Sunday 19 August 2018

ഉളുഹിയ്യത്തിന്റെ (ബലി നൽകൽ) പൈസ മറ്റു ആവശ്യങ്ങൾക്ക് ചിലവഴിക്കാമോ ?



ഉള്‌ഹിയാ നിയമവും രീതികളും വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക


കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് 2018 ഓഗസ്റ്റ് മാസം നമുക്ക് സമ്മാനിച്ചത്. പ്രകൃതിയുടെ മേൽ മനുഷ്യൻ നടത്തിയ കയ്യേറ്റത്തിന് പ്രകൃതി  തിരിച്ചടി നൽകി എന്ന് വേണമെങ്കിൽ കരുതാം ഈ ദുരന്തത്തെ .

അതിനുമപ്പുറം നമ്മുടെ സൃഷ്ടാവിനെ മറന്നു ജീവിച്ച നമുക്ക് ഒരു മാറ്റം നൽകാൻ അല്ലെങ്കിൽ അവനെ ഒരു വേള ഓർക്കാൻ അവൻ നമുക്ക് തന്ന ചെറിയൊരു ദൃഷ്ടാന്തമായി ഈ വിപത്തിനെ കണക്കാക്കാം .

സോഷ്യൽ മീഡിയയിലും , മാധ്യമങ്ങളിലുമൊക്കെ വരുന്ന ഭീകരമായ ദൃശ്യങ്ങളോടടങ്ങിയ വാർത്തകൾക്കും ചർച്ചകൾക്കും എത്രയോ അപ്പുറമാണ് നേരിട്ടുള്ള ദുരന്ത മുഖത്തെ കാഴ്ചകൾ .

വിവരണാതീതമാണ് ഓരോ സ്ഥലത്തെയും കാഴ്ചകൾ , പട്ടു മെത്തയുടെ സുഖലോലുപതയിൽ കിടന്നവർക്കു നിമിഷങ്ങൾ കൊണ്ട് തല ചായ്ക്കാൻ ഇടമില്ലാതായിത്തീർന്നിരിക്കുന്നു. മത്സരിച്ചു മണി മാളികകൾ തീർത്തവർക്കു കണ്ണടച്ചു തീരും മുൻപേ മലവെള്ളപ്പാച്ചിലിൽ ആ സ്ഥലങ്ങൾ വെറും കല്ലും ചെളിയും നിറഞ്ഞ ദുർഘടമായ സ്ഥലമായിത്തീർന്നിരിക്കുന്നു . പണത്തിന്റെ ഹുങ്കിൽ കിട്ടുന്ന ആഹാരം മതിയാകാതെ അവനു ആഹരിക്കാൻ കഴിയുന്നതിനുമപ്പുറം വാങ്ങി കൂട്ടി വേസ്റ്റ് ബക്കറ്റിൽ തള്ളിയ മനുഷ്യൻ കഴിഞ്ഞ ദിവസങ്ങളിൽ ഒരു പിടി ആഹാരത്തിനായി കെഞ്ചുന്ന അവസ്ഥ . ബ്യൂട്ടി ഷോപ്പിലും , മറ്റു ക്രീമുകളും ഉപയോഗിച്ച് സുന്ദരമായി കൊണ്ട് നടന്ന മേനികൾ ശവ ശരീരങ്ങളായി വെള്ളത്തിൽ ഒഴുകി നടന്ന കരളലിയിപ്പിക്കുന്ന കാഴ്ചകൾ . അങ്ങനെ എത്രയെത്ര ദൃശ്യങ്ങൾ ഈ കാലവർഷം നമ്മെ പഠിപ്പിച്ചു .

ഇനി കേരളത്തെ പഴയ കേരളമാക്കി മാറ്റണമെങ്കിൽ കോടിക്കണക്കിനുമപ്പുറം പൈസ ചിലവഴിക്കേണ്ടതുണ്ട് . അപ്പോൾ നമ്മൾ കൊടുക്കുന്ന ചെറിയ സഹായം പോലും വലിയ ആശ്വാസമാണ് . അത്രയേറെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട് .

ഈ കുറിപ്പ് ഇവിടെ എഴുതാൻ കാരണം ചില മുസ്ലിം നാമധാരികളും , അന്യ മതത്തിൽപ്പെട്ട ചില സുഹൃത്തുക്കളും ഉളുഹിയ്യത്തിന്റെ പൈസ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്ന് പറഞ്ഞുള്ള പോസ്റ്റ് വളരെയധികം ഷെയർ ചെയ്യുന്നതായി കണ്ടു . 

അത് അങ്ങനെ പാടില്ല, അതിന്റെ ഇസ്ലാമിക നിയമ വശം പറഞ്ഞുകൊടുക്കുന്നവരെ ഏറ്റവും വലിയ വർഗീയ വാദിയും , മത തീവ്രവാദിയുമായി മുദ്ര കുത്തപ്പെടുന്ന ഒരു അവസ്ഥ വിശേഷം ആണിപ്പോൾ ഉള്ളത് .

ആ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇവിടെ കുറിക്കാം , ശേഷം മറുപടിയും വായിക്കാം 

മുസ്ലിം സമുദായത്തിന് ചെയ്യാന്‍ പറ്റുന്നൊരു കാര്യം പറയാം

ബലി പെരുന്നാള്‍ ആണ് അടുത്ത ആഴ്ച്ച വരാന്‍ പോവുന്നത്.മലബാറിലെ ഓരോ മഹല്ലിലും മിനിമം 10-15 പോത്തോനെയെങ്കിലും അറുക്കും.  അതായത് ശരാശരി ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് കിലോ വരെ ഇറച്ചിയുണ്ടാവും അതിന്. മഹല്ലിന്‍റെ പരിധിയില്‍ 300-500  വീടുകള്‍ക്ക് വീതിച്ചു കൊടുത്താല്‍ വീടൊന്നിന്  നാലോ അഞ്ചോ കിലോ ഇറച്ചിയാണ് ശരാശരി ഓരോ പെരുനാളിനും ലഭിക്കുന്നത്. ഇതൊക്കെ നേരെ ഫ്രിഡ്ജില്‍ കുത്തി നിറച്ച് വെക്കാറാണ് പതിവ്. തിന്ന് തീര്‍ക്കാന്‍ മിനിമം ഒരാഴ്ച്ചയെങ്കിലും എടുക്കാറുണ്ട്. ആയിരം കിലോ ഇറച്ചിക്ക് മുതല്‍ മുടക്ക് മാത്രം രണ്ട് ലക്ഷത്തോളം വരുമെന്നാണ് ഏകദേശമായൊരു കണക്ക്.

സാധാരണ പോലൊരു സാഹചര്യമല്ല ഇത്തവണ ഉള്ളത്. കേരളത്തിലെ പതിനൊന്ന് ജില്ലകളില്‍ മഴക്കെടുതിയും  വെള്ളപ്പൊക്കവും നേരിടുകയാണ്. ലക്ഷക്കണക്കതക്കിനാളുകളെ നേരിട്ടും അല്ലാതെയും ബാധിച്ച ദുരന്തം. ആയിരങ്ങള്‍ക്ക് വീടും കന്നുകാലികളും സര്‍വ സമ്പത്തും വെള്ളത്തിലായി കയറി കിടക്കാന്‍ പോലും സ്ഥലമില്ലാത്ത തരത്തില്‍ കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം നിറഞ്ഞ മഴക്കാലമാണിത്.  

അത് കൊണ്ട് ഇത്തവണ മഹല്ലുകള്‍ മുന്‍കെെയ്യെടുത്ത് ഓരോ പ്രദേശത്തും ബലി അറുക്കാന്‍ ആട് മാടുകളെ വാങ്ങി നല്‍കാന്‍ താല്‍പ്പര്യമുള്ളയാളുകളുടെ കെെയ്യില്‍ നിന്ന് പണം വാങ്ങിയ ശേഷം മഹല്ലിലെ വീട് ഒന്നിന്  ഒരു കിലോ ബലി ഇറച്ചി മാത്രം  ലഭിക്കുന്ന വിധത്തില്‍ ബലിയറുക്കുകയും ബാക്കി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ കേരളത്തില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവരുടെ  ആവശ്യങ്ങള്‍ക്കായോ  നല്‍കുകയും ചെയ്താല്‍ മിനിമം പത്ത്-ഇരുപത് കോടിയെങ്കിലും കേരള മുസ്ലിം സമുദായത്തിന് ഈ വകുപ്പില്‍ നല്‍കാന്‍ കഴിഞ്ഞേക്കും.  ബലിയറുക്കാന്‍ കരുതി വെച്ച പെെസ ഇങ്ങിനെ വക മാറ്റി ചിലവഴിക്കാമോ എന്നൊക്കെയുള്ള കര്‍മശാസ്ത്ര തര്‍ക്കങ്ങളും കടുംപിടുത്തങ്ങളും തീര്‍ത്ത് കൊടുക്കാന്‍  ഇസ്ലാമിക ലോകത്തെ പണ്ഡിതന്‍മാരും സംഘടനകളും മുന്‍കെെയ്യെടുക്കുകയും ചെയ്താല്‍ വളരെ ഈസിയായി ചെയ്യാവുന്നതേ ഉള്ളൂ.

ഓര്‍ക്കേണ്ടത് സാധാരണ നമ്മള്‍ പോലെ ഒരു മഹല്ലില്‍ പത്തും ഇരുപതും ആട് മാടുകളെ അറുത്ത് ജക പൊഗയാക്കി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളത്തിലെ വലിയൊരു വിഭാഗത്തിന് കയറി കിടക്കാന്‍ പോലും വീടില്ലാത്ത അവസ്ഥയിലാണ്. എന്നത്തെയും പോലെ ഈ പെരുന്നാളും കഴിഞ്ഞു പോവുന്നതിന് പകരം കുറച്ച് കൂടി ക്രിയാത്മകമായും പ്ലാനിങ്ങോടെയും ബലി പെരുന്നാളിനെ ഉപയോഗിക്കാന്‍ കേരള മുസ്ലിം നേതൃത്വങ്ങള്‍ മുന്‍കെെയ്യെടുത്താല്‍ അതൊരു ചരിത്രമാവും. വരാനിരിക്കുന്ന തലമുറകള്‍ക്കും പറയാന്‍ പറ്റിയ ചരിത്രം ..

(മുകളിൽ തന്നിരിക്കുന്നതാണ് എല്ലാവരും വലിയ പുണ്യമായി കണക്കാക്കി ഷെയർ ചെയ്യുന്നത്)

ഇനി ഉളുഹിയത്തിൽ ഈ വിഷയത്തെ പറ്റി ഇസ്‌ലാമിന്റെ വിധി നോക്കാം 

'മുസ്‌ലിംകൾ ഹജ്ജുപെരുന്നാളിന്റെ ബലിനിറുത്തിയും എണ്ണം കുറച്ചും ആ പൈസയെടുത്ത്‌ ദുരിതാശ്വാസത്തിനു  കൊടുക്കണമത്രെ!' 

എന്തോ നല്ല കാര്യമെന്ന മട്ടിൽ നിഷ്കളങ്കരായ മുസ്‌ലിംകളും അത്‌ ഫോർവേർഡ്‌ ചെയ്യുന്നു. 'വൺ ഫോർവേഡ്‌ സമം വൺ ഉളുഹിയ്യ' എന്ന് കരുതുന്നവർ പോലുമുണ്ട്‌. 

ആദ്യമേ പറയട്ടെ, ഇടുക്കിയിലും ആലുവയിലും വയനാട്ടിലും എന്ന് വേണ്ട വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിയ്ക്കുന്ന എല്ലാ മേഖലയിലും ഏറ്റവും സജീവമായ രക്ഷാപ്രവർത്തനങ്ങളുമായി മുസ്‌ലിം സംഘടനകൾ ഒരു ചുവട്‌ മുന്നിലുണ്ട്‌. അത്‌ ഏത്‌ ക്യാമ്പുകളിലും ആർക്കും പരിശോധിയ്ക്കാം. 24 മണിക്കൂർ ലൈവ്‌ കാണിക്കുന്ന ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും പോലും സമ്മതിച്ച കാര്യമാണു. അതിൽ മതമോ പ്രാദേശികഭേദങ്ങളോ ഒന്നും ഇല്ല. ഇരകളുടെ മതം നോക്കിയിരുന്നെങ്കിൽ അവർക്ക്‌ സങ്കികളെപ്പോലെ മാറി നിൽക്കുമായിരുന്നു. എന്നാൽ 'അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറയ്ക്കുന്നവൻ നമ്മിൽ പെട്ടവനല്ല' എന്ന പ്രവാചക അദ്ധ്യാപനമാണു വിശ്വാസികൾക്ക്‌ പ്രചോദനം. അവരത്‌ കഴിവിന്റെ മാക്സിമം ചെയ്യുന്നുണ്ട്‌. 

ഹജ്ജുമായി ബന്ധപ്പെട്ട വലിയ പെരുന്നാളിന്റെ ബലികർമ്മം വിശ്വാസപരമാണു. നിർബന്ധമായ ഒന്ന് മാറ്റി വച്ച്‌ മറ്റൊന്ന് ചെയ്യണം എന്നൊരു നിലപാട്‌ ഒരിക്കലും വിശ്വാസിയ്ക്കില്ല. നിർബന്ധമായ എല്ലാം ചെയ്യുക എന്നതാണു ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌. ദാനവും ബലിയും ഒരുപോലെ പ്രധാനമാണു.

പ്രവാചകൻ (സ) നിർവ്വഹിച്ച ആദ്യഹജ്ജിൽ തന്നെ സ്വന്തം കൈകൊണ്ട്‌ നിരവധി മൃഗങ്ങളെ അറുത്തതും എണ്ണം 100 തികയ്ക്കാൻ മറ്റൊരാളെ ഏൽപ്പിച്ചതും ചരിത്രമാണു. അന്നുമുണ്ട്‌ ദാരിദ്ര്യം, കഷ്ടപ്പാടുകൾ, ആവശ്യങ്ങൾ. പക്ഷെ ബലി കുറയ്ക്കുവാൻ പറഞ്ഞിട്ടില്ല. എന്നല്ല കൂട്ടുവാനാണു ആഹ്വാനം. പ്രിയപ്പെട്ടത്‌ സ്രഷ്‌ടാവിനു സമർപ്പിയ്ക്കുക എന്നതാണു ഉളുഹിയ്യയുടെ നിയ്യത്ത്‌. ബലിമാംസം വിശ്വാസികൾ ഭക്ഷണത്തിനാണു ഉപയോഗിയ്ക്കുന്നത്‌. സൗദിയിലൊക്കെയും ബാക്കി വരുന്ന ബലിമാംസം പാവപ്പെട്ട രാഷ്ട്രങ്ങളിലേക്കാണു സൗജന്യമായി നൽകുന്നത്‌. 

വലിയപെരുന്നാല്‍ ദിനം മനുഷ്യന്‍ ചെയ്യുന്ന പുണ്ണ്യ കര്‍മങ്ങളില്‍ വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപെട്ടതാണ്

 عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَا عَمِلَ آدَمِيٌّ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبَّ إِلَى اللَّهِ مِنْ إِهْرَاقِ الدَّمِ


എന്ന നബിതങ്ങളുടെ വാക്കില്‍ നിന്നും ഇത് നമുക്ക് മനസ്സിലാക്കാവുന്നതും നബിതങ്ങള്‍ സ്വന്തം ത്ര്‍ക്കരങ്ങളാല്‍ ഉളുഹിയത്ത് അറുത്ത് മാത്രക കാട്ടിയതുമാണ് .

ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വ്യക്തമാക്കുന്ന അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

നല്ല മനസ്സോടെ പ്രതിഫലം കാംക്ഷിച്ച് ആരെങ്കിലും ഉള്ഹിയ്യത്ത് നിര്‍വഹിച്ചാല്‍ അത് നരകത്തെ തടയുന്നതാണ്. നിങ്ങളുടെ ഉള്ഹിയ്യത്ത് മൃഗത്തിനെ നിങ്ങള്‍ നന്നാക്കുവീന്‍. കാരണം അത് നിങ്ങള്‍ക്ക് സ്വിറാത്ത് പാലം കടക്കാനുള്ള വാഹനമാണ് (ഹദീസ്). 

പെരുന്നാള്‍ ദിനത്തില്‍ മനുഷ്യന്‍ ചെയ്യുന്ന സുന്നത്തായ സത്കര്‍മങ്ങളില്‍ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് ബലി അറുക്കലാണ്. ബലി മൃഗങ്ങള്‍ അവയുടെ കുളമ്പുകളും രോമങ്ങളും കൊമ്പുകളുമായി പരലോകത്ത് വരും. 

ബലി മൃഗത്തിന്റെ രക്തം ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് അല്ലാഹുവിന്റെ അരികില്‍ വലിയ സ്ഥാനം പ്രാപിക്കുന്നതാണ്(ഹദീസ്). 

ബലി മൃഗത്തിന്റെ ആദ്യ രക്തത്തുള്ളി ഭൂമിയില്‍ പതിക്കുന്നതോടെ മുഴുവന്‍ ദോഷങ്ങളും പൊറുക്കപ്പെടും. ബലി മൃഗത്തിന്റെ മാംസവും രക്തവുമെല്ലാം എഴുപത് ഇരട്ടിയായി മീസാന്‍ എന്ന തുലാസില്‍ കൊണ്ടുവരപ്പെടുന്നതാണ്(ഹദീസ്). 

ബലി മൃഗത്തിന്റെ ഓരോ രോമം കണക്കെ പുണ്യം ലഭിക്കുന്നു(ഹദീസ്). 

സൗകര്യമുണ്ടായിരിക്കെ ഉള്ഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ എന്റെ മുസ്വല്ലയോട് അടുക്കരുതെന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു. ഇങ്ങനെ അനേകം ഹദീസുകളില്‍ ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യാത്രയുടെ സന്ദര്‍ഭത്തിലും ബലി അറുക്കുകയുണ്ടായി. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: ഞങ്ങള്‍ ഒരു യാത്രയില്‍ ആയിരിക്കവേ ബലി പെരുന്നാള്‍ വന്നപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഏഴ് പേരെ ചേര്‍ത്തുകൊണ്ട് വലിയ മൃഗത്തെ ബലി അറുക്കുകയുണ്ടായി. (തിര്‍മിദി 905). 

ഖുർആനിൽ നിന്ന്:

അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നില്ല.എന്നാല്‍ നിങ്ങളുടെ ധര്‍മ്മ നിഷ്ട്ടയാണ് അവങ്കല്‍ എത്തുന്നത്. അള്ളാഹു നിങ്ങള്ക്ക് മാര്‍ഗ ദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്തം പ്രകീര്തിക്കെണ്ടാതിനായി അപ്പ്രകാരം അവന്‍ അവയെ നിങ്ങള്ക്ക് കീഴ്പ്പെടുത്തി തന്നിരിക്കുന്നു.(നബിയേ, ) സദ്‌ വിര്തര്‍ക്ക് നീ സന്തോഷ വാര്‍ത്ത‍ അറിയിക്കുക. (വി കു: 22:37)

ഹദീസില്‍ നിന്ന്:

1) അനസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നമസ്കാരത്തിനുമുമ്പ് ഉള്ഹിയ്യത്ത് അറുത്താല്‍ അതവന്‍ തന്റെ ശരീരത്തിനു വേണ്ടി അറുത്തതാണ്. വല്ലവനും നമസ്കാരത്തിനുശേഷം അറുത്താല്‍ അവന്റെ ബലികര്‍മ്മം സമ്പൂര്‍ണ്ണമാവുകയും മുസ്ലിംകളുടെ ചര്യ അവന്‍ കരസ്ഥമാക്കുകയും ചെയ്തു. (ബുഖാരി. 7. 68. 454)

2) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) ബലിമൃഗത്തെ അറുത്തിരുന്നത് നമസ്കാരസ്ഥലത്തുവെച്ചായിരുന്നു. (ബുഖാരി. 7. 68. 459)

3) അനസ്(റ) പറയുന്നു: നബി(സ) രണ്ട് വെളുത്ത് തടിച്ചയാടുകളെ ഉള്ഹിയ്യത്തറുക്കുകയുണ്ടായി. ഞാനും അപ്രകാരം നിര്‍വ്വഹിക്കും. (ബുഖാരി. 7. 68. 460)

4) അനസ്(റ) നിവേദനം: ബിസ്മിയും തക്ബീറും ചൊല്ലി നബി(സ) തന്റെ കൈ കൊണ്ട് ഉളുഹിയ്യത്തറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 68. 465)

5) സലമ:(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ! കഴിഞ്ഞ കൊല്ലം ചെയ്തപോലെതന്നെയാണോ ഞങ്ങള്‍ ചെയ്യേണ്ടത്? എന്ന് അനുചരന്മാര്‍ ചോദിച്ചു. നബി(സ) അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത് സൂക്ഷിക്കുകയും ചെയ്തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്ന് ഞാന്‍ വിചാരിച്ചു. (ബുഖാരി. 7. 68. 476)

6) അബൂഉബൈദ്(റ) നിവേദനം: ശേഷം അലി(റ)യിന്റെ കൂടെയും ഞാന്‍ പങ്കെടുത്തു. ഖുതുബ: ക്ക് മുമ്പായി അദ്ദേഹവും പ്രസംഗിച്ചു. ശേഷം ഇപ്രകാരം പ്രസംഗിച്ചു. നബി(സ) ഉളുഹിയ്യത്തിന്റെ മാംസം മൂന്ന് ദിവസത്തിലധികം തിന്നുന്നതിനെ നിങ്ങളോട് വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 7. 68. 478)

ഈ വചനങ്ങളുടെ വെളിച്ചത്തില്‍ ബലി വളരെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണെന്നതില്‍ ഫുഖഹാഅ് ഏകോപിച്ചിരിക്കുന്നു. ഹനഫികള്‍ ഇതിന് വാജിബ് എന്നും ശാഫിഇകള്‍ സുന്നത്ത് മുഅക്കദ എന്നും പദപ്രയോഗം നടത്തിയിരിക്കുന്നു.

കൂടാതെ സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഈ പോസ്റ്റിന്റെ ബാക്കി ഭാഗം കൂടി കാണുക 

എന്നാല്‍ അടുത്ത കാലത്തായി സമുദായത്തിലെ ഒരു വിഭാഗത്തില്‍ പ്രത്യേകമായ ഒരു പ്രകൃതി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. 

സമുദായത്തിന്റെ ഇതര ആവശ്യങ്ങളെക്കുറിച്ച് വളരെ ചിന്ത അധികരിച്ച അവര്‍ അതിനുവേണ്ടി സാമ്പത്തിക സ്വരൂപണം നടത്തുന്നതിന് പകരം ആരാധനകള്‍ക്കും പ്രധാന നന്മകള്‍ക്കും ചിലവഴിക്കേണ്ട സമ്പത്ത് പ്രസ്തുത ആവശ്യങ്ങളിലാണ് ചിലവഴിക്കേണ്ടതെന്ന് വാദിച്ചുകൊണ്ടിരിക്കുന്നു. 

ഉദാഹരണത്തിന് ബലിയുടെയും ഫിത്ര്‍ സകാത്തിന്റെയും സമ്പത്ത് ഉപയോഗിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതാണ്, 

തൊഴില്‍ ഇല്ലാത്ത യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കേണ്ടതാണ്, 

പ്രബോധന ലക്ഷ്യങ്ങള്‍ക്ക് ടിവി ചാനലുകള്‍ ആരംഭിക്കേണ്ടതാണ്,
വിവിധ മീഡിയകളില്‍ മുന്നിട്ടിറങ്ങേണ്ടതാണ്, 

ഹോസ്റ്റലുകള്‍ സ്ഥാപിക്കേണ്ടതാണ്, 

കാലവിപത്തുകളില്‍ അകപ്പെട്ടവരെ സേവിക്കേണ്ടതാണ്.... 

അവരുടെ വാദം വിവിധ സമയങ്ങളിലായി ഇങ്ങനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

ഈ പറയപ്പെട്ട വിഷയങ്ങള്‍ എല്ലാം തീര്‍ച്ചയായും വലിയ ആവശ്യങ്ങളും ഇസ്‌ലാമിക സേവനങ്ങളുമാണ്. പക്ഷേ, ഇതിനുവേണ്ടി അവര്‍ ഉപയോഗിക്കുന്ന ശൈലി വ്യക്തമാക്കുന്നത് ബലിയും ഫിത്ര്‍ സകാത്തും ഒന്നും ആവശ്യമില്ല, റിലീഫ് പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ മാത്രം മതി എന്നാണ്. ഇത് ഒരുതരം പ്രത്യേക മാനസിക രോഗമാണ്. 
ഇപ്രകാരം വാചകങ്ങള്‍ ഉപയോഗിച്ച് ദീനീ കടമകളെ നിന്ദിക്കുന്ന ഇവര്‍ ഒരിക്കലും ഇങ്ങനെ പറയാറില്ല: നമ്മളുടെ കല്ല്യാണങ്ങളുടെ ചിലവുകള്‍ പത്ത് ശതമാനമെങ്കിലും കുറച്ച് ഉപരിസൂചിത കാര്യങ്ങള്‍ക്ക് ചിലവഴിക്കുക.! സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകട്ടെ, പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനാകട്ടെ, കച്ചവടക്കാരാനോ, കര്‍ഷകനോ, തൊഴിലാളിയോ ആരുമാകട്ടെ ഒരു ദിവസത്തെ വരുമാനം ഉപര്യുക്ത കാര്യങ്ങള്‍ക്ക് നല്‍കുക!! അതെ, ഇങ്ങനെ അവര്‍ പറഞ്ഞിരുന്നുവെങ്കില്‍ ഒരു ഭാഗത്ത് സമുദായത്തിന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുകയും മറുഭാഗത്ത് നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം സാമുദായിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ് എന്ന ചിന്ത സമുദായത്തില്‍ ശക്തി പ്രാപിക്കുകയും ചെയ്യുമായിരുന്നു. 

പക്ഷേ, ഇതിന് പകരം ഫിത്ര്‍ സകാത്തിന്‍റെയും ബലിയുടെയും തുച്ഛമായ സംഖ്യകള്‍ കൊണ്ട് വലിയ കാര്യങ്ങള്‍ നടത്തണമെന്നും നിര്‍ബന്ധമായ ഈ ദാനങ്ങള്‍ അല്ലാതെ ഒരു പൈസ പോലും ദാനം കൊടുക്കരുതെന്നുമുള്ള ഒരു ചിന്താഗതി കൂടിയാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് വളരെ അപകടകരമായ ഒരു മാനസിക അവസ്ഥയാണ്.

ഇസ്‌ലാമിന്‍റെ പ്രധാനപ്പെട്ട ഒരു സന്ദേശം തന്നെ ദാന-ധര്‍മ്മമാണ്. പരിശുദ്ധഖുര്‍ആനില്‍ ആദ്യന്തം ഇതിനെ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. 
ഒരിടത്ത് പറയുന്നു: എന്താണ് ദാനം ചെയ്യേണ്ടതെന്ന് അവര്‍ ചോദിക്കുന്നു. പറയുക: മിച്ചം വരുന്നത് ദാനം ചെയ്യുക. (ബഖറ 219). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഏറ്റവും വലിയ ധര്‍മ്മിഷ്ഠനായിരുന്നു. സമുദായത്തെ ഈ വഴിയില്‍ വളരെയധികം പ്രേരിപ്പിക്കുകയുണ്ടായി. സ്വഹാബത്ത് സ്വന്തം ആവശ്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നവരായിരുന്നു എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. (ഹഷ്ര്‍ 9).

രണ്ടും വേറെ വേറെ വളരെ നല്ല നിലയില്‍ നടത്തപ്പെടേണ്ട കാര്യങ്ങളാണ്. ഇവകള്‍ കൂട്ടിക്കെട്ടി ഒന്നിനെ നിന്ദിക്കുന്ന പ്രവണത അവസാനിപ്പിക്കുക. കാരണം ഇത് ഒരു രോഗ ലക്ഷണമാണ്. ഇതിനെ നിയന്ത്രിച്ചില്ലെങ്കില്‍ നാളെ ഇങ്ങനെയും വാദം ഉയരാന്‍ സാധ്യതയുണ്ട്: 

ഹജ്ജിന് ധാരാളം പൈസ ചിലവാകുന്നു, 

നിസ്‌ക്കാരത്തിന് കുറേ സമയം പാഴാകുന്നു, 

ഇതിന് പകരം ഈ സമ്പത്ത് സാധുക്കളുടെ സേവനത്തിന് ഉപയോഗിക്കേണ്ടതാണ്, 

ഈ സമയം ആവശ്യക്കാരുടെ ആവശ്യനിര്‍വ്വഹണത്തിന് വിനിയോഗിക്കേണ്ടതാണ്.! 

ഇത് ഇസ്‌ലാമിന്റെ അടിത്തറ തന്നെ ഇളക്കുന്നതാണ് എന്നതില്‍ എന്ത് സംശയമാണുള്ളത്.? 

അല്ലാഹു നാം എല്ലാവരെയും ഇത്തരം തെറ്റായ ശൈലികളില്‍ നിന്ന് കാത്ത് രക്ഷിക്കട്ടെ.! 

ആയതിനാൽ ലിബറൽ ബുജികളോട്‌ ഒന്ന് പറയുന്നു. അറുത്ത കൈയ്ക്ക്‌ ഉപ്പുതേയ്ക്കാൻ മടിയ്ക്കുന്ന 'സർവ്വൈവൽ ഓഫ്‌ ഫിറ്റസ്റ്റ്‌'വാദികൾ ദയവായി മുസ്‌ലിംകളെ ചാരിറ്റി പഠിപ്പിയ്ക്കരുത്‌.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണമെടുത്ത്‌ ദുരിതബാധിതർക്ക്‌ കൊടുക്കണെമെന്ന് ഒരാളും ഒരുകാലത്തും പോസ്റ്റ്‌ ചെയ്യില്ല. ഓണത്തിനു പൂക്കളം ഇടാതെ കോടികൾ സേവ്‌ ചെയ്ത്‌ ആ പൈസ കൊടുക്കാൻ ആരും ഒരിക്കലും പറയില്ല. എന്തിനു ഓണത്തിനു കുടിയ്ക്കുന്ന മദ്യത്തിന്റെ പണം മാത്രം മതിയാകും പ്രളയബാധിതരെ രക്ഷിക്കാൻ. അത്‌ പറഞ്ഞാൽ കരിഓയിൽ മുഖത്തുവീഴുമെന്ന് നിനക്കൊക്കെ നല്ലവണ്ണം അറിയാം. അതൊന്നും പറയാതെ ചാഞ്ഞമരത്തിൽ ഓടിക്കയറുന്നവന്റെയൊക്കെ ഉദ്ദേശശുദ്ധിയും വിശ്വാസികൾക്ക്‌ വളരെ നന്നായറിയാം. 

പെരുന്നാൾബലി നിരോധിയ്ക്കാൻ ഹർജി കൊടുത്ത തീവ്രഹിന്ദുക്കളുടെ രാജ്യത്ത്‌, പശുവിന്റെ പേരുപറഞ്ഞ്‌ കന്നുകാലിമാംസം വിൽക്കുന്നവരെപ്പോലും കൊന്നുകളയുന്ന ഈ കാലത്ത്‌, വിശ്വാസത്തിന്റെ ഭാഗമായ മൃഗബലി ഏറ്റവും നല്ലനിലയിൽ തന്നെ നടത്തും, മുൻവർഷത്തേക്കാൾ നന്നായിത്തന്നെ ചെയ്യും, ഇൻഷാ അല്ലാഹ്‌ !

ദാനം ആരാധനായി കാണുന്ന മുസ്‌ലിംകളോട്‌ ഉപദേശങ്ങൾ നൽകി നിങ്ങൾ സമയം കളയണമെന്നില്ല. നിങ്ങൾ പറഞ്ഞത്‌ കേട്ടല്ല ഇക്കണ്ട കാലമത്രയും അവർ ജീവിച്ചത്‌. സ്വന്തമായി വല്ലതും കഴിയുമെങ്കിൽ അത്‌ ചെയ്യുക. അല്ലെങ്കിൽ വായടയ്ക്കുക.

1 comment: