Tuesday 3 January 2017

സ്വർഗ്ഗം ക്ഷമാ ക്ഷീലമുള്ളവർക്കാണ്


💥 അല്ലാഹു പറഞ്ഞു: നിങ്ങള്‍ ക്ഷമ കൈക്കൊള്ളുകയാണെങ്കില്‍ അത് തന്നെയാകുന്നു ക്ഷമാശീലര്‍ക്ക് ഉത്തമമായിട്ടുള്ളത്. അങ്ങ് ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത് (അന്നഹ്ല്‍: 126, 127).

💥 സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമ കൈക്കൊള്ളുക. ക്ഷമയില്‍ അത്യന്തം മികവ് പുലര്‍ത്തുകയും ചെയ്യുക. പ്രതിരോധ സജ്ജരാവുകയും അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുകയും ചെയ്യുക; നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി (ആലും ഇംറാന്‍: 200).

📎 ക്ഷമ അല്ലാഹുവില്‍നിന്നുള്ള ഉത്തമ ദാനമാണ്.

✅ നബി (സ) പറഞ്ഞു: ക്ഷമയെക്കാള്‍ പ്രവിശാലവും പ്രയോജനപ്രദവുമായ ഒരു ദാനവും ഒരാള്‍ക്കും ലഭ്യമായിട്ടില്ല (ബുഖാരി, മുസ്‌ലിം).

💥 ക്ഷമാശീലര്‍ക്കുള്ള പ്രതിഫലത്തിന് അല്ലാഹു പരിധി വെച്ചില്ല. ”ക്ഷമാലുക്കള്‍ക്ക് തങ്ങളുടെ പ്രതിഫലം കണക്ക് നോക്കാതെ പൂര്‍ത്തീകരിക്കപ്പെട്ടതാണ്” (അസ്സുമര്‍: 10).

💥 അത്യന്തം ക്ഷമിക്കുന്നവന് ‘സ്വബൂര്‍’ എന്നാണ് അറബിയില്‍ പറയുന്നത്. അത് അല്ലാഹുവിന്റെ തിരുനാമങ്ങളില്‍ ഒന്നാണ്. അല്ലെങ്കിലും അല്ലാഹുവോളം ക്ഷമിക്കുന്നവര്‍ മറ്റാരുണ്ട്!

✅ തിരുദൂതര്‍ (സ്വ) പറയുകയുണ്ടായി: കേള്‍ക്കുന്നതെന്തും ക്ഷമിക്കുന്നവനായി അല്ലാഹുവെക്കാള്‍ മറ്റാരുമില്ല. അവര്‍ അല്ലാഹുവിന് പങ്കുകാരനെ ആരോപിക്കുന്നു. പുത്രനുണ്ടെന്ന് വാദിക്കുന്നു. എന്നിട്ടും അല്ലാഹു അവരെ തീറ്റിപ്പോറ്റുന്നു. അവര്‍ക്ക് സൗഖ്യം നല്‍കുന്നു. വിഭവങ്ങള്‍ നല്‍കുന്നു (ബുഖാരി, മുസ്‌ലിം).

💥 ക്ഷമാലുക്കളെന്നാല്‍ അവരാണ് അല്ലാഹുവിന്റെ ദാസന്‍മാര്‍. അവരാണ് ധര്‍മത്തിന്റെ വക്താക്കള്‍. അവരെ അല്ലാഹു പുകഴ്ത്തി. ”സൂക്ഷ്മത പാലിക്കുകയും സഹനം അവലംബിക്കുകയും ചെയ്തവനാരോ, നിശ്ചയം സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുകയില്ല” (യൂസുഫ്: 90).

💥 ക്ഷമയെ നമസ്‌കാരത്തോടൊപ്പം ചേര്‍ത്തിപ്പറഞ്ഞ് അല്ലാഹു ക്ഷമയെ മഹത്വവത്കരിച്ചു. ”ക്ഷമ കൊണ്ടും നമസ്‌കാരം കൊണ്ടും നിങ്ങള്‍ സഹായമഭ്യര്‍ത്ഥിക്കുക. ഭക്തന്‍മാരല്ലാത്തവര്‍ക്ക് അത് വലിയ ഭാരം തന്നെയാകുന്നു” (അല്‍ബഖറ: 45).

💥 പ്രവാചകന്‍മാരുടെയും സച്ചരിതരുടെയും ഗുണ വൈശിഷ്ട്യമാണ് ക്ഷമ. സഹനത്തിന്റെ ഉത്കൃഷ്ട മാതൃകകള്‍ അവരുടെ ജീവിതങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നു.

അല്ലാഹു പറഞ്ഞു: അവര്‍ ക്ഷമാശീലരാവുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം പുലര്‍ത്തുന്നവരാവുകയും ചെയ്തപ്പോള്‍ നമ്മുടെ ശാസനാനുസൃതം നേര്‍വഴി കാട്ടിക്കൊടുക്കുന്ന നായകരെ അവരില്‍ നിന്നും നാം നിശ്ചയിക്കുകയുണ്ടായി” (അസ്സജ്ദ: 24).

💥 പുത്രന്‍ യൂസുഫ് നബി(അ)ന്റെയും സഹോദരന്റെയും കാര്യത്തില്‍ പിതാവ് യഅ്ഖൂബ് നബി (അ) അനുഭവിച്ച സഹനം വിശുദ്ധ ഖുര്‍ആന്‍ അനുസ്മരിച്ചു.

”യഅ്ഖൂബ് നബി (അ) പറഞ്ഞു: അല്ല, നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നി. അതുകൊണ്ട് നന്നായി ക്ഷമിക്കുക തന്നെ. എന്റെ മുന്നില്‍ അവരെ എല്ലാവരെയും അല്ലാഹു കൊണ്ടുവന്നേക്കാം. സര്‍വജ്ഞനും യുക്തിമാനും തന്നെയാണവന്‍. അവരെ വിട്ടുതിരിഞ്ഞ യൂസുഫിന്റെ കാര്യം സങ്കടകരം തന്നെയെന്ന് അദ്ദേഹം സഹതപിച്ചു. കടുത്ത ദു:ഖം മൂലം തന്റെ ഇരു കണ്ണുകളും വെളുത്തു പോയി. ആഴമേറിയ മനോവേദന കടിച്ചമര്‍ത്തി” (യൂസുഫ്: 83, 84).

💥 മുന്‍ഗാമികളായ പ്രവാചകന്‍മാരുടെ ക്ഷമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ മുഹമ്മദ് നബി(സ)യോട് ഉണര്‍ത്തിക്കൊണ്ട് അല്ലാഹു പറഞ്ഞു: അങ്ങ് ദൃഢമാനസരായ ദൈവദൂതന്‍മാരെ പോലെ ക്ഷമിക്കുക. നിഷേധികളുടെ കാര്യത്തില്‍ ധൃതിപ്പെടരുത് (അല്‍ അഹ്ഖാഫ്: 35).

✅ തങ്ങള്‍ (സ) പറഞ്ഞു: ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ലാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു. ആരും പേടിപ്പിക്കപ്പെട്ടിട്ടില്ലാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ഭയപ്പെടുത്തപ്പെട്ടു. ബിലാലിന്റെ കക്ഷത്തിലൊതുങ്ങുന്ന തുഛം ഭക്ഷണമല്ലാതെ ഒരു ജന്തുവിന് ഭക്ഷിക്കാവുന്ന മറ്റൊന്നുമില്ലാതെ 30 ദിനരാത്രങ്ങള്‍ ഞാനും ബിലാലും തള്ളി നീക്കി (അഹ്മദ്).

👍 പരിശ്രമത്തില്‍ ക്ഷമാപൂര്‍വം മുന്നേറുന്നവനാണ് വിജയി. ഉദ്യോഗസ്ഥന്‍ തന്റെ ജോലിയിലും രോഗി വേദനയിലും പരീക്ഷണ വിധേയന്‍ തന്റെ വിപത്തിലും പിതാവ് സന്താന പരിപാലനത്തിലും മാതാവ് സന്താനങ്ങളോടുള്ള സമീപനങ്ങളിലും ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ അന്യോന്യവും തൊഴിലുടമ തൊഴിലാളികളോടും മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരോടും അധ്യാപകന്‍ വിദ്യാര്‍ത്ഥികളോടും എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സമൂഹത്തിലെ സകലമാന വിഭാഗങ്ങളോടും ക്ഷമ ശൈലിയായി വളരണം. ജീവിത നൈരന്തര്യങ്ങളിലെ ബ്രേക്കിംഗ് സിസ്റ്റമാവണം അത്. ജീവിത സംഗീതങ്ങളുടെ താളമാവണം.👍

✅  നബി (സ) പറഞ്ഞു: വിസ്മയം തന്നെ വിശ്വാസിയുടെ കാര്യം. ഏത് കാര്യവും അവന് നന്മയാണ്. വിശ്വാസിക്കല്ലാതെ ഒരാള്‍ക്കും അങ്ങനെയാവുകയുമില്ല. സന്തോഷം വന്നെത്തിയാല്‍ അവന്‍ നന്ദി ചെയ്യും. അതവന് നന്മ. സന്താപം വന്നെത്തിയാല്‍ ക്ഷമിക്കും. അതും അവന് നന്മ (മുസ്‌ലിം).

👉 ✅ 👍 തങ്ങള്‍ (സ)പറഞ്ഞു: ഒരാള്‍ ക്ഷമ കൈക്കൊള്ളാന്‍ പരിശ്രമിച്ചാല്‍ അല്ലാഹു അവനെ ക്ഷമാശീലനാക്കും (ബുഖാരി, മുസ്‌ലിം).❗

✅ തിരുദൂതര്‍ (സ) പറഞ്ഞു: വിഷമസന്ധികളില്‍  കൈക്കൊള്ളുന്നതില്‍ ഏറെ നന്മകളുണ്ട് (അഹ്മദ്).

✅ റസൂല്‍(സ) അക്കാര്യം നമ്മെ ഇങ്ങനെ ഉണര്‍ത്തുന്നു: ''ക്ഷമയേക്കാള്‍ നിറഞ്ഞതും വിശാലവുമായ സമ്മാനം ഒരാള്‍ക്കും നല്‍കപ്പെട്ടിട്ടില്ല.''

❗ ''ശരീരം രോഗത്താലോ മറ്റോ പരീക്ഷിക്കപ്പെടുന്ന സത്യവിശ്വാസിയെ ചൂണ്ടി അല്ലാഹു മലക്കുകളോട് പറയും: എന്റെ തീരുമാനത്താല്‍ തളച്ചിടപ്പെട്ട എന്റെയീ ദാസന് നിങ്ങള്‍ പ്രതിഫലം രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുക, അവന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്തെന്നപോലെ.''

✅ ''സ്വന്തത്തിന്റെ കാര്യത്തില്‍, മക്കളുടെ കാര്യത്തില്‍, അല്ലെങ്കില്‍ സ്വന്തം ധനത്തിന്റെ കാര്യത്തില്‍ വിശ്വാസി പരീക്ഷിക്കപ്പെട്ടാല്‍ അവന്റെ പാപങ്ങള്‍ കൊഴിഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കും, മരത്തില്‍ നിന്ന് ഇല കൊഴിയും പോലെ.''

📎 പരീക്ഷണം വ്യക്തിക്ക് സംരക്ഷണ വലയം തീര്‍ക്കലാണ്. അതൊരു ശിക്ഷണത്തിന്റെ പാഠശാലയാണ്. ശഅ്ബി എന്ന പണ്ഡിതന്‍ ഇതിനെ കോഴിമുട്ടയോട് ഉപമിച്ചിട്ടുണ്ട്. കോഴിമുട്ട കാണുന്നയാള്‍ക്ക് തോന്നുക അതിനകത്തുള്ളതെല്ലാം ഒരു പുറന്തോടിനാല്‍ ബന്ധിക്കപ്പെട്ട് കിടക്കുകയാണല്ലോ എന്നാണ്. യഥാര്‍ഥത്തില്‍ ആ പുറന്തോട് ബന്ധനമല്ല. മുട്ടക്ക് പ്രായമാകുംവരെക്കുള്ള സംരക്ഷണ കവചമാണ്. ആ കാലമത്രയും നാം ക്ഷമിച്ചിരിക്കേണ്ടി വരും. ക്ഷമിച്ചിരുന്നാല്‍ പുതിയ ഒരു സൃഷ്ടി തന്നെയായിരിക്കും അതില്‍ നിന്ന് പുറത്ത് വരിക.

✅ ഒരു ഖുദ്‌സിയായ ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ''എന്റെ ദാസന്റെ വേണ്ടപ്പെട്ടവരെ ഞാന്‍ തിരിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവനെ ഞാന്‍ സ്വര്‍ഗാവകാശികളില്‍ ഉള്‍പ്പെടുത്താതിരിക്കില്ല'' (ബുഖാരി).

✅ മറ്റൊരു ഖുദ്‌സിയായ ഹദീസ്: ''ഈ ലോകത്ത് വെച്ച് എന്റെ അടിമയുടെ ഇന്ദ്രിയങ്ങളില്‍ വിശിഷ്ടമായത് (കണ്ണുകള്‍) ഞാന്‍ എടുത്തിട്ടുണ്ടെങ്കില്‍ അവന് എന്റെയടുക്കലുള്ള പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നായിരിക്കില്ല.''

👉👉👉 ✅   പരലോകശിക്ഷയുടെ കാഠിന്യം കുറഞ്ഞ് കിട്ടും. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടും. ആ ശിക്ഷ ചിലപ്പോള്‍ ഇഹലോകത്ത് വെച്ചാവാം, അല്ലെങ്കില്‍ പരലോകത്തേക്ക് നീട്ടവെച്ചേക്കാം.

അല്ലാഹുവിന് കാരുണ്യം തോന്നുന്നത് കൊണ്ടാകാം ഒരാളുടെ പരീക്ഷണം ഈ ലോകത്ത് വെച്ച് തന്നെ ആയിപ്പോകുന്നത്. അതിന് മാത്രമുള്ള ശിക്ഷ പരലോകത്ത് ഇളവ് ചെയ്യുമെന്ന് പ്രവാചകന്‍ ശുഭ വാര്‍ത്ത അറിയിച്ചിട്ടുണ്ട്. ഇഹലോക ശിക്ഷകള്‍ പെട്ടെന്ന് നീങ്ങിപ്പോകും. ഏറ്റവും കഠിനവും നീങ്ങിപ്പോകാത്തതും പരലോക ശിക്ഷ തന്നെയാണല്ലോ.

റസൂല്‍(സ) പറഞ്ഞു: ''ഒരാള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവന്റെ ശിക്ഷ ഇഹലോകത്ത് വെച്ച് തന്നെ ആക്കും. ഇനി ഒരാള്‍ അയാളുടെ പാപങ്ങളുമായി പരലോകത്തേക്ക് നീട്ടിവെക്കപ്പെടുകയാണെങ്കില്‍ അതയാള്‍ക്ക് തിന്മയായാണ് ഭവിക്കുക''(തിര്‍മിദി). ❗

🍇 ക്ഷമാലുവും ത്യാഗിവര്യനായ പണ്ഡിതനുമായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍. ഖുര്‍ആന്‍ സൃഷ്ടിയാണോ അല്ലേ എന്ന വാദം കൊടുമ്പിരികൊണ്ടിരിക്കെ സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു പാട് അദ്ദേഹം പീഡിപ്പിക്കപ്പെടുകയുണ്ടായി. കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അദ്ദേഹം ക്ഷമ കൈവിട്ടില്ല. സകല ദിക്കുകളിലും അദ്ദേഹത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഈയൊരു ഗുണവിശേഷവും കാരണമായി. അദ്ദേഹം ഭൗതികലോകത്ത് നിന്ന് വിടവാങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ മാത്രമല്ല ക്രിസ്ത്യാനികളും ജൂതരും അഗ്നിയാരാധകരുമെല്ലാം കരഞ്ഞെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അവരുടെയെല്ലാം ഇമാമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മയ്യത്ത് ഖബറിലേക്ക് എടുത്തപ്പോള്‍ നാല് മില്ല്യന്‍ ജനം തടിച്ച്കൂടിയിരുന്നുവത്രെ. ജയിലിലായിരുന്നപ്പോള്‍ ഇമാമിന് നല്‍കിയിരുന്ന ശിക്ഷ ചാട്ടവാറടിയായിരുന്നു. അടിയുടെ ഊക്കില്‍ ഇമാമിന്റെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞു. അടിവസ്ത്രത്തിന്റെ ഒരു ചരട് മാത്രം ബാക്കിയുണ്ട്. അത് കൂടി പൊട്ടിയാല്‍ ഇമാമിന്റെ നഗ്നത വെളിവാകും. ചാട്ടവാറടിക്കാര്‍ മാറിമാറി ചാട്ടവാര്‍ വീശിയിട്ടും ആ ചരട് മാത്രം പൊട്ടുന്നില്ല! രാജകിങ്കരന്‍മാര്‍ക്ക് അത്ഭുതമായി. ആ സമയത്തൊക്കെ എന്തോ ചിലത് ഇമാം ഉരുവിടുന്നത് അവര്‍ കണ്ടിരുന്നു. എന്തായിരുന്നു ഉരുവിട്ടുകൊണ്ടിരുന്നത് എന്ന് അവര്‍ പില്‍ക്കാലത്ത് അന്വേഷിച്ചപ്പോള്‍ ഇമാം പറഞ്ഞു: ''ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്: അല്ലാഹുവേ നിന്റെ സിംഹാസനത്തിന്റെ മഹത്വത്തെ മുന്‍ നിര്‍ത്തി ഞാന്‍ അര്‍ഥിക്കുന്നു, ഞാന്‍ സത്യത്തിന്റെ പാതയിലാണെങ്കില്‍ എന്റെ നഗ്നത നീ വെളിപ്പെടുത്തരുതേ.''🍇

🛡 ഉമര്‍ (റ) പറയുന്നു: "ഇസ്ലാമിന് ശേഷം ക്ഷമയെക്കാള്‍ വിശാലമായ ഒരനുഗ്രഹവും ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല".

✅ നബി(സ)യുടെ പുത്രി റുഖിയ്യ ബീവി(റ) മരിച്ചപ്പോള്‍ സ്ത്രീകള്‍ കരയാന്‍ തുടങ്ങി. ഇത് കണ്ട ഉമര്‍ (റ) അവരുടെ കരച്ചില്‍ നിര്‍ത്തുന്നതിനു വേണ്ടി അവരെ ചാട്ടവാറു കൊണ്ട് അടിക്കാനൊരുങ്ങി. നബി(സ) പറഞ്ഞു: "ഉമര്‍, അവരെ വിട്ടേക്കൂ, അവരെ കരയാന്‍ അനുവദിക്കൂ". എന്നിട്ട് സ്ത്രീകളെ നേരെ തിരിഞ്ഞു പറഞ്ഞു: "നിങ്ങള്‍ക്ക്‌ കരയാം, പക്ഷേ ഒരിക്കലും ശൈതാന്‍റെ കരച്ചില്‍ കരയരുത്. നിങ്ങളുടെ കണ്ണുകളില്‍ നിന്നും ഹൃദയത്തില്‍ നിന്നുമുള്ളത് അല്ലാഹുവിന്റെ കാരുണ്യമാണ്. എന്നാല്‍ നിങ്ങളുടെ കൈകളില്‍ നിന്നും നാവുകളില്‍ നിന്നുമുള്ളത് ശൈതാനില്‍ നിന്നുമാണ്.

✅ വിശ്വാസിയുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നത് വരെ അവന്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും (ബുഖാരി).

✅ പനിയെ പോലും നിങ്ങള്‍ കുറ്റപ്പെടുത്തരുത്. അത് നിങ്ങളുടെ തിന്മകളെ മായ്ച്ചു കളയും, ഇരുമ്പില്‍ നിന്ന് കൊല്ലന്‍ അതിലെ കറയും അഴുക്കും കളയുന്നത് പോലെ (മുസ്ലിം).

✅ സത്യവിശ്വാസിയെ ദുഃഖമോ വ്യസനമോ ബാധിക്കുകയില്ല; ഒരു മുള്ള് പോലും തറക്കുകയില്ല; അത് മുഖേന അവന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടല്ലാതെ (ബുഖാരി). കാരണം ക്ഷംയെക്കാള്‍ ഉത്തമമായ ഒരു സമ്മാനം ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല.

✅ ഒരാളുടെ കുട്ടി മരിക്കുമ്പോള്‍ അല്ലാഹു മലക്കുകളോട് ചോദിക്കും: "എന്റെ അടിമയുടെ സന്താനത്തെ  നിങ്ങള്‍ പിടികൂടിയോ?" മലക്കുകള്‍ പറയും:"അതേ". അല്ലാഹു ചോദിക്കും: "എന്റെ അടിമ എന്താണ് പറഞ്ഞത്". മലക്കുകള്‍ പറയും: "അവന്‍ നിന്നെ സ്തുതിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു. ഞങ്ങള്‍ അല്ലാഹുവിനുള്ളവരാകുന്നു. അവനിലെക്കാകുന്നു ഞങ്ങളുടെ മടക്കവും". അല്ലാഹു പറയും: "അവനു വേണ്ടി നിങ്ങള്‍ സ്വര്‍ഗത്തില്‍ ഒരു വീട് പണിയുക. അതിനെ 'ബൈത്തുല്‍ ഹംദ്' (പ്രശംസയുടെ ഭവനം) എന്ന് വിളിക്കുകയും ചെയ്യുക" (തിര്‍മിദി).

✅ മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനു തഅ'സിയ്യത്ത് എന്ന് പറയുന്നു. ഒരു മുഅ'മിന്‍, തന്റെ സഹോദരന് ബാധിച്ച ആപത്തില്‍ അവനെ ആശ്വസിപ്പിച്ചാല്‍ ഖിയാമത്ത്‌ നാളില്‍  അയാള്‍ക്ക്‌ അല്ലാഹു ആദരവിന്റെ വസ്ത്രം ധരിപ്പിക്കുന്നതാണ് (ഇബ്നു മാജ).

✅ റസൂല്‍(സ)യുടെ സദസ്സില്‍ എപ്പോഴും വരാറുണ്ടായിരുന്ന ഒരു സഹാബിയും കുഞ്ഞും ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി ആ സഹാബിയെ കാണാതായപ്പോള്‍ നബി(സ) അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുഞ്ഞ് മരണപ്പെതിനാലാണ് അദ്ദേഹത്തെ കാണാതായത് എന്ന് മറുപടി ലഭിച്ചു. അങ്ങനെ നബി(സ) അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു "ജീവിതകാലം മുഴുവന്‍ കുട്ടികളുമായി ഉല്ലസിക്കുന്നതാണോ നിങ്ങള്‍ക്കിഷ്ടം, അതല്ല, പരലോകത്ത് സ്വര്‍ഗത്തിലേക്കുള്ള ഓരോ കവാടങ്ങളിലും അവന്‍ നിങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗ വാതില്‍ തുറന്നു തരാന്‍ നിങ്ങളുടെ മകന്‍ ഉണ്ടാകുന്നതോ? 'സ്വര്‍ഗ്ഗ കവാടത്തില്‍ എന്നെ സ്വീകരിക്കാന്‍ എന്റെ മോനുണ്ടാകുമെങ്കില്‍ അതാണെനിക്ക് ഏറ്റവും പ്രിയം' എന്ന് ആ സഹാബി പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: "അതേ, സ്വര്‍ഗ്ഗ വാതില്‍ക്കല്‍ അവനുണ്ടാകും". മക്കള്‍ മരിച്ച എല്ലാ മാതാപിതാക്കള്‍ക്കും ഈ സൌബാഗ്യമുണ്ടാകുമോ? എന്ന് സഹാബികള്‍ ചോദിച്ചപ്പോള്‍ അവിടുന്ന് 'അതേ, എല്ലാവര്‍ക്കുമുണ്ടാകും' എന്ന് പ്രതിവചിച്ചു.

✅ പുല്ലിനെയും റോസാപ്പൂവിനെയും താരതമ്യം ചെയ്തുകൊണ്ട് ഒരു ഇസ്‌ലാമിക പ്രബോധകന്‍ എഴുതിയത് ഓര്‍ക്കുകയാണ്: ''എത്ര കൂര്‍ത്ത് മൂര്‍ത്ത മുള്ളുകള്‍ക്കിടയിലാണ് ഒരു റോസാപ്പൂ വളരുന്നത്, ആ മുള്ളുകളുടെ കുത്തേറ്റ് അതെത്ര തവണ വേദനിച്ചിരിക്കും. അതൊക്കെ ക്ഷമിച്ചതിന്റെ ഫലമായി അതൊടുവില്‍ എത്തിച്ചേരുന്നതെവിടെയെന്ന് നോക്കൂ. നേതാക്കന്മാരുടെയും പ്രമുഖരുടെയും സദസ്സുകളില്‍! പ്രൗഢിയുടെയും സൗന്ദര്യത്തിന്റെയും ചിഹ്നമായിത്തീരുകയാണ് അത്. ഒരു പനിനീര്‍ പൂവിനേക്കാള്‍ മൃദുലമായ സമ്മാനം ഒരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതാവുന്നു. എന്നാല്‍ ഒരു പുല്‍ക്കൊടിയോ? അത് അത്തരം ത്യാഗത്തിനൊന്നും തയാറാവുന്നില്ല. കഴുതയുടെ ആലയില്‍ തീറ്റയായി എത്തിച്ചേരാനാണ് അതിന്റെ വിധി. ആളുകള്‍ ആ പുല്‍ക്കൊടിയെ അലക്ഷ്യമായി ചവിട്ടി കടന്നുപോകുന്നു. അവഹേളനത്തിന്റെ ചിഹ്നമായി അത് നിലകൊള്ളുന്നു.''

No comments:

Post a Comment