത്രമല്ല, ആരാധനകള്‍ക്കും ഹാനികരമാണ്. ശരീരം, വസ്ത്രം, നിസ്‌കരിക്കുന്ന സ്ഥലം ഇവയെല്ലാം നജസില്‍നിന്നും ശുദ്ധിയായിരിക്കല്‍ നിസ്‌കാരത്തിന്റെ രണ്ടാമത്തെ ശര്‍ത്താണല്ലോ. അതിനാല്‍ നമ്മുടെ ശരീര വസ്ത്രാദികള്‍ സദാ മലിനമുക്തമായിരിക്കണം. മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. ഇവയുടെ പട്ടിക വളരെ സുദീര്‍ഘമാണ്.

മലവും മൂത്രവും

മനുഷ്യരുടെയും ഇതര ജീവികളുടെയും മലവും മൂത്രവും മലിനമാണ്. മത്‌സ്യം, വെട്ടുകിളി (ജറാദ്) ഇവകളുടെയും മലമൂത്രങ്ങള്‍ നജസു തന്നെ. ഉള്ളിലുള്ള മലിന വസ്തുക്കള്‍ നീക്കം ചെയ്ത ശേഷമേ മത്‌സ്യം ഭക്ഷിക്കുവാന്‍ പാടുള്ളൂ. എന്നാല്‍ ഉള്‍ഭാഗം ശുദ്ധിയാക്കുവാന്‍ പ്രയാസമുള്ള ചെറിയ മത്‌സ്യം ഒട്ടാകെ ഭക്ഷിക്കാവുന്നതാണ്.

പാലൊഴുകെ മറ്റൊന്നും ഭക്ഷിക്കാത്ത മുലകുടി പ്രായത്തിലുള്ള ആണ്‍കുട്ടികളുടെ മൂത്രം മലിനങ്ങളില്‍ ഏറ്റവും ലഘുവായതാണ്. മലിനത ബാധിച്ച സ്ഥലത്ത് മൂത്രത്തേക്കാള്‍ അധികം വെള്ളം കുടഞ്ഞാല്‍ മതി. വെള്ളം ഒലിക്കണമെന്ന് നിര്‍ബന്ധമില്ല. ആസകലം വെള്ളം എത്തണമെന്നു മാത്രം.

എന്നാല്‍ പെണ്‍കുട്ടിയുടെ മൂത്രമോ പാലൊഴികെ മറ്റെന്തെങ്കിലും ഭക്ഷിക്കുന്ന ആണ്‍കുട്ടികളുടെ മൂത്രമോ വസ്ത്രത്തിലോ മറ്റോ ആയാല്‍ വെള്ളം കുടഞ്ഞതു കൊണ്ട് ശുദ്ധിയാവില്ല. മൂത്രമായ സ്ഥലം വലിയവരുടേതു പോലെ കഴുകണം. പാല്‍ കൊണ്ട് ഇവിടെ ഉദ്ദേശ്യം സ്വമാതാവിന്റെ പാല്‍ മാത്രമല്ല, അന്യരുടെ പാലായിരുന്നാലും വല്ല മൃഗങ്ങളുടെ പാലായിരുന്നാലും വിരോധമില്ല.


മദ്‌യ് (സുരതജലം)

കാമവികാരങ്ങള്‍ ഇളകിവരുമ്പോള്‍ മുന്‍ദ്വാരത്തിലൂടെ പുറത്തു വരുന്ന കൊഴുപ്പുള്ള കനം കുറഞ്ഞ വെളുത്തൊരു ദ്രാവകമാണ് മദ്‌യ്. മഞ്ഞ നിറത്തിലും ഇത് പുറപ്പെടാറുണ്ട്. ശൈത്യകാലത്ത് നിറത്തില്‍ കട്ടിയുള്ളതായും ഉഷ്ണകാലത്ത് മഞ്ഞനിറത്തില്‍ ഘനം കുറഞ്ഞതായും പുറപ്പെടുമെന്ന് ഇബ്‌നുസ്വലാഹ് പ്രസ്താവിച്ചുണ്ട്. ചിലപ്പോള്‍ ഇതു പുറപ്പെട്ടത് അറിഞ്ഞില്ലെന്ന് വരാം. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഈ സ്വഭാവം അധികമായി കണ്ടുവരുന്നത്.

മദ്‌യ് പുറപ്പെട്ടതു കൊണ്ട് കുളി നിര്‍ബന്ധമില്ല. അലിയ്യ്(റ) ഇപ്രകാരം പറഞ്ഞു: ഞാന്‍ മദ്‌യ് കൂടുതലുള്ള ആളായിരുന്നു. തല്‍സംബന്ധമായി നബിയോട് ചോദിച്ചറിയാന്‍ എനിക്ക് ലജ്ജ തോന്നി. കാരണം, പ്രവാചകപുത്രി ഫാത്വിമ(റ) എന്റെ ഭാര്യയാണെന്നതു തന്നെ. ഞാന്‍ അക്കാര്യം മിഖ്ദാദ്(റ) വനോട് പറഞ്ഞു. അദ്ദേഹം നബി (സ)യോട് ആ വിഷയത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ”അദ്ദേഹത്തിന്റെ ലിംഗം കഴുകുകയും വുളൂഅ് എടുക്കുകയും ചെയ്യട്ടെ” (ബുഖാരി, മുസ്‌ലിം).

പുറപ്പെട്ട വസ്തു മനിയ്യോ മദ്‌യോ എന്ന് സംശയിച്ചാല്‍ അവന് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാം. അതായത് ഇന്ദ്രിയമാണെന്ന്‌വെച്ച് കുളിക്കുക. മദ്‌യ് ആണെന്നുവെച്ച് ദേഹത്തില്‍നിന്നും വസ്ത്രത്തില്‍ നിന്നും അത് ആയ സ്ഥലം കഴുകി വൃത്തിയാക്കി വുളൂഅ് ചെയ്യുക. രണ്ടിലൊന്ന് ചെയ്യാം. ഇവയെല്ലാം ചെയ്യലാണ് അത്യുത്തമം.

വദ്‌യ്

മൂത്രിച്ച ഉടനെ പുറപ്പെടുന്ന വെള്ള നിറത്തില്‍ അല്‍പം കലര്‍പ്പോടു കൂടിയ ഒരുതരം ദ്രാവകമാണ് വദ്‌യ്. കനമുള്ള വസ്തു ചുമക്കുന്ന സമയത്തും ഇതു പുറപ്പെട്ടെന്നുവരാം. ഇത് നജസാണ്. കുളി നിര്‍ബന്ധമില്ല.

രക്തം

രക്തം നജസാണ്. ഏതു ജീവികളുടെയും രക്തം മലിനം തന്നെ. ഭക്ഷിക്കപ്പെടുന്ന മാംസത്തിലോ എല്ലിലോ സ്ഥിതി ചെയ്യുന്ന രക്തമാണെങ്കിലും മലിനം തന്നെയാണ്. പക്ഷെ, എല്ലിന്‍മേല്‍ അവശേഷിക്കുന്ന വിട്ടുവീഴ്ചയുണ്ട്. സ്വശരീരത്തില്‍ രക്തം കുത്തിയെടുത്ത സ്ഥലത്തു നിന്നും ഇഞ്ചക്ഷന്‍ ചെയ്ത സ്ഥലത്തു നിന്നും രക്തം പുറപ്പെടുന്നപക്ഷം അത് മാപ്പ് ചെയ്യപ്പെടും.

കരള്‍, പ്ലീഹ, ഉറച്ചു കട്ടിയായ കസ്തൂരി, ഗര്‍ഭാശയത്തു നിന്നും പുറപ്പെടുന്ന രക്തപിണ്ഡം, മാംസപിണ്ഡം, രക്തവര്‍ണത്തിലുള്ള പാല്‍, കെട്ടു നാശമാവാത്ത മുട്ടയിലെ രക്തം എന്നിവയെ രക്തത്തിന്റെ വിധിയില്‍നിന്ന് കര്‍മ്മശാസ്ത്രപടുക്കള്‍ ഒഴിവാക്കിയിരിക്കുന്നു. ഇവയൊന്നും നജസല്ല. കരളിലും പ്ലീഹയിലും ബഹുഭൂരിഭാഗവും രക്തമാണെങ്കിലും ഗ്ലുക്കോജന്‍, അയേണ്‍, പ്രോട്ടീന്‍ തുടങ്ങിയ വിവിധ വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

ചലം

ചലം നജസാണ്. രക്തം ദുഷിച്ചതാണ് ചലം. രക്തക്കലര്‍പ്പുള്ള ദുഷിച്ച നീരിന് ചീഞ്ചലമെന്ന് പേര്. അതും മലിനം തന്നെയാണ്. വ്രണം, വസൂരി, പോളന്‍ എന്നിവയില്‍നിന്ന് ഒഴുകുന്ന നീരും അപ്രകാരം തന്നെ. പക്ഷെ, യാതൊരു പകര്‍ച്ചയുമില്ലാതെ തനി വെള്ളമാണ് അവയില്‍നിന്ന് ഒഴുകുന്നതെങ്കില്‍ മലിനമല്ല.

മുഖക്കുരു, ചിരങ്ങ്, വ്രണം മുതലായവ ഞെക്കിപ്പിഴിഞ്ഞ് വസ്ത്രത്തിലും ചുമരിലും മറ്റും തേക്കുന്നവരുണ്ട്. വൃത്തികെട്ട സ്വഭാവമാണിത്. മലിനമായ സ്ഥലം റഹ്മത്തിന്റെ മലക്കുകള്‍ക്ക് വെറുപ്പാണ്.

ഛര്‍ദ്ദിച്ചത്

ആമാശയത്തില്‍ എത്തിയ വസ്തു പുറത്തുവന്നാല്‍ അത് നജസാണ്.  ആമാശയത്തില്‍ എത്തുന്നതിന്റെ മുമ്പ് തികട്ടിപ്പോന്ന വസ്തുക്കള്‍ നജസല്ല. മുലകുടി പ്രായത്തിലുള്ള കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഛര്‍ദ്ദിയുണ്ടായാല്‍ അത് മുലയൂട്ടുന്ന മാതാവിന്റെ മുലക്കണ്ണിന്‍മേല്‍ പുരളുന്നത് പൊറുക്കപ്പെടും. അവരുടെ വായയുടെ മേല്‍ ചുംബിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്തതിനാല്‍ ശരീരത്തിലായതിന് പൊറുക്കപ്പെടുകയില്ല. (തുഹ്ഫ)

ഉറക്കത്തില്‍ വായയില്‍കൂടി വരുന്ന കേത്തല ആമാശയത്തില്‍ നിന്നുള്ളതാണെങ്കില്‍ അത് നജസാണ്. മുറിയാതെ തുടര്‍ച്ചയായി പുറത്തുവരലും ദുര്‍ഗന്ധവും മഞ്ഞ നിറവുമാണെങ്കില്‍ അത് ആമാശയത്തില്‍നിന്നാണെന്ന് മനസ്സിലാക്കാം. പക്ഷെ, സാധാരണയായി ധാരാളം അതൊഴുകുന്നതു കൊണ്ട് ബുദ്ധിമുട്ടിയവര്‍ക്ക് വിട്ടുവീഴ്ചയില്ല.

ഭക്ഷിക്കപ്പെടുന്ന ജീവികളുടെ പാല്‍

പട്ടി, പൂച്ച, നാട്ടുകഴുത തുടങ്ങി ഭക്ഷിക്കപ്പെടാത്ത ജീവികളുടെ പാല്‍ നജസാണ്. എന്നാല്‍, മനുഷ്യന്റെ മാംസം ഭക്ഷിക്കപ്പെടാല്‍ പറ്റില്ലെങ്കിലും പാല്‍ നജസല്ല.

ശവം

മനുഷ്യരും മത്‌സ്യവും വെട്ടുകിളിയുമല്ലാത്ത ഏതു ജീവികളുടെയും ശവം നജസാണ്. ഈച്ച, പാറ്റ പോലുള്ള നിസ്സാര ജീവികളുടെ ശവവും ഇതില്‍പെടും. എന്നാല്‍ ഒലിക്കുന്ന രക്തമില്ലാത്തതിനാല്‍ ഇത്തരം ചെറുജീവികളുടെ ശവം നജസല്ലെന്ന് ഇമാംഖഫാന്‍(റ) അടക്കമുള്ള ചില പണ്ഡിതന്‍മാരും ഈച്ചയുടെ ശല്യമുള്ള സ്ഥലത്ത് നിസ്‌കരിക്കുമ്പോള്‍ അവയുടെ ശവം ശരീരത്തിലുണ്ടായാല്‍ നിസ്‌കാരം സാധുവാകുമെന്ന് മറ്റുചില പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പാറ്റയുടെ കാര്യത്തിലും ഈ അഭിപ്രായ ഭിന്നത ബാധകമാണ്.

ശവത്തിന്റെ തൂവല്‍, രോമം, കൊമ്പ് തുടങ്ങിയ സാധനങ്ങള്‍ നജസാണ്. ഭക്ഷിക്കപ്പെടാത്ത ജീവികളുടെ ജീവിതകാലത്ത് പിരിഞ്ഞുപോയ രോമം, തൂവല്‍, കൊമ്പ് ഇവയെല്ലാം നജസുതന്നെ. പാമ്പ് ഉരിയുന്ന ഉറയും ചിലന്തിവലയും നജസാണെന്ന് ഇബ്‌നുസുഹല്‍(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. കാക്ക, വാവല്‍, കുരങ്ങ് പോലെയുള്ള  ഭക്ഷിക്കപ്പെടാത്ത ജീവികളെ അറുക്കപ്പെട്ടാലും ശവം നജസാണ്.


ശവത്തിന്റെ തോല്‍ ശുദ്ധീകരിക്കാനുള്ള മാര്‍ഗം അതിനെ ഊറക്കിടലാണ്. നായയുടെയും പന്നിയുടേയുമല്ലാത്ത എല്ലാ തോലുകള്‍ക്കും ഇത് ബാധകമാണ്.


കടപ്പാട് : ഇസ്ലാം ഓൺ വെബ്‌ , ഇസ്ലാം ലോകം , അറിയുക.കോം,അൽ അമലിയ്യാത്ത് ബ്ലോഗ്‌