Showing posts with label കൗതുക ലോകം. Show all posts
Showing posts with label കൗതുക ലോകം. Show all posts

Tuesday, 2 June 2020

കടലിൽ മറഞ്ഞിരുന്ന രാക്ഷസ പർവതം



പുഹാഹോനു– കേള്‍ക്കാന്‍ നല്ല രസമുള്ള പേരല്ലേ? ഹവായിയൻ ഭാഷയിൽ ഇതിന്റെ അർഥം എന്താണെന്നറിയാമോ? വെള്ളത്തിനു മുകളിലേക്ക് ഇടയ്ക്കിടെ ആമ തല നീട്ടുന്നതു കണ്ടിട്ടില്ലേ, അതിനെ പ്രാദേശിക ഗോത്രവിഭാഗക്കാർ വിശേഷിപ്പിക്കുന്ന വാക്കാണ് പുഹാഹോനു. കടലിനടിയിൽ ഒളിച്ചിരിക്കുന്ന വമ്പനൊരു അഗ്നിപർവതമാണിത്. ഇപ്പോഴതിന് മറ്റൊരു വിശേഷം കൂടിയുണ്ട്. ലോകത്ത് ഇന്നു കാണപ്പെടുന്ന ഏറ്റവും വലിയ, ഏറ്റവും ചൂടേറിയ അഗ്നിപർവതം.

വടക്കു പടിഞ്ഞാറൻ ഹവായിയൻ ദ്വീപ സമൂഹങ്ങളോടു ചേർന്നുള്ള കടലിലാണ് ഈ വമ്പൻ പർവതം ഒളിച്ചിരിക്കുന്നത്. ഇതിന്റെ ഭൂരിഭാഗവും കടലിനടിയിലാണ്. വളരെ കുറച്ചു ഭാഗം മാത്രമാണ് വെള്ളത്തിനു മുകളിലേക്കു കാണാനാവുക. അതും വെള്ളത്തിനു മുകളിലേക്കു പർവതം തലനീട്ടി നോക്കുന്നതു പോലെ. അങ്ങിനെയാണ് ആമയുടെ തലയെന്ന വിശേഷണം പ്രദേശവാസികൾ ചാർത്തിക്കൊടുത്തത്. ഗാർഡ്നർ പിന്നക്കിള്‍സ് എന്നാണ് പർവതത്തിന്റെ ഇംഗ്ലിഷിലുള്ള പേര്. പർവതത്തിന്റെ പല ഭാഗങ്ങളിലും ആമകളെ കാണാറുമുണ്ട്. ഇത്രയും കാലത്തിനിടെ പക്ഷേ വെള്ളത്തിനടിയിൽ ഒളിച്ചിരുന്ന പുഹാഹോനു പർവതത്തിന്റെ യഥാർഥ രൂപം ആർക്കും കണ്ടെത്താനായിരുന്നില്ല. ഇപ്പോൾ ഗവേഷകർ അതും കണ്ടെത്തിക്കഴിഞ്ഞു. നേരത്തേ കരുതിയിരുന്നതിനേക്കാളും രണ്ടിരട്ടിയിലേറെയാണ് ഈ അഗ്നിപർവത ഭീമന്റെ വലുപ്പം.

വടക്ക് ശാന്തമഹാ സമുദ്രത്തിൽ ഒട്ടേറെ അഗ്നിപർവതങ്ങൾ ഒരു ചങ്ങല പോലെ കോർത്ത് കിടപ്പുണ്ട്. അതിലേറെയും സമുദ്രത്തിനടിയിലാണ്, ശേഷിക്കുന്നവ മുകളിലും. ഇവയുടെ ഘടനയും മറ്റും പഠിക്കുന്നതിനും പുഹാഹോനുവിനെപ്പറ്റിയുള്ള ഗവേഷണത്തിലൂടെ സാധിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഇനി ആ കഥ പറയാം, ഏകദേശം 1.48 ലക്ഷം ക്യുബിക് കിലോമീറ്റർ പ്രദേശത്താണ് പുഹാഹോനു അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. ഇതുവരെ കരുതിയിരുന്നത് ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ഹവായിയിലെതന്നെ മൗണ ലോവ ആയിരുന്നെന്നാണ്. അതിനാകട്ടെ 74,000 ക്യുബിക് കിലോമീറ്ററായിരുന്നു വലുപ്പം.


1970കളിൽത്തന്നെ ഗവേഷകർ പലതരം നിരീക്ഷണത്തിലൂടെ പുഹാഹോനുവിന്റെ വലുപ്പം കണ്ടെത്തിയിരുന്നു. അന്നുപക്ഷേ അളന്നുവന്നപ്പോൾ 54,000 ക്യുബിക് കിലോമീറ്ററേ വലുപ്പമുണ്ടായിരുന്നുള്ളൂ. അതിനു പിന്നാലെ മൗണ ലോവയിൽ വിശദമായ സർവേ നടത്തിയപ്പോഴായിരുന്നു പുഹാഹോനുവിനേക്കാൾ വലുതാണെന്ന നിഗമനത്തിലെത്തിത്. എന്നാൽ അപ്പോഴും ഗവേഷകർ സംശയത്തിലായിരുന്നു. അതിനാൽത്തന്നെ അവർ അരനൂറ്റാണ്ടോളം പുഹാഹോനുവിനെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. കടലിനടിയിലേക്ക് സോണാർ തരംഗങ്ങൾ പ്രയോഗിച്ചുള്ള പരീക്ഷണവും പർവതത്തിന്റെ ശിലാഘടനയുമെല്ലാം വിശദമായി പഠിച്ചു. അങ്ങനെയാണ് പർവതത്തിന് ഏകദേശം 1.25 കോടി മുതൽ 1.41 കോടി വരെ വർഷം പഴക്കമുണ്ടെന്നു വ്യക്തമായത്.

പർവതം രൂപപ്പെട്ടതിനു പിന്നിലും ഭൗമശാസ്ത്രപരമായ ചില കൗതുകങ്ങളുണ്ട്. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം. അതിനു താഴെയാണ് മാന്റിൽ എന്ന ഭാഗം. പാറകളും മറ്റും ഉരുകിയൊലിച്ച രൂപത്തിലാണിവിടെ കാണപ്പെടുക– മാഗ്മയെന്നാണു പേര്. ഇടയ്ക്ക് ഭൂവൽക്കത്തിലെ ദ്വാരങ്ങളിലൂടെ ഈ മാഗ്മ പുറത്തേക്കൊഴുകും. അപ്പോൾ അതിനെ വിശേഷിപ്പിക്കുന്നതാണ് ലാവയെന്ന്. ലാവ പുറത്തേക്കു ചീറ്റുന്നതാണ് അഗ്നിപർവത സ്ഫോടനം. കൊടുംചൂടിൽ പല ധാതുക്കൾക്കും രൂപമാറ്റം സംഭവിച്ച് അവയെല്ലാം ചേർന്നതാണ് ഈ ലാവ. ഓരോ താപനിലയിലും മർദത്തിലും ഓരോ തരം ധാതുക്കളായിരിക്കും രൂപപ്പെടുക.

പുഹാഹോനുവിന്റെ ശിലാഘടന പഠിച്ച ഗവേഷകർക്ക് ഒരു കാര്യം പിടികിട്ടി– പർവതം രൂപപ്പെട്ടത് ദശലക്ഷക്കണക്കിനു വർഷം മുൻപ് കടലിനടിയിൽ പൊട്ടിത്തെറിച്ച ഒരു അഗ്നിപർവതത്തിന്റെ ലാവ ഉറഞ്ഞു കട്ടിയായാണ്. ആയിരത്തോളം വർഷമെടുത്താണ് ഈ മാഗ്മ പുറത്തെത്തിയത്. അതിനോടകം അതിന്റെ ഉയരം ഏകദേശം 14000 അടിയിലേറെയായിരുന്നു. 275 കിലോമീറ്റർ നീളത്തിൽ 90 കിലോമീറ്റർ വിസ്തൃതിയിൽ അതങ്ങനെ പരന്നുകിടന്നു. ഹവായിയിലെ ഒരു അഗ്നിപർവതത്തിലും കാണാത്ത വിധം ഫോഴ്സ്റ്റെറൈറ്റ് ധാതുവും വൻതോതിൽ പുഹാഹോനുവിൽ കണ്ടെത്തി. മാഗ്മയുടെ കൊടുംചൂടിൽ രൂപപ്പെടുന്നതാണ് ഫോഴ്സ്റ്റെറൈറ്റ്. ഇതിനകത്ത് അടങ്ങിയ കാത്സ്യം ഓക്സൈഡിന്റെ അളവും ഗവേഷകർ പരിശോധിച്ചു. അങ്ങനെയാണ് എത്രയടി ആഴത്തിലാണ് ഇവ രൂപപ്പെട്ടതെന്നു കണ്ടെത്തിയത്. അതോടെ ഇവ ഭൂവൽക്കത്തിനടിയിലെ മാഗ്മയിൽനിന്നാണു രൂപപ്പെട്ടതെന്നും വ്യക്തമായി.

എത്രമാത്രം മർദത്തിലും താപനിലയിലുമാണ് ഫോഴ്സ്റ്റെറൈറ്റ് രൂപപ്പെട്ടതെന്നും തെളിഞ്ഞു. ഏകദേശം 1793 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു അതിനു വേണ്ടിവന്നത്. ഇങ്ങനെയാണ് ഗവേഷകർ പുഹാഹോനുവിന്റെ ഘടനയും പഴക്കവും വലുപ്പവുമൊക്കെ കണ്ടെത്തിയത്. അതോടെ കടലിനടിയിലെ ഈ രാക്ഷസൻ ‘ആമ’ റെക്കോര്‍ഡ് ബുക്കിലേക്ക് നീന്തിക്കയറുകയും ചെയ്തു.

400 വർഷം കടലിൽ മറഞ്ഞ നിധി



400 വർഷം കടലിൽ മറഞ്ഞ നിധി; വമ്പൻ സ്വർണമാല, അമൂല്യരത്നങ്ങൾ... മരിച്ചത് 1300 പേർ!

ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്ത് രാജ്ഞിയുടെ സാമ്രാജ്യം തകർക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു 1588 മേയ് അവസാനം ആ സ്പാനിഷ് പടക്കപ്പലുകൾ യാത്രതിരിച്ചത്. സ്പെയിനിലെ കൊറൂണയിൽ നിന്നാരംഭിച്ച യാത്രയിലുണ്ടായിരുന്നത് 130 കപ്പലുകൾ. സ്പാനിഷ് ആമാഡ (നാവികസേന) എന്നായിരുന്നു ആ കപ്പൽവ്യൂഹത്തെ ചരിത്രം വിശേഷിപ്പിച്ചത്. യുദ്ധത്തിൽ സ്പെയിനിന്റെ പോരാളികൾക്ക് ഇംഗ്ലിഷ് സൈന്യത്തെ തൊടാനായില്ലെന്നു മാത്രമല്ല രക്ഷപ്പെട്ടോടേണ്ടിയും വന്നു. എന്നാൽ കടലിൽ അവരെ കാത്തിരുന്നത് കൊടുങ്കാറ്റും കൂറ്റൻ തിരമാലകളും പാറക്കെട്ടുകളും കൊടുംമഴയും മിന്നലുമെല്ലാമായിരുന്നു.

തീരം കാണാതെ കുറേ നാൾ അവർ അലഞ്ഞു. ആമാഡ കപ്പൽ വ്യൂഹത്തിലെ പ്രധാന കപ്പലുകളിലൊന്നായിരുന്നു ജിറോണ. സ്പെയിനിന്റെ പ്രധാന കപ്പൽ പോർമുനയെന്നുതന്നെ പറയാം. സ്പെയിനിൽ അതേപേരിലൊരു നഗരവുമുണ്ടായിരുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ഗതി കിട്ടാതെ അലഞ്ഞ ആമാഡവ്യൂഹത്തിലെ കപ്പലുകളിൽ രക്ഷപ്പെട്ടുനിന്നിരുന്നത് ജിറോണ മാത്രമായിരുന്നു. അതിലാകെയുണ്ടായിരുന്നത് 121 നാവികരും 186 സൈനികരും. എന്നാൽ തകർന്ന മറ്റു കപ്പലുകളിൽനിന്നു രക്ഷപ്പെടുത്തിയ ഒട്ടേറെ പേരെ ജിറോണയിൽ കയറ്റേണ്ടിവന്നു. അങ്ങനെ താങ്ങാവുന്നതിലും കൂടുതൽ ഭാരവുമായി സഞ്ചരിക്കുന്നതിനിടെ 1588 ഒക്ടോബർ 26ന് ആ കപ്പൽ ഒരു പാറക്കെട്ടിലിടിച്ചു.

വടക്കൻ അയർലൻഡിന്റെ വടക്കൻ തീരത്തായിരുന്നു അപകടം. 1300 ലേറെ നാവികരുമായി കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളി‌ൽ മറഞ്ഞു. ആകെ രക്ഷപ്പെട്ടത് ഒൻപതു പേരെന്നാണു ചരിത്രം. നാവികർക്കും സൈനികർക്കുമൊപ്പം കപ്പലിലെ വമ്പൻ നിധിശേഖരവുമാണ് കടലിലേക്കു മറഞ്ഞത്. സ്വർണവും അമൂല്യ രത്നക്കല്ലുകളുമൊക്കെയായി ഇന്ന് കോടിക്കണക്കിനു രൂപ മൂല്യം വരുന്ന നിധിയായിരുന്നു കടലിൽ കാണാതായത്. നിധിയന്വേഷിച്ചു പല പര്യവേക്ഷകരും കടലിലേക്കിറങ്ങിയെങ്കിലും കപ്പൽ തകർന്നതിന്റെ കൃത്യമായ ഇടം പിടികിട്ടാതെ തോറ്റു പിന്മാറുകയായിരുന്നു. എന്നാൽ 1967ൽ ബെൽജിയംകാരനായ റോബർട്ട് സ്റ്റെനുവി ഈ നിധി ലക്ഷ്യമിട്ട് അയർലൻഡിലെത്തി. 



പ്രഫഷണൽ ഡൈവറായിരുന്ന അദ്ദേഹം 1588 കാലത്തെ കപ്പൽ ഭൂപടങ്ങൾ കണ്ടെത്തി പരിശോധിച്ചു. അങ്ങനെയാണ് ജിറോണ ഇടിച്ചുതകർന്നതെന്നു കരുതുന്ന പാറക്കൂട്ടത്തിനെപ്പറ്റി മനസ്സിലാക്കുന്നത്. അവയെപ്പറ്റി പ്രദേശവാസികളോടും വിശദമായി ചോദിച്ചു. കടലിനടിയിലെ കാഴ്ചകൾ പകർത്താനെത്തിയ ടിവി സംഘമാണെന്നു പറഞ്ഞായിരുന്നു റോബർട്ടും സഹപ്രവർത്തകനും അദ്ദേഹത്തിന്റെ ഭാര്യയും പര്യവേക്ഷണം ആരംഭിച്ചത്. ഏതാനും ദിവസങ്ങൾക്കകംതന്നെ ഒരു പീരങ്കിയുടെ അവശിഷ്ടം സംഘത്തിനു ലഭിച്ചു. പിന്നാലെ സ്പാനിഷ് വെള്ളി നാണയങ്ങളുടെ ശേഖരവും. ഒരു വലിയ നങ്കൂരം കൂടി ഒരാഴ്ചയ്ക്കിടെ ലഭിച്ചതോടെ മൂവരും ഉറപ്പിച്ചു– ജിറോണയിലെ നിധി കയ്യെത്തും ദൂരത്തുണ്ട്. പക്ഷേ ഇപ്പോൾ പുറത്തെടുത്താൽ അതിന്മേൽ നിയമപരമായി യാതൊരു അധികാരവുമുണ്ടാവില്ല.

കണ്ടെത്തിയ നിധിയെല്ലാം ഒരു കടൽഗുഹയിൽ ഒളിപ്പിച്ച് റോബർട്ട് ലണ്ടനിലേക്ക് പോയി. കൂടുതൽ പണവും മറ്റു സന്നാഹങ്ങളുമായെത്തി. നിധി ലഭിച്ചാൽ അതിന്മേൽ അവകാശവാദം ഉന്നയിക്കാനുള്ള നിയമവശങ്ങളും ഒരുക്കിയായിരുന്നു ആ മടങ്ങിവരവ്. എല്ലാം രഹസ്യമായി തുടർന്നു. കടലിനടിയിലെ ആവാസവ്യവസ്ഥ ചിത്രീകരിച്ചിരുന്ന സംഘത്തിന് ഒരു പീരങ്കിയുടെ അവശിഷ്ടം ലഭിച്ചെന്ന വാർത്ത പക്ഷേ കാട്ടുതീ പോലെയാണു പടർന്നത്. ജനമിളകി കടൽത്തീരത്തെത്തി, ടൂറിസ്റ്റുകളെക്കൊണ്ടു പ്രദേശം നിറഞ്ഞു, തെരുവുകളിൽ പോസ്റ്ററുകളായി, പത്രങ്ങളിൽ നിധിചരിത്രം നിറഞ്ഞു. 1969 ആയപ്പോഴേക്കും ജിറോണയിലെ നിധിയിലെ ഏറിയ പങ്കും റോബർട്ടും സംഘവും മുങ്ങിത്തപ്പിയെടുത്തു. അതോടെ സ്പെയിൻ സ്വത്തിൽ അവകാശവാദം ഉന്നയിച്ചു, ചിലരാകട്ടെ വടക്കൻ അയർലൻഡിൽത്തന്നെ ആ നിധി തുടരണമെന്നു വാദിച്ചു. സംഗതി കോടതിയിലെത്തി.

കൃത്യമായി ഒരുടമയെ ചൂണ്ടിക്കാണിക്കാനില്ലാത്തതിനാൽ നിധി പൂർണമായും വിൽക്കാൻ കോടതി അനുവാദം നൽകി. അന്നത്തെ മൂല്യമനുസരിച്ച് ഒന്നേകാൽ കോടി രൂപയ്ക്കുള്ള വസ്തുക്കളായിരുന്നു റോബർട്ടും സംഘവും കണ്ടെത്തിയത്. അദ്ദേഹം തീരുമാനിച്ചതാകട്ടെ ആ നിധി വടക്കൻ അയർലൻഡിലെ അൾസ്റ്റർ മ്യൂസിയത്തിനു വിൽക്കാനും. ഇന്നും മ്യൂസിയത്തിലെ പ്രധാന ആകർഷണമാണ് ജിറോണയിലെ നിധി. നൂറുകണക്കിനു സ്വർണ–വെള്ളി നാണയങ്ങളും ആഭരണങ്ങളും കൗതുകവസ്തുക്കളും ലോക്കറ്റുകളുമെല്ലാമായി 12,000ത്തോളം വസ്തുക്കൾ ചേർന്നതായിരുന്നു നിധി. ആറടി നീളമുള്ള സ്വർണമാലയായിരുന്നു അതിലൊന്ന്. ഒരു പഞ്ചസാരച്ചാക്കിന്റെ ഭാരമുള്ള മാല എന്നായിരുന്നു പുരാവസ്തു ഗവേഷകർ അതിനെ വിശേഷിപ്പിച്ചത്. ചുവന്ന രത്നക്കല്ലുകൾ പതിപ്പിച്ച പല്ലിയുടെ വലിയ ശിൽപമായിരുന്നു മറ്റൊന്ന്. 400 വർഷത്തിലേറെ കടലിൽ കിടന്നിട്ടും കാര്യമായ കേടുപാടുകളൊന്നും വരാതെ സംരക്ഷിക്കപ്പെട്ട ആ കപ്പൽനിധി ഇന്നും ലോകത്തിലെ ഏറ്റവും അമൂല്യമായ നിധിശേഖരങ്ങളിലൊന്നായാണു കണക്കാക്കുന്നത്. .

മണ്ണിനടിയിലെ പിരമിഡിന്റെ രഹസ്യം



2019 അവസാനമാണ് പെറുവിലെ വടക്കൻ പ്രവിശ്യയായ കാസ്മയിൽ പുരാവസ്തു ഗവേഷകർ ഒരുഗ്രന്‍ കണ്ടെത്തൽ നടത്തിയത്. ഒരു സ്റ്റെപ് പിരമിഡായിരുന്നു സംഭവം. പേരുപോലെത്തന്നെ പടികളായി കാണപ്പെടുന്നതാണ് സ്റ്റെപ് പിരമിഡ്. ഈജിപ്തിലേതു പോലെ ചെരിവുള്ളതല്ലെന്നു ചുരുക്കം. തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളോടു ചേർന്ന് ഒട്ടേറെ നാഗരികതകൾ രൂപപ്പെട്ടിട്ടുണ്ട്. പെറുവിലും അത്തരത്തിൽ രൂപപ്പെട്ടതാണ് സെഷിൻ സംസ്കാരം. ഏകദേശം 5000 വർഷം പഴക്കമുള്ളതാണിത്. അത്രതന്നെ പഴക്കമുണ്ട് ഗവേഷകര്‍ കണ്ടെത്തിയ പിരമിഡിനും. അതിനാൽത്തന്നെ സെഷിൻ വിഭാഗക്കാരെപ്പറ്റി കൂടുതലായി പഠിക്കാൻ പിരമിഡും പരിസര പ്രദേശവും സഹായിക്കുമെന്നാണു കരുതുന്നത്.

പെറുവിലെ ഏറ്റവും നിഗൂഢ സ്വഭാവമുള്ള വിഭാഗക്കാരായിരുന്നു സെഷിൻ. ആൻഡീസിലെ ആദ്യകാല സംസ്കാരങ്ങളിലൊന്നിന്റെ ഭാഗമായ ഇവരെക്കുറിച്ച് ഇന്നും ചരിത്രകാരന്മാർക്ക് കാര്യമായ അറിവൊന്നുമില്ല. പക്ഷേ പിരമിഡിൽനിന്നുള്ള വിവരം വിശദമാക്കുന്നത് നരബലി ഉൾപ്പെടെ ആചാരത്തിന്റെ ഭാഗമാക്കിയവരായിരുന്നു സെഷിൻ വിഭാഗക്കാരെന്നാണ്. സെഷിൻ ആർക്കിയോളജിക്കൽ പ്രോജക്ടിന്റെ ഭാഗമായി ഉദ്ഖനനത്തിലേർപ്പെട്ട ഗവേഷകരായിരുന്നു ഈ പിരമിഡ് കണ്ടെത്തിയത്. സെഷിൻ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു ഇവിടുമെന്നാണു കരുതപ്പെടുന്നത്. തെക്കേ അമേരിക്കൻ പ്രദേശത്തെ ആദ്യകാല സ്മാരകങ്ങളിലൊന്നാണ് ഈ പിരമിഡെന്നും കരുതുന്നു. 5000 വർഷം മുൻപ് ഇത്തരം നിർമിതികളൊന്നും മറ്റെവിടെയും കണ്ടെത്തിയിട്ടുമില്ല.

മണ്ണിനടിയിൽ പുതഞ്ഞ നിലയിലായിരുന്നു പിരമിഡ്. ഏകദേശം 18 അടി ആഴത്തിൽ മണ്ണുനീക്കിയാണ് ഇത് അനാവരണം ചെയ്തെടുത്തത്. പ്രദേശത്തെ മൂടിയിരുന്ന വമ്പൻ കല്ലുകളും എടുത്തുമാറ്റേണ്ടിവന്നു. ഇതിന്റെ ഒരു വശത്തായിരുന്നു പടിക്കെട്ടുകൾ. കല്ലുകൾകൊണ്ടായിരുന്നു നിർമാണം. പിരമിഡിനാകെ പത്തടിയായിരുന്നു ഉയരം, 15 അടി വീതിയും. മണ്ണിനടിയിലായിരുന്നെങ്കിലും കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. സെഷിൻ സംസ്കാരത്തിൽ നിർണായക തീരുമാനങ്ങളെടുത്തിരുന്ന ഭരണകേന്ദ്രമായിരുന്നോ ഇതെന്നു പോലും സംശയമുണ്ട്. എന്തായാലും പിരമിഡ് ആചാരപരമായ ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നതിനു വ്യക്തമായ തെളിവുകളുണ്ട്.

പിരമിഡിനു സമീപത്തുനിന്നു ലഭിച്ചത് രണ്ടു തലയോട്ടികളാണ്. ഒന്ന് ഒരു ആൺകുട്ടിയുടെയും മറ്റൊന്ന് യുവാവിന്റെയും. നരബലി നടത്തിയതിന്റെ ബാക്കിപത്രമായിരിക്കാം ഇതെന്നാണു കരുതുന്നത്. പിരമിഡിന്റെ ഒരു വശത്തുനിന്ന് അസ്ഥികൂടവും ലഭിച്ചു. പക്ഷേ പല ശരീരഭാഗങ്ങളും ഇല്ലാത്ത അവസ്ഥയിലായിരുന്നു. പുരാതന ആൻഡീസ് സംസ്കാരങ്ങളിൽ പലതും നരബലിക്കും ആചാരങ്ങൾക്കും വേണ്ടി സമാനമായ കെട്ടിടങ്ങൾ നിർമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ തുടക്കം സെഷിനിൽ നിന്നായിരുന്നുവെന്നാണു ഗവേഷകരുടെ വാദം. സ്പാനിഷ് അധിനിവേശമുണ്ടാകുന്നതുവരെ പെറുവിൽ നരബലി തുടർന്നുവന്നിരുന്നതായി നേരത്തേത്തന്നെ ചരിത്രരേഖകൾ വ്യക്തമാക്കുന്നുമുണ്ട്. എന്തായാലും 5000 വർഷമായി ലോകത്തിനു പിടിതരാതെയിരിക്കുന്ന സെഷിൻ സംസ്കാരമെന്ന സമസ്യയ്ക്ക് പിരമിഡും പരിസരവും ഉത്തരം നൽകുമെന്നുതന്നെയാണു പുരാവസ്തു ഗവേഷകരുടെ പ്രതീക്ഷ.

ബൂമറാംഗ്



പരമ്പരാഗതമായി മരം കൊണ്ട് നിർമ്മിച്ച ചില എയറോഡൈനാമിക് ഗുണങ്ങളുള്ള ഒരു എറിയുന്ന ഒരു ആയുധം ആണ്  ബൂമറാംഗ്. മനുഷ്യനോളം പഴക്കമുണ്ട് ഇവയുടെ ചരിത്രം.  ബൂമറാങ് പദത്തിന്റെ ഉത്ഭവം അനിശ്ചിതത്വത്തിലാണ്.  ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ വംശനാശം സംഭവിച്ച ആദിവാസി ഭാഷയിൽ നിന്ന് സ്വീകരിച്ച ഈ പദം 1827-ൽ ഭാഷയിൽ പ്രവേശിച്ചുവെന്ന് പറയപ്പെടുന്നു. വോ-മർ-റംഗ് എന്ന  ആദിവാസി ഓസ്‌ട്രേലിയൻ ഭാഷയിൽ നിന്നാണ് ബൂമറാങ് എന്ന പദം വന്നതെന്നും പറയുന്നു.

ആളുകൾ വേട്ടയാടലിനായി ഉപയോഗിക്കുന്ന ആയുധമായി ഇത് അറിയപ്പെടുന്നു.പരമ്പരാഗതമായി ഓസ്‌ട്രേലിയയിലെ ആദിവാസികൾ ഉപയോഗിക്കുന്ന മിക്ക ബൂമറാങ്ങുകളും മടങ്ങിവരാത്തവയായിരുന്നു.  കംഗാരുക്കൾ മുതൽ കിളികളെ വരെ (പലതരം ഇരകളെ) വേട്ടയാടുന്നതിന്  "ത്രോസ്റ്റിക്സ്" അല്ലെങ്കിൽ "കൈലൈസ്" എന്ന് വിളിക്കപ്പെടുന്ന ഈ ആയുധങ്ങൾ ഉപയോഗിച്ചിരുന്നു;  ഏകദേശം 100 മീറ്റർ (330 അടി) പരിധിയിൽ, 2 കിലോ (4.4 പൗണ്ട്) മടങ്ങിവരാത്ത ബൂമറാങ്  ഉപയോഗിച്ച്  വലിയ മൃഗത്തിനെ വരെ  മാരകമായ പരുക്ക് ഏൽപ്പിച്ചിരുന്നു.

ഏതാണ്ട് തിരശ്ചീനമായി വലിച്ചെറിയപ്പെടുന്ന ഒരു ത്രോസ്റ്റിക്ക് ഏതാണ്ട് നേരായ പാതയിലൂടെ പറന്ന് കാലുകൾക്കോ ​​കാൽമുട്ടുകൾക്കോഏൽപ്പിക്കുന്ന  ​​ആഘാതത്തിൽ കംഗാരുക്കളെ വരെ ഈ ഗോത്ര വിഭാഗങ്ങൾ വേട്ടയാടിയിരുന്നു.  അതുപോലെ  നീളമുള്ള കഴുത്തിൽ പരിക്കേൽപ്പിച്ചു എമു എന്ന പക്ഷിയെ വീഴ്ത്തിയിരുന്നു.  മടങ്ങിവരാത്ത ബൂമറാങ്‌സ്  വടക്കൻ മധ്യ ഓസ്‌ട്രേലിയയിൽ ഉപയോഗിക്കുന്ന "ബേക്ക്ഡ് കൈലീസ്" എന്നറിയപ്പെടുന്ന ബൂമറാങ് എല്ലുകൾ ഉപയോഗിച്ചും നിർമ്മിച്ചിരുന്നു.

ബൂമറാംഗ്, ഇത് സാധാരണയായി ഒരു ഫ്ലാറ്റ് എയർഫോയിൽ ആയി നിർമ്മിക്കപ്പെടുന്നു, ഇതിന്റെ മുൻവശം വിമാനത്തിന്റ എന്ന പോലെ കൂർത്തതായി രൂപപ്പെടുത്തുന്നു.രൂപകൽപ്പനയിൽ വായുവിൽ തെന്നി തിരിയുന്നതിനായി വശങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നു.  എറിയുന്നയാളിലേക്ക് മടങ്ങുന്ന ബൂമറാങ്
കായിക വിനോദത്തിനായി ഉപയോഗിക്കുന്നു. ഈ  ആധുനിക ബൂമറാങ്ങുകൾ പ്ലൈവുഡ് അല്ലെങ്കിൽ എബിഎസ്, പോളിപ്രൊഫൈലിൻ, ഫിനോളിക് പേപ്പർ അല്ലെങ്കിൽ കാർബൺ ഫൈബർ ഉറപ്പുള്ള പ്ലാസ്റ്റിക് എന്നിവയിൽ നിന്ന് നിർമ്മിക്കാം.  ഭൂമിശാസ്ത്രപരമോ ഗോത്രപരമോ ആയ ഉത്ഭവവും ഉദ്ദേശിച്ച പ്രവർത്തനവും അനുസരിച്ച് ബൂമറാങ്‌സ് പല ആകൃതിയിലും വലുപ്പത്തിലും വരുന്നു.  ക്രോസ്-സ്റ്റിക്ക്, പിൻ‌വീൽ, ടംബിൾ-സ്റ്റിക്ക്, ബൂമബേർഡ്, കൂടാതെ മറ്റ് സാധാരണ തരം തരം എന്നിങ്ങനെയുള്ള നിരവധി തരം ബൂമറാങ്ങുകൾ ഇന്ന് ഓസ്ട്രേലിയയിൽ കാണപ്പെടുന്നു.

മടങ്ങിവരുന്ന ബൂമറാങ്ങുകളും മടങ്ങിവരാത്ത ബൂമറാങ്ങുകളും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട് .  മടങ്ങിവരുന്ന ബൂമറാങ്‌സ് വായുവിൽ തെന്നി പറക്കുന്നു. മടങ്ങിവരുന്ന ബൂമറാങ്ങിന് രണ്ടോ അതിലധികമോ എയർഫോയിൽ ചിറകുകൾ ക്രമീകരിച്ചിരിക്കുന്നു, അതിനാൽ സ്പിന്നിംഗ് അതിന്റെ പാതയെ വളച്ചൊടിക്കുന്ന അസന്തുലിതമായ എയറോഡൈനാമിക് ശക്തികളെ സൃഷ്ടിക്കുന്നു, അങ്ങനെ അത് ഒരു ദീർഘവൃത്തത്തിൽ സഞ്ചരിക്കുകയും ശരിയായി എറിയുമ്പോൾ അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യുന്നു.

മടങ്ങിവരാത്ത ബൂമറാങ്‌സ്, ആയുധങ്ങളായി ഉപയോഗിച്ചുവെങ്കിലും, മടങ്ങിവരുന്ന ബൂമറാങ്‌സ് പ്രധാനമായും വിനോദത്തിനും വിനോദത്തിനും ഉപയോഗിക്കുന്നത്. ഏറ്റവും ചെറിയ ബൂമറാംഗ്  10 സെന്റിമീറ്ററിൽ (4 ഇഞ്ച്) ആണ് നിർമ്മിച്ചിരിക്കുന്നത് , ഏറ്റവും വലിയ നീളം 180 സെന്റിമീറ്ററിൽ (5.9 അടി). ആണ് ലഭിച്ചിരിക്കുന്നത്.

മൃഗങ്ങൾക്ക് നേരെ ബൂമറാങ് എറിയുന്നതിന്റെ ചിത്രീകരണം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചില റോക്ക് ആർട്ടുകളിൽ കാണപ്പെടുന്നു, കിംബർലി മേഖലയിലെ തദ്ദേശീയ ഓസ്‌ട്രേലിയൻ റോക്ക് ആർട്ട്, ഇത് 50,000 വർഷം വരെ പഴക്കമുള്ളതാണ്. പടിഞ്ഞാറൻ പാപ്പുവയിലെ റോക്ക് ആർട്ടിലും ബൂമറാങ്ങുകളുടെ സ്റ്റെൻസിലുകളും പെയിന്റിംഗുകളും കാണപ്പെടുന്നു,

യൂറോപ്പിൽ കണ്ടെത്തിയ വേട്ടയാടലുകൾ ശിലായുഗ ആയുധശേഖരത്തിന്റെ ഭാഗമാണെന്ന് തെളിഞ്ഞിട്ടുണ്ട്.  പോളണ്ടിലെ കാർപാത്തിയൻ പർവതനിരകളിലെ ഒബാസോവ ഗുഹയിൽ നിന്ന് കണ്ടെത്തിയ ഒരു ബൂമറാംഗ് മാമോത്തിന്റെ കൊമ്പ് കൊണ്ടാണ് നിർമ്മിച്ചിരുന്നത്. 3,300 വർഷങ്ങൾക്കുമുമ്പ് മരണമടഞ്ഞ പുരാതന ഈജിപ്തിലെ പ്രശസ്തനായ  ഫറവോ തൂത്തൻ ഖാമുൻ രാജാവ് മടങ്ങിവരുന്ന  ബൂമറാങ്ങുകളുടെ ഒരു ശേഖരം സ്വന്തമാക്കിയിരുന്നു.

പരമ്പരാഗതമായി ഓസ്‌ട്രേലിയൻ എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും പുരാതന യൂറോപ്പ്, ഈജിപ്ത്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ബൂമറാങ്സ് കണ്ടെത്തിയിട്ടുണ്ട്.  കാലിഫോർണിയയിലെയും അരിസോണയിലെയും തദ്ദേശീയരായ അമേരിക്കക്കാരും ദക്ഷിണേന്ത്യയിലെ നിവാസികളും പക്ഷികളെയും മുയലുകളെയും കൊന്നതിന് മടങ്ങിവരാത്ത ബൂമറാങ്സ് ഉപയോഗിച്ചതിന് തെളിവുകളുണ്ട്.

മടങ്ങിവരുന്ന ബൂമറാംഗ് എങ്ങനെ കണ്ടുപിടിച്ചുവെന്ന് ആർക്കും കൃത്യമായി അറിയില്ല, പക്ഷേ ചില ആധുനിക ബൂമറാംഗ് നിർമ്മാതാക്കൾ ഇത് പരന്നുകിടക്കുന്ന എറിയുന്ന വടിയിൽ നിന്ന് വികസിപ്പിച്ചെടുത്തതാണെന്ന് അനുമാനിക്കുന്നു, ഓസ്‌ട്രേലിയൻ ആദിവാസികളും വടക്കേ അമേരിക്കയിലെ നവാജോ ഉൾപ്പെടെ ലോകമെമ്പാടുമുള്ള മറ്റ് തദ്ദേശവാസികളും ഇപ്പോഴും ഇത് ഉപയോഗിക്കുന്നു.

മടങ്ങിവരുന്ന ബൂമറാങ്ങിന്റെ ആകൃതിയും ദീർഘവൃത്താകൃതിയിലുള്ള  രൂപവും പക്ഷികളെയും ചെറിയ മൃഗങ്ങളെയും വേട്ടയാടുന്നതിന് ഉപയോഗപ്രദമാക്കിയിരിക്കാം. അല്ലെങ്കിൽ വായുവിലൂടെ ബൂമറാങ്ങിന്റെ ചലനം മൂലമുണ്ടാകുന്ന ശബ്ദം, അല്ലെങ്കിൽ വിദഗ്ധനായ ഒരു എറിയുന്നയാൾ ഇലകൾ ലഘുവായി ശബ്ദം ഉണ്ടാക്കുന്നു. ഒരു മരത്തിന്റെ ശാഖകൾ പക്ഷികളെ വേട്ടയാടുവാൻ  പക്ഷികളെ  ഭയപ്പെടുത്താൻ അറിയുന്നവരെ  സഹായിക്കും.  ആടുകളെയോ പക്ഷികളുടെ കൂട്ടത്തെയോ തങ്ങളുടെ പരിധിക്കുള്ളിൽ നിർത്തുവാൻ  ഭയപ്പെടുത്തുന്നതിനാണ് ഇത് ഉപയോഗിച്ചതെന്നും  കരുതുന്നു.

ബൂമറാങ് നിർമ്മാണം വീഡിയോ കാണാം

https://youtu.be/UKpV9ZT4V5g


Sunday, 31 May 2020

അനസ്തേഷ്യ



പ്രാചീനകാലം മുതല്‍ വേദന ഇല്ലാതാക്കുന്നതിനുള്ള ഒരു ഔഷധത്തിനുവേണ്ടി മനുഷ്യന്‍ അന്വേഷണം നടത്തിക്കൊണ്ടിരുന്നു. 1846-ല്‍ സര്‍ വില്യം ഐ.ജി. മോര്‍ട്ടണ്‍ രോഗികള്‍ക്ക് ഈഥർ നല്കി ശസ്ത്രക്രിയാസമയത്തെ വേദന ഇല്ലാതാക്കാമെന്നു തെളിയിക്കുകയുണ്ടായി. ആബട്ട് എന്ന കുട്ടിയുടെ താടിയെല്ലിലെ മുഴ ഡോ. വാറന്‍ എന്ന സര്‍ജന്‍   വേദന രഹിതമായി നീക്കം ചെയ്തത് അനസ്‌തേഷ്യ എന്ന വിഭാഗത്തിന് നാന്ദ്യം കുറിച്ചു ഇതേത്തുടര്‍ന്ന് ഒലിവര്‍ ഹോംസ് ഇതിന് 'അനസ്തേഷ്യ' എന്നു പേരു നല്കി. അന്നുമുതല്‍ ഇന്നുവരെ അനസ്‌തേഷ്യ  വിഭാഗത്തിലെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കാണ് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്. ഇന്ന് ഈ മേഖല ഒരു തികഞ്ഞ ശാസ്ത്രീയ വിഭാഗമായി വളര്‍ന്നു കഴിഞ്ഞു.
1847-ല്‍ സര്‍ ജെയിംസ് വൈ. സിംപ്സണ്‍ ആദ്യമായി ഗര്‍ഭിണികള്‍ക്ക് പ്രസവസമയത്ത് അനസ്തേഷ്യ നല്കി. ക്രമേണ ഇതൊരു പതിവായി മാറി.

ഇതേ വര്‍ഷത്തില്‍ തന്നെ ഇദ്ദേഹം ക്ളോറോഫോമിന്റെ അനസ്തറ്റിക് സ്വഭാവങ്ങള്‍ കണ്ടുപിടിക്കുകയും വെളിപ്പെടുത്തുകയും ചെയ്തു. 1860-67-ല്‍ അമേരിക്കയില്‍ നൈട്രസ്ഓക്സൈഡ് പ്രചാരത്തില്‍ വന്നു. ലോക്കൽ അനസ്തേഷ്യ  ആദ്യമായി ഉപയോഗിച്ചത് 1884-ല്‍ കാള്‍ കെല്ലര്‍ ആണെന്നു കരുതപ്പെടുന്നു. ഇപ്പോള്‍ പ്രചാരത്തിലുള്ള വാതകരൂപത്തിലുള്ള അനസ്തെറ്റിക് മരുന്നുകള്‍ സെവാ ഫ്ളൂറേറേന്‍,
എന്‍ഫ്ളൂറേന്‍, ഈസോഫ്ളൂറേന്‍, ഡെസ്ഫ്ളൂറേന്‍  എന്നിവയാണ്.

 നൂറുശതമാനവും ശാസ്ത്രീയമായ ഒരു ചികിത്സാരീതിയാണിത്. ആധുനിക ഉപകരണങ്ങളും മരുന്നുകളും ഉണ്ടെങ്കില്‍ അടിസ്ഥാനപരമായ പ്രവൃത്തി പരിചയം സിദ്ധിച്ച ഏതൊരു അനസ്തീഷ്യ വിദഗ്ധനും വിജയകരവും സുരക്ഷിതവുമായി ഈ സേവനം ലഭ്യമാക്കാന്‍ കഴിയും.
അനസ്തീഷ്യ അഭിമുഖീകരിക്കുന്ന രോഗികളുടെ ഏറ്റവും പ്രധാന ആശങ്ക അബോധാവസ്ഥയും വേദനയുമാണ്. ഈ രണ്ട് ആധികളേയും മാറ്റാനായി ജനറല്‍ അനസ്‌തേഷ്യ, റീജിയണല്‍ അനസ്‌തേഷ്യ എന്നിങ്ങനെ രണ്ട് പ്രധാനപ്പെട്ട ശാഖകളായി  തരം തിരിച്ചിരിക്കുന്നു.

മൊത്തത്തില്‍ മയക്കിയുള്ള അനസ്‌തേഷ്യ വിധിയാണ് ജനറല്‍ അനസ്‌തേഷ്യ. ഇവിടെ രോഗിയെ പൂര്‍ണമായ അബോധാവസ്ഥയില്‍ എത്തിക്കുന്നു എന്ന് മാത്രമല്ല, വേദന രഹിതമായ അവസ്ഥ, പേശികളുടെ ചലനശേഷി ഇല്ലാതിരിക്കുക, ശാസ്ത്രക്രിയാ സമയത്തെ ഓര്‍മ്മകള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ശ്വസന പ്രകൃയ പൂര്‍ണമായോ ഭാഗീകമായോ അനസ്‌തേഷ്യ ഉപകരണം ഏറ്റെടുക്കുകയും ഹൃദയത്തിന്റേയും മറ്റവയവങ്ങളുടേയും പ്രവര്‍ത്തനം ആവശ്യാനുസരണം നിയന്ത്രിക്കുകയും ചെയ്യുന്നതോടൊപ്പം പൂര്‍വാവസ്ഥയിലേക്ക് ബോധം തിരിച്ചു കൊണ്ടുവരുവാനുള്ള ഏറ്റവും പ്രധാനമായ മസ്തിഷ്‌കത്തിലേക്കുള്ള രക്ത പ്രവാഹവും പ്രാണവായുവിന്റെ അളവ് നിര്‍വിഘ്നം നിലനിര്‍ത്തുകയും ചെയ്യുന്നു.

പ്രത്യേക ഭാഗങ്ങള്‍ മാത്രം മരവിപ്പിച്ചുള്ള രീതിയാണ് റീജിയണല്‍ അനസ്‌തേഷ്യ. ചില അവസരങ്ങളിലെങ്കിലും, ഉദാഹരണത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ അപകട സാധ്യത കൂടുതലാകാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ പ്രത്യേകിച്ച് റീജിയണല്‍ അനസ്‌തേഷ്യ വളരെ ഫലപ്രദമാണ്. ഇവിടെ സുഷുമ്നാ നാഡിയല്‍ നിന്നും പുറത്തുവരുന്ന നാഡികള്‍ മുതല്‍ കൈകാലുകളുടെ വിരലുകളുടെ അഗ്രം വരെ നീണ്ടുകിടക്കുന്ന നാഡീ സഞ്ചയത്തില്‍ ഉചിതമായ സ്ഥലത്ത് മരുന്ന് കുത്തിവച്ച് (ലോക്കല്‍ അനസ്‌തേഷ്യ ) നാഡി സംവേദനം തടസപ്പെടുത്തി വേദനസംഹാരവും പേശികളുടെ നിശ്ചലാവസ്ഥയും സൃഷ്ടിച്ചുകൊണ്ട് വിജയകരമായി ആ ഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ നടത്താവുന്നതാണ്. മൊത്തത്തിലുള്ള മയക്കമോ അബോധാവസ്ഥയോ ആവശ്യമില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ആവശ്യാനുസരണം ഉറക്കം പ്രത്യേകം നല്‍കാവുന്നതാണ്.
ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന ഫലപ്രദമായി ഇല്ലാതാക്കാന്‍ ഈ രീതി അത്യുത്തമമാണ്. ജനറല്‍ അനസ്‌തേഷ്യയില്‍ ശസ്ത്രക്രിയക്ക് ശേഷം വേദന ഇല്ലാതാക്കാന്‍ നല്‍കുന്ന മരുന്നുകള്‍ പലപ്പോഴും മയക്കം ഉണ്ടാക്കുന്നതിനാല്‍ വളരെ നേരത്തേ വേദന രഹിതമായ പൂര്‍വ സ്ഥിതിയിലേക്ക് എത്താന്‍ റീജിയണല്‍ അനസ്‌തേഷ്യ അഭികാമ്യമാണ്.

ഈതര്‍ അനസ്‌തേഷ്യയുടെ പിന്‍തലമുറക്കാരായ ഹ്രസ്വനേരം പ്രവര്‍ത്തിക്കുന്ന വായു അവസ്ഥയിലും ദ്രാവക അവസ്ഥയിലുമുള്ള അനസ്‌തേഷ്യ മരുന്നുകളും മറ്റു വേദന സംഹാരികളും, പേശികളുടെ നിശ്ചലാവസ്ഥ കിറു കൃത്യതയോടെ ഉറപ്പാക്കുന്ന മരുന്നുകളും, ആവശ്യാനുസരണം ഉറക്കാനും ഉണര്‍ത്താനും കഴിവുള്ള അതി നൂതനമായ മരുന്നുകളും, നാഡീ സഞ്ചയത്തെ അനയോജ്യമായ സ്ഥലത്ത് ഹ്രസ്വനേരത്തേക്കോ ദീര്‍ഘ നേരത്തേക്കോ ആവശ്യാനുസരണം വേദന രഹിതവും പേശികളുടെ നിശ്ചലാവസ്ഥ ഉറപ്പാക്കുന്ന മരുന്നുകളും ഇന്ന് ലഭ്യമാണ്.

വാതകരൂപത്തിലുള്ള അനസ്തറ്റിക് ഔഷധങ്ങള്‍ നല്കുമ്പോള്‍ ഒരു സിലിണ്ടറില്‍നിന്നുമാണ് ശ്വസിക്കുന്നതിനുള്ള സഞ്ചിയിലേക്കു വാതകം വരുന്നത്. ഈ വാതക പ്രവാഹത്തിന്റെ അളവ് ഒരു പ്രത്യേകയന്ത്രം നിയന്ത്രിക്കുന്നു. ഇതിനെ ബോയില്‍സ് യന്ത്രം എന്ന് പറയുന്നു. വേപ്പറൈസറുകള്‍ ബോയില്‍സ് യന്ത്രവുമായി ബന്ധപ്പെടുത്തിയാണ് മരുന്നുകള്‍ നല്കുന്നത്. ഇപ്പോള്‍ കമ്പ്യൂട്ടറുകളാല്‍ നിയന്ത്രിതമായ ബോയില്‍സ് യന്ത്രങ്ങള്‍ നിലവിലുണ്ട്. ഓക്സിജന്‍ സിലിണ്ടറിലെ ഓക്സിജന്റെ അഭാവം തക്കസമയത്ത് അറിഞ്ഞില്ലെങ്കില്‍ രോഗി ശ്വാസംമുട്ടി മരിക്കാനിടയുണ്ട്. അതുപോലെ സിലിണ്ടറിലെ വാല്‍വുകളും അടപ്പുകളും തെറിച്ചുപോവുകയാണെങ്കില്‍ അതിനകത്തുള്ള വാതകങ്ങള്‍ വളരെ വേഗത്തില്‍ ശ്വസനവായുവില്‍ പ്രവേശിച്ച് അപകടം ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കാനും മുന്നറിയിപ്പ് തരാനും തടയാനുമുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളും ഇപ്പോഴുള്ള അനസ്തേഷ്യാ യന്ത്രങ്ങള്‍ക്കുണ്ട്.

മരുന്നുകളെ വളരെ കിറുകൃത്യതയോടെ നാഡികള്‍ക്ക് ചുറ്റും എത്തിക്കുന്ന അള്‍ട്രാ സൗണ്ട് ഉപകരണങ്ങള്‍, കൃത്യമായ അളവില്‍ ജനറല്‍  അനസ്‌തേഷ്യ മരുന്നുകള്‍ എത്തിക്കുകയും അവയുടെ ശരീരത്തിലെ ലഭ്യത അളന്ന് തിട്ടപ്പെടുത്തി അറിയിക്കുന്ന ആധുനിക അനസ്‌തേഷ്യ ഉപകരണങ്ങള്‍, ശരീരത്തിന്റെ വിവിധ അവയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഹൃദയമിടുപ്പ്, രക്തത്തിലെ ഓക്സിജന്‍, ശ്വാസത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്, ശരീര ഊഷ്മാവ്, ഉറക്കത്തിന്റെ തീവ്രത, രക്തത്തിന്റെ ഘടന ഇവ കൃത്യമായി നല്‍കുന്ന ആധുനിക ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇക്കാലത്തെ അനസ്‌തേഷ്യ ഫലപ്രദവും കുറ്റമറ്റവും സുരക്ഷിതവുമാക്കുന്നു.

എങ്കിലും ശസ്ത്രക്രിയ എന്നത് ശരീരത്തില്‍ വലിയ അളവില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒരവസ്ഥയാണ്. ഇത് ശസ്ത്രക്രിയയുടെ സ്വഭാവം വേണ്ടിവരുന്ന അവയവം അതിനായെടുക്കുന്ന സമയം, രോഗിയുടെ പൂര്‍വ രോഗ അവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
രോഗി ഏതവസ്ഥയിലായാലും ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യ വേണ്ടി വരുന്നതിനാല്‍ അനസ്തീഷ്യയില്‍ നിന്നുള്ള തിരിച്ചു വരവും മേല്‍പ്പറഞ്ഞ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

പല കാരണങ്ങള്‍ കൊണ്ട് പ്രധാന അവയവങ്ങളിലെ രക്തം കട്ടപിടിക്കല്‍, രക്ത സ്രാവം എന്നിവ അനസ്‌തേഷ്യ സമയത്തും അതുകഴിഞ്ഞുമുള്ള പൂര്‍വ സ്ഥിയിലേക്കുള്ള തിരിച്ചുവരവിന് വിഘാതമാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാദം, പള്‍മണറി എംബോളിസം മുതലായവ പ്രസവ സമയത്ത് ഗര്‍ഭപാത്രത്തിലുള്ള ആന്‍ട്രിയോട്ടിക് ഫ്ളൂയിഡ് എന്ന ദ്രാവകം രക്തത്തില്‍ കലര്‍ന്ന് വളരെ ഗുരുതരമായ ശ്വാസ തടസത്തിനും മരണത്തിനും തന്നെ കാരണമാകാറുണ്ട്.

ആരോഗ്യവതിയായ സ്ത്രീകള്‍ക്ക് പ്രസവത്തോടനുബന്ധിച്ച് അപൂര്‍വമായി സംഭവിക്കാറുള്ള ഇത്തരം അത്യാഹിതങ്ങള്‍ പലപ്പോഴും ചികിത്സാ പിഴവായി വ്യാഖ്യാനിക്കാറുണ്ട്. ആരോഗ്യവാന്‍മാരായ ചെറുപ്പക്കാരില്‍ പ്രധാന എല്ലിന് പൊട്ടലുണ്ടാകുമ്പോള്‍ എല്ലിലെ മജ്ജയിലെ കൊഴുപ്പ് രക്തത്തില്‍ കലര്‍ന്ന് ഗുരുതരാവസ്ഥയിലാകുന്നതും ഇതിന് സമാനമായ സംഭവമാണ്. പലതരം മരുന്നുകളും രക്തവും അനസ്‌തേഷ്യ സമയത്ത് നല്‍കാറുള്ളതിനാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നിനുള്ള അലര്‍ജിയും അപൂര്‍വമായെങ്കിലും അപകട കാരണങ്ങളാകാറുണ്ട്.

ഓരോ അനസ്‌തേഷ്യ ഡോക്ടറെ സംബന്ധിച്ചടുത്തോളം ഓരോ അനസ്‌തേഷ്യയും വ്യത്യസ്ഥമാണ്. കാരണം ഓരോ രോഗിയുടേയും അവസ്ഥ വ്യത്യസ്ഥമാണ്. ഡോക്ടര്‍ക്ക് മിക്കപ്പോഴും പലതരത്തിലുള്ള രോഗങ്ങളും പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം, അസ്ത്മ, ജീവിത ശൈലികളുമായുള്ള  രോഗികളുമായാണ് ഇടപെടേണ്ടി വരാറുള്ളത്. പലപ്പോഴും ഇവയെല്ലാം പൂര്‍ണമായി ചികിത്സിച്ച് മാറ്റാനുള്ള സമയവും ലഭിക്കാറില്ല. അപ്പോള്‍ പ്രായോഗികമായത് പരമാവധി ഇവയെ നിയന്ത്രിച്ച് നിര്‍ത്തുകയാണ്. ഇത് അനസ്‌തേഷ്യയില്‍ നിന്നും തിരിച്ചുവരുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറെ കാണുന്ന വേളയില്‍ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. രോഗിയുടെ അവസ്ഥ എന്തുതന്നെയായാലും അത് നിയന്ത്രിക്കാനും ആവശ്യമായ അനസ്‌തേഷ്യ നല്‍കാനുമുള്ള സംവിധാനം ഇന്ന് ലഭ്യമാണ്.

അനസ്‌തേഷ്യ മരുന്നിന്റെ അമിത ഉപയോഗം കാരണം അബോധാവസ്ഥയിലായി എന്നു നമ്മള്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ഒരു പരാതിയാണ്. എന്നാല്‍ ഹ്രസ്വ നേരത്തേക്കുള്ള മരുന്നുകള്‍ സ്ഥിരമായ അബോധാവസ്ഥയോ നിശ്ചലാവസ്ഥയോ ഉണ്ടാക്കാറില്ല എന്നതാണ് സത്യം.


Sunday, 12 April 2020

കടലിന്നടിയിൽ പ്രാചീന നിഗൂഢ വനം



മെക്സിക്കൻ ഉൾക്കടലിന്റെ അലബാമ തീരത്ത് ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു വാർത്ത പരന്നു. കടലിൽ ഒരു പ്രത്യേക ഭാഗത്ത് വൻതോതിൽ ‘റെ‍ഡ് സ്നാപ്പർ’ മത്സ്യക്കൂട്ടം ഉയർന്നു വരുന്നു. വിലയും രുചിയും ഏറിയ മീനാണിത്. തീരത്തു നിന്ന് ഏകദേശം 10 മൈൽ മാറിയായിരുന്നു ഈ പ്രതിഭാസം. പക്ഷേ ഇത് എല്ലായിപ്പോഴുമില്ല താനും. മേഖലയില്‍ ഭാഗ്യപരീക്ഷണത്തിനു പോയവർക്ക് വല നിറച്ച് മീൻ കിട്ടുകയും ചെയ്തു. ബെൻ റെയിൻസ് എന്ന മാധ്യമപ്രവർത്തകനും ഇതിനെപ്പറ്റി കേട്ടിരുന്നു.

സംഗതി അന്വേഷിച്ചു പോയപ്പോൾ സീ ഡൈവിങ്ങിന് ആവശ്യമായ ഉപകരണങ്ങൾ വിൽക്കുന്ന ഒരു കടയുടെ ഉടമയാണു പറഞ്ഞത്– ‘കടലിൽ ഏകദേശം 60 അടി താഴെയായി ഒരു കാടുണ്ട്. അവിടെ തീറ്റ തേടിയെത്തുന്നതിനിടെയാണ് റെഡ് സ്നാപ്പറുകൾ മുകളിലേക്ക് നീന്തിയെത്തുന്നത്’. കേട്ടപ്പോൾ കൗതുകം തോന്നി. പക്ഷേ പ്രസ്തുത സ്ഥലമൊന്നു കാണാനായി മാസങ്ങളോളം ആ കടയുടമയ്ക്കു പിന്നാലെ നടക്കേണ്ടി വന്നു റെയിൻസിന്. ഒടുവിൽ 2011ൽ അദ്ദേഹത്തിന് കടലിന്നടിയിലെ ആ കാട്ടിലേക്ക് പ്രവേശനം ലഭിച്ചു.
ബെൻ കണ്ട അദ്ഭുതലോകം!

മറ്റൊരു ലോകം, ഒരു അദ്ഭുതലോകത്ത് എത്തിയ അവസ്ഥയിലായിരുന്നു താനെന്നാണ് അതിനെപ്പറ്റി ബെൻ റെയിൻസ് പറഞ്ഞത്. പിന്നീടങ്ങോട്ട് മാസങ്ങളോളം ആ കാട്ടിലും പരിസരത്തുമായിരുന്നു അദ്ദേഹം. കാരണം, അവിടെ കണ്ടത് ലോകത്തിന്റെ ഭാവി തന്നെ പ്രവചിക്കാൻ കെൽപ്പുള്ള ഒരു കാടിന്റെ ശേഷിപ്പുകളായിരുന്നു. അതും ഒന്നും രണ്ടുമൊന്നുമല്ല 60,000 വർഷം പഴക്കമുള്ള മരങ്ങളും മരത്തടികളുമാണ് കാര്യമായ കേടുപാടുകളൊന്നുമില്ലാതെ കടലിന്നടിയിൽ സംരക്ഷിക്കപ്പെട്ടിരുന്നത്.

ഉപ്പുവെള്ളത്തിൽ വളരാത്തവയാണ് സൈപ്രസ് മരങ്ങൾ. ചതുപ്പുപ്രദേശങ്ങളോടാണ് പൊതുവെ താത്പര്യം. പിന്നെയെങ്ങനെ ഇവ കടലിൽ വളർന്നു?




പലതും ഇപ്പോഴും അടിത്തട്ടിൽ വേരാഴ്ത്തിയ നിലയിലുമായിരുന്നു. കടലിൽ പലയിടത്തായി ചിതറിക്കിടന്നിരുന്ന മരത്തടികൾ മുകളിലേക്കെടുത്തു റെയിൻസും സംഘവും.

ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സതേൺ മിസിസിപ്പി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരും ഇതിനോടകം അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും സമുദ്രത്തെപ്പറ്റി പഠനം നടത്തുന്നവരുമെല്ലാം സംഭവത്തെപ്പറ്റി കേട്ടറിഞ്ഞെത്തി കൂടെക്കൂടി.

മുദ്ര വച്ച് ‘പെട്ടിയിലാക്കിയ’ കാട്

ശേഖരിച്ച മരത്തടികളിൽ കാർബൺ ഡേറ്റിങ് വഴി പരിശോധന നടത്തിയപ്പോഴാണ് മരങ്ങളുടെ കാലപ്പഴക്കം തിരിച്ചറിഞ്ഞത്. 60,000 വർഷത്തോളം കടലിന്നടിയിൽ ഒരു കാട് സംരക്ഷിക്കപ്പെടുന്നത് ഇന്നേവരെ കേൾക്കാത്ത കാര്യമായിരുന്നു. കാരണം ഹിമയുഗത്തിലെ മഞ്ഞിൽ അക്കാലത്തെ ഒരു വിധത്തിൽപ്പെട്ട കാടുകളൊക്കെ ഇല്ലാതായതാണ്. ശേഷിക്കുന്നവ ഇതുപോലെ കടലിന്നടിയിൽപ്പെട്ട് നശിച്ചു പോയി. അലബാമയിലെ കാടുകൾക്കു മാത്രം എന്തു പറ്റി?

ശരിക്കും ചരിത്രാതീത കാലത്തെ മുദ്ര വച്ച് പൂട്ടി കടലിന്നടിയിൽ സൂക്ഷിച്ച അവസ്ഥയിലായിരുന്നു അവിടത്തെ സംഭവവികാസങ്ങള്‍. സമുദ്രജലനിരപ്പ് താഴ്ന്ന പ്രാചീന കാലത്ത്, അലബാമയിലെ കാട് കണ്ടെത്തിയ സ്ഥലം ഒരു താഴ്‌വര ആയിരുന്നുവെന്നാണ് നിഗമനം. സൈപ്രസ് മരങ്ങൾ നിറഞ്ഞ കാട് ഒരു ചതുപ്പിന്റെ ഭാഗമായിരുന്നു. അവയ്ക്കിടയിലൂടെ ഒരു നദി ഒഴുകിയതിന്റെയും അടയാളങ്ങളുണ്ട്.

അക്കാലത്ത് ചതുപ്പിൽ മരങ്ങൾ വേരുറപ്പിച്ച മണ്ണിൽ ഒാക്സിജൻ കുറവായിരുന്നു. അതിനാൽത്തന്നെ മരത്തടികൾ അഴുകാനിടയാക്കുന്ന ബാക്ടീരിയങ്ങളുടെ സാന്നിധ്യവും തീരെ കുറവ്. പെട്ടെന്നുണ്ടായ ഒരു വെള്ളപ്പൊക്കത്തിലായിരിക്കണം ചതുപ്പ് സമുദ്രത്തിലാഴ്ന്നതെന്നാണ് ഗവേഷകരുടെ നിഗമനം. അവയ്ക്കു മേലെക്കൂടെ വൻതോതിൽ ചതുപ്പിലെ ചെളിയും വന്നു പതിച്ചിട്ടുണ്ടാകണം. അതായത്, ഓക്സിജൻ പുറത്തുകടക്കാൻ പോലും സമ്മതിക്കാതെ ഒരു ശവക്കല്ലറയിൽ മുദ്ര വയ്ക്കപ്പെട്ട അവസ്ഥ. അഴുകാനിടയാക്കുന്ന ബാക്ടീരിയങ്ങളും ഇല്ലാതായതോടെ പതിനായിരക്കണക്കിന് വർഷം കടലിന്നടിയിൽ ചെളിയുടെ ഒൻപത് അടിയോളം കനത്തിലുള്ള ‘പുതപ്പിൽ’ സുഖനിദ്ര.

അയർലൻഡിൽ കൽക്കരിയുടെ സാന്നിധ്യം ഏറെയുള്ള ഒരുതരം ചെളിമണ്ണിൽ കുഴിച്ചിടുന്ന മൃതദേഹങ്ങള്‍, ഓക്സിജനില്ലാത്തതിനാൽ, വർഷങ്ങളോളം കേടുകൂടാതെയിരുന്ന സംഭവവുമുണ്ടായിട്ടുണ്ട്. ‘പീറ്റ് ബോഗ്’ എന്നറിയപ്പെടുന്ന അതേ പ്രതിഭാസം തന്നെയാണ് കടലിന്നടിയിലും സംഭവിച്ചത്.

2004ൽ സ്ഥിതിമാറി. അലബാമയെ തച്ചുതകർത്തുകൊണ്ട് ഇവാൻ ചുഴലിക്കാറ്റെത്തി. 98 അടി വരെ റെക്കോർഡ് ഉയരത്തിലാണ് അന്ന് തിരകൾ ഉയർന്നത്. അതോടെ ‌കടലിന്റെ അടിത്തട്ടും ഇളകി മറിഞ്ഞു. പ്രാചീനകാലത്തെ കാടിനെ മൂടിക്കിടന്നിരുന്ന എക്കലും ചെളിയുമെല്ലാം വലിച്ചെറിയപ്പെട്ടു. കടലിന്നടിയിൽ ആ പഴയ കാട് പ്രത്യക്ഷമായി. അതിനെ ചുറ്റിപ്പറ്റി മത്സ്യങ്ങളും ഞണ്ടുകളും മറ്റു ജലജീവികളും നിറഞ്ഞു. അതിനിടെയാണ് റെഡ് സ്നാപ്പറെപ്പറ്റിയുള്ള വാർത്ത കേട്ട് റെയിൻസും ഇവിടേക്ക് ആകർഷിക്കപ്പെടുന്നത്.

ഇത്രയേറെ കൃത്യമായി സംരക്ഷിക്കപ്പെട്ട പ്രാചീനകാലത്തെ മരങ്ങളുടെ അവശിഷ്ടങ്ങളെ ഇന്നേവരെ കണ്ടിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മരത്തടികൾ പുറത്തെടുത്ത് മുറിച്ചപ്പോൾ അവയ്ക്കുള്ളിൽ നിന്ന് പച്ചമരം മുറിക്കുമ്പോഴുള്ള അതേ ഗന്ധമാണ് ഉയർന്നത്. മാത്രവുമല്ല പശിമയുള്ള മരക്കറയും പുറത്തെത്തി. അതും 60,000 വർഷം പഴക്കമുള്ളത്!! മരത്തിന്റെ തൊലിയിൽ നിന്നും മറ്റുമായി പരാഗരേണുക്കളും ലഭിച്ചു. ഇവ പരിശോധിച്ചതിൽ നിന്നാണ് ഇന്ന് നോർത്ത് കരോലിനയിലും വിർജീനിയയിലുമെല്ലാം കാണുന്ന തരം ‘കോസ്റ്റൽ ഫോറസ്റ്റ്’ ആയിരുന്നു ഇവയെന്നും തിരിച്ചറിഞ്ഞത്.

വരാനിരിക്കുന്നത് ദുരന്തം?

ഇനി അറിയാനുള്ളത് കാടിനെ കടലിന്നടിയിലാക്കാൻ തക്കവണ്ണം എങ്ങനെയാണ് ജല നിരപ്പ് പെട്ടെന്ന് ഉയർന്നതെന്നാണ്? വെള്ളപ്പൊക്കം ഉണ്ടായ സമയത്തെ കാലാവസ്ഥ, മഴയുടെ അളവ് എന്നിവയെല്ലാം മരത്തടികളുടെ കാതലിലെ വളയപരിശോധനയിൽ നിന്നു വ്യക്തമാകും. ആഗോളതാപനത്തെ തുടർന്ന് മഞ്ഞുരുകി സമുദ്രജലനിരപ്പ് അപായകരമായ തോതിൽ ഉയരുന്ന ഇക്കാലത്ത് പഴയകാലത്തെ സമാന അവസ്ഥകളെപ്പറ്റിയുള്ള വിവരങ്ങളറിയുന്നത് ഏറെ സഹായകരമാണ്.

അത്തരത്തിൽ ലോകത്തിന്റെ തന്നെ ഭാവി പ്രവചിക്കാൻ കഴിവുള്ള ‘ജീവിക്കുന്ന ഫോസിലുകളെ’യാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പണ്ട് സമുദ്രനിരപ്പ് ഒറ്റയടിക്ക് ഉയർന്നിരുന്നോ? എങ്കിൽ എന്താണു കാരണം? അതോ പതിയെപ്പതിയെയാണോ ജലനിരപ്പ് ഉയർന്നിരുന്നത്? അലബാമയിലെ കാട് മുങ്ങിയതു പോലെ ഇന്ന് മറ്റ് തീരപ്രദേശങ്ങളും കടലിന്നടിയിലാകാൻ സാധ്യതയുണ്ടോ? അതെപ്പോൾ സംഭവിക്കാനാണു സാധ്യത? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്. അതിന്റെ ഫലം ഒരുപക്ഷേ നമുക്ക് നൽകുക വരാനിരിക്കുന്ന ദുരന്തത്തെപ്പറ്റിയുള്ള സൂചനകളുമായിരിക്കാം.



റെഡ് സ്നാപ്പെർ മൽസ്യങ്ങൾ











Thursday, 9 April 2020

ബർമുഡ ട്രയാംഗിൾ







ചുരുളഴിയാത്ത രഹസ്യങ്ങള്‍ പോലെ ബര്‍മുഡ ട്രയാംഗിള്‍ എന്ന ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശം മനുഷ്യന്റെ യുക്തിക്കും വിശ്വാസങ്ങൾക്കും മേലേ ചോദ്യചിഹ്നം ഉയര്‍ത്തി നില്‍ക്കുന്നു. കപ്പലുകള്‍, മുങ്ങിക്കപ്പലുകൾ, വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നുവേണ്ട ബര്‍മുഡ ട്രയാംഗിളിന് മുകളില്‍ പറന്നതും ഒഴുകിയതും സഞ്ചരിച്ചതും എല്ലാം ഉത്തരം കിട്ടാത്ത ചോദ്യം പോലെ കാണാതായി. നൂറ്റാണ്ടുകളായി യാത്രികരുടെ പേടി സ്വപ്നമായി നില കൊള്ളുന്ന നിഗൂഡതയുടെയും, മരണത്തിന്‍റെയയും അനന്ത വിശാലമായ കടലാഴി... ഡെവിള്‍സ് ട്രയാംഗിള്‍, അറ്റ്ലാന്റിക്ക് ഗ്രേവ്യാഡ് എന്ന പേരുകളിലും അറിയപ്പെടുന്ന ഈ അപകടകരമായ പ്രദേശം ഇന്നും വ്യോമ നാവിക പഥങ്ങളില്‍ വിലക്കപ്പെട്ട പാതയാണ്. അഞ്ചുലക്ഷത്തോളം ചതുരശ്ര മൈല്‍ വിസ്താരത്തില്‍ പടര്‍ന്നുകിടക്കുന്ന സാങ്കല്‍പ്പിക ത്രികോണാകൃതിയിലുള്ള ജലപ്പരപ്പാണ് ബര്‍മുഡ ട്രയാംഗിള്‍.


വാസ്തവത്തില്‍ ഇതിലെ രഹസ്യം ശാസ്ത്രലോകമോ മനുഷ്യ സൃഷ്ടികളായ സാങ്കേതിക വിദ്യകളോ തെളിയിച്ചിട്ടില്ല. വടക്കന്‍ അമേരിക്കയുടെ ഫ്ലോറിഡതീരത്തുനിന്ന് തെക്കോട്ട്‌ ക്യുബ, പ്യൂട്ടോ റിക്കോ ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മദ്ധ്യത്തിലായി അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ പരന്നുകിടക്കുന്ന ഈ ആഴിപ്പരപ്പില്‍ അറിഞ്ഞതും അറിയാതെ പോയതുമായ നിരവധി കപ്പലുകള്‍ ഒളിഞ്ഞുകിടക്കുന്നു, ആരാലും കാണപ്പെടാതെ. കണ്ടുകിട്ടിയവയില്‍ അപകടങ്ങളുടെ യാതൊരു തുമ്പുകളും അവശേഷിച്ചിട്ടുമില്ല. ഇങ്ങനൊരു ഭീകരപ്രദേശത്തിന്റെ വിവരണം മാനവരാശിക്ക് ആദ്യമായി ലഭിച്ചത് അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രാനുഭവങ്ങളില്‍ കൂടിയാണ്. ആ പ്രദേശത്തുകൂടി പോയപ്പോള്‍ തീഗോളങ്ങള്‍ കടലില്‍ വീഴുന്നത് കണ്ടു വെന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരുപതാം നൂറ്റാണ്ട് വരെ ഈ പ്രദേശത്തേക്കുറിച്ചുള്ള ഒരു രേഖകളും ലഭിച്ചില്ല. അതേസമയം 1918 മാര്‍ച്ചില്‍ അമേരിക്കന്‍ നേവിയുടെ യു‌എസ്‌എസ് സൈക്ലോപ്സ് എന്ന 542 അടി നീളമുള്ള കാര്‍ഗോ കപ്പല്‍ ഈ പ്രദേശത്ത് കാണാതായി. കാണാതാകുന്ന സമയത്ത് ഈ കപ്പലില്‍ 300ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടണ്‍ മാംഗനീസുമുണ്ടായിരുന്നു. എന്നാല്‍ ഇതിനെന്തു സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. ഇതിനേക്കുറിച്ച് യാതൊരു വിവരവും പിന്നീട് ലഭിച്ചുമില്ല.

ഫ്ലൈറ്റ് 19 എന്ന വിമാനത്തിന്റെ തിരോധാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ദുരൂഹമായ സംഭവം. ഇതിനെ തിരഞ്ഞു പോയ അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതോടെയാണ് ഈ 'ഭീകരനെ' കുറിച്ച് ലോകമറിയുന്നത്. വിമാനത്തെ അന്വേഷിക്കാനയച്ച വിമാനങ്ങളും കാണാതായി. സംഭവത്തില് 27 പേരും ആറു വിമാനങ്ങളും പിന്നീട് തിരിച്ചു വന്നില്ല. 1945 ഡിസംബര്‍ 5നാണ് സംഭവം. കഴിഞ്ഞ 100 വര്‍ഷത്തിനിടക്ക് ഏകദേശം ആയിരത്തോളം ജീവനുകള്‍ ബര്‍മുഡ ട്രയാംഗിൾ എടുത്തിട്ടുണ്ട്. ബര്‍മുഡ ത്രികോണത്തിന്റെ ഭാഗം, വ്യാപ്തി ഇവയൊന്നും കൃത്യമായി ആര്‍ക്കുമറിയില്ല എന്നതാണ് ഏറ്റവും രസകരം. ബര്‍മുഡയുടെ അഗാധതയില്‍ ആഴ്ന്നുപോയ കപ്പലുകളും, വിമാനങ്ങളും എത്രയെന്നു ആര്‍ക്കുമറിയില്ല. പായ്ക്കപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധകപ്പലും ആണവശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലും ആധുനിക വിമാനങ്ങളും വരെ ഇതിന്റെ പിടിയിലായിട്ടുണ്ട്. ഒരു കാര്യം മാത്രം എല്ലാവര്‍ക്കുമറിയാം, വിജനത തളംകെട്ടിയ ഈ ജലഭാഗം വളരെ അപകടകാരിയാണെന്നത്. ഇതില്‍ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെട്ടവര്‍ പറഞ്ഞ പ്രകാരം, ആ ഭാഗത്ത് അകപ്പെട്ടാല്‍ വടക്ക് നോക്കി യന്ത്രവും മറ്റു ഉപകരണങ്ങളും പ്രവര്‍ത്തന രഹിതമാവുകയും, തങ്ങള്‍ കടലിന്‍റെ ആഴങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയും ചെയ്യുമെന്നാണ്.

ഇതിനേക്കുറിച്ച് അവിശ്വസനീയമായൊരു റിപ്പോര്‍ട്ട് തന്നത് ബ്രൂസ് ജൂനിയറെന്ന പൈലറ്റാണ്. അത് ഇപ്രകാരമാണ്, ബ്രൂസ്‌ ജൂനിയറും പിതാവും 1970 ഡിസംബര്‍ 4നു ആന്ദ്രൊസ്‌ വിമാനത്താവളത്തില്‍ നിന്നു മിയാമി ലക്ഷ്യം വച്ചു ബൊണാണ്‍സ A36 എന്ന ചെറു വിമാനത്തില്‍ പറന്നുയര്‍ന്നു. സഞ്ചാരപഥം ബെര്‍മുഡ ത്രികോണത്തിനകത്തു കൂടിയാണ്‌. പറന്നുയര്‍ന്ന ഉടനെ തന്നെ സമുദ്രത്തിനു 500 അടി മാത്രം മുകളിലായി ഒരു മേഘ സഞ്ചയം നില്‍ക്കുന്നത് ബ്രൂസിന്‍റെ ശ്രദ്ധയില്‍പെട്ടു. ഇത്രയുമടുത്ത് ഭൂമിയോടു ചേര്‍ന്നു ഒരു മേഘ സഞ്ചയം ബ്രൂസ്‌ ആദ്യമായി കാണുകയായിരുന്നു. ATC കാലാവസ്ഥ നല്ലതാണെന്നു അറിയിച്ചതിനെ തുടര്‍ന്ന് അവരുടെ ചെറു വിമാനം കൂടുതല്‍ ഉയരങ്ങളിലേക്കു പറന്നു പൊങ്ങി. ഉയരം കൂടുന്തോറും ആ മേഘസഞ്ചയം ഒരു വലിയ ക്യുമുലുസ്‌ മേഘമായി (വലിയ കാര്‍മേഘ ശ്രേണിയിലുള്ളത്‌) മാറുന്നതു ശ്രിദ്ധിച്ചു. ഇടക്കു ഈ മേഘത്തിനുള്ളില്‍ പെട്ടു പോയെങ്കിലും 11500 അടി മുകളില്‍ വച്ചു, അതില്‍ നിന്നും പുറത്തു കടന്നു. പിന്നീട് തെളിഞ്ഞ ആകാശം സ്വാഗതം ചെയ്തു. പെട്ടെന്നാണ്‌ കാലാവസ്ഥ വീണ്ടും മാറി മറിഞ്ഞത്. അപ്പോള്‍ ഫ്ലൈറ്റ് അതിന്‍റെ പരമാവധി സുരക്ഷിത വേഗമായ മണിക്കൂറില്‍ 195 മൈലില്‍ പറക്കുകയാണ്‌.

മുന്നില്‍ കറുത്തിരുണ്ട മറ്റൊരു ബ്രഹിത്‌ മേഘ സഞ്ചയം കാണപ്പെട്ടു. അകത്തേക്കു പോകുന്തോറും ഇരുട്ടു കൂടി വരികയും, അതിനകത്തുണ്ടായിക്കൊണ്ടിരുന്ന മിന്നലിന്‍റെ വെളിച്ചം കൂടിയും വന്നുകൊണ്ടിരുന്നു. അപകടം മണത്ത ബ്രൂസ്‌, വിമാനം 135 ഡിഗ്രീയില്‍ തിരിച്ച്‌ അതില്‍ നിന്നും പുറത്തു കടന്നു. പുറത്തു കടന്നു നോക്കിയപ്പോഴാണ്‌ മനസ്സിലാവുന്നത്, ആദ്യം കണ്ട മേഘ സഞ്ചയവും ഇതും ഒരു മോതിര രൂപത്തിലുള്ള ഒറ്റ മേഘ കൂട്ടത്തിന്‍റെ രണ്ടു അതിരുകളായിരുന്നു. വിമാനം ആ മോതിര വളയത്തിനകതു അകപ്പെട്ടിരിക്കുന്നു. പേടിച്ചു പൊയ ബ്രൂസ്‌ ചുറ്റും നോക്കിയപ്പോള്‍ ആ മേഘ മോതിരത്തിനുള്ളില്‍ ഒരു ടണല്‍ മാതൃകയില്‍ ചെറിയ ഒരു തുള കണ്ടു. അതിലൂടെ പുറത്തുള്ള തെളിഞ്ഞ ആകാശം കാണാനാവുന്നുണ്ട്‌. അതിന്‍റെ വലിപ്പം അതിവേഗം കുറഞ്ഞു വരികയാണ്‌. ബ്രൂസ് പരമാവധി വേഗത്തില്‍ ഇതില്‍ നിന്നു രക്ഷപ്പെടാനായി ആ മേഘ ടണലിനുള്ളിലേക്കു വിമാനം പായിച്ചു. ടണലിനുള്ളിലൂടെ പൊകുമ്പോള്‍ വിമാനത്തിന്‍റെ ഗതിവേഗം അതിഭയങ്കരമായി കൂടുന്നത് ബ്രൂസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒപ്പം ടണലിനു വലിപ്പം കുറഞ്ഞു വരുന്നതായും ഭാരമില്ലായ്മയും ബ്രൂസിനു അനുഭവപ്പെട്ടു. ഏകദേശം 20സെക്കണ്ടിനു ശേഷം, എടുത്തെറിയപ്പെട്ടതു പോലുള്ള വേഗത്തില്‍ മോതിര രൂപത്തിലുള്ള ബ്രഹത്ത്‌ മേഘ പാളിയില്‍ നിന്നു ഫ്ലൈറ്റ് പുറത്തു കടന്നു. പുറത്തു കടന്ന ഉടനെത്തന്നെ വിമാനത്തിലെ എല്ല കാന്തിക വൈദ്യുതി ഉപകരണങ്ങളും തെറ്റായ വിവരങ്ങല്‍ കാണിച്ചു തുടങ്ങി. കോമ്പസ്സ്‌ വട്ടത്തില്‍ കറങ്ങിക്കൊണ്ടിരുന്നു. സമയം വച്ചു, സഞ്ചാരപഥത്തിനിടയിലുള്ള ബിമിനി ദ്വീപുകള്‍ക്കു മുകളിലെത്തി എന്ന വിചാരത്തില്‍ ബ്രൂസ്‌ മിയാമി വിമാനത്താവളത്തിലേക്കു സഹായ അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ബ്രൂസിനെ ഞെട്ടിച്ചു കൊണ്ട്, വിമാനത്താവളത്തില്‍ നിന്നുള്ള സന്ദേശം വന്നു. അവര്‍ ഇപ്പോള്‍ ലക്ഷ്യ സ്ഥലത്തിനു മുകളിലൂടെയാണ്‌ പറക്കുന്നതെന്ന്‌. പുറപ്പെട്ടു വെറും മുക്കാല്‍ മണിക്കൂറിനുള്ളില്‍തന്നെ അവരുടെ ചെറു വിമാനം 250 മൈല്‍ അപ്പുറമുള്ള ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു. ചുറ്റിയുള്ള ഒരു സഞ്ചാര പഥത്തിലൂടെ പോയതിനാല്‍, ഉദ്ദേശം 300 മൈലിൽ കൂടുതല്‍ ദൂരം വിമാനം മുക്കാല്‍ മണിക്കൂറില്‍ സഞ്ചരിച്ചിട്ടുണ്ട്‌. അതും പരമാവധി വേഗം മണിക്കൂറില്‍ 190 മൈല്‍ മാത്രമുള്ള ചെറു വിമാനം. വിമാനത്താവളത്തിലിറങ്ങി ഇന്ധനം പരിശോധിച്ചതില്‍ നിന്നും മിയാമിയില്‍ വിമാനം എത്താനെടുക്കുന്നതിന്‍റെ പകുതി ഇന്ധനം മാത്രമെ ഉപയോഗിച്ചിട്ടുള്ളുവെന്നും മനസ്സിലായി.

മറ്റൊരു അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം, ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ലാത്ത പ്രേതകപ്പലുകളാണ്. പല നാവികരും ഇത്തരം കപ്പലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മനുഷ്യവാസമില്ലാതെ, യന്ത്രങ്ങളുടെ മുരള്‍ച്ചയില്ലാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും. കടലില്‍ അലഞ്ഞു തിരിയുന്ന ഇത്തരം കപ്പലുകള്‍ കടല്‍ യാത്രക്കാര്‍ക്ക് പേടി സ്വപ്നമായിരുന്നു. ഇവയെ മങ്ങിയ വെളിച്ചത്തില്‍ മറ്റുകപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നുമത്രേ. പെട്ടന്ന് ഇരുട്ടില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന അവ ബോട്ടുകളുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. 1935 ല്‍ ഇങ്ങനെ കണ്ടെത്തിയൊരു പ്രേതകപ്പലാണ് "ലാ ദഹാമ". ഇതേപോലെ തന്നെ 1872 ല്‍ “മേരി സെലസ്റ്റി” എന്നൊരു കപ്പലിനെയും, 1955 ല്‍ "കൊനെമാറ" എന്ന കപ്പലിനെയും കണ്ടെത്തിയിരുന്നു. 1921 ല്‍ കണ്ടെത്തിയ അഞ്ചു പായ്മരങ്ങളുള്ള “കരോള്‍ ഡിയറിംഗ്” എന്ന കപ്പലില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തിയപ്പോള്‍ മനുഷ്യര്‍ ആരുമില്ലാതെ ശൂന്യവും നിശബ്ദവും ആയിരുന്നു അതിന്‍റെ ഉള്‍വശം മുഴുവന്‍. ഒരു പൂച്ചക്കുട്ടി മാത്രം കരഞ്ഞുകൊണ്ടിരിക്കുന്നു. ഭക്ഷണ മേശയില്‍ പാത്രങ്ങളില്‍ അവശിഷ്ടങ്ങള്‍ ഇരിക്കുന്നു.

ഇന്നത്തെ അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും റഡാറും ഉപഗ്രഹ സാങ്കേതികവിദ്യയും ഒന്നുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലാണ് ബര്‍മുഡയിലെ ദുരൂഹമായ അപകടങ്ങളിലേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബര്‍മുഡാ മേഖലയില്‍ കാന്തിക ശക്തി കൂടുതലായാതിനാല്‍ അത് വസ്തുക്കളെ ഉള്ളിലേക്ക് ആകര്‍ഷിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റിലോ കാന്തികശക്തി കൊണ്ടോ കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നു. കൂടാതെ വെള്ളത്തിന്‍റെ സാന്ദ്രത കുറയ്ക്കുന്ന വന്‍തോതിലുള്ള മീഥേന്‍ ഹൈഡ്രേറ്റ് വാതകസാന്നിധ്യമാണ് ഈ നിഗൂഢതയുടെ മറ്റൊരു കാരണം. വാതകങ്ങളുടെ സമുദ്രോപരിതലത്തോടു ചേര്‍ന്നുണ്ടാകുന്ന സ്‌ഫോടനം കാരണം കപ്പലിനു ചുറ്റും വെള്ളം വന്‍തോതില്‍ പതഞ്ഞുയര്‍ന്നാല്‍ കപ്പല്‍ അതിവേഗം മുങ്ങുമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കപ്പലിന്‍റെ എന്‍ജിനു കേടുവരുത്താനും മീഥേന്‍ വാതകത്തിന് ചില അവസ്ഥകളില്‍ സാധിക്കും. വന്‍തോതിലുള്ള സമുദ്രാഗാതവും ശക്തമായ ഗള്‍ഫ് സ്ട്രീം എന്ന അടിയൊഴുക്കും അടിക്കടി പ്രതികൂലമാകുന്ന കാലാവസ്ഥയും ചേരുമ്പോള്‍ അപകടത്തില്‍ പെട്ടാൽ ഒരു തുമ്പും ശേഷിക്കാതെ കപ്പലുകള്‍ അപ്രത്യക്ഷമാകുന്നതില്‍ അദ്ഭുതമില്ലെന്നും വാദിക്കുന്നവരുണ്ട്. കാലത്തിന്റെനയും കലണ്ടറുകളുടെയും ശാസ്ത്രത്തിന്‍റെയും അപ്പുറത്ത് കിടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ സംഭവങ്ങളുടെ ദുരൂഹതയും നിഗൂഢതയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണങ്ങള്‍ അറുത്തുമുറിച്ച് പരിശോധിച്ചുനോക്കിയിട്ടും ഒന്നിലും ഒതുങ്ങാത്ത കുറേ സംഭവങ്ങള്‍ ശാസ്ത്രത്തെ നോക്കി കണ്ണിറുക്കുന്നു.

1947 ജൂണ്‍ 25 നു, കെന്നത്ത്‌ ആര്‍നോള്‍ഡ്‌ എന്ന പൈലെറ്റ്‌ ഇവിടെ പറക്കും തളികകളെ കണ്ടു എന്ന്‌ റിപ്പോര്ട്ട് ‌ ചെയ്തത് ഏലിയന്‍ ഗേറ്റ് വേ ആണെന്ന വാദത്തിനു ബലമേകുന്നു. ബര്‍മുഡ ട്രയാംഗിളിനു സമീപത്തായി കണ്ടെത്തിയ കൂറ്റന്‍ പിരമിഡാണ് പുതിയ വിസ്മയം. സമുദ്രനിരപ്പില്‍നിന്ന് 2000 മീ. താഴെ 800 മീ. നീളവും 200 മീ. ഉയരവുമുള്ള പിരമിഡാണ് ഇവിടെ കണ്ടെത്തിയത്. പിരമിഡിന്റെ ഉല്‍ഭവത്തെപ്പറ്റി തര്‍ക്കങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഈയിടെ കണ്ടുപിടിച്ച രണ്ടു പിരമിഡുകളാണ് ഏറെ കൗതുകകരം. ഇവയ്ക്ക് ഈജിപ്തിലെ പിരമിഡുകളേക്കാള്‍ വലിപ്പമുണ്ടത്രേ. രണ്ടു പിരമിഡുകളുടെയും മുകളിലായി വലിയ ദ്വാരങ്ങളുമുണ്ട്. രണ്ടാമത്തെ പിരമിഡിന്റെ മുകളിലൂടെ സമുദ്രജലം അതിശക്തമായി ഒഴുകുന്നതായും സമുദ്രനിരപ്പില്‍ നുരയും പതയും രൂപംകൊള്ളുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പിരമിഡുകള്‍തന്നെയാണോ ബര്‍മുഡയ്ക്കും ഫ്‌ളോറിഡയ്ക്കും പ്യൂട്ടോറിയക്കുമിടയിലുള്ള സമുദ്ര ഭാഗത്തും കാണുന്നത് എന്നതാണ് ഇപ്പോള്‍ ശാസ്ത്രഞ്ജരെ കുഴക്കുന്നത്. ആണെങ്കില്‍ ഇവയ്ക്ക് കോസ്മിക് രശ്മികളെ ആഗിരണം ചെയ്യുവാനും സമീപഭാഗത്തേക്ക് ആകര്‍ഷിക്കാനും കഴിയുമെന്നാണ് പറയുന്നത്. ഇതു തന്നെയാണോ വര്‍ഷങ്ങളായി കണ്ടുപിടിക്കാന്‍ സാധിക്കാത്ത, ബര്‍മുഡ ട്രയാംഗിളിന്റെ ആകര്‍ഷണ രഹസ്യം എന്നും ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. എന്തായാലും ആര്‍ക്കും പിടികൊടുക്കാത്ത രഹസ്യങ്ങളുടെ കലവറയായി ബര്‍മുഡ ട്രയാംഗിള്‍ ഇന്നും അനേകം ഗവേഷകര്‍ക്ക് പഠനവിഷയമാണ്.

പോയ നൂറ്റാണ്ടില്‍ അപ്രത്യക്ഷമായത് ബര്‍മുഡയിലൂടെ യാത്ര ചെയ്ത അമ്പതിലധികം കപ്പലുകളും അതിനു മുകളിലൂടെ പറന്ന ഇരുപതിലധികം വിമാനങ്ങളുമാണ്. ഇതില്‍ ഭൂരിപക്ഷത്തിന്‍റെയും പൊടിപോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അവശിഷ്ടങ്ങള്‍ കിട്ടാതെ തിരോധാനത്തിനു പിന്നിലെ ശരിയായ കാരണങ്ങള്‍ മനസിലാക്കാനും കഴിയില്ല. വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ശാസ്ത്രവും പരാജയപ്പെടുന്നു. കാരണം എന്ത് തന്നെ ആയാലും സത്യത്തിലേക്കുള്ള അകലം കുറഞ്ഞു വരുന്നു എന്നതിൽ ആശ്വസിക്കാം. പക്ഷെ അന്യഗ്രഹ ജീവികള്‍ കപ്പലും വിമാനവും തട്ടിക്കൊണ്ടു പോയി എന്നതടക്കമുള്ള വിശ്വാസങ്ങള്‍ ഇപ്പോഴും പരക്കെ നിലനില്‍ക്കുന്നുണ്ട്. ശാസ്ത്രത്തിനു പിടികൊടുക്കാത്ത, പ്രകൃതിയുടെ കുസൃതിയെന്നോ വികൃതിയെന്നോ വിളിക്കാവുന്ന പ്രതിഭാസങ്ങളിലൊന്നായി, നിഗൂഢമായിത്തന്നെ ബര്‍മുഡ അങ്ങനെ നിലനിൽക്കുന്നു, അടുത്ത ഇരയെയും കാത്ത്..!

Thursday, 25 July 2019

കളിയും , വിനോദവും ഇസ്‌ലാമിക കാഴ്ചപ്പാടിൽ



പാമ്പാട്ടി, പാമ്പുകളെ കളിപ്പിക്കുന്നതും അതു കാണുന്നതും അനുവദനീയമാണോ?

അപകടം വരാത്തവിധം സുരക്ഷിതത്വമാണെങ്കിൽ പാമ്പുകളി അനുവദനീയമാണ് അതു കണ്ടു ആസ്വദിക്കലും മുബാഹാണ് (ശർവാനി: 10/221) 

ചെസ്സുകളിയുടെ വിധി?

ചെസ്സുകളി (ചതുരംഗം) കറാഹത്താണ് (തുഹ്ഫ: 10/216) തന്റെ മുഖ്യ കാര്യങ്ങൾ പോലും അവഗണിച്ച് ചെസ്സുകളിയിൽ മുഴുകുന്ന സ്വഭാവം ശരിയല്ലെന്നും അതു സാക്ഷിനിൽക്കാനുള്ള അർഹതയെവരെ  ഇല്ലാതാക്കുമെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 10/225 നോക്കുക) 

പഴയ കാലത്തു സാധാരണമായി ബാങ്ക് വിളിക്കു മുമ്പായി പള്ളികളിൽ വെച്ച് 'നകാര' അടിക്കുന്ന പതിവുണ്ടല്ലോ ഈ നകാര അടിയുടെ വിധി?

അനുവദനീയം അതു  ഒരു തരം ചെണ്ടയാണ് നടു ഇടുങ്ങിയ ഒരു തരം നീണ്ട ദുഡിയല്ലാത്ത എല്ലാ ചെണ്ടകളും മുട്ടൽ അനുവദനീയമാണ് (തുഹ്ഫ: 10/221) 

ചൂണ്ടയിട്ടു മത്സ്യം പിടിക്കാമോ?

അതേ, പിടിക്കാം അതു അനുവദനീയമാണ് (തുഹ്ഫ: 9/329, 335 നോക്കുക) 

ചീട്ടുകളി, കാരം ബോർഡ് കളി എന്നിവയുടെ വിധി?

രണ്ടും നിഷിദ്ധമാണ് പണം വെച്ചും വെക്കാതെയും നിഷിദ്ധം തന്നെ ആലോചനക്കും ബുദ്ധി  സാമർത്ഥ്യത്തിനും ഒരു സ്ഥാനവുമില്ലാത്ത കളികൾ നിഷിദ്ധമാണെന്ന് ഫുഖഹാഅ് പഠിപ്പിച്ചിട്ടുണ്ട് ശീട്ടുകളി, കാരംബോർഡ് കളി എന്നിവ അതിലാണു പെടുക 

കോൽക്കളിയുടെ വിധിയെന്ത്?

കോൽക്കളി നിഷിദ്ധമാണ് (ശർവാനി: 10/219)

ദഫ് മുട്ടുന്നതിന്റെ വിധി എന്താണ്

അടിസ്ഥാന വിധി അനുവദനീയമാണ് വിവാഹം, ചേലാകർമം തുടങ്ങിയ സന്തോഷവേളകളിൽ സുന്നത്തുകൂടിയാണ് ദഫുകളിൽ ചിലമ്പുണ്ടെങ്കിലും അനുവദനീയമാണ് (മിൻഹാജ്, പേജ്: 206) 

ദഫ് മുട്ടലാണല്ലോ അനുവദനീയം അതിന്റെ കൂടെ ഡാൻസ് ഉണ്ടെങ്കിലോ?

ദഫ് മുട്ടുന്നതോടൊപ്പം ഡാൻസ്, കൊഞ്ചിക്കുഴഞ്ഞ ചാട്ടക്കളി എന്നിവ ഉണ്ടാവുമ്പോൾ നിഷിദ്ധമാകും ഹറാം ചേർന്നതു കൊണ്ട് ഹറാമാകും (തുഹ്ഫ: 10/222)

സ്കൗട്ട്  അനുവദനീയമാണോ?

കൊഞ്ചിക്കുഴഞ്ഞ നൃത്തമില്ലാതെ കേവലം സ്കൗട്ട് അനുവദനീയമാണ് (തുഹ്ഫ: 10/222) 

ഓപ്പനയുടെ വിധി?

കൊഞ്ചിക്കുഴഞ്ഞ നൃത്തത്തോടെയാണ് ഇന്നു ഒപ്പന അതു നിഷിദ്ധമാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും ഇതു ഹറാമാണ് അന്യരുടെ മുമ്പിൽ  വെച്ചുള്ള ഒപ്പനയും പാട്ടും മറ്റു കളിയും ദർശനവും ഹറാമാണെന്നു പ്രത്യേകം പറയേണ്ടതുമില്ലല്ലോ

സ്ത്രീ പുരുഷന്മാർ കൈ കൊട്ടുന്നതിന്റെ വിധി?

ആവശ്യത്തിനുവേണ്ടിയാണെങ്കിൽ സ്ത്രീക്കും പുരുഷനും
 അനുവദനീയമാണ് വിനോദത്തിനുവേണ്ടി സ്ത്രീക്ക് അനുവദനീയമാണ് എന്നാൽ പുരുഷനു കറാഹത്താണ് (കഫ്ഫുർറആഅ്: 106,108, കുർദി: 1/292) 

ഉപകരണ സംഗീതത്തിന്റെ വിധി?

ഉപകരണ സംഗീതം  പാടില്ല, നിഷിദ്ധമാണ് അതൽപം വിവരിക്കാം മദ്യപാനികളുടെ ചിഹ്നമായി അറിയപ്പെടുന്ന തമ്പുരു, സാരംഗി, മുക്കമ്പി, കൈത്തളം, വല്ലകി, നാലുകമ്പി, കൈമണി, ഇലത്താളം, വീണക്കുഴൽ എന്നിവ നിർമിക്കുന്നതും കേട്ടാസ്വദിക്കലും ഹറാമാണ് സംഗീതോപകരണങ്ങളായ മറ്റെല്ലാ വീണകളും ഊത്തുകുഴലുകളും ഹറാം തന്നെ (തുഹ്ഫ, ശർവാനി: 10/219, നിഹായ: 8/296, ജമാൽ: 5/381 നോക്കുക) 

മ്യൂസിക് തെറാപ്പിയുടെ മതവിധി?

ഒരു രോഗത്തിനു മ്യൂസിക് തെറാപ്പിയില്ലാതെ മറ്റൊരു ചികിത്സാമാർഗമില്ലെന്നു വിശ്വാസയോഗ്യമായ രണ്ടു ഡോക്ടർമാർ പറഞ്ഞാൽ പ്രസ്തുത ചികിത്സാ സ്വീകരിക്കാവുന്നതാണ് മ്യൂസിക് തെറാപ്പിയിലൂടെ ചികിത്സ നടത്തുന്ന ഡോക്ടർക്ക് ചികിത്സാ വേളയിൽ മ്യൂസിക് ഉപയോഗിക്കലും കേൾക്കലും അനുവദനീയമാണ് (തുഹ്ഫ: ശർവാനി: 10/220) 

ഇന്നു സാർവത്രികമായ ദഫ് മുട്ടലിൽ കൊഞ്ചിക്കുഴഞ്ഞ നൃത്തം കാണുന്നുണ്ടല്ലോ ദഫ് മുട്ടിക്കൊണ്ട് എന്തെല്ലാം കളിയും ഡാൻസുമാണ് കുട്ടികൾ കളിക്കുന്നത് അതു അനുവദനീയമാണോ?

അനുവദനീയമല്ല ദഫാണ് അനുവദനീയവും സുന്നത്തുമാകുന്നത് കൊഞ്ചിക്കുഴഞ്ഞുള്ള നൃത്തം, ഡാൻസ് നിഷിദ്ധമാണ് തുഹ്ഫയിലും (10/222), നിഹായയിലും (8/298) ഈ വസ്തുത കാണാം 

ഇന്നത്തെ പ്രസ്തുത ദഫിനെ (ഡാൻസ് ദഫിനെ) എതിർക്കേണ്ടതല്ലേ?

അതേ, ശക്തമായ രീതിയിൽ എതിർക്കപ്പെടണം മാത്രമല്ല, കൗമാര പ്രായക്കാരാണ് (അംറദ്) പലയിടത്തും ദഫ് ഡാൻസ് നടത്തുന്നത് അവരെ നോക്കുന്നത് തന്നെ ഭൂഷണമല്ല ദഫ് കളി കാണാൻ റോഡിലും പരിസരത്തും മറയ്ക്കൽ നിർബന്ധമായ ഭാഗങ്ങൾ മറയ്ക്കാതെ അന്യസ്ത്രീകൾ ഒരുമിച്ചു കൂടുന്നതും ന്യായീകരിക്കാൻ കഴിയാത്തതാണ് നബിദിനത്തിന്റെ പേരിലായാലും ഹറാമും കറാഹത്തും ചെയ്യാൻ ശർഹ് പ്രോത്സാഹിപ്പിക്കുന്നില്ല പ്രത്യുത എതിർക്കണം 

ഗാനം, കവിത എന്നിവയുടെ വിധി?

നല്ല ഗാനം, നല്ല കവിത എന്നിവ രചിക്കുന്നതും പാടുന്നതും, ശ്രദ്ധിച്ചു കേൾക്കുന്നതും അനുവദനീയമാണ് മാത്രമല്ല, നന്മ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നവ സുന്നത്തുകൂടിയാണ് (തുഹ്ഫ: 10:222) 

ഗാനവും കവിതയും എപ്പോഴാണ് നല്ലതല്ലാത്തതാകുക?

നിഷിദ്ധം  കലരുമ്പോൾ ഉപദ്രകരമായ ആക്ഷേപം, അസത്യകാര്യങ്ങൾ പറഞ്ഞു പ്രശംസിക്കൽ, അന്യ സ്ത്രീയെ വ്യക്തിപരമായി വർണിക്കൽ, സ്വന്തം ഭാര്യയുടെ ഗോപ്യമായ ശരീര ഭാഗങ്ങളെയോ ദാമ്പത്യ രഹസ്യങ്ങളെയോ അവർക്ക് വിഷമം നേരിടും വിധം വർണിക്കൽ, കൗമാര പ്രായത്തിലുള്ള സുന്ദരനെ വർണിക്കൽ, നരകാവകാശിയെന്നു ഉറപ്പില്ലാത്തവനെ വ്യക്തിപരമായി ശപിക്കൽ എന്നിവയടങ്ങിയ ഗാനവും കവിതയും രചിക്കലും ആലപിക്കലും ശ്രദ്ധിച്ചു  കേൾക്കലും നിഷിദ്ധമാണ് (തുഹ്ഫ, ശർവാനി: 10/223)

പുത്തൻവാദിയെ ആക്ഷേപിച്ചു ഗാനം രചിക്കലോ?

പുത്തൻവാദിയെ അവന്റെ പുത്തൻവാദത്തിന്റെ പേരിൽ മാത്രം ആക്ഷേപിക്കാം അങ്ങനെ ഗാനം, കവിത രചിക്കാം (തുഹ്ഫ: ശർവാനി:  10/223) 
മുസ്ലിംകളോട് പോരിനിറങ്ങിയ ശത്രു, മതപരിത്യാഗി, പരസ്യമായി തെറ്റുചെയ്യുന്നവൻ എന്നിവരെ ആക്ഷേപിച്ചും ഗാനം, കവിത രചിക്കാം ആക്ഷേപം പ്രസ്തുത തെറ്റിന്റെ പേരിലാവണം (തുഹ്ഫ: ശർവാനി: 10/223) 

സംഗീതത്തിന്റെ വിധി?

ഇമാം നവവി (റ) പ്രസ്താവിക്കുന്നു സംഗീതം ആലപിക്കലും ശ്രദ്ധിച്ചു കേൾക്കലും കറാഹത്താണ് (മിൻഹാജ്) 

സംഗീതത്തിൽ നിഷിദ്ധ കാര്യങ്ങൾ ഉണ്ടായാലോ?

അപ്പോൾ വിധി നിഷിദ്ധമെന്നാകും 

കാളയോട്ട മത്സരം നടത്താമോ?

പണം വെക്കാതെ, പന്തയ സ്വഭാവമില്ലാതെ മത്സരം നടത്തുന്നത് അനുവദനീയമാണ് (തുഹ്ഫ: 9/399) 

മൃഗങ്ങളെ ഉപദ്രവിക്കുന്നുണ്ടെങ്കിൽ അതു നിഷിദ്ധമാണ് ജീവികളെ അനാവശ്യമായി വേദനിപ്പിക്കൽ നിഷിദ്ധമാണ് (ശർവാനി: 8/370, ഇബ്നു ഖാസിം: 8/371) 

കുതിരപ്പുറത്തെന്നതുപോലെ കാളപ്പുറത്ത് കയറി ഓട്ടമത്സരം നടത്തലാണ് കാളയോട്ട മത്സരം 

കാളക്കുത്ത് മത്സരമോ?

നിഷിദ്ധമാണ് (തുഹ്ഫ: 9/399) രണ്ടു കാളകളെ പ്രകോപിപ്പിച്ചു പരസ്പരം കുത്തിക്കുന്ന ഈ കളി ഹറാം എന്നതിൽ തർക്കമില്ല നിഷിദ്ധ കളി കണ്ടാസ്വദിക്കൽ ഹറാമാണ് (ശർവാനി: 10/216) 

കാളപൂട്ട് മത്സരമോ?

പണം വെച്ചും പന്തയ സ്വഭാവത്തിലും മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിച്ചും ഉള്ള കാളപ്പൂട്ട് മത്സരം നിഷിദ്ധമാണെന്ന കാര്യത്തിൽ തർക്കമില്ല (ശർവാനി: 8/370 നോക്കുക) 

കുരങ്ങു കളിയുടെ ഇസ്ലാമിക മാനം?

കുരങ്ങുകളെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്ന വിനോദം നിഷിദ്ധമാണ് (മുഗ്നി: 6/347, ശർവാനി: 10/216) 

ആയുധ മത്സരങ്ങൾ അനുവദനീയമാണോ?

മറുപടി: അതേ, അസ്ത്രം, കുന്തം, ചാട്ടുളി, ശില, വെടിയുണ്ട എന്നിവ മത്സരം അനുവദിക്കപ്പെട്ട യുദ്ധായുധങ്ങളാണ് ഇവ ഉപയോഗിച്ച് നിശ്ചിത ഉന്നത്തിലേക്ക് എയ്ത്തു  മത്സരം നടത്തൽ അനുവദനീയമാണ് 'മുസാബഖഃ ഇന്ന അദ്ധ്യായത്തിൽ ഫുഖാക്കൾ ഇക്കാര്യം സമഗ്രമായി  വിവരിച്ചിട്ടുണ്ട് 

മൃഗ മത്സരമോ?

കുതിര, ഒട്ടകം, കഴുത, കോവർകഴുത എന്നിവയിൽ അനുവദനീയമാണ് (ജമൽ: 5/281 നോക്കുക) 

മത്സരത്തിൽ ചൂതാട്ടം പറ്റുമോ?

പറ്റില്ല അതില്ലാത്ത രീതിയിൽ സമ്മാനങ്ങൾ നിർണയിക്കാം മത്സരാർത്ഥികൾ അല്ലാത്തവർ സമ്മാനം ഓഫർ ചെയ്യാം ഉദാ: നിങ്ങൾ രണ്ടുപേരും മത്സരം നടത്തുക, വിജയിക്കുന്നവർക്ക് ഞാൻ സമ്മാനം തരും എന്നു ഒരാൾ പറയൽ അതു അനുവദനീയമാണ്  

മത്സരാർത്ഥികളിൽ ഒരാൾ മാത്രം സമ്മാനം ഓഫർ ചെയ്താലോ?

അതിനു വിരോധമില്ല ഉദാ: 'നീ എന്നെ പരാജയപ്പെടുത്തിയാൽ ഞാൻ നിനക്ക് ഒരു സമ്മാനം തരും ഞാൻ നിന്നെ പരാജയപ്പെടുത്തിയാൽ നീ എനിക്ക് സമ്മാനം തരണ്ട' എന്നു ആരെങ്കിലും പറഞ്ഞാൽ വിരോധമില്ല കാരണം, അതിൽ തെറ്റായ ചൂതാട്ടമില്ല 

തെറ്റും കുറ്റവുമായ ചൂതാട്ട് വരുന്ന രൂപം എങ്ങനെ?

മത്സരാർത്ഥികളെ രണ്ടുപേരും ഫണം വെച്ച് (അല്ലെങ്കിൽ മറ്റാരെങ്കിലും) മത്സരിക്കലാണ് തെറ്റായ ചൂതാട്ടം ആ ഇടപാട് അസാധുവാണ് നിഷിദ്ധമാണ് 

ഉദാ: 'ഞാൻ നിന്നെ പരാജയപ്പെടുത്തിയാൽ നീ എനിക്ക് ആയിരം രൂപ തരണം നീ എന്നെ പരാജയപ്പെടുത്തിയാൽ നിനക്ക് ഞാൻ ആയിരം രൂപ തരും' എന്നു പറയൽ ഓരോരുത്തർക്കും ഒരേ സമയം നേട്ടത്തിനും നഷ്ടത്തിനും സാധ്യതയുണ്ടാകുമ്പോഴാണ് നിഷിദ്ധ ചൂതാട്ടം ഉണ്ടാവുക (ജമൽ: 5/283 നോക്കുക) 

തിരുനബി (സ) പുകഴ്ത്തിപ്പറഞ്ഞ വിനോദങ്ങൾ ഉണ്ടോ?

ഉണ്ട് നബി (സ) പറയുന്നു: വിനോദം മൂന്നു കാര്യങ്ങളിലാണ് നിന്റെ കുതിരക്ക് പരിശീലനം നൽകുക, നിന്റെ വില്ലെടുത്ത് അസ്ത്രമെയ്ത്ത് നടത്തുക, നിന്റെ സഹധർമിണിയുമായി സല്ലപിക്കുക എന്നിവയാണത് (നസാഈ: 6/222, കഫ്ഫുറആഅ്, പേജ്: 151) 

നബി (സ) പ്രസ്താവിക്കുന്നു: മലക്കുകളുടെ സാന്നിധ്യമുള്ള വിനോദങ്ങൾ മൂന്നെണ്ണം മാത്രമാണ് പുരുഷൻ തന്റെ ഭാര്യയോടൊപ്പം വിനോദിക്കുക, കുതിരയോട്ട മത്സരം നടത്തുക, അമ്പെയ്ത്തു മത്സരം നടത്തുക (ഹാകിം, കഫ്ഫുറആഅ്: 151) 

ആനയോട്ട മത്സരം അനുവദനീയമാണോ?

ആനകളുടെ മത്സര ഓട്ടമാണ് ആനയോട്ടം നിശ്ചിത ഉപാധികളോടെ ആനയോട്ട മത്സരം അനുവദനീയമാണ് യുദ്ധ പരിശീലന ലക്ഷ്യത്തോടെ സുന്നത്തു കൂടിയാണ് (തുഹ്ഫ: 9/397-399) 

പ്രതിഫലം നിശ്ചയിച്ച്- ചൂതാട്ട സ്വഭാവമില്ലാതെ ആനയോട്ട മത്സരം നടത്താം ആന യുദ്ധ വാഹനമാണ് (റൗള) ഒടകത്തിൽ മത്സരം ആവാമെങ്കിൽ ആനയിലും ആവാം (അർഹാവിൽ കബീർ: 15/185) 

പ്രാവു കളിയുടെ വിധിയെന്ത്?

പ്രാവുകളി കറാഹത്താണ് (കഫ്ഫുർആഅ്: പേജ് :79) 

ഒളിപ്പിച്ചു കളി അനുവദനീയമാണോ?

അല്ല ഇമാം ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നു: തമാശ രൂപേന മറ്റു വല്ലവരുടെയും സാധനം ഗുരുതരമായ ഭയം വരുന്ന രീതിയിൽ എടുത്തു വെക്കുന്ന സമ്പ്രദായം ഹറാമാണ് (തുഹ്ഫ: 10/287) 

ഒളിപ്പിച്ചു കളിയിൽ നിസാരമായ ഭയമാണുള്ളതെങ്കിലോ?

അപ്പോൾ അനുവദനീയമാണ് നിഷിദ്ധമല്ല (തുഹ്ഫ: 10/287) 

തമാശ കളിയിൽ തെറ്റുണ്ടോ?

ഇല്ല തെറ്റായ കാര്യങ്ങൾ ചേരാതിരിക്കണം (തുഹ്ഫ: 10/287 നോക്കുക) 

ഒറ്റയിരട്ടക്കളി അനുവദനീയമാണോ?

കൈയ്യിൽ ഒളിപ്പിച്ചത് ഒറ്റയോ ഇരട്ടയോ എന്നു പറയുക ശരിയായാൽ പറഞ്ഞവൻ വിജയിച്ചു ഇല്ലെങ്കിൽ തോറ്റു ഈ കളി പണം വെച്ചാണെങ്കിൽ നിഷിദ്ധവും അല്ലെങ്കിൽ അനുവദനീയവുമാണ് (തുഹ്ഫ: 9/399) 

കോഴിപ്പോര് മത്സരത്തിന്റെ വിധി?

തിരഞ്ഞെടുത്ത് പരിശീലനം നൽകിയ കോഴികളെക്കൊണ്ട് വാശിയോടെ അന്യോന്യം പൊരുതിക്കുന്ന ഒരു വിനോദമാണ് കോഴിപ്പോര് അതു നിഷിദ്ധമാണ് നിരവധി ഹറാമുകളുടെ സംഗമമാണത് 

ജീവിയെ അനാവശ്യമായി വേദനിപ്പിക്കുക, അതിനെ വിനോദോപകരണമാക്കി ഉപദ്രവിക്കുക, ജീവനോടെത്തന്നെ വൈകൃതം വരുത്തുക, അനാവശ്യമായി കൊല്ലുക, ഹറാമായ മത്സരം നടത്തുക, അതിനു വഴി ഒരുക്കുക ഇങ്ങനെ നീളുന്ന നിഷിദ്ധങ്ങൾ 
ജീവികൾക്കിടയിൽ പ്രകോപനമുണ്ടാക്കി അന്യോന്യം പൊരുതിക്കുന്നത് കുറ്റമാണ് (സവാജിർ: 2/84) 

കോഴികളെ പരസ്പരം കൊത്തിച്ചു മത്സരം നടത്തൽ പണം വയ്ക്കാതെയാണെങ്കിലും ഹറാമാണ് ഈ വിനോദം വിഡ്ഢിത്വവും ലൂത്വ് നബി (അ) ന്റെ അഭിശപ്തരായ ജനങ്ങളുടെ ദുഷ്കൃതവുമാണ് (തുഹ്ഫ: 9/399, നിഹായ: 8/166) 

ഏപ്രിൽ ഫൂളിൽ കളവു പറഞ്ഞും ജനങ്ങളെ  വിഡ്ഢികളാക്കിയും ഉള്ള വിനോദത്തെക്കുറിച്ചെന്തു പറയുന്നു?

വിഡ്ഢികൾക്കാണു അന്നു വിഡ്ഢിദിനം മുസ്ലിംകൾക്ക് അല്ല നമുക്ക് അന്നും മറ്റു ദിവസങ്ങളെ പോലെ പ്രധാനമാണ് കളവു പറയുന്നതിന്റെ അടിസ്ഥാന വിധി ഹറാമാണ് അതു എന്നും അങ്ങനെത്തന്നെയാണ് 

ഭാര്യയെ തൃപ്തിപ്പെടുത്താൻ വേണ്ടി കളവ് പറയാമോ?

അതേ പറയാം (ഫത്ഹുൽ മുഈൻ) 

ഭരണാധികാരിയോട് ചെയ്ത തെറ്റ് ഇല്ലെന്നു പറയാമോ?

കള്ള് കുടിച്ചവനോട് അതിനെക്കുറിച്ച് ചോദിച്ചാലും വ്യഭിചരിച്ചവനോട് അതിനെക്കുറിച്ച് ചോദിച്ചാലും തെളിവുകൾ ഇല്ലാതിരിക്കുമ്പോൾ നിഷേധിക്കാം കളവു പറയാം അതു അനുവദനീയമാണ് രഹസ്യമായി സംഭവിച്ച ഇത്തരം തെറ്റുകളെ നിഷേധിക്കാം (അങ്ങനെ തൗബഃ ചെയ്യാം) (ഇആനത്ത്: 3/288) 

റാഗിംഗ് വിനോദത്തിന്റെ മതവിധി?

നിഷിദ്ധം തന്നെ മനുഷ്യരെ അകാരണമായി അക്രമിക്കൽ നിഷിദ്ധമാണെന്നതിൽ രണ്ടു വീക്ഷണമില്ലല്ലോ 
പ്രൊഫഷണൽ കോളേജുകളിൽ പുതുതായി പ്രവേശനം നേടിയവരെ പല ന്യായ(?)യങ്ങൾ പറഞ്ഞു സീനിയർ വിദ്യാർത്ഥികൾ പീഡിപ്പിക്കുന്ന ഒരു വിനോദമാണ് റാഗിംഗ്, അതു ഗുരുതര തെറ്റാണ് 

പകിടകളി എന്നാലെന്ത്? അതിന്റെ വിധി?

പകിട എന്ന ഉപകരണം ഉപയോഗിച്ചു കളിക്കുന്ന വിനോദമാണ്  പകിട കളി അതു നിഷിദ്ധമാണ് (മിൻഹാജ്) ഹറാം വന്നുചേരുന്ന ഏതു കളിയും നിഷിദ്ധമാണ് പകിട കളിക്കെതിരെ നിരവധി ഹദീസുകളിൽ കനത്ത താക്കീതു വന്നിട്ടുണ്ട് 

ഇന്നു നിലവിലുള്ള നാടകം, സിനിമ എന്നിവയിൽ അഭിനയിക്കൽ നിഷിദ്ധമാണോ?

അതേ, നിഷിദ്ധം തന്നെ അക്കാര്യം ഉലമാക്കൾ പ്രസ്താവിച്ചിട്ടുണ്ട്  



അലി അഷ്‌കർ : 95267 65555