Wednesday 18 January 2017

ഖുബൈബ്(റ) - തൂക്കുമരത്തിലെ കവിത




നബി(സ്വ) മദീനയിൽ, അവിടുത്തെ പള്ളിയിൽ അനുചരൻമാർക്ക്മതം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  സ്വഹാബാക്കൾഅവരുടെ സംശയങ്ങൾ ഉന്നയിക്കുകയും നബി(സ്വ) മറുപടിയിലൂടെ അവർക്ക് വിജ്ഞാന കവാടങ്ങൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അപ്പോഴാണ് ചില ആളുകൾ അങ്ങോട്ട് കടന്നുവന്നത്. ഞങ്ങൾ അള്‌റ്, ഖർറാത്ത് എന്നീ പ്രദേശത്തുനിന്നുള്ളവരാണ്-അവർ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾക്ക് മതം പഠിപ്പിക്കാൻ വേണ്ടി ഇവിടെ നിന്ന് അൽപം ആളുകളെ ഞങ്ങളോടൊപ്പം പറഞ്ഞുവിടണം എന്ന് അറിയിക്കാൻ വേണ്ടിയാണ് ഞങ്ങൾ വന്നത്.

ആഗതരുടെ സദുദ്ദേശ്യം വ്യക്തമാക്കിയപ്പോൾ നബി(സ്വ) പ്രമുഖരായ പത്ത് ആളുകളെ അവർക്കൊപ്പം അയക്കുകയും അവരുടെ നേതാവായി ആസ്വിമുബ്‌നു സാബിത്തിനെ നിശ്ചയിക്കുകയും ചെയ്തു. പകൽ സമയങ്ങളിൽ ഒളിച്ചിരുന്നും രാത്രിയിൽ സഞ്ചരിച്ചും അവർ റബീഅ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അപ്പോഴാണ് മുസ്‌ലിംകളെ കൂട്ടിക്കൊണ്ട് വന്ന സംഘം തനിസ്വഭാവം പുറത്തുകാണിച്ചത്. മുമ്പ് ഒരു യുദ്ധത്തിൽ സുഫ്‌യാനുബ്‌നു ഖാലിദ് എന്ന അവിശ്വാസിയെ അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കിന്റെ ഗോത്രക്കാർക്ക് മുസ്‌ലിം സംഘത്തെ കുറിച്ച് വിവരം നൽകുക വഴി അവർ മുസ്‌ലിംകളെ വഞ്ചിച്ചു. 

സംഘം അസ്ഫാനും മക്കക്കുമിടയിലുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ ഹുദൈൽ ഗോത്രത്തിന്റെ ഒരു ശാഖയായ ബനൂ ഹയ്യാൻ കുടുംബം വിവരമറിഞ്ഞ് നൂറു വില്ലാളികളെ മുസ്‌ലിംകളെ പിടിക്കാൻ ചുമതലപ്പെടുത്തി. ശത്രുക്കളിൽ ഒരാൾ നിലത്തുവീണു കിടക്കുന്ന ഈത്തപ്പഴക്കുരു കണ്ടു കൊണ്ട് ഇത് മദീനയിലെ ഈത്തപ്പഴത്തിന്റേതാണെന്നു തിരിച്ചറിയുകയും പിന്നാലെ പിന്തുടർന്നു മുസ്‌ലിംകളുടെ സ്ഥാനം തിരിച്ചറിയുകയും ചെയ്തു. ശത്രുക്കളെ കണ്ട മാത്രയിൽ മലമുകളിൽ കയറി രക്ഷപ്പെടാൻ സംഘത്തലവനായ ആസ്വിം നിർദ്ദേശം നൽകി. പക്ഷെ, രക്ഷപ്പെടാൻ ഒരു പഴുതുമില്ലാത്ത നിലയിൽ നൂറ് വില്ലാളി വീരന്മാർ മല വലയം ചെയ്തു. ദേഹോപദ്രവം ചെയ്യില്ലെന്ന ഉറപ്പിന്റെ മേൽ കീഴടങ്ങാൻ ശത്രുക്കൾ ആവശ്യപ്പെട്ടപ്പോൾ ആസ്വിം ഇപ്രകാരം പ്രതികരിച്ചു. 'എന്നെ സംബന്ധിച്ചെടുത്തോളം മുശ്‌രിക്കിന്റെ സംരക്ഷണത്തിന് വഴങ്ങുന്ന പ്രശ്‌നമില്ല, അല്ലാഹുവേ! ഞങ്ങളുടെ വിവരം പ്രവാചകന് എത്തിക്കേണമേ!'.

പരിഭ്രാന്തരായ മുസ്‌ലിംകൾക്ക് അടുത്തുള്ള ഒരു മലയിൽ അഭയം പ്രാപിക്കേണ്ടിവന്നു.

ശത്രുപക്ഷം വിളിച്ചുപറഞ്ഞു: ”നിങ്ങൾ ഇറങ്ങിവരിക. ഞങ്ങൾ നിങ്ങളെ വധിക്കില്ലെന്ന് ഉറപ്പ് തരുന്നു.” അവർ നൽകിയ ഉറപ്പിൽ വഞ്ചിതരായ മൂന്നു പേർ ഇറങ്ങിവന്നു. എന്നാൽ, ആസിം(റ) അടക്കമുള്ള ബാക്കി ഏഴുപേർ മുശ്‌രിക്കുകളുടെ സംരക്ഷണ ഉത്തരവാദിത്തത്തിൽ തിരിച്ചുവരുന്നതിൽ അതൃപ്തി പ്രകടിപ്പിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന മൂന്നുപേർക്കും പിന്നീട് ചതി മനസ്സിലായി. മുശ്‌രിക്കുകൾ അവരെ അടിമകളാക്കി. അവരിൽ എതിർപ്പ് പ്രകടിപ്പിച്ച ഒരാളെ അവർ കൊന്നുകളഞ്ഞു. അവശേഷിച്ച രണ്ടു പേരെ മക്കയിൽ കൊണ്ടുപോയി മുസ്‌ലിംകളോട് പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു ചിലർക്കു വിറ്റു. ഖുബൈബുബ്‌നു അദിയ്യ്(റ) ആയിരുന്നു ആ രണ്ടു പേരിൽ ഒരാൾ.

പ്രവാചക കവിയായ ഹസ്സാനു ബിൻ സാബിത്തിന്റെ വിവരണത്തിൽ ഹൃദയ ശുദ്ധിയും വിശ്വാസദാർഢ്യവും നിർമല മനസ്സാക്ഷിയും ഒത്തിണങ്ങിയ ധീരയോദ്ധാവാണ് അൻസാരിയും ഔസ് ഗോത്രക്കാരനുമായ ഖുബൈബു ബ്‌നു അദിയ്യ്. ബദർ യുദ്ധത്തിൽ തിരുമേനിയോടൊപ്പം കരുത്തോടെ നിലകൊണ്ട ഖുബൈബ്(റ) ആയിരുന്നു മുശ്‌രിക്കുകളിൽ പ്രമുഖനായിരുന്ന ഹാരിസ് ബ്‌നു ആമിർ ബിനു നൗഫലിന്റെ കഥകഴിച്ചത്. 


പ്രവാചകരോട് അതിരില്ലാത്ത സ്‌നേഹമായിരുന്നു ഖുബൈബ്(റ)വിന്. ബദ്‌റിലും ഉഹ്ദിലും ഐതിഹാസികമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. ഖുബൈബ്(റ)വിനെ മക്കയിൽ വച്ച് വാങ്ങിയത് ഹാരിസിന്റെ മകളാണ്. ഖുബൈബിന്റെ പേര് എല്ലാ കാതുകളിലും എത്തി. ഉടൻ തന്നെ ബദറിൽ കൊല്ലപ്പെട്ട ഹാരിസ് ബിനു ആമിറിന്റെ മക്കൾ പ്രതികാര ദാഹം തീർക്കാമെന്ന ഉറപ്പിന്മേൽ ഖുബൈബിനെ കൈവശപ്പെടുത്തി. ഇതേ ലക്ഷ്യത്തോടെ സഹോദരൻ സൈദുബ്‌നു ദുസന്നയെ മറ്റൊരാളും വാങ്ങി. 


100 ഒട്ടകമാണ് മുശ്‌രിക്കുകൾ അദ്ദേഹത്തിന് വിലയിട്ടത്. ഖുബൈബ് ബദ്‌റിൽ വച്ച് ഹാരിസിനെ വധിച്ചിരുന്നു. അതിനു പകരം വീട്ടാൻ മക്കൾ ഖുബൈബ്(റ)വിന്റെ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് ഒരു ഇരുട്ട് മുറിയിൽ ബന്ധിയാക്കിവച്ചു. ബന്ധിയാക്കപ്പെട്ട അദ്ദേഹത്തെ ഹാരിസിന്റെ മക്കൾ പലവിധേനയും ദ്രോഹിച്ചിരുന്നു. വിശപ്പും ദാഹവും അകറ്റാൻ വെള്ളവും ഭക്ഷണവും നൽകിയില്ല. എന്നാൽ, അല്ലാഹു ഉദ്ദേശിച്ചവരെ അവൻ അദൃശ്യവഴികളിലൂടെ പരിധിയും പരിമിതിയുമില്ലാതെ ഭക്ഷിപ്പിക്കുമെന്നാണല്ലോ! ഖുബൈബി(റ)നെ തടവിലാക്കിയ സമയത്ത് മക്കയിൽ ലഭ്യമല്ലാത്ത പഴവർഗങ്ങൾ പലപ്പോഴും അദ്ദേഹം കഴിക്കാറുണ്ടായിരുന്നു എന്ന് ഹാരിസിന്റെ മകൾ പറഞ്ഞതായി ചരിത്രം വ്യക്തമാക്കുന്നു. (ബുഖാരി 2/585)

ഖുബൈബ് പതറിയില്ല. എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ചു അചഞ്ചലമായ സ്ഥൈര്യത്തോടും ആത്മവീര്യത്തോടും കൂടി പ്രാർഥനയിലും ധ്യാനത്തിലുമായി കഴിഞ്ഞുകൂടി. കൂട്ടുകാരൻ സൈദുബ്‌നു ദുസന്നയെ കൊന്നവിവരം അദ്ദേഹത്തെ അറിയിക്കുകയും മുഹമ്മദിനെയും അദ്ദേഹത്തിന്റെ റബ്ബിനെയും തള്ളിപ്പറഞ്ഞാൽ രക്ഷപ്പെടുത്താമെന്ന ഓഫർ നൽകുകയും ചെയ്തു.


തന്റെ ലൗകിക  ജീവിതത്തിന് യവനിക വീഴാൻ പോകുന്നുവെന്ന് ഉറപ്പായപ്പോൾ തനിക്ക് ഏറ്റവും പ്രിയങ്കരമായ രണ്ട് റകഅത്ത് നമസ്‌കാരം നിർവഹിക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹമവരോട് ആവശ്യപ്പെടുകയും അന്ത്യാഭിലാഷമെന്ന നിലക്ക് അവരത് സമ്മതിക്കുകയും ചെയ്തു. തികഞ്ഞ മനസ്സാന്നിധ്യത്തോടെ രണ്ട് റകഅത്ത് നമസ്‌കരിച്ച അദ്ദേഹം കൊലയാളികളെ നോക്കി പറഞ്ഞു. 'എനിക്ക് മരണത്തെ ഭയമാണെന്ന് നിങ്ങൾ ധരിച്ചുകളയും. ഇല്ലെങ്കിൽ, അല്ലാഹു സത്യം, ഞാൻ ഇനിയും നമസ്‌കരിച്ചേനെ! തുടർന്ന് അദ്ദേഹം ഈ അർഥം വരുന്ന ഈരടി പാടി  അദ്ദേഹം തൂക്കുമരത്തിലേക്ക് നടന്നു നീങ്ങി. 

മഹാനവർകളെ തടവിലാക്കി ദിവസങ്ങൾക്കകം തൻഈമിൽ കൊണ്ടുപോയി അവർ അദ്ദേഹത്തെ തൂക്കികൊലപ്പെടുത്തി. കഴുമരത്തിലേറിയ ആദ്യസ്വഹാബിയാണ് ഖുബൈബ്(റ). അദ്ദേഹത്തെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹം ഖേദപൂർവം പറഞ്ഞു: ”അല്ലാഹുവേ, എന്റെ അന്ത്യസലാം പ്രവാചകർക്ക് എത്തിക്കാൻ ഞാനിവിടെ ആരെയും കാണുന്നില്ല. അതിനാൽ നീ എന്റെ സലാം റസൂലുല്ലാഹിക്ക് എത്തിച്ചുകൊടുക്കേണമേ… തുടർന്ന് മുശ്‌രിക്കുകളുടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഉച്ചത്തിൽ അദ്ദേഹം ചിലവരികൾ ആലപിച്ചു.


فلست أبالي حين أقتل مسلماً *** على أيّ جنبٍ, كان في الله  مصرعي
 وذلك في ذات الإله وإن يشأ *** يبارك على أوصالِ شلو ممزّع

"മുസ്‌ലിമായി കൊല്ലപ്പെടുമ്പോൾ എനിക്കെന്തിനു പരിഭവം?
ഏതുഭാഗത്ത് മരിച്ചു വീണാലെന്ത്, അല്ലാഹുവിലേക്കാണതെല്ലാം
അവനുദ്ദേശിച്ചാൽ ശിഥിലീകരിക്കപ്പെടുന്ന ഈ ജഡത്തിന്റെ ഓരോ നുറുങ്ങുകളിലും അനുഗ്രഹം വർഷിച്ചിടും”

തൂക്കുമരത്തിലേറ്റിക്കൊല്ലുന്നത് ഒരു പക്ഷെ അറബികളുടെ ചരിത്രത്തിൽ ആദ്യ അനുഭവമിതായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സജ്ജമാക്കിയ ഈത്തപ്പനക്കുരിശിൽ ഖുബൈബിനെ കയറ്റി വരിഞ്ഞുകെട്ടിക്കൊണ്ട് വില്ലാളികൾ ഒരുങ്ങിനിന്നു. ആഹ്ലാദാരവങ്ങളോടെ മുശ്‌രിക്കുകളും. പക്ഷെ, ഖുബൈബിന് ഒരു ഭാവപ്പകർച്ചയുമില്ല.. അമ്പുകൾ അദ്ദേഹത്തെ ലക്ഷ്യം വെച്ച് ചീറിപ്പാഞ്ഞു...അതിനിടയിൽ ഒരു ഖുറൈശി നേതാവ് അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ഈ സ്ഥാനത്ത് മുഹമ്മദും നീ സുരക്ഷിതനായി വീട്ടിലും ഇരിക്കണമെന്ന് കരുതുന്നുണ്ടോ?.. അതുവരെ മൗനിയായി കാണപ്പെട്ട അദ്ദേഹം മൗനം ഭഞ്ജിച്ചുകൊണ്ട് ദൃഢസ്വരത്തിൽ പ്രതികരിച്ചു: ' ഭാര്യാസന്താനങ്ങളുടെ കൂടെ ഞാൻ സുഖ ജീവിതം നയിച്ചുകൊണ്ട് നബിക്ക് ഒരു മുള്ള് തറക്കുന്നതുപോലും എനിക്ക് അസഹ്യമാണ്'. 

ഖുബൈബിന്റെ ധീരമായ പ്രഖ്യാപനം കേട്ട് അസ്വസ്ഥനായിരിക്കെ ശത്രുപക്ഷത്തായിരുന്ന അബൂസുഫയാൻ അറിയാതെ പറഞ്ഞുപോയി. 'ദൈവം സത്യം, മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ സ്നേഹിക്കുന്നതു പോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്‌നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല!'. 

സ്വഹാബാക്കൾ പറയുന്നു:  നബി(സ്വ) ഞങ്ങൾക്കിടയിൽ ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് ‘വഅലൈക്കുമുസ്സലാം’ എന്ന് പറയുകയുണ്ടായി. അപ്പോൾ നബി(സ്വ)യോട് ചോദിക്കപ്പെട്ടു. ”യാ റസൂലുല്ലാഹ്, ആരുടെ സലാമിനാണ് താങ്കൾ പ്രത്യുത്തരം നൽകിയത്?”അപ്പോൾ നബി(സ്വ) പറഞ്ഞു: ”നിങ്ങളുടെ സഹോദരൻ ഖുബൈബ് മക്കയിൽ വച്ച് തൂക്കു മരത്തിലേറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹം ഇപ്പോൾ എനിക്ക് അന്തിമ സലാം പറഞ്ഞു. അതിനു മറുപടിയാണ് ഞാൻ നൽകിയത്. (ഹുജ്ജത്തുല്ലാഹി 2/869)വിശുദ്ധ ഇസ്‌ലാമിന്റെ പ്രചാരകനായതിന്റെ പേരിൽ തന്നെ കഴുമരത്തിലേറ്റാൻ തുനിയുന്ന മുശ്‌രിക്കുകളുടെ മുന്നിൽവച്ച് മഹാനായ ഖുബൈബ്(റ) അവർക്കെതിരിൽ പ്രാർത്ഥിച്ചു.

നാഥാ, എന്റെ ഘാതകരെ ശരിക്കും എണ്ണിവക്കൂ. അവരെ മുഴുവൻ നശിപ്പിക്കുക; അവരിൽ ആരെയും ബാക്കിയാക്കരുത്.ഖുബൈബി (റ)ന്റെ പ്രാർത്ഥന അക്ഷരംപ്രതി പുലർന്നു. ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ ഘാതകരെല്ലാം നശിച്ചു. ഖുബൈബ്(റ)ന്റെ മരണാനന്തരം മുശ്‌രിക്കുകൾ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഒരു അനാഥ മൃതദേഹമായി ഖുബൈബ്(റ)വിന്റെ ശരീരം അവിടെ ഉപേക്ഷിക്കപ്പെട്ടു. ഈ സമയം മദീനയിൽ നബി(സ്വ) അനുചരൻമാരോട് പറഞ്ഞു. തൻഈമിൽ ഖുബൈബ്(റ)ന്റെ ശരീരം തൂക്കുമരത്തിൽ കിടക്കുകയാണ്. അത് അവിടെനിന്നു കൊണ്ടുവരുന്നവർക്ക് ഞാൻ സ്വർഗം വാഗ്ദാനം ചെയ്യുന്നു.ഈ സുവിശേഷം കേട്ട് സുബൈർബ്‌നു അവ്വാം(റ), മിഖ്ദാദ്ബ്‌നു അസദ്(റ) എന്നിവർ നബി(സ്വ)യുടെ സമ്മതം വാങ്ങി മക്കയിലേക്ക് കുതിച്ചു. അവർ തൻഈമിലെത്തിച്ചേർന്നു. അപ്പോൾ ഇവരുടെ വരവറിഞ്ഞ് നാൽപതോളം ആളുകൾ തൂക്കുമരത്തിന് കാവൽ നിൽക്കുന്നതായി അവർ കണ്ടു. എന്നാൽ, പ്രവാചകന്റെ ആശീർവാദത്തോടെ പുറപ്പെട്ട രണ്ടു പേരും അവിടെയെത്തിയപ്പോൾ അവർ ഉറക്കത്തിലായിരുന്നു. സുബൈർ(റ)ഉം മിഖ്ദാദ്(റ)ഉം ഖുബൈബ്(റ)ന്റെ ജനാസ തൂക്കുമരത്തിൽ നിന്നുമിറക്കി അവരുടെ കുതിരപ്പുറത്ത് വച്ചു.

അവർ അവിടെ എത്തുന്നത് രക്തസാക്ഷത്തിന്റെ നാൽപതോളം ദിവസമായിരുന്നു. എന്നിട്ടും ഖുബൈബ്(റ)ന്റെ ശരീരത്തിന് യാതൊരു ജീർണതയും സംഭവിച്ചിരുന്നില്ല. (സ്വഹാബത്തും കറാമത്തും: 88)ഖുബൈബ്(റ)ന്റെ ജനാസയുമായി മുസ്‌ലിംകൾ അവിടെനിന്നും രക്ഷപ്പെട്ട കാര്യം അധികം താമസിയാതെ മുശ്‌രിക്കുകൾ അറിഞ്ഞു. ഉടനെ എഴുപതോളം അവിശ്വാസികൾ അവിരെത്തേടി പുറപ്പെട്ടു. സുബൈർ(റ)ഉം മിഖ്ദാദ്(റ)ഉം പിടിക്കപ്പെടുമെന്നായപ്പോൾ ഖുബൈബി(റ)നെ നിലത്തുവച്ചു.മഹാനവർകളുടെ കറാമത്ത് എന്നേ പറയേണ്ടൂ. പെട്ടെന്ന് ഭൂമി പിളരുകയും ഖുബൈബ്(റ)വിനെ ഭൂമിയുടെ ഉള്ളിലേക്ക് ഒളിപ്പിക്കുകയും ചെയ്തു. ശത്രുസേന അവർ രണ്ടു പേരെയും വളഞ്ഞു. പക്ഷേ, അവർക്ക് ഖുബൈബ്(റ)ന്റെയോ ഭൂമി പിളർന്നതിന്റെയോ അടയാളം കാണാൻ കഴിഞ്ഞില്ല.

ഈ സമയം അവർ രണ്ടുപേരും അവരോട് പറഞ്ഞു: ”മക്കാ കാഫിറുകളോ, ഞങ്ങൾ വനത്തിലേക്ക് തിരിക്കുന്ന രണ്ടു സിംഹങ്ങളാണ്. നിങ്ങൾക്ക് കഴിയുമെങ്കിൽ ഞങ്ങളെ വഴിതടയുക. അല്ലാത്തപക്ഷം ഞങ്ങൾക്ക് പാഥേയമൊരുക്കുക.” അവരുടെ കൈയിൽ മയ്യിത്തില്ലെന്നു കണ്ട ശത്രുക്കൾ അവരെ വെറുതെവിട്ടു. (മദാരിജുന്നബുവ്വ 2/141)ഓർത്ത്‌നോക്കൂ, സഹോദരാ, ഈ രണ്ടുപേരുടെയും ധീരത. അതിലും ശക്തമായിരുന്നില്ലേ ഖുബൈബ് (റ)ന്റെ ഈമാനൻ. സ്വഹാബാക്കൾ മുശ്‌രിക്കുകളുടെ കൂട്ടത്തിലേക്ക് പ്രബോധനത്തിനായാലും പ്രകോപനത്തിനായാലും പോകുന്നത് കടന്നൽകൂട്ടത്തിലേക്ക്  കൈയിടുന്നതിന് സമാനമാണ്. എന്നാൽ, അവർക്ക് പ്രചോദനം നൽകിയ വസ്തുത എന്തായിരുന്നെന്നറിയാമോ?

സ്വഹാബാകിറാമിന്റെ പ്രദോചനം ഒരിക്കലും കേവലസാമ്പത്തിക ലാഭമോ ഭൗതികമായ മറ്റേതെങ്കിലും ലാഭമോ അല്ല. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിൽ നിന്നും ഉത്ഭൂതമായ ഊർജമാണ് അവരുടെ പ്രചോദനം. അജയ്യമായ വിശ്വാസത്തിന്റെ ഉടമകളായിരുന്നു മഹാത്മാക്കളായ സ്വഹാബികൾ. നാം ഒരിക്കലും അവർ കരസ്ഥമാക്കിയ ഉന്നതി പ്രാപിക്കാൻ ശക്തരല്ല. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം. സർവലോക പരിപാലകനായ സർവശക്തൻ നിർഭാഗ്യവാൻമാരായ നമ്മെയും അവന്റെ ഉത്തമ അടിമകളിൽപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.  


No comments:

Post a Comment