Saturday 2 April 2022

മയ്യിത്ത് ഖബറിടത്തിലേക്ക് എങ്ങനെയാണ് കൊണ്ട് പോകണ്ടത്? മയ്യിത്തിനെ അനുഗമിക്കുന്നവർ മയ്യിത്തിൻ്റെ ഏത് ഭാഗത്താണ് നടക്കേണ്ടത്?

 

മയ്യിത്ത് കട്ടിലിന്റെ നാല് കയ്യും ഓരോരുത്തർ അതിന്റെ പുറം ഭാഗത്ത് നിന്ന് ചുമലിൽ ഏറ്റുകയാണ് വേണ്ടത്. ഒരാൾ തന്നെ നാല് കൈയും മാറിമാറി പിടിക്കുന്നത് നല്ലതാണ്. മയ്യിത്തിന്റെ വലതു തോൾ വരുന്ന ഭാഗം ചുമക്കുന്ന ആളിന്റെ വലതു തോളിൽ വെച്ചുകൊണ്ടാണ് തുടങ്ങേണ്ടത്. ഇങ്ങനെ പത്ത് ചവിട്ടടി നടന്ന ശേഷം ആ ഭാഗം മറ്റൊരാൾ ചുമക്കുക. പിന്നീട് മയ്യിത്തിന്റെ വലതുകാൽ വരുന്ന ഭാഗം ചുമക്കുന്ന ആളിന്റെ വലത് തോളിൽ വെക്കുകയും ഇങ്ങനെ പത്ത് ചവിട്ടടി നടന്ന ശേഷം ആ ഭാഗം മറ്റൊരാൾക്ക് നൽകുകയും പിന്നീട്  മയ്യിത്തിന്റെ ഇടത് തോൾ വരുന്ന ഭാഗം ചുമക്കുന്ന ആൾ  തന്റെ ഇടത്തെ തോളിൽ ചുമക്കുകയും ഇങ്ങനെ പത്ത് ചവിട്ടടി നടന്നശേഷം മയ്യിത്തിന്റെ ഇടത്തെ കാൽ വരുന്ന ഭാഗം ചുമക്കുന്ന ആളിന്റെ ഇടത് ചുമലിൽ ചുമക്കുകയും ചെയ്യുക. അങ്ങനെ പത്ത് ചവിട്ടടി കൂടി നടക്കുമ്പോൾ മൊത്തം നാല്പത് ചവിട്ടടി നടന്നിട്ടുണ്ടാകും. (മയ്യിത്തിന്റെ തല ഭാഗം മുന്നോട്ട് ആയിട്ടാണ് കൊണ്ടു പോകേണ്ടത്). 

"മയ്യിത്ത് ചുമന്നുകൊണ്ട് നാല്പത് ചവിട്ടടി നടന്നാൽ നാല്പത് വൻദോഷങ്ങൾ പൊറുക്കപ്പെടും", "മയ്യിത്ത് കട്ടിലിന്റെ നാല് ഭാഗത്ത് നിന്നും മയ്യിത്തിനെ ചുമന്നാൽ മുസ്ലിമായ സഹോദരനോടുള്ള കടമ വീട്ടിയവനാകും" എന്നീ രണ്ട് ഹദീസുകളെ അടിസ്ഥാനപ്പെടുത്തിയാണ്  ഈ രൂപം വിശദീകരിച്ചിട്ടുള്ളത്. മയ്യിത്തിനെ അനുഗമിക്കുന്നവർ

മയ്യിത്തിനോട് ചേർന്നുകൊണ്ട് തന്നെ പിന്നിലായി നടക്കുന്നത് മുന്നിലായി നടക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. സുന്നത്ത് നിസ്കാരത്തിനെക്കാൾ ഫർള് നിസ്കാരത്തിനുള്ള പുണ്യം പോലെയാണിത്.  അധികം ഉച്ചത്തിലല്ലാതെ അവരവർക്ക് കേൾക്കാവുന്ന രീതിയിൽ ദിക്റ് ചൊല്ലേണ്ടതാണ്.

(ഹാശിയതു ത്വഹ്ത്വാവീ പേ: 603-606)