Saturday 2 September 2017

ആളുകളെ അളന്ന് തൂക്കും മുമ്പ്

 

നിങ്ങളെ പറ്റി വേറൊരാളോട് താഴെ പറയുന്ന നാലാലൊരു കാര്യമാണ് പറയുന്നതെന്ന് വിചാരിക്കുക.


1) സാമ്പത്തികം ക്ലിയറല്ല, അടുത്തു പോവല്ലേ

2) വെറും ചൂടനാണ്, വെറുതെ പൊട്ടിത്തെറിക്കും

3) പെരുമാറ്റം പോരാ, എല്ലാവരുമായും തെറ്റും

4) ആളുകൊള്ളാം, ശുദ്ധന്‍, നിഷ്‌കളങ്കന്‍


ഇതില്‍ ആദ്യത്തെ മൂന്നെണ്ണം വായിക്കുന്ന നേരത്ത് നിങ്ങളുടെ മുഖം കോടുന്നതും ചുളുങ്ങുന്നതും പുളിക്കുന്നതും എനിക്ക് കാണാം, മനസ്സിലാക്കാം. എന്ന പോലെ വായന നാലിലെത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് വെയില്‍ പരക്കുന്നതും ഹൃദയത്തില്‍ ലഡുപൊട്ടുന്നതും എനിക്ക് കേള്‍ക്കാം, അറിയാം. മേല്‍പ്പറഞ്ഞതില്‍ ഏത് പ്രസ്താവന കൊണ്ടായിരിക്കും നിങ്ങളുടെ പരിചയക്കാര്‍ നിങ്ങളെ പറ്റി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നത് എന്നൊക്കെ ചോദിച്ച്, ‘ഇങ്ങനെയൊന്നും പോരാ, സ്വഭാവമൊക്കെ ഇത്തിരി നന്നാക്ക്’ എന്ന രൂപത്തിലുള്ള ഒരു തളിരിലയെഴുത്തായിരിക്കും ഇതെന്ന് അധിക പേരും കരുതിക്കാണുമെന്ന് ഞാന്‍ മോഹിക്കുന്നു. എങ്കില്‍ പറയാന്‍ പോകുന്ന വിഷയമേ അതല്ല.!


❓ഒരാളിലൂടെ മറ്റൊരാളെ പറ്റി നിങ്ങള്‍ എന്തോ ഒന്ന് കേട്ടു. എന്നിട്ട് ആ പറയപ്പെട്ട ആളെ നിങ്ങള്‍ നേരിട്ട് കണ്ടു. എന്നാല്‍ നിങ്ങള്‍ക്ക് അയാളോടുള്ള സമീപനത്തില്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ വല്ല സമീപനവും ഉണ്ടാവുമോ, ഇല്ലേ? ഒരാളോ രണ്ടാളോ അല്ലെങ്കില്‍ ഒരു കൂട്ടമാളുകളോ ഒരാളെ പറ്റി മോശമായി വല്ലതും പറയുന്നത് കേള്‍ക്കുക വഴി പ്രസ്തുത ആളെ പറ്റി മോശം ധാരണ വെച്ചുപുലര്‍ത്തുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? പോട്ടെ, മറ്റാരും ഒന്നും പറയാതെ തന്നെ, നിങ്ങള്‍ക്ക് ഏതെങ്കിലും ആളുകളോട് ഇഷ്ടക്കേടും മതിപ്പുകമ്മിയും ഉണ്ടായിട്ടുണ്ടോ? കൃത്യമായ വിശകലനമോ ഖണ്ഡിതമായ തെളിവുകളോ കൂടാതെ ഉടുപ്പും നടപ്പും കണ്ടിട്ട്, ആളുകള്‍ പറയുന്നതും പെരുമാറുന്നതും കണ്ടിട്ട് നിങ്ങള്‍ ആരെക്കുറിച്ചെങ്കിലും തെറ്റായ ധാരണ മനസ്സില്‍ വെച്ച് നടക്കുന്നുണ്ടോ?


വിശദീകരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗൗരവമേറിയ രണ്ട് സംഭവങ്ങള്‍ കേള്‍ക്ക്.

💥 ബഹുവന്ദ്യരായ ഇമാമുല്‍ ഹറമൈനി (റ) സാഗരസമാനരായ മുതഅല്ലിമുകള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയാണ്. ആഴമേറിയ വിഷയങ്ങളിലുള്ള ഗാഢഗംഭീരമായ മുനാഖശ. അദ്ദേഹം, ഒരു സൂഫിവര്യനും അദ്ദേഹത്തിന്റെ ഒരുപറ്റം ശിഷ്യരും ആ വഴിക്കങ്ങനെ നടന്നുനീങ്ങുന്നത് കണ്ടു. പോക്കുകണ്ടാലറിയാം, ‘വെയ്പി’ന് വേണ്ടിയുള്ള എഴുന്നള്ളത്താണ്. അപ്പോള്‍ മഹാനോരുടെ ഉള്ളില്‍ അസ്‌ക്യതയുടെ ഒരു തീനാളമാളി: ”ഹും… ശാപ്പാട്ടുജീവികള്‍, തീറ്റതന്നെ കാര്യമായ ഏര്‍പ്പാട്”

അവര്‍ നടന്നു പോയി. മഹാന്‍ ക്ലാസ് തുടര്‍ന്നു. കുറേ കഴിഞ്ഞിട്ട് കാഴ്ചയില്‍ ഫഖീര്‍ മട്ടുള്ള ആ സൂഫി ഇമാമവര്‍കളുടെ അടുത്ത് വന്ന് ഭവ്യതയോടെ ഒരു സംശയം ചോദിക്കുന്നു. ഒരാള്‍ ജനാബത്തുകാരനായിരിക്കെ, കുളിക്കാതെ സുബ്ഹി നിസ്‌കരിക്കുന്നു. എന്നിട്ട് മുതഅല്ലിമുകള്‍ക്ക് ദീന്‍പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നു. മറ്റുള്ളവരെ പറ്റി ദൂഷണം പറയുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാളെ പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്?

ഹറമൈനി തങ്ങളുടെ ഉള്ളില്‍ പെട്ടെന്നൊരു ഇടിവെട്ടി! കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. അന്ന് മഹാന് കുളി നിര്‍ബന്ധമായിരുന്നെങ്കിലും എന്തോ അതങ്ങ് പാടേ മറന്നുപോയിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ പഠിപ്പിക്കുന്നതും മറ്റുള്ളവരെ പറ്റി വേണ്ടാധീനങ്ങള്‍ ചിന്തിക്കുന്നതും. പശ്ചാതാപവിവശനായ മഹാന്‍ എല്ലാം പൊരുത്തപ്പെടീച്ചു.


💥 ഇനി ജുനൈദുല്‍ ബഗ്ദാദി (ഖ:സി)യുടെ കഥ പറയാം. പട്ടണത്തിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഒരാള്‍ കണ്ണിലുടക്കി. ആള്‍ പിച്ച യാചിക്കുകയാണ്, കാണുന്നവരോടെല്ലാം. ഛെ! ഛെ!! ഇതെല്ലാം എന്ത് താണ ഏര്‍പ്പാട്, മഹാനോരുടെ മനസ്സില്‍ ഒരു മാന്തല്‍. അന്നന്തിയുറങ്ങുമ്പോഴാണ് ഒരാള്‍ ഒരു വമ്പന്‍ തളികയുമായി വരുന്നത്. ഈ യാചകനാണ് തളികയിലുള്ളത്.

”ഉം, തിന്ന്, തിന്ന്…” കല്പനയും..

ഉറക്കം ഞെട്ടി. ചില്ലറക്കാരനല്ലല്ലോ, ജുനൈദ് (റ) വിന്ന് കിനാവിന്റെ പൊരുള്‍ പിടികിട്ടി. പിറ്റേന്ന് ആളെയും അന്വേഷിച്ച് മഹാന്‍ പട്ടണത്തിലലഞ്ഞു. മുന്‍പരിചയമില്ലാത്ത ഒരാളുണ്ട് പേരുവിളിച്ച് പറയുന്നു: ”ജുനൈദേ, പൊയ്‌ക്കോ, ശ്രദ്ധിച്ചോളണേ..”

മഹാന്മാരുടെ ജീവിതത്തില്‍ അരുതാത്തതൊന്നും വരുമെന്ന് പറഞ്ഞാല്‍, ഒരാളെ പറ്റിയുള്ള കേട്ടുവിചാരം പോലും സംഭവിക്കരുതാത്തത് കൊണ്ട്, അവര്‍ക്ക് അപ്പപ്പോഴുള്ള നിവാരണ നിമിത്തങ്ങള്‍ അഭൗമ മാര്‍ഗേണ വന്നെത്തുന്നു. പക്ഷെ സാധാരണക്കാരന്റെ കാര്യം അങ്ങനെയല്ലല്ലോ. നാം ബാഹ്യമായി അരുതാക്കര്‍മങ്ങളില്‍ മുങ്ങിക്കുളിച്ചാല്‍ തന്നെ നമുക്കൊന്നും സംഭവിക്കുന്നില്ല.


✅ നബി(സ) തങ്ങൾ പറഞ്ഞു. “തന്റെ സഹോദരനെ ഏതെങ്കിലും കുറ്റം പറഞ്ഞ് ആര് പരിഹസിച്ചുവോ ആ കുറ്റം ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല” (തിർമുദി)“

✅ എന്റെ രക്ഷിതാവായ അല്ലാഹു എന്നെ വാനലോകത്തേക്ക് നയിച്ചു (മി‌അറാജ് ) ആ യാത്രയിൽ ചെമ്പിന്റെ നഖങ്ങളുള്ളവരും ആ നഖങ്ങൾ കൊണ്ട് സ്വന്തം മുഖവു നെഞ്ചും മാന്തിക്കൊണ്ടിരിക്കുന്നവരുമായ ഒരു കൂട്ടം ജനങ്ങളെ ഞാൻ കാണുകയുണ്ടായി. ഇവർ ആരാണെന്ന് ഞാൻ ജിബ്‌രീൽ (അ) എന്ന മലക്കിനോട് ചോദിച്ചു. ‘ ജനങ്ങളുടെ സ്വഭാവ നടപടികളെക്കുറിച്ച് സംസാരിച്ച് അവരുടെ ഇറച്ചി തിന്നുന്നവരാണ് ഇവരെന്ന് ജിബ്‌രീൽ (അ) പറഞ്ഞു.” (അബൂദാവൂദ്)


❓നമുക്ക് ആദ്യമായി നമ്മുടെ തന്നെ കാര്യം പരിശോധിക്കാം. നമ്മുടെ സ്വന്തം കുറ്റവും കുറവും പരിഹരിക്കാൻ വഴിയെന്തെന്ന് ആലോചിക്കുന്നതിനു പകരം ഞാനടക്കമുള്ളവർ ചെയ്യുന്നത് നമ്മുടെ കുറ്റം എങ്ങിനെയെങ്കിലും മൂടി വെച്ച് അന്യന്റെ ഉള്ളതും ഇല്ലാത്തതുമായ ന്യൂനതകൾ മറ്റുള്ളവർക്ക് മുന്നിൽ വിവരിച്ച അവരെ നാണം കെടുത്തുന്നതിലൂടെ ലോകമാന്യം നേടാൻ ശ്രമിക്കുകയല്ലേ ..

പരദൂഷണം നാക്കുകൊണ്ടുള്ള തിന്മയാണെങ്കില്‍ അതിന്റെ ഹൃദയ ഭാഷയിലുള്ള സോഫ്റ്റ് കോപ്പികളാണ് മനസ്സുകൊണ്ടുള്ള ദുര്‍വിചാരങ്ങള്‍. ഉള്ളുകള്ളികള്‍ കാര്യമായി അറിയാതെ നിങ്ങള്‍ പലരെ പറ്റിയും തെറ്റിദ്ധരിച്ചത്, നിങ്ങളെ പറ്റി പലരും ദോഷവിചാരം വെച്ചുപുലര്‍ത്തിയത് നിങ്ങള്‍ക്കും അനുഭവമുണ്ടാവാം.


❗മൂന്നാല് കൊല്ലം മുമ്പ് സ്ഥാപനത്തിന്റെ ഒരു കലണ്ടര്‍ വില്‍ക്കാന്‍ പോയപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ അനുഭവം നിങ്ങളുമായി പങ്കുവെക്കാം. അതവനിഷ്ടപ്പെടുമോ എന്ന കാര്യം എനിക്കുറപ്പില്ല.

മാട്ടൂലിനടുത്തുള്ള പുതിയങ്ങാടി ഭാഗത്താണ് അവന്‍ കലണ്ടര്‍ കറക്കത്തിന് തെരഞ്ഞെടുത്തത്. പത്ത് രൂപക്കാണ് കലണ്ടര്‍ വില്‍ക്കേണ്ടത്. അതിലധികം കിട്ടുന്നത് സംഭാവനയായി വകയിരുത്തണം. കിട്ടുന്നതിന്റെ നാലിലൊന്ന് യാത്ര ചെലവിലേക്ക് വിനിയോഗിക്കാം. ഇതാണ് വ്യവസ്ഥ. അധികം വീട്ടില്‍ നിന്നും ഇരുപതാണ് കിട്ടുന്നത്. ചിലപ്പോള്‍ അമ്പതും അപൂര്‍വ്വമായി നൂറും. ഒരു വീട്ടില്‍ ചെന്നപ്പോള്‍ വയസ്സായി കവിളൊട്ടിയ ഒരാള്‍. തകര്‍ന്ന് വീഴാറായ ഒരു ഭീമന്‍ തറവാട്. അവരോട് ഇരിക്കാന്‍ പറഞ്ഞ് ആള്‍ അരയിലെ പച്ചബെല്‍റ്റില്‍ നിന്ന് മടക്കിച്ചുരുട്ടി ദിനേശ് ബീഡി പോലെയാക്കിയ ഒരു അമ്പതുരൂപ എടുത്തു.

”മക്കളേ, നാല്‍പത് രൂപാ ചില്ലറ തര്വോ?”

അന്നേരം ആ സുഹൃത്തിന്റെ മനസ്സില്‍ ഒരു അസ്വസ്ഥത രൂപപ്പെട്ടുവത്രെ! ”ഉം, ചില്ലറയാക്കാന്‍ നില്‍ക്കുന്നു, അതിങ്ങ് തന്നാ പോരെ കിളവന്?”

കെട്ടുകണക്കിന് പത്തുരൂപകള്‍ ഉണ്ടായിട്ടും ചില്ലറയില്ലെന്ന് കള്ളം പറഞ്ഞു.

അയാള്‍ എണീറ്റു മുറ്റത്തേക്കിറങ്ങി. നടക്കുമ്പോള്‍ അയാള്‍ എക്കിക്കുകയും ഏന്തുകയും ചെയ്യുന്നുണ്ടായിരുന്നു. അയാള്‍ റോഡുവരെ ഞെക്കി ഞെരങ്ങി നടന്നു നീങ്ങുമ്പോള്‍, എന്റെ സുഹൃത്തിന്റെ മനസ്സിലുണ്ടായ ചിന്തകള്‍ കേള്‍ക്കണോ നിങ്ങള്‍ക്ക്.

”മങ്കുഴിയിലേക്ക് കാല് നീട്ടിക്കിടക്കുന്ന കാക്കാ, ഇതെവിട്‌ത്തേക്കാ, തങ്കരിച്ച് വെക്ക്ന്ന്…. ഇത്രയും കഷ്ടപ്പെട്ടിട്ട് ചില്ലറായാക്കാന്‍ പോവേണ്ട കാര്യമുണ്ടോ.? അതിങ്ങ് തന്നാ പോരെ….”

ജംഗ്ഷനിലെ പെട്ടിക്കടയില്‍ നിന്ന് ചില്ലറയാക്കി ചിരിച്ച്‌കൊണ്ട് കാക്ക വരികയാണ്. പത്തുരൂപ വെച്ച് നീട്ടിയപ്പോള്‍, അമര്‍ഷത്തിന്റെ ഒരു പീരങ്കിപോലെയാക്കി അവന്‍ കലണ്ടര്‍ ചുരുട്ടിക്കൊടുത്തു.

”മക്കള് വെയ്‌ലത്ത് നടന്ന് ക്ഷീണിക്കല്ലേ..” ചായ കുടിച്ചോ എന്ന് പറഞ്ഞ് നേരെ ഇരുപതുകളുടെ രണ്ട് ചുരുട്ടുകള്‍ അവരുടെ പോക്കറ്റുകളില്‍ ഇറുക്കി വെച്ചുകൊടുത്തു. അപ്പോഴേക്കും പ്രായം ചെന്ന ഒരുമ്മ അകത്തുനിന്ന് കുടിക്കാനുമായെത്തി. ഉപ്പിട്ടിളക്കിയ ചൂടു കഞ്ഞി വെള്ളം.

നല്ല ചൂടില്‍ നല്ലോണം ചൂടുവെള്ളം കുടിച്ച ചങ്ങാതി, മുറ്റത്തെ പൈപ്പില്‍ ചെന്ന് കുറേ നേരം മുഖം കഴുകി. കണ്ണുനീര്‍ കുത്തിയൊഴുകുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാനായിരുന്നു നേരമേറെയെടുത്തുള്ള ആ മുഖം കഴുക്..


🔰 നമുക്ക് മറ്റുള്ളവരെ പറ്റി മോശം കരുതാന്‍ ഏറെയൊന്നും വേണ്ട. നമ്മുടെ മനസ്സിന്റെ ഒരു വെമ്പലാണത്. ആളിന്റെ നന്മകളിലേക്ക് നമ്മുടെ മനസ്സ് അവ്വിധം വെമ്പുകയില്ല. അതേസമയം കുറ്റാരോപിതനായ ഒരാളെ കാണുവാനോ, ആളുകള്‍ അടക്കം പറയുന്ന ഒരാളിന്റെ ഉള്ളുകള്ളികള്‍ ചൂഴ്ന്ന് കണ്ടെത്തുവാനോ ഒക്കെ നമുക്ക് അതിവിരുതായിരിക്കും.


❗വെറുതെ ഒരു നേരം പോക്കിന്, സദസ്സിൽ ഒരു ചിരിയുണർത്തുന്നതിന് ,അതിലൂടെ വലിയ തമാശക്കാരനായി ചമഞ്ഞ് പൊങ്ങച്ചം കാണിക്കുവാനൊക്കെയായിരിക്കും പലപ്പോഴും മറ്റുള്ളവരെ താഴ്ത്തികെട്ടി പരിഹസിക്കാൻ പലരും ശ്രമിക്കുന്നത്. ഒരാളെ ഇകഴ്ത്തി അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ പറഞ്ഞ് ചില സ്വാധീനങ്ങൾ ചെലുത്തി കാര്യം നേടാനും തൊഴിൽ മേഖലകളിൽ ഇക്കൂട്ടർ വിഹരിക്കുന്നത് കാണാം. പാര എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവർ ചെയ്യുന്നതും ഈ കഠിന ശിക്ഷയ്ക്ക് പാത്രമാവുന്ന കാര്യമല്ലാതെ മറ്റൊന്നുമല്ല.

തീർച്ചയായും ഉപേക്ഷിക്കേണ്ട ഒരു ദുസ്വഭാവം തന്നെയാണിത് എന്നതിൽ സംശയമില്ല. കടുത്ത ആത്മ നിയന്ത്രണം തന്നെ വേണ്ടി വരും ചിലപ്പോൾ എങ്കിലും മറ്റുള്ളവരെ പരിഹസിച്ച് അവരുടെ കുറ്റങ്ങൾ പറഞ്ഞ് നേടിയെടുക്കുന്ന നൈമിഷികമോ അല്ലെങ്കിൽ കുറച്ച് കാലത്തേക്കുള്ളതോ ആയ നേട്ടങ്ങൾക്ക് പകരം വരാനിരിക്കുന്നത് ശ്വശ്വതമായ പരിഹാസ്യമായ ശിക്ഷയാണെന്ന ഓർമ്മയുണ്ടാവാൻ ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തട്ടെ. 


No comments:

Post a Comment