Wednesday 31 October 2018

മദ്യം തിന്മയുടെ മാതാവ് തന്നെ



ചിലയിനം ധാന്യങ്ങളും പഴങ്ങളും പുളിപ്പിച്ച് അതിലെ അന്നജം ആല്‍ക്കഹോളാക്കി മാറ്റുകയും ചില പ്രത്യേക പദാര്‍ഥങ്ങളുടെ സഹായത്താല്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്തുണ്ടാക്കുന്ന ദ്രാവകമാണ് മദ്യം. ബുദ്ധിയെ മദിപ്പിച്ച് അതിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന വസ്തുവിനെയാണ് മദ്യം എന്ന് വിശേഷിപ്പിക്കുന്നത്.

ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും മദ്യമായി പരിഗണിക്കപ്പെടുന്നു.

ഏതു വസ്തുവില്‍നിന്നാണ് അതുണ്ടാക്കപ്പെട്ടത് എന്ന വിവേചനമില്ല. ദ്രാക്ഷം(മുന്തിരി), മധു, കാരക്ക, ബാര്‍ലി, ഗോതമ്പ്, മരിച്ചീനി അങ്ങനെ എതൊക്കെ ഭക്ഷ്യവസ്തുവില്‍നിന്നോ അല്ലാത്തതില്‍നിന്നോ ഉണ്ടാക്കുന്ന ലഹരിപദാര്‍ഥമായാലും അത് ശരീഅത്തിന്റെ ദൃഷ്ടിയില്‍ മദ്യമാകുന്നു. കാരണം വ്യഷ്ടിഗതവും സമഷ്ടിഗതവുമായ ദൂഷ്യങ്ങളിലും നമസ്‌കാത്തില്‍നിന്നും ദൈവസ്മരണയില്‍നിന്നും പിന്തിരിപ്പിക്കുന്നതിലും മനുഷ്യര്‍ക്കിടയില്‍ പരസ്പരവിദ്വേഷവും ശത്രുതയും സൃഷ്ടിക്കുന്നതിലും എല്ലാം തുല്യമാകുന്നു.

നബി(സ) പ്രസ്താവിച്ചതായി അഹ്മദ് , അബൂദാവൂദ് എന്നിവര്‍ ഇബ്‌നു ഉമറി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു.
‘എല്ലാ ലഹരിപദാര്‍ഥങ്ങളും മദ്യമാകുന്നു. എല്ലാ മദ്യവും നിഷിദ്ധമാകുന്നു.’

മനുഷ്യന് അപായകരമായതൊന്നും ഇസ്ലാം അനുവദിക്കുന്നില്ല. മദ്യം അതില്‍ പ്രധാനമാണ്. അത് ഉപയോഗിക്കുന്നത് സംബന്ധിച്ച ഇസ്ലാമിന്റെ നിയമം കണിശമാണ്. അതിന്റെ ദൂഷ്യഫലങ്ങള്‍ ആധുനിക ശാസ്ത്രവും അനുഭവപാഠങ്ങളും ബോധ്യപ്പെടുത്തുന്നുണ്ട്.

മദ്യം ആദ്യം പിടികൂടുന്നത് ബുദ്ധിയെയാണ്. അതിനെ കടന്നാക്രമിക്കുകയും കീഴടക്കുകയും ചെയ്യുന്ന മദ്യത്തെ നബി(സ്വ) തിന്മകളുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ബുദ്ധിക്കേല്‍പ്പിക്കുന്ന പോറല്‍പോലും വലിയ ദുരന്തമുണ്ടാക്കും. അസ്തിത്വ സംരക്ഷണത്തിനും ലക്ഷ്യപൂര്‍ത്തീകരണത്തിനും ആവശ്യമായ നിയന്ത്രണ നിര്‍ദേശങ്ങള്‍ ഇസ്ലാമിക ശരീഅത്തിലുണ്ട്. മതം, ശരീരം, ആത്മാവ്, ബുദ്ധി, കുടുംബം, സമ്പത്ത് എന്നിവയുടെ സംരക്ഷണത്തിനും ഗുണത്തിനും അതു പ്രാധാന്യമേകുന്നു.

മദ്യവും മറ്റു ലഹരികളും പ്രഥമമായിത്തന്നെ ബുദ്ധിയെ ബാധിക്കുന്നു. പുറമെ മതത്തിനും ബുദ്ധിക്കും കുടുംബത്തിനും സമ്പത്തിനും ശരീരത്തിനും അപായകരമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള തടസ്സം നീക്കുകയാണ് മദ്യവും ലഹരികളും ചെയ്യുന്നത്. അതിനാല്‍ പ്രത്യക്ഷ നാശത്തിനും അതിലുപരി ആത്മീയ നാശത്തിനും മദ്യം കാരണമാണ്. തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ ഏത് അനര്‍ത്ഥങ്ങള്‍ക്കും അതു കാരണമാവും.

വിശുദ്ധ ഖുര്‍ആന്‍ മദ്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ: “പൈശാചിക വൃത്തികളില്‍ പെട്ട മാലിന്യമാണ്” (മാഇദ/90). രിജ്സ് എന്ന അറബി പദം സൂചിപ്പിക്കുന്ന അര്‍ത്ഥങ്ങളൊന്നും മനുഷ്യനിണങ്ങുന്നതല്ല. തിന്മ, നിഷിദ്ധം, മ്ലേഛം, ദുര്‍വൃത്തി, മാലിന്യം, നിന്ദ്യം, വെറുപ്പുളവാക്കുന്നത് തുടങ്ങിയ അര്‍ത്ഥങ്ങളാണിതിനുള്ളത്. എന്നാല്‍ പിശാചിനെ അപേക്ഷിച്ച് ഇത് പ്രിയങ്കരമാണ്. അതിനാല്‍ തന്നെ ഈ അര്‍ത്ഥങ്ങള്‍ സൂചിപ്പിക്കുന്ന തിരസ്കാര പ്രചോദനം മദ്യം ഇല്ലാതാക്കുന്നു. പിശാച് അതിനെ മനോഹരമാക്കുന്നതില്‍ വിജയിക്കുകയും മനുഷ്യനുമേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു.

മദ്യവും ഉപയോഗവും ഒരു ദുര്‍വൃത്തി എന്നതിലുപരി മറ്റനേകം ദുര്‍വൃത്തിക്ക് കാരണമാണെന്ന് ചുരുക്കം. ഖുര്‍ആനും നബി(സ്വ)യും അതാണ് പഠിപ്പിച്ചിരിക്കുന്നത്.

മദ്യത്തിന്റെ ദൂഷിത വലയത്തില്‍ അകപ്പെടാതിരിക്കാന്‍ നബി(സ്വ) മുന്നറിയിപ്പ് നല്‍കിയത് കാണുക: “മദ്യം ദുര്‍വൃത്തികളുടെ മാതാവാണ്. മഹാപാപങ്ങളില്‍ പെട്ടതുമാണ്. അതാരെങ്കിലും പാനം ചെയ്താല്‍ തന്റെ മാതാവിന്റെ മേലും മാതൃപിതൃ സഹോദരിമാരുടെ മേലും അവന്‍ ലൈംഗിക കൃത്യം നടത്തിയേക്കും” (ത്വബ്റാനി). മദ്യലഹരിയില്‍ മാതാവും രക്തബന്ധുക്കളുമെല്ലാം കേവലം ഒരു സ്ത്രീയായി തോന്നുകയും ലൈംഗികാതിക്രമത്തിന് പ്രേരകമാവുകയും ചെയ്യും.

സദ്വൃത്തനായ ഒരാളെ ഒരു ദുഷ്ടസ്ത്രീ ഭീഷണിപ്പെടുത്തി മദ്യം നല്‍കിയപ്പോള്‍ സംഭവിച്ച അനര്‍ത്ഥം നബി(സ്വ) വിവരിക്കുന്നു:

ദുര്‍വൃത്തികളുടെ മാതാവിനെ നിങ്ങള്‍ വര്‍ജിക്കുക. നിങ്ങളുടെ പൂര്‍വികരില്‍ സ്ത്രീസ്പര്‍ശമേല്‍ക്കാതെയും ആരാധനാ നിരതനായും കഴിയുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ഒരു ദുഷ്ട വനിത അദ്ദേഹത്തില്‍ ആകൃഷ്ടനായി. അവള്‍ തന്റെ പരിചാരകനെ പറഞ്ഞുവിട്ട് ഒരു സാക്ഷി നില്‍ക്കാനെന്ന വ്യാജേന അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് വിളിപ്പിച്ചു. അയാള്‍ ക്ഷണിക്കപ്പെട്ട വീട്ടിലെത്തി. സുന്ദരിയായ ഒരു സ്ത്രീയും ഒരു അടിമപ്പയ്യനും ഒരു പാത്രത്തില്‍ മദ്യവും അവിടെയുണ്ടായിരുന്നു.

തന്റെ വീടിനകത്തു കടന്ന അദ്ദേഹത്തോടവള്‍ പറഞ്ഞു: “ഞാന്‍ നിങ്ങളെ വിളിച്ചത് സാക്ഷി നില്‍ക്കാനൊന്നുമല്ല നിങ്ങള്‍. ഈ പയ്യനെ കൊല്ലുകയോ ഞാനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ, ഈ മദ്യത്തില്‍ നിന്ന് ഒരു കപ്പ് കുടിക്കുകയോ ചെയ്യണം. സമ്മതമല്ലെങ്കില്‍ ഞാന്‍ ആര്‍ത്തുവിളിച്ച് ആളെക്കൂട്ടി നിങ്ങളെ വഷളാക്കും.”

നിര്‍വാഹമില്ലെന്ന് വന്നപ്പോള്‍ അയാള്‍ ഒരു കപ്പ് മദ്യം കുടിക്കാന്‍ തീരുമാനിച്ചു. അവള്‍ അയാളെ മദ്യം കുടിപ്പിച്ചു. അതിന്റെ ലഹരിയില്‍ അയാള്‍ കൂടുതല്‍ കഴിച്ചു. മദ്യലഹരി തലക്കുപിടിച്ചപ്പോള്‍ അയാള്‍ വ്യഭിചാരവും കൊലയും നടത്തി. ആകയാല്‍ നിങ്ങള്‍ മദ്യം വര്‍ജിക്കുക. അല്ലാഹു സത്യം, ഈമാനും മദ്യപാനവും ഒരാളുടെ നെഞ്ചകത്ത് ഒന്നിച്ചുണ്ടാവില്ല. ഒന്ന് മറ്റൊന്നിനെ പുറത്ത് ചാടിച്ചേക്കും (നസാഈ).

മദ്യപാനിയില്‍ തനിക്കുള്ള സ്വാധീനത്തെക്കുറിച്ച് പിശാച് തന്നെ പറഞ്ഞിട്ടുണ്ട്: “മനുഷ്യന് ലഹരി പിടിച്ചാല്‍ ഞാനവന്റെ മൂക്കുകയറിന് പിടിക്കും. എന്നിട്ട് ഞങ്ങളുദ്ദേശിച്ചിടത്തേക്കെല്ലാം അവനെ നയിക്കും. ഞങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണോ അതൊക്കെ അവന്‍ ചെയ്തോളും” (ബൈഹഖി).

മദ്യവുമായി ബന്ധപ്പെട്ട അതിന്റെ ഉല്‍പാദനം, വിതരണം, ഉപയോഗം തുടങ്ങിയ ഘട്ടങ്ങളില്‍ പങ്കാളികളാവുന്ന പത്തു വിഭാഗം ശപിക്കപ്പെട്ടവരാണെന്ന് നബി(സ്വ) പറയുകയുണ്ടായി: പിഴിഞ്ഞ് കൊടുക്കുന്നവന്‍, പിഴിഞ്ഞെടുക്കുന്നവന്‍, കുടിക്കുന്നവന്‍, എത്തിക്കുന്നവന്‍, എത്തിക്കപ്പെടുന്നവന്‍, കുടിപ്പിക്കുന്നവന്‍, വില്‍ക്കുന്നവന്‍, വില ഭക്ഷിക്കുന്നവന്‍, വാങ്ങുന്നവന്‍, ആര്‍ക്കുവേണ്ടി വാങ്ങുന്നുവോ അവന്‍ (തിര്‍മുദി).

മദ്യമേഖലയുമായി ബന്ധപ്പെട്ട ഒരു പങ്കാളിത്തവും ശപ്താവസ്ഥയില്‍ നിന്നും മോചിതമല്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നാശം മാത്രം വിതക്കുന്ന ഒന്ന് ഒരു നിലയിലും അംഗീകരിക്കപ്പെട്ടു കൂടാ എന്നര്‍ത്ഥം. പങ്കാളിത്തത്തിനുസരിച്ച് ആത്മീയമായ നാശമുറപ്പാണ്. “മദ്യം എന്ന പേരിലറിയ പ്പെടുന്നത് അല്‍പവും അധികവും നിരോധിക്കപ്പെട്ടിട്ടുണ്ട്. ലഹരിയാക്കുന്ന എല്ലാ പാനീയങ്ങളും വിരോധിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇബ്നുഅബ്ബാസ്(റ) പറഞ്ഞിട്ടുണ്ട് (ഖുര്‍തുബി).


സമൂഹത്തില്‍ വേരോട്ടം നേടിയിരുന്ന കേവല ദുശ്ശീലം മാത്രമായിരുന്നില്ല അത്. അതിനാല്‍ തന്നെ പ്രായോഗികവും ഫലപ്രദവുമായ രീതി അതിന്റെ നിരോധന ഘട്ടത്തില്‍ സ്വീകരിക്കപ്പെട്ടു. സ്വഹാബികളില്‍ ഇസ്ലാമിന് മുമ്പ് ഒരിക്കല്‍പോലും മദ്യം രുചിട്ടില്ലാത്തവരുമുണ്ടായിരുന്നു. അബൂബക്കര്‍ സിദ്ദീഖ്(റ), ഉസ്മാന്‍(റ) എന്നിവര്‍ ഉദാഹരണം.

മദ്യം ആദ്യമേ കണിശമായി നിരോധിക്കുകയായിരുന്നില്ല ഇസ്ലാം. മദ്യം നിരോധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന വിധത്തിലേക്ക് അതിന്റെ ദൂഷ്യങ്ങള്‍ വിശദീകരിച്ച് മനഃപരിവര്‍ത്തനം വരുത്തുകയായിരുന്നു ആദ്യം. ഉമര്‍(റ) സമ്പൂര്‍ണവും അന്തിമവുമായ മദ്യനിരോധനം അതിയായി ആഗ്രഹിച്ച കൂട്ടത്തിലായിരുന്നു. മുന്തിരിയില്‍ നിന്നും ഈത്തപ്പഴത്തില്‍ നിന്നും ഈത്തപ്പനയില്‍ നിന്നും കുടിക്കാറുള്ള പാനീയങ്ങളും ശേഖരിച്ചിരുന്നു. അതിനെക്കുറിച്ച് “മുന്തിരി വള്ളിയുടെയും ഈത്തപ്പനയുടെയും പഴങ്ങളില്‍ നിന്ന് നിങ്ങള്‍ പ്രത്യേക ലഹരി പാനീയവും ഭക്ഷ്യവിഭവും ഉണ്ടാക്കുന്നു” (അന്നഹ്ല്‍/67) എന്നു പറയുന്നുണ്ട്. ലഹരി പദാര്‍ത്ഥമെന്ന് പറയാവുന്നതിനെയും നല്ല ഭക്ഷ്യ വിഭവത്തെയും പ്രത്യേകം പരാമര്‍ശിച്ചതുവഴി ആദ്യ സൂചനകള്‍ നല്‍കി.

തുടര്‍ന്ന് ഘട്ടങ്ങളായാണ് നിരോധനം വന്നത്. അത് ഉമര്‍(റ)ന്റെ ആഗ്രഹപ്രകടനവുമായി ബന്ധപ്പെട്ടുണ്ടായി എന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. ഉമര്‍(റ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ മദ്യത്തിന്റെ വിഷയത്തില്‍ പരിഹാരമാകുന്ന വിവരണം ഞങ്ങള്‍ക്ക് നല്‍കേണമേ, അത് സമ്പത്തിനെയും ബുദ്ധിയെയും നശിപ്പിക്കുന്നു. അങ്ങനെ മദ്യവും ചൂതാട്ടവും ഉപകാരമെന്ന് ധരിക്കപ്പെടുന്നതിനേക്കാള്‍ വലിയ കുറ്റമാണ് എന്നര്‍ത്ഥം വരുന്ന സൂക്തം (അല്‍ബഖറ/219) അവതരിച്ചു. ഇതാണ് ഒന്നാംഘട്ട നിരോധനം ഉമര്‍(റ)നെ വിളിച്ച് ഈ സൂക്തം ഓതിക്കേള്‍പ്പിച്ചു. അപ്പോഴും ഉമര്‍(റ) പ്രസ്തുത പ്രാര്‍ത്ഥന ആവര്‍ത്തിച്ചു.


രണ്ടാംഘട്ട നിരോധനമായി, വിശ്വാസികളേ, നിങ്ങള്‍ മസ്തുള്ളവരായി നിസ്കാരത്തില്‍ പ്രവേശിക്കരുത് (അന്നിസാഅ്/245) എന്ന ആയത്തവതരിച്ചു. ഉമര്‍(റ)ന് ഓതിക്കേള്‍പ്പിക്കപ്പെട്ടു. അദ്ദേഹത്തിനതും പൂര്‍ണ തൃപ്തികരമായില്ല. സമ്പൂര്‍ണ നിരോധനമാശിച്ച് അദ്ദേഹം വീണ്ടും പ്രാര്‍ത്ഥിച്ചു. പിന്നീട് പൂര്‍ണമായി മദ്യം നിരോധിച്ചുകൊണ്ടുള്ള ആയത്തുകളവതരിച്ചു. സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചിക പ്രവൃത്തികളില്‍ പെട്ട മ്ലേച്ഛകാര്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി അവ വര്‍ജിക്കുക. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താനും അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാചുദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ വിരമിക്കുന്നില്ലയോ? (മാഇദ/90,91). ഇതാണ് മൂന്നാം ഘട്ട നിരോധനം. ഈ ആയത്ത് ഓതിക്കേള്‍പ്പിക്കപ്പെട്ടപ്പോള്‍ ഉമര്‍(റ) അടക്കമുള്ള സ്വഹാബികള്‍ പറഞ്ഞു: ഞങ്ങള്‍ വിരമിച്ചിരിക്കുന്നു, ഞങ്ങള്‍ വിരമിച്ചിരിക്കുന്നു (തഫ്സീറുത്വബ്രി).

ഹിജ്റ മൂന്നാം വര്‍ഷത്തിലായിരുന്നു ഈ സമ്പൂര്‍ണ നിരോധനം. നിരോധനാജ്ഞ വന്നപ്പോള്‍ മുകളില്‍ പരാമര്‍ശിച്ച വിധം പ്രഖ്യാപിച്ചുകൊണ്ട് മദ്യശേഖരങ്ങള്‍ ജനങ്ങള്‍ ഒഴുക്കിക്കളഞ്ഞു. ചിലര്‍ പാത്രം കഴുകി ഉപയോഗിച്ചു. ചിലര്‍ പാത്രവും തച്ചുടച്ചു. മദീനയുടെ ചില ഭാഗങ്ങളില്‍ മദ്യം ഒഴുകിയതിന്റെ വാസനയും നിറവും മഴപെയ്യുമ്പോള്‍ അനുഭവപ്പെട്ടിരുന്നുവെന്ന് ഇബ്നു ഉമര്‍(റ) പറഞ്ഞിട്ടുണ്ട്. അനസ്(റ) പറയുന്നു: അറബികളെ സംബന്ധിച്ചിടത്തോളം മദ്യത്തിനേക്കാള്‍ കൗതുകമുള്ള യാതൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മദ്യം നിരോധിക്കപ്പെടുന്നത്. മദ്യനിരോധനത്തെക്കാള്‍ കഠിനതരമായ മറ്റൊരു നിരോധനവും അവര്‍ക്കില്ലെന്നായി പിന്നത്തെ സ്ഥിതി (തഫ്സീറുല്‍ ബഗ്വി).

മദ്യത്തോടുള്ള പ്രതിപത്തിയും അതുപേക്ഷിക്കാനുള്ള പ്രയാസവും കാരണം ഇസ്ലാം സ്വീകരിക്കാനും നബി(സ്വ)യെ കാണാനും ഭാഗ്യം കിട്ടാതെ പോയവര്‍ വരെ അറബികളിലുണ്ടായിരുന്നു. അല്‍അഅ്ശാ എന്ന പേരില്‍ പ്രസിദ്ധനായ മൈമൂനുബ്നു ഖൈസ് എന്ന അറബി കവി അവരില്‍ പെട്ടയാളാണ്. നബി(സ്വ)യെ കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹം ഒരു മദ്ഹ് ഗാനം രചിച്ചു. മദീനയിലേക്ക് പുറപ്പെട്ടപ്പോള്‍ ഖുറൈശികള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ വേണ്ടി പറഞ്ഞു: നീ മുഹമ്മദിന്റെ കൂടെ കൂടിയാല്‍ നിസ്കരിക്കേണ്ടി വരും. അഅ്ശാ പറഞ്ഞു: അതിനെന്താ, നാഥനെ സേവിക്കല്‍ നിര്‍ബന്ധമല്ലേ. ധനം ദരിദ്രര്‍ക്ക് നല്‍കാന്‍ പറയുമെന്നായി അപ്പോഴവര്‍. അതിനെന്താ, ഗുണം ചെയ്യല്‍ നിര്‍ബന്ധമല്ലേ എന്നദ്ദേഹവും.വ്യഭിചരിക്കാന്‍ പറ്റില്ല എന്നു ഖുറൈശികള്‍.”അതു വൃത്തികെട്ട ഏര്‍പ്പാടല്ലേ. മാത്രമല്ല, ഞാനാണെങ്കില്‍ വൃദ്ധനും. ഇനിയെനിക്ക് അതൊന്നുമാവശ്യമില്ലല്ലോ.” അപ്പോള്‍ അവര്‍ പറഞ്ഞു: “മുഹമ്മദ്, നിന്നെ മദ്യപിക്കുന്നതില്‍ നിന്നു വിലക്കും.” അപ്പോള്‍ അഅ്ശാ പറഞ്ഞതിങ്ങനെ: “അതേയോ, അതെനിക്ക് കഴിയില്ല. എങ്കില്‍ ഒരു വര്‍ഷം കൂടി കുടിച്ചിട്ട് പോകാം.” അങ്ങനെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചെങ്കിലും വഴിമധ്യേ വാഹനപ്പുറത്ത് നിന്ന് വീണ് മരണപ്പെടുകയുണ്ടായി (തഫ്സീറുല്‍ ഖുര്‍തുബി).


മദ്യത്തിന്റെ പിടിയിലകപ്പെട്ടാല്‍ പിന്നീടതില്‍ നിന്ന് മോചനം നേടാന്‍ സാധിക്കണമെങ്കില്‍ ഈമാന്‍ ശക്തിമത്തായിത്തീരേണ്ടതുണ്ട്. ഈമാന്‍ ദുര്‍ബലമാണെങ്കില്‍ അതിനെ പുറത്തു ചാടിക്കാന്‍ മദ്യപാനം കാരണമാവും. അതുകൊണ്ടാണ് മദ്യപന്റെ നാശത്തെക്കുറിച്ച് നബി(സ്വ) കടുത്ത ഭാഷയില്‍ ഓര്‍മിപ്പിച്ചത്. മദ്യവുമായി ബന്ധപ്പെട്ട ശാപത്തിന് വിധേയനാവാന്‍ സ്വന്തം കുടിക്കുകയോ മറ്റൊരാളെ കുടിപ്പിക്കുകയോ നേരിട്ട് വില്‍ക്കുകയോ കൈകാര്യം ചെയ്യുകയോ വേണമെന്നില്ല. മദ്യം നിര്‍മിക്കാന്‍ അസംസ്കൃത വസ്തുക്കള്‍ നല്‍കുകയോ ചെത്താന്‍ പനയും തെങ്ങും നല്‍കുകയോ മദ്യവില്‍പനക്ക് സൗകര്യമൊരുക്കുകയോ ചെയ്താല്‍ മതി. ചില മന്ത്രവാദ കേന്ദ്രങ്ങളില്‍ മദ്യം കാണിക്കയും സമ്മാനവുമായി നല്‍കുന്നത് ചികിത്സയുടെ ഭാഗമായി കരുതാനും ന്യായീകരിക്കാനും പറ്റില്ല.

മദ്യം കാരണം ആത്മീയതക്കും സംസ്കാരത്തിനും മാത്രമല്ല നാശമുണ്ടാകുന്നത്. അടുത്തവര്‍ക്കിടയില്‍ അകര്‍ച്ചയും ഈര്‍ഷ്യതയും വളര്‍ത്തുമത്. ആത്മീയനാശം ഭൗതിക ലോകത്ത് വെച്ചുതന്നെ നടക്കാം. സല്‍പ്രവൃത്തികള്‍ ചെയ്താല്‍ പോലും മദ്യത്തിന്റെ ലഹരിയിലും സാന്നിധ്യത്തിലും ആയതിനാല്‍ അവ വിഫലമാവുന്നതാണ്.

മദ്യമെന്ന് പേരുണ്ടെങ്കിലേ നിഷിദ്ധമാവൂ എന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ടാവാം. പേരെന്തായാലും ലഹരി പദാര്‍ത്ഥങ്ങള്‍ നിഷിദ്ധം തന്നെ. പ്രവാചകരുടെ പ്രവചനത്തില്‍ ഇതു കാണാം.

അബൂ മുസ്‌ലിമുല്‍ ഖൗലാനി(റ) ശാമില്‍ നിന്നും മദീനയില്‍ വന്നപ്പോള്‍ ആഇശ(റ) ചോദിച്ചു: ശാമില്‍ ഭയങ്കര തണുപ്പല്ലേ, എങ്ങനെയാണ് അതിജീവിക്കുക.”

അബൂമുസ്‌ലിം(റ) പറഞ്ഞു: “ഉമ്മാ, ജനങ്ങള്‍ ത്വിലാഅ് എന്ന പേരുള്ള ഒരു പാനീയം ഉപയോഗിക്കാറുണ്ട്.

ഇതു കേട്ടപ്പോള്‍ ആഇശ(റ) പറഞ്ഞു: അല്ലാഹു സത്യം പറഞ്ഞു. തിരുദൂതര്‍(സ്വ) അത് എത്തിച്ചുതരികയും ചെയ്തു. നബി(സ്വ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്; എന്റെ സമുദായത്തില്‍ പെട്ട ചിലര്‍ മദ്യത്തിന് മറ്റു പേരുനല്‍കി അത് കുടിക്കുന്നതാണ് (ബൈഹഖി). “എന്റെ സമുദായത്തിലൊരു വിഭാഗം കള്ളിന് മറ്റെന്തെങ്കിലും പേരുനല്‍കി കുടിക്കുന്ന സ്ഥിതിവരാതെ അന്ത്യനാള്‍ സംഭവിക്കില്ല” (ഇബ്നുമാജ).

മദ്യത്തിന്റെ പ്രത്യക്ഷ സ്വഭാവങ്ങളും പ്രതിഫലനങ്ങളും ഉളവാക്കുന്ന പാനീയങ്ങള്‍ പേരുമാറ്റി എന്ന കാരണത്താല്‍ മദ്യമല്ലാതാകില്ലെന്ന് സാരം. ഏതു തരം പഴങ്ങളും ധാന്യങ്ങളും ഉപയോഗിച്ച് നിര്‍മിച്ചാലും ലഹരി നല്‍കുന്ന പാനീയമാണെങ്കില്‍ നിഷിദ്ധം തന്നെ. ഉമര്‍(റ) മദീനയില്‍ സ്വഹാബികളുടെ മുമ്പാകെ ഖുതുബ ഓതുമ്പോള്‍ നടത്തിയ പരാമര്‍ശം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഇബ്നു ഉമര്‍(റ) പറയുന്നു: “നബി(സ്വ)യുടെ മിമ്പറില്‍ വെച്ച് ഉമര്‍(റ) പറയുന്നത് ഞാന്‍ കേട്ടു. ഓ ജനങ്ങളേ, നിശ്ചയം മദ്യം നിരോധിച്ചത് മുന്തിരി, ഈത്തപ്പഴം, തേന്‍, ഗോതമ്പ്, തൊലി ഗോതമ്പ് എന്നിവയില്‍ നിന്ന് അത് നിര്‍മിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണെങ്കിലും മദ്യമെന്നാല്‍ മനുഷ്യ ബുദ്ധിയെ മയക്കുന്ന വസ്തു എന്നേ അര്‍ത്ഥമുള്ളൂ” (ബുഖാരി).

ഇമാം ബഗ്വി(റ) ഹദീസ് വിശദീകരിക്കുന്നതിങ്ങനെ: മുന്തിരിയുടെ ചാറ് കൊണ്ട് നിര്‍മിക്കുന്നതും ഉണങ്ങാത്ത ഈത്തപ്പഴത്തില്‍ നിന്ന് നിര്‍മിക്കുന്നതും മാത്രമേ മദ്യമാവൂ എന്നു പറയുന്നവരുടെ വാദം നിരര്‍ത്ഥകമാണെന്നിത് സൂചിപ്പിക്കുന്നു. പക്ഷേ, ലഹരി പിടിപ്പിക്കുന്നതെല്ലാം മദ്യം എന്നതിന്റെ പരിധിയില്‍ വരും. കാരണം അത് ബുദ്ധിയെ ഭ്രമിപ്പിക്കുന്നതാണ് (ശറഹുസ്സുന്ന).

ലഹരി നല്‍കുന്നതും മത്ത് പിടിപ്പിക്കുന്നതുമായ പാനീയങ്ങളെല്ലാം നിഷിദ്ധമായ മദ്യംതന്നെ എന്നു ചുരുക്കം. അദ്ദേഹം തുടര്‍ന്നു: ഈ അഞ്ച് ഇനങ്ങള്‍ പറഞ്ഞത് ഇവയില്‍ നിന്നല്ലാതെ മദ്യം ഉണ്ടാവില്ല എന്നര്‍ത്ഥത്തിലല്ല. സമാന ഗുണങ്ങളുള്ള ചോളം, ബാര്‍ളി, ചെടി പിഴിഞ്ഞെടുക്കുന്ന ചാറ് തുടങ്ങിയവയുടെ വിധിയും ഇതുതന്നെയാണ്. അവയെ മാത്രം പരാമര്‍ശിച്ചത് അക്കാലത്ത് അറിയപ്പെടുന്നത് അവയാണെന്ന നിലക്കാണ് (ശറഹുസ്സുന്ന).


മദ്യത്തിനെതിരെയുള്ള ഇസ്ലാമിന്റെ കണിശമായ നിലപാട് മുന്നറിയിപ്പുകളിലും താക്കീതുകളിലും മാത്രം ഒതുങ്ങുന്നില്ല. കുടിക്കുന്നവന് ഇസ്ലാമിക ഭരണകൂടത്തിനു കീഴില്‍ നിശ്ചിത ശിക്ഷയുമുണ്ട്. ഇസ്ലാമിക ശിക്ഷാനിയമത്തില്‍ അത് വിശദീകരിക്കപ്പെട്ടു കാണാം. പാരത്രിക ലോകത്ത് മദ്യപാനികള്‍ നരകാവകാശികളില്‍ നിന്നും വമിക്കുന്ന ദുശിച്ച ദ്രാവകം കുടിക്കുകയും മറ്റു ശിക്ഷകള്‍ ഏല്‍ക്കേണ്ടിവരികയും ചെയ്യും.

മദ്യപാനത്തിന്റെ ശിക്ഷ

മദ്യപന്‍ നിര്‍ബന്ധമായും ശിക്ഷിക്കപ്പെടണമെന്നതിലും ശിക്ഷ പ്രഹരമായിരിക്കണമെന്നതിലും ഏകാഭിപ്രായമാണുള്ളത്. എന്നാല്‍ അതെത്രമാത്രം വേണമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു.

മദ്യപന് 80 അടിനല്‍കണമെന്നാണ് മാലികികളുടെയും ഹനഫികളുടെയും വീക്ഷണം. എന്നാല്‍ ശാഫിഇകള്‍ 40 അടിയാണെന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നു. ഇമാം അഹ് മദിന് ഇക്കാര്യത്തില്‍ രണ്ട് റിപോര്‍ട്ടുകളുള്ളത് കാണാം.

ഉമര്‍(റ)നെക്കുറിച്ച് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ‘മദ്യപാനത്തിന്റെ ശിക്ഷ സംബന്ധിച്ച് അദ്ദേഹം ജനങ്ങളുമായി ചര്‍ച്ച ചെയ്തു. അപ്പോള്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് പറഞ്ഞു. അങ്ങ് അതേറ്റവും ലഘുവായ നിര്‍ണിതശിക്ഷ പോലെയാക്കുക- എണ്‍പത്. അങ്ങനെ ഉമര്‍(റ) 80 അടി നടപ്പിലാക്കുകയും ശാമിലും അപ്രകാരം നടപ്പിലാക്കാന്‍ ഖാലിദിനും അബൂഉബൈദക്കും എഴുതുകയും ചെയ്തു.’

പ്രസ്തുത കൂടിയാലോചനയില്‍ അലി (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെടുന്നതിങ്ങനെയാണ്. ലഹരിബാധിച്ചാല്‍ വഷളായ കാര്യങ്ങള്‍ സംസാരിക്കുന്നു. അതുകൊണ്ട് അവന് വ്യാജാരോപകന്റെ ശിക്ഷ നല്‍കണം. ജുസ്ജാനിയും ദാറഖുത്‌നിയും ഇപ്രകാരം നിവേദനംചെയ്തിട്ടുണ്ട്.

ഇമാം അഹ്മദിന്റെ പക്കല്‍നിന്നുള്ള രണ്ടാം റിപോര്‍ട്ട് ഇങ്ങനെ: ആ ശിക്ഷ നാല്‍പത് അടിയാകുന്നു. അബൂബക്ര്‍ തെരഞ്ഞെടുത്തിട്ടുള്ളതും ശാഫിഈ മദ്ഹബും അതാണ്. അലി(റ) വലീദ് ബ്‌നു ഉഖ്ബയെ നാല്‍പത് അടി അടിക്കുകയുണ്ടായി.

അനസ് (റ)ല്‍ നിന്ന് റിപോര്‍ട്ട് ചെയ്യുന്നത് കാണുക: നബി(സ)യുടെ അടുക്കല്‍ ഒരു മദ്യപനെ ഹാജരാക്കി. അവിടുന്നയാളെ നാല്‍പതോളം അടിച്ചു. പില്‍ക്കാലത്ത് അബൂബക്‌റിനടുത്തും ഈ കേസ് വന്നു. അദ്ദേഹവും അവ്വിധം തന്നെ ചെയ്തു. അതിനുശേഷം ഉമറി(റ)ന് മുമ്പിലും മദ്യപാനികള്‍ ഹാജരാക്കപ്പെട്ടു. അദ്ദേഹം ജനങ്ങളുമായി ചര്‍ച്ച ചെയ്തു. തദവസരത്തില്‍ ഇബ്‌നു ഔഫ് പ്രസ്താവിച്ചു. ‘ഏറ്റവും കുറഞ്ഞ നിര്‍ണിത ശിക്ഷ എണ്‍പത് അടിയാകുന്നു’. ഉമര്‍ അപ്രകാരം ശിക്ഷിച്ചു.(ബുഖാരി ,മുസ്‌ലിം)

നബി(സ)യുടെ കര്‍മം, മറ്റൊരു കര്‍മംകൊണ്ടും വര്‍ജിക്കാനാകാത്ത പ്രമാണമാണ്. നബിയുടെയും അബൂബക്ര്‍, അലി(റ) എന്നിവരുടെയും നടപടികള്‍ക്ക് വിരുദ്ധമായുണ്ടാകുന്ന ഇജ്മാഅ് അതിനാല്‍തന്നെ അസാധുവാണ്. ഉമര്‍(റ)ന്റെ വര്‍ധനയെ ചില സാഹചര്യങ്ങളില്‍ ഭരണാധികാരിക്ക് സ്വീകരിക്കുന്ന അവശ്യനടപടിയുടെ ഭാഗമായി മാത്രം കണ്ടാല്‍ മതി. ‘ ഉമര്‍ ശക്തരായ മുഴുക്കുടിയന്‍മാരെ 80 ഉം അപൂര്‍വമായി കുടിക്കുന്ന ദുര്‍ബലരെ 40 ഉം അടിച്ചിരുന്നു എന്നത് ഈ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നുണ്ട്.

ശിക്ഷ സ്ഥിരപ്പെടുന്ന രീതി

രണ്ടിലൊരു സംഗതി മുഖേനയാണീ ശിക്ഷ സ്ഥിരപ്പെടുക:

1.കുറ്റസമ്മതം: മദ്യപാനി, താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സ്വയം സമ്മതിക്കുക.

2. നീതിമാന്‍മാരായ രണ്ടുസാക്ഷികളുടെ സാക്ഷ്യം.
ഗന്ധം മുഖേന മദ്യപാനം സ്ഥിരപ്പെടുന്നത് സംബന്ധിച്ച വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്താഭിപ്രായമാണുള്ളത്.
ഗന്ധമുണ്ട് എന്ന് നീതിമാന്‍മാരായ രണ്ടുസാക്ഷികള്‍ ന്യായാധിപന് മുമ്പില്‍ സാക്ഷ്യം വഹിച്ചാല്‍ അവന്‍ ശിക്ഷിക്കപ്പെടണമെന്നാണ് മാലികീ മദ്ഹബ്. കാരണം, അത് മദ്യപാനത്തെ സ്ഥിരീകരിക്കുന്ന അടയാളമാണ്.
ഗന്ധം സംശയത്തിനവകാശമുള്ള അടയാളമാകയാല്‍ അതുമൂലം ശിക്ഷ സ്ഥിരപ്പെടുന്നില്ല എന്നാണ് അബൂഹനീഫയുടെയും ശാഫിഈയുടെയും അഭിപ്രായം. എന്തുകൊണ്ടെന്നാല്‍ പരസ്പരം സാദൃശ്യമുള്ള ഗന്ധങ്ങളുണ്ടാകാം. ശിക്ഷകളാകട്ടെ സന്ദേഹത്താല്‍ പ്രതിരോധിക്കപ്പെടുന്നതാണ്.
കൂടാതെ, പാനീയം മിശ്രിതമായിരിക്കാനും അയാള്‍ അത് ബലപ്രയോഗത്തിന്റെ ഫലമായി കുടിപ്പിക്കപ്പെട്ടതാകാനുംസാധ്യതയുണ്ട്. ചില മദ്യേതരവസ്തുക്കള്‍ക്ക് മദ്യത്തിന്റെ ഗന്ധമുണ്ടാകാനിടയുണ്ടെന്നതും പരിഗണിക്കേണ്ടതാണ്.

വ്യക്തി ശിക്ഷാമുക്തനാണ് എന്നതേ്രത അടിസ്ഥാനപരമായിട്ടുള്ളത്. ശാരിഅ് ആകട്ടെ ശിക്ഷകള്‍ തടുക്കുന്നതില്‍ താല്‍പര്യമുള്ളവനും.

ശിക്ഷാനടപടികള്‍ക്കുള്ള മാനദണ്ഡങ്ങള്‍

താഴെപറയുന്ന മാനദണ്ഡങ്ങള്‍ മുന്നില്‍വെച്ചുമാത്രമേ മദ്യപാനത്തിന്റെ ശിക്ഷ നടപ്പാക്കാവൂ.

1. ബുദ്ധിയാണ് നിയമം ബാധകമാക്കാനുള്ള പ്രധാനമാനദണ്ഡങ്ങളിലൊന്ന്. ഭ്രാന്തന്‍ മദ്യപാനത്തിന് ശിക്ഷിക്കപ്പെടാവതല്ല. മന്ദബുദ്ധികളായ പൊണ്ണന്‍മാരും അങ്ങനെത്തന്നെ.

2. പ്രായപൂര്‍ത്തി: കുട്ടികള്‍ മദ്യപിച്ചാല്‍ ശിക്ഷിക്കേണ്ടതില്ല. കാരണം കുട്ടികള്‍ക്ക് നിയമം ബാധകമല്ലെന്നതുതന്നെ.

3. സ്വേച്ഛപ്രകാരം ചെയ്യുക: ബലപ്രയോഗത്തിലൂടെ മദ്യം അകത്തുചെന്നവനെ ശിക്ഷിക്കരുത്. ബലപ്രയോഗം ഒരു വേള വധഭീഷണിയുടെ രൂപത്തിലാകാം. മാരകദണ്ഡനഭീഷണിയാകാം. സ്വത്തിന്റെ സമ്പൂര്‍ണനാശം എന്ന ഭീഷണിയാകാം. ബലപ്രയോഗത്തില്‍ നിര്‍ബന്ധിതാവസ്ഥയും പരിഗണിക്കപ്പെടും. ഒരാള്‍ ജീവഹാനി ഭയപ്പെടുംവിധം ദാഹിച്ചുവലഞ്ഞിരിക്കുന്നു. വെള്ളമൊന്നുംകിട്ടിയില്ല. കിട്ടിയത് മദ്യമാണ്. എങ്കില്‍ അയാള്‍ അത് കുടിച്ചാല്‍ വിരോധമില്ല. ആപല്‍ക്കരമാംവിധം വിശന്നവന്റെയും അവസ്ഥ അതുതന്നെ. എന്തെന്നാല്‍ അത്തരം അവസ്ഥയില്‍ മദ്യത്തിന്റെ ഉപയോഗം ജീവന്‍ നിലനിര്‍ത്തുന്നതിന് അനിവാര്യമാകുന്നു. നിര്‍ബന്ധിതസാഹചര്യങ്ങള്‍ നിഷിദ്ധങ്ങളെ അനുവദിക്കുന്നു.

4. ഉപയോഗിക്കുന്നത് ലഹരിപദാര്‍ഥമാണെന്ന് ബോധ്യമുണ്ടാകുക. കള്ളാണെന്നറിയാതെ അത് ഉപയോഗിച്ചാല്‍ അറിവില്ലായ്മയുടെ പേരില്‍ വിട്ടുവീഴ്ചയുണ്ട്. ഇനി അക്കാര്യം ആരെങ്കിലും അയാളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും അയാള്‍ കുടി തുടര്‍ന്നാല്‍ അവിടെ വിട്ടുവീഴ്ചയുടെ പ്രശ്‌നമേയില്ല. അയാളില്‍ അജ്ഞതയില്ല. മനഃപൂര്‍വം പാപവൃത്തിയില്‍ തുടരുന്ന കാരണത്താല്‍ ശിക്ഷാര്‍ഹനാണ് അയാള്‍.
നവമുസ്‌ലിമോ, ഇസ്‌ലാമിനോട് ശത്രുതയുള്ള രാജ്യത്ത് ജീവിച്ചിരുന്നയാളോ നിഷിദ്ധമാണെന്ന് അറിയാതെ കുടിച്ചാലും അജ്ഞതയുടെ പേരില്‍ ശിക്ഷാനടപടികളില്‍നിന്ന് മുക്തനാകുന്നതാണ്.

മദ്യത്തോടുള്ള നിലപാടില്‍ അഭിപ്രായവ്യത്യാസം വെച്ചുപുലര്‍ത്തുന്നവരാണ് ക്രൈസ്തവ പുരോഹതര്‍. ബൈബിളിലെ ഒരു വചനമാണ് അഭിപ്രായ വ്യത്യാസത്തിന് കാരണം: ‘മിതമായ മദ്യപാനം ഉദരത്തിന് ആശ്വാസകരമാണ്.” എന്നാല്‍ മിതമായ മദ്യപാനവും ഒഴിവാക്കുന്നതാണ് ബുദ്ധി. കാരണം, മിതമായ മദ്യപാനത്തിന് അമിതമായ മദ്യപാനത്തിലേക്കാണ് നയിക്കുക. അവസാനം ചെന്നെത്തുന്നതോ മദ്യാസക്തിയിലും. ഇസ്ലാമിന്റെ നിലപാട് പ്രസക്തമാവുന്നത് ഇവിടെയാണ്. ലഹരി പിടിപ്പിക്കുന്ന സര്‍വവും മദ്യമാണെന്നാണ് ഇസ്ലാമിക നിലപാട്. അത് മിതമായാലും അമിതമായാലും ശരി.

No comments:

Post a Comment