Wednesday 27 February 2019

നിസ്കാരം ഒരു ലഘുപഠനം - (ഷാഫി മദ്ഹബ്)







ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠവുമാണ് നിസ്കാരം. സ്വർഗ്ഗ ലോകത്തിന്റെ താക്കോലായ അത് തിന്മകളെ മായ്ച്ചുകളയുകയും നീച പ്രവർത്തികളെ  തടയുകയും ചെയ്യുന്നു. പ്രായപൂർത്തിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും നിസ്കാരം നിർബന്ധമാണല്ലോ. മുസ്ലിമിന്റെയും കാഫിറിന്റെയും ഇടയിലുള്ള പ്രധാന  വ്യത്യാസം നിസ്കാരം അല്ലേ. എന്നാൽ നിസ്കാരം കുറ്റമറ്റതാക്കാൻ ചില നിബന്ധനകളുണ്ട്. നിസ്കാരത്തിന് പ്രധാനമായും 14 ഫർളുകളാണുള്ളത്. ആ ഫർളുകൾ ഉണ്ടായാൽ മാത്രമേ നിസ്കാരം ഉണ്ടാവുകയുള്ളൂ. അവയിൽ ഒന്നിന് കോട്ടം സംഭവിച്ചാൽ അത് കാരണം നിസ്കാരത്തിനും കോട്ടം സംഭവിക്കും. നിസ്കാരത്തിന്റെ ആ 14 ഫർളുകളെ പറ്റിയുള്ള ഒരു ലഘുപഠനം ആണ് തുടർന്ന് ഉദ്ദേശിക്കുന്നത്.


1.നിയ്യത്ത്


നിയ്യത്ത് എന്നാൽ കരുതുക എന്നാണ് അർത്ഥം.നിസ്കാരത്തിന്റെ ആദ്യ ഫർളാണ് നിയ്യത്ത്.ഫർളു നിസ്കാരങ്ങളിലെ നിയ്യത്തിൽ മൂന്ന് കാര്യങ്ങൾ നിർബന്ധമായും വേണം.

1. ഞാൻ നിസ്കരിക്കുന്നു എന്ന കരുതൽ

2. നിസ്കാരത്തെ നിർണയിക്കുക

3. ഫർള് എന്ന് വ്യക്തമാക്കുക

ഉദാഹരണത്തിന് ളുഹ്ർ നിസ്കരിക്കുമ്പോൾ ളുഹ്ർ എന്ന ഫർള് ഞാൻ നിസ്കരിക്കുന്നു എന്ന് മനസ്സിൽ കരുതൽ നിർബന്ധമാണ്.

നിയ്യത്തിലെ ഈ കാര്യങ്ങളൽ മനസ്സിൽ കരുതുകയാണ് വേണ്ടത്. നാവു കൊണ്ട് പറയൽ സുന്നത്താണ്. ഒരാൾ നാവു കൊണ്ട് പറയാതെ മനസ്സിൽ മാത്രം നിയ്യത്ത് കൊണ്ടുവന്നാൽ സാധുവാകും. നേരെമറിച്ച് മനസ്സിൽ കരുതൽ ഇല്ലാതെ നാവ് കൊണ്ട് വെറുതെ പറഞ്ഞാൽ അത് ശരിയല്ല.

ഉപാധിയുള്ള സുന്നത്ത് നിസ്കാരങ്ങളിലെ (ളുഹാ, പെരുന്നാൾ,വിത്റ്.....എന്നിവ പോലെ) നിയ്യത്തിൽ രണ്ടു കാര്യങ്ങളാണ് നിർബന്ധമായും കരുതേണ്ടത്.

1. ഞാൻ നിസ്കരിക്കുന്നു എന്ന കരുതൽ

2. നിസ്കാരത്തെ നിർണയിക്കുക

ഉദാഹരണത്തിന് ഒരാൾ തഹജ്ജുദ് നിസ്കരിക്കുമ്പോൾ ഞാൻ തഹജ്ജുദ് നിസ്കരിക്കുന്നു എന്ന് മനസ്സിൽ കരുതൽ നിർബന്ധമാണ്.

എന്നാൽ നിരുപാധികമായ (ഒരു ഉപാധിയുമില്ലാത്ത) സുന്നത്ത് നിസ്കാരങ്ങളിലെ നിയ്യത്തിൽ ഒരു കാര്യം മാത്രമാണ് നിർബന്ധം.

1. ഞാൻ നിസ്കരിക്കുന്നു എന്ന കരുതൽ

അപ്പോൾ ഒരാൾ വെറുതെ രണ്ടു റക്അത്ത് നിസ്കരിക്കുമ്പോൾ ഞാൻ നിസ്കരിക്കുന്നു എന്ന് മാത്രം കരുതലെ നിർബന്ധമുള്ളൂ.

നിസ്കാരത്തിന്റെ നിയ്യത്തിൽ സുന്നത്തായ കാര്യങ്ങൾ താഴെ പറയുന്നു. 1. അല്ലാഹുവിന് വേണ്ടി നിസ്കരിക്കുന്നു എന്ന് കരുതുക 2. അദാഅ് എന്നോ ഖളാഅ് എന്നോ വ്യക്തമാക്കുക 3. ഖിബ് ലക്ക് മുന്നിട്ട് നിസ്കരിക്കുന്നു എന്ന് കരുതുക 4. റക്അത്തുകളുടെ എണ്ണം വ്യക്തമാക്കുക 5. മനസ്സിൽ കരുതിയത് നാവ് കൊണ്ട് പറയുക ജമാഅത്തായി നിസ്കരിക്കുമ്പോൾ മഅ്മൂം നിയ്യത്തിൽ പ്രത്യേകം എന്തെങ്കിലും കരുതേണ്ടതുണ്ടോ? ഉണ്ട്. ഇമാമിനെ തുടർന്ന് നിസ്കരിക്കുമ്പോൾ മഅ്മൂം അവന്റെ നിയ്യത്തിൽ ഞാൻ മഅ്മൂമായി നിസ്കരിക്കുന്നു എന്നോ ഞാൻ ജമാഅത്തായി നിസ്കരിക്കുന്നു എന്നോ ഞാൻ ഇമാമിന്റെ കൂടെ നിസ്കരിക്കുന്നു എന്നോ ഞാൻ ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നു എന്നോ കരുതൽ നിർബന്ധമാണ്. ഒരാൾ ഇമാമായി നിസ്കരിക്കുമ്പോൾ ഞാൻ ജമാഅത്തായി നിസ്കരിക്കുന്നു എന്നോ ഞാൻ ഇമാമായി നിസ്കരിക്കുന്നു എന്നോ നിയ്യത്തിൽ പ്രത്യേകം കരുതൽ സുന്നത്താണ്. ഇപ്രകാരം ഇമാം കരുതാതിരുന്നാൽ അവന് ജമാഅത്തിന്റെ കൂലി നഷ്ടപ്പെടും. നിസ്കാരം തുടങ്ങുമ്പോൾ ഒരാളു പോലും പിന്നിൽ ഇല്ല, പക്ഷേ പീന്നീട് താൻ ഇമാമാകും എന്നുറപ്പുണ്ടെങ്കിൽ തക്ബീറത്തുൽ ഇഹ്റാമിൽ തന്നെ ഇമാമത്തിനെ കരുതാം. ഇമാമിന് ഞാൻ ജമാഅത്തായി നിസ്കരിക്കുന്നു എന്നോ ഇമാമായി നിസ്കരിക്കുന്നു എന്നോ കരുതൽ നിർബന്ധമുള്ള നിസ്കാരങ്ങൾ ഉണ്ടോ ?
ഉണ്ട്. നാലു നിസ്കാരങ്ങളിൽ അങ്ങനെ കരുതൽ ഇമാമിന് നിർബന്ധമാണ്. 1. ജുമുഅ നിസ്കാരം 2. കാരണമില്ലാതെ മടക്കി നിസ്കരിക്കുന്ന ഫർള് നിസ്കാരം 3. മഴ കാരണം മുന്തിച്ച് ജംഅ് ആകുന്ന ഫർള് നിസ്കാരം 4. ജമാഅത്ത് നേർച്ചയാക്കിയ നിസ്കാരം

2.തക്ബീറത്തുൽ ഇഹ്റാം

നിസ്കാരത്തിന്റെ രണ്ടാമത്തെ ഫർളാണ് തക്ബീറത്തുൽ ഇഹ്റാം.നിസ്കാരത്തിൻ്റെ ആരംഭം قولي (വാക്കാലുള്ള) ഈ റുക്ന് കൊണ്ടാണ്.ഇവിടെ الله أكبر എന്ന് നാവ് കൊണ്ട് പറയലാണ് നിർബന്ധം. രണ്ടു കൈകൾ ഉയർത്തി കെട്ടൽ സുന്നത്തായ കാര്യമാണ്. അപ്പോൾ ഒരാൾ നാവ് കൊണ്ട് ഒന്നും മിണ്ടാതെ കൈകൾ ഉയർത്തി കെട്ടിയാൽ തക്ബീറത്തുൽ ഇഹ്റാം ആകൂല.നിസ്കാരം തുടങ്ങുക തന്നെയില്ല. നേരെമറിച്ച് ഒരാൾ കൈകൾ ഉയർത്തി കെട്ടാതെ നിസ്കാരത്തിന്റെ നിയ്യത്ത് കരുതി الله أكبر എന്ന് പറഞ്ഞാൽ അത് തക്ബീറത്തുൽ ഇഹ്റാമാകുകയും അത് കൊണ്ട് നിസ്കാരം തുടങ്ങുകയും ചെയ്യും. തക്ബീറത്തുൽ ഇഹ്റാമിലെ സുന്നത്തുകൾ 1. റാഅ് എന്ന അക്ഷരത്തിന് സുകൂൻ നൽകി اَللّٰهُ اَكْبَرْ എന്ന് പറയുക. 2. രണ്ട് കൈപത്തികളെയും തുറന്നു പിടിച്ചു കൊണ്ട് ചുമലുകൾക്കു നേരെ ഉയർത്തുക. 3. തക്ബീറത്തുൽ ഇഹ്റാമും കൈ ഉയർത്തലും ഒരുമിച്ചു തുടങ്ങുകയും ഒന്നിച്ച് അവസാനിപ്പിക്കുകയും ചെയ്യുക. الله أكبر ലെ اَ പറയുമ്പോൾ കൈകൾ ഉയർത്താൻ തുടങ്ങുകയും رْ പറയുമ്പോൾ കൈ ഉയർത്തൽ അവസാനിക്കുകയും വേണം. 4. തക്ബീറത്തുൽ ഇഹ്റാമിൽ ഉയർത്തിയ കൈകൾ നെഞ്ചിന് താഴെയായും പൊക്കിളിനു മുകളിലായി കെട്ടിവെക്കുക(വലതുകൈകൊണ്ട് ഇടതുകൈയുടെ മണിബന്ധത്തിൽ പിടിച്ചു കൊണ്ടാണ് കെട്ടിവെക്കേണ്ടത്) 5. ഇമാം തക്ബീറത്തുൽ ഇഹ്റാം (നിസ്കാരത്തിലെ മറ്റു തക്ബീറുകളെയും) ഉറക്കെ ചൊല്ലുക. [തക്ബീർ ഉറക്കെ ചൊല്ലുമ്പോൾ പിന്നിലുള്ളവരെ കേൾപ്പിക്കുക എന്ന നിയ്യത്തോടെ മാത്രം ആകരുത്. മറിച്ച് ദിക്റ് ചൊല്ലുന്നു എന്ന കരുതൽ വേണം] 6. നിയ്യത്തിനും തക്ബീറിനും മുമ്പ് സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കുക. എന്ത് കൊണ്ടാണ് നിസ്കാരത്തിലെ ആദ്യ തക്ബീറിന് തക്ബീറത്തുൽ ഇഹ്റാം എന്ന് പറയുന്നത്? നിസ്കാരത്തിന് മുമ്പ് അനുവദിക്കപ്പെട്ട പല കാര്യങ്ങളും (തിന്നൽ, സംസാരം പോലെ) ഈ തക്ബീറ് കൊണ്ട് ഹറാമായതുകൊണ്ടാണ് ഇതിന് തക്ബീറത്തുൽ ഇഹ്റാം എന്ന് പറയുന്നത്. എന്നാൽ ബാക്കിയുള്ള തക്ബീറുകൾക്ക് تَكْبِيرَةُ الْاَنتِقَالْ (പോയി വരവിന്റെ തക്ബീർ)എന്നാണ് പറയുന്നത്. റുകുഅ് -ൽ നിന്ന് ഉയരുമ്പോൾ ഒഴികെ ബാക്കി എല്ലാ കുനിയലിലും ഉയരലിലും الله أكبر എന്ന് പറയൽ സുന്നത്താണ്. (فتح المعين) കൈകൾ ഉയർത്തേണ്ടത് എങ്ങനെ? തക്ബീറത്തുൽ ഇഹ്റാമിൽ ഇരു കൈകളും ചുമലുകൾക്കു നേരെ ഉയർത്തൽ സുന്നത്താണ്. തള്ളവിരലുകൽ കാതുവള്ളി (കാതിൽ കമ്മലിടുന്ന ഭാഗം) യുടെ നേരെയും മറ്റു വിരലുകൾ ചെവിയുടെ മുകൾ ഭാഗത്തിന് നേരെയും കൈപള്ളകൾ തോളിനു നേരെയും വരുന്ന രീതിയിലാണ് രണ്ടു കൈകളും ഉയർത്തേണ്ടത്. റുകൂഇലേക്ക് പോകുമ്പോഴും, റുകൂഇൽ നിന്ന് ഉയരുമ്പോഴും, ഒന്നാം അത്തഹിയ്യാത്തിൽ നിന്ന് എഴുന്നേറ്റ് മൂന്നാം റക്അത്തിലേക്ക് നിൽകുമ്പോഴും ഇപ്രകാരം കൈകൾ ഉയർത്തൽ സുന്നത്താണ്. എന്നാൽ ഒന്നാം റക്അത്തിലെയും മൂന്നാം റക്അത്തിലെയും രണ്ടാം സുജൂദിൽ നിന്നും എഴുന്നേറ്റു അടുത്ത റക്അത്തുകളിലേക്ക് നിൽകുമ്പോൾ കൈ ഉയർത്തൽ സുന്നത്തില്ല. തക്ബീർ അറിയാത്ത പുതുവിശ്വാസികളെ പോലുള്ളവർ എന്താണ് ചെയ്യേണ്ടത്? തക്ബീർ അറബിയിൽ ചൊല്ലാൻ അറിയാത്തവർ അത് പഠിക്കൽ നിർബന്ധമാണ്. പക്ഷെ ഇപ്പോൾ പഠിക്കാനൊരുങ്ങിയാൽ ആ നിസ്കാരം നഷ്ടപ്പെടുമെങ്കിൽ തക്ബീറിനെ അറിയാവുന്ന ഭാഷയിൽ തർജ്ജിമ ചെയ്യണം. അഥവാ അതേ ആശയമുള്ള മറ്റൊരു വാക്യം അറിയാവുന്ന ഏതെങ്കിലും ഒരു ഭാഷയിൽ കൊണ്ടുവരണം. സ്വന്തം വീഴ്ച കൊണ്ടാണ് പഠനം വൈകിപ്പോയതെങ്കിൽ ആ നിസ്കാരം മടക്കൽ നിർബന്ധമാണ്. ജമാഅത്ത് നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാമിന്റെ ശ്രേഷ്ഠത എന്താണ് ? ഇമാമിന്റെ കൂടെ തക്ബീറത്തുൽ ഇഹ്റാം നേടുക എന്നത് പ്രത്യേകം സുന്നത്താണ്. ഒരാൾ 40 ദിവസം അത് പതിവാക്കിയാൽ കാപട്യത്തിൽ നിന്നുള്ള മോചനവും നരകമോചനവും അവന് രേഖപ്പെടുത്തും എന്ന് ഹദീസിൽ കാണാം. ഇമാമിന്റെ തക്ബീറത്തുൽ ഇഹ്റാമിന് ഹാജരാവുകയും ഇമാം തക്ബീറത്തുൽ ഇഹ്റാം ചെയ്ത ഉടനെ ഇഹ്റാം നിർവഹിക്കുകയും ചെയ്താൽ ആ പ്രതിഫലം ലഭിക്കുന്നതാണ്.


3.നിൽക്കാൻ കഴിയുന്നവൻ നിന്ന് നിസ്കരിക്കുക



നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർളാണ് നിൽക്കാൻ കഴിയുന്നവൻ നിൽക്കുക എന്നത്. ഇത് ഫർള് നിസ്കാരങ്ങളിൽ മാത്രമാണ് നിർബന്ധം. സുന്നത്ത് നിസ്കാരം ഇരുന്ന് കൊണ്ടും ചരിഞ്ഞ് കിടന്നു കൊണ്ടും നിസ്കരിക്കാം.

"നിൽക്കുക" എന്നതാണ് നിസ്കാരത്തിന്റെ ഫർളുകളിൽ ഏറ്റവും ശ്രേഷ്ഠമായത്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു : "ഒരാൾ നിന്ന് നിസ്ക്കരിച്ചാൽ അതാണ് ഏറ്റവും ശ്രേഷ്ഠമായത്. ഒരാൾ ഇരുന്നു നിസ്കരിച്ചാൽ നിന്ന് നിസ്കരിച്ചവന്റെ പകുതി കൂലി ലഭിക്കും. ഒരാൾ ചരിഞ്ഞുകിടന്നു നിസ്കരിച്ചാൽ ഇരുന്നു നിസ്കരിച്ചവന്റെ പകുതി കൂലിയെ ലഭിക്കുകയുള്ളൂ.


നിൽക്കാൻ കഴിവില്ലാത്തവന് നിസ്കാരം ഒഴിവാക്കാൻ പറ്റുമോ?

ഇല്ല. നിന്ന് നിസ്കരിക്കാൻ കഴിവില്ലാത്തവൻ ഇരുന്ന് നിസ്കരിക്കണം. ഇരുന്ന് നിസ്കരിക്കാൻ പറ്റാത്തവൻ ഒരു ഭാഗത്തിന് മേൽ ചരിഞ്ഞു കിടന്നു നിസ്കരിക്കണം. ചരിഞ്ഞുകിടന്നു നിസ്കരിക്കാൻ സാധിക്കാത്തവൻ മലർന്നുകിടന്ന് നിസ്കരിക്കണം.

അപ്പോൾ റുകൂഉം സുജൂദും തലകൊണ്ട് ആംഗ്യം കാണിച്ച് വേണം നിർവഹിക്കുവാൻ. അപ്രകാരം ചെയ്യാൻ കഴിയാത്തവൻ അവന്റെ കൺപോളകളെ കൊണ്ട് ആംഗ്യം കാണിക്കണം. അതിനും കഴിയാത്തവൻ അവന്റെ ഖൽബിൽ നിസ്കാരത്തിന്റെ പ്രവർത്തനങ്ങളെ കൊണ്ടുവരണം. ബുദ്ധിയുള്ള കാലത്തോളം നിസ്കാരം ഒഴിവാക്കാൻ പറ്റുകയില്ല.
(ഫത്ഹുൽ മുഈൻ)

എപ്പോഴാണ് ഇരുന്നു നിസ്കാരം അനുവദനീയമാകുക?

നിർത്തം ഫർള് നിസ്കാരത്തിൽ നിർബന്ധം ആണല്ലോ. സ്വയം നിൽക്കാൻ കഴിയാതെ വന്നാൽ വടിയുടെയോ തുണിന്റെയോ ചുമരിന്റെയോ സഹായത്തോടെ നിൽക്കണം. അല്ലെങ്കിൽ മറ്റൊരാളുടെ സഹായം(കൂലിക്കു ആളെ നിശ്ചയിച്ചെങ്കിലും) ഉപയോഗിച്ച് നിൽക്കണം. കൂലിക്കു പോലും ഒരാളെ സഹായത്തിനു കിട്ടാതെ വരികയോ അല്ലെങ്കിൽ കൂലി കൊടുക്കാൻ കഴിയാതെ വരികയോ ചെയ്താൽ അവന് ഇരുന്നു നിസ്കരിക്കാവുന്നതാണ്. ചുരുക്കത്തിൽ, സാധാരണ ഗതിയിൽ സഹിക്കാൻ പറ്റാത്ത വിഷമവും ബുദ്ധിമുട്ടും നിർത്തം മുഖേന ഉണ്ടായാൽ മാത്രമേ ഇരുന്നു നിസ്കരിക്കാൻ പറ്റുകയുള്ളു.

നിൽക്കാൻ കഴിയാത്തവർ എങ്ങനെയാണ് ഇരുന്ന് നിസ്കരിക്കേണ്ടത്?

ഇരുന്ന് നിസ്കരിക്കുന്നവൻ ഏറ്റവും ശ്രേഷ്ഠമായത് ഇഫ്തിറാശിന്റെ(ഒന്നാം അത്തഹിയ്യാത്തിലെ) ഇരുത്തമാണ്. പിന്നെ ഏറ്റവും നല്ലത് തറബ്ബുഅ്(ചമ്രം പടിഞ്ഞിരിക്കുക) ന്റെ ഇരുത്തവും അതിനുശേഷം നല്ലത് തവറുക്കിന്റെ (അവസാന അത്തഹിയ്യാത്തിലെ) ഇരുത്തവുമാണ്. {ഫത്ഹുൽ മുഈൻ}

എന്നാൽ ഇന്ന് കസേരയിലിരുന്ന് നിസ്കരിക്കുന്നത് വ്യാപകമാണ്. ആ കസേര നിസ്കാരങ്ങൾ ശരിയാണോ?

ഇഷ്ടംപോലെ ഇരിക്കാം എന്ന് ഫിഖ്ഹ് പണ്ഡിതന്മാർ പറഞ്ഞതിൽ കസേര ഇരുത്തവും പെടുമെന്ന് പറയാം. കസേര നിസ്കാരം പലതരമുണ്ട്. അവയെല്ലാം ഒറ്റയടിക്ക് ശരിയാണന്നോ ശരിയല്ലെന്നോ പറയാവതല്ല. വിശദീകരണം ആവശ്യമുണ്ട്.



കസേര നിസ്കാരം പലതരമുണ്ട്.

കസേര നിസ്കാരം രൂപം 1

നിൽക്കാൻ കഴിയും പക്ഷേ റുകൂഉം സുജൂദും മുറപോലെ നിർവഹിക്കാൻ കഴിയില്ല. ഈ വകുപ്പിൽ പെടുന്നവർ നിന്നു കൊണ്ട് തന്നെ നിസ്കരിക്കണം. റുകൂഉനും സുജൂദിനും വേണ്ടി ആംഗ്യം കാണിക്കണം.

റുകൂഇന് വേണ്ടിയുള്ള ആംഗ്യം നിന്നുകൊണ്ടും രണ്ട് സുജൂദ്കൾക്ക് വേണ്ടിയുള്ള ആംഗ്യം ഇരുന്നുകൊണ്ടും നിർവഹിക്കണം.

നട്ടെല്ല് പരമാവധി വളച്ചുകൊണ്ടാണ് ആംഗ്യം കാണിക്കേണ്ടത്. അതിനു കഴിയില്ലെങ്കിൽ തലയും പിരടിയും കുനിച്ചു കൊണ്ടും അതും പറ്റുന്നില്ലെങ്കിൽ തല മാത്രം കുനിച്ചുകൊണ്ട് അതിനും കഴിയുന്നില്ലെങ്കിൽ കൺപോളകളെ ചലിപ്പിച്ചുകൊണ്ട് അതിനും പറ്റുന്നില്ലെങ്കിൽ ഖൽബ് കൊണ്ടും ആംഗ്യം കാണിക്കണം.

കസേര നിസ്കാരം രൂപം 2

നിൽക്കാൻ കഴിയില്ല. സാധാരണപോലെ റുകൂഅോ സുജൂദോ ചെയ്യാനും കഴിയില്ല. ഇതാണ് കസേര നിസ്കാരത്തിലെ രണ്ടാം രൂപം.

ഈ വിഭാഗത്തിൽ പെട്ടവർക്ക് ഇരുന്ന് നിസ്കരിക്കാം. നിസ്കാരത്തിലെ ഖിയാമും ഇഅ്തിദാലും തുടങ്ങി എല്ലാ പ്രവർത്തികളും ഇരുന്നുകൊണ്ടാണ് നിർവഹിക്കേണ്ടത്.റുകൂഇന് സുജൂദിന് വേണ്ടി ആംഗ്യം കാണിച്ചാൽ മതിയാകും.

കസേര നിസ്കാരം രൂപം 3

നിൽക്കാൻ കഴിയും, റുകൂഅ് ചെയ്യാനും കഴിയും, പക്ഷേ സുജൂദ് ചെയ്യാൻ കഴിയില്ല. ഇതാണ് കസേര നിസ്കാരത്തിലെ മൂന്നാമത്തെ വിഭാഗം. ഈ വകുപ്പിൽ പെടുന്നവർ നിന്നുതന്നെ നിസ്കരിക്കണം.

റുകൂഅ് സാധാരണപോലെ ചെയ്യണം. പിന്നീട് എഴുന്നേറ്റുനിന്ന് ഇഅ്തിദാൽ ചെയ്തശേഷം സുജൂദിന് വേണ്ടി കുനിയണം. അപ്പോൾ റുകൂഅ്നേക്കാൾ കൂടുതൽ കുനിയാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്തു റുകൂഉം സുജൂദും തമ്മിൽ വിത്യാസം ഉണ്ടാക്കണം.

ഇരുന്നു നിസ്കരിക്കാൻ കഴിയാത്തവർ എങ്ങനെയാണ് നിസ്കരിക്കേണ്ടത്?

ഇരിക്കാനും കഴിയാത്തവർ കിടന്ന് നിസ്കരിച്ചാൽ മതി. ചെരിഞ്ഞു കിടന്നാണ് നിസ്കരിക്കേണ്ടത്. വലതുവശം ചെരിഞ്ഞ് കിടന്ന് നിസ്കരിക്കാൻ പ്രയാസമുണ്ടെങ്കിലേ ഇടത് വശത്തേക്ക് ചെരിഞ്ഞു കിടക്കാവൂ. വലതുവശം സാധ്യമായിരിക്കേ ഇടതുവശത്തേക്ക് ചെരിഞ്ഞ് കിടന്ന് നിസ്കരിക്കൽ കറാഹത്താകുന്നു. ചെരിഞ്ഞ് കിടന്ന് നിസ്കരിക്കുമ്പോൾ മുഖവും ശരീരത്തിന്റെ മുൻഭാഗവും ഖിബിലക്ക് അഭിമുഖമാകണം.

ഇടത്തോട്ടോ വലത്തോട്ടോ ചെരിഞ്ഞ് കിടന്നു നിസ്കരിക്കാൻ സാധിക്കാത്തവൻ മലർന്നുകിടന്നാണ് നിസ്കരിക്കേണ്ടത്. തലയണയോ മറ്റോ ഉപയോഗിച്ച് തല അല്പം പൊക്കി വെച്ച് കൊണ്ട് മുഖം ഖിബിലക്ക് അഭിമുഖമാകണം. അതോടൊപ്പം തന്നെ രണ്ടു ഉള്ളം കാലുകളും ഖിബിലക്ക് അഭിമുഖമാകുന്നത് ഉത്തമമാണ്.

മലർന്നുകിടന്ന് നിസ്കരിക്കുന്നവൻ റുകൂഇനും സുജൂദിനും വേണ്ടി തല കൊണ്ട് ആംഗ്യം കാണിക്കണം. അതിന് കഴിയാത്തവൻ കൺപോളകൾ കൊണ്ടാണ് ആംഗ്യം കാണിക്കേണ്ടത്. അതിന് സാധിക്കാത്തവൻ നിസ്കാരത്തിന്റെ പ്രവർത്തികളെ മനസ്സിൽ കൊണ്ടുവരണം.
(ഫത്ഹുൽ മുഈൻ)

നിന്നും, ഇരുന്നും, ചെരിഞ്ഞു കിടന്നും, മലർന്നു കിടന്നും നിസ്കരിക്കുന്നവർക്കെല്ലാം ഖിബിലക്ക് മുന്നിടൽ നിർബന്ധം തന്നെയാണല്ലോ. എന്നാൽ രോഗശയ്യയിൽ കിടക്കുന്ന ഒരാൾ രോഗമോ മറ്റോ കാരണത്താൽ ഖിബിലയിലേക്ക് തിരിയാൻ സാധിക്കാതെ വന്നാൽ, അതിന് അവൻ മറ്റൊരാളുടെ സഹായം തേടണം.

സഹായത്തിന് ആരെയും കിട്ടാതെ വന്നാൽ ഖിബിലക്ക് അഭിമുഖം ആകൽ നിർബന്ധമില്ല. അവൻ ഏതുവിധമാണോ കിടക്കുന്നത് ആവിധം നിസ്കരിക്കാം. എന്നാൽ തടസ്സം നീങ്ങി ശേഷം ഈ നിസ്കാരം മടക്കൽ നിർബന്ധമാണ്.


കൂനന്റെ നിസ്കാരം

നിവർന്നു നിൽക്കാൻ കഴിയാത്ത കൂനൻ, അവന്റെ നടുവ് വളഞ്ഞ് റുകൂഇന്റെ അതർത്തിയിൽ എത്തിയെങ്കിൽ പോലും അങ്ങനെ തന്നെ നിന്ന് കൊണ്ട് നിസ്കരിക്കണം. ഇരുന്ന് നിസ്കരിക്കാൻ പറ്റില്ല.

കഴിയുമെങ്കിൽ നിർത്തത്തെക്കാൾ അൽപം കൂടി കുനിഞ്ഞ് റുകൂഅ് ചെയ്യണം. കൂടുതലായി ഒട്ടും കുനിയാൻ കഴിയില്ലെങ്കിൽ മനസ്സ് കൊണ്ട് റുകൂഉം ഇഅ്തിദാലും ചെയ്യണം.അതായത് നിർത്തതിന്റെ സമയം കഴിഞ്ഞാൽ കുറച്ചു സമയം റുകൂആയും പിന്നെ കുറച്ചു സമയം ഇഅ്തിദാലായും ഗണിക്കണം. അതിന് ആ റുകുനുകളെ പ്രത്യേകം മനസ്സിൽ കരുതൽ നിർബന്ധമാണ്.


ഒരാൾക്ക് കൂടുതൽ സമയം നിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. അയാൾ ഒറ്റയ്ക്ക് നിസ്കരിക്കുയാണെങ്കിൽ നിന്ന് നിസ്കരിക്കാൻ കഴിയും. മറ്റുള്ളവരോടൊപ്പം ജമാഅത്തിൽ പങ്കെടുക്കുകയാണെങ്കിൽ ഇടയ്ക്ക് ഇരിക്കേണ്ടിവരും. ഇവിടെ ഏതാണ് ഉത്തമം?

ഇടയ്ക്ക് ഇരിക്കേണ്ടി വന്നാലും ജമാഅത്തിൽ പങ്കെടുക്കാവുന്നതാണ്. പക്ഷേ, നിസ്കാരത്തിൽ മുഴുവൻ നിൽക്കാൻ കഴിയും എന്നതുകൊണ്ട് ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ് ഇവിടെ ഉത്തമം.

അപ്രകാരം ഒരാൾ നിസ്കാരത്തിൽ ഫാത്തിഹ മാത്രം ഓതുകയാണെങ്കിൽ നിന്ന് നിസ്കരിക്കാൻ കഴിയും. എന്നാൽ സൂറത്തും കൂടി ഓതുകയാണെങ്കിൽ ഇടക്ക് ഇരിക്കേണ്ടിവരും. ഇവിടെ എങ്ങനെയാണ് നിസ്കരിക്കേണ്ടത്?

ഇരുന്ന് സൂറത്ത് ഓതി നിസ്കാരം നിർവഹിക്കൽ അനുവദനീയമാണെങ്കിലും, നിസ്കാരം മുഴുവൻ നിന്നുകൊണ്ടുതന്നെ നിർവഹിക്കുവാൻ വേണ്ടി സൂറത്തിനെ ഉപേക്ഷിക്കലാണ് ഉത്തമം.


ഒരാൾ നിന്ന് നിസ്ക്കരിച്ചാൽ മൂത്ര സ്രാവം ഉണ്ടാകും. എന്നാൽ ഇരുന്ന് നിസ്കരിച്ചാൽ മൂത്ര സ്രാവം നിലയ്ക്കും. എങ്കിൽ അയാൾ നിന്നാണോ ഇരുന്നാണോ നിസ്കരിക്കേണ്ടത്?

നിർബന്ധമായും അയാൾ ഇരുന്നു നിസ്കരിക്കണം. കാരണം മൂത്ര സ്രാവത്തോടെ അയാൾ നിന്ന് നിസ്കരിച്ചാൽ ആ നിസ്കാരം അസാധുവാകും.

അപ്രകാരം ഒരാൾക്ക് ഇരുകാലിൽ നില്ക്കാൻ വയ്യ. പക്ഷേ കാൽമുട്ടുകളിൽ കുത്തി നിൽക്കാൻ കഴിയും. എങ്കിൽ മുട്ടുകുത്തി നിൽക്കണമോ അല്ലെങ്കിൽ ഇരുന്ന് നിസ്കരിക്കാമോ?

കാൽപാദങ്ങളിൽ നിൽക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ കാൽമുട്ടുകളിൽ നിൽക്കാൻ സാധിക്കുമെങ്കിൽ അപ്രകാരം നിന്ന് നിസ്കരിക്കൽ നിർബന്ധമാണ്.


ഒരാൾ ആത്മഹത്യ ചെയ്യാൻ വേണ്ടി ഉയരത്തുനിന്ന് താഴോട്ട് ചാടി. ജീവൻ പോയില്ല. പക്ഷേ രണ്ട് കാലും ഒടിഞ്ഞു. ഒടിഞ്ഞ കാലുകൾ ശരിയാകുന്നതുവരെ അവൻ ഇരുന്നു നിസ്ക്കരിച്ചു. ഇനി, സുഖപ്പെട്ടു നിന്ന് നിസ്കരിക്കാൻ കഴിഞ്ഞാൽ ഈ നിസ്കാരങ്ങൾ ഖളാഅ് വീട്ടേണ്ടതുണ്ടോ?

അതിക്രമം മൂലമാണ് കാലു നഷ്ടപ്പെട്ടത്. അതുകൊണ്ട് ആ പ്രവർത്തനം ഹറാമാണ്. പക്ഷേ മനപ്പൂർവം കാലൊടിക്കുക എന്ന തെറ്റ് അതോടെ അവസാനിച്ചു. അവൻ തെറ്റ് ചെയ്തവനാണെങ്കിലും ഇപ്പോൾ തെറ്റ് ചെയ്തു കൊണ്ടിരിക്കുന്നു എന്ന് പറയാവതല്ല. അതുകൊണ്ട് കാലൊടിഞ്ഞ കാലത്തെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല.


4. ഫാത്തിഹ ഓതുക

എല്ലാ റക്അത്തിലും ഫാത്തിഹ ഓതുക എന്നതാണ് നിസ്കാരത്തിന്റെ നാലാമത്തെ ഫർള്. നബിസല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു : "ഫാത്തിഹത്തുൽകിതാബ് ഓതാത്തവന് നിസ്കാരമില്ല".

എന്നാൽ മസ്ബൂക്കായ റക്അത്തിൽ ഫാത്തിഹ ഓതൽ നിർബന്ധമില്ല. അവന്റെ ഇമാമിന്റെ നിർത്തത്തിൽ നിന്ന് ഫാത്തിഹ ഓതാൻ ഉള്ള സമയം കിട്ടാത്തവനാണ് മസ്ബൂക്ക് എന്ന് പറയുന്നത്. മസ്ബൂഖിന് ഇമാമിന്റെ കൂടെ പരിഗണനീയമായ റുകൂഇൽ അടങ്ങി താമസിക്കാൻ കഴിഞ്ഞാൽ അവന് ആ റക്അത്ത് ലഭിക്കും. അപ്പോൾ അവന് നഷ്ടപ്പെട്ട ഫാത്തിഹ മുഴുവനാണെങ്കിലും അല്പമാണെങ്കിലും ഇമാം വഹിക്കും.



ഫാത്തിഹയിൽ നിർബന്ധമാകുന്ന കാര്യങ്ങൾ

1. ഫാത്തിഹ മുഴുവനും നിർത്തത്തിൽ തന്നെ സംഭവിക്കുക.

2. മുഴുവൻ അക്ഷരങ്ങളെയും സ്വശരീരത്തെ കേൾപ്പിക്കുക.

3. ബിസ്മിയോടു കൂടെ ഫാത്തിഹ ഓതുക.

4. ഫാത്തിഹ അറബിഭാഷയിൽ ആകുക.

5. ഫാത്തിഹയുടെ അക്ഷരങ്ങളെയും ശദ്ദുകളെയും മഹ്റജുകളെയും(അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം) പരിഗണിക്കുക.
{ഫാത്തിഹയിൽ ആകെ 156 അക്ഷരങ്ങളുണ്ട്. അതിൽ 14 സ്ഥലങ്ങളിൽ ശദ്ദുണ്ട്.}

6. അർത്ഥത്തെ വ്യത്യാസപ്പെടുത്തുന്ന പിഴവുകൾ ഇല്ലാതിരിക്കുക.

7. ഫാത്തിഹയുടെ ആയത്തുകളെയും വാക്കുകളെയും ക്രമപ്രകാരം തുടരെ തന്നെ കൊണ്ടുവരിക.

8. ഖുർആൻ പാരായണ പണ്ഡിതന്മാർ (قُرَّاءُ) നിർബന്ധമാണെന്ന് ഏകോപിച്ച കാര്യങ്ങളെ സൂക്ഷിച്ച് കൊണ്ടുവരുക.


ഫാതിഹയിലെ ഒരക്ഷരത്തെ ഒഴിവാക്കുക, ഒരക്ഷരത്തിന് പകരം മറ്റൊരു അക്ഷരത്തെ കൊണ്ടുവരിക, ശദ്ദുള്ള അക്ഷരത്തിന്റെ ശദ്ദിനെ കളഞ്ഞു ഓതുക, അർത്ഥത്തിൽ മാറ്റമുണ്ടാകുന്ന പിഴവുകൾ ഫാതിഹയിൽ ഉണ്ടാക്കുക, ഫാതിഹയുടെ ക്രമത്തെ തെറ്റിക്കുക തുടങ്ങിയ കാര്യങ്ങൾ ഹറാമാകുന്നു.

ഒരാൾ ഹറാമാണെന്ന് അറിവോടെ, മനപ്പൂർവ്വം മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്താൽ അവന്റെ നിസ്കാരം ബാത്വിലാകും. അങ്ങനെ അല്ലായെങ്കിൽ പിഴവ് സംഭവിച്ച ഭാഗം മുതൽ അവസാനം വരെ ഫാതിഹ ഓതിയാൽ മതി(ഇടവേള ദൈർഘ്യമായില്ലെങ്കിൽ). എന്നാൽ ഇവിടെ ഇടവേള സമയം ദീർഘിച്ചാൽ ഫാതിഹ ആദ്യം മുതൽ തന്നെ ഓതണം.

അജ്ഞത, മറവി പോലോത്ത കാരണങ്ങളില്ലാതെ കുറേനേരം ഫാതിഹയുടെ ഇടയിൽ മിണ്ടാതിരിന്നാലും മറ്റൊരു സൂറത്തിലെ ആയത്ത് ഓതുക, തുമ്മിയവന് മറുപടി പറയുക തുടങ്ങി നിസ്കാരവുമായി ബന്ധമില്ലാത്ത മറ്റു കാര്യങ്ങളെ ഫാതിഹയുടെ ഇടയിൽ കൊണ്ടുവന്നാലും ഫാതിഹയുടെ തുടർച്ച മുറിയും.ഈ രൂപങ്ങളിൽ ഫാതിഹ പൂർണമായും മടക്കി ഓതണം.

എന്നാൽ ഇമാമിന്റെ ഖിറാഅത്തിന് ആമീൻ പറയുക, ഇമാം തിലാവത്തിന്റെ സുജൂദ് ചെയ്തതിന്റെ കൂടെ സുജൂദ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഒരു മഅ്മൂം അവന്റെ ഫാതിഹയുടെ ഇടയിൽ ചെയ്താൽ ഫാതിഹയുടെ തുടർച്ച മുറിയുകയില്ല. ശേഷം ബാക്കി ഓതിയാൽ മതി.



ഫാതിഹയുടെ സുന്നത്തുകൾ


1. തക്ബീറത്തുൽ ഇഹ്റാമിനു ശേഷം ദുആഉൽ ഇഫ്തിതാഹ്(وَجَّهْتُ) ഓതുക.

2 ഫാതിഹയുടെ മുമ്പ് അഊദ് ഓതുക.

3 എല്ലാ ആയത്തുകളുടെ അവസാനവും നിർത്തുക.

4 ഇമാമിന്റെ ഓത്തു കേൾക്കുമെങ്കിൽ അവനോടുകൂടെ ആമീൻ പറയുക.

5 ഇമാമിന്റെ ഓത്ത് കേൾക്കുന്ന മഅ്മൂം ഒഴികെയുള്ളവർ ആദ്യ രണ്ട് റകഅത്തുകളിൽ ഫാതിഹക്ക് ശേഷം മറ്റു സൂറത്തിലെ ഒരു ആയത്തെങ്കിലും പാരായണം ചെയ്യുക.

6. ഇമാമിന്റെ ഫാതിഹയെ തൊട്ട് മഅ്മൂമിന്റെ ഫാതിഹ പിന്തുക. (റുകൂഇന് മുമ്പ് ഫാതിഹ കിട്ടുമെങ്കിൽ മാത്രം)


ഫാതിഹയുമായി ബന്ധപ്പെട്ട കറാഹത്തുകൾ


1. അഊദ് (اَغُوذ)ഓതുന്നതിനെ ഉപേക്ഷിക്കുക.

2. ഫാതിഹയെക്കാൾ സൂറത്തിനെ മുന്തിക്കുക.

3. ഇമാമിന്റെ ഓത്ത് കേൾക്കുന്ന മഅ്മൂം സൂറത്ത് ഓതുക.

4.ആദ്യ രണ്ടു റക്അത്തുകളിൽ മഅ്മൂം ഇമാമിനേക്കാൾ മുമ്പേ ഫാത്തിഹ തുടങ്ങുക(പതുക്കെ ഓതുന്ന നിസ്കാരത്തിലാണെങ്കിലും).

5. ഉറങ്ങുന്നവർ, നിസ്കരിക്കുന്നവർ പോലെയുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ ഉറക്കെ ഓതുക.

6. മഅ്മൂം അല്ലാത്തവർ(ഇമാം, ഒറ്റയ്ക്ക് നിസ്കരിക്കുന്നവൻ) ആദ്യ രണ്ടു റക്അത്തുകളിൽ സൂറത്തിനെ ഉപേക്ഷിക്കുക.


ഫാതിഹ അറിയാത്തവൻ എങ്ങനെയാണ് നിസ്കരിക്കേണ്ടത്?


ഫാതിഹ അറിയാത്തവൻ പഠിക്കാൻ ശ്രമിക്കണം. ബുദ്ധിമാന്ദ്യം കൊണ്ടോ അധ്യാപകന്റെ അഭാവം കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ പഠിക്കാൻ സാധിക്കാതെ വന്നാൽ അറിയാവുന്ന ഏഴ് ആയത്തുകൾ ഓതണം. അതിനും സാധിക്കാതെ വന്നാൽ ഏഴ് ഇനം ദിക്റുകൾ ചൊല്ലണം. പകരം കൊണ്ടുവരുന്ന ആയത്തുകളും ദിക്റുകളും ഫാത്തിഹയുടെ അക്ഷരങ്ങളേക്കാൾ കുറയാൻ പാടില്ല. (ഫാതിഹയിൽ 156 ഹർഫുകളാണ് ഉള്ളത്) അതിനും കഴിയാത്തവൻ സാധാരണ ഫാതിഹ ഓതാൻ എടുക്കുന്ന സമയം മൗനമായി നിൽക്കണം. ഫാതിഹയോ മറ്റു ആയത്തുകളോ തർജ്ജിമ ചെയ്യാൻ പറ്റുകയില്ല.

ഫാതിഹയിൽ നിന്നും കുറച്ചുഭാഗം അറിയാമെങ്കിൽ അറിയാവുന്ന ഭാഗം ഓതി, അറിയാത്ത ആയത്തുകൾക്ക് പകരം, അവയുടെ സ്ഥാനത്ത്, അറിയാവുന്ന മറ്റ് സൂറത്തിലെ ആയത്തുകൾ ഓതണം. മറ്റു ആയത്തുകൾ അറിയില്ലെങ്കിൽ അറിയാവുന്ന ദിക്റുകൾ ചൊല്ലി ഫാതിഹ പൂർത്തിയാക്കണം. അതും അറിയില്ലെങ്കിൽ അറിയാവുന്ന ഫാതിഹയുടെ സൂക്തങ്ങൾ ആവർത്തിച്ചു കൊണ്ട് ഫാതിഹയുടെ അളവ് പൂർത്തിയാക്കണം.

ഒരാൾ ജന്മനാ മൂകനാണെങ്കിൽ, അല്ലെങ്കിൽ മൂകൻ ആകുന്നതിന് മുമ്പ് നിസ്കാരത്തിൽ ചൊല്ലേണ്ട ദിക്റുകളൊന്നും പഠിച്ചിട്ടില്ലെങ്കിൽ,അതുമല്ലെങ്കിൽ അന്നു പഠിച്ചത് ഇപ്പോൾ ഓർക്കുന്നില്ലെങ്കിൽ അയാൾക്ക് വാചിക കർമ്മങ്ങൾ ബാധകമല്ല.

പക്ഷേ നിന്നു ചൊല്ലേണ്ട ദിക്റുകളുടെ സ്ഥാനത്ത് നിൽക്കുകയും ഇരുന്നു ചൊല്ലേണ്ട ദിക്റുകളുടെ സ്ഥാനത്ത് ഇരിക്കുകയും വേണം. ഫർളായ ദിക്റുകളുടെ സ്ഥാനത്തുള്ള നിർത്തവും ഇരുത്തവും നിർബന്ധമാണ്. സുന്നത്തായ ദിക്റുകളുടെ സ്ഥാനത്തുള്ള നിർത്തവും ഇരുത്തവും സുന്നത്തുമാണ്.

അപ്പോൾ ഫാതിഹക്ക് വേണ്ടിയുള്ള നിർത്തവും അവസാന തശഹ്ഹുദിന് വേണ്ടിയുള്ള ഇരുത്തവും അയാൾക്ക് നിർബന്ധമാണ്. എന്നാൽ സൂറത്ത് ഓതാൻ വേണ്ടിയുള്ള നിർത്തവും ആദ്യത്തെ തശഹ്ഹുദിന് വേണ്ടിയുള്ള ഇരുത്തവും സുന്നത്താണ്.

ജന്മനാ മൂകനല്ലാത്ത ഒരാൾക്ക് പിന്നീട് സംസാരശേഷി നഷ്ടപ്പെടുകയും അയാൾ പഠിച്ച നിസ്കാര ദിക്റുകൾ ഇപ്പോൾ ഓർമിക്കുകയും ചെയ്യുന്നുവെങ്കിൽ അതനുസരിച്ച് അയാളുടെ ചിറികളും നാവും ചലിപ്പിക്കൽ ഫർളുകളിൽ നിർബന്ധവും സുന്നത്തായ കാര്യങ്ങൾ സുന്നത്തുമാണ്.

അപ്പോൾ ഫാതിഹ, അവസാന തശഹ്ഹുദ് തുടങ്ങിയവയ്ക്കുവേണ്ടി ചുണ്ടും നാവും ചലിപ്പിക്കൽ നിർബന്ധമാണ്. എന്നാൽ വജ്ജഹത്തു, ആദ്യ തശഹ്ഹുദ് തുടങ്ങിയവയ്ക്കുവേണ്ടി അവ ചലിപ്പിക്കൽ സുന്നത്തുമാണ്. അതിനു സാധിക്കാതെ വന്നാൽ അവ മനസ്സിൽ നടത്തണം.

ഫർളു നിസ്കാരത്തിൽ നിൽക്കൽ നിർബന്ധമാണല്ലോ. ഫാതിഹ ആകട്ടെ എല്ലാ നിസ്കാരത്തിലും നിർബന്ധമാണ്. എന്നാൽ ഫാതിഹ ഹൃദിസ്ഥമല്ലാത്ത ഒരാൾ ഇരുന്നു നിസ്ക്കരിക്കുന്നുവെങ്കിൽ മുമ്പിൽ എഴുതിവെച്ചതു നോക്കി ഫാതിഹ ഓതാൻ സാധിക്കും. നിന്നാൽ അത് കാണുകയില്ല. ഇവിടെ ഫാതിഹ ഓതുന്നതിനു വേണ്ടി നിർത്തം ഒഴിവാക്കി, ഇരിക്കുകയാണ് വേണ്ടത്.


ആരാണ് മുവാഫിഖ് (موافق)?


ഇമാമിന്റെ നിർത്തത്തിൽ നിന്ന് മിതമായ രീതിയിൽ ഫാതിഹ പാരായണം ചെയ്യാനുള്ള സമയം എത്തിച്ച മഅ്മൂമിനാണ് മുവാഫിഖ് എന്ന് പറയുന്നത്. ഇമാമിന്റെ റുകൂഇന് മുമ്പ് ഫാതിഹ ഓതാൻ സാധിക്കുമെന്ന് മുവാഫിഖ് ഭാവിച്ചാൽ അവന് വജ്ജഹത്തു, അഊദ് എന്നീ സുന്നത്തുകൾ നിർവഹിക്കാം. അങ്ങനെ ധാരണയില്ലെങ്കിൽ സുന്നത്ത് ഉപേക്ഷിച്ച് ഫാതിഹയിൽ വ്യാപൃതനാകണം.

മുവാഫിഖ് ഫാതിഹ പൂർത്തിയാകുന്നതിനു മുമ്പ് ഇമാം റുകൂഅ് ചെയ്താൽ അവന്റെ ഫാതിഹ പൂർത്തീകരിക്കുവാൻ വേണ്ടി മുവാഫിഖിന് മൂന്ന് സുദീർഘമായ ഫർളുകളിൽ ഇമാമിനെ പിന്തൽ നിർബന്ധമാണ്. റുകൂഅ്, രണ്ടു സുജൂദ് എന്നിവയാണ് ആ സുദീർഘമായ ഫർളുകൾ.

മുവാഫിഖിന് അവന്റെ ഫാതിഹ പൂർത്തീകരിക്കുവാൻ ഇമാമിനേക്കാൾ മൂന്ന് സുദീർഘമായ റുകുനുകൾ പിന്താമല്ലോ. ഇമാം നാലാം ഫർളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവൻ ഫാതിഹ പൂർത്തീകരിച്ചാൽ അവന് ആ റകഅത്ത് ലഭിക്കും. അവന്റെ നിസ്കാരം ക്രമപ്രകാരം മുന്നോട്ടു കൊണ്ടുപോകാം.

എന്നാൽ ഇമാം നാലാം ഫർളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഫാതിഹ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ മുവാഫിഖ് ഒന്നുകിൽ ഇമാമിനെ വിട്ടുപിരിഞ്ഞു സ്വന്തം നിസ്കാരത്തിന്റെ ക്രമത്തിൽ മുന്നോട്ടുപോകണം. അല്ലെങ്കിൽ ഇമാം ഇപ്പോഴുള്ള നാലാമത്തെ ഫർളിൽ ഇമാമിനെ പിന്തുടർന്ന് നിസ്കരിക്കുക. സലാം വീട്ടിയതിന് ശേഷം ആ റകഅത്ത് വീണ്ടെടുക്കണംം. ഈ രണ്ടാലൊരു രൂപത്തിൽ അല്ലാതെ അവൻ നിസ്കാരവുമായി മുന്നോട്ടുപോയാൽ ആ നിസ്കാരം അസാധുവാകും.


മുവാഫിഖിന് ഫാതിഹ പൂർത്തീകരിക്കുവാൻ വേണ്ടി ഇമാമിനേക്കാൾ മൂന്ന് സുദീർഘ ഫർളുകളിൽ പിന്തുന്നതിനെ അനുവദനീയമാകുന്ന കാരണങ്ങൾ അഞ്ചെണ്ണമാണ്.


1. മുവാഫിഖ് സുന്നത്തിൽ വ്യാപൃതനായി. ആ അവസരത്തിൽ അവന്റെ ഫാതിഹക്ക് മുമ്പ് ഇമാം റുകൂഅ് ചെയ്തു.

2. പ്രകൃതിപരമായ ദൗർബല്യം കാരണം അവന്റെ ഫാതിഹ പാരായണം മന്ദഗതിയിലായി.

3. ഫാതിഹ ഓതിയിട്ടില്ലെന്ന് റുകൂഅ്ന് മുമ്പ് ഓർമ്മിച്ചു.

4. ഫാതിഹ ഓതിയോ എന്ന റുകൂഇന് മുമ്പ് സംശയിച്ചു.

5. ഇമാം ഫാതിഹ ഓതിയ ശേഷം മൗനം അവലംബിക്കുമെന്ന് അവൻ പ്രതീക്ഷിച്ചു. പക്ഷേ ഇമാം തന്റെ ഫാതിഹ ഓതിയ ഉടനെ റുകൂഇലേക്ക് പോയി.


എപ്പോഴാണ് ഒരു മഅ്മൂം മസ്ബൂഖ് ആകുന്നത് ?


ഇമാമിന്റെ നിർത്തിൽ നിന്നും ഫാതിഹ ഓതാൻ പര്യാപ്തമായ സമയം എത്തിക്കാത്ത മഅ്മൂമാണ് മസ്ബൂഖ് ആകുക. അവന് നഷ്ടപ്പെട്ട ഫാതിഹ അല്പമാണെങ്കിലും മുഴുവനാണെങ്കിലും ഇമാം വഹിക്കും. എന്നാൽ ഇമാമിനോടൊപ്പം പരിഗണനീയ റുകൂഇൽ അടങ്ങി താമസിച്ചാൽ മാത്രമേ മസ്ബൂഖിന് ആ റക്അത്ത് ലഭിക്കുകയുള്ളൂ.

പലകാരണങ്ങൾ കൊണ്ട് ഒരു മഅ്മൂം മസ്ബൂഖ് ആകാം.

1. മഅ്മൂമിന്റെ തക്ബീറത്തുൽ ഇഹ്റാമിനു മുമ്പ് ഇമാം ഫാതിഹ നിർവഹിക്കുക.

2. ഇമാം സാധാരണയിൽ ഉപരിയായി വേഗത്തിൽ ഫാതിഹ ഓതി തീർക്കുക.

3. മഅ്മൂം സുജൂദിൽ നിന്ന് ഉയരുമ്പോഴേക്കും ഇമാം അടുത്ത റക്അത്തിലെ റുകൂഅ്ലോ അല്ലെങ്കിൽ റുകൂഅ്നോട് അടുത്ത അവസ്ഥയിലോ ആകുക.


മസ്ബൂഖ് ഫാതിഹയുടെ മുമ്പുള്ള വജ്ജഹത്തു, അഊദ് എന്നീ സുന്നത്തുകൾ ഓതാൻ പാടില്ല. മറിച്ച് തക്ബീറത്തുൽ ഇഹ്റാമിന്റെ ഉടനെ ഫാതിഹയിൽ പ്രവേശിക്കണം.

ഇനിയൊരു മസ്ബൂഖ് സുന്നത്തുകൾ ഓതിയാൽ ഇമാം റുകൂഅ് ചെയ്ത ശേഷം ഓതിയ സുന്നത്തിന്റെ അളവിൽ ഫാതിഹയിൽ നിന്നും പാരായണം ചെയ്യൽ അവന് നിർബന്ധമാണ്. ശേഷം ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാൽ അവന് ആ റകഅത്ത് കിട്ടും.

ഇമാമിനോട് കൂടെ റുകൂഅ് ലഭിക്കാത്ത മസ്ബൂക്ക്, ഇമാം സുജൂദിലേക്ക് കുനിയുന്നതിന് മുമ്പ് തന്റെ നിർബന്ധ പാരായണത്തിൽ നിന്നും വിരമിച്ചാൽ അവൻ റുകൂഅ് ഉപേക്ഷിച്ച് ഇമാമിനെ സുജൂദിൽ അനുഗമിക്കണം. ഇമാം സലാം വീട്ടിയ ശേഷം ഒരു റകഅത്ത് നിർവഹിക്കുകയും വേണം

എന്നാൽ ഇമാം സുജൂദിലേക്ക് കുനിയുന്നതിന് മുമ്പ് നിർബന്ധ പാരായണത്തിൽ നിന്ന് മസ്ബൂഖ് വിരമിച്ചില്ലെങ്കിൽ ഇമാമിനെ വിട്ടുപിരിഞ്ഞു അവൻ ആ നിസ്കാരം സ്വന്തം നിലയിൽ പൂർത്തിയാക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഇമാം സുജൂദിലേക്ക് കുനിയുന്നതോടെ അവൻ ഇമാമിൽ നിന്നും രണ്ടു ഫർള് കൊണ്ട് പിന്തിയ കാരണം അവന്റെ നിസ്കാരം ബാത്വിലാകും.

ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും ആദ്യ രണ്ട് റക്അത്തുകളിൽ ഫാതിഹക്ക് ശേഷം സൂറത്ത് ഓതൽ സുന്നത്താണ്. കുറഞ്ഞത് ഒരു ആയത്തെങ്കിലും ഓതണം. നല്ലത് മൂന്ന് ആയത്താണ്. എന്നാൽ ഒരു വലിയ സൂറത്തിന്റെ അൽപം ഓതുന്നതിനേക്കാൾ ശ്രേഷ്ഠത ഒരു സൂറത്ത് പൂർണമായും ഓതുന്നതിലാണ്.

ഒന്നാം റക്അത്തിൽ രണ്ടാം റകഅത്തിനെകാൾ വലിയ സൂറത്ത് ഓതുക, മുസ്ഹഫിലേ ക്രമമനുസരിച്ച് പാരായണം ചെയ്യുക, തുടരെയുള്ള സൂറത്തുകൾ ഓതുക (രണ്ടാമത്തെ സൂറത്ത് ഒന്നാമത്തെ സൂറത്തിനെക്കാൾ വലുതായില്ലെങ്കിൽ) തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം സുന്നത്താണ്.

ഇമാമിന്റെ ഖിറാഅത്ത് കേൾക്കുന്ന മഅ്മൂമിന് സൂറത്ത് പാരായണം ചെയ്യൽ കറാഹത്താണ്.

ആമീൻ പറയുക

നിസ്കാരം അല്ലാത്തപ്പോൾ പോലും ഫാതിഹക്ക് ശേഷം ആമീൻ പറയൽ സുന്നത്താണ്. പതുക്കെ ഓതുന്ന നിസ്കാരങ്ങളിൽ എല്ലാവരും പതുക്കെയാണ് ആമീൻ പറയേണ്ടത്. ഉറക്കെ ഓതുന്ന നിസ്കാരങ്ങളിൽ ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ഉറക്കെ ആമീൻ പറയാം. ഇമാമിനെ കേൾക്കുന്ന മഅ്മൂം ഇമാമിന്റെ കൂടെ ഉറക്കെ ആമീൻ പറയണം.

ഒരാളുടെ ആമീൻ മലക്കുകളുടെ ആമീൻ പറയലിനോട് യോജിച്ചു വന്നാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. മലക്കുകൾ ആമീൻ പറയുന്നത് ഇമാമിന്റെ കൂടെയാണ്.

നിസ്കാരത്തിൽ ഇമാമിനെ കൂടെ യോജിച്ച് വരേണ്ട ഏക കർമ്മം ആമീൻ പറയൽ മാത്രമാണ്. آمين എന്ന് പറഞ്ഞ ശേഷം رب العالمين എന്നും കൂടി പറയുന്നത് നല്ലതാണ്.


ആറു സ്ഥലങ്ങളിൽ "സുബ്ഹാനല്ലാഹ് "എന്ന് പറയാനുള്ള സമയം നിശബ്ദത പാലിക്കൽ സുന്നത്താണ്.

1. തക്ബീറത്തുൽ ഇഹ്റാമിന്റെയും വജ്ജഹത്തുന്റെയും ഇടയിൽ.

2. വജ്ജഹത്തു ഓതുന്നതിന്റെയും ബിസ്മി ചൊല്ലുന്നതിന്റെയും ഇടയിൽ.

3. ബിസ്മി ചൊല്ലുന്നതിന്റെയും ഫാത്തിഹയുടെയും ഇടയിൽ.

4. ഫാത്തിഹ പാരായണം ചെയ്യുന്നതിന്റെയും ആമീൻ പറയുന്നതിന്റെയും ഇടയിൽ.

5. ആമീൻ മൊഴിയുന്നതിന്റെയും സൂറത്ത് ഓതുന്നതിന്റെയും ഇടയിൽ.

6. സൂറത്ത് ഓതുന്നതിന്റെയും റുകൂഅ്ലേക്കുള്ള തക്ബീറിന്റെയും ഇടയിൽ.


5. റുകൂഅ് ചെയ്യുക

നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫർളാണ് റുകൂഅ്. രണ്ട് ഉള്ളൻ കൈകളും കാൽമുട്ടുകളിൽ എത്തുന്ന രീതിയിൽ കുനിയുക എന്നതാണ് റുകൂഅ്ന്റെ ചുരുങ്ങിയ രൂപം. ശേഷം പറയുന്ന എല്ലാ സുന്നത്തുകളെയും പരിഗണിച്ചുകൊണ്ട് റുകൂഅ് ചെയ്യുന്നതാണ് അതിന്റെ പൂർണരൂപം.

റുകൂഅ് ചെയ്യുമ്പോൾ അതല്ലാത്ത മറ്റൊന്നിനെ ഉദ്ദേശിക്കാതിരിക്കൽ നിർബന്ധമാണ്. ഉദാഹരണത്തിന് ഒരാൾ തിലാവത്തിന്റെ സുജൂദ് ചെയ്യുവാൻ വേണ്ടി കുനിഞ്ഞു, റുകൂഅ്ന്റെ പരിധി എത്തിയപ്പോൾ അവൻ അതിനെ റുകൂഅ് ആക്കി മാറ്റി. എന്നാൽ അത് മതിയാവുകയില്ല, കാരണം ഇവിടെ കുനിഞ്ഞത് തിലാവത്തിന്റെ സുജൂദ് വേണ്ടിയായിരുന്നല്ലോ.


റുകൂഇൽ ശ്രദ്ധിക്കേണ്ട സുന്നത്തുകൾ

1. കുനിയുന്നതിന് മുമ്പ് രണ്ട് കൈകളും ചുമലിനു നേരെ ഉയർത്തുക.

2. കുനിയുന്ന അവസരത്തിൽ തക്ബീർ ചൊല്ലുക. കുനിയൽ പൂർത്തിയാകും വരെ തക്ബീർ നീണ്ടു നിൽക്കണം.

3. രണ്ടു കാൽമുട്ടുകളെയും ഇടയിൽ ഒരു ചാൺ അകലത്തിൽ നാട്ടിനിർത്തുക.

4. രണ്ട് മുൻ കൈകളെ കൊണ്ട് കാൽമുട്ടുകളെ പിടിക്കുക. കൈവിരലുകളെ വിടർത്തികൊണ്ടും, ഖിബ് ലയിൽ നിന്ന് തെറ്റാത്തരീതിയിൽ അൽപം അകറ്റി കൊണ്ടുമാണ് പിടിക്കേണ്ടത്.

5. തലയും പിരടിയും മുതുകും ഒരെ നിരപ്പിൽ ആകുക.

6. റുകൂഇൽ سبحان ربي العظيم وبحمده എന്നുപറയുക. കുറഞ്ഞത് ഒരു വട്ടമെങ്കിലും പറയണം. പൂർണതയുടെ ഏറ്റവും താഴ്ന്നപടി മൂന്ന് പ്രാവശ്യം പറയലാണ്.


വഴിവക്കിൽ അല്ലാത്ത പള്ളിയിലെ, എണ്ണം ക്ലിപ്തമായ മഅ്മൂമീങ്ങൾ വാക്ക് കൊണ്ട് സമ്മതം (നിസ്കാരം ദീർഘിപ്പിക്കാൻ) നൽകിയ ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും റുകൂഇൽ സമ്പൂർണമായ രൂപത്തെ കൊണ്ടുവരാം. മേൽപറഞ്ഞ ദിക്റ് 11 പ്രാവശ്യം പറഞ്ഞ ശേഷം

سبحانك اللهم و بحمدك اللهم اغفرلي, اللهم لك ركعت وبك امنت ولك أسلمت خشع لك سمعي وبصري ومخي وعظمي وعصبي
وشعري وبشري وما استقلت به قدمي لله رب العالمين

എന്നീ ദിക്റുകൾ കൂടി പറയുന്നതാണ് സമ്പൂർണമായ രൂപം.


7. റുകൂഇൽ പുരുഷന്മാർ അവരുടെ കൈകളെ ശരീരത്തിന്റെ ഇരു വശങ്ങളെ തൊട്ടും വയറിനെ തുടയിൽ നിന്നും അകറ്റുക. പുരുഷനല്ലാത്തവർ അവയെ ചേർത്തി വെക്കുക.

ഒരാൾക്ക് മറ്റൊരാളുടെ സഹായം കൊണ്ടുമാത്രമേ റുകൂഅ് ചെയ്യാൻ സാധിക്കുന്നുവെങ്കിൽ ഒരാളെ അതിനായി നിശ്ചയിക്കൽ നിർബന്ധമാണ്(കൂലി കൊടുക്കാൻ കഴിയുമെങ്കിൽ). നേരെ കുനിയാൻ കഴിയുകയില്ല, മറിച്ച് വശങ്ങളിലേക്കു കുനിഞ്ഞു കൊണ്ട് റുകൂഅ് ചെയ്യാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്യൽ നിർബന്ധമാണ്.

ഒരാൾക്ക് ഏറ്റവും കുറഞ്ഞ രൂപത്തിൽ പോലും റുകൂഅ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അയാൾ കഴിയുന്ന രീതിയിൽ കുനിഞ്ഞു കൊണ്ട് അത് നിർവഹിക്കണം. തീരെ കുനിയാൻ സാധിക്കാത്തവൻ തല കൊണ്ട് ആംഗ്യം കാണിക്കണം. അതിന് സാധിക്കാത്തവൻ കൺപോള കൊണ്ടും അതിനും കഴിയാത്തവൻ ഖൽബ് കൊണ്ടും റുകൂഅ്നെ കൊണ്ടുവരണം.

ഒരു കാരണവുമില്ലാതെ ഏറ്റവും ചുരുങ്ങിയ രൂപത്തിൽ റുകൂഅ് ചെയ്യൽ കറാഹത്താകുന്നു. അപ്രകാരം തന്നെ മുതുകിന്റെ നിരപ്പിൽ നിന്നും തലയുയർത്തി വെക്കലും തലതാഴ്ത്തി വെക്കലും കറാഹത്താണ്.

ഒറ്റക്ക് നിസ്കരിക്കുന്നവനോ ഇമാമോ സുജൂദ് ചെയ്തു കൊണ്ടിരിക്കെ റുകൂഅ് ചെയ്തോ ഇല്ലയോ എന്ന് സംശയിച്ചാൽ വേഗം നിവർന്നു നിന്നു കൊണ്ട് റുകൂഅ് ചെയ്യൽ നിർബന്ധമാണ്. നേരെ റുകൂഇലേക്ക് പോയാൽ മതിയാവുകയില്ല.

മഅ്മൂമായ ഒരാൾ ഇപ്രകാരം സംശയിച്ചാൽ അവന് ഉടനടി മടങ്ങാൻ പറ്റുകയില്ല. മറിച്ച് അവന്റെ ഇമാം സലാം വീട്ടിയശേഷം ഒരു റകഅത്തിനെ കൊണ്ടുവരണം.(فتح المعين)

റുകൂഇൽ ഇരു കൈപ്പത്തികളും കൊണ്ട് കാൽമുട്ടുകളെ പിടിക്കുകയാണല്ലോ വേണ്ടത്. എന്നാൽ കൈകൾ ഇല്ലാത്തവന് ഇത് ബാധകമല്ല. റുകൂഅ് ചെയ്യുമ്പോൾ കൈകൾക്ക് കാൽമുട്ടുകളിലേക്ക് എത്താവുന്ന നീളമില്ലാത്ത കൃശഹസ്തൻ ആ കൈകൾ തുക്കിയിട്ടാൽ മതിയാകും. ഒരു കൈക്കു മാത്രമാണ് നീളക്കുറവെങ്കിൽ അത് താഴ്ത്തി ഇടുകയും മറ്റേ കൈ ആ ഭാഗത്തെ കാൽമുട്ടിൽ വയ്ക്കുകയും വേണം.


6. ഇഅ്തിദാൽ

നിസ്കാരത്തിന്റെ ആറാമത്തെ ഫർളാണ് ഇഅ്തിദാൽ. റുകൂഅ്ന് ശേഷം മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങുന്നതിനാണ് ഇഅ്തിദാൽ എന്ന് പറയുന്നത് . നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർളായ നിൽക്കുക എന്നതിലെ കാര്യങ്ങൾ ഇവിടെയും ബാധകമാണ്. അഥവാ ഇഅ്തിദാലിൽ നിൽക്കാൻ കഴിയുന്നവൻ നിൽക്കുകയും അതിനു കഴിവില്ലാത്തവൻ ഇരിക്കുകയും അതിനും കഴിയാത്തവൻ ചരിഞ്ഞു കിടക്കുകയും അതിനും സാധിക്കാത്തവൻ മലർന്ന് കിടക്കുകയും ചെയ്യണം.

റുകൂഇൽ നിന്ന് ഉയരുമ്പോൾ ഇഅ്തിദാൽ അല്ലാത്ത മറ്റൊന്നിനെ ഉദ്ദേശിക്കാതിരിക്കൽ നിർബന്ധമാണ്.



ഇഅ്തിദാലിന്റെ സുന്നത്തുകൾ

1. റുകൂഅ്ൽ നിന്നു ഉയരുന്ന അവസരത്തിൽ سمع الله لمن حمده എന്ന് പറഞ്ഞു കൊണ്ട് രണ്ട് കൈകളും ചുമലിനു നേരെ ഉയർത്തുക.

കൈകളും തലയും ഒരുമിച്ച് ഉയർത്താൻ തുടങ്ങുകയും നിവർന്നു നിൽക്കുമ്പോഴേക്കും കൈ ഉയർത്തൽ അവസാനിക്കുകയും വേണം. ശേഷം കൈകൾ താഴ്ത്തി ഇടണം. ഇതാണ് ഇഅ്തിദാലിന്റെ ഏറ്റവും പൂർണ്ണമായ രൂപം.

2. നിവർന്നു നിന്നതിനുശേഷം

ربنا لك الحمد ملء السموات وملء الارض وملء ما شئت من شي بعد
എന്ന് പറയുക.

3. വഴിവക്കിൽ അല്ലാത്ത പള്ളിയിലെ, എണ്ണം ക്ലിപ്തമായ മഅ്മൂമീങ്ങൾ വാക്കാൽ സമ്മതം (നിസ്കാരം ദീർഘിപ്പിക്കാൻ) നൽകിയ ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും താഴെപ്പറയുന്ന ദിക്റുംകൂടി വർദ്ധിപ്പിക്കുക.


أهل الثناء والمجد أحق ما قال العبد وكلنا لك عبد لا مانع لما أعطيت
ولا معطي لما منعت ولا ينفع ذا الجد منك الجد



ഇഅ്തിദാലിൽ  سمع الله لمن حمده എന്നു പറയൽ സുന്നത്താകാൻ കാരണം
നബി ﷺ  തങ്ങളുടെ കൂടെയുള്ള നിസ്കാരം തീരെ  നഷ്ടപ്പെടുത്താത്ത സഹാബി ആയിരുന്നു അബൂബക്കർ സിദ്ദീഖ് (റ). ഒരു ദിവസം അസറിന് നബി ﷺ തങ്ങളുടെ കൂടെയുള്ള നിസ്കാരം നഷ്ടപ്പെട്ടു എന്ന  ധാരണയിൽ അബൂബക്കർ സിദ്ദീഖ് (റ) ദുഃഖിതനായി ധൃതിയിൽ പള്ളിയിലേക്ക് കടന്നുവന്നു. അപ്പോൾ നബി ﷺ റുകൂഇലായിരുന്നു ഉണ്ടായിരുന്നത്. അബൂബക്കർ സിദ്ദീഖ് (റ) അൽഹംദുലില്ലാ എന്നു പറഞ്ഞു കൊണ്ട് നബി ﷺ തങ്ങൾക്കു പിന്നിൽ നിസ്കരിച്ചു.

അപ്പോൾത്തന്നെ  ജിബിരീൽ(അ) നബിയുടെ അടുക്കൽ വന്ന് سمع الله لمن حمده


(അല്ലാഹുവിനെ സ്തുതിച്ചനെ അവൻ സ്വീകരിച്ചു) എന്നു പറഞ്ഞു. ആ സമയം മുതൽ ഇഅ്തിദാലിലേക്ക് ഉയരുമ്പോൾ  سمع الله لمن حمده എന്ന് പറയൽ സുന്നത്തായി. അതിന് മുമ്പ് വരെ ഇവിടെയും തക്ബീറായിരുന്നു ചൊല്ലിയിരുന്നത്. (إعانة الطالبين)



ഖുനൂത്ത്


സുബഹി നിസ്ക്കാരത്തിന്റെ അവസാന ഇഅ്തിദാലിലും റമളാൻ അവസാന പകുതിയിലുള്ള വിതറിലെ ഒടുവിലത്തെ ഇഅ്തിദാലിലും ഖുനൂത്ത് ഓതൽ സുന്നത്താണ്. അപ്രകാരം തന്നെ മുസ്ലിമീങ്ങളെ ബാധിച്ച വിപത്തുകളെ തടുക്കുവാൻ വേണ്ടി ഫർളു നിസ്കാരങ്ങളിൽ നാസിലത്തിന്റ ഖുനൂത്ത് ഓതൽ സുന്നത്താണ്. ഖുനൂത്ത് ഓതുമ്പോൾ രണ്ട് കൈകളും ചുമലിനു നേരെ ഉയർത്തണം.


നാസിലത്തിന്റെ ഖുനൂത്ത് ഓതുമ്പോൾ ഒരു കാര്യം കരസ്ഥമാകുവാൻ വേണ്ടിയാണെങ്കിൽ കൈപ്പടം ആകാശത്തേക്ക് നേരെയാക്കൽ സുന്നത്താണ്. ഒരു വിപത്ത് ഉയർന്നുപോകുവാൻ വേണ്ടിയാണെങ്കിൽ കൈയുടെ പുറംഭാഗം ആകാശത്തിന് നേരെയാക്കണം. കുനൂത്തിന്  ശേഷം മുഖം തടവൽ സുന്നത്തില്ല, രണ്ട് കൈകളും താഴ്ത്തി ഇടണം.

ഖുനൂത്തിൽ ഏതു ദുആയും കൊണ്ടുവരാം. എന്നാലും നബി ﷺ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ദുആയാണ് ഏറ്റവും ശ്രേഷ്ഠമായത്. അത് താഴെ പറയും പ്രകാരമാണ്.

اللهم اهدني فيمن هديت وعافني فيمن عافيت وتولني فيمن توليت وبارك لي فيما أعطيت وقني شر ما قضيت فإنك تقضي ولا يقضى عليك وإنه لا يذل من واليت ولا يعز من عاديت تباركت ربنا
وتعاليت فلك الحمد على ما قضيت أستغفرك وأتوب إليك.


ഖുനൂത്തിന് ശേഷം നബി ﷺ യുടെയും അവരുടെ കുടുംബങ്ങളുടെയും അനുചരന്മാരുടെയും മേൽ സ്വലാത്തും സലാമും ചൊല്ലണം.

وصلي الله على سيدنا محمد وعلى اله وصحبه وسلم

അതിന് ശേഷം رب اغفر وارحم وانت ارحم الراحمين എന്നും കൂടി പറയുന്നത് നല്ലതാണ്.

ഇമാം ഖുനൂത്ത് ബഹുവചനത്തിൽ (اهدنا, وعافنا പോലെ) ഉച്ചത്തിൽ ആക്കുകയും ഇമാമിന്റെ ദുആയിനും സ്വലാത്തിനും മഅ്മൂം ആമീൻ പറയുകയും വേണം. ദുആ അല്ലാത്ത ثناء ന്റെ സമയം (فإنك تقضي മുതൽ نتوب إليك വരെ) മഅ്മും ഇമാമിന്റെ കൂടെ ശബ്ദം താഴ്ത്തി ഓതണം.

നാസിലത്തിന്റെ ഖുനൂത്ത് ഓതുന്നവൻ സാധാരണ ഖുനൂത്ത് ഓതിയ ശേഷം വിപത്ത് ഉയർന്നുപോകുവാൻ ദുആ ചെയ്യണം.

ഖുനൂത്തും, ശേഷം നബി ﷺ യുടെയും കുടുംബത്തിന്റെയും മേൽ ചൊല്ലുന്ന സ്വലാത്തും നിസ്കാരത്തിലെ അബ്ആള് (أبعاض) സുന്നത്തിൽ പെട്ടതാണ്. സഹ് വിന്റെ രണ്ടു സുജൂദുകൾ കൊണ്ട് പരിഹരിക്കപ്പെടുന്ന സുന്നത്തുകളാണ് അബ്ആള് സുന്നത്തുകൾ.

ഒറ്റക്ക് നിസ്കരിക്കുന്നവനും, ഇമാമും മനപ്പൂർവ്വം ഖുനൂത്തിനെ ഉപേക്ഷിച്ച്, സുജൂദിന് വേണ്ടി കുനിഞ്ഞു, റുകൂഅ്ന്റെ പരിധി എത്തിയശേഷം ഖുനൂത്തിലേക്ക് മടങ്ങിയാൽ നിസ്കാരം ബാത്വിലാകും.

എന്നാൽ അവർ മറന്നുകൊണ്ടാണ് ഉപേക്ഷിച്ചതെങ്കിൽ, സുജൂദിൽ ബന്ധപ്പെടും മുമ്പ് ഓർമ വന്നാൽ ഖുനൂത്ത് ഓതാൻ വേണ്ടി മടങ്ങൽ സുന്നത്താണ്.റുകൂഅ്ന്റെ പരിധിവരെ കുനിഞ്ഞെങ്കിൽ അവസാനം സഹ്- വിന്റെ രണ്ടു സുജൂദ് നിർവഹിക്കുകയും വേണം.

സുജൂദിൽ എത്തിയശേഷമാണ് (നെറ്റി സുജൂദിൽ വെച്ചശേഷം) ഓർമ്മ വന്നതെങ്കിൽ മടങ്ങാൻ പറ്റുകയില്ല. മനപ്പൂർവ്വം, ഹറാമാണെന്ന് അറിവോടുകൂടി മടങ്ങിയാൽ നിസ്കാരം ബാത്വിലാകും. മറന്നു കൊണ്ടോ ഹറാമാണെന്ന അറിവില്ലായ്മ കൊണ്ടൊ സുജൂദിൽ നിന്ന് ഖുനൂത്തിലെക്ക് മടങ്ങിയാൽ നിസ്കാരം ബാത്വിലാകൂല. ഓർമ വരുമ്പോൾ അല്ലെങ്കിൽ അറിയുമ്പോൾ പെട്ടെന്ന് തന്നെ സുജൂദിലേക്ക് പോകണം. അവസാനം സഹ് വിന്റെ സുജൂദും ചെയ്യണം.

ഒരു മഅ്മൂം മനപ്പൂർവം ഖുനൂത്തിനെ ഉപേക്ഷിച്ചാൽ ഒന്നുങ്കിൽ ഇഅ്തിദാലിലേക്ക് തിരിച്ചുപോയി ഇമാമിനെ തുടരണം, അല്ലെങ്കിൽ ഇമാമിനെ വിട്ടു പിരിയണം, അല്ലെങ്കിൽ ഇമാമിനെ കാത്തുനിൽക്കണം. ഇഅ്തിദാലിലേക്ക് തിരിച്ചുപോകുന്നതാണ് ഏറ്റവും നല്ലത്.

മഅ്മൂമായി നിസ്കരിക്കുന്നവന് ഖുനൂത്ത് മറന്നുപോയാൽ ഇമാമിനെ പിന്തുടരൽ നിർബന്ധമാകുന്നു.(സുജൂദ് ചെയ്താലും ചെയ്തില്ലെങ്കിലും) അല്ലെങ്കിൽ ഇമാമിനെ വിട്ടു പിരിയണം ഇത് രണ്ടും ചെയ്യാത്തപക്ഷം നിസ്കാരം ബാത്വിലാകും.

ഖുനൂത്ത് മറന്നുപോയ മഅ്മൂം ആ കാര്യം ഓർത്തപ്പോൾ ഇമാം ഖുനൂത്തിലോ ഒന്നാം സുജൂദിലോ ആണെങ്കിൽ ഇഅ്തിദാലിലേക്ക് മടങ്ങൽ അവന് നിർബന്ധമാണ്. ഇമാം ഒന്നാം സുജൂദും ചെയ്തതിനുശേഷമാണ് മഅ്മൂമിന് മറന്നുപോയ ഖുനൂത്തിന്റെ കാര്യം ഓർമ്മ വന്നതെങ്കിൽ ഇമാമിനെ ഇപ്പോഴുള്ള അവസ്ഥയിൽ പിന്തുടർന്നു, ഇമാം സലാം വീട്ടിയതിനു ശേഷം ഒരു റകഅത്ത് കൊണ്ട് വരണം.



7 .സുജൂദ്

നിസ്കാരത്തിന്റെ ഏഴാമത്തെ ഫർള് രണ്ടു സുജൂദുകളാണ്. നിർത്തം എന്ന ഫർളിനു ശേഷം ഏറ്റവും ശ്രേഷ്ഠമായത് സുജൂദാണ്. നെറ്റിയും ഇരു കാൽമുട്ടുകളും രണ്ട് കൈപ്പടകളുടെയും കാൽവിരലുകളുടെയും പള്ളഭാഗവും നിലത്ത് വെക്കൽ കൊണ്ടാണ് സുജൂദ് കരസ്ഥമാകുന്നത്.


സുജൂദിൽ നിർബന്ധമാകുന്ന കാര്യങ്ങൾ

1.കുനിയൽ കൊണ്ട് സുജൂദ് അല്ലാത്ത മറ്റൊന്നിനെയും ഉദ്ദേശിക്കാതിരിക്കുക.

2. അവന്റെ ചലനം അനുസരിച്ച് ചലിക്കുന്നതും അവൻ ചുമക്കുന്നതുമായ വസ്തുക്കളുടെ മേൽ സുജൂദ് ചെയ്യാതിരിക്കുക.

3. അവന്റെ അരഭാഗം തലഭാഗത്തെക്കാൾ ഉയർന്നു നിൽക്കുക.

4.നെറ്റിത്തടത്തെ വെളിവാക്കി അല്പം ഭാരം കൊടുത്തുകൊണ്ട് നിലത്തു വെക്കുക.

സുജൂദിന്റെ സുന്നത്തുകൾ


1. സുജൂദിന് വേണ്ടി കുനിയുമ്പോൾ തക്ബീർ ചൊല്ലുക.

2. ആദ്യം രണ്ടു കാൽമുട്ടുകളെ നിലത്തു വെക്കുക. ശേഷം രണ്ടു കൈപ്പടം ചുമലിനു നേരെ വരും രീതിയിലും ഏറ്റവും ഒടുവിലായി നെറ്റിയും മൂക്കും സുജൂദിന്റെ സ്ഥാനത്ത് വെക്കുക.

3. രണ്ട് കൈപ്പത്തികൾക്കിടയിലും രണ്ടു കാൽമുട്ടുകൾക്കിടയിലും ഒരു ചാൺ അകലമിടുക.

4.രണ്ടു മുഴംകൈകളെ ഭൂമിയിൽ നിന്ന് ഉയർത്തി വെക്കുക.

5. രണ്ട് കൈപ്പത്തികളെയും വിടർത്തിപ്പിടിച്ച് കൊണ്ട് വിരലുകൾ ഖിബ് ലയിലേക്ക് മുന്നിടുന്ന രീതിയിൽ അല്പം ചേർത്തു വെക്കുക.

6. സുജൂദ് ചെയ്യുമ്പോൾ രണ്ട് ഉള്ളൻ കൈകളിലും ഭാരം കൊടുക്കുക.

7. രണ്ട് കാൽപാദങ്ങളും വിരലുകൾ ഖിബ് ലയിലേക്ക് മുന്നിടുന്ന രീതിയിൽ നാട്ടി വെക്കുക.

8. നെറ്റി അല്ലാത്ത അവയവങ്ങളിൽ ഭാരം കൊടുക്കുക.

9. പുരുഷൻ കാൽമുട്ട് അല്ലാത്ത അവയവങ്ങളെ വെളിവാക്കുക.

10. രണ്ട് കണ്ണുകളും തുറന്നു പിടിച്ചുകൊണ്ട് സുജൂദ് ചെയ്യുക.

11. പുരുഷൻ അവന്റെ കൈമുട്ടുകൾ ശരീരത്തിന്റെ ഇരു ഭാഗങ്ങളിൽ നിന്നും, അവന്റെ വയറ് ഭാഗം തുടഭാഗത്തിൽ നിന്നും അകറ്റിനിർത്തുക. പുരുഷൻ അല്ലാത്തവർ അവ പരസ്പരം ചേർത്തുവെക്കുക.

12. سبحان ربِّيَ الأعلى وبحمده എന്ന് പറയുക. കുറഞ്ഞത് ഒരു വട്ടമെങ്കിലും പറയണം. പൂർണതയിൽ ഏറ്റവും താഴത്തെ പടി മൂന്ന് പ്രാവശ്യം പറയലാണ്.

13.വഴിവക്കിൽ അല്ലാത്ത പള്ളിയിലെ, ക്ലിപ്തരായ മഅ്മൂമീങ്ങൾ വാക്കാൽ സമ്മതം നൽകിയ (ദീർഘിപ്പിച്ച് നിസ്കരിക്കാൻ) ഇമാമും, ഒറ്റക്ക് നിസ്കരിക്കുന്നവനും സുജൂദിൽ തസ്ബീഹിന്റെ പൂർണ്ണമായ രൂപത്തെ കൊണ്ടുവരണം.

سبحان ربي الاعلى وبحمده എന്ന് 11 പ്രാവശ്യം പറഞ്ഞ ശേഷം താഴെ പറയുന്ന ദിക്റ് ചൊല്ലുക. ഇതാണ് സുജൂദിലെ തസ്ബീഹിന്റെ പൂർണ്ണരൂപം.

اللهم لَكَ سَجَدتُّ وبِكَ آمَنتُ ولَكَ اَسلَمْتُ سَجَدَ وَجْهِيَ لِلَّذِي خلَقَهُ وصَوَّرَهُ وشَقَّ سَمعَهُ وَبَصَرَهُ بِحَوْلِهِ وقُوَّتِهِ فَتَبَاركَ اللَّهُ اَحْسَنُ الخَالِقِين .

14. മേൽ പറയപ്പെട്ട ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും സുജൂദിൽ ദുആ വർദ്ധിപ്പിക്കുക. താഴെ കാണുന്ന ദുആ സുജൂദിൽ ഉദ്ധരിക്കപ്പെട്ടതാണ്.

اللهم إنِّي اَغُوذُ بِرِضَاكَ مِنْ سُخْطِكَ وبِمُعافَاتِكَ مِنْ عُقُوبَتِكَ واَغُوذُ بِكَ مِنْكَ لاَ نُحْصِي ثَنَاءً عَلَيكَ اَنتَ كَمَا اَثْنَيْتَ عَلي نَفْسِكَ, اللهم اغفِ
.لي ذَنْبِي كُلَّهُ دِقَّهُ وجِلَّهُ واَوَّلَهُ وآخِرَهُ وعَلانِيَتَهُ وسِرَّهُ



തലഭാഗം താഴ്ന്നും പൃഷ്ഠഭാഗം പൊങ്ങിയും ആണല്ലോ സുജൂദ് ചെയ്യേണ്ടത്. എന്നാൽ ഒരാൾക്ക് അത്രത്തോളം കുനിയാൻ കഴിയില്ലെങ്കിൽ എങ്ങനെ സുജൂദ് നിർവഹിക്കും ?

തലയണ വെച്ച് അതിന്മേൽ സുജൂദ് ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യണം. പക്ഷേ, തലയണയിൽ സുജൂദ് ചെയ്യുമ്പോൾ പൃഷ്ഠഭാഗം കൂടുതൽ ഉയർന്നു നിൽക്കുമെങ്കിൽ മാത്രമേ അങ്ങനെ ചെയ്യേണ്ടതുള്ളൂ. ഇല്ലെങ്കിൽ തലയണ വേണ്ട, കഴിയുന്നത്ര കുനിഞ്ഞാൽ മതി.

ഇഅ്തിദാലിൽ ഒരാൾ വീണാൽ എഴുന്നേറ്റ് ഇഅ്തിദാൽ ചെയ്യണമോ അല്ലെങ്കിൽ ആ വീഴ്ച സുജൂദാക്കി മാറ്റാമോ?

ഇഅ്തിദാലിൽ നിന്ന് ഒരാൾ മുഖം കുത്തി വീണാൽ, അവിടെ മനഃപ്പൂർവ്വമുള്ള കുനിച്ചിൽ ഇല്ലാത്തതു കൊണ്ട്, ഇഅ്തിദാലിലേക്ക് മടങ്ങി, പിന്നീട് സുജൂദിലേക്ക് കുനിയണം.

ഇഅ്തിദാലിൽ നിന്ന് സുജൂദിലേക്ക് കുനിയുമ്പോഴാണ് വീണതെങ്കിൽ ഇഅ്തിദാലിലേക്ക് മടങ്ങേണ്ടതില്ല. അതു സുജൂദാക്കി മാറ്റാം.

ഒരാൾ ഇഅ്തിദാലിൽ നിന്നും സുജൂദിലേക്ക് പോകുംവഴി ചരിഞ്ഞു പാർശ്വത്തിൽ വീണാൽ അത് സുജൂദായി പരിഗണിക്കുമോ?

ഒരാൾ പാർശ്വത്തിൽ വീണാൽ സുജൂദ് ചെയ്യുന്നു എന്ന ഉദ്ദേശത്തോടെ നിവർന്നു സുജൂദ് ചെയ്യണം. ഒന്നും കരുതാതെ നിവർന്നു സുജൂദിലേക്ക് വന്നാലും, നിവരുക എന്ന ഉദ്ദേശത്തോടൊപ്പം സുജൂദ് കൂടി കരുതിയാലും സുജൂദ് സാധുവാകുന്നതാണ്. വീഴ്ചയിൽ നിന്ന് നിവരുന്നുവെന്ന ഉദ്ദേശത്തോടെ മാത്രം നിവർന്നു സുജൂദിലേക്ക് വന്നാൽ സുജൂദ് സാധുവാകുകയില്ല. എഴുന്നേറ്റിരുന്നു സുജൂദിലേക്ക് തിരിക്കുക തന്നെ വേണം. എഴുന്നേറ്റ് നിന്ന് സുജൂദിലേക്ക് വരേണ്ടതില്ല. അങ്ങനെ എഴുന്നേൽക്കാൻ പാടില്ല. എഴുന്നേറ്റുനിന്നാൽ നിസ്കാരം അസാധുവാകും.

രോഗം കാരണത്താൽ ഒരാൾക്ക് തലഭാഗത്തെക്കാൾ പൃഷ്ഠഭാഗം ഉയർത്താൻ കഴിഞ്ഞില്ലെങ്കിൽ കഴിയുന്ന രീതിയിൽ സുജൂദ് ചെയ്യണം, ആ നിസ്കാരം മടക്കേണ്ടതില്ല. കപ്പലിന്റെ ഇളക്കം കാരണത്താലാണ് പൃഷ്ഠഭാഗം ഉയർത്താൻ കഴിയാത്തതെങ്കിൽ കഴിയും വിധം സുജൂദ് ചെയ്തു, പിന്നീട് മടക്കി നിസ്കരിക്കണം.

നെറ്റിഭാഗത്ത് നീക്കാൻ പ്രയാസമായ മറ ഉണ്ടെങ്കിൽ അതോടൊപ്പം സുജൂദ് ചെയ്യാം, നിസ്കാരം മടക്കേണ്ടതില്ല. പക്ഷേ ആ മറയിൽ പൊറുക്കപ്പെടാത്ത നജസുണ്ടെങ്കിൽ നിസ്കാരം മടക്കൽ നിർബന്ധമാണ്.


8. രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തം

നിസ്കാരത്തിന്റെ എട്ടാമത്തെ ഫർള് സുജൂദ്കൾക്കിടയിലുള്ള ഇരുത്തമാകുന്നു. ഈ ഇരുത്തം ഇഅ്തിദാലിനെ പോലെ ദൈർഘ്യം കുറഞ്ഞ റുക്നാകുന്നു. അവ രണ്ടും ദീർഘിക്കാൻ പാടില്ല. (فتح المعين)

സുജൂദിൽ നിന്ന് ഉയരുമ്പോൾ ഈ ഇരുത്തം അല്ലാത്ത മറ്റൊന്നിനെയും ഉദ്ദേശിക്കാതിരിക്കൽ നിർബന്ധമാണ്. ഒരാൾ എന്തെങ്കിലും കണ്ട് പേടിച്ച കാരണം സുജൂദിൽ നിന്ന് തല ഉയർത്തിയാൽ അതിനെ ഫർളായ ഇരുത്തമായി പരിഗണിക്കുകയില്ല. അപ്പോൾ സുജൂദിലേക്ക് മടങ്ങൽ അവന് നിർബന്ധമാണ്.

ഒരാൾ ഒന്നാം സുജൂദിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ഒരു മുള്ള് നെറ്റിയിൽ തറച്ച കാരണം പെട്ടെന്ന് തല പൊക്കേണ്ടിവന്നു. എഴുന്നേറ്റിരുന്ന് മുള്ള് എടുത്തുമാറ്റി. ഈ ഇരുത്തം രണ്ടു സുജൂദുകൾക്കിടയിലെ ഇരുത്തം ആയി പരിഗണിക്കുമോ ?

ഗണിക്കാവതല്ല. വീണ്ടും സുജൂദിലേക്ക് പോയി തിരിച്ചു വരണം. കാരണം ഇരുത്തത്തിലേക്കുള്ള വരവ് മറ്റൊരു ഉദ്ദേശത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു.



ഈ ഇരുത്തത്തിൽ ശ്രദ്ധിക്കേണ്ട സുന്നത്തുകൾ



1. സുജൂദിൽ നിന്ന് ഉയരുമ്പോൾ തക്ബീർ ചൊല്ലുക.

2. ഇഫ്തിറാശിന്റെ രൂപത്തിൽ ഇരിക്കുക. ഇടത് കാലിന്റെ മടമ്പ്ഭാഗത്ത് ഇരുന്നു കൊണ്ട് വലതുകാലിന്റെ വിരലറ്റങ്ങൾ ഖിബ് ലയിലേക്ക് മുന്നിടുന്ന രീതിയിൽ നാട്ടി വെക്കുക. ഇതാണ് ഇഫ്തിറാശിന്റെ ഇരുത്തം.

3. രണ്ട് കൈപ്പടകളും കാൽതുടകളുടെ മേൽ വെക്കുക. കൈവിരലുകൾ ഖിബ് ലയിൽ നിന്ന് തെറ്റാത്ത രൂപത്തിൽ അല്പം ചേർത്തുവെക്കണം.

4. ഇരുത്തത്തിൽ താഴെ പറയും പ്രകാരം ചൊല്ലുക.


رَبِّ اغْفِرْ لِي وارْحَمْنِي واجْبُرْنِي وارْفَعْني وارْزُقْنِي واهْدِني وعَافِني


രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തം قصير (ദൈർഘ്യം കുറഞ്ഞ) ആയ റുക്നാണ്. അതിനെ ദീർഘിപ്പിക്കാൻ പാടില്ല. പ്രസ്തുത കാര്യം അറിയുന്ന ഒരാൾ മനഃപ്പൂർവ്വം, ഏറ്റവും ചുരുങ്ങിയ രൂപത്തിൽ അത്തഹിയ്യാത്ത് ഓതാനുള്ള സമയത്തേക്കാൾ കൂടുതൽ നേരം, രണ്ട് സുജൂദുകൾക്കിടയിൽ ഇരുന്നാൽ അവന്റെ നിസ്കാരം ബാത്വിലാകും. അറിവില്ലായ്മ, മറവി എന്നീ കാരണത്താൽ ആ ഇരുത്തം നീണ്ടു പോയാൽ നിസ്കാരം ബാത്വിലാകുകയില്ല. അവസാനം സഹ് വിന്റെ രണ്ടു സുജൂദുകൾ നിർവഹിക്കണം.

എല്ലാ നിസ്കാരങ്ങളിലും സുജൂദിൽ നിന്നും നേരെ നിർത്തത്തിലേക്ക് പോകുന്ന അവസരത്തിൽ(സാധാരണ ഒറ്റയൊറ്റ റക്അത്തുകളിൽ) നിൽകുന്നതിനു മുമ്പ് ഒരല്പനേരം ഇരിക്കൽ സുന്നത്താണ്. ഇതിന് ഇസ്തിറാഹത്തിന്റെ ഇരുത്തം (جلسة الإستراحة) എന്നാണ് പറയുക. سبحان الله എന്ന് പറയാനുള്ള സമയമാണ് ഇവിടെ ഇരിക്കേണ്ടത്. അതിലും കൂടുതൽ ഇരിക്കൽ കറാഹത്താകുന്നു. എന്നാൽ രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിന്റെ സമയത്തെകാൾ കൂടുതൽ നേരം ഇവിടെ ഇരുന്നാൽ നിസ്കാരം ബാത്വിലാകും.

എന്നാൽ തിലാവത്തിന്റെ സുജൂദിൽ നിന്ന് ഉയരുമ്പോൾ ഈ ഇരുത്തം സുന്നത്ത് ഇല്ല. ഇരുത്തത്തിൽ നിന്നും സുജൂദിൽ നിന്നുമെല്ലാം ഉയരുമ്പോൾ രണ്ട് കൈകളും നിലത്തൂന്നി കൊണ്ട് എഴുന്നേൽക്കൽ സുന്നത്താകുന്നു.

ഇസ്തിറാഹത്തിന്റെ ഇരുത്തത്തിലും സുജൂദുകൾക്കിടയിലുള്ള ഇരുത്തം പോലെ ഇഫ്തിറാശിന്റെ (إفتراش) രൂപത്തിലാണ് ഇരിക്കേണ്ടത്. അഥവാ ഇടത് കാലിന്റെ മടമ്പ് ഭാഗത്ത് ഇരുന്നുകൊണ്ട് വലത്തെ കാൽവിരലുകളുടെ അറ്റം ഖിബ് ലയിലേക്ക് മുന്നിടുന്ന രീതിയിൽ നാട്ടിവെക്കണം. ഇവിടെയും ഇൻതികാലിന്റെ തക്ബീർ (تكبيرة الإنتقال) സുന്നത്താണ്. സുജൂദിൽ നിന്നും ഉയരുമ്പോൾ തക്ബീർ ചൊല്ലാൻ തുടങ്ങണം. ഇടയിൽ ഇസ്തിറാഹത്തിന്റെ ഇരുത്തം ഉണ്ടെങ്കിൽപോലും നേരെ നിൽക്കും വരെ ആ തക്ബീർ നീണ്ടു നിൽക്കണം. (فتح المعين)


9 . :ninഅനക്കം അടങ്ങുക

റുകൂഇലും ഇഅ്തിദാലിലും രണ്ട് സുജൂദുകളിലും അവയുടെ ഇടയിലുള്ള ഇരുത്തത്തിലും അനക്കം അടങ്ങണം. ഇതാണ് നിസ്കാരത്തിന്റെ ഒമ്പതാമത്തെ ഫർള്. ഒരു റുക്നിൽ നിന്നും അടുത്ത പ്രവർത്തനത്തിലേക്ക് പോകുമ്പോൾ ആ റുകുനുകൾ രണ്ടായി എണ്ണപ്പെടുന്ന രീതിയിൽ ശരീരാവയവങ്ങളെ നിശ്ചലമാക്കൽ കൊണ്ടാണ് അനക്കം അടങ്ങുക എന്ന ഫർള് കരസ്ഥമാക്കുന്നത്. ഉദാഹരണത്തിന്, കുനിയുമ്പോഴാണ് റുകൂഅ് ഉണ്ടാകുന്നത്. നിവരുമ്പോഴാണ് ഇഅ്തിദാൽ. എന്നാൽ ഈ രണ്ട് പ്രവർത്തനങ്ങളുടെ ഇടയിൽ അല്പനേരം അനങ്ങാതെ കഴിയണം. (فتح المعين)

10 . അത്തഹിയ്യാത്ത്

നിസ്കാരത്തിന്റെ പത്താമത്തെ ഫർളാണ് അവസാനത്തെ അത്തഹിയ്യാത്ത്. ആദ്യ അത്തഹിയ്യാത്ത് സുന്നത്തുകളിൽ പെട്ടതാണ്. അത്തഹിയ്യാത്തിന് ചുരുങ്ങിയ രൂപം താഴെ പറയും പ്രകാരം ആകുന്നു.


التَحِيَّاتُ لِلّٰهِ سَلَامٌ عَلَيْكَ ايُّهَا النَبِيُّ ورَحْمَةُ اللهِ وبَركَاتهُ سَلامٌ عَليْنَا وعلَی عِبَادِ اللهِ الصَالِحِين اشْهَدُ انْ لا اِلَهَ الاَّ اللهُ وانَّ محمدًا رسُولُ الله


അത്തഹിയ്യാത്തിന്റെ ഈ ചുരുങ്ങിയ രൂപത്തിലുള്ള വാക്കുകൾക്ക് പകരം അതേ ആശയമുള്ള മറ്റു പദങ്ങൾ പോലും അനുവദനീയമല്ല. മുഹമ്മദ് എന്ന വാക്കിന് പകരം അഹ്മദ് എന്നൊ നബി എന്നതിന്റെ സ്ഥാനത്ത് റസൂൽ എന്നൊ പ്രയോഗിക്കാൻ പറ്റുകയില്ല. അത്തഹിയ്യാത്തിന്റെ മുമ്പ് ബിസ്മി ഓതൽ സുന്നത്തില്ല. (فتح المعين)

അത്തഹിയ്യാത്തിന്റെ പൂർണമായ രൂപം ഇപ്രകാരം ആണ്.


التَحِيَّاتُ المُبَاركَاتُ الصَلَوَاتُ الطَيِّباتُ لِلّٰهِ السَّلامُ عَلَيْكَ اَيُّهَا النَّبِيُّ وَرَحْمَةُ اللّٰهِ وبَركَاتُهُ السَّلامُ عَليْنَا وَعلَی عِبَادِ اللّهِ الصَالحين اَشهَدُ اَن لاَ الَهَ الاَّ اللّهُ وَاَشهدُ اَنَّ مُحمَّدًا رسولُ اللهِ


അത്തഹിയാത്ത് അറബി ഭാഷയിൽ ഓതുക, സ്വന്തം ശരീരത്തെ കേൾപ്പിക്കുക, അതിലെ അക്ഷരങ്ങളെയും വാക്കുകളെയും ശദ്ദുകളെയും പദാവസാനത്തിലുള്ള വ്യാകരണത്തെയും (إعراب) പരിഗണിക്കുക, എന്നിവ അത്തഹിയാത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.



അത്തഹിയാത്തിന്റെ സുന്നത്തുകൾ

1.അവസാന അത്തഹിയാത്തിൽ തവറുക്കിന്റെ രൂപത്തിൽ ഇരിക്കുക. ഇടതുകാൽ വലതുഭാഗത്തുകൂടെ പുറത്തേക്കിട്ടു കൊണ്ട് പൃഷ്ടഭാഗം ഭൂമിയിൽ ചേർത്തുവെക്കുകയും, വലത് കാലിന്റെ വിരൽ അറ്റങ്ങളെ ഖിബ് ലയിലേക്ക് മുന്നിടുന്ന രീതിയിൽ നാട്ടി വെക്കുകയും ചെയ്യുക. ഇതാണ് തവറുക്കിന്റെ ഇരുത്തം. എന്നാൽ ഇമാമിന്റെ സലാമിന് ശേഷം ബാക്കി നിസ്കരിക്കാനുള്ള മസ്ബൂഖിനും സലാം വീട്ടുന്നതിന് മുമ്പ് സഹ് വിന്റെ സുജൂദ് ചെയ്യാനുള്ളവനും ഈ ഇരുത്തം ഇരിക്കേണ്ടതില്ല. അവർ ഇരുവരും ഇഫ്തിറാശിന്റെ ഇരുത്തമാണ് ഇരിക്കേണ്ടത്. അപ്രകാരം ഒന്നാം അത്തഹിയ്യാത്തിലും ഇഫ്തിറാശിന്റെ രൂപത്തിലാണ് ഇരിക്കേണ്ടത്.

2.അത്തഹിയാത്തിന് വേണ്ടി ഇരിക്കുമ്പോൾ രണ്ട് കൈകളെയും ഇരുകാൽമുട്ടുകളുടെ പാർശ്വത്തിൽ വെക്കുക. വിരലുകളുടെ തലഭാഗം കാൽമുട്ടിന്റെ അറ്റവുമായി നേരിടുന്ന രീതിയിലാണ് കൈകൾ വെക്കേണ്ടത്.

ഇടത് കൈയിലെ വിരലുകൾ വിടർത്തിയാണ് വെക്കേണ്ടത്. ഖിബിലയിൽനിന്നും തെറ്റാത്ത രീതിയിൽ വിരലുകളെ ഒരല്പം ചേർത്തുവെക്കണം. വലതുകൈയിലെ ചൂണ്ടുവിരൽ വിരൽ ഒഴികെ ബാക്കി വിരലുകൾ കൂട്ടി പിടിക്കണം. ആദ്യം വിടർത്തി വെച്ചതിനു ശേഷമാണ് കൂട്ടി പിടിക്കേണ്ടത്. ചൂണ്ടുവിരൽ താഴേക്ക് തൂക്കിയിട്ടു കൊണ്ട് തള്ളവിരലിന്റെ തലഭാഗം ചൂണ്ടുവിരലിന്റെ താഴെ ഭാഗത്ത് (കൈപ്പടയുടെ അറ്റത്തോട് ചേർത്ത്)വെക്കണം. (فتح المعين)

3.അത്തഹിയ്യാത്തിൽ إلا ألله എന്നതിലെ همزة ഉച്ചരിക്കുമ്പോൾ വലതുകൈയുടെ ചൂണ്ടുവിരൽ ഉയർത്തുക. ഖിബ് ലയുടെ നിരപ്പിൽ നിന്നും തെറ്റാത്ത രീതിയിലാണ് ചൂണ്ടുവിരൽ ഉയർത്തേണ്ടത്. ഈ സമയം ചൂണ്ടുവിരലിലേക്ക് നോക്കലും സുന്നത്താണ്. ഈ ഉയർത്തലും നോട്ടവും അടുത്ത റക്അത്തിലെ നിർത്തം അല്ലെങ്കിൽ സലാം വീട്ടും വരെ തുടർന്നു കൊണ്ടുപോകണം. നിസ്കാരത്തിൽ ബാക്കി ഉള്ള അവസരങ്ങളിൽ സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലാണ് സുന്നത്ത്.

നിസ്കാരത്തിൽ അല്ലാത്ത അവസരങ്ങളിൽ إلا الله എന്ന് പറയുമ്പോൾ ആ വിരൽ ഉയർത്തൽ സുന്നത്തില്ല. (فتح المعين)


അത്തഹിയാത്ത് അറിയാത്തവൻ എന്താണ് ചെയ്യേണ്ടത്?

അത്തഹിയ്യാത്ത് അറിയാത്തവന് അത് പഠിക്കൽ നിർബന്ധമാണ്. അതിന് വേണ്ടി യാത്ര ചെയ്യേണ്ടി വന്നാൽ പോലും പോയി പഠിക്കണം.

പക്ഷേ പഠിക്കാൻ ഒരുങ്ങിയാൽ നിസ്കാരം നഷ്ടപ്പെടുമെന്ന് കണ്ടാൽ അത്തഹിയ്യാത്ത് തർജ്ജിമ ചെയ്യണം. അവന് അറിയാവുന്ന ഭാഷയിൽ അത്തഹിയ്യാത്തിന്റെ ആശയത്തെ കൊണ്ടുവരണം. ഇങ്ങനെ തർജ്ജിമ ചെയ്തു നിർവഹിച്ച നിസ്കാരം മടക്കേണ്ടതില്ല. എന്നാൽ അവന്റെ വീഴ്ച കൊണ്ടാണ് പഠനം വൈകിപ്പോയതെങ്കിൽ പഠിച്ച ശേഷം അതിന് മുമ്പുള്ള എല്ലാ നിസ്കാരങ്ങളും മടക്കണം.

അത്തഹിയ്യാത്തിന് മുൻഗണന

അത്തഹിയാത്ത് മനഃപ്പാഠം ഇല്ലാത്ത ഒരാൾ നിൽക്കുകയാണെങ്കിൽ മുമ്പിൽ എഴുതിവെച്ച അത്തഹിയ്യാത്ത് നോക്കി ചൊല്ലുവാൻ കഴിയും. നേരെമറിച്ച് അയാൾ ഇരിക്കുകയാണെങ്കിൽ അത്തഹിയ്യാത്ത് ഓതാൻ സാധിക്കുകയില്ല. അവസാന അത്തഹിയ്യാത്തും അതിനുവേണ്ടിയുള്ള ഇരുത്തവും രണ്ടും നിർബന്ധമാണല്ലോ. ഒരു കാര്യം എടുക്കുകയാണെങ്കിൽ മറ്റേത് നഷ്ടപ്പെടും. അഥവാ അത്തഹിയ്യാത്ത് ഓതുകയാണെങ്കിൽ ഇരിക്കാൻ പറ്റുകയില്ല, ഇരിക്കുകയാണെങ്കിൽ അത്തഹിയാത്ത് ഓതാനും സാധിക്കുകയില്ല. ഈ അവസരത്തിൽ അത്തഹിയാത്തിനാണ് മുൻഗണന നൽകേണ്ടത്. ഇരുത്തം ഒഴിവാക്കി നിന്നുകൊണ്ട് അത്തഹിയ്യാത്ത് ഓതണം. ശേഷം സലാം വീട്ടുന്നതിന് വേണ്ടി ഇരിക്കണം.


ഇമാം അത്തഹിയ്യാത്തിൽ ഇരിക്കെ ഒരാൾ തക്ബീറത്തുൽ ഇഹ്റാം ചെയ്തു. എന്നാൽ ഇമാം ഒന്നാമത്തെ അത്തഹിയ്യാത്തിലാണെങ്കിൽ നിർത്തത്തിലേക്ക് വരുന്നത് പ്രതീക്ഷിച്ചുകൊണ്ടോ, അവസാനത്തെ അത്തഹിയ്യാത്തിലാണെങ്കിൽ സലാം വീട്ടുന്നത് പ്രതീക്ഷിച്ചുകൊണ്ടോ ആ മഅ്മൂമിന് നിർത്തം തുടരാമോ?

ഇമാം അത്തഹിയാത്തിലിരിക്കെ ഒരാൾ നിസ്കാരത്തിനായി ഇഹ്റാം ചെയ്തു. അവൻ ഇഹ്റാം ചെയ്തയുടനെ ഇമാം സലാം വീട്ടിയാൽ തുടർച്ച അവസാനിച്ചത് കൊണ്ട് ആ മഅ്മൂം ഇരിക്കാൻ പാടില്ല. ഇനി ഇമാം സലാം വീട്ടിയില്ലെങ്കിൽ ഇരിക്കൽ അവന് നിർബന്ധമാണ്. നിർത്തം തുടർന്നാൽ അവൻ ഇസ്തിറാഹത്തിന്റെ ഇരുത്തത്തിന്റെ അളവ് പിന്തിയിട്ടുണ്ടെങ്കിൽ നിസ്കാരം ബാഥ്വിലാകും.

ഇമാം അത്തഹിയ്യാത്തിൽ ഇരിക്കെ ഇഹ്റാം ചെയ്ത ശേഷം ഒരു മസ്ബൂഖ് ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവിൽ നിർത്തം തുടർന്നാൽ അവന്റെ നിസ്കാരം അസാധുവാകും. അപ്രകാരം ഇമാം സലാം വീട്ടിയ ശേഷം മസ്ബൂഖ് സ്വന്തം അത്തഹിയാത്തിന്റെ സ്ഥാനം അല്ലാതിരിക്കെ ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവിൽ ഇരുത്തം തുടർന്നാലും നിസ്കാരം ബാഥ്വിലാകും.

ഈ രണ്ടു സ്ഥലങ്ങളിൽ ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവ് കൊണ്ടുള്ള വിവക്ഷ, ഇമാം ഇബ്നുഹജറി (റ)ന്റെ അഭിപ്രായപ്രകാരം, ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ പൂർണമായ അളവാണ്. അഥവാ അത്തഹിയാത്തിന്റെ ചുരുങ്ങിയ രൂപം ഓതാനുള്ള സമയം. എന്നാൽ ഇമാം റംലി(റ) യുടെ അഭിപ്രായപ്രകാരം ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ മിനിമം അളവാണ് ഉദ്ദേശം. അഥവാ സുബ്ഹാനള്ളാ എന്നു പറയാനുള്ള സമയം. ഒന്നാം അഭിപ്രായമാണ് പ്രബലം.

11. നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുക


അവസാന അത്തഹിയ്യാത്തിനു ശേഷം നബി ﷺ യുടെ കുടുംബത്തിന്റെ മേൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്. നബിﷺ യുടെ മേലിലുള്ള സ്വലാത്തിന്റെ കൂടെوآله എന്ന് കൂട്ടിച്ചേർക്കൽ കൊണ്ട് കുടുംബത്തിന്റെ മേലിലുള്ള സ്വലാത്തിന്റെ ചുരുങ്ങിയ രൂപം കരസ്ഥമാകുന്നതാണ്.

അപ്പോൾ നബി ﷺ യുടെയും കുടുംബത്തിന്റെയും മേൽ ചൊല്ലേണ്ട സ്വലാത്തിന്റെ ഏറ്റവും ചെറിയ രൂപം ഇപ്രകാരം ആണ്. اللهم صلى على محمد وآله . എന്നാൽ ഒന്നാം അത്തഹിയ്യാത്തിൽ നബി ﷺ യുടെ കുടുംബത്തിന്റെ മേൽ സ്വലാത്ത് ചൊല്ലൽ സുന്നത്ത് ഇല്ല. (فتح المعين)

അത്തഹിയ്യാത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോഴും പരിഗണിക്കൽ നിർബന്ധമാണ്.

അഥവാ, അക്ഷരങ്ങളെയും വാക്കുകളെയും ശദ്ദുകളെയും ശ്രദ്ധിക്കുക, പദാവസാനത്തിലുള്ള വ്യാകരണത്തെ പരിഗണിക്കുക, തുടർച്ച ഉണ്ടാവുക, സ്വശരീരത്തെ കേൾപ്പിക്കുക, അറബി ഭാഷയിൽ കൊണ്ടു വരുക... തുടങ്ങിയ കാര്യങ്ങളെ ഇവിടെ നിർബന്ധമായും ശ്രദ്ധിക്കണം.

അവസാന അത്തഹിയ്യാത്തിൽ നബി ﷺ യുടെയും കുടുംബത്തിന്റെയും മേലുള്ള സ്വലാത്ത് പൂർണരൂപത്തിൽ ചൊല്ലൽ സുന്നത്താകുന്നു. അത് താഴെ പറയും പ്രകാരമാണ്.


اللهم صلى على سيدنا محمد وعلى آل سيدنا محمد، كما صليت على ابراهيم وعلى آل إبراهيم، وبارك على سيدنا محمد وعلى آل سيدنا محمد كما باركت على إبراهيم وعلى

آل إبراهيم في العالمين انك حميد مجيد

ഇവിടെ നബി ﷺ യുടെ മേൽ സ്വലാത്ത് മാത്രമേ ചൊല്ലുന്നു എന്ന സംശയത്തിന് ഇടമില്ല. കാരണം അത്തഹിയ്യാത്തിൽ തന്നെ നബി ﷺ യുടെ മേൽ സലാം ചൊല്ലുന്നുണ്ടല്ലോ.


സ്വലാത്ത് ചൊല്ലുമ്പോൾ محمد എന്നതിനു മുമ്പിൽ سيدنا എന്ന് ചേർത്തിപ്പറയൽ പ്രത്യേകം ശ്രേഷ്ഠമായ കാര്യമാണ്. (فتح المعين)

അവസാന അത്തഹിയ്യാത്തിൽ നബി ﷺ യുടെയും കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചൊല്ലിയ ശേഷം ദുആ ചെയ്യൽ സുന്നത്താണ്. ഹദീസുകളിൽ വന്നിട്ടുള്ള ദുആകളാണ് ഇവിടെ ഏറ്റവും ശ്രേഷ്ഠമായത്. അവയിൽ ശക്തമായ സുന്നത്തുള്ളത് താഴെ പറയുന്ന ദുആയാണ്.


اللهم إني أعوذ بك من عذاب القبر ومن عذاب النار ومن فتنة

.المحيا والممات ومن فتنة مسيح الدجال

ചില പണ്ഡിതന്മാർ ഈ ദുആ നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം ദുആ ഉപേക്ഷിക്കൽ കറാഹത്താണ്.

എന്നാൽ ഒന്നാം അത്തഹിയ്യാത്തിൽ സ്വലാത്തിനു ശേഷം ദുആ ചെയ്യൽ കറാഹത്താകുന്നു. പക്ഷേ, ഇമാമിന്റെ അത്തഹിയാത്തിനു മുമ്പ് മഅ്മൂം തന്റെ അത്തഹിയ്യാത്തി നിന്ന് വിരമിച്ചാൽ അവന് ദുആ ചെയ്യാം. (فتح المعين)

അവസാന അത്തഹിയാത്തിൽ സ്വലാത്തിന് ശേഷം സുന്നത്തുള്ള ദുആകളിൽ നബി ﷺ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ചില പ്രാർത്ഥനകൾ താഴെപ്പറയുന്നു.


١). اللهم اغفر لي ما قدَّمتُ وما أخّرتُ وما أسْرَرتُ وما أعلنتُ وما أسرفتُ وما اَنتَ اَعلَمُ بِه مِنّی اَنتَ المُقدِّمُ واَنتَ المُؤخِّرُ لاَ الٓهَ الاّ

اَنت



٢). اللهمَّ اِنِّی ظَلمتُ نَفسِی ظُلْمًا كَبيرًا كثيرًا ولاَ يَغْفِرُ الذُّنُوبَ الاَّ اَنتَ فاغْفِرْ لی مَغفِرةً مِن عِندِكَ اِنَّكَ اَنتَ الغفورُ الرَّحيم


അത്തഹിയാത്തിന്റെയും നബി ﷺ തങ്ങളുടെ മേലുള്ള സ്വലാത്തിന്റെയും ചുരുങ്ങിയ രൂപത്തേകാൾ ഇമാമിന്റെ ദുആ ചുരുങ്ങൽ സുന്നത്താണ് . ഈ ദുആ ക്ക് ശേഷം നബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ കറാഹത്താകുന്നു. (فتح المعين)


ഒരു മഅ്മൂം തന്റെ ഇമാമിന് മുമ്പ് തന്നെ അത്തഹിയ്യാത്തിന് ശേഷമുള്ള ദുആകളിൽ നിന്ന് വിരമിച്ചാൽ ഇമാം സലാം വീട്ടുന്നതു വരെ എന്തുചെയ്യണം?

അവസാനത്തെ അത്തഹിയ്യാത്തിൽ ചൊല്ലേണ്ടതായി ഹദീസിൽ വന്നിട്ടുള്ള ദിക്റുകൾ പലതുമുണ്ട്. അവയെല്ലാം ഇമാമിന് മുമ്പ് ചൊല്ലി കഴിയുക എന്നത് വളരെ വിദൂരമാണ്. അങ്ങനെ അവയെല്ലാം ഇമാമിന്റെ സലാമിനും മുമ്പ് ചൊല്ലി കഴിഞ്ഞുവെന്ന് സങ്കല്പിക്കുന്നുവെങ്കിൽ, അവൻ മറ്റു പ്രാർത്ഥനകളിൽ വ്യാപൃതനാകണം. പാരത്രിക പ്രാർത്ഥനകളാണ് ഉത്തമം.


ഒരു മഅ്മൂം ഒന്നാമത്തെ അത്തഹിയ്യാത്തിൽ അവന്റെ ഇമാമിനേക്കാൾ മുമ്പേ വിരമിച്ചാൽ എന്തുചെയ്യണം?

ആ മഅ്മൂം മുവാഫിക് ആണെങ്കിൽ, ഇമാമിനു മുമ്പ് ഒന്നാം അത്തഹിയാത്തിൽ നിന്ന് വിരമിച്ചാൽ അവൻ നബി ﷺ യുടെ കുടുംബത്തിന് പേരിലുള്ള സ്വലാത്തും ശേഷമുള്ള പ്രാർത്ഥനയും കൊണ്ടുവരണം.

ആ മഅ്മൂം മസ്ബൂഖ് ആണെങ്കിൽ ഇമാമിനോട് ഉള്ള അനുഗമനത്തിനു വേണ്ടി മേൽ പറയപ്പെട്ട കാര്യങ്ങളെ (സ്വലാത്തും ശേഷമുള്ള പ്രാർത്ഥനയും) കൊണ്ടുവരണം.

ഇമാമിനെ പിന്തി തുടർന്നുനിസ്കരിക്കുന്ന മസ്ബൂഖിന്, അവന്റെ ഇമാമിന്റെ അത്തഹിയ്യാത്തിലും സ്വലാത്തിനും ദുആയിലും ഇമാമിനോട് യോജിച്ചുകൊണ്ട് അവയെ കൊണ്ടുവരൽ സുന്നത്താണ്. മസ്ബൂഖ് ആയ ആ മഅ്മൂമിനെ അപേക്ഷിച്ച് അതു ഒന്നാമത്തെ അത്തഹിയാത്താണെങ്കിൽ പോലും ഇമാമിനോട് എല്ലാത്തിലും യോജിക്കൽ സുന്നത്താണ്.

ഉദാഹരണത്തിന്, നാല് റക്അത്തുള്ള നിസ്കാരത്തിലെ മൂന്നാം റകഅത്തിൽ ഒരു മഅ്മൂം ഇമാമിനോട് തുടർന്ന് നിസ്കരിക്കാൻ തുടങ്ങിയാൽ, ഇമാമിന്റെ അവസാന അത്തഹിയാത്തിന്റെ അവസരത്തിൽ ഇമാമിനോട് യോജിച്ചുകൊണ്ട് അത്തഹിയ്യാത്തും സ്വലാത്തും ദുആയും അവന് കൊണ്ടുവരാം. ആ മസ്ബുക്കായ മഅ്മൂമിനെ അപേക്ഷിച്ച് അത് ഒന്നാം അത്തഹിയാത്ത് ആണ്. എങ്കിലും ഇമാമിനോട് എല്ലാ കാര്യങ്ങളിലും യോജിക്കൽ സുന്നത്താണ്.

ഇമാമിന് മുമ്പ് അത്തഹിയാത്ത് ഓതി തീർന്ന മഅ്മൂം ഒഴികെയുള്ളവർക്ക് ഒന്നാം അത്തഹിയാത്തിന് ശേഷം ദുആ നിർവഹിക്കൽ കറാഹത്താകുന്നു. അപ്രകാരം അവസാന അത്തഹിയ്യാത്തിന് ശേഷം ദുആ ഉപേക്ഷിക്കുക, ഒന്നാം അത്തഹിയാത്ത് ദീർഘിപ്പിച്ച് കൊണ്ടുപോവുക, അത്തഹിയാത്തിൽ إلا الله എന്ന് പറയുമ്പോൾ ഇടത് കൈയിലെ ചൂണ്ടുവിരൽ ഉയർത്തുക, അവസാന അത്തഹിയാത്തിലെ ദുആ ശേഷം നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക തുടങ്ങിയ കാര്യങ്ങളെല്ലാം കറാഹത്താകുന്നു.

ഇമാം അവസാന അത്തഹിയ്യാത്തിന് ശേഷമുള്ള ദുആയെ അത്തഹിയ്യാത്ത്, സ്വലാത്ത് എന്നിവയുടെ ചുരുങ്ങിയ രൂപത്തിന്റെ അളവിനെകാൽ വർദ്ധിപ്പിക്കുകയോ ആ അളവിനോട് തുല്യമാക്കുകയോ ചെയ്യലും കറാഹത്താണ്.


12 . അത്തഹിയ്യാത്ത്, സ്വലാത്ത്, സലാം എന്നിവയ്ക്കുവേണ്ടി ഇരിക്കുക


നിസ്കാരത്തിന്റെ പന്ത്രണ്ടാമത്തെ ഫർളാണ് അത്തഹിയ്യാത്ത്, സ്വലാത്ത്, സലാം എന്നിവയ്ക്കുവേണ്ടി ഇരിക്കുക എന്നുള്ളത്. അവസാന അത്തഹിയ്യാത്തിൽ തവറുക്കിന്റെ ഇരുത്തവും ഒന്നാം അത്തഹിയാത്തിൽ ഇഫ്തിറാശിന്റെ ഇരുത്തവുമാണ് സുന്നത്ത്.

സഹ് വിന്റെ സുജൂദ് ചെയ്യാനുള്ളവനും ഇമാമിന്റെ സലാമിന് ശേഷം തുടർന്നു നിസ്കരിക്കാനുള്ള മസ്ബൂഖും ഇഫ്തിറാശിന്റെ രൂപത്തിലാണ് ഇരിക്കേണ്ടത്. അവസാന അത്തഹിയ്യാത്തിലെ സ്വലാത്ത്, ദുആ എന്നിവയിൽ ഇമാമിനോട് യോജിക്കൽ മസ്ബൂഖിന് സുന്നത്ത് ഉണ്ടെങ്കിലും ഇരുത്തരൂപത്തിൽ ഇമാമിനോട് യോജിക്കൽ അവന് സുന്നത്ത് ഇല്ല.

തന്നോട് തുടർന്ന് നിസ്കരിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നിസ്കാര സ്ഥലത്ത് പ്രവേശിച്ച മസ്ബൂഖിന് വേണ്ടി അത്തഹിയാത്തിൽ കാത്തിരിക്കൽ ഇമാമിന് സുന്നത്താണ്. പക്ഷേ രണ്ടു ഉപാധികളോടെ മാത്രമാണ് അപ്രകാരം പ്രതീക്ഷിക്കൽ സുന്നത്താകുക.

1. പ്രതീക്ഷയിൽ അമിതത്വം കാണിക്കരുത്.

2. ആഗതരുടെ ഇടയിൽ വിവേചനം കാണിക്കരുത്. ചങ്ങാത്തം, പാണ്ഡിത്യം, നേതൃത്വം തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിച്ച് വിവേചനം കാണിക്കരുത്.
പ്രത്യുത മനുഷ്യന് ഉപകാരം ചെയ്യുക എന്ന നിലക്ക് അല്ലാഹുവിന്റെ പൊരുത്തം പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിപ്പിൽ തുല്യത കാണിക്കണം.

അപ്രകാരം നിസ്കാര സ്ഥലത്ത് പ്രവേശിച്ച മസ്ബൂഖിന് റകഅത്ത് കരസ്ഥമാകുവാൻ വേണ്ടി റുകൂഇൽ കാത്തുനിൽക്കലും ഇമാമിന് മേൽപ്പറഞ്ഞ ഉപാധികളോടെ സുന്നത്താണ്.

നിസ്കാര സ്ഥലത്ത് പ്രവേശിച്ച മസ്ബൂഖിനെ അത്തഹിയാത്തിൽ കാത്തിരിക്കൽ ഇമാമിന് സുന്നത്താണല്ലോ. എന്നാൽ ആഗതനെ പ്രതീക്ഷിക്കുന്നതിൽ അമിതത്വം കാണിക്കുന്നത് കറാഹത്താകുന്നു. കാരണം നിസ്കരിക്കാൻ ഹാജരായവർക്ക് അത് വിഷമം വരുത്തുന്നതാണ്.

അപ്രകാരം അല്ലാഹുവിന്റെ പൊരുത്തത്തിനു വേണ്ടിയല്ലാതെ ജനങ്ങളോടുള്ള സ്നേഹ പ്രകടനത്തിന് വേണ്ടി കാത്തുനിൽക്കുന്ന വിഷയത്തിൽ അവരിൽ ചിലർക്ക് ഇമാം പ്രത്യേകത നൽകിയാൽ അതും കറാഹത്താണ്. അല്ലാമ ഫൂറാനി അത് ഹറാമാണെന്നാണ് പറഞ്ഞിട്ടുള്ളത്.


ഒറ്റയ്ക്ക് നിസ്കരിക്കുന്നവന് തന്നോട് തുടരാൻ ഉദ്ദേശിച്ച ആഗതനെ പ്രതീക്ഷിക്കൽ സുന്നത്താണ്. ആ പ്രതീക്ഷ ദീർഘിച്ചാലും കുഴപ്പമില്ല. കാരണം ഇവിടെ പ്രതീക്ഷ ദീർഘിപ്പിക്കൽ കൊണ്ട് ആർക്കും ഉപദ്രവം ഉണ്ടാകുന്നില്ല. അവൻ ഒറ്റക്ക് ആണല്ലോ നിസ്കരിക്കുന്നത്, അവൻ ദീർഘിപ്പിക്കൽ കൊണ്ട് ഉപദ്രവമേൽക്കാൻ അവനോടൊപ്പം മറ്റാരുമില്ലല്ലോ.

അപ്രകാരം നിസ്കാരം ദീർഘിപ്പിക്കാൻ സമ്മതം നൽകിയ പരിമിതമായ മഅ്മൂമികളുടെ ഇമാമിനും പ്രതീക്ഷ ദീർഘിപ്പിക്കാതിരിക്കണം എന്ന ഉപാധിയില്ല. പ്രതീക്ഷ നീണ്ടുപോകുന്നതിൽ അവിടെ വിരോധമില്ല.

ജമാഅത്ത് സ്ഥലത്തിന് പുറത്തുള്ള ഒരാളെ കുറിച്ച് അയാൾ പ്രവേശിക്കുന്നതിനു മുമ്പ് അറിയാൻ സാധിച്ചാൽ ഇമാമിന് അയാളെ പ്രതീക്ഷിക്കൽ സുന്നത്തില്ല. പ്രത്യുത, അത് കറാഹത്താണ്. അയാൾ നിസ്കാര സ്ഥലത്ത് പ്രവേശിക്കാത്ത കാരണത്താൽ പ്രതീക്ഷയ്ക്കുള്ള അവകാശം അയാൾക്ക് സ്ഥിരപ്പെട്ടിട്ടില്ല. ഒരാൾ പതിവായി പിന്തുന്നവനാണെങ്കിൽ അയാളെ അതിൽ നിന്നും തടയുവാൻ വേണ്ടി പ്രതീക്ഷിക്കാതിരിക്കലാണ് സുന്നത്ത്.

ഇമാമിന്റെ സലാമിന് ശേഷം നിസ്കാരത്തിന്റെ ബാക്കി റക്അത്തുകൾ നിർവഹിക്കുവാൻ വേണ്ടി എഴുന്നേൽക്കുന്ന മസ്ബൂഖ്, അവന്റെ സ്വന്തം ഇരുത്തത്തിന്റെ അവസരത്തിൽ നിന്നാണ് (അഥവാ തന്റെ മൂന്നാം റക്അത്തിലേക്കാണ്) എഴുന്നേൽക്കുന്നതെങ്കിൽ തക്ബീർ ചൊല്ലൽ സുന്നത്താണ്. നേരെമറിച്ച്, അവന്റെ ഇരുത്തത്തിന്റെ അവസരത്തിൽ നിന്നല്ലെങ്കിൽ തക്ബീർ ചൊല്ലാതെയാണ് ഖിയാമിലേക്ക് പോകേണ്ടത്.

എന്നാൽ ഇമാമിന്റെ ഒന്നാം അത്തഹിയാത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഇമാമിനോട് യോജിച്ചുകൊണ്ട് രണ്ട് കൈകളും ചുമലിനു നേരെ ഉയർത്തൽ മസ്ബൂഖിന് സുന്നത്താണ്.

13 . ആദ്യ സലാം പറയുക

നിസ്കാരത്തിന്റെ പതിമൂന്നാമത്തെ ഫർള് ആദ്യ സലാം പറയുക എന്നതാണ്. രണ്ടാമത്തെ സലാം പറയൽ സുന്നത്താകുന്നു. സലാം പറയൽ വാചികമായ (قولي) ഫർളാണ്. അഥവാ, നാവുകൊണ്ട് സലാമിനെ പറയണം.

സലാം പറയുമ്പോൾ ഇരുവശങ്ങളിലേക്കും തല തിരിക്കൽ സുന്നത്താകുന്നു. ഒരാൾ നാവുകൊണ്ട് സലാം പറയാതെ കേവലം തല തിരിച്ചതു കൊണ്ടു മാത്രം ഫർള് വീടൂല്ല. മറിച്ച് തല ഇരുവശങ്ങളിലേക്കും തെറ്റിക്കാതെ സലാം പറഞ്ഞാൽ അത് മതിയാകുന്നു.


സലാം പറയുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.സലാം പറയുമ്പോൾ നിസ്കാരത്തിൽ നിന്നും ഒഴിവാകുകയല്ലാത്ത മറ്റൊന്നിനെയും ഉദ്ദേശിക്കാതിരിക്കുക.

2.മറ്റ് തടസ്സങ്ങൾ ഇല്ലാത്ത സ്ഥിതിയിൽ സ്വന്തം ശരീരത്തെ കേൾപ്പിക്കുക.

3.ഖിബ് ലയിൽ നിന്ന് നെഞ്ചിനെ തെറ്റിക്കാതിരിക്കുക.

4.സലാമിന്റെ വാക്കുകൾ ക്കിടയിൽ തുടർച്ച ഉണ്ടാവുക.

5.അർത്ഥത്തെ മാറ്റുന്ന ഏറ്റക്കുറച്ചിലുകൾ സലാമിന്റെ പദങ്ങളിൽ ഇല്ലാതിരിക്കുക.

സലാം പറയുന്നതിന്റെ ചുരുങ്ങിയ രൂപം السلام عليكم എന്നാണ്. ഈ ചുരുങ്ങിയ രൂപത്തിൽ നിന്നും ഒരു അക്ഷരത്തെ ഒഴിവാക്കാനോ മറ്റൊരു അക്ഷരംകൊണ്ട് പകരമാക്കാനോ പറ്റുകയില്ല.

ഇവിടെ عليكم السلام എന്നു പറയൽ കറാഹത്താണ്. അപ്രകാരം سلام عليكم، سلام الله عليكم، سلامي عليكم തുടങ്ങിയ രൂപങ്ങൾ മതിയാവുകയില്ല. മറിച്ച് ഈ കാര്യം അറിയുന്ന ഒരാൾ മനപ്പൂർവ്വം ഈ പദങ്ങളെ കൊണ്ടുവന്നാൽ നിസ്കാരം ബാത്വിലാകുന്നതാണ്. (فتح المعين)



സലാം പറയുന്നതിന്റെ സുന്നത്തുകൾ


1. ആദ്യ സലാം പറയുമ്പോൾ നിസ്കാരത്തിൽ നിന്നും ഒഴിവാകുന്നതിനെ കരുതുക.

2. ആദ്യ സലാമിനുശേഷം നിസ്കാരത്തിനോട് എതിരായ കാര്യങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ രണ്ടാം സലാം പറയുക. മറിച്ച്, അതിനുശേഷം നിസ്കാരത്തിനോട് എതിരായ കാര്യങ്ങൾ ഉണ്ടായാൽ രണ്ടാം സലാം പറയൽ ഹറാമാകുന്നു.

3. ആദ്യ സലാം പറയുമ്പോൾ വലത്തോട്ടും രണ്ടാം സലാം പറയുമ്പോൾ ഇടത്തോട്ടും മുഖം തിരിക്കുക. സലാം പറയുന്നവന്റെ കവിൾത്തടം പിന്നിലുള്ളവർ കാണും വിധത്തിലാണ് മുഖം വലത്-ഇടത് വശങ്ങളിലേക്ക് തിരിക്കേണ്ടത്.

4. സലാം പറയുമ്പോൾ ورحمة الله എന്നു കൂട്ടിചേർത്ത് പറയുക.

5. മുഖം ഖിബ് ലയിലേക്ക് മുന്നിട്ടു കൊണ്ടാണ് ഇരു സലാമുകളും പറയാൻ തുടങ്ങേണ്ടത്. ഇരു വശങ്ങളിലേക്കുമുള്ള തലതിരിക്കൽ പൂർണമാകലോടെയാണ് ഓരോ സലാമും അവസാനിക്കേണ്ടത്.

6. നീട്ടി പരത്താതെ സലാം വേഗത്തിൽ പറയുക.

7. ഇമാം ഇരുസലാമുകളും പറഞ്ഞശേഷം മഅ്മൂം സലാം പറയുക.

സലാം പറയുമ്പോൾ മനുഷ്യ - ജിന്ന് സമൂഹങ്ങളിലെ മുഅ്മിനീങ്ങൾ, മലക്കുകൾ എന്നിവരുടെ മേൽ സലാമിനെ കരുതൽ സുന്നത്താണ്. അപ്രകാരം ഇമാം, മഅ്മൂം പോലെയുള്ള സലാം പറഞ്ഞവർക്കുള്ള മറുപടിയും ഉദ്ദേശിക്കാം. ആദ്യ സലാം പറയുമ്പോൾ വലത് ഭാഗത്തുള്ളവർക്കു വേണ്ടിയും രണ്ടാം സലാം പറയുമ്പോൾ ഇടത് ഭാഗത്തുള്ളവർക്കു വേണ്ടിയും സലാമിനെ കരുതണം. മുൻ-പിൻ ഭാഗങ്ങളിലുള്ളവർക്ക് ആദ്യത്തേത് കൊണ്ട് സലാമിനെ കരുതലാണ് നല്ലത്.

നിസ്കാരത്തിന്റെ പുറത്തുള്ളവർക്ക് നിസ്കരിക്കുന്നവന്റെ സലാം മടക്കൽ നിർബന്ധമില്ല, എങ്കിലും സുന്നത്താണ്.


നിസ്കാരത്തിൽ നിന്ന് വിരമിക്കുന്നവൻ ചൊല്ലുന്ന വിരാമ സലാം മടക്കൽ നിർബന്ധമില്ല. എന്നാൽ കണ്ടുമുട്ടുന്നവർ ചൊല്ലുന്ന അഭിമുഖ സലാം മടക്കൽ നിർബന്ധമാണ്. എന്താണ് അന്തരം?

അഭിമുഖം കൊണ്ടുള്ള ഉദ്ദേശ്യം നിർഭയത്വമാണ്. അത് സലാം മടക്കുന്നത് കൊണ്ടുമാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ, നിസ്കാരത്തിലെ വിരാമ സലാം കൊണ്ടുള്ള ഉദ്ദേശ്യം അവിടെ ഹാജരായവന് ആ സലാമിന്റെ ബറക്കത്ത് ലഭിക്കുവാൻ വേണ്ടി അവനെ സലാം കൊണ്ട് ഉദ്ദേശിക്കുന്നതിനോടൊപ്പം നിസ്കാരത്തിൽ നിന്ന് വിരമിക്കുക എന്നതാണ്. അവന് ബറക്കത്ത് ലഭിക്കുക എന്നത് സലാം മടക്കിയിട്ടില്ലെങ്കിലും ലഭിക്കുന്നതാണ്.

ഇമാമിന്റെ ഇരു സലാമിന് ശേഷം മസ്ബൂഖ്, അത് തന്റെ ഇരുത്തത്തിന്റെ സ്ഥാനമല്ലെങ്കിൽ, ഉടനെ എഴുന്നേൽക്കണം. അപ്പോൾ ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവിനേക്കാൾ കൂടുതൽ അവിടെ താമസിക്കൽ ഹറാമാണ്. അങ്ങനെ ഹറാമാണെന്ന് അറിഞ്ഞുകൊണ്ട് മനപ്പൂർവ്വം ഇരുന്നാൽ അത് കാരണമായി അവന്റെ നിസ്കാരം അസാധുവാകും. മനപൂർവമോ അറിഞ്ഞുകൊണ്ടോ അല്ലെങ്കിൽ അവസാനം സഹ് വിന്റെ സുജൂദ് ചെയ്യണം.

ഇമാം ഇരുസലാമുകളും വീട്ടിയശേഷം എഴുന്നേൽക്കുന്നതാണ് മസ്ബൂഖിന് സുന്നത്ത്. എന്നാൽ ഒന്നാം സലാമിന് ശേഷം എഴുന്നേൽക്കൽ അനുവദനീയമാണ്.

പക്ഷേ ഇമാമിന്റെ ഒന്നാം സലാമിനു മുമ്പ് മസ്ബൂഖ് എഴുന്നേൽക്കാൻ പാടില്ല. ഇമാമിനെ വിട്ടുപിരിയുന്നു എന്ന ഉദ്ദേശ്യം കൂടാതെ മനപൂർവ്വം അങ്ങനെ എഴുന്നേറ്റാൽ ഇരുത്തത്തിന്റെ അതിർത്തി വിട്ടുപിരിയുന്നതോടെ അവന്റെ നിസ്കാരം ബാത്വിലാകും.
ഇമാമിന്റെ ഒന്നാം സലാമിനു മുമ്പ് ഒരു മസ്ബൂഖ് മറന്നുകൊണ്ടോ അറിവില്ലായ്മ കൊണ്ടോ എഴുന്നേറ്റാൽ അവൻ ഇരുത്തത്തിലേക്ക് തന്നെ തിരിച്ചുവരണം. അതിനിടയിൽ അവൻ ചെയ്ത കർമ്മങ്ങളെയൊന്നും പരിഗണിക്കപ്പെടുകയില്ല. പിന്നീട് ഇമാം സലാം വീട്ടിയ ശേഷം അവൻ എഴുന്നേൽക്കണം.

എന്നാൽ, അറിഞ്ഞിട്ടും ഇരുത്തത്തിലേക്ക് തിരിച്ചു വരാതിരുന്നാൽ അവന്റെ നിസ്കാരം ബാത്വിലാകുന്നതാണ്.

ഇമാം സലാം വീട്ടും മുമ്പ് മറന്ന് കൊണ്ടോ വിവരമില്ലായ്മ കൊണ്ടോ മസ്ബൂഖ് എഴുന്നേറ്റു. പിന്നീട് ഇമാം സലാം വീട്ടുന്നതു വരെ സംഗതി അവൻ അറിഞ്ഞില്ല. എന്നാൽ ഇനി അവനെന്തു ചെയ്യണം?

ഇമാം സലാം വീട്ടിക്കഴിഞ്ഞിട്ടുണ്ടെങ്കിലും മസ്ബൂഖ് ഇരിക്കുന്നതു വരെ കൊണ്ടുവന്ന കർമ്മങ്ങളൊന്നും പരിഗണിക്കപ്പെടുകയില്ല. പിന്നീട് ഇരുന്ന ശേഷം അത് അവന്റെ ഇരുത്തത്തിന്റെ സ്ഥാനമല്ലെങ്കിൽ ഉടനെ എഴുന്നേൽക്കണം. അവന്റെ ഇരുത്തത്തിന്റെ സ്ഥാനമാണെങ്കിൽ ഉടനെ എഴുന്നേൽക്കൽ നിർബന്ധമില്ല.

14 . ക്രമപ്രകാരം ചെയ്യുക

നിസ്കാരത്തിന്റെ റുക്നുകളെ ക്രമപ്രകാരം ചെയ്യുക എന്നതാണ് നിസ്കാരത്തിന്റെ പതിനാലാമത്തെ ഫർള്. ഓരോരോ റുക്നിനെയും അതിന്റെ ക്രമമനുസരിച്ച് തന്നെ കൊണ്ടുവരണം. തക്ബീറത്തുൽ ഇഹ്റാമിന് ശേഷം ഫാത്തിഹ, റുകൂഅ്ന് ശേഷം ഇഅ്തിദാൽ തുടങ്ങി മുഴുവൻ റുക്നുകളെയും ക്രമത്തിലാണ് കൊണ്ടുവരേണ്ടത്.

റുകുനുകളുടെ ക്രമത്തിന് ഭംഗം വന്നാൽ അതിനെ റുക്നായി പരിഗണിക്കപ്പെടുകയില്ല. മാത്രമല്ല, ചിലപ്പോൾ അത് നിസ്കാരത്തെ ബാത്വിലാകും.

ഒരാൾ മനഃപ്പൂർവ്വം ഒരു فعلي യായ (പ്രാവർത്തികമായ) റുക്നിനെ, അതിന്റെ യഥാസ്ഥാനത്ത് നിർവഹിക്കാതെ, മുന്തിച്ച് കൊണ്ടുവരൽ കൊണ്ട് അവയുടെ ക്രമത്തിന് ഭംഗം വരുത്തിയാൽ അവന്റെ നിസ്കാരം ബാത്വിലാകുന്നതാണ്.

ഉദാഹരണത്തിന് ഒരാൾ റുകൂഅ് ചെയ്യുന്നതിനു മുമ്പ് മനഃപ്പൂർവ്വം സുജൂദ് ചെയ്താൽ അവന്റെ നിസ്കാരം ബാത്വിലാകും.

സലാം പറയുക അല്ലാത്ത قولي യായ (വാചികമായ) റുക്നുകളിൽ നിന്ന് ഒന്നിനെ ഒരാൾ ക്രമം തെറ്റിച്ച് മുന്തിച്ചു കൊണ്ടുവന്നാൽ അവന്റെ നിസ്കാരം ബാത്വിലാവുകയില്ല. പക്ഷേ, റുക്നായി പരിഗണിക്കപ്പെടാത്ത കാരണം അതിനെ യഥാസ്ഥാനത്തു തന്നെ കൊണ്ടുവരണം.

ഉദാഹരണത്തിന്, ഒരാൾ ഫാത്തിഹക്ക് ശേഷം അത്തഹിയാത്ത് പാരായണം ചെയ്താൽ അതുകാരണം അവന്റെ നിസ്കാരം അസാധുവാകുകയില്ല. പക്ഷേ, അത്തഹിയ്യാത്തായി പരിഗണിക്കണമെങ്കിൽ അതിനെ യഥാസ്ഥാനത്തു തന്നെ കൊണ്ടുവരണം.

ഒരാൾ സലാം പറയുക എന്ന് قولي യായ (വാചികമായ) റുക്നിനെ മനഃപ്പൂർവ്വം ക്രമം തെറ്റിച്ച് മുന്തിച്ച് കൊണ്ടുവന്നാൽ അവന്റെ നിസ്കാരം ബാത്വിലാകുന്നതാണ്. മറ്റു വാചികമായ റുക്നുകൾ ക്രമം തെറ്റിച്ച് കൊണ്ടുവന്നാൽ നിസ്കാരം ബാത്വിലാകുകയില്ല.

അപ്പോൾ ഒരാൾ സുജൂദിൽ ഇരിക്കെ മനഃപ്പൂർവ്വം സലാം പറഞ്ഞാൽ അത് കാരണം അവന്റെ നിസ്കാരം ബാത്വിലാകുന്നതാണ്. 

റുക്നുകളുടെ ഇടയിൽ ക്രമം പാലിക്കൽ നിസ്കാരത്തിന്റെ സ്വീകാര്യതയ്ക്ക് അനിവാര്യമാണ്. എന്നാൽ നിസ്കാരത്തിന്റെ സ്വീകാര്യതയ്ക്കുള്ള ശർത്തല്ലെങ്കിലും, നിസ്കാരത്തിന്റെ സുന്നത്തുകളെ സുന്നത്തായി പരിഗണക്കണമെങ്കിൽ അവക്കിടയിലും ക്രമം പാലിക്കണം. അപ്പോൾ ഒരാൾ ഒരു സുന്നത്തിനെ ക്രമം തെറ്റിച്ച് കൊണ്ടുവന്നാൽ  അതിനെ സുന്നത്തായി പരിഗണിക്കപ്പെടുകയില്ല.

ഒരാൾ ഒരു സുന്നത്തിനെ മുന്തിച്ച് കൊണ്ടുവന്നാൽ അതിനെ യഥാസ്ഥാനത്ത് മടക്കി കൊണ്ടുവരണം. നേരെമറിച്ച് ഒരു സുന്നത്തിനെ പിന്തിച്ചാൽ അതിനുള്ള അവസരം നഷ്ടപ്പെടുന്നതാണ്. ഉദാഹരണത്തിന്, ഒരാൾ ഫാത്തിഹക്ക് ശേഷം നബി ﷺ  തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതിനെ ആദ്യ അത്തഹിയ്യാത്തിനു ശേഷം മടക്കി കൊണ്ടുവന്നാൽ ആ സുന്നത്ത് ലഭിക്കുന്നതാണ്. എന്നാൽ ഒരാൾ തക്ബീറത്തുൽ ഇഹ്റാമിന് ശേഷം വജ്ജഹത്തു ഓതാതെ അതിനെ പിന്തിപ്പിച്ചാൽ ആ സുന്നത്തിനുള്ള അവസരം നഷ്ടപ്പെടുന്നതാണ്.(إعانة الطالبين)

************************************************************************

ഈ ലേഖനം : കോടമ്പുഴ ബാവ ഉസ്താദിന്റെ നിസ്കാരം വിഷമ ഘട്ടങ്ങളിൽ എന്ന ഭാഗത്തു നിന്നും എടുത്ത ലേഖനമാണ് . ഇത് തയ്യാറാക്കി നമ്മളിലേക്ക് എത്തിച്ചു തന്ന എല്ലാവർക്കും കടപ്പാട്

6 comments:

  1. നിസ്കാരത്തിൽ തൊണ്ട അനക്കത്തിന്റെ വിധി എന്ത്? ബത്തിലകുമോ? ഇമാം ആണ് ചെയ്യുന്നത് എങ്കിൽ അദ്ദേഹത്തെ തുടരുവാൻ കഴിയുമോ? കടുത്ത തൊണ്ട വേദന കൊണ്ടോ മറ്റോ ആണ് തൊണ്ട അനക്കം ഉണ്ടാകുന്നത് എങ്കിൽ അതിന്റെ വിധി എന്ത്???

    ReplyDelete
    Replies
    1. തൊണ്ട അനക്കം കൊണ്ട് രണ്ടക്ഷരമോ അര്‍ത്ഥമുള്ള ഒരക്ഷരമോ വെളിവായാല്‍ നിസ്കാരം ബാത്വിലാകുമെന്നാണ് പ്രബലമായ അഭിപ്രായം. എന്നാല്‍ സാധാരക്കാര്‍ക്ക് തൊണ്ടയനക്കല്‍ നിസ്കാരം ബാത്വിലാകുന്ന കാര്യമാണെന്ന അറിവില്ലായ്മ മൂലം സംഭവിക്കുന്നതിന് വിട്ടുവീഴ്ചയുണ്ടെന്ന് (തുഹ്ഫ 2/153)ല്‍ കാണാം.


      രണ്ടക്ഷരമോ അതില്‍കൂടുതലോ അല്ലെങ്കില്‍ അര്‍ത്ഥമുള്ള ഒരക്ഷരമോ വെളിവാകുന്ന രീതിയിലുള്ള ഒച്ചയനക്കല്‍മൂലമാണ് നിസ്കാരം ബാത്വലാവുക. അക്ഷരങ്ങള്‍ വെളവാകാത്ത തരത്തിലുള്ള വെറുമൊരു ശബ്ദം മാത്രമേ സംഭവിച്ചുള്ളൂവെങ്കില്‍ അതിന് പരിഗണനയില്ല. അതുകൊണ്ട് നിസ്കാരം ബാത്വിലാവുകയില്ല (ശര്‍വാനീ 2/153).


      നിര്‍ബന്ധിതസാഹചര്യത്തില്‍ ഉണ്ടാകുന്ന ഒച്ചയനക്കല്‍, ചുമ, തുമ്മല്‍ പോലോത്തവ കൊണ്ട് ഒന്നിലധികം അക്ഷരങ്ങള്‍ വെളിവായാലും അതിന് വിട്ടുവീഴ്ചയുണ്ട് (തുഹ്ഫ 2-154). എന്നാല്‍ സാധാരണഗതിയില്‍ അത് വളരെ കൂടുതലായെന്ന് പറയപ്പെടാത്ത വിധമായിരിക്കണം.


      ഇമാം തൊണ്ടയനക്കുകയും രണ്ടക്ഷരം വെളിവാവുകയും ചെയ്താല്‍ ആ ഇമാമിനെ വേര്‍പിരിഞ്ഞുനിസ്കരിക്കേണ്ടതില്ല. കാരണം ഇമാമിന് വിട്ടുവീഴ്ച്ച ഉണ്ടാവാന്‍ സാധ്യതയുണ്ടല്ലോ. ഇമാമിന്‍റെ സാഹചര്യഅടയാളങ്ങള്‍ അവന് ഒരു വിട്ടുവീഴ്ചയുമെല്ലന്ന് അറിയിച്ചാല്‍ ആ ഇമാമിനെ വേര്‍പിരിഞ്ഞു നിസ്കരിക്കല്‍ നിര്‍ബന്ധമവുമാണ് (തുഹ്ഫ 2-154)


      ഒച്ചയനക്കിയാലല്ലാതെ നിര്‍ബന്ധമായ ഖിറാഅതോ നിര്‍ബന്ധമായ ദിക്റുകളോ ചൊല്ലാന്‍ കഴിയാതെ വന്നാലും വിട്ടുവീഴ്ചയുണ്ട്. എന്നാല്‍ സുന്നത്തായ ദിക്റുകള്‍ ചൊല്ലാന്‍ വേണ്ടിയോ നിര്‍ബന്ധമായവതന്നെ ശബ്ദമുയര്‍ത്തി ഉറക്കെ ചൊല്ലാന്‍ വേണ്ടിയോ ഒച്ചയനക്കിയാല്‍ നിസ്കാരം ബാത്വിലാകുന്നതാണ്. (തുഹ്ഫ 2-155)

      Delete
  2. അസ്സലാമു അലൈക്കും. ജമാഅത് ആയി നിസ്കരിയ്ക്കുകയും നിസ്കാരം പൂർത്തിയാക്കി പിരിഞ്ഞു കുറച്ചു കഴിഞ്ഞതിനു ശേഷം ഇമാം തനിക്ക് വുളു ഉണ്ടായിരുന്നോ എന്ന് സംശയിക്കുകയും ചെയ്ത് തന്റെ കൂടെ നിസ്കരിച്ചവരോട് പറയുകയും ചെയ്താൽ ആ നിസ്കാരം വീണ്ടും കൂടെ നിസ്കരിച്ചവർ വീട്ടേണ്ടതുണ്ടോ?

    ReplyDelete
    Replies
    1. വ അലൈകുമുസ്സലാം


      ഉറപ്പിനാണ് പരിഗണന കൊടുക്കേണ്ടത്. സംശയത്തിന് പരിഗണന കൊടുക്കേണ്ടതില്ല . വെറും സംശയം മാത്രമേ ഉള്ളുവെങ്കിൽ നിസ്ക്കാരം സ്വഹീഹ്‌ ആണ് ആരും മടക്കേണ്ടതില്ല.

      Delete
  3. മഗ്‌രിബ് നിസ്കാരത്തിന്റെ കളാഹ് സമയം എത്ര ആണ്?

    ReplyDelete
    Replies
    1. സൂര്യന്‍ പൂര്‍ണ്ണമായി അസ്തമിച്ചത് മുതല്‍ മേഘത്തിലെ ചുവപ്പ് (ശഫഖുല്‍അഹ്മര്‍ ) മായുന്നത് വരെ (അഥവാ ഇശാഇന്‍റെ സമയം ആകുന്നതുവരെ) യാണ് മഗരിബിന്‍റെ സമയമെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. എന്നാല്‍, സമയം പ്രവേശിച്ചത് മുതല്‍ ശുദ്ധി വരുത്താനും ഔറത് മറക്കാനും ബാങ്കും ഇഖാമതും വിളിക്കാനും ശേഷം ഏഴ് റക്അത് നിസ്കരിക്കാനുമുള്ള സമയം വരെ മാത്രമേ മഗ്രിബിന്‍റെ സമയം ഉള്ളൂവെന്നും ശേഷം അത് ഖളാഅ് ആകുമെന്നും ശാഫീ ഇമാമിന്‍റെ ആദ്യകാല അഭിപ്രായമായി പറയപ്പെടുന്നുണ്ട്.

      Delete