Friday, 25 April 2025

ശഅ്ബാൻ ആദ്യരാത്രി ദുഖാൻ സൂറത്ത് ഓതൽ

 

ശഅ്ബാൻ ആദ്യരാത്രി ദുഖാൻ സൂറത്ത് ഓതൽ പ്രത്യേകം സുന്നത്താണെന്ന് ചിലർ പറയുന്നു. എന്നാൽ മറ്റു ചിലർ ദുഖാൻ സൂറത്തിലെ ആദ്യ എട്ട് ആയത്ത് ശഅ്ബാൻ ആദ്യരാത്രി ഓതൽ പ്രത്യേകം സുന്നത്താണെന്ന് പറയുന്നു. ഏതാണു ശരി?


രണ്ടും ശരിയല്ല. ശഅ്ബാൻ പ്രഥമ രാത്രി സൂറത്ത് ദുഖാൻ ഓതലോ അതിലെ ആദ്യ എട്ട് ആയത്ത് ഓതലോ പ്രത്യേകം സുന്നത്തില്ല. പ്രത്യേകം സുന്നത്തുണ്ടെന്ന് വിശ്വസിക്കാനും പാടില്ല. 

`പ്രത്യേക ശ്രദ്ധയ്ക്ക്‌`

എല്ലാ ദിവസവും ദുഖാൻ സൂറത്ത് ഓതൽ സുന്നത്തുണ്ട്.( ഫത്ഹുൽ മുഈൻ ) ആ നിലയ്ക്ക് ശഅ്ബാൻ ഒന്നിനും സുന്നത്തുണ്ട്. ശഅ്ബാൻ പ്രഥമ രാവ് എന്ന പരിഗണന വെച്ച് പ്രത്യേകം സുന്നത്തില്ല.

ദുഖാൻ സൂറത്ത് ഓതിയാലുള്ള പ്രതിഫലം തിരുനബി ﷺ പഠിപ്പിക്കുന്നത് ഇങ്ങനെ:

عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم من قرأ حم الدخان في ليلة أصبح يستغفر له سبعون ألف ملك

നബി ﷺ പറയുന്നു: ആരെങ്കിലും രാത്രി സൂറത്തു ദുഖാൻ പാരായണം ചെയ്താൽ എഴുപതിനായിരം മലക്കുകൾ അവനു പാപമോചനം തേടുന്ന നിലയിൽ അവൻ പ്രഭാതത്തിലാവും ( തഫ്സീർ ഇബ്നി കസീർ : 7/ 245 ) 

എട്ടു ആയത്തും തെളിവുകളും

ശഅ്ബാൻ ഒന്നു മുതൽ രാത്രി പതിനഞ്ചാം രാവു വരെ തുടർച്ചയായി സൂറതുദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ചു തവണ വീതം പാരായണം ചെയ്ത് പതിനഞ്ചാം രാവ് ആയാൽ പ്രസ്തുത ആയത്തുകൾ മുപ്പതു തവണ പാരായണം ചെയ്ത് ദിക്‌ർ, സ്വലാത്ത് എന്നിവ ചൊല്ലി അല്ലാഹുവിനോട് ദുആ ചെയ്താൽ ഇജാബത്ത് (വേഗം) ലഭിക്കുമെന്ന് ചില സൂഫിയാക്കൾ പറഞ്ഞിട്ടുണ്ട്. കൻസുന്നജാഹി വസ്സുറൂർ എന്ന ഗ്രന്ഥത്തിലും മറ്റു പല ഗ്രന്ഥങ്ങളിലും ഈ വസ്തുത കാണാം . 

എന്നാൽ നിഹായത്തുൽ അമൽ എന്ന ഗ്രന്ഥത്തിൽ ശഅ്ബാൻ ആദ്യരാത്രി മാത്രമാണ് പ്രസ്തുത കാര്യം പറഞ്ഞത്.തുടർന്നുള്ള ദിവസങ്ങളിലില്ല.

`സംഗ്രഹം`

  1. എല്ലാ ദിവസവും ദുഖാൻ സൂറത്ത് പതിവാക്കൽ സുന്നത്താണ്.
  2. എല്ലാ ദിവസവും എന്നു പറഞ്ഞതിൽ ശഅ്ബാൻ പ്രഥമ ദിവസവും ഉൾപ്പെട്ടു.
  3. ശഅ്ബാൻ പ്രഥമ രാവിൽ പ്രസ്തുത സൂറത്ത് ഓതലോ അതിലെ ആദ്യ ആയത്ത് ഓതലോ പ്രത്യേകം സുന്നത്തില്ല.
  4. സുന്നത്തു എന്ന വിധി പറയാതെ'' ശഅ്ബാൻ പ്രഥമ രാവിലും തുടർന്നുള്ള രാവുകളിലും ശഅ്ബാൻ പതിനഞ്ച് വരെ ദുഖാൻ സൂറത്തിലെ ആദ്യ എട്ട് ആയത്ത് ഓതി പ്രാർത്ഥിച്ചാൽ അല്ലാഹു പ്രാർത്ഥന സ്വീകരിക്കുമെന്ന് പല സൂഫിയാക്കളും വിവരിച്ചിട്ടുണ്ട്.


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment