Friday 20 January 2017

ജുമുഅ നിസ്‌കാരം: ചില മസ്അലകള്‍

 

നിസ്‌കാരങ്ങളുടെ കൂട്ടത്തില്‍ വെച്ച് ഏറ്റവും മഹത്വമുള്ള ഒന്നാണ് ജുമുഅ നിസ്‌കാരം. സ്ത്രീ, അടിമ, കുട്ടി, രോഗി എന്നിവര്‍ക്കൊന്നും ജുമുഅ നിര്‍ബന്ധമില്ല. അതേസമയം അവര്‍ നിസ്‌കരിച്ചാല്‍ സാധുവാകുന്നതും അന്നത്തെ ളുഹ്ര്‍ പിന്നെ നിസ്‌കരിക്കുകയും വേണ്ട. സ്ത്രീകള്‍ മറ്റു ദിവസങ്ങളെപ്പോലെ തന്നെ വെള്ളിയാഴ്ചയും സമയമായാല്‍ ഉടനെ ദുഹ്ര്‍ നിസ്‌കരിക്കലാണ് ഏറ്റവും പുണ്യം. നാട്ടിലെ ജുമുഅ അവസാനിക്കാന്‍ വേണ്ടി ളുഹ്‌റിനെ പിന്തിക്കേണ്ടതില്ല.

ജുമുഅഃ സാധുവാകണമെങ്കില്‍ ആദ്യത്തെ റക്അത്ത് ജമാഅത്തോടെ  തന്നെ സംഭവിക്കണം. മസ്ബൂഖ് രണ്ടാമത്തെ റക്അത്തിലെ റുകൂഇല്‍ ഇമാമിനെ എത്തിച്ചാല്‍ ഒന്നാം റക്അത്തില്‍ ജമാഅത്ത് ലഭിച്ചല്ലോ. ഇമാമിന്റെ അത്തഹിയ്യാത്തില്‍ തുടര്‍ന്നാല്‍ ജുമുഅയുടെ നിയ്യത്തോടെ ദുഹ്ര്‍ നിസ്‌കരിക്കണം.

ജുമുഅയുടെ നിയ്യത്ത് ചെയ്യണം എന്ന് പറയാന്‍ കാരണം ഇമാമിനോട് നിയ്യത്തില്‍ യോജിക്കാനാണ്. മാത്രമല്ല, ഇമാം ഏതെങ്കിലും ഫര്‍ദ് ഒഴിവാക്കിയത് പിന്നീട് ഓര്‍മ വന്നാല്‍ ഇമാം ഒരു റക്അത്ത് കൂടി നിസ്‌കരിച്ചാല്‍ അത്തഹിയ്യാത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅഃ തന്നെ ലഭിക്കുമല്ലോ.

ജുമുഅ നിസ്‌കരിക്കുന്ന ഇമാമിന്റെ രണ്ടാം റക്അത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിന്റെ സലാം വരെ ഇമാമിനെ പിന്‍പ്പറ്റണം. ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ട റക്അത്ത് നിസ്‌കരിക്കുന്ന മസ്ബൂഖിനെ മറ്റൊരാള്‍ വന്ന് തുടരുകയും അങ്ങനെ അവന് ഈ മസ്ബൂഖിന്റെ കൂടെ ഒരു റക്അത്ത് ലഭിക്കുകയും ചെയ്താല്‍ അവനും ജുമുഅ ലഭിക്കും. ഇക്കാര്യം ഇമാം ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്ബൂഖിനെ തുടര്‍ന്നയാള്‍ തുടര്‍ച്ച മുറിഞ്ഞ ശേഷം അടുത്ത റക്അത്തിലേക്കു ഉയര്‍ന്നപ്പോള്‍ മറ്റൊരാള്‍ വന്നു തുടര്‍ന്നു. അവനും ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചാല്‍ ജുമുഅ ലഭിക്കും. ഇങ്ങനെ അസ്ര്‍ വരെ ഓരോര്‍ത്തര്‍ വന്നു തുടര്‍ന്നാലും എല്ലാവര്‍ക്കും ജുമുഅ ലഭിക്കും. (ഇആനത്ത് 2/55)

ഇമാമിനെ കൂടാതെ നാല്‍പത് പേരുളള ജുമുഅ നിസ്‌കാരത്തില്‍ രണ്ടാമത്തെ റക്അത്തില്‍ ഇമാമിന്റെ വുദു മുറിഞ്ഞാലും മഅ്മൂമുകളുടെ ജുമുഅ നഷ്ടപ്പെടില്ല. അവര്‍ക്ക് ജുമുഅ പൂര്‍ത്തിയാക്കാം. കാരണം, ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചിട്ടുണ്ടല്ലോ. നാല്‍പത് പേരുടെ ജുമുഅ സാധുവാകല്‍ നിര്‍ബന്ധമാണ്. നാല്‍പതില്‍ ഒരാളുടേത് ബാത്വിലായാല്‍ എല്ലാവരുടേതും നഷ്ടപ്പെടും. (ഇആനത്ത് 2/54)

കുട്ടികള്‍, സ്ത്രീകള്‍, അടിമകള്‍ എന്നിവരുടെ ജുമുഅ സ്വഹീഹാകുമെങ്കിലും അവരെ നാല്‍പത്  എണ്ണത്തില്‍ പരിഗണിക്കില്ല. അവരെ കൂടാതെ തന്നെ നാല്‍പത് തികയണം. ഇതാണ് ശാഫിഈ മദ്ഹബ്. ഹമ്പലീ മദ്ഹബിലും നാല്‍പത് പേര്‍ വേണം. നാലുപേര്‍ ഉണ്ടായാല്‍ തന്നെ ജുമുഅ സാധുവാകും എന്നാണ് ഹനഫീ മദ്ഹബ്. പന്ത്രണ്ട് പേര്‍ വേണമെന്നാണ് ഇമാം മാലികി(റ)ന്റെ ഒരഭിപ്രായം. (ഖല്‍യൂബി 1/274, ഇആനത്ത് 2/55)

കാരണം കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഇമാം ജമുഅയില്‍ നിന്നും സലാം വീട്ടുന്നതുവരെ ജുമുഅയില്‍ പങ്കെടുക്കാത്തവന്റെ ദുഹ്ര്‍ സാധുവാകില്ല. രോഗം കാരണം ജുമുഅക്ക് പോകാതെ ദുഹ്ര്‍ നിസ്‌കരിച്ച ശേഷം ജുമുഅയുടെ മുമ്പ് തന്നെ രോഗം സുഖപ്പെട്ടുവെങ്കിലും ജുമുഅ നിര്‍ബന്ധമില്ല. എങ്കിലും ജുമുഅ നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. (ഇആനത്ത് 2/62)


കടപ്പാട് : ഇസ്ലാം ഓൺ വെബ്

Wednesday 18 January 2017

ഖുബൈബ്(റ) - തൂക്കുമരത്തിലെ കവിത




നബി(സ്വ) മദീനയിൽ, അവിടുത്തെ പള്ളിയിൽ അനുചരൻമാർക്ക്മതം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  സ്വഹാബാക്കൾഅവരുടെ സംശയങ്ങൾ ഉന്നയിക്കുകയും നബി(സ്വ) മറുപടിയിലൂടെ അവർക്ക് വിജ്ഞാന കവാടങ്ങൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അപ്പോഴാണ് ചില ആളുകൾ അങ്ങോട്ട് കടന്നുവന്നത്. ഞങ്ങൾ അള്‌റ്, ഖർറാത്ത് എന്നീ പ്രദേശത്തുനിന്നുള്ളവരാണ്-അവർ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾക്ക് മതം പഠിപ്പിക്കാൻ വേണ്ടി ഇവിടെ നിന്ന് അൽപം ആളുകളെ ഞങ്ങളോടൊപ്പം പറഞ്ഞുവിടണം എന്ന് അറിയിക്കാൻ വേണ്ടിയാണ് ഞങ്ങൾ വന്നത്.

ആഗതരുടെ സദുദ്ദേശ്യം വ്യക്തമാക്കിയപ്പോൾ നബി(സ്വ) പ്രമുഖരായ പത്ത് ആളുകളെ അവർക്കൊപ്പം അയക്കുകയും അവരുടെ നേതാവായി ആസ്വിമുബ്‌നു സാബിത്തിനെ നിശ്ചയിക്കുകയും ചെയ്തു. പകൽ സമയങ്ങളിൽ ഒളിച്ചിരുന്നും രാത്രിയിൽ സഞ്ചരിച്ചും അവർ റബീഅ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അപ്പോഴാണ് മുസ്‌ലിംകളെ കൂട്ടിക്കൊണ്ട് വന്ന സംഘം തനിസ്വഭാവം പുറത്തുകാണിച്ചത്. മുമ്പ് ഒരു യുദ്ധത്തിൽ സുഫ്‌യാനുബ്‌നു ഖാലിദ് എന്ന അവിശ്വാസിയെ അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കിന്റെ ഗോത്രക്കാർക്ക് മുസ്‌ലിം സംഘത്തെ കുറിച്ച് വിവരം നൽകുക വഴി അവർ മുസ്‌ലിംകളെ വഞ്ചിച്ചു. 

സംഘം അസ്ഫാനും മക്കക്കുമിടയിലുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ ഹുദൈൽ ഗോത്രത്തിന്റെ ഒരു ശാഖയായ ബനൂ ഹയ്യാൻ കുടുംബം വിവരമറിഞ്ഞ് നൂറു വില്ലാളികളെ മുസ്‌ലിംകളെ പിടിക്കാൻ ചുമതലപ്പെടുത്തി. ശത്രുക്കളിൽ ഒരാൾ നിലത്തുവീണു കിടക്കുന്ന ഈത്തപ്പഴക്കുരു കണ്ടു കൊണ്ട് ഇത് മദീനയിലെ ഈത്തപ്പഴത്തിന്റേതാണെന്നു തിരിച്ചറിയുകയും പിന്നാലെ പിന്തുടർന്നു മുസ്‌ലിംകളുടെ സ്ഥാനം തിരിച്ചറിയുകയും ചെയ്തു. ശത്രുക്കളെ കണ്ട മാത്രയിൽ മലമുകളിൽ കയറി രക്ഷപ്പെടാൻ സംഘത്തലവനായ ആസ്വിം നിർദ്ദേശം നൽകി. പക്ഷെ, രക്ഷപ്പെടാൻ ഒരു പഴുതുമില്ലാത്ത നിലയിൽ നൂറ് വില്ലാളി വീരന്മാർ മല വലയം ചെയ്തു. ദേഹോപദ്രവം ചെയ്യില്ലെന്ന ഉറപ്പിന്റെ മേൽ കീഴടങ്ങാൻ ശത്രുക്കൾ ആവശ്യപ്പെട്ടപ്പോൾ ആസ്വിം ഇപ്രകാരം പ്രതികരിച്ചു. 'എന്നെ സംബന്ധിച്ചെടുത്തോളം മുശ്‌രിക്കിന്റെ സംരക്ഷണത്തിന് വഴങ്ങുന്ന പ്രശ്‌നമില്ല, അല്ലാഹുവേ! ഞങ്ങളുടെ വിവരം പ്രവാചകന് എത്തിക്കേണമേ!'.

പരിഭ്രാന്തരായ മുസ്‌ലിംകൾക്ക് അടുത്തുള്ള ഒരു മലയിൽ അഭയം പ്രാപിക്കേണ്ടിവന്നു.

ശത്രുപക്ഷം വിളിച്ചുപറഞ്ഞു: ”നിങ്ങൾ ഇറങ്ങിവരിക. ഞങ്ങൾ നിങ്ങളെ വധിക്കില്ലെന്ന് ഉറപ്പ് തരുന്നു.” അവർ നൽകിയ ഉറപ്പിൽ വഞ്ചിതരായ മൂന്നു പേർ ഇറങ്ങിവന്നു. എന്നാൽ, ആസിം(റ) അടക്കമുള്ള ബാക്കി ഏഴുപേർ മുശ്‌രിക്കുകളുടെ സംരക്ഷണ ഉത്തരവാദിത്തത്തിൽ തിരിച്ചുവരുന്നതിൽ അതൃപ്തി പ്രകടിപ്പിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന മൂന്നുപേർക്കും പിന്നീട് ചതി മനസ്സിലായി. മുശ്‌രിക്കുകൾ അവരെ അടിമകളാക്കി. അവരിൽ എതിർപ്പ് പ്രകടിപ്പിച്ച ഒരാളെ അവർ കൊന്നുകളഞ്ഞു. അവശേഷിച്ച രണ്ടു പേരെ മക്കയിൽ കൊണ്ടുപോയി മുസ്‌ലിംകളോട് പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു ചിലർക്കു വിറ്റു. ഖുബൈബുബ്‌നു അദിയ്യ്(റ) ആയിരുന്നു ആ രണ്ടു പേരിൽ ഒരാൾ.

പ്രവാചക കവിയായ ഹസ്സാനു ബിൻ സാബിത്തിന്റെ വിവരണത്തിൽ ഹൃദയ ശുദ്ധിയും വിശ്വാസദാർഢ്യവും നിർമല മനസ്സാക്ഷിയും ഒത്തിണങ്ങിയ ധീരയോദ്ധാവാണ് അൻസാരിയും ഔസ് ഗോത്രക്കാരനുമായ ഖുബൈബു ബ്‌നു അദിയ്യ്. ബദർ യുദ്ധത്തിൽ തിരുമേനിയോടൊപ്പം കരുത്തോടെ നിലകൊണ്ട ഖുബൈബ്(റ) ആയിരുന്നു മുശ്‌രിക്കുകളിൽ പ്രമുഖനായിരുന്ന ഹാരിസ് ബ്‌നു ആമിർ ബിനു നൗഫലിന്റെ കഥകഴിച്ചത്. 


പ്രവാചകരോട് അതിരില്ലാത്ത സ്‌നേഹമായിരുന്നു ഖുബൈബ്(റ)വിന്. ബദ്‌റിലും ഉഹ്ദിലും ഐതിഹാസികമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. ഖുബൈബ്(റ)വിനെ മക്കയിൽ വച്ച് വാങ്ങിയത് ഹാരിസിന്റെ മകളാണ്. ഖുബൈബിന്റെ പേര് എല്ലാ കാതുകളിലും എത്തി. ഉടൻ തന്നെ ബദറിൽ കൊല്ലപ്പെട്ട ഹാരിസ് ബിനു ആമിറിന്റെ മക്കൾ പ്രതികാര ദാഹം തീർക്കാമെന്ന ഉറപ്പിന്മേൽ ഖുബൈബിനെ കൈവശപ്പെടുത്തി. ഇതേ ലക്ഷ്യത്തോടെ സഹോദരൻ സൈദുബ്‌നു ദുസന്നയെ മറ്റൊരാളും വാങ്ങി. 


100 ഒട്ടകമാണ് മുശ്‌രിക്കുകൾ അദ്ദേഹത്തിന് വിലയിട്ടത്. ഖുബൈബ് ബദ്‌റിൽ വച്ച് ഹാരിസിനെ വധിച്ചിരുന്നു. അതിനു പകരം വീട്ടാൻ മക്കൾ ഖുബൈബ്(റ)വിന്റെ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് ഒരു ഇരുട്ട് മുറിയിൽ ബന്ധിയാക്കിവച്ചു. ബന്ധിയാക്കപ്പെട്ട അദ്ദേഹത്തെ ഹാരിസിന്റെ മക്കൾ പലവിധേനയും ദ്രോഹിച്ചിരുന്നു. വിശപ്പും ദാഹവും അകറ്റാൻ വെള്ളവും ഭക്ഷണവും നൽകിയില്ല. എന്നാൽ, അല്ലാഹു ഉദ്ദേശിച്ചവരെ അവൻ അദൃശ്യവഴികളിലൂടെ പരിധിയും പരിമിതിയുമില്ലാതെ ഭക്ഷിപ്പിക്കുമെന്നാണല്ലോ! ഖുബൈബി(റ)നെ തടവിലാക്കിയ സമയത്ത് മക്കയിൽ ലഭ്യമല്ലാത്ത പഴവർഗങ്ങൾ പലപ്പോഴും അദ്ദേഹം കഴിക്കാറുണ്ടായിരുന്നു എന്ന് ഹാരിസിന്റെ മകൾ പറഞ്ഞതായി ചരിത്രം വ്യക്തമാക്കുന്നു. (ബുഖാരി 2/585)

ഖുബൈബ് പതറിയില്ല. എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ചു അചഞ്ചലമായ സ്ഥൈര്യത്തോടും ആത്മവീര്യത്തോടും കൂടി പ്രാർഥനയിലും ധ്യാനത്തിലുമായി കഴിഞ്ഞുകൂടി. കൂട്ടുകാരൻ സൈദുബ്‌നു ദുസന്നയെ കൊന്നവിവരം അദ്ദേഹത്തെ അറിയിക്കുകയും മുഹമ്മദിനെയും അദ്ദേഹത്തിന്റെ റബ്ബിനെയും തള്ളിപ്പറഞ്ഞാൽ രക്ഷപ്പെടുത്താമെന്ന ഓഫർ നൽകുകയും ചെയ്തു.


തന്റെ ലൗകിക  ജീവിതത്തിന് യവനിക വീഴാൻ പോകുന്നുവെന്ന് ഉറപ്പായപ്പോൾ തനിക്ക് ഏറ്റവും പ്രിയങ്കരമായ രണ്ട് റകഅത്ത് നമസ്‌കാരം നിർവഹിക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹമവരോട് ആവശ്യപ്പെടുകയും അന്ത്യാഭിലാഷമെന്ന നിലക്ക് അവരത് സമ്മതിക്കുകയും ചെയ്തു. തികഞ്ഞ മനസ്സാന്നിധ്യത്തോടെ രണ്ട് റകഅത്ത് നമസ്‌കരിച്ച അദ്ദേഹം കൊലയാളികളെ നോക്കി പറഞ്ഞു. 'എനിക്ക് മരണത്തെ ഭയമാണെന്ന് നിങ്ങൾ ധരിച്ചുകളയും. ഇല്ലെങ്കിൽ, അല്ലാഹു സത്യം, ഞാൻ ഇനിയും നമസ്‌കരിച്ചേനെ! തുടർന്ന് അദ്ദേഹം ഈ അർഥം വരുന്ന ഈരടി പാടി  അദ്ദേഹം തൂക്കുമരത്തിലേക്ക് നടന്നു നീങ്ങി. 

മഹാനവർകളെ തടവിലാക്കി ദിവസങ്ങൾക്കകം തൻഈമിൽ കൊണ്ടുപോയി അവർ അദ്ദേഹത്തെ തൂക്കികൊലപ്പെടുത്തി. കഴുമരത്തിലേറിയ ആദ്യസ്വഹാബിയാണ് ഖുബൈബ്(റ). അദ്ദേഹത്തെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹം ഖേദപൂർവം പറഞ്ഞു: ”അല്ലാഹുവേ, എന്റെ അന്ത്യസലാം പ്രവാചകർക്ക് എത്തിക്കാൻ ഞാനിവിടെ ആരെയും കാണുന്നില്ല. അതിനാൽ നീ എന്റെ സലാം റസൂലുല്ലാഹിക്ക് എത്തിച്ചുകൊടുക്കേണമേ… തുടർന്ന് മുശ്‌രിക്കുകളുടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഉച്ചത്തിൽ അദ്ദേഹം ചിലവരികൾ ആലപിച്ചു.


فلست أبالي حين أقتل مسلماً *** على أيّ جنبٍ, كان في الله  مصرعي
 وذلك في ذات الإله وإن يشأ *** يبارك على أوصالِ شلو ممزّع

"മുസ്‌ലിമായി കൊല്ലപ്പെടുമ്പോൾ എനിക്കെന്തിനു പരിഭവം?
ഏതുഭാഗത്ത് മരിച്ചു വീണാലെന്ത്, അല്ലാഹുവിലേക്കാണതെല്ലാം
അവനുദ്ദേശിച്ചാൽ ശിഥിലീകരിക്കപ്പെടുന്ന ഈ ജഡത്തിന്റെ ഓരോ നുറുങ്ങുകളിലും അനുഗ്രഹം വർഷിച്ചിടും”

തൂക്കുമരത്തിലേറ്റിക്കൊല്ലുന്നത് ഒരു പക്ഷെ അറബികളുടെ ചരിത്രത്തിൽ ആദ്യ അനുഭവമിതായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സജ്ജമാക്കിയ ഈത്തപ്പനക്കുരിശിൽ ഖുബൈബിനെ കയറ്റി വരിഞ്ഞുകെട്ടിക്കൊണ്ട് വില്ലാളികൾ ഒരുങ്ങിനിന്നു. ആഹ്ലാദാരവങ്ങളോടെ മുശ്‌രിക്കുകളും. പക്ഷെ, ഖുബൈബിന് ഒരു ഭാവപ്പകർച്ചയുമില്ല.. അമ്പുകൾ അദ്ദേഹത്തെ ലക്ഷ്യം വെച്ച് ചീറിപ്പാഞ്ഞു...അതിനിടയിൽ ഒരു ഖുറൈശി നേതാവ് അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ഈ സ്ഥാനത്ത് മുഹമ്മദും നീ സുരക്ഷിതനായി വീട്ടിലും ഇരിക്കണമെന്ന് കരുതുന്നുണ്ടോ?.. അതുവരെ മൗനിയായി കാണപ്പെട്ട അദ്ദേഹം മൗനം ഭഞ്ജിച്ചുകൊണ്ട് ദൃഢസ്വരത്തിൽ പ്രതികരിച്ചു: ' ഭാര്യാസന്താനങ്ങളുടെ കൂടെ ഞാൻ സുഖ ജീവിതം നയിച്ചുകൊണ്ട് നബിക്ക് ഒരു മുള്ള് തറക്കുന്നതുപോലും എനിക്ക് അസഹ്യമാണ്'. 

ഖുബൈബിന്റെ ധീരമായ പ്രഖ്യാപനം കേട്ട് അസ്വസ്ഥനായിരിക്കെ ശത്രുപക്ഷത്തായിരുന്ന അബൂസുഫയാൻ അറിയാതെ പറഞ്ഞുപോയി. 'ദൈവം സത്യം, മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ സ്നേഹിക്കുന്നതു പോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്‌നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല!'. 

സ്വഹാബാക്കൾ പറയുന്നു:  നബി(സ്വ) ഞങ്ങൾക്കിടയിൽ ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് ‘വഅലൈക്കുമുസ്സലാം’ എന്ന് പറയുകയുണ്ടായി. അപ്പോൾ നബി(സ്വ)യോട് ചോദിക്കപ്പെട്ടു. ”യാ റസൂലുല്ലാഹ്, ആരുടെ സലാമിനാണ് താങ്കൾ പ്രത്യുത്തരം നൽകിയത്?”അപ്പോൾ നബി(സ്വ) പറഞ്ഞു: ”നിങ്ങളുടെ സഹോദരൻ ഖുബൈബ് മക്കയിൽ വച്ച് തൂക്കു മരത്തിലേറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹം ഇപ്പോൾ എനിക്ക് അന്തിമ സലാം പറഞ്ഞു. അതിനു മറുപടിയാണ് ഞാൻ നൽകിയത്. (ഹുജ്ജത്തുല്ലാഹി 2/869)വിശുദ്ധ ഇസ്‌ലാമിന്റെ പ്രചാരകനായതിന്റെ പേരിൽ തന്നെ കഴുമരത്തിലേറ്റാൻ തുനിയുന്ന മുശ്‌രിക്കുകളുടെ മുന്നിൽവച്ച് മഹാനായ ഖുബൈബ്(റ) അവർക്കെതിരിൽ പ്രാർത്ഥിച്ചു.

നാഥാ, എന്റെ ഘാതകരെ ശരിക്കും എണ്ണിവക്കൂ. അവരെ മുഴുവൻ നശിപ്പിക്കുക; അവരിൽ ആരെയും ബാക്കിയാക്കരുത്.ഖുബൈബി (റ)ന്റെ പ്രാർത്ഥന അക്ഷരംപ്രതി പുലർന്നു. ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ ഘാതകരെല്ലാം നശിച്ചു. ഖുബൈബ്(റ)ന്റെ മരണാനന്തരം മുശ്‌രിക്കുകൾ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഒരു അനാഥ മൃതദേഹമായി ഖുബൈബ്(റ)വിന്റെ ശരീരം അവിടെ ഉപേക്ഷിക്കപ്പെട്ടു. ഈ സമയം മദീനയിൽ നബി(സ്വ) അനുചരൻമാരോട് പറഞ്ഞു. തൻഈമിൽ ഖുബൈബ്(റ)ന്റെ ശരീരം തൂക്കുമരത്തിൽ കിടക്കുകയാണ്. അത് അവിടെനിന്നു കൊണ്ടുവരുന്നവർക്ക് ഞാൻ സ്വർഗം വാഗ്ദാനം ചെയ്യുന്നു.ഈ സുവിശേഷം കേട്ട് സുബൈർബ്‌നു അവ്വാം(റ), മിഖ്ദാദ്ബ്‌നു അസദ്(റ) എന്നിവർ നബി(സ്വ)യുടെ സമ്മതം വാങ്ങി മക്കയിലേക്ക് കുതിച്ചു. അവർ തൻഈമിലെത്തിച്ചേർന്നു. അപ്പോൾ ഇവരുടെ വരവറിഞ്ഞ് നാൽപതോളം ആളുകൾ തൂക്കുമരത്തിന് കാവൽ നിൽക്കുന്നതായി അവർ കണ്ടു. എന്നാൽ, പ്രവാചകന്റെ ആശീർവാദത്തോടെ പുറപ്പെട്ട രണ്ടു പേരും അവിടെയെത്തിയപ്പോൾ അവർ ഉറക്കത്തിലായിരുന്നു. സുബൈർ(റ)ഉം മിഖ്ദാദ്(റ)ഉം ഖുബൈബ്(റ)ന്റെ ജനാസ തൂക്കുമരത്തിൽ നിന്നുമിറക്കി അവരുടെ കുതിരപ്പുറത്ത് വച്ചു.

അവർ അവിടെ എത്തുന്നത് രക്തസാക്ഷത്തിന്റെ നാൽപതോളം ദിവസമായിരുന്നു. എന്നിട്ടും ഖുബൈബ്(റ)ന്റെ ശരീരത്തിന് യാതൊരു ജീർണതയും സംഭവിച്ചിരുന്നില്ല. (സ്വഹാബത്തും കറാമത്തും: 88)ഖുബൈബ്(റ)ന്റെ ജനാസയുമായി മുസ്‌ലിംകൾ അവിടെനിന്നും രക്ഷപ്പെട്ട കാര്യം അധികം താമസിയാതെ മുശ്‌രിക്കുകൾ അറിഞ്ഞു. ഉടനെ എഴുപതോളം അവിശ്വാസികൾ അവിരെത്തേടി പുറപ്പെട്ടു. സുബൈർ(റ)ഉം മിഖ്ദാദ്(റ)ഉം പിടിക്കപ്പെടുമെന്നായപ്പോൾ ഖുബൈബി(റ)നെ നിലത്തുവച്ചു.മഹാനവർകളുടെ കറാമത്ത് എന്നേ പറയേണ്ടൂ. പെട്ടെന്ന് ഭൂമി പിളരുകയും ഖുബൈബ്(റ)വിനെ ഭൂമിയുടെ ഉള്ളിലേക്ക് ഒളിപ്പിക്കുകയും ചെയ്തു. ശത്രുസേന അവർ രണ്ടു പേരെയും വളഞ്ഞു. പക്ഷേ, അവർക്ക് ഖുബൈബ്(റ)ന്റെയോ ഭൂമി പിളർന്നതിന്റെയോ അടയാളം കാണാൻ കഴിഞ്ഞില്ല.

ഈ സമയം അവർ രണ്ടുപേരും അവരോട് പറഞ്ഞു: ”മക്കാ കാഫിറുകളോ, ഞങ്ങൾ വനത്തിലേക്ക് തിരിക്കുന്ന രണ്ടു സിംഹങ്ങളാണ്. നിങ്ങൾക്ക് കഴിയുമെങ്കിൽ ഞങ്ങളെ വഴിതടയുക. അല്ലാത്തപക്ഷം ഞങ്ങൾക്ക് പാഥേയമൊരുക്കുക.” അവരുടെ കൈയിൽ മയ്യിത്തില്ലെന്നു കണ്ട ശത്രുക്കൾ അവരെ വെറുതെവിട്ടു. (മദാരിജുന്നബുവ്വ 2/141)ഓർത്ത്‌നോക്കൂ, സഹോദരാ, ഈ രണ്ടുപേരുടെയും ധീരത. അതിലും ശക്തമായിരുന്നില്ലേ ഖുബൈബ് (റ)ന്റെ ഈമാനൻ. സ്വഹാബാക്കൾ മുശ്‌രിക്കുകളുടെ കൂട്ടത്തിലേക്ക് പ്രബോധനത്തിനായാലും പ്രകോപനത്തിനായാലും പോകുന്നത് കടന്നൽകൂട്ടത്തിലേക്ക്  കൈയിടുന്നതിന് സമാനമാണ്. എന്നാൽ, അവർക്ക് പ്രചോദനം നൽകിയ വസ്തുത എന്തായിരുന്നെന്നറിയാമോ?

സ്വഹാബാകിറാമിന്റെ പ്രദോചനം ഒരിക്കലും കേവലസാമ്പത്തിക ലാഭമോ ഭൗതികമായ മറ്റേതെങ്കിലും ലാഭമോ അല്ല. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിൽ നിന്നും ഉത്ഭൂതമായ ഊർജമാണ് അവരുടെ പ്രചോദനം. അജയ്യമായ വിശ്വാസത്തിന്റെ ഉടമകളായിരുന്നു മഹാത്മാക്കളായ സ്വഹാബികൾ. നാം ഒരിക്കലും അവർ കരസ്ഥമാക്കിയ ഉന്നതി പ്രാപിക്കാൻ ശക്തരല്ല. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം. സർവലോക പരിപാലകനായ സർവശക്തൻ നിർഭാഗ്യവാൻമാരായ നമ്മെയും അവന്റെ ഉത്തമ അടിമകളിൽപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.  


നബി (സ) യെ മുലയൂട്ടിയ ഭാഗ്യ രത്നം




നബി (സ്വ) യെ പ്രസവിച്ചു കുറച്ചു ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. സഅദ് ഗോത്രത്തിൽ ഭയങ്കരമായ ക്ഷാമമായിരുന്നു അക്കാലത്ത്. കുടിക്കാൻ വെള്ളവും കഴിക്കാൻ ആഹാരവും കിട്ടാത്ത അവർ വലഞ്ഞു. ഒട്ടകങ്ങളും ആടുകളും തിന്നാൻ പച്ചിലകളും വെള്ളവുമില്ലാതെ അവയുടെ ശരീരം മെലിഞ്ഞു തുടങ്ങി. കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാൻ പോലും പാലില്ലാതെ ഉമ്മമാർ സങ്കടപ്പെട്ടു. 

"നമ്മുക്കു മക്കയിൽ പോയി ഏതെങ്കിലും കുട്ടികളെ മുലകൊടുക്കാൻ കിട്ടുമോന്നു നോക്കാം. അങ്ങനെ കിട്ടുന്ന പണം കൊണ്ട് നമുക്കു ഭക്ഷണം വാങ്ങാമെല്ലോ"- ഹലീമ ബീവി (റ) ഭർത്താവു ഹരിസിനോട് (റ) ചോദിച്ചു. 
അവർ അതിനു സമ്മതിക്കുകയും ചെയ്തു.

ബനൂ സഅദ് ഗോത്രത്തിലെ സ്ത്രീകൾക്കൊപ്പം ഹലീമ ബീവി (റ)യും ഭർത്താവും പുറപ്പെട്ടു. ഹലീമാബീവി (റ) ക്കൊപ്പം മകൻ ദുഐബും ഉണ്ടായിരുന്നു. അവർ ഒരു പെൺ കഴുതയുടെ പുറത്താണ് യാത്ര ചെയ്തിരുന്നത്. ഭക്ഷണവും വെള്ളവും വേണ്ട പോലെ ലഭിക്കാതെ അത് അകെ മെലിഞ്ഞു അവശയായിരുന്നു. ദീർഘമായ യാത്രക്കൊടുവിൽ അവർ മക്കയിലെത്തി.

കുട്ടികളെ തിരഞ്ഞു വന്ന പല സ്ത്രീകളും നബിയെയും (സ) കണ്ടു.

" കുട്ടി അനാഥനാണ്. ഇപ്പോൾ അബ്ദുൽ മുത്തലിബിന്റെ സംരക്ഷണത്തിലാണ്" -ആമിനാ ബീവി (റ) ഇത് പറയുമ്പോൾ എല്ലാ സ്ത്രീകളും ഒഴിഞ്ഞു മാറി. അവർ കരുതിയത്‌ ബാപ്പയില്ലാത്ത കുട്ടിയെ വളർത്തിയാൽ വളരെ ചുരുങ്ങിയ കാശ് മാത്രമേ കിട്ടൂ എന്നാണ്. അവർക്കൊപ്പം ഹലീമ ബീവി (റ) യും നബി (സ്വ) യെ കണ്ടു. 

അനാഥനാണെന്നറിഞ്ഞപ്പോൾ അവരും പിന്മാറി.

ഹലീമ ബീവി (റ) യും ഹാരിസ് (റ) വും വൈകുന്നേരം വരെ കുട്ടികൾക്കായി നടന്നു. അവർക്കൊപ്പം വന്ന എല്ലാ സ്ത്രീകളും ബനൂ സഅദ് ഗോത്രതിലേക്ക് മടങ്ങാനൊരുങ്ങി.

സൂര്യൻ അസ്തമിക്കാൻ ഇനി ഏതാനും സമയം മാത്രമേ ഭാക്കി യുള്ളൂ. ഹലീമ(റ) ഭറ്ത്താവിനെയും മടിയിൽ കിടക്കുന്ന കുഞ്ഞിനേയും മാറി മാറി നോക്കി.

"നമുക്കു ആ യതീം കുട്ടിയെ ഏറ്റെടുത്തു ഇവർക്കൊപ്പം തന്നെ തിരിച്ചു പോയാലോ"- ഹലീമ (റ) യുടെ വാക്കുകളിൽ നിരാശ പടർന്നിരുന്നു.

"നേരം രാത്രിയാവുകയാണ്. നീയും കുഞ്ഞും ഒരുപാടു ക്ഷീണിച്ചിട്ടുണ്ട്, നമ്മുക്കു ആ കുട്ടിയെ തന്നെ ഏറ്റെടുക്കാം. ആ കുട്ടിയിൽ അല്ലാഹു നമുക്കു നന്മ നൽകാതിരിക്കില്ല " - ഹാരിസ് (റ) കഴുതയുടെ കയറും പിടിച്ചു അബ്ദുൽ മുത്തലിബിന്റെ വീട് ലക്ഷ്യമാക്കി നടന്നു.

ഹലീമ ബീവി (റ) നബി (സ്വ) യെ എടുത്തു മടിയിൽ കിടത്തി.കണ്ണുകളിൽ അസാമാന്യമായ തിളക്കവും കണ്ണെടുക്കാനാവാത്ത സൗന്ദര്യവും ഒരു വേള ഹലീമ (റ) നെ അത്ഭുതപ്പെടുത്തിയിരിക്കണം. 

ഹലീമ ബീവി (റ) രണ്ടു കുട്ടികൾക്കും പാല് കൊടുത്തു. അവർ വയർ നിറച്ചും പാല് കുടിച്ചു. അന്ന് ആദ്യമായി ദുഐബ് വയർ നിറച്ചും പാൽ കുടിച്ചു. 

ഹലീമബീവി (റ) ദുഐബിനെ ഭർത്താവിന്റെ കയ്യിൽ കൊടുത്തു. ഹലീമ ബീവി (റ) നബി (സ്വ) യെ സ്നേഹ പൂർവ്വം മാറോട് ചേർത്ത് പിടിച്ചു .അവർ സഅദ് ഗോത്രതിലേക്ക് മടങ്ങി. 

വീട്ടിൽ തിരിച്ചെത്തിയപ്പോൾ മെലിഞ്ഞുണങ്ങിയ ആടുകളും മറ്റും പുഷ്ടിപ്പെടുകയും അവയുടെ അകിടിൽ പാൽ നിറയുകയും ചെയ്തിരുന്നു. ഹലീമ ബീവി ഭർത്താവിനെ നോക്കി. 

" നിങ്ങൾ ഓർക്കുന്നുണ്ടോ, ഇന്നലെ രാത്രി ദുഐബ് പാൽ കുടിക്കാൻ ഇല്ലാത്തതിനാൽ വിശന്നു കരഞ്ഞാണു ഉറങ്ങിയത്. ഇന്നവൻ വയർ നിറച്ചും പാല് കുടിച്ചു. രണ്ടു പേരും നന്നായി ഉറങ്ങുന്നു" - ഹലീമ ബീവി (റ) ക്ക് സന്തോഷം അടക്കാനായില്ല.

ഹാരിസ് (റ) വീട്ടിൽ നിന്നു പുറത്തിറങ്ങി. അദ്ദേഹം തന്റെ ആടുകളുടെ അടുത്ത് വന്നു. അവയുടെ അകിടുകൾ പാൽ നിറഞ്ഞിരുന്നു. അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല.

"ഇതൊരു സാധാരണ കുട്ടിയല്ല" -ഹാരിസ് (റ) ഹലീമ ബീവി (റ) യോടായി പറഞ്ഞു
നബി (സ്വ) എന്നും കുടിക്കാറുണ്ടയിരുന്ന ആ മുലയിൽ നിന്നു മാത്രമേ എന്നും പാൽ കുടിച്ചിരുന്നുള്ളൂ എന്ന് ഹലീമ ബീവി (റ) പറഞ്ഞിരുന്നുവത്രെ.

അങ്ങനെ നബി (സ്വ) തങ്ങൾക്കു രണ്ടു വയസ്സായപ്പോൾ ഹലീമ ബീവി (റ) നബിയേയും (സ്വ) കൂട്ടി ആമിനാ ബീവി (റ) യുടെ അടുത്തെത്തി. ഹലീമാ ബീവി (റ) ക്ക് ഒരു നിമിഷം പോലും നബിയെ വിട്ടു പോവാൻ കഴിയുമായിരുന്നില്ല. 

"കുട്ടി കുറച്ചു ദിവസം കൂടി എന്റെ കൂടെ നിന്നോട്ടെ?"-ഹലീമ ബീവി ആമിനാ ബീവി (റ) യോട് അപേക്ഷിച്ചു. 

ആമിനാ ബീവി(റ) നു മനസ്സലിഞ്ഞു.

" ശരി, അവൻ എന്നാൽ നിങ്ങൾക്കൊപ്പം നിൽക്കട്ടെ"

ഹലീമ ബീവി(റ) ക്ക് സന്തോഷം അടക്കാനായില്ല. അവർ നബി ( സ്വ) യെയും കൊണ്ട് ബനൂ സഅദ് ഗോത്രതിലേക്ക് മടങ്ങി.

അവിടത്തെ മറ്റു കുട്ടികൾക്കൊപ്പം നബി (സ്വ) തങ്ങളും ആടുകളെ മേക്കാനും മറ്റും പോവുക പതിവായിരുന്നു. ഒരിക്കൻ നബി ( സ്വ) തങ്ങൾ ആടുകളെ മേച്ചു കൊണ്ടിരിക്കുമ്പോൾ തൂവെള്ള വസ്ത്രങ്ങൾ ധരിച്ച രണ്ടു പേർ വന്നു. അവർ നബി (സ്വ) യെ പിടിച്ചു നിലത്തു കിടത്തി. നബി (സ്വ) യുടെ നെഞ്ച് പിളർത്തുകയും ഒരു മംസക്കഷ്ണമെടുത്ത് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി തിരിച്ചു വെക്കുകയും ചെയ്തു.

എല്ലാം കണ്ടു നിന്ന കുട്ടികൾ ഹലീമ (റ) വിന്റെ വീട്ടിലേക്കോടി. അവർ ഹലീമ ബീവി (റ) യോട് വിവരങ്ങൾ ധരിപ്പിച്ചു. ഭയന്ന് വിറച്ച ഹലീമ (റ) നബി (സ്വ) തങ്ങളെ അന്വേഷിച്ചു പുറപ്പെട്ടു. അകലെ ഒന്നും സംഭവിക്കാത്ത മട്ടിൽ നബി (സ്വ) നിൽക്കുന്നു!!.

നബിക്കരികെ (സ) ഓടിയെത്തിയ അവർ കാര്യങ്ങൾ ആരാഞ്ഞു. നബി (സ) നടന്ന സംഭവങ്ങൾ‍ ഒന്നൊഴിയാതെ പറഞ്ഞു. ഹലീമ ബീവി അകെ പേടിച്ചു വിറക്കാൻ തുടങ്ങിയിരുന്നു. 

നബി (സ്വ) തങ്ങളെ, ഉമ്മ ആമിനാ ബീവി (റ) യെ ഏൽപ്പിക്കാൻ അവർ തീരുമാനിച്ചു. 

ഹലീമ ബീവി (റ) ക്ക് മനസ്സിലായി. ഇതൊരിക്കലും ഒരു സാധാരണ ബാലനല്ല. അവർ നബി (സ്വ) തങ്ങളെയും കൂട്ടി മക്കയിലെത്തി. ആമിനാ ബീവി (റ) യോടു കാര്യങ്ങൾ വിശദീകരിച്ചു. അവരുടെ കണ്ണുകളിൽ ഭയവും പരിഭ്രാന്തിയും തെളിഞ്ഞു കാണാമായിരുന്നു. 

ആമിനാ ബീവി ഒന്ന് പുഞ്ചിരിച്ചു. " ശൈത്ത്വാൻ ആണ് ഇതെല്ലം ചെയ്തതെന്ന് നിങ്ങൾ പേടിക്കുന്നുണ്ടല്ലേ?, എന്റെ മകനെ ശൈത്ത്വാൻ ഒന്നും ചെയ്യില്ല." അവർ ഹലീമ (റ) യോട് പറഞ്ഞു

"ഞാൻ ഇവനെ ഗർഭം ധരിച്ചപ്പോൾ എനിക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. എനിക്ക് പ്രസവ സമയത്തും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. 

പ്രസവിച്ചപ്പോൾ എന്റെ ശരീരത്തിൽ നിന്നും ഒരു പ്രകാശം ആകാശത്തേക്കുയർന്നു. ആ പ്രകാശത്തിൽ ഞാൻ ബസ്വറയിലെ കൊട്ടാരം കണ്ടു. പ്രസവിച്ചു വീണ ഉടനെ ഇരു കയ്യും നിലത്തു കുത്തി അവൻ ആകാശത്തേക്ക് നോക്കി......."

എല്ലാം കേട്ടപ്പോൾ ഹലീമ (റ) നു സന്തോഷമായി. അവർ നബിയെ ആമിനാ ബീവി (റ) യെ ഏൽപ്പിച്ചു ബനൂ സഅദ് ഗോത്രതിലേക്ക് തന്നെ തിരിച്ചു പോയി. 


Saturday 14 January 2017

നാരിയത് സ്വലാത്: മഹത്വവും ഗുണങ്ങളും





ആപത്തുകളില്‍നിന്നും അത്യാഹിതങ്ങളില്‍നിന്നും രക്ഷ ലഭിക്കാനും വിഷമങ്ങളില്‍നിന്നും മോക്ഷം ലഭിക്കാനും അനുയോജ്യമായ സ്വലാത്താണിത്. നിത്യമാക്കുന്നവര്‍ക്ക് അപകടങ്ങളില്‍നി്ന്നും കാവല്‍ ഉണ്ടാകുന്നതാണ്.

اَللَّهُمَّ صَلِّ صَلَوةً كَامِلَةً وَسَلِّمْ سَلَامًا تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِي تَنْحَلُّ بِهِ العُقَدُ وَتَنْفَرِجُ بِهِ الكُرَبُ وَتُقْضَى بِهِ الحَوَائِجُ وَتُنَالُ بِهِالرَغَائِبُ وَحُسْنُ الخَوَاتِمِ وُيُسْتَسْقَى الغَمَامُ بِوَجْهِهِ الكَرِيمْ وَعَلَى الِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ

അര്‍ത്ഥം- അല്ലാഹുവേ,മുഹമ്മദ് നബി(സ) യുടെ മേല്‍ നീ പൂര്‍ണ്ണമായ സ്വലാതും സലാമും വര്‍ഷിക്കുക, അവരെകൊണ്ട് പ്രയാസങ്ങളുടെ കുരുക്കഴിയുകയും ബുദ്ധിമുട്ടുകള്‍ അകന്നുപോവുകയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ആഗ്രഹങ്ങള്‍ സാധിക്കപ്പെടുകയും ശുഭകരമായ അന്ത്യം സാധ്യമാവുകയും അവരുടെ മുഖം (സ്ഥാനം) കൊണ്ട് മേഘം മഴ വര്‍ഷിക്കുകയും ചെയ്യും, അവരുടെ കുടുംബത്തിന്റെ മേലിലും അനുചരരുടെ മേലിലും സ്വലാതും സലാമും വര്‍ഷിക്കണേ, ഓരോ നിമിഷവും ഓരോ ശ്വാസത്തിലും നിനക്കറിയാവുന്ന സകലതിന്റെയും എണ്ണത്തിന്റെ അത്രയും.

💥 മൊറോക്കന്‍ രാജ്യങ്ങളിലെ പണ്ഡിതര്ക്കിടയിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് പ്രസിദ്ധമായത്. പ്രയാസങ്ങള്‍ നീങ്ങുന്നതിന് സദസ്സില്‍ ഒരുമിച്ചിരുന്ന 4444 പ്രാവശ്യം ഈ സ്വലാത്ത് ചൊല്ലുന്ന ഒരു രീതിയും അവര്‍ക്കിടയിലുണ്ടായിരുന്നു. തീയിന്‍റെ വേഗത്തില്‍ പെട്ടെന്ന് കാര്യം സാധ്യമാകുമെന്ന അര്‍ഥത്തിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് ലഭിക്കുന്നത്. 💥 ഇമാം ഖുര്‍ഥ്വുബി ഈ സ്വാത്തിന് തഫ്ജീരിയ്യ എന്ന് തന്നെയാണ് പേര് നല്‍കിയിരിക്കുന്നത്. പ്രശ്നപരിഹാരം എന്നാണ് ആ വാക്കിന് അര്‍ഥം. 4444 പ്രാവശ്യം ഇതു ചൊല്ലിയാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന് അദ്ദേഹവും പ്രസ്താവിച്ചിട്ടുണ്ട്. ഹാഫിദ് ഇബ്നു ഹജറില് ‍അസ്ഖലാനി തങ്ങളും ഈ സ്വലാത്തിന്റെ മഹാത്മ്യത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 💥 മിഫ്താഹുല്‍ കന്‍സില്‍ മുഹ്വീത്, സമഗ്രനിധികളുടെ താക്കോല്‍, എന്ന പേരിലാണ് സൂഫീലോകത്ത് ഈ സ്വലാത്ത് അറിയപ്പെടുന്നത്. ശൈഖ് മുഹമ്മദ് ഹഖീഅഫിദിയുടെ ഖസീനത്തുല്‍ അസ്റാറിലും യൂസുഫുന്നബ്ഹാനിയുടെ അഫ്ദലുസ്സ്വലവാത്ത് എന്ന ഗ്രന്ഥത്തിലും നാരിയത്ത് സ്വലാത്ത് സംബന്ധമായി ദീര്‍ഘമായ കുറിപ്പുകളുണ്ട്. 💥 പ്രസിദ്ധ ആരിഫും ഖുതുബുമായിരുന്ന അബുല്‍ ഹസന്‍ ശാദുലിയുടെ ആത്മീയ ഗുരു അബ്ദുസ്സലാം ഇബ്നു മശ്ശീശ് എന്നവരുടെ വിര്‍ദാണ് നാരിയത്തു സ്വലാത്തെന്നാണ് പ്രബലമതം. ദലാഇലുല്‍ ഖൈറാത്ത് എന്ന് സ്വലാത്ത് ഗ്രന്ഥത്തിന്‍റെ അടിക്കുറിപ്പില്‍ മര്‍ഹൂം കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ ഇക്കാര്യം എഴുതിക്കാണുന്നുണ്ട്. അദ്ദേഹം ശൈഖ് ദിയാഉദ്ദീനിനില്‍ നിന്നാണ് ഇക്കാര്യം ഉദ്ധരിക്കുന്നത്.

💥 നാരിയത് സ്വലാത് എന്ന പേരില്‍ അറിയപ്പെടുന്ന അസ്സ്വലാതുത്തഫ്‌രീജിയ്യതുല്‍ ഖുര്‍ത്വുബിയ്യ (الصلاة التفريجية القرطبية) വളരെ ശ്രേഷ്ഠമായ സ്വലാത്തുകളില്‍ ഒന്നാണ്. ഈ സ്വലാത്തിന്‍റെ സവിശേഷതകള്‍ വിവരിക്കുന്നിടത്ത് ബഹുമാനപ്പെട്ട അശ്ശൈഖ് അല്‍ആരിഫ് മുഹമ്മദ് ഹഖീ അഫ്നദി അന്നാസിലീ (الشيخ السيد العارف محمد حقي أفندي النازلي)  ഇമാം ഖുര്‍ത്വുബിയെ ഉദ്ധരിച്ച് പറയുന്നു:

 “ആരെങ്കിലും പ്രധാനമായ ഒരു സംഗതി നേടിയെടുക്കാനോ അല്ലെങ്കില്‍ ഒരു വലിയ വിപത്ത് തടയാനോ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ സ്വലാത്ത് 4444 പ്രാവശ്യം ഓതിയിട്ട് റസൂല്‍ (സ)യിലേക്ക് തവസ്സുല്‍ ചെയ്യട്ടെ. അവന്റെ നിയ്യത്തിനനുസൃതമായി അവന്‍റെ ഉദ്ദേശ്യങ്ങള്‍ അല്ലാഹു പൂര്‍ത്തിയാക്കിക്കൊടുക്കുന്നതാണ്. ഇപ്രകാരം തന്നെ ഈ എണ്ണത്തിന്റെ പ്രത്യേകത അസ്ഖലാനി(റ)വും പരാമര്‍ശിച്ചിട്ടുണ്ട്. പ്രതിഫലന കാര്യത്തില്‍ ഇതൊരു ഇക്സീര്‍ ആണ്.” (അസാമാന്യ ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു രാസ വസ്തുവാണു ഇക്സീര്‍. തത്വജ്ഞാനികളുടെ കല്ല് എന്നും ഇത് അറിയപ്പെട്ടിരുന്നു.) (ഖസീനതുല്‍ അസ്റാര്‍ – خزينة الأسرار)

👆 ശൈഖ് യൂസുഫ് അന്നബ്ഹാനി(റ)യും തന്‍റെ أفضل الصلوات على سيد السادات എന്ന കിതാബിലും سعادة الدارين എന്ന കിതാബിലും മേല്‍പറഞ്ഞവ ഉദ്ധരിച്ചിട്ടുണ്ട്.

അഗ്നി വേഗതയില്‍ ഫലപൂര്‍ത്തി ലഭിക്കുന്നതിനാലാണ് ഇതിന് الصلاة النارية എന്നു പേരു വന്നത്. സൂഫികള്‍ക്കിടയില്‍ ഈ സ്വലാത് അറിയപ്പെടുന്നത് مفتاح الكنز المحيط لنيل مراد العبيد എന്ന പേരിലാണ്.

💥 സ്വലാതുകളെ പൊതുവേ നാലായിരത്തില്‍ പരം ഇനങ്ങളായി തിരിക്കാം. പല സ്വഹാബാക്കളും പണ്ഡിതന്മാരും പലരീതികളിലുള്ള സ്വലാതുകള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം സ്വലാത്തുകളില്‍ വളരെ ശ്രേഷ്ടമായതാണ് നാരിയത്ത് സ്വലാത്ത്.

✅ അശ്ശൈഖ് നാസിലീ (റ) ഈ സ്വലാത്തിനെ കുറിച്ച് വിശദീകരിക്കാനായി മാത്രം തന്റെ ഗ്രന്ഥത്തിലെ നാലു പേജുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മൊറോക്കക്കാരനായ ശൈഖ് മുഹമ്മദ് അത്തൂനുസിയും ശൈഖ് സയ്യിദ് മക്കിയും അദ്ദേഹത്തിന് ഈ സ്വലാത്തിനുള്ള ഇജാസത് (പ്രത്യേക അനുമതി) നല്‍കിയിരുന്നു. മാത്രമല്ല, മദീന മുനവ്വറയില്‍ വെച്ച് ഹി 1261 ല്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ശൈഖ് മുസ്ഥഫാ ഹിന്ദിയും ഇതിനുള്ള ഇജാസത് നല്‍കുകയും ഇതിന്റെ സനദ് പറഞ്ഞു കൊടുക്കുകയും ചെയ്തു.

❗പഠനം കഴിഞ്ഞ് മദീന വിട്ടു പോകുന്നതിനു മുമ്പായി തന്റെ പ്രസ്തുത ശൈഖിനോട് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സാമീപ്യവും ജ്ഞാനങ്ങളിലേക്കുള്ള തെളിച്ചവും ലഭിക്കാനുതകുന്ന എന്തെങ്കിലും പ്രത്യേക ദിക്റുകള്‍ പറഞ്ഞു തരണമെന്ന് അഭ്യര്‍ഥിച്ചു. ആയതുല്‍കുര്‍സിയ്യും നാരിയതുസ്സ്വലാതും പഠിപ്പിച്ചു കൊടുത്തിട്ട് ശൈഖ് മുസ്ഥഫാ തന്റെ ശിഷ്യനായ ശൈഖ് ഹഖീ നാസിലീയോട് പറഞ്ഞു: “ഈ സ്വലാത് നീ പതിവാക്കിയാല്‍ നിനക്ക് പ്രത്യേക ജ്ഞാനനങ്ങളും രഹസ്യങ്ങളും വ്യക്തമാവും. റസൂല്‍(സ)യുടെ ആത്മീയ പരിപാലനം ലഭ്യമാകും. ഇത് പരീക്ഷിച്ചു വിജയിച്ചതാണ്.” അങ്ങനെ വിജയം കണ്ട പലരുടെയും പേരുകള്‍ പറഞ്ഞു കൊടുത്തു.

ശൈഖ് ഹഖീ നാസിലീ പറയുന്നു: “ഞാന്‍ അദ്ദേഹത്തിന്റെ കൈ മുത്തി. അദ്ദേഹം എനിക്കു ബര്‍കത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ ആ രാത്രിയില്‍ തന്നെ ഈ സ്വലാത് ചൊല്ലാന്‍ തുടങ്ങി. ആദ്യമായി നൂറു പ്രാവശ്യം ചൊല്ലിത്തീര്‍ത്തു. അന്നു സ്വപ്നത്തില്‍ റസൂല്‍(സ)യെ കണ്ടു. നിനക്കും നിന്റെ മാതാപിതാക്കള്‍ക്കും നിന്റെ സഹോദരങ്ങള്‍ക്കും ശഫാഅത്തുണ്ടെന്നു റസൂല്‍(സ) അരുള്‍ ചെയ്തു. നിങ്ങള്‍ക്കും എനിക്കും ഈ സന്തോഷ വാര്‍ത്ത ആവര്‍ത്തിതമായി ലഭിക്കാന്‍ അല്ലാഹു തൌഫീഖ് നല്‍കട്ടെ. പിന്നീട് അല്ലാഹുവിന്റെ മഹത്തായ കഴിവു കൊണ്ട് എന്റെ ശൈഖ് പറഞ്ഞതൊക്കെയും എനിക്ക് അനുഭവവേദ്യമായി. ഞാനെന്റെ പല സഹോദരങ്ങള്‍ക്കും ഇതു പഠിപ്പിച്ചു കൊടുത്തു. അവര്‍ക്കെല്ലാം എനിക്കു ലഭ്യമായതെല്ലാം ലഭിച്ചു. എനിക്ക് അല്ലാഹു അവന്റെ മഹത്തായ ദൃഷ്ടാന്തങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും റസൂല്‍(സ) അവിടന്നു ഇജാസത് നല്കുകയും ചെയ്തിരിക്കുന്നു. അതു കൊണ്ട് ഈ സ്വലാത് നീ പതിവാക്കിയേക്കൂ – രാത്രിയിലും പകലിലും”

✅ ശൈഖ് മുഹമ്മദ് തൂനുസി(റ) പറഞ്ഞു: ആരെങ്കിലും നാരിയത് സ്വലാത് ദിവസവും പതിനൊന്നു പ്രാവശ്യം ഓതിയാല്‍ അവന് റിസ്ഖ് ആകാശത്ത് നിന്നു വര്‍ഷിക്കുകയും ഭൂമിയില്‍ നിന്ന് മുളച്ചു വരികയും ചെയ്യുന്നതു പോലെയാണ്.

✅ ഇമാം ദൈനൂരി (റ) പറയുന്നു:
“ആരെങ്കിലും നിസ്കാര ശേഷം പതിനൊന്നു പ്രാവശ്യം ഈ സ്വലാതു ചൊല്ലുകയും മുറിഞ്ഞു പോകാതെ ഒരു വിര്‍ദ് ആയി പതിവാക്കുകയും ചെയ്താല്‍ ഉന്നതമായ സ്ഥാനങ്ങളും ഐശ്വര്യമുള്ള അധികാരങ്ങളും വന്നെത്തുന്നതാണ്.

✅ എല്ലാ ദിവസവും സുബ്ഹിനു ശേഷം ഇത് നാല്പത്തൊന്നു പ്രാവശ്യം പതിവാക്കുന്നവരുടെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നതാണ്.

✅ എല്ലാ ദിവസവും നൂറു പ്രാവശ്യം ഇത് പതിവാക്കുന്നവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ഉദ്ദേശിച്ചിലുപരിയായി ലക്ഷ്യം കൈവരിക്കുകയും ചെയ്യും.

✅ ആരെങ്കിലും ഈ സ്വലാതിനെ മുര്‍സലീങ്ങളുടെ എണ്ണം കണക്കെ – അഥവാ മൂന്നൂറ്റി പതിമൂന്നു പ്രാവശ്യം പതിവാക്കിയാല്‍ അവനു രഹസ്യങ്ങള്‍ വെളിപ്പെടുകയും അവനുദ്ദേശിക്കുന്നതില്‍ നിന്നെല്ലാം മുക്തി നേടുകയും ചെയ്യും.

എല്ലാ ദിവസവും ആയിരം പ്രാവശ്യം ചൊല്ലിയാല്‍ അവനു വിശേഷണങ്ങള്‍ക്കതീതമായതു ലഭിക്കും. ഒരു കണ്ണും കാണാത്ത, ഒരു ചെവിയും കേള്‍ക്കാത്ത, ഒരു മനുഷ്യമനസ്സും നിനക്കാത്ത സൌഭാഗ്യങ്ങള്‍ക്ക് ഉടമയാകും.”

💥 ഇമാം ഖുര്‍ത്വുബീ(റ) പറയുന്നു:
“ആരെങ്കിലും ഈ സ്വലാത് ദിവസവും നാല്‍പത്തൊന്നു പ്രാവശ്യം അല്ലെങ്കില്‍ നൂറു പ്രാവശ്യം അല്ലെങ്കില്‍ അതില്‍കൂടുതല്‍ പ്രവാശ്യം പതിവാക്കിയാല്‍ അല്ലാഹു അവന്റെ ആധികളും ദുഃഖങ്ങളും ശമിപ്പിക്കുകയും ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം നല്‍കുകയും അവന്റെ കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുകയും അവന്റെ ആത്മാവിനു ശോഭ നല്‍കുകയും അവന്റെ അവസ്ഥ നന്നാക്കുകയും അവന്റെ റിസ്ഖ് വിശാലമാക്കുകയും നന്മകളുടെ കവാടങ്ങള്‍ അവനു വേണ്ടി തുറന്നിടുകയും അവന്റെ വാക്കുകള്‍ ഫലിക്കുകയും അവനെ ദുരന്തങ്ങളില്‍ നിന്നും വിശപ്പ്, ദാരിദ്ര്യം തുടങ്ങിയ വിപത്തുകളില്‍ നിന്നും സംരക്ഷിക്കുകയും ഹൃദയങ്ങളില്‍ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കുകയും ചെയ്യും. അല്ലാഹു അവന് ചോദിച്ചതെല്ലാം നല്‍കുന്നു. ഈ പ്രയോജനങ്ങള്‍ ലഭിക്കണമെങ്കില്‍ ഇതു പതിവാക്കുക തന്നെ വേണം. സിര്‍റുല്‍അസ്രാറിലും അപ്രകാരമുണ്ട്.

അറിയുക (അല്ലാഹുവിലേക്ക് നിങ്ങള്‍ തവസ്സുല്‍ ചെയ്യുക) എന്ന് സൂറതുല്‍ മാഇദയില്‍ പറഞ്ഞതു പ്രകാരം ഈ സ്വലാത് അല്ലാഹുവിലേക്ക് റസൂല്‍ (സ)യെ കൊണ്ട് തവസ്സുല്‍ ചെയ്യലാണ്. ഇതിലെ ഏഴു സര്‍വ്വ നാമങ്ങള്‍ (ളമീറുകള്‍) റസൂല്‍(സ)യിലേക്കാണു മടങ്ങുന്നത്. മാത്രമല്ല റസൂല്‍(സ)യുടെ ഏറ്റവും ഉത്തമമായ (മുഹമ്മദ്) എന്ന നാമം കൂടിയാവുന്പോള്‍ എട്ടു പ്രാവശ്യമാകും. എന്നാല്‍ മറ്റു സ്വലാത്തുകള്‍ അങ്ങനയല്ല. ഈ സ്വലാത് അല്ലാഹുവിന്റെ നിധികളിലെ ഒരു നിധിയാകുന്നു. ഇതു ചൊല്ലുന്നത് അല്ലാഹുവിന്റെ ഖജനാവിലേക്കുള്ള താക്കോലാകുന്നു. അല്ലാഹുവിന്റെ അടിമകളില്‍ ഇതു പതിവാക്കുന്നവര്‍ക്ക് അവനതു തുറന്നു കൊടുക്കും. ഇതു കാരണമായി അവനെ അല്ലാഹു ഉദ്ദേശിക്കുന്നിടത്തേക്കു എത്തിക്കുകയും ചെയ്യും.”

✅ ശൈഖ് ഹഖീ നാസിലീ സ്വലാതു ചൊല്ലുന്പോഴുണ്ടാകേണ്ട ആറു മര്യാദകള്‍ വിശദീകരിച്ച ശേഷം പറയുന്നു: ഈ അദബുകള്‍ മുഴുവന്‍ സമ്മേളിച്ച ഒരു സ്വലാത്താകുന്നു അസ്സ്വലാതുന്നാരിയ്യ.

✅ റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ എന്റെ മേല്‍ ബത്റാഅ് ആയ (ബര്‍കത് കുറഞ്ഞ രീതിയിലുള്ള) സ്വലാത് ചൊല്ലരുത്.” സ്വഹാബത് ചോദിച്ചു: “എന്താണീ ബത്റാഅ് ആയ സ്വലാത്?” റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ اللهم صل على محمد  എന്നു പറഞ്ഞു നിര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ പറയേണ്ടത് اللهم صل على محمد وعلى آل محمد എന്നാകുന്നു.” (الصواعق المحرقة على أهل الضلال والزندقة – لابن حجر الهيتمي، الحاوي للماوردي)

✅ ഉമ്മുല്‍ മുഅ്മിനീന്‍ സ്വഫിയ്യ(റ) നാലായിരം ഈത്തപ്പഴക്കുരുകള്‍ തസ്ബീഹിനു എണ്ണം പിടിക്കാനായി ശേഖരിച്ചു. അപ്പോഴാണ് നബി(സ) അവരുടെ തലയുടെ അടുത്ത് വന്ന് നിന്നിട്ട് പറഞ്ഞത്: നിന്റെ തലയുടെ ഭാഗത്ത് ഞാന്‍ നിന്നു കൊണ്ട് ഇതിലേറെ എണ്ണം തസ്ബീഹ് ചൊല്ലി. എന്റെ നാവു ചുരുക്കപ്പെടുകയോ സമയം വിശാലമാക്കിത്തരികയോ ചെയ്തിട്ടില്ല. സ്വഫിയ്യ(റ) ചോദിച്ചു കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ എണ്ണം തസ്ബീഹ് ചൊല്ലുന്നത് പഠിപ്പിച്ചു തരൂ റസൂലേ. റസൂല്‍(സ) പറഞ്ഞു നീ പറയുക – سبحان الله عدد خلقه – അല്ലാഹുവിന്റെ സൃഷ്ടികളുടെ കണക്കനുസരിച്ച് സുബ്ഹാനല്ലാഹ് (ത്വബ്റാനി, തിര്‍മുദി).

🍇 നാരിയതുസ്സ്വലാതിന്റെ വലിയ പ്രചാരകരായിരുന്ന ശൈഖ് ഇബ്റാഹീം അന്നാസിയിലേക്ക് ചേര്‍ത്ത് സ്വലാതുന്നാസിയ എന്നായിരുന്നു ഇതു അറിയപ്പെട്ടിരുന്നതെന്നും പിന്നീട് ലോപിച്ച് നാരിയ്യ ആയതാണെന്നും ബഹുമാനപ്പെട്ട നബ്ഹാനി തങ്ങള്‍ നിരീക്ഷിക്കുന്നു..

🍇 ഈ സ്വലാത് ആദ്യമായി ചൊല്ലിയത് നബി(സ) തങ്ങളുടെ പേരക്കിടാവായ ഹുസൈന്‍(റ)വിന്റെ മകന്‍ സൈനുല്‍ ആബിദീന്‍(റ) ആണെന്നു് അഭിപ്രയാമുണ്ട്. നജ്ഫില്‍ മറമാടപ്പെട്ട തങ്ങളുടെ വലിയുപ്പ അലി(റ)വിന്റെ ഖബ്റ് സന്ദര്‍ശിക്കുന്ന വേളയിലായിരുന്നുവത്രെ അത്.

❓നാരിയ്യതുസ്സ്വലാതിനെ എതിര്‍ക്കുകയും അതിനെ ശിര്‍ക്കും ബിദ്അതുമായി ആരോപിക്കുകയും ചെയ്യുന്നവരുടെ വാദങ്ങള്‍ കൂടി പരിശോധിക്കാം.

(ഇങ്ങനെയൊരു സ്വലാത് നബി(സ)മയില്‍ നിന്ന് റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. നബി(സ)യില്‍ നിന്നു സ്വഹീഹായി റിപോര്‍ട്ടു ചെയ്യപ്പെട്ടത് ഇബ്റാഹീമിയ്യ സ്വലാത് മാത്രമാണ്.) ഇതാണൊരു ആക്ഷേപം.

ചില ദിക്റുകള്‍ റസൂല്‍(സ)യില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടവയില്‍ നിക്ഷിപ്തിമാണ്. അതല്ലാതെ മറ്റൊന്നു കൊണ്ടും സാദുവാകുകയില്ല. ഉദാഹരണത്തിനു നിസ്കാരത്തിലെ തക്ബീറതുല്‍ ഇഹ്റാം, ഫാതിഹ, അത്തഹിയ്യാത് (തശഹ്ഹുദ്), സലാം എന്നിവ. എന്നാല്‍ ചില സ്ഥലങ്ങളില്‍ റസൂല്‍(സ)യില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടവ ഉത്തമമാണ്. മറിച്ചുളളവ ചില നിബന്ധനകളോടെ അനുവദനീയവുമാണ്. ഉദാഹരണത്തിനു നിസ്കാരത്തില്‍ ഫാതിഹക്കു ശേഷം ഓതുന്ന സൂറതുകള്‍. ഖുര്‍ആനിലെ ഏതു ആയത്തുകളും ഓതാവുന്നതാണ്. അങ്ങനെ ഓതിയാല്‍ സൂറത് ഓതി എന്ന സുന്നത്ത് നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കുന്നതുമായിരിക്കും. ഖുര്‍ആനിലെ ആ ഭാഗം റസൂല്‍(സ) പ്രസ്തുത നിസ്കാരത്തിലോ, മറ്റേതെങ്കിലും നിസ്കാരങ്ങളിലോ ഓതുകയോ ഓതാന്‍ കല്‍പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നു ഉറപ്പു വരുത്തേണ്ടതില്ല. റസൂല്‍(സ) പ്രത്യേകമായി ഓതുകയോ ഓതാന്‍ കല്‍പ്പിക്കുകയോ ചെയ്ത സൂറതുകള്‍ ഓതുന്നത് കൂടുതല്‍ ശ്രേഷ്ടകരമാണ്. മറ്റൊരു ഉദാഹരണം ഖുനൂത്. അറബിയില്‍ ഏതു ദുആ ചെയ്താലും ഖുനൂതായി പരിഗണിക്കപ്പെടും. റസൂലുല്ലാഹ്(സ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടതായാല്‍ അത് ഏറെ സവിശേഷമായി. ഹറമുകളില്‍ റമദാനിലെ വിത്റിലുള്ള ഖുനൂത് വളരെ ദീര്‍ഘമുള്ളതും ധാരാളം പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളിച്ചതുമാണല്ലോ. പക്ഷേ, അത്തരമൊരു ഖുനൂത് നിര്‍വഹിച്ചതായി ഹദീസുകളില്‍ കാണാവാതല്ല. അതു പോലെ തറാവീഹില്‍ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്നതും റസൂല്‍(സ) ചെയ്തതായി ചരിത്രമില്ല. ഇങ്ങനെയെല്ലാമായിട്ടും ഒരു വഹാബിയും (ഞാന്‍ നിസ്കരിക്കുന്നത് നിങ്ങള്‍ കണ്ടപോലെ നിങ്ങളും നിസ്കരിക്കുവീന്‍) എന്ന ഹദീസിനു് ഇത് എതിരാണെന്നും ഇത് ബിദ്അത് ആണെന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. എന്നാല്‍ ജുമുഅ ഖുതുബ പോലെയുള്ളതില്‍ അതിന്റെ നിബന്ധനകള്‍ ഒത്താല്‍ മാത്രം മതി. റസൂല്‍(സ) പ്രസംഗിച്ച അതേ വാക്കുകള് അപ്പടി പ്രയോഗിക്കുന്നത് പ്രത്യേക സുന്നതായി പോലും കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടില്ല. ഈ ഗണത്തിലാണ് നബി(സ)തങ്ങളുടെ മേലുള്ള സ്വലാത് ഉള്‍പ്പെടുന്നത്. (അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അവരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക) എന്ന ആയത്തിന്‍റെ വിശദീകരണത്തില്‍ തഫ്സീര്‍ ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും കാണാവുന്ന ഒരു സംഭവം ഉദ്ധരിച്ചാണ് ഉല്‍പതിഷ്ണുക്കള്‍ ഇതിനെ എതിര്‍ക്കാറുള്ളത്. എന്നാല്‍ പ്രസ്തുത ഹദീസുകള്‍ പരിശോധിക്കുന്ന ഏവര്‍ക്കും മനസ്സിലാകും അത് നിസ്കാരവുമായി ബന്ധപ്പെട്ടതാണെന്നും ഇബ്റാഹീമിയ്യ സ്വലാത് നിസ്കാരത്തില്‍ ചൊല്ലേണ്ടുന്ന സ്വലാത്തിന്‍റെ പൂര്‍ണ്ണ രൂപമാണെന്നും. അത്തഹിയ്യാത് വളരെ കൃത്യതയോടെ റസൂല്‍(സ) സ്വഹാബതിനെ പഠിപ്പിച്ചു. അതില്‍ റസൂല്‍(സ)യുടെ മേല്‍ അസ്സലാമു അലൈക അയ്യുഹന്നബിയ്യു എന്നു വ്യക്തമായി സലാമുമുണ്ട്. ആ സാഹചര്യത്തിലാണ് സ്വഹാബത് ചോദിക്കുന്നത് – അങ്ങെയുടെ മേല്‍ സലാം ചൊല്ലേണ്ടതെങ്ങനെയെന്ന് ഞങ്ങള്‍ പഠിച്ചു. ഇനി സ്വലാത് എങ്ങനെയാണ് ചൊല്ലേണ്ടത്? അപ്പോള്‍ നബി(സ) അവര്‍ക്ക് ഇബ്റാഹീമിയ്യ സ്വലാത് പഠിപ്പിച്ചു കൊടുത്തു. ഇതാണ് ആ സംഭവം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വലാത്, ഇബ്റാഹീമിയ്യയില്‍ മാത്രം നിക്ഷിപ്തമാണെന്നു വാദിക്കുകയും നാരിയ്യതുസ്സ്വലാത് ബിദ്അത് ആണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ നാം സാധാരണ പറയാറുള്ള صلى الله عليه وسلم ، صلى الله على محمد صلى الله عليه وسلم തുടങ്ങിയവയെ കുറിച്ചു എന്തു പറയുന്നു. അതു പോലെ പ്രസംഗങ്ങളുടെയും ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും തുടക്കത്തിലുണ്ടാകാറുള്ള സ്വലാതുകളെ കുറിച്ചു എന്തു പറയുന്നു. അവയെല്ലാം ബിദ്അത് ആണോ. ഇവയെല്ലാം എല്ലാ വഹാബി നേതാക്കളും അനുവര്‍ത്തിക്കുന്നണ്ടല്ലോ. ഇത് വ്യക്തമായ പക്ഷപാതിത്വം തന്നെയാണ്. മാത്രമല്ല പ്രസ്തുത ആയത്തില്‍ സ്വലാതും സലാമും ചൊല്ലാനുള്ള കല്‍പനയുള്ളതിനാല്‍ സ്വലാത് മാത്രം ചൊല്ലുന്നത് കറാഹത്താണെന്ന് ഇമാം നവവി തങ്ങള്‍(റ) അദ്കാറില്‍ പറഞ്ഞിട്ടുണ്ട്. ഇതു സൂചിപിക്കുന്നത് സലാമില്ലാതെ സ്വലാതു മാത്രമുള്ള ഇബ്റാഹീമിയ്യ സ്വലാത് അതിവിശിഷ്ടമാകുന്നത് നിസ്കാരത്തിലാണ്. ഇതിനു പുറമെ സ്വഹാബതും ശേഷമുള്ള മഹാന്മാരായ പണ്ഡിതന്മാരും സ്വാലീഹീങ്ങളും അവര്‍ക്കുതകും വിധത്തില്‍ സ്വലാത്തിനു പ്രത്യേക പദങ്ങള്‍ ഉപയോഗിച്ചതായി ചരിത്രങ്ങളും അവരുടെ ഗ്രന്ഥങ്ങളും തെളിവാണ്. ദീനിലെ ഇത്തരം കാര്യങ്ങള്‍ അതിന്റെ അടിസ്ഥാന തത്വത്തില്‍ നിന്നു കൊണ്ട് അതു നിര്‍വഹിക്കേണ്ട മാര്‍ഗങ്ങള്‍ വിപുലമാക്കുന്നതിനോ പരിഷ്കരിക്കുന്നതിനോ ബിദ്അത് എന്നു പറയാവതല്ല. ഖുര്‍ആനിനെ മുസ്വ്‌ഹഫിലായി ക്രോഡീകരിച്ചതും അറബികളല്ലാത്തവര്‍ക്ക് ഓതല്‍ ലളിതമാകുംവിധം അക്ഷരങ്ങള്‍ക്ക് പുള്ളിയും ഹര്‍കതുകളും നല്‍കിയതും തജ്‌വീദ് നിയമങ്ങളറിയാനുള്ള അടയാളങ്ങള്‍ നല്‍കിയതും അതിനെ ജുസ്ഉകളും, റുകൂഉകളും, ഹിസ്ബുകളുമായി തരംതിരച്ചതും ഈ ഗണത്തില്‍ പെടുന്ന പരിഷ്കാരങ്ങളാണ്. ഇവയൊന്നും ബിദ്അതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതു പോലെ നാരിയ്യതു സ്വലാതും ബിദ്അത് അല്ല. അടിസ്ഥാന ആശയങ്ങള്‍ റസൂല്‍(സ) തന്നെ വ്യക്തമാക്കി തന്നിരിക്കേ, ഇത്തരം മാര്‍ഗങ്ങളിലും ആവിഷ്കാരങ്ങളിലും വരുന്ന മാറ്റങ്ങളും പരിഷ്കരണങ്ങളും اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا എന്ന ആയത്തിനു എതിരാകുകയില്ല. (മറ്റൊരു ആക്ഷേപം – ഈ സ്വലാതില്‍ ശിര്‍ക്കിന്റെ ചില പദങ്ങള്‍ വിന്നിട്ടുണ്ട്.) റസൂല്‍(സ)കാരണമായി കുരുക്കുകള്‍ അഴിയുന്നു. പ്രയാസങ്ങള്‍ ദൂരീകൃതമാകുന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. ആഗ്രഹങ്ങള്‍ സഫലമാകുന്നു. നല്ല അന്ത്യവും കരഗതമാകുന്നു. മേഘം മഴവര്‍ഷിപ്പിക്കുന്നു തുടങ്ങിയ പദങ്ങളിലൂടെ അല്ലാഹുവിന്റെ സവിശേഷ പ്രവൃത്തികള്‍ റസൂല്‍(സ)യിലേക്ക് ചേര്‍ത്തിപ്പറഞ്ഞു എന്നതാണ് ആക്ഷേപം. ഖുര്‍ആനും ഹദീസുകളും പരിശോധിച്ചാല്‍ ഇങ്ങനെ ഒരു ആരോപണത്തില്‍ കഴന്പില്ലെന്നും ഇത്തരം പ്രവൃത്തികള്‍ ഖുര്‍ആനിലും ഹദീസിലും റസൂലി(സ)ലേക്ക് ചേര്‍ത്തിപ്പറഞ്ഞതാണെന്നും കാണാം. സൂറതുല്‍ അന്ബിയാഅിലെ 107-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ (ലോകര്‍ക്ക് കാരുണ്യമായിട്ടു മാത്രമാണ് അങ്ങയെ നാം നിയോഗിച്ചിരിക്കുന്നത്.) കാരുണ്യ കടാക്ഷമായ റസൂല്‍(സ) തീര്‍ച്ചയായും ലോകരുടെ പ്രയാസങ്ങള്‍ അകറ്റുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുക തന്നെ വേണം. അല്ലെങ്കില്‍ പിന്നെ കാരുണ്യമെന്നതിന്റെ വിവക്ഷയെന്താണ്. നബി(സ)യെ വിശേഷിപ്പിച്ചു കൊണ്ട് സൂറതുല്‍ അഅ്റാഫില്‍ 157-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ – അവരുടെ (വിശ്വാസികളുടെ) ഭാരങ്ങളും അവരുടെ മേലുള്ള ചങ്ങലകളും ഇറക്കി വെക്കുന്നവരായി (നബിയെ അവര്‍ക്ക് കണ്ടെത്താം) ഇവിടെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നവന്‍ അഥവാ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നവന്‍ റസൂല്‍(സ)ആണെന്നു പറയുന്നുവല്ലോ. ഖുര്‍ആനിലും ശിര്‍ക്കു വന്നുവെന്നു ആക്ഷേപിക്കുമോ അതോ ഇതിനര്‍ത്ഥം പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ റസൂലി(സ)ക്കു അല്ലാഹുവിനെപ്പോലെ കഴിവുണ്ടന്നല്ല മറിച്ചു അല്ലാഹുവിന്റെ കഴിവും അറിവും ഉദ്ദേശ്യവും പ്രകാരം പ്രയാസങ്ങളകറ്റാന്‍ റസൂല്‍(സ)ക്ക് അല്ലാഹു അവസരം നല്കി എന്നു മനസ്സിലാക്കുമോ. രണ്ടാമതു പറഞ്ഞ അതേ ആശയ വ്യാപ്തിയേ നാരിയതുസ്വലാതിലേ പ്രസ്തുത പദങ്ങള്‍ക്കുമുള്ളൂ. അതിനാല്‍ അവിടെ ശിര്‍കിന്റെ ലാഞ്ചന പോലുമില്ലെന്നു മാത്രമല്ല, തൌഹീദിന്റെ അരക്കെട്ടിട്ടുറപ്പിക്കല്‍ കൂടിയാണ്. ഹദീസുകളും പരിശോധിക്കാം .. “എന്റെ പ്രാര്‍ത്ഥന മുഴുവനും അങ്ങയുടെ മേലുള്ള സ്വലാത്താക്കിയിതിനെ കുറിച്ചു അങ്ങെന്തു പറയുന്നു?” എന്ന ഉബയ്യ്(റ)വിന്റെ ചോദ്യത്തിനു മറുപടിയായി റസൂല്‍(സ) പറഞ്ഞത്: إذن يكفيك الله ما أهمك من دنياك وآخرتك – നിന്റെ ദുന്‌യാവിലെയും ആഖിറത്തിലെയും സകല ഉല്‍കണ്ഠകളും അല്ലാഹു മതിയാക്കിത്തരുന്നതാണ്. (അഹ്മദ്, തിര്‍മുദി, ഹാകിം, ബൈഹഖി) നബി(സ) തങ്ങളുടെ മേലുള്ള സ്വലാത്ത് സകല വ്യഥകള്‍ക്കും പരിഹാരമെങ്കില്‍ ഈ പരിഹാരത്തിന്റെ ഹേതു റസൂല്‍(സ) ആണെന്നു പറയുന്നതില്‍ എന്തുണ്ട് തെറ്റ്. നബി(സ) പറയുന്നു
أكثروا من الصلاة علي فإنها تحل العقد وتفرج الكروب
(എന്റെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കൂ. കാരണം അത് കുരുക്കുകള്‍ അഴിക്കുകയും ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കുകയും ചെയ്യും.)

القول البديع في الصلاة على الحبيب الشفيع (السخاوي)، الدر المنضود في الصلاة على صاحب المقام المحمود (ابن حجر الهيتمي)، الحاوي (السيوطي)
തുടങ്ങി അനേകം ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി കാണാം.
💥 بستان الواعظين ورياض الصالحين എന്ന ഗ്രന്ഥത്തില്‍ ബഹുമാനപ്പെട്ട ജമാലുദ്ദീന്‍ അല്‍ജൌസി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസു കൂടി കാണുക.

من عسرت عليه حاجة من أمر دينه أو دنياه فليكثر من الصلاة عليّ فإن الله يستحيي أن يردّ عبده في حاجة إذا كان دعاءه بين صلاتين عليّ – صلاة قبل السؤال وصلاة بعد السؤال

“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാതുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുന്പുള്ള സ്വലാതും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാതും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ലജ്ജിക്കുക തന്നെ ചെയ്യും.”
നബി(സ) തങ്ങളെ തവസ്സുല്‍ ചെയ്തു ദുആ ചെയ്തപ്പോള്‍ മഴലഭിച്ചിരുന്ന സംഭവം സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. നാരിയത് സ്വലാത് യഥാര്‍ത്ഥത്തില്‍ റസൂല്‍(സ)യെ തവസ്സുല്‍ ചെയ്യലാണ്. (ഈ സ്വലാത്തിനെ ആക്ഷേപിക്കുന്നവരുടെ മറ്റൊരു വാദം ഇത് സൂഫികളില്‍ വ്യാപകമായ ഒരു സ്വലാതാകുന്നു. അവര്‍ വഴിപിഴച്ചവരും ബിദ്അതുകാരുമാകുന്നു.) സത്യത്തില്‍ ദീനിന്റെ യഥാര്‍ത്ഥ സരണിയിലൂടെ സഞ്ചരിക്കുന്ന സച്ചരിതരായ അടിമകളാണ് സൂഫികള്‍. മദ്ഹബിന്റെ നാലു ഇമാമുമാരും പ്രസിദ്ധരായ മറ്റു പണ്ഡിത മഹത്തുക്കളും തസവ്വുഫിന്റെ വക്താക്കളും പ്രചാരകരുമായിരുന്നു. ചുരുക്കത്തില്‍ എന്തു കൊണ്ടും സവിശേഷമായ ഒന്നാണ് നാരിയത് സ്വലാത്. അത് പതിവാക്കുവാനും പ്രചരിപ്പിക്കുവാനും അല്ലാഹു അനുഗ്രഹിക്കട്ടെ..

Friday 13 January 2017

കറൻസി ട്രേഡിംഗ് നടത്തുന്നതിന്റെ വിധി എന്താണ് ? ഗൾഫിൽ പലയിടത്തും Islamic Forex trading എന്ന പേരിലും iva നടക്കുന്നുണ്ട്. ഇവ ശരീഅത്തിൽ അനുവദനീയമാണോ ?

 

സ്വര്‍ണ്ണം, വെള്ളിയുടെയും അവയുടെ സ്ഥാനത്ത് ഉപയോഗിക്കുന്ന കറന്‍സികളുടെയും കൈമാറ്റത്തില്‍ കര്‍മ്മശാസ്ത്ര നിയമപ്രകാരം ഒരേ വിഭാഗത്തില്‍പ്പെട്ടവ കൈമാറുമ്പോള്‍ മൂന്നു നിബന്ധനകള്‍ ബാധകമാണ്. ഉദാഹരണം സ്വര്‍ണ്ണംസ്വര്‍ണ്ണത്തിനു പകരം വെള്ളി വെള്ളിക്ക് പകരം അല്ലെങ്കില്‍ ഇന്ത്യന്‍ രൂപ ഇന്ത്യന്‍ രൂപക്ക് പകരം കൈമാറുമ്പോള്‍ ഇടപാട് റൊക്കം പൂര്‍ത്തിയാക്കുകയും ഇടപാട് സദസ്സില്‍ വെച്ചു തന്നെ കൈമാറ്റം ചെയ്യുകയും ചെയ്യുന്നതോടൊപ്പം അവ തമ്മില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാനും പാടില്ല.

ഇവിടെ വ്യതസ്ത വിഭാഗങ്ങള്‍ വ്യതസ്ത വിഭാഗങ്ങള്‍ക്ക് പകരം കൈമാറുമ്പോള്‍ രണ്ടു നിബന്ധന പാലിക്കണം. ഇടപാട് റൊക്കം പൂര്‍ത്തിയാക്കുകയും (കൈമാറ്റത്തിനു അവധി നിശ്ചയിക്കരുത്) ഇടപാട് സദസ്സില്‍ വെച്ച് തന്നെ കൈമാറ്റം നടത്തുകയും വേണം. അതായത് ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറിന് പകരം കൈമാറുമ്പോള്‍ അതിന്റെ വില നിശ്ചയിച്ചു ഇടപാട് അവിടെ വെച്ച് പൂര്ത്തിയാക്കുകയും രണ്ടു കറന്‍സികളും ആ സദസ്സില്‍ വെച്ച്തന്നെ കൈമാറുകയും വേണം. 

ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള നാണയകച്ചവടം കര്‍മ്മശാസ്ത്രപ്രകാരം സാധുവാണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ബാങ്ക് അക്കൌണ്ടിലോ സമാനമായ മറ്റുള്ള അക്കൌണ്ടിലേക്ക് വകയിരുത്തുന്നത്, ട്രാന്‍സഫര്‍ റസിപ്റ്റ്  തുടങ്ങിയവ നല്‍കുന്നതും കൈമാറ്റത്തിന്റെ സ്ഥാനത്താണെന്നും അധിക പണ്ഡിതരുടെയും അഭിപ്രായം. 

എന്നാല്‍ ഫോറക്സ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഫോറില്‍ എക്സ്ചേഞ്ച് മാര്‍കെറ്റില്‍ ഇടപാട് നടത്തുമ്പോള്‍ പലപ്പോഴും ഇത്തരം നിബന്ധനകള്‍ പാലിക്കപ്പെടാറില്ല എന്ന് മാത്രമല്ല പലിശ അധിഷ്ടിത ഇടപാടുകള്‍ നടക്കുക്കയും ചെയ്യുന്നു. ഇസ്‌ലാമികം എന്ന് വിളിക്കുന്ന ഇത്തരം ഇടപാടുകളില്‍ മിക്കപ്പോഴും നിക്ഷേപകന്‍ ഒരു ചെറിയ സംഖ്യ നിക്ഷേപിക്കുക്കയും ഇടപാട് നടത്താനുള്ള ബാക്കി തുക ബ്രോക്കര്‍ കടമായി നല്‍കുകയും ചെയ്യുകയാണ്. 

ഇങ്ങനെ കടമായി നല്‍കുന്ന സംഖ്യ അവരുമായുള്ള ഇടപാടിനു മാത്രം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരത്തില്‍ കടം നല്‍കുന്നവന് ഉപകാരം ലഭിക്കുന്ന നിബന്ധനയോട് കൂടിയുള്ള ഇടപാട് പലിശ ഇടപാടില്‍ പെട്ടതാണ്. അത് സാധുവല്ലെന്നു തുഹ്ഫ (5/46) ഉള്പ്പെടയുള്ള കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഊഹക്കച്ചവടത്തിന്റെയും ഉടമസ്ഥതയിലില്ലാത്തവയുടെ കച്ചവടത്തിന്റെയും ചതിക്കുഴികളും ഇത്തരം ഇടപാടുകളില്‍ വ്യാപകമായി കാണപ്പെടുന്നു. മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിച്ചാണെങ്കില്‍ പോലും ഒരു സമ്പാദ്യമാര്‍ഗമായി ഫോറക്സ് ഇടപാടുകള്‍ സ്വീകരിക്കുന്നത് നല്ലതല്ല. 

ഇമാം ഗസ്സാലി (റ) ഇഹ് യില്‍ പറയുന്നു: സ്വര്‍ണ്ണം വെള്ളിയില്‍ പലിശ ഇടപാട് നടത്തുന്നത്  അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കലും അതിക്രമാവുമാണ്. കാരണം അവ രണ്ടും സൃഷ്ടിക്കപ്പെട്ടത് മറ്റുള്ളവക്ക് വേണ്ടിയാണ്. അവക്ക് വേണ്ടി തന്നെയല്ല. അവയെ കച്ചവട വസ്തുവാക്കി മാറ്റുന്നവര്‍ അവയെ സൃഷ്ടിക്കപ്പെട്ട ലക്ഷ്യത്തിനു വിരുദ്ധമായി അതിനെ ഉപയോഗപ്പെടുത്തകയാണ് ചെയ്യുന്നത്. (4/92) നിലവിലുള്ള കറന്‍സിയെ കച്ചവടവസ്തുവായി ഉപയോഗിക്കുന്നതിനെ ക്കുറിച്ചാണ് ഇമാം ഇവിടെ വിശദീകരിക്കുന്നത്. അതിനാല്‍ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇത്തരം ഇടപാടുകള്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. 



Friday 6 January 2017

അതിഥി സല്‍ക്കാരം; കടമകളും , കടപ്പാടുകളും





അബീശുറൈഹില്‍ കഅ്ബിയില്‍ നിന്ന് നിവേദനം: നബിണ്ട(സ്വ) പറഞ്ഞു: അതിഥി സല്‍ക്കാരം മൂന്ന് ദിവസവും അതിനുശേഷം സ്വദഖയുമാണ്.

സുന്നത്ത് നോമ്പുള്ളവന്‍ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കല്‍ സുന്നത്താണ്. പ്രബലമായ സുന്നത്ത് നോന്പാണെങ്കിലും പകലിന്റെ അവസാന സമയമായിട്ടുണ്ടെങ്കിലും മുറിക്കലാണ് സുന്നത്ത്. അപ്രകാരം നബി(സ്വ) പറഞ്ഞിട്ടുണ്ട്. അതുവരെ അവന്‍ അനുഷ്ഠിച്ചത് പ്രതിഫലാര്‍ഹമാണ്. എങ്കിലും പ്രസ്തുത നോമ്പ് ഖളാഅ് വീട്ടല്‍ സുന്നത്തുണ്ട്. ക്ഷണിക്കുന്നവന് മനഃപ്രയാസമില്ലെങ്കില്‍ നോമ്പ് മുറിക്കല്‍ സുന്നത്തില്ല. പ്രത്യുത മുറിക്കാതിരിക്കലാണുത്തമം. ക്ഷണിച്ചവനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് നോമ്പ് ഉപേക്ഷിക്കുന്നതെന്ന് കരുതല്‍ സുന്നത്താണ്. ഇമാം ഗസ്സാലി ഇപ്രകാരം പറഞ്ഞിട്ടുണ്ട്.

അതിഥിയെ ഒറ്റയ്ക്കിരുത്തി ഭക്ഷിപ്പിക്കുന്നതിനേക്കാള്‍ നല്ലതും നബിചര്യയും ആതിഥേയന്‍ കൂടെ ഇരിക്കലാണ്. ഭക്ഷണം കൂടുതല്‍ കഴിച്ചിട്ടും വയര്‍ നിറയാത്ത അവസ്ഥയുണ്ടാകുന്നത് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴാണ്. അതുപോലെ വിശപ്പടങ്ങിയതിന് ശേഷം ഭക്ഷണം കഴിക്കല്‍ കറാഹത്താണ്. 

വഹ്ശി ബ്നു ഹര്‍ബ്(റ) പറയുന്നു: ഒരുകൂട്ടം സ്വഹാബിമാര്‍ നബിയോട് ഇങ്ങനെ പറഞ്ഞു: ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നുവെങ്കിലും വയറ് നിറയുന്നില്ല. നബി ചോദിച്ചു: നിങ്ങള്‍ ഒറ്റയ്ക്കാണോ കഴിക്കുന്നത്? അവര്‍: അതെ. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ബിസ്മി ചൊല്ലുകയും ചെയ്താല്‍ അല്ലാഹു അതില്‍ ബറകത്ത് ചൊരിയുന്നതാണ്.

തന്റെ മുമ്പിലേക്ക് വിളമ്പിയ ഭക്ഷണം ആതിഥേയന്റെ സമ്മതമില്ലാതെ അതിഥിക്ക് ഭക്ഷിക്കാവുന്നതാണ്. ആതിഥേയന്‍ മറ്റൊരാളെ പ്രതീക്ഷിച്ചു നില്‍ക്കുകയാണെങ്കില്‍ അയാള്‍ വരുന്നതിനു മുമ്പ് ആതിഥേയന്റെ സമ്മതമില്ലാതെ ഭക്ഷിക്കാവുന്നതല്ല. തന്റെ കൂടെ മറ്റൊരുത്തന്‍ ഭക്ഷിക്കാനിരുന്നാല്‍ അവന്‍ ഭക്ഷിച്ച് കഴിയുന്നതിനു മുമ്പ് സമ്മതമില്ലാതെ എഴുന്നേല്‍ക്കരുത്. അത് അവന്റെ വയറ് നിറയുന്നതിനു മുമ്പ് ലജ്ജാലുവായി എഴുന്നേല്‍ക്കാന്‍ കാരണമായിത്തീരും.

നബി(സ്വ) പറഞ്ഞു: ഭക്ഷണം കഴിക്കാന്‍ സുപ്ര വിരിച്ചാല്‍ സുപ്ര ഉയര്‍ത്തുന്നതുവരെ ആരും എഴുന്നേല്‍ക്കരുത്; വയര്‍ നിറഞ്ഞാലും ഒരു സംഘത്തില്‍ നിന്നും എഴുന്നേറ്റ് പോകരുത്.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരുടെ അടുക്കല്‍ കടന്നുവന്ന വ്യക്തിയോട് ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടാല്‍ സന്തോഷത്തോടെയുള്ള ക്ഷണമാണെന്ന് ബോധ്യപ്പെട്ടാല്‍ അവരുടെ കൂടെ കഴിക്കാവുന്നതാണ്. വിശപ്പുണ്ടായിട്ടും തനിക്ക് വിശപ്പില്ലെന്ന് പറഞ്ഞാല്‍ അത് കളവിന് ഹേതുവായിത്തീരുന്നതാണ്.

അസ്മാഅ് ബിന്‍ത് യസീദ്(റ) പറയുന്നു: ഞങ്ങളുടെ അടുത്ത് നബി(സ്വ) ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ വിശപ്പില്ലെന്ന് പറഞ്ഞ സന്ദര്‍ഭം, നിങ്ങള്‍ വിശപ്പിനെയും കളവിനെയും ഒരുമിച്ചുകൂട്ടരുത് എന്ന് പ്രതിവചിച്ചു. 

അതിഥികളില്‍ നിന്ന് ചിലര്‍ക്ക് മാത്രം മുന്തിയ ഭക്ഷണം നല്‍കല്‍ കറാഹത്താണ്. ഇനി വിശിഷ്ടാതിഥികള്‍ക്ക് തയ്യാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ കഴിക്കല്‍ ഹറാമാണ്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും ഇരുകൈകളും വായയും കഴുകല്‍ സുന്നത്തുണ്ട്. പല്ലില്‍ കുത്തിയെടുത്ത ഭക്ഷണാവശിഷ്ടങ്ങള്‍ തുപ്പിക്കളയലും അതെ. പല്ലുകള്‍ക്കിടയില്‍ നിന്ന് നാവുകൊണ്ട് പുറത്തെടുത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഭക്ഷണശേഷം സൂറതുല്‍ ഇഖ്ലാസ്വും, ഖുറൈശും ഓതല്‍ സുന്നത്താണ്.

അതിഥിയെ യാത്രയാക്കുമ്പോള്‍ കണ്ണില്‍നിന്നും മായുന്നതുവരെ ആതിഥേയന്‍ വീടിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കല്‍ സുന്നത്തായ കര്‍മമാണ്. നബി(സ്വ) പറഞ്ഞു: അതിഥിയെ യാത്ര അയക്കുമ്പോള്‍ വീടിന്റെ വാതില്‍ വരെ ആതിഥേയന്‍ കൂടെപ്പോകല്‍ എന്റെ ചര്യയില്‍ പെട്ടതാണ്.

മുത്തുനബി(സ)യോടും സമൂഹത്തോടും അനുധാവനം ചെയ്യാന്‍ അല്ലാഹു കാണിച്ചുകൊടുത്ത മാതൃകാപുരുഷനായ ഇബ്‌റാഹീം നബി(അ) ആണ് (അന്നഹ്‌ല് 123, ആലുഇംറാന്‍ 95) ലോകത്തെ ഒന്നാമത്തെ ആതിഥേയന്‍ (ഫത്ഹുല്‍ബാരി). 

കൂടെ അതിഥിയില്ലാതെ ഇബ്‌റാഹീം നബി(അ) ഭക്ഷിക്കുന്നതു തന്നെ വിരളം. അദ്ദേഹത്തിന് ഖലീലുള്ളാഹി എന്ന സ്ഥാനപ്പേര് ലഭിക്കാന്‍ പറയപ്പെടുന്ന കാര്യങ്ങളില്‍ ഈ സവിശേഷമായ ആതിഥ്യമര്യാദ എണ്ണപ്പെടുന്നുണ്ട്. തന്റെ വീട്ടിലേക്ക് അതിഥിവേശത്തില്‍ കടന്നുവന്ന മലക്കുകള്‍ക്ക് (അവര്‍ മലക്കുകളായിരുന്നെന്ന് അപ്പോള്‍ അദ്ദേഹത്തിനറിയുമായിരുന്നില്ല) വച്ചുകൊടുത്ത ഭക്ഷണം കഴിക്കാന്‍ അവരോടാവശ്യപ്പെട്ടപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിനു പകരം കാശ് സ്വീകരിക്കണമെന്നവര്‍ നിബന്ധനവച്ചു. എന്നാല്‍, നിങ്ങള്‍ കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുകയും കഴിച്ചശേഷം ‘അല്‍ഹംദുലില്ലാഹ്’ എന്ന് പറയുകയും ചെയ്യുക. അതാണ് ഞാനതിനു നിശ്ചയിക്കുന്ന വിലയെന്ന് ഇബ്‌റാഹീം നബി(അ) പറഞ്ഞു. ഇതു കേട്ട ജിബ്‌രീല്‍(അ) മീകാഈലി(അ)നോട് ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ മിത്രമാവാന്‍ ഇദ്ദേഹം തന്നെയാണ് യോഗ്യന്‍” (തഫ്‌സീര്‍ ഇബ്‌നുകസീര്‍-അദ്ദാരിയാത്).

ഇബ്‌റാഹീം നബി(സ)യുടെ ഈ സല്‍ക്കാരത്തെ സംബന്ധിച്ചു ഖുര്‍ആന്‍ അദ്ധ്യായം 11, 14, 51ല്‍ വിശദമായി പറയുന്നുണ്ട്. സൂറതുദ്ദാരിയാതില്‍ അല്ലാഹു പറയുന്നു: ”ഇബ്‌റാഹീം നബിയുടെ മാന്യ അതിഥികളുടെ വാര്‍ത്ത താങ്കള്‍ക്ക് കിട്ടിയിട്ടുണ്ടോ?” അദ്ദേഹത്തിന്റെ അടുത്ത് അവര്‍ കടന്നുചെന്ന അവസരം അവര്‍ സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: ”സലാം, അപരിചിതരായ ആളുകള്‍” ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു. എന്നിട്ട് തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ വേവിച്ചു കൊണ്ടുവന്നു. അങ്ങനെ അത് അവരുടെ അടുക്കല്‍ അടുപ്പിച്ചുവച്ചിട്ടദ്ദേഹം ചോദിച്ചു: ”നിങ്ങള്‍ തിന്നുകയല്ലേ?.”(അദ്ദാരിയാത്24-27)

ഇബ്‌നുകസീര്‍(റ) പറയുന്നു: ”ഈ സൂക്തങ്ങള്‍ സല്‍ക്കാരമര്യാദകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആദ്യമായി, അതിഥികള്‍ അറിയാതെ വളരെ വേഗം അവര്‍ക്കു വേണ്ട ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്നു. ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണം കൊണ്ടുവരട്ടയോ എന്നൊന്നും ചോദിക്കാന്‍ അദ്ദേഹം നിന്നില്ല. തന്റെ സമ്പത്തില്‍ വച്ച് ഏറ്റവും നല്ല ഭക്ഷണമാണ് അതിഥികള്‍ക്ക് അദ്ദേഹം കൊണ്ടുവന്നത്. പിന്നെ, ഭക്ഷണം ഒരു ഭാഗത്ത് തയ്യാര്‍ ചെയ്ത് അവിടേക്ക് അതിഥികളെ വിളിക്കുകയല്ല, മറിച്ച് അവരിരിക്കുന്ന സ്ഥലത്തു തന്നെ ഭക്ഷണം വിളമ്പി വച്ചുകൊടുക്കുകയാണുണ്ടായത്. അതിനു ശേഷം ‘നിങ്ങള്‍ കഴിക്കുവീന്‍’ എന്ന് പറയുന്നതിനു പകരം ‘നിങ്ങള്‍ കഴിക്കുകയല്ലേ’ എന്ന് സൗമ്യമായി ചോദിച്ചു. (തഫ്‌സീര്‍ ഇബ്‌നു കസീര്‍)

അതിഥികളോട് വളരെ മാന്യമായ രീതിയില്‍, അവര്‍ക്ക് ഒരുവിധ മടുപ്പും ഉണ്ടാവാത്ത വിധം പെരുമാറണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. എത്രവലിയ നേതാവാണെങ്കിലും തന്റെ വീട്ടിലേക്കു വന്ന അതിഥികളെ മാന്യമായി സ്വീകരിച്ച് എല്ലാം നല്‍കിയ ശേഷമേ യാത്രയയക്കാവൂ. അവര്‍ക്കു വേണ്ട ഒത്താശകളൊക്കെ ആതിഥേയന്‍ തന്നെ ചെയ്തുകൊടുക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. രാജാവാണെങ്കില്‍ പോലും മാതാപിതാക്കള്‍, ഗുരുനാഥന്‍, അതിഥി എന്നിവര്‍ക്ക് സേവനം ചെയ്താല്‍ അവന്റെ പദവിക്ക് കോട്ടം സംഭവിക്കുകയില്ല. (റൂഹുല്‍ബയാന്‍).

ഇബ്‌റാഹീം നബിയോട് ‘നിങ്ങളുടെ അതിഥികളെ മാന്യമായി സ്വീകരിക്കുക’യെന്ന ഇലാഹീ സന്ദേശമുണ്ടായപ്പോള്‍ അവര്‍ക്കു വേണ്ടി ആടുകളെ അറുത്ത് ഭക്ഷണം തയ്യാര്‍ ചെയ്തു. വീണ്ടും വഹ്‌യ് ലഭിച്ചപ്പോള്‍ ആടിനു പകരം പശുക്കുട്ടികളെയാക്കി. വീണ്ടും അതേ കല്‍പ്പന വന്നപ്പോള്‍ ഭക്ഷണം ഒട്ടകമാക്കി. വീണ്ടും ഇതേ സന്ദേശം അവതരിച്ചപ്പോള്‍ പരിഭ്രാന്തനായ ഇബ്‌റാഹീം നബി അതിഥികള്‍ക്ക് സ്വയം സേവകനായി. അന്നേരം ഇപ്പോഴാണ് താങ്കള്‍ അതിഥികളെ ആദരിച്ചതെന്ന സന്ദേശം ലഭിക്കുകയുണ്ടായി.(റൂഹുല്‍ബയാന്‍)

ആതിഥ്യമര്യാദക്ക് ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യം ഇതിലൂടെ മനസ്സിലാക്കാം. തന്റെ വീട്ടിലേക്കു വന്ന അതിഥിയോട് മാന്യമായി പെരുമാറാത്തവനില്‍ ഇസ്‌ലാമിന്റെ അടയാളം പൂര്‍ണമായിട്ടില്ല. മാത്രവുമല്ല, ഇസ്‌ലാമിക വീക്ഷണത്തില്‍ ആക്ഷേപാര്‍ഹനുമാണവന്‍.

ഉഖ്ബതുബ്‌നു ആമിര്‍(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം-നബി(സ) പറയുന്നു: ആതിഥ്യം നിര്‍വഹിക്കാത്തവനില്‍ യാതൊരു നന്‍മയുമില്ല. 

ഇസ്മാഈല്‍ നബി(അ)ന്റെ ഒന്നാമത്തെ ഭാര്യയെ ത്വലാഖ് ചൊല്ലാന്‍ ഇബ്‌റാഹീം നബി വസ്വിയ്യത്ത് ചെയ്യാനുള്ള ഒരു കാരണം അവള്‍ക്ക് അതിഥികളെ വേണ്ടവിധം പരിഗണന നല്‍കി സല്‍ക്കരിക്കാനറിവില്ലായിരുന്നു വെന്നതാണ്.

ഖിള്ര്‍ നബി(അ)ഉം മൂസാനബി(അ)ഉം ഒരു പ്രദേശത്തേക്ക് ചെന്ന് അവിടെയുള്ളവരോട് ഭക്ഷണമാവശ്യപ്പെട്ടപ്പോള്‍ അവരെ അതിഥികളായി സ്വീകരിക്കാന്‍ അവിടെയുള്ളവര്‍ തയ്യാറായില്ല. ഈ ചരിത്രം സൂറതുല്‍ കഹ്ഫിലൂടെ ലോകത്തിന് ഖുര്‍ആന്‍ പരിചയപ്പെടുത്തി. തങ്ങളെ സംബന്ധിച്ച് ആതിഥ്യമര്യാദ യില്ലാത്തവരെന്ന ഖുര്‍ആനിക പരാമര്‍ശം അവര്‍ക്ക് മറ്റു സമുദായങ്ങള്‍ക്കിടയില്‍ മാനഹാനിയുണ്ടാക്കി. അവര്‍ പുണ്യനബി(സ)യുടെ അടുക്കല്‍ വന്ന് സ്വര്‍ണക്കൂമ്പാരം കാണിച്ചു ഈ പരാമര്‍ശം ഞങ്ങള്‍ക്കനുകൂലമാകുന്ന വിധം മാറ്റം വരുത്തിത്തരണം എന്നാവശ്യപ്പെട്ടു. അല്ലാഹുവിന്റെ വചനത്തില്‍ മാറ്റം വരുത്താന്‍ താന്‍ മുതിരില്ലെന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. (തഫ്‌സീറുര്‍റാസി)

ഇവര്‍ അന്‍ത്വാകിയക്കാരാണെന്നാണ് ചില പണ്ഡിതരുടെ പക്ഷം

അബൂഹുറൈറ(റ)വില്‍നിന്ന് നിവേദനം-നബി(സ) പറയുന്നു: ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അവന്റെ അതിഥിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിന ത്തിലും വിശ്വസിക്കുന്നവന്‍ അവന്റെ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലതു പറയട്ടെ അല്ലെങ്കില്‍ മൗനം പാലിക്കട്ടെ.” (ബുഖാരി-കിതാബുല്‍ആദാബ്)

അതിഥി വരുമ്പോള്‍ സുസ്‌മേരവദനനായി സ്വീകരിച്ച് ഏറ്റവും നല്ല ഭക്ഷണം നല്‍കി സല്‍ക്കരിച്ച് വേണ്ട സഹായങ്ങളെല്ലാം സ്വന്തമായി ചെയ്യുമ്പോഴാണ് ഒരാള്‍ തന്റെ അതിഥിയോട് മാന്യതപുലര്‍ത്തിയവനാകുന്നത്. വിഭവങ്ങളധികരിപ്പിക്കുന്നതിലല്ല മറിച്ച്, ഖിദ്മത് (സേവനം) ചെയ്യുന്നതിലാണ് ആദരവ് നിലകൊള്ളുന്നത്.


ഒരു സ്വൂഫിയുടെ അടുക്കല്‍ ഒരു അതിഥി വന്നപ്പോള്‍ അദ്ദേഹത്തിനു വേണ്ട ഭക്ഷണം കൊണ്ടുവരാന്‍ തന്റെ മുരീദിനോടാവശ്യപ്പെട്ടു. അല്‍പനേരം താമസിച്ച മുരീദിനോട് കാരണം തിരക്കിയപ്പോള്‍ സുപ്രയിലുണ്ടായിരുന്ന ഉറുമ്പ് അതില്‍നിന്ന് മാറിപ്പോകുന്നതു വരെ കാത്തുനിന്നതാണെന്ന് പറഞ്ഞു. മുരീദ് ചെയ്തത് ശരിയാണെന്ന വിധം ശൈഖവര്‍കള്‍ തലയാട്ടി. ഇതു കണ്ട ഒരു പണ്ഡിതന്‍ അവരോടിങ്ങനെ പറഞ്ഞു: ”സുപ്രയിലുണ്ടായിരുന്ന ഉറുമ്പിനെ വേഗം പുറത്തുകളഞ്ഞ് അതിഥിക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു വേണ്ടിയിരുന്നത്.”(റൂഹുല്‍ബയാന്‍)

ഇമാം മുസ്‌ലിം(റ) പറയുന്നു: ”ആതിഥ്യം ഇസ്‌ലാം പഠിപ്പിച്ച മര്യാദകളില്‍ അതിപ്രധാനവും പ്രവാചകരുടെയും സത്‌വൃത്തരുടെയും സല്‍സ്വഭാവത്തില്‍ പെട്ടതുമാണ്. ഭൂരിഭാഗം ഫുഖഹാക്കളും അതൊരു അത്യുത്തമ സ്വഭാവമായിട്ടാണ് ഗണിച്ചതെങ്കില്‍ ലൈസ്(റ) അത് നിര്‍ബന്ധ ബാധ്യതയായിട്ടാണ് എണ്ണിയത്. (ശര്‍ഹു മുസ്‌ലിം-കിതാബുല്‍ ഈമാന്‍)

അലി(റ)ക്ക് അടിമമോചനത്തേക്കാള്‍ സന്തോഷം അതിഥി സല്‍ക്കാരത്തിലായിരുന്നു.

അബൂശുറൈഹില്‍ കഅ്ബി(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ നബി(സ) പറയുന്നു: ”അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. അവനെ ഒരു ദിവസമാണ് മുന്തിയ ഇനം ഭക്ഷണവും സമ്മാനവും നല്‍കി സ്വീകരിക്കേണ്ടത്. ബാക്കിയുള്ള രണ്ടു ദിവസങ്ങളില്‍ തന്റെ വീട്ടില്‍ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങള്‍ നല്‍കിയാലും മതി. അതിനു ശേഷം നല്‍കുന്നതൊക്കെ സ്വദഖയായി ഗണിക്കപ്പെടും. ഏതൊരു വ്യക്തിയെയും പ്രയാസപ്പെടുത്തും വിധം അയാളുടെ വീട്ടില്‍ തങ്ങാതിരിക്കാന്‍ അതിഥി ശ്രദ്ധിക്കേണ്ടതുണ്ട്.”

ആതിഥ്യം വര്‍ധിപ്പിക്കുന്ന മനുഷ്യന് അല്ലാഹു രിസ്ഖില്‍ ബര്‍ക്കത് നല്‍കുന്നതാണ്. ഒരു വീട്ടിലേക്ക് അതിഥി എത്തുന്നതിന്റെ 40 ദിവസങ്ങള്‍ക്കു മുമ്പ് തന്നെ അവനുള്ള രിസ്ഖ് അവിടെ എത്തിക്കാന്‍ അല്ലാഹു ഒരു പ്രത്യേക മലക്കിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് പുണ്യ നബി(സ) അരുളിയിട്ടുണ്ട്.

അതിഥിയുടെ ആഗമനത്തോടെ ആ വീട്ടില്‍ അല്ലാഹുവിന്റെ അനുഗ്രഹവും കരുണയും വര്‍ഷിക്കുന്നതും അവന്‍ കഴിക്കുന്ന ഓരോ പിടി ഭക്ഷണത്തിനും പകരം ഹജ്ജും ഉംറയും നിര്‍വഹിച്ച പ്രതിഫലം വീട്ടുടമയ്ക്ക് ലഭിക്കുന്നതുമാണ്. അതിഥി വീട്ടില്‍ നിന്നു തിരിച്ചുപോകുമ്പോഴേക്ക് ആതിഥേയന്റെ നിരവധി പാപങ്ങള്‍ അല്ലാഹു മാപ്പ് ചെയ്യുന്നതുമാണ്. (അല്‍മവാഹിബുല്‍ ജലിയ്യ-തഴവാ മൗലവി)


അതിഥിക്ക് ബുദ്ധിമുട്ട് വരുത്തുന്ന ഒരു കാര്യവും ആതിഥേയനില്‍നിന്നുണ്ടാവാന്‍ പാടില്ല. മുന്‍കാമികളില്‍ ഒരു മഹാന്റെ വീട്ടിലേക്കു ചില അതിഥികള്‍ വന്ന ദിവസം അവരെ സല്‍ക്കരിക്കുന്നതിലും സേവിക്കുന്നതിലും ആതിഥേയന്റെ കൂടെ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ മകന്‍ വൈകുന്നേരം തട്ടിന്‍മുകളില്‍നിന്ന് കാല്‍ തെറ്റി വീണ് മരണമടഞ്ഞു. കാര്യമറിഞ്ഞ ആതിഥേയന്‍ ഭാര്യയോട് പറഞ്ഞു: ”കുട്ടി മരിച്ച വിവരം അതിഥികളറിയരുത്. നീ കാരണം അവരതറിഞ്ഞാല്‍ നിന്റെ ത്വലാഖ് ഞാന്‍ ചൊല്ലും.” രാത്രിയില്‍ കുട്ടിയെ അന്വേഷിച്ച അതിഥികളോട് അവന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞു. പിറ്റേ ദിവസം അവര്‍ തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ കാര്യം കേട്ട അവര്‍ ചോദിച്ചു: ”നീ ഇന്നലെ ഈ കാര്യം എന്തുകൊണ്ട് മൂടിവച്ചു?” അദ്ദേഹം പറഞ്ഞു: ” അതിഥികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യം ഒരിക്കലും പറയാന്‍ പാടില്ലല്ലോ, ശുദ്ധജലം കലക്കുന്നതിനു തുല്യമല്ലേ അത്. ഇതു കേട്ട അവര്‍ പൊട്ടിക്കരഞ്ഞുപോയി.”

അതിഥിക്ക് സന്തോഷം ജനിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് സംസാരം നീട്ടിക്കൊണ്ടുപോവലും അതിനുവേണ്ടി ഉറക്കമൊഴിക്കലുമെല്ലാം ആതിഥ്യമര്യാദയില്‍ പെട്ടതാണ്. അതിഥി ഉറങ്ങുന്നതിനു മുമ്പ് ആതിഥേയന്‍ ഉറങ്ങാന്‍ പോലും പാടില്ല. അതിഥിക്ക് കഴിക്കാനുള്ള ഭക്ഷണം വച്ചുകൊടുക്കുമ്പോള്‍ വിഭവങ്ങളൊക്കെ അവനു കാണിച്ചുകൊടുക്കണം. അല്ലാത്തപക്ഷം നന്നായി വയര്‍ നിറഞ്ഞതിനു ശേഷം നല്ല ഭക്ഷണങ്ങള്‍ കൊണ്ടു വന്നാല്‍ തിന്നാന്‍ കൊതിയുണ്ടായിട്ടും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. അതിഥിക്ക് ഭക്ഷണം വച്ചതിനു ശേഷം അതു കഴിക്കാന്‍ കുടുംബക്കാര്‍ വരുന്നത് വരെ താമസിപ്പിക്കാന്‍ പാടില്ല. ഭക്ഷണശേഷം മധുരം കൂടി നല്‍കിയാലേ സല്‍ക്കാരം പൂര്‍ണമാവൂ. (അല്‍മവാഹിബുല്‍ജലിയ്യ)

സല്‍മാന്‍(റ) തന്റെ സുഹൃത്തായ അബുദ്ദര്‍ദാ(റ)ഇനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു. അന്നേരം താഴ്ന്ന വസ്ത്രം ധരിച്ചിരിക്കുന്ന ഉമ്മുദ്ദര്‍ദാഇനെയാണ് അവര്‍ക്ക് അവിടെ ദര്‍ശിക്കാനായത്. അതിനു കാരണം തിരക്കിയ സല്‍മാനോട് അവര്‍ പറഞ്ഞു: ”നിങ്ങളുടെ സഹോദരന്‍ അബുദ്ദര്‍ദാഅ് ഐഹിക പരിത്യാഗിയാണ്. കുറച്ചുകഴിഞ്ഞ് അബുദ്ദര്‍ദാഅ് വീട്ടിലെത്തി സല്‍മാന്(റ) വേണ്ട ഭക്ഷണം തയ്യാര്‍ ചെയ്തു. കഴിക്കാന്‍ നേരം ഞാന്‍ നോമ്പുകാരനാണെന്നും നിങ്ങള്‍ കഴിക്കുകയെന്നും അബുദ്ദര്‍ദാഅ് പറഞ്ഞു. നിങ്ങളെന്റെ കൂടെ കഴിക്കാതെ ഞാന്‍ ഭക്ഷണത്തിനിരിക്കില്ലെന്നു സല്‍മാന്‍(റ) ശാഠ്യം പിടിച്ചു. അങ്ങനെ അബുദ്ദര്‍ദാഉം കൂടെയിരുന്നു ഭക്ഷണം കഴിച്ചു. രാത്രിയായപ്പോള്‍ അബുദ്ദര്‍ദാഅ് (റ) രാത്രിനിസ്‌കാരത്തിന് ഒരുങ്ങി. സല്‍മാന്‍(റ) അവരോട് ഉറങ്ങാന്‍ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞ് വീണ്ടും നിസ്‌കരിക്കാനൊരുങ്ങിയ അബുദ്ദര്‍ദാഇനെ വീണ്ടും ഉറങ്ങാന്‍ പറഞ്ഞയച്ചു. രാത്രിയുടെ അവസാന യാമങ്ങളില്‍ എഴുന്നേറ്റ സല്‍മാന്‍(റ) രാത്രിനിസ്‌കാരത്തിന് അബുദ്ദര്‍ദാഇനെയും വിളിച്ചുണര്‍ത്തി. എന്നിട്ട് സല്‍മാന്‍(റ) പറഞ്ഞു: ”നിന്റെ റബ്ബിനോടും ശരീരത്തോടും കുടുംബത്തോടും നിനക്ക് ചില ബാധ്യതകളുണ്ട്. ഓരോരുത്തരുടെ അവകാശങ്ങളും അവര്‍ക്ക് നീ വകവച്ചു കൊടുക്കണം.” ഇതുകേട്ട അബുദ്ദര്‍ദാഅ്(റ) നബി(സ)യുടെ അടുക്കല്‍ ചെന്ന് കാര്യമൊക്കെ വിശദീകരിച്ചുകൊടുത്തു. സല്‍മാന്‍ പറഞ്ഞത് തീര്‍ത്തും സത്യം എന്നാണ് അന്നേരം നബി(സ)യുടെ പ്രതികരണം (സ്വഹീഹുല്‍ ബുഖാരി- കിതാബുല്‍ആദാബ്).

ദൈവഭക്തിയുള്ളവരെ മാത്രമേ നാം അതിഥികളായി ക്ഷണിക്കാവൂ. അബൂസഈദ്(റ) പറയുന്നു: ”നബി(സ) അരുളി: നീ സത്യവിശ്വാസിയോട് മാത്രമേ സഹവസിക്കാവൂ. നിന്റെ ഭക്ഷണം അല്ലാഹുവിനെ ഭയപ്പെടുന്ന വ്യക്തി മാത്രമേ കഴിക്കാവൂ. ക്ഷണിക്കുന്ന വേളയില്‍ പുണ്യറസൂലിന്റെ സുന്നത്ത് അനുധാവനം ചെയ്യുകയെന്ന നിയ്യത്ത് ആതിഥേയന്റെ മനസ്സിലുണ്ടായിരിക്കണം. ഒരു മുസ്‌ലിം ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കല്‍ നമ്മുടെ ബാധ്യതയാണ്. മുസ്‌ലിമീങ്ങള്‍ക്ക് പരസ്പരം അഞ്ച് ബാധ്യതകളാണുള്ളതെന്ന് അബൂഹുറൈറ(റ) ഉദ്ധരിക്കുന്നുണ്ട്. സലാം പറഞ്ഞാല്‍ അതു മടക്കുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, ക്ഷണിച്ചാല്‍ സ്വീകരിക്കുക, മരണപ്പെട്ടാല്‍ ജനാസയെ പിന്തുടരുക, തുമ്മിയ വേളയില്‍ സ്തുതിച്ചാല്‍ റഹമത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക.” (തിര്‍മുദി)

അതിഥിക്ക് ആതിഥേയനോടും ചില മര്യാദകളൊക്കെയുണ്ട്. കഴിക്കാന്‍ കൊണ്ടുവന്ന ഭക്ഷണത്തെക്കുറിച്ച് ആതിഥേയന് പ്രയാസമാകുന്നവിധം ചോദിക്കരുത്. ആരെങ്കിലും അതിഥിയായി ചെല്ലുകയും അവന് കഴിക്കാനോ കുടിക്കാനോ എന്തെങ്കിലും നല്‍കപ്പെടുകയും ചെയ്താല്‍ അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ കഴിച്ചുകൊള്ളട്ടെ എന്ന് അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന സ്വഹീഹായ ഹദീസിലുണ്ട്. ഭക്ഷണം കഴിച്ച ശേഷം ആതിഥേയനു വേണ്ടി പ്രാര്‍ത്ഥിക്കല്‍ അതിഥി ചെയ്യുന്ന മാന്യതയാണ്. 

അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അനസ്(റ) പറയുന്നു: ”നബി(സ) സഅദ്ബ്‌നു ഉബാദയുടെ വീട്ടിലേക്ക് ചെന്നു. അന്നേരം റൊട്ടിയും സൈതും നല്‍കി സല്‍ക്കരിച്ചു. അതു കഴിച്ച ശേഷം നബിതങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം ഇങ്ങനെ പറഞ്ഞു: ”നോമ്പുകാര്‍ നിങ്ങളുടെ അടുക്കല്‍ വച്ച് നോമ്പ് തുറന്നിരിക്കുന്നു. സത്‌വൃത്തര്‍ നിങ്ങളുടെ ഭക്ഷണം സേവിച്ചിരിക്കുന്നു. മാലാഖമാര്‍ നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ.”

അതിഥിയായി ചെല്ലുന്ന വീട്ടില്‍ അരുതായ്മകള്‍ എന്തെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ അവിടേക്ക് പോകാതിരിക്കലും ചെന്ന ശേഷം കണ്ടാല്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഒഴിവാക്കുന്നില്ലെങ്കില്‍ ഉടനെ തിരിച്ച് പോരുകയുമാണ് അതിഥിയുടെ മറ്റൊരു മര്യാദ. താന്‍ ചെന്നാല്‍ അത്തരം അനാശാസ്യങ്ങള്‍ ഒഴിവാകുമെങ്കില്‍ അതിനു വേണ്ടി അവന്‍ പോവണമെന്ന് കര്‍മശാസ്ത്രം പഠിപ്പിക്കുന്നു. (മഹല്ലി 3/297) ക്ഷണം സ്വീകരിച്ചെന്ന പ്രതിഫലത്തിനും താന്‍ കാരണം ഒരു തിന്‍മയില്ലാതായതിന്റെ പ്രതിഫലത്തിനും ഇതുവഴി അവന്‍ അര്‍ഹനാകുന്നു. മുന്നില്‍ കൊണ്ടുവച്ച ഭക്ഷണം അതിഥിക്ക് എത്ര വേണമെങ്കിലും കഴിക്കാം. പക്ഷേ, യാചകന്‍ വന്നാല്‍ അവന് കൊടുക്കാനോ വീട്ടിലുള്ള പൂച്ചക്ക് ഇട്ടുകൊടുക്കാനോ ശരീഅത്ത് അനുവദിക്കുന്നില്ല. എന്നാല്‍, കൂടെയുള്ള മറ്റു അതിഥികള്‍ക്ക് ഇട്ടുകൊടുക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ല. (മഹല്ലി 3/298).

സന്തോഷവേളകളില്‍ ചിലയാളുകളെ വിളിച്ചുവരുത്തി അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനാണ് സദ്യയെന്ന് പറയുന്നത്. വലീമത് എന്ന പദപ്രയോഗം നിരുപാധികം വിവാഹസദ്യയെ സൂചിപ്പിക്കുന്നുവെങ്കിലും ഏതു സദ്യയും അതു കൊണ്ട് ഉദ്ദേശിക്കപ്പെടാം. 10 വിധം സദ്യകള്‍ വ്യത്യസ്ത പേരുകളില്‍ തന്നെ ശരീഅത്ത് പരിചയപ്പെടു ത്തുന്നുണ്ട്. ഇംലാക് എന്നറിയപ്പെടുന്ന നികാഹിന്റെ സദ്യയാണതിലൊന്ന്. ഭാര്യയുമായി ശാരീരിക ബന്ധം കഴിഞ്ഞാല്‍ നല്‍കുന്ന സദ്യയാണ് വലീമത്. ഭാര്യ പ്രസവിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യ ഖുര്‍സ് എന്നാണറിയപ്പെടുന്നത്. കുട്ടിയുടെ മുടി കളഞ്ഞ് മൃഗം അറുത്ത് സദ്യയുണ്ടാക്കുന്നത് അഖീഖത് എന്നറിയപ്പെടുന്നു. ചേലാകര്‍മം ചെയ്യുന്ന സമയത്ത് നല്‍കുന്ന സദ്യയാണ് ഇഅ്ദാര്‍. പെണ്ണുങ്ങള്‍ മാര്‍ഗം ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കിടയിലും ആ സദ്യയുണ്ടാക്കു ന്നതിന് പ്രശ്‌നമില്ല. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയാല്‍ നല്‍കുന്നതാണ് ഹിദാഖ്. കെട്ടിടമുണ്ടാക്കിയ സന്തോഷത്തില്‍ നല്‍കുന്ന സദ്യയെ വകീറത് എന്നും യാത്ര കഴിഞ്ഞ് വന്നാല്‍ കൊടുക്കുന്നത് നഖീഅത് എന്നും വിളിക്കപ്പെടുന്നു. വിപത്തില്‍ നിന്ന് മോചനം ലഭിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യയെ വളീമത് എന്ന് വിളിക്കാം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നല്‍കുന്ന സദ്യയാണ് മഅ്ദുബതെന്നറിയപ്പെടുന്നത് (ഖല്‍യൂബി 3/294).

Thursday 5 January 2017

പ്രസവ ശുശ്രൂഷ ചെയ്യുന്ന ‘രാജ്ഞി’


സമയം മഗ്‌രിബ് കഴിഞ്ഞിരുന്നു. മരുഭൂമിയിലെ ഒറ്റപ്പെട്ട  ആ കുടിലിനു മുമ്പില്‍ ഗൃഹനാഥന്‍ അസ്വസ്ഥനായി ഉലാത്തുന്നു.

അത് ശ്രദ്ധിച്ച വഴിയാത്രക്കാരന്‍ വീട്ടിലേക്ക് കയറി വന്നു ചോദിച്ചു.

”എന്താ… എന്താ പ്രശ്നം?

താങ്കള്‍ ഇങ്ങനെ ദുഃഖിതനാകാന്‍ എന്താ കാരണം????

”എന്‍റ ഭാര്യ അകത്ത് പ്രസവ വേദനയുമായി കിടക്കുന്നു ? ഇവിടെ സഹായിക്കാനാരും ഇല്ല, കഴിക്കാന്‍ ഭക്ഷണവും ഇല്ല……!

യാത്രക്കാരന്‍ ഉടന്‍ സ്ഥലം വിട്ടു .കുറച്ചു കഴിഞ്ഞ് തന്‍റ ഭാര്യയെയും കൂട്ടി തിരിച്ചെത്തി.

കൈയിലെ സഞ്ചിയില്‍ കുറച്ച് ഗോതമ്പ് പൊടിയും ഒലീവ് എണ്ണയും.ആഗതന്‍റ ഭാര്യ വീട്ടിനകത്തേക്ക് കയറി.

പ്രസവ വേദനയുമായി കഴിയുന്ന ആ സ്ത്രീയെ സഹായിക്കാന്‍.

വീട്ടുകാരനും വഴിയാത്രക്കാരനും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ ആരംഭിച്ചു…..
കൂട്ടത്തില്‍ കൊച്ചു വര്‍ത്തമാനങ്ങളും…..

”അല്ല,….

നമ്മുടെ പുതിയ ഖലീഫയെ കുറിച്ച് എന്താ അഭിപപ്രായം?”

“ആള് കേമനാണ്…

എന്താ അഭിപപ്രായം?”

”ഓ, ആള് കേമനാണെന്നാ വെപ്പ്. പക്ഷെ ഇത്തിരി കഠിന ഹൃദയനാ….

അങ്ങനെ ലോകകാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ വഴിയാത്രക്കാരന്‍റ ഭാര്യ വന്നു പറഞ്ഞു.

“അമീറുല്‍ മുഅ്മിനീന്‍,താങ്കളുടെ സുഹൃത്തിന് ആണ്‍കുഞ്ഞ് പിറന്ന  സന്തോഷവാര്‍ത്ത അറിയിച്ചാലും”….

‘അമീറുല്‍ മുഅ്മിനീന്‍’…???

ആ വിളി, ആ വീട്ടുകാരനില്‍ നടുക്കവും അദ്ഭുതവും ഉണ്ടാക്കി.
കാരണം ..അന്ന് അറബ്യയില്‍ അവരുടെ ഭരണാധികാരിയെ ആയിരുന്നു അങ്ങനെ വിളിക്കുക.

തന്‍റ ഭാര്യയുടെ ഈറ്റെടുക്കുന്ന ‘രാജ്ഞി’- അത് ഏര്‍പാട് ചെയ്ത ഭരണാധികാരി,…

മുന്നില്‍ നിന്ന് തനിക്ക് ചപ്പാത്തി മാവ് കുഴക്കുന്ന ഖലീഫ-…

റോമ പേര്‍ഷ്യ സാമ്രാജ്യങ്ങളുടെ ഭരണാധിപന്‍.. വിശ്വസിക്കാന്‍ കഴിഞ്ഞില്ല….
ഗൃഹനാഥന്‍റ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു……!

-തന്‍റ മുന്നില്‍ നില്‍ക്കുന്നത് ഖലീഫ ഉമര്‍(റ)ആണന്നറിഞ്ഞപ്പോൾ സ്നേഹവും ബഹുമാനവും കൊണ്ട് അദ്ധേഹം പൊട്ടിക്കരഞ്ഞു…..!

അതെ,….

അതായിരുന്നു ഖലീഫ ഉമര്‍ (റ)

Tuesday 3 January 2017

സ്വർഗ്ഗം ക്ഷമാ ക്ഷീലമുള്ളവർക്കാണ്


💥 അല്ലാഹു പറഞ്ഞു: നിങ്ങള്‍ ക്ഷമ കൈക്കൊള്ളുകയാണെങ്കില്‍ അത് തന്നെയാകുന്നു ക്ഷമാശീലര്‍ക്ക് ഉത്തമമായിട്ടുള്ളത്. അങ്ങ് ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത് (അന്നഹ്ല്‍: 126, 127).

💥 സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമ കൈക്കൊള്ളുക. ക്ഷമയില്‍ അത്യന്തം മികവ് പുലര്‍ത്തുകയും ചെയ്യുക. പ്രതിരോധ സജ്ജരാവുകയും അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുകയും ചെയ്യുക; നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി (ആലും ഇംറാന്‍: 200).

📎 ക്ഷമ അല്ലാഹുവില്‍നിന്നുള്ള ഉത്തമ ദാനമാണ്.

✅ നബി (സ) പറഞ്ഞു: ക്ഷമയെക്കാള്‍ പ്രവിശാലവും പ്രയോജനപ്രദവുമായ ഒരു ദാനവും ഒരാള്‍ക്കും ലഭ്യമായിട്ടില്ല (ബുഖാരി, മുസ്‌ലിം).

💥 ക്ഷമാശീലര്‍ക്കുള്ള പ്രതിഫലത്തിന് അല്ലാഹു പരിധി വെച്ചില്ല. ”ക്ഷമാലുക്കള്‍ക്ക് തങ്ങളുടെ പ്രതിഫലം കണക്ക് നോക്കാതെ പൂര്‍ത്തീകരിക്കപ്പെട്ടതാണ്” (അസ്സുമര്‍: 10).

💥 അത്യന്തം ക്ഷമിക്കുന്നവന് ‘സ്വബൂര്‍’ എന്നാണ് അറബിയില്‍ പറയുന്നത്. അത് അല്ലാഹുവിന്റെ തിരുനാമങ്ങളില്‍ ഒന്നാണ്. അല്ലെങ്കിലും അല്ലാഹുവോളം ക്ഷമിക്കുന്നവര്‍ മറ്റാരുണ്ട്!

✅ തിരുദൂതര്‍ (സ്വ) പറയുകയുണ്ടായി: കേള്‍ക്കുന്നതെന്തും ക്ഷമിക്കുന്നവനായി അല്ലാഹുവെക്കാള്‍ മറ്റാരുമില്ല. അവര്‍ അല്ലാഹുവിന് പങ്കുകാരനെ ആരോപിക്കുന്നു. പുത്രനുണ്ടെന്ന് വാദിക്കുന്നു. എന്നിട്ടും അല്ലാഹു അവരെ തീറ്റിപ്പോറ്റുന്നു. അവര്‍ക്ക് സൗഖ്യം നല്‍കുന്നു. വിഭവങ്ങള്‍ നല്‍കുന്നു (ബുഖാരി, മുസ്‌ലിം).

💥 ക്ഷമാലുക്കളെന്നാല്‍ അവരാണ് അല്ലാഹുവിന്റെ ദാസന്‍മാര്‍. അവരാണ് ധര്‍മത്തിന്റെ വക്താക്കള്‍. അവരെ അല്ലാഹു പുകഴ്ത്തി. ”സൂക്ഷ്മത പാലിക്കുകയും സഹനം അവലംബിക്കുകയും ചെയ്തവനാരോ, നിശ്ചയം സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുകയില്ല” (യൂസുഫ്: 90).

💥 ക്ഷമയെ നമസ്‌കാരത്തോടൊപ്പം ചേര്‍ത്തിപ്പറഞ്ഞ് അല്ലാഹു ക്ഷമയെ മഹത്വവത്കരിച്ചു. ”ക്ഷമ കൊണ്ടും നമസ്‌കാരം കൊണ്ടും നിങ്ങള്‍ സഹായമഭ്യര്‍ത്ഥിക്കുക. ഭക്തന്‍മാരല്ലാത്തവര്‍ക്ക് അത് വലിയ ഭാരം തന്നെയാകുന്നു” (അല്‍ബഖറ: 45).

💥 പ്രവാചകന്‍മാരുടെയും സച്ചരിതരുടെയും ഗുണ വൈശിഷ്ട്യമാണ് ക്ഷമ. സഹനത്തിന്റെ ഉത്കൃഷ്ട മാതൃകകള്‍ അവരുടെ ജീവിതങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നു.

അല്ലാഹു പറഞ്ഞു: അവര്‍ ക്ഷമാശീലരാവുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം പുലര്‍ത്തുന്നവരാവുകയും ചെയ്തപ്പോള്‍ നമ്മുടെ ശാസനാനുസൃതം നേര്‍വഴി കാട്ടിക്കൊടുക്കുന്ന നായകരെ അവരില്‍ നിന്നും നാം നിശ്ചയിക്കുകയുണ്ടായി” (അസ്സജ്ദ: 24).

💥 പുത്രന്‍ യൂസുഫ് നബി(അ)ന്റെയും സഹോദരന്റെയും കാര്യത്തില്‍ പിതാവ് യഅ്ഖൂബ് നബി (അ) അനുഭവിച്ച സഹനം വിശുദ്ധ ഖുര്‍ആന്‍ അനുസ്മരിച്ചു.

”യഅ്ഖൂബ് നബി (അ) പറഞ്ഞു: അല്ല, നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നി. അതുകൊണ്ട് നന്നായി ക്ഷമിക്കുക തന്നെ. എന്റെ മുന്നില്‍ അവരെ എല്ലാവരെയും അല്ലാഹു കൊണ്ടുവന്നേക്കാം. സര്‍വജ്ഞനും യുക്തിമാനും തന്നെയാണവന്‍. അവരെ വിട്ടുതിരിഞ്ഞ യൂസുഫിന്റെ കാര്യം സങ്കടകരം തന്നെയെന്ന് അദ്ദേഹം സഹതപിച്ചു. കടുത്ത ദു:ഖം മൂലം തന്റെ ഇരു കണ്ണുകളും വെളുത്തു പോയി. ആഴമേറിയ മനോവേദന കടിച്ചമര്‍ത്തി” (യൂസുഫ്: 83, 84).

💥 മുന്‍ഗാമികളായ പ്രവാചകന്‍മാരുടെ ക്ഷമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ മുഹമ്മദ് നബി(സ)യോട് ഉണര്‍ത്തിക്കൊണ്ട് അല്ലാഹു പറഞ്ഞു: അങ്ങ് ദൃഢമാനസരായ ദൈവദൂതന്‍മാരെ പോലെ ക്ഷമിക്കുക. നിഷേധികളുടെ കാര്യത്തില്‍ ധൃതിപ്പെടരുത് (അല്‍ അഹ്ഖാഫ്: 35).

✅ തങ്ങള്‍ (സ) പറഞ്ഞു: ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ലാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു. ആരും പേടിപ്പിക്കപ്പെട്ടിട്ടില്ലാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ഭയപ്പെടുത്തപ്പെട്ടു. ബിലാലിന്റെ കക്ഷത്തിലൊതുങ്ങുന്ന തുഛം ഭക്ഷണമല്ലാതെ ഒരു ജന്തുവിന് ഭക്ഷിക്കാവുന്ന മറ്റൊന്നുമില്ലാതെ 30 ദിനരാത്രങ്ങള്‍ ഞാനും ബിലാലും തള്ളി നീക്കി (അഹ്മദ്).

👍 പരിശ്രമത്തില്‍ ക്ഷമാപൂര്‍വം മുന്നേറുന്നവനാണ് വിജയി. ഉദ്യോഗസ്ഥന്‍ തന്റെ ജോലിയിലും രോഗി വേദനയിലും പരീക്ഷണ വിധേയന്‍ തന്റെ വിപത്തിലും പിതാവ് സന്താന പരിപാലനത്തിലും മാതാവ് സന്താനങ്ങളോടുള്ള സമീപനങ്ങളിലും ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ അന്യോന്യവും തൊഴിലുടമ തൊഴിലാളികളോടും മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരോടും അധ്യാപകന്‍ വിദ്യാര്‍ത്ഥികളോടും എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സമൂഹത്തിലെ സകലമാന വിഭാഗങ്ങളോടും ക്ഷമ ശൈലിയായി വളരണം. ജീവിത നൈരന്തര്യങ്ങളിലെ ബ്രേക്കിംഗ് സിസ്റ്റമാവണം അത്. ജീവിത സംഗീതങ്ങളുടെ താളമാവണം.👍

✅  നബി (സ) പറഞ്ഞു: വിസ്മയം തന്നെ വിശ്വാസിയുടെ കാര്യം. ഏത് കാര്യവും അവന് നന്മയാണ്. വിശ്വാസിക്കല്ലാതെ ഒരാള്‍ക്കും അങ്ങനെയാവുകയുമില്ല. സന്തോഷം വന്നെത്തിയാല്‍ അവന്‍ നന്ദി ചെയ്യും. അതവന് നന്മ. സന്താപം വന്നെത്തിയാല്‍ ക്ഷമിക്കും. അതും അവന് നന്മ (മുസ്‌ലിം).

👉 ✅ 👍 തങ്ങള്‍ (സ)പറഞ്ഞു: ഒരാള്‍ ക്ഷമ കൈക്കൊള്ളാന്‍ പരിശ്രമിച്ചാല്‍ അല്ലാഹു അവനെ ക്ഷമാശീലനാക്കും (ബുഖാരി, മുസ്‌ലിം).❗

✅ തിരുദൂതര്‍ (സ) പറഞ്ഞു: വിഷമസന്ധികളില്‍  കൈക്കൊള്ളുന്നതില്‍ ഏറെ നന്മകളുണ്ട് (അഹ്മദ്).

✅ റസൂല്‍(സ) അക്കാര്യം നമ്മെ ഇങ്ങനെ ഉണര്‍ത്തുന്നു: ''ക്ഷമയേക്കാള്‍ നിറഞ്ഞതും വിശാലവുമായ സമ്മാനം ഒരാള്‍ക്കും നല്‍കപ്പെട്ടിട്ടില്ല.''

❗ ''ശരീരം രോഗത്താലോ മറ്റോ പരീക്ഷിക്കപ്പെടുന്ന സത്യവിശ്വാസിയെ ചൂണ്ടി അല്ലാഹു മലക്കുകളോട് പറയും: എന്റെ തീരുമാനത്താല്‍ തളച്ചിടപ്പെട്ട എന്റെയീ ദാസന് നിങ്ങള്‍ പ്രതിഫലം രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുക, അവന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്തെന്നപോലെ.''

✅ ''സ്വന്തത്തിന്റെ കാര്യത്തില്‍, മക്കളുടെ കാര്യത്തില്‍, അല്ലെങ്കില്‍ സ്വന്തം ധനത്തിന്റെ കാര്യത്തില്‍ വിശ്വാസി പരീക്ഷിക്കപ്പെട്ടാല്‍ അവന്റെ പാപങ്ങള്‍ കൊഴിഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കും, മരത്തില്‍ നിന്ന് ഇല കൊഴിയും പോലെ.''

📎 പരീക്ഷണം വ്യക്തിക്ക് സംരക്ഷണ വലയം തീര്‍ക്കലാണ്. അതൊരു ശിക്ഷണത്തിന്റെ പാഠശാലയാണ്. ശഅ്ബി എന്ന പണ്ഡിതന്‍ ഇതിനെ കോഴിമുട്ടയോട് ഉപമിച്ചിട്ടുണ്ട്. കോഴിമുട്ട കാണുന്നയാള്‍ക്ക് തോന്നുക അതിനകത്തുള്ളതെല്ലാം ഒരു പുറന്തോടിനാല്‍ ബന്ധിക്കപ്പെട്ട് കിടക്കുകയാണല്ലോ എന്നാണ്. യഥാര്‍ഥത്തില്‍ ആ പുറന്തോട് ബന്ധനമല്ല. മുട്ടക്ക് പ്രായമാകുംവരെക്കുള്ള സംരക്ഷണ കവചമാണ്. ആ കാലമത്രയും നാം ക്ഷമിച്ചിരിക്കേണ്ടി വരും. ക്ഷമിച്ചിരുന്നാല്‍ പുതിയ ഒരു സൃഷ്ടി തന്നെയായിരിക്കും അതില്‍ നിന്ന് പുറത്ത് വരിക.

✅ ഒരു ഖുദ്‌സിയായ ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ''എന്റെ ദാസന്റെ വേണ്ടപ്പെട്ടവരെ ഞാന്‍ തിരിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവനെ ഞാന്‍ സ്വര്‍ഗാവകാശികളില്‍ ഉള്‍പ്പെടുത്താതിരിക്കില്ല'' (ബുഖാരി).

✅ മറ്റൊരു ഖുദ്‌സിയായ ഹദീസ്: ''ഈ ലോകത്ത് വെച്ച് എന്റെ അടിമയുടെ ഇന്ദ്രിയങ്ങളില്‍ വിശിഷ്ടമായത് (കണ്ണുകള്‍) ഞാന്‍ എടുത്തിട്ടുണ്ടെങ്കില്‍ അവന് എന്റെയടുക്കലുള്ള പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നായിരിക്കില്ല.''

👉👉👉 ✅   പരലോകശിക്ഷയുടെ കാഠിന്യം കുറഞ്ഞ് കിട്ടും. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടും. ആ ശിക്ഷ ചിലപ്പോള്‍ ഇഹലോകത്ത് വെച്ചാവാം, അല്ലെങ്കില്‍ പരലോകത്തേക്ക് നീട്ടവെച്ചേക്കാം.

അല്ലാഹുവിന് കാരുണ്യം തോന്നുന്നത് കൊണ്ടാകാം ഒരാളുടെ പരീക്ഷണം ഈ ലോകത്ത് വെച്ച് തന്നെ ആയിപ്പോകുന്നത്. അതിന് മാത്രമുള്ള ശിക്ഷ പരലോകത്ത് ഇളവ് ചെയ്യുമെന്ന് പ്രവാചകന്‍ ശുഭ വാര്‍ത്ത അറിയിച്ചിട്ടുണ്ട്. ഇഹലോക ശിക്ഷകള്‍ പെട്ടെന്ന് നീങ്ങിപ്പോകും. ഏറ്റവും കഠിനവും നീങ്ങിപ്പോകാത്തതും പരലോക ശിക്ഷ തന്നെയാണല്ലോ.

റസൂല്‍(സ) പറഞ്ഞു: ''ഒരാള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവന്റെ ശിക്ഷ ഇഹലോകത്ത് വെച്ച് തന്നെ ആക്കും. ഇനി ഒരാള്‍ അയാളുടെ പാപങ്ങളുമായി പരലോകത്തേക്ക് നീട്ടിവെക്കപ്പെടുകയാണെങ്കില്‍ അതയാള്‍ക്ക് തിന്മയായാണ് ഭവിക്കുക''(തിര്‍മിദി). ❗

🍇 ക്ഷമാലുവും ത്യാഗിവര്യനായ പണ്ഡിതനുമായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍. ഖുര്‍ആന്‍ സൃഷ്ടിയാണോ അല്ലേ എന്ന വാദം കൊടുമ്പിരികൊണ്ടിരിക്കെ സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു പാട് അദ്ദേഹം പീഡിപ്പിക്കപ്പെടുകയുണ്ടായി. കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അദ്ദേഹം ക്ഷമ കൈവിട്ടില്ല. സകല ദിക്കുകളിലും അദ്ദേഹത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഈയൊരു ഗുണവിശേഷവും കാരണമായി. അദ്ദേഹം ഭൗതികലോകത്ത് നിന്ന് വിടവാങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ മാത്രമല്ല ക്രിസ്ത്യാനികളും ജൂതരും അഗ്നിയാരാധകരുമെല്ലാം കരഞ്ഞെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അവരുടെയെല്ലാം ഇമാമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മയ്യത്ത് ഖബറിലേക്ക് എടുത്തപ്പോള്‍ നാല് മില്ല്യന്‍ ജനം തടിച്ച്കൂടിയിരുന്നുവത്രെ. ജയിലിലായിരുന്നപ്പോള്‍ ഇമാമിന് നല്‍കിയിരുന്ന ശിക്ഷ ചാട്ടവാറടിയായിരുന്നു. അടിയുടെ ഊക്കില്‍ ഇമാമിന്റെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞു. അടിവസ്ത്രത്തിന്റെ ഒരു ചരട് മാത്രം ബാക്കിയുണ്ട്. അത് കൂടി പൊട്ടിയാല്‍ ഇമാമിന്റെ നഗ്നത വെളിവാകും. ചാട്ടവാറടിക്കാര്‍ മാറിമാറി ചാട്ടവാര്‍ വീശിയിട്ടും ആ ചരട് മാത്രം പൊട്ടുന്നില്ല! രാജകിങ്കരന്‍മാര്‍ക്ക് അത്ഭുതമായി. ആ സമയത്തൊക്കെ എന്തോ ചിലത് ഇമാം ഉരുവിടുന്നത് അവര്‍ കണ്ടിരുന്നു. എന്തായിരുന്നു ഉരുവിട്ടുകൊണ്ടിരുന്നത് എന്ന് അവര്‍ പില്‍ക്കാലത്ത് അന്വേഷിച്ചപ്പോള്‍ ഇമാം പറഞ്ഞു: ''ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്: അല്ലാഹുവേ നിന്റെ സിംഹാസനത്തിന്റെ മഹത്വത്തെ മുന്‍ നിര്‍ത്തി ഞാന്‍ അര്‍ഥിക്കുന്നു, ഞാന്‍ സത്യത്തിന്റെ പാതയിലാണെങ്കില്‍ എന്റെ നഗ്നത നീ വെളിപ്പെടുത്തരുതേ.''🍇

🛡 ഉമര്‍ (റ) പറയുന്നു: "ഇസ്ലാമിന് ശേഷം ക്ഷമയെക്കാള്‍ വിശാലമായ ഒരനുഗ്രഹവും ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല".

✅ നബി(സ)യുടെ പുത്രി റുഖിയ്യ ബീവി(റ) മരിച്ചപ്പോള്‍ സ്ത്രീകള്‍ കരയാന്‍ തുടങ്ങി. ഇത് കണ്ട ഉമര്‍ (റ) അവരുടെ കരച്ചില്‍ നിര്‍ത്തുന്നതിനു വേണ്ടി അവരെ ചാട്ടവാറു കൊണ്ട് അടിക്കാനൊരുങ്ങി. നബി(സ) പറഞ്ഞു: "ഉമര്‍, അവരെ വിട്ടേക്കൂ, അവരെ കരയാന്‍ അനുവദിക്കൂ". എന്നിട്ട് സ്ത്രീകളെ നേരെ തിരിഞ്ഞു പറഞ്ഞു: "നിങ്ങള്‍ക്ക്‌ കരയാം, പക്ഷേ ഒരിക്കലും ശൈതാന്‍റെ കരച്ചില്‍ കരയരുത്. നിങ്ങളുടെ കണ്ണുകളില്‍ നിന്നും ഹൃദയത്തില്‍ നിന്നുമുള്ളത് അല്ലാഹുവിന്റെ കാരുണ്യമാണ്. എന്നാല്‍ നിങ്ങളുടെ കൈകളില്‍ നിന്നും നാവുകളില്‍ നിന്നുമുള്ളത് ശൈതാനില്‍ നിന്നുമാണ്.

✅ വിശ്വാസിയുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നത് വരെ അവന്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും (ബുഖാരി).

✅ പനിയെ പോലും നിങ്ങള്‍ കുറ്റപ്പെടുത്തരുത്. അത് നിങ്ങളുടെ തിന്മകളെ മായ്ച്ചു കളയും, ഇരുമ്പില്‍ നിന്ന് കൊല്ലന്‍ അതിലെ കറയും അഴുക്കും കളയുന്നത് പോലെ (മുസ്ലിം).

✅ സത്യവിശ്വാസിയെ ദുഃഖമോ വ്യസനമോ ബാധിക്കുകയില്ല; ഒരു മുള്ള് പോലും തറക്കുകയില്ല; അത് മുഖേന അവന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടല്ലാതെ (ബുഖാരി). കാരണം ക്ഷംയെക്കാള്‍ ഉത്തമമായ ഒരു സമ്മാനം ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല.

✅ ഒരാളുടെ കുട്ടി മരിക്കുമ്പോള്‍ അല്ലാഹു മലക്കുകളോട് ചോദിക്കും: "എന്റെ അടിമയുടെ സന്താനത്തെ  നിങ്ങള്‍ പിടികൂടിയോ?" മലക്കുകള്‍ പറയും:"അതേ". അല്ലാഹു ചോദിക്കും: "എന്റെ അടിമ എന്താണ് പറഞ്ഞത്". മലക്കുകള്‍ പറയും: "അവന്‍ നിന്നെ സ്തുതിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു. ഞങ്ങള്‍ അല്ലാഹുവിനുള്ളവരാകുന്നു. അവനിലെക്കാകുന്നു ഞങ്ങളുടെ മടക്കവും". അല്ലാഹു പറയും: "അവനു വേണ്ടി നിങ്ങള്‍ സ്വര്‍ഗത്തില്‍ ഒരു വീട് പണിയുക. അതിനെ 'ബൈത്തുല്‍ ഹംദ്' (പ്രശംസയുടെ ഭവനം) എന്ന് വിളിക്കുകയും ചെയ്യുക" (തിര്‍മിദി).

✅ മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനു തഅ'സിയ്യത്ത് എന്ന് പറയുന്നു. ഒരു മുഅ'മിന്‍, തന്റെ സഹോദരന് ബാധിച്ച ആപത്തില്‍ അവനെ ആശ്വസിപ്പിച്ചാല്‍ ഖിയാമത്ത്‌ നാളില്‍  അയാള്‍ക്ക്‌ അല്ലാഹു ആദരവിന്റെ വസ്ത്രം ധരിപ്പിക്കുന്നതാണ് (ഇബ്നു മാജ).

✅ റസൂല്‍(സ)യുടെ സദസ്സില്‍ എപ്പോഴും വരാറുണ്ടായിരുന്ന ഒരു സഹാബിയും കുഞ്ഞും ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി ആ സഹാബിയെ കാണാതായപ്പോള്‍ നബി(സ) അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുഞ്ഞ് മരണപ്പെതിനാലാണ് അദ്ദേഹത്തെ കാണാതായത് എന്ന് മറുപടി ലഭിച്ചു. അങ്ങനെ നബി(സ) അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു "ജീവിതകാലം മുഴുവന്‍ കുട്ടികളുമായി ഉല്ലസിക്കുന്നതാണോ നിങ്ങള്‍ക്കിഷ്ടം, അതല്ല, പരലോകത്ത് സ്വര്‍ഗത്തിലേക്കുള്ള ഓരോ കവാടങ്ങളിലും അവന്‍ നിങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗ വാതില്‍ തുറന്നു തരാന്‍ നിങ്ങളുടെ മകന്‍ ഉണ്ടാകുന്നതോ? 'സ്വര്‍ഗ്ഗ കവാടത്തില്‍ എന്നെ സ്വീകരിക്കാന്‍ എന്റെ മോനുണ്ടാകുമെങ്കില്‍ അതാണെനിക്ക് ഏറ്റവും പ്രിയം' എന്ന് ആ സഹാബി പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: "അതേ, സ്വര്‍ഗ്ഗ വാതില്‍ക്കല്‍ അവനുണ്ടാകും". മക്കള്‍ മരിച്ച എല്ലാ മാതാപിതാക്കള്‍ക്കും ഈ സൌബാഗ്യമുണ്ടാകുമോ? എന്ന് സഹാബികള്‍ ചോദിച്ചപ്പോള്‍ അവിടുന്ന് 'അതേ, എല്ലാവര്‍ക്കുമുണ്ടാകും' എന്ന് പ്രതിവചിച്ചു.

✅ പുല്ലിനെയും റോസാപ്പൂവിനെയും താരതമ്യം ചെയ്തുകൊണ്ട് ഒരു ഇസ്‌ലാമിക പ്രബോധകന്‍ എഴുതിയത് ഓര്‍ക്കുകയാണ്: ''എത്ര കൂര്‍ത്ത് മൂര്‍ത്ത മുള്ളുകള്‍ക്കിടയിലാണ് ഒരു റോസാപ്പൂ വളരുന്നത്, ആ മുള്ളുകളുടെ കുത്തേറ്റ് അതെത്ര തവണ വേദനിച്ചിരിക്കും. അതൊക്കെ ക്ഷമിച്ചതിന്റെ ഫലമായി അതൊടുവില്‍ എത്തിച്ചേരുന്നതെവിടെയെന്ന് നോക്കൂ. നേതാക്കന്മാരുടെയും പ്രമുഖരുടെയും സദസ്സുകളില്‍! പ്രൗഢിയുടെയും സൗന്ദര്യത്തിന്റെയും ചിഹ്നമായിത്തീരുകയാണ് അത്. ഒരു പനിനീര്‍ പൂവിനേക്കാള്‍ മൃദുലമായ സമ്മാനം ഒരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതാവുന്നു. എന്നാല്‍ ഒരു പുല്‍ക്കൊടിയോ? അത് അത്തരം ത്യാഗത്തിനൊന്നും തയാറാവുന്നില്ല. കഴുതയുടെ ആലയില്‍ തീറ്റയായി എത്തിച്ചേരാനാണ് അതിന്റെ വിധി. ആളുകള്‍ ആ പുല്‍ക്കൊടിയെ അലക്ഷ്യമായി ചവിട്ടി കടന്നുപോകുന്നു. അവഹേളനത്തിന്റെ ചിഹ്നമായി അത് നിലകൊള്ളുന്നു.''