Friday 28 October 2016

ഇക്‌രിമ ഇബ്‌നു അബൂ ജഹ്‌ൽ അംറ് ഇബ്‌നു ഹിഷാം (റ)

 

ഖുറൈശ് ഗോത്രത്തിലെ മഖ്സൂം കുടുംബത്തിൽ അബൂ ജഹ്‌ലിന്റെയും മുജാലദിയയുടെയും മകനായാണ് ജനനം. ഖുറൈശ് ഗോത്രത്തിലെ ഒരു പ്രധാന നേതാവായിരുന്ന അബൂ ജഹ്‌ൽ പ്രവാചകൻ മുഹമ്മദിന്റെ (സ്വ) എതിരാളിയായിരുന്നു. 624-ൽ ബദ്ർ യുദ്ധത്തിൽ അബൂജഹ്‌ൽ കൊല്ലപ്പെട്ടു.

സ്വഹാബികളെ, ഇക്രിമ സത്യ വിശ്വാസിയായി വരും തീര്‍ച്ച. അതിനാല്‍ അദ്ദേഹത്തി ന്റെ പിതാവ് അബൂജഹ്ലിനെ നിങ്ങള്‍ അധിക്ഷേപിക്കാതിരിക്കുക… കാരണം മരിച്ചവരെ അധിക്ഷേപിക്കുന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളെ വിഷമിപ്പിക്കുകയേയുള്ളൂ”. മുഹമ്മദ് നബി(സ്വ)

ഖുറൈശികളിൽ തറവാട് കൊണ്ടും സമ്പത്ത് കൊണ്ടും കരുത്ത് കൊണ്ടും കായബലം കൊണ്ടും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവനായിരുന്നു അബൂജഹൽ. മൂസാനബിക്ക് ഫിർഔൻ എന്ന പോലെയാണ് ആദരവായ നബിതങ്ങളുടെ(സ്വ) സമുദായത്തിൽ അബൂജഹലിന്റെ സ്ഥാനം.മരണസമയത്ത് എങ്കിലും അല്ലാഹുവിലും മൂസാനബിയിലും അവൻ വിശ്വസിച്ചു എങ്കിലും അത് സ്വീകാര്യതയുടെ പരിധിക്ക് അപ്പുറത്തായിരുന്നു. എന്നാൽ അബൂജഹൽ അവിടെയും ഫിർഔനിനെക്കാൾ കടുത്ത അവിശ്വാസി ആണെന്ന് ചരിത്രം തെളിയിച്ചു.

അബൂജഹലും അവന്റെ ധാർഷ്ട്യവും രണ്ട് യുവാക്കളുടെ ശൌര്യത്തിന് കീഴടങ്ങി വെട്ടേറ്റു വീണു. യുദ്ധാവസാനം മൃതശരീരങ്ങൾ നോക്കുന്നതിനിടെ അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) തങ്ങൾ ഇനിയും മരിച്ചിട്ടില്ലാത്ത അബൂജഹലിന്റെ നെഞ്ചിൽ കയറി കഴുത്ത് വെട്ടുന്ന സമയത്ത് അവൻ പറഞ്ഞതായി കേട്ടിട്ടുണ്ട് -  "നീട്ടി മുറിക്കൂ എന്റെ കഴുത്ത് - എന്റെ തല കാണുമ്പോ മുഹമ്മദ്‌ ഭയപ്പെടണം..!"

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ:

"നീ മുഹമ്മദിനോട് പറയണം - ഞാനെന്റെ ജീവിതം മുഴുക്കെ അവനെ വെറുത്തു എന്ന്. ഇപ്പോഴും എന്റെ ഹൃദയത്തിൽ അവനോടുള്ള വെറുപ്പ് ആഴത്തിൽ ആളിക്കത്തുന്നുണ്ട് എന്ന്".

മരണശ്വാസത്തിൽ വരെ ആദരവായ നബിതങ്ങളെ(സ്വ) പകയോടെ കണ്ട അബൂജഹൽ ഒരു കണക്കിന് ഫിർഔനിനെക്കാൾ അധ:പതിച്ചവൻ തന്നെ..!

ബാപ്പാക്ക് ഒത്ത മകനായിരുനനു ഇക്രിമ. സത്യവിശ്വാസത്തിന്റെ വെളിച്ചം കൊണ്ട് അനുഗ്രഹീതരായ മുസ്ലിമീങ്ങളെ ഏതു വിധേനയും ആക്രമിച്ചും പരിഹസിച്ചും ശല്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ബദറിൽ പിടഞ്ഞു വീണ പിതാവിന്റെ ഓർമ്മകൾ അദ്ദേഹത്തിൽ ജ്വലിച്ചു നിന്നു. പ്രതികാരത്തിന് കോപ്പ് കൂട്ടുന്നവരുടെ തീയിലേക്ക് എണ്ണ ഒഴിക്കുന്നത് അദ്ദേഹമായിരുന്നു.

ഉഹദ് വന്നെത്തി. വലഭാഗത്തും ഇടഭാഗത്തുമായി ഖാലിദ് ഇബ്നു വലീദും ഇക്രിമയും ഖുറൈഷീ സൈന്യത്തെ നയിച്ചു. 'ബദറിനു പകരമാണ് ഇന്നത്തെ ദിവസം' എന്ന് അബൂ സുഫിയാൻ പറയാൻ മാത്രം നാശം സത്യവിശ്വാസികളുടെ ഭാഗത്ത് സംഭവിച്ചു പോയ യുദ്ധം..!

ഖന്ദഖിലും ഇക്രിമ മുൻപന്തിയിൽ തന്നെ നിന്നു - ആവേശമായിരുന്നു ഇസ്ലാമിനെതിരിൽ വാളെടുക്കുന്നതിൽ അദ്ദേഹത്തിന്. കിടങ്ങ് ചാടിക്കടന്നു അപ്പുറമെത്തി പിടിച്ചു നിൽക്കാൻ കഴിയാതെ തിരിച്ചു കിടങ്ങ് ചാടി രക്ഷപ്പെട്ടതും അദ്ദേഹം തന്നെ..! കൂടെയുണ്ടായിരുന്ന പ്രഗൽഭന്മാർ അധികവും ഹിദായത്തിന്റെ വെളിച്ചം കണ്ടെത്തി എങ്കിലും ഇക്രിമയുടെ മനസ്സ് കത്തി തന്നെ നിന്നു. തീരാത്ത പകയുമായി ആദരവായ നബിതങ്ങളുടെയും സ്വഹാബത്തിന്റെയും നേരെ അദ്ദേഹം ആക്രമങ്ങൾ അഴിച്ചു വിട്ടു കൊണ്ടേയിരുന്നു.

കാലം രക്ഷിതാവിന്റെ അനിവാര്യമായ വിധിയെ പുലർത്തുക തന്നെയായിരുന്നു. സത്യം അസത്യത്തെ ജയിച്ചു കൊണ്ടേയിരുന്നു. പിടിച്ചു നിൽക്കാൻ വഴിയൊന്നും ഇല്ലെന്നു മനസ്സിലാക്കിയ മക്കക്കാർ പിടിച്ചടക്കാൻ വരുന്ന മുസ്ലിം സൈന്യത്തിനെതിരെ ചെറുക്കാതിരിക്കാൻ തീരുമാനിച്ചു. കാരുണ്യത്തിന്റെ കടലായ ഹബീബ്(സ്വ) അന്നത്തെ ദിവസം എല്ലാവർക്കും മാപ്പ് നൽകി, സത്യം സ്വീകരിക്കാൻ ക്ഷണിച്ചു. പക്ഷെ പൊറുക്കാക്കാവുന്നതിലും എത്രയോ കഠിനമായിരുന്നു ഇക്രിമയുടെയും മറ്റു ചിലരുടെയും പ്രവാചകാധിക്ഷേപം. കഅബയുടെ ഉള്ളിൽ വെച്ച് കണ്ടാലും ഇക്രിമയെയും മറ്റു ചിലരെയും കണ്ടാൽ കൊന്നുകളയാൻ അവിടുന്ന് കൽപ്പിച്ചു.

ഇക്രിമയുടെ ഭാര്യ ഉമ്മു ഹക്കീം(റ) ഇസ്ലാമിനെ പുൽകിയിരുന്നു അപ്പോഴേക്ക്. സ്നേഹഭാജനമായ ഭർത്താവിന് പൊറുക്കാൻ മഹതി നബിതങ്ങളോട് അഭ്യർഥിച്ചു. അവിടുന്ന് കൈവിട്ടില്ല. പ്രതീക്ഷയൊന്നുമില്ലായിരുന്നു മഹതിക്ക് - എങ്കിലും അവസാന പരിശ്രമം എന്ന നിലക്ക് ഭർത്താവിനെ തേടിയിറങ്ങി.

ഇക്രിമ നാട് വിട്ടിരുന്നു. ജീവൻ പോയാലും മുഹമ്മദിനെ(സ്വ) അംഗീകരിക്കാൻ  അദ്ദേഹം തയ്യാറല്ല.മക്ക വിട്ടു - വേഷ പ്രച്ഛന്നനായി യാത്രയായി. അബിസീനിയയിലെക്ക് കടക്കാൻ ശ്രമിക്കുന്ന ഇക്രിമയെ ഉമ്മുഹക്കീം കണ്ടെത്തി. കടൽ കടക്കണം - കപ്പലിൽ കയറ്റാൻ കപ്പിത്താൻ ഒരുക്കമല്ല. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് വിശ്വസിക്കണം എന്ന് നിബന്ധന വെച്ചു..!

ഹിദായത്തിന്റെ വെളിച്ചത്തെ അല്ലാഹു നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ ഓടിമാറിയാലും എവിടെയും നമ്മെ പൊതിഞ്ഞു അല്ലാഹു ഒരുക്കുന്ന മാറ്റത്തിന്റെ കാരണങ്ങൾ മാത്രമാണ് കാണുക."ഈയൊരു വാക്കിൽ നിന്നും വിശ്വാസത്തിൽ നിന്നും രക്ഷപ്പെടാനാണ് ഇത്രയും ദൂരം താണ്ടി ഞാൻ ഇവിടെ വരെ എത്തിയത്" എന്നായിരുന്നു ഇക്രിമയുടെ മറുപടി. മനസ്സിൽ പുതുചിന്തകൾ നാമ്പിടുകയായിരുന്നു.

ഉമ്മുഹക്കീം വന്നു പറഞ്ഞു: "ഞാൻ വരുന്നത് മനുഷ്യരിൽ ഏറ്റവും ഔദാര്യവാനും സത്യസന്ധരുമായ തിരിദൂതർ (സ്വ) യുടെ അടുക്കൽ നിന്നാണ്. നിങ്ങൾക്ക് പൊറുക്കാൻ ഞാൻ അവിടുത്തോട്‌ ആവശ്യപ്പെട്ടു. അവിടുന്ന് സമ്മതിച്ചു"

ഇക്രിമയെയും കൂട്ടി ഉമ്മുഹക്കീം തിരിച്ചു യാത്ര തുടങ്ങി - ഇടത്താവളത്തിൽ വെച്ച് ഭർത്താവായ ഇക്രിമ തന്നിലേക്ക് ആവശ്യവുമായി വന്നപ്പോ മഹതി തടഞ്ഞു - സത്യവിശ്വാസിനിയായ സ്ത്രീയായ എന്നെ അവിശ്വാസിയായ നിങ്ങൾക്ക് വിരോധിതമാണ്". ഇക്രിമ അത്ഭുതപ്പെട്ടു പോയി. തന്റെ സ്വന്തം ഭാര്യ തന്നെ തൊടാൻ അനുവദിക്കാത്ത തരത്തിൽ മനസ്സ് മാറാൻ കഴിയണമെങ്കിൽ ഞങ്ങൾക്ക് ഇടയിലുള്ളത് ഒരു വല്ലാത്ത കാര്യം തന്നെയാണ് എന്ന് മനസ്സിലാക്കുകയായിരുന്നു.

നുബുവ്വത്തിന്റെ തിരുനാവ്‌ കൊണ്ട് അവിടുന്ന് അനുചരന്മാരോട് ഇക്രിമയുടെ വരവ് മുൻകൂട്ടി പറഞ്ഞു വെച്ചു - "ഇക്രിമ വിശ്വാസിയായി ഇവിടെ വരും; ആരും ഇക്രിമയുടെ പിതാവിനെ അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് ഭത്സിക്കരുത്. മരണപ്പെട്ടവരെ ഭത്സിക്കുന്നത് ജീവിച്ചിരിക്കുന്നവരിൽ പ്രയാസം ഉണ്ടാക്കും".

ഇക്രിമ(റ) തിരുസവിധത്തിലേക്ക് വന്നണഞ്ഞു. ഹബീബ് സ്വീകരിച്ചു - ഹാർദ്ദവമായി. മഞ്ഞുരുകുകയായിരുന്നു അവർക്കിടയിൽ. തിരുസാമീപ്യം അദ്ദേഹത്തിന്റെ മനസ്സിൽ കുളിർ മഴയൊരുക്കുകയായിരുന്നു. താൻ അധിക്ഷേപിച്ച പ്രവാചകർ തന്നെയല്ല, തന്റെ മനസ്സിനെയാണ്‌ കെട്ടിപ്പിടിച്ചതെന്ന് ഇക്രിമ(റ) തിരിച്ചറിയുകയായിരുന്നു.

ഹബീബിന്റെ തിരുനാവിൽ നിന്നും കലിമ ചൊല്ലിക്കൊടുത്തു - ഇക്രിമ ജാഹിലിയ്യതിന്റേയും അഹങ്കാരത്തിന്റെയും താൻ പോരിമയുടെയും അസൂയയുടെയും പോരിന്റെയും പകയുടെയും ഭൂതകാലത്തെ കഴുകിതുടക്കുകയായിരുന്നു..

ഈമാനിലായി തിരുഹബീബുമായുള്ള ഒരു നിമിഷ നേരത്തെ സാമീപ്യം മതിയായിരുന്നു ഒരു മനുഷ്യന് എല്ലാം മാറിമറിയാൻ. അവിടെ തിരിച്ചറിവിന്റെ പുതുലോകം കൈവരുകയാണ്. ജീവിച്ച കാലത്തിലെ ശൂന്യതയും വരാനിരിക്കുന്ന ജീവിതത്തിൽ നിറയാനുള്ള  സന്തോഷവും മനസ്സുകളെ കീഴടക്കുകയാണ് അവിടെ..

എത്രയെത്ര കഠിന ഹൃദയങ്ങളാണ് അവിടുത്തെ സാമീപ്യത്തോടെ തരളിതമായത്. എത്രയെത്ര ജീവിതങ്ങളാണ് ചെളിക്കുണ്ടിൽ നിന്നും സ്വര്ഗ്ഗീയ ആരാമത്തിലേക്ക് പറിച്ചു നടപ്പെട്ടത്..! എത്രയെത്ര ജീവിതങ്ങളാണ് മരണം കൊണ്ട് ജീവിതത്തെ നേടിയത്..!

ഉദാരവാന്മാരിൽ ഉദാരതയുടെ തിരി തെളിച്ച ഹബീബ് തങ്ങൾ(സ്വ) സന്തോഷിക്കുകയായിരുന്നു - ഏതൊരു പിതാവിന്റെ മകനാണിത്‌ എന്നോർത്ത്. എത്ര മാത്രം കഷ്ടപ്പെടുത്തിയ മനുഷ്യനാണ് ഇത് എന്നോർത്ത്..അവിടുന്ന് പറഞ്ഞു:

"ഇക്രിമാ, ഇന്ന് നിങ്ങൾ എന്ത് ചോദിച്ചാലും ഞാനത് നിങ്ങൾക്ക് നൽകും - ചോദിച്ചോളൂ".

ഈമാൻ കൊണ്ട് തിരുസദസ്സിലെ കുറഞ്ഞ നിമിഷങ്ങൾ ഇക്രിമ(റ) തങ്ങളുടെ തിരുമനസ്സിനെ പരിവർത്തനത്തിന്റെ വെളിച്ചം കൊണ്ട് തലോടിക്കഴിഞ്ഞിരുന്നു - ദുനിയാവ് വാരിക്കോരി ചോദിക്കാമായിരുന്നു, സമ്പത്തും അധികാരവും ചോദിക്കാമായിരുന്നു - വിട്ടു പോകേണ്ട ദുനിയാവിനെ കയ്യൊഴിയാൻ നിമിഷങ്ങൾ മതിയായിരുന്നു, അദ്ദേഹം ചോദിച്ചത് മറ്റൊന്നായിരുന്നു:

"നബിതങ്ങളെ, എനിക്ക് വേണ്ടത് അല്ലാഹുവിങ്കൽ നിന്നും പാപമോചനമാണ്, ഞാൻ ചെയ്തുകൂട്ടിയതിൽ നിന്നും അവിടുത്തോട്‌ കാട്ടിയ വെറുപ്പിൽ നിന്നും എന്നോട് പൊറുക്കാൻ അവിടുന്ന് അല്ലാഹുവിനോട് പറയണം, അവിടുത്തെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അവിടുത്തെ പറ്റി പറഞ്ഞതെല്ലാം പൊറുക്കാൻ, അവിടുത്തെ എതിരാളിയായി ഞാൻ ചിലവഴിച്ച നിമിഷങ്ങളൊക്കെ പൊറുക്കാൻ ".

നബിതങ്ങൾ ഇലാഹീ സവിധത്തിലേക്ക് തേടി - ഇക്രിമ(റ) സന്തുഷ്ടനായി. ഈമാനിന്റെ വെളിച്ചം ഇക്രിമ(റ)യെ നയിക്കുകയായിരുന്നു - താൻ ചെയ്ത ഓരോ അക്രമങ്ങൾക്കും പകരം സത്യവിശ്വാസത്തെ ജ്വലിപ്പിക്കാൻ അദ്ദേഹം അക്ഷീണം പ്രയത്നിക്കുകയായിരുന്നു. എത്ര പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. രാത്രികളെ വെളിച്ചമുറ്റതാക്കി നിസ്ക്കാരത്തിൽ ലയിക്കുന്ന, പകലുകളിൽ പുണ്യ വേദത്തിന്റെ തിരുസൂക്തങ്ങൾ പാരായണം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന തികഞ്ഞ ഭക്തിയുടെ മുഖമായി അദ്ദേഹം മാറി.

'ഞാൻ ഇസ്ലാമിനെതിരിൽ ചെയ്തത് എന്തൊക്കെയാണോ അതിന്റെ ഇരട്ടി ഇരട്ടിയായി പരിശുദ്ധ ഇസ്ലാമിന് വേണ്ടി ഞാൻ ചെയ്യും - പോരാടും' എന്ന് അദ്ദേഹം നബിതങ്ങൾക്ക് കൊടുത്ത വാക്ക് അക്ഷരം പ്രതി പാലിക്കപ്പെട്ടു. ഇസ്ലാമിനായി ധീരധീരം പോരാടുന്ന രണ വീരനായി അദ്ദേഹം മാറാൻ സമയമെടുത്തില്ല.

യർമൂക്ക് യുദ്ധഭൂമിയിൽ വീരനായ ഖാലിദ് ഇബ്നു വലീദെന്ന നേതാവിന്റെ കീഴിൽ യുദ്ധമുന്നണിയിൽ ആഞ്ഞടിക്കുകയായിരുന്നു ഇക്രിമ(റ). ഇസ്ലാമിക സേനക്കെതിരെ ആക്രമണം രൂക്ഷമായപ്പോൾ അദ്ദേഹത്തിലെ യോദ്ധാവിന് വീര്യം കൂടുകയായിരുന്നു, കുതിരയെ വിട്ട് കാൽ നടയായി ശത്രുപാളയത്തിലേക്ക് കുതിച്ചു കയറുകയായിരുന്നു അദ്ദേഹം - അപകടം മണത്ത ഖാലിദ് തങ്ങൾ ഇക്രിമ(റ) യെ തടയാൻ ശ്രമിച്ചു. പക്ഷെ ആ നിശ്ചയ ദാർഡ്യം നിറഞ്ഞ കരുത്തുറ്റ വാക്കുകൾ അംഗീകരിക്കാതിരിക്കാൻ ഖാലിദ്(റ) വിനു കഴിഞ്ഞില്ല.

"എന്നെ വിടൂ ഖാലിദ്, നിങ്ങൾക്ക് ഭൂതകാലത്ത് ആദരവായ നബിതങ്ങൾ(സ്വ) യുമായി നല്ല ബന്ധമുണ്ടായിരുന്നു.പക്ഷെ ഞാനും എന്റെ പിതാവും അവിടുത്തെ ഏറ്റവും കടുത്ത ശത്രുക്കൾ ആയിരുന്നു. ഞാനെന്റെ ഭൂതകാലത്ത് ചെയ്തതിനൊക്കെ പകരം ഞാൻ തിരിച്ചു ചെയ്യട്ടെ. ഞാൻ നബിതങ്ങൾക്ക്(സ്വ) എതിരെ ഒരുപാട് പ്രാവശ്യം യുദ്ധം ചെയ്തു. എന്നിട്ട് ഞാനിപ്പോ ഈ ബൈസന്റൈൻ സൈന്യത്തിൽ നിന്നും ഓടി രക്ഷപ്പെടുകയോ - അതൊരിക്കലും സംഭവ്യമല്ല തന്നെ"..!

'മരണം വരെ പോരാടാൻ തയ്യാറുള്ളവർ ആരുണ്ട്' എന്നദ്ദേഹം ഉറക്കെ വിളിച്ചു ചോദിക്കുകയും കൂടെ വന്നവരുമൊത്ത് ശത്രുപാളയത്തെ കീറിമുറിച്ച് ആക്രമിക്കുകയും ചെയ്തു. വിജയം സത്യപക്ഷത്ത് തന്നെ നിന്നു. പക്ഷേ ഇക്രിമ(റ) യുടെ തിരു രക്തം ആ മണ്ണിനെ പുൽകിക്കഴിഞ്ഞിരുന്നു.

വെളിച്ചം നിറഞ്ഞു കഴിഞ്ഞ മനസ്സുകളിൽ ഈമാനിന്റെ കരുത്ത് വരുത്തിയ മാറ്റം അറിയാൻ ആ അന്ത്യനിമിഷം മതിയായിരുന്നു. പീഡനങ്ങളുടെ സകലസീമകളും ലംഘിച്ച് താൻ കഷ്ടപ്പെടുത്തിയ മുസ്ലിമീങ്ങളിലെ ഓരോരുത്തരും സ്വന്തം ജീവനേക്കാൾ അവിടുത്തേക്ക് വിലപ്പെട്ടതാകുകയായിരുന്നു.

വെട്ടേറ്റു വീണ അടുത്തടുത്ത് കിടക്കുന്ന മൂന്നു സ്വഹാബാക്കളിൽ ഹാരിസ്(റ) അൽപ്പം വെള്ളം ചോദിച്ചു. ചുണ്ടോട് അടുപ്പിച്ചു വെള്ളം എത്തിയ സമയത്ത് വെള്ളത്തിനായി തൊട്ടപ്പുറത്ത് ഇക്രിമ(റ) ദാഹിക്കുന്നുണ്ടായിരുന്നു. ഹാരിസ് തങ്ങൾ കുടിച്ചില്ല - തന്റെ പ്രിയ സഹോദരൻ, ഈമാനിന്റെ പേരിൽ ഒത്തുകൂടിയ സഹോദരന് നൽകാൻ ആവശ്യപ്പെട്ടു. ഇക്രിമ തങ്ങൾ ചുണ്ടിലേക്ക് കുടിക്കാൻ നൽകാൻ ഇരുന്ന സമയത്ത് തൊട്ടപ്പുറത്ത് വെള്ളത്തിന്‌ തേടുന്ന അയ്യാഷ് തങ്ങൾക്ക് നൽകാൻ ആവശ്യപ്പെട്ടു. അവിടെ എത്തുമ്പോഴേക്ക് അയ്യാഷ്(റ) തങ്ങൾ അവസാനശ്വാസം വലിച്ച് കഴിഞ്ഞിരുന്നു. തിരിച്ചു ഇക്രിമ തങ്ങളിലേക്കും ഹാരിസ് തങ്ങളിലേക്കും എത്തുമ്പോഴേക്ക് അവർ രണ്ടു പേരുടേയും ആത്മാക്കളും സ്വര്ഗ്ഗത്തിലെ പാറിപ്പറക്കുന്ന പറവകളാകാൻ പറന്നകന്നിരുന്നു..

കൗസറിലെ, ദാഹം തിരികെ വരാത്ത പുണ്യപാനീയം പ്രണയ നായകനായ ഹബീബിന്റെ തിരുകരങ്ങൾ കൊണ്ട് വാങ്ങിക്കുടിക്കാനാണ് അല്ലാഹുവിന്റെ വിധി..

ഇന്നാലില്ലാഹി വഇന്നാ  ഇലൈഹി റാജിഊൻ..

നക്ഷത്രങ്ങളായ തിരുസ്വഹാബത്തിലെ വിശിഷ്ട താരകം ഇക്രിമ ഇബ്നു അബൂജഹൽ(റ) തങ്ങൾ ഇസ്ലാമിക ചരിത്രത്തിലെ  സുവർണ്ണേതിഹാസം രചിച്ചു പറന്നകന്നു പോയി.....

No comments:

Post a Comment