Thursday, 26 June 2025

മുഹറം - മാറ്ററുകൾ




ഓഡിയോ ക്ലിപ്പുകൾ

  1. മുഹറം 10 - അമുസ്ലിമിന് ഭക്ഷണം കൊടുത്തപ്പോൾ സംഭവിച്ചത്
  2. ഈ ദുആ ചൊല്ലാൻ കഴിഞ്ഞാൽ
  3. നോമ്പ് എടുക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം
  4. മുഹറം മാസം വന്നത് നിങ്ങൾ അറിഞ്ഞില്ലേ
  5. ആരും നോമ്പെടുക്കാൻ മറന്നു പോകരുത്
  6. അത്ഭുത സംഭവങ്ങൾ
  7. ഈ രൂപത്തിൽ നിയ്യത്ത് വെച്ചു നോക്കു
  8. ഈ പ്രതിഫലം അറിഞ്ഞാൽ
  9. വിശ്വാസിക്ക് പ്രതീക്ഷ നൽകുന്ന മാസം

Tuesday, 24 June 2025

ബറാഅത്ത് നോമ്പും ബഹു , കണ്ണിയത്ത് ഉസ്താദിൻ്റെ ഫത്വയും

 

ശഅ്ബാൻ പതിനഞ്ചിന് പ്രത്യേകം നോമ്പ് സുന്നത്തുണ്ടോ?അതായത് , അയ്യാമുൽ ബീളിൻ്റെ നോമ്പ് എന്ന നിലയ്ക്കോ ശഅ്ബാൻ മുഴുവനും നോമ്പ് സുന്നത്തുണ്ടെന്ന നിലയ്ക്കോ അല്ല. ബറാഅത്തിൻ്റെ ദിനം എന്ന നോമ്പാണ് ചോദിക്കുന്നത്.ബറാഅത്ത് നോമ്പ് എന്ന നിലയ്ക്ക് നോമ്പ് സുന്നത്തില്ലന്നു കണ്ണിയത്ത് ഉസ്താദ് ഫത് വ നൽകിയിട്ടുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു?


ശഅ്ബാൻ പതിനഞ്ച് എന്ന നിലയ്ക്ക് തന്നെ നോമ്പ് സുന്നത്തുണ്ട്. ഇക്കാര്യം നമ്മുടെ ഫുഖഹാഅ് തെളിവ് സഹിതം വിവരിച്ചിട്ടുണ്ട്. 

ഇമാം ശിഹാബുദ്ദീൻ റംലി (റ)വിൻ്റെ വീക്ഷണം :-ഖാതിമത്തുൽ മുഹഖ്ഖീൻ ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ ഗുരുനാഥനും ഇമാം മുഹമ്മദ് റംലി (റ)വിൻ്റെ പിതാവുമായ ഇമാം ശിഹാബുദ്ദീൻ റംലി (റ) വിനോട് ഇവ്വിഷയത്തിൽ ചോദിക്കപ്പെട്ടത് ഇങ്ങനെ: 

ﺳﺌﻞ) ﻋﻦ ﺻﻮﻡ ﻣﻨﺘﺼﻒ ﺷﻌﺒﺎﻥ ﻛﻤﺎ ﺭﻭاﻩ اﺑﻦ ﻣﺎﺟﻪ ﻋﻦ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺃﻧﻪ ﻗﺎﻝ «ﺇﺫا ﻛﺎﻧﺖ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﻘﻮﻣﻮا ﻟﻴﻠﻬﺎ ﻭﺻﻮﻣﻮا ﻧﻬﺎﺭﻫﺎ» ﻫﻞ ﻫﻮ ﻣﺴﺘﺤﺐ ﺃﻭ ﻻ ﻭﻫﻞ اﻟﺤﺪﻳﺚ ﺻﺤﻴﺢ ﺃﻭ ﻻ ﻭﺇﻥ ﻛﺎﻥ ﺿﻌﻴﻔﺎ ﻓﻤﻦ ﺿﻌﻔﻪ

ശഅ്ബാൻ പതിനഞ്ചിൻ്റെ നോമ്പിനെ കുറിച്ച് ഇമാം ശിഹാബുദ്ദീൻ റംലി (റ) വിനോട് ചോദിക്കപ്പെട്ടു. ആ നോമ്പ് സുന്നത്തുണ്ടാ ഇല്ലയോ? ശഅ്ബാൻ പതിനഞ്ചിൻ്റെ രാവായാൽ ആ രാത്രി നിസ്കരിക്കുകയും അതിൻ്റെ പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുകയെന്ന ഇബ്നു മാജ:(റ) നബി(സ്വ)യിൽ നിന്നു റിപ്പോർട്ടു ചെയ്ത ഹദീസ് സ്വഹീഹ് ആണോ അല്ലയോ? ളഈഫ് ആണെങ്കിൽ ആരാണു ളഈഫാക്കിയത്? 

ഈ ചോദ്യങ്ങൾക്കുള്ള മറുപടി ഇമാം ശിഹാബുദ്ദീൻ റംലി (റ) നൽകുന്നത് ഇങ്ങനെ:

(ﻓﺄﺟﺎﺏ) ﺑﺄﻧﻪ ﻳﺴﻦ ﺻﻮﻡ ﻧﺼﻒ ﺷﻌﺒﺎﻥ ﺑﻞ ﻳﺴﻦ ﺻﻮﻡ ﺛﺎﻟﺚ ﻋﺸﺮﻩ ﻭﺭاﺑﻊ ﻋﺸﺮﻩ ﻭﺧﺎﻣﺲ ﻋﺸﺮﻩ ﻭاﻟﺤﺪﻳﺚ اﻟﻤﺬﻛﻮﺭ ﻳﺤﺘﺞ ﺑﻪ

(فتاوى الرملي: ٧٩ / ٢)

ശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്തുണ്ട്. മാത്രമല്ല , ശഅ്ബാൻ 13 , 14 , 15 ദിവസങ്ങളിൽ നോമ്പ് സുന്നത്തുണ്ട് .

ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിൽ നിസ്കരിക്കുക , പകലിൽ നോമ്പ് അനുഷ്ഠിക്കുക എന്ന ഹദീസ് ലക്ഷ്യമായി സ്വീകരിക്കാൻ പറ്റുന്നതാണ് .(ഫതാവാ റംലി: 2/79)

ശഅ്ബാൻ പതിനഞ്ച് എന്ന നിലയ്ക്കു തന്നെ നോമ്പ് സുന്നത്തുണ്ടെന്ന വസ്തുത വളരെ വ്യക്തമായി ഇമാം ശിഹാബുദ്ദീൻ റംലി (റ) വിവരിച്ചുതന്നു.

വെള്ളിയാഴ്ച മാത്രം സുന്നത്ത് നോമ്പ് പിടിക്കൽ കറാഹത്താണ് . എന്ന മസ്അല തുഹ്ഫ: വിവരിക്കുന്നിടത്ത് ഇമാം ശർവാനി (റ) വിവരിക്കുന്നത് ഇങ്ങനെ: 

ﻭﻛﺬا ﺇﺫا ﻭاﻓﻖ ﻳﻮﻣﺎ ﻃﻠﺐ ﺻﻮﻣﻪ ﻓﻲ ﻧﻔﺴﻪ ﻛﻌﺎﺷﻮﺭاء ﺃﻭ ﻋﺮﻓﺔ ﻭﻧﺼﻒ ﺷﻌﺒﺎﻥ

 വെള്ളിയാഴ്ച ദിവസം നോമ്പ് സുന്നത്തുള്ള ദിവസമായാൽ വെള്ളിയാഴ്ച മാത്രം നോമ്പ് പിടിക്കൽ കറാഹത്തില്ല. മുഹർറം പത്ത് , ദുൽഹിജ്ജ :ഒമ്പത് , ശഅ്ബാൻ പതിനഞ്ച് എന്നിവയിലെ നോമ്പ് പോലെ. (ശർവാനി: 3/458)

ഇമാം ഇബ്നു ഖാസിം(റ)വും ശഅ്ബാൻ പതിനഞ്ചിൻ്റെ നോമ്പ് പോലെ എന്നു ഈ ചർച്ചയിൽ പറഞ്ഞിട്ടുണ്ട്.തുടർന്നു മഹാൻ പറയുന്നു: അപ്പോൾ കറാഹത്തില്ലന്നു മാത്രമല്ല , നോമ്പ് പിടിക്കൽ സുന്നത്താണ്. (ഇബ്നു ഖാസിം :3/458)

അയ്യാമുൽ ബീളിൽ പെട്ട നോമ്പ് എന്ന നിലയ്ക്കല്ലാതെ ശഅ്ബാൻ പതിനഞ്ച് (ബറാഅത്ത് നോമ്പ് ) എന്ന നിലയ്ക്ക് നോമ്പ് സുന്നത്തുണ്ടെന്ന് പ്രസ്താവിച്ച പണ്ഡിതരാണ് 

ഇമാം ശിഹാബുദ്ദീൻ റംലി (റ),ഇമാം ഇബ്നു ഖാസിം(റ), ഇമാം ശർവാനി (റ) എന്നിവർ .

ഇബ്നു ഖാസിം(റ) വിൻ്റെ ഇബാറത്ത്:

ﻳﻨﺒﻐﻲ ﺃﻥ ﻣﺜﻞ ﻣﻮاﻓﻘﺔ اﻟﻌﺎﺩﺓ ﻭﻣﺎ ﺫﻛﺮﻭﻩ ﻣﻌﻬﺎ ﻣﺎ ﺇﺫا ﻃﻠﺐ ﺻﻮﻣﻪ ﻓﻲ ﻧﻔﺴﻪ ﻛﻴﻮﻡ اﻝﻧﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﺈﺫا ﻭاﻓﻖ ﻳﻮﻡ ﺟﻤﻌﺔ ﻳﻨﺒﻐﻲ ﺃﻥ ﻻ ﻳﻜﺮﻩ ﺑﻞ ﻳﻄﻠﺐ ﻭﻳﺨﺼﺺ اﻟﻨﻬﻲ ﻋﻦ ﺻﻮﻡ اﻟﺠﻤﻌﺔ ﺑﺎﻷﻣﺮ ﺑﺼﻮﻡ ﻳﻮﻡ اﻟﻨﺼﻒ ( حاشية ابن قاسم :٣ / ٤٥٨)

ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം

ശഅ്ബാൻ പതിനഞ്ചിൻ്റെ നോമ്പ് അയ്യാമുൽ ബീളിൽ പെട്ടുയെന്ന നിലയ്ക്കാണ് സുന്നത്ത് ശഅ്ബാൻ പതിനഞ്ച് എന്ന പ്രത്യേക നോമ്പ് എന്ന നിലയ്ക്കല്ല .ഇബ്നുമാജ:(റ) റിപ്പോർട്ട് ചെയ്ത ഹദീസ് ളഈഫാണ്.  (ഫതാവൽ കുബ്റാ : 2/80)

 ﻭﺃﻣﺎ ﺻﻮﻡ ﻳﻮﻣﻬﺎ ﻓﻬﻮ ﺳﻨﺔ ﻣﻦ ﺣﻴﺚ ﻛﻮﻧﻪ ﻣﻦ ﺟﻤﻠﺔ اﻷﻳﺎﻡ اﻟﺒﻴﺾ ﻻ ﻣﻦ ﺣﻴﺚ ﺧﺼﻮﺻﻪ ﻭاﻟﺤﺪﻳﺚ اﻟﻤﺬﻛﻮﺭ ﻋﻦ اﺑﻦ ﻣﺎﺟﻪ ﺿﻌﻴﻒ

(الفتاوى الكبرى : ٢ / ٨٠)

ഇമാം ഇബ്നു ഹജർ(റ) അയ്യാമുൽ ബീളിലെ നോമ്പ് എന്ന നിലയ്ക്കാണ് ശഅ്ബാൻ പതിനഞ്ചിൻ്റെ നോമ്പ് സുന്നത്തന്ന് പറയുമ്പോൾ അദ്ദേഹത്തിൻ്റെ ഗുരുനാഥൻ ഇമാം ശിഹാബുദ്ദീൻ റംലി (റ) ശഅ്ബാൻ പതിനഞ്ച് എന്ന നിലയ്ക്ക് തന്നെ നോമ്പ് സുന്നത്താണെന്നു വിവരിച്ചുതന്നു. 

ഈ വീക്ഷണപ്രകാരമണ് നമ്മുടെ നാട്ടിലെ അമൽ.രണ്ടു വീക്ഷണവും ആധികാരികം തന്നെ. 

ഖാതിമത്തുൽ മുഹഖ്ഖീൻ ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണമനുസരിച്ച് റഈസുൽ മുഹഖ് ഖീൻ കണ്ണിയത്ത് ഉസ്താദ് (نور الله مرقده) ഫത് വ നൽകിയിട്ടുണ്ട്.



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര