Tuesday 15 August 2017

സ്വാതന്ത്ര ദിനത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രണ്ടു നിർമ്മിത ഹദീസുകൾ







ഹുബ്ബുല്‍വഥനി മിനല്‍ ഈമാന്‍

ഹുബ്ബുല്‍വഥനി മിനല്‍ ഈമാന്‍ – അഥവാ ദേശ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന ഉദ്ധരണി സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. 

പലപ്പോഴും നബി(സ)യുടെ ഹദീസായിട്ടുതന്നെയാണ് അത് ഉദ്ധരിക്കപ്പെടാറും. ഉന്നതരായ പലരുടെയും ഗ്രന്ഥങ്ങളിലും ഈ ഉദ്ധരണി കാണാവുന്നതാണ്. ഹിജ്റ 387ല്‍ വഫാതായ ഇബ്നു ബത്ത്വ തന്‍റെ ജിഹാദിനെ സംബന്ധിച്ച 70 ഹദീസുകള്‍ എന്ന ഗ്രന്ഥത്തില്‍ ഇത് ഹദീസ് ആയിട്ടു തന്നെ ഉദ്ധരിച്ചിട്ടുണ്ട്. 

അതുപോലെ ഹി. 854ല്‍ അന്തരിച്ച ഇബ്നു അറബ്ശാ തന്‍റെ ഫാകിഹതുല്‍ഖുലഫാ എന്ന ഗ്രന്ഥത്തില്‍ ഇത് റസൂല്‍ (സ)യുടെ വാക്കായിട്ടാണ് ഉദ്ധരിക്കുന്നത്. 
റിയാളുസ്സ്വാലിഹീനിന്‍റെ പ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥമായ ദലീലുല്‍ഫാലിഹീനില്‍ ഇബ്നു അലാ ഇത് ഹദീസായിട്ടു തന്നെയാണ് ഉദ്ധരിക്കുന്നത്. 

പക്ഷേ, ഇവിടെ വഥന്‍ (ദേശം) എന്നതിനു സ്വര്ഗ്ഗം എന്ന വ്യാഖ്യാനമാണ് അദ്ദേഹം നല്‍കുന്നത്. മനുഷ്യന്‍റെ യഥാര്‍ത്ഥ ദേശം സ്വര്‍ഗമാണെന്നും അവിടയാണ് അവന്‍റെ ആദ്യമാതാപിതാക്കളുടെ സൃഷ്ടിപ്പും താമസവും. അവിടെ നിന്നു ഭൂമിയിലേക്കെത്തിയ നാം ഇവിടെ പരദേശികളാണ് എന്നുമാണ് വിശദീകരണം. 
റൂഹുല്‍ബയാനും മറ്റു പല ഗ്രന്ഥങ്ങളും ഇത് ഉദ്ധരിക്കുന്നുവെങ്കിലും റസൂല്‍(സ)യുടെ വാക്കായിട്ടോ ഹദീസായിട്ടോ ഇതിനെ പരിചയപ്പെടുത്തുന്നില്ല. 
ചിലര്‍ അവരുടെ എഴുത്തിലെ ഒരു വാചകം പോലെ ഇത് ഉദ്ധരിക്കുമ്പോള്‍ മറ്റു ചിലര്‍ റിപോര്‍ട്ടു ചെയ്യപ്പെട്ടതു പോലെ, പറയപ്പെട്ടതുപോലെ, ഉദ്ധരിക്കപ്പെട്ടതു പോലെ എന്നിങ്ങനെ ആരിലേക്കും പ്രത്യേകമായി ചേര്‍ത്തി പറയാതെയാണ് ഉദ്ധരിക്കുന്നത്.

എന്നാല്‍ വലിയ ഒരു പണ്ഡിത വ്യൂഹം ഇത് ഹദീസാണെന്നതിനു വ്യക്തമാ തെളിവുകളില്ലെന്ന വാദക്കാരാണ്. 

ഇമാം സുയൂഥി തന്‍റെ അദ്ദുററുല്‍മുന്തസിറിലും സഖാവി തന്‍റെ മഖാസ്വിദിലും ഇത് ഹദീസാണെന്ന് മനസ്സിലായിട്ടില്ലെന്നു പറയുന്നുണ്ട്. മാത്രമല്ല മുല്ലാ അലി അല്‍ഖാരി ഈ ഹദീസിനെ കുറിച്ച് അല്‍പം വിശദമായി തന്നെ തന്‍റെ അല്‍അസ്റാറുല്‍ മര്‍ഫൂഅ എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെ.. 

സര്‍കശി ഇതിനെ കുറിച്ച് അറിയില്ല എന്നു പറഞ്ഞു. അസ്സ്വഫ്‍വി ഇത് സ്ഥിരപ്പെട്ടതല്ലെന്നു പറഞ്ഞു. ഇത് ചില മുന്ഗാമികളുടെ വാക്കുകളാണെന്നു പറയപ്പെടുന്നു. ഇതിന്‍റെ അര്‍ത്ഥം ശരിയാണെന്നും ഈ ഹദീസിനെ കുറിച്ചറിയില്ലെന്നും സഖാവി പറഞ്ഞു.

എന്നാല്‍ മുല്ലാ അല്‍ഖാരി തന്‍റെ അല്‍മസ്നൂഅ് ഫീ മഅ്റിഫതില്‍ ഹദീസില്‍ മൌദൂഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഹദീസ് പണ്ഡിതന്മാരുടെ അടുത്ത് ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ്. അദ്ദേഹം തന്നെ മിശ്കാതിന്‍റെ ശറഹായ മിര്‍ഖാതില്‍ ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ ഹദീസാണ് എന്ന് അഭിപ്രായപ്പെടുന്നു. 
അതുപോലെ റിള സ്സ്വഗാനി (വഫാത് ഹി. 650) തന്‍റെ മൌദൂആത് (കെട്ടിച്ചമച്ചുണ്ടാക്കിയ ഹദീസുകള്‍) എന്ന ഗ്രന്ഥത്തില്‍ എണ്‍പത്തിയൊന്നാമത്തെ ഹദീസായി ഇതിനെ എണ്ണിയിരിക്കുന്നു.


ഹദീസില്‍ അവഗാഹമുള്ള പണ്ഡിതന്മാരില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ഏറ്റവും സൂക്ഷ്മത ഇത് പ്രവാചക വചനം എന്ന നിലക്ക് ഉദ്ധരിക്കാതിരിക്കലാണ് .

എന്റെ മദീനയെങ്ങാനും നിങ്ങളോട് യുദ്ധത്തിന് വന്നാൽ നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കണമെന്ന് പറഞ്ഞ പ്രവാചക വചനമാകട്ടെ ഈ സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം."

വ്യാപകമായി ഇത്തരമൊരു സന്ദേശം പ്രചരിക്കപ്പെടുന്നതായി കാണുന്നു. ഇതില്‍ നബി -ﷺ- പറഞ്ഞുവെന്നു പ്രചരിക്കപ്പെടുന്ന വാക്കുകള്‍ ഏതോ 'കടുത്ത ദേശസ്നേഹിയുടെ' നിര്‍മ്മിതിയാണ് ഈ(കള്ള) ഹദീസ് എന്നു മനസ്സിലാക്കി നല്‍കുന്നുണ്ട്. കാരണം അത്ര മാത്രം പ്രകടമാണ് ആ വാക്കുകളിലെ കൃത്രിമത്വം.

ഹദീസിന്റെ കിതാബുകളില്‍ ഇതിന് എന്തെങ്കിലും അടിസ്ഥാനമുള്ളതായി അറിവില്ല. ഇത് പ്രചരിപ്പിക്കുന്നവര്‍ ഹദീസിന്റെ സനദും മത്-നുമെല്ലാം വെളിപ്പെടുത്താന്‍ കൂടി ബാധ്യസ്ഥരാണ്. പക്ഷേ ആരും അങ്ങനെയെന്തെങ്കിലും നല്‍കിയതായി കാണുന്നില്ല.

അതോടൊപ്പം ഇതിലെ ആശയവും ഇസ്ലാമിന്റെ ചരിത്രത്തോടോ ശരീഅതിലെ നിയമത്തോടോ യോജിക്കുന്നില്ല. ഉദാഹരണമായി മക്കം ഫത്ഹ് എടുക്കാം. നബി -ﷺ- മക്ക കീഴടക്കാന്‍ മദീനയില്‍ നിന്നു പുറപ്പെടുന്ന വേളയില്‍, ഇസ്ലാം സ്വീകരിച്ചെങ്കിലും മദീനയിലേക്ക് ഹിജ്റ പോകാതെ, മക്കയില്‍ താമസിച്ചിരുന്ന ചില മുസ്ലിമീങ്ങള്‍ ഉണ്ടായിരുന്നു.

നബി -ﷺ- യും സൈന്യവും മക്ക കീഴടക്കാന്‍ വരുമ്പോള്‍ അവരെല്ലാം മക്കക്കാരുടെ പക്ഷത്ത് അണി നിരക്കുകയാണോ ചെയ്തത്? നബിയുടെ മദീനയോ -ഇനി നബി തന്നെയോ- വന്നാലും ഞാനെന്ന 'രാജ്യസ്നേഹി' അനങ്ങില്ലെന്നാണോ അവര്‍ പറഞ്ഞത്?! 

വിഡ്ഢിത്തം എന്നല്ലാതെ എന്തു പറയാന്‍?!

മാത്രവുമല്ല. അവസാന കാലത്ത് ഇസ്ലാം മദീനയിലേക്ക് മാത്രമായി ചുരുങ്ങുമെന്ന നബി -ﷺ- യുടെ ഹദീസ് പ്രസിദ്ധമാണ്. അതായത് മദീന പൊതുവെ എല്ലാ കാലഘട്ടത്തിലും ദീനിന്റെ കേന്ദ്രമായിരിക്കും. ഇസ്ലാം; അതിന്റെ അടിസ്ഥാനങ്ങള്‍ അവിടെ നശിച്ചു പോകാതെ സംരക്ഷിക്കപ്പെടും.

ഈ മദീനക്കെതിരെ യുദ്ധം ചെയ്യുക എന്നാല്‍ ഇസ്ലാമിനെതിരെ യുദ്ധം ചെയ്യലാണ്. അതെങ്ങനെയാണ്‌ ഇസ്ലാമികമാവുക?! 

ഇസ്ലാമിനെതിരെ തിരിയണമെന്ന് കല്‍പ്പിക്കുന്ന ഇസ്ലാമോ?!

ദീനിലെ നിയമങ്ങളും ഇസ്ലാമിന്റെ ചരിത്രവുമൊക്കെ അവിടെ നില്‍ക്കട്ടെ. ഇന്ത്യയുടെ ചരിത്രം തന്നെ എടുക്കാമല്ലോ?

ഉസ്താനിയ്യ ഖിലാഫതിനെതിരെ ബ്രിട്ടീഷുകാര്‍ നിലകൊണ്ട വേളയില്‍ ഇന്ത്യയിലെ മുസ്ലിമീങ്ങള്‍ നയിച്ച ഖിലാഫത് പ്രക്ഷോഭത്തെ കുറിച്ചും, അതിന്റെ പിന്നിലെ കാരണങ്ങളെ കുറിച്ചും ചിന്തിക്കുക! എന്തിനു വേണ്ടിയായിരുന്നു ആ പോരാട്ടമെന്ന് ചരിത്രം പറഞ്ഞു തരും.

ഇസ്ലാമിക ഖിലാഫതിന്റെ നിലനില്‍പ്പിനു വേണ്ടി. അത് തകര്‍ന്നു പോകാതിരിക്കുന്നതിന് വേണ്ടിയായിരുന്ന -രാജ്യസ്നെഹികളെ- നിങ്ങളുടെ മുന്‍ഗാമികള്‍ യുദ്ധം ചെയ്തത്. 

'ഖിലാഫത്ത് എന്തെങ്കിലുമാകട്ടെ; എന്റെ രാജ്യത്ത് പ്രശ്നമൊന്നുമുണ്ടാക്കരൂത്' എന്നും പറഞ്ഞു നിശബ്ദരായിരുന്നില്ല അന്നത്തെ മുസ്ലിംകള്‍.

രാജ്യസ്നേഹം രാജ്യത്ത് നില്‍ക്കാനുള്ള 'ശ്വര്‍ത്വും' 'ഫര്‍ദ്വും', ഇസ്ലാമിക രാജ്യങ്ങളെ കുത്തിപ്പറയലും ആക്ഷേപിക്കലും 'സുന്നത്തു'മാക്കി നിശ്ചയിക്കുന്ന ആധുനിക ഫാഷിസ്റ്റുകളുടെ 'മദ്ഹബി'നൊത്ത് തുള്ളുമ്പോള്‍ നബി -ﷺ- യുടെ വാക്കുകളെ നിങ്ങളുടെ മറയും കരുവുമാക്കരുതെന്നെ പറയാനുള്ളൂ.

ചുരുക്കട്ടെ!


റസൂല്‍ -ﷺ- യുടെ പേരില്‍ തോന്നിയതെല്ലാം പ്രചരിപ്പിക്കുന്നത് നരകത്തില്‍ സീറ്റുറപ്പിക്കുന്ന പ്രവൃത്തിയാണെന്നത് ഓരോരുത്തരും ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍ക്കുക. ഇസ്ലാമിന്റെ അടിസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം വാക്കുകള്‍ നബിയിലേക്ക് ചേര്‍ക്കുക എന്നതിന്റെ ഗൌരവം എന്തു മാത്രമാണ്?


No comments:

Post a Comment