Saturday 20 August 2016

മൂസാ നബി (അ) ചരിത്രം ഒരു ലഘു വിവരണം







ഈജിപ്ത്യൻ ജനത തങ്ങളുടെ വാക്ക് അക്ഷരാർത്ഥത്തിൽ പാലിച്ചു കൻആനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ പ്രവാചക സന്തതികളുടെ മഹത്വം അവർ തിരിച്ചറിഞ്ഞു കൻആനിൽ നിന്നു വന്ന യഹ്ഖൂബ് (അ)ന്റെ സന്തതികൾ ഇസ്രയേൽ സന്തതികൾ എന്നു ആദരപൂർവ്വം വിളിക്കപ്പെട്ടു പോന്നു. ആ നാമദേയം മഹത്വത്തിന്റെയും പ്രതാപത്തിന്റെയും പര്യായമായിത്തീർന്നു അങ്ങനെ കുറേക്കാലം കഴിഞ്ഞു അതിനുശേഷം സ്ഥിതിഗതികളാകെ മാറി. ഇസ്രയേൽ സന്തതികളുടെ സ്വഭാവം ദുഷിച്ചു.ദൈവമാർഗ്ഗത്തിലേക്കുള്ള ക്ഷണം അവർ കയ്യൊഴിഞ്ഞു. ഭൗതിക ലോകത്തിന്റെ ഉപരിപ്ലവമായ വർണ്ണപ്പൊലിമയിൽ അവർ ആകൃഷ്ടരായി അധർമികരുടെ അഗാധ ഗർത്തത്തിലേക്ക് അവർ കൂപ്പുകുത്തി.

അതോടെ പൊതുജനങ്ങൾക്ക് അവരോടുള്ള പെരുമാറ്റത്തിലും മാറ്റമുണ്ടായി ഇവരുടെ പിതാമഹന്മാർക്ക് ജനങ്ങൾ കല്പിച്ചിരുന്ന ആദരവ് ജനങ്ങൾ ഇവരോട് കാണിക്കാൻ കൂട്ടാക്കിയില്ല. ഇസ്രയേൽ സന്തതികൾ മറ്റെല്ലാവരെയും പോലെയായി തറവാടുകൊണ്ടല്ലാതെ അവരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാനാവാത്ത അവസ്ഥാവിശേഷം സംജാതമായി. ജനങ്ങൾ അവരുടെ കൂട്ടത്തിലെ പ്രമാണിമരോട് അസൂയാലുക്കളായി. അവരിലുള്ള ദാരിദ്രനാരായണന്മാരെ ജനങ്ങൾ നിന്ദിച്ചു. പരദേശത്ത് നിന്ന് നുഴഞ്ഞു കയറിയ പ്രവാസികളായി ജനം അവരെ കാണാൻ തുടങ്ങി.

അവർക്ക് ഈജിപ്തിൽ യാതൊരു അവകാശവും ഇല്ലെന്നായി ഈജിപ്ഷ്യൻ ജനത മുദ്രാവാക്യം മുഴക്കി : ഞങ്ങൾ ഈ മണ്ണിന്റെ മക്കളാണ് ഈജിപ്ത് ഈജിപ്ഷ്യർക്ക് മാത്രം അവകാശപ്പെട്ടതാണ്. യൂസുഫ്(അ) കൻആനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ പരദേശിയാണെന്നും ചിലർ അഭിപ്രായപ്പെടാൻ തുടങ്ങി. മുമ്പ് ഈജിപ്ത് ഭരിച്ചിരുന്ന ഇന്നാട്ടുകാരനായ ഒരു രാജാവ് വിലകൊടുത്തു വാങ്ങിയ അടിമച്ചെറുക്കനാണ് യൂസുഫെന്നും അവർ ആരവം മുഴക്കി. അവർ ചോദിക്കാൻ തുടങ്ങി : കൻആൻകാർക്ക് ഈജിപ്ത് ഭരിക്കാൻ എന്തവകാശം? യൂസുഫിന്റെ ഔൽകൃഷ്ട്യവും ഔദാര്യവും ജനം പാടേ മറന്നു കളഞ്ഞു.

ഫറോവമാർ








ഫറോവമാർ ഈജിപ്തിന്റെ ഭരണ ചെങ്കോലേന്തി ഇസ്രയേൽ സന്തതികളോട് അവർക്ക് എന്തെന്നില്ലാത്ത വെറുപ്പായിരുന്നു. വളരെ നിർദ്ദയനായ ഒരു ഫറോവ ഈജിപ്തിൽ സിംഹാസന സ്ഥനായി. ഇസ്രയേൽ സന്തതികൾ പ്രവാചക സന്തതികളാണെന്നും അദ്ദേഹം ഗൗനിച്ചിരുന്നില്ല. അവരെ മനുഷ്യരായിട്ടുപോലും അയാൾ ഗണിച്ചില്ല. അദ്ദേഹം ഈജിപ്തിൽ ദ്വിരാഷ്ട്രവാദം കൊണ്ടുവന്നു ജനങ്ങളെ അദ്ദേഹം രണ്ടു വിഭാഗമായി വേർതിരിച്ചു.


ഒരു വിഭാഗം അദ്ദേഹത്തിന്റെ സ്വന്തം ജനതയായ ഖിബ്ത്വികൾ അവർ നീലരക്തവുമായി ജനിക്കുന്നവരാണെന്നും പ്രത്യേക അവകാശങ്ങൾക്ക് ഭാഗ്യമുള്ളവരാണെന്നും അദ്ദേഹം വിശ്വസിച്ചു. ഖിബ്ത്വികൾ രാജാക്കന്മാരും ഇസ്രയേൽ സന്തതികൾ ഖിബ്ത്വികൾക്ക് വേണ്ടി ദാസ്യവേല ചെയ്യേണ്ട അടിമകളും എന്നത്രെ അദ്ദേഹത്തിന്റെ നിലപാട്. 

മൃഗങ്ങളോട് പെരുമാറുംവിധമായിരുന്നു ഫറോവ ഇസ്രയേൽ സന്തതികളോട് പെരുമാറിയത് മനുഷ്യർ മൃഗങ്ങളെ തങ്ങൾക്കു വേണ്ടി ജോലി ചെയ്യിപ്പിക്കാറുണ്ടല്ലോ പക്ഷെ അന്നന്നത്തെ ആഹാരമല്ലാതെ മറ്റെന്തെങ്കിലും അവയ്ക്ക് കൊടുക്കാറുണ്ടോ? ഇസ്രയേൽ സന്തതികൾ ഖിബ്ത്വി യജമാനൻമാർക്കുവേണ്ടി ചെയ്യേണ്ടിവന്ന ഭരിച്ച അടിമപ്പണിക്ക് പ്രതിഫലമായി അവർക്ക് ദിനേനയുള്ള അന്നമല്ലാതെ മറ്റൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ല.

ഫറോവ സ്വോച്ഛാധിപതിയും അഹന്തയുടെ പര്യായവുമായിരുന്നു തന്നെക്കാൾ ഉയർന്ന ആരുമില്ലെന്ന് അയാൾ കരുതി അദ്ദേഹം ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. ഞാനാണ് നിങ്ങളുടെ അത്യുന്നതനായ ദൈവം എന്നയാൾ പറയാറുണ്ടായിരുന്നു. രാജപദവിയുടെയും മണിമേടകളുടെയും അധികാരത്തിന്റെയും വർണ ശബളിയിൽ വഞ്ചിതനായതാണ് അദ്ദേഹം അദ്ദേഹം ഇടയ്ക്കിടെ ഇപ്രകാരം ചോദിച്ചിരുന്നു :


ഞാനല്ലയോ മിസ്രയീം രാജ്യത്തിന്റെ മന്നൻ? എന്റെ കല്പന ശിരസാ വഹിച്ചുകൊണ്ടല്ലയോ ഇവിടെ പുഴകൾ ഒഴുകുന്നത് ? നിങ്ങളിതൊന്നും കണ്ടു മനസ്സിലാക്കുന്നില്ലേ? നേരത്തെ നമ്മൾ ബാബിലോണിയയിലെ നംറൂദ് എന്ന അക്രമിയായ രാജാവിനെപ്പറ്റി പറഞ്ഞില്ലേ? ഇബ്രാഹിം (അ)മിനെ അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയാൻ കല്പിച്ച നംറൂദ് താൻ ദൈവാമാണെന്ന് അവകശപ്പെട്ട നംറൂദ് ഇബ്രാഹിം (അ)മിന്റെ ചോദ്യത്തിനു മുമ്പിൽ ചൂളിപ്പോയ നംറൂദ് അവന്റെ പ്രതിനിധിയാണ് ഈ ഫറോവയെന്ന് തോന്നിപ്പോകും തന്നെ ആരാധിക്കണമെന്നും തന്റെ മുമ്പിൽ സുജൂദിൽ വീഴണമെന്നും ഫറോവ ശാസന പുറപ്പെടുവിച്ചു. ആളുകൾ അത് അനുസരിച്ചു പക്ഷെ അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വാസം കൈക്കൊണ്ട ഇസ്രയേൽ സന്തതികൾ അതിന് കൂട്ടാക്കിയില്ല ഇസ്രയേൽ സന്തതികളോടുള്ള ഫറോവയുടെ വിദ്വേഷത്തിന് അത് ആക്കം കൂട്ടി.

ജോത്സ്യന്റെ പ്രവചനം






ഖിബ്ത്വി വംശജനായ ഒരു ജ്യോത്സ്യൻ ഫറോവയോട് വന്നു പറഞ്ഞു : സന്തതികളിൽ ആൺകുഞ്ഞ് ജനിക്കും അവന്റെ കരങ്ങളിലൂടെ അങ്ങയുടെ രാജാധികാരം തെറിച്ചുപോകും. ഇതു കേൾക്കേണ്ട താമസം ഫറോവ പരിഭ്രാന്തനായി. ഇസ്രയേൽ സന്തതികളിൽ പിറക്കുന്ന സകല ആൺകുഞ്ഞുങ്ങളെയും പിടിച്ചറുക്കാൻ തന്റെ ഭടന്മാരോട് ഫറോവ കല്പിച്ചു. 

താൻ ദൈവമാണെന്നാണല്ലോ ഫറോവയുടെ വിചാരം അതിനാൽ താനുദ്ദേശിക്കുന്നവരെ അറുക്കാനും അല്ലാത്തവരെ വെറുതേ വിടാനും അയാൾക്ക് അധികാരമുണ്ടെന്നാണ് മൂപ്പന്റെ മനസ്സിലിരിപ്പ്. ആട്ടിൻപറ്റത്തിന്റെ ഉടമയ്ക്ക് താനുദ്ദേശിക്കുന്ന ആടുകളെ അറുക്കാനും അല്ലാത്തവയെ അറുക്കാതിരിക്കാനും അധികാരമുണ്ടല്ലോ. 

ഫറോവയുടെ ഓർഡർ സ്വീകരിച്ചുകൊണ്ട് ഭടന്മാർ നാലുപാടും ഓടി ഇസ്രയേൽ സന്തതികളിൽ എവിടെയൊക്കെ ഒരു ആൺശിശു ജനിച്ചിട്ടുണ്ടെന്ന് അവർ അന്വേഷിച്ചുകൊണ്ടിരുന്നു. എവിടെയൊക്കെ അങ്ങനെ ജനിച്ചതായി അറിഞ്ഞോ അവിടങ്ങളിലൊക്കെ കയറിച്ചെന്ന് ആ ചോരപ്പെതലിനെ പിടിച്ചുപറ്റി ആട്ടിൻകിടാങ്ങളെയെന്നപോലെ കശാപ്പു ചെയ്തു.

അന്നും കാട്ടിൽ ചെന്നായ്ക്കൾ പാർത്തിരുന്നു. അന്നും നാട്ടിൽ പാമ്പും തേളുമുണ്ടായിരുന്നു. പക്ഷെ അവയൊന്നും ആരും ഉപദ്രവിച്ചില്ല. ഫറോവയുടെ പോലീസുകാരിൽ ഒരാൾ പോലും അവയെ വേട്ടയാടിയില്ല. പക്ഷെ ഇസ്രയേൽ സന്തതികൾ ആണായി പിറക്കുന്ന പിഞ്ചോമനകൾക്ക് ഫറോവയുടെ രാജ്യത്ത് അനുവാദമില്ല. സ്വന്തം മാതാപിതാക്കളുടെ മുമ്പിൽ വച്ച് ആയിരക്കണക്കിന് ഓമനപ്പൈതങ്ങളുടെ ശിരസ്സുകൾ അറുത്തുമാറ്റപ്പെട്ടു.


അക്കാലത്ത് ഇസ്രയേൽ സന്തതികളുടെ കുടുംബത്തിൽ ഒരു ആൺകുഞ്ഞ് പിറന്നാൽ ആ ദിനം അങ്ങേയറ്റം പ്രയാസകരം തന്നെയായിരുന്നു. അത് കദനത്തിന്റെയും കരച്ചിലിന്റെയും ദിനമായിരുന്നു. ബനൂ ഇസ്രയേൽ (ഇസ്രയേൽ സന്തതികൾ ) കുടുംബത്തിൽ ഒരു ആൺപൈതൽ പിറക്കുന്ന ദിനം അനുശോചനത്തിന്റെയും വിലാപത്തിന്റെയും ദിനമായിരുന്നു. ഒരൊറ്റ ദിവസത്തിൽ തന്നെ നൂറുകണക്കിന് പൈതങ്ങൾ ആട്ടിനെയും പോത്തിനെയും അറുക്കുന്നപോലെ അറുകൊല ചെയ്യപ്പെട്ടു. വിശുദ്ധ ഖുർആൻ സിദ്ധിച്ചപോലെ ഫറോവ ഭൂമിയിൽ പ്രതാപം നടിച്ച അധികാരം വാണു. അയാൾ രാജ്യത്ത് ദ്വിരാഷ്ട്രവാദം കൊണ്ടുവന്നു. ഒരുവിഭാഗത്തെ ദുർബലരാക്കി അവരിലെ ആൺകുഞ്ഞുങ്ങളെ ഹനിക്കുകയും പെൺകുഞ്ഞുങ്ങൾക്ക് ജീവിക്കാൻ അനുമതി നൽകുകയും ചെയ്തു ഫറോവ കുഴപ്പക്കാരനാണെന്ന കാര്യം തീർച്ച.

മൂസാ നബി (അ) ന്റെ ജനനം

ഫറോവ പേടിച്ചതെന്തോ അത് സംഭവിക്കട്ടെയെന്ന് അല്ലാഹു തീരുമാനിച്ചു. ഫറോവയുടെ രാജപദവി ഏതൊരുവന്റെ കയ്യാൽതെറിച്ചു പോകണമെന്നാണോ അല്ലാഹു ഇച്ഛിച്ചത് ആ കുഞ്ഞ് പിറന്നു.

 
ഏതൊരു മഹാനുഭാവന്റെ കരങ്ങളിലാണോ ഇസ്രയേൽ സന്തതികളുടെ വിമോചനം സാധ്യമാകണമെന്ന് ദൈവം ഇച്ഛിച്ചത് ആ കുഞ്ഞുമോൻ ഭൂജാതനായി. സൃഷ്ടിപൂജയിൽനിന്ന് ഏകനായ സ്രഷ്ടാവിന്റെ ആരാധനയിലേക്ക് സമഷ്ടിയെ കൊണ്ടുവരാൻ ആരെയാണോ പ്രപഞ്ചനാഥൻ കണക്കാക്കിയത് ആ കുഞ്ഞ് പിറവിയെടുത്തു.


മനുഷ്യസമൂഹത്തെ ഇരുട്ടിൽനിന്ന് വെളിച്ചത്തേക്ക് വഴി നയിക്കാൻ ഏതൊരു പുണ്യപൂമാനെയാണോ ഈശ്വരൻ തെരഞ്ഞെടുത്തത് ആ ഓമനപ്പൈതൽ ജനിച്ചു. ഫറോവയെയും പ്രഭൃതികളെയും വകവെക്കാതെ ഇംറാന്റെ പുത്രൻ മൂസ പിറന്നു പോലീസും അന്വേണങ്ങളും ഒക്കെ മുറക്ക് നടന്നിട്ടും മൂസ പിറന്ന് മൂന്നാം മാസം പിന്നിട്ടു.



പക്ഷേ മൂസയുടെ മാതാവ് തന്റെ സുന്ദരനായ കുഞ്ഞിന്റ കാര്യത്തിൽ ഭയാവിഹ്വലയായി. എങ്ങനെ ഭയപ്പെടാതിരിക്കും ? കുഞ്ഞുങ്ങളുടെ ശത്രു പതിയിരിക്കുകയല്ലേ? എങ്ങനെ ഭയപ്പെടാതിരിക്കും? ശതക്കണക്കിന് ശിശുക്കളെ മാതാക്കളുടെ മടിത്തട്ടിൽ നിന്ന് പോലീസുകാർ റാഞ്ചിയില്ലേ?

നൈൽ നദിയിൽ 




പാവം ഉമ്മയെന്തു ചെയ്യാൻ? ഈ സുന്ദരശിശുവിനെ ആ മാതാവ് എവിടെ ഒളിപ്പിക്കാൻ ? കാക്കയുടെ കണ്ണും ഉറുമ്പിൻ നാസികയും കൈമുതലാക്കിയ ഭടന്മാർ റോന്തു ചുറ്റുകയല്ലേ? ആ പാവം മാതാവിന് ദൈവം തുണയായി കുഞ്ഞിനെ ഒരു പേടകത്തിനകത്താക്കി നൈൽ നദിയിലേക്ക് വലിച്ചെറിയാൻ അവർക്ക് ദൈവത്തിന്റെ വെളിപാട് ലഭിച്ചു. അല്ലാഹു അക്ബർ (ദൈവം ഏറ്റം മഹാൻ ) വാത്സല്യനിധിയായ ഒരു മാതാവ് അവരുടെ കുഞ്ഞിനെ പെട്ടിയിലടച്ച് നദിയിലെറിയുകയോ? പെട്ടിക്കകത്ത് കുഞ്ഞിനെ ആരു മുലയൂട്ടാൻ ? പെട്ടിക്കകത്ത് കുഞ്ഞിനെങ്ങനെ ശ്വാസവായു കിട്ടാൻ?

ആ വത്സലമാതാവ് അതൊക്കെ ചിന്തിച്ചു പക്ഷേ ദൈവഭക്തയായ ആ മഹതി ദൈവത്തിൽ ഭാരമേല്പിച്ചു ദൈവ വെളിപാട് അവലംബിച്ചു. കൂഞ്ഞിന് പെട്ടിയിൽതന്നെ വീടിനെക്കാൾ സുരക്ഷിതത്വം വീട്ടിലാക്കുമ്പോൾ എല്ലായിടത്തും ഭടന്മാരല്ലേ? കുഞ്ഞുങ്ങളുടെ എതിരാളി പതിയിരിക്കുകയല്ലേ? ഭടന്മാർ കാക്കയുടെ കണ്ണും ഉറുമ്പിൻ നാസികയും കൈമുതലാക്കിയവരല്ലേ?

അല്ലാഹു കല്പിച്ചപോലെ പാവം ഉമ്മ പ്രവർത്തിച്ചു സുന്ദരശിശുവിനെ പെട്ടിയിലടച്ച് നൈൽ നദിയിലേക്ക് എറിഞ്ഞു ആ സ്നേഹനിധിയായ മാതാവിന് ഒരുവേള സഹികെട്ടെങ്കിലും സത്വരം സഹനം കൈവന്നു ദൈവത്തിൽ ഭാരമേല്പിച്ചു

വിഷുദ്ധ ഖുർആനിന്റെ വചസ്സുകൾ വിളിച്ചറിയിക്കുന്നപോലെ മൂസയുടെ മാതാവിന് നാം വെളിപാട് നൽകി നീ നിന്റെ കുഞ്ഞിനെ മുലയൂട്ടുക എന്ന് ഭയമുണ്ടെങ്കിലും അവനെ നദിയിൽ തള്ളുക എന്നും നീ പേടിക്കണ്ട കാര്യമില്ലെന്നും കദനത്തിൽ കഴമ്പില്ലെന്നും സർവ്വോപരി അവനെ നിനക്ക് തിരികെ ലഭിക്കുമെന്ന് മാത്രമല്ല അവനെ ദൈവദൂതനാക്കുമെന്നും അല്ലാഹു പറഞ്ഞു.

നൈൽനദിയുടെ ശാദ്വലതീരത്ത് നിരവധി മണിമാളികകൾ ഫറോവക്കുണ്ടായിരുന്നു. അവൻ ഓരോരോ മണിമേടകളിലേക്ക് താമസം മാറ്റികൊണ്ടിരിക്കയും നൈൽനദിയുടെ തീരത്ത് ഉല്ലസിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. 

ഒരുദിവസം പതിവുപോലെ നൈൽ നദിയുടെ തീരത്ത് പുൽമൈതാനിയിൽ ഇരുന്ന് (പ്രകൃതിഭംഗി ) ആസ്വദിക്കുകയായിരുന്നു ഫറോവ തന്റെ കാൽച്ചുവട്ടിലൂടെ അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരിക്കുന്ന പുഴയിലേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു ഫറോവ കൂടെ രാജ്ഞി രാജാവിന്റെ ഉല്ലാസത്തിൽ പങ്കുചേർന്നു.ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിലേക്ക് അവരും നോക്കി നൈലിന്റെ ഓളങ്ങളുടെ ചുംബനങ്ങളേറ്റുവാങ്ങി തരംഗമാലകളോടൊപ്പം കളിയാടിവരുന്ന ഒരു പെട്ടിയിൽ രണ്ടു പേരുടെയും കണ്ണുകളുടക്കി നാഥാ ആ പെട്ടി കണ്ടോ? എവിടെ പെട്ടി ? അത് ഒരു മരക്കഷ്ണമല്ലേ?

അല്ല പ്രാണനാഥാ അത് പെട്ടിതന്നെയാണ് പെട്ടിയതാ അടുത്തെത്തി നദിയിൽ നീന്തിക്കളിച്ചുകൊണ്ടിരുന്നവർ പറഞ്ഞു : അതെ ഇത് പെട്ടിയാണ് രാജാവ് തന്റെ സേവകരിലൊരാളോട് കല്പിച്ചു. ആ പെട്ടി ഒന്ന് എടുത്ത് നോക്കിയാട്ടെ സേവകൻ പെട്ടിയെടുത്തു തുറന്നു നോക്കിയപ്പോഴോ അതിൽ ഒരു കുഞ്ഞുമോൻ പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്നു. ആളുകൾ അത്ഭുത പരതന്ത്രരായി എല്ലാവരും കുഞ്ഞിനെ എടുത്തു നോക്കി ഫറോവ കുട്ടിയെ കണ്ട് പരിഭ്രമിച്ചു സേവകരിൽ ചിലർ പറഞ്ഞു : ഈ കുഞ്ഞ് ഇസ്രയേൽ സന്തതിയാണ് ഇവനെ അറുത്തേ തീരും.

നദിയിൽ നിന്നും കൊട്ടാരത്തിലേക്ക് 



കുഞ്ഞിനെ കണ്ട രാജ്ഞിക്ക് അതിനോട് മനസ്സിൽ എന്തെന്നില്ലാത്ത സ്നേഹം ഉറവെടുത്തു. അവർ ആ ഓമനപ്പൈതലിനെ നെഞ്ചോട് ചേർത്തുപിടിച്ച് ചുടുചുംബനങ്ങളർപ്പിച്ചു. രാജ്ഞി രാജാവിനോട് കേണു പറഞ്ഞു : ഈ കുഞ്ഞുമോൻ എനിക്കും അങ്ങയ്ക്കും കൺകുളിർമയാണ് ഇവനെ കൊല്ലാതിരുന്നാലും ഇവൻ നമുക്ക് ഉപകരിച്ചേക്കും നമ്മുടെ മകനായി നമുക്കിവനെ വളർത്താം ഫറോവയെയും ഭടന്മാരെയും തൃണവൽഗണിച്ച് ഇമ്രാന്റെ പുത്രൻ മൂസ ഫറോവയുടെ രാജകൊട്ടാരത്തിൽ വളർന്നതങ്ങനെയാണ് ഭടന്മാർക്ക് ഈ ഇസ്രയേൽ സന്താനത്തെ പിടികിട്ടിയില്ല. 

കാക്കയുടെ കണ്ണും ഉറുമ്പിൻ നാസികുമുള്ള പോലീസുകാർക്ക് ഏതൊരു കുഞ്ഞുമോന്റെ തൃക്കരങ്ങളിലൂടെയാണോ ഫറോവയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ ലോകനാഥൻ തീരുമാനിച്ചത് ആ കുഞ്ഞുമോനെ കുഞ്ഞുങ്ങളുടെ ശത്രുതന്നെ വളർത്തട്ടെയെന്ന് അല്ലാഹു തീരുമാനിച്ചു. ഹോ വല്ലാത്ത ഒരു നിർണ്ണയം തന്നെ പാവം ഫറോവ! 

മൂസയുടെ കാര്യത്തിൽ അവന് പിഴവ് സംഭവിച്ചു തന്റെ മന്ത്രി ഹാമനും തെറ്റുപറ്റി ഫറോവയുടെ സൈന്യത്തിനും മൂസയുടെ കാര്യത്തിൽ അമളി പിണഞ്ഞു. അതുതന്നെയല്ലേ പരിശുദ്ധ ഖുർആൻ സൂചിപ്പിച്ചത് ഫറോവയുടെ ജനത മൂസയെ പൊക്കിയെടുത്തു. മൂസ അവരുടെ ശത്രുവാകാനും അവർക്ക് മൂസ ദുഃഖം സമ്മാനിക്കാനും മൂസയെ അവർ തന്നെ വളർത്തി ഫറോവയ്ക്കും ഹാമനും അവരുടെ സേനാനികൾക്കും അബദ്ധം പിണഞ്ഞെന്ന കാര്യത്തിൽ സന്ദേഹമേതുമില്ല.

രാജകൊട്ടാരത്തിലെത്തിയ ഈ പുതിയ കുഞ്ഞ്- സുന്ദനായ കുഞ്ഞ് - എല്ലാവർക്കും ഒരു വിനോദമായി കൊട്ടാരവാസികൾക്ക് ഈ കുഞ്ഞ് ഒരു നേരമ്പോക്കായി. എല്ലാവരും കുഞ്ഞിനെയെടുത്ത് ചുംബിക്കുന്നു. എല്ലാവരും കുഞ്ഞിനെ സ്നേഹംകൊണ്ട് വീർപ്പ് മുട്ടിക്കുന്നു. കാരണം രാജ്ഞിയുടെ സ്നേഹഭാജനമാണല്ലോ അവൻ അതുകൊണ്ട് രാജകൊട്ടാരത്തിലെ തമ്പുരാട്ടികൾക്ക് എങ്ങനെ കുഞ്ഞിനെ സ്നേഹിക്കാതിരിക്കാൻ കഴിയും? 

കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് എങ്ങനെ കുഞ്ഞിനെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയും എല്ലാവരും കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വയ്ക്കുന്നു കാരണം കുഞ്ഞ് സുന്ദരനുമാണല്ലോ.

മുലയൂട്ടൽ

കുഞ്ഞിനെ മുലയൂട്ടി വളർത്താൻ രാജ്ഞി ഒരു പോറ്റമ്മയെ അന്വേഷിച്ചു അവർ ഒരു സ്ത്രീയെ കണ്ടെത്തി അവരെ രാജകൊട്ടാരത്തിലേക്ക് വിളിപ്പിച്ചു അവർ ആ കുഞ്ഞിനെയെടുത്ത് മുലകൊടുക്കാനൊരുങ്ങി പക്ഷെ കുഞ്ഞ് മുല സ്വീകരിച്ചില്ല. അത് വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു 

പിന്നീട് മറ്റൊരു പോറ്റമ്മയെ അന്വേഷിച്ചു കണ്ടെത്തി അവർ രാജകൊട്ടാരത്തിൽ വന്നണഞ്ഞു. കുഞ്ഞിനെയെടുത്ത് മുലകൊടുക്കാനൊരുങ്ങുമ്പോൾ അത് കൂട്ടാക്കാതെ വാവിട്ട് കരയുകയാണ്. മൂന്നാമതും നാലാമതും അഞ്ചാമതും പല പല പോറ്റമ്മമാർ വന്നു .പക്ഷേ അവരുടെ സ്തനാമൃതം നുകരാൻ കൂട്ടാക്കാതെ കരഞ്ഞു കൊണ്ടിരുന്നു. 
എന്തൊരത്ഭുതം കുഞ്ഞിനെന്തേ മുല കുടിക്കാത്തത്? എന്തിനാണ് കുഞ്ഞ് കരയുന്നത്? 

രാജ്ഞിയെ സന്തോഷിപ്പിക്കാൻ കുഞ്ഞിനെ മുലയൂട്ടുന്നതിന് പോറ്റുമ്മമാർ പരിശ്രമിച്ചു നോക്കി. രാജകൊട്ടാരത്തിലെ കുഞ്ഞാണ് അതിനെ മുലയൂട്ടുന്ന പെണ്ണിന് നല്ല കാശ്കിട്ടും.അതിനാൽ കുഞ്ഞിനെ മുലയൂട്ടാൻ പഠിച്ച പണി പതിനെട്ടും പോറ്റുമ്മമാർ പയറ്റിനോക്കി. പക്ഷെ അല്ലാഹു ആ കുഞ്ഞിന് പോറ്റുമ്മമാരുടെ മുലപ്പാൽ നിഷിദ്ധമാക്കിയിരിക്കയാണ്.
 
കൊട്ടാരത്തിൽ ഈ കുഞ്ഞ് വലിയ ചർച്ചാവിഷയമായി കുഞ്ഞ് എല്ലാവർക്കും ഒരു വേലയായി നാടൊട്ടുക്കും ഈ അത്ഭുത ശിശുവിന്റെ വൃത്താന്തം പരന്നു.

എടോ, നീ കണ്ടോ ആ പുതിയ കുഞ്ഞിനെ? അതെ ഞാൻ കണ്ടു വളരെ സുന്ദരനായ കുഞ്ഞാണ്. പക്ഷേ വളരെ വിചിത്രം സാധാരണ കുഞ്ഞുങ്ങളെ പോലെയല്ല മുലകുടിക്കുന്നില്ല. പോറ്റുമ്മമാർ വന്ന് എടുത്തു നോക്കുമ്പോൾ കരയുകയാണ് മുല തിരസ്കരിക്കുന്നു. പാവം എങ്ങനെയാണ് ആ കുഞ്ഞ് ജീവിക്കുക ? അതെന്തായാലും ചത്തുപോകും ദിവസങ്ങളോളമായി കുഞ്ഞ് മുല കുടിച്ചിട്ടില്ല.

മാതാവിന്റെ കരങ്ങളിൽ



വാത്സല്യ നിധിയായ മാതാവ് മൂസയുടെ സഹോദരിയോട് പറഞ്ഞു : മോളെ നിന്റെ ആങ്ങള എവിടെയോ ജീവിച്ചിരിപ്പുണ്ടാവും മോളൊന്ന് പോയി നോക്ക്. കുഞ്ഞിനെ സംരക്ഷിച്ചുകൊള്ളുമെന്നും എന്നെ തിരിച്ചേല്പിക്കുമെന്നും ദൈവം എനിക്ക് വാക്ക് നൽകിയിരിക്കുന്നു അങ്ങനെ ആങ്ങളയെ തെരഞ്ഞുകൊണ്ട് മൂസയുടെ പെങ്ങൾ പോയി രാജകൊട്ടാരത്തിലെ സുന്ദരശിശുവിനെക്കുറിച്ച് ആളുകൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് ആ പെൺകുട്ടി കേട്ടു. രാജകൊട്ടാരത്തിലെ പെണ്ണുങ്ങളുടെ വർത്തമാനം ശ്രവിക്കാൻ ഈ പെൺകുട്ടി ചെന്നു നോക്കി രാജ്ഞി അസ്വാനിൽനിന്ന് വരാൻ പറഞ്ഞ പോറ്റുമ്മ വന്നോ? 

അതെ വന്നെടീ പക്ഷെ കുട്ടി സമ്മതിക്കുന്നില്ല. അത് മുലകുടിച്ചില്ല ദൈവമേ എന്താണീ കുഞ്ഞിന്റെ കാര്യം? രാജ്ഞി പരിശോധിക്കുന്ന ആറാമത്തെ പോറ്റുമ്മയല്ലേ ഇത്? അതെ മൂസയുടെ സഹോദരി ഈ സംസാരമെല്ലാം ശ്രദ്ധിച്ചു കേട്ടു. 

അവൾ വളരെ സ്നേഹത്തോടെയും മര്യാദയോടെയും ഇപ്രകാരം പറഞ്ഞു : ഇന്നാടിലെ ഒരു അംഗനയെ എനിക്ക് അറിയാം ആ നാരിയുടെ മുല ഈ കുഞ്ഞ് കുടിക്കാതിരിക്കില്ല അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞു : ഞാൻ വിശ്വസിക്കുന്നില്ല ആറുപേരെ ഞങ്ങൾ പരീക്ഷിച്ചു പക്ഷെ കുഞ്ഞ് മുല നുകർന്നിട്ടില്ല. മറ്റൊരു പെണ്ണ് പറഞ്ഞതിങ്ങനെ : ഏഴാമത്തെ ഒരു പോറ്റുമയെക്കൂടി പരിശോധിച്ചാലെന്ത്? നമുക്കെന്ത് തടസ്സം? 

ഈ വൃത്താന്തം കേട്ട് രാജ്ഞി മൊഴിഞ്ഞു നീ പോയി ആ പെണ്ണിനെ കൂട്ടി വന്നാലും മൂസയുടെ മാതാവ് കൊട്ടാരത്തിൽ വന്നണഞ്ഞു ഒരു ഭൃത്യ ഓടിവന്ന് കുഞ്ഞിനെ അവർക്ക് സമർപ്പിച്ചു കുഞ്ഞ് ആ നാരിമണിയെ പരിരംഭണം ചെയ്തു കുഞ്ഞ് ആനന്ദത്തോടെ മുലനുകർന്നു. കുഞ്ഞ് എന്തിന് മുലകുടിക്കാതിരിക്കണം ? അതിന്റെ വാത്സല്യനിധിയായ മാതാവല്ലയോ ഈ വന്നണഞ്ഞിരിക്കുന്നത്? എന്തിന് കുഞ്ഞ് മുലകുടിക്കാതിരിക്കണം ? മൂന്ന് ദിവസമായി കുഞ്ഞ് വിശക്കുകയല്ലേ? 

രാജ്ഞി അത്ഭുതപരതന്ത്രയായി കൊട്ടാരവാസികൾ അത്ഭുതസ്തബ്ധരായി സംശയഗ്രസ്തനായ ഫറോവ ചോദിച്ചു : എന്തുകൊണ്ട് കുഞ്ഞ് ഈ പെണ്ണിനെ സ്വീകരിച്ചു? ഇവൾ അവന്റെ ഉമ്മയാണോ? സ്നേമസൃണമായ സ്വരത്തിൽ മൂസയുടെ മാതാവ് മൊഴിഞ്ഞു : അല്ലയോ ചക്രവർത്തി തിരുമനസ്സേ ഞാൻ നല്ല സുഗന്ധമുള്ള അമ്മയാണ് എന്റെ മുലപ്പാൽ വളരെ നല്ലതാണ് ഏതു കുഞ്ഞും എന്നെ സ്വീകരിക്കും.
ഫറോവ മൗനം ഭജിച്ചു മുലയൂട്ടുന്നതിന് അവർക്ക് കൂലി നിശ്ചയിച്ചു കുഞ്ഞിനെയുമെടുത്ത് ആ മാതാവ് അവരുടെ ഭവനത്തിലേക്ക് തിരിച്ചു അതല്ലേ ഖുർആൻ വിളംബരം ചെയ്തത് ? 

അവനെ നാം തന്റെ മാതാവിന് തിരിച്ചുകൊടുത്തു അവരുടെ കൺകുളിർക്കാനും ആധികൾ പോയി മറയാനും ദൈവത്തിന്റെ വാഗ്ദാനം യാഥാർത്ഥ്യമാണെന്നറിയാനും പക്ഷേ ഭൂരിപക്ഷമാളുകളും അനഭിജാഞരത്രെ.

വീണ്ടും കൊട്ടാരത്തിൽ 

മുലകുടി മാറിയപ്പോൾ മൂസയുടെ മാതാവ് അവനെ ഫറോവയുടെ രാജകൊട്ടാരത്തിൽ തിരിച്ചേല്പിച്ചു. മൂസ ഒരു രാജകുമാരനെപ്പോലെ കൊട്ടാരത്തിൽ വളർന്നു.
 രാജാക്കന്മാരോടും പ്രമാണിമരോടുമുള്ള ഭയം മൂസയുടെ മനസ്സിൽനിന്ന് നീങ്ങിയത് അങ്ങനെയാണ് ഫറോവയും പ്രഭൃതികളും സുഖിക്കുന്നത് മൂസ തന്റെ രണ്ട്കണ്ണുകൊണ്ട് കണ്ടു. ഫറോവയ്ക്കും പ്രഭൃതികൾക്കും സുഖിക്കാൻ ഇസ്രയേൽ സന്തതികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും മൂസ കണ്ടു.

ഫറോവയുടെ മൃഗങ്ങളുടെ വയറു നിറക്കാൻ ഇസ്രയേൽ സന്തതികൾ വിശപ്പ് സഹിക്കേണ്ടി വരുന്നത് മൂസ കണ്ടു. മൃഗങ്ങളോട് പെരുമാറുന്നതുപോലെ ഇസ്രയേൽ സന്തതികളോട് ഖിബ്ത്വികൾ പെരുമാറുന്നത് മൂസ കണ്ടു. ഇസ്രയേൽ സന്തതികളെ ഖിബ്ത്വികൾ പീഡീപ്പിക്കുന്നതും അവരെക്കൊണ്ട് ഭാരിച്ച ജോലികൾ ചെയ്യിപ്പിക്കുന്നതും മൂസ കണ്ടു. പ്രഭാതം പുലർന്നതുമുതൽ സായഹ്നം വരെ മൂസ ഇതൊക്കെ കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. പക്ഷേ മൂസയുടെ മനസ്സിൽ ഇതിനോട് അമർഷമുണ്ടായിരുന്നു എങ്ങനെ അമർഷമില്ലാതിരിക്കും ? സ്വന്തം ജനതയെ ഇകഴ്ത്തുന്നത് കാണുമ്പോൾ വിദ്വേഷം ജനിക്കാതിരിക്കുമോ? 

ഇസ്രയേൽ സന്തതികൾ പ്രവാചക സന്തതികളാണ് ആദരണീയരുടെ മക്കളാണ് ഇസ്രയേൽ സന്തതികൾ എന്തു പിഴച്ചു? അവർ ഖിബ്ത്വികൾ അല്ലെന്നതോ? അവർ കൻആനിൽ നിന്ന് വന്നുവെന്നതോ? അതൊന്നും തെറ്റല്ല അതൊരു പിഴവല്ല.

ഖിബ്ത്തിയുടെ കൊലപാതകം




മൂസ വളർന്നു ശക്തനായ യുവാവായിത്തീർന്നു അല്ലാഹു അദ്ദേഹത്തിനു ബുദ്ധിയും ജ്ഞാനവും നൽകി മൂസ (അ) മർദ്ദകരോട് വിദ്വഷം പുലർത്തുകയും മർദ്ദിതരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. അപ്രകാരമാണ് എല്ലാ പ്രവാചകനും. 

മൂസ (അ) ഒരിക്കൽ ഫറോവയുടെ നഗരിയിൽ പ്രവേശിച്ചപ്പോൾ ആളുകൾ കളികളിലും വിനോദങ്ങളിലും നിമഗ്നരായത് കണ്ടു അവിടെ രണ്ടുപേർ അടിപിടി കൂടുന്നത് മൂസ (അ) കണ്ടു ഒരാൾ ഇസ്രയേല്യനും അപരൻ ഇസ്രയേല്യരുടെ ശത്രുക്കളായ ഖിബ്ത്വികളുടെ കൂട്ടത്തിൽ പെട്ടവനുമായിരിന്നു. 

ഇസ്രയേല്യൻ സഹായത്തിന് നിലവിളിച്ചു ഖിബ്ത്വി തന്നെ മർദ്ദിക്കുന്നുവെന്ന് അദ്ദേഹം മൂസ (അ)മിനോട് പരിദേവനം ചെയ്തു മൂസ (അ)കോപാകുലനായി ഖ്ബ്ത്വിയെ പ്രഹരിച്ചു പക്ഷേ അത് മാരകമായ പ്രഹരമായിപ്പോയി ഖ്ബ്ത്വി തൽക്ഷണം മരിച്ചു.

മൂസ (അ) അങ്ങേയറ്റം ഖേദിച്ചു. അത് ശൈത്താന്റെ ലീലയാണെന്ന് മൂസ (അ) അറിഞ്ഞു. മൂസ (അ) ദൈവത്തിലേക്ക് ഖേദിച്ചു മടങ്ങി. 

സകല പ്രവാചകന്മാരും അപ്രകാരമാണ് ഖുർആൻ ഉദ്ഘോഷിക്കുന്നു: മൂസ (അ) പറഞ്ഞു : ഇത് ശൈത്താന്റെ ലീലാവിലാസമാണ് അവൻ മനുഷ്യനെ ധർമച്യുതിയിലകപ്പെടുത്തുന്ന വ്യക്തമായ ശത്രുവത്രെ മൂസ (അ) അല്ലാഹുവിൽ ഖേദിച്ചു മടങ്ങി. കാരണം ഖിബ്ത്വിയെ വധിക്കാൻ മൂസ (അ) ഉദ്ദേശിച്ചിരുന്നില്ല. മൂസ (അ) ഒരു പ്രഹരം നൽകിയെന്നുമാത്രം പക്ഷേ അത് മാരകമായിപ്പോയി പശ്ചാത്താപം സ്വീകരിക്കപ്പെട്ടപ്പോൾ മൂസ (അ) ദൈവത്തെ സ്തോത്രം ചെയ്തു. 

മൂസ (അ)ഇപ്രകാരം പറഞ്ഞു : ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു അവൻ എനിക്ക് പാപം പൊറുത്തു തന്നിരിക്കുന്നു. അതുകൊണ്ട് ഞാൻ മർദ്ദകരുടെ സഹായി ആവുകയില്ല മൂസ (അ) ഭയവിഹ്വലനായി പോലീസ് വന്ന് തന്നെ പിടികൂടുമൊ എന്നോർത്ത് മൂസ (അ) ഉൽക്കണ്ഠാകുലനായി കാക്കക്കണ്ണുകളും ഉറുമ്പിൻ നാസികയും കൈമുതലാക്കിയവരാണല്ലോ പോലീസ്കാർ പോലീസ് വന്ന് തന്നെ ഫറോവ എന്ന സ്വോച്ഛാധിപതിയുടെ മുമ്പിലക്ക് പിടിച്ചുകൊണ്ടുപോകുമോ എന്നോർത്ത് മൂസ (അ) പേടിച്ചരണ്ടു കൊല്ലപ്പെട്ട ഖിബ്ത്വിയെ പോലീസുകാർ കണ്ടു കൊലയാളി ആരെന്ന് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. 

കൊലയാളി ആരെന്ന് ആര് പറഞ്ഞുകൊടുക്കാൻ? മൂസാനബി (അ) മിനും  ഇസ്രയേല്യനും മാത്രമല്ല കൊലയാളി ആരെന്നറിയൂ. കൊല്ലപ്പെട്ട ഖിബ്ത്വി നാട്ടിൽ സംസാരവിഷയമായി നഗരത്തിൽ അത് ചൂട്പിടിച്ച വിവാദമായി എല്ലാവരും അതേക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു പക്ഷേ കൊലയാളി ആരെന്ന് ആർക്കുമറിയില്ല ഫറോവ കോപാന്ധനായി പോലീസുകാരോടായി ഫറോവ പറഞ്ഞു : കൊലയാളി ആരെന്ന് നിങ്ങൾ അന്വേഷിച്ചു കണ്ടെത്തിയേ തീരൂ.

പിറ്റേ ദിവസവും മൂസ (അ) അതേ ഇസ്രയേല്യൻ മറ്റൊരു ഖിബ്ത്വിയുമായി ശണ്ഠകൂടുന്നത് കണ്ടു യാതൊരു ലജ്ജയുമില്ലാതെ അയാൾ നിലവിളിച്ച് മൂസയുടെ സഹായം തേടി .

വീണ്ടും സഹായാഭ്യർത്ഥന

മൂസ (അ) പറഞ്ഞു : നീ ആളൊരു കുഴപ്പക്കാരനാണ് ആൾക്കാരുമായി നിരന്തരം തർക്കിക്കുകയും അടിപിടി കൂടുകയും ചെയ്യുന്നു നിനക്ക് വേറെ പണിയൊന്നുമില്ലേ? 

ഞാൻ നിന്നെ സഹായിക്കണമെന്നോ? എടാ നീ ഒരു അതിക്രമകാരിയാണ് പക്ഷേ ഇസ്രയേല്യനെ പെരുമാറ്റ മര്യാദ പഠിപ്പിക്കുക മാത്രമേ മൂസ (അ) ഉദ്ദേശിച്ചിരുന്നുള്ളൂ. ആക്ഷേപവാക്കുകൾ നിർത്തി മൂസ (അ) രണ്ടാളുടെയും അടുത്തേക്ക് ചെല്ലുകയായിരുന്നു മൂസയുടെ ആക്ഷേപ വാക്കുകൾ കേട്ടതിനു പുറമേ മുഖത്ത് കോപം കൂടി കണ്ടപ്പോൾ തന്നെ പ്രഹരിക്കാനാവും മൂസയുടെ വരവെന്ന് ഇസ്രയേല്യൻ തെറ്റിദ്ധരിച്ചു. തലേന്ന് ഖിബ്ത്വിയെ അടിച്ചു കൊന്നപോല തനിക്കും മാരകമായ ഒരു പ്രഹരം മൂസ (അ) ഇപ്പോൾ തന്നേക്കുമോ എന്ന് അയാൾ പേടിച്ചു. 

അതുകൊണ്ട് അദ്ദേഹം ഇപ്രകാരം വിളിച്ചു പറഞ്ഞു : ഇന്നലെ നീ ഒരുത്തനെ കൊന്നപോല ഇന്ന് എന്നെയും കൊല്ലുമോ,? ഒരു പോക്കിരിയാകാനോ നിന്റെ പുറപ്പാട്? അങ്ങനെ ഇന്നലത്തെ കൊലയാളി മൂസയായിരുന്നുവെന്ന് ഖിബ്ത്വി അറിഞ്ഞു ഖിബ്ത്വി ആ വിവരം പോലീസിലറിയിച്ചു.

ഈ വൃത്താന്തമറിഞ്ഞ ഫറോവ ചോദിച്ചു : നമ്മുടെ കൊട്ടാരത്തിൽ നാം പാലൂട്ടി വളർത്തിയ ആ യുവാവോ? പക്ഷേ ഫറോവയുടെ നാശത്തിൽനിന്ന് മൂസയെ മോചിപ്പിക്കാൻ അല്ലാഹു തീരുമാനിച്ചു കഴിഞ്ഞിരുന്നു. മൂസ (അ) ഖിബ്ത്വിയെ വകവരുത്താൻ ഉദ്ദേശിച്ചിരുന്നില്ല. മൂസ ഒരു അടി അടിച്ചു അത് മാരകമായിത്തീർന്നു പക്ഷേ ഫറോവയും പോലീസും അത്തരം ഒഴികഴിവുകൾ സ്വീകരിക്കുകയില്ല. മൂസയ്ക്ക് ഒരു വിട്ടുവീഴ്ചയും അവർ അനുവദിക്കയില്ല. മൂസയുടെ കരങ്ങളിലൂടെ ഫറോവയുടെ രാജാധികാരം തെറിച്ചു പോകണമെന്ന് അല്ലാഹു പണ്ടേക്കുപണ്ടേ കണക്കാക്കിയതാണ്. ജനങ്ങളെ സൃഷ്ടിപൂജയിൽ നിന്ന് ഏകനായ സ്രഷ്ടാവിന്റെ ആരാധനയിലേക്ക് മൂസ നയിക്കണമെന്ന് അല്ലാഹു നിർണ്ണയിച്ചു കഴിഞ്ഞതാണ് അക്രമികളായ പോലിസുകാരുടെ കരങ്ങളിലകപ്പെട്ടാൽ അതെങ്ങനെ സാധിക്കാൻ? 

ഫറോവ പ്രഭൃതികൾ മൂസയെ വകവരുത്താൻ ദൃഢനിശ്ചയം ചെയ്തിരിക്കയാണ് ഫറോവ പ്രഭൃതികൾ കൂടിയലോചിച്ച് മൂസയെ വധിക്കാനുള്ള തീരുമാനത്തിലെത്തിയത് ഇസ്രയേല്യരിൽപെട്ട ഒരാൾ കേട്ടറിഞ്ഞു അയാൾ മൂസയെ വിവരമറിയിച്ചു.അദ്ദേഹം മൂസയോട് പറഞ്ഞത് വിശുദ്ധ ഖുർആൻ ഇപ്രകാരം ഉദ്ധരിക്കുന്നു.
നീ നാട് വിടുക തീർച്ചയായും ഞാൻ നിനക്ക് ഗുണകരമായ ഉപദേശം നൽകുകയാണ് അതു പ്രകാരം മൂസ നാടുവിട്ടതിനെക്കുറിച്ച് ഖുർആൻ തുടർന്നു പറയുന്നു: അങ്ങനെ ഉൽകണ്ഠയോടെ മൂസ നാടുവിട്ടു അപ്പോൾ അദ്ദേഹം പ്രാർഥിച്ചു ദൈവമേ എന്നെ അക്രമികളായ ജനതയിൽനിന്ന് രക്ഷിക്കേണമേ

മദ് യനിലേക്ക് 




പക്ഷേ മൂസ (അ) എങ്ങോട്ട് പോകും ? ഈജിപ്ത് മുഴുവൻ ഫറോവയുടെ കയ്യിലല്ലേ? ഫറോവയുടെ സേന ഒളിഞ്ഞിരിക്കുന്നുണ്ട്. കാക്കക്കണ്ണുകളും ഉറുമ്പിൻ നാസികയുമുണ്ടവർക്ക് അറബ് രാജ്യമായ മദ് യനിലേക്ക് പോകാൻ മൂസയ്ക്ക് ദൈവം വെളിപാട് നൽകി. മദ് യനിൽ ഫറോവയുടെ കൈ എത്തുകയില്ല. 

മദ് യൻ ഒരു മരു പ്രദേശമാണ് നാഗരികത തൊട്ടുതീണ്ടാത്ത ഗ്രാമങ്ങളാണ് അവിടെയുള്ളത് ഈജിപ്ത് നാഗരികത മുറ്റിനിൽക്കുന്ന ദേശമാണ് കൂറ്റൻ കെട്ടിടങ്ങളും പ്രൗഢമായ രാജകൊട്ടാരങ്ങളും വലിയ വലിയ നഗരങ്ങളും ഈജിപ്തിലുണ്ട് പക്ഷേ ഇവയൊന്നുമില്ലെങ്കിലും മദ് യൻ ഭാഗ്യം ചെയ്ത നാടാണ് കാരണം അത് ഫറോവ എന്ന നിർദ്ദയനിൽനിന്നും വളരെ അകലത്താണല്ലോ മദ് യൻ. ഭാഗ്യം ചെയ്ത നാടാണെന്ന് പറയാൻ ഇനിയുമുണ്ട് ഒരു കാരണം അത് സ്വാതന്ത്ര രാജ്യമാണ് ഫറോവയുടെ ഏകാധിപത്യ ഭരണം മദ് യനിലില്ല. സ്വാതന്ത്ര്യവും നീതിയുമുള്ള നാട് മരുഭൂമിയാണെങ്കിലും അതെത്ര നന്ന്.

അടിമത്തവും അധർമവും നിറഞ്ഞ നാട് നാഗരിക കേന്ദ്രമാണെങ്കിലും ആ നാട് എത്ര അഭിശപ്തം ഫറോവയുടെ പീഡനങ്ങൾ ഭയക്കാതെ മദ് യനിൽ മനുഷ്യർക്ക് പാർക്കാമല്ലോ. അവിടെ ഫറോവയുടെ സേനയെ പേടിച്ച് ആർക്കും കഴിയേണ്ട കാര്യമില്ല. അവിടെ ആൺകുഞ്ഞുങ്ങൾ അറുകൊല ചെയ്യപ്പെടുന്നില്ല. 

മൂസ (അ) മദ് യൻ ലക്ഷ്യമാക്കി നീങ്ങി ഈജിപ്തിൽനിന്ന് ഉൽക്കണ്ഠയോടെയാണ് മൂസ (അ) പുറപ്പെട്ടത് ആരെങ്കിലും തന്നെ പിന്തുടരുമോ? പക്ഷേ ഭയം അസ്ഥാനത്തായിരുന്നു ഫറോവയുടെ സേനക്ക് മൂസയെ കാണാൻ കഴിഞ്ഞില്ല അല്ലാഹുവിന്റെ പേരുച്ചരിച്ച് പ്രാർത്ഥിച്ചുകൊണ്ട് മൂസ (അ) പുറപ്പെടുകയായി. വിശുദ്ധ ഖുർആന്റെ വാക്കുകളിൽ മദ് യൻ ലക്ഷ്യം വെച്ച് നീങ്ങിയപ്പോൾ മൂസ (അ) പറഞ്ഞു : എന്റെ നാഥൻ നേർമാർഗ്ഗത്തിലക്ക് എന്നെ വഴിനയിച്ചേക്കും.

മൂസ (അ)  മദ് യനനിലെത്തി അവിടത്തുകാരിൽ ആരെയും മൂസക്കറിയില്ല (അ). അവിടെ ആർക്കും മൂസയെ (അ) പരിചയമില്ല രാത്രി മൂസാക്ക് (അ) ആര് അഭയം നൽകും? രാത്രി എവിടെ കഴിച്ചുകൂട്ടും ? 

മൂസ (അ) പരിഭ്രമിച്ചു പക്ഷേ അല്ലാഹു തന്നെ കയ്യൊഴിക്കില്ലെന്ന ഉറച്ച വിശ്വാസം മൂസക്കുണ്ട്(അ) . ആളുകൾ അവരുടെ ആട്ടിൻപറ്റങ്ങൾക്കും കന്നുകാലികൾക്കും വെളളം കോരിക്കൊടുക്കുന്ന ഒരു കിണർ അവിടെയുണ്ടായിരുന്നു. രണ്ട് പെൺകുട്ടികൾ തങ്ങളുടെ ആടുകളെ തീറ്റിക്കുന്നതും അവയെ വെള്ളം കുടിപ്പിക്കാൻ ആളുകൾ പോകുന്നതുവരെ കാത്തിരിക്കുന്നതും മൂസ (അ) ശ്രദ്ധിച്ചു കരുണയുള്ള ഒരു പിതാവിന്റെ മനസ്സോടെയാണ് മൂസ (അ) അതെല്ലാം നോക്കിക്കണ്ടത്.

മൂസ (അ) പെൺകുട്ടികളോട് ചോദിച്ചു : നിങ്ങളെന്ത്യേ ആടുകൾകൾക്ക് വെള്ളം കോരിക്കൊടുക്കാത്തത് ? പെൺകുട്ടികൾ പറഞ്ഞു : ആളുകൾ കുടിപ്പിച്ചു പോകാതെ ഞങ്ങൾക്കതിന് കഴിയില്ല അവർ ശക്തന്മാരും ഞങ്ങൾ ബലഹീനരുമാണ് അവർ ആണുങ്ങളാണ് ഞങ്ങൾ പെണ്ണുങ്ങളാണ് നിങ്ങളുടെ വീട്ടിൽ ആണുങ്ങളില്ലേ എന്ന് മൂസ (അ) ചോദിക്കുമെന്ന് മനസ്സിലാക്കിയ അവർ ഇത്രയും കൂടി പറഞ്ഞു : ഞങ്ങളുടെ പിതാവ് വൃദ്ധനാണ് മൂസയുടെ മനസ്സ് ആർദ്രമായി മൂസ (അ) അവരുടെ ആടുകൾകൾക്ക് കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊടുത്തു. അങ്ങനെ അവർ പോയി മൂസ (അ) ഇനി എങ്ങോട്ട് പോകും? എവിടെ അഭയം ലഭിക്കും? എവിടെ തങ്ങും. മദ് യൻകാരിലാരെയും മൂസക്ക് പരിചയമില്ല. മദ് യൻകാർക്ക് മൂസയെയും (അ) അറിയില്ല. മൂസ (അ)  പിന്നെന്തു ചെയ്തു? വിശുദ്ധ ഖുർആന്റെ വചസ്സുകളിൽ പിന്നെ മൂസ (അ) ഒരു തണലിലേക്ക് മാറി മൂസ (അ)  പറഞ്ഞു എന്റ ഈശ്വരാ നീ എനിക്ക് ഇറക്കിത്തരുന്ന അനുഗ്രഹങ്ങൾക്ക് ഞാൻ ഏറ്റം വലിയ ആവശ്യക്കാരനാണ്.

ശുഐബ് നബി (അ) യുടെ വീട്ടിൽ

സാധാരണ വരുന്ന സമയത്തിനുമുമ്പ് പെൺകുട്ടികൾ വീട്ടിലെത്തി അവരുടെ പിതാവ് അത്ഭുത പരതന്തനായി അദ്ദേഹം കാരണം തിരക്കി അദ്ദേഹം ചോദിച്ചു മക്കളേ നിങ്ങൾക്കെങ്ങനെ ഇന്ന് ഇത്ര നേരത്തെ തിരിച്ചുവരാൻ സാധിച്ചു? പെൺകുട്ടികൾ മറുപടിയായി മൊഴിഞ്ഞു. അല്ലാഹു ഇന്ന് ഞങ്ങൾക്ക് കരുണയുള്ള ഒരു പുരുഷ്യനെ സഹായിയാക്കിത്തന്നു. അദ്ദേഹം നമ്മുടെ ആടുകളെ വെള്ളം കുടിപ്പിച്ചുതന്നു ആ വൃദ്ധൻ ഇതുകേട്ട് വീണ്ടും അത്ഭുത പരതന്ത്രനായി ആ പുരുഷൻ ഒരു അസാധാരണ വ്യക്തിയായിരിക്കണം. കാരണം ഇന്നേവരെ ആരും തന്റെ പെൺമക്കളോട് ഇങ്ങനെ കരുണ കാണിച്ചിട്ടില്ല. 

വൃദ്ധനായ പിതാവിന്റെ ആത്മഗതം നിങ്ങളിങ്ങോട്ട് പോരുമ്പോൾ അദ്ദേഹം എവിടെയായിരുന്നു? അയാൾ ചോദിച്ചു പെൺകുട്ടികൾ പറഞ്ഞു : കിണറ്റിനരികെത്തന്നെ അപരിചിതൻ അയാൾക്ക് സ്വന്തമായി വീടൊന്നുമില്ല വൃദ്ധൻ ചോദിച്ചു : മക്കളേ നിങ്ങൾക്കെത്ര സഹായമാണ് അദ്ദേഹം ചെയ്തത്? ഒരപരിചിതൻ നിങ്ങളോട് ഇത്ര വലിയ നന്മ കാട്ടിയില്ലേ? അയാൾക്ക് ഈ നാട്ടിൽ പാർക്കാൻ ഒരിടവുമില്ല രാത്രി അയാൾ എവിടെ അഭയം പ്രാപിക്കും? ഇരുൾമുറ്റിയാൽ അയാൾ എവിടെ കഴിച്ചുകൂട്ടും? 

അയാളെ അതിഥിയായി സ്വീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് അദ്ദേഹത്തിന് നന്മ ചെയ്യേണ്ട കർത്തവ്യം നമുക്കുണ്ട്. നിങ്ങളിലാരെങ്കിലും അയാളെയും കൂട്ടി ഇങ്ങോട്ട് പോരുവിൻ അങ്ങനെ പെൺപിള്ളേരിൽ ഒരുത്തി ലജ്ജയോടെ മൂസ (അ)യുടെ അടുത്ത്ചെന്ന് പറഞ്ഞു. എന്റ പിതാവ് നിങ്ങളെ ക്ഷണിക്കുന്നു ഞങ്ങളുടെ ആടുകൾകൾക്ക് നിങ്ങൾ വെള്ളം കൊടുത്തതിന് പ്രതിഫലം തരാൻ അല്ലാഹു തന്റെ പ്രാർത്ഥനക്ക് ഉത്തരം ചെയ്തതായി മൂസക്ക് ബോധ്യമായി. 

മൂസ അവളുടെ മുമ്പിൽ നടന്നു അവളെ നോക്കിപ്പോകാതിരിക്കാൻ മാന്യമായി പാദങ്ങളെടുത്ത് വെച്ചുകൊണ്ട് മൂസ (അ) നടന്നുനീങ്ങി വീട്ടിലെത്തി. ആതിഥേയനായ വൃദ്ധൻ മൂസയുടെ വിവരങ്ങളെല്ലാം അന്വേഷിച്ചു പേര് ചോദിച്ചു നാട് ചോദിച്ചു മദ് യനിൽ വരാനുണ്ടായ കാരണം അന്വേഷിച്ചു. മൂസ അദ്ദേഹത്തോട് എല്ലാ വിവരവും പറഞ്ഞു തന്റ കഥ മൂസ വൃദ്ധന് വിവരിച്ചു കൊടുത്തു. എല്ലാം അയാൾ സശ്രദ്ധം ശ്രവിച്ചു മൂസ കഥ നിർത്തിയപ്പോൾ വൃദ്ധൻ ഇപ്രകാരം മൊഴിഞ്ഞതായി പരിശുദ്ധ ഖുർആൻ രേഖപ്പെടുത്തുന്നു അദ്ദേഹം പറഞ്ഞു : നീ ഭയപ്പെടേണ്ടതില്ല അക്രമികളായ ജനതയിൽ നിന്ന് നീ രക്ഷപ്പെട്ടല്ലോ.

ആദരണീയനായ ഒരു വിരുന്നുകാരനായി ആ വൃദ്ധൻ മൂസ(അ)യെ വീട്ടിൽ പാർപ്പിച്ചു പുത്രവാത്സല്യത്തോടെയാണ് ആ വന്ദ്യവയോധികൻ മൂസ(അ)യോട് പെരുമാറിയത് പിതാവിനോട് നർമ്മസല്ലാപം നടത്തിക്കൊണ്ടിരിക്കവേ, ഒരുനാൾ ആ വീട്ടിലെ പെൺകുട്ടികളിലൊരാൾ വെറുതെ ഒരു കമന്റ് പാസ്സാക്കി വാപ്പാ അയാളെ നമുക്കിവിടെ ജോലിക്ക് നിർത്താം ശക്തനും വിശ്വസ്തനുമായ ആളാണല്ലോ. പണിക്ക് നിർത്താൻ ഏറ്റവും നല്ലത് അദ്ദേഹം ശക്തനും വിശ്വസ്തനുമാണെന്ന് മോൾക്ക് എങ്ങനെ മനസ്സിലായി? 

"അയാളുടെ ശക്തിയെപ്പറ്റി ഞാൻ പറയാം കിണറ്റിന്റെ ഭയങ്കര ഭാരമുള്ള മൂടി ഒറ്റയ്ക്ക് ഉയർത്തിയ മനുഷ്യനാണയാൾ. ഒരു പാടുപേർ ചേർന്നു പൊക്കിയാലേ ആ അടപ്പ് ഉയർത്താൻ സാധിക്കൂ. ഇനി വിശ്വസ്തതയുടെ കാര്യം അയാൾ എന്റെ മുമ്പിലാണ് നടന്നത് ദൂരെനിന്നു പോലും അയാൾ എന്റെ നേർക്ക് നോക്കിയിട്ടില്ല.
ജോലി ഏൽപ്പിക്കപ്പെടുന്നവരും സേവകരും ശക്തരും വിശ്വസ്തരുമായിരിക്കണം ശക്തനല്ലെങ്കിൽ കാര്യക്ഷമമായി ജോലി ചെയ്യാനാവില്ല. വിശ്വസ്തനല്ലെങ്കിൽ ശക്തി കൊണ്ട് യാതൊരു പ്രയോജനവുമില്ല കാരണം നമ്മെ ചതിക്കും പിതാവ് മക്കളോട് യോജിച്ചു. 

അദ്ദേഹം മകൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പുനരാലോചന ചെയ്തു. അപ്പോൾ ആ ജ്ഞാനവൃദ്ധന്റെ മനസ്സ് ചോദിച്ച ഒരു ചോദ്യം : ഈ യുവാവിനെക്കാൾ എന്റെ മരുമകനാകാൻ കൊള്ളുന്നവനാര് ? ഈ ചെറുപ്പക്കാരനെക്കാൾ ശ്രേഷ്ഠനായ ഒരു പുതിയാപ്പിളയെ ഈ ലോകത്ത് എനിക്ക് വേറെ എവിടെ ലഭിക്കാൻ? മദി യനിൽ അനുയോജ്യനായ ഒരാളുമില്ല ഈ യുവാവിനെ എന്റെ മരുമകനാകാൻ അല്ലാഹു എനിക്ക് കൊണ്ടുവന്നു തന്നതാകും. 

മൂസാ നബി (അ) യുടെ വിവാഹം 

അദ്ദേഹം സ്നേഹത്തോടെ ചെറുപ്പക്കാരനെ അരികിൽ വിളിച്ച് വളരെ ബുദ്ധിപൂർവ്വകമായി മൊഴിഞ്ഞു :എട്ടുകൊല്ലം നീ എനിക്കുവേണ്ടി ജോലി ചെയ്താൽ എന്റെ പെൺമക്കളിൽ ഒരുവളെ ഞാൻ നിനക്ക് വിവാഹം ചെയ്തു തരാൻ ഉദ്ദേശിക്കുന്നു അതാണ് നീ നൽകേണ്ട വിവാഹമൂല്യം എട്ടുകൊല്ലം നിർബന്ധമാണ് പത്ത് തികയ്ക്കുകയാണെങ്കിൽ അത് നിന്റെ ഇഷ്ടം മൂസ(അ) അതിനോട് യോജിച്ചു.

നിശ്ചയിച്ച അവധിയോളം മൂസ (അ) ജോലി ചെയ്തു വൃദ്ധന്റെ മകളെ മൂസ (അ) കല്യാണം ചെയ്തു. അവർ ഇനി ഈജിപ്തിലേക്ക് തിരിക്കുകയാണ് വിടപറയുമ്പോൾ വൃദ്ധന്റെ അധരങ്ങൾ പ്രാർത്ഥനാലങ്കൃതമായി മൂസയെ നോക്കി വൃദ്ധൻ പറഞ്ഞു.:ദൈവം അനുഗ്രഹിക്കട്ടെ മോനെ പുന്നാരമകളെ നോക്കി അദ്ദേഹം മൊഴിഞ്ഞു : ഈശ്വരൻ കാത്തരുളട്ടെ മോളെ സഹധർമിണിയെയും കൂട്ടി മൂസ പുറപ്പെടുകയാണ്.

സന്ധ്യയായി ഇരുൾ വ്യാപിച്ചു കൊണ്ടിരുന്നു തണുത്തുറഞ്ഞ രാവ് കൂരാക്കൂരിരുട്ട് മദ് യൻ മരുപ്പറമ്പിലൂടെ ആ നവദമ്പതികൾ നടന്നുനീങ്ങുകയാണ് മരുഭൂമിയിൽ എങ്ങനെ തീ കിട്ടാൻ? തീയില്ലാതെ അവരെങ്ങനെ വഴി കാണും ? ഇരുളിൽ തപ്പിത്തടഞ്ഞു നീങ്ങിക്കൊണ്ടിരിക്കവേ മൂസ (അ) കുറച്ചകലെ തീ കത്തുന്നതു കണ്ടു. പ്രിയ പത്നിയോട് മൂസ (അ) മൊഴിഞ്ഞു : ഓമനേ ഞാൻ ഒരു വെളിച്ചം കാണുന്നുണ്ട് തീയാണെങ്കിൽ ഞാൻ ചൂട്ട് തെളിച്ച് വരാം. 

അലാഹുവുമായുള്ള മുനാജാത്



തീ കണ്ട ദിക്കിലേക്ക് മൂസ (അ) നടന്നു നീങ്ങി വെളിച്ചം കണ്ട ഭാഗത്തെത്തിയപ്പോൾ മൂസ (അ) കേട്ടത് ഒരു അശരീരിയാണ് ഞാൻ നിന്റെ ദൈവം അതുകൊണ്ട് പാദുകം അഴിച്ചുവെച്ചാട്ടെ പരിശുദ്ധ തുവാ താഴ്വരയിലാണ് നീ ഇപ്പോൾ നിലകൊള്ളുന്നത് എന്നോർത്താലും. 

മൂസ (അ) പാദുകമഴിച്ചു വച്ചു അചുംബിതനായ പരമേശ്വരൻ മൂസയുമായി(അ) സംഭാഷണം നടത്തി ദൈവം പറഞ്ഞു : ഞാൻ നിന്നെ പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുന്നു. ദൈവികബോധനം സാകൂതം ശ്രവിച്ചാലും ഞാനാണ് ദൈവം ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. ഉപാസനകൾ എനിക്ക് മാത്രമായിരിക്കണം. നമസ്കാരം നിലനിർത്തണം അത് എന്റെ സ്മരണയെ എന്നെന്നും നിലനിർത്താനുള്ളതാണ് കല്പാന്തകാലം സമാഗതമാവും ഈ ലോകം നിഷ്ക്രമിക്കും തീർച്ചയുള്ളതാണ് അക്കാര്യം.

മദ് യനിലെ വീട്ടിൽ കഴിഞ്ഞിരുന്നപ്പോൾ ആടുകൾകൾക്ക് ഇല തച്ചിട്ടു കൊടുക്കാൻ മൂസ (അ) ഒരു വടി എപ്പോഴും കൊണ്ടുനടന്നിരുന്നു. ഈജിപ്തിലേക്കുള്ള യാത്രയിലും ആ വടി തന്റെ സന്തത സഹചാരിയെപ്പോലെ കൂടെ കൊണ്ടുപോയിരുന്നു ആ വടിക്ക് ദിവ്യമായ വല്ല ശക്തിവിശേഷങ്ങളും ഉള്ളതായി മൂസ (അ)ഒരിക്കലും അറിഞ്ഞിരുന്നില്ല ദൈവം ചോദിച്ചു : എന്താണ് മൂസേ നിന്റെ വലത്തേ കയ്യിൽ? 

വിനയാന്വിതനായി മൂസ (അ) പ്രതിവചിച്ചു :അത് എന്റെ വടിയാണ് മൂസ (അ)അവിടെ നിർത്തിയില്ല. വടിയുടെ പ്രയോജനങ്ങൾ മൂസ (അ) എണ്ണിപ്പറയാൻ തുടങ്ങി എന്തിന്? ദൈവത്തോടുള്ള വർത്തമാനം ദീർഘിപ്പിക്കാൻ മൂസ (അ)കൊതിച്ചതുതന്നെ കാരണം മൂസ (അ) അങ്ങ് പറയാൻ തുടങ്ങി :എന്റെ വടിയാണിത് ഞാനിത് ചാരി നിൽക്കാറുണ്ട് ആട്ടിന് ഇല തച്ചിട്ടു കൊടുക്കാൻ ഞാനിത് ഉപയോഗിക്കാറുണ്ട് വേറെയും പ്രയോജനങ്ങൾ ഈ വടികൊണ്ട് എനിക്കുണ്ട് .

മൂസാ അതൊന്ന് നിലത്തിടുക? ഈശ്വരാജ്ഞ മൂസ വടി നിലത്തിട്ടപ്പോഴോ ഇഴയുന്ന നാഗമായി ആ വടി പേടിക്കേണ്ട അതിങ്ങെടുത്തോ അത് അതിന്റെ പ്രാഗ് രൂപം പ്രാപിക്കും. പേടിച്ചുകൊണ്ടാണെങ്കിലും ഇഴയുന്ന പാമ്പിനെ മൂസ (അ) കയ്യിലെടുത്തപ്പോഴോ അത് സാധാരണപോലെ വടിയായി മാറി മറ്റൊരു ദൃഷ്ടാന്തവും കൂടി നൽകി മൂസയ്ക്ക് ദൈവം ധവളകരം കൈമാറോട് ചേർത്തു പിടിക്കേണ്ട താമസം എന്തെന്നില്ലാത്ത വെള്ളനിറത്തിൽ കൈ പ്രകാശിക്കുന്ന ദൈവിക ദൃഷ്ടാന്തം.

വീണ്ടും ഫറോവയുടെ അടുക്കലേക്ക്

ഫറോവ നാട്ടിൽ വലിയ ആളായി ഞെളിഞ്ഞു നടിക്കുകയാണ്. നാട്ടിൽ കുഴപ്പം വിതച്ചിരിക്കുന്നു. അവൻ ഫറവാന്റെ ജനം ദൈവ നിഷേധികളായി തീർന്നിരിക്കുന്നു ഫറോവയുടെ ജനം നാട്ടിൽ കുഴപ്പമുണ്ടാക്കിയിരിക്കുന്നു. ദൈവനിഷേധവും നാട്ടിൽ കുഴപ്പമുണ്ടാക്കലും അല്ലാഹുവിന് ഇഷ്ടമല്ല. അതുകൊണ്ട് മൂസ (അ) ഫറോവാ പ്രഭൃതികളുടെ അടുക്കൽ ചെല്ലണമെന്ന് ദൈവം നിനച്ചു. 

പക്ഷേ മൂസ (അ) എങ്ങനെ ഫറോവയെന്ന ഏകഛത്രാധിപതിയുടെ അടുത്ത് ചെല്ലും ? എട്ട്പത്ത് കൊല്ലം മുമ്പ് ഒരു ഖിബ്ത്വിയെ വധിച്ച കുറ്റവാളിയാണ് മൂസ (അ) കുറ്റം ചെയ്ത ശേഷം നാടുവിട്ട പ്രതിയാണ്. മൂസ (അ) സേനക്ക് മൂസ (അ)മിനെ നല്ലവണ്ണം അറിയാം. കൊട്ടാരനിവാസികൾക്കും മൂസ (അ) ഒട്ടും അപരിചിതനല്ല. 

ഫറോവയുടെ അടുത്ത് ചെല്ലാനുള്ള കല്പന ലഭിച്ചയുടൻ മൂസ (അ) പറഞ്ഞതിങ്ങനെ : ദൈവമേ അവരിൽപെട്ട ഒരാളെ കൊന്നയാളാണ് ഞാൻ അവർ എന്നെ കൊല്ലുമോ എന്ന് ഞാൻ ഭയപ്പെടുന്നു. നാവിന് കൊഞ്ഞ ഉള്ളതും മൂസ (അ) ഓർത്തു പക്ഷേ എല്ലാം ദൈവത്തിനറിയാമല്ലോ. 

വിശുദ്ധ ഖുർആനിന്റെ വാക്കുകളിൽ :മർദ്ദകരായ ഫറോവാ പ്രഭൃതികളുടെ അടുക്കൽ ചെല്ലാൻ നിന്റെ നാഥൻ മൂസ (അ)മിനെ വിളിച്ച സന്ദർഭം ഓർക്കുക മൂസ (അ)മിന്റെ മറുപടി ഇങ്ങനെയായിരുന്നു അവർ എന്നെ കളവാക്കുമോ എന്ന് ഞാൻ പേടിക്കുന്നു എനിക്ക് നാവിന് സ്ഫുടതയില്ലല്ലോ അതുകൊണ്ട് എന്റെ ജ്യേഷ്ഠൻ ഹാറൂൻ എന്നയാളെ എന്നോടൊപ്പം പറഞ്ഞയച്ചാലും ഞാൻ ചെയ്ത കുറ്റത്തിന് അവർ എനിക്ക് വധശിക്ഷ വിധിക്കുമോ എന്നും എനിക്ക് പേടിയുണ്ട് അല്ലാഹു പറഞ്ഞു : നിങ്ങൾ രണ്ടു പേരും പോവുക ഞാനുമുണ്ട് നിങ്ങളോടൊപ്പം ഫറോവയുടെ അടുത്തെത്തിയാൽ നിങ്ങൾ പറയേണ്ടതിതാണ് : പ്രപഞ്ചനാഥനായ അല്ലാഹു പറഞ്ഞയച്ചതാണ് ഞങ്ങളെ ഇസ്രയേൽ സന്തതികളെ ഞങ്ങളോടൊപ്പം വിട്ടുതരണം അതാണ് ഞങ്ങളുടെ ഡിമാന്റ് ഫറോവയോട് മൃദുലമായി സംസാരിക്കണമെന്നും അല്ലാഹു മൂസയ്ക്കും ഹാറൂനും നിർദ്ദേശം നൽകി.

മൂസ (അ)മും ഹാറൂനും ഫറോവയുടെ അടുക്കലെത്തി ദർബാറിൽ നിന്നുകൊണ്ടവർ മതപ്രഭാഷണം നടത്താൻ തുടങ്ങി ഫറോവ ക്രുദ്ധനായി എന്റെ രാജസദസ്സിൽ വന്ന് എന്നെ ഉപദേശിക്കാൻ ഈ യുവാവാര് ? നമുക്ക് പുഴയിൽ ഒലിച്ചു പോകുമ്പോൾ കിട്ടിയതല്ലേ ഇവനെ ? എടാ നിന്നെ ഞങ്ങളല്ലേ പോറ്റിയത് ? ഒരുപാട് വർഷങ്ങൾ ഇവിടെ പാർത്തിരുന്നില്ലേ എടാ നീ? നീ ഒരു ചെറ്റത്തരവും ചെയ്ത് ഇവിടെനിന്ന് തടിതപ്പിയവനല്ലേ? നന്ദികെട്ടവനെ ഞങ്ങളെ ഉപദേശിക്കാൻ നിനക്കെന്തവകാശം ?

മൂസ (അ) കോപാകുലനായില്ല. ഫറോവ പറഞ്ഞത് നിഷേധിച്ചതുമില്ല. ഫറോവയോട് ക്ഷമ യാചിച്ചതുമില്ല. മൂസ (അ) ഫറോവയോട് ഗാംഭീര്യത്തോടെ തുറന്ന് സംസാരിച്ചു ഞാൻ വഴിതെറ്റി നടന്നിരുന്ന കാലത്ത് ചെയ്തതാണ് ആ നീച കൃത്യം അങ്ങനെയാണ് ഞാൻ നാടുവിട്ടത്. ഇപ്പോൾ എന്റെ നാഥൻ എനിക്ക് ജ്ഞാനം നൽകിയിരിക്കുന്നു. എന്നെ അവൻ അവന്റെ ദൂതനാക്കിയിരിക്കുന്നു. രാജാവ് എന്നെ പോറ്റിയ മഹത്വം പറഞ്ഞല്ലോ. എന്നാൽ അതിന്റെ പശ്ചാത്തലത്തെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കു ആൺകുഞ്ഞുങ്ങളെ ഹനിക്കാൻ അങ്ങ് കല്പന പുറപ്പെടുവിച്ചില്ലായിരുന്നെങ്കിൽ എന്റെ ഉമ്മ എന്നെ നദിയിലെറിയുമായിരുന്നോ? താങ്കളെന്നെ പോറ്റിയതിലെന്തിരിക്കുന്നു? അത് നിങ്ങൾക്ക് പിഴച്ചതല്ലേ? ഇസ്രയേൽ സന്തതികളോട് താങ്കൾ ചെയ്ത നിഷ്ഠൂരമായ ക്രൂരതകൾക്ക് വല്ല കണക്കുമുണ്ടോ? ഇസ്രയേൽ സന്തതികളിൽപെട്ട ആയിരക്കണക്കിന് കൂഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊലക്കത്തിക്ക് ഇരയാക്കിയ താങ്കൾ അവരിൽപെട്ട ഒരു കുഞ്ഞിനെ പോറ്റിയതിന്റെ മഹത്ത്വം ഉദ്ഘോഷിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല അല്ലയോ ചക്രവർത്തി തിരുമനസ്സേ ഇസ്രയേൽ സന്തതികളെ അങ്ങ് അടിമകളാക്കി വെച്ചതിന് അതൊന്നും ന്യായീകരണമാവുന്നില്ല.

മൂസയുടെ വാഗ്ധോരണികൾക്ക് മറുപടി നൽകാൻ ഫറോവയ്ക്ക് സാധിച്ചില്ല. ഒഴിഞ്ഞു മാറാനായി അയാൾ ഒരു ചോദ്യം ഉന്നയിച്ചു നീ ഒരു പ്രപഞ്ചനാഥനെക്കുറിച്ച് പറഞ്ഞതു കേട്ടല്ലോ അതാരാണ് 

ആകാശഭൂമികളുടെ നാഥൻ 

ഫറോവ വീണ്ടും ക്രൂദ്ധനായി. പക്ഷേ സുസ്മേരവദനനായി മൂസ (അ) തുടർന്നു : നിങ്ങളുടെയും നിങ്ങളുടെ പൂർവ പിതാക്കന്മാരുടെയും നാഥൻ. ഫറോവയ്ക്ക് സഹികെട്ടു. അയാൾ ആക്രോശിച്ചു : ദൈവദൂതനാണെന്ന് പറഞ്ഞ് വന്നിരിക്കുന്ന ഇവൻ ഭ്രാന്തനാണ് പക്ഷേ മൂസ (അ) ഇതൊന്നും കേട്ട് സംസാരം നിർത്തിയില്ല. വാചാലമായി മൂസ (അ) പ്രസംഗിച്ചു കൊണ്ടിരുന്നു കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നാഥൻ.

മാരണക്കാരോടൊപ്പം

പ്രസംഗം നിർത്തിയ ശേഷം മൂസ (അ)പറഞ്ഞു: അമാനുഷ ദൃഷ്ടന്തങ്ങളുമായാണ് ഞാൻ വന്നിരിക്കുന്നത് ഫറോവ പറഞ്ഞു : എന്നാലതൊന്ന് കാണട്ടെ മൂസ (അ) തന്റെ കൈയിൽ പിടിച്ചിരുന്ന വടി നിലത്തിട്ടു ഉടനെയത് ഇഴയുന്ന പാമ്പായി മാറി കൈ മാറിൽ വച്ചു. മൂസ (അ) പ്രകാശിച്ചു കൊണ്ടിരിക്കുന്ന കരം മൂസ (അ) ഫറോവാ പ്രഭൃതികൾക്ക് കാട്ടിക്കൊടുത്തു ഫറോവ തന്റെ മന്ത്രിമാരെ നോക്കിയിട്ട് പറഞ്ഞു : ഇയാൾ ശരിക്ക് പഠിച്ച മായാജാലക്കാരനാണ്. മന്ത്രിമാർ ഫറോവയോട് യോജിച്ചു അവർ പറഞ്ഞു : ഇവൻ മായാജാല വിദഗ്ദ്ധൻ തന്നെയാണ് ഫറോവ മന്ത്രിമാരുടെ നേരേ തിരിഞ്ഞ് വീണ്ടും ഇയാൾ തന്റെ ഇന്ദ്രജാലം കൊണ്ട് നിങ്ങളെയൊക്കെ ഇവിടെ നിന്ന് നിഷ്ക്രമിപ്പിക്കാനുള്ള നീക്കത്തിലാണ്. പറയൂ ഇവനെ നമ്മളെന്തു ചെയ്യണം
മന്ത്രിമാർ അനുനായ സ്വരത്തിൽ പറഞ്ഞു :മിസ്രയീം രാജ്യത്തെ എല്ലാ ഇന്ദ്രജാലക്കാരെയും നമുക്ക് വിളിപ്പിക്കുക അവർ തങ്ങളുടെ ഇന്ദ്രജാല പ്രകടനം കൊണ്ട് മൂസയെ തറ പറ്റിക്കട്ടെ ഫറോവ പറഞ്ഞു :നല്ല ഉപായം നല്ല ഉപായം നമുക്ക് നല്ല ഒരു ദിവസം തെരഞ്ഞെടുക്കുക മൂസയും നമ്മുടെ ഇന്ദ്രജാലക്കാരും തമ്മിലുള്ള ഒരു മത്സരം തന്നെയാവട്ടെ മൂസ പരാജയപ്പെടുന്നത് നമുക്ക് കണ്ടാസ്വദിക്കാം.

മാജിക്ക് മത്സരം കാണാൻ അതിരാവിലെത്തന്നെ ആളുകൾ മത്സര ഗോദയിലേക്ക് പുറപ്പെട്ടു. കുട്ടികളും വൃദ്ധ ജനങ്ങളും, യുവാക്കളും എല്ലാവരും അക്കൂട്ടതിലുണ്ട്. മാജിക്കുകാരെക്കുറിച്ചും മാജിക്കിനെ സംബന്ധിച്ചുമൊക്കെയുള്ള സംസാരം പോടിപൊടിക്കുകയാണ്. ഉസ് വാൻ സിറ്റിയിലെ മാജിക്കുകാരൻ വന്നു കഴിഞ്ഞോ? കൂട്ടത്തിൽ ഒരാൾ ചോദിച്ചു. അതെ ഉക്സുർ ഝീസ തുടങ്ങി ഈജിപ്തിന്റെ നാനാഭാഗങ്ങളിലുമുള്ള ഇന്ദ്രജാലക്കാരും എത്തിയിട്ടുണ്ട്. 

മറ്റൊരാൾ പ്രതിവചിച്ചു ആരു വിജയിക്കുമെന്നാണ് നിന്റെ അഭിപ്രായം? ഈജിപ്തിലെ മാജിക്കുകാർ തന്നെ.
മൂസയ്ക്കും ഹാറൂനും നമ്മുടെ ഇന്ദ്രജാലക്കാരെ തോൽപിക്കാൻ എങ്ങനെ സാധിക്കും? മൂസയും അവന്റെ ജ്യേഷ്ഠൻ ഹാറൂനും മാജിക്ക് പഠിച്ചിട്ടുണ്ടോ? അവർ എവിടെന്ന് പഠിക്കാൻ? രാജകൊട്ടാരത്തിൽ വളർന്നവനാണ് മൂസ (അ) പിന്നെ നാടുവിട്ടു ഈജിപ്തിൽ വെച്ച് അയാൾ ഇന്ദ്രജാലം പഠിച്ചിട്ടില്ല എന്നെനിക്ക് ഉറപ്പാണ് പിന്നെ?

അയാൾ പോയ മദ് യനിൽ വെച്ച് മായാജാലം പഠിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ല കാരണം അവിടെ മാജിക്ക് എന്നൊന്നില്ല ?

മാന്ത്രികന്മാർ ഇസ്‌ലാമിലേക്ക് 

ഇസ്രയേൽ സന്തതികളും മത്സരം കാണാനെത്തി ഭഗ്നാശയുടെയും പ്രത്യാശയുടെയും സമ്മിശ്ര വികാരത്തോടെയാണ് അവർ വന്നണഞ്ഞത് അവരുടെ ചുണ്ടുകളിൽ പ്രാർത്ഥന മന്ത്രങ്ങൾ അല്ലാഹു ഇംറാന്റെ പുത്രൻ മുസയെ അനുഗ്രഹിക്കട്ടെ ഇസ്രയേൽ സന്തതികളെ ദൈവം തുണയ്ക്കട്ടെ വിചിത്രമായ വേഷഭൂഷാദികളോടെ മാജിക്കുകാരെത്തി അവരുടെ കൈകളിൽ വടിയും കയറുമുണ്ട്.

മാജിക്കുകാരോട് മൂസ (അ) മൊഴിഞ്ഞു : നിങ്ങൾ പ്രകടനം ആരംഭിച്ചുകൊള്ളുക അവർ തങ്ങളുടെ വടിയും കയറും നിലത്തിട്ടു. അപ്പോൾ അത്ഭുതം സംഭവിച്ചു നിരവധി പാമ്പുകൾ നിലത്ത് ഇഴയുന്ന മാരക വിഷമുള്ള പാമ്പുകളെ കണ്ട് ജനം ഭയന്നുവിറച്ചു.അവർ പിന്നോട്ട് മാറി ചിലർ പാമ്പ് ! പാമ്പ്! എന്ന് നിലവിളിച്ചു
പെണ്ണുങ്ങൾ അലമുറയിട്ടു,കുട്ടികൾ കരഞ്ഞു. മത്സര ഗോദയിൽ സർവ്വത്ര ബഹളം
പാമ്പ്........പാമ്പ്. .......ജനങ്ങൾ വിളിച്ചു കൂവി .....

മൂസ (അ)മിന്റെ ഊഴമായി. മൂസ (അ) തന്റെ വടി നിലത്തിട്ടു. അത് ഒരു ഭീകര സർപ്പമായി ഇന്ദ്രജാലക്കാരുടെ സകല പാമ്പുകളുടെയും ഈ ഭീകരൻ വിഴുങ്ങി.
ഇന്ദ്രജാലക്കാരൻ അന്തം വിട്ടു മൂസ(അ)മിന്റെത് ഇന്ദ്രജാലമല്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു അത് ദൈവത്തിങ്കൽ നിന്ന് ലഭിച്ച അനർഘമായ വരദാനമാണെന്ന് മനസ്സിലാക്കിയ അവർ മൂസയുടെ പ്രവാചകത്വത്തിൽ വിശ്വസിച്ചു അവർ വിളിച്ചു പറഞ്ഞു; മൂസയുടെയും ഹാറൂന്റെയും ദൈവത്തിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു പ്രപഞ്ചനാഥനായ അല്ലാഹുവിൽ ഞങ്ങൾ വിശ്വാസമുറപ്പിച്ചുകഴിഞ്ഞു.

ഫറോവക്ക് ഭ്രാന്ത് പിടിച്ചതു പോലെയായി. നിൽക്കക്കള്ളിയില്ലാതായി അയാൾക്ക് പാവം ഫറോവ അയാൾ പ്രതീക്ഷിക്കാത്തതു സംഭവിച്ചു. ജാലവിദ്യകൊണ്ട് മൂസയെ പരാജയപ്പെടുത്താമെന്നാണ് മൂപ്പൻ വിചാരിച്ചത്. പക്ഷേ ജാലവിദ്യക്കാർ മൂസയുടെ സേനാനികളായിത്തീർന്നിരിക്കുകയാണ് അയാൾ എയ്ത അമ്പ് അയാൾക്ക് തന്നെ തിരിച്ചുകൊണ്ട പ്രതീതി.

ഫറോവ ആക്രോശിച്ചു മൂസതന്നെയായിരിക്കും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ചത് നിങ്ങളെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ വലത്തേ കൈയും ഇടത്തേ കാലും ഞാൻ മുറിച്ചുമാറ്റും.

മൂസയുടെ വിജയം ഫറോവയുടെ ഉറക്കം കെടുത്തി അദ്ദേഹത്തിന് അന്നപാനിയങ്ങൾ വേണ്ടാതെയായി ഫറോവ തന്റെ ജനതയോട് സംസാരിച്ചു :ഞാനല്ലയോ ഈജിപ്തിന്റെ രാജാവ് ഈ നദികൾ ഒഴുകുന്നത് എന്റെ ആധിപത്യത്തിൻ കീഴിലല്ലോ?

ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്കുണ്ടോ? വിഡ്ഢിത്തത്തിന്റെ പര്യായമായതുകൊണ്ടാവാം ഫറോവ ഇത്രയും കൂടി പറഞ്ഞു : മൂസ ഒരു ദൈവത്തെപ്പറ്റി പറയുന്നുണ്ടല്ലോ ഹാമാൻ ഉയർന്ന ഒരു കെട്ടിടം പണിയട്ടെ അതിന്റെ മുകളിൽ കയറി ഞാൻ നോക്കട്ടെ അങ്ങനെ ഒരു ദൈവമുണ്ടോയെന്ന് ഹാമാൻ കെട്ടിടം പണിയാൻ തുടങ്ങി ഭയങ്കര ഉയരമുള്ള കെട്ടിടം പക്ഷേ ആ കെട്ടിടം ആകാശത്തോളം പൊങ്ങിയോ? 

ഒരിക്കലുമില്ല ചന്ദ്രനിൽ പോലുമെത്തില്ല പോട്ടെ മേഘത്തെപ്പോലും പ്രാപിച്ചില്ല നക്ഷത്രങ്ങളെ പുൽകാൻ ആ കെട്ടിടത്തിന് സാധിച്ചില്ല പോട്ടെ ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രമാണല്ലോ സൂര്യൻ അവിടെപ്പോലും എത്തിയില്ല എന്നിട്ടല്ലേ ആകാശത്തോളം ഉയരാൻ പാവം ഫറോവ അയാൾ നാണിച്ചു നമ്രശിരസ്കരനായി ഇരുന്നുപോയി ഭൂമിയെയും ഉന്നതാകാശകങ്ങളെയും സൃഷ്ടിച്ചു സംവിധാനിച്ച ഏകഛത്രാധിപതിയായ ദൈവത്തെ പാവം ഫറോവയ്ക്ക് അറിയില്ല.

ഫറോവ മൂസയെ കൊല്ലാനൊരുങ്ങി അപ്പോൾ ഫറോവയുടെ ഒരു ബന്ധു മുന്നോട്ടു വന്നു പറഞ്ഞു : എന്റ നാഥൻ ഈശ്വരനാണ് എന്നുൽഘോഷിക്കുന്ന ഒരാളെ കൊല്ലുകയോ? അദ്ദേഹം ദൈവത്തിങ്കൽ നിന്ന് വ്യക്തമായ ദൃഷ്ടന്തങ്ങളും കൊണ്ടവന്നിട്ടുണ്ടല്ലോ നിങ്ങളെന്തിനു മൂസയെ ഉപദ്രവിക്കണം ? 

നിങ്ങൾ അയാളിൽ വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കേണ്ട അയാളെ അയാളുടെ വഴിക്ക് വിട്ടേക്ക് അദ്ദേഹം കള്ളം പറയുന്നവനാണെങ്കിൽ അതിന്റെ പാപം അയാൾ പേറിക്കൊള്ളും ഇനി അദ്ദേഹം സത്യം ആണ് പറയുന്നതെങ്കിൽ അദ്ദേഹത്തെ ദ്രോഹിച്ചു പാപം നിങ്ങൾ പേറേണ്ടിവരും ഇതുകേട്ട് ഫറോവ ക്രുദ്ധനായി ഫറോവ ആ സത്യവിശ്വാസിയെ കൊല്ലാനോങ്ങി പക്ഷേ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി.

ഫറോവയുടെ മരണം



മർദ്ദിതരായ ഇസ്രയേൽ സന്തതികളെയും കൂട്ടി മൂസ (അ) ഈജിപ്തിൽനിന്ന് പാലായനം ചെയ്തു അവരെ പിടികൂടാൻ ഫറോവയും സൈന്യവും പിന്നാലെ പുറപ്പെട്ടു മൂസയും ഇസ്രയേൽ സന്തതികളും ചെന്നെത്തിയത് ചെങ്കടലിന്റെ തീരത്ത് പിന്നിൽ ശത്രുക്കളാണ് പിടികൂടുമെന്ന അവസ്ഥ വന്നപ്പോൾ അല്ലാഹു മൂസയോട് കല്പിച്ചത്രെ മൂസാ നീ നിന്റെ വടികൊണ്ട് കടലിനെ അടിക്കുക ഒരു വടികൊണ്ട് കടലിനെ അടിച്ചാൽ കടൽ പിളരുമോ? രാജപാത വെട്ടിത്തെളിയിക്കപ്പെടുമോ? പക്ഷേ സംഭവിച്ചത് അതുതന്നെ കടലിനിടയിലൂടെ ഒരു രാജവീഥി തുറന്നു കിട്ടി .

മൂസയും ഇസ്രയേൽ സന്തതികളും അതിലൂടെ രക്ഷപ്പെട്ടു ഫറോവാ പ്രഭൃതികൾ ആ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ മറ്റൊരത്ഭുതം സംഭവിച്ചു ഇരുഭാഗത്തും മാമലപോലെ ഉയർന്നു നിന്നവെള്ളം കൂടിച്ചേർന്ന് അവരെ മൂടി ഫറോവയും കിങ്കരന്മാരും കടലിൽ മുങ്ങിച്ചത്തു ആയിക്കണക്കിന് ആൺകുഞ്ഞുങ്ങളെ വകവരുത്തിയ സ്വേഛ്ഛാധിപതിയുടെ അന്ത്യം അങ്ങനെയായിരുന്നു ചെങ്കടലിൽ മുങ്ങിമരിച്ച ഫറോവയോട് ദ്യാവാപൃഥിവികളുടെ സ്രഷ്ടാവായ അല്ലാഹു ഉദ്ഘോഷിച്ചു :ഇന്ന് നിന്റെ മൃതദേഹത്തെ നാം സംരക്ഷിച്ചു വെക്കുന്നു നിനക്ക് ശേഷം വരുന്ന തലമുറകൾക്ക് ഒരു ഗുണപാഠമാകാൻ വേണ്ടി ഫറോവയുടെ ജഡം ചെങ്കടലിൽ നിന്ന് ഗവേഷകർ കണ്ടെടുത്തു ഈജിപ്തിലെ മ്യൂസിയത്തിൽ ഇന്നും അത് സൂക്ഷിക്കപ്പെട്ടു വരുന്നു വിശുദ്ധ ഖുർആൻ വിളംബരം ചെയ്തത് എത്ര അർത്ഥവത്താണ് ഖുർആനിന്റെ വചസ്സുകളിൽ : സുഖാഡംബരങ്ങളിൽ വിരാജിച്ചിരുന്ന എത്ര പേർ പുഷ്പോദ്യാനങ്ങളും പൂഞ്ചോലകളും കൃഷിഭൂമികളും മണിമേടുകളും പരിത്യജിച്ച് പരലോകം പൂകേണ്ടി വന്നു അവർക്കുവേണ്ടി ഒരു ആകാശവും കരഞ്ഞില്ല ഒരു ഭൂമിയും അവർക്കായ് കണ്ണുനീർ പൊഴിച്ചില്ല.

മൂസാ നബി (അ) നേരിട്ട അപവാദങ്ങള്‍



ഇസ്രായേലികളില്‍ നിയുക്തനായ ഒരു പ്രവാചകനായിരുന്നു മൂസാ(അ). അദ്ദേഹത്തിന്റെ ജന്മ കാലത്ത്, ജനസംഖ്യയില്‍ ഭൂരിഭാഗവും ഫിര്‍ഔനാല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. യഥാര്‍ത്ഥത്തില്‍, ഒരു തലമുറയെ മുഴുവന്‍ നാശത്തിലേക്ക് നയിക്കുന്നതായിരുന്നു, അയാളുടെ ക്രൂരത. ആ മര്‍ദ്ദനഭരണത്തെ ഖുര്‍ആന്‍  ഇങ്ങനെ വിവരിക്കുന്നു: 'തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.' (28: 4)
തന്റെ കുഞ്ഞിനെയും അയാളുടെ പട്ടാളക്കാര്‍ കൊന്നുകളയുമോ എന്ന് ഭയപ്പെട്ട മൂസായുടെ മാതാവിനോട്, കുഞ്ഞിനെ നൈല്‍ നദിക്ക് ഏല്പിക്കാനായിരുന്നു ദൈവിക കല്പന. അല്ലാഹുവിന്റെ നിയതി പ്രകാരം, മൂസാ കണ്ടെടുക്കപ്പെടുകയും അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് എത്തിക്കപ്പെടുകയുമായിരുന്നു. അങ്ങനെ കൊട്ടാരത്തിലാണ് ആ കുഞ്ഞ് വളര്‍ന്നത്. പക്ഷെ, പ്രവാചകനായി നിയുക്തനായതോടെ, ഫിര്‍ഔന്റെ ശത്രുതക്കും അക്രമാസക്ത സമീപനത്തിന്നും അദ്ദേഹം വിധേയനായി തീരുകയായിരുന്നു.

ഫിര്‍ഔന്റെ ശത്രുത

ദൈവിക കല്പന പ്രകാരം, ഫറവൊന്റെ കൊട്ടാരത്തിലെത്തിയ മൂസാ, അയാളൊട് ദൈവാസ്ത്യക്യവും യഥാര്‍ത്ഥ മതവും പ്രസംഗിച്ചു. പക്ഷെ, നിഷേധവും അക്രമവുമായിരുന്നു പ്രതികരണം. മൂസായോടും അനുയായികളോടൂം, പീഡനത്തിലൂടെ വധഭീഷണി മുഴക്കുകയായിരുന്നു അയാള്‍. തന്നിമിത്തം, മൂസായുടെ സന്ദേശം സ്വീകരിക്കാന്‍ ഈജിപ്തുകാര്‍ ഭയപ്പെട്ടു. മൂസായുടെ പക്ഷം ചേരാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു. ചെറിയൊരു സംഘം മാത്രമായിരുന്നു ഇതിന്നപവാദം. ഖുര്‍ആന്‍  പറയുന്നു: 'എന്നാല്‍ മൂസായെ തന്റെ ജനതയില്‍ നിന്നുള്ള ചില ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. ( അത് തന്നെ ) ഫിര്‍ഔനും അവരിലുള്ള പ്രധാനികളും അവരെ മര്‍ദ്ദിച്ചേക്കുമോ എന്ന ഭയപ്പാടോടുകൂടിയായിരുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന്‍ തന്നെയാകുന്നു. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞവരുടെ കൂട്ടത്തില്‍ത്തന്നെയാകുന്നു.' (10: 83)

വിശ്വാസികള്‍ പരാജയപ്പെടുകയില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു. 'വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.(4: 141)എന്നാണല്ലോ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, പരീക്ഷണങ്ങള്‍, നിഷേധം, അപവാദം എന്നിവയിലൂടെ വിശ്വാസികളുടെ വിശ്വാസവും ദൈവാശ്രയത്വവും പരീക്ഷിക്കപ്പെടുക എന്നത് ദൈവിക വിധിയാണ്.  ഇത് തന്നെയാണ് മൂസായും അനുയായികളും അനുഭവിച്ചതും.

താന്‍ ദൈവവും ജനങ്ങളുടെ കര്‍ത്താവുമാണെന്നായിരുന്നു ഫിര്‍ഔന്റെ അവകാശ വാദം. അല്ലാഹുവാണ് തങ്ങളുടെ യഥാര്‍ത്ഥ ദൈവമെന്ന് ജനങ്ങള്‍ മനസ്സിലാക്കിയാല്‍, തന്റെ ആധിപത്യം അവര്‍ക്കു മേല്‍ അടിച്ചേല്പിക്കാനാവില്ലെന്നു അയാള്‍ക്കറിയാമായിരുന്നു. അതിനാല്‍, അവര്‍ മൂസായില്‍ വിശ്വസിക്കുന്നതില്‍ നിന്ന് തടയിടാന്‍, അയാള്‍ പരമാവധി ശ്രമിച്ചു. മൂസായെ ആളുകളുടെ മുമ്പില്‍ തരം താഴ്ത്താനായി അദ്ദേഹത്തിനെതിരെ അപവാദം പറയുക, വധഭീഷണി മുഴക്കുക എന്നിവയാണ്, തദാവശ്യാര്‍ത്ഥം അയാള്‍ സ്വീകരിച്ച രീതികള്‍.  അപവാദങ്ങള്‍ ഇവയായിരുന്നു.

'മൂസാ സ്വാര്‍ത്ഥനും അധികാര മോഹിയും'
വിശ്വാസികള്‍ക്കെതിരെ അപവാദം ആസൂത്രണം ചെയ്യുമ്പോഴെല്ലാം, സ്വന്തം ദുസ്വഭാവങ്ങളും ദര്‍ശങ്ങളുമായിരിക്കും, അവിശ്വാസികളുടെ പ്രാരംഭഘടകം. ഉദാഹരണമായി, മതമൂല്യങ്ങള്‍ വെച്ചു പുലര്‍ത്താത്തവര്‍ ഭൌതിക ഭ്രമമുള്ളവരായിരിക്കും. അത്തരക്കാരുടെ ഒരു മാതൃകയായിരുന്നു ഫിര്‍ഔന്‍. ഈജിപ്തിന്റെയും ഈജിപ്തുകാരുടെയും മുഴു ദൈവമാകുകയായിരുന്നു അയാളുടെ ലക്ഷ്യം. തദാവശ്യാര്‍ത്ഥം, അയാള്‍ നിരപരാധികളെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. തന്റെ ഈ തെറ്റായ വിശ്വാസവും അധികാര മോഹവും കാരണം, മറ്റുള്ളവരെയും അതേ രീതിയിലാണയാള്‍ കണ്ടത്. അതിനാല്‍ തന്നെ, മൂസാക്കും ഹാറൂനിന്നും ദൈവിക സന്നിധിയിലുള്ള സ്ഥാനവും, കൊട്ടാരത്തിലേക്കുള്ള അവരുടെ ആഗമനോദ്ദേശ്യവും എന്തെന്ന് മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. മൂസാ തന്റെ വാക്ക് ചെവി കൊള്ളാന്‍ ജനത്തോട് ആഹ്വാനം ചെയ്യുമ്പോള്‍, ദൈവാസ്തിക്യവും, ദൈവത്തിന്റെ അപാ!രശക്തിയും അവര്‍ക്ക് പരിചയപ്പെടുത്തുകയും മതമൂല്യങ്ങള്‍ പഠിപ്പിക്കുകയും, വെളിച്ചവും യഥാര്‍ത്ഥമാര്‍ഗ ദര്‍ശനവും കണ്ടെത്താന്‍ സഹായിക്കുകയുമായിരുന്നു, അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. മറുവശത്ത്, മൂസായെ അധികാരമോഹിയായി വിശ്വസിച്ച ഫിര്‍ഔനും കിങ്കരന്മാരും, അദ്ദേഹത്തെ രാഷ്ട്രീയ പ്രതിയോഗിയായി കാണുകയായിരുന്നു. മൂസാക്കും അനുയായികള്‍ക്കുമെതിരെ അവര്‍ നടത്തിയ ആരോപണങ്ങള്‍ ഖുര്‍ആന്‍  ഉദ്ദരിക്കുന്നു: 'അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കന്‍മാര്‍ എന്തൊന്നില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടുവോ അതില്‍ നിന്ന് ഞങ്ങളെ തിരിച്ചുകളയാന്‍ വേണ്ടിയും, ഭൂമിയില്‍ മേധാവിത്വം നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമാകാന്‍ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? നിങ്ങള്‍ ഇരുവരെയും ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല.' (10: 78)

യഥാര്‍ത്ഥത്തില്‍, ഇതര പ്രവാചകന്മാരെയും വിശ്വാസികളെയും പോലെ, ഭൗതിക നേട്ടങ്ങളോ പദവികളോ, മൂസായും ഹാറൂനും ലക്ഷ്യം വെച്ചിരുന്നില്ല. ഒരു പ്രതിഫലവും അവര്‍ ആവശ്യപ്പെട്ടിരുന്നുമില്ല. ജനങ്ങളെ സന്മാര്‍ഗത്തിലേക്കു ക്ഷണിക്കുകയും, പരലോകത്തെ അനുസ്മരിപ്പിക്കുകയും ചെയ്യുക വഴി, ദൈവപ്രീതിയും അനുകമ്പയും സ്വര്‍ഗവും മാത്രമായിരുന്നു അവര്‍ ലക്ഷ്യമിട്ടിരുന്നത്. അല്ലാഹു പറയുന്നു: 'വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്‌കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.' (19: 51)
ദൈവപ്രീതിയാര്‍ജ്ജിച്ച ദാസന്മാരായിരുന്നു അവരെന്ന് മറ്റൊരിടത്ത്  പറയുന്നു: 'തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.   അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു.  അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.  അവര്‍ക്ക് രണ്ടുപേര്‍ക്കും നാം (കാര്യങ്ങള്‍) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും, അവരെ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. മൂസായ്ക്കും ഹാറൂന്നും സമാധാനം! തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.' (37: 114-122)

'സുരക്ഷയും സമാധാനവും അപകടപ്പെടുത്തുന്നു'

ഓരോ സന്ദര്‍ഭവും, മൂസയും ഹാറൂനും, നാട്ടിന്നും നാട്ടാര്‍ക്കും വലിയൊരു അപകടമാണെന്നു ചിത്രീകരിക്കുകയായിരുന്നു ഫറവോന്റെ മറ്റൊരു തന്ത്രം. ഇത് വഴി, ഈജിപ്തുകാരെ, അവര്‍ക്കെതിരെ പ്രകോപിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. 'നിങ്ങളെ നാട്ടില്‍ നിന്നു പുറന്തള്ളുകയാണിയാളുടെ ലക്ഷ്യമെ'ന്നു വരെ അയാള്‍ ആരോപിച്ചു. ഖുര്‍ആന്‍ പറയുന്നു; 'തന്റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: തീര്‍ച്ചയായും ഇവന്‍ വിവരമുള്ള ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ് തന്റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നു അതിനാല്‍ !നിങ്ങള്‍ എന്ത് നിര്‍ദേശിക്കുന്നു? (26: 34, 35)

മറ്റൊരിടത്ത് പറയുന്നു: 'ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.' (7: 123)

മൂസയും അനുയായികളും രാജ്യദ്രോഹികളാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നു ചുരുക്കം. പക്ഷെ, വിശ്വാസികള്‍ക്കെതിരെ നടത്തപ്പെടുന്ന മറ്റെല്ലാ ഗൂഡാലൊചനയെപ്പോലെ ത്തന്നെ, ഇതും ഫലം കാണാതെ പോവുകയായിരുന്നു. ഖുര്‍ആന്‍  പറയുന്നു; 'അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി.' (40: 45)

'മൂസ മാന്ത്രികന്‍'!

അഹന്ത കാരണം, ഫറവൊന്‍ സത്യമതത്തെ നിരാകരിക്കുകയായിരുന്നു. അല്ലാഹുവിന്റെ ആസ്തിക്യവും തന്റെ പ്രവാചകത്വവും തെളിയിക്കുന്ന നിരവധി അത്ഭുത കൃത്യങ്ങള്‍, ദൈവേച്ഛയാല്‍, അദ്ദേഹം അയാള്‍ക്ക് കാണിച്ചു കൊടുത്തുവെങ്കിലും, അതെല്ലാം അവഗണിച്ചു കൊണ്ട്, അദ്ദേഹത്തെ അവിശ്വസിക്കുക മാത്രമല്ല, മാന്ത്രികനും ആഭിചാരകനുമായി അപവദിച്ചു കൊണ്ട്, ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ദൌത്യം പരാജയപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. മൂസയുടെ വാദം തെറ്റാണെന്നും, ആളുകളെ കയ്യിലെടുക്കാന്‍ അദ്ദേഹം ആസൂത്രണം ചെയ്ത ആഭിചാരമാണ് അദ്ദേഹം കാണിക്കുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തനിക്കു കഴിയുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. ഖുര്‍ആന്‍  പറയുന്നു: 'തീര്‍ച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട് മൂസായെ അയക്കുകയുണ്ടായി ഫിര്‍ഔന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുക്കലേക്ക് . അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരന്‍ എന്ന്.' (40: 23, 24)

മൂസയുടെ പ്രതികരണമെങ്ങനെയായിരുന്നുവെന്നു ഖുര്‍ആന്‍  ഉദ്ദരിക്കുന്നു: മൂസാപറഞ്ഞു: 'സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി ( ജാലവിദ്യയെന്ന് ) നിങ്ങള്‍ പറയുകയോ? ജാലവിദ്യയാണോ ഇത്?( യഥാര്‍ത്ഥത്തില്‍ ) ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല.' (10: 77)

'മൂസ നുണയന്‍!'

'അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യാജനിര്‍മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂര്‍വ്വ പിതാക്കളില്‍ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല. മൂസാ പറഞ്ഞു: തന്റെ പക്കല്‍ നിന്ന് സന്‍മാര്‍ഗവും കൊണ്ട് വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്നും എന്റെ രക്ഷിതാവിന് നല്ലപോലെ അറിയാം. അക്രമികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച. ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട് ( ഇഷ്ടിക ) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.' (28: 36-38)
ജനങ്ങള്‍ മൂസയില്‍ വിശ്വസിക്കുന്നത് തടയുന്നതിന്ന് ഫറവോന്‍ സ്വീകരിച്ച മറ്റൊരു ആരോപണമായിരുന്നു, അദ്ദേഹം പറയുന്നതെല്ലാം നുണയാണെന്ന വാദം. പക്ഷെ, സത്യപ്രവാചകന്മാര്‍ക്കെതിരെ ഇത്തരം സമീപനങ്ങള്‍ സ്വീകരിച്ചവരുടെ പരിണാമമെന്തായിരുന്നുവെന്നു നോക്കാന്‍ ഖുര്‍ആന്‍  ആഹ്വാനം നടത്തുകയാണ്: 'തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് ( പ്രബോധനം ചെയ്യുന്നതിന് വേണ്ടി. ) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.' (16: 36)

അതെ, അല്ലാഹുവിനെ ഭയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമായ ദൈവദാസന്മാര്‍ക്കെതിരെ ചെയ്യുന്ന ഏത് അനീതിയും, ഇഹലോകത്തും പരലോകത്തും ശിക്ഷക്ക് ഹേതുവായി തീരും. ഫറവോന്റെയും കിങ്കരന്മാരുടെയും അന്ത്യം ഈ പറഞ്ഞതിന്റെ ഉദാഹരണമാണ്. ഇതെല്ലാം തന്നെ ഗുണപാഠമായിരിക്കണമെന്നു ഖുര്‍ആന്‍  ഉപദേശിക്കുന്നു; 'അവനും അവന്റെ സൈന്യങ്ങളും ഭൂമിയില്‍ അന്യായമായി അഹങ്കരിക്കുകയും, നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ വിചാരിക്കുകയും ചെയ്തു. അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍ എറിഞ്ഞ് കളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ.' (28: 39 40)

എന്നാല്‍, പരലോകത്ത് ഇവര്‍ അനുഭവിക്കാന്‍ പോകുന്ന ശിക്ഷയെ സംബന്ധിച്ചിടത്തോളം, ഈ കഴിഞ്ഞു പോയത് ഒന്നുമല്ല തന്നെ. അത് വളരെ ക്രൂരമായിരിക്കുമെന്നാണ് ഖുര്‍ആന്‍  ഓര്‍മ്മപ്പെടുത്തുന്നത്: 'അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കൊരു സഹായവും നല്‍കപ്പെടുന്നതല്ല. ഈ ഐഹികജീവിതത്തില്‍ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.' (28: 41, 42)

No comments:

Post a Comment