Friday 17 February 2017

ആസിയാ ബീവി (റ)

 

ആഗോള വിശ്വാസിനികള്‍ക്ക് മാതൃകാ വനിതയായാണ് ആസിയാ ബീവി(رضي الله عنها)യെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപെടുത്തുന്നത്. മൂസാ(عليه السلام)ന്‍റെ വളര്‍ത്തുമ്മ. ഫിര്‍ഔനിന്‍റെ ഭാര്യ എന്നീ നിലകളിലും പരിശുദ്ധ ഖുര്‍ആന്‍ മഹതിയെ പരാമര്‍ശിക്കുന്നുണ്ട്. ആസിയാ ബിന്‍ത് മുസാഹിമിബ്നു ഉബൈദ് ബ്നി റെയ്യാനിബ്നി ഖലീദ് എന്നാണ് പൂര്‍ണ്ണനാമം. അവരുടെ ഗോത്രം ഖിബ്ഥിയായിരുന്നു. 

അതല്ല ബനൂ ഇസ്രാഈല്‍കാരിയാണെന്നും അഭിപ്രായമുണ്ട്. ഫറാഇന്‍ ഭരണ കൂടത്തിലെ കുപ്രസിദ്ധനായ ഭരണാധികാരി റംസീസ് രണ്ടാമന്‍റെ ഭാര്യയാകുന്നതിന് മുമ്പ് ഈജിപ്തിലെ ഫറോവയായിരുന്ന ഖാബൂസിന്‍റെ മൂത്ത സഹോദരന്‍ വലീദുബ്നു മിസ്‌അബ് ആയിരുന്നു ആസിയാ ബീവിയുടെ ഭര്‍ത്താവ്. വലീദിന്‍റെ മരണ ശേഷമാണ് റംസീസ് മഹതിയെ വിവാഹം കഴിക്കുന്നത്.

പരിശുദ്ധ ഖുര്‍ആനില്‍ സൂറതു തഹ്രീമിലും ഖസസിലും പേര് പറയാതെ മഹതിയെ പരാമര്‍ശിക്കുന്നുണ്ട്. മാതൃകാ വനിതയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്.

സത്യവിശ്വാസികള്‍ക്ക് ഫിര്‍ഔനിന്‍റെ ഭാര്യയെ ഒരു ഉദാഹരണമായി അള്ളാഹു എടുത്തു കാട്ടുന്നു. എന്‍റെ രക്ഷിതാവേ നിന്‍റെ അടുക്കല്‍ സ്വര്‍ഗ്ഗത്തില്‍ എനിക്ക് ഒരു വീട് തയ്യാര്‍ ചെയ്തു തരേണമേ ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ, അക്രമികളായ ജനതയില്‍ നിന്നും നീ എന്നെ രക്ഷിക്കേണമേ എന്നവര്‍ പറഞ്ഞ സന്ദര്‍ഭം. സ്ത്രീ ലോകത്ത് വിശിഷ്ട മാതൃക വരച്ചുകാട്ടിയ വനിതയാണ്‌ ആസിയാ ബീവി(رضي الله عنها). മുഹമ്മദ്‌ നബി(ﷺ) സ്വര്‍ഗത്തില്‍ വെച്ച് വിവാഹം കഴിക്കുന്നവരില്‍ ആസിയാ ബീവിയുമുണ്ട്. 

ഉത്തമ സ്ത്രീയാണ് ആസിയാ ബീവി(رضي الله عنها). അമ്പിയാക്കളുടെ പെണ്‍മക്കളില്‍ പെട്ടവരാണവര്‍. പാവപെട്ടവര്‍ക്ക് ദര്‍മ്മം ചെയ്യുകയും അവരോട് കരുണകാണിക്കുകയും ചെയ്യുന്ന പാവങ്ങളുടെ മാതാവാണ് മഹതി. ഫിര്‍ഔന്‍ മൂസാ നബി(عليه السلام)നെ വധിക്കുവാന്‍ തിനിഞ്ഞപ്പോള്‍ തന്ത്രത്തിലൂടെ രക്ഷപ്പെടുത്തിയത് ഈ മാതൃകാ വനിതയാണ്‌. ഭര്‍ത്താവിന്‍റെ ദുസ്വഭാവത്തില്‍ ക്ഷമിക്കുന്ന ഭാര്യക്ക് ആസിയാ ബീവിക്ക് ലഭിക്കുന്ന പ്രതിഫലമുണ്ടെന്ന നബിവചനം തന്‍റെ ഭര്‍ത്താവില്‍ നിന്ന്‍ ഏറ്റു വാങ്ങിയ പീഠനങ്ങളെയാണ് സൂചിപ്പിക്കുന്നത്. അശണരുടെ അഭയ കേന്ദ്രമായി ആസിയാ ബീവിയെ എടുത്തുദ്ധരിക്കാറുണ്ട്. മൂസാ(عليه السلام) പ്രസവിക്കപ്പെട്ട് മൂന്ന്‍ മാസത്തിനു ശേഷം ഉമ്മ കുട്ടിയെ പെട്ടിയിലാക്കി നദിയിലൊഴുക്കി വിട്ടപ്പോള്‍ വീണ്ടെടുത്ത് സംരക്ഷണം നല്‍കുവാനുള്ള ദൈവീക തീരുമാനം ആസിയാ ബീവിയിലൂടെയാണ് നിറവേറ്റപ്പെട്ടത്.

മൂസാ നബി(عليه السلام)നെ വളര്‍ത്തുന്നതില്‍ ആസിയാ ബീവി അധിക താല്‍പര്യം കാണിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഈ സംഭവം ആവിഷ്കരിക്കുന്നതിപ്രകാരമാണ്. 

ഫറോവയുടെ ഭാര്യ അവനോട് പറഞ്ഞു; ഇവന്‍ എന്‍റെയും നിന്‍റെയും കണ്ണിന് കുളിരാകുന്നു. ഇവനെ നിങ്ങള്‍ കൊന്ന് കളയരുത്. “ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു സന്താനമാക്കിവെക്കാം അവന്‍ യാഥാര്‍ത്ഥ്യം അറിഞ്ഞിരുന്നില്ല”.

മൂസാ നബി(عليه السلام)ന്‍റെ പ്രവാചകത്വത്തില്‍ മഹതി വിശ്വസിക്കുകയും വിശ്വാസം ഹരസ്യമാക്കി സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ ആസിയാ ബീവിയുടെ ഭൃത്യ മാശിത്വ മൂസാ നബിയിലുള്ള വിശ്വാസം പരസ്യമാക്കിയതിന്‍റെ പേരില്‍ ഫിര്‍ഔനിന്‍റെ ക്രൂര്‍മര്‍ദ്ദങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടതറിഞ്ഞ ആസിയാബീവി തന്‍റെ വിശ്വാസം പരസ്യമാക്കി. ഫിര്‍ഔനിന്‍റെ ശിക്ഷാ മുറകള്‍ അസഹനീയവും മനുഷ്യത്വരഹിതവുമായിരുന്നുവെന്ന് സൂറത്തു ഫജ്റിലെ പത്താം വാക്യം ഓര്‍മ്മപ്പെടുത്തുന്നു. കുറ്റികളുടെ (ആണികളുടെ) ഉടമയായ ഫിര്‍ഔന്‍ എന്നാണ് ഖുര്‍ആനിന്‍റെ പരാമര്‍ശം. മഹതി ആസിയാ ബീവിയെയും ഭൃത്യ മാശിത്വ ബീവിയെയും ഇരു കൈകളിലും കാലുകളിലും ആണിയടിച്ചായിരുന്നുവത്രെ പീഢനത്തിനിരയാക്കിയിരുന്നത്. മൂസാ നബി(عليه السلام)ല്‍ വിശ്വസിച്ചവരെയെല്ലാം ആണി കയറ്റിയ ശേഷം അഗ്നിക്കിരയാക്കുകയോ വെട്ടി കൊലപ്പെടുത്തുകയോ ആണ് ഫിര്‍ഔനിന്‍റെ ശിക്ഷാ രീതി.

നിരവധി പ്രവാചകന്മാര്‍ വന്ന ബനൂ ഇസ്രാഈലിലെ ഇസ്രാഈല്‍ വംശജനായ മൂസാഹിമിന്‍റെ പുത്രിയായിട്ടായിരുന്നു ആസിയാ ബീവിയുടെ ജനനം എന്നാണ് പ്രബലമായ അഭിപ്രായം. പ്രവാചക പരമ്പരയില്‍ സദ്‌വൃത്തയായി വളര്‍ന്ന അവര്‍ എങ്ങനെ ഫിര്‍ഔനിന്‍റെ ഭാര്യയായി എന്നാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. കാരണം ക്രൂരനും ധിക്കാരിയുമായ ഫറോവയുടെ ഭാര്യയാവാന്‍ ആഭിജാത്യമുള്ള ഒരു സ്ത്രീയും മുന്നോട്ട് വന്നില്ല. എന്നാല്‍ ആസിയാ ബീവിയും കുടുംബവും ആഗ്രഹിച്ചതോ കൊതിച്ചതോ ആയിരുന്നില്ല ഈ ബന്ധം. ആസിയ ബീവിയുടെ സൗന്ദര്യവും ആകാരവുമാണ് ഫിര്‍ഔനെ അവരില്‍ താല്‍പര്യം ജനിപ്പിച്ചത്. ഇസ്രാഈല്‍ വിരോധിയായിരുന്നിട്ട് കൂടി ഇസ്രാഈല്‍ വംശജയായ ആസിയബീവിയെ ഫിര്‍ഔന്‍ തട്ടികൊണ്ട് വരികയായിരുന്നു.

തന്‍റെ വകാരനിര്‍വൃതിയിലുപരി ഒരു പ്രത്യേക താല്‍പര്യം ആസിയ ബീവിയില്‍ ഫിര്‍ഔനിന് തോന്നിയിരുന്നു. അല്ലെങ്കില്‍ തന്‍റെ ആഗ്രഹ പൂര്‍ത്തീകരണത്തിനു ശേഷം അവരെ ഫിര്‍ഔനിന് ഉപേക്ഷിക്കാമായിരുന്നു. എന്നാല്‍ ഫിര്‍ഔന്‍ അത് ചെയ്തില്ല. എല്ലാ വിധത്തിലുള്ള രാജകീയ സൗകര്യങ്ങളും ആര്‍ഭാഢങ്ങളും നല്‍കി ഫിര്‍ഔന്‍ അവരെ കൊട്ടാരത്തില്‍ രാജ്ഞിയായി താമസിപ്പിച്ചു. ഇസ്രാഈല്‍ വംശജയായ ആസിയാബീവി ഫിര്‍ഔനിനിന്‍റെ കൊട്ടാരത്തില്‍ വളരുന്നത് ഇസ്രാഈല്യര്‍ക്കും സമാശ്വാസമായി. ആസിയബീവി മൂലം ഇസ്രാഈല്യരോടുള്ള കാര്‍കശ്യ സ്വഭാവത്തില്‍ കുറവ് വരുമെന്ന തോന്നലാണ് ആശ്വാസത്തിനു നിദാനം....


എന്നാല്‍ യഥാര്‍ത്ഥ വശത്തിലൂടെ ചിന്തിക്കുകയാണെങ്കില്‍ വസ്തുത മറ്റൊന്നായിരുന്നു. അള്ളാഹുവിന്‍റെ അലംങ്കനീയമായ തീരുമാനത്തിന് നാന്ദി കുറിക്കുകയായിരുന്നു ഇവിടെ. അവന്‍റെ തീരുമാനത്തിന് ഒരു ദുശക്തിക്കും തുരങ്കം സൃഷ്ടിക്കാനോ തടയാനോ ആവില്ല എന്നത് പുലരുകയായിരുന്നു. അല്ലെങ്കില്‍ പിന്നെങ്ങിനെ നാളിതുവരെ അടിമകളാക്കിവെച്ച് മൃഗീയതയെ പോലും തോല്‍പിക്കുന്നതരത്തില്‍ പീഡിപ്പിച്ച ഒരുവംശത്തിലെ സ്ത്രീ ഈജിപ്തിലെ രാജ്ഞിയായി വരിക. അതായിരുന്നു അള്ളാഹുവിന്‍റെ മഹത്തായ തീരുമാനം.

എന്നാല്‍ ഫറോവ കണ്ട സ്വപ്നം ഈജിപ്തിലെ ജനങ്ങളെ പ്രത്യേകിച്ച് ഇസ്രാഈല്യരെ ആകമാനം നരകതുല്യ ജീവിതം നയിക്കുന്നതിലേക്ക് നയിച്ചു. ഫറോവ കണ്ട സ്വപ്നം ഇതായിരുന്നു; ബൈതുല്‍ മുഖദ്ദസില്‍ നിന്ന്‍ ഒരു തീ നാളം ഈജിപ്തില്‍ ഖിബ്തി കുടുംബങ്ങളെയെല്ലാം കരിച്ചു കളയുന്നു. തന്‍റെ കൊട്ടാരവും പരിവാരങ്ങളുമെല്ലാം ചാരമായി മാറുന്നു. അതേ സമയം കടലോര പ്രദേശത്തെ ഇസ്രാഈല്‍ കുടുംബങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ല. അവര്‍ സുഖമായിരിക്കുന്നു. ഫറോവയുടെ കൊട്ടാര ജോത്സ്യന്മാര്‍ തലപുകഞ്ഞാലോചിച്ചു സ്വപ്നത്തിന് വ്യാഖ്യാനം കണ്ടെത്തി. സത്യമായ വ്യാഖ്യാനമായിരുന്നു അത്.

ബൈതുല്‍ മുഖദ്ദസില്‍ നിന്ന്‍ വരുന്ന ഒരാളിലൂടെ താങ്കളുടെ അധികാരം നഷ്ടപെടുമെന്നും താങ്കളുടെ ദൈവവാദത്തെ അയാള്‍ ചോദ്യം ചെയ്യുമെന്നും ഈജിപ്തിന്‍റെ അധികാരം അവരുടെ കയ്യിലാവുമെന്നും ഈജിപ്തിന്‍റെ മതം മാറുമെന്നുമായിരുന്നു സ്വപ്നത്തിന്‍റെ വ്യാഖ്യാനം.

സ്വപ്നം സത്യമായി പുലരാതിരിക്കാനുള്ള പല സന്നാഹങ്ങളും ഫറോവ ചെയ്തു. പണ്ഡിതന്മാരും മന്ത്രിമാരും രാജാവും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്തു. പൂര്‍വ്വ വേദങ്ങള്‍ പഠിച്ച പണ്ഡിതന്മാര്‍ കണക്കുകൂട്ടി സ്വപ്നത്തിന് ഒന്നുകൂടി ഉറപ്പ് വരുത്തി. ഇസ്രാഈലില്‍ ജനിക്കുന്ന ഒരു കുട്ടി രാജ്യമാകെ കീഴടക്കി ഫറോവ ഭരണത്തെ തകര്‍ക്കും. ചരിത്രത്തിലെ നാഴിക കല്ലായി അത് മാറും എന്നവര്‍ ഗണിച്ചു. അവസാനം അധികാരത്തിന്‍റെ ഹുങ്കില്‍ മത്തു പിടിച്ച ആ ക്രൂര ഭരണാധികാരി ഇസ്രാഈല്‍ വംശത്തില്‍ ജനിക്കുന്ന മുഴുവന്‍ ആണ്‍കുട്ടികളേയും വധിക്കാന്‍ ഉത്തരവിട്ടു. ഭക്ഷിക്കാനും സുഖിച്ച് മഥിക്കാനും മാത്രം ശീലിച്ച മന്ത്രിമാര്‍ അതിനു കുഴലൂത്തുമായി രംഗത്ത് വന്നു. 

ഓരോ വീടും കയറി ഗര്‍ഭിണികളുടെ ലിസ്റ്റ് ശേഖരിച്ചു. പ്രസവിച്ച ആണ്‍ കുഞ്ഞുങ്ങളെ നിഷ്കരുണം വധിച്ചു. ചോരകുഞ്ഞുങ്ങളെ മനസ്സില്ലാ മനസ്സോടെ വെച്ചു നീട്ടാന്‍ ഉമ്മമാര്‍ നിര്‍ബന്ധിതരായി. തടസ്സം പറഞ്ഞാല്‍ മാതാവിനെയടക്കം വാളിനിരയാക്കും. എന്നാല്‍ രാജാവിന്‍റെ ഈ തീരുമാനം ഖിബ്ഥികള്‍ക്ക് വന്‍ തിരിച്ചടിയായി. കാരണം ഖിബ്ഥികള്‍ക്ക് എല്ലാ സേവനങ്ങളും ചെയ്തിരുന്നത് ഇസ്രാഈല്യരായ പുരുഷന്മാരായിരുന്നു. ഇസ്രാഈല്യരായ ആണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ ഖിബ്ഥികള്‍ക്ക് അടിമ വേലചെയ്യാന്‍ ആളില്ലാതാവാന്‍ തുടങ്ങി. ഈ പ്രശ്നം പരിഹരിക്കാനായി ഒന്നിടവിട്ട വര്‍ഷങ്ങളിലായി കൊല നടത്തുക എന്ന്‍ ഫിര്‍ഔന്‍ ഉത്തരവിട്ടു.

വധമില്ലാത്ത വര്‍ഷത്തിലാണ് മൂസാ നബി(عليه السلام)ന്‍റെ സഹോദരന്‍ ഹൂറൂന്‍ നബി(عليه السلام) ജനിച്ചത്. അതിനാല്‍ കുട്ടി രക്ഷപ്പെട്ടു. എന്നാല്‍ മഹതി മൂസാ നബിയെ ഗര്‍ഭം ധരിച്ചത് വധവര്‍ഷത്തിലായതിനാല്‍തന്നെ ഇംറാന്‍റെ പത്നി ഭയന്നു. എന്നാല്‍ അത് അവര്‍ രഹസ്യമായി വെച്ചു. വയര്‍ വീര്‍ത്തതുമില്ല. അള്ളാഹുവിന്‍റെ മഹത്തായ തീരുമാനം ലംഘിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്ന സത്യം പുലര്‍ന്നു. ഫറോവയുടെയും കിങ്കരന്മാരുടെയും വെല്ലുവിളികളെ അതിജീവിച്ച് മൂസാ നബി(عليه السلام) ജനിച്ചു. അസാധാരണമായ ഒരു പ്രാകാശം ആ കുഞ്ഞിന്‍റെ മുഖത്ത് പ്രകടമായിരുന്നു. കുഞ്ഞിനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ അതിയായി സന്തോഷിച്ചു. എങ്കിലും ഫിര്‍ഔനിന്‍റെ കല്‍പന അവരെ ഭയവിഹ്വലരാക്കി. അവര്‍ അള്ളാഹുവിന്‍റെ കല്‍പന പ്രകാരം കുട്ടിയെ പെട്ടിയിലാക്കി നൈല്‍ നദിയില്‍ ഒഴുക്കി. ആ മാതാവിന്‍റെ ആത്മ ധൈര്യവും രക്ഷിതാവിനോടുള്ള ആത്മസമര്‍പ്പണവുമാണിവിടെ മനുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്.

നൈലിലൂടെ ഒഴുകി വന്ന ആ പെട്ടി അവസാനം ലഭിച്ചത് പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന ആസിയാ ബീവിയുടെ കൈകളിലായിരുന്നു. അവര്‍ ആവശത്തോടെ ആ പെട്ടി തുറന്നു. അതില്‍ കുട്ടിയെ കണ്ട് ആസിയാ ബീവി ആഹ്ലാദഭരിതയായി. ഫിര്‍ഔനിന്‍റെ എല്ലാ വിധേനയുള്ള വധശ്രമങ്ങളെയും പരാജയപ്പെടുത്തിയ ആസിയാ ബീവി മൂസാനബിക്ക് ജീവിക്കാനുള്ള അവസരം നേടിക്കൊടുത്തു.

അപ്രകാരം കുഞ്ഞിന് മുല കൊടുക്കാനായി സ്വന്തം മാതാവിനെ തന്നെ ലഭിച്ചതും അള്ളാഹുവിന്‍റെ മഹത്തായ തീരുമാനമായിരുന്നു. മുലകുടി പ്രായത്തിന് ശേഷം മൂസാ നബി ഫിര്‍ഔനിന്‍റെ കൊട്ടാരത്തില്‍ ആസിയാ ബീവിയുടെ സംരക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതാണ് താന്‍ സ്വപ്നം കണ്ട പ്രവാചകനായ വ്യക്തിയെന്ന് പലതവണ ഫിര്‍ഔനിന്‍റെ മനസ്സില്‍ തെളിഞ്ഞ് കൊല്ലാന്‍ തീരുമാനിച്ചെങ്കിലും തന്‍റെ പ്രിയ പത്നി ആസിയയുടെ വാക്ക്കേട്ട് അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു.


യുവാവാകുന്നതുവരെ മൂസാ നബി(അ) ഫിർഔനിന്റെ കൊട്ടാരത്തിൽ വളർന്നു. ക്രൂരനും ധിക്കാരിയുമായ ഫിർഔനിന്റെ പല നടപടികളിലും ആസിയാ ബീവി(റ) അസംതൃപ്തയായിരുന്നു. അതേസമയം മൂസാ നബി(അ) യുടെ പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും അതീവ തൽപരയുമായിരുന്നു. കൊട്ടാരത്തിൽ എല്ലാവരും ഫിർഔനിന്റെ മുന്നിൽ സാഷ്ടാംഗം നമിക്കുമ്പോൾ ആസിയാ ബീവി(റ) യും മൂസാ നബി(അ) യും മാത്രം അതിൽനിന്നും വിട്ട് നിന്നു.

എന്നാൽ താമസിയാതെ മൂസാ നബി(അ) ക്ക് ഈജിപ്ത് വിട്ടുപോകേണ്ടിവന്നു. എന്തെന്നാൽ ഫിർഔനിന്റെ വംശജനായിരുന്ന ഒരു ഖിബ്ഥിയെ കൊന്നതിന്റെപേരിൽ ഫിർഔനിന്റെ അനുയായികൾ ഒന്നടങ്കം മൂസാ നബി(അ) ക്ക് നേരെ തിരിഞ്ഞു. യഥാർഥത്തിൽ മൂസാ നബി(അ) നിരപരാധിയായിരുന്നെങ്കിലും മൂസാ നബി(അ) യോട് പ്രതികാരംതീർക്കാൻ ഖിബ്ഥി വംശജനായിരുന്ന ഒരു വ്യക്തിതന്നെ ഫിർഔനിന്റെ കൊട്ടാരത്തിൽചെന്ന് വിവരം പറയുകയായിരുന്നു. ഇതിനിടയിൽ മൂസാ നബി(അ) നാടുവിട്ട് ഒരു താഴ്‌വരയിൽ എത്തിയിരുന്നു. അവിടെവെച്ച് ഫിർഔനിന്റെ മകളായ മാശിത്വയുടെ ഭർത്താവ് ഹസ്‌കീലിനെ കണ്ടുമുട്ടി. അദ്ദേഹം മൂസ(അ) യുടെ ഗുണകാംക്ഷിയും ശുദ്ധനും ഭക്തനുമായിരുന്നു. ഫിർഔനിന്റെ മുന്നിൽ സാഷ്ടാംഗംനമിക്കാത്ത ഒരു വ്യക്തിയായിരുന്നു. അദ്ദേഹം മൂസാ നബി(അ) യോട് മദ്‌യനിലേക്കുപോകാനും കുറച്ചുവർഷങ്ങൾക്കുശേഷം ആവശ്യംപോലെ തിരിച്ചുവരാം എന്നും പറഞ്ഞു. അങ്ങനെ മൂസാ നബി(അ) മദ്‌യനിലേക്ക് പോവുകയും അവിടെചെന്ന് ശുഅൈബ് നബി(അ) യുമായി പരിചയപ്പെട്ട് അദ്ദേഹത്തിന്റെ മകളായ സഫൂറയെ വിവാഹം ചെയ്യുകയും ചെയ്തു. ഈ വിവരങ്ങളൊന്നുംതന്നെ പിന്നീട് ഈജിപ്തുകാർ അറിഞ്ഞിരുന്നില്ല.

മൂസാ നബി(അ) യുടെ അസാന്നിദ്ധ്യം വളർത്തുമ്മയായ ആസിയാ ബീവി(റ) യെ അസ്വസ്ഥയാക്കി. എന്നാൽ അദ്ദേഹം മദ്‌യനിൽ ഉണ്ടെന്നും വിവരം രഹസ്യമാക്കി വെക്കണമെന്നും ഹസ്‌കീൽ ആസിയാ ബീവി(റ) യോട് പറഞ്ഞു. മൂസാ നബി(അ) യുടെ ഈ തിരോധാനം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പത്തുവർഷത്തിനുശേഷം മൂസാ നബി(അ) ഈജിപ്തിൽ തിരിച്ചെത്തി. മൂസാ നബി(അ) യെ കണ്ട ആസിയാ ബീവി(റ) അതീവ സന്തുഷ്ടയായി. മുൻപുള്ളതിനെക്കാൾ പക്വതയും അസാധാരണമായൊരു ദിവ്യത്വവും മൂസാ നബി(അ) യിൽ ആസിയാ ബീവി(റ) ക്ക് വ്യക്തമായി. മദ്‌യനിൽനിന്നും വരുന്ന വഴിക്ക് മൂസാ നബി(അ) ക്ക് ഥ്വൂരിസീനാ പർവതത്തിൽ നിന്നും അല്ലാഹു വഹ്‌യ് നൽകുകയും പ്രവാചകത്വം ലഭിക്കുകയും ചെയ്തിരുന്നു. സഹോദരൻ ഹാറൂനിലും ഈ ദിവ്യത്വം ദർശിച്ചിരുന്നു. ആസിയാ ബീവി(റ) യുമായുള്ള ഒരു രഹസ്യ സംഭാഷണത്തിനുശേഷം ഇരുവരും ഫിർഔനിന്റെ സവിധത്തിലെത്തി.

അല്ലാഹുവിന്റെ കൽപനപ്രകാരം മൂസാ നബി(അ) യും ഹാറൂൺ നബി(അ) യും ഫിർഔനിന്റെ മുന്നിൽചെന്ന് ദൃഢസ്വരത്തിൽ പറഞ്ഞു: ”ഞങ്ങൾ നിന്റെ റബ്ബിന്റെ ദൂതരാണ്. തടവുകാരായ ഇസ്രാഈൽ വംശജരെ ഞങ്ങൾക്കു വിട്ടുതരണം. ഇനിയവരെ ശിക്ഷിക്കരുത്. നിന്റെ നാഥന്റെ സന്നിധിയിൽനിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞങ്ങൾ വന്നിരിക്കുന്നത്. സന്മാർഗം അനുധാവനം ചെയ്തവർക്കുമാത്രമേ സമാധാനം കൈവരൂ. സത്യമാർഗം എത്തിച്ചിട്ടും അതിൽനിന്ന് പിന്തിരിഞ്ഞവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഞങ്ങൾക്ക് നാഥനിൽനിന്നും ദിവ്യസന്ദേശം ലഭിച്ചിരിക്കുന്നു”. ഫിർഔനിന്റെ ഹൃദയത്തിൽ ശക്തമായാണ് ഈ വാക്കുകൾ പതിച്ചത്. ഇതുവരെ എന്റെ കൊട്ടാരത്തിൽ കഴിഞ്ഞ ഒരുവൻ തന്നെ ധിക്കരിക്കുകയോ! അതിനുപുറമെ താനല്ലാത്ത ഒരു ദൈവത്തെക്കുറിച്ച് ചിന്തിക്കാൻപോലും ഫിർഔന് സാധ്യമായിരുന്നില്ല. മൂസാ നബി(അ) നോട് താക്കീതെന്നനിലയിൽ ഫിർഔൻ പറഞ്ഞു. ഈ അബദ്ധവാദത്തിൽനിന്നും നീ പിന്തിരിയണം. അല്ലാത്തപക്ഷം കടുത്ത ശിക്ഷയ്ക്ക് നീ വിധേയനാകും.

ഇതുവരെ ഫിർഔനിന്റെ മുന്നിൽ സാഷ്ടാംഗംനമിക്കാത്ത ആസിയാ ബീവി(റ) ക്ക് ഈ കാര്യങ്ങളെല്ലാംതന്നെ പെട്ടെന്ന് മനസ്സിലായി. കൊട്ടാരത്തിലെത്തിയ ശേഷം മൂസാ നബി(അ) പ്രവാചകത്വം ലഭിച്ച വിവരം പറഞ്ഞിരുന്നു. പിന്നീട് മൂസാ നബി(അ) ഫിർഔനുമുന്നിൽ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം തന്നെ കേട്ടപ്പോൾ അല്ലാഹുവിന്റെ സത്യമാർഗത്തിലേക്ക് വരാൻ അവരുടെ ഹൃദയം വെമ്പൽകൊണ്ടു. മൂസയുടെയും ഹാറൂനിന്റെയും റബ്ബിൽ ഞാൻ വിശ്വസിച്ചുവെന്ന് മനസ്സിൽ ഉൾക്കൊണ്ട് അവർ പരിശുദ്ധ ദീനിലേക്ക് കടന്നുവന്നു. മൂസാ നബി(അ) യിൽ വിശ്വസിക്കുന്ന പ്രഥമ വ്യക്തിയാവാൻ കഴിഞ്ഞതിൽ അവർ ആത്മനിർവൃതിപൂണ്ടു. ഏക ഇലാഹിൽ മാത്രമേ വിശ്വസിക്കൂ എന്ന് ആദ്യംമുതലേ അവർ മനസ്സിൽ തീരുമാനമെടുത്തിരുന്നു. അല്ലാഹുവിന്റെ മഹത്തായ സന്ദേശത്തിലേക്ക് ക്ഷണിക്കുന്ന പ്രവാചകരെ എല്ലാ അക്രമങ്ങളിൽനിന്നും വെല്ലുവിളികളിൽനിന്നും സംരക്ഷിച്ചുകൊണ്ട് അവരുടെ വളർത്തുമ്മയാകാൻ കഴിഞ്ഞതിൽ അവർ ആത്മാഭിമാനംകൊണ്ടു. മൂസാ നബി(അ) ക്ക് വേണ്ടി അവർ ചാരിതാർഥ്യത്തോടെ പ്രാർഥിക്കുകയും ചെയ്തു. അങ്ങനെ ഫറോവയുടെ കൊട്ടാരത്തിലെ ആദ്യ വിശ്വാസി ആസിയാ ബീവി(റ)യായി മാറി.

അല്ലാഹു രണ്ട് പ്രവാചകൻമാരെ ഈ സമൂഹത്തിലേക്കിറക്കിയതിനു പിന്നിലും യുക്തിയുണ്ടായിരുന്നു. കാരണം ഈജിപ്തിലെ അന്നത്തെ അവസ്ഥ അപ്രകാരമായിരുന്നു. മുൻകഴിഞ്ഞ പ്രവാചകരെല്ലാം ബഹുദൈവ വിശ്വസികളെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാനായാണ് നിയോഗിക്കപ്പെട്ടത്. എന്നാൽ മൂസാ നബി(അ) ക്ക് നേരിടാനുള്ളത് ഫിർഔൻ എന്ന ദൈവവാദിയെയാണ്. അവനുമുന്നിൽ സാഷ്ടാംഗം നമിക്കുന്ന ഒരു ജനവിഭാഗത്തെയാണ്. അവരെ അല്ലാഹുവിന്റെ സത്യസന്ദേശത്തിലേക്ക് ക്ഷണിക്കുക എന്ന തീവ്രദൗത്യമാണ് മൂസാ നബി(അ) യിലും സഹോദരൻ ഹാറൂൻ(അ) ലും നിക്ഷിപ്തമായത്. മാത്രമല്ല ഫിർഔനിന്റെ ക്രൂര ഭരണത്തിൽ അടിമകളായി നിലകൊള്ളുന്ന ഇസ്രാഈൽ വംശജരെ മോചിപ്പിക്കുക എന്ന കർത്തവ്യം കൂടിയുണ്ടായിരുന്നു.


ആസിയാ ബീവി(റ) യുടെ ഹൃദയം ഇലാഹീ ചിന്തയിൽ മുഴുകി. സത്യദീൻ വളരണമെന്നും ഫിർഔനിന്റെ അക്രമഭരണം അവസാനിപ്പിച്ച് ഈജിപ്തിൽ സമാധാനം പുലരണമെന്നും അവർ ആഗ്രഹിച്ചു. എന്നാൽ അവരോടു പൊരുതാനോ ഉപദേശിക്കാനോ തനിക്കാവില്ലെന്ന് ആസിയാ ബീവി(റ) ഉൾകൊണ്ടു. കാരണം സ്ത്രീ എന്ന തന്റെ വ്യക്തിത്വം അതിനനുവദിക്കില്ല എന്നവർ മനസ്സിലാക്കി. എന്നാലും ഏകനായ അല്ലാഹുവിനോട് സത്യദീൻ വളരാനും ഫിർഔനിന്റെ അക്രമഭരണം അവസാനിക്കാനും അവർ ദുആചെയ്തു. മാത്രമല്ല, കൊട്ടാരത്തിൽ തനിക്കനുഭാവമുള്ളവരോട് ഇസ്‌ലാമിനെക്കുറിച്ച് പറയാനും അവർ തീരുമാനിച്ചു. അങ്ങനെ ഫിർഔനിന്റെ കൊട്ടാരത്തിൽ ഏകദൈവവിശ്വാസത്തെ പോറ്റി വളർത്താൻ അവർ തുടങ്ങി. ഫിർഔനിന്റെ പുത്രി മാശിത്വയോട് താൻ ഇസ്‌ലാം സ്വീകരിച്ച വിവരം അവർ തുറന്നുപറഞ്ഞു. 

ആസിയാ ബീവി(റ) മാശിത്വയോട് പറഞ്ഞു: ”മാശിത്വാ ഈ ലോകം നശ്വരമാണ്. ഈ ദുൻയാവിലെ ജീവിതത്തിൽ യാതൊരു അർഥവുമില്ല. സൃഷ്ടിപൂജ അല്ലാഹുവിന്റെ മുന്നിൽ വലിയ കുറ്റമാണ്. ഏകനായ അല്ലാഹുവിന്ന് മാത്രമേ സാഷ്ടാംഗം നമിക്കാവൂ. ദീർഘനാളത്തെ വിദേശവാസത്തിനുശേഷം മൂസ തിരിച്ചുവന്നത് അല്ലാഹുവിൽനിന്നുള്ള ദിവ്യസന്ദേശവുമായിട്ടാണ്. മൂസാ(അ) അല്ലാഹുവിന്റെ പ്രവാചകനാണ്. ഈ സന്ദേശം കേട്ട മാശിത്വയുടെ മനസ്സ് മാറി. മാത്രമല്ല മൂസാ നബിയിൽ അവർക്ക് നേരത്തെതന്നെ നല്ല മതിപ്പുണ്ടായിരുന്നു.

തന്റെ ഭേദമാകാത്ത വെള്ളപ്പാണ്ട് സുഖമായത് മൂസാ നബിയുടെ ഉമിനീർ കൊണ്ടായിരുന്നു.

ആസിയാ ബീവി(അ) യുടെ സംസാരം കേട്ട് മാശിത്വയുടെ മനസ്സിന് ഈമാനികാവേശം കൈവന്നു. താമസിയാതെതന്നെ മാശിത്വ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അല്ലഹുവല്ലാതെ അരാധ്യനില്ലെന്നും മൂസാ നബി(അ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും അവൾ മനസ്സിൽ ഉൾക്കൊണ്ടു. ആസിയാ ബീവി(റ) ക്ക് മുൻപിൽ തന്റെ വിശ്വാസം പ്രകടമാക്കാനും അവൾ മറന്നില്ല. മാശിത്വയ്ക്ക് പിന്നാലെ ഭർത്താവായ ഹസ്‌കീലും ഇസ്‌ലാമിലേക്ക് കടന്നുവന്നു. അദ്ദേഹം ആദ്യംതന്നെ മൂസാ നബി(അ) യുടെ അനുഭാവിയായിരുന്നു. ഹസ്‌കീൽ ഇടയ്ക്കിടെ മൂസാ നബി(അ) യുമായി ബന്ധപ്പെടുകയും അറിവ് നേടുകയും അതെല്ലാംതന്നെ രഹസ്യമായി ആസിയാ ബീവി(റ) ക്കും മാശിത്വയ്ക്കും എത്തിച്ചുകൊടുക്കുകയും ചെയ്തു.

മൂസാ നബി(അ) യും ഹാറൂനും പലതവണ കൊട്ടാരത്തിലെത്തി ഫിർഔനിനും അനുചരൻമാർക്കും സത്യസന്ദേശം എത്തിച്ചുനൽകി. എന്നാൽ അവയൊന്നും ഉൾക്കൊള്ളാതെ മൂസാ നബി(അ) ക്കെതിരെ ശത്രുഭാവം വെച്ചുപുലർത്താനാണ് അവർ ശ്രമിച്ചത്. മൂസാ നബി(അ) യെ വകവരുത്താൻ മന്ത്രിമാർ ചേർന്ന് തീരുമാനിച്ചു. അതേസമയംതന്നെ മൂസാ നബി(അ) ഇസ്രാഈൽ ജനതയ്ക്കിടയിൽ പ്രബോധനം തുടർന്നു കൊണ്ടിരിക്കുകയായിരുന്നു. അവരെ ഇലാഹീചിന്തയിലേക്ക് ക്ഷണിക്കുകയും പീഡിതരുടെയും നിരാലംബരുടെയും പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്തു. മുഅ്ജിസത് കാട്ടി ജനങ്ങളുടെ വിശ്വാസം കരസ്ഥമാക്കി. അങ്ങനെ വലിയ വിഭാഗം ഇസ്രാഈൽ ജനത ഇസ്‌ലാമിലേക്ക് കടന്നുവന്ന് മൂസാ നബി(അ) ക്കു പിന്നിൽ അണിനിരന്നു.

ഇതെല്ലാം കണ്ട് കോപാകുലനായ ഫിർഔൻ മൂസാ നബി(അ) യെ കൊല്ലാൻതന്നെ തീരുമാനിച്ചു. ഫിർഔൻ മന്ത്രിമാരോടും സൈനികരോടും ചൂടുപിടിച്ച ചർച്ചകൾ നടത്തി. മന്ത്രിയായ ഹാമാനെ ഇതിന്റെ മേൽനോട്ടം ഏൽപിച്ചു. ഈ ചർച്ചകളെല്ലാംതന്നെ മാശിത്വയുടെ ഭർത്താവായ ഹസ്‌കീൽ ശ്രദ്ധിച്ചു. വിവരം അദ്ദേഹം മൂസാ നബിയോട് അറിയിക്കുകയും രക്ഷപ്പെടാൻവേണ്ടി കൽപിക്കുകയും ചെയ്തു. എന്നാൽ മൂസാ നബി(അ) പൂർവാധികം ശക്തിയോടെ അല്ലാഹുവിന്റെ സത്യദീൻ പ്രചരിപ്പിക്കാൻ സധൈര്യം മുന്നോട്ടുവന്നു. അല്ലാഹുവിന്റെ ദീനിന് അവൻ സംരക്ഷണംനൽകുമെന്ന ഉറച്ച വിശ്വാസത്തോടെ മൂസാ നബി(അ) പ്രബോധനരംഗത്ത് ഉറച്ചുനിന്നു. 

മൂസാ നബി(അ) യുടെ ഈ ഉറച്ച തീരുമാനം ഹസ്‌കീലിന്റെയും ഈമാനികാവേശം ഉണർത്തി. ആത്മവിശ്വാസത്തോടെ ഹസ്‌കീൽ ഫിർഔനിന്റെ മുന്നിൽവന്നുപറഞ്ഞു. എന്റെ റബ്ബ് അല്ലാഹുവാണെന്നു പ്രഖ്യാപിച്ച് നിങ്ങളെ സത്യമാർഗത്തിലേക്ക് ക്ഷണിക്കാൻ വന്ന ഒരു വ്യക്തിയെ നിങ്ങൾ വധിക്കുകയോ, തന്റെ വാദത്തിന് തെളിവാകുന്ന ദൈവ ദൃഷ്ടാന്തങ്ങൾ അദ്ദേഹം സമർഥിച്ചിട്ടുണ്ടല്ലോ. ഇനി അദ്ദേഹം കളവ് പറയുകയാണെങ്കിൽ അതിന്റെ ഫലം അദ്ദേഹം അനുഭവിക്കുകതന്നെ ചെയ്യും. സത്യമാണ് പറയുന്നതെങ്കിൽ അദ്ദേഹം മുന്നറിയിപ്പുനൽകിയ ശിക്ഷ നിങ്ങളിൽ വന്നുഭവിക്കുകയും ചെയ്യും. മുൻഗാമികൾക്ക് വന്നുപെട്ട ശിക്ഷയിൽ നിന്ന് നാം പാഠമുൾക്കൊള്ളണം.

അല്ലാഹു ഒരിക്കലും മനുഷ്യനോട് അക്രമം ഉദ്ദേശിക്കുന്നില്ല. അവന്റെ കൽപനക്ക് വഴിപ്പെടാത്തവന് അന്ത്യനാളിൽ കടുത്തശിക്ഷതന്നെയുണ്ടാകും. നിങ്ങളുടെ അന്ത്യമോർത്തിട്ട് എനിക്കുതന്നെ ഭയമാകുന്നു. ഞാൻ ഏക ഇലാഹിൽ വിശ്വസിക്കുന്നു. നിശ്ചയം മൂസ അവന്റെ പ്രവാചകനാണെന്നും ഞാൻ അംഗീകരിക്കുന്നു. ഇത്രയും പറഞ്ഞ് അദ്ദേഹം നിർത്തി. കൊട്ടാരമാകെ കോരിത്തരിച്ചു. അടങ്ങാത്ത ദേഷ്യംകൊണ്ട ഫിർഔൻ ഹസ്‌കീലിനെ പിടിച്ചുകെട്ടാൻ പറഞ്ഞു. എന്നാൽ അപ്പോഴേക്കും അദ്ദേഹം അപ്രത്യക്ഷനായിരുന്നു. അല്ലാഹുവിന്റെ ഇഷ്ടദാസൻമാരെ അവൻ സംരക്ഷിക്കുക തന്നെചെയ്യും.

ഇതിൽ അരിശംപൂണ്ട സൈന്യം മാശിത്വയെ പിടികൂടി. ഭർത്താവ് എങ്ങോേട്ടക്കാണ് രക്ഷപ്പെട്ടതെന്ന് അവർക്കറിയാമെന്നാണ് അവർ ധരിച്ചത്. ഫിർഔൻ അവളെ തുറുങ്കിലടക്കാൻ കൽപിച്ചു. നീചവും ക്രൂരവുമായ രീതിയിൽ അവർ മാശിത്വയോട് പെരുമാറി. എത്ര ശ്രമിച്ചിട്ടും മാശിത്വയിൽനിന്ന് അവർക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല. മാത്രമല്ല മാശിത്വയും ഇസ്‌ലാം സ്വീകരിച്ച വിവരം സൈന്യം അറിഞ്ഞു. അവർ അത് ഫിർഔനിനോടുപറഞ്ഞു. ഇതുകേട്ട് വിശ്വസിക്കാൻ കഴിയാതെ ഫിർഔൻ ദേഷ്യംകൊണ്ട് വിറച്ചു. അവളെയും അവളുടെ സന്താനങ്ങളെയും ചുട്ടുകൊല്ലാൻ ഫിർഔൻ കൽപിച്ചു. ചെമ്പുപലകകൾ പഴുപ്പിച്ച ഭീമൻ കല്ല് ബലിശാലയിൽ തയ്യാറാക്കി. ആദ്യം മാശിത്വയുടെ മൂന്ന് പിഞ്ചുമക്കളെ നിഷ്‌കരുണം അതിലേക്ക് വലിച്ചെറിഞ്ഞു. 

മരണത്തെ മുന്നിൽ കണ്ടപ്പോഴും മാശിത്വ ആദർശത്തിൽനിന്ന് ഒരടി പിന്തിരിഞ്ഞില്ല. അപ്പോഴും അവളുടെ ചുണ്ടുകൾ ‘അല്ലാഹു അഹദ്’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. എന്നെ തീയിലേക്കെറിഞ്ഞാലും ഞാൻ ഈ സത്യമാർഗത്തിൽനിന്ന് പിന്തിരിയില്ല എന്ന് അവർ ദൃഢവിശ്വാസത്തോടെ പറഞ്ഞു. കൈകാലുകളിൽ ആണി അടിച്ചശേഷം കത്തിയെരിയുന്ന അഗ്നി കുണ്ഡത്തിലേക്ക് ആരാച്ചാർ മാശിത്വയുടെ ശരീരത്തെ എടുത്തെറിഞ്ഞു. അപ്പോഴും അവർ ‘അല്ലാഹു അഹദ്’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു.

ഫിർഔനിന്റെ ഈ ക്രൂരകൃത്യങ്ങളെല്ലാം കണ്ട് മനംനൊന്ത് കഴിയുകയായിരുന്നു ആസിയാ ബീവി(റ). ഇതെല്ലാം ഉൾക്കൊണ്ട അവരുടെ മനസ്സിൽ രഹസ്യമാക്കിവെച്ച ഈമാനികാവേശം പുറത്തുവന്നു. മരണം വരിക്കേണ്ടിവന്നാലും ആദർശം അടിയറവ് വെക്കുകയില്ല എന്ന് അവർ മനസ്സിലുറപ്പിച്ചു. ഫിർഔനിന്റെ കരാളഹസ്തങ്ങളിൽനിന്ന് തനിക്കും ഈ സമൂഹത്തിനും മോചനം വേണമെന്ന് അവർ ആഗ്രഹിച്ചു. ആസിയ(റ) യെക്കുറിച്ച് ഫിർഔന് നേരത്തെതന്നെ സംശയം ഉണ്ടായിരുന്നു. കാരണം മൂസാ നബി(അ) യെ വധിക്കാനൊരുങ്ങിയപ്പോഴൊക്കെ അവർ തടസ്സംനിന്നു. ഒരു പോറൽപോലുമേൽക്കാതെ അവർ മൂസ(അ) യെ സംരക്ഷിച്ചു. മൂസയ്ക്ക് അനുകൂലമായി നിലകൊണ്ടു. മാത്രമല്ല കൊട്ടാരത്തിലെ എല്ലാവരും തനിക്കുമുന്നിൽ സാഷ്ടാംഗം നമിച്ചപ്പോഴും ഇന്നേവരെ ആസിയ തനിക്ക് മുന്നിൽ സാഷ്ടാംഗം നമിക്കാൻ തയ്യാറായിട്ടില്ല. 

ആസിയയുടെ ഉള്ളിലെ രഹസ്യം പുറത്തെടുക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഫിർഔൻ ആസിയക്കുമുന്നിലെത്തി. അവളും മൂസയിൽ വിശ്വസിക്കുന്നവളാണെങ്കിൽ അവളെയും കൊന്നുകളയുമെന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ഫിർഔൻ ചോദിച്ചു: നീയും മൂസയുടെ റബ്ബിൽ വിശ്വസിക്കുന്നുവോ? കേട്ടയുടനെ ആസിയാ ബീവി(അ) ഉച്ചത്തിൽ പറഞ്ഞു. ഞാനും ഏക ഇലാഹായ മൂസയുടെ റബ്ബിൽ വിശ്വസിക്കുന്നു. ഇതുകേട്ട് കലികയറിയ ഫിർഔൻ പരിചാരങ്ങളോട് ആസിയാ ബീവി(റ) യുടെ മാതാവിനെ വിളിക്കാൻ പറഞ്ഞു. 

മാതാവ് വന്ന് ഫിർഔനിന്റെ കാൽക്കൽ വീണുനമസ്‌കരിച്ചു. ഫിർഔൻ പറഞ്ഞു: നിങ്ങളുടെ പുത്രി മതം മാറിയിരിക്കുന്നു. ഞാനല്ലാത്ത മറ്റൊരു ദൈവം അവൾക്കുണ്ടത്രെ, നിങ്ങൾ അവളെ പിന്തിരിപ്പിക്കുക, അല്ലാത്ത പക്ഷം ഞാൻ അവളെയും ചുട്ടു കൊല്ലും. മാതാവ് പലതും പറഞ്ഞുനോക്കിയെങ്കിലും വിശ്വാസത്തിൽ നിന്നും ഒരടി പിന്നോട്ടുവെക്കാൻ അവർ തയ്യാറായില്ല. ഏകനായ അല്ലാഹുവിനെ ധിക്കരിച്ച് സൃഷ്ടിപൂജനടത്താൻ ഞാൻ തയ്യാറല്ലെന്നും മരണംതന്നെ ഏൽക്കേണ്ടിവന്നാലും എന്റെ വിശ്വാസത്തിൽനിന്നും ഞാൻ പിൻമാറില്ല എന്നും ആസിയാ ബീവി(റ) ഉറപ്പിച്ചു പറഞ്ഞു. 

ആസിയാ ബീവി(റ) യുടെ മതംമാറ്റത്തിൽ അരിശംപൂണ്ട ഫിർഔൻ പരിവാരങ്ങളോട് ആസിയാ ബീവി(റ) യെ കുരിശിൽ തറയ്ക്കാൻവേണ്ടി പറഞ്ഞു. സൈന്യം കുരിശ് തയ്യാറാക്കി. ആസിയ(റ) യെ സൈന്യം വലിച്ചിഴച്ചു കൊണ്ടുവന്നു. ഈ രംഗം കണ്ട് ആസിയാ ബീവിയെ പരിചരിച്ച തോഴിമാർ ആർത്തട്ടഹസിച്ചു. സൈന്യം ആസിയാ ബീവി(റ) യെ കുരിശിൽ മലർത്തിക്കിടത്തി. കൈപത്തികളിലും കാൽപാദങ്ങളിലും വലിയ ഇരുമ്പാണികൾ അടിച്ചുതാഴ്ത്തി. മുടിപിടിച്ചു കുരിശുപലകയിൽ വരിഞ്ഞു കെട്ടി. ശേഷം ചാട്ടവാർകൊണ്ട് ശക്തിയായി അടിക്കുവാൻ തുടങ്ങി. ഓരോ അടി ഏൽക്കുമ്പോഴും ഹൃദയത്തിൽ ഈമാനികാവേശം ഉയർന്നുവന്നു. ഇടവിടാതെ ‘അല്ലാഹു അഹദ്’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. ശരീരമാസകലം രക്തത്തിൽ കുതിർന്നു. അപ്പോഴും വിശ്വാസത്തിൽനിന്ന് ഒരിഞ്ച് ആ ഹൃദയം വ്യതിചലിച്ചില്ല. രംഗം കണ്ടുനിന്ന ഫിർഔൻ ആസിയാ ബീവി(റ) യോട് ചോദിച്ചു. ആസിയാ, ഞാനല്ലാതെ നിനക്ക് മറ്റൊരു റബ്ബുണ്ടോ? 

ആസിയാ ബീവി(റ) ഉറപ്പിച്ചുപറഞ്ഞു: തീർച്ചയായും എന്റെയും നിന്റെയും റബ്ബ് അല്ലാഹു മാത്രമാകുന്നു. 

ഇതുകേട്ട ഫിർഔൻ ആസിയാ ബീവി(റ) യെ വിവസ്ത്രയാക്കാൻ കൽപിച്ചു. പരിചാരകർ അവരെ വിവസ്ത്രയാക്കി. ചുട്ടുപഴുത്ത മണൽപരപ്പിൽ അവർ ആസിയാ ബീവി(റ) യെ കിടത്തി. വീണ്ടും കൈപത്തികളിലും കാൽപാദങ്ങളിലും ആണികൾ തറച്ചു. അപ്പോഴും അടങ്ങാത്ത ഈമാനികാവേശത്തോടെ അചഞ്ചലമായ വിശ്വാസത്തോടെ അവർ ഉച്ചത്തിൽ ‘അല്ലാഹു അഹദ്’ എന്ന് ഉരുവിട്ട് കൊണ്ടിരുന്നു. 

കാരിരുമ്പിന്റെ ശക്തിയുള്ള ആ ഹൃദയം ആദർശം ആരുടെമുന്നിലും അടിയറവുപറയാൻ തയ്യാറായില്ല. പരിചാരകർ വലിയ പാറക്കല്ലുകൾ മഹതിയുടെ മേൽക്കിടാൻ തയ്യാറായി നിൽക്കുകയായിരുന്നു. അപ്പോഴേക്കും അല്ലാഹുവിന്റെ കൽപനപ്രകാരം മലക്കുകൾ റൂഹ് പിടിക്കാൻ എത്തിയിരുന്നു. ഈ സന്ദർഭത്തിൽ ആസിയാ ബീവി(റ) പ്രാർഥിച്ചു, ‘നാഥാ, നിന്റെ സമീപം എനിക്കൊരു ഭവനം നീ പണിയിച്ചു തരേണമേ. ഫിർഔനിന്റെയും അവന്റെ ജനതയുടെയും ക്രൂരകൃത്യങ്ങളിൽനിന്നും എന്നെ നീ മോചിപ്പിക്കേണമേ’ അവരുടെ ആത്മാവ് സ്വർഗീയാരാമങ്ങളിലേക്ക് എത്തി. വമ്പൻ പാറക്കല്ലുമായി വന്ന ഭൃത്യൻമാർ അവ ആസിയാ ബീവി(റ) യുടെ ശരീരത്തിലേക്കിട്ടെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഫിർഔനിന്റെയും കിങ്കരൻമാരുടെയും ഈ ക്രൂരകൃത്യങ്ങളിൽ മനംനൊന്ത് പലരും ഇസ്‌ലാമിലേക്ക് കടന്നുവന്നു.

വിശ്വാസത്തിന്റെ പാതയിൽ ആത്മാർപ്പണംചെയ്ത ആ ധീരവനിതയെ ലോകത്താകമാനമുള്ള സ്ത്രീകൾക്ക് മാതൃകയായാണ് ഖുർആൻ അവതരിപ്പിച്ചത്. പ്രതാപവും ഐശ്വര്യവും ആവോളം ആസ്വദിക്കാമായിരുന്നെങ്കിലും അവയെല്ലാം വെടിഞ്ഞ് ആദർശത്തിന്റെ ആഴപ്പരപ്പിലേക്ക് ആ മഹതി ഇറങ്ങി വന്നു. ഫിർഔനിന്റെ അപ്രീതിയെയും സമൂഹത്തിന്റെ മന:സാക്ഷിയെയും വകവെക്കാതെ ആത്മധൈര്യത്തോടെയും അർപ്പണബോധത്തോടെയും സധൈര്യം മുന്നോട്ടുവന്നു. ഭൗതിക നേട്ടങ്ങൾക്കുവേണ്ടി ആദർശം അടിയറവെക്കാൻ തയ്യാറാവുന്ന മാനവർക്ക് മാതൃകയായി അവർ നിലകൊണ്ടു. ഏതുപ്രതികൂല സാഹചര്യത്തിലും വിശ്വാസം കൈവെടിയാതെ എങ്ങനെ സംരക്ഷിക്കണമെന്ന് അവർ ലോകത്തിന് കാണിച്ചുകൊടുത്തു. ഫിർഔനിനോടും അനുയായികളോടും പൊരുതാനോ അവരെ സത്യത്തിലേക്ക് ക്ഷണിക്കാനോ ഉള്ള കഴിവ് ഇല്ലെങ്കിലും അവരുടെ പ്രവൃത്തികൾ അനുകരിക്കാതെ വിട്ടുനിൽക്കാനും കാവൽചോദിക്കാനും അവർ തയ്യാറായി.

ക്രൂര പീഡനങ്ങളിലും തന്റെ വിശ്വാസം മഹതി കൈവിട്ടില്ല. ഫിർഔനിന്റെ ആഢംബരവും കൊട്ടാരമെത്തകളും ആസിയാ ബീവിയെ മോഹനവലയത്തിലകപ്പെടുത്തിയില്ല. തനിക്കു വന്നു ഭവിക്കുന്ന അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ തന്റെ വിശ്വാസത്തിന്റെ ദാർഢ്യത വർധിപ്പിക്കുവാൻ മഹതി ഉപയോഗപ്പെടുത്തി.

തത്ഫലമായി അല്ലാഹുവിന്റെ സ്വർഗീയാരാമത്തിൽ മണിമന്ദിരം ലഭിക്കുകയും സൃഷ്ടിജാലനിർമിതിക്ക് കാരണക്കാരനായ മുഹമ്മദ് നബി(സ്വ) യുടെ സ്വർഗത്തിലെ പത്‌നി യായി വിരാജിക്കുകയും ചെയ്യാം. നന്മയും ഭക്തിയും നിറഞ്ഞ ജീവിതത്തിനാൽ മർയം ബീവി(റ) യെപ്പോലെ മാതൃകാവനിതയായി ഖുർആൻ എടുത്തുകാണിക്കുകയും ചെയ്തു. നബി(സ്വ) പറഞ്ഞു: പുരുഷന്മാരുടെ കൂട്ടത്തിൽ നിരവധി പേർ പൂർണതനേടിയിട്ടുണ്ട്. എന്നാൽ സ്ത്രീകളിൽനിന്ന് പൂർണത നേടിയത് ഫിർഔനിന്റെ ഭാര്യ ആസിയയും ഇംറാന്റെ പുത്രി മർയമുമാണ് (ബുഖാരി മുസ്‌ലിം)

No comments:

Post a Comment