Friday 16 November 2018

മുടിക്ക് നിറം കൊടുക്കലും , കറുപ്പാക്കുന്നതും, ഹെയർ ഫിക്സിങ്ങും ഇസ്‌ലാമിക വിധി




അള്ളാഹു നൽകിയ മഹത്തായ മറ്റൊരനുഗ്രഹമാണ് നമുക്ക്  തലമുടി നൽകി എന്നുള്ളത് . മുടി ഒരു മനുഷ്യന്റെ സൗന്ദര്യ സങ്കല്പവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം . പൊതുവെ മുടി കൊഴിഞ്ഞു പോകുന്നവർ ചെറുതായെങ്കിലും മാനസിക സംഘർഷം അനുഭവിച്ചിട്ടുള്ളവരാണ് . പിന്നീട് ആ സാഹചര്യവുമായി പൊരുത്തപ്പെട്ടു ഇണങ്ങി ചേരുന്നു .

മുടി തീരെ ഇല്ലാത്ത ധാരാളം സുന്ദരന്മാരെയും നമുക്ക് ചുറ്റിനും കാണാൻ സാധിക്കും . എങ്കിലും മുടി ഉള്ളത് ഒരു അനുഗ്രഹം തന്നെ എന്ന് വേണമെങ്കിൽ കരുതാം .

നമുക്ക് അള്ളാഹു നൽകിയ ഓരോ അവയവത്തിനും അതിന്റേതായ മഹത്വവും പൊരുളും അടങ്ങിയിട്ടുണ്ട് .

അഞ്ചു നേരം പള്ളിയിൽ വന്നു ജമാ'അത്ത് ആയി നിസ്‌ക്കരിക്കുന്ന പല പുരുഷന്മാരും അവരുടെ തലമുടി യഥാർത്ഥ കളറിൽ നിന്നും രൂപ മാറ്റം വരുത്തിയവരാണ് . അല്ലെങ്കിൽ നരച്ചു തുടങ്ങിയ മുടി കറുപ്പിച്ചു വരുന്നവരാണ്. ഇനി എന്താണ് ഇതിന്റെ ഇസ്‌ലാമിക മാനദണ്ഡം എന്ന് പരിശോധിക്കാം .


മുടി കറുപ്പിക്കുന്നതിന്റെ വിധി എന്ത് ? ഇങ്ങനെ ചെയ്യുന്ന ആളിനെ നിസ്കാരത്തില്‍ തുടരാമോ?

മുടിക്ക് കറുത്ത ചായം കൊടുക്കല്‍ ഹറാമാണ്. യുദ്ധമുഖത്തുള്ള സൈനികര്‍ക്ക് ശത്രുസൈന്യത്തില്‍ ഭയം ജനിപ്പിക്കാന്‍ സഹായിക്കുമെങ്കില്‍ അത് അനുവദനീയമാണെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. അല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം അത് നിഷിദ്ധം തന്നെ.

അത് നിത്യമായി ചെയ്യുന്നവനാണെങ്കില്‍, അതേക്കാള്‍ കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്ത പക്ഷം ഫാസിഖ് എന്ന ഗണത്തില്‍ പെടുന്നതാണ്. ഫാസിഖിനോട് തുടരല്‍ കറാഹതാണ്, തുടര്‍ച്ച ശരിയാവും. മറ്റുജമാഅതൊന്നും കിട്ടാത്ത പക്ഷം, ഫാസിഖിനോട് തുടരുന്നതിനേക്കാള്‍ ഉത്തമം ഒറ്റക്ക് നിസ്കരിക്കലാണെന്നാണ് പണ്ഡിതാഭിപ്രായം.

വന്‍ദോഷങ്ങളുടെ ഇനത്തില്‍ പെട്ട ഏതു തെറ്റു ചെയ്യുന്നവരും ഫാസിഖാണ്. ചെറുദോഷങ്ങള്‍ പതിവാക്കുകയും അവന്‍റെ സല്‍കര്‍മ്മങ്ങള്‍ ചെറുദോഷങ്ങളേക്കാള്‍ കൂടുതലാവുന്നില്ലെങ്കിലും ഫാസിഖ് തന്നെ. (ഫത്ഹുല്‍ മുഈന്‍ 405)
*******************************

മുടിക്ക് കറുപ്പ് ചായം കൊടുക്കല്‍ ഹറാം ആണെന്നാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. നരയെ ബഹുമാനിച്ച് കൊണ്ട് ചുവപ്പ് പോലോത്ത ചായം നല്‍കാമെന്നതിനാലാണ് മൈലാഞ്ചി അനുവദനീയവും സുന്നത്തുമാവുന്നത്.

എന്നാല്‍ അതേ സമയം, അത്തരത്തില്‍ നല്‍കുന്ന ചായം ഉള്ളിലേക്ക് വെള്ളമെത്തുന്നതിനെ തടയുന്നതാവരുത്. അങ്ങനെ വരുന്ന പക്ഷം, നിര്‍ബന്ധകുളി ശരിയാവുകയില്ല.


നരച്ച തലമുടിയിലും താടിയിലും മഞ്ഞയോ ചുവപ്പോ ചായം കൊടുക്കല്‍ സുന്നത്താകുന്നു. ‘ജൂതന്‍മാരും ക്രിസ്ത്യാനികളും ചായം കൊടുക്കാറില്ല. നിങ്ങള്‍ അവരോട് എതിരാവുക’ എന്ന് നബി(സ)യില്‍ നിന്ന് അബൂ ഹുറയ്‌റ(റ) ഉദ്ധരിച്ച ഹദീസ് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്.


അബൂബക്കര്‍ (റ)വിന്റെ പിതാവ് അബൂഖുഹാഫ(റ) മക്കം ഫാത്ഹിനാണ് മുസ്‌ലിമായത്. അദ്ദേഹത്തെ നബി(സ)യുടെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ തലയും താടിയും നരച്ച് വെളുവെളുത്തിരിക്കുന്നു. ഇത് കണ്ടപ്പോള്‍ നബി(സ) പറഞ്ഞു: ‘ഇത് നിങ്ങള്‍ പകര്‍ച്ചയാക്കുക, കറുപ്പ് ഉപേക്ഷിക്കുകയും ചെയ്യുക.’ 

നബി(സ)യില്‍ നിന്നും ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: പ്രാവിനെ പോലെ കറുപ്പ് കൊണ്ട് ചായം കൊടുക്കുന്ന ഒരു വിഭാഗം അവസാന കാലത്ത് വരാനുണ്ട്. സ്വര്‍ഗത്തിന്റെ മണം അവര്‍ ആസ്വദിക്കുകയില്ല. (അബൂദാവൂദ്, നസാഈ)

ഇബ്നു അബ്ബാസ് രേഘപെടുതുന്നു. "പ്രവാചകന് പറഞ്ഞു "അന്ത്യ നാളുകളിലേക്ക് അടുക്കുമ്പോള് കിളികള് ചവച്ചു വെച്ച ദാന്യം പോലെ മുടിക്ക് കറുത്ത ചായം നല്കിയ ജനങ്ങള് ഉണ്ടാകും ,അവർക്കു സ്വർഗ്ഗത്തിന്റെ വാസന പോലും നല്കപെടുകയില്ല "

കറുത്ത ചായം കൊടുക്കല്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഹറാമാണെന്നാണ് പ്രബലാഭിപ്രായം.

യുദ്ധാവശ്യത്തിനു വേണ്ടി മുടി കറുപ്പിക്കുന്നതിന് വിരോധമില്ല. ഭര്‍ത്താവിന് ഭംഗിയാവാന്‍ സ്ത്രീകള്‍ക്ക് അനുവദനീയമാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. (ശര്‍ഹുല്‍ മുഹദ്ദബ് 1/294) 

മുടിയില്‍ ഒട്ടിപ്പിടിക്കുന്ന വെള്ളം ചേരുന്നതിനെ തടയുന്ന വസ്തു കൊണ്ടാണ് ചായം കൊടുത്തതെങ്കില്‍ അതു വുളൂഇനെയും കുളിയെയും ബാധിക്കും. വെറും കളര്‍ മാത്രമെയുള്ളൂവെങ്കില്‍ പ്രശ്‌നമില്ല.


ഹെയർ ഫിക്സിങ് 

ഫൈബര്‍, സിന്തറ്റിക് തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കപ്പെട്ട മുടിനാരുകള്‍ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട തൊപ്പി പോലോത്തത് ക്ലിപ് ഉപയോഗിച്ച് തലയില്‍പിടിപ്പിക്കുന്നതിനെയാണ് ഹെയര്‍ ഫിക്സിംഗ് എന്ന് പറയുന്നത്. ഇത് തത്വത്തില്‍ ചെയ്യാവുന്നതാണ്.

എന്നാല്‍ താഴെ പറയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഫിക്സ് ചെയ്യുന്ന മുടി ഇതരമനുഷ്യരുടേതോ നജസോ ഹറാമോ അവയാല്‍ ഉണ്ടക്കാപ്പെട്ടതോ ആവാതിരിക്കണം. ഉള്ളിലേക്ക് വെള്ളം എത്തുന്നു എന്ന് ഉറപ്പ് വരുത്താനായി, നിര്‍ബന്ധമായ കുളിയുടെയും വുദുവിന്റെയും അവസരത്തില്‍ ആവശ്യമായ വിധം മാറ്റിവെക്കല്‍ നിര്‍ബന്ധമാണ്. അത് കൊണ്ട് തന്നെ , മാറ്റിവെക്കാന്‍ പറ്റാത്ത വിധം ഫിക്സ് ചെയ്യല്‍ ഹറാമുമാണ്.

മുടിവെക്കുന്നതിന്റെ മറ്റൊരു രീതി ട്രാന്‍സ്പ്ലാന്റേഷനാണ്. തലയിലെ മുടിയുള്ള ഭാഗത്ത് നിന്ന് എടുത്ത് ഇല്ലാത്ത ഭാഗത്ത് നട്ടുപിടിപ്പിക്കുന്നതാണ് ഇത്. മരണം ഭയക്കുന്നതോ തയമ്മും അനുവദനീയമാവുന്നതോ ആയവിധമുള്ള അത്യപകടഘട്ടങ്ങളിലല്ലാതെ സ്വശരീരത്തിന്റെ ഭാഗം മുറിച്ചുകളയുന്നത് അനുവദനീയമല്ല. അത് കൊണ്ട് തന്നെ, കഷണ്ടി പരിഹരിക്കാനായി ഈ മാര്‍ഗ്ഗം ഒരിക്കലും അനുവദനീയമല്ല.

No comments:

Post a Comment