Thursday 25 July 2019

കളിയും , വിനോദവും ഇസ്‌ലാമിക കാഴ്ചപ്പാടിൽ



പാമ്പാട്ടി, പാമ്പുകളെ കളിപ്പിക്കുന്നതും അതു കാണുന്നതും അനുവദനീയമാണോ?

അപകടം വരാത്തവിധം സുരക്ഷിതത്വമാണെങ്കിൽ പാമ്പുകളി അനുവദനീയമാണ് അതു കണ്ടു ആസ്വദിക്കലും മുബാഹാണ് (ശർവാനി: 10/221) 

ചെസ്സുകളിയുടെ വിധി?

ചെസ്സുകളി (ചതുരംഗം) കറാഹത്താണ് (തുഹ്ഫ: 10/216) തന്റെ മുഖ്യ കാര്യങ്ങൾ പോലും അവഗണിച്ച് ചെസ്സുകളിയിൽ മുഴുകുന്ന സ്വഭാവം ശരിയല്ലെന്നും അതു സാക്ഷിനിൽക്കാനുള്ള അർഹതയെവരെ  ഇല്ലാതാക്കുമെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 10/225 നോക്കുക) 

പഴയ കാലത്തു സാധാരണമായി ബാങ്ക് വിളിക്കു മുമ്പായി പള്ളികളിൽ വെച്ച് 'നകാര' അടിക്കുന്ന പതിവുണ്ടല്ലോ ഈ നകാര അടിയുടെ വിധി?

അനുവദനീയം അതു  ഒരു തരം ചെണ്ടയാണ് നടു ഇടുങ്ങിയ ഒരു തരം നീണ്ട ദുഡിയല്ലാത്ത എല്ലാ ചെണ്ടകളും മുട്ടൽ അനുവദനീയമാണ് (തുഹ്ഫ: 10/221) 

ചൂണ്ടയിട്ടു മത്സ്യം പിടിക്കാമോ?

അതേ, പിടിക്കാം അതു അനുവദനീയമാണ് (തുഹ്ഫ: 9/329, 335 നോക്കുക) 

ചീട്ടുകളി, കാരം ബോർഡ് കളി എന്നിവയുടെ വിധി?

രണ്ടും നിഷിദ്ധമാണ് പണം വെച്ചും വെക്കാതെയും നിഷിദ്ധം തന്നെ ആലോചനക്കും ബുദ്ധി  സാമർത്ഥ്യത്തിനും ഒരു സ്ഥാനവുമില്ലാത്ത കളികൾ നിഷിദ്ധമാണെന്ന് ഫുഖഹാഅ് പഠിപ്പിച്ചിട്ടുണ്ട് ശീട്ടുകളി, കാരംബോർഡ് കളി എന്നിവ അതിലാണു പെടുക 

കോൽക്കളിയുടെ വിധിയെന്ത്?

കോൽക്കളി നിഷിദ്ധമാണ് (ശർവാനി: 10/219)

ദഫ് മുട്ടുന്നതിന്റെ വിധി എന്താണ്

അടിസ്ഥാന വിധി അനുവദനീയമാണ് വിവാഹം, ചേലാകർമം തുടങ്ങിയ സന്തോഷവേളകളിൽ സുന്നത്തുകൂടിയാണ് ദഫുകളിൽ ചിലമ്പുണ്ടെങ്കിലും അനുവദനീയമാണ് (മിൻഹാജ്, പേജ്: 206) 

ദഫ് മുട്ടലാണല്ലോ അനുവദനീയം അതിന്റെ കൂടെ ഡാൻസ് ഉണ്ടെങ്കിലോ?

ദഫ് മുട്ടുന്നതോടൊപ്പം ഡാൻസ്, കൊഞ്ചിക്കുഴഞ്ഞ ചാട്ടക്കളി എന്നിവ ഉണ്ടാവുമ്പോൾ നിഷിദ്ധമാകും ഹറാം ചേർന്നതു കൊണ്ട് ഹറാമാകും (തുഹ്ഫ: 10/222)

സ്കൗട്ട്  അനുവദനീയമാണോ?

കൊഞ്ചിക്കുഴഞ്ഞ നൃത്തമില്ലാതെ കേവലം സ്കൗട്ട് അനുവദനീയമാണ് (തുഹ്ഫ: 10/222) 

ഓപ്പനയുടെ വിധി?

കൊഞ്ചിക്കുഴഞ്ഞ നൃത്തത്തോടെയാണ് ഇന്നു ഒപ്പന അതു നിഷിദ്ധമാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും ഇതു ഹറാമാണ് അന്യരുടെ മുമ്പിൽ  വെച്ചുള്ള ഒപ്പനയും പാട്ടും മറ്റു കളിയും ദർശനവും ഹറാമാണെന്നു പ്രത്യേകം പറയേണ്ടതുമില്ലല്ലോ

സ്ത്രീ പുരുഷന്മാർ കൈ കൊട്ടുന്നതിന്റെ വിധി?

ആവശ്യത്തിനുവേണ്ടിയാണെങ്കിൽ സ്ത്രീക്കും പുരുഷനും
 അനുവദനീയമാണ് വിനോദത്തിനുവേണ്ടി സ്ത്രീക്ക് അനുവദനീയമാണ് എന്നാൽ പുരുഷനു കറാഹത്താണ് (കഫ്ഫുർറആഅ്: 106,108, കുർദി: 1/292) 

ഉപകരണ സംഗീതത്തിന്റെ വിധി?

ഉപകരണ സംഗീതം  പാടില്ല, നിഷിദ്ധമാണ് അതൽപം വിവരിക്കാം മദ്യപാനികളുടെ ചിഹ്നമായി അറിയപ്പെടുന്ന തമ്പുരു, സാരംഗി, മുക്കമ്പി, കൈത്തളം, വല്ലകി, നാലുകമ്പി, കൈമണി, ഇലത്താളം, വീണക്കുഴൽ എന്നിവ നിർമിക്കുന്നതും കേട്ടാസ്വദിക്കലും ഹറാമാണ് സംഗീതോപകരണങ്ങളായ മറ്റെല്ലാ വീണകളും ഊത്തുകുഴലുകളും ഹറാം തന്നെ (തുഹ്ഫ, ശർവാനി: 10/219, നിഹായ: 8/296, ജമാൽ: 5/381 നോക്കുക) 

മ്യൂസിക് തെറാപ്പിയുടെ മതവിധി?

ഒരു രോഗത്തിനു മ്യൂസിക് തെറാപ്പിയില്ലാതെ മറ്റൊരു ചികിത്സാമാർഗമില്ലെന്നു വിശ്വാസയോഗ്യമായ രണ്ടു ഡോക്ടർമാർ പറഞ്ഞാൽ പ്രസ്തുത ചികിത്സാ സ്വീകരിക്കാവുന്നതാണ് മ്യൂസിക് തെറാപ്പിയിലൂടെ ചികിത്സ നടത്തുന്ന ഡോക്ടർക്ക് ചികിത്സാ വേളയിൽ മ്യൂസിക് ഉപയോഗിക്കലും കേൾക്കലും അനുവദനീയമാണ് (തുഹ്ഫ: ശർവാനി: 10/220) 

ഇന്നു സാർവത്രികമായ ദഫ് മുട്ടലിൽ കൊഞ്ചിക്കുഴഞ്ഞ നൃത്തം കാണുന്നുണ്ടല്ലോ ദഫ് മുട്ടിക്കൊണ്ട് എന്തെല്ലാം കളിയും ഡാൻസുമാണ് കുട്ടികൾ കളിക്കുന്നത് അതു അനുവദനീയമാണോ?

അനുവദനീയമല്ല ദഫാണ് അനുവദനീയവും സുന്നത്തുമാകുന്നത് കൊഞ്ചിക്കുഴഞ്ഞുള്ള നൃത്തം, ഡാൻസ് നിഷിദ്ധമാണ് തുഹ്ഫയിലും (10/222), നിഹായയിലും (8/298) ഈ വസ്തുത കാണാം 

ഇന്നത്തെ പ്രസ്തുത ദഫിനെ (ഡാൻസ് ദഫിനെ) എതിർക്കേണ്ടതല്ലേ?

അതേ, ശക്തമായ രീതിയിൽ എതിർക്കപ്പെടണം മാത്രമല്ല, കൗമാര പ്രായക്കാരാണ് (അംറദ്) പലയിടത്തും ദഫ് ഡാൻസ് നടത്തുന്നത് അവരെ നോക്കുന്നത് തന്നെ ഭൂഷണമല്ല ദഫ് കളി കാണാൻ റോഡിലും പരിസരത്തും മറയ്ക്കൽ നിർബന്ധമായ ഭാഗങ്ങൾ മറയ്ക്കാതെ അന്യസ്ത്രീകൾ ഒരുമിച്ചു കൂടുന്നതും ന്യായീകരിക്കാൻ കഴിയാത്തതാണ് നബിദിനത്തിന്റെ പേരിലായാലും ഹറാമും കറാഹത്തും ചെയ്യാൻ ശർഹ് പ്രോത്സാഹിപ്പിക്കുന്നില്ല പ്രത്യുത എതിർക്കണം 

ഗാനം, കവിത എന്നിവയുടെ വിധി?

നല്ല ഗാനം, നല്ല കവിത എന്നിവ രചിക്കുന്നതും പാടുന്നതും, ശ്രദ്ധിച്ചു കേൾക്കുന്നതും അനുവദനീയമാണ് മാത്രമല്ല, നന്മ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നവ സുന്നത്തുകൂടിയാണ് (തുഹ്ഫ: 10:222) 

ഗാനവും കവിതയും എപ്പോഴാണ് നല്ലതല്ലാത്തതാകുക?

നിഷിദ്ധം  കലരുമ്പോൾ ഉപദ്രകരമായ ആക്ഷേപം, അസത്യകാര്യങ്ങൾ പറഞ്ഞു പ്രശംസിക്കൽ, അന്യ സ്ത്രീയെ വ്യക്തിപരമായി വർണിക്കൽ, സ്വന്തം ഭാര്യയുടെ ഗോപ്യമായ ശരീര ഭാഗങ്ങളെയോ ദാമ്പത്യ രഹസ്യങ്ങളെയോ അവർക്ക് വിഷമം നേരിടും വിധം വർണിക്കൽ, കൗമാര പ്രായത്തിലുള്ള സുന്ദരനെ വർണിക്കൽ, നരകാവകാശിയെന്നു ഉറപ്പില്ലാത്തവനെ വ്യക്തിപരമായി ശപിക്കൽ എന്നിവയടങ്ങിയ ഗാനവും കവിതയും രചിക്കലും ആലപിക്കലും ശ്രദ്ധിച്ചു  കേൾക്കലും നിഷിദ്ധമാണ് (തുഹ്ഫ, ശർവാനി: 10/223)

പുത്തൻവാദിയെ ആക്ഷേപിച്ചു ഗാനം രചിക്കലോ?

പുത്തൻവാദിയെ അവന്റെ പുത്തൻവാദത്തിന്റെ പേരിൽ മാത്രം ആക്ഷേപിക്കാം അങ്ങനെ ഗാനം, കവിത രചിക്കാം (തുഹ്ഫ: ശർവാനി:  10/223) 
മുസ്ലിംകളോട് പോരിനിറങ്ങിയ ശത്രു, മതപരിത്യാഗി, പരസ്യമായി തെറ്റുചെയ്യുന്നവൻ എന്നിവരെ ആക്ഷേപിച്ചും ഗാനം, കവിത രചിക്കാം ആക്ഷേപം പ്രസ്തുത തെറ്റിന്റെ പേരിലാവണം (തുഹ്ഫ: ശർവാനി: 10/223) 

സംഗീതത്തിന്റെ വിധി?

ഇമാം നവവി (റ) പ്രസ്താവിക്കുന്നു സംഗീതം ആലപിക്കലും ശ്രദ്ധിച്ചു കേൾക്കലും കറാഹത്താണ് (മിൻഹാജ്) 

സംഗീതത്തിൽ നിഷിദ്ധ കാര്യങ്ങൾ ഉണ്ടായാലോ?

അപ്പോൾ വിധി നിഷിദ്ധമെന്നാകും 

കാളയോട്ട മത്സരം നടത്താമോ?

പണം വെക്കാതെ, പന്തയ സ്വഭാവമില്ലാതെ മത്സരം നടത്തുന്നത് അനുവദനീയമാണ് (തുഹ്ഫ: 9/399) 

മൃഗങ്ങളെ ഉപദ്രവിക്കുന്നുണ്ടെങ്കിൽ അതു നിഷിദ്ധമാണ് ജീവികളെ അനാവശ്യമായി വേദനിപ്പിക്കൽ നിഷിദ്ധമാണ് (ശർവാനി: 8/370, ഇബ്നു ഖാസിം: 8/371) 

കുതിരപ്പുറത്തെന്നതുപോലെ കാളപ്പുറത്ത് കയറി ഓട്ടമത്സരം നടത്തലാണ് കാളയോട്ട മത്സരം 

കാളക്കുത്ത് മത്സരമോ?

നിഷിദ്ധമാണ് (തുഹ്ഫ: 9/399) രണ്ടു കാളകളെ പ്രകോപിപ്പിച്ചു പരസ്പരം കുത്തിക്കുന്ന ഈ കളി ഹറാം എന്നതിൽ തർക്കമില്ല നിഷിദ്ധ കളി കണ്ടാസ്വദിക്കൽ ഹറാമാണ് (ശർവാനി: 10/216) 

കാളപൂട്ട് മത്സരമോ?

പണം വെച്ചും പന്തയ സ്വഭാവത്തിലും മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിച്ചും ഉള്ള കാളപ്പൂട്ട് മത്സരം നിഷിദ്ധമാണെന്ന കാര്യത്തിൽ തർക്കമില്ല (ശർവാനി: 8/370 നോക്കുക) 

കുരങ്ങു കളിയുടെ ഇസ്ലാമിക മാനം?

കുരങ്ങുകളെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്ന വിനോദം നിഷിദ്ധമാണ് (മുഗ്നി: 6/347, ശർവാനി: 10/216) 

ആയുധ മത്സരങ്ങൾ അനുവദനീയമാണോ?

മറുപടി: അതേ, അസ്ത്രം, കുന്തം, ചാട്ടുളി, ശില, വെടിയുണ്ട എന്നിവ മത്സരം അനുവദിക്കപ്പെട്ട യുദ്ധായുധങ്ങളാണ് ഇവ ഉപയോഗിച്ച് നിശ്ചിത ഉന്നത്തിലേക്ക് എയ്ത്തു  മത്സരം നടത്തൽ അനുവദനീയമാണ് 'മുസാബഖഃ ഇന്ന അദ്ധ്യായത്തിൽ ഫുഖാക്കൾ ഇക്കാര്യം സമഗ്രമായി  വിവരിച്ചിട്ടുണ്ട് 

മൃഗ മത്സരമോ?

കുതിര, ഒട്ടകം, കഴുത, കോവർകഴുത എന്നിവയിൽ അനുവദനീയമാണ് (ജമൽ: 5/281 നോക്കുക) 

മത്സരത്തിൽ ചൂതാട്ടം പറ്റുമോ?

പറ്റില്ല അതില്ലാത്ത രീതിയിൽ സമ്മാനങ്ങൾ നിർണയിക്കാം മത്സരാർത്ഥികൾ അല്ലാത്തവർ സമ്മാനം ഓഫർ ചെയ്യാം ഉദാ: നിങ്ങൾ രണ്ടുപേരും മത്സരം നടത്തുക, വിജയിക്കുന്നവർക്ക് ഞാൻ സമ്മാനം തരും എന്നു ഒരാൾ പറയൽ അതു അനുവദനീയമാണ്  

മത്സരാർത്ഥികളിൽ ഒരാൾ മാത്രം സമ്മാനം ഓഫർ ചെയ്താലോ?

അതിനു വിരോധമില്ല ഉദാ: 'നീ എന്നെ പരാജയപ്പെടുത്തിയാൽ ഞാൻ നിനക്ക് ഒരു സമ്മാനം തരും ഞാൻ നിന്നെ പരാജയപ്പെടുത്തിയാൽ നീ എനിക്ക് സമ്മാനം തരണ്ട' എന്നു ആരെങ്കിലും പറഞ്ഞാൽ വിരോധമില്ല കാരണം, അതിൽ തെറ്റായ ചൂതാട്ടമില്ല 

തെറ്റും കുറ്റവുമായ ചൂതാട്ട് വരുന്ന രൂപം എങ്ങനെ?

മത്സരാർത്ഥികളെ രണ്ടുപേരും ഫണം വെച്ച് (അല്ലെങ്കിൽ മറ്റാരെങ്കിലും) മത്സരിക്കലാണ് തെറ്റായ ചൂതാട്ടം ആ ഇടപാട് അസാധുവാണ് നിഷിദ്ധമാണ് 

ഉദാ: 'ഞാൻ നിന്നെ പരാജയപ്പെടുത്തിയാൽ നീ എനിക്ക് ആയിരം രൂപ തരണം നീ എന്നെ പരാജയപ്പെടുത്തിയാൽ നിനക്ക് ഞാൻ ആയിരം രൂപ തരും' എന്നു പറയൽ ഓരോരുത്തർക്കും ഒരേ സമയം നേട്ടത്തിനും നഷ്ടത്തിനും സാധ്യതയുണ്ടാകുമ്പോഴാണ് നിഷിദ്ധ ചൂതാട്ടം ഉണ്ടാവുക (ജമൽ: 5/283 നോക്കുക) 

തിരുനബി (സ) പുകഴ്ത്തിപ്പറഞ്ഞ വിനോദങ്ങൾ ഉണ്ടോ?

ഉണ്ട് നബി (സ) പറയുന്നു: വിനോദം മൂന്നു കാര്യങ്ങളിലാണ് നിന്റെ കുതിരക്ക് പരിശീലനം നൽകുക, നിന്റെ വില്ലെടുത്ത് അസ്ത്രമെയ്ത്ത് നടത്തുക, നിന്റെ സഹധർമിണിയുമായി സല്ലപിക്കുക എന്നിവയാണത് (നസാഈ: 6/222, കഫ്ഫുറആഅ്, പേജ്: 151) 

നബി (സ) പ്രസ്താവിക്കുന്നു: മലക്കുകളുടെ സാന്നിധ്യമുള്ള വിനോദങ്ങൾ മൂന്നെണ്ണം മാത്രമാണ് പുരുഷൻ തന്റെ ഭാര്യയോടൊപ്പം വിനോദിക്കുക, കുതിരയോട്ട മത്സരം നടത്തുക, അമ്പെയ്ത്തു മത്സരം നടത്തുക (ഹാകിം, കഫ്ഫുറആഅ്: 151) 

ആനയോട്ട മത്സരം അനുവദനീയമാണോ?

ആനകളുടെ മത്സര ഓട്ടമാണ് ആനയോട്ടം നിശ്ചിത ഉപാധികളോടെ ആനയോട്ട മത്സരം അനുവദനീയമാണ് യുദ്ധ പരിശീലന ലക്ഷ്യത്തോടെ സുന്നത്തു കൂടിയാണ് (തുഹ്ഫ: 9/397-399) 

പ്രതിഫലം നിശ്ചയിച്ച്- ചൂതാട്ട സ്വഭാവമില്ലാതെ ആനയോട്ട മത്സരം നടത്താം ആന യുദ്ധ വാഹനമാണ് (റൗള) ഒടകത്തിൽ മത്സരം ആവാമെങ്കിൽ ആനയിലും ആവാം (അർഹാവിൽ കബീർ: 15/185) 

പ്രാവു കളിയുടെ വിധിയെന്ത്?

പ്രാവുകളി കറാഹത്താണ് (കഫ്ഫുർആഅ്: പേജ് :79) 

ഒളിപ്പിച്ചു കളി അനുവദനീയമാണോ?

അല്ല ഇമാം ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നു: തമാശ രൂപേന മറ്റു വല്ലവരുടെയും സാധനം ഗുരുതരമായ ഭയം വരുന്ന രീതിയിൽ എടുത്തു വെക്കുന്ന സമ്പ്രദായം ഹറാമാണ് (തുഹ്ഫ: 10/287) 

ഒളിപ്പിച്ചു കളിയിൽ നിസാരമായ ഭയമാണുള്ളതെങ്കിലോ?

അപ്പോൾ അനുവദനീയമാണ് നിഷിദ്ധമല്ല (തുഹ്ഫ: 10/287) 

തമാശ കളിയിൽ തെറ്റുണ്ടോ?

ഇല്ല തെറ്റായ കാര്യങ്ങൾ ചേരാതിരിക്കണം (തുഹ്ഫ: 10/287 നോക്കുക) 

ഒറ്റയിരട്ടക്കളി അനുവദനീയമാണോ?

കൈയ്യിൽ ഒളിപ്പിച്ചത് ഒറ്റയോ ഇരട്ടയോ എന്നു പറയുക ശരിയായാൽ പറഞ്ഞവൻ വിജയിച്ചു ഇല്ലെങ്കിൽ തോറ്റു ഈ കളി പണം വെച്ചാണെങ്കിൽ നിഷിദ്ധവും അല്ലെങ്കിൽ അനുവദനീയവുമാണ് (തുഹ്ഫ: 9/399) 

കോഴിപ്പോര് മത്സരത്തിന്റെ വിധി?

തിരഞ്ഞെടുത്ത് പരിശീലനം നൽകിയ കോഴികളെക്കൊണ്ട് വാശിയോടെ അന്യോന്യം പൊരുതിക്കുന്ന ഒരു വിനോദമാണ് കോഴിപ്പോര് അതു നിഷിദ്ധമാണ് നിരവധി ഹറാമുകളുടെ സംഗമമാണത് 

ജീവിയെ അനാവശ്യമായി വേദനിപ്പിക്കുക, അതിനെ വിനോദോപകരണമാക്കി ഉപദ്രവിക്കുക, ജീവനോടെത്തന്നെ വൈകൃതം വരുത്തുക, അനാവശ്യമായി കൊല്ലുക, ഹറാമായ മത്സരം നടത്തുക, അതിനു വഴി ഒരുക്കുക ഇങ്ങനെ നീളുന്ന നിഷിദ്ധങ്ങൾ 
ജീവികൾക്കിടയിൽ പ്രകോപനമുണ്ടാക്കി അന്യോന്യം പൊരുതിക്കുന്നത് കുറ്റമാണ് (സവാജിർ: 2/84) 

കോഴികളെ പരസ്പരം കൊത്തിച്ചു മത്സരം നടത്തൽ പണം വയ്ക്കാതെയാണെങ്കിലും ഹറാമാണ് ഈ വിനോദം വിഡ്ഢിത്വവും ലൂത്വ് നബി (അ) ന്റെ അഭിശപ്തരായ ജനങ്ങളുടെ ദുഷ്കൃതവുമാണ് (തുഹ്ഫ: 9/399, നിഹായ: 8/166) 

ഏപ്രിൽ ഫൂളിൽ കളവു പറഞ്ഞും ജനങ്ങളെ  വിഡ്ഢികളാക്കിയും ഉള്ള വിനോദത്തെക്കുറിച്ചെന്തു പറയുന്നു?

വിഡ്ഢികൾക്കാണു അന്നു വിഡ്ഢിദിനം മുസ്ലിംകൾക്ക് അല്ല നമുക്ക് അന്നും മറ്റു ദിവസങ്ങളെ പോലെ പ്രധാനമാണ് കളവു പറയുന്നതിന്റെ അടിസ്ഥാന വിധി ഹറാമാണ് അതു എന്നും അങ്ങനെത്തന്നെയാണ് 

ഭാര്യയെ തൃപ്തിപ്പെടുത്താൻ വേണ്ടി കളവ് പറയാമോ?

അതേ പറയാം (ഫത്ഹുൽ മുഈൻ) 

ഭരണാധികാരിയോട് ചെയ്ത തെറ്റ് ഇല്ലെന്നു പറയാമോ?

കള്ള് കുടിച്ചവനോട് അതിനെക്കുറിച്ച് ചോദിച്ചാലും വ്യഭിചരിച്ചവനോട് അതിനെക്കുറിച്ച് ചോദിച്ചാലും തെളിവുകൾ ഇല്ലാതിരിക്കുമ്പോൾ നിഷേധിക്കാം കളവു പറയാം അതു അനുവദനീയമാണ് രഹസ്യമായി സംഭവിച്ച ഇത്തരം തെറ്റുകളെ നിഷേധിക്കാം (അങ്ങനെ തൗബഃ ചെയ്യാം) (ഇആനത്ത്: 3/288) 

റാഗിംഗ് വിനോദത്തിന്റെ മതവിധി?

നിഷിദ്ധം തന്നെ മനുഷ്യരെ അകാരണമായി അക്രമിക്കൽ നിഷിദ്ധമാണെന്നതിൽ രണ്ടു വീക്ഷണമില്ലല്ലോ 
പ്രൊഫഷണൽ കോളേജുകളിൽ പുതുതായി പ്രവേശനം നേടിയവരെ പല ന്യായ(?)യങ്ങൾ പറഞ്ഞു സീനിയർ വിദ്യാർത്ഥികൾ പീഡിപ്പിക്കുന്ന ഒരു വിനോദമാണ് റാഗിംഗ്, അതു ഗുരുതര തെറ്റാണ് 

പകിടകളി എന്നാലെന്ത്? അതിന്റെ വിധി?

പകിട എന്ന ഉപകരണം ഉപയോഗിച്ചു കളിക്കുന്ന വിനോദമാണ്  പകിട കളി അതു നിഷിദ്ധമാണ് (മിൻഹാജ്) ഹറാം വന്നുചേരുന്ന ഏതു കളിയും നിഷിദ്ധമാണ് പകിട കളിക്കെതിരെ നിരവധി ഹദീസുകളിൽ കനത്ത താക്കീതു വന്നിട്ടുണ്ട് 

ഇന്നു നിലവിലുള്ള നാടകം, സിനിമ എന്നിവയിൽ അഭിനയിക്കൽ നിഷിദ്ധമാണോ?

അതേ, നിഷിദ്ധം തന്നെ അക്കാര്യം ഉലമാക്കൾ പ്രസ്താവിച്ചിട്ടുണ്ട്  



അലി അഷ്‌കർ : 95267 65555   

No comments:

Post a Comment