Thursday 3 November 2016

നരകം : അല്ലാഹുവിന്റെ കോപ–ശിക്ഷകളുടെ ശാശ്വത ഭവനം


അല്ലാഹു തന്നെ അവിശ്വസിച്ചവര്‍ക്കും തന്‍റെ ദീനിനെ ധിക്കരിച്ചവര്‍ക്കും ദൂതന്മാരെ കളിയാക്കിയവര്‍ക്കും ഒരുക്കിവെച്ച ഭവനമാകുന്നു നരകം .പ്രസ്തുത ഭവനതിലത്രേ അല്ലാഹു തന്‍റെ ശത്രുക്കളെ ശിക്ഷിക്കുന്നത്. കുറ്റവാളികളെ പാര്‍പ്പിക്കുവാനുള്ള അല്ലാഹുവിന്‍റെ തടവറയാകുന്നു നരകം. അത് കൊടിയ നിന്ദ്യതയും കടുത്ത നഷ്ട്ടവുമത്രെ .അതിനേക്കാള്‍ വലിയ നിന്ദ്യതയും നഷ്ട്ടവും വേറെയില്ല. അല്ലാഹു പറഞ്ഞു:

“ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക്‌ സഹായികളായി ആരുമില്ല താനും. (3.192) ”

“വല്ലവനും അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്ത്‌ നില്‍ക്കുന്ന പക്ഷം അവന്ന്‌ നരകാഗ്നിയാണുണ്ടായിരിക്കുക എന്നും, അവനതില്‍ നിത്യവാസിയായിരിക്കുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതാണ്‌ വമ്പിച്ച അപമാനം. (9.63) ”

“എന്നാല്‍ നിങ്ങള്‍ അവന്നു പുറമെ നിങ്ങള്‍ ഉദ്ദേശിച്ചതിന്‌ ആരാധന ചെയ്തുകൊള്ളുക. പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ്‌ വ്യക്തമായ നഷ്ടം (39.15)”

നാവുകള്‍ക്ക് പറഞ്ഞു ഫലിപ്പിക്കാനും തൂലികക്കൊണ്ട് എഴുതി തീര്‍ക്കാനും കഴിയാത്ത വിധമാണ് നരകാഗ്നിയിലെ ആധികളും വേദനകളും ശിക്ഷാമുറകളും. അവയോടൊപ്പം അത് ശാശ്വതമാണ്; അവിശ്വാസികളായ പാപികള്‍ അതില്‍ നിത്യവാസികളുമാണ്.

അല്ലാഹു പറഞ്ഞു;തീര്‍ച്ചയായും അത്‌ (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു. (25.66)

ഇതത്രെ (അവരുടെ അവസ്ഥ). തീര്‍ച്ചയായും ധിക്കാരികള്‍ക്ക്‌ മടങ്ങിച്ചെല്ലാന്‍ മോശപ്പെട്ട സ്ഥാനമാണുള്ളത്‌. (38.55) നരകമത്രെ അത്‌. അവര്‍ അതില്‍ കത്തിഎരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം! (38.56 )


നരകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു?!!!

ഇമാം ഇബ്നു അബില്‍ ഇസ്സുല്‍ ഹനഫി പറയുന്നു: “സ്വര്‍ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവ രണ്ടും ഇന്ന് ഉണ്മയുടെ ലോകത്ത് ഉള്ളതാണ്. ഈ വിഷയത്തില്‍ അഹ്ലു സുന്നത്തി വല്‍ ജമാഅഃയുടെ ഏകാഭിപ്രായം ഉണ്ട്. അവര്‍ ഈ വിശ്വാസത്തിലാണ് ഇന്നും. മുഅ്തസിലിയത്തും ക്വദ്രിയ്യത്തുമാണ് ഈ വിശ്വാസത്തെ നിഷേധിച്ചത്. അവര്‍ പറഞ്ഞു: ‘അല്ലാഹു അന്ത്യനാളിലാണ് അവയെ സൃഷ്ടിക്കുക”

എന്നാല്‍ ഇന്ന് നരകം എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നതില്‍ പണ്ഡിതര്‍ വ്യത്യസ്ത അഭിപ്രായക്കാരാകുന്നു. വ്യക്തമായ തെളിവ് ഈ വിഷയത്തില്‍ ഇല്ലാത്തതിനാല്‍ നരകം സൃഷ്ടിക്കപ്പെട്ടതായി ഉണ്ട്; എന്നാല്‍ അത് എവിടെ എന്നതില്‍ ഒരു അഭിപ്രായം പറയാതെ മൌനം ദീക്ഷിക്കുക എന്നതാണ് പ്രബലമായ അഭിപ്രായം. ശൈഖ് ശാഹ് വലിയുല്ലാഹ് അദ്ദഹ്ലവി പറഞ്ഞു: “സ്വര്‍ഗവും നരകവും ഇന്ന് എവിടെയാണെന്ന് നിര്‍ണ്ണയിക്കുന്ന ഒരു തെളിവും വ്യക്തമായി വന്നിട്ടില്ല. അവ അല്ലാഹു ഉദ്ദേശിച്ച സ്ഥലങ്ങളിലാകുന്നു. കാരണം നമുക്ക് അല്ലാഹുവിന്റെ മുഴു സൃഷ്ടികളെക്കുറിച്ചോ അവന്റെ സര്‍വ്വലോകത്തെക്കുറിച്ചോ വ്യക്തമായ അറിവില്ല.എന്നാല്‍ സ്വര്‍ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും ധാരാളം തെളിവുകള്‍ ഈ വിഷയത്തില്‍ സ്ഥിരപ്പെട്ടിരിക്കുന്നു. സ്വര്‍ഗത്തെക്കുറിച്ച് അല്ലാഹു പറഞ്ഞു:

“അത് മുത്തക്വീങ്ങള്‍ക്ക് ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു.” (വി.ഖു3:133) നരകത്തെക്കുറിച്ച് അല്ലാഹു പറഞ്ഞു:

“അത് കാഫിരീങ്ങള്‍ക്ക് ഒരുക്കപ്പെട്ടിരിക്കുന്നു.” (വി.ഖു3:133)


അബ്ദുല്ലാഹ് ഇബ്നു ഉമര്‍(റ)വില്‍നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ പ്രഭാതത്തിലും പ്രദോഷ ത്തിലും അവന്റെ ഇരിപ്പിടം അവനു മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടും. അവന്‍ സ്വര്‍ഗവാസികളില്‍ പെട്ടവനാണെങ്കില്‍ സ്വര്‍ഗവാസികളിലെ ഇരിപ്പിടം കാണിക്കപ്പെടും. അവന്‍ നരകവാസികളില്‍ പെട്ടവനാണെങ്കില്‍ നരകവാസികളിലെ ഇരിപ്പിടം കാണിക്കപ്പെടും. (അവനോട്) പറയപ്പെടും: ഇതാണ് നിന്റെ ഇരിപ്പിടം; അന്ത്യനാളില്‍ അല്ലാഹു നിന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതുവരെ (നീ ഇതില്‍ ഇരിക്കുവാന്‍ എത്തുകയില്ല) (ബുഖാരി, മുസ്ലിം)


അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:ഞാന്‍ സ്വര്‍ഗം കണ്ടു. അല്ലങ്കില്‍ സ്വര്‍ഗം എനിക്ക് കാണിക്ക പ്പെട്ടു. അതില്‍നിന്ന് ഒരു മുന്തിരിക്കുല എടുക്കുവാന്‍ ഞാന്‍ തുനിഞ്ഞു. ഞാന്‍ അത് എടുത്തിരിന്നുവെങ്കില്‍ ദുനിയാവ് അവശേഷിക്കുന്ന കാലമത്രയും നിങ്ങള്‍ക്ക് അതില്‍നിന്ന് ഭക്ഷിക്കാമായിരുന്നു. ഞാന്‍ നരകം കണ്ടു. ഇന്ന് ഞാന്‍ കണ്ടതുപോലെ ഭയാനകമായ ഒരു രംഗം ഞാന്‍ കണ്ടിട്ടേയില്ല. സ്ത്രീകളെയാണ് നരകവാസികളില്‍ അധികവും ഞാന്‍ കണ്ടത് (ബുഖാരി, മുസ്ലിം)


അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:സ്വര്‍ഗം എന്നോട് അടുത്തു. ഞാന്‍ അതിനോട് തിടുക്കം കാട്ടിയിരുന്നുവെങ്കില്‍ അതിലെ പഴക്കുലകളില്‍ നിന്നും ഒന്ന് നിങ്ങള്‍ക്ക് കൊണ്ടുവരുമായിരുന്നു. നരകം എന്നോട് അടുത്തു. ഞാന്‍ ചോദിച്ചുപോയി. രക്ഷിതാവേ, ഞാനും അവരോടൊപ്പമാണോ? (ബുഖാരി)


അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നിശ്ചയം, നരകം എന്നോട് അടുത്തു; നരകച്ചൂട് ഞാന്‍ എന്റെ മുഖത്തുനിന്ന് ഊതി മാറ്റുവോളം.


അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണ് സത്യം; ഞാന്‍ കണ്ടത് നിങ്ങള്‍ കണ്ടിരുന്നുവെങ്കില്‍ നിങ്ങള്‍ കുറച്ച് മാത്രമേ ചിരിക്കുകയുള്ളു. നിങ്ങള്‍ കൂടുതല്‍ കരയുമായിരുന്നു. അവര്‍ പറഞ്ഞു: പ്രവാചകരെ നിങ്ങള്‍ എന്താണ് കണ്ടത്? അദ്ദേഹം പറഞ്ഞു: ഞാന്‍ നരകവും സ്വര്‍ഗവും കണ്ടു. (മുസ്ലിം)


അബൂഹുറയ്റ(റ)വില്‍നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:സ്വര്‍ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അവ ഉണ്മയുടെ ലോകത്ത് ഉള്ളവയാണെന്നും അറിയിക്കുന്ന ധാരാളം തെളിവുകള്‍ സ്വഹീഹായി വന്നിട്ടുണ്ട്.


നരകത്തിന്റെ കാവലാളുകള്‍

നരകത്തിന് കാവല്‍ക്കാരായി മലക്കുകള്‍ ഉണ്ട്. അവര്‍ ഭീമാകാരികളാണ്. അവര്‍ കഠിന പ്രകൃതിക്കാരുമാണ്. അവരെ സൃഷ്ടിച്ച നാഥനെ അവര്‍ ധിക്കരിക്കില്ല, തങ്ങള്‍ കല്പ്പിക്കപെട്ടത് അവര്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തു രക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷ സ്വഭാവമുള്ളവരും മല്ലന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്പ്പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേടുകാണിക്കുകയില്ല. അവരോട് കല്പ്പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (വി.ഖു.66:6)

നരകത്തിനുള്ള പാറാവുകാരായ മലക്കുകള്‍ പത്തൊമ്പത് പേരാകുന്നു. അല്ലാഹു പറഞ്ഞു: വഴിയെ ഞാന്‍ അവനെ സഖറില്‍(നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്. ‘സക്വര്‍’ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലികരിച്ച് രൂപം മാറ്റിക്കളയുന്നതാണ്. അതിന്റെ മേല്‍ നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്.( വി.ഖു74:26-30)

നരകത്തിന്റെ മേല്‍നോട്ടത്തിന് പത്തൊമ്പത് മലക്കുകളാണ്. പക്ഷെ, ഇവരില്‍ ഒരു മലക്കിനുതന്നെ മുഴുവന്‍ മനുഷ്യരേയും നേരിടുവാനുള്ള ശക്തിയുണ്ട്. ഈ വിഷയത്തിലും അവിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. ഈ ന്യൂനപക്ഷം മലക്കുകളെ തോല്‍പ്പിക്കു വാനും രക്ഷപ്പെടുവാനും തങ്ങള്‍ക്കാവുമെന്ന് അവര്‍ ജല്‍പ്പിച്ചു. അല്ലാഹു പറഞ്ഞു:

നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്ര മാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു…. (വി.ഖു.74:31)

നരകത്തിന് കാവല്‍ക്കാരായി മലക്കുകളേയാണ് ‘ഖസനത്തു ജഹന്നം’ എന്ന് അല്ലാഹു പേരുവിളിച്ചത്. അല്ലാഹു പറഞ്ഞു:നരകത്തിലുള്ളവര്‍ നരകത്തിന്റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ… (വി.ഖു.40:49)


നരകത്തിന്റെ വ്യാപ്തിയും ആഴവും

നരകം, ആഴത്തില്‍ അഗാധവും കണ്ണെത്താദൂരത്തില്‍ വിശാലവുമാണ്. അന്ത്യനാളുമായി ബന്ധപ്പെട്ട നാലു കാര്യങ്ങള്‍ ഈ ഭീകര യാഥാര്‍ത്ഥ്യം നമ്മെ പഠിപ്പിക്കുന്നു.


ഒന്ന്: നരകത്തീയില്‍ പ്രവേശിക്കുന്ന പാപികളെ അല്ലാഹു ഭീകര സൃഷ്ടികളാക്കുന്നതാണ്. ഭീമാകാരികളായ പാപികളുടെ എണ്ണം വളരെ കൂടിയിട്ടും നരകം അവരെയെല്ലാം ഉള്‍ക്കൊള്ളുന്നു എന്നത് അതിന്റെ വലുപ്പമാണ് അറിയിക്കുന്നത്.

അല്ലാഹു പറഞ്ഞു:’നീ നിറഞ്ഞു കഴിഞ്ഞോ’ എന്ന് നാം നരകത്തോട് പറയു കയും, ‘കൂടുതല്‍ എന്തെങ്കിലുമുണ്ടോ’ എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്. വി.ക്വു.(50:30)

അബൂഹുറയ്റ(റ)വില്‍ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:അല്ലാഹു നരകത്തോട് പറഞ്ഞു: നിശ്ചയം, നീ എന്റെ ശിക്ഷ മാത്രമാണ്. നിന്നെക്കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കു ന്നതാണ്. സ്വര്‍ഗനരകങ്ങളില്‍ ഓരോന്നിലും അവ നിറയുന്നത്ര ആളുകളുണ്ട്. എന്നാല്‍ അല്ലാഹു തന്റെ തിരുകാലുകള്‍ വെക്കുന്നതുവരെ, നരകം നിറയുകയില്ല. നരകം പറയും: മതി. മതി. അപ്പോള്‍ അത് നിറയും. നരകത്തിന്റെ ചില ഭാഗങ്ങള്‍ ചില ഭാഗങ്ങളിലേക്ക് ചുരുങ്ങും. അല്ലാഹു തന്റെ സൃഷ്ടികളില്‍ ഒരാളേയും അക്രമിക്കുകയില്ല.


രണ്ട്: നരകത്തിന് മുകളില്‍നിന്ന് നരകത്തിലേക്ക് എറിയപ്പെടുന്ന ഒരു കല്ല് അടിത്തട്ടിലെത്തുവാന്‍ ദീര്‍ഘ കാലഘട്ടങ്ങള്‍ വേണമെന്നത് നരകത്തിന്റെ ആഴത്തെ കൂടിയാണ് അറിയിക്കുന്നത്. 

അബൂഹുറയ്റ(റ)വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ റസൂല്‍ (സ) യോടൊപ്പം ഇരിക്കുക യായിരുന്നു, പ്രവാചകന്‍ ഒരു വീഴ്ചയുടെ ശബ്ദം കേട്ടു. പ്രവാചകന്‍ (സ) പറഞ്ഞു: ഇത് എന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിനും അവന്റെ തിരുദൂതര്‍ക്കുമാണ് കൂടുതല്‍ അറിയുന്നത്. അദ്ദേഹം പറഞ്ഞു: ഇതൊരു കല്ലാണ്, നരകത്തില്‍ എഴുപത് വര്‍ഷങ്ങളായി അത് എറിയപ്പെട്ടിട്ട്. അത് ഇതുവരേയും നരകത്തിന്റെ ആഴത്തിലേക്ക്വീണുകൊണ്ടിരിക്കുകയായിരുന്നു. (മുസ്ലിം)


മൂന്ന്: അന്ത്യനാളില്‍ നരകത്തെ കൊണ്ടുവരുന്ന മലക്കുക ളുടെ എണ്ണപ്പെരുപ്പം നരകത്തിന്റെ വലുപ്പത്തെയാണ് അറിയി ക്കുന്നത്. അല്ലാഹു പറഞ്ഞു:…..അന്ന് നരകം കൊണ്ടുവരപ്പെടുകയും ചെയ്താല്‍…..(വി.ക്വു. 89:23) 

ഈ കൊണ്ടുവരലിനെ വിവരിച്ചുകൊണ്ട് അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:അന്ന് നരകം കൊണ്ടുവരപ്പെടും; അതിന് എഴുപതിനായിരം കടിഞ്ഞാണുകള്‍ ഉണ്ടായിരിക്കും. ഒരോ കടിഞ്ഞാണിനും എഴുപതിനായിരം വീതം മലക്കുകളും ഉണ്ടായിരിക്കും. (മുസ്ലിം)


നാല്: സൂര്യനും ചന്ദ്രനും നരകത്തില്‍ രണ്ട് കാളകളുടെ വലിപ്പത്തില്‍ മാത്രമായിരിക്കും. അബൂഹുറയ്റ(റ)വില്‍ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:

അന്ത്യനാളില്‍ സൂര്യനും ചന്ദ്രനും നരകത്തില്‍ ചുറ്റിപ്പൊതിയപ്പെട്ട രണ്ട് കാളകളുടെ വലിപ്പത്തില്‍ മാത്രമായിരിക്കും.ഭീമാകാരങ്ങളായ സൂര്യനും ചന്ദ്രനും നരകത്തില്‍ വന്നാല്‍ അവക്ക് കേവലം രണ്ട് കാളകളുടെ വലുപ്പമേയുള്ളൂ. എങ്കില്‍ നരകത്തിന്റെ വലുപ്പം എത്രമാത്രമായിരിക്കും!


ദറകാത്തുകള്‍

നരകം, അതിന്റെ നിര്‍മ്മാണത്തിലും അതുള്‍ക്കൊള്ളുന്ന ചൂടിലും നരകാഗ്നിയിലെ ശിക്ഷാമുറകളിലും ആഴത്തിലേക്കുള്ള വിവധ തട്ടുകളാണ്. അവ ‘ദറകാത്തുകള്‍’ എന്ന പേരില്‍ അറിയപ്പെടുന്നു. അല്ലാഹു പറഞ്ഞു:

തീര്‍ച്ചയായും കപട വിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടി ലാകുന്നു….(വി.ഖു.4:145) ഈ തട്ടുകള്‍ക്ക് ‘ദറജാത്തുകള്‍’ എന്നും പറയാവുന്നതാണ്. കാരണം സ്വര്‍ഗവാസികളെ കുറിച്ചും നരകവാസികളെ കുറിച്ചും അല്ലാഹു പറഞ്ഞു:ഓരോരുത്തര്‍ക്കും അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി പല ‘ദറജാത്തുകള്‍’ (പദവികള്‍) ഉണ്ട്. (വി.ഖു. 6:132)അല്ലാഹുവിന്റെ പ്രീതിയെ പിന്തുടര്‍ന്ന ഒരുവന്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായ വാസസ്ഥലം നരകമായവനെപ്പോലെയാണോ? അത് എത്ര ചീത്തസങ്കേതം. അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ പല ദറജാത്തുകളില്‍ ആകുന്നു. (വി.ഖു3:162,163) അബ്ദുര്‍റഹ്മാന്‍ ഇബ്നു സെയ്ദ് ഇബ്നു അസ്ലം പറഞ്ഞു: ”സ്വര്‍ഗത്തിന്റെ ‘ദറജാത്തുകള്‍’ മുകളിലേക്കും നരകത്തിന്റെ ‘ദറജാത്തുകള്‍’ താഴ്ഭാഗത്തേക്കുമാണ്”


കവാടങ്ങള്‍

നരകത്തിന് ഏഴ് കവാടങ്ങള്‍ ഉണ്ടെന്നും ഓരോ കവാടങ്ങളിലൂടേയും നരകത്തില്‍ പ്രവേശിക്കുവാന്‍ ഇബ്ലീസിന് അനുയായികളുണ്ടെന്നും അല്ലാഹു വ്യക്തമാക്കി. അല്ലാഹു പറഞ്ഞു:

തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന് ഏഴ് കവാടങ്ങളുണ്ട്. ഓരോ വാതിലിലൂടെ കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്. (വി.ഖു .15:43,44)

അവിശ്വാസികള്‍ നരകത്തോട് അടുക്കുമ്പോള്‍ നരകത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും എന്നന്നേക്കുമായി അവര്‍ അതില്‍ പ്രവേശിക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞു:സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്ക പ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്റെ വാതിലുകള്‍ തുറക്കപ്പെടും. ‘നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതി കേള്‍പ്പിക്കുകയും, ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് താക്കീതു നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ’ എന്ന് അതിന്റെ (നരകത്തിന്റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. 

അവര്‍ പറയും: അതെ, പക്ഷെ, സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി. (അവരോട്) പറയപ്പെടും: നിങ്ങള്‍ നരകത്തിന്റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര മോശം. (വി.ഖു.39:71,72)നരകാവകാശികള്‍ നരകത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ നരക കവാടങ്ങള്‍ അടക്കപ്പെടുന്നതാണ്.

അല്ലാഹു പറഞ്ഞു:നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവര്‍ ആരോ, അവരത്രെ ഇടതുപക്ഷത്തിന്റെ ആള്‍ക്കാര്‍. അവരുടെമേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. (വി.ക്വു.90:19,20)

കുത്തിപ്പറയുന്നവരും അവഹേളിക്കുന്നവരുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണി നോക്കികൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. 

നിസ്സംശയം, അവന്‍ ‘ഹുത്ത്വമ’യില്‍ എറിയപ്പെടുക തന്നെ ചെയ്യും. ‘ഹുത്ത്വമ’ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്ന, അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. തീര്‍ച്ചയായും അത് നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. (വി. ഖു.104:19)

അന്ത്യനാള്‍ സംഭവിക്കുന്നതിന് മുമ്പായിതന്നെ ചിലപ്പോള്‍ നരക കവാടങ്ങള്‍ അടക്കപ്പെടും. റമദാന്‍ മാസമായാല്‍ നരക കവാടങ്ങള്‍ അടക്കപ്പെടുമെന്ന് അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞിരിക്കുന്നു: റമദാന്‍ മാസമായാല്‍ സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. നരകത്തിന്റെ കവാടങ്ങള്‍ അടക്കപ്പെടും. ശൈത്വാന്‍മാര്‍ ബന്ധിക്കപ്പെടും(ബുഖാരി)


ഇന്ധനങ്ങള്‍

കല്ലുകളും അവിശ്വാസികളുമായ പാപികളുമാണ് നരകത്തീയിലെ വിറകുകള്‍. അല്ലാഹു പറയുന്നു: സത്യവിശ്വാസികളെ, സ്വദേഹങ്ങളേയും നിങ്ങളുടെ ബന്ധുക്കളേയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക…. (വി.ഖു.66:6)

മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നര കാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കി വെക്കപ്പെട്ടതാകുന്നു അത്. (വി. ഖു. 2:24)

അല്ലാഹുവോടൊപ്പം ആരാധിക്കപ്പെട്ടിരുന്ന കള്ള ദൈവങ്ങളും നരകത്തില്‍ കത്തിക്കപ്പെടുമെന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു:തീര്‍ച്ചയായും നിങ്ങളും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആ രാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക് വന്നുചേരുകതന്നെ ചെയ്യുന്നതാണ്. ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ (നരകത്തില്‍) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും. (വി.ഖു. 21:98,99)


നാവേറ്റുന്ന ചൂട്, കരിമ്പുകകള്‍, തീപ്പൊരികള്‍

നരകത്തിലെ കാറ്റ് അത്യുഷ്ണമുള്ള ‘സമൂമാ’കുന്നു. അതിലെ വെള്ളം അതികഠിന ചൂടുള്ള ‘ഹമീമാ’കുന്നു അതിലെ തണലാകട്ടെ കരിമ്പുകക്കീറുകളാകുന്ന ‘യഹ്മൂമാ’കുന്നു. അത് തണുപ്പോ, സുഖമോ പ്രദാനം ചെയ്യാത്തതും തീനാളങ്ങളെയും തീപൊരികളെയും ചെറുക്കാത്തതുമാകുന്നു. അല്ലാഹു പറഞ്ഞു:ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ! തുളച്ച് കയറുന്ന ഉഷ്ണക്കാറ്റ്, ചുട്ടുതിളക്കുന്ന വെള്ളം, തണുപ്പുള്ളതോ സുഖദായകമോ അല്ലാത്ത കരിമ്പുകയുടെ തണല്‍ എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍. (വി. ഖു. 56:41-44) 1

എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ അവന്റെ സങ്കേതം ‘ഹാവിയഃ’ ആയിരിക്കും. ‘ഹാവിയഃ’ എന്താണെന്ന് നിനക്കറിയാമോ? ചൂടേറിയ നരകമാകുന്നു. (വി.ഖു.(101:8-10)

മൂന്നു ശാഖകളുള്ള ഒരുതരം തണലിലേക്ക് നിങ്ങള്‍ പോയി കൊള്ളുക. അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല. തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും. അത് മഞ്ഞനിറമുള്ള ഒട്ടകകൂട്ടങ്ങളെപ്പൊലെയായിരിക്കും. (വി. ഖു.77:30-33)

‘സക്വര്‍’ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലികരിച്ച് രൂപം മാറ്റിക്കളയുന്നതാണ്. അതിന്റെ മേല്‍ നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്. (വി.ഖു.74:27-30)

കാലഘട്ടങ്ങള്‍ കഴിയുംതോറും തീജ്വാലകള്‍ വര്‍ദ്ധിക്കുകയും ശിക്ഷ പെരുകുകയും ചെയ്യും. നരകവാസി ഒരിക്കലും സുഖം കാണുകയേയില്ല. അല്ലാഹു പറഞ്ഞു:

അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ച യായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരുകയില്ല.(വി. ഖു 78:30)

അത് അണഞ്ഞുപോകുമ്പോഴെല്ലാം നാം അവര്‍ക്ക് ജ്വാല കൂട്ടികൊടുക്കുന്നതാണ്. (വി.ഖു.17:97)

അവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുകയില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല. (വി.ഖു.2:86)

ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍. സ്വര്‍ഗം അടുത്തുകൊണ്ടുവരപ്പെടുമ്പോള്‍. (വി.ഖു.81:12,13)

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നിങ്ങളുടെ തീ (ഇഹലോകത്തുണ്ടാകുന്ന തീ) നരകത്തീയിന്റെ എഴുപതില്‍ ഒരു ഭാഗമാണ്. പറയപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ അതുതന്നെ (ഇഹലോകത്തുണ്ടാകുന്ന തീ) മതിയല്ലോ. അദ്ദേഹം പറഞ്ഞു: നരകത്തീ അതിലേക്ക് അറുപത്തൊമ്പത് ഭാഗങ്ങള്‍ ചേര്‍ത്തുക്കൊണ്ട് അധികമാക്കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും (ഇഹലോകത്തുണ്ടായ) തീയിന്റെ ചൂടായിരിക്കും. (ബുഖാരി, മുസ്ലിം)


കാണും, കേള്‍ക്കും,സംസാരിക്കും!!!

കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും ആവലാതിപ്പെടുകയും ചെയ്യുന്ന ഒരു സൃഷ്ടിയായിട്ടാണ് വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും നരകത്തെ പരിചയപ്പെടുത്തുന്നത്.

അല്ലാഹു പറഞ്ഞു:ദൂരസ്ഥലത്തുനിന്ന് തന്നെ അത് അവരെ കാണുമ്പോള്‍ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവര്‍ക്ക് കേള്‍ക്കാവുന്നതാണ്.(വി.ഖു.25:12)

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:അന്ത്യനാളില്‍ നരകത്തില്‍ നിന്ന് ഒരു കഴുത്ത് പുറത്തുവരും, അതിന് രണ്ട് കണ്ണുകളുണ്ട്. അവ കാണും. അതിന് രണ്ട് കാതുകളുണ്ട്. അവ കേള്‍ക്കും. സംസാരിക്കുന്ന നാവുമുണ്ട്. നരകം പറയും: മൂന്നു കൂട്ടരെ (ശിക്ഷിക്കുവാന്‍) ഞാന്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ ധിക്കാരികളായ അഹങ്കാരികളേയും, അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെ ദുആയിരക്കുന്നവരേയും, ചിത്രരചനയും, രൂപനിര്‍മ്മാണം നടത്തുകയും ചെയ്യുന്നവരേയും. (സുനനുത്തുര്‍മുദി)


പ്രവാചകന്‍ നരകം കണ്ടപ്പോള്‍!!!

അല്ലാഹുവിന്റെ റസൂല്‍ (സ), തന്റെ ജീവിത കാലത്തു തന്നെ സ്വര്‍ഗവും നരകവും തന്റെ തൊട്ടടുത്തായി കണ്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു:

നിശ്ചയം, നരകം എന്നോട് അടുത്തു; നരകച്ചൂട് ഞാന്‍ എന്റെ മുഖത്തു നിന്ന് ഊതി മാറ്റുവോളം. (സ്വഹീഹുല്‍ ജാമിഅ്)

എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണ് സത്യം; ഞാന്‍ കണ്ടത് നിങ്ങള്‍ കണ്ടിരുന്നുവെങ്കില്‍ നിങ്ങള്‍ കുറച്ച് മാത്രമേ ചിരിക്കുകയുള്ളു. നിങ്ങള്‍ കൂടുതല്‍ കരയുമായിരുന്നു. അവര്‍ പറഞ്ഞു: പ്രവാചകരെ നിങ്ങള്‍ എന്താണ് കണ്ടത്? അദ്ദേഹം പറഞ്ഞു: ഞാന്‍ നരകവും സ്വര്‍ഗവും കണ്ടു. (മുസ്ലിം)

ഞാന്‍ സ്വര്‍ഗം കണ്ടു. അതില്‍നിന്ന് ഒരു മുന്തിരിക്കുല എടു ക്കുവാന്‍ ഞാന്‍ തുനിഞ്ഞു. ഞാന്‍ അത് എടുത്തിരിന്നുവെങ്കില്‍ ദുനിയാവ് അവശേഷിക്കുന്ന കാലമത്രയും നിങ്ങള്‍ക്ക് അതില്‍നിന്ന് തിന്നാമായിരുന്നു. ഞാന്‍ നരകം കണ്ടു. ഇന്ന് ഞാന്‍ കണ്ടതുപോലെ ഭയാനകമായ ഒരു രംഗം ഞാന്‍ കണ്ടിട്ടേയില്ല. സ്ത്രീകളേയാണ് നരകവാസികളില്‍ അധികവും ഞാന്‍ കണ്ടത്(ബുഖാരി,മുസ്ലിം)


അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:സ്വര്‍ഗം എന്നോടടുത്തു. ഞാന്‍ അതിനോട് തിടുക്കം കാട്ടിയിരുന്നുവെങ്കില്‍ അതിലെ പഴക്കുലകളില്‍ നിന്നും ഒന്ന് നിങ്ങള്‍ക്ക് കൊണ്ടുവരുമായിരുന്നു. നരകം എന്നോടടുത്തു. ഞാന്‍ ചോദിച്ചുപോയി. രക്ഷിതാവേ, ഞാനും അവരോടൊപ്പമാണോ? അപ്പോഴതാ (നരകത്തില്‍) ഒരു സ്ത്രീയെ പൂച്ച മാന്തിപ്പറിക്കുന്നു. ഞാന്‍ ചോദിച്ചു. ഇവളുടെ വിഷയം എന്താണ്? അവര്‍ പറഞ്ഞു: ആ സ്ത്രീ ആ പൂച്ചയെ ബന്ധിച്ചു വെച്ചു. വിശപ്പു സഹിച്ച് പൂച്ച ചത്തുപോയി. ആ സ്ത്രീ പൂച്ചക്ക് തിന്നാന്‍ കൊടുത്തില്ല, ഭൂമിയിലെ പ്രാണികളെ തിന്നുവാന്‍ കെട്ടഴിച്ച് വിട്ടതുമില്ല.


അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നിശ്ചയം, നരകം എന്നോട് അടുത്തു. തീ ചൂട് ഞാന്‍ എന്റെ മുഖത്തുനിന്ന് ഊതി മാറ്റി. അപ്പോള്‍ ഞാന്‍ നരകത്തില്‍ “സ്വാഹിബുല്‍ മിഹ്ജനേയും”, നേര്‍ച്ചമൃഗത്തെ വിട്ടയച്ച വ്യക്തിയേയും ഹിംയര്‍കാരനേയും, പൂച്ചയെ കെട്ടിയിട്ട സ്ത്രീയേയും കണ്ടു”


നരകം ശാശ്വത ഭവനമാണ്

നരകം അനശ്വരതയുടെ ഗേഹമാണ്. അതിന്ന് ഒരിക്കലും നാശമുണ്ടാവുകയില്ല. ഇമാം ത്വഹാവി പറഞ്ഞു: ‘സ്വര്‍ഗവും നരകവും സൃഷ്ടിക്കപെട്ടവയാണ്. അവ നശിക്കുകയോ കാലഹരണപ്പെടുകയോ ഇല്ല.’ ഈ വിഷയത്തില്‍ ഇമാം ഇബ്നു ഹസം ഉമ്മത്തിന്റെ ഐക്യകണ്ഠേനയുള്ള അഭിപ്രായമായി ഉദ്ധരിക്കുന്നു: “സമുദായത്തിലെ മുഴുവന്‍ കക്ഷികളും സ്വര്‍ഗത്തിനും സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ക്കും നരകത്തിനും നരകശിക്ഷകള്‍ക്കും നാശമില്ല എന്നതില്‍ ഏകോപിച്ചിരിക്കുന്നു; ജഹ്മ് ഇബ്നു സ്വഫ്വാന്‍ ഒഴിച്ച്.” നരകം ശാശ്വതമാണെന്ന് അറിയിക്കുന്ന തെളിവുകള്‍ ധാരാളമാണ്. അല്ലാഹു നരകത്തിന് പേര് വെച്ചത് തന്നെ ‘ദാറുല്‍ ഖുല്‍ദ്’ അഥവാ ശാശ്വത ഭവനം എന്നാണ്.

നരകത്തില്‍ പ്രവേശിക്കപ്പെട്ടവരില്‍ തൌഹീദ് ഉള്‍ക്കൊണ്ട പാപികള്‍ ഉണ്ടെങ്കില്‍ അവരുമാത്രമാണ് ശിക്ഷ കഴിഞ്ഞോ അല്ലെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യത്താലോ അതില്‍നിന്ന് പുറത്തുകടക്കുകയുള്ളു. എന്നാല്‍ മുശ്രിക്കുകളും കാഫിരീങ്ങളും നരകത്തില്‍ നിത്യനിവാസികളാണ് എന്നത് അഹ്ലുസുന്നഃയുടെ ആദര്‍ശമാകുന്നു.


നരകത്തിലെ ശാശ്വതവാസികള്‍

നരകത്തില്‍ നിത്യനിവാസികളാകുന്ന പാപികള്‍ അവിശ്വാസികളും മുശ്രിക്കുകളുമാകുന്നു. നരകത്തില്‍ നിത്യവാസം അവര്‍ക്കായിരിക്കും. അല്ലാഹു പറഞ്ഞു:

എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, അവയുടെ നേരേ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. (വി.ഖു7:36)

ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ (നരകത്തില്‍) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും. (വി.ഖു.21:99)

അവിശ്വസിച്ചവരാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍നിന്ന് ഒട്ടും അവര്‍ക്ക് ഇളവു ചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു. (വി.ഖു.35:36)

സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കു കയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്. അത് അവര്‍ ശാശ്വതമായി അനുഭവിക്കുന്നതാണ്. അവര്‍ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുകയില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല. (വി.ഖു. 2:160 ,161)

അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (വി.ഖു.2:39)

നരകത്തില്‍നിന്ന് പുറത്ത് കടക്കുവാന്‍ അവരാഗ്രഹിക്കും. അതില്‍നിന്ന് പുറത്തുപോകുവാനവര്‍ക്ക് സാധ്യമാകുകയേയില്ല. നിരന്തരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്. (വി.ഖു.5:37)


ശ്വാശ്വതവാസികളുടെ കടുത്ത പാപങ്ങള്‍

ഒന്ന്: കുഫ്റും ശിര്‍ക്കും:അല്ലാഹു പറഞ്ഞു:തീര്‍ച്ചയായും സത്യനിഷേധികളോട് ഇപ്രകാരം വിളിച്ചു പറയപ്പെടും: ‘നിങ്ങള്‍ വിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുകയും, എന്നിട്ട് നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിന് (നിങ്ങളോടുള്ള) അമര്‍ഷം നിങ്ങള്‍ തമ്മിലുള്ള അമര്‍ഷത്തേക്കാള്‍ വലുതാകുന്നു.’ (വി.ക്വു.40:10)

വേദഗ്രന്ഥത്തെയും, നാം നമ്മുടെ ദൂതന്‍മാരെ അയച്ചത് എന്തൊരു ദൌത്യം കൊണ്ടാണോ അതിനേയും നിഷേധിച്ചുകളഞ്ഞവരത്രെ അവര്‍. എന്നാല്‍ വഴിയെ അവര്‍ അറിഞ്ഞു കൊള്ളും. അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. പിന്നീട് അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും. പിന്നീട് അവരോട് പറയപ്പെടും: അല്ലാഹുവിന് പുറമേ നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തിരുന്നവര്‍ എവിടെയാകുന്നു? അവര്‍ പറയും: അവര്‍ ഞങ്ങളെവിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങള്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നത് യാതൊന്നിനോടുമായിരുന്നില്ല. അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു. ന്യായമില്ലാതെ നിങ്ങള്‍ ഭൂമിയില്‍ അഹ്ളാദം കൊണ്ടിരുന്നതിന്റേയും, ഗര്‍വ്വ് നടിച്ചിരുന്നതിന്റേയും ഫലമത്രെ അത്. നരകത്തിന്റെ കവാടങ്ങളിലൂടെ അതില്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ കടന്നു കൊള്ളുക. അഹങ്കാരികളുടെ പാര്‍പ്പിടം ചീത്ത തന്നെ. (എന്ന് അവരോട് പറയപ്പെടും) (വി.ക്വു.40:70-76)

നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്. ‘ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ?’ അക്കൂട്ടരാണ് കഴുത്തുകളില്‍ വിലങ്ങുകളുള്ളവര്‍. അക്കൂട്ടരാണ് നരകാവകാശി കള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (വി.ക്വു;13:5)


രണ്ട് : പരലോകത്തെ കളവാക്കി വിധിവിലക്കുകള്‍ പാലിക്കാതിരിക്കല്‍:

സ്വര്‍ഗവാസികള്‍ നരകവാസികളോട് തങ്ങള്‍ നരകത്തില്‍ പ്രവേശിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ ചോദിക്കുമ്പോള്‍ നരകവാസികളുടെ മറുപടി ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.

അല്ലാഹു പറയുന്നു:അവര്‍ (പാപികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചുകളയുമായിരുന്നു. അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്കു വന്നെത്തി. (വി.ഖു.74:43-47)


മൂന്ന്: വഴികെട്ടവരോ സത്യനിഷേധികളോ ആയ നേതാക്കളേയും, മതത്തില്‍നിന്ന് തടയുന്ന തത്വങ്ങളേയും അനുസരിക്കല്‍.

അല്ലാഹു പറയുന്നു:അവര്‍ക്ക് നാം ചില കൂട്ടുകാരെ ഏര്‍പ്പെടുത്തിക്കൊടുത്തു. എന്നിട്ട് ആ കൂട്ടാളികള്‍ അവര്‍ക്ക് തങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു. ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും അവര്‍ക്ക് മുമ്പ് കഴിഞ്ഞു പോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ ഇവരുടെ മേലും (ശിക്ഷയെപ്പറ്റിയുള്ള) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. തീര്‍ച്ചയായും അവര്‍ നഷ്ടം പറ്റിയവരായിരുന്നു. സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് (അതിനെ) അതിജയിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ആ സത്യനിഷേധികള്‍ക്ക് നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുക തന്നെ ചെയ്യും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ അതിനീചമായതിന്നുള്ള പ്രതിഫലം നാം അവര്‍ക്ക് നല്കുക തന്നെചെയ്യും. (വി.ഖു.41:25 -27)


നാല്: കാപട്യം(നിഫാക്വ്)

അല്ലാഹു പറയുന്നു:കപടവിശ്വാസികള്‍ക്കും കപടവിശ്വാസിനികള്‍ക്കും സത്യനിഷേധികള്‍ക്കും, അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതു മതി. അവരെ അല്ലാഹു ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്. (വി. ഖു. 9:68)

മുനാഫിക്വ്, നരകത്തിന്റെ അടിത്തട്ടിലാണ് ശിക്ഷിക്കപ്പെടുക. അവിടയാണ് ചൂടു കൂടുതല്‍, വേദനയുടെ ആധിക്യവും. അല്ലാഹു പറയുന്നു:

തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയുംനീ കണ്ടെത്തുന്നതല്ല. (വി.ഖു.4:145)


അഞ്ച്: കിബ്ര്‍(അഹങ്കാരം)

അല്ലാഹു പറയുന്നു:എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, അവയുടെനേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. (വി.ഖു. 7:36)


പാപികളോടൊപ്പം പിശാചുക്കളും നരകത്തില്‍

അന്ത്യനാളില്‍ മനുഷ്യരോടൊപ്പം ജിന്നുകളില്‍ പാപികളായവരും ഒരുമിച്ച് കൂട്ടപ്പെടുകയും അവര്‍ വിചാരണ നടത്തപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു :അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചു കൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനു ഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ചസമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു. (വി.ഖു.(6:128)

അല്ലാഹു പറയുന്നു:എന്നാല്‍ നിന്റെ രക്ഷിതാവിനെ തന്നെയാണെ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് നരകത്തിന് ചുറ്റും അവരെ നാം ഹാജരാക്കുകതന്നെ ചെയ്യും. പിന്നീട് ഓരോ കക്ഷിയില്‍ നിന്നും പരമകാരുണികനോട് ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്ന വരെ നാം വേര്‍തിരിച്ച് നിര്‍ത്തുന്നതാണ്. പിന്നീട് അതില്‍ (നരകത്തില്‍) എരിയുവാന്‍ അവരുടെ കൂട്ടത്തില്‍ ഏറ്റവും അര്‍ഹതയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാവുന്നതാണ്. (വി.ഖു.19:68-70)

പിന്നീട് അവിശ്വസിച്ചവരോട് പറയപ്പെടും:അവന്‍ (അല്ലാഹു) പറയും: ജിന്നുകളില്‍നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. (വി.ഖു7:38)

അവസാനം അവരെല്ലാം നിന്ദ്യരായി നരകത്തില്‍ വീഴ്ത്തപ്പെടുകയായി. അല്ലാഹു പറയുന്നു; തുടര്‍ന്ന് അവരും (ആരാധ്യന്‍മാര്‍) ആ ദുര്‍മാര്‍ഗികളും അതില്‍(നരകത്തില്‍) മുഖംകുത്തിവീഴ്ത്തപ്പെടുന്നതാണ്. ഇബ്ലീസിന്റെ മുഴുവന്‍ സൈന്യങ്ങളും. (വി.ഖു.26:94,95)

അപ്രകാരം, നരകത്തെ ജിന്നിനെക്കാണ്ടും മനുഷ്യനെക്കൊണ്ടും നിറക്കുമെന്ന പ്രപഞ്ചനാഥന്റെ തീരുമാനം പൂര്‍ത്തീകരിക്കപ്പെടുന്നതാണ്. ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ് എന്ന നിന്റെ രക്ഷിതാവിന്റെ വചനം നിറവേറിയിരിക്കുന്നു. (വി. ഖു11:119)

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ ഇവരുടെമേലും (ശിക്ഷയെപറ്റിയുള്ള) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. തീര്‍ച്ചയായും അവര്‍ നഷ്ടം പറ്റിയവരായിരുന്നു. (വി. ഖു 41: 25)


നരകത്തിലെ സ്ഥിരവാസത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍

തൌഹീദ് ഉള്‍കൊള്ളുകയും അല്ലാഹുവില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുകയും എന്നാല്‍ അവര്‍ ഇതര തെറ്റുകള്‍ ചെയ്യുകയും അവര്‍ക്ക് നന്മകള്‍ കുറയുകയും തിന്മകള്‍ പെരുകുകയും ചെയ്തു; അത്തരം ആളുകള്‍ അല്ലാഹുവിന്റെ കാരുണ്യത്തിനുമുന്നില്‍ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടില്ലായെങ്കില്‍ അവര്‍ നരകത്തില്‍ പ്രവേശിക്കപ്പെടുന്നതാണ്. പിന്നീട് അവര്‍ ശുപാര്‍ശകരുടെ ശഫാഅത്തിനാല്‍ നരകത്തില്‍ നിന്ന് പുറത്ത് കടക്കും. നന്മകള്‍ ഒട്ടും ചെയ്യാത്ത ഒരു വിഭാഗവും അല്ലാഹുവിന്റെ കാരുണ്യത്താല്‍ പുറത്തുകടക്കും.


നരകശിക്ഷ വാഗ്ദാനം ചെയ്യപ്പെട്ട പാപങ്ങള്‍

നരകശിക്ഷ വാഗ്ദാനം ചെയ്യപ്പെട്ട പാപങ്ങള്‍ നിരവധിയാണ്. അവയില്‍ ആളുകളെ നിത്യനിവാസികളാക്കുന്ന പാപങ്ങളും അല്ലാത്തവയുമുണ്ട്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ നരകവാസികളുടെ കര്‍മ്മങ്ങളെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി നല്‍കി: “അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍, മുര്‍സലീങ്ങളെ കളവാക്കല്‍, കുഫ്റ്, അസൂയ, കളവ്, ചതി, അക്രമം, നീചവൃത്തികള്‍, വഞ്ചന, കുടുംബ ബന്ധം വിഛേദിക്കല്‍, ജിഹാദിനെക്കുറിച്ചുള്ള ഭീരുത്വം, പിശുക്ക്, രഹസ്യത്തിലും പരസ്യത്തിലും ഇരട്ടത്താപ്പ്, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടല്‍, അല്ലാഹുവിന്റെ ശിക്ഷയില്‍ നിര്‍ഭയനാകല്‍, മുസ്വീബത്തുകളില്‍ പൊറുതികേട് കാണിക്കല്‍, അനുഗ്രഹം ലഭിക്കുമ്പോള്‍ അഹങ്കരിക്കല്‍, അല്ലാഹു നിര്‍ബന്ധമാക്കിയത് ഉപേക്ഷിക്കല്‍, അല്ലാഹുവിന്റെ അതിര്‍വരമ്പുകള്‍ മുറിച്ചുകടക്കല്‍, ഹറാമുകള്‍ പ്രവൃത്തിക്കല്‍, സൃഷ്ടാവിനെ ഭയക്കാതെ സൃഷ്ടികളെ ഭയക്കല്‍, ലോകമാന്യതക്ക് പ്രവര്‍ത്തിക്കല്‍, വിശ്വാസത്തിലും കര്‍മ്മത്തിലും കിതാബിനോടും സുന്നത്തിനോടും എതിരു പ്രവര്‍ത്തിക്കല്‍, അല്ലാഹുവിനെ ധിക്കരിച്ച് സൃഷ്ടികളെ അനുസരിക്കല്‍, അസത്യത്തിന് പക്ഷം ചേരല്‍, അല്ലാഹുവിന്റെ വചനങ്ങളെ പരിഹസിക്കല്‍, സത്യം തമസ്കരിക്കല്‍, നിര്‍ബന്ധമായും വെളിപ്പെടുത്തേണ്ട സാക്ഷ്യവും അറിവും മറച്ചുവെക്കല്‍, സിഹ്റ്, മാതാപിതാക്കളെ മനസാ വാചാ കര്‍മ്മണാ ദ്രോഹിക്കല്‍, അന്യായമായ മനുഷ്യവധം, അനാഥക ളുടെ സ്വത്തുഭുജിക്കല്‍, പലിശ, യുദ്ധമുഖത്തുനിന്ന് തിരിഞ്ഞോടല്‍, സത്യവിശ്വാസിനികളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കല്‍.” (യക്വ്ളതു ഉലില്‍ ഇഅ്തിബാര്‍. പേ:222)


നരകശിക്ഷ വാഗ്ദാനം ചെയ്യപ്പെട്ട ഏതാനും പാപങ്ങള്‍ ഈ അദ്ധ്യായത്തില്‍ സലക്ഷ്യം നല്കുന്നു:


ഒന്ന്: അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍

അല്ലാഹു പറയുന്നു: അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു. നരകം അവന്റെ വാസസ്ഥലം ആയിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. (വി.ഖു.5:72)

അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:അല്ലാഹുവിന് സമന്‍മാരെ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ആരെ ങ്കിലും മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചതു തന്നെ. (ബുഖാരി)

അല്ലാഹുവില്‍ ഒന്നിനേയും പങ്കുചേര്‍ക്കാതെ അവനെ (മരണാനന്തരം) കണ്ടുമുട്ടുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു. അവനില്‍ വല്ലതിനേയും പങ്കുചേര്‍ത്തുകൊണ്ട് (മരണാനന്തരം) കണ്ടുമുട്ടിയവന്‍ നരകത്തില്‍ പ്രവേശിച്ചിരിക്കുന്നു. (മുസ്ലിം)

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ഒരു ഈച്ചയുടെ വിഷയത്തില്‍ ഒരാള്‍ സ്വര്‍ഗത്തിലും, ഒരാള്‍ നരകത്തിലും പ്രവേശിച്ചു. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അതെങ്ങനെ? നബി(സ) പറഞ്ഞു: രണ്ട് പേര്‍ ഒരു സമൂഹത്തിലൂടെ നടന്നു. അവര്‍ക്ക് ഒരു വിഗ്രഹമുണ്ടായിരുന്നു. അതിന് ബലിയര്‍പ്പിക്കാതെ ആരും അതിലുടെ കടന്നു പോകാറില്ല. അവര്‍ അവരിലൊരാളോട് പറഞ്ഞു; വല്ലതും ബലിയര്‍പ്പിക്കൂ. അയാള്‍ പറഞ്ഞു; എന്റെ അരികില്‍ ബലിയര്‍പ്പിക്കുവാന്‍ യാതൊന്നുമില്ല. അവര്‍ പറഞ്ഞു: ഒരു ഈച്ചയേയെങ്കിലും ബലിയര്‍പ്പിക്കൂ. അയാള്‍ ഒരു ഈച്ചയെ ബലിയര്‍പ്പിച്ചപ്പോള്‍ അവര്‍ അയാളെ വെറുതെ വിട്ടു. അങ്ങനെ അയാള്‍ നരകത്തില്‍ പ്രവേശിച്ചു. അവര്‍ അപരനോട് പറഞ്ഞു: വല്ലതും ബലിസമര്‍പ്പിക്കൂ. അയാള്‍ പറഞ്ഞു: ‘അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും യാതൊന്നും ബലിയര്‍പ്പിക്കുന്നവനല്ല ഞാന്‍.’ അവര്‍ അയാളുടെ പിരടിവെട്ടി. അങ്ങനെ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.


രണ്ട് : അല്ലാഹുവേയും ദുതനേയും ധിക്കരിക്കലും നിയമ പരിധികള്‍ ലംഘിക്കലും

അല്ലാഹു പറയുന്നു:ആര്‍ അല്ലാഹുവേയും അവന്റെ ദുതനേയും ധിക്കരിക്കുക യും അവന്റെ നിയമപരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്. (വി.ഖു.4:14)


മൂന്ന്: വിധിവിശ്വാസത്തെ കളവാക്കല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:ആരെങ്കിലും ‘ക്വദ്റി’ന്റെ ഖൈറിലും ശര്‍റിലും വിശ്വസിച്ചിട്ടില്ലെങ്കില്‍ അവനെ അല്ലാഹു നരകാഗ്നിയാല്‍ ചുട്ടുകരിക്കുന്നതാണ്. ഇബ്നുദ്ദയ്ലമിയില്‍ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:”ഞാന്‍ ഉബയ്യ് ഇബ്നു കഅ്ബിന്റെ അടുത്ത് ചെന്നു. ഞാന്‍ പറഞ്ഞു: എന്നില്‍ ‘ക്വദ്റി’നെക്കുറിച്ച് ചില (സന്ദേഹമുള്ള) കാര്യങ്ങളുണ്ട്, താങ്കള്‍ എനിക്ക് വല്ലതും പറഞ്ഞുതരിക; ഒരുവേള അതുകൊണ്ട് അല്ലാഹു എന്റെ ഹൃദയത്തില്‍ നിന്ന് അവ നീക്കി തരും. അപ്പോള്‍ അദ്ദേഹം പറഞ്ഞു: താങ്കള്‍ ‘ക്വദ്റി’ല്‍ വിശ്വസിക്കുന്നതുവരേയും, താങ്കള്‍ക്ക് ബാധിച്ച ഒന്നും തന്നെ താങ്കളില്‍നിന്ന് തെറ്റിപോകുമായിരുന്നില്ലെന്നും താങ്കളില്‍ നിന്ന് തെറ്റിപ്പോയത് താങ്കള്‍ക്ക് ഏല്‍ക്കുമായിരുന്നില്ലെന്നും താങ്കള്‍ മനസ്സിലാക്കുന്നതുവരേയും ഉഹ്ദ് മലയോളം സ്വര്‍ണ്ണം താങ്കള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചാലും, അല്ലാഹു താങ്കളില്‍നിന്ന് സ്വീകരിക്കുകയില്ല. ഇതിലല്ലാതെ (ക്വദ്റിലുള്ള ഈ വിശ്വാസത്തിലല്ലാതെ)യാണ് താങ്കള്‍ മരണപ്പെടുന്നതെങ്കില്‍ താങ്കള്‍ നരകാഗ്നിയുടെ ആളുകളില്‍ പെട്ടുപോകും, തീര്‍ച്ച.” 

(ഇബ്നു ദ്ദയ്ലമി) പറയുന്നു: “ഞാന്‍ ഇബ്നു മസ്ഊദ്(റ), ഹുദൈഫതുല്‍ യമാന്‍(റ), സയ്ദു ഇബ്നു ഥാബിത്ത് (റ), എന്നിവരുടെ അടുത്തും ചെന്നു. എല്ലാവരും ഇതുപോലെ എന്നോട് പ്രവാചകന്‍ (റ) യുടെ ഹദീഥ് പറഞ്ഞുതന്നു.


നാല്: നമസ്കാരം ഉപേക്ഷിക്കല്‍

അല്ലാഹു പറയുന്നു:എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍ തലമുറവന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം(നരകം) അവര്‍ കണ്ടെത്തുന്നതാണ്. എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല. വി.ക്വു. (19:59,60)

തങ്ങള്‍ നരകത്തില്‍ പ്രവേശിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ ചോദിക്കുമ്പോള്‍ നരകവാസികള്‍ നരകത്തില്‍വെച്ച് പറയുന്ന മറുപടി നോക്കൂ. അല്ലാഹു പറയുന്നു:

ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍(വലതു പക്ഷക്കാര്‍). അവര്‍ അന്വേഷിക്കും; കുറ്റവാളികളെപ്പറ്റി നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്. അവര്‍(കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. (വി. ക്വു.74:40,41,42,43)


അഞ്ച്: അഹ്ലുസുന്നത്തിനോട് എതിരാകുന്ന കക്ഷിത്വം

നബി (സ) പറഞ്ഞു:’അറിയുക, നിശ്ചയം നിങ്ങളുടെ പൂര്‍വ്വികരായ വേദക്കാര്‍ എഴുപത്തിരണ്ടുകക്ഷികളായി പിരിയുകയുണ്ടായി. ഈ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. (അതില്‍) എഴുപത്തിരണ്ടും നരകത്തിലാണ്. ഒന്ന് സ്വര്‍ഗത്തിലാണ്. അതത്രെ അല്‍ജമാഅഃ (അഥവാ പ്രവാചകന്‍(സ)യും സ്വഹാബികളും നിലനിന്ന മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍).


ആറ് : ദീന്‍ ബലി നല്‍കേണ്ടിവന്നിട്ടും ഹിജ്റ പോകാതിരിക്കല്‍

അവിശ്വാസികള്‍ക്കിടയില്‍ താമസിക്കുമ്പോള്‍ ആദര്‍ശം പണയപ്പെടുത്തേണ്ടിവരുമെന്ന അവസ്ഥയുണ്ടായാല്‍ തന്റെ ദീനിനെ സംരക്ഷിക്കുവാന്‍ വിശ്വാസികള്‍ക്കിടയില്‍ മാറി താമസിക്കലാണ് ഹിജ്റ. ഹിജ്റയിലൂടെ ലക്ഷ്യമാക്കേണ്ടതും ആദര്‍ശസംരക്ഷണമാണ്. പ്രസ്തുത ലക്ഷ്യത്തിനുവേണ്ടി ഹിജ്റ പോകല്‍ മുസ്ലിമിന് നിര്‍ബന്ധമാണ്. തന്റെ ദീന്‍ ബലി നല്‍കേണ്ടി വന്നിട്ടും അവിശ്വാസികള്‍ക്കിടയില്‍ ഒരാള്‍ കഴിയുന്നുവെങ്കില്‍ ആ ആദര്‍ശ ശത്രുക്കളായ അവിശ്വാസികളോടുള്ള സ്നേഹവും കൂറുമാണ് അത് അിറയിക്കുന്നത്. ഇവിടെയാണ് ഹിജ്റക്ക് സാധ്യമാണെങ്കില്‍ അവിശ്വാസികള്‍ക്കിടയില്‍ താമസിക്കുന്നതിനെ അല്ലാഹു നിഷിദ്ധമാക്കിയത്. അല്ലാഹു പറയുന്നു:

(അവിശ്വാസികള്‍ക്കിടയില്‍ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും. നിങ്ങളെന്ത് നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നില്ലേ? എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കുവാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാവാതെ അടിച്ചൊതുക്കപ്പെട്ടവരായി കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്ന് ഒഴിവാകുന്നു. അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പ് നല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പ് നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു. (വി. ഖു. 4:97-99)


ഏഴ് : വിധിയില്‍ അക്രമം കാണിക്കുന്നവര്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:’വിധികര്‍ത്താക്കള്‍ മൂന്നുകൂട്ടരാണ്. ഒരാള്‍ സ്വര്‍ഗത്തിലും രണ്ടുപേര്‍ നരകത്തിലുമാണ്. സ്വര്‍ഗത്തിലുള്ള വ്യക്തി, സത്യം അിറയുകയും അത് വിധിക്കുകയും ചെയ്തവനാണ്. എന്നാല്‍ മറ്റൊരാള്‍ സത്യം അറിഞ്ഞിട്ടും വിധിയില്‍ അക്രമം കാണിച്ചവനാണ്. അതിനാല്‍ അയാള്‍ നരകത്തിലാണ്. വേറൊരാള്‍, ജഹ്ല് (വിവരക്കേട്) കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിധിപറഞ്ഞു. അതിനാല്‍ അയാളും നരകത്തിലാണ്.


എട്ട് : നബിയുടെ പേരില്‍ കളവുപറയല്‍

അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു:നിങ്ങള്‍ എന്റെ പേരില്‍ കളവ് പറയരുത്. കാരണം, ആരെ ങ്കിലും എന്റെ പേരില്‍ കളവുപറഞ്ഞാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കട്ടേ… (ബുഖാരി,മുസ്ലിം)


ഒമ്പത്: കിബ്റ് അഥവാ അഹങ്കാരം

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:(നരകവും സ്വര്‍ഗവും തര്‍ക്കിച്ചു. അപ്പോള്‍ നരകം പറഞ്ഞു: എന്നില്‍ അഹങ്കാരികളും സ്വേച്ഛാധിപതികളും പ്രവേശിക്കും. അപ്പോള്‍ (സ്വര്‍ഗം) പറഞ്ഞു: എന്നില്‍ എല്ലാ ദുര്‍ബലരും സാധുക്കളും പ്രവേശിക്കും. അപ്പോള്‍ നരകത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ ശിക്ഷയാണ്, നിന്നെക്കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കും. (നിന്നെ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തീ ഏല്‍പ്പിക്കും) (സ്വര്‍ഗത്തോട്) അല്ലാഹു പറഞ്ഞു: നീ എന്റെ കാരുണ്യമാണ് നിന്നെക്കൊണ്ട് ഞാനുദ്ദേശിക്കുന്നവരോട് കരുണ കാണിക്കും. നിങ്ങള്‍ രണ്ടുപേര്‍ക്കും അവനിറയെ (ആളുകള്‍) ഉണ്ട്. (മുസ്ലിം)

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:സ്വര്‍ഗവാസികള്‍ ആരെന്ന് ഞാന്‍ നിങ്ങളോടു പറയട്ടെ? എല്ലാ ദുര്‍ബലരും അശക്തരായി ഗണിക്കപ്പെടുന്നവരുമാണ്. അയാള്‍ അല്ലാഹുവില്‍ സത്യം ചെയ്താല്‍, അവന്‍ സത്യം ചെയ്ത കാര്യത്തിന് അല്ലാഹു ഉത്തരമേകും. ആരാണ് നരകവാസികള്‍ എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞുതരട്ടയോ? എല്ലാ അഹങ്കാരികളും ക്രൂരരും പരുഷസ്വഭാവികളുമാണ്. (ബുഖാരി, മുസ്ലിം)


പത്ത് : ചതിയും കുതന്ത്രവും

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞുകുതന്ത്രങ്ങളും ചതിപ്രയോഗങ്ങളും നരകാഗ്നിയിലാണ്


പതിനൊന്ന് : ഹറാമായത് ഭക്ഷിക്കല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നിഷിദ്ധ സമ്പാദ്യത്തിലൂടെ വളരുന്ന മാംസത്തിന് ഏറ്റവും അര്‍ഹമായത് നരകമാണ്


പന്ത്രണ്ട്: വസ്ത്രം വലിച്ചിഴക്കല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:രണ്ട് ഞെരിയാണികള്‍ക്ക് താഴെയുള്ള തുണിയുടെ ഭാഗം നരകത്തിലാണ്.


പതിമൂന്ന്: അന്യായമായ മനുഷ്യവധം

അല്ലാഹു പറഞ്ഞു:ആരെങ്കിലും ഒരു സത്യവിശ്വാസിയെ മന:പൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവനുവേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്. (വി.ക്വു.4:93)


പതിനാല്: വധിക്കുവാന്‍ അന്യോന്യം വാളോങ്ങുന്നവര്‍

അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:രണ്ടു മുസ്ലിംകള്‍ അന്യോന്യം വാളോങ്ങിയാല്‍. കൊന്നവ നും കൊല്ലപ്പെട്ടവനും നരകത്തിലാണ്. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, കൊന്നവന്‍ നരകത്തിലാണ്. എന്നാല്‍ കൊല്ലപ്പെട്ടവന്റെ കാര്യം എന്താണ്? പ്രവാചകന്‍ (സ) പറഞ്ഞു: തന്റെ കൂട്ടുകാരനെ കൊല്ലുവാന്‍ അയാള്‍ ഉദ്ദേശിച്ചിരുന്നില്ലെ? (മുസ്ലിം)

ഇതുകൊണ്ടാണ് ആദം(അ)യുടെ രണ്ടുമക്കളില്‍ സത്വൃത്തനായ മകന്‍ തന്റെ സഹോദരനെ വധിക്കുവാന്‍ കൈനീട്ടാതിരുന്നത്. ഘാതകനായവന്‍ രണ്ടുപേരുടേയും പാപം പേറുകയും ചെയ്തു. അല്ലാഹു പറഞ്ഞു:

(നബിയേ,) നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പ്പിക്കുക. അവര്‍ ഇരുവരും ഒരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം. ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ‘ഞാന്‍ നിന്നെ കൊലപ്പെടുത്തുകതന്നെ ചെയ്യും.’ അവന്‍ (ബലി സ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ‘ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളു.’ ‘എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.’ ‘എന്റെ കുറ്റത്തിനും, നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം.’ (വി.ക്വു.5:27-29)


പതിനഞ്ച്: പരോപദ്രവം

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ക്കറിയുമോ അരാണ് ‘മുഫ്ലിസ്’(പാപ്പരായവന്‍) എന്ന്? അവര്‍ പറഞ്ഞു: ഞങ്ങളില്‍ ‘മുഫ്ലിസ്’ യാതൊരു ദിര്‍ഹമും വിഭവങ്ങളും ഇല്ലാത്തവരാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ ഉമ്മത്തികളിലെ ‘മുഫ്ലിസ് ‘ അന്ത്യനാളില്‍ സ്വലാത്തും, നോമ്പും, സകാത്തുമായി വരുന്നവനാണ്. അവന്‍ വരും; ഒരാളെ ചീത്ത പറഞ്ഞിരിക്കും. ഒരാളെപറ്റി അപവാദം പറഞ്ഞിരിക്കും. ഒരാളുടെ സമ്പത്തു (അന്യായമായി) തിന്നിരിക്കും, ഒരാളുടെ രക്തം ചിന്തിയിരിക്കും. ഒരാളെ അടിച്ചിരിക്കും. അപ്പോള്‍ ഒരോരുത്തര്‍ക്കും ഇയാളുടെ ന•കള്‍ എടുത്ത് നല്‍കപ്പെടും. തന്റെമേല്‍ ബാധ്യതയു ള്ളത് നല്‍കുന്നതിനുമുമ്പ് അയാളുടെ നന്മകള്‍ തിര്‍ന്നാല്‍ അവരുടെ തിന്മകള്‍ ഇയാളിലേക്ക് എറിയപ്പെടും. ശേഷം അയാളും നരകത്തില്‍ എറിയപ്പെടും. (മുസ്ലിം)


പതിനാറ്: പലിശ തിന്നല്‍

അല്ലാഹു പറഞ്ഞു:പലിശ തിന്നുന്നവര്‍ പിശാച്ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നതു പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെ തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (വി.ഖു.2:275)

സത്യവിശ്വാസികളെ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം. സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (വി.ക്വു.3:130-131)


പതിനേഴ് : അന്യായമായി ജനങ്ങളുടെ സമ്പത്ത് തിന്നല്‍

അല്ലാഹു പറഞ്ഞു:സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുകള്‍ അന്യായമായി നിങ്ങളന്യോന്യം എടുത്തു തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്നപക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു. (വി. ക്വു.4:29,30)


പതിനെട്ട്: അന്യായമായി അനാഥകളുടെ സ്വത്ത് തിന്നല്‍

അല്ലാഹു പറഞ്ഞു:തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിയെരിയുന്നതുമാണ്. (വി.ക്വു. 4:10)


പത്തൊമ്പത് : ചിത്രരചന, രൂപപ്പെടുത്തല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:അന്ത്യനാളില്‍ അതികഠിനമായ ശിക്ഷയുള്ളത് അല്ലാഹുവി ന്റെ സൃഷ്ടിപ്പിനോട് സദൃശ്യരാകുന്നവര്‍ക്കാണ്. (ബുഖാരി)

ഇബ്നു അബ്ബാസ്(റ)വില്‍നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നതായി ഞാന്‍ കേട്ടു:

എല്ലാ മുസ്വവ്വിറുകളും (രൂപമുണ്ടാക്കുന്നവരും) നരകത്തിലാണ്. അവനുണ്ടാക്കിയ എല്ലാ രൂപങ്ങള്‍ക്കും അന്ത്യനാളില്‍ ആത്മാവ് നല്‍കപ്പെടും. അവകള്‍ കൊണ്ട് അവനെ നരകാഗ്നിയില്‍ ശിക്ഷിക്കും. (ബുഖാരി, മുസ്ലിം)ഇബ്നു അബ്ബാസ്(t)വില്‍ നിന്നു(അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞതായി) നിവേദനം:ആരെങ്കിലും ദുനിയാവില്‍ ഒരു രൂപമുണ്ടാക്കിയാല്‍ അതില്‍ ആത്മാവ് ഊതുവാന്‍ അന്ത്യനാളില്‍ അവന്‍ നിര്‍ബന്ധിക്കപ്പെടും. ഒരിക്കലും അവന് ഊതുവാനാകില്ല (ബുഖാരി)

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:അല്ലാഹു പറഞ്ഞിരിക്കുന്നു. എന്റെ സൃഷ്ടിപ്പ് പോലെ സൃഷ്ടിക്കുവാന്‍ തുനിയുന്നവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? എങ്കില്‍ അവര്‍ അണുമണി സൃഷ്ടിക്കട്ടെ, അല്ലെങ്കില്‍ അവര്‍ ധാന്യമണി സൃഷ്ടിക്കട്ടെ, അതുമല്ലെങ്കില്‍ ഒരു ബാര്‍ലി സൃഷ്ടിക്കട്ടെ (ബുഖാരി, മുസ്ലിം)


ഇരുപത്: അല്ലാഹുവിന്റെ ശത്രുക്കളായ അക്രമികളോട് പക്ഷം ചേരല്‍

അല്ലാഹു പറഞ്ഞു:അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള്‍ ചായരുത്. എങ്കില്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് രക്ഷാധികാരികളേയില്ല. പിന്നീട് നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല. (വി.ക്വു.11:113)


ഇരുപത്തി ഒന്ന് : സ്ത്രീകള്‍ നഗ്നത വെളിവാക്കല്‍, ജനങ്ങളെ തല്ലല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:”രണ്ടു വിഭാഗം ആളുകള്‍ നരകവാസികളാണ്. അവരെ ഞാന്‍ കണ്ടിട്ടില്ല. ഒരു വിഭാഗം അവരുടെ കയ്യില്‍ പശുവിന്റെ വാലുകള്‍ പോലുള്ള ചമ്മട്ടികളുണ്ട്; അവകൊണ്ട് അവര്‍ ജനങ്ങളെ അടിക്കുന്നു. (രണ്ടാമത്തെ വിഭാഗം) വസ്ത്രം ധരിച്ച എന്നാല്‍ നഗ്നതയുടുത്ത (മറ്റുള്ളവരെ തങ്ങളിലേക്ക്) ചായിപ്പിക്കുന്ന, (മറ്റുള്ളവരിലേക്ക്) ചായുന്ന സ്ത്രീകളാണ്. അവരുടെ തലകള്‍ ചാഞ്ഞ് ആടുന്ന ഒട്ടക പൂഞ്ഞകള്‍ പോലെയാണ്. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അവര്‍ സ്വര്‍ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല. സ്വര്‍ഗീയ പരിമളമാകട്ടെ വളരെ വിദൂരതയില്‍ തന്നെ അനുഭവപ്പെടുന്നതാകുന്നു.” (ബുഖാരി)


ഇരുപത്തി രണ്ട്: മൃഗങ്ങളെ ശിക്ഷിക്കല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നരകം എന്നോട് അടുത്തു. ഞാന്‍ ചോദിച്ചു പോയി. രക്ഷിതാ വേ, ഞാനും അവരോടൊപ്പമാണോ? അപ്പോഴതാ (നരകത്തില്‍) ഒരു സ്ത്രീയെ പൂച്ച മാന്തിപ്പറിക്കുന്നു. ഞാന്‍ ചോദിച്ചു. ഇവളുടെ വിഷയം എന്താണ്? അവര്‍ പറഞ്ഞു: ആ സ്ത്രീ ആ പൂച്ചയെ ബന്ധിച്ചുവെച്ചു. വിശപ്പു സഹിച്ച് പൂച്ച ചത്തുപോയി (ബുഖാരി)


ഇരുപത്തി മൂന്ന്: വിജ്ഞാനം തേടുന്നതില്‍ ആത്മാര്‍ത്ഥതയില്ലായ്മ

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:ഒരാള്‍ ഒരു അറിവ്, അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കു വേണ്ടി നേടി. അല്ലെങ്കില്‍ ആ അറിവുകൊണ്ട് അല്ലാഹു അല്ലാത്തവരെ ഉദ്ദേശിച്ചു. എങ്കില്‍ അവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കികൊള്ളട്ടെ…..


ഇരുപത്തി നാല്: സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും പാത്രത്തില്‍ കുടിക്കല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പാത്രത്തില്‍ കുടിക്കു ന്നവര്‍ തന്റെ വയറ്റിലേക്ക് കുടിച്ചിറക്കുന്നത് നരകത്തീയാകുന്നു. (ബുഖാരി)


ഇരുപത്തി അഞ്ച്: ഹറമില്‍ വൃക്ഷം മുറിക്കല്‍

ആരെങ്കിലും ഹറമുകളിലെ മരം മുറിച്ചുമാറ്റിയാല്‍ അവന്റെ തല അല്ലാഹു നരകത്തില്‍ വീഴ്ത്തും.


ഇരുപത്തി ആറ് : ആത്മഹത്യ

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:ആരെങ്കിലും തന്റെ ശരീരത്തെ ഇരുമ്പിന്റെ ആയുധം കൊണ്ട് കൊന്നാല്‍, നരകത്തിലും ആ ആയുധം തന്റെ കയ്യിലുണ്ടായിരിക്കും. നരകത്തീയില്‍ അതുകൊണ്ട് തന്റെ വയറ്റില്‍ എന്നെന്നേക്കുമായി അവന്‍ കുത്തികൊണ്ടിരിക്കും. ഒരാള്‍ വിഷം കഴിച്ച്ആത്മഹത്യ ചെയ്താല്‍, നരകത്തീയിലും ആ വിഷം എന്നെന്നേക്കുമായി അയാള്‍ കഴിച്ചുകൊണ്ടേയിരിക്കും. ഒരാള്‍ മലമുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍ നരകത്തീയിലും അയാള്‍ എന്നെന്നേക്കുമായി ഉയരത്തില്‍ നിന്ന് ചാടികൊണ്ടിരിക്കും. (ബുഖാരി)

മറ്റൊരു രിവായത്തില്‍:ഒരാള്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്താല്‍ നരകത്തിലും അ യാള്‍ തന്റെ ശരീരത്തെ കുരുക്കിട്ടുകൊണ്ടിരിക്കും. ഒരാള്‍ സ്വന്തത്തെ കുത്തികൊന്നാല്‍, നരകത്തിലും അയാള്‍ സ്വന്തത്തെ കുത്തികൊണ്ടിരിക്കും. (ബുഖാരി)


ഇരുപത്തി ഏഴ്: നാവും ലൈംഗികാവയവും സൂക്ഷിക്കാതിരിക്കല്‍

അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) ചോദിക്കപ്പെട്ടു: ജനങ്ങളെ ഏറ്റ വും കൂടുതല്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണ്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിലുള്ള തക്വ്വയും സത്സ്വഭാവവും.’ പ്രവാചകന്‍ (സ) ചോദിക്കപ്പെട്ടു: ജനങ്ങളെ ഏറ്റവും കൂടുതല്‍ നരകത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണ്? അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘വായയും ഗുഹ്യാവയവും’. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:

തീര്‍ച്ചയായും ഒരു അടിമ അല്ലാഹുവിന് തൃപ്തിയുളവാക്കു ന്ന ഒരു വാചകം പറയും; അതിന് അയാള്‍ വലിയ ഗൌരവം നല്‍കിയിട്ടുണ്ടാകില്ല. അത് കാരണം അല്ലാഹു അവനെ ധാരാളം പദവികള്‍ ഉയര്‍ത്തും. ഒരു അടിമ അല്ലാഹുവിനെ ദേഷ്യപ്പെടുത്തുന്ന വാക്ക് ഉച്ചരിക്കും; അതിന് അയാള്‍ വലിയ ഗൌരവം നല്‍കിയിട്ടുണ്ടാകില്ല. അത് അവനെ നരകത്തില്‍ വീഴ്ത്തും (ബുഖാരി)

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:തീര്‍ച്ചയായും ഒരു അടിമ ഒരു വാചകം പറയും; ആ വാചകത്തിലെ ആശയം ആലോചിക്കുകയോ ആന്വേഷിക്കുകയോ ചെയ്യാതെ. പ്രസ്തുത വാചകം കാരണത്താല്‍ അയാള്‍ കിഴക്കിനും പടിഞ്ഞാറിനുമിടയിലുള്ളതിനേക്കാള്‍ വിദൂരമായി നരകത്തിലേക്ക് തെന്നിവീഴും (ബുഖാരി, മുസ്ലിം)


ഇരുപത്തി എട്ട് : അയല്‍വാസിയെ ഉപദ്രവിക്കല്‍

ഒരാള്‍ ചോദിച്ചു:”അല്ലാഹുവിന്റെ ദൂതരെ, തീര്‍ച്ചയായും ഒരു സ്ത്രീ അവള്‍ രാത്രിയില്‍ നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. അവള്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദാനദര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു, അതോടൊപ്പം അവള്‍ തന്റെ നാവ് കൊണ്ട് അവളുടെ അയല്‍വാസിയെ ഉപദ്രവിക്കുന്നു. (അവരുടെ അവസ്ഥയെന്താണ്)? അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: “അവളില്‍ ഒരു ന•യുമില്ല. അവള്‍ നരകവാസികളില്‍ പെട്ടവളാണ്. അവര്‍ ചോദിച്ചു; ഒരു സ്ത്രീ അവള്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ നമസ്കരിക്കുന്നു, ഉണങ്ങിയ വെണ്ണക്കട്ട ദാനം ചെയ്യുകയും ചെയ്യുന്നു, അവള്‍ ഒരാളെയും ബുദ്ധിമുട്ടിക്കുന്നില്ല, (അവരുടെ അവസ്ഥയെന്താണ്)? അല്ലാഹുവിന്റെ ദൂതര്‍ (സ) പറഞ്ഞു: “അവള്‍ സ്വര്‍ഗവാസികളില്‍ പെട്ടവളാണ്.


ഇരുപത്തി ഒമ്പത്: പറയുന്നത് പ്രാവര്‍ത്തികമാക്കാത്ത പ്രബോധകന്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: അന്ത്യനാളില്‍ ഒരാളെ കൊണ്ടുവരപ്പെടും. അയാള്‍ നരകാ ഗ്നിയില്‍ എറിയപ്പെടും. അപ്പോള്‍ അയാളുടെ കുടല്‍മാലകള്‍ നരകത്തീയില്‍ തെറിച്ച് വീഴും. ആട്ടുകല്ലില്‍ ധാന്യം പൊടിച്ചു കൊണ്ട് കഴുത കറങ്ങുന്നതുപോലെ അയാള്‍ നരകത്തില്‍ കറങ്ങും. നരകവാസികള്‍ അയാളുടെ ചുറ്റും ഒരുമിച്ചുകൂടും. അവര്‍ ചോദിക്കും: ഏ മനുഷ്യാ, താങ്കളുടെ കാര്യം എന്താണ്? താങ്കള്‍ ഞങ്ങളോട് നന്മ കല്പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നില്ലേ? അയാള്‍ പറയും: ഞാന്‍ നിങ്ങളോട് നന്മകല്പ്പിച്ചിരുന്നു; അത് ഞാന്‍ ചെയ്തിരുന്നില്ല. ഞാന്‍ നിങ്ങളോട് തി• വിരോധിച്ചിരുന്നു; ഞാന്‍ അത് ചെയ്യുമായിരുന്നു”.


മുപ്പത്: മദ്യപാനം

നബി ( സ) പറഞ്ഞു:ഒരാള്‍ മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താല്‍ അവന്റെ നാല്‍പ്പത് പ്രഭാതങ്ങളിലെ നമസ്കാരം സ്വീകരിക്കപ്പെടില്ല. അവന്‍ മരിച്ചാല്‍ നരകത്തില്‍ പ്രവേശിക്കും. അവന്‍ അല്ലാഹുവിലേക്ക് തൌബ ചെയ്ത് മടങ്ങിയാല്‍ അല്ലാഹു അവന്റെ തൌബ സ്വീകരിക്കും. വീണ്ടും അവന്‍ (പൂര്‍വ്വ സ്ഥിതിയിലേക്ക്) മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലകപ്പെടുകയും ചെയ്താല്‍ അവന്റെ നാല്‍പ്പത് പ്രഭാത നമസ്കാരങ്ങള്‍ അവനില്‍നിന്ന് സ്വീകാര്യമല്ല. അവന്‍ മരണമടഞ്ഞാല്‍ നരകത്തില്‍ പ്രവേശിക്കും. അവന്‍ പശ്ചാതപിച്ചാല്‍ അവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും. 

വീണ്ടും അവന്‍ മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താല്‍ അവന്റെ നാല്‍പ്പത് പ്രഭാത നമസ്കാരങ്ങള്‍ അവനില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല അവന്‍ മരണമടഞ്ഞാല്‍ നരകത്തിലായിരിക്കും. അവന്‍ വീണ്ടും പശ്ചാതപിച്ചാല്‍ അവന്റെ തൌബ അല്ലാഹു സ്വീകരിക്കും. വീണ്ടുമൊരിക്കല്‍ കൂടി അവന്‍ (പൂര്‍വ്വ സ്ഥിതിയിലേക്ക്) മടങ്ങിയാല്‍ അവനെ അന്ത്യനാളില്‍ ‘റദ്ഗതുല്‍ഖബാല്‍’ കുടിപ്പിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് ‘റദ്ഗതുല്‍ ഖബാല്‍’? അദ്ദേഹം പറഞ്ഞു: നരകവാസികളെ പിഴിഞ്ഞുണ്ടാക്കിയ ദ്രാവകം.


മുപ്പത്തി ഒന്ന്: പുരുഷ വര്‍ഗം സ്വര്‍ണ്ണം ധരിക്കല്‍ഇബ്നു അബ്ബാസ്(റ)വില്‍നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം.

അല്ലാഹുവിന്റെ റസൂല്‍ (സ) ഒരാളുടെ കയ്യില്‍ സ്വര്‍ണ്ണത്തിന്റെ ഒരു മോതിരം കണ്ടു. അപ്പോള്‍ അത് അദ്ദേഹം ഊരിയെടുത്തെറി ഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു: നിങ്ങളിലൊരാള്‍ നരകാഗ്നിയിലെ ഒരു തീക്കനല്‍ ലക്ഷ്യമാക്കുകയും അത് കയ്യില്‍ ധരിക്കുകയും ചെയ്യുകയോ? അല്ലാഹുവിന്റെ റസൂല്‍(സ) അവിടെനിന്ന് പോയപ്പോള്‍ ആ മനഷ്യനോട് പറയപ്പെട്ടു താങ്കളുടെ മോതിരം എടുത്തു കൊള്ളുക അത് താങ്കള്‍ക്ക് ഉപകരിക്കും. അയാള്‍ പറഞ്ഞു: അല്ലാഹുവാണെ അല്ലാഹുവിന്റെ റസൂല്‍(സ) വലിച്ചെറിഞ്ഞത് ഞാന്‍ എടുക്കില്ല. (മുസ്ലിം)


നരകവാസികളുടെ എണ്ണപ്പെരുപ്പം

ആദം സന്തകളില്‍ നരകത്തില്‍ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ വലുതാണെന്നും സ്വര്‍ഗാവകാശികള്‍ കുറവായിരിക്കുമെന്നും തെളിവുകള്‍ അറിയിക്കുന്നു. അല്ലാഹു പിശാചിനോട് പറയുന്നു:

നിന്നെയും അവരില്‍നിന്ന് നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും. (വി.ഖു .38:85)

തീര്‍ച്ചയായും തന്റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അ വരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ. (വി.ക്വു.34:20)

അവിശ്വാസികളാണ് ആദം സന്തതികളില്‍ അധികവും. അവരെല്ലാവരും നരകത്തീയിലാണ്ടുതാഴും. ആദമിന്റെ മക്കളില്‍ ഓരോ ആയിരം പേരിലും 999 പേര്‍ നരകത്തിലേക്കും ഒരാള്‍ സ്വര്‍ഗത്തിലേക്കുമായിരിക്കും.


അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:അല്ലാഹു പറയും: ആദമേ, നരകത്തിലേക്കുള്ള സംഘത്തെ നിയോഗിക്കൂ… അദ്ദേഹം പറയും: അല്ലാഹുവേ നിന്റെ വിളിക്ക് വീണ്ടും വീണ്ടും ഉത്തരമേകുന്നു. അതില്‍ ഞാന്‍ ഭാഗ്യം കാണുന്നവനാണ്. ന•കള്‍ മുഴുവനും നിന്റെ ഇരു കരങ്ങളിലുമാണ്. അദ്ദേഹം പറയും: ഏതാണ് നരകത്തിലേക്കുള്ള സംഘം? അല്ലാഹു പറഞ്ഞു: എല്ലാ ഒരോ ആയിരത്തില്‍നിന്നും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു പേര്‍. ഇത് പറയുന്നത് ആളുകള്‍ മുടികള്‍ നരബാധിച്ചവരാവുകയും എല്ലാ ഗര്‍ഭിണികളും തങ്ങളുടെ ഗര്‍ഭം പ്രസവിക്കുകയും ജനങ്ങള്‍ ലഹരി ബാധിച്ചവരാവുകയും ചെയ്യുമ്പോള്‍ ആണ്. ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഹരി പിടികൂടിയതല്ല. പക്ഷെ അല്ലാഹുവിന്റെ ശിക്ഷ കഠിനമായതിനാലുള്ള (അന്ധാളിപ്പ് മാത്രമാണ്). അത് സ്വഹാബത്തിന് കഠിനമായി തോന്നി. 

അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളില്‍ ആരാണ് ആ വ്യക്തി? (പ്രവാചകന്‍) പറഞ്ഞു: നിങ്ങള്‍ സന്തോഷിക്കുക. കാരണം, യഅ്ജൂജ് മഅ്ജൂജില്‍ നിന്ന് ആയിരവും നിങ്ങളില്‍നിന്ന് ഒരാളുമായിരിക്കും. പിന്നീട് അദ്ദേഹം പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണ് സത്യം, നിശ്ചയം, സ്വര്‍ഗത്തിന്റെ അഹ്ലുകാരില്‍ മൂന്നില്‍ ഒന്ന് നിങ്ങള്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുകയും തക്ബീര്‍ ചൊല്ലുകയും ചെയ്തു. അദ്ദേഹം പിന്നീട് പറഞ്ഞു; എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് സത്യം. നിശ്ചയം, നിങ്ങള്‍ സ്വര്‍ഗത്തിന്റെ ആളുകളില്‍ പകുതിയാകണം എന്ന് ഞാന്‍ കൊതിക്കുന്നു. ഇതര സമൂഹങ്ങളില്‍ നിങ്ങളുടെ ഉപമ, കറുത്ത ഒരു കാളയുടെ തോലിലെ വെളുത്ത ഒരു രോമത്തെ പോലെയാകുന്നു. അല്ലെങ്കില്‍ കഴുതയുടെ കാലിലെ ഒരു ഇരുണ്ട അടയാളം പോലെയാകുന്നു. (ബുഖാരി)


മനുഷ്യരിലധികവും നരകാവകാശികള്‍

വ്യത്യസ്ത കാലങ്ങളിലും സ്ഥലങ്ങളിലും ജീവിച്ചിരുന്ന മനുഷ്യരില്‍ സിംഹഭാഗവും നരകത്തീയിന് അര്‍ഹരാകുന്നത് അവര്‍ക്ക് സത്യം വന്നെത്താത്തതിനാലല്ല. കാരണം, അല്ലാഹു ദഅ്വത്ത് എത്തിയിട്ടില്ലാത്ത ദാസന്മാരെ ശിക്ഷിക്കുകയില്ലെന്ന് പറഞ്ഞിരിക്കുന്നു:

ഒരു ദൂതനെ അയക്കുന്നതുവരെ നാം (ആരെയും) ശി ക്ഷിക്കുന്നതുമല്ല. (വി.ഖു.17:15)

എല്ലാ സമൂഹങ്ങളിലേക്കും അല്ലാഹു പ്രവാചക•ാരെ നിയോഗിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു:

ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായ വുമില്ല. (വി.ഖു. 35: 24)

എന്നാല്‍ യഥാര്‍ത്ഥ കാരണം, മനുഷ്യര്‍ പ്രവാചകന്മര്‍ക്ക് യഥാവിധം ഉത്തരമേകാത്തതും അവരില്‍ അവിശ്വസിച്ചതുമാണ്. വിശ്വസിച്ചവരില്‍തന്നെ പലരും കപടവിശ്വാസികളായിരുന്നു. ആദം സന്തതികളില്‍ അധികവും നരകവാസികളാണെന്ന് അറിയിക്കുന്ന ഹദീഥുകള്‍ നല്‍കിയ ശേഷം ഇമാം ഇബ്നു റജബുല്‍ ഹംബലി പറയുന്നു: “ഈ ഹദീഥുകളും ഈ ഹദീഥുകളുടെ ആശയങ്ങളുള്ള മറ്റു വചനങ്ങളും ആദം സന്തതികളില്‍ അധികവും നരകവാസിക ളാണെന്ന് അറിയിക്കുന്നു. അപ്രകാരം, നബിമാരെ പിന്‍പ്പറ്റിയവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. അവരും നബിമാരെ പിന്‍പ്പറ്റാത്തവരില്‍ ദഅ്വത്ത് എത്താത്തവരും ദഅ്വത്ത് മനസ്സിലാക്കുവാന്‍ കഴിവില്ലാത്തവരുമൊഴിച്ച് ബാക്കിയെല്ലാവരും നരകത്തിലാണ്എന്നും ഈ വചനങ്ങള്‍ അറിയിക്കുന്നു. നബിമാരെ പിന്‍തുടര്‍ന്നവരില്‍ പലരും പൂര്‍വ്വ മതങ്ങളേയും മാറ്റിമറിക്കപ്പെട്ട വേദങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്തു. അവരും നരകവാസികള്‍ തന്നെ. അല്ലാഹു പറഞ്ഞു:

വിവിധ സംഘങ്ങളില്‍ നിന്ന് അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. (വി.ഖു11:17)

എന്നാല്‍ വിശുദ്ധ ക്വുര്‍ആനിന്റേയും സത്യദീനിന്റെയും അനുയായികളാണെന്ന് പുറമെ പറയുന്ന പലരും കപട വിശ്വാസികളാണ്; നരകത്തിന്റെ അടിത്തട്ടില്‍ ശിക്ഷയര്‍ഹിക്കുന്നവരും. കപടവിശ്വാസികള്‍ ബാഹ്യമായി ഇസ്ലാമിലേക്ക് വന്നവരാണ്. എന്നാല്‍ ബാഹ്യവും ആന്തരികവും ഒരുപോലെ ഇസ്ലാമിലേക്ക് വന്നവരാകട്ടെ, അവരില്‍ സിംഹരും ദേഹേച്ഛകള്‍ കൊണ്ടും തന്നിഷ്ടങ്ങള്‍ കൊണ്ടും പരീക്ഷിക്കപ്പെട്ടു. ബിദ്ഈ കക്ഷികള്‍ അവരില്‍പ്പെട്ടവരാണ്. മുസ്ലിം സമുദായം എഴുപതില്‍പരം കക്ഷികളായി വഴിപിരിയുമെന്നും ഒന്നൊഴിച്ച് ബാക്കിയെല്ലാം നരകത്തിലാണെന്നും അറിയിക്കുന്ന ഹദീഥുകള്‍ വന്നിരിക്കുന്നു. നരകം വാഗ്ദാനം ചെയ്യപ്പെട്ട നിഷിദ്ധങ്ങളില്‍നിന്ന് ഒരു കക്ഷിയൊഴിച്ച് മറ്റാരും ഒഴിവായില്ല. നബി(സ) യും സ്വഹാബത്തും നിലകൊണ്ട ആദര്‍ശത്തില്‍ മനസാവാചാകര്‍മ്മണാ നിലയുറപ്പിക്കുകയും ദേഹേച്ഛകളില്‍നിന്നും സന്ദേഹങ്ങളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തവരാകുന്നു അവര്‍. ഇവര്‍ തുലോം കുറവാണ്. വിശിഷ്യാ, പില്‍കാലങ്ങളില്‍” (അത്തഖ്വീഫു മിനന്നാര്‍ പേ:214)

മനുഷ്യര്‍ ദേഹേച്ഛകള്‍ക്ക് അന്യായമായി അടിമപ്പെട്ടതായിരിക്കാം, അവര്‍ സിംഹഭാഗവും നരകത്തീയിന് അര്‍ഹരാകുവാന്‍ പ്രധാനഹേതു. കാരണം, മനഷ്യ മനസ്സുകളില്‍ ദേഹേച്ഛകളോടുള്ള പ്രിയം ഊട്ടപ്പെട്ടിരിക്കുന്നു, അതു കാരണത്താല്‍ മനഷ്യര്‍ അരുതാത്ത ഇച്ഛകളെ പിന്‍പറ്റുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞു:

ഭാര്യമാര്‍, പുത്രനമാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണ്ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍ക്കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു….. (വി.ക്വു.3:14)


അല്ലാഹു വിന്റെ റസൂല്‍ പറഞ്ഞു:അല്ലാഹു സ്വര്‍ഗവും നരകവും സൃഷ്ടിച്ചപ്പോള്‍. അല്ലാഹു പറഞ്ഞു: ജിബ്രീല്‍ താങ്കള്‍ പോകുക, നരകത്തിലേക്കും നരകവാസികള്‍ക്ക് ഞാന്‍ ഒരുക്കിവെച്ചതിലേക്കും നോക്കുക, അനന്തരം ജിബ്രീല്‍ പോയി. നരകത്തിലേക്കും നരകവാസികള്‍ക്ക് ഒരുക്കിവെച്ചതിലേക്കും നോക്കി. അപ്പോള്‍ നരകത്തീനാളങ്ങള്‍ ചിലത് ചിലതിനെ വിഴുങ്ങുന്നു. ജിബ്രീല്‍ മടങ്ങി വന്നശേഷം പറഞ്ഞു: അല്ലാഹുവേ നിന്റെ പ്രതാപമാണ് സത്യം നരകത്തെക്കുറിച്ച് കേട്ട ആരും അതില്‍ പ്രവേശിക്കുകയില്ല. അപ്പോള്‍ നരകം ശഹവാത്തുകള്‍(ദേഹേച്ഛകള്‍) കൊണ്ട് പൊതിയപ്പെടുവാന്‍ കല്‍പ്പിക്കപ്പെട്ടു. നരകം അപ്രകാരം ദേഹേച്ഛകള്‍ കൊണ്ട് പൊതിയപ്പെട്ടു. അല്ലാഹു പറഞ്ഞു: നീ മടങ്ങി നരകത്തിലേക്കും അതിന്റെ ആളുകള്‍ക്ക് ഒരുക്കിയതിലേക്കും നോക്കുക. ജിബ്രീല്‍ അതിലേക്ക് പോയി നോക്കി. ശേഷം മടങ്ങിവന്നു പറഞ്ഞു: നിന്റെ പ്രതാപമാണ് സത്യം. നിശ്ചയം, നരകത്തില്‍ പ്രവേശിക്കാതെ ആരും അതില്‍നിന്ന് രക്ഷപ്പെടുകയില്ലെന്ന് ഞന്‍ ഭയപ്പെട്ടു. (മുസ്ലിം)


നരകവാസികളില്‍ അധികവും സ്ത്രീകള്‍

നരകത്തില്‍ പ്രവേശിക്കുന്ന പാപികളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളായിരിക്കും.

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:ഞാന്‍ നരകം കണ്ടു. നരകവാസികളില്‍ അധികവും സ്ത്രീകളാണ്. ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനം ചെയ്യുക. ഞാന്‍ നരകവാസികളില്‍ അധികവും നിങ്ങളെയാണ് കണ്ടത്. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്തു കൊണ്ടാണ് അത്? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ശാപം വര്‍ദ്ധിപ്പിക്കും, നിങ്ങള്‍ (ഭര്‍ത്താവിന്റെ) നന്മയിലുള്ള പെരുമാറ്റങ്ങളെ നിഷേധിക്കും. (ബുഖാരി, മുസ്ലിം)

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ഞാന്‍ നരകത്തിന്റെ വാതിലില്‍ നിന്നു. അപ്പോള്‍ നരകത്തി ല്‍ പ്രവേശിച്ചവരില്‍ അധികവും സ്ത്രീകളാണ്. (ബുഖാരി)

നിശ്ചയം, സ്വര്‍ഗത്തില്‍ താമസിക്കുന്നവരില്‍ ഏറ്റവും കുറവ് സ്ത്രീകളാണ്. (മുസ്ലിം)


നരകാവകാശികള്‍ ഭീകരരൂപികളാണ്?!!

നരകാവകാശികള്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നത് ഭീകരരൂപം പൂണ്ടായിരിക്കും. അവരുടെ വലുപ്പം അറിയുന്നത് അവരെ സൃഷ്ടിച്ച അല്ലാഹുവിന് മാത്രം.

അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:നരകത്തിലുള്ള അവിശ്വാസിയുടെ രണ്ട് ചുമലുകള്‍ക്കിടയി ലെ ദൂരം അതിവേഗതയില്‍ സഞ്ചരിക്കുന്ന ഒരു യാത്രികന്‍ മൂന്നു ദിവസം സഞ്ചരിക്കുന്ന ദൂരമായിരിക്കും. (മുസ്ലിം)

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:അവിശ്വാസിയുടെ മോണ അല്ലെങ്കില്‍ അവിശ്വാസിയുടെ തേറ്റ ഉഹ്ദ് പര്‍വ്വതം പോലെയായിരിക്കും. അവന്റെ തൊലിയുടെ കട്ടി മൂന്നു(ദിവസത്തെ) ദൂരമായിരിക്കും. (മുസ്ലിം)

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നരകത്തിലുള്ള അവിശ്വാസിയുടെ തൊലിയുടെ കട്ടി നാല്‍ പ്പത്തിരണ്ട് മുഴമായിരിക്കും. അവന്റെ മോണ ഉഹ്ദ് പര്‍വ്വതം പോലെയായിരിക്കും. അവന്‍ ഇരിക്കുന്ന സ്ഥലത്തിന് മക്കയുടേയും മദീനയുടേയും ഇടയിലുള്ള വിസ്താരമായിരിക്കും.

ഇമാം നവവി പറയുന്നു: “അവിശ്വാസിക്കുള്ള ഈ വലിപ്പം അവനുള്ള ശിക്ഷ പൂര്‍ണമാകുന്നതിനുവേണ്ടിയാണ്. എല്ലാം അല്ലാഹുവിന്‍റെ തീരുമാനമാണ്. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞുതന്നതിനാല്‍ അത് വിശ്വസിക്കല്‍ നിര്‍ബന്ധവുമാണ്.”

ഇമാം ഇബ്നു കഥീര്‍ പറയുന്നു: “അവിശ്വാസികള്‍ക്കുള്ള ഈ വലിപ്പം അവര്‍ക്കുള്ള ശിക്ഷ അതികഠിനവും പൂര്‍ണവുമാകു ന്നതിനുവേണ്ടിയും അവര്‍ക്ക് തീയും പ്രയാസവുമേല്ക്കല്‍ ഭീകരമാകുന്നതിനു വേണ്ടിയുമാണ്. അതാണ് അല്ലാഹു പറഞ്ഞത്:

അവര്‍ ശിക്ഷ ആസ്വദിക്കുന്നതിനുവേണ്ടി (വി.ക്വു.(3:56)


നരകവാസിയുടെ ഭക്ഷണം

നരകവാസികള്‍ക്ക് വിശപ്പടക്കുവാനോ, പോഷണം ലഭിക്കുവാനോ, ആസ്വദിക്കുവാനോ ഉപകരിക്കുന്ന യാതൊരു ഭക്ഷണവുമില്ല. എന്നാല്‍ കഴിക്കുവാനായി ‘ദ്വരീഅ്’ ‘സക്ക്വൂം’ ‘ഗിസ്ലീന്‍’ തുടങ്ങിയവ നല്‍കപ്പെടുമെന്ന് വിശുദ്ധ ക്വുര്‍ആനും തിരുവചനങ്ങളും അറിയിക്കുന്നു.

ദ്വരീഅ്: ‘ദ്വരീഅ’ എന്നാല്‍ മരുഭൂമിയില്‍ കാണപ്പെടുന്ന ഒരു തരം മുള്‍ചെടിയാണ്. അത് ഉണങ്ങിയാല്‍ (ദ്വരീഅ) എന്നും പച്ചയാണെങ്കില്‍ ‘ശബ്റക്വ് ‘ എന്നും പറയും. അതത്രെ നരകവാസിയുടെ ഭക്ഷണം. അല്ലാഹു പറഞ്ഞു:

‘ദ്വരീഇ’ യില്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്‍കുകയില്ല. വിശപ്പിനു ശമനമുണ്ടാക്കുകയുമില്ല. (വി.ഖു. 88:6,7)

സക്ക്വൂം : നരകവാസികള്‍ തിന്നുന്ന മറ്റൊന്നാണ് ‘സക്ക്വൂം’. അത് നരകത്തിന്റെ അടിതട്ടില്‍നിന്ന് വളര്‍ന്ന് പൊന്തുന്ന വികൃതമായ ഒരു വൃക്ഷമാണ്. അല്ലാഹു പറഞ്ഞു:

തീര്‍ച്ചയായും ‘സക്ക്വൂം’ വൃക്ഷമാകുന്നു (നരകത്തില്‍) പാപി യുടെ ആഹാരം. ഉരുകിയ ലോഹം പോലിരിക്കും (അതിന്റെ കനി). ചൂടുവെള്ളം തിളയ്ക്കുന്നതുപോലെ അത് വയറ്റില്‍ തിളക്കും.വി. ഖു. 44: 43-46)

അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സക്ക്വൂം വൃ ക്ഷമാണോ? തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നരകത്തിന്റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്. അതിന്റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും. തീര്‍ച്ചയായും അവര്‍ അതില്‍നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും. പിന്നീട് അവര്‍ക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഒരു ചേരുവയുണ്ട്. പിന്നീട് തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക് തന്നെയാകുന്നു. (വി.ഖു.37:62-68)

എന്നിട്ട്, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ, തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത് ‘സക്ക്വൂമില്‍’ നിന്ന് ഭക്ഷിക്കുന്നവരാകുന്നു. അങ്ങനെ അതില്‍നിന്ന് വയറുകള്‍ നിറക്കുന്നവരും അതിന്റെമീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു. അങ്ങനെ ദാഹിച്ചുവലഞ്ഞ ഒട്ടകം കുടിക്കുന്നതുപോലെ കുടിക്കുന്നവരാകുന്നു. ഇതായിരിക്കും പ്രതിഫലത്തിന്റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം. (വി. ഖു . 56:51-56). ‘സക്ക്വൂമി’ന്റെ അപകടാവസ്ഥ വിശദീകരിച്ചുകൊണ്ട് പ്രവാചകന്‍ (സ) പറഞ്ഞു:

‘സക്ക്വൂ’മിന്റെ ഒരു തുള്ളി ഭൂമിയിലേക്ക് ഉറ്റിവീണാല്‍ അത് ഭൂലോകവാസികളുടെ ജീവിതം അപകടത്തിലാക്കുമായിരുന്നു. അപ്പോള്‍ അത് ഭക്ഷണമാകുന്നവന്റെ അവസ്ഥ എന്തായിരിക്കും.?

ഗിസ്ലീന്‍: നരകവാസികളുടെ ശരീരത്തില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ചലവും നീരുമാണ് അത്. വേശ്യകളുടെ ഗുഹ്യാവയവങ്ങളില്‍നിന്ന് ഒലിച്ചിറങ്ങുന്ന ഒരു തരം ദുഷിച്ച ദ്രാവകവും നരക വാസികളുടെ തൊലിയില്‍നിന്ന് ഒലിച്ചിറങ്ങുന്ന ചലവും നീരും ചേര്‍ന്നതാണ് അത് എന്നും പറയപ്പെട്ടിട്ടുണ്ട്.


അല്ലാഹു പറയുന്നു:അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല. ദുര്‍ നീരുകള്‍ (ഗിസ്ലീന്‍) ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാര വുമില്ല. തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല. (വി.ക്വു. 69:35-37)

നരകത്തീ: തീ തന്നെ ഭക്ഷണമായി നല്‍കപ്പെടുന്നവരും നരകത്തിലുണ്ട്. അല്ലാഹു പറഞ്ഞു:

തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു)ന്നത് തീ മാത്രമാകുന്നു….. (വി. ക്വു. 4:10)

അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറ ച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. (വി.ക്വു. 2:174)

അപമാനകരമായ ഇത്തരം തീറ്റ വസ്തുക്കള്‍ നരകവാസിയുടെ തൊണ്ടയില്‍ തങ്ങിനില്‍ക്കും എന്നാണ് അല്ലാഹു പറയുന്നത്:

തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ചങ്ങലകളും ജ്വലി ക്കുന്ന നരകാഗ്നിയും തൊണ്ടയില്‍ അടഞ്ഞുനില്‍ക്കുന്ന

ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്. (വി. ക്വു. 73:12-13)


നരകവാസിയുടെ പാനീയം

നരകത്തില്‍ നരകവാസികള്‍ക്ക് നല്‍കപ്പെടുന്ന പാനീയങ്ങള്‍ വൈവിദ്ധ്യമാര്‍ന്നതായിരിക്കും. പക്ഷെ, ജുഗുപ്സവും നിന്ദ്യവും കടുത്ത ചൂടുള്ളതും തൊണ്ടയില്‍ കുടുങ്ങുന്നതും മുഖം കരിക്കുന്നതും കുടല്‍ ഉരുക്കുന്നതുമായ പാനീയങ്ങളായിരിക്കും അവയെല്ലാം.

അല്ലാഹു പറയുന്നു:ഇതാണവര്‍ക്കുള്ളത്. ആകയാല്‍ അവര്‍ അത് ആസ്വദിച്ചു കൊള്ളട്ടെ. കൊടുംചൂടുള്ള വെള്ളവും (ഹമീം) കൊടുംതണുപ്പുള്ള വെള്ളവും (ഗസ്സ്വാക്വ്). ഇത്തരത്തില്‍ പെട്ട മറ്റു പല ഇനം ശിക്ഷകളും. (വി.ക്വു. 38:57, 58)

അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരി ക്കും കുടിക്കാന്‍ നല്കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കികളയും. (വി.ക്വു.47:15)

ചുട്ടുതിളക്കുന്ന ഒരു ഉറവില്‍നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെ ടുന്നതാണ്. (വി. ക്വു. 88: 5)നരകത്തില്‍ നരകവാസികള്‍ക്കുള്ള നാല് പാനീയങ്ങളെ പറ്റിയാണ് ഈ വചനങ്ങള്‍ പറഞ്ഞുതരുന്നത്.


ഒന്ന്: ഹമീം. ചൂട് പാരമ്യതയിലെത്തിയ വെള്ളമാകുന്നു ഹമീം. അല്ലാഹു പറഞ്ഞു: അതിന്നും തിളച്ചുപൊള്ളുന്ന ചൂടുവെള്ളത്തിനുമിടക്ക് അവര്‍ ചുറ്റിത്തിരിയുന്നതാണ്. (വി.ക്വു. 55:44)


രണ്ട്: ഗസ്സാക്വ്. കൊടുംതണുപ്പുള്ള, തൊണ്ടയില്‍ കെട്ടി നില്‍ക്കുന്ന വെള്ളമാണ് ഗസ്സാക്വ്. അല്ലാഹു പറയുന്നു:

ഇതാണവര്‍ക്കുള്ളത്. ആകയാല്‍ അവര്‍ അത് ആസ്വദിച്ചു കൊള്ളട്ടെ. കൊടുംചൂടുള്ള വെള്ളവും (ഹമീം) കൊടുംതണുപ്പുള്ള വെള്ളവും(ഗസ്സ്വാക്വ്). (വി.ക്വു. 38: 57, 58)


മൂന്ന്: സ്വദീദ്. നരകവാസികളുടെ മാംസത്തില്‍നിന്നും തൊലിയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഒരു ദ്രാവകമാണ് സ്വദീദ്.

അല്ലാഹു പറയുന്നു:ചോരയും ചലവും കലര്‍ന്ന നീരില്‍ നിന്നായിരിക്കും അവന് കുടിക്കുവാന്‍ നല്‍കപ്പെടുന്നത്. അതവന്‍ കീഴ്പോട്ടിറക്കുവാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്നിറക്കുവാന്‍ അവന്ന് കഴിഞ്ഞേക്കുകയില്ല…….. (വി. ക്വു. (14:16,17)


നാല്: മുഹ്ല്‍. ഉരുക്കിയ ലോഹത്തിനു സമാനമായ ടാറുപോലെ കട്ടിയുള്ള ഒരുതരം ദ്രാവകമാണ് ‘മുഹ്ല്‍’.

അല്ലാഹു പറയുന്നു:അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ചു കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമസ്ഥലം തന്നെ. (വി.ക്വു.18:29)


അഞ്ച്: ത്വീനത്തുല്‍ ഖബാല്‍ : നരകവാസികളില്‍ ചിലര്‍ ‘ത്വീനത്തുല്‍ ഖബാല്‍’, ‘റഗ്ദത്തുല്‍ ഖബാല്‍’ എന്നീ പേരുകളിലുള്ള പാനീയങ്ങള്‍ കുടിപ്പിക്കപ്പെടുമെന്ന് ഹദീഥുകളില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:

എല്ലാ ലഹരിയുണ്ടാക്കുന്നവയും ഹറാമാകുന്നു. നിശ്ചയം, അല്ലാഹു ലഹരിവസ്തുക്കള്‍ കുടിക്കുന്നവരോട് അവരെ ‘ത്വീനത്തുല്‍ ഖബാല്‍’ കുടിപ്പിക്കുമെന്ന് കരാര്‍ ചെയ്തിരിക്കുന്നു. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്താണ് ‘ത്വീനത്തുല്‍ ഖബാല്‍’? റസൂല്‍ (സ) പറഞ്ഞു: നരകവാസികളുടെ വിയര്‍പ്പ് അല്ലെങ്കില്‍ നരകവാസികളുടെ ചലം. (മുസ്ലിം)


നരകവാസിയുടെ വസ്ത്രം

നരകവാസികള്‍ക്ക് വിവിധങ്ങളായ വസ്ത്രങ്ങളും വിരിപ്പും പുതപ്പും നരകത്തില്‍ നല്‍കപ്പെടുന്നതാണ്. അല്ലാഹു പറയുന്നു:

എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള ‘വസ്ത്രങ്ങള്‍’ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ തിളക്കുന്നവെള്ളം ചൊരിയപ്പെടുന്നതാണ്. (വി. ക്വു. 22 :19)ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്. (വി.ക്വു.14:49,50)

അബൂമാലിക് അല്‍ അശ്അരി(t)വില്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞിരിക്കുന്നു:എന്റെ ഉമ്മത്തുകളില്‍ ജാഹിലിയ്യാ കാര്യങ്ങളില്‍ നിന്നും നാല് കാര്യങ്ങളുണ്ട്. അതവര്‍ ഒഴിവാക്കുകയില്ല. കുലമഹിമയില്‍ അഹങ്കരിക്കല്‍, തറവാടിനെ കുത്തിപ്പറയല്‍, നക്ഷത്രങ്ങള്‍ കാരണത്താലാണ് മഴ വര്‍ഷിച്ചത് എന്ന് വാദിക്കല്‍, മരണപ്പെട്ടവര്‍ക്കുവേണ്ടി വിലപിച്ചട്ടഹസിക്കല്‍ എന്നിട്ട് റസൂല്‍ (സ) പറഞ്ഞു: മയ്യിത്തിന്റെ പേരില്‍ ആര്‍ത്തട്ടഹസിച്ചവള്‍ മരിക്കുന്നതിന് മുമ്പായി തൌബ ചെയ്തില്ലെങ്കില്‍ അന്ത്യനാളില്‍ ഉരുക്കിയ ടാറിന്റെ ആവരണവും ശരീരം മുഴുവന്‍ ചൊറിയുന്ന ഒരു അങ്കിയുമായിട്ടായിരിക്കും അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുക. (മുസ്ലിം)

അല്ലാഹു പറഞ്ഞു:അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെ ക്കൂടി പുതപ്പുകളുമുണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം നല്‍കുന്നത്. (വി.ക്വു.7: 41)


നരക ശിക്ഷയുടെ കാഠിന്യം

നരകശിക്ഷ വേദനയേറിയതാണ്. ശിക്ഷാകാഠിന്യത്തില്‍നിന്ന് രക്ഷകിട്ടുവാന്‍ നരകവാസികള്‍ തനിക്ക് വിലപ്പെട്ടതെല്ലാം അല്ലാഹുവിനു സമര്‍പ്പിച്ച് രക്ഷപ്രാപിക്കുവാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യും. പക്ഷെ അതു വൃഥാ വേലയാണ് എന്നുമാത്രം. അല്ലാഹു പറഞ്ഞു:അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുക യും ചെയ്തവരില്‍പ്പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണ്ണം പ്രായശ്ചിത്തമായി നല്‍കിയാല്‍പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല. (വി.ഖു. 3:91)

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലെ ശിക്ഷ ഒഴിവാക്കിക്കിട്ടു വാന്‍വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധി കളുടെ കൈവശം ഭൂമിയിലുള്ളത് മുഴുക്കെയും, അത്ര തന്നെ വേറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല തന്നെ. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്. (വി.ഖു.5:36)

ആകാശം ഉരുകിയ ലോഹം പോലെയും പര്‍വ്വതങ്ങള്‍ കട ഞ്ഞ രോമം പോലെയും ആവുന്ന ദിവസം! ഒരു ഉറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല. അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്റെ മക്കളേയും ഭാര്യമാരേയും സഹോദരനെയും തനിക്ക് അഭയം നല്‍കിയിരുന്ന തന്റെ ബന്ധുക്കളെയും ഭൂമിയിലുള്ള മുഴുവനാളുകളേയും പ്രായശ്ചിത്തമായി നല്‍കികൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം തേടുകയും എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും. സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. തലയുടെ തൊലിയുരിച്ച് കളയുന്ന നരകാഗ്നി. (വി. ഖു. 70: 8-16)

നരകവാസിയായ ദുനിയാവു കണ്ട ഏറ്റവും വലിയ സുഖലോ ലുപനെ അന്ത്യനാളില്‍ കൊണ്ടുവരപ്പെടും. അയാള്‍ നരകത്തില്‍ ഒന്ന് മുക്കിയെടുക്കപ്പെടും. ശേഷം പറയപ്പെടും: ആദമിന്റെ പുത്രാ, നീ വല്ല നന്മയും കണ്ടിട്ടുണ്ടോ? വല്ല സമൃദ്ധിയും നിന്നില്‍ കടന്നുപോയിട്ടുണ്ടോ? അപ്പോള്‍ അവന്‍ പറയും: അല്ലാഹുവാണ് സത്യം. രക്ഷിതാവേ, ഇല്ല.

അന്ത്യനാളില്‍ നരകവാസികളില്‍ ഏറ്റവും നിസ്സാരമായ ശിക്ഷ അര്‍ഹിക്കുന്ന ഒരു വ്യക്തിയോട് അല്ലാഹു പറയും: ‘നിനക്ക് ഭൂമിയിലുള്ളതെല്ലാം ഉണ്ടായിരുന്നുവെങ്കില്‍ അത് നീ പ്രായശ്ചിത്തമായി നല്‍കുമോ? അയാള്‍ പറയും: അതെ. അല്ലാഹു പറയും: ‘നീ എന്നില്‍ ഒന്നിനേയും പങ്കുചേര്‍ക്കരുത്’ എന്ന ഇതിനേക്കാള്‍ വിനീതമായ കാര്യം ഞാന്‍ നിന്നോട് ആവശ്യപ്പെട്ടു; നീ ആദമിന്റെ മുതുകിലായിരിക്കെ. എന്നാല്‍ നീ വിസമ്മതിക്കുകയും ശിര്‍ക്ക് ചെയ്യുകയും ചെയ്തു.


നരകശിക്ഷയുടെ ഏറ്റക്കുറച്ചില്‍

നരകത്തില്‍ പ്രവേശിക്കുന്നവരെല്ലാം ഒരേ ശിക്ഷ അനുഭവിക്കുന്നവരല്ല. നരകത്തിന്റെ തട്ടുകള്‍ അടിയിലേക്ക് വ്യത്യസ്തമാണെന്നതുപോലെ അവയിലുള്ളവരുടെ ശിക്ഷയും വ്യത്യസ്തമാണ്.

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:(നരകവാസികളില്‍) തീ തന്റെ നെരിയാണിവരെ പിടികൂടുന്നവരുണ്ടാകും. അവരില്‍ തന്റെ ഇരുകാല്‍മുട്ടുകള്‍വരെ തീ പിടികൂടുന്നവരുണ്ടാകും. അവരില്‍ തന്റെ അരവരെ തീ പിടി കൂടുന്നവരുണ്ടാകും. അവരില്‍ തന്റെ തൊണ്ടക്കുഴിവരെ തീ പിടികൂടുന്നവരുണ്ടാകും.

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:തീര്‍ച്ചയായും അന്ത്യനാളില്‍ നരകവാസികളില്‍ ഏറ്റവും നി സ്സാരമായ ശിക്ഷയര്‍ഹിക്കുന്ന ഒരു വ്യക്തി; അയാളുടെ കാല്‍പാദങ്ങള്‍ക്കടിയില്‍ ഒരു തീക്കനല്‍ വെക്കും. ആ തിക്കനല്‍ കാരണത്താല്‍ അയാളുടെ തലച്ചോര്‍ തിളച്ചുമറിയും.

അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു:തീര്‍ച്ചയായും അന്ത്യനാളില്‍ നരകവാസികളില്‍ ഏറ്റവും നി സ്സാരമായ ശിക്ഷയര്‍ഹിക്കുന്ന ഒരു വ്യക്തി; അയാളുടെ ഇരു കാല്‍പാദങ്ങള്‍ക്കടിയില്‍ രണ്ട് തീക്കനലുകള്‍ ഉണ്ടാകും. അവ രണ്ടും കാരണത്താല്‍ അയാളുടെ തലച്ചോര്‍ തിളച്ചുമറിയും; ചീനചട്ടിയും ചെമ്പുകലവും തിളക്കുന്നതുപോലെ. (ബുഖാരി)

തീര്‍ച്ചയായും അന്ത്യനാളില്‍ നരകവാസികളില്‍ ഏറ്റവും നി സ്സാരമായ ശിക്ഷയര്‍ഹിക്കുന്ന വ്യക്തി തീകൊണ്ടുള്ള രണ്ട് ചെരിപ്പുകളും ചെരിപ്പിന്‍വള്ളികളും ഉള്ളവനായിരിക്കും. അവ രണ്ടും കാരണത്താല്‍ അയാളുടെ തലച്ചോര്‍ തിളച്ചുമറിയും; ചീനചട്ടി തിളക്കുന്നതുപോലെ. അയാള്‍ തന്നെക്കാള്‍ കഠിന ശിക്ഷയുള്ളവര്‍ ആരുമുണ്ടാവില്ലെന്ന് വിചാരിക്കും. എന്നാല്‍ അയാളാകുന്നു ഏറ്റവും എളിയ ശിക്ഷയുള്ളവന്‍. (മുസ്ലിം)

തീര്‍ച്ചയായും നരകവാസികളില്‍ ഏറ്റവും താഴ്ന്ന ശിക്ഷ അര്‍ഹിക്കുന്ന വ്യക്തി തീകൊണ്ടുള്ള രണ്ട് ചെരിപ്പുകള്‍ ധരിക്കും. തന്റെ ചെരിപ്പുകള്‍ കാരണത്താല്‍ അയാളുടെ തലച്ചോര്‍ തിളച്ചുമറിയും (മുസ്ലിം)

അല്ലാഹുവിന്റെ റസൂല്‍ (സ) തന്റെ പിതൃവ്യന്‍ അബൂത്വാലിബിനെ കുറിച്ച് പറയുന്നത് കേട്ടതായി അബൂ സഈദ് അല്‍ ഖുദ്രി നിവേദനം ചെയ്യുന്നു:

ഒരു പക്ഷേ, എന്റെ ശുപാര്‍ശ അദ്ദേഹത്തിന് ഉപകരിച്ചേക്കും. അപ്പോള്‍ അയാള്‍ നരകത്തില്‍ തന്റെ നെരിയാണി വരെ തീ എത്തും വിധം ആഴം കുറഞ്ഞ ഒരു സ്ഥലത്ത് ആക്കപ്പെടുന്നതാണ്. അതില്‍ അയാളുടെ തലച്ചോര്‍ തിളച്ചുമറിയും (ബുഖാരി, മുസ്ലിം)

ഇമാം ഇബ്നു റജബുല്‍ ഹംബലി പറഞ്ഞു: “താങ്കള്‍ അറിയണം, നിശ്ചയം നരകവാസികളുടെ ശിക്ഷയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത് അവര്‍ നരകത്തില്‍ പ്രവേശിക്കുവാന്‍ കാരണമായ കര്‍മ്മങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്.”


ശിക്ഷാമുറകളിലെ വൈവിധ്യങ്ങള്‍


തൊലികള്‍ വേവിക്കല്‍

നരകവാസികളുടെ തൊലികള്‍ വെന്ത് ഉരുകുകയും അല്ലാഹു , പകരം പുതിയ തൊലികളെ നല്കുന്നതുമാണ്. വീണ്ടും അതു ഉരുകിയാല്‍ പുതുതായി പകരം നല്കും.

അല്ലാഹു പറഞ്ഞു:തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തു പോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കുവാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (വി.ക്വു. 4:56)


സ്വഹ്ര്‍ അഥവാ ഉരുക്കല്‍

നരകവാസികളുടെ തലക്കു മുകളില്‍ അതികഠിനമായ ചൂടുള്ള വെള്ളമൊഴുക്കി വയറ്റിലുള്ളതെല്ലാം ഉരുക്കുന്ന നരകത്തിലെ ശിക്ഷാരീതിയാണ് ‘സ്വഹര്‍’.

അല്ലാഹു പറയുന്നു:….എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള ‘വസ്ത്രങ്ങള്‍’ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ തിളക്കുന്നവെള്ളം ചൊരിയപ്പെടുന്നതാണ്. അതു നിമിത്തം അവരുടെ വയറുകളിലുള്ളതും തൊലികളും ഉരുക്കപ്പെടും (വി.ക്വു. 22:19, 20)

നിശ്ചയം, അവരുടെ തലക്കുമീതെ തിളക്കുന്നവെള്ളം (ഹമീം) ചൊരിയപ്പെടുന്നതാണ്. ഹമീം നരകവാസിയുടെ ഉള്ളില്‍ പ്രവേശിക്കുകയും അത് അവന്റെ ഉള്ളിലുള്ളത് ഉരുക്കുകയും കാല്‍പാദങ്ങളിലൂടെ പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്യും. ഇതാണ് ‘സ്വഹര്‍’. പിന്നീട് അവന്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മടക്കപ്പെടും.


ലഫ്ഹ് അഥവാ മുഖം കരിക്കല്‍

അല്ലാഹു പറയുന്നു:ആര്‍ തിന്‍മയും കൊണ്ട് വന്നുവോ അവര്‍ നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ? (വി.ഖു 27:90)

ആ അവിശ്വാസികള്‍, അവര്‍ക്ക് തങ്ങളുടെ മുഖങ്ങളില്‍നി ന്നും മുതുകുകളില്‍നിന്നും നരകാഗ്നിയെ തടുക്കുവാനാകാത്ത, അവര്‍ക്ക് ഒരു സഹായവും സിദ്ധിക്കാത്ത ഒരു സന്ദര്‍ഭത്തെപ്പറ്റി മനസ്സിലായിരുന്നുവെങ്കില്‍. (വി. ഖു . 21: 39)

നരകാഗ്നി അവരുടെ മുഖങ്ങളെ കരിച്ചുകളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും. (വി.ഖു .23: 104)

അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവേയും റസൂലിനേയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! (വി. ഖു .33: 66)

ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്. (വി. ഖു . 14: 49,50)


സഹ്ബ് അഥവാ വലിച്ചിഴക്കല്‍

നരകവാസികള്‍ മുഖം നിലത്ത് ഉരുമ്മുന്ന നിലയില്‍ വലിച്ചിഴക്കപ്പെടുന്നതാണ്. അല്ലാഹു പറഞ്ഞു:

തീര്‍ച്ചയായും ആ കുറ്റവാളികള്‍ വഴിപിഴവിലും ബുദ്ധിശൂന്യ തയിലുമാകുന്നു. മുഖം നിലത്തു കുത്തിയ നിലയില്‍ അവര്‍ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും) ‘നിങ്ങള്‍ നരകത്തിന്റെ സ്പര്‍ശനം അനുഭവിച്ചുകൊള്ളുക.’ (വി.ഖു .54:47,48)

മറ്റുചിലപ്പോള്‍ കുറ്റവാളികള്‍ ചങ്ങലകളിലും കുരുക്കുകളിലും ബന്ധിക്കപ്പെടുകയും വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു പറഞ്ഞു:

അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. പിന്നീട് അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും. (വി.ക്വു. 40:71,72)


മുഖം കറുപ്പിക്കല്‍

പരലോകജീവിതമായാല്‍ പിന്നീട് പാപികളുടെ മുഖങ്ങള്‍ കറുത്തിരുണ്ടു പോകും. അല്ലാഹു പറഞ്ഞു:

ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തുപോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിനു ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചുകൊള്ളുക. (വി. ക്വു. 3:106)

തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്മയ്ക്കുള്ള പ്രതിഫലം അതിനു തുല്യമായതു തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിന്റെ കഷ്ണങ്ങള്‍കൊണ്ട് അവരുടെ മുഖങ്ങള്‍ പൊതിഞ്ഞതു പോലെയിരിക്കും. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (വി. ഖു . 10: 27)


തീനാളങ്ങള്‍ പൊതിയും

പാപങ്ങളില്‍ മുങ്ങുകയും ജീവിതം പാപപങ്കിലമാക്കുകയും ചെയ്തവരെ അല്ലാഹു തീ കൊണ്ട് പൊതിയുന്നതാണ്. നരകവാസികളുടെ വിരിപ്പും പുതപ്പും വരെ നരകത്തീകൊണ്ടായിരിക്കും. അല്ലാഹു പറഞ്ഞു:

അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും (വി.ക്വു. 2:81)

അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെ കൂടി പുതപ്പുകളുമുണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്. (വി.ക്വു. 7:41)

അവരുടെ മുകള്‍ഭാഗത്തു നിന്നും അവരുടെ കാലുകള്‍ക്കിടയില്‍ നിന്നും ശിക്ഷ അവരെ മൂടികളയുന്ന ദിവസത്തില്‍. (അന്ന്) അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലം നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. (വി.ഖു . 29:55)

അവര്‍ക്ക് അവരുടെ മുകള്‍ഭാഗത്ത് തീയ്യിന്റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്റെ ദാസ•ാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്റെ ദാസന്‍മാരെ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍. (വി.ഖു . 39:16)

‘എനിക്ക് (യുദ്ധത്തിന് പോകാതിരിക്കാന്‍) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ’ എന്ന് പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്. അറിയുക: അവര്‍ കുഴപ്പത്തില്‍ തന്നെയാണ് വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യ നിഷേധികളെ വലയം ചെയ്യുന്നതാകുന്നു. (വി.ഖു 9:49)

അക്രമികള്‍ക്കു നാം നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്. അതിന്റെ ‘കൂടാരം’ അവരെ വലയം ചെയ്തിരിക്കുന്നു… (വി. ഖു .18:29)


ഹൃദയം ആളിക്കത്തും

നരകവാസികള്‍ ഭീമാകാരികളായിരിക്കും. അഥവാ അല്ലാഹു അവര്‍ക്ക് കട്ടിയുള്ള തൊലിയും വണ്ണമുള്ള സൃഷ്ടിപ്പും നല്‍കും. എന്നാലും തൊലിയെയും മാംസത്തെയും എല്ലിനെയും മറികടന്ന് തീ അവരുടെ ഹൃദയങ്ങളില്‍ ആളികത്തും. അല്ലാഹു പറഞ്ഞു:

വഴിയെ ഞാന്‍ അവനെ ‘സക്വറി’ല്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്. ‘സക്വര്‍’ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലികരിച്ച് രൂപം മാറ്റി കളയുന്നതാണ്. അതിന്റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്. (വി.ഖു.74: 26-30)

അല്ലാഹു പറഞ്ഞു: നിസ്സംശയം, അവന്‍ ‘ഹുത്ത്വമ’യില്‍ എറിയപ്പെടുക തന്നെ ചെയ്യും. ‘ഹുത്വമ’ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്ന, അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. (വി.ഖു .104:4-7)

കുടല്‍മാലകള്‍ പുറത്തുചാടുംഅല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു:അന്ത്യനാളില്‍ ഒരാളെ കൊണ്ടുവരപ്പെടും. അയാള്‍ നരകാഗ്നിയില്‍ എറിയപ്പെടും. അപ്പോള്‍ അയാളുടെ കുടല്‍മാലകള്‍ നരകത്തീയില്‍ തെറിച്ച് വീഴും. ആട്ടുകല്ലില്‍ ധാന്യം പൊടിച്ചു കൊണ്ട് കഴുത കറങ്ങുന്നതുപോലെ അയാള്‍ നരകത്തില്‍ കറങ്ങും… (ബുഖാരി)


അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:ഞാന്‍ അംറ്ഇബ്നു ആമിര്‍ അല്‍ഖുസാഇയെ തന്റെ കുടലുകള്‍ നരകത്തില്‍ വലിച്ചിഴക്കുന്നതായി കണ്ടു….(ബുഖാരി)


ചങ്ങലകള്‍, വിലങ്ങുകള്‍, ആമങ്ങള്‍, ദണ്ഡുകള്‍

അല്ലാഹു പറഞ്ഞു:തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് നാം ചങ്ങലകളും വില ങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു. (വി. ഖു 76: 4)

തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ചങ്ങലകളും ജ്വലി ക്കുന്ന നരകാഗ്നിയും ഉണ്ട്. (വി.ഖു .73:12)

സത്യനിഷേധികളുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെക്കുകയും ചെയ്യും. തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ (വി. ഖു . (34:33)

അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. പിന്നീട് അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും. (വി.ഖു 40:൭൧, 72)

(അപ്പോള്‍ ഇപ്രകാരം കല്പനയുണ്ടാകും:) ‘നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ. പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ.’ (വി. ഖു . 69: 30,31)

നരകവാസി കഠിന യാതനയാല്‍ നരകത്തില്‍നിന്ന് പുറത്തു ചാടുവാന്‍ തുനിയുമ്പോള്‍ അവര്‍ക്കുനേരെ ഇരുമ്പുദണ്ഡിന്റെ പ്രയോഗമുണ്ടാകുമെന്ന് അല്ലാഹു പറഞ്ഞു:

അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ടായിരിക്കും. അതില്‍ നിന്ന് കഠിനക്ളേശം നിമിത്തം പുറത്തുപോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്കുതന്നെ അവര്‍ മടക്കപ്പെടുന്നതാണ്. എരിച്ചുകളയുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.) (വി.ഖു 22: 21-22)

ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്. (വി. ഖു . 14: 49,50)


വിലപ്പെടാത്ത ഖേദപ്രകടനങ്ങള്‍, വിലാപങ്ങള്‍, ആര്‍ത്തു വിളികള്‍

നരകവാസികള്‍ ശിക്ഷ കാണുമ്പോള്‍ തന്നെ ഖേദം തുടങ്ങുകയായി. പക്ഷെ, ഒരു രക്ഷയുമില്ലാത്ത, വിലയില്ലാത്ത പ്രകടനങ്ങള്‍. അല്ലാഹു പറഞ്ഞു:

ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സിലൊളിപ്പിക്കുക യും ചെയ്യും. അവര്‍ക്കിടയില്‍ നീതിയനുസരിച്ച് തീര്‍പ്പു കല്പിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല. (വി. ഖു .10: 54)

നരകാഗ്നിയില്‍ അവരുടെ വിളികളും നാശഗര്‍ജ്ജനങ്ങളും അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അല്ലാഹു പറഞ്ഞു:

എന്നാല്‍ നിര്‍ഭാഗ്യമടഞ്ഞവരാകട്ടെ അവര്‍ നരകത്തിലായിരിക്കും. അവര്‍ക്കവിടെ നെടുവീര്‍പ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു. (വി. ഖു . 11: 106, 107)

അതില്‍ (നരകത്തില്‍) ഒരു ഇടുങ്ങിയ സ്ഥലത്ത് ചങ്ങലകളി ല്‍ ബന്ധിക്കപ്പെട്ട നിലയില്‍ അവരെ ഇട്ടാല്‍ അവിടെവെച്ച് അവര്‍ നാശമേ, എന്ന് വിളിച്ചുകേഴുന്നതാണ്. ഇന്ന് നിങ്ങള്‍ ഒരു നാശത്തെ വിളിക്കേണ്ടതില്ല. ധാരാളം നാശത്തെ വിളിച്ചു കൊള്ളുക (എന്നായിരിക്കും അവര്‍ക്ക് കിട്ടുന്ന മറുപടി). (വി. ഖു . 25: 13 14)

ഒഴിവുകഴിവുകള്‍ വൃഥാ പ്രകടിപ്പിച്ചുകൊണ്ടും കുറ്റ സമ്മതം നടത്തികൊണ്ടും, നരകത്തില്‍നിന്ന് മോചനമുണ്ടായാല്‍ സല്‍പ്രവൃത്തികള്‍ പെരുപ്പിക്കാമെന്നും വിളിച്ചുകൂവി നരകവാസികള്‍ ഒച്ചവെക്കും. അല്ലാഹു പറഞ്ഞു:

അവര്‍ അവിടെവെച്ച് മുറവിളി കൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കേണമേ, (മുമ്പ്) ചെയ്തിരുന്നതില്‍നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തു കൊള്ളാം…… (വി. ഖു . 35: 37)

‘ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെ ങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല.’ എന്നും അവര്‍ പറയും. (വി. ഖു .67: 10)

അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവേയും റസൂലിനേയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരേയും പ്രമുഖ•രേെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പ്പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.) (വി.ഖു . 33: 67,68)

അവര്‍ പറയും: ഞങ്ങളുടെ നാഥാ! രണ്ടു പ്രാവശ്യം നീ ഞ ങ്ങളെ നിര്‍ജീവാവസ്ഥയിലാക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റം സമ്മതിച്ചിരിക്കുന്നു. ആകയാല്‍ ഒന്നു പുറത്തു പോകേണ്ടതിലേക്ക് വല്ല മാര്‍ഗവുമുണ്ടോ? (വി.ഖു .40: 11)

അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിര്‍ ഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങള്‍ വഴി പിഴച്ച ഒരു ജനവിഭാഗമായിപ്പോയി. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതില്‍ നിന്ന് പുറത്തുകൊണ്ടുവരേണമേ. ഇനി ഞങ്ങള്‍ (ദുര്‍മാര്‍ഗത്തിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും. (വി.ഖു. 23 : 106, 107)

പക്ഷേ, അവരുടെ ദീനദീനമായ അപേക്ഷകള്‍ വിലപ്പോകില്ല. വളരെ നിന്ദ്യമായ രീതിയില്‍ അവ തള്ളപ്പെടും. ഒരു വിളിയാളവും അവരില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല. അവരുടെ ഒരു പ്രതീക്ഷയും പുലരുകയുമില്ല. അല്ലാഹു പറഞ്ഞു:

അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ അവിടെത്തന്നെ നിന്ദ്യരായിക്കഴിയുക. നിങ്ങള്‍ എന്നോട് മിണ്ടിപ്പോകരുത്. (വി.ഖു .23:108)

ആകയാല്‍ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങള്‍ മറന്നുകളഞ്ഞതിന്റെ ഫലമായി നിങ്ങള്‍ ശിക്ഷ ആസ്വദിച്ച് കൊള്ളുക. തീര്‍ച്ചയായും നിങ്ങളെ നാം മറന്നുകളഞ്ഞിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ച്ക്കൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതമായ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (വി. ഖു . 32 : 14)

അല്ലാഹുവില്‍നിന്ന് നിരാശരാകുന്ന നരകവാസികള്‍ നരകത്തിന്റെ പാറാവുകാരെ വിളിച്ചുനോക്കും. തങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ അല്പം ലഘൂകരിക്കപ്പെടുവാന്‍ മലക്കുകള്‍ അല്ലാഹുവോട് ശുപാര്‍ശ പറയുവാന്‍ അവര്‍ കേഴും. പക്ഷെ, നിന്ദ്യമായ നിരാശയാണ് അവിടെയും ബാക്കി. അല്ലാഹു പറഞ്ഞു:

നരകത്തിലുള്ളവര്‍ നരകത്തിന്റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ. അവര്‍ (കാവല്‍ക്കാര്‍) പറയും: നിങ്ങളിലേക്കുള്ള ദൂതന്മര്‍ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ. അവര്‍(കാവല്‍ക്കാര്‍) പറയും: എന്നാല്‍ നിങ്ങള്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ത്ഥന വ്യഥാവിലായിപ്പോകുകയേയുള്ളു. (വി.ഖു .40:4950)

നിരാശരാകുന്ന നരകവാസികള്‍ ‘മാലിക്കെ’ന്ന മലക്കിനോട് തങ്ങളെ മരിപ്പിക്കുവാന്‍ അല്ലാഹുവോട് ശുപാര്‍ശ പറയുവാന്‍ വിളിച്ചുകേഴും. പക്ഷെ, നിരാശയുടെ മറുപടിയാണ് അവിടെയും ബാക്കി. അല്ലാഹു പറഞ്ഞു:

അവര്‍ വിളിച്ചുപറയും; ഹേ, മാലിക്! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേല്‍(മരണം) വിധിക്കട്ടെ. അദ്ദേഹം(മാലിക്) പറയും: നിങ്ങള്‍(ഇവിടെ) താമസിക്കേണ്ടവര്‍ തന്നെയാകുന്നു. (വി. ക്വു.43 :77)


നരക രക്ഷക്ക്

നരകത്തില്‍ നിത്യവാസത്തിനും നരകശിക്ഷക്കും കാരണ മാക്കുന്ന പാപങ്ങളെക്കുറിച്ച് നാം മുമ്പ് വിശദീകരിക്കുകയുണ്ടായി.യഥാര്‍ത്ഥ ഈമാനും സല്‍പ്രവൃത്തികളുമാണ് നരകത്തില്‍നിന്ന് രക്ഷപ്പെടുത്തുവാനുള്ളത്. വിശ്വാസികള്‍ ദുആഅ് ചെയ്യുമ്പോള്‍ തങ്ങളുടെ ‘ഈമാനി’ നേയും സല്‍പ്രവൃത്തികളേയും വസീലയാക്കി(മുന്‍നിര്‍ത്തി) അല്ലാഹുവോട് നരകത്തില്‍നിന്ന് രക്ഷതേടുന്നത് അതിനാലാണ്. അല്ലാഹു പറഞ്ഞു:

ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതി നാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരും….. (വി. ക്വു.3 :16)

ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ. ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നീ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ലതാനും. ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ ‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവീന്‍’ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് പൊറുത്തുതരികയും ഞങ്ങളുടെ തി•കള്‍ ഞങ്ങളില്‍ നിന്നു നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാ•ാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ ദൂത•ാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച. (വി.ക്വു.3:191-194)

വിശ്വാസം നരകത്തില്‍നിന്ന് കാവലാകുന്നത് പോലെ സത്യവിശ്വാസികള്‍ക്ക് അവരുടെ സല്‍പ്രവൃത്തികളും നരകത്തില്‍നിന്ന് കാവലാണ്. തെളിവുകള്‍ ഈ വിഷയത്തില്‍ ധാരാളം സ്ഥിരപ്പെട്ടിരിക്കുന്നു.


അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:തീര്‍ച്ചയായും ആദം സന്തതികളില്‍ ഓരോ മനുഷ്യനും മു ന്നൂറ്റി അറുപത് സന്ധികള്‍ കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്. ആരെങ്കിലും അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, സുബ്ഹാനല്ലാഹ്, അസ്തഗ്ഫിറുല്ലാഹ് എന്നിവ പറയുകയോ, ജനങ്ങളുടെ വഴിയില്‍നിന്നും കല്ല് നീക്കിയിടുകയോ, മുള്ളോ എല്ലോ എടുത്തു മാറ്റുകയോ, നന്മ കല്‍പ്പിക്കുകയോ, തിന്മ വരോധിക്കുകയോ ചെയ്തുകൊണ്ട് അവ മുന്നൂറ്റി അറുപത് എണ്ണം എത്തിയാല്‍ അവന്‍ അവന്റെ ശരീരത്തെ നരകത്തില്‍ നിന്നും തെറ്റിച്ചുകൊണ്ടാണ് (സംരക്ഷിച്ചു കൊണ്ടാണ്) അവന്‍ നടന്നു കൊണ്ടിരിക്കുന്നത്. (മുസ്ലിം)


ഒരു വിശ്വാസിക്ക് നരകത്തില്‍നിന്ന് അല്ലാഹുവിന്റെ ഔദാര്യത്താല്‍ രക്ഷയാകുന്ന ഏതാനും കാര്യങ്ങള്‍ ഇവിടെ ഉണര്‍ത്തുന്നു.

ഒന്ന് : അല്ലാഹുവിന്റെ സ്നേഹം നേടല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:അല്ലാഹുവാണേ സത്യം, അല്ലാഹു തന്റെ ‘ഹബീബി’നെ ഒരിക്കലും നരകത്തില്‍ എറിയുകയില്ല.


രണ്ട് : ‘ലാഇലാഹ ഇല്ലല്ലാഹ് ‘ ചൊല്ലല്‍

ഇത്ബാന്‍(റ)വില്‍നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:’ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും അതിലൂടെ അല്ലാഹുവിന്റെ വജ്ഹ് ആഗ്രഹിക്കുകയും ചെയ്തവരെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു, തീര്‍ച്ച. (ബുഖാരി, മുസ്ലിം)


മൂന്ന് : നിര്‍ബന്ധ നമസ്കാരങ്ങള്‍ യഥാവിധം നിര്‍വ്വഹിക്കല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:ആരെങ്കിലും അഞ്ചു നമസ്കാരങ്ങള്‍, അഥവാ അവയുടെ റുകൂഉകളും സുജൂദുകളും സമയങ്ങളും സൂക്ഷിച്ച് യഥാവിധം നിര്‍വ്വഹിക്കുകയും അവ അല്ലാഹുവില്‍നിന്നുള്ള ബാധ്യതകളാണെന്ന് അറിയുകയും ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞു: അവന് സ്വര്‍ഗം നിര്‍ബന്ധമായി. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞു: അവന്‍ നരകത്തിന് നിഷിദ്ധമായി.


നാല് : നോമ്പെടുക്കല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാള്‍ ഒരുദിനം നോമ്പനുഷ്ഠിച്ചാല്‍ അല്ലാഹു അവന്റെ മുഖത്തെ നരകത്തില്‍നിന്ന് എഴുപതു വര്‍ഷത്തെ ദൂരത്തേക്ക് അകറ്റും (ബുഖാരി)

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാള്‍ ഒരുദിനം നോമ്പെടു ത്താല്‍ അല്ലാഹു അവന്റെയും നരകത്തിന്റേയും ഇടയില്‍ ആകാശ ത്തിനും ഭൂമിക്കുമിടയിലെ ദൂരം കണക്ക് ഒരു കിടങ്ങുതീര്‍ക്കും.

അല്ലാഹു പറഞ്ഞതായി അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നോമ്പ് പരിചയാകുന്നു. ദാസന്‍ നോമ്പുകൊണ്ട് നരകത്തി ല്‍നിന്ന് മറ സ്വീകരിക്കട്ടെ…….


അഞ്ച്: സ്വദക്വഃ നല്കല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നിങ്ങളില്‍ ഒരാളുമില്ല, അവനോട് അല്ലാഹു സംസാരിക്കാതെ. അവനും അല്ലാഹുവിനുമിടയില്‍ യാതൊരു പരിഭാഷകരും ഉണ്ടായിരിക്കില്ല. ഒരാള്‍ തന്റെ വലതു ഭാഗത്തേക്ക് നോക്കും, താന്‍ കാലെകൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അയാള്‍ തന്റെ ഇടതു ഭാഗത്തേക്ക് നോക്കും അപ്പോഴും താന്‍ തനിക്ക് മുന്‍കൂട്ടി ചെയ്തതല്ലാതെ യാതൊന്നും കാണില്ല. അപ്പോള്‍ അയാള്‍ തന്റെ മുന്നിലേക്ക് നോക്കും, തന്റെ മുന്നില്‍ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാല്‍ ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ കാക്കുക. (ബുഖാരി)


ആറ് : മൃദുലമായി പെരുമാറല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നരകത്തെ ആര്‍ക്ക് നിഷിദ്ധമാകുമെന്നും ആര് നരകത്തിന് നിഷിദ്ധമാകുമെന്നും ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടയോ? ജനങ്ങളോട് അടുത്തും സ്നേഹത്തോടും മൃദുലമായും പെരുമാറുന്നവന്‍.

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:ആരെങ്കിലും ലോലനും വിനയാന്വിതനും മൃദുലനും ആ ണെങ്കില്‍ അല്ലാഹു അയാള്‍ക്ക് നരകം നിഷിദ്ധമാക്കും.


ഏഴ് : തനിക്കിഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നരകത്തില്‍നിന്ന് അകറ്റി നിര്‍ത്തപ്പെടുവാനും സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരായിരിക്കെ അവരെ തേടി മരണം വരട്ടെ, തന്നിലേക്ക് വന്നെത്തിപ്പെടുവാന്‍ താന്‍ ആഗ്രഹിക്കുന്നതുമായി അവന്‍ ജനങ്ങളിലേക്ക് ചെല്ലുകയും ചെയ്യട്ടെ… (മുസ്ലിം)


എട്ട്: നരകത്തില്‍നിന്നും മോചനമേകുവാന്‍ കാരണമാകുന്ന ദിക്റിനെ വര്‍ദ്ധിപ്പിക്കല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:ആരെങ്കിലും നേരം പുലരുമ്പോള്‍ അല്ലെങ്കില്‍ വൈകുന്നേ രമാകുമ്പോള്‍ ഇങ്ങനെപ്പറഞ്ഞാല്‍ :

“അല്ലാഹുവേ, ഞാന്‍ പ്രഭാതത്തില്‍ പ്രവേശിച്ചു, ഞാന്‍ നിന്നെ സാക്ഷിയാക്കുന്നു, നിന്റെ അര്‍ശിന്റെ വാഹകരേയും നിന്റെ മലക്കുകളേയും നിന്റെ സകല സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു, നിശ്ചയം, നീയാകുന്നു അല്ലാഹു. യഥാര്‍ത്ഥ ആരാധനക്കര്‍ഹനായി നീ മാത്രം. നിശ്ചയം, മുഹമ്മദ് നബി നിന്റെ ദാസനും നിന്റെ ദൂതനുമാകുന്നു.” (ഇതോടെ) അല്ലാഹു ആ ദിനം അവന്റെ നാലില്‍ ഒരു ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഒരാള്‍ ഇത് രണ്ടുതവണ പറഞ്ഞാല്‍ അവന്റെ പകുതി നരകത്തില്‍നിന്ന് മോചിപ്പിക്കും. ഒരാള്‍ ഇത് മൂന്നുതവണ പറഞ്ഞാല്‍ അവന്റെ നാലില്‍ മൂന്നുഭാഗം നരകത്തില്‍നിന്ന് മോചിപ്പിക്കുന്നു. ഇനി ഒരാള്‍ അത് നാലുതവണ പറഞ്ഞാല്‍ ആ ദിനം അല്ലാഹു അവനെ നരകത്തില്‍ നിന്ന് മോചിപ്പിക്കും.


അബൂഹുറയ്റ (റ) വില്‍ നിന്നും അബൂസഈദ് (റ) വില്‍ നിന്നും നിവേദനം:അവര്‍ രണ്ട് പേരും അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതിന് സാക്ഷികളായി: “ഒരു അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അ ക്ബര്‍’ എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാന്‍ അക്ബര്‍(വലിയവന്‍) ആകുന്നു. അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു’ എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാന്‍ ഏകനാണ്. അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു, ലാ ശരീകലഹു’ എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; എനിക്ക് യാതൊരു പങ്കുകാരും ഇല്ല. (അടിമ) ‘ലാഇലാഹ ഇല്ലല്ലാഹു ലഹുല്‍ മുല്‍കു വലഹുല്‍ഹംദു’ എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; എനിക്കുമാത്രമാണ് രാജാധിപത്യവും സര്‍വ്വസ്തുതികളും. (അടിമ)’ലാഇലാഹ ഇല്ലല്ലാഹു, വലാ ഹൌല വലാക്വുവ്വത്ത ഇല്ലാബില്ലാഹ് ‘ എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; ഒരു കഴിവും ചലനശക്തിയും എന്നെക്കൊണ്ടെല്ലാതെ ഇല്ല. അദ്ദേഹം പറയുമായിരുന്നു: ആരെങ്കിലും തന്റെ രോഗാവസ്ഥയില്‍ ഇത് പറയുകയും പിന്നീട് മരണപ്പെടുകയും ചെയ്താല്‍ അയാളെ തീ തിന്നുകയില്ല.


മറ്റൊരു റിപ്പോട്ടില്‍: ആര്‍ക്കെങ്കിലും തന്റെ മരണ സന്ദര്‍ഭത്തില്‍ (ചൊല്ലുവാന്‍) ഇവ പ്രദാനം ചെയ്യപ്പെട്ടാല്‍ അയാളെ നരകം സ്പര്‍ശിക്കുകയില്ല.


ഒമ്പത്: പെണ്‍മക്കളെ സംരക്ഷിക്കല്‍

അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:പെണ്‍മക്കളാല്‍ പരീക്ഷിക്കപ്പെടുന്നവന്‍(രക്ഷിതാവ്) അവരെ നല്ല നിലയില്‍ വളര്‍ത്തിയാല്‍, അവര്‍ അവന് നരകത്തില്‍ നിന്ന് മറയാണ്. (ബുഖാരി, മുസ്ലിം)


ആഇശ رضي الله عنها യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു:എന്റെ അടുക്കലേക്ക് ഒരു സാധുസ്ത്രീ തന്റെ രണ്ടുപെണ്‍മ ക്കളേയും വഹിച്ചുകൊണ്ടു വന്നു. ഞാന്‍ അവര്‍ക്ക് മൂന്നു കാരക്കകള്‍ തിന്നുവാന്‍ നല്‍കി. ആ ഉമ്മ രണ്ടുകുട്ടികള്‍ക്കും ഒരോ കാരക്കകള്‍ നല്‍കി. ഒരു കാരക്ക അവര്‍ തിന്നുവാന്‍ തന്റെ വായിലേക്ക് ഉയര്‍ത്തി, അപ്പോള്‍, ആ രണ്ടു പെണ്‍മക്കള്‍ ഉമ്മയോട് ആ കാരക്കയും അവര്‍ക്ക് തിന്നുവാന്‍ ചോദിച്ചു. അപ്പോള്‍ ആ ഉമ്മ താന്‍ തിന്നുവാന്‍ ഉദ്ദേശിച്ച കാരക്ക രണ്ടാക്കി ചീന്തി അവര്‍ക്കിടയില്‍ വീതിച്ചു നല്‍കി. അവരുടെ കാര്യം എന്നെ ആശ്ചര്യപ്പെടുത്തി. അവര്‍ ചെയ്ത പ്രവൃത്തി ഞാന്‍ അല്ലാഹുവിന്റെ റസൂല്‍(സ)യോട് ഉണര്‍ത്തി. അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: നിശ്ചയം, അല്ലാഹു അവര്‍ക്ക് ആ കാരക്ക കൊണ്ട് സ്വര്‍ഗം നിര്‍ബന്ധമാക്കി. അല്ലെങ്കില്‍ അതിനെ കൊണ്ട് അല്ലാഹു അവരെ നരകത്തില്‍ നിന്നും മോചിപ്പിക്കും. (മുസ്ലിം)


പത്ത് : അല്ലാഹുവിനെ ഭയന്ന് കരയല്‍അല്ലാഹുവിനെ ഭയക്കുന്നവര്‍ക്ക് അവന്‍ ഒരുക്കിയത് സ്വര്‍ഗീയ ആരാമങ്ങളാണ്.

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: അല്ലാഹുവിനെ ഭയന്ന് കരയുന്ന ഒരാള്‍, (കറന്നെടുത്ത)പാല്‍ അകിട്ടില്‍ തിരിച്ചു പ്രവേശിക്കുന്നതുവരെ നരകത്തില്‍ പ്രവേശി ക്കില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുമ്പോള്‍ മേല്‍പറ്റിയ പൊടിപടലങ്ങളും നരകത്തിലെ പുകയും ഒരുമിച്ച് കൂടുകയില്ല.

അല്ലാഹുവിന്റെ റസുല്‍ (സ) പറഞ്ഞു:മൂന്നുകൂട്ടര്‍, അവരുടെ കണ്ണുകള്‍ നരകം കാണില്ല. ഒരു കണ്ണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കാവല്‍നിന്നു. ഒരുകണ്ണ് അല്ലാഹുവിനെ ഭയന്ന് കരഞ്ഞു, ഒരുകണ്ണ് അല്ലാഹു നിഷി ദ്ധമാക്കിയവയില്‍നിന്ന് തടഞ്ഞു.


പതിനൊന്ന്: അന്യരുടെ അഭിമാനം കാക്കല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: തന്റെ സഹോദരന്റെ അഭിമാനത്തെ ആരെങ്കിലും പ്രതിരോ ധിച്ചാല്‍ ക്വിയാമത്ത് നാളില്‍ അല്ലാഹു അവന്റെ മുഖത്തു നിന്നും നരകത്തെ തടുക്കും.


പന്ത്രണ്ട്: ളുഹ്റിന്റെ സുന്നത്ത് നമസ്കാരങ്ങള്‍ നിലനിര്‍ത്തല്‍

അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:ആരെങ്കിലും ദുഹ്റിന് മുമ്പ് നാല് റക്അത്തുകളും ശേഷം നാല് റക്അത്തുകളും നിത്യമായി നിര്‍വ്വഹിക്കുകയാണെങ്കില്‍ അല്ലാഹു അയാള്‍ക്ക് നരകം നിഷിദ്ധമാക്കും.


പതിമൂന്ന് : മഹത്തുക്കളുടെ പ്രശംസ നേടല്‍

അനസ് (റ) വില്‍ നിന്ന് നിവേദനം:അവര്‍ ഒരു ജനാസയുടെ അരികിലൂടെ നടന്നു. ആ ജനാസ യെക്കുറിച്ച് അവര്‍ പുകഴ്ത്തി പറയുകയും ചെയ്തു. അപ്പോള്‍ നബി (സ) പറഞ്ഞു: അനിവാര്യമായി. പിന്നീട് അവര്‍ മറ്റൊരു ജനാസയുടെ അരികിലൂടെ നടന്നു, അപ്പോള്‍ അവര്‍ അതിനെ ഇകഴ്ത്തി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: അനിവാര്യമായി. അപ്പോള്‍ ഉമര്‍ (റ ) പറഞ്ഞു: എന്താണ് അനിവാര്യമായത്? അദ്ദേഹം പറഞ്ഞു: ഈ ജനാസയെ നിങ്ങള്‍ പുകഴ്ത്തി; അതിനാല്‍ അയാള്‍ക്ക് സ്വര്‍ഗം അനിവാര്യമായി. മറ്റേ ജനാസയെ നിങ്ങള്‍ ഇകഴ്ത്തി പറഞ്ഞു അതിനാല്‍ അയാള്‍ക്ക് നരകം അനിവാര്യമായി. നിങ്ങള്‍ ഭൂമിയില്‍ അല്ലാഹുവിന്റെ സാക്ഷികളാണ്. (ബുഖാരി)


പതിനാല്: നരകത്തില്‍നിന്ന് രക്ഷതേടല്‍

പരമകാരുണികനായ അല്ലാഹുവിന്റെ ഇഷ്ടദാസന്മരുടെ പ്രാര്‍ത്ഥനയായി അല്ലാഹു പറയുന്നു:ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു’ (വി. ക്വു.25 :65,66)


അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:നിശ്ചയം, അല്ലാഹുവിന് വഴികളില്‍ ചുറ്റി സഞ്ചരിക്കുന്ന മല ക്കുകളുണ്ട്. അവര്‍ ദിക്ര്‍ എടുക്കുന്നവരെ അന്വേഷിക്കും. ദിക്ര്‍ എടുക്കുന്ന ഒരു വിഭാഗത്തെ കണ്ടാല്‍ അവര്‍ പരസ്പരം വിളിച്ചു കൊണ്ട് പറയും: ‘നിങ്ങളുടെ ആവശ്യത്തിലേക്ക് വന്നാലും.’ പ്രവാചകന്‍ (സ)പറഞ്ഞു: അവര്‍ മലക്കുകള്‍ ഭൌമാന്തരീക്ഷത്തോട് അടുത്ത ആകാശം വരെ ഇവരെ തങ്ങളുടെ ചിറകുകള്‍ കൊണ്ട് പൊതിഞ്ഞ് നില്‍ക്കും. പ്രവാചകന്‍ (സ) പറയുന്നു: അപ്പോള്‍ അവരുടെ രക്ഷിതാവ് അവരോട് ചോദിക്കും (അവന് അവരെക്കുറിച്ച് നന്നായി അറിയാം): എന്റെ ദാസ•ാര്‍ എന്താണ് പറയുന്നത്? മലക്കുകള്‍ പറയും: അവര്‍ ഏതൊന്നില്‍ നിന്നാണ് അഭയം തേടുന്നത്? അവര്‍ പറയും: നരകത്തില്‍നിന്ന്. അല്ലാഹു പറയും: അവര്‍ അത് (നരകം) കണ്ടിട്ടുണ്ടോ? അവര്‍ പറയും: അല്ലാഹുവാണെ സത്യം, രക്ഷിതാവേ, ഇല്ല. അവര്‍ കണ്ടിട്ടില്ല. അല്ലാഹു പറയും: അവര്‍ അത് (നരകം) കണ്ടിരുന്നുവെങ്കില്‍ എങ്ങനെയായിരിക്കും? അവര്‍ അത് കണ്ടിരുന്നുവെങ്കില്‍ അതില്‍ നിന്ന് അവര്‍ കൂടുതല്‍ ഓടിയകലുമായിരുന്നു, വല്ലാതെ അതിനെ ഭയക്കുമായിരുന്നു. അല്ലാഹു പറയും: മലക്കുകളെ നിങ്ങളെ ഞാന്‍ സാക്ഷിയാക്കുന്നു. ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. (മുസ്ലിം)


അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:ഒരാള്‍ അല്ലാഹുവിനോട് മൂന്നു തവണ സ്വര്‍ഗം ചോദിച്ചാല്‍, സ്വര്‍ഗം പറയും: അല്ലാഹുവേ ഇയാളെ നീ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ. ഒരാള്‍ അല്ലാഹുവിനോട് മൂന്നുതവണ നരകത്തില്‍നിന്ന് രക്ഷതേടിയാല്‍, നരകം പറയും: അല്ലാഹുവേ, ഇയാള്‍ക്ക് നീ നരകത്തില്‍ നിന്ന് രക്ഷനല്‍കേണമേ.

അല്ലാഹുവിന്റെ റസൂല്‍ (സ) , സദാ പ്രാര്‍ത്ഥിക്കാറുള്ളതായി ഹദീഥുകളില്‍ ഇപ്രകാരം വന്നിരിക്കുന്നു:

അല്ലാഹുവേ ക്വബ്ര്‍ ശിക്ഷയില്‍നിന്നും നരക ശിക്ഷയില്‍ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളില്‍നിന്നും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണ കെടുതികളില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു. (ബുഖാരി റഹ്)


നരകത്തിന്റെ ഭയാനതകളെപ്പറ്റിയും , സ്വർഗ്ഗത്തിന്റെ സുഖ സൗകര്യങ്ങളെക്കുറിച്ചും എഴുതാനും , പ്രസംഗിക്കാനും നാമേവർക്കും പറ്റും. പക്ഷെ അതിനു വേണ്ടുന്ന കർമ്മങ്ങളിൽ മുഴുകുന്നവർക്കാണ് അതിന്റെ യഥാർത്ഥ സത്ത ലഭിക്കുന്നത് .

പടച്ച തമ്പുരാൻ നമുക്കേവർക്കും ഭയാനകരമായ നരക ശിക്ഷകളിൽ നിന്നും കാവൽ തന്ന് സ്വർഗ്ഗത്തിന്റെ സുഖ ആരാമങ്ങളിൽ പ്രവേശിപ്പിക്കുമാറാകട്ടെ .

 

കടപ്പാട്‌ : ഈ ലേഖനം എഴുതിയ വ്യക്തിയോടും, sameerthannikandi എന്ന ബ്ലോഗിനോടും


സ്വർഗ്ഗം : അനുഗ്രഹങ്ങളുടെ അനശ്വര ലോകം

No comments:

Post a Comment