Thursday 10 October 2019

സ്വപ്നവ്യാഖ്യാനം - ഒന്നാം ഭാഗം






അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്. 9. 87. 112)

അബൂസഈദ്(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളിൽ വല്ലവനും താനിഷ്ടപ്പെടുന്ന രീതിയിലുള്ള സ്വപ്നം കണ്ടാൽ തീർച്ചയായും അതു അല്ലാഹുവിൽ നിന്നുള്ളതാണ്. അവൻ അല്ലാഹുവിനെ സ്തുതിക്കുകയും അതിനെ സംബന്ധിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യട്ടെ. വല്ലവനും താൻ വെറുക്കുന്നതരത്തിലുള്ള സ്വപ്നം കണ്ടാൽ തീർച്ചയായും അതു പിശാചിൽ നിന്നുള്ളതാണ്. അതിന്റെ നാശത്തിൽ നിന്ന് അവൻ അല്ലാഹുവിനോട് അഭയം തേടുകയും അതു പറയാതിരിക്കുകയും ചെയ്യട്ടെ. അത് അവന് യാതൊരു ഉപദ്രവവും ചെയ്യുകയില്ല. (ബുഖാരി റഹ്. 9. 87. 114)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്റെ അംശങ്ങളിൽ സന്തോഷ വാർത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്മാർ ചോദിച്ചു: എന്താണ് സന്തോഷ വാർത്തകൾ. ഉത്തമസ്വപ്നങ്ങൾ തന്നെയെന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി റഹ്. 9. 87. 119)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം അടുത്തുകഴിഞ്ഞാൽ സത്യവിശ്വാസിയുടെ സ്വപ്നം കള്ളമാവുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നമാവട്ടെ നുബുവ്വത്തിന്റെ നാൽപത്തിയാറിന്റെ ഒരംശമാണ്. നുബുവ്വത്തിന്റെ അംശമായത് കള്ളമായിരിക്കുകയില്ല. മുഹമ്മദ് ബ്നുസിറീൻ പറയുന്നു: സ്വപ്നം മൂന്ന് തരമാണ്. മനസ്സിന്റെ വർത്തമാനം, പിശാചിന്റെ ഭയപ്പെടുത്തൽ, അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്ത. ഉറക്കത്തിൽ കഴുത്തിൽ ആമം വെച്ചത് കാണുന്നത് അവർ വെറുത്തിരുന്നു. കാൽബന്ധിച്ചത് അവർ ഇഷ്ടപ്പെട്ടിരുന്നു. കാരണം അതിന്റെ അർത്ഥം മതത്തിൽ ഉറച്ച് നിൽക്കലാണ്. (ബുഖാരി റഹ്. 9. 87. 144)

ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും താൻ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട് ബാർലിമണികളെ തമ്മിൽ പിടിച്ച് കെട്ടി ബന്ധിപ്പിക്കാൻ അവനെ നിർബന്ധിക്കും. വാസ്തവത്തിലോ അവനത് ചെയ്യുവാൻ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത് കേൾക്കുന്നത് അവരിഷ്ടപ്പെടുകയില്ല. എങ്കിൽ പരലോകത്ത് അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാൽ അതിൽ ജീവനൂതാൻ അവനെ നിർബന്ധിക്കും. എന്നാൽ അവന് അതിൽ ജീവനിടാൻ കഴിയുകയില്ല. (ബുഖാരി റഹ്. 9. 87. 165)


നാമൊക്കെ പലപ്പോഴും പല തരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്.
തങ്ങൾ കാണുന്ന സ്വപ്നങ്ങളുടെ പൊരുൾ അറിയാൻ തൽപരരാണ് പലരും .
ഈ താൽപര്യം ശമിപ്പിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ശാഖയാണ് സ്വപ്ന വ്യാഖ്യാന ശാസ്ത്രം.

സ്വപ്ന വ്യാഖ്യാന ശാസ്ത്രം നിഗൂഢവും, ഗഹനവുമായ ഒന്നാകുന്നു. അഗാധമായ പാണ്ഡിത്വവും ചിന്താശക്തിയും ഉണ്ടെങ്കിൽ മാത്രമേ അത് വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ..

ഇമാം ജഅഫറുസ്സാദിഖ് (റ), ഇമാം കർമാനി (റ), സയ്യിദ് മുഹമ്മദുബ്നുസീരിൻ (റ) തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ സ്വപ്ന വ്യാഖ്യാതാക്കൾ ചരിത്രത്തിന്റെ വിവിധ ദശകങ്ങളിൽ ജീവിച്ചിരുന്നിട്ടുണ്ട്. ചിന്തയും പഠനവും കൊണ്ട് സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തെ സമ്പന്നമാക്കിയവരാണവർ.

നാം കാണുന്ന സ്വപ്നങ്ങൾ ശരിയായി വ്യാഖ്യാനിക്കാൻ കഴിയുമോ..? സ്വപ്ന വ്യാഖ്യാനം നബിമാർക്ക് മാത്രം കഴിയുന്നതാണോ…?

ചില സ്വപ്നങ്ങളിൽ കണ്ടതിനോട് സാമ്യമായത് ജീവിതത്തിൽ സംഭവിക്കുന്നതായി അനുഭവപ്പെടുന്നു.

സ്വപ്നം എന്നതിന് എന്താണ് ഇസ്ലാമിക നിർവചനം…..തുടങ്ങി നിരവധി സംശയങ്ങളിലൂടെ നാം സഞ്ചരിക്കാറുണ്ട്.. അതിഞ്ഞുള്ള ഉത്തരമകട്ടെ ഈ എളിയ സംരഭം... അള്ളാഹു എല്ലാവരെയും ഹിദായത്തിലകട്ടെ...അമീൻ
(സ്വപ്ന വ്യാഖ്യാതാവിന് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ,സ്വപ്നം വേർതിരിച്ചറിയൽ,അതിന്റെ അടിസ്ഥാന തത്വങ്ങൾ )

അറിയുക! അല്ലാഹുവിനെ അനുസരിക്കാൻ എനിക്കും നിനക്കും അവൻ തൗഫീഖ് നൽകട്ടെ. നുബുവ്വത്തിന്റെ നാൽപ്പത്തിയാറ് അംശങ്ങളിൽ ഒരു അംശമാണ് സ്വപ്നം. അതു കൊണ്ട് സ്വപ്ന വ്യാഖ്യാതാവ് വിശുദ്ധ ഖുർആൻ പഠിച്ചവനായിരിക്കണം. അറബി ഭാഷവും വാക്കുകളുടെ ഘടനാ പരിണാമങ്ങളും ആളുകളുടെ സ്ഥിതിഗതികളും മനസ്സിലാക്കിയവനായിരിക്കണം.

സ്വപ്ന വ്യാഖ്യാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊണ്ടവനും ,ശുദ്ധമനസ്കനും, സൽസ്വഭാവിയും. സത്യസന്ധനും ആയിരിക്കണം. എങ്കിലേ സത്യസന്ധമായ സ്വപ്ന വ്യാഖ്യാനത്തിന് അല്ലാഹു അവന് കഴിവ് നൽകുകയുള്ളൂ.., ബുദ്ധിമാൻമാരുടെ ജ്ഞാനനിധികൾ സംഭരിക്കാൻ അവന് കഴിയുകയുള്ളൂ..

സ്വപ്നം ചിലപ്പോൾ സ്ഥലകാല വ്യത്യാസത്തിനുസരിച്ചാണ് വ്യാഖ്യാനിക്കപ്പെടുക ചിലപ്പോൾ ഖുർആനിന്റെ അടിസ്ഥാനത്തിലും മറ്റു ചിലപ്പോൾ ഹദീസിന്റെ അടിസ്ഥാനത്തിലും അത് വ്യാഖ്യാനിക്കപ്പെടും മറ്റു ചിലപ്പോൾ പ്രചാരത്തിലുള്ള പ്രചാരത്തിലുള്ള ഉപമയുടെ അടിസ്ഥാനത്തിലും അത് വ്യാഖ്യാനിക്കപ്പെടാം.

സ്വപ്നം ചിലപ്പോൾ അത് കണ്ട വ്യക്തിയിൽ നിന്നും അവന്റെ തുല്യനോ പേരുകാരനോ ആയ വ്യക്തിയിലേക്ക് തിരിക്കപ്പെടാം. അതുപോലെ പേരിന്റെ പദം കൊണ്ടും അർത്ഥം കൊണ്ടും വിപരീതാർത്ഥം കൊണ്ടും അതിൻ നിന്നുരുത്തിരിഞ്ഞുണ്ടാകുന്ന മറ്റു പദങ്ങൾ കൊണ്ടും സ്വപ്നം വ്യാഖ്യാനിക്കപ്പെടുന്നതാണ്. ചിലപ്പോൾ വർദ്ധനവ് കൊണ്ടും മറ്റു ചിലപ്പോൾ കുറവ് കൊണ്ടും അത് വ്യാഖ്യാനിക്കപ്പെടും.
എന്നാൽ അധികം വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് കടക്കാം.

സ്വപ്ന സമയം

ഏതു സമയത്ത് കാണുന്ന സ്വപ്നമാണ് ഏറ്റവും സത്യസന്ധമായി പുലരുക? രാത്രിയുടെ അവസാന യാമത്തിലും ഉച്ചയുറക്കത്തിലും ( ഖൈലൂലത്ത് ) കാണുന്ന സ്വപ്നമാണ് ഏറ്റവും സത്യസന്ധമായി പുലരുക. അതുപോലെ പഴങ്ങൾ പാകമാകുകയും വിൽക്കപ്പെടുകയും ചെയ്യുന്ന കാലത്ത് കാണുന്ന സ്വപ്നങ്ങളും ഏറ്റവും സത്യസന്ധമായി ഭവിക്കും. തണുപ്പുകാലത്തും മഴ പെയ്യുന്ന സമയത്തും കാണുന്നവയാണ് ഏറ്റവും ദുർബലമായ സ്വപ്നങ്ങൾ.

ലിംഗസ്വഭാവ വ്യത്യാസം

സ്വപ്നത്തിൽ കണ്ട വസ്തുവിന്റെ ലിംഗവും ഇനവും സ്വഭാവവും അറിയപ്പെട്ടതാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ തന്നെ വ്യാഖ്യാനം നൽകേണ്ടതാണ്. ഉദാ: വൃക്ഷം ,ക്രൂരമൃഗങ്ങൾ ,പക്ഷികൾ, ഇവ സാധാരണ ഗതിയിൽ മിക്കതും പുരുഷൻമാരായിരിക്കും. അവയുടെ ഇനം നോക്കുക., മരമാണെങ്കിൽ ഏത് മരം ആണെന്നും മൃഗങ്ങളോ പക്ഷികളോ ആണെങ്കിൽ ഏതിനത്തിൽ പെട്ടതാണെന്നും നോക്കിയതിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുക.

ഈന്തപ്പനയാണെങ്കിൽ അന്തസ്സുള്ളവനും അറബിയുമായിരിക്കും. കാരണം ഈന്തപ്പനകൾ ധാരാളമായി കാണുന്നത് അറബ് നാട്ടിലാണല്ലോ..

അണ്ടിയിനങ്ങളാണെങ്കിൽ അനറബിയാണ് ഉദ്ദേശം.പക്ഷിയെ കണ്ടാൽ ധാരാളം യാത്ര ചെയ്യുന്ന പുരുഷനാണെന്ന് വ്യാഖ്യാനിക്കും.

പക്ഷി ധാരാളം പറക്കുന്നതാണല്ലോ.. മയിലിനെയാണ് കണ്ടതെങ്കിൽ സ്വത്തുംസൗന്ദര്യവും അനുയായികളും ഉള്ള അനറബിയായ രാജാവാണെന്നനുമാനിക്കാം.

പരുന്തിനേയോ, കഴുകനേയോ ,കാക്കയേയോ ആണ് കണ്ടതെങ്കിൽ മതനിഷ്ഠയില്ലാത്ത കുറ്റവാളിയെന്ന് വ്യാഖ്യാനിക്കാം .ഈ രീതിയിൽ വ്യാഖ്യാനിച്ചാൽ അല്ലാഹു വിന്റെ അനുഗ്രഹത്തോടെ ശരിയായ വഴിയിൽ എത്തിച്ചേരാൻ സാധിക്കും .ഇൻ ശാ അല്ലാഹ് ..

സയ്യിദ് മുഹമ്മദുബ്നു സീരിൻ 

പലതുകൊണ്ടും മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു. സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തിന് അലകും പിടിയും കെട്ടും മട്ടും നൽകിയത് അദ്ദേഹമാകുന്നു. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ചരിത്രത്തിൽ നിന്നുമുള്ള സൂചനകളും, ദീർഘകാലത്തെ അനുഭവ നീരീക്ഷണ പരീക്ഷണങ്ങളും മൂലം സ്വപ്നവ്യാഖ്യാന ശാസ്ത്രത്തെ അദ്ദേഹം വികസിപ്പിച്ചെടുത്തു.

സയ്യിദ് മുഹമ്മദുബ്നു സീരിന്റെ " തഅബീറുർ റു'അയാ " എന്ന ഗ്രന്ഥം ഈ വിജ്ഞാനശാഖയിലെ പ്രമാണിക ഗ്രന്ഥമായി കരുതപ്പെടുന്നു.

ഇതൊരു പദാപദ തർജ്ജമയോ,സമ്പൂർണ്ണ പരിഭാഷയോ അല്ല. ഇൻ ഷാ അല്ലാഹ് വായനക്കാർക്കു ഈ ചെറിയ രീതിയിലുള്ള സ്വപ്ന വ്യാഖ്യാനം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു . വലിയ വിശദീകരണമായി മറ്റൊരു ലേഖനം ഉടൻ തയ്യാറാക്കാം .

ഒരു കഥ

ജഅഫറുസ്സാദിഖ് (റ) വിന്റെ അടുത്ത് ഒരാൾ വന്ന് ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. " അല്ലാഹു എനിക്ക് ഇരുമ്പ് തന്നതായും ഒരു ഗ്ലാസ് സുർക്ക കുടിപ്പിച്ചതായും ഞാൻ സ്വപ്നം കണ്ടിരിക്കുന്നു." ഇമാം പറഞ്ഞു : - ഇരുമ്പ് എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് കാഠിന്യമാണ് .കാരണം അല്ലാഹു പറഞ്ഞു "നാം ഇരുമ്പിനെ ഉൽപ്പാദിപ്പിച്ചു. അതിൽ കഠിനമായ പരീക്ഷണമുണ്ട്." ഒരു പക്ഷേ നീ നിന്റെ ചില സന്താനങ്ങൾക്ക് ദാവൂദ് നബി (അ)യുടെ ജോലി പഠിപ്പിച്ചേക്കാം .നിന്നെ സുർക്ക കുടിപ്പിച്ചു എന്നതിന്റെ പൊരുൾ ഇതാണ്. നീ ദീർഘകാലം രോഗബാധിതനായി കിടക്കും .ഈ സമയത്ത് നിനക്ക് ഒരു പാട് സ്വത്ത് ലഭിക്കും. നീ മരിച്ചാൽ അല്ലാഹു നിന്നെക്കുറിച്ച് സന്തുഷ്ടനായിരിക്കും ., നിന്റെ പാപങ്ങളെല്ലാം അവൻ പൊറുത്ത് തരികയും ചെയ്യും.

(നമ്മുടെ സാധാരണ ജീവിതത്തിൽ കാണാനിടയുള്ള സ്വപ്നങ്ങളുടെ വ്യാഖ്യാനം മാത്രം കൊടുക്കുന്നു.)


ബാങ്ക്

ഹജ്ജ് മാസങ്ങളിൽ ബാങ്ക് കേട്ടതായി സ്വപ്നം കണ്ടാൽ ഹജ്ജ് ചെയ്യും എന്നാണർത്ഥം. മതത്തിൽ ഉയർച്ചയും സ്ഥാനവും നേടുമെന്നും അർത്ഥമാകും.മറ്റു മാസങ്ങളിൽ ബാങ്ക് കേട്ടതായി സ്വപ്നം കണ്ടാൽ ജനങ്ങളെ സംബന്ധിച്ചേടത്തോളം സന്തോഷകരമായ വാർത്തകൾ കേൾക്കും എന്നർത്ഥം.

ഒരു പള്ളിയുടെ മിനാരം തകർന്നു വീണതായി ഒരാൾ സ്വപ്നം കണ്ടാൽ ആ സ്ഥലവാസികൾ മതപരമായി ഭിന്നിക്കുന്നുവെന്നാണ് വ്യാഖ്യാനം. ഒരാൾ പള്ളി നിർമ്മിച്ചതായി സ്വപ്നം കണ്ടാൽ കുറേ ആളുകളോട് ചേർന്ന് നല്ല കാര്യങ്ങൾ ചെയ്യും എന്നാണർത്ഥം.

താൻ തുമ്മുകയും മറ്റൊരാൾ "യർഹമുക്കല്ലാഹു " എന്ന് പറയുകയും ചെയ്തതായി ഒരാൾ സ്വപ്നം കണ്ടാൽ ഹജ്ജും ഉംറയും കൊണ്ടുള്ള സന്തോഷ വാർത്തയാണത്.

(ആകാശം, സൂര്യൻ, ചന്ദ്രൻ ,നക്ഷത്രങ്ങൾ, അന്ത്യനാൾ, സ്വർഗ്ഗം, നരകം തുടങ്ങിയവ)

ആകാശത്തിലേക്ക് കയറിപ്പോയി എന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ അവൻ രക്തസാക്ഷിത്വം വരിക്കുകയും അല്ലാഹു വിന്റെ പ്രീതി സമ്പാദിക്കുകയും ചെയ്യും.

താൻ ആകാശത്താണുള്ളതെന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ ഇഹലോകത്തെ മാന്യതയേയും പാരത്രിക രക്തസാക്ഷിത്വത്തേയും ആണ് അത് കുറിക്കുന്നത്.

സൂര്യൻ എന്നത് അധികാരത്തെ സൂചിപ്പിക്കുന്നു. മാതാവോ പിതാവോ ആകാനും സാധ്യതയുണ്ട്.

ഒരാൾ സൂര്യനെ അധീനപ്പെടുത്തിയതായി സ്വപ്നം കണ്ടാൽ അവൻഅധികാരത്തിലെത്തിച്ചേരും.

സൂര്യന് തിളക്കവും കിരണവും ഉണ്ടെങ്കിൽ, സൂര്യപ്രകാശം തന്റെ മേൽ പതിക്കുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ തനിക്ക് മഹത്തായ പദവിയും ആദിപത്യവും ലഭിക്കുമെന്നർത്ഥം.

സൂര്യനിൽ എന്തെങ്കിലും പൊട്ടോ, മാറ്റമോ, ന്യൂനതയോ കണ്ടാൽ തന്റെ അധികാരത്തിലോ, അധികാര മേഖലയിലോ തന്റെ മാതാപിതാക്കളിലൊരാൾക്കോ എന്തെങ്കിലും കുഴപ്പം സംഭവിക്കും എന്നാണ് വ്യാഖ്യാനം.

സൂര്യനുമായി മൽപ്പിടുത്തം നടത്തിയതായി കണ്ടാൽ അധികാര മത്സരത്തിൽ പങ്കെടുക്കുമെന്നോ മാതാവുമായോ പിതാവുമായോ വഴക്കടിക്കുമെന്നോ ആണ് ധ്വനി.

തന്റെ വീട്ടിൽ മാത്രം സൂര്യൻ ഉദിച്ചതായി ഒരാൾ സ്വപ്നം കണ്ടാൽ അവൻ അവിവാഹിതനെങ്കിൽ വിവാഹം കഴിക്കുമെന്നും , വിവാഹിതനാണെങ്കിൽ അധികാരമോ അധികാരികളിൽ നിന്നുള്ള ആനുകൂല്യമോ ലഭിക്കും.

കാർമേഘമോ മറ്റോ സൂര്യനെ മറച്ചതായി സ്വപ്നം കണ്ടാൽ അധികാരത്തേയോ മാതാപിതാക്കളിൽ ഒരാളേയോ എന്തെങ്കിലും വിഷമമോ രോഗമോ ബാധിക്കും എന്നു മനസ്സിലാക്കാം.

ഒരാൾ ജഅഫറുസ്സാദിഖ് (റ)ന്റെ അടുത്ത് വന്ന് തന്റെ ശരീരത്തിൽ സൂര്യൻ ഉദിച്ചത് പോലെ സ്വപ്നം കണ്ടതായി അറിയിച്ചു.. അദ്ദേഹം പറഞ്ഞു: - "നിനക്ക് അധികാരികളുടെ പക്കൽ നിന്ന് ശ്രേഷ്ഠതയും ആദരവും അതോടൊപ്പം ഭൗതിക നേട്ടവും ലഭിക്കും.

മറ്റൊരാൾ വന്ന് സൂര്യൻ തന്റെ കാൽക്കൽ മാത്രം ഉദിച്ചതായി സ്വപ്നം കണ്ടുവെന്നറിയിച്ചു.അദ്ദേഹം പറഞ്ഞു :- 'ഉപജീവനത്തിനാവശ്യമായ കാർഷികവിഭവങ്ങളും കായ്കനികളും നിനക്ക് ഇഷ്ടം പോലെ ലഭിക്കും എന്നാണതിന്നർത്ഥം..!


ആമ

ആമ. ഇതിനെ ,പണ്ഡിതന്‍, വിജ്ഞാനം എന്നൊക്കെ അര്‍ത്ഥമാക്കാം

താന്‍ ഒരാമയെ സ്വപ്നം കണ്ടാല്‍ അല്ലെങ്കില്‍ ഒരാമയെ ഉടമപ്പെടുത്തിയതായി കണ്ടാലും താനൊരു ആമയെ വീട്ടില്‍ കൊണ്ടുവന്നതായി കണ്ടാല്‍ താന്‍ ഒരു പണ്ഡിതനുമായി പരിചയപ്പെടുകയും അടുത്ത് ബന്ധം സ്ഥാപിക്കുകയും ചെയ്യും.

താന്‍ ആമയിറച്ചി തിന്നുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ പണ്ഡിതനില്‍നിന്ന് വിദ്യ കരസ്ഥമാക്കും ആ വിദ്യ അയാള്‍ക്ക്‌ ഉപകാരപ്പെടുകയും ചെയ്യും

ആമ വഴിയില്‍കിടക്കുന്നതായോ കുപ്പിയില്‍കിടക്കുന്നതായോ സ്വപ്നം കണ്ടാല്‍ ചില വിജഞാനങ്ങള്‍ ആ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കാം


ആന

ആന ഒരു വന്യജീവിയാണ് .പക്ഷെ അത് അധികാരത്തെയും ഗാംഭിര്യത്തെയും പ്രതാപത്തെയും കുറിക്കുന്നു

മഹത്വമുളള ജീവിയാണ് ആന. ആനയെ സ്വപനം കണ്ടാലോ ആനയുമായുള്ള കാര്യങ്ങൾ സ്വപ്നംകണ്ടാലോ ഉള്ള വ്യാഖ്യാനം വളരെ രസകരവും അര്‍ത്ഥവത്തുമാണ്.

താനൊരു ആനയെ ഉടമപ്പെടുത്തുകയോ  അതിന്‍റെ പുറത്ത് കയറിയതായോ അതിനെ ഇഷ്ടാനുസരണം ഉപയോഗപ്പെടുത്തുന്നതായോ {ക്യഷിക്കല്ല} സ്വപനം കണ്ടാല്‍ അയാള്‍ക്ക് അധികാരവും മേല്‍ക്കോയ്മയും ലഭിക്കും ശത്രുക്കളെ ജയിച്ചടക്കും ഭരണാധികാരിയില്‍നിന്ന് അധികാരം പിടിച്ചുവാങ്ങും.


താന്‍ ആനയിറച്ചി ഭഷിക്കുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ക്ക്‌ ഭരണാധികാരിയില്‍നിന്ന് ധനം ലഭിക്കും. തിന്ന ഇറച്ചിയുടെ അളവനുസരിച്ചായിരിക്കും ധനം ലഭിക്കുക. ആനയുടെ തോലോ ,രോമമോ, എല്ലോ ,കൊമ്പോ, മറ്റേങ്കിലും വസ്തുവോ എടുക്കുന്നതായി സ്വപ്നം കണ്ടാലും ഈ വ്യാഖാനം തന്നെയാണ്.


അദ്ധ്യാപകന്‍

അദ്ധ്യാപകനെ സ്വപ്നം കാണുന്നത് നല്ലതാണ്. അദ്ധ്യാപകന്‍ എന്നതിന് അര്‍ത്ഥം ആയുസിനെ കുറിക്കുന്നതാണ്

താന്‍ ഒരഅദ്ധ്യാപകന്‍. പള്ളിക്കുടത്തില്‍വെച്ച് തന്‍റെ വിദ്യാര്‍ത്ഥിക്ക് വിദ്യനല്‍ഗുന്നതായി കിനാവ് കണ്ടാല്‍ അയാള്‍ ദീര്‍ഘകാലം ജീവിക്കും.


അടിമ


അടിമയെ സ്വപ്നത്തില്‍ കണ്ടാല്‍ അതിന്‍റെ വ്യാഖ്യാനം. ഞെരുക്കം ഉണ്ടാകും ധനവും , പ്രതാപവും നഷ്ടപ്പെടും ദു:ഖവും വിഷമവും വന്നു ചേരും .

ഒരാള്‍ അടിമയെയോ അടിമവ്യാപാരിയെയോ കിനാവ് കണ്ടാല്‍ അയാള്‍ ഭരണാധികാരിയുടെ വാര്‍ത്താവിനിമയോദ്യോഗസ്ഥന്‍റെ സ്ഥാനം വഹിക്കും

താന്‍ അടിമയോ ബന്ധനസ്ഥനോ ആവുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ക്ക്‌ ഞെരുക്കം ഉണ്ടാകും. ധനവും , പ്രതാപവും നഷ്ടപ്പെടും. ദു:ഖവും വിഷമവും വന്നു ചേരും

താന്‍ അടിമയെ വില്‍ക്കുന്നതായി സ്വപ്നം കണ്ടാല്‍ തന്‍റെ ദു:ഖവും വിഷമവും നീങ്ങും

താന്‍ അടിമയെ വാങുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ക്ക്‌ ദു:ഖവും വിഷമവും വന്നു ചേരും  {അടിമസ്ത്രിയുടെ കാര്യത്തില്‍ വാങുന്നതിനെക്കാള്‍ വില്‍ക്കുന്നതാണ് നല്ലത് }


ആക്രമണം


ഒരാള്‍ യുദ്ധം ചെയ്യുന്നതായി സ്വപ്നം കണ്ടാല്‍ അയാള്‍ ആക്രമിക്കപ്പെടും

ശത്രുവിന്‍റെ ആക്രമണമേല്ക്കുന്നതായി സ്വപ്നം കണ്ടാല്‍ അയാളുടെ നാട്ടില്‍ വെള്ളപ്പോക്കാമോ പകര്‍ച്ചവ്യാതിയോ ഉണ്ടാകാം.


ആപ്പിള്‍


ആപ്പിള്‍ മനുഷ്യന്‍റെ തൊഴിലും ഉപജീവനമാര്‍ഗ്ഗത്തെയും കുറിക്കുന്നു

താന്‍ ആപ്പിള്‍ തിന്നതായി ഭരണാധികാരി സ്വപ്നം കണ്ടാല്‍ അവന്‍റെ അധികാരത്തെയാണ് കുറിക്കുനത്

ആപ്പിള്‍ തിന്നുന്നത്‌ കച്ചവടക്കാരന്‍ സ്വപ്നം കണ്ടാല്‍ അവ അവന്‍റെ കച്ചവടമാണ് ഉന്നം

ആപ്പിള്‍ തിന്നുന്നത്‌ തൊഴിലാളിയാണ് സ്വപ്നം കണ്ടതെങ്കില്‍ അവന്‍റെ തൊഴിലിനെയാണ് അത് കുറിക്കുന്നത്

കുറച്ചു ആപ്പിള്‍ തനിക്ക് ലഭിക്കുകയോ താനത് തിന്നുകയോ സ്വന്തമാക്കുകയോ
ചെയ്യുന്നതായി സ്വപ്നം കണ്ടാല്‍ അവന്‍ ദുനിയാവ്‌ സമ്പാദിക്കും .

ആപ്പിളിന്‍റെ നിറം, രുചി, എണ്ണം മുതലായവ  അനുസരിച്ചു സമ്പാദ്യം  വ്യത്യാസപ്പെടും


കിണർ

കിണർ മനുഷ്യന്റെ മൂലധനവും ഉപജീവനവുമാകുന്നു. ഒരാൾ കിണർ കുഴിക്കാൻ ഉദ്ദേശിക്കുകയും നടക്കാതെ വരികയും ചെയ്തതായി സ്വപ്നം കണ്ടാൽ ഉപജീവനക്കാര്യത്തിൽ വിഷമം നേരിടും എന്നാണർത്ഥം.

ഒരാൾ തന്റെ വീട്ടിൽ കിണർ കുഴിക്കുകയും വെളളം കാണുകയും ചെയ്തതായി കണ്ടാൽ അവന് സ്വത്ത് വർദ്ധിക്കുകയും യാതൊരു വിഷമവും കൂടാതെ ആഹാരം ലഭിക്കുകയും ചെയ്യും.

തന്റെ വീട്ടിൽ നിന്നോ കിണറ്റിൽ നിന്നോ വെള്ളം പുറത്ത് പോകുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ തന്റെ സ്വത്ത് നശിക്കുകയും അൽപം അവശേഷിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കാം.

തന്റെ വെള്ളം എടുത്ത് കൃഷി നനക്കുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ തന്റെ ധനം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കും എന്നാണർത്ഥം.

വെള്ളം എടുത്ത് ഒഴിച്ചുകളയുന്നതായി സ്വപ്നം കണ്ടാൽ തനിക്ക് ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത വിധത്തിൽ അവൻ ധനം ചിലവഴിക്കും.

വെള്ളം ആളുകൾക്ക് എടുത്ത് കൊടുക്കുന്നത് കണ്ടാൽ വലിയ അന്തസ്സോടെയും പ്രൗഢിയോടെയും ജീവിക്കും എന്നർത്ഥം. സ്വന്തം സ്വത്തെടുത്ത് അനാഥർക്കും ദുർബ്ബല ജനവിഭാഗങ്ങൾക്കു കൊടുക്കുകയും ചെയ്യും.

ഒരാൾ കിണറ്റിൽ നിന്ന് വെള്ളമെടുക്കുകയും ചെടികളുടെ മുരട് നനക്കുകയും ചെയ്യുന്നത് കണ്ടാൽ തന്റെ സ്വത്ത് കൊണ്ട് അനാഥരെ വളർത്തും.

വെള്ളം എടുത്ത് ആളുകൾക്ക് കൊടുക്കുന്നത് കണ്ടാൽ ഹജ്ജ് ചെയ്യാൻ ആളുകളെ സഹായിക്കും എന്ന് മനസ്സിലാക്കാം.

കിണറ്റിൽ നിന്ന് മ്ലേഛമായ എന്തെങ്കിലും ലഭിച്ചാൽ തന്റെ ഉൽകൃഷ്ടമായ സ്വത്ത് നീചമായ സ്വത്തുമായി കൂട്ടിക്കലർത്തും എന്ന് മനസ്സിലാക്കാം.

തന്റെ ബക്കറ്റ് മറിഞ്ഞു വീണതായി സ്വപ്നം കണ്ടാൽ തന്റെ പുണ്യകർമ്മം ജനങ്ങളിലേക്കെത്തുകയില്ല എന്ന് വിവക്ഷ.

ചതി, വഞ്ചന, ദുഃഖം, വിഷമം എന്നിവയുടെ പ്രതീകമായും കിണർ കാണപ്പെടും. കിണറ്റിൽ ഇറങ്ങിയതായി ഒരാൾ സ്വപ്നം കണ്ടാൽ അവന്റെ അന്ത്യം സന്തോഷവും വിജയവുമായിരിക്കും. യൂസുഫ് നബി (അ) ന് അങ്ങനെയാണല്ലൊ സംഭവിച്ചത്.


പുഴ 

പുഴ എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് പുരുഷനായിരിക്കും.

ചെറിയ പുഴയെങ്കിൽ ചെറിയ പുരുഷനും വലിയ പുഴയെങ്കിൽ വലിയ പുരുഷനും .

ഒരാൾ പുഴയിൽ ഇറങ്ങുകയും എന്നിട്ട് ഭയപ്പെടുകയും ചെയ്തതായി സ്വപ്നം കണ്ടാൽ അവനെ ദുഃഖവും ഭീതിയും പിടികൂടും.

നദി കലങ്ങിയതാവുകയും എന്നാൽ അതിൽ നിന്ന് ശുദ്ധജലം കുടിക്കുകയും ചെയ്തതായി കണ്ടാൽ അവന് നന്മ വരും.അവന്റെ ജീവിതം ഉൽകൃഷ്ടമായിത്തീരുകയും ചെയ്യും.

കലങ്ങിയ നദിയിൽ നിന്ന് കലങ്ങിയ വെള്ളം കുടിച്ചതായി കണ്ടാൽ അവന് ദുഃഖവും രോഗവും പിടിപ്പെടും.

പുഴയിൽ നിന്ന് വെള്ളം എടുക്കുന്നതായി കണ്ടാൽ ഒരാളിൽ നിന്ന് സ്വത്ത് ലഭിക്കും എന്നാണർത്ഥം.

ഭയമോ ദുഃഖമോ ഇല്ലാതെ പുഴയിലോ കടലിലോ കുളിക്കുന്നതായി സ്വപ്നം കണ്ടാൽ ദുഃഖം നീങ്ങിപ്പോകുമെന്നാണർത്ഥം. അവൻ ദുഃഖിതനോ വിഷമത്തിലകപ്പെട്ടവനോ ആണെങ്കിൽ ദുഃഖം മാറും രോഗിയാണെങ്കിൽ ഭയം ഇല്ലാതാകും. ജയിലിലാണെങ്കിൽ ജയിൽ മോചിതനാകും.

നദി മുറിച്ച് കടന്ന് മറുകരയിലെത്തിയതായി ഒരാൾ സ്വപ്നം കണ്ടാൽ ദുഃഖവും വിഷമവും ഭീതിയും നീങ്ങിപ്പോകും എന്നാണതിന്റെ വ്യാഖ്യാനം.

പുഴയിൽ ചളിയോ, കളിമണ്ണോ തുടർച്ചയായി ഓളങ്ങളോ ഉണ്ടെങ്കിൽ അവനുമായി പതിവായി ബന്ധം പുലർത്തിയിരുന്ന വ്യക്തി ആ ബന്ധം മുറിക്കും എന്ന് മനസ്സിലാക്കാം..


സമുദ്രം 

സമുദ്രതത്ത സ്വപ്നം കാണുന്നത് മഹത്തായ അധികാരത്തിന്റെ അടയാളമാണ്. അതിൽ കലക്കമോ ഭീകരങ്ങളായ ഓളങ്ങളൊ ഇല്ലെങ്കിൽ .
കലക്കമോ ഓളങ്ങളോ ഇല്ലാത്ത സമുദ്രത്തിൽ നിന്ന് വെള്ളം കുടിച്ചതായി ഒരാൾ സ്വപ്നം കണ്ടാൽ അവന് അധികാരത്തിൽ പങ്ക് ലഭിക്കും. അവന്റെ ഇഹലോകജീവിതം സുഖകരമായിത്തീരും.

സമുദ്രം കലങ്ങിയതോ ഇരുണ്ടതോ തിരയടിക്കുന്നതോ ആണെങ്കിൽ അവനെ ഭീതിയും വിഷമവും പിടികൂടും.

സമുദ്രത്തിൽ മുങ്ങിയതായി ഒരാൾ കണ്ടാൽ സമുദ്രം തെളിഞ്ഞതാണെങ്കിൽ ഭരണകാര്യങ്ങളിൽ അവൻ മുഴുകും .

സമുദ്രം കലങ്ങിയതാണെങ്കിൽ മാരകമായ രോഗം അവനെ പിടികൂടും.

സമുദ്രത്തിന് മീതെ നടന്നതായി ഒരാൾ സ്വപ്നം കണ്ടാൽ ഇഹലോകത്ത് രാജാക്കന്മാരെക്കാളും പണക്കാരെക്കാളും ഉന്നതമായ ജീവിതം നയിക്കും എന്നാണർത്തം.


 ചന്ദ്രൻ

ചന്ദ്രൻ മന്ത്രിയായും ഭാര്യയായും സുന്ദരനായ പുത്രനായും വ്യാഖ്യാനിക്കപ്പെടും.

താൻ ചന്ദ്രനെ അധീനപ്പെടുത്തിയെന്നോ എത്തിപ്പിടിച്ചുവെന്നോ ആരെങ്കിലും സ്വപ്നം കണ്ടാൽ മന്ത്രി പദവിയോ മന്ത്രിയുടെ സാമീപ്യമോ ലഭിക്കും എന്ന് മനസ്സിലാക്കാം.

ചന്ദ്രന് ഗ്രഹണം ബാധിച്ചതായോ, ചുകപ്പ് നിറമോ, ഇരുളോ, കുടുങ്ങിയതായോ കണ്ടാൽ ചന്ദ്രൻ എന്തായിട്ടാണോ വ്യാഖ്യാനിക്കപ്പെടുന്നത് അതിൽ ന്യുനതയോ പരിവർത്തന മോ സംഭവിക്കും എന്ന് ഗ്രഹിക്കാം.

ഒരു നക്ഷത്രത്തെയാണൊരാൾ സ്വപ്നം കണ്ടതെങ്കിൽ മന്ത്രിയിൽ നിന്നോ മറ്റ് പ്രമുഖരിൽ നിന്നോ അവന് അംഗീകാരം ലഭിക്കും.

സ്വപ്നത്തിൽ ചിലപ്പോൾ അനിഷ്ടകരമായ സൂചനയുണ്ടായേക്കാം.കാരണം ചന്ദ്രൻ കണക്കു നോക്കുന്ന വ്യക്തിയെ (ജോത്സ്യനെ) സൂചിപ്പിക്കുന്നു.

ചന്ദ്രൻ തന്റെ മടിയിലാണെന്നും താൻ അതിനെ കൈ കൊണ്ട് എടുത്തു വെന്നും സ്വപ്നം കണ്ടാൽ തനിക്ക് ഉപകാരപ്പെടുന്ന കുഞ്ഞാണതിന്റെ വിവക്ഷ.

ചന്ദ്രൻ തന്റെ വീട്ടിലോ വിരിപ്പിലോ ആണെന്ന് കണ്ടാൽ തന്റെ ഭാര്യയാണതു കൊണ്ട വിവക്ഷിക്കപ്പെടുന്നത്. ഒരു സ്ത്രീയാണ് അത് കണ്ടതെങ്കിൽ അവൾ സുന്ദരനായ ഒരു പുരുഷനെ വിവാഹം ചെയ്യും.

മാസാരംഭത്തിലല്ലാതെ പ്രഥമ ചന്ദ്രൻ ഉദിച്ചതായി ഒരാൾ സ്വപ്നം കണ്ടാൽ അവന്റെ വീട്ടിൽ ഒരു കുഞ്ഞ് പിറക്കുകയോ അല്ലെങ്കിൽ കാണാതായ ആൾ തിരിച്ചെത്തുകയോ അതുമല്ലെങ്കിൽ പുതിയ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടാവുകയോ ചെയ്യും.


നക്ഷത്രങ്ങൾ


നക്ഷത്രങ്ങളെ അധീനപ്പെടുത്തിയതായി ഒരാൾ സ്വപ്നം കണ്ടാൽ ഉൽകൃഷ്ടരും അധമരുമായ ആളുകളെ അധീനപ്പെടുത്തിയെന്നാണർത്ഥം.

നക്ഷത്രങ്ങൾ കൂടി നിൽക്കുന്നത് കണ്ടാൽ പ്രമുഖരുടെ കാര്യങ്ങൾക്ക് വേണ്ടി ഭഗീരഥ ശ്രമങ്ങൾ നടത്തും എന്നാണ്.

നക്ഷത്രങ്ങൾ ഭൂമിയിൽ പതിക്കുന്നത് കണ്ടാൽ ശിക്ഷ ഇറങ്ങുന്നതിനെ സൂചിപ്പിക്കുന്നു.

നക്ഷത്രത്തെ സ്വന്തം കൈ കൊണ്ട് പിടിച്ചതായി സ്വപ്നം കണ്ടാൽ ഉൽകൃഷ്ടനായ കുഞ്ഞ് പിറക്കും എന്നാണർത്ഥം.

നക്ഷത്രങ്ങൾ ആകാശത്ത് നിന്ന് വീണതായി ഒരാൾ സ്വപ്നം കണ്ടാൽ അവൻ ധനികനാണെങ്കിൽ ദരിദ്രനാകും ദരിദ്രനാണെങ്കിൽ രക്തസാക്ഷിത്വം വരിക്കും.

ആകാശം തന്നെയും കൊണ്ട് ചുറ്റുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ അവൻ ദൂരയാത്ര ചെയ്യുമെന്നാണ് വിവക്ഷ.

ഒരു സ്ത്രീ മുഹമ്മദ് ബ്നു സീരിന്റെ (റ) അടുത്ത് വന്നു. അപ്പോൾ അദ്ദേഹം ഉച്ച ഭക്ഷണം കഴിക്കുകയായിരുന്നു.'പറയൂ' മുഹമ്മദ് ബ്നു സീരിൻ (റ) പറഞ്ഞു. നിങ്ങൾ ഭക്ഷണം കഴിച്ചതിന് ശേഷം പറയാം, സ്ത്രീ പറഞ്ഞു. ഭക്ഷണം കഴിച്ചതിനു ശേഷം മുഹമ്മദുബ്നു സീരിൻ(റ) വീണ്ടും പറഞ്ഞു.'നീ എന്താണ് കണ്ടത് പറയൂ..'

സ്ത്രീ പറഞ്ഞു.

ചന്ദ്രൻ സുരയ്യാ നക്ഷത്രത്തിൽ കടന്നതായി ഞാൻ കണ്ടു. എന്റെ പിന്നിൽ നിന്നാരാൾ വിളിച്ചു പറഞ്ഞതായി ഞാൻ കേട്ടു. ഏ, സ്ത്രീ നീ നിന്റെ സ്വപ്ന വൃത്താന്തം മുഹമ്മദ് ബ്നു സീരിനോട് (റ) ചെന്നു പറയൂ ! അങ്ങനെയാണ് ഞാനിവിടെ വന്നത്.

മുഹമ്മദ് ബ്നു സീരിൻ (റ) എഴുന്നേറ്റു നിന്നു. എങ്ങനെയാണ് നീ കണ്ടത്? ഒന്നുകൂടി പറയൂ. സ്ത്രീ ആദ്യം പറഞ്ഞത് തന്നെ ഒന്നു കൂടി ആവർത്തിച്ചു. മുഹമ്മദ് ബ്നു സീരിന്റെ (റ) മുഖം ആകെ വിവർണ്ണമായി.

'എന്തു പറ്റി നിങ്ങൾക്ക്? അദ്ദേഹത്തിന്റെ സഹോദരി ചോദിച്ചു.'

'ഞാൻ ഏഴു ദിവസത്തിനു ശേഷം ഖബറടക്കപ്പെടും എന്നാണ് ഈ സ്ത്രീ പറയുന്നത് ' മുഹമ്മദ് ബ്നു സീരിൻ (റ) പറഞ്ഞു.

ഏഴാം ദിവസം തന്നെ അദ്ദേഹം മരിക്കുകയും ഖബറടക്കപ്പെടുകയും ചെയ്തു.


ഒരാൾ ജഅഫറുസ്സാദിഖ് (റ)ന്റെ അടുത്ത് ചെന്ന് താൻ ചന്ദ്രനെ ആലിംഗനം ചെയ്യുന്നത് സ്വപ്നം കണ്ടുവെന്നറിയിച്ചു .

'നീ വിവാഹിതനാണോ?' ജഅഫ്റുസ്സാദിഖ് (റ) ചോദിച്ചു.
"അല്ല " ആഗതൻ പറഞ്ഞു.

എങ്കിൽ നീ അതീവ സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്യും.

അയാൾ തിരിച്ചുപോയി. കുറച്ചു കാലം കഴിഞ്ഞ് വീണ്ടും അയാൾ വന്നു എന്നിട്ട് പറഞ്ഞു.

'മാന്യരെ, ഞാൻ വിവാഹം ചെയ്തു. അവൾ അതീവ സുന്ദരിയല്ലെങ്കിലും സംസ്കാര സമ്പന്നയാണ്. എന്നാൽ ഞാൻ ചന്ദ്രനെ ചുമക്കുന്നതായി ഇന്നലെ സ്വപ്നം കണ്ടിരിക്കുന്നു.' നിന്റെ ഭാര്യ അതീവ സുന്ദരനായ ഒരു കുഞ്ഞിന് ജന്മം നൽകും ജഅഫറുസ്സാദിഖ് (റ)പറഞ്ഞു.

അവൾ ഇപ്പോൾ ഗർഭിണിയാണ്. അയാൾ പറഞ്ഞു. ജഅഫറുസ്സാദിഖ് (റ) പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങൾ നടന്നത്.

ഇമാം ശാഫിഈ (റ)ന്റെ മാതാവ് അദ്ദേഹത്തെ ഗർഭം ധരിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു.വ്യാഴ നക്ഷത്രം തന്റെ ശരീരത്തിൽ നിന്ന് പുറപ്പെട്ട് ഈജിപ്തിൽ ഇറങ്ങുകയും അതിൽ നിന്നുള്ള പ്രകാശകിരണങ്ങൾ ഭൂമുഖത്തെ എല്ലാ പ്രദേശത്തേയും പ്രകാശമാനമാക്കുകയും ചെയ്തു. ഇതായിരുന്നു സ്വപ്നം. ഇമാം ശാഫിഈ (റ) ജനിക്കുകയും വളർന്നു വലുതാവുകയും ചെയ്തതോടെ ഈ സ്വപ്നം പ്രത്യക്ഷരം പുലരുകയുണ്ടായി.

ഇമാം ശാഫിഈ (റ) യുടെ വിജ്ഞാനപ്രഭയേൽക്കാത്ത ഒരു പ്രദേശവും ഭൂമുഖത്തില്ലല്ലോ...


മഴ

മഴ അനുഗ്രഹമാകുന്നു. അത് പോലെ മേഘവും .ഒരു പ്രത്യേക സ്ഥലത്തോ വീട്ടിലോ മാത്രമായി അത് കണ്ടാൽ ആ നാട്ടുകാരെ ബാധിക്കുന്ന രോഗത്തേയോ, നഷ്ടത്തേയോ ആണ് അത് സൂചിപ്പിക്കുന്നത്.

പലപ്പോഴും കഠിനമായ വിഷമതകളും അതുകൊണ്ട് ഉദ്ദേശിക്കുപ്പെടും.

നെയ്യോ,തേനോ, പാലോ മറ്റോ വർഷിച്ചതായി സ്വപ്നം കണ്ടാൽ അത് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന നന്മയും ഗുണവും സമ്പാദ്യവുമാണ് വിവക്ഷ. ഇഷ്ടകരമായ ഏത് മഴയുടെ സ്ഥിതിയും അത് തന്നെ.

ഒരാൾ ഹസ്രത്ത് അബൂബക്കർ (റ) വിന്റെ അടുത്ത് വന്നു പറഞ്ഞു;ഞാൻ ഒരു കാർമേഘം കണ്ടു.ആകാശത്ത് നിന്ന് അത് തേനും നെയ്യും വർഷിച്ചു.ആളുകൾ അത് എടുത്തു. ചിലർ കുറച്ച് എടുത്തപ്പോൾ മറ്റു ചിലർ കൂടുതൽ എടുത്തു. എന്താണിതിന്റെ വ്യാഖ്യാനം.?

ഹസ്രത്ത് അബൂബക്കർ (റ) പറഞ്ഞു: 'മേഘം ഇസ്ലാമാണ്. തേനും നെയ്യും അതിന്റെ മധുര ഫലങ്ങളുമാകുന്നു.

ഇമാം ജഅഫറുസ്സാദിഖ്‌ (റ) വിനോട് ഒരാൾ പറഞ്ഞു .' ഞാൻ രാവും പകലും മഴയിൽ കുതിർന്നു കിടക്കുന്നതായി സ്വപ്നം കാണുന്നു.'

ജഅഫറുസ്സാദിഖ് (റ) പറഞ്ഞു.' നല്ല സ്വപ്നമാണ് നീ കണ്ടത്. നീ ദൈവാനുഗ്രഹത്തിൽ മുങ്ങിക്കുളിക്കും. സുരക്ഷിതത്വവും വിശാലവുമായ ആഹാരവും നിനക്ക് ലഭിക്കും.

ജഅഫറുസ്സാദിഖ് (റ)നോട് മറ്റൊരാൾ പറഞ്ഞു. ഒരാൾ തന്റെ തലയിൽ മാത്രം മഴ പെയ്യുന്നതായി സ്വപ്നം കണ്ടു. എന്താണിതിന്റെ വ്യാഖ്യാനം.?
ജഅഫറുസ്സാദിഖ്‌ (റ) പറഞ്ഞു: അയാൾ കുറ്റവാളിയാണ്. വൻ പാപങ്ങൾ അയാളെ വലയം ചെയ്തിരിക്കുന്നു. അയാൾക്ക് ലഭിക്കാൻ പോകുന്ന ശിക്ഷയേയാണ് മഴ സൂചിപ്പിക്കുന്നത്.


ഇടി- മിന്നൽ

കാറ്റിന്റെ കൂടെയുള്ള ഇടി അക്രമിയും ശക്തനുമായ ഭരണകർത്താവിനെയാണ് സൂചിപ്പിക്കുന്നത്. മിന്നൽ യാത്രക്കാരന് ഭയവും അല്ലാത്തവന് പ്രതീക്ഷയുമാണ്.

അല്ലാഹു (സു) പറഞ്ഞു .''ഭയവും പ്രതീക്ഷയും നൽകിക്കൊണ്ട് നിങ്ങൾക്ക് മിന്നൽ കാണിച്ചു തരുന്നത് അല്ലാഹുവാണ് '' (ഖുർആൻ)

മഴയില്ലാതെയുള്ള ഇടി യാത്രക്കാർക്കും അല്ലാത്തവർക്കും ഭയത്തേയാണ് സൂചിപ്പിക്കുന്നതെന്ന ഒരഭിപ്രായവുമുണ്ട്. മഴയോടൊപ്പമുള്ള ഇടി രോഗശമനത്തെ സൂചിപ്പിക്കും.

മഴവില്ല്

മഴവില്ല് പച്ചയാണെങ്കിൽ വറുതിയിൽ നിന്നുള്ള മോചനത്തേയും മഞ്ഞയാണെങ്കിൽ രോഗത്തേയും ചുകപ്പാണെങ്കിൽ രക്തച്ചൊരിച്ചിലിനേയും സൂചിപ്പിക്കുന്നു.

മഴവില്ല് കണ്ടാൽ അവൻ വിവാഹിതനാകുമെന്നാണർത്ഥമെന്നും അഭിപ്രായമുണ്ട്.

പ്രളയം

വെള്ളപ്പൊക്കം ശത്രുവിന്റെ ആക്രമണത്തെയാണ് സൂചിപ്പിക്കുന്നത്. നീർച്ചാലുകളിൽ കൂടി മഴവെള്ളം ഒഴുകി വരുന്നത് നന്മയേയും സുഭിക്ഷതയേയും സൂചിപ്പിക്കുന്നു.

മേഘം 

മേഘം യുക്തിചിന്തയും അറിവും കാരുണ്യവുമാണ്. ഇസ്ലാം മതത്തേയും അത് സൂചിപ്പിക്കുന്നു. ഇരുട്ട് ,കാറ്റ് ,ഭീകരതകൾ തുടങ്ങി ശിക്ഷയുടെ ലക്ഷണങ്ങളൊന്നും കണ്ടില്ലെങ്കിൽ ഒരാൾ മേഘത്തെ അധീനമാക്കുകയോ ശേഖരിക്കുകയോ അതിൽ സഞ്ചരിക്കുകയോ ചെയ്തതായി സ്വപ്നം കണ്ടാൽ അറിവ്, യുക്തി, കാരുണ്യം എന്നിവ വേണ്ടത് പോലെ നേടിയെടുക്കും എന്നാണർത്ഥം.

മുമ്പിലുള്ള കുറേ മേഘപാളികളിൽ നിന്ന് ഒരു മേഘപാളിയെ തിന്നുന്നതായി സ്വപ്നം കണ്ട ഒരാളെ കുറിച്ച് ചോദിച്ചപ്പോൾ ജഅഫറുസ്സാദിഖ്‌ (റ) പറഞ്ഞു. അയാൾ കണ്ടത് വളരെ നല്ല സ്വപ്നമാണ്. അറിവ് നേടുകയും പ്രശസ്തനാവുകയും അപൂർവ്വമായ ബഹുമതിയും പദവിയും കരസ്ഥമാക്കുകയു ചെയ്ത വ്യക്തിയാണയാൾ.

മേഘം തനിക്ക് തണലിട്ട് തന്നതായി ഒരാൾ സ്വപ്നം കണ്ടാൽ അയാൾ രോഗിയാണെങ്കിൽ രോഗം ഭേദമാകും., കടക്കാരനാണെങ്കിൽ കടം വീടും., ദരിദ്ര നാണെങ്കിൽ ധനികനാവും, മർദ്ദിതനാണെങ്കിൽ വിജയിക്കും എന്നൊക്കെയാണ് സാരം.

മേഘം കാരുണ്യമാണ്. യുദ്ധരംഗങ്ങളിലും മറ്റും നബി (സ) ക്ക് മേഘം തണലിട്ട് കൊടുക്കുമായിരുന്നു.

ആലിപ്പഴം, മഞ്ഞ്, ഹിമം ഇവ ദുഃഖവും വിഷമവും ശിക്ഷയുമാണ്. മഞ്ഞുവീഴ്ചയുണ്ടാകുന്ന സ്ഥലത്ത് മഞ്ഞുവീഴ്ചയുണ്ടായതായി സ്വപ്നം കണ്ടാൽ അത് അവിടുത്ത് കാർക്ക് ക്ഷേമം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ഹിമവും ഇങ്ങിനെ തന്നെ.

എന്നാൽ ഒരാൾ വെള്ളം കുടിക്കുകയും വായിൽ വച്ച് അത് ഉറക്കുകയും ചെയ്തതായി സ്വപ്നം കണ്ടാൽ അത് അവന്റെ പക്കൽ ഉറച്ചു നിൽക്കുകയും അവശേഷിക്കുകയും ചെയ്യുന്ന സ്വത്തിനേയാണ് സൂചിപ്പിക്കുന്നത്. ആലിപ്പഴം ആണ് സ്വപ്നം കാണുന്നതെങ്കിൽ ഒരു നിലക്കും ഒരു ഗുണവുമില്ല.


കപ്പൽ 

കപ്പൽ മിക്കപ്പോഴും മോചനത്തിന്റെ പ്രതീകമാണ്. ചിലപ്പോൾ അത് രാജാക്കൻമാരുമായുള്ള അടുപ്പമായിരിക്കും. മറ്റു ചിലപ്പോൾ ദുഃഖവും വിഷമവും ആയിരിക്കും. എങ്കിലും അടുത്ത് തന്നെ മോചനവും ഉണ്ടാകും.

താൻ കടലിൽ ഒരു കപ്പലിലാണെന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ അധികാരത്തിൽ അവൻ ഭാഗമാകും എന്നർത്ഥം.

കപ്പലിന്റെ വലുപ്പവും വിസ്തൃതിയുമനുസരിച്ച് അവന്റെ അധികാര പരിധിയും വിസ്തൃതമാകും. എങ്കിലും ആ അധികാരത്തിൽ നിന്നും അവൻ മുക്തി നേടും.

വെള്ളം കടന്ന കപ്പലിലാണ് താനെന്ന് ഒരാൾ സ്വപ്നം കണ്ടാൽ ദുഃഖവും മറ്റു വിഷമതകളും അവനെ പിടികൂടുകയും പിന്നീടവയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും.

താൻ കപ്പലിൽ നിന്നിറങ്ങിയതായി ഒരാൾ സ്വപ്നം കണ്ടാൽ അവന്റെ മോചനം വളരെ പെട്ടെന്നായിരിക്കും എന്നാണ് സൂചന.

കപ്പൽ വെള്ളമില്ലാത്ത സ്ഥലത്താണെങ്കിൽ വിഷമതകൾ അവനെ പിടികൂടുകയും രക്ഷപ്പെടുകയും ചെയ്യും.

കപ്പൽ തന്റെ നേർക്ക് വരുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ വിഷമതകളിൽ നിന്നുള്ള തന്റെ മോചനം അടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കാം.


തോട് 

മനുഷ്യന് മുങ്ങാൻ കഴിയാത്ത ചെറിയ നിർമ്മലമായ തോട് പുഴയുടെ സ്ഥാനത്താണുള്ളത് .എങ്കിലും അത് ഉൽകൃഷ്ടമായ ജീവിതവും പൊതുവായ സന്തോഷ വാർത്തയുമാണ്.

അതുപോലെ വെള്ളം വീടുകൾക്കിടയിലൂടെ ഒഴുകുന്നതായി കണ്ടാലും ഉൽകൃഷ്ട ജീവിതത്തെ സൂചിപ്പിക്കുന്നു.

വെള്ളം തെളിഞ്ഞതാണെങ്കിൽ വീടിന്റെ ചുമരിലോ, വെള്ളം ഉറവെടുക്കുന്നത് സ്വാഗതം ചെയ്യപ്പെടാത്ത മറ്റു സ്ഥലങ്ങളിലോ വെള്ളം ഉറവെടുക്കുന്നതായി കണ്ടാൽ ആ വീട്ടുകാർക്ക് ദുഃഖവും വിഷമവും പ്രയാസങ്ങളും നേരിടേണ്ടി വരും.

കൂടുതൽ വെള്ളം ഉറവെടുക്കുന്നതിനനുസരിച്ച് കൂടുതൽ വിഷമവും ഉണ്ടാകും . വെള്ളം കലങ്ങിയതു കൂടിയാണെങ്കിൽ കുറെ കൂടി കഠിനമായ പ്രയാസങ്ങളാണ് നേരിടേണ്ടി വരിക.ആ ജലാശയത്തിൽ നിന്ന് വെള്ളം കുടിച്ചതായി സ്വപ്നം കണ്ടാൽ അവന്റെ എല്ലാ പ്രയാസങ്ങൾക്കും പ്രതിവിധിയുണ്ടാകും. ദുഃഖിതന്റെ ദുഃഖം മാറും. ഭയചകിതൻ നിർഭയനായിത്തീരും കടബാധ്യതയുള്ളവന്റെ കടം വീടും .പാപിയുടെ പാപം പൊറുക്കപ്പെടും രോഗിയുടെ രോഗം ഭേദമാകും.

അയ്യൂബ് നബി (അ) മിന്റെ കഥയിൽ നിന്നാണ് ഈ വ്യാഖ്യാനം എടുത്തിട്ടുള്ളത്.

ശുദ്ധിയോടെയോ, യാത്രയിലോ, അജ്ഞാത സ്ഥലത്തോ തന്റെ പക്കൽ വെള്ളം നിറച്ച പാത്രമുള്ളതായി ഒരാൾ സ്വപ്നം കണ്ടാൽ അതിലെ വെള്ളം അവന്റെ ആയുസ്സിനേയും ജീവിതത്തേയും സൂചിപ്പിക്കുന്നു. അതിലെ വെള്ളം മുഴുവനും കുടിച്ചതായി അവൻ സ്വപ്നം കണ്ടാൽ അവന്റെ ആയുസ്സ് തീർന്നു എന്നാണർത്ഥം. വെള്ളം ബാക്കിയുണ്ടെങ്കിൽ ആയുസ്സ് ബാക്കിയുണ്ടെന്നും മനസ്സിലാക്കാം. വ്യാഖ്യാനത്തിൽ വെള്ളത്തിന്റെ സ്ഥാനമാണ് പത്തിരിക്കുമുള്ളത്.

താൻ ശുദ്ധവും മധുരവുമായ വെള്ളം കുടിച്ചുവെന്നും താൻ ശുദ്ധിയോടെയോ യാത്രയിലോ ആണെന്നറിയുകയില്ലെന്നും അജ്ഞാത സ്ഥലത്തല്ലന്നുമൊക്കെയാണ് ഒരാൾ സ്വപ്നം കണ്ടതെങ്കിൽ ഉൽകൃഷ്ടമായ വൃത്തിയുള്ള ജീവിതത്തേയാണത് സൂചിപ്പിക്കുന്നത്. ഇനി വെള്ളം ശുദ്ധമായതല്ലെങ്കിൽ അവന്റെ ജീവിതവും ശുദ്ധമല്ലാത്തതായിരിക്കും.

വെള്ളം കലങ്ങിയതാണെങ്കിൽ അവന് രോഗം ബാധിക്കും എന്ന് മനസ്സിലാക്കാം.

ഒരാൾ പളുങ്ക് പാത്രത്തിൽ വെള്ളം സ്വപ്നം കണ്ടാൽ പളുങ്ക് പാത്രം സ്ത്രീയേയും വെള്ളം കുട്ടിയേയും പ്രതിനിധാനം ചെയ്യുന്നു. അവൻ അതിൽ നിന്ന് കുടിച്ചതായി കണ്ടില്ലെങ്കിലാണത്. തോട്ടമോ കൃഷിയോ നനക്കുന്നതായി സ്വപ്നം കണ്ടാൽ ഭാര്യയുമൊത്ത് പൂർണ്ണ സംതൃപ്തിയോടെ ലൈംഗിക വേഴ്ച നടത്തും എന്നാണർത്തം.

തോട്ടം പുഷ്പിക്കുകയോ ഫലം തരുകയോ ചെയ്തതായി കണ്ടാൽ ആ ഭാര്യയിൽ കുഞ്ഞ് ജനിക്കും എന്ന് മനസ്സിലാക്കാം.തന്റെ തോട്ടമോ കൃഷിയോ മറ്റൊരാൾ നനക്കുന്നതായി കണ്ടാൽ അതിൽ ഒരു ഗുണവും ഇല്ല.

പാല്, എണ്ണ, കള്ള് തുടങ്ങി അംഗശുദ്ധി വരുത്താനോ കുളിക്കാനോ പറ്റാത്ത ദ്രാവകം കൊണ്ട് അംഗശുദ്ധി വരുത്തുകയോ കുളിക്കുകയോ ചെയ്യുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ താൻ തുടങ്ങി വച്ച ഐഹികവും പാരത്രികവുമായ ഒരു കാര്യവും പൂർത്തിയാവുകയില്ല എന്നു മനസ്സിലാക്കാം.പക്ഷേ അതത്ര ഗൗരവമുള്ള കാര്യമല്ല. താൻ നിസ്ക്കരിച്ചു നിസ്കാരം പൂർത്തിയാക്കിയില്ല എന്ന് ഒരാൾ സ്വപ്നം കണ്ടാലും ഇത് തന്നെയാണ് വ്യാഖ്യാനം. അംഗശുദ്ധിയും കുളിയും പൂർത്തിയാക്കിയാലോ പാപങ്ങളിൽ നിന്നും അപാകതകളിൽ നിന്നുമുള്ള മുക്തിയെ അത് സൂചിപ്പിക്കുന്നു.


മണ്ണും ചളിയും

മണ്ണും ചളിയും ദുഃഖവും വിഷമവും ഭീതിയും ആണ്. എത്ര കണ്ട് മണ്ണും ചളിയും കാണുന്നുവോ അത്രകണ്ട് ദുഃഖവും വിഷമവും ഭീതിയും ഉണ്ടാവും. ചൂടുവെള്ളത്തിന്റെ സ്ഥിതിയും ഇത് തന്നെ.

തന്റെ ശരീരത്തിൽ ചൂടുവെള്ളം ഏറ്റതായി ഒരാൾ സ്വപ്നം കണ്ടാൽ ഭരണകർത്താവിന്റെ ഭാഗത്ത് നിന്ന് തനിക്ക് ദുഃഖവും വിഷമവും നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കാം. ചൂട് വർദ്ധിക്കുന്തോറും ദുഃഖവും വിഷമവും വർദ്ധിക്കും. ചിലപ്പോൾ ഭയവും രോഗവും ബാധിക്കുകയും ചെയ്യും.


ഇഷ്ടിക 

കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഉണങ്ങിയ ഇഷ്ടിക സമാഹരിക്കപ്പെട്ട സ്വത്തിനെയാണ് സൂചിപ്പിക്കുന്നത്.

തനിക്ക് ഇഷ്ടിക കിട്ടിയതായി ഒരാൾ സ്വപ്നം കണ്ടാൽ സമാഹരിക്കപ്പെട്ട സ്വത്ത് ലഭിക്കും എന്നാണർത്ഥം.

ചുമരിൽ നിന്ന് ഇഷ്ടിക അടർന്നുവീണതായി ഒരാൾ സ്വപ്നം കണ്ടാൽ ഒരു പുരുഷനോ സ്ത്രീയോ നഷ്ടപ്പെടും എന്നർത്ഥം.

കൂടുതൽ വ്യാഖ്യാനങ്ങൾ വായിക്കാം 

പേജ് : 1


പേജ് : 2



പേജ് : 3



പേജ് : 4




പേജ് : 5




പേജ് : 6




പേജ് : 7



പേജ് : 8




പേജ് : 9




പേജ് : 10




പേജ് : 11




പേജ് : 12



പേജ് : 13




പേജ് : 14



പേജ് : 15




പേജ് : 16




പേജ് : 17




പേജ് : 18




പേജ് : 19




പേജ് : 20




പേജ് : 21




പേജ് : 22




പേജ് : 23


പേജ് : 24




പേജ് : 25




പേജ് : 26




പേജ് : 27




പേജ് : 28




പേജ് : 29




പേജ് : 30



പേജ് : 31




പേജ് : 32




തനിക്കെതിരെ അസൂയയോ ശത്രുതയോ വച്ച് പുലര്‍ത്തുന്നവരോട് സ്വപ്‌ന വിവരണം നടത്തരുത്. നബി(സ്വ)യുടെ തിരുവചനത്തില്‍ കാണാം: നല്ല കിനാവുകള്‍ അല്ലാഹുവില്‍ നിന്നാണ്. നിങ്ങളില്‍ ഒരാള്‍ നല്ല കിനാവ് കണ്ടാല്‍ ഇഷ്ടപെട്ടവരോട് മാത്രമേ പറയാവു... കണ്ട സ്വപ്‌നം ദുശിച്ചതാണെങ്കില്‍ ഇടത് വശത്തേക്ക് മൂന്ന് പ്രാവിശ്യം തുപ്പുക, ശേഷം, അഊതു ഓതുകയും തിരിഞ്ഞ് കിടക്കുകയും ചെയ്യുക. എന്നാല്‍ പ്രസ്തുത സ്വപ്‌നം ജീവിതത്തില്‍ പുലരുന്നതല്ല.(ബുഖാരി റഹ് )

 ദുഃസ്വപ്‌നങ്ങള്‍ക്കെതിരെ കോപിച്ച നബി(സ്വ) നല്ല കിനാവുകള്‍ വിവരിക്കാന്‍ സ്വഹാബത്തിനോട് ആവശ്യപ്പെട്ടിരുന്നു. നല്ല കിനാവുകള്‍ തിരുസന്നിധിയില്‍ വിവരുക്കുന്നവരോട് നബി(സ്വ) പ്രാര്‍ത്ഥിക്കാറുള്ളത് നീ നല്ലത് കണ്ടൂ, നല്ലത് സംഭവിക്കട്ടെ... എന്നായിരുന്നു (ഇബ്‌നുസുന്ന 772).

 സത്യവിശ്വാസികള്‍ക്ക് ഭാവിയില്‍ ഉണ്ടാവുന്ന സൗഭാഗ്യങ്ങളും ദുരന്തങ്ങളുമെല്ലാം കിനാവ്കളിലൂടെ ദര്‍ശിക്കാനാവുമെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്. ഉമ്മു അലാഇല്‍ അന്‍സ്വാരി(റ) പറയുന്നു: ഉസ്മാനുബ്‌നു മള്ഊന്‍ എന്ന സ്വഹ്ബി ഒഴുക്കിയ അരുവി ഉടമയാക്കിയതായി ഞാന്‍ സ്വപ്‌നം കണ്ട വിവരം നബി(സ്വ)യെ ധരിപ്പിച്ചു. നബി(സ്വ) പറഞ്ഞു ഉസ്മാനുബ്‌നു മള്ഊനിന്റെ സല്‍പ്രവര്‍ത്തനങ്ങളാണവ (ബുഖാരി). നബി(സ്വ) പറയുന്നു: ഒരാള്‍ എന്നെ സ്വപ്‌നത്തില്‍ ദര്‍ശിച്ചാല്‍ അവന്‍ എന്നെ തന്നെയാണ് കണ്ടത്. എന്റെ രൂപം പ്രാപിക്കാന്‍ പിശാചിന് സാധ്യമാവില്ല. (ബുഖാരി റഹ് )

 മദ്ഹബിന്റെ ഇമാമുകളില്‍ ഒരാളെയാണ് കണ്ടതെങ്കില്‍ ഭാവിയില്‍ ഇസ്‌ലാമിന്റെ ഉന്നതവും ഗണനീയവുമായ സ്ഥാന മലങ്കരിക്കപ്പെടുമെന്നാണ് ലോക പ്രസിദ്ധ സ്വപ്‌ന വ്യാഖ്യാതാവ് ശൈഖ് മുഹമ്മദ് ബ്‌നു സീരീന്‍(റ) സാക്ഷ്യപ്പെടുത്തുന്നത് (സുജാജത് 463).

 അബൂബക്കര്‍ സിദ്ദീഖ്(റ) സ്വപ്‌ന വ്യാഖ്യാനത്തില്‍ മികവുറ്റ നൈപുണ്യം നേടിയവരായിരുന്നു. അവ്യക്തതകള്‍ക്ക് പഴുതില്ലാത്ത സ്പഷ്ടമായ സ്വപ്‌ന വ്യാഖ്യാനത്തിന് കഴിവുള്ള സിദ്ദീഖ്(റ)വിനോട് കിടപിടിക്കുന്ന ഒരാളും തന്നെയില്ല. ഒരിക്കല്‍ തന്റെ വീട്ടില്‍ മൂന്ന് ചന്ദ്രന്‍ വീണതായി ആഇശ(റ) സ്വപ്‌നം കണ്ടു. 'ആഇശാ... നീ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാണെങ്കില്‍ നിന്റെ വീട്ടില്‍ ലോകത്തേറ്റവും ഉത്തമരായ മൂന്നു പേരെ മറവ് ചെയ്യപ്പെടും' എന്നായിരുന്നു പ്രിയ പിതാവ് അബൂബക്കര്‍(റ) വ്യാഖ്യാനം നല്‍കിയത്. നബി(സ്വ)യെ അഇശാ(റ) വീട്ടില്‍ മറവ് ചെയ്യപെട്ടപ്പോള്‍ സിദ്ദീഖ്(റ) പറഞ്ഞു: ആഇശാ... നീ കണ്ട മൂന്ന് ചന്ദ്രനില്‍ ഏറ്റവും ഉത്തമമായ ചന്ദ്രനെയാണ് ഇപ്പോള്‍ മറവ് ചെയ്യപ്പെട്ടത്. പിന്നീട് സിദ്ദീഖ്(റ) ഉമര്‍(റ) എന്നിവരെയും അവരുടെ വീട്ടില്‍ മറവ് ചെയ്യപ്പെട്ടു (താരീഖുല്‍ ബുലാഫ 105).

മറ്റൊരാള്‍ക്ക് സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതായിട്ടാണ് കണ്ടതെങ്കില്‍, അവരോട് മനസ്സ് തുറന്ന് പറയുകയും അതില്‍ സന്തോഷിക്കുകയും വേണം. നല്ല സ്വപ്‌നങ്ങള്‍ കണ്ടാല്‍ സന്തോഷം പങ്കിടല്‍ സത്യവിശ്വാസിശ്വാസികളുടെ ബാധ്യതയാണ്.

നബി(സ്വ) പറയുന്നു: ഞാന്‍ ഇന്നലെ സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം കണ്ടു. അതിനരികെ ഒരു സ്ത്രീ വുളൂഅ് ചെയ്യുന്നു. ഞാന്‍ വനിതയോട് ചോദിച്ചു: ഈ സുന്ദര മണിമാളികയുടെ ഉടമയാരാണ്. സ്ത്രീ പറഞ്ഞു: ഇത് ഉമര്‍(റ)വിന്റെതാണ്. കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ദേഷ്യ സ്വഭാവമോര്‍ത്ത് ഞാന്‍ പിന്തിരിഞ്ഞു. ഇതുകേട്ട ഉമര്‍(റ) നിറക്കണ്ണുകളേടെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ... അങ്ങയോട് ഞാന്‍ ദേഷ്യപ്പെടുകയോ?(ബുഖാരി റഹ് ).  


പേടിച്ചു കൊണ്ട് ഉറക്കില്‍ നിന്നുണര്‍ന്നാല്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന 


أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونَ

അല്ലാഹുവിന്റെ  കോപത്തില്‍ നിന്നും സിക്ഷകളില്‍ നിന്നും അവന്റെ അടിമകളുടെ തിന്മകളില്‍ നിന്നും പിശാചിന്റെ  ദുര്‍ബോധനങ്ങളില്‍ നിന്നും പിശാചുക്കളുടെ വെളിപ്പെടലില്‍ നിന്നും അല്ലാഹുവിന്റെ സമ്പൂര്‍ണ്ണ വചനങ്ങളാല്‍ ഞാന്‍ അഭയം തേടുന്നു.


ദു:സ്വപ്നങ്ങളുണ്ടായാല്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന  

 أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ وَمِنْ شَرِّ هَذِهِ الرُّؤْيَا

ഈ ദു:സ്വപ്നത്തിന്റെ തിന്മയില്‍ നിന്നും ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിനെ കൊണ്ട് ഞാന്‍ കാവലിനെ തേടുന്നു.

No comments:

Post a Comment