കൊല്ലം തോറും കഴിച്ച് വരാറുള്ള ബദ്'രീങ്ങളുടെ ആണ്ടു നേർച്ചയെപ്പറ്റി ബദ്റിൽ രക്തസാക്ഷികളായവരുടെ സ്മരണാർത്ഥമാണ് അതെന്നും, റസൂലും സ്വഹാബത്തും അത്തരം ആണ്ടുനേർച്ച കൊണ്ടാടിയതായി തെളിഞ്ഞിട്ടില്ലെന്നും സ്വഹാബികളും താബിഉകളുമെല്ലാം ബദ്റിൽ രക്തസാക്ഷികളായവരുടെ സ്മരണ നിലനിർത്തിയത് ഇസ്'ലാമിന് വേണ്ടി ത്യാഗ പരിശ്രമങ്ങൾ ചെയ്തുകൊണ്ടാണെന്നും നാം അവരെ സ്മരിക്കുന്നത് മൂക്കറ്റം തിന്നുകൊണ്ടാണെന്നും പറഞ്ഞ് ചിലർ പരിഹസിക്കുന്നു. താങ്കളുടെ പ്രതികരണം?
ബദ്റിൽ രക്തസാക്ഷികളായ 14 പേരുടെ സ്മരണ നിലനിർത്താനാണ് ബദ്'രീങ്ങളുടെ ആണ്ടുനേർച്ച കഴിക്കുന്നതെന്ന് പറയുന്നതു ശരിയല്ല. ഇസ്ലാം പരസ്യമായതും ശക്തിയാർജ്ജിച്ചതും ബദ്ർ യുദ്ധം കൊണ്ടാണ്. ബദ്റിൽ സംബന്ധിച്ചവരെ അല്ലാഹു നശിപ്പിക്കുകയാണെങ്കിൽ അല്ലാഹുവിന് ഇബാദത്തെടുക്കപ്പെടുകയില്ലെന്ന് റസൂൽ(സ) അല്ലാഹുവിനോട് പറഞ്ഞതും നിങ്ങൾ നിന്ദ്യരായതോടു കൂടെ ബദ്റിൽവച്ചു അല്ലാഹു നിങ്ങളെ സഹായിച്ചു എന്ന് അല്ലാഹു പറഞ്ഞതും സ്മരണീയമാണ്. അത് അല്ലാഹു ചെയ്ത വലിയ ഒരനുഗ്രഹമാണ്. നിഅ്മത്തിന് നന്ദി ചെയ്യണമെന്ന അല്ലാഹുവിന്റെ കൽപനയനുസരിച്ച് പ്രസ്തുത നിഅ്മത്തിനു നന്ദിയായിട്ടാണ് ബദ്'രീങ്ങളുടെ ആണ്ടുനേർച്ച എന്ന പേരിൽ ഭക്ഷ്യധാന്യങ്ങളും മറ്റും നാം ധർമ്മം ചെയ്യുന്നത്. നിങ്ങൾ നന്ദിയുള്ളവരായിരിക്കണമെന്ന അല്ലാഹുവിന്റെ കല്പ്പനക്കു വഴിപ്പെടാൻ റസൂലും സ്വഹാബത്തും ചെയ്ത രൂപത്തിൽ തന്നെ നന്ദി പ്രകടിപ്പിക്കണമെന്നില്ല. മതപ്രബോധനം ചെയ്യാൻ അല്ലാഹു കല്പിച്ചതാണ്. റസൂലും സ്വഹാബത്തും താബിഉകളും മതപ്രബോധനം ചെയ്തിരുന്നതും അതിന് കൽപിച്ചിരുന്നതും മാസിക-വാരികകൾ മുഖേനയായിരുന്നില്ലല്ലോ. നിങ്ങൾ നന്ദി ചെയ്താൽ നിങ്ങൾക്ക് ഞാൻ കൂടുതലാക്കി തരുമെന്ന വിശുദ്ധ വാക്യത്തിന്റെ വെളിച്ചത്തിൽ ബദ്'രീങ്ങളുടെ ആണ്ടുനേർച്ച കഴിക്കുന്നവർക്ക് പല നേട്ടങ്ങളും കൈവരാൻ അവകാശമുണ്ട്. പലർക്കും അങ്ങനെ കൈവന്നതായി പറയപ്പെടാറുമുണ്ട്. നിങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ ഗുണങ്ങളെ നിങ്ങൾ പറയണമെന്ന് റസൂൽ (സ)ആജ്ഞാപിച്ചതിന്റെ അടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ ബദ്'രീങ്ങളുടെ മൗലിദ് പാരായണം ചെയ്യാറുമുണ്ട്.(സമ്പൂർണ്ണ ഫതാവാ - 85)
ബദ് രീങ്ങളുടെ മഹത്വം സ്വഹീഹുൽ ബുഖാരിയിൽ
അലി(റ)വില്‍ നിന്നു നിവേദനം: അവര്‍ പറഞ്ഞു: ''എന്നെയും അബൂ മര്‍സദ്(റ), സുബൈര്‍(റ) എന്നിവരെയും നബി(സ) യാത്രയാക്കി. ഞങ്ങള്‍ മൂന്നുപേരും കുതിരപ്പടയാളികളായിരുന്നു. അപ്പോള്‍ അവിടുന്നു ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ മൂന്നു പേരും 'റൗളത്തു ഖാഖി'ല്‍ പോവുക. നിശ്ചയം, മുശ്‌രിക്കുകളില്‍ പെട്ട ഒരു സ്ത്രീ ഉണ്ടവിടെ. (സ്വഹാബിയായ) ഹാത്വിബുബ്‌നു അബീബല്‍തഅത്ത്(റ) മുശ്‌രിക്കുകള്‍ക്കു കൊടുത്തയച്ച ഒരു കത്ത് അവളുടെ കൈവശമുണ്ട്. അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു. പ്രസ്തുത സ്ത്രീയെ കണ്ടുമുട്ടി. നബി(സ) പ്രസ്താവിച്ച സ്ഥലത്തുവെച്ചു തന്നെ ഒരു ഒട്ടകപ്പുറത്തു പോകുന്നതായിട്ടാണു അവളെ കണ്ടുമുട്ടിയത്.
ഉടനെ അവളോട് ഞങ്ങള്‍ എഴുത്ത് ആവശ്യപ്പെട്ടു. അവള്‍ പറഞ്ഞു: എന്റെ കൈവശം എഴുത്തൊന്നുമില്ല. അങ്ങനെ അവളുടെ ഒട്ടകത്തെ ഞങ്ങള്‍ മുട്ടുകുത്തിച്ചു. ഞങ്ങള്‍ അവളുടെ കൈവശം എഴുത്തുണ്ടോയെന്ന് പരിശോധിച്ചു. എഴുത്ത് കണ്ടില്ല. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: നബി(സ) ഒരിക്കലും കളവു പറയില്ല. അതുകൊണ്ട് എഴുത്ത് നിര്‍ബന്ധമായും എടുത്തുതരിക. അല്ലെങ്കില്‍ നിന്റെ വസ്ത്രങ്ങള്‍ ഊരി ഞങ്ങള്‍ പരിശോധിക്കും. കാര്യം വിഷമമാണെന്നു അവള്‍ക്കു ബോധ്യപ്പെട്ടപ്പോള്‍ വസ്ത്രത്തിന്റെ ഉള്ളില്‍നിന്നു അവള്‍ എഴുത്തെടുത്ത് ഞങ്ങള്‍ക്കു തന്നു. അങ്ങനെ അതുമായി ഞങ്ങള്‍ നബി(സ)യുടെ തിരുസന്നിധിയിലെത്തി. അവിടെവെച്ച് എഴുത്ത് വായിച്ചപ്പോള്‍ ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, ഹാത്വിബ്(റ) നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ചിരിക്കുന്നു. അതുകൊണ്ട് അയാളെ പിരടിവെട്ടാന്‍ അങ്ങ് ഞങ്ങള്‍ക്കു സമ്മതം തരിക. അപ്പോള്‍ നബി(സ) ഹാത്വിബി(റ)ലേക്കു തിരിഞ്ഞു ഇങ്ങനെ ചോദിച്ചു: മുശ്‌രിക്കുകള്‍ക്കു ഇങ്ങനെയൊരു കത്തെഴുതാന്‍ നിനക്കുള്ള പ്രേരണയെന്താണ്?
ഹാത്വിബി(റ)ന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അല്ലാഹുവാണു സത്യം! ഞാന്‍ അല്ലാഹുവിലും റസൂലിലും ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. എങ്കിലും ശത്രുപക്ഷമായ മുശ്‌രിക്കുകള്‍ക്കിടയില്‍ എനിക്കൊരു സ്വാധീനമുണ്ടായിരിക്കണമെന്നുദ്ദേശിച്ചാണ് ഞാന്‍ എഴുത്ത് കൊടുത്തയച്ചത്. എന്റെ കുടുംബത്തിനും സമ്പത്തിനുമൊക്കെ വന്നേക്കാവുന്ന വിപത്ത് ആ സ്വാധീനം മുഖേന അല്ലാഹു തട്ടിക്കളയാന്‍ സാധ്യതയുണ്ടല്ലോ. തങ്ങളുടെ സ്വഹാബികളില്‍ നിന്നുള്ള ഏതൊരാള്‍ക്കും മക്കയില്‍ ബന്ധുക്കളില്ലാതില്ല. അവര്‍ മുഖേന സ്വന്തം കുടുംബത്തെയും സമ്പത്തിനെയും അല്ലാഹു സംരക്ഷിച്ചേക്കും.''
ഇതു കേട്ടപ്പോള്‍ നബി(സ) ഇങ്ങനെ പറഞ്ഞു: ''ഹാത്വിബ്(റ) പറഞ്ഞത് സത്യമാണ്. അതുകൊണ്ട് ഹാത്വിബിനെതിരെ ഒന്നും പറയരുത്.'' ഇതുകേട്ട് ഉമര്‍(റ) ഇങ്ങനെ പ്രതികരിച്ചു: ''നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും വഞ്ചിച്ചിരിക്കയാണ് ഹാത്വിബ്(റ). അയാളെ പിരടി വെട്ടാന്‍ അങ്ങ് അനുമതി തരിക.'' അപ്പോള്‍ നബി(സ) ഇപ്രകാരം പറഞ്ഞു: ''ബദ്‌രീങ്ങളില്‍പെട്ട വ്യക്തിയല്ലെയോ ഹാത്വിബ്(റ). ബദ്‌രീങ്ങളെ സംബോധനം ചെയ്തു അല്ലാഹു ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'നിങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിച്ചുകൊള്ളുക. സ്വര്‍ഗം നിങ്ങള്‍ക്കു സുനിശ്ചിതമാണ്. നിങ്ങള്‍ക്കു പാപം പൊറുത്തുതന്നിരിക്കുന്നു.'' ഇതുകേട്ട് ഉമര്‍(റ)വിന്റെ ഇരു നയനങ്ങളും നിറഞ്ഞൊഴുകി. അല്ലാഹുവും റസൂലുമാണ് ഏറ്റവും അറിവുള്ളവര്‍ എന്നു പറയുകയും ചെയ്തു.'' (ബുഖാരി)
ബദ്റിലെ നബി(സ്വ)യുടെ തമ്പ്
ബദ്ര്‍ യുദ്ധത്തിനു മുമ്പ് സ്വഹാബത്ത് തിരുനബി(സ്വ)യുടെ കാര്യത്തില്‍ തിരക്കിട്ട ഒരു ചര്‍ച്ചയിലാണ്. യുദ്ധം വീക്ഷിക്കാനും വിശ്രമിക്കാനും ഇബാദത്തിനും നബി(സ്വ)ക്ക് ഒരു പ്രത്യേക തമ്പ് ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച. അത് അത്യാവശ്യമാണെന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. ഈ വിവരം നബി(സ്വ)യെ അറിയിക്കണമല്ലോ. അവിടുന്ന് സമ്മതം ലഭിക്കണമല്ലോ. സ്വഹാബത്തെടുത്ത തീരുമാനം അറിയിക്കൻ അവര്‍ പ്രമുഖ സ്വഹാബി സഅ്ദുബ്‌നു മുആദ്(റ)വിനെ ചുമതലപ്പെടുത്തി.
സഅ്ദുബ്‌നു മുആദ്(റ) നബി(സ്വ)യുടെ തിരുസന്നിധിയില്‍ വന്ന് ഇങ്ങനെ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അങ്ങേക്കൊരു തമ്പ് നിര്‍മിക്കട്ടെയോ? അതില്‍ അങ്ങേക്കിരിക്കാം. അതിന്റെചാരത്ത് ഒരു വാഹനവും തയ്യാറാക്കി നിര്‍ത്താം. ശേഷം ഞങ്ങള്‍ യുദ്ധത്തിനിറങ്ങാം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യുദ്ധത്തില്‍ വിജയം ലഭിക്കുകയാണെങ്കില്‍ നമുക്ക് സന്തോഷിക്കാം. മറിച്ചാണെങ്കില്‍ നബിയേ, അങ്ങ് ഒട്ടകപ്പുറത്ത് കയറി മദീനയിലേക്ക് പുറപ്പെടണം. അങ്ങയെ സ്‌നേഹിക്കുന്ന വലിയ ഒരു സംഘം അവിടെയുണ്ട്. അവര്‍ക്ക് യുദ്ധം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും പോരാന്‍ സാധിച്ചിട്ടില്ല.''
ഇതു കേട്ട നബി(സ്വ) തങ്ങള്‍ സഅ്ദുബ്‌നു മുആദ് (റ)വിനോട് തമ്പിനേക്കാള്‍ നന്മയുള്ളത് അല്ലാഹു തീരുമാനിച്ചിട്ടുണ്ടെങ്കിലോ എന്ന് ആദ്യം പ്രതികരിച്ചെങ്കിലും അല്ലാഹുവിന്റെ അനുമതി കിട്ടിയപ്പോള്‍ സ്വഹാബത്തിന്റെ തീരുമാനത്തിനു നബി(സ്വ) സമ്മതം നല്‍കുകയും തീരുമാനം അറിയിച്ച സഅ്ദുബ്‌നു മുആദി(റ)നു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നിര്‍വഹിക്കുകയും ചെയ്തു. (അല്‍ബിദായത്തുവന്നിഹായ: 3/305), സീറത്തുല്‍ ഹലബീ: 1/540, സീറത്തുന്നബവീ: 1/433)
നബി(സ്വ)യുടെ അനുമതി ലഭിച്ചതറിഞ്ഞ സ്വഹാബത്ത് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവരുടെ ജീവനെക്കാളും അവര്‍ക്ക് വലുത് തിരുനബിയുടെ ജീവനാണല്ലോ. വളരെപെട്ടന്നവര്‍ മനോഹരമായ ഒരു തമ്പ് നിര്‍മിച്ചു.
ശത്രുക്കള്‍ നബിയെ ആക്രമിക്കാന്‍ വരുന്നത് തടയാന്‍ തമ്പിന് ഒരാള്‍ കാവല്‍ നില്‍ക്കണം. അതിന് ആരു തയ്യാറാവും? സ്വഹാബത്ത് പരസ്പരം ചോദിച്ചു. തമ്പ് ലക്ഷ്യമാക്കി വരുന്ന ശത്രുപക്ഷത്തെ തടയാനും നബിയെ രക്ഷിക്കാനും കഴിവുള്ള ധീരനാവണം. അതിനു തയ്യാറുള്ളവര്‍ ആരാണ്?
സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു നിന്നു പറഞ്ഞു: ''അക്കാര്യം ഞാനേറ്റെടുത്തു, ഞാന്‍ കാവല്‍ നില്‍ക്കാം.'' സ്വഹാബത്തിന്റെ കണ്ണുകളും കാതുകളും അദ്ദേഹത്തിലേക്ക് നീങ്ങി. ഇത്രയും ഭാരിച്ച ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായ വ്യക്തി ആരാണ്? അതു മറ്റാരുമല്ല നബി(സ്വ) തൗഹീദിന്റെ വെള്ളിവെളിച്ചവുമായി പ്രബോധനത്തിനിറങ്ങിയപ്പോള്‍ നബി(സ്വ)യെ കൊണ്ട് ആദ്യം വിശ്വസിച്ച പ്രഥമ സ്വഹാബി അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നു ആ ദൗത്യം ഏറ്റെടുത്ത വ്യക്തിത്വം.
സ്വഹാബത്തിൽ ധീരത എന്ന സുല്‍ഗുണം കൊണ്ട് പ്രസിദ്ധിയാര്‍ജിച്ച ഒട്ടനവധി പേരുണ്ടെങ്കിലും ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആ ധീരത പ്രകടമാക്കി ദൗത്യം നിര്‍വഹിച്ചത് അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വഹാബത്തില്‍ ഏറ്റവും വലിയ ധീരന്‍ അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നുവെന്ന് ഹാഫിള് ഇബ്‌നു കസീര്‍(റ) തന്റെ അല്‍ബിദായത്തുവന്നിഹായയില്‍ (3/309) രേഖപ്പെടുത്തിയിട്ടുണ്ട്.
ബദ്‌റില്‍ യുദ്ധമാരംഭിച്ചപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ്(റ) തമ്പില്‍ നബിയുടെ ചാരത്തും സഅ്ദുബ്‌നു മുആദ്(റ)വും ഏതാനും അന്‍സ്വാരികളായ സ്വഹാബികളും തമ്പിന്റെ കവാടത്തിങ്കലും സ്ഥാനമുറപ്പിച്ചു. (അല്‍ബിദായത്തുവന്നിഹായ: 3/309)
യുദ്ധം നടന്നുകൊണ്ടിരിക്കെ യുദ്ധക്കളത്തില്‍ നിന്ന് ഇടക്കിടെ അലി(റ) നബി(സ്വ)യുടെ അടുത്തേക്ക് വന്ന് വിവരമറിയിച്ചിരുന്നു. അലി(റ) സമീപിച്ച വേളയിലെല്ലാം നബി(സ്വ) സുജൂദില്‍ കിടന്നു 'യാ ഹയ്യു യാ ഖയ്യൂം' എന്ന് പ്രാര്‍ത്ഥിക്കുന്ന രംഗമാണു കണ്ടത്. അങ്ങനെ മുസ്‌ലിങ്ങള്‍ക്ക് വമ്പിച്ച വിജയം ലഭിച്ചു. (ദലാഇലുന്നുബുവ്വ: 3/49)
നാഥാ നീ ഞങ്ങൾക്ക് ബദ് രീങ്ങളുടെ കാവൽ നൽകണേ.
ബദ്ർ ദിനത്തിൽ 12000 കാഫിരീങ്ങൾ ഓടിയിട്ടുണ്ടോ?
ബദ്ർ ദിനത്തിൽ 12,000 കാഫിറുകൾ ഓടിപ്പോയി എന്ന് 'ജഅല മുഹമ്മദ്' മൗലിദിൽ കാണുന്നു. ബദ്റിൽ 1000 കാഫിറുകളല്ലേ പങ്കെടുത്തിട്ടുളളു? പിന്നെ എങ്ങനെയാണ് 12,000 പേർ ഓടുന്നത്?
ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത മക്കക്കാഫിറുകൾ ആയിരം പേരാണ്. കൂടാതെ പിശാചുക്കൾ ബദ്ർ രണാങ്കണത്തിൽ കാഫിരീങ്ങളുടെ പക്ഷത്ത് സന്നിഹിതരായിരുന്നുവെന്നും മുസ് ലിംകളെ സഹായിക്കാൻ മലക്കുകൾ അവതരിച്ചപ്പോൾ പിശാചുക്കൾ ഓടിപ്പോയി എന്നും ഉള്ള സംഭവം ചരിത്ര പ്രസിദ്ധമാണല്ലോ. അതിനാൽ 12,000 കാഫിറുകൾ ബദ്ർ ദിനം ഓടിപ്പോയി എന്ന് 'ജഅല മുഹമ്മദ്' മൗലിദിൽ പറഞ്ഞത്. പിശാചുക്കളെയും കൂട്ടിയായിരിക്കാം. അതായത് , ആയിരത്തോളം മനുഷ്യ കാഫിറുകളും പതിനൊന്നായിരത്തിൽ പരം പിശാചുക്കളും. ആകെ 12000.
ബഹു , വണ്ടൂർ സ്വദഖത്തുല്ലാഹ് മൗലവി (റ) ''സമ്പൂർണ ഫതാവ'' യിൽ പറഞ്ഞതാണിത്.
റമളാൻ പതിനേഴാം രാവ് അതിപ്രധാനമാണ്. നന്മയുടെ ഉത്സവ രാവാണ്, ഈ രാവിലാണ് ലൈലത്തുൽ ഖദ്ർ എന്ന അഭിപ്രായമുണ്ട്
ഹുജ്ജത്തുൽ ഇസ് ലാം ഇമാം ഗസാലി (റ)
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഹുജ്ജത്തുൽ ഇസ് ലാം അബൂ ഹാമിദ് അൽ ഗസാലി (റ) തൻ്റെ ലോക പ്രസിദ്ധ ഗ്രന്ഥമായ ഇഹ് യാ ഉലൂമിദ്ദീനിൽ വിവരിക്കുന്നു.
ഒരു വർഷത്തിൽ അതിമഹത്തായ പതിനഞ്ച് രാവുകളുണ്ട്. ഇബാദത്തു കൊണ്ട് സജീവമാക്കൽ ശക്തമായ സുന്നത്തുള്ള രാവുകളാണവ. എന്തുകൊണ്ടന്നാൽ പുണ്യങ്ങളുടെ ഉത്സവരാവുകളാണ് അവ. പ്രസ്തുത രാവുകൾ ശ്രദ്ധയോടെ ഉപയോഗപ്പെടുത്തൽ അനിവാര്യമാണ്. അശ്രദ്ധയിലായി വിടൽ നഷ്ടമാണ്. പരാജയമാണ്.
പ്രസ്തുത രാവുകൾ താഴെ വിവരിക്കുന്നവയാണ് .
- മുഹർറം പ്രഥമ രാവ്
- മുഹർറം പത്താം രാവ്
- റജബ് പ്രഥമ രാവ്റ
- ജബ് പതിനഞ്ഞാം രാവ്
- റജബ് ഇരുപത്തി ഏഴാം രാവ് (മിഅ്റാജ് രാവ്)
- റമളാൻ പതിനേഴാം രാവ്
- റമളാൻ ഇരുപത്തി ഒന്നാം രാവ്
- റമളാൻ ഇരുപത്തിമൂന്നാം രാവ്
- റമളാൻ ഇരുപത്തി അഞ്ചാം രാവ്
- റമളാൻ ഇരുപത്തി ഏഴാം രാവ്
- റമളാൻ ഇരുപത്തി ഒമ്പതാം രാവ്
- ശഅ്ബാൻ പതിനഞ്ചാം രാവ്
- അറഫാ രാവ്
- ചെറിയ പെരുന്നാൾ രാവ്
- ബലിപെരുന്നാൾ രാവ് (ഇഹ് യാ: 1/361)
*اﻋﻠﻢ ﺃﻥ اﻟﻠﻴﺎﻟﻲ اﻟﻤﺨﺼﻮﺻﺔ ﺑﻤﺰﻳﺪ اﻟﻔﻀﻞ اﻟﺘﻲ ﻳﺘﺄﻛﺪ ﻓﻴﻬﺎ اﺳﺘﺤﺒﺎﺏ اﻹﺣﻴﺎء ﻓﻲ اﻟﺴﻨﺔ ﺧﻤﺲ ﻋﺸﺮﺓ ﻟﻴﻠﺔ ﻻ ﻳﻨﺒﻐﻲ ﺃﻥ ﻳﻐﻔﻞ اﻟﻤﺮﻳﺪ ﻋﻨﻬﺎ ﻓﺈﻧﻬﺎ ﻣﻮاﺳﻢ اﻟﺨﻴﺮاﺕ ﻭﻣﻈﺎﻥ اﻟﺘﺠﺎﺭاﺕ ﻭﻣﺘﻰ ﻏﻔﻞ اﻟﺘﺎﺟﺮ ﻋﻦ اﻟﻤﻮاﺳﻢ ﻟﻢ ﻳﺮﺑﺢ ﻭﻣﺘﻰ ﻏﻔﻞ اﻟﻤﺮﻳﺪ ﻋﻦ ﻓﻀﺎﺋﻞ اﻷﻭﻗﺎﺕ ﻟﻢ ﻳﻨﺠﺢ
*ﻓﺴﺘﺔ ﻣﻦ ﻫﺬﻩ اﻟﻠﻴﺎﻟﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺧﻤﺲ ﻓﻲ ﺃﻭﺗﺎﺭ اﻟﻌﺸﺮ اﻷﺧﻴﺮ ﺇﺫ ﻓﻴﻬﺎ ﻳﻄﻠﺐ ﻟﻴﻠﺔ اﻟﻘﺪﺭ ﻭﻟﻴﻠﺔ ﺳﺒﻊ ﻋﺸﺮﺓ ﻣﻦ ﺭﻣﻀﺎﻥ ﻓﻬﻲ ﻟﻴﻠﺔ ﺻﺒﻴﺤﺘﻬﺎ ﻳﻮﻡ اﻟﻔﺮﻗﺎﻥ ﻳﻮﻡ اﻟﺘﻘﻰ اﻟﺠﻤﻌﺎﻥ ﻓﻴﻪ ﻛﺎﻧﺖ ﻭﻗﻌﺔ ﺑﺪﺭ ﻭﻗﺎﻝ اﺑﻦ اﻟﺰﺑﻴﺮ ﺭﺣﻤﻪ اﻟﻠﻪ ﻫﻲ ﻟﻴﻠﺔ اﻟﻘﺪﺭ
*ﻭﺃﻣﺎ اﻟﺘﺴﻊ اﻷﺧﺮ ﻓﺄﻭﻝ ﻟﻴﻠﺔ ﻣﻦ اﻟﻤﺤﺮﻡ ﻭﻟﻴﻠﺔ ﻋﺎﺷﻮﺭاء ﻭﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻨﻪ ﻭﻟﻴﻠﺔ ﺳﺒﻊ ﻭﻋﺸﺮﻳﻦ ﻣﻨﻪ *ﻭﻫﻲ ﻟﻴﻠﺔ اﻟﻤﻌﺮاﺝ
*ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ..* *ﻭﻟﻴﻠﺔ ﻋﺮﻓﺔ ﻭﻟﻴﻠﺘﺎ اﻟﻌﻴﺪﻳﻦ
(إحياء علوم الدين)
അബൂ ജഹ്'ലോ അബൂജാഹിലോ?
തിരുനബി(സ്വ) യുടെ കഠിന ശത്രു വിൻ്റെ പേര് അബൂ ജഹ്'ൽ എന്നാണോ അതോ അബൂ ജാഹിൽ എന്നാണോ?
അബൂജഹ്ൽ [أبو جهل ] എന്നാണ്. വലിയ വിഡ്ഢി, വിഡ്ഢികളുടെ നേതാവ് എന്നൊക്കെയാണ് ആ സ്ഥാനപ്പേരിൻ്റ ഉദ്ദേശ്യം.അവൻ്റെ യതാർത്ഥ പേര് അംറ് എന്നാണ്.
عَمروبن هشام
അവൻ ഈ സമുദായത്തിലെ ഫിർഔനാണ്. ഹിജ്റ: രണ്ടാം വർഷം റമളാൻ പതിനേഴിന് നടന്ന ബദ്ർ യുദ്ധത്തിലാണ് അബൂജഹ്ൽ
[ لعنة الله عليه ]
കൊല്ലപ്പെട്ടത്.
അബൂജഹ്'ലിൻ്റെ ശവം കണ്ടപ്പോൾ തിരുനബി(സ്വ) ഇങ്ങനെ പറഞ്ഞു:
قُتل فرعونُ هذه الأمّة
ഈ സമുദായത്തിലെ ഫറോവ കൊല്ലപ്പെട്ടു. അബൂജഹ്ൽ വലിയ ധിക്കാരിയും തന്നപ്പൊക്കിയുമായിരുന്നു.[മുഹമ്മദ് (സ്വ) പേജ് 109 ]
ബദ്ർ യുദ്ധ ദിവസം ബദ്'രീങ്ങൾ നോമ്പ് അനുഷ്ഠിച്ചിരുന്നോ
ഹിജ്റ: രണ്ടാം വർഷമാണല്ലോ റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടത്. പ്രസ്തുത വർഷത്തിലാണല്ലോ ബദ്ർ യുദ്ധം ഉണ്ടായതും. നബി(സ്വ)യും സ്വഹാബത്തും റമളാൻ നോമ്പ് അനുഷ്ഠിച്ചായിരുന്നോ യുദ്ധം ചെയ്തത്?
അല്ല, അവർ നോമ്പ് അനുഷ്ഠിച്ചിട്ടില്ലായിരുന്നു. നബി(സ്വ) നോമ്പ് മുറിച്ചു, സ്വഹാബത്തിനോട് നോമ്പ് മുറിക്കാൻ നബി(സ്വ) കൽപ്പിക്കുകയും ചെയ്തു.( സീറത്തുൽ ഹലബിയ്യ: 2/148, സീറത്തു സയ്യിദിൽ ബശർ: പേജ്: 151)
ബദ്'രീങ്ങളായ അയ്യായിരം മലക്കുകൾ
ബദ്ർ യുദ്ധത്തിൽ അയ്യായിരം മലക്കുകൾ ഇറങ്ങി എന്ന ആശയം ഖുർആനിലുണ്ടല്ലോ അവർ യുദ്ധം ചെയ്തിട്ടുണ്ടോ? മറ്റു യുദ്ധങ്ങളിൽ മലക്കുകൾ യുദ്ധം ചെയ്തിട്ടുണ്ടോ?
മലക്കുകൾ യുദ്ധം ചെയ്ത ഏക യുദ്ധമാണ് ബദ്ർ യുദ്ധം.
والملائكة لم يقاتلوا إلا في بدر
മലക്കുകളുടെ കൂട്ടത്തിൽ അയ്യായിരം മലക്കുകൾക്ക് പ്രത്യേക സ്ഥാനവും പദവിയും ഉണ്ട്. അവർ ബദ്'രീങ്ങളായ, ബദ്റിൽ പങ്കെടുത്ത് യുദ്ധം ചെയ്ത അയ്യായിരം മലക്കുകളാണ്. നിരവധി ശൈത്വാൻമാരും അവരുടെ നേതാവ് ഇബ്'ലീസും ബദ്റിൽ ഉണ്ടായിരുന്നു. എന്നാൽ, മലക്കുകൾ ഇറങ്ങലോടു കൂടി അവർ അപ്രത്യക്ഷമായി.( സീറത്തു സയ്യിദിൽ ബശർ: പേജ്: 162 )
ബദ്റിൽ സ്വഹാബത്തിൻ്റെ കരങ്ങളിൽ പതാകകൾ ഉണ്ടായിരുന്നുവെന്ന് കേൾക്കുന്നു. ശരിയാണോ ?
മൂന്നു പതാകകൾ ഉണ്ടായിരുന്നു.ബദ്ർ യുദ്ധത്തിൻ്റെ മുമ്പ് തിരുനബി(സ്വ) മൂന്ന് പതാകകൾ മൂന്നു സ്വഹാബികൾക്ക് കൈമാറി.
- വെളുത്ത നിറത്തിലുള്ള പതാക . അതു നബി(സ്വ)'' മുസ്വ്'അബു ബ്നു ഉമൈർ '' (റ)വിൻ്റെ കൈയ്യിൽ കൊടുത്തു.
- കറുത്ത നിറത്തിലുള്ള ഒരു പതാക. അതു നബി(സ്വ) ''അലിയ്യുബ്നു അബീത്വാലിബ് ''رضي الله عنه വിൻ്റെ കൈയ്യിൽ കൊടുത്തു.
- കറുത്ത നിറത്തിൽ തന്നെയുള്ള മറ്റൊരു പതാക .അതു നബി(സ്വ) ''സഅ്ദുബ്നു മുആദ് '' (റ)വിൻ്റെ കൈയ്യിൽ കൊടുത്തു.
[സീറത്തു ഇബ്നി ഹിശാം: 2/251, സീറത്തു സയ്യിദിൽ ബശർ: പേജ്: 151]
ബദ്ർ മൗലിദും രചയിതാവും
നമ്മുടെ മൗലിദ് കിതാബിലുള്ള توسلنا ببسم الله ...'എന്ന തവസ്സുൽ ബൈത്തുള്ള الحمد لله الذي هدانا إلى الملة الحنيفية എന്നത് കൊണ്ട് തുടക്കം കുറിക്കുന്ന ബദ്ർ മൗലിദിൻ്റെ രചയിതാവാരാണ് ?
പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ പൊന്നാനി വളപ്പിൽ മൗലാനാ അബ്ദുൽ അസീസ് മുസ്'ലിയാർ (റ) അവർകളാണ് രചയിതാവ്.മൂന്നാം ഖലീഫ :ഉസ്മാൻ(റ)വിൻ്റെ സന്താന പരമ്പരയിൽ പെട്ട അദ്ദേഹം ഹിജ്റ: 1269 - ലാണ് ജനിച്ചത്.
പ്രധാന ഗുരുനാഥന്മാർ
- മൗലാനാ കോയക്കുട്ടി മുസ്'ലിയാർ ( വഫാത്ത്: ഹി: 1297)
- മൗലാനാ അബ്ദുല്ല മുസ്'ലിയാർ ( വ : ഹി: 13 14)
മൗലിദിൻ്റ രചയിതാവ് നീണ്ട കാലം പൊന്നാനിയിൽ ദർസ് നടത്തിയിട്ടുണ്ട്.നിരവധി ശിഷ്യസമ്പത്തുള്ള മഹാനവർകളുടെ പ്രധാന ശിശ്യരാണ് മൗലാനാ ചാലിലകത്ത് കുഞ്ഞി അഹ്'മദ് ഹാജി (റ),മൗലാനാ പാനായിക്കുളം പുതിയാപ്ള അബ്ദുർറഹ്മാൻ മുസ്'ലിയാർ (റ) എന്നിവർ.
ഹിജ്റ: 1322 ലാണ് രചയിതാവ് വഫാതായത്. പൊന്നാനി പള്ളിയുടെ ചാരത്താണ് മഖ്ബറ.
( تضمين الفوائد في تحقيق الموالد والأوراد والقصائد പേജ് 25 )
`പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ [ نور الله مرقده ] അവർകളുടെ നിർദ്ദേശപ്രകാരം ഈയുള്ളവർ ബദ്ർ മൗലിദിന് സമ്പൂർണ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അവതാരിക നൽകി അനുഗ്രഹിച്ചത് സയ്യിദ് ഹൈർ അലി ശിഹാബ് തങ്ങൾ തന്നെ.`
സുന്നികൾ ചില സമയങ്ങളിൽ ബദ്'രീങ്ങളേ കാക്കണേ, എന്നു പറയാറുണ്ടല്ലോ. അതു ശിർക് ആകുന്നു എന്നാണ് പുത്തൻ വാദികൾ പറയുന്നത്. ഇതിനൊരു മറുപടി.
പുത്തൻവാദികൾക്ക് വിവരമില്ലാത്തതാണ് ശിർക് ആരോപിക്കാൻ കാരണം. അവർ മതം പഠിച്ചിട്ടുണ്ടെങ്കിൽ ''ബദ്'രീങ്ങളേ, കാക്കണേ'' യെന്ന ഇസ്തിശ്ഫാഅ് ( ഇസ്തിഗാസ ) സുന്നത്താകുന്നുവെന്ന പരമ സത്യം അവർ പറയുമായിരുന്നു.
പ്രസ്തുത പ്രയോഗത്തിൽ ശിർകില്ലന്നു മാത്രമല്ല , കറ കളഞ്ഞ തൗഹീദ് മാത്രമാണ് ഉള്ളത്.
അല്പം വിവരിച്ചു പറയാം.
തൗഹീദ് എന്നതിന്റെ വിപരീതമാണ് ഇശ്‌റാക് എന്നത്. ഇതിനെ ചുരുക്കി പറയുന്ന ഒരു പദമാണ് ശിർക് എന്നത്
കൂറ്, പങ്ക്, ഷെയറ്, എന്നാണു ശിർക് എന്ന പദത്തിന്റെ ഭാഷാർത്ഥം.
എന്നാൽ, ഇപ്പോൾ ശിർദ് എന്ന പദം സർവ്വ സാധാരണമായി ഉപയോഗിക്കുന്നത് ഇശ്‌റാകിന്റെ അർത്ഥത്തിലാണ്.
കൂട്ടുകാരനെ സ്ഥാപിക്കുകയെന്നാണ് ഇശ്‌റാകിന്റെ അർത്ഥം.
ശരീക് എന്നാൽ കൂറുകാരൻ എന്നർത്ഥം. അല്ലാഹുവിന്റെ കൂടെ ഒന്നിനെയും കൂറുകാരനാക്കരുത് എന്ന് ഖുർആൻ പലയിടത്തും പറയുന്നുണ്ട്.
ശിർക് എന്നത് വിശ്വാസത്തിൽ മാത്രം സംഭവിക്കുന്നതാണ്. കർമത്തിൽ സംഭവിക്കുന്നതല്ല. ഈ പരമസത്യം പോലും പുത്തൻ വാദികൾക്കറിയില്ല. അതു കൊണ്ടാണവർ മൗലിദ് ഓതൽ ശിർകാണെന്നും ബദ്'രീങ്ങളേ, കാക്കണേ എന്നു പറയുന്നത് ശിർകാണെന്നും പറയുന്നത്. പമ്പര വിഡ്ഢികൾ .വിവരമില്ലന്ന വിവരം പോലും അവർക്കില്ല .
ശിർക് രണ്ടു വിധം മാത്രം
- അല്ലാഹുവിനെ പോലെ ഉണ്ടാകൽ അനിവാര്യമായ വേറെയും റബ്ബ് ഉണ്ടെന്നു വിശ്വസിക്കൽ
- അല്ലാഹുവിനു ﷻ പുറമെ ആരാധന ചെയ്യപ്പെടാൻ അർഹരായി വേറെയും ദൈവമുണ്ടെന്നു വിശ്വസിക്കൽ (ശർഹുൽ അഖാഇദ്: പേജ്: 97)
الإشراك هو إثبات الشريك في الألوهية بمعنى وجوب الوجود كما للمجوس أو بمعنى استحقاق العبادة كما لعبدة الأصنام ( شرح العقائد)
ഇങ്ങനെ വിശ്വസിക്കലാണ് ശിർക് . ലോകത്ത് ഒരു സത്യവിശ്വാസി (സുന്നി)ക്കും ഈ ശിർക് വിശ്വാസമില്ല.
എല്ലാ കഴിവും അല്ലാഹുവിന് ﷻ മാത്രമാണുള്ളത് എന്നാണ് നമ്മുടെ വിശ്വാസം. ബദ്'രീങ്ങൾക്ക് അല്ലാഹു ﷻ കഴിവ് നൽകുമ്പോൾ ആ കഴിവ് കൊണ്ട് അവർ സഹായിക്കും. യതാർഥത്തിൽ ആ സഹായവും അല്ലാഹുവിൻ്റെതാണ് ﷻ.
നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള മൗലിദ് കിതാബിലെ ബദ്ർ മൗലിദിലും മറ്റും ബദ്'രീങ്ങളിൽ ഉബയ്യ് എന്ന പേരുള്ള ഒരു സ്വഹാബിയെ മാത്രമാണ് കാണുന്നത്.
എന്നാൽ البدرية المنقوصية യിൽ രണ്ടു ഉബയ്യ് കാണുന്നുണ്ട്. അത് എങ്ങനെ?
ചില ഗ്രന്ഥങ്ങളിൽ ബദ്'രീങ്ങളുടെ പേര് വിവരിച്ചിടത്ത് أبي بن كعب، أبي بن معاد എന്നിങ്ങനെ രണ്ടു വ്യക്തികളെ വിവരിക്കുന്നുണ്ട്. [ അൽ ഇസ്വാബ :1/28 ]
അൽ ബദ്'രിയ്യത്തുൽ മൻഖൂസിയ്യ: യുടെ രചയിതാവ് കോഡൂർ കമ്മു മുസ്'ലിയാർ (റ) അൽ ഇസ്വാബ : പോലെയുള്ള ഗ്രന്ഥം അവലംബിച്ചതാവാം
ഉബയ്യുബ്നു കഅ്ബ് (റ) ഉസ്മാൻ(റ)വിൻ്റെ കാലത്ത് വഫാതായ സ്വഹാബിയാണ്.
ഉബയ്യുബ്നു മുആദ് (റ) ബിഅ്റു മഊനത്ത് ദിവസത്തിൽ ശഹീദായ സ്വഹാബിയുമാണ്
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര