Thursday 8 September 2016

അതിഥി സല്‍ക്കാരം; അറിയാനുണ്ട് ചിലത്

 

💥 അബീശുറൈഹില്‍ കഅ്ബിയില്‍ നിന്ന് നിവേദനം: നബിണ്ട(സ്വ) പറഞ്ഞു: അതിഥി സല്‍ക്കാരം മൂന്ന് ദിവസവും അതിനുശേഷം സ്വദഖയുമാണ്.

💥 സുന്നത്ത് നോമ്പുള്ളവന്‍ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കല്‍ സുന്നത്താണ്. പ്രബലമായ സുന്നത്ത് നോന്പാണെങ്കിലും പകലിന്റെ അവസാന സമയമായിട്ടുണ്ടെങ്കിലും മുറിക്കലാണ് സുന്നത്ത്. അപ്രകാരം നബി(സ്വ) പറഞ്ഞിട്ടുണ്ട്. അതുവരെ അവന്‍ അനുഷ്ഠിച്ചത് പ്രതിഫലാര്‍ഹമാണ്. എങ്കിലും പ്രസ്തുത നോമ്പ് ഖളാഅ് വീട്ടല്‍ സുന്നത്തുണ്ട്. ക്ഷണിക്കുന്നവന് മനഃപ്രയാസമില്ലെങ്കില്‍ നോമ്പ് മുറിക്കല്‍ സുന്നത്തില്ല. പ്രത്യുത മുറിക്കാതിരിക്കലാണുത്തമം. ക്ഷണിച്ചവനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് നോമ്പ് ഉപേക്ഷിക്കുന്നതെന്ന് കരുതല്‍ സുന്നത്താണ്. ഇമാം ഗസ്സാലി ഇപ്രകാരം പറഞ്ഞിട്ടുണ്ട്.

✅ അതിഥിയെ ഒറ്റയ്ക്കിരുത്തി ഭക്ഷിപ്പിക്കുന്നതിനേക്കാള്‍ നല്ലതും നബിചര്യയും ആതിഥേയന്‍ കൂടെ ഇരിക്കലാണ്. ഭക്ഷണം കൂടുതല്‍ കഴിച്ചിട്ടും വയര്‍ നിറയാത്ത അവസ്ഥയുണ്ടാകുന്നത് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴാണ്. അതുപോലെ വിശപ്പടങ്ങിയതിന് ശേഷം ഭക്ഷണം കഴിക്കല്‍ കറാഹത്താണ്. 

💥 വഹ്ശി ബ്നു ഹര്‍ബ്(റ) പറയുന്നു: ഒരുകൂട്ടം സ്വഹാബിമാര്‍ നബിയോട് ഇങ്ങനെ പറഞ്ഞു: ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നുവെങ്കിലും വയറ് നിറയുന്നില്ല. നബി ചോദിച്ചു: നിങ്ങള്‍ ഒറ്റയ്ക്കാണോ കഴിക്കുന്നത്? അവര്‍: അതെ. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ബിസ്മി ചൊല്ലുകയും ചെയ്താല്‍ അല്ലാഹു അതില്‍ ബറകത്ത് ചൊരിയുന്നതാണ്.

👉 തന്റെ മുമ്പിലേക്ക് വിളമ്പിയ ഭക്ഷണം ആതിഥേയന്റെ സമ്മതമില്ലാതെ അതിഥിക്ക് ഭക്ഷിക്കാവുന്നതാണ്. ആതിഥേയന്‍ മറ്റൊരാളെ പ്രതീക്ഷിച്ചു നില്‍ക്കുകയാണെങ്കില്‍ അയാള്‍ വരുന്നതിനു മുമ്പ് ആതിഥേയന്റെ സമ്മതമില്ലാതെ ഭക്ഷിക്കാവുന്നതല്ല. തന്റെ കൂടെ മറ്റൊരുത്തന്‍ ഭക്ഷിക്കാനിരുന്നാല്‍ അവന്‍ ഭക്ഷിച്ച് കഴിയുന്നതിനു മുമ്പ് സമ്മതമില്ലാതെ എഴുന്നേല്‍ക്കരുത്. അത് അവന്റെ വയറ് നിറയുന്നതിനു മുമ്പ് ലജ്ജാലുവായി എഴുന്നേല്‍ക്കാന്‍ കാരണമായിത്തീരും.

💥 നബി(സ്വ) പറഞ്ഞു: ഭക്ഷണം കഴിക്കാന്‍ സുപ്ര വിരിച്ചാല്‍ സുപ്ര ഉയര്‍ത്തുന്നതുവരെ ആരും എഴുന്നേല്‍ക്കരുത്; വയര്‍ നിറഞ്ഞാലും ഒരു സംഘത്തില്‍ നിന്നും എഴുന്നേറ്റ് പോകരുത്.

❗ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരുടെ അടുക്കല്‍ കടന്നുവന്ന വ്യക്തിയോട് ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടാല്‍ സന്തോഷത്തോടെയുള്ള ക്ഷണമാണെന്ന് ബോധ്യപ്പെട്ടാല്‍ അവരുടെ കൂടെ കഴിക്കാവുന്നതാണ്. വിശപ്പുണ്ടായിട്ടും തനിക്ക് വിശപ്പില്ലെന്ന് പറഞ്ഞാല്‍ അത് കളവിന് ഹേതുവായിത്തീരുന്നതാണ്.

✅ അസ്മാഅ് ബിന്‍ത് യസീദ്(റ) പറയുന്നു: ഞങ്ങളുടെ അടുത്ത് നബി(സ്വ) ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ വിശപ്പില്ലെന്ന് പറഞ്ഞ സന്ദര്‍ഭം, നിങ്ങള്‍ വിശപ്പിനെയും കളവിനെയും ഒരുമിച്ചുകൂട്ടരുത് എന്ന് പ്രതിവചിച്ചു. 

❗അതിഥികളില്‍ നിന്ന് ചിലര്‍ക്ക് മാത്രം മുന്തിയ ഭക്ഷണം നല്‍കല്‍ കറാഹത്താണ്. ഇനി വിശിഷ്ടാതിഥികള്‍ക്ക് തയ്യാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ കഴിക്കല്‍ ഹറാമാണ്.

💥 ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും ഇരുകൈകളും വായയും കഴുകല്‍ സുന്നത്തുണ്ട്. പല്ലില്‍ കുത്തിയെടുത്ത ഭക്ഷണാവശിഷ്ടങ്ങള്‍ തുപ്പിക്കളയലും അതെ. പല്ലുകള്‍ക്കിടയില്‍ നിന്ന് നാവുകൊണ്ട് പുറത്തെടുത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഭക്ഷണശേഷം സൂറതുല്‍ ഇഖ്ലാസ്വും, ഖുറൈശും ഓതല്‍ സുന്നത്താണ്.

💥 അതിഥിയെ യാത്രയാക്കുമ്പോള്‍ കണ്ണില്‍നിന്നും മായുന്നതുവരെ ആതിഥേയന്‍ വീടിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കല്‍ സുന്നത്തായ കര്‍മമാണ്. നബി(സ്വ) പറഞ്ഞു: അതിഥിയെ യാത്ര അയക്കുമ്പോള്‍ വീടിന്റെ വാതില്‍ വരെ ആതിഥേയന്‍ കൂടെപ്പോകല്‍ എന്റെ ചര്യയില്‍ പെട്ടതാണ്.

🔰മുത്തുനബി(സ)യോടും സമൂഹത്തോടും അനുധാവനം ചെയ്യാന്‍ അല്ലാഹു കാണിച്ചുകൊടുത്ത മാതൃകാപുരുഷനായ ഇബ്‌റാഹീം നബി(അ) ആണ് (അന്നഹ്‌ല് 123, ആലുഇംറാന്‍ 95) ലോകത്തെ ഒന്നാമത്തെ ആതിഥേയന്‍ (ഫത്ഹുല്‍ബാരി). 

കൂടെ അതിഥിയില്ലാതെ ഇബ്‌റാഹീം നബി(അ) ഭക്ഷിക്കുന്നതു തന്നെ വിരളം. അദ്ദേഹത്തിന് ഖലീലുള്ളാഹി എന്ന സ്ഥാനപ്പേര് ലഭിക്കാന്‍ പറയപ്പെടുന്ന കാര്യങ്ങളില്‍ ഈ സവിശേഷമായ ആതിഥ്യമര്യാദ എണ്ണപ്പെടുന്നുണ്ട്. തന്റെ വീട്ടിലേക്ക് അതിഥിവേശത്തില്‍ കടന്നുവന്ന മലക്കുകള്‍ക്ക് (അവര്‍ മലക്കുകളായിരുന്നെന്ന് അപ്പോള്‍ അദ്ദേഹത്തിനറിയുമായിരുന്നില്ല) വച്ചുകൊടുത്ത ഭക്ഷണം കഴിക്കാന്‍ അവരോടാവശ്യപ്പെട്ടപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിനു പകരം കാശ് സ്വീകരിക്കണമെന്നവര്‍ നിബന്ധനവച്ചു. എന്നാല്‍, നിങ്ങള്‍ കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുകയും കഴിച്ചശേഷം ‘അല്‍ഹംദുലില്ലാഹ്’ എന്ന് പറയുകയും ചെയ്യുക. അതാണ് ഞാനതിനു നിശ്ചയിക്കുന്ന വിലയെന്ന് ഇബ്‌റാഹീം നബി(അ) പറഞ്ഞു. ഇതു കേട്ട ജിബ്‌രീല്‍(അ) മീകാഈലി(അ)നോട് ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ മിത്രമാവാന്‍ ഇദ്ദേഹം തന്നെയാണ് യോഗ്യന്‍” (തഫ്‌സീര്‍ ഇബ്‌നുകസീര്‍-അദ്ദാരിയാത്).

💥 ഇബ്‌റാഹീം നബി(സ)യുടെ ഈ സല്‍ക്കാരത്തെ സംബന്ധിച്ചു ഖുര്‍ആന്‍ അദ്ധ്യായം 11, 14, 51ല്‍ വിശദമായി പറയുന്നുണ്ട്. സൂറതുദ്ദാരിയാതില്‍ അല്ലാഹു പറയുന്നു: ”ഇബ്‌റാഹീം നബിയുടെ മാന്യ അതിഥികളുടെ വാര്‍ത്ത താങ്കള്‍ക്ക് കിട്ടിയിട്ടുണ്ടോ?” അദ്ദേഹത്തിന്റെ അടുത്ത് അവര്‍ കടന്നുചെന്ന അവസരം അവര്‍ സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: ”സലാം, അപരിചിതരായ ആളുകള്‍” ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു. എന്നിട്ട് തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ വേവിച്ചു കൊണ്ടുവന്നു. അങ്ങനെ അത് അവരുടെ അടുക്കല്‍ അടുപ്പിച്ചുവച്ചിട്ടദ്ദേഹം ചോദിച്ചു: ”നിങ്ങള്‍ തിന്നുകയല്ലേ?.”(അദ്ദാരിയാത്24-27)

👆 ✅ ഇബ്‌നുകസീര്‍(റ) പറയുന്നു: ”ഈ സൂക്തങ്ങള്‍ സല്‍ക്കാരമര്യാദകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആദ്യമായി, അതിഥികള്‍ അറിയാതെ വളരെ വേഗം അവര്‍ക്കു വേണ്ട ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്നു. ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണം കൊണ്ടുവരട്ടയോ എന്നൊന്നും ചോദിക്കാന്‍ അദ്ദേഹം നിന്നില്ല. തന്റെ സമ്പത്തില്‍ വച്ച് ഏറ്റവും നല്ല ഭക്ഷണമാണ് അതിഥികള്‍ക്ക് അദ്ദേഹം കൊണ്ടുവന്നത്. പിന്നെ, ഭക്ഷണം ഒരു ഭാഗത്ത് തയ്യാര്‍ ചെയ്ത് അവിടേക്ക് അതിഥികളെ വിളിക്കുകയല്ല, മറിച്ച് അവരിരിക്കുന്ന സ്ഥലത്തു തന്നെ ഭക്ഷണം വിളമ്പി വച്ചുകൊടുക്കുകയാണുണ്ടായത്. അതിനു ശേഷം ‘നിങ്ങള്‍ കഴിക്കുവീന്‍’ എന്ന് പറയുന്നതിനു പകരം ‘നിങ്ങള്‍ കഴിക്കുകയല്ലേ’ എന്ന് സൗമ്യമായി ചോദിച്ചു. (തഫ്‌സീര്‍ ഇബ്‌നു കസീര്‍)

💥 അതിഥികളോട് വളരെ മാന്യമായ രീതിയില്‍, അവര്‍ക്ക് ഒരുവിധ മടുപ്പും ഉണ്ടാവാത്ത വിധം പെരുമാറണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. എത്രവലിയ നേതാവാണെങ്കിലും തന്റെ വീട്ടിലേക്കു വന്ന അതിഥികളെ മാന്യമായി സ്വീകരിച്ച് എല്ലാം നല്‍കിയ ശേഷമേ യാത്രയയക്കാവൂ. അവര്‍ക്കു വേണ്ട ഒത്താശകളൊക്കെ ആതിഥേയന്‍ തന്നെ ചെയ്തുകൊടുക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. രാജാവാണെങ്കില്‍ പോലും മാതാപിതാക്കള്‍, ഗുരുനാഥന്‍, അതിഥി എന്നിവര്‍ക്ക് സേവനം ചെയ്താല്‍ അവന്റെ പദവിക്ക് കോട്ടം സംഭവിക്കുകയില്ല. (റൂഹുല്‍ബയാന്‍).

✅ ഇബ്‌റാഹീം നബിയോട് ‘നിങ്ങളുടെ അതിഥികളെ മാന്യമായി സ്വീകരിക്കുക’യെന്ന ഇലാഹീ സന്ദേശമുണ്ടായപ്പോള്‍ അവര്‍ക്കു വേണ്ടി ആടുകളെ അറുത്ത് ഭക്ഷണം തയ്യാര്‍ ചെയ്തു. വീണ്ടും വഹ്‌യ് ലഭിച്ചപ്പോള്‍ ആടിനു പകരം പശുക്കുട്ടികളെയാക്കി. വീണ്ടും അതേ കല്‍പ്പന വന്നപ്പോള്‍ ഭക്ഷണം ഒട്ടകമാക്കി. വീണ്ടും ഇതേ സന്ദേശം അവതരിച്ചപ്പോള്‍ പരിഭ്രാന്തനായ ഇബ്‌റാഹീം നബി അതിഥികള്‍ക്ക് സ്വയം സേവകനായി. അന്നേരം ഇപ്പോഴാണ് താങ്കള്‍ അതിഥികളെ ആദരിച്ചതെന്ന സന്ദേശം ലഭിക്കുകയുണ്ടായി.(റൂഹുല്‍ബയാന്‍)

❓ആതിഥ്യമര്യാദക്ക് ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യം ഇതിലൂടെ മനസ്സിലാക്കാം. തന്റെ വീട്ടിലേക്കു വന്ന അതിഥിയോട് മാന്യമായി പെരുമാറാത്തവനില്‍ ഇസ്‌ലാമിന്റെ അടയാളം പൂര്‍ണമായിട്ടില്ല. മാത്രവുമല്ല, ഇസ്‌ലാമിക വീക്ഷണത്തില്‍ ആക്ഷേപാര്‍ഹനുമാണവന്‍.

✅ ഉഖ്ബതുബ്‌നു ആമിര്‍(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം-നബി(സ) പറയുന്നു: ആതിഥ്യം നിര്‍വഹിക്കാത്തവനില്‍ യാതൊരു നന്‍മയുമില്ല. 

❗ഇസ്മാഈല്‍ നബി(അ)ന്റെ ഒന്നാമത്തെ ഭാര്യയെ ത്വലാഖ് ചൊല്ലാന്‍ ഇബ്‌റാഹീം നബി വസ്വിയ്യത്ത് ചെയ്യാനുള്ള ഒരു കാരണം അവള്‍ക്ക് അതിഥികളെ വേണ്ടവിധം പരിഗണന നല്‍കി സല്‍ക്കരിക്കാനറിവില്ലായിരുന്നു വെന്നതാണ്.

❗ഖിള്ര്‍ നബി(അ)ഉം മൂസാനബി(അ)ഉം ഒരു പ്രദേശത്തേക്ക് ചെന്ന് അവിടെയുള്ളവരോട് ഭക്ഷണമാവശ്യപ്പെട്ടപ്പോള്‍ അവരെ അതിഥികളായി സ്വീകരിക്കാന്‍ അവിടെയുള്ളവര്‍ തയ്യാറായില്ല. ഈ ചരിത്രം സൂറതുല്‍ കഹ്ഫിലൂടെ ലോകത്തിന് ഖുര്‍ആന്‍ പരിചയപ്പെടുത്തി. തങ്ങളെ സംബന്ധിച്ച് ആതിഥ്യമര്യാദ യില്ലാത്തവരെന്ന ഖുര്‍ആനിക പരാമര്‍ശം അവര്‍ക്ക് മറ്റു സമുദായങ്ങള്‍ക്കിടയില്‍ മാനഹാനിയുണ്ടാക്കി. അവര്‍ പുണ്യനബി(സ)യുടെ അടുക്കല്‍ വന്ന് സ്വര്‍ണക്കൂമ്പാരം കാണിച്ചു ഈ പരാമര്‍ശം ഞങ്ങള്‍ക്കനുകൂലമാകുന്ന വിധം മാറ്റം വരുത്തിത്തരണം എന്നാവശ്യപ്പെട്ടു. അല്ലാഹുവിന്റെ വചനത്തില്‍ മാറ്റം വരുത്താന്‍ താന്‍ മുതിരില്ലെന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. (തഫ്‌സീറുര്‍റാസി)

👆 ഇവര്‍ അന്‍ത്വാകിയക്കാ രാണെന്നാണ് ചില പണ്ഡിതരുടെ പക്ഷം

✅ അബൂഹുറൈറ(റ)വില്‍നിന്ന് നിവേദനം-നബി(സ) പറയുന്നു: ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അവന്റെ അതിഥിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിന ത്തിലും വിശ്വസിക്കുന്നവന്‍ അവന്റെ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലതു പറയട്ടെ അല്ലെങ്കില്‍ മൗനം പാലിക്കട്ടെ.” (ബുഖാരി-കിതാബുല്‍ആദാബ്)

✅ അതിഥി വരുമ്പോള്‍ സുസ്‌മേരവദനനായി സ്വീകരിച്ച് ഏറ്റവും നല്ല ഭക്ഷണം നല്‍കി സല്‍ക്കരിച്ച് വേണ്ട സഹായങ്ങളെല്ലാം സ്വന്തമായി ചെയ്യുമ്പോഴാണ് ഒരാള്‍ തന്റെ അതിഥിയോട് മാന്യതപുലര്‍ത്തിയവനാകുന്നത്. വിഭവങ്ങളധികരിപ്പിക്കുന്നതിലല്ല മറിച്ച്, ഖിദ്മത് (സേവനം) ചെയ്യുന്നതിലാണ് ആദരവ് നിലകൊള്ളുന്നത്.

🍇 ഒരു സ്വൂഫിയുടെ അടുക്കല്‍ ഒരു അതിഥി വന്നപ്പോള്‍ അദ്ദേഹത്തിനു വേണ്ട ഭക്ഷണം കൊണ്ടുവരാന്‍ തന്റെ മുരീദിനോടാവശ്യപ്പെട്ടു. അല്‍പനേരം താമസിച്ച മുരീദിനോട് കാരണം തിരക്കിയപ്പോള്‍ സുപ്രയിലുണ്ടായിരുന്ന ഉറുമ്പ് അതില്‍നിന്ന് മാറിപ്പോകുന്നതു വരെ കാത്തുനിന്നതാണെന്ന് പറഞ്ഞു. മുരീദ് ചെയ്തത് ശരിയാണെന്ന വിധം ശൈഖവര്‍കള്‍ തലയാട്ടി. ഇതു കണ്ട ഒരു പണ്ഡിതന്‍ അവരോടിങ്ങനെ പറഞ്ഞു: ”സുപ്രയിലുണ്ടായിരുന്ന ഉറുമ്പിനെ വേഗം പുറത്തുകളഞ്ഞ് അതിഥിക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു വേണ്ടിയിരുന്നത്.”(റൂഹുല്‍ബയാന്‍)

✅ ഇമാം മുസ്‌ലിം(റ) പറയുന്നു: ”ആതിഥ്യം ഇസ്‌ലാം പഠിപ്പിച്ച മര്യാദകളില്‍ അതിപ്രധാനവും പ്രവാചകരുടെയും സത്‌വൃത്തരുടെയും സല്‍സ്വഭാവത്തില്‍ പെട്ടതുമാണ്. ഭൂരിഭാഗം ഫുഖഹാക്കളും അതൊരു അത്യുത്തമ സ്വഭാവമായിട്ടാണ് ഗണിച്ചതെങ്കില്‍ ലൈസ്(റ) അത് നിര്‍ബന്ധ ബാധ്യതയായിട്ടാണ് എണ്ണിയത്. (ശര്‍ഹു മുസ്‌ലിം-കിതാബുല്‍ ഈമാന്‍)

✅ അലി(റ)ക്ക് അടിമമോചനത്തേക്കാള്‍ സന്തോഷം അതിഥി സല്‍ക്കാരത്തിലായിരുന്നു.

💥 അബൂശുറൈഹില്‍ കഅ്ബി(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ നബി(സ) പറയുന്നു: ”അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. അവനെ ഒരു ദിവസമാണ് മുന്തിയ ഇനം ഭക്ഷണവും സമ്മാനവും നല്‍കി സ്വീകരിക്കേണ്ടത്. ബാക്കിയുള്ള രണ്ടു ദിവസങ്ങളില്‍ തന്റെ വീട്ടില്‍ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങള്‍ നല്‍കിയാലും മതി. അതിനു ശേഷം നല്‍കുന്നതൊക്കെ സ്വദഖയായി ഗണിക്കപ്പെടും. ഏതൊരു വ്യക്തിയെയും പ്രയാസപ്പെടുത്തും വിധം അയാളുടെ വീട്ടില്‍ തങ്ങാതിരിക്കാന്‍ അതിഥി ശ്രദ്ധിക്കേണ്ടതുണ്ട്.”

✅✅✅ ആതിഥ്യം വര്‍ധിപ്പിക്കുന്ന മനുഷ്യന് അല്ലാഹു രിസ്ഖില്‍ ബര്‍ക്കത് നല്‍കുന്നതാണ്. ഒരു വീട്ടിലേക്ക് അതിഥി എത്തുന്നതിന്റെ 40 ദിവസങ്ങള്‍ക്കു മുമ്പ് തന്നെ അവനുള്ള രിസ്ഖ് അവിടെ എത്തിക്കാന്‍ അല്ലാഹു ഒരു പ്രത്യേക മലക്കിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് പുണ്യ നബി(സ) അരുളിയിട്ടുണ്ട്.

❗💥 അതിഥിയുടെ ആഗമനത്തോടെ ആ വീട്ടില്‍ അല്ലാഹുവിന്റെ അനുഗ്രഹവും കരുണയും വര്‍ഷിക്കുന്നതും അവന്‍ കഴിക്കുന്ന ഓരോ പിടി ഭക്ഷണത്തിനും പകരം ഹജ്ജും ഉംറയും നിര്‍വഹിച്ച പ്രതിഫലം വീട്ടുടമയ്ക്ക് ലഭിക്കുന്നതുമാണ്. അതിഥി വീട്ടില്‍ നിന്നു തിരിച്ചുപോകുമ്പോഴേക്ക് ആതിഥേയന്റെ നിരവധി പാപങ്ങള്‍ അല്ലാഹു മാപ്പ് ചെയ്യുന്നതുമാണ്. (അല്‍മവാഹിബുല്‍ ജലിയ്യ-തഴവാ മൗലവി)

No comments:

Post a Comment