Friday 11 October 2019

സംശയവും മറുപടിയും - വൻദോഷങ്ങൾ

 

വൻദോഷങ്ങൾ ഏതെല്ലാം?

വൻദോഷങ്ങൾ നിരവധിയാണ് അതു മുഴുവനും ഇത്തരം പോസ്റ്റുകളിൽ ഉൾക്കൊള്ളിക്കാനാവില്ല അവ എഴുന്നൂറോളം വരുമെന്ന് പ്രമുഖ പണ്ഡിതൻ സഈദുബുനു ജുബൈർ (റ) പ്രസ്താവിച്ചിട്ടുണ്ട് (മുഗ്നി, ഇആനത്ത്: 4/433) 

വൻദോഷങ്ങളിൽ അതിഗുരുതരമായത് വിവരിക്കാമോ?

എല്ലാം ഗുരുതര തെറ്റുകൾ തന്നെയാണ് ചിലത് വിവരിക്കാം കൊലപാതകം, വ്യഭിചാരം, വ്യപിചാരാരോപണം, പലിശ ഭക്ഷിക്കൽ, അനാഥരുടെ ധനം തിന്നൽ, കള്ളസത്യം ചെയ്യൽ, കള്ളസാക്ഷി പറയൽ, അളവിലും തൂക്കത്തിലും കുറവ് വരുത്തൽ, കുടുംബബന്ധം മുറിക്കൽ, മാതാപിതാക്കളെ വെറുപ്പിക്കൽ, ഒരു ദീനാറിന്റെ നാലിലൊന്നോ അതിലധികമോ മൂല്യം വരുന്ന സാധനം പിടിച്ചു പറിക്കൽ, പ്രതിബന്ധമില്ലാതെ സക്കാത്തിനെ പിന്തിക്കൽ, ഏഷണി പറയൽ എന്നിവയെല്ലാം വൻദോഷങ്ങളാണ് (ഫത്ഹുൽ മുഈൻ, പേജ്:505, ഇആനത്ത്: 4/434) 

ഫർള് നിസ്കാരം നഷ്ടപ്പെടുത്തൽ വൻദോഷമാണോ?

അതേ, ഫർള് നിസ്കാരം കാരണം കൂടാതെ ഖളാഅ് ആക്കലും വൻദോഷം തന്നെ ഗൗരവ തെറ്റാണ് (ഫത്ഹുൽ മുഈൻ, പേജ്: 505) 

കാഫിറുകളായ മാതാപിതാക്കളെ വെറുപ്പിക്കലോ?

അതും വൻദോഷമാണ് (ഇആനത്ത്: 4/434) മുസ്ലിമായതിന്റെ പേരിലുള്ള അവരുടെ വെറുപ്പ് പരിഗണനീയമല്ല അതു പ്രശ്നമില്ല 

വൻദോഷം ചെയ്യുന്നവർ ഫാസിഖാണോ?

അതേ, ഫാസിഖാണ് അതുപോലെത്തന്നെ ചെറുദോഷങ്ങളായ ഹറാമായ കാര്യങ്ങൾ പതിവാക്കിയും അതിനേക്കാൾ സൽകർമങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താലും അവൻ ഫാസിഖ് (തെമ്മാടി) ആണ് (ഫത്ഹുൽ മുഈൻ, പേജ്: 505) 

ഇന്നു ഫാസിഖീങ്ങൾ ഒട്ടനവധി ഉണ്ടാകുമെന്നാണല്ലോ മേൽ  വാചകത്തിൽ നിന്നു മനസ്സിലാകുന്നത്?

അതേ, ഇന്നു ഫാസിഖീങ്ങൾ നിറഞ്ഞു നിൽക്കുന്ന കാലമാണ് ഇന്നു മാത്രമല്ല, അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി (റ) തന്റെ കാലത്തെ കുറിച്ചുവരെ ഫാസിഖീങ്ങൾ വ്യാപകമായ കാലമാണെന്നു പറഞ്ഞിട്ടുണ്ട് 

തെറ്റുകൾ വൻദോഷമാകാൻ  പൊതുനിയമമുണ്ടോ?

ഉണ്ട് അതിങ്ങനെ പറയാം: 'ഏതുതരം തെറ്റുകളും അതുപ്രവർത്തിക്കുന്നവൻ മതനിയമങ്ങൾ കൊണ്ട് പരിഗണിക്കുന്നില്ലെന്നും അവനു മതബോധമില്ലെന്നും ധാർമിക ദൗർബല്യമുണ്ടെന്നും അറിയിക്കുന്നുണ്ടെങ്കിൽ അത്തരം തെറ്റുകൾ മുഴുവനും വൻപാപമാണ് ' (ഇആനത്ത്: 4/435) 

ചെറുദോഷങ്ങളായ നിഷിദ്ധങ്ങൾക്ക് ചില ഉദാഹരണങ്ങൾ?

അന്യസ്ത്രീയെ നോക്കൽ, അവളെ സ്പർശിക്കൽ, മൂന്നു ദിവസത്തിലേറെ ഒരു മുസ്ലിമിനോട് പിണങ്ങിനിൽക്കൽ, പുരുഷൻ പട്ട് വസ്ത്രം ധരിക്കൽ, ഹദ്ദ് അനിവാര്യമാകാത്ത കളവ് പറയൽ (ഹദ്ദ് അനിവാര്യമായ കളവ് വൻദോഷമാണ്), ശപിക്കൽ, ന്യൂനതയുള്ള സാധനത്തിന്റെ ന്യൂനത പറയാതെ വിൽപന നടത്തൽ, പരദൂഷണം പറയൽ, അതുകേട്ട് മൗനം പാലിക്കൽ എന്നിവയെല്ലാം ഹറാമായ കാര്യങ്ങളിൽ പെട്ടതാണ് (ഫത്ഹുൽ മുഈൻ: പേജ്: 505) 

ഗീബത്ത് (പരദൂഷണം) പറയൽ നിരുപാധിക ഹറാം മാത്രമാണോ? വൻദോഷമല്ലേ?

പണ്ഡിതരെ ഗീബത്ത് പറയൽ വൻദോഷവും മറ്റുള്ളവരെ പറയൽ ഹറാമുമാണ് (ഇആനത്ത്: 4/440) 

ഏഷണി പറയൽ നിഷിദ്ധമാണെന്നു വിവരിച്ചല്ലോ, അതിന്റെ ഉദ്ദേശ്യമെന്ത്?

ഒരാൾ പറഞ്ഞത് നാശം ഉണ്ടാക്കുന്ന ശൈലിയിൽ മറ്റൊരാളോട് പറയലാണ് നമീമത്ത് (ഏഷണി) പറഞ്ഞതുകൊണ്ട് നാശം ഉണ്ടായാലും ഇല്ലെങ്കിലും നാശം ഉദ്ദേശിച്ച് പറഞ്ഞാലും ഉദ്ദേശിക്കാതെ പറഞ്ഞാലും ഹറാമാണ് നാശം ഉണ്ടാകുന്ന ശൈലി സ്വീകരിച്ച് പറഞ്ഞാൽ നമീമത്താണ് പറയൽ മാത്രമല്ല, ഏഷണി, പ്രത്യുത ആംഗ്യഭാഷയും എഴുത്തും ഏഷണിയാണ് നമീമത്തിനെക്കുറിച്ച് ശക്തമായ താക്കീത് വന്നതുകൊണ്ട് അതു വൻദോഷമായി (ഇആനത്ത്: 4/435) 

ഒരു ദീനാറിന്റെ നാലിലൊന്നു മൂല്യം വരുന്ന വസ്തു പിടിച്ചു പറിക്കൽ വൻദോഷമാണെന്നു വിവരിച്ചല്ലോ ഇതു ഇന്നത്തെ വിലനിലവാരമനുസരിച്ച് എത്ര രൂപ വരും?

ഇന്നത്തെ  കണക്കനുസരിച്ച് മുവ്വായിരത്തി ഒരുനൂറ്റി അമ്പത് രൂപ വരും ഒരു ദീനാറിന്റെ നാലിൽ ഒന്ന് 

ഗീബത്ത് എന്നാലെന്ത് ?

ഒരാൾ തന്റെ സഹോദരനെക്കുറിച്ച് അവനു  ഇഷ്ടമില്ലാത്തത് പറയലാണ് ഗീബത്ത് പറയുക എന്നതിന്റെ ഉദ്ദേശ്യം പറഞ്ഞു ബുദ്ധിമുട്ടിക്കലാണ് ആംഗ്യഭാഷയും തോണ്ടലും എഴുത്തും ഗീബത്തിന്റെ പരിധിയിൽ വരും (ഇആനത്ത്: 4/440) 

ഗീബത്ത് പറയൽ അനുവദനീയമായ സന്ദർഭങ്ങളുണ്ടോ?

ഉണ്ട് അവ വിവരിക്കാം 

(1) അക്രമണത്തിനു ഇരയായവൻ, തന്നെ അക്രമിച്ചതിന്റെ പേരും അക്രമവും പറയൽ അക്രമിക്കെതിരെത്തന്നെ സഹായിക്കാനാണ് ഈ പറയുന്നത്

(2) നിഷിദ്ധമായ കാര്യങ്ങൾക്കെതിരെ സഹായം തേടൽ അതായത് ഒരാൾ ചെയ്യുന്ന തെറ്റിനെ ഇല്ലാതാക്കാൻ വേണ്ടി മറ്റൊരാളുടെ സഹായം തേടുമ്പോൾ ആ തെറ്റു ചെയ്തവനെയും അവന്റെ തെറ്റിനെയും പറയേണ്ടിവരുമല്ലോ അങ്ങനെ പറയൽ 

(3) ഒരാൾ ചെയ്ത കാര്യത്തിന്റെ മതവിധി അന്വേഷിക്കൽ ഉദാ: ഒരാൾ ഒരു മുഫ്തിയോട് എന്നെ ഇന്നയാൾ അക്രമിച്ചു അവനു അങ്ങനെ ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കൽ 

(4) അപകടവും നാശകരവുമായ കാര്യങ്ങളിൽ  നിന്നു മുസ്ലിംകളെ രക്ഷിക്കൽ ഉദാ: സാക്ഷിനിൽക്കുന്നവന് അതിനു അർഹനല്ലെങ്കിൽ അവന്റെ ന്യൂനതകൾ പറയൽ നീ അവനോട് സഹവസിക്കരുത്, അവൻ മോശക്കാരനാണ് എന്നു പറയൽ 

(5) മുഫ്തിയെക്കുറിച്ച് ചോദിക്കപ്പെട്ടാൽ മുഫ്തിയുടെ പോരായ്മ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കൽ ഉദാ: അവനോട് ഫത് വ ചോദിക്കേണ്ട അവൻ ആളുകൾക്കനുസരിച്ച് മതവിധി മാറ്റി പറയും എന്നു കള്ള മുഫ്തിയെക്കുറിച്ച് പറയൽ വിവാഹമന്വേഷിക്കുമ്പോൾ വരനെ കുറിച്ചോ വധുവിനെ കുറിച്ചോ ആരെങ്കിലും ചോദിച്ചാൽ ന്യൂനതയുണ്ടെങ്കിൽ ഉള്ളത് ഉള്ളതുപോലെ പറയൽ ഉദാ: ഞാൻ എന്റെ മകൾക്ക് ഇന്നാലിന്ന വ്യക്തിയെ ഭർത്താവാക്കാൻ ആഗ്രഹിക്കുന്നു അവനു എന്തെങ്കിലും പോരായ്മയുണ്ടോ എന്ന് ഒരാൾ ചോദിച്ചാൽ അവൻ ആളുശരിയല്ല, അവൻ കള്ള് കുടിയനാണ് എന്നു പറയൽ 

ഇപ്പോൾ വിവരിച്ച നാലു സന്ദർഭങ്ങളിലും ഗീബത്ത് പറയൽ ഹറാമില്ല മാത്രമല്ല, ഗീബത്ത് പറയൽ നിർബന്ധവുമാണ് 

(6) പരസ്യ തെമ്മാടിയുടെ തെമ്മാടിത്വത്തെക്കുറിച്ചും ബിദ്അത്തു പ്രചാരകന്റെ ബിദ്അത്തിനെക്കുറിച്ചും പറയൽ 

(7) ആളുകളെ മനസ്സിലാക്കാൻ വേണ്ടി അവർ അറിയപ്പെടുന്ന ഇരട്ടപ്പേര് പറയൽ ഉദാ: കോങ്കണ്ണൻ, കുള്ളാസ്, ഈ രണ്ടു സന്ദർഭങ്ങളിലും ഗീബത്ത് പറയൽ അനുവദനീയമാണ് (ഇആനത്ത്: 4/441, അദ്കാർ: 1/342) 

ചെറുദോഷം വൻദോഷമായി മാറുമോ?

ചില വേളകളിൽ അങ്ങനെ സംഭവിക്കുമെന്നാണ് ഇമാം ഗസാലി (റ) പ്രസ്താവിച്ചത് തെറ്റിനെ ചെറുതായി കാണൽ, തെറ്റുകൊണ്ട് സന്തോഷിക്കൽ, തെറ്റിനു തെറ്റെന്ന പരിഗണന കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കൽ  എന്നിവമൂലം ചെറുദോഷം വൻദോഷമായി മാറും  പിൻപറ്റപ്പെടുന്ന പണ്ഡിതന്റെ ചെറുദോഷവും വൻദോഷമാണ് (ഇഹ്‌യാ, ഇആനത്ത്: 4/436) 

ശപിക്കൽ ഹറാമാണെന്നു വിവരിച്ചല്ലോ അതിന്റെ ഉദ്ദേശ്യമെന്ത്?

ശാപം എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ റഹ്മത്തിൽ നിന്നു ദൂരെയാവട്ടെയെന്ന പ്രാർത്ഥനയാണ് (ഇആനത്ത്: 4/438)

സത്യനിഷേധികളെ ശപിക്കാമോ?

കുഫ്റിന്റെ മേൽ മരണപ്പെട്ടുവെന്നുറപ്പുള്ള കാഫിരീങ്ങളെ ശപിക്കാം അബൂജഹ്ൽ, അബൂലഹബ്, ഫിർഔൻ എന്നിവരെപ്പോലെ അതുപോലെ ഒരു മോശമായ സംഘത്തെ ശപിക്കാം ഉദാ: പുത്തൻവാദികൾക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ അക്രമികൾക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ (ഇആനത്ത്: 4/438 നോക്കുക) 

മൃഗങ്ങളെ ശപിക്കാമോ?

പാടില്ല നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 505, ഇആനത്ത്: 4/435) 

മൂന്നു ദിവസത്തേക്കാൾ മുസ്ലിമിനോട് പിണങ്ങി നിൽക്കൽ ഹറാമാണെന്നു വ്യക്തമാക്കിയല്ലോ എന്നാൽ മതപരമായ കാര്യത്തിനു വേണ്ടി കൂടുതൽ ദിവസം പിണങ്ങാമോ?

പിണങ്ങാം എത്ര ദിവസവും പിണങ്ങി നിൽക്കാം അങ്ങനെ പറ്റുന്ന രൂപങ്ങൾ വിവരിക്കാം (1) ഫാസിഖുമായി പിണങ്ങി നിൽക്കൽ (2) പുത്തൻവാദിയുമായി പിണങ്ങി നിൽക്കൽ (3) പിണങ്ങി നിൽക്കൽ പിണങ്ങുന്നവനു ദീനീ നന്മക്ക് കാരണമാകൽ ഉദാ: സൈദുമായി പിണങ്ങിനിൽക്കലാണ് അംറിനു ദീനീ നന്മക്ക് നല്ലത് എങ്കിൽ സൈദുമായി പിണങ്ങി നിൽക്കാം (4) പിണങ്ങൽ പിണങ്ങി നിൽക്കപ്പെടുന്നവനു ദീനീ നന്മയുണ്ടാക്കൽ (തുഹ്ഫ: 7/455) 

ഭാര്യയോട് പിണങ്ങിനിൽക്കാമോ?

പിണങ്ങൽ മൂലം അവൾക്ക് നല്ല ബോധം ഉണ്ടാകാനും അതുവഴി തൗബഃ ചെയ്യാനും നല്ല രീതിയിൽ ജീവിക്കാനും കാരണമാകുമെങ്കിൽ മൂന്നു ദിവസത്തിലധികവും അവളുമായി ഭർത്താവിനു പിണങ്ങി നിൽക്കാം (തുഹ്ഫ: 7/455) 

പുത്തൻവാദിയുമായി പിണങ്ങിയാൽ അവൻ ബിദ്അത്തിൽ നിന്നു മടങ്ങുമെന്ന പ്രതീക്ഷയില്ലെങ്കിലോ?

പ്രതീക്ഷയില്ലെങ്കിലും പിണങ്ങി നിൽക്കാം അതുപോലെ ഫാസിഖ് ഫിസ്ഖിൽ നിന്നു ഒഴിവാകുമെന്ന പ്രതീക്ഷ ഇല്ലെങ്കിലും പിണങ്ങി നിൽക്കാം അതേസമയം പിണങ്ങൽ നിമിത്തമായി ഫിസ്ഖും - ബിദ്അത്തും - വർധിക്കുമെങ്കിൽ അവരുമായി പിണങ്ങൽ ഹറാമാണ് (ശർവാനി: 7/455) 

വ്യഭിചാരം എന്നു പറയുന്നത് എന്തിനാണ്?

ഹറാമാണെന്നു അറിഞ്ഞുകൊണ്ട് ജീവനുള്ള തന്റെ ഇണയല്ലാത്ത സ്ത്രീയുടെയോ പുരുഷന്റെയോ മുൻദ്വാരത്തിലോ പിൻദ്വാരത്തിലോ ഹശ്ഫ (ലിംഗത്തിന്റെ മോതിരക്കണ്ണി യോ അതില്ലാത്തവൻ അതിന്റത്രയോ ഭാഗം പ്രവേശിപ്പിക്കുന്നതിനാണ് വ്യഭിചാരം എന്നു പറയുന്നത്  ഈ വ്യഭിചാരത്തിനാണു പ്രത്യേക രീതിയിലുള്ള 'ഹദ്ദ് ' ഉള്ളത് (ഇആനത്ത്: 4/217) 

വ്യഭിചരിച്ചവനുള്ള ശിക്ഷ (ഹദ്ദ്) എന്താണ്?

വിവാഹിതരല്ലെങ്കിൽ നൂറ് അടി അടിക്കുകയും ഒരു വർഷം 132 കിലോമീറ്ററിന്റെ അപ്പുറത്തേക്ക് നാടുകടത്തുകയും ചെയ്യൽ സ്ത്രീക്കും പുരുഷനും ഈ ശിക്ഷയുണ്ട് ഇസ്ലാമിക ഭരണാധികാരിയോ തന്റെ പ്രതിനിധിയോ ആണ് ശിക്ഷ നടപ്പിലാക്കേണ്ടത് വിവാഹിതരാണു വ്യഭിചാരം നടത്തിയതെങ്കിൽ ആ സ്ത്രീ പുരുഷനെ എറിഞ്ഞു കൊല്ലണം എന്നാണു ഇസ്ലാമിക നിയമം (ഇആനത്ത്: 4/223) 

മുഫാഖദത്ത്, മുസാഹഖത്ത് എന്നിവരുടെ വിധി?

നിഷിദ്ധമാണ് ഭാര്യയല്ലാത്തവരെ തുടകൾക്കിടയിൽ വെച്ച് ഭോഗിക്കുന്നതിനാണ് مُفَاحَذَة എന്നു പറയുന്നത് സ്ത്രീകൾ തമ്മിലുള്ള സ്വവർഗ സംഭോഗത്തിനാണ്  مُسَاحَقَة എന്നു പറയുന്നത് (ഇആനത്ത്: 4/217 നോക്കുക) 

ഒരാൾ സ്വന്തം ലിംഗം അവന്റെ തന്നെ പിൻദ്വാരത്തിൽ പ്രവേശിപ്പിച്ചാൽ അതു വ്യഭിചാരമാണോ?

അതേ, വ്യഭിചാരം തന്നെ (ഇആനത്ത്: 5/217) 

ഇസ്തിംനാഅ് എന്നാലെന്ത്? അതിന്റെ വിധി?

മുഷ്ടിമൈഥുനത്തിനാണ് اِسْتِمْنَاء എന്നു പറയുന്നത് കൈകൊണ്ട് സുഖമെടുത്ത് മനിയ്യ് പുറപ്പെടീക്കൽ സ്ത്രീ പുരുഷ ഭേദമന്യേ ഇതു പാടില്ല കുറ്റകരമാണ് സ്വയംഭോഗം എന്നും ഇതിനു പറയാറുണ്ട് 

സ്വന്തം കൊണ്ടോ ഭാര്യയല്ലാത്തവരുടെ കൈകൊണ്ടോ ഉള്ള ഇസ്തിംനാഅ് നിഷിദ്ധമാണ് ഭാര്യയുടെ കരംകൊണ്ട് കറാഹത്താണ് (ഇആനത്ത്: 4/217, തുഹ്ഫ: 3/409)  സ്വയം മനിയ്യ് പുറപ്പെടീപ്പിക്കുന്ന രീതികളെല്ലാം നിഷിദ്ധമായ ഇസ്തിംനാആണ് കൈകൊണ്ടാണെങ്കിലും അല്ലെങ്കിലും 

വ്യഭിചാരിയുടെ പാരത്രിക ശിക്ഷ?

ഗൗരവമായ പല ശിക്ഷകളും അവനുണ്ടെന്നു ഹദീസുകളിൽ കാണാം മുകൾഭാഗം കുടുസും അടിഭാഗം വിശാലമായതുമായ ഒരു കുഴിയിലേക്ക് വ്യഭിചാരികളെ എറിഞ്ഞു അതിന്റെ താഴെ തീ കത്തിച്ചു അവരെ ശിക്ഷിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് തീ ശക്തമായി കത്തുമ്പോൾ വ്യഭിചാരം ചെയ്ത സ്ത്രീ പുരുഷന്മാർ അതിന്റെ മുകൾ ഭാഗത്തേക്ക് പൊങ്ങിവരും ആളൽ അൽപം കുറയുമ്പോൾ അതിന്റെ താഴോട്ട് തന്നെ വീഴും ഇതിങ്ങനെ ആവർത്തിക്കപ്പെടും (ബുഖാരി) 

കുട്ടി, ഭ്രാന്തൻ എന്നിവർ വ്യഭിചരിച്ചാൽ ഹദ്ദ് (ശിക്ഷ) ഉണ്ടോ?

ഇല്ല (ഇആനത്ത്: 4/218) 

ഭാര്യയുടെ പിൻദ്വാരത്തിലുള്ള ഭോഗം നിഷിദ്ധമാണല്ലോ അതിനു വ്യഭിചാരത്തിന്റെ 'ഹദ്ദ് ' (എറിഞ്ഞു കൊല്ലൽ) എന്ന നിയമം) ഉണ്ടോ?

ഇല്ല ആ പ്രവൃത്തി നീചമാണെന്നും അത്തരക്കാർ ശപിക്കപ്പെട്ടവരാണെന്നും ഹദീസിൽ വന്നിട്ടുണ്ട് (ഇആനത്ത്: 3/388)

വ്യഭിചാരത്തിന്റെ പേരിൽ നബി (സ) യുടെ കാലത്ത് ഏതെങ്കിലും സ്വഹാബിയെ എറിഞ്ഞുകൊന്നിട്ടുണ്ടോ?

ഉണ്ട് മാഇസ് (റ) വിനെ എറിഞ്ഞു കൊന്നിട്ടുണ്ട് മറ്റൊരു വ്യഭിചാരക്കേസിൽ ഗാമിദിയത്ത് (റ) എന്ന സ്ത്രീയെയും എറിഞ്ഞു കൊന്നിട്ടുണ്ട് മാഇസ് (റ) , ഗാമിദിയ്യഃ (റ) എന്നിവർ തമ്മിലല്ല വ്യഭിചാരം നടന്നത് (ഇആനത്ത്: 4/223) 

വ്യഭിചരിച്ചവർ ആ തെറ്റ് ആരോടും പറയാതിരിക്കൽ പുണ്യമുണ്ടോ?

അതേ, പുണ്യമാണ് വ്യഭിചാരം മാത്രമല്ല, മറ്റു തെറ്റുകളും മറച്ചുവെക്കൽ സുന്നത്താണ് (ഇആനത്ത്: 4/223) 

വ്യഭിചരിച്ച 'ബിക്റി'നെയാണ് നൂറ് അടി അടിക്കേണ്ടതെന്നും 'മുഹ്സ്വിനി'നെ എറിഞ്ഞു കൊല്ലുകയാണ് വേണ്ടതെന്നും പറയാറുണ്ടല്ലോ ഇവിടെ بِكْرْ ،مُحْصِنْ എന്നതിന്റെ ഉദ്ദേശ്യമെന്ത്?

സ്വഹീഹായ നികാഹിലൂടെ സംയോഗം ചെയ്തിട്ടില്ലാത്ത സ്ത്രീ പുരുഷന്മാർക്കാണ് 'ബിക്ർ' എന്നു പറയുന്നത് സ്വഹീഹായ നികാഹിലൂടെ മുൻദ്വാരത്തിൽ സംയോഗം ചെയ്ത, അല്ലെങ്കിൽ ചെയ്യപ്പെട്ട പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രർക്കാണ് മുഹ്സിൻ എന്നു പറയുന്നത് (ഇആനത്ത്: 4/223) ബിക്ർ, മുഹ്സിൻ എന്നതിൽ പ്രായപൂർത്തിയും ബുദ്ധിയും പരിഗണനീയമാണ് അതായത് കുട്ടികൾക്കും ഭ്രാന്തന്മാർക്കും നൂറ് അടി എറിഞ്ഞു കൊല്ലുക എന്ന വിധി ബാധകമല്ല (ഇആനത്ത്: 4/218) 

മുസ്ലിം ചെയ്യുന്ന ഏറ്റവും വലിയ കുറ്റമേതാണ്?

ഇസ്ലാമിൽ നിന്നു  പുറത്തുപോകൽ അതു കഴിഞ്ഞാൽ മുസ്ലിംമിനെ അക്രമപരമായി കൊല്ലൽ പിന്നെ വ്യഭിചാരം കൊലയേക്കാൾ വലിയ കുറ്റമാണ് വ്യഭിചാരം എന്നു ചില  ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ട് (ഇആനത്ത്: 4/216) 

വ്യഭിചാര കുറ്റാരോപണത്തിന്റെ ശിക്ഷയെന്ത്?

വ്യഭിചാര കുറ്റാരോപണം ഏഴു വൻപാപങ്ങളിൽ പെട്ട  ഒന്നാണ് അതു ഹറാമാണെന്ന് വിവരമുള്ള, വിധിവിലക്കുകൾ പാലിക്കാൻ നിർബന്ധിതനായ പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർ സ്വാഷ്ടപ്രകാരം ഒരു 'മുഹ്സ്വിനായ ' വ്യക്തിയുടെ പേരിൽ വ്യഭിചാര കുറ്റാരോപണം പറഞ്ഞാൽ അവനെ എൺപത് അടി അടിക്കണം ഇതാണ് ശിക്ഷ വ്യഭിചരിക്കാത്തവനോ ഭാര്യയെ പിൻദ്വാരത്തിലൂടെ ഭോഗിക്കുകയോ ചെയ്യാത്ത പതിവൃതനായ സ്വതന്ത്രനും പ്രായപൂർത്തിയും ബുദ്ധിയുമുള്ള മുസ്ലിംമിനാണ് ഇവിടെ 'മുഹ്സിൻ' എന്നു പറയുന്നത് (ഇആനത്ത്: 4/228) 

വ്യഭിചാര കുറ്റാരോപണത്തിന്റെ മേൽ അറിയിക്കുന്ന വാക്കുകൾ വിവരിക്കാമോ?

ഉദാഹരണമായി ചിലത് വിവരിക്കാം 'നീ വ്യഭിചരിച്ചു' എന്നു ഒരാൾ മറ്റൊരാളോട് പറയൽ അങ്ങനെ പറഞ്ഞവൻ വൻതെറ്റു ചെയ്തവനാണ് പറഞ്ഞവനെ ഇസ്ലാമിക ഇമാമിനു എൺപത് അടി അടിക്കാൻ അധികാരമുണ്ട്  ഓ വ്യഭിചാരീ ഓ പെൺകൂസാ  എന്നിവയും വ്യഭിചാര കുറ്റാരോപണം നടത്തലാണ് നീ ഗുദമൈഥുനം ചെയ്തു, ഇന്നവൻ നിന്നെ ഗുരുമൈഥുനം ചെയ്തു എന്നിവയും ഇപ്രകാരം തന്നെയാണ് 

ഒരു സ്ത്രീക്ക് സൈദിൽ നിന്നു ജനിച്ച മകനോട് 'നീ അവന്റെ മകനല്ല' എന്നു ഒരാൾ പറഞ്ഞാൽ അതു ആ സ്ത്രീയെ വ്യഭിചാരാരോപണം പറയലാണോ?

അതേ, ഏഴു വൻദോഷങ്ങളിൽ പെട്ട ഒരു കുറ്റമാണ് അവൻ പ്രസ്തുത വാക്കിലൂടെ ചെയ്തത് 'നീ സൈദിനു ജനിച്ചവനല്ല' എന്ന വാക്കും അപ്രകാരമാണ് (ഇആനത്ത്: 4/229) 

ഒരാൾ തന്റെ മകനോടോ  മറ്റൊരാളുടെ മകനോടോ 'ചാരസന്തതീ' എന്നു വിളിച്ചാൽ അതു വ്യഭിചാരാരോപണം (قَذْفْ) നടത്തലാകുമോ?

അതേ, ആ കുട്ടിയുടെ ഉമ്മയെ കുറിച്ചുളള അപവാദമാണത്

വ്യഭിചാരം ചെയ്തവരെ കുറിച്ച് വ്യഭിചാരം ചെയ്തെന്നു പറയൽ ശിക്ഷയുള്ള കുറ്റാരോപണമാണോ?

നാലിൽ കുറഞ്ഞ  പുരുഷന്മാർ വ്യഭിചാരത്തിനു സാക്ഷി പറഞ്ഞാൽ അതു വ്യഭിചാരാരോപണമാണ്  അവരെ എൺപത് അടി അടിക്കണം എത്ര സ്ത്രീകളാണെങ്കിലും അവർ വ്യഭിചാരത്തിനു സാക്ഷി പറഞ്ഞാൽ അവർ മുഴുവനും വ്യഭിചാരാരോപണം നടത്തിയവരാണ് അവരെ മുഴുവനും എൺപത് അടി അടിക്കണമെന്നാണ് നിയമം (ഇആനത്ത്: 4/230) 

സാക്ഷിക്കു പറ്റുന്ന നാലു പുരുഷന്മാർ വ്യക്തമായ രേഖയോടുകൂടി ഒരാളുടെ പേരിൽ വ്യഭിചാര കുറ്റം ചാർത്തിയാൽ ഇവർക്ക് ശിക്ഷയില്ല വ്യഭിചാരം സ്ഥിരപ്പെടുകയും ചെയ്യും പക്ഷേ, ഇസ്ലാമിക ചരിത്രത്തിൽ ഇന്നുവരെ സാക്ഷികളെ കൊണ്ട് വ്യഭിചാരം സ്ഥിരപ്പെട്ടിട്ടില്ല  വ്യഭിചാരം സ്ഥിരപ്പെടുന്ന രീതിയിൽ സാക്ഷിനിൽക്കാൻ സാധിക്കാത്തതുകൊണ്ടാണിത് ഇന്ന സ്ഥലത്തുവെച്ച് ഇന്ന സമയത്ത് വ്യഭിചാര മാർഗത്തിലൂടെ ഇന്ന സ്ത്രീയുടെ യോനിയിൽ ഇന്നവൻ തന്റെ ലിംഗം പ്രവേശിപ്പിച്ചത് ഞാൻ കണ്ടു  എന്നു സാക്ഷിക്കു പറ്റുന്ന നാലു പുരുഷന്മാർ പറയണം എങ്കിലാണ് സാക്ഷി മുഖേന  വ്യഭിചാരം സ്ഥിലപ്പെടുക (ഇആനത്ത്: 4/226) നിബന്ധന ഒക്കാത്ത നിലയിൽ സാക്ഷി പറഞ്ഞാൽ അവരെ വ്യഭിചാരാരോപണ കുറ്റത്തിനു എൺപത് അടി അടിക്കും (ഇആനത്ത്: 4/230 

ഭാര്യ വ്യഭിചരിച്ചെന്നു ബോധ്യമുള്ളവനു അവളുടെ പേരിൽ വ്യഭിചാരാരോപണം നടത്താമോ?

അതേ, ഭാര്യ വ്യഭിചരിച്ചെന്നു അറിഞ്ഞവനും സാഹചര്യ തെളിവോടുകൂടി ബലപ്പെട്ട ധാരണയുണ്ടായവനും ഭർത്താവിനു ഭാര്യയുടെ പേരിൽ വ്യഭിചാരാരോപണം നടത്താം അതിനു ശേഷം തെളിവ് നിരത്തിയില്ലെങ്കിൽ ഭർത്താവിനു ശിക്ഷ (80 അടി) ലഭിക്കും (ഇആനത്ത്: 4/231) 

ഭാര്യ പ്രസവിച്ച കുട്ടി തന്റേതല്ലെന്നു ബോധ്യമുള്ള ഭർത്താവിനു ആ കുട്ടിയെ നിഷേധിക്കാമോ?

നിഷേധിക്കാം ഉടനെ നിഷേധിക്കൽ നിർബന്ധമാണ് അല്ലെങ്കിൽ കുട്ടിയെ അവനിലേക്ക് ചേർക്കപ്പെടും (ഇആനത്ത്: 4/232) 

ഭാര്യ പ്രസവിച്ച കുട്ടി തന്റേതല്ലെന്നു എങ്ങനെ ഉറപ്പാവുക?

ഭർത്താവ് അവളെ സംയോഗം ചെയ്യാതിരിക്കൽ  കൊണ്ടും അവൻ സംയോഗം  ചെയ്ത് ആറു  മാസത്തിനുള്ളിൽ അവൾ പ്രസവിക്കൽ കൊണ്ടും സംയോഗം ചെയ്ത് ചെയ്ത് നാലു വർഷത്തിനു ശേഷം  പ്രസവിക്കൽ കൊണ്ടും കുട്ടി അവന്റേതല്ലെന്ന് ബോധ്യമാകും (ഇആനത്ത്: 4/232) 

കുട്ടിയെ നിഷേധിക്കാൻ ഉപയോഗിക്കുന്ന വാചകം എങ്ങനെ?

ഈ കുട്ടി എന്നിൽനിന്നുണ്ടായതല്ലെന്നു നിശ്ചയം ഞാൻ അല്ലാഹുവിനെ കൊണ്ട് ഉറപ്പിച്ചു പറയുന്നു എന്നു പറഞ്ഞാൽ മതി (ഇആനത്ത്: 4/234) 

ഒരാൾ മറ്റൊരാളെ ചീത്ത പറഞ്ഞാൽ പകരം ചീത്ത പറയാമോ?

കളവും അപവാദവും ഇല്ലാതെ അതേ കണക്കിൽ (യാതൊരു കടപ്പാടും ഇല്ലാത്തവനോട്) അങ്ങോട്ടും ചീത്ത പറയൽ അനുവദനീയമാണ് (ഫത്ഹുൽ മുഈൻ, പേജ്: 450) 

പകരം ചീത്ത പറയാതിരിക്കലാണ് ഏറ്റവും ഉത്തമമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ 

മദ്യപാനം നിഷിദ്ധമാണല്ലോ, അതിന്റെ ശിക്ഷയെന്ത്?

മദ്യപാനം ഹറാമാണെന്നും അറിവുള്ള പ്രായപൂർത്തിയും ബുദ്ധിയുമുള്ളവൻ സ്വാഷ്ടപ്രകാരം ചികിത്സാവശ്യാർത്ഥമല്ലാതെ മദ്യപിച്ചാൽ ഇസ്ലാമിക ജഡ്ജിയോ അവന്റെ പ്രതിനിധിയോ അവനെ ഹദ്ദ് അടിക്കണം (ഫത്ഹുൽ മുഈൻ, പേജ്: 450) 

ഹദ്ദ് അടിയുടെ കണക്ക് എത്ര?

മദ്യപാനി സ്വതന്ത്രനാണെങ്കിൽ നാൽപതു അടിയാണ് ഹദ്ദ് ഇതാണു ശിക്ഷ (ഫത്ഹുൽ മുഈൻ, പേജ്: 450) 

കള്ള് (خَمْرٌ) എന്നു പറയുന്നത് ഏതിന്?

മുന്തിരിച്ചാറിൽ നിന്നുണ്ടാക്കുന്ന ലഹരിപദാർത്ഥമാണ് കള്ള് (ഇആനത്ത്: 4/235) 

ലഹരിവസ്തുക്കൾ മുഴുവനും നിഷിദ്ധമല്ലേ?

ലഹരിപദാർത്ഥങ്ങൾ മുഴുവനും നിഷിദ്ധമാണ് അതിനാണ് ഹദ്ദ് ഉള്ളത് ലഹരി വസ്തുക്കൾ (പദാർത്ഥമല്ലാത്തത്) തെറ്റാണെങ്കിൽ ഹദ്ദ് ഇല്ല (ഇആനത്ത്: 4/235) 

ലഹരി പദാർത്ഥത്തിൽ നിന്നു ലഹരിയുണ്ടാക്കുന്ന അളവാണോ നിഷിദ്ധം?

അല്ല, ഒരു തുള്ളിയാണെങ്കിലും നിഷിദ്ധം തന്നെ അതിനു ഹദ്ദും ഉണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 451) 

മദ്യപിച്ചാൽ ഹദ്ദ് ഇല്ലാത്തവർ ആരെല്ലാം?

കുട്ടി, ഭ്രാന്തൻ, നിർബന്ധിക്കപ്പെട്ടവൻ, മദ്യപാനം ഹറാമാണെന്നോ താൻ കുടിച്ചത് മദ്യമാണെന്നോ അറിയാത്തവൻ (അടുത്ത കാലത്ത് മുസ്ലിമായവനോ പണ്ഡിതരിൽ നിന്നു അകന്നു ജീവിക്കുന്നവനോ ആണെങ്കിൽ) മുതലയാവർക്ക് ഹദ്ദില്ല (ഫത്ഹുൽ മുഈൻ, പേജ്: 451) 

കള്ളുകൊണ്ട് ചികിത്സിക്കാമോ?

പാടില്ല നിഷിദ്ധമാണ് കള്ള് അല്ലാത്തത് ലഭ്യമല്ലെങ്കിൽ അനിവാര്യ സമയത്ത് കള്ള് ചേർത്ത മരുന്ന് ഉപയോഗിക്കൽ അനുവദനീയമാണ് കള്ള് കൊണ്ടുള്ള ചികിത്സ ഹറാമാണെങ്കിലും അതിന്റെ പേരിൽ ഹദ്ദ് ഇല്ല (ഫത്ഹുൽ മുഈൻ, പേജ്: 451) 

കഞ്ചാവ്, അവീൻ എന്ന ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ വിധി?

നിഷിദ്ധമാണ് (ഇആനത്ത്: 4/237) 

കഞ്ചാവ് പോലെയുള്ള പാനീയമല്ലാത്ത ലഹരി ഉപയോഗിക്കൽ  ഹറാമാണെന്ന് മനസ്സിലായി എന്നാൽ ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ ഹദ്ദുണ്ടോ?

ഇല്ല പക്ഷേ, ഇസ്ലാമിക ജഡ്ജി അഭിപ്രായപ്പെടുന്ന ശിക്ഷക്കർഹനാണ് (ഫത്ഹുൽ മുഈൻ, പേജ്: 451) 

മദ്യപാനം ഇസ്ലാമിക ഇമാമിന്റെ മുമ്പിൽ സ്ഥിരപ്പെടൽ എങ്ങനെ?

മദ്യപാനി സമ്മതിക്കൽ (ഇഖ്റാഅ്) കൊണ്ടും  രണ്ടു പുരുഷന്മാർ സാക്ഷിനിൽക്കൽ കൊണ്ടും മദ്യപാനം സ്ഥിരപ്പെടും (ഇആനത്ത്: 4/239) 

കള്ള് മണക്കൽകൊണ്ട് സ്ഥിരപ്പെടില്ലേ?

ഇല്ല അതുപോലെ ലഹരിപിടിച്ച ആകൃതി, ഛർദി എന്നിവകൊണ്ടും മദ്യപാനം സ്ഥിരപ്പെടില്ല പ്രസ്തുത അടയാളങ്ങൾ കൊണ്ടൊന്നും ഹദ്ദ് അടിക്കപ്പെടില്ല (ഫത്ഹുൽ മുഈൻ, പേജ്: 451) 

ഛർദ്ദിയുടെ അടിസ്ഥാനത്തിൽ ഖലീഫ ഉസ്മാൻ (റ) അടിച്ചതോ?

അതു മഹാനവർകളുടെ ഗവേഷണം കൊണ്ടാണ് നമുക്കതു പറ്റില്ല (ഫത്ഹുൽ മുഈൻ, പേജ്: 451) 

മൃഗങ്ങൾക്ക് കള്ള് കുടിപ്പിക്കാമോ?

പാടില്ലെന്നാണ് സർകശി (റ) പ്രസ്താവിച്ചത് (ഫത്ഹുൽ മുഈൻ, പേജ്: 451) 

കള്ള് നജസാണല്ലോ അതുപോലെ കഞ്ചാവ് നജസാണോ?

കള്ള് നജസാണ് എന്നാൽ കഞ്ചാവ് നജസല്ല ഉപയോഗം നിഷിദ്ധമാണെന്നു വ്യക്തമാക്കിയല്ലോ 

കള്ളിനെ കുറിച്ച് ഹദീസിൽ വന്ന താക്കീതുകൾ വിവരിക്കാമോ?

ഹ്രസ്വമായി  വിവരിക്കാം നബി (സ) പറഞ്ഞു: കള്ളിനെയും കുടിക്കുന്നവനെയും അതു ഒഴിച്ചുകൊടുക്കുന്നവനെയും വിൽപന നടത്തുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു അതിന്റെ വിലകൊണ്ട് ഭക്ഷിക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു നിങ്ങൾ മദ്യപാനം വെടിയുക, കാരണം, അതു എല്ലാ ചീത്ത കാര്യത്തിന്റെയും താക്കോലാണ് (ഇആനത്ത്: 4/233) 

മദ്യപാനം കൊണ്ട് ഈ ലോകത്തു വരുന്ന മോശ, നഷ്ടങ്ങൾ എന്തെല്ലാം?

നിരവധി നഷ്ടങ്ങൾ വിവരിച്ചിട്ടുണ്ട് (1) മദ്യപാനിയെ ഭ്രാന്തനെപ്പോലെയും കുട്ടികൾക്ക് ചിരിക്കാൻ വക  നൽകുന്നതും കാണുകയും ബുദ്ധിമാന്മാരുടെ അരികിൽ ആക്ഷേപിക്കപ്പെട്ടവനുമായിരിക്കും  

(2) മദ്യപാനം ബുദ്ധിയെ നീക്കിക്കളയുന്നതും സമ്പത്തിനെ നശിപ്പിക്കുന്നതുമാണ് 

(3) മദ്യപാനം സുഹൃത്തുക്കൾക്കിടയിൽ ശത്രുത ഉണ്ടാക്കും 

(4) മദ്യപാനം അല്ലാഹുവിലുള്ള സ്മരണ ഇല്ലാതാക്കുന്നു 

(5) മദ്യപാനം വ്യഭിചാരത്തിലേക്ക് എത്തിക്കുകയും അവൻ പോലും അറിയാതെ ഭാര്യയുടെ ത്വലാഖ് പോകാൻ കാരണമാകുകയും ചെയ്യുന്നു 

(6) സർവനാശത്തിന്റെയും ചാവി 

(7) മദ്യത്തിന്റെ ദുർഗന്ധം ഹഫളത്തിന്റെ മലക്കുകളെ ബുദ്ധിമുട്ടിലാക്കും 

(8) നാൽപത് അടിക്ക് അവർ അർഹനാകും ഈ ലോകത്തുവെച്ച് അടി ലഭിച്ചില്ലെങ്കിൽ തീയുടെ ചാട്ടവാർ കൊണ്ട് പരലോകത്തുവെച്ച് അടി ലഭിക്കും 

(9) മദ്യപിച്ചതു മുതൽ  നാൽപതു ദിവസം അവന്റെ പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കില്ല 

(10) മരണസമയം ഈമാൻ നഷ്ടമാകാൻ സാധ്യതയേറെ (ഇആനത്ത്:4/234) 

കിതാബുകളിൽ കാണുന്ന أَفْيُون - حَشِيشَة - بَنْجْ  എന്നതിന്റെ അർത്ഥമെന്ത്?

ബൻജ് എന്നാൽ 'കുരാശാണി ചെടി' 'കുരുസാനി ചെടി' , വജ്ര നാഭിയെന്ന വിഷച്ചെടി, മയക്കുമരുന്ന് എന്നൊക്കെയാണ് അർത്ഥം 

അഫ്യൂൻ എന്നാൽ 'അവീൻ', 'കറുപ്പ് ' എന്നൊക്കെയാണ് അർത്ഥം ഹശീശ് എന്നാൽ കഞ്ചാവ് ചെടി എന്നാണർഥം ഇവ മൂന്നും ഉപയോഗിക്കിക്കൽ നിഷിദ്ധമാണ് ഇവ ബുദ്ധിയെ നീക്കിക്കളയുന്ന ലഹരിവസ്തുക്കളാണ് (ഇആനത്ത്: 4/238) 

ഇവ മൂന്നും ചികിത്സാവശ്യാർത്ഥം ഉപയോഗിക്കാമോ?

മറുപടി: (അനിവാര്യ ഘട്ടത്തിൽ) ഉപയോഗിക്കാമെന്ന് ശൈഖ് മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ട് അവയവം മുറിച്ചു മാറ്റൽ അനിവാര്യമാകുമ്പോൾ അതിനു ബുദ്ധി  നീക്കേണ്ടിവന്നാൽ ഇവ ഉപയോഗിക്കാമെന്ന് സയ്യിദുൽ ബക്രി (റ) തന്റെ ഇആനത്തിൽ (4/238) ഉദ്ധരിച്ചിട്ടുണ്ട്

കഞ്ചാവ് ഉപയോഗിക്കുന്നതിനാലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ എന്തെല്ലാം?

നിരവധിയാണ് ദുനിയാവിലും ദീനിയുമായ നൂറ്റി ഇരുപതോളം ബുദ്ധിമുട്ടുകൾ പണ്ഡിതർ പറഞ്ഞിട്ടുണ്ട് മറവി ഉണ്ടാവുക, തലവേദന വരുക, ബുദ്ധി തകരാറിലാകുക, ഛർദ്ദി, കുഷ്ടരോഗം, വെള്ളപ്പാണ്ഡ് എന്നിവ ഉണ്ടാവുക, രഹസ്യം പൊളിയുക, ലജ്ജ ഇല്ലാതാവുക, മനുഷ്യത്വം നഷ്ടപ്പെടുക എന്നിവ അവയിൽ പെട്ടതാണ് മരണവേളയിൽ കലിമ ഉച്ചരിക്കാൻ സാധിക്കാതിരിക്കുകയെന്നത് കഞ്ചാവ് ഉപയോഗത്താൽ വരുന്ന വലിയ അപകടമാണ് (ഇആനത്ത്: 4/238) 

ശാരീരിക വൈകല്യം സംഭവിക്കുമോ?

അവീൻ ഉപയോഗിക്കുന്നതുമൂലം അതിനു സാധ്യത കൂടുതലാണെന്നും അതു ഉപയോഗിക്കുന്ന പലരിലും അതു കണ്ടിട്ടുണ്ടെന്നും പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 4/238) 

ആദ്യകാലത്ത് കള്ള് അനുവദനീയമായിരുന്നല്ലോ പിന്നെയെന്നാണ് കള്ള് നിഷിദ്ധമാക്കിയത്?

ഹിജ്റഃ മൂന്നാം വർഷമാണ് കള്ള് നിഷിദ്ധമാക്കിയത്

കള്ളിന്റെ കാര്യത്തിൽ എത്ര ആയത്ത് ഇറങ്ങിയിട്ടുണ്ട്?

നാലു ആയത്ത് ആദ്യം ഇറങ്ങിയത് സൂറതുന്നഹ്ലിലെ 67 ആം ആയത്ത് അതിന്റെ സാരം ഇങ്ങനെ: 'ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽനിന്നു നിങ്ങൾക്ക് നാം പാനീയം നൽകുന്നു അതിൽനിന്നു ലഹരിപദാർത്ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു ' ഈ ആയത്തു ഇറങ്ങുന്ന വേളയിലും ശേഷവും മുസ്ലിംകൾ കള്ള് കുടിച്ചിരുന്നു അന്നു കള്ള് അനുവദനീയമായിരുന്നു  അങ്ങനെയിരിക്കെ ഒരിക്കൽ ഉമർ (റ) മുആദ് (റ) അടങ്ങിയ ഒരു സംഘം അൻസ്വാരി സ്വഹാബികൾ തിരുനബി (സ) യെ സമീപിച്ചു ഇങ്ങനെ പറഞ്ഞു: 'നബിയേ, കള്ളും ചൂതാട്ടവും ബുദ്ധിയെയും സമ്പത്തിനെയും നശിപ്പിക്കുന്നു അങ്ങ് അതു രണ്ടിലും ഞങ്ങൾക്ക് മതവിധി പറഞ്ഞുതന്നാലും' അപ്പോഴാണ് ഈ വിഷയത്തിലെ രണ്ടാമത്തെ ആയത്ത് ഇറങ്ങിയത് അതിന്റെ സാരം ഇങ്ങനെ വിവരിക്കാം: 'നബിയേ, അങ്ങയോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു അങ്ങു പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട് ജനങ്ങൾക്ക് ചില പ്രയോജനങ്ങളുമുണ്ട് ' (സുറത്തുൽ: ബഖറ: 219) 

ഈ സൂക്തമിറങ്ങിയശേഷം അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ഭക്ഷണം ഒരുക്കി ചില സ്വഹാബി സുഹൃത്തുക്കളെ സൽകരിച്ചു അവർ മദ്യവും കഴിച്ചു അങ്ങനെ മഗ്രിബ് നിസ്കരിക്കവേ സൂറതുൽ കാഫിറൂനയിൽ നിന്നു 'ലാ' എന്ന അക്ഷരം വിട്ടു കൊണ്ട് അവരിൽ ഒരാൾ ഓതി 

പ്രസ്തുത വേളയിൽ മൂന്നാമത്തെ സൂക്തം ഇറങ്ങി അതിന്റെ അർഥം ഇങ്ങനെ: 'സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായി നിങ്ങൾ നിസ്കരിക്കരുത് നിങ്ങൾ പറയുന്നതെന്തെന്നു നിങ്ങൾക്ക് ബോധ്യമാകുന്നതുവരെ'  (സൂറത്തുൽ: നിസാഅ്: 43) 

ഈ ആയത്ത് ഇറങ്ങലോടുകൂടി ഒരുസംഘം കള്ള് കൂടി ഉപേക്ഷിച്ചു മറ്റൊരു സംഘം നിസ്കാര സമയം കുടിക്കാതിരുന്നു അങ്ങനെയിരിക്കേ മദ്യപിച്ച് ഒരു സ്വഹാബി സഅ്ദ് (റ) വിന്റെ തലക്കടിച്ചു പ്രസ്തുത വേളയിൽ ഉമർ (റ) നബി (സ) യോട് ഇങ്ങനെ പറഞ്ഞു: 'നബിയേ, കള്ളിന്റെ വിഷയത്തിൽ പൂർണമായ വിശദീകരണം നൽകിയാലും ' അപ്പോഴാണ് കള്ള് എന്നന്നേക്കുമായി നിഷിദ്ധമാക്കിക്കൊണ്ട് നാലാമത്തെ ആയത്ത് ഇറങ്ങിയത് അതിന്റെ സാരം ഇങ്ങനെ 'സത്യവിശ്വാസികളേ, നിശ്ചയം മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നംവെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛ വൃത്തി മാത്രമാകുന്നു അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക നിങ്ങൾ വിജയികളാവാൻ വേണ്ടി പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കാനും അല്ലാഹുവെ ഓർമിക്കുന്നതിൽ നിന്നും നിസ്കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു അതിനാൽ നിങ്ങൾ അവയിൽനിന്നെല്ലാം  വിരമിക്കാൻ ഒരുക്കമല്ലേ? (സൂറത്തുൽ: മാഇദ: 90,91) 

ലഹരി പാനീയങ്ങൾ വിവിധ പേരുകളിൽ അറിയപ്പെടുന്നുണ്ടല്ലോ അതു മുഴുവനും നിഷിദ്ധമാണോ?

അതേ, ലഹരിപാനീയങ്ങൾ മുഴുവനും ഹറാമാണ് ഏതു പേരിലാണെങ്കിലും ശരി അവയുടെ ഒരു തുള്ളിപോലും ഹറാമാണ് 'ലഹരി പാനീയങ്ങൾ മുഴുവനും കള്ളാണ് ', ലഹരി പാനീയങ്ങൾ മുഴുവനും ഹറാമാണ് ' എന്നെല്ലാം നബി (സ) പ്രസ്താവിച്ചിട്ടുണ്ട് (ഇആനത്ത്: 4/237) 

തേൻ അധികം കുടിച്ചാൽ ലഹരി വരില്ലേ? അപ്പോൾ തേൻ കുടിക്കൽ ഹറാമാകുമോ?

തേൻ എത്ര കുടിച്ചാലും ലഹരിയുണ്ടാകില്ല അതിനാൽ അതിൽ നിഷിദ്ധം വരുന്ന പ്രശ്നമില്ല 

കള്ള് സുർക്കയായാൽ ശുദ്ധിയാകുമല്ലോ സുർക്കയായെന്നു എങ്ങനെ തീരുമാനിക്കും?

കള്ള് സ്വയം സുർക്കയായി മാറിയാൽ ശുദ്ധിയാകും മറ്റു വസ്തുവിന്റെ സമ്പർക്കം മൂലം സുർക്കയായാൽ ശുദ്ധിയാവില്ല കള്ളിനു പുളിരസം ഉണ്ടാവലാണ് അതു സുർക്കയായി എന്നതിന്റെ അടയാളം ശക്തമായ പുളിരസമോ നുരച്ചുപൊന്തണമെന്നോ വ്യവസ്ഥയില്ല (ഫത്ഹുൽ മുഈൻ) 



അലി അഷ്ക്കർ - 9526765555

No comments:

Post a Comment