Thursday 3 August 2017

മുആവിയ(റ): വിശ്വസ്തനായ സേവകൻ

 


അബൂസുഫ്‌യാൻ(റ)ന്റെ മകനായ മുആവിയ(റ) പിതാവിന് മുമ്പേ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരിൽ പെട്ട ഉമ്മു ഹബീബ(റ)യുടെ സഹോദരനാണ്. തിരുനബി(സ്വ)യുടെ വഹ്‌യ് രേഖപ്പെടുത്താൻ എൽപ്പിച്ചിരുന്ന സ്വഹാബി പ്രമുഖനുമാണ്. നബി(സ്വ)യുടെയും അദ്ദേഹത്തിന്റെയും പിതൃപരമ്പര പിതാമഹൻ അബ്ദുമനാഫിൽ സന്ധിക്കുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിന് വർഷങ്ങൾക്ക് മുമ്പാണ് ജനനം. മക്കയിൽ നബി(സ്വ)ക്കും വിശ്വാസികൾക്കും പീഡനങ്ങളേൽക്കേണ്ടി വന്ന കാലത്ത് ഖുറൈശി പ്രമുഖന്റെ പുത്രനായിരുന്നിട്ടും മുആവിയ(റ)യിൽ നിന്നു അവിടുത്തേക്ക് വിഷമങ്ങളൊന്നും നേരിട്ടിരുന്നില്ല.

മക്കയിൽ വെച്ച് നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ജീവിതത്തെ, ചെറുപ്രായത്തിൽ തന്നെ ശ്രദ്ധിക്കാൻ അവസരമുണ്ടായ മുആവിയ(റ)ക്ക് ഹിജ്‌റാനന്തരം മദീന സംഭവങ്ങളും ശ്രദ്ധിക്കാനായി. നബി(സ്വ)യും സ്വഹാബത്തും ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ട വർഷം അവിടേക്ക് പ്രവേശനം നൽകാൻ മുശ്‌രിക്കുകൾ തയ്യാറായില്ല. തുടർന്നുണ്ടായ സംഭവങ്ങൾ സ്വാഭാവികമായും ശുദ്ധപ്രകൃതക്കാരെ സ്വാധീനിക്കാൻ പോന്നതായിരുന്നു. മുആവിയ എന്ന യുവാവിൽ ഈ ഘട്ടത്തിലാണ് ഇസ്‌ലാം വേരൂന്നിയത്. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു:

ഹുദൈബിയ സന്ധിയുണ്ടായ വർഷം, നബി(സ്വ)യെ മക്കക്കാർ കഅ്ബയെ സമീപിക്കാനനുവദിക്കാതെ തിരിച്ചയച്ചു. എന്നിട്ടും അവർ ശാന്തരായി മടങ്ങി. അതെന്റെ മനസ്സിനെ സ്വാധീനിച്ചു. ഞാനീ വിവരം എന്റെ ഉമ്മയോട് പറഞ്ഞു. ‘നീ നിന്റെ പിതാവിനെതിരായി പ്രവർത്തിക്കേണ്ട. നിന്റെ അന്നം മുടങ്ങും’ ഉമ്മ പറഞ്ഞു. അന്ന് എന്റെ പിതാവ് ഹുബാശ ചന്തയിൽ പോയിരിക്കുകയായിരുന്നു. ഞാൻ ഉടൻ ഇസ്‌ലാം സ്വീകരിച്ചു. പിതാവിനെ അറിയിച്ചില്ല. ഹുദൈബിയ സന്ധി വർഷം തന്നെ ഞാൻ മുസ്‌ലിമായിരുന്നു. അടുത്ത വർഷം നബി(സ്വ) ഉംറതുൽ ഖളാഇന് വേണ്ടി വന്നു. അപ്പോഴും ഞാൻ വിശ്വാസം പരസ്യമാക്കിയില്ല. പക്ഷേ, എങ്ങനെയോ പിതാവ് എന്റെ വിശ്വാസത്തെക്കുറിച്ചറിയാനിടയായി. ഉടൻ എന്നെ വിളിച്ചു പറഞ്ഞു: നിന്റെ സഹോദരൻ നിന്നേക്കാൾ നല്ലവനാണ്. അവനിപ്പോഴും എന്റെ മതത്തിൽ തന്നെയാണല്ലോ.’ ഞാൻ ഇങ്ങനെ പറഞ്ഞു: ‘നന്മയുടെ ഒരവസരവും ഞാൻ പാഴാക്കില്ല.’

മക്കാ വിജയവർഷം വന്നു. തിരുനബി(സ്വ) മക്കയിൽ പ്രവേശിച്ചപ്പോൾ ഞാൻ ഇസ്‌ലാം പരസ്യമായി പ്രഖ്യാപിച്ചു. അപ്പോൾ അവിടുന്ന് എന്നെ സ്വീകരിക്കുകയുണ്ടായി (ത്വബഖാതുബ്‌നി സഅ്ദ്).

മുപ്പത് വയസ്സാകും വരെ ശത്രുപക്ഷത്തായിട്ടും വിശ്വാസികൾക്കും നബി(സ്വ)ക്കും പ്രത്യേക വിഷമങ്ങളൊന്നും അദ്ദേഹം മുഖേനയുണ്ടായിരുന്നില്ല. മക്കയിലെ സാഹചര്യം പരിഗണിച്ച് രണ്ടു വർഷത്തോളം ഇസ്‌ലാം പ്രവേശം രഹസ്യമാക്കിവെച്ചുവെന്നു മാത്രം. അത് ആദ്യമറിഞ്ഞ മാതാവോ പിന്നീടറിഞ്ഞ പിതാവോ തടസ്സമോ ശല്യമോ ചെയ്തില്ല. ഉമ്മ പറഞ്ഞത് ബാപ്പാക്കെതിരാവരുത് എന്നു മാത്രമായിരുന്നു. പിന്നീട് പിതാവ് പറഞ്ഞത് പൂർവമതം തന്നെ പോരേ എന്നും.

മദീനയിൽ ചെന്ന് പ്രവാചകരെ കാണാനും കൂടെക്കഴിയാനുമുള്ള മോഹം ഉടനെയൊന്നും പൂവണിഞ്ഞില്ലെങ്കിലും മനസ്സിലും സ്വകാര്യതയിലും മുസ്‌ലിമായി നിൽക്കാൻ ഭാഗ്യം ലഭിച്ചു.

മക്കാ വിജയം അബൂസുഫ്‌യാൻ കുടുംബത്തിന്റെ കൂടി വിജയമായിരുന്നു. തിരുപത്‌നി ഉമ്മുഹബീബ എന്ന റംല(റ)യുടെ വലിയൊരു മോഹം കൂടി അന്നു പൂവണിഞ്ഞു. തന്റെ കുടുംബം വിശുദ്ധ ഇസ്‌ലാമിലേക്ക് വരണമെന്നതായിരുന്നു അത്. അബൂസുഫ്‌യാനും മകൻ യസീദുമടക്കമുള്ളവർ ഇസ്‌ലാം സ്വീകരിച്ചു. മുആവിയ(റ) ഇസ്‌ലാം പരസ്യമാക്കി. മക്കയിൽ നിന്നും അബൂസുഫ്‌യാൻ കുടുംബം മദീനയിലേക്ക് വന്നു. മദീനയിലെ സാഹചര്യം പൂർണമായി അനുകൂലമായ സമയമായിരുന്നു അത്. എന്നിട്ടും തിരുനബി(സ്വ) അദ്ദേഹത്തിന് അൻസ്വാരിയായ ഹുതാത്(റ)യുമായി സാഹോദര്യ ബന്ധം സ്ഥാപിച്ചുകൊടുത്തു.

ഇസ്‌ലാം പരസ്യമാക്കിയ ശേഷം നബി(സ്വ)യോടൊപ്പമുള്ള മുആവിയ(റ)യുടെ ജീവിതം ഹ്രസ്വമെങ്കിലും ധന്യമായിരുന്നു. ഹിജ്‌റ എട്ട് റമളാനിലായിരുന്നു മക്കാ വിജയം. അതിനു തൊട്ടടുത്ത മാസത്തിലാണ് ഹുനൈൻ സംഭവം. അതിൽ നബി(സ്വ)യോടൊപ്പം മുആവിയ(റ) സംബന്ധിക്കുകയുണ്ടായി. നൂറ് ഒട്ടകങ്ങളും നാൽപത് ഊഖിയ(1600 ദിർഹം)യും ഗനീമത്തിൽ നിന്ന് അദ്ദേഹത്തിനു റസൂൽ(സ്വ) നൽകുകയുമു ണ്ടായി.

വഹ്‌യ് എഴുത്തുകാരനായി നബി(സ്വ) മുആവിയ(റ)യെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന് വലിയ അംഗീകാരമായി രുന്നു. അദ്ദേഹത്തിന്റെ മഹത്ത്വങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ഇതിനെ സ്വഹാബികൾ കണ്ടു. നബി(സ്വ)ക്ക് ലഭിക്കുന്ന ഇലാഹീ സന്ദേശമാണല്ലോ വഹ്‌യ്. അതെഴുതി വെക്കുക എന്നത് സൂക്ഷ്മതയാവശ്യമുള്ള കൃത്യമാണ്. അതിന് അർഹനാണെന്ന് നബി(സ്വ) തന്നെ അറിയിക്കുമ്പോൾ അംഗീകാരത്തിന് പ്രൗഢിയേറുന്നു.

അലി, ഉസ്മാൻ, ഉമർ(റ) തുടങ്ങിയവരൊക്കെ മുആവിയ(റ)നു പരിഗണന നൽകുന്ന ഘട്ടങ്ങളിൽ അതിനു മാനദണ്ഡമാക്കിയതും നബി(സ്വ)യുടെ എഴുത്തുകാരൻ എന്നതായിരുന്നു. സൈദുബ്‌നു സാബിത്(റ) തുടക്കം മുതലേ വഹ്‌യ് എഴുതുന്നയാളായതിനാൽ നബി(സ്വ)യുമായി നിരന്തരം സഹവസിക്കാനുള്ള ഭാഗ്യമുണ്ടായി.

മുആവിയ(റ) വിശ്വാസിയായി മദീനയിലെത്തിയ ശേഷം തിരുനബി(സ്വ)യെ പിരിയാതെ കഴിയാൻ ഈ ചുമതല സൗഭാഗ്യമൊരുക്കി. അല്ലാഹുവിൽ നിന്നു അറിയിപ്പുണ്ടായതനുസരിച്ചാണിതെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്.

ആഇശ(റ) പറയുന്നു: നബി(സ്വ) ഉമ്മുഹബീബ(റ)യുടെ കൂടെ താമസിക്കുന്ന ദിവസം. ഒരാൾ വാതിലിൽ മുട്ടുന്നതു കേട്ടു. ആരാണെന്നു നോക്കാൻ നബി(സ്വ) പറഞ്ഞു. സ്വഹാബികൾ വാതിൽ തുറന്നു നോക്കി. മുആവിയ(റ) ആണെന്നു പറഞ്ഞു. അദ്ദേഹത്തിന് പ്രവേശനാനുമതി നൽകി. അകത്തു കടന്ന അദ്ദേഹത്തിന്റെ ചെവിയിൽ എഴുതാനുപയോഗിക്കുന്ന ഒരു ഖലമുണ്ടായിരുന്നു.

തിരുനബി(സ്വ) ചോദിച്ചു: എന്താണു മുആവിയാ, ചെവിക്കിടയിൽ പേന കാണുന്നല്ലോ?

‘അതു ഞാൻ അല്ലാഹുവിനും റസൂലിനും വേണ്ടി തയ്യാറാക്കിയതാണ്.’

നബി(സ്വ) തുടർന്നു: ‘അല്ലാഹു അവന്റെ ദൂതരുടെ പേരിൽ നിനക്കു പ്രതിഫലം തരട്ടെ. അല്ലാഹു സത്യം, അവനിൽ നിന്ന് ലഭിച്ച വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ ഞാൻ നിന്നെ എഴുത്തുകാരനാക്കിയിട്ടില്ല. ചെറുതോ വലുതോ ആയ ഒന്നും അല്ലാഹുവിൽ നിന്ന് വഹ്‌യ് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ലാതെ ഞാൻ ചെയ്യാറുമില്ല’ (ത്വബ്‌റാനി).

വഹ്‌യ് രേഖപ്പെടുത്തിയിരുന്ന മുആവിയ(റ)യിൽ നിന്ന് സ്വഹാബികളും താബിഉകളും ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമർ, ഇബ്‌നുസ്സുബൈർ, സഈദുബ്‌നുൽ മുസ്വയ്യിബ്(റ) തുടങ്ങിയവർ അവരിൽ പ്രധാനികളാണ്. 163 ഹദീസുകൾ ബുഖാരി, മുസ്‌ലിം അടക്കമുള്ളവർ അദ്ദേഹത്തിൽ നിന്നുദ്ധരിച്ചിട്ടുണ്ട്. നബി(സ്വ)യുമായുള്ള സഹവാസമെന്ന മഹാഭാഗ്യത്തിനൊപ്പം അവിടുത്തെ വഹ്‌യ് എഴുത്തുകാരനായും ധീരനായ പോരാളിയായും റസൂലിന്റെ സഹായിയാകാൻ സൗഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.

നബി(സ്വ)ക്കു ശേഷം മൂന്ന് ഖലീഫമാരുടെ കാലത്തും മുആവിയ(റ)ന്റെ സ്ഥാനവും മഹത്ത്വവും അംഗീകൃതമായിരുന്നു. ഉത്തരവാദപ്പെട്ട പദവികളിൽ മഹാൻ നിയോഗിതനാവുകയും ചെയ്തു. അബൂബക്കർ(റ) ഒരു ഘട്ടത്തിൽ ശാമിലേക്ക് നാല് പ്രമുഖ സ്വഹാബികളുടെ നേതൃത്വത്തിൽ ദൗത്യസേനകളെ നിയോഗിക്കുകയുണ്ടായി. അതിലൊരു നായകൻ മുആവിയ(റ)യുടെ സഹോദരൻ യസീദായിരുന്നു. അഞ്ചാമത്തെ സംഘത്തെ നിയോഗിച്ചപ്പോൾ അതിന് മുആവിയ(റ) നേതൃത്വം നൽകി. യർമൂക്കിലും ഡമസ്‌കസ് വിജയത്തിലും അദ്ദേഹം പങ്കാളിയായി.

ഉമർ(റ)ന്റെ കാലത്ത് ഡമസ്‌കസ് ഗവർണറായി നിയമിതനായ യസീദ്(റ) ഒരു ദൗത്യ സംഘത്തെ നിയോഗിച്ചപ്പോൾ അതിന്റെ നായകനാക്കിയത് മുആവിയ(റ)യെയാണ്. മുസ്‌ലിം പക്ഷത്തിനായിരുന്നു വിജയം. ഹിജ്‌റ പതിനഞ്ചാം വർഷം മുആവിയ(റ)യെ ഖൈസരിയ്യയിലേക്ക് നിയോഗിച്ച ഖലീഫ ചില നിർദേശങ്ങൾ നൽകി. പ്രധാനപ്പെട്ട ഒരു പ്രാർത്ഥനയും പഠിപ്പിച്ചുകൊടുത്തു. അങ്ങനെ ഖൈസരിയ്യയും പരിസരങ്ങളും അദ്ദേഹം കീഴടക്കി.

ഹിജ്‌റ പതിനെട്ടാം വർഷമുണ്ടായ മഹാമാരിയിൽ സ്വഹാബികളടക്കമുള്ള ധാരാളം പ്രമുഖർ വഫാത്താവുകയുണ്ടായി. അബൂ ഉബൈദതുബ്‌നുൽ ജർറാഹ്(റ), യസീദ്(റ) തുടങ്ങിയവർ അവരിൽ ഉൾപ്പെടുന്നു. യസീദ്(റ) ജീവിച്ചിരിക്കുമ്പോൾ തന്നെ ഡമസ്‌കസിനെ പലപ്പോഴും പ്രതിനിധീകരിച്ചിരുന്നത് മുആവിയ(റ)യായിരുന്നു. യസീദ്(റ)ന്റെ വഫാത്തിനു ശേഷം ഖലീഫ ഡമസ്‌കസിൽ അദ്ദേഹത്തെ പ്രതിനിധിയാക്കുകയും ജോർദാനും ഫലസ്തീനും ഹിംസ്വും അതിനോട് ചേർക്കുകയും ചെയ്തു. മുസ്‌ലിംകൾക്ക് ഒരു നാവികപ്പട വേണമെന്ന ആശയം ഉന്നയിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ ഉസ്മാൻ(റ)ന്റെ കാലത്താണ് മുസ്‌ലിം നാവികസേന രൂപം കൊണ്ടത്. നിർബന്ധപൂർവമോ നറുക്കിട്ടോ ആളുകളെ നാവിക സൈന്യത്തിൽ ചേർക്കരുതെന്നും സ്വേഷ്ടപ്രകാരം കടന്നുവരുന്നവരെ ഉൾപ്പെടുത്തിയാൽ മതിയെന്നും ഖലീഫ നിർദേശിക്കുകയും ചെയ്തു.

ഹിജ്‌റ 27-ാം വർഷം സൈപ്രസ് മുസ്‌ലിംകൾ കീഴടക്കുകയുണ്ടായി. മുആവിയ(റ)യുടെ ഭരണ പരിഷ്‌കരണങ്ങളിൽ അബൂദർറിൽ ഗിഫാരി(റ), ഉബാദതുബ്‌നു സ്വാമിത്(റ) തുടങ്ങിയവർ സജീവ സഹകാരികളായിരുന്നു.

ഖുലഫാഉർറാശിദുകൾക്ക് പ്രിയങ്കരനായിരുന്നുവെന്ന് മാത്രമല്ല വിശ്വസ്തനുമായിരുന്നു മുആവിയ(റ). നബി(സ്വ) വഹ്‌യിന്റെ കാര്യത്തിൽ സത്യസന്ധനായി കണ്ട മുആവിയ(റ)നെ ദൗത്യങ്ങൾ ഏൽപിക്കാൻ ഖലീഫമാർക്ക് വിസമ്മതമുണ്ടാകുന്നതെങ്ങനെ? 20 വർഷക്കാലം ഖലീഫമാർക്ക് കീഴിൽ ഗവർണറായും പിന്നീട് 20 വർഷത്തോളം ഖലീഫയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ആ ഭരണ സാരഥ്യം ഇസ്‌ലാമിനും സമൂഹത്തിനും വലിയ ഗുണങ്ങൾ പ്രദാനം ചെയ്യുകയുണ്ടായി.

സമുദായത്തിന്റെ മുൻനിര നേതാക്കളും പണ്ഡിതരുമായ സ്വഹാബി പ്രമുഖരുടെ മഹത്ത്വം ഇകഴ്ത്തുന്ന പരാമർശങ്ങളോ ചിന്തകളോ നമ്മിൽ നിന്നുണ്ടായിക്കൂടാ. നാലാം ഖലീഫ അലി(റ)വും മുആവിയ(റ)യും തമ്മിലുണ്ടായ ചില അഭിപ്രായ വൈവിധ്യങ്ങളെ ഈ അർത്ഥത്തിലേ നാം കാണാവൂ. അവരിൽ ആരുടെയും വ്യക്തിമാഹാത്മ്യത്തിനും ആദരവിനും ഇടിവു തട്ടുന്ന വിധത്തിലുള്ള ചരിത്ര വിവരണം നമ്മുടെ സത്യവിശ്വാസത്തിന് അപായകരമാണ്.

നബി(സ്വ)യുടെ തിരുവാക്യങ്ങളും സമീപനങ്ങളും വഴി ഉന്നത സ്ഥാനീയരാത്തീർന്നവരിൽ നിന്ന് അവ നീങ്ങിപ്പോകും വിധത്തിൽ വല്ലതും സംഭവിക്കുക എന്നത് അസംഭവ്യമാണല്ലോ. പ്രവാചകർ(സ്വ) നൽകിയ മുന്നറിയിപ്പുകളും പ്രാർത്ഥനകളും അതാണ് നമ്മെ ബോധ്യപ്പെടുത്തേണ്ടത്.

നബി(സ്വ) മുആവിയ(റ)ന് വേണ്ടി നടത്തിയ ചില പ്രാർത്ഥനകൾ പ്രത്യേകം ശ്രദ്ധേയം. സഹോദരി ഉമ്മുഹബീബ(റ)യുടെ സമീപത്ത് വെച്ച് അവിടുന്ന് ഇങ്ങനെ പറഞ്ഞു: ‘അല്ലാഹു മുആവിയക്ക് ഖിലാഫത്തിന്റെ കുപ്പായം ധരിപ്പിച്ചാലെങ്ങനെയുണ്ടാവും.’ ഇത് കേട്ടപ്പോൾ ഉമ്മുഹബീബ(റ) ചോദിച്ചു: എന്റെ ഈ സഹോദരന് അങ്ങനെയൊരു വിധിയുണ്ടോ?

ഉടൻ നബി(സ്വ) പറഞ്ഞു: അതേ, പക്ഷേ, അതിൽ ചില സംഭവങ്ങളൊക്കെ നടക്കും.

ഉടൻ ഉമ്മുഹബീബ(റ) പറഞ്ഞു: റസൂലേ, അങ്ങ് അവന് വേണ്ടി പ്രാർത്ഥിച്ചാലും.

അപ്പോൾ നബി(സ്വ) ഇങ്ങനെ പ്രാർത്ഥിച്ചു: ‘അല്ലാഹുവേ, നിന്റെ സന്മാർഗം കൊണ്ട് മുആവിയയെ സന്മാർഗത്തിലുറപ്പിക്കണേ, അരുതാത്ത കാര്യങ്ങളിൽ നിന്ന് അവനെ അകറ്റേണമേ, ഈ ലോകത്തും പരലോകത്തും നീ അദ്ദേഹത്തിന് പൊറുക്കേണമേ’ (ത്വബ്‌റാനി). മറ്റൊരു റിപ്പോർട്ടിൽ പ്രാർത്ഥന ഇങ്ങനെ: അല്ലാഹുവേ, മുആവിയ(റ)ക്ക് കിതാബും കണക്കും നീ പഠിപ്പിക്കേണമേ, ശിക്ഷയിൽ നിന്നദ്ദേഹത്തെ കാത്തുരക്ഷിക്കേണമേ (അഹ്മദ്).

‘അല്ലാഹുവേ നീ അദ്ദേഹത്തെ സന്മാർഗം അറിയിക്കുന്നവനും സന്മാർഗപ്രാപ്തനുമാക്കേണമേ, അദ്ദേഹം കാരണമായി നീ ഹിദായത്ത് കാണിക്കേണമേ’ (തിർമുദി).

നബി(സ്വ)യിൽ നിന്ന് ഇവ്വിധത്തിൽ പ്രാർത്ഥനാ സൗഭാഗ്യം സിദ്ധിച്ച മുആവിയ(റ)യെ ഒരു വിഭാഗം മുസ്‌ലിംകൾ നേതാവായി തിരഞ്ഞെടുത്തത് കുറ്റപ്പെടുത്തേണ്ടതൊന്നുമല്ല. അവരെല്ലാം ഉത്തമ നൂറ്റാണ്ടുകാരാണെന്നുമോർക്കണം.

ഭരണാധികാരി എന്ന നിലയിൽ സമൂഹത്തിനും ദീനിനും അവകാശപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നതിൽ മഹാൻ വിജയിച്ചിട്ടുണ്ടെന്നതിൽ ചരിത്രകാരന്മാർക്ക് രണ്ടഭിപ്രായമില്ല. തന്റെ ഭരണപ്രദേശത്തൊരു സ്ത്രീ പ്രസവിച്ചാൽ നവജാത ശിശുവിന്റെയും മാതാവിന്റെയും ക്ഷേമമന്വേഷിക്കാൻ അദ്ദേഹം ആളെ അയക്കുമായിരുന്നു. ആ പുതിയ അംഗത്തെയും രാഷ്ട്രത്തിലെ പൗരനായി പരിഗണിച്ച് സർക്കാർ ആനുകൂല്യം നൽകാനായിരുന്നു ഇത്. അഖീദത്തുത്വഹാവിയ്യക്ക് അബുൽ ഇസ്സിൽ ഹനഫി(റ) എഴുതിയ വ്യാഖാനത്തിൽ പറയുന്നു: മുആവിയ മുസ്‌ലിംകളിലെ ആദ്യത്തെ രാജാവാണ്. അദ്ദേഹമാണ് മുസ്‌ലിം രാജാക്കളിൽ ഉന്നതനും.’

ഇബ്‌നു കസീർ എഴുതി: ഹിജ്‌റ 41-ൽ മുസ്‌ലിംകൾ അദ്ദേഹത്തെ ബൈഅത്ത് ചെയ്തു. മുആവിയയെ എല്ലാവരും നേതാവായി അംഗീകരിച്ചു. വഫാത്ത് വരെ ആ സ്ഥാനത്ത് മഹാൻ തുടരുകയുണ്ടായി. ഇസ്‌ലാമിക മുന്നേറ്റങ്ങൾ ധാരാളം നടത്തി. അല്ലാഹുവിന്റെ വചനം ഉന്നതമായി നിലനിർത്തുകയും ജനങ്ങളെ സമാധാന പക്ഷത്തുറപ്പിക്കുകയും ചെയ്തു (അൽബിദായത്തു വന്നിഹായ).

ഇബ്‌നു ഖൽദൂൻ എഴുതുന്നു: മുആവിയ(റ)ന്റെ ഭരണവും രാഷ്ട്ര തന്ത്രജ്ഞതയുമെല്ലാം ഖുലഫാഉർറാശിദീങ്ങളുടേതിനോട് ചേർത്തിപ്പറയേണ്ടതാണ്. കാരണം മഹത്ത്വത്തിലും നീതിയിലും സ്വഹാബി പദവിയിലും അദ്ദേഹം ഖുലഫാഉർറാശിദുകളുടെ പിൻഗാമിയാണ്’ (താരീഖുബ്‌നു ഖൽദൂൻ).

മുആവിയ(റ)ന്റെ നേതൃഗുണത്തെ ഇബ്‌നു ഉമർ(റ) അടക്കമുള്ളവർ ഉന്നതമെന്ന് വാഴ്ത്തിയിട്ടുണ്ട് (അൽഖല്ലാൽ).

ഇബ്‌നുസീരീൻ(റ) പറയുന്നു: ‘മുആവിയ(റ) നബി(സ്വ)യിൽ നിന്ന് വല്ലതും ഉദ്ധരിച്ചാൽ അതിൽ തെറ്റിദ്ധരിക്കേണ്ടതില്ല (മുസ്‌നദുത്വയാലിസി).

സാങ്കേതികമായും പ്രമാണപരമായും മുആവിയ(റ)ന്റെ വ്യക്തിത്വം സ്വീകാര്യവും പവിത്രതയുമുള്ളതുമാണ്. അഞ്ചാം ഖലീഫ എന്ന് ചരിത്രം വാഴ്ത്തിയ ഉമറുബ്‌നു അബ്ദിൽ അസീസ്(റ)നേക്കാൾ ഉന്നതമായ സ്ഥാനത്തിനർഹനാണ് മുആവിയ(റ). കാരണം അദ്ദേഹം സ്വഹാബിയാണ്. മാത്രമല്ല, നബി(സ്വ)യുടെ വഹ്‌യ് രേഖപ്പെടുത്തിയയാളും. ധാരാളം സ്വഹാബികൾ അദ്ദേഹത്തിന്റെ സാരഥ്യം അംഗീകരിച്ചിട്ടുമുണ്ട്. ഉമർബിനു അബ്ദിൽ അസീസ്(റ)ന് ഇത്തരം പ്രത്യേകതകളൊന്നുമില്ലല്ലോ. ഇതു സംബന്ധമായ ഒരു ചോദ്യത്തിന് അഹ്മദുബ്‌നു ഹമ്പൽ(റ) നൽകിയ മറുപടി കാണുക: നബി(സ്വ)യുടെ സ്വഹാബികളോട് നാമാരെയും തുലനം ചെയ്യില്ല. കാരണം അവിടുന്ന് ഇങ്ങനെ പറഞ്ഞിട്ടുണ്ട്; ഞാൻ നിയോഗിതരായ തലമുറയാണ് ജനങ്ങളിൽ ഏറ്റവും ഉത്തമർ (അസ്സുന്ന ലിൽ ഖല്ലാൽ).

സാഹചര്യത്തിന്റെ തേട്ടം പോലെ ഒരു നിയോഗമായി മുസ്‌ലിം ഉമ്മത്തിന് നായകത്വം നൽകി മുആവിയ(റ). നബി(സ്വ)യുമായുള്ള സഹവാസത്തിന്റെ ഗുണം ഭൗതിക ജീവിതത്തിലും പാരത്രിക ലോകത്തും ലഭ്യമാവുന്ന ഭാഗ്യവാന്മാരാണവരെല്ലാം. ഹിജ്‌റ 60 റജബ് 21-നായിരുന്നു മുആവിയ(റ)യുടെ വിയോഗം.


മുശ്താഖ് അഹ്മദ്

No comments:

Post a Comment