Thursday, 23 January 2025

ബറാഅത്തു രാവും ആചാരങ്ങളും

 

ചന്ദ്ര വർഷത്തിലെ എട്ടാമതു മാസമാണ് ശഅ്ബാൻ. നിരവധി പുണ്യങ്ങളും ആചാരങ്ങളും നിറഞ്ഞ മാസം. ഒരുമിച്ചുകൂട്ടി, ഭാഗിച്ചു എന്നിങ്ങനെ വിപരീത അർത്ഥമുള്ള പദമാണ് ശഅ്ബാൻ. അറബികൾ യുദ്ധാവശ്യത്തിനു വേണ്ടി ഒരുമിച്ചു കൂടുകയും അതിനുവേണ്ടി സമ്പത്ത് ഭാഗിക്കുകയും ചെയ്തതിരുന്ന മാസമായതിനാൽ ശഅ്ബാൻ എന്ന പേരു നൽകി (ഖൽയൂബി: 2/49).

ശൈഖ് ജീലാനി(റ) ഗുൻയത്തിൽ പ്രസ്താവിക്കുന്നു. ശഅ്ബാൻ എന്ന പദത്തിൽ അഞ്ചു അക്ഷരങ്ങളുണ്ട്.

ശീൻ, മഹത്വം എന്നതിലേക്കും ഐൻ, ഉന്നതിയിലേക്കും ബാഅ്, ഗുണം എന്നതിലേക്കും അലിഫ്, ഇണക്കത്തിലേക്കും നൂൻ, പ്രകാശത്തിലേക്കും സൂചനയാണ്.

ബറാഅത്തു രാവ്

ശഅ്ബാൻ പതിനഞ്ചാം രാവിനു ഒട്ടറെ മഹത്വം ഉള്ളത് പോലെ നിരവധി പേരുകളുമുണ്ട്. ബറകത്തുള്ള രാത്രി, കണക്കാക്കുന്ന രാത്രി, വീതിക്കുന്ന രാത്രി, പാപം പൊറുക്കുന്ന രാത്രി, വിധി നിർണ രാത്രി, ഉത്തരം ലഭിക്കുന്ന രാത്രി, കാരുണ്യം ലഭിക്കുന്ന രാത്രി, മോചന രാത്രി, രേഖപ്പെടുത്തുന്ന രാത്രി എന്നിങ്ങനെ പ്രസ്തുത രാവ് അറിയപ്പെടുന്നു. അവയിൽ മോചന രാത്രി ( ബറാഅത്ത് രാത്രി ) എന്നതാണ് ഏറെ പ്രസിദ്ധം.

(ഖസ്വാഇസുൽ അയ്യാമി വൽ അശ്ഹുർ :പേജ്: 145 , റൂഹുൽ ബയാൻ: 8/402)

ഇമാം ശാഫിഈ(റ) പറഞ്ഞു: അഞ്ചു രാവുകളിൽ പ്രാർത്ഥനയ്ക്കു പ്രത്യേകം ഉത്തരം ലഭിക്കലുണ്ട്. വെള്ളിയാഴ്ച രാവ്, രണ്ടു പെരുന്നാൾ രാവ്, റജബിലെ ആദ്യത്തെ രാവ്, ശഅ്ബാൻ പതിനഞ്ചിന്റെ രാവ് (അൽ ഉമ്മ്: 1/204). ഇങ്ങനെ ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.

മഹത്വം തിരുവചനങ്ങളിൽ

നബി ﷺ പറഞ്ഞു: ശഅ്ബാൻ എന്റെ മാസമാണ്. ശഅ്ബാൻ ദോഷങ്ങളെ പൊറുപ്പിക്കുന്ന മാസമാണ്. റജബിന്റെയും റമളാനിന്റെയും ഇടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു മാസമാണ് ശഅ്ബാൻ. ആ മാസത്തിൽ റബ്ബിലേക്ക് അനുഷ്ഠാനങ്ങൾ പ്രത്യേകമായി ഉയർത്തപ്പെടുന്നതാണ്. എന്റെ അമലുകൾ ഞാൻ നോമ്പുകാരനായിരിക്കെ ഉയർത്തപ്പെടുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

നബിﷺ പറഞ്ഞു: മറ്റു അമ്പിയാക്കളിലേക്ക് ചേർത്തിയിട്ടു എന്റെ മഹത്വം എത്രയാണോ അതുപോലെയാണ് മറ്റു മാസങ്ങളിൽ ശഅ്ബാനിന്റെ മഹത്വം. മറ്റു മാസങ്ങളിൽ നിന്നു റജബിന്റെ മഹത്വം അല്ലാഹുവിന്റെ മറ്റു ഗ്രന്ഥങ്ങളും ഖുർആനും തമ്മിലുള്ള അനന്തരത്തിന്റെ പുണ്യമുണ്ട്. മാസങ്ങളിൽ റമളാനിന്റെ മഹത്വം സൃഷ്ടികളേക്കാൾ അല്ലാഹുവിന്റെ മഹത്വം പോലെയുമാണ്.

പ്രത്യേക മഹത്വങ്ങൾ ഒരു വസ്തുവിനു പറയുമ്പോൾ അതിന്റെ പ്രാധാന്യമായി അതിലൂടെ വ്യക്തമാകുന്നത്. പ്രത്യുത, മറ്റൊന്നിന്റെ പോരായ്മയല്ല. ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണം.

“ഖുർആനിനെ നാം അവതരിപ്പിച്ചത് ബറക്കത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും” സാരം വരുന്ന ഖുർആൻ വാക്യത്തിലെ പുണ്യ രാവ് കൊണ്ടുദ്ദേശ്യം ശഅ്ബാൻ പതിനഞ്ചിന്റെ രാവാണെന്നു ഇമാം ഇക്​രിമ(റ) പ്രസ്താവിച്ചിട്ടുണ്ട്.

ആഇശ(റ)യിൽ നിന്നും നിവേദനം: നബി ﷺ ചോദിച്ചു: ഈ രാവിനെ (ശഅ്ബാൻ പതിനഞ്ച്) കുറിച്ചു നിനക്കറിയുമോ? അപ്പോൾ ആഇശാ(റ): അല്ലാഹുവിന്റെ ദൂതരേ, എന്താണുള്ളത്? നബി(സ്വ) പറഞ്ഞു: ഈ വർഷം ജനിക്കുന്നതും മരിക്കുന്നതുമായ മനുഷ്യരെ ഈ രാത്രി രേഖപ്പെടുത്തപ്പെടും. അന്നു അവരുടെ കർമ്മങ്ങൾ ഉയർത്തപ്പെടുകയും അവരുടെ ഭക്ഷണം ഇറക്കപ്പെടുകയും ചെയ്യും.

ഖബ്ർ സിയാറത്ത്

ബറാഅത്തു രാവിൽ ഖബ്ർ സിയാറത്തു ചെയ്യുന്ന ഒരു പതിവ് നമ്മുടെ നാട്ടിലുണ്ടല്ലോ. അതു വളരെ നല്ലതാണ്. ബറാഅത്തു രാവിൽ നബിﷺഖബ്ർ സിയാറത്തു ചെയ്തിരുന്നു.

ആഇശാ(റ) പറയുന്നു: ഞാനൊരു രാത്രി (ബറാഅത്തു രാവിൽ) നബിﷺയെ എന്റെയരികിൽ കണ്ടില്ല. ഞാൻ വീടു വിട്ടിറങ്ങി. നോക്കുമ്പോൾ നബിﷺമദീനയിലെ ഖബ്ർസ്ഥാനിൽ ആകാശത്തേക്ക് തല ഉയർത്തി നിൽക്കുകയാണ്. എന്നെ കണ്ട നബിﷺചോദിച്ചു: അല്ലാഹുവും റസൂലും അനീതി കാണിച്ചുവെന്നു നീ ഭയന്നുവോ? ഞാൻ പറഞ്ഞു: താങ്കൾ മറ്റു വല്ല ഭാര്യമാരുടെ അരികിലും പോയെന്നു ഞാൻ ഊഹിച്ചു. നബിﷺപറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാത്രിയിൽ അല്ലാഹുവിന്റെ ﷻ പ്രത്യേക കരുണാകടാക്ഷം ഒന്നാം ആകാശത്തിലവതരിക്കും. കൽബു ഗോത്രത്തിന്റെ ആട്ടിൻ പറ്റത്തിന്റെ രോമങ്ങളേക്കാൾ കൂടുതലെണ്ണം ആളുകൾക്ക് അന്നവൻ പാപമോചനം നൽകും (തുർമുദി, ഇബ്നുമാജ).

ബറാഅത്തു രാവിലെ നിസ്കാരം

ഹാഫിളുൽ മുൻദിർ(റ) തന്റെ അത്തർഗീബു വത്തർഹീബ് എന്ന ഗ്രന്ഥത്തിൽ (2/116) അലി(റ)യിൽ നിന്നു നിവേദനം ചെയ്ത ഹദീസ് ഇങ്ങനെ: ശഅ്ബാൻ പകുതിയുടെ രാത്രി ആയാൽ നിങ്ങൾ നിസ്കരിക്കുകയും അതിന്റെ പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക (ഇബ്നുമാജ).

ബറാഅത്തു രാവിന് ശ്രേഷ്ഠതയുണ്ടെന്നും അന്നു നിസ്കാരം വർദ്ധിപ്പിക്കൽ പുണ്യമാണെന്നും അറിയിക്കുന്ന ഇബ്നുമാജ(റ) റിപ്പോർട്ട് ചെയ്ത പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തിൽ സലഫുസ്സ്വാലിഹീങ്ങൾ പ്രസ്തുത രാത്രി സുന്നത്ത് നിസ്കാരങ്ങൾ വർദ്ധിപ്പിച്ചിരുന്നു.

ഹാഫിളു ഇബ്നു റജബിൽ ഹമ്പലി(റ) പറയുന്നു: ശാമുകാരായ താബിഈ പണ്ഡിതർ ശഅ്ബാൻ പകുതിയുടെ രാവിനെ ആദരിക്കുകയും ആ രാവിൽ ഇബാദത്ത് ചെയ്യാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. ശാമിലെ താബിഈ പണ്ഡിതരിൽ പെട്ട ഖാലിദുബ്നു മഅദാനി(റ) ലുക്മാനുബ്നു ആമിർ(റ) തുടങ്ങിയവരും ഈ രാത്രിയിൽ പള്ളിയിൽ വെച്ച് നിസ്കരിച്ചിരുന്നു. ഇസ്‌ഹാഖുബ്നു റാഹവൈഹി(റ) ഈ നിസ്കാരം ബിദ്അത്തല്ലെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (ഇബ്നു റജബി(റ)ന്റെ ലത്വാഇഫിൽ മആരിഫ് പേജ്: 263).

ബറാഅത്തു രാവിൽ നിസ്കാരം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇബ്നു തീമിയ്യ:യോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാവിൽ ഒരാൾ സ്വന്തമായോ പ്രത്യേക ജമാഅത്തായോ നിസ്കരിക്കുന്ന പക്ഷം അതു നല്ലതാണ്. സലഫുസ്സ്വാലിഹീങ്ങളിൽ നിന്നുള്ള ഒരു വിഭാഗം ഇപ്രകാരം ചെയ്തിരുന്നു. ഈ രാവിൽ ഒരാൾ നിസ്കരിക്കുന്ന പക്ഷം അവനു മുൻഗാമികളായി ഇവ്വിഷയത്തിൽ സലഫുസ്സ്വാലിഹീങ്ങളുണ്ട്. അതുകൊണ്ടതു എതിർക്കപ്പെട്ടുകൂടാ (മജ്മൂഉൽ ഫതാവാ).

നൂറു റകഅത്ത് ബിദ്അത്ത്

പുണ്യരാവ് എന്ന പരിഗണന വെച്ച് ബറാഅത്ത് രാവിൽ സുന്നത്ത് നിസ്കാരം വർദ്ധിപ്പിക്കൽ നല്ലതാണെന്നാണ് മുകളിൽ തെളിവിന്റെ വെളിച്ചത്തിൽ സമർത്ഥിച്ചത്. എന്നാൽ ബറാഅത്തു രാവിൽ നൂറ് റക്അത്ത് നിസ്കാരം നിർവ്വഹിക്കുക എന്ന പ്രത്യേക നിസ്കാരം ഇല്ല. ഉണ്ടന്നറിയിക്കുന്ന ഹദീസുകൾ കള്ള നിർമ്മിതമാണ്. നൂറ് റക്അത്തുള്ള പ്രത്യേക നിസ്കാരം ചീത്ത ബിദ്അത്താണ്.

ഹിജ്റ: നാനൂറിനു ശേഷമാണ് ഈ ചീത്ത ആചാരമായ നിസ്കാരം ഉണ്ടായത്. അതുകൊണ്ടുതന്നെ മുൻഗാമികളുടെ ഗ്രന്ഥങ്ങളിലൊന്നും ഇതിനെ കുറിച്ചൊരു ചർച്ചയും കാണാനിടയില്ല.

ഇമാം ഇബ്നു ഹജർ(റ) പറയുന്നു: ശഅ്ബാൻ പകുതിയുടെ രാവിൽ നൂറു റക്അത്ത് നിസ്കാരം ചീത്ത ബിദ്അത്താണ്. അതിലുള്ള ഹദീസ് വ്യാജ നിർമ്മിതമാണ്. ഇത്തരം ബിദ്അത്തുകളെ വ്യക്തമാക്കി കൊണ്ടു മാത്രം ഞാൻ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അൽ ഈളാഹ് എന്നാണതിന്റെ പേര് (തുഹ്ഫ: 2/239).

ഇമാം നവവി(റ) ഈ നൂറു റക്അത്ത് നിസ്കാരത്തെ ശക്തമായ രീതിയിൽ തന്റെ ശർഹുൽ മുഹദ്ദിബിൽ എതിർത്തിട്ടുണ്ട് (ശർവാനി: 2/239).

എന്നാൽ നൂറ് റക്അത്ത് നിസ്കാരം ഇമാം ഗസാലി (റ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 

ബറാഅത്തു ദിനത്തിലെ നോമ്പ്

ഇമാം ശിഹാബുദ്ദീൻ റംലി(റ) പറയുന്നു: ശഅ്ബാൻ പകുതിയിൽ നോമ്പെടുക്കൽ സുന്നത്താണ്. ശഅ്ബാൻ പകുതിയുടെ രാത്രിയായാൽ നിങ്ങൾ നിസ്കരിക്കുകയും അതിന്റെ പകൽ നിങ്ങൾ നോമ്പനുഷ്ഠിക്കുകയും ചെയ്യുക എന്ന അലി(റ)യിൽ നിന്നു ഇബ്നുമാജ: റിപ്പോർട്ട് ചെയ്ത ഹദീസാണ് തെളിവ്.

ബറാഅത്തു രാവിന്റെ പകൽ എന്ന നിലക്കു തന്നെ നോമ്പ് സുന്നത്താണ് എന്നാണ് ഇമാം ശിഹാബുദ്ദീൻ റംലി(റ) പ്രസ്താവിച്ചത്. അയ്യാമുൽ ബീളിൽപ്പെട്ട ദിവസം എന്ന നിലയ്ക്കാണ് ശഅ്ബാൻ പകുതിയിലെ നോമ്പ് സുന്നത്തുള്ളത് എന്ന വീക്ഷണമാണ് ഇമാം ശിഹാബുദ്ദീൻ റംലി (റ)വിൻ്റെ ശിഷ്യൻ ഇമാം ഇബ്നു ഹജറിനിൽ ഹൈതമി(റ)ക്കുള്ളത് (ഫതാവൽ കുബ്റാ: 2/79). ആകയാൽ ശഅ്ബാൻ പതിനഞ്ചിനു നോമ്പ് സുന്നത്താണെന്നു ഇമാം ശിഹാബുദ്ദീൻ റംലി(റ)യും ഇമാം ഇബ്നു ഹജറും(റ) പ്രസ്താവിച്ചിട്ടുണ്ട്.

ശഅ്ബാൻ മാസം മുഴുവനും നോമ്പനുഷ്ഠിക്കൽ സുന്നത്തുണ്ട്. റജബ് മുഴുവനും നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. ചിലർ 96 ദിവസം നോമ്പനുഷ്ഠിക്കുന്നതായി കാണാം. റജബ്, ശഅ്ബാൻ, റമളാൻ, ശവ്വാലിലെ ആറു ദിവസം എന്നിങ്ങനെയാണ് 96 ദിവസം.

റജബ് മാസത്തിലും ശഅ്ബാൻ മാസത്തിലും പൂർണമായി നോമ്പനുഷ്ഠിക്കൽ സുന്നത്താണ് (ഫതാവൽ കുബ്റാ: 2/68, 76). റമളാൻ മാസം നിർബന്ധവും. തുടർന്ന് ചെറിയ പെരുന്നാൾ കഴിഞ്ഞു ആറു ദിവസം പ്രചാരപ്പെട്ട സുന്നത്തുമാണല്ലോ. ഇങ്ങനെ 96 ദിവസം നോമ്പനുഷ്ഠിക്കൽ വളരെ പുണ്യമുള്ളതും നല്ല കീഴ്‌വഴക്കവുമാണ് (ഫതാവൽ അസ്ഹരിയ്യ:).

മൂന്നു യാസീൻ

യാസീൻ സൂറത്ത് വിശുദ്ധ ഖുർആനിന്റെ ഹൃദയമാണ്. നിരവധി ഹദീസുകളിൽ യാസീൻ സൂറത്തിന്റെ മഹത്വം വിവരിച്ചിട്ടുണ്ട്.

നബിﷺപറഞ്ഞു: അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഒരു തവണ യാസീൻ സൂറത്ത് ഒരാൾ പാരായണം ചെയ്താൽ ഇരുപത്തി രണ്ടു തവണ ഖുർആൻ മുഴുവനും പാരായണം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ് (തഫ്സീർ ബൈളാവി: 2/228).

ബറാഅത്തു രാവിൽ മഗ്‌രിബിനു ശേഷം മൂന്ന് പ്രാവശ്യം യാസീൻ ഓതി പ്രാർത്ഥിക്കുന്ന സമ്പ്രദായം മുൻഗാമികൾ കാണിച്ചു തന്ന നല്ല മാതൃകയാണ്.

സയ്യിദ് മുർത്തളാ സബീദി(റ) രേഖപ്പെടുത്തുന്നു. ബറാഅത്തു രാവിൽ ഒരു യാസീൻ ഓതി ശേഷം ആ രാവിൽ പ്രത്യേകമായി അറിയപ്പെട്ട ദുആയും (പ്രസ്തുത പ്രാർത്ഥന താഴെ വരുന്നുണ്ട് . ) ആയുസ്സിൽ ബറകത്തുണ്ടാവാൻ പ്രാർത്ഥിക്കുകയും ചെയ്ത ശേഷം രണ്ടാമതും യാസീൻ ഓതി ഭക്ഷണത്തിൽ ബറകത്തുണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുകയും മൂന്നാം പ്രാവശ്യം യാസീൻ ഓതി ഈമാൻ ലഭിച്ചു മരിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന പതിവ് മുൻഗാമികളിൽ നിന്ന് പിൻഗാമികൾ അനന്തരമായി സ്വീകരിച്ചു പോന്നതാണ് (ഇത്ഹാഫുസ്സാദതിൽ മുത്തഖീൻ: 3/427).

ആദ്യത്തെ യാസീൻ ഓതി തനിക്കും താൻ ഇഷ്ടപ്പെടുന്നവർക്കും ആയുസ്സിൽ ബറകത്തിനു വേണ്ടി പ്രാർത്ഥിക്കുക. രണ്ടാം തവണ യാസീൻ പാരായണം ചെയ്തു ഭക്ഷണ വിശാലതയ്ക്കു വേണ്ടി പ്രാർത്ഥിക്കുക. മൂന്നാം പ്രാവശ്യം യാസീൻ ഓതി വിജയികളുടെ കൂട്ടത്തിൽ എഴുതപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുക എന്നാണ് ശൈഖു മുഹമ്മദ് ദംയാത്വി(റ) നിഹായത്തുൽ അമലിൽ (പേജ്: 280) രേഖപ്പെടുത്തിയത്. ഇത്ഹാഫിൽ പറഞ്ഞതും നിഹായയിൽ പറഞ്ഞതും തത്വത്തിൽ ഒന്നു തന്നെയാണ്.

എന്നാൽ ഇമാം അഹ്മദ് ദൈറബി(റ) തന്റെ മുജർറബാതിൽ (പേജ്: 17) പറയുന്നത് ആദ്യത്തെ യാസീൻ ദീർഘായുസ്സിനു വേണ്ടിയും രണ്ടാം തവണ വിപത്ത് ഒഴിഞ്ഞുപോകാൻ വേണ്ടിയും മൂന്നാം പ്രാവശ്യം സമ്പത്തിൽ ഐശ്വര്യത്തിനു വേണ്ടിയും പ്രാർത്ഥിക്കണമെന്നാണ്. അപ്പോൾ രണ്ടാം തവണ യാസീൻ ഓതി ഭക്ഷണ വിശാലതയ്ക്കു വേണ്ടി വിപത്ത് ഒഴിഞ്ഞു പോകാനും വേണ്ടി പ്രാർത്ഥിക്കുകയും മൂന്നാം തവണ യാസീൻ ഓതി അവസാനം നന്നായി മരിക്കാനും ഐശ്വര്യമുണ്ടാവാനും വേണ്ടി പ്രാർത്ഥിച്ചാൽ രണ്ടു അഭിപ്രായങ്ങളും അനുസരിച്ച് പ്രവർത്തിക്കലായി.◼️ *അസ്റിനു ശേഷമല്ല*

ബറാഅത്തു രാവുമായി ബന്ധപ്പെട്ട മൂന്നു യാസീൻ ഓതേണ്ടത് ബറാഅത്തു രാവിലാണ്. ഇശാ മഗ് രിബിൻ്റെ ഇടയിൽ - മഗ് രിബിൻ്റെ ഉടനെയാണ് ഉത്തമം എന്നു ചില ഗ്രന്ഥങ്ങളിൽ കാണാം. മറ്റു പല കിതാബുകളിലും രാത്രി എന്നാണുള്ളത്. 

അസ് റിനു ശേഷമെന്ന് ഒറ്റ കിതാബിലും കാണുന്നില്ല. കാണാൻ സാധ്യതയുമില്ല .കാരണം രാവിലാണല്ലോ ഓതേണ്ടത് . അതു പകലിൽ ഓതാൻ നിർദ്ദേശിക്കപ്പെടില്ല.

സൂറത്തുദ്ദുഖാൻ

ദുഖാൻ സൂറത്ത് ബറാഅത്ത് രാവിൽ പാരായണം ചെയ്യുന്ന സമ്പ്രദായം നമ്മുടെ നാടുകളിൽ വ്യാപകമാണല്ലോ. അതിനു അടിസ്ഥാനമുണ്ട്.

അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: ആരെങ്കിലും രാത്രി ദുഖാൻ സൂറത്ത് ഓതിയാൽ ദോഷങ്ങൾ പൊറുക്കപ്പെട്ടവനായി അവൻ പ്രഭാതത്തിൽ പ്രവേശിക്കുന്നതാണ് (അബൂ യഅലാ തഫ്സീറു ഇബ്നി കസീർ: 3/1551).

ഏതു രാത്രിയിൽ ഓതാനും പ്രസ്തുത ഹദീസ് രേഖയാണ്.

ബറാഅത്തു രാവും പ്രാർത്ഥനയും

പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്ന പ്രത്യേക രാവാണ് ശഅബാൻ പതിനഞ്ചിന്റെ രാവ്. കൽബ് ഗോത്രത്തിന്റെ ആറ്റിൻ പറ്റത്തിന്റെ രോമത്തിന്റെ എണ്ണത്തേക്കാൾ ജനങ്ങളെ അല്ലാഹു ഈ രാത്രിയിൽ നരകത്തിൽ നിന്നു മോചിപ്പിക്കുന്നതുകൊണ്ടാണ് മോചനം എന്നർത്ഥമുള്ള ‘ബറാഅത്ത്’ എന്ന പേർ വന്നത്.

നബിﷺപറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാവായാൽ ആ രാത്രിയിൽ നിങ്ങൾ നിസ്കരിക്കുകയും അതിന്റെ പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. കാരണം അന്നു സൂര്യാസ്തമയം മുതൽ പ്രഭാതം വരെ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ ഒന്നാം ആകാശത്തേക്ക് വർഷിക്കുകയും അല്ലാഹു ഇങ്ങനെ പറയുകയും ചെയ്യും. എന്നോട് പൊറുക്കലിനെ തേടുന്നവനില്ലേ, അവനു ഞാൻ പൊറുത്തു കൊടുക്കും. എന്നോട് ഭക്ഷണം തേടുന്നവനില്ലേ, അവനു ഞാൻ ഭക്ഷണം നൽകും. പരീക്ഷിക്കപ്പെട്ടവനില്ലേ അവനു ഞാൻ സുഖം നൽകും (ഇബ്നുമാജ, പേജ്: 99, അത്തർഗീബു വത്തർഹീബ്: 2/119).

ബറാഅത്തു രാവിന്റെയും നോമ്പിന്റെയും മഹത്വങ്ങൾ വിവരിക്കുന്ന ധാരാളം ഹദീസുകൾ കാണാം. പുണ്യകർമ്മങ്ങൾ നിർവ്വഹിക്കാൻ യോഗ്യതയുള്ള ഹദീസുകളാണവയെല്ലാം.

ബറാഅത്തു രാവ് പ്രാർത്ഥന കൊണ്ടു ധന്യമാക്കണം. സ്വഹാബി പ്രമുഖരായ ഉമറുൽ ഫാറൂഖ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) തുടങ്ങിയവർ ബറാഅത്തു രാവിൽ പ്രത്യേകമായി പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന ഇങ്ങനെ:

''അല്ലാഹുവേ, നീ ഞങ്ങളെ പരാചിതരുടെ കൂട്ടത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ അതു മായ്ച്ചു കളയുകയും വിജയികളുടെ കൂട്ടത്തിൽ എഴുതുകയും ചെയ്യേണമേ, നീ വിജയികളുടെ കൂട്ടത്തിലാണ് എഴുതിയതെങ്കിൽ നീ അതങ്ങനെ തന്നെ സ്ഥിരപ്പെടുത്തേണമേ. നിശ്ചയം, നീ ഉദ്ദേശിക്കുന്നത് മായ്ച്ചു കളയുകയും നീ ഉദ്ദേശിച്ചത് സ്ഥിരപ്പെടുത്തുകയും ചെയ്യും. നിന്റെ പക്കലിലാണ് മൂല ഗ്രന്ഥം '' (മിർഖാത്ത്: 2/178)

മൂലഗ്രന്ഥം എന്നതിന്റെ വിവക്ഷ ലൗഹുൽ മഹ്ഫൂളാണ് (തഫ്സീർ സ്വാവി: 2/234). അല്ലാഹു തീരുമാനിച്ചത് മാറ്റി എഴുതാൻ അവനു അധികാരമുണ്ട്. ആ മാറ്റി എഴുത്തും അവന്റെ തീരുമാനമാണ്.

ബറാഅത്തു രാവിൽ അല്ലാഹു ﷻ വിധിക്കുകയും ലൈലത്തുൽ ഖദ്റിൽ മലക്കുകളെ ഏൽപ്പിക്കുകയും ചെയ്യുമെന്നു ഇബ്നു അബ്ബാസ്(റ) വ്യക്തമാക്കിയിട്ടുണ്ട് (ജമൽ: 9/100). ബറാഅത്തു രാവിൽ കണക്കാക്കുക എന്നതിന്റെ വിവക്ഷയാണ് ഇബ്നു അബ്ബാസ്(റ) വിവരിച്ചത്. സർവ്വവും മുമ്പേ കണക്കാക്കിയിരിക്കേ ഓരോ വർഷവും കണക്കാക്കുകയെന്നാൽ കണക്കാക്കിയത് പകർത്തി എഴുതിയ ലിസ്റ്റ് മലക്കുകളെ ഏൽപ്പിക്കലാണുദ്ദേശ്യം.

നോമ്പ് നിഷിദ്ധം

ശഅ്ബാൻ പതിനഞ്ചിനു ശേഷം കേവലം സുന്നത്ത് നോമ്പ് നിഷിദ്ധമാണ്. ഫർള് നോമ്പ് ഖളാ വീട്ടൽ, പതിവുള്ള സുന്നത്ത് നോമ്പ് എന്നിവയൊന്നും ശഅ്ബാൻ പതിനഞ്ചിനു ശേഷം നിഷിദ്ധമല്ല. അതുപോലെ ശഅബാൻ പതിനഞ്ചിനു നോമ്പനുഷ്ഠിച്ചാൽ തുടർന്നു ബാക്കി ദിവസങ്ങളിലും ശഅ്ബാൻ അവസാനം വരെ തുടരെ നോമ്പനുഷ്ഠിക്കാം (ഇആനത്ത്: 2/267).

നിർഭാഗികൾ

പുണ്യങ്ങൾ നിറഞ്ഞ ബറാഅത്തു രാവിൽ പോലും ചിലർക്ക് പാപമോചനമോ കാരുണ്യമോ ലഭിക്കുന്നില്ല. തിരുനബിﷺപറയുന്നു: ശഅബാൻ പതിനഞ്ചിന്റെ രാവിൽ ബഹുദൈവാരാധകർ (ദീനീ കാര്യത്തിനു വേണ്ടിയല്ലാതെ) പരസ്പരം പിണങ്ങി നിൽക്കുന്നവർ, കൊലയാളി എന്നിവർ അല്ലാത്തവർക്കു മുഴുവനും അല്ലാഹു മഗ്ഫിറത്തു നൽകുന്നതാണ് (ഇബ്നുമാജ, അഹ്മദ്, മിർഖാത്ത്: 2/197).

അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: എന്റെ അരികിലേക്ക് ജിബ്‌രീൽ(അ) ശഅ്ബാൻ പകുതിയുടെ രാവിൽ വന്നു പറഞ്ഞു. ഇന്നത്തെ രാത്രി ബഹുദൈവാരാധകർ, സിഹ്ർ ചെയ്യുന്നവൻ, ജോത്സ്യൻ, പിണങ്ങി നിൽക്കുന്നവൻ, കള്ളുകുടി പതിവാക്കിയവൻ, വ്യഭിചാരം സ്ഥിരമാക്കിയവൻ, പലിശയുമായി ബന്ധപ്പെടുന്നവൻ, മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ, കുടുംബ ബന്ധം തകർക്കുന്നവൻ, നമീമത്ത് പറഞ്ഞു നടക്കുന്നവൻ എന്നിവർ ഒഴികെ എല്ലാവർക്കും അല്ലാഹു പൊറുത്തുകൊടുക്കും. ഇവർ തൗബ ചെയ്താൽ പൊരുത്തുകൊടുക്കും (ദുർറത്തു ന്നാസ്വിഹീൻ, പേജ്: 224).

ശഅ്ബാൻ പകുതിയുടെ രാവിനെക്കുറിച്ച് ഇമാം ഗസാലീ (റ) പറഞ്ഞത് പുണ്യങ്ങളുടെ ഉത്സവരാവ് എന്നാണ് ( ഇഹ് യാ: 1/361)

നിസ്കാരം ഖളാഅ് ഉള്ളവരുടെ ബറാഅത്തു രാവ്

പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്'ലിമിനും അഞ്ചു വഖ്ത് നിസ്കാരം നിർബന്ധമാണല്ലോ. ഇക്കാര്യം നമുക്കറിയാമല്ലോ. 

ഫർളു നിസ്കാരം ഖളാഉള്ളവർ ഖളാ വീട്ടൽ നിർബന്ധമാണ്. കാരണം ( അതിർ വിടാത്ത ഉറക്കം ,മറവി ) കൂടാതെ ഖളാ ആയതും കാരണത്തോടെ ഖളാ ആയതും ഖളാ വീട്ടൽ നിർബന്ധമാണ്.

മാത്രമല്ല, കാരണം കൂടാതെ നിസ്കാരം ഖളാ ആക്കിയവനു സുന്നത്തുനിസ്കാരവും സുന്നത്തായ മറ്റു കർമങ്ങളും ഫർളു കിഫയായതും (ഉദാ: മയ്യിത്തു നിസ്കാരം) പത്ര വായനയും കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കലുമെല്ലാം ഹറാമാണ്. വൻകുറ്റമാണ്. 

അത്തരം സമയങ്ങളിൽ മുഴുവനും നിസ്കാരം ഖളാ വീട്ടൽ നിർബന്ധമാണ്.നിർബന്ധ സമയം മറ്റൊന്നിൽ ചെലവഴിച്ചതാണ് മുമ്പ് വിവരിച്ച കാര്യങ്ങൾഹറാമാകാനുള്ള കാരണം നാം ആലോചിക്കുക

നമുക്ക് പ്രായം തികഞ്ഞ ശേഷം (15വയസ്സായാൽ എല്ലാവർക്കും പ്രായം തികയും. അതിൻ്റെ മുമ്പ് മനിയ്യ് പുറപ്പെട്ടാലും സ്ത്രീക്ക് ആർത്തവമുണ്ടായാലും പ്രായം തികയും = ഫത്ഹുൽ മുഈൻ =) വല്ല ഫർളു നിസ്കാരവും ഖളാ ഉണ്ടോ?

ഉണ്ടെന്ന മറുപടിയാണ് പലരുടെയും മനസ്സ് പറയുന്നതെങ്കിൽ അവ മുഴുവനും ഖളാ വീട്ടിയേ മതിയാകൂ. മറ്റു പരിഹാരമാർഗം അതിനില്ല. 

ഒരാൾക്ക് നിരവധി നിസ്കാരങ്ങൾ ഖളാഉണ്ട്. എത്രയെന്നറിയില്ല. എങ്കിൽ ഖളാആയ നിസ്കാരങ്ങൾ മുഴുവനും നിസ്കരിച്ചുവെന്ന ഉറപ്പ് വരുന്നതുവരെ ഖളാ വീട്ടുക തന്നെ. (തുഹ്ഫ: 1/440)

കാരണം കൂടാതെ നിസ്കാരം ഖളാഉള്ളവനു സുന്നത്തായ കർമങ്ങൾ, ഫർളു കിഫയായ കാര്യങ്ങൾ എല്ലാം ഹറാമാണ്. 

يحرم عليه التطوع وفروض الكفاية

എന്നു ഫത്ഹുൽ , തർശീഹ് അടക്കം നിരവധി ഗ്രന്ഥങ്ങളിൽ കാണാം. 

ബറാഅത്തു രാവിലും മറ്റും യാസീൻ സൂറത്തും മറ്റു നിർബന്ധമല്ലാത്ത കാര്യങ്ങളും പലരും ചെയ്യുമ്പോൾ കാരണം കൂടാതെ നിസ്കാരം ഖളാ ആക്കിയവർ യാസീൻ ഓതൽ ഹറാമാണ്. മറ്റു സുന്നത്തായ കർമം ചെയ്യലും ഹറാം തന്നെ.ഫർളു ഖളാ വീട്ടാൻ വേണ്ടി ചെലവഴിക്കേണ്ട സമയം അതിനു ചെലവഴിക്കാതെ മറ്റൊന്നിൽ ചെലവഴിച്ചുവെന്നതാണ് ഹറാമാകാനുള്ള കാരണം. ഫർള് ഖളാ വീട്ടാതെ വെറുതെയിരിക്കലും ഹറാമാണ്. 

ഫർളു നിസ്കാരം ഖളാ ആക്കിയവർ അല്ലാഹുവിന്നുള്ള കടം വീട്ടാനുള്ളവരാണ്. അതു വീട്ടാതെ മറ്റു അത്യാവശ്യമല്ലാത്തതിൽ ജോലിയിലും കർമത്തിലും ഏർപ്പെടരുത്. 

യാസീൻ ഓതിയോ എന്നു നാളെ നാഥൻ നിർബന്ധ രീതിയിൽ ചോദിക്കൂല. എന്നാൽ നാളെത്തെ ആദ്യ ചോദ്യം തന്നെ ഫർള് നിസ്കാരത്തെക്കുറിച്ചാണ്. ഇതു നാം മറക്കരുത്. 

നിരവധി നിസ്കാരം ഖളാ ഉള്ളവർ ഇതു വായിക്കുമ്പോൾ ചിലപ്പോൾ അത്ര രസിച്ചെന്നു വരില്ല. നാളെ ആഖിറത്തിൽ രസം കിട്ടാനാണ് ഇങ്ങനെ എഴുതുന്നതന്ന് മനസ്സിലാക്കുക. ഒരു ഫർളു നിസ്കാരമെങ്കിലും ഖളാ വീട്ടാൻ കഴിഞ്ഞാൽ ആ ഒരു കടമയെങ്കിലും പിരടിയിൽ നിന്നു ഒഴിവായല്ലോയെന്ന് ചിന്തിച്ചു നമുക്ക് ഖളാ വീട്ടാം.

മുഴുവനും ഖളാ വീട്ടാൻ തീരുമാനിച്ച് വീട്ടിക്കൊണ്ടിരിക്കേ അതിനിടയിൽ മരണപ്പെട്ടാൽ അതു അവൻ്റെ തൗബയായി അല്ലാഹു പരിഗണിക്കുമെന്ന് ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.  

ഫർളു വേഗത്തിൽ ഖളാ വീട്ടാൻ ഉണ്ടായിട്ടും അതു ചെയ്യാതെ സുന്നത്തിൽ ജോലിയാകുമ്പോൾ പിശാച് പൊട്ടിച്ചിരിക്കുകയാണ്. എന്നാൽ ഫർളു ഖളാ വീട്ടി പ്രാർത്ഥിക്കുമ്പോൾ പിശാച് കരയും. അവനെ നമുക്ക് കരയിപ്പിക്കണം. 

അത്യാവശ്യ ഉറക്കം, തൻ്റെയും ആശ്രിതരുടെയും ചെലവിനു വഴി തേടൽ, മറ്റു നിർബന്ധ കാര്യങ്ങൾ ചെയ്യൽ എന്നിവയല്ലാത്തതിലേക്ക് സമയം ചെലവഴിക്കൽ , വേഗത്തിൽ ഖളാ വീട്ടേണ്ട നിസ്കാരങ്ങൾ ഉള്ളവന് വൻ കുറ്റമാണ്. ഈ വസ്തുത നാം മറക്കരുത്.

കാരണം കൂടാതെ നിസ്കാരം ഖളാ ആക്കിയവൻ പള്ളിയിൽ എത്തിയപ്പോൾ അവിടെ സാധാ ജമാഅത്ത് നിസ്കാരം നടക്കുകയാണ്. ഇയാൾ അതിൽ പങ്കെടുക്കുകയാണോ വേണ്ടത് അതോ തൻ്റെ നിസ്കാരം ഖളാ വീട്ടുകയാണോ വേണ്ടത്?

ഖളാ വീട്ടുകയാണ് വേണ്ടത്.പ്രസ്തുത ജമാഅത്തിൽ പങ്കെടുക്കൽ അയാൾക്ക് ഹറാമാണ്

കാരണം കൂടാതെ നിരവധി നിസ്കാരങ്ങൾ ഖളാ ആക്കിയ വ്യക്തി തൻ്റെ അത്യാവശ്യ സമയമല്ലാത്ത മുഴുവൻ സമയവും ഖളാ വീട്ടാനായി മാറ്റി വെച്ച് ഖളാ വീട്ടണമെന്നു വ്യക്തമായി.എന്നാൽ ,ഖളാ വീട്ടാതെ കുറേ സുന്നത്തായ കാര്യങ്ങൾ നിർവ്വഹിച്ചു, അതിനു പ്രതിഫലം ലഭിക്കുമോ?

ആ കർമങ്ങൾ ഹറാമായ സമയത്താണ് നിർവ്വഹിച്ചത് .എന്നാലും പ്രതിഫലം ലഭിക്കുമെന്നഭി പ്രായമുണ്ട്. (അല്ലാഹു ﷻ പ്രതിഫലം തരട്ടെയെന്നു പ്രാർത്ഥിക്കാം)

ഹറാമായ സമയത്ത് ചെയ്തതു കൊണ്ട് പ്രതിഫലം ലഭിക്കില്ലന്നും നിരവധി പണ്ഡിതർ പറഞ്ഞിട്ടുണ്ട്.

നമുക്ക് ഖളാ വീട്ടാം

പലർക്കും നിരവധി ഫർളു നിസ്കാരങ്ങളാണു ഖളാഉള്ളത് അവർ സുന്നത്തായ കർമങ്ങൾ` `ചെയ്യുന്നതിനു പകരം ഫർളു` `ഖളാ വീട്ടാൻ തയ്യാറാവുക` .നാഥൻ തുണക്കട്ടെ`

ബറാഅത്തു രാവിലുള്ള മൂന്നു യാസീനും ആർത്തവകാരിയും

ബറാഅത്തു രാവിൽ സാധാരണമായി മൂന്നു യാസീൻ പാരായണം ചെയ്യുന്ന ഒരു നല്ല ആചാരമുണ്ടല്ലോ. ആർത്തവകാരിയായ എനിക്ക് യാസീൻ പാരായണം ചെയ്യാൻ പഴുതുണ്ടോ?

അതേ , പഴുതുണ്ട്. ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ യാസീൻ , മറ്റു സൂറത്തുകൾ പാരായണം ചെയ്യാം. അതു അനുവദനീയമാണ്. 

ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ആർത്തവകാരിക്കും പ്രസവ രക്തക്കാരിക്കും ഖുർആൻ മുഴുവനും പാരായണം ചെയ്യൽ അനുവദനീയമാണ്.

ഇക്കാര്യം ഇമാം ഇബ്നു ഹജർ(റ) തുഹ്ഫ: യിലും( 1/272) ഇമാം റംലി (റ) നിഹായ :യിലും (1/221) ഇമാം ഖത്വീബുശ്ശിർബീനീ (റ) മുഗ്നിനിയിലും (1/217 ) അർത്ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.മറ്റു നിരവധി ഫുഖഹാക്കൾ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. 

അതിനാൽ ആർത്തവത്തിൻ്റെ പേരിൽ ബറാഅത്ത് രാവിലുള്ള യാസീൻ, മറ്റു സൂറത്തുക്കൾ എന്നിവയൊന്നും മുടക്കേണ്ടതില്ല. 

ﺗﺴﻮﻳﺔ اﻟﻤﺼﻨﻒ ﺑﻴﻦ ﺃﺫﻛﺎﺭﻩ ﻭﻏﻴﺮﻫﺎ ﻣﻤﺎ ﺫﻛﺮ ﺻﺮﻳﺢ ﻓﻲ ﺟﻮاﺯ ﻛﻠﻪ ﺑﻼ ﻗﺼﺪ ﻭاﻋﺘﻤﺪﻩ ﻏﻴﺮ ﻭاﺣﺪ

 ( تحفة: ١ / ٢٧٢)

ﺃﻣﺎ ﺇﺫا ﻗﺮﺃ ﺷﻴﺌﺎ ﻣﻨﻪ ﻻ ﻋﻠﻰ ﻗﺼﺪ اﻟﻘﺮﺁﻥ ﻓﻴﺠﻮﺯ، ﻭﻟﻮ ﻋﺒﺮ اﻟﻤﺼﻨﻒ ﺑﻬﺎ ﻫﻨﺎ ﻛﺎﻥ ﺃﻭﻟﻰ ﻟﻴﺸﻤﻞ ﻣﺎ ﻗﺪﺭﺗﻪ، ﺑﻞ ﺃﻓﺘﻰ ﺷﻴﺨﻲ ﺑﺄﻧﻪ ﻟﻮ ﻗﺮﺃ اﻟﻘﺮﺁﻥ ﺟﻤﻴﻌﻪ ﻻ ﺑﻘﺼﺪ اﻟﻘﺮﺁﻥ ﺟﺎﺯ

 ( مغني : ١ / ٢١٧)


ബറാഅത്തു രാവിൽ മധുര പലഹാരം

ബറാഅത്തു രാവിൽ ശർക്കരച്ചോറ് , പായസം , മറ്റു പലഹാരം എന്നിവ ഉണ്ടാക്കുന്ന പതിവ് ചില നാടുകളിൽ ഉണ്ട്.ഇതിന് തെളിവുണ്ടോ?

ഉണ്ടല്ലോ. ഭക്ഷണത്തിൻ്റെ 'കറി'യോടുകൂടെ പഴവർഗം കൂടി നൽകുന്ന പതിവ് നാട്ടിലുണ്ടെങ്കിൽ 'കറി'യോടൊപ്പം പഴ വർഗംകൂടി ഭർത്താവ് ഭാര്യക്ക് നൽകൽ നിർബന്ധമാണ് എന്ന മസ്അല വിവരിച്ച് കൊണ്ട് ഇമാം സുലൈമാനുൽ ജമൽ (റ) വിവരിക്കുന്നു: ശഅ്ബാൻ പതിനഞ്ചാം (ബറാഅത്ത്) രാവിൽ പതിവുള്ള മധുര പലഹാരം 

الحلوى ليلة نصف شعبان

 ഭർത്താവ് നൽകലും നിർബന്ധമാണ്. (ഹാശിയത്തുൽ ജമൽ: 4490)

ﻧﻘﻞ ﻋﻦ ﺷﻴﺨﻨﺎ ﺃﻥ ﻣﺎ ﺟﺮﺕ ﺑﻪ اﻟﻌﺎﺩﺓ ﻣﻦ ﺃﻥ اﻟﻔﺎﻛﻬﺔ ﺇﻥ ﻛﺎﻧﺖ ﺗﺰﻳﺪ ﻋﻠﻰ اﻷﺩﻡ ﺗﺠﺐ ﻣﻊ اﻷﺩﻡ، ﻭﻛﺬا ﻣﺎ اﻋﺘﻴﺪ ﻣﻦ اﻟﻜﻌﻚ ﻭاﻟﻨﻘﻞ ﻭاﻟﺴﻤﻚ ﻓﻲ اﻟﻌﻴﺪ اﻟﺼﻐﻴﺮ ﻭاﻟﺤﻠﻮﻯ ﻟﻴﻠﺔ ﻧﺼﻒ ﺷﻌﺒﺎﻥ

(حاشية الجمل: 4/490)

ബറാഅത്തു രാവിൽ മധുര പലഹാരം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഫുഖഹാഹ്

 ما اعتيد من الحلوى ليلة نصف شعبان

ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിൽ പതിവുള്ളത് എന്നു പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. 

നമ്മുടെ പൂർവ്വീകർ ബറാഅത്തു രാവിൽ പ്രത്യേകതരം ഭക്ഷണവിഭവം ഉണ്ടാക്കുകയും അങ്ങനെ വീട്ടുകാരെ സന്തോഷിപ്പിക്കുകയും ചെയ്ത ആചാരം ഇന്നും പല നാടുകളിലും പതിവുണ്ട്.



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Tuesday, 14 January 2025

ബാങ്ക് വിളിയിൽ രണ്ടു ഹയ്യഅലകളിൽ മുഖം തിരിക്കേണ്ട രീതി എങ്ങനെയാണ്?

 

രണ്ടു ഹയ്യഅലകൾക്കും കൂടി മൊത്തം രണ്ടു തിരിച്ചിലോ അതോ നാലുതിരിച്ചിലോ? ഏതാണു ശരിയായ രീതി ? രണ്ടു രീതിയും ശരിയാണെങ്കിൽ ഏറ്റവും നല്ല രീതിയേത്? 


വിശദീകരിക്കാം. രണ്ടു രീതിയും ശരിയാണ്. എന്നാൽ ഏറ്റവും ശരിയായ രീതി - മദ്ഹബിലെ പ്രബല വീക്ഷണം - രണ്ടു ഹയ്യഅലകൾക്കും കൂടി ഓരോ പ്രാവശ്യം തിരിയലും അങ്ങനെ മൊത്തം രണ്ടു പ്രാവശ്യം തിരിയലുമാണ്. തുഹ്ഫ: ശർവാനി: 1/469 , നിഹായ :1/410)

വിശദീകരണം

ഹയ്യഅലയിൽ തിരിയേണ്ട ഏറ്റവും നല്ല രീതി ഇങ്ങനെ: '' ബാങ്ക് വിളിയിലെ حي على الصلاة എന്നത് തുടങ്ങുമ്പോൾ വലതുഭാഗത്തേക്ക് തിരിയാൻ തുടങ്ങുക , അങ്ങനെ حي على الصلاة എന്നത് അവസാനിക്കലോടു കൂടി പകുതി തിരിയൽ മാത്രം പൂർത്തിയാക്കുക . വീണ്ടും حي على الصلاة എന്നു തുടങ്ങുകയും തിരിയൽ പകുതി മുതൽ ആരംഭിക്കുകയും ചെയ്യുക. അങ്ങനെ حي على الصلاة അവസാനിപ്പിക്കലും തിരിയൽ അവസാനിപ്പിക്കലും ഒരുമിച്ചാക്കുക. 

ഇപ്പോൾ ഹയ്യ അലസ്വലായുടെ രണ്ടു പ്രാവശ്യത്തിനും കുടി വലത്തോട്ട് കവിൾത്തടം കൊണ്ട് ഒരു തവണ മാത്രം തിരിയലാണുണ്ടായത്. 

അതുപോലെ حي على الفلاح ൻ്റെ രണ്ടു പ്രാവശ്യത്തിനും കൂടി ഇടത്തോട്ട് ഇടത് കവിൾത്തടം ഒരു പ്രാവശ്യം മാത്രം തിരിയുക [ ഇപ്പോൾ നാലു ഹയ്യഅലകളിലും തിരിയലുണ്ടായിട്ടുണ്ട്. രണ്ടു ഭാഗത്തേക്കും ഓരോ തിരിയൽ മാത്രം . 

മറ്റൊരു സുന്നത്തായ രീതി (പ്രബല വീക്ഷണമല്ല)

ഹയ്യഅല സ്വലാ .. എന്നു പറയുമ്പോൾ വലതുഭാഗത്തേക്ക് വലതു കവിൾ തിരിക്കുക. പിന്നെ ഖിബ് ലയിലേക്ക് മുഖം തിരിച്ച് രണ്ടാമത്തെ ഹയ്യഅലാ സ്വലാ .. ഖിബ് ലക്ക് മുന്നിട്ട് തുടങ്ങി പിന്നെയും വലതുഭാഗത്തേക്ക് വലതു കവിൾത്തടം തിരിക്കുക . 

പിന്നെ ഖിബ് ലയിലേക്ക് മുഖം തിരിച്ച് ഇങ്ങനെ രണ്ടു പ്രാവശ്യം ഹയ്യഅല സ്വലാ ..ക്കു രണ്ടു തവണ മുഖം തിരിച്ചതു പോലെ ഹയ്യഅൽ ഫലാഹി നും രണ്ടു പ്രാവശ്യം ഇടതുഭാഗത്തേക്ക് ഇടതു കവിൾത്തടം തിരിക്കുക .[ ആകെ നാലു തവണ തിരിക്കൽ ]  (ശർഹുൽ മുഹദ്ദബ്: 3/106)

  ﻛﻴﻔﻴﺔ اﻻﻟﺘﻔﺎﺕ اﻟﻤﺴﺘﺤﺐ ﺃﺻﺤﻬﺎ ﻭﺑﻪ ﻗﻄﻊ اﻟﻌﺮاﻗﻴﻮﻥ ﻭﺟﻤﺎﻋﺔ ﻣﻦ اﻟﺨﺮاﺳﺎﻧﻴﻴﻦ ﺃﻧﻪ ﻳﻠﺘﻔﺖ ﻋﻦ ﻳﻤﻴﻨﻪ ﻓﻴﻘﻮﻝ ﺣﻲ ﻋﻠﻰ اﻟﺼﻼﺓ ﺣﻲ ﻋﻠﻰ اﻟﺼﻼﺓ ﺛﻢ ﻳﻠﺘﻔﺖ ﻋﻦ ﻳﺴﺎﺭﻩ ﻓﻴﻘﻮﻝ ﺣﻲ ﻋﻠﻰ اﻟﻔﻼﺡ ﺣﻲ ﻋﻠﻰ اﻟﻔﻼﺡ

ﻭاﻟﺜﺎﻧﻲ ﺃﻧﻪ ﻳﻠﺘﻔﺖ ﻋﻦ ﻳﻤﻴﻨﻪ ﻓﻴﻘﻮﻝ ﺣﻲ ﻋﻠﻰ اﻟﺼﻼﺓ ﺛﻢ ﻳﻌﻮﺩ ﺇﻟﻰ اﻟﻘﺒﻠﺔ ﺛﻢ ﻳﻠﺘﻔﺖ ﻋﻦ ﻳﻤﻴﻨﻪ ﻓﻴﻘﻮﻝ ﺣﻲ ﻋﻠﻰ اﻟﺼﻼﺓ ﺛﻢ ﻳﻠﺘﻔﺖ ﻋﻦ ﻳﺴﺎﺭﻩ ﻓﻴﻘﻮﻝ ﺣﻲ ﻋﻠﻰ اﻟﻔﻼﺡ ﺛﻢ ﻳﻌﻮﺩ ﺇﻟﻰ اﻟﻘﺒﻠﺔ ﺛﻢ ﻳﻠﺘﻔﺖ ﻋﻦ ﻳﺴﺎﺭﻩ ﻓﻴﻘﻮﻝ ﺣﻲ ﻋﻠﻰ اﻟﻔﻼﺡ( شرح المهذب : 3 / 106)

 ﻗﻮﻟﻪ: ﻳﻤﻴﻨﺎ ﻣﺮﺓ ﻓﻲ ﻣﺮﺗﻲ ﺣﻲ ﻋﻠﻰ اﻟﺼﻼﺓ ﻭﻳﺴﺎﺭا ﻣﺮﺓ ﻓﻲ ﻣﺮﺗﻲ حي على الفلاح) ﺃﻱ ﺣﺘﻰ ﻳﺘﻤﻬﻤﺎ ﻓﻲ اﻻﻟﺘﻔﺎﺗﻴﻦ ﻧﻬﺎﻳﺔ: 410/1 , ﻭﻣﻐﻨﻲ شرواني: 469/1)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Tuesday, 7 January 2025

PDF ഫയലുകൾ ലഭിക്കുന്നതിനായി


ഇവിടെ ക്ലിക്ക് ചെയ്യുക


അറബി കിത്താബുകളും , ദീനിപരമായ PDF , മറ്റു നോട്ടുകൾ , വാർത്തകൾ , അറബി പത്രങ്ങൾ തുടങ്ങിയവ ലഭിക്കുന്നതിനായി ഈ ടെലഗ്രാം ഗ്രൂപ്പ് പ്രയോജനപ്പെടുത്താം. 


ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ ഇൻവാലിഡ് പേജ് അല്ലെങ്കിൽ എറർ മെസ്സേജ് വരികയാണെങ്കിൽ നിങ്ങൾ ടെലെഗ്രാമിൽ താഴെ കാണുന്ന ലിങ്ക് നിങ്ങളുടെ സേവ്ഡ് മെസ്സേജിൽ കോപ്പി ചെയ്യുക , ശേഷം അവിടെ നിന്ന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://t.me/Kithaaab

Friday, 3 January 2025

തലപ്പാവും ചരിത്രവും

 


സുൽത്താന്മാരും പണ്ഡിതന്മാരും യോദ്ധാക്കളും മുതൽ സാധാരണക്കാർ വരെയുള്ള മുസ്‌ലിം പുരുഷന്മാർ തലമറക്കുന്നത് കേവലം ആചാരമോ പ്രാക്ടീസിംഗോ മാത്രമല്ല. പദവി, അഭിമാനം തുടങ്ങിയവയുടെ സൂചകം കൂടിയാണ്. മുസ്‌ലിം പുരുഷന്മാരെ ഇതര വിശ്വാസികളിൽ നിന്ന് ഇത് വേർതിരിച്ചറിയിക്കുകയും ചെയ്യുന്നു. പുരുഷന്മാരെ സംബന്ധിച്ച് തല മറക്കുന്നത് വളരെ പ്രധാനമായിരുന്നു. ചില ഇസ്‌ലാമിക സംസ്‌കാരങ്ങളിൽ പുരുഷൻ തല നഗ്‌നമായിടുന്നത് തന്നെ അസാധാരണമായിരുന്നു. ശിരോവസ്ത്രങ്ങൾക്ക് ഓരോ പ്രദേശത്തിനും കാലാവസ്ഥക്കുമനുസരിച്ച് വ്യത്യാസമുണ്ടെങ്കിലും, ആധുനിക ലോകത്ത് മുസ്‌ലിം പുരുഷന്മാർക്ക് തലമറക്കുന്നത് മിക്കവാറും ഫാഷനായി മാറിയിട്ടുണ്ട്. പതിവായി തലമറക്കുന്നത് സാധാരണയായി ഇസ്‌ലാമിക പണ്ഡിതന്മാരിലും ചില പുരുഷന്മാരിലും മാത്രമേ ഇന്ന് കാണപ്പെടുന്നുള്ളൂ. അതേസമയം ചെറിയ, മടക്കാവുന്ന തലയോട്ടി തൊപ്പികൾ ചില മുസ്‌ലിം പുരുഷന്മാർ പ്രാർഥനക്കോ മറ്റ് ആരാധനകളിൽ ഏർപ്പെടുന്നതിന് മുമ്പോ ഇടക്കിടെ ധരിക്കുന്നുണ്ട്. പുരുഷന്മാർ ശിരോവസ്ത്രം ധരിക്കുന്നതിൻ്റെ വർണാഭമായതും മനോഹരവുമായ പാരമ്പര്യം ദൈനംദിന ഉപയോഗത്തിൽ നിന്ന് ക്രമേണ അപ്രത്യക്ഷമാകുന്നതിനെ പരിശോധിക്കുകയാണ് ഈ ലേഖനം.

തലപ്പാവ്

പ്രവാചകർ മുഹമ്മദ് നബി ﷺ തലപ്പാവ് ധരിക്കുകയും സ്വഹാബികളെ അത് ധരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തിരുന്നു. നബി ﷺ ധരിച്ച തലപ്പാവിൻ്റെ വാലറ്റം തോളിൽ തൂങ്ങിക്കിടക്കുന്നതായി നിരവധി ഹദീസ് രേഖകൾ കാണാം. ഇബ്‌നു ഉമർ (റ) പറയുന്നു: "നബി ﷺ തന്റെ തലപ്പാവ് കെട്ടുമ്പോൾ അതിൻ്റെ വാൽ അനുഗൃഹീതമായ ആ തോളിൽ തൂക്കിയിടും.

ഹിജ്റ എട്ടാം വർഷം മക്കാ ഫത്ഹിൻ്റെ വേളയിൽ നബി ﷺ കറുത്ത തലപ്പാവ് ധരിച്ചാണ് നഗരത്തിൽ പ്രവേശിച്ചത്. മദീനയിലെ അൻസാറുകളും സ്വഹാബികളിൽ പലരും മഞ്ഞ തലപ്പാവ് ധരിച്ചിരുന്നതായി കരുതപ്പെടുന്നു. അതുപോലെ, ബദ്ർ യുദ്ധത്തിൽ മുസ്‌ലിംകളുടെ സഹായത്തിനെത്തിയ മാലാഖമാർ സുബൈർ ഇബ്‌നു അൽ അവ്വാമിൻ്റെ ധീരതക്കുള്ള ആദരസൂചകമായി സ്വർണ നിറത്തിലുള്ള തലപ്പാവ് ധരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

'തലപ്പാവ് അറബികളുടെ കിരീടമാണ്.' എന്ന ഹദീസ് ബലംകുറഞ്ഞതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇമാം ബൈഹഖി റഹ് (994-1066) ഈ ഹദീസ് ശിഅ്ബുൽ ഈമാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിൻ്റെ അടയാളമായ തലപ്പാവിന് നൽകിയ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു.

നബി ﷺ യുടെ വഫാത്തിന് ശേഷവും പുരുഷന്മാർ തലപ്പാവ് ധരിക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് പണ്ഡിതവിഭാഗം. പ്രസിദ്ധമായ ഒരു കഥയിൽ, ഇമാം മാലിക് റഹ് (711-795) ദർസിലേക്ക് പോകുമ്പോൾ അദ്ദേഹത്തിൻ്റെ ഉമ്മ തലയിൽ തലപ്പാവ് ചുറ്റിക്കൊടുക്കുമായിരുന്നു എന്നു കാണാം. ഇമാം മാലിക് റഹ് കൂട്ടിച്ചേർക്കുന്നു: "ഇസ്‌ലാമിൻ്റെ തുടക്കം മുതൽ തന്നെ തലപ്പാവു ധരിക്കുന്ന പതിവുണ്ട്, നമ്മുടെ കാലം വരെ അത് അവസാനിപ്പിച്ചിട്ടില്ല. തലപ്പാവ് ധരിച്ചിട്ടല്ലാതെ മികവുറ്റ ആളുകളുടെ കൂട്ടത്തിൽ ആരെയും ഞാൻ കണ്ടില്ല.

പ്രത്യേക വിഭാഗത്തിൻ്റെയോ മതപരമായ സ്ഥാനവുമായോ ത്വരീഖത്തുകളുമായോ ബന്ധം പ്രകടിപ്പിക്കാൻ പല തരത്തിലും ശൈലികളിലും തലപ്പാവ് ധരിക്കാറുണ്ട്. ഖുർആൻ മനഃപാഠമാക്കുകയോ ഇസ്‌ലാമിക പഠനം പൂർത്തിയാക്കുകയോ മതപരമായ കടമകൾ നിറവേറ്റുകയോ ചെയ്‌ത വിദ്യാർഥികൾക്ക് തങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി ഗുരുനാഥർ തലപ്പാവ് ധരിപ്പിക്കുന്ന സംസ്‌കാരം നിലവിലുണ്ട്. ചുവന്ന നിറത്തിലുള്ള തൊപ്പിയിൽ ചുറ്റപ്പെട്ട തലപ്പാവ്, ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ ഇസ്‌ലാമിക സർവകലാശാലകളിലൊന്നായ അൽ-അസ്ഹർ സർവകലാശാലയിലെ ബിരുദധാരിയെ സൂചിപ്പിക്കുന്നു. അതേ സമയം യമനിലെ ദാറുൽ മുസ്‌തഫയിലെ വിദ്യാർഥികളെയും ദാറുൽ ഉലൂമിൽ പഠിക്കുന്നവരെയും അവർ ധരിക്കുന്ന തലപ്പാവ് കൊണ്ട് തിരിച്ചറിയാം. തുർക്കിയിലെയും ബാൽക്കണിലെയും എല്ലാ സർക്കാർ ഇമാമുമാരും ഖത്തീബുമാരും വെളുത്ത തലപ്പാവു ചുറ്റിയ കടുപ്പമുള്ള ചുവന്ന തൊപ്പിയാണ് ധരിക്കുന്നത്.

തലപ്പാവും ശിരോവസ്ത്രവും വ്യക്തിയുടെ രാഷ്ട്രീയ ബന്ധം തിരിച്ചറിയാനുള്ള എളുപ്പവഴി കൂടിയായിരുന്നു. അബ്ബാസി കാലഘട്ടത്തിൽ (750-1258), അംഗങ്ങളെയും അനുഭാവികളെയും തിരിച്ചറിയാൻ രാജവംശം കറുത്ത വസ്ത്രം ഉപയോഗിച്ചിരുന്നു. ഖലീഫയും അദ്ദേഹത്തിന്റെ കൊട്ടാര ഉദ്യോഗസ്ഥരും പണ്ഡിതന്മാരും ഖത്തീബുമാരും ഉൾപ്പെടെ കറുത്ത തലപ്പാവും വസ്ത്രവും ധരിച്ചിരുന്നു. വടക്കേ ആഫ്രിക്കയിലെയും അൻദുലുസിലെയും മുറാബിതൂനികൾ (സി ഇ 1050-1147) മൂടുപടം (Litham) ധരിക്കുന്ന പുരുഷന്മാരാൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത് ഉപ സഹാറൻ ആഫ്രിക്കയിലെ അവരുടെ നാടോടി വേരുകളെ പ്രതിഫലിപ്പിക്കുന്നു. മുവാഹിദൂൻ (1121-1269) മുറാബിതൂനിനെ അട്ടിമറിച്ച് മൂടുപടം ധരിക്കുന്നത് നിരോധിച്ചു. പിന്നീട് തെക്കൻ മൊറോക്കോയിലെ അറ്റ്ലസ് പ്രദേശങ്ങളിൽ ബെർബർ ശൈലിയിലുള്ള തലപ്പാവ് മാത്രം ജനപ്രിയമായി.


ശിരോവസ്ത്രവും ഐഡൻ്റിറ്റിയും

മംലൂക്ക് (1260-1517), ഓട്ടോമൻ (1299-1922) കാലഘട്ടങ്ങളിലെ തലപ്പാവിൻ്റെ രൂപം, വലുപ്പം, പൊതിയുന്ന രീതി, നിറം, മെറ്റീരിയൽ എന്നിവ ധരിക്കുന്നയാളും അദ്ദേഹത്തിൻ്റെ തൊഴിലും സംബന്ധിച്ച പ്രധാന സൂചകങ്ങളായിരുന്നു. സമൂഹത്തിലെ മിക്കവാറും എല്ലാ അംഗങ്ങളും ശിരോവസ്ത്രം ധരിച്ചിരുന്നു, അത് മതസമൂഹങ്ങളെ വേർതിരിച്ചറിയാൻ സഹായിച്ചു. ഓട്ടോമൻ കാലഘട്ടത്തിൽ, മുസ്‌ലിംകൾ വെള്ള ശിരോവസ്ത്രം ധരിച്ചിരുന്നതായി പറയപ്പെടുന്നു. അതേസമയം ജൂതന്മാർ പച്ചയും സൗരാഷ്ട്രക്കാർ കറുപ്പും ക്രിസ്‌ത്യാനികൾ നീലയും ധരിച്ചിരുന്നു.

ശിരോവസ്ത്രത്തിന് ആത്മീയ പ്രാധാന്യവും നൽകിയിരുന്ന പതിവുണ്ടായിരുന്നു. ഓട്ടോമൻ സുൽത്താന്മാരും ഉന്നത ഉദ്യോഗസ്ഥരും തങ്ങളുടെ കഫൻ വച്ചു തലപ്പാവ് കെട്ടുന്നത്, മരണത്തിന്റെയും മരണാനന്തര ജീവിതത്തിൻ്റെയും ഓർമപ്പെടുത്തലുകളായി കണ്ടു. പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിൽ സൂഫിസം വ്യാപകമായതോടെ, വ്യത്യസ്‌ത ആത്മീയ ത്വരീഖത്തുകളെ വേർതിരിച്ചറിയാൻ ശിരോവസ്ത്രങ്ങളും ഉപയോഗിച്ചു. പൊക്കമുള്ള തൊപ്പി മുതൽ, നഖ്‌ശബന്ദി- ഹഖാനിയുടെ കൂർത്ത കിരീടത്തൊപ്പിയും (താജ്) അവയുടെ വർണാഭമായ വലിയ തലപ്പാവും വരെ അതിൽ ഉൾപ്പെട്ടിരുന്നു. ശിരോവസ്ത്രങ്ങൾ പലപ്പോഴും ത്വരീഖത്തിലെ മർതബകളെ (സ്റ്റേജുകളെ) സൂചിപ്പിച്ചിരുന്നു. പച്ച തലപ്പാവ് പലപ്പോഴും ഓട്ടോമൻ കാലഘട്ടത്തിൽ പ്രതാപികളുടേതായും അഹ്‌ലു ബൈത്തിൻ്റേതായും അറിയപ്പെട്ടിരുന്നു.

വിവിധ ഗോത്രങ്ങളെയും വംശങ്ങളെയും വേർതിരിച്ചറിയാൻ ശിരോവസ്ത്രം വഴി സാധിച്ചിരുന്നു. മധ്യേഷ്യയിൽ തുർക്കി നാടോടികൾ മനോഹരമായി അലങ്കരിച്ച ഉയ്‌ഗൂർ ഡോപ്പയിൽ നിന്നും കിർഗിസിന്റെ ഉയരം കൂടിയ വക്കുകളുള്ള അക്-കൽപകിൽ നിന്നും സൽജൂഖ് സൈനികരും ഉദ്യോഗസ്ഥരും ധരിച്ചിരുന്ന രോമങ്ങളുള്ള ഷാർബുഷ് വരെ വിവിധതരം രോമങ്ങൾ നിറഞ്ഞ തൊപ്പികൾ ഉപയോഗിച്ചിരുന്നു. അതുപോലെ, അഫ്ഗാനിസ്ഥാനിലും വടക്ക്-പടിഞ്ഞാറൻ പാകിസ്ഥാനിലും ഉടനീളം ധരിക്കുന്ന വലിയ തലപ്പാവുകൊണ്ടോ അല്ലെങ്കിൽ പരന്ന ടോപ്പുള്ള കമ്പിളി തൊപ്പിയായ പക്കോൾ കൊണ്ടോ അഫ്‌ഗാനികളെ ഇപ്പോഴും തിരിച്ചറിയാൻ കഴിയും. അതേസമയം, കിഴക്കൻ ആഫ്രിക്കയിലും ഒമാനിലും, വർണാഭമായ സോഫ്റ്റ് കുമ്മ ഇപ്പോഴും മിക്ക പുരുഷന്മാരും ധരിക്കുന്നു. യുവ ഒമാനികളുടെ പലപ്പോഴും ധരിക്കുന്നയാളുടെ ഫാഷൻ, ശൈലി, പ്രദേശം എന്നിവയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.


ആധുനിക വത്കരണം

പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും, മുസ്‌ലിം ശിരോവസ്ത്രം, പ്രത്യേകിച്ച് ഓട്ടോമൻ പ്രദേശങ്ങളിൽ, വലിയ മാറ്റത്തിന് വിധേയമായി. വിനാശകരമായ തോൽവികൾക്കും പ്രദേശങ്ങളുടെ നഷ്ടത്തിനും ശേഷം സൈന്യവുമായി ചേർന്ന് ഭരണകൂടത്തെ നവീകരിക്കാനുള്ള ഓട്ടോമൻ ശ്രമങ്ങളുടെ ഭാഗമായി സുൽത്താൻ മഹ്‌മൂദ് രണ്ടാമൻ (1785-1839) ചുവന്ന ഫെസ് അല്ലെങ്കിൽ ടാർബുഷ് അവതരിപ്പിച്ചു. ഇതിലൂടെ ഓട്ടോമൻ സമൂഹത്തിലാകെ തലപ്പാവ് മാറ്റിസ്ഥാപിക്കാനായി. 1826 ലെ പണ്ഡിത വിഭാഗം ഒഴികെ. ഓട്ടോമൻ സമൂഹത്തെ ഏകീകരിക്കാനും വംശീയ - മത വിഭാഗങ്ങളെ വസ്ത്രവും ശിരോവസ്ത്രവും കൊണ്ട് വേർതിരിക്കുന്ന മുൻ വസ്ത്ര നിയമങ്ങളെ മാറ്റിസ്ഥാപിക്കാനും ഈ ശ്രമത്തിന്റെ ഭാഗമായി സാധിച്ചു. 1860 കളിലും 70 കളിലും മുസ്‌ലിം പുരുഷൻ്റെ സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു പ്രതീകമായിരുന്നു ഫെസ്. ബാൽക്കൺ മുതൽ കിഴക്കൻ ആഫ്രിക്ക വരെ, മൊറോക്കോ മുതൽ ഇന്ത്യ വരെ, ഹൈദരബാദി റൂമി ടോപ്പി (5), മലായ് സോങ്കോക്ക് / കോപിയ തുടങ്ങിയ ഫെസിൻറെ പ്രാദേശിക വകഭേദങ്ങൾ ജനപ്രിയമായി മാറി.(6) 1866ൽ, ഓട്ടോമൻ തലസ്ഥാനം അതിൻ്റെ ആധുനിക രൂപം വരിച്ച ഘട്ടത്തിൽ സുൽത്താൻ അബൂബക്കറിൻ്റെ ഓട്ടോമൻ സന്ദർശനത്തെത്തുടർന്ന് അവിടെയും ഫെസ് ജനപ്രിയമായി. പത്തൊമ്പതാം നൂറ്റാണ്ടിൽ ആഫ്രിക്കയുടെ ഭൂരിഭാഗവും യൂറോപ്യൻ കൊളോണിയൽ ശക്തികൾക്ക് കീഴിലായതോടെ, കൊളോണിയൽ ഏജൻ്റുമാരും ഉദ്യോഗസ്ഥരും തദ്ദേശീയരായ സൈനികരും ചുവന്ന ഫെസ് സാധാരണയായി ധരിച്ചു തുടങ്ങി.

കോളനിവൽകരണ കാലഘട്ടം, മുസ്‌ലിംകളുടെ ഫെസും തലപ്പാവും യൂറോപ്യൻ ഫാഷനിലേക്ക് പ്രവേശിച്ച ഒരു പ്രത്യേക സാംസ്‌കാരിക വിനിമയത്തിനും സാക്ഷ്യം വഹിച്ചു. 1830ൽ ഫ്രാൻസിൻറെ അൾജീരിയൻ കോളനിവൽകരണത്തെത്തുടർന്ന്, വടക്കേ ആഫ്രിക്കൻ ഫാഷൻ പ്രത്യേകിച്ചും ഫ്രഞ്ച് സോവസ് റെജിമെൻ്റുകൾ, നേറ്റീവ് ലൈറ്റ് ഇൻഫൻട്രി എന്നിവ ജനപ്രിയമാക്കി. അവർ പരമ്പരാഗത ചുവന്ന മൃദുവായ ടസിൽഡ് ഫെസ് പോലെയുള്ള ചെചിയ (chechia)യും തലപ്പാവും ധരിച്ചിരുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധ സമയത്ത് 70 സൂവേവ് റെജിമെൻ്റുകളെങ്കിലും ചെചിയയോടൊപ്പം പൂർണമായി വളർത്തിയെടുക്കുന്ന തരത്തിൽ, സോവയുടെ പ്രതിഛായ വളരെ ഫാഷനായി മാറി. വിക്ടോറിയൻ ഇംഗ്ലണ്ടിന്റെ കാലത്ത്, മിഡിൽ ഈസ്റ്റേൺ ശൈലികൾ സ്വാധീനിച്ച മൃദുവായ പുകവലി തൊപ്പി (പുകവലിക്കുമ്പോൾ പുക മുടിയിൽ തങ്ങിനിൽക്കാതിരിക്കാൻ ഉപയോഗിക്കുന്നത്) പുരുഷന്മാർ ധരിക്കുമായിരുന്നു. 1872ൽ, പുരാതന അറബിക് ഓർഡർ ഓഫ് ദി നോബിൾസ് ഓഫ് ദി മിസ്റ്റിക് ഷൈൻ അല്ലെങ്കിൽ ശ്രീനേഴ്‌സ് എന്നറിയപ്പെടുന്ന ഒരു മസോണിക് സൊസൈറ്റി, ചുവന്ന ഫെസ് സാഹോദര്യത്തിന്റെ ഔദ്യോഗിക ശിരോവസ്ത്രമായി സ്വീകരിച്ചു, അത് ഇന്നും അവർ ധരിക്കുന്നു. 

ഒന്നാം ലോകമഹായുദ്ധസമയത്ത് ഓട്ടോമൻസിൻ്റെ തോൽവിയും ഒരു പുതിയ ടർക്കിഷ് റിപ്പബ്ലിക്കിന്റെ രൂപീകരണവും ഉണ്ടായതിനെത്തുടർന്ന്, 1925-ൽ ഒരു തൊപ്പി നിയമം നിലവിൽ വന്നു. പുതിയ നേതൃത്വത്തിന്, ആധുനിക തൊപ്പികൾ പരിഷ്‌കൃത രാഷ്ട്രങ്ങളുടെ തലപ്പാവായിരുന്നു. അതേസമയം ഫെസും തലപ്പാവും പിന്നാക്കാവസ്ഥയെ പ്രതിനിധീകരിക്കുകയും ചെയ്‌തിരുന്നു. മറ്റു രാജ്യങ്ങളിൽ, ശിരോവസ്ത്രം സംബന്ധിച്ച നിയന്ത്രണങ്ങളും നിയമങ്ങളും ആധുനികവത്‌കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയല്ല, മറിച്ച് ഐക്യമുള്ള ഒരു രാഷ്ട്രത്തിന് ഊന്നൽ നൽകാനാണ്. ഉദാഹരണത്തിന്, സൗദി അറേബ്യയിൽ ശിരോവസ്ത്രം നിയന്ത്രിച്ചു, അവിടെ എല്ലാ പൗരന്മാരും പാറ്റേൺ ചെയ്‌ത ചുവപ്പും വെള്ളയും ഗുത്ര അല്ലെങ്കിൽ കെഫിയെ ഹിജാസി ഗബാന തലപ്പാവ് അല്ലെങ്കിൽ തെക്കൻ ഖഹ്‌താനി ഗോത്രത്തിലെ പുരുഷന്മാർ ധരിക്കുന്ന പുഷ്‌പ മാല ശിരോവസ്ത്രം പോലുള്ള പ്രാദേശിക ശൈലികൾ മാറ്റിസ്ഥാപിച്ചു.

മിക്ക മുസ്‌ലിം പുരുഷന്മാരും ശിരോവസ്ത്രം ധരിക്കില്ലെങ്കിലും, ആഘോഷങ്ങളായിട്ടുള്ള മുസ്‌ലിം വിവാഹങ്ങൾ, ഈദുകൾ, ഒത്തുചേരലുകൾ എന്നിവയിൽ തൊപ്പി കാണാനാവുന്നതാണ്. ശിരോവസ്ത്രത്തിൻ്റെ ഏറ്റവും മനോഹരമായ ഉപയോഗവും ഇപ്പോൾ സജീവമായിട്ടുണ്ട്. എന്നിരുന്നാലും, സമീപകാലത്ത് കർഷകർ പരമ്പരാഗതമായി ധരിക്കുന്ന ഫലസ്തീനിയൻ ശിരോവസ്ത്രമായ കറുപ്പും വെളുപ്പും നിറഞ്ഞ കെഫിയയുടെ ജനപ്രിയതയും ഇന്ന് കാണാം. ഇന്ന്, ഫലസ്തീൻ കെഫിയയെ പുരുഷന്മാരും സ്ത്രീകളും മുസ്‌ലിംകളും അല്ലാത്തവരും ധരിക്കുന്നു. തലയിൽ പൊതിഞ്ഞ് അല്ലെങ്കിൽ തോളിൽ പൊതിഞ്ഞ് ഫലസ്‌തീൻ സ്വാതന്ത്ര്യത്തിൻ്റെയും ഫലസ്‌തീനിയൻ അനുകൂല ആക്ടിവിസത്തിൻ്റെയും പ്രതീകമായി വ്യാപകമായി അത് ഉപയോഗിക്കുന്നു. ആഗോളതലത്തിൽ അടിച്ചമർത്തൽ, അനീതി, അധിനിവേശം എന്നിവക്കെതിരായ പ്രതിരോധമാണിന്ന് കെഫിയ.

നിസ്കാരത്തിലും അല്ലാത്തപ്പോഴും പുരുഷന തല മറക്കൽ സുന്നത്താണ്. ഈ വിഷയത്തിൽ മദ്ഹബുകൾ തമ്മിൽ അഭിപ്രായാന്തരമില്ല. നബി(സ) നിസ്കാരത്തിലും അല്ലാത്തപ്പോഴും തലമറച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. 

തലപ്പാവു ധരിക്കൾ പ്രത്യേകം സുന്നത്താണ്. പുത്തൻ പ്രസ്ഥാനക്കാരുടെ പഴയകാല നേതാക്കൾ തല മറച്ചിരുന്നവരും അത് സുന്നത്താണെന്ന് പ്രസ്താവിച്ചവരുമായിരുന്നു. എന്നാൽ ആധുനിക പുത്തൻവാദികൾ തലമറക്കൽ സുന്നത്തില്ലെന്നും നബി ﷺ തലപ്പാവ് ധരിച്ചത് അറബികളുടെ സമ്പ്രദായം അതായത്കൊണ്ട് മാത്രമാണെന്നും വാദിക്കുന്നു. ആ വാദം തികച്ചും ബാലിശമാണ്. കാരണം,അപ്രകാരമായിരുന്നുവെങ്കിൽ തലപ്പാവു ധരിക്കാൻ പ്രേരിപ്പിക്കുന്ന ഹദീസുകൾക്കെന്ത് പ്രസക്തി?. ഒരു നാട്ടിലെ സമ്പ്രദായം മറ്റുള്ളവരും സ്വീകരിക്കാൻ പ്രസ്താവിക്കുന്നതിൽ അർത്ഥമില്ലല്ലോ.പ്രമാണങ്ങൾ പരിശോദിച്ചാൽ നിസ്കാര സമയത്തും അല്ലാത്തപ്പോഴും നബി ﷺ തലപ്പാവ് ധരിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ നമുക്ക് കാണാൻ  കഴിയും. അവയിൽ ചിലത് ഇവിടെ കുറിക്കട്ടെ. 

عن جابر بن عبد الله أنّ رسول الله صلى الله عليه وسلم دخل يوم فتح مكّة، وعليه عمامة سوداء.(مسلم: ٢٤١٩

ജാബിർ(റ) ൽ നിവേദനം: "മക്കാവിജയദിവസം നബിﷺ മക്കയിൽ പ്രവേശിച്ചപ്പോൾ നബി ﷺ കറുപ്പ് നിറമുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു". (മുസ്ലിം റഹ് 2419).

عن جعفر بن عمرو بن حريث عن أبيه أن النبي صلى الله عليه وسلم خطب الناس وعليه عمامة سوداء. (مسلم: ٢٤٢٠

ജഅഫറുബ്നു അംറുബ്നു ഹുറൈസ് (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി ﷺ ജനങ്ങളോട് ഖുത്വുബ ഓതി. നബി ﷺ യുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവ് ഉണ്ടായിരുന്നു". (മുസ്ലിം റഹ് 2420)

عن جعفر بن عمرو بن أمية عن أبيه قال رأيت النبي صلى الله عليه وسلم يمسح على عمامته وخفيه(صحيح البخاري : ١٩٨)

ജഅഫറുബ്നു അംറുബ്നു ഉമയ്യ (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി ﷺ അവിടുത്തെ തലപ്പാവിന്റെ മേലേയും രണ്ട് ഖുഫ്ഫകളുടെ മേലേയും (അംഗശുദ്ദിവരുത്തുമ്പോൾ) തടവുന്നത് ഞാൻ കണ്ടു". (ബുഖാരി റഹ്: 198 - ഇബ്നുഹിബ്ബാൻ. 1366)

عن ابن المغيرة عن أبيه أنّ الّبيّ صلى الله عليه وسلم مسع علي الخفّين ومقدّم رأسه وعلي عمامته.(مسلم: ٤١١، أبو داود: ١٢٩
ഇബ്നുൽ മുഗീറ (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു : "നബി ﷺ രണ്ട് ഖുഫ്ഫകൾക്കുമുകളിലും തലയുടെ മുകൾഭാഗത്തും അവിടുത്തെ തലപ്പാവിന്റെ മുകളിലും തടവി". (മുസ്ലിം റഹ്  411- അബുദാവൂദ് റഹ് - 129)

عن بلال قال: كان يخرج يقضي حاجته فآتيه بالماءفيتوضأ ويمسح على عمامته(أبو داود: ١٣١)

ബിലാൽ (റ) വിൽ നിന്ന് നിവേദനം: "നബി ﷺ തന്റെ ആവശ്യം നിർവ്വഹിക്കാൻ പുറപ്പെടുമ്പോൾ വെള്ളപ്പാത്രവുമായി ഞാൻ നബി ﷺ യെ സമീപിക്കും. അപ്പോൾ നബി ﷺ വുളു എടുക്കുകയും തലപ്പാവിനുമുകളിൽ തടവുകയും ചെയ്യും." (അബുദാവൂദ്  റഹ് 131)

عن زيد يعني ابن أسلم أن ابن عمر كان يصبغ لحيته بالصفرة حتى تمتلئ ثيابه من الصفرة فقيل له لم تصبغ بالصفرة فقال إني رأيت رسول الله صلى الله عليه وسلم يصبغ بها ولم يكن شيء أحب إليه منها وقد كان يصبغ ثيابه كلها حتى عمامته (أبو داود: ٣٥٤٢)

സൈദുബ്നു അസ് ലമി (റ) ൽ നിന്ന് നിവേദനം: "നിശ്ചയം ഇബ്നു ഉമർ (റ) തന്റെ താടി മഞ്ഞവർണ്ണം കൊണ്ട് ചായം കൊടുക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മഞ്ഞവർണ്ണത്താൽ നിറയും. അതെപ്പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. നിശ്ചയം നബി ﷺ മഞ്ഞച്ചായം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബിﷺക്ക് അതിനെക്കാൾ ഇഷ്ടപ്പെട്ട ചായം വേറെയില്ല. തലപ്പാവടക്കമുള്ള നബിﷺയുടെ വസ്ത്രങ്ങൾ മുഴുവനും അതുകൊണ്ട് അവിടന്ന് ചായം മുക്കുമായിരുന്നു". (അബുദാവൂദ് റഹ് 3542).

തലപ്പാവും വാലും 

നബി ﷺ തലപ്പാവിന് വാല് വെച്ചിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം (റഹ്) നിവേദനം:  

عن جعفر بن عمرو بن حريث عن أبيه ، قال : كأني أنظر إلى رسول الله صلى الله عليه وسلم على المنبر وعليه عمامة سوداء ، قد أرخى طرفيها بين كتفيه(مسلم: ٢٤٢١)

ജഅഫറുബ്നു അംറുബ്നുൽ ഹുവൈരിസ് (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "മിമ്പറിനുമുകളിൽ നബി ﷺ യെ ഞാൻ നോക്കിക്കാണുന്ന പ്രതീതി എനിക്കനുഭവപ്പെടുന്നു.നബിﷺയുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവുണ്ട്. അതിന്റെ രണ്ടറ്റങ്ങൾ നബി ﷺ രണ്ട് ചുമലുകൽക്കിടയിലൂടെ താഴ്ത്തി ഇട്ടിരിക്കുന്നു".(സ്വഹീഹു മുസ്ലിം 2421)

ഇമാം തുർമുദി(റ) നിവേദനം: 

عن ابن عمر قال كان النبي صلى الله عليه وسلم إذا اعتم سدل عمامته بين كتفيه قال نافع وكان ابن عمر يسدل عمامته بين كتفيه(سنن الترمذي: ١٦٥٨)

ഇബ്നുഉമർ (റ) യിൽ നിന്ന് നിവേദനം: "നബി ﷺ തലപ്പാവണിയുമ്പോൾ അവിടത്തെ രണ്ട് ചുമലുകൾക്കിടയിൽ അതിനെ താഴ്ത്തിയിടുമായിരുന്നു". നാഫിഅ(റ) പറയുന്നു: "ഇബ്നു ഉമർ (റ) തന്റെ തലപ്പാവ് അവരുടെ രണ്ട് ചുമലുകൾക്കിടയിൽ താഴ്ത്തിയിടുമായിരുന്നു". (തുർമുദി റഹ്  1658)

തലപ്പാവിന്റെ വാൽ രണ്ട് ചുമലുകൽക്കിടയിലൂടെ നബി ﷺ  താഴ്ത്തിയിട്ടിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ പരാമർശിച്ചുവല്ലോ. ഇതേ ആശയം ഹസനുബ്നു അലി(റ) യിൽ നിന്ന് ഇമാം അബുദാവൂദ് (റ)  സുനനിൽ (നമ്പർ 3555) നിവേദനം ചെയ്തിട്ടുണ്ട്. 

അബു നുഐം (റ) 'മഅരിഫത്തുസ്സ്വഹാബ'യിൽ അബ്ദുൽ അഅലബ്നു അദിയ്യി(റ) ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.   ഖുമ്മിലെ വെള്ളത്തടാകത്തിന്റെ അടുത്ത് വെച്ച് നടന്ന യുദ്ധത്തിന്റെ ദിവസം നബി ﷺ അലി (റ) യെ വിളിച്ച് അദ്ദേഹത്തിനു തലപ്പാവ് കെട്ടിക്കൊടുത്തു. തലപ്പാവിന്റെ വാൽ പിന്നിലേക്ക്‌ താഴ്ത്തിയിടുകയും അപ്രകാരം തലപ്പാവ് ധരിക്കാൻ അവിടന്ന് നിർദ്ദേശിക്കുകയും ചെയ്തു.  

അബ്ദുല്ലാഹിബ്നു യാസിർ(റ) വിൽ നിന്ന് ഇമാം ത്വബ്രാനി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. നബി ﷺ അലി (റ) യെ ഖൈബറിലെക്കു പറഞ്ഞയച്ചപ്പോൾ അദ്ദേഹത്തിനു കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് കെട്ടിക്കൊടുക്കുകയും അതിനെ പിന്നിലൂടെ താഴ്ത്തിയിടുകയും ചെയ്തു. അല്ലെങ്കിൽ ഇടതു ചുമലിലൂടെ എന്നാണദ്ദേഹം പറഞ്ഞത്. 

ഇബ്നു അദിയ്യ്(റ) ജാബിർ (റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: "രണ്ട് പെരുന്നാളുകളിൽ ധരിക്കുന്ന കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് നബിﷺക്കുണ്ടായിരുന്നു. അത് പിന്നിലൂടെ നബിﷺതാഴ്ത്തിയിടുമായിരുന്നു".

അബുമൂസ(റ) യിൽ നിന്ന് ഇമാം ത്വബ്രാനി(റ) നിവേദനം ചെയ്യുന്നു: "കറുത്ത തലപ്പാവ് ധരിച്ച ജിബ്രീൽ (അ) നബി ﷺ യെ സമീപിച്ച് അതിന്റെ വാൽ പിന്നിലൂടെ താഴ്ത്തിയിട്ടിരുന്നു".

അബ്ദുറഹ്മാനുബ്നുഔഫ് ‌(റ) വിൽ നിന്ന് അബുദാവൂദ്(റ) നിവേദനം  ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. "നബിﷺഎനിക്ക് തലപ്പാവ് കെട്ടിത്തന്നു. അതിനെ എന്റെ മുന്നിലേക്കും പിന്നിലേക്കും അവിടന്ന് താഴ്ത്തിയിട്ടു". 

ഇബ്നു അബീശൈബ(റ) ആഇഷ (റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: "നബി ﷺ അബ്ദുറഹ്മാനുബ്നു ഔഫ്‌(റ) നു പരുത്തിയാലുള്ള ഒരു കറുത്ത തലപ്പാവ് കെട്ടിക്കൊടുത്തു. മുന്നിലൂടെ ഇതുപോലുള്ള വാൽ തൂക്കിയിട്ടു".   

തലപ്പാവ് ധരിക്കുമ്പോൾ എത്ര നീളത്തിൽ അതിന്റെ വാൽ നീട്ടി ഇടലാണ് ഉത്തമം

 أن النبي صلى الله عليه وسلم عمم عبد الرحمن بن عوف فأرسل من خلفه أربع أصابع أو نحوها ثم قال : هكذا فاعتم فإنه أعرب وأحسن

നാല് വിരൽ വലിപ്പത്തിൽ തലപ്പാവിന്റെ വാൽ തൂക്കിയിടൽ ഉത്തമമാണ്.

തല മറക്കുന്നതും തൊപ്പി ധരിക്കുന്നതും സുന്നതാണോ?

പുരുഷന്മാര്‍ക്ക് നിസ്കാരത്തില്‍ തലമറക്കല്‍ സുന്നത്താണ്. അത് തുറന്നിട്ട് നിസ്കരിക്കല്‍ കറാഹത്താണെന്ന് ഫത്‍ഹുല്‍മുഈനില്‍ കാണാം. നിസ്കാരത്തിലും മറ്റു സമയങ്ങളിലും തലപ്പാവ് ധരിക്കല്‍ സുന്നത്താണെന്ന് തുഹ്ഫയിലുമുണ്ട്. തല മറക്കല്‍ ഭംഗിയാകുന്നതിന്‍റെ ഭാഗമാണ്. നിസ്കാര സമയത്ത് നിങ്ങള്‍ സ്വയം അലങ്കരിക്കുക എന്ന് അല്ലാഹു ﷻ കല്‍പിച്ചിട്ടുണ്ടല്ലോ. (ഖുര്‍ആന്‍ 7.31 നോക്കുക). തലപ്പാവ് ധരിക്കുന്നത് പ്രേരിപ്പിക്കുന്ന ധാരാളം നബി ﷺ വചനങ്ങള്‍ വന്നിട്ടുണ്ട്. അവ പ്രബലതയില്‍ പിന്നിലാണെങ്കിലും അത്തരം ഹദീസുകളുടെ ആധിക്യം അവയുടെ ദൌര്‍ബല്യത്തിനു പരിഹാരമാണെന്ന് ഇബ്നുഹജര്‍ ഹൈതമി (റ) വിശദീകരിക്കുന്നു. നബി ﷺ പറഞ്ഞു: "നിങ്ങള്‍ തലപ്പാവു ധരിക്കൂ, നിങ്ങളുടെ ദാക്ഷിണ്യവും ധിഷണയും വര്‍ദ്ധിക്കും" ഹാകിം റഹ് ഇത് സ്വഹീഹായ ഹദീസെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. മറ്റു ചില ഹദീസു പണ്ഡിതന്മാര്‍ക്ക് ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. വേറേ ചില ഹദീസുകള്‍ കൂടി കാണുക

"തലപ്പാവ് മുഅ്മിനിന്‍റെ അന്തസ്സും അറബിയുടെ അഭിമാനവുമാണ്.  അറബികള്‍ തലപ്പാവ് അഴിച്ചുവെച്ചാല്‍ അവരുടെ അഭിമാനം നശിച്ചു." "മലക്കുകള്‍ ജുമുഅയില്‍ തലപ്പാവ് ധരിച്ചുകൊണ്ട് സന്നിഹിതരാവുന്നു. അവര്‍ തലപ്പാവുധാരികള്‍ക്കു വേണ്ടി സൂര്യാസ്തമയം വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും." "നമ്മുടെയും മുശ്രിക്കുകളുടെയും ഇടയിലുള്ള വ്യത്യാസമാണ് തൊപ്പിക്കുമേലെ തലപ്പാവു ധരിക്കുന്നത്." "തലപ്പാവു ധരിക്കുന്നവര്‍ക്കു വേണ്ടി അല്ലാഹുവും ﷻമലക്കുകളും സ്വലാത് ചൊല്ലുന്നു."  "വെള്ള തലപ്പാവു ധാരികള്‍ക്കു പൊറുക്കലിനെ തേടാനായി പള്ളിയുടെ കവാടത്തില്‍ നില്‍ക്കുന്ന പ്രത്യേകം മലക്കുകള്‍ തന്നെയുണ്ട് അല്ലാഹുവിന് ﷻ."

ഇതിനെല്ലാം പുറമെ നബി ﷺ തലപ്പാവ് ധരിക്കാറുണ്ടായിരുന്നുവെന്ന് ഒരിക്കലും നിഷേധിക്കാനാവാത്തവിധം സ്ഥിരപ്പെട്ടതാണ്. ബുഖാരി, മുസ്ലിം റഹ് പോലെയുള്ള പ്രസിദ്ധരായ മുഹദ്ദിസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. നബി ﷺ തലപ്പാവിനു മേല്‍ തടഞ്ഞുകൊണ്ട്  വുളൂവിലെ തല തടവല്‍ പൂര്‍ത്തിയാക്കിയതും നബി ﷺ മക്കയിലേക്ക് പ്രവേശിച്ചപ്പോള്‍ കറുത്ത തലപ്പാവായിരുന്നു ധരിച്ചിരുന്നതെന്നും മുസ്ലിം റഹ് റിപ്പോർട്ട് ചെയ്ത ഹദീസുകളില്‍ കാണാം. മലക്കുകള്‍ മഞ്ഞത്തലപ്പാവു ധാരികളായിട്ടാണ് ബദ്റിലിറങ്ങിയതെന്നും ചരിത്രങ്ങളിലുണ്ട്.

നബിﷺയില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ടെന്ന് അല്ലാഹു ﷻ പരിശുദ്ധ ഖുര്‍ആനില്‍ (33.21) ആഹ്വാനം ചെയ്യുന്നതിലൂടെ അവിടത്തെ വസ്ത്രധാരണവും അവിടത്തെ സ്വഭാവവും അവിടത്തെ പ്രവൃത്തികളും നാം മാതൃകയായി സ്വീകരിക്കുകയും അവ അനുധാവനം ചെയ്യാനുമല്ലേ കല്‍പിക്കുന്നത്. നബിﷺയും സ്വഹാബതും തലമറക്കാറുണ്ടായിരുന്നുവെന്ന ചരിത്ര സത്യം തന്നെയാണ് തലമറക്കല്‍ സുന്നത്താണെന്നതിന്‍റെ ഏറ്റവും വലിയ തെളിവ്. 

തല മറച്ചു ഭംഗിയാവൽ നിസ്കാരത്തിലും അല്ലാത്തപ്പോഴും സുന്നത്താണ് നിസ്കാരത്തിൽ തല മറക്കാതിരിക്കൽ കറാഹത്താണ് തലപ്പാവ് ധരിക്കൽ പ്രത്യേകം സുന്നത്തുണ്ട് 

ഇമാം ഇബ്നു ഹജർ (റ) പ്രസ്താവിക്കുന്നു: 'നിസ്കാരത്തിനും ഭംഗി ഉദ്ദേശിച്ചും തലപ്പാവ് ധരിക്കൽ സുന്നത്താണ് തദ് വിഷയകമായി ധാരാളം ഹദീസുകൾ വന്നിട്ടുണ്ട് അവയിൽ കൂടുതലുള്ളതിന്റെയും ശക്തമായ ദുർബലതയെ  അവയുടെ പരമ്പരയുടെ ആധിക്യം പരിഹരിച്ചിരിക്കുന്നു (തുഹ്ഫ 3/36) 

തലപ്പാവിന്റെ വീതിയും നീളവുമെല്ലാം പതിവും സമയവും സ്ഥലവും പരിഗണിച്ച് അണിയുന്നവന് അനുയോജ്യമായിരിക്കണം ഇതിനേക്കാൾ കൂടുതലായാൽ  കറാഹത്താണ്. പണ്ഡിതൻ സാധാരണക്കാരന്റെയോ സാധാരണക്കാരൻ പണ്ഡിതന്റെയോ തലപ്പാവ് ധരിക്കൽ യോജിച്ചതല്ല അതോടെ അവരുടെ മുറുവ്വത് (മാനം) നഷ്ടപ്പെടും (ഫത്ഹുൽ മുഈൻ 144, തുഹ്ഫ 3/36) 

തലപ്പാവ് മാത്രം ധരിച്ചാലും തൊപ്പി ധരിച്ച് അതിനു മുകളിൽ തലപ്പാവ് ധരിച്ചാലും സുന്നത്ത് ലഭിക്കും അതുപോലെത്തന്നെ തലപ്പാവില്ലാതെ തൊപ്പിമാത്രം ധരിച്ചാലും സുന്നത്ത് കരസ്ഥമാകും ചില സമയങ്ങളിൽ നബി ﷺ അങ്ങനെയെല്ലാം ചെയ്തിട്ടുണ്ട് (തുഹ്ഫ 3/36) 

വെള്ള നിറത്തിലുള്ള തലപ്പാവ് ധരിക്കലാണ് ഉത്തമം നബി ﷺ കറുപ്പ് നിറമുള്ള തലപ്പാവ് ധരിച്ചു എന്ന് ഹദീസിൽ കാണുന്നതോ ബദ്ർ യുദ്ധത്തിൽ മഞ്ഞ നിറത്തിലുള്ള തലപ്പാവ് ധരിച്ചു മലക്കുകൾ ഇറങ്ങിവന്നതോ ജീവിതകാലത്തും മരണശേഷവും ധരിക്കൽ ഉത്തമം വെള്ള നിറത്തിലുള്ള വസ്ത്രമാണ് എന്നറിയിക്കുന്ന പ്രബലമായ ഹദീസിനു വിരുദ്ധമല്ല കാരണം, അതെല്ലാം പല സാധ്യതകൾക്കും വക നൽകുന്ന ചില സംഭവങ്ങളാണ് (തുഹ്ഫ 3/36) 

ഏതു നിറത്തിലുള്ള തൊപ്പിയും തലപ്പാവും ധരിച്ചാലും സുന്നത്തു ലഭിക്കും മറ്റു വല്ല വസ്ത്രം കൊണ്ടു തല മറച്ചാലും സുന്നത്തു കിട്ടും പക്ഷേ, തലയിലിടുന്ന തട്ടത്തിന്റെ രണ്ട് അഗ്രങ്ങൾ ഇരു ചുമലുകളിലേക്കും മടക്കിയിടാതെയോ അവ രണ്ടും കൈ കൊണ്ടോ മറ്റോ കൂട്ടി ബന്ധിക്കാതെയോ ഇരു ഭാഗത്തേക്കായി താഴ്ത്തിയിടൽ കറാഹത്താണ് 'സദ്ല് ' കറാഹത്താണെന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നതിന്റെ രൂപം ഇതാണ് (തുഹ്ഫ 3/38 നോക്കുക) 

തലപ്പാവിനു വാല് വെക്കുകയും വെക്കാതിരിക്കുകയും ചെയ്യാം വലതു ഭാഗത്തേക്ക് വാല് ചെരിച്ചു വെക്കുന്നതിനേക്കാൾ ഉത്തമം രണ്ടു ചുമലിനിടയിൽ താഴ്ത്തിയിടലാണ് വാലിന്റെ നീളം ചുരുങ്ങിയത് നാലു വിരലുകൾ ഒന്നിച്ചു വെച്ചാലുള്ള വീതിയും കൂടിയത് ഒരു മുഴവുമാണ് (ഫത്ഹുൽ മുഈൻ 144) 

ചില സ്വൂഫികൾ ഇടതു ഭാഗത്താണ് ഹൃദയം എന്നതു പരിഗണിച്ചു തലപ്പാവിന്റെ വാല് ഇടതു ഭാഗത്തേക്ക് ഇടാറുണ്ട് ഈ വിഷയത്തിലുള്ള സുന്നത്തായ രീതി അവർക്ക് കിട്ടാത്തതുകൊണ്ടാവാം ഇങ്ങനെ ചെയ്യുന്നത് കിട്ടിയിട്ടും ഇങ്ങനെ ചെയ്താൽ സുന്നത്തിനു എതിരാവുന്നതിൽ അവർക്ക് കാരണമില്ല (തുഹ്ഫ 3/37) 

തലക്കെട്ട് ധരിക്കുന്നതിന്റെ പുണ്യം തല മറക്കുക എന്ന പുണ്യത്തിൽ കവിഞ്ഞുള്ളതാണ് ഈ പുണ്യം തൊപ്പി ധരിച്ചാൽ കിട്ടില്ല തൊപ്പി തലയിൽ കെട്ടലല്ലല്ലോ (ഫതാവൽ കുബ്റ 1/169) 

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: 'തലപ്പാവ് ധരിക്കുക, എന്നാൽ നിങ്ങൾക്ക് വിവേകം വർധിക്കും ' (ഹാകിം, ത്വബ്റാനി റഹ്)

ഉബാദത്ത് (റ) ൽ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: 'നിങ്ങൾ തലപ്പാവ് ധരിക്കുക നിശ്ചയം തലപ്പാവ് ധരിക്കൽ മലക്കുകളുടെ ചിഹ്നമാണ് അതിന്റെ വാല് പിറകിലേക്ക് താഴ്ത്തിയിടുക ' (ബൈഹഖി റഹ്) ഇങ്ങനെ നിരവധി ഹദീസുകൾ തലയിൽ കെട്ടുന്നതിന്റെ പുണ്യത്തെ കുറിച്ച് വന്നിട്ടുണ്ട് ഇങ്ങനെ മറ്റു വസ്തുക്കൾ കൊണ്ട് തല മറക്കുന്നതിനെ കുറിച്ച് വന്നിട്ടില്ല 

പച്ച നിറമുള്ള മുണ്ടു കൊണ്ടു തലപ്പാവ് അണിയൽ നബി ﷺ കുടുംബത്തിൽ നിന്നു ശരീഫുകളെ (ഫാത്വിമ ബീവി (റ) യുടെ സന്താനങ്ങളെ) തിരിച്ചറിയുന്നതിനു നിശ്ചയിക്കപ്പെട്ട ഒരു ചിഹ്നമാണ് അതിനാൽ ആ വേഷം നബിﷺകുടുംബക്കാരിൽനിന്നു തന്നെ ശരീഫുകൾ അല്ലാത്തവർ ധരിക്കൽ അനുയോജ്യമല്ലെന്നും അതു ധരിച്ചയാൾ ഹസൻ (റ) ഹുസൈൻ (റ) എന്നിവരുടെ സന്താനങ്ങളാണെന്ന തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ടെന്നും തന്മൂലം അതു തടയപ്പെടേണ്ടതാണെന്നും ശർവാനി 7/54 ൽ കാണാം. അപ്പോൾ നബിﷺകുടുംബത്തിൽ പെടാത്ത സാധാരണക്കാർ അതേതായാലും ധരിച്ചുകൂടെന്നു വ്യക്തമാണ്.

ഇമാം മുസ്ലിം, അബൂദാവൂദ്, നസാഈ, ഇബ്നുമാജ (റ. ഹും) തുടങ്ങിയവര്‍ ബഹു. അംറുബ്നു ഹുറൈസി(റ)യില്‍ നിന്ന് നിവേദനം. നബി ﷺ ഖുത്വുബ നിര്‍വഹിക്കുമ്പോള്‍ കറുത്ത തലപ്പാവണിഞ്ഞിരുന്നു (അത്തര്‍ഖീസുല്‍ ഹബീര്‍ 2/70).

ഈ ഹദീസ് ഇബ്നുസഅദ്(റ), ഇബ്നുഅബീശൈബ(റ), അഹ്മദുബ്നു ഹമ്പല്‍(റ) തുടങ്ങിയവരും നിവേദനം ചെയ്തതായി ഇമാം സുയൂത്വി(റ) പറഞ്ഞതിനുശേഷം, നബിﷺയും ധാരാളം സ്വഹാബാക്കളും മറ്റുള്ളവരും തലപ്പാവണിഞ്ഞിരുന്നതായി വിവിധ ഹദീസുകള്‍ കൊണ്ട് തെളിയിച്ചിട്ടുണ്ട് (ഫതാവാ സുയുത്വി 1/76, 77, 78 നോക്കുക).

ബഹു. അലി(റ)ന് നബിﷺ തലപ്പാവണിയിച്ച് കൊടുത്തുവെന്ന് ഇബ്നു അബീശൈബ(റ)യും അബൂദാവുദത്ത്വയാലസി(റ)യും ബൈഹഖി(റ)യും നിവേദനം ചെയ്തിട്ടുണ്ട് (അല്‍ മവാഹിബുല്ലദുന്നിയ്യ 5/12 സുര്‍ഖാനി സഹിതം നോക്കുക).

അബൂഉമാമ(റ)യില്‍ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം: ‘നബിﷺ തലപ്പാവണിയിച്ച് കൊടുത്തിട്ടല്ലാതെ ഒരാളെയും കാര്യകര്‍ത്താവാക്കി നിയമിക്കാറുണ്ടായിരുന്നില്ല’ (അല്‍ ജാമിഉസ്സഗീര്‍ 2/114).

ഇത്രയും ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട സുന്നത്താണ് തലപ്പാവണിയല്‍ എന്ന് വ്യക്തമാകുമ്പോള്‍ ഇത് വെറും അറേബ്യന്‍ ആചാരമാണെന്നും സുന്നത്തല്ലെന്നും പറയുന്നത് മൌഢ്യമാണ്. ഇനി ആചാരമാണെന്ന് സമ്മതിച്ചാല്‍ തന്നെ നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ശേഷമുള്ള സദ്  വൃത്തരുടേയും ആചാരങ്ങള്‍ തന്നെയാണല്ലോ പിന്തുടരാന്‍ ഏറ്റവും അര്‍ഹമായത്. മാത്രമല്ല, മുന്‍കാല അമ്പിയാക്കന്മാരുടെയും മുര്‍സലുകളുടെയും ചര്യയായിരുന്നു തലപ്പാവണിയല്‍. ജിബ്രീല്‍(റ) തലപ്പാവണിഞ്ഞായിരുന്നു ഇറങ്ങിവന്നിരുന്നതെന്ന് ഹദീസില്‍ വന്നതുതന്നെ മതിയായ തെളിവാണ്. അതൊരു വിഭാഗത്തിന്റെ ആചാരമല്ലെന്നതിന് തെളിവാണ് അബ്ദുറഹ്മാന്‍(റ)ന് നബിﷺ തലപ്പാവണിയിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞത്. ‘ഇപ്രകാരം തലപ്പാവണിയുക, അതാണേറ്റവും ഭംഗിയുള്ളത്.’ ഇത്രയും കാര്യങ്ങള്‍ അത്താജുല്‍ ജാമിഇലില്‍ ഉസ്വുല്‍ 1/150ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഇതുകൊണ്ട് തന്നെ ബഹു. ഇബ്നുഹജര്‍(റ) പറയുന്നു: ‘നിസ്കാരത്തിനും ഭംഗിക്കും വേണ്ടി തലപ്പാവണിയല്‍ സുന്നത്താണ്. കാരണം ധാരാളം ഹദീസുകള്‍ കൊണ്ട് തെളിഞ്ഞതാണത്. നബിﷺകറുത്ത തലപ്പാവണിഞ്ഞിരുന്നുവെന്നും ബദ്റില്‍ മലകുകളിറങ്ങിയപ്പോള്‍ മഞ്ഞ തലപ്പാവണിഞ്ഞിരുന്നുവെന്നും സ്വഹീഹായി വന്നിട്ടുണ്ടെങ്കിലും അത് സാധ്യതകള്‍ക്ക് വിധേയമായ സംഭവങ്ങളാണ്. വെള്ളവസ്ത്രം ധരിക്കാന്‍ നബിﷺ കല്‍പ്പിച്ചതായി സ്വഹീഹായ ഹദീസില്‍ വന്നതുകൊണ്ട് തലപ്പാവ് വെള്ളയായിരിക്കലാണ് ഏറ്റവും ഉത്തമമായത്’ (തുഹ്ഫ 3/36) നോക്കുക).

നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. അതാണ് ഏറ്റവും ഉത്തമമായത് എന്ന ആശംയ വരുന്ന ഹദീസ് നസാഈ(റ) ഒഴികെയുള്ള അസ്വ്ഹാബുസ്സുനന്‍, ഇമാം ശാഫിഈ(റ), അഹ്മദുബ്നു ഹമ്പല്‍(റ), ഇബ്നുഹിബ്ബാന്‍(റ), ഹാകിം(റ) ബൈഹഖി(റ) തുടങ്ങിയവര്‍ ഇബ്നു അബ്ബാസ്(റ) വഴിയായി നിവേദനം ചെയ്തിട്ടുണ്ടെന്ന് ബഹു. അസ്ഖലാനി(റ) അത്തല്‍ഖീസ്വുല്‍ ഖബീര്‍ 2/69ല്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഇന്നത്തെ നമ്മുടെ മുസ്ലിയാക്കന്മാർ തലേക്കെട്ടു കെട്ടുന്നത് സിക്കുകാർ കെട്ടുന്നതുപോലെ നെറ്റി കാണാതെയാണ്. നമസ്കാരത്തിൽ നെറ്റിയുടെ മുക്കാൽഭാഗം പുറത്തു കാണണമെന്നാണ് എന്റെ അറിവ്. നെറ്റിയുടെ മുകൾഭാഗം സുജൂദ് ചെയ്യുമ്പോൾ നിലത്തു മുട്ടാതെ തലേക്കെട്ടിന്മേൽ സുജൂദ് ചെയ്താൽ ആ സുജൂദ് സ്വഹീഹാകുമോ? അതുകൊണ്ട് എങ്ങനെ തലേക്കെട്ട് കെട്ടണമെന്ന് ഒരു വിശദീകരണം? 

തലേക്കെട്ടിന്റെ വണ്ണ-വലുപ്പവും അതിന്റെ ആകൃതിയുമെല്ലാം ഓരോ പ്രദേശത്തും അതതു കാലത്ത് തന്നെപ്പോലുള്ളവർ ചെയ്യുന്ന സമ്പ്രദായമനുസരിച്ചാണു നടത്തേണ്ടത്. പ്രദേശത്തെ മുസ്ലിയാർമാർ നാടന്മാരുടെയോ നാടന്മാർ മുസ്ലിയാർമാരുടെയോ രീതിയിൽ അനുയോജ്യമല്ലാത്ത വിധം തലപ്പാവു ധരിക്കരുത്. അങ്ങനെ ധരിക്കുന്നത് ഓരോ വിഭാഗത്തിന്റെയും മാനവിക മാനത്തിന്(മുറുവ്വത്ത്) ഉലച്ചിലുണ്ടാക്കും. പൊതുവിൽ അതിന്റെ വിധി കറാഹത്താണ്. തുഹ്ഫ: 3-36. നമ്മുടെ പ്രദേശങ്ങളിലെ മുസ്‌ലിയാർമാർ അവർക്കനുയോജ്യമല്ലാത്ത വിധം സിക്കുകാരുടെയോ മറ്റോ തലപ്പാവിൻ്റെ വേഷമണിയുന്നത് ശരിയല്ലെന്ന് ഇതിൽ നിന്നു മനസ്സിലാക്കാമല്ലോ. എന്നാൽ, സുജൂദിൽ നിസ്‌കരിക്കുന്ന സ്ഥലത്ത് നെറ്റിയുടെ അല്പഭാഗം മറയില്ലാതെ ചേർത്തു വയ്ക്കലാണു നിർബ്ബന്ധമാകുന്നത്. നെറ്റിയുടെ മുകൾ ഭാഗം തന്നെ നിലത്തു മുട്ടണമെന്നോ മുക്കാൽഭാഗവും പുറത്തു കാണണമെന്നോ സുജൂദിനു നിബന്ധനയില്ല. നെറ്റിയുടെ അല്പഭാഗവും നിലത്തു തട്ടാതെ തലപ്പാവിൻ്റെ മേൽ മാത്രമായി സുജൂദ് ചെയ്താലാണ് സുജൂദ് സാധുവല്ലാതെ വരുക. അതേസമയം തലപ്പാവു കൊണ്ടോ മറ്റോ മറയാതെ നെറ്റിത്തടം മുഴുവൻ സുജൂദിൽ നിലത്തു വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്‌പം കൊണ്ടു മാത്രം മതിയാക്കൽ കറാഹത്തുമാണ്. തുഹ്ഫ: ശർവാനി സഹിതം: 2-69,70  (മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട്)

തലപ്പാവ് ധരിക്കുന്നതിന്റെ ശ്രേഷ്ടതകൾ വിവരിക്കുന്ന ഒന്നിലധികം ഹദീസുകൾ വന്നിട്ടുണ്ട്. അവയില പല ഹദീസുകളെ പറ്റിയും ഹദീസ് നിരൂപക പണ്ഡിതർ ദുർബ്ബലമെന്നു വിധികല്പ്പിച്ചിട്ടുണ്ടെങ്കിലും "നിവേദക പരമ്പരയുടെ ആധിക്യം പരമ്പരയിൽ വന്ന ദുർബ്ബലതയെ പരിഹരിക്കും" എന്നാ ഹദീസ് നിദാനശാസ്ത്രത്തിന്റെ അവയുടെ ദുര്ബ്ബലാത്ത പരിഹരിച്ചതായി കർമ്മ ശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട്.

عن أبي الدرداء أن رسول الله صلى الله عليه وسلم قال: (("إن الله وملائكته يصلون على أصحاب العمائم يوم الجمعة")(مسند الشاميين للطبراني: ٣٤١٦)

അബൂദ്ദർദാഅ(റ) നിവേദനം: നബിﷺ പറഞ്ഞു: "നിശ്ചയം അല്ലാഹുവും ﷻ അവന്റെ മലക്കുകളും തലപ്പാവ് ധരിച്ചവർക്കു വേണ്ടി വെള്ളിയാഴ്ച ദിവസം സ്വലാത്ത് നിർവഹിക്കുന്നതാണ്". (ത്വബ്റാനി റഹ്: 3416)

عن ركانة قال: سمعت النبي صلى الله عيه وسلم يقول: (( فرق ما بيننا وبين المشركين العمائم على القلانس.(سنن أبي داود: ٣٥٥٦، سنن الترمذي: ١٧٠٦)

റുകാന(റ) നിവേദനം: നബിﷺ) പറഞ്ഞു: "നമ്മളും മുശ്രിക്കുകളും തമ്മിലുള്ള വ്യത്യാസം തൊപ്പിയുടെ മുകളിൽ തലപ്പാവ് ധരിക്കലാണ്". (തുർമുദി 1706, അബൂദാവൂദ്: 3556)

عن ابن عمر رفعه: (( صلاة بعمامة تعدل بخمس وعشرين صلاة ، وجمعة بعمامة تعدل سبعين جمعة)) رواه الديلمي فى المسند.

ഇബ്നു ഉമർ(റ) നിവേദനം: നബി ﷺ പറഞ്ഞു: "തലപ്പാവ് ധരിച്ചുകൊണ്ടുള്ള നിസ്കാരം തലപ്പാവ് ധരിക്കാതെ നിസ്കരികുന്നതിനേക്കാൾ 25 ഇരട്ടി പുണ്യമാണ്. തലപ്പാവ് ധരിച്ചു കൊണ്ടുള്ള ഒരു ജുമുഅ (തലപ്പാവ് ധരിക്കാതെയുള്ള) 70 ജുമുഅകൾക്ക് സമാനമാണ്". (ദയ് ലമി)

തലപ്പാവ് തൊപ്പിയുടെ മുകളിൽ

തൊപ്പിയും അതിനു മുകളിൽ തലപ്പാവും ധരിക്കലാണ് ശ്രേഷ്ഠം. നബിﷺയുടെ യും അനുചരരുടെയും പതിവ് അതായിരുന്നു. എന്നാൽ തലപ്പവില്ലാതെ തൊപ്പി മാത്രവും ധരിക്കാം. കാരണം ചില സമയങ്ങളിൽ നബിﷺ അങ്ങനെ ചെയ്തതായി ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.(തുഫത്തുൽ മുഹ്താജ് : 3/34)



കടപ്പാട് : sacredfootsteps
വിവർത്തനം: സാദിഖ് കെ. ചുഴലി
അബൂ അയ്യൂബ് (രിസാല)
ഫിഖ്ഹ് സുന്ന , ഇസ്ലാം ഓൺ വെബ് , അലി അഷ്‌കർ