Thursday, 6 March 2025

 

മയ്യിത്തിനെ മുമ്പിൽ കിടത്തി പള്ളി ഇമാം പ്രസംഗിക്കുന്ന കൂട്ടത്തിൽ മയ്യിത്തിൻ്റെ ബന്ധുക്കൾ വീട്ടിലേക്ക് മധുരപലഹാരങ്ങൾ കൊണ്ടുവരരുതെന്ന് മയ്യിത്തിൻ്റെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട് ''` എന്നു പറയാറുണ്ട്. ഈയടുത്ത കാലത്താണ് അങ്ങനെ ഒരു അറിയിപ്പ് കേൾക്കാൻ തുടങ്ങിയത് . അതു തന്നെ ചില മഹല്ലുകളിൽ മാത്രം . എൻ്റെ ചെറുപ്പം മുതൽക്ക് തന്നെ മയ്യിത്തിൻ്റെ ബന്ധുക്കൾ ചീർനി (മധുര പലഹാരം) കൊണ്ടു വരാറുള്ളതും ആ ചീർനിയിൽ നിന്നു അല്പം പള്ളിയിലേക്ക് കൊണ്ടുപോയി ദുആ ചെയ്യിപ്പിക്കുന്നതും ഞാൻ കണ്ടു ശീലിച്ചതാണ്. അന്നത്തെ മഹാ പണ്ഡിതർ അതിനെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. ഇന്നു എന്താ ഇങ്ങനെ ? നിവാരണം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.


മയ്യിത്തിൻ്റെ നന്മയ്ക്കായി സ്വദഖ ചെയ്യൽ പുണ്യകർമമാണ്. അത് മയ്യിത്തിനു ഉപകരിക്കുമെന്നു ഖണ്ഡിത പ്രമാണം കൊണ്ട് തെളിഞ്ഞതാണ്. ഇക്കാര്യം ഫത്ഹുൽ മുഈൻ അടക്കം നമ്മുടെ മിക്ക കർമ ശാസ്ത്ര ഗ്രന്ഥങ്ങളിലും ആയത്തുകളും ഹദീസുകളും നിരത്തി ഇമാമുകൾ വിവരിച്ചിട്ടുണ്ട്. അതു നാം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. 

മധുര പലഹാരങ്ങൾ കൊണ്ടു വരരുതന്ന പള്ളി ഇമാമിൻ്റെ മുന്നറിയിപ്പ് മയ്യിത്തിനു വേണ്ടി സ്വദഖ ചെയ്യരുത് എന്ന മുന്നറിയിപ്പായി മാറുന്നുണ്ട്. അയാൾ അതു ചിന്തിച്ചാലും ഇല്ലെങ്കിലും.

നാട്ടാചാരത്തെയാണ് വിമർശിക്കുന്നത് എന്ന ന്യായം ഒട്ടും ശരിയല്ല. പരിശുദ്ധ മതത്തിൽ സ്ഥിരപ്പെട്ട നാട്ടാചാരം വിമർശിക്കാൻ പാടില്ല .

മയ്യിത്തിൻ്റെ വീട്ടുകാരും ബന്ധുക്കളും അല്ലാത്തവരും മയ്യിത്തിനു വേണ്ടി സ്വദഖ ചെയ്യുന്നുണ്ടെങ്കിൽ അതിന്നെ പുകഴ്ത്തുകയാണ് നാം ചെയ്യേണ്ടത്.

മയ്യിത്തിൻ്റെ ബന്ധുക്കൾ തുടരെ ഏഴു ദിവസം സ്വദഖ ചെയ്യുന്ന സമ്പ്രദായം സലഫുസ്സ്വാലിഹീങ്ങളുടെ ചര്യയായിരുന്നുവെന്ന് നമ്മുടെ ഇമാമുകൾ വിവരിച്ചത് [ അൽ ഹാവീ ലിൽ ഫതാവാ: 2 / 270]

നാം അതു ചെയ്യാനും മാതൃകയാക്കാനുമാണ് . മുടക്കാനല്ല . 

മയ്യിത്തിൻ്റെ ബന്ധുക്കൾ പറയുന്നതെല്ലാം ജനങ്ങളെ അറിയിക്കുന്നവരായി പള്ളി ഇമാമുകൾ മാറരുത്. പ്രത്യുത, കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. നാഥൻ തുണക്കട്ടെ, ആമീൻ



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment