Friday 6 July 2018

കുട്ടികൾക്ക് പേരിടൽ ഇസ്‌ലാമിൽ




പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്‌ലിങ്ങള്‍ വലിയ അളവില്‍ നുകര്‍ന്നതായി കാണാം. പേരിന്റെ മോടി മാത്രം പരിഗണിച്ച് കുട്ടികള്‍ക്കും മറ്റും പേരിടുമ്പോള്‍ പ്രവാചകന്‍(സ) നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളും പ്രോല്‍സാഹിപ്പിച്ച ശൈലികളും നമ്മുടെ പരിഗണനയിലുണ്ടാവേണ്ടതുണ്ട്. ഇസ്‌ലാമിക നാഗരികതകളില്‍ പ്രവാചകനും ഭരണാധികാരികളും പെരുമയുള്ള പേരുകളും സ്ഥല നാമങ്ങളും സ്വീകരിച്ചിരുന്നതായി കാണാം.

കുട്ടിപിറന്ന് ഏഴാം ദിവസം ചെയ്യേണ്ട ഒന്നാമത്തെ കാര്യമാണ് നാമകരണം. ഏഴിനുമുമ്പ് കുട്ടി മരണപ്പെട്ടാലും പേരിടല്‍ സുന്നത്തുണ്ട്. എന്നല്ല ജീവനില്ലാതെ ജനിച്ച കുട്ടിക്കുപോലും പേരിടല്‍ സുന്നത്തുണ്ട് (തുഹ്ഫ).

പേരിടല്‍ പിതാവിന്റെ അവകാശമാണ്. പിതാവില്ലെങ്കില്‍ വലിയുപ്പയാണ് പേരിടേണ്ടത് (ശര്‍വാനി).

നല്ല പേരിടല്‍ സുന്നത്താണ് (തുഹ്ഫ).

ഇന്ന് പേരിടല്‍ ശ്രമകരമായ ഒന്നായി മാറിയിരിക്കുകയാണ്. പാശ്ചാത്യ പേരുകളും ക്രിക്കറ്റ് താരങ്ങളുടെയും മറ്റും പേരുകളും തേടുകയാണ് പലരും.

മാതാപിതാക്കളുടെ പേരുകളുടെ അക്ഷരങ്ങള്‍ ചേര്‍ത്ത് പുതിയ പേരുകള്‍ രൂപപ്പെടുത്തുന്നവരും വിരളമല്ല. പേരിന്റെ പുണ്യമോ അര്‍ത്ഥമോ ഇത്തരക്കാര്‍ ശ്രദ്ധിക്കാറില്ല. സന്താനങ്ങളുടെ സദ്‌സ്വഭാവത്തിനും വിജയത്തിനും പേരുകള്‍ സ്വാധീനിക്കുമെന്നതാണ് തിരുനബി ദര്‍ശനം. പേരിടുന്നതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

കുഞ്ഞ്  ജനിച്ചാല്‍ പേരിടണം. കുഞ്ഞുങ്ങള്‍ക്ക്‌ നല്ല പേരിടണം   എന്നാണ് പ്രവാചകാധ്യാപനം. അബ്ദുള്ളയും, അബ്ദുറഹ്മാനുമാണ്  നല്ല നാമങ്ങള്‍. പിന്നെ അല്ലാഹുവിന്റെ നാമത്തോടൊപ്പം ‘അബ്ദു’ കൂട്ടിയ  എല്ലാ പേരുകളും നല്ലത് തന്നെ. തിരുനബിയുടെ പേരും ഉത്തമ നാമങ്ങളില്‍ പെടുന്നു.  മഹാന്മാരുടെ പേരുകളും ഉചിതം തന്നെ. റഹ്മത്ത് , ബര്‍കത്  തുടങ്ങിയ പേരുകള്‍ അനുചിതമാണ്, റഹ്മത്  വീട്ടിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍  പലപ്പോഴും ഇല്ല എന്ന് പറയേണ്ടി  വരില്ലേ എന്നതായിരിക്കും കാരണം.

ഹാകീമുല്‍ ഹുകാം, ഖാളീ  ഖുളാത് , മലികുല്‍ മുലൂക്  തുടങ്ങിയ പരമാധികാരത്തെ സൂചിപ്പിക്കുന്ന പേരുകള്‍ നാമകരണം ചെയ്യല്‍ ഹറാമാണ്. നികൃഷ്ട നാമങ്ങള്‍ (ശൈത്വാന്‍ , ഗുറാബ് , ആസി(ദോഷി) എന്നീ പേരുകളൊന്നും പാടില്ല. അബ്ദുന്നബി, ജാറുള്ള തുടങ്ങിയ നാമങ്ങളും ഹറാമാണ്.

അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്നു: ”നബി(സ്വ) പറഞ്ഞു: നിങ്ങളുടെയും പിതാക്കളുടെയും പേരുകള്‍ ചേര്‍ത്താണ് നിങ്ങള്‍ അന്ത്യനാളില്‍ വിളിക്കപ്പെടുക. അതുകൊണ്ട് പേര് നന്നാക്കുക” (അബൂദാവൂദ് 5/236).

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം: നിങ്ങളുടെ പേരുകളില്‍ നിന്നും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (മുസ്‌ലിം 2132).

നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അമ്പിയാക്കളുടെ പേരുകള്‍ ഇടുക. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (അബൂദാവൂദ് 5/237).

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഖുര്‍തുബി ഉദ്ധരിക്കുന്നു: ”സത്യവിശ്വാസികളെ നരകത്തില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തും. ആദ്യം രക്ഷപ്പെടുത്തുക അമ്പിയാക്കളുടെ പേരുള്ളവരെയായിരിക്കും. പിന്നെ അല്ലാഹു പറയും: നിങ്ങള്‍ മുസ്‌ലിമീനും മുഅ്മിനീനും ആണല്ലോ. എന്റെ വിശേഷണമാവട്ടെ മുഅ്മിന്‍, മുസ്‌ലിം എന്നുമാണ്. അതുകൊണ്ട് ഈ രണ്ടു പേരിന്റെ ബറകത്ത് കൊണ്ട് അവരെ ഞാന്‍ നരകത്തില്‍നിന്ന് മോചിപ്പിക്കും” (മുഗ്‌നി 4/295).

ഇസ്‌ലാം സ്വീകരിച്ചവരുടെ നാമങ്ങള്‍ വളരെ സുന്ദരമാവണമെന്ന് പ്രവാചകന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ പ്രവാചകന്‍ പലര്‍ക്കും പെരുമയുള്ള പേരുകള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ആസിയ(ധിക്കരിച്ചവള്‍) യുടെ പേര് പ്രവാചകന്‍ മാറ്റുകയുണ്ടായി. നബി(സ) അവളോട് പറഞ്ഞു: 'നീ ജമീല(സുന്ദരി)യാണ്' (മുസ്‌ലിം)


സഹമ് ബിന്‍ മഅ്ബദ് അസ്സദൂസിയുടെ പേര് ബഷീര്‍ എന്നാക്കി മാറ്റി. അലി(റ) തന്റെ പുത്രന്മാര്‍ക്ക് പേരിട്ടത് ഹര്‍ബ്, ഹിര്‍ബ് എന്നായിരുന്നു. പ്രവാചകന്‍ അത് തിരുത്തി ഹസന്‍, ഹുസൈന്‍ എന്നാക്കി മാറ്റുകയുണ്ടായി. (അഹ്മദ്).

അസ്‌റം (ദര്‍അ), അബില്‍ ഹകം (അബീ ശുറൈഹ്), ആസ് (അസീസ്), ഉത്‌ല-ശൈതാന്‍-ഹകം-ഉറാബ്-ഹുബാബ്-ശിഹാബ് (ഹിശാം), ഹര്‍ബ് (സില്‍മ്), മുല്‍തജിഅ് (മുന്‍ബഇസ്) എന്നിങ്ങനെ പേരുകള്‍ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. വരണ്ട ഭൂമി എന്നര്‍ഥം വരുന്ന അര്‍ദുന്‍ ഗഫിറ എന്നതിനെ പച്ചപ്പ് എന്നാശയമുള്ള ഗളിറ എന്ന് നാമകരണം ചെയ്യുകയുണ്ടായി. വഴികേടിന്റെ താഴ്‌വര (ശിഅ്ബുദ്ദലാല) എന്നതിനെ സന്മാര്‍ഗത്തിന്റെ താഴ്‌വര (ശിഅ്ബുല്‍ ഹുദ) എന്നാക്കി പ്രവാചകന്‍. ബനൂസ്സനിയ, ബനൂ മഅ്‌വിയ എന്ന നീചമായ നാമങ്ങളെ പ്രവാചകന്‍(സ) ബനീറുശ്ദ (സന്മാര്‍ഗത്തിന്റെ സന്തതികള്‍) എന്നാക്കി മാറ്റിവിളിച്ചു.

സഈദു ബിന്‍ മുസയ്യബ് നിവേദനം ചെയ്യുന്നു. അദ്ദേഹത്തിന്റ ഗുസ്‌ന് എന്നു പേരുള്ള പിതാമഹന്‍ പ്രവാചകന്റെ അടുത്ത് പോയി. താങ്കളുടെ പേരെന്താണെന്ന് പ്രവാചകന്‍ ചോദിച്ചു. 'ഗുസന്‍' അദ്ദേഹം മറുപടി പറഞ്ഞു. നബി(സ) പറഞ്ഞു. ഇനി മുതല്‍ താങ്കള്‍ ' സഹല്‍'  ആണ്. തന്റെ പിതാവ് നല്‍കിയ പേര് തിരുത്താന്‍ ഞാന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം അറിയിച്ചു. ഇബ്‌നു മുസ്അദ് പറഞ്ഞു. അതിന് ശേഷം ഞങ്ങളില്‍ നിന്നും ദുഖം നീങ്ങിയിട്ടില്ല. (ബുഖാരി)

പേരിടുന്ന വിഷയത്തില്‍ പ്രവാചകന്‍(സ) ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി കാണാം. ' അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ നാമങ്ങള്‍ അബദുല്ല, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവയാണ്.  ഹാരിസ്, ഹമാം എന്നിവ നല്ല പേരുകളാണ്. ഏറ്റവും നീചമായ നാമങ്ങളാണ് ഹര്‍ബ്, മുര്‍റ തുടങ്ങിയവ(അബൂദാവൂദ്).

പ്രവാചകന്‍ ഇപ്രകാരം ചില നാമങ്ങളടെ പേരുകള്‍ പരിഷ്‌കരിച്ചതായി കാണാം. മദീനയിലേക്ക് പലായനം ചെയ്ത സന്ദര്‍ഭത്തില്‍ യസ്‌രിബ് എന്ന പേര് മാറ്റി മദീന എന്നു നാമകരണം ചെയ്യുകയുണ്ടായി. അരോചകമായ സ്ഥലനാമങ്ങളെ അദ്ദേഹം വെറുത്തിരുന്നു. ഒരു യുദ്ധ സന്ദര്‍ഭത്തില്‍ രണ്ട് പര്‍വതങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചപ്പോള്‍ ഈ മലയുടെ പേരെന്താണെന്ന് പ്രവാചകന്‍(സ) ചോദിച്ചു. ഫാളിഹ്, മഹ്ദിന്‍ എന്നാണവയുടെ പേര് എന്നറിയിച്ചപ്പോള്‍ പ്രവാചകന്‍(സ) അവിടെ നിന്നും മാറി നടന്നു. ആ പാത ഉപേക്ഷിക്കുകയും ചെയ്തു(സാദുല്‍ മആദ്). തന്റെയടുത്തേക്ക് ആരെങ്കിലും ദൂതന്മാരെ അയക്കുകയാണെങ്കില്‍ നല്ല പേരും മുഖ പ്രസന്നതയുള്ള ആളെ അയക്കുക എന്ന് പ്രവാചകന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. (ത്വബ്‌റാനി).

ഇസ്‌ലാമിക രാഷ്ട്രത്തിലെ ഖലീഫമാരുടെയും സുല്‍ത്താന്‍മാരുടെയും ഭരണാധികാരികളുടെയും നാമങ്ങള്‍ സുന്ദരവും പ്രൗഢിയുമുള്ളതായിരുന്നതായി കാണാം. സേഛ്വാധിപത്യത്തിന്റെയും അധികാരത്തിന്റെയും ബലം പ്രകടമാക്കുന്ന പേരുകളായിരുന്നു ഇസ്‌ലാമിന് മുമ്പുള്ള ഭരണാധികാരികള്‍ സ്വീകരിച്ചിരുന്നത്. അത്തരത്തലുള്ള പേരുകള്‍ വിളിക്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കി.  'രാജാധിരാജന്‍' എന്ന് ഒരുവനെ അഭിസംബോധന ചെയ്യുന്നതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീചമായത് ' (മുസ്‌ലിം).

ഭരണാധികാരികളും സുല്‍ത്താന്‍മാരും തങ്ങളുടെ പേരുകള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തു വിളിച്ചത് ഇക്കാരണത്താലാണ്. അബ്ബാസികളില്‍ എട്ടാമനായ മുഅ്തസിം ബില്ലാഹിയാണ് ഈ ചര്യക്ക് തുടക്കം കുറിച്ചത്. മുതവക്കില്‍ അലല്ലാഹ്, മുസ്തഈന്‍ ബില്ലാഹ്, മുന്‍തസിര്‍ ബില്ലാഹ്, മുഖ്തദിര്‍ ബില്ലാഹ്, മുസ്തന്‍സിര്‍ ബില്ലാഹ്, മുസ്തഅ്‌സിം ബില്ലാഹ്, മുസ്തളീഅ് ബിനൂരില്ലാഹ്, അന്നാസിര്‍ ലിദീനില്ലാഹ്...എന്നിങ്ങനെ തുടര്‍ന്ന് വന്ന ഭരണാധികള്‍ ആ ചര്യ നിലനിര്‍ത്തുകയുണ്ടായി.

മന്ത്രിമാരിലും നേതാക്കളിലും പണ്ഡിതന്മാരിലുംപെട്ടവര്‍ ദീനുമായി ബന്ധപ്പെട്ട നാമങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിച്ചതായി കാണാം. അതില്‍പെട്ടതാണ് നൂറുദ്ധീന്‍, നജ്മുദ്ദീന്‍, ശംസുദ്ദീന്‍, ളിയാഉദ്ദീന്‍, ശിഹാബുദ്ദീന്‍, ബദറുദ്ദീന്‍, സൈഫുദ്ദീന്‍, സ്വലാഹുദ്ദീന്‍, ഖല്‍ബുദ്ദീന്‍, ഹുസാമുദ്ദീന്‍, സദ്‌റുദ്ദീന്‍, ഫഖ്‌റുദ്ദീന്‍, ഇസുദ്ദീന്‍, റുക്‌നുദ്ദീന്‍ തുടങ്ങിയ നാമങ്ങള്‍.

ബാപ്പാന്റെയും, ഉമ്മാന്റെയും പേരിന്റെ അക്ഷരങ്ങള്‍ കൂട്ടി മകന് ‘ബാസുര്‍’ (മൂലക്കുരു ) എന്ന് പേര്‍ വെച്ച കഥയും കേട്ടിട്ടുണ്ട്. മകള്‍ക്ക് സൗജത് (ഭാര്യ)  എന്ന് നാമകരണം   പലേടങ്ങളിലും സര്‍വ്വസാധാരണമത്രെ. ഉച്ചരിക്കുമ്പോള്‍ രസത്തിനു വേണ്ടി സാനിയ(വേശ്യ) ഖിന്‍സീര്‍ (പന്നി) എന്നിങ്ങിനെ  പേരിട്ടവരുമുണ്ടത്രെ. സ്ത്രീയോ പുരുഷനോ എന്നറിയാത്ത, മുസ്ലിമോ അമുസ്ലിമോ എന്ന് തിരിയാത്ത അര്‍ത്ഥമില്ലാത്ത ചില കൊച്ചു കൊച്ചു നാമങ്ങള്‍ ഇന്ന്  പ്രചാരത്തിലിരിക്കുന്ന പേരുകള്‍ ഇവയല്ലാം പ്രവാചകാധ്യാപനത്തിനു വിരുദ്ധമാണ്.

തിരു നബി(സ) പറഞ്ഞു:”ഖിയാമത്ത്  നാളില്‍ നിങ്ങളെ നിങ്ങളുടെയും നിങ്ങളുടെ പിതാക്കളുടെയും നാമം കൊണ്ട് വിളിക്കപെടും, അതുകൊണ്ട് നിങ്ങളുടെ പേരുകള്‍ നന്നാക്കുവിന്‍ . “(അഹ്മദ്, അബുദാവൂദ്)

ഹറാമായ പേരുകള്‍

ഏതു പേരും സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ചില പേരുകള്‍ ഹറാമും മറ്റുചിലത് കറാഹത്തുമായി പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്ത വസ്തുക്കളിലേക്ക് അബ്ദ് (അടിമ) ചേര്‍ത്തുകൊണ്ടുള്ള പേരിടല്‍ ഹറാമാണ്. അബ്ദുല്‍ഉസ്സഃ, അബ്ദുല്‍ കഅ്ബ തുടങ്ങിയവ ഉദാഹരണങ്ങള്‍.

ഒരു നിവേദകസംഘം നബി(സ്വ)യെ സന്ദര്‍ശിച്ചു. അവരിലൊരാളെ അബ്ദുല്‍ ഹജര്‍ എന്നു വിളിക്കുന്നതായി നബി(സ്വ) കേട്ടു. അവിടുന്ന് ചോദിച്ചു: നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍). നബി(സ്വ) പറഞ്ഞു: അല്ല, നീ അല്ലാഹുവിന്റെ അടിമയാണ് (ഇബ്‌നു അബീശൈബ 8/665).

അപ്പോള്‍ ഒരു സംശയമുണ്ടാകും. നബി(സ്വ)യുടെ പിതാമഹന്റെ പേര് അബ്ദുല്‍ മുത്വലിബ് എന്നാണല്ലോ. ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ മകനാണെന്ന് അവിടുന്ന് അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുമുണ്ട്. ഇത് നിഷിദ്ധമല്ലേ? നബി(സ്വ) അങ്ങനെ നാമകരണം ചെയ്തിട്ടില്ല. പരിചയപ്പെടുത്താന്‍ ആ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അത് ഹറാമല്ല.

അബ്ദുന്നബി, അബ്ദുറസൂല്‍ എന്ന് പ്രയോഗിക്കല്‍ അനുവദനീയമാണോ അല്ലേ എന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം റംലി(റ) പറഞ്ഞു: അധിക പണ്ഡിതന്മാരും പറഞ്ഞതനുസരിച്ച് ഹറാമാണ്. എങ്കിലും കറാഹത്തോടെ അനുവദനീയമാണെന്നാണ് ന്യായം. നബിയിലേക്ക് ചേര്‍ത്തുപറയല്‍ ഉദ്ദേശിക്കുമ്പോള്‍ പ്രത്യേകിച്ചും (നിഹായ-ശര്‍വാനി 9/373).

മാലികുല്‍ മുലൂക്, സുല്‍ത്വാനുസ്സലാത്വീന്‍ (രാജാധിരാജന്‍) തുടങ്ങിയ അല്ലാഹുവിനെക്കുറിച്ച് മാത്രം പറയാവുന്ന പേരുകള്‍ നല്‍കല്‍ ഹറാമാണ്.

അബൂഹുറൈറ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം: ”അല്ലാഹുവിന് ഏറ്റവും കോപമുള്ള പേര് മലികുല്‍ അംലാക് എന്നാണ്” (ബുഖാരി 10/588). സയ്യിദുന്നാസ്, സയ്യിദുല്‍ കുല്ല്, സയ്യിദു വുല്‍ദി ആദം തുടങ്ങിയ നബി(സ്വ) തങ്ങള്‍ക്ക് മാത്രം പറയാനാവുന്ന പേരുകളും നല്‍കല്‍ ഹറാം തന്നെയാണ്.

കറാഹത്തുള്ള പേരുകള്‍

ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നിഷേധിക്കുമ്പോള്‍ ദുശ്ശകുനം തോന്നിക്കുന്ന പേരുകള്‍ കറാഹത്താണ്. യസാര്‍, നാഫിഅ്, ബറകത്ത്, മുബാറക് എന്നിവ ഉദാഹരണം (തുഹ്ഫ 9/373).

ഇത്തരം പേരുകള്‍ മാറ്റല്‍ സുന്നത്താണ് (ശര്‍വാനി). സമുറതുബ്‌നു ജുന്‍ദുബ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ”നീ നിന്റെ സന്താനങ്ങള്‍ക്ക് യസാറ് (ഐശ്വര്യം), റബാഹ് (ലാഭം), നജാഹ് (രക്ഷ), അഫ്‌ലഹ് (വിജയി) തുടങ്ങിയ പേരുകള്‍ നല്‍കരുത്. കാരണം നീ ചോദിക്കും, അവന്‍ അവിടെയുണ്ടോ? അപ്പോള്‍ അവിടെയില്ലെങ്കില്‍ ‘ഇല്ല’ എന്നായിരിക്കും മറുപടി ലഭിക്കുക” (മുസ്‌ലിം 2137).

ഈ മറുപടി മേല്‍ ഗുണങ്ങളുടെ നിഷേധമാണ് തോന്നിക്കുക. അതൊരു ദുശ്ശകുനമായി ഭവിക്കും.

നാഫിഅ്, അഫ്‌ലഹ്, റബാഹ്, യസാര്‍ എന്നീ പേര് നല്‍കുന്നത് നബി(സ്വ) വിരോധിച്ചിരുന്നു (മുസ്‌ലിം). മുഫ്‌ലിഹ്, മുബാറക്, ഖൈറ്, സുറൂര്‍, നിഅ്മത് തുടങ്ങിയ പേരുകളും ഈ ഗണത്തില്‍ പെട്ടതാണ്. മേല്‍പറഞ്ഞ ന്യായം ഈ പേരുകളിലുമുണ്ട്.

ബര്‍റത്ത് (നന്മയുള്ളവള്‍) എന്നു പേരിടുന്നത് നബി(സ്വ) വിരോധിച്ചു എന്നു ഹദീസിലുണ്ട്. താന്‍ നല്ലവനാണെന്ന പൊങ്ങച്ചം വരാന്‍ ഈ പേരുകള്‍ ഇടയാക്കും. ഇതും ഇത്തരം പേരുകള്‍ വിലക്കാനുള്ള കാരണമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: ”ബര്‍റത്ത് എന്നു പേരിടുന്നതിനെ നബി(സ്വ) വിരോധിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ സ്വയം പൊങ്ങച്ചം പറയരുത്. നിങ്ങളില്‍ ഗുണവാന്‍ ആരാണെന്ന് അല്ലാഹുവിന്നറിയാം”

(അബൂദബലികഅമ്മംഖന്‍സബ്, വലഹാന്‍, അഅ്മര്‍, അജ്ദഅ് എന്നിവ പിശാചുക്കളുടെ പേരുകളാണ്. ഇത്തരം പൈശാചിക പേരുകളും ഫിര്‍ഔന്‍, ഹാമാന്‍, വലീദ് തുടങ്ങിയ അഹങ്കാരികളുടെ പേരുകളും കറാഹത്തായ പേരുകളില്‍ പെട്ടതാണ് (ഫത്ഹുല്‍ബാരി 10/580).
പേരില്‍ എന്തിരിക്കുന്നു?

ഹൃദയങ്ങള്‍ വെറുക്കുന്ന അര്‍ത്ഥങ്ങളുള്ള പേരുകളും കറാഹത്താണ് (തുഹ്ഫ). ഹര്‍ബ് (യുദ്ധം), മുര്‍റത് (കൈപ്പ്), കല്‍ബ് (നായ), ഹയ്യത്ത് (പാമ്പ്) തുടങ്ങിയവ ഉദാഹരണം.

മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഒരവസരത്തില്‍ നബി(സ്വ) കൂടെയുള്ളവരോട് ചോദിച്ചു: ആരാണീ ആടിനെ കറക്കുക? ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ഞാന്‍. നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: മുര്‍റത്ത്. നബി(സ്വ) പറഞ്ഞു: ഇരിക്കൂ! ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍. നിന്റെ പേര്? എന്റെ പേര് ഹര്‍ബ്. പ്രവാചകര്‍(സ്വ) ചോദ്യം ആവര്‍ത്തിച്ചു. മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി(സ്വ) പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു (ജീവിക്കും). നബി(സ്വ) പറഞ്ഞു: എന്നാല്‍ നീ ആടിനെ കറക്കുക”(മുഅത്വ 2/973).

മോശമായ അര്‍ത്ഥമുള്ള പേരുള്ള ആള്‍ ഒരു പ്രവൃര്‍ത്തിയുമായി ബന്ധപ്പെടുന്നത് പ്രവാചകര്‍(സ്വ) വെറുക്കുന്നതായിട്ടാണ് ഈ സംഭവത്തില്‍ നാം കാണുന്നത്. വ്യക്തി, നാട്, ഗോത്രങ്ങള്‍ക്കെല്ലാം ഇത്തരം മോശമായ പേരുകള്‍ നബി(സ്വ) വെറുത്തിരുന്നു.

നബി(സ്വ) ഒരു യാത്രയില്‍ രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കൂടെയുള്ളവരോട് ചോദിച്ചു: ഈ പര്‍വ്വതങ്ങളുടെ പേരെന്താണ്? ഒരാള്‍ പറഞ്ഞു: ഫാളിഹ്, മുഖ്‌സി (വഷളായത്, നിന്ദ്യമാക്കുന്നത്). ഈ മറുപടി കേട്ടപ്പോള്‍ നബി(സ്വ) തങ്ങള്‍ ആ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും തെറ്റി നടന്നു (സീറ ഇബ്‌നുഹിശാം 2/304).

ഹുദൈബിയ്യ സന്ധിയുടെ ദിവസം നബി(സ്വ)യുമായി സംസാരിക്കാന്‍ സുഹൈലുബ്‌നു അംറ് എന്നയാള്‍ വന്നപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങളുടെ കാര്യം എളുപ്പമായെന്ന് (ബുഖാരി 2/542). സുഹൈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം എളുപ്പം എന്നാണല്ലോ.

സഈദുബ്‌നുല്‍ മുസയ്യബ്(റ) പിതാമഹനില്‍ നിന്ന് ഉദ്ധരിക്കുന്നു: ”അദ്ദേഹം ഒരിക്കല്‍ നബി(സ്വ)യെ സമീപിച്ചു. നബി(സ്വ) ചോദിച്ചു: നിങ്ങളുടെ പേരെന്താണ്? അദ്ദേഹം പറഞ്ഞു: ഹുസുന്‍ (പരുഷം). നബി(സ്വ) പറഞ്ഞു: നിങ്ങളുടെ പേര് സഹ്ല്‍ എന്നാവട്ടെ. അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് ഇട്ട പേര് ഞാന്‍ മാറ്റുകയില്ല. സഈദുബ്‌നുല്‍ മുസയ്യബ്(റ) പറയുന്നു: ഹുസുന്‍ എന്ന പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്ന പരുഷ സ്വഭാവം ഞങ്ങളുടെ തലമുറയില്‍ നിലനിന്നു കൊണ്ടേയിരുന്നു” (ബുഖാരി 10/574).

നല്ലത് ആഗ്രഹിക്കാന്‍ നബി(സ്വ) കല്‍പിച്ചിട്ടുണ്ട്. ഒരാളുടെ ആഗ്രഹം അയാള്‍ കൊതിക്കുന്ന കാര്യങ്ങള്‍ സാധിക്കാന്‍ കാരണമാകും. പേരിന്റെ അര്‍ത്ഥം നന്നാകുമ്പോള്‍ അതില്‍നിന്ന് ശുഭസൂചനകള്‍ ലഭിക്കുകയും അതവന്റെ സ്വഭാവവും സംസ്‌കാരവും നന്നാവാനും ശുഭകരമാക്കാനും കാരണമാവുകയും ചെയ്യും. ദുശ്ശകുനങ്ങളാണ് പേരില്‍ നിന്നും മനസ്സിലാകുന്നതെങ്കില്‍ തിരിച്ചുമായിരിക്കുമുണ്ടാവുക എന്നാണ് മേല്‍വചനങ്ങള്‍ പഠിപ്പിക്കുന്നത്.

അബൂബക്ര്‍ സിദ്ദീഖ്(റ) പറഞ്ഞു: ‘നിന്റെ നാവിനെ നീ സൂക്ഷിക്കണം. പരീക്ഷണം നാവുമായി ബന്ധപ്പെട്ടതാണ്.’

നബി(സ്വ)ക്ക് പിതാമഹന്‍ ഇട്ട പേര് മുഹമ്മദ് (സ്തുതിക്കപ്പെട്ടവന്‍) എന്നാണല്ലോ. അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഭൂമിയിലുള്ളവര്‍ എന്റെ കുട്ടിയെ സ്തുതിക്കണമെന്ന് ഞാനാഗ്രഹിക്കുന്നുവെന്നാണ്. അത് എത്രമാത്രം പുലര്‍ന്നു.

നബി(സ്വ) തന്റെ ഒരു കുട്ടിക്ക് ഇബ്‌റാഹിം എന്നാണ് പേരിട്ടത്. തന്റെ പിതാമഹന്റെ പേര് പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത് (തുഹ്ഫ).

മുഹമ്മദ് നാമത്തിന്റെ മഹത്വം

ഇബ്‌നുഅബ്ബാസ്(റ)യില്‍ നിന്ന് നിവേദനം: അന്ത്യനാളില്‍ ഒരാള്‍ വിളിച്ചുപറയും; മുഹമ്മദ് എന്ന് പേരുള്ളവര്‍ എഴുന്നേറ്റ് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) യുടെ ബഹുമാനം കൊണ്ടാണിത് (മുഗ്‌നി 6/141).

പേരുമാത്രം പോരാ. അത് സാധൂകരിക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണെന്ന് വ്യക്തമാണല്ലോ. നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ടാവുകയും അവരിലൊരാള്‍ക്കും ‘മുഹമ്മദ്’ എന്ന് നാമകരണം ചെയ്യാതിരിക്കുകയും ചെയ്താല്‍ അവന്‍ അജ്ഞത പ്രവര്‍ത്തിച്ചു(ത്വബ് റാനി 11/71, മജ്മഉസ്സവാഇദ് 3/5).

ഇമാം മാലിക്(റ) പറഞ്ഞു: ‘മദീനക്കാര്‍ പറയുന്നതായി ഞാന്‍ കേട്ടു: ഒരു വീട്ടില്‍ മുഹമ്മദ് എന്ന് പേരുള്ള കുട്ടി ഉണ്ടായാല്‍ ആ വീട്ടുകാര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാതിരിക്കില്ല.

’ജാബിര്‍(റ)ല്‍ നിന്ന് നിവേദനം നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അകാരണമായി അവനെ അടിക്കുകയോ നല്ല കാര്യങ്ങളില്‍ നിന്ന് തടയുകയോ ചെയ്യരുത്(ദൈലമി മിര്‍ഖാത്ത് 4/599).

മറ്റൊരു തിരുവചനമിങ്ങനെ നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അവനെ നിങ്ങള്‍ ആദരിക്കുകയും സദസ്സില്‍ അവന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുക. അവനോട് നിങ്ങള്‍ മുഖം വക്രീകരിച്ചു കാമിക്കരുത്(മിര്‍ഖാത്ത് 4/597).

തിരുനബി(സ്വ)ക്ക് നിരവധി നാമങ്ങളുളളതായി പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. ആയിരവും രണ്ടായിരവും പേരുകള്‍ കണ്ടെത്തി ക്രോഡീകരിച്ച പണ്ഡിതരുണ്ട്. ഇമാം ദിഹ്‌യ(റ)യുടെ അല്‍ മുസ്തഫാ ഫീ അസ്മാ ഇല്‍ മുസ്തഫാ, ഇമാം സുയൂഥി(റ)യുടെ അര്‍രിയാഉല്‍ അനീഖ, ഇമാം നബഹാനിയുടെ മിനനുല്‍ അസ്മാ തുടങ്ങിയവ ഉദാഹരണം.

കുട്ടികള്‍ക്ക് പ്രവാചക പേരുകള്‍ നല്‍കുന്നതും അല്ലാഹുവിന്റെ മഹത്തായ നാമങ്ങള്‍ ‘അബ്ദു’ എന്നു ചേര്‍ത്തിടുന്നതും ചെറുപ്രായത്തിലേ കുട്ടി അല്ലാഹുവിനെയും റസൂലിനെയും അറിയാനും മഹബ്ബത്ത് വളരാനും നിമിത്തമാകുമെന്നതില്‍ സന്ദേഹമില്ല. ചെകുത്താന്റെ നാമങ്ങള്‍ അവനോടുള്ള ബന്ധമാണുണര്‍ത്തുക. ഇത് രക്ഷിതാക്കള്‍ സഗൗരവം പരിഗണിക്കേണ്ട കാര്യമാണ്.

ഓമനപ്പേര്

ഓമനപ്പേര് നല്‍കല്‍ സുന്നത്താണ്. സന്താനങ്ങളുടെ പേരിന്റെ കൂടെ ‘അബ്’ ചേര്‍ത്ത് പുരുഷനും ‘ഉമ്മ്’ ചേര്‍ത്ത് സ്ത്രീക്കും നല്‍കുന്ന പേരിനാണ് കുന്‍യത്ത് (ഓമനപ്പേര്) എന്നു പറയുന്നത്. അബൂ അബ്ദില്ലാഹ്, ഉമ്മു അബ്ദില്ലാഹ് എന്നിവപോലെ. നബി(സ്വ)യുടെ ഓമനപ്പേര് അബുല്‍ഖാസിം എന്നാണല്ലോ. നബി(സ്വ)യുടെ പേരിടല്‍ പുണ്യമുള്ളതാണെങ്കിലും അവിടുത്തെ ഓമനപ്പേര് മറ്റുള്ളവര്‍ക്ക് നല്‍കല്‍ ഹറാമാണ് (തുഹ്ഫ 9/374).

എന്റെ പേര് നിങ്ങള്‍ സ്വീകരിക്കുക. എന്റെ ഓമനപ്പേര് നല്‍കരുതെന്ന ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട് (10/571).

മുതിര്‍ന്ന സന്താനത്തിന്റെ പേര് ചേര്‍ത്ത ഓമനപ്പേര് നല്‍കലാണ് ഏറ്റവും ഉത്തമം. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും വിരോധമില്ല. തീരെ മക്കളില്ലാത്തവര്‍ക്കും ഓമനപ്പേര് നല്‍കാം. ആഇശാ(റ)ക്ക് ഉമ്മു അബ്ദില്ലാ എന്ന് ഓമനപ്പേരുണ്ട്. തന്റെ സഹോദരി അസ്മാഅ്(റ)യുടെ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ പേരിനോട് ചേര്‍ത്താണ് ഇത്‌നല്‍കപ്പെട്ടത്.

സത്യനിഷേധിക്കും തെമ്മാടിക്കും പുത്തനാശയക്കാരനും ഓമനപ്പേര് നല്‍കരുതെന്ന് ഇമാം നവവി(റ) റൗളയില്‍ പറഞ്ഞിട്ടുണ്ട്. കാരണം ഈ ഓമനപ്പേര് ബഹുമാന സൂചകമാണ്. ഇപ്പറഞ്ഞവര്‍ ബഹുമാനത്തിനര്‍ഹരല്ല. മറിച്ച് അവരോട് ഗൗരവത്തില്‍ വര്‍ത്തിക്കാനാണ് നമ്മോട് കല്‍പിക്കപ്പെട്ടത് (ശര്‍വാനി 9/374).

മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും പേരുകള്‍ എഴുത്തിലോ വാക്കിലോ സന്താനങ്ങളും ശിഷ്യന്മാരും ഉപയോഗിക്കാതിരിക്കല്‍ സുന്നത്താണ്. ഒരു വ്യക്തി അവന്റെ ഓമനപ്പേര് എഴുത്തിലോ മറ്റോ ഉപയോഗിക്കാതിരിക്കലാണ് മര്യാദ. അവനാ പേരിലല്ലാതെ അറിയപ്പെടാതിരിക്കുകയോ അത് പ്രസിദ്ധമാവുകയോ ചെയ്താല്‍ വിരോധമില്ലതാനും (മുഗ്‌നി).




No comments:

Post a Comment